Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

നവീന കൃഷിരീതികള്‍

കൂടുതല്‍ വിവരങ്ങള്‍

നിത്യസുവർണ പുഷ്പം

ഉഷ്ണമേഖലപ്രദേശങ്ങളിൽ അനായാസം വളരാൻ ഇഷ്ടപ്പെടുന്ന പൂച്ചെടിയാണ് സ്ട്രോഫ്ളവർ എന്ന പേരിലറിയപ്പെടുന്ന സുവർണ പുഷ്പം. തീരെ കനംകുറഞ്ഞ പേപ്പർ പോലുള്ള താണ് ഇതിന്‍റെ ഇതളുകൾ. അതുകൊണ്ടാണ് ഇതിന് സ്ട്രോഫ്ളവർ എന്നും പേപ്പർ ഡെയ്സി എന്നും പേരുള്ളത്. പരമാവധി മൂന്നു മീറ്റർ വരെ ഉയരത്തിൽ വളരുന്ന സ്ട്രോഫ്ളവർ ചെടി വാർഷിക പുഷ്പിണിയാണ്. സുവർണ നിറമാർന്ന ഇതിന്‍റെ സമൃദ്ധമായ പൂത്തലപ്പുകളാണ് ഇതിന് ന്ധഗോൾഡൻ എവർലാസ്റ്റിങ്’ എന്ന് പേര് നേടിക്കൊടുത്തത്. ചിത്രശലഭങ്ങൾ, നിശാശലഭങ്ങൾ, തേനീച്ച, ചെറുവണ്ടുകൾ, പുൽച്ചാടി തുടങ്ങി വിവിധ ചെറുപ്രാണികൾക്ക് ഹരമാണ് സ്ട്രോ ഫ്ളവറിന്‍റെ സ്വർണവർണമാർന്ന പൂത്തലപ്പ്.

ന്ധസിറോക്രൈസം ബ്രാക്റ്റിയേറ്റം’ എന്ന് സസ്യനാമം. ഓസ്ട്രേലിയൻ സ്വദേശിയാണ് ഈ പൂച്ചെടി. ബ്രാക്റ്റിയേറ്റം എന്ന സ്പീഷീസ് പേര.് ഇലകൾക്കു തന്നെ രൂപാന്തരം പ്രാപിച്ച് പൂവിതൾ പോലെ ആയ പൂക്കളുടെ സാന്നിധ്യം സൂചിപ്പിക്കുന്നു. പൂത്തലപ്പിലെ ഇതളുകളാണ് ഈ ബ്രാക്റ്റുകൾ. സാധാരണഗതിയിൽ 20 മുതൽ 80 സെന്‍റീ മീറ്റർ വരെയാണ് ചെടിയുടെ ഉയരം. തണ്ടിന് പച്ചനിറം. മൃദുരോമങ്ങളാൽ ആവൃതമാണിത്. വളരുന്ന തണ്ടിന്‍റെ അഗ്രഭാഗത്താണ് ഏഴു സെന്‍റീ മീറ്റർ വരെ വ്യാസത്തിലാണ് പൂത്തലപ്പുകൾ വിടരുക. സൂര്യകാന്തിയുടെ കുടുംബത്തിൽപ്പെട്ടതാകയാൽ പൂവിനും അതിനോട് ഏറെ സാമ്യമുണ്ട്. മധ്യഭാഗത്ത് പരന്ന ഒരു തട്ടും അതിനു ചുറ്റും നിറയെ ചെറിയ പൂക്കളും. തിളക്കമാർന്ന മഞ്ഞനിറമാണ് ഈ പൂക്കളുടെ സവിശേഷത. പൂവിതളുകൾ (ബ്രാക്റ്റ്)കടലാസുപോലെ നേർത്തതും ഉണങ്ങിയതും തീരെ കുറച്ചു മാത്രം ജലാംശം അടങ്ങിയതുമാണ്. ഡിസംബർ മുതൽ മാർച്ച് വരെയാണ് സ്ട്രോ ഫ്ളവറിന്‍റെ നിറപൂക്കാലം. പൂത്തലപ്പിന് സ്വർണമഞ്ഞനിറത്തിനു പകരം പിങ്ക്, വെങ്കലനിറം, ക്രീം, പർപ്പിൾ, വെള്ള എന്നീ നിറങ്ങളുമുണ്ട്. കനം കുറഞ്ഞ് അഗ്രം കൂർത്ത തവിട്ടുകലർന്ന പച്ചനിറമുള്ള ഇലകളുടെ പ്രതലം സാൻഡ്പേപ്പർ പോലെ പരുപരുത്തതാണ്.

നല്ല വേനൽക്കാലത്താണ് ചെടി നിറയെ പൂ പിടിക്കുക. സൂര്യപ്രകാശത്തിൽ സാമാന്യം ഭേദമായി വളരും. വിത്തു പാകി തൈകൾ മുളപ്പിച്ചാണ് ചെടി വളർത്തുക. 8-10 ഇഞ്ച് ആഴത്തിൽ മണ്ണ് കിളച്ചിളക്കി പരുവപ്പെടുത്തി ജൈവവളം അടിവളമായി ചേർത്ത് മണ്‍ നിരപ്പിൽ വിത്തുവിതറുന്നു. നേരിയ തോതിൽ നനയ്ക്കുക. തൈകൾ മുളച്ച് 2-3 ഇഞ്ച് വളർന്നു കഴിയുന്പോൾ 10-12 ഇഞ്ച് ഇടയകലം ലഭിക്കത്തക്കവിധം നടുക. പോ ട്ടിംഗ് മിശ്രിതം നിറച്ച പ്രോട്രേകളിൽ വിത്തുപാകി മുളപ്പിക്കാം. തൈകൾ വളരുന്നതനുസരിച്ച് കുറേശെ ജൈവവളം ചേർത്തു കൊടുക്കാം.

അമിത ജലസേചനം നടത്തരുത്. ജൈവവളങ്ങൾക്കു പുറമെ രാസവളമിശ്രിതങ്ങൾ ലഭ്യതയനുസരിച്ച് വളരെ നേർപ്പിച്ച് തടത്തിൽ തെളിയൂറ്റി ഒഴിച്ചുകൊടുക്കാം.

വെട്ടുപൂക്കളായും ഡ്രൈഫ്ളവറായും സ്ട്രോ ഫ്ളവർ ഒരു പോലെ ഉപയോഗിക്കുന്നു. ചെടി വളരുന്നതനുസരിച്ച് പാർശ്വശിഖരങ്ങൾ നുള്ളി വിട്ടാൽ കൂടുതൽ വലിപ്പമുള്ള പൂക്കൾ വിടരും. ഡ്രൈ ഫ്ളവർ ആയി ഉപയോഗപ്പെടുത്താനാണെങ്കിൽ പൂക്കൾ വിടരാൻ തുടങ്ങുന്നതിനും മുന്പുതന്നെ അവ ഇറുത്തെടുത്ത് രണ്ടാഴ്ച തലകീഴായി തണ്ടോടെ തണലും ഈർപ്പരഹിതവുമായ അന്തരീക്ഷത്തിൽ കെട്ടിത്തൂക്കിയിടണം. ചെറിയ ചട്ടികളിലും മറ്റും വളർത്തി പോർച്ച്, ബാൽക്കണി, പൂമുഖം തുടങ്ങിയ സ്ഥലങ്ങൾ അലങ്കരിക്കാനും സ്ട്രോഫ്ളവർ ഉത്തമമാണ്.

കോട്ടേജ് ബ്രോണ്‍സ്, കോട്ടേജ് പിങ്ക്, കോട്ടേജ് വൈറ്റ്, കോട്ടേജ് യെല്ലോ തുടങ്ങിയവ പേര് സൂചിപ്പിക്കുന്നതുപോലെ വിവിധ നിറഭേദങ്ങൾ ഉള്ള പൂക്കൾ വിടർത്തുന്ന സ്ട്രോ ഫ്ളവർ ഇനങ്ങളാണ്. പൂക്കളുടെ സവിശേഷമായ സുഗന്ധം നിമിത്തം സ്ട്രോഫ്ളവർ ചെടിയെ ഒൗഷധി വിഭാഗത്തിലും ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിൽ നിന്ന് വേർതിരിക്കുന്ന സുഗന്ധതൈലം ത്വക്ക് സംരക്ഷണത്തിനു പുറമേ സുഗന്ധതൈല ചികിത്സയിലും (അരോമ തെറാപ്പി) വ്യാപകമായി ഉപയോഗപ്പെടുത്തുന്നു.

സീമാ സുരേഷ്

ഡപ്യൂട്ടി ഡയറക്ടർ, കൃഷിവകുപ്പ്, തിരുവനന്തപുരം
ഫോണ്‍-9447015939.

ആരേയും ആകർഷിക്കും ആഫ്രിക്കൻ വയലറ്റ്സ്

മനോഹരമായ കുഞ്ഞുപൂക്കളാലും ഭംഗിയായി വിന്യസിക്കപ്പെട്ട ഇലകളാലും ആരെയും ആകർഷിക്കുന്ന ഒരു ചെറു ചെടിയാണ് ആഫ്രിക്കൻ വയലറ്റ്സ്. വാൾട്ടർ വോണ്‍ സെയിന്‍റ് പോൾ എന്ന ജർമ്മൻകാരനാണ് ആഫ്രിക്കയിലെ ടാൻസാനിയയിൽ ഈ ചെടി കണ്ടെത്തിയത്. അദ്ദേഹത്തിന്‍റെ ബഹുമാനാർഥം ടമശിേ ജമൗഹശമ എന്ന പേരിലാണ് ശാസ്ത്രലോകത്തിൽ ഈ ചെടി അറിയപ്പെടുന്നത്. ജ·ം കൊണ്ട് ആഫ്രിക്കക്കാരനാണെങ്കിലും ഇതിന്‍റെ ആയിരക്കണക്കിന് ഹൈബ്രിഡുകൾ ഇന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ലഭ്യമാണ്.

അധികം ആഴത്തിൽ പോകാത്ത വേരുകളാണ് ഇവയ്ക്കുള്ളത്. ഇലത്തണ്ട് നീളം കുറഞ്ഞതാണ്. പടർന്നു കയറുന്ന തണ്ടുകളോടു കൂടിയ ചെടികളും അപൂർവമായി കാണാം. ഇലകൾ വൃത്താകൃതിയിലുള്ളതോ, അണ്ഡാകൃതിയിലുള്ളതോ ആയിരിക്കും. രോമാവൃതവും പച്ചനിറത്തോടു കൂടിയതുമാണ് ഇലകളുടെ മുകൾഭാഗം. അടിഭാഗത്തിന് കട്ടികുറഞ്ഞ പച്ചനിറമാണ്. ഇളംപച്ച നിറത്തിൽ മാംസളമായ ഇലത്തണ്ടുകൾ. പത്രകക്ഷത്തിൽ നിന്ന് പുറപ്പെടുന്ന പൂവിൻതണ്ടുകളുടെ അറ്റത്താണ് പൂക്കളുണ്ടാകുന്നത്. അഞ്ചു ദളങ്ങളുള്ള പൂക്കളുടെ മധ്യഭാഗത്ത് സ്വർണ നിറത്തിലുള്ള പരാഗസഞ്ചികൾ കാണാം. പേരു സൂചിപ്പിക്കുന്നപോലെവയലറ്റ് നിറമോ, വകഭേദങ്ങളോ ആവാം പൂക്കളുടെ നിറം. പൂക്കളുടെ നിറമോ, വലുപ്പമോ ഹൈബ്രിഡുകളിൽ പ്രവചിക്കാനാവില്ല. വളരുന്ന സാഹചര്യങ്ങളും കാലാവസ്ഥയുമനുസരിച്ച് പൂക്കളുടെ നിറത്തിലും വലുപ്പത്തിലും മാറ്റങ്ങൾ വരാം.

നമ്മുടെ നാട്ടിൽ നന്നായി വളരുന്ന ആഫ്രിക്കൻ വയലറ്റുകളിലെ പ്രധാന ഇനങ്ങളെ പരിചയപ്പെടാം.

1. സെയിന്‍റ് പോളിയ ബാലറ്റ്

പൂക്കൾക്ക് വെള്ളനിറം. ഇലകൾ കടുംപച്ചയും. ഹൈബ്രിഡുകളിൽ നിറവ്യത്യാസങ്ങൾ നിരവധി. ഏകദേശം 10-12 ഇഞ്ച് വ്യാസത്തിൽ വളരുന്ന ഇവ തുടക്കക്കാർക്ക് വളർത്താൻ എളുപ്പമാണ്.

2. സെയിന്‍റ് പോളിയ റാപ്സഡീ

ഈ വർഗത്തിൽ നിരവധി ഹൈബ്രിഡുകളുണ്ട്. ആർ മെലഡീ, ആർ വീനസ് എന്നിവ അവയിൽ ചിലതു മാത്രം. വൃത്താകൃതിയിൽ കടുംപച്ചനിറത്തിലുള്ള ഇലകളാണ.് ഒരടിയോളം വ്യാസത്തിൽ വളരുന്നു. താരതമ്യേന വളർത്താൻ എളുപ്പം.

3. ബൈസെന്‍റിനിയൽ ട്രെയിൽ

തൂക്കുചട്ടികളിൽ വളർത്താവുന്ന ഒരു ഇനമാണിത്. മിതമായ പച്ചനിറത്തിലുള്ള വാൾത്തലപോലെയുള്ള ഇലകളാണ് ഇവയ്ക്കുള്ളത്. ധാരാളം പൂക്കളുണ്ടാകുന്നു. പൂക്കൾക്ക് കടുത്ത പിങ്ക് നിറമായിരിക്കും.

4. എസ് ടോമീ ലോ

ആഫ്രിക്കൻ വയലറ്റുകളിൽ വളർത്താൻ എളുപ്പമുള്ള മറ്റൊരിനമാണിത്. ഇലകളുടെ മധ്യഭാഗം കടും പച്ചനിറത്തോടുകൂടിയിരിക്കും. സാധാരണയായി അഞ്ചു ദളങ്ങളോടുകൂടിയ പൂക്കളുടെ നിറം, പ്രവചനം അസാധ്യമാക്കുന്ന വിധത്തിൽ നിരവധിയാണ്.

5. സെയിന്‍റ് പോളിയ ലിറ്റിൽ ഡിലൈറ്റ്

ആറിഞ്ചു വ്യാസത്തിൽ താഴെ മാത്രമെ വളരുകയുള്ളൂ. ഇളം പച്ചനിറത്തോടുകൂടിയ ഇലകൾ വാൾത്തലപോലെയായിരിക്കും. പൂക്കൾ വെള്ള നിറത്തിലുള്ളതും അവയുടെ അറ്റം പർപ്പിൾ നിറത്തോടുകൂടിയതുമായിരിക്കും.

കടലിലെ മീനിന് മുക്കുവനിട്ട പേര് എന്നു പറഞ്ഞപോലെയാണ് ആഫ്രിക്കൻ വയലറ്റിലെ ഹൈബ്രിഡുകളുടെ പേരുകൾ. ഈ പേരിലുള്ള ചെടിയന്വേഷിച്ച് നഴ്സറിയിൽ ചെന്നാൽ, നഴ്സറിക്കാരനും കൈ മലർത്തിയെന്നു വരാം.

പരിചരണം ശാസ്ത്രീയമായി

നേരിട്ടുള്ള സൂര്യപ്രകാശം തട്ടിയാൽ ചെടികരിഞ്ഞുപോകും. പക്ഷെ ഷേഡിനു താഴെ രണ്ടോ മുന്നോ മണിക്കൂർ സൂര്യപ്രകാശം കൊടുക്കാവുന്നതാണ്. പരിചരണരീതി ശരിയല്ലെങ്കിൽ ഇവ നശിച്ചുപോകും. ട്യൂബ് ലൈറ്റുകൾക്ക് പന്ത്രണ്ട് ഇഞ്ച് താഴെ ദിവസം 12 മണിക്കൂർ വച്ചാൽ ചെടികൾ നന്നായി വളരുകയും സമൃദ്ധമായി പൂക്കൾ തരികയും ചെയ്യും.

വളരെയധികം സെൻസിറ്റീവ് ആയ ഒരു ചെടിയാണ് ആഫ്രിക്കൻ വയലറ്റ്സ്. അന്തരീക്ഷ താപനിലയിലെ ചെറിയമാറ്റം പോലും ചെടിയെ വിപരീതമായി ബാധിക്കാം. 65 ഡിഗ്രി ഫാറൻ ഹീറ്റിനും 75 ഡിഗ്രി ഫാറൻ ഹീറ്റിനും ഇടയിലുള്ള ഉൗഷ്മാവാണ് ഇവയ്ക്കു പഥ്യം. താപനിലയിൽ അഞ്ചു ഡിഗ്രി മാറ്റം വന്നാൽ പോലും അത് ചെടിയെ ബാധിക്കും. ഉയർന്ന ജലസാന്ദ്രത ഇഷ്ടപ്പെടുന്നതുകൊണ്ട് ചട്ടികൾ ചെറിയ കല്ലുകൾ പാകിയ പരന്ന പാത്രത്തിൽ വച്ചാൽ നന്നായിരിക്കും.

ജലസേചനം

വളരെ ശ്രദ്ധയോടുകൂടി വേണം ഈ ചെടികൾക്ക് വെള്ളമൊഴിക്കാൻ. ചട്ടിയിലെ മണ്ണ് അര ഇഞ്ചോളം ഉണങ്ങിയ ശേഷമേ വെള്ളമൊഴിക്കാവൂ. അന്തരീക്ഷ താപനില അറുപതു ഡിഗ്രിക്ക് താഴെയാണെങ്കിൽ പോട്ടിംഗ് മിക്സ്ചർ ഒരിഞ്ച് ഉണങ്ങിയ ശേഷമേ വെള്ളമൊഴിക്കാവൂ. വെള്ളം അധികമായാൽ വേരുകൾ ചീഞ്ഞ് ചെടി നശിച്ചു പോകും.

വളപ്രയോഗം

ദ്രാവകരൂപത്തിലുള്ള വളം രണ്ടാഴ്ച കൂടുന്പോൾ ഒരു ടീസ്പൂണ്‍ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തട്ടാതെ ഒഴിച്ചു കൊടുക്കാവുന്നതാണ്.

പോട്ടിംഗ് മിശ്രിതം

തുല്യഅളവിൽ മണ്ണിരവളവും ചാണകപ്പൊടിയും കരടും കട്ടകളും കളഞ്ഞ മണലും ചേർത്താണ് പോട്ടിംഗ് മിശ്രിതം തയാറാക്കേണ്ടത്. ഇതിന്‍റെ കൂടെ ഒരു കപ്പിന് ഒരു ടേബിൾസ്പൂണ്‍ ഡോളോമൈറ്റ് അല്ലെങ്കിൽ കുമ്മായം കൂട്ടിക്കലർത്താം. വൃത്താകൃതിയിൽ വളരുന്ന ഈ ചെടികൾക്ക് ചെടിയുടെ വ്യാസത്തിന്‍റെ മൂന്നിലൊന്ന് വരുന്ന ചട്ടികളാണ് ഉപയോഗിക്കേണ്ടത്. വലിയ ചെടികൾക്കുപോലും അഞ്ചോ, ആറോ വ്യാസമുള്ള ചട്ടികൾ ധാരാളം മതിയാകും. ചട്ടികൾ നല്ലവണ്ണം നിറഞ്ഞു കഴിയുന്പോഴാണ് കൂടുതൽ പൂക്കളുണ്ടാകുന്നത്. ആറുമാസം കൂടുന്പോൾ ചെടികൾ പുതിയ ചട്ടികളിലേക്ക് മാറ്റി നടാം. ചട്ടിയിൽ നിന്ന് മാറ്റുന്നതിനു മുന്പ് പോട്ടിംഗ് മിശ്രിതം നനച്ചു കൊടുക്കുന്നത് ചെടിയുടെ വേരുകൾക്ക് കേടുവരാതെ മാറ്റി നടാൻ സഹായിക്കും. പുതിയ ചട്ടിയിലേക്ക് മാറ്റുന്നതിനു മുന്പ് കേടുവന്നതും ഉണങ്ങിയതുമായ ഇലകൾ മുഴുവൻ തണ്ടോടുകൂടി അടർത്തി മാറ്റി നടണം.

വംശവർധന

ഇലകൾ മുറിച്ച് നട്ടാണ് ആഫ്രിക്കൻ വയലറ്റുകളുടെ വംശവർധന നടത്തുന്നത്. മാതൃസസ്യത്തന്‍റെ തണ്ടിൽ നിന്ന് ആരോഗ്യമുള്ള ഇല മുഴുവനായും അടർത്തിയെടുക്കുക. ഇലത്തണ്ട് ഒന്നൊന്നര ഇഞ്ച് നീളത്തിൽ ഒരു മൂർച്ചയുള്ള ബ്ലേഡ് കൊണ്ട് മുറിച്ച് 2-2.5 ഇഞ്ച് വ്യാസമുള്ളതും നനഞ്ഞ പോട്ടിംഗ് മിശ്രിതം നിറച്ചതുമായ ചട്ടിയിൽ 45 ശതമാനം ചരിവിൽ പൂഴ്ത്തിവയ്ക്കുക. ഈ ചട്ടി ഒരുസുതാര്യമായ പ്ലാസ്റ്റിക് കവർകൊണ്ട് മൂടി ഫിൽട്ടേർഡ് ലൈറ്റിൽ വയ്ക്കുക. ഒന്നരമാസത്തോളം വെള്ളമൊഴിക്കേണ്ടതില്ല. ഒന്നര മാസത്തിനുള്ളിൽ ഇലത്തണ്ടിനോട് ചേർന്ന മണ്ണിൽ നിന്ന് നിരവധി ചെറുചെടികൾ വളരുന്നതു കാണാം. ചെറുചെടികൾ ഒന്നോ രണ്ടോ ഇഞ്ച് വലിപ്പം വയ്ക്കുന്പോൾ അവ പ്ലാസ്റ്റിക് കവർ മാറ്റി, പുതിയ ചട്ടികളിലേക്കാക്കാം.

വെള്ളത്തിൽ മുക്കിവച്ച് വംശവർധന നടത്തുന്ന രീതി

വെള്ളം നിറച്ച ഒരു ജാറിന്‍റെ മൂടി നീക്കി, ഒരു പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടിക്കെട്ടുക. നടുവിൽ ഒരു ചെറിയ ദ്വാരമുണ്ടാക്കി മുഴുവൻ തണ്ടോടുകൂടിയ ഒരു ഇല വെള്ളത്തിൽ മുക്കിവെയ്ക്കുക. ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ ഇലത്തണ്ടിന്‍റെ അടിയിൽ നിന്ന് ചെറു ചെടികൾ വളർന്നു വരുന്നതുകാണാം. ഒന്നോ രണ്ടോ ഇഞ്ച് നീളം വയ്ക്കുന്പോൾ ചെടിത്തണ്ടിന്‍റെ അടിയിൽ നിന്ന് വരുന്ന ചെറു ചെടികളെ അടർത്തിയെടുത്ത് പുതിയ ചട്ടികളിലേക്ക് മാറ്റാം.

കീടങ്ങളും രോഗങ്ങളും

1.അഫിഡ്

ഇലകളിലെയും തണ്ടിലേയും നീരൂറ്റിക്കുടിക്കുന്ന അഫിഡ് അഥവാ ഇലപ്പേൻ ആഫ്രിക്കൻ വയലറ്റുകളുടെ പ്രധാനശത്രുവാണ്. ഇവ മഞ്ഞ, തവിട്ട്, ചാര നിറങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. ഇവയുടെ ആക്രമണം മൂലം ഇലകളും തണ്ടും പൂക്കളും ചുരുണ്ടു പോകുന്നു. മാത്രമല്ല, ഇവയുടെ ആക്രമണം മൂലം മറ്റു വൈറസ് രോഗങ്ങളും ചെടിയെ ബാധിക്കും.

2. മീലി ബഗ്സ്

ഒരിഞ്ചിന്‍റെ എട്ടിലൊരു ഭാഗം മാത്രമുള്ള ഇവയുടെ ആക്രമണം ചെടിയുടെ സർവനാശത്തിലേ അവസാനിക്കൂ. ഇവ സ്രവിക്കുന്ന നീര് മധുരമുള്ളതാണ്. ഇതുഭക്ഷിക്കാനായെത്തുന്ന ഉറുന്പുകളുടെ ആക്രമണവും ഉണ്ടാകും.

നിയന്ത്രണം

കാണാൻ കഴിയുമെങ്കിൽ ഈ പരാദങ്ങളെ ആദ്യദശയിൽ ഒരു ടൂത്ത്പിക്ക്കൊണ്ട് എടുത്തു മാറ്റാം. മറ്റൊരു മാർഗം ഒരു ടൂത്ത് ബ്രഷ് നേരിയ ആൽക്കഹോൾ ലായനിയിൽ മുക്കി ഇലകളിൽ ബ്രഷ് ചെയ്യുകയാണ്. വളർത്താ ൻ ബുദ്ധിമുട്ടുണ്ടെങ്കിലും പൂക്കളെ സ്നേഹിക്കുന്നവർക്ക് ആഫ്രിക്കൻ വയലറ്റ്സ് എന്നും ഒരു ബലഹീനതയാണ്.

ഡോ. പോൾ വാഴപ്പിള്ളി

ഫോണ്‍- 94473 05004.

കൃഷിചെയ്യാം, കദളിവാഴ

ഇതര വാഴയിനങ്ങള്‍ക്കില്ലാത്ത ചില സ്വഭാവ സവിശേഷതകള്‍ കദളി വാഴയ്ക്കുണ്ട്. ഇതിന്റെ പഴത്തിന് വളരെ ആസ്വാദ്യകരമായ ഗന്ധവും രുചിയും ഉണ്ട്. ചില ആയൂര്‍വേദ ഔഷധക്കൂട്ടുകളിലും ഉപയോഗിക്കുന്നു. ഹൈന്ദവ ആരാധനാലയങ്ങളില്‍ പൂജാകര്‍മങ്ങള്‍ക്കും തുലാഭാരത്തിനും ഒക്കെയായി കദളി വാഴകുല ആവശ്യമായി വരുന്നു. എവിടെയാണ് ഇതിന്റെ വിപണി എന്നറിയാവുന്നവര്‍ക്ക് വളരെ നല്ല സാമ്പത്തിക നേട്ടം ഈ കൃഷിയിലൂടെ കൈവരുന്നുണ്ട്. യഥാര്‍ഥ ആവശ്യക്കാര്‍ ആരാണെന്നറിയാതെ വെറുതെ കടകളില്‍ കൊണ്ടുചെന്നാല്‍ ചുമട്ടു കൂലിയിലും താഴ്ന്ന ഒരു തുക കിട്ടിയാല്‍ ഭാഗ്യമായി. അതോടെ കദളി കൃഷി നിറുത്തുകയും ചെയ്യും.

ഈ വര്‍ഷം കിലോഗ്രാമിന് എണ്‍പതുരൂപയ്ക്കു കുലകള്‍ വിറ്റ കര്‍ഷകരെയും കാണാനിടയായി. ഒരു വാഴക്കുലയില്‍ നിന്നും ആയിരത്തിനടുത്തതുക വരുമാനം ലഭിക്കുക എന്നു പറയുന്നത് ഒട്ടും നിസാരകാര്യമല്ലല്ലോ.

ഏതിനം വാഴക്കുലയാണെങ്കിലും വില്‍പ്പനയ്ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ക്ക് വാഴപ്പഴം ഉണക്കിയെടുക്കാം. സമയവും സൗകര്യവുമുള്ളവര്‍ക്ക് ഇതൊരു മുഴുവന്‍ സമയ സംഭരവും ആക്കാവുന്നതാണ്. ഉണങ്ങിയ വാഴപ്പഴങ്ങളില്‍ ഏറ്റവും രുചികരമായിട്ടുള്ളത് കദളിപ്പഴമാണ്. രൂചിയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നത് ഏത്തവാഴപ്പഴം ഉണങ്ങിയതായിരിക്കും.

വാഴപ്പഴം ഉണക്കുന്ന വിധം

നന്നായി പഴുത്ത വാഴപ്പഴം തൊലികളഞ്ഞ് നടുവേ കീറി സ്റ്റീല്‍ ട്രേകള്‍ ലഭ്യമാണങ്കില്‍ ട്രേകളില്‍ നിരത്തി വെയിലത്തുവച്ച് ഉണക്കിയെടുക്കാം. ദിവസവും തിരിച്ചും മറിച്ചും വെക്കണമെന്നുമാത്രം. സ്റ്റീല്‍ ട്രേകള്‍ ലഭ്യമല്ലെങ്കില്‍ നല്ലതുപോലെ കഴുകി ഉണക്കിയവെള്ളത്തുണി യോ തോര്‍ത്തുമുണ്ടോ ഓടിന്റെ മുകളിലോ വാര്‍ക്കപ്പുറത്തോ വെയില്‍ കിട്ടുന്ന ഭാഗത്ത് വിരിച്ചു വച്ച് അവയില്‍ നിരത്തിയും ഉണക്കിയെടുക്കാം. പഴം നാലായി ഘനം കുറച്ച് കീറിയെടുക്കേണ്ടിവരും.

ഇതൊരു സംരംഭമാക്കണം എന്ന് ഉദ്ദേശമുണ്ടങ്കില്‍ നല്ല ഡ്രയര്‍ തന്നെ വേണ്ടിവരും. ഇതിനുയോജ്യമായ ഡ്രയറുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. നന്നായി ഉണങ്ങിയ വാഴപ്പഴം കാറ്റു കയറാത്ത വിധത്തില്‍ ടിന്നിലാക്കി അടച്ചു സൂക്ഷിക്കുകയോ അതു മല്ലങ്കില്‍ ചില്ലുഭരണിയിലാക്കി മുകളില്‍ തേനോ ശര്‍ക്കര പാനിയോ നികക്കെ ഒഴിച്ച് സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. വട്ടയപ്പം, കേക്ക് മുതലായവ ഉണ്ടാക്കുമ്പോള്‍ ഇതര ഡ്രൈഫ്രൂട്ട്‌സിന് പകരമായി ഉണക്കവാഴപ്പഴം നുറുക്കി ചേര്‍ക്കാവുന്നതാണ്.

കൃഷിരീതികള്‍

സാധാരണ വാഴയിനങ്ങള്‍ കൃഷി ചെയ്യുന്നതുപോലെ തന്നെ കദളി വാഴകൃഷിയിലും ചപ്പുചവറുകളും ചാണകപ്പൊടിയും മറ്റിതര ജൈവവളങ്ങളും ആവശ്യാനുസരണം ചേര്‍ത്തു കൊടുക്കാം. രാസവളങ്ങള്‍ അത്യാവശ്യഘടകമല്ല. ആവശ്യമെന്ന് തോന്നുന്നപക്ഷം ഒന്നോ രണ്ടോ തവണ വളരെ നേരിയ തോതില്‍ മാത്രം ചേര്‍ക്കുക. രാസവളം കൂടുതലായാല്‍ നാക്കടപ്പ് പോലെയുള്ള മാരകരോഗങ്ങള്‍ക്ക് എളുപ്പത്തില്‍ അടിപ്പെടും.

ജോസ് മാധവത്ത്

ഫോണ്‍: ജോസ്- 9645033622.

ഒരിഞ്ച് നഷ്ടപ്പെടുത്താതെ സമ്മിശ്രകൃഷി

ബാബു ഒരു മുഴുവന്‍സമയ കര്‍ഷകനായിരുന്നില്ല, രണ്ടു വര്‍ഷം മുമ്പുവരെ. ബിസിനസിനൊപ്പം ഒരു സൈഡായി കൃഷിയുമുണ്ടായിരുന്നെന്നുമാത്രം. വെട്ടുകല്ലുനിറഞ്ഞ പറമ്പ് കരാറുകാര്‍ക്കു നല്‍കി. ഇതില്‍ നിന്നുലഭിച്ച വരുമാനം കൊണ്ട് വെട്ടുകല്ലെടുത്ത കുഴികള്‍ മണ്ണിട്ട് നികത്തി കൃഷി ആരംഭിച്ചു. മുഴുവന്‍ സമയ കര്‍ഷകനായി. കൃഷിയില്‍ സജീവമായിട്ട് ഇപ്പോള്‍ രണ്ടു വര്‍ഷം. നാലേക്കറില്‍ തെങ്ങ്, കവുങ്ങ്, കുരുമുളക്, കൊക്കോ, കൈത, പപ്പായ, ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, വിവിധ ഇനം വാഴകള്‍, പച്ചക്കറികള്‍, വെറ്റില, പാഷന്‍ ഫ്രൂട്ട്, റബര്‍ എന്നിവ കൃഷി ചെയ്യുന്നു. കൃഷിയിടത്തിന്റെ ഒരു ഭാഗം പോലും വെറുതെയിടുന്നില്ല. ഇടഭാഗങ്ങളില്‍ പച്ചക്കറി, കരനെല്ല് എന്നിവ കൃഷി ചെയ്യുന്നു.

കൈതക്കൃഷിയിലും നേട്ടം കൊയ്യുകയാണ് താമരശേരി മൈക്കാവ് കോതപ്ലാക്കല്‍ ബാബു. തന്റെ നാലേക്കറില്‍ ഒരേക്കറിലാണ് റബര്‍ തൈകള്‍ക്കിടയില്‍ കൈത കൃഷി ചെയ്യുന്നത്. ഇത് നല്ലൊരു വരുമാന മാര്‍ഗമാണിപ്പോള്‍. രണ്ടുവര്‍ഷമായി കൈതക്കൃഷി ആരംഭിച്ചിട്ട്. സഹോദരന്റെ കൃഷിയിടത്തില്‍ നിന്നും കന്നെടു ത്ത് പരീക്ഷണാടിസ്ഥാന ത്തില്‍ ആരംഭിച്ചതാണ് കൈതക്കൃഷി. റബര്‍ വളരുന്ന സമയം വരുമാന ത്തിന് ഏറ്റവും എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്നതും റബറിനിട യ്ക്ക് അനുയോജ്യമായതും എന്ന നിലയിലാണ് കൈതക്കൃഷി തെരെഞ്ഞെടുത്തത്. വിജയമെന്നു കണ്ടപ്പോള്‍ കൃഷി വിപുലീകരിച്ചു. കൃഷിരീതികള്‍ സ്വന്തമായി മനസിലാക്കി അതിന്റെ അടിസ്ഥാനത്തില്‍ വളപ്രയോഗം നടത്തുന്നു. ഓഗസ്റ്റു മുതല്‍ മേയ് വരെയാണ് വിളവെടുപ്പ്. 140 ദിവസം കൊണ്ട് മൂപ്പാ കുന്ന കായ്കള്‍ക്ക് കിലോയ്ക്ക് 30 രൂപ മൊത്തവില ലഭിക്കുന്നു. ചില്ലറ വില്പനയില്‍ 40 രൂപയും ലഭിക്കും.

റബര്‍ തൈകള്‍ക്കിടയില്‍ കൈത കൂടാതെ കൊക്കോയും കൃഷിചെയ്യുന്നുണ്ടിദ്ദേഹം. ഒരു കുഴിയില്‍ രണ്ടുവാഴ നട്ട് പുതിയ പരീക്ഷണം നടത്തുന്നുണ്ടിവിടെ. പ്രത്യേക പരിചരണം കൂടാതെ ഒരേ സമയം രണ്ടു വാഴകള്‍ വളര്‍ന്നു വരുന്നു എന്ന പ്രത്യേക തയാണ് ഈ രീതിക്കുള്ളത്. നൂറ് ചുവട് വാഴകള്‍ ഈ രീതിയില്‍ നട്ടിട്ടുണ്ട്. ഇതിനിടയില്‍ കരനെല്‍ കൃഷിയും നടത്തുന്നു. റോബസ്റ്റ, നേന്ത്രന്‍, ഞാലി, മൈസൂര്‍ പൂവന്‍ എന്നീ ഇനങ്ങളിലെ വാഴകളും മികച്ച വിളവു തരുന്നു. കൂടാതെ വാഴയുടെ ചുവട്ടില്‍ പയര്‍ കൃഷി ചെയ്യുന്നു. വാഴയ്‌ക്കൊഴിക്കുന്ന ജലം കൊണ്ട് പയറും വളരുന്നു.

സമ്മിശ്രകൃഷി രീതി പിന്തുട രുന്ന ഇദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ രണ്ടായിരം കോഴികളെ വളര്‍ത്തുന്നു. ഒരു വര്‍ഷം ഏഴു ബാച്ചുകളായാണ് കോഴി വളര്‍ത്തുന്നത്. ആടുകള്‍, മത്സ്യം എന്നിവയും വളര്‍ത്തുന്നു. കൃഷിഭവന്റെ സഹായത്താല്‍ നിര്‍മിച്ച 45000 ലിറ്റര്‍ മഴവെള്ള സംഭരണിയില്‍ ഗിഫ്റ്റ് തിലാപ്പിയ, രോഹു, കട്‌ല എന്നീ മത്സ്യങ്ങളെയാണ് വളര്‍ത്തുന്നത്. ഈ കുളത്തിലെ വെള്ളം പൈപ്പ് ഉപയോഗിച്ച് താഴ്ഭാഗത്തിലെ ക്യഷിയിടത്തിലേക്കു കൊ ണ്ടുവന്ന് വിളകള്‍ക്ക് ജലസേചനത്തിനുപയോഗപ്പെടുത്തുന്നു. മഴ കഴിഞ്ഞ് രണ്ടു മാസത്തെ ഉപയോഗത്തിനായി ഈ കുളത്തിലെ ജലം ധാരാളം.

കോഴി ഫാമിലെ കോഴിക്കാഷ്ഠവും ആട്ടിന്‍കാഷ്ഠവുമാണ് പ്രധാനവളമായി ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ വളത്തിന് മറ്റു രീതിയിലുള്ള ചെലവുകള്‍ വരുന്നില്ല. രാസവളം അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കുന്നു. കൃഷിയിടത്തിലുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ മൊത്ത വില്പന കേന്ദ്രങ്ങളിലും സ്വന്തം വാഹനത്തില്‍ സമീപ പ്രദേശങ്ങളിലെ അങ്ങാടികളിലും വില്പന നടത്തി തന്റെ ഉത്പന്നങ്ങള്‍ക്ക് മികച്ച വില നേടിയെടുക്കുന്നുമുണ്ടിദ്ദേഹം. കൂടാതെ കൃഷിഭവന്‍ ചന്തകള്‍ കൃഷി വകുപ്പ് മേളകള്‍ എന്നിവയില്‍ സഹകരിക്കുന്ന ഇദ്ദേഹം തന്റെ ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെ വിറ്റഴിക്കുന്നതിനും ശ്രദ്ധിക്കാറുണ്ട്.

രാവിലെ മുതലുള്ള കൃഷിയിടത്തിലെ പ്രവ്യത്തികളില്‍ ഭാര്യ സോമിയും മൂന്നു മക്കളും സഹായത്തിനുണ്ട്. കൃഷിഭവന്‍ പദ്ധതികളെ ഗുണകരമായ രീതിയില്‍ ഉപയോഗപ്പെടുത്തുന്ന ഇദ്ദേഹത്തിന്റെ ആത്മാര്‍ഥതയോടെയുള്ള കൃഷിയിട ഇടപെടലുകളും കൃഷിയിടത്തിന്റെ എല്ലാഭാഗവും ഉപയോഗിച്ചുള്ള കൃഷിയും മാതൃകകളാണ്.

മേല്‍വിലാസം

ബാബു കോതപ്ലാക്കല്‍

മൈക്കാവ്, കോടഞ്ചേരി

താമരശേരി. ഫോണ്‍ നമ്പര്‍: 9495292375

സുനില്‍ കോടഞ്ചേരി

പ്രായത്തെ തോല്‍പിച്ച് വര്‍ണങ്ങള്‍ വിരിയിച്ച് ഐസക്

എഴുപത്തിഒമ്പതു വയസായ എനിക്ക് ഇതൊക്കെ ആകാമെങ്കില്‍ ചെറുപ്പക്കാര്‍ക്ക് എന്തുകൊണ്ടായിക്കൂടാ.. ഇന്ത്യന്‍ റെയില്‍വേയില്‍ നിന്ന് സ്റ്റേഷന്‍മാസ്റ്ററായി വിരമിച്ച തിരുവല്ല കുറ്റൂര്‍ പാണ്ടിശേരി മേപ്പുറത്ത് പി.എ. ഐസക്കിന്റെ ചോദ്യമാണിത്.

തന്റെ തോട്ടംകണ്ട് മറ്റുള്ളവര്‍ക്ക് കൃഷിയില്‍ താത്പര്യമുണ്ടാകാന്‍ കൂടിയാണ് ഇദ്ദേഹം കൃഷിയും പൂന്തോട്ടപരിപാലനവുമൊക്കെ നടത്തുന്നത്. വീടിനു സമീപമുള്ള 52 സെന്റിലും അല്‍പം മാറിയുള്ള 50 സെന്റിലുമാണ് ഐസക്കിന്റെ കൃഷി. 1995ല്‍ വിരമിച്ചശേഷം കൃഷിയില്‍ ഫുള്‍ടൈമറാകുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ കൃഷിയെക്കുറിച്ച് ക്ലാസുകള്‍ എടുക്കുന്നുമുണ്ട് ഐസക്ക്.

ചെടികള്‍ വര്‍ണക്കൂട്ട് ഒരുക്കുന്ന ഉദ്യാനം

വീടിന്റെ മുന്‍വശത്ത് ഇരുവശങ്ങളിലും ബോണ്‍സായി ബൊഗൈന്‍വില്ലച്ചെടികള്‍ തീര്‍ക്കുന്ന വര്‍ണപ്രപഞ്ചമാണ്. ആറു വെറൈറ്റി ബൊഗൈന്‍വില്ലകളാണ് കൃഷിചെയ്യുന്നത്. വേരുപിടിക്കാത്തവ ലെയര്‍ചെയ്ത് വേരുപിടിപ്പിച്ചെടുക്കും. വര്‍ഷകാലാരംഭത്തില്‍ ചട്ടിയിലേക്കുമാറ്റും. മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ ചേര്‍ത്ത പോട്ടിംഗ് മിശ്രിതം ചട്ടിയില്‍ നിറയ്ക്കും. വെള്ളവും വളവും അധികം വേണ്ടാത്ത ഒന്നാണ് ബൊഗൈന്‍ വില്ലകള്‍. നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്തുവേണം ഇവ സ്ഥാപിക്കാന്‍. വര്‍ഷത്തില്‍ രണ്ടുതവണ കമ്പു കോതണം. ജൂണ്‍-ജൂലൈ, ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ കമ്പുകോതുന്നതാണ് (പ്രൂണിംഗ്) നല്ലത്. നവംബര്‍ മുതല്‍ പൂക്കാലമായി. മെയ് വരെ പൂക്കള്‍ ഉണ്ടായിക്കൊണ്ടിരിക്കും. മുള്ളുള്ള ചെടിയാണെങ്കിലും ചട്ടിയില്‍ വളര്‍ത്തുമ്പോള്‍ ഇവയില്‍ മുള്ളുണ്ടാകാറില്ല. വെള്ള, ഗോള്‍ഡന്‍, വയലറ്റ്, ചുവപ്പ് നിറങ്ങളിലുള്ള ചെടികളാണിവിടുള്ളത്.

വളപ്രയോഗം

മാസത്തിലൊരിക്കല്‍ കാലിവളമോ, സ്‌റ്റെറാമീലോ നല്‍കും. സ്‌റ്റെറാമീലാണെങ്കില്‍ 50ഗ്രാം ഒരു ചട്ടിക്ക് എന്ന ക്രമത്തിലാണിടേണ്ടത്. ബൊഗൈന്‍വില്ലകള്‍ കൂടാതെ റെഡ് പാം, ലേഡീസ് ഫിങ്കഗര്‍ പാം, അറീലിയ, ഓര്‍ക്കിഡ്, അഡീനിയം, ഇലച്ചെടികള്‍, യൂഫോബിയ, ബോണ്‍സായ് ചെടികള്‍ എന്നിവയെല്ലാം ഐസക്കിന്റെ പൂന്തോട്ടത്തെ മനോഹരമാക്കുന്നു.

വീട്ടിലേക്കാവശ്യമുള്ളവ വീട്ടില്‍തന്നെ

വീട്ടിലേക്കാവശ്യമുള്ള പച്ചക്കറികളെല്ലാം ഐസക്ക് വീട്ടില്‍തന്നെ ഉത്പാദിപ്പിക്കുന്നു. വഴുതന, തക്കാളി, കോളിഫ്‌ളവര്‍, പയര്‍, ചീര തുടങ്ങി വീടിനു വലതുവശത്തെ പറമ്പില്‍ വിളയാത്തതൊന്നുമില്ല. ജൈവവളങ്ങള്‍ നല്‍കിയാണ് പച്ചക്കറി ഉത്പാദനം. പഴവര്‍ഗങ്ങളായ മുള്ളാത്ത, റംബൂട്ടാന്‍, ഫിലോസാന്‍, കറിനാരകം, ചെറുനാരകം, ചാമ്പ തുടങ്ങിയവയെല്ലാം വീട്ടുമുറ്റത്തെ പഴമുറ്റം കൂടിയാക്കുന്നു.

നിഴലില്‍ ഉണക്കിയ ചാണകം

ചെടികള്‍ക്കും പച്ചക്കറികള്‍ ക്കും നിഴലില്‍ ഉണക്കിയ ചാണകപ്പൊടിയാണ് ഐസക്ക് നല്‍കുന്നത്. വെയിലിന്റെ ചൂടേറ്റ് ചാണകത്തിലെ സൂക്ഷ്മജീവികള്‍ നഷ്ടപ്പെടാതിരിക്കാനാണ് ഇത്തരത്തില്‍ ചാണകമുണക്കുന്ന രീതി ഉപയോഗിക്കുന്നത്. കടലപ്പിണ്ണാക്ക്, വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി എന്നിവ അടിവളമായും അല്ലാതെയും നല്‍കുന്നു.

മഴവെള്ള സംഭരണിയിലെ മത്സ്യം

വീട്ടിലെ ടെറസില്‍ നിന്നെത്തുന്ന മഴവെള്ളം ഒരു തുള്ളിപോലും പാഴാകാതെ ചെന്നു വീഴുന്നത് സമീപത്തെ മഴവെള്ള സംഭരണിയിലേക്ക്. അതില്‍ ഗൗരാമി മത്സ്യം വളര്‍ത്തുന്നു. മീന്‍ വളരുന്ന വെള്ളം ചെടികള്‍ക്കും നല്‍കുന്നു. വീട്ടിലെ പച്ചക്കറി അവശിഷ്ടങ്ങളാണ് മീനിന് ഭക്ഷണമായി നല്‍കുന്നത്.

രാവിലെ ആറിന് ആരംഭിക്കുന്നു ഐസക്കിന്റെ കൃഷിപ്പണികള്‍. ചെടികള്‍ക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. ചെടികളുടെ ചുവട്ടിലെ മണ്ണ് ഇളക്കിക്കൊടുക്കുക, പുതയിടേണ്ടവയ്ക്ക് പുതയിടുക തുടങ്ങിയ പണികളൊക്കെയായി രാവിലെ 11 വരെ ചെടികളോടൊപ്പം തന്നെ. ചട്ടിയിലെ ചെടികള്‍ മാസത്തിലൊരിക്കല്‍ തിരിച്ചുവയ്ക്കും. ചെടിയുടെ എല്ലാ ഭാഗങ്ങളിലും വെയിലേറ്റ് പൂക്കളുണ്ടാകുന്നതിനാണിത്.

ഗ്രാഫ്റ്റിംഗിലൂടെ മികച്ച തൈകള്‍

ഒരു സാധാരണ കര്‍ഷകനല്ല ഐസക്ക്. കൃഷിയിലെ നൂതന സാങ്കേതികവിദ്യകള്‍ മനസിലാക്കി, അത് സ്വന്തം തോട്ടത്തില്‍ പ്രാവര്‍ത്തികമാക്കുന്നുമുണ്ട് ഇദ്ദേഹം. കാന്താരിയില്‍ പച്ചമുളക് ഗ്രാഫ്റ്റ് ചെയ്ത് മികച്ചരോഗപ്ര തിരോധശേഷിയുള്ള പച്ചമുളക് തൈകള്‍ ഉത്പാദിപ്പിക്കുന്നു. ചുണ്ടയില്‍ വഴുതനയും ഗ്രാഫ്റ്റ് ചെയ്ത് തൈകള്‍ ഉത്പാദിപ്പിക്കുന്നു. കമ്പിളി നാരകത്തില്‍ ചെറുനാരകം ഗ്രാഫ്റ്റ് ചെയ്ത് പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

ഇഞ്ചി ചാക്കിലാണ് കൃഷിചെയ്യുന്നത്. ഇതിനായി തെരഞ്ഞെടുത്തത് 'വരദ' എന്ന അത്യുത്പാദന ശേഷിയുള്ള ഇനമാണ്. ചേനക്കൃഷി പ്രതീക്ഷിച്ചതിലേറെ വിളവു നല്‍കി. വഴുതന വീട്ടാവശ്യത്തിനു ശേഷം അയല്‍ക്കാര്‍ക്കും വിഎഫ്പിസികെയുടെ ലേലവിപണിയിലുമെത്തിച്ചു. ഒരാഴ്ചകഴിഞ്ഞ് ഒന്നിച്ചാണ് ലേലവിപണിയില്‍ നിന്ന് പണം ലഭിക്കുക. ഇത്തരത്തില്‍ ലേലവിപണി വഴി മാത്രം 5,000 രൂപയുടെ വഴുതന വിറ്റു. ഒരു ചെറുനാരകത്തില്‍ നിന്ന് 5,000 രൂപയുടെ നാരങ്ങവിറ്റെന്ന് ഐസക്ക് പറയുന്നു. വിപണിയില്‍ ലഭിക്കുന്ന തമിഴ്‌നാട് നാരങ്ങയേക്കാളും നീരും ഗുണവുമുള്ളതാണ് ഇവിടെ ഉണ്ടാകുന്ന നാരങ്ങ എന്നതിനാല്‍ ആവശ്യക്കാര്‍ ഏറെയാണ്.

പച്ചക്കറിത്തൈകള്‍ ഉത്പാദിപ്പിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നുമുണ്ടിദ്ദേഹം. പൂച്ചെടികളും താത്പര്യമുള്ളവര്‍ക്ക് നല്‍കും. തന്റെ 50 സെന്റിലെ തെങ്ങിന്‍തോട്ടത്തില്‍ നിന്ന് നല്ല തേങ്ങയെടുത്ത് പാകി തെങ്ങിന്‍ തൈകള്‍ ഉത്പാദിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് നല്‍കുകയും ചെയ്യുന്നു. തെങ്ങു കൂടാതെ മരങ്ങള്‍, ചേന, കപ്പ ഇവയെല്ലാം തെങ്ങിന്‍തോട്ടത്തിലുണ്ട്.

കയ്യാലയിലെ തേനീച്ച ട്യൂബുവഴി പെട്ടിയിലേക്ക്

കയ്യാലകളില്‍ കാണുന്ന തേനീച്ചയെ ചോര്‍പ്പില്‍ ട്യൂബ് ഘടിപ്പിച്ച് തേനീച്ചപ്പെട്ടികളിലേക്കാക്കുന്നത് ഐസക്ക് വികസിപ്പിച്ച സാധ്യതയാണ്.

കയ്യാലയിലെ പാറകള്‍ക്കിടയില്‍ തേനീച്ച കയറുന്ന ഹോളില്‍ ചോര്‍പ്പില്‍ ഘടിപ്പിച്ച ട്യൂബ് ഒട്ടിച്ചുവയ്ക്കും. ഈ ടൂബ് നേരെ തേനീച്ചപ്പെട്ടിയില്‍ ഘടിപ്പിക്കും. പിന്നീട് തേനീച്ചകള്‍ ഈ ട്യൂബുവഴി പെട്ടിയിലെത്തി അവിടെ നിന്നാണ് പുറത്തിറങ്ങുന്നത്. അധികം താമസിയാതെ കയ്യാലയിലെ റാണിയീച്ച കൂട്ടിലെത്തും. അങ്ങനെ കയ്യാലയിലെ തേനീച്ച പെട്ടിയിലേക്ക് കൂടുമാറ്റും.

കൃഷിയില്‍ സജീവമായ ഐസക്ക് അനേകരെ കൃഷിചെയ്യാന്‍ പ്രേരിപ്പിക്കുകയുമാണ്. അതിന് മാതൃകയായി തന്റെ തോട്ടത്തെ ഉപയോഗിക്കുകയും ചെയ്യുന്നു ഇദ്ദേഹം. ഈ വര്‍ഷം തിരുവല്ല അഗ്രി-ഹോര്‍ട്ടി സൊസൈറ്റി സംഘടിപ്പിച്ച പുഷ്‌പോത്സവത്തില്‍ ഹോം ഗാര്‍ഡന്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയത് ഐസക്കിന്റെ തോട്ടമായിരുന്നു.ഫോണ്‍: ഐസക്ക്-94473 47899.

ടോം ജോര്‍ജ്

ഫോണ്‍- 93495 99023.

മറയൂരിലെ പാല്‍ക്കാരന്‍

ജൈവകൃഷിയും മൃഗപരിപാലനവും തമ്മിലുള്ള ബന്ധം എന്തെന്നു കാണിച്ചുകൊടുക്കാന്‍ വേണ്ടിക്കൂടിയാണ് മറയൂര്‍ മണ്ണാറപ്രായില്‍ തമ്പി പശുപരിപാലനം ആരംഭിച്ചത്.

ഇന്ന് ക്ഷീരവികസനത്തിലൂടെ ഒരു ജൈവകൃഷിരീതി ചിട്ടപ്പെടുത്തിയിരിക്കുകയാണ് ഇദ്ദേഹം. ചെലവുകള്‍ ചുരുക്കി, മികച്ച ആദായം ലക്ഷ്യമാക്കിയുള്ള മൃഗപരിപാലനത്തില്‍ പുത്തന്‍ രീതികളാണ് ഇദ്ദേഹം സ്വീകരിച്ചിട്ടുള്ളത്.

ഇന്ന് പ്രതിദിനം മുപ്പതു ലിറ്ററിന് മുകളില്‍ പാല്‍ ലഭിക്കുന്ന പശുക്കളെയാണ് വളര്‍ത്തുന്നത്. മികച്ച സംരക്ഷണം നല്‍കി വളര്‍ത്തേണ്ട ഇനങ്ങളാണ് ഇവ. പരിപാലനത്തില്‍ വീഴ്ചപറ്റിയാല്‍ പാല്‍ ഉത്പാദനം കുറയും. ശാസ്ത്രീയ പശുപരിപാലനം പഠിക്കണം. എങ്കിലേ പശുവളര്‍ത്തല്‍ ലാഭകരമാകൂയെന്നാണ് തമ്പിയുടെ അഭിപ്രായം.

പശുപരിപാലനം

മറയൂരിന്റെ സാഹചര്യങ്ങള്‍ക്കൊത്ത് വളരുന്ന പശുക്കളെയാണ് തമ്പി വാങ്ങിയത്. സുഗന്ധവിളകളാല്‍ സമ്പന്നമായ കൃഷിയിടത്തില്‍ ബ്രോയിലര്‍ കോഴിവളര്‍ത്തലിനുവേണ്ടി തയാറാക്കിയ ഷെഡാണ് പശുപരിപാലനത്തിനായി തെരഞ്ഞെടുത്തത്. വൃത്തിയുള്ള തൊഴുത്താണ് 60 പശുക്കള്‍ക്കായി ഒരുക്കിയത്. മനുഷ്യപ്രയത്‌നം കുറച്ച് ലാഭമുണ്ടാക്കാന്‍ ആധുനിക രീതിയില്‍ തൊഴുത്ത് സംവിധാനം ചെയ്തു. ഇരുവശങ്ങളിലും പശുക്കള്‍ക്ക് നില്‍ക്കാനും കിടക്കാനുമുള്ള സൗകര്യം. ചാണകവും മൂത്രവും തറയില്‍ കെട്ടിനില്‍ക്കാതിരിക്കാന്‍ ചെറിയ ചെരിവുണ്ടാക്കി. തൊഴുത്തിന് നടുവിലൂടെ വാഹനത്തില്‍ തീറ്റ എത്തിക്കാനുള്ള സൗകര്യം. ഏതു സമയത്തും ആവശ്യത്തിന് വെള്ളം ലഭിക്കുന്ന ഓട്ടോമാറ്റിക്ക് സംവിധാനം. ക്ലീനിംഗ് സുഗമമാക്കാന്‍ പശുക്കള്‍ക്ക് പിറകില്‍ തൊഴുത്തില്‍ വിശാലമായ നടപ്പാത. ഗോമൂത്രം ചാലിലൂടെ പുറത്തുള്ള പാത്രത്തില്‍ ശേഖരിക്കുന്നു. തറയില്‍ വീഴുന്ന ചാണകം ചാണക ടാങ്കിലെത്തുന്നു. ഒരാള്‍ ഏതു സമയവും തൊഴുത്ത് ശുദ്ധീകരണത്തിനായുണ്ടാകും.

ചാണകവും മൂത്രവും പശുക്കളുടെ അകിടില്‍ പറ്റിപ്പിടിച്ചിരുന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും. കറവയുള്ള പശുക്കളെ തൊഴുത്തില്‍ പരിപാലിക്കുമ്പോള്‍ കറവ കഴിഞ്ഞവയെയും കുട്ടികളെയും മറ്റൊരു തൊഴുത്തിലാണ് സംരക്ഷിക്കുന്നത്.

തീറ്റ മിതമായി

നാരുകളുള്ള പുല്ലിനങ്ങള്‍ മൂന്നു നേരം നല്‍കുന്നു. സിഒ-3 ഇനം പുല്ലിനോടൊപ്പം പ്രാദേശികമായി വളരുന്ന പുല്ലുകളും യന്ത്രസഹായത്തോടെ നുറുക്കിയാണ് കൊടുക്കുന്നത്. ഒരു ലിറ്റര്‍ പാലിന് 500 ഗ്രാമും ശരീരഭാരത്തിന് ഒന്നരകിലോ തീറ്റയും നല്‍കുന്നു. ഒരു പശുവിന് പരമാവധി പന്ത്രണ്ട് കിലോ തീറ്റയാണ് രണ്ടുനേരമായി നല്‍കുന്നത്.

എച്ച്. എഫ് പശുക്കളാണ് കൂടുതല്‍. ഒരു പശുവിനെ ഫാമിലെത്തിക്കാന്‍ 90,000 രൂപയോളം ചെലവു വന്നു. പിറക്കുന്ന കുഞ്ഞുങ്ങളില്‍ നല്ലയിനങ്ങളെ സംരക്ഷിക്കുന്നു. വനത്തിലെ മൃഗങ്ങളെല്ലാം ചൂടുകാലത്ത് വൃക്ഷത്തണലിലാണ് കഴിയുന്നത്. ഈ രീതി നിലനിര്‍ത്താന്‍ തൊഴുത്തിനു ചുറ്റും വൃക്ഷങ്ങള്‍ സംരക്ഷിക്കുന്നു. പ്രകൃതിയോട് ഇണങ്ങി ജീവിക്കുമ്പോള്‍ രോഗപ്രതിരോധശേഷിയും ഉത്പാദനവും കൂടുമെന്നാണ് ഇദ്ദേഹത്തിന്റെ അനുഭവപാഠം.

കറവയുള്ളവയ്ക്ക് സമീകൃതതീറ്റ

കറവയുള്ള പശുക്കള്‍ക്ക് പുല്ലുകളും ധാന്യവര്‍ഗങ്ങളും കൂടികലര്‍ന്ന ഉത്തമമായ കാലിത്തീറ്റയാണ് നല്‍കേണ്ടത്. പശുക്കളുടെ ആമാശയത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന രീതിയില്‍ തീറ്റയുടെ ക്രമം ക്രമീകരിച്ചിരിക്കുന്നു. ധാന്യങ്ങള്‍ കൂടുതലായി ഭക്ഷിച്ചാല്‍ ആമാശയത്തില്‍ അമ്ലാംശം കൂടി ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഇതിനെ നിയന്ത്രിക്കാന്‍ പുല്ല് ആവശ്യത്തിനു നല്‍കണം. ഗുണമേന്മയുള്ള പാല്‍ ഉത്പാദനത്തിന് പരമ്പരാഗതമായ രീതികളെ ശാസ്ത്രീയമായി നടപ്പാക്കിയാല്‍ മതി.

പശുക്കളെ തൊഴുത്തിനു പുറത്തു നിര്‍ത്തി കറക്കുന്ന പണ്ടത്തെ രീതിയിലാണ് തമ്പിയുടെ കറവ സംവിധാനം. മനുഷ്യസ്പര്‍ശമേല്‍ക്കാതെ പാല്‍ കറന്നെടുക്കുന്നതിന് ഒരു കറവപ്പുര തന്നെയുണ്ട്. ഒരേ സമയം ആറു പശുക്കളെ ആധുനിക രീതിയില്‍ കറന്നെടുക്കുന്നു. കറവയന്ത്രത്തിലെത്തിയ പാല്‍ അണുവിമുക്തമാക്കിയ കുഴലിലൂടെ പാല്‍ സംഭരണിയില്‍ എത്തുന്നു. ഓരോ പശുവില്‍ നിന്നും ലഭിക്കുന്ന പാലിന്റെ അളവ് രേഖപ്പെടുത്തുന്നതിനുള്ള സംവിധാനവും ഇതോടൊപ്പമുണ്ട് മനുഷ്യസ്പര്‍ശവും അന്തരീക്ഷമാലിന്യങ്ങളും ഗന്ധങ്ങളും ഒഴിവാക്കപ്പെടുന്നുണ്ടെങ്കിലും പശുക്കളുടെ അകിട് കറവയ്ക്കായി ശുദ്ധീകരിച്ച് സജ്ജമാക്കുന്നതും കറവയന്ത്രങ്ങള്‍ അകിടില്‍ പിടിപ്പിക്കുന്നതും പശുപരിപാലകരാണ്. ഉത്പാദിപ്പിക്കുന്ന പാല്‍, സൊസൈറ്റിയിലാണ് നല്‍കുന്നത്.

പാലും ആരോഗ്യവുമുള്ള പശുക്കളില്‍ മൂന്നു വാരിയെല്ലുകള്‍ കാണുവാന്‍ കഴിയും. കൂടാതെ മെലിഞ്ഞിരിക്കുന്ന പശുക്കളില്‍ നിന്ന് കൂടുതല്‍ പാല്‍ ലഭിക്കുമെന്നും തമ്പി നിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. നാല് പ്രസവം കഴിഞ്ഞാല്‍ പശുക്കളെ വില്‍ക്കും. തുടര്‍ന്ന് പരിപാലിച്ചാല്‍ ക്ഷീരകര്‍ഷകന് നഷ്ടമാണ് ഉണ്ടാകുന്നത്. കൊടുക്കുന്ന തീറ്റയ്ക്കനുസരിച്ച് പാല്‍ ലഭിക്കുകയില്ല. രോഗപ്രതിരോധ നടപടികള്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം നടത്തുന്നു. ആരോഗ്യം നോക്കിയാണ് കാല്‍ സ്യവും മറ്റും നല്‍കുന്നത്. വളരെ ശ്രദ്ധയോടെ പരിപാലിച്ചാല്‍ മികച്ച പാല്‍ ഉത്പാദനം ഉറപ്പാക്കാന്‍ കഴിയും.

പശുക്കിടാങ്ങള്‍

നെറ്റിയില്‍ മാര്‍ക്കുള്ളതും രണ്ട് നിറങ്ങളുള്ളതുമായ ഇനങ്ങളെയാണ് കൂടുതലും നിലനിര്‍ത്തുന്നത്. അപൂര്‍വമായി ലഭിക്കുന്ന റെഡ് എച്ച്.എഫ്. ഇനങ്ങളെയും സംരക്ഷിക്കുന്നുണ്ട്. ഇളക്കമുള്ള മണ്‍പ്രദേശത്താണ് പശുക്കളുടെ പ്രസവം. കാലുകള്‍ അകന്ന് പശുക്കള്‍ക്ക് അപകടം ഉണ്ടാകാതിരിക്കാനും കുട്ടികളുടെ രക്ഷയ്ക്കും ഈ രീതി ഗുണകരമാണെന്ന് തമ്പി പറയുന്നു. പതിനഞ്ച് ദിവസമാകുമ്പോള്‍ കൊമ്പുകള്‍ കരിച്ചുകളയും. വളര്‍ത്താന്‍ താത്പര്യമില്ലാത്ത കിടാക്കളെ മൂന്നു മാസം കഴിയുമ്പോള്‍ വില്പന നടത്തും.

എളുപ്പം ദഹിക്കുന്നതും സ്വാദിഷ്ടവുമായ പച്ചപ്പുല്ല് രണ്ട് മാസത്തിനു ശേഷമാണ് നല്‍കുന്നത്. ആദ്യത്തെ ഒരു മാസം നാലുലിറ്റര്‍ പാല്‍ ഒരു കിടാവിന് ദിവസേന കുപ്പിയില്‍ നല്‍കും. തുടര്‍ന്ന് 45 ദിവസം വരെ മൂന്നുലിറ്റര്‍ പാലാക്കിചുരുക്കും. പിന്നീട് 15 ദിവസം രണ്ട് ലിറ്റര്‍ പാലാണ് നല്‍കുന്നത്. പിന്നെ പാല്‍ നല്‍കില്ല. പുല്ലും കാലിത്തീറ്റയും നല്‍കി ശീലിപ്പിക്കും. ധാതുക്കളും വിറ്റാമിനുകളും നിറഞ്ഞ പച്ചപ്പുല്ല് നല്‍കുമ്പോള്‍ ഉത്പാദനക്ഷമതയും പ്രത്യുത്പാദനക്ഷമതയും കൂടും.

ശാസ്ത്രീയമായ കാഴ്ചപ്പാടോടെ തനതായ ശൈലിയില്‍ പശുപരിപാലനം നടത്തുന്ന തമ്പിക്ക് മൂത്രശേഖരണടാങ്കും വളക്കുഴിയും ജൈവവാതക പ്ലാന്റുമുണ്ട്. ജൈവകൃഷിക്ക് സഹായകമാകുന്ന രീതിയില്‍ പശുവിന്‍ മൂത്രവും ചാണകവും ശുദ്ധീകരിച്ച് വില്പന നടത്താനുള്ള പദ്ധതിയും തമ്പിയുടെ മനസിലുണ്ട്. പിഡിഡിപിയുടെ ഈ വര്‍ഷത്തെ സംസ്ഥാന ക്ഷീരകര്‍ഷകനുള്ള അവാര്‍ഡ് നേടിയ വ്യക്തിയാണ് തമ്പി എം. പോള്‍. ഫോണ്‍ : 9447306611.

നെല്ലി ചെങ്ങമനാട്

വട്ടവട വെളുത്തുള്ളിയും ഭൗമസൂചികയിലേക്ക്

മറയൂരിലെ മധുര ശര്‍ക്കരയ്ക്കു പിന്നാലെ മൂന്നാര്‍ വട്ടവട ഗ്രാമത്തിലെ കുഞ്ഞന്‍ വെളുത്തുള്ളിക്കും ഭൗമസൂചികാ പദവി അഥവാ ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ വൈകാതെ സ്വന്തമാകും. വിവിധ സംസ്ഥാനങ്ങളില്‍ വിളയുന്ന 18 ഇനം വെളുത്തുള്ളികളില്‍ കര്‍ഷിക സര്‍വകലാശാലയുടെ ഗവേഷണ വിഭാഗം വട്ടവട വെളുത്തുള്ളിക്ക് ഗുണമേന്‍മയില്‍ ഒന്നാം സ്ഥാനം നല്‍കിയിരിക്കുന്നു. അല്ലികള്‍ അടര്‍ത്തിയൊടിച്ചാല്‍ മൂക്കും കണ്ണും തുളയ്ക്കുന്ന ഗന്ധം. വായിലിട്ടാല്‍ കടുത്ത എരിവ്. കറികളില്‍ ചേര്‍ത്താല്‍ ഒന്നാംതരം രുചി. അച്ചാറുണ്ടാക്കിയാല്‍ കേമം. ആയുര്‍വേദക്കാര്‍ക്ക് എന്നും പ്രിയമാണ് വട്ടവട വെളുത്തുള്ളിയില്‍നിന്നുണ്ടാക്കുന്ന തൈലം.

മറയൂര്‍, കാന്തല്ലൂര്‍,വട്ടവട ഗ്രാമങ്ങളിലെ ചെറുകിടക്കാരായ കര്‍ഷകര്‍ മൂന്നു മാസംകൊണ്ടു വിളയിക്കുന്ന വെളുത്തുള്ളിക്കു ഭൗമസൂചിക നേടിയെടുക്കാന്‍ സംസ്ഥാന കൃഷി വകുപ്പാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. കേരളത്തില്‍ സമാനകാലാവസ്ഥയുള്ള പ്രദേശങ്ങളിലും വെളുത്തുള്ളി കൃഷി ചെയ്യാനുള്ള നീക്കത്തിലാണ് കൃഷിവകുപ്പ്. ഉണക്കി വില്‍ക്കുന്നതിനു പുറമെ മണവും ഔഷധ ഗുണവുമുള്ള തൈലവും വെളുത്തുള്ളിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്നു. ശീതമഴയുടെ അകമ്പടിയില്‍ ഡിസംബര്‍ മാസത്തില്‍ നട്ട് മാര്‍ച്ച് -ഏപ്രില്‍ മാസങ്ങളില്‍ വിളവെടുക്കുന്നതാണ് വട്ടവടയിലെ രീതി.

ഗുണത്തില്‍ ഏഷ്യയിലെ തന്നെ ഏറ്റവും മികച്ചതെങ്കിലും വിളവെടുപ്പെത്തുമ്പോള്‍ വില ഇടിയുന്നു എന്നതാണ് വട്ടവടയിലെ വെളുത്തുള്ളി കര്‍ഷകരുടെ പരിഭവം. നേട്ടമുണ്ടാക്കുന്നതാവട്ടെ തമിഴ്‌നാട്ടില്‍നിന്നെത്തുന്ന വ്യാപാരികളും ഇടനിലക്കാരും വടക്കേ ഇന്ത്യന്‍ വ്യവസായികളും. തനതു പെരുമ വട്ടവട വെളുത്തുള്ളിക്കുണ്ടെങ്കിലും ഇവിടെ നേരിട്ടു വില്‍പന കുറവാണ്. വട്ടവട വെളുത്തുള്ളി ഏറെയും വില്‍പ്പനക്കെത്തുന്നതു തമിഴ്‌നാട്ടിലെ വടുകപ്പെട്ടി, മേട്ടുപാളയം, മധുര മാര്‍ക്കറ്റു കളിലാണ്. അവിടെ നിന്നും വിത്തിനും ഔഷധ നിര്‍മാണ ത്തിനും മറ്റുമായി ഉത്തരേന്ത്യയിലേക്കു കയറ്റി വിടുകയാണ് പതിവ്.

കൃഷിയിടങ്ങളില്‍ പറിച്ചു കൂട്ടുന്ന ഉള്ളി കറ്റകെട്ടി പുകകൊ ള്ളിച്ച് ഒരു വര്‍ഷം വരെ സൂക്ഷിക്കാം. എന്നാല്‍ ചെറുകിട കര്‍ഷകര്‍ക്ക് സംസ്‌കരിച്ചു സൂക്ഷിക്കാന്‍ സൗകര്യം വീടുകളില്‍ പരിമിതമാണ്. കഴിഞ്ഞ ഓണക്കാലത്ത് വട്ടവടയില്‍ ശരാശരി 300 രൂപ ഒരു കിലോ വെളുത്തു ള്ളിക്ക് ലഭിച്ചിരുന്നു. ഇപ്പോള്‍ 80-110 രൂപയിലെത്തിയിരിക്കുന്നു നിരക്ക്. വെളുത്തുള്ളിയും കാരറ്റും കാബേജും ഉരുളക്കിഴങ്ങുമൊക്കെ നേരിട്ടു വില്‍ക്കാന്‍ വിപണിയില്ലെന്നതാണ് ഒറ്റപ്പെട്ടുകിടക്കുന്ന വട്ടവട, കാന്തല്ലൂര്‍ ഗ്രാമീണ കര്‍ഷകരുടെ പരിമിതി.

മഴയും തണുപ്പും ചൂടും ഒത്തു കിട്ടിയാല്‍ വെളുത്തുള്ളി ഒരേക്കറില്‍നിന്ന് 2500 കിലോ വരെ വിളവുകിട്ടും. ഹോര്‍ട്ടി കോര്‍പ്പ് വട്ടവടയിലെ കര്‍ഷകരില്‍നിന്നു വെളുത്തുള്ളി സംഭരിക്കാറില്ലെന്നതിനാല്‍ തമിഴ്‌നാടിനെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുന്നതായി കര്‍ഷകര്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഹോര്‍ട്ടികോര്‍പ്പ് ഇവിടെ നിന്നും വെളുത്തുള്ളി വാങ്ങിയത് കര്‍ഷകര്‍ക്ക് പ്രതീക്ഷയായിട്ടുണ്ട്. വെള്ളുള്ളി, വെള്ളവെങ്കായം, പൂണ്ട് എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന വെളുത്തുള്ളിയുടെ ശാസ്ത്രീയ നാമം അല്ലിയം സാറ്റിവം എന്നാ ണ്. ഇന്‍ഹേലിയം ഗാര്‍ലിക്ക്, റെഡ് ഇന്‍ഹേലിയം ഗാര്‍ലിക്ക് എന്നീ ഇനങ്ങളാണ് മറയൂരില്‍ കൃഷി ചെയ്യുന്നത്.

പാചകത്തിനു പുറമെ ആയൂര്‍വേദ മരുന്നു നിര്‍മാണത്തില്‍ വെളുത്തുള്ളിക്ക് പ്രാധാന്യമേറെയാണ്. ഈര്‍പ്പമുള്ള മണ്ണില്‍ തടമെടുത്തും അല്ലാതെയും മേട്ടുപാളയത്തുനിന്നു വാങ്ങുന്ന വെളുത്തുള്ളി വിത്തുകള്‍ പാകുകയാണ് പതിവ്. മൂന്നു മാസം കൊണ്ടു പാകമാകുന്നതും മോശമല്ലാത്ത വരുമാനം ലഭിക്കുന്നതുമായ വെളുത്തുള്ളി കൃഷി ഇവിടെ അഞ്ഞൂറിലേറെ കര്‍ഷകരുടെ ജീവിതമാര്‍ഗമാണ്. വിളവ് ഉണങ്ങാനും ചിക്കാനും കെട്ടി സൂക്ഷിക്കാനും സൗകര്യമില്ലെന്നതാണ് ചെറുകിട കര്‍ഷകരെ ദുരിതത്തിലാക്കുന്നത്. വിളവെടുത്ത് തോട്ടത്തില്‍ തന്നെ കൂട്ടിയടുക്കി വെയ്ക്കുകയാണ് പതിവ്. ഉണ ങ്ങിയശേഷം തണ്ടു മുറിച്ചു കളഞ്ഞാണ് വില്‍ക്കാ നായി മാര്‍ക്കറ്റില്‍ എത്തിക്കുന്നത്.

ഭൂപ്രകൃതിയുടെയും കൃഷി രീതിയുടെയും പ്രത്യേകതകൊ ണ്ട് ഉത്പന്നങ്ങള്‍ക്കുണ്ടാകുന്ന ഗുണനിലവാരം പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഭൗമസൂചിക പദവി നല്‍കുന്നത്. പദവി ലഭിക്കുന്നതോടെ ഉത്പന്നത്തിന് ലോക വ്യാപാര സംഘടനയുടെ അംഗീകാരവും കിട്ടും. പാലക്കാടന്‍ മട്ട, ഗന്ധകശാല, നവര, പൊക്കാളി അരി ഇനങ്ങള്‍, മലബാര്‍ കുരുമുളക്, ചങ്ങോലിക്കോടന്‍ കായ, വാഴക്കുളം പൈനാപ്പിള്‍ തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് നിലവില്‍ ദേശസൂചികാ പദവിയുണ്ട്. സൂചിക ലഭിക്കുന്നതോടെ മറയൂര്‍, വട്ടവട വെളുത്തുള്ളി ബ്രാന്‍ഡ് ചെയ്ത് വില്‍ക്കാനാവും. മറ്റാര്‍ക്കും ഇതേ ഉത്പന്നം ഇതേ പേരില്‍ ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കാനും കഴിയില്ല.

റെജി ജോസഫ്‌

കടപ്പാട് :ദീപിക

3.12903225806
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top