অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൃഷിയെ കൂടുതല്‍ അറിയാം

കൃഷിയെ കൂടുതല്‍ അറിയാം

  1. പേഴ്‌സിമണ്‍ : തക്കാളിയോട് സാമ്യമുള്ള ദൈവികഫലം
  2. തിരിനന മട്ടുപ്പാവില്‍; തോംസണ് വിശ്വാസം ജൈവകൃഷിയില്‍
  3. മണ്ണില്‍ പൊന്നുവിളയിച്ച് യുവകര്‍ഷകന്‍
  4. കമ്പ്യൂട്ടര്‍ നിയന്ത്രിത കറവയന്ത്രം
  5. ചെറുതേനീച്ച കോളനി സ്ഥാപിക്കലും പരിപാലനവും
  6. സംയോജിത തോട്ടമൊരുക്കി കൃഷി വിജ്ഞാന കേന്ദ്രം
  7. അതിര്‍ത്തി കാക്കാന്‍ അഗത്തിച്ചീര
  8. കൃഷിത്തോട്ടത്തില്‍ എലിശല്യം കുറയ്ക്കാന്‍ ചെത്തിക്കൊടുവേലി
  9. കുമ്പളങ്ങാവിജയം
  10. കീടങ്ങളെ അകറ്റാന്‍ സൗഹൃദസസ്യങ്ങള്‍
  11. എള്ളിനെ അറിയാം
  12. സിങ്കിന്റെ പ്രാധാന്യം ചെടികളില്‍
  13. വിത്തു സത്യാഗ്രഹവും 'മോണിങ്ങ് ഫാമിങ്ങു'മായി സുരേഷ് മലയാളി
  14. ജൈവകുമിള്‍നാശിനി വീട്ടിലുണ്ടാക്കാം
  15. വിത്തില്‍ തുളയുണ്ടേല്‍ ഇലയിലും തുള കാണുമോ?
  16. ഇറച്ചിയുടെ രുചി കൂട്ടാന്‍ കന്നുകാലികള്‍ക്ക് ചോക്‌ളേറ്റ് നല്‍കുന്ന ഫാം
  17. കുരുമുളക് വള്ളി പടര്‍ത്താന്‍ പെര്‍ക്കൊലേറ്റര്‍ ഫെര്‍ട്ടിഗേഷന്‍ പോസ്റ്റ്
  18. സര്‍വഗുണസമ്പന്നയായ 'കാട്ടുപുളിച്ചി'

പേഴ്‌സിമണ്‍ : തക്കാളിയോട് സാമ്യമുള്ള ദൈവികഫലം

ചൈനയില്‍ മാത്രം പെഴ്‌സിമണ്‍ പഴത്തിന്റെ രണ്ടായിരത്തോളം ഇനങ്ങള്‍ പ്രചാരത്തിലുണ്ട്.

കാഴ്ചയ്ക്ക് തക്കാളിയോട് ഏറെ സാമ്യമുള്ള മധുരഫലമാണ് പെഴ്‌സിമണ്‍. ജപ്പാന്‍, ചൈന, ബര്‍മ, ഹിമാലയ സാനുക്കള്‍ എന്നിവിടങ്ങളിലാണ് പെഴ്‌സിമണ്‍ ജന്മം കൊണ്ടത്. ഇന്ത്യയില്‍ ഇതിന്റെ കൃഷി ആദ്യം തുടങ്ങിയത് നീലഗിരിയിലാണ്. യൂറോപ്യന്‍ കുടിയേറ്റക്കാരാണ് ഈ ഫലവൃക്ഷം ഇന്ത്യന്‍ മണ്ണിലും എത്തിച്ചത്. ഇപ്പോള്‍ ഇത് ജമ്മുകാശ്മീര്‍, തമിഴ്‌നാട്ടിലെ കൂര്‍ഗ്, ഹിമാല്‍പ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ വളരുന്നു. 'ഡയോസ്‌പൈറോസ്' എന്ന ജനുസില്‍പ്പെട്ടതാണ് ഈ ഫലവൃക്ഷം. 'ഡയോസ്' 'പൈറോസ്' എന്നിങ്ങനെ രണ്ടു ഗ്രീക്കുപദങ്ങള്‍ ചേര്‍ന്നാണ് ഡയോസ്‌പൈറോസ് എന്ന പേര് ഉണ്ടായത്. 'ദൈവീകഫലം' എന്നാണ് ഈ വാക്കിന്റെ അര്‍ഥം. ഈ പഴത്തെ 'ജപ്പാനീസ് പെഴ്‌സിമണ്‍' എന്നും വിളിക്കുന്നുണ്ട്. ശാസ്ത്രനാമം 'ഡയോസ്‌പൈറോസ് കാക്കി'.

ഇലപൊഴിയുന്ന മരമായ പെഴ്‌സിമണ്‍ പരമാവധി 9 മീറ്റര്‍ വരെ ഉയരത്തില്‍ വളരും. രണ്ടായിരത്തിലധികം വര്‍ഷമായി ചൈനയില്‍ ഈ പഴം ഉപയോഗത്തിലുണ്ട്. മരത്തിന് മഞ്ഞ കലര്‍ന്ന പച്ചിലകള്‍; പ്രായമാകുന്നതോടെ തിളക്കമുള്ള കടുംപച്ചയാകും. എന്നാല്‍ ശരത്കാലഗമനത്തോടെ ഇലകള്‍ക്ക്  നാടകീയമായ നിറമാറ്റം സംഭവിക്കും. അവ മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ വ്യത്യസ്തമായ വര്‍ണങ്ങളണിയും. ആപ്പിള്‍ മരത്തോട് സമാനമാണ് ഇതിന്റെ രൂപം. മേയ്-ജൂണ്‍ ആണ് പൂക്കാലം. മിതോഷ്ണ കാലാവസ്ഥ മുതല്‍ സാമാന്യം തണുത്ത കാലാവസ്ഥ വരെയാണ് പെഴ്‌സിമണ്‍ മരത്തിന് വളരാന്‍ ഇഷ്ടം.

ഉഷ്ണമേഖലാ സമതലപ്രദേശങ്ങളില്‍ ഇതില്‍ കായ്പിടിക്കുവാന്‍ സാധ്യത കുറവാണ്. എന്നാല്‍ ഹൈറേഞ്ചിലെ തണുത്ത മേഖലകളില്‍ കായ്ക്കും. സാമാന്യം തണുപ്പും ചൂടും കുറഞ്ഞ വെയിലുള്ള പ്രദേശങ്ങളിലാണ് പെഴ്‌സിമണ്‍ നന്നായി വളരുക. ഊഷ്മാവ് പൂജ്യം ഡിഗ്രി സെന്റിഗ്രേഡിലും താഴ്ന്നാലും ഇതിന് പ്രശ്‌നമില്ല. എന്നാല്‍ ചൂടു കൂടുന്നത്. ഇഷ്ടമല്ല. ചൂടുകൂടിയാല്‍ തടി പൊള്ളിയിളകുന്നത് കാണാം. ഉഷ്ണ മേഖലാ സമതലങ്ങളിലാകട്ടെ ഇത് കായ്ക്കുകയുമില്ല.

ഒന്നിലേറെ പ്രധാന ശിഖരങ്ങളോടെ, താഴേക്കു തുടങ്ങിയ ഇലകളുമായി അലസമായി നില്‍ക്കുന്ന പെഴ്‌സിമണ്‍ ഉത്തമ അലങ്കാരവൃക്ഷം കൂടെയാണ്. ഇത് രണ്ടുതരമുണ്ട്. തീക്ഷ്ണ രസമുള്ളതും തീക്ഷ്ണത കുറഞ്ഞതും. പഴത്തിലടങ്ങിയിരിക്കുന്ന 'ടാനിന്‍' ആണ് ഈ രുചിവിത്യാസത്തിന് കാരണം. തീക്ഷ്ണതയേറിയ ഇനമാണ് 'താനെനാഷി'; തീക്ഷ്ണത കുറഞ്ഞ ഇനമാണ് 'ഫുയോ'. ഇതാണ് ഒരുപക്ഷേ ലോകത്തില്‍ ഏറ്റവുമധികം കൃഷി ചെയ്യപ്പെടുന്ന പെഴ്‌സിമണ്‍ ഇനവും. ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിന്‍ അഥവാ പ്രോവൈറ്റമിന്‍ എയുടെ സാന്നിധ്യമാണ് പെഴ്‌സിമണ്‍ പഴത്തെ പോഷകസമൃദ്ധമാക്കിയിരിക്കുന്നത്.

ചൈനയില്‍ മാത്രം പെഴ്‌സിമണ്‍ പഴത്തിന്റെ രണ്ടായിരത്തോളം ഇനങ്ങള്‍ പ്രചാരത്തിലുണ്ട്. ജപ്പാനില്‍ എണ്ണൂറോളം ഇനങ്ങള്‍ ഉണ്ടെങ്കിലും നൂറില്‍ താഴെ മാത്രമേ പ്രധാനമായിട്ട് കരുതുന്നുള്ളു. ഫൂയും, ജീറോ, ഗോഷോ, സുറുഗ, ഹാച്ചിയ, ആയുഷ്മിഷിരാസു, യോക്കോനോ എന്നിവ ഇവയില്‍ ചിലതാണ്. ഇന്ത്യയില്‍ കൂനൂരുള്ള പഴവര്‍ഗ ഗവേഷണ കേന്ദ്രത്തില്‍ 'ദയ ദയ് മാറു' എന്ന ഇനം നന്നായി വളര്‍ന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. അത്യാകര്‍ഷകവും ഏറെ മധുരതരവുമായ വലിയ പഴങ്ങള്‍ക്ക് കടുംചുവപ്പ് നിറമാണ്.

പ്രജനനവും കൃഷിയും

ഇടത്തരം വളക്കൂറുള്ള ഏതുമണ്ണിലും പെഴ്‌സിമണ്‍ വളരും. ഒട്ടിച്ചുണ്ടാക്കുന്ന പുതിയ തൈകളാണ് നട്ടുവളര്‍ത്തേണ്ടത്. ആഴത്തില്‍ കിളച്ച് ജൈവവളങ്ങള്‍ ചേര്‍ത്തൊരുക്കിയ കൃഷിസ്ഥലത്ത് 4.5x1.5 മീറ്റര്‍ അകലത്തില്‍ തൈകള്‍ നടാം. ഒരേക്കറില്‍ ഇങ്ങനെ 400 തൈകള്‍ വരെ നടുന്നു. ഇവ 10-15 വര്‍ഷത്തെ വളര്‍ച്ചയാകുമ്പോഴേക്കും നല്ല കരുത്തും ഫലോല്‍പ്പാദന ശേഷിയുമുള്ള 85 മരങ്ങളായി എണ്ണത്തില്‍ കുറച്ചെടുക്കണം. ബാക്കിയുള്ളവ നീക്കം ചെയ്യണമെന്നര്‍ഥം. പൂര്‍ണവളര്‍ച്ചയെത്തിയ മരത്തിന് ജൈവ വളങ്ങള്‍ക്കു പുറമെ രാസവളപ്രയോഗം നടത്തുന്ന പതിവുണ്ട്. രാസവളമിശ്രിതമാണ് ഇതിനുപയോഗിക്കുക. ജപ്പാനിലും മറ്റും ഒരു മരത്തിന് ഒരു വര്‍ഷം 45 കി.ഗ്രാം വരെ രാസവളമിശ്രിതം രണ്ടു തവണയായി വിഭജിച്ചു നല്‍കാറുണ്ട്. എന്നാല്‍ നൈട്രജന്‍ മാത്രം അടങ്ങിയ വളങ്ങള്‍ കൂടുതലായി നല്‍കുന്നത്, കായ്‌പൊഴിച്ചിലിനിടയിലാകും എന്നറിയുക.

പെഴ്‌സിമെണിന് പ്രൂണിങ്ങ് (കൊമ്പുകോതല്‍) നിര്‍ബന്ധമാണ്. മരത്തിന് നിയതമായ രൂപം കിട്ടാനും ശിഖരങ്ങള്‍ക്ക് ദൃഢത ലഭിക്കാനും ഇത് കൂടിയേ കഴിയൂ. എല്ലാ വര്‍ഷവും പുതുതായുണ്ടാകുന്ന വളര്‍ച്ചയുടെ ഒരു ഭാഗം നീക്കുന്നത് നന്ന്. വളര്‍ച്ചയുടെ തോതുനോക്കി മരങ്ങളെ പാതി ഉയരത്തിലേക്ക് നിയന്ത്രിച്ചു വളര്‍ത്തണം.

വരള്‍ച്ച ചെറുക്കാന്‍ പെഴ്‌സിമെണിന് സ്വതഃസിദ്ധമായ കഴിവുണ്ടെങ്കിലും ശരിയായി നനച്ചു വളര്‍ത്തുന്ന മരങ്ങളില്‍ വലിപ്പവും മേന്മയുമേറിയ കായ്കളുണ്ടാകുക പതിവാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ നിര്‍ബന്ധമായും നനയ്ക്കുക. തോട്ടമടിസ്ഥാനത്തില്‍ വളര്‍ത്തുമ്പോള്‍ തുള്ളിനന നടത്തുകയാണ് അഭികാമ്യം.

വിളവ്

മിക്ക ഇനങ്ങളും ഒട്ടുതൈകളാണെങ്കില്‍ നട്ട് 3-4 വര്‍ഷമാകുമ്പോഴേക്കും കായ്ക്കാന്‍ തുടങ്ങും. ചിലത് 5-6 വര്‍ഷം വരെ എടുക്കും. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ഇതില്‍ നിന്ന് 40 മുതല്‍ 250 വരെ കിലോ കായ്കള്‍ കിട്ടും. തീക്ഷ്ണരസമുള്ള ഇനങ്ങള്‍ പൂര്‍ണമായും വിളഞ്ഞിട്ടു മാത്രമേ വിളവെടുക്കാറുള്ളൂ. ഇവ മുളക്കൂട്ടുകളിലും മറ്റും വച്ചുപഴുപ്പിച്ച് വിപണിയില്‍ എത്തിക്കുന്നു. വിദേശരാജ്യങ്ങളില്‍ വിളവെടുപ്പിനു മൂന്നു ദിവസം മുന്‍പ് 'ജിഞ്ചറെല്ലിക്ക് ആസിഡ്' പോലുള്ള ഹോര്‍മോണുകള്‍ തളിച്ച്് കായയുടെ മൂപ്പ് വൈകിപ്പിക്കാറുണ്ട്. ഇത്തരം കായ്കള്‍ കൂടുതല്‍ നാള്‍ സൂക്ഷിച്ചുവെയ്ക്കാന്‍ കഴിയും. സാധാരണ ഊഷ്മാവില്‍ പഴുത്ത പഴങ്ങള്‍ നാലുദിവസം വരെ കേടാകാതെയിരിക്കും. പഴങ്ങള്‍ ഓരോന്നായി പേപ്പറില്‍ വെവ്വേറെ പൊതിഞ്ഞു സൂക്ഷിക്കുന്ന പതിവുമുണ്ട്. ഇന്ത്യയില്‍ ഇതാണ് രീതി. മൂന്നു ദിവസം കൊണ്ട് ഇവ ഭക്ഷ്യയോഗ്യമാകും.

മേന്മകള്‍

നന്നായി പഴുത്ത പെഴ്‌സിമണ്‍ പഴം പാതി മുറിച്ച് ഒരു സ്പൂണ്‍ കൊണ്ടു തന്നെ കോരി കഴിക്കാം. ചിലര്‍ ഇതിലേക്ക് അല്‍പം നാരങ്ങാനീരോ പഞ്ചസാരയോ ചേര്‍ത്താകും കഴിക്കുക. പഴക്കാമ്പ് സലാഡ്, ജീഞ്ചര്‍, ഐസ്‌ക്രീം, യോഗര്‍ട്ട്, കേക്ക്, പാന്‍കേക്ക്, ജീഞ്ചര്‍ ബ്രെഡ്, കുക്കീസ്, ഡിസേര്‍ട്ട്, പുഡ്ഡിംങ്ങ്, ജാം, മാര്‍മലെയിഡ് എന്നിവയോടൊപ്പം ചേര്‍ത്താല്‍ മാറ്റ് കൂടും. ഇന്തൊനേഷ്യയില്‍ പഴുത്ത പെഴ്‌സിമണ്‍ ഫലങ്ങള്‍, ആവിയില്‍ പുഴുങ്ങി, പരത്തി വെയിലത്തുണക്കി അത്തിപ്പഴം പോലെയാക്കിയാണ് ഉപയോഗിക്കുക. പഴം ഉപയോഗിച്ച് വീഞ്ഞ്, ബിയര്‍ എന്നിവയും തയ്യാറാക്കുന്നു. ഇതിന്റെ വറുത്ത അരി (വിത്ത്) പൊടിച്ച് കാപ്പിപോലെയുള്ള പാനീയങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്നു.

പെഴ്‌സിമണിലെ പോഷകസമൃദ്ധിയാണ് അതിന് 'ദൈവത്തിന്റെ ആഹാരം' എന്ന ഓമനപേര് നേടിക്കൊടുത്തത്. മാംസ്യം, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്, എന്നിവയ്ക്കു പുറമെ, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നീ മൂലകങ്ങളും കരോട്ടിന്‍, തയമീന്‍,റിബോഫഌിന്‍, നിയാസിന്‍, ആസ്‌കോര്‍ബിക് ആസിഡ് എന്നീ ജീവകങ്ങളും ഇതലടങ്ങിയിട്ടുണ്ട്.

അധികം പഴുക്കാത്ത പെഴ്‌സിമണ്‍ പഴത്തില്‍ നിന്ന് ലഭിക്കുന്ന 'ടാനിന്‍' സാക്കെ എന്ന മദ്യം തയ്യാറാക്കുന്നതിലുപയോഗിക്കുന്നുണ്ട്. ടാനിന്‍, ചായം നിര്‍മിക്കാനും മരത്തടി സംരക്ഷിക്കാനും പ്രയോജനപ്പെടുന്നു. ഭക്ഷ്യയോഗ്യമല്ലാത്ത വന്യപെഴ്‌സിമണ്‍ കായ്കള്‍ ചതച്ച് വെള്ളത്തില്‍ നേര്‍പ്പിച്ചെടുത്തത് കീടനശീകരണത്തിന് സഹായിക്കുന്നു. മരത്തടി ഫാന്‍സി ഉപകരണങ്ങള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്നു. പാകമാകാത്ത കായയുടെ നീര് പനി, ചുമ എന്നിവ അകറ്റാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായകമാണ്

തിരിനന മട്ടുപ്പാവില്‍; തോംസണ് വിശ്വാസം ജൈവകൃഷിയില്‍

മട്ടുപ്പാവില്‍ കൃഷി ചെയ്യാന്‍ തിരിനന പ്രയോജനപ്പെടുത്തിയ ഒരു കര്‍ഷകനെ പരിചയപ്പെടാം

അഞ്ചു വര്‍ഷം കൊണ്ട് വീട്ടുപറമ്പ് ഫലവൃക്ഷത്തോട്ടമാക്കാനുള്ള പദ്ധതിയിലാണ് തൃശൂര്‍ സ്വദേശിയായ തോംസണ്‍. തിരിനനയിലൂടെ മട്ടുപ്പാവില്‍ ഇദ്ദേഹം നട്ടുനനച്ചു വളര്‍ത്തുന്നത് വിവിധയിനം പഴവര്‍ഗ്ഗങ്ങള്‍. കൃഷി ചെയ്യാന്‍ സമയമില്ലെന്ന് പറയുന്നത് എന്തിനാണ്? തോട്ടം ഒരുക്കാന്‍ ഇത്തിരി ക്ഷമ കാണിച്ചാല്‍ നല്ല രീതിയില്‍ ജൈവകൃഷി നടത്താമല്ലോ. ഇതാണ് തോംസണ്‍ തെളിയിക്കുന്നത്.

' സുഭാഷ് പലേക്കറുടെ ജൈവകൃഷിരീതിയില്‍ പരിപൂര്‍ണ വിശ്വാസമുള്ള ആളാണ് ഞാന്‍. എല്ലാവരും പ്രകൃതിയിലേക്ക് മടങ്ങണം. മണ്ണുത്തിയിലെ പല നഴ്‌സറികളില്‍ നിന്നായാണ് ചെടികളുടെ തൈകള്‍ ഞാന്‍ വീട്ടില്‍ കൊണ്ടുവന്നത്. മട്ടുപ്പാവിലെ കൃഷി കൂടാതെ ഒന്നര ഏക്കര്‍ പറമ്പില്‍ വേറെയും കൃഷിയുണ്ട്. '

മധുരച്ചാമ്പ, മധുര അമ്പഴം, മുസമ്പി, ചെറുനാരങ്ങ,മാതളം, സലാഡ് ഓറഞ്ച് , ഡ്രാഗണ്‍ ഫ്രൂട്ട്  എന്നിവയെല്ലാം മട്ടുപ്പാവില്‍ കൃഷി ചെയ്തിരിക്കുന്നു. ഏകദേശം പന്ത്രണ്ട് വര്‍ഷത്തോളമായി തോംസണ്‍ കൃഷി ചെയ്യാന്‍ തുടങ്ങിയിട്ട്.

'വിക് ഇറിഗേഷന്‍ അഥവാ തിരിനനയാണ് ചെടി നനയ്ക്കാനായി ഞാന്‍ ഉപയോഗിക്കുന്നത്.  മട്ടുപ്പാവില്‍ 130 ഗ്രോബാഗുകള്‍ ഈ രീതി ഉപയോഗിച്ച് നനയ്ക്കുന്നു. ആഴ്ചയിലൊരിക്കല്‍ ചെടികള്‍ക്ക് വെള്ളം നനച്ചുകൊടുത്താല്‍ മതി. വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നവര്‍ക്ക് ഈ കൃഷിരീതി അവലംബിക്കാവുന്നതാണ്. വിളവ് കൂടുതലുണ്ട്. ഈര്‍പ്പം നിലനില്‍ക്കുകയും ചെയ്യും. സാധാരണ നമ്മള്‍ ഗ്രോബാഗില്‍ വെള്ളം ഒഴിച്ചുകൊടുത്താല്‍ രണ്ടോ മൂന്നോ സെക്കന്റുകൊണ്ട് വെള്ളം വാര്‍ന്നുപോകും. തിരിനന പ്രയോജനപ്പെടുത്തിയാല്‍ ഒരുതുള്ളി പോലും വെള്ളവും വളവും നഷ്ടമാകുന്നില്ല.' തോംസണ്‍ പറയുന്നു.

തിരിനന രീതി കൃഷിയില്‍ പ്രയോജനപ്പെടുത്താനായി 90 ശതമാനം സബ്‌സിഡി നല്‍കുന്നുണ്ട്. 15000 രൂപയാണ് തനിക്ക് ചെലവായതെന്നും അതില്‍ 10,000 രൂപ സബ്‌സിഡി കിട്ടിയെന്നും തോംസണ്‍ പറയുന്നു. നല്ലൊരു ടൈം മാനേജ്‌മെന്റ് കൂടിയാണ് കൃഷി. നാടന്‍ പശുവിന്റെ ചാണകം,ശര്‍ക്കര എന്നിവ കലക്കിയ ജീവാമൃതമാണ് വളമായി ഉപയോഗിക്കുന്നത്. നാല് കൊല്ലമായി പരിപൂര്‍ണ വിശ്വാസമുള്ള കൃഷി രീതിയാണ് ഇതെന്ന് തോംസണ്‍ വ്യക്തമാക്കുന്നു. ജൈവകൃഷിയില്‍ പങ്കാളിയായി ഭാര്യയും തോംസണൊപ്പമുണ്ട്.

മണ്ണില്‍ പൊന്നുവിളയിച്ച് യുവകര്‍ഷകന്‍

സ്വയം ആര്‍ജിച്ച അനുഭവസമ്പത്ത് ഉപയോഗിച്ച് ജൈവകൃഷി നടത്തുന്ന യുവകര്‍ഷകനെ പരിചയപ്പെടാം

കൊടുവള്ളി: മടവൂര്‍മുക്ക് കാവാട്ട് അബ്ദുല്‍ സലീം പുതുതലമുറയ്ക്ക് മാതൃകയാണ്. സ്വന്തം പുരയിടത്തോടു ചേര്‍ന്ന രണ്ടരയേക്കര്‍ സ്ഥലത്തും കൈവശമുള്ള മറ്റുസ്ഥലങ്ങളിലും വിവിധയിനം കൃഷിയിറക്കി മികച്ച വിളവെടുക്കുകയാണ് ഈ യുവകര്‍ഷകന്‍.

കൃഷി നഷ്ടമാണെന്നു പറയുന്നവരും സലീമിനുമുന്‍പില്‍ നിശ്ശബ്ദരാകും. കാരണം, കൃഷിക്ക് നിലമൊരുക്കുന്നതുതൊട്ട് വിളവെടുക്കുന്നതുവരെ സലീം സ്വീകരിക്കുന്നത് സ്വയം കൃഷിയില്‍നിന്നാര്‍ജിച്ച അനുഭവസമ്പത്താണ്. ജൈവവളങ്ങളാണ് കൃഷിക്ക് ഉപയോഗിക്കുന്നത് .

സ്വന്തം വീട്ടുവളപ്പില്‍ അഞ്ഞൂറുതടം ചേന, അത്രയുംതന്നെ മരച്ചീനി, ചേമ്പ്, വാഴ, ഇഞ്ചി, മഞ്ഞള്‍, പയര്‍ എന്നിവയെല്ലാം കൃഷിചെയ്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷംവരെ കരനെല്‍ക്കൃഷിയും നടത്തിയിരുന്നു.

ബസ് ജീവനക്കാരന്‍ കൂടിയായ സലീം ഒഴിവുസമയം പൂര്‍ണമായും കൃഷിക്കായി മാറ്റിവെച്ചിരിക്കുകയാണ്. കൃഷിസംബന്ധമായ സംശയങ്ങള്‍ ദൂരീകരിക്കാനും വിത്തുകള്‍ വാങ്ങാനും നാട്ടുകാര്‍ ആശ്രയിക്കുന്നതും ഈ യുവകര്‍ഷകനെത്തന്നെ.

പരേതനായ കാവാട്ട് കാദര്‍ ഹാജിയുടെ മകനായ സലീം പിതാവിന്റെ പാത പിന്തുടര്‍ന്നാണ് കൃഷിയിലെത്തുന്നത്. കൃഷിയോട് അമിതസ്‌നേഹമുള്ളപ്പോള്‍ത്തന്നെ വിളവുകൂട്ടാന്‍ രാസവളങ്ങളെ പരിധിവിട്ട് ആശ്രയിക്കാറില്ലെന്ന് സലീം അടിവരയിടുന്നു.

ചാണകം, പിണ്ണാക്ക്, കോഴിക്കാട്ടം തുടങ്ങിയ ജൈവവളങ്ങളാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. കൃഷിപ്പണികളും പരമാവധി സ്വയംതന്നെ ചെയ്യുന്നു.

ഉത്പന്നങ്ങള്‍ സ്വന്തംനാട്ടിലെ കടകളിലും തൊട്ടടുത്ത പ്രദേശങ്ങളിലുമാണ് വിറ്റഴിക്കുന്നത്. ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ടെന്നും മികച്ച വില ലഭിക്കാറുണ്ടെന്നും സലീം പറയുന്നു.

ഒരു യുവകര്‍ഷകനെന്ന നിലയ്ക്ക് സര്‍ക്കാര്‍ വകുപ്പില്‍നിന്നും നാട്ടില്‍നിന്നും വേണ്ട പരിഗണന ലഭിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് കൃഷിയില്‍നിന്നുലഭിക്കുന്ന ആത്മസംതൃപ്തിയേക്കാള്‍ മുകളിലല്ല മറ്റൊന്നും എന്ന പുഞ്ചിരിയോടെയുള്ള മറുപടിയാണ് സലീമില്‍നിന്ന് ലഭിച്ചത്.

കമ്പ്യൂട്ടര്‍ നിയന്ത്രിത കറവയന്ത്രം

സ്വയം പ്രവര്‍ത്തിച്ച് പശുവിനെ കറവയ്ക്കുവേണ്ടി തയ്യാറാക്കുന്ന കറവയന്ത്രങ്ങളെ പരിചയപ്പെടാം

കറവപ്പശുക്കളുടെ എണ്ണം അന്‍പതില്‍ത്താഴെ മാത്രമായാല്‍ ബക്കറ്റ് കറവയന്ത്രങ്ങള്‍ മതിയാകും. എന്നാല്‍, 100ല്‍ കൂടുതല്‍ കറവമാടുകളെ പരിപാലിക്കേണ്ടിവരുമ്പോള്‍ പ്രത്യേക കറവകേന്ദ്രങ്ങളും അവിടെ ആധുനിക കറവയന്ത്രങ്ങളും സ്ഥാപിക്കേണ്ടിവരുന്നു. കൂടുതല്‍ പശുക്കളെ ഒരേസമയം കറവ നടത്താന്‍ ഇന്ന് വികസിതരാജ്യങ്ങള്‍ റോട്ടറി പാര്‍ലറുകളെയാണ് കൂടുതലും ആശ്രയിക്കുന്നത്. ഒന്നിച്ച് 24 പശുക്കളെ മുതല്‍ 500 പശുക്കളെവരെ കറവ നടത്താന്‍ കഴിയുന്ന റോട്ടറി പാര്‍ലറുകള്‍ ഇന്ന് ലോകവിപണയില്‍ ലഭ്യമാണ്.

റോട്ടറി പാര്‍ലറുകളില്‍ ചാക്രികമായി തിരിയുന്ന ഒരു പീഠത്തിനുമുകളില്‍ പ്രത്യേക അറകള്‍ക്കുള്ളില്‍ പശുക്കള്‍ സ്വയം കയറിനില്‍ക്കുകയും പശുക്കളുമായി തിരിയുന്ന പീഠത്തോടൊപ്പം അകിടില്‍ ഘടിപ്പിച്ച കറവയന്ത്രം പാല്‍ കറന്നെടുക്കുകയുമാണ് ചെയ്യുന്നത്.  വൃത്താകൃതിയില്‍ നിര്‍മിച്ച പീഠവും അതില്‍ ഓരോ പശുവിനും പ്രത്യേക അറകളും അനുബന്ധമായ കറവയന്ത്രങ്ങളും ഘടിപ്പിച്ചതാണ് റോട്ടറി കറവയന്ത്രം.

ഓരോ പശുവിനും പീഠത്തിലെ കറവസ്ഥാനത്ത് കയറി നില്‍ക്കാനും പുറത്തേക്കിറങ്ങാനും സൗകര്യപ്രദമായ വാതിലുകളും ഓരോ അറയിലും കയറി നില്‍ക്കുന്ന പശുക്കളുടെ അനിയന്ത്രിത ചലനത്തെ ക്രമീകരിക്കുന്നതിനുള്ള കൃത്രിമ പൂട്ട് സംവിധാനവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. റോട്ടറി പാര്‍ലറുകള്‍ പ്രവര്‍ത്തിപ്പിച്ചുതുടങ്ങിയാല്‍ പശുക്കള്‍ വരിവരിയായി പീഠത്തില്‍ അനുവദിക്കപ്പെട്ട അറകളില്‍ കയറി നില്‍ക്കുമ്പോള്‍ പീഠം സാവകാശം തിരിയുകയും അടുത്ത പശുവിനായി ക്രമീകരിച്ച അറയില്‍ കടക്കാന്‍ സൗകര്യമൊരുക്കുകയും ചെയ്യുന്നു.

ഇപ്രകാരം കള്ളികളുടെ എണ്ണത്തിനനുസരിച്ച് പശുക്കള്‍ കയറുന്നതോടൊപ്പം കൃത്രിമ പൂട്ടുകള്‍ സ്വയം പ്രവര്‍ത്തിച്ച് പശുവിനെ കറവയ്ക്കുവേണ്ടി തയ്യാറാക്കുന്നു. തുടര്‍ന്ന് കറവയന്ത്രങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കി അകിടില്‍ ഘടിപ്പിക്കുന്നതോടൊപ്പം കറവ ആരംഭിക്കും. ഏകദേശം അഞ്ചുമുതല്‍ 10 മിനിറ്റുകൊണ്ട് പീഠം 360 ഡിഗ്രിയില്‍ ചുറ്റിത്തിരിഞ്ഞ് പഴയസ്ഥാനത്ത് എത്തുകയും ചെയ്യുന്നു.

കറന്നെടുത്ത പാല്‍ കമ്പ്യൂട്ടര്‍ നിയന്ത്രിത പമ്പുകളുടെ സഹായത്താല്‍ കൂളിങ് ടാങ്കിലേക്ക് മാറ്റുകയും ചെയ്യുന്നു. കറവ പൂര്‍ത്തിയാക്കിയ പശുക്കളുടെ അകിടില്‍നിന്ന് ക്ലസ്റ്ററുകള്‍ സ്വയം വേര്‍പെട്ട് സ്വതന്ത്രമാകുന്നതോടൊപ്പം പിറകിലെ വാതില്‍ കൃത്യമായി തുറക്കപ്പെടുകയും കറവ കഴിഞ്ഞ പശു വാതിലിലൂടെ തൊഴുത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു. കറവ പൂര്‍ത്തിയാക്കാത്ത ഉത്പാദനക്ഷമത കൂടിയ പശുക്കളെ പൂര്‍ണ കറവയ്ക്കുവേണ്ടി പുതിയ സംഘത്തിനോടൊപ്പം അതേസ്ഥാനത്തുതന്നെ നിലനിര്‍ത്തുകയും ചെയ്യുന്നു.

കറവ പൂര്‍ത്തിയാക്കി പശുക്കള്‍ തൊഴുത്തിലേക്ക് മാറിയാല്‍ യാന്ത്രിക ശുചീകരണ സംവിധാനംവഴി ഇളംചൂടുവെള്ളം ഉപയോഗിച്ച് ക്ലസ്റ്ററുകളും പാല്‍ക്കുഴലുകളും കഴുകി വൃത്തിയാക്കുന്നു. കറങ്ങുന്ന പീഠത്തിനുചുറ്റുമുള്ള പ്രത്യേക ചാലുകള്‍വഴി പീഠവും അനുബന്ധ യൂണിറ്റുകളും കഴുകി കറവകേന്ദ്രത്തിന്റെ പരിശുദ്ധി നിലനിര്‍ത്തുന്നു.

സര്‍ക്കാര്‍സ്ഥാപനമായ കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ് ഇടുക്കി ജില്ലയിലെ കോലാഹലമേട് ഫാമില്‍ റോട്ടറി പാര്‍ലര്‍ സ്ഥാപിച്ച് കറവ നടത്തുന്നുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ പാലുത്പാദനം ലക്ഷ്യമാക്കി സ്ഥാപിക്കുന്ന വലിയ ഡെയറി ഫാമുകളില്‍ കറവയ്ക്കുവേണ്ടി ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് കറങ്ങുന്ന പീഠത്തിലെ റോട്ടറി കറവയന്ത്രങ്ങളാണ്.

ചെറുതേനീച്ച കോളനി സ്ഥാപിക്കലും പരിപാലനവും

ചെറുതേനീച്ചകളെ പിടിച്ച് കൂട്ടിലാക്കി വളര്‍ത്തുന്ന വിധമാണ് ഇവിടെ വിവരിക്കുന്നത്

ഒരു ചെറുതേനീച്ച കോളനി സ്ഥാപിക്കുന്നതിനൊപ്പം തന്നെ പ്രധാനപ്പെട്ട കാര്യമാണ് അതിന്റെ പരിപാലനവും. വിവിധ മാര്‍ഗങ്ങളില്‍ക്കൂടി നമുക്ക് ചെറുതേനീച്ചകളെ പിടിച്ചു കൂട്ടിലാക്കി വളര്‍ത്താന്‍ സാധിക്കും.

പ്രകൃതിയില്‍ കാണപ്പെടുന്ന ചെറുതേനീച്ചക്കോളനിയെ പിടിച്ചു കൂട്ടിലാക്കാം:

പ്രകൃതിയില്‍ കാണപ്പെടുന്ന കോളനികളെ ഫെറല്‍ കോളനി എന്നാണ് വിളിക്കുന്നത്. മരപ്പൊത്തുകള്‍, പൊളിച്ചു മാറ്റുന്ന കെട്ടിടങ്ങളുടെ തറ, സ്വിച്ച് ബോര്‍ഡുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കാണപ്പെടുന്ന ചെറുതേനീച്ചക്കൂടുകള്‍ തുറന്ന് ഈച്ചകളെയും മുട്ടയും മറ്റും പുതിയ കൂടിനുള്ളിലേക്ക് മാറ്റുന്നതെങ്ങനെയാണെന്ന് വിശദീകരിക്കാം.

ആദ്യമായി നിറയെ ദ്വാരങ്ങള്‍ ഇട്ട  ഒരു ലിറ്റര്‍ പ്ലാസ്റ്റിക് ബോട്ടില്‍ കൂടിന്റെ പ്രവേശന കവാടത്തോട് ചേര്‍ത്ത് വയ്ക്കുക. ശേഷം കൂടിനു പുറത്തു ചുറ്റികയോ കല്ലോ ഉപയോഗിച്ച് ചെറുതായി മുട്ടി ഈച്ചകളെ മുഴുവനും ബോട്ടിലിനുള്ളിലേക്കു  കയറ്റുക. സാമാന്യം നല്ല രീതിയില്‍ ഈച്ചകളുള്ള കൂടാണെങ്കില്‍ രണ്ടോ മൂന്നോ ബൂട്ടിലുകളിലേക്കു ഈച്ചകളെ ശേഖരിച്ചു വയ്ക്കാവുന്നതാണ്. ഇങ്ങനെ ശേഖരിക്കുന്ന ഈച്ചകളെ ചൂടുതട്ടാതെ തണലത്തേക്കു മാറ്റി വയ്ക്കണം.

ഇതുവഴി കൂടുതുറക്കുന്ന സമയത്തു  ഈച്ചകള്‍ നമ്മെ ആക്രമിക്കുന്നതും ചത്തൊടുങ്ങുന്നതും കുറയ്ക്കുവാന്‍ സാധിക്കും. അതിനു ശേഷം വേണം കൂടു തുറക്കാന്‍. സ്വിച്ച് ബോര്‍ഡ് തുറക്കാന്‍ യോഗ്യതയുള്ള ഒരു  ഇലക്ട്രീഷ്യന്റെ സഹായം തേടണം. കൂടിനുള്ളില്‍ കാണുന്ന മുഴുവന്‍ മുട്ടയും പുതിയ പെട്ടിയിലേക്കു മാറ്റുക. സാധാരണ ഗതിയില്‍ റാണിയും മുട്ടയോടൊപ്പം ഉണ്ടാകും. മുട്ട കഴിവതും പുതിയ പെട്ടിയുടെ പ്രവേശന കവാടത്തോട് ചേര്‍ത്ത് വയ്ക്കുക.

തേന്‍ ഉണ്ടെങ്കില്‍ അതും എടുക്കാവുന്നതാണ്. പെട്ടിയുടെ പ്രവേശനദ്വാരം ഒറിജിനല്‍ പ്രവേശന കവാടത്തിന്റെ നേരെ വരുന്ന രീതിയില്‍ പെട്ടി സ്ഥാപിക്കുക. കൂടിനുള്ളില്‍ നിന്നും അല്പം അരക്കെടുത്തു പുതിയ പെട്ടിയുടെ പ്രവേശന കവാടത്തിനു ചുറ്റും തേച്ചു പിടിപ്പിക്കുന്നത് ഈച്ചകളെ പുതിയ പെട്ടിയിലേക്കു ആകര്‍ഷിക്കാന്‍ സഹായിക്കും.

ഈച്ചകള്‍ പഴയ കൂട്ടില്‍ കയറാതിരിക്കുന്നതിനായി പഴയ കൂടിരുന്ന സ്ഥലം ഒരു ഷീറ്റുപയോഗിച്ചു മറക്കുക. അതിനു ശേഷം കുപ്പിയില്‍ ശേഖരിച്ചു വച്ചിരിക്കുന്ന ഈച്ചകളെ തുറന്ന് വിടുക. വൈകുന്നേരം ആറുമണിക്ക് ശേഷം പുതിയ കൂട് മാറ്റി സ്ഥാപിക്കാവുന്നതാണ്.

പഴയ കൂട്ടില്‍ നിന്നും തേനും പൂമ്പൊടിയും എടുത്തു പുതിയ കൂട്ടില്‍ വച്ച് കൊടുക്കേണ്ടതില്ല. ഇങ്ങനെ വച്ച് കൊടുക്കുന്ന തേന്‍, കൂടിനുള്ളില്‍ പൊട്ടി ഒഴുകുകയും ഉറുമ്പുകളെ ആകര്‍ഷിക്കുകയും ചെയ്യും. പൊട്ടി ഒഴുകുന്ന തേന്‍ സംഭരിക്കാനുള്ള തിരക്കില്‍ പുതിയ കൂടിനുള്ളിലെ വിടവുകള്‍ മുഴുവന്‍ അടക്കുക എന്ന ഭാരിച്ച ജോലി ഈച്ചകള്‍ മാറ്റി വയ്ക്കുകയും ഉറുമ്പുകള്‍ക്ക് കയറാന്‍ അത് അവസരമാവുകയും ചെയ്യും.

സമീപ പ്രദേശങ്ങളില്‍ തെങ്ങോ കമുകോ കപ്പയോ ഉണ്ടെങ്കില്‍ തേനിനും പൂമ്പൊടിക്കും ക്ഷാമമുണ്ടാവുകയില്ല. കൂട് പിരിച്ചതിനു ശേഷം തോരാത്ത മഴ ഉണ്ടെങ്കില്‍ മാത്രം തേനും പൂമ്പൊടിയും വച്ച് കൊടുത്താല്‍ മതിയാകും. അത്തരം സാഹചര്യത്തില്‍ ഒറ്റപ്പെട്ടു നില്ക്കുന്ന തേന്‍ കട്ടകളും പൂമ്പൊടിയും ഉടഞ്ഞുപോകാതെ വേണം പഴയ കൂട്ടില്‍ നിന്നും വേര്‍തിരിച്ചെടുത്ത് വെച്ചുകൊടുക്കുന്നത്

സംയോജിത തോട്ടമൊരുക്കി കൃഷി വിജ്ഞാന കേന്ദ്രം

പൂക്കളിലെ പ്രമുഖ സാന്നിദ്ധ്യമായ ചെണ്ടുമല്ലിയില്‍ നിന്ന് നല്ല വരുമാനം കണ്ടെത്താനാകുമെന്ന പ്രതീക്ഷിലാണ് അധികൃതര്‍

കോട്ടയം: നെല്ലും മീനും താറാവും എരുമയും ആടും കോഴിയും പച്ചക്കറിയും കുരുമുളകും തെങ്ങും ചെണ്ടുമല്ലിയുമെല്ലാം ഒരേക്കറില്‍ കൃഷി ചെയ്യാനുള്ള പദ്ധതിക്ക് കുമരകം കൃഷി വിജ്ഞാനകേന്ദ്രത്തില്‍ തുടക്കം. മുന്‍ മാതൃകകളില്‍ പുതിയ ഇനങ്ങള്‍ കൂടി ചേര്‍ത്താണ് തോട്ടമൊരുക്കുന്നത്. നെല്ലും മീനും താറാവും എരുമയുമെല്ലാം മുമ്പ് പരീക്ഷിച്ചിരുന്നു.

പരമാവധി ഭൂമിയും വിഭവങ്ങളുമുപയോഗിച്ച് കൃഷി ലാഭകരമാക്കുന്നതിനുള്ള പ്രചോദനം നല്‍കുകയാണ് ലക്ഷ്യമെന്ന് കെ.വി.കെ. അഗ്രികള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഡോ. ജി.ജയലക്ഷ്മി പറഞ്ഞു. കുമരകം പ്രാദേശിക കാര്‍ഷികഗവേഷണകേന്ദ്രം പരീക്ഷിച്ച മാതൃകകളുടെ പിന്‍ബലത്തില്‍ പ്രദേശത്തിന് അനുയോജ്യമായ രീതിയിലാണ് പുതിയ സമ്പ്രദായം നടപ്പാക്കുന്നത്.

30 സെന്റ് വീതം തിരിച്ച് ഒരുക്കിയ പാടത്ത് ഞാറ് നടും. രോഗപ്രതിരോധശേഷിയുള്ള ഉമ എന്ന ഇനം നെല്‍വിത്ത് ട്രേകളില്‍ പാകി മുളപ്പിച്ചെടുത്തു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 15 ലക്ഷം രൂപ ഉപയോഗിച്ച് വിവിധ യന്ത്രങ്ങള്‍ വാങ്ങിയിട്ടുണ്ട്. ഞാറ് നടുന്നവ, സ്‌പ്രേയിങ്ങ് മെഷീനുകള്‍, ട്രാക്ടര്‍ എന്നിവ കെ.വി.കെയില്‍ എത്തിച്ചു. പ്രവര്‍ത്തനം മനസ്സിലാക്കുന്നതിന് 10 പേര്‍ക്ക് പരിശീലനം നല്‍കുന്നു.

പാടത്തിന് ചുറ്റുമുള്ള ചാല്‍ വൃത്തിയാക്കുന്നതിനൊപ്പം ചെളി വെട്ടിയെടുത്ത് വരമ്പിന്റെ വീതിയും ഉയരവും കൂട്ടി. വരമ്പില്‍ പച്ചക്കറി, വാഴ, ചെണ്ടുമല്ലി തുടങ്ങിയവ നടും. ചുറ്റുമുള്ള തെങ്ങുകളില്‍ പന്നിയൂര്‍ ഇനം കുരുമുളക് പടര്‍ത്തും. കൂടുതല്‍ തെങ്ങിന്‍ തൈകള്‍ വെച്ചുപിടിപ്പിക്കും. ഓണവിപണി ലക്ഷ്യമാക്കിയാണ് പച്ചക്കറി കൃഷി. വെണ്ട, കുറ്റിപ്പയര്‍, മുളക്, വഴുതന, ചീര, ഇഞ്ചി, നേന്ത്രവാഴ തുടങ്ങിയവയാണ് നടുന്നത്.

ബണ്ടിനുചുറ്റും ചെണ്ടുമല്ലി തൈകള്‍ പിടിപ്പിക്കും. പൂക്കളങ്ങളിലെ പ്രധാന സാന്നിധ്യമായ ചെണ്ടുമല്ലിയില്‍നിന്ന് നല്ല വരുമാനം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. കൂടാതെ ചെണ്ടുമല്ലിക്ക് കീടങ്ങളെ ആകര്‍ഷിക്കാനാകും. മിത്രകീടങ്ങള്‍ക്കും രോഗാണു കീടങ്ങള്‍ക്കും ആഹാരവും അഭയവുമാകാന്‍ ഈ ഇനം പൂക്കള്‍ക്ക് കഴിയും. നെല്‍ച്ചെടി നടുന്നതിനുമുമ്പ് വരമ്പില്‍ ചെണ്ടുമല്ലി വളര്‍ത്താന്‍ തുടങ്ങണം. ഇവ പുഷ്പിക്കുമ്പോള്‍ കീടങ്ങളെ ആകര്‍ഷിക്കും.

രോഗം വരുത്തുന്ന കീടങ്ങളെ മിത്രകീടങ്ങള്‍ ഇവിടെവെച്ച് നശിപ്പിക്കും. ട്യൂബ് റോസും വെച്ചുപിടിപ്പിക്കാം. കരനെല്ല് കൃഷിക്കും ഈ രീതി ഫലപ്രദമാണ്. പാടത്തിന് ചുറ്റുമുള്ള ചാലില്‍ കട്‌ല, രോഹു, ഗ്രാസ്‌കാര്‍പ്പ് തുടങ്ങിയ മത്സ്യങ്ങളെ വളര്‍ത്തും. കൊയ്ത്തുകഴിയുമ്പോള്‍ മീനുകളെ പാടത്തേക്ക് തുറന്നുവിടും. മുട്ടക്കോഴി, കരിങ്കോഴി എന്നിവയേയും വിഗോവ ഇനത്തിലുള്ള ഇറച്ചി താറാവുകളെയും പദ്ധതിയുടെ ഭാഗമായി വളര്‍ത്തും.

അതിര്‍ത്തി കാക്കാന്‍ അഗത്തിച്ചീര

പ്രകൃതിദത്തമായി പോഷകങ്ങള്‍ പ്രദാനം ചെയ്യുന്ന അഗത്തിച്ചീര കൃഷി ചെയ്യുന്ന വിധമാണ് ഇവിടെ വിവരിക്കുന്നത്

ഇലക്കറികള്‍ കഴിക്കേണ്ടതിന്റെ ആവശ്യകത ബോധവത്കരണമായി കടന്നുവരുന്ന കാലമാണിത്. പ്രകൃതിദത്തമായ നാരുകളും ഇരുമ്പും മറ്റനേകം പോഷകങ്ങളും പ്രദാനം ചെയ്യുന്ന ഇലക്കറികള്‍ നമ്മുടെ ചുറ്റുവട്ടത്തിലുണ്ട്. അത് കണ്ടെത്തി ഭക്ഷണയുക്തമാക്കുകയെന്നതാണ് നാം ചെയ്യേണ്ടത്. ആയുര്‍വേദ ആചാര്യന്മാരും പൗരാണികരും ഒട്ടേറെ ഇലക്കറികളെ നമുക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. ആയുര്‍വേദത്തിലെ പ്രഗല്ഭ ഋഷിവര്യനായിരുന്ന അഗസ്ത്യമുനി നട്ടുവളര്‍ത്തിയ ഇലക്കറിയിനമാണ് അഗത്തിച്ചീര. അതുകൊണ്ട് സംസ്‌കൃതത്തില്‍ അഗത്തിച്ചീരയ്ക്ക് മുനിദ്രുമം, മുനിതരു, അഗസ്തി, അഗസ്തിദ്രുമം എന്നിങ്ങനെ പേരു ലഭിച്ചു.

ഫാബേസീ (ഹരിദ്ര) കുടുംബത്തില്‍പ്പെട്ട അഗത്തിയുടെ ശാസ്ത്രീയനാമം സെസ്ബാനിയ ഗ്രാന്‍ഡിഫ്‌ളോറ എന്നാണ്. തമിഴില്‍ അഗത്തിയെന്നും കന്നഡയിലും മലയാളത്തിലും അഗസ്തി, ഗുജറാത്തിയില്‍ അഗതിയോ എന്നിങ്ങനെയും പറയപ്പെടുന്ന അഗത്തിക്ക് ബംഗാളിയില്‍ ബുക്കോ, ബാഖ്, ഹിന്ദിയില്‍ ഹഥിയ, ഹടയാ എന്നിങ്ങനെയും പറഞ്ഞുവരുന്നു. ഇംഗ്ലീഷില്‍ അഗസ്റ്റ എന്നാണ് നാമം. സസ്യത്തിലുണ്ടാകുന്ന പൂക്കളുടെ നിറത്തെ അടിസ്ഥാനപ്പെടുത്തി വെള്ള അഗത്തി, ചുകന്ന അഗത്തി എന്നിങ്ങനെ രണ്ടുതരത്തില്‍ കണ്ടുവരുന്നു.

വളരെ വേഗത്തില്‍ വളരുന്ന ഒരിനം സസ്യമാണിത്. 5 മുതല്‍ 10 മീറ്റര്‍ വരെ പൊക്കം വെക്കുന്നു. ചെറുതായി നീണ്ട് വട്ടത്തിലാണ് ഇലകള്‍. സീമക്കൊന്നയിലയെപ്പോലെ തോന്നിക്കുന്ന  ഓരോ ഇലത്തണ്ടിലും 10-12 ജോഡി ഒറ്റയിലകള്‍ കാണാം. അവ സമുഖമായിരിക്കും. ഇലകളുടെ അറ്റവും അടിഭാഗവും ഉരുണ്ടതായിരിക്കും സീമക്കൊന്നയിലയുടെ അറ്റം കൂര്‍ത്തതായിരിക്കും. കാണാന്‍ കൗതുകമുള്ളതും വലുതുമായ പൂവുകള്‍ മുരിങ്ങപ്പൂവിന്റെ വലിയ ഇനമാണെന്നുതോന്നും. പൂമൊട്ടിന് വളഞ്ഞ ആകൃതിയാണ് ഉണ്ടാവുക. പൂക്കള്‍ വലുതായിരിക്കും വലിയ രണ്ട് ഇതളുകളും നാല് സഹ ഇതളുകളും ഉണ്ടായിരിക്കും. പത്തോളം കേസരങ്ങളുള്ള അഗത്തിപ്പൂവന്റെ കായ നീണ്ടതായിരിക്കും. കുറഞ്ഞത് 20 വിത്തുകളെങ്കിലും കാണും.

കൃഷിചെയ്യാം

ഗുജറാത്ത്‌, മഹാരാഷ്ട്ര, മധ്യപ്രദേശ്,  തമിഴ്‌നാട്്, എന്നിവിടങ്ങളില്‍  വ്യാപകമായി കൃഷിചെയ്തുവരുന്നു. മലേഷ്യയിലും ഓസ്‌ട്രേലിയയിലും ശ്രീലങ്കയിലും വ്യാപകമായി ഉപയോഗിച്ചുവരുന്നു. നല്ല മണ്ണും സൂര്യപ്രകാശവും ഈര്‍പ്പം നിലനില്‍ക്കുന്ന കാലാവസ്ഥയും ഉള്ളിടത്തെല്ലാം വളര്‍ച്ച കാണിക്കുന്ന ഇതിന് പല സ്ഥലങ്ങളിലും പരമ്പരാഗതമായ ഉപയോഗങ്ങളുണ്ട്..

തൈകള്‍ തയ്യാറാക്കലും കൃഷിയും

നമ്മുടെ പുരയിടങ്ങളില്‍ നട്ടുപിടിപ്പിച്ചു വന്നിരുന്ന അഗത്തിച്ചീര വിത്തിലൂടെയും കമ്പുകള്‍ മുറിച്ചു നട്ടുമാണ് വളര്‍ത്തിയെടുക്കുന്നത്.  വിത്ത് തവാരണകളില്‍ പാകി മുളപ്പിച്ചെടുത്തും കമ്പുകള്‍ക്ക് വേരുപിടിപ്പിച്ചും തൈകള്‍ തയ്യാറാക്കാം. നന്നായി പൊടിയാക്കിയ മണ്ണില്‍ ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും മണലും സമാസമം ചേര്‍ത്ത് നനച്ചിട്ട മണ്ണിലാണ് വിത്ത് പാകേണ്ടത്. അഞ്ചുദിവസം കൊണ്ട് വിത്തുകള്‍ മുളയ്ക്കും. കൂടാതെ കമ്പുമുറിച്ചുനട്ട് വേരുപിടിപ്പിച്ച് മാറ്റിനടാം. നന്നായി വേരു പിടിച്ചതിനുശേഷമേ മാറ്റിനടാവൂ. മുളച്ച്  ഒന്നരമാസം പ്രായമെത്തിയാലോ നാലഞ്ചു ജോഡി ഇലകള്‍ വന്നാലോ പറിച്ച് മാറ്റിനടാവുന്നതാണ്. അതിരുകളില്‍ പൊക്കത്തില്‍ ജൈവവേലിപോലെ പുരയിടങ്ങളില്‍ നട്ടുവളര്‍ത്താം. തടങ്ങളില്‍ ഒന്നര മീറ്റര്‍ ഇടവിട്ട് നട്ട് കൃഷിചെയ്യാം.

കൃഷി ചെയ്യുമ്പോള്‍ മുളച്ച് രണ്ടാഴ്ചയ്ക്കുശേഷം നന്നായി അടിവളം ചേര്‍ത്ത മണ്ണിലേക്ക് പറിച്ചുനട്ട് വളര്‍ത്തിയെടുക്കാം. പറിച്ചുനടുന്ന സ്ഥലത്ത് നല്ല സൂര്യപ്രകാശം ലഭിക്കുമെന്ന് ഉറപ്പാക്കിയിരിക്കണം. പതിനഞ്ചുദിവസം കൂടുമ്പോള്‍ ചാണകപ്പൊടി അടിയില്‍ വിതറി മണ്ണ് കൂട്ടിക്കൊടുക്കാം. ചില കര്‍ഷകര്‍ ചെടി തഴച്ചുവളരാന്‍ ഹെക്ടറിന് 50 കിലോഗ്രാം യൂറിയയും 200 കിലോ സൂപ്പര്‍ഫോസ്‌ഫേറ്റും 50 കിലോ പൊട്ടാഷും ഹെക്ടറിലേക്ക് അടിവളമായി നല്‍കാറുണ്ട്. ചെടിയുടെ ചുവട്ടില്‍വെള്ളം കെട്ടിനില്‍ക്കരുത്. അങ്ങനെ നിന്നാല്‍ ചെടിമൊത്തം ചീഞ്ഞുപോവും. വേനല്‍ക്കാലത്ത് ആഴ്ചയിലൊരിക്കല്‍ നനച്ചു കൊടുക്കാം. മഴക്കാലത്ത് വേരുപൊന്താതിരിക്കാന്‍ മുരട്ടില്‍ മണ്ണ് കൂട്ടിക്കൊടുക്കണം.

ഇലകള്‍ പറിക്കാം, പയറും വിത്തും

ചെടികള്‍ നട്ട് മൂന്നുമാസത്തിനുള്ളില്‍ അവ നീണ്ടുനില്‍ക്കും. അതിന്റെ തലപ്പ് വെട്ടിക്കൊടുത്താല്‍ നന്നായി തിങ്ങിവളര്‍ന്ന്് ബുഷ് പോലുള്ള രീതിയിലാകും. വേനല്‍ക്കാലത്ത് നനയും വളവും നല്‍കിയാല്‍ വര്‍ഷം മുഴുവനും അതില്‍ നിന്ന് ഇലകള്‍ പറിക്കാം. ശ്രീലങ്കയില്‍ ഇതിന്റെ  പയറും മുളപ്പിച്ച വിത്തും ആഹാരമാക്കുന്നു. മഴക്കാലത്ത് പൂക്കള്‍ കുറവായിരിക്കും.

രോഗങ്ങളും കീടങ്ങളും

നല്ല പ്രതിരോധശേഷിയുള്ള ചെടിയാണ് അഗത്തിച്ചീര . എന്നാലും ചിലപ്പോള്‍ ചിലചെടികള്‍ക്ക് ഇളംപ്രായത്തില്‍ രോഗങ്ങള്‍ വരാറുണ്ട്. ചിലതിനെ കീടങ്ങള്‍ ആക്രമിക്കാറുമുണ്ട്. അവയെ സംരക്ഷിക്കാന്‍ സാധാരണ പച്ചക്കറികള്‍ക്ക് ഉപയോഗിക്കുന്ന ജൈവകീടനാശിനികള്‍ തന്നെ ഉപയോഗിക്കാം.

ബാക്ടീരിയല്‍ വാട്ടം

വ്യാപകമായി അഗത്തിച്ചീര കൃഷിചെയ്യുമ്പോള്‍ ചെറിയ തൈകള്‍ക്ക്  ഈരോഗം വളരെപ്പെട്ടെന്ന് പടരും. വിത്തുകള്‍ കീടനാശിനിയില്‍ മുക്കിവെച്ച് നടുന്നത് രോഗം വരാതിരിക്കാന്‍ സഹായിക്കും. ഇല പച്ചയായിരിക്കുമ്പോള്‍ത്തന്നെ വാടുക, ഇലകള്‍ മഞ്ഞളിച്ചതിനുശേഷം വാടിച്ചുരുണ്ടു പോവുക എന്നിവയാണിതിന്റെ ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടാലുടനെത്തന്നെ കോപ്പര്‍ ഓക്്‌സിക്ലോറൈഡ് വെള്ളത്തില്‍ കലക്കി (ഒരു ലിറ്ററിന് 5 ഗ്രാം തോതില്‍) ഒഴിച്ചുകൊടുക്കാം.

ഔഷധഗുണം

ശീതവിര്യമുള്ളതെന്ന് ആയുര്‍വേദത്തില്‍ പറയപ്പെടുന്ന ഇതിന്റെ സ്വല്‍പ്പം ചവര്‍പ്പുള്ള പാകമായ പയറുകളും വിത്തും ഇലയും ഭക്ഷ്യയോഗ്യമാണ്.  വിത്തില്‍ അന്നജം, കൊഴുപ്പ്, എന്നിവ കൂടാതെ ഒലിയാനോലിക് ആസിഡും ഇലയില്‍ വിറ്റാമിന്‍ ബി6, സി, കാല്‍സ്യം, ഇരുമ്പ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം എന്നിവയും സമ്പുഷ്ടമായ തോതില്‍ അടങ്ങിയിരിക്കുന്നു.

തൊലിയില്‍ ധാരാളം ടാനിന്‍ അടങ്ങിയിരിക്കുന്നു. കൂടാതെ ചുവന്ന ഒരു തരം പശയും ഉണ്ട്. പൂക്കളില്‍ വിറ്റാമിന്‍ സി.യും എ. യും അടങ്ങിയിരിക്കുന്നു.

പിത്തവും കഫവും ശമിപ്പിക്കാന്‍ നല്ലൊരു ഔഷധമായാണ് ആയുര്‍വേദം ഇതിനെ ഗണിച്ചുവരുന്നത്. വ്രണങ്ങള്‍ ഉണങ്ങാനും തലവേദന ശമിപ്പിക്കാനും പീനസം, പനി എന്നിവയടങ്ങാനും നല്ലതാണ്. ചുമയ്ക്കും അപസ്മാരത്തിനും പ്രതിശയായത്തിനും വിധിപ്രകാരം  സേവിക്കാം. പൂവ് ഇടിച്ചുപിഴിഞ്ഞു കിട്ടുന്ന നീര് പാലില്‍ സമം ചേര്‍ത്ത് സേവിച്ചാല്‍ വെള്ളപോക്ക്, പ്രദരം, പൂയസ്രാവം എന്നിവ ശമിക്കും.

നിശാന്ധത മാറാന്‍ അഗത്തിയില പശുനെയ്യില്‍ വറുത്ത് 10 ഗ്രാം വീതം പതിവായി രണ്ടുനേരം സേവിക്കാം. വിളര്‍ച്ച മാറാനും രക്തദോഷം തീരാനും വയറിളക്കം നിയന്ത്രിക്കാനും നേത്രരോഗങ്ങള്‍ മാറാനും നല്ല മരുന്നായ അഗത്തിച്ചീരയുടെ കൊമ്പുകള്‍ നമ്മുടെ അതിര്‍ത്തിയില്‍ ജൈവവേലിയായി നടാം. അങ്ങനെ ആരോഗ്യവും കാക്കാം.

കൃഷിത്തോട്ടത്തില്‍ എലിശല്യം കുറയ്ക്കാന്‍ ചെത്തിക്കൊടുവേലി

കീടനശീകരണ ശേഷിയുള്ള ചെടികളെ പരിചയപ്പെടുത്തുകയാണ് ഇവിടെ

നമുക്കു ചുറ്റും കാണുന്ന ചില ചെടികളെ നിരീക്ഷിച്ചാല്‍ അവയെ പ്രാണികള്‍ അധികം ഉപദ്രവിക്കുന്നില്ല എന്നു മനസ്സിലാക്കാന്‍ കഴിയും. ഈ ചെടികളോട് പ്രാണികള്‍ക്കുള്ള ഭയമോ വിരോധമോ ആണ് ഇതിനു കാരണം. ഇവ ചതച്ച് ചാറെടുത്ത് കീടനിവാരണത്തിന് ഉപയോഗിക്കാം. ചെടികളുടെ ചവര്‍പ്പുരസമോ കറയോ സവിശേഷഗന്ധമോ ഒക്കെയാണ് ഇവിടെ കീടങ്ങളെ അകറ്റിനിര്‍ത്തുന്നതും ആട്ടിയോടിക്കുന്നതും. ആര്യവേപ്പ്, ശീമക്കൊന്ന, കടലാവണക്ക്, കിരിയാത്ത്, ആത്ത, കാഞ്ഞിരം, എരിക്ക്, കാട്ടുതുളസി, പുകയില, വെളുത്തുള്ളി, ഉമ്മം, കരിനൊച്ചി, കൊങ്ങിണി, ഉങ്ങ്, ഇഞ്ചിപ്പുല്ല്, കറ്റാര്‍വാഴ എന്നീ ചെടികളെല്ലാം കീടനിയന്ത്രണവികര്‍ഷണശേഷിയുള്ളവയാണ്.

ഇവയില്‍ മൂന്നോ നാലോ ചെടികളുടെ ഇലകള്‍ ആകെ അഞ്ചു കിലോ എടുത്ത് ചെറുതായി മുറിച്ച് ഒരു ചാക്കില്‍ കെട്ടുക. അഞ്ചു കിലോ ചാണകം, 100 ഗ്രാം ശര്‍ക്കര, പത്തു ഗ്രാം യീസ്റ്റ്, 100 ലിറ്റര്‍ വെള്ളം എന്നിവ ലായനിയാക്കുക. ഇതിലേക്ക് ഇലച്ചാക്ക് മുക്കിവെക്കുക. തണലില്‍ മൂടി സൂക്ഷിക്കുക. ദിവസവും രാവിലെയും വൈകീട്ടും പത്തു മിനിട്ട് നന്നായി ഇളക്കണം. 15-20 ദിവസമാകുമ്പോള്‍ ലായനി ദുര്‍ഗന്ധം തെല്ലുമില്ലാത്ത മിശ്രിതമായി മാറും. ഇത് അരിച്ച് ചെടികളില്‍ തളിക്കാം. മണ്ണിലും ചേര്‍ക്കാം. ചില ചെടികളുടെ ഉപയോഗവും പ്രയോഗരീതിയുംകൂടി പറയാം:

അരളി ഒന്നാംതരം പൂച്ചെടിയാണെങ്കിലും അരളിയുടെ വേര്, തൊലി, വിത്ത് എന്നീ ഭാഗങ്ങളില്‍ വിഷവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഈ വിഷമാണ് കീടങ്ങളെ തുരത്താന്‍ പ്രയോജനപ്പെടുത്തുന്നത്. അരളിയിലയുടെ നീര് ഇടിച്ചുപിഴിഞ്ഞെടുക്കുക. 100 ഗ്രാം നീര് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി തളിച്ചാല്‍ കായീച്ച, ഇലതീനിപ്പുഴു എന്നിവയെ നിയന്ത്രിക്കാം.

ഏലത്തിന്റെ തണ്ടുതുരപ്പന്‍പുഴുവിനെ തുരത്താനും അരളിലായനി 200 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിത്തളിച്ചാല്‍ മതി. അരളിയുടെ വേരോ പൂവോ അരച്ച് മരച്ചീനിക്കകത്തുവെച്ച് എലിമാളത്തിനരികില്‍ സന്ധ്യാസമയം വെച്ചുനോക്കൂ. ഇത് എലിവിഷത്തിന്റെ ഗുണംചെയ്യും. എലികള്‍ ചാകും. അരളിയിലയുടെ അഞ്ചു ശതമാനം വീര്യമുള്ള ലായനിക്ക് തക്കാളി, വഴുതന എന്നിവയിലെത്തുന്ന കായീച്ചകളെ നശിപ്പിക്കാന്‍ കഴിവുണ്ട്.

ആത്ത ആത്തപ്പഴത്തിന് കീടനശീകരണശേഷിയുണ്ട്. ആത്തയുടെ വിത്ത് ഉണക്കി ആട്ടിയെടുക്കുന്ന എണ്ണ 500 മില്ലിലിറ്റര്‍, ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം ബാര്‍സോപ്പ് ചീകിയിട്ട് ലയിപ്പിച്ച ലായനിയിലേക്ക് ഒഴിക്കുക. ഇല അടിച്ചുപതപ്പിച്ചു വേണം തളിക്കാന്‍. ആത്തവിത്ത് ഉണക്കിപ്പൊടിച്ചത് ഇലകളില്‍ വിതറിയാല്‍ ഇലതീനിപ്പുഴുക്കളെ അകറ്റാം. ആത്തവിത്ത് 24 മണിക്കൂര്‍ നേരം വെള്ളത്തില്‍ കുതിര്‍ത്തുവെച്ചിട്ട് അരച്ചെടുത്ത് 50 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിത്തളിക്കുന്നതും കീടങ്ങളെ അകറ്റും.

കാന്താരിമുളക് നല്ല എരിവുള്ള പച്ചക്കാന്താരി നന്നായി അരച്ച് വെള്ളത്തില്‍ കലക്കി ഒരു രാത്രി വെച്ചിട്ട് തുണിയില്‍ അരിച്ചു നാരു നീക്കി വിളകളില്‍ തളിക്കാം. ഇതിലേക്ക് സോപ്പുലായനികൂടി കലര്‍ത്തിയും പ്രയോഗിക്കാം. മത്തന്‍, കുമ്പളം, വെള്ളരി എന്നിവയുടെ പല കീടരോഗങ്ങള്‍ക്കും ഇത് ഫലവത്തായ നിയന്ത്രണവിധിയാണ്.

നൊച്ചി-കരിനൊച്ചി, മുഞ്ഞ, ഇലതീനിപ്പുഴുക്കള്‍ എന്നിവയെ നിയന്ത്രിക്കാന്‍ സഹായകമാണ്. ഒരു കിലോ കരിനൊച്ചിയില അരമണിക്കൂര്‍ നേരം വെള്ളത്തില്‍ തിളപ്പിക്കുക. തണുക്കുമ്പോള്‍ പിഴിഞ്ഞ് അരിച്ചെടുക്കുക. ഈ ഇലച്ചാറ് അഞ്ചു ലിറ്റര്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചിട്ടു വേണം ചെടികളില്‍ തളിക്കാന്‍.

ഉങ്ങ-് ഉങ്ങുമരത്തിന്റെ കുരുവില്‍നിന്നു കിട്ടുന്ന എണ്ണയ്ക്കാണ് കീടനശീകരണശേഷി. 30 മില്ലി ഉങ്ങെണ്ണ ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് വിളകളില്‍ തളിക്കാം. ഇതല്ലെങ്കില്‍ ഒരു കിലോ ഉങ്ങിലയില്‍നിന്ന് ചതച്ചു പിഴിഞ്ഞെടുക്കുന്ന ചാറ് അഞ്ചു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി പ്രയോഗിച്ചാലും മതി. ഇലതീനിപ്പുഴുക്കള്‍, ഇലപ്പേന്‍, ശല്ക്കപ്രാണികള്‍ എന്നിവയെ നിയന്ത്രിക്കാന്‍ ഇത് ഉപകരിക്കും.

നിത്യകല്യാണി- മണ്ണിലെ നിമവിരകളെ ആകര്‍ഷിക്കാന്‍ കഴിവുള്ള ചെടിയാണ് നിത്യകല്യാണി അഥവാ ശവംനാറിച്ചെടി. ചെടികള്‍ക്കിടയിലും അതിരിലും നിത്യകല്യാണി നട്ടുവളര്‍ത്തിയാല്‍ നിമവിരശല്യം കുറയും. ഇതിന്റെ ഇലകള്‍ ചതച്ചു പിഴിഞ്ഞെടുക്കുന്ന ഇലച്ചാറ് നേര്‍പ്പിച്ച് തളിച്ചാല്‍ ഇലതീനിപ്പുഴുക്കള്‍ തുടങ്ങിയ പ്രാണികളെയും നശിപ്പിക്കാം.

ചെത്തിക്കൊടുവേലി -കൃഷിത്തോട്ടത്തിന്റെ അതിരിലും ചെടികള്‍ക്കിടയിലും ചെത്തിക്കൊടുവേലി നട്ടുപിടിപ്പിച്ചാല്‍ എലിശല്യം കുറയ്ക്കാം.

പാണല്‍ -ഇഞ്ചിയും മഞ്ഞളും വിളവെടുത്തു കഴിഞ്ഞ് സംഭരിക്കുമ്പോള്‍ അതിനോടൊപ്പം പാണലിന്റെ ഉണങ്ങിയ ഇലകള്‍കൂടി ചേര്‍ത്താല്‍ കീടശല്യം ഗണ്യമായി കുറയും.

കൊങ്ങിണി -കൊങ്ങിണിച്ചെടിയുടെ ഇലകള്‍ ഒരു കിലോ അരമണിക്കൂറോളം വെള്ളത്തില്‍ തിളപ്പിച്ച് പിഴിഞ്ഞ് അരിച്ചെടുക്കുക. ഈ ഇലച്ചാറ് അഞ്ചുലിറ്റര്‍ വെള്ളം ചേര്‍ത്തു നേര്‍പ്പിക്കണം. ഇത് ഇലതീനിപ്പുഴുക്കള്‍ ഉള്‍പ്പെടെയുള്ള പ്രാണികളെ അകറ്റാന്‍ സഹായിക്കും.

തുളസി- തുളസിയിലച്ചാറ് ഇലതീനിപ്പുഴുക്കളെയും കായീച്ചകളെയും ഒക്കെ നശിപ്പിക്കാനോ അകറ്റിനിര്‍ത്താനോ കഴിവുള്ളതാണ്. ജൈവകീടനിയന്ത്രണത്തില്‍ തുളസിക്കെണിക്ക് വലിയ പ്രചാരവുമുണ്ട്.

പെരുവലം -പെരുവലത്തിന്റെ ഇലകള്‍ ചതച്ചെടുക്കുന്ന പെരുവലസത്തിന് കീടനശീകരണശേഷിയുണ്ട്. ചെല്ലികളെയും വേരുതീനിപ്പുഴുക്കളെയും നശിപ്പിക്കുവാന്‍ പെരുവലത്തിനു കഴിയും.

കമ്യൂണിസ്റ്റ് പച്ച -കമ്യൂണിസ്റ്റ് പച്ചയുടെ ഇലച്ചാറാണ് കീടനാശിനിയായി ഉപയോഗിക്കുന്നത്. മണ്ണിലെ നിമവിരകളെ തുരത്താന്‍ കമ്യൂണിസ്റ്റ് പച്ചയുടെ ഇലകള്‍ മണ്ണില്‍ ഇളക്കിച്ചേര്‍ക്കുന്ന പതിവുണ്ട്.

കുമ്പളങ്ങാവിജയം

1500 പപ്പായകളും കുമ്പളങ്ങയും നിറഞ്ഞു നില്‍ക്കുന്ന ബാലചന്ദ്രന്‍ നായരുടെ കൃഷിയിടത്തിലെ വിശേഷങ്ങള്‍

കാവേരി വാഴ, റെഡ് ലേഡി പപ്പായ, ഗജേന്ദ്രന്‍ ചേന എന്നിവ  കൃഷിചെയ്ത് വിജയിപ്പിച്ച തിരുവനന്തപുരം നരുവാമൂട് പ്രശാന്തിയിലെ ബാലചന്ദ്രന്‍ നായര്‍ക്ക് കുമ്പളങ്ങ കൃഷിയിലും നേട്ടം. കുമ്പളങ്ങക്കൃഷിയില്‍ നിന്ന് നല്ല ലാഭമാണ് ഇദ്ദേഹത്തിന് കിട്ടുന്നത്. കൃഷിയിടത്തില്‍ ഒരുഭാഗത്ത് 1500 പപ്പായകളുണ്ട്. ഇതിന്റെ ചുവട്ടില്‍ ചേനയുമുണ്ട്. ഇതിനിടയിലാണ് കുമ്പളം നട്ടത്. പത്തടി അകലത്തില്‍ രണ്ടടി ചതുരത്തിലും ആഴത്തിലും കുഴികളെടുത്ത് കമ്പോസ്റ്റ്, ചാണകപ്പൊടി, കുമ്മായം എന്നിവ കലര്‍ത്തി ഓരോ കുഴിയിലും അഞ്ചുവീതം വിത്തുനടും. അഞ്ചുദിവസം കഴിയുമ്പോള്‍ വിത്തെല്ലാം മുളയ്ക്കും. നാലില പ്രായമാകുമ്പോള്‍ പുഷ്ടിയുള്ള മൂന്നുതൈകള്‍  നിലനിര്‍ത്തി മറ്റുള്ളവയെ നീക്കംചെയ്യും. വള്ളിവീശിത്തുടങ്ങുമ്പോള്‍ ഓരോകുഴിയിലും നൂറുഗ്രാം വീതം വേപ്പിന്‍പിണ്ണാക്കും എല്ലുപൊടിയും പൊട്ടാഷും കലര്‍ത്തിയിട്ട് ഇളക്കി തടമൊരുക്കും.

അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളുടെ വ്യാപനത്തിന്റെ ഭാഗമായി ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ 2016ലെ പദ്ധതിയനുസരിച്ചാണ് മറ്റു പച്ചക്കറിവിത്തിനൊപ്പം കുമ്പളത്തിന്റെ വിത്തും ലഭിച്ചത്. രോഗകീടബാധ ഇല്ലാത്ത,  ഒന്നരമാസം കഴിയുമ്പോള്‍ കായ്ച്ചുതുടങ്ങുന്ന ഇവ 20 ദിവസമാകുമ്പോള്‍ അധികംമൂപ്പെത്തും മുമ്പേ പറിക്കാം. വള്ളി തടത്തിനുചുറ്റും വളച്ചുവെയ്ക്കുകയോ മരത്തില്‍ കയറ്റിയോ പന്തലിലോ വളര്‍ത്താം. ഏതുകാലാവസ്ഥയിലും  വര്‍ഷത്തില്‍ മൂന്നുതവണ കൃഷിചെയ്യാം. അധികനന ആവശ്യമില്ല.

ദീര്‍ഘകാലം കേടുകൂടാതെ ഇതിന്റെ കായകള്‍ സൂക്ഷിക്കാം. രണ്ടുമുതല്‍ 10 കിലോവരെ തൂക്കമുള്ള കായകള്‍ കിട്ടും. കിലോയ്ക്ക് 15 മുതല്‍ 20 രൂപ വരെ വിലകിട്ടും. ഒരേക്കര്‍സ്ഥലത്തെ ഇടവിളക്കൃഷിയില്‍നിന്ന് ചെലവുകഴിഞ്ഞ് മൂന്നുമാസംകൊണ്ട് മുക്കാല്‍ലക്ഷത്തോളം രൂപ ലാഭം കിട്ടിയെന്ന് ബാലചന്ദ്രന്‍ നായര്‍ പറഞ്ഞു.

(ഫോണ്‍: 9746435948).

കീടങ്ങളെ അകറ്റാന്‍ സൗഹൃദസസ്യങ്ങള്‍

എല്ലാ കീടവും സസ്യങ്ങളുടെ ശത്രുക്കളല്ല. ശത്രുവിന്റെ ശത്രു മിത്രം എന്ന തത്ത്വമാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്

സസ്യങ്ങളുടെ സൗഹൃദക്കൂട്ടായ്മയിലൂടെ കീടങ്ങളെ ചെറുക്കാറുണ്ട്. ഇവയുടെ കൂട്ടുജീവിതം പ്രകൃതിയില്‍ സ്വാഭാവികമായിത്തന്നെ നടക്കുന്നുണ്ട്. സസ്യങ്ങളുടെ ചില പ്രത്യേക ഗുണം സൗഹൃദസസ്യങ്ങള്‍ക്ക് ശത്രുകീടങ്ങളെ ചെറുക്കാന്‍ സഹായകമാകുന്നു. ഇവയെ കണ്ടെത്തുകയാണ് പ്രധാനം.

ഉദാഹരണമായി ഉരുളക്കിഴങ്ങും പയറും നടുമ്പോള്‍ കൂട്ടത്തില്‍ വെളുത്തുള്ളികൂടി നട്ടുപിടിപ്പിച്ചാല്‍ ഇവയില്‍നിന്ന് പുറപ്പെടുവിക്കുന്ന രൂക്ഷമായ ഗന്ധം ഉരുളക്കിഴങ്ങിന്റെയും പയറിന്റെയും കീടങ്ങളെ അകറ്റും.

എല്ലാ കീടവും സസ്യങ്ങളുടെ ശത്രുക്കളല്ല. ശത്രുവിന്റെ ശത്രു മിത്രം എന്ന തത്ത്വം ഇവിടെ  പ്രയോജനപ്പെടുത്താം. സസ്യകീടങ്ങളെ ഭക്ഷിക്കുകയോ പരാദങ്ങളായി പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവയ്ക്ക് താമസിക്കാന്‍ പറ്റുന്ന തരത്തിലുള്ള ചെടികളെ തോട്ടത്തില്‍ വെച്ചുപിടിപ്പിക്കണം. കാബേജിനെയും വെള്ളരിയെയും നശിപ്പിക്കുന്ന കീടങ്ങളെ ഭക്ഷിക്കുന്നവയാണ് ചിലന്തിയും കടന്നലും. ഇവയെ കൃഷിസ്ഥലത്ത് നിലനിര്‍ത്താന്‍ ശതകുപ്പ വെച്ചുപിടിപ്പിക്കണം. ഈ ജീവികള്‍ക്ക് ഇഷ്ടപ്പെട്ട വാസസ്ഥലമാണ് ഈ സസ്യം. നിരന്തരമായ നിരീക്ഷണത്തിലൂടെ ഓരോ സസ്യങ്ങളുടെയും ചങ്ങാതിസസ്യങ്ങളെ നമുക്ക് കണ്ടെത്താം.

പച്ചക്കറികളിലെ പരീക്ഷിച്ചറിഞ്ഞ ചില മിത്രസസ്യങ്ങള്‍: പച്ചക്കറിയും മിത്രസസ്യങ്ങളും (ബ്രാക്കറ്റില്‍) തക്കാളി (തുളസി, കാരറ്റ്, വെളുത്തുള്ളി), കാരറ്റ് (ഉള്ളി, പയര്‍, തക്കാളി), സവാള (ബീറ്റ്‌റൂട്ട്, കാബേജ്. തക്കാളി), പയര്‍ (വെള്ളരി, ഉരുളക്കിഴങ്ങ്), ചീര (ബീന്‍സ് പയര്‍), മത്തന്‍ (ബീന്‍സ്, ചോളം, കാബേജ്), കാബേജ് (ബീറ്റ്‌റൂട്ട്, ഉള്ളി, ഉരുളക്കിഴങ്ങ്), വെള്ളരി (പയര്‍, കാബേജ്, ചോളം), ഉരുളകിഴങ്ങ് (ബീന്‍സ്, ചോളം, കാബേജ്, പയര്‍), ഉള്ളി (കാരറ്റ്, കാബേജ്, തക്കാളി), കോളിഫ്‌ളവര്‍ (പയര്‍, ബീന്‍സ്).

എള്ളിനെ അറിയാം

ഇന്ത്യയിലുടനീളം കൃഷി ചെയ്യാന്‍ കഴിയുന്ന ഏക വര്‍ഷ ഓഷധിയായ എള്ളിന്റെ കൃഷി രീതികളാണ് ഇവിടെ വിവരിക്കുന്നത്‌

'മകത്തിന്റെ മുഖത്ത് എള്ളെറിഞ്ഞാല്‍ കുടത്തിന്റെ മുഖത്ത് എണ്ണ' എന്നാണ് പഴമൊഴി. പണ്ടത്തെ നമ്മുടെ നെല്‍വയലുകളില്‍ കൃഷിചെയ്തിരുന്ന ഒരു പ്രധാന ഇടവിളയായിരുന്നു എള്ള്. നാടന്‍ചക്കിലാട്ടിയ എള്ളെണ്ണ അന്നും ഇന്നും തേച്ചുകുളിക്കാനും ഭക്ഷ്യയെണ്ണയായും നാം ഉപയോഗിച്ചുവരുന്നു. നെല്‍വയലുകള്‍ക്കൊപ്പം നെല്‍കൃഷിയും ഇടവിളകൃഷികളും വിസ്മൃതിയിലാണ്ടപ്പോള്‍ എള്ളുകൃഷിയും പേരിനു മാത്രമായി മാറി. ശബ്ദശാസ്ത്ര പരമായി എള്‍നെയ് ആണ് എണ്ണ എണ്ണ ആകുന്നത്‌. അതേപോലെ എള്ളിന്റെ പര്യായമായ തിലത്തില്‍ നിന്ന് ഉണ്ടാക്കുന്നതാണ് തൈലം. എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ എള്ള് കൃഷി 300 ഹെക്ടറില്‍ താഴെ മാത്രമാണ്. ഉത്പാദന ക്ഷമത കുറഞ്ഞു കുറഞ്ഞ് ഹെക്ടറിന് 300 കിലോയില്‍ താഴെയെത്തി നില്‍ക്കുന്നു. പുരാതന സംസ്‌കൃതികളായ ബാബിലോണിയയിലും അസീറിയയിലും 4000 ബി.സി. മുതലേ എള്ളിനെ പരാമര്‍ശിക്കുന്നുണ്ട്.

ഇന്ത്യയിലുടനീളം കൃഷി ചെയ്യാവുന്ന ഒരു ഏകവര്‍ഷി ഓഷധിയാണ് എള്ള്. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയില്‍ ചില ഭാഗത്തും ആഹാരം പാകം ചെയ്യാന്‍ എള്ളെണ്ണ ഉപയോഗിക്കുന്നു. ശൈത്യകാലവിളയായും വേനല്‍ക്കാല വിളയായും  ഇവിടങ്ങളില്‍ എള്ള് കൃഷിചെയ്തു വരുന്നു. സംസ്‌കൃതത്തില്‍ തില, സ്‌നേഹരംഗ എന്നിങ്ങനെ പറയപ്പെടുന്ന എള്ള് ഹിന്ദിയില്‍ അറിയപ്പെടുന്നത് തില്‍ എന്നും തെലുങ്കില്‍ നുവുലു എന്നുമാണ്. ആംഗലേയത്തില്‍ ജിന്‍ജില്ലി, സെസാമി എന്നു പറയപ്പെടുന്ന എള്ളിന്റെ ശാസ്ത്രീയനാമം സെസാമം ഇന്‍ഡിക്ക എന്നാണ്. ലോകത്ത് ഏറ്റവുമധികം എള്ള് ഉത്പാദിപ്പിക്കുന്നത് ടാന്‍സാനിയക്കാരാണ്. പിന്നീട് ഇന്ത്യക്കാരാണ്. അതുകഴിഞ്ഞാല്‍ നമ്മുടെ അയല്‍ക്കാരായ ചൈനയാണ്. 50 ശതമാനം എണ്ണയടങ്ങിയിരിക്കുന്ന ഇതില്‍ കൊഴുപ്പിന്റെ അംശവും അധികമാണ്.

കറികള്‍ക്ക് രുചികൂട്ടാനും അച്ചാര്‍ കേടാകാതിരിക്കാനും മാത്രമല്ല ആര്‍ത്തവ പ്രശ്‌നങ്ങളുടെ മരുന്നായും എള്ള്  ഉപയോഗിക്കുന്നു. കൂടിയാല്‍ രണ്ടുമീറ്റര്‍ പൊക്കമാണ് എള്ളിന്റെ ചെടിക്കുണ്ടാകുക. ഇലകളുടെ അരികുകള്‍ ചെമ്പരത്തിയിലപോലെ കട്ടിങ്ങുകള്‍ നിറഞ്ഞതുമായിരിക്കും.  മുകള്‍ ഭാഗത്തേക്ക് എത്തുമ്പോഴേക്കും  സമുഖമായി വിന്യസിച്ചിരിക്കുന്ന മങ്ങിയ പച്ചനിറമുള്ള ഇലകള്‍ ചെറുതായും അടുപ്പിച്ചും  കാണപ്പെടുന്നു. ചെടിയുടെ കാണ്ഡത്തിലും ആസകലവും ഇലകളിലും ചെറിയ ലോമികകള്‍ നിറഞ്ഞിരിക്കും. പൂക്കള്‍ക്ക് നിറം വെള്ളയും പീതവുമായിരിക്കും. നാല് കോണോടുകൂടിയ പയറിന്റെ ആകൃതിയിലാണ് വിത്തുകളുടെ പോഡുണ്ടാവുക. മുകളറ്റത്ത് ത്രികോണാകൃതിയില്‍ ഒരു വടിവുണ്ടാകും.

കൃഷിയിടമൊരുക്കല്‍

എള്ള് കൃഷിയില്‍ നിലമൊരുക്കലില്‍ പ്രധാന ശ്രദ്ധയാവശ്യമാണ്. പശിമരാശിമണ്ണിലാണ് എള്ള് നന്നായി വിളയുക. നമ്മുടെ നാട്ടില്‍ പാടത്ത് നെല്ലുവിളയിക്കുന്നതുപോലെയാണ് ഉത്തരേന്ത്യയില്‍ എള്ള് വിളയിക്കുന്നത്. മുണ്ടകന്‍ കൊയ്ത്ത് കഴിഞ്ഞാലാണ് നാം പാടത്ത് വിത്തിറക്കുന്നത്. അത് ഡിസംബര്‍-ഫെബ്രുവരി മാസങ്ങളിലാണ്. എന്നാല്‍ പറമ്പുകളില്‍ ഓഗസ്റ്റ് തുടങ്ങിയ മാസങ്ങളില്‍ എള്ള് വിതയ്ക്കാം. വിത്ത് വിതയ്ക്കുതിനുമുമ്പ് കൃഷിയിടം നന്നായി ഉഴുത് മറിക്കണം. അതിനുശേഷം അതില്‍ സെന്റൊന്നിന് 30-40 കിലോ തോതില്‍ കാലിവളമോ കംപോസ്‌റ്റോ ചേര്‍ത്തിളക്കിനിരപ്പാക്കണം. അമഌുണം കൂടുതലുള്ള മണ്ണാണെങ്കില്‍ ആവശ്യത്തിന് ഡോളമൈറ്റൊ കുമ്മായമോ ചേര്‍ത്തുകൊടുക്കാം. ഹെക്ടറിന് 65 കിലോ യൂറിയ, 90 കിലോ രാജ്‌ഫോസ്, 30 കിലോ പൊട്ടാഷ് എന്നിങ്ങനെയും ചേര്‍ത്തുകൊടുക്കാം. അങ്ങനെ വളംചേര്‍ത്ത് നിരപ്പാക്കിയ നിലത്താണ് വിത്തുകള്‍ വിതയേ്ക്കണ്ടത്. ചെടിയുടെ  വളര്‍ച്ചയുടെ ആദ്യകാലങ്ങളില്‍ പുലര്‍കാലങ്ങളില്‍ അന്തരീക്ഷത്തില്‍ തണുപ്പും പകല്‍സമയത്ത് ചൂടും അത്യാവശ്യമാണ്. കൃഷിയിടത്തില്‍ വെള്ളം കെട്ടിനില്‍ക്കരുത്. വയലില്‍ ചാലുകളെടുക്കുമ്പോള്‍ അത് കണക്കാക്കണം. വിതച്ച് ഒരു മാസമായാല്‍ ഇടയിളക്കി കളകള്‍ പിഴുതുമാറ്റണം.

അഞ്ച്-ആറ് ഇലകള്‍ വന്നുകഴിഞ്ഞാല്‍ രണ്ടാഴ്ച ഇടവിട്ട് നനയ്ക്കുന്നത് വിളവിനെ വര്‍ധിപ്പിക്കും. ശിഖരം പൊട്ടുമ്പോഴും പൂവിടുമ്പോഴും നനയ്ക്കല്‍ നിര്‍ബന്ധമാണ്. തവാരണകളില്‍ വിത്ത് പാകിമുളപ്പിച്ച് പറിച്ചുനട്ടാണ് ചട്ടികളില്‍ എള്ള്്് വളര്‍ത്താവുന്നത്. മഴക്കാലത്ത് പുരയിടങ്ങളില്‍ കൃഷിയില്‍  എള്ള് വിതയ്ക്കാന്‍ തടമെടുക്കുമ്പോള്‍ നല്ല നീര്‍വാര്‍ച്ചയുള്ളിടത്തായിരിക്കണം. തടത്തില്‍ കാലിവളം, മണല്‍, മണ്ണ്,  വേപ്പിന്‍പിണ്ണാക്ക്,  കുമ്മായം എന്നിവ നന്നായി ഇളക്കിച്ചേര്‍ത്തതിനുശേഷം വിതയ്ക്കാവുന്നതാണ്. വേനല്‍ക്കാലത്താണ് വിതയ്ക്കുന്നതെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ നനച്ചുകൊടുക്കണം. സൂര്യപ്രകാശവും ലഭിക്കണം. ചെടിവളരുന്നതിനനുസരിച്ച് മാസത്തിലൊരിക്കല്‍ കാലിവളം ചേര്‍ത്തിളക്കിക്കൊടുക്കണം. നന്നായി നനച്ചും കൊടുക്കണം.

വിത്തുകള്‍

കാരെള്ള് , വട്ടെള്ള്, പനിക്കുടപ്പന്‍, കുട്ടനാടന്‍, വെള്ളെള്ള്, വലയ എള്ള്, ചെറിയെള്ള് എന്നിവയാണ് എള്ള് വിത്തിലെ നാടന്‍ ഇനങ്ങള്‍. ഓണാട്ടുകര ഭാഗത്തെ താഴ്ന്ന പ്രദേശങ്ങള്‍ക്ക് യോജിച്ച കായംകുളം1,  ഇലപ്പുള്ളിരോഗത്തെ പ്രതിരോധിക്കുന്ന തിലോത്തമ എന്ന് അറിയപ്പെടുന്ന കായംകുളം 2, സോമ എന്നറിയപ്പെടുന്ന എസിവി1, ഉയര്‍ന്ന പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ സൂര്യ എന്നറിയപ്പെടുന്ന എസിവി2, വേനല്‍ക്കാലകൃഷിക്ക് അനുയോജയമായ തിലക് എന്ന എസിവി3 എന്നിവയാണ് പ്രധാന വിത്തിനങ്ങള്‍. ഏത് തരം വിത്തായാലും അംഗീകൃത ഔട്ട്‌ലറ്റില്‍ നിന്നുതന്നെ വാങ്ങാന്‍ ശ്രദ്ധിക്കുകയെന്നതാണ് വിത്തുതെരഞ്ഞെടുക്കലിന്റെ ആദ്യഘട്ടം.   നൂറുകിലോ എള്ളില്‍ നിന്ന് സാധാരണയായി 45-50 കിലോ എണ്ണ ലഭിക്കും.

കീടങ്ങള്‍

പയര്‍വര്‍ഗവിളകളെ ബാധിക്കുന്ന  ശലഭപ്പുഴുക്കളും ചാഴിയുമാണ് എള്ളിനെ ബാധിക്കുന്ന കീടങ്ങള്‍. വൈറ്റ്‌റസ്റ്റ്, ആള്‍ടെര്‍നേരിയബ്ലൈറ്റ്, സ്‌ക്ലീറോട്ടിനിയ റോട്ട്  എന്നിവ കൂടാതെ വെള്ളീച്ചയുടെ ആക്രമണവും സാധാരണയായി കണ്ടുവരുന്നു. ചെടിയുടെ തണ്ടിലും ഇലയിലും വെളുത്തപാട പോലെ പറ്റിക്കിടക്കുന്ന ഒരുതരം ഫംഗസ്സും എഫിഡും  ഇതിന്റെ ശത്രുവാണ്. ചീരച്ചെടികളെ സാധാരണമായി ബാധിക്കുന്ന ഇലപ്പുള്ളിരോഗവും മൊസൈക്ക് രോഗവും സര്‍വസാധാരണമാണ്.

വേപ്പെണ്ണ എമെല്‍ഷന്‍, വേപ്പധിഷ്ഠിത കീടനാശിനികള്‍ എന്നിവ എള്ളിലെ കീടബാധയ്ക്കും രോഗബാധയ്ക്കും ഉത്തമമാണ്. രാസകൃഷിയില്‍ വളരെയധികം കടുത്ത രാസവസ്തുക്കളാണ് ഉപയോഗിക്കുന്നത്. ഉത്തരേന്ത്യയുടെ ഭാഗങ്ങളിലും ആന്ധ്രാ പ്രദേശിന്റെ മറ്റുപല ഭാഗങ്ങളിലും നിരോധിച്ച എന്‍ഡോസള്‍ഫാന്‍ വരെ തളിക്കുന്നുണ്ട്. വിളവെടുപ്പിന്റെ സമയത്തുള്ള കീടനാശിനിപ്രയോഗം എള്ളിന്റെയും എണ്ണയുടെയും നിലവാരത്തെ ബാധിക്കും.

വിളവെടുപ്പ്

കായകള്‍ മഞ്ഞനിറംപകര്‍ന്ന് പൊട്ടാന്‍ തുടങ്ങുന്നതോടെയാണ് എള്ള് വിളവെടുക്കുക. ഇവ ചുവടെ അരിഞ്ഞെടുത്ത് കറ്റകളാക്കി വെയിലത്ത് കുത്തിനിര്‍ത്തണം. ഉണങ്ങിയതിനുശേഷം അടിഭാഗത്ത് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതില്‍ കിടത്തിയിട്ട് തല്ലി വിത്ത് വേര്‍തിരിച്ചെടുക്കാം. അത് ചേറിയുണക്കി മാലിന്യം കളഞ്ഞ് പോളിത്തീന്‍ കവറുകളില്‍ സൂക്ഷിക്കാം. നന്നായി ഉണങ്ങിയാല്‍ മുഴുവന്‍ എണ്ണയും ലഭിക്കും

എള്ളിന്റെ ഗുണങ്ങള്‍

എള്ളില്‍ ഏകദേശം 45-50 ശതമാനം എണ്ണയും 22 ശതമാനം പ്രോട്ടീനും അടങ്ങിയിരിക്കുന്നു. ജീവകം ബി യുടെയും എയുടെയും നല്ല കലവറയാണ് എള്ള്. ദഹനത്തെ നന്നായി സഹായിക്കുന്ന ഇതില്‍ കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു.  കാല്‍സ്യം, ചെമ്പ്, സള്‍ഫര്‍, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, മഗ്‌നീഷ്യം, സിങ്ക,് സോഡിയം  എന്നീമൂലകങ്ങളും ഇതിലുണ്ട്. കൂടാതെ വിറ്റാമിന്‍ എ, തയാമിന്‍, നിയാസിന്‍, റൈബോഫഌവിന്‍, വിറ്റാമിന്‍ സി, അന്നജം, കൊഴുപ്പ് എന്നിവയും എള്ളില്‍ അടങ്ങിയിരിക്കുന്നു.

ആയുര്‍വേദത്തില്‍ ശരീരത്തിന് മയമുണ്ടാക്കാനും മലം അയഞ്ഞുപോകാനും ആര്‍ത്തവം ത്വരപ്പെടുത്താനും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിനും, വാതരോഗങ്ങള്‍ ശമിപ്പിക്കാനും വിയര്‍പ്പ് ഉണ്ടാക്കാനും പിത്തത്തെ കോപിപ്പിക്കാനും എള്ള് ചേര്‍ത്ത മരുന്നുകള്‍ ഉപയോഗിക്കുന്നു. വയറുവേദനയ്ക്ക് എള്ളും ഇലയും കഷായം വെച്ച് ശരക്കര കൂട്ടി സേവിക്കാം. പൊള്ളലിന് എള്ളെണ്ണയും വെളിച്ചെണ്ണയും സമം ചേര്‍ത്ത് പുരട്ടാം.  സന്ധിവാതം, നടുവേദന, വാതജന്യമായ തലവേദന എന്നിവയ്ക്കും എള്ള്് ഔഷധമാണ്. മുറിവുണങ്ങാനും എള്ള് അരച്ച് കട്ടിയില്‍ തേച്ചുപിടിപ്പിക്കാം. എള്ള് പതിവായി ചവച്ചരച്ച് കഴിച്ചാല്‍ പല്ലുകള്‍ക്ക് നല്ല ഉറപ്പുണ്ടാകും.

സിങ്കിന്റെ പ്രാധാന്യം ചെടികളില്‍

ചെടികളില്‍ സിങ്കിന്റെ പ്രാധാന്യത്തെക്കുറിച്ചും മണ്ണിലെ ജൈവാംശത്തെക്കുറിച്ചുമാണ് ഇവിടെ വിവരിക്കുന്നത്

ചെടികളിലെ ഉപാപചയ പ്രവര്‍ത്തനങ്ങളെ (metobolic activities) നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്ന മൂലകമാണ് സിങ്ക് അഥവാ നാകം. ആഗിരണം ചെയ്യപ്പെടുന്ന സിങ്കിന്റെ 20-30% വും ഹരിത കോശങ്ങളായ കോളോപ്ലാസ്റ്റുകളിലാണ് കാണപ്പെടുന്നത്. ചെടിയുടെ വേരുകള്‍ ആഗിരണം ചെയ്യുന്ന സിങ്ക് അവിടെ തന്നെ ശേഖരിക്കപ്പെടുകയും അവിടെ നിന്ന് ചെടിയുടെ മുന്‍ ഭാഗങ്ങളിലേക്ക് സംവഹനം ചെയ്യപ്പെടുകയും ചെയ്യുന്നു.

ആല്‍ക്കഹോള്‍ ഡീഹൈഡ്രജനേസ്, ഗ്ലൂട്ടാമിക് ഡീ ഹൈഡ്രജനേസ്, കാര്‍ബോണിക് അണ്‍ഹൈഡ്രജനസ്, ആല്‍ക്കലൈന്‍ ഫോസ്്‌ഫേറ്റസ്, കാര്‍ബോക്‌സി പെപ്റ്റ്ിഡേസ്,ഡീ ഹൈഡ്രോക്‌സി പെപ്റ്റിഡേസ്,ഗ്ലൈസല്‍ ഗ്ലൈസിന്‍ ഡൈ പെപ്റ്റിഡൈസ് തുടങ്ങി ധാരാളം രാസാഗ്നിയുടെ അവശ്യ ഘടകമാണ് സിങ്ക്.

കോശസ്തരത്തിന്റെ ഘടന നിലനിര്‍ത്തുന്നതിനും കോശങ്ങളിലൂടെയുള്ള അയോണുകളുടെ സഞ്ചാരം നിയന്ത്രിക്കുന്ന കോശസ്തര പ്രോട്ടീനുകളുടെ സ്ഥിരതക്കും സിങ്ക് അനിവാര്യമാണ്. സിങ്കിന്റെ അഭാവം പ്രോട്ടീന്‍ ഉല്‍പാദിപ്പിക്കുന്നു. കൂടാതെ വേരുകളുടെ വളര്‍ച്ച,പൂമ്പൊടി രൂപീകരണം, ഇലകളുടെ ആവരണമായ ക്യൂട്ടിക്കിളിന്റെ രൂപീകരണം, ചിലയിനം രോഗാണുക്കള്‍ക്കെതിരെ പ്രതിരോധ ശേഷി വികസിപ്പിക്കുക എന്നിവയും സിങ്കിന്റെ ചെടിക്കുള്ളിലെ പ്രവര്‍ത്തനങ്ങളാണ്. സിങ്ക് മണ്ണില്‍ ഏതെല്ലാം വിധത്തില്‍ കാണപ്പെടുന്നുവെന്ന് നോക്കാം .സള്‍ഫൈഡുകളും കാര്‍ബണേറ്റുകളും സിലിക്കേറ്റുകളുമായാണ് സിങ്ക് മണ്ണില്‍ കാണപ്പെടുന്നത്. കൂടാതെ മണ്ണിലെ ജൈവാംശത്തോട് ചേര്‍ന്നും സിങ്ക് കാണപ്പെടുന്നു.

ഏതെല്ലാം രൂപത്തിലാണ് ചെടികള്‍ സിങ്ക് ആഗിരണം ചെയ്യുന്നത്?

സിങ്ക് അയോണുകളായും ജൈവ സംയുക്തങ്ങളായ ചീലേറ്റുകളായുമാണ് ചെടികള്‍ ആഗിരണം ചെയ്യുന്നത്. സിങ്കിന്റെ ലഭ്യത നിയന്ത്രിക്കുന്ന മണ്ണുമായി ബന്ധപ്പെട്ട മുഖ്യ ഘടകങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. മണ്ണിലെ അമ്ലത

അമ്ലതയുള്ള മണ്ണില്‍ സിങ്ക്, ആഗിരണ യോഗ്യമായ സിങ്ക് അയോണുകളായി നിലനില്ക്കുന്നു. അതുകൊണ്ട് ഇത്തരം മണ്ണിനങ്ങളില്‍ സാധാരണയായി സിങ്ക് ലഭ്യത കൂടുതലായിരിക്കും. മറിച്ച് മണ്ണ് ക്ഷാരാവസ്ഥയിലാവുമ്പോള്‍ (PH മൂല്യം 6.5 ന് മുകളില്‍ വരുമ്പോള്‍) സിങ്ക് താരതമ്യേന അലഭ്യമായ 'സിങ്ക് ഹൈഡ്രോക്‌സൈഡാ'യി മാറുകയും ലഭ്യത പൂര്‍ണമായും തടസപ്പെടുകയും ചെയ്യന്നു. അമ്ലതയുള്ള മണ്ണില്‍ കൂടുതലായി കുമ്മായ പ്രയോഗം നടത്തുന്ന സാഹചര്യത്തിലും ഇതു തന്നെ സംഭവിക്കുന്നു.

കുമ്മായത്തിന് പകരം അമ്ലത കുറയ്ക്കുവാനായി 'ഡോളോമൈറ്റ്'എന്ന കുമ്മായ വസ്തു ഉപയോഗിക്കുമ്പോഴാകട്ടെ സിങ്ക് ദൗര്‍ലഭ്യം കൂടുതല്‍ തീവ്രമാകുന്നു. സിങ്കും ഡോളോമൈറ്റില്‍ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യവും ഒരേ വലിപ്പമുള്ള അയോണുകളാണ്.

മണ്ണില്‍ മഗ്‌നീഷ്യം അയോണുകളുടെ സാന്ദ്രത വര്‍ദ്ധിക്കുമ്പോള്‍ മണ്ണിലെ അധിശോഷണ സ്ഥലികളില്‍ പുറന്തള്ളപ്പെടുന്ന സിങ്ക് അയോണുകള്‍ ഡോളമൈറ്റിലെ കാര്‍ബണേറ്റ് ( CO3-) അയോണുകളുമായി പ്രവര്‍ത്തിച്ച് 'സിങ്ക് കാര്‍ബണേറ്റ്' ആഗിരണ യോഗ്യമല്ലാത്തതിനാല്‍ ഈ സാഹചര്യത്തില്‍ സിങ്ക് ദൗര്‍ലഭ്യം അനുഭവപ്പെടുന്നു.

2. മണ്ണിലെ ജൈവാംശം

മണ്ണിലെ ജൈവാംശത്തിന്റെ ഘടകങ്ങളായ ഹ്യൂമിക് ആസിഡ് , ഫള്‍വിക് ആസിഡ്, അമിനോ അമ്ലങ്ങള്‍, മറ്റു ജൈവ അമ്ലങ്ങള്‍ എന്നിവ സിങ്കുമായ് ചേര്‍ന്ന് ജൈവ-സിങ്ക് സംയുക്തങ്ങള്‍ രൂപപ്പെടുന്നു. ഈ രൂപത്തില്‍ സിങ്ക് ചെടികള്‍ക്ക് ആഗിരണ യോഗ്യമാണ്. ചില ചെടികളുടെ വേരുകള്‍ പുറപ്പെടുവിക്കുന്ന ചിലേറ്റിംഗ് പദാര്‍ത്ഥങ്ങള്‍ സിങ്കിനെ സിങ്ക് ചീലേറ്റുകളാക്കി മാറ്റി ലഭ്യത വര്‍ദ്ധിപ്പിക്കുന്നു.

3. വെള്ളക്കെട്ട്

അമ്ലതയുള്ള മണ്ണില്‍ വെള്ളം കയറ്റിയിടുന്ന സാഹചര്യത്തില്‍ സിങ്ക് ലഭ്യത കുറയുന്നു. ഓക്‌സിജന്റെ അസാന്നിദ്ധ്യത്തില്‍ സിങ്ക് ഫ്രാങ്കിനൈറ്റ്, സ്ഫാലിറ്റൈറ്റ് എന്നീ സംയുക്തങ്ങളായി മാറ്റപ്പെടുന്നതിനാലാണിത്്. എന്നാല്‍ ക്ഷാരാംശമുള്ള മണ്ണില്‍ നിന്നും വെളളം വാര്‍ത്തുകളയുമ്പാള്‍ ക്ഷാരാംശം കുറയുന്നതിനാല്‍ സിങ്കിന്റെ ലഭ്യത വര്‍ദ്ധിക്കുന്നു.

സിങ്കിന്റെ ദൗര്‍ലഭ്യത്തിന് കാരണമാവുന്ന മുഖ്യ ഘടകങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം ;

1. മണ്ണിന്റെ ക്ഷാരാവസ്ഥ, ഉയര്‍ന്ന അളവില്‍ കാല്‍സ്യത്തിന്റെ സാന്നിദ്ധ്യം എന്നിവ
2.അമ്ലാംശമുള്ള മണ്ണില്‍ ഉയര്‍ന്ന അളവില്‍ കുമ്മായ പ്രയോഗം നടത്തുമ്പോള്‍
3.സിങ്ക് ദൗര്‍ലഭ്യമുള്ള മണ്ണില്‍ കുമ്മായത്തിന് പകരം ഡോളമൈറ്റ് ഉപയോഗിക്കുമ്പോള്‍
4.ഉയര്‍ന്ന ഫോസ്്ഫറസ് സാന്നിദ്ധ്യമുള്ള മണ്ണില്‍
5.കൂടുതലായി മൂലക ശോഷണം സംഭവിച്ചിട്ടുള്ള വെട്ടുകല്‍ മണ്ണ്്്, ചെമ്മണ്ണ് എന്നിവയില്‍
6.ഉയര്‍ന്ന ലവണാംശമുള്ളപ്പോള്‍
7.ജൈവാംശം തീരെ കുറഞ്ഞ മണല്‍ മണ്ണില്‍
8.വളരെ കൂടിയ തന്‍മാത്രയോട് കൂടിയ ജൈവാംശ സാന്നിദ്ധ്യമുള്ള 'പീറ്റ്' മണ്ണില്‍ ഉദാ; കുട്ടനാട്ടിലെ കരിനിലങ്ങള്‍
10.NPK വളങ്ങള്‍ മാത്രമുപയോഗിച്ച് കൃഷി ചെയ്യുമ്പോള്‍
11.വെള്ളക്കെട്ടുള്ള അമ്ലമണ്ണില്‍
12.ജലസേചനത്തിനുള്ള വെള്ളത്തില്‍ ഉയര്‍ന്ന അളവില്‍ മഗ്നീഷ്യം, ബൈകാര്‍ബണേറ്റുകള്‍ എന്നിവ കാണുന്ന സാഹചര്യത്തില്‍
13.മണ്ണിന്റെ മുകള്‍ പാളികളെ അപേക്ഷിച്ച് താഴെയുള്ള പാളികളില്‍ സിങ്കിന്റെ അംശം കുറവായിരിക്കും. അതുകൊണ്ട് കൂടുതല്‍ ആഴത്തില്‍ വേരിറങ്ങുന്ന ചെടികള്‍ക്കാണ് ദൗര്‍ലഭ്യം കൂടുതലായി അനുഭവപ്പെടുന്നത്.

വിത്തു സത്യാഗ്രഹവും 'മോണിങ്ങ് ഫാമിങ്ങു'മായി സുരേഷ് മലയാളി

കൃഷിക്കളത്തില്‍ കൂട്ടുകൃഷിയാരംഭിച്ച നാട്ടുപച്ച കൂട്ടായ്മയുടെയും സുരേഷ് എന്ന കര്‍ഷകന്റെയും വിശേഷങ്ങളാണ് ഇത്

കൃഷിരീതിയിലെ തനിമ സംരക്ഷിക്കാനായാണ് മലപ്പുറത്ത് പെരിന്തല്‍മണ്ണ ആലിപ്പറമ്പില്‍ നാട്ടുപച്ചയെന്ന കര്‍ഷകരുടെ കൂട്ടായ്മയ്ക്ക് രൂപം കൊടുത്തത്. രാസവളത്തിനും കീടനാശിനിക്കും പിന്നാലെ പായുന്ന തലമുറയെ ജൈവരീതി പ്രോത്സാഹിപ്പിക്കാന്‍ വേണ്ട ത്വരിത പ്രവര്‍ത്തനം നടത്തുകയാണ് ഇവിടെ. മലപ്പുറത്തിന്റെ കൈവിട്ടുപോയ കൃഷിത്തനിമ വീണ്ടെടുക്കാനായി നാട്ടുപച്ചയെ ജില്ല മുഴുവന്‍ വേരു പിടിപ്പിക്കാനാണ് കര്‍ഷകരുടെ ശ്രമം.

മണ്ണിനെ വൃത്തിയോടെ സൂക്ഷിക്കുക എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഓരോ ഇഞ്ച് മണ്ണിലും വളരുന്ന സൂക്ഷ്മ ജീവികളടക്കമുള്ള ആവാസ വ്യവസ്ഥയെ സംരക്ഷിക്കുകയും, മണ്ണിന്റെ ഗുണപരമായ കഴിവ് വളര്‍ത്താനുള്ള പോഷകങ്ങള്‍ നല്‍കി കൃഷിയിറക്കുക എന്നതുമാണ്- നാട്ടുപച്ചയുടെ പ്രധാന വക്താവായ കുടമOത്തില്‍ സുരേഷ് പറയുന്നു.

മണ്ണിനെ ഒരുപാട് കൊത്തിയിളക്കി ഉപ്രദവിക്കാതെ മഴവെള്ളം മണ്ണില്‍ തന്നെ താഴാന്‍ അനുവദിക്കുകയാണ് വേണ്ടത്. നല്ല വിത്തുകള്‍ തെരഞ്ഞെടുത്ത് മണ്ണില്‍ തന്നെ നടുക. മണ്ണിരകളെയും സൂക്ഷ്മ ജീവികളെയും മണ്ണില്‍ സമൃദ്ധമാക്കുക എന്നിവയൊക്കെയാണ് മണ്ണിനെ വൃത്തിയോടെ സൂക്ഷിക്കാനുള്ള നാട്ടുപച്ചയുടെ കല്‍പനകള്‍.

മഴക്കൊയ്ത്ത് മാത്രം പോരാ, വെയില്‍ കൊയ്ത്തും വേണമെന്നാണ് കര്‍ഷകരുടെ അനുഭവ പാഠം. ആവശ്യത്തിന് സൂര്യപ്രകാശം ചെടികളില്‍ പതിക്കാനുള്ള സൗകര്യം വേണം. വൈകുന്നേരത്തെ പോക്കുവെയില്‍ പൊന്നു വിളയിക്കുമെന്ന സന്ദേശത്തിനും ഇവര്‍ പ്രാധാന്യം നല്‍കുന്നു.

പാഠങ്ങളിലും ബോധവത്കരണത്തിലും മാത്രമൊതുങ്ങാതെ, നാട്ടുപച്ച പ്രവര്‍ത്തകര്‍ മിക്കവരും കൃഷിക്കളത്തിലേക്കിറങ്ങി കൂട്ടുകൃഷിയാരംഭിച്ചു. ബസുമതിയുടെയും നവരയുടെയും വിത്തുകള്‍ പാകി മഡഗാസ്‌കര്‍ രീതിയിലാണ് കൃഷി. ഞാറുകള്‍ കൂടിയ അകലത്തില്‍ വളര്‍ത്തുന്നതാണ് മഡഗാസ്‌കര്‍ രീതി.

ഗ്രാമങ്ങളെ വീണ്ടെടുക്കാനായി നാട്ടുപച്ച കൂട്ടായ്മ വളര്‍ത്തുക എന്നതാണ് ഇവരുടെ അടുത്ത ലക്ഷ്യം. കര്‍ഷകരെ പങ്കെടുപ്പിച്ച് നടത്തുന്ന സെമിനാറുകള്‍ കൃഷിയിടങ്ങളിലെ മരത്തണലുകളില്‍ തന്നെയാണ്. കര്‍ഷകരും പരിസ്ഥിതി പ്രവര്‍ത്തകരുമെല്ലാം അനുഭവങ്ങള്‍ പങ്കിടാന്‍ എത്തുന്നു. സ്‌കൂളുകളില്‍ സംസ്‌കാരം വളര്‍ത്തുന്നതിനായി മാതൃകാ കൃഷിത്തോട്ടങ്ങള്‍ ഒരുക്കാനും മുന്നിട്ടിറങ്ങുന്നു. ജൈവ വിത്ത് കര്‍ഷകനായ സുരേഷ് മലയാളിയുടെ (സുരേഷ് കുടമഠത്തില്‍) നേതൃത്വത്തിലാണ് ഇതിന്റെ പ്രധാന പ്രവര്‍ത്തനം.

ഉതിര്‍മണി തെങ്ങിന് തടം തുറക്കാതെയും പറമ്പ് കൊത്തിക്കിളക്കാതെയും ഭൂമിയെ മുറിവേല്‍പ്പിക്കാതെയുള്ള കൃഷി രീതി ജൈവകര്‍ഷകര്‍ക്കിടയില്‍ വ്യാപകമാവുന്നു. ആഴത്തില്‍ കൊത്തിയിളക്കിയിട്ട് വളം നല്‍കുന്നതിനേക്കാള്‍ ഫലപ്രദം മണ്ണ് ചെറുതായിളക്കിയുള്ള വളപ്രയോഗമാണെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ചെടികള്‍ക്ക് ചുവട്ടില്‍ നന്നായി പുതയിടുകയും ജൈവാണുക്കളെ വളരാനനുവദിക്കുകയും ചെയ്യുന്നതാണ് ഗുണകരം.

പ്രമേഹ രോഗത്തിന് ഏറ്റവും നല്ല മരുന്നാണ് മാട്ടുഗുല്ല എന്ന നീളന്‍ വഴുതന സുരേഷ് കൃഷി ചെയ്യുന്നുണ്ട്. രണ്ടാം ടൈപ്പ് പ്രമേഹത്തിന് ഈ വഴുതന ഫലം ചെയ്യുമെന്നാണ് കേട്ടുവരുന്നത്. ഒരു ചെടിയില്‍ നിന്ന് അഞ്ചു വര്‍ഷം വഴുതന പറിക്കാം. വിളവ് കൂടുതലാണ്. ജൈവ വളമായ ഗോമൂത്രം, ചാണകം, ചാരം എന്നിവയ്‌ക്കൊപ്പം അല്‍പ്പം പച്ചിലയുമാണ് ചെടിക്ക് വേണ്ടത്. പാരമ്പര്യമായി കിട്ടിയ വിത്താണ് ഉപയോഗിച്ചത്. വെള്ളവും വെളിച്ചവുമുള്ള സ്ഥലമാണെങ്കില്‍ കൃഷിയോട് താല്‍പര്യമുള്ള ഏവര്‍ക്കും കൃഷി ചെയ്ത് തരാന്‍ സന്നദ്ധനാണ് സുരേഷ്.

മോണിംഗ് ഫാമിങ്ങ് എന്ന കൃഷി രീതിയുടെ കൂടി പ്രചാരകനായ സുരേഷ് ഈ കൃഷി രീതിയെക്കുറിച്ച് പറയുന്നതിങ്ങനെ, 'പുലര്‍ച്ചെ അഞ്ച് മണിക്ക് തുടങ്ങിയാല്‍ ഏഴു മണി വരെ വെയില്‍ വരുന്നതിനു മുമ്പായി കൃഷിപ്പണി ചെയ്യുന്ന യുവ കര്‍ഷകരുടെ കൂട്ടായ്മ ഇന്ന് മലപ്പുറത്തെ പതിവ് കാഴ്ചയാണ്. സുരേഷ് കുടമഠത്തിലിന്റെ നേതൃത്വത്തിലാണ് ഈ കൂട്ടായ്മ രൂപം കൊണ്ടിട്ടുള്ളത്. മോണിംഗ് ഫാമിംഗ് എന്നാണ് പുലര്‍ച്ചെ ചെയ്യുന്ന കൃഷിയെ ഇവര്‍ പേരിട്ടു വിളിക്കുന്നത്. രാവിലെ മടിപിടിച്ചിരിക്കുന്ന സമയം ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിക്കുകയാണ് ഈ കൂട്ടായ്മ.

മോണിംഗ് ഫാമിംഗ് കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്ന സുരേഷ് മലയാളി, മലപ്പുറം കലക്ടറേറ്റ് ബംഗ്ലാവിലെ പാറപ്പുറത്ത് പൊന്നു വിളയുമെന്ന് തെളിയിച്ച ശ്രദ്ധേയനായ ജൈവ വിത്ത് കര്‍ഷകനാണ്. രാസവളത്തിനും, കീടനാശിനികള്‍ക്കും അന്തക വിത്തുകള്‍ക്കുമെതിരെയുള്ള ഒറ്റയാള്‍ പോരാട്ടമാണ് സുരേഷ് നടത്തുന്നത്. കേരളത്തിലുടനീളം സഞ്ചരിച്ച് വിത്തുസത്യാഗ്രഹം എന്ന സമരരീതി വരെ നടത്തുകയും ചെയ്ത മലപ്പുറത്തെ പെരിന്തല്‍മണ്ണ സ്വദേശിയായ സുരേഷ് ജൈവ കൃഷിരീതി രംഗത്ത് വേറിട്ടൊരു മാതൃകയാണ്.

ജൈവകൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കാനും, കാര്‍ഷിക സംസ്‌കാരം വളര്‍ത്താനും വിവിധ സ്‌കൂളികളില്‍ വിത്ത് പ്രദര്‍ശനം സംഘടിപ്പിക്കുകയും കൃഷി രീതികളെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. കലക്ടറുടെ ബംഗ്ലാവിലെ നാടന്‍ കൃഷി സുരേഷിനെ കൃഷി പ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയനാക്കി.

കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒട്ടേറെ ജൈവ കൃഷി കൂട്ടായ്മകളിലും സുരേഷിന്റെ പങ്കാളിത്തമുണ്ട്. സുരേഷ,് മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സ്ഥിരമായി നാടന്‍ ജൈവവിത്തുകള്‍ പ്രദര്‍ശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ആവശ്യക്കാര്‍ക്ക് വില്‍ക്കുകയും ചെയ്യുന്നു. കൃഷിയറിവുമായി ബന്ധപ്പെട്ട് ധാരാളം പുസ്തകങ്ങളും വീഡിയോ സി.ഡി. കളും സുരേഷ് ഒരുക്കിയിട്ടുണ്ട്.

മലപ്പുറത്തെ ധാരാളം വീടുകളില്‍ സുരേഷിന്റെ നേതൃത്വത്തില്‍ അടുക്കളത്തോട്ടം മോണിംഗ് ഫാമിങ്ങ് കൂട്ടായ്മ ഒരുക്കിയിട്ടുണ്ട്. വെണ്ട, വഴുതന, ചീര, മുളക്, തക്കാളി തുടങ്ങി കാബേജും, കോളിഫഌവറും വരെ ഇവര്‍ വിളയിക്കുന്നുണ്ട്. നാടന്‍ വിത്തുകള്‍ മാത്രമാണ് കൃഷിക്കുപയോഗിക്കുന്നത്.

ഗോമൂത്രമാണ് പ്രധാന കീടനാശിനി. ഗോമൂത്രത്തില്‍ തേന്‍ ചേര്‍ത്താല്‍ ഇരട്ടി ഫലമുണ്ടാകുമെന്ന് സുരേഷ് സാക്ഷ്യപ്പെടുത്തുന്നു. ചാരവും ചാണകവും പച്ചിലയുമാണ് പ്രധാന വളം. വിളവെടുക്കുമ്പോള്‍ ഉള്ളത് വീതിച്ചെടുക്കുകയും ബാക്കി വരുന്നവ കുടുംബശ്രീ മേളയിലേക്കും നാട്ടുചന്തയിലേക്കും വില്‍പനയ്ക്ക് നല്‍കുകയും ചെയ്യുന്നു.

വിത്ത് കര്‍ഷകനായി തുടങ്ങി പിന്നീട് പച്ചക്കറികൃഷിയുടെ മുഴുവന്‍ സമയ പ്രചാരകനായി സുരേഷ് മാറി. ഇപ്പോള്‍ സുരേഷ് തന്റെ കൃഷിയിടത്തില്‍ ചോളം കൃഷി ചെയ്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കേരളത്തിന് ഇനി അരി മാത്രമല്ല, ചോളമാകണം പ്രധാന ഭക്ഷണം എന്ന നൂതന ആശയം പങ്കുവെക്കുന്നു.

മനുഷ്യന്‍ കൃഷിയില്‍ നിന്നും അകലുമ്പോള്‍ ഇവരെ തിരിച്ച് നടത്തുകയാണ് സുരേഷ്. പച്ചക്കറി രംഗത്ത് വര്‍ഷങ്ങളായി സുരേഷിന്റെ സാന്നിദ്ധ്യമുണ്ട്.

ജൈവകുമിള്‍നാശിനി വീട്ടിലുണ്ടാക്കാം

കുമിള്‍രോഗങ്ങളെ അകറ്റാന്‍ ഫലവത്തായ ജൈവകുമിള്‍നാശിനിയുണ്ടാക്കാം. അരക്ക് ബാക്ടീരിയാ ലായനി ഉണ്ടാക്കലാണ് ആദ്യപടി. വളര്‍ച്ചയും വിളവും മെച്ചപ്പെടുത്തുന്ന മിശ്രിതമാണിത്. ഇതുണ്ടാക്കാന്‍ 20 കിലോഗ്രാം ചാണകം, 200 ലിറ്റര്‍ വെള്ളം, മൂന്നു കിലോഗ്രാം ശര്‍ക്കര, 100 ഗ്രാം കടുക്കപ്പൊടി, 10 ഗ്രാം ഇരട്ടിമധുരം എന്നിവവേണം. ചാണകവും ശര്‍ക്കരയും വെള്ളവും നന്നായി ഇളക്കിച്ചേര്‍ക്കുക. വലിയ പാത്രത്തില്‍ നിറച്ച ഈ മിശ്രിതത്തില്‍ കടുക്കപ്പൊടി ചേര്‍ത്ത് നന്നായി ഇളക്കണം. ഇരട്ടിമധുരം 250 മില്ലീലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് തണുത്തശേഷം മിശ്രിതത്തില്‍ ഇളക്കിച്ചേര്‍ക്കുക.

ഇത്രയുമായാല്‍ പാത്രത്തിലെ ബാക്കിഭാഗത്ത് വെള്ളം നിറയ്ക്കുകയും അടപ്പ് നന്നായി അടയ്ക്കുകയുംവേണം. ഇതു 10 ദിവസം വെയ്ക്കണം. ഇടയ്ക്കിടെ അടപ്പുതുറന്ന് ഉള്ളിലെ മീഥേന്‍ വാതകം പുറത്തുവിടണം. പത്താം ദിവസം ലായനിക്ക് ഇളം തവിട്ടുനിറമുണ്ടാകും. ഇതിനെ പത്തിരട്ടി നേര്‍പ്പിച്ചാണ് വിളകളില്‍ തളിക്കുന്നത്.

ഇനി കുമിള്‍നാശിനിയുടെ നിര്‍മാണരീതി. 250 ഗ്രാം സ്യൂഡോമോണസ് 10 ലിറ്റര്‍ അരക്ക് ബാക്ടീരിയാ ലായനിയില്‍ ചേര്‍ത്ത് 12 മണിക്കൂര്‍ പുളിപ്പിക്കണം. അഞ്ച് ഗ്രാം കറ്റാര്‍വാഴ, കിലുക്കിയുടെ ഇല, പപ്പായ ഇല, കടലാസുപൂവിന്റെ ഇല എന്നിവയിലേതെങ്കിലുമൊന്ന് അഞ്ചു കിലോഗ്രാം, 100 ഗ്രാം മഞ്ഞള്‍പ്പൊടി എന്നിവ അരച്ചത് 50 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് പ്രത്യേകംവെച്ച് 12 മണിക്കൂര്‍ പുളിപ്പിക്കണം. ഈ രണ്ടു മിശ്രിതങ്ങളും ചേര്‍ത്ത് വെള്ളമൊഴിച്ച് ആകെ അളവ് 100 ലിറ്ററാക്കുക. ഈ മിശ്രിതം വിളകളില്‍ തളിച്ച് കുമിള്‍രോഗങ്ങളെ അകറ്റാം.

വിത്തില്‍ തുളയുണ്ടേല്‍ ഇലയിലും തുള കാണുമോ?

'വിത്തുഗുണം പത്തുഗുണ'മെന്നും 'വിത്തില്‍ തുളയുണ്ടേല്‍ ഇലയിലും തുള കാണു'മെന്നുമൊക്കെയുള്ള പഴഞ്ചൊല്ലുകള്‍ വിത്തിന്റെ തിരഞ്ഞെടുപ്പിന്റെ കാര്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നല്ലവിത്തുകള്‍ തന്നെയാണ് മികച്ചവിളവിന്റെ അടിസ്ഥാനം.

1. കേടായെന്ന് തോന്നുന്ന വിത്തുകള്‍ പാകരുത് 
2. ആറുമാസമാണ് വിത്തിന്റെ സാധാരണ മുളയക്കല്‍ കാലാവധി. ആറുമാസത്തിലധികം പഴക്കമുള്ളവ തിരഞ്ഞെടുക്കരുത്. 
3. നാടന്‍ വിത്തുകള്‍ വയലിലും പറമ്പിലും മാറ്റിമാറ്റി കൃഷിചെയ്യുക.
4. ചെള്ളുകുത്തിയത്, ദ്വാരമുള്ളത് എന്നിവ നന്നാകില്ല. 
5. സാധാരണയിലും കനം കുറഞ്ഞ പൊള്ളയായ വിത്തുകള്‍ ഒഴിവാക്കുക. വെള്ളത്തിലിട്ടാല്‍ പൊന്തിപ്പോകുന്നവ നടരുത്.
6. വിത്തുകള്‍ കാറ്റുകടക്കാതെ പാത്രത്തിലോ പോളിത്തീന്‍ കവറിലോ സൂക്ഷിച്ചാല്‍ കേടുകൂടാതെ കാക്കാം.
7. ഹൈബ്രിഡ്് വിത്തുകള്‍ വാങ്ങുമ്പോള്‍ ഉപയോഗ കാലാവധി കൃത്യമായും നോക്കി ഉറപ്പുവരുത്തുക.
8. പുറമേ പുരട്ടുന്ന ഫഌറസന്റ് നിറങ്ങളല്ലാതെ വിത്തിന് സ്വാഭാവിക നിറത്തില്‍ എന്തെങ്കിലും മാറ്റം കണ്ടാല്‍ ഉപയോഗിക്കരുത്. 
9. ഒരിക്കല്‍ നനഞ്ഞ വിത്തുകള്‍ വീണ്ടും ഉണക്കി കൃഷിക്ക് ഉപയോഗിക്കരുത്.
10. ഒരു കിലോ വിത്തിന് 'തൈറാം' എന്ന മരുന്ന് മൂന്നുഗ്രാം കലര്‍ത്തി ടിന്നിലടച്ച് സൂക്ഷിക്കാം. പയര്‍വിത്തില്‍ ചെള്ള് കുത്താതിരിക്കാന്‍ എതെങ്കിലും സസ്യ എണ്ണകള്‍ ( നല്ലെണ്ണ, വേപ്പെണ്ണ, വെളിച്ചെണ്ണ, കടലയെണ്ണ, കടുകെണണ്ണ) പുരട്ടി സൂക്ഷിക്കാം.

ഇറച്ചിയുടെ രുചി കൂട്ടാന്‍ കന്നുകാലികള്‍ക്ക് ചോക്‌ളേറ്റ് നല്‍കുന്ന ഫാം

പൊടിച്ച കാഡ്ബറി ചോക്ലേറ്റുകള്‍ നല്‍കി ഇറച്ചിയുടെ സ്വാദ് വര്‍ദ്ധിപ്പിക്കുന്ന ഒരു ഫാമിനെ പരിചയപ്പെടാം

ഓസ്‌ട്രേലിയയിലെ വ്യത്യസ്തമായ ഒരു ഫാമിനെ പരിചയപ്പെടാം. കന്നുകാലികള്‍ക്ക് ചോക്‌ളേറ്റ് നല്‍കി ബീഫിന്റെ രുചി കൂട്ടാനുള്ള ശ്രമത്തിലാണ് ഇവര്‍. വെറും ശ്രമം മാത്രമല്ല. പരീക്ഷിച്ചു വിജയിക്കുകയും ചെയ്തു.

1845 ലാണ് മയൂര ഫാം പ്രവര്‍ത്തനമാരംഭിച്ചത്‌. 3,000 ഹെക്ടറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഈ ഫാമില്‍ ഇന്ന് 20 ജോലിക്കാരാണുള്ളത്. ഓസ്‌ട്രേലിയയിലെ മറ്റു കന്നുകാലി ഫാമുകളേക്കാള്‍ ചെറുതാണ് മയൂര ഫാം. വാഗ്യു എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് ജപ്പാനിലെ പശു എന്നാണ്. കറുപ്പും വെളുപ്പും നിറത്തിലുള്ള രണ്ടു പ്രധാനപ്പെട്ട വിഭാഗത്തിലുള്ള പശുക്കളാണുള്ളത്. കറുപ്പു നിറത്തിലുള്ള പശുക്കളാണ് ഉയര്‍ന്ന ഗുണനിലവാരമുള്ളത്.

മയൂര ഫാമിന്റെ ഉടമസ്ഥനായ സ്‌കോട്ട് ഡി ബ്രൂയിന്‍ ജപ്പാനില്‍ നിന്ന് കൊണ്ടുവന്ന ഗവേഷകന്‍ രണ്ടു വര്‍ഷത്തെ ഗവേഷണഫലമായാണ് ഇത്തരമൊരു കണ്ടെത്തല്‍ നടത്തിയത്. രണ്ടുകിലോയോളം ചോക്ലേറ്റ് മിക്‌സ് ചെയ്ത ഭക്ഷണമാണ് ഈ ഫാമിലെ കന്നുകാലികള്‍ കഴിക്കുന്നത്. സാധാരണ ഭക്ഷണം കഴിക്കുന്ന കന്നുകാലികളേക്കാള്‍ 70% കൂടുതല്‍ വളര്‍ച്ച  ഇവയ്ക്കുണ്ട്.

പൊടിച്ച കാഡ്ബറി ചോക്ലേറ്റുകളാണ് കന്നുകാലികള്‍ക്ക് നല്‍കുന്നത്. സുഗന്ധത്തിന്റെ കാര്യത്തിലും മുന്‍പന്തിയിലാണ് ഈ ഭക്ഷണം. വെറുമൊരു പരീക്ഷണമായാണ് കന്നുകാലികളെ ഇവര്‍ ചോക്‌ളേറ്റ്  തീറ്റിച്ചത്. എന്നാല്‍ ഓസ്‌ട്രേലിയയിലെ ഇറച്ചിപ്രിയര്‍ ഇത്തരം ബീഫ് മാത്രം മതിയെന്ന ആവശ്യവുമായി മുന്നോട്ടുവന്നിരിക്കുകയാണ്. സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിന്റെ അപ്പുറത്താണ് ബീഫിന്റെ വില. കൊഴുപ്പിന്റെയും ഇറച്ചിയുടെയും ഒരു യഥാര്‍ഥ കോമ്പിനേഷനായാണ് മയൂര ഫാമിലെ കന്നുകാലികള്‍ വളരുന്നത്.

(കടപ്പാട്: സി.എന്‍.എന്‍)

കുരുമുളക് വള്ളി പടര്‍ത്താന്‍ പെര്‍ക്കൊലേറ്റര്‍ ഫെര്‍ട്ടിഗേഷന്‍ പോസ്റ്റ്

വേരുകള്‍ക്ക് പിടിച്ചു കയറാന്‍ സൗകര്യമൊരുക്കുകയാണ് ഈ പോസ്റ്റ്. കോതമംഗലം തട്ടേക്കാട് കുരിശുംമൂട്ടില്‍ ജോബി സെബാസ്റ്റിയനാണ് ഇത് കണ്ടെത്തിയത്‌.

കുരുമുളകുവള്ളി കയറ്റിവിടാന്‍ പറ്റിയ മരങ്ങള്‍ കുറവാണെന്നത് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികളിലൊന്നാണ്. വളര്‍ന്ന മരത്തില്‍ വള്ളി പടരാന്‍ താമസംവരും. വള്ളി നന്നായി വളര്‍ന്നാല്‍ മരം ഉണങ്ങിപ്പോകുന്നതും സാധാരണം. കാലാകാലങ്ങളില്‍ മരങ്ങളുടെ ശിഖരങ്ങള്‍ മുറിക്കണമെന്ന പ്രശ്‌നവുമുണ്ട്.

എന്നാല്‍, ഇതിനൊക്കെ പരിഹാരം കണ്ടിരിക്കുകയാണ് കോതമംഗലം തട്ടേക്കാട് കുരിശുംമൂട്ടില്‍ ജോബി സെബാസ്റ്റ്യന്‍. കുരുമുളകുവള്ളി പടര്‍ത്താന്‍ പെര്‍ക്കൊലേറ്റര്‍ ഫെര്‍ട്ടിഗേഷന്‍ പോസ്റ്റ് ആണ് ഇദ്ദേഹം കണ്ടെത്തിയിട്ടുള്ളത്. പോറസ് കോണ്‍ക്രീറ്റില്‍ നിര്‍മിച്ച, രണ്ടടി ഉയരമുള്ള വളയങ്ങള്‍ മുകളില്‍മുകളിലായിവെച്ചാണ് പോസ്റ്റ് തയ്യാറാക്കുന്നത്. പത്തടി ഉയരംവരെ പോസ്റ്റ് ഇടാമെന്ന് ജോബി പറഞ്ഞു. റിങ്ങുകള്‍ പ്രത്യേകാനുപാതത്തിലുള്ള സിമന്റ് മിശ്രിതം ഉപയോഗിച്ചാണ് ഉറപ്പിക്കുന്നത്. ഇതിനോട് ചേര്‍ത്ത് മുക്കാലി ചാരിവെച്ച് കുരുമുളക് പറിച്ചെടുക്കാം.

ഈ പോസ്റ്റിന്റെ സവിശേഷതകള്‍ കുരുമുളക് വളരാന്‍ സഹായിക്കുന്നതാണ്. റിങ്ങിന് ഉള്‍വശം പൊള്ളയാണ്. മണ്ണ്, ചകിരിച്ചോര്‍, ജൈവവളം എന്നിവ ഇതില്‍ നിറയ്ക്കാം. നിലത്തുനിന്ന് റിങ്ങുകള്‍ വെച്ചുതുടങ്ങാം. റിങ്ങിന്റെ നാലുചുറ്റിലുമായി മണ്ണിലാണ് കുരുമുളകുവള്ളികള്‍ നടേണ്ടത്. ചുവട്ടിലെ മണ്ണില്‍നിന്നും പിടിച്ചുകയറുന്ന പോസ്റ്റിനുള്ളില്‍നിന്നും വെള്ളവും വളവും കിട്ടുന്നതോടെ ഈ ചെടിക്ക് കുറ്റിക്കുരുമുളകിന്റെകൂടി സ്വഭാവം കൈവരും. വശങ്ങളിലേക്ക് കൂടുതല്‍ തലപ്പുകള്‍ കിളിര്‍ക്കും. അതിലെല്ലാം വര്‍ഷംമുഴുവന്‍ കുരുമുളക് കായ്ക്കും.

ഇരട്ടിവേഗത്തില്‍ ചെടി വളരുമെന്നും ജോബി പറയുന്നു. വേരുകള്‍ക്ക് പിടിച്ചുകയറാന്‍ പോറസ് കോണ്‍ക്രീറ്റിലെ പരുക്കന്‍പ്രതലവും സുഷിരങ്ങളും സഹായകമാകും. നഴ്‌സറി ആവശ്യത്തിനുള്ള വള്ളികള്‍ വളര്‍ത്തി മുറിച്ചെടുക്കാനും പെര്‍ക്കൊലേറ്റര്‍ പോസ്റ്റ് ഉപയോഗിക്കാം. താങ്ങുമരത്തില്‍ കുരുമുളക് വളര്‍ത്തിയാല്‍ ശിഖരങ്ങള്‍ സൂര്യപ്രകാശം മറയ്ക്കുന്നത് വിളവു കുറയ്ക്കും. സൂര്യപ്രകാശം കിട്ടാതാകുന്നതോടെ ചെടികള്‍ക്ക് രോഗസാധ്യതയും കൂടും.  പോസ്റ്റില്‍ പടര്‍ത്തിയാല്‍ ഇതെല്ലാം ഒഴിവാകും. ഒരുവര്‍ഷംകൊണ്ട് കായ്ച്ചുതുടങ്ങും. നാലിരട്ടി വിളവും കിട്ടുമെന്ന് ഇദ്ദേഹം പറയുന്നു.

പോസ്റ്റുകള്‍ അടുത്തടുത്ത് സ്ഥാപിക്കാം. ഒരേക്കറില്‍, സാധാരണയുള്ളതിന്റെ 50 ശതമാനം അധികം വള്ളികള്‍ നടാം. ഭാര്യ ലൗലി, മക്കളായ പ്രിയ, പ്രീതി, പ്രിന്‍സ, റോസ് എന്നിവരും കൃഷിയില്‍ ജോബിക്ക് പിന്തുണയുമായുണ്ട്.

ഫോണ്‍: 9048365013.

സര്‍വഗുണസമ്പന്നയായ 'കാട്ടുപുളിച്ചി'

പഞ്ചസാരയേക്കാള്‍ കൂടുതല്‍ അമ്ലങ്ങളുള്ള പഴമായ കാട്ടുപുളിച്ചിയെ പരിചയപ്പെടുത്തുകയാണ് ലേഖകന്‍

കാര്‍ഷികവനവത്കരണത്തിന് അനുയോജ്യം; വീട്ടുവളപ്പില്‍ നടാനുത്തമം; മണ്ണൊലിപ്പു തടയാന്‍ സഹായകം; ജൈവവേലിക്ക് ഉത്തമം, നല്ലൊരു അലങ്കാരവൃക്ഷം; കൗരകൗശലപ്പണികള്‍ക്ക് ഇണക്കമുള്ളത്... ഇങ്ങനെ സര്‍വഗുണസമ്പന്നമാണ് 'കാട്ടുപുളിച്ചി'.

പേരു സൂചിപ്പിക്കുന്നതുപോലെ പുളിരസമുള്ള കാട്ടുപുളിച്ചി ഏതു നാട്ടുപുളിമരത്തെയും വെല്ലും. പശ്ചിമഘട്ടമലനിരകളില്‍ സമൃദ്ധമായി വളരുന്നു. പരമാവധി എട്ടുമീറ്റര്‍ ഉയരം. തടി നിവര്‍ന്നുവളരുമെങ്കിലും ചില പിളര്‍പ്പും പൊട്ടലും പതിവ്. ചാരനിറം. ദീര്‍ഘചതുരത്തില്‍ കടുംപച്ചിലകള്‍. തുകല്‍പോലെ കട്ടിയുണ്ട് ഇലകള്‍ക്ക്. കായ്കള്‍ കുലകുത്തിപ്പിടിക്കും. ആദ്യം ഇളംപച്ചയെങ്കിലും ആഴ്ചകള്‍ക്കുള്ളില്‍ വിളഞ്ഞുപഴുത്ത് കടുംചുവപ്പായിമാറും.

മാര്‍ച്ചു മുതല്‍ സെപ്റ്റംബര്‍വരെ പൂക്കാലം. കായ്കളുണ്ടാകുന്നത് ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ. നിറംമാറ്റമനുസരിച്ച് കായ്കള്‍ക്ക് രുചിഭേദവുമുണ്ടാകും. തീരെ പച്ചക്കായയ്ക്ക്  നേരിയ പുളിയും ചവര്‍പ്പുമാണ് രസമെങ്കില്‍ ചുവന്നാല്‍ കായ്കള്‍ക്ക് മധുരംകലര്‍ന്ന പുളിരസമാകും. സവിശേഷമായ ഈ പുളിരസമാണ് കാട്ടുപുളിച്ചിയെ ഇതരപുളിമരങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. മധ്യേഷ്യയിലും ഏഷ്യാവന്‍കരയുടെ കിഴക്കന്‍ പ്രദേശങ്ങളിലും ഈ ഫലവൃക്ഷം സമൃദ്ധമായി വളരുന്നു.

ഇതിന്റെ പഴം അതേപടി കഴിക്കാന്‍ നന്ന്. ധാരാളം പെക്റ്റിന്‍ ഉള്ളതിനാല്‍ ജാം, ജെല്ലി, സോസ് എന്നിവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. പഞ്ചസാരയേക്കാള്‍ കൂടുതല്‍ അമ്ലങ്ങളാണ് പഴത്തിലുള്ളത്. മത്സ്യം, മാംസം എന്നിവ പാകംചെയ്യുമ്പോള്‍ സ്വാദേറ്റാനും കാട്ടുപുളിച്ചി ഉപകരിക്കുന്നു. ഇലകളില്‍നിന്ന് തലവേദന ശമിപ്പിക്കാന്‍ ഔഷധം തയ്യാറാക്കുന്നു. തടി കഴുക്കോലിനും തൊലി കയര്‍നിര്‍മാണത്തിനും ഉപയോഗിക്കുന്നു. വിത്തുവഴിയാണ് വംശവര്‍ധന. ഒട്ടുതൈ തയ്യാറാക്കിയുള്ള പ്രജനനശ്രമങ്ങളും നടക്കുന്നു. ഹിമാലയത്തിന്റെ അടിവാരംമുതല്‍ കന്യാകുമാരിവരെയുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്ന പുളിച്ചിയെ ഇനിയും നാം അറിയേണ്ടതുണ്ട്.

കടപ്പാട്- മാതൃഭൂമി.കോം

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate