Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കൃഷിയന്ത്രങ്ങള്‍

വിവിധ തരത്തിലുള്ള കൃഷി യന്ത്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ

നെല്കൃഷി നിലനിര്ത്തുന്നതിലും കൃഷിയിലെ ശ്രമകരമായ വിവിധ പ്രവൃത്തികള്‍ ലഘൂകരിക്കുന്നതിലും സഹായകരമാം വിധം കൃഷിയന്ത്രങ്ങളുടെ പ്രചാരം കുറെയേറെ പുരോഗമിച്ചിട്ടുണ്ട്. ഉയര്‍ന്ന മനുഷ്യവികാസ സൂചികയുള്ള നമ്മുടെ സംസ്ഥാനത്ത് ഉയര്‍ന്ന കൂലിയും സ്വാഭാവികം മാത്രമാണ്. ഉയര്‍ന്ന കൂലി കൊടുത്താലും കൃഷിപ്പണിക്ക് ആളെ കിട്ടാത്തതിനു പിന്നില്‍ മറ്റു സാമൂഹ്യ പ്രശ്‌നങ്ങളുമുണ്ട്. മറ്റു ജോലികള്‍ക്കുള്ള അന്തസ്സ് കൃഷിപ്പണിക്കും കിട്ടണമെങ്കില്‍ യന്ത്രസഹായത്തോടെ കൃഷി ആകര്‍ഷകമാക്കേണ്ടതുണ്ട്. ഈ തിരിച്ചറിവില്‍  നാം കാര്‍ഷിക യന്ത്രവത്കരണത്തിനു വലിയ പ്രാധാന്യം കൊടുത്തുതുടങ്ങിയിട്ടുണ്ട്.

കൃഷിയന്ത്രങ്ങള്‍ ഭൗതിക സാഹചര്യങ്ങള്‍ക്കുമാത്രം ഇണങ്ങിയതായാല്‍ പോരാ, മണ്ണും വിളയും  ഉള്‍ക്കൊള്ളുന്ന ജൈവ-ഭൗതിക പ്രത്യേകതകള്‍ക്കും അനുരൂപമാവണം. അവ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്ക് അത്യാവശ്യം സാങ്കേതിക പരിജ്ഞാനം വേണം. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കൃഷിയന്ത്ര വിഭാഗം വിവിധ ഗവേഷണ പരിപാടികളിലൂടെ അനുയോജ്യമായ കൃഷിയന്ത്രങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.  പൊടിവിത, ചേറ്റുവിത, പറിച്ചുനടീല്‍ എന്നിങ്ങനെയുള്ള കേരളത്തിലെ മൂന്നു പ്രമുഖ നെല്‍കൃഷി രീതികളെയും മുന്‍നിര്‍ത്തി യന്ത്രങ്ങള്‍ രൂപപ്പെടുത്തിയിട്ടുമുണ്ട്.

നെല്‍പ്പാടങ്ങളില്‍ നിലമൊരുക്കല്‍ മുതല്‍ വിളവെടുപ്പുവരെ ഉപയോഗിക്കുന്ന നിരവധി യന്ത്രങ്ങള്‍ ഇന്നുണ്ട്. ഇവയെ പരിചയപ്പെടാം.

നിലമൊരുക്ക് യന്ത്രങ്ങള്

നെല്‍കൃഷിയില്‍ നിലമൊരുക്കല്‍ അതിപ്രധാനമാണ.്  ഒന്നാംവിളക്കാലത്തെ പൊടിപ്പൂട്ടിന് സാധാരണ ഉപയോഗിക്കുന്നത് ട്രാക്ടറില്‍ ഘടിപ്പിക്കുന്ന ‘കള്‍ട്ടിവേറ്റര്‍’ എന്ന യന്ത്രക്കലപ്പയാണ്. പൊടിവിതയില്‍ മണ്ണു നല്ല പൊടിയായാലേ വിത്തുകള്‍ ഒരുപോലെ നന്നായി മുളച്ചു പൊന്തുകയുള്ളൂ.  ‘കള്‍ട്ടിവേറ്റര്‍’ എന്ന ഉപകരണം അനേകം ചാല്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രമേ വേണ്ടത്ര ഉഴവു ലഭിക്കാറുള്ളൂ. എന്നാല്‍ ട്രാക്ടറില്‍ ഘടിപ്പിക്കുന്ന ‘റോട്ടവേറ്റര്‍’ എന്ന കറങ്ങുന്ന ‘കൊഴു’ കളുള്ള ഉപകരണം ഉപയോഗിച്ചാല്‍ രണ്ടുചാല്‍ ഉഴവുമതി മണ്ണു നന്നായി പരുവപ്പെടാന്‍. പവര്‍ടില്ലറിന്റെ കറങ്ങുന്ന കൊഴുക്കളോടു സമാനമായി പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം താരതമ്യേന ഊര്‍ജ്ജക്ഷമവുമാണ്. എന്‍ജിന്റെ ശക്തി പി.ടി.ഒ. ഷാഫ്റ്റ് വഴി നേരിട്ട് റോട്ടവേറ്ററിലേക്കെത്തുന്നതിനാലാണിത്.

മഴയെത്തിക്കഴിഞ്ഞുള്ള കൃഷിയില്‍, ചേറ്റുവിതയായാലും പറിച്ചുനടീലായാലും ചെളിയിലാണ് ഉഴവ് നടത്തേണ്ടത്. ട്രാക്ടറില്‍ ‘കേജ്വീല്‍’ എന്നറിയപ്പെടുന്ന ഇരുമ്പുചക്രങ്ങള്‍ ഘടിപ്പിച്ച് വയലില്‍ ചെളികലക്കുന്ന രീതിയാണ് ഇന്നു പ്രചാരത്തിലുള്ളത്. മണിക്കൂറിനു 450 മുതല്‍ 500 രൂപ വരെയാണു വാടക. എന്നാല്‍ ഇങ്ങനെ ചെളികലക്കുമ്പോള്‍ വേണ്ടിവരുന്നതിനേക്കാള്‍ കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ മികച്ച രീതിയില്‍ ചെളികലക്കല്‍ നടത്താവുന്ന ഒരുപകരണം സര്‍വകലാശാല വികസിപ്പിച്ചിട്ടുണ്ട്.

‘കെ.എ.യു പഡ്‌ലര്‍’ എന്ന പേരില്‍ സര്‍പ്പിള ബ്ലേഡുകളോടുകൂടിയ ഈ ഉപകരണം ട്രാക്ടറിനു പിന്നില്‍ ഘടിപ്പിച്ചുപയോഗിച്ചാല്‍ 40-45 ശതമാനം സമയലാഭവും 35-40 ശതമാനം ഇന്ധനലാഭവും ലഭിക്കും. പൊതുമേഖലാ സ്ഥാപനമായ ഷൊര്‍ണ്ണൂരിലെ ‘മെറ്റല്‍ ഇന്‍ഡസ്ട്രീസ്’ ഇതു വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചു വിതരണം ചെയ്യുന്നുണ്ട്. 30,000 രൂപയാണ് വില.

വിത്തുവിത യന്ത്രങ്ങള്

വിത്തുവിത യന്ത്രം പൊടിവിതക്കും ചേറ്റുവിതക്കും ഉള്ളതുണ്ട്. പൊടിവിതയ്ക്ക് വരിയായി വിത്തിടാനുള്ള യന്ത്രം ട്രാക്ടര്‍ കള്‍ട്ടിവേറ്ററില്‍ ഘടിപ്പിച്ചിരിക്കുന്ന തരത്തിലുള്ളതാണ്. കള്‍ട്ടിവേറ്ററിന്റെ കൊഴുകള്‍ക്കു പിന്നില്‍ വിത്തുനിക്ഷേപിക്കുന്ന തരത്തിലാണ് ഇവയുടെ പ്രവര്‍ത്തനം. ഒരു വിത്തുപെട്ടിയില്‍ ശേഖരിക്കുന്ന വിത്ത് കുറേശ്ശേ ഒരു കുഴലില്‍ക്കൂടി വരിയായി വയലില്‍ നിക്ഷേപിക്കുന്നു.ശരിയായ ആഴം പാലിച്ചില്ലെങ്കില്‍ നെല്‍വിത്തുകള്‍ മുളപൊട്ടുകയില്ല എന്നതാണ് ഈ യന്ത്രത്തിന്റെ പോരായ്മ. ശ്രദ്ധാപൂര്‍വ്വം ഉപയോഗിച്ചാല്‍ വരിയായി വിത്തിടാനും കളനിയന്ത്രണോപകരണങ്ങള്‍ തുടര്‍ന്ന് ഉപയോഗിക്കാനും കഴിയും. ഈ യന്ത്രത്തിന് കള്‍ട്ടിവേറ്റര്‍ ഉള്‍പ്പെടെ 50,000 രൂപയോളം വിലയുണ്ട്.

ചേറ്റുവിതക്കുപയോഗിക്കുന്ന ‘ഡ്രം സീഡര്‍’ എന്ന ഉപകരണം അതിലളിതമാണ്. ഒരു ഷാഫ്റ്റില്‍ ഘടിപ്പിച്ചുറപ്പിച്ച നാലു കറങ്ങുന്ന വിത്തുപാട്ടകളാണ് ഇതിന്റെ പ്രധാന ഭാഗം. വശങ്ങളില്‍ ചക്രങ്ങള്‍ ഉള്ള ഈ ഉപകരണം ഒരാള്‍ക്ക് ചെളിയിലൂടെ അനായാസം വലിച്ചുകൊണ്ടു പോകാം. അകലത്തില്‍ വരികളായി വിത്തുവിതക്കുന്ന രീതിയിലാണ് ഇതിന്റെ ക്രമീകരണം. ഏകദേശം 5000 രൂപക്ക് ‘ഐശ്വര്യ’ എന്ന പേരില്‍ ‘റെയ്ഡ്‌കോ’ ഈ ഉപകരണം വിതരണം ചെയ്യുന്നുണ്ട്. വെള്ളം നന്നായി നിയന്ത്രിക്കാന്‍ കഴിയുന്ന വയലുകളില്‍ ഉപയോഗിക്കാന്‍ പറ്റിയ ഉപകരണമാണിത്. ശരിയായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ പറിച്ചുനട്ട നെല്ലിനൊപ്പം തന്നെ വിളവും കിട്ടും.

ഞാറു നടീല്യന്ത്രങ്ങള്

അടുത്ത കാലത്ത് ഏറ്റവും പ്രചാരം നേടിയ കൃഷിയന്ത്രമാണിത്. എട്ടു നിരയില്‍ ഒരേ സമയം  നട്ടുപോകുന്ന ഞാറുനടീല്‍ യന്ത്രങ്ങളാണ് കേരളത്തില്‍ കൂടുതലും ഉപയോഗിക്കുന്നത്. ഈ യന്ത്രം കേരളത്തിലെ നെല്‍കൃഷിക്ക് അനുയോജ്യമാണെന്നു ആദ്യം കണ്ടെത്തിയത് 1995-97 ല്‍ പട്ടാമ്പിയിലെ പ്രാദേശിക ഗവേഷണ കേന്ദ്രമാണ്. 23.8 സെ.മീ ആണ് ഈ യന്ത്രമുപയോഗിച്ചു നടുമ്പോള്‍ വരിയകലം. നുരികള്‍ തമ്മില്‍ 14 സെ.മീ, 17 സെ.മീ എന്നീ അകലങ്ങള്‍ ലഭിക്കും. ശരാശരി അരയേക്കറില്‍ ഒരു മണിക്കൂര്‍ കൊണ്ട് ഞാറു നടാം. 3.5 കുതിര ശക്തിയുടെ ഡീസലെഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രത്തിന് ഒരു മണിക്കൂര്‍ സമയത്തേക്ക് 3/4 ലിറ്ററോളം ഡീസല്‍ വേണം. യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ഒരാളും യന്ത്രത്തിന്റെ ട്രേയിലേക്ക് പായ് ഞാറ്റടി എടുത്തുവയ്ക്കാന്‍ ഒരാളും ആവശ്യമാണ്. മൂന്ന് പേരുടെ ഒരു സംഘം ഉണ്ടെങ്കില്‍ ഞാറു നടീല്‍ സുഗമമാക്കാം.

ഞാറുനടീല്‍ യന്ത്രത്തില്‍ ഉപയോഗിക്കാന്‍ പായ്ഞാറ്റടി തയ്യാറാക്കണം. ഏകദേശം ഒരു മീറ്റര്‍ വീതിയുള്ള പോളിത്തീന്‍ ഷീറ്റ് നിരപ്പുള്ള സ്ഥലത്ത് വിരിച്ച് അതിനുമേലെ 1.5 സെ.മീറ്റര്‍ കനത്തില്‍ മണ്ണു നിരത്തി അതിനുമീതെ വിത്തിടുക. ഒരു ച.മീറ്റര്‍ സ്ഥലത്ത് 600 ഗ്രാം വിത്തെങ്കിലും വിതറണം.
ഞാറുനടുമ്പോള്‍ ഉഴുതിട്ട വയലിലെ ചെളി ഒരളവുവരെ ഉറഞ്ഞിരിക്കണം. വയലില്‍ മണ്ണിന്റെ ഘടനയനുസരിച്ച് 2-4 ദിവസം മുമ്പേ ഉഴുത് നിരപ്പാക്കണം. ഉഴുതയുടന്‍ യന്ത്രമുപയോഗിച്ചു നടാന്‍ കഴിയില്ല. വയലില്‍ വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥയില്‍ ഈ യന്ത്രം ഉപയോഗിച്ചാല്‍ ഓളം വെട്ടുന്നതുമൂലം അരികിലുള്ള നുരികള്‍ ചെളികൊണ്ടു മൂടിപ്പോകാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ ചെളിയും വെള്ളവും കൂടി ഓളമുണ്ടാകാത്ത അവസ്ഥയില്‍ വേണം നടീല്‍ നടത്താന്‍. ഏകദേശം 1,60,000 രൂപയാണ് ഇതിന്റെ വില.

ഹൈഡ്രോളിക് സംവിധാനമുള്ള യന്ത്രങ്ങള്‍ക്ക് വരമ്പുകള്‍ കയറാന്‍ കൂടുതല്‍ എളുപ്പമാണ്. ഹൈഡ്രോളിക് സംവിധാനമുള്ള 8 വരി ഞാറുനടീല്‍ യന്ത്രം ഇന്ന് വിപണിയിലുണ്ട്. ഈ യന്ത്രത്തിനും 23.8 സെ.മീറ്റര്‍ തന്നെയാണ് വരികള്‍ തമ്മിലുള്ള അകലം. ഇതിന് വില ഏകദേശം 1.5  ലക്ഷം രൂപയാണ്. ഇതേ കമ്പനിയുടെ തന്നെ സെല്‍ഫ് സ്റ്റാര്‍ട്ടോടുകൂടിയ 6 എച്ച്.പി. എന്‍ജിനുള്ള ഞാറുനടീല്‍ യന്ത്രവും ലഭ്യമാണ്. ഇതിന് അല്പം കൂടി വില കൂടും.

പിന്നില്‍ നടന്നുകൊണ്ടു പ്രവര്‍ത്തിപ്പിക്കുന്ന തരം നിരവധി ഞാറുനടീല്‍ യന്ത്രങ്ങള്‍ ഇന്നുണ്ട്. 30 സെ.മീ വരിയകലത്തില്‍ 4 വരിയില്‍ ഞാറുനടുന്നവയാണിവയേറെയും. കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ വിതരണം ചെയ്യുന്ന ‘കുബോട്ട’ ജപ്പാന്‍ നിര്‍മ്മിതമാണ്. നിരവധി ചൈനീസ് നിര്‍മ്മിത യന്ത്രങ്ങള്‍ പലപേരുകളില്‍ വിപണിയില്‍ കാണുന്നുണ്ട്.

നാലുചക്രവും കൂടുതല്‍ സൗകര്യങ്ങളുമുള്ള ഞാറുനടീല്‍ യന്ത്രങ്ങളാണ് ‘കുബോട്ടാ’, ‘കുക്‌ജേ’, ‘യാന്‍മാര്‍’ തുടങ്ങിയ ജാപ്പനീസ് കൊറിയന്‍ യന്ത്രങ്ങള്‍. ഇവയ്ക്ക് 8 മുതല്‍ 12 ലക്ഷം രൂപ വരെ വിലയുണ്ട്. മിക്ക നാലുചക്രനടീല്‍ യന്ത്രങ്ങള്‍ക്കും 6 വരിയില്‍ ഒരേ സമയം നടാനാവും. 15-18 എച്ച്.പി.യുടെ പെട്രോള്‍ എന്‍ജിനുള്ള ഇത്തരം യന്ത്രങ്ങള്‍ക്ക് 14,16,18,21 എന്നീ നുരിയകലങ്ങളില്‍ നടാനാവും. വയലില്‍ അല്പം വെള്ളം കെട്ടിനിന്നാലും ഈ യന്ത്രങ്ങള്‍ക്ക് തകരാറില്ല.

ഇടയിളക്ക്കളനീക്ക് ഉപകരണങ്ങള്

വരിയില്‍ വിതച്ചതും യന്ത്രങ്ങള്‍ കൊണ്ടു നട്ടതുമായ വയലുകളില്‍ കളയിളക്കികള്‍ ഉപയോഗിച്ചാല്‍ വലിയൊരളവില്‍ കളനിയന്ത്രണം സാദ്ധ്യമാണ്. ‘റോട്ടറിവീഡര്‍’ എന്നറിയപ്പെടുന്ന കറങ്ങുന്ന ചക്രങ്ങളുള്ള കളയിളക്കികളാണ് വെള്ളക്കെട്ടുള്ള വയലുകളില്‍ ഉപയോഗിക്കുന്നത്. ‘ഫിംഗര്‍ ടൈപ്പ് വീഡര്‍’, ‘കോണോ വീഡര്‍’ എന്നിങ്ങനെ രണ്ടു തരം കളയിളക്കികള്‍ പ്രചാരത്തിലുണ്ട്. ശരിയായ സമയത്തുപയോഗിച്ചില്ലെങ്കില്‍ ഇത്തരം കളയിളക്കികള്‍ കൊണ്ട് ഉദ്ദേശിച്ച ഗുണം കിട്ടില്ല. മണ്ണില്‍ വായുസഞ്ചാരം കൂടുന്നതിനാല്‍ വേരുകള്‍ കൂടുതല്‍ നീളത്തില്‍ വളരാനും നെല്ലു പുഷ്ടിപ്പെടാനും കളയിളക്കി സഹായകമാണ്.

കൊയ്ത്ത് ഉപകരണങ്ങള്

പൊതുമേഖലാ സ്ഥാപനമായ കേരള അഗ്രോ മെഷീനറി കോര്‍പ്പറേഷന്‍ (കാംകോ) നിര്‍മ്മിച്ചു വിതരണം ചെയ്യുന്ന ‘കെ.ആര്‍.120’ എന്ന കൊയ്ത്ത് യന്ത്രം സ്ത്രീകള്‍ക്കും അനായാസം ഉപയോഗിക്കാം. പെട്രോളില്‍ സ്റ്റാര്‍ട്ടുചെയ്ത് മണ്ണെണ്ണയില്‍ പ്രവര്‍ത്തിക്കുന്ന 3.5   എച്ച്.പി.യുടെ എന്‍ജിനാണ് ഇതില്‍ ഉപയോഗിക്കുന്നത്. യന്ത്രത്തിന്റെ വില 65,000 രൂപയോളമാണ്. ഒരു മണിക്കൂറില്‍ അരയേക്കറോളം ഈ യന്ത്രമുപയോഗിച്ച് കൊയ്യാന്‍ പറ്റും. ഒരു വശത്തേക്ക് വരിയായി മുറിച്ചിടുന്ന നെല്‍കറ്റകള്‍ കെട്ടി ചുരുട്ടുകളാക്കാന്‍ മനുഷ്യസഹായം വേണം.

മെതിയുപകരണങ്ങള്

രണ്ടു തരം മെതിയന്ത്രങ്ങള്‍ പ്രചാരത്തിലുണ്ട്. കറ്റകള്‍ കയ്യിലെടുത്ത് യന്ത്രത്തിന്റെ കറങ്ങുന്ന സിലിണ്ടറിനുനേരെ പിടിച്ചു മെതിച്ചെടുക്കുന്ന ‘ഹോള്‍ഡ് ഓണ്‍’ എന്ന ഇനവും മുഴുവന്‍ നെല്‍കറ്റകളും യന്ത്രത്തിനുള്ളിലേക്കിട്ടു കൊടുക്കുന്ന ‘ഫ്‌ളോത്രൂ’ എന്ന ഇനവും. ആദ്യ ഇനത്തില്‍പ്പെട്ടവ പൊതുവെ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഏകദേശം 15,000 രൂപയ്ക്കു ലഭ്യമായ ഇത്തരം യന്ത്രങ്ങള്‍ കൊണ്ട് ഒരു മണിക്കൂറില്‍ 100 കിലോയോളം നെല്ലു മെതിച്ചു കിട്ടും. വൃത്തിയാക്കിയെടുക്കാന്‍ മനുഷ്യാധ്വാനം ആവശ്യമാണ്.
ഏഴര എച്ച്.പി.യുടെ എന്‍ജിനിലോ വൈദ്യുത മോട്ടോറിന്റെ ശക്തിയിലോ പ്രവര്‍ത്തിക്കുന്ന വലിയ മെതിയന്ത്രങ്ങള്‍ ട്രാക്ടറില്‍ വലിച്ചുകൊണ്ടുപോയി പാടത്തു വച്ച് മെതിയ്ക്കാവുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. കറ്റകള്‍ കെട്ടഴിച്ചശേഷം വേണം യന്ത്രത്തിലേക്കിടാന്‍. ഒരു മണിക്കൂറില്‍ ഏകദേശം 500 മുതല്‍ 700 കിലോ നെല്ലുവരെ ഈ യന്ത്രമുപയോഗിച്ചു മെതിക്കാം. വൈക്കോല്‍ മുറിഞ്ഞുപോകില്ല; എന്നാല്‍ അത് മെതിച്ച ശേഷം കറ്റ കെട്ടി സൂക്ഷിക്കാന്‍ കഴിയില്ല.

കൊയ്ത്തു-മെതി യന്ത്രങ്ങള്

കൊയ്ത്തും മെതിയും ഒരുമിച്ചു നടത്തുന്ന ‘കംബൈന്‍ ഹാര്‍വസ്റ്റര്‍’ എന്ന യന്ത്രങ്ങള്‍ക്കാണിന്നു പ്രിയമേറെ. പല തരം കൊയ്ത്തു – മെതി യന്ത്രങ്ങള്‍ ഇന്നുണ്ട്. സ്വരാജ്, മഹീന്ദ്ര, പ്രീത് തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ വിവിധതരം കൊയ്തു-മെതിയന്ത്രങ്ങള്‍ വിതരണത്തിനിറക്കിയിരിക്കുന്നു.  ‘ക്ലാസ്’ എന്ന യൂറോപ്യന്‍ കമ്പനിയുടെയും ജപ്പാനിലെ കുബോട്ട കമ്പനിയുടേയും ‘കുക്‌ജേ’ എന്ന കൊറിയന്‍ കമ്പനിയുടേയും വിവിധ മോഡലുകള്‍, ‘റെഡ്‌ലാന്റ്‌സ്’ എന്ന കമ്പനിയുടെ യന്ത്രങ്ങള്‍ എന്നിവയെല്ലാം കേരളത്തിലിന്നു ദൃശ്യമാണ്. മിക്ക യന്ത്രങ്ങള്‍ക്കും 18 മുതല്‍ 22 ലക്ഷം രൂപ വരെയാണ് വില. ഒരു മണിക്കൂറില്‍ മുക്കാല്‍ മുതല്‍ ഒരേക്കര്‍ സ്ഥലം വരെ ഈ യന്ത്രങ്ങള്‍ക്കു കൊയ്യാന്‍ കഴിയും. മെതിച്ചു വൃത്തിയാക്കിയ നെല്ല് ട്രാക്ടര്‍ ട്രെയിലറിലേക്കോ, നിലത്തുവിരിച്ച ടാര്‍പോളിന്‍ ഷീറ്റിലേക്കോ, ചാക്കിലേക്കോ നിറച്ചു തരുന്ന യന്ത്രങ്ങളാണിവ.

മേല്‍പ്പറഞ്ഞവയില്‍ മുഴുവന്‍ നെല്‍കറ്റകളും യന്ത്രത്തിനുള്ളിലേക്കെടുത്ത് മെതിക്കുന്ന, 2.4 മീറ്റര്‍ വീതിയില്‍ കൊയ്തുപോകുന്ന ട്രാക്കുകള്‍ ഉള്ള യന്ത്രങ്ങള്‍ ചെളിയുള്ള വയലിലും അനായാസം പ്രവര്‍ത്തിക്കും. ചെറിയ യന്ത്രങ്ങള്‍ 1-1.5 മീറ്റര്‍ വരെ വീതിയിലാണ് കൊയ്യുന്നത്. മേല്‍പ്പറഞ്ഞവയില്‍ ചെറുയന്ത്രങ്ങളെല്ലാം കതിരുമാത്രം മെതിക്കുന്നവയാകയാല്‍ വൈക്കോല്‍ കേടുകൂടാതെ ലഭിക്കും. എന്നാല്‍ വലിയ യന്ത്രങ്ങളില്‍ കൊയ്ത നെല്ല് വൈക്കോലുള്‍പ്പെടെ മുഴുവനും യന്ത്രത്തിനുള്ളിലേക്കെടുത്തു മെതിക്കുന്നതിനാല്‍ വൈക്കോല്‍ മുറിഞ്ഞു പോകും.

വലുതും ചെറുതുമായ പല കൊയ്ത്തു മെതിയന്ത്രങ്ങള്‍ക്കും ചെളിയില്‍ സഞ്ചരിക്കുവാന്‍ ചക്രങ്ങള്‍ക്കുപകരം ‘ട്രാക്കുകള്‍’ ആണുള്ളത്. അത്തരം യന്ത്രങ്ങള്‍ക്കേ ചെളി വയലില്‍ കൊയ്യാനാവൂ. ചക്രങ്ങള്‍ മാത്രം ഘടിപ്പിച്ച കംബൈനുകള്‍ ചെളി തീരെ ഇല്ലാത്ത അവസ്ഥയില്‍ നമ്മുടെ വയലുകളില്‍ ഉപയോഗിച്ചുവരുന്നുണ്ട്.

വൈക്കോല്ശേഖരിക്കുന്ന യന്ത്രം

കൊയ്ത്തു- മെതി യന്ത്രങ്ങള്‍ വയലിലുപേക്ഷിക്കുന്ന വൈക്കോല്‍ അനായാസം ശേഖരിക്കാന്‍ കഴിയുന്ന ഉപകരണം ഒരു കമ്പനി വിപണിയിലിറക്കിയിട്ടുണ്ട്. ട്രാക്ടറില്‍ പി.ടി.ഒ. ഷാഫ്റ്റില്‍ ഘടിപ്പിച്ചു പ്രവര്‍ത്തിക്കുന്ന ഈ ഉപകരണത്തിന് 3.5 ലക്ഷത്തോളം രൂപ വിലയാണ്. 50 സെ.മീ വ്യാസവും 70 സെ.മീ. നീളവുമുള്ള ‘ചുരുട്ടു’ കളാക്കി ശേഖരിച്ച വൈക്കോല്‍ വയലില്‍ നിക്ഷേപിക്കും. ഒരു മണിക്കൂറില്‍ അരയേക്കര്‍ സ്ഥലത്തുനിന്ന് ഏകദേശം നൂറു ‘വൈക്കോല്‍ ചുരുട്ടുകള്‍’ സംഭരിക്കും.

പാലക്കാട് കൃഷിവിജ്ഞാന കേന്ദ്രം അസോ. പ്രൊഫസറാണ് ലേഖകന്‍

3.14925373134
രാവു Apr 07, 2016 09:25 PM

നിലമൊരുക്ക് യന്ത്രങ്ങള് ,കാകോ ,അത്താണി , ആലുവ

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top