অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൃഷിരംഗം

കാര്‍ഷിക വാര്‍ത്തകള്‍

കൃഷിചെയ്യാം മല്ലിയിലയും

കറികളില്‍ മല്ലിയിലയിട്ടാല്‍ ടേസ്റ്റൊന്ന് വേറെയാണ്. രുചിമാത്രമല്ല ആരോഗ്യത്തിനും മല്ലിയില അത്യുത്തമമാണ്. ദഹനത്തിനെ ഏറെ സഹായിക്കും. മല്ലി ഇലയുടെ നീര് അസിഡിറ്റി കുറയ്ക്കും. ശരീരത്തിന് തണുപ്പ് കിട്ടും . ഛര്‍ദ്ദിക്ക് ഒന്നോ രണ്ടോ ഇല വായിലിട്ടു ചവച്ചു നീരിറക്കിയാല്‍ മതി.

സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് നടാം. നല്ല നീര്‍വാഴ്ചയുള്ള സ്ഥലമായിരിക്കണം. മണ്ണു നന്നായി കിളച്ച് കല്ലും മറ്റു പാഴ് വസ്തുക്കളും നീക്കം ചെയ്യുക. പച്ചിലകളും ജൈവകമ്പോസ്റ്റും അടിവളമായി ഇടണം. അടുക്കളആവശ്യത്തിനു കടയില്‍ നിന്ന് വാങ്ങുന്ന മല്ലി വിത്തായി ഉപയോഗിക്കാം വിത്ത് മുളയ്ക്കാന്‍ ധാരാളം ഈര്‍പ്പം വേണം. രണ്ടാഴ്ച മുതല്‍ നാലാഴ്ച വരെ സമയമെടുത്തേക്കും വിത്ത് ഒന്നോ രണ്ടോ ദിവസം കുതിര്‍ത്ത ശേഷം നടുന്നതാണ് നല്ലത്.

മുളച്ചു രണ്ടിഞ്ചു ഉയരം വന്നാല്‍ വളമിടാം. വളം ഒരിക്കലും അധികമാകരുത്അധികമായാല്‍ ഇലയുടെ മണം കുറയും. നേര്‍പ്പി ച്ച ചാണക വെള്ളം മാത്രം ഒഴിച്ചാലും മതി. ഏറ്റവും നല്ലത് ഫിഷ് അമിനോ ആസിഡ് ആണ്. അതൊരിക്കല്‍ മാത്രമേ കൊടുക്കാവൂ. കട്ടി കൂടിയ മിശ്രിതങ്ങള്‍ ഒഴിവാക്കുക. ചെടി കുറച്ചു വലുതായാല്‍ പിന്നെ നനയ്ക്കുന്നത് കുറയ്ക്കണം. ഒരിക്കലും വെള്ളം കെട്ടി നില്ക്കരുത്. ചെടികള്‍ കൂട്ടംകൂടി വളരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം

ചെടിക്ക് നാലിഞ്ച് ഉയരമായാല്‍ അടിഭാഗത്തുള്ള ഇലകളോ ചെറിയ ചില്ലകളോ നുള്ളി എടുക്കാം. ഇല നുള്ളിയാല്‍ മാത്രമേ അത് വേഗം വളരൂ . മൂന്നില്‍ രണ്ടു ഭാഗം ഇലകളില്‍ കൂടുതല്‍ ഒരേ സമയം നുള്ളരുത്, അത് ചെടിയ്ക്ക്? ക്ഷീണമാകും. ഒരിയ്ക്കല്‍ ഇല നുള്ളിയാല്‍ ചെടി വീണ്ടും കിളിര്‍ക്കാന്‍ തുടങ്ങും. രണ്ടു മൂന്നു ആഴ്ച കൂടുമ്പോള്‍ ഇങ്ങനെ ഇല നുള്ളാം. പിന്നീട് ചെടി പൂവിടാന്‍ തുടങ്ങും. അപ്പോള്‍ പുതിയ ഇലകള്‍ വരുന്നത് നില്ക്കും . തുടര്‍ന്നും ഇല വേണമെങ്കില്‍ ഉണ്ടാകുന്ന പൂക്കളെ അപ്പപ്പോള്‍ കളയണം. ഇലയുടെ തീക്ഷ്ണമായ മണം കാരണം കീട ശല്യം കുറവാണ്. എങ്കിലും ഈര്‍പ്പം അധികമായാല്‍ കുമിള്‍ ബാധ വരും. വെളുത്ത പൊടി പോലെ ഇലകളില്‍ നിറയും. ബാധ വന്ന ഇലകള്‍ അപ്പപ്പോള്‍ നുള്ളി കളയുക. ചെടിയുടെ കടക്കല്‍ എപ്പോഴും വൃത്തിയായി വെയ്ക്കണം. അവിടെ ചീഞ്ഞ ഇലകളോ പൂക്കളോ ഉണ്ടെങ്കില്‍ കുമിള്‍ ബാധ വരാന്‍ സാധ്യതയുണ്ട്.

ഒട്ടുമാവിനു വേണം ഏറെ പരിചരണം

നാലു കെട്ടും നടുമുറ്റവും മുറ്റത്തൊരു മാവും മാവില്‍ നിറയെ തേന്‍കിനിയുന്ന മാമ്ബഴങ്ങളും പണ്ടൊക്കെ മലയാളത്തറവാടുകളുടെ സ്വകാര്യ അഹങ്കാരമായിരുന്നു അത്. എന്നാല്‍, അണുകുടുംബം വന്നതോടെ മുറ്റത്തെ മാവിന്റെ മാങ്ങയുടെ തേന്‍കിനിയും മധുരവും കൈകൊണ്ട് പറിച്ചെടുക്കാവുന്ന മാങ്ങാക്കാലവുമൊക്കെ കഴിഞ്ഞു.

ഇപ്പോള്‍ നഴ്സറികളില്‍നിന്നും മാമ്പഴമേളകളില്‍നിന്നും വലിയ വിലകൊടുത്തുകൊണ്ടുപോകുന്ന ഒട്ടുമാവിന്‍തൈകളാണ് പല വീട്ടുമുറ്റങ്ങളും അലങ്കരിക്കുന്നത്. എന്നാല്‍ വാങ്ങുമ്പോള്‍ രണ്ടുവര്‍ഷം കൊണ്ട് കായ്ക്കും ഫലം തരും എന്നൊക്കെ പറഞ്ഞ് വാങ്ങുന്ന ഇവ നാലഞ്ചുകൊല്ലം കഴിഞ്ഞാലും ഇത്തിരിക്കുഞ്ഞനായിത്തന്നെ തളിരിലകള്‍ മാത്രം വന്ന് നില്‍ക്കുന്നതാണ് അനുഭവം.

അതിനെന്താണ് പോം വഴിയെന്ന് ചിന്തിക്കുന്നവരാണ് മിക്ക മലയാളികളും. ഒട്ടുമാവ് പെട്ടെന്ന് വളരാനും കായ്ക്കാനും തേന്‍കിനിയുന്ന കനികള്‍കിട്ടാനും
വേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

നടുമ്പോള്‍ ശ്രദ്ധിക്കണം

ഒട്ടേറെയിനം സങ്കരമാവുകളുടെ തൈകളാണ് ഒട്ടുമാവായി നമുക്ക് ലഭിക്കുന്നത് അത് യോജിച്ച രീതിയില്‍ യോജിച്ച സ്ഥലത്ത് നട്ടാലേ ശരിക്കും വളരൂ. നടുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കണം.

നന്നായി സൂര്യപ്രകാശം ലഭിക്കണം

മാവിന്‍റെ വളര്‍ച്ചയ്ക്കും നല്ല കായ് ഫലം ലഭിക്കാനും സൂര്യപ്രകാശം. അത്യാവശ്യമാണ്. നല്ല നീര്‍വാര്‍ച്ചയും സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തുമായിരിക്കണം ഒരു മീറ്റര്‍ നീളവും വീതിയും ആഴവും ഉള്ള കുഴികള്‍ തയ്യാറേക്കണ്ടത്. കുഴിയില്‍ കാലിവളമോ കമ്പോസ്റ്റോ മണ്ണും മണലുമായി കൂട്ടിനിറച്ചതിന് ശേഷം അത് നനച്ച്‌ അതിനു നടുവിലാണ് തൈകള്‍ നടേണ്ടത്.

തൈകള്‍ പോളിത്തീന്‍ കവറില്‍നിന്ന് മണ്ണിളക്കിയെടുത്തതിന് ശേഷം അതിന്‍റെ തായ് വേര് വളഞ്ഞുപുളഞ്ഞോ മടങ്ങിയോ നില്‍ക്കുന്നുണ്ടെങ്കില്‍ അത് നിവര്‍ത്തിയോ മുറിച്ചോ നേരെയാക്കണം. എന്നിട്ടാണ് നടേണ്ടത് അല്ലെങ്കില്‍ തൈ വളരില്ല.

നന്നായി പരിചരിക്കണം വളം ചെയ്യണം

മാവിന്‍തൈകള്‍ നട്ട് അത് വേണമെങ്കില്‍ താനേ വളരട്ടെയെന്ന നിലപാടാണ്. മിക്കവര്‍ക്കും അത് പാടില്ല. ഓരോ രണ്ടുമാസം കൂടുമ്പോളും തൈയുടെ  മുരട്ടില്‍നിന്ന് ഒന്നരയടി വിട്ട് ചാലുകളെടുത്ത് കാലിവളമോ മണ്ണിരക്കമ്പോസ്റ്റോ ചേര്‍ത്ത് മണ്ണിളക്കി നനച്ചുകൊടുക്കണം.

മാവിന്‍റെ രോഗ കീടങ്ങള്‍

സാധാരണയായി മാവിന്‍തൈകള്‍ രണ്ടു മൂന്നുവര്‍ഷം കൊണ്ട് കായ്ക്കണം. എന്നാല്‍, പല മാവുകളും കായ്ക്കാത്തത് നമ്മള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത രോഗങ്ങള്‍കൊണ്ടാകാം. മാവിലകളില്‍ കരിച്ചില്‍, തുമ്പിലകള്‍ വാടിക്കൊഴിഞ്ഞുവീഴല്‍, കൊമ്പുകളുടെ അറ്റം ഉണങ്ങിപ്പൊടിയുക, തളിരുകള്‍ നുറുക്കിപ്പോവുക,
മാവിന്‍തടിയില്‍ കൂണ്‍ വളര്‍ച്ച, വണ്ടുകുത്തല്‍, നീരൊലിപ്പ്, കായ്പിടിക്കാതിരിക്കുക, കായ് അഴുകിപ്പൊഴിയുക, കായ് വിണ്ടുകീറുക എന്നിങ്ങനെയുള്ള രോഗങ്ങളും കീടങ്ങളും ആണ് മാവ് യഥാസമയം കായ്ക്കാത്തതിന് കാരണം.

പിങ്ക് രോഗവും മാംഗോഹോപ്പറും

ഇലകള്‍ കരിയുക മഞ്ഞനിറം വരാതെ കൊഴിഞ്ഞുവീഴുകയെന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ കാണിക്കുന്നത് മാംഗോ ഹോപ്പര്‍ എന്ന കീടത്തിന്‍റെ ആക്രമണം കൊണ്ടാകാം. വേപ്പധിഷ്ഠിത കീടനാശിനികള്‍ മാവിന്‍തൈകള്‍ക്കുമീതെ ഒന്നരാടന്‍ ഇടവിട്ട് പത്തുദിവസം തളിച്ചുകൊടുക്കുന്നത് ഈ കീടത്തിന്‍റെ ആക്രമണം തടയാന്‍ ഫലപ്രദമാണ്.

തൂമ്പില കരിയുന്നു

മാവിന്റെ തൂമ്പില കരിഞ്ഞ് അഗ്രഭാഗം ഉണങ്ങിപ്പൊടിയുന്നതാണ് പിങ്ക് രോഗത്തില്‍ കണ്ടുവരുന്നത്. രോഗം ബാധിച്ചുകാണുന്ന മാവിന്‍കൊമ്പിന്‍റെ തലകള്‍  മുറിച്ച്‌ അവിടെ ബോര്‍ഡോമിശ്രിതം തേച്ചുകൊടുക്കുന്നതാണ് ചികിത്സ.

ഡിപോറസ് മാര്‍ജിനേറ്റസ്

മാവിന്‍റെ തളിരിലകളില്‍ കരിച്ചിലുണ്ടാക്കുകയും മാവിനെ പൂക്കാന്‍ സമ്മതിക്കാതിരിക്കുകയും ചെയ്യുന്ന ഒരു കീടമാണ് ഡിപോറസ് മാര്‍ജിനേറ്റസ്. വേപ്പധിഷ്ഠിത കീടനാശിനി തളിച്ചുകൊടുക്കാം ആക്രമണം രൂക്ഷമാണെങ്കില്‍. ഇമിഡാക്ലോപ്രിഡ് എന്ന കിടനാശിനി 0.5 മില്ലി ഒരു ലിറ്റര്‍വെള്ളത്തിലേക്ക് എന്നതോതില്‍ തളിച്ചുകൊടുക്കാം.

കൂണ്‍വളര്‍ച്ച, വിണ്ടുകീറല്‍

മാവിന്‍റെ തടിയില്‍ കൂണ്‍പോലുള്ള വളര്‍ച്ചയും വിണ്ടുകീറലും നീരൊലിപ്പുമാണ് മറ്റൊരു വില്ലന്‍ കൂണുകള്‍ കത്തിയെടുത്ത് മാവിന്‍തൊലിയുടെ ഉള്ളിലേക്ക്  പോറലേല്‍ക്കാത്ത രീതിയില്‍ ചുരണ്ടിക്കളയണം. നീരൊലിപ്പു കാണിക്കുന്നുണ്ടെങ്കില്‍ ബോര്‍ഡോക്കുഴമ്പ് തേച്ചുപിടിപ്പിക്കാം. അല്ലെങ്കില്‍ ഏതെങ്കിലും രാസ കുമിള്‍
നാശിനി ഉപയോഗിക്കാം. കീടനാശിനിയായ അസഫൈറ്റ് 2 ഗ്രാം വീതം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുന്നതും ഫലപ്രദമാണ്.

കായ പിടിക്കാതിരിക്കല്‍

കായപിടിക്കാതിരിക്കലാണ് മറ്റൊരു പ്രശ്നമായി കാണുന്നത്. ഒരുചെടി വളര്‍ന്നുവലുതായി കായ്ഫലം തരണമെങ്കില്‍ ഏകദേശം പതിനാറോളം മൂലകങ്ങള്‍ അത്യാവശ്യമാണ്. അതിന്‍റെ പലതിന്‍റെയും കുറവുകൊണ്ടാണ് കായ്പിടുത്തം കിട്ടാത്തത്. അതിന് ആറുമാസത്തിലൊരിക്കല്‍ വളം ചെയ്യുന്നതിന്‍റെ കൂടെ
മൈക്രോന്യൂട്രീഷ്യന്‍റ് ചേര്‍ത്തുകൊടുക്കുന്നത് കായ് പിടുത്തത്തിന് നല്ലതാണ്. അല്ലെങ്കില്‍ കായ്പിടുത്തത്തിനുള്ള ഹോര്‍മോണുകള്‍ കലക്കി ഇലത്തൂമ്പുകള്‍ക്കു മീതെ തളിച്ചാലും മതി.

മാങ്ങ അഴുകല്‍, വിണ്ടുകീറല്‍

മാങ്ങകള്‍ മൂപ്പെത്താതെ വിണ്ടുകീറുന്നതും കൊഴിഞ്ഞുപോകുന്നതുമാണ് മറ്റൊരു പ്രശ്നം. കാലാവസ്ഥയിലെ മാറ്റം കൊണ്ടും സിങ്ക് എന്നമൂലകത്തിന്‍റെ അഭാവം കൊണ്ടും ഇങ്ങനെ വരാം. സിങ്ക് അധിഷ്ഠിത ന്യൂട്രീഷ്യന്‍റുകള്‍, തൈയൊന്നിന് 100 ഗ്രാം പൊട്ടാഷ് എന്നിവനല്‍കിയാല്‍ അതിന് പരിഹാരം കാണാം.

മാങ്ങ അഴുകുന്നത് പുഴുക്കളുടെ ആക്രമണം കൊണ്ടാകാം അല്ലെങ്കില്‍ കായകളിലെ അഴുകല്‍രോഗംകൊണ്ടുമാകാം. കായീച്ചയുടെ ആക്രമണം കൊണ്ടും ഇങ്ങനെ സംഭവിക്കാം. കേടുവന്ന് താഴെവീഴുന്ന മാങ്ങകള്‍ നശിപ്പിച്ചുകളയണം. മാവില്‍ ഫിറമോണ്‍കെണി സ്ഥാപിക്കുന്നതും നന്ന്. കായകളിലെ അഴുകലിന് കുമിള്‍ നാശിനിയായ സാഫ് 0.5 ശതമാനം വീര്യത്തില്‍ തളിച്ചുകൊടുക്കാം. അല്ലെങ്കില്‍ പൊട്ടാസ്യം അയഡൈഡ് 0.5 ശതമാനം വീര്യത്തില്‍ ഇലകളില്‍ തളിച്ചുകൊടുക്കാം.

ഓരോ ചെടിയും കായ്ക്കാനും അതിന് ചെയ്യുന്ന വളം തന്നെയാണ് പ്രധാനം. ആറുമാസത്തിലൊരിക്കല്‍ കൃത്യമായ പോഷകങ്ങളള്‍ ലഭിക്കുന്ന ജൈവവളങ്ങള്‍ അല്ലെങ്കില്‍ രാസവളങ്ങള്‍ എന്നിവ ചെയ്യേണ്ടത് അത്യാവശ്യമാണ്. ആറുമാസത്തേക്ക് ഒരു കിലോ വേപ്പിന്‍ പിണ്ണാക്ക്, 500 ഗാം എല്ലുപൊടി, ഒരു കുട്ടചാണകം എന്നിവ വളമായിനല്‍കാം.

നമുക്കും ആരംഭിക്കാം കുടുംബകൃഷി

മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ മലയാളിയെ പറഞ്ഞു മനസ്സിലാക്കേണ്ട കാലം വന്നിരിക്കുന്നു എന്നത് ഒരു വസ്തുതയാണ്. ലോകം മൊത്തം കൃഷിയെയും അതിന്‍റെ  കുടുംബപരമായ പ്രാധാന്യത്തെയും മറന്നുകൊണ്ട് കമ്പോളവത്കരണത്തിന്‍റെ പിറകെ പാഞ്ഞപ്പോഴാണ് 2014-ല്‍ ഐക്യരാഷ്ട്രസഭയ്ക്കുവരെ അന്താരാഷ്ട്രകുടുംബകൃഷി വര്‍ഷമെന്ന പ്രചാരണവുമായി മുന്നോട്ടുവരേണ്ടിവന്നത്. കൃഷിയെന്ന പ്രക്രിയ വ്യക്തികള്‍ അനുഷ്ഠിക്കാതെ അത് കമ്പോളത്തിന് വിട്ടുകൊടുത്ത് വീട്ടില്‍ മിണ്ടാതിരുന്ന് കീടനാശിനിയും രാസവളവും മുക്കിയെടുത്ത് വളര്‍ത്തിയെടുക്കുന്നവ വാങ്ങി വെട്ടിവിഴുങ്ങി മഹാരോഗങ്ങള്‍ വിലകൊടുത്തുവാങ്ങുന്ന രീതിയിലേക്ക് ലോകം എത്തിപ്പെട്ടപ്പോള്‍ അതില്‍നിന്ന് മുക്തിനേടാനാണ് യു.എന്‍. കുടുംബകൃഷിവര്‍ഷമായി 2014 ആചരിച്ചത്.

നേട്ടങ്ങള്‍ മാത്രം

ഒരു മനുഷ്യന്‍ ഒരു ദിവസം ശരാശരി അവന്‍റെ ഭക്ഷണക്രമത്തില്‍ 250-300 ഗ്രാം പച്ചക്കറിയെങ്കിലും ഉള്‍പ്പെടുത്തണമെന്നാണ് സമീകൃതാഹാരത്തിന്‍റെ കണക്ക് പറയുന്നത്. എന്നാല്‍, റെഡ്മീറ്റിന്‍റെ പിന്നാലെയോടി നാം വൈറ്റ് മീറ്റിന്‍റെ കാര്യം തന്നെ മറന്നു. എന്നാല്‍, കുടുംബത്തില്‍ നാലു പച്ചമുളക് വളര്‍ത്താന്‍ മലയാളിയെ മുമ്പ് ആരും പഠിപ്പിക്കേണ്ടിയിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ ആ ബോധം വീണ്ടും നമ്മള്‍ക്കിടയില്‍ വളര്‍ന്നുവരുന്നു. കുടുംബകൃഷികൊണ്ട് നേട്ടങ്ങള്‍ മാത്രമേ ഉണ്ടാകൂ അതെന്തൊക്കെയാണെന്ന് നോക്കാം.

സ്വയം പര്യാപ്തത

പച്ചക്കറിക്കാര്യത്തില്‍ സ്വയം പര്യാപ്തത നേടാന്‍ കഴിയുന്നു എന്നതാണ് ഇതിലെ വലിയ വിജയം. രാസകിടനാശിനികള്‍ നിറഞ്ഞ വിപണിയിലെ പച്ചക്കറി ഉപയോഗിക്കാതെ കുടുംബാംഗങ്ങളുടെ പ്രയത്നം കൊണ്ട് വിളഞ്ഞവ ഭക്ഷിക്കാവുന്നരീതിയിലേക്ക് നാം മാറ്റപ്പെടുന്നു.

കൂലിച്ചെലവില്ല

കൂലിച്ചെലവിന്‍റെ പണം ലാഭകരമാക്കാമെന്നതാണ് കുടുംബകൃഷികൊണ്ടുള്ള മറ്റൊരു ഗുണം. കുടുംബത്തിലെ ഒരാളല്ലെങ്കില്‍ മറ്റൊരാള്‍ കൃഷി പരിചരിക്കുന്ന അവസ്ഥയുണ്ടാകുന്നു. എല്ലാവരുടെയും പരിചരണം കിട്ടുന്നതിനാല്‍ ഫലം ഉറപ്പാകുന്നു.

വിഷമുക്തമാക്കാം

എത്രതന്നെ ജൈവമെന്നു പറഞ്ഞാലും ചില കൃഷിക്കാരെങ്കിലും ലാഭത്തിനായി കുറഞ്ഞ തോതിലെങ്കിലും രാസവളവും കിടനാശിനിയും ചേര്‍ക്കുന്നുണ്ടെന്ന വസ്തുത റീജണല്‍ അനലിറ്റിക്കല്‍ ലാബിലെ പരിശോധനകളില്‍ സര്‍ക്കാര്‍ തന്നെ സ്ഥിരീകരിച്ചതാണ്. അതിനാല്‍ നമ്മുടെ മട്ടുപ്പാവിലും വീട്ടുവളപ്പിലും ഉണ്ടാക്കുന്ന വിളകള്‍ നല്ല ആത്മ വിശ്വാസത്തൊടെത്തന്നെ നമുക്ക് അകത്താക്കാം.

കൂടുതല്‍ കഴിക്കാം, ചെലവ് കുറയ്ക്കാം

സ്വന്തമായി ഉണ്ടാക്കുന്നതിനാല്‍ കൂടുതല്‍ അളവില്‍ പഴം പച്ചക്കറിയെന്നിവ കൂടുതല്‍ അളവില്‍ ഭക്ഷ്യക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ഇതിനാല്‍ സാധിക്കുന്നു. മാത്രമല്ല പച്ചക്കറി, പഴം എന്നിവ വാങ്ങാനുള്ള ചെലവ് കുറയുന്നതിലൂടെ നല്ലതുക മിച്ചം കിട്ടും.

ആരോഗ്യം മെച്ചപ്പെടുത്താം

ഏറ്റവും നല്ല വ്യായാമമാണ് കൃഷിപ്പണി. കുടുംബത്തിലെ മിക്കവരും അതില്‍ ഏര്‍പ്പെടുന്നതിനാല്‍ ആരോഗ്യം മെച്ചപ്പെടുന്നു. കീടനാശിനിയും രാസവളവും ഉപയോഗിക്കാത്ത നല്ല വിളകള്‍ കഴിക്കുന്നതിനാല്‍ രോഗസാധ്യത കുറയുന്നു.

മാലിന്യം വളമാക്കാം

മാലിന്യസംസ്കരണമാണ് കേരളീയരെ കുഴക്കുന്ന ഒരു പ്രശ്നം അതിന് പ്രതിവിധിയായും കുടുംബകൃഷിമാറുന്നു. വീടുകളില്‍ ബാക്കിവരുന്ന ആഹാരസാധനങ്ങളുടെയും ജൈവവസ്തുക്കളുടെയും നിക്ഷേപം വളമെന്നരീതിയില്‍ കൃഷിക്ക് ഉപയോഗിക്കാം. അഴുകുന്ന എല്ലാ വസ്തുക്കളും തരംതിരിച്ച്‌ പച്ചക്കറിച്ചുവട്ടില്‍ നിക്ഷേപിക്കാം.

അടുക്കളത്തോട്ടമായും പുരയിടകൃഷിയായും മട്ടുപ്പാവിലെ ഗ്രോബാഗ് കൃഷിയായും കുടുംബകൃഷി നടത്താം. മട്ടുപ്പാവിലേക്ക് ചട്ടിയും ചാക്കും പാത്രങ്ങളും കൃഷിക്കായി ഉപയോഗിക്കാം. കുടുംബകൃഷി പ്രോത്സാഹിപ്പിക്കാനായി സര്‍ക്കാറും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും റെസിഡന്റ്സ് അസോസിയേഷനുകളും ഒട്ടേറെകാര്യങ്ങള്‍ ചെയ്തുവരുന്നു. അവ ഉപയോഗപ്പെടുത്തി നമുക്കും  കുടുംബകൃഷി ആരംഭിക്കാം.

ഏതു കാലാവസ്ഥയിലും ഗ്രോ ബാഗില്‍ പച്ചക്കറികള്‍ കൃഷി ചെയ്യാം

വേനല്‍ക്കാലം വരികയാണ്. പച്ചക്കറി കൃഷിക്കൊന്നും വെളളമില്ലെന്ന പരാതി വേണ്ട. കൂടുതല്‍ ജല ഉപഭോഗമില്ലാത്ത ഗ്രോബാഗിലെ പച്ചക്കറികൃഷിക്ക് ഇതോടെ സാധ്യതയേറുകയാണ്. കൂട്ടത്തില്‍ വെയിലും മഴയും കൊണ്ട് പച്ചക്കറി കൃഷിക്കായി വയലില്‍ സമയം ചെലവഴിക്കാന്‍ സമയമില്ലാത്തവരും കൃഷിഭൂമിയില്ലാത്തവരും ഇനി നിരാശരാകേണ്ട.

ഗ്രോബാഗില്‍ ഇപ്പോള്‍ പച്ചക്കറി കൃഷി വിപ്ലവമാണ്. ടെറസ്സിലും മറ്റും മുമ്പ് ഒതുങ്ങിയിരുന്ന കൃഷി ഇപ്പോള്‍ ഗ്രാമാന്തരങ്ങളില്‍ പോലും വ്യാപകമായിരിക്കുന്നു. പച്ചക്കറി കൃഷി ചെയ്യാന്‍ ഗ്രോ ബാഗിനെ ആശ്രയിക്കുവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുകയാണ്.  കൂടുതല്‍ ജലക്രമീകരണം ഇല്ലാതെ തന്നെ എളുപ്പം വിഷരഹിത പച്ചക്കറികള്‍ താരതമ്യേന ചെലവും അധ്വാനവും കുറഞ്ഞ് വിളയിച്ചെടുക്കാന്‍ കഴിയുന്നു. ഇതാണ് ഗ്രോബാഗ് കൃഷിയുടെ ഏറ്റവും വലിയ ആകര്‍ഷണം. ഏതു കാലാവസ്ഥയിലും അടുക്കളത്തോട്ടത്തില്‍ പച്ചക്കറി എന്ന ലക്ഷ്യവും ഇതിലൂടെ കൈവരിക്കാം.

മൂന്ന് മുതല്‍ നാലുവര്‍ഷം വരെ ഒരേ ഗ്രോബാഗില്‍ തുടര്‍ച്ചയായി കൃഷി ചെയ്യാന്‍ കഴിയും. ഇതിനായി ഗുണമേന്മയുള്ള ഗ്രോബാഗുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ടെറസ്സിലും അടുക്കള പരിസരത്തും മുറ്റത്തുമെല്ലാം ആവശ്യവും സൗകര്യവും അനുസരിച്ച്‌ ഗ്രോബാഗ് നിരത്തിവെച്ച്‌ കൃഷി തുടങ്ങാം. പയര്‍, പാവല്‍, ചീര, തക്കാളി മുതല്‍ കാച്ചിലും ഇഞ്ചിയും വരെ ഗ്രോബാഗില്‍ കൃഷി ചെയ്യാം.

നല്ല സൂര്യപ്രകാശം ലഭിക്കുന്നയിടത്ത് വേണം ഗ്രോബാഗ് നിറച്ചുവെക്കാന്‍. ഒരു തവണ നിരത്തി വെച്ച സ്ഥലത്ത് നിന്നും ആവശ്യത്തിനനുസരിച്ച്‌ മാറ്റാമെങ്കിലും വിളവെടുപ്പ് വരെ സ്ഥിരമായി നിലനിര്‍ത്തുന്നത് തന്നെയാണ് നല്ലത്. പ്രകാശ ആഗിരണത്തിനും വികിരണത്തിനും ഗ്രോബാഗിന്‍റെ നിറം സഹായകരമാണ്. ബാഹ്യഭാഗം വെളുപ്പ് നിറത്തിലായതിനാല്‍ നല്ലപോലെ സൂര്യപ്രകാശത്തെ ഗ്രോബാഗ് ആഗിരണം ചെയ്യും.

ഉള്‍ഭാഗത്തെ കറുപ്പ് നിറം വിളയുടെ നല്ലപോലെയുള്ള വേരോട്ടത്തിനും സഹായിക്കും. കല്ലും വേരും നീക്കിയ നല്ല മണ്ണാണ് ഗ്രോബാഗില്‍ നിറയ്ക്കാന്‍ തയ്യാറാക്കേണ്ടത്. കവറിന്‍റെ മുക്കാല്‍ ഭാഗം വരെ മാത്രം ചാണകം ചേര്‍ത്ത മണ്ണ് നിറയ്ക്കാം. ബാക്കിഭാഗം മടക്കിവെച്ചാല്‍ മതിയാകും. തുടര്‍ന്ന് വളപ്രയോഗം നടത്തുന്നതിനനുസരിച്ച്‌ ബാഗിന്‍റെ ചുരുള്‍ അഴിക്കാം.

രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ തന്നെ പൂര്‍ണ്ണമായും ചെടിയില്‍ എത്തുന്ന വിധം വളപ്രയോഗം നടത്താന്‍ കഴിയുമെന്നതാണ് ഈ കൃഷി രീതിയുടെ ഏറ്റവും വലിയ സവിശേഷത. ചെടി തഴച്ചു വളരുന്നതിനനുസരിച്ച്‌ പുറമെ കമ്പുകള്‍ കെട്ടി ചെടിയെ താങ്ങുന്നത് നല്ലതായിരിക്കും.

തക്കാളി, പയര്‍, വഴുതന തുടങ്ങിയ ചെടികള്‍ ഭാരം താങ്ങാന്‍ കഴിയാതെ വിളവെടുപ്പിന് മുമ്പെ പൊട്ടി വീഴുന്നത് ഇതു വഴി ഒഴിവാക്കാം. ദൈനം ദിന ആവശ്യങ്ങള്‍ക്കുള്ള പച്ചക്കറി ഏതു കാലാവസ്ഥയിലും ഇങ്ങനെ ഉത്പാദിപ്പിക്കാം.

കൃഷി ഭവന്‍ മുഖേന പച്ചക്കറി പ്രോത്സാഹന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് തലത്തില്‍ വിവിധ വലുപ്പത്തിലുള്ള ഗ്രോബാഗുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇതോടെയാണ് ഗ്രോ ബാഗ് കൃഷിയിലേക്ക് ഗ്രാമാന്തരങ്ങളിലടക്കം വിപുലമായ പ്രചാരം ലഭിച്ചു തുടങ്ങിയത്.

ജല ദൗര്‍ലഭ്യം നേരിടുന്ന വേനല്‍ക്കാലത്തും അധികം ജലസേചനമില്ലാതെ കൃഷി നടത്താമെന്നതും പ്രത്യേകതയാണ്. ഒരിക്കല്‍ നനച്ചാല്‍ ദിവസങ്ങളോളം ഈര്‍പ്പം നിലനിര്‍ത്താന്‍ ഗ്രോബാഗിലെ മണ്ണിന് കഴിയുന്നു. ആവശ്യത്തിന് ചകിരിയും മറ്റും മുകള്‍ഭാഗത്ത് നിരത്തിയാല്‍ കൂടുതല്‍ ദിവസങ്ങളില്‍ ഈര്‍പ്പം ലഭിക്കും.

പൂന്തോട്ടം മെഴുകുപൂക്കളെക്കൊണ്ട് വര്‍ണാഭമാക്കാം.

കണ്ടാല്‍ തെച്ചിക്കുല വള്ളിയില്‍ പടര്‍ന്ന് താഴേക്ക് തൂങ്ങിനില്‍ക്കുന്നതുപോലെയുള്ള, ഒറ്റനോട്ടത്തില്‍ നിറംകൊണ്ടും മിനുപ്പുകൊണ്ടും പ്ലാസ്റ്റിക് പൂക്കളെന്നു തോന്നിക്കുന്ന ചില വള്ളിച്ചെടികളുണ്ട്. മ്യാന്‍മാര്‍, സിക്കിം, തായ്ലാന്‍ഡ്, വടക്കുകിഴക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിറച്ചും ഉണ്ടാകുന്ന ഇത്തരം ചെടികള്‍ മഴക്കാലത്തിനും ശേഷം നമ്മുടെ നാട്ടിലും പുഷ്പിക്കും.

നമ്മുടെ തോട്ടങ്ങളില്‍ ഒട്ടേറെ വള്ളിച്ചെടിയിനങ്ങളില്‍ പൂത്തുനില്‍ക്കാറുണ്ട്. അവയില്‍ പലതും നല്ല പൂക്കളുണ്ടാകുന്നതാണെങ്കിലും തോട്ടങ്ങളില്‍ പിടിച്ചുകിട്ടാനാണ് പാട്. ചിലതിന്റെ തൈകള്‍ നഴ്സറികളില്‍ വാങ്ങാന്‍ കിട്ടും. ചിലവയുടെ കിഴങ്ങാണ് നടീല്‍വസ്തുവായി ഉപയോഗിക്കാറ്. എന്നാല്‍, വള്ളിയും ഇലയും മുറിച്ചുനട്ട് മനോഹരമായ പൂക്കളുണ്ടാക്കുന്ന വള്ളികള്‍ നമ്മുടെ പൂന്തോട്ടങ്ങളിലും അതിഥിയായി എത്താന്‍ തുടങ്ങിയിരിക്കുന്നു. പാതി തണലത്തും നന്നായി പുഷ്പിക്കുന്ന വാക്സ് പ്ലാന്‍റുകളാണ് പൂന്തോട്ടങ്ങളിലെ പുത്തന്‍ താരങ്ങള്‍. വള്ളികളില്‍ നിറച്ചും മനോഹരമായ നക്ഷത്രങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ബോളു പോലെയാണ് ചെടികളുടെ കുലകള്‍. ഇലകള്‍ തടിച്ചതും ധാരാളം വെള്ളം ശേഖരിച്ചുവെക്കുന്നതുമായിരിക്കും. രാത്രികാലങ്ങളിലാണ് ഇവയുടെ പൂക്കള്‍ വിടരുന്നത്. ചിലയിനം പൂക്കള്‍ക്കു മാത്രം നേര്‍ത്ത സുഗന്ധമുണ്ടാകും. ചുവപ്പും വെളുപ്പും പര്‍പ്പിളും വെള്ളയും മഞ്ഞയും റോസുമെല്ലാം നിറഞ്ഞതായിരിക്കും പൂങ്കുലകള്‍ പല തരത്തിലും കാണപ്പെടുന്ന ഇവയില്‍ പ്രധാനപ്പെട്ടത് ഹോയ, കര്‍ എന്നയിനങ്ങളാണ്.

നട്ടുവളര്‍ത്താം

മെഴുകുചെടികളുടെ വംശവര്‍ധന നടത്തുന്നത് തണ്ടുകളും ഇലകളും മുറിച്ചുനട്ടാണ്. ഇലകള്‍ അലങ്കാരച്ചെടിയായി ഉപയോഗിക്കുന്ന ഹാര്‍ട്ട്ലീഫ് ഹോയയുടെ ഇലയാണ് നട്ടുപിടിപ്പിക്കാറ്. മറ്റിനങ്ങളുടെ തണ്ടുകള്‍ മുറിച്ച്‌ നട്ട് വേരുപിടിപ്പിച്ചാണ് നടീല്‍ വസ്തുക്കളാക്കാറ്. അടുത്തടുത്ത് രണ്ടുമുട്ടുകളുള്ള ഇലയോടുകൂടിയഭാഗമാണ് നടീല്‍വസ്തു. മണ്ണിരക്കമ്പോസ്റ്റ്, ചകിരിച്ചോറ് അല്ലെങ്കില്‍ മണല്‍ ചാണകപ്പൊടി എന്നിവയുടെ മിശ്രിതവും അല്പം ചുവന്ന മണ്ണും മിശ്രിതമാക്കി പോളിത്തീന്‍ കവറില്‍ നിറച്ച്‌ നടാം. നടുന്നതിന് മുമ്പ് മുറിച്ചെടുത്തഭാഗത്തെ കറ ഉണങ്ങണം. നടുന്നതിന് മുമ്പ് എതെങ്കിലും റൂട്ടിങ് ഹോര്‍മോണില്‍ മുക്കിയെടുക്കണം. കവറില്‍ നേരിയ ഈര്‍പ്പം നിലനിര്‍ത്തണം. കമ്പിന്‍റെ മുട്ടില്‍ നിന്ന് തളിര്‍പ്പ് വരാന്‍ തുടങ്ങിയാല്‍ വേരുപാടിച്ചെന്ന് മനസ്സിലാക്കാം. തളിര്‍പ്പ ആദ്യം ഒന്നുരണ്ടടി നീളത്തില്‍ വള്ളിപോലെ നീണ്ടു വന്നതിന് ശേഷമാണ് ഇലകള്‍ ഉണ്ടാവുക. പിന്നീട് രണ്ടാഴ്ച കഴിഞ്ഞാല്‍ വേരുപിടിച്ച തണ്ട് ചട്ടിയിലേക്ക് മാറ്റിനട്ട് വളര്‍ത്താം.

ഹോയ- മെഴുകുപൂക്കളിലെ താരം

സ്വാഭാവികമായി വളര്‍ന്ന് ധാരാളം ശാഖകള്‍ ഉണ്ടാകുന്ന ഒരു വാക്സ് ഇനം ചെടിയാണ് ഹോയ. തണ്ടുകളുടെ മുട്ടില്‍നിന്ന് വളര്‍ന്നുവരുന്ന വെള്ളനിറത്തിലുള്ള വേരുകളാണ് താങ്ങായി മാറുക. ഹാര്‍ട്ട്ലീഫിങ് ഹോയയുടെ ഒരു വര്‍ഷമെങ്കിലും പ്രായമായ ഇലകളാണ് നട്ടുവളര്‍ത്തുക. കര്‍ പൂക്കളില്‍ നല്ല നക്ഷത്രാങ്കിതമായ പൂക്കള്‍ ബോളുപോലെ തൂങ്ങിക്കിടക്കും വെള്ളയുടെ മുകളില്‍ ചുവന്നനക്ഷത്രവും അതിനു നടുവില്‍ സ്വര്‍ണനിറത്തിലുള്ളപൊട്ടും കാണാം. ഹോയ ച്ചെടിയുടെ പൂക്കള്‍ മഞ്ഞയും വെള്ളയും ചുവപ്പും കലര്‍ന്നതരത്തില്‍ ഉരുണ്ടപൂക്കളാണ് ഉണ്ടാവുക.

ഹാര്‍ട്ട് ലീഫ് ഹോയകള്‍

വാലന്‍റൈന്‍ ദിനത്തില്‍ ആശംസകള്‍ അര്‍പ്പിക്കാന്‍ ഉപയോഗിക്കുന്ന ഹൃദയത്തിന്‍റെ ആകൃതിയുള്ള വാടാത്ത ഇലകളാണിവ. മഞ്ഞനിറം കയറാത്ത ഹാര്‍ട്ട് ആകൃതിയുള്ള ഇലകള്‍ വേരുപിടിപ്പിച്ചാണ് ഇതിന് ഉപയോഗിക്കുന്നത്. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും മൂപ്പുള്ള ചെടിയിലെ ഇലകള്‍ അടര്‍ത്തി കറ കളഞ്ഞതിനുശേഷം പോട്ടിങ് മിശ്രിതം നിറച്ച വെള്ളം ഒഴിഞ്ഞുപോകാന്‍ സുഷിരങ്ങളുള്ള കപ്പിലോ ഗ്ലാസിലോ നട്ട് വേരു പിടിപ്പിച്ചെടുക്കാം അതില്‍ സന്ദേശങ്ങള്‍, ചിത്രങ്ങള്‍ എന്നിവ ആലേഖനം ചെയ്യാം. ചെറുതായി നന നല്‍കി പരിചരിച്ചാല്‍ വര്‍ഷങ്ങളോളം ഇത് ജീവസുറ്റു നില്‍ക്കും. മാത്രമല്ല അതിന്‍റെ ചുവട്ടില്‍നിന്ന് പുതിയതൈകളും മുളച്ചുവരും.

കോക്കനട്ട് ആപ്പിള്‍ കളയരുത്

മുളച്ച തേങ്ങയ്ക്കുള്ളില്‍ ഇരിക്കുന്ന വെളുത്ത പഞ്ഞി പന്താണ് പൊങ്ങുകള്‍. പണ്ട് കാലത്ത് സുലഭമായിരുന്ന പല ഭക്ഷ്യ വിഭവങ്ങളും ഇന്ന് അന്യമായതുപോലെ അന്യമായിക്കൊണ്ടിരിക്കുന്ന ഒരു വിഭവമാണ് പൊങ്ങ്.

അല്‍പം പഴക്കമുള്ളതും മുളവന്നതുമായ തേങ്ങയില്‍ നിന്നാണ് ഈ പഞ്ഞിക്കേക്ക് നമുക്ക് ലഭിക്കുന്നത്. തേങ്ങ ചീത്തയായി എന്ന് പറഞ്ഞ് പൊങ്ങും തേങ്ങയും കളയുന്നവരുണ്ട്. എന്നാല്‍ ഏറ്റവും പോഷകമുള്ള ഭാഗമാണ് പൊങ്ങ്.

പൊങ്ങിന് കോക്കനട്ട് ആപ്പിള്‍ എന്നും പറയാറുണ്ട്. ബി-1, ബി-3, ബി-5, ബി-6 തുടങ്ങിയ വിറ്റാമിനുകളും സെലെനിയം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ ധാതുക്കളും പൊങ്ങില്‍ അടങ്ങിയിരിക്കുന്നു.

മുളപ്പിച്ച പയര്‍ നമ്മുടെ ശരീരത്തിന് ഗുണകരമാണെന്ന് പറയാറുണ്ട്. എന്നാല്‍ അതിനെക്കാള്‍ ഗുണകരവും ഫലപ്രദവുമാണ് പൊങ്ങ്.

പൊങ്ങ് പതിവായിക്കഴിക്കുന്നത് കുട്ടികളുടെയും മുതിര്‍ന്നവരുടെ രോഗപ്രതിരോധശക്തിയെ വര്‍ധിപ്പിക്കും. മറ്റ് അസുഖങ്ങള്‍ വരാതിരിക്കാനുള്ള പ്രതിരോധ മാര്‍ഗം കൂടെയാണ് പൊങ്ങ് കഴിക്കുന്നതിലൂടെ നമ്മുടെ ശരീരം സ്വീകരിക്കുന്നത്.

ആന്റി ബാക്ടീരിയല്‍ ആയും ആന്റി ഫംഗല്‍ ആയും പൊങ്ങ് നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നു. വൃക്കരോഗം, മൂത്രത്തില്‍ പഴുപ്പ് എന്നിവയില്‍ നിന്ന് രക്ഷനേടാനും പൊങ്ങ് സഹായിക്കും.

രാസവസ്തുക്കള്‍ നിറഞ്ഞ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിനെക്കാള്‍ ഊര്‍ജം പ്രദാനം ചെയ്യാന്‍ പൊങ്ങിനു കഴിയും. പൊങ്ങ് കഴിച്ചാല്‍ ശരീരത്തിലെ ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിക്കും. ദിവസേന പൊങ്ങ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യതയില്‍ നിന്നു രക്ഷിക്കുമെന്നും പഠനങ്ങള്‍ തളിയിച്ചിട്ടുണ്ട്.

കിരിയാത്ത് എന്ന സര്‍വരോഗ സംഹാരി

ഓരോ രോഗത്തിനും പ്രതിവിധിയായി ഓരോ ഔഷധം പ്രകൃതി തന്നെ ഒരുക്കിയിട്ടുണ്ട്. അത്തരത്തില്‍ ഒന്നാണ് ഔഷധ സസ്യമായ കിരിയാത്ത്. സിദ്ധ വൈദ്യശാസ്ത്രത്തില്‍ നൂറ്റാണ്ടുകളായി അതിവിശിഷ്ടമായി കരുതുന്ന ഒന്നാണ് കിരിയാത്ത്. അലോപ്പതി വൈദ്യശാസ്ത്രം ഇതില്‍ അടങ്ങിയിരിക്കുന്ന രാസസംയുക്തങ്ങളുടെ അതിവിശിഷ്ടമായ ഫലങ്ങള്‍ തിരിച്ചറിഞ്ഞ് നിരവധി പഠനഗവേഷണങ്ങള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. അക്കാന്തേസ്യ സസ്യ കുടുംബത്തിലെ പനികുലേറ്റ സ്പീഷിസ് ഉള്‍പ്പെടുന്ന കിരിയാത്തിന്‍റെ ശാസ്ത്രീയനാമം ആന്‍ട്രോഗ്രാഫിക്സ് പനികുലേറ്റ അഥവാ സ്വറ്റേരിയ ചിരത്ത ബുഷ് എന്നാണ്. കിരിയത്ത് എന്ന് മലയാളത്തിലും കാല്‍മേഘ് എന്ന് ഹിന്ദിയിലും നീലവേമ്പ് എന്ന് തമിഴിലും വിളിക്കപ്പെടുന്ന സസ്യം ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ സൂര്യപ്രകാശം നേരിട്ട് പതിക്കാത്തതും തണലുള്ളതുമായ പ്രദേശങ്ങളില്‍ തഴച്ചുവളരുന്നു. നല്ല കയ്പ്പുള്ളതുകൊണ്ട് കയ്പ്പിന്‍റെ രാജാവ് എന്നും വിളിക്കാറുണ്ട്. ശരീരത്തിന്‍റെ രോഗപ്രതിരോധവ്യവസ്ഥയ്ക്ക് ശക്തി പകരാനുള്ള ഈ സസ്യത്തിന്‍റെ കഴിവ് അത്ഭുതകരമാണ്. ഡെങ്കിപ്പനി, വൈറല്‍ പനി, ദഹനക്കുറവ്, ഉദരരോഗങ്ങള്‍, തൊണ്ടരോഗങ്ങള്‍ തുടങ്ങിയവ നിയന്ത്രിക്കുന്നതിനും കഴിയുന്നു. നല്ല ദഹനം ലഭിക്കുന്നതിനും കരള്‍, മൂത്രാശയം എന്നിവയുടെ സംരക്ഷണത്തിനും കിരിയത്തിന്‍റെ പതിവായ ഉപയോഗം പ്രയോജനപ്പെടുന്നു. കുടലിലെ വിരശല്യം പരിഹരിക്കുന്നതിനും, കുടലിന്‍റെ പൊതുവായ സംരക്ഷണത്തിനും ഇത് മികച്ചതാണ്. തൈറോയിഡ് രോഗനിവാരണത്തിനും, പ്രമേഹത്തിനും, രക്തസമ്മര്‍ദ്ദത്തിനും, ശരീരത്തിലെ രോഗാണുക്കളെ നശിപ്പിക്കുന്നതിനും, രക്തശുദ്ധിക്കും, ത്വക്ക് രോഗങ്ങള്‍ ശമിപ്പിക്കുന്നതിനും കിരിയാത്തിനുള്ള കഴിവ് സുപ്രസിദ്ധമാണ്. കിരിയത്തില്‍ അടങ്ങിയിരിക്കുന്ന വിശേഷപ്പെട്ട രാസസംയുക്തങ്ങളായ ആന്‍ഡ്രോ ഗ്രാഫോലൈഡ് (Andographolide), ബൈസൈക്ളിക് സെറ്റിര്‍പിനോയിഡ് ലാക്റ്റോണ്‍, കാല്‍മെഹിന്‍ എന്നിവയും രോഗപ്രതിരോധശേഷിക്ക് അത്യുത്തമമാണ്. ഒരു രാത്രി മുഴുവന്‍ കിരിയാത്ത് ഇല, തണ്ട്, കായ് തുടങ്ങിയവ കളിമണ്‍ പാത്രത്തില്‍ തിളപ്പിച്ചാറ്റിയ വെള്ളത്തിലിട്ടു കുതിര്‍ത്തു ലഭിക്കുന്ന പാനീയം രക്തശുദ്ധിക്കും കരള്‍ സംരക്ഷണത്തിനും ചുമയും പനിയും നിയന്ത്രിക്കുന്നതിനും ഉപയോഗിക്കുന്ന ഉത്തമ ഔഷധമാണ്.  മനുഷ്യന്‍റെ ആരോഗ്യത്തിന് വളരെയധികം ഉപകരിക്കുന്ന ഔഷധസസ്യത്തെ ശാസ്ത്രീയമായി സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണ്.

ക്വിനോവ എന്ന അത്ഭുതവിള

നൂറ് ഗ്രാം ധാന്യത്തില്‍ 65 ഗ്രാമോളം കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഒരു അദ്ഭുത ധാന്യത്തെക്കുറിച്ച്‌ കേട്ടിട്ടുണ്ടോ.? ഐക്യരാഷ്ട്രസഭ 2013-ല്‍ പ്രത്യേക വര്‍ഷാചരണം നടത്തി ലോകത്തെ പരിചയപ്പെടുത്തിയ ഒരു തെക്കേ അമേരിക്കന്‍ ധാന്യമാണത്. ക്വിനോവ എന്നാണ് പേര്. ഇന്ത്യയില്‍ സെന്‍ട്രല്‍ ഫുഡ് ടെക്നോളജിക്കല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ നേതൃത്വത്തിലാണ് ഇത് പ്രചരിപ്പിച്ചുവരുന്നത്. ലാറ്റിനമേരിക്കയിലെ ആന്‍ഡിയന്‍ പ്രദേശത്ത് പരമ്പരാഗതമായി കൃഷിചെയ്തുവരുന്നതാണ് ക്വിനോവ. എന്നാലിത് പുല്ലുവര്‍ഗചെടിയല്ലയെന്നൊരു കാരണത്താല്‍ ധാന്യത്തിന്‍റെ കൂട്ടത്തില്‍ കൂട്ടുന്നില്ല.

കുട്ടികളിലെ പോഷകനിലവാരം ഉയര്‍ത്താനും അവര്‍ക്ക് മാംസ്യവും കാര്‍ബോഹൈഡ്രേറ്റും വേണ്ടരീതിയില്‍ എത്തിക്കാനും ശരീരത്തിലെ അമിനോ അമ്ളത്തിന്‍റെ സന്തുലനത്തിനും ക്വിനോവയെന്ന അദ്ഭുതവിളയ്ക്ക് കഴിയും.

കുറഞ്ഞവെള്ളം മതി

നെല്ലിനെപ്പോലെയോ മറ്റ് ധാന്യങ്ങളെപ്പോലെയോ സമൃദ്ധമായ വെള്ളം ആവശ്യമില്ലാത്ത വിളയാണ് ക്വിനോവ. നെല്ലിന്റെന്‍റെയും ഗോതമ്പിന്‍റെയും ആവശ്യകതയെ അപേക്ഷിച്ച്‌ അഞ്ചിലൊന്ന് വെള്ളം മതി ക്വിനോവയുടെ ചെടി നന്നായി വളരാന്‍.. അതിനാല്‍ത്തന്നെ വലിയ വരള്‍ച്ചയെയും പ്രതികൂല കാലാവസ്ഥയെയും പ്രതിരോധിക്കാന്‍ ഈ ധാന്യത്തിന് കഴിയുന്നു.

കൃഷിചെയ്യാം

മഴക്കാലത്തും വേനലിലും ഒരു പോലെ കൃഷിചെയ്യാവുന്നതാണിത്. നല്ലജൈവപുഷ്ടിയും ഇളക്കവുമുള്ള മണ്ണാണ് ക്വിനോവ കൃഷിക്ക് ഉത്തമം. കേരളത്തിലെ ഭൂപ്രകൃതിയനുസരിച്ച്‌ 1500 മീറ്റര്‍വരെ ഇത് കൃഷിചെയ്യാം എന്നാല്‍, 400-1000 മീറ്ററിലാണ് വിളവ് കൂടുതല്‍ കിട്ടുന്നതായിക്കണ്ടുവരുന്നത്. നടുന്ന മണ്ണ് നല്ല നീര്‍വാര്‍ച്ചയുള്ളതും നല്ലവായു സഞ്ചാരമുള്ളതുമായിരിക്കണം.

മാത്രമല്ല മണ്ണിന്‍റെ  അമ്ല-ക്ഷാര നിലവാരം ആറിനും ഏഴിനുമിടയിലായാല്‍ ഗുണം കൂടും. അമ്ലഗുണം കൂടിയമണ്ണില്‍ ഡോളമൈറ്റോ കുമ്മായമോ വിതറി അത് കുറയ്ക്കാം. നടുന്നതിനുമുമ്പ് കൃഷിയിടം നന്നായി ഉഴുത് മറിക്കണം അതിനുശേഷം അതില്‍ സെന്‍റൊന്നിന് 30-40 കിലോ തോതില്‍ കാലിവളമോ കമ്പോസ്റ്റോ ചേര്‍ത്തിളക്കി നിരപ്പാക്കണം. അങ്ങനെ വളംചേര്‍ത്ത് നിരപ്പാക്കിയ നിലത്താണ് വിത്തുവിതയ്ക്കേണ്ടത്. വിത്തുകള്‍ കാലിഞ്ചിലധികം മണ്ണില്‍ താഴ്ന്നു പോകരുത്. മണ്ണില്‍ മതിയായ നനവ് നിലനില്‍ക്കുന്നയിടങ്ങളില്‍ 24 മണിക്കൂറിനകം വിത്തുകള്‍ മുളച്ചുപൊന്തും. 7-10 ദിവസത്തിനുള്ളില്‍ വിത്തുകളെല്ലാം മുളച്ച്‌ തൈകളായിട്ടുണ്ടാവും. ഇടതൂര്‍ന്ന് വളരുന്ന തൈകള്‍ വേണമെങ്കില്‍ പറിച്ചുമാറ്റി മറ്റ് ചെടികള്‍ക്ക് മികച്ച വളര്‍ച്ച ഉറപ്പാക്കാവുന്നതാണ്. ഒരേക്കറിന് 500-700 ഗ്രാം വിത്ത് മതിയാവും. ചെടി പൊന്തിവന്ന് 30-60 ദിവസം പ്രായങ്ങളില്‍ വീണ്ടും മേല്‍വളം നല്‍കാവുന്നതാണ്.

ക്വിനോവയെന്ന അദ്ഭുതധാന്യത്തിന് കാര്യമായ കീടശല്യം ഉണ്ടാകാറില്ല. അഥവാ കണ്ടാല്‍ത്തന്നെ വേപ്പെണ്ണ-സോപ്പ് ലായനി കലക്കിത്തളിച്ചാല്‍ മതി. നേരിയ മഞ്ഞ കലര്‍ന്ന ചുവപ്പുനിറത്തോടെ ചെടി ഉണങ്ങാന്‍ തുടങ്ങിയാല്‍ ചെടികള്‍ പറിച്ചെടുത്ത് മെതിച്ച്‌ ഈര്‍പ്പം തട്ടാതെ സൂക്ഷിക്കാം. ഈര്‍പ്പം തട്ടിയാല്‍ വിത്തുകള്‍ മുളയ്ക്കാന്‍ തുടങ്ങും.

മറ്റു ധാന്യങ്ങളിലുള്ളതിനെക്കാള്‍ മാംസ്യവും ഭക്ഷ്യനാരുകളും മാംഗനീസും റാബോഫ്ളാവിനും കാര്‍ബോഹൈഡ്രേറ്റും സോഡിയവും ഊര്‍ജവും ക്വിനോവയിലുണ്ട്. മാത്രമല്ല മറ്റ് ധാന്യങ്ങളെ അപേക്ഷിച്ച്‌ ഗ്ളൂട്ടനിന്‍റെ രാഹിത്യവും ക്വിനോവയെ മികച്ചതാക്കുന്നു. കൊഴുപ്പിന്‍റെ കുറവ് ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കുകയും അങ്ങനെ നമ്മുടെ ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

വാഴ വയ്ക്കുന്നതുപോലെ മാവ് വയ്ക്കാം

വാഴ വയ്ക്കേണ്ടത് രണ്ട് മീറ്റര്‍ അകലത്തില്‍ ഒരേക്കറില്‍ 1000 വാഴ. അങ്ങനെയെങ്കില്‍ ഇതാ ന്യൂജെന്‍ മാവ് കൃഷി. ഒരേക്കറില്‍ 674 മാവുകള്‍. രണ്ട് വരികള്‍ തമ്മില്‍ 3 മീറ്ററും ഒരു വരിയിലെ ചെടികള്‍ തമ്മില്‍ രണ്ട് മീറ്ററും. കൃഷിരീതിയുടെ പേര് 'അതി തീവ്ര സാന്ദ്രതാ നടീല്‍' .

ഇന്ത്യയില്‍ ഇതിനെ ഒരു തരംഗമാക്കി മാറ്റിയത് ജയിന്‍ ഇറിഗേഷന്‍ കമ്ബനിയാണ്. പരമ്ബരാഗത രീതിയില്‍ മാവ് 10 മീറ്റര്‍ അകലത്തില്‍ വച്ച്‌ ഏക്കറില്‍ വെറും 40 മാവുകള്‍ മാത്രം.

എന്താണ് ഇങ്ങനെ ചെയ്യുന്നതു കൊണ്ടുള്ള പ്രയോജനം?

1. മാവുകള്‍ വളരെ പൊക്കത്തില്‍ വളരുമ്ബോള്‍ കീടരോഗനിയന്ത്രണത്തിനും കായ്കള്‍ പരിക്കില്ലാതെ പറിച്ചെടുക്കാനും പ്രയാസപ്പെടേണ്ടി വരും.

2. ജലസേചന-വളപ്രയോഗത്തിനുമൊക്കെ ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും

എങ്ങനെയാണ് അതിതീവ്ര സാന്ദ്രതയില്‍ തൈകള്‍ നടേണ്ടത്?

1. ഒരു മീറ്റര്‍ വീതിയിലും ഒരു മീറ്റര്‍ ആഴത്തിലും ആവശ്യമായ നീളത്തിലും കുഴികള്‍ എടുക്കുക. സാധാരണ മിനി സോസര്‍ ഉപയോഗിച്ചാണ് ഇത്തരത്തില്‍ കുഴികള്‍ എടുക്കുന്നത്.

2. ഈ കുഴികളില്‍ മേല്‍മണ്ണ്, 20 കിലോ ചാണകപ്പൊടി, ഒരു കിലോ റോക്ക് ഫോസ്ഫേറ്റ്/ എല്ലുപൊടി, 250 ഗ്രാം വേപ്പിന്‍പിണ്ണാക്ക് എന്നിവ ചേര്‍ത്ത് കുഴിയെടുത്ത് മൂടി അതില്‍ മാവിന്റെ ഗ്രാഫ്റ്റ് തൈകള്‍ നടുന്നു.

3. ഓരോ മാവിന്റെ ചുവട്ടിലും തുള്ളിനനയിലൂടെ വളം ലഭ്യമാക്കുന്ന സംവിധാനങ്ങളും കള വളരാതിരിക്കാന്‍ പുതയുമിടുന്നു.

4. നീലം, പ്രിയൂര്‍, കിളിമൂക്ക് എന്നിവ കേരളത്തില്‍ ഇത്തരത്തില്‍ വളര്‍ത്താവുന്ന ഇനങ്ങളാണ്.

5. മാവ് വളര്‍ന്ന് ഒരു മീറ്റര്‍ പൊക്കമെത്തുമ്ബോള്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ തലപ്പത്ത് നിന്ന് ഒരടി താഴത്ത് മാവിന്റെ മണ്ട മുറിയ്ക്കുക. മുറിപ്പാടില്‍ കുമിള്‍നാശിനി പുരട്ടുക.

6. വീണ്ടും പൊട്ടി വരുന്ന ശിഖരങ്ങളില്‍ 4 ദിശകളിലായി വരുന്ന ശക്തിയുള്ള 4 എണ്ണം മാത്രം നിര്‍ത്തി മറ്റുള്ളവ മുറിച്ചു നീക്കുക. കുമിള്‍നാശിനി മുറിപ്പാടില്‍ പുരട്ടുക.

7. പാര്‍ശ്വശിഖരങ്ങള്‍ 60-70 സെ.മീ നീളമെത്തുമ്ബോള്‍ 15-20 സെ.മീ നീളത്തില്‍ അഗ്രഭാഗം മുറിച്ച്‌ മുറിവില്‍ കുമിള്‍നാശിനി പുരട്ടുക.

8. അവയില്‍ നിന്നും പൊട്ടി മുളയ്ക്കുന്ന കരുത്തുള്ള 2-3 ശിഖരങ്ങള്‍ നിര്‍ത്തി മറ്റുള്ളവ മുറിച്ചുനീക്കുക.

9. ഇത്തരത്തില്‍ മാവ് പരമാവധി 2 മീറ്റര്‍ മാത്രം ഉയരത്തില്‍ നിര്‍ത്തി ക്രമമായ ഇടവേളകളില്‍ അത്യാവശ്യ ശിഖരങ്ങള്‍ മുറിച്ചുമാറ്റി ഒരു വലിയ കുടയുടെ ആകൃതിയില്‍ നിര്‍ത്തുന്നു.

10. ക്രമമായ ജലസേചനവും വളപ്രയോഗവും കൊമ്ബുകോതലും നടത്തി ഇത്തരത്തില്‍ വളര്‍ത്തുമ്ബോള്‍ ഒരു മാവില്‍ നിന്നും ശരാശരി 6-8 കിലോഗ്രാം വരെ ആകൃതിയൊത്ത മാങ്ങകള്‍ കീടബാധയില്ലാതെ ലഭിക്കുന്നു.

11. മൂന്നാം കൊല്ലം മുതലുള്ള പൂക്കള്‍ മാത്രമേ കായ്കളാകാന്‍ അനുവദിക്കുന്നുള്ളു. ശരാശരി ഒരു ഹെക്ടറില്‍ നിന്നും (250 സെന്റ് ) 5 ടണ്‍ വരെ മാങ്ങകള്‍ ലഭിക്കും.

നമ്മുടെ വീട്ടിലും ചോളം വളര്‍ത്താം

നമ്മുടെ ഭക്ഷണത്തിന്‍റെ പട്ടികയിലേക്ക് അടുത്തിടെ കടന്നുവന്നയിനമാണ് ചോളത്തിന്‍റെമൂപ്പെത്താത്ത കതിരായ ബേബികോണ്‍.  എന്നാല്‍ ചോളപ്പാടങ്ങളില്‍ തളിക്കപ്പെടുന്ന മാരകമായ പല കീടനാശിനികളുമാണ് ബേബികോണിന്‍റെ കതിരിലൂടെ നമ്മുടെ ആമാശയത്തിലെത്തിച്ചേരുന്നത്. അവ നമ്മുടെ നാഡീവ്യൂഹത്തെയും രക്തചംക്രമണ വ്യവസ്ഥയെയും ബാധിക്കുന്നു.

ഇതൊഴിവാക്കി ബേബികോണ്‍ വളര്‍ത്താനും അങ്ങനെ രുചികരമായ ഭക്ഷണം കഴിക്കാനും നമ്മുടെ വീട്ടില്‍ത്തന്നെ ചട്ടിയിലോ ചാക്കിലോ അടുക്കളത്തോട്ടത്തില്‍ വരമ്പെടുത്തോ നാല് ചോളത്തിന്‍റെ തൈകള്‍ വളര്‍ത്തി വിളവെടുത്താല്‍ രുചിയും ആസ്വദിക്കാം. ആരോഗ്യവും സംരക്ഷിക്കാം.

മക്കച്ചോളത്തിന്‍റെ പരാഗണം നടക്കാത്ത കതിരുകളെയാണ് ബേബികോണ്‍ എന്നു വിളിക്കുന്നത്. മക്കച്ചോളത്തിന്‍റെ ഇനങ്ങളില്‍ പെട്ടെന്ന് പുഷ്പിക്കുന്നതും കൂടുതല്‍ കതിര്‍ക്കമ്പുകള്‍ ഉണ്ടാകുന്നതുമായ ഹ്രസ്വകാലയിനങ്ങളാണ് ബേബികോണ്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.

നടുന്ന വിധം: അടുക്കളത്തോട്ടത്തില്‍ മാത്രമല്ല. അത്യാവശ്യം വലിപ്പമുള്ള ചട്ടിയിലും ബേബികോണ്‍ വളര്‍ത്തിയെടുക്കാം. നിലത്താണെങ്കില്‍. അത്യാവശ്യം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കണം. അവിടെ ഒരടി വീതിയും ഉയരവുമുള്ള വാരമെടുത്ത് അതില്‍ കാലിവളം , മണല്‍ അല്ലെങ്കില്‍ ചകിരിച്ചോര്‍, മണ്ണ് എന്നിവ സമാസമം കലര്‍ത്തണം അരക്കിലോ കുമ്മായവും അരക്കിലോ വേപ്പിന്‍പിണ്ണാക്കും ചേര്‍ത്ത് നന്നായി ഇളക്കി നനച്ചിട്ടതിനുശേഷം ഒരു ദിവസം കഴിഞ്ഞാണ് വിത്തുകള്‍ നടേണ്ടത്.

വിത്തിന് ഉറപ്പുകുറവായതിനാല്‍ പെട്ടെന്ന് ചീഞ്ഞുപോവും. അതുകൊണ്ട് തടത്തില്‍ വെള്ളം തീരെ നിര്‍ത്തരുത്. രണ്ടു മൂന്നാഴ്ചകൊണ്ട് ബേബികോണ്‍ വളരും. അതുവരെ ഒന്നരാടന്‍ നനച്ചുകൊടുക്കണം. പിന്നീട് ആഴ്ചയ്ക്കൊരിക്കല്‍ അല്പം കടലപ്പിണ്ണാക്ക് കുതിര്‍ത്തത് വെള്ളത്തില്‍ നേര്‍പ്പിച്ച്‌ മുരട്ടില്‍ ഒഴിച്ചുകൊടുക്കാം.

ചട്ടിയിലും വളര്‍ത്താം

അത്യാവശ്യം വ്യാസമുള്ള ചട്ടിയിലും മക്കച്ചോളം വളര്‍ത്തി ബേബികോണ്‍ ഉണ്ടാക്കാവുന്നതാണ്. അതിന്‍റെ മുക്കാല്‍ഭാഗം വരെ മുകളില്‍പ്പറഞ്ഞ രീതിയില്‍ പോട്ടിങ് മിശ്രിതം നിറച്ച്‌ അതിന്‍റെ നടുക്ക് വിത്ത് നട്ട് മിതമായ രീതിയില്‍ നനച്ച്‌ വളര്‍ത്തിയെടുക്കാം. ജൈവവളങ്ങളും കടലപ്പിണ്ണാക്ക് കുതിര്‍ത്തതും അല്പം ചാണകത്തെളിയും രണ്ടാഴ്ച കൂടുമ്ബോള്‍ നല്‍കിയാല്‍ രണ്ടുമാസത്തിനുശേഷം ബേബികോണ്‍ പറിക്കാം.

മക്കച്ചോളത്തിന്‍റെ ചെടികള്‍ക്ക് ഏകദേശം രണ്ടുമീറ്റര്‍വരെ ഉയരമുണ്ടാകും. ഒരു ചെടിയില്‍ത്തന്നെ ആണ്‍പൂക്കളും പെണ്‍പൂക്കളും ഉണ്ടാകുന്നു. ടാസല്‍സ് എന്ന് വിളിക്കപ്പെടുന്ന ആണ്‍പൂക്കള്‍ ചെടിയുടെ അറ്റത്തും കോമ്ബ്സ്(കതിര്‍ക്കമ്പ്) എന്നു വിളിക്കപ്പെടുന്ന പെണ്‍പൂക്കള്‍ ഇലയുടെ കടകളിലും വളര്‍ന്നുവരുന്നു. കതിര്‍ക്കമ്പുകള്‍ ഇലകള്‍കൊണ്ട് പൊതിയപ്പെട്ട രീതിയിലാണ് കണ്ടുവരുന്നത്. കതിരിന്‍റെ ഉള്ളില്‍ നിന്ന് പരാഗണത്തിനായി നനുത്ത ലോമികകള്‍ (സ്റ്റിഗ്മ) പുറത്തേക്ക് തള്ളിനില്‍ക്കും. എന്നാല്‍ പരാഗണം അനുവദിക്കാതെ ആണ്‍പൂവ് അഗ്രഭാഗത്തുനിന്നു പുറത്തുവരുമ്പോള്‍ മുറിച്ചുമാറ്റണം. പിന്നീട് വളര്‍ച്ച പ്രാപിക്കുന്ന, എന്നാല്‍ പരാഗണം നടക്കാത്ത കോണാണ് ബേബികോണ്‍...   നാല്പത് ദിവസം കൊണ്ടാണ് ചെടി പുഷ്പിക്കുക. പെണ്‍പുഷ്പങ്ങളില്‍നിന്ന്(കതിര്‍ക്കമ്പില്‍നിന്ന്) സ്റ്റിഗ്മ പുറത്തുചാടി രണ്ടുസെ.മീ. വളര്‍ച്ചയെത്തുമ്പോഴോ 4 ദിവസത്തിനുള്ളിലോ വിളവെടുപ്പ് നടത്താം.

5-7 സെ.മീ. നീളവും 10-17 മില്ലിമീറ്റര്‍ വ്യാസവുമുള്ള ബേബികോണ്‍ ആണ് അത്യുത്തമം. വളരെവേഗം തന്നെ ഏകദേശം രണ്ടുമാസം കൊണ്ട് വിളവെടുക്കുമെന്നതിനാല്‍ വര്‍ഷത്തില്‍ അഞ്ചുതവണയെങ്കിലും ചട്ടിയില്‍ വളര്‍ത്തി വിളവെടുക്കാന്‍ കഴിയുന്നതാണ് ഇതിന്‍റെ പ്രധാന പ്രത്യേകത.

കേരളത്തില്‍ കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രമാണ് ഇതിന്‍റെ പരീക്ഷണ നിരീക്ഷണങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ തുടങ്ങിയത്. അതിന്‍റെ ഫലമായി പലയിടങ്ങളിലും പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ചട്ടിയിലെ ചോളം കൃഷി വിജയിക്കുകയും ചെയ്തു. അധികം മൂപ്പെത്താതെ വിളവെടുക്കുന്നതിനാല്‍ ഇതിന്‍റെ പച്ചയിലകള്‍ കന്നുകാലികള്‍ക്ക് തീറ്റയായും ഉപയുക്തമാക്കുകയും ചെയ്യാം.

ജീവകം സി.യുടെ മികച്ച കലവറയാണ് ബേബികോണ്‍. . മാത്രമല്ല വിറ്റാമിന്‍ ബി.6, ഫോളിക് ആസിഡ് , ഫോസ്ഫറസ്, സിങ്ക്, അയേണ്‍, മാംസ്യം, നാരുകള്‍ മുതലായവ ധാരാളം അടങ്ങിയിരിക്കുന്ന ആഹാരമാണ് ബേബികോണ്‍. ..

അടപതിയന്‍കിഴങ്ങ്

നല്ല ചൂടും മഴയും ഏല്‍ക്കുന്ന മണ്ണുള്ള എല്ലാസ്ഥലത്തും വനങ്ങളിലും ഈ വള്ളിചെടി കണ്ടു വരുന്നു. കേരളത്തില്‍ പ്രത്യേകിച്ച്‌ തൃശ്ശൂര്‍ പാലക്കാട് ജില്ലകളില്‍ ഇതു റബ്ബര്‍ തോട്ടങ്ങളില്‍ വരെ കാണാം.ഹോളോസ്റ്റെമ്മ അഡകൊഡിയന്‍
എന്നാണ് ശാസ്ത്രീയനാമം.  വള്ളി മുറിച്ചു നട്ടും കിഴങ്ങ് മുറിച്ചു നട്ടും ഇതു പുന:സൃഷ്ടിക്കാം.

ഔഷധപ്രയോഗങ്ങള്‍: അടപതിയന്‍ക്കിഴങ്ങ് ബ്രഹ്മണീയമാണ് (ശരീരത്തെ തടിപ്പിക്കുന്നത്). ഓജസ്സും ശക്തിയും വര്‍ദ്ധിപ്പിക്കും. കണ്ണിനു ഹിതകരമാണ് അതുകൊണ്ടുതന്നെ ആധുനിക ശാസ്ത്ര വിധിയനുസരിച്ച്‌ തീര്‍ച്ചയായും ഇതില്‍ വിറ്റാമിന്‍ എ ധാരാളം കാണേണ്ടതാണ്. 
അടപതിയന്‍ക്കിഴങ്ങിന്‍റെ ഇല 10 ഗ്രാം വീതം പച്ചയായ നെയ്യില്‍ വറുത്ത് ദിവസേന കഴിക്കുന്നത് കണ്ണിന്‍റെ കാഴ്ചശക്തി കൂട്ടും.  
അടപതിയന്‍ക്കിഴങ്ങ് ഉണക്കിപ്പൊടിച്ച്‌ 5ഗ്രാം വീതം 50 മില്ലി പാലില്‍ ദിവസേന സേവിക്കുന്നത് ശരീരക്ഷീണം മാറ്റി ശരീരബലം വര്‍ദ്ധിപ്പിക്കുകയും ശുക്ലക്ഷയം ഇല്ലാതാക്കുകയും ചെയ്യും.
പച്ച അടപതിയന്‍ക്കിഴങ്ങ് ചതച്ച്‌ നീരെടുത്ത് സമം മുലപ്പാലും ചേര്‍ത്ത് കണ്ണിലെഴുതുന്നത് (കണ്ണില്‍ ഒഴിക്കുന്നത്) കണ്ണുകടി അഥവാ ചെങ്കണ്ണ് ശമിപ്പിക്കാന്‍ നല്ലതാണ്.

തുലാമഴയെ പരമാവധി പ്രയോജനപ്പെടുത്താം

കേരളത്തിന്‍റെ കാലാവസ്ഥയില്‍ തുലാമഴയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. വരാനിരിക്കുന്ന വേനല്‍ക്കാലത്തെ വരള്‍ച്ചയും ജലക്ഷാമവും പരിമിതപ്പെടുത്താന്‍ തുലാമഴയുടെ സുലഭമായ ലഭ്യതകൊണ്ട് സാധിക്കും. ഓരോ മഴയും പരമാവധി ഉപയോഗപ്പെടുത്തുന്നതിലൂടെയാണ് ഇതിന്‍റെ ഫലം കൊയ്തെടുക്കാനാവുക. ഇതെങ്ങനെയെന്നാണ് പ്രധാനപ്പെട്ട ഏതാനും കാര്യങ്ങളിലൂടെ സൂചിപ്പിക്കുന്നത്.

മഴക്കുഴികള്‍: :: മഴക്കുഴികള്‍ക്ക് ഏറ്റവും പ്രാധാന്യമുള്ളത് തുലാമഴക്കാലത്താണ്. വെള്ളക്കെട്ടിനു ഭയപ്പെടാതെ പറമ്പുകളില്‍ അവിടവിടെ ചെറിയ ചെറിയ കുഴികളെടുത്ത് പെയ്യുന്ന മഴവെള്ളം ഇതിലേക്ക് ഒഴുക്കിവിടുക. 15% ശതമാനംവരെ ചരിഞ്ഞ ഇടങ്ങളിലാണ് ഇത് കൂടുതല്‍ വേണ്ടത്. സമതലങ്ങളിലും കുത്തനെ കിടപ്പുള്ള മണ്ണിലും മഴക്കുഴി ആവശ്യമില്ല. കിണറിലും ഭൂഗര്‍ഭജല സ്രോതസ്സുകളിലും ഈ വെള്ളം മുതല്‍ക്കൂട്ടാകും.

ജലവ്യാപനം: ചരിവുകുറഞ്ഞ പ്രദേശങ്ങളിലാണ് ഇത് ചെയ്യേണ്ടത്. പെയ്യുന്ന മഴവെള്ളത്തെ മണ്ണിലൂടെ ഒഴുക്കി വ്യാപിപ്പിക്കുക. ചെറിയചെറിയ ചാലുകള്‍വഴി വ്യാപിപ്പിക്കുമ്പോള്‍ ഇവ സാവധാനം മണ്ണില്‍ കിനിഞ്ഞിറങ്ങും. മഴവെള്ളത്തിന്‍റെ അളവും മണ്ണിന്‍റെ ഘടനയും, സ്ഥലത്തിന്‍റെ കിടപ്പും എല്ലാം നോക്കിവേണം ഇതു ചെയ്യാന്‍.

ചകിരി ട്രഞ്ച്: ചകിരിത്തൊണ്ടിന് മഴവെള്ളം പിടിച്ചുനിര്‍ത്താനുള്ള കഴിവുണ്ട്. തെങ്ങിന്‍തോട്ടത്തില്‍ നാലു തെങ്ങുകള്‍ക്കിടയിലോ, ഓരോ തെങ്ങിനും അര്‍ധവൃത്താകൃതിയിലോ, മറ്റ് കൃഷിയിടങ്ങളില്‍ ഒഴിവിടങ്ങളിലെല്ലാം തൊണ്ട് കുഴിച്ചിടാം. ഒളിവിടങ്ങളില്‍ ഒരുമീറ്റര്‍ സമചതുര കുഴിയെടുത്ത് അതില്‍ തൊണ്ട് നിറയ്ക്കാം. വിളകള്‍ക്ക് ചുറ്റുമാവുമ്പോള്‍ ആഴവും നീളവുമെല്ലാം പരിമിതപ്പെടുത്താം. കുഴിയുടെ ഏറ്റവും അടിയില്‍ തൊണ്ട് മലര്‍ത്തിയും മുകളില്‍വയ്ക്കുന്ന രണ്ടുവരി കമിഴ്ത്തിയും അടുക്കണം. മണ്ണിട്ടുമൂടുമ്പോള്‍ 15 സെ.മീറ്റര്‍ മുകള്‍ഭാഗത്ത് കുഴിഞ്ഞുനില്‍ക്കണം. ഇതില്‍ വെള്ളം സംഭരിച്ച്‌ വേനല്‍വരള്‍ച്ച തടയാം. 
മണ്ണ് പുതയിടല്‍:: കര്‍ക്കടകത്തില്‍ പറമ്പിലെ മണ്ണ് കൂനകൂട്ടിയിടുകയും തുലാമഴയുടെ ഒടുവില്‍ ഇവ തട്ടി നിരത്തുകയും ചെയ്യുക. (തുലാക്കിള). ഈ മണ്ണ് ഒരു പുതപ്പായി മുകളില്‍ നില്‍ക്കുകയും ചൂടിനെ പ്രതിരോധിക്കുകയും ചെയ്യും.

കിണര്‍ റീചാര്‍ജിങ്: തുലാമഴവെള്ളത്തെ മേല്‍ക്കൂരയില്‍നിന്ന്പൂര്‍ണമായും പൈപ്പ് വഴി അരിപ്പയിലൂടെ ഒഴുക്കിവിട്ട് ശുദ്ധിചെയ്ത് നേരിട്ട് കിണറ്റില്‍ ഒഴുക്കിവിടുന്നതാണ് കിണര്‍ റീചാര്‍ജിങ്. ഇതിന്‍റെ സാങ്കേതികസഹായം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയും മറ്റും ലഭിക്കും. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ഏറ്റവും നല്ല ഉപാധിയാണിത്.

നെല്‍വയല്‍തലക്കുളംവഴി ശേഖരണം: തുലാമഴക്കാലം രണ്ടാം വിള നെല്‍കൃഷിക്കാലമാണ്. വരമ്പുകള്‍ ബലപ്പെടുത്തി നെല്ലിനു ദൂഷ്യംവരാത്തവിധം വെള്ളം കെട്ടി സാവധാനം കീഴോട്ടൊഴുക്കുക. അവശേഷിക്കുന്ന വെള്ളം ചാലുകള്‍വഴി പാടശേഖരങ്ങളുടെ കീഴ്ഭാഗത്ത് ചെറിയ കുളം നിര്‍മിച്ച്‌ അതില്‍ ശേഖരിക്കാം. അതുപോലെ തലക്കുളങ്ങള്‍ ഉണ്ടാക്കിയും ശേഖരിക്കാം.
തുലാമഴ ഉപയോഗിച്ച്‌ ചില കൃഷിപ്പണികള്‍
തുലാ കപ്പ: തുലാമഴ ഉപയോഗിച്ച്‌ കരപ്പാടത്തും ഉയരംകൂടാത്ത പറമ്പിലും മരച്ചീനി കൃഷിചെയ്യാം. വേനലില്‍ ഇടയ്ക്ക് നനച്ചുകൊടുത്താല്‍ മതി. 
ജൈവപുതപ്പ്: തുലാമഴക്കാലത്ത് മണ്ണില്‍ പടര്‍ന്നുകിടക്കുന്ന ഏതെങ്കിലും പയര്‍ ഇന വിത്തുകള്‍ വിതച്ച്‌ മണ്ണിനെ പുതപ്പിക്കുംവിധം പടര്‍ത്തുക. മണ്ണില്‍ വളക്കൂറുണ്ടാകാനും വെയിലിന്‍റെ കാഠിന്യം കുറയ്ക്കാനും സാധിക്കും.

പച്ചക്കറി: തുലാമഴയുടെ കാഠിന്യം ഇല്ലാത്ത സമയം വിവിധ പച്ചക്കറികള്‍ കൃഷിചെയ്യാം. 
എള്ളുകൃഷി: തുലാമഴയുടെ അവസാനഘട്ടത്തില്‍ കരപ്പാടത്തും സമതലങ്ങളിലും എള്ള് കൃഷിചെയ്യാം. 
തീറ്റപ്പുല്‍കൃഷി: തുലാമഴയുടെ ആരംഭത്തില്‍തന്നെ പറമ്പുകളില്‍ തീറ്റപ്പുല്‍ കൃഷിചെയ്യാം. 
വളപ്രയോഗം: റബര്‍, കശുമാവ്, കുരുമുളക്, തെങ്ങ്,വാഴ, കിഴങ്ങുവര്‍ഗങ്ങള്‍, പഴവര്‍ഗങ്ങള്‍ എന്നിവയ്ക്കെല്ലാം ജൈവരാസ വളങ്ങള്‍ ചേര്‍ക്കാനും മഴക്കാലത്തെ പ്രയോജനപ്പെടുത്താം.

പഴം- പച്ചക്കറി കൃഷി

അടുക്കളത്തോട്ടത്തില്‍ കൂര്‍ക്ക കൃഷി ചെയ്യാം

കിഴങ്ങുവര്‍ഗത്തില്‍പെട്ട ഒരു ഭക്ഷ്യവിളയാണ് കൂര്‍ക്ക. ഉഷ്ണമേഖലാപ്രദേശങ്ങളിലും മിത ശീതോഷ്ണമേഖലാ പ്രദേശങ്ങളിലും കൂര്‍ക്ക നന്നായി വളരും. കാഴ്ചയില്‍ ഇത്തിരിക്കുഞ്ഞനാണെങ്കിലും കാര്യത്തില്‍ മുന്നിലാണിത്.

പാചകം ചെയ്താല്‍ വളരെ സ്വാദിഷ്ടവും പോഷക സമൃദ്ധവുമാണ് കൂര്‍ക്ക. കേരളത്തിന്‍റെ ഭൂപ്രകൃതി അനുസരിച്ച്‌ കൃഷിക്ക് അനുയോജ്യമായ ഒരു കിഴങ്ങു വര്‍ഗമാണ് കൂര്‍ക്ക. ചൈനീസ് പൊട്ടറ്റോ എന്നും അറിയപ്പെടുന്ന കൂര്‍ക്ക മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമാണ്.

കൂര്‍ക്കയില്‍ 20 ശതമാനം അന്നജമാണ്. കാത്സ്യം, ഇരുമ്പ്, തയമിന്‍, റൈബോഫ്ലോവിന്‍, നിയാസിന്‍, ജീവകം സി ഇവയുടെ കലവറയാണ് കൂര്‍ക്ക. നല്ല നീരോക്സീകാരികള്‍ ഇതിലുണ്ട്. കൂര്‍ക്കയുടെ കൃഷി ജൂലായ്മുതല്‍ ഒക്ടോബര്‍വരെയുള്ള മാസങ്ങളില്‍ നടത്തിവരുന്നു. എന്നാല്‍, നടാനുള്ള തലപ്പ്, നേരത്തേ തന്നെ നഴ്സറിയില്‍ വിത്തുകിഴങ്ങ് നട്ട് ഉണ്ടാക്കേണ്ടതാണ്.

രാസവളങ്ങളോ കീടനാശിനികളോ ഒന്നും ഉപയോഗിക്കാതെ തന്നെ നല്ല ഫലഭൂയിഷ്ടമായ മണ്ണാണെങ്കില്‍ കൂര്‍ക്ക നല്ല വിളവു നല്‍കും. ഇടവിളയായും അടുക്കളത്തോട്ടത്തിലുമൊക്കെ കൂര്‍ക്ക കൃഷി ചെയ്യാവുന്നതാണ്.

പുതുമഴ പെയ്യുന്ന സമയമാണ് കൂര്‍ക്ക നടാന്‍ അനുയോജ്യമായ സമയം. ചട്ടിയിലോ ഗ്രോബാഗിലോ നിലത്തോ കൂര്‍ക്ക കൃഷി ചെയ്യാവുന്നതാണ്. വളക്കൂറു കുറഞ്ഞ മണ്ണാണെങ്കില്‍ പച്ചിലവളവും ചാണകവും ചേര്‍ത്തു കൊടുക്കണം.

കൂര്‍ക്ക വിത്തു പാകി നന്നായി വളര്‍ന്നു വരുമ്പോള്‍ (ഏകദേശം ഒരു മാസം കഴിയുമ്പോള്) അഗ്രഭാഗം മുറിച്ചെടുത്ത് മാറ്റി നടാവുന്നതാണ്. ഉണങ്ങിയ ആട്ടിന്‍ കാഷ്ടമോ ഉണങ്ങിയ ചാണകപ്പൊടിയോ വളമായി ചേര്‍ത്തു കൊടുക്കാം.

ജൂലൈയില്‍ ആണ് നടുന്നതെങ്കില്‍ ഡിസംബറോടുകൂടി വിളവെടുപ്പിന് പാകമാകും. കൂര്‍ക്കയുടെ മുഖ്യശത്രു നിമാവിരയാണ്. ഇവയുടെ ശല്യംനിമിത്തം കൂര്‍ക്കയില്‍ മന്തുരോഗം വരുന്നു. ഉമി ചേര്‍ക്കുന്നതും കശുമാവില മണ്ണില്‍ ചേര്‍ക്കുന്നതും നിമാവിരശല്യം കുറയ്ക്കും. കൂര്‍ക്കയുടെ വള്ളികള്‍, ഉണങ്ങിത്തുടങ്ങുമ്പോള്‍ പറിച്ച്‌ വിളവെടുക്കാം.

ചീരക്കൃഷിയെപ്പറ്റി കൂടുതല്‍ അറിയൂ

ഇലക്കറിയെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ മലയാളിയുടെ മനസ്സില്‍ ഓടിയെത്തുന്ന വിളയാണ് ചീര. നമ്മുടെ കാലാവസ്ഥയും മണ്ണും ചീരക്കൃഷിക്ക് തീര്‍ത്തും അനുയോജ്യം. ഇന്ന് വിപണിയില്‍ ലഭിക്കുന്ന ചീര വിഷലിപ്തമായ കീടനാശിനികള്‍ ധാരാളമായി ഉപയോഗിച്ച് കൃഷിചെയ്യുന്നതാണെന്ന തിരിച്ചറിവ് ചീരക്കൃഷിയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നു. ഒരുസെന്‍റ് സ്ഥലത്ത് ചീര കൃഷിചെയ്യാന്‍ അഞ്ചുഗ്രാം വിത്ത് മതി. ചെടിച്ചട്ടിയിലോ തവാരണകളിലോ തൈകളുണ്ടാക്കി പറിച്ചുനടുന്നതാണ് ഉത്തമം.

ചീരവിത്ത് റവയുമായി ചേര്‍ത്തുവേണം വിതയ്ക്കാന്‍. ഉറുമ്പിന്‍റെ ശല്യം ഒഴിവാക്കാനാണിങ്ങനെ ചെയ്യുന്നത്. മൂന്നാഴ്ച പ്രായമായ ചീരത്തൈകള്‍ പറിച്ചുനടാം. നടാനുള്ള സ്ഥലം രണ്ടോ മൂന്നോ പ്രാവശ്യം നന്നായി കിളച്ചുമറിച്ച് നിരപ്പാക്കണം. സെന്‍റിന് 200 കിലോഗ്രാം ചാണകവളമോ മണ്ണിരക്കമ്പോസ്‌റ്റോ അടിവളമായി നല്‍കാം. ഒപ്പം അര കിലോഗ്രാം യൂറിയയും ഒന്നേകാല്‍ കിലോഗ്രാം എല്ലുപൊടിയും 300 ഗ്രാം പൊട്ടാഷും ചേര്‍ക്കണം.

ഒരടി വീതിയും അരയടി താഴ്ചയുമുള്ള ചാലുകള്‍ ഒന്നരയടി അകലത്തിലായി എടുത്തുവേണം ചീരത്തൈകള്‍ പറിച്ചുനടാന്‍. രണ്ടു ചീരത്തൈകള്‍ തമ്മില്‍ അരയടിയെങ്കിലും അകലം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പറിച്ചുനട്ട് 25 ദിവസത്തിനകം ചീര മുറിച്ചെടുക്കാം.  ഓരോ വിളവെടുപ്പിനുശേഷവും അല്പം ചാണകവളവും 10 ഗ്രാം യൂറിയയും ചേര്‍ത്ത് മണ്ണ് കൂട്ടിക്കൊടുക്കണം. അപായരഹിതവും ചെലവു കുറഞ്ഞതുമായ ജൈവ കീടകുമിള്‍നാശിനികളാണ് ചീരയിലെ ശത്രുപക്ഷത്തെ അകറ്റുവാനായി തിരഞ്ഞെടുക്കേണ്ടത്.

ഗോമൂത്രവും കാന്താരിമുളകും ചേര്‍ത്ത് മൃദുലശരീരമുള്ള ഇലതീനിപ്പുഴുക്കളെ നശിപ്പിക്കാം. ഇതിനായി 100 മില്ലി ഗോമൂത്രം ഒരുലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചതില്‍ മൂന്നുഗ്രാം കാന്താരി മുളക് അരച്ചുചേര്‍ത്താണ് തളിക്കേണ്ടത്. ചീരക്കൃഷിയിലെ പ്രധാന പ്രശ്‌നമായ ഇലപ്പുള്ളിരോഗം വരാതെ സംരക്ഷിക്കാനും ഒരു വിദ്യയുണ്ട്. 40 ഗ്രാം പാല്‍ക്കായം 10 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. ഇതില്‍ എട്ടുഗ്രാം സോഡാപ്പൊടിയും 32 ഗ്രാം മഞ്ഞള്‍പ്പൊടിയും ചേര്‍ത്തുണ്ടാക്കിയ മിശ്രിതം കലര്‍ത്താം. ഈ ലായനി അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും തളിച്ചാല്‍ ഇലപ്പുള്ളിരോഗത്തെ പടിക്കുപുറത്തു നിര്‍ത്താമെന്നത് കര്‍ഷകരുടെ സ്വന്തം അനുഭവം. പച്ചച്ചീരത്തൈകള്‍ ഇടകലര്‍ത്തി നടുന്നതും ഗുണം ചെയ്യും

വിവിധയിനം ചീരകള്‍

പെരുഞ്ചീര (ചില്ലി) വെളുത്തതും, ഇളം ചുവപ്പുള്ളതും, ചെറിയതും എന്ന് മൂന്നുവിധമുണ്ട്.
ചെറുചീര (പറമ്പുചീര, ചാണച്ചീര, തണ്ഡുലീയം, പുനര്‍മ്മുരിങ്ങ)
കുപ്പച്ചീര (വാസ്തൂകം, വാസ്തുച്ചീര, ചക്രവര്‍ത്തിച്ചീര)  ഇത് വലിയതെന്നും ചെറിയതെന്നും രണ്ടു തരമുണ്ട്. വലിയതിന് അല്പം ചുവപ്പു നിറമാണ്, ഗൌഡവാസ്തൂകം എന്ന സംസ്‌കൃതനാമം.
മുള്ളന്‍ചീര
ചെഞ്ചീര (പാലക്യ, പാലംക്യ, നെയ്ച്ചീര)
പാലക് ഉത്തരേന്ത്യന്‍ ചീര. പാകം ചെയ്ത് ഭക്ഷിക്കാവുന്നതും, പച്ചക്കറി ഇനത്തില്‍ പെടുന്നതുമായ ഒരു സസ്യമാണ് പാലക് എന്ന് പറയുന്നത്. ഉത്തരേന്ത്യന്‍ ഡിഷുകളിലെ പ്രധാന ഇനമാണ്.
വളശച്ചീര
മധുരച്ചീര (മാര്‍ഷം, മാരിഷം) വെളുത്തതും ചുവന്നതും എന്ന് രണ്ടു തരമുണ്ട്.
തോട്ടച്ചീര (യവശാകം, തോട്ടക്കൂര, ക്ഷേത്രവാസ്തൂകം)
ഉപ്പുചീര (ലോണീകം, ഉപ്പൂറ്റി, പരപ്പുക്കീരൈ, ഉപ്പുക്കീരൈ)  ഉപ്പുചീര വലുതെന്നും,ചെറുതെന്നും(ക്ഷുദ്രലോണി) രണ്ട് തരമുണ്ട്.

രോഗങ്ങള്‍ / കീടങ്ങള്‍
ചുവന്ന ചീരയില്‍ കാണപ്പെടുന്ന പ്രധാന രോഗമാണ് ഇലപ്പുള്ളി രോഗം. ഇതിന്‍റെ ആദ്യ ലക്ഷണമായി ഇലകളില്‍ പുള്ളിക്കുത്തുകള്‍ ഉണ്ടാകുന്നു. ക്രമേണ ഇലകള്‍ മുഴുവനും ദ്രവിക്കുകയും താമസിയാതെ ചെടി മുഴുവനും നശിക്കുകയും ചെയ്യുന്നു. പക്ഷേ പച്ച നിറത്തില്‍ ഇലകളുള്ള ചീരയ്ക്ക് ഈ രോഗത്തെ ചെറുക്കുന്നതിനുള്ള ശക്തിയുള്ളതിനാല്‍ ഈ രോഗം ഉണ്ടാകുന്നില്ല. അതിനാല്‍ രണ്ടിനങ്ങളും ഇടകലര്‍ത്തി നടുന്നത് ഒരു പരിധിവരെ ഈ രോഗത്തെ ചെറുക്കുന്നതിന് ഉപകരിക്കും. കഴിവതും ചെടികള്‍ നനയ്ക്കുന്നത് മണ്‍പരപ്പിലൂടെ ആയാല്‍ ഈ രോഗത്തെ ഒരു പരിധിവരെ അകറ്റി നിര്‍ത്തുന്നതിന് ഉപകരിക്കും. ഡൈത്തേണ്‍ എം45 എന്ന രാസകീടനാശിനി വെള്ളത്തില്‍ കലക്കി ചെടി മുഴുവന്‍ നനയത്തക്കവിധം തളിക്കുകയും; പാല്‍കായം സോഡാപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ വെള്ളത്തില്‍ കലക്കി ഉപയോഗിക്കുകയുമാവാം.

വീട്ടില്‍ വളര്‍ത്താം പുതിന

നമ്മുടെ അടുക്കളയിലെ നിത്യോപയോഗസാധനങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് പുതിന. ഭക്ഷ്യവസ്തുക്കളില്‍ സുഗന്ധവും രുചിയും പകരാന്‍ ഉപയോഗിക്കുന്നു. പുതിനയില്‍നിന്നു വേര്‍പ്പെടുത്തിയെടുത്ത തൈലം മിഠായി, ചൂയിങ്ഗം, മൌത്ത്വാഷ് തുടങ്ങിയ എത്രയോ ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. മിന്‍റ് എന്ന പേരില്‍ ലോകമെമ്പാടും പുതിന അറിയപ്പെടുന്നുണ്ട്.

നാം പുതിനയ്ക്കുവേണ്ടി ഇന്ന് മാര്‍ക്കറ്റിനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ നമുക്കാവശ്യമായ പുതിന വീട്ടില്‍തന്നെ വളര്‍ത്തിയെടുക്കാം. വലിയ മുതല്‍മുടക്കോ പണച്ചെലവോ ഇതിനില്ല. വെള്ളം കെട്ടിക്കിടക്കാത്ത വളമുള്ള മണ്ണാകണം. ഒരു ലഘുസസ്യമായതിനാല്‍ ഭാഗികമായി വെയില്‍ കിട്ടുന്ന ഇടങ്ങളില്‍പ്പോലും നടാം. സൂര്യപ്രകാശം നല്ലപോലെ ഉള്ള ഇടങ്ങളുമാവാം. വേനലില്‍ നനച്ചുകൊടുക്കാനുള്ള സൌകര്യമുണ്ടാകണം. നിലത്ത് വളര്‍ത്തുന്നില്ലെങ്കില്‍, തൂക്കുചട്ടിയിലോ, ചെടിച്ചട്ടിയിലെ ഗ്രോബാഗുകളിലോ എല്ലാം ഇവ നട്ടുപിടിപ്പിക്കാം. 

കൃഷിരീതി
പുതിനയുടെ തലപ്പുകള്‍ നടീല്‍വസ്തുവായി ഉപയോഗിക്കാം. നേരിട്ട് മണ്ണില്‍ നടുന്നതിനെക്കാള്‍ നല്ലത് ഒരു നേഴ്സറികവറില്‍ നട്ട് വേരുപിടിപ്പിച്ചശേഷം മണ്ണിലോ, വളര്‍ത്തുചട്ടിയിലോ, തൂക്കു ചട്ടിയിലോ, മാറ്റിനടുന്നതാണ്. ഇതിനായി സുഷിരമിട്ട പോളിത്തീന്‍ കവര്‍ ഉപയോഗിക്കാം. മണലും, ചകിരിച്ചോറും, ചാണകപ്പൊടിയും ചേര്‍ത്ത് വെള്ളം നനച്ച്‌ കുഴച്ച മിശ്രിതം തയ്യാറാക്കണം (മിശ്രിതം ചളിപ്പരുവമാകരുത്). 1:1:1 എന്ന അനുപാതത്തിലാവാം ഇവ. ഇതില്‍ തലപ്പ് നടുക. നട്ട കവറുകള്‍ വേരുപിടിക്കുംവരെ തണലില്‍ സംരക്ഷിക്കുക. മിശ്രിതത്തില്‍ നനവു കുറയുമ്പോള്‍ അല്‍പ്പം നനയ്ക്കുക. ചെടി കിളിര്‍ത്ത് നിലത്ത് പടരാന്‍പറ്റിയ പാകമാവുമ്പോള്‍ മാറ്റി നിലത്തോ ചട്ടികളിലോ നടാം. നിലം നന്നായി കിളച്ച്‌ കട്ടയുടച്ച്‌ ഒരുസെന്‍റിന് 100 കിഗ്രാം കാലിവളം (കമ്പോസ്റ്റ് വളം) വിതറി മണ്ണുമായി കലര്‍ത്തി തൈകള്‍ നടാം. ചട്ടിയില്‍ നടുമ്പോള്‍ രണ്ടുമൂന്നു തൈകള്‍ ഒന്നിച്ച്‌ നടാം. എങ്കിലേ വളര്‍ത്തുചട്ടി മുഴുവന്‍ വ്യാപിക്കൂ. ഇടയ്ക്ക് കമ്പോസ്റ്റ്, കാലിവളം, കടലപ്പിണ്ണാക്ക് തുടങ്ങിയ ജൈവവളങ്ങള്‍ ചേര്‍ക്കുക. കളകള്‍ യഥാസമയം നീക്കുക. വേനലില്‍ ഈര്‍പ്പം നല്‍കുക. മഴക്കാലം വെള്ളക്കെട്ടില്ലാതെ പരിരക്ഷിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മതി. ആവശ്യത്തിലധികം പുതിന ലഭ്യമാകും.

വീട്ടാവശ്യത്തിനുള്ള ഉരുളക്കിഴങ്ങ് വീട്ടില്‍ത്തന്നെ കൃഷി ചെയ്യാം

കേടില്ലാത്ത, വലുപ്പമുള്ള ഉരുളക്കിഴങ്ങുകള്‍ കടയില്‍നിന്നു വാങ്ങി ഇരുട്ടുമുറിയില്‍ തറയില്‍ നിരനിരയായി വയ്ക്കുക. അവയെ നനഞ്ഞചണച്ചാക്കുകൊണ്ട് മൂടുക. ഇടയ്ക്കിടെ ചാക്ക് നനച്ചുകൊടുക്കുക. ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. 20 ദിവസം ഇങ്ങനെ സൂക്ഷിക്കണം. അപ്പോഴേക്കും കിഴങ്ങുകളില്‍ മുള വരും. മുള വന്ന കിഴങ്ങുകളെ നാലു ഭാഗമായി മുറിക്കുക. മുറിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ഓരോ ഭാഗത്തിലും ഒരു മുള ഉണ്ടാവണം.

ഇങ്ങനെ തയ്യാറാക്കിയ ഭാഗം ചാണകപ്പൊടിയും വേപ്പിന്‍പിണ്ണാക്കും ചേര്‍ത്ത് തയ്യാറാക്കിയ തറയില്‍ നടണം. മുളഭാഗം മുകളില്‍ വരുംവിധമാണ് നടേണ്ടത്. രണ്ട് ചെടികള്‍ തമ്മില്‍ 40 സെ. മീ. അകലം വേണം. 35 ദിവസം കഴിഞ്ഞ് വേപ്പിന്‍വളവും പിണ്ണാക്കും ചാരവും കൂട്ടിക്കലര്‍ത്തിയ മിശ്രിതം വളമായി ചേര്‍ത്തുകൊടുക്കണം. തറയില്‍ മണ്ണ് കയറ്റുകയും വേണം.

രണ്ടാഴ്ച കൂടുമ്പോള്‍ വേപ്പണ്ണ ലഘൂകരിച്ച്‌ ഇലകളില്‍ തളിച്ചു കൊടുക്കണം. 70 ദിവസം കഴിയുമ്പോള്‍ രണ്ടാംവളം ചേര്‍ക്കല്‍ നടത്തണം. ചാരം, കാലിവളം എന്നിവയാണ് രണ്ടാംഘട്ടത്തില്‍ ചേര്‍ത്തുകൊടുക്കേണ്ടത്. 120 ദിവസം കഴിഞ്ഞ് വിളവെടുക്കാം. തറയില്‍ ഇടയ്ക്കിടെ നനച്ചുകൊടുക്കുന്നത് ഉരുളക്കിഴങ്ങ് വലുതാകാന്‍ സഹായിക്കും. ആഗസ്ത്, സെപ്തംബര്‍, ഒക്ടോബറാണ് ഉരുളക്കിഴങ്ങുകൃഷിക്ക് അനുയോജ്യം. ഇളക്കമുള്ള കറുത്ത മണ്ണാണ് കൃഷിക്ക് ഏറെഅനുയോജ്യം.

ഔഷധ - പുഷ്പ - വാണിജ്യ വിളകള്‍

കുറ്റിതിപ്പലി വീട്ടില്‍ വളര്‍ത്താം

കുരുമുളക് കുടുംബമായ പെപ്പെറേസിയേയില്‍ അംഗമായ തിപ്പലി കുറ്റിയായി നിഷ്പ്രയാസം ചെടിച്ചട്ടിയില്‍ വളര്‍ത്താം. ഭാഗികമായി തണല്‍ കിട്ടുന്ന വരാന്തയിലും മുറ്റത്തും കുറ്റിതിപ്പലി നന്നായി വളരും. കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയിരിക്കുന്ന നല്ല ഒരു ഇനം തിപ്പലിയാണ് വിശ്വം. നല്ലയിനം തിപ്പലി ചെടികളിലെ കായ്ക്കുന്ന ശാഖകള്‍ മുറിച്ച്‌ വേരുപിടിപ്പിച്ചുവേണം കുറ്റിതിപ്പലിയുണ്ടാക്കാന്‍. ഇതിനായി, മൂന്ന് മുട്ടെങ്കിലുമുള്ള ശാഖകള്‍ മുറിച്ചെടുത്ത് നാമ്പില മാത്രം നിര്‍ത്തി ബാക്കിയുള്ള ഇലകള്‍ മുറിച്ചുമാറ്റണം.

ഏറ്റവും അടിയിലുള്ള മുട്ടില്‍ നിന്ന് ഏകദേശം ഒന്നര സെ.മീ. താഴെയായി ചരിച്ച്‌ മുറിച്ചശേഷം പോളിത്തീന്‍ കൂടുകളില്‍ നിറച്ചിരിക്കുന്ന മണ്ണ് മിശ്രിതത്തില്‍ ഒരു മുട്ടെങ്കിലും മണ്ണിനടിയില്‍ നില്‍ക്കത്തക്ക രീതിയില്‍ നടണം. കുറ്റിതിപ്പലിയുണ്ടാക്കാന്‍ കുറ്റിക്കുരുമുളകിനെക്കാളും എളുപ്പമാണ്. എങ്കിലും വേരുപിടിപ്പിച്ച കൂടുതല്‍ തൈകള്‍ കിട്ടുന്നതിന് ശാഖകള്‍ മുറിച്ചെടുത്ത് ഇലകള്‍ നീക്കിയ ഉടനെ 0.2 ശതമാനം കോപ്പര്‍ ഓക്സീക്ലോറൈഡ് ലായനിയില്‍ 30 മിനിറ്റ് മുക്കിവെച്ച ശേഷം നടുന്നതിന് തൊട്ടുമുന്‍പ് വേരുണ്ടാകാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ പൗഡര്‍ ചുവടുഭാഗത്ത് പുരട്ടുന്നത് സഹായകമാണ്.

രണ്ടുമാസമാകുമ്പോഴേക്കും വേരുപിടിപ്പിച്ച തൈകള്‍ ചെടിച്ചട്ടികളിലേക്ക് മാറ്റാവുന്നതാണ്. നല്ലതുപോലെ വളരുന്നതിനും കായ്ക്കുന്നതിനും വേണ്ടി ഇടയ്ക്കിടയ്ക്ക് ജൈവവളം നല്‍കാം. നീണ്ടുവളരുന്നതും തൂങ്ങിക്കിടക്കുന്നതുമായ ശാഖകള്‍ മുറിച്ചുമാറ്റുന്നത്, ഭംഗിയുള്ള ആകൃതിയില്‍ കുറ്റിച്ചെടിയായി തിപ്പലി വളരുന്നതിന് സഹായകമായിരിക്കും.

ഈ ചെടിയുടെ കായയാണ് തിപ്പലിയെന്ന് സാധാരണയായി നമ്മള്‍ പറയുന്നത്. കായ്ക്കാന്‍ തുടങ്ങി രണ്ടുമാസമാകുമ്പോഴേക്കും കാട്ടുപച്ച നിറമാക്കുന്നതോടെ വിളവെടുപ്പ് നടത്തണം. പഴുത്തു കഴിഞ്ഞാല്‍ ഗുണം കുറയും. വിളവെടുത്ത തിപ്പലി 5-7 ദിവസം വെയിലത്ത് നന്നായി ഉണക്കി ഈര്‍പ്പംകയറാത്ത പാത്രങ്ങളില്‍ സൂക്ഷിക്കാവുന്നതാണ്. പച്ചനിറത്തിലുള്ള 10 കി.ഗ്രാം തിപ്പലി നന്നായി ഉണങ്ങി കറുപ്പ് നിറമാകുന്നതോടെ ഏകദേശം 1.5 കി.ഗ്രാം ഉണ്ടായിരിക്കും.

ധാരാളം ഔഷധഗുണങ്ങളുള്ള തിപ്പലി പല ആയുര്‍വേദ മരുന്നുകളിലെയും അവിഭാജ്യഘടകമാണ്. പനി, ചുമ, ആസ്ത്മ, ആമാശയ അസുഖങ്ങള്‍ എന്നിവയ്ക്ക് തിപ്പലി ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. ഗരംമസാല, സൂപ്പ്, അച്ചാര്‍, സോസ് എന്നിവയിലെല്ലാം എരിവിനും രുചിക്കും തിപ്പലി നല്ല ചേരുവയാണ്. ചെടിയുടെ വേരിനും വളരെയധികം ഔഷധപ്രാധാന്യമുണ്ട്.

ഔഷധങ്ങളുടെ കലവറയായ ചെത്തിപ്പൂവിനെ അറിയാം

ഔഷധ ഗുണമുള്ള ചെത്തിപ്പൂക്കള്‍ ചുവപ്പ്, മഞ്ഞ നിറങ്ങളിലാണ് സാധാരണ കണ്ടുവരുന്നത്. ഇക്സോറ കൊക്കീനിയ (Ixora coccinea) എന്ന ശാസ്ത്രനാമമുള്ള ഇക്സോറ ജനുസ്സിലെ ഒരു വിഭാഗമാണ് ചെത്തി പൂവ് . ഇത് തെച്ചി പൂവ്,തെറ്റി പൂവ് എന്നീപേരുകളിലും ചില പ്രദേശങ്ങളില്‍ അറിയപ്പെടുന്നു.

പ്രത്യേക പരിപാലനമൊന്നും കൂടാതെ വളരുന്ന ഒരു ചെടിയായതിനാല്‍ ചെത്തിയെ മിക്കവാറും എല്ലാ പൂന്തോട്ടങ്ങളി ലും  അലങ്കാരച്ചെടിയായി വളര്‍ത്താറുണ്ട്.  കേരളീയ ക്ഷേത്രങ്ങളില്‍ പൂജയ്ക്കും മാലകെട്ടാനുമൊക്കെയായി ചെത്തിപ്പൂക്കള്‍ ഉപയോഗിയ്ക്കാറുണ്ട്.

ഇതിന്‍റെ കായ് പഴുക്കുമ്പോള്‍ ഭക്ഷ്യയോഗ്യമാണ്.അതോടൊപ്പം കേശസംരക്ഷണത്തിലും ചെത്തിപ്പൂക്കള്‍ വലിയ പങ്ക് വഹിക്കുന്നു.

ഇലവര്‍ങം

ഇന്ത്യയിലുടനീളം വനങ്ങളിലും നാട്ടിന്‍പുറങ്ങളിലും കാണപ്പെടുന്ന ഒരു ഇടത്തരം വൃക്ഷമാണ് ഇലവര്‍ങം. സിനമണ്‍ സൈലാനിക്കം (Cinnamon zeylanicum) എന്നാണിതിന്‍റെ ശാസ്ത്രീയനാമം. മരത്തിന്‍റെ  തൊലിയാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്. വിത്ത് പാകി മുളപ്പിച്ച്‌ എടുക്കാം.  കണ്ണൂരാണ് പ്ലാന്റേഷനുള്ളത്.

രുചി വര്‍ധിപ്പിക്കുന്നതിനും വിശപ്പുണ്ടാക്കുന്നതിനും തൈലങ്ങളിലും ലേഹ്യങ്ങളിലും സുഗന്ധം വരുത്തുന്നതിനും ഇത് ഉപയോഗിക്കുന്നു.

ഇലവര്‍ങത്തൊലി, മുത്തങ്ങ ഇവ സമാസമം പൊടിച്ച്‌ കല്‍ക്കണ്ടം ചേര്‍ത്ത് കഴിക്കുന്നത് ദഹനശക്തി വര്‍ധിപ്പിക്കുന്നതിനും ഛര്‍ദ്ദി ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. കറുവാപ്പട്ട, ഗ്രാമ്പു, കടുക്കാത്തൊണ്ട്, മുത്തങ്ങ, ചുക്ക്, കുരുമുളക്, കരിങ്ങാലിക്കാതല്‍ പൊടിച്ചത്, കൊട്ടപ്പാക്ക്, കര്‍പ്പൂരം ഇവ ഓരോന്നും പത്ത് ഗ്രാം വീതം നന്നായി പൊടിക്കുക. ഇതിന്‍റെപകുതിത്തൂക്കം കാവിമണ്ണും ചേര്‍ത്ത് വീണ്ടും പൊടിച്ച്‌ പല്ലുതേക്കാന്‍ ഉപയോഗിക്കാം.

ഏലം, ഇലവര്‍ങം, പച്ചില ഇത് മൂന്നും ചേരുന്നതാണ് ത്രിജാതകം. ഇതിന്‍റെ കൂടെ നാഗപ്പൂ കൂടെ ചേര്‍ത്താല്‍ ചതുര്‍ജാതകം എന്നും അറിയപ്പെടുന്നു. ലേഹ്യങ്ങളിലും അരിഷ്ടങ്ങളിലും രുചി, ഗന്ധം,വീര്യം ഇവ കൂട്ടാനും ഇത് ഉപയോഗിക്കുന്നു. കാല്‍ വിണ്ടുകീറുന്നതിനും കുഴിനഖം മാറുന്നതിനും ത്വക് രോഗങ്ങള്‍ക്കും ക്ഷുദ്രജീവികളായ തേള്‍, പഴുതാര,തേനീച്ച, കടന്നല്‍ ഇവയില്‍ നിന്നും വിഷബാധയേറ്റാലും ഇലവര്‍ങം കൊണ്ട് തൈലമുണ്ടാക്കി തേച്ചാല്‍ ശമനമുണ്ടാകും.

ഈശ്വരമുല്ല (ഗരുഡക്കൊടി)

ഇന്ത്യയിലെവിടേയും കാണാം. വിഷ ചികിത്സയ്ക്കായാണ് ഈ വള്ളിച്ചെടി പ്രധാനമായും ഉപയോഗിക്കുന്നത്. ഗരുഡക്കൊടി, കരളകം എന്നീ പേരുകളിലും അറിയപ്പെടുന്നു. പാമ്പിന് ശത്രു ഗരുഡനെന്നപോലെയാണ് പാമ്പ് വിഷത്തിന് ഗരുഡക്കൊടി.  ഇതിന്‍റെ ശാസ്ത്രീയ നാമം: അരിസ്ടോ ലോക്കിയ ഇന്‍ഡിക്ക (Aristo-lochia indica ). വിത്തില്‍ നിന്ന് പ്രത്യുത്പാദിപ്പിക്കാം.

ഔഷധപ്രയോഗങ്ങള്‍

ഗരുഡക്കൊടിയുടെ ഏഴ് ഇല വീതം രാവിലെ കഴിച്ചാല്‍ പാമ്പ്കടിയേറ്റാല്‍ വിഷം ഏല്‍ക്കില്ല എന്ന് വൃദ്ധ വൈദ്യന്മാര്‍ പറയാറുണ്ട്.

കരളകത്തിന്‍റെ  ഇല ചതച്ച നീര് ഈരണ്ട് തുള്ളി വീതം രണ്ട് മൂക്കിലും ഒഴിച്ച്‌ വായിലേക്ക് വലിച്ചിറക്കിയാല്‍ (നസ്യം ചെയ്യുക) മൂക്കടപ്പും ജലദോഷവും ശമിക്കും.

ഗരുഡക്കൊടിയുടെ വേര് (അഞ്ച് ഗ്രാം) ചതച്ച്‌ ഒരു രാത്രി മുഴുവന്‍ കരിക്കിന്‍ വെള്ളത്തില്‍(100 മില്ലി) ഇട്ടുവയ്ക്കുക. പിറ്റേന്ന് ഇത് കഴിക്കുക. വര്‍ഷകാലത്തെ പകര്‍ച്ചപ്പനി മാറുന്നതിനും പനി വരാതിരിക്കുന്നതിനും പ്രതിരോധശേഷി വര്‍ധിക്കുന്നതിനും നല്ലതാണ്.

ഗരുഡക്കൊടി അരച്ച്‌ പാലില്‍ കുടിച്ചാല്‍ വിഷത്തിന്‍റെ വ്യാപനം തടയാം. ചര്‍മ്മരോഗം, പ്രത്യേകിച്ച്‌ വെളളപ്പാണ്ട് മാറ്റുന്നതിനുള്ള തൈലം ഉണ്ടാക്കാന്‍ ഇതാവശ്യമാണ്.
ഗരുഡക്കൊടിയിലയുടെ 50 മില്ലി നീരില്‍ കുരുമുളക്, തിപ്പലി, ഏലത്തരി എന്നിവ പൊടിച്ചുചേര്‍ത്ത് കഴിച്ചാല്‍ ഛര്‍ദ്ദി, അതിസാരം എന്നിവയ്ക്ക് ശമനം കിട്ടും.

മൃഗം-പക്ഷി -മത്സ്യ കൃഷി

ചെറുകിട തോട്ടങ്ങളില്‍ റബര്‍ കൃഷിക്കൊപ്പം കോഴിവളര്‍ത്താം

റബറിന്‍റെ വിലയിടിവ് ചെറുകിട റബര്‍ കര്‍ഷകര്‍, തോട്ടം തൊഴിലാളികള്‍, കച്ചവടക്കാര്‍ തുടങ്ങിയവരുടെ ജീവിതത്തെ ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഈ പ്രതികൂലാവസ്ഥയെ തരണം ചെയ്യാന്‍ കൃഷിക്കാര്‍ക്ക് ചെയ്യാവുന്ന ചില കര്‍മപരിപാടികളില്‍ ഒന്നാണ് ചെറുകിട തോട്ടങ്ങളിലെ കോഴിവളര്‍ത്തല്‍.

മലേഷ്യന്‍ റബര്‍ ഗവേഷണകേന്ദ്രം റബര്‍തോട്ടങ്ങളിലെ കോഴിവളര്‍ത്തലിനെപ്പറ്റി നടത്തിയ പഠനത്തില്‍ റബര്‍തോട്ടങ്ങളില്‍ കോഴികളെ തുറന്നുവിട്ട് വളര്‍ത്തിയപ്പോള്‍ കോഴിക്കാഷ്ടം മണ്ണില്‍ കലരുന്നതിനാല്‍ മണ്ണിന്‍റെ ഫലപുഷ്ടി കൂടുന്നതായി കണ്ടെത്തി. കോഴിവളര്‍ത്തല്‍ കാരണം തോട്ടത്തിലെ കളകളുടെ വളര്‍ച്ച ഇല്ലാതായതായും ശ്രദ്ധിക്കപ്പെട്ടു. ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തല്‍ റബര്‍മരങ്ങള്‍ ഏതാണ്ട് ഒന്നരവര്‍ഷം നേരത്തെ ടാപ്പ്‌ചെയ്യാന്‍ തക്ക വണ്ണമെത്തി എന്നതാണ്. റബര്‍തോട്ടങ്ങളുടെ ഉല്‍പാദനക്ഷമത വര്‍ധിക്കുകയും ചെയ്യും.
നമ്മുടെ നാട്ടില്‍ റബര്‍തോട്ടങ്ങളില്‍ തുറന്നുവിട്ട് വളര്‍ത്താന്‍ സാധാരണ നാടന്‍ കോഴികള്‍ക്ക് പുറമെ, രോഗങ്ങളെ ചെറുക്കാന്‍ നല്ല കഴിവുള്ള കരിങ്കോഴികള്‍, വാത്തകള്‍ എന്നിവയേയും ഉപയോഗിക്കാം. തോട്ടത്തില്‍ പാമ്പുകളുണ്ടെങ്കില്‍ അവയെ തുരത്താനും വാത്തകള്‍ സഹായിക്കും.

കോഴികള്‍ക്ക് സമീകൃതാഹാരം : ശാസ്ത്രീയവശങ്ങള്‍

കോഴിവളര്‍ത്തലിന് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒരുഘടകമാണ് കോഴിത്തീറ്റ. ഗവേഷണങ്ങളിലൂടെ 40ല്‍പ്പരം വ്യത്യസ്ത പോഷകങ്ങള്‍ കോഴിത്തീറ്റയില്‍ അടങ്ങിയിരിക്കണമെന്ന് കണ്ടിരിക്കുന്നു. മുട്ടയ്ക്കും മാംസത്തിനും വേണ്ടിയാണ് കോഴികളെ വളര്‍ത്തുന്നത്. ഇവയ്ക്കുള്ള പോഷകങ്ങളെ ജലം, മാംസ്യം, കൊഴുപ്പ്, ധാന്യങ്ങള്‍, അസംസ്കൃത നാര്, ധാതുക്കള്‍ എന്നിങ്ങനെ ആറായി വിഭജിക്കുന്നു. കൂടാതെ ജീവകങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു.

തീറ്റയുടെ കാര്യത്തില്‍ കോഴികള്‍ പ്രത്യേക സ്വഭാവമുള്ളവരാണ്. അവര്‍തന്നെ തീറ്റയുടെ അളവ് നിശ്ചയിക്കും. 40 ആഴ്ചവരെ പ്രായമുള്ള മുട്ടക്കോഴികളിലാണ് ഈ കഴിവ് പരമാവധി കാണുന്നത്. ഒരു കോഴി ശരാശരി 300 കി.കലോറി ഊര്‍ജം അകത്താക്കുന്നു. ഒരുകിലോ ഗ്രാം തീറ്റയില്‍ 3000 കി. കലോറി ഉപാപചയ ഊര്‍ജം ഉണ്ടെങ്കില്‍ അവ 100 ഗ്രാം തിന്നുന്നു. 2700 കി. കലോറി ആണെങ്കില്‍ അവ 111 ഗ്രാം തിന്നുന്നു. ഈ നിയമം ഒരുപരിധിവരെ ശരിയാണ്.

മുട്ടയിടുന്ന ഒരു കോഴിക്ക് ഏകദേശം മൂന്നു ഗ്രാം കാത്സ്യം കിട്ടണം. കാത്സ്യവും, ഫോസ്ഫറസും, ജീവകം ഡിയുംകൂടി വേണം. ഇവ ശരിയായ അനുപാതത്തില്‍ ഉണ്ടെങ്കില്‍ ആഗിരണം ശരിയായ രീതിയില്‍ നടക്കും.

ജീവകം ഡി ആഗീരണത്തിന് സഹായിക്കുന്നു. കോഴികള്‍ തോല്‍മുട്ടയിടുന്നതും ഘനംകുറഞ്ഞ തോലുള്ള മുട്ടയിടുന്നതും പ്രധാനമായും ഈ മൂന്ന് ഘടകങ്ങളുടെ തകരാറുമൂലമാണ്. ഒരു മുട്ടയില്‍ ഏകദേശം രണ്ടു ഗ്രാം കാത്സ്യം ഉണ്ട്. കക്ക പൊടിച്ച്‌ കൂട്ടില്‍ ഒരുസ്ഥലത്ത് മണ്‍ചട്ടിയിലോ, മറ്റു പാത്രങ്ങളിലോ വച്ചുകൊടുക്കാം. മുട്ടത്തോടുതന്നെ പൊടിച്ചുകൊടുക്കുന്നതും നല്ലത്.

അടച്ചിട്ട് വളര്‍ത്തുന്ന കോഴികള്‍ക്ക് ജീവകം ഡി3 തീറ്റയില്‍ കൊടുക്കണം.
സസ്യജന്യതീറ്റ സാധനങ്ങളുടെ ഫോസ്ഫറസ്, ജീവകം ഡി2 എന്നിവ ചുരുങ്ങിയതോതില്‍ മാത്രമേ കോഴികള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. വളരെ ചുരുങ്ങിയ അളവില്‍ മാത്രം ആവശ്യമായ (സൂക്ഷ്മ മൂലകങ്ങള്‍)) മാംഗനീസ്, സിങ്ക്, അയോഡിന്‍, ഇരുമ്പ്, ചെമ്പ് എന്നിവയും പ്രധാന്യം അര്‍ഹിക്കുന്നു. ഇവയുടെ അഭാവംകൊണ്ട് വെറോസിസ്, ഗോയിറ്റര്‍, വിളര്‍ച്ച, മുട്ട വിരിയാതിരിക്കുക എന്നിവ കാരണമാകും.

* കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്ക് ധാതുലവണ മിശ്രിതം തീറ്റയില്‍ നല്‍കണം. 
* കന്നുകാലികളുടെ ധാതുമിശ്രിതം കോഴികള്‍ക്ക് കൊടുക്കരുത്. 
* കോഴിത്തീറ്റയില്‍ 0.5 ശതമാനം കറിയുപ്പ് ചേര്‍ക്കരുത്. 
* കന്നുകാലികളുടെ ധാതുമിശ്രിതത്തില്‍ ഫോസ്ഫറസ് കോഴികളുടേതിനെക്കാള്‍ കൂടുതലും കാത്സ്യം കുറവുമാണ്. മാംഗനീസിന്‍റെ അളവിലും വ്യത്യാസമുണ്ട്. 
* കോഴിത്തീറ്റയില്‍ ശരിയായ അളവില്‍ ഉപ്പുചേര്‍ക്കണം.
*കുടിക്കാനുള്ള വെള്ളം 24 മണിക്കൂറും ലഭ്യമാക്കണം.
* മനുഷ്യര്‍ക്ക് ആവശ്യമുള്ള ജീവകങ്ങളില്‍ ജീവകംസി ഒഴിച്ച്‌ എല്ലാംതന്നെ കോഴികള്‍ക്ക് ആവശ്യമാണ്. 
* ജീവകം എ, ബി2, ഡി3 ഇവയുടെ കുറവു നികത്താന്‍ അരി, തവിട്, ഗോതമ്പ് തവിട് എന്നിവ നല്‍കാം.
* മത്സ്യത്തിലും പച്ചിലകളിലും ധാരാളം ജീവകം അടങ്ങിയിട്ടുണ്ട്. ഇവ നല്‍കണം. തമ്മില്‍ കൊത്തുന്നത് ഒഴിവാക്കാം. പുല്ല്, ചീര എന്നിവ മുകളില്‍ കെട്ടിയിട്ട് നല്‍കുന്നതുവഴി തമ്മില്‍ കൊത്തുന്നത് ഒഴിവാക്കാം.
* വെള്ളം കുടിക്കുന്നത് 15 മുതല്‍ 20 മിനിറ്റ് ഇടവിട്ടാണ്. 
* തീറ്റയുടെ മൂന്നിരട്ടി വെള്ളം കോഴികള്‍ക്ക് നല്‍കണം. കാലത്ത് തണുത്ത വെള്ളം കുടിക്കാന്‍ നല്‍കുന്നത് നല്ലത്.
* മുട്ടമാംസം ഉല്‍പ്പാദന കോഴികള്‍ക്ക് വേണ്ടുന്ന പരിരക്ഷ ഒരു പക്ഷെ തീറ്റയെക്കാള്‍ വെള്ളവും ആകാം. 
* കോഴികള്‍ക്ക് വേണ്ട ധാതുലവണങ്ങളും, തീറ്റയും തെരഞ്ഞെടുക്കല്‍ ആദായകരമായ കോഴിവളര്‍ത്തലിന് സഹായിക്കും.

പന്നിക്കുഞ്ഞുങ്ങളിലെ വിളര്‍ച്ച തടയാം

പന്നിക്കുഞ്ഞുങ്ങളില്‍ ഇരുമ്പിന്‍റെ അംശം കുറയുന്നതു മൂലമുള്ള വിളര്‍ച്ച രോഗമാണ് പിഗ്ലെറ്റ് അനീമിയ. പല കാരണങ്ങളാല്‍ പന്നിക്കുഞ്ഞുങ്ങളില്‍ ഇരുമ്പിന്‍റെ കുറവ് വളരെയധികം കണ്ടുവരുന്നുണ്ട്.

സാധാരണയായി 7-16 മില്ലിഗ്രാം ഇരുമ്പാണ് (ശരീരഭാരമനുസരിച്ച്‌  ) പന്നിക്കുഞ്ഞുങ്ങള്‍ക്ക് ഒരു ദിവസം ആവശ്യമുള്ളത്. എന്നാല്‍, തള്ളപ്പന്നിയുടെ പാലില്‍നിന്ന് വെറും ഒരു മില്ലിഗ്രാം ഇരുമ്പ് മാത്രമാണ് ലഭിക്കുന്നത്.

മുന്‍കാലങ്ങളില്‍നിന്ന് വിഭിന്നമായി പന്നിക്കുഞ്ഞുങ്ങളെ കൂട്ടിലടച്ചു വളര്‍ത്തുന്നതിനാല്‍ മണ്ണില്‍ നിന്ന് ഇരുമ്പ് ലഭിക്കുന്നതിനുള്ള സാധ്യതയുമില്ല. അതേസമയം, പന്നിക്കുഞ്ഞുങ്ങള്‍ക്ക് വളര്‍ച്ചനിരക്ക് വളരെ കൂടുതലാണ്.

ജനിക്കുമ്പോള്‍ ഏകദേശം 1.5 കി.ഗ്രാം. ഭാരമുള്ള പന്നി വെറും 60 ദിവസംകൊണ്ട് പത്തിരട്ടിവരെ വളര്‍ച്ച നേടും. വളര്‍ച്ചനിരക്ക് കുറയുക, വിളര്‍ച്ച എന്നിവയാണ് ഇരുമ്പ്കുറഞ്ഞാലുള്ള ആദ്യ ലക്ഷണങ്ങള്‍.

ഇരുമ്പിന്‍റെ ന്യൂനത രൂക്ഷമാണെങ്കില്‍ വളര്‍ച്ചക്കുറവിന് പുറമേ ശ്വാസം കിട്ടാതെ വരിക, രോഗ പ്രതിരോധശേഷി കുറയുക, വയറിളക്കം മുതലായ ലക്ഷണങ്ങളും ഉണ്ടാകാം. ചികിത്സ കിട്ടാതായാല്‍ പന്നിക്കുഞ്ഞുങ്ങള്‍ക്ക് മരണം വരെ സംഭവിക്കാം.

പന്നിക്കുഞ്ഞുങ്ങള്‍ ജനിച്ച്‌ മൂന്നാമത്തെയോ, നാലാമത്തെയോ ദിവസം രണ്ട് മില്ലി ഇരുമ്പ് അടങ്ങിയ മരുന്ന് കുത്തിവയ്ക്കുക. മൃഗാശുപത്രിയില്‍ നിന്ന് അയേണ്‍ ഇഞ്ചക്ഷന്‍ എടുപ്പിക്കാവുന്നതാണ്.

പുത്തനറിവുകള്‍ - വിജയകഥകള്‍

അടതാപ്പിനും നല്ല കാലം തെളിയുന്നു

മലയോര മേഖലയില്‍ ചില വീടുകളില്‍ അടതാപ്പ് കൃഷിയും പച്ചക്കറികള്‍ക്കൊപ്പം സ്ഥാനം പിടിക്കുകയാണ്. കാച്ചില്‍ വര്‍ഗത്തില്‍പ്പെട്ട ഒരു വള്ളിച്ചെടിയാണിത്. അരനൂറ്റാണ്ട് മുന്‍പ് ഇന്നത്തെ ഉരുളക്കിഴങ്ങിന്‍റെസ്ഥാനം അടതാപ്പിനായിരുന്നു. ഇപ്പോള്‍ അപൂര്‍വമായി കുടിയേറ്റ കര്‍ഷകരുടെയും മറ്റും വീടുകളില്‍ മാത്രമാണ് അടതാപ്പ് ബാക്കിയുള്ളത്.

കാച്ചിലും ചെറുകിഴങ്ങും പോലെ മരത്തിലോ പന്തലിലോ ആണ് വളരുന്നത്. ഇലകള്‍ക്കും ഇവയോട് സാദൃശ്യമുണ്ട്. വള്ളികള്‍ ഇടത്തോട്ട് മാത്രമേ ചുറ്റുകയുള്ളു. മേക്കാച്ചില്‍ പോലെ വള്ളികളുടെ മുകളിലാണ് കായ് ഉണ്ടാവുന്നത്. 100 ഗ്രാം മുതല്‍ ഒന്നര കിലോഗ്രാംവരെ തുക്കമുള്ളവ ഉണ്ടാകാറുണ്ട്.

അടതാപ്പിന്‍റെ ഭൂമിക്കടിയിലെ കിഴങ്ങും ഉപയോഗിക്കാം. ഇതിന് കാച്ചില്‍ പോലെ വലിപ്പമുണ്ടാവും. നല്ല മൂപ്പായാല്‍ അടതാപ്പ് വള്ളികളില്‍നിന്ന് വീഴും.  ഏതാണ്ട് രണ്ടുമാസക്കാലം സുഷുപ്താവസ്ഥ ഉള്ളതിനാല്‍ വിളവെടുത്ത ഉടനെ നടാറില്ല. പ്രധാന മുള വന്നാലേ കൃഷിയിറക്കൂ. ഒരുവള്ളിയില്‍നിന്ന് 20 കിലോഗ്രാം അടതാപ്പ് കിട്ടാറുണ്ട്.

നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് കായ്കള്‍ കൂടുതലും ഉണ്ടാകുന്നത്. അന്നജം, മാംസ്യം, കാല്‍സ്യം തുടങ്ങിയ പോഷകങ്ങളാല്‍ സമ്പന്നമാണ്. ഇവ പ്രമേഹരോഗികള്‍ക്ക് പഥ്യാഹാരമാണ്. ഡയസ്കോറിയ ബള്‍ ബോഫറ എന്നാണ് ശാസ്ത്രനാമം.  കാല്‍മുട്ട് വേദനയ്ക്ക് അടതാപ്പ് കിഴങ്ങുകള്‍ മരുന്നായി ഉപയോഗിച്ചിരുന്നു. ജൈവകൃഷിക്ക് പ്രാധാന്യം വന്നതോടെ അടതാപ്പിനും നല്ല കാലം തെളിയുകയാണ്.

പേരക്ക ഉണക്കാന്‍ പുതിയ സാങ്കേതിക വിദ്യയ്ക്ക് രൂപം നല്കി

വെയിലിന്‍റെ സഹായമില്ലാതെ തന്നെ പേരയ്ക്കക്കഷ്ണങ്ങള്‍ ഉണക്കി ഡ്രൈഫ്രൂട്ടാക്കുന്നതിനുള്ള സാങ്കേതികവിദ്യയ്ക്ക് ബെഗളൂരുവിലെ ഇന്ത്യന്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് രൂപം നല്‍കി.

ഓസ്മോട്ടിക് ഡീഹൈഡ്രേഷന്‍ എന്നാണ് ഈ സാങ്കേതികവിദ്യ അറിയപ്പെടുന്നത്. പേരയ്ക്ക കഷ്ണങ്ങളെ പഞ്ചസാരപ്പാവിലിട്ട് ഈര്‍പ്പാംശം 15 ശതമാനത്തോളമായി കുറയ്ക്കുകയാണ് ആദ്യപടി.

തുടര്‍ന്ന് ഹോട്ട് എയര്‍ ഡ്രെയറുപയോഗിച്ച്‌ ഉണക്കിയെടുക്കുന്നു. എട്ട് കിലോഗ്രാം പേരയ്ക്ക ഉണക്കിയാല്‍ ഒന്നര കിലോഗ്രാമോളം ഉണക്കപ്പഴം കിട്ടും. ഇത് നേരിട്ടും കേക്ക്, ഐസ്ക്രീം തുടങ്ങിയവയില്‍ ചേര്‍ത്തും ഉപയോഗിക്കാം. ഡ്രൈഫ്രൂട്ടെന്ന നിലയില്‍ നല്ല വിപണനസാധ്യതയുണ്ട്

കൃഷിയും യന്ത്രങ്ങളും

അതിവേഗത്തില്‍ വിത്ത് വിതച്ച്‌ വളമിടാന്‍ ഇതാ യന്ത്രം

വിശാലമായ കൃഷിയിടങ്ങളില്‍ മനുഷ്യാധ്വാനത്തിലൂടെയുള്ള വിത്ത് വിതയ്ക്കല്‍ സമ്ബ്രദായത്തിന് ചെലവേറും. സമയവും കൂടുതല്‍ വേണം. ട്രാക്ടറില്‍ ഘടിപ്പിച്ച്‌ പ്രവര്‍ത്തിപ്പിക്കാവുന്ന വിത്ത്, വളം, വിതയന്ത്രം ഉപയോഗിച്ച്‌ വേഗത്തില്‍ വിതയും വളമിടലും പൂര്‍ത്തിയാക്കാം. വിവിധ ധാന്യവിളകളുടെ വിത്തുകള്‍ ഇടയകലം പാലിച്ച്‌ വരിയായി വിതയ്ക്കാം. ആവശ്യമായ വിത്തിനോടൊപ്പം അടിസ്ഥാന വളം വിത്തുചാലില്‍ ഒരേസമയം നല്‍കാനുമാകും. ഇതിനാല്‍ ചെലവു കുറയ്ക്കാം. വിത്തും വളവും പ്രത്യേകമായി നിറയ്ക്കാന്‍ വേണ്ടിയുള്ള രണ്ട് ഇരുമ്ബ് അറകള്‍ യന്ത്രത്തിലുണ്ട്. ഓരോ അറയ്ക്കും താഴെയായി വിത്തും വളവും മണ്ണിലേക്ക് എത്തിക്കുന്നതിനുള്ള അഞ്ചുമുതല്‍ 10 വരെ കുഴലുകളും ഉണ്ട്. വിളകളുടെ തരം അനുസരിച്ച്‌ മണ്ണിലേക്ക് വീഴുന്ന വിത്തിന്റെയും വളത്തിന്റെയും അളവ് വ്യത്യാസപ്പെടുത്താനുള്ള ക്രമീകരണങ്ങളും ഓരോ അറയിലും ഉണ്ട്.

വിത്തും വളവും പ്രത്യേകമായി മണ്ണിലേക്കെത്തിക്കുന്ന കുഴലുകള്‍ അവസാനിക്കുന്നത് അഞ്ചുമുതല്‍ 10 വരെ ചെറിയ കലപ്പകളിലേക്കാണ്. കലപ്പകളിലെ കൊഴു മണ്ണില്‍ ഉണ്ടാക്കുന്ന ചെറു ചാലുകളിലേക്കാണ് കൃത്യമായ അളവില്‍ വിത്തും വളവും മണ്ണിലേക്ക് പതിക്കുന്നത്. മണ്ണില്‍ വീഴുന്ന വിത്തിനു മുകളില്‍ നേരിയ തോതില്‍ മേല്‍ മണ്ണ് വീഴ്ത്താന്‍ പാകത്തിന് കലപ്പയ്ക്കു പുറകിലായി ഇരുമ്ബ് ചങ്ങലകളോ തടി കൊണ്ടുണ്ടാക്കിയ ഉരുളുകളോ ഘടിപ്പിച്ചിട്ടുണ്ടാകും.
ട്രാക്ടറിന്റെ യന്ത്രക്കൈകളില്‍ വിതയന്ത്രം ഘടിപ്പിച്ച്‌, ഉഴുത് നിരപ്പാക്കി കൃഷിയിടങ്ങളിലെത്തിക്കുക. വിത്ത് വിതയ്ക്കേണ്ട സ്ഥലം അളന്ന് തിട്ടപ്പെടുത്തി അവിടേക്ക് ആവശ്യമുള്ള വിത്തിന്റെ അളവ് കൃത്യമായി തിട്ടപ്പെടുത്തി യന്ത്രത്തിന്റെ ആദ്യ അറയില്‍ നിറയ്ക്കുക. അടുത്ത അറയില്‍ തരി രൂപത്തിലുള്ള വളവും നിറയ്ക്കാം. തുടര്‍ന്ന് ഓരോ വരിയിലും അകലം ക്രമീകരിച്ച്‌ വീഴേണ്ട വിത്തിന്റെ അളവ് ചക്രങ്ങളുടെ സഹായത്താല്‍ മുന്‍കൂട്ടി ക്രമപ്പെടുത്താം. തുടര്‍ന്ന് ട്രാക്ടറിനു പിന്നില്‍ ഘടിപ്പിച്ചിരിക്കുന്ന വിതയന്ത്രം ട്രാക്ടറിന്റെ നീക്കത്തിനനുസരിച്ച്‌ മണ്ണിലൂടെ മുന്നോട്ടുനീങ്ങുകയും ഒപ്പം നിശ്ചിത അളവില്‍ വിത്തും വളവും ഉഴവുചാലിലേക്ക് വീഴുകയും ചെയ്യും. മണ്ണിലൂടെ നിരങ്ങി നീങ്ങുന്ന ചെയിനുകള്‍ വിത്തിനു മുകളിലേക്ക് അല്പം മണ്ണ് നിരത്തി മുന്നോട്ട് നീങ്ങും.
വിശാലമായ കൃഷിയിടങ്ങളില്‍ കരനെല്ല്, ചോളം, പയറുവര്‍ഗ വിളകള്‍, പുല്ലുവര്‍ഗ വിളകള്‍ എന്നിവയുടെ വിത്ത് കൃത്യമായ അളവില്‍ വരിയകലം പാലിച്ച്‌ വിതയ്ക്കാന്‍ ഈ യന്ത്രം ഉപയോഗിക്കാം.

കടപ്പാട് : ഇന്‍ഫോ മാജിക്

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate