Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കൃഷിരംഗത്തെ ടിപ്സ്

കൂടുതല്‍ വിവരങ്ങള്‍

ജറേനിയം ശീതകാല സുഗന്ധി

ജറേനിയത്തില്‍ നിന്ന്  എടുക്കുന്ന തൈലം അത്തറുകളിലും സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും സുഗന്ധപദാര്‍ത്ഥങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നു. ‘പെലാര്‍ഗോണിയം ഗ്രാവിയോളന്‍സ്’ എന്ന് സസ്യനാമം. മേല്‍ത്തരം സോപ്പുകള്‍ക്ക് നല്ല സുഗന്ധം കിട്ടാന്‍ ജറേനിയത്തിന്റെ തൈലം ചേര്‍ക്കുക പതിവാണ്. ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളിലാണ് ജറേനിയത്തിന്റെ പ്രധാന കൃഷി.

ഒരു വര്‍ഷം ഏതാണ്ട് 300 ടണ്ണോളം ജറേനിയം തൈലം വിപണിയിലെത്തുന്നുണ്ട്. ഏതാണ്ട് നാല്‍പത് വര്‍ഷം മുമ്പ് ഇന്ത്യയിലെ ഉയരം കൂടിയ തണുത്ത പ്രദേശങ്ങളില്‍ കൃഷി ചെയ്തു തുടങ്ങിയ ജറേനിയം ഇപ്പോള്‍ ഉത്തരേന്ത്യയില്‍ ഒരു പ്രമുഖ ശീതകാലവിളയായി കൃഷി ചെയ്യപ്പെടുന്നുണ്ട്.

ഏകദേശം ഒന്നര മീറ്റര്‍ വരെ ഉയരത്തില്‍ പടര്‍ന്നു പന്തലിക്കുന്ന ജറേനിയത്തിന്റെ ഇലകള്‍ക്ക് പുതിനയുടെ നല്ല വാസനയാണ്. ഇലഞെട്ടില്‍ നിന്ന് ഇലകള്‍ പ്രത്യേക ആകൃതിയില്ലാതെ പല ശാഖകളായി വളരും. ഉരുണ്ട തണ്ടുകളില്‍ നിറയെ ചെറുരോമങ്ങള്‍ കാണാം. ഇളം പര്‍പ്പിള്‍ നിറത്തില്‍ മൂന്നു മുതല്‍ ഏഴു വരെ പൂക്കള്‍ ഒരു പൂക്കുലയില്‍ വിരിയും. കായ് പിടിക്കുമെങ്കിലും മിക്ക ഇനങ്ങളിലും വിത്തുണ്ടാകാറില്ല. വിത്തുണ്ടായാല്‍ത്തന്നെ മുളച്ചുകിട്ടാന്‍ വളരെ പ്രയാസവുമാണ്.

10001500 മീറ്റര്‍ വരെ മഴയും കുറഞ്ഞ തോതില്‍ അന്തരീക്ഷ ബാഷ്പവുമുള്ള തണുത്ത കാലാവസ്ഥയുമാണ് ജറേനിയത്തിന്റെ വളര്‍ച്ചയ്ക്കു അഭികാമ്യം. സമുദ്രനിരപ്പില്‍ നിന്ന് 1000 മുതല്‍ 2100 മീറ്റര്‍ വരെ ഉയരത്തിലുള്ള പ്രദേശങ്ങളില്‍ നന്നായി വളരും. മണ്ണ് നല്ല നീര്‍വാര്‍ച്ചയുള്ളതാകണം. വേരോ തണ്ടോ മുറിച്ചു നട്ട് തൈകള്‍ ഉണ്ടാക്കാം. ഇളംതണ്ടുപയോഗിച്ചാല്‍ വേഗം വേരുപിടിക്കും. ഐ.എ.എ. അല്ലെങ്കില്‍ ഐ.ബി.എ.  ലായനിയില്‍ മുറിഭാഗം മുക്കിനട്ടാല്‍ വേഗം വേരുപിടിപ്പിക്കാം.

വേരുപിടിച്ച തൈകള്‍ രണ്ടുമാസം പ്രായമാകുമ്പോള്‍ 60ഃ40 സെ.മീ. അകലത്തില്‍ നടാം. നടുന്ന സ്ഥലം ഏക്കറിന് 45 ടണ്‍ വരെ ചാണകമോ കമ്പോസ്റ്റോ ചേര്‍ത്ത് ഒരുക്കണം. അടിവളമായി ഏക്കറൊന്നിന് 35 കിലോ യൂറിയ, 100 കിലോ സൂപ്പര്‍ഫോസ്‌ഫേറ്റ്, 25 കിലോ പൊട്ടാഷ് ചേര്‍ക്കുക. ഓരോ വിളവെടുപ്പും കഴിഞ്ഞും 35 കിലോ യൂറിയ ചേര്‍ക്കുക. സൂക്ഷ്മ മൂലകങ്ങളായ ചെമ്പും മോളിബ്ഡിനവും ഏക്കറിന് യഥാക്രമം 8 കിലോയും 1 കിലോയും വര്‍ഷത്തില്‍ മൂന്നോ നാലോ പ്രാവശ്യമായി ഇട്ടുകൊടുക്കണം.

ജറേനിയം പറിച്ചുനട്ട് ആദ്യദിനങ്ങളില്‍ എല്ലാ ദിവസവും, പിന്നീടുള്ള രണ്ടാഴ്ചത്തേക്ക് ഒന്നിടവിട്ടും മറ്റു സമയങ്ങളില്‍ ആഴ്ചയിലൊരിയ്ക്കലും നനയ്ക്കണം. ജറേനിയം തൈകള്‍ക്ക് പറിച്ചുനട്ടു 20ാം ദിവസവും 40ാം ദിവസവും കള നീക്കണം. നട്ട് 4 മാസം കഴിയുമ്പോള്‍ ആദ്യവിളവെടുക്കാം. അപ്പോള്‍ താഴെയുള്ള ഇലകള്‍ക്ക് ഇളം മഞ്ഞ നിറമായി ഏതാണ്ട് റോസാപ്പൂവിന്റെ ഗന്ധം കിട്ടും. ഏതാണ്ട് 20 സെ.മീ ഉയരത്തില്‍ വച്ച്  വേണം ഇല തണ്ടോടെ മുറിക്കാന്‍.

ഇലയെടുത്തശേഷം ഇടയിളക്കലും, വളംചേര്‍ക്കലും നനയും തുടരാം. ഓരോ നാലുമാസം കൂടുമ്പോഴും വിളവെടുക്കാം. ഇങ്ങനെ ഒരു വിള 56 വര്‍ഷം നിലനില്‍ക്കും. ഒരു ഏക്കറില്‍ നിന്ന് ഏതാണ്ട് 6 ടണ്ണോളം വിളവ് ഒരു വര്‍ഷം ലഭിക്കും. ‘ബോര്‍ബോണ്‍’, സിംപവാന്‍ എന്നിവ അത്യുത്പാദനശേഷിയേറിയ ഇനങ്ങളാണ്. ഇവയില്‍ നിന്ന് 2025% അധികവിളവും നല്ല തൈലവും കിട്ടും.

മുറിച്ചെടുത്ത ജറേനിയം എത്രയും വേഗം വാറ്റിയെടുക്കണം. ആവി വാറ്റു നടത്തിയാല്‍ വെള്ളം ചേര്‍ത്ത് ജലവാറ്റു നടത്തുന്നതിനേക്കാള്‍ മികച്ച തൈലം കിട്ടും. ശരിയായ വിളവെടുപ്പു സമയം പാലിക്കുന്നത് ജറേനിയത്തില്‍ മുഖ്യമാണ്. ബോര്‍ബോണ്‍ ഇനങ്ങളാണ് ഏറ്റവും മുന്തിയ തൈലം തരുന്നത്. ഇലയിലാണ് പ്രധാനമായും തൈലം അടങ്ങിയിരിക്കുന്നത്.

ജറേനിയം 34 മണിക്കൂര്‍ വാറ്റുമ്പോള്‍ 0.1 മുതല്‍ 0.15% വരെ തൈലം ലഭിക്കും. ഒരു ഹെക്ടര്‍ കൃഷിയില്‍ നിന്ന് ഏതാണ്ട് 20 കിലോ വരെ തൈലം ഒരു വര്‍ഷം ലഭിക്കും. ഏറ്റവും കൂടിയാല്‍ 60 കിലോ വരെ ലഭിക്കും. വാറ്റിയ തൈലം അരിച്ചെടുത്ത് വായു കടക്കാത്ത അലൂമിനിയം കുപ്പികളില്‍ സൂക്ഷിക്കണം. ശരിയായി സൂക്ഷിച്ചാല്‍ കാലപ്പഴക്കം ഏറുന്തോറും തൈലത്തിന് റോസ് സുഗന്ധം കൂടിവരും

സൂക്ഷ്മകൃഷി കൃത്യത, ജാഗ്രത

കിസാന്‍/ അരുണ്‍കുമാര്‍ ടി.വി

ഒരു ഏക്കര്‍ പച്ചക്കറിത്തോട്ടത്തില്‍നിന്ന് 20 ടണ്‍ വരെ പാവയ്ക്ക ഉത്പ്പാദിപ്പിക്കാന്‍ കഴിയുമെന്ന് പാലക്കാട് ജില്ലയില്‍ കൊല്ലങ്കോട് മേഖലയിലെ യുവകര്‍ഷകരായ നാരങ്ങാക്കളം സുരേഷും പന്നിക്കോലിലെ പ്രസാദും തെളിയിച്ചിരിക്കുന്നു.

വി.എഫ്.പി.സി.കെ.യുടെ സാമ്പത്തികസഹായത്തോടെ പരീക്ഷണാര്‍ത്ഥം നടപ്പാക്കിയ സൂക്ഷ്മകൃഷിത്തോട്ടങ്ങളിലാണ് അഭൂതപൂര്‍വ്വമായ ഈ വിജയം. കൃത്യതയോടുകൂടിയ പ്രവര്‍ത്തനങ്ങളാണ് കൃഷിയുടെ വിജയത്തിന് നിദാനമെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

പാവല്‍, മത്തന്‍, വഴുതന, മുളക്, കുമ്പളം തുടങ്ങിയ പച്ചക്കറികളുടെ സങ്കര ഇനങ്ങളാണ് ഇവര്‍ സൂക്ഷ്മകൃഷിക്ക് തെരഞ്ഞെടുത്തത്. ആഴത്തില്‍ ഉഴുതുമറിച്ച് ഹെക്ടറിന് 20 ടണ്‍ ജൈവവളവും ആവശ്യത്തിന് ഫോസ്ഫറസ് വളവും ചേര്‍ത്ത് മണ്ണ് കൃഷിയോഗ്യമാക്കിയായിരുന്നു തുടക്കം.

സ്യൂഡോമോണസ് ആവശ്യാനുസരണം കലര്‍ത്തിയ ചകിരിച്ചോര്‍ കമ്പോസ്റ്റ്, പ്രോട്രേകളില്‍ നിറച്ച് ഗ്രീന്‍ ഹൗസില്‍ തയ്യാറാക്കിയ ഒരേ പ്രായവും വലിപ്പവുമുള്ള തൈകള്‍ നടാന്‍ ഉപയോഗിച്ചു. കൃത്യ അളവിലുള്ള വെള്ളവും വളവും പച്ചക്കറികള്‍ക്ക് ഉറപ്പുവരുത്താന്‍ മണ്ണിന്റെയും ജലത്തിന്റെയും പരിശോധനയ്ക്ക് ശേഷം ഡ്രിപ്പും ഫെര്‍ട്ടിഗേഷന്‍ യൂണിറ്റും സ്ഥാപിച്ചു.

ഏക്കറിന് ഏകദേശം 60000 രൂപ വരെയായി ചെലവ്. വെള്ളത്തില്‍ പൂര്‍ണ്ണമായും ലയിക്കുന്ന 19:19:19, 12:61:0 (മോണോ അമോണിയം ഫോസ്‌ഫേറ്റ്) 13:0:45 (പൊട്ടാസ്യം നൈട്രേറ്റ്) എന്നീ വളങ്ങളാണ് നനയ്‌ക്കൊപ്പം ചെടികള്‍ക്ക് നല്‍കിയത്. മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില്‍ ഓരോ വിളയ്ക്കും പ്രത്യേകമുണ്ടാക്കിയ ഫെര്‍ട്ടിഗേഷന്‍ ഷെഡ്യൂള്‍ പ്രകാരം വളപ്രയോഗവും നടത്തി.

സൂക്ഷ്മകൃഷിരീതിയിലൂടെ ഒരു ഏക്കര്‍ പാവല്‍കൃഷി ചെയ്യുന്നതിന് 1,00,000 രൂപയോളം ചെലവുവരുമെങ്കിലും (ഡ്രിപ്പ്, ഫെര്‍ട്ടിഗേഷന്‍ യൂണിറ്റ് എന്നിവയ്ക്കു പുറമെ) 3 ലക്ഷം രൂപയിലധികം വരുമാനം ലഭിക്കുമെന്ന് ഈ യുവകര്‍ഷകര്‍ പറയുന്നു.

തൊഴിലാളികളുടെ ദൗര്‍ലഭ്യവും, ഉത്പാദന ചെലവിലെ വര്‍ദ്ധനവുമാണ് പച്ചക്കറി കൃഷി അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്‌നങ്ങള്‍. ഒരു ഏക്കര്‍ പാവല്‍കൃഷിയില്‍ നിലമൊരുക്കുന്നതു മുതല്‍ കായ് പറിക്കുന്നതുവരെയുള്ള കാലയളവില്‍ നൂറിലധികം തൊഴിലാളികള്‍ ആവശ്യമായി വരുന്നു. സൂക്ഷ്മകൃഷിയില്‍ ഡ്രിപ്പും, ഫെര്‍ട്ടിഗേഷനും ഉപയോഗിക്കുന്നതിനാല്‍ നിത്യേനയുള്ള ജലസേചനത്തിനും വളം ചെയ്യാനും തൊഴിലാളികളുടെ സഹായം വേണ്ട. കൂടാതെ 25 മൈക്രോണ്‍ കനമുള്ള പ്ലാസ്റ്റിക് പുതകള്‍ കൃഷിസ്ഥലത്ത് ഉപയോഗിച്ചതിനാല്‍ തോട്ടത്തിലെ കളനിയന്ത്രണവും ഫലപ്രദമായി.

മഴക്കാലത്തും വളപ്രയോഗം തുടരുവാന്‍ കഴിഞ്ഞു. അതിവൃഷ്ടിമൂലമുണ്ടാകുന്ന പച്ചക്കറി കൃഷിനാശമാണ് പലപ്പോഴും വിളവെടുപ്പ് കാലത്ത് കര്‍ഷകരെ പൊറുതിമുട്ടിക്കുക. പ്രത്യേകിച്ച് ഓണം പോലെയുള്ള ഉത്സവകാലങ്ങളില്‍ അനാവശ്യമായ വിലവര്‍ധനവിനും ഇത് കാരണമാകുന്നു. സൂക്ഷ്മ കൃഷിയില്‍ ഇത്തരം പ്രശ്‌നങ്ങളൊന്നുമില്ല. ഈ രീതിയിലും വിപണിക്കാവശ്യമായ പച്ചക്കറികള്‍ സുലഭമായി ഉത്പാദിപ്പിക്കാന്‍ കര്‍ഷകരെ പ്രാപ്തരാക്കാവുന്നതേയുള്ളൂ.

സൂക്ഷ്മകൃഷിയില്‍ ഉത്പാദനം ഇരട്ടിയില്‍ അധികമാകുന്നതോടൊപ്പം ഉത്പന്നങ്ങളുടെ ഗുണമേന്മയും വളരെ അധികം വര്‍ധിക്കുന്നു. 90 ശതമാനത്തിലധികം ഉത്പന്നങ്ങള്‍ ഒന്നാംതരമായിത്തന്നെ ലഭിക്കുന്നതിനാല്‍ കയറ്റുമതിക്കും സാധ്യതകളേറെ. വിളവെടുപ്പ് കാലയളവ് ഒന്ന് രണ്ട് മാസം കൂടുതല്‍ കിട്ടുന്നതും ഇവിടെ ശ്രദ്ധേയമായ കാര്യമാണ്. വെള്ളത്തിന്റെ ഉപയോഗം നേര്‍പകുതിയായി കുറയ്ക്കാന്‍ കഴിയുന്നുവെന്നത് കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനും ഉത്പാദന ചെലവു കുറയ്ക്കുവാനും പ്രേരകവും സഹായകരവുമായ ഘടകമാണ്.

മണ്ണുത്തി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പ്രൊഫ. നാരായണന്‍കുട്ടിയുടെ നിര്‍ദ്ദേശങ്ങളും മുന്‍ എം.എല്‍.എ. കൃഷ്ണന്‍കുട്ടിയുടെ ഉപദേശങ്ങളും പെരുമാട്ടി സര്‍വ്വീസ് സഹകരണബാങ്കിന്റെ സഹായവും വി.എഫ്.പി.സി.കെ.യുടെ മേല്‍നോട്ടവും പരീക്ഷണതോട്ടത്തിന്റെ വിജയത്തിന് സഹായിച്ചെന്ന് കര്‍ഷകര്‍ കൃതജ്ഞതയോടെ ഓര്‍ക്കുന്നു.

ജനസംഖ്യാ വര്‍ദ്ധനവുകൊണ്ടും കൃഷിസ്ഥലത്തിന്റെ ദൗര്‍ലഭ്യം കൊണ്ടും തൊഴിലാളികളുടെ കുറവുകൊണ്ടും ബുദ്ധിമുട്ടുന്ന കേരളത്തിന്റെ കാര്‍ഷികമേഖല ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുവാനായി വരുംദിനങ്ങളില്‍ സൂക്ഷ്മകൃഷിയിലേക്ക് ചുവടുമാറ്റം നടത്തേണ്ടതുണ്ട്.

വി.എഫ്.പി.സി.കെ. ജില്ലാ മാനേജരാണ് ലേഖകന്‍

പഴംപച്ചക്കറി സത്തുകള്‍ വേര്‍തിരിച്ചെടുക്കല്‍; കേരളത്തിലെ സാധ്യതകള്‍

കഴിഞ്ഞ ഒരു ദശകത്തില്‍ ലോകത്തെമ്പാടും ന്യൂട്രാസ്യൂട്ടിക്കല്‍ വ്യവസായം വന്‍ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പഴംപച്ചക്കറികളിലെ പോഷകങ്ങളും വര്‍ണകങ്ങളും ആരോഗ്യസംരക്ഷണത്തിലും ആരോഗ്യസുരക്ഷയിലും വഹിക്കുന്ന പങ്കിന് ഉപോല്‍ബലകമായി പുറത്തുവന്ന ശാസ്ത്രീയമായ തെളിവുകളും ക്ലിനിക്കല്‍ പരീക്ഷണങ്ങളും ഉപഭോക്താക്കള്‍ക്കിടയിലും ആരോഗ്യമേഖലയില്‍ ഉള്ളവര്‍ക്കിടയിലും ഇവയ്ക്കുള്ള വര്‍ദ്ധിച്ചുവരുന്ന അംഗീകാരവുമൊക്കെയാകാം ഇതിന് കാരണം.

ഇതിന്റെ ഫലമായി പാശ്ചാത്യ രാജ്യങ്ങളില്‍ ന്യൂട്രാസ്യൂട്ടിക്കലുകള്‍ക്ക് പ്രചാരമേറിവരുകയാണ്. കൊളാജന്‍, വിറ്റാമിന്‍, എന്‍സൈമുകള്‍ ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവയ്ക്ക് ആവശ്യക്കാരേറെയാണ്.

ഇത്തരം ഭക്ഷണങ്ങള്‍ ആരോഗ്യവും യുവത്വവും പ്രദാനം ചെയ്യുമെന്ന പ്രചാരണവും ഇതിന് പിന്‍ബലമേകുന്നു. വിറ്റാമിനുകള്‍ ഉള്‍പ്പെടാതെ തന്നെ ഇന്ത്യന്‍ ന്യൂട്രാസ്യൂട്ടിക്കല്‍ വിപണി അടുത്ത 3 വര്‍ഷം കൊണ്ട് 270 ദശലക്ഷം ഡോളര്‍ കടക്കുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാള്‍ രോഗം വരാതെ നോക്കുന്ന ചികിത്സാരീതികള്‍ക്കാണ് ഭാവിയില്‍ കൂടുതല്‍ താത്പര്യമെന്ന് മനസ്സിലാക്കി ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളും ഈ രംഗത്തേക്ക് കാല്‍ വയ്പ് നടത്തിക്കഴിഞ്ഞു.

ഒരു സാഹചര്യത്തില്‍, കേരളത്തിന് ന്യൂട്രാസ്യൂട്ടിക്കല്‍  മേഖലയില്‍ ഒരു സുപ്രധാന പങ്കു വഹിക്കാനാകും. ഔഷധച്ചെടികളും മറ്റു സസ്യങ്ങളും നാട്ടറിവുകളും പരമ്പരാഗത ചികിത്സാ രീതികളും കൊണ്ട് സമ്പന്നമായ കേരളത്തിന് ആഭ്യന്തര വിദേശവിപണികളില്‍ വിറ്റഴിക്കാവുന്ന നിരവധി ഉല്പന്നങ്ങള്‍ ലാഭകരമായി വികസിപ്പിച്ചെടുക്കാം.ന്യൂട്രാസ്യൂട്ടിക്കല്‍  വ്യവസായത്തിലേക്ക് കാല്‍വയ്ക്കുന്നതിന് മുമ്പ് ഉല്പന്നശേഖരണം മുതല്‍ പാക്കിംഗ് വരെ കര്‍ശനമായ ഗുണനിലവാര വ്യവസ്ഥകളാണ് ഇവര്‍ നിഷ്‌കര്‍ഷിക്കുന്നതെന്ന് സംരംഭകര്‍ അറിഞ്ഞിരിക്കണം. കേരളത്തില്‍ വികസിപ്പിച്ചെടുക്കാവുന്ന ചില ന്യൂട്രാസ്യൂട്ടിക്കല്‍  സംരംഭങ്ങളില്‍ ചിലത് ഇവയാണ്.

കേരളത്തില്‍ നന്നായി വളരുന്ന ഒരു ഫലവര്‍ഗവിളയാണ് മാംഗോസ്റ്റീന്‍. ഇവയുടെ തൊലിയില്‍ അടങ്ങിയിട്ടുള്ള സാന്തോണ്‍ എന്ന രാസവസ്തുവിന് അനേകം ഔഷധമൂല്യങ്ങളുണ്ട്. ആകെ അറിയപ്പെടുന്ന 200 സാന്തോണ്‍ സംയുക്തങ്ങളില്‍ 40 എണ്ണത്തിന്റെ സമ്പന്നമായ സ്രോതസ്സാണ് മാംഗോസ്റ്റീന്‍ തൊലി. വൈറസ്, കുമിളുകള്‍, ബാക്ടീരിയകള്‍, സൂക്ഷ്മാണുക്കള്‍ തുടങ്ങിയവയ്‌ക്കെതിരെ പ്രവര്‍ത്തിക്കാനും കാന്‍സര്‍, അള്‍സര്‍, ട്യൂമര്‍, അലര്‍ജി തുടങ്ങിയവയെ നിയന്ത്രിക്കാനും ഇവയ്ക്ക് കഴിവുണ്ട്.

സാന്തോണുകളെ കൂടാതെ ടാനിന്‍, ആല്‍ഫാഗാമാമാംഗോസ്റ്റീന്‍, കാറ്റച്ചിന്‍, ആന്തോസയാനിന്‍, പോളി സാക്കറൈഡ്, പോളീഫീനോള്‍, സ്റ്റീല്‍ബെന്‍, ക്വിനോണ്‍ തുടങ്ങിയ ജൈവസംയുക്തങ്ങളും ഇവയിലടങ്ങിയിട്ടുണ്ട്. മാംഗോസ്റ്റീന്‍ സത്തിന്റെ ധാരാളം ഉത്പാദകരും വിതരണക്കാരും ഭാരതത്തിലുണ്ട്. ഇവര്‍ക്കാവശ്യമായ അസംസ്‌കൃത വസ്തുക്കളില്‍ ഭൂരിഭാഗവും അയല്‍സംസ്ഥാനങ്ങളില്‍ നിന്നുമാണെത്തുന്നത്. മാംഗോസ്റ്റീന്‍ സത്തിന് നിരവധി ആരോഗ്യസംരക്ഷകഗുണങ്ങളുണ്ടെന്ന് ശാസ്ത്രലോകം അവകാശപ്പെടുന്നു.

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായ ഇവയ്ക്ക് യുവത്വം നിലനിര്‍ത്താനും, കാന്‍സര്‍, ബാക്ടീരിയല്‍ രോഗങ്ങള്‍ എന്നിവയെ  പ്രതിരോധിക്കാനും, ശരീരത്തിലെ സൂക്ഷ്മാണു സന്തുലനത്തെ നിലനിര്‍ത്താനും പ്രതിരോധശക്തിയെ വര്‍ദ്ധിപ്പിക്കാനും, സന്ധികളുടെ പ്രവര്‍ത്തനം സുഗമമാക്കാനും ബുദ്ധിക്ക് ഉണര്‍വുണ്ടാക്കാനും വയറിളക്കം, ക്ഷയം തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കും ഉത്തമമത്രേ. ഇതിനായി മാംഗോസ്റ്റീനിന്റെ തൊലി ഉപയോഗശൂന്യമാക്കാതെ അതില്‍ നിന്നുമുള്ള സത്തുകള്‍ വേര്‍തിരിക്കാനുള്ള സാങ്കേതികവിദ്യ ആദ്യം ഉരുത്തിരിച്ചെടുക്കണം. വിദേശ രാജ്യങ്ങളില്‍  ഇത്തരം ഉല്പന്നങ്ങള്‍ വിപണിയില്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു.

ആര്‍ത്തവാനന്തരം സ്ത്രീകള്‍ക്കുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്കും ഇളനീര്‍ പ്രതിവിധിയായി ഉപയോഗിക്കുന്നു. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഇത് അത്യുത്തമമാണ്. വാണിജ്യാടിസ്ഥാനത്തില്‍ ഇളനീരിന്റെ വിവിധ ഉല്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. കേരളത്തിലും ഇതിന് വന്‍സാധ്യതയാണുള്ളത്. ഗൗരീഗാത്രത്തിന്റെ മധുരമുള്ള ഇളനീരും ഏവര്‍ക്കും പ്രിയപ്പെട്ടതാണ്. ഇളനീരിന്റെ ആവശ്യകത വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്.

കേരളത്തില്‍ ധാരാളം വളരുന്ന ചീര പോലുള്ള ഇലക്കറിവിളകളും മധുരക്കിഴങ്ങ്, കാരറ്റ് പോലുള്ള കിഴങ്ങുകളും ഇതുപോലെ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. വിപണിയില്‍ ഏറെ ആവശ്യമുള്ള ബീറ്റാകരോട്ടിന്‍ എന്ന ആന്റി ഓക്‌സിഡന്റ് ഇവയില്‍ ധാരാളമടങ്ങിയിട്ടുണ്ട്. 150 ഗ്രാം തൂക്കമുള്ള മധുരക്കിഴങ്ങില്‍ 14 മി.ഗ്രാം ബീറ്റാകരോട്ടിന്‍ അടങ്ങിയിട്ടുണ്ട്.

കാരറ്റിന്റെ ഓറഞ്ച് നിറത്തിന് കാരണവും ബീറ്റാകരോട്ടിനാണ്. 100 ഗ്രാം പച്ച കാരറ്റില്‍ 8.5 മി.ഗ്രാമും 100 ഗ്രാം കടുകിലയില്‍ 6.3 മി.ഗ്രാമും ബീറ്റാകരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. കാരറ്റില്‍ നിന്നും ബീറ്റാകരോട്ടിന്‍ ശുദ്ധമായി വേര്‍തിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യയുപയോഗിച്ച് കരോട്ടിന്‍ വേര്‍തിരിക്കുന്ന നിരവധി സംരംഭകര്‍ ഇന്ത്യയിലുണ്ട്. ഇതേ മാതൃകയില്‍ കേരളത്തില്‍ ലഭ്യമായ ബീറ്റാകരോട്ടിന്‍ സമ്പുഷ്ടശ്രോതസ്സുകളില്‍ നിന്നും ബീറ്റാകരോട്ടിന്‍ വേര്‍തിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുക്കാവുന്നതാണ്.

ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്ന ചുവപ്പ് വര്‍ണകമാണ് തക്കാളിയില്‍ കാണുന്ന ആന്റിഓക്‌സിഡന്റായ ലൈക്കോപീന്‍. ഹൃദയാരോഗ്യ സംരക്ഷണത്തില്‍ ലൈക്കോപീന്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ശാസ്ത്രഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നു. തക്കാളി വെറുതെ കഴിക്കുന്നതിനെക്കാള്‍ പാചകം ചെയ്‌തോ പേസ്റ്റ് രൂപത്തിലോ കഴിക്കുന്നതാണ് ഹൃദയാരോഗ്യത്തിന് നല്ലതെന്ന് ഗവേഷണങ്ങള്‍ ചൂണ്ടികാട്ടുന്നു. വന്‍തോതില്‍ തന്നെ വാണിജ്യാടിസ്ഥാനത്തില്‍ തക്കാളി കുഴമ്പില്‍ നിന്നും ലൈക്കോപീന്‍ വേര്‍തിരിച്ചെടുക്കുന്ന ധാരാളം സംരംഭകര്‍ ഇന്ത്യയിലുണ്ട്.

കേരളത്തിന്റെ സ്വന്തം നാളികേരത്തെക്കുറിച്ച് പ്രതിപാദിച്ചില്ലെങ്കില്‍ ഈ ലേഖനം അപൂര്‍ണമാകും. ദാഹമകറ്റുന്നതിന് പുറമേ മനസ്സിന് ഉന്മേഷവും ശരീരത്തിന് പോഷകവും ഇളനീര്‍ നല്‍കുന്നു. വാണിജ്യാടിസ്ഥാനത്തില്‍ വിറ്റഴിക്കുന്ന എനര്‍ജി ഡ്രിങ്കുകളെപ്പോലെ കുറച്ച് പഞ്ചസാരയും കൂടുതല്‍ എലക്‌ട്രോലൈറ്റുകളും ഇതിലടങ്ങിയിട്ടുണ്ട്. ശരീരത്തിലെ രക്തസമ്മര്‍ദ്ദം കുറയ്ക്കുക, തൊലിയുടെ മാര്‍ദ്ദവമേറ്റുക, വ്യായാമത്തിനും വര്‍ക്ക് ഔട്ടിനും ശേഷം ശരീരകലകള്‍ക്ക് ടോണിക്കായി പ്രവര്‍ത്തിക്കുക തുടങ്ങിയ ധര്‍മ്മങ്ങള്‍ ഇവയ്ക്കുണ്ട്. ഉയര്‍ന്ന തോതിലുള്ള പൊട്ടാസ്യവും എലക്‌ട്രോലൈറ്റുകളും നിഷ്‌ക്രിയ സ്വഭാവവും ഇവയ്ക്ക് പ്രകൃതിദത്തമായ സ്‌പോര്‍ട്‌സ് ഡ്രിങ്കിന്റെ ഗുണം നല്‍കുന്നു.

നമ്മുടെ നാട്ടില്‍ ധാരാളമായി ഉണ്ടാകുന്ന പഴംപച്ചക്കറികളിലെ ആരോഗ്യഔഷധമൂല്യമുള്ള വര്‍ണകങ്ങളും മറ്റ് രാസഘടകങ്ങളും വേര്‍തിരിച്ചെടുത്ത് വ്യാവസായികാടിസ്ഥാനത്തില്‍ വിറ്റഴിക്കുന്ന സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിഞ്ഞാല്‍ അത് കൃഷിക്കും കാര്‍ഷികമേഖലയ്ക്കും ഒരു പുതിയ മുഖം നല്‍കും. ന്യൂട്രാസ്യൂട്ടിക്കല്‍ വ്യവസായത്തിന്റെ ഭാവി വളരെ ശോഭനമാണ്. ആരോഗ്യ സാക്ഷരരായ ജനത രോഗം തടയുന്നതിനായി ന്യൂട്രാസ്യൂട്ടിക്കലുകളെ ആശ്രയിക്കുന്ന കാലം അതിവിദൂരമല്ല.

ആര്‍ത്തവാനന്തരം സ്ത്രീകള്‍ക്കുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്കും  ഇളനീര്‍ പ്രതിവിധിയായി ഉപയോഗിക്കുന്നു. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഇത് അത്യുത്തമമാണ്. വാണിജ്യാടിസ്ഥാനത്തില്‍ ഇളനീരിന്റെ വിവിധ ഉല്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. കേരളത്തിലും ഇതിന് വന്‍സാധ്യതയാണുള്ളത്. ഗൗരീഗാത്രത്തിന്റെ മധുരമുള്ള ഇളനീരും ഏവര്‍ക്കും പ്രിയപ്പെട്ടതാണ്. ഇളനീരിന്റെ ആവശ്യകത വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്.

ആഭ്യന്തരവിപണിയിലും വിദേശത്തും ഏറെ പ്രചാരമുള്ള പഴം പച്ചക്കറി സത്തുകള്‍ വേര്‍തിരിച്ചെടുക്കുന്നതിനുള്ള രാസപ്രക്രിയകളും മാനദണ്ഡങ്ങളും ശാസ്ത്രീയമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. കാന്‍സര്‍ പ്രതിരോധശേഷിക്ക് സഹായകമാകുമെന്ന് തെളിയിച്ചിട്ടുള്ള മഞ്ഞളിലെ കുര്‍ക്കുമിന്‍, മാംഗോസ്റ്റീന്‍ സത്ത്, തക്കാളി ലൈക്കോപീന്‍ തുടങ്ങിയവ ഇപ്രകാരം വിജയകരമായി വേര്‍തിരിച്ചെടുക്കുന്നുണ്ട്. സര്‍ക്കാര്‍പൊതുമേഖലാ സ്ഥാപനങ്ങളുടെയും കാര്‍ഷിക സര്‍വകലാശാലകളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഇത്തരം സംരംഭങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങാനുള്ള ശ്രമങ്ങള്‍ ആവശ്യമാണ്.

നമ്മുടെ നാട്ടില്‍ ധാരാളമായി ഉണ്ടാകുന്ന പഴംപച്ചക്കറികളിലെ ആരോഗ്യഔഷധമൂല്യമുള്ള വര്‍ണകങ്ങളും മറ്റ് രാസഘടകങ്ങളും വേര്‍തിരിച്ചെടുത്ത് വ്യാവസായികാടിസ്ഥാനത്തില്‍ വിറ്റഴിക്കുന്ന സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിഞ്ഞാല്‍ അത് കൃഷിക്കും കാര്‍ഷികമേഖലയ്ക്കും ഒരു പുതിയ മുഖം നല്‍കും.  ന്യൂട്രാസ്യൂട്ടിക്കല്‍ വ്യവസായത്തിന്റെ ഭാവി വളരെ  ശോഭനമാണ്. ആരോഗ്യ സാക്ഷരരായ ജനത രോഗം തടയുന്നതിനായി ന്യൂട്രാസ്യൂട്ടിക്കലുകളെ ആശ്രയിക്കുന്ന കാലം അതിവിദൂരമല്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഡോ. എസ്. ശിവശങ്കര്‍,
ഹെഡ്, ഡിവിഷന്‍ ഓഫ് പ്ലാന്റ്
ഫിസിയോളജി ആന്‍ഡ് ബയോകെമിസ്ട്രി
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ റിസര്‍ച്ച്,
ഹെസര്‍ഗട്ട, ബാംഗ്ലൂര്‍
ഫോണ്‍: 09481103575

ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചറല്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞനാണ് ലേഖകന്‍

വര്‍ണ്ണവിസ്മയമായി ഓര്‍ക്കിഡ് സുന്ദരികള്‍

വര്‍ണ്ണവൈവിധ്യവും രൂപഭംഗിയുമാണ് ഓര്‍ക്കിഡ് പൂക്കളുടെ മുഖമുദ്ര.  ഏറെനാള്‍ വാടാതെയിരിക്കുമെന്നതിനാല്‍ പുഷ്പാലങ്കാരത്തിലും അഗ്രഗണ്യര്‍.  പൂക്കള്‍ മുറിച്ചെടുത്ത് ഉപയോഗിക്കുന്നതോടൊപ്പം അലങ്കാര സസ്യമെന്ന നിലയില്‍ പൂന്തോട്ടങ്ങളില്‍ പ്രൗഢമായ സ്ഥാനം കൈവരിച്ചതിനാലാണ് അന്തര്‍ദേശീയ തലത്തില്‍ പുഷ്പവിപണി കീഴടക്കാന്‍ ഇവയ്ക്ക് കഴിഞ്ഞത്.

പരിപാലനത്തിലെ സവിശേഷതകള്‍ കാരണം  വൈദഗ്ദ്ധ്യം നേടിയവര്‍ മാത്രം കുത്തകയായി കരുതിയിരുന്ന ഓര്‍ക്കിഡ് വളര്‍ത്തല്‍ ഇന്ന് കേരളത്തില്‍ കൂടുതല്‍ ജനകീയമായിരിക്കുന്നു. താരതമേ്യന എളുപ്പം വളര്‍ത്താവുന്ന മോണോപോഡിയല്‍ ഒറ്റക്കമ്പന്‍ ഓര്‍ക്കിഡുകള്‍) ഇനങ്ങളുടെ പ്രചാരമാണ് ഇതിനു വഴിയൊരുക്കിയത്.

നമ്മുടെ നാട്ടില്‍ സാധാരണയായി കൃഷി ചെയ്യുന്ന ഡെന്‍ഡ്രോബിയം, സിമ്പീഡിയം, ഓണ്‍സിഡിയം തുടങ്ങിയ ഇനങ്ങള്‍ സിംപോഡിയല്‍ (ശാഖാ ഓര്‍ക്കിഡുകള്‍) വിഭാഗത്തില്‍പ്പെടുന്നു. വളര്‍ച്ചാരീതിയുടെ അടിസ്ഥാനത്തിലാണ് ഇപ്രകാരം തരംതിരിച്ചിരിക്കുന്നത്.

റൈസോം എന്ന ഭൂകാണ്ഡങ്ങളില്‍ നിന്നും പാര്‍ശ്വങ്ങളിലേയ്ക്ക് വളരുന്നവയാണ് സിംപോഡിയല്‍. ഒരു സസ്യം പുഷ്പിണിയാകുന്നതോടൊപ്പം ചുവട്ടിലെ മുകുളത്തില്‍ നിന്ന് മറ്റൊരു ചെറുസസ്യം വളര്‍ന്നു വരും. ഇപ്രകാരം പല വലുപ്പത്തിലുള്ള സസ്യങ്ങളുടെ കൂട്ടമായാണ് സിംപോഡിയലുകള്‍ കാണപ്പെടുക.

മോണോപോഡിയലുകളിലാകട്ടെ അഗ്രമുകുളം വളര്‍ന്നുകൊണ്ടേയിരിക്കും. മുകളിലേയ്ക്ക് വളരുന്നതിനാല്‍ പ്രധാനകാണ്ഡത്തില്‍ ഇലകളും വേരുകളും പ്രതേ്യകരീതിയില്‍ വിന്യസിച്ചിരിക്കും. ഇലകള്‍ തണ്ടുമായി ചേരുന്നഭാഗത്തുനിന്നും മുകുളങ്ങള്‍ വളര്‍ന്ന് പൂങ്കുലകളായി മാറും.

സിംപോഡിയലുകളേക്കാള്‍ മോണോപോഡിയലുകളെയാണ് പരിചരിക്കാന്‍ എളുപ്പം.  നിറങ്ങളുടെ വന്‍നിര തന്നെ മോണോപോഡിയലിലുണ്ട് – വെള്ള, പിങ്ക്, വയലറ്റ്,  മജന്ത, ചുവപ്പ്, നീല, മഞ്ഞ, ഓറഞ്ച്, മെറൂണ്‍ എന്നിങ്ങനെ.

കര്‍ഷകര്‍ക്കും അഭ്യസ്തവിദ്യരായ യുവതീ-യുവാക്കള്‍ക്കും വീട്ടമ്മമാര്‍ക്കും ഒരേ പോലെ ഏര്‍പ്പെടാവുന്ന അന്തസ്സുറ്റ ഒരു വ്യവസായ സംരംഭമാണ് മോണോപോഡിയല്‍ ഓര്‍ക്കിഡ് കൃഷി.

ഇനങ്ങള്‍
കേരളത്തിലെ കാലാവസ്ഥയില്‍ വാണിജ്യ കൃഷിക്ക് യോജിച്ച ചില മോണോപോഡിയല്‍ ഓര്‍ക്കിഡ് ഇനങ്ങള്‍ പരിചയപ്പെടാം.

അരാന്‍ഡ സലയാ റെഡ് – ഭംഗിയുള്ള ചുവപ്പ് പൂക്കള്‍.
അരാെന്തറ ആനി ബ്ലാക്ക് – മെറൂണ്‍ പൂക്കള്‍. നീണ്ട് വളഞ്ഞു വളരുന്ന  പൂങ്കുലകള്‍ ബൊക്കെ നിര്‍മ്മാണത്തിന് ഉത്തമം.
അരാന്തെറ ജെയിംസ് സ്റ്റോറി- രണ്ടിനങ്ങളുണ്ട് :  ഇളം ചുവപ്പ് പൂക്കളും മഞ്ഞ പൂക്കളുമുണ്ടാകും.
കഗ്വാര ക്രിസ്റ്റീലോ – ചുവന്ന പൂക്കള്‍.  പൂമ്പൊടിയുള്ള ഭാഗം തെളിഞ്ഞ മഞ്ഞനിറം.
മൊക്കാറാ കലിപ്‌സോ – വാടാമല്ലിയുടെ നിറം; ആകര്‍ഷകം.
മൊക്കാറാ ചക്വാന്‍ പിങ്ക് – റോസില്‍ കടുംറോസ് പുള്ളികളുണ്ട്.   താരതമ്യേന വലുപ്പം കൂടുതല്‍.
മൊക്കാറാ ലംസം സണ്‍ലൈറ്റ് – മഞ്ഞപ്പൂക്കളില്‍ മങ്ങിയ കുത്തുകള്‍ കാണാം.
മൊക്കാറാ സിങ്കപ്പൂര്‍ റെഡ് –  മജന്ത കലര്‍ന്ന ചുവന്ന പൂക്കള്‍ ആരെയും ആകര്‍ഷിക്കും.
മൊക്കാറാ തായ്‌ലന്റ് സണ്‍സ്‌പോട്ട് – കടുംമഞ്ഞയില്‍ ചുവന്ന കുത്തുകള്‍ നിറഞ്ഞ പുഷ്പങ്ങള്‍.
മൊക്കാറാ വാള്‍ട്ടര്‍ ഒമെ വൈറ്റ് – വെള്ളയില്‍ വാടാമല്ലി നിറത്തില്‍ കുത്തുകളുള്ള പൂക്കള്‍.
റെനാന്തെറ കോക്‌സിനിയ – ശാഖകളോടുകൂടിയ പൂങ്കുലകളില്‍ നിറയെ ചെറിയ ചുവന്ന പൂക്കള്‍.
വാന്‍ഡ ജോണ്‍ ക്ലബ്ബ് – വയലറ്റ് കലര്‍ന്ന പിങ്ക് പൂക്കളില്‍ ഇളം മജന്ത നിറത്തിലുള്ള മദ്ധ്യഭാഗം തെളിഞ്ഞു കാണാം.
വാന്‍ഡ പോപ്പോ ഡയാന – വളരെ വലിയ വെളുത്ത പൂക്കള്‍.
വാന്‍ഡ റൂബി പ്രിന്‍സ് – വയലറ്റില്‍ കടും പര്‍പ്പിള്‍ മധ്യ ഇതളുള്ള പൂക്കള്‍.
വാന്‍ഡ സ്പാത്തുലേറ്റ – മഞ്ഞപ്പൂക്കള്‍ ആണിവയുടെ പ്രതേ്യകത.
ഫലനോപ്‌സിസ് – ശലഭ ഓര്‍ക്കിഡുകള്‍ എന്നറിയപ്പെടുന്നു.  വെളുപ്പ്, പിങ്ക്, വയലറ്റ്, മഞ്ഞ എന്നീ നിറങ്ങളില്‍ വരയുള്ള ഇനങ്ങളും കാണാറുണ്ട്.

കൃഷിരീതി

പ്രധാന തണ്ട് മുറിച്ച് നട്ടാണ് മോണോപോഡിയലുകള്‍ വളര്‍ത്തുക.  രണ്ടോ മൂന്നോ വേരുകളുള്ള അഗ്രഭാഗമാണ് ഉത്തമ നടീല്‍ വസ്തു. 25-30 സെ.മീ. നീളത്തില്‍ മുറിച്ചെടുത്ത വേരുകളോടുകൂടിയ അഗ്രഭാഗം കഴിഞ്ഞുള്ള തണ്ടും നടാം. എന്നാല്‍ ഇവ വളരാന്‍ കൂടുതല്‍ സമയം വേണം. വിത്തുകളുടെ ടിഷ്യൂകള്‍ച്ചര്‍ (സീഡ്കള്‍ച്ചര്‍) വഴിയും പ്രജനനം നടത്താമെങ്കിലും ഇവ പുഷ്പിക്കാന്‍ 5 വര്‍ഷത്തിലേറെ സമയം വേണം. അതിനാല്‍ പുതിയ സങ്കര നങ്ങളുടെ ഉത്പാദനത്തിനേ സീഡ്കള്‍ച്ചര്‍ ഉപയോഗിക്കാനാവൂ. മോണോപോഡിയല്‍ തൈകളുടെ വ്യാവസായിക ഉത്പാദനത്തിന് ടിഷ്യൂകള്‍ച്ചര്‍ രീതിയാണ് അവലംബിക്കുന്നത്.  25% തണല്‍ ലഭിക്കുംവിധം തണല്‍വല  ഉപയോഗിച്ച് കൃഷിചെയ്യണം. തെങ്ങിന്‍ തോപ്പില്‍ ഇപ്രകാരം തണല്‍ കിട്ടുന്ന ഇടങ്ങളില്‍ മോണോപോഡിയലുകള്‍ ആദായകരമായി വളര്‍ത്താം. ഫലനോപ്‌സിസ് എന്ന ഇനം മാത്രമേ പ്രത്യേക ഓര്‍ക്കിഡ് ചട്ടികളില്‍ (താഴെയും വശങ്ങളിലും ദ്വാരമുള്ളവ) വളര്‍ത്തേണ്ട ആവശ്യമുള്ളൂ. ചട്ടികളില്‍ തൊണ്ടു കഷണങ്ങളും കരിക്കട്ടയും ഓട്ടുകഷണങ്ങളും ഒരേ അനുപാതത്തില്‍ കലര്‍ത്തി നിറച്ച് ഫലനോപ്‌സിസ് നടാം. ചെടിക്കാവശ്യമായ ചെറിയൊരു താങ്ങ് നല്‍കുന്നത് നന്നായിരിക്കും. തൊണ്ടില്‍ വച്ച് ചകിരികൊണ്ട് മൂടി കയര്‍കൊണ്ട് കെട്ടിയശേഷം തൂക്കിയിട്ടും ഇവയെ വളര്‍ത്താം. നട്ടശേഷം ചാണകവെളളത്തിന്റെ തെളി തളിച്ചുകൊടുക്കാം. അരാന്‍ഡ, അരാന്തെറ, മൊക്കാറ, വാന്‍ഡ എന്നീ ജനുസ്സുകളിലുള്ള എല്ലാ ഇനങ്ങളും സൗകര്യപ്രദമായ നീളത്തിലുണ്ടാക്കിയ ചാലുകളില്‍ തൊണ്ടുകളില്‍ നിരത്തിവേണം നടാന്‍

ചെടികള്‍ തമ്മില്‍ 30 സെ.മീറ്ററും വരികള്‍ തമ്മില്‍ 45 സെ.മീറ്ററും അകലം ഉണ്ടായിരിക്കണം. ഒരു ചാലില്‍ മൂന്നോ, നാലോ വരികള്‍ നടാം. തണ്ടുകള്‍ക്ക് താങ്ങുകള്‍ നല്‍കിയശേഷം ചാലില്‍ നീളത്തില്‍ കയര്‍ കെട്ടി അതുമായി ബന്ധിപ്പിക്കുന്നത് നല്ലതാണ്. മോണോപോഡിയലുകള്‍ വളഞ്ഞുപോകാതെ നിവര്‍ന്ന് വളരുന്നതാണ് പൂങ്കുലകള്‍ ഉണ്ടാകുന്നതിനും അവയുടെ ആകൃതിക്കും ഉത്തമം.

18:18:18 രാസവള മിശ്രിതം 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി ആഴ്ചയില്‍ രണ്ടുപ്രാവശ്യം ചെടികള്‍ മുഴുവന്‍ നനയും വിധം തളിക്കണം. ചെടികളുടെ പൊതുവെയുള്ള വളര്‍ച്ചയ്ക്കും രോഗപ്രതിരോധശേഷിക്കും ‘സ്യൂഡോമോണാസ്’ എന്ന മിത്രബാക്ടീരിയ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഉണ്ടാക്കുന്ന ലായനി രണ്ടാഴ്ചയിലൊരിക്കല്‍  ഉപയോഗിക്കാം.

ഓര്‍ക്കിഡ് തോട്ടത്തില്‍ ശുചിത്വം പാലിക്കുന്നതുവഴി രോഗങ്ങളെയും കീടങ്ങളെയും ഒരു പരിധി വരെ അകറ്റി നിര്‍ത്താം. ചെടികള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കണം. നീര്‍വാര്‍ച്ചാ സൗകര്യം ഉറപ്പുവരുത്തണം.  മഴക്കാലത്ത് തണല്‍വലകള്‍ ഉയര്‍ത്തിക്കെട്ടുന്നത് നല്ലതാണ്.

കുമിള്‍രോഗങ്ങളായ ഇലപ്പുള്ളി, അഴുകല്‍, വാട്ടം, ഇലകരിച്ചില്‍ എന്നിവയെ നിയന്ത്രിക്കാന്‍ ഇന്‍ഡോഫില്‍ എം.45  എന്ന കുമിള്‍നാശിനി 2.5 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ എന്ന അളവില്‍ കലക്കി തളിക്കാം. വൈറസ് രോഗങ്ങള്‍ ബാധിച്ചാല്‍ ആ ചെടികളെ പാടെ നീക്കം ചെയ്ത് നശിപ്പിക്കണം. മീലിമൂട്ട, മണ്ഡരി, ഇലപ്പേന്‍, വണ്ട് എന്നിവയുടെ ഉപദ്രവത്തിനെതിരെ റോഗര്‍ (2 മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍) ഉപയോഗിക്കാം.

പുകയിലക്കഷായവും വേപ്പെണ്ണ – വെളുത്തുള്ളി മിശ്രിതവും ഉപയോഗിച്ചും കീടനിയന്ത്രണം സാധിക്കാം. ഒച്ചുകളെ രാത്രികാലത്ത് പെറുക്കിയെടുത്ത് ഗാഢതയുള്ള ഉപ്പുലായനിയില്‍ മുക്കി നശിപ്പിക്കാം.

ഒരു പൂങ്കുലയില്‍ രണ്ടോ മൂന്നോ മൊട്ടുകള്‍ വിരിയാന്‍ ബാക്കിയുള്ളപ്പോള്‍ മുറിക്കുകയാണ് നല്ലത്. പൂങ്കുലകള്‍ മുറിച്ചയുടന്‍ തണ്ടുകള്‍ വെള്ളത്തില്‍ മുക്കി വയ്ക്കണം.
മോണോപോഡിയലുകളുടെ നടാനുള്ള തണ്ടുകള്‍ കാര്‍ഷിക കോളേജിലെ ഫാമില്‍ നിന്നോ അംഗീകൃത ഓര്‍ക്കിഡ് നേഴ്‌സറികളില്‍ നിന്നോ വാങ്ങാം.

ഓര്‍ക്കിഡ് കര്‍ഷകര്‍ ഒത്തൊരുമിച്ച് ഒരേയിനങ്ങള്‍ കൂടുതലായി കൃഷി ചെയ്താല്‍ നമ്മുടെ നാട്ടിലെ വിപണിയോടൊപ്പം വന്‍തോതില്‍ കയറ്റുമതി ചെയ്യാനുള്ള സാധ്യതയുമുണ്ട്. ഉത്പാദനവും വിപണനവും ലാഭകരമാക്കാനും അതുവഴി സാധിക്കും. ആദായത്തോടൊപ്പം ആനന്ദകരമായ ഒരു ഹോബിയാണ് ഓര്‍ക്കിഡ് വളര്‍ത്തല്‍.

ലേഖകര്‍ തിരുവല്ല കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ അസി.പ്രൊഫസറും, വെള്ളായണി കാര്‍ഷിക കോളേജിലെ അസോ.പ്രൊഫസറും ആണ്.
ഫോണ്‍ : 9447817037

കടപ്പാട് : www.doolnews.com

2.98
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top