অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ചെലവില്ലാ പ്രകൃതി കൃഷി

ചെലവില്ലാ പ്രകൃതി കൃഷി

ചെലവില്ലാ പ്രകൃതി കൃഷി ആമുഖം

വനത്തിലെ സസ്യങ്ങള്‍ക്ക് ആരും വെള്ളവും വളവും നല്‍കുന്നില്ല.എന്നാല്‍ അവ എത്ര തഴച്ചു വളരുന്നുവെന്ന് ശ്രദ്ധിച്ചിട്ടില്ലേ ? ഒരു സസ്യത്തിന് വളരുവാന്‍ വേണ്ട മൂലകങ്ങളുടെ 1.5% മാത്രമേ മണ്ണില്‍ നിന്നും എടുക്കുന്നുള്ളു. ബാക്കി 98.5% മൂലകങ്ങളും വായു,വെള്ളം എന്നിവയില്‍ നിന്നും ലഭിക്കുന്നു. വനത്തില്‍ പ്രകൃതി നിയതമായ ഒരു കൃഷി രീതി നിലനില്‍ക്കുന്നു. മരങ്ങളുടെ കായ്കനികള്‍ ഭക്ഷിക്കുന്ന പക്ഷിമൃഗാദികളുടെ വിസര്‍ജ്ജ്യങ്ങളും മൃതവസ്തുക്കളും മണ്ണിലെത്തുന്നു .സസ്യങ്ങളുടെ ഉണങ്ങിയ ഇലകളും വള്ളികളും പുല്‍ വര്‍ഗ്ഗ ചെടികളും ചേര്‍ന്ന് മണ്ണിനു പുതയാകുന്നു. ഈ പുതയുടെ അടിയില്‍ മണ്ണിരകളുടെയും മറ്റു സൂക്ഷ്മാണുക്കളുടെയും പ്രവര്‍ത്തനത്താല്‍ വിസര്‍ജ്ജ്യവസ്തുക്കളുംമൃതാവശിഷ്ടങ്ങളും വിഘടിക്കപ്പെട്ട് മണ്ണില്‍ ചേര്‍ന്ന് അത് ഫലഭൂയിഷ്ഠമായി തീരുന്നു. ഇത്തരത്തിലുള്ള പ്രക്രിയ നമുക്കു നമ്മുടെ കൃഷിയിടത്തിലുണ്ടാക്കാം പ്രകൃതികൃഷിയിലൂടെ.

ഒരു നാടന്‍ പശുവിനെ ഉപയോഗിച്ച് പ്രകൃതികൃഷിയിലൂടെ 26ഏക്കറോളം കൃഷി ചെയ്യാന്‍ സാധിക്കും . നാടന്‍ പശുവിന്‍റെചാണകവും മൂത്രവും കൊണ്ട് ഉണ്ടാക്കുന്ന ജീവാമൃതംസൂക്ഷ്മാണുക്കളുടെ ഒരു ഉറയായി പ്രവര്‍ത്തിച്ച് മണ്ണിന്‍റെ സ്ഥിരത നിലനിര്‍ത്തുന്നു.

തനിവിളകളും ഇടവിളകളും (ഉദാ. തെങ്ങ് തനിവിളയായും വാഴ,കുരുമുളക്, ചേന ,ചേമ്പ്,മരച്ചീനി ,മുരുങ്ങ മുതലായവ ഇടവിളയായും ) ചേര്‍ന്നുള്ള സമ്മിശ്ര കൃഷിയാണ് പ്രകൃതികൃഷിയില്‍ ഏറ്റവും അഭിലഷണീയം .ഇത്തരത്തില്‍ കൃഷി ചെയ്യുമ്പോള്‍ ഇടവിളകളുടെ വിളവ് മാത്രമേ ചെലവായിട്ട് ആകുന്നുള്ളു. തനിവിളകളുടെ വിളവെല്ലാം ലാഭമായിത്തീരുന്നു.അതിനാലാണ് ഈ കൃഷിയെ ചെലവില്ലാകൃഷിയെന്നു പറയുന്നത്.

മഹാരാഷ്ട്രക്കാരനായ സുഭാഷ് പലേക്കറാണ് ഈ കൃഷി രീതി ആവിഷ്കരിച്ചത്.കര്‍ഷക കുടുംബത്തില്‍ ജനിച്ച അദ്ദേഹം കൃഷിശാസ്ത്രത്തില്‍ ബിരുദമെടുത്ത് കാര്‍ഷികവൃത്തിയിലേക്ക് തിരിഞ്ഞു. വര്‍ഷങ്ങളോളം രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചുകൃഷി ചെയ്തു. ആദ്യമൊക്കെ നല്ല രീതിയില്‍ വിളവ് ലഭിച്ചെങ്കിലും പിന്നീട് പിന്നീട് വിളവ് കുറഞ്ഞു വരുന്നതായും കൃഷി വന്‍സാമ്പത്തിക ബാധ്യതയുണ്ടാകുന്നതായും അദ്ദേഹത്തിന് മനസ്സിലായി. തുടര്‍ന്നു നിരീക്ഷിച്ചപ്പോള്‍ കുറെ മണ്ണിരകള്‍, കിളികള്‍ എന്നീ ജീവിവര്‍ഗ്ഗങ്ങളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായതായും മണ്ണ് സൂക്ഷ്മാണുക്കളുടെ സാന്നിധ്യമില്ലാത്ത ഒരു മൃതവസ്തുവായി മാറിയതായും അദ്ദേഹത്തിനു മനസ്സിലായി.

തുടര്‍ന്ന് കാട്ടിലെ കൃഷി മനസ്സിലാക്കാനായി അദ്ദേഹം ഏറെ നാള്‍ ആദിവാസികളോടൊത്ത് കഴിഞ്ഞു. ഇത്തരുണത്തില്‍ പ്രകൃതിയില്‍ നടക്കുന്ന പ്രക്രിയകളെ സസൂക്ഷ്മം നിരീക്ഷിച്ചും ശാസ്ത്രീയമായും അപഗ്രഥനം ചെയ്തുമാണ് ചെലവില്ലാപ്രകൃതി കൃഷിആവിഷ്കരിച്ചത്.

ചില കണ്ടെത്തലുകള്‍

കാട്ടിലെ വൃക്ഷങ്ങള്‍ എത്ര നല്ല കായ്ഫലം തരുന്നുവെന്നതിന്‍റെ അടിസ്ഥാന കാരണമന്വേഷിച്ച് പലേക്കര്‍ എത്തിയത് ഒരു പ്രകൃതിദത്തമായ കൃഷി വ്യവസ്ഥയിലാണ്. ഫലവൃക്ഷങ്ങളുടെ ചുവട്ടില്‍ ജന്തുക്കളുടെയും പക്ഷികളുടെയും കീടങ്ങളുടെയുംവിസര്‍ജ്ജ്യവസ്തുക്കളും അവശിഷ്ടങ്ങളും കിടക്കുന്നതു കണ്ടു.മേല്‍പ്പറഞ്ഞ ജീവജാലങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്നും ജീവാണുക്കളും ഇലകളും മറ്റും ജീര്‍ണ്ണിച്ചുണ്ടാകുന്ന ക്ലേദവും മരങ്ങള്‍ക്ക് വളമായി മാറുന്നു.

ശ്രീ സുഭാഷ് പലേക്കര്‍ ഗവേഷണത്തിനായി വനത്തില്‍ നടക്കുമ്പോള്‍ ഉറുമ്പുകളെ പോലുള്ള കൊച്ചു ജീവികള്‍ ചുറുചുറുക്കോടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് കണ്ടു. മരത്തിന്‍റെ നിഴലിനു പുറത്ത് ഇവയുടെ പ്രവര്‍ത്തനം കണ്ടതുമില്ല. ചില പരീക്ഷണങ്ങളിലൂടെ അദ്ദേഹത്തിന് കണ്ടെത്താന്‍ സാധിച്ചത് ഈ മരത്തിന്‍റെ വേരുരളുടെ അഗ്രങ്ങളില്‍ നിന്നും സൂക്ഷ്മാണുക്കളെ ആകര്‍ഷിക്കുന്ന തരത്തില്‍ ഒരു സ്രവം ഉല്‍പാദിപ്പിക്കുന്നതായും ഇങ്ങനെ വരുന്ന സൂക്ഷ്മാണുക്കള്‍ വേരിന്‍റെ അഗ്രങ്ങളില്‍ ജീവിച്ച് ചുറ്റുപാടുമുള്ള മണ്ണിലെ സൂക്ഷ്മ മൂലകങ്ങളെ ചെടികള്‍ക്ക് ഭക്ഷണമാക്കാന്‍ സാധിക്കുന്ന രൂപത്തിലേക്ക് മാറ്റുന്നതുമാണ്. ഈ മഹാസത്യം മനസ്സിലായതോടെ നാടന്‍ പശുവിന്‍റെ ചാണകം, മൂത്രം,മധുരമുള്ള നാടന്‍ ശര്‍ക്കര/ തേന്‍/കരിമ്പിന്‍നീര് / പനം ശര്‍ക്കര എന്നിവ ഉപയോഗിച്ച് പരീക്ഷണം നടത്തിയപ്പോള്‍ ഉണ്ടായ ഫലം അദ്ഭുതാവഹമായിരുന്നു.

ഫലവൃക്ഷങ്ങളുടെ ചുവട്ടില്‍ ഒന്നോടൊത്തു സഹകരിച്ചു ജീവിക്കുന്ന268 വക ചെറുസസ്യങ്ങളെ അദ്ദേഹം തിരിച്ചറിഞ്ഞു അവയില്‍ 75%സസ്യങ്ങളും ഇരട്ടപ്പരിപ്പ് വര്‍ഗ്ഗത്തില്‍പ്പെട്ടവയും 25% പുല്‍വര്‍ഗ്ഗ ഒറ്റപ്പരിപ്പ് വര്‍ഗ്ഗത്തില്‍പ്പെട്ടവയും ആയിരുന്നു. സൂര്യപ്രകാശം ഉപയോഗിച്ച് ഭക്ഷണമുണ്ടാക്കി ഇലകളില്‍ സൂക്ഷിക്കുകയും ഇലകള്‍ പൊഴിഞ്ഞ് മണ്ണില്‍ വീണ് സൂക്ഷ്മാണുജീവികള്‍ക്ക് ഭക്ഷണമായിത്തീരുകയുമാണ് ചെയ്യുന്നത്. പൊഴിഞ്ഞ് വീഴുന്ന ഇലകള്‍ ഉണങ്ങിപൊടിഞ്ഞ് ക്ലേദമാവുന്നതിനാല്‍ സൂക്ഷ്മാണുക്കള്‍ പെരുകുവാന്‍ സഹായകമായിത്തീരുന്നതും മനസ്സിലാക്കി.

ഇത്തരത്തിലുള്ള നിരീക്ഷണമാണ് പ്രകൃതികൃഷിയുടെ നാലുചക്രങ്ങളിലേക്ക് അദ്ദേഹം കൊണ്ടു വന്നിട്ടുള്ളത്.

എന്തു കൊണ്ട്?

രാസകൃഷിയോ ജൈവകൃഷിയോ അല്ല നമുക്കുവേണ്ടത് പ്രകൃതികൃഷിതന്നെയാണെന്ന് ഈ പട്ടിക തെളിയ്ക്കുന്നു.

രാസകൃഷി

ജൈവകൃഷി

പ്രകൃതികൃഷി(പലേക്കര്‍ കൃഷി)

ഭക്ഷ്യ ഉത്പന്നങ്ങളില്‍ വിഷാംശം

ഉണ്ട്

ഉണ്ട്, ആന്തരിക അവയവങ്ങളെ തകര്‍ക്കുന്ന ഘനലോഹങ്ങളും വര്‍ദ്ധിച്ച തോതില്‍ ഉണ്ടാകും.

ഇല്ല

ജനങ്ങളുടെ ആരോഗ്യം

ക്രമേണ നശിക്കുന്നു

ഘനലോഹങ്ങളുടെ സാന്നിദ്ധ്യം മൂലം അതിവേഗം നശിക്കും.

ക്രമേണ മെച്ചപ്പെടുകയും പൂര്‍ണ്ണതയിലേക്ക് നയിക്കുകയും ചെയ്യുന്നു.

അന്തരീക്ഷം,ജലം,മണ്ണ് മലിനീകരണം

ഉണ്ട്

ഉണ്ട്

ഇല്ല

ആഗോളതാപനം

വര്‍ദ്ധിപ്പിക്കുന്നു

വര്‍ദ്ധിപ്പിക്കുന്നു

ചെറുക്കുന്നു,കുറയ്ക്കുന്നു.

മഴവെള്ളസംരക്ഷണം

നാള്‍ക്കുനാള്‍ ഇല്ലാതാകുന്നു

നാള്‍ക്കുനാള്‍ ഇല്ലാതാകുന്നു

നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നു.

മണ്ണൊലിപ്പ്

വര്‍ദ്ധിക്കുന്നു

വര്‍ദ്ധിക്കാം

നാള്‍ക്കുനാള്‍ ഇല്ലാതാകാം.

രാജ്യത്തെ ജൈവവൈവിദ്ധ്യം

നശിപ്പിക്കുന്നു

നശിപ്പിക്കുന്നു

സംരക്ഷിക്കുകയും സ്വാഭാവിക പുനര്‍നിര്‍മ്മാണവും ഉണ്ടാകും.

മഴക്കാലത്ത് പെട്ടെന്നുള്ള വെള്ളപ്പൊക്കം

വര്‍ദ്ധിക്കുന്നു

വര്‍ദ്ധിക്കുന്നു

ക്രമേണ കുറയുകയും,സ്വയം നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു..

ജീവജാലങ്ങളുടെ നിലനില്‍പ്പ്

ക്രമേണ ഇല്ലാതാകുന്നു

ക്രമേണ ഇല്ലാതാകുന്നു

നിലനിര്‍ത്തുകയും പുനരുദ്ധരിക്കുകയും ചെയ്യുന്നു.

ചെടികളുടെ ആരോഗ്യം

നാള്‍ക്കുനാള്‍ കുറയുന്നു

നാള്‍ക്കുനാള്‍ കുറയുന്നു

നാള്‍ക്കുനാള്‍ മെച്ചപ്പെടുന്നു.

വിളകളുടെ ഗുണമേന്മ

നാള്‍ക്കുനാള്‍ കുറയുന്നു

നാള്‍ക്കുനാള്‍ കുറയുന്നു

ഉയര്‍ന്ന ഗുണമേന്മയുള്ളതാണ്.

കൃഷിയിലെ വിളവ്

നാള്‍ക്കുനാള്‍ കുറയുന്നു

നാള്‍ക്കുനാള്‍ കുറയുന്നു

വര്‍ദ്ധിക്കുകമാത്രമാണ് ചെയ്യുന്നത്.

കൃഷി ചെലവ്

നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നു

നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നു

വളരെ കുറവാണ്,ക്രമേണ ഒട്ടുമില്ലാതാകുന്നു.

ചെടികളില്‍ രോഗബാധ

നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നു

നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നു

ഇല്ലാതാകുന്നു.

ചെടികളുടെ വളര്‍ച്ച

ക്രമേണ മോശമാകുന്നു

ക്രമേണ മോശമാകുന്നു

പുഷ്ടിപ്പെടുന്നു.

ജലസേചനം

നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നു

നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നു

നാള്‍ക്കുനാള്‍ കുറയുന്നു.

ചെടികളുടെ അതിജീവനശേഷി

ക്രമേണ കുറയുന്നു

വേഗത്തില്‍ കുറയുന്നു

വര്‍ദ്ധിക്കുന്നു.

കാര്‍ബണ്‍ വികിരണം

ക്രമേണ വര്‍ദ്ധിക്കുന്നു

ക്രമേണ വര്‍ദ്ധിക്കുന്നു

കുറയുന്നു.

മണ്ണിലെ നൈട്രജന്‍

ക്രമേണ ഇല്ലാതാകുന്നു

ക്രമേണ ഇല്ലാതാകുന്നു

ക്രമേണ വര്‍ദ്ധിക്കുന്നു.

മണ്ണിലെ ക്ലേദം(ഹ്യുമസ്)

ക്രമേണ ഇല്ലാതാകുന്നു

ക്രമേണ ഇല്ലാതാകുന്നു

വന്‍തോതില്‍ നിര്‍മ്മിക്കപ്പെടുന്നു.

മണ്ണിലെ ജല ആഗിരണശേഷി

നാള്‍ക്കുനാള്‍ ഇല്ലാതാകുന്നു

നാള്‍ക്കുനാള്‍ ഇല്ലാതാകുന്നു

നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നു.

മണ്ണിന്‍റെ ഫലഭൂയിഷ്ടി

നാള്‍ക്കുനാള്‍ ഇല്ലാതാകുന്നു

നാള്‍ക്കുനാള്‍ ഇല്ലാതാകുന്നു

നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നു.

മണ്ണിലെ അമ്ലതയുടെ തോത്

വര്‍ദ്ധിക്കുന്നു

വര്‍ദ്ധിക്കുന്നു

ക്രമേണ കുറയുകയും ഇല്ലാതാകുകയും ചെയ്യും.

മണ്ണിന്‍റെ കാ‍ഠിന്യം(സിമന്‍റ് സ്വഭാവം)

വര്‍ദ്ധിക്കുന്നു

വര്‍ദ്ധിക്കുന്നു

ക്രമേണ കുറയുകയും ഇല്ലാതാകുകയും ചെയ്യും.

കര്‍ഷകന്‍റെ സാമ്പത്തികസ്ഥിതി

ക്രമേണ മോശമാകും

അതിവേഗം മോശമാകും

ക്രമേണ മെച്ചപ്പെടുകയും സ്വയം പര്യാപ്തമാകുകയും ചെയ്യും.

രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ

ക്രമേണ മോശമാകുന്നു വിദേശാധിപത്യം വര്‍ദ്ധിക്കുന്നു

അതിവേഗം മോശമാകുന്നു വിദേശാധിപത്യം വര്‍ദ്ധിക്കുന്നു

ക്രമേണ മെച്ചപ്പെടുകയും സ്വയം പര്യാപ്തമാകുകയും ചെയ്യും.

 

നാലു ചക്രങ്ങള്‍

നാടന്‍ പശുവിന്റെ ചാണകവും മൂത്രവും ആധാരമാക്കിയുള്ള ഈ കൃഷിയില്‍ നാല് കാര്യങ്ങള്‍ സുപ്രധാനങ്ങളാണ്

ബീജാമൃതം

I) ബീജാമൃതം (വിത്തുപരിചരണത്തിന്)

1. ചാണകം – 5 കി.ഗ്രാം (ഏറ്റവും പുതിയതാകണം)

2. ഗോമൂത്രം – 5 ലി

3. ചുണ്ണാമ്പ് – 50 ഗ്രാം

4. വേലിക്കരികിലെ മണ്ണ് – ഒരു പിടി (രാസവസ്തുക്കള്‍ കലരാത്തതും സൂര്യപ്രകാശം ഏല്‍ക്കാത്തിടത്തുനിന്നും ശേഖരിക്കണം.)

5. ശുദ്ധജലം – 20 ലി

വെള്ളത്തില്‍ മോല്‍പ്പറഞ്ഞവ ഓരോന്നായി ചേര്‍ക്കണം. ഒരു കപ്പില്‍ അല്‍പ്പം വെള്ളമെടുത്ത് അതില്‍ ചുണ്ണാമ്പ് ലയിപ്പിച്ചശേഷം ഒഴിക്കുക. ഒരു കമ്പുകൊണ്ട് വലത്തേക്കുമാത്രം ഒരു മിനിറ്റ് ഇളക്കുക. ചണച്ചാക്കുകൊണ്ട് മൂടിയിടുക. ലോഹങ്ങള്‍കൊണ്ടുള്ള പാത്രം ഉപയോഗിക്കരുത്.

പന്ത്രണ്ടു മണിക്കൂറിനുശേഷം ഒരു കമ്പുകൊണ്ട് വലത്തോട്ട് രണ്ടു മിനിട്ടെങ്കിലും ഇളക്ക് യോജിപ്പിച്ചശേഷം നാല്‍പ്പത്തിയെട്ടു മണിക്കൂറിനകം ഉപയോഗിക്കുക.

വിത്തുകള്‍ ബീജാമൃതത്തില്‍ മുക്കിയെടുത്ത് തണലത്ത് ഉണക്കിയശേഷം നട്ടാല്‍ മതിയാകും. ആരോഗ്യവും ശക്തിയുമുള്ള മുളകള്‍ വരുന്നതിന് സഹായിക്കും.

ജീവാമൃതം/ഘനജീവാമൃതം

ജീവാമൃതം

1. ചാണകം – 10 കി.ഗ്രാം (ഏറ്റവും പുതിയതാകണം)

2. ഗോമൂത്രം – 5 മുതല്‍ 10 ലി. വരെ

3. കറുത്ത ശര്‍ക്കര – 1 കി.ഗ്രാം(അല്ലെങ്കെല്ലില്‍ പഴങ്ങള്‍ / തേങ്ങാ വെള്ളം)

4. പയര്‍ – 1 കി.ഗ്രാം(പൊടിച്ചതോ / അരച്ചതോ)

5. നല്ല മണ്ണ് – ഒരു പിടി

6. ശുദ്ധജലം – 200 ലി

പ്ലാസ്റ്റിക് ബാരലില്‍ കാല്‍ഭാഗം വെള്ളം ഒഴിച്ച് മണ്ണ്, ചാണകം ഇവ നന്നായി ഇളക്കിച്ചേര്‍ക്കുക. പിന്നീട് പയര്‍ പൊടിയും ശര്‍ക്കരയും ചേര്‍ത്ത് ഇളക്കിയതിനുശേഷം ഗോമൂത്രവും ചേര്‍ക്കുക. ബാക്കി വെള്ളം കൂടി ചേര്‍ക്കുക, രാവിലെയും വൈകിട്ടും ഒരു മിനിറ്റ് വലത്തേക്ക് ഇളക്കുക. ഒരു ചണച്ചാക്കുകൊണ്ടു മൂടുക. അനുകൂല കാലാവസ്ഥയില്‍ നാല്പ്പത്തിയെട്ടു മണിക്കൂര്‍ കൊണ്ട് ജീവാമൃതം തയ്യാറാകും. ജീവാമൃതം തയ്യാറാകുന്ന ദിവസം മുതല്‍ ഏഴു ദിവസത്തിനകം ഉപയോഗിക്കണം. ലോഹങ്ങള്‍കൊണ്ടുള്ള പാത്രം ഉപയോഗിക്കരുത്.

മഴക്കാലത്ത് ജീവാമൃതം നേരിട്ടൊഴിക്കാം. ലേനല്‍ക്കാലത്ത് ഒരു ലിറ്ററിന് 5മുതല്‍ 10 ലിറ്റര്‍ വരെ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഒഴിക്കാം. ചെടികളുടെ ഇലച്ചാര്‍ത്തിനു വെളിയിലാണ് ഒഴിക്കേണ്ടത്.

കൈകൊണ്ട് കോരി ഒഴിക്കുകയോ ഡ്രിപ്പ് ഇറിഗേഷന്‍ രീതിയിലോ സ്പ്രേ ചെയ്തോ കൃഷിയിടത്തില്‍ ഒഴിച്ചുകൊടുക്കാവുന്നതാണ്.ഏതുവിളയാണെങ്കിലും 10മുതല്‍ 15 ദിവസം വരെയുള്ള ഇവേളയില്‍ ജീവാമൃതം ഒഴിച്ചുകൊടുക്കാവുന്നതാണ്.

ഘനജീവാമൃതം

1. ചാണകം – 100 കി.ഗ്രാം (ഏറ്റവും പുതിയതാകണം)

2. കറുത്ത ശര്‍ക്കര – 1 കി.ഗ്രാം

3. പയര്‍ – 1 കി.ഗ്രാം(പൊടിച്ചതോ / അരച്ചതോ)

4. നല്ല മണ്ണ് – ഒരു പിടി

ഒരു പ്ലാസ്റ്റിക് ഷീറ്റില്‍ ചാണകം വിരിച്ചിട്ടശേഷം മണ്ണ് വിതറുക. ശര്‍ക്കര പൊടിച്ചോ വെള്ളത്തില്‍ അലിയിച്ചോചേര്‍ക്കുക. ഇതിനുമീതെ പയര്‍ പൊടി വിതറുക. നന്നായി കൂട്ടിയിളക്കിയശേഷം കൂനകൂട്ടി വയ്ക്കുക. മഴ, മഞ്ഞ്,വെയില്‍ ഇവ കൊള്ളരുത്. നാല്പ്പത്തിയെട്ടു മണിക്കൂറുകള്‍ക്കുശേഷം കനം കുറച്ച് വെയില്ലത്ത് നിരത്തി ഉണക്കി ചാക്കില്‍ നിറയ്ക്കാം. മരത്തട്ടിന്‍മേല്‍ വെച്ച് ഒരു വര്‍ഷംവരെ സൂക്ഷിക്കാം.

പച്ചച്ചാണകമാണെങ്കില്‍ ഉരുളകളാക്കി ഉണക്കി സൂക്ഷിക്കാം.ആവശ്യത്തിനെടുത്ത് പൊടിച്ചും ചെടികളുടെ വേരുകള്‍ക്കടുത്ത് മണ്ണില്‍ തിരുകിവെച്ച് പുതിയിട്ടും ഉപയോഗ്ക്കാം. നിലമൊരുക്കുമ്പോഴും നടുമ്പോഴും ഘനജീവാമൃതം മണ്ണില്‍ ചേര്‍ക്കുന്നത് നല്ലതാണ്.

ജീവാമൃതം ഒരിക്കലും ഒരു വളമല്ല. ജീവാണുക്കളെ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു ഉറ മാത്രമാണ്.

പുതയിടല്‍

ജീവാമൃതം സൂക്ഷമജീവികളുടെ കലവറയാണ്. ഇത് മണ്ണില്‍ വീഴുന്നതോടെ സൂക്ഷമജീവികള്‍ മണ്ണില്‍ ജോലി തുടങ്ങുന്നു. ജീവാമൃതത്തിന്റെ സവിശേഷമായ ഗന്ധം 15 അടി താഴെ മണ്ണില്‍ സുഷുപ്താവസ്ഥയിലുള്ള മണ്ണിരകളെ ആകറഷിക്കുന്നു. മണ്ണു തിന്നു മുകളിലേക്കു വരുന്ന മണ്ണിരകള്‍ പുറന്തള്ളുന്ന വിസര്‍ജ്ജ്യത്തിലെ മൂലകങ്ങളെ വിഘടിപ്പിച്ച് സസ്യങ്ങള്‍ക്കു ലഭ്യമാകുകയും ചെയ്യുന്നു. ഈ പ്രക്രിയ നിരന്തരം തുടരണമെങ്കില്‍ 25ഡിഗ്രിക്കും 35 ഡിഗ്രിക്കുമിടയിലുള്ള താപവും 65% മുതല്‍ 75% വരെ ആര്‍ദ്രതയും ഇരുട്ടും മണ്ണില്‍ ക്രമീകരിക്കേണ്ടതുണ്ട്. ഈ അവസ്ഥയാണ് സൂക്ഷമകാലാവസ്ഥ (മൈക്രോ ക്ലൈമറ്റ്)എന്നു പറയുന്നത്. ഇതിന് പുതയിടല്‍ വളരെ പ്രധാനമാണ്.

മൂന്നുതരം പുത

1. മണ്‍പുത

തോട്ടത്തില്‍ നിശ്ചിത അളവില്‍ മേല്‍മണ്ണിളക്കി പൊടിച്ചിടുമ്പോള്‍ മണ്‍പുതയാകും. ഇതുനുതാഴെ ഈര്‍പ്പവും താപവും നിലനില്‍ക്കും.

2. വയ്ക്കോല്‍ പുത

വിളവെടുത്തശേഷം ബാക്കി വരുന്ന എല്ലാ ജൈവാവശിഷ്ടങ്ങളും തോട്ടത്തില്‍ പുതയായി ഉപയോഗിക്കാം. അവ കത്തിച്ചും പുറമ്പോക്കില്‍ നിക്ഷേപിച്ചും തോട്ടം വൃത്തിയാക്കുന്നതാണ് നമ്മുടെ ശീലം. ഇത് ശരിയല്ല. സൂര്യപ്രകാശം നേരിട്ടു മണ്ണില്‍ പതിക്കാത്തവിധം പുതയിടണം.

3. ജീവനുള്ള പുത

തോട്ടത്തിലെ പ്രധാനവിളകള്‍ക്കിടയില്‍ നിലത്തും മരങ്ങളിലും പടരുന്ന വിളകള്‍ – മുതിര, പയര്‍, മത്തന്‍, കുമ്പളം, ചുരക്ക, കാച്ചില്‍ തുടങ്ങിയ വള്ളിവിളകള്‍ നട്ടു വളര്‍ത്തുന്നതും പുതയിടലാണ്. ജീവാമൃതം പുതകൂടാതെ മണ്ണില്‍ കൊടുത്താല്‍ വേണ്ട ഫലം ഉണ്ടാകുകയില്ല

വാപസ

 

മേല്‍പ്പറ‍ഞ്ഞ രീതിയില്‍ പുതയിടുമ്പോള്‍ ഉരുത്തിരിയുന്ന സൂക്ഷമകാലാവസ്ഥയില്‍ സൂക്ഷമജീവികളും മണ്ണിരകളും സുഗമമായി പ്രവര്‍ത്തിക്കുന്നു. മണ്ണില്‍ 50% വായുവും 50% ബാഷ്പജലവും(ആര്‍ദ്രത) ഒരേ സമയം നിലനിര്‍ത്തുന്നു. രണ്ടു മണ്‍തരികള്‍ക്കിടയില്‍ വായുവും ബാഷ്പവും തുല്യ അളവില്‍ ഉള്ള അവസ്ഥയെയാണ് വാപസ എന്നു പറയുന്നത്.ചെടികളുടെ വേരുകള്‍ക്ക് ആവശ്യമായ ജലലഭ്യതയുടെ ഘടനയാണിത്.ഇതിനനുസൃതമായ ജലസേചനമേ ചെയ്യേണ്ടതുള്ളു. ഇതുവഴി വെള്ളവും വൈദ്യുതിയും ലാഭിക്കാം.

ചരിത്രം – കേരളത്തില്‍

പലേക്കർ കേരളത്തിൽ

കേരളത്തിൽ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു നേതൃത്വം നല്കിയ ശ്രീ.ജോൺസി ജേക്കബ്, കേരളത്തിലുടനീളം പ്രകൃതിജീവന സന്ദേശം പ്രചരിപ്പിക്കുന്നതിനു ഓടി നടന്നു. ശ്രീ.സി.ആർ.വർമ്മയുടെ എന്നിവരുടെആശിർവാദത്തോടെ 1980 കളുടെ അവസാനം രൂപം കൊണ്ട ജൈവ കർഷക പ്രസ്ഥാനത്തിന്‍റെ പ്രഥമ യോഗത്തിൽ പലേക്കർ പങ്കെടുത്തിരുന്നു. താൻ കണ്ടെത്തിയ പ്രകൃതി കൃഷി സമ്പ്രദായത്തെക്കുറിച്ച് പറയാൻ അവസരം കിട്ടാതെ അദ്ദേഹം മടങ്ങി പോകുകയായിരുന്നുവെന്നും പറയപ്പെടുന്നു,ധാബേക്കർജിയായിരുന്നു യോഗത്തിലെ മുഖ്യപ്രഭാഷകൻ.

വീണ്ടുമദ്ദേഹം കേരളത്തിലെത്തുന്നതിനിടയ്ക്കുള്ള രണ്ട് ദശകങ്ങൾക്കുള്ളിൽ പല സ്റ്റേജുകളിലും പ്രകൃതി കൃഷിയുടെ നിരവധി ക്യാമ്പുകൾ സംഘടിക്കപ്പെട്ടുകഴിഞ്ഞിരുന്നു .

കർഷക ആത്മഹത്യകൾ കൊണ്ടു പൊറുതിമുട്ടിയ കർണ്ണാടകയിലെ പ്രബല കർഷക സംഘടനയായ “കർണ്ണാടക രാജ്യ ത്തറ്റൈ സംഘം” പലേക്കർജിയെ ക്ഷണിച്ചു വരുത്തി ക്യാമ്പുകൾ നടത്തുന്നതിനു നേതൃത്വം നല്കുകയുണ്ടായി..

ഇതിനെ തുടർന്നാണു കർഷകർ തങ്ങളുടെ സന്തോഷസൂചകമായി “ബസവശ്രീ” പുരസ്കാരം നൽകി ആദരിച്ചതും..

2008 ഓഗസ്റ്റിൽ ഫാദർ ഡോ. എബ്രഹാം പാലത്തിങ്കലിന്‍റെ നേതൃത്വത്തിലുള്ള പാലക്കാട് പീപ്പിൾസ് സർവ്വീസ് സൊസൈറ്റിയുടെ ക്ഷണം സ്വീകരിച്ചാണ് പലേക്കർജി വീണ്ടും കേരളത്തിൽ വരുന്നത്. തുടർന്ന് നവംബർ 24 നു കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വച്ചും സെമിനാർ നടന്നു.

പലേക്കർജിയുടെ കോയമ്പത്തൂർ ക്യാമ്പിൽ പങ്കെടുത്ത് കേരളത്തിൽ ആദ്യമായി പ്രകൃതി കൃഷിയിലേർപ്പെട്ട ശ്രീ. പി.കെ ചന്ദ്രശേഖരൻ, ശ്രീ. മനോജ് കുമാർ എന്നിവരെ പാലക്കാട് ക്യാമ്പിനോടനുബന്ധിച്ച് സംഘാടകർ ആദരിക്കുകയുണ്ടായി.

ശ്രീ. പി.കെ ചന്ദ്രശേഖരൻ പലേക്കർജിയുടെ പുസ്തകം ആദ്യമായി മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും കേരളത്തിലുടനീളം പ്രകൃതി കൃഷി ക്ലാസ്സുകൾ നയിക്കുന്നതിന് നിസ്വാർത്ഥമായ പ്രവർത്തനവും നടത്തി വരുന്നുണ്ട്.

കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ ഗുരുദക്ഷിണയുമായി -(പത്രവാർത്ത കാണുക)- എത്തിയ മനോജ് കുമാറിന്‍റെ അരമണിക്കൂർ വീഡിയോ IIITMKകിസാൻ കൃഷി ദീപം യൂട്യൂബിൽ കാണാവുന്നതാണ്. തെങ്ങ്, വാഴ, കൊക്കോ തുടങ്ങിയ വിളകളോടൊപ്പം കരുമ്പു കൃഷി കൂടി ചെയ്യുന്ന മനോജ് കുമാർ കരിമ്പിൽ നിന്ന് ശര്‍ക്കര ഉല്പാദിപ്പിച്ചു. കിലോ 95 രൂപ നിരക്കിലാണ് ഇത് ഇപ്പോൾ വിൽക്കുന്നത്.

2008 മുതൽ 2015 വരെയുള്ള എട്ടു വർഷകാലയളവിൽ കേരളത്തിൽ എറണാകുളം 1, ഇടുക്കി 2, പാലക്കാട് 2, കാസർകോട് 2,വയനാട് 2, കോട്ടയം2, തൃശ്ശൂർ 1, ആലപ്പുഴ, തിരുവനന്തപുരം 1, മലപ്പുറം 1, പത്തനംതിട്ട 1,കോഴിക്കോട് എന്നിവിടങ്ങളിലായി 17 ക്യാമ്പുകൾ നടന്നു. ഇതിൽ 5 മുതൽ 7ദിവസം വരെയുള്ള ശില്പ ശാലകൾ 13 എണ്ണമാണ്……

2010 ലെ കോട്ടയം ക്യാമ്പു മുതൽ കേരളത്തിലെ ഗാന്ധിമാർഗപ്രസ്ഥാനങ്ങളുടെയും പ്രാദേശിക ജനങ്ങളുടെയും പിൻതുണയോടെയാണ് ശില്പശാലകൾ സംഘടിക്കപ്പെട്ടിട്ടുള്ളത്.

2010 ഡിസംബറിൽ ആലപ്പുഴ ഗാന്ധിസ്മാരക ഗ്രാമ സേവന കേന്ദ്രത്തിൽ നടന്ന ക്യാമ്പിനോടനുബന്ധിച്ച് ശ്രീ. എം. കുര്യൻ – കോട്ടയം, ശ്രീ. മത്തായി. എം. മാത്യു എന്നിവരെ സംസ്ഥാന കോഡിനേറ്റർമാരായി പലേക്കർജി നിയോഗിച്ചു. ഇതിനു ശേഷമാണ് വയനാട് (സുൽത്താൻ ബത്തേരി), ഇടുക്കി (കട്ടപ്പന), മലപ്പുറം(നിലമ്പൂർ), പത്തനംതിട്ട (അടൂർ) എന്നിവിടങ്ങളിലായി ക്യാമ്പ് നടന്നത്.

ബത്തേരിയിൽ 2012 നവംബറിൽ നടന്ന ക്യാമ്പ് സംഘടിപ്പിച്ചത് സീറോ ബഡ്ജറ്റ് നാച്യുറൽ ഫാര്‍മേഴ്സ് ഫോറം– വയനാട്, വയനാട് സർവ്വീസ് സേവാ മണ്ഡലം എന്ന ഗാന്ധിയൻ എൻ. ജി. ഒ യും കൂടിയാണ്.

2009 ൽ പുല്‍പ്പള്ളി 2010 ൽ ആലപ്പുഴ,കാസർകോട് ക്യാമ്പുകളിൽ പങ്കെടുത്ത വയനാട്ടിലെ ഏതാനും കർഷകർ നടവയൽ കേന്ദ്രീകരിച്ചു കൃഷിയിടങ്ങളിൽ ഒത്തുകൂടി കൃഷിയനുഭവങ്ങൾ പങ്കുവച്ചിരുന്നു. ഈ ഒത്തുകൂടലിന്‍റെ അനന്തരഫലമാണ് സീറോ ബഡ്ജറ്റ് നാച്യുറൽ ഫാമേഴ്സ് ഫോറം– വയനാട്.ഒരു പക്ഷെ കേരളത്തിലാദ്യത്തെ രജിസ്റ്റേർഡ് പലേക്കർ പ്രകൃതി കർഷക സംഘടന ഇതെന്നു പറയാം.

നാടൻ പശുക്കളുള്ള നൂറോളം കർഷകർ 6 യൂണിറ്റുകളിളായി കൃഷി പ്രവർത്തനങ്ങൾ നടത്തുന്നു. വാർഷിക പരിശോധന നടത്തി. ഇവരുടെ കാർഷികോല്പന്നങ്ങൾ കൃഷിയിടത്തിൽ വച്ചും, ജില്ലയിലും പുറത്തുമുള്ള ഏജൻസികൾക്കും കർഷകർ നിശ്ചയിച്ച വിലയ്ക്ക് വിറ്റു പോകുന്നുണ്ട്.

പലേക്കറെ അറിയുക

1949 ല്‍ ജനനം. മഹാരാഷ്ട്ര സംസ്ഥാനത്ത് വിദര്‍ഭ ജില്ലയില്‍ ബെല്ലോറ ഗ്രാമത്തിലെ കര്‍ഷകകുടുംബത്തില്‍, കൃഷിശാസ്ത്രത്തില്‍ ബിരുദപഠനം പൂര്‍ത്തിയാക്കി കുടുംബകൃഷിയിടത്തില്‍ താന്‍ പഠിച്ച പുത്തന്‍ രാസ കൃഷിരീതികള്‍ പ്രാവര്‍ത്തികമാക്കാന്‍ പിതാവിന്‍റെ പരമ്പരാഗത കൃഷിസമ്പ്രദായങ്ങളെയും, എതിര്‍പ്പിനെയും അതിജീവിച്ച് ആവേശംമൂത്ത് ഒരുമ്പിട്ടിറങ്ങുമ്പോള്‍ വയസ്സ് 23, സഹപാഠികള്‍ കൃഷി ഉദ്ദ്യോഗസ്ഥരും സര്‍വ്വകലാശാല അദ്ധ്യാപകരുമൊക്കെയായി ജീവിതം സ്വസ്ഥമാക്കുന്ന തിരക്കിലായിരിന്നു.

ഹരിതവിപ്ലവത്തിന്‍റെ പുതുമോടിയില്‍ സങ്കരവിത്തുക്കളും രാസകീടനാശിനികളും, രാസവസ്തുക്കളും പ്രയോഗിച്ചുള്ള കൃഷിരീതികള്‍.തുടക്കത്തില്‍ ലഭിച്ച അതിശയകരമായ വിളവര്‍ദ്ധനവ് പത്തു പന്ത്രണ്ട് വര്‍ഷത്തിനകം കുറഞ്ഞുകുറഞ്ഞുവന്നു. പ്രതിവിധി തേടിയപ്പോള്‍ കൂടുതല്‍ കൂടുതല്‍ രാസവളങ്ങളും, കീടനാശിനികളും ഉപയോഗിക്കാനാണ് നിര്‍ദ്ദേശം ലഭിച്ചത്.

ഇതല്ല ശരിയായ ഹരിതവിപ്ലവമെന്ന തിരിച്ചറിവില്‍നിന്ന് സുസ്ഥിരമായ ഒരു ബദല്‍ കൃഷിരീതിക്കുവേണ്ടി അദ്ദേഹം നടത്തിയ ഒരു വ്യാഴവട്ടത്തോളം നീണ്ട– ഗോത്രവര്‍ഗ്ഗ കൃഷിരീതികളും, കാടിന്‍റെ ആവാസ വ്യവസ്ഥകളും, 154പ്രോജക്ടുകളുമടങ്ങിയ ഗവേഷണ–നിരീക്ഷണങ്ങളില്‍നിന്നാണ് സീറോ ബഡ്ജറ്റ് നാച്യുറല്‍ ഫാമിംഗ് (ചെലവില്ലാ പ്രകൃതികൃഷി) സമ്പ്രദായം നമുക്ക് ലഭിച്ചത്.ഭാര്യയൊഴികെ മറ്റാരും അദ്ദേഹത്തെ സഹായിക്കാനുണ്ടായിരുന്നില്ല. അവരുടെ ആഭരണങ്ങളും കൃഷിയിടത്തിന്‍റെ കുറച്ചുഭാഗവും വിറ്റഴിച്ചാണ് ഗവേഷണത്തിനു പണം കണ്ടെത്തിയത്.

1996 വരെ നീണ്ട ഗവേഷണപ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയിലെത്തിയതോടെ1998 മുതല്‍ ഇന്ത്യയുടെ ഗ്രാമഗ്രമാന്തരങ്ങളില്‍ പ്രകൃതികൃഷി സന്ദേശവുമായി പ്രതിഫലേഛയില്ലാതെ തുടങ്ങിയ യാത്ര അനുസ്യൂതം തുടരുകയാണിന്നും,സ്വന്തം നാടായ വിദര്‍ഭയിലും, ഇങ്ങു വയനാട്ടിലും കര്‍ഷക ആത്മഹത്യകള്‍ ആവര്‍ത്തിക്കരുതെന്ന ദൃഢനിശ്ചയത്തോടെയാണദ്ദേഹം പഠന ക്യാമ്പുകള്‍ നയിക്കുന്നത്.

ശുദ്ധവായു, ശുദ്ധജലം, വിഷമുക്തഭൂമി, വിഷരഹിത ഭക്ഷണം എന്നിവ മനുഷ്യനുള്‍പ്പെടെ സമസ്ത ജീവി വര്‍ഗ്ഗങ്ങളുടെയും ജന്‍മാവകാശമാണ് എന്ന് അദ്ദേഹം പറ‍‍ഞ്ഞുവെക്കുമ്പോള്‍ പ്രകൃതികൃഷിയുടെ പ്രചരണം കൊണ്ട് സുസ്ഥിര കൃഷിയും സുരക്ഷിത ഭക്ഷണവും സമൂഹത്തിനൊരുക്കുക മാത്രമല്ല,മറ്റൊരു വിപ്ലവംമൂലം നമ്മുടെ നാട്ടില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നാടന്‍ കന്നുകാലികളുടെ മഹത്വം നമ്മെ മനസ്സിലാക്കുകയും, സംരക്ഷണം സാധ്യമാക്കുകയുംകൂടി ചെയ്യുന്നുണ്ട്.

2008 മുതല്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ പലേക്കര്‍ജിയുടെവര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കുന്നതിനു നേതൃത്വം നല്‍കിയിട്ടുള്ള ഗാന്ധിയന്‍,ജനകീയ സംഘടനകള്‍ ചേര്‍ന്നാണ് 2015-ല്‍ പലേക്കര്‍ പ്രകൃതി കര്‍ഷകസമിതി സംസ്ഥാനത്തില്‍ രൂപംകൊണ്ടിട്ടുള്ളത്.

തന്‍റെ നിസ്വാര്‍ത്ഥസേവനത്തിനും ചെലവില്ലാപ്രകൃതിപ്രചാരത്തിനും അംഗീകാരമെന്ന നിലയ്ക്ക് 2016-ല്‍ ശ്രീ സുഭാഷ് പലേക്കര്‍ക്ക് പത്മശ്രീ നല്‍കി രാജ്യം ആദരിക്കുകയുണ്ടായി.

കീടനാശിനികള്‍

1. നീമാസ്ത്രം (വേപ്പില മിസൈല്‍)

വെള്ളം – 100 ലി

ഗോമൂത്രം – 5 ലി.

ചാണകം – 2 കി.

വേപ്പില അരച്ചു കുഴമ്പാക്കിയത് – 5 കി.

എല്ലാം ഒന്നിച്ചുചേര്‍ത്ത് 24 മണിക്കൂര്‍ നുരയ്ക്കാന്‍ അനുവദിക്കുക. ഈ മിശ്രിതത്തെ ദിവസത്തില്‍ 2 പ്രാവശ്യം ഇളക്കികൊടുക്കണം. നീമാസ്ത്രം തയ്യാര്‍.

നീരൂറ്റി കുടിക്കുന്ന പ്രാണികള്‍ക്കും ഇലപ്പേനുകള്‍ക്കും എതിരെ പ്രയോഗിക്കാവുന്ന നല്ല കീടനാശിനിയാണ്. നന്നായി അരിച്ചെടുത്തുവേണം ഉപയോഗിക്കാന്‍.

2. ഉങ്ങ് ( ഒരു മരം) വിത്ത് നന്നായി പൊടിച്ചെടുക്കുക. ഉമ്മുപരിപ്പുപൊടി 25ഗ്രാം എടുത്ത് 1 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം അരിച്ചെടുക്കുക. ശേഷം 200 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി സസ്യങ്ങളില്‍ തളിച്ചു കൊടുക്കാം. ഈ ഉമ്മുവിത്തു പൊടിയെ പല്ലു തേക്കാനും ഉപയോഗിക്കാം. ദന്തക്ഷയത്തില്‍ നിന്നും പല്ലുകളെ രക്ഷിക്കാന്‍ ഏറ്റവും ഉത്തമമാണ്. ഇലപ്പേനുകളെ നശിപ്പിക്കുകയും ചെയ്യും.

3. ഇലപ്പേനുകളെ നിയന്ത്രിക്കാന്‍ മിതപ്രാണികളായ ( Criptolaemus, Montrouzieri, Scummnous, Coccissivura) തുടങ്ങിയ കീടങ്ങളെ സസ്യസംരക്ഷണത്തിനായി ഉപയോഗിക്കാം.

4. ബ്രഹ്മാസ്ത്രം (ബ്രഹ്മ മിസൈല്‍)

1. നാടന്‍ പശുവിന്‍റെ മൂത്രം – 10 ലിറ്റര്‍

2. അരച്ചു കുഴമ്പാക്കിയ വേപ്പില – 3 കി.

3. അരച്ചു കുഴമ്പാക്കിയ ആത്തയില – 2 കി.

4. അരച്ചു കുഴമ്പാക്കിയ പപ്പായയില – 2 കി.

5. അരച്ചു കുഴമ്പാക്കിയ മാതളനാരകയില – 2 കി.

6. അരച്ചു കുഴമ്പാക്കിയ പേരയില – 2 കി.

ഉണ്ടാക്കുന്ന വിധം

മേല്‍പ്പറഞ്ഞവ ഒരു മണ്‍പാത്രത്തില്‍ കലര്‍ത്തി 5 പ്രാവശ്യം തിളപ്പിക്കുക. (തിളക്കുമ്പോള്‍ തീ മാറ്റി വീണ്ടും തീ കൊടുക്കുക– 5 പ്രാവശ്യം). 24മണിക്കൂര്‍ തണുക്കാന്‍ അനുവദിക്കുക. ശുദ്ധമായ തുണി ഉപയോഗിച്ച് അരിച്ചെടുക്കുക. ഇതാണ് ബ്രഹ്മാസ്ത്ര. കുപ്പിയിലാക്കി 6 മാസം സൂക്ഷിക്കാം. 2 ലിറ്റര്‍ ബ്രഹ്മാസ്ത്രം (2%) 100 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി മരങ്ങളില്‍ തളിക്കാം കീടശല്യം കൂടുതലാണെങ്കില്‍ രണ്ടര ശതമാനം തളിക്കാം. കായതുരപ്പന്‍ പുഴുക്കള്‍, നീരൂറ്റിക്കുടിക്കന്ന പ്രാണികള്‍, പഴങ്ങള്‍ തുരന്നു നശിപ്പിക്കുന്ന കീടങ്ങള്‍ മുതലായവയ്ക്കെതിരെ പ്രയോഗിക്കാം.

5. അഗ്നിഅസ്ത്രം (അഗ്നി മിസൈല്‍)

1. നാടന്‍ പശുവിന്‍റെ മൂത്രം – 10 ലിറ്റര്‍

2. അരച്ച പുകയില – 1 കിലോ

3. അരച്ച പച്ചമുളക് – 500 ഗ്രാം

4. അരച്ച വെളുത്തുള്ളി – 500 ഗ്രാം

5. അരച്ച വേപ്പില – 5കിലോ

ഉണ്ടാക്കുന്ന വിധം

ഇവയെല്ലാം ഒന്നിച്ചു കലര്‍ത്തി 5 പ്രാവശ്യം തിളപ്പിക്കുക. തീ മാറ്റി വീണ്ടും തീ കൊടുക്കുക. (5 പ്രാവശ്യം) 24 മണിക്കൂര്‍ തണുക്കാന്‍ അനുവദിക്കുക. ശുദ്ധമായ തുണികൊണ്ടരിച്ച് 6 മാസം വരെ കുപ്പികളില്‍ സൂക്ഷിക്കാം. ഇല, ചുരുട്ടിപ്പുഴു, തണ്ടു തുരപ്പന്‍, കായ തുരപ്പന്‍,തുടങ്ങിയവയ്ക്കെതിരെ പ്രയോഗിക്കാം. 3 ലിറ്റര്‍ അഗ്നിഅസ്ത്രം 100 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കാം.

കുമിള്‍ നാശിനി

3 ലിറ്റര്‍ പുളിച്ച മോര് 100 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി കുമിള്‍ നാശിനിയായി തളിക്കാം.

വൈറസ് നാശിനി

5 ലിറ്റര്‍ പുളിച്ച മോര് 200 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി വൈറസിനെതിരെ തളിക്കാം.

വേപ്പില കുഴമ്പ്

1. നാടന്‍ പശുവിന്‍റെ ചാണകം – 20 കിലോ

2. ഗോമൂത്രം – 20 ലിറ്റര്‍

3. വെള്ളം – 50 ലിറ്റര്‍

4. അരച്ച വേപ്പില – 20 കി.

ഉണ്ടാക്കുന്ന വിധം

ഇവയെല്ലാം കലര്‍ത്തി 48 മണിക്കൂര്‍ ഇളക്കാതെ വയ്ക്കുക. ഈ മിശ്രിതം മാവ്, മാതളം, ഓറഞ്ച് തുടങ്ങിയ മരങ്ങളുടെ തടികളില്‍ തേച്ചു കൊടുക്കാം. തണ്ടു തുരപ്പനെതിരെ വളരെ ഫലപ്രദമാണ്.

ഹോര്‍മോണ്‍

2 ലിറ്റര്‍ മൂത്ത തേങ്ങാവെള്ളം 200 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി വൈകുന്നേരം ചെടികളില്‍ തളിച്ചു കൊടുത്താല്‍ ഹോര്‍മോണായി പ്രവര്‍ത്തിക്കും, വിളവ് കൂടും.

റബ്ബര്‍

കര്‍ഷകര്‍ക്ക് പൊതുവെയുള്ള ഒരു സംശയമാണ് സീറോബഡ്ജറ്റ് കൃഷി സമ്പ്രദായം റബ്ബര്‍ കൃഷിയില്‍ സാദ്ധ്യമാണോ എന്നത്. എന്നാല്‍ എന്‍റെ അനുഭവം ഇത് നൂറു ശതമാനം ഫലപ്രദവും, വിജയകരവുമാണെന്നാണ്. ചില കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തിയാല്‍ ആദായം 30 മുതല്‍ 50 ശതമാനം വരെ വര്‍ദ്ധിപ്പിക്കുകയും ചെയ്യാം. അവയോരോന്നായി വിശദീകരിക്കാം.

1. കുഴിയെടുക്കുന്നത്

ചരിവുള്ള സ്ഥലത്ത് വരികള്‍ തമ്മില്‍ 18 അടി അകലവും തൈകള്‍ തമ്മില്‍ 9അടി അകലവും വരത്തക്കവിധം കോണ്ടൂര്‍ ലൈനെടുക്കുക. 75 സെ.മി വീതിയും 75സെ.മി താഴ്ചയുമുള്ള കുഴികളെടുത്ത് മേല്‍മണ്ണ് നിറക്കണം. J C B മെഷീന്‍ ഉപയോഗിച്ച് കുഴികളെടുക്കുകയും പ്ലാറ്റ്ഫോറം നിര്‍മ്മിക്കുകയും ചെയ്താല്‍ റബ്ബര്‍ തൈകളുടെ ആദ്യഘട്ട വള‍‍ര്‍ച്ചയെ അത് പ്രതികൂലമായിബാധിക്കും.നിരപ്പുള്ള സ്ഥലത്താണ് തൈ നടുന്നതെങ്കില്‍ 16X12 അടി എന്ന നിലയില്‍ വരികള്‍ തമ്മിലും തൈകള്‍ തമ്മിലും അകലം ക്രമീകരിക്കാം. മൊത്തത്തില്‍ നോക്കുമ്പോള്‍ ഒരേക്കര്‍ സ്ഥലത്ത് 200 മുതല്‍ 220 വരെ തൈകള്‍ നടാം. അങ്ങനെയെങ്കില്‍ ടാപ്പിങ്ങ് തുടങ്ങുന്നതിനിടയില്‍ പല കാരണങ്ങളാല്‍ നഷ്ടപ്പെടുകയോ മോശപ്പെടുകയോചെയ്യുന്ന 20 തൈകളെ മാറ്റിയാലും 190 മുതല്‍ 200 തൈവരെ ടാപ്പിങ്ങിന് ഒരേ രീതിയില്‍ പാകമായിട്ടുണ്ടാകും.

2. തൈ തെരെഞ്ഞെടുക്കല്‍

പലരും തൈ വാങ്ങാന്‍ റബ്ബര്‍ നഴ്സറിയില്‍ ചെന്നാല്‍ വില പേശി വില കുറക്കാന്‍ ശ്രമിക്കുന്നതു കണ്ടിട്ടുണ്ട്. ഒരിക്കലും അങ്ങനെ ചെയ്യരുത്. അങ്ങനെ ചെയ്താല്‍ നഴ്സറി ഉടമ തരുന്ന തൈകള്‍ നമ്മകള്‍ വാങ്ങി കൊണ്ടു പോകേണ്ടി വരും. റബ്ബര്‍ കൃഷിയിലും മറ്റു കൃഷികളെപ്പോലെ വിത്തു ഗുണം പത്തു ഗുണമാണ്. അതിനാല്‍ നഴ്സറി ഉടമ ആവശ്യപ്പെടുന്നതിനെക്കാള്‍ ചെറിയൊരു തുക കൂടെ കൂട്ടിക്കൊടുത്ത് നമുക്കിഷ്ടപ്പെട്ട തൈകള്‍ മാത്രം തെരെഞ്ഞെടുക്കുന്നതാണ് ഉത്തമം. ഉദാഹരണമായി തൈയൊന്നിന് 5 രൂപ കൊടുക്കുന്നു എന്നു വിചാരിക്കുക ഒരേക്കര്‍ സ്ഥലത്തേക്ക് വരുന്ന അധിക ചെലവ് 200X5=1000 രൂപയാണ്. എന്നാല്‍ ഭാവിയില്‍ ഇതിന്‍റെ പ്രയോജനം വളരെ വലുതാണ്.

3. തൈനട്ടു കഴിഞ്ഞാല്‍

ആദ്യ വര്‍ഷം ഇടവിളകളായി വാഴയോ മരിച്ചീനിയോ നടരുത്. ചേന,ഇഞ്ചി,മഞ്ഞള്‍ പോലുള്ള വിളകള്‍ കൃഷി ചെയ്യാം. ഇടക്കാടുകളെ വളരാനനുവദിക്കുക. അവ ഉയര്‍ന്നു വളരുന്നതിനനുസരിച്ച് ആയ വെട്ടിയെടുത്ത് ചുവട്ടില്‍ പുത വച്ച് പുതയ്ക്കു മുകളിലായി ജീവാമൃതം ഒഴിക്കുക. രണ്ടാമത്തെ വര്‍ഷം മുതല്‍ വാഴയും മരിച്ചീനിയും ആവശ്യമെങ്കില്‍ നടാം,ഘനജീവാമൃതമാണെങ്കില്‍ വര്‍ഷത്തില്‍ 2 പ്രാവശ്യവും അതല്ല ജീവാമൃതമാണെങ്കില്‍ മഴയുടെ ലഭ്യതയ്ക്കനുസരിച്ച് മാസത്തില്‍ ഒരു പ്രാവശ്യം എന്ന നിലയിലും വേരിന്‍റെ അറ്റം നോക്കി ഒഴിച്ചു കൊടുക്കാം. മണ്ണില്‍ ഈര്‍പ്പമില്ലാത്തപ്പോള്‍ ജീവാമൃതം ഒഴുക്കരുത്. തൈകളുടെ വളര്‍ച്ചക്കനുസരിച്ച് ചുവട്ടില്‍ നിന്നും ജീവാമൃതം ഒഴിക്കുന്നതിന്‍റെ അകലവും കൂട്ടണം. ഇടക്കാട് എടുക്കാതെ നിലനിര്‍ത്തണം. അതിനെ ജീവനുള്ള പുതയായി ഉപയോഗിക്കത്തക്ക വിധം വെട്ടി ഒതുക്കുക മാത്രമേ ചെയ്യാവു.പ്ലാറ്റ്ഫോറം എടുക്കുന്നത് മൂന്ന് വര്‍ഷങ്ങളിലായി വെട്ടി മൂന്നാം വര്‍ഷം തീര്‍ക്കുക.

3. ടാപ്പിങ്ങ്

സാധാരണ ഗതിയില്‍ 6 വര്‍ഷം കഴിയുമ്പോള്‍ മരങ്ങള്‍ 22 മുതല്‍ 24 ഇഞ്ചുവരെ ചുറ്റുവണ്ണമെത്തും ഈ സമയത്ത് ടാപ്പിങ്ങ് തുടങ്ങാം. നിര്‍ബ്ബന്ധമായും 3ദിവസത്തിലൊരിക്കല്‍ എന്ന നിലയില്‍ ടാപ്പു ചെയ്യണം. അങ്ങനെയായാല്‍ 42ശതമാനം മുതല്‍ 44 ശതമാനം വരെ ഡി ആര്‍ സി കിട്ടും. കടുത്ത വേനലുള്ളപ്പോള്‍ മാത്രം 2 മാസത്തെ ടാപ്പിങ്ങ് നിര്‍ത്തി വയ്ക്കുക. ഷെയ്ഡ് ഇടുന്നതായാല്‍ കൃത്യമായ ഇടവേളകളിലുള്ള ടാപ്പിങ്ങ് സാധ്യമാകും. ഇങ്ങനെ ടാപ്പു ചെയ്താല്‍ റബ്ബര്‍ മരങ്ങള്‍ 50 മുതല്‍ 100 വര്‍ഷം വരെ ആദായം തരും. ഇടയ്ക്കിടെ റീ പ്ലാന്‍റ് ചെയ്യുന്നത് ഒഴിവാക്കുകയും ചെയ്യാം. ഇപ്പോള്‍ 30 വര്‍ഷത്തിലേറെയായി ടാപ്പു ചെയ്യുന്ന റബ്ബര്‍ മരങ്ങള്‍ എന്‍റെ തോട്ടത്തിലുണ്ട്.

തയ്യാറാക്കിയത് : അഡ്വ. എന്‍. അരവിന്ദാക്ഷന്‍നായര്‍,

വിതുര, തിരുവനന്തപുരം ജില്ല.

9447206214

റബ്ബര്‍കൃഷി സീറോബഡ്ജറ്റ് നാച്യുറല്‍ ഫാമിങ്ങ് രീതിയില്‍

കര്‍ഷകര്‍ക്ക് പൊതുവെയുള്ള ഒരു സംശയമാണ് സീറോബഡ്ജറ്റ് കൃഷി സമ്പ്രദായം റബ്ബര്‍ കൃഷിയില്‍ സാദ്ധ്യമാണോ എന്നത്. എന്നാല്‍ എന്‍റെ അനുഭവം ഇത് നൂറു ശതമാനം ഫലപ്രദവും, വിജയകരവുമാണെന്നാണ്. ചില കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തിയാല്‍ ആദായം 30 മുതല്‍ 50 ശതമാനം വരെ വര്‍ദ്ധിപ്പിക്കുകയും ചെയ്യാം. അവയോരോന്നായി വിശദീകരിക്കാം.

1. കുഴിയെടുക്കുന്നത്

ചരിവുള്ള സ്ഥലത്ത് വരികള്‍ തമ്മില്‍ 18 അടി അകലവും തൈകള്‍ തമ്മില്‍9അടി അകലവും വരത്തക്കവിധം കോണ്ടൂര്‍ ലൈനെടുക്കുക. 75 സെ.മി വീതിയും 75 സെ.മി താഴ്ചയുമുള്ള കുഴികളെടുത്ത് മേല്‍മണ്ണ് നിറക്കണം. J C Bമെഷീന്‍ ഉപയോഗിച്ച് കുഴികളെടുക്കുകയും പ്ലാറ്റ്ഫോറം നിര്‍മ്മിക്കുകയും ചെയ്താല്‍ റബ്ബര്‍ തൈകളുടെ ആദ്യഘട്ട വള‍‍ര്‍ച്ചയെ അത് പ്രതികൂലമായിബാധിക്കും. നിരപ്പുള്ള സ്ഥലത്താണ് തൈ നടുന്നതെങ്കില്‍ 16X12അടി എന്ന നിലയില്‍ വരികള്‍ തമ്മിലും തൈകള്‍ തമ്മിലും അകലം ക്രമീകരിക്കാം. മൊത്തത്തില്‍ നോക്കുമ്പോള്‍ ഒരേക്കര്‍ സ്ഥലത്ത് 200 മുതല്‍ 220വരെ തൈകള്‍ നടാം. അങ്ങനെയെങ്കില്‍ ടാപ്പിങ്ങ് തുടങ്ങുന്നതിനിടയില്‍ പല കാരണങ്ങളാല്‍ നഷ്ടപ്പെടുകയോ മോശപ്പെടുകയോ ചെയ്യുന്ന 20 തൈകളെ മാറ്റിയാലും 190 മുതല്‍ 200 തൈവരെ ടാപ്പിങ്ങിന് ഒരേ രീതിയില്‍ പാകമായിട്ടുണ്ടാകും.

2. തൈ തെരെഞ്ഞെടുക്കല്‍

പലരും തൈ വാങ്ങാന്‍ റബ്ബര്‍ നഴ്സറിയില്‍ ചെന്നാല്‍ പേശി വില കുറക്കാന്‍ ശ്രമിക്കുന്നതു കണ്ടിട്ടുണ്ട്. ഒരിക്കലും അങ്ങനെ ചെയ്യരുത്. അങ്ങനെ ചെയ്താല്‍ നഴ്സറി ഉടമ തരുന്ന തൈകള്‍ നമ്മള്‍ വാങ്ങി കൊണ്ടു പോകേണ്ടി വരും. റബ്ബര്‍ കൃഷിയിലും മറ്റു കൃഷികളെപ്പോലെ വിത്തു ഗുണം പത്തു ഗുണമാണ്. അതിനാല്‍ നഴ്സറി ഉടമ ആവശ്യപ്പെടുന്നതിനെക്കാള്‍ ചെറിയൊരു തുക കൂടെ കൂട്ടിക്കൊടുത്ത് നമുക്കിഷ്ടപ്പെട്ട തൈകള്‍ മാത്രംതെരെഞ്ഞെടുക്കുന്നതാണ് ഉത്തമം. ഉദാഹരണമായി തൈയൊന്നിന് 5 രൂപ കൊടുക്കുന്നു എന്നു വിചാരിക്കുക ഒരേക്കര്‍ സ്ഥലത്തേക്ക് വരുന്ന അധിക ചെലവ് 200X5=1000 രൂപയാണ്. എന്നാല്‍ ഭാവിയില്‍ ഇതിന്‍റെ പ്രയോജനം വളരെ വലുതാണ്.

3. തൈനട്ടു കഴിഞ്ഞാല്‍

ആദ്യ വര്‍ഷം ഇടവിളകളായി വാഴയോ മരിച്ചീനിയോ നടരുത്. ചേന,ഇഞ്ചി,മഞ്ഞള്‍ പോലുള്ള വിളകള്‍ കൃഷി ചെയ്യാം. ഇടക്കാടുകളെ വളരാനനുവദിക്കുക. അവ ഉയര്‍ന്നു വളരുന്നതിനനുസരിച്ച് വെട്ടിയെടുത്ത് ചുവട്ടില്‍ പുത വച്ച് പുതയ്ക്കു മുകളിലായി ജീവാമൃതം ഒഴിക്കുക.രണ്ടാമത്തെ വര്‍ഷം മുതല്‍ വാഴയും മരിച്ചീനിയും ആവശ്യമെങ്കില്‍ നടാം,ഘനജീവാമൃതമാണെങ്കില്‍ വര്‍ഷത്തില്‍ 2 പ്രാവശ്യവും അതല്ല ജീവാമൃതമാണെങ്കില്‍ മഴയുടെ ലഭ്യതയ്ക്കനുസരിച്ച് മാസത്തില്‍ ഒരു പ്രാവശ്യം എന്ന നിലയിലും വേരിന്‍റെ അറ്റം നോക്കി ഒഴിച്ചു കൊടുക്കാം.മണ്ണില്‍ ഈര്‍പ്പമില്ലാത്തപ്പോള്‍ ജീവാമൃതം ഒഴുക്കരുത്. തൈകളുടെ വളര്‍ച്ചക്കനുസരിച്ച് ചുവട്ടില്‍ നിന്നും ജീവാമൃതം ഒഴിക്കുന്നതിന്‍റെ അകലവും കൂട്ടണം. ഇടക്കാട് എടുക്കാതെ നിലനിര്‍ത്തണം. അതിനെ ജീവനുള്ള പുതയായി ഉപയോഗിക്കത്തക്ക വിധം വെട്ടി ഒതുക്കുക മാത്രമേ ചെയ്യാവു.പ്ലാറ്റ്ഫോറം എടുക്കുന്നത് മൂന്ന് വര്‍ഷങ്ങളിലായി വെട്ടി മൂന്നാം വര്‍ഷം തീര്‍ക്കുക.

3. ടാപ്പിങ്ങ്

സാധാരണ ഗതിയില്‍ 6 വര്‍ഷം കഴിയുമ്പോള്‍ മരങ്ങള്‍ 22 മുതല്‍ 24ഇഞ്ചുവരെ ചുറ്റുവണ്ണമെത്തും ഈ സമയത്ത് ടാപ്പിങ്ങ് തുടങ്ങാം.നിര്‍ബ്ബന്ധമായും 3 ദിവസത്തിലൊരിക്കല്‍ എന്ന നിലയില്‍ ടാപ്പു ചെയ്യണം.അങ്ങനെയായാല്‍ 42 ശതമാനം മുതല്‍ 44 ശതമാനം വരെ ഡി ആര്‍ സി കിട്ടും.കടുത്ത വേനലുള്ളപ്പോള്‍ മാത്രം 2 മാസത്തെ ടാപ്പിങ്ങ് നിര്‍ത്തി വയ്ക്കുക.ഷെയ്ഡ് ഇടുന്നതായാല്‍ കൃത്യമായ ഇടവേളകളിലുള്ള ടാപ്പിങ്ങ് സാധ്യമാകും.ഇങ്ങനെ ടാപ്പു ചെയ്താല്‍ റബ്ബര്‍ മരങ്ങള്‍ 50 മുതല്‍ 100 വര്‍ഷം വരെ ആദായം തരും. ഇടയ്ക്കിടെ റീ പ്ലാന്‍റ് ചെയ്യുന്നത് ഒഴിവാക്കുകയും ചെയ്യാം.ഇപ്പോള്‍ 30 വര്‍ഷത്തിലേറെയായി ടാപ്പു ചെയ്യുന്ന റബ്ബര്‍ മരങ്ങള്‍ എന്‍റെ തോട്ടത്തിലുണ്ട്.

അഡ്വ. എന്‍. അരവിന്ദാക്ഷന്‍നായര്‍,

വിതുര, തിരുവനന്തപുരം ജില്ല.

ഇ‍ഞ്ചികൃഷി സീറോബഡ്ജറ്റ് രീതി

പറയിപ്പെറ്റ പന്തിരുകുലം കഥകളില്‍ 101 കൂട്ടം കറികള്‍ക്ക് തുല്യമാണ് ഒരു “ഇ‍ഞ്ചിക്കറി“യെന്നു വിവരിക്കുന്നുണ്ട്.

101 കറികള്‍ക്ക് തുല്യമാണ് ഒരു ഇ‍ഞ്ചിക്കറി എന്നു നമ്മുടെ പൂര്‍വ്വികര്‍ കണ്ടെത്തിയ സുഗന്ധവ്യഞ്ജനങ്ങളിലൊന്നുകൂടിയായ ഇ‍ഞ്ചി കഴി‍‍‍ഞ്ഞ കുറെ വര്‍ഷങ്ങളായി ചെയ്തുവരുന്ന കൃഷി രീതികൊണ്ട് ഒരു വിഷവിളയായി.കടിക്കുന്ന, മനുഷ്യന്‍റെ ആരോഗ്യത്തെ നശിപ്പിക്കുന്ന തരത്തിലേക്ക് എത്തിയിരിക്കുന്നു.

പച്ചക്കറി വിളകളിലെ വിഷപ്രയോഗത്തോളമോ അതില്‍ കൂടുതലോ ആണ് ഇ‍ഞ്ചി കൃഷിയില്‍ ഉപയോഗിക്കുന്ന രാസവളം, കീടനാശിനി പ്രയോഗം എന്നതാണ് വസ്തുത.

ഇ‍ഞ്ചി കൃഷി ചെയ്തു കോടീശ്വരന്മാരായവരും, കച്ചവടം ചെയ്തു കോടീശ്വരന്മാരായവരുമുണ്ട്. എന്നാല്‍ ഇ‍ഞ്ചി കൃഷിമൂലം ആത്മഹത്യ ചെയ്തവരും,കിടപ്പാടം നഷ്ടമായവരുമാണധികവും.

കര്‍ണ്ണാടക,ഗോവ,മഹാരാഷ്ട്ര,ആസ്സാം,ഛത്തീസ്ഗഢ് വരെ ഇ‍ഞ്ചി കൃഷിയുമായി മലയാളികള്‍ എത്തി നില്ക്കുന്നു. കര്‍ണ്ണാടകയില്‍ ഒരു ഏക്കര്‍ ഇ‍ഞ്ചി കൃഷിക്കു പാട്ടത്തിനെടുക്കാന്‍ ഒരു ലക്ഷം രൂപയും കൃഷി ചെലവ് ഏകദേശം3.5 ലക്ഷവുമായി ഉയര്‍ന്നിരിക്കുന്നു. ഛത്തീസ്ഗഢില്‍ ഒരു ഏക്കറിനു 10000രൂപ മുതല്‍ ആണ് ഇപ്പോഴുള്ളത് പാട്ടം കൃഷി ചെലവ് ഏകദേശം രണ്ടരലക്ഷവും.

ഒരേക്കറില്‍ ആദ്യകാലങ്ങളില്‍ 10 ചാക്ക് (ഒരു ചാക്ക്=60kg) ഇ‍ഞ്ചി വിത്ത് മതിയാകുമായിരുന്നു. എന്നാല്‍ ഉണക്ക്ബാധിച്ച് നട്ട വിത്ത് നശിക്കാതിരിക്കാനും, കൂടുതല്‍ മുളകള്‍ ഉണ്ടാകാനും വേണ്ടി വലിയ കഷ്ണങ്ങളാക്കുന്നതിനാല്‍ 20 ചാക്ക് (1200kg) വരെ വിത്തു ഉപയോഗിക്കുന്നുണ്ട്. ഇതും കൃഷി ചെലവ് വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഒരേക്കറില്‍ നിന്ന് ഏകദേശം 350 മുതല്‍ 400 ചാക്ക് വരെ ഇ‍ഞ്ചി ലഭിക്കുകയും ചാക്കൊന്നിന് 2000 രൂപയില്‍ കുറയാതെ വില ലഭിക്കുകയും ചെയ്താല്‍ മുടക്കിയതിന്‍റെ ഇരട്ടി തിരികെ ലഭിക്കും, വില കൂടുംതോറും കര്‍ഷകന്‍റെ സന്തോഷം കൂടാം പക്ഷെ പലപ്പോഴും പല കര്‍ഷകര്‍ക്കും മുടക്കു മുതല്‍ പോലും ലഭിക്കാറില്ലെന്നതാണ് വസ്തുത.

പല അന്താരാഷ്ട്ര ബ്രാന്‍ഡഡ് കീടനാശിനികളും, ഉപോല്പന്നങ്ങളും,രാസവളങ്ങളും, കൃഷി വിദഗ്ധരും കൂടി കര്‍ഷകന്‍റെ കീശചോര്‍ത്തുന്ന ഇ‍ഞ്ചിപ്പാടങ്ങളില്‍ പലപ്പോഴും ബാക്കിയാകുന്നതു ചെറുകിടകര്‍ഷകന്‍റെ കണ്ണീരുവീണ, അമിത രാസവളവും, കീടനാശിനി പ്രയോഗവും കൊണ്ടു നശിച്ചു തുടങ്ങിയ മണ്ണുമാത്രമാണ്.

ഇ‍ഞ്ചി കൃഷി ഉല്പാദനച്ചെലവില്‍ പ്രധാനമാണ് കള പറിക്കലും,പുതയിടലും,വളം, കീടനാശിനി പ്രയോഗവും ഈ ചെലവുകള്‍ ഗണ്യമായതോതില്‍ കുറച്ചുകൊണ്ടു വരാനും ഇ‍ഞ്ചിയുടെ ഗുണമേന്മയും പോശകമൂല്യവും വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നതാണ് പ്രകൃതികൃഷി സമ്പ്രദായം എന്നുമാത്രമല്ല വിളവ് ഒട്ടും കുറയാതെ പരിസ്ഥിതിക്കു ദോഷം പറ്റാതെ ഇ‍ഞ്ചി കൃഷി ചെയ്യാനും കൂടിയ വിലയ്ക്ക് ഇ‍ഞ്ചി വില്ക്കാനും കര്‍ഷകനുസാധിക്കും.

“ചുക്ക് ചേരാത്ത കഷായമില്ലെന്നാണ്” ചൊല്ല് ചുക്കാക്കുന്ന ഇ‍ഞ്ചി വിഷമുക്തമായിരിക്കണം എങ്കിലെ കഷായത്തിനു ഗുണമുണ്ടാകുകയുള്ളു.ചുക്കിനുവേണ്ടി, മാരന്‍, വരദ, ഹിമാചല്‍ തുടങ്ങിയ ഇനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. കൂടുതല്‍ വിളവ് ലഭിക്കുന്നതിനു “റിയോഡി“യാണ് സാധാരണ കൃഷി ചെയ്യുന്നത്. നാരുകുറവും,ജലാംശം കൂടുതലുമായതിനാല്‍ ഇതു ചുക്കിനു പറ്റുകയില്ല. പല നാടന്‍ ഇനങ്ങളും അപൂര്‍വ്വവുമാണ്.

ഇ‍ഞ്ചി വിത്ത്

മൂപ്പ് എത്തിയ ഇ‍ഞ്ചി തണ്ടു ചാഞ്ഞ ശേഷം കിളച്ചു പറിച്ചു നല്ലതു തെരെഞ്ഞെടുത്തു തണലില്‍ സൂക്ഷിക്കുകയാണ് സാധാരണ ചെയ്യുന്നത്.എന്നാല്‍ തണ്ടു ചാഞ്ഞ ശേഷം ചാലില്‍ നിന്നും മണ്ണും കളകളും കൂടി വരണ്ടിയെടുത്തു പുതയിട്ട് പുതുമഴയോടെ വിത്തിനുള്ളവ കിളച്ചെടുത്ത് തെരെഞ്ഞെടുത്തു നടുന്നവരുമുണ്ട്, രോഗബാധയുള്ള ഇ‍ഞ്ചി പൂര്‍ണ്ണമായും നശിക്കുകയും നല്ല ഇ‍ഞ്ചി മാത്രം കിളച്ചെടുത്ത് കിട്ടുകയും ചെയ്യുന്നു എന്ന സൗകര്യവുമുണ്ട്. ഇങ്ങനെ എടുക്കുന്ന ഇ‍ഞ്ചിയോടൊപ്പം ആദ്യം നട്ട വിത്തുകഷ്ണവും കൂടി ഉണ്ടെന്നു ഉറപ്പു വരുത്തി വേണം വിത്തിനെടുക്കാന്‍ ഈ കഷ്ണം ഒടിച്ചു കളയണം.

ബീജാമൃത പരിചരണം

ബീജാമൃതം തയ്യാറാക്കുമ്പോള്‍ ചാണകം കിഴികെട്ടിയിടരുത്. നേരിട്ടു വെള്ളത്തില്‍ ചാണകം ലയിപ്പിച്ചതാകണം. തയ്യാറാക്കിയ ബീജാമൃതം നന്നായി ഇളക്കിയ ശേഷം അതില്‍ ഇ‍ഞ്ചി വിത്തു മുക്കിയിടുക–അഞ്ചു മിനിറ്റ് മുതല്‍ പതിനഞ്ചു മിനിറ്റ് വരെ. അതിനു ശേഷം ചാണകം മെഴുകിയ തറയിലോ ഷീറ്റിലോ തണലില്‍ വിരിച്ചിട്ടുണക്കിയ ശേഷം ഷെഡില്‍ അടുക്കി വയ്ക്കാം –പാണല്‍, വേപ്പ്, നാട്ടു മാവിന്‍റെ ചപ്പ് കൊണ്ടു പുതയിടുന്നതു ചൂടേല്ക്കാതിരിക്കാനും, കീടങ്ങളെ അകറ്റാനും നല്ലതാണ്–മഴ നനയരുത്.വിത്തിനെ പൊതിഞ്ഞു ബീജാമൃതത്തിന്‍റെ ആവരണമുണ്ടാകും.

ഇ‍ഞ്ചി നടാനുദ്ദേശിക്കുന്ന സ്ഥലം കര്‍ക്കിടകത്തില്‍ മഴ പോകുന്നതിനു മുമ്പായി കിളച്ചിടണം. ഏപ്രില്‍–മേയ് മാസത്തില്‍ പുതുമഴ ലഭിക്കുന്നതോടെ നന്നായി കിളച്ചൊരുക്കിയിടുക. കള ശല്യം നിയന്ത്രിക്കാനും മണ്ണു പരുവപ്പെടാനും ഈ രണ്ടാം കിള സഹായിക്കും.

ഘനജീവാമ‌ൃതം

നാടന്‍ പശുവിന്‍റെ ചാണകം കൊണ്ടുള്ള ഘനജീവാമ‌ൃതം 200kg, ½ ട്രാക്ടര്‍ എങ്കിലും ചാണകം ഉണക്കിപ്പൊടിച്ചതുമായി നന്നായി ഇളക്കിച്ചേര്‍ത്തു ചണച്ചാക്കുകളില്‍ കരുതണം, 1 ഏക്കറിനു ഇതു മതിയാകും.

പുതയിടല്‍

കരിയില അടിച്ചു കൂട്ടിയത്, വൈക്കോല്‍, മരങ്ങളില്‍ നിന്നും കോതിയിറക്കിയ ചപ്പ് എന്നിവ കരുതുക.

വിത്ത്

‍ നേരത്തെ ബീജാമൃതം മുക്കി സൂക്ഷിച്ച വിത്തെടുത്തു പരിശോധിക്കുക രോഗബാധയുള്ളതും, ചുക്കിച്ചുളിഞ്ഞതുമായവമാറ്റി മുകുളമുള്ളതും കുറഞ്ഞത് 50 ഗ്രാമില്‍ കുറയാതെ കനവും വലുപ്പവും കണക്കാക്കി വേണം മുറിക്കുവാന്‍, ഒടിച്ചെടുക്കുകയോ കത്തികൊണ്ടു മുറിച്ചെടുക്കുകയോ ചെയ്യാം.

üകുറ‍ഞ്ഞതു 1¼ അടി ഉയരത്തില്‍ 20 ഇഞ്ച് വീതിയില്‍ നീര്‍വാര്‍ച്ചക്കനുസരിച്ച് നീളം, ഉയരം, വീതി എന്നിവ കൂട്ടിയും കുറച്ചും –തവാരണ – തയ്യാറാക്കാം.

üകുഴി എടുക്കാന്‍ ചെറുതൂമ്പ കരുതണം.

üകുഴിയുടെ ആഴം 3-4 ഇഞ്ചില്‍ കൂടരുത്.

üബീജാമൃതത്തില്‍ പരിചരിച്ച ചീര,മുളക് വിത്തുകള്‍ ഘനജീവാമ‌ൃതത്തില്‍കലര്‍ത്തി ഉപയോഗിക്കാം.

üവിതപയര്‍ വിത്ത് 2kg ഘനജീവാമ‌ൃതത്തില്‍ പരിചരിച്ചതു കരുതുക.

üവിത്ത്,വളം,പുതയിടാനുള്ള ജൈവാവശിഷ്ടങ്ങള്‍ എന്നിവ പാടത്തെത്തിക്കുക.

üപുതുമഴ പെയ്തു ഏപ്രില്‍–മേയ് മാസങ്ങളില്‍ കറുത്തവാവു മുതല്‍ വെളുത്തവാവു വരെയുള്ള ദിവസങ്ങളില്‍ നടീല്‍ പൂര്‍ത്തിയാക്കാം.

I. നേരത്തേ വെട്ടിയിട്ട തവാരണയുടെ മുകള്‍വശം തൂമ്പ കൊണ്ട് ഇളക്കി കട്ടകള് മാറ്റി പരത്തി ലെവലായി ഇടുക.

II. ചെറു തൂമ്പ കൊണ്ടു കുഴികളെടുക്കുക.

III. വിത്തിടുക.

IV. വിത്തിന്‍റെ മുകുളം മുകുളിലേക്ക് വരത്തക്ക വിധം പതിച്ചിടുക, അല്പം മണ്ണുമൂടത്തക്കവിധം.‍‍

V. കുഴിയുടെ മുക്കാല്‍ ഭാഗത്തിലധികം നിറച്ചു വളമിടണം.

VI. കുഴികളുടെ വക്കുകള്‍ തട്ടി നിരത്തുക, തവാരണയുടെ നാല് അതിരുകളിലെ വക്കുകള്‍ നിര്‍ത്തി വേണം ചെയ്യാന്‍.

VII. പുതയിടുക.

VIII. തവാരണയുടെ വശങ്ങളില്‍ 2 വീതം പയര്‍ മണികള്‍ ഒരടി അകലമിട്ടു നടുക.

ജീവാമൃത പ്രയോഗം

1. ഇ‍ഞ്ചി നട്ടു ഒരു മാസത്തിനകം മഴ ലഭിച്ചില്ലെങ്കില്‍ ജലസേചനം നടത്തിയ ശേഷം ജീവാമൃതം 1:10 എന്ന അനുപാതത്തില്‍ തളിക്കാം. തുടക്കത്തില്‍ 1:5കൊടുക്കാം വളര്‍ച്ചകൂട്ടാന്‍ സഹായിക്കും.

2. പയര്‍ മുളച്ചു വരുന്നത് ചാലിലേക്ക് ചായ്ച്ചു വയ്ക്കണം.

3. തവാരണയില്‍ കളകള്‍ വളരുന്നത് പറിച്ചിടുക.

4. പയര്‍ മുളച്ചു പൂവിടുന്നതോടെ രണ്ടാമതു പുതയിടല്‍ നടത്താം– അതിനു പയര്‍ ചെടി കത്തികൊണ്ടു മുറിച്ചെടുത്തു തറച്ചിടുകയും ഇ‍ഞ്ചിയുടെ മുളകള്‍ക്ക് ക്ഷതമേ‍‍‍‍‍ല്‍ക്കാതെ ഒതുക്കി നിരത്തിയിടുകയും വേണം.

5. പുത ഉണങ്ങുന്നതോടെ ജീവാമൃതം വീണ്ടും പ്രയോഗിക്കാം.

6. തവാരണയുടെ ചാലുകള്‍ വരണ്ടിയിടുകയും മണ്ണ് തൂമ്പ കൊണ്ടു വടിച്ചെടുത്ത് തവാരണയുടെ വശങ്ങളെ ബലപ്പെടുത്തുകയും വേണം.

7. രണ്ടാമത്തെ പയര്‍ നടണം.

8. തവാരണയില്‍ അധികം വന്നിട്ടുള്ള മുളക്,ചീര തൈകള്‍ പറിച്ചെടുത്ത് കുറവുള്ള സ്ഥലങ്ങളില്‍ നട്ടു ക്രമീകരിക്കാവുന്നതാണ്.

9. മാസത്തില്‍ 2 തവണ എന്ന തോതില്‍ ജീവാമൃതം തളിക്കുകയും,സ്പ്രേ ചെയ്യുകയും ആവാം.

10. കളകള്‍ അധികവും വളരുന്നത് ചാലുകളിലായിരിക്കും അത് നിയന്ത്രിക്കുന്നതിനു പയര്‍ ചെടികള്‍ സഹായിക്കുന്നു പുതയിടാനുള്ള ജൈവാവശിഷ്ടങ്ങള്‍ ലഭിക്കുന്നു.

11. തവാരണകളില്‍ വളരുന്ന കളകളെ നിയന്ത്രിക്കാന്‍ പുതയിടല്‍ സഹായിക്കുന്നുണ്ടെങ്കിലും അധികമുള്ള കളകള്‍ പറച്ചെടുത്ത് പുതയിടണം.

12. പയര്‍ ചെടികള്‍ വളര്‍ന്നു പൂവിട്ടു കഴിഞ്ഞാല്‍ മൂന്നാമത് പുതയിടലും,അരികുകള്‍ ബലപ്പെടുത്തലും ചെയ്യുക.

13. ജീവമ‍ൃതം പ്രയോഗിക്കുക.

വീട്ടാവശ്യത്തിനുള്ള പയര്‍, പയറ്റില, മുളക്,ചീര എന്നിവ കൃഷിയിടത്തില്‍ നിന്നു ലഭിക്കും.

നാടന്‍ പശു – പ്രകൃതികൃഷിയുടെ അവശ്യഘടകം

പ്രകൃതികൃഷിയില്‍ ആകെ വേണ്ടത് ഒരു നാടന്‍ പശു മാത്രമാണ്. ഇന്ന് പാലിനുവേണ്ടി നമ്മള്‍ ആശ്രയിക്കുന്ന ജഴ്സി, എച്ച് എഫ്,സ്വിസ് ബ്രൗണ്‍ ഇനങ്ങള്‍ പശു അല്ലെന്ന് പലേക്കര്‍ജിസമര്‍ത്ഥിക്കുന്നു. ഇന്ത്യ, ചൈന,ശ്രീലങ്ക, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, മലേഷ്യ എന്നിവിടങ്ങളില്‍ ഉള്ള പശുക്കള്‍ ബോസ് ഇന്‍‍‍ഡിക്കസ് വിഭാഗത്തില്‍പ്പെടുന്നു. മുന്‍പറഞ്ഞ സങ്കരയിനങ്ങള്‍ ബോസ്ടോറസാണ്.ഇവയുടെ പാല്, ചാണകം, മൂത്രം എന്നിവയുടെ ഘടനയിലും ഗുണത്തിലും ധര്‍മ്മത്തിലുമെല്ലാം സ്പഷ്ടമായ വ്യത്യാസങ്ങള്‍ ഉണ്ട്. നാടന്‍ പശുവിന്‍റെ ഒരു ഗ്രാം ചാണകത്തില്‍ മണ്ണിന് അനുകൂലമായ സൂക്ഷമാണുക്കള്‍ മുന്നൂറു കോടി മുതല്‍ അഞ്ഞൂറു കോടി വരെ ഉണ്ടാകും. എന്നാല്‍ സങ്കരയിനം പശുക്കളുടെ ഒരു ഗ്രാം ചാണകത്തില്‍ അവ ലക്ഷക്കണക്കിനുമാത്രമേ കാണൂ. മാത്രമല്ല അവ ദോഷങ്ങള്‍ മാത്രം സമ്മാനിക്കുന്നവയാണ്. ഒരുനാടന്‍ പശുവിന്‍റെ ചാണകവും മൂത്രവും ഉപയോഗിച്ച് മുപ്പത്ഏക്കര്‍ വരെ കൃഷി ചെയ്യാമെന്ന് പലേക്കര്‍തെളിയിക്കുന്നു. വേറെ വളമോ കീടനാശിനികളോ ആവശ്യമില്ല.

പലേക്കര്‍കൃഷി നല്‍കുന്ന പ്രതീക്ഷകള്‍

അറുപത് എഴുപത് വ൪ഷം മു൯പുവരെ നമ്മള്‍ തുടര്‍ന്നിരുന്ന കൃഷിയുടെ നന്മകള്‍ ആസ്വദിച്ചുട്ടുള്ള തലമുറ ഇന്നും സജീവമായിട്ടുണ്ടിവിടെ.. ആ നന്മകളെ കേന്ദ്രീകരിച്ചു കൊണ്ട് നിരവധി പഠനങ്ങളും പരീക്ഷണങ്ങളും നടത്തി ആധുനിക കൃഷിയുടെ സങ്കേതങ്ങളുമായി തുലനം ചെയ്തപ്പോള്‍ പരമ്പരാഗതകൃഷിരീതിയില്‍ മറഞ്ഞിരുന്ന ശാസ്ത്രീയത കൂടുതല്‍ സ്പഷ്ടമാകുകയാണ് ചെയ്തത്.

ചെലവില്ലാപ്രകൃതികൃഷി എന്ന പേരുനല്‍കി കാല്‍നൂറ്റാണ്ടുകാലം ഒരു നിയോഗംപോലെ സ്വയം ഏറ്റെടുത്ത് സമൂഹനന്മയ്ക്കുവേണ്ടി തികച്ചും നിസ്വാര്‍ത്ഥമായി അത് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന മഹാരാഷ്ട്രക്കാരനായ സുഭാഷ് പലേക്കറോട് ഈ വിഷയത്തില്‍ നമ്മുടെ രാജ്യം കടപ്പെട്ടിരിക്കുന്നു.ഇന്ന് അമ്പതുലക്ഷത്തിലധികം കര്‍ഷകര്‍ ഇന്ത്യയില്‍ ഈ രീതിയില്‍ കൃഷി ചെയ്യുന്നുണ്ട്.

എന്താണ് പ്രകൃതികൃഷിയുടെ സവിശേഷതകള്‍

പലേക്കര്‍ രൂപം നല്‍കി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ചെലവില്ലാപ്രകൃതികൃഷിയുടെ ശാസ്ത്ര തത്വം വളരെ ലളിതമാണ്. അത് പ്രകൃതിപ്രതിഭാസത്തെ അടിസ്ഥാനപ്പെടുത്തിയതാണ്. ഏറ്റവും വലിയ ശാസ്ത്രകാരനും പ്രകൃതിതന്നെയണല്ലോ. ഈ വിശ്വപ്രകൃതി എന്നുടലെടുത്തോ അന്നുമുതല്‍തന്നെ അതിന്‍റെ

വിന്ന്യാസക്രമത്തില്‍ എണ്ണിയാല്‍ ഒടുങ്ങാത്ത നിത്യസത്യങ്ങളും ഉണ്ട്.അവമാറ്റമില്ലാതെ ഇന്നുംതുടരുന്നു നാളെയും തുടരും. ധിഷണയുള്ള മനുഷ്യന്‍ ആ ശക്തികളെ അടുത്തറിയുന്നതിനെയാണല്ലോ ശാസ്ത്രത്തില്‍ നമ്മള്‍ കണ്ടുപിടുത്തമെന്ന് വിശേഷിപ്പിക്കുന്നത്. അല്ലാതെ മനുഷ്യനായിട്ട് ഈ വിശ്വപ്രകൃതിയില്‍ അവന്‍റെതായി ഒന്നും ഉണ്ടാക്കുന്നില്ല. പ്രകൃതിയുടെ അനന്യമായ ഈ ശക്തിവിശേഷത്തെ ആധാരമാക്കിക്കൊണ്ട് രൂപം കൊടുത്തിട്ടുള്ള ഈ കൃഷിരീതിക്ക് പലേക്കര്‍ ആദ്ധ്യാത്മികകൃഷി എന്നുകൂടി പേരുനല്‍കിയതിന്‍റെ കാരണം മറ്റൊന്നുമല്ല.

നമ്മുടെ ഹരിതഭൂമിയുടെ സമസ്ത കാഴ്ചകളുടെയും പിന്നില്‍ പ്രകൃതിയുടെ അതിനിഗൂഢതകള്‍ മറഞ്ഞിരിക്കുന്നു. ഹരിതകൗതുകത്തിലെ ഏറ്റവും ശക്തവും അത്ഭുതവുമായ കാഴ്ച കാടുതന്നെയാണ്. കാടിന്‍റെ കരുത്ത്,അതിന്‍റെ പച്ചപ്പ്, അതിലെ സമസ്തജീവവസ്തുക്കളുടെയും ആരോഗ്യം,അവയുടെ സമൃദ്ധി തുടങ്ങി സകലവും സ്വാഭാവികമായിതന്നെ ഉണ്ടായതുപോലെ തുടരുന്നു. ആരുടെയെങ്കിലും ഒത്താശയോ മിടുക്കോ കൂടാതെയാണ് ഇതെല്ലാം നിലനില്ക്കുന്നത്. നിലംപറ്റിനില്ക്കുന്ന പുല്ലുമുതല്‍ കൂറ്റന്‍ മരങ്ങള്‍വരെ പൂര്‍ണ്ണ ആരോഗ്യത്തോടെ വര്‍ത്തിക്കുന്നതിന്‍റെയും സമ‍ൃദ്ധമായ വിളവ് നല്‍കുന്നതിന്‍റെയും രഹസ്യമാണ് ചെലവില്ലാപ്രകൃതികൃഷിയുടെ ആധാരം. കാട്ടില്‍ ആരും ഒരു വളവും ഇടുന്നില്ല; മണ്ണിളക്കുന്നില്ല; ഒരു ഇടപെടലും ഇല്ല. എന്നിട്ടും അവിടെ എല്ലാം ആരോഗ്യത്തോടെ കരുത്തോടെ വളരുന്നു; പെരുകുന്നു.

ഒന്നാമതായി കാട്ടിലെ മണ്ണിന്‍റെ വളക്കൂറ് എന്നത് ഏതെങ്കിലും അജൈവമായ വസ്തുക്കളുടെ സാന്നിദ്ധ്യമല്ല. മറിച്ച് അവിടെ അല്പംപോലും നിയന്ത്രണമില്ലാതെയും തടസ്സങ്ങളില്ലാതെയും യഥേഷ്ടം ജീവിക്കുന്ന അതിസൂക്ഷമജീവികള്‍ (മൈക്രോ ഓര്‍ഗാനിസം) മുതല്‍ വണ്ട്, മണ്ണിര തുടങ്ങി നൂറുനൂറുകണക്കായ ജീവവര്‍ഗ്ഗങ്ങളുടെ സാന്നിദ്ധ്യമാണ് എന്ന് പലേക്കര്‍ സമര്‍ത്ഥിക്കുന്നു.

രണ്ടാമതായി സസ്യങ്ങള്‍ തമ്മില്‍ മണ്ണില്‍ ഒരു മത്സരവും ഇല്ലെന്ന് പലേക്കര്‍ തെളിയിക്കുന്നു. ഒരു സസ്യത്തിന്‍റെ വളര്‍ച്ചയ്ക്കും നിലനില്പിനുംവേണ്ട വസ്തുക്കളുല്‍ വെറും ഒന്നര ശതമാനം മാത്രമാണ് മണ്ണില്‍നിന്നും എടുക്കുന്നത്. ബാക്കി തൊണ്ണൂറ്റി എട്ടര ശതമാനവും സൂര്യപ്രകാശം, വായു,ജലം(ഈര്‍പ്പം) എന്നീ അടിസ്ഥാനമൂലകങ്ങളില്‍നിന്നുമാണ് എടുക്കുന്നത്.വെറും ഒന്നര ശതമാനം കൊടുക്കുന്നതിനുവേണ്ടി മണ്ണില്‍ ടണ്‍ കണക്കിന് ഒരു വസ്തുവും ചേര്‍ക്കേണ്ടതില്ല.

മൂന്നാമതായി പലേക്കര്‍ തെളിയിച്ചത് കൃഷിയിടത്തിലെ മണ്ണിനെ കാട്ടിലെ മണ്ണാക്കി മാറ്റാം എന്നതാണ്. അതായത് കാട്ടിലെ മണ്ണിലുള്ളതുപോലെ തന്നെയുള്ള അനുകൂല ജീവികളുടെ സാന്നിദ്ധ്യം കൃഷിയിടത്തിലും ഉണ്ടാക്കാന്‍ സാധിക്കും. ഇതിനുള്ള പ്രക്രിയയാണ് ചെലവില്ലാപ്രകൃതികൃഷിയുടെ പ്രയോഗവശം.

നെല്‍കൃഷിയിലെ മഹത്ത് വിജയം പ്രകൃതികൃഷിയിലൂടെ

നെല്‍കൃഷി

പച്ചക്കറി കൃഷിയിലെ എന്‍റെ ഫലങ്ങള്‍ എന്തുകൊണ്ട് ആവശ്യമുള്ള ധാന്യങ്ങള്‍ നമുക്കു തന്നെ ഉല്‍പ്പാദിപ്പിച്ചു കൂടാ എന്ന ചിന്തയിലേയ്ക്ക് നയിച്ചു. ചിന്ത മനസ്സിനെ മദിച്ച സമയത്ത് ഞാന്‍ പല കൃഷിക്കാരുമായും ഇതിനെക്കുറിച്ച് സംവദിച്ചു. നെല്‍കൃഷിയാല്‍ ഉണ്ടായ വമ്പന്‍ സാമ്പത്തിക നഷ്ടത്തിന്‍റെയും കീടബാധയുടെയും തൊഴിലാളിലഭ്യതക്കുറവിന്‍റെയും ഉള്‍പ്പെടെ വലിയൊരു പരാതിപട്ടിക തന്നെ ഉത്തരമായി ലഭിച്ചു. സാമ്പത്തിക നഷ്ടമെന്നത് എനിക്കൊരു പേടിയായി തോന്നിയില്ലയെങ്കിലും തൊഴിലാളിലഭ്യതക്കുറവും കീടബാധപേടിയും പിന്നെയും ഒരു ചോദ്യമായി നിലനിന്നു. ഭാഗ്യവശാല്‍ ആയിടയ്ക്ക് ശ്രീ. ഗംഗാധരന്‍ എന്ന ഒരു കൃഷിക്കാരനുമായി പരിചയപ്പെടാന്‍ കഴിഞ്ഞു. ആത്മാര്‍ത്ഥയും അര്‍പ്പണമനോഭാവവുമുള്ള അദ്ദേഹത്തെപ്പോലുള്ള ഒരു കൃഷിക്കാരനെ സഹായിയായി ലഭിച്ചത് എന്നിലെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. രണ്ടും കല്പ്പിച്ച് ഞാന്‍ നെല്‍കൃഷി ചെയ്യാന്‍ തീരുമാനിച്ചു.

കൃഷിഭവനില്‍ നിന്നുള്ള നിര്‍ദ്ദേശമനുസരിച്ച് സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള പട്ടത്തിനടുത്തെ നെല്‍ വിത്തു ഗവേഷണ കേന്ദ്രത്തില്‍ നിന്ന് കാഞ്ചനയെന്ന ഇനത്തിലെ 5 കിലോ നെല്‍ വിത്ത് വാങ്ങി. വിത്തു വാങ്ങിയതിനു ശേഷമാണ് അതു നാടന്‍ നെല്‍വിത്തല്ലയെന്നറിയുന്നത്.പിന്നീടാണ് ഒറ്റ ഞാര്‍ കൃഷി വേണോ അതോ പഴയ കൃഷിരീതി വേണോയെന്നു ചിന്തിക്കുന്നത്. ഒടുവില്‍ ഒറ്റ ഞാര്‍ കൃഷിരീതി തന്നെ ആവാമെന്നു തീരുമാനിച്ചു. പ്ലാസ്റ്റിക് ഷീറ്റ് വാങ്ങി ചാണകപ്പൊടിയും മണ്ണും കലര്‍ത്തി വിത്തു പാകി . പാടത്തിന്‍റെ വിസ്തൃതി വെറും 20സെന്‍റായിരുന്നു.

പത്തു പതിനഞ്ച് വര്‍ഷത്തിനു മുമ്പു മാത്രമാണ് ഇതിനു മുമ്പ് ഈ കൃഷിയിടത്തില്‍ നെല്‍കൃഷി ചെയ്തത്. അതിനാല്‍ നിലമൊരുക്കല്‍ ഒരു ഭഗീരഥ പ്രയത്നമായി . ഒരു ചെറിയ ലോറി ചാണകവും പ്രയോഗിച്ചു.ജലദൗര്‍ലഭ്യവും പ്രശ്നമായി ഒടുവില്‍ പെട്രോള്‍ പമ്പ് ഉപയോഗിച്ച് വെള്ളം അടിച്ചു കയറ്റി വിത്തു പാകി 3 ആഴ്ച കഴിഞ്ഞപ്പോള്‍ ഞാര്‍ നട്ടു. ഒറ്റ ഞാര്‍ കൃഷിരീതിയില്‍ 10 സെന്‍റീമീറ്റര്‍ അകലത്തില്‍ കയര്‍ പിടിച്ച് ഞാര്‍ നട്ടു.

അടയാണി (നീര്‍ചാല്‍) കുറച്ച് താഴെയായതിനാല്‍ വെള്ളം കയറ്റാന്‍ സാധിക്കുമായിരുന്നില്ല. ഈ കുറവ് വലിയൊരു പ്രശ്നമായി.

ഒടുവില്‍ പ്രശ്നപരിഹാരത്തിനായി സ്വന്തമായി ഒരു പമ്പ് വാങ്ങി ആഴ്ച തോറും വെള്ളം പമ്പ് ചെയ്യാന്‍ തുടങ്ങി. ഇതിനായി ചില ദിവസങ്ങളില്‍ അവധിയെടുക്കേണ്ടിയും വന്നു.

രണ്ടു മൂന്നു ആഴ്ച കഴിഞ്ഞപ്പോള്‍ 100 ലിറ്റര്‍ ജീവാമൃതം ഒഴിച്ചു കൊടുത്തു. ജീവാമൃതം അതിന്‍റെ പരിപൂര്‍ണ്ണ ഫലസിദ്ധി ലഭിക്കണമെങ്കില്‍ മണ്ണിനു പുത വേണം. അതിനായി കൊന്നത്തോല്‍ കൊണ്ടു വയലില്‍ നിക്ഷേപിച്ചു. ഞാര്‍ നല്ല പുഷ്ടിയോടെ വളരാന്‍ തുടങ്ങി.

തുടര്‍ന്ന് കണ്ട ഒരു പ്രത്യേകത ചില ഭാഗങ്ങളില്‍ നന്നായി തഴച്ചു വളരുന്ന അവസ്ഥയാണ്. ഇതിന്‍റെ പിന്നിലെന്താണെന്ന് അന്വേഷിച്ചപ്പോള്‍ മനസ്സിലായത് ആ ഭാഗത്തായിരുന്നു നീര്‍ചാലുണ്ടായിരുന്നതെന്നാണ്. ചുറ്റുവട്ടത്തെ നീര്‍ച്ചാലിലെ പ്രത്യേകതകള്‍ വീക്ഷിച്ചപ്പോഴാണ് ഒരു കാര്യം മനസ്സിലായത്.ഓരോ കൃഷിയിലുമുള്ള ജൈവാവശിഷ്ടങ്ങള്‍ ഈ ചാലിലാണ് നിക്ഷേപിക്കുന്നതും അത് അവിടെ കിടന്ന് അഴുകി മണ്ണ് സമ്പുഷ്ടമാകുന്നതെന്നും. ഇതേ സമ്പുഷ്ടീകരണം എല്ലാ സ്ഥലത്തും നടക്കാനായി കൂടുതല്‍ ജൈവാവശിഷ്ടങ്ങള്‍ ( കൊന്നത്തോല്‍, ചിലാന്തിത്തോല്‍) എന്നിവ നിക്ഷേപിച്ചു പിന്നീട് കുറച്ച് കടലപ്പിണ്ണാക്കും നല്‍കി .തുടര്‍ന്ന് എല്ലാ സ്ഥലത്തെ ഞാറുകളും പുഷ്ടിപ്പെടുന്നതു ദൃശ്യമായി.

ജലലഭ്യതക്കുറവ് എന്നും ഒരു പ്രശ്നമായി തന്നെ തുടര്‍ന്നു.ആഴ്ചയിലൊരിക്കല്‍ പമ്പു ചെയ്തു കയറ്റിയിരുന്ന അവസ്ഥ മാറ്റേണ്ടിയും വന്നു കാരണം ചിലപ്പോള്‍ ആവശ്യത്തിനുള്ള ജലം ഒരു ദിവസം കിട്ടുന്നില്ലായിരുന്നു. അങ്ങനെ ചില ദിവസങ്ങളില്‍ അവധിയെടുക്കേണ്ടിയും വന്നു. ജലദൗര്‍ലഭ്യത്താല്‍ വിളറി നില്‍ക്കുന്ന നെല്‍ച്ചെടികളെ താലോലിക്കാതിരിക്കാന്‍ എനിക്കു കഴിഞ്ഞില്ല. അതിനാല്‍ ചില ഔദ്ദോഗിക തിരക്കുകള്‍ വരെ മാറ്റി വച്ചിട്ടുണ്ട്. വിളറി നിന്ന നെല്‍ച്ചെടികളെ നോക്കി കണ്ണീരണിഞ്ഞതും പ്രാര്‍ത്ഥിച്ചതും തിരിച്ചു വരാന്‍ നേരം തന്നെ മഴചാറിയതും എന്നിലെ ഒരു ദൈവവിശ്വാസിയെ പുനര്‍ജ്ജീവിപ്പിക്കുന്നു.അഭൗമമായ വസ്തുക്കളിലും ആത്മാവുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ആഴ്ചയിലൊരിക്കല്‍ 5 മുതല്‍ 8 മണിക്കൂര്‍ വരെ പമ്പ് ചെയ്ത് വെള്ളം കയറ്റിയിരുന്നു. എനിക്കു തോന്നുന്നു 25000 മുതല്‍ 35000 ലിറ്റര്‍ വരെ വെള്ളം പമ്പ് ചെയ്യുമായിരുന്നു. നാട്ടില്‍ പാടശേഖരങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ സ്വാഭാവികമായി തന്നെ എത്ര മാത്രം വെള്ളം ശേഖരിക്കാമായിരുന്നു.പേമാരിയും വെള്ളപ്പൊക്കവും വരള്‍ച്ചയും ഒഴിവാക്കാന്‍ ഇതു പ്രാപ്തമാക്കുമെന്ന് മാത്രമല്ല ഒരിക്കലും ജലക്ഷാമവും ഉണ്ടാകില്ലായിരുന്നുവെന്ന് തോന്നുന്നു.

മറ്റൊരു പരീക്ഷണം നടത്തിയത് അസോള പായല്‍ ഉപയോഗിച്ചാണ്.അന്തരീക്ഷ നൈട്രജനെ നൈട്രേറ്റാക്കി മാറ്റാന്‍ അസോളയ്ക്ക് ശേഷിയുണ്ടെന്ന് വായിച്ചിട്ടുണ്ട്. വീട്ടിലുള്ള കുളത്തില്‍ നിന്നുമുള്ള അസോളയും വയലില്‍ തന്നെ ലഭ്യമായ അസോളയും വയലില്‍ അങ്ങോളമിങ്ങോളം നിക്ഷേപിച്ചു.തുടര്‍ന്ന് കണ്ടത് ജലലഭ്യത കുറച്ചെങ്കിലുമുള്ള സ്ഥലങ്ങളില്‍ അസോള അതിവേഗം വളരുകയും അത് ഒരു സ്വാഭാവിക പുതയായി മാറുകയും ചെയ്യുന്നതാണ്. മാത്രമല്ല ഈ അസോള പുതയായി മാറിയ സ്ഥലത്ത് അടുത്ത ഒരാഴ്ച കഴിഞ്ഞും നല്ല ജലസാന്നിധ്യവും മണ്ണിരക്കുനിപ്പുകളുടെ കൂടുതല്‍ സാന്നിധ്യവുമാണ്.

രണ്ടു തവണയോളം കള നീക്കം ചെയ്തു. മൂന്നു തവണ ജീവാമൃതവും പ്രയോഗിച്ചു. രണ്ടേ മുക്കാല്‍ മാസം കഴിഞ്ഞപ്പോള്‍ തന്നെ ചെറിയ കതിരുകള്‍ പ്രത്യക്ഷമായി. അതേ സമയം തന്നെ ഏഴിയാന്‍ (ചാഴി)എന്നറിയപ്പെടുന്ന ഒരു കീടത്തിന്‍റെ അതിപ്രസരണം ഉണ്ടായി. ശരാശരി ഒരോ നെല്‍ച്ചെടിയിലും ഓരോന്ന് എന്ന ക്രമത്തില്‍ ഇത്തരത്തിലുള്ള കീടാക്രമണം ഉണ്ടായി. ആശയറ്റ നിമിഷങ്ങളായിരുന്നു തുടര്‍ന്നുള്ള ചില ആഴ്ചകള്‍.വേപ്പെണ്ണ – വെളുത്തുള്ളി മിശ്രിതവും അഗ്നാസ്ത്രവുമൊക്കെ പ്രയോഗിച്ചു,ഫലം കണ്ടില്ല. പന്തം കത്തിച്ചു വച്ചാല്‍ ചാഴി കൂട്ടത്തോടെ അതില്‍ വരുമെന്നും നശിച്ചു പോകുമെന്നും പറഞ്ഞ വിവരമനുസരിച്ച് അതും ശ്രമിച്ചു. എന്നിട്ടും കാര്യമായ ഗുണം കണ്ടില്ല. അപ്പോഴേയ്ക്കും കതിരുകള്‍ നിമന്നു തുടങ്ങിയിരുന്നു. ഏകദേശം മൂന്നാഴ്ച ഇതേ രീതിയില്‍ തന്നെ കീടാക്രമണം തുടര്‍ന്നു. ഈ സമയത്താണ് ശ്രീ. കുര്യന്‍ സാറിന്‍റെ നിര്‍ദേശപ്രകാരം വയനാട്ടിലെ ഒരു നെല്‍കൃഷിക്കാരനായ ശ്രീ. ഗോപാലനെ പരിചയപ്പെട്ടതും പ്രശ്ന പരിഹാരത്തിനായി വഴി തേടിയതും . അദ്ദേഹം നിര്‍ദ്ദേശിച്ചതനുസരിച്ച് ഗോമൂത്രം, കായം, വെളുത്തുള്ളി എന്നിവ ഉപയോഗിച്ചു നിര്‍മ്മിച്ച ഒരു തൈലം ഉപയോഗിച്ചു. അത്ഭുതകരമായ മാറ്റമാണ് കണ്ടത്. പിറ്റേ ദിവസം തന്നെ ചാഴിയുടെ എണ്ണം ഗണ്യമായി കുറഞ്ഞു. നാലഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ ഒരിക്കല്‍ കൂടി ഇതേ പ്രയോഗം തന്നെ ചെയ്തു. തുടര്‍ന്ന് ചാഴിയുടെ ആക്രമണം വളരെ കുറഞ്ഞു.

മൂന്നേ മുക്കാല്‍ മാസം കഴിഞ്ഞപ്പോള്‍ നെല്ല് പാകമായി തുടങ്ങി. കൃത്യം 4മാസമായപ്പോള്‍ കൊയ്ത്തിനു പാകമായി. അപ്പോള്‍ മഴ കൂടിയതിനാല്‍ കുറച്ചു ദിവസം കൊയ്ത്ത് മാറ്റി വയ്ക്കേണ്ടി വന്നു. ‘കാഞ്ചന‘ എന്നയിനം വലിയ പൊക്കമില്ലാത്തതിനാല്‍ വലുതായി കാറ്റത്ത് വീഴ്ച സംഭവിച്ചില്ല.ചരിഞ്ഞകുറച്ചു കതിരുകള്‍ വെള്ളത്തിലായിരുന്നു.

തുടര്‍ന്ന് കൊയ്യാനായി തൊഴിലാളികളെ അന്വേഷിച്ചു തുടങ്ങി. ഓണം പ്രമാണിച്ചുള്ള ദിവസമെന്നും കൂടുതല്‍ കൂലി വേണമെന്നും പറഞ്ഞ് ഓരോ ദിവസങ്ങള്‍ മാറ്റി മാറ്റി ഒടുവില്‍ കുറച്ചകലെ നിന്നും ഒരു കൂട്ടം തൊഴിലാളികളെത്തി കൊയ്ത്ത് നടത്തി. വിളവെടുത്തപ്പോള്‍ തന്നെ ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ഉദ്ദ്യോഗസ്ഥര്‍ കണക്കെടുപ്പു നടത്തി രാസവളകൃഷി ശരാശരിയെക്കാള്‍ വളരെ കൂടുതലുണ്ടെന്ന് രേഖപ്പെടുത്തി.

പാറ്റി വൃത്തിയാക്കി വെയിലത്തുണക്കി തൂക്കം നോക്കിയപ്പോള്‍ 440കിലോയ്ക്ക് മേല്‍ നെല്ലാണ്. പഴയ കണക്കു പ്രകാരം 24 മേനി (1 പറ നിലത്തിന് 24 പറ വിളവ്). രാസവിളകൃഷിയുടെ വിളവ് 21-22മേനിയാണെന്നതാണ് വസ്തുത. പ്രകൃതി കൃഷിക്ക് പ്രകൃതി കനിഞ്ഞു നല്‍കിയ വിളവാണെന്നതില്‍ യാതൊരു സംശയവുമില്ല. ഏകദേശം 60കിലയോളം പതിരും ഒരു കൂന നിറയെ വയ്ക്കോലും ഡിസ്കൗണ്ടായി ലഭിച്ചു.

സംഗ്രഹം

മണ്ണിനു ജീവനുണ്ട്; അതിനെ രാസപദാര്‍ത്ഥങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗത്താല്‍ മൃതപ്രായമാക്കരുത്. സ്നേഹിക്കുക; സ്നേഹിച്ചാല്‍ മണ്ണ് പൊന്നാകും. സീറോ ബഡ്ജറ്റ് മണ്ണിന്‍റെ ഊര്‍വ്വരതയ്ക്കും സുസ്ഥിരതയ്ക്കും മുന്‍ തൂക്കം നല്കുന്നു. മനുഷ്യന്‍ അവന്‍റെ അത്യാര്‍ത്തി മാറ്റി വയ്ക്കുക.പ്രകൃതി തന്നെ അവന്‍റെ ആവശ്യങ്ങള്‍ നിവൃത്തിക്കും.

ലാഭം എന്ന വാക്ക് ധനലാഭം എന്നതിലേയ്ക്കായി ചുരുക്കരുത്, ആരോഗ്യ കരമായ കൃഷിയിലൂടെ ആരോഗ്യകരമായ ശരീരവും മനസ്സും ഉള്ള ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കാം. കൃഷി ഒരേ സമയം നല്ലൊരു വ്യായാമവും വിനോദവുമാണ്. ഇങ്ങനെയാക്കിയാല്‍ ആരോഗ്യപരവും സ്വാദിഷ്ടവും വിഷമില്ലാത്തതുമായ ആഹാരം ലഭ്യമാക്കുവാനും സാധിക്കും.

ഭാവി

സമ്മിശ്രകൃഷിരീതിയിലൂടെ മണ്ണിന്‍റെ പോഷകാംശങ്ങള്‍ (സൂക്ഷ്മ മൂലകങ്ങള്‍)സംരക്ഷിക്കാന്‍ ഉതകുന്ന രീതിയില്‍ കൃഷിരീതി ക്രമീകരിക്കുക. നെല്‍കൃഷിക്കു ശേഷം ഉഴുന്ന്, പയര്‍, കടല എന്നിവ കൃഷി ചെയ്യുക. അതിന്‍റെ ജൈവാവശിഷ്ടങ്ങള്‍ മണ്ണില്‍ തന്നെ നിക്ഷേപിക്കുക. കൂടുതല്‍ സ്ഥലങ്ങളില്‍ സീറോ ബഡ്ജറ്റ് കൃഷി രീതി വ്യാപിപ്പിക്കുക. നാടന്‍ പശുക്കളെ വളര്‍ത്തി, പ്രകൃതികൃഷിയിലെ പല ഘടകങ്ങളും നമ്മുടെ കാലാവസ്ഥയുമായി ബന്ധപ്പെടുത്തി പരിഷ്കരിക്കുക.

നാടന്‍പശു

ഇന്ത്യയിലെ തനതുപശുക്കള്‍

ഉപയോഗമനുസരിച്ച് ഇന്ത്യന്‍ കന്നുകാലി ജനുസ്സുകളെ പ്രധാനമായും മൂന്നായി തരം തിരിക്കാം:

1. ഗവ്യജനുസ്സ് / Milch Purpose

കൂടുതല്‍ പാലുല്‍പ്പാദനക്ഷമതയുള്ള ജനുസ്സുകള്‍.

2. പ്രവൃത്തി ജനുസ്സ്/ Drought Purpose

പ്രധാനമായും പണിയാവശ്യങ്ങള്‍ക്കുപയോഗിക്കുന്നവയെ പ്രവൃത്തി ജനുസ്സുകള്‍ എന്നു പറയുന്നു.

3. ദ്വയോപയോഗ ജനുസ്സ് / Duet Purpose

ഗവ്യജനുസ്സുകളുടെയും പ്രവൃത്തി ജനുസ്സുകളുടെയും ഗുണങ്ങള്‍ കുറേയൊക്കെയുള്ള ജനുസ്സുകള്‍.

I. Milch Breeds [ഗവ്യജനുസ്സ് ]

1. ഗിര്‍

2. റെഡ് സിന്ധി

സ്വദേശം – പാകിസ്ഥാനിലെ കറാച്ചി

ഇന്ത്യയില്‍ രാജസ്ഥാന്‍, പഞ്ചാബ് എന്നീ സ്ഥലങ്ങളിലും കാണപ്പെടുന്നു.

നീളം കുറഞ്ഞ മുഖം, വീതികൂടിയ നെറ്റി, ഇടത്തരം വലിപ്പത്തോടുകൂടി തൂങ്ങിക്കിടക്കുന്ന ചെവി, നീളം കുറഞ്ഞ കുറ്റിക്കൊമ്പുകള്‍, തൂങ്ങിക്കിടക്കുന്ന താട, ചുവന്ന നിറമുള്ള ഇവയുടെ അകിട്, മുഖം, പിന്‍കാലുകള്‍ താട എന്നിവിടങ്ങളില്‍ വെളുത്ത അടയാളങ്ങള്‍ കണ്ടെന്നുവരാം.

ശരാശരി പാലുല്‍പ്പാദനം – 1725 kg/lactation.

3. സഹിവാള്‍

II.Duet Breeds [ദ്വയോപയോഗ ജനുസ്സ്]

1. ഓങ്കോള്‍

ആന്ധ്രാപ്രദേശിലെ നെല്ലൂര്‍,ഗുണ്ടൂര്‍ ജില്ലകളില്‍ കണ്ടുവരുന്നു.പാലുല്‍പ്പാദനത്തിനും പണിക്കും വേണ്ടി ഉപയോഗിക്കുന്നു. നീണ്ട മുഖം,വിശാലമായ നെറ്റി, നീണ്ട് തൂങ്ങിക്കിടക്കുന്ന ചെവികള്‍, നീളം കുറഞ്ഞ കൊമ്പുകള്‍, കുറുകിയ കഴുത്ത്, വലിപ്പമുള്ള താട.- ഇവയുടെ നിറം വെള്ളയോ ചാര നിറമോ ആയിരിക്കും. രോഗപ്രതിരോദശേഷി, കുറ‍ഞ്ഞ അളവില്‍ തീറ്റ വസ്തുക്കള്‍ കഴിച്ചു കൊണ്ട് ജീവിക്കാനുള്ള കഴിവ് എന്നിവ പ്രത്യേകതകളാണ്.

ശരാശരി പാലുല്‍പ്പാദനം – 1360 kg/lactation.

2. താര്‍പാര്‍ക്കര്‍

സ്വദേശം – പശ്ചിമ പാകിസ്ഥാനിലെ തെക്കു പടിഞ്ഞാറന്‍ രാജസ്ഥാന്‍,ഗുജറാത്ത്, എന്നിവിടങ്ങളില്‍ കാണപ്പെടുന്നു. ഇവയുടെ നിറം വെള്ളയോ ചാരം കലര്‍ന്നതോ ആകാം. ചിലപ്പോള്‍ ശരീരത്തില്‍ അവിടവിടെയായി കറുത്ത പാടുകള്‍ കാണാം. ഇടത്തരം ശരീരവലുപ്പം,ഒതുങ്ങിയ ശരീരഘടന, നീണ്ട മുഖം, ഉന്തിയ നെറ്റി വലിപ്പമുള്ള താട, അകിട്–ഇടത്തരം കൊമ്പ്–

ശരാശരി പാലുല്‍പ്പാദനം – 1750 kg

3. കാങ്ക് റജ്

സ്വദേശം – ഗുജറാത്തിലെ കച്ച് പ്രദേശം.

ഇന്ത്യയിലെ വലിപ്പം കൂടിയ ജനസ്സുകളിലൊന്ന്. ഇളം ചാര നിറം,കാളകള്‍ ഭാരിച്ച പണിക്കു പറ്റിയതാണ്. വലിപ്പമുള്ള കൊമ്പുകള്‍, ആദ്യം വശങ്ങളിലേക്കും പിന്നീട് അകലത്തേക്കും വളഞ്ഞ്

അഗ്രങ്ങള്‍ പരസ്പരം അടുത്തായി നില്‍ക്കുന്നു, മുകത്തിന് താരതമ്യേന വലിപ്പം കുറവാണ്. ഒരു കറവകാലത്തെ ശരാശരി പാലുല്‍പ്പാദനം 1100 – 3200 kg/lactation.

4. ഹരിയാന

സ്വദേശം – ഹരിയാന

ശരീര വലിപ്പം കുറഞ്ഞവയും നല്ല ചുറുചുറുക്കുള്ളവയുമാണ്. നീണ്ട മുഖം,പരന്ന നെറ്റി, വെള്ള നിറം, കൊമ്പുകള്‍ക്കിടയില്‍ മധ്യഭാഗത്തുള്ള മുഴ,നീളമുള്ള കാലുകള്‍, ശരീരത്തോട് പറ്റിച്ചേര്‍ന്നിരിക്കുന്ന അകിട്, പിന്‍കാല്‍മുട്ടു വരെ മാത്രമെത്തുന്ന വാല്.

ഇവ കൂടാതെ ഇന്ത്യയില്‍ കണ്ടുവരുന്ന ദ്വയോപയോഗ ജനുസ്സുകളാണ് ദിയോണി, കൃഷ്ണ വള്ളി, രതി എന്നിവ.

III. Drought Purpose [പ്രവൃത്തി ജനുസ്സ് ]

1. നഗോരി

സ്വദേശം – രാജസ്ഥാന്‍

നിറം – വെള്ള അല്ലെങ്കില്‍ ചാരം

ഇടുങ്ങിയ നീണ്ട മുഖം, നീണ്ട കാലുകള്‍, ഇടത്തരം കെമ്പുകള്‍.

2. ബാച്ചൂര്‍

സ്വദേശം – ബീഹാര്‍

നിറം – ചാര നിറം

പരന്ന വിശാല നെറ്റിത്തടം.

3. അമൃത് മഹാല്‍

സ്വദേശം – കര്‍ണ്ണാടക

നിറം – ചാര കലര്‍ന്ന കറുത്തതോ വെളുത്തതോ ആയ നിറം

വിസ്താരമായ നെറ്റിത്തടം.

4. ഹല്ലികര്‍

സ്വദേശം – കര്‍ണ്ണാടക

നിറം – വെള്ളയോ ഇളം ചാരനിറമോ

കുറുകിയും കൂര്‍ത്തതുമാ‌യ ചെവികള്‍, പുറകോട്ട് വളഞ്ഞ നീണ്ട കൂര്‍ത്ത കൊമ്പുകള്‍.

കൂടാതെ ഇന്ത്യയില്‍ കണ്ടുവരുന്ന പ്രവൃത്തി ജനുസ്സുകളാണ് – കില്ലരി,ബര്‍ഗൂര്‍, കാംഗയം മുതലായവ.

കേരളത്തിന്‍റെ തനതുപശുക്കള്‍

1.വെച്ചൂര്‍

2.കാസര്‍കോട് കുള്ളന്‍

തയ്യാറാക്കിയത്:
ഡോ. അനില്‍കുമാര്‍ വി.എ
വെറ്റിനറി സര്‍ജന്‍

വെച്ചൂര്‍ പശു

 

കേരളത്തിലെ കോട്ടയം ജില്ലയിലെ വെച്ചൂര്‍ എന്ന ഗ്രാമത്തില്‍ കൂടുതലായി കണ്ടു വരുന്നു. ലോകത്തിലെ ഏറ്റവും ചെറിയ പശുക്കളില്‍ ഒന്ന്. ശരാശരി 90സെ.മീ പൊക്കവും 130 കി.ഗ്രാം ശരീര ഭാരവും ഉണ്ടാകും, ചെറുതും മുന്നോട്ടു വളഞ്ഞതുമായ കൊമ്പുകള്‍, കഴുത്തിനു പിന്നിലായുള്ള പൂഞ്ഞ് (മുഴ),നീളമുള്ള വാല്‍ എന്നിവയാണ് ഇവയുടെ സവിശേഷതകള്‍. ദിവസേന ശരാശരി 2 ലിറ്റര്‍ പാലുല്‍പ്പാദിക്കുന്നു. ഇവയുടെ പാലില്‍ ബീറ്റാകേസില്‍ A2ന്‍റെ അളവ് കൂടുതലാണ്. രോഗപ്രതിരോധത്തിനുള്ള ഘടകങ്ങള്‍ ഇവയുടെ പാലില്‍ ധാരാളമായി കാണപ്പെടുന്നു.

കാസറഗോഡ് കുള്ളന്‍

  1. ലോകത്തില്‍ കണ്ടുവരുന്ന ഏറ്റവും ചെറിയ പശുക്കളില്‍ ഒന്നായ ഇവ കാസര്‍കോട് ജില്ലയിലെ മലയോര ഗ്രാമങ്ങളില്‍ ധാരാളമായി കണ്ടു വരുന്നു. മുകളില്‍ പറഞ്ഞ രണ്ടിനം പശുക്കള്‍ക്കും പ്രതിരോധശേഷി കൂടുതലും പരിപാലന ചെലവ് കുറവുമാണ്.

ഗിര്‍

 

സ്വദേശം – ഗുജറാത്തിലെ ഗിര്‍ വനങ്ങള്‍.

വളരെ ദൃ‍‍ഢതയുള്ള ശരീരം, പരന്നതും വിസ്താരമുള്ളതുമായ നെറ്റി,പുറകിലേക്ക് വളഞ്ഞ കൊമ്പ്, ചുരുണ്ട ഇല പോലെ തൂങ്ങിക്കിടക്കുന്ന വളരെ നീളം കൂടിയ ചെവികള്‍, കുറുകിയ കഴുത്ത്, അയഞ്ഞ താട, വലിപ്പമുള്ള അകിട്. നെറ്റിയിലെ എല്ല് കണ്ണിനു മുകളിലേക്ക് കവിഞ്ഞു നില്ക്കുന്നതിനാല്‍ കണ്ണുകള്‍ പകുതിയടഞ്ഞതുപോലെ തോന്നും. തവിട്ടു നിറമോ, ചാരനിറമോ ഉള്ള ഇവയുടെ ശരീരത്തില്‍ ധാരാളം പാണ്ടുകള്‍ കാണാം.

ശരാശരി പാലുല്‍പ്പാദനം – 2500 kg/lactation.

സഹിവാള്‍

 

സ്വദേശം – പടിഞ്ഞാറന്‍ പാകിസ്ഥാനിലെ മോണ്ട്ഗോമറി ജില്ല.

ഇന്ത്യയില്‍ പഞ്ചാബ്, ‍ഡല്‍ഹി,ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ ഈയിനത്തെ അധികമായി കാണാം. ചുവപ്പു കലര്‍ന്ന തവിട്ടു നിറമുള്ള ഇവയുടെ ശരീരത്തില്‍ അവിടവിടെ വെളുത്ത പാടുകള്‍ കണ്ടെന്നു വരാം.തടിച്ചതും ഭാരിച്ചതുമായ ശരീരം, കുറുകിയ കാലുകള്‍, വലിപ്പമുള്ള തല,വീതിയുള്ള നെറ്റി, കുറ്റിച്ച കൊമ്പുകള്‍, കുഴിഞ്ഞ മുതുകെല്ല്, വലിപ്പമേറിയഅകിട്, തൂങ്ങിക്കിടക്കുന്ന താട. ശരീരത്തെ ആവരണം ചെയ്തിരിക്കുന്ന തൊലി ലോലവും അയഞ്ഞതുമായ ഇവ ‘ലോല ‘എന്ന പേരിലും അറിയപ്പെടുന്നു.

ശരാശരി പാലുല്‍പ്പാദനം – 2725 – 3000 kg/lactation.

കാങ്കറേജ്

 

സ്വദേശം – ഗുജറാത്തിലെ കച്ച് പ്രദേശം.

ഇന്ത്യയിലെ വലിപ്പം കൂടിയ ജനസ്സുകളിലൊന്ന്. ഇളം ചാര നിറം,കാളകള്‍ ഭാരിച്ച പണിക്കു പറ്റിയതാണ്. വലിപ്പമുള്ള കൊമ്പുകള്‍, ആദ്യം വശങ്ങളിലേക്കും പിന്നീട് അകലത്തേക്കും വളഞ്ഞ്

അഗ്രങ്ങള്‍ പരസ്പരം അടുത്തായി നില്‍ക്കുന്നു, മുകത്തിന് താരതമ്യേന വലിപ്പം കുറവാണ്. ഒരു കറവകാലത്തെ ശരാശരി പാലുല്‍പ്പാദനം 1100 – 3200 kg/lactation.

 

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate