Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കൃഷിപാഠങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍

ഉദ്യാനത്തിലെ അഴകായി രാജകുമാരി പൂവ്

പിങ്ക് കലർന്ന ചുവപ്പുനിറമുള്ള പൂമൊട്ടുകൾ, വിടരുമ്പോൾ സോസറിന്‍റെ ആകൃതിയിൽ കടുംപർപ്പിൾ നിറമുള്ള പൂക്കൾ. ഒറ്റപ്പൂക്കൾ ഏറെനേരം വിടർന്ന് നിൽക്കില്ലെങ്കിലും പുതുപൂക്കൾ ദീർഘനാൾ വിടർന്നുകൊണ്ടേയിരിക്കുമെന്നത് ഈ ഉദ്യാനസുന്ദരിയുടെ മുഖമുദ്രയാണ്. അതുകൊണ്ടുതന്നെ ഇതിന് ആരാധകരും ഏറെയുണ്ട്. ഇലകൾക്ക് ഇടത്തരം മുതൽ കടുംപച്ചവരെ നിറം. ഇലപ്പരപ്പിൽ ഞരമ്പുകൾ എഴുന്നു നിൽക്കുന്നതു കാണാം. ഇലയുടെ പ്രതലമാകട്ടെ ചെറിയ നനുത്ത വെള്ളപ്പട്ടുരോമങ്ങളാൽ ആവൃതമായിരിക്കും. ഇലയരികിന് വരമ്പുപോലെ ചുവപ്പു നിറവുമുണ്ടാകും. കണ്ണഞ്ചും നിറമുള്ള പൂക്കളും പൂക്കളേക്കാൾ സവിശേഷതകളുള്ള ഇലകളും നിറഞ്ഞ ചെടിക്ക് പ്രിൻസസ് ഫ്ളവർ എന്ന ഓമനപ്പേര് കിട്ടിയതിൽ തെല്ലും അതിശയം വേണ്ട. ചട്ടിയിലൊതുക്കി വളർത്തിയാൽ ഈ നിത്യഹരിത സസ്യം 2–3 അടി ഉയരത്തിലും തറയിൽ വളർത്തിയാൽ മൂന്നു മുതൽ ആറടി വരെ ഉയരത്തിലും വളരും.
ഉഷ്ണമേഖലാപ്രദേശങ്ങളിൽ പ്രിൻസസ് ഫ്ളവർ സാമാന്യം നന്നായി വളരുകയും പൂ ചൂടുകയും ചെയ്യുന്നതായി കണ്ടിരിക്കുന്നു. വർഷം മുഴുവനും പൂക്കൾ ഉണ്ടാകുമെങ്കിലും പൂക്കൾ വിടർന്നു പ്രഭചൊരിയുന്നത് മേയ് മുതലാണ്.
ഒന്നുകിൽ നല്ല സൂര്യപ്രകാശം കിട്ടുന്ന സ്‌ഥലം, അല്ലെങ്കിൽ ഭാഗികമായെങ്കിലും സൂര്യപ്രകാശം കിട്ടുന്നിടം. ഈ രണ്ടു സ്‌ഥലത്തേ പ്രിൻസസ് ഫ്ളവർ നടാൻ പാടുള്ളൂ. പച്ചിലകൾക്ക് വീശി വളരാനും ചെടിക്ക് നിവർന്നു വളരാനും സൗകര്യമുണ്ടായാൽ ഏറെനന്ന്. ബ്രസീലാണ് പ്രിൻസസ് ഫ്ളവറിന്റെ ജന്മനാട്.നാലുതരത്തിൽ ഇതിൽ വംശവർധന നടത്താം. ആദ്യത്തേത് ചെടിച്ചുവട്ടിൽ കൂട്ടമായി വളരുന്ന തൈകൾ ഇളക്കിനട്ടാണ്. കഴിയുന്നതും ചെടി പുഷ്പിക്കാതിരിക്കുന്ന സമയം നോക്കിവേണം ഇതു ചെയ്യാൻ. ഒരു മൺകോരിയോ കരണ്ടിയോ കൊണ്ട് വേരോടെ ചെറുതണ്ടുകൾ, തൈകൾ ഇളക്കുക. ഉച്ചകഴിഞ്ഞ് തണൽ കിട്ടുന്നിടത്ത് പോട്ടിംഗ് മിശ്രിതം നിറച്ച ചട്ടിയിൽ നട്ടു വളർത്താം.
ചെടിയുടെ തണ്ട് നാലിഞ്ച് നീളത്തിൽ മുറിച്ച്, ചുവട്ടിലെ ഇലകൾ നീക്കി, തണ്ടിന്‍റെ ചുവടറ്റം ഏതെങ്കിലും ഒരു വേരുപിടിപ്പിക്കൽ ഹോർമോൺ പൊടി പുരട്ടി നടുന്നതാണ് ഇനിയൊരു രീതി. മാധ്യമത്തിന് നനവു വേണം. 10–12 ആഴ്ച കഴിയുമ്പോഴേക്കും തണ്ടിന് വേരു പൊട്ടിയിട്ടുണ്ടാവും. ഇത് പിന്നീട് മാറ്റി നട്ടു വളർത്താം. ഏറ്റവും മികച്ച രീതി ഇതു തന്നെ.
പതിവച്ചും പ്രിൻസസ് ഫ്ളവറിൽ പുതിയ തൈകൾ ഉത്പാദിപ്പിക്കുക . കൂനപ്പതി (മൗണ്ട് ലെയറിംഗ്) ആണ് ഇവിടെ ചെയ്യുന്നത്. വസന്തകാലത്താണ് ഇതു ചെയ്യുക. ചെടിത്തണ്ട് 8–10 ഇഞ്ച് പുതുവളർച്ചയായി കഴിയുമ്പോൾ മൂർച്ചയുള്ള ഒരു കത്തി ഉപയോഗിച്ച് പുതുതണ്ടിന്‍റെ പുറംതൊലി ചുരണ്ടിമാറ്റുക. അര ഇഞ്ച് വീതിയിൽ വേണം ഇതു ചെയ്യാൻ. പുതിയ വളർച്ച ഉണ്ടാകുന്ന സ്‌ഥലത്തിന് രണ്ടിഞ്ച് ഉയരത്തിൽ വേണം ഇതു ചെയ്യാൻ. ചെടിയുടെ ഒരടി ചുവട്ടിലുള്ള ഇലകൾ മുഴുവൻ നീക്കുക. പീറ്റ് മോസും തുല്യയളവ് മേൽമണ്ണും കലർത്തിയ മിശ്രിതം ചെടിയിൽ ഒരടി ഉയരത്തിൽ കൂനകൂട്ടുക. മിശ്രിതത്തിന് നനവ് നിർബന്ധം. മിശ്രിതത്തിൽ പൂഴ്ത്തിയ മുറിപ്പാടുകളിൽ ശരത്കാലാഗമനത്തോടെ വേരുപൊട്ടും. ശ്രദ്ധാപൂർവം മണ്ണ് മാറ്റുക. പുതുതായി വേരു പൊട്ടിയ തണ്ടുകൾ വേരിനു താഴെ വച്ച് മുറിച്ചെടുക്കുക. ഇത് ചട്ടികളിലേക്കു മാറ്റി നടാം. പുതിയ ചെടിയായി ഇത് വളർന്നുകൊള്ളും.
ജൈവവളങ്ങളെല്ലാം പ്രിൻസസ് ഫ്ളവറിന് ഇഷ്ടമാണ്. കമ്പോസ്റ്റ്, ഉണങ്ങിയ ചാണകപ്പൊടി, എല്ലുപൊടി, ചാരം, ബയോഗ്യാസ് സ്ലറി, മണ്ണിരകമ്പോസ്റ്റ് ഇവയിൽ ഏതും നൽകാം. കൂടാതെ തടത്തിൽ രണ്ടിഞ്ച് കനത്തിൽ പുതയിടുന്നതും നന്ന്. കരിയിലപ്പുതയായാലും മതി. വളർച്ച പോരാ എന്നു തോന്നുന്നെങ്കിൽ 17–17–17, 20–20–20 തുടങ്ങിയ രാസവളമിശ്രിതങ്ങൾ വെള്ളത്തിൽ ലയിപ്പിച്ച് ചെടിത്തടത്തിൽ തളിക്കാം. രാസവളങ്ങൾ ചെടിത്തണ്ടിലോ ഇലകളിലോ വീഴരുത് എന്നു മാത്രം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ നനയ്ക്കാൻ ശ്രദ്ധിക്കണം. ചെടി വളരുന്നതനുസരിച്ച് അമിതമായി നീണ്ടു വളരുന്ന ശിഖരങ്ങൾ മുറിക്കാം ചെടി ഒതുക്കി വളർത്താനും കൂടുതൽ ശിഖരങ്ങളും പൂക്കളും ഉണ്ടാകാനും ഇതു സഹായിക്കും. മാത്രമല്ല, കൃത്യമായി കൊമ്പുകോതി വളർത്തുന്ന ചെടികളിൽ താഴത്തെ ശിഖരങ്ങളിൽ പിടിക്കുന്ന പൂമൊ ട്ടുകൾ പോലും വിടർന്ന് പൂക്കളാകുന്നതായി കണ്ടിട്ടുണ്ട്.
ഗ്ലോറി ബുഷ്, പർപ്പിൾ ഗ്ലോറി ട്രീ എന്നെല്ലാം പ്രിൻസസ് ഫ്ളവറിന് വിളിപ്പേരുകളുണ്ട്. ടിബൗച്ചിന അർവെല്ല്യാന എന്ന് സസ്യനാമം. പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രസിദ്ധ ഫ്രഞ്ച് സസ്യശാസ്ത്രജ്‌ഞനായിരുന്ന ജൂൾസ് ഡ്യൂമോണ്ട് ഡി അർവില്ലിന്റെ ഓർമയ്ക്കാണ് ചെടിക്ക് അർവെല്ല്യാന എന്ന പേര് നൽകിയിരിക്കുന്നത്. മനോഹരിയായ ഈ ഉദ്യാനസസ്യം അതിരുകൾ തീർക്കാനും വീടിനോട് ചേർന്ന് വളർത്താനും ഉത്തമമാണ്.

വെള്ളദേവതാരം

കേരളത്തിലെ ശുഷ്കവനങ്ങളിൽ മാത്രം കണ്ടുവരുന്ന ഇടത്തരം വലിപ്പമുള്ള നിത്യഹരിതവൃക്ഷമാണ് വെള്ളദേവതാരം. (ശാസ്ത്രീയനാമം: Erythroxylum monogynum).റെഡ് സെഡാർ (Red Cedar) എന്നു വിളിക്കപ്പെടുന്ന ഈ മരം ഗോദാവരിയുടെ തീരത്തുള്ള കാടുകളിൽ സാധാരണമാണ്. ചന്ദനത്തിനു പകരം ഇതിന്റെ തടി ഉപയോഗിക്കാറുണ്ട്. അവിടെ ഇത് മതപരമായ ചടങ്ങുകൾക്ക് ഉപയോഗിക്കുന്നു. വെള്ളദേവതാരത്തിന്റെ തടി വാറ്റി ഒരു വാർണിഷ് എടുക്കാറുണ്ട്.

തടിക്ക് കാതലുണ്ട്. കാതൽ ഉറപ്പും ഭാരവും കൂടിയതാണ്. ഇതിനു സുഗന്ധവുമുണ്ട്. ഇത് അരച്ച് കളഭത്തിൽ മായം ചേർക്കാറുണ്ട്. ഇല ചിലർ പുഴുങ്ങി തിന്നാറുണ്ട്. ഇലയിൽ സിന്നമി കൊകേൻ എന്ന ആൽക്കലോയ്ഡും എണ്ണയും മറ്റും അടങ്ങിയിട്ടുണ്ട്.

തിപ്പലി കൃഷി ചെയ്യാം

കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുന്ന ഒരു ഔഷധ‌ച്ചെടിയാണു തിപ്പലി. പലതരം തിപ്പലി ഉള്ളതായി പറയപ്പെടുന്നു. ചെറുതിപ്പലി, വൻതിപ്പലി, നീർതിപ്പലി, ഹസ്തിതിപ്പലി, കുഴിതിപ്പലി, കാട്ടുതിപ്പലി, ഉണ്ടതിപ്പലി എന്നിങ്ങനെ. കുരുമുളകിനോടു വളരെ സാമ്യമുണ്ടെങ്കിലും അത്രത്തോളം ഉയരത്തിൽ വളരില്ല. തിരികളിലാണ് കായ്കൾ ഉണ്ടാകുക. ഇതു വിളഞ്ഞു പാകമായി കറുത്ത നിറമായിത്തീരുന്നു. ഇതുണക്കി യെടുക്കുന്നതാണ് ഔഷധയോഗ്യമായ ഭാഗം.

മേൽമണ്ണും മണലും ചാണകപ്പൊടിയും സമംചേർത്തു നിറച്ച പോളിത്തീൻ കൂടുകളിൽ 15–20 സെ.മീ നീളമുള്ള തണ്ടുകൾ നട്ട് വേരുപിടിപ്പിച്ചുള്ളതാണ് നടീൽവസ്തു. നടാൻ പറ്റിയ കാലം ജൂൺ– ജൂലൈ. നല്ല നീർവാർച്ചയുള്ള സ്ഥലത്തെ വളക്കൂറുള്ള മണ്ണ് കൃഷിക്കുത്തമം. സമുദ്രനിരപ്പിൽ നിന്ന് 100 മീറ്റർ തുടങ്ങി 1000 മീറ്റർ വരെ ഉയരത്തിൽ തിപ്പലി കൃഷി ചെയ്യാം. തുറസ്സായ സ്ഥലം കൃഷിക്ക് അനുയോജ്യമല്ല. കൃഷിസ്ഥലത്ത് 25 ശതമാനമെങ്കിലും തണൽ വേണം.

തിപ്പലി സമൂലം ഉപയോഗയോഗ്യമാണ്. തിപ്പലിയിൽ പിപിലേറ്റിൻ സെസേനിൻ, പിപ്ലാ സ്റ്റെറോല്‍ എന്ന സുഗന്ധമുള്ള എണ്ണ അടങ്ങിയിട്ടുണ്ട്. വേരു മുതല്‍ പഴങ്ങൾ വരെ ഉപയോഗിക്കാവുന്നതാണ്. തിപ്പലി വേരിൽ പിപ്പെറിൻ സ്റ്റെറോയ്ഡുകൾ, ഗ്ലൂക്കോസൈഡുകൾ, പിപ്പെലാർട്ടിൻ, പിപ്പെർലോങ്ങുമിനിന്‍ ഇവ അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങൾക്ക് ഔഷധമായി തിപ്പലി ഉപയോഗിക്കുന്നു. ആയുർവേദത്തിൽ ത്രികടു എന്ന ഔഷധകൂട്ടുകളിൽപ്പെട്ട ഒന്നാണ് തിപ്പലി. ചുക്ക്, കുരുമുളക്, തിപ്പലി എന്നിവയാണ് ത്രികടു. പെപ്പറേസീ സസ്യകുടുംബത്തിൽപ്പെട്ട തിപ്പലിയുടെ ശാസ്ത്രീയ നാമം പെപ്പർ ലോങ്ഗം എന്നാണ്

മധുര പൂക്കളുടെ ചെടി 'ഇലിപ്പ'

മധുരമുള്ള പൂക്കൾ ഉള്ള ഒരു ചെടിയാണ്‌ ഇലിപ്പ. വളരെയധികം ഔഷധഗുണമുള്ള ഈ സസ്യം ആയുർ‌വേദത്തിലും നാട്ടുവൈദ്യത്തിലും ഉപയോഗിച്ചു വരുന്നു. ഇംഗ്ലീഷ് Mahua Tree, Maura butter Tree.എന്നു പറയുന്നു. രേവതി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷംആണ്. അഷ്ടാംഗഹൃദയത്തിൽ ഇരിപ്പ എന്നും പേരു നൽകിയിരിക്കുന്ന ഈ സസ്യത്തെ സമാന ധർമ്മങ്ങളുള്ള നാലു തരങ്ങളുള്ളതായി പ്രതിപാദിച്ചിരിക്കുന്നു. ആദ്യ മൂന്നു തരങ്ങൾ സപ്പോട്ടേഷ്യേ (suppotaceae) വർഗ്ഗത്തിൽപ്പെടുന്നവയാണ്.വടക്കേ ഇന്ത്യയിൽ കാലിത്തീറ്റയായി ഇലകൾ ഉപയോഗിക്കുന്നു. പൂക്കുന്നത് ഫെബ്രുവരി മുതൽ ഏപ്രിൽ വരെയാണ്‌. വിത്തു നട്ട് ചെടി വളർത്താം

സംസ്കൃതത്തിൽ മധുകഃ, മധുസ്രവ, തീക്ഷ്ണസാരാ എന്നും, തമിഴിൽ ഇലുപ്പൈ, എന്നും തെലുങ്കിൽ ഇപ്പാച്ചെട്ടു എന്നുമൊക്കെയാണ്‌ പേരുകൾ ബീഹാര്‍, ഒഡിഷ, ഡെറാഡൂണ്, ഉത്തര്പ്രദേശ് എന്നിവിടങ്ങളില് ഇത് കണ്ടുവരുന്നു. കേരളത്തിലെ വനങ്ങളിലും നദീതീരങ്ങളിലും നാട്ടിന് പുറത്തുമെല്ലാം ഈ മരം കാണപ്പെടുന്നുണ്ട്. 15 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ മരം അനേകം ശാഖകളും ഉപശാഖകളുമായിട്ടാണ്‌ കാണപ്പെടുന്നത്. മരത്തൊലിക്ക് കടും ചാരനിറവും തടിക്ക് ചുവപ്പുനിറവുമാണ്‌. ഇലകള്‍ കൂടുതലും ശാഖാഗ്രങ്ങളിൽ കൂട്ടമായി കാണുന്നു. bassia butyracaea എന്ന തരത്തിന്‍റെ വിത്തിൽ നിന്ന് വളരെ കൊഴുപ്പുള്ള ഒരുതരം വെണ്ണ ലഭിക്കുന്നു. അത് ഭക്ഷണ ദ്രവ്യങ്ങൾ പാകപ്പെടുത്തുവാൻ ഉപയോഗിക്കാം

bassia longifolia എന്ന തരത്തിൽ നിന്ന് ലഭിക്കുന്ന പശ, തൊലി, കായിൽ നിന്ന് ലഭിക്കുന്ന എണ്ണ(എണ്ണയ്ക്ക് വെളിച്ചെണ്ണയുടെ സമാന ഔഷധഗുണവും, ഭക്ഷണം പാകംചെയ്യാനുപയോഗിക്കുകയും ചെയ്യാം), പിണ്ണാക്ക്, പുഷ്പം (വിരേചനഔഷധം). എണ്ണയ്ക്ക് ഉമ്മത്തിൻ‌കായയുടെ വിഷത്തിന് ഒരു പ്രത്യഔഷധവുമാണ് bassia latifolia എന്ന സാധാരണ ഇരിപ്പയുടെ കാതൽ, തൊലി, ഇല, വിത്ത്, എണ്ണ, കായ, പൂവ് എന്നീ ഭാഗങ്ങൾ ഔഷധമായുപയോഗിക്കുന്നു. പൂവിൽ നിന്ന് വാറ്റിയുണ്ടാക്കുന്ന മദ്യം വളരെ വീര്യമുള്ളതും, മധുരമുള്ളതുമാണ്. കായയും പഴവും ഭക്ഷണയോഗ്യമാണ്. ഇവ കൂടാതെ കേരളത്തിൽ ധാരാളം കാണുന്ന cynometra ramiflora എന്ന വർഗ്ഗത്തിൽപ്പെട്ടതുമായ ഇരിപ്പയുടെ വേര്, തൊലി, വിത്തിൽ നിന്ന് ലഭിക്കുന്ന എണ്ണ, പിണ്ണാക്ക് എന്നിവ ഔഷധമായുപയോഗിക്കുന്നു.

മുല്ലകൃഷി ചെയ്യാം

കേരളത്തിലെ മണ്ണിനും കാലാവസ്ഥയ്ക്കും ഏറ്റവും യോജിച്ചതാണ് കുറ്റിമുല്ല എന്ന കുടമുല്ല. നല്ല നീര്‍വാര്‍ച്ചാ സൗകര്യമുള്ള മണല്‍ അംശം കൂടുതലുള്ള വളക്കൂറുള്ള മണ്ണ് കൃഷിക്ക് ഏറ്റവും നന്ന്. ചാലുകളെടുത്ത് മതിയായ ഉയരത്തില്‍ വാരം കോരി വേണം തൈകള്‍ നടാന്‍. ആഴത്തില്‍ കിളച്ചൊരുക്കിയ സ്ഥലത്ത് മണ്ണ് പൊടിയാക്കി കളകള്‍ പാടേ നീക്കിയിരിക്കണം. കേരളത്തില്‍ നടീലിനു യോജിച്ച സമയം ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയാണ്.തണ്ടുകള്‍ മുറിച്ചതോ വേരുപിടിപ്പിച്ചശേഷം മുറിച്ചെടുത്തതോ ആണ് നടീല്‍വസ്തു. മുറിപ്പാടുകളില്‍ സെറാഡിക്‌സ് പോലുള്ള ഹോര്‍മോണ്‍ പൊടി പുരട്ടിയിട്ടു നട്ടാല്‍ വേഗം വേരുപിടിക്കും. തുടര്‍ന്ന് പോട്ടിംഗ് മിശ്രിതം നിറച്ച പോളിത്തീന്‍ കൂടുകളില്‍ നടാം.

ഇതേ രീതിയില്‍ മണ്ണില്‍ നട്ടാലും വേര് പിടിപ്പിച്ചെടുക്കാം. ഇങ്ങനെ മുറിത്തണ്ടുകള്‍ക്ക് വേരു പിടിപ്പിക്കാന്‍ യോജിച്ച സമയം ജൂണ്‍-ജൂലൈ മുതല്‍ ഒക്ടോബര്‍ നവംബര്‍ വരെയാണ്. നട്ട് 90-120 ദിവസമാകുന്നതോടെ തൈകള്‍ മാറ്റിനടാം. നടീല്‍ അകലം 1.2X1.2 മീറ്റര്‍. ഇങ്ങനെ നടുന്ന കുഴികളില്‍ ഓരോന്നിലും രണ്ടു കുട്ട പൊടിഞ്ഞ കാലിവളം അഥവാ കമ്പോസ്റ്റ്, ഒരു പിടി എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക് എന്നിവ ചേര്‍ത്ത് കുഴി പകുതിയോളം മൂടാം. ചിലയിടങ്ങളില്‍ കുഴിയൊന്നിന് 15 കിലോ ചാണകപ്പൊടി, 250 ഗ്രാം എല്ലുപൊടി, 150 ഗ്രാം വേപ്പിന്‍പിണ്ണാക്ക് 100 ഗ്രാം കടലപ്പിണ്ണാക്ക് എന്നിങ്ങനെ ഇട്ട് അതിനു മീതെ മേല്‍മണ്ണും മണലും ചേര്‍ത്ത് കുഴിമൂടി ഓരോ കുഴിയിലും രണ്ടുവീതം വേരുപിടിപ്പിച്ച തൈകള്‍ നടുന്ന പതിവുണ്ട്.

ഒരു ചെടിക്ക് ഒരു വര്‍ഷം 250 ഗ്രാം യൂറിയ, 1400 ഗ്രാം റോക്‌ഫോസ്‌ഫേറ്റ് 950 ഗ്രാം പൊട്ടാഷ് എന്നിങ്ങനെയാണു രാസവളം നല്‍കേണ്ട തോത്. ഇവ രണ്ടു തവണയായി ജനുവരിയിലും ജൂലൈയിലും ചേര്‍ക്കുന്നു. മഴയില്ലെങ്കില്‍ ദിവസവും നന നിര്‍ബന്ധമാണ് എന്നോര്‍ക്കുക. മുല്ല നട്ട് നാലുമാസം കഴിഞ്ഞാല്‍ മൊട്ടിട്ടു തുടങ്ങും. പത്തുമാസമാകുന്നതോടെ നിറയെ പൂക്കള്‍ തരാറാകും. രണ്ടാംവര്‍ഷമാകുമ്പോഴേക്കും കുറ്റിമുല്ലച്ചെടി ഒരു പുഷ്പറാണിയായി മാറിക്കഴിഞ്ഞിരിക്കും. എല്ലാ വര്‍ഷവും കൊമ്പുകള്‍ മുറിച്ചു നിര്‍ത്തിയാലേ മുല്ലയില്‍ നിറയെ പൂക്കള്‍ പിടിക്കുകയുള്ളൂ. ഇതിന് പ്രൂണിംഗ് (കൊമ്പുകോതല്‍) എന്നാണ് പറയുക.

നവംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളില്‍ കൊമ്പുകോതാം. ചുവട്ടില്‍ നിന്ന് അരമീറ്റര്‍ ഉയരത്തില്‍ ചരിച്ചു മുറിക്കുക. മുറിപ്പാടില്‍ ബോര്‍ഡോമിശ്രിതം പുരട്ടുക. വളം ചേര്‍ക്കുക, നനയ്ക്കുക. മുല്ലച്ചെടികള്‍ക്കിടയില്‍ കളകള്‍ വളരാന്‍ അനുവദിക്കരുത്. നേര്‍വളങ്ങള്‍ ചേര്‍ക്കാന്‍ ബുദ്ധിമുട്ടെങ്കില്‍ ഓരോ ചെടിക്കും വര്‍ഷത്തിലൊരിക്കല്‍ മൂന്നു കുട്ട പൊടിഞ്ഞ കാലിവളം ചേര്‍ത്തിട്ട് പുറമെ 17:17:17 പോലുള്ള ഏതെങ്കിലും രാസവളമിശ്രിതം ഈ രണ്ടാഴ്ച കൂടുമ്പോള്‍ ഓരോ ടേബിള്‍ സ്പൂണ്‍ വീതം ചേര്‍ത്ത് ഇടയിളക്കി നനയ്ക്കുകയുമാവാം.കുറ്റിമുല്ല ചാക്കിലും ചട്ടിയിലുമെല്ലാം വളര്‍ത്താം.
മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ തുല്യയളവില്‍ ചേര്‍ത്ത മിശ്രിതം നിറച്ച് അടിവളമായി വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി എന്നിവയും ചേര്‍ത്താല്‍ ചട്ടിയില്‍ വളര്‍ത്താവുന്നതേയുള്ളൂ. ചാക്കിലായാലും ചട്ടിയിലായാലും ആവശ്യത്തിന് വളവും നനയും നല്‍കിയാല്‍ കുറ്റിമുല്ല ധാരാളം പൂക്കള്‍ തരും. വീട്ടില്‍ നല്ലതുപോലെ വെയില്‍ കിട്ടുന്ന ടെറസ് ഇതിന് യോജിക്കുന്ന സ്ഥലമാണ്.ജീവാമൃതം എന്ന ജൈവവളക്കൂട്ട് കുറ്റിമുല്ലച്ചെടികളെ കരുത്തോടെ വളരാനും നിറയെ പൂ പിടിക്കാനും പ്രേരിപ്പിക്കുന്നതായി കണ്ടിരിക്കുന്നു.ചെടി നട്ട് പുഷ്പിക്കല്‍ പ്രായമായാല്‍ ഫെബ്രുവരി മുതല്‍ മേയ് വരെയാണ് ഏറ്റവും അധികം പൂക്കള്‍ കിട്ടുക.

ഒരു ചെടിയില്‍ നിന്ന് ഒരു ദിവസം 10 മൊട്ടുകള്‍ ലഭിച്ചാല്‍ പോലും തരക്കേടില്ലാത്ത വിളവ് ഒരു സെന്‍റ്സ്ഥലത്തെ കുറ്റിമുല്ലക്കൃഷി തരും എന്നുറപ്പ്. പൂക്കള്‍ അതിരാവിലെയാണ് പറിക്കുക. ഇവയുടെ ജലാംശം നഷ്ടപ്പെടുന്നത് തടയാന്‍ കനം കുറഞ്ഞ പോളിത്തീന്‍ഷീറ്റ് വിരിച്ചശേഷം പൂക്കള്‍ അടുക്കാറു പതിവുണ്ട് മൃദുലമായ പൂക്കളെ ടിഷ്യുപേപ്പര്‍ കൊണ്ടുപൊതിഞ്ഞും പൂക്കള്‍ക്കിടയ്ക്കുള്ള സ്ഥലത്ത് ഈര്‍പ്പമുള്ള കനം കുറഞ്ഞ കടലാസ് വച്ചും അവയെ സംരക്ഷിക്കാം.

ദൂരസ്ഥലങ്ങളിലേക്ക് പൂക്കള്‍ അയയ്ക്കാന്‍ കൊഗേറ്റഡ് ഫൈബര്‍ ബോര്‍ഡ് പെട്ടിയിലും മറ്റും പൂക്കള്‍ അടുക്കുന്നവര്‍ പെട്ടിയില്‍ പൊട്ടാസ്യം പെര്‍മാംഗനേറ്റ് ചെറിയ പായ്ക്കറ്റുകളിലാക്കി ഇടുന്ന പതിവുണ്ട്.
പൂക്കള്‍ എത്തിലിന്‍ വാതകം ഉല്പാദിപ്പിച്ച് സ്വയം വാടുന്നത് തടയാനാണിത്. ഇങ്ങനെ സംരക്ഷിക്കുന്ന പൂക്കള്‍ വേഗം കേടാകുകയില്ല. കേരള കാര്‍ഷികസര്‍വകലാശാലയുടെ മണ്ണുത്തി സെന്‍ട്രല്‍ നഴ്‌സറി, മണ്ണുത്തി സെയില്‍സ് കൗണ്ടര്‍, വെള്ളായണി കാര്‍ഷികകോളജ് ഇന്‍സ്ട്രക്ഷണല്‍ ഫാം ഇവിടങ്ങളിലെല്ലാം കുറ്റിമുല്ലത്തൈകള്‍ വാങ്ങാന്‍ കിട്ടും

റോസപ്പൂവ് അഥവാ പനിനീർപ്പൂവ്

ലോകത്ത് വാണിജ്യാടിസ്ഥാനത്തിൽ വളരെയധികം ഉപയോഗിക്കുന്ന മനോഹരപുഷ്പങ്ങളിൽ ഒന്നാണ് റോസപ്പൂവ് എന്നും വിളിക്കപ്പെടുന്ന പനിനീർപ്പൂവ്. (ഇംഗ്ലീഷിൽ :Rose, തമിഴിൽ റോജാ ரோசா ).ഈ പൂവിന് വളരെ നല്ല ഗന്ധവും ഉണ്ട്. പൂവിതളിൽ നിന്നും ഹൃദ്യമായ സുഗന്ധമുള്ള പനിനീർ വേർതിരിച്ചെടുക്കാൻ കഴിയുന്നതുകൊണ്ടാണ് ഈ ചെടി പനിനീർച്ചെടി എന്നറിയപ്പെടുന്നത്. പനിനീർ കണ്ണിലുണ്ടാകുന്ന ചില അസുഖങ്ങൾക്കു പ്രതിവിധിയായും, സുഗന്ധ ലേപനമായും പരമ്പരാഗതമായി ഉപയോഗിച്ചിരുന്നു. വിവിധ നിറങ്ങളിലും ഭാവങ്ങളിലും വലിപ്പത്തിലും കാണപ്പെടുന്ന ഈ പുഷ്പങ്ങൾ സ്നേഹത്തിന്റെയും പ്രണയത്തിന്റെയും പ്രതീകമായി ലോകമെമ്പാടും അറിയപ്പെടുന്നു. ഊട്ടിയിലെ റോസ് ഗാർഡനിൽ 5000-ത്തോളം വർഗ്ഗങ്ങളിലുള്ള റോസാച്ചെടികൾ ഉണ്ട്. ഏകദേശം 25,000 പരം ഇനങ്ങളിലുള്ള‍ പനിനീർച്ചെടികൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഉണ്ട്.

നിറം, വലിപ്പം,ആകൃതി, ഗന്ധം എന്നിവ അടിസ്ഥാനമാക്കി പ്രധാനമായും അഞ്ചായി ചെടികൾ വിഭജിച്ചിട്ടുണ്ട്. വ്യാവസായിക അടിസ്ഥാനത്തിലും അലങ്കാരത്തിനായും ‍ വളർത്താൻ കഴിയുന്ന ഒരു ചെടികൂടിയാണ്‌ പനിനീർ. ഇംഗ്ലണ്ട്, അമേരിക്കൻ ഐക്യനാടുകൾ എന്നീ രാജ്യങ്ങളുടെ ദേശീയപുഷ്പവുമാണിത്. ഹൈബ്രിഡ് സുഗന്ധത്തിലും വലിപ്പത്തിലും മികച്ച ഇനങ്ങളായ ജവാഹർ, പൂർണ്ണിമ, ,ഷോഗേൾ, സുപ്രീയ, ബ്ലാക്ക് ബ്യൂട്ടി, ബ്ലൂമൂൺ എന്നിവയിൽ പൂക്കൾ ഒറ്റയായിട്ടാണ്‌ ഉണ്ടാകുന്നത്. ഫ്ലോറിബൻഡ വലിപ്പം കൂടുതലായ ഈ വിഭാഗത്തിലെ ചെടികളിൽ പൂക്കൾ കുലകളായി ഉണ്ടാകുന്നു. കൂടാതെ സുഗന്ധവും കുറവാണ്‌. ഫ്രഞ്ച് ലേസ്, ബ്രൈഡൽ പിങ്ക്, മേഴ്സിഡസ്, ഏഞ്ചൽ ഫേസ്, ഫന്റാസിയ, ഗിതാർ എന്നിവയാണ്‌ പ്രധാന ഇനങ്ങൾ. പോളിയാന്ത ധാരാളം പൂക്കൾ ഉണ്ടാകുന്ന ഈ ചെടികൾക്ക് ഉയരം കുറവാണ്‌. എക്കോ, നർത്തകി, രശ്മി ഐഡിയൻ, ഡാർക്ക് ബ്യൂട്ടി എന്നിവയാണ്‌ പ്രധാന ഇനങ്ങൾ. മിനിയേച്ചേഴ്സ് തണ്ടുകൾ, പൂക്കൾ, ഇലകൾ എന്നിവ ചെറുതായുള്ള ഈ ഇനത്തിലെ ചെടികൾ ഒരടിയിൽ കൂടുതൽ പൊക്കത്തിൽ വളരാറില്ല. ചന്ദ്രിക, സിൻഡ്രല്ല, സമ്മർബട്ടർ, റ്റീപാർട്ടി, ടോപ്പ് സീക്രട്ട് യല്ലോ ഡോൾ എന്നിവയാണ്‌ ഈ ഇനത്തിലെ പ്രധാന ചെടികൾ. ക്ലൈംബേഴ്സ് പടർന്നു പിടിക്കുന്ന ഇനത്തിലെ ചെടികൾ ആണിവ. ക്ലൈംബിംഗ് പീസ്, കോക്ക് ടെയിൽ, ക്ലൈംബിംഗ് പാരഡൈസ് എന്നിവയാണ്‌ പ്രധാന ചെടികൾ

കൃഷിരീതികൾ
പലയിനം പനിനീർച്ചെടികളിലും കായ് ഉണ്ടാകാറുണ്ടെങ്കിലും നടീൽ വസ്തുവായി ഉപയോഗിക്കുന്നത് ചെടിയിൽ നിന്നും മുറിച്ച തണ്ടുകളാണ്. തറയിൽ നേരിട്ട് നട്ടുവളർത്തുകയോ ചെടിച്ചട്ടികളിൽ നടുകയോ ചെയ്യാവുന്ന ഒരു ഉദ്യാനസസ്യം കൂടിയാണിത്. സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന സ്ഥലങ്ങളിൽ ചെടി നല്ലതുപോലെ വളരും. കൂടാതെ നീർ വാഴ്ചയുള്ള സ്ഥലവും ആയിരിക്കണം ചെടി നടുന്നതിനായി തിരഞ്ഞെടുക്കേണ്ടത്. ഒക്ടോബർ മാസം മുതൽ ഡിസംബർ മാസം വരെ ചെടികൾ നടുന്നതിന്‌ അനുയോജ്യമായ സമയമാണ്‌

തറയിലുള്ള കൃഷി

ചെറിയ ചട്ടികളിലോ പോളിത്തീൻ കവറിലോ നട്ട് കിളിർപ്പിച്ച തൈകളാണ്‌ ഇങ്ങനെ നടുന്നതിന്‌ അനുയോജ്യം. 60 സെന്റീമീറ്റർ മുതൽ 80 സെന്റീമീറ്റർ വരെ ഇടയകലം ഇട്ട്, 60 സെ.മീ. നീളവും വീതിയും ആഴവും ഉള്ള കുഴികളിൽ ചെടികൾ നടാവുന്നതാണ്‌. കുഴികളിൽ മേൽമണ്ണും 4കിലോ മുതൽ 8 കിലോ വരെ ഉണക്കിപ്പൊടിച്ച ചാണകവും ഏകദേശം 100 ഗ്രാം എല്ലുപൊടിയും ചേർത്ത് കൂട്ടിയോജിപ്പിച്ച് കുഴികൾ നിറയ്ക്കുക. തൈകൾ വേരുകൾ പൊട്ടാതെ ഇളക്കിയെടുത്ത് ഇങ്ങനെ നിറച്ച കുഴികളിൽ നടുക. ബഡ് ചെയ്ത് കിളിർപ്പിച്ച തൈകൾ മുകുളം മണ്ണിനു മുകളിൽ വരത്തക്കവണ്ണമാണ്‌ നടുന്നത്. നട്ടതിനുശേഷം നല്ലതുപോലെ നനയ്ക്കുക.

ചട്ടിയിലുള്ള കൃഷി

35 സെന്റീ മീറ്റർ ഉയരവും 30 സെന്റീ മീറ്റർ വ്യാസവുമുള്ള ചട്ടികളാണ്‌ ചെടി നടുന്നതിനായി തിരഞ്ഞെടുക്കേണ്ടത്. അധിക ജലം പുറത്തുകളയുന്നതിലേക്കായി ചട്ടികളിൽ രണ്ടോ മൂന്നോ ദ്വാരങ്ങൾ അത്യാവശ്യമാണ്‌. മൂന്നുഭാഗം വളക്കൂറുള്ള മേൽമണ്ണും, രണ്ടുഭാഗം ചാണകപ്പൊടിയും, ഒരുഭാഗം മണലും ഏകദേശം 50-75ഗ്രാം വരെ എല്ലുപൊടിയും ചേർത്താണ്‌ ചട്ടികളിലേയ്ക്കുള്ള മിശ്രിതം നിറയ്ക്കുന്നത്. ഈ മിശ്രിതത്തിൽ ചെടികൾ നടാം. നട്ടുകഴിഞ്ഞാൽ നനയ്ക്കേണ്ടത് അത്യാവശ്യമാണ്‌. ചട്ടിയിൽ നിറയ്ക്കുന്ന മണ്ണ് മൂന്നുമാസം കൂടുമ്പോൾ മാറ്റുന്നത് ചെടിയുടെ വളർച്ചക്കും വേരോട്ടത്തിനും നല്ലതാണ്‌.

വളപ്രയോഗം

കൃത്യമായും വളപ്രയോഗം ആവശ്യമുള്ള ചെടിയാണ്‌ ഇത്. ആദ്യത്തെ പൂവ് വിരിയുന്നതുവരെ 2 കിലോഗ്രാം മുതൽ 5 കിലോഗ്രാം വരെ അളവിൽ ചാണകമോ കമ്പോസ്റ്റോ നൽകേണ്ടതാണ്‌. ആദ്യത്തെ പൂവ് വിരിഞ്ഞുകഴിയുമ്പോൾ 50ഗ്രാം കടലപ്പിണ്ണാക്ക് ചെടികൾക്ക് നൽകേണ്ടതാണ്‌. രണ്ടോ മൂന്നോ കിലോഗ്രാം പച്ചച്ചാണകമോ നിലക്കടലപ്പിണ്ണാക്കോ 4 ദിവസം മുതൽ‍ 7 ദിവസം വരെ 5ലിറ്റർ പച്ചവെള്ളത്തിൽ ഇട്ടുകലക്കിയെടുന്ന ലായനി ഒരുചെടിക്ക് അരലിറ്റർ എന്ന് തോതിൽ വെള്ളത്തിൽ നേർപ്പിച്ച് നൽകേണ്ടതാണ്‌. ഇത്തരം വളപ്രയോഗങ്ങൾ കഴിഞ്ഞാൽ ചെടികൾ നന്നായി നനച്ചുകൊടുക്കേണ്ടതുമാണ്‌.

കീട-രോഗശല്യം

ചൂർണ്ണ പൂപ്പൽ രോഗം- ചെടികളുടെ തളിരിലകളിൽ ഉണ്ടാകുന്ന ഫംഗസ് ബാധയാണിത്. ആരംഭകാലങ്ങളിൽ തളിരിലകൾ അകത്തേക്ക് ചുരുണ്ടുവരുന്നതാണ്‌ ഇതിന്റെ പ്രധാന ലക്ഷണം. രോഗത്തിന്റെ തീവ്രതയനുസരിച്ച് ഇലകളിലും തണ്ടുകളിലും പൂപ്പൽ പോലെ ചാരനിറത്തിലുള്ള പാടുകൾ ഉണ്ടാകുന്നു. രോഗം നിയന്ത്രിക്കുന്നതിനായി രോഗം ബാധിച്ച കൊമ്പുകൾ മുറിച്ചുമാറ്റേണ്ടതാണ്‌. സൾഫെക്സ്, കെരാത്തേൻഎന്നീ രാസകീടനാശിനികൾ 1.5 ഗ്രാം മുതൽ 5 ഗ്രാം വരെ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യേണ്ടത് നന്നായിരിക്കും.

കരിമ്പൊട്ട് രോഗം- ഇലകളിലുണ്ടാകുന്ന കറുത്ത പുള്ളികൾ/അടയാളങ്ങൾ എന്നിവയാണ്‌ രോഗം തിരിച്ചറിയുന്നതിനുള്ള ഏറ്റവും എളുപ്പമാർഗ്ഗം. കീടബാധയേറ്റ ഇലകൾ കാലക്രമേണ കൊഴിഞ്ഞുപോകാറുണ്ട്. ഡൈത്തേൺ-എം എന്ന രാസകീടനാശിനി 45.2 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ കലർത്തി ചെടികളിൽ സ്പ്രേ ചെയ്യുന്നത് ഈ രോഗം നിയന്ത്രിക്കുന്നതിന്‌ സഹായകമാണ്.

മണ്ടയുണങ്ങൽ- ചെടിയിൽ മുകളിൽ നിന്നും താഴേക്ക് കമ്പുകൾ ഉണങ്ങി നശിക്കുന്നതാണ്‌ രോഗലക്ഷണം. ഉണങ്ങി കമ്പുകൾ മുറിച്ചുമാറ്റി മുറിവായിൽ ബോർഡോ മിശ്രിതം പുരട്ടേണ്ടതാണ്‌.

തുരുമ്പ് രോഗം- ഇലകളിലും തണ്ടുകളിലും തുരുമ്പെടുത്ത അടയാളങ്ങളാണ്‌ പ്രധാന രോഗ ലക്ഷണം. രോഗലക്ഷണങ്ങൾ കാണിക്കുമ്പോൾ ഡൈത്തേൺ (2.78)ഗ്രാം, അല്ലെങ്കിൽ സൾഫ്ഗെക്സ് (2 ഗ്രാം) എന്നീ രാസകീടനാശിനികൾ ‍ 1 ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് ചെടികളിൽ തളിക്കുന്നത് നല്ലതാണ്‌.

ശൽക്ക കീടം- ചെടികളെ നശിപ്പിക്കുന്ന പ്രധാന കീടമാണ്‌ ശൽക്കകീടങ്ങൾ. ശൽക്കരൂപത്തിൽ മെഴുകിനെപ്പോലെ ചെടികളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഈ കീടങ്ങൾ തണ്ടിൽ നിന്നും ചെടിയുടെ നീരൂറ്റിക്കുടിക്കുന്നതിനാൽ ചെടികൾ ഉണങ്ങി നശിക്കുന്നു. എണ്ണത്തിൽ കുറവാണെങ്കിൽ കൈകൊണ്ട് നശിപ്പിക്കാവുന്നതാണ്‌. റോഗർ, നുവാക്രോൺ എന്നീ രാസകീടനാശിനികൾ 1-2 മില്ലീ ലിറ്റർ അളവിൽ 1 ലിറ്റർ വെള്ളത്തിൽ കലർത്തി സ്പ്രേ ചെയ്യുന്നത് ഈ കീടങ്ങളെ നശിപ്പിക്കുന്നതിന്‌ നല്ലതാണ്‌.

വണ്ടുകൾ- പൂക്കൾ, ഇലകൾ, തണ്ട്, വേര്‌ എന്നീ ഭാഗങ്ങളിൽ ആക്രമിക്കുന്ന കീടമാണ്‌ ചാഫർ വണ്ടുകൾ. പകൽനേരങ്ങളിൽ ഈ വണ്ടുകളെ കാണാൻ സാധിക്കുന്നില്ല.ഈ കീടങ്ങൾ ഇലയുടെ ഭാഗങ്ങൾ ചന്ദ്രാകൃതിയിൽ ‍ നശിപ്പിക്കുന്നതുമൂലം ചെടികളും നശിക്കുന്നു. ഇതിനെതിരെ ബി.എച്ച്.സി 5% എന്ന രാസകീടനാശിനി 15 ഗ്രാം വരെ വിതറുകയാണ്‌ ചെയ്യുന്നത്.

പരിചരണം

ഒക്ടോബർ - ഡിസംബർ മാസങ്ങളിൽ കൊമ്പുകോതൽ നടത്തിയാൽ കൂടുതൽ പൂക്കൾ ലഭിക്കും. ഉണങ്ങിയതും രോഗങ്ങൾ ബാധിച്ചതും ശക്തികുറഞ്ഞതുമായ തണ്ടുകൾ മുറിച്ചുമാറ്റേണ്ടതാണ്‌. നിലത്തുനിന്നും 25 സെന്റീ മീറ്റർ മുകളിൽ വച്ച് മുറിക്കുക. മുറിക്കുമ്പോൾ ആരോഗ്യമുള്ള മുകുളങ്ങളുടെ 1സെന്റീ മുതൽ 1.5 സെന്റീമീറ്റർ വരെ മുകളിലായി ചരിച്ചാണ്‌ മുറിക്കേണ്ടത്

പൂന്തോട്ടത്തില്‍ സുഗന്ധം പരത്താന്‍ കല്യാണ സൗഗന്ധികം

പൂന്തോട്ടത്തിന്‌ മനോഹാരിത നൽകുന്നതിനു പുറമെ സുഗന്ധവും പകരുന്നതാണ്‌ കല്യാണ സൗഗന്ധികം. പാലപ്പൂവിനെപ്പോലെ സന്ധ്യാനേരത്താണ്‌ ഈ പുഷ്പം ചുറ്റും സുഗന്ധം പരത്തുന്നത്‌. നീളമുള്ള പച്ച ഇലകളുടെ ഏറ്റവും മുകളിലായി തലയുയർത്തി നിൽക്കുന്ന വെള്ള പുഷ്പങ്ങൾ ലില്ലിപ്പൂക്കൾ പോലെ മനോഹരമാണ്‌. ഇഞ്ചിയുടെ കുടുംബക്കാരിയായ കല്യാണസൗഗന്ധികത്തിന്‍റെ ശാസ്ത്രനാമം ഹെലിക്കോണിയ റോസ്ട്രേറ്റ എന്നാണ്‌. വീട്ടുമുറ്റത്തുള്ള പൂന്തോട്ടങ്ങളിൽ സാധാരണയായി വളരുന്ന ഈ സസ്യം ഹാങ്ങിങ്‌ ലോബസ്റ്റർ ക്ലോ എന്നാണ്‌ ഇംഗ്ലീഷിൽ അറിയപ്പെടുന്നത്‌.. ഒരു പൂങ്കുലയിലെ എല്ലാ പൂക്കളും വിരിയുന്നതിന്‌ നാലഞ്ചു ദിവസങ്ങൾ വേണം.
നടീലും ശുശ്രൂഷയും: പൂന്തോട്ടത്തിൽ തണൽ ഉള്ളിടത്ത്‌ ഇഞ്ചിയുടേതു പോലുള്ള കിഴങ്ങ്‌ നടാം. തറയിൽ നട്ടാൽ അഞ്ചു വർഷത്തോളം അനക്കേണ്ടതില്ല. ചെടിച്ചട്ടിയിലും വളർത്താം. പക്ഷേ രണ്ടോ മൂന്നോ വർഷങ്ങൾക്കു ശേഷം പറിച്ച്‌ വേറെ മണ്ണു നിറച്ച്‌ വീണ്ടും നടേണ്ടതാണ്‌..  ഒരു തണ്ടിൽ നിന്ന്‌ ഒരു പൂങ്കുലയേ ഉണ്ടാകുകയുള്ളൂ. എല്ലാ പൂക്കളും വിരിഞ്ഞതിനു ശേഷം തണ്ടുകൾ മുറിച്ചു മാറ്റുന്നത്‌ പുതിയ തണ്ടുകൾ ഉണ്ടാകുവാൻ സഹായിക്കും.
അധികം പരിചരണം വേണ്ടാത്ത കല്യാണ സൗഗന്ധികം സാധാരണ പൂന്തോട്ടങ്ങളിലെ അംഗമാണ്‌. സന്ധ്യാനേരത്ത്‌ പൂക്കളുടെ നറുമണം നമ്മുടെ വീട്ടു മുറ്റത്തും അനുഭവപ്പെടാൻ കല്യാണ സൗഗന്ധികം പോലുള്ള നാടൻ ചെടികൾ ഉപകരിക്കും.

പൂന്തോട്ടത്തില്‍ ഔഷധ സസ്യങ്ങള്‍ വളര്‍ത്താം

നിങ്ങള്‍ക്ക്‌ സ്വന്തമായി ചെടികള്‍ വളര്‍ത്താന്‍ സ്ഥലമുണ്ടെങ്കില്‍ സാധാരണ കാണപ്പെടുന്ന റോസ, ചെമ്പരത്തി തുടങ്ങിയവയ്‌ക്ക്‌ പകരം താഴെ പറയുന്ന ഔഷധ സസ്യങ്ങള്‍ പരീക്ഷിച്ചു നോക്കാം.

കര്‍പ്പൂരവള്ളി: കര്‍പ്പൂരവള്ളിയുടെ ഔഷധഗുണങ്ങള്‍ ഏറെ അറിയപ്പെടുന്നതാണ്‌. . ഉറക്കമില്ലായ്‌മ അനുഭവിക്കുന്നവര്‍ക്ക്‌ സഹായകരമാകുന്ന ഔഷധമാണിത്‌. ഒരിക്കല്‍ ഈ ചെടി പൂവിട്ടാല്‍ ഇവ ഉണക്കി സൂക്ഷിക്കാം. ഭക്ഷണങ്ങളെ അലങ്കരിക്കാനും സുഗന്ധകൂട്ടായും ഇവ ഉപയോഗിക്കാറുണ്ട്‌.

കറ്റാര്‍ വാഴ : ഔഷധ സസ്യങ്ങള്‍ പൂന്തോട്ടത്തില്‍ വേണമെന്ന്‌ ആഗ്രഹിക്കുന്നുവെങ്കില്‍ കറ്റാര്‍ വാഴ തീര്‍ച്ചയായും ഉണ്ടായിരിക്കണം. ചൊറിച്ചിലും ചുവപ്പുമുള്ള ചര്‍മ്മത്തിന്‌ ആശ്വാസം നല്‍കാന്‍ കറ്റാര്‍വാഴ നീര്‌ ഉപയോഗിക്കാറുണ്ട്‌. ഇത്‌ കഴിക്കാനും നല്ലതാണ്‌. കറ്റാര്‍ വാഴ വളര്‍ത്താന്‍ അമിതമായ ശ്രദ്ധ നല്‍കേണ്ട ആവശ്യമില്ല, വല്ലപ്പോഴും വെള്ളം നല്‍കിയാലും ഇത്‌ വളര്‍ന്നു കൊള്ളും.

കര്‍പ്പൂരതുളസി : കര്‍പ്പൂര തുളസിയുടെ ഗന്ധം നിങ്ങളുടെ പൂന്തോട്ടത്തിന്‌ ഉണര്‍വ്‌ നല്‍കും. സുഗന്ധത്തിന്‌ പുറമെ തലവേദന ഭേദമാക്കാനും സമ്മര്‍ദ്ദത്തെ ചെറുക്കാനും ദഹനക്കേടിനും ഇവ വളരെ മികച്ചതാണ്‌. പതിവായി കുടിക്കുന്ന ചായയിലോ മറ്റ്‌ പാനീയങ്ങളിലോ ചേര്‍ത്ത്‌ ഇവ കഴിക്കാവുന്നതാണ്‌.

തുളസി: നിങ്ങള്‍ക്കിവ ഭക്ഷണത്തിലും ഉപയോഗിക്കാം .അതിനാല്‍ കൈഎത്തും ദൂരത്ത്‌ ഉണ്ടായിരിക്കേണ്ട ഔഷധങ്ങളില്‍ ഒന്നാണിത്‌. രോഗപ്രതിരോധത്തിനും മുഖക്കുരു , നീര്‌ , ദഹനക്കേട്‌ എന്നിവ പരിഹരിക്കാനും തുളസി ഉപയോഗിക്കാം.

കരിനൊച്ചി വീട്ടില്‍ വളർത്താം

കരിനൊച്ചി നടുവേദനയ്ക്ക് ഒറ്റമൂലിയാണ്. വീട്ടുവളപ്പിൽ അനായാസം നട്ടുവളർത്താവുന്ന ഇതിന്‍റെ ഇലകളാണ് പ്രധാനമായും ഔഷധാവശ്യത്തിന് ഉപയോഗിക്കുക. കരിനൊച്ചിയും വെള്ളനൊച്ചിയുമെന്നു രണ്ടിനങ്ങളാണുള്ളത്. ഇല, വേര്, തൊലി, കായ് എന്നിവ ഔഷധാവശ്യത്തിന് ഉപയോഗിക്കുന്നു. കരിനൊച്ചിയുടെ വിത്തു കിളിർപ്പിച്ചുള്ള തൈകളും ചില്ലകളുമാണ് നടീൽവസ്തുക്കൾ. തനിവിളയായോ ഇടവിളയായോ വേലിച്ചെടിയായോ ഇത് നട്ടുവളർത്താം. മൂന്നു മീറ്റർ അകലത്തിൽ 45X45X45 സെന്റീമീറ്റർ വലുപ്പത്തിൽ കുഴിയെടുത്തതിൽ ജൈവവളങ്ങൾ ചേർത്ത് തൈ നടുക. മഴക്കാലാരംഭമാണ് നടീലിനു പറ്റിയ സമയം. വർഷംതോറും രണ്ടു തവണകളായി ജൈവവളം ചേർക്കണം. രണ്ടാംവർഷം തുടങ്ങി പത്താംവർഷംവരെ വിളവെടുക്കാം. വാതം മൂലമുള്ള നീരും വേദനയും കുറയ്ക്കാൻ കരിനൊച്ചിക്കു കഴിയും. ഇല വെള്ളത്തിലിട്ടു തിളപ്പിച്ച് ആവികൊണ്ടാൽത്തന്നെ വേദന ശമിക്കുംഇലയിൽ ധന്വന്തരം തൈലം പുരട്ടി ചൂടാക്കി വേദനയുള്ള ഭാഗത്ത് കിഴി കുത്തുന്നതും ഫലപ്രദമാണ്. സന്ധികളിലുണ്ടാകുന്ന വാതനീര് കുറയാൻ കരിനൊച്ചിയില അരച്ചിട്ടാൽ മതി. നിരവധി കഷായങ്ങളിൽ കരിനൊച്ചി ചേരുവയാണ്. വലിയ പരിചരണമില്ലാതെ തന്നെ നന്നായി വളരുമെന്നതിനാൽ നഴ്സറികളിൽനിന്നോ കൃഷിക്കാരിൽനിന്നോ വേരു പിടിപ്പിച്ചതോ വിത്തിട്ടു കിളിർപ്പിച്ചതോ ആയ തൈകൾ വാങ്ങി നട്ട് വളർത്താം.

കാബേജില്‍ നിന്ന് വരുമാനമുണ്ടാക്കാം

നമ്മുടെ വീട്ടിലെ തൊടിയില്‍ കാബേജ് കൃഷി ചെയ്യാം. ഒരു ശീതകാല പച്ചക്കറി വിളയാണ്  കാബേജ്.  നമ്മുടെ നാട്ടിലെ എല്ലാ ഭാഗങ്ങളിലും കൃഷിയിറക്കി നല്ല രുചികരമായ വിഷമില്ലാത്ത, കാബേജു  നമുക്ക് പറിച്ചെടുത്ത് ഉപയോഗിക്കാം. കഴിഞ്ഞ കുറച്ചുവര്‍ഷമായി നമ്മുടെ കേരളത്തില്‍ ഇവ വിജയകരമായി കൃഷിയിറക്കി ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്‌ കേരള കാര്‍ഷിക സര്‍വകലാശാല വി.എഫ്.പി.സി. കെ. കൃഷിവകുപ്പും എന്നിവയുടെ ഊര്‍ജിത ശ്രമഫലമായി ഇതിന്‍റെ കൃഷി ഏറെ പ്രചാരം നേടിയിട്ടുണ്ട്. ശരിയായ കാലയളവില്‍ വിത്ത് പാകി, തൈ കിളിര്‍പ്പിച്ച് നട്ടാലെ ഈ വിളകള്‍ വിജയകരമാവൂ. ഇതിനിപ്പോള്‍ നല്ല സമയമാണ്.

കാബേജില്‍ എന്‍.എസ് .183, കോളി ഫ്ളവറില്‍ ബസന്ത് എന്നീയിനങ്ങള്‍ ഇവിടെ നന്നായി പിടിച്ചുകിട്ടും.ഒക്ടോബര്‍ മുതല്‍   ജനുവരി ഫെബ്രുവരി വരെയാണ് ഏറ്റവും യോജിച്ച സമയം. സങ്കരയിനങ്ങളുടെ വിത്താണെങ്കില്‍ ഒരു ഹെക്ടറിന് 250 ഗ്രാം വിത്തുവേണം. ഒരു സെന്‍റില്‍ നടുന്നയവസരത്തില്‍ രണ്ട് മൂന്ന് ഗ്രാം വിത്താവശ്യമാണ്. ചെറിയ കടുകുമണി മാതിരിയാണ് കാബേജ്, വിത്തുകള്‍. . വിത്ത് വളരെ ശ്രദ്ധ നല്‍കി പാകിയാലെ കിളിര്‍ക്കൂ. മാത്രമല്ല തൈകള്‍ നല്ലശ്രദ്ധ നല്‍കി പരിചരിച്ച് പ്രധാന കൃഷിയിടത്തിലേക്ക് മാറ്റി നടുന്നതിലും ശ്രദ്ധവേണം. നല്ല വൃത്തിയുള്ള ഭാഗത്ത് തവാരണയുണ്ടാക്കണം.

തുറസ്സായ സ്ഥലത്തോ, ഷെയ്ഡ് നെറ്റിലോ തൈകള്‍ ശരിയാക്കാം. വിത്ത് പാകിയാല്‍ നാലഞ്ചുദിവസം കൊണ്ട് തൈമുളച്ചുവരും. എട്ട്  പത്ത് സെന്‍റിമീറ്റര്‍ ഉയരം വരുന്ന തൈകള്‍ 25 ദിവസമായാല്‍ പിഴുത് നീക്കി നടാം. മണ്ണ്, മണല്‍, ചാണകപ്പൊടി ഇവയാവശ്യത്തിന് ചേര്‍ത്തിയ തവാരണയില്‍ട്രൈക്കോഡെര്‍മ മിശ്രിതം കൂടി ചേര്‍ത്താല്‍ നല്ലതാണ്. സൂഡോമോണസ് മിശ്രിതം തവാരണയില്‍ ചേര്‍ക്കുന്നതും നല്ലതാണ്. ഇവ ലഭിച്ചില്ലെങ്കില്‍ ഫൈറ്റോലാന്‍റ് എന്ന കുമിള്‍നാശിനി നാല് ഗ്രാമെടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി, തവാരണയില്‍ ഒഴിച്ചിളക്കിയിടണം. ഇങ്ങനെയുള്ള ഭാഗത്ത് 10 ദിവസശേഷം മാത്രമേ വിത്തിടാവൂ.

പോളിട്രേകളിലും ചെടിച്ചട്ടികളിലും മിശ്രിതം നിറച്ചും വിത്ത് പാകാം.തൈകള്‍, മുളച്ചുവന്നാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ 10 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചാല്‍ നല്ല വളര്‍ച്ച ലഭിക്കും. രാസവളം, കുമിള്‍ നാശിനി, ഇവ ഉപയോഗിക്കുമ്പോള്‍, സ്യൂഡോമോണസ് ഒന്നിച്ച് പ്രയോഗിക്കരുത്. മുളച്ചുവരുന്നതൈകള്‍, കുമിള്‍ ശല്യം നിമിത്തം ചീയാന്‍ സാധ്യതയുണ്ട്. ഇതിന് വിത്ത്, തവാരണയില്‍ വരിവരിയായി പാകണം. മണ്ണില്‍ കുമിള്‍നാശിനി ഒഴിച്ചശേഷം വിത്തിട്ടാലും കടചീയല്‍ രോഗം വരില്ല. സ്യൂഡോമോണാസ് തളിച്ചാല്‍ നല്ലതാണ്.ഇനി ജൈവമല്ലായെങ്കില്‍ ഫൈറ്റോലാന്‍ നാലുഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കണം. ഇലതീനി ശല്യം വന്നാല്‍ പുഴുക്കളെ പിടിച്ചു നശിപ്പിക്കുന്നതാണുത്തമം.

അല്ലെങ്കില്‍ ഗോമൂത്രം, കാന്താരിമുളക് ലായനി തളിച്ചാല്‍ മതി. .നല്ല സൂര്യപ്രകാശവും നീര്‍വാര്‍ച്ചയും കിട്ടുന്ന മണ്ണില്‍ കാബേജ്  നല്ല വിളവ് തരുമെന്ന് കണ്ടിട്ടുണ്ട്. ഒരടി വീതി, അരയടി താഴ്ച ആവശ്യത്തിന് നീളമുള്ള രണ്ടടിയകലത്തിലെടുത്ത ചാലുകളില്‍ മണ്ണ്, കാലിവളം, കമ്പോസ്റ്റ് ഇവ ചേര്‍ത്തിളക്കിയിടണം. ഇവയിട്ട് ചാലിന്‍റെ മുക്കാല്‍  ഭാഗം മൂടണം. ഇതില്‍ ഒന്നരയടിയകലത്തില്‍ തൈകള്‍ നടാം. തണല്‍ കുത്തി, നന മൂന്നു നാല് ദിവസത്തേക്ക് നല്‍കാനും മറക്കരുത്.

രാസവളം ചേര്‍ക്കാന്‍ താത്പര്യമുള്ളവര്‍ തൈനടീല്‍ കഴിഞ്ഞ് പത്ത് ദിവസമാകുമ്പോള്‍ ഒരു സെന്‍റിന് ഒരു കിലോ ഫാക്ടംഫോസ് അരകിലോ പൊട്ടാഷും ചേര്‍ക്കണം. ആദ്യത്തെ വളം ചേര്‍ത്തതിനുശേഷം 35 ദിവസമായാല്‍ ഒരു കിലോ.ഗ്രാം ഫാക്ടംഫോസ് മാത്രമായി ചേര്‍ക്കാം. വളമിട്ട്, മണ്ണ് കയറ്റിയിടണം. ജൈവവളം മാത്രം നല്‍കുന്നവര്‍, വേപ്പിന്‍പ്പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, മണ്ണിരവളം ഇവ നല്‍കണം. മഴയുടെ തോതനുസരിച്ച് നന ക്രമീകരിക്കണം. ഒന്നിടവിട്ട ദിവസങ്ങളില്‍ നനക്കുന്നതാണ് നല്ലത്. തൈകള്‍ നട്ട് 55-60 ദിവസമായാല്‍ കാബേജും വിളവെടുക്കാം. കാബേജ് വളര്‍ച്ചയായാല്‍ വിളവെടുക്കണം. കുറച്ച് താത്പര്യം, നല്ല വിത്തിന്റെ ലഭ്യത, ശ്രദ്ധിച്ചുള്ള വിത്തിടലും തൈനടീലും ഇവയെല്ലാം ഒരുമിച്ചാല്‍ കാബേജും  നമ്മുടെ പറമ്പിലും നന്നായി വളരും.

രോഗം തടയാന്‍ പച്ചക്കറികളിലും ഗ്രാഫ്റ്റ് തൈകള്‍

 

 

 

 

 

 

ഗ്രാഫ്റ്റ്ചെയ്ത് തൈകള്‍ ഉണ്ടാക്കുക സാധാരണയായി വിവിധ ഫലവര്‍ഗവിളകളിലാണെന്നാണ് നമുക്കുള്ള പൊതുധാരണ. അത്യുല്‍പ്പാദനശേഷിയുള്ളതും, രോഗപ്രതിരോധശേഷിയുള്ളതും, സ്വാദിഷ്ടമായ ഇനങ്ങളുമെല്ലാം ഉണ്ടാക്കാന്‍ കാര്‍ഷിക ഗവേഷകര്‍ കണ്ടെത്തിയതാണ് ഗ്രാഫ്റ്റിങ് രീതി. എന്നാല്‍ ഈ രീതി പച്ചക്കറികളിലും സ്വീകരിക്കാമെന്ന് മണ്ണൂത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ പരീക്ഷണം തെളിയിച്ചിരിക്കുകയാണ്.

തക്കാളി, മുളക്, വഴുതിന എന്നിവയിലാണ് ഇത് പ്രയോഗിച്ചത്. ഈ ഇനങ്ങള്‍ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നം വാട്ടരോഗത്തിന് എളുപ്പം വിധേയമാകുന്നു എന്നതാണ്. വലിയ നഷ്ടമാണ് ഈ രോഗം വരുത്തുന്നത്. ഒരുതരം ബാക്ടീരിയയാണ് ഈ രോഗം ഉണ്ടാക്കുന്നത്.

മണ്ണിലാണ് ഇവയുടെയും അധിവാസം. ചെടിയുടെ വേരിലും മറ്റും ഉണ്ടാകുന്ന ചെറിയമുറിവുകളിലൂടെ ഈ ബാക്ടീരിയ ചെടിയുടെ അകത്തുകടന്ന് വംശവര്‍ധന നടത്തിചെടികള്‍ക്ക് ഭക്ഷണം വലിച്ചെടുത്ത് മുകളിലേക്കു കൊടുക്കാന്‍തടസ്സമുണ്ടാക്കുന്നു. ഇതുമുലമാണ് ചെടി വാടുന്നത്. ഇവയെ തടയാന്‍ആന്റിബയോട്ടിക്കുകളും മറ്റു പ്രയോഗിക്കുന്ന രീതിയാണ് നിലവിലുള്ളത്.

ഇതിനുപകരം ബാക്ടീരിയയെ ചെറുക്കാന്‍കഴിവുള്ള നമ്മുടെ പ്രദേശത്തെ ചുണ്ടച്ചെടിയില്‍ ഗ്രാഫ്റ്റ് ചെയ്യുന്നതാണ് പുതിയ സാങ്കേതികരീതി. ഇതിന് ചുണ്ടയുടെ വിത്ത് മുന്‍കൂട്ടി പ്രോട്രേകളില്‍ പാകി മുളപ്പിക്കും. ഒരുമാസം കഴിയുമ്പോള്‍ 10-12 സെ. മീ. ഉയരമെത്തിയാല്‍ ഗ്രാഫ്റ്റ് ചെയ്യാം. ഒട്ടിക്കാനാവശ്യമായ തക്കാളി, വഴുതിന, മുളക് എന്നിവയുടെ വിത്ത് പാകിമുളപ്പിച്ച്‌ 10-12 സെ. മീ. ഉയരത്തില്‍ വളര്‍ന്നാല്‍ ഇവ മുറിച്ചെടുത്ത് ചുണ്ടയുടെ തൈകള്‍ അഞ്ചു സെ. മീറ്റര്‍ നിര്‍ത്തി മുറിച്ച്‌ ആ ഭാഗം പിളര്‍ന്ന് അതിനകത്ത് പച്ചക്കറി ചെടിയുടെ തലപ്പ് ആപ്പുപോലെ മുറിച്ച്‌ കയറ്റിവച്ച്‌ കെട്ടിനിര്‍ത്തുന്നതാണ് രീതി. ഇവയെ പിന്നീട് മിസ്റ്റ് ചേംബറിലും പോളിഹൌസിലും രണ്ടാഴ്ച സൂക്ഷിച്ചശേഷമാണ് നടാനായി ഉപയോഗിക്കുക. ഗ്രാഫ്റ്റ്ചെയ്ത ഭാഗത്തിനു താഴെനിന്ന് ചുണ്ടയുടെ ഭാഗം മുളച്ചുവരുന്നുവെങ്കില്‍ അവ നുള്ളിക്കളയണം. ഗ്രാഫ്റ്റ് ഭാഗം മണ്ണിനുമുകളില്‍ നില്‍ക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഇവ ഒന്നുംതന്നെ വാടിനശിക്കില്ല.

ഗ്രാഫ്റ്റിങ് അല്‍പ്പം ശ്രദ്ധിച്ചാല്‍ ആര്‍ക്കും വശത്താകാവുന്നതേയുള്ളു. പരിശീലിച്ചാല്‍ ഒരാള്‍ക്ക് ഒരുദിവസം 600-800 വരെ തൈകള്‍ ഗ്രാഫ്റ്റ്ചെയ്യാമെന്നും സര്‍വകലാശാല പറയുന്നു. കാര്‍ഷിക സര്‍വകലാശാല മണ്ണൂത്തിയുമായി ബന്ധപ്പെട്ട് ഈ രീതി മനസ്സിലാക്കി, പരിശീലനം നേടിയാല്‍ നമ്മുടെ കൃഷിയിടങ്ങളില്‍ വാട്ടരോഗമില്ലാത്ത ഇത്തരം പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും.

അത്ഭുത ഗുണമുള്ള ശീമച്ചക്ക

ഒരു കാലത്ത് കേരളത്തിലെ ഏതൊരു വീട്ടുവളപ്പിലും കണ്ടിരുന്ന മരം ആണ് കടച്ചക്കമരം (ശീമച്ചക്ക). ഇന്ന് വളരെ വിരളമായേ നമ്മുടെ നാട്ടിൽ ഇതുള്ളു. സൂപ്പർമാർക്കറ്റുകളിൽ പോയാൽ പോലും ഇത് വാങ്ങാൻ കിട്ടില്ല എന്ന അവസ്ഥയാണ്. എന്നാൽ ഇതൊരു അത്ഭുത ഫലമാണ് എന്ന് നമ്മിൽ എത്രപേർക്കറിയാം? മൂന്നു കിലോയോളം തൂക്കം വയ്ക്കുന്ന ഈ ഫലം കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, വിറ്റാമിൻ എന്നിവയാൽ സമ്പന്നമാണ്. പോളിനേഷ്യയിൽ ഒരു വീട്ടിൽ ഒരു കുട്ടി ജനിക്കുമ്പോൾ ഒരു കടച്ചക്ക നടുക എന്ന സമ്പ്രദായം ഇന്നും മുടങ്ങാതെ തുടരുന്നുണ്ട്, കാരണം ജനിക്കുന്നകുട്ടിക്ക് ജീവിതമാലം മുഴുവൻ കഴിക്കാനുള്ള ഭക്ഷണം ഈ വൃക്ഷം പ്രദാനം ചെയ്യും എന്ന് പോളിനേഷ്യക്കാർ വിശ്വസിക്കുന്നു. ആ വിശ്വാസം അസ്ഥാനത്തല്ല എന്നതിന്റെ തെളിവുകൾ പല പഠനങ്ങളിലൂടെയും പുറത്തു വന്നു കഴിഞ്ഞു. വലുപ്പമേറിയതും ആകര്‍ഷകവുമായ ഈ ഫലം ഭാവിയുടെ ഭക്ഷണമായി മാറിക്കൊണ്ടിരിക്കുകയാണ്. ആർട്ടോകാർപസ് ആൾട്ടിലിസ്സ് എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന, നാട്ടിൽ സുലഭമായി കാണപ്പെട്ടിരുന്ന ഈ കടച്ചക്ക കരീബിയന് രാജ്യമായ ജമൈക്കയിലെ ജനങ്ങളുടെ ഇഷ്ടഭക്ഷണമാണ്. അതുകൊണ്ടു തന്നെ അവർ കടച്ചക്ക വൻതോതിൽ ഇറക്കുമതി ചെയ്യുന്നുമുണ്ട്.

നോർത്ത് വെസ്റ്റ് യൂണിവേഴ്സിറ്റിയും ചിക്കാഗോയിലെ ഡോ. നൈർ സെറെഗയും ചേർന്നാണ് ഗവേഷണ പ്രവർത്തനങ്ങൾ നടത്തിവരുന്നത്. 34 രാജ്യങ്ങളില്‍ നിന്നും നൂറുകണക്കിന് വ്യത്യസ്ഥ കടച്ചക്കകൾ ഇതിനോടകം സംഘം പരിശോധിച്ചു കഴിഞ്ഞു. ഒരു കുടുബത്തിന് വേണ്ട മുഴുവൻ കാർബോ ഹൈഡ്രേറ്റും ഒരു ഫലത്തിൽ നിന്നും തന്നെ ലഭിക്കുന്നു എന്നാണ് ഇപ്പോൾ ശാസ്ത്രീയമായി കണ്ടെത്തിയിരിക്കുന്നത്.

പഴവിപണിയിലെ പുതിയ താരം ആപ്പിള്‍പിയര്‍

കടുത്ത വേനലില്‍ നിന്ന് രക്ഷ തേടാന്‍ ആഗ്രഹിക്കുന്നവര്‍ തണ്ണിമത്തനും കക്കരിയും ഓറഞ്ചുമൊക്കെയാണ് പൊതുവേ വാങ്ങിക്കഴിക്കാറ്. എന്നാല്‍ ഈ പഴങ്ങളുടെ കൂട്ടത്തിലേക്ക് ഒരാള്‍ കൂടിയെത്തിയിരിക്കുകയാണ്. ഇളം മഞ്ഞനിറമാണെങ്കിലും ഒറ്റ നോട്ടത്തില്‍ ആപ്പിളെന്ന് തോന്നിക്കുന്ന ഒരു വിദേശി പഴം. ഗോള്‍ഡന്‍ പിയര്‍, ആപ്പിള്‍ പിയര്‍ എന്നൊക്കെയാണ് പേര്.

ഒരിക്കല്‍ വാങ്ങിക്കഴിച്ചവര്‍ ഇത് വീണ്ടും വീണ്ടും വാങ്ങിക്കഴിക്കുന്നു എന്നാണ് പഴക്കച്ചവടക്കാരുടെ സാക്ഷ്യം.
കണ്ടാല്‍ മഞ്ഞ നിറത്തിലുള്ള ആപ്പിള്‍ ആണെന്നു തോന്നും. ഇറക്കുമതി ചെയ്ത ആപ്പിള്‍ പോലെ കുപ്പായമൊക്കെയിട്ട് കുട്ടപ്പനായാണ് കടയിലുണ്ടാവുക. കയ്യിലെടുക്കുമ്ബോള്‍ അറിയും ഭാരത്തിലെ വ്യത്യാസവും.

നാലെണ്ണമാകുമ്പോള്‍ ഒരു കിലോ തൂക്കമാകും മുറിച്ചാല്‍ കത്തിയും പറയും, ഇത് ആപ്പിളല്ല. നിറയെ വെള്ളം. സബര്‍ജല്ലിയുടെ ടെക്സ്ചര്‍. രുചിയും മണവും ഏതാണ്ടതു തന്നെ. എന്നാല്‍ കുറച്ചു കൂടി സോഫ്റ്റ്. സബര്‍ജല്ലിയുള്‍പ്പെടുന്ന പിയര്‍ കുടുംബത്തിലാണ് ജനനം.  സബര്‍ജല്ലിയുടെ കുടുംബത്തില്‍പ്പെട്ട പിയറിന് പൊതുവേ അത്രവലിയ പ്രിയം കേരളത്തിലില്ല.  പിയര്‍ കുടുംബത്തിലെ ഈ താരം ലോക പഴവിപണിയില്‍ത്തന്നെ താരതമ്യേന പുതുമുഖമാണ്. റെഫ്രിജറേററ്റ് ചെയ്യാതെ നീണ്ട കാലംവയ്ക്കാം. രുചികരമാണെന്നു മാത്രമല്ല. ആരോഗ്യത്തിനും ഉത്തമമാണ് ഈ പഴം.ഹൃദ്രോഗികള്‍ക്ക് മികച്ചതാണ്. കൂടാതെ തടികുറയ്ക്കാനും ആപ്പിള്‍ പിയര്‍മികച്ചതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

പേരയ്ക്കയില്‍ ഭീമന്‍ കിലോവെയിറ്റ് പേര

മധ്യഅമേരിക്കയാണ് ജന്മദേശം. ഏത് പ്രതികൂല കാലാവസ്ഥയേയും അതിജീവിക്കും.നല്ല കായ്ഫലം തരും. എല്ലാവര്‍ക്കും പ്രിയപ്പെട്ട പഴമെന്ന ഖ്യാതിയും ഇതിനുണ്ട്. ഗ്രാമ്പൂ, കറുവ, യൂക്കാലിപ്റ്റസ് ഉള്‍പ്പെടുന്ന കുടുംബത്തിലെ ഒരംഗം കൂടിയാണ് സിഡിയം ഗുജാവ എന്ന പേര.

ഇണക്കത്തോടെ ഏതു മണ്ണിലും വളരുവാനുള്ള കഴിവ് ഇതിനുണ്ട്. വലിയബുദ്ധിമുട്ടൊന്നുമില്ലാതെ തന്നെ മുറ്റത്ത് വളര്‍ത്താം. വിറ്റമിന്‍ എ, ബി, സി എന്നിവയാല്‍ സമ്പന്നമാണ്. 100 ഗ്രാം പേരയ്ക്കയില്‍ ഒരു ഗ്രാം വിറ്റാമിന്‍ സിയുണ്ട്.ഓറഞ്ചിനേക്കാള്‍ അഞ്ചിരട്ടി വിറ്റാമിന്‍ സിയാണ് ഇതിലുള്ളത്. കുട്ടികള്‍ക്ക്ഇഷ്ടപ്പെട്ട പഴവും ഇതുതന്നെ. ദഹനേന്ദ്രിയത്തിന് ഉത്തേജനം നല്‍കാനുംഹൃദയത്തിന് ബലം കൂട്ടാനും വയറ്റിലെ വിരകളെ പുറന്തള്ളാനും പേരയ്ക്കഉത്തമമാണ്.

ഗര്‍ഭിണികള്‍ പേരയ്ക്ക കഴിക്കുന്നത് കുഞ്ഞിന്‍റെ വളര്‍ച്ചയ്ക്കും മുലപ്പാല്‍ വര്‍ദ്ധനവിനും ഉപകരിക്കും. മൂപ്പെത്താത്ത പേരയ്ക്ക വൈകിട്ട്പറിച്ച് പൊട്ടിച്ച് വെള്ളത്തിലിട്ട് അതിരാവിലെ  ഊറ്റിയെടുത്ത് വെള്ളംകുടിച്ചാല്‍ പ്രമേഹത്തിന് നിയന്ത്രണമുണ്ടാകും. ഇലയുടെ നീരെടുത്ത്സേവിക്കുന്നത് ദഹന സംബന്ധമായ അസുഖങ്ങള്‍ അകറ്റും. പിത്തരോഗികള്‍ക്കും ഇത്നല്ലതാണ്. കണ്ണിന് കാഴ്ച കൂടൂം. മലബന്ധത്തിന് ശമനമുണ്ടാകും.

പലതരം നാടന്‍ ഇനങ്ങളും അത്യുത്പാദനശേഷി ഉള്ളതുമായ ഒട്ടനവധി പേരയിനങ്ങളുംഉണ്ട്. അലഹബാദ് സഫേദ്, ലക്‌നൗ, സര്‍ദാര്‍, ലക്‌നൗ 49, ചിട്ടിദാര്‍, റഡ്ഫഌ്ഡ്, നാഗ്പൂര്‍ സഹറാന്‍പൂര്‍ എന്നിവ ചിലതു മാത്രമാണ്. ഇവയ്ക്ക് പുറമേ അരക്കിലോയോളം തൂക്കം വരുന്ന ഭീമനായ കിലോവെയിറ്റ് എന്നറിയപ്പെടുന്നബാംഗ്ലൂര്‍ ഇനവും നാട്ടില്‍ പ്രചാരത്തിലുണ്ട്. പേരയ്ക്കയില്‍ മികച്ചത്കിട്ടുന്നത് അലഹബാദിലാണ്.

നന സൗകര്യമുണ്ടെങ്കില്‍ പേര എപ്പോഴും നടാം.വിത്തിട്ട്കിളിര്‍പ്പിച്ചാല്‍ തൈകള്‍ കായ്ക്കാന്‍ കാലതാമസംനേരിടുമെന്നതിനാല്‍ പതിവച്ച തൈകളാണ് നല്ലത്. മികച്ച ഇനങ്ങളുടെഉപശിഖരങ്ങളാല്‍ വായവ പതിവച്ചാണ് ഒട്ടുതൈകള്‍ ഉണ്ടാക്കുന്നത്.

തൈകള്‍ തമ്മില്‍ ആറു മീറ്റര്‍ അകലത്തില്‍ നടുന്ന രീതി അവലംബിച്ചാല്‍മതി. കുഴിയില്‍ ഒരു ഭാഗം ആറ്റ് മണല്‍ ചേര്‍ത്താല്‍ പെട്ടെന്ന് വേരോട്ടംകിട്ടും. കഴിയുന്നതും കുഞ്ഞുതൈകള്‍ വാങ്ങി നടാതെ ചട്ടിയില്‍ വളര്‍ന്നുനില്‍ക്കുന്ന ഒരു മീറ്ററെങ്കിലും ഉയരമുള്ളവ വാങ്ങി നട്ടാല്‍ രണ്ടാം കൊല്ലംമുതല്‍ പഴം പറിക്കാം.

നട്ടശേഷം പുതിയ കിളിര്‍പ്പുകള്‍ വന്നാല്‍ ഒരു മീറ്ററിന് താഴെയുള്ള ശിഖരങ്ങള്‍ നീക്കം ചെയ്യണം. വര്‍ഷം തോറും മഴയ്ക്കു മുമ്പായി ഒരു ചുവടിന് 50 കിലോ ജൈവവളവും അരകിലോ വീതം യൂറിയ, സൂപ്പര്‍ ഫോസ്‌ഫേറ്റ്, പൊട്ടാഷ് എന്നിവചുവട്ടില്‍നിന്നും ഒരു മീറ്റര്‍ അകലത്തില്‍ വട്ടത്തിലിട്ട് മണ്ണ് ഇളക്കികൊടുക്കണം.

ഒട്ടു തൈകള്‍ ആറാം മാസത്തില്‍ പൂവിടുമെങ്കിലും വളര്‍ച്ച മുരടിക്കാതിരിക്കാന്‍ പൂക്കളെ അടര്‍ത്തി കളയണം. ഒരു വര്‍ഷത്തിന് ശേഷംവരുന്ന കായ്കളെ നിലനിര്‍ത്തണം. സാധാരണ മരത്തില്‍ ഒരു കൊമ്പില്‍ ഒന്നും രണ്ടും കായ്കള്‍ കാണുമ്പോള്‍ കിലോ വെയിറ്റ് പേരയില്‍ ഒരു ഞെട്ടില്‍നാലെണ്ണം വരെയുണ്ടാകും.

വിളവെടുപ്പിനുശേഷം അരക്കിലോ വീതം എല്ലുപൊടിയും വേപ്പിന്‍പിണ്ണാക്കുംനല്‍കിയാല്‍ വീണ്ടും പൂക്കള്‍ വന്ന് വര്‍ഷം മുഴുവന്‍ കായ്കള്‍ കിട്ടും.

കായയുടെ നിറം പച്ചയില്‍നിന്നും മഞ്ഞകലര്‍ന്ന പച്ചനിറമാകുമ്പോള്‍പറിച്ചെടുത്ത് പഴുപ്പിക്കാം. കുറച്ച് വിത്തും മാധുര്യമേറിയ കുഴമ്പും കിലോവെയിറ്റ് പേരയുടെ സവിശേഷതയാണ്.

വീട്ടുമുറ്റത്തെ പാവയ്ക്ക

പാവയ്ക്കയുടെ കയ്പ്പ് നമുക്ക് എന്നും മധുരമുള്ള രുചിയാണ്. ഇന്ത്യയില്‍ തന്നെ രൂപമെടുത്ത പാവയ്ക്ക ഔഷധ, പോഷക ഗുണങ്ങളുടെയും കാര്യത്തില്‍ മുന്നിലാണ്. ഇരുമ്പ്, കാത്സ്യം,പ്രോട്ടീന്‍, ജീവകങ്ങളായ എ,ബി, സി എന്നിവയുടെ കലവറയാണ് പാവല്‍.

പ്രമേഹത്തെ നിയന്ത്രിക്കാന്‍ ശേഷിയുള്ള കരാന്‍റിന്‍ എന്ന രാസവസ്തുവും അടങ്ങിയിട്ടുള്ള പാവയ്ക്ക അര്‍ശസ്,അസ്തമ,വിളര്‍ച്ച എന്നിവയ്ക്കും ഫലപ്രദമാണ്.

പ്രധാന ഇനങ്ങള്‍

പ്രിയ,പ്രീതി,പ്രിയങ്ക,സി ഒ 1,എം ഡി യു 1 എന്നിവയാണ് പാവലിന്‍റെ പ്രധാന ഇനങ്ങള്‍. കേരളകാര്‍ഷിക ഗവേഷണശാല വികസിപ്പിച്ചെടുത്ത പ്രിയ,പ്രീതി,പ്രിയങ്ക എന്നിവ കേരളത്തിലെ കൃഷിക്ക് മികച്ചയിനങ്ങളാണ്.

വിത്ത് തിരഞ്ഞെടുക്കുമ്പോള്‍

വിത്തിനുവേണ്ടിയാണ് കൃഷി നടത്തുന്നതെങ്കില്‍ ഒക്ടോബര്‍,നവംബര്‍ മാസങ്ങളില്‍ കൃഷി ചെയ്യുന്നതാണ് നല്ലത്. പഴുത്ത പാവയ്ക്കയില്‍ നിന്നും വിത്തെടുത്ത് കഴുകി കഴിയുമ്പോള്‍ വെള്ളത്തില്‍ പെങ്ങിക്കിടക്കുന്ന വിത്ത് ഉപേക്ഷിക്കണം.ബാക്കിയുള്ളവ ചാരംപുരട്ടി ആദ്യം തണലിലും പിന്നീട് ഇളം വെയിലത്തും ഉണങ്ങിയെടുക്കണം.

രുചിക്കും ദഹനത്തിനും കുക്വാറ്റ്‌ പഴം

നാരകവർഗ്ഗത്തില്‍ പെട്ട കുക്വാറ്റ്‌ പഴം മനോഹരമായ ഇലകളും കായ്കളും കാണുന്നു. ഇതിന്‍റെ ശാസ്ത്രിയ നാമം ‘ഫോർച്ചു നെല്ലാ മാർഗരീത’ എന്നാണ്. സ്വദേശം തായ്‌ലാൻഡാണ്. ഈജിപ്ത്, ഇസ്രായേൽ എന്നിവിടങ്ങളിലും ലഭ്യമാണ്.കായ്കള്‍ക്ക് മധുരവും, എരിവും, പുളിയും കലർന്ന രുചിയാണ്. പഴുക്കുമ്പോൾ മഞ്ഞനിറമാകുന്നു. ഭാഗിക തണലിൽ വളരുന്ന ചെടിയാണ് ഇത്.  ഭക്ഷണശേഷം കഴിച്ചാൽ വായ് ശുചിയായി ദഹനം സുഗമമാകും.

കൃഷിരീതി

ജൈവവളങ്ങൾ ചേർത്ത് തടമൊരുക്കണം. ഒട്ടുതൈകൾ നടുകയാണ് അഭികാമ്യം. ദിവസേന നന നല്‍കുന്നതും നല്ലതാണ്. വലിയ ചെടിച്ചട്ടികളിൽ മേല്‍മണ്ണ്, മണല്‍, ജൈവവളം എന്നിവ ചേർത്തിളക്കിയ മിശ്രിതം നിറച്ചും തൈകൾ നടാം. രണ്ടു വർഷത്തിനുള്ളിൽ ഇവ കായ്പിടിച്ചുതുടങ്ങും. പഴവർഗ്ഗ സ്‌നേഹികളായ വിദേശമലയാളികൾ പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഇവ കൃഷി ചെയ്തു വരുന്നു.

ഒറിഗാനോ കൃഷി ചെയ്യാം

പുതുതലമുറയുടെ ഇഷ്ട വിഭവങ്ങള്‍ക്ക് രുചിയും മണവും ഗുണവും നല്‍കാന്‍ ചേര്‍ക്കുന്ന ഒറിഗാനോ നമുക്കും വളര്‍ത്താം. ഇതിന്‍റെ ജന്മദേശം തെക്കുപടിഞ്ഞാറന്‍ യുറേഷ്യ ആണ്. പുതിനയുടെ കുടുംബമായ ലാമിയേസിയിലെ അംഗമാണ് ഒറിഗാനോ. ശാസ്ത്രനാമം ഒറിഗാനം വള്‍ഗേര്‍.

വിത്തുകള്‍ പാകിയും കമ്പുകള്‍ മുറിച്ചുനട്ടുമാണ് വളര്‍ത്തുന്നത്. വിത്തുകള്‍ പാകി പറിച്ചുനടുകയാണ് ചെയ്യേണ്ടത്. വിത്തുകള്‍ പാകാന്‍ 1 ഭാഗം ചാണകപ്പൊടി, 2 ഭാഗം മണല്‍, 4 ഭാഗം മേല്‍മണ്ണ് എന്ന അനുപാതത്തില്‍ മിശ്രിതം തയ്യാറാക്കണം. ചാണകത്തിന് പകരം കമ്പോസ്റ്റും, മണലിന് പകരം പാകപ്പെടുത്തിയ ചകിരിച്ചോറും ഉപയോഗിക്കാം.

സ്യൂഡോമോണാസ് 20 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി മണ്ണില്‍ നനച്ച ശേഷം വിത്ത് പാകാം. വിത്ത് പാകി 2 ഇഞ്ച് നീളം ആകുമ്പോള്‍ ഓരോ ചട്ടിയില്‍ ഒരു ചെടി വച്ച്‌ നടാം.

ഒറിഗാമിയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ പി.എച്ച്‌ 6 മുതല്‍ 8 വരെയാണ്. 30 സെ.മീ അകലത്തിലാണ് നടുന്നത്. വരണ്ട മണ്ണ്, നല്ല സൂര്യപ്രകാശം, വരണ്ട കാലാവസ്ഥ എന്നിവയാണ് അനുയോജ്യമെങ്കിലും മറ്റു കാലാവസ്ഥകളിലും ഇത് വളരും. കാലാവസ്ഥ, മണ്ണ് എന്നീ ഘടകങ്ങള്‍ എല്ലാം ഇതിന്‍റെ വാസനയുള്ള എണ്ണയുടെ ഗുണത്തെ ബാധിക്കും.

ഒറിഗാനോയുടെ ഫ്ളേവര്‍ നല്‍കുന്ന രാസപദാര്‍ത്ഥങ്ങള്‍ കാര്‍വക്രോള്‍,തൈമോള്‍,ലിമോണിന്‍,പൈനിന്‍,ഒസിമൈന്‍,കരിയോഫില്ലിന്‍ എന്നിവയാണ്.

ഉപയോഗം

ഇറ്റലി,അമേരിക്ക തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ ഔഷധ ഗുണമുള്ള ഭക്ഷണമൊരുക്കാന്‍ ഒറിഗാനോ ഉപയോഗിക്കുന്നു. വറുത്തതും പൊരിച്ചതും ഗ്രില്‍ ചെയ്തതുമായ പച്ചക്കറികള്‍ , ഇറച്ചി, മീന്‍ എന്നിവയില്‍ ഉപയോഗിക്കുന്നു. ഉണക്കിപൊടിച്ച ഇലകള്‍ ഗ്രീക്കുകാര്‍ സാലഡിന് രുചിക്ക് ഉപയോഗിക്കും.

ഇറച്ചി വറുക്കുമ്പോള്‍ ഒറിഗാനോ ഇലകള്‍ ചേര്‍ത്താല്‍ രുചി വര്‍ദ്ധിക്കും. ശ്വാസകോശ ബുദ്ധിമുട്ടുകളായ ചുമ,ആസ്ത്മ എന്നിവയ്ക്കും, ഉദരസംബന്ധമായ അസുഖങ്ങള്‍ ,തലവേദന, നെഞ്ചെരിച്ചില്‍ ,അലര്‍ജി, ജലദോഷം, സോറിയാസിസ്, പല്ലുവേദന എന്നിവയ്ക്കും ഉപയോഗിക്കാം.

ഒറിഗാനോ പച്ചക്കും ഉണക്കിയും ഉപയോഗിക്കാം. നമ്മുടെ നാട്ടില്‍ ഉണക്കിയ ഇലകള്‍ വിപണിയില്‍ ലഭ്യമാണ്. പിസ, ബര്‍ഗര്‍, ഇറച്ചി,മീന്‍, സോസ് എന്നിവയില്‍ ഉപയോഗിച്ച്‌ വരുന്നു.

നമ്മുടെ വീട്ടുവളപ്പില്‍ ചട്ടികളില്‍ ഒറിഗാനോ വളര്‍ത്തി ഇലകള്‍ പുതുമയോടെ, ഗുണമേന്‍മയോടെ കറികളില്‍ ഉപയോഗിക്കാം

മാതളം അഥവാ ഉറുമാമ്പഴം

കേരളത്തിൽ മാതളം വർഷം മുഴുവനും പൂക്കാറുണ്ടെങ്കിലും സാധാരണ വർഷകാലത്താണ് കൂടുതൽ പൂക്കുന്നത്. മറ്റു പഴങ്ങളെ അപേക്ഷിച്ച് വളരെക്കാലം .ഔഷധ സമൃദ്ധവും പോഷക സമ്പുഷ്ടവുമായ ഒരു ഫലമാണ്‌ മാതളം അഥവാ ഉറുമാമ്പഴം.

മാതളപ്പഴത്തിന്റെയും പഴച്ചാറിന്റെയും പഴത്തോടിന്റെയും ഔഷധഗുണങ്ങളെക്കുറിച്ച്‌ നിരവധി പഠനറിപ്പോര്‍ട്ടുകള്‍ അടുത്തകാലത്ത്‌ പുറത്തുവന്നതോടെ ഈ പഴത്തിന്‌ വിപണിയില്‍ പ്രിയമേറിയിരിക്കുകയാണ്‌. ആവശ്യത്തിനനുസരിച്ച്‌ ഉല്‍പ്പാദനമില്ലാത്തതിനാല്‍ കിലോഗ്രാമിന്‌ 150 രൂപയ്‌ക്കടുത്താണ്‌ ഇപ്പോഴത്തെ വിപണിവില. മാതളകൃഷി വ്യാപിപ്പിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ്‌ ഏജന്‍സികള്‍ വലിയ പ്രോത്സാഹനം നല്‍കിയതോടെ അടുത്തകാലത്ത്‌ ഇതിന്റെ വാണിജ്യാടിസ്‌ഥാനത്തിലുള്ള കൃഷി വ്യാപിച്ചിട്ടുണ്ട്‌. മഹാരാഷ്‌ട്ര, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌, ബീഹാര്‍, ഗുജറാത്ത്‌, കര്‍ണാടക തുടങ്ങിയ സംസ്‌ഥാനങ്ങളിലാണ്‌ ഏറ്റവും കൂടുതല്‍ മാതളകൃഷി.

ജീവകം സി യുടെ ഒരു കലവറയാണ്‌ മാതളപ്പഴം. മാതളത്തില്‍ മാത്രം കണ്ടുവരുന്ന പൂണിക്കാല്‍ഗിന്‍ എന്ന രാസവസ്‌തു ഹൃദയത്തെയും ഹൃദയധമനികളെയും ശക്‌തിപ്പെടുത്തും. ഒരു മികച്ച ആന്റി ഓക്‌സിഡന്റുകൂടിയാണ്‌ ഈ രാസവസ്‌തു. ഇത്‌ ശരീരത്തിലെ കൊഴുപ്പ്‌ കുറയ്‌ക്കും. രക്‌തസമ്മര്‍ദ്ദം താഴ്‌ത്തും. ജീവകം ബി വര്‍ഗത്തിലെ ഫോളിക്‌ അമ്ലം, കാത്സ്യം, കോപ്പര്‍, മാംഗനീസ്‌, സള്‍ഫര്‍ എന്നിവയും മാതളത്തില്‍ അടങ്ങിയിട്ടുണ്ട്‌. പഴത്തിന്റെയും വേരിന്റെയും തൊലിയില്‍ മനുഷ്യശരീരത്തില്‍ നിന്നു നാടവിരകളെ നശിപ്പിക്കാന്‍ ശേഷിയുള്ള ആല്‍ക്കലോയിഡുകളുടെ സാന്നിധ്യമുണ്ട്‌. ആന്റി ബയോട്ടിക്കുകളോട്‌ പ്രതിരോധ ശേഷിയുള്ള ബാക്‌ടീരിയകള്‍ രോഗാണുക്കളെ തകര്‍ക്കാന്‍ മാതളപ്പഴത്തിന്റെ തൊലിക്കു കഴിയുമെന്നു പശ്‌ചിമബംഗാളിലെ ജാദവ്‌പൂര്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ശാസ്‌ത്രജ്‌ഞര്‍ അടുത്തകാലത്ത്‌ കണ്ടെത്തിയിരുന്നു.

കാന്‍സറില്‍ നിന്ന്‌ സംരക്ഷിക്കുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും മാതളപ്പഴത്തിന്‌ ശേഷിയുണ്ട്‌. പഴച്ചാറിന്‌ ദഹസംബന്ധമായ അസുഖങ്ങള്‍ ഭേദമാക്കുന്നതിനുള്ള അപൂര്‍വ്വ സിദ്ധിയുണ്ട്‌. വയറ്റിളക്കത്തിനും മറ്റ്‌ ഉദരരോഗങ്ങള്‍ക്കും പ്രതിവിധിയാണ്‌ ഈ ജൂസ്‌. നാടവിരശല്യം, കൃമിശല്യം, രക്‌തപിത്തം, അതിസാരം എന്നിവക്കെതിരെ മാതളം അത്യുത്തമമാണ്‌. ഒരു ഗ്ലാസ്‌ മാതളജൂസില്‍ ഒരു ടീസ്‌പീണ്‍ തേന്‍ ചേര്‍ത്ത്‌ കഴിച്ചാല്‍ ദഹനസംബന്ധമായ അസുഖങ്ങള്‍ മാറും.

ഊഷരമായ തരിശുനിലങ്ങളുള്‍പ്പെടെ നല്ല നീര്‍വാര്‍ച്ചയുള്ള ഏതുമണ്ണിലും മാതളം വളരും. വരള്‍ച്ചയെ അതീജീവിക്കാന്‍ ശേഷിയുള്ള ഈ പഴവര്‍ഗത്തിന്‌ ഇടത്തരം വരണ്ടകാലാവസ്‌ഥയാണ്‌ വളര്‍ച്ചക്കു അനുയോജ്യം. അന്തരീക്ഷ ഈര്‍പ്പം കൂടുതലുള്ള കാലാവസ്‌ഥ നന്നല്ലാത്തതിനാല്‍ കേരളത്തില്‍ ഇതിന്റെ വാണിജ്യകൃഷിക്കു പരിമിതികളുണ്ട്‌. എന്നാല്‍ വരണ്ടകാലാവസ്‌ഥ നിലവിലുള്ള പ്രദേശങ്ങളില്‍ ഇത്‌ വാണിജ്‌്യാടിസ്‌ഥാനത്തില്‍ കൃഷി ചെയ്യാം. ശ്രദ്ധിച്ചുപരിപാലിച്ചാല്‍ ഒന്നോ രണ്ടോ മാതളച്ചെടികള്‍ വീട്ടുവളപ്പില്‍ നട്ടുവളര്‍ത്താവുന്നതെയുള്ളു. ആകര്‍ഷകമായ പൂക്കളും പഴങ്ങളും ഉല്‍പാദിപ്പിക്കുന്ന അലങ്കാരച്ചെടിയായി പൂന്തോട്ടത്തിലും ഇത്‌ നടാം. 25 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ചൂടുള്ള കാലാവസ്‌ഥയാണ്‌ ഇതിന്‌ നല്ലത്‌.

നമ്മുടെ കാലാവസ്‌ഥയില്‍ ഇല പൊഴിയുന്ന സ്വഭാവമുള്ള മാതളം രണ്ടുമുതല്‍ നാലുമീറ്റര്‍ വരെ ഉയരത്തില്‍ വളരും. മുപ്പെത്തിയാല്‍ പഴത്തിന്‌ ചുവപ്പോ മഞ്ഞയോ നിറമായിരിക്കും. ഗണേഷ്‌, അരക്‌ട, മൃദുല, മസ്‌കറ്റ്‌, ജ്യോതി, റൂബി, ധോല്‍ക്കസ ഭഗവ്‌ തുടങ്ങിയവയാണ്‌ അത്യുല്‍പ്പാദനശേഷിയുള്ള ഇനങ്ങള്‍. മഴക്കാലത്തിന്റെ ആരംഭത്തില്‍ തൈകള്‍ നടാം. പതിവെച്ചുണ്ടാക്കിയ തൈകളോ ടിഷ്യുകള്‍ച്ചര്‍ തൈകളോ നടണം. നിലം രണ്ട്‌ മൂന്നു തവണ ഉഴുതു തയ്യാറാക്കണം. 5- 5 മീറ്റര്‍ അകലത്തില്‍ തൈകള്‍ നടാം. കൊമ്പുകോതല്‍ നടത്തുന്നുവെങ്കില്‍ 4-4 മീറ്റര്‍ അകലത്തിലും നടാം. ഫെല്‍ട്ടിഗേഷന്‍ നല്‍കി ഹൈടെക്‌ രീതിയിലും മാതളം കൃഷി ചെയ്യാം. കൂടുതല്‍ അടുപ്പിച്ചു നട്ട്‌ സാന്ദ്രത കൂടിയ ഹൈടെക്‌ രീതിയില്‍ കൃഷി ചെയ്യുമ്പോള്‍ ഏക്കറിന്‌ 400-500 മാതളമരങ്ങള്‍ വരെ ആദായകരമായി വളര്‍ത്താം. രണ്ടടി നീളവും വീതിയും ആഴവുമുള്ള കുഴികളില്‍ വേണം തൈകള്‍ നടാന്‍. ആദ്യഘട്ടത്തില്‍ തൈകള്‍ക്ക്‌ തുടര്‍ച്ചയായി നനച്ചുകൊടുക്കണം. നാലാം വര്‍ഷത്തോടെ മരങ്ങള്‍ കായ്‌ച്ചു തുടങ്ങും. ജലസേചനം തുടര്‍ച്ചയായി നല്‍കുമ്പോള്‍ കൊമ്പുകോതല്‍ അനിവാര്യമാണ്‌. ജനുവരി – ഫെബ്രുവരി, ജൂണ്‍ – ജൂലൈ, സെപ്‌തംബര്‍ – ഒക്‌ടോബര്‍, എന്നീ മൂന്നു ദിവസങ്ങളില്‍ മാതളം പുഷ്‌പിക്കും. വളര്‍ച്ചാ നിയന്ത്രണ ഹോര്‍മോണുകള്‍ പ്രയോഗിച്ചാല്‍ ഗുണമേന്മയുള്ള ഫലങ്ങള്‍ ലഭിക്കും. മരങ്ങള്‍ പുഷ്‌പിച്ച്‌ അഞ്ചാറുമാസത്തിുള്ളില്‍ വിളവെടുക്കാം. കായ്‌കള്‍ മൂപ്പെത്തിയാലുടനെ വിളവെടുക്കണം. അല്ലെങ്കില്‍ വീണ്ടുകീറും,.

വിപണിയില്‍ മോഹവിലയുള്ള മാതളപ്പഴം നമ്മുടെ വീട്ടുവളപ്പുകളിലും കൃഷിചെയ്യാവുന്നതെയുള്ളു. കേരളത്തില്‍ വരണ്ട കാലാവസ്‌ഥ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ വാണിജ്യകൃഷിയും പരീക്ഷിക്കാവുന്നതാണ്‌

വേനല്‍ക്കാലത്ത് പയര്‍ കൃഷിചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വന്‍പയര്‍,ചെറുപയര്‍,ഉഴുന്ന്,മുതിര തുടങ്ങിയവയുടെ കൃഷിരീതിക്ക് വളരെ സാധ്യതയുള്ള സമയമാണ് ഇപ്പോള്‍. പയര്‍വര്‍ഗ വിളകള്‍ കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്.

കേരളത്തില്‍ പൊതുവേ പുളിരസമുള്ള മണ്ണായതിനാല്‍ ഏക്കറിന് 100 കിലോഗ്രാം കുമ്മായം നിലം ഉഴുന്ന സമയത്ത് തന്നെ മണ്ണില്‍ ചേര്‍ക്കണം. പയര്‍ വര്‍ഗവിളകള്‍ക്ക് വളരെ ആവശ്യമായ മൂലകമാണ് കാല്‍സ്യം. മണ്ണില്‍ ചേര്‍ക്കുന്ന കുമ്മായത്തെ അടിസ്ഥാനപ്പെടുത്തിയാണ് പയര്‍ കൃഷിയുടെ വിജയം.

വിത്ത് വിതയ്ക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഏക്കറിന് 8 മുതല്‍ 10 കിലോഗ്രാം വിത്ത് ആവശ്യമാണ്. വിത്ത് പാടത്ത്/പറമ്പില്‍ വിതയ്ക്കുകയോ നുരി ഇടുകയോ ചെയ്യാവുന്നതാണ്. ഓരോ പയര്‍ വര്‍ഗവിള കൃഷി ചെയ്യുമ്ബോഴും മണ്ണില്‍ റൈസോബിയം, ഭാവക ലായക ബാക്റ്റീരിയ എന്നിവ ഒരുമിച്ച്‌ വിത്തില്‍ പുരട്ടി നല്‍കുന്നത് മികച്ച വിളവിനും മണ്ണിന്‍റെ ഫലപുഷ്ടി ഉയര്‍ത്തുന്നതിനും സഹായിക്കുന്നു. PGPR മിശ്രിതങ്ങള്‍ ചേര്‍ക്കുന്നത് വളത്തിന്‍റെ ലഭ്യത ഉയര്‍ത്തുന്നതിനും രോഗനിയന്ത്രണത്തിനും സഹായിക്കുന്നു.

വളപ്രയോഗം

വളരെ കുറച്ച്‌ രാസവളം മാത്രമാണ് ഇത്തരം ചെടികള്‍ക്ക് ആവശ്യമായി വരുന്നത്. ഏക്കറിന് 17 കിലോഗ്രാം യൂറിയ, 66 കിലോഗ്രാം ഫോസ്ഫറസ് വളങ്ങള്‍ (രാജ്ഫോസ്/മസ്സൂറിഫോസ്), 7 കിലോഗ്രാം പൊട്ടാഷും മതിയാകും.പകുതി യൂറിയയും മുഴുവന്‍ ഫോസ്ഫറസ് വളവും, പൊട്ടാഷ് വളവും പയര്‍ വിത്ത് നടുന്ന സമയം മണ്ണില്‍ ചേര്‍ത്ത് കൊടുക്കാം. ശേഷിക്കുന്ന പകുതി യൂറിയ 15 ദിവസത്തിനുശേഷം മണ്ണില്‍ മേല്‍വളമായി ചേര്‍ക്കാം. ഉണങ്ങിയ ഇലകള്‍ കൊണ്ട് പയര്‍ കൃഷിക്ക് പുതയിടുന്ന കര്‍ഷകര്‍ മുഴുവന്‍ രാസവളവും അടിവളമായി ചേര്‍ക്കണം. അതിനുശേഷമാണ് പുതയിടല്‍ നല്‍കേണ്ടത്.

അൽപം ശ്രദ്ധിച്ചാൽ കോവൽകൃഷി ലാഭകരമാക്കാം

നമ്മൾ മലയാളികൾക്ക്‌ വള രെ സുപരിചിതമായ ഒരു പച്ചക്കറി വിഭവങ്ങളിലൊന്നാണ്‌ കോവയ്ക്ക. വെള്ളരി വർഗത്തിലെ ദീർഘകാല വിളയായ കോവയ്ക്ക ഉണ്ടാവുന്ന ഒരു വള്ളിച്ചെടിയാണ്‌ കോവൽ. പച്ചക്കറി കൃഷി ആരംഭിക്കാൻ താൽപര്യം ഉള്ള ഒരാൾക്ക്‌ ഏറ്റവും ആദ്യം തിരഞ്ഞെടുക്കാവുന്നതും, ഏറ്റവും എളുപ്പവും ലളിതവും ആണ്‌ കോവൽ കൃഷിയും അതിന്‍റെപരിപാലനവും. ഏതു കാലാവസ്ഥയിലും ചെയ്യാവുന്ന ആദായകരമായ കൃഷിയാണിത്‌. തടിച്ച വേരും മൃദുവായ തണ്ടുമാണ്‌ ഇതിനുള്ളത്‌. തണ്ടിന്‍റെ ഉപരിതലം പരുപരുത്തതും ചെറിയ വേരുകൾ നിറഞ്ഞതുമാണ്‌. വളഞ്ഞു പുളഞ്ഞാണിതിന്‍റെ വളർച്ച. വെളുപ്പുനിറമുള്ള പുഷ്പമാണിതിന്‌. പുറത്തെ ദളപുടം കുഴൽരൂപത്തിലാണെങ്കിൽ അഗ്രം വിടർന്ന രൂപത്തിലാണിവ. കായകൾ ഉരുണ്ട്‌ ഒന്നരമുതൽ രണ്ട്‌ ഇഞ്ച്‌ വരെ നീണ്ടതും മിനുസമാർന്നതും വെള്ളരിക്കാപോലെ പച്ചവരകളുള്ളതുമായിരിക്കും. വള്ളി പടർത്തി പന്തലുകെട്ടി പരിചരിക്കേണ്ടതിനാലാണ്‌ എല്ലാവരും കോവൽകൃഷി ചെയ്യാൻ മടിക്കുന്നത്‌. നാം ഉദ്യാനത്തിലും മട്ടുപ്പാവിലും കൃഷി ചെയ്യാൻ എടുക്കുന്നതിന്‍റെ പകുതി ചെലവും പരിശ്രമവും മതി പോഷക സമ്പുഷ്ടമായ കായ്കൾ തരുന്ന ഒരു കോവൽ പന്തൽ ഉണ്ടാക്കാൻ.

നല്ല നീർവാർച്ചയുള്ള മണ്ണിലും മട്ടുപ്പാവിലാണെങ്കിൽ ചാക്കിലും ചെടിച്ചട്ടിയിലും കോവൽ വളർത്താം. നല്ലവളക്കൂറുള്ള മണ്ണാണെങ്കിൽ കൃത്യമായ പരിചരണം കിട്ടിയാൽ കോവൽ വള്ളികൾ 60 മുതൽ 75 ദിവസം കൊണ്ട്‌ കായ്ക്കും. തൈ തയ്യാറാക്കലാണ്‌ കോവൽ കൃഷിയിൽ ശ്രദ്ധിക്കേണ്ടത്‌. ഗാർഹിക കൃഷിയാണെങ്കിൽ ചെറിയ കവറുകളിൽ ആദ്യം വേരു പിടിപ്പിച്ച ശേഷമാണ്‌ മാറ്റി നടേണ്ടത്‌. ഉണക്കച്ചാണകപ്പൊടി, മണൽ, മേൽമണ്ണ്‌ എന്നിവ സമം ചേർത്ത്‌ ഉണക്കി ചെറിയ പോളിത്തീൻ കവറിൽ മുക്കാൽ ഭാഗം നിറച്ചു നടീൽ മിശ്രിതം തയ്യാറാക്കാം. നല്ല കായ്കൾ കിട്ടുന്ന മൂത്ത വള്ളികളിൽ നിന്നാണ്‌ നടീൽ വള്ളികൾ ശേഖരിക്കേണ്ടത്‌. നാല്‌ മുട്ടുകളുള്ള വള്ളിയാണ്‌ നടിലിനായി മുറിക്കേണ്ടത്‌. മുക്കാൽഭാഗം മിശ്രിതം നിറച്ച പ്ലാസ്റ്റിക്‌ കവറിൽ പാത്രത്തിൽ രണ്ട്‌ മുട്ടുകൾ താഴുന്ന രീതിയിലാണ്‌ വള്ളി കുത്തേണ്ടത്‌. വള്ളികുത്തുമ്പോൾ മൂടും തലയും മാറിപ്പോകരുത്‌. എന്നിട്ട്‌ ഇവ തണലിൽ സൂക്ഷിക്കണം. ആവശ്യത്തിനുമാത്രമേ നനയ്ക്കാൻ പാടുള്ളു. നാമ്പുകൾ വന്ന്‌ കഴിഞ്ഞാൽ 20 മുതൽ 25 ദിവസം കൊണ്ട്‌ മാറ്റിനടാം. ഓരോ വള്ളിയും മാറ്റിനടാൻ ഓരോ കുഴിയൊരുക്കണം. മൂന്നടിവീതിയും നീളവും മൂന്നടി താഴ്ചയുമുള്ള കുഴിയാണ്‌ തിരഞ്ഞെടുക്കേണ്ടത്‌. നാലുചട്ടി മേൽമണ്ണ്‌ ഒരു ചട്ടി മണൽ, അരക്കിലോ കുമ്മായം, 250ഗ്രാം വേപ്പിൻ പിണ്ണാക്ക്‌ എന്നിവ ചേർത്ത്‌ കലർത്തിയ മിശ്രിതമാണ്‌ കുഴികളിൽ നിറയ്ക്കേണ്ടത്‌. ഇത്‌ വള്ളി നടുന്നതിന്‌ മൂന്നു ദിവസം മുമ്പ്‌ തയ്യാറാക്കി കുഴിയിൽ ഇടുന്നതാണ്‌ നല്ലത്‌. ഇതിനോടുകൂടെ രണ്ടുചട്ടി ഉണക്കചാണകവും ചേർക്കാൻ മറന്നു പോകരുത്‌. വേരു പിടിച്ചാൽ ഒരാഴ്ചയ്ക്കകം വള്ളി പടർന്നു തുടങ്ങും അപ്പോൾ പന്തൽ തയ്യാറാക്കി വള്ളി കയറ്റി വിടണം. മട്ടുപ്പാവിലാണ്‌ കൃഷി ചെയ്യുന്നതെങ്കിൽ ചാക്കായാലും ഗ്രോബാഗായാലും അൽപം വലുതാണ്‌ നല്ലത്‌. ഇതിലേക്ക്‌ നടീൽ മിശ്രിതം നിറച്ച്‌ മാറ്റി നടാം. വള്ളികൾ പന്തലിൽ കയറ്റി വിട്ടാൽ മേൽ വളപ്രയോഗങ്ങൾ നടത്താം. കടലപ്പിണ്ണാക്ക്‌ പുതർത്തി ഒരു കിലോയിൽ പത്ത്‌ ലിറ്റർ ചാണകവെള്ളം ചേർത്ത്‌ നേർപ്പിച്ചത്‌, വെർമിവാഷ്‌, ഗോമൂത്രം ഒരു ലിറ്റർ പത്ത്‌ ലിറ്റർ വെള്ളത്തിൽ കലക്കി രണ്ടാഴ്ചയ്ക്കൊരിക്കൽ തടത്തിലൊഴിച്ച്‌ കൊടുക്കാം. മാസത്തിൽ കുറഞ്ഞത്‌ മൂന്ന്‌ തവണയെങ്കിലും ചുവട്‌ നന്നായി ഇളക്കിക്കൊടുക്കണം. മാസത്തിലൊരിക്കൽ ഉണങ്ങിയ ചാണകപ്പൊടി, ചാരം, എല്ലുപൊടിയെന്നിവ ചുവടിന്‌ (ചാരം 500ഗ്രം, ചാണകപ്പൊടി രണ്ട്‌ കിലോ, എല്ലു പൊടി 500 ഗ്രം) എന്നിങ്ങനെ ചേർത്ത്‌ കൊടുക്കാം.

45 മുതൽ 65 ദിവസത്തിനുള്ളിൽ കോവൽ പന്തൽ നന്നായി പൂക്കുകയും കായ്പിടിക്കാൻ തുടങ്ങുകയും ചെയ്യും. ഇടയ്ക്ക്‌ ആവശ്യത്തിന്‌ നനയും നൽകിയാൽ നിറയെ കോവയ്ക്കയാൽ പന്തൽ നിറയും. നന്നായി മൂത്തകായ്കളാണ്‌ ഭക്ഷ്യയോഗ്യം. ഇളം കായ്കൾ പറിച്ച്‌ പച്ചയ്ക്ക്‌ തിന്നാനും നല്ലതാണ്‌. പച്ചക്കറിയെന്നതിലുപരി ആരോഗ്യസംരക്ഷണത്തിനും കോവക്കയെ പ്രയോജനപ്പെടുത്താനാകും. കോവയ്ക്കയെ അപൂർവ്വ ഔഷധങ്ങളുടെ കലവറയെന്നു തന്നെ വിശേഷിപ്പിക്കാം. കോവയ്ക്ക നിത്യവും ഉപയോഗിക്കുന്നത്‌ ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഹൃദയം, തലച്ചോറ്‌, വൃക്ക എന്നിവയുടെ ശരിയായ പ്രവർത്തനത്തിനും സഹായിക്കും, എന്നു മാത്രമല്ല ശരീര മാലിന്യങ്ങളെ നീക്കി ശരീരം സംരക്ഷിക്കുവാൻ കോവയ്ക്കക്കുള്ള കഴിവ്‌ ഒന്നു വേറെ തന്നെയാണ്‌. പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു ഇൻസുലിൻ കലവറയാണ്‌ കോവൽ. ഒരു പ്രമേഹ രോഗി എല്ലാദിവസവും ചുരുങ്ങിയത്‌ നൂറു ഗ്രാം കോവയ്ക്ക ഉപയോഗിക്കുകയാണെങ്കിൽ ഇൻസുലിൻ തന്നെ ഒഴിവാക്കാം. പാൻക്രീയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച്‌ കൂടുതൽ ഇൻസുലിൻ ഉൽപാദിപ്പിക്കുവാനും നശിച്ചുകൊണ്ടിരുക്കുന്ന കോശങ്ങളെ പുനരുദ്ധരിക്കാനും കോവലിനു കഴിയുമെന്ന്‌ ശാസ്ത്രം പറയുന്നു. കോവയ്ക്ക ഉണക്കിപൊടിച്ച്‌ പത്തു ഗ്രാം വീതം ദിവസവും രണ്ടു നേരം കഴിച്ചാലും ഇതേ ഫലസിദ്ധി ഉണ്ടാകുമത്രേ. കോവയ്ക്കയുടെ ഇല വേവിച്ച്‌ ഉണക്കി പൊടിയാക്കുക. ഈ പൊടി ദിവസവും മൂന്നു നേരം ചൂടുവെള്ളത്തിൽ കലക്കി കഴിക്കുകയാണെങ്കിൽ സോറിയാസിസിനും ശമനം ലഭിക്കും.

കൂര്‍ക്കകൃഷി ചെയ്യാം

കേരളത്തിന്‍റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിളയാണ് കൂര്‍ക്ക. അധികം പരിചരണമില്ലാതെ മികച്ച വിളവും ലഭിക്കും. ചൂടും ഈര്‍പ്പവുമുള്ള സ്ഥലമാണ് അത്യാവശ്യം. നീര്‍വാര്‍ച്ചയുള്ളതും സാമാന്യം ഫലപുഷ്ടിയുള്ളതുമായ മണ്ണില്‍ കൂര്‍ക്ക കൃഷി ചെയ്യാം. ചെളിമണ്ണ് യോജിച്ചതല്ല. പശിമരാശി മണ്ണില്‍ നല്ല വിളവ് ലഭിക്കും. ഉഷ്ണമേഖല പ്രദേശങ്ങളില്‍ ഒരു നിശ്ചിത കാലാവസ്ഥയില്‍ മാത്രമേ ഇവ വിളവ്നല്‍കുകയുള്ളു.എല്ലായ്പ്പോഴും കൃഷി ചെയ്താലും വിളവ് ലഭിക്കില്ല. നല്ല വലിപ്പമുള്ള കിഴങ്ങുകള്‍ ഉണ്ടാകുന്നതിന് സെപ്തംബര്‍ മാസത്തില്‍ നടണം.

കൂര്‍ക്കയിലെ പ്രധാന ഇനങ്ങള്‍

നിധി, ശ്രീധര, സുഫല, അംബാസമുദ്രം എന്നിവയാണ് കേരളത്തില്‍ കൃഷി ചെയ്യുന്ന പ്രധാന ഇനങ്ങള്‍.

സുഫല ഏതു കാലാവസ്ഥയിലും വിളവ് നല്‍കും. 5-6 മാസമാണ് വിള ദൈര്‍ഘ്യം.

നടുന്ന വിധം

നടുന്നതിന് ഒരുമാസം മുമ്പ് തവാരണ/ഞാറ്റടി തയ്യാറാക്കണം. 10 സെന്‍റ് സ്ഥലത്ത് നടുന്നതിനാവശ്യമായ തലപ്പുകള്‍ക്ക് അരസെന്‍റ്സ്ഥലത്ത് തവാരണ തയ്യാറാക്കാം. ഇതിന് 8-10 കിലോഗ്രാം വിത്ത് വേണ്ടി വരും. സെന്‍റിന് 40 കിലോഗ്രാം എന്ന തോതില്‍ ഉണക്കിപ്പൊടിച്ച ചാണകം ചേര്‍ക്കണം. നല്ല ആരോഗ്യമുള്ള 15-20 ഗ്രാം തൂക്കം വരുന്ന കിഴങ്ങുകള്‍ വാരങ്ങളിലോ കൂനകളിലോ നടാം. വാരങ്ങള്‍ തമ്മില്‍ ഒരടി അകലത്തിലും കിഴങ്ങുകള്‍ തമ്മില്‍ അരയടി അകലത്തിലും നടാം.

വള്ളികള്‍ പടര്‍ന്ന് മൂന്നാഴ്ച കഴിയുമ്പോള്‍ 10-15 സെ.മീ നീളത്തില്‍ വള്ളി തലപ്പുകള്‍ മുറിച്ചെടുക്കണം. പ്രധാന കൃഷിയിടം ഉഴുതോ കിളച്ചോ പാകപ്പെടുത്തണം. സെന്‍റൊന്നിന് 1 കിലോ നിരക്കില്‍ കുമ്മായം മണ്ണില്‍ ചേര്‍ത്ത് കൊടുക്കണം.

ഒരാഴ്ചയ്ക്ക് ശേഷം സെന്‍റിന് 40 കിലോഗ്രാം എന്ന തോതില്‍ കാലിവളം ചേര്‍ത്ത് ഒന്നരയടി അകലത്തില്‍ വാരങ്ങളെടുക്കുക. വാരങ്ങള്‍ക്ക് ഒരടിയെങ്കിലും ഉയരം വേണം. അടിവളമായി 10 സെന്‍റിന് 2.5 കിലോഗ്രാം യൂറിയ, 10 കിലോഗ്രാം രാജ്ഫോസ്, 3.5 കിലോഗ്രാം പൊട്ടാഷ് എന്നിവ ചേര്‍ക്കാം.

നട്ട് 45 ദിവസങ്ങള്‍ക്ക് ശേഷം മേല്‍വളമായി 2.5 കിലോഗ്രാം യൂറിയയും 3 കിലോഗ്രാം പൊട്ടാഷും നല്‍കാം. മേല്‍വളം ചേര്‍ക്കുന്നതിന് മുമ്പ് കളകള്‍ നീക്കം ചെയ്യണം. ചെടികളുടെ ചുവടോടു ചേര്‍ന്ന് മണ്ണിട്ട് കൊടുക്കുന്നത് കിഴങ്ങുണ്ടാകുന്നതിന് സഹായകരം.

നട്ട് 4-5 മാസത്തിനുള്ളില്‍ വള്ളികള്‍ ഉണങ്ങിത്തുടങ്ങുമ്ബോള്‍ വിളവെടുപ്പ് നടത്താം. വള്ളി നീക്കി മുറിവുണ്ടാകാതെ വേണം കിഴങ്ങുകള്‍ പറിച്ചെടുക്കാന്‍.

മണ്ണുത്തി വൈറ്റ് : സങ്കരയിനം പന്നി

വിദേശയിനവും നാടനും തമ്മില്‍ ദ്വിതല ബീജസങ്കലനത്തിലൂടെ കേരളത്തിന്‍റെ കാലാവസ്ഥയ്ക്കനുസൃതമായി പുതിയ സങ്കരയിനം പന്നിയെ മണ്ണുത്തി വൈറ്റ് വെറ്ററിനറി സര്‍വകലാശാല വികസിപ്പിച്ചെടുത്തു. അത്യുല്‍പ്പാദനശേഷിയും വളര്‍ച്ചാശേഷിക്കുമൊപ്പം കൊഴുപ്പു കുറവായ ഈ ഇനം, കര്‍ഷകര്‍ക്ക് പ്രതീക്ഷയേകുകയാണ്. പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം ഈ നൂതനയിനത്തിന് ആവശ്യകത ഏറുകയാണ്.

മണ്ണുത്തി വൈറ്റ് സങ്കരയിനം പന്നിയില്‍ 75 ശതമാനം വിദേശ ജനുസ്സായ ലാര്‍ജ് വൈറ്റ് 25 ശതമാനം കേരളത്തിന്‍റെ തനത് ജനുസ്സായ പന്നിയുടെ ജനിതകമേന്മയും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. തനത് ജനുസ്സ് പെണ്‍പന്നിയും ലാര്‍ജ്വൈറ്റുമായി ഇണചേര്‍ത്തുണ്ടാവുന്ന കുട്ടികളിലെ പെണ്‍പന്നിയെ ലാര്‍ജ് വൈറ്റ് ആണ്‍പന്നിയുമായി വീണ്ടും ഇണചേര്‍ത്തു ലഭിക്കുന്ന കുഞ്ഞുങ്ങളെയാണ് മണ്ണുത്തി വൈറ്റ് എന്ന പേരില്‍ പുറത്തിറക്കിയത്.

വെള്ളനിറത്തില്‍ കറുത്ത പുള്ളികളോടുകൂടിയുള്ളവയാണിവ. ഒരു പ്രസവത്തില്‍ ശരാശരി 10 പന്നിക്കുഞ്ഞുങ്ങള്‍വരെ ഉണ്ടാകും. തീറ്റപരിവര്‍ത്തനശേഷി നാലോളമുണ്ട്. 300 ദിവസത്തിനകം 100 കിലോയോളം തൂക്കംവരും. തൊലി കനംകുറവായതിനാല്‍ 70 ശതമാനത്തോളം ഇറച്ചി ലഭിക്കും.

ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൌണ്‍സിലിന്‍റെ സഹായത്തോടെയുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയിലെ മണ്ണുത്തി പന്നി ഉല്‍പ്പാദനഗേവഷണ കേന്ദ്രത്തിലാണ് പുതിയ ഇനം വികസിപ്പിച്ചത്. ഗവേഷണകേന്ദ്രം മേധാവി ഡോ. എ പി ഉഷയുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണ ഫലമായാണ് സങ്കരയിനം പന്നിക്കുഞ്ഞുങ്ങളെ ഉരുത്തിരിച്ചത്.

കഴിഞ്ഞ മാസമാണ് ഈ ഇനത്തെ പുറത്തിറക്കിയത്. കര്‍ഷകര്‍ക്ക് വന്‍ ഡിമാന്‍ഡ് ആയതോടെ ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. കുഞ്ഞിന് കിലോയ്ക്ക് 250 രൂപ നിരക്കിലാണ് വില. കുഞ്ഞിന് ഏകദേശം 10 കിലോയാളം തൂക്കംവരും.

കറുത്ത പന്നികളെ വളര്‍ത്താന്‍ ചില കര്‍ഷകര്‍ക്ക് മടിയാണ്. അതിന്‍റെ ഇറച്ചിക്കും താല്‍പ്പര്യക്കുറവുള്ളവരുണ്ട്. വിദേശയിനം പന്നികള്‍ക്ക് കേരളത്തിന്‍റെ കാലാവസ്ഥയും അനുയോജ്യമല്ല. അതിനാലാണ് വിദേശിയും നാടനും സംയോജിപ്പിച്ച്‌ പുതിയ ഇനം വികസിപ്പിച്ചത്.മണ്ണുത്തിയില്‍ ജൈവഭക്ഷണം കഴിച്ച്‌ വളര്‍ന്ന ഇവയ്ക്ക് കേരളത്തിലെ സാഹചര്യം അനുകൂലമാണെന്നു തെളിഞ്ഞു.

പശുക്കളിലെ പാല്‍പ്പനിരോഗം

പശുക്കളിലെ പാല്‍പ്പനി അഥവാ മില്‍ക്ഫീഡര്‍ എന്ന രോഗം സാധാരണ പ്രസവശേഷം 23 ദിവസത്തിനകമോ, പ്രസവത്തിന് 23 ദിവസം മുമ്പോ ആണ് കാണപ്പെടുന്നത്. പെട്ടെന്ന് വീഴുകയും ചത്തതുപോലെ കിടക്കുകയും ചെയ്യുന്നു. തക്കസമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ഇത് മാരകമായേക്കാം.

കാരണങ്ങള്‍: 1. രക്തത്തില്‍ കാത്സ്യത്തിന്‍റെഅളവ് കുറയുമ്പോള്‍ എല്ലുകളില്‍ ശേഖരിച്ചുവച്ച കാത്സ്യത്തെ ഉപയോഗപ്പെടുത്തുമ്പോള്‍ എല്ലുകള്‍ക്ക് ബലക്ഷയവും പേശികളുടെ പ്രവര്‍ത്തനത്തിനെയും ബാധിക്കുന്നു. ഗര്‍ഭസ്ഥ കിടാക്കളുടെ വളര്‍ച്ചയ്ക്കും പാലുല്‍പ്പാദനത്തിനും കാത്സ്യം അത്യന്താപേക്ഷിതമാണ്. 
പ്രസവശേഷം ലഭിക്കുന്ന ആദ്യത്തെ പാലായ കൊളസ്ട്രത്തില്‍ രക്തത്തില്‍ അടങ്ങിയിരിക്കുന്ന കാത്സ്യത്തിന്‍റെഅളവിനെക്കാള്‍ 8.10 ഇരട്ടി കാത്സ്യം അടങ്ങിയിരിക്കുന്നു.

അകിടിലേക്ക് പ്രവഹിക്കുന്ന ഈ അധികരക്തവും, കാത്സ്യവും മറ്റു ശരീരഭാഗങ്ങളിലെ രക്തത്തിലെ കാത്സ്യത്തിന്‍റെ അളവ് കുറയ്ക്കാന്‍ കാരണമാകുന്നു.

ലക്ഷണങ്ങള്‍: മൂന്നു ഘട്ടമാകും
ഒന്നാംഘട്ടത്തില്‍: എഴുന്നേല്‍ക്കാന്‍ വിഷമം, നടക്കുമ്പോള്‍ വീഴാന്‍പോകല്‍, ക്ഷീണം കാണുക. 
രണ്ടാംഘട്ടത്തില്‍: തല നെഞ്ചിനോടു ചേര്‍ത്ത് കിടക്കുന്നു. മൂക്ക് വരണ്ടിരിക്കും, ഇറിച്ചനോട്ടം, ചെവികളിലും, കൈകാലുകളിലും തണുപ്പ് അനുഭവപ്പെടുക എന്നിവ. 
മൂന്നാം ഘട്ടത്തില്‍: പിടയുക, കഴുത്തില്‍ കാലുകൊണ്ട് ചവിട്ടുക, വിഭ്രാന്തി, കൈയും കാലും നീട്ടി ചത്തതുപോലെ കിടക്കുക, ചാണകവും മൂത്രവും പോകാതിരിക്കുക, വയറ് വീര്‍ക്കുക, ബോധക്ഷയവും. ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ചാവുന്നു. 

പരിഹാരങ്ങള്‍
1. സാധാരണ നല്‍കുന്ന രണ്ടു കി.ഗ്രാം തീറ്റയ്ക്കുപുറമെ കറവപ്പശുക്കള്‍ക്ക് ഓരോ മൂന്നുലിറ്റര്‍ പാലിനും ഒരുകി.ഗ്രാം തീറ്റ അധികം നല്‍കണം. 
2. ഗര്‍ഭിണികള്‍ക്ക് ആറുമാസം കഴിഞ്ഞാല്‍ ഒരു കി.ഗ്രാം തീറ്റ അധികം നല്‍കണം. 
3. പ്രസവത്തിന് രണ്ടുമാസം മുമ്പ്കറവ നിര്‍ത്തണം. 
4. പ്രസവത്തിനുമുമ്പ് വൈക്കോല്‍ കൂട്ടുകയും പച്ചപ്പുല്ല് ഒരുക്കുകയും ചെയ്യണം. 
5. പ്രസവശേഷം പച്ചപ്പുല്ലും കാത്സ്യവും അധികം നല്‍കണം. 
6. ദിവസവും 30 ഗ്രാം കാത്സ്യം പൌഡറും, പ്രസവത്തിന് എട്ടുദിവസം മുമ്പെങ്കിലും ജീവകം ഡി 3 നല്‍കണം. (ജീവകം ഡി3).
7. കാത്സ്യം, മഗ്നീഷ്യം അടങ്ങിയ മരുന്ന് പ്രസവത്തിന് ഒരുദിവസം മുമ്പും പ്രസവശേഷം ദിവസം രണ്ടുനേരം രണ്ടു ദിവസം നല്‍കണം. ഓറല്‍ കാത്സ്യം ജെല്‍ ലഭ്യമാണ്. ഇത് പ്രസവത്തിന് 24 മണിക്കൂര്‍ മുമ്പും പിന്നീട് ഒരുമണിക്കൂര്‍ മുമ്പും, പ്രസവശേഷം 12 മണിക്കൂര്‍ കഴിഞ്ഞും പിന്നെ 24 മണിക്കൂര്‍ കഴിഞ്ഞും നല്‍കണം. 
8. അസുഖം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ഡോക്ടറുടെ സേവനം തേടണം. 300-600 മി.ലി. കാത്സ്യം സിരയില്‍ക്കൂടി നല്‍കിയാല്‍ ഒന്നാംഘട്ട രണ്ടാംഘട്ട ലക്ഷണമുള്ളവ 10-15 മിനിറ്റ്കൊണ്ടും മൂന്നാംഘട്ട ലക്ഷണമുള്ളവ 12 മണിക്കൂറിനകവും എഴുന്നേറ്റുനില്‍ക്കും.

ആടുകളുടെ ആരോഗ്യം കാക്കാം

ആടുകളിലെ ആരോഗ്യ പരിപാലനത്തിലെ പ്രധാന ഘടകം ആടുകളിൽ സാധാരണ കാണപ്പെടുന്ന പകർച്ച വ്യാധികളിൽ പ്രതിരോധ കുത്തിവെയ്പുകൾ ലഭ്യമായവയ്ക്കെതിരെ കൃത്യ സമയം കുത്തിവെപ്പുകൾ നൽകുക എന്നതു തന്നെയാണ്‌. കുളമ്പു രോഗം, കുരലടപ്പൻ, എന്‍ററോ ടോക്സീമിയ, പി.പി.ആർ. മുതലായ രോഗങ്ങൾക്കെതിരെ പ്രതിരോധ കുത്തിവെയ്പുകൾ ലഭ്യമാണ്‌.. കൂടാതെ ടെറ്റനസ്‌ രോഗത്തിനെതിരെയും ഉചിതമായ സമയത്ത്‌ വെറ്ററിനറി ഡോക്ടറുടെ നിർദ്ദേശ പ്രകാരം പ്രതിരോധ കുത്തിവെയ്പ്‌ നൽകണം. തീറ്റയിൽ പെട്ടെന്നുള്ള മാറ്റങ്ങൾ ഒഴിവാക്കുകയും ശാരീരികാവസ്ഥയ്ക്കനുസരിച്ചുള്ള ഗുണമേന്മയുള്ള തീറ്റ പൂപ്പലോ, നനവോ ഇല്ലാതെ നൽകുകയും ചെയ്യണം. ആന്തരിക പരാദങ്ങൾ അഥവാ വിരകളാണ്‌ ആടുകളുടെ പ്രധാന ശത്രുക്കൾ. ചാണക പരിശോധന നടത്തി മരുന്ന്‌ നൽകുന്നത്‌ ഉചിതം. ബാഹ്യ പരാദങ്ങൾക്കെതിരെയും മരുന്ന്‌ നൽകണം. വളർച്ച ശരിയാകാൻ ആന്തരിക ബാഹ്യ പരാദ മുക്തി പ്രധാനം. പുറമേ മേയാൻ വിടുന്ന ആടുകളെ ദിവസവും പല സ്ഥലങ്ങളിൽ മേയാൻ വിടാൻ പറ്റിയാൽ പരാദബാധ ഒരു പരിധിവരെ തടയാം. പ്രതിദിനം 5-10 ഗ്രാം എന്ന നിരക്കിൽ ധാതു ലവണ മിശ്രിതം നൽകുന്നത്‌ പോഷക ന്യൂനതകൾ പരിഹരിക്കും. മഞ്ഞുകാലവും, മഴക്കാലവും ആടുകൾക്ക്‌ കഷ്ടകാലമാണ്‌. മൂക്കൊലിപ്പും ചുമയും നിരന്തര ശല്യമാകാം. തക്കതായ ചികിത്സ നൽകുക തന്നെ മാർഗം. അകിടുവീക്കം മാരകരൂപത്തിൽ കാണപ്പെടാം. അതിനാൽ അകിടുവീക്കം കണ്ടാൽ ഉടൻ വിദഗ്ധ ചികിത്സ ലഭ്യമാക്കണം. പരാദബാധ മൂലവും മറ്റും വയറിളക്കം ഉണ്ടായാൽ നിർജ്ജലീകരണം തടയാനുള്ള മാർഗങ്ങൾ അവലംബിക്കണം. ആടുകളുടെ കുളമ്പുകളിലും ശ്രദ്ധ വേണം. കുളമ്പുകൾ വെട്ടി അവയ്ക്കിടയിലെ അഴുക്ക്‌ കളഞ്ഞ്‌ വൃത്തിയായി സൂക്ഷിച്ചാൽ രോഗങ്ങൾ ഒഴിവാക്കാവുന്നതാണ്‌. ശരീരത്തിലെ ചെറിയ മുറിവുകൾ പോലും വൃത്തിയായി കഴുകുകയും ഈച്ച വരാതിരിക്കാനുള്ള മരുന്ന്‌ തളിക്കുകയും വേണം. അശ്രദ്ധമായി മുറിവുകൾ സൂക്ഷിച്ചാൽ പുഴുവരിച്ച്‌ വ്രണങ്ങളാകും. ഗർഭമലസൽ ആടുകളിൽ സാധാരണമാണ്‌. പേടി, പരസ്പരം കുത്തുകൂടൽ, അണുബാധ തുടങ്ങിയവ കാരണമാകാം. ഒരാഴ്ച ഇടവേളയിൽ മൂന്നിലധികം ആടുകൾക്ക്‌ ഗർഭമലസൽ സംഭവമുണ്ടായാൽ വിദഗ്ധ ചികിത്സ തേടണം. ടെറ്റനസ്‌ ബാധയ്ക്കെതിരെ ഗർഭാവസ്ഥയിൽ, പ്രസവത്തിന്‌ രണ്ടാഴ്ച മുമ്പ്‌ പ്രതിരോധ കുത്തിവെയ്പെടുക്കണം.
ആടുകളിൽ കാണപ്പെടുന്ന പോളിയോ എൻസിഫലോ മലേഷ്യ (പിഇഎം) എന്ന രോഗത്തിൽ ആടുകൾ തല ശരീരത്തോട്‌ ചേർത്ത്‌ പിടിച്ച്‌ ഇമവെട്ടുന്ന ലക്ഷണം കാണാം. തയാമിൻ (വിറ്റാമിൻ ബി-1) കുറവായതുകൊണ്ടാണ്‌ ഈ പ്രശ്നം. തുടക്കത്തിൽ തന്നെ ചികിത്സ നൽകണം.

കുളമ്പുരോഗത്തിനെതിരെ ജാഗ്രത

കന്നുകാലികളിൽ കണ്ടു വരുന്ന സാംക്രമിക രോഗങ്ങളിൽ വളരെ പ്രധാനവും ഏറെ സാമ്പത്തിക നഷ്ടം വരുത്തിവെയ്ക്കുന്നതുമായ രോഗമാണ്‌ കുളമ്പുരോഗം.
ഇരട്ടക്കുളമ്പുള്ള മൃഗങ്ങളെ ബാധിക്കുന്ന വൈറസ്‌ രോഗമാണിത്‌. പശു, എരുമ, പന്നി, ആട്‌, ചെമ്മരിയാട്‌ തുടങ്ങിയവയിൽ രോഗബാധ കാണപ്പെടുന്നു. കുതിരകളിൽ ഈ വൈറസ്‌ രോഗമുണ്ടാക്കുന്നില്ല. പിക്കോർണ വൈറിഡേ എന്ന കുടുംബത്തിൽപ്പെട്ട ആഫ്തോ വൈറസ്‌ ജാനസ്സിൽ ഉള്ള ഏഴ്‌ വൈറസുകളാണ്‌ ആഗോളതലത്തിൽ രോഗമുണ്ടാക്കുന്നത്‌. അവയിൽ മൂന്നുതരം വൈറസുകളും, ഉപവിഭാഗങ്ങളുമാണ്‌ നമ്മുടെ സംസ്ഥാനത്ത്‌ രോഗബാധയുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്‌. രോഗകാരികളുടെ ഇത്തരത്തിലുള്ള വൈവിധ്യവും വ്യതിയാനങ്ങളുമാണ്‌ രോഗനിയന്ത്രണം ദുഷ്കരമാക്കുന്നത്‌. ഓരോ ഇനത്തിനും അവരവരുടേതായ രീതിയിൽ രോഗം ഉണ്ടാക്കാനുള്ള ശേഷിയുള്ളതിനാൽ രോഗനിയന്ത്രണത്തിനുള്ള പ്രതിരോധ മരുന്നിലും ഇവയെ ഉൾപ്പെടുത്തിയാലേ സമ്പൂർണ്ണ സുരക്ഷ ലഭ്യമാകൂ.

വായുവിലൂടെയും, തീറ്റ, വെള്ളം, പുല്ല്‌ എന്നിവയിലൂടെയും രോഗാണു ശരീരത്തിൽ പ്രവേശിക്കുന്നു. ശക്തമായ പനിയാണ്‌ ആദ്യ ലക്ഷണം. മൂക്കൊലിപ്പ്‌, ഉമിനീരൊലിപ്പ്‌, തീറ്റ തിന്നാതിരിക്കൽ, അയവെട്ടാതിരിക്കൽ, പാൽ കുറയൽ എന്നിവയാണ്‌ മറ്റ്‌ പ്രാരംഭ ലക്ഷണങ്ങൾ. 2-3 ദിവസത്തിനകം വായ, നാക്ക്‌, മൂക്ക്‌, മോണകൾ, അകിട്‌, ഈറ്റം എന്നിവിടങ്ങളിലും കുളമ്പുകൾക്കിടയിലും കുമിളകൾ പ്രത്യക്ഷപ്പെടുന്നു. ഈ പോളകൾ പൊട്ടി വ്രണങ്ങളായി ത്തീരുന്നു. വ്രണങ്ങളിൽ പുഴുശല്യം ഉണ്ടാകാം. പശുക്കൾ കാലുകൾ ഇടയ്ക്കിടെ കുടയുകയും ചില അവസരങ്ങളിൽ മുടന്തും, കുളമ്പ്‌ ഊരി പോകുന്ന അവസ്ഥയും ഉണ്ടാകും.

തീവ്രമായ രോഗബാധയിൽ വായിലെയും, മൂക്കിലെയും വ്രണങ്ങൾ മൂലം ശ്വാസതടസ്സമുണ്ടാകാം. വൈക്കോൽ പോലെയുള്ള കട്ടിയാഹാരം കഴിക്കാൻ കഴിയാതെ വരുന്നു. ചെനയുള്ള ഉരുക്കളിൽ ഗർഭമലസൽ സാധ്യതയുണ്ട്‌. കറവമാടുകളിൽ അകിടിലെ വ്രണങ്ങൾ അകിടുവീക്കത്തിനു കാരണമാകുന്നു. കന്നുകുട്ടികളിൽ രോഗം ഹൃദയപേശികളെ ബാധിക്കുന്നതിനാൽ മരണമുണ്ടാകും. വലിയ പശുക്കളിൽ മരണം കുളമ്പുരോഗബാധ മൂലമുണ്ടാകുന്നില്ലെങ്കിലും പാർശ്വ അണുബാധമൂലം കാലികൾ ചത്തുപോകാറുണ്ട്‌.

വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന അസുഖമാണ്‌ കുളമ്പുരോഗം. സാംക്രമികശക്തി കൂടുതലായതിനാൽ മൃഗങ്ങൾ തമ്മിലുള്ള നേരിട്ടും നേരിട്ടല്ലാതെ മനുഷ്യരിലൂടെയുമുള്ള സമ്പർക്കം വഴിയും വായുമാർഗ്ഗവും അണുസംക്രമണം നടക്കും. രോഗബാധയുള്ള മൃഗങ്ങളുടേയോ, അവയുടെ വിസർജ്ജ്യവസ്തുക്കൾ, സ്രവങ്ങൾ, പാൽ, മാംസം എന്നിവയുമായുള്ള സമ്പർക്കം മൂലമോ രോഗം പടരാം. തീറ്റ സാധനങ്ങൾ, തൊഴുത്തിലെ മറ്റു വസ്തുക്കൾ, പാൽപാത്രങ്ങൾ, ജോലിക്കാർ, വാഹനങ്ങൾ, മറ്റു മൃഗങ്ങൾ എന്നിവയൊക്കെ വാഹകരാകാം. വെള്ളം, കാറ്റ്‌ എന്നിവ വഴിയും രോഗം പടർന്നു പിടിക്കാം. രോഗം മാറിയ പശുവിന്‍റെ ശരീരത്തിൽ നിന്നും ഒരു മാസത്തിലധികം സമയംവരെ രോഗാണുബാധ പടരാവുന്നതാണ്‌. ശരിയായ പരിചരണത്തിലൂടെ 10-15 ദിവസങ്ങൾകൊണ്ട്‌ രോഗം പൂർണ്ണമായി മാറുമെങ്കിലും ഭാവിയിൽ കിതപ്പ്‌, വന്ധ്യത, ഉത്പാദനം കുറയൽ, അമിത രോമ വളർച്ച തുടങ്ങിയ പ്രശ്നങ്ങൾ കാണിച്ചേക്കാം.

രോഗം വരാതിരിക്കാനും വന്നാൽ പടർന്നു പിടിക്കാതിരിക്കാനും ഏറെ മുൻകരുതലുകൾ വേണ്ടി വരുന്നു. ഫാമിനകത്തേക്കും പുറത്തേക്കും രോഗാണുക്കൾ കടക്കാതെ തടയാനുള്ള എല്ലാ വഴികളും നോക്കണം. രോഗബാധയുണ്ടായാൽ വിവരം മൃഗാശുപത്രിയിൽ അറിയിക്കണം. രോഗം വന്നവയെ മാറ്റിപാർപ്പിക്കണം. രോഗം വന്നവയെ പരിപാലിക്കുന്നവർ മറ്റു മൃഗങ്ങളെ കൈകാര്യം ചെയ്യാൻ പാടില്ല. രോഗമുള്ളവയുടെ കാര്യങ്ങൾ ചെയ്തതിനുശേഷം മാത്രം രോഗമില്ലാത്തവയെ ശുശ്രൂഷിക്കുക. പരിചാരകർ ഓരോ തവണ ഷെഡിൽ കയറുമ്പോഴും പോരുമ്പോഴും കൈകാലുകൾ അണുനാശിനിയിൽ മുക്കി അണുവിമുക്തമാക്കണം. ഫാമിന്‍റെ ഗെയിറ്റിനു മുമ്പിൽ അണുനാശിനി ചാക്കിൽ നനച്ചോ ചെറിയ ടാങ്കുകളിലോ നിറച്ച്‌ വച്ച്‌ മനുഷ്യരേയും വാഹനങ്ങളേയും ഇവയിൽ കഴുകി നനഞ്ഞ പാദങ്ങൾ, ടയറുകൾ ഉപയോഗിച്ച്‌ പ്രവേശിപ്പിക്കുക. 4 ശതമാനം വീര്യമുള്ള അലക്കുകാര ലായനി, 2 ശതമാനം വീര്യമുള്ള കാസ്റ്റിക്‌ സോഡ, 2 ശതമാനം വീര്യമുള്ള ഫോർമാലിൻ ഇവ ഉപയോഗിച്ച്‌ ഷെഡുകളും, വസ്തുക്കളും അണുവിമുക്തമാക്കാം.

വായ്ക്കുള്ളിലെ വ്രണങ്ങൾ പൊട്ടാസ്യം പെർമാംഗനേറ്റ്‌ ലായനി ഉപയോഗിച്ച്‌ കഴുകിയശേഷം ബോറിക്‌ ആസിഡ്‌ തേനിലോ ഗ്ലിസറിനിലോ ചാലിച്ച്‌ പുരട്ടുക. കാൽപാദത്തിലെ വ്രണങ്ങൾ 2 ശതമാനം വീര്യമുള്ള അലക്കുകാര ലായനിയിലോ, തുരിശു ലായനിയിലോ കഴുകി ആന്‍റി സെപ്റ്റിക്ക്‌ ലേപനങ്ങൾ പുരട്ടി കൊടുക്കുക. രോഗലക്ഷണമായ പനി കുറയാനുള്ള മരുന്നുകളും പാർശ്വ അണുബാധ തടയാൻ ആന്‍റീബയോട്ടിക്കുകളും ഡോക്ടറുടെ നിർദ്ദേശപ്രകാരം നൽകാം. വൈറസ്‌ രോഗമായതിനാൽ പ്രത്യേക ചികിത്സയില്ല.

രോഗം നാട്ടിൽ പടരുന്ന സമയത്ത്‌ ഫാമിൽ സന്ദർശകരെ പൂർണ്ണമായി ഒഴിവാക്കണം. വായുവിലൂടെ രോഗം പകരുമെന്നതിനാൽ രോഗം വന്നവയെ പുറത്തേക്ക്‌ തീറ്റാൻ കൊണ്ടുപോകരുത്‌. രോഗമുള്ള പശുക്കളുടെ പാൽ കഴിയുന്നതും പുറത്തുകൊണ്ടുപോകരുത്‌. അത്യാവശ്യമെങ്കിൽ തിളപ്പിച്ചതിനുശേഷം മാത്രം കൊണ്ടുപോകുക. രോഗം പടർന്നു പിടിക്കുന്ന അവസരങ്ങളിൽ കാലികളെ വിൽക്കാനോ, വാങ്ങുവാനോ പാടില്ല. അന്യസംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്നവ ഒരു മാസം മുൻപെങ്കിലും പ്രതിരോധ കുത്തിവെയ്പ്‌ നൽകിയവയാകണം. പക്ഷികളും, മറ്റു മൃഗങ്ങളും തൊഴുത്തിൽ കയറാതെ നോക്കണം. പശുവിനെ നോക്കുന്നവർ മറ്റു ഫാമുകളിൽ പോകരുത്‌. പുല്ലും, വൈക്കോലും രോഗബാധയുള്ള സ്ഥലങ്ങളിൽ നിന്ന്‌ കൊണ്ടുവരരുത്‌. തൊഴുത്തിൽ നിന്നുള്ള മാലിന്യങ്ങളും ചത്ത പശുക്കളുടെ ജഡവും കൃത്യമായി മറവ്‌ ചെയ്യണം. ഇവ തോടുകളിലോ, പുഴയിലോ നിക്ഷേപിക്കുന്നത്‌ രോഗബാധ വ്യാപിപ്പിക്കും. കാലി പ്രദർശനങ്ങൾ, ചികിത്സാ ക്യാമ്പുകൾ ഇവ ഒഴിവാക്കണം.

പ്രതിരോധ കുത്തിവെയ്പ്‌ (വാക്സിനേഷൻ) നൽകുകയാണ്‌ രോഗ പ്രതിരോധത്തിനുള്ള ഫലപ്രദമായ മാർഗ്ഗം. നാലുമാസം പ്രായത്തിൽ താഴെയുള്ള കിടാവുകളേയും ഏഴുമാസത്തിനു മുകളിൽ ചെനയുള്ള പശുക്കളേയും ഒഴിവാക്കണം. പശു, എരുമ, പന്നി എന്നിവയ്ക്ക്‌ കുത്തിവെയ്പ്‌ നൽകണം. കറവയുള്ള പശുക്കളിൽ കുത്തിവെയ്പിനുശേഷം താൽക്കാലികമായി ഏതാനും ദിവസം പാൽ കുറഞ്ഞേക്കുമെങ്കിലും പൂർവ്വസ്ഥിതി അതിവേഗം പ്രാപിക്കുന്നതാണ്‌. ആരോഗ്യാവസ്ഥയിലുള്ള ഉരുക്കളാണ്‌ കുത്തിവെയ്പിന്‌ വിധേയമാകേണ്ടത്‌. വിരബാധയോ മറ്റു രോഗങ്ങളോ ഉള്ളവയിൽ ചില അവസരങ്ങളിൽ പാർശ്വഫലങ്ങൾ കാണുന്നു. രോഗം പടരുന്ന സമയത്ത് കന്നുകാലികൾ കൂട്ടം കൂടുന്ന പ്രദർശനങ്ങളിലോ ക്യാമ്പുകളിലോ കൊണ്ടുപോയി പ്രതിരോധ കുത്തിവെയ്പ്‌ നൽകുന്നത്‌ നന്നല്ല. കാരണം രോഗാണു ശരീരത്തിൽ കടന്നാൽ 2-7 ദിവസത്തിനകം രോഗമുണ്ടാകുന്നു. എന്നാൽ കുത്തിവെയ്പ്‌ നടത്തിയതിന്‍റെ ഫലമായുള്ള പ്രതിരോധശക്തി രൂപപ്പെടാൻ 14-21 ദിവസമെടുക്കുന്നു.
അടുത്ത സംസ്ഥാനങ്ങളിൽ രോഗബാധയുണ്ടാകുന്നത്‌ കേരളത്തിന്‌ ഭീഷണിയാണ്‌.

പ്രതിവർഷം 10 ലക്ഷം കാലികളാണത്രേ മറ്റു സംസ്ഥാനങ്ങളിൽ നിന്ന്‌ നമ്മുടെ സംസ്ഥാനത്തെ അറവുശാലകളിലെത്തുന്നത്‌. അശ്രദ്ധമായി ഇത്തരം മൃഗങ്ങളെ കൈകാര്യം ചെയ്താൽ രോഗം എളുപ്പം നമ്മുടെ നാട്ടിലെത്തുകയും ചെയ്യും. നമ്മുടെ സംസ്ഥാനത്തെ കുളമ്പുരോഗ നിയന്ത്രിത സംസ്ഥാനമാക്കാനുള്ള ബ്രുഹത്‌ പദ്ധതിയായ ഗോരക്ഷ പദ്ധതി വഴി നടത്തി വരുന്ന കുത്തിവെയ്പുകളുമായി എല്ലാ കർഷകരും സഹകരിച്ചാൽ മാത്രമേ കുളമ്പുരോഗത്തെ വരുതിയിൽ നിർത്താൻ നമുക്ക്‌ കഴിയൂ.

കന്നുകാലികളിലെ പണ്ടപ്പുഴുബാധ നേരിടാൻ

നാടൻ വിരകളും, ഉരുളൻ വിരകളും പണ്ടപ്പുഴുക്കളും സൂക്ഷ്മാണുക്കളായ പ്രോട്ടോസോവകളും ആണ്‌ കന്നുകാലികളിലെ വിരബാധയുണ്ടാക്കുന്ന പരാദങ്ങൾ. ഇത്തരം ആന്തരിക പരാദങ്ങൾ കാലികളുടെ ഉൽപാദനക്ഷമതയേയും ആരോഗ്യത്തെയും ബാധിക്കുന്നു. ഇതിൽ ആമാശയത്തിൽ കാണുന്ന പണ്ടപ്പുഴുക്കൾ കേരളത്തിൽ പ്രത്യേകിച്ച്‌ പാടത്ത്‌ മേയാൻ വിടുന്ന പശുക്കളിൽ സാധാരണമാണ്‌. ചികിത്സയോടൊപ്പം പ്രതിരോധ നടപടികൾക്കും, ശാസ്ത്രീയ പരിചരണമുറകൾക്കും പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങളിലൂടെ ഈ രോഗത്തെ നിയന്ത്രിക്കാവുന്നതാണ്‌.
ദുർഗന്ധത്തോടു കൂടിയ വയറിളക്കമാണു പണ്ടപ്പുഴുബാധയുടെ ആദ്യലക്ഷണം. ചിലപ്പോൾ ഇടവിട്ടുള്ള മലബന്ധം ഉണ്ടാകാം. ആലസ്യം, ഉൻമേഷമില്ലായ്മ, താടയ്ക്ക്‌ നീര്,  തീറ്റയെടുക്കാൻ മടി, വിളർച്ച എന്നിവയാണ്‌ മറ്റ്‌ ലക്ഷണങ്ങൾ. തീവ്രമായ രോഗലക്ഷണങ്ങൾ കാണപ്പെടുന്നത്‌ പ്രധാനമായും വിരകൾ ചെറുകുടൽ ഭിത്തിയിലുണ്ടാക്കുന്ന മാരക മുറിവുകളും തുടർന്നുള്ള രക്തസ്രാവവും മൂലമാണ്‌. തീവ്രരോഗത്തിൽ കന്നുകുട്ടികൾ 2-3 ആഴ്ചയ്ക്കകം ക്ഷീണിച്ചവശരായി ചത്തുപോവുക പതിവാണ്‌. എന്നാൽ ദീർഘസ്ഥായിയായ രോഗം പിടിപെടുമ്പോൾ രോമം കൊഴിച്ചിൽ, ദേഹമാസകലം നീര്‌, വയറുന്തൽ തുടങ്ങിയ ലക്ഷണങ്ങളുമായി തളർന്നു വീഴാറുണ്ട്‌. വളർച്ചയെത്താത്ത വിരകൾ ചെറുകുടലിൽ ആമാശയ അറകളിലെത്തി വളർച്ച പ്രാപിക്കുന്നു. എന്നാൽ അവിടെ ഇവ വലിയ ക്ഷതം വരുത്തുന്നില്ല. വിരകൾ ചെറുകുടലിൽ നിന്ന്‌ ഉണ്ടാക്കുന്ന ക്ഷതങ്ങളാണ്‌ രോഗത്തിന്‌ പ്രധാന കാരണം.
വളർച്ചയെത്താത്ത വിരകളുടെ ബാധയുണ്ടാക്കുന്ന തുടക്കസമയത്ത്‌ ചാണകത്തിൽ അണ്ഡങ്ങൾ കാണുകയില്ല. എന്നാൽ തീവ്രരോഗാവസ്ഥയിൽ ചാണകത്തിൽ വിരകളെ കാണാം. വളർന്ന വിരകൾ ആമാശയ അറകളിൽ സ്ഥാനം പിടിക്കുന്നതോടെ ചാണകത്തിൽ അണ്ഡങ്ങൾ കണ്ടുതുടങ്ങും. എന്നാൽ അതിനു മുമ്പ്‌ രോഗലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ചികിത്സ നൽകണം. അണ്ഡങ്ങൾ ചാണകത്തിൽ കാണുന്നതിന്‌ മുമ്പു തന്നെ രോഗം പിടിപെടുന്നതുകൊണ്ട്‌ നേരത്തെയുള്ള രോഗനിർണയം ചികിത്സയിൽ അത്യാവശ്യമാണ്‌. അതിനുപകരിക്കുന്ന സാങ്കേതിക സൗകര്യങ്ങൾ ലാബുകളിൽ ലഭ്യമാണ്‌. പൂർണ വളർച്ചയെത്താത്തതും, വളർന്നതുമായ വിരകളെ ഹനിക്കുന്ന ഫലപ്രദമായ ഔഷധങ്ങൾ ഇന്നു ലഭ്യമാണ്‌..  രോഗസാന്ദ്രതയേറിയ സ്ഥലങ്ങളിലുള്ളതും പാടത്തെ പുല്ല്‌ സ്ഥിരമായി കൊടുക്കുന്നതുമായ കന്നുകാലികൾക്കു രണ്ടുമാസത്തിലൊരിക്കൽ ഓക്സിക്ലോസനൈഡ്‌ ഗുളികകൾ രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ നൽകാവുന്നതാണ്‌.
ചികിത്സയ്ക്കൊപ്പം പ്രാധാന്യമുണ്ട്‌ പ്രതിരോധ നടപടികൾക്കും. രോഗവാഹകരായ കന്നുകാലികളെ യഥാസമയം ചികിത്സിപ്പിക്കുകയെന്നതാണ്‌ ഇവയിൽ ഏറ്റവും പ്രധാനം. സ്ഥലത്തുള്ള ഒച്ചുകളെ കോപ്പർ സൾഫേറ്റ്‌ പോലുള്ള കീടനാശിനികൾ ഉപയോഗിച്ച്‌ നശിപ്പിക്കേണ്ടതുണ്ട്‌. പരിസര ശുചീകരണം നിർബന്ധം. തൊഴുത്തിലെ ചാണകം കുഴിയിലേക്ക്‌ നീക്കുകയും വേണം. ഇടയ്ക്കിടക്ക്‌ ചാണകത്തിനുമേൽ കീടനാശിനികൾ വിതറുന്നത്‌ വിരകളുടെ മുട്ട നശിച്ചുപോകാൻ സഹായിക്കും. പശുക്കളെ പാടത്തു മേയാൻ വിടാതിരിക്കുകയും മേച്ചിൽപുറങ്ങളിൽ ഇടയ്ക്കിടെ മാറ്റുകയും ചെയ്യുന്നത്‌ നല്ല രോഗപ്രതിരോധ മാർഗങ്ങളാണ്‌.

കുറിത്തലയൻ വാത്തപക്ഷി

വൻ‌വാത്ത എന്നും കുറിത്തലയൻ വാത്തയ്ക്ക് പേരുണ്ട്. മദ്ധ്യഏഷ്യയിൽ മലയോടു ചേർന്ന തടാകങ്ങളിൽ ആയിരളോളമുള്ള കൂട്ടങ്ങളായി കാണുന്നു. തണുപ്പുകാലത്ത് തെക്കൻ ഏഷ്യയിലേക്ക് ചേക്കേറുന്ന ഇവ ഇന്ത്യയുടെ തെക്കേ അറ്റം വരെ എത്തുന്നു. തറയുണ്ടാക്കുന്ന കൂടുകളിൽ മൂന്നു മുതൽ എട്ടു വരെ മുട്ടകളിടുന്നു. വേനൽക്കാലത്ത് സമുദ്രനിരപ്പിൽ നിന്നും വളരെ ഉയരത്തിലുള്ള തടാകങ്ങളിൽ ജീവിക്കുകയും അധികം ഉയരമില്ലാത്ത പുല്ലുകൾ ഉള്ളിടത്ത് തീറ്റ തേടുകയും ചെയ്യുന്നു. ഹിമാലയം കടക്കുന്നതിനു മുമ്പ് തിബറ്റ്, കസാക്കിസ്ഥാൻ, മംഗോളിയ, റഷ്യ എന്നിവിടങ്ങളിൽ നിന്നു് തെക്കുഭാഗത്തേക്ക് ചേക്കേറും. കാക്കകൾ, കുറുക്കന്മാർ, കടൽ പരുന്തുകൾ, കടൽകാക്കകൾ എന്നിവയാണ് പ്രധാന ശത്രുക്കൾ.

ഈ പക്ഷി വളരെ ഉയരത്തിൽ പറക്കുന്ന പക്ഷികളിൽ ഒന്നാണെന്നു കറുതുന്നു. ലോകത്തിലെ ഉയരം കൂടിയ കൊടുമുടികളിൽ അഞ്ചാമത്തേതായ മക്കാലു കൊടുമുടികൾ കടന്നുപോകാറുണ്ട്. മറ്റു പല ചേക്കേറുന്ന പക്ഷികളും കുറഞ്ഞ ഉയരത്തിൽ പറക്കുമ്പോൾ കുറിത്തലയൻ വാത്ത വളരെ ഉയരത്തിൽ പറക്കുന്നതിന്റെ രഹസ്യം ശാസ്ത്രജ്ഞർക്ക് പിടികിട്ടിയിട്ടില്ല. ഈ വാത്തയ്ക്ക് വേനൽക്കാലത്ത് പ്രജനനകാലത്ത് ഹിമാലയം കടക്കാൻ ഏഴുമണിക്കൂറിന്റെ നിറുത്താതെയുള്ള ഒറ്റ പറക്കൽ മതി. അവ പോകുന്ന ദിശയിൽ അനുകൂലമായ കാറ്റ് ഉണ്ടായിരിക്കുമെങ്കിലും അവ അതിന്റെ ആനുകൂല്യം എടുക്കാതെ കാറ്റൊടുങ്ങുന്ന രാത്രി സമയങ്ങളിലാണ് പറക്കുന്നത്. മറ്റുള്ള വാത്തകളേക്കാൾ വ്യത്യാസമുള്ള ഭാരവും അല്പം വിസ്താരമുള്ള ചിറകുകളും അവയെ ഉയരത്തിൽ പറക്കാൻ സഹായിക്കുന്നുണ്ട്.

ഓക്സിജൻ കുറഞ്ഞ അവസ്തകളിൽ അവയ്ക്ക് ആഴത്തിലും ഫലവത്തായും ശ്വസിക്കാൻ പറ്റുമെന്ന് പഠനങ്ങൾ കാണിക്കുന്നു. മറ്റു വാത്തുകളേക്കാൾ കുറിത്തലയൻ വാത്തുകളുടെ രക്തത്തിലെ ഹീമോഗ്ലോബിനിൽ കൂടുതൽ ഓക്സിജന്റെ സാന്നിധ്യമുണ്ട്. കൈർഗിസ്ഥാനിൽ നിന്നും തെക്കോട്ടു ചേക്കേറുന്ന കുറിത്തലയൻ വാത്തകൾ പടിഞ്ഞാറൻ തിബറ്റിലും തെക്കൻ താജിക്കിസ്ഥാനിലും 20 മുതൽ 30 ദിവസം വരെ തങ്ങിയ ശേഷമാണ് യാത്ര തുടരുന്നത്. ഇന്ത്യയിലെത്തുന്ന ഇവ കൃഷിയിടങ്ങളിൽ നെല്ല്, ഗോതമ്പ്, ബാർലി എന്നിവ കഴിച്ചു ജീവിക്കും, ചിലപ്പോൾ കൃഷിയ്ക്ക് നാശമുണ്ടാക്കുകയും ചെയ്യുന്നു. തലയിന്മേലുള്ള കറുത്ത വര ഇവയെ മറ്റു ചാര വാത്തകളിൽ നിന്നും വേർതിരിക്കുന്നു. ഇവയ്ക്ക് ഈ ഗണത്തിൽ പെട്ട മറ്റുള്ളവയേക്കാൾ മങ്ങിയ നിറമാണുള്ളത്. പ്രായപൂർത്തിയായ ഒരു പക്ഷിയ്ക്ക് 71-76 സെ.മീ നീളവും 1.87 മുതൽ 3,2 കി.ഗ്രാം വരെ തൂക്കവും കാണും. ടിബറ്റൻ പീഠഭൂമിയിലാണ് ഇവ സാധാരണ കൂടുണ്ടാക്കുന്നത്. കുറിത്തലയൻ വാത്ത മറ്റു പക്ഷികളോട് സഹവർത്തിത്തോട് കഴിയുന്നവയും മറ്റുള്ളവയ്ക്ക് ഒരു ശല്യവും ഉണ്ടാക്കാത്തതുമാണ്.

കോമാളി മത്സ്യം

പോമസെട്രിഡ എന്ന കുടുംബത്തിലെ ഒരു കടൽ മത്സ്യം ആണ് കോമാളി മത്സ്യം. ഇവയിൽ ഇരുപത്തി എട്ടു സ്പീഷിസ്കൾ ഉണ്ട്. ഇവയിൽ പലതിനെയും ഇന്ന് ഒരു അലങ്കാര മത്സ്യം ആയി വളർത്തി വരുന്നു .കോമാളി മത്സ്യം ആണ് ആദ്യമായി അക്വേറിയങ്ങളിൽ വളർത്തിയ പ്രജനനം നടത്തിയ അലങ്കാര കടൽ മത്സ്യം. ഇവയ്ക് സീ അനിമണിയും തമ്മിൽ ഒരു സിംബയോടിക് ബന്ദം ഉണ്ട് .ഇവയെ മികപോഴും സീ അനിമണിയുടെ അടുത്ത് തന്നെ ആണ് കാണാറ്

ഭംഗിയേറിയ ഒരിനം വളർത്തു മത്സ്യം:എയ്ഞ്ചൽ

ഭംഗിയേറിയ ഒരിനം വളർത്തു മത്സ്യമാണ് എയ്ഞ്ചൽ മത്സ്യം. സിക്ലിഡേ (Cichlidae) മത്സ്യ ഗോത്രത്തിലാണിവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ശുദ്ധജലജീവിയായ ഏഞ്ജൽമത്സ്യത്തിന്റെ ശാസ്ത്രനാമം റ്റീറോഫില്ലം സ്കാലറെ (Pterophyllum scalare) എന്നാണ്. റ്റീറോഫില്ലം ഐമെക്കിയൈ (Pterophyllum eimekei) എന്നൊരു സ്പീഷീസുകൂടി അറിയപ്പെടുന്നതായുണ്ട്. ഇവയുടെ വളർന്നു നിണ്ട പൃഷ്ഠ-ഗുദപത്രങ്ങൾ (Dorsal and anal fins) ക്ക് മാലാഖയുടെ ചിറകിനോട് സദൃശ്യമുള്ളതിനാലാണ് ഇവയ്ക്ക് ഏഞ്ജൽ മത്സ്യം എന്ന പേരു ലഭി ലഭിച്ചത്.

പരന്ന ശരീരമുള്ള ഈ മത്സ്യങ്ങൾക്ക് നീളത്തേക്കാൾ കൂടുതൽ പൊക്കമാണുള്ളത്. പൂർണ്ണ വളർച്ചയെത്തിയ ഒരു മത്സ്യത്തിന് തല മുതൽ വാലറ്റം‌‌വരെ 15 സെ. മീ. നീളമുള്ളപ്പോൾ പൊക്കം 25 സെ. മീ. വരും. പൃഷ്ഠ-ഗുദപത്രങ്ങൾക്കു സംഭവിച്ചിട്ടുള്ള അധികവളർച്ചയാണ് ഈ അസാമാന്യ പോക്കത്തിനുള്ള കാരണം. ജലസസ്യങ്ങൾ ഇടതൂർന്നു വളർന്നു നിൽക്കുന്നതും ഒഴുക്കുകുറഞ്ഞതുമായ ജലത്തിലാണ് ഇവ സാധാരണയായി കാണപ്പെടുന്നത്.

തിളങ്ങുന്ന വെള്ളിയുടെ നിറമുള്ള ഈ മത്സ്യങ്ങളുടെ ശരീരത്തിൽ കുറുകെ കറുത്ത പട്ടകൾ (bands) കാണാറുണ്ട്. പത്രങ്ങളുടെ അഗ്രഭാഗങ്ങൾ വരെ ഈ പട്ടകൾ എത്തിച്ചേരുന്നു. മിക്ക ഏഞ്ജൽമൽത്സ്യങ്ങൾക്കും വെള്ളിയുടെ നിറമാണെങ്കിലും ഇളം കറുപ്പുനിറമുള്ള ഇനങ്ങളുമുണ്ട്. അപൂർ‌‌വമായി വിളറിയ നീലനിറമുള്ളവയേയും ഇളം മഞ്ഞ നിറമുള്ളവയേയും കണ്ടെത്തിയിട്ടുണ്ട്. തെക്കേ അമേരിക്കയിലെ ആമസോൺ നദീതടങ്ങളിലാണ് ഏഞ്ജൽമത്സ്യങ്ങളുടെ നൈസർഗിക ആവാസ കേന്ദ്രങ്ങൾ. 10 മുതൽ 15 വരെയുള്ള കൂട്ടങ്ങളായാണ് ഇവ സഞ്ചരിക്കുന്നത്.

ആൺ പെൺ മത്സ്യങ്ങളെ അത്രവേഗം തിരിച്ചറിയാൻ ആവില്ല. ജനനാംഗപാപ്പില (genital papilla) കളുടെ ആകാര വ്യത്യസമാണ് ലിംഗഭേദം മനസ്സിലാക്കുവനുള്ള പ്രധാന മാർഗം. ആൺമത്സ്യങ്ങളുടെ ജനാംഗപാപ്പില കൂർത്തതും പെൺ മത്സ്യങ്ങളുടേത് അല്പം തടിച്ചതും ആയിരിക്കും. ജലസസ്യങ്ങളുടെ ഇലകളിലും തണ്ടുകളിലും അപൂർ‌‌വമായി പാറകളിലും ഇവ മുട്ട നിക്ഷേപിക്കുന്നു. ചരടിൽ കോർത്ത മുത്തുകളുടെ ആകൃതിയിലുള്ള ഈ മുട്ടകൾ 48-60 മണിക്കൂറുകൾക്കകം വിരിഞ്ഞിറങ്ങും. നാലു ദിവസത്തോളം താളം തെറ്റിയ രീതിയിൽ നിന്തി നടക്കുന്ന കുഞ്ഞുങ്ങൾ ആറുദിവസം പ്രായമാകുന്നതോടെ ശരിയായ രീതിയിൽ നീന്തിനടക്കാൻ പഠിക്കുന്നു. വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളുടെ പ്രധാന ആഹാരം സൂക്ഷ്മജീവികളും ചെമ്മിൻ‌‌കുഞ്ഞുങ്ങളും ആണ്.

യഥാർഥ ഏഞ്ജൽമത്സ്യങ്ങളുടെ വർഗോത്പാതനത്തിന് ചിലപ്രത്യേക ജലസം‌‌വിധാനങ്ങൾ ആവശ്യമാണ്. പക്ഷേ കാലക്രമത്തിൽ റ്റീറോഫില്ലം സ്കാലറേ, റ്റീ.ഐമെക്കിയൈ എന്നീ സ്പീഷീസുകളുടെ സങ്കരയിനങ്ങൾ ഉടലെടുത്തു. ഇന്ന് അക്വേറിയങ്ങളിൽ കാണപ്പെടുന്ന ഏഞ്ജൽമത്സ്യങ്ങൾ ഈ രണ്ടു സ്പീഷീസിന്റെയും സങ്കരയിനമാണെന്നു കരുതപ്പെടുന്നു. മറ്റു വളർത്തു മത്സ്യങ്ങൾക്കു വേ ണ്ടതിനേക്കാൾ വലിയ അക്വേറിയങ്ങളും 75-80 ഡിഗ്രി ഫാറൻ‌‌ഹീറ്റ് താപനിലയിലുള്ള ജലവും ഇവയുടെ വളർച്ചക്കാവശ്യമാണ്. മിക്കവാറും എല്ലായിനം ചെറു ജലജിവികളെയും ഇവ ഭക്ഷിക്കുമെങ്കിലും കൃത്രിമാഹാരങ്ങളും ഇവയ്ക്കു നൽകാവുന്നതാണ്.

ഭംഗിയേറിയ ഒരു വളർത്തു മത്സ്യമായ ഇവയെ ഭക്ഷ്യ മത്സ്യമായി ഉപയോഗിക്കാറില്ല.
കീറ്റഡോണ്ടിഡേ മത്സ്യകുടുംബത്തിൽപ്പെട്ട നിരവധി ജീനസുകളും എയ്ഞ്ചൽ മത്സ്യങ്ങൾ എന്ന പേരിലറിയപ്പെടുന്നുണ്ട്. ഉഷ്ണമേഖലയിലെ സമുദ്രങ്ങളിൽ കാണപ്പെടുന്ന ഇവയും കാഴ്ചയ്ക്ക് അതിമനോഹര മത്സ്യങ്ങളാണ്. ഇവയിൽ കൂടുതൽ വലിപ്പമേറിയതും ശഭളാഭവുമായ ക്വീൻ എയ്ഞ്ചൽ മത്സ്യം പ്രത്യേക ശ്രദ്ധയാകർഷിക്കുന്നു. ഹോളകാന്തസ് ജീനസിൽപ്പെട്ട ഈ മത്സ്യങ്ങൾ പവിഴപ്പുറ്റു നിരകളുമായി ചേർന്നാണ് കാണപ്പെടുന്നത്. കടലിലെ ശലഭമത്സ്യങ്ങൾ (Butterfly fishes) ക്ക് എയ്ഞ്ചൽ മത്സ്യത്തോട് വിദൂര ബന്ധം മാത്രമേയുള്ളു.

മൃഗരോഗങ്ങൾക്കുള്ള നാട്ടുമരുന്ന് വാളൻപുളി

വളർത്തുമൃഗങ്ങളിലെ വിവിധതരം രോഗങ്ങൾക്കുള്ള നാട്ടുമരുന്നാണു വാളൻപുളി. വളരെയേറെ ഔഷധഗുണവും പോഷകങ്ങളും വാളൻപുളിയിലുണ്ടെന്നു സ്പൈസസ് ബോർഡിലെ ശാസ്ത്രജ്ഞർ പറയുന്നു:

പനി : വളർത്തുമൃഗങ്ങൾക്കു പനിയുള്ളപ്പോൾ ഒരു കപ്പ് വാളൻപുളി, ഒരു ടീസ്പൂൺ തിപ്പലി, കുരുമുളക്, താന്നിക്കാ, നെല്ലിക്ക, കടുക്ക എന്നിവയുമായി ചേർത്ത് ദിവസവും ഓരോനേരം നൽകണം. മൂന്നുദിവസം തുടരണം.

വയറിളക്കം: വയറിളക്കമുണ്ടെങ്കിൽ ഒരു കൈപ്പത്തി വലുപ്പത്തിൽ വാളൻപുളിയുടെ തൊലിയെടുത്ത് നാടൻ കോഴിമുട്ടയുടെ അഞ്ചു തോട് പൊടിച്ചിട്ട് വെവ്വേറെ വറുത്തെടുക്കണം. ഇത് കാൽലീറ്റർ മോരിൻവെള്ളവും കാടിവെള്ളവുമായി ചേർത്തിളക്കി ദിവസം ഒരുനേരം എന്ന തോതിൽ നാലുദിവസം കൊടുക്കണം.

വയറുവേദന: ചുവന്ന മുളക്, തിപ്പലി എന്നിവ പൊടിച്ചെടുത്ത് ഓരോന്നും ഓരോ കപ്പ് വെള്ളത്തിൽ കലർത്തി ഒരു പിടി വാളൻപുളിയുമായി കൂട്ടിക്കലർത്തണം. ഈ മിശ്രിതം നാലു ടീസ്പൂൺ ചുക്കുപൊടിയും എട്ടു ടീസ്പൂൺ വാഴവേര് പൊടിച്ചെടുത്തതും നാലു ടീസ്പൂൺ ചന്ദനപ്പൊടിയും എട്ടു ടീസ്പൂൺ ഉപ്പും അരക്കപ്പ് ശർക്കരയുമായി ചേർത്ത് കുഴച്ചശേഷം മൂന്നുദിവസം കൊടുക്കണം.

വായുസ്തംഭനം: ഒരുപിടി വാളൻപുളി ഒരുകപ്പു വെള്ളത്തിൽ കലർത്തി എട്ട് ടീസ്പൂൺ കടുക്കാപ്പൊടി അരലീറ്റർ വെള്ളത്തില് കലർത്തി വായിൽ ഒഴിച്ചു കൊടുക്കണം.

ത്വക്‌രോഗങ്ങൾ : ഒരു ടീസ്പൂൺ വീതം വാളൻപുളി, കുരുമുളക് എന്നിവ നന്നായി അരച്ച് ആവശ്യത്തിന് എള്ളെണ്ണ ചേർത്ത് കുഴമ്പു രൂപത്തിലാക്കി രണ്ടാഴ്ചത്തേക്ക് ത്വക് രോഗമുള്ള സ്ഥലത്ത് തേച്ചുപിടിപ്പിക്കണം. ഇതല്ലെങ്കിൽ വാളൻപുളിയില ഗരുഡക്കൊടിയുമായി ചേർത്ത് അരച്ച് രണ്ടാഴ്ചത്തേക്കു പുരട്ടിക്കൊടുക്കണം. ഒരുവർഷം പഴക്കമുള്ള വാളൻപുളി, മോരിൽ കലർത്തി പുരട്ടുന്നതും നല്ലതാണ്.

മഞ്ഞപ്പിത്തം : ഒരു ടീസ്പൂൺ വാളൻപുളി, അര ടീസ്പൂൺ ജീരകം എന്നിവ രണ്ടു ടീസ്പൂൺ തേനിൽ ചേർത്ത് നാലു ദിവസം തുടർച്ചയായി നൽകണം.

കടപ്പാട് : www.infomagic.com

3.15789473684
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top