অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൃഷിയും പുത്തന്‍ അറിവുകളും

ഔഷധ - പുഷ്പ - വാണിജ്യ വിളകള്‍

പഞ്ചസാരയേക്കാള്‍ 30 ഇരട്ടി മധുരമുള്ള മധുരതുളസി

പഞ്ചസാരയെക്കാള്‍ 30 ഇരട്ടി മധുരമുള്ള ഒരു ചെടിയാണ് മധുരതുളസി. ഇതിന്‍റെ ഇല ഭക്ഷണത്തിന് ഉപയോഗിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അടുത്തിടെയാണ് അനുമതി നല്‍കിയത്. ശീതളപാനീയങ്ങള്‍ ബീയര്‍,ബിസ്ക്കറ്റുകള്‍ എന്നിവയില്‍പഞ്ചസാരയ്ക്ക് പകരം മധുരതുളസി ചേര്‍ക്കാന്‍ തുടങ്ങിയതോടെ ഇതിന്‍റെ ആവശ്യകത പതിന്മടങ്ങ് വര്‍ദ്ധിച്ചു. മധുരം അമിതമാണെങ്കിലും ഇതിന്‍റെ ആരോഗ്യ ഗുണങ്ങള്‍ പറഞ്ഞറിയിക്കാന്‍ ആവാത്തതാണ്. പ്രമേഹം രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിത ശൈലീരോഗങ്ങളും, താരന്,  മുടികൊഴിച്ചില്‍ തുടങ്ങിയവയും നിയന്ത്രിക്കാന്‍ മധുരതുളസി സഹായിക്കുന്നു.

മധുര തുളസികൃഷി വളരെ ലളിതമാണ്. കേരളമടക്കം ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലേയും കാലാവസ്ഥ മധുര തുളസി കൃഷിക്ക് അനുയോജ്യമാണ്. മധുരതുളസിയുടെ വേരുകളാണ് നടേണ്ടത്. ഒന്നു മുതല്‍ രണ്ട് മാസക്കാലമാണ് ചെടിയുടെ പാകമാകാനുള്ള സമയം.

ചെടികളില്‍ വെള്ളനിറത്തിലുള്ള പൂക്കള്‍ പ്രത്യക്ഷപ്പെടുന്നതോടെയാണ് വിളവെടുപ്പ് സമയം ആരംഭിക്കുന്നത്. പാകമായ ഇലകള്‍ കത്രിച്ചെടുത്തശേഷം ഉണക്കുന്നു. ഇലകള്‍ ഉണങ്ങുവാന്‍ 6മുതല്‍ 8മണിക്കൂര്‍ വരെ സമയം മതിയാകും. നന്നായി ഉണങ്ങിയ ഇലകള്‍ മില്ലുകളില്‍ പൊടിക്കുന്നു. പ്രമേഹരോഗികള്‍ക്ക് ഉപയോഗിക്കാവുന്ന സീറോ കാലറി മാത്രമാണ് മധുര തുളസിയിലുള്ളത്.
പ്രമേഹരോഗികള്‍ക്ക് പഞ്ചസാരയ്ക്കു പകരമായി മധുര തുളസി ഉപയോഗിക്കാം. ഇതില്‍ അടങ്ങിയിട്ടുള്ള സ്റ്റീവിയോള്‍, ഗ്ലൂക്കോസൈഡ് ഇവ സംയുക്തമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിപ്പിച്ചു കൊണ്ടാണ് മധുര തുളസി നമ്മുടെ ശരീരത്തില്‍പ്രവര്‍ത്തിക്കുന്നത്.

രക്തംസമ്മര്‍ദ്ദം നിയന്ത്രിക്കുവാന്‍ മധുരതുളസി സഹായിക്കുന്നു. ശരീരത്തിന്റെ ഭാരം കുറയ്ക്കാനും മധുര തുളസി ഉത്തമമായ മാര്‍ഗ്ഗമാണ്. കൊഴുപ്പേറിയ ഭക്ഷണത്തോടുള്ള ആര്‍ത്തി ഇല്ലാതാക്കാന്‍ മധുരതുളസി സഹായിക്കുന്നു.

വീട്ടു വളപ്പില്‍ പുളിവെണ്ട നട്ടുവളര്‍ത്താം

ചെമ്പരത്തി, വെണ്ട എന്നിവ ഉള്‍പ്പെട്ട മാല്‍വേസിയേ സസ്യകുടുംബത്തിലെ ആകര്‍ഷകമായ ഒരു വിവിധോദ്ദേശ്യ വാര്‍ഷിക വിളയാണ് പുളിവെണ്ടഅഥവാ മത്തിപ്പുളി. ആഫ്രിക്കയുടെ ഉഷ്ണമേഖലാ പ്രദേശമാണിതിന്‍റെ ജന്മനാടെങ്കിലും ഏകദേശം 1500-2000 മില്ലി മീറ്റര്‍ വാര്‍ഷിക മഴ ലഭിക്കുന്ന ലോകത്തിലെ ഒട്ടുമിക്ക ഉഷ്ണമേഖലാപ്രദേശങ്ങളിലും ഇത് കാണുന്നു. റോസെല്ലെ, റെഡ് സോറല്‍, ജമൈക്കന്‍ സോറല്‍ എന്നീ ഇംഗ്ലീഷ് വിളിപ്പേരുകളില്‍ അറിയപ്പെടുന്ന ഇതിന്‍റെ ശാസ്ത്രനാമം 'ഹൈബിസ്‌ക്കസ് സബഡാരിഫ' എന്നാണ്.ആഫ്രിക്ക, ഏഷ്യ, പാപ്പുവ ന്യൂഗ്വിനിയ, പസഫിക് ദ്വീപ സമൂഹങ്ങള്‍ എന്നിവിടങ്ങളില്‍ ഒരുഗൃഹോദ്യാന വിളയായി ഇത് വളര്‍ത്തുന്നു. സുഡാനില്‍ (വിശിഷ്യാ പടിഞ്ഞാറന്‍ സുഡാനില്) ബജ്‌റ കഴിഞ്ഞാല്‍ കയറ്റുമതി വിളകളില്‍ രണ്ടാം സ്ഥാനത്താണ് റോസെല്ലെ. ഇത് വളരെയധികം പോഷക ഔഷധഗുണമുളളതും, ഇലകളും ദളപുടങ്ങളും ഭക്ഷ്യയോഗ്യവും, ചണം പോലെ വ്യാവസായികാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന നാരുകളുടെ സ്രോതസ്സുമാണ്.

പൂര്‍ണ്ണ വളര്‍ച്ചയെത്തിയ റോസെല്ല ചെടിയ്ക്ക് ഏകദേശം ഏഴടി ഉയരം വരും. വെണ്ടപോലെ തന്നെ വളരെയധികം ശിഖരങ്ങള്‍ ഉണ്ടാകും. ചെറുരോമങ്ങളോടുകൂടിയ ചുവന്നതണ്ട് ആകര്‍ഷകം. ചെമ്പരത്തി ഇലകള്‍ പോലെ വീതി കുറഞ്ഞ ഇലകള്‍ 3 മുതല്‍ 5 വരെ ലോബുകളുളളതുമാണ്. ചിലപ്പോള്‍ ഏഴുവരെ ലോബുകള്‍ ഉളളതായി കാണാം. ചെറിയ ചെടികളിലും പ്രായമായ ചെടികളുടെ മുകള്‍ വശത്തും ലോബുകള്‍ ഇല്ലാത്ത ഇലകള്‍ കണ്ടുവരുന്നു. പച്ചിലകളുടെ ഞരമ്പിന് ചുവപ്പു നിറമാണ്. ആകര്‍ഷക മഞ്ഞപ്പൂക്കളുടെ ഉള്‍വശത്തിന് മറൂണ്‍ നിറവും. 15-30 മില്ലി. മീറ്റര്‍ നീളത്തില്‍ മാംസളവും അടിഭാഗത്ത് കൂട്ടി യോജിച്ച അഞ്ചു ചുവന്നു തടിച്ച ബാഹ്യദളങ്ങളും ആണ്. പൂവിന്‍റെയും ഫലത്തിന്‍റെയും ഏറ്റവും ആകര്‍ഷകമായ ഭാഗം. ഇതിനുളളില്‍ അഞ്ച് അറകളും ഏകദേശം 18-20 മില്ലി മീറ്റര്‍ നീളവുമുളള കായ്കളുണ്ട്. ഓരോ അറയ്ക്കുളളിലും 3-4 വിത്തു വീതം ഉണ്ട്. കായ്പാകമാകുമ്പോള്‍ വെയില്‍ കൊണ്ടുണങ്ങി താനെ പൊട്ടി വൃക്ക ആകൃതിയിലുളള വിത്തുകള്‍ പുറത്തുവരും.

ഭക്ഷ്യയോഗ്യമായ ഇലയ്ക്കും വിദളത്തിനും പുളിരസമാണ്. ഓരോ 100 ഗ്രാം വിദളത്തിലും പുളിരസമാണ്. ഓരോ 100 ഗ്രാം വിദളത്തിലും 86 ഗ്രാം ജലാംശവും, 11.31 ഗ്രാം കാര്‍ബോ ഹൈഡ്രേറ്റും, 0.96 ഗ്രാം മാംസ്യവും, 0.64 ഗ്രാം കൊഴുപ്പും അടങ്ങിയിരിക്കുന്നു. കൂടാതെ 14 മൈക്രോ ഗ്രാം ജീവകം എ, 0.011 മില്ലി ഗ്രാം ജീവകം ബി-1, 0.028 മില്ലി ഗ്രാംജീവകം ബി-2, 0.31 മില്ലി ഗ്രാം, ജീവകം ബി-3, 12 മില്ലി ഗ്രാം ജീവകം-സി, 46 മില്ലി ഗ്രാം കാത്സ്യം, 1.47 മില്ലി ഗ്രാം ഇരുമ്പ് എന്നിവയും ഉണ്ട്.

ഉപയോഗം അനവധി

ചുവന്നുതുടുത്ത വിദളങ്ങള്‍ സലാഡ്, ജ്യൂസ്, സ്‌ക്വാഷ്, ജെല്ലി, വീഞ്ഞ്, കേക്ക് തുടങ്ങിയവ ഉണ്ടാക്കാനുപയോഗിക്കുന്നു. ഉണക്കിപ്പൊടിച്ച വിദളങ്ങള്‍ക്ക് വിവിധ ഉപയോഗങ്ങളുണ്ട്. കിളുന്നിലകള്‍ അച്ചാറുണ്ടാക്കാനുപയോഗിക്കുന്നു. ഇലകള്‍ കൊണ്ടുണ്ടാക്കിയ കോങ്കുറ അച്ചാര്‍ ആന്ധ്രാപ്രദേശില്‍ വളരെ പ്രസിദ്ധവും വ്യാവസായികാ പ്രാധാന്യമുളളതുമാണ്. ഇലകളും വിദളങ്ങളും തേങ്ങ അരച്ചു ചമ്മന്തിയാക്കി ഉപയോഗിക്കാറുണ്ട്.കേരളത്തില്‍ ഇതിന്‍റെ വിദളങ്ങള്‍ മത്സ്യക്കറികളില്‍ പ്രത്യേകിച്ച്‌ മത്തി/ചെമ്മീന്‍ കറികളില്‍ വ്യാപകമായിഉപയോഗിക്കുന്നു. സുന്ദരമായ ഒരു ഉദ്യാനസസ്യം കൂടെയാണ് പുളിവെണ്ട.

വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പുളിവെണ്ടയുടെ ഇലകളും വിദളങ്ങളും ഉണക്കിപ്പൊടിച്ച്‌ ചായയുണ്ടാക്കി കഴിക്കുന്നു. ആഫ്രിക്കന്‍ ഗ്രാമങ്ങളില്‍ ഇതിന് വളരെ പ്രചാരമുണ്ട്. അള്‍സര്‍ പോലുളള അസുഖങ്ങള്‍ അമിത രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാന്‍ ഇത് അത്യുത്തമം. കാത്സ്യം സമൃദ്ധമായടങ്ങിയിരിക്കുന്നതിനാല്‍ ഇതിന്റെ ഉപയോഗം പല്ലിനും മോണയ്ക്കും നല്ലബലം നല്‍കുമെന്ന് കരുതുന്നു. ഫോസ്ഫറസ് അടങ്ങിയിരിക്കുന്നതിനാല്‍ പേശികള്‍ക്ക് ശക്തി പകരുവാനും ഇത് ഉപകരിക്കും. അര്‍ബുദ കോശങ്ങളുടെ തുടര്‍ വ്യാപനം പരിമിതപ്പെടുത്താനും ഇതിന്‍റെ ഉപയോഗം ഉപകരിക്കും. ഈ ദിശയിലുളള ഗവേഷണങ്ങള്‍ വിവിധയിടങ്ങളില്‍ പുരോഗമിച്ചു വരുന്നു. കരീബിയന്‍ നാടുകളില്‍ ക്രിസ്തുമസ് കാലത്ത് ഒരു പ്രത്യേക തരം പാനീയമുണ്ടാക്കാനും ഇതുപയോഗിക്കുന്നു.

അമേരിക്കയിലും ഏഷ്യയിലും യൂറോപ്പിലും പ്രകൃത്യായുളള ഭക്ഷ്യനിറമായി ഇതുപയോഗിച്ചുവരുന്നു. ഇതിന്റെ പൂവിതളുകളില്‍ നിന്നും സംസ്‌കരിച്ചെടുക്കുന്ന മഞ്ഞനിറം ഔഷധ വ്യവസായത്തില്‍ ഉപയോഗിക്കുന്നു.റോബെല്ലെ വിത്ത് ആഫ്രിക്കയില്‍ കോഴിത്തീറ്റയായുപയോഗിക്കുന്നു. ഇതിന്‍റെ വിത്തില്‍ ഏകദേശം 20% എണ്ണ അടങ്ങിയിട്ടുണ്ട്. ഈ എണ്ണ നല്ല ഒരു ലൂബ്രിക്കന്‍റായതിനാല്‍ വ്യാവസായിക ഉപയോഗവുമുണ്ട്.

നട്ടു വളര്‍ത്താം

മെയ് മാസത്തില്‍ വിത്തു വിതച്ച്‌ ഒക്‌ടോബര്‍ മാസത്തോടെ പുഷ്പിക്കുന്ന ചെടികളില്‍ നിന്ന് ജനുവരി മാസം വരെ ഇലകളും വിദളങ്ങളും ശേഖരിക്കാം. ജനുവരി അവസാനത്തോടെ വിത്തെടുക്കാനും കഴിയും. വിത്തു കൂടാതെ ആരോഗ്യമുളള മൂത്ത തണ്ടിന് കഷ്ണങ്ങള്‍ നട്ടും തൈകള്‍ വളര്‍ത്താം. മണല്‍ കലര്‍ന്ന നീര്‍വാര്‍ച്ചയും നല്ല ജൈവാംശവുമുളള മണ്ണാണ് ഉത്തമം. മഴയില്ലെങ്കില്‍ നനച്ചു കൊടുക്കണം.പുഷ്പിച്ച്‌ ഏകദേശം പത്തു ദിവസം കഴിഞ്ഞാല്‍ വിദളങ്ങള്‍ വിളവെടുത്തു തുടങ്ങാം. വിളവെടുക്കുന്തോറും കൂടുതല്‍ പുതിയ മുകുളങ്ങളും പുഷ്പങ്ങളും ഉണ്ടാകുകയും തുടര്‍ വിളവെടുപ്പ് സാധ്യമാകുകയും ചെയ്യും. ഒരു ചെടിയില്‍നിന്നും അഞ്ചു കിലോ വരെ കായ്കള്‍ കിട്ടും. അധിക വിദളങ്ങള്‍ വില്‍ക്കുകയോ ഉണക്കിപ്പൊടിച്ച്‌ കുപ്പിയിലാക്കി സൂക്ഷിച്ച്‌ ആവശ്യത്തിന് ഉപയോഗിക്കുകയോ ചെയ്യാം.

ഇന്ദ്രിയങ്ങളെ ഉണര്‍ത്തുന്ന ബ്രസീലിയന്‍ സ്നാപ്ഡ്രാഗണ്‍

വര്‍ഷം മുഴുവന്‍ പുഷ്പിക്കും. പൂക്കള്‍ ദീര്‍ഘനാള്‍ കേടാകാതെ നില്ക്കും. വെട്ടുപൂക്കളായി ഉപയോഗിക്കാന്‍ ഉത്തമം. സവിശേഷ രൂപമുള്ള പൂക്കള്‍ക്ക്വയലറ്റ് കലര്‍ന്ന നീലയോ പര്‍പ്പിള്‍ നിറമോ ആകാം. പൂവിന്‍റെ ചുവടറ്റത്ത് ഉള്‍ഭാഗത്ത് വെളുത്ത കണ്ണുപോലൊരു ഭാഗം. ഇത്രെയുമാണ് ആമസോണ് ബ്ലൂ. ബ്രസീലിയന്ന്‍ സ്നാപ്ഡ്രാഗണ്‍ എന്നും ഇതറിയപ്പെടുന്നുണ്ട്. ‘ഒട്ടോകാന്തസ് സെറൂളിയസ്’ എന്നാണ് സസ്യനാമം. ‘സെറൂളിയസ്’  എന്ന ലാറ്റിന് വാക്കിന്‍റെ അര്ഥം തന്നെ ആകാശ നീലിമയെന്നാണ്. കിഴക്കന്‍ ബ്രസീലിന്‍റെ സന്തതിയാണ് സുന്ദരിയായ ഈ ഉദ്യാനപുഷ്പിണി. ദീര്ഘനാള്‍ വളരുന്ന സ്വഭാവമുള്ള ഒരു കുറ്റിച്ചെടി എന്നു പറയാം. ഒരു മീറ്റര്‍ വരെ ഉയരം വയ്ക്കും. തണ്ടില്‍ എതിര്‍ ഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന പച്ചിലകളുടെ അഗ്രം കൂര്‍ത്തതാണ്. ഇലകള്‍ക്ക് പുതിനയുടെയും ദേവദാരുവിന്‍റെ ഇലകളുടെയും സമ്മിശ്ര സുഗന്ധം. പൂക്കള്‍ വിടരുന്നത് ചെടിയുടെ അഗ്രഭാഗത്താണ്. പൂവിന്‍റെ താഴത്തെ ഇതളിലാണ് വെളുത്ത പാടുള്ളത്. പൂക്കള്‍ കുലകളായാണ് വിടരുക. നല്ലവെയിലത്തും പാതി തണലുള്ളിടത്തും ആമസോണ്‍ ബ്ലൂ വളരും. ജൈവവളപ്പറ്റുള്ള നീര്‍വാര്‍ച്ച സ്വഭാവമുള്ള കളിമണ്ണാണുത്തമം. തെല്ല് പുളിരസമുള്ള മണ്ണായാലും തകരാറില്ല. ഇന്ദ്രിയങ്ങള്‍ക്ക് ഉണര്‍വു പകരാനുള്ള ഉദ്യാനങ്ങള്‍ക്ക് (സെന്‍സറി ഗാര്‍ഡന്‍ ) അനുയോജ്യമായ പൂച്ചെടിയാണ് ആമസോണ്‍ ബ്ലൂ. ഈ പൂച്ചെടിയുടെ ഇലകള്ക്ക് പ്രകൃതി തന്നെ നല്കിയിരിക്കുന്ന സവിശേഷ സുഗന്ധമാണ് ഇതിനൊരു പ്രധാന കാരണം. ചെടിയുടെ ഇലകളില്‍ വിരലുകള്‍ കൊണ്ട് മൃദുവായി ഉരസുകയോ തട്ടുകയോ ചെയ്താല്‍ സുഗന്ധം അനുഭവിക്കാം. നനവ് സുലഭമായി കിട്ടുന്ന തണലിടങ്ങളിലും ഈര്‍പ്പസമൃദ്ധമായ വനമേഖലകളിലും അമസോണ്‍ ബ്ലൂ സമൃദ്ധമായി വളരും. പൊതുവേ പറഞ്ഞാല്‍ ഏത് പ്രതികൂലസാഹചര്യത്തിലും വളരാന്‍ കഴിവുണ്ട്. റഫ് ആന്റ് ടഫ് സ്വഭാവം  എന്നാണ് ഉദ്യാനകൃഷി വിദഗ്ധര്‍ ഇതിനെ വിശേഷിപ്പിക്കുക. അതുകൊണ്ടുതന്നെ രോഗ – കീടബാധകളും പേടിക്കേണ്ടതില്ല. പുഴു, ചെള്ള്, ഒച്ച് തുടങ്ങിയവയൊന്നും ആമസോണ്‍ ബ്ലൂവിനെ തേടിയെത്താറില്ല.

തണ്ടുമുറിച്ചു നട്ടു വളര്‍ത്താം

തണ്ടുമുറിച്ചു നട്ടാണ് ആമസോണ്‍ ബ്ലൂ വളര്‍ത്തുന്നത്. ജൈവവളങ്ങള്‍ നല്കാം. വളര്‍ച്ച ത്വരിതപ്പെടുത്താണ് രാസവളമിശ്രിതങ്ങള്‍ നിശ്ചിതയളവില്‍ വെള്ളത്തില്‍ ലയിപ്പിച്ച് തടത്തിലൊഴിച്ചു കൊടുക്കുകയുമാവാം. തറയിലും ചട്ടിയിലും വളര്‍ത്താം. അന്തരീക്ഷത്തിലെ ചൂടു താങ്ങാന്‍ ഇതിനു പ്രത്യേക കഴിവുണ്ട്. പൂക്കള്‍ ഇറുത്തെടുത്താലും ഈര്‍പ്പസാന്നിധ്യമുണ്ടെങ്കില്‍ 6 മുതല്‍ 9 ദിവസം വരെ പുതുമ നഷ്ടമാകാതെ നിലനില്ക്കും.ചില അവസരങ്ങളില്‍ ഇത് നാലാഴ്ച വരെയും തുടരും. ചുരുക്കത്തില്‍ ഓര്‍ക്കിഡ് പൂക്കളോട് സമാനമായ ദീര്‍ഘായുസാണ് ആമസോണ്‍ ബ്ലൂ പുഷ്പസുന്ദരിമാര്‍ക്ക് . ജൂലൈ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ ഇതില്‍ നിരന്തരം പൂക്കളുണ്ടാകും. കേരളത്തില്‍ ആമസോണ്‍ ബ്ലൂ വര്‍ഷം മുഴുവന്‍ പൂചൂടും. ഇതിന്‍റെ ഇലകളില്‍ ഫീനോളിക് സംയുക്തങ്ങള്‍, സ്റ്റിറോയിഡുകള്‍, ആല്‍ക്കലോയിഡുകള്‍, ടെര്‍പിനോയിഡുകള്‍, ടാനിന്‍ എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഇതിനാല്‍ ഇലകളക്ക് നിരോക്സീകാര സ്വഭാവവുമുണ്ട്. ഇലകളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന സത്തിന് അണുനശീകരണശേഷിയുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തില്‍ ഇതിന് ഉപയോഗവുമുണ്ട്. വീട്ടുവളപ്പുകളില്‍ അനായാസം വളര്‍ത്താവുന്ന അലങ്കാരസസ്യമാണ് ആമസോണ്‍ ബ്ലൂ.

നവംബറില്‍ റോസ് നടാം

റോസിന്‍റെ നടീല്‍, പ്രൂണിങ്, വളം ചേര്‍ക്കല്‍, കീടരോഗ പരിചരണം എന്നീ കാര്യങ്ങളില്‍ വളരെയേറെ ശ്രദ്ധിച്ചാലേ നല്ലവണ്ണം പുഷ്പിക്കുകയുള്ളൂ. നവംബറില്‍ റോസ് നടാം. കൊമ്പുകോതലും ( പ്രൂണിങ് ) , ഇടയിളക്കി വളം ചേര്‍ക്കലും ഇപ്പോള്‍ത്തന്നെ ചെയ്യണം. വളര്‍ന്നു നീണ്ട കൊമ്പുകള്‍ മുറിച്ചു മാറ്റുകയും ഇടയിളക്കുകയും വളമിടുകയുമൊക്കെ നവംബര്‍ ആദ്യപകുതിയില്‍ത്തന്നെ നടത്തണം. ഇങ്ങനെ വളമിട്ടു നനച്ചാല്‍ ഡിസംബര്‍ അവസാനത്തോടെ നിറയെ പുഷ്പിക്കും. പിന്നീട് പൂക്കള്‍ വിരിഞ്ഞതിനു ശേഷം ഒന്നുകൂടി പരിചരിച്ചാല്‍ കടുത്ത വേനലിലും നിറയെ പൂക്കള്‍ കിട്ടും. ആവശ്യമില്ലാത്ത ചില്ലകളും ഇലകളും മുറിച്ചുനീക്കി റോസിന്‍റെ ആകാരഭംഗി നിലനിര്‍ത്താത്താനും ഏറെ പൂക്കള്‍ വിരിയാനും അവസരമൊരുക്കണം. ഇതാണ് കൊമ്പു കോതലിന്‍റെ പ്രാധാന്യവും. ആരോഗ്യമില്ലാത്തതും ഉണങ്ങിയതും കീട ശല്യമുള്ളതുമായ ശാഖകളെല്ലാം മുറിച്ചു നീക്കി നല്ല നാലഞ്ചു ശാഖകള്‍ മാത്രം നിര്‍ത്തിയാല്‍ മതി. ഇത്തരം ശാഖകള്‍ക്ക് ഒരടിയിലധികം നീളം പാടില്ല. നല്ല മൂര്‍ച്ചയേറിയ കത്തിയോ സിക്കേച്ചറോ ബ്ലേഡോ കൊണ്ട് കൊമ്പുനീക്കണം. പുറം ഭാഗത്തേക്ക് വളരുന്ന മുകുളം നോക്കി, അതിന് അല്പം മുകളില്‍ വെച്ച്, പുറത്തേക്ക് താഴോട്ടു ചരിച്ച് തൊലി ചതയാതെ വേണം മുറിക്കേണ്ടത്. വിവിധ തരം റോസുകള്‍ ഇന്ന് പ്രചാരത്തിലുണ്ട് . ഇതിനനുസരിച്ച് കൊമ്പു കോതലിലും വ്യത്യാസങ്ങള്‍ കാണാം. ഹൈബ്രിഡ് ടീ, ഫ്‌ലോറി ബണ്ട ,പോളിയന്താ, മിനിയേച്ചര്‍ എന്നിവയാണ് റോസിന്റെ തരങ്ങള്. ഹൈബ്രിഡ് ടീ ഇനത്തില്‍, ആരോഗ്യമുള്ള നാലോ അഞ്ചോ ശിഖരങ്ങള്‍ ഒഴികെ ബാക്കിയുള്ളവ ചുവട്ടില്‍ നിന്ന് നാലിഞ്ച് മുകളിലായി മുറിച്ചു നീക്കുന്നു. ഏറ്റവും മുകളിലുള്ള മുകുളം നിലനിര്‍ത്തി വേണം ചെരിച്ചുള്ള പ്രൂണിങ്ങ് നടത്താന്‍. ഫ്‌ലോറി ബണ്ട റോസിനത്തില്‍ നേരിയ തോതില്‍ കൊമ്പു കോതിയാല്‍ മതി. തലേ വര്‍ഷത്തെ പഴകിയ കൊമ്പു നീക്കണം. ഇളയ കൊമ്പുകള്‍ ഒഴിവാക്കി നിര്‍ത്തണം. പോളിയന്തയില്‍ വളരുന്ന തല ഭാഗം നുള്ളിക്കളയുന്ന മൃദുവായ കൊമ്പുകോതലാണ് വേണ്ടത്. പ്രൂണിങ്ങിനു ശേഷം മുറിപ്പാടുകളില്‍ ബോര്‍ഡോ കുഴമ്പു പുരട്ടിയിടാന്‍ മറക്കരുത് . മിനിയേച്ചര്‍ റോസില്‍, ഉണങ്ങിയ തണ്ടുകള്‍ മാത്രം നീക്കിയാല്‍ മതിയാകും. ആരോഗ്യമുള്ള റോസാ ചെടിയില് ആദ്യം പ്രൂണിങ് നടത്തണം. രോഗം വന്നവയെ പിന്നീട് കോതിയാല്‍ മതി. അതല്ലെങ്കില്‍ കത്തിയിലൂടെ രോഗാണു വ്യാപനം നടന്നേക്കും റോസിന്റെ ചുവട്ടില്‍ മണ്ണിളക്കി കളനീക്കണം. നനയ്ക്കാന്‍ മറക്കരുത്. (പ്രൂണിങ്ങിനു മുന്‍പായി ഓരോചെടിക്കും അഞ്ച് കിലോഗ്രാം ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേര്‍ക്കണം.കൊമ്പുമുറിക്കുന്നത് പിന്നീട് ചെനപ്പുകള്‍ വളരാന്‍ സഹായിക്കും. പുതിയ ചെനപ്പുകള്‍ വളര്‍ന്നാല്‍ റോസ് മിക്‌സ്ചര്‍ രാസവളക്കൂട്ട് 30 ഗ്രാം വീതം ഓരോ ചെടിക്കും നല്കണം .ചെടിച്ചുവട്ടില്‍ നിന്ന് ഒരു ചാണ്‍ അകലത്തില്‍ മണ്ണിളക്കി വളമിടണം. നന നിര്‍ബന്ധമാണെന്നോര്‍മിക്കുക. നിലക്കടലപ്പിണ്ണാക്ക്, എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക്, എന്നിവയും നല്ല വളങ്ങളാണ്. യൂറിയ, മസ്സൂരി ഫോസ്‌ഫേറ്റ്, മ്യൂറിയേറ്റ് ഓഫ്പൊട്ടാഷ് എന്നിവ 1:3:2 എന്ന അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തിയും റോസിനു ചേര്‍ക്കാം. സൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടിച്ചുവട്ടില്‍ ഒഴിക്കുന്നതും തളിക്കുന്നതും നല്ലതാണ്. പുതിയ റോസാച്ചെടികള്‍ ചെടിച്ചട്ടിയിലും നേരിട്ടു മണ്ണിലും നടാം. നേരിട്ടു വെയിലേല്‍ക്കുന്ന സ്ഥലത്താണ് നടേണ്ടത്. തണലധികരിച്ചാല്‍ പൂക്കള്‍ കുറയും. കീട രോഗമേറും. രോഗ കീട ചികിത്സ റോസില്‍ നടത്താനുള്ള സമയമാണിത്.

ബ്രഡ് ഫ്ളവര്‍ എന്ന അലങ്കാരച്ചെടി

ഇന്തോനേഷ്യയിലെ ജാവ, സുമാത്ര ദേശങ്ങളാണ് ബ്രഡ്ഫ്ളറിന്‍റെ ജന്മസ്ഥലം. ഓഫ് വൈറ്റ് നിറത്തില്‍ കപ്പുപോലെ വിടരുന്ന പൂക്കള്‍ക്ക് ആരെയും വിസ്മയിപ്പിക്കുന്ന സവിശേഷ ഗന്ധം.  ഫ്രഷ് ബ്രഡിന്‍റെ സവിശേഷമായ സുഗന്ധം ഈ പൂവിന്‍റെ പ്രത്യേകതയാണ്. ശിഖരാഗ്രങ്ങളില്‍ കുലകളായി അതിരാവിലെയാണ് പൂക്കള്‍ വിടരുക. എങ്കിലും സായാഹ്നമാകുമ്പോഴേക്കാണ് ഇതിന്‍റെ സുഗന്ധം ഉച്ചസ്ഥായിയില്‍ എത്തുന്നത്. ഇതു തന്നെയാണ് “വല്ലേരിസ് ഗാബ്ര” എന്ന പേരായ റൊട്ടിപ്പൂവിനെ ഇതര പൂച്ചെടികളില്‍ നിന്നു വ്യത്യസ്തയാക്കുന്നത്.. ദീര്ഘനാള്‍ വളരാന്‍ കഴിവുള്ള നിത്യഹരിത സ്വഭാവക്കാരിയായ വള്ളിച്ചെടിയാണിത്. ഉഷ്ണമേഖലാ പ്രദേശങ്ങളിലെല്ലാം അനായാസം വളരും. 2 മുതല്‍ 3 മീറ്റര്‍ വരെ ഉയരത്തില്‍ ഇത് പടര്‍ന്നു കയറും. ഇത്രയും തന്നെ ഇത് പടര്‍ന്നു വളരും. ഇളംപച്ച നിറത്തില്‍ തിളക്കമുള്ള ഇലകള്‍ക്ക് ദീര്‍ഘവൃത്താകൃതിയാണ്. ഇലയഗ്രം കൂര്‍ത്തമുനപോലിരിക്കും. തണ്ട് കനം കുറഞ്ഞതും ഇളം ചാരനിറമുള്ളതുമാണ്. അഗ്രം കൂര്‍ത്ത അഞ്ച് വെളുത്ത ഇതളുകളാണ് പൂക്കളുടെ പ്രത്യേകത. ഇതളുകള്‍ പരസ്പരം കവിഞ്ഞു കിടക്കും. വളര്‍ത്താന്‍  താരതമ്യേന എളുപ്പമാണ് റൊട്ടിപ്പൂച്ചെടി. നല്ല വെളിച്ചമോ ഭാഗിക സൂര്യപ്രകാശമോ ആകാം. ഇടത്തരം നനവു മതി. ചെടിത്തടം കമ്പോസ്റ്റോ കരിയിലയോ കൊണ്ട് പുതച്ച് വളര്‍ത്തിയാല്‍ നന്നാകും. ഉഷ്ണകാലത്തു ചെടിത്തടത്തില്‍ ഊഷ്മാവ് വര്‍ധിക്കാതിരിക്കാന്‍ ഇത് സഹായിക്കും. ജൈവവളങ്ങള്‍ക്കു പുറമേ ഫോസ്ഫറസ് വളം ചേര്‍ത്താല്‍ ചെടി പുഷ്പിക്കും. എന്നാല്‍ നൈട്രജന്‍ വളം കുറച്ചേ ചേര്‍ക്കാന്‍ പാടുള്ളൂ. അമിതമായി ശിഖരം കോതി പ്രൂണിംഗ് നടത്തേണ്ടതില്ല. കാരണം, പുതിയ ശിഖരങ്ങളില്‍ നിന്നാണ് കൂടുതല്‍ പൂക്കള്‍ വിടരുക. തണ്ട് മുറിച്ചും ഒട്ടുതൈകള്‍ നട്ടും വായുവില്‍ പതിവച്ചെടുക്കുന്ന എയര്‍ലെയറുകളായും പുതിയ ചെടി വളര്‍ത്താം. ബ്രഡ് ഫ്ളവര്‍ ചെടിയുടെ തണ്ടിന്‍റെ ഒരു ഭാഗം മണ്ണിലേക്കു മുട്ടിച്ച് ഇഷ്ടിക താങ്ങി വച്ചാല്‍ അതില്‍ നിന്നു വേരും തണ്ടും പൊട്ടി, പുതിയ തൈ വളരുന്നതു കാണാം. എന്നാല്‍ വള്ളികള്‍ അത്യാവശ്യം മുറിച്ച് ചട്ടികളില്‍ ഇത് കുറ്റിച്ചെടിയാക്കി ഒതുക്കി വളര്‍ത്താം. വെട്ടുപൂവായും പൂക്കള്‍ ഉണക്കി ഡ്രൈ ഫ്ളവര്‍ ആയും മാറ്റാം. മലയായിലെ സുന്ദരികള്‍ തങ്ങളുടെ മുടിക്കെട്ടില് റൊട്ടിപ്പൂവ് തിരുകിവയ്ക്കുക പതിവായിരുന്നു, മലയന്‍ വിവാഹച്ചടങ്ങുകളില്‍ ബുംഗ റാംപെയ് എന്ന സമ്മിശ്ര സുഗന്ധക്കോപ്പ തയാറാക്കാന്‍ റൊട്ടിപ്പൂക്കള്‍ ഉപയോഗിച്ചിരുന്നു. തായ്ലന്‍ഡ്, തെക്കു-കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ ഈ ഉദ്യാനസസ്യം ലാന്ഡ്സ്കേപ്പിംഗിലെ പ്രധാന ചേരുവയാണ്. കമാനങ്ങളില്‍  പടര്‍ത്തി വളര്‍ത്താന്‍ ഉത്തമമാണിത്.

ചിത്രശലഭങ്ങളെ ആകര്‍ഷിക്കാന്‍ സവിശേഷ സിദ്ധിയുള്ളതിനാല്‍ ബട്ടര്‍ഫ്ലൈ ഗാര്‍ഡനുകള്‍ക്ക് അനുയോജ്യമായ ചെടിയാണ് റൊട്ടിപ്പൂച്ചെടി. ഡിസംബര്‍ മുതല്‍ ഏപ്രില്‍  വരെയാണ് ഇതിന്‍റെ പൂക്കാലം. വൈകുന്നേരത്തോടെ സുഗന്ധം വാരിവിതറുന്ന വെളുത്ത പൂക്കളുള്ള ഉദ്യാന സസ്യമായതിനാല്‍ മൂണ്‍ ഗാര്‍ഡനുകള്‍ക്ക് മികച്ച ചേരുവയാണ് ബ്രഡ് ഫ്ളവര്‍ . മലേഷ്യയിലെ സംസ്ഥാന പുഷ്പം എന്ന പദവിയും റൊട്ടിപ്പൂവിനുണ്ട്. വലിയ ചട്ടികളില്‍ ഒതുക്കി വളര്‍ത്തിയാണ് പൂമുഖത്ത് അലങ്കാരച്ചെടിയായി വയ്ക്കാന്‍ ഉത്തമം. പടര്‍ത്തി വളര്‍ത്താനാണെങ്കില്‍ മറയായും മതിലുകളില്‍ കയറ്റിയും വളര്‍ത്താം.

അഴകും ഔഷധഗുണവുമുള്ള തെച്ചി

പണ്ടത്തെ തറവാടുകളി ലെപൂന്തോട്ടങ്ങളിലെ ഒരു സ്വകാര്യ അഹങ്കാരമായിരുന്നു ചെത്തി. ചുവന്ന്തുടുത്ത് ആരുടെയും മനം കവര്‍ന്നു നില്‍ക്കുന്ന അവ എല്ലാകാലത്തും പൂക്കള്‍ചൂടിനിന്നിരുന്നു. വസന്തകാലത്ത് ചില വളക്കൂറുള്ള മണ്ണുകളില്‍ ഇലകാണാത്തവിധം അത് പൂത്തുലയും . അപ്പോള്‍ ചുവപ്പിന്റെ ഒരു ചെറുകുന്ന്നില്‍ക്കുന്നതുപോലെയുള്ള തോന്നലാണ് കാഴ്ചക്കാര്‍ക്ക്ഇത് നല്‍കുക. ആയുര്‍വേദത്തിലും ക്ഷേത്രാചാരത്തിലും ഇതിന് സമൂലം ഉപയോഗമുണ്ട്. തെറ്റിയെന്നും ചെത്തിയെന്നും വലിയ മരത്തിന്റെ രൂപത്തില്‍ വളരുന്നതിന് അശോകതെച്ചിയെന്നും കരവീരകം എന്നുമെല്ലാം വിളിക്കപ്പെടുന്ന ഇതിന്റെ ഔഷധയോഗമുള്ളത് ചുവപ്പ്‌, മഞ്ഞ എന്നീ നിറങ്ങളിലുള്ളതാണ്. അവ പതുക്കെ നമ്മുടെ പൂന്തോട്ടങ്ങളില്‍നിന്നും മറഞ്ഞുകൊണ്ടിരിക്കുകയാണ്‌. പകരം മറ്റു സ്ഥലങ്ങളില്‍ നിനിന്നുവരുന്ന ചെറിയ ഇലയും പൂവുമുള്ള ചട്ടികളില്‍ വളര്‍ത്താവുന്ന മറ്റു നിറങ്ങളിലുള്ളവ സ്ഥാനം പിടിച്ചിരിക്കുന്നു.

ഇക്സോറ കോക്സിനിയ എന്ന ശാസ്ത്രനാമമുള്ള ഈ കുറ്റിച്ചെടി റൂബിയേസി കുടുംബക്കാരനാണ്.  ഈ ഏഷ്യന്‍ വംശജന് നാനൂറോളം വ്യത്യസ്ത ഇനങ്ങളുണ്ട്. ഇക്സോറ എന്ന് ആംഗലേയത്തില്‍ പറയുന്ന ഇത് ആയുര്‍വേദത്തില്‍ പല ത്വക് ത്വക് രോഗങ്ങള്‍ക്കുമുള്ള മരുന്നാണ്. ഒന്നര മീറ്റര്‍ മുതല്‍ രണ്ടര മീറ്റര്‍ വരെവളരുന്ന കുറ്റിച്ചെടിയാണിത്. അല്പം നീണ്ട ഇലകളുടെ അറ്റത്താണ് പൂക്കുലകള്‍ വിരിയുന്നത്. ദ്വിലിംഗ പുഷ്പങ്ങളാണ് ഉണ്ടാകുന്നത്. ചെറിയ കായകള്‍ ഉണ്ടാകുന്നു. പഴുക്കുമ്പോള്‍ അവയ്ക്ക് ഇരുണ്ട ചുവപ്പുനിറം വരുന്നു.

തൈകള്‍ തയ്യാറാക്കാം

മണ്ണ്, ചാണകപ്പൊടി, ചകിരിച്ചോറ് എന്നിവ 3:3:3 എന്ന തോതില്‍ ചേര്‍ത്ത് തയ്യാറാക്കിയ പോട്ടിങ്ങ് മിശ്രിതം ചെറിയ പോളിത്തീന്‍ കവറുകളില്‍ നിറച്ച് കുറഞ്ഞത് നാലിഞ്ച് നീളത്തില്‍ വെട്ടിയെടുത്ത കമ്പുകള്‍ വൈകുന്നേരങ്ങളില്‍ നട്ട് തൈകള്‍ തയ്യാറാക്കാം. കമ്പുകള്‍ നടുന്നതിന് മുമ്പ് മുരിങ്ങയുടെ ഇലയോ തണ്ടോ ചതച്ചതിന്‍റെ നീരില്‍ ഒരു മണിക്കൂര്‍ മുക്കിവെച്ചാല്‍ പെട്ടെന്ന് വേരു പിടിക്കും. അല്ലെങ്കില്‍ വിപണിയില്‍കിട്ടുന്ന വേഗം വേരു പിടിക്കാന്‍ ഉപയോഗിച്ചു വരുന്ന വളര്‍ച്ചാ ഹോര്‍മോണും ഉപയോഗിക്കാം. കമ്പു നട്ടു കഴിഞ്ഞ് രണ്ടാഴ്ച കൊണ്ട് വേരു പിടിക്കുകയും 20 ദിവസം കൊണ്ട്പുതിയ ഇലകള്‍ വരികയും ചെയ്യും. മൂന്ന് പുതിയ ഇലകള്‍വന്നുകഴിഞ്ഞാല്‍ ചട്ടിയിലേക്കോ പൂന്തോട്ടത്തിലേക്കോ മാറ്റി നടാം. ഇലകള്‍ വരുന്നതുവരെ തണലും ചെറിയ തോതില്‍ നനയും അത്യാവശ്യമാണ്.

നേരിട്ട് നട്ടുപിടിപ്പിക്കാം

മഴക്കാലത്ത് പൂന്തോട്ടത്തില്‍ ഒരടി ആഴവും വീതിയും നീളവുമുള്ള കുഴികളെടുത്ത് അതില്‍ചാണകപ്പൊടിയും മണലും സമാസമം നിറച്ചതിനുശേഷം അതില്‍ 100 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് 50 ഗ്രാം ഡോളമെറ്റ് എന്നിവ ചേര്‍ക്കുക. നന്നായി നനച്ച ശേഷം കുഴികളില്‍ കൊമ്പുകള്‍നടാം. ആദ്യ രണ്ടുദിവസം അല്പം തണലു നല്‍കുന്നത് നല്ലതാണ്. നന്നായി പടര്‍ന്നു പന്തലിച്ചു വളരുന്ന ഇവയില്‍ നിറയെ പൂക്കളുണ്ടാകാന്‍ കൊമ്പു കോതിക്കൊടുക്കുന്നത് നല്ലതാണ്. ചുവട്ടില്‍ ഒന്നരയടി വിട്ട് തടമെടുത്തതിന്ശേഷം രണ്ടുമാസം കൂടുമ്പോള്‍ ഒരിക്കല്‍ രണ്ടുകിലോ ചാണകപ്പൊടി, 250 ഗ്രാം കടലപ്പിണ്ണാക്ക് എന്നിവ നല്‍കാം. ചെറിയ പ്രായത്തില്‍ തളിരിലകളെ ആക്രമിക്കുന്ന ശലഭപ്പുഴുക്കളാണ് തെച്ചിയെ ബാധിക്കുന്ന പ്രധാന കീടം അവയെ തുരത്താന്‍ വേപ്പെണ്ണ എമെല്‍ഷന്‍ ഉപയോഗിച്ചാല്‍ മതി.വയറുവേദന , വയറിളക്കം, വ്രണം, ഗൊണോറിയ എന്നിവ ശമിപ്പിക്കാന്‍ വ്യത്യസ്തരീതിയില്‍ ഇതിന്‍റെ വേരും പൂവും സമൂലവും ഉപയോഗിച്ചു വരുന്നുണ്ട്. പണ്ട്മാറാത്ത വ്രണങ്ങള്‍ക്ക് തെച്ചിപ്പൂവ് ചതച്ച് എണ്ണകാച്ചി പുരട്ടുന്ന രീതിഉണ്ടായിരുന്നു.

മൃഗം-പക്ഷി -മത്സ്യ കൃഷി

തണുപ്പ് കാലത്ത് വളര്‍ത്തുമൃഗങ്ങള്‍ക്കും വേണം ഏറെ കരുതല്‍

മനുഷ്യരെപോലെ തന്നെ കാലാവസ്ഥ മൃഗങ്ങള്‍ക്കും വളരെ പ്രധാനപ്പെട്ടതാണ്. ലളിതമായ മാര്‍ഗങ്ങളിലൂടെ വളര്‍ത്തുമൃഗങ്ങളെ തണുപ്പില്‍ നിന്നും സംരക്ഷണം നല്‍കാം. പട്ടിക്കുഞ്ഞുങ്ങള്‍ക്കും മറ്റും ചൂടിനെയും തണുപ്പിനെയും സ്വാഭാവികമായി തടുക്കുവാനുള്ള ശേഷി കുറവാണ്. ഇതിനാല്‍ ഇവയെ വീടിന് പുറത്തേക്ക് കൊണ്ടുപോകുന്നുണ്ടെങ്കില്‍ വസ്ത്രങ്ങള്‍ ധരിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കൊടുംശൈത്യത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ നേരിടുന്ന പല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചേക്കും.

ഡ്രൈ ബെഡ്

തണുപ്പ് കാലത്ത് നിലത്ത് കിടക്കാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. ഇതുപോലെ തന്നെയാണ് മൃഗങ്ങളുടെ കാര്യവും. ഒരു ചെറിയ തുണിയോ മറ്റോ പുതപ്പായും കുഞ്ഞുതലയിണയുമാണ് ഇവയ്ക്ക് രാത്രിയില്‍ വേണ്ടത്. വീടിന് പുറത്താണെങ്കില്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് താപനിലക്കനുസരിച്ച്‌ കട്ടിക്കൂടിയതോ കുറഞ്ഞതോ ആയ പുതപ്പുകള്‍ ഉപയോഗിക്കുക.

വസ്ത്രങ്ങള്‍

വളര്‍ത്തുമൃഗങ്ങളെ തണുപ്പില്‍ നിന്നും സംരക്ഷണം നല്‍കാന്‍ പെറ്റ് വെയറുകള്‍ക്ക് സാധിക്കും. പട്ടികുഞ്ഞുങ്ങള്‍ക്ക് മുതിര്‍ന്നവരെ അപേക്ഷിച്ച്‌ മൃദുവായ പേശിയും തൊലിയുമാണ്. ഇതിനാല്‍ കൂടുതല്‍ സമയം തണുപ്പിനെ അതിജീവിക്കാന്‍ ഇവയ്ക്ക് സാധിക്കില്ല. ഇതിനാല്‍ അനിയോജ്യമായ ഡോഗി സ്വെറ്ററുകള്‍ വാങ്ങിച്ചു വെക്കുക.

തണുപ്പുകാലത്ത് രോമം വെട്ടികളയരുത്

വളര്‍ത്തു മൃഗങ്ങളെയും അവയുടെ കുഞ്ഞുങ്ങളെയും തണുപ്പിനോട് സ്വാഭാവികമായി ചെറുത്തുനില്‍ക്കുന്നതിനായി ശരീരത്തെ തയ്യാറെടുക്കുന്നതിനായി വീടിന് പുറത്തേക്ക് വിടാവുന്നതാണ്. ഇത് ശരീരത്തിലെ രോമവളര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ ഒരു പരിധി സഹായിക്കും. രോമങ്ങള്‍ വെട്ടികളായിതിരുന്നാല്‍ അതുവഴി ചൂട് നിലനിര്‍ത്തുകയും തണുപ്പില്‍ നിന്ന് സ്വാഭാവികമായ സംരക്ഷണവും ഇവയ്ക്ക് ലഭിക്കും.

ത്വക്കും പാദവും സംരക്ഷിക്കുക

തണുത്ത കാലാവസ്ഥയില്‍ വളര്‍ത്തുമൃഗങ്ങളുടെ ത്വക്കും പാദവും ചെവികളും ഇടയ്ക്കിടെ ഇടവേളകളില്‍ പരിശോധിക്കേണ്ടതാണ്. കാരണം തണുപ്പില്‍ ത്വക്കിലും പാദങ്ങളിലും വരള്‍ച്ച കാരണം മുറിവുകളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈ മുറിവിലെ വേദനകാരണം മൃഗങ്ങള്‍ക്ക് നടക്കാനും വലിയ ബുദ്ധിമുട്ടുണ്ടാക്കും.

പ്രശ്‌നങ്ങള്‍ മനസ്സിലാക്കുക

വളര്‍ത്തുമൃഗങ്ങള്‍ അസ്വസ്ഥരാകുന്നുണ്ടെങ്കില്‍ ഇതിന്‍റെ കാരണം മനസ്സിലാക്കാന്‍ നിങ്ങള്‍ശ്രമിക്കേണ്ടതാണ്. അസാധാരണാമായി ഇവ പെരുമാറുന്നുണ്ടെങ്കില്‍ പ്രത്യേകിച്ചും. വിറക്കുകയോ അവശനാവുകയോ എവിടെയെങ്കിലും പോയി കിടക്കുകയോ മറ്റോ ചെയ്താല്‍ എത്രയും പെട്ടെന്ന് ഇവയെ വീടിന് അകത്തേക്ക് കൊണ്ടുപോകേണ്ടതാണ്. ചിലപ്പോള്‍ ഇവ ഹൈപ്പോത്തെര്‍മിയയുടെ ലക്ഷണങ്ങളാകാം. ഹൈപ്പോത്തെര്‍മിയ ആണെന്ന് സംശയിക്കുന്നുവെങ്കില്‍ ഒട്ടും വൈകാതെ മൃഗ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

തണുത്ത വെള്ളവും ഭക്ഷണവും നല്‍കരുത്

വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷണകാര്യത്തില്‍ തണുപ്പ് കാലത്ത് വളരെയധികം ശ്രദ്ധനല്‍കേണ്ടതുണ്ട്. നിങ്ങളുടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് ചൂടുള്ള ആഹാരും വെള്ളവും മാത്രം കൊടുക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ശൈത്യകാലത്ത് തണുത്ത വെള്ളവും ഭക്ഷണവും കഴിക്കുന്നത് അവര്‍ക്ക് രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

കാടവളര്‍ത്താം; ലാഭം കൊയ്യാം

ജാപ്പനീസ് ക്വയില്‍ എന്നറിയപ്പെടുന്ന കാട നമ്മുടെ നാട്ടില്‍ പ്രശസ്തിയാര്‍ജിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണ കോഴികളെക്കാളും വലിപ്പം കുറവുള്ള ഇവയുടെ ഇറച്ചിയും മുട്ടയും സ്വാദിഷ്ഠവും അതേ സമയം ഒട്ടേറെ ഔഷധഗുണങ്ങളുള്ളതുമാണ്. കര്‍ഷകര്‍ക്ക്  കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭം കൊയ്യാവുന്ന ഒരു മേഖലകൂടെയാണ് കാടവളര്‍ത്തല്‍. മുട്ട വിരിഞ്ഞുണ്ടാവുന്ന കുഞ്ഞുങ്ങള്‍ക്ക് 6-7 ഗ്രാം വരെ തൂക്കമുണ്ടാവും. ഇവയ്ക്ക് കൂടൊരുക്കുമ്പോള്‍ ഒരു കാടയ്ക്കു നില്ക്കാന്‍ 75 ചതുരശ്ര സെന്‍റീമീറ്റര്‍ സ്ഥലം കിട്ടുന്ന രീതിയില്‍  വേണം തയാറാക്കാന്‍ . കാടക്കുഞ്ഞുങ്ങള്‍ക്കു ചൂടു നല്കാനായി ഉപയോഗിക്കുന്ന  ഹോവറില്‍ 37 ഡിഗ്രി സെല്‍ഷ്യസ് ചൂട് ആദ്യം നല്‍കണം. ഓരോ ആഴ്ച കഴിയുന്തോറും 2.7 ഡിഗ്രി സെല്‍ഷ്യസ് വീതം ചൂടു കുറയ്ക്കണം. ഇങ്ങനെ 4 ആഴ്ചവരെ തുടരുക. തീറ്റ കൊടുക്കാനായി 2 സെന്‍റീമീറ്റര്‍ സ്ഥലവും വെള്ളം നല്കാനായി 1 സെന്‍റീമീറ്റര്‍ സ്ഥലവും വേണം. കാടക്കുഞ്ഞുങ്ങള്‍ക്ക് 3 ആഴ്ച പ്രായമാകുമ്പോള്‍ ആണിനെയും പെണ്ണിനെയും വേര്‍തിരിച്ചറിയാന്‍ പറ്റും. ഈ സമയം ആണിനെയും പെണ്ണിനെയും വ്യത്യസ്ത കൂടുകളിലേക്കു മാറ്റാം. പെണ്ണിന് നെഞ്ചിലെ തൂവലില്‍ ചാരനിറത്തിലോ കറുപ്പ് നിറത്തിലോ ഉള്ള അടയാളങ്ങളുണ്ടാകും. ആണ് കാടകള്‍ക്ക് ഈ അടയാളങ്ങള്‍ വെളുത്ത നിറത്തിലായിരിക്കും. പെണ്‍കാടകള്‍ ആണ്കാടകളെക്കാള്‍ വലുതുമായിരിക്കും. 6 ആഴ്ച കഴിയുമ്പോഴേക്കും കാടകള്‍ പ്രായപൂര്‍ത്തിയാവും. ഈ സമയത്ത് കാടകള്‍ക്ക് 120-130 ഗ്രാം വരെ തൂക്കമുണ്ടാവും. ഈ പ്രായത്തില്‍ കൂടിനുള്ളില്‍ കാടയ്ക്ക് 180 ചതുരശ്ര സെന്‍റീമീറ്റര്‍ സ്ഥലം വേണം. പ്രത്യുത്പാദനത്തിനായി 2 പെണ്‍കാടയ്ക്ക് ഒരു ആണ്‍കാട എന്ന രീതിയില്‍ ആണ്കാടകളെ പെണ്‍കാടകളുടെ കൂട്ടിനുള്ളിലേക്ക് പ്രവേശിപ്പിക്കണം. ഇതു കഴിഞ്ഞ് 2 ദിവസത്തിനുള്ളില്‍ തന്നെ പെണ്‍കാടകള്‍ മുട്ടയിട്ടുതുടങ്ങും. നാലാം ദിവസം തൊട്ട് മുട്ടകള്‍ എടുത്തു തുടങ്ങാം. ഭക്ഷണം നല്‍കാനായി മുതിര്‍ന്ന കാടകള്‍ക്ക് 5 സെന്‍റീമീറ്റര്‍ സ്ഥലവും വെള്ളം നല്‍കാന്‍  2 സെന്‍റീമീറ്റര്‍ സ്ഥലവും വേണം. മുട്ടയിട്ടുതുടങ്ങിയാല്‍ 16 മണിക്കൂര്‍ വെളിച്ചം നല്‍കണം. അത് പ്രത്യുത്പാദനം കൂട്ടും. വൈകുന്നേരമാണ് സാധാരണയായി കാട മുട്ടയിടുക. വൈകുന്നേരം 6 – 8 ഉള്ളിലായാണ് മുട്ടയിടുക. 10 ഗ്രാം വരെ തൂക്കമുള്ള മുട്ടയില്‍ തവിട്ട്, വെള്ള, നീല, കറുപ്പ് തുടങ്ങിയ വിവിധ നിറങ്ങളിലുള്ള അടയാളം കാണാം. മുട്ടവിരിയാന്‍ 18 ദിവസം വേണം. 1000 കോഴിക്ക് അരക്കാട എന്നാണ് ചൊല്ല്. അത്രയും ഔഷധഗുണമുള്ളതാണ് കാടയിറച്ചിയും കാടമുട്ടയും. അതേപോലെതന്നെ ആദായകരവുമാണ്

അക്വാപോണിക്സ്; മികച്ച ഒരു വരുമാന മാര്‍ഗം

മല്‍സ്യം വളര്‍ത്തുന്നതിനോടൊപ്പം തന്നെ കൃഷിയും ചെയ്യുന്ന രീതിയാണ് അക്വാപോണിക്‌സ്. യാതൊരു വിധത്തിലുള്ള രാസവളങ്ങള്‍ ഉപയോഗിക്കാതെ മല്‍സ്യവിസര്‍ജ്യത്തെ ചെടികള്‍ക്ക് വളമായി നല്‍കുകയാണ് ഈ രീതിയില്‍ ചെയ്യുന്നത് ഫിലിപ്പൈന്‍സ് പോലുള്ള രാജ്യങ്ങളില്‍ വ്യാപകമായി പ്രചാരത്തിലുള്ള കൃഷി രീതിയാണ് ഇത്.

ഈ രീതിയിലൂടെ ഒരു സെന്റ് വിസ്താരമുള്ള കുളത്തില്‍ 4000 മത്സ്യ കുഞ്ഞുങ്ങളെ വളര്‍ത്താം. അനുബന്ധമായി കുളത്തോട് ചേര്‍ന്ന് പച്ചക്കറികളും വളര്‍ത്താം. മല്‍സ്യവിസര്‍ജ്യത്തിലെ അമോണിയ ഇവിടെ സസ്യങ്ങള്‍ വിഘടിപ്പിച്ച് ആഹാരമാക്കി മാറ്റുന്നു. ഇതിന് മണ്ണിന്റെയോ വളത്തിന്റെയോ ആവശ്യമില്ല. ഈ രീതിയില്‍ കൃഷി നടത്തുന്നതിന് വൈദ്യുതി ആവശ്യമാണ്.

' സാധാരണ ഒരു കുളത്തിലോടാങ്കിലോ വളര്‍ത്താവുന്ന മല്‍സ്യത്തിന്റെ അഞ്ചിരട്ടി എണ്ണം ഈ രീതിയില്‍ കൃഷി ചെയ്യാവുന്നതാണ്. ' ഇതുമൂലം മല്‍സ്യങ്ങള്‍ക്ക് എപ്പോഴും ശുദ്ധജലം ലഭ്യമാകുകയും ചെയ്യുന്നു.ശുദ്ധജല മല്‍സ്യങ്ങളായ തിലപ്പിയ, നട്ടര്‍, വരാല്‍ തുടങ്ങിയ മത്സ്യങ്ങള്‍ ഈ രീതിയില്‍ നന്നായി കൃഷി ചെയ്യാം. പാവല്‍, പടവലം, ആനക്കൊമ്പന്‍ വെണ്ട, വഴുതന,തക്കാളി,പുതിന,ചുരക്ക തുടങ്ങിയവ ഈ രീതിയില്‍ നന്നായി കൃഷി ചെയ്യാവുന്നതാണ്.

അക്വേറിയം ടാങ്കിൽനിന്ന് എത്രമാത്രം ജലം എപ്പോഴൊക്കെ മാറ്റണം?

അക്വേറിയം ടാങ്കിൽനിന്ന് എത്രമാത്രം ജലം എപ്പോഴൊക്കെ മാറ്റണം? കാലങ്ങളായി അക്വേറിയം പരിപാലിക്കുന്നവർപോലും ഉന്നയിക്കുന്ന ചോദ്യമാണിത്.

ഫിൽറ്ററുകളും എയ്റേറ്ററുകളും സ്ഥിരമായി ഉപയോഗിക്കുകയും ആവശ്യമായ അളവിൽ മാത്രം തീറ്റ നൽകുകയും ചെയ്യുന്നുവെങ്കിൽ വെള്ളം മാറ്റേണ്ട കാര്യമില്ല. ബാഷ്പീകരണം വഴിയും മറ്റും കുറയുന്ന വെള്ളം ടാങ്കിൽ ഒഴിച്ചാൽ മതിയാവും.

ഫിൽറ്ററുകൾ ഉപയോഗിക്കാത്ത ടാങ്കിൽ ആഴ്ചയിലൊരിക്കലെങ്കിലും മാലിന്യങ്ങൾ നീക്കം ചെയ്യണം. എന്നാൽ ടാങ്കിലെ ജലം മൊത്തത്തിൽ മാറ്റാൻ തുനിയരുത്. മാലിന്യങ്ങൾ മാറ്റുന്നതോടൊപ്പം മൊത്തം ജലത്തിന്റെ നാലിൽ ഒന്നുഭാഗം മാറ്റി പുതിയ ജലം ഒഴിച്ചാൽ മതി. പൊതുവിതരണ സംവിധാനത്തിലെ ജലത്തിൽ ക്ലോറിൻ അടങ്ങിയിരിക്കുന്നതിനാൽ അത്തരം ജലം ഒരു ബക്കറ്റിൽ പിടിച്ച് വെച്ചശേഷം ഏറെ നേരം വാതനം നടത്തി ക്ലോറിൻ നിർമാർജനം ചെയ്യപ്പെട്ടു എന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ അക്വേറിയം ടാങ്കിൽ നിറക്കാൻ പാടുള്ളു. ക്ലോറിൻ മത്സ്യങ്ങൾക്ക് മാരകമാണ്.

ഏകദേശം 5 മി. മീ. വ്യാസമുള്ള ഒരു റബർ ട്യൂബ് സൈഫൺ ആയി ഉപയോഗിച്ച് മലിന വസ്തുക്കൾ മാറ്റാം. ട്യൂബിൽ വെള്ളം നിറച്ച് വിരലുകൾ കൊണ്ട് അടച്ചുപിടിക്കുക. ഒരറ്റം മാലിന്യങ്ങൾക്ക് തൊട്ട് മുകളിലായ പിടിക്കുക. മറ്റേ അറ്റം ടാങ്കിന്റെ നിരപ്പിനു താഴെ വെച്ചിരിക്കുന്ന ഒരു ബക്കറ്റിലേക്ക് വെക്കുക. വിരലുകൾ മാറ്റുമ്പോൾ ജലവും മലിനവസ്തുക്കളും ബക്കറ്റിലേക്ക് ഒഴുകുന്നു. മാലിന്യങ്ങൾക്ക് അൽപ്പം മുകളിലൂടെ ട്യൂബ് ചലിപ്പിച്ച് ടാങ്കിന്റെ എല്ലാ ഭാഗത്തുനിന്നും മാലിന്യങ്ങൾ നീക്കംചെയ്യാൻ സാധിക്കും. ഇപ്രകാരം ചെയ്യുമ്പോൾ വെള്ളം കലങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ചില സന്ദർഭങ്ങളില വെള്ളം തവിട്ടു നിറമാവുകയും അടിത്തട്ടിലെ മണൽ കറുക്കുകയും ചെയ്യാറുണ്ട്. ആഹാരം കൂുടതലാവുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഈ അവസരത്തിൽ അധികം വരുന്ന ആഹാരം സൈഫൺ ചെയ്ത് കളയുകയും മത്സ്യങ്ങൾക്ക് ജൈവാഹാരം നൽകുകയും വേണം. ഇത്തരം ടാങ്കുകളിൽ നല്ലപോലെ വാതനം നടത്തുന്നതും ഉചിതമായിരിക്കും.

അക്വേറിയം ടാങ്കിലെ ജലം പാൽപോലെ ആയിത്തീരുന്ന അവസരങ്ങളുണ്ട്. വെള്ളത്തിലെ ഓക്സിജന്റെ അളവ് നന്നേ കുറയുന്നതാണ് ഇതിന് കാരണം. സസ്യങ്ങൾ ആവശ്യത്തിനില്ലാത്തതും മത്സ്യങ്ങൾ കൂടുന്നതുമായ അവസരങ്ങളിലും ആവശ്യമായ അളവിൽ വാതനം ഇല്ലാതാവുകയും ചെയ്യുമ്പോഴാണ് ഇതുണ്ടാകുന്നത്. ഇത്തരം സന്ദർഭങ്ങളിൽ വെള്ളം ഭാഗികമായി മാറ്റി പുതിയ വെള്ളം നിറയ്‌ക്കുക. അതുപോലെ ടാങ്കിൽ ചെടികൾ നടുകയും മത്സ്യങ്ങളുടെ എണ്ണം കുറയ്‌ക്കുകയും ജലം നന്നായി വാതനം നടത്തുകയും ചെയ്യുക.

ഹരിത ആൽഗകൾ ജലത്തിൽ നിറഞ്ഞാൽ ജലം പച്ചയായി മാറും. സൂര്യപ്രകാശം കൂടുതൽ ലഭിക്കുന്നതും തീറ്റ ആവശ്യത്തിൽ കൂടുതൽ നൽകുന്നതും ആൽഗകളുടെ പെരുപ്പത്തിന് കാരണമാവുന്നു. വെള്ളം ഭാഗികമായി മാറ്റി പുതിയ വെള്ളം നിറയ്‌ക്കുക, നേരിട്ടുള്ള സൂര്യപ്രകാശം പതിക്കാതിടങ്ങളിലേക്ക് ടാങ്കിന്റെ സ്ഥാനം മാറ്റുക, ലൈറ്റുകൾ പ്രകാശിപ്പിക്കുന്ന സമയം കുറക്കുക, ആവശ്യത്തിന് മാത്രം തീറ്റ നൽകുക എന്നിവയിലൂടെ ആൽഗകളുടെ ക്രമാതീതമായ വളർച്ച നിയന്ത്രിക്കാം. ടാങ്കിന്റെ പിൻഭാഗത്ത് സീനറി പേപ്പർ ഒട്ടിച്ച് സൂര്യപ്രകാശത്തിന്റെ തീവ്രത നിയന്ത്രിച്ചും ആൽഗകളുടെ വളർച്ച നിയന്ത്രിക്കാം. സിൽവർ കാർപ്പ്, പൂമീൻ എന്നിവയെ ടാങ്കിൽ നിക്ഷേപിക്കുന്നതും ആൽഗകളെ നിയന്ത്രിക്കുന്നതിന് ഫലപ്രദമാണ്.

അക്വേറിയം ടാങ്കിെൻറ ഭിത്തിയിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന ആൽഗകളെ മാറ്റാൻ വൃത്തിയുള്ള നനഞ്ഞ തുണിയോ പഞ്ഞിയോ ഉപയോഗിച്ച് താഴെ നിന്നും മുകളിലേക്ക് അമർത്തി തുടച്ചാൽ മതി. എന്നാൽ പറ്റിയിരിക്കുന്ന തവിട്ടുനിറത്തിലുള്ള ആൽഗകളെ മാറ്റാൻ ബുദ്ധിമുട്ടാണ്. ഗാഢതയുള്ള കറിയുപ്പ് ലായനി ഉപയോഗിച്ച് തുടച്ചാൽ ഇവ ഒരുപരിധിവരെ മാറികിട്ടും. ആൽഗകളെ മാറ്റുന്ന മാഗ്നറ്റിക് ആൽഗൽ സ്ക്രാപ്പറുകൾ വിപണിയിൽ ലഭ്യമാണ്. സക്കർ മത്സ്യങ്ങളെ ടാങ്കിൽ നിക്ഷേപിച്ച് ഇത്തരം ആൽഗകളെ നിയന്ത്രിക്കാം. ജലോപരിതലത്തിൽ എണ്ണയുടെ അംശം കാണുന്നുണ്ടെങ്കിൽ ഒരു ഫിൽട്ടർ പേപ്പർ ജലോപരിതലത്തിലൂടെ വലിച്ച് നീക്കം ചെയ്യാം.

അലങ്കാര മത്സ്യങ്ങള്‍ക്ക് കൃത്രിമാഹാരം തയാറാക്കാം

അക്വേറിയം മത്സ്യങ്ങള്‍ക്ക് ജൈവാഹാരവും കൃത്രിമാഹാരവും നല്‍കാം . ജൈവ ഭക്ഷ്യവസ്തുക്കളുടെ  കുറവും ശേഖരിക്കാനുള്ള ബുദ്ധിമുട്ടും കാരണം അക്വേറിയം പരിപാലിക്കുന്നവര്‍ക്ക് എപ്പോഴും ഇവയെ ആശ്രയിക്കാന്‍ സാധിക്കുകയില്ല. ഇക്കാരണത്താല്‍ കൃത്രിമാഹാരം ഉപയോഗിക്കേണ്ടതായി വരുന്നു.  ഈ മീനുകള്‍ക്ക് നല്‍കുന്ന ആഹാരം പോഷക സമൃദ്ധമാകാന്‍ പ്രത്യേകം ശ്രദ്ധിക്കണം  ഇല്ലെങ്കില്‍ രോഗങ്ങള്‍ക്ക് കാരണമാകും. ഇതിനാല്‍ തന്നെ മീനുകള്‍ക്ക് ജൈവ ആഹാരം പോലെ സുരക്ഷിതമായുള്ള കൃത്രിമാഹാരവും തയാറാക്കാം.

കൃത്രിമ തീറ്റ ഉണ്ടാക്കുന്ന വിധം

250 ഗ്രാം ഉപ്പു ചേര്‍ക്കാതെ ഉണക്കിയ മീന് അഥവാ ചെമ്മീന് പൊടി, 200 ഗ്രാം കടലപ്പിണ്ണാക്ക്, 200 ഗ്രാം തവിട് , 150 ഗ്രാം ഗോതമ്പ് പൊടി, 20 ഗ്രാം മരച്ചീനി പൊടി , 2 കോഴിമുട്ട എന്നിവ ഒരുമിച്ച്‌ ചേര്‍ത്ത് ആവശ്യമായ അളവില്‍ വെള്ളം ചേര്‍ത്ത് ചപ്പാത്തി ഉണ്ടാക്കാന്‍ ചെയ്യുന്നത് പോലെ നന്നായി കുഴച്ചെടുക്കുക. കുഴച്ചെടുത്ത മാവ് പ്രഷര്‍ കുക്കറില്‍ വേവിക്കുക.

തണുത്തശേഷം 10 മി.ലി മീനെണ്ണയും രണ്ട് മള്‍ട്ടി വിറ്റമിന് ഗുളികകളും ചേര്‍ത്ത് വീണ്ടും നന്നായി കുഴക്കുക. കുഴച്ച മാവിനെ സേവനാഴി ഉപയോഗിച്ച്‌ അനുയോജ്യമായ അരിപ്പയിലൂടെ പിഴിഞ്ഞെടുത്ത് നന്നായി ഉണക്കിയെടുക്കുക.
ഇപ്രകാരം ലഭിക്കുന്ന തീറ്റ വായു കടക്കാത്ത സംഭരണികളിലിട്ട് മൂന്ന് മാസത്തോളം ഉപയോഗിക്കാം.

ചെമ്മീന്‍ പൊടിയിലെ കൈറ്റിന്‍ അലങ്കാര മത്സ്യങ്ങളില്‍ വര്‍ണ്ണപൊലിമ ഉണ്ടാക്കാന്‍ സഹായിക്കുന്നതിനാല്‍ മീന്‍ പൊടി ഉപയോഗിക്കുകയാണെങ്കില്‍ അതിന്‍റെ കൂടെ അല്‍പമെങ്കിലും ചെമ്മീന്‍ പൊടി ചേര്‍ക്കുന്നത് ഉചിതമായിരിക്കും.  ഇത്തരത്തില്‍ അലങ്കാര മത്സ്യത്തിന് ആവശ്യമായ കൃത്രിമ തീറ്റ സ്വയംഉണ്ടാക്കാം.

വളം - കീടനാശിനികള്‍

കറിവേപ്പിന് അത്യുത്തമം ഈ വളമാണ്

കേരളീയര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും എല്ലാ ഭക്ഷണത്തിലും ഉള്‍പ്പെടുത്തുന്നതുമായ ഒന്നാണ്കറിവേപ്പില. മുന്‍പൊക്കെ പുരയിടങ്ങളില്‍ നാം കറിവേപ്പിന്റെ തൈകള്‍ നട്ടുവളര്‍ത്തുമായിരുന്നു. എന്നാലിപ്പോള്‍ പച്ചക്കറികളുടെ അവസ്ഥതെന്നയാണ് നിത്യോപയോഗ ഇലയായ കറിവേപ്പിലയ്ക്കും.

പച്ചക്കറിയിനങ്ങളില്‍ ഏറ്റവും കൂടുതല്‍ മാരക കീടനാശിനികള്‍ അടങ്ങിയിരിക്കുന്ന ഒന്നാണ് കറിവേപ്പില. എന്നാല്‍ മലയാളികള്‍ക്ക് എത്ര വിഷമയമായാലും കറിവേപ്പിലയെ കറിയില്‍ നിന്നും ഒഴിവാക്കാന്‍ ബുദ്ധിമുട്ടാണ്. കറിവേപ്പില വീട്ടില്‍ നടാത്ത മലയാളികള്‍ കുറവായിരിക്കും. എന്നാല്‍ നട്ടതില്‍ നിന്നും ഒന്നോ രണ്ടോ അടി ഉയരം വെച്ചെങ്കില്‍ ഭാഗ്യം. എന്തൊക്കെ ചെയ്തിട്ടും കറിവേപ്പ് പിടിക്കുന്നില്ലെന്നാണ് പലരുടെയും പരാതി. പണ്ട് കാലത്ത് വിലകൂടിയ വളങ്ങളൊന്നും വേപ്പിന് ഇട്ടിരുന്നില്ല. എപ്പോഴും ലഭ്യമായ ലഭിതമായൊരു വളം മതിയാകും വേപ്പിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍.

ഇതോടൊപ്പം കുറച്ച് കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

തൈകള്‍ ഗ്രോബാഗിലോ ചട്ടിയിലോ വെക്കുന്നവര്‍ നഴ്‌സറികളില്‍ നിന്ന് കരുത്തുള്ള തൈകള്‍ തിരഞ്ഞെടുക്കണം. ചട്ടിയിലാണ് കറിവേപ്പ് ളര്‍ത്തുന്നതെങ്കില്‍ ചെടി വലുതാകുന്നതനുസരിച്ച് വലിയ പാത്രങ്ങളിലേക്ക് മാറ്റി നടണം.

കറിവേപ്പ് തൈ നടാന്‍ കുഴിയെടുക്കുമ്പോള്‍ ഒരടി നീളവും വീതിയും ആഴവുമുള്ള കുഴിയായിരിക്കണം എടുക്കേണ്ടത്. കാലിവളം, മണല്‍, മണ്ണ്, ഓരോ കുഴിക്കും 100ഗ്രാം വേപ്പിന്‍പിണ്ണാക്ക്, 50 ഗ്രാം കുമ്മായം എന്നിവ നന്നായി ഇളക്കിച്ചേര്‍ത്ത ശേഷം മുക്കാല്‍ അടിയുള്ള പിള്ളക്കുഴിയടുത്ത് തൈ നടാം.

വേനല്‍ക്കാലത്താണ് നടുന്നതെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍നനച്ചുകൊടുക്കണം. വെള്ളം കെട്ടിനില്‍ക്കാത്തതും ധാരാളമായി സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലത്തായിരിക്കണം തൈ നടുന്നത്. തൈ വളരുന്നതിനനുസരിച്ച് മൂന്ന് മാസത്തിലൊരിക്കല്‍ മുരടില്‍ നിന്നും ഒരടി മാറി ചുവട് കിളച്ച് കാലിവളം ചേര്‍ത്ത് ഇളക്കിക്കൊടുക്കണം. കൊമ്പ് വലുതായി വരുന്നതനുസരിച്ച് കൊമ്പ് കോതിക്കൊടുക്കണം. എന്നാല്‍ കൂടുതല്‍ ചില്ലകള്‍ ഇടതൂര്‍ന്ന് വലുതായിവരും.

കടലപ്പിണ്ണാക്കും കഞ്ഞിവെള്ളവും ചേര്‍ത്ത മിശ്രിതം കറിവേപ്പില തഴച്ചുവളരാന്‍ വളമായി നല്കാം. തലേ ദിവസത്തെ കഞ്ഞിവെള്ളമാണ് വേപ്പിന്‍ കീടനാശിനിയായി ഉപയോഗിക്കേണ്ടത്. പുളിച്ച കഞ്ഞിവെള്ളത്തില്‍ അല്പം വെളുത്തുള്ളി ചതച്ചിട്ടശേഷം കുറച്ച് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് സ്‌പ്രേ ചെയ്തു കൊടുക്കാം. വേപ്പിനെ ബാധിക്കുന്ന ഭൂരിഭാഗം കീടങ്ങളെയും പ്രതിരോധിക്കാന്‍ ഇതുമതിയാകും.

പുത്തനറിവുകള്‍ - വിജയകഥകള്‍

ഇലവാഴ കൃഷിയില്‍ ലാഭംകൊയ്ത് മനോജ്

വേറിട്ട കര്‍ഷകനാകാന്‍ ആയിരുന്നു ചെറുപ്പം മുതലേയുളള ആഗ്രഹം, മനോജ് പറഞ്ഞു തുടങ്ങി. പരമ്പരാഗത കൃഷിക്കാരായിരുന്നുവെങ്കിലും എന്റെ ആഗ്രഹത്തെ വീട്ടുകാര്‍ അത്ര പ്രോത്സാഹിപ്പിച്ചില്ല. അങ്ങനെ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി സ്വര്‍ണപ്പണി പഠിച്ച് സ്വര്‍ണപ്പണിക്കാരനായി.' മുപ്പത്തിയഞ്ചുകാരനായ മനോജ് ഇന്ന് കേരളത്തില്‍ ലാഭകരമായി ഇലവാഴകൃഷി ചെയ്യുന്ന കര്‍ഷകനാണ്.

വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി കോയമ്പത്തൂര്‍ സ്വര്‍ണപ്പണി പഠിക്കാന്‍ ആരംഭിച്ചുവെങ്കിലും ഏത് വിധത്തിലും കൃഷിക്കാരനാവുകയെന്ന ആഗ്രഹം മനസ്സില്‍ സൂക്ഷിച്ചിരുന്നതിനാല്‍ അധികംനാള്‍ കഴിയും മുന്‍പ് തന്നെ നാട്ടില്‍ തിരിച്ചെത്തി. കൃഷിയെയും കൃഷി രീതിയെയും കുറിച്ച് പഠിക്കുന്നതിന് കുറച്ച് നാള്‍ ചെലവഴിച്ചതോടെ കയ്യില്‍ പണമില്ലാതെ കൃഷി ചെയ്യാന്‍ സാധിക്കില്ലെന്ന തിരിച്ചറിവില്‍ തിരികെ കോയമ്പത്തൂരിലേക്ക് മടങ്ങി. വൈകാതെ തന്നെപണി പഠിച്ച് സ്വന്തമായി കോയമ്പത്തൂരില്‍ തന്നെ സ്വര്‍ണപ്പണി കട ആരംഭിക്കുകയും ചെയ്തു മനോജ്, നിലവില്‍ 17 ജോലിക്കാരുളള സ്ഥാപനത്തിന്റെ ഉടമസ്ഥനാണ് മനോജ്. വാഴയില കൃഷിക്ക് പുറമെ തെങ്ങ്കൃഷിയും പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്. ഇതോടൊപ്പം പശുവിനെയും മൂരിയെയും വളര്‍ത്തുന്നു. പാലക്കാട് വടകരപ്പതി പഞ്ചായത്തിലെ മേനോന്‍പാറ സ്വദേശിയായ മനോജ് ലാഭകരമായി ചെയ്യുന്ന വാഴയില കൃഷിയിലേക്ക് അവിചാരിതമായാണ് എത്തിപ്പെടുന്നത്.

അവിചാരിതമായാണ് മനോജ് ഇലവാഴവ കൃഷിയിലേക്ക് എത്തിപ്പെടുന്നത്. മൂന്ന് വര്‍ഷം മുന്‍പ് തെങ്ങ് കൃഷിയിലാണ് തുടക്കം. ഒരു വര്‍ഷം കഴിഞ്ഞിട്ടും താന്‍ നട്ട 200 തെങ്ങിന്‍ തൈകള്‍ പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കാതെ വന്നപ്പോള്‍ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനുളള വഴി തേടിയിറങ്ങി. അപ്പോഴാണ് തെങ്ങിന്‍ തൈകള്‍ക്കിടയില്‍ വാഴ നട്ടാല്‍ തെങ്ങ് നന്നായി വളരും എന്നറിയുന്നത്. അങ്ങനെ നാലടി അകലത്തില്‍ ഒരു വാഴ എന്ന കണക്കില്‍ ഇലവാഴകൃഷി ആരംഭിക്കുന്നത്. അധികം ആരും പരീക്ഷിക്കാത്ത കൃഷി വേണമെന്ന ശക്തമായ ആഗ്രഹമുണ്ടായിരുന്നതിനാലും ഒരു സുഹൃത്ത് മുഖേന ഇലവാഴകൃഷി എന്ന ആശയം കേട്ടരുന്നതിനാലും ഇലവാഴകൃഷിയില്‍ ചുവടുറപ്പിച്ചു. പിന്നീടാണ് കേരളത്തില്‍ ഇലവാഴകൃഷി ചെയ്യുന്ന ആദ്യ കര്‍ഷകന്‍ ഞാനാണെന്ന് അറിയുന്നത്, മനോജ് പറഞ്ഞു. തമിഴ്നാട്ടില്‍ നിന്നുമെത്തിച്ച 4000 ഞാലിപ്പൂവനാണ് നട്ടത്. വളരെ മയമുളളതും വീതിയുളളതുമായ ഞാലിപ്പൂവന്‍ അധികം ഉയരത്തില്‍ വളരുകയുമില്ല, ഈ കാരണങ്ങളാലാണ് ഞാലിപ്പൂവന്‍ കൃഷിക്ക് തെരഞ്ഞെടുത്തത്.

രണ്ട് ലക്ഷത്തോളം രൂപയാണ് മുതല്‍ മുടക്ക്. കളാശിനി വാഴയ്ക്ക് ദോഷമാകുമെന്ന് പേടിച്ച് 4000 വാഴയും പോളിത്തീന്‍ കവര്‍ ഉപയോഗിച്ച് മൂടിയ ശേഷമാണ് കളനാശിനി പ്രയോഗിച്ചത്. ട്രില്ലര്‍ ഉപയോഗിച്ച് മണ്ണ് നന്നായി ഇളക്കുകയും ചെയ്തിരുന്നു. വെളളത്തിന്റെ ലഭ്യതക്കുറവും കാലാവസ്ഥാ വ്യതിയാനങ്ങളും പ്രതിസന്ധി സൃഷിടിക്കുന്നുണ്ടെങ്കിലും എല്ലാ പ്രശ്നങ്ങള്‍ക്കും ഉടന്‍ പരിഹാരം കണ്ടാണ് മുന്നേറുന്നത്. കൃഷി ഓഫീസറായ അഭിലാഷ് കളപ്പുരയ്ക്കലിന്റെ പിന്തുണയാണ് തന്നെ ഏറെ പ്രചോദിപ്പിച്ചതെന്ന് മനോജ് സ്മരിക്കുന്നു.

ഒരു ദിവസം ഇടവിട്ട് ഇല മുറിക്കാം. രണ്ട് ദിവസത്തില്‍ ഒരിക്കല്‍ തീര്‍ച്ചയായും മുറിച്ചിരിക്കണം. ഇല ഒരിക്കല്‍ മുറിച്ചാല്‍ ശരാശരി ഏഴ് ദിവസം വേണ്ടി വരും പുതിയ ഇല വരാന്‍. തമിഴ്നാട്ടുകാരനായ ഒരാള്‍ക്കാണ് തോട്ടത്തിലെ ഇലമുറിക്കല്‍ ജോലി. കെട്ടില്‍ നൂറ് ഇല എന്ന കണക്കിലാണ് തയ്യാറരാക്കുന്നത്. പ്രതിദിനം ആറ് മുതല്‍ എട്ട് കെട്ട് വരെ ഇല ലഭിക്കും. കെട്ടൊന്നിന് 350 രൂപ എന്ന നിരക്കില്‍ കച്ചവടമുറപ്പിച്ച് വില്ക്കുകയാണ് ചെയ്യുന്നത്. മനോജിന്റെ തോട്ടത്തില്‍ ഇലയുളളിടത്തോളം കാലം താന്‍ വാങ്ങിക്കൊള്ളാം എന്ന വ്യവസ്ഥയില്‍ ഒരു വ്യക്തിക്ക് മാത്രമാണ് വില്പന. ഇലയുടെ മികവാണ് രണ്ട് വര്‍ഷമായി ഉപഭോക്താവിനെ നിലനിര്‍ത്തുന്നതെന്ന് സാക്ഷ്യം.

ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ വാഴയില്‍ വന്ന കുലകള്‍ വെട്ടി കളയുകയാണ് രീതി. അത് വാഴയുടെ ചുട്ടിലിട്ട് വളമാക്കി മാറ്റുകയും ചെയ്യും. മൂന്ന് പശുക്കളും നാല് മൂരികളും മനോജിനുണ്ട്. ഇവയുടെ ചാണകമാണ് വാഴയുടെ പ്രധാന വളം. നേരിയ അളവില്‍ യൂറിയയും പൊട്ടാഷും പ്രയോഗിക്കുന്നുണ്ട്. ചാണകത്തില്‍ നിന്നുളള ബയോഗ്യാസാണ് മനോജ് വീട്ടില്‍ പാചകം ചെയ്യാന്‍ ഉപയോഗിക്കുന്നത്. ഗാര്‍ഹികാവശ്യത്ത് വേണ്ടി മാത്രമാണ് ഇപ്പോള്‍ പച്ചക്കറി കൃഷി. പ്രളയം വില്ലനായെങ്കിലും അതിനെയും അതിജീവിക്കാനുളള ശ്രമത്തിലാണ് മനോജ് ഇപ്പോള്‍.

മാലിന്യത്തില്‍ കതിരിട്ട നെന്മണികള്‍

ശരിയായ കാര്‍ഷികരീതികള്‍ പിന്‍തുടര്‍ന്നാല്‍ സംസ്ഥാനത്തേക്കാവശ്യമായ അരി സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചാണ് ചൂര്‍ണിക്കര കുത്തരി എന്ന പ്രാദേശിക ബ്രാന്‍ഡിന്റെ കടന്നുവരവ്. മാലിന്യം നിറഞ്ഞ് തരിശായി കിടന്ന ഭൂമിയില്‍ നിന്നും പിറവികൊണ്ട ഈ ബ്രാന്‍ഡ് ഇന്ന് സംസ്ഥാനത്തിന്റെ ഭക്ഷ്യമേഖലയിലെ പരാശ്രയത്വം അവസാനിപ്പിക്കാന്‍ സാധിക്കുമെന്നതിന്റെ പ്രതീക്ഷകൂടിയാണ്.

കേരളത്തില്‍ ഒന്‍പത് ലക്ഷം ഹെക്ടറില്‍ നെല്‍കൃഷി ചെയ്തിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍, ഇന്നത് രണ്ട് ലക്ഷത്തോളെ ഹെക്ടറായി ചുരുങ്ങി. അടുക്കളത്തോട്ടത്തിലൂടെ ഒരു വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്ന രീതി വ്യാപകമായെങ്കിലും ആവശ്യമായ അരിക്ക് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ് നാം ഇന്നും. 44 ലക്ഷം ടണ്‍ അരിയാണ് സംസ്ഥാനത്ത് പ്രതിവര്‍ഷം ആവശ്യമുളളത്. ഉത്പാദനമാകട്ടെ 5.8 ലക്ഷം ടണ്‍ മാത്രവും. ഇൗ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ നമുക്ക് സാധിക്കുമെന്ന് ചൂണ്ടിക്കാണിക്കുകയാണ് ചൂര്‍ണിക്കര കുത്തരി.

പ്രതീക്ഷയേകി ചൂര്‍ണിക്കര കുത്തരി

ഒന്നര പതിറ്റാണ്ട് മാലിന്യം നിറഞ്ഞ് കിടന്ന 15 ഏക്കറില്‍ നിന്നാണ് ഉന്നത ഗുണമേന്മയുളള ഈ ബ്രാന്‍ഡ് പിറവികൊളളുന്നത്. കാര്‍ഷിക ശാസ്ത്രജ്ഞന്മാരുടെ നിര്‍ദേശത്തിന്റെ പിന്‍ബലത്തോടെയാണ് ചൂര്‍ണിക്കര ഗ്രാമ പഞ്ചായത്തിലെ ഒരുപറ്റം യുവാക്കള്‍ തരിശുഭൂമിയില്‍ നെല്‍കൃഷി പരീക്ഷണത്തിന് മുതിരുന്നത്. ചൂര്‍ണിക്കരയില്‍ മെട്രോ കോച്ച് റിപ്പയറിംഗ് യാര്‍ഡിനായി ഏറ്റെടുത്ത സ്ഥലത്തിന്‍െ ബാക്കി കിടക്കുന്ന പാടത്താണ് അടയാളം സ്വയം സഹായ സംഘത്തിലെ 17 ചെറുപ്പക്കാര്‍ ചൂര്‍ണിക്കര ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് കൃഷി ഇറക്കിയത്. ഗ്രീന്‍ ആര്‍മിയുടെ വിദഗ്ദ്ധരായ തൊഴിലാളികളുടെ സഹകരണവും കൃഷിക്ക് ലഭിച്ചു. 26 ഭൂ ഉടമകളുടെ രേഖാമൂലമുളള അനുവാദം ലിച്ചശേഷമാണ് കൃഷി ആരംഭിച്ചത്. 16 വര്‍ഷത്തോളം തരിശായി കിടന്ന ഭൂമിയിലെ കളകള്‍ നീക്കം ചെയ്ത് കൃഷി ആരംിച്ചതോടെ പരിസരത്തെ കിണറുകളില്‍ ശുദ്ധജലം ലഭിക്കാന്‍ ആരംഭിച്ചുവെന്നതും ബോണസ്. ജ്യോതി, കാഞ്ചന നെല്‍ വിത്തുകളാണ് തരിശുഭൂമിയില്‍ പാകിയത്. അമിത അമ്ലത്വം, ഇ-കോളി ബാക്ടീരിയയുടെ അമിത സാന്നിധ്യം, രണ്ട് മീറ്ററോളം നീളത്തില്‍ വേരുകള്‍ ആഴ്ന്നിറങ്ങിയ പുല്‍ക്കാട്, ഖന മൂലകങ്ങളുടെ അമിത സാന്നിധ്യം.... എന്നിങ്ങനെ നിരവധി വെല്ലുവിളികളാണ് മണ്ണ് ഉയര്‍ത്തിയത്. എന്നാല്‍ ചൂര്‍ണിക്കരയിലെ യുവാക്കളുടെ കഠിനാധ്വാനത്തിന് മുന്നില്‍ മുട്ടുമടക്കിയ മണ്ണ് ആഹ്ലാദപ്രകടനമെന്നോണം മികച്ച വിളവാണ് നല്കിയത്. ഓരോ കടയിലും പൊട്ടിയത് 25-30 ചെനപ്പുകള്‍, അവയിലോരോന്നിലും കതിരുവന്നു, പതിര് കുറഞ്ഞ് തൂക്കമുളള അരിമണികളും ലഭിച്ചു...

കൃഷി ഇങ്ങനെ

കഴിഞ്ഞ വര്‍ഷം ഒരു ചതുരശ്ര അടിയില്‍ 30 ഞാറുകളാണ് നട്ടത്. 555 കതിരുകള്‍ വിളയുകയും ചെയ്തു. കാര്‍ഷിക സര്‍വകലാശാലയില്‍ വികസിപ്പിച്ചെടുത്ത കാഞ്ചന വിത്തിന് അഞ്ച് ടണ്‍ ഉത്പാദനശേഷിയാണ് ഒരു ഹെക്ടറില്‍ നിന്നും പ്രതീക്ഷിച്ചത്. എന്നാല്‍ ചൂര്‍ണിക്കരയില്‍ ലഭിച്ചത് ഹെക്ടറില്‍ 7.1 ടണ്ണാണ്. ജ്യോതിയുടേത് ഹെക്ടറില്‍ നിന്നും 5-6 ടണ്‍ ആയിരുന്നു പ്രതീക്ഷിച്ചതെങ്കിലും ലഭിച്ചത് 9.86 ടണ്‍. 43 ടണ്ണാണ് ആകെ ഉത്പാദനം. ഇതിനുപിന്നില്‍ വളരെ കൃത്യവും ആസൂത്രിതവുമായ ചുവടുകളുണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ 15 ഏക്കറിലെ പുല്ല് വെട്ടിക്കളഞ്ഞ് തുടര്‍ച്ചയായി വെളളം കയറ്റി മൂലകങ്ങളും ഘനലോഹങ്ങളും ഒഴുക്കി കളഞ്ഞു. മണ്ണ് ഉഴുത് മറിച്ച ശേഷം മണ്ണില്‍ അഭാവമുണ്ടായിരുന്ന മൂലകങ്ങള്‍ ഉള്‍പ്പെടുത്തി. ചെടി വളരാന്‍ ആവശ്യമായ വെള്ളം മാത്രം മണ്ണില്‍ നിലനിര്‍ത്തി. മിത്ര കീടങ്ങളുടെ മുട്ടകാര്‍ഡുകളും ജൈവകീടനാശിനികളും മാത്രമാണ് ഉപയോഗിച്ചത്. അതോടൊപ്പം തന്നെ ജീവാണു വളങ്ങള്‍ ഉപയോഗിച്ച് വേരുകള്‍ ദൃഢമാക്കി. കൃത്യ സമയത്ത് സൂക്ഷ്മ മൂലകങ്ങളും സ്‌പ്രേ ചെയ്തു. 110 ദിവസം കൊണ്ട് ജ്യോതിയും 105 ദിവസം കൊണ്ട് കാഞ്ചനയും കൊയ്ത്തിന് പാകമായി. ജ്യോതിയുടെ ഓരോ കതിരിലും 150ഓളം നെന്മണികളും കാഞ്ചനയില്‍ 168ഓളവും വിളഞ്ഞു. 6.7 ലക്ഷം രൂപയാണ് കൃഷിയിടം തയ്യാറാക്കിയത് മുതല്‍ അരിയുടെ പായ്ക്കിംഗ് വരെയുളള ഘട്ടങ്ങളില്‍ ചെലവായത്. കൃഷി വകുപ്പിന്റെ ആത്മ പദ്ധതിയില്‍ നിന്നും 5.9 ലക്ഷം രൂപ സബ്‌സിഡിയായി ലഭിച്ചു. അരിയുടെ വില കണക്കാക്കുമ്പോഴത് 12 ലക്ഷം രൂപയിലേറെ വരും. കുറഞ്ഞ വിലയ്ക്ക് പഞ്ചായത്തിലെ വീടുകളില്‍ വിതരണം ചെയ്യുകയാണ് ചെയ്തത്. ഇക്കുറി പ്രളയം കൃഷി നശിപ്പിച്ചുവെങ്കിലും അടുത്ത പ്രാവശ്യം നൂറുമേനി വിളവെടുപ്പെന്ന ലക്ഷ്യത്തോടെ മുന്നേറുകയാണ് ചൂര്‍ണിക്കര.

പാറയില്‍ പൊന്നുവിളയിച്ച് അജയന്‍

ഏക്കറുകണക്കിനുള്ള പാറമടയില്‍ വിത്തെറിഞ്ഞ് അവിടെ പൊന്നുവിളയിച്ചാണ് ക്രഷര്‍ ഉടമ കൂടിയായ വി.ആര്‍ അജയന്‍ കര്‍ഷകന്റെ കുപ്പായമണിയുന്നത്. കാര്‍ഷിക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അജയന് വ്യവസായിയേക്കാള്‍ കര്‍ഷകന്റെ വേഷം തന്നെയാണ് കൂടുതല്‍ അനുയോജ്യമെന്ന് മനസ്സിലാക്കാന്‍ അധികനാള്‍ വേി വന്നില്ല. പ്രവാസി വ്യവസായിയായ എഴുമറ്റൂര്‍ സ്വദേശി അജയന്‍ തന്റെ കൃഷി ഭൂമിയായി തെരഞ്ഞെടുത്തത് ഒരു വലിയ പാറമടയാണ്. പുല്ലുപോലും കിളിര്‍ക്കാത്ത കരിംപാറയില്‍ വിവിധയിനം പച്ചക്കറികളാണ് പൂത്തുലയുന്നത്. നാട്ടില്‍ പച്ച പിടിക്കില്ലെന്ന് നാംവിശ്വസിക്കുന്ന പലതരം പച്ചക്കറികള്‍ പോലുമുണ്ട് അക്കൂട്ടത്തില്‍. അന്യം നിന്നുതുടങ്ങിയ വിവിധ ഇനം നെല്ലുകള്‍ മുതല്‍ വൈദേശികരായ പച്ചക്കറികള്‍വരെ.

വര്‍ഷങ്ങള്‍ മുമ്പാണ് 34 ഏക്കര്‍ വരുന്ന പാറമട അജയന്‍ വിലയ്ക്കുവാങ്ങിയത്. ക്രഷര്‍യൂണിറ്റ് തുടങ്ങി ലാഭം കൊയ്യാമെന്ന ചിന്തയൊന്നും അന്നേ അജയനുണ്ടായിരുന്നില്ല. മറിച്ച് അവിടമൊരു ഹരിത സുന്ദര ഭൂമിയാക്കുകയെന്നത് തന്നെയായിരുന്നു ലക്ഷ്യം. അങ്ങനെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഒരു ക്രഷര്‍ യൂണിറ്റിന് ചുറ്റും ചേനയും ചേമ്പും പടവലവും വെള്ളരിയും പാവലും കോവലും തെങ്ങും പൂക്കളുമെല്ലാം തഴച്ചുവളര്‍ന്നു. ക്രഷര്‍ യൂണിറ്റുകള്‍ക്കും ക്വാറി മുതലാളിമാര്‍ക്കും എതിരെ പരിസ്ഥിതി പ്രവര്‍ത്തകരൊന്നടങ്കം പ്രതിഷേധവുമായി രംഗത്ത് വരുമ്പോഴും പ്രകൃതിയോടിണങ്ങി ചേര്‍ന്ന് ക്രഷര്‍ യൂണിറ്റ് ഏങ്ങനെ നടത്തണമെന്ന് കാണിച്ചു തരികയാണ് വ്യവസായിയായ ഈ കര്‍ഷകന്‍. മറ്റ് ക്രഷറുടമകളും ഇത് മാതൃകയാക്കണമെന്നാണ് അജയന്റെ അഭിപ്രായം

മണ്ണില്‍ പണിയെടുത്തിരുന്ന മുത്തച്ഛനെയും അച്ഛനെയും കണ്ടുവളര്‍ന്ന അജയനും ആ വഴിയേ സഞ്ചരിക്കാനായിരുന്നു കൂടുതല്‍ ഇഷ്ടം. ജീവിതം കരുപ്പിടിപ്പിക്കാന്‍ പ്രവാസിയുടെ കുപ്പായമണിഞ്ഞ് കടല്‍ കടന്ന അജയന്‍ അവിടെയും ഒരു നല്ല കര്‍ഷകനായിമാറുകയായിരുന്നു. മസ്‌കറ്റിലെ ഏക്കര്‍ കണക്കിന് ഭൂമിയില്‍ ഇപ്പോഴും അജയന്‍ കൃഷി ഇറക്കുകയാണ്.

പാറമടയിലെ കൃഷി

34 ഏക്കറിലും പാറ ഖനനത്തിനുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി അജയന് ഉണ്ടെങ്കിലും ചെറിയ ഒരു ഭാഗം മാത്രം ഇതിനായി നീക്കിവെച്ച് ബാക്കി മുഴുവന്‍ കൃഷിഭൂമിയാക്കി മാറ്റി. ലോഡ്കണക്കിന് മണ്ണ് പാറയില്‍ നിരത്തി വിത്തിറക്കി. പാറക്കുളത്തിലെ വെള്ളം കൃഷിക്കായി പ്രയോജനപ്പെടുത്തി. പാറക്കുളങ്ങളില്‍ മീനും കക്കയും ഞണ്ടും കൃഷിചെയ്തു. കൃഷിയിടത്തില്‍ ജലക്ഷാമം ഉണ്ടാകാതിരിക്കാന്‍ പ്രത്യേക ഡാമും തയ്യാറാക്കി. പാറമടയിലെ വശങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്ത് മണ്ണ് നിരത്തി അവിടെയും വഴുതനവും ചീരയും മുളകും വെണ്ടയുമെല്ലാം നട്ടുപിടിപ്പിച്ചു. ഒപ്പം കുറേയെറെ ഔഷധ സസ്യങ്ങളും. ചങ്ങാടത്തില്‍ സാധനങ്ങള്‍ കൊിറക്കി ഏറെ പണിപ്പെട്ടായിരുന്നു ഈ കൃഷി. നാടെങ്ങും വരണ്ടുണങ്ങുമ്പോഴും അജയന്റെ കൃഷിഭൂമി ജലസമൃദ്ധമാണ്.

ഏക്കറുകളോളം പ്രത്യേക കരനെല്‍ കൃഷി. അതും അന്യം നിന്ന് തുടങ്ങിയ ഔഷധഗുണമുള്ള നെല്ലിനങ്ങള്‍. അര്‍ബുദ രോഗത്തിനുള്ള ഔഷധമായ രക്തശാലി അരിയും, 120 ദിവസംകൊണ്ട് വിളവെടുക്കാവുന്ന ഇട്ടിക്കണ്ണനുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. ക്യാന്‍സര്‍ രോഗികള്‍ക്ക് രക്തശാലി സൗജന്യമായാണ് അജയന്‍ നല്‍കുന്നത്.

ജൈവവളത്തിന്റെ സമൃദ്ധി

ജൈവമല്ലാതെ മറ്റൊരു വളവും കൂട്ടിത്തൊടാത്തതാണ് തന്റെ പച്ചക്കറിയുടെ ഗുണമേന്മയ്ക്ക് കാരണമെന്നാണ് അജയന്‍ പറയുന്നത്. സ്വന്തം ഫാമില്‍ നിന്ന് ലഭിക്കുന്ന ചാണകം, ഗോമൂത്രവും ശര്‍ക്കരയും ചാണകവും പയറുപൊടിയും ചേര്‍ത്തിളക്കിയ ജീവാമൃതം എന്നിവയാണ് ഈ സസ്യങ്ങളുടെ ചുവട്ടില്‍ വീഴുന്ന ഏക വളം. പിന്നെ രാവിലെയും വൈകിട്ടും ഒഴിക്കുന്ന വെള്ളവും. വിവിധയിനം മുളകുകള്‍ക്കൊപ്പം ക്യാബേജും കോളിഫ്‌ളവറും അജയന്‍ വിജയകരമായി തന്റെ മണ്ണില്‍ വിളയിച്ചെടുക്കുന്നു.

ജൈവകര്‍ഷകനായി അരയും തലയും മുറുക്കി മണ്ണിലേക്കിറങ്ങാന്‍ അജയനെ പ്രേരിപ്പിച്ച മറ്റൊന്നു കൂടിയണ്ട്. ഏറ്റവും അടുത്ത സുഹൃത്തിനെ ക്യാന്‍സറെന്ന വില്ലന്‍ കീഴ്‌പ്പെടുത്തി മരണത്തിലേക്ക് നയിച്ചത് അജയന് സഹിക്കാവുന്നതിലുമധികമായിരുന്നു. അര്‍ബുദം ഇനിയൊരാളിലേക്കും വ്യാപകമാകരുതെന്ന ചിന്തകൂടിയാണ്. അജയനെ ജൈവകൃഷിയിലേക്കിറങ്ങാന്‍ പ്രേരിപ്പിക്കുകയായിരുന്നു. കൃഷിയിടങ്ങളിലെ അണുനാശിനികളും രാസവളവും ക്യാന്‍സറിനെ വിളിച്ചു വരുത്തിയപ്പോള്‍ വിഷം പുരളാത്ത പച്ചക്കറി നാട്ടില്‍ വ്യാപിപ്പിക്കുവാനുള്ള പ്രയത്‌നമാണ് അജയന്‍ ഇപ്പോള്‍ നടത്തുന്നത്. വിള വര്‍ധനവിന് യാതൊരുതരത്തിലുള്ള അണുനാശിനിയും അജയന്‍ തന്റെ കൃഷിഭമിയിലുപയോഗിക്കുന്നില്ല. കാരണം ഈ ഭൂമിയും സസ്യങ്ങളും ചെറുജീവികള്‍ക്കു കൂടിയുള്ളതാണെന്നാണ് അജയന്റെ ഭാഷ്യം.

കൃഷിക്കാരനായ അജയന്‍ ഒരു മികച്ച ഗോപരിപാലകന്‍ കൂടിയാണ്. അയജന്റെ കൃഷിഭൂമികടന്ന് ക്രഷര്‍ യൂണിറ്റിന്റെ വലതുഭാഗം തിരിഞ്ഞാല്‍ അവിടമൊരു വലിയ ഗോകുലം തന്നെയുണ്ട്. വിദേശിയും സ്വദേശിയുമായ മുന്നൂറില്‍ പരം പശുക്കളുള്ള വലിയൊരു ഗോകുലമാണത്. അവിടുത്തെ പ്രധാന ഗോപാലകനും അജയന്‍ തന്നെ.ലോകത്തിലെ തന്നെ വിരലിലെണ്ണാവുന്ന ഏറ്റവും ചെറിയ പശുവായ കപില മുതല്‍ നാടന്‍ സിന്ധിയും ജേഴ്‌സിയുമെല്ലാം ഈ ഗോശാലയിലുണ്ട്.

ഒരു വലിയ കന്നുകാലി കാര്‍ഷിക വിജ്ഞാന കേന്ദ്രമായി ഇവിടം മാറ്റിയെടുക്കണമെന്നതാണ് അജയന്റെ സ്വപ്‌നം. ദേശാന്തരങ്ങള്‍ക്കപ്പുറത്തുനിന്നു പോലും കാര്‍ഷിക വിദഗ്ദ്ധരൊക്കെ എത്തുന്ന വലിയ പ്രസ്ഥാനം. പാറമടയില്‍ പൊന്നുവിളയിച്ച പോലെ അതിനുള്ള കഠിന പരിശ്രമത്തിലാണ് അജയന്‍. പകര്‍ച്ചവ്യാധികളും മാരകരോഗങ്ങളും മാറാവ്യാധികളുമില്ലാത്ത പുതുതലമുറയ്ക്കായി ജൈവകൃഷിഭൂമിയൊരുക്കി കാത്തിരിക്കുന്ന ഈ മണ്ണറിഞ്ഞ മനുഷ്യന്‍ പുതുതലമുറയ്‌ക്കൊരു പാഠപുസ്തകമാണ്.

വിഷംപുരളാത്ത ഭക്ഷണം

അജയന്റെ ക്രഷര്‍ യൂണിറ്റിലെത്തുന്നവര്‍ക്കെല്ലാം അവിടുത്തെ ക്യാന്റീനില്‍ ഭക്ഷണം സൗജന്യമാണ്. ഭക്ഷണത്തിനുള്ള വിഭവങ്ങളെല്ലാം എത്തുന്നത് ഈ കൃഷിഭൂമിയില്‍ നിന്നാണ്. കുടിക്കാനുള്ള ചായയും പാലും മോരും എല്ലാം ഇവിടുത്തെ ഫാമിലെ പശുക്കളില്‍ നിന്നും. വീട്ടിലേക്കും തന്റെ ജീവനക്കാര്‍ക്കും ആവശ്യമായ പച്ചക്കറി എടുത്ത ശേഷം ബാക്കിയുള്ളവ സമീപത്തെ ഹരിത സംഘം വഴിയാണ് അജയന്‍ വിപണനം ചെയ്യുന്നത്. എന്നാല്‍ അവിടെയെത്തുന്നവയെല്ലാം തന്നെ ജൈവപച്ചക്കറിയല്ലെന്നാണ് അജയന്‍ പറയുന്നത്.

പ്രളയം തകര്‍ത്ത സ്വപ്‌നഭൂമി

ഇക്കഴിഞ്ഞ പ്രളയം അജയനെ കുറച്ചൊന്നുമല്ല പിടിച്ചുലച്ചത്. ഏക്കറുകളോളം നട്ട പടവലവും വെണ്ടയും ചീരയുമെല്ലാം പ്രളയം നശിപ്പിച്ചു. ബാക്കിയായവ വിളവെടുത്തു. അവശേഷിച്ച നെല്ലിന്റെ അവസാനഘട്ട കൊയ്ത്തിനുളള തയ്യാറെടുപ്പിലാണ് അജയന്‍. ഇക്കുറി പ്രതീക്ഷിച്ചതിന്റെ 20 ശതമാനം മാത്രമാണ് വിളവെടുക്കാനായതെന്ന് അജയന്‍ പറയുന്നു. 18 ഏക്കറില്‍ പുതിയ കൃഷി ഇറക്കുകയും അതോടൊപ്പം തന്നെ പഞ്ചായത്തിന്റെ സഹകരണത്തോടെ 50 ഏക്കറിലേക്ക് കൂടി നെല്‍ കൃഷി വ്യാപിപ്പിക്കുന്നതിനുളള പ്രയാണവും തുടങ്ങിക്കഴിഞ്ഞു.

റെഡ് ലേഡിയുടെ കൂട്ടുകാരന്‍

റെഡ് ലേഡി, റെഡ് റോയല്‍ എന്നി പപ്പായകളുടെ കോട്ടയാണ് അങ്കമാലി പുത്തന്‍പുരയ്ക്കല്‍ ജിജി തോമസിന്റെ മൂന്ന് ഏക്കറോളം നീണ്ട് കിടക്കുന്ന ഭൂമി. ഗാര്‍ഹികാവശ്യത്തിന് റെഡ് റോയല്‍ നട്ടുപിടിപ്പിക്കുവാന്‍ ഇറങ്ങി പുറപ്പെട്ടപ്പോള്‍ റെഡ് റോയല്‍ കൃഷിയും ചിത്രങ്ങളും ക് റബര്‍ തൈകള്‍ക്കിടയില്‍ മൂന്ന് ഏക്കറില്‍ റെഡ് ലേഡി നട്ടു പിടിപ്പിക്കുകയായിരുന്നു. ഒറിജിനല്‍ റെഡ് ലേഡിക്കായി തമിഴ്‌നാട്ടിലെ കൃഷ്ണഗിരി വരെ പോവുകയു ചെയ്തു. 2350 രൂപയ്ക്ക് മൂന്ന് പാക്കറ്റ് വിത്തുകളാണ് ആദ്യം വാങ്ങിയത്. നട്ട ശേഷം കുറെയേറെ നശിച്ചുപോയപ്പോള്‍ ജിജി വീും കൃഷ്ണഗിരിയിലേക്ക് യാത്രയാരംഭിച്ചു. എന്നാല്‍ കിട്ടിയത് റെഡ് റോയല്‍ വിത്തുകളും.

ഔഷധമൂല്യമുളള പപ്പായകള്‍

കഴിഞ്ഞ വര്‍ഷം 1800ല്‍ ഏറെ പപ്പായകളാണ് കായ്ച്ചത്. അതിരപ്പിളളി വാഴച്ചാല്‍ വെളളച്ചാട്ടത്തിലേക്കുളള വഴിയിലാണ് ജിജിയുടെ കൃഷിയിടമെന്നതാണ് മറ്റു കര്‍ഷകരേക്കാല്‍ ആദാം ലഭിക്കുന്നതിനും വിപണനം എളുപ്പമാക്കുന്നതിനും ജിജിയെ സഹായിക്കുന്നത്. യാത്രാമധ്യേ നിരവധി വിദേശികളും റെഡ് ലേഡി -റെഡ്‌റോയല്‍ പപ്പായകള്‍ വാങ്ങാനെത്തും. ശരിയായ രീതിയില്‍ വളം ചെയ്താല്‍ 6 കിലോ തൂക്കം വരെ ഒരു പപ്പായയ്ക്ക് വയ്ക്കും. എന്നാലവിടെ വെല്ലുവിളിയാവുന്നത് 'നമ്മുടെ വീട്ടില്‍ വെറുതെ നില്‍ക്കുന്ന പപ്പായ ഇത്ര വില നല്‍കി വാങ്ങണോ' എന്ന മലയാളിയുടെ മനോഭാവമാണ്. റമ്പൂട്ടാനും മാംഗോസ്റ്റിനും ആപ്പിളും 200 രൂപയാണെങ്കിലും കിലോയ്ക്ക 30 രൂപ വരെയായതിനാല്‍ ആറു കിലോ വരെ തൂക്കം വച്ചാല്‍ 180 രൂപ നല്‍കി ആരും പപ്പായ വാങ്ങില്ലെന്നു സാരം. എന്നാല്‍ റെഡ്‌ലേഡിയക്കും റെഡ്‌റോയലും മികച്ച ഔഷധ മൂല്യമുളളവയാണ്. ക്യാന്‍സര്‍ രോഗികളുടെയും മറ്റും ആരാധനാ കഥാപാത്രമാണ് റെഡ് റോയല്‍. റെഡ് ലേഡിയെക്കാലും അല്പം മധുരം കുറയുമെങ്കിലും ഉള്‍ക്കാമ്പിലും ഔഷധ മൂല്യത്തിലും മുമ്പന്‍ റെഡ്‌റോയല്‍ തന്നെ. പഴുത്താല്‍ 6-7 ദിവസം വരെ കേടാവാതിരിക്കുന്നതിനും റെഡ്‌ലേഡിക്ക് സാധിക്കും. റെഡ്‌റോയല്‍ 2 ദിവസവും. നല്ല ഉള്‍ക്കാമ്പും ചുവന്ന കളറുമുളള റെഡ്‌ലേഡിക്ക് കാഴ്ചയില്‍ തന്നെ ആരുടെയും മനം കൈയ്യടക്കാന്‍ സാധിക്കും.

50-60 സെ.മി എത്തുമ്പോള്‍ തന്നെ കായ്ച്ചു തുടങ്ങുന്ന റെഡ് ലേഡി 40 മുതല്‍ 60 കായകള്‍ വരെ തരാന്‍ ശേഷിയുളളവയാണ്. കുറഞ്ഞ അളവിലെ വളപ്രയോഗം മൂലം 40 കായകള്‍ വരെയാണ് ജിജിക്ക് ലഭിക്കുക. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് വിളവെടുപ്പ്. നല്ല സൂര്യപ്രകാശവും വളപ്രയോഗവും കാറ്റിനെ തടയാനുളള സാഹചര്യവുമുെങ്കില്‍ പപ്പായ നല്ല വിളവ് തരുമെന്ന് ജിജി വ്യക്തമാക്കുന്നു.

പപ്പായയില്‍ അവസാനിക്കുന്നില്ല

പപ്പായ കൂടാതെ തക്കാളി, ക്യാബേജ്, കോളിഫ്‌ളവര്‍, വെ, അപൂര്‍വ ഇനം മുളകുകള്‍ എന്നിങ്ങനെ എല്ലാത്തരം പച്ചക്കറികളും ജിജി അരയേക്കറില്‍ കൃഷി ചെയ്യുന്നുണ്ട്. ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ തന്റെ പപ്പായകൃഷി അവസാനിപ്പിച്ച് റബര്‍ കൃഷിയിലേക്കു തന്നെ മടങ്ങാനിരിക്കുകയാണ് ജിജി. ആവര്‍ത്തനകൃഷിക്കായി റബര്‍ വെട്ടി നീക്കിയ ഇടത്തില്‍ റബര്‍ തൈകള്‍ക്കിടയിലാണ് ജിജി പപ്പായ കൃഷി ആരംഭിച്ചത്. നല്ല സൂര്യ പ്രകാശം വേണമെന്നതിനാല്‍ തന്നെ റബര്‍ വളരുന്നതോടെ പപ്പായ കൃഷി അവസാനിപ്പക്കേണ്ടി വരും. ആവശ്യക്കാര്‍ക്ക് റെഡ്‌ലേഡിയുടെയും റെഡ്‌റോയലിന്റെയും തൈകള്‍ ജിജി നല്‍കുന്നുണ്ട്.

കടപ്പാട് :ഇന്‍ഫോ മാജിക്© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate