অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൃഷിയും കാര്‍ഷികപരമായ വിവരങ്ങളും

കൃഷിയും കാര്‍ഷികപരമായ വിവരങ്ങളും

അടുക്കളക്കുളം നിർമിക്കാം

മത്സ്യം ഒരു നേരം എങ്കിലും ഭക്ഷണത്തിന്റെ കൂടെ കഴിക്കാത്ത മലയാളിയില്ല.എന്നാൽ മത്സ്യത്തിന്റെ വില നാൾക്കുനാൾ കൂടുകയാണ് എവിടെയാണ് അടുക്കള തോട്ടത്തിന്റെ പ്രസക്തി.വീട്ടിലേക്ക് ആവിശ്യമുള്ള മത്സ്യം  സ്വയം കൃഷിചെയ്ത് ഉണ്ടാക്കുന്ന ധാരാളം വീടുകളിൽ ഇന്ന് കേരളത്തിൽ ഉണ്ട്.

കേരളത്തില്‍ വളരെ എളുപ്പത്തില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന ഒന്നാണ് അടുക്കളക്കുളങ്ങള്‍.

കേരളത്തിന്റെ സമതല പ്രദേശങ്ങളില്‍ പറമ്പുകള്‍തോറും ചെറിയ കുളങ്ങള്‍ ഉണ്ട്.

ഇത്തരം കുളങ്ങളെ അടുക്കളക്കുളങ്ങളാക്കി മാറ്റുവാന്‍ കഴിയുന്നതാണ്.ടെറസ്സിലും കുളം ഉണ്ടാക്കാവുന്നതാണ്.

ചേറടിഞ്ഞ കുളമാണെങ്കില്‍ ചേറെടുത്തുമാറ്റിയ ശേഷം വേണം കൃഷി ചെയ്യാന്‍.

ഒപ്പം മഴക്കാലത്ത് കുളം നിറഞ്ഞ്  മീന്‍ വെളിയില്‍പോകാതെ കുളക്കര മണ്ണിട്ട് പൊക്കണം.

വെള്ളം തുറന്ന് വിടുന്നതിനായി ഒരു ഭാഗത്ത് ചീര്‍പ്പ് വാതില്‍ വെയ്ക്കുകയും വേണം.ടെറസ്സിലും ഈ രീതിയില്‍ കുളം ഉണ്ടാക്കി മീന്‍ വളര്‍ത്തിയെടുക്കാം.

ഈ ചീര്‍പ്പ് വാതില്‍ കമ്പിവലകൊണ്ട് സംരക്ഷിക്കണം.മത്സ്യത്തെ കുളത്തിലേക്ക്‌ ഇടുന്നതിനു മുമ്പേ

കുളത്തിന്റെ ഫലപൂഷ്ടി വര്‍ദ്ധിപ്പിക്കുന്നതിന് കന്നുകാലികളുടെ ചാണകവും മൂത്രവും കലര്‍ന്ന ജലം ചെറിയതോതില്‍ കുളത്തിലേക്ക് എട്ടുകൊടുക്കണം.

കട്ട്‌ല, മൃഗല എന്നിവയെക്കൂടാതെ വിദേശയിനങ്ങളായ കാര്‍പ്പ്, തിലോപ്പിയ എന്നിവയും

അടുക്കളക്കുളത്തില്‍ വളര്‍ത്തുവാന്‍ നല്ല ഇനങ്ങളാണ്.

ഒരു ഹെക്ടര്‍ സ്ഥലത്ത് 5000 മത്സ്യക്കുഞ്ഞുങ്ങള്‍ എന്ന തോതില്‍ കൃഷി ചെയ്യാവുന്നതാണ്.

മീനുകള്‍ക്ക് തവിടും പിണ്ണാക്കുമാണ് ഏറ്റവും യോജിച്ച കൃത്രിമാഹാരം. കുടാതെ അടുക്കളവേയിസ്റ്റും നല്‍കാവുന്നതാണ്.

അസോള വളർത്താം

പാലുല്പദനം വര്ധിപ്പിക്കുന്ന ഒരു കാലിത്തീറ്റയായും അസോളയെ ഉപയോഗിക്കാം. കാട, കോഴി, മത്സ്യം, താറാവ്, പന്നി, മുയല് എന്നിവക്കെല്ലാം നല്കാവുന്ന തീറ്റ എന്ന നിലയിലും ഇതിന് പ്രാധാന്യമുണ്ട്. സസ്യമൂലകങ്ങളാല്‍ സമ്പുഷ്ടമാക്കിയ നല്ലൊരു പച്ചില വളമാണ് അസോള. ഇതില് 25-30 ശതമാനം പ്രോട്ടീനും നല്ല അളവില് കാത്സ്യവും ഇരുമ്പും അടങ്ങിയിട്ടുണ്ട്.അസോള എങ്ങനെ കൃഷിചെയാം എന്ന് നോക്കാം

സിൽപോളിൻ ഷീറ്റ് ഉപയോഗിച്ചുള്ള ബഡിലാണ് സാധാരണയായി അസോള കൃഷിചെയ്യുന്നത് .ഭാഗികമായി തണൽ ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുക,1-1.5മീറ്റർ വീതിയും 2.5മീറ്റർ നീളത്തിലും 15cm ആഴത്തിലും വരത്തക്കവിധം ഇഷ്‌ടിക കഷ്ഞങ്ങൾ ഉപയോഗിച്ചു  ടാങ്ക് നിർമിക്കുക.അടിവശത്തു ഉപയോഗശുന്യമായാ പ്ലാസ്റ്റിക് ഷീറ്റ് /ചാക്ക് വിരിച്ച ശേഷം അതിനു മുകളിൽ സിൻപോളിന് ഷീറ്റ് വിരിക്കുക.ഷീറ്റിന്റെ അരികുകളിൽ ഇഷ്‌ടിക/തടി വരമ്പിനു മുകളിൽ വരത്തക്കവിധം ക്രമീകരിക്കുക.ഒരു ച മീറ്ററിന് 7kg മേൽ മണ്ണ് എന്ന നിരക്കിൽ ബെഡിന്റെ അടിഭാഗത്തായി വിരിക്കുക.8-10ലിറ്റർ വെള്ളത്തിൽ ച മീറ്ററിന് 2.5കിലോ ചാണകം  മാണിന് മുകളിൽ ഒഴിക്കുക .വെള്ളം ഒഴിച്ചതിനു ശേഷം കുറച്ചു അസോള ഇടുക .ഒരാഴ്ചക്കുള്ളിൽ ബെഡ് നിറയുന്നത് കാണാം ഓരോ ദിവസവും 500ഗ്രാം വിളവ് എടുക്കാവുന്നതാണ്

തക്കാളി കൃഷി രീതി​

തക്കാളി വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിയാണ്. ചെടിച്ചട്ടികളില്‍, ചാക്കുകളില്‍, ഗ്രോബാഗുകളില്‍ ഇതിലെല്ലാം നടീല്‍ മിശ്രിതം നിറച്ചശേഷം തക്കാളി നടാം. വിത്ത് പാകി മുളപ്പിച്ച ശേഷം പറിച്ചു നടുന്നതാണ്‌ ഉത്തമം. തക്കാളി ഒരു ഉഷ്ണകാല സസ്യമാണ്, ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്. ബാക്ടീരിയാ വാട്ടമില്ലാത്ത ഇനങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ്, മനുലക്ഷ്മി എന്നിവ ബാക്ടീരിയാ വാട്ടം ചെറുക്കാന്‍ കഴിവുള്ള തക്കാളിയിനങ്ങളാണ്.

തക്കാളി വിത്തുകള്‍ പാകി മുളപ്പിക്കുക, വിത്തുകള്‍ ഒരു മണിക്കൂര്‍ രണ്ടു ശതമാനം വീര്യം ഉള്ള സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത് വളരെ നല്ലതാണ്. ഒരു മാസം പ്രായമായ തൈകള്‍ പറിച്ചു നടാം. നടുന്നതിന് മുന്‍പ് സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത് നല്ലതാണ്. നേരിട്ട് മണ്ണില്‍ നടുമ്പോള്‍ മണ്ണ് നന്നായി കിളച്ചിളക്കി, കല്ലും കട്ടയും കളഞ്ഞു അടി വളമായി ഉണങ്ങിയ, ചാണകം, കമ്പോസ്റ്റ് ഇവ ചേര്‍ക്കാം. കുമ്മായം ചേര്‍ത്ത്  മണ്ണിന്റെ പുളിപ്പ് കുറയ്ക്കുന്നതും നല്ലതാണ്. ചാക്ക് / ഗ്രോ ബാഗ്‌ ആണെങ്കില്‍ മണ്ണ് / ചാണകപ്പൊടി / ചകിരിചോറ് ഇവ തുല്യ അളവില്‍ ചേര്‍ത്ത് ഇളക്കി നടാം.

കടല പിണ്ണാക്ക്/കപ്പലണ്ടി പിണ്ണാക്ക് വെള്ളത്തില്‍ ഇട്ടു പുളിപ്പിച്ചത് നാലിരട്ടി വെള്ളം ചേര്‍ത്ത് ഒഴിച്ച് കൊടുക്കാം. ഫിഷ്‌ അമിനോ ആസിഡ്, പഞ്ചഗവ്യം, ജീവാമൃതം, ഇവയൊക്കെ ഒരാഴ്ച ഇട വിട്ടു കൊടുക്കാം. ചെടി വളര്‍ന്നു വരുമ്പോള്‍ താങ്ങ് കൊടുക്കണം. സ്യുഡോമോണാസ് ലായനി 10 ദിവസം അല്ലെങ്കില്‍ രണ്ടാഴ്ച കൂടുമ്പോള്‍ ഒഴിച്ച് കൊടുക്കുന്നത് വളരെ നല്ലതാണ്. രാസ വളം ഒഴിവാക്കുന്നതാണ് നല്ലത്, അളവ് കൂടിയാല്‍ ചെടി കരിഞ്ഞു ഉണങ്ങി പോകും.

തക്കാളിയെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ – ഇലച്ചുരുൾ രോഗം, വേരുചീയൽ, ഫലം ചീയൽ, പലവിധ കുമിളു രോഗങ്ങൾ, ബാക്ടീരിയൽ വാട്ടം എന്നിവയാണ്. വാട്ടം ഉള്ള ചെടികള്‍ വേരോടെ നശിപ്പിക്കുക.

വെളുതുള്ളികൃഷി അടുക്കളത്തോട്ടത്തിൽ

.പണപ്പെരുപ്പവും, പച്ചക്കറി വിലയും കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ കയറിക്കൊണ്ടിരിക്കുകയാണ്. പച്ചക്കറി സ്വന്തമായ നിലയില്‍ ഉല്‍പാദിപ്പിക്കുക എന്നത് ഇന്നത്തെ കാലത്ത് മനസിനും പോക്കറ്റിനും സാന്ത്വനമേകുന്ന കാര്യമാണ്.സ്വന്തമായി പച്ചക്കറി കൃഷി ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാറുളള പലരും ഇതൊക്കെ മെനക്കേടാകുമെന്ന് പറഞ്ഞ് അവസാനനിമിഷം പിന്മാറുകയാണ് പതിവ്. അല്പം നേരമെടുക്കാനുളള മനസ്ഥിതിയും പരിശ്രമവുമുണ്ടെങ്കില്‍ അതിമനോഹരമായ അടുക്കളത്തോട്ടം രൂപപ്പെടുത്താവുന്നതാണ്. കലര്‍പ്പില്ലാത്ത ശുദ്ധ പച്ചക്കറികള്‍ കിട്ടുമെന്നു വരുന്നത് അത്യന്തം സന്തോഷകരമാണ്. സ്വയം പരിപാലിച്ച് വളര്‍ത്തിയ പച്ചക്കറികള്‍ രുചികരവും ഗുണകരവുമാകും.അടുക്കളത്തോട്ടത്തില്‍ നടാന്‍ ഉത്തമമായ പച്ചക്കറി ഇനമാണ് വെളുത്തുള്ളി. പാചകത്തിനു ഉത്തമമായ ചേരുവയാണ് വെളുത്തുള്ളി.

കൃഷിരീതി

ശൈത്യകാലം വെളുത്തുള്ളി കൃഷിക്ക് യോജിച്ചതല്ല. മണ്ണ് ഉണങ്ങിക്കിടക്കുന്ന സമയമാണ് അനുയോജ്യം. പ്രതികൂല കാലാവസ്ഥകളില്‍ വെളുത്തുള്ളി കൃഷി ചെയ്യുന്നത് ഫലപ്രദമാകില്ല.വേരുപിടിപ്പിക്കാന്‍ മണ്ണില്‍ തണുപ്പ് അധികരിക്കുന്നതിന് മുമ്പ് വെളുത്തുള്ളി നടണം. ഇത് വേഗത്തില്‍ വേര് പിടിക്കാന്‍ സഹായിക്കും. ചെടിയില്‍ പച്ചനിറത്തിലുള്ള മുള കാണുന്നത് അനുകൂല ലക്ഷണമാണ്. എളുപ്പത്തില്‍ കൃഷി ചെയ്യാവുന്നതാണ് വെളുത്തുള്ളി. കൃഷിക്ക് മുമ്പായി മണ്ണ് തയ്യാറാക്കേണ്ടതുണ്ട്. വളക്കൂറുള്ള മണ്ണ് വെളുത്തുള്ളി കൃഷിക്ക് അനിവാര്യമാണ്.

ച്ച. ശ്രദ്ധാപൂര്‍വ്വമുള്ള തെരഞ്ഞെടുപ്പ്: കൃഷി തുടങ്ങുന്നതിന് മുമ്പ് അനുയോജ്യമായ ഇനം തെരഞ്ഞെടുക്കുക. കടുപ്പമുള്ള കഴുത്തുള്ളതും മൃദുലമായ കഴുത്തുള്ളതുമായ ഇനങ്ങള്‍ വെളുത്തുള്ളിയിലുണ്ട്. ഇതിലാദ്യത്തേതിന് കട്ടിയുള്ള തണ്ടാവും ഉണ്ടാവുക. അഗ്രഭാഗത്ത് ചുരുളലുമുണ്ടാകും. മൃദുലമായ കഴുത്തുള്ള ഇനത്തില്‍ കൂടുതല്‍ മുളകളുണ്ടാവും. വലിയ മുളകളുള്ളവ വേണം നടാനുപയോഗിക്കേണ്ടത്. ചെറിയവ ഉണ്ടാകുന്നത് അടുക്കളയിലെ ആവശ്യത്തിന് ഉപയോഗിക്കാം.

പരിചരണം

നടീല്‍ മുള മുകളില്‍ വരുന്ന തരത്തില്‍ വേണം വെളുത്തുള്ളി നടാന്‍. കൃഷി ചെയ്യുന്ന സ്ഥലത്തെ മണ്ണ് ഇളക്കിയിടണം. പല തരം ഇനങ്ങള്‍ നടുന്നുണ്ടെങ്കില്‍ അവ വേര്‍തിരിക്കാനും ശ്രദ്ധിക്കണം.

നടീലില്‍ മാത്രമല്ല കാര്യം. പതിവായി ശ്രദ്ധ നല്കണം. വെള്ളവും, വളവും ആവശ്യത്തിന് നല്കുകയും വേണം. ദിവസത്തില്‍ രണ്ട് തവണ വളം ചേര്‍ക്കാം. മീന്‍ കുഴമ്പും കടല്‍ച്ചെടി മിശ്രിതവും ഉപയോഗിക്കാം. അധികം വെള്ളം വെളുത്തുള്ളിക്ക് ആവശ്യമില്ലെങ്കിലും ആവശ്യത്തിന് വെള്ളം വേണം. മണ്ണ് നനവുള്ളതാണോ, ഉണങ്ങിയതാണോ എന്നത് ശ്രദ്ധിക്കണം. മണ്ണ് ഒരിഞ്ച് ആഴത്തില്‍ വരണ്ടതാണെങ്കില്‍ നനയ്‌ക്കേണ്ടതുണ്ട്.

ച്ച. വിളവെടുപ്പ്: അഞ്ചോ ആറോ ഇല വന്നാല്‍ വിളവെടുക്കാം. വേനല്‍ക്കാലത്തിന്റെ ആരംഭത്തിലോ ശൈത്യകാലത്തോ വിളവെടുക്കാം. ഇവ ശേഖരിച്ച് ഇലയടക്കം കെട്ടുകളാക്കി തൂക്കിയിടാം.വെളുത്തുളളിക്ക് ശരീരത്തിലെ രക്തശുദ്ധീകരണത്തിനു കാര്യമായ സംഭാവന നല്‍കാനാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. രക്തയോട്ടം വര്‍ധിപ്പിക്കുവാനും ശരീരത്തിന് പുഷ്ടി വരുത്താനും വെളുത്തുളളി സ്ഥിരമായി കഴിച്ചാല്‍ മതി. വിഷജീവികള്‍ക്ക് വെളുത്തുളളിയുടെ മണം അരോചകമാണ്. പാമ്പുകളെ തുരത്തുന്നതിനു വെളുത്തുളളി ഉപയോഗിക്കുന്നത് സര്‍വസാധാരണമാണ്.

കടപ്പാട് : കേരളഭൂഷണം ഡേയ് ലി

​വഴുതന

എല്ലാ വിധ കറികളിലും ഉപയോഗിക്കുന്ന പച്ചക്കറിയാണ് വഴുതന. നന്നായി മൂത്ത് പഴുത്ത വഴുതനയുടെ വിത്തുകള് ഉണക്കിയാണ് നടാനുപയോഗിക്കുന്നത്. വിത്തുകള് പാകി ദിവസവും നനച്ചു കൊടുക്കണം. വഴുതന വിത്ത് മുളച്ചു തൈകള്ക്ക് 5-6 ഇലകള് വന്നാല് പറിച്ചു നടാം. മേല്മണ്ണ്, കമ്പോസ്റ്റും, ഉണങ്ങിയ ചാണക പൊടിയുമായി കൂട്ടി കലര്ത്തി നടാനുള്ള കുഴികളിലോ, ചട്ടിയിലോ, പ്ലാസ്റ്റിക് ചക്കുകളിലോ നിറച്ചു തൈകള് നടാവുന്നതാണ്. പ്രത്യേക പരിചരണങ്ങള് ആവശ്യമില്ലാത്ത വഴുതനയ്ക്ക് ദിവസവും നനച്ചു കൊടുക്കണം. ഇല തീനി പുഴുക്കളുടെ ശല്ല്യം ഉണ്ടാകാറുണ്ട്. ഇതിനായി വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം നല്ലതാണ്. നന്നായി നനച്ചു വളം ചെയ്താല് 3 വര്ഷത്തോളം വിളവു ലഭിക്കും.

ഹൈടെക് കൃഷിയിലും പണം..

വെറും 25 സെന്റില്‍ നിന്ന് രണ്ടരയേക്കര്‍ സ്ഥലത്തുനിന്നുണ്ടാക്കാവുന്ന വിളവ്. മൂന്നുമാസം കൊണ്ട് നാല് ലക്ഷം രൂപ വരെ വിറ്റുവരവ്. അത്ഭുതപ്പെടേണ്ട കേരളത്തിലെ കൃഷിയിടത്തില്‍ ഇതെല്ലാം സാധ്യമാകുന്നു. പുതിയ കാലഘട്ടത്തിലെ ഹൈ ടെക് ഫാമിംഗിലൂടെ.

കാര്‍ഷിക കേരളത്തില്‍ നിന്ന് ഹരിതാഭ പടിയിറങ്ങിയിട്ട് നാളേറെയായി. കൃഷിയെ കൈവെടിയുകയും വ്യവസായത്തില്‍ കാര്യമായൊന്നും നേടാനാകാതിരിക്കുകയും ചെയ്യുന്ന സ്ഥിതിയിലാണിന്ന് കേരളം. വികസന സ്വപ്നങ്ങള്‍ ടൂറിസത്തിലും പിന്നെ ഐടിയിലുമായി കേന്ദ്രീകരിക്കപ്പെട്ടപ്പോള്‍ കാര്‍ഷിക കേരളം എന്ന പേര് ഏതാണ്ട് നഷ്ടമായി.

എന്നാല്‍ ഒരു സേവനവ്യവസായം എന്ന നിലയ്ക്ക് ടൂറിസത്തിന്റേയും ഐടിയുടേയും പരിമിതികള്‍ പലപ്പോഴായി കേരളം മനസിലാക്കി കഴിഞ്ഞു. ലോക സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാന ചാലക ശക്തി ഉല്‍പ്പാദന മേഖലയാണ്. അതില്‍ തന്നെ കാര്‍ഷികോല്‍പ്പാദനം പരമപ്രധാനവും. എന്നാല്‍ കേരളത്തില്‍ കൃഷി ആദായകരവും ആകര്‍ഷകവുമല്ലെന്ന കാരണം ചൂണ്ടിക്കാട്ടി കര്‍ഷകര്‍ കൂട്ടത്തോടെ ഈ രംഗം വിട്ടുപോയ്‌ക്കൊണ്ടിരിക്കുന്നു. പ്രതികൂല സാഹചര്യങ്ങളെ എതിരിട്ട് കാര്‍ഷിക രംഗത്ത് പിടിച്ചു നില്‍ക്കുന്നവര്‍ക്കാകട്ടെ ജോലിക്കാരെ കിട്ടാനില്ല, വെള്ളവും വളവുമില്ല, വിളകള്‍ക്ക് വിപണിയില്ല… അങ്ങനെ പ്രശ്‌നങ്ങള്‍ അനവധി.

എന്നാല്‍ കാര്‍ഷിക മേഖലയുടെ സാധ്യതകള്‍ ഒരിക്കലും അസ്തമിക്കുന്നുമില്ല. പരമ്പരാഗത കൃഷിരീതി ആധുനിക കാലഘട്ടത്തില്‍ കാര്‍ഷിക രംഗത്തിന്റെ ഉന്നമനത്തിനുള്ള ഉപാധിയേ ആകുന്നില്ല. മറിച്ച് അതിനെ ആധുനീകരിക്കുകയാണ് പോംവഴി. കര്‍ഷകത്തൊഴിലാളിയെ അഗ്രികള്‍ച്ചറല്‍ മെക്കാനിക്കെന്നോ അഗ്രി ടെക്‌നീഷ്യനെന്നോ വിളിക്കാവുന്ന തരത്തിലേക്ക് കൃഷിയെ മാറ്റിയെടുക്കാനായാല്‍ വിദ്യാസമ്പന്നരായ യുവാക്കളും കൃഷിയിലേക്ക് ആകൃഷ്ടരാകും. അത്തരത്തില്‍ കൃഷിയില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് തയ്യാറുള്ള സംരംഭകര്‍ക്ക് മുന്നില്‍ ഇപ്പോള്‍ തുറന്നിരിക്കുന്നൊരു വാതിലാണ് ഹൈടെക് ഫാമിംഗ്. കൃഷി പണമാക്കാനുള്ള പുതിയൊരു സാധ്യത. കാര്‍ഷിക കേരളത്തിന്റെ ഭാവി ഹൈടെക് കൃഷിയിലാണ് എന്നു പറഞ്ഞാല്‍ അതൊട്ടും അതിശയോക്തിയാകില്ല.

പ്രിസിഷന്‍ ഫാമിംഗിനെ അഥവാ പ്രൊട്ടക്ടഡ് കള്‍ട്ടിവേഷനെയാണ് ഹൈടെക് കൃഷിയെന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഗ്രീന്‍ ഹൗസുകള്‍ നിര്‍മിച്ച് അതിനുള്ളിലെ ചൂടും ഈര്‍പ്പവും വളവും വെള്ളവുമൊക്കെ നിയന്ത്രിച്ച് കൃഷി ചെയ്യുന്നതാണ് ഇതിലെ ഒരു രീതി. ഓപ്പണ്‍ പ്രിസിഷന്‍ ഫാമിംഗാണ് മറ്റൊരു രീതി. ഇതു പ്രകാരം തുറസായ സ്ഥലത്ത് ഡ്രിപ്പ് ഇറിഗേഷനും ഫെര്‍ട്ടിലൈസേഷനുമാണ് നടത്തുന്നത്. പ്രിസിഷന്‍ ഫാമിംഗില്‍ പുഷ്പകൃഷിയും പച്ചക്കറികൃഷിയും സാധ്യമാണെങ്കില്‍ ഓപ്പണ്‍ പ്രിസിഷന്‍ ഫാമിംഗിലൂടെ ഇവക്ക് പുറമേ വാഴകൃഷിയും നടത്താനാകും.

ഉല്‍പ്പാദനം വര്‍ധിക്കും, ലാഭവും

ചെറിയൊരു തുണ്ട് ഭൂമിയില്‍ നിന്നു പോലും ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള കാര്‍ഷിക വിളകള്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കാനാകും എന്നതാണ് ഹൈ ടെക് കൃഷിയുടെ ഏറ്റവും വലിയ സാധ്യത. ഒരു ഏക്കറില്‍ സാധാരണ പച്ചക്കറി കൃഷി ചെയ്താല്‍ പരമാവധി മൂന്നു മുതല്‍ ആറ് ടണ്‍ വരെ വിളവ് ലഭിക്കുമെങ്കില്‍ ഓപ്പണ്‍ പ്രിസിഷന്‍ ഫാമിംഗില്‍ ഇത് 12 ടണ്‍ വരെയായും ഹൈ ടെക് കൃഷിയിലെ മറ്റൊരു വഴിയായ ഗ്രീന്‍ ഹൗസുകളില്‍ 60 ടണ്‍ വരെയായും വര്‍ധിപ്പിക്കാനാകുമെന്ന് തിരുവനന്തപുരത്തെ പ്രൊവിന്‍സ് അഗ്രി സിസ്റ്റത്തിന്റെ എക്‌സിക്യുട്ടീവ് ഡയക്റ്റര്‍ കെ.ജി ഗിരീഷ് കുമാര്‍ പറയുന്നു.”ഭക്ഷ്യ ആവശ്യങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ പരമ്പരാഗത കൃഷിയുമായി ഇനി മുന്നോട്ട് പോകാനാകില്ല. ദേശീയതലത്തില്‍ തന്നെ വന്‍കിട കമ്പനികള്‍ ഹൈടെക് കൃഷിയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നതിനാല്‍ കേരളത്തിലെ കര്‍ഷകരും ഈ പുതിയ പാത സ്വീകരിച്ചില്ലെങ്കില്‍ കാര്‍ഷികരംഗത്ത് നിന്നും അവര്‍ തൂത്തെറിയപ്പെടും,” ഗിരീഷ്‌കുമാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

കൃഷി ചെലവ് കുറയും, വരുമാനം കൂടും

വ്യവസായത്തിനെന്നപോലെ കൃഷിക്കും കേരളത്തില്‍ സ്ഥല ലഭ്യത കുറയുകയാണ്, ജനസാന്ദ്രത കൂടുകയും ചെയ്യുന്നു. അതോടൊപ്പം തൊഴിലാളി ക്ഷാമവും കൂലിയും വളം വിലയും ജല ദൗര്‍ലഭ്യവും കൂടിക്കൂടി വരുന്നു. ഇതിനൊക്കെ ഒരു പരിധിവരെയൊരു മറുപടിയായേക്കും ഹൈടെക് ഫാമിംഗ്. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വിളവ് കിട്ടും, ഡ്രോപ്പ് ഇറിഗേഷന്‍ (തുള്ളി നന) യാണ് ചെയ്യുന്നത് എന്നതിനാല്‍ വെള്ളം വളരെ കുറച്ച് മതി, അതുപോലെ തന്നെ വേരുകളിലേക്ക് വളം നേരിട്ട് കൊടുക്കുകയാണ് ചെയ്യുന്നത് എന്നതിനാല്‍ വളവും താരതമ്യേന വളരെ കുറച്ച് മതിയാകും. മാത്രവുമല്ല വെള്ളവും വളവുമൊക്കെ ഓട്ടോമാറ്റിക്കായി സ്വിച്ചിട്ടാല്‍ ലഭിക്കുന്ന സംവിധാനമായിരിക്കുമെന്നതിനാല്‍ ഒരു ഗ്രീന്‍ ഹൗസില്‍ പണിക്കായി പരമാവധി രണ്ടുപേര്‍ മതിയാകും. അങ്ങനെ കൃഷിച്ചെലവ് വളരെ കുറച്ച് കൃഷിയില്‍ നിന്ന് കൂടുതല്‍ പണം നേടാനുള്ള വഴിയാണ് ഹൈടെക് ഫാമിംഗ്.

കൃഷി ‘വൈറ്റ് കോളര്‍’ ജോലിയാകും

വിദ്യാഭ്യാസം മലയാളിയെ മണ്ണിലിറങ്ങാന്‍ മടിയുള്ളവരാക്കി എന്നൊരു ആക്ഷേപം നിലവിലുണ്ട്. വൈറ്റ് കോളര്‍ ജോലിയോടുള്ള ആഭിമുഖ്യം മൂലം പരമ്പരാഗത കൃഷിക്കാരുടെ പിന്‍തലമുറ കൃഷി ഉപേക്ഷിച്ച് ‘ജോലി’ തേടിപ്പോയതാണ് കാര്‍ഷിക മേഖലയില്‍ കേരളം ഇത്രയും പിന്നോട്ട് പോയതിന് കാരണം എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിനൊരു തിരുത്തല്‍ വരുത്താന്‍ ശേഷിയുള്ള കൃഷി രീതിയാണ് ഹൈടെക് ഫാമിംഗ്. ഒരു ആധൂനിക ഓഫീസ് പോലെ തന്നെയുള്ള ഗ്രീന്‍ ഹൗസുകളില്‍ കൃഷിനടത്താല്‍ മണ്ണിലിറങ്ങേണ്ടതില്ല, അകത്തെന്താണ് ചെയ്യുന്നതെന്ന് പുറത്തു കാണുകയുമില്ല. ഒരു ഐടി പ്രൊഫഷണലിനെപ്പോലെ തന്നെ കൃഷിയിടത്തില്‍ ജോലിചെയ്യാനാകുമെന്നത് യുവാക്കള്‍ക്ക് ഈ മേഖലയില്‍ വന്‍ സാധ്യതയാണ് തുറന്നിടുന്നത്.

യുവ സംരംഭകര്‍ക്ക് കൃഷി സംരംഭകരുമാകാം

ഒരു ഐ.റ്റി അധിഷ്ഠിത സംരംഭത്തിന് നിക്ഷേപം നടത്തുന്നതുപോലെ തന്നെ ഹൈടെക് ഫാമിംഗിലും നിക്ഷേപം നടത്താം. മാത്രവുമല്ല അതിലേറെ ‘ടെന്‍ഷന്‍ ഫ്രീ’യായി ലാഭമുണ്ടാക്കുകയും ജീവിതം ആസ്വദിക്കുകയും ചെയ്യാം. ഒരു ഐടി പ്രൊഫഷണല്‍ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ച് മാര്‍ക്കറ്റ് ചെയ്യുന്നതുപോലതന്നെ കൃഷി നടത്തി പണമുണ്ടാക്കുന്നതിനുള്ള വഴിയാണ് ഹൈ ടെക് ഫാമിംഗ് തുറന്നു തരുന്നത്.

പരമ്പരാഗത കൃഷിരീതികളില്‍ വന്‍മാറ്റം വരുത്തുകയാണ് ഹൈടെക് കൃഷി. കാര്‍ഷിക രംഗത്തെ മുന്നേറ്റത്തിന് കേരളത്തിന് മുന്നിലുള്ള ഏക പോം വഴിയാണ് ഹൈടെക് കൃഷിയെന്ന് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനിലെ ടെക്‌നോളജി ഓഫീസറായ മെല്‍വിന്‍ ജോസ് അഭിപ്രായപ്പെടുന്നു. ഈ വര്‍ഷം സംസ്ഥാനത്തൊട്ടാകെ കുറഞ്ഞത് ഒരു ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലത്തെങ്കിലും ഹൈടെക് കൃഷി വ്യാപിപ്പിക്കാനാണ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

”കേരളത്തിലെ പരമ്പരാഗത കൃഷിക്കാര്‍ ഏറെയൊന്നും ഇതിലേക്ക് വന്നിട്ടില്ലെങ്കിലും യുവാക്കള്‍, വിദേശ മലയാളികള്‍, വ്യവസായികള്‍ തുടങ്ങിയവരെല്ലാം ഇതിന്റെ സാധ്യത മനസിലാക്കി ഈ രംഗത്തേക്ക് വരുന്നുണ്ട്. ഹൈടെക് ഫാമിംഗ് എന്താണെന്ന് മനസിലാക്കി ആ രംഗത്തേക്ക് കടക്കാന്‍ സഹായിക്കുന്ന ഒരു പുസ്തകം സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഉടനെ പ്രസിദ്ധീകരിക്കും,” മെല്‍വിന്‍ ജോസ് അറിയിച്ചു.

കൃഷിയിടത്തെ ഒരു അത്യാധുനിക ബിസിനസ് ഓഫീസിന് തുല്യമാക്കുന്ന ഹൈടെക് കൃഷി രീതി മുമ്പെന്നുമില്ലാത്ത വിധം നിക്ഷേപത്തിന് അനുസൃതമായ വരുമാനം ഉറപ്പാക്കുന്നുമുണ്ട്. ”ഞങ്ങള്‍ക്ക് ആവശ്യത്തിനനുസരിച്ച് കാര്‍ഷികോല്‍പ്പന്നം വിതരണം ചെയ്യാനാകാത്ത സ്ഥിതിയാണുള്ളത്. വിപണന സാധ്യതയേറെയുള്ള സ്‌പെഷലൈസ്ഡ് വിളകളുടെ ഉല്‍പ്പാദനത്തിലൂടെ വിപണിയും വരുമാനവും ഉറപ്പാക്കാന്‍ സാധിക്കുമെന്നതാണ് ഹൈടെക് കൃഷിരീതിയുടെ ഏറ്റവും വലിയ മെച്ചം. അതുകൊണ്ടു തന്നെയാണ് ഞങ്ങള്‍ ഹൈടെക് കൃഷിക്കാരില്‍ നിന്ന് വിളകള്‍ക്ക് ബൈബാക്ക് സമ്പ്രദായം ഏര്‍പ്പെടുത്തിയിരിക്കുന്നത്,” ഹൈടെക് ഫാമിംഗ് രംഗത്ത് സമഗ്ര സേവനം ലഭ്യമാക്കുന്ന കൊച്ചിയിലെ ഡിഎം മെഷീന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്റര്‍ കെ.ഡി ഫ്രാന്‍സിസ് പറയുന്നു. ഇസ്രായേല്‍, ഇന്‍ഡോ അമേരിക്കന്‍ കമ്പനികളുടെ പങ്കാളിത്തത്തോടെ രൂപീകരിച്ചിരിക്കുന്ന സംരംഭമാണ് ഡിഎം മെഷീന്‍സ്.

”രണ്ടായിരം ടണ്‍ പച്ചക്കറിയാണ് പ്രതിദിനം തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും മറ്റുമായി കേരളത്തിലേക്ക് വരുന്നത്. അതിമാരകമായ കീടനാശിനികള്‍ കലര്‍ന്ന ഇവ വലിയ ആരോഗ്യ പ്രശ്‌നമാണ് നമുക്ക് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. എന്തുകൊണ്ട് നമുക്ക് ആവശ്യമുള്ള കാര്‍ഷിക വിഭവങ്ങള്‍ ഇവിടെ തന്നെ കൃഷി ചെയ്തുകൂടാ? നമുക്കു മുന്നിലിപ്പോള്‍ കൃഷി ലാഭകരമായി നടത്തി പണമുണ്ടാക്കാനുള്ള ഹൈടെക് കൃഷിയുടെ വിവിധ സാധ്യതകളുണ്ട്. ഗ്രീന്‍ ഹൗസ് ഫാമിംഗാണ് ഇതില്‍ എടുത്തു പറയേണ്ടണ്ടത്. 1987 ല്‍ ഈ രംഗത്തേക്ക് പ്രവേശിച്ച ഞങ്ങള്‍ വിജയകരമായി മുന്നോട്ട് പോകുന്നത് തന്നെയാണ് ഇക്കാര്യത്തില്‍ തരാനുള്ള ഏറ്റവും വലിയ തെളിവ്,” കഴിഞ്ഞ കാല്‍നൂറ്റാണ്ടണ്ടായി ഹൈടെക് കൃഷി രംഗത്തു നില്‍ക്കുന്ന സ്റ്റെര്‍ലിംഗ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്റ്റര്‍ ശിവദാസ് ബി. മേനോന്‍ പറയുന്നു.

കൃഷി ഒരു സ്റ്റാറ്റസ് സിംബലാകും

കേരളത്തിലെ കാംപസുകള്‍ ഏറ്റെടുക്കുകയാണിപ്പോള്‍ ഹൈ ടെക് ഫാമിംഗ്. കേരളത്തിലെ ഒരോ പഞ്ചായത്തിലും മൂന്ന് ഹൈടെക് ഫാമുകള്‍ എന്ന സര്‍ക്കാര്‍ പദ്ധതി പ്രകാരം ആദ്യത്തെ ഹൈടൈക് ഫാം ആരംഭിച്ചത് അങ്കമാലി ഫിസാറ്റ് കാംപസിലായിരുന്നു. വിദ്യാര്‍ത്ഥികള്‍ വലിയ ആവേശത്തോടെയാണ് ഇത് ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയതെന്നും വന്‍ വിളവും ലാഭവും നേടാനായെന്നും കാംപസിലെ ഹൈടെക് ഫാമിംഗിന് നേതൃത്വം കൊടുക്കുന്ന ഫിസാറ്റ് ചെയര്‍മാന്‍ പി.വി മാത്യു പറയുന്നു.

”കൃഷി സ്റ്റാറ്റസിന് പറ്റുന്നതല്ല എന്ന മനോഭാവം മാറി ഹൈടെക് കൃഷി ഒരു സ്റ്റാറ്റസ് സിംബലായി മാറാന്‍ പോകുകയാണ്. പ്രത്യേകിച്ച് ഡോക്ടര്‍, എന്‍ജിനീയര്‍ തുടങ്ങിയ പ്രൊഫഷണലുകള്‍ക്ക്. പലരും ടെറസിലും മറ്റും കൃഷി തുടങ്ങിക്കഴിഞ്ഞു. എല്ലാവരേയും കൃഷിക്കാരാക്കുന്ന സാധ്യതയിലേക്ക് ഹൈടെക് കൃഷി നമ്മളെ കൊണ്ടുപോകും,” പി.വി മാത്യു പറയുന്നു.

പുതിയ തലമുറയെ കൂടുതലായി ഹൈ-ടെക് കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിന് സ്‌കൂളുകളിലും കോളേജുകളിലും ബോധവല്‍ക്കരണവും കൃഷിയും ഉണ്ടാകണമെന്നും അതിലൂടെ ഒരു പുതിയ കാര്‍ഷിക സംസ്‌ക്കാരം ഉണ്ടാക്കാന്‍ സാധിക്കുമെന്നും മാത്യു അഭിപ്രായപ്പെടുന്നു. ചെറുപ്പക്കാരെ ഹൈ ടെക് കൃഷിയിലേക്ക് കൊണ്ടുവരാനായാല്‍ അവര്‍ കുടുംബത്തിലെയും പരിചയത്തിലേയും മുതിര്‍ന്നവരേയും പുതിയ കൃഷിരീതിയിലേക്ക് കൊണ്ടുവരുകയും അങ്ങനെ പുതിയ സംരംഭങ്ങളിലൂടെ വലിയൊരു മാറ്റത്തിന് യുവാക്കള്‍ വഴികാട്ടികളാകുകയും ചെയ്‌തേക്കാം.

എന്താണ് ഗ്രീന്‍ ഹൗസ് ഫാമിംഗ്

പ്രകൃതിയെ വിളകള്‍ക്ക് അനുഗുണമായ തരത്തിലേക്ക് നിയന്ത്രിച്ചെടുക്കുന്ന സംവിധാനമാണ് ഗ്രീന്‍ ഹൗസുകള്‍ അഥവാ പോളി ഹൗസുകള്‍. ചെടിയെ ചൂട്, മഴ, തണുപ്പ്, വെയില്‍ എന്നിവയില്‍ നിന്ന് സംരക്ഷിച്ചു കൊണ്ട് ചെടിയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം കൃത്രിമമായി സൃഷ്ടിക്കുകയാണ് ഗ്രീന്‍ ഹൗസ് ഫാമിംഗില്‍ ചെയ്യുന്നത്. ഇതിനായി സൂതാര്യമായ യു വി ട്രീറ്റഡ് പോളി എത്തലിന്‍ ഷീറ്റുകൊണ്ട് കൃഷിസ്ഥലം പൂര്‍ണമായോ, ഭാഗികമായോ മറച്ച് വീടുപോലെ ആക്കിയെടുക്കുന്നതിനാണ് ഗ്രീന്‍ ഹൗസ് എന്നു പറയുന്നത്. ഇതിനകത്ത് ശാസ്ത്രീയമായ ജലസേചനം, വളമിടല്‍, കാലാവസ്ഥാ നിയന്ത്രണം തുടങ്ങിയ കാര്യങ്ങള്‍ നടപ്പിലാക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിലൂള്ള കൃഷിയിലൂടെ സാധാരണ കൃഷിയില്‍ ലഭിക്കുന്നതിനേക്കാള്‍ എട്ടിരട്ടിയോളം അധികം വിളവ് ഉണ്ടാക്കാമെന്നാണ് കര്‍ഷകര്‍ പറയുന്നത്. 
ഗ്രീന്‍ ഹൗസ് നിര്‍മിക്കാനുള്ള ചെലവ്

ആയിരം സ്‌ക്വയര്‍ മീറ്ററിന് – 12 ലക്ഷം രൂപ

(ഇരുപത്തിയഞ്ച് സെന്റ് സ്ഥലത്ത്)

സബ്‌സിഡി

400 ച.മീ. (10 സെന്റ്) വരെയുള്ള പോളിഹൗസുകള്‍ക്ക് 75 ശതമാനം സബ്‌സിഡി ലഭിക്കുന്നതാണ്. അതായത് കര്‍ഷകന് മുടക്കേണ്ടി വരുന്നത് 25 ശതമാനം മാത്രം. അത് ആവശ്യമെങ്കില്‍ ബാങ്ക് വായ്പയായി ലഭിക്കുകയും ചെയ്യും.

400 മുതല്‍ 4000 ച.മീ. (1 ഏക്കര്‍) വരെ 50 ശതമാനം സബ്‌സിഡി ലഭിക്കും. നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെയും രാഷ്ട്രീയ കൃഷി വികാസ് യോജനയുടെയും പദ്ധതികള്‍ അനുസരിച്ചാണ് ഹൈടെക് കൃഷിക്ക് സബ്‌സിഡി നല്‍കുന്നത്. രണ്ട് പദ്ധതി പ്രകാരമുള്ള സബ്‌സിഡിയും സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനാണ് ലഭ്യമാക്കുന്നത്. ഈ പദ്ധതികള്‍ പ്രകാരം ഹൈടെക് രീതിയിലുള്ള പുഷ്പകൃഷിക്കും പച്ചക്കറികൃഷിക്കും സബ്‌സിഡി ലഭിക്കും.

സംസ്ഥാന ഗവണ്‍മെന്റിന്റെ കഴിഞ്ഞ വര്‍ഷത്തെ വെജിറ്റബിള്‍ ഡെവലപ്‌മെന്റ് സ്‌കീം പ്രകാരവും 4000 ച.മീ. വരെയുള്ള ഹൈടെക് കൃഷിക്ക് 50 ശതമാനം സബ്‌സിഡി ലഭിക്കുന്നതാണ്. എന്നാല്‍ ഇതുപ്രകാരം പച്ചക്കറികള്‍ മാത്രമേ കൃഷി ചെയ്യാനാകൂ. ഇവയ്ക്ക് പുറമേ തുറസായ സ്ഥലത്ത് ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനം നടപ്പാക്കുന്നതിന് നാഷണല്‍ മിഷന്‍ ഓണ്‍ മൈക്രോ ഇറിഗേഷന്റെ പദ്ധതി പ്രകാരം 90 ശതമാനം വരെ സബ്‌സിഡി ലഭിക്കുന്നതാണ്.

ഒരു ഗ്രീന്‍ ഹൗസിന്റെ ആയുസ്

സാധാരണ ആയുസ് – 15-20 വര്‍ഷം

(അഞ്ചു വര്‍ഷം കഴിയുമ്പോള്‍ മുകളിലെ ഷീറ്റ് മാറ്റേണ്ടി വരും.)

ഒന്നര വര്‍ഷത്തിനുള്ളില്‍ മുടക്കു മുതല്‍ തിരിച്ച് കിട്ടും.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംരംഭം തുടങ്ങണം.

സാധാരണ കൃഷിയില്‍ 2.5 ഏക്കറില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഗ്രീന്‍ ഹൗസില്‍ 25 സെന്റില്‍ നിന്ന് ലഭിക്കും.

ഹൈടെക് കൃഷിയിലെ പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍

സാങ്കേതിക സഹായം: കര്‍ഷകര്‍ക്ക് പുതിയ സാങ്കേതിക വിദ്യയെക്കുറിച്ച് അറിവില്ലാത്തതിനാല്‍ അതേക്കുറിച്ചുള്ള സംശയങ്ങളും ഏറെയാണ്. പോളിഹൗസ് നിര്‍മിക്കുന്നതിനുള്ള ഉപകരണങ്ങള്‍, ശരിയായ സാങ്കേതികവിദ്യ, വിത്ത്, വളം എന്നിവയൊക്കെ എവിടെ ലഭ്യമാകുമെന്നതാണ് ഏറ്റവും വലിയ പ്രശ്‌നം.

ഹൈടെക് കൃഷി രീതികളെക്കുറിച്ച് കൃഷി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും പരിമിതമായ അറിവേയുള്ളൂ. അതിനാല്‍ തന്നെ കര്‍ഷകരുടെ സംശയങ്ങള്‍ പരിഹരിക്കുന്നതിനോ ഇത്തരം പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനോ സാധിക്കാത്ത ഒരവസ്ഥയുണ്ട്. സംസ്ഥാനത്തൊട്ടാകെയായി 10 കൃഷി ഓഫീസര്‍മാര്‍ മാത്രമേ ഇതിനുവേണ്ട പരിശീലനം നേടിയിട്ടുള്ളൂ.

വിവരങ്ങള്‍ ലഭ്യമാക്കാന്‍ സാങ്കേതിക യോഗ്യതയുള്ള കുറെ ഏജന്‍സികളെ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ എംപാനല്‍ ചെയ്തിട്ടുണ്ട്. ഹൈടെക് കൃഷിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും കര്‍ഷകര്‍ക്ക് ഇവരെ സമീപിക്കാവുന്നതാണ്.

വായ്പയും സബ്‌സിഡിയും: ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടും കാലതാമസവുമൊക്കെ ഹൈടെക്ക് കൃഷി വ്യാപിക്കാതിരിക്കാനുള്ള കാരണമാണ്. പോളിഹൗസുകള്‍ നിര്‍മിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ചതുരശ്ര മീറ്ററിന് 935 രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ഇതിന്റെ 50 അല്ലെങ്കില്‍ 75 ശതമാനം തുക മാത്രമേ സബ്‌സിഡിയായി ലഭിക്കുകയുള്ളൂ. എന്നാല്‍ കേരളത്തില്‍ പോളിഹൗസുകളുടെ നിര്‍മാണത്തിന് ചതുരശ്ര മീറ്ററിന് 1200 രൂപയുടെ ചെലവ് വരുന്നതിനാല്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന സബ്‌സിഡി തുകയില്‍ വളരെയേറെ കുറവുണ്ടാകുന്നു. ഇതിന് പുറമേ വിളവെടുപ്പ് വരെ കൃഷി ചെയ്യാനായി ചതുരശ്ര മീറ്ററിന് 150 രൂപയോളം കര്‍ഷകര്‍ ചെലവാക്കേണ്ടതുണ്ട്. ഇത്തരം അപാകതകള്‍ പരിഹരിക്കുന്നതിനായി പുതിയൊരു പ്രൊപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിക്കാനൊരുങ്ങുകയാണ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍.

(ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഫോണ്‍: 0471 – 2330856, 2327732)

മത്തൻ കൃഷിയും പരിചരണവും

കിന്‍(Pumpkin)എന്ന് ഇംഗ്ലീഷില്‍ വിളിക്കുന്ന മത്തന്‍ ബൃംഹിത ഫലം എന്നാണ് സംസ്‌കൃതത്തില്‍ അറിയപ്പെടുന്നത്. കുക്കുര്‍ ബിറ്റേസി (Cucur Bitaceae)സസ്യ കുലത്തില്‍ പെട്ടതാണ് മത്തങ്ങ.മെക്‌സിക്കോയാണ് ജന്മദേശം. വര്‍ഷ മത്തന്‍ വേനല്‍ മത്തന്‍ എന്നീ രണ്ടിനങ്ങളാണ് പ്രധാനമായി മത്തനില്‍ കാണുന്നത്.

ഇനങ്ങൾ

വര്‍ഷ മത്തന്‍ വേനല്‍ മത്തന്‍ എന്നീ രണ്ടിനങ്ങളാണ് പ്രധാനമായി മത്തനില്‍ കാണുന്നത്. കേരളത്തിലെ കാലാവസ്ഥയനുസരിച്ച് നാല് സീസണുകളില്‍ മത്തന്‍കൃഷി ആരംഭിക്കാം. ജനവരി-മാര്‍ച്ച്, ഏപ്രില്‍-ജൂണ്‍, ജൂണ്‍-ആഗസ്ത്, സപ്തംബര്‍-ഡിസംബര്‍ എന്നീ സമയങ്ങളാണ് മത്തന് അനുയോജ്യം. മഴക്കാലത്ത് കൃഷിചെയ്യുമ്പോള്‍ മേയ്, ജൂണ്‍ മാസയളവിലെ ആദ്യത്തെ 2-3 മഴയ്ക്കു ശേഷം വിത്ത് നടാവുന്നതാണ്. കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത അമ്പിളി (പരന്നുരുണ്ട, ഇടത്തരം വലിപ്പമുള്ള (4-5 കിഗ്രാം. തൂക്കം) കായ്കള്‍, കാമ്പിന് മഞ്ഞനിറം), സുവര്‍ണ (ഇടത്തരം വലിപ്പമുള്ള പരന്നുരുണ്ട കായ്കള്‍, കാമ്പിന് ഓറഞ്ച് നിറം.),സരസ് (നീണ്ടുരുണ്ട ചെറിയ കായ്കളുള്ള ഇനം, കാമ്പിന് ഓറഞ്ച് നിറം),സൂരജ്് എന്നീ ഇനങ്ങളില്‍പ്പെട്ട മത്തനുകളാണ് പ്രധാനമായും കേരളത്തില്‍ കൃഷി ചെയ്യുന്നത്. ഇവയ്ക്കു പുറമെ അര്‍ക്കാ സൂര്യമുഖി (ഉരുണ്ട ചെറിയ കായ്കളുള്ള (1-2 കിഗ്രാം) ഇനം), അര്‍ക്ക ചന്ദ്രന്‍ എന്നീ ബാംഗ്ലൂര്‍ ഇനങ്ങളും; കോ-1, കോ-2 തുടങ്ങിയ തമിഴ്‌നാട് ഇനങ്ങളും, നാഷണല്‍ സീഡ്‌സ് കോര്‍പ്പറേഷന്‍ വിപണനം ചെയ്യുന്ന പൂസാ വിശ്വാസ്, യെല്ലോ ഫ്ലഷ്, സോളമന്‍, ബഡാമി എന്നീ ഇനങ്ങളും ലഭ്യമാണ്.പന്തലിലല്ലാതെ നിലത്ത് പടര്‍ത്തി വളര്‍ത്തുന്ന മത്തന്‍ ജീവകം എ കൂടുതലായി അടങ്ങിയ ഒരു പച്ചക്കറിയാണ്. വിളവെടുപ്പിനുശേഷം വളരെക്കാലം സൂക്ഷിച്ച് വയ്ക്കാന്‍ കഴിയും എന്നുള്ളതാണ് മത്തന്റെ ഒരു സവിശേഷത.

കൃഷിരീതി

ഒരു സെന്റ്സ്ഥലത്ത് കൃഷി നടത്തുവാന്‍ 4-6 ഗ്രാം വിത്ത് മതി. കിളച്ച് നിരപ്പാക്കി കുമ്മായം നല്‍കി തയ്യാറാക്കിയ സ്ഥലത്ത് ഒരാഴ്ചകഴിഞ്ഞ് അടിവളം കൊടുത്ത് വിത്ത് നടാം.30-45 സെന്റിമീറ്റര്‍ ആഴത്തിലും, 60 സെന്റീമീറ്റര്‍ വ്യാസത്തിലും ഉള്ളകുഴികള്‍ രണ്ട് മീറ്റര്‍ അകലത്തില്‍ എടുത്ത് കുഴികളില്‍ കാലിവളവും, രാസവളവും, മേല്‍മണ്ണും കൂട്ടികലര്‍ത്തിയ മിശ്രിതം നിറക്കണം. കുഴി ഒന്നിന് നാലോ അഞ്ചോ വിത്ത് വീതം പാകാം. മുളച്ചുകഴിഞ്ഞാല്‍ രണ്ടാഴ്ചയ്ക്കു ശേഷം ആരോഗ്യമില്ലാത്ത ചെടികള്‍ നീക്കം ചെയ്ത് കുഴി ഒന്നില്‍ 3 ചെടികള്‍ വീതം നിലനിര്‍ത്തണം. ആരോഗ്യമുള്ള രണ്ട് തൈകള്‍ നിര്‍ത്തി ബാക്കിയുള്ളവ പറിച്ചുകളയാം. വിത്ത് മുളച്ച് വള്ളി വീശുമ്പോഴും പൂവ് വിരിയുന്ന സമയത്തും ഒരുകിലോ കപ്പലണ്ടി പിണ്ണാക്ക് വളമായി നല്‍കാം. ഒരു സെന്റ് സ്ഥലത്ത് നിന്ന് 120 കിലോ വരെ വിളവ് ലഭിക്കും.

പരിചരണം

വളര്‍ച്ചയുടെ ആദ്യകാലഘട്ടത്തില്‍ 3-4 ദിവസത്തെ ഇടവേളകളില്‍ നനയ്ക്കണം. പൂവിടുമ്പോഴും കായ്ക്കുമ്പോഴും ഒന്നിടവിട്ട ദിവസങ്ങളില്‍ നനക്കേണ്ടതാണ്. വള്ളി പടരുന്നതിനായി ഉണങ്ങിയ മരച്ചില്ലകള്‍ നിലത്ത് വിരിക്കാവുന്നതാണ്. വളമിടുമ്പോള്‍ കള എടുക്കലും, മണ്ണിളക്കലും നടത്തണം. മഴക്കാലത്ത് മണ്ണ് കിളച്ചു കൊടുക്കേണ്ടതാണ്. ഈ വിധത്തിലല്ലാതെ മണ്ണും മണലും ചാണകവുമായി കൂട്ടിക്കലര്‍ത്തി പോളിത്തീന്‍ കവറുകളിലും വിത്തുകള്‍ നടാം. ഇങ്ങനെ നടുന്ന വിത്തുകള്‍ മുളച്ച് രണ്ടില പരുവമാകുമ്പോള്‍ കവര്‍ പൊട്ടിച്ച് വേര് പൊട്ടാതെ ഉണ്ടാക്കപ്പെട്ടിട്ടുള്ള തടങ്ങളിലേക്ക് മാറ്റി നടാവുന്നതാണ്. പഴയീച്ച, എപ്പിലാക്‌നോ വണ്ടുകള്‍, ചുവന്ന പംപ്കിന്‍ വണ്ടുകള്‍ എന്നിവയാണ് പ്രധാന കീടങ്ങള്‍. വയ്ക്ക് പ്രതിവിധിയായി വെളുത്തുള്ളി മിശ്രിതം നല്‍കാം. 20 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് അരിച്ചെടുത്ത ലായനി നല്ലൊരു കീടനിയന്ത്രണോപാധിയാണ്.ഡൗണിമില്‍ഡ്യൂ, പൗഡറിമില്‍ഡ്യൂ, മൊസൈക് എന്നിവയാണ് പ്രധാന രോഗങ്ങള്‍. ഇതിനായി കുമിള്‍നാശിനി, കീടനാശിനി എന്നിവ പ്രയോഗിക്കാം. ഇവ പ്രയോഗിച്ച് 10 ദിവസങ്ങള്‍ക്കു ശേഷമേ വിളവെടുക്കാവു. പാചകത്തിനുമുന്‍പ് കായ്കള്‍ നന്നായി വെള്ളത്തില്‍ കഴുകണം. മത്തങ്ങയുടെ ഔഷധ ഗുണങ്ങള്‍

മത്തങ്ങ മധുരമാണ്. കഫവാതങ്ങളെ വര്‍ധിപ്പിക്കും. ശോധനയെ ഉണ്ടാക്കും സാമാന്യം ഗുരുത്വമുള്ള ഇത് ശരീരത്തെ തടിപ്പിക്കുന്നതാണ്. പ്രമേഹരോഗികള്‍ക്ക് നല്ലതല്ല മത്തന്‍. മത്തന്റെ വിത്ത് വറുത്ത് ദിവസേന തിന്നാല്‍ (5ഗ്രാം വീതം ദിവസേന 2 നേരം) രക്താതിസമ്മര്‍ദ്ദത്തിനും ഹൃദ്രോഗത്തിനും നല്ലതാണ്. പച്ചമത്തന്‍ ഇടിച്ചുപിഴിഞ്ഞ നീരെടുത്ത് അതില്‍ കുരുമുളകുപൊടി ചേര്‍ത്ത് ദിവസവും പ്രഭാതത്തില്‍ കഴിച്ചാല്‍ രോഗപ്രതിരോധശക്തി വര്‍ധിക്കുന്നതും ഉദരപ്പുണ്ണിന് ആശ്വാസം ലഭിക്കുന്നതുമാണ്. മത്തങ്ങ ഇടിച്ചുപിഴിഞ്ഞ നീരില്‍ കല്‍ക്കണ്ടം ചേര്‍ത്ത് കഴിച്ചാല്‍ നീരുവീഴ്ച കൊണ്ടുണ്ടാകുന്ന പനി, ജലദോഷം എന്നിവയ്ക്ക് ആശ്വാസം ലഭിക്കും. ഇത് ദിവസേന കഴിച്ചുകൊണ്ടിരുന്നാല്‍ ആസ്തമ എത്ര കാലപ്പഴക്കം ചെന്നതായാലും മാറുന്നതാണ്. ശ്വാസംമുട്ടിന് നല്ല ശമനം കിട്ടാന്‍ 6 മാസത്തെ ഉപയോഗം വേണ്ടിവരും. മത്തവിത്ത് അരച്ച് തേനില്‍ ചാലിച്ച് കഴിച്ചാല്‍ വസൂരി പെട്ടെന്ന് മുഴുവനും പൊന്തുന്നതാണ്. മത്തങ്ങ ഇടിച്ചുപിഴിഞ്ഞ നീരില്‍ മത്തക്കുരു കല്‍ക്കം ചേര്‍ത്ത് കാച്ചി പുരട്ടിയാല്‍ കുട്ടികള്‍ക്കുണ്ടാകുന്ന കരപ്പന്‍ (പ്രത്യേകിച്ച് കാലിലെ ചിലന്നി) എന്ന ത്വക്ക് രോഗത്തിന് ശമനം കിട്ടും. അപ്പൊ നമുക്കങ്ങ തുടങ്ങിയാലാ മത്തൻ കൃഷി…

കടപ്പാട് :mathrubhumi.

​പൊന്‍മുട്ടയിടുന്ന വാത്തകള്‍…..

ഡോ. ബിജു പി. ഹബീബ്, ഡോ. ജാനസ് .എ., ഡോ. ബിനോജ് ചാക്കോ

കേരള വെറ്ററിനറി സര്‍വ്വകലാശാല

അലങ്കാര ജലപക്ഷികളായ വാത്തകള്‍ മനുഷ്യരുമായി നന്നായി ഇണങ്ങി വളരുമെന്ന് ആദ്യം മനസ്സിലാക്കിയത് നാലായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ഈജിപ്റ്റുകാരാണ്. അവിടുന്നിങ്ങോട്ട് ലോകമെമ്പാടും അവ പ്രചരിച്ചു. പാശ്ചാത്യരാജ്യങ്ങളില്‍ ക്രിസ്തുമസ്സ് പോലെയുള്ള ആഘോഷവേളകളില്‍ തീന്‍മേശയിലെ ഇഷ്ടവിഭവങ്ങളില്‍ ഒന്നായിരുന്നു വാത്തയിറച്ചി. കുറഞ്ഞ ചെലവില്‍ മാംസാവശ്യങ്ങള്‍ക്കായി വളര്‍ത്തിയെടുക്കാവുന്ന പക്ഷിയായിരുന്നിട്ടും കോഴികള്‍ക്കു ലഭിച്ചത്ര പ്രചാരം ഇവയ്ക്ക് ലഭിച്ചില്ല. കൊഴുപ്പുകൂടിയ മാംസം, കുറഞ്ഞ മുട്ടയുല്പാദനം, പ്രജനന പരിപാലന പ്രക്രിയയിലെ സങ്കീര്‍ണ്ണതകള്‍, ചെറുസംഘമായി ജീവിക്കുന്ന സാമൂഹ്യവ്യവസ്ഥ, ആക്രമണ സ്വഭാവം ഇവയൊക്കെ കാരണങ്ങളായി നിരത്താനാകും.

വിവിധ രാജ്യക്കാര്‍ വാത്തകളെ വിഭിന്നരീതിയിലാണ് സ്വീകരിച്ചത്. സമൃദ്ധിയുടെ പ്രതീകമായ വാത്തകള്‍ ഗ്രീക്ക്കാര്‍ക്ക് ദിവ്യപക്ഷിയായിരുന്നു. വാത്തകള്‍ക്ക് പരീശീലനം നല്‍കി വാത്തപ്പോര് നടത്തുന്നത് റഷ്യക്കാരുടെ പ്രിയ വിനോദമായിരുന്നു. ഇതിപ്പോള്‍ നിരോധിച്ചിട്ടുണ്ട്. ഐശ്വര്യവും സമൃദ്ധിയും നല്‍കുമെന്ന സങ്കല്പത്തില്‍ നിന്നാവാം പ്രസിദ്ധമായ ഈസോപ്പ് കഥകളിലൂടെ പൊന്‍മുട്ടയിടുന്ന വാത്തയുടെ കഥ ലോകത്തിനു ലഭിച്ചത്.

മാംസം, കൊഴുപ്പ്, മുട്ട, തൂവല്‍, എന്നീ ആവശ്യങ്ങള്‍ക്കായി വളര്‍ത്താറുണ്ടെങ്കിലും പ്രധാനമായും അലങ്കാര അരുമ പക്ഷി പ്രദര്‍ശനങ്ങള്‍ക്കും വിശ്രമവേളകളിലെ വിനോദമായും നായ്ക്കളെപ്പോലെ പരിശീലിപ്പിച്ച് കാവല്‍ ജോലികള്‍ക്കുമായാണ് വാത്തകളെ ഉപയോഗിക്കാറ്. നിറം, ശരീരതൂക്കം, വിപണനസാധ്യത എന്നിവ പരിഗണിച്ച് ചൈനീസ്, എംഡന്‍, ടൗലൗസ്, റോമന്‍, ആഫ്രിക്കന്‍, സെബസ്റ്റോപോള്‍ ഇനങ്ങള്‍ തെരഞ്ഞെടുക്കാം. തൂവെള്ള തൂവലും ഓറഞ്ച് നിറമാര്‍ന്ന ചുണ്ടും കാലുകളുമുള്ള ഇനങ്ങള്‍ക്കാണ് നമ്മുടെ നാട്ടില്‍ പ്രിയം.

കുഞ്ഞുങ്ങളെ വളര്‍ത്തി അവയില്‍നിന്നും ബ്രീഡിംഗ് സ്റ്റോക്കിനെ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ഒരാണും മൂന്നു പെണ്ണും ചേരുന്നതാണ് ഒരു ബ്രീഡിംഗ് സെറ്റ്. താരതമ്യേന വലുപ്പം കുറഞ്ഞ ഇനങ്ങളില്‍ അഞ്ചുപെണ്ണുവരെയാകാം. പരസ്പരം പരിചിതരാകാതെ വാത്തകള്‍ ഇണചേരാറില്ല. അതിനാല്‍ ബ്രീംഡിംഗ് സീസണ് കുറഞ്ഞത് രുമാസം മുമ്പെങ്കിലും ബീഡിംഗ് സെറ്റിനെ ഒരുമിച്ച് വളര്‍ത്തണം.

പക്ഷികളുടെ എണ്ണവും സ്ഥല ലഭ്യതയും കണക്കിലെടുത്ത് കൂടുനിര്‍മ്മാണവും വളര്‍ത്തുന്ന രീതിയും തീരുമാനിക്കാം. പകല്‍ സമയം തുറന്നുവിട്ട് വൈകുന്നേരം കൂടണയുന്ന രീതിയാണ് നമ്മുടെ നാട്ടില്‍ അവലംബിക്കാറ്. ചെലവ് കുറഞ്ഞ രീതിയില്‍ കൂടുനിര്‍മ്മിക്കാം. അഞ്ചുവാത്തകള്‍ക്ക് രുചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ നല്ല വായു സഞ്ചാരമുള്ളതും തറയില്‍ ഈര്‍പ്പം തങ്ങി നില്‍ക്കാത്ത രീതിയിലും കൂട് തയ്യാറാക്കണം. നാലിഞ്ച് കനത്തില്‍ തറയില്‍ ലിറ്റര്‍ വിരിക്കുന്നത് നല്ലതാണ്. തെരുവ് നായ്ക്കള്‍, പെരുച്ചാഴി എന്നിവയുടെ ഉപദ്രവം ഉണ്ടാകരുത്. രാത്രികാലത്ത് ധാരാളം വെള്ളം കുടിക്കുന്ന ശീലമുള്ളതിനാല്‍ കൂട്ടില്‍ ശുദ്ധജലം സദാസമയവും ലഭ്യമാക്കണം. കൂടിനകം വൃത്തിയും വെടിപ്പുമുള്ളതാകണമെന്നത് വാത്തകള്‍ക്ക് നിര്‍ബന്ധമാണ്. വൈകുന്നേരം കൂടണയാന്‍ മടിച്ചാല്‍ കൂടിനകം വാസയോഗ്യമല്ലെന്ന് അനുമാനിക്കാം. ബ്രീഡിംഗ് സീസണില്‍ മുട്ടയിടുന്നതിനുള്ള സംവിധാനം നല്‍കണം. 75 സെ.മീ. x 50 സെ.മീ. x 25 സെ.മീ. അളവിലുള്ള നെസ്റ്റ് ബോക്‌സുകള്‍ 3 പെണ്‍ വാത്തകള്‍ക്ക് ഒരെണ്ണം വീതം വൈയ്‌ക്കോല്‍ നിറച്ച് വയ്ക്കാം. ആറുമാസം പ്രായമാകുബോള്‍ ആദ്യമുട്ടയിടും. എന്നാല്‍ രണ്ടു വയസ്സു മുതല്‍ പ്രായമായ പെണ്ണും മൂന്നു വയസ്സുമുതല്‍ പ്രായമുള്ള ആണും ചേരുന്ന ബ്രീഡിംഗ് സെറ്റില്‍ നിന്നുള്ള മുട്ടകളാണ് വിരിയിക്കുന്നതിന് നല്ലത്. ഒരു സീസണില്‍ പരമാവധി 30 മുട്ടകള്‍ ലഭിക്കും. മുട്ടയിടല്‍ കാലയളവിന് 130 ദിവസത്തോളം ദൈര്‍ഘ്യമുണ്ടാകും. കോഴിമുട്ടയുടെ ഇരട്ടിയിലധികം വലുപ്പമുള്ള വാത്തമുട്ടക്ക് 140 ഗ്രാം തൂക്കം വരും.

രാത്രി 9 മണിക്കും രാവിലെ 5 മണിക്കുമിടയിലാണ് സാധാരണയായി മുട്ടയിടുന്നത്. എന്നാല്‍ പകല്‍ സമയത്തും മുട്ടയിടാറുണ്ട്. അതിനാല്‍ ദിവസവും ഒരുനേരം മുട്ടകള്‍ ശേഖരിക്കണം. വിരിയിക്കാനായി ഉപയോഗിക്കുന്ന മുട്ടകള്‍ 12° സെല്‍ഷ്യല്‍ മുതല്‍ 20° സെല്‍ഷ്യസ് വരെയുള്ള ചൂടില്‍ പത്തുദിവസംവരെ കേടുവരാതെ സൂക്ഷിക്കാം. റഫ്രിജറേറ്ററിലെ ഊഷ്മാവ് ഇതിലും താഴ്ന്ന നിലയിലായതിനാല്‍ അടവയ്ക്കാനുള്ള മുട്ടകള്‍ ഫ്രിഡ്ജില്‍ വയ്ക്കുന്നത് അഭികാമ്യമല്ല. മുട്ടകള്‍ ദീര്‍ഘനാള്‍ നിശ്ചലമായി വച്ചാല്‍ ഭ്രൂണത്തിന് കേടുവരാനിടയു്ണ്ട്. അതിനാല്‍ മുട്ടയുടെ വായു അറയുള്ള ഭാഗം അതായത് വ്യാസംകൂടിയ വശം അല്പം മുകളിലേക്ക് വരത്തക്ക രീതിയില്‍ തിരശ്ചീനമായി മുട്ടകള്‍ സൂക്ഷിക്കുകയും എല്ലാ ദിവസവും അനക്കി വയ്ക്കുന്നതും കൂടുതല്‍ എണ്ണം മുട്ടകള്‍ വിരിഞ്ഞുകിട്ടുന്നതിന് സഹായിക്കും. വാത്തകള്‍ അടയിരിക്കാറുണ്ടെങ്കിലും മുട്ട വിരിയിക്കുന്നതിന് ഇന്‍കുബേറ്ററും ഉപയോഗിക്കാം. താറാമുട്ട വിരിയിക്കുന്നതിന് സമാനമായ ക്രമീകരണമാണ് ഇന്‍കുബേറ്ററില്‍ വേണ്ടത്. 27 മുതല്‍ 32 ദിവസം ആകുമ്പോള്‍ മുട്ട വിരിഞ്ഞുകിട്ടും. ശരാശരി 30 ദിവസം. എന്നാല്‍ വാത്ത 12 മുതല്‍ 14 മുട്ടകള്‍ക്ക് അടയിരിക്കും. വാത്തയെ അടയിരുത്തുന്നില്ലെങ്കില്‍ കോഴി, മസ്‌കവി താറാവ്, ടര്‍ക്കി ഇവയിലേതിനെയെങ്കിലും അടയിരുത്താം. നാലോ അഞ്ചോ മുട്ടകള്‍ വിരിയിക്കാന്‍ കോഴിയെ അടയിരുത്താമെങ്കിലും വലുപ്പമുള്ള മുട്ടകളായതിനാല്‍ ദിവസവും അനക്കിവച്ചുകൊടുക്കേണ്ടിവരും.

വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ ആദ്യ ദിവസംതന്നെ തീറ്റ തേടാന്‍ പ്രാപ്തരായിരിക്കും മൂന്നാഴ്ചക്കാലം നല്ല പരിചരണം നല്‍കണം. ആദ്യ ആഴ്ച ബ്രൂഡറില്‍ കോഴിക്കുഞ്ഞുങ്ങള്‍ക്കുള്ള സ്റ്റാര്‍ട്ടര്‍ തീറ്റ നല്‍കി 33° സെല്‍ഷ്യസ് ചൂടും ആവശ്യാനുസരണം വെള്ളവും വെളിച്ചവും ക്രമീകരിക്കണം. മൃദുവായ പുല്ലരിഞ്ഞത് നല്‍കാം. രണ്ടാമത്തെ ആഴ്ച മുതല്‍ കൃത്രിമചൂട് വേണ്ടിവരാറില്ല. മൂന്നാഴ്ചയോടെ തുറന്നുവിട്ടു വളര്‍ത്താം. മിതമായ അളവില്‍ ഗ്രോവര്‍ തീറ്റ നല്‍കിത്തുടങ്ങാം. അല്ലെങ്കില്‍ വേവിച്ച മത്സ്യം, അരി തവിട്, നുറുക്കിയ അരി, സോയ, ചോളം എന്നിവയും ആവശ്യത്തിന് നല്‍കാം. മാംസാവശ്യത്തിനുള്ള വാത്തകള്‍ക്ക് നന്നായി തീറ്റ നല്‍കിയാല്‍ 8-10 ആഴ്ചയാകുമ്പോള്‍ 4-6 കിലോ തൂക്കം വരും. 10-12 ആഴ്ചയോടെ ഇറച്ചിയ്ക്കായി വില്‍ക്കാം. ബ്രീഡിംഗിനായി വളര്‍ത്തുന്ന വാത്തകള്‍ക്ക് മുട്ടക്കോഴിക്കായുള്ള തീറ്റ ചെറിയ അളവില്‍ നല്‍കാം. മുട്ടയിടുന്ന വാത്തകള്‍ക്ക് കക്കാതോട് പൊടിച്ചുനല്‍കുന്നത് നല്ലതാണ്. നമ്മുടെ നാട്ടില്‍ അടുക്കളയിലെ ഭക്ഷണ അവശിഷ്ടങ്ങള്‍ നല്‍കിയാണ് വാത്തയെ വളര്‍ത്തുന്നത്. എന്നാല്‍ സസ്യാഹാരികളായ വാത്തകളുടെ പ്രധാന ആഹാരം പച്ചപുല്ലാണ്. വീട്ടുപരിസരത്തും കൃഷിയിടങ്ങളിലും മേഞ്ഞുനടന്ന് പുല്ല് കൊത്തിതിന്നാന്‍ ഇവ ഇഷ്ടപ്പെടുന്നു. ഉയരം കുറഞ്ഞ് മൃദുവായ പുല്ലും കുറ്റിച്ചെടികളുമാണ് പ്രിയം. ചെമ്മരിയാടുകളെക്കാള്‍ വിദഗ്ധമായി പുല്ലുതിന്നുമത്രെ. ഏഴു വാത്തകള്‍ ചേര്‍ന്നാല്‍ ഒരു പശുവിന് ആവശ്യമുള്ളത്ര പുല്ലുതിന്നും എന്ന പ്രയോഗം അതിശയോക്തിയാണെങ്കിലും തീറ്റയില്‍ പുല്ലിന്റെ പ്രാധാന്യം വെളിവാക്കുന്നു. വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തുമ്പോള്‍ ശരീരതൂക്കം കൂടുന്നതിന് വിറ്റാമിനുകള്‍, മാംസ്യം, ധാതുലവണങ്ങള്‍ എന്നിവ ശരിയായ തോതില്‍ അടങ്ങിയ തീറ്റ നല്‍കണം.

ജലപക്ഷികളായതിനാല്‍ ജലാശയസൗകര്യം ഒരുക്കണോ എന്ന ആശങ്ക തോന്നാം. ഒരു ചെറിയ ടാങ്കില്‍ തലമുങ്ങി നിവരുന്നതിനാവശ്യമായ വെള്ളം ലഭ്യമാക്കിയാല്‍ വാത്തകള്‍ സന്തുഷ്ടരാണ്. ഇണചേരലും പ്രത്യുല്പാദനവും ഫലപ്രദമാകാന്‍ ജലസാന്നിദ്ധ്യം നല്ലതാണെങ്കിലും ഇതിനായി വെള്ളം അനിവാര്യതയല്ല.

ആണ്‍പെണ്‍ വാത്തകളെ വേര്‍തിരിക്കുന്നതിന് വിരിഞ്ഞിറങ്ങുമ്പോള്‍ ലൈഗിംഗാവയവങ്ങളുടെ പരിശോധന നടത്താം. ഒരുമാസം പ്രായമാകുമ്പോള്‍ ശരീരവലിപ്പം, ഘടന, പെരുമാറ്റം എന്നിവ നിരീക്ഷിച്ചും കണ്ടെത്താനാവും. പെണ്‍വാത്തകള്‍ പൊതുവെ പതിഞ്ഞ പ്രകൃതക്കാരാണ്. ആണ്‍ വാത്തകള്‍ക്ക് ശരീരവലിപ്പം കൂടുതലാണ്. കൂടാതെ വലിയ ശബ്ദത്തില്‍ ഭയമില്ലാതെ ദൃഢമായി പ്രതികരിക്കും.

വാത്തകള്‍ക്ക് നല്ല രോഗപ്രതിരോധശേഷിയുണ്ട്. നന്നായി പരിചരിച്ചാല്‍ രോഗസാധ്യത നന്നേ കുറവാണ്. എന്നിരുന്നാലും കോക്‌സീഡിയോസിസ്, സാല്‍മൊണെല്ലോസിസ്, കോളറ, പാര്‍വോ രോഗം മുതലായവ പിടിപെടാം. വിരബാധ തടയുന്നതിന് മരുന്ന് നല്‍കണം. പച്ച മത്സ്യം, ചോറ് എന്നിവ സ്ഥിരമായി കൂടിയ അളവില്‍ നല്‍കിയാല്‍ വൈറ്റമിന്‍ ബി1 അഥവാ തയമിന്റെ അഭാവം വരാനിടയുണ്ട്. കഴുത്തിലെ നാഡികളും മാംസപേശികളും തളര്‍ന്ന് രണ്ടു കാലില്‍ നില്‍ക്കാനാകാതെ തല മാനത്തേക്ക് തിരിച്ച് നക്ഷത്രങ്ങളെനോക്കി പതുങ്ങിയിരിക്കുന്നതാണ് രോഗലക്ഷണം. നില്‍ക്കാന്‍ ശ്രമിച്ചാല്‍ കരണം മിറഞ്ഞ് നിലത്തു വീഴും. തയമിന്‍ അടങ്ങിയ മരുന്നുകള്‍ 3-4 ദിവസം നല്‍കിയാല്‍ രോഗം ഭേദമാകും.

വാത്തകള്‍ക്ക് സാമാന്യം ദൈര്‍ഘ്യമുള്ള ആയുസ്സു്. 12-14 വയസ്സുവരെ പ്രജനനത്തിനായി ഉപയോഗിക്കാമെങ്കിലും 40 വര്‍ഷത്തിലധികം ജീവിച്ചിരിക്കാറു്. പ്രായം കൂടുന്നതിനനുസരിച്ച് മുട്ടകളുടെ എണ്ണം കുറയും. ആണ്‍ വാത്തകള്‍ കൂടുതല്‍ ആക്രമണകാരികളാകും.

വാത്തകള്‍ ബുദ്ധിശക്തിയുള്ള പക്ഷികളാണ്. വളര്‍ത്തുപക്ഷികളില്‍ വച്ച് ഏറ്റവും ആക്രമണ സ്വഭാവമുള്ളവയും. പരിശീലനം നല്‍കി കാവല്‍ ജോലിക്കായി ഇവയെ നിയോഗിക്കാറുണ്ട്. ഭവന ഭേദനം, നുഴഞ്ഞു കയറ്റം എന്നിവ മുന്നറിയിപ്പു നല്‍കാനും, ‘NASA’ (നാസ) പോലെയുള്ള തന്ത്രപ്രധാനമായ സ്ഥാപനങ്ങളുടെ പരിസരം നിരീക്ഷിക്കുന്നതിനും സുരക്ഷാ ഏജന്‍സികള്‍ വാത്തകളെ ആശ്രയിക്കാറുണ്ട്.

വാത്തകള്‍ ബഹളക്കാരാണെന്നാണ് പൊതുവെ ധാരണ. എന്നാല്‍ അപരിചിതരോ മറ്റ് മൃഗങ്ങളോ സമീപിച്ചാല്‍ വാത്തകള്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കും. ആണ്‍ വാത്തകള്‍ ആക്രമിക്കും. ബ്രീഡിംഗ് സീസണില്‍ ഇണയെ ആകര്‍ഷിക്കാന്‍ ചെവി തുളയ്ക്കുമാറുച്ചത്തില്‍ നിലവിളിക്കാറുണ്ട്. ഇതൊഴിച്ചാല്‍ വാത്തകള്‍ ശാന്തരാണ്. പക്ഷേ മൂന്നു സ്ത്രീകളും ഒരു വാത്തയും ചേര്‍ന്നാല്‍ ഒരു ചന്തയായി എന്ന ചൊല്ല് ഇപ്പോഴും പ്രയോഗത്തിലുണ്ട്.

വാത്തകളെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യാനുസരണം അവ ലഭിക്കാത്ത അവസ്ഥയാണ്. കേരള വെറ്ററിനറി സര്‍വ്വകലാശാലയുടെ മണ്ണുത്തി, പൂക്കോട് പൗള്‍ട്രി ഫാമുകളില്‍ പഠന ഗവേഷണങ്ങള്‍ക്കായി വാത്തകളെ വളര്‍ത്തുന്നുണ്ട്. കേരളത്തിലെ മറ്റ് സര്‍ക്കാര്‍ ഫാമുകളില്‍ വാത്തകള്‍ ലഭ്യമല്ല. വിപണിയില്‍ ക്ഷാമം നേരിടുന്നതിനാല്‍ വാത്തകള്‍ക്ക് വിലയും കൂടുതലാണ്. വിരിയിക്കാനുപയോഗിക്കുന്ന മുട്ടയ്ക്ക് 40 രൂപയും ഒരു ദിവസം പ്രായമായ കുഞ്ഞിന് 100 രൂപയും അഞ്ചുമാസം പ്രായമുള്ള വാത്തയ്ക്ക് 700 രൂപയുമാണ് വെറ്ററിനറി സര്‍വ്വകലാശാല ഫാമിലെ നിരക്ക്. സ്വകാര്യഫാമുകളില്‍ ഇതിന്റെ ഇരട്ടിയിലധികം വില നല്‍കേണ്ടി വരും. പുമുഖമുറ്റത്ത് സൗന്ദര്യവും ശക്തിയും തെളിയിച്ച് തലയെടുപ്പോടെ നില്‍ക്കുന്ന വാത്തകള്‍ വീട്ടുടമയ്ക്ക് അളവറ്റ സന്തോഷവും അഭിമാനവും നല്‍കും. ഒപ്പം ചിറകുള്ള കാവല്‍ക്കാരായ വാത്തകളുടെ നിരീക്ഷണത്തില്‍ വീടും പരിസരവും എന്നും സുരക്ഷിതമായിരിക്കും.

ലേഖകര്‍

ഡോ. ബിജു പി. ഹബീബ് – ഫോണ്‍ 9847209537

അസിസ്റ്റന്റ് പ്രൊഫസര്‍, ക്ലിനിക്കല്‍ മെഡിസിന്‍

വെറ്ററിനറി കോളേജ്, മണ്ണുത്തി, തൃശ്ശൂര്‍

കേരള വെറ്ററിനറി സര്‍വ്വകലാശാല

ഡോ. ജാനസ് എ. – ഫോണ്‍ 9446039537

അക്കാഡമിക് കണ്‍സള്‍ട്ടന്റ്, പ്രിവന്റീവ് മെഡിസിന്‍

വെറ്ററിനറി കോളേജ്, മണ്ണുത്തി, തൃശ്ശൂര്‍

കേരള വെറ്ററിനറി സര്‍വ്വകലാശാല

ഡോ. ബിനോജ് ചാക്കോ – ഫോണ്‍ 9446173016

അസിസ്റ്റന്റ് പ്രൊഫസര്‍, പൗള്‍ട്രി സയന്‍സ്

വെറ്ററിനറി കോളേജ്, മണ്ണുത്തി, തൃശ്ശൂര്‍

കേരള വെറ്ററിനറി സര്‍വ്വകലാശാല

വിത്തു നന്നായാല്‍

നനയൊരുക്കാന്‍ സൌകര്യമുണ്ടെങ്കില്‍ കേരളത്തില്‍ ഏതുകാലത്തും പച്ചക്കറികള്‍ കൃഷിയിറക്കാം. അടഞ്ഞ മഴക്കാലവും കടുത്ത വേനല്‍കാലവും ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് വാണിജ്യകൃഷിക്കാര്‍ക്കുള്ള ശിപാര്‍ശ. അതേസമയം, മഴമറക്കുള്ളിലാണ് (പോളി ഹൌസ്) കൃഷിയെങ്കില്‍ ഇക്കാര്യമൊന്നും പ്രശ്നമല്ല. മുതലിറക്കല്‍ കൂടുമെന്ന് മാത്രം. -പി.വി. അരവിന്ദ് എഴുതുന്നു

പത്തായത്തില്‍ വിളപ്പൊലിമ കാണണമെങ്കില്‍ വിത്തു നന്നാവണം. നാടനും സങ്കരവും അത്യുല്‍പാദനശേഷിയുള്ളതുമായ പല ഗണം വിത്തുകളുണ്ട്. പച്ചക്കറികളുടെയും നാണ്യവിളകളുടേയും കാര്യത്തില്‍ എന്നാല്‍ വ്യത്യസാം കാര്യമായില്ല. വാണിജ്യകൃഷി ലക്ഷ്യമിടുന്നവരാണ് സങ്കര ഇനങ്ങളെ തേടി പോകേണ്ടത്.

വിളവ് കുറഞ്ഞാലും രോഗപ്രതിരോധത്തിലും മറ്റും മുന്‍നിരക്കാരാണ് നാടന്‍ വിത്തിനങ്ങള്‍. കേരള കാര്‍ഷിക സര്‍വകലാശാലയും തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലയുമെല്ലാം കേരളത്തിനനുയോജ്യമായ വിത്തിനങ്ങള്‍ വികസിപ്പിച്ച് പുറത്തിറക്കാറുണ്ട്.

നല്ല നടീല്‍വസ്തുക്കള്‍ ആവശ്യക്കാരിലെത്തിക്കുന്നതില്‍ കേരള വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൌണ്‍സിലിന്റെ പങ്ക് ചെറുതല്ല. പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളില്‍നിന്നും സര്‍ക്കാര്‍ കൃഷിത്തോട്ടങ്ങളില്‍നിന്നും വിത്തു വാങ്ങാം. ഇതിനു പുറമെ സ്വകാര്യ ഏജന്‍സികളും നഴ്സറികളും വിത്തുകളും തൈകളും വിപണനം നടത്തുന്നുണ്ട്.

നനയൊരുക്കാന്‍ സൌകര്യമുണ്ടെങ്കില്‍ കേരളത്തില്‍ ഏതുകാലത്തും പച്ചക്കറികള്‍ കൃഷിയിറക്കാം. അടഞ്ഞ മഴക്കാലവും കടുത്ത വേനല്‍കാലവും ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് വാണിജ്യകൃഷിക്കാര്‍ക്കുള്ള ശിപാര്‍ശ. അതേസമയം, മഴമറക്കുള്ളിലാണ് (പോളി ഹൌസ്) കൃഷിയെങ്കില്‍ ഇക്കാര്യമൊന്നും പ്രശ്നമല്ല. മുതലിറക്കല്‍ കൂടുമെന്ന് മാത്രം. മികച്ച വിളവിനുള്ള ഏതാനും സങ്കരയിനം പരിചയപ്പെടാം.

ചീര: പോഷകക്കലവറയെന്ന് വിശേഷിപ്പിക്കാവുന്ന ചീരയില്‍ ചുവപ്പും പച്ചയുമാണ് പ്രധാനം. അരുണ്‍, കൃഷ്ണശ്രീ എന്നിവയാണ് ചുവപ്പന്‍മാര്‍. മോഹിനിയും രേണുശ്രീയും പച്ച.

വെണ്ട: വിരലോളവും ചാണോളവും മുഴത്തോളവും നീണ്ടുവളരുന്നവയാണ് വെണ്ടകള്‍. മഴക്കാല കൃഷിക്ക് യോജിച്ചവര്‍, മഞ്ഞളിപ്പ് രോഗത്തെ പ്രതിരോധിക്കുന്നവര്‍, ആണ്ടു മുഴവന്‍ വിളവു തരുന്നവര്‍. കിരണ്‍, സല്‍ക്കീര്‍ത്തി, അരുണ, സുസ്ഥിര, അഞ്ജിത, മഞ്ജിമ. അങ്ങനെ പോകുന്നു ഇവയുടെ പേരുകള്‍.

വഴുതിന: വയലറ്റ്, വെളുപ്പ്, ഇളംപച്ച, ഉരുണ്ടത്, നീണ്ടത്. കാഴ്ചയില്‍തന്നെ വൈവിധ്യമൊരുക്കുന്നവരാണ് കത്തിരിക്കകള്‍. മാരകമായ ബാക്ടീരിയ വാട്ടത്തിനെതിരെ പ്രതിരോധശേഷിയുള്ള ഇനങ്ങളാണ് കൃഷിയിറക്കേണ്ടത്. സൂര്യ, നീലിമ, ഹരിത, ശ്വേത എന്നിവയാണ് ഇനങ്ങള്‍.

തക്കാളി: ചുവന്നുതുടുത്ത തക്കാളി വിളയണമെങ്കില്‍ ബാക്ടീരിയാ വാട്ടമെന്ന രോഗക്കടമ്പ കടന്നാലേ കഴിയൂ. അതിനുള്ള പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഉരുത്തിരിച്ചവയാണ് ശക്തിയും മുക്തിയും അനഘയും വിജയുമെല്ലാം.

മുളക്: എരിവിന്റെ തോതനുസരിച്ചാണ് വേര്‍തിരിവ്. മിതമായ എരിവും എരിവ് കുറവും നല്ല എരിവുമെല്ലാം ഒപ്പംകൂടിയ ഇനങ്ങളാണ് മുളകിലെ അത്യുല്‍പാദനക്കാര്‍. നടുന്ന ഇടത്തിന്റെ സവിശേഷത നോക്കിപ്പോലും കൃഷിയിറക്കുന്ന ഇനം നിശ്ചയിക്കാം. രോഗപ്രതിരോധം ബോണസായി കിട്ടിയതില്‍ അഹങ്കരിക്കുന്നവരും ഇക്കൂട്ടത്തില്‍ ഇല്ലാതില്ല. ജ്വാലാമുഖി, ജ്വാലാസഖി, അതുല്യ, അനുഗ്രഹ, ഉജ്വല… എരിവിന്റെ പേര് നീളുന്നു.

പയര്‍: ജ്യോതിക, വൈജയന്തി, ഭാഗ്യലക്ഷ്മി, ശാരിക…. പറഞ്ഞുവരുന്നത് സിനിമാതാരങ്ങളുടെ പേരല്ല. വിത്ത് വീണിടത്ത് വിളഞ്ഞുകുത്തുന്ന പല നീളക്കാരായ പയറിനങ്ങളെപ്പറ്റിയാണ്. തീര്‍ന്നില്ല, മാലിക, ലോല, കനകമണി, കൈരളി, വരുണ്‍, അനശ്വര. പയര്‍തിരികള്‍ക്ക് ചുവപ്പും ഇളംപച്ചയും വയലറ്റും വര്‍ണം പൂശിയവ. കുറ്റിയായി നില്‍ക്കാനും പടര്‍ന്നു വളരാനും മടി കാട്ടാത്തവ. പന്തല്‍ വേണ്ടെന്നും വേണമെന്നും വാദിക്കുന്നവര്‍.

അമര: പച്ച കലര്‍ന്ന വെള്ളയും പച്ച കലര്‍ന്ന വയലറ്റുമാണ് അമരയുടെ നിറവിശേഷം. ആകാരം നോക്കി അല്‍പം വളവുള്ള ഇനമെന്ന് പരിചയപ്പെടുത്താം. അമരച്ചോട്ടില്‍ തവള കരഞ്ഞാല്‍ പറിച്ചാല്‍ തീരില്ല അമരപ്പയര്‍.

പാവലില്‍ പ്രിയയും പ്രീതിയും പ്രിയങ്കയും വിളകേമന്മാരാണ്. പടവലമാണെങ്കില്‍ കൌമുദിയും ബേബിയുമാണ് പ്രധാനം. മത്തനില്‍ അമ്പിളിയും സരസും സൂരജും സുവര്‍ണയും പെരുത്തുകായ്ക്കും. അരുണിമക്കും സൌഭാഗ്യക്കും പുറമെ മുടിക്കോട് ലോക്കല്‍കൂടി ചേര്‍ന്നാല്‍ വെള്ളരിയിലെ പ്രമുഖരുടെ നിരയൊത്തു.

വിത്ത് ലഭിക്കാന്‍ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൌണ്‍സില്‍ കേരളത്തിന്റെ കൊച്ചിയിലെ ആസ്ഥാനവുമായി ബന്ധപ്പെടാം.

ഫോണ്‍: 0484 2427560.

വരൂ, ടെറസില്‍ ഒരു തോട്ടമാവാം

അടുക്കളത്തോട്ടം മാളികമുകളേറിയാല്‍ മാത്രം മതി. കുടുംബത്തിനുവേണ്ട പാവലും കോവലും പയറും ചീരയും തക്കാളിയും മുളകും വഴുതനയും തുടങ്ങി സകല പച്ചക്കറികളും ഇവിടെ വളര്‍ത്താം. വാഴയും പപ്പായയും കറിവേപ്പും മുരിങ്ങയും പടിക്ക് പുറത്താകില്ല–പി.വി അരവിന്ദ് എഴുതുന്നു

ഒരു പൂന്തോട്ടമോ അടുക്കളത്തോട്ടമോ പ്രായോഗികമാകാത്ത അത്ര ചെറുതായിരിക്കുന്നു വീട്ടുവളപ്പ്. അവിടെ പച്ചക്കറിയോ പൂക്കളോ വേണമെന്ന്

കരുതിയാല്‍ അത്യാഗ്രഹമാകില്ലേ. ഇല്ലെന്ന ഉത്തരം കേട്ട് മൂക്കത്ത് വിരല്‍ വെക്കേണ്ട. കാരണം ഇതെല്ലാം സാധ്യമാകുന്നത്ര വിസ്തൃതമാണ് മട്ടുപ്പാവ്.

അടുക്കളത്തോട്ടം മാളികമുകളേറിയാല്‍ മാത്രം മതി. വ്യായാമം, അധ്വാനം, ആനന്ദം… എല്ലാം ഒറ്റയടിക്ക് നേടാം. ഒരു കുടുംബത്തിനുവേണ്ട പാവലും

കോവലും പയറും ചീരയും തക്കാളിയും മുളകും വഴുതനയും തുടങ്ങി സകല പച്ചക്കറികളും ഇവിടെ വളര്‍ത്താം. വാഴയും പപ്പായയും കറിവേപ്പും മുരിങ്ങയും

പടിക്ക് പുറത്താകില്ല. ചേന, ചേമ്പ്, കാച്ചില്‍, കപ്പ, ഇഞ്ചി, മഞ്ഞള്‍, കൂര്‍ക്ക, മത്തന്‍, കുമ്പളം, വെള്ളരി എന്നിവയെ പൊന്നുപോലെ വളര്‍ത്താന്‍

മട്ടുപ്പാവൊരുക്കമാണ്.

ചാക്കും ചട്ടിയും ഇഷ്ടിക കെട്ടിയ തടവുമെല്ലാം വേരോട്ടത്തിനുള്ള ഇടമാക്കാം. നടുന്ന വിളക്കനുസരിച്ചാണ് തടത്തിന്റെ സ്വഭാവം നിശ്ചയിക്കുന്നത്. ഇഷ്ടിക കെട്ടിയുണ്ടാക്കുന്ന സ്ഥിരം തടത്തില്‍ മുരിങ്ങയും കറിവേപ്പും തെങ്ങുമടക്കമുള്ള ബഹുവര്‍ഷ വിളകള്‍ നടാം.

ചട്ടികളില്‍ വിളസമൃദ്ധി

ചട്ടികളില്‍ മിക്ക വിളകളും നടാം. മണ്‍ചട്ടിയോ പ്ലാസ്റ്റിക് ചട്ടികളോ ബേസിനുകളോ ഇതിനുപയോഗിക്കാം. ചട്ടിക്ക് ചുരുങ്ങിയത് ഒരടി വായ്വട്ടം വേണം.

അടിയിലും അരികിലും ദ്വാരമിടണം. അമിതജലം വാര്‍ന്നുപോകാനാണിത്. അടിയില്‍ ഉടഞ്ഞ ചട്ടിക്കഷണങ്ങളോ ഇഷ്ടികപ്പൊട്ടോ നിരത്തണം. അതിന് മുകളില്‍

കരിയിലപ്പൊടി. ശേഷം ചട്ടി മിശ്രിതം നിറക്കണം. മേല്‍മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ തുല്യഅളവില്‍ ചേര്‍ന്നതാണിത്. മണലിനു പകരം

ചകിരിച്ചോറായാലും മതി. ചാണകപ്പൊടിക്ക് ബദലാണ് കമ്പോസ്റ്റും മണ്ണിരകമ്പോസ്റ്റും. ചട്ടിയുടെ വക്കില്‍നിന്ന് ഒന്നര ഇഞ്ച് താഴെവരെ ഇവ

നിറക്കാം. ചകിരിച്ചോറാണ് ചേരുവയെങ്കില്‍ നനയുടെ ഇടവേള കൂട്ടാം. ഇതില്‍ ആവശ്യമുള്ള പച്ചക്കറി വിളകള്‍ നടാം.

വിളകള്‍ക്ക് ചാക്കുവാസം

മട്ടുപ്പാവിലെ കൃഷിക്ക് പ്ലാസ്റ്റിക് ചാക്ക് ഉത്തമമാണ്. വിലക്കുറവും ഭാരക്കുറവുമാണ് സവിശേഷത. ആവശ്യാനുസരണം മാറ്റി വക്കാം. ചാക്കിന്റെ മൂലകള്‍

ഉള്ളിലേക്ക് കയറ്റിവച്ചുവേണം ചട്ടി മിശ്രിതം നിറക്കാന്‍. ചാക്ക് മറിയാതെ നിലത്തിരിക്കാനാണിത്. നുറുക്കിയ ചകിരിത്തൊണ്ട് അടിഭാഗത്ത് ഇട്ടാല്‍

വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാം. ചാക്കില്‍ ജൈവവളം ചേര്‍ക്കാനുള്ള ഇടം വിടണം. ചാക്ക് ചുരുട്ടി വച്ച് ആവശ്യത്തിനനുസരിച്ച്

നിവര്‍ത്താം. പച്ചക്കറി വിത്തോ തൈകളോ ഇതില്‍ നടാം. ടെറസിലെ കൈവരിക്ക് മുകളിലും ചുവര്‍ വരുന്നതിന് മുകളിലുമാകണം ചാക്കിന്റെ സ്ഥാനം. രണ്ട്

ഇഷ്ടികകള്‍ രണ്ടിഞ്ച് അകലത്തില്‍ വച്ച് അതിന് മുകളില്‍ ചാക്ക് വെക്കണം. ചാക്കിലെ അമിതജലം പോകാന്‍ ഇതുപകരിക്കും. മഴവെള്ളം കെട്ടിക്കിടന്ന്

ടെറസില്‍ ചളിക്കെട്ട് ഉണ്ടാകാതിരിക്കാനും നന്ന്.

തടത്തിലെ കൃഷി

ടെറസില്‍ തടമുണ്ടാക്കി അതില്‍ പോട്ടിങ് മിശ്രിതം നിറച്ചും കായ്കറികള്‍ കൃഷിയിറക്കാം. ടെറസിന്റെ അരമതിലിനോട് ചേര്‍ന്നാവണം തടം. ടെറസിന്

ഭാരക്കൂടുതല്‍ അനുഭവപ്പെടാതിരിക്കാനാണ് ഈ നിഷ്കര്‍ഷ. അടിഭാഗത്ത് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാല്‍ വെള്ളം കിനിഞ്ഞിറങ്ങാനുള്ള സാധ്യത തടയാം. രണ്ടര അടി വീതിയും ഒരടി ഉയരവുമുള്ള തടത്തില്‍ ഒട്ടുമിക്ക പച്ചക്കറി വിളകളും വളര്‍ത്താം. അരമതിലിന് സമാന്തരമായാണ് തിണ്ടുണ്ടാക്കേണ്ടത്. ഇതിന് ഇഷ്ടികയോ ചകിരിത്തൊണ്ടോ ഉപയോഗിക്കാം. ഒന്ന്-രണ്ട് വര്‍ഷം കൂടുമ്പോള്‍ അഴുകിയ ചകിരിത്തൊണ്ട് മാറ്റി പുതിയത് അടുക്കേണ്ടി വരും.

പന്തല്‍

മട്ടുപ്പാവില്‍ ഇരുമ്പുകമ്പി വലിച്ചുകെട്ടി സ്ഥിരം പന്തലൊരുക്കാം. പടര്‍ന്നുവളരുന്ന പച്ചക്കറികള്‍ക്കുള്ള ഇടമാണിത്. പയര്‍, പാവല്‍, കോവല്‍,പടവലം, അമര എന്നിവയെല്ലാം ഈ പന്തലില്‍ വളര്‍ത്താം. ഇവയുടെ നീളത്തിനും വീതിക്കുമൊന്നും പ്രത്യേക നിഷ്കര്‍ഷയില്ല. പരിചരണത്തിനും വിളവെടുപ്പിനും

സൌകര്യപ്രദമാകണം. പന്തലിന് ചുവട്ടില്‍ ചീര വളരട്ടെ. നിലത്ത് ഓല വിരിച്ച് മത്തന്റേയും വെള്ളരിയുടെയും കുമ്പളത്തിന്റെയും വള്ളികളെ പടരാന്‍

വിടാം.

തടത്തില്‍ മൂന്നോ നാലോ വിത്ത് നടാം. മുളച്ചശേഷം ആരോഗ്യമുള്ള ഒന്നോരണ്ടോതൈകള്‍ നിര്‍ത്തി ബാക്കി പറിച്ചുമാറ്റാം. വൈകുന്നേരമാണ് തൈകള്‍

പറിച്ചുനടാന്‍ നല്ലത്. നട്ട ഉടന്‍ മിതമായ തോതില്‍ നനക്കണം. വെള്ളം ഒലിച്ച് ചട്ടിയില്‍നിന്ന് പുറത്തുപോകുന്നതുകൊണ്ട് ഗുണമൊന്നുമില്ല. വളം

നഷ്ടപ്പെടുമെന്ന ദോഷവുമുണ്ട്. നനസമയത്തെല്ലാം ഇക്കാര്യം ഓര്‍മ വേണം.

വളം ചേര്‍ക്കാം; കീടത്തെ തുരത്താം

ചെടികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ മേല്‍വളം ചെയ്യണം. പച്ചച്ചാണകം വെള്ളത്തില്‍ കലക്കി അതിന്റെ തെളിയെടുത്ത് നേര്‍പ്പിച്ച് ഒഴിച്ചുകൊടുക്കാം. മണ്ണിര കമ്പോസ്റ്റും ഉത്തമ ജൈവവളമാണ്. വെര്‍മി വാഷ് ഉപയോഗിച്ചാല്‍ ചെടികള്‍ കാണെക്കാണെ വളരും. മണ്ണിര കമ്പോസ്റ്റ് ടാങ്കില്‍നിന്ന് ഊര്‍ന്നുവരുന്ന ദ്രാവകമാണിത്. മണ്ണിര കമ്പോസ്റ്റ് വെള്ളത്തില്‍ കുതിര്‍ത്താല്‍ ലഭിക്കുന്ന കട്ടന്‍ചായ പരുവത്തിലുള്ള വെള്ളവും വെര്‍മി വാഷ് തന്നെ. ഗോമൂത്രം നേര്‍പ്പിച്ച് ചെടിച്ചുവട്ടില്‍

ഒഴിക്കാം. ഇലകളില്‍ തളിക്കാനും ഇത് മതി. പൊടിഞ്ഞ ചാണകവും വേപ്പിന്‍ പിണ്ണാക്കും കടലപ്പിണ്ണാക്കുമെല്ലാം മേല്‍വളമാക്കാം. പിണ്ണാക്ക് വെള്ളത്തില്‍ കലക്കി രണ്ടു മൂന്നു ദിവസം പുളിപ്പിച്ച് നേര്‍പ്പിച്ച് ചെടികളുടെ ചുവട്ടില്‍ ഒഴിക്കാം. ചെടിയുടെയും വിളകളുടെയും അവശിഷ്ടങ്ങള്‍ അരിഞ്ഞുചേര്‍ത്ത് മണ്ണിന്റെ വളക്കൂറ് മെച്ചപ്പെടുത്താം. കീടങ്ങള്‍ വിളകളുടെ സന്തത സഹചാരിയാണ്. മട്ടുപ്പാവിലെന്നല്ല മാനത്തുതന്നെ കൃഷി ചെയ്താലും കീടങ്ങള്‍ വിരുന്നെത്തും. ദിവസവും ചെടികളില്‍ കണ്ണെത്തണമെന്നതാണ് പരിചരണങ്ങളില്‍ പ്രധാനം. പല കീടങ്ങളും അവയുടെ മുട്ടകളും ഇത്തരത്തില്‍ നീക്കാനാവും.

കീടങ്ങളെ തുരത്താന്‍ പുകയില കഷായം ഉപയോഗിക്കാം. ജൈവകീടനാശിനിയായതിനാല്‍ ഭയാശങ്കകള്‍ വേണ്ടേവേണ്ട. പോട്ടിങ് മിശ്രിതം മാററാതെ രണ്ടു വര്‍ഷം

കൃഷിയിറക്കാം. ഒന്നര മാസം പിന്നിട്ടാല്‍ മിക്കതും വിളഞ്ഞുതുടങ്ങും. ആവശ്യത്തിനനുസരിച്ച് വിളവെടുക്കാം.

കരുതല്‍ വേണം

ചെറിയ ചെരിവുള്ളതാകണം മേല്‍ക്കൂര. വെള്ളം കെട്ടിനില്‍ക്കാതിരിക്കാനാണിത്. തടമൊരുക്കുന്നതിന്റെ മുന്‍പ് ഗുണമേന്മയുള്ള പ്ലാസ്റ്റിക് ഷീറ്റ്

വിരിക്കണം. നനവിനും കിനിവിനുമുള്ള സാധ്യത മുളയിലേ നുള്ളാനാണിത്. ശക്തമായ മഴക്കാലത്ത് കൃഷിയിറക്കുന്നത് ഒഴിവാക്കാം. ചെടികളുടെ വളര്‍ച്ച

കുറയും. ഉല്‍പാദനവും. ടെറസിന്റെ മുകളില്‍ വഴുക്കല്‍ മൂലമുണ്ടാകുന്ന അപകടസാധ്യത വേറെ…..

ബീറ്റ് റൂട്ട് ജൈവ കൃഷി

തണുപ്പ് കാലാവസ്ഥയില്‍ വളരുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വേണമങ്കില്‍ നമ്മുടെ നാട്ടിലും ഇതൊന്നു ട്രൈ ചെയ്തു നോക്കാം. ഇതൊരു കിഴങ്ങ് വര്‍ഗം ആണ്. ബീറ്റ്റൂട്ടിന്റെ കിഴങ്ങും ഇലയും ഭക്ഷ്യയോഗ്യമാണ്. ഇല ഉപയോഗിച്ച് സ്വാദിഷ്ട്ടമായ തോരന്‍ ഉണ്ടാക്കാം. ബീറ്റ്റൂട്ട് ഉപയോഗിച്ച് തോരന്‍ , പച്ചടി ഇവ തയ്യാര്‍ ചെയ്യാം. കടയില്‍ ലഭിക്കുന്ന അത്ര വലുപ്പമുള്ള കിഴങ്ങു ഒന്നും പ്രതീക്ഷിക്കണ്ട, എങ്കിലും വലിയ കുഴപ്പമില്ലാത്ത വിളവു പ്രതീക്ഷിക്കാം. ബീറ്റ്റൂട്ട് കൃഷിയ്ക്ക് നല്ല ഇളക്കമുള്ള മണ്ണ് വേണം. ഞാന്‍ നട്ടത് ഗ്രോ ബാഗിലും പ്ലാസ്റ്റിക്‌ പത്രങ്ങളിലും ആണ് . ഗ്രോ ബാഗ്‌, നടീല്‍ മിശ്രിതം ഇവയെ പറ്റി പഴയ പോസ്റ്റുകളില്‍ പറയുന്നുണ്ട്.

വിത്ത് നേരിട്ട് പാകിയാണ് ബീറ്റ്റൂട്ട് കൃഷി ചെയ്യുന്നത്. ഞാന്‍ വിത്ത് വാങ്ങിയത് അടുത്തുള്ള ഒരു കടയില്‍ നിന്നുമാണ്. ഹരിത എന്ന കമ്പനിയുടെത്, അവരുടെ ഫോണ്‍ നമ്പര്‍ ഇതാണ് (9847236480). വിത്തുകള്‍ പകുന്നതിനു മുന്‍പ് ഒരു (10-30) മിനുട്ട് വെള്ളത്തില്‍ കുതിര്‍ത്തു വെക്കുന്നത് നല്ലതാണ്. നീര്‍വാര്‍ച്ചയുള്ള പശിമരാശി മണ്ണാണ്‌ കൃഷിക്ക്‌ അനുയോജ്യം. ആഗസ്‌റ്റ്‌ മുതല്‍ ജനുവരി വരെയാണ് കൃഷി ചെയ്യന്‍ പറ്റിയ സമയം. അടിവളമായി ഉണങ്ങിയ ചാണകപ്പൊടി ചേര്‍ക്കാം. വേറെ കാര്യമായ വളം ഒന്നും ചെയ്തില്ല. സി പോം ഇടയ്ക്ക് കുറച്ചു ഇട്ടു കൊടുത്തു. നട്ട്‌ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ വിളവെടുക്കാം.
കീടബാധ – ഒരു കീടബധയും എനിക്ക് ഇതുവരെ ഉണ്ടായില്ല, ചെടികള്‍ നന്നായി വളരുന്നു. റോക്കറ്റ്‌ പുഴു, കൂട്ടുകെട്ടിപുഴു , ഇലപ്പുള്ളി , മൃദുരോമപൂപ്പ്‌ ഇവയൊക്കെ ഉണ്ടായേക്കാം.

കടപ്പാട് :കൃഷി

കാപ്‌സിക്കം കൃഷിരീതി

ശീതകാലപച്ചക്കറി ഇനമായ കാപ്‌സിക്കം കേരളത്തിലെ സമതലപ്രദേശങ്ങളില്‍ വിജയകരമായി കൃഷിചെയ്യാം. മഴക്കാലത്ത് പോളിഹൗസിലും, മഴമറ ഉണ്ടാക്കി അതിലും എല്ലാക്കാലത്തും കാപ്‌സിക്കം കൃഷിചെയ്യാം. സെപ്റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങളില്‍ കൃഷി ആരംഭിക്കുന്നതാണ് നല്ലത്.

ഇനം: കാലിഫോര്‍ണിയവണ്ടര്‍ എന്ന ഇനമാണ് നല്ലത്. ഈ ഇനം ലഭിക്കുന്നില്ലെങ്കില്‍ മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുന്ന വിത്ത് ഉപയോഗിക്കാം.

വിത്തിന്റെ തോത്: ഒരു സെന്റില്‍ നടുന്നതിന് നാലു ഗ്രാം വിത്ത് തൈകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കണം.

തൈകളുടെ ഉത്പാദനരീതി: കാപ്‌സിക്കം പറിച്ചു നടേണ്ട വിളയാണ്. തൈകള്‍ ഉത്പാദിപ്പിക്കാന്‍ സീഡ് ലിംഗ് പ്ലാസ്റ്റിക്ക് ഗ്രേ കപ്പ്, പോളിത്തീന്‍ കവറുകള്‍, ഗ്രോ ബാഗ് എന്നിവ ഉപയോഗിക്കാം. മണ്ണ്, മണല്‍, ചാണകപ്പൊടി അല്ലെങ്കില്‍ കലര്‍പ്പില്ലാത്ത കോഴിവളം 1:1:1 എന്ന അനുപാതത്തില്‍ ഉണ്ടാക്കിയ മിശ്രിതം നിറച്ചതിനുശേഷം വിത്തുകള്‍ പാകുക. ചാണകമോ കോഴിവളമോ ഉപയോഗിക്കുന്നുണെ്ടങ്കില്‍ ട്രൈക്കോഡര്‍മചേര്‍ത്ത് ഒരാഴ്ചയ്ക്കുശേഷം വിത്തു പാകാം.

തോട്ടങ്ങളിലും വിത്ത് പാകി പറിച്ചുനടാം: രണ്ട് അല്ലെങ്കില്‍ മൂന്നടി വീതിയിലും 3,4 അടി ഉയരത്തിലും ആവശ്യാനുസരണം നീളവുമുള്ള തവാരണകള്‍ തയാറാക്കി ഉണക്കിപൊടിച്ച ചാണകം അല്ലെങ്കില്‍ കലര്‍പ്പില്ലാത്ത കോഴിവളം നന്നായി ഇളക്കി ചേര്‍ക്കുക. നഴ്‌സറിയില്‍ ഉണ്ടാകുന്ന കുമിള്‍ രോഗങ്ങളെ നിയന്ത്രിക്കുന്നതിന് ഫൈറ്റൊലാന്‍ നാലു ഗ്രാം അല്ലെങ്കില്‍ 10 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തവാരണകളില്‍ ഒഴിക്കണം. അതിനുശേഷം ഒരാഴ്ചകഴിഞ്ഞ് വിത്തുകള്‍ പാകാം. തൈകളുടെ വളര്‍ച്ച മോശമാണെങ്കില്‍ 15 ദിവസം പ്രായമായ തൈകള്‍ക്ക് 19:19:19 വളമിശ്രിതം ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ തളിക്കാം. ഒരുമാസം പ്രായമായ തൈകള്‍ പറിച്ചുനടാം.
നടീല്‍ രീതി

നല്ല നീര്‍വാര്‍ച്ചയും സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലങ്ങളാണ് കൃഷി ചെയ്യാന്‍ ഉചിതം. നന്നായി കിളച്ചൊരുക്കിയ മണ്ണില്‍ 45 സെന്റീമീറ്റര്‍ (ഒന്നരയടി) അകലത്തില്‍ ചാലുകള്‍ എടുക്കണം. ഉണക്കിപ്പൊടിച്ചചാണകപ്പൊടി അല്ലെങ്കില്‍ കമ്പോസ്റ്റ് ഒരു സെന്റിന് 100 കിലോ അല്ലെങ്കില്‍ കലര്‍പ്പില്ലാത്ത കോഴിവളം 50 കിലോ നല്ലതുപോലെ മണ്ണുമായി കൂട്ടിയിളക്കിയതിനുശേഷം ഫൈറ്റൊലാന്‍ നാലു ഗ്രാം അല്ലെങ്കില്‍ സ്യൂഡോമോണാസ് 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്നതോതില്‍ കലക്കി ചാലുകളില്‍ ഒഴിക്കണം. അതിനുശേഷം ഒരാഴ്ചകഴിഞ്ഞ് 30 ദിവസം പ്രായമായ തൈകള്‍ 45 സെന്റീമീറ്റര്‍ (ഒന്നരയടി) അകലത്തില്‍ വൈകുന്നേരം പറിച്ചുനടണം. ഈര്‍പ്പം വിടാത്ത രീതിയില്‍ നനയ്ക്കണം. തൈകള്‍ നട്ടതിനുശേഷം 3-4 ദിവസത്തേക്ക് തണല്‍ നല്‍കണം. തൈകള്‍ നട്ടതിനുശേഷം ജൈവവളം അതായത് ചാണകമോ കമ്പോസ്റ്റോ കോഴിവളമോ നടീല്‍ കഴിഞ്ഞ് 15-20 ദിവസം കഴിയുമ്പോള്‍ വീണ്ടും ചേര്‍ത്തു കൊടുക്കാം.

രാസവളം ഇടണമെന്ന് നിര്‍ബന്ധമാണെങ്കില്‍ സെന്റിന് 650 ഗ്രാം പൊട്ടാഷ്, മസൂറിഫോസ്, യൂറിയ എന്നിവ ചേര്‍ത്ത് കൊടുക്കാം. ഇതില്‍ മസൂറിഫോസ് മുഴുവനും നടുന്നതിനു മുമ്പ് ചേര്‍ത്തു കൊടുക്കാം. പകുതി യൂറിയയും പകുതി പൊട്ടാഷും പറിച്ചു നട്ട് ഒരാഴ്ച കഴിഞ്ഞ് നല്‍കേണ്ടതാണ്. ബാക്കി പൊട്ടാഷും ബാക്കിയുള്ള യൂറിയയുടെ നാലിലൊന്നും 30 ദിവസത്തിനുശേഷം നല്‍കാം. ബാക്കിയുള്ള യൂറിയ നട്ട് രണ്ടു മാസത്തിനു ശേഷം നല്‍കാവുന്നതാണ്.

മേല്‍മണ്ണ് ചെടിയുടെവേരുകള്‍ പോകാതെ ഇളക്കിയതിനുശേഷം രാസവളം അല്ലെങ്കില്‍ ജൈവവളം ഇടണം. വളമിട്ടതിനുശേഷം മണ്ണ് കയറ്റിക്കൊടുക്കുകയും വേണം. ആവശ്യമെങ്കില്‍ താങ്ങുകാലുകള്‍ കൊടുത്ത് കെട്ടിനിര്‍ത്തണം.

കീടനിയന്ത്രണം

നീരൂറ്റിക്കുടിക്കുന്ന വെള്ളീച്ച, മൈറ്റ്‌സ് തുടങ്ങിയ കീടങ്ങള്‍ക്കെതിരേ കീടനാശിനിക്കടകളില്‍ നിന്ന് ലഭിക്കുന്ന നീംഓയില്‍ പ്ലസ് 10 മില്ലിലിറ്ററും കലര്‍പ്പില്ലാത്ത വേപ്പണ്ണ 10 മില്ലി ലിറ്ററും കൂടി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളിലും തണ്ടിലും വീഴത്തക്കവിധത്തില്‍ തളിച്ചുകൊടുക്കണം. ഒരാഴ്ച ഇടവിട്ട് തളിച്ചുകൊടുക്കുന്നത് നല്ലതാണ്. ഇലയുടെ അടിഭാഗത്തും കൂമ്പിലും നല്ലതുപോലെ വീഴത്തക്കവിധത്തില്‍ തളിക്കണം.

വെളുത്തുള്ളി-കാന്താരി മിശ്രിതവും തളിക്കാം: 50 ഗ്രാം കാന്താരിയും 50 ഗ്രാം വെളുത്തുള്ളിയും 50 ഗ്രാം ഇഞ്ചിയും നന്നായി അരച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി അരിച്ചെടുത്ത് തളിക്കാം.

ഗോമൂത്രം-കാന്താരി മിശ്രിതം: 50 ഗ്രാം കാന്താരി ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ അരച്ചു ചേര്‍ത്ത് 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി അരിച്ചെടുത്ത് തളിക്കാം.

ഇലകളില്‍ പുള്ളിക്കുത്ത് വന്ന് ഇലകള്‍ കൊഴിയുന്നുണെ്ടങ്കില്‍ ബോര്‍ഡോമിശ്രിതം അല്ലെങ്കില്‍ ഫൈറ്റൊലാന്‍ നാലു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിച്ചുകൊടുക്കണം.

വിളവെടുപ്പ്

തൈകളില്‍ ആദ്യം ഉണ്ടാകുന്ന പൂക്കള്‍ പറിച്ചുകളയണം. കായ് കള്‍ക്ക് നല്ല തിളക്കമാകുമ്പോള്‍ വിളവെടുക്കാം. നല്ലതുപോലെ പരിപാലിക്കുകയാണെങ്കില്‍ കൂടുതല്‍ നാള്‍ കാപ്‌സിക്കം ഉല്പാദനം നല്‍കും. രാസവളമിടാതെ ജൈവകൃഷി രീതിയില്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ നല്ല വിലയും ലഭിക്കും.

വിത്തിന്റെ ലഭ്യത

കാപ്‌സിക്കം എന്ന വിളയുടെ വിത്ത് സാധാരണഗതിയില്‍ മാര്‍ക്കറ്റില്‍ ലഭ്യമല്ല. ഇതിന്റെ വിത്ത് സുല്‍ത്താന്‍ബത്തേരിയിലുള്ള വയനാട് ജില്ലാ പഴംപച്ചക്കറി മാര്‍ക്കറ്റിംഗ് സഹകരണസംഘത്തിലും (ഫോണ്‍ 04936 – 225239) വെജിറ്റബിള്‍ മാര്‍ക്കറ്റ് (ഫോണ്‍ 04936 – 226239) എന്ന സ്ഥാപനത്തിലും ലഭിക്കും. അവരുമായി ബന്ധപ്പെട്ടാല്‍ കൊറിയര്‍ വഴി ശീതകാല പച്ചക്കറികളുടെ എല്ലാ വിത്തുകളും ലഭിക്കും.

ശീതകാല പച്ചക്കറികളുടെ തൈകളും വിത്തുകളും കേരളസര്‍ക്കാര്‍ കൃഷിവകുപ്പിന്റെ കീഴിലുള്ള വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ (ഢ.എ.ജ.ഇ.ഗ) കാക്കനാട് കൊച്ചിയുടെ (ഫോണ്‍ 0484 – 2427455) എല്ലാ ജില്ലകളിലും ഉള്ള ഓഫീസുകള്‍ വഴിയും വിതരണം ചെയ്യുന്നുണ്ട്. ഫോണ്‍: അലക്‌സ് 9446793793

ശീതകാല പച്ചക്കറികള്‍ക്ക് ജീവാമൃതം ഉണ്ടാക്കുന്ന വിധം

  • പത്തുകിലോഗ്രാം പച്ചച്ചാണകം (നാടന്‍ പശുവിന്റേത് ലഭിക്കുമെങ്കില്‍ നല്ലത്)
  • 10 ലിറ്റര്‍ ഗോമൂത്രം
  • ശര്‍ക്കര രണ്ടു കിലോഗ്രാം
  • വന്‍പയര്‍ അല്ലെങ്കില്‍ മുതിര 2 കിലോഗ്രാം പൊടിച്ചത്
  • ഒരടിതാഴ്ചയില്‍ നിന്നെടുത്തരാസവളം കലരാത്ത മണ്ണ് ഒരു കിലോഗ്രാം
  • പി.ജി.പി.ആര്‍ എന്ന ജീവാണുവളക്കൂട്ട് ലഭിക്കുമെങ്കില്‍ 100 ഗ്രാം
  • 200 ലിറ്റര്‍ വെള്ളം ഇവ

ഒരു ബാരലില്‍ ഇട്ടതിനുശേഷം ദിവസം രണ്ടുപ്രാവശ്യം ഒരു നീളമുള്ള കമ്പ് ഉപയോഗിച്ച് വലത്തോട്ട് ഇളക്കണം. ബാരല്‍ ചണച്ചാക്കുകൊണ്ട് മൂടിയിടണം. നാലു ദിവസം കഴിഞ്ഞ് ഉപയോഗിക്കാം. ഉപയോഗിക്കുന്നതുവരെ രാവിലെയും വൈകുന്നേരം ഇളക്കുവാന്‍ മറക്കരുത്. എല്ലാ പച്ചക്കറി വിളകളുടെയും ചുവട്ടില്‍ ഒഴിക്കുകയും 2-3 ഇരട്ടി വെള്ളം ചേര്‍ത്ത് ഇലകളില്‍ തളിക്കുകയും ചെയ്യാം.

ടെറസ്സില്‍ കൃഷി

വീട്ടാവശ്യത്തിനുള്ള തക്കാളി, വെണ്ട, വഴുതന, വെള്ളരി, പാവല്‍, പടവലം, മത്തന്‍, പയര്‍, ചീര, മുള്ളങ്കി, മുളക് മുതലായവ എളുപ്പത്തില്‍ ടെറസ്സില്‍ കൃഷി ചെയ്യാം.

ഓരോ കുടുംബത്തിനും ആവശ്യമുള്ള പച്ചക്കറികള്‍ വീട്ടുമുറ്റത്തും പറമ്പിലുമെല്ലാം കൃഷിചെയ്തിരുന്ന കാലമുണ്ടായിരുന്നു. മാറുന്ന ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ച് എല്ലാം വിപണിയില്‍നിന്ന് വാങ്ങാന്‍ ഇന്ന് മലയാളി ശീലിച്ചുകഴിഞ്ഞു. പൊള്ളുന്ന വില നല്‍കി വിഷലിപ്തമായ പച്ചക്കറി വാങ്ങി ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പലരേയും പച്ചക്കറി കൃഷിചെയ്യാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

വി.എഫ്.പി.സി.കെ., സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, കൃഷിവകുപ്പ് എന്നിവ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മട്ടുപ്പാവിലെ കൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ നടപ്പാക്കിവരുന്നുണ്ട്. വീട്ടാവശ്യത്തിനുള്ള പച്ചക്കറികളുടെ നല്ലൊരുഭാഗം മട്ടുപ്പാവിലെ കൃഷിയിലൂടെ വിളയിച്ചെടുക്കാന്‍ സാധിക്കും.

ടെറസ്സില്‍ പച്ചക്കറി വളര്‍ത്തുന്നതിനായി പ്ലാസ്റ്റിക്ചാക്ക്, മണ്‍ചട്ടി, പ്ലാസ്റ്റിക് ചട്ടി, ഗ്രോ ബാഗ് തുടങ്ങിയവയെല്ലാം ഉപയോഗിക്കാം.

മേല്‍മണ്ണ്, മണല്‍, ഉണക്കിപ്പൊടിച്ച ചാണകം എന്നിവ തുല്യ അളവില്‍ ചേര്‍ത്ത് നടീല്‍മിശ്രിതം തയ്യാറാക്കാം. ഇത് ചാക്കുകളിലും ചട്ടികളിലും മുക്കാല്‍ഭാഗം വരെ നിറച്ച് പച്ചക്കറി കൃഷിചെയ്യാം. ചാക്ക്, ഗ്രോ ബാഗ് എന്നിവയുടെ മുകള്‍വശത്തെ കാല്‍ഭാഗം പുറത്തേക്ക് മടക്കിവെക്കേണ്ടതാണ്. മണ്‍മിശ്രിതം നിറച്ച ചാക്കുകള്‍ രണ്ട് ഇഷ്ടികകള്‍ സമാന്തരമായിവെച്ച് അതിന് മുകളില്‍ വെക്കണം. ഇത് ടെറസ്സിനോട് ചേര്‍ന്ന് വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ സഹായിക്കും. ചകിരിച്ചോറ് കമ്പോസ്റ്റ്, ചെറിയ കഷ്ണങ്ങളാക്കിയ തൊണ്ട് എന്നിവ മണ്ണ്മിശ്രിതത്തില്‍ ചേര്‍ത്താല്‍ ജലാംശം പിടിച്ചുനിര്‍ത്താം. അതോടൊപ്പം നടീല്‍ മാധ്യമത്തിന്റെ ഭാരം കുറയ്ക്കുകയും ചെയ്യാം.

ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് പച്ചക്കറികൃഷിക്ക് ഉത്തമം. വെയില്‍ കുറഞ്ഞ സ്ഥലത്ത് ഇഞ്ചി, മുളക്, ചേന, പയര്‍, വെള്ളരി, പാവല്‍, പടവലം എന്നിവയെല്ലാം നേരിട്ട് വിത്തുപാകി കൃഷിചെയ്യേണ്ട വിളകളാണ്. മുളക്, ചീര, തക്കാളി, വഴുതന തുടങ്ങിയവ തൈകള്‍ പറിച്ചുനട്ടാണ് കൃഷിചെയ്യേണ്ടത്. വിത്ത് പാകിക്കഴിഞ്ഞാല്‍ ആവശ്യത്തിന് നനയ്ക്കണം. നാലില പ്രായമാകുമ്പോള്‍ തൈകള്‍ പറിച്ചുനടാന്‍ പാകമാകും. വൈകുന്നേരമാണ് പറിച്ചുനടീലിന് അനുയോജ്യമായ സമയം. നട്ടശേഷം രണ്ടോ മൂന്നോ ദിവസത്തേക്ക് തണല്‍ ആവശ്യമാണ്.

ടെറസ്സിലെ ഇരുമ്പുവളയങ്ങളില്‍ മുളയോ മടലോ നാട്ടി കയര്‍ വലിച്ചുകെട്ടി, പടര്‍ന്നുവളരുന്ന പച്ചക്കറികളായ പയര്‍, പാവല്‍, പടവലം എന്നിവയ്ക്ക് പന്തലൊരുക്കാം. വെള്ളരി, മത്തന്‍ തുടങ്ങിയ വിളകള്‍ പടര്‍ന്നുവളരാന്‍ ടെറസ്സില്‍ ഓലവിരിച്ചുകൊടുത്താല്‍ മതിയാകും.

മട്ടുപ്പാവില്‍ കൃഷിചെയ്യുമ്പോള്‍ ജൈവരീതിയാണ് അനുവര്‍ത്തിക്കേണ്ടത്. ചാണകപ്പൊടി, ചാരം, എല്ലുപൊടി, മണ്ണിരക്കമ്പോസ്റ്റ്, വേപ്പിന്‍ പിണ്ണാക്ക്, മറ്റ് പിണ്ണാക്കുകള്‍ എന്നിവയെല്ലാം ജൈവവളമായി ഉപയോഗിക്കാം. ആഴ്ചതോറും ഓരോ പിടി ജൈവവളം ചാക്കിലെ മണ്ണുമായി ഇളക്കിച്ചേര്‍ത്ത് കൊടുക്കണം.

ചെടിയുടെ ഇലകളിലും തണ്ടിലും വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം. വളം ചേര്‍ത്തശേഷം നനയ്‌ക്കേണ്ടതാണ്. പച്ചച്ചാണകം, വേപ്പിന്‍ പിണ്ണാക്ക്, കപ്പലണ്ടിപ്പിണ്ണാക്ക് എന്നിവ പുളിപ്പിച്ച് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചശേഷം ചെടികള്‍ക്ക് പത്തുദിവസം കൂടുമ്പോള്‍ നല്‍കുന്നതും നല്ലതാണ്.

മട്ടുപ്പാവിലെ പച്ചക്കറികള്‍ ദിവസവും നനയ്ക്കണം. പരിമിതമായ അളവിലേ വെള്ളമൊഴിക്കാവൂ. മണ്ണ് നനയാന്‍ ആവശ്യമായ വെള്ളംമാത്രം കപ്പില്‍ എടുത്ത് ഒഴിക്കുന്നതാണ് നല്ലത്. ടെറസ്സിലേക്ക് വെള്ളം ഇറ്റുവീഴുന്ന തരത്തില്‍ ഒഴിക്കരുത്. രാവിലെയും വൈകുന്നേരവും വെള്ളമൊഴിക്കണം.

രോഗംവന്ന ഇലകളും ചെടികളുമെല്ലാം പറിച്ച് നശിപ്പിക്കണം. തൈകള്‍ വളര്‍ന്നുവരുമ്പോള്‍ മണ്ണിന്റെ നിരപ്പില്‍വെച്ച് അഴുകിപ്പോകുന്നത് സാധാരണയാണ്. അതിനാല്‍ വിത്തുപാകുന്നതിനുമുമ്പ് സ്യൂഡോമോണാസ് എന്ന ജൈവ കുമിള്‍നാശിനി 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചേര്‍ത്ത് മണ്ണ് കുതിര്‍ക്കുന്നത് കുമിള്‍രോഗത്തെ നിയന്ത്രിക്കും. ഇത് രണ്ടാഴ്ചയിലൊരിക്കല്‍ ചെടികളില്‍ തളിച്ചുകൊടുക്കുന്നത് ഇലകരിച്ചില്‍, ഇലപ്പുള്ളി, വാട്ടരോഗം എന്നിവയെ നിയന്ത്രിക്കും.

രാസകീടനാശിനികള്‍ക്കുപകരം വേപ്പെണ്ണ എമല്‍ഷന്‍, ഗോമൂത്രം കാന്താരിമുളക് മിശ്രിതം തുടങ്ങിയവ വീട്ടില്‍ത്തന്നെ തയ്യാറാക്കി കീടങ്ങളെ ജൈവരീതിയില്‍ നിയന്ത്രിക്കാം. 60 ഗ്രാം ബാര്‍സോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച ലായനി ഒരു ലിറ്റര്‍ വേപ്പെണ്ണയില്‍ ചേര്‍ത്തിളക്കുക. ഇത് പത്തിരട്ടി വെള്ളം ചേര്‍ത്ത് പയറിനെ ആക്രമിക്കുന്ന ചിത്രകീടം, പേനുകള്‍ എന്നിവയ്‌ക്കെതിരെ തളിക്കാം. ലായനി ഇരുപത് ഇരട്ടിവെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചുവേണം പാവല്‍, പടവലം മുതലായ വിളകള്‍ക്ക് തളിക്കാന്‍.

നാലുഗ്രാം പാല്‍ക്കായം ഒരു ലിറ്റര്‍ വെള്ളത്തില്‍ അലിയിച്ച് ഒരു ഗ്രാം സോഡാപ്പൊടിയും നാല് ഗ്രാം മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് തിളപ്പിച്ചാല്‍ ചീരയിലെ ഇലപ്പുള്ളി നിയന്ത്രിക്കാം. ുടുംബാംഗങ്ങളുടെ ദിവസേനയുള്ള ശ്രദ്ധയും പരിചരണവുമുണ്ടെങ്കില്‍ വിഷമുക്തമായ പച്ചക്കറി കൈയെത്തും ദൂരത്ത് വിളയിക്കാമെന്നതില്‍ സംശയമില്ല.

തുടര്‍ച്ചയായ മഴയുള്ള സമയം ടെറസ്സ് കൃഷിയ്ക്കു് അനുയോജ്യമല്ല. വെള്ളം നിറഞ്ഞ് വഴുതുന്ന സിമന്റ്‌ മേല്‍ക്കൂര അപകടങ്ങള്‍ക്കു സാദ്ധ്യതയുണ്ടാക്കാം. കൂടാതെ, ശക്തമായ മഴയില്‍ മണ്ണിലെ ലവണാംശങ്ങള്‍ നഷ്ടപ്പെട്ടു് വളക്കൂറ് കുറഞ്ഞുപോകാം. ശക്തമായ മഴക്കാലം അവസാനിച്ച് ടെറസ്സ് മെല്ലെ ഉണങ്ങിവരുന്ന ആഴ്ച്ചകളാണു് കൃഷി തുടങ്ങാന്‍ ഏറ്റവും നല്ലതു്. കേരളത്തിനെ സംബന്ധിച്ച്, ഓണക്കാലം കഴിഞ്ഞ് (സെപ്റ്റംബര്‍ മദ്ധ്യത്തില്‍) കൃഷി തുടങ്ങിയാല്‍ അതിനുശേഷം ഇടക്കിടെ പെയ്യുന്ന മഴയും തുടര്‍ന്നു വരുന്ന തുലാവര്‍ഷവും കൃഷിക്ക് നല്ലതാണ്. മേയ് അവസാനം കാലവര്‍ഷം ആരംഭിക്കുന്നതിന് അല്പദിവസം മുന്‍പ് കൃഷി അവസാനിപ്പിച്ച് ടെറസ്സ് വൃത്തിയാക്കാം. ഉപയോഗിച്ച മണ്ണ് ഒരിടത്ത് കൂട്ടിയിട്ട് പോളിത്തീന്‍ ഷീറ്റ് കൊണ്ട് മഴനനയാതെ മൂടിയാല്‍ അടുത്ത കൃഷിക്ക് അതേമണ്ണ് ഇളക്കിയെടുത്ത് ഉപയോഗിക്കാം.

തീരെ ചെരിവില്ലാതെ പരന്നതോ, അല്പം ചെരിവുള്ളതോ ആയ കോണ്‍ക്രീറ്റ് മേല്‍ക്കൂരകളാണു് ടെറസ്സിലെ കൃഷിക്ക് അനുയോജ്യം. കൃഷി ചെയ്യുന്നവരുടെ ദേഹസുരക്ഷ ഉറപ്പാക്കാന്‍ ടെറസ്സിന്റെ വശങ്ങളില്‍ ഉയര്‍ത്തിക്കെട്ടിയ ഇഷ്ടികമതിലിന് അരമീറ്റര്‍ ഉയരമെങ്കിലും ഉണ്ടാവുന്നതു് നല്ലതാണു്. കൃഷിക്ക് ആവശ്യമായ മണ്ണ്, വെള്ളം, വിത്ത്, വളം, വള്ളികള്‍ പടരാനുള്ള കമ്പുകള്‍ തുടങ്ങിയവ മേല്‍ത്തട്ടില്‍ എത്തിക്കാന്‍ സാമാന്യം ഉറപ്പുള്ള പടികളോ കോണിയോ സജ്ജമായിരിക്കണം. പൈപ്പ് ഉപയോഗിച്ച് ജലസേചനം ചെയ്യാനുദ്ദേശിക്കുമ്പോള്‍ വീട്ടിലെ ജലസംഭരണി ടെറസ്സിന്റെ തലത്തില്‍നിന്നും (സ്ലാബ്) രണ്ടോ മൂന്നോ മീറ്റര്‍ ഉയരത്തില്‍ സ്ഥാപിക്കാന്‍ ശ്രദ്ധിക്കണം. ടെറസ്സിനെ തൊട്ട് മരക്കൊമ്പുകളോ പോസ്റ്റുകളോ ഇല്ലാതിരിക്കുന്നതു് എലികളുടേയും മറ്റു ക്ഷുദ്രജീവികളുടേയും ശല്യം കുറയ്ക്കും.

നമ്മുടെ ജലസേചനശീലമനുസരിച്ച് നാം സാധാരണ ചെലവാക്കാറുള്ളതില്‍ കുറവു വെള്ളമേ ഇത്തരം കൃഷിയ്ക്കു് ആവശ്യമുള്ളൂ. കഴിയുമെങ്കില്‍ തുള്ളിനന തുടങ്ങിയ രീതികള്‍ ഏര്‍പ്പെടുത്താവുന്നതാണു്. എന്നിരുന്നാലും, ആണ്ടു മുഴുവന്‍ തുടരുന്ന ജലലഭ്യത ഉറപ്പാക്കണം. വേനല്‍ മൂക്കുമ്പോള്‍ കുടിക്കാന്‍ പോലും വെള്ളം തികയാത്ത പ്രദേശങ്ങളില്‍ ഇക്കാര്യം മുമ്പേ പരിഗണിക്കണം. ഇത്തരം സാഹചര്യങ്ങളില്‍ വീട്ടിലെ അടുക്കളയിലും വാഷ് ബേസിനുകളിലും മറ്റും ഉപയോഗിച്ച് പുറത്തൊഴുക്കിക്കളയുന്ന വെള്ളം ലഘുവായ ശുദ്ധീകരനപ്രക്രിയകളിലൂടെ വീണ്ടെടുത്ത് ജലസേചനത്തിനുപയോഗിക്കുന്ന രീതികളും ശ്രമിക്കാവുന്നതാണു്.

കോണ്‍ക്രീറ്റ് മട്ടുപ്പാവില്‍ നേരിട്ട് മണ്ണ് നിരത്തി വളം ചേര്‍ത്ത് വെള്ളമൊഴിച്ച് കൃഷി ചെയ്യുമ്പോള്‍ കാഴ്ചയില്‍ വൃത്തി കുറയും. മേല്‍ക്കൂരയില്‍ വളരുന്ന ചെടിയുടെ വേരുകളും മണ്ണില്‍നിന്നു് ഊര്‍ന്നിറങ്ങുന്ന അമ്ലാംശമുള്ള ധാതുലവണങ്ങളും കോണ്‍ക്രീറ്റിനു് ബലക്ഷയം ഉണ്ടാക്കി സ്ലാബില്‍ ചോര്‍ച്ചവരുത്താന്‍ സാദ്ധ്യതയുണ്ട്. അതുകൊണ്ട് നേരിട്ടുള്ള കൃഷി ഒഴിവാക്കുന്നതാണു നല്ലതു്. മണ്ണ് നിരത്തി കൃഷി ചെയ്യുന്നതും നല്ലതല്ല. നാലുവശത്തും ഇഷ്ടിക ചരിച്ച് വെച്ച് അടിയില്‍ പ്ലാസ്റ്റിക്ക് ഷീറ്റ് ഒന്നോ രണ്ടോ അട്ടിയില്‍ വിടവില്ലാതെ വിരിച്ച് അതിനു മുകളില്‍ ഇഷ്ടിക ഉയരത്തില്‍മാത്രം മണ്ണിട്ട് കൃഷി ചെയ്യാം. തൊടിയിലെ മണ്ണിന്റെ കൂടെ ചാണകം ഉണക്കിപ്പൊടിച്ചത്, ചകരിച്ചോറ്, അറക്കപ്പൊടി, ആറ്റുമണല്‍, മണ്ണിരക്കമ്പോസ്റ്റ്, കരിയിലകള്‍ എന്നിവയും ചേര്‍ത്ത് കൃഷി ചെയ്യാനുള്ള അടിത്തട്ട് തയ്യാറാക്കാം. ടെറസ്സിന്റെ വശങ്ങളിലായാല്‍ മൂന്ന് വശങ്ങളില്‍ ഇഷ്ടിക അതിരിട്ട്, പോളിത്തീന്‍ ഷീറ്റ് വിരിച്ച് കൃഷി ചെയ്യാം. എങ്ങനെ കൃഷിചെയ്താലും ടെറസ്സും മണ്ണും നേരിട്ട് സമ്പര്‍ക്കം വരുന്നത് പരമാവധി ഒഴിവാക്കുന്നത് നല്ലതാണ്.

പോളിത്തീന്‍ കവറിലും ചാക്കിലും മണ്ണ് നിറച്ച് കൃഷി ചെയ്യാം. ചാക്ക് പുറത്തോട്ട് മടക്കി ഏതാണ്ട് ഒരടി കനത്തില്‍ മണ്ണ് നിറച്ചാല്‍ മതിയാവും. വെള്ളം പുറത്തേക്ക് ഒഴുകാനായി ഏതാനും സുഷിരങ്ങള്‍ ആവശ്യമാണ്. സുതാര്യമായ പോളിത്തീന്‍ കവറില്‍ കൃഷി ചെയ്യരുത്. വേരുകള്‍ക്ക് സൂര്യപ്രകാശം തട്ടുന്നത് ചെടിയുടെ വളര്‍ച്ചയെ തകരാറിലാക്കും. ചെടിനട്ടതിനു ശേഷം വളര്‍ച്ചക്കനുസരിച്ച് വളവും മണ്ണും പിന്നീട് ചേര്‍ക്കേണ്ടി വരുന്നതിനാല്‍ ആദ്യമേ കൂടുതല്‍ മണ്ണ് നിറക്കേണ്ടതില്ല. ടെറസ്സില്‍ ഇഷ്ടംപോലെ സൂര്യപ്രകാശം ലഭിക്കുന്നതിനാല്‍ വളര്‍ച്ചക്കനുസരിച്ച് ചെടികള്‍ തമ്മിലുള്ള അകലം ക്രമീകരിക്കാം.

ടെറസ്സില്‍ മൂന്ന് തരത്തില്‍ മണ്ണ് പാകപ്പെടുത്തി കൃഷിക്കുവേണ്ട പ്രതലം തയ്യാറാക്കം,

നിലത്ത് പോളിത്തീന്‍ ഷീറ്റ് വിരിച്ച് വശങ്ങളില്‍ ഇഷ്ടിക ചരിച്ച് വെച്ച് അതിരിട്ട്, അതില്‍ ഏതാണ്ട് മുക്കാല്‍ ഇഷ്ടിക ഉയരത്തില്‍ മണ്ണും വളവും ചേര്‍ന്ന മിശ്രിതം നിറക്കുക. ഏറ്റവും അടിയില്‍ ഉണങ്ങിയ ഇലകള്‍ നിരത്തുന്നത് നന്നായിരിക്കും.

വലിപ്പം കൂടിയ ചെടിച്ചട്ടിയില്‍ മുക്കാല്‍ഭാഗം മണ്ണ് നിറക്കാം. ഈ ചെടിച്ചട്ടി മുകള്‍ഭാഗം ചെറുതായി ഉരുണ്ട് വക്കിന് ഡിസൈന്‍ ഉള്ളത് ആയാല്‍ വിളവെടുപ്പിനുശേഷം മണ്ണും ചെടിയും മാറ്റാന്‍ പ്രയാസമായിരിക്കും. ചിലപ്പോള്‍ ചട്ടി പൊട്ടിയെന്നും വരാം. അതിനാല്‍ ഡിസൈന്‍ ഇല്ലാത്ത ലളിതമായ ചെടിച്ചട്ടികളില്‍ കൃഷി ചെയ്യുന്നതാവും നല്ലത്.

പോളിത്തീന്‍ കവറുകളില്‍ നടുമ്പോള്‍ ഒരു സീസണില്‍ മാത്രമേ ഒരു കവര്‍ ഉപയോഗിക്കാനാവുകയുള്ളു. ചെടികള്‍ നടാനായി കടയില്‍നിന്നും വാങ്ങുന്ന കവര്‍ ചെറുതായതിനാല്‍ കൂടുതല്‍ വിളവ് ലഭിക്കാറില്ല. പകരം സിമന്റ് ചാക്ക്(കടലാസ് അല്ല), കടയില്‍ നിന്ന് അരിയും മറ്റു സാധനങ്ങളും കൊണ്ടുവരുന്ന പ്ലാസ്റ്റിക്ക് ചാക്ക് എന്നിവ ഉപയോഗിക്കുന്നത് നന്നായിരിക്കും. പണം കൊടുത്താല്‍ കാലിയായ സഞ്ചികള്‍ പലചരക്ക് കടയില്‍ നിന്ന് ലഭിക്കും. ഏത് തരം ബാഗ് ആയാലും അവ കഴുകി ഉണക്കിയിട്ട് വേണം കൃഷി ചെയ്യാന്‍. പത്ത് കിലോഗ്രാം അരിയുടെ ബാഗില്‍ ഒരു വെണ്ടയോ, വഴുതനയോ നടാം. ഈ ബാഗുകള്‍ തുറന്ന് പകുതിക്ക് വെച്ച് പുറത്തോട്ട് മടക്കി, അടിവശം പരത്തിയിട്ട് മുക്കാല്‍ ഭാഗം ഉയരത്തില്‍ മണ്ണ് നിറക്കാം.

പച്ചക്കറി നടാനായി മണ്ണ് നിറക്കുമ്പോള്‍ അടിയില്‍ കരിയിലയോ പച്ചക്കറി അവശിഷ്ടങ്ങളോ നിക്ഷേപിക്കാം. പറമ്പിലുള്ള മണ്ണിന്റെ കൂടെ ആറ്റുമണല്‍(പൂഴി), അറക്കപ്പൊടി, ചകരിച്ചോറ്, കാലിവളം ഉണക്കിപ്പൊടിച്ചത് (ചാണകം), കമ്പോസ്റ്റ്, മത്സ്യാവശിഷ്ടങ്ങള്‍ ആദിയായവ ലഭ്യതയനുസരിച്ച് മിക്‌സ് ചെയ്ത മിശൃതം കൃഷി ചെയ്യാനായി നിറക്കണം. ഇതില്‍ ഉണങ്ങിയ ചാണകം കൂടുതല്‍ ചേര്‍ക്കുന്നത് പച്ചക്കറിയുടെ വളര്‍ച്ചക്ക് നല്ലതാണ്. ടെറസ്സില്‍ പരമാവധി സൂര്യപ്രകാശം ലഭ്യമാകുന്ന ഇടങ്ങളിലാണ് കൃഷിവിളകള്‍ നടേണ്ടത്.

നടാനുള്ള പച്ചക്കറി വിത്തുകള്‍ മുന്‍വര്‍ഷങ്ങളിലുള്ള ചെടികളില്‍ നിന്ന് നമ്മള്‍ ശേഖരിച്ചതോ മറ്റുള്ളവരില്‍ നിന്ന് വാങ്ങിയതോ ആവാം. ശേഖരിച്ചവയില്‍ ചിലയിനങ്ങള്‍ ഈര്‍പ്പംതട്ടി കേടുവരികയോ ചില കാലത്ത് മുളക്കാത്തവയോ ആവാതിരിക്കാന്‍ ശ്രദ്ധിക്കണം. വിലകൊടുത്തു വാങ്ങുന്നവ ഗുണമേന്മ ഉറപ്പാക്കിയ ഇടങ്ങളില്‍ നിന്ന് ആവണം. പിന്നെ തക്കാളി, മുളക്, പയര്‍, കയ്പ, മത്തന്‍, വെള്ളരി എന്നിവ കടയില്‍ നിന്ന് കറിവെക്കാന്‍ വാങ്ങിയ പച്ചക്കറികളില്‍ മൂപ്പെത്തിയ നല്ല ഇനങ്ങള്‍ ഉണ്ടെങ്കില്‍ വിത്ത് ശേഖരിക്കാം.

പച്ചക്കറി വിത്തുകള്‍ രണ്ട് രീതിയിലാണ് നടേണ്ടത്. ചിലത് നേരിട്ട് മണ്ണില്‍ നടാം; ഉദാ: ചീര, മുളക്, മുള്ളങ്കി, തക്കാളി, വഴുതന. മറ്റുചില വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് മുളപ്പിച്ചശേഷം മണ്ണില്‍ നടാം; ഉദാ: വെണ്ട, പയറ്, വെള്ളരി, പാവല്‍, പടവലം, താലോരി, മത്തന്‍, കുമ്പളം.

നേരിട്ട് മണ്ണില്‍ നടുന്നവ, മണ്ണ് പാകപ്പെടുത്തിയ തടത്തില്‍ വിതറിയാല്‍ മതിയാവും. ചീരവിത്തുകള്‍ പോലുള്ളവ അല്പം ഉണങ്ങിയ മണലുമായി കലര്‍ത്തിയിട്ട് മണ്ണില്‍ വിതറിയാല്‍ മുളച്ചുവരുന്ന തൈകള്‍ തമ്മില്‍ അകലം ഉണ്ടാവും. ഇങ്ങനെ വിത്തിട്ടതിനുശേഷം ഒരു സെന്റീമീറ്റര്‍ കനത്തില്‍ മണ്ണിട്ട് മൂടിയശേഷം നന്നായി ‘സ്‌പ്രേ ചെയ്ത്’ നനക്കണം. ഈ വിത്തുകളെള്ളാം അല്പസമയം കഴിഞ്ഞ് ഉറുമ്പുകള്‍ അടിച്ചുമാറ്റി കടത്തുന്നത് ശ്രദ്ധിച്ച് അവയെ തടയണം. ദിവസേന രാവിലെയും വൈകിട്ടും നനച്ചാല്‍ ഏതാനും ദിവസംകൊണ്ട് തൈകള്‍ മുളക്കും. അവ പിന്നീട് പറിച്ചുമാറ്റി അകലത്തില്‍ നടാം.

മുളപ്പിച്ച് നടേണ്ട വിത്തുകള്‍ ഓരോന്നും പ്രത്യേകമായി 12മണിക്കൂര്‍ സമയം വെള്ളത്തില്‍ കുതിര്‍ത്ത് വെക്കണം. പിന്നീട് ദ്വാരമുള്ള ഒരു ചിരട്ടയില്‍ കോട്ടണ്‍തുണി നാലായി മടക്കിയതിനു മുകളില്‍ വിത്തുകള്‍ ഇട്ടതിനുശേഷം തുണിയുടെ അറ്റം വിത്തിനു മുകളിലേക്ക് മടക്കിയിട്ട് വെള്ളം നനച്ച് അവയുടെ മുകളില്‍ ചെറിയ ഒരു കല്ല്‌വെച്ച്, തണലത്ത് വെക്കുക. അധികമുള്ള വെള്ളം ചിരട്ടയുടെ അടിയിലുള്ള ദ്വാരം വഴി പുറത്തുപോകും. ഓരോ ഇനം വിത്തും പ്രത്യേകം ചിരട്ടകളില്‍ വെച്ച് മുളപ്പിക്കണം. ദിവസേന രാവിലെ നനച്ചാല്‍ വെണ്ടയും വെള്ളരിയും പയറും മൂന്നാം ദിവസം മുളച്ചിരിക്കും. വേര് വന്ന വിത്തുകള്‍ പ്രത്യേകം തടങ്ങളിലോ, ചാക്കിലോ, ചെടിച്ചട്ടിയിലോ നടാം. ഇതില്‍ പാവല്‍, പടവലം, താലോരി, മത്തന്‍ തുടങ്ങിയ വള്ളിച്ചെടികളുടെ വിത്തുകള്‍ ദിവസേന നനച്ചാലും, മുളക്കാന്‍ ഒരാഴ്ചയിലധികം ദിവസങ്ങള്‍ വേണ്ടി വരും. അവക്ക് വേഗത്തില്‍ മുള വരാന്‍ നനഞ്ഞ വിത്തിന്റെ മുളവരേണ്ട കൂര്‍ത്ത അറ്റത്ത് നഖംകൊണ്ട് തോടിന്റെ അഗ്രം അടര്‍ത്തിമാറ്റിയാല്‍ മതിയാവും. അങ്ങനെ ചെയ്താല്‍ എളുപ്പത്തില്‍ വേര് വരും.

ഇങ്ങനെ മുളപ്പിച്ച വേര് പിടിച്ച വിത്തുകള്‍ നനഞ്ഞ മണ്ണില്‍ നടണം. അധികം ആഴത്തില്‍ നട്ടാല്‍ അവ മണ്ണിനു മുകളില്‍ വളരാതെ നശിക്കാനിടയാവും. ചെടിച്ചട്ടിയിലും ചാക്കിലും ഓരോ വിത്ത് വീതവും തറയിലെ മണ്ണില്‍ നിശ്ചിത അകലത്തിലും വിത്തുകള്‍ നടാം. വിത്തിട്ടതിനുശേഷം ആ വിത്തിന്റെ കനത്തില്‍ മാത്രം മണ്ണ് വിത്തിനു മുകളില്‍ ഇട്ടാല്‍ മതി. രാവിലെയും വൈകുന്നേരവും നനക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ തൈകള്‍ പറിച്ചുമാറ്റി നടുമ്പോള്‍ മൂന്ന് ദിവസം അവ വെയിലേല്‍ക്കാതെ ശ്രദ്ധിച്ച് ജലസേചനം നടത്തണം.

ടെറസ്സ്‌കൃഷിയില്‍ രാവിലെയും വൈകിട്ടുമുള്ള ജലസേചനം അനിവാര്യമാണ്. രണ്ട് ദിവസം നനക്കുന്നത് നിര്‍ത്തിയാല്‍ എല്ല ചെടികളും ഉണങ്ങി നശിക്കാനിടയാവും. ഒരു നേരം നനക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊട്ടടുത്ത് ലഭ്യമായ നേരത്ത് ധാരാളം വെള്ളം ഒഴിച്ച് ചെടി ഉണങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇങ്ങനെ കൃഷി ചെയ്യുന്നവര്‍ വീട് അടച്ചുപൂട്ടി രണ്ട് ദിവസം ടൂര്‍ പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെടി നടുന്നത് ടെറസ്സിലാവുമ്പോള്‍ അവയെ എല്ലാദിവസവും പരിചരിക്കണം. ചുരുങ്ങിയത് രണ്ട്‌ നേരമെങ്കിലും കര്‍ഷകന്‍ ടെറസ്സില്‍ കയറണം. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവയുടെ സമീപത്ത് വന്ന്, വെള്ളമൊഴിച്ച്, വളംചേര്‍ത്ത്, കീടങ്ങളെ നശിപ്പിച്ച്, പാകമായ പച്ചക്കറികള്‍ പറിച്ചെടുത്ത് അങ്ങനെ അവയോടൊപ്പം ഇത്തിരിനേരം ചെലവഴിക്കണം.

രാസവളങ്ങളും വിറക് കത്തിച്ച ചാരവും പച്ചക്കറികൃഷിക്ക് വളരെ കുറച്ച് മാത്രമേ ഉപയോഗിക്കാവൂ. ടെറസ്സിലാവുമ്പോഴും അവയുടെ ഉപയോഗം വളരെ കുറക്കുക. ചെടികള്‍ നടാനായി മണ്ണ് തയ്യാറാക്കുമ്പോള്‍തന്നെ ധാരാളം കാലിവളവും കമ്പോസ്റ്റും ഉപയോഗിക്കണം. അതോടൊപ്പം നിലക്കടലപിണ്ണാക്ക്, മണ്ണിരക്കമ്പോസ്റ്റ്, കോഴിക്കാഷ്ടം, വേപ്പിന്‍പിണ്ണാക്ക്, മത്സ്യാവശിഷ്ടങ്ങള്‍ എന്നിവയൊക്കെ ഇടയ്ക്കിടെ ചേര്‍ത്താല്‍ സസ്യങ്ങള്‍ നന്നായി വളരും. ഒടുവില്‍ പറഞ്ഞവ ചെടിയുടെ ചുവട്ടില്‍നിന്നും അഞ്ച് സെന്റീമീറ്റര്‍ അകലെയായി മാത്രം ചേര്‍ക്കുകയും പൂര്‍ണ്ണമായി മണ്ണിനടിയില്‍ ആയിരിക്കുകയും വേണം. വേപ്പിന്‍പിണ്ണാക്ക് ചെടി നടുമ്പോള്‍ മണ്ണിനടിയില്‍ വളരെകുറച്ച് മാത്രം ചേര്‍ത്താല്‍ മതി. രണ്ട് ആഴ്ചയില്‍ ഒരു തവണയെങ്കിലും വളം ചേര്‍ക്കണം. ഇങ്ങനെ വളപ്രയോഗം നടത്തുമ്പോള്‍ പുതിയ മണ്ണ് ചെടിയുടെ ചുവട്ടില്‍ ഇടുന്നതാണ് നല്ലത്.

കീടങ്ങളുടെ നിയന്ത്രണത്തിനു ‘കുഞ്ഞന്‍ കടന്നലുകള്‍’

കീട നിന്ത്രണത്തിനുപയോഗിക്കാവുന്ന കുഞ്ഞന്‍ കടന്നലുകളെ കണ്ടെത്തി

കീടങ്ങളുടെ നിയന്ത്രണത്തിനുപകരിക്കുന്ന ‘കുഞ്ഞന്‍ കടന്നലുകളെ’ വയനാട്ടില്‍ കണ്ടെത്തി. നാലു മില്ലിമീറ്റര്‍ മാത്രം വലിപ്പമുള്ള നീണ്ട സ്പര്‍ശിനികളുള്ള ഈ കുഞ്ഞന്മാരെ പടിഞ്ഞാറത്തറ ബാണാസുരമല അടിവശത്തെ വെള്ളച്ചാട്ടത്തിനരികില്‍ നിന്നാണ്കിട്ടിയത്. സസ്യങ്ങള്‍ക്ക് ഉപദ്രവമാകുന്ന കീടങ്ങളുടെ ലാര്‍വയിലും മുട്ടയിലുമാണ് ഇവ മുട്ടയിടുക. മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ ഈ ലാര്‍വകളെയും മുട്ടകളെയും ആഹാരമാക്കും. അതിനാല്‍ ‘പരാദ കടന്നല്‍’ വിഭാഗത്തില്‍പ്പെട്ട ഇവ കീടങ്ങളുടെ നിയന്ത്രണത്തിന് ഉപകാരിയാവുന്നു.

പശ്ചിമഘട്ടത്തിലെ ജീവിവര്‍ഗങ്ങളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കോഴിക്കോട് ആസ്ഥാനമായുള്ള പശ്ചിമഘട്ട മേഖലാ കേന്ദ്രത്തിലെ ഡോ. പി.എം. സുരേഷാണ് സിര്‍ടോപ്റ്റിക്‌സ് വയനാടന്‍ സിസ്’ എന്നുപേരിട്ട കുഞ്ഞന്മാരെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തിയത്.

ഇത് വംശനാശഭീഷണിനേരിടുന്ന ജീവിവര്‍ഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ‘ജേര്‍ണല്‍ ഓഫ് ത്രെട്ടന്‍സ്‌ടെക്‌സാ’ യില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.’സിര്‍ടോപ്റ്റിക്‌സ് ദെലൂച്ചി’ എന്ന ജനുസ്സില്‍പ്പെട്ട ജീവിയാണിത്. ഈ ജനുസ്സില്‍ ഒമ്പതു സ്പിഷീസ് മാത്രമാണ് ലോകത്താകെ റിപ്പോര്‍ട്ട് ചെയ്തത്. അതിലൊന്ന് ഇന്ത്യയില്‍നിന്നാണ്.

1979-ല്‍ തമിഴ്‌നാട്ടില്‍ നിന്നാണ് സിര്‍ടോപ്റ്റിക്‌സ് ജനുസ്സിലെ മറ്റൊരിനും കടന്നലിനെ കണ്ടെത്തിയത്. കേരളത്തില്‍ ഇത്തരത്തിലുള്ള ജീവിവര്‍ഗത്തെ കണ്ടെത്തുന്നത് ആദ്യമായാണ്. എന്നാല്‍ പരാദ കടന്നലുകള്‍കീടനിയന്ത്രണത്തിനുപകരിക്കുന്നതിനെക്കുറിച്ച് ഇന്ത്യയില്‍ വേണ്ടത്ര പഠനങ്ങള്‍ നടന്നിട്ടില്ല. ഇവയെ വന്‍തോതില്‍ വികസിപ്പിച്ച് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞാല്‍ കാര്‍ഷിക മേഖലയ്ക്ക് മുതല്‍കൂട്ടാവും. മറ്റു കടന്നല്‍ വര്‍ഗങ്ങളെപ്പോലെ കൂട്ടമായല്ല ഇവ ജീവിക്കുന്നത്. ആണിനും പെണ്ണിനും നിറത്തില്‍ വ്യത്യാസമുണ്ട്.

പച്ചക്കറി തോട്ടം

വീടിനു ചുറ്റും അല്‍പമെങ്കിലും സ്ഥലമുള്ളവര്‍ക്ക് ഒന്ന് മനസ്സുവെച്ചാല്‍ നല്ല പച്ചക്കറിത്തോട്ടം നിര്‍മിക്കാം. കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്നിടമാണ് കൃഷിക്കഭികാമ്യം. ദീര്‍ഘകാലം വിളവ് തരുന്ന കറിവേപ്പ്, മുരിങ്ങ, നാരകം പോലുള്ള വിളകള്‍ക്ക് വീട്ടു വളപ്പില്‍ പ്രത്യേകം സ്ഥലം കണ്ടെത്തണം. തണലില്‍ വളരാന്‍ കഴിയുന്ന ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, കാച്ചില്‍, മധുരക്കിഴങ്ങ് എന്നിവ ഇടവിളകളായി കൃഷി ചെയ്യാം. ഇവക്കിടയില്‍ വീട്ടാവശ്യത്തിനുള്ള മുളക്, കാന്താരി എന്നിവയും നടാം. ഒരേ സ്ഥലത്ത് വ്യത്യസ്ത വിളകള്‍ കൃഷി ചെയ്യുന്നതുമൂലം കീടരോഗാക്രമണം തടുക്കാനും മണ്ണിലെ വ്യത്യസ്ത തലങ്ങളിലെ ജൈവാംശം ഉപയോഗപ്പെടുത്താനും കഴിയും.

ചീര, വെള്ളരി, പാവല്‍, പയര്‍, വെണ്ട, മത്തന്‍, പടവലം എന്നിവക്കെല്ലാം നല്ല വെയില്‍ വേണം. അധികം വെയില്‍ വേണ്ടാത്ത വിളകളാണ് മുളകും തക്കാളിയും.

മട്ടുപ്പാവിലെ പച്ചക്കറിത്തോട്ടം

ടെറസ്സില്‍ പച്ചക്കറി കൃഷി ചെയ്തുണ്ടാക്കുകയാണെങ്കില്‍ ജൈവ പച്ചക്കറി കൃഷിഭൂമിയില്ലാത്തവര്‍ക്കും ഭക്ഷിക്കാം. ടെറസ്സിലെ കൃഷിക്ക് പോളിത്തീന്‍/സിമന്റ് സഞ്ചികളാണ് ഉപയോഗിക്കുന്നത്. ഉപയോഗശൂന്യമായ ടയറിലും കൃഷി ചെയ്യാവുന്നതാണ്. കൈവരിയോട് ചേര്‍ന്ന് അടിയില്‍ ചുമര് വരുന്ന ഭാഗത്തിന് മുകളിലായി ചട്ടികള്‍ വെക്കാം. ഇഷ്ടിക അടുക്കി അതിനു മുകളില്‍ ചട്ടികള്‍ വെക്കുന്നതാണ് ഉചിതം. വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

മേല്‍മണ്ണ്, ചാണകപ്പൊടി, മണല്‍ എന്നിവ 2:1:1 അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്ത് മിശ്രിതം തയ്യാറാക്കാം. പ്ളാസ്റിക് ചാക്കുകളാണെങ്കില്‍ ഇരു വശത്തും അഞ്ചോ ആറോ സുഷിരങ്ങളിടണം. ചട്ടിയിലാണെങ്കില്‍ സുഷിരം അടക്കണം. ഏറ്റവും അടിയില്‍ രണ്ടിഞ്ച്് കനത്തില്‍ മണല്‍ നിരത്തുക. അതിനു മുകളില്‍ ചട്ടിയുടെ/കവറിന്റെ വാ വട്ടത്തിന്റെ ഒരിഞ്ച് താഴെ വരെ പോട്ടിംഗ് മിശ്രിതം നിറക്കുക. നിറക്കുമ്പോള്‍ സഞ്ചിയുടെ രണ്ട് മൂലകളും ഉള്ളിലേക്ക് തള്ളിവെച്ചാല്‍ ചുവട് വൃത്താകൃതിയിലായി മറിഞ്ഞുവീഴാതിരിക്കും. മണ്ണ് മിശ്രിതം നിറച്ച ശേഷം ഏറ്റവും മുകളിലായി എല്ലുപൊടി, കപ്പലണ്ടി പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക,് മണ്ണിര കമ്പോസ്റ് എന്നിവ 50 ഗ്രാം വീതം കൂട്ടിയോജിപ്പിച്ച ശേഷം വിത്തുകളോ തൈകളോ നടാം.

പാവല്‍, പടവലം, വെണ്ട എന്നിവയുടെ വിത്തുകള്‍ ആറ് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് നട്ടാല്‍ അങ്കുരണ ശേഷി ഉറപ്പിക്കാം. അധികം താഴ്ചയിലല്ലാതെ വിത്തിടണം. പ്രത്യേകിച്ചും ചെറിയ വിത്തുകള്‍. തയ്യാറാക്കിവെച്ച ചട്ടികളിലും സഞ്ചികളിലും വിത്തുകള്‍ പാകിയോ (വെണ്ട, പയര്‍, പാവല്‍, പടവലം, മത്തന്‍, കുമ്പളം) 30-45 ദിവസം കഴിയുമ്പോള്‍ നാലില പ്രായത്തില്‍ പറിച്ചു നടുകയോ (തക്കാളി, ചീര, മുളക്, വഴുതന) ചെയ്യാം. വിത്തിട്ട ശേഷം മണ്ണ് ചെറുതായി നനക്കണം. ചീര, വഴുതിന എന്നിവയുടെ വിത്തുകള്‍ ഉറുമ്പു കൊണ്ടുപോകാതിരിക്കാനായി വിത്തിട്ട ശേഷം ചുറ്റും മഞ്ഞള്‍പ്പൊടി-ഉപ്പ് മിശ്രിതം തൂവിക്കൊടുക്കുകയോ വിത്ത് അരിമണി, മണല്‍ എന്നിവയുമായി കൂട്ടിക്കലര്‍ത്തി പാറ്റുകയോ ആവാം. പറിച്ചു നടുന്നതിന് അനുയോജ്യമായ സമയം വൈകുന്നേരമാണ്. വേനലില്‍ തൈകള്‍ക്ക് രണ്ട് മൂന്ന് ദിവസം തണല്‍ കൊടുക്കണം. ഓരോ ചാക്കിലും രണ്ടു മൂന്നു വിത്തുകളോ തൈകളോ നടാം.

ടെറസ്സിലെ കൃഷിക്ക് രാസവസ്തുക്കള്‍ ഉപയോഗിക്കേണ്ടതില്ല. രാസവസ്തുക്കള്‍ ടെറസ്സിനെ കേടുവരുത്തും. ആഴ്ചയിലൊരിക്കല്‍ ദ്രവരൂപത്തിലുള്ള പുളിപ്പിച്ച ജൈവവളങ്ങള്‍ (കാലിവളം, എല്ലുപൊടി, കമ്പോസ്റ്, പച്ചിലവളം, കോഴിവളം, കടലപ്പിണ്ണാക്ക്) ഇട്ടുകൊണ്ടിരുന്നാല്‍ ചെടികള്‍ കരുത്തോടെ വളരും. വേനല്‍ക്കാലത്ത് രണ്ടുനേരവും ബാക്കികാലങ്ങളില്‍ മഴയില്ലാത്തപ്പോള്‍ ഒരുനേരവും ചിട്ടയായി ആവശ്യത്തിനു മാത്രം നനച്ചാല്‍ മണ്ണിലുള്ള വായുസഞ്ചാരം കൂടും. ചാക്കില്‍/ചട്ടിയില്‍ നിന്നും വെള്ളം ഒലിച്ചിറങ്ങുംവിധം നനക്കരുത്. ഒരേ വിള തന്നെയോ ഒരേ വര്‍ഗത്തില്‍ പെട്ട വിളകളോ ഒരേ ചാക്കില്‍/ചട്ടിയില്‍ തുടര്‍ച്ചയായി കൃഷി ചെയ്യരുത്. ഓരോ പ്രാവശ്യവും ചെടി നടുമ്പോള്‍ മണ്ണിളക്കണം. ഇപ്രകാരം ഒരേ ചട്ടിയില്‍ മൂന്നോ നാലോ തവണ കൃഷിചെയ്യാം. ഓരോ വിളയും അതിനനുയോജ്യമായ സമയത്ത് നടുകയാണെങ്കില്‍ മികച്ച വിളവ് ലഭിക്കും.
കൃഷിക്കനുയോജ്യമായ ഇനങ്ങള്‍

ചീര

അരുണ്‍, കണ്ണാറ ലോക്കല്‍ (ചുവപ്പ്)

മോഹിനി, ഇഛ1, ഇഛ2, ഇഛ3 (പച്ച)

വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാമെങ്കിലും ശക്തമായ മഴക്കാലം ഒഴിവാക്കുന്നതാണ് നല്ലത്. വേനല്‍ക്കാലത്ത് കീടരോഗബാധ കൂടുതലാണെങ്കിലും കൃഷി ചെയ്യാം. ഏറ്റവും നല്ല നടീല്‍ സമയം ജനുവരി മാസമാണ്.

വെണ്ട

സല്‍കീര്‍ത്തി, അര്‍ക്ക, അനാമിക (പച്ച, നീളമുള്ളത്)

അരുണ (ചുവപ്പ്, നീളമുള്ളത്)

മഴക്കാല കൃഷിക്ക് നല്ല വിളവ് ലഭിക്കും. വേനല്‍ക്കാലത്ത് മഞ്ഞളിപ്പ് സാധ്യത കൂടുതലാണ്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ വിളവ് കുറവാണ്. വിത്തു വിതച്ച് 45-ാം ദിവസം ആദ്യ വിളവെടുപ്പ് നടത്താം. അര്‍ക്ക, അനാമികക്ക് ശാഖകളില്ലാത്തതിനാല്‍ അടുത്തടുത്ത് നടാം.

മുളക്

അനുഗ്രഹ (പച്ചനിറം, എരിവ് കുറവ്)

ഉജ്ജ്വല (ചുവപ്പ് നിറം, എരിവു കൂടുതല്‍)

മെയ് മാസമാണ് കൃഷിക്കനുയോജ്യം. തണല്‍സ്ഥലത്ത് നല്ല കരുത്തോടെ വളരുകയും വിളവ് തരുകയും ചെയ്യും.

വഴുതന (കത്തിരി)

ശ്വേത (വെളുത്തത്, ഇടത്തരം നീളം)

ഹരിത (ഇളം പച്ച, നീളമുള്ളത്)

നീലിമ, സൂര്യ (വയലറ്റ് നിറം, ഉരുണ്ടത്)

രണ്ടു വര്‍ഷം വരെ വിളവെടുക്കാം. മെയ്, ജൂണ്‍ മാസമാണ് ഏറ്റവും ഉചിതം. ഹരിത നടുമ്പോള്‍ ചെടികള്‍ തമ്മിലുള്ള അളവ് കൂടിയാല്‍ പൂവിടുന്നതിന്റെയും കായ് പിടിക്കുന്നതിന്റെയും അളവ് കൂട്ടാം.

പയര്‍

വള്ളിപ്പയര്‍ (ലോല, വൈജയന്തി, ശാരിക, മല്ലിക)

കുറ്റിപ്പയര്‍ (കനകമണി, ഭാഗ്യലക്ഷി)

കുഴിപ്പയര്‍/തടപ്പയര്‍ (അനശ്വര)

വര്‍ഷം മുഴുവന്‍ കൃഷിചെയ്യാന്‍ പറ്റുന്ന പച്ചക്കറിയാണിത്. വള്ളിപ്പയര്‍ നടാന്‍ ഉചിതം ആഗസ്റ്- സെപ്തംബര്‍. മഴക്കാലത്ത് ചെടി തഴച്ച് വളരുമെങ്കിലും വിളവ് കുറവാണ്.

അമരപ്പയര്‍

ഹിമ (ഇളം പച്ച, നീണ്ടു പരന്നത്)

ഗ്രേസ് (ചുവപ്പ് നിറം, നീണ്ടു പരന്നത്)

ജൂലൈ- ആഗസ്റ് മാസമാണ് കൃഷിക്കേറ്റവും അനുയോജ്യം.

കോവല്‍

സുലഭ (ഇളം പച്ച, വെളുത്ത വരകളോട് കൂടിയത്) വര്‍ഷം മുഴുവന്‍ കൃഷിചെയ്യാമെങ്കിലും ഏറ്റവും അനുയോജ്യം മെയ് മധ്യത്തോടെ.

പാവല്‍ (കൈപ്പ)

പ്രീതി (വെളുത്തതോ ഇളംപച്ചയോ നിറം)

പ്രിയ (പച്ച, നീണ്ടത്, മുള്ളുകളുള്ളത്)

പ്രിയങ്ക (വെളുത്തത്, വലിപ്പമുള്ളത്)

വേനല്‍ക്കാല കൃഷി ഒഴിവാക്കുന്നതാണ് നല്ലത്. ആദ്യത്തെ 3-4 വിളവെടുപ്പിന് പ്രീതിയുടെ വലിപ്പം കുറവാണെങ്കിലും പിന്നീട് നല്ല വലിപ്പം ഉണ്ടാകും. ജനുവരി, സെപ്തംബര്‍, ഡിസംബര്‍ മാസങ്ങളാണ് കൃഷിക്കനുയോജ്യം.

പടവലം

കൌമുദി (ശരാശരി ഒരു മീറ്റര്‍ വലിപ്പമുള്ള വെളുത്ത കായ്കള്‍)

ബേബി (വെളുത്തതും ഒരടി നീളവും)

മെയ് ജൂണ്‍ സെപ്തംബര്‍- ഡിസംബര്‍ മാസങ്ങള്‍ ഏറ്റവുമനുയോജ്യം.

കുമ്പളം

കെ.എ.യു ലോക്കല്‍ (എളവന് പച്ച നിറം, മൂക്കുമ്പോള്‍ ചാരനിറം. നീണ്ടുരുണ്ടത്)

ഇന്ദു (ഇടത്തരം വലിപ്പം, ഉരുളന്‍ കായ്കള്‍)

ജൂണ്‍, ആഗസ്റ്, സെപ്തംബര്‍ മാസങ്ങള്‍ ഏറ്റവുമനുയോജ്യം

മത്തന്‍

അമ്പിളി (ഇടത്തരം വലിപ്പം, പരന്നുരുണ്ടത്)

സുവര്‍ണ (ഇടത്തരം വലിപ്പം, പരന്നത്, ഉള്‍ക്കാമ്പിന് ഓറഞ്ചു നിറം)

ഏപ്രില്‍, ജൂണ്‍, ആഗസ്റ്, സെപ്തംബര്‍ മാസങ്ങള്‍ കൃഷിക്കനുയോജ്യം

ചുരക്ക

അര്‍ക്ക ബഹാര്‍ (ഇളംപച്ച, ഇടത്തരം നീളമുള്ള വളവില്ലാത്ത കായ്കള്‍, ശരാശരി ഒരു കിലോ തൂക്കം)

സെപ്തംബര്‍, ഒക്ടോബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കൃഷിചെയ്യാം.

വെള്ളരി

വര്‍ഷം മുഴുവന്‍ കൃഷിചെയ്യാം. ജൂണ്‍, ആഗസ്റ്, ഫെബ്രുവരി, മാര്‍ച്ച് നല്ല നടീല്‍ സമയം.

മുടിക്കോട് ലോക്കല്‍ (വലിപ്പമുള്ളത്, ഇളം പ്രായത്തില്‍ പച്ചനിറം, മുക്കുമ്പോള്‍ സ്വര്‍ണനിറം)

സൌഭാഗ്യ (വലിപ്പം കുറഞ്ഞത്, കടും പച്ച നിറത്തില്‍ ഇളം പച്ച വരകളുള്ളത്)

തക്കാളി

അനഘ (ഇടത്തരം വലിപ്പം)

ശക്തി (ഇടത്തരം വലിപ്പം, പരന്നുരുണ്ടത്)

മുക്തി (പച്ച നിറം)

സെപ്തംബര്‍ – ഒക്ടോബര്‍ മാസം നല്ലത് നഴ്സറിയില്‍ മുളപ്പിച്ച തൈകള്‍ 20-30 ദിവസം കഴിഞ്ഞ് പറിച്ചു നടാം.

കാബേജ്

ചട 183, ചട 160 (സങ്കരയിനങ്ങള്‍)

(ഒരു ചെടിയില്‍ നിന്നും 1.5-2 കി.ലോ തൂക്കമുള്ള ഹെഡ)്

ആദ്യം നഴ്സറി തയ്യാറാക്കി തൈകള്‍ ഉണ്ടാക്കാം. വിത്ത് ഭാരം കുറഞ്ഞ് കടുക് മണി പോലെയായതിനാല്‍ നഴ്സറിയെ ശക്തമായ മഴയില്‍ നിന്നും സംരക്ഷിക്കണം. 0.5- 1 സെ.മി ആഴത്തില്‍ വിത്തു പാകാം. നാലഞ്ചു ദിവസം കൊണ്ട് വിത്ത് മുളച്ച് പൊങ്ങും. 30 ദിവസം പ്രായമാകുമ്പോള്‍ (8-10 സെ.മി) ഉയരത്തിലുള്ള തൈകള്‍ പറിച്ചുനടാം. നട്ട് 55- 60 ദിസത്തിനുള്ളില്‍ ഹെഡുകള്‍ ഉണ്ടായിത്തുടങ്ങും. ഉണ്ടായി 8-10 ദിവസത്തിനുള്ളില്‍ വിളവെടുക്കാം. നവംബര്‍ ആദ്യവാരം പറിച്ച് നടേണ്ട തരത്തിലാണ് നഴ്സറിയില്‍ വിത്ത് പാകേണ്ടത് (സെപ്തംബര്‍ 30 നു മുമ്പായി)

സസ്യസത്തുക്കള്‍

ഉപയോഗിച്ചുള്ള കീടനിയന്ത്രണം.

പുകയില കഷായം

  • മേല്‍ക്കൂരയിലേക്കു വെള്ളമിറങ്ങുന്നതു തടയാന്‍ ടെറസ് മുഴുവന്‍ മൂടത്തക്ക നിലയില്‍ പോളിത്തീന്‍ ഷീറ്റ് വിരിക്കുക. ഷീറ്റ് കാറ്റത്ത് പറക്കാതിരിക്കാന്‍ മുകളില്‍ മണലോ ചരലോ ചെറിയ കനത്തില്‍ വിരിക്കുന്നതു നന്നായിരിക്കും.
  • കൃഷിഭവന്‍ മുഖേന ലഭിക്കുന്ന ആരോഗ്യമുള്ള പച്ചക്കറി വിത്തുകള്‍ നടുക. തൈകളുണ്ടാക്കി പറിച്ചുനടാന്‍ സാധിക്കുന്നില്ലെങ്കില്‍ വിത്ത് നേരിട്ട് മണ്ണു നിറച്ച ചട്ടികളില്‍ നടുകയുമാകാം.

വിപണിയില്‍ ലഭ്യമായ നടീല്‍ മിശ്രിതം ഉപയോഗിക്കാം. അല്ലെങ്കില്‍ താഴെ പറയുന്ന രീതിയില്‍ നടീല്‍ മിശ്രിതം വീട്ടില്‍ത്തന്നെ തയാറാക്കാം.

മണല്‍, മേല്‍മണ്ണ്, ജൈവവളം, ചകിരിച്ചോര്‍ സംസ്‌കരിച്ച് അമര്‍ത്തിയെടുത്തത് എന്നിവ തുല്യ അളവില്‍ എടുക്കുക. എല്ലാം കൂട്ടിക്കലര്‍ത്തി ആവശ്യനുസരണം ചട്ടികളില്‍ നിക്ഷേപിക്കാം. ഉപ്പിന്റെ സാന്നിധ്യമുണ്ടാകുമെന്നതിനാല്‍ സാധാരണ ചകിരിച്ചോര്‍ ഈ ഉപയോഗത്തിന് അനുയോജ്യമല്ല.

ചട്ടികള്‍ക്കു പകരം, ചെടി വളര്‍ത്താനുള്ള പ്രത്യേക പ്ലാസ്റ്റിക് കവറുകള്‍ ലഭ്യമാണ്. അള്‍ട്രാവയലറ്റ് രശ്മികളെ നിയന്ത്രിക്കുന്ന ഇത്തരം കവറുകള്‍ക്ക് ഭാരം കുറവും കൈകാര്യം ചെയ്യാന്‍ എളുപ്പവുമാണ്. മൂന്നോ നാലോ വര്‍ഷം കേടുകൂടാതെയിരിക്കുകയും ചെയ്യും.

ചട്ടിയിലോ പ്ലാസ്റ്റിക് ബാഗിലോ രണ്ടോ മൂന്നോ വിത്ത് ഇടാവുന്നതാണ്. രാവിലെയും വൈകിട്ടും നനയ്ക്കുകയാണെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിത്തു മുളയ്ക്കും. പോട്ടിങ് മിശ്രിതത്തിലുള്ള കൊക്കോപിറ്റിന് ജലത്തെ ശേഖരിച്ചുവയ്ക്കാന്‍ കഴിവുള്ളതിനാല്‍ കൂടുതല്‍ നനയ്ക്കുന്നത് ഒഴിവാക്കണം. തൈകള്‍ മുളച്ചാല്‍ അവയിലെ നല്ല തൈകള്‍ മാത്രം നിലനിര്‍ത്തുക. വേരുപിടിച്ച് ഏകദേശം 20 ദിവസം കഴിഞ്ഞാല്‍ 19:19:19:, 17:17:17 അല്ലെങ്കില്‍ മറ്റേതെങ്കിലും വളം ചെടികള്‍ക്കു നല്‍കാം.

ചെടിയുടെ നേരെ ചുവട്ടില്‍ വളപ്രയോഗം നടത്തിയാല്‍ ചെടി കരിഞ്ഞുപോകാനിടയുണ്ട്. അതുകൊണ്ട് കടയ്ക്കല്‍ നിന്ന് അല്‍പം മാറ്റിവേണം വളമിടാന്‍. വളമിട്ടാല്‍ ഉടന്‍തന്നെ വെളളമൊഴിക്കാനും ശ്രദ്ധിക്കണം. തുള്ളി നനയിലൂടെയും വളപ്രയോഗം നടത്താം. ദ്രാവക രൂപത്തിലുള്ള വളമോ വെള്ളത്തില്‍ ലയിപ്പിച്ചെടുക്കാവുന്ന വളമോ ഇതിനായി ഉപയോഗിക്കേണ്ടി വരുമെന്നുമാത്രം.

കീടങ്ങളെ തുരത്താന്‍ വിഷാംശമുള്ള കീടനാശിനികള്‍ ഒന്നും പ്രയോഗിക്കരുത്. വെളുത്തുള്ളിക്കഷായമോ വേപ്പെണ്ണ മിശ്രിതമോ പോലുള്ള ജൈവകീടനാശിനികള്‍ മാത്രം തളിക്കുക………..

തൊണ്ടിലും പച്ചക്കറി

ഇന്ന് നമ്മളനുഭവിക്കുന്ന എറ്റവും വലിയ പ്രതിസന്ധിയാണ് കാര്‍ഷിക മേഖലയുടെത്. വ്യാസായികവല്‍ക്കരണത്തിന്റെ അതിപ്രസരം മറ്റെല്ലാ മേഖലയെയും പോലെ തന്നെ കൃഷിയെയും തകിടം മറിച്ചുവെന്നു പറയാം.

ചെടിച്ചട്ടികളിലും ചാക്കുകളിലും ടയര്‍ ഉപയോഗിച്ചും പ്രത്യേക ടാങ്കുകള്‍ നിര്‍മ്മിച്ചും കൃഷി ചെയ്യുന്ന രീതിയില്‍ നിന്നും വ്യത്യസ്തമായ ഒരു മാര്‍ഗം അവലംബിച്ചു കൊണ്ട് മാതൃകയാവുകയാണ് തിരുവനന്തപുരത്തെ വക്കത്തുള്ള തങ്കമണി എന്ന വീട്ടമ്മ. ടെറസ്സില്‍ തൊണ്ടുനിരത്തി ചെയ്ത പച്ചക്കറി കൃഷി നൂറുമേനി വിളവെടുത്തതിന്റെ സന്തോഷത്തിലാണ് ഈ വീട്ടമ്മ.

നെല്‍ക്കൃഷി ഉള്‍പ്പെടെയുള്ള കൃഷികള്‍ ചെയ്തുപോന്ന കര്‍ഷക കുടുംബത്തിലെ അംഗമാണ് ഇവര്‍. കുട്ടിക്കാലത്ത് കണ്ടുവളര്‍ന്ന കൃഷിയോടുള്ള താത്പര്യമാണ് ഇന്ന് ടെറസ്സില്‍ തൊണ്ട് നിരത്തി തന്റെ പരീക്ഷണകൃഷി നടത്തുവാന്‍ പ്രേരണയായത്.

ആകെയുള്ള 28 സെന്റ് സ്ഥലത്ത് രാസവളം, ചാണകം എന്നിവ ഉപയോഗിച്ച് വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി സ്വന്തമായി കൃഷി ചെയ്തു കൊണ്ടായിരുന്നു തുടക്കം. എന്നാല്‍ അധിക വരുമാന സ്രോതസ്സുകളെക്കുറിച്ചുള്ള അന്വേഷണം ആടുവളര്‍ത്തലിലേക്കും കോഴി വളര്‍ത്തലിലേക്കും തിരിഞ്ഞതും ഉത്പാദനത്തിലെ കുറവും പറമ്പിലെ കൃഷി ഇല്ലാതാകാന്‍ കാരണമായി.

തന്റെ കുടുംബത്തിനാവശ്യമായ പച്ചക്കറി രാസവളങ്ങളുടെയും കീടനാശിനികളുടെയും അംശമില്ലാതെ ഉത്പാദിപ്പിക്കുന്നതിനും പച്ചക്കറി വാങ്ങുന്നതിനുള്ള അധികചെലവ് ഇല്ലാതാക്കുന്നതിനും സമയം പാഴാക്കി കളയാതെ ഉപയോഗപ്രദമാക്കണമെന്നുള്ള ആഗ്രഹത്തിലാണ് ടെറസിലെ പച്ചക്കറി കൃഷി എന്ന ചിന്ത ഉദിച്ചത്.

വീട്ടില്‍ തന്നെ കോഴിവളവും ആട്ടിന്‍കാഷ്ഠവും യഥേഷ്ടം ലഭ്യമാണെന്നതും  ജൈവകൃഷിയിലുള്ള ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു.

ആദ്യം എല്ലാവരെയും പോലെ ചട്ടിയിലെ കൃഷി ആരംഭിച്ചു. എന്നാല്‍ കെട്ടിടത്തിന് ബലക്ഷയമുണ്ടാകുമെന്ന സംശയം കാരണം, ചാക്ക് വിരിച്ച് അതില്‍ കൃഷി ചെയ്തു. അപ്പോഴും ടെറസ്സിന് ചോര്‍ച്ച, ഈര്‍പ്പം എന്നീ പ്രശ്‌നങ്ങള്‍. എന്നാല്‍ ഇതുകൊണ്ടൊന്നും പിന്‍മാറാന്‍ തങ്കമണി തയ്യാറായില്ല.

ടെറസ്സിന്റെ പ്രതലവുമായി നേരിട്ട് വരാതെ എങ്ങനെ കൃഷി ചെയ്യാം എന്ന ചിന്തയാണ് വീട്ടിലെ തന്നെ മറ്റൊരു പാഴ്‌വസ്തുവായ തൊണ്ടില്‍ കൊണ്ടെത്തിച്ചത്. ആറു വര്‍ഷത്തോളമായി ടെറസ്സില്‍ തൊണ്ട് നിരത്തി വിവിധയിനം പച്ചക്കറികള്‍, മരച്ചീനി,പൈനാപ്പിള്‍, നാരകം,ചേന,ചേമ്പ്,ഇഞ്ചി തുടങ്ങി ഒരു വീട്ടിലേയ്ക്ക് ആവശ്യമായ ഇരുപത്തിരണ്ടോളം വിളകള്‍ കൃഷി ചെയ്തുവരുന്നു.

ഉള്ളി, ഉരുളക്കിഴങ്ങ് മുതലായവ മാത്രമാണ് പുറമെ നിന്ന് വാങ്ങുന്നത്. വീട്ടാവശ്യം കഴിഞ്ഞുള്ളവ വില്‍ക്കുകയും ചെയ്യുന്നു.

ഇതിലേക്കായി ആദ്യം ടെറസ്സിന്റെ പ്രതലത്തില്‍ വാട്ടര്‍ പ്രൂഫ് സിമന്റ് പൂശിയ ശേഷം ഉണങ്ങിയ തൊണ്ട് ഓരോ കഷണങ്ങളായി അടര്‍ത്തി മാറ്റിയത് ചാക്കിന്റെ വലിപ്പം അനുസരിച്ച് മലര്‍ത്തി അടുക്കുന്നു. ഇതിനു മുകളിലേക്ക് രണ്ട് വശം കീറിയ പ്‌ളാസ്റ്റിക് ചാക്ക് വിരിക്കുന്നു.

ചാക്കിനു മുകളില്‍ ചകിരിച്ചോറ്, കരിയില, ചപ്പുചവറുകള്‍ എന്നിവ ഇടുന്നു. പിന്നീട് ഒരു പാളി മേല്‍മണ്ണ് (ഒരിഞ്ചു കനത്തില്‍) ഇട്ട് ഉണങ്ങി പൊടിഞ്ഞ ചാണകം, ആട്ടിന്‍ കാഷ്ഠം, കോഴിക്കാഷ്ഠം ഉണക്കിയത് തുടങ്ങിയവ വളമായി ഇടുന്നു.

ഇങ്ങനെ തയ്യാറാക്കിയ തടത്തിലേക്ക് ആവശ്യമുള്ള പച്ചക്കറി വിത്ത്/നടീല്‍ വസ്തുക്കള്‍ പാകുന്നു. ആവശ്യാനുസരണം വെയിലും വളവും ലഭിക്കുന്നതിനാല്‍ വളരെ പെട്ടെന്ന് വളരുകയും (തറയില്‍ വളരുന്നതിന് രണ്ടാഴ്ച വ്യത്യാസത്തില്‍) കായ്ഫലം ലഭിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. ആട്ടിന്‍ മൂത്രം സുലഭമായിട്ടുള്ളതിനാല്‍ നേര്‍പ്പിച്ചു തളിച്ചു കൊടുക്കുന്നതുകൊണ്ട് ചെടികള്‍ വളരെ കരുത്തോടും  പെട്ടെന്നുംവളരുന്നു.

പൊടിഞ്ഞ തൊണ്ടുകള്‍ക്ക് പകരം പുതിയ തൊണ്ടുകള്‍ വച്ചു കൊടുക്കാറുണ്ട്. മഴക്കാലത്ത് വെള്ളം കെട്ടിനില്‍ക്കാതെ ഒഴുകിപ്പോകാന്‍ സൗകര്യം ഉണ്ടെങ്കില്‍ തൊണ്ട് പെട്ടെന്ന് നാശമാകില്ല എന്നത് തങ്കമണിയുടെ അനുഭവസാക്ഷ്യം. പൊടിയുന്ന തൊണ്ടുകള്‍ ആ തടത്തില്‍ തന്നെ വളമായി ചേര്‍ക്കുന്നു. തടങ്ങള്‍ക്കിടയില്‍ ആവശ്യത്തിന് വഴിയിട്ട് വേണം സജ്ജമാക്കേണ്ടത്.

തങ്കമണിയെ ഒരു മാതൃകയാക്കി പുതുമ നിറഞ്ഞ പരീക്ഷണങ്ങളിലൂടെ  വീട്ടാവശ്യത്തിനുള്ള പച്ചക്കറി നമ്മുടെ വീട്ടില്‍ തന്നെ ഉത്പാദിപ്പിക്കുവാനും ആരോഗ്യവും  വരുമാനവും വര്‍ദ്ധിപ്പിക്കാനും കഴിയുമെന്നതില്‍ സംശയമില്ല.

തങ്കമണിയുടെ ഫോണ്‍ നമ്പര്‍ 0470-2654261

കേരളകര്‍ഷകന്‍/ടി.ഷൈനി.(വക്കം കൃഷി ഓഫീസറാണ് ലേഖിക)

krishibhavanblog1.wordpress.com© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate