অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ജൈവകൃഷിയും പാരിസ്ഥിതിക വിടവും

ആമുഖം

ഏറ്റവും ലളിതമായി പറയുകയാണെങ്കിൽ ഒരു ചാക്കിൽ കെട്ടി വയ്ക്കുവാൻ പറ്റുന്ന ഒരു കൂട്ടം ജൈവ രാസവസ്തുക്കളാണ് മനുഷ്യൻ. മനുഷ്യനെന്നല്ല ഭൂമിയിലെ മറ്റേത് ജീവജാലവും വിവിധ ജൈവ രാസസംയുക്തങ്ങളുടെ മിശ്രിതമാണ്. ഈ രാസവസ്തുക്കൾ നിർമ്മിക്കുന്നത് മനുഷ്യൻ ജീവിക്കുന്ന ചുറ്റുപാടുകളിൽ നിന്നും ലഭ്യമായ സസ്യജന്യവും മൃഗജന്യവുമായ ജൈവവും അജൈവവുമായ രാസവസ്തുക്കളിൽ നിന്നുമാണ്. അങ്ങനെ നോക്കുമ്പോൾ ജൈവവ്യവസ്ഥയിലെ വിവിധ കൊടുക്കൽ വാങ്ങൽ പ്രക്രിയകളെ ഒരു ചാക്കുകെട്ടിൽ നിന്ന് മറ്റ് ചാക്കുകെട്ടികളിലേക്കുള്ള രാസവസ്തുക്കളുടെ ധാരകളായി കാണുവാൻ സാധിക്കും. ദ്രവ്യം (രാസസംയുക്തങ്ങൾ) മാത്രമല്ല, ഊർജവും ഈ രീതിയിൽ ഒരു ചാക്കിൽ നിന്ന് മറ്റേതിലേക്ക് പോകുന്നുണ്ട്. ദ്രവ്യത്തെ അപേക്ഷിച്ച് ഊർജ ധാരകൾക്ക് ഏകദേശ ദിശാബോധമുണ്ട്. സൂര്യനിൽ നിന്ന് സസ്യങ്ങളിലേക്കും പിന്നെ ജന്തുജാലങ്ങളിലേക്കുമാണത് നീണ്ട് കിടക്കുന്നത്. മനുഷ്യസംസ്കാരം വികസിച്ച് ഇത് വരെയെത്തിയപ്പോൾ പ്രകൃതിയിൽ സ്വാഭാവികമായി ഒഴുകിക്കൊണ്ടിരുന്ന ഈ ധാരകൾ ഇടയ്ക്ക് വച്ച് മുറിയുകയും, മറ്റ് ചിലത് പൊടുന്നനെ തുടങ്ങുകയും ചെയ്തു. ദ്രവ്യത്തിന്റെയും ഊർജത്തിന്റെയും ധാരകൾ മുറിയാതെ ദ്രവ്യവും ഊർജവും എത്തേണ്ടയിടത്ത് എത്തിക്കുവാൻ സാധിക്കുന്ന രീതിയിൽ നമ്മുടെ ജീവിത വ്യവസ്ഥിതികൾ പുനഃരൂപകല്പന ചെയ്താൽ സുസ്ഥിരമായ കാർഷികോല്പാദനം സാധ്യമാകേണ്ടതാണ്. ജീവനുള്ളതെന്തും, ജീവനില്ലാത്തവയെപ്പോലെ തന്നെ, ദ്രവ്യത്താലും ഊർജത്താലും നിർമ്മിതമാണെന്ന അടിസ്ഥാനധാരണ മുൻനിർത്തിക്കൊണ്ട് വേണം കൃഷി എന്ന മനുഷ്യചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ കണ്ടുപിടുത്തത്തെ പഠിക്കുവാൻ ശ്രമിക്കേണ്ടത്

എന്താണ് സസ്യങ്ങൾക്ക് വേണ്ടത്?

അംഗാരകം (Carbon - C) ഒഴിച്ചു നിർത്തിയാൽ സസ്യങ്ങൾ മണ്ണിൽ നിന്നാണ് അതിനു വേണ്ടുന്ന പോഷകങ്ങൾ വലിച്ചെടുക്കുന്നത്. ഭാവഹം (Nitrogen - N), പാക്യജനകം (Phosphorous - P) ക്ഷാരം (പൊട്ടാസ്യം - K) എന്നീ മൂലകങ്ങളാണ് സസ്യങ്ങളുടെ വളർച്ചയ്ക്കും മറ്റ് ജൈവപ്രക്രിയകൾക്കും അത്യന്താപേക്ഷിതമായ അടിസ്ഥാന മൂലകങ്ങൾ. സസ്യങ്ങൾ അന്തരീക്ഷത്തിൽ നിന്ന് കാർബണ്‍ ഡൈഓക്സൈഡിന്റെ രൂപത്തിലാണ് കാർബണിനെ വലിച്ചെടുക്കുന്നത്. സസ്യത്തിന്റെ ഇലയും തണ്ടും വേരുകളും മിക്ക ഭാഗങ്ങളും നിർമ്മിതമായിരിക്കുന്ന സെല്ലുലോസ് ഈ വലിച്ചെടുക്കപ്പെടുന്ന കാർബണ്‍ ഉപയോഗിച്ചാണ് നിർമ്മിക്കപ്പെടുന്നത്. സസ്യത്തിന്റെ ഉലപ്പനങ്ങളായ തടി (സെല്ലുലോസ്) അത് പോലെ തന്നെ പഞ്ചസാര, കാർബോഹൈഡ്രേറ്റ്, റബ്ബർ, പരുത്തി (സെല്ലുലോസ്), എണ്ണ (ഫാറ്റി ആസിഡുകളുടെ മിശ്രിതം), പ്രോട്ടീനുകൾ എന്നിവ സസ്യങ്ങളിൽ നിർമ്മിതമാകുന്നത് ഈ വലിച്ചെടുക്കുന്ന കാർബണ്‍ ഉപയോഗപ്പെടുത്തിയിട്ടാണ്.

Osmosis എന്ന പ്രക്രിയയിലൂടെയാണ് ചെടികളിൽ, വേരുകളിലൂടെ മണ്ണിൽ നിന്നും വെള്ളം വലിച്ചെടുക്കുന്നത്. ആയതിനാൽ മേൽ പറഞ്ഞ മൂലകങ്ങളുടെ ജലത്തിൽ ലയിക്കുന്ന (Water Soluble) അവസ്ഥയിൽ ഉള്ള സംയുക്തങ്ങൾ (compounds) മാത്രമേ ചെടികൾക്ക് വലിച്ചെടുക്കുവാൻ സാധിക്കുകയുള്ളൂ. അതായത്, ജൈവവളമായാലും രാസവളമായാലും സസ്യത്തിന് അത് വലിച്ചെടുക്കണമെങ്കിൽ അത് ജലത്തിൽ ലയിക്കുന്ന അവസ്ഥയിൽ ലഭ്യമായിരിക്കണം. എത്രയും പെട്ടെന്ന് വളരെ എളുപ്പത്തിൽ സസ്യങ്ങൾക്ക് വലിച്ചെടുക്കുവാൻ പാകത്തിന് രാസവളങ്ങൾ പൊതുവിൽ ജലത്തിൽ ലയിക്കുന്ന അവസ്ഥയിലാണ് നിർമ്മിക്കുന്നത്. എന്നാൽ എല്ലാ ജൈവവളങ്ങളും അങ്ങനെയല്ല. ഗോമൂത്രത്തിൽ (മനുഷ്യന്റേതുൾപ്പടെയുള്ള ഏത് മൃഗത്തിന്റെയും മൂത്രത്തിൽ) എളുപ്പം വലിച്ചെടുക്കുവാൻ കഴിയുന്ന രീതിയിലാണ് നൈട്രജൻ നിലകൊള്ളുന്നത്. പൊതുവിൽ ജൈവവളങ്ങളിൽ (ഉദാഹരണത്തിന് ഫോസ്ഫറസിനായി നൽകുന്ന എല്ലുപൊടി, പൊട്ടാസ്യത്തിനും നൈട്രജനുമായി നൽകുന്ന മറ്റ് വളങ്ങൾ) ഈ മൂലകങ്ങൾ ജലത്തിൽ ലയിക്കുന്ന സംയുക്തമായിട്ടല്ല നിലകൊള്ളുന്നത്.

അപ്പോൾ പിന്നെ എങ്ങനെയാണ് ജൈവവളം പ്രയോഗിക്കുമ്പോൾ അവശ്യ മൂലകങ്ങളെ സസ്യങ്ങൾക്ക് ആഗിരണം ചെയ്യുവാൻ സാധിക്കുന്നത്? ഈ ജൈവവളങ്ങൾ ഭക്ഷണമാകുന്നത് മണ്ണിലുള്ള സൂക്ഷ്മാണുക്കൾക്കും മണ്ണിര പോലെയുള്ള ചെറിയ മൃഗങ്ങൾക്കുമാണ്. ദഹനശേഷം ഇവ പുറത്ത് വിടുന്ന അവശിഷ്ടങ്ങൾ ജലത്തിൽ ലയിക്കുന്നതാകുവാനുള്ള സാധ്യത കൂടുതൽ ആയിരിക്കും. അതായത് ഒരു ചെടിയുടെ മൂട്ടിലിടുന്ന ജൈവവളം സസ്യത്തിന് ആഗിരണം ചെയ്യുവാനുള്ള പാകത്തിലാകുവാൻ ഒരുപാട് നേരമെടുക്കും. മണ്ണിൽ ജീവിക്കുന്ന ജന്തുജാലങ്ങൾ എത്രയുണ്ട്, ഏതൊക്കെയുണ്ട് എന്നതൊക്കെ ഇതിനെ ബാധിക്കും. ഇക്കാരണം കൊണ്ടുതന്നെ മൂത്രം, ബയോഗ്യാസ് സ്ലറി, കമ്പോസ്റ്റ് മുതലായവ മറ്റ് ജൈവവളങ്ങളെ അപേക്ഷിച്ച് വളരെയെളുപ്പത്തിൽ സസ്യങ്ങൾക്ക് ആഗിരണം ചെയ്യുവാൻ സാധിക്കും.

എന്നാൽ ജൈവ വളങ്ങളുടെ പരിമിതി ഇതൊന്നുമല്ല. സസ്യത്തിനാവശ്യമായ എല്ലാ മൂലകങ്ങളും ഒരു ജൈവവളത്തിൽ നിന്നും ലഭ്യമാകുന്നില്ല എന്നതാണത്. വീട്ടുവളപ്പിലെ ചീരകൃഷിക്ക് ഇതൊരു പ്രശ്നം സൃഷ്ടിക്കുന്നില്ലായെങ്കിലും വൻകിട കൃഷിക്ക് വലിയ അളവിൽ വിവിധ പോഷകങ്ങൾ അടങ്ങിയിട്ടുള്ള ജൈവള മിശ്രിതം ആവശ്യമായി വരും. ജൈവവളം സപ്ലൈ ചെയ്യുവാൻ സംവിധാനങ്ങൾ പ്രത്യേകം സൃഷ്ടിക്കേണ്ടി വരും.

ഇങ്ങനെ ഉപഭോഗത്തിന്റെ ഏറ്റക്കുറച്ചിലുകൾ കൊണ്ട് ഒരു സ്ഥലത്ത് സഞ്ചയവും (accumulation) മറ്റൊരു സ്ഥലത്ത് അപചയവും (exhaustion) നടക്കുന്നു. മനുഷ്യോപഭോഗത്തിന്റെ പ്രത്യേകതകൾ കൊണ്ട് സൃഷ്ടമാകുന്ന ഈ വിടവിനെയാണ് കാൾ മാർക്സ് ecological rift (പാരിസ്ഥിതിക വിടവ് എന്ന് ഏകദേശ പരിഭാഷ) എന്ന് വിളിച്ചത്. അങ്ങനെ എക്കോളജിക്കൽ റിഫ്റ്റ് കാരണം ശോഷിക്കുന്ന മണ്ണിന്റെ പോഷക ഗുണം ആവർത്തിച്ചാവർത്തിച്ച് മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു. ഇതിന് മനുഷ്യർ കണ്ടെത്തിയിരിക്കുന്ന എളുപ്പ മാർഗം വള പ്രയോഗമാണ്.

രാസവളത്തിന് പകരം എല്ലാ പോഷകങ്ങളും എളുപ്പത്തിൽ ആഗിരണം ചെയ്യുവാൻ സാധിക്കുന്ന തരത്തിൽ ഉള്ള ജൈവവള മിശ്രിതങ്ങൾ കൃഷിക്കാർക്ക് ലഭ്യമാക്കുവാൻ സാധിക്കുമെങ്കിൽ അതാണ് നല്ലത്. എന്നാൽ ഇന്നത്തെ അവസ്ഥയിൽ അത് സാധ്യമല്ല എന്നതാണ് യാഥാർത്ഥ്യം. ബയോഗ്യാസ് പ്ലാന്റുകൾ തന്നെ നമ്മുടെയൊക്കെ വീടുകളിൽ വന്ന് തുടങ്ങുന്നേയുള്ളൂ. നല്ല അളവിൽ ബയോഗ്യാസ് സ്ലറി ഉല്പാദിപ്പിക്കുവാൻ സാധിച്ചു എന്ന് തന്നെയിരിക്കട്ടെ. വികേന്ദ്രീകൃത മാലിന്യ സംസ്കരണ പരിപാടികളുടെ ഭാഗമായി നാം ഇപ്പോൾ തന്നെ അത് നിർമ്മിക്കുന്നുണ്ട്. എന്നാൽ ഇവയെല്ലാം സംഭരിച്ച് കൃഷിക്കായി വിതരണം ചെയ്യുവാനുള്ള സംവിധാനങ്ങൾ ഇല്ലാത്ത അവസ്ഥയിൽ ഫലപ്രദമായി അവ വിനിയോഗിക്കുവാൻ കൂടി നമ്മുക്ക് സാധ്യമല്ല. ചുരുക്കിപ്പറഞ്ഞാൽ കൃഷിക്ക് ആവശ്യമായ പോഷകങ്ങൾ ജൈവപ്രക്രിയകളുടെ ഉല്പന്നങ്ങളിലൂടെ ലഭ്യമാക്കുവാൻ സാധിക്കുമോ, ആ രീതിയിൽ നമ്മുടെ കാർഷികവ്യവസ്ഥയെ പുനഃരൂപകല്പന ചെയ്യുവാൻ സാധിക്കുമോ എന്ന അടിസ്ഥാന ചോദ്യത്തിനാണ് ഉത്തരം നൽകുവാൻ നാം ആദ്യം ശ്രമിക്കേണ്ടത്.

പോഷകമായിട്ട് മാത്രമല്ല കീടനാശിനികളുടെ രൂപത്തിലും ദ്രവ്യത്തിന്റെ പ്രയോഗം ഇന്നത്തെ കൃഷിരീതികളിൽ ആവശ്യമാണ്. സസ്യങ്ങളെ ബാധിക്കുന്ന കീടങ്ങളെ നിയന്ത്രിക്കുവാൻ ഇന്നുള്ളതിൽ ഏറ്റവും ഫലപ്രദമായ പരിഹാരമാർഗം രാസകീടനാശിനികളാണ്. അവയുടെ വിവേകബുദ്ധിയോടെയുള്ള, ശാസ്ത്രീയമായ പ്രയോഗം മനുഷ്യർക്കോ പ്രകൃതിക്കോ ദോഷകരമായി വരികയില്ല. ഫലപ്രദമായ ജൈവപരിഹാര മാർഗങ്ങൾ സാധ്യമാകുമെങ്കിൽ അതിനേക്കാൾ മെച്ചപ്പെട്ട മറ്റൊരു മാർഗമില്ല എന്ന കാര്യത്തിൽ സംശയമേതുമില്ല.

കാര്യങ്ങൾ അങ്ങനെയായ സ്ഥിതിക്ക്, ഭക്ഷ്യ സ്വയംപര്യാപ്തതയാണ് നാം ലക്ഷ്യം വയ്ക്കുന്നതെങ്കിൽ ഇന്നത്തെ പരിതസ്ഥിതിയിൽ സമ്പൂർണ ജൈവകൃഷിയേക്കാൾ ശാസ്ത്രീയമായ കൃഷിരീതികൾ (ശ്രദ്ധിക്കുക, പരമ്പരാഗത കൃഷിരീതികളല്ല) ആണ് നാം അവലംബിക്കേണ്ടത്.

എന്നാലും ജൈവകൃഷിയെ അങ്ങനെയങ്ങ് തള്ളിക്കളയണമോ?

വായുവിൽ നിന്നും മണ്ണിൽ നിന്നുമാണ് സസ്യങ്ങൾ അതിനു വേണ്ടുന്ന പോഷകങ്ങൾ വലിച്ചെടുക്കുന്നത് എന്ന് നേരത്തെ പറഞ്ഞുവല്ലോ. അത് കൊണ്ടു തന്നെ ഒരു തവണത്തെ കൃഷി കഴിയുമ്പോൾ മണ്ണിലെ പോഷകാംശം കുറയുന്നു (എന്നാൽ വ്യാവസായിക വിപ്ലവത്തിന് ശേഷം അന്തരീക്ഷത്തിലെ CO2-ന്റെ അളവ് വർദ്ധിച്ചുകൊണ്ടിരുന്നു. മനുഷ്യന്റെ നിലനില്പിനെ തന്നെ ചോദ്യം ചെയ്തുകൊണ്ട് ഇന്നും അത് വർദ്ധിച്ചു കൊണ്ടിരിക്കുന്നു!). ഈ പോഷകാംശങ്ങൾ എല്ലാം തന്നെ ഉപയോഗപ്പെടുത്തുന്നത് വിളവിന്റെ ഉല്പാദനത്തിനാണ്. അതായത് മണ്ണിൽ നിന്നുമുള്ള പോഷകങ്ങൾ നെല്ലാണെങ്കിൽ അരിയുല്പാദനത്തിനും, റബർ മരം ആണെങ്കിൽ റബ്ബർ പാൽ ഉല്പാദനത്തിനും, പരുത്തി ആണെങ്കിൽ പഞ്ഞി/തുണി എന്നിവ ഉല്പാദിപ്പിക്കുന്നതിനും. സസ്യങ്ങൾ, അങ്ങനെ, ഈ പോഷകങ്ങളെ ഒരുല്പന്നമായി രൂപപരിവർത്തനം നടത്തുകയാണ്. ബാക്കി വരുന്ന പോഷകങ്ങൾ സസ്യത്തിന്റെ മറ്റ് ഭാഗങ്ങൾ നിർമ്മിക്കുവാനും ഉപയോഗിക്കപ്പെടുന്നു.

ഈ ഉല്പന്നങ്ങളുടെ ഉപഭോഗം മിക്കപ്പോഴും കൃഷിയിടത്തിന്റെ അടുത്തായിരിക്കില്ല നടക്കുന്നത്. പാലായിൽ ഉല്പാദിപ്പിക്കുന്ന റബ്ബർ ലാറ്റെക്സ് മദ്രാസിലുള്ള ടയർ കമ്പനിയിലായിരിക്കും ഉപയോഗിക്കപ്പെടുക. ഉല്പാദിപ്പിക്കുന്ന ടയർ അങ്ങ് ദൂരെ ഡൽഹിയിൽ ഉള്ള ഉപഭോക്താവായിരിക്കും വാങ്ങുക. കോട്ടയത്തെ റബ്ബർ മരങ്ങളുടെ ചുവട്ടിൽ കിടന്ന പോഷകങ്ങൾ അങ്ങനെ മദ്രാസ് വഴി ഡൽഹിയിൽ എത്തിച്ചേർന്നു. ഉപയോഗ ശൂന്യമാകുന്ന ടയറുകൾ കത്തിച്ചു കളഞ്ഞാലും മണ്ണിൽ തിരികെയെത്തുവാൻ പിന്നെയും വർഷങ്ങളെടുക്കും. കോട്ടയത്തേക്ക് തന്നെ അത് തിരികെ വരണമെന്നുമില്ല. ഇത് പോലെ തന്നെ, ആന്ധ്രയിലെ നെൽപാടത്തെ മണ്ണിലുള്ള പോഷകങ്ങളും, വിദർഭയിലെ പരുത്തിപാടത്തെ മണ്ണിലുള്ള പോഷകങ്ങളും ദേശങ്ങൾ കടന്ന് പോകുന്നു. മനുഷ്യ സമൂഹത്തിന്റെ വികാസത്തിന് അനുസരിച്ച് അത് ദൂരദേശങ്ങളിലേക്കെത്തുന്നു. ആഗോളവൽകൃതലോകത്ത് അവ രാജ്യാന്തര അതിർത്തികളാണ് കടക്കുന്നത്. ചില പോഷകങ്ങൾ (മൂലകങ്ങൾ) നമ്മുടെ നാട്ടിൽ നിന്നും പോകുമ്പോൾ മറ്റ് ചിലത് നമ്മുടെ നാട്ടിലേക്ക് വരുന്നു എന്ന് നമ്മുക്ക് കാണാം.

ഈ കൊടുക്കൽ വാങ്ങലുകളിൽ പൊതുവായ ഒരു സവിശേഷത നമ്മുക്ക് കാണുവാൻ സാധിക്കും. ഒന്ന്, ഉപഭോഗം ചെയ്യപ്പെടുന്ന ഇടങ്ങളിൽ ഉല്പന്നങ്ങളായി പരിവർത്തനം ചെയ്യപ്പെട്ട പോഷകങ്ങൾ ചെന്നെത്തുന്നു. മനുഷ്യോപഭോഗത്താൽ ഈ ഉല്പന്നങ്ങൾ ജൈവമാലിന്യങ്ങളായി രൂപാന്തരം പ്രാപിക്കുന്നു. ജനസംഖ്യയും വരുമാനവും നഗര കേന്ദ്രീകൃതമായത് കൊണ്ട് ഉപഭോഗം സ്വാഭാവികമായും അവിടെ കൂടുതൽ ആയിരിക്കും. ജൈവമാലിന്യത്തിന്റെ ഉല്പാദനം നഗരങ്ങളിൽ കൂടുന്നതിന്റെ കാരണവും ഇത് തന്നെയാണ്. രണ്ട്, ഇതിന് നേർവിരുദ്ധമായ ഒരു പ്രക്രിയ കാർഷിക പ്രവർത്തനങ്ങൾ കൂടുതലായി നടക്കുന്ന, ഉപഭോഗം കുറവുള്ള, ഗ്രാമപ്രദേശങ്ങളിൽ നടക്കുന്നുണ്ട്. അവിടെ മണ്ണിൽ നിന്നും പോഷകങ്ങൾ തുടർച്ചയായി ഉല്പന്നങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. അങ്ങനെ സമയം കഴിയുന്നതിന് അനുസരിച്ച് മണ്ണിന്റെ പോഷക ഗുണം കുറഞ്ഞു വരുന്നു. നഗരത്തിൽ ഉപഭോഗത്താൽ സൃഷ്ടിക്കപ്പെടുന്ന മാലിന്യങ്ങൾ ചില ഗ്രാമപ്രദേശങ്ങളിൽ നിക്ഷേപിക്കപ്പെടുന്നു എന്ന വസ്തുത വിസ്മരിക്കുന്നില്ല. എന്നാൽ അവിടെയും ഈ ജൈവ മാലിന്യങ്ങൾ (ആ രൂപത്തിലുള്ള പോഷകങ്ങൾ) തിരികെ കൃഷിഭൂമിയിലെ മണ്ണിലേക്കെത്തുവാൻ പിന്നെയും സമയമെടുക്കുന്നു.

ഇങ്ങനെ ഉപഭോഗത്തിന്റെ ഏറ്റക്കുറച്ചിലുകൾ കൊണ്ട് ഒരു സ്ഥലത്ത് സഞ്ചയവും (accumulation) മറ്റൊരു സ്ഥലത്ത് അപചയവും (exhaustion) നടക്കുന്നു. മനുഷ്യോപഭോഗത്തിന്റെ പ്രത്യേകതകൾ കൊണ്ട് സൃഷ്ടമാകുന്ന ഈ വിടവിനെയാണ് കാൾ മാർക്സ് ecological rift (പാരിസ്ഥിതിക വിടവ് എന്ന് ഏകദേശ പരിഭാഷ) എന്ന് വിളിച്ചത്. അങ്ങനെ എക്കോളജിക്കൽ റിഫ്റ്റ് കാരണം ശോഷിക്കുന്ന മണ്ണിന്റെ പോഷക ഗുണം ആവർത്തിച്ചാവർത്തിച്ച് മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു. ഇതിന് മനുഷ്യർ കണ്ടെത്തിയിരിക്കുന്ന എളുപ്പ മാർഗം വള പ്രയോഗമാണ്.

പ്രാദേശികമായ ഉപഭോഗത്തിന്റെ ഭാഗമായുണ്ടാകുന്ന ജൈവമാലിന്യങ്ങൾ സസ്യങ്ങൾക്ക് എളുപ്പത്തിൽ വലിച്ചെടുക്കുവാൻ പാകത്തിന് സംസ്കരിച്ചു കൊണ്ട് അവ നേരിട്ട് കൃഷിയിടത്തിലെത്തിക്കുവാൻ കഴിയും. മറ്റൊരു തരത്തിൽ പറഞ്ഞാൽ പ്രകൃതിയിൽ തികച്ചും സ്വാഭാവികമായി വിവിധ 'ചാക്കുകെട്ടുകൾ' നടത്തുന്ന രാസവസ്തുക്കളുടെ കൊടുക്കൽ വാങ്ങലുകളെ ധാരമുറിയാതെ സംരക്ഷിക്കുവാൻ എന്നത് ഇത് വഴി സാധിക്കും. അതായത് എക്കോളജിക്കൽ റിഫ്റ്റ് നികത്തുവാൻ രാസവളങ്ങളെ അപേക്ഷിച്ച് ജൈവവളങ്ങൾക്ക് സാധിക്കും. ഇത് തന്നെയാണ് ജൈവകൃഷിയുടെ പ്രസക്തിയും.

രാസവളങ്ങൾ മണ്ണിന്റെ പോഷകക്കുറവിനെ പരിഹരിക്കുമെങ്കിലും, അത് സുസ്ഥിരമായ ഒരു പരിഹാര മാർഗമല്ല. രാസവളങ്ങൾ നിർമ്മിക്കുവാൻ ഊർജം ആവശ്യമാണ് എന്നതിനാൽ കാർഷിക പ്രവൃത്തിയിൽ നിന്നുള്ള മൊത്തത്തിലുള്ള ഹരിതഗൃഹ വാതക ബഹിർഗമനം വർദ്ധിക്കുവാൻ ഇടവരുത്തുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ സുസ്ഥിര പരിഹാരം എന്നത് ഉപഭോഗത്തിന്റെ ഏറ്റക്കുറച്ചിലുകൾ കൊണ്ടുണ്ടായ പാരിസ്ഥിതിക വിടവ് നികത്തുക എന്നതാകുന്നു. കൃഷിയിടത്തിൽ നിന്നും പോകുന്നവയെ തിരികെ എത്തിക്കുക എന്നത് ആഗോളവൽകൃത സമൂഹത്തിൽ സാധ്യമല്ല. എന്നാൽ പ്രാദേശികമായ ഉപഭോഗത്തിന്റെ ഭാഗമായുണ്ടാകുന്ന ജൈവമാലിന്യങ്ങൾ സസ്യങ്ങൾക്ക് എളുപ്പത്തിൽ വലിച്ചെടുക്കുവാൻ പാകത്തിന് സംസ്കരിച്ചു കൊണ്ട് അവ നേരിട്ട് കൃഷിയിടത്തിലെത്തിക്കുവാൻ കഴിയും. മറ്റൊരു തരത്തിൽ പറഞ്ഞാൽ പ്രകൃതിയിൽ തികച്ചും സ്വാഭാവികമായി വിവിധ 'ചാക്കുകെട്ടുകൾ' നടത്തുന്ന രാസവസ്തുക്കളുടെ കൊടുക്കൽ വാങ്ങലുകളെ ധാരമുറിയാതെ സംരക്ഷിക്കുവാൻ എന്നത് ഇത് വഴി സാധിക്കും. അതായത് എക്കോളജിക്കൽ റിഫ്റ്റ് നികത്തുവാൻ രാസവളങ്ങളെ അപേക്ഷിച്ച് ജൈവവളങ്ങൾക്ക് സാധിക്കും. ഇത് തന്നെയാണ് ജൈവകൃഷിയുടെ പ്രസക്തിയും.

പ്രകൃതിയിൽ സ്വാഭാവികമായി നടക്കുന്ന ചില പ്രവർത്തനങ്ങളെ മനുഷ്യന്റെ സൗകര്യത്തിനനുസരിച്ച് ചിലയിടത്തേക്ക് മാത്രം ഒതുക്കി നിർത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ഇന്ത്യയിൽ ഖര മാലിന്യ സംസ്കരണം പ്രധാനമായും നടക്കുന്നത് കേന്ദ്രീകൃതമായ ലാൻഡ് ഫില്ലുകൾ (landfills) വഴിയാണ്. ഇത് സസ്യപോഷകങ്ങളുടെ പ്രാദേശികമായ കേന്ദ്രീകരണത്തിന് ഇടയാക്കുന്നു. സ്വാഭാവികമായി നടക്കേണ്ടുന്ന ചാക്രികമായ പ്രതിഭാസങ്ങളെ ഇടയിൽ വച്ച് മുറിക്കുന്നു. പ്രത്യക്ഷത്തിൽ ലാൻഡ് ഫില്ലുകൾ സൃഷ്ടിക്കുന്ന മലിനീകരണ പ്രശ്നങ്ങൾ വേറെയും. ഇതിനൊക്കെ ബദലായി മലിനീകരണം നടക്കാത്ത വിധത്തിൽ വികേന്ദ്രീകൃതമായി മാലിന്യസംസ്കരണം നടത്തുകയും, അവയിൽ നിന്ന് ഉല്പാദിപ്പിക്കപ്പെടുന്ന സസ്യ പോഷകങ്ങൾ കൃഷിക്ക് ഉപയോഗപ്രദമാകുന്ന രീതിയിൽ സംഭരണ-വിതരണ സംവിധാനങ്ങൾ രൂപപ്പെടുത്തുകയും ചെയ്താൽ ഈ ചക്രങ്ങളെ പൂർണമാക്കുവാൻ സാധിക്കും.

എന്നാൽ വൻകിട കൃഷിക്ക് ഉപയുക്തമാകുന്ന രീതിയിൽ ഇത് വരെയും ജൈവ വളങ്ങൾ ഉല്പാദിപ്പിക്കുവാനും, ശേഖരണം-വിതരണം നടത്തുവാനുമുള്ള സംവിധാനങ്ങൾ നമ്മുക്ക് വികസിപ്പിച്ചെടുക്കുവാനായിട്ടില്ല. അതായത് യാഥാർത്ഥ്യ ബോധ്യത്തോടെ ചിന്തിക്കുമ്പോൾ ഇന്നും സമ്പൂർണമായ ഒരു ജൈവവളകൃഷിക്ക് പോലും നമ്മുടെ സാമൂഹിക സംവിധാനങ്ങൾ തയ്യാറായിട്ടില്ല. അത് കൊണ്ടുതന്നെ ഭക്ഷ്യസ്വയംപര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കുവാൻ ഇന്നത്തെ നിലയ്ക്ക് ജൈവകൃഷി ഒട്ടും തന്നെ പര്യാപ്തമല്ല.

കടപ്പാട്-http://beta.bodhicommons.org

അവസാനം പരിഷ്കരിച്ചത് : 3/18/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate