অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൃഷിചെയ്യാം ശ്രദ്ധയോടെ

കൃഷിചെയ്യാം ശ്രദ്ധയോടെ

 1. പൂച്ചയെ ശ്രദ്ധയോടെ വളര്‍ത്തണം
 2. കേള്‍വിയില്ല, സ്വന്തമായി ഭൂമിയില്ല: പക്ഷേ രേഖ മികച്ച കര്‍ഷകയാണ്
 3. കടല്‍ കടക്കുന്ന കടലവിശേഷങ്ങളുമായി ഓണാട്ടുകര
 4. ആമ്പല്‍ വീട്ടിലും വളര്‍ത്താം
 5. പൂച്ചകളില്‍ നിന്ന് പകരുന്ന രോഗങ്ങള്‍
 6. ലില്ലിയുടെ ഫാം സ്‌കൂള്‍
 7. കന്നുകാലികളിലെ അരിമ്പാറ
 8. കൊങ്ങിണി സസ്യവിഷബാധ കന്നുകാലികളില്‍
 9. മധുരക്കിഴങ്ങിന്റെ കാലം
 10. വിളകളെ ആക്രമിക്കുന്ന കാട്ടുപന്നികളെ തുരത്താന്‍ 'ബോറെപ്'
 11. ഇലക്ട്രിക്കല്‍ എന്‍ജിനീയറുടെ മത്സ്യക്കൃഷി
 12. വെണ്ടയ്ക്ക കഴിച്ചാല്‍ പ്രമേഹം തടയാമോ?
 13. ചെങ്കല്‍പ്പാറയില്‍ മുന്തിരി വിളയിച്ച് രാജന്‍
 14. ആദായം നേടാന്‍ ചിപ്പിക്കൂണ്‍
 15. ഒരു കൂനയില്‍ അഞ്ചിനം പച്ചക്കറികള്‍
 16. കിനോ മന്താരിന്‍ വളര്‍ത്താം
 17. മുല്ലയുടെ വളപ്രയോഗം
 18. ഹനീഫയുടെ കൃഷിയിടം വിദേശ പഴങ്ങളാല്‍ സമ്പന്നം
 19. പടുമുളയില്‍ നിന്ന് ചന്ദ്രന്‍ കൊയ്യുന്നത് ലാഭം
 20. പോഷകം പോരാ?
 21. തണ്ണിമത്തന്‍ മഴമറയില്‍ നട്ടാല്‍ നേട്ടങ്ങള്‍ ഏറെ
 22. മുണ്ടാര്‍ നിന്നൊരു വിദ്യാര്‍ഥി കര്‍ഷകന്‍
 23. ബ്രൊമീലിയാഡുകള്‍ വളര്‍ത്താം; വീട്ടിനകത്തും പുറത്തും
 24. ആരാമത്തിലെ വൃക്ഷ സുന്ദരിമാര്‍

പൂച്ചയെ ശ്രദ്ധയോടെ വളര്‍ത്തണം

പൂച്ചകളെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?

വീട്ടിലെ ഒരു അംഗത്തെപോലെയാണ് പൂച്ചകളെ പണ്ടുകാലത്തും ഇന്നും നമ്മള്‍ പരിചരിക്കുന്നത്. വിദേശ ഇനം പൂച്ചകളെയും ഇന്ന് വളര്‍ത്തുന്നുണ്ട്. പൂച്ചകളെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.

താമസ സ്ഥലം

പൂച്ചയെ വീട്ടിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് തന്നെ അതിന്റെ വാസസ്ഥലം ഒരുക്കിയിരിക്കണം. ആദ്യ ദിവസങ്ങളില്‍ ഒരു മുറി ഇതിനുവേണ്ടി നീക്കിവെയ്ക്കണം. ഇതിന്റെ വാതില്‍ യഥേഷ്ടം അകത്തേക്കും പുറത്തേക്കും തുറക്കാവുന്നതായിരിക്കണം. മുറിക്കകത്ത് ഒരു കാര്‍ഡ്‌ബോര്‍ഡ് കൊണ്ടോ, പ്ലൈവുഡ് കൊണ്ടോ ഉണ്ടാക്കിയ ഒരു കൂട് ഉണ്ടായിരിക്കണം. മറ്റുള്ളവരുടെ ശല്യമില്ലാതെ വിശ്രമിക്കാനാണ് ഇത്. കൂടിനകത്ത് ന്യൂസ് പേപ്പറോ, തുണിയോ വെച്ചിരിക്കണം.

പൂച്ചകുട്ടികള്‍ക്ക് 89-93 ഡിഗ്രി ഫാറന്‍ഹീറ്റ് ചൂട് ആവശ്യമാണ്. ഇത്രയും അളവ് കിട്ടത്തക്കവിധത്തില്‍ കൂട്ടില്‍ ചൂട് ക്രമീകരിക്കണം. ഇതിന് ചൂടുവെള്ളം നിറച്ച കുപ്പികളോ പാഡുകളോ ഉപയോഗിക്കാം. 12 ആഴ്ചകള്‍വരെ ഇത് തുടരണം. മൂന്ന് ആഴ്ചകള്‍ വരെ ഇവയ്ക്ക് സ്വയം മൂത്രം, മലം എന്നിവ വിസര്‍ജ്ജിക്കുവാന്‍ സാധ്യമല്ല. തള്ളപ്പൂച്ച ചാകുന്ന സമയത്താണ് പൂച്ചക്കുട്ടിയെ വീടുകളിലേക്ക് കൊണ്ടുവന്നതെങ്കില്‍ വീട്ടുകാര്‍ ഭക്ഷണത്തിന് മുമ്പും, ശേഷവും പൂച്ചക്കുട്ടിയുടെ അടിവയര്‍ മുകളില്‍ നിന്ന് താഴത്തേക്ക്  മൃദുവായി തടവിക്കൊടുക്കണം. അഞ്ച് ആഴ്ച പ്രായമാകുമ്പോള്‍ കുട്ടികളെ തള്ളയില്‍ നിന്ന് വേര്‍പെടുത്താം. 56 ആഴ്ചയാകുമ്പോള്‍ ഇവ വെള്ളം കുടിക്കുവാന്‍ തുടങ്ങും. 18 മാസം പ്രായമാകുമ്പോള്‍ ഇവ പ്രായപൂര്‍ത്തിയാകുന്നു. ഇവയുടെ ഗര്‍ഭകാലം 60-62 ദിവസമാണ്.

പൂച്ചകളുടെ കൂട് തന്നെ അതിന്റെ വീടായി ഉപയോഗപ്പെടുത്തണം. ഒരു കൂടിന് 19 സ്‌ക്വയര്‍ഫീറ്റ് വ്യാപ്തി ഉണ്ടായിരിക്കണം. ഇതിനുള്ളില്‍ കളിക്കുവാനുള്ള കളിപ്പാട്ടങ്ങള്‍, മാന്തിക്കയറാനുള്ള തൂണുകള്‍ (സ്‌ക്രാച്ച് പോസ്റ്റ്‌) മുകളില്‍ കയറി വിശ്രമിക്കാനുള്ള സൗകര്യങ്ങള്‍, ഏണികള്‍, എന്നിവ ഒരുക്കിവെക്കാം. കൂടാതെ ഭക്ഷണപാത്രം, വെള്ളം കുടിക്കാനുള്ള പാത്രം എന്നിവ കൂടി സൗകര്യപ്പെടുത്തിവെയ്ക്കണം. ഇവ തമ്മില്‍ മൂന്ന് അടിയെങ്കിലും അകലമുണ്ടായിരിക്കണം. ഇവയുടെ ജീവിതകാലം 15-20 വര്‍ഷം ആണ്.

കുട്ടികള്‍ക്ക് കന്നിപ്പാല്‍ (കൊളസ്ട്രം) ആദ്യ 12-24 മണിക്കൂറിനുള്ളില്‍ നല്‍കണം. തള്ളപ്പൂച്ചയില്ലെങ്കില്‍ പ്രസവിച്ച് 14 ദിവസമാകാത്ത മറ്റു പൂച്ചകളെ പാലിനു വേണ്ടി ആശ്രയിക്കാം. പരിശീലനത്തിലൂടെ (ടോയ്‌ലറ്റ് ട്രെയിനിംഗ്) മലമൂത്രവിസര്‍ജനം യഥാസ്ഥലത്ത് നിറവേറ്റാന്‍ പഠിപ്പിക്കാം.

ആദ്യത്തെ കുറച്ച് ആഴ്ചകളില്‍ പൂച്ചകള്‍ അവരുടെ ജീവിതത്തിലെ 23 ഇരട്ടി ഭാരം വയ്ക്കുന്നു. ഇതിന് വേണ്ടുന്ന 30% ഊര്‍ജവും പ്രോട്ടീനില്‍ നിന്നാണ് കിട്ടുന്നത്. അതുകൊണ്ട് തന്നെ മനുഷ്യര്‍ കഴിക്കുന്ന സാധാരണ ഭക്ഷണമോ നായകള്‍ക്ക് കൊടുക്കുന്ന ഭക്ഷണമോ ഇതിന് അനുയോജ്യമല്ല.

പൂച്ചക്കുട്ടികള്‍ക്ക് അനുയോജ്യമായ ഭക്ഷണക്രമം

പാല് (ആട്ടിന്‍ പാല് ഉത്തമം) - 2 കപ്പ്
ചൂടാകാത്ത മുട്ടയുടെ മഞ്ഞ കരു -2 എണ്ണം
(അല്ലെങ്കില്‍ ഒരു മഞ്ഞക്കരുവും ഒരു ടീസ്പൂണ്‍ ചൂടാക്കിയ വെളിച്ചണ്ണയും)
പ്രോട്ടീന്‍ പൗഡര്‍-2 ടേബിള്‍ സ്പൂണ്‍
വൈറ്റമിന്‍ ലിക്വിഡ് - 6 തുള്ളി
അറവുശാലകളില്‍ നിന്നു കിട്ടുന്ന ചെറുകുടലിലെ ഭക്ഷണാവശിഷ്ടം -1 ടീസ്പൂണ്‍ എന്നിവ നന്നായി മിശ്രിതമാക്കി 101 ഡിഗ്രി ഫാറന്‍ ഹീറ്റില്‍ (38 ഡിഗ്രി സെന്റിഗ്രേഡ്) ചൂടാക്കണം.

ഉപയോഗിക്കേണ്ട വിധം

4 ഔണ്‍സ് ഭാരത്തിന് താഴെയുള്ളവയ്ക്ക് ഓരോ രണ്ട് മണിക്കൂര്‍ ഇടവിട്ട് അര ടീസ്പൂണ്‍ വീതം കൊടുക്കണം
4 മുതല്‍ 8 ഔണ്‍സ് ഭാരമുള്ളവയ്ക്ക് ഓരോ മൂന്ന് മണിക്കൂര്‍ ഇടവിട്ട് 2 മുതല്‍ 4 ടേബിള്‍ സ്പൂണ്‍ വീതം നല്‍കണം
8 മുതല്‍ 24 ഔണ്‍സ് ഭാരമുള്ളവയ്ക്ക് ഓരോ നാല് മണിക്കൂര്‍ ഇടവിട്ട് 6 മുതല്‍ 10 ടേബിള്‍സ്പൂണ്‍ വീതം നല്‍കണം

ഭക്ഷണത്തിന്റെ കൂടെ തന്നെ വ്യായാമം കൊടുക്കുവാനും അവസരം കണ്ടെത്തണം.

കേള്‍വിയില്ല, സ്വന്തമായി ഭൂമിയില്ല: പക്ഷേ രേഖ മികച്ച കര്‍ഷകയാണ്

ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ ശബ്ദങ്ങളുടെ ലോകം അന്യമായപ്പോള്‍ ജീവിതത്തിന്റെ മുന്നില്‍ പകച്ചു നില്‍ക്കാതെ കൃഷിയിലൂടെ പ്രതിസന്ധികളെ തരണം ചെയ്ത വീട്ടമ്മയുടെ വിശേഷങ്ങളാണ് ഇത്‌

കൈയില്‍ ഒരു രൂപ പോലുമില്ലാതെ കൃഷി ചെയ്യാനിറങ്ങിയതാണ് ഈ വീട്ടമ്മ. ശബ്ദങ്ങളുടെ ലോകം ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ അന്യമായപ്പോള്‍ ജീവിതത്തിന്റെ മുന്നില്‍ പകച്ചു നിന്നവളല്ല തൃശൂരിലെ ആലപ്പാട് സ്വദേശിയായ രേഖ. മണ്ണിന്റെ മണമാണ് ഇവരുടെ വാക്കുകള്‍ക്ക്. പക്ഷേ, രേഖയ്ക്ക് കൃഷി ചെയ്യാന്‍ സ്വന്തമായി ഭൂമിയില്ല. നിശ്ചയദാര്‍ഢ്യത്തോടെ മണ്ണിലേക്കിറങ്ങിയപ്പോള്‍ കാര്‍ഷിക സര്‍വകലാശാല വനിതാ ദിനത്തില്‍ മികച്ച കര്‍ഷകയായി രേഖയെ ആദരിക്കാനും മറന്നില്ല.

ഇരുപത്തിയൊന്നു വയസ്സുവരെ ചുറ്റുമുള്ള ശബ്ദങ്ങള്‍ കേള്‍ക്കാനും അതിനനുസരിച്ച് പ്രതികരിക്കാനും രേഖയ്ക്ക് കഴിഞ്ഞിരുന്നു. തുടര്‍ച്ചയായി തലകറക്കവും ഛര്‍ദിയും അനുഭവപ്പെട്ട രേഖ ചികിത്സ തേടി സ്വകാര്യ ആസ്പത്രിയിലെത്തിയതോടുകൂടിയാണ് ജീവിതത്തിലെ പ്രതിസന്ധിയും ആരംഭിക്കുന്നത്. ചികിത്സാപ്പിഴവ് മൂലം കേള്‍വി പൂര്‍ണമായും നഷ്ടപ്പെട്ടെങ്കിലും രേഖയുടെ മനസ്സ് ഒരിക്കലും തളരാന്‍ തയ്യാറായിരുന്നില്ല..

കൃഷിയാണ് തന്റെ ജീവിതമെന്ന തിരിച്ചറിവിനെക്കുറിച്ചാണ് രേഖ പറയുന്നത് 'എന്റെ നാട്ടിലെ കുറച്ച് സ്ത്രീകള്‍ ചേര്‍ന്ന് പച്ചക്കറി കൃഷി ചെയ്യുന്നുണ്ടായിരുന്നു. അവരോടൊപ്പം ചേര്‍ന്ന് കൃഷിചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അവരെന്നെ പൂര്‍ണമായി ഒഴിവാക്കുകയായിരുന്നു. അതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് പാട്ടത്തിനെടുത്ത 30 സെന്റ് സ്ഥലത്ത് കൃഷി ആരംഭിക്കുകയായിരുന്നു. വെണ്ട, തക്കാളി, മുളക്, ചോളം, കൊള്ളി, പയര്‍, പാവയ്ക്ക, പടവലം എന്നിവയാണ് ഇവിടെ നട്ടുനനച്ചു വളര്‍ത്തിയത്. അടുത്ത പറമ്പില്‍ കൊണ്ടുകെട്ടുന്ന പശുക്കളുടെ ചാണകം നേര്‍പ്പിച്ച് ഒഴിച്ച് കൊടുക്കുകയായിരുന്നു. കീടങ്ങളെ അകറ്റാനായി പുകയിലബാര്‍സോപ്പ് ലായനിയും വേപ്പെണ്ണ എമള്‍ഷനുമാണ് ഉപയോഗിച്ചത്.'

പച്ചക്കറി കൃഷി നല്‍കുന്ന മാനസിക സംതൃപ്തിയെക്കുറിച്ച് വിവരിക്കാന്‍ രേഖയ്ക്ക് വാക്കുകളില്ല. കൃഷിയിലൂടെ അതിജീവനത്തിന്റെ പാത വെട്ടിത്തുറക്കുകയായിരുന്നു ഇവര്‍. രോഗിയായ ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്ന ചുമതലയും രേഖ ഭംഗിയായി നിര്‍വഹിക്കുന്നു. ഒന്നര ഏക്കര്‍ സ്ഥലം മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് കൃഷി ചെയ്യുന്നത്. ഇവിടെ പത്ത് സെന്റ് സ്ഥലത്ത് ഇപ്പോള്‍ വെണ്ടയ്ക്ക കായ്ച്ചു നില്‍ക്കുന്നു. തക്കാളിയും ഇഞ്ചിയും മഞ്ഞളും കൂടിയുണ്ട്.

ഒന്നരയേക്കര്‍ കൃഷിഭൂമിയില്‍ രേഖ എങ്ങനെയാണ് ഒറ്റയ്ക്ക് കൃഷി ചെയ്യുന്നത്? ഇതുതന്നെയാണ് എല്ലാവര്‍ക്കും ചോദിക്കാനുള്ളത്. 'ഒരാളെപ്പോലും സഹായത്തിന് നിര്‍ത്താതെ എല്ലാ പണിയും ഞാന്‍ തന്നെയാണ് ചെയ്യുന്നത്. എന്റെ മകനും അടുത്ത വീട്ടിലുള്ള 70 വയസ്സ് പ്രായമുള്ള ഒരു ചേട്ടനും പച്ചക്കറികള്‍ നനയ്ക്കാന്‍ എന്നോടൊപ്പം വരാറുണ്ട്. ഒരേക്കര്‍ സ്ഥലം മുഴുവന്‍ വെള്ളം കോരിയെടുത്ത് നനയ്ക്കുന്നത് പ്രയാസമായിരുന്നു. പക്ഷേ എന്റെ രക്ഷയ്‌ക്കെത്തിയത് ഫെയ്‌സ്ബുക്കിലെ ഒരിക്കലും നേരില്‍ക്കാണാത്ത സുഹൃത്തുക്കളായിരുന്നു. അങ്ങനെയൊരു സുഹൃത്തിന്റെ നന്മയുടെ കരം നീണ്ടതിനാല്‍ നനയ്ക്കാനായി മോട്ടോര്‍ വാങ്ങാന്‍ കഴിഞ്ഞു. വൈദ്യുതി ഇല്ലാത്ത സ്ഥലത്ത് എന്‍ജിന്‍ ഉപയോഗിച്ചാണ് നനയ്ക്കുന്നത്.'

സ്വന്തം വീട്ടുകാരുടെ ആരോഗ്യത്തിലെന്ന പോലെ നാട്ടുകാരുടെ ആരോഗ്യവും രേഖയ്ക്ക് പ്രധാനമാണ്. കാര്‍ഷിക വിപണി ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് തൃശൂര്‍ ബാനര്‍ജി ക്ലബില്‍ നടത്തുന്ന നാട്ടുചന്ത വഴി ഉല്പന്നങ്ങള്‍ വിപണിയിലെത്തിക്കുകയാണ് രേഖ. കൂടുതല്‍ സ്ഥലത്ത് കൃഷി ചെയ്യാനുള്ള പ്രേരണയും ഇവര്‍ നല്‍കുന്നുണ്ട്.

കൃഷിയെയും കവിതയെയും ഒരുപോലെ സ്‌നേഹിക്കുന്ന രേഖയ്ക്ക് സ്വന്തമായി ഒരുതുണ്ടു ഭൂമിപോലുമില്ല. അമ്മയുടെ പേരിലുള്ള രണ്ടര സെന്റ് സ്ഥലത്തുള്ള ഒറ്റമുറി വീട്ടിലാണ് ഭര്‍ത്താവും രണ്ടു മക്കളുമൊത്ത് രേഖ താമസിക്കുന്നത്. പ്രാരാബ്ദ്ധങ്ങളുടെ നടുവില്‍ കൂട്ടുകാരുടെ പ്രേരണയാല്‍ ഇവരുടെ കവിതയും അച്ചടിച്ചു വരികയും ചെയ്തു. ഇപ്പോള്‍ ഇയര്‍ഫോണിന്റെ സഹായത്തോടെ രേഖ അല്‍പ്പമെങ്കിലും ശബ്ദങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു.

തൃശൂരിലെ നാട്ടുചന്തയിലെ പ്രധാനപ്പെട്ട കച്ചവടക്കാരിയാണ് രേഖ. മക്കളോടൊപ്പം മത്തനും കുമ്പളവും തക്കാളിയുമെല്ലാം ചാക്കില്‍ ചുമന്ന് കൊണ്ടുവരുന്ന രേഖയുടെ ചിത്രം വിപണിയിലെത്തുന്നവര്‍ക്ക് മറക്കാന്‍ കഴിയില്ല. ദാരിദ്ര്യത്തിന്റെയും വേദനയുടെയും പടുകുഴിയിലേക്കു വീഴുമ്പോളും രേഖയ്ക്ക് ഒരു പരാതിയുമില്ല. എപ്പോഴും ചിരിക്കുന്ന മുഖത്തോടെ ഈ കര്‍ഷകയെ നമുക്ക് കാണാം. കൃഷിയില്‍ ആവശ്യമായ പിന്തുണ നല്‍കാന്‍ കൃഷിഭവനിലെ ജീവനക്കാരുടെ പിന്തുണയുമുണ്ട്.

Contact number: 94961 02326

കടല്‍ കടക്കുന്ന കടലവിശേഷങ്ങളുമായി ഓണാട്ടുകര

ജൈവരാസവളങ്ങള്‍ സമ്മിശ്രമാക്കിയുള്ള കൃഷി ഏക്കറിന് 600 കിലോഗ്രാം കുമ്മായപ്രയോഗത്തിലാണ് തുടക്കം.

കടല കൊറിച്ചിരുന്ന് കാര്യം പറയാത്ത മലയാളികളുണ്ടാവില്ല. അപ്പോഴും കടല ഏതോ മറുനാട്ടില്‍നിന്ന് വരുന്നതാണെന്ന ധാരണയില്‍ നാം നാട്ടുവര്‍ത്തമാനം പറഞ്ഞ് തിരിച്ചുപോകുന്നു. എന്നാല്‍ ഒരുകാലത്ത് നമ്മുടെ ഓണാട്ടുകരയിലും പാലക്കാടന്‍ അതിര്‍ത്തികളിലുമൊക്കെ സുലഭമായി വിളഞ്ഞ കടലയെ മറക്കാനാവില്ല. ആ പാരമ്പര്യം വീണ്ടെടുക്കാന്‍ ഇതാ ഓണാട്ടുകരക്കാര്‍ തയ്യാറായിക്കഴിഞ്ഞു. രണ്ട് ടണ്ണോളം കടല വിളവെടുത്ത കൊയ്ത്തുത്സവത്തിന്റെ തിമര്‍പ്പിലാണ് ഇന്ന് കൊല്ലം ഓണാട്ടുകര.

കൊല്ലത്തെ കുലശേഖരപുരം പഞ്ചായത്തില്‍ പുന്നക്കുളത്തെ 14 ഏക്കറിലായിരുന്നു കപ്പലണ്ടി അഥവാ കടലകൃഷിക്കുള്ള അരങ്ങൊരുങ്ങിയത്. പഞ്ചായത്തംഗം ജുമൈലത്ത് ബീവിയുടെ നേതൃത്വത്തില്‍ ഗ്രാമജ്യോതി എന്ന് പേരിട്ട 15 അംഗ വനിതാസംഘത്തിന്റെ നേതൃത്വത്തിലായിരുന്നു കൃഷി. ജൈവരാസവളങ്ങള്‍ സമ്മിശ്രമാക്കിയുള്ള കൃഷി ഏക്കറിന് 600 കിലോഗ്രാം കുമ്മായപ്രയോഗത്തിലാണ് തുടക്കം.

മണ്ണിന്റെ പുളിപ്പ് മാറുവാനും കാല്‍സ്യം ഏറെ വേണ്ട കപ്പലണ്ടിത്തോടിനുമാണ് ഇത്. 90 മുതല്‍ 110 ദിവസം വരെയാണ് കപ്പലണ്ടിയുടെ വിളവെടുപ്പുകാലം. ജൈവവളമായി ഏക്കറിന് 800 കിലോഗ്രാം ഉണക്കച്ചാണകപ്പൊടി നന്നായി മണ്ണിളക്കി ഒരടിവീതിയില്‍ വാരംകോരി, വരികള്‍ തമ്മില്‍ രണ്ടരയടി അകലവും തടങ്ങള്‍ തമ്മില്‍ 20 സെന്റിമീറ്റര്‍ അകലവുമാണ് നടീല്‍ രീതി.

വ്യാപാരികളില്‍നിന്ന് വാങ്ങിയ പച്ചക്കപ്പലണ്ടി തോടുപൊട്ടിച്ച് നേരിയ സ്യൂഡോമോണസ് ലായനിയില്‍ മുക്കിവെച്ച് പിറ്റേദിവസമാണ് നടീല്‍. ഒരു വിരല്‍ താഴ്ചയില്‍ പച്ചക്കപ്പലണ്ടി മൂന്നെണ്ണം വീതം നടും. രണ്ടാഴ്ചയില്‍ ഇല വിരിയുന്ന കപ്പലണ്ടിച്ചെടിക്ക് ഫോസ്ഫറസ് കൂടുതല്‍ വേണം. ഏക്കറിന് മൂന്നു ചാക്ക് രാജ്‌ഫോസും ഒരുചാക്ക് ചാരവും ചേര്‍ത്താല്‍ വളംചേര്‍ക്കല്‍ പൂര്‍ണമാവും.

തണ്ടില്‍ മഞ്ഞപ്പൂക്കള്‍ പൊടിച്ചുവരുന്ന 40ാംപക്കം തണ്ട് താഴ്ത്തി തടത്തിലെത്തിച്ച് മുകളില്‍ മണ്ണിടുന്നതോടെ മണ്ണിനടിയില്‍ കപ്പലണ്ടി വിരിഞ്ഞിറങ്ങാന്‍ തുടങ്ങും. 45ാം പക്കം ഈ വിളവ് തുടങ്ങിയാല്‍പ്പിന്നെ മണ്ണ് അനക്കാന്‍ പാടില്ല. ഒരു മൂട്ടില്‍നിന്ന് മുക്കാല്‍ കിലോ എന്നതാണ് കണക്ക്. ഒരു കിലോ കപ്പലണ്ടിയെത്താന്‍ നാല് ചെടികള്‍ വേണം. ഓണാട്ടുകരയിലെ വിളവ് നൂറുമേനിയായി. ഒരു പതിറ്റാണ്ടിനുശേഷം ഇതാദ്യമായാണ് ഓണാട്ടുകരയിലെ കടലപ്പെരുമ കടല്‍ കടന്നുപോകുന്നത്.

വിളവെടുക്കാന്‍ വിപണിയില്‍നിന്നും ആളുകള്‍ നേരിട്ടെത്തി. കിലോയ്ക്ക് 90 രൂപയ്ക്കാണ് ഇത്തവണ കടല വിറ്റത്. മികച്ച അളവില്‍ മാംസ്യവും (52%) ഇരുമ്പും (25%) നാരുകളും (36%) അടങ്ങിയ കപ്പലണ്ടി ഹൃദ്രോഗങ്ങള്‍ക്ക് ഉതകുന്ന പൊട്ടാസ്യത്തിനാലും പൈരിഡോക്‌സിന്‍ എന്ന ബി ജീവകത്താലും സമ്പന്നമാണ്. കപ്പലണ്ടിച്ചെടികളുടെ ഇല മികച്ച കാലിത്തീറ്റയാണുതാനും. തുടര്‍കൃഷിക്ക് ഉതകുന്ന രീതിയില്‍ ജൈവവളമായും ഇല മണ്ണില്‍ ചേര്‍ക്കാം.

ഇനിമുതല്‍ എല്ലാ വര്‍ഷവും വിളവെടുപ്പുണ്ട്. കൃഷിക്ക് സീസണില്ല എന്നതാണ് കപ്പലണ്ടിയുടെ നേട്ടം. ജൈവവളം മാത്രം ചേര്‍ത്താലും വിളയുന്ന ഈ കൃഷിയിലൂടെ ഓണാട്ടുകരയുടെ പെരുമ വീണ്ടെടുക്കാനാണ് ശ്രമം. ഗ്രാമജ്യോതി കാര്‍ഷികസംഘടനയ്ക്ക് സാങ്കേതികനേതൃത്വം നല്‍കുന്ന കൃഷി ഓഫീസര്‍ ബിനീഷ് പറഞ്ഞു.

ഫോണ്‍: ബിനീഷ്9447062058.

ആമ്പല്‍ വീട്ടിലും വളര്‍ത്താം

കടുകുമണിപോലുള്ള ചെറിയ വിത്തുകള്‍ പാകി മുളപ്പിച്ച് തൈകളുണ്ടാക്കാം

ആമ്പല്‍ അഥവാ പൂത്താലിയും ഉദ്യാനപ്രേമികള്‍ നട്ടുവളര്‍ത്തിത്തുടങ്ങി. കിഴങ്ങാണ് പൊതുവേ വംശവര്‍ധനയ്ക്ക് സഹായി. മണ്ണിനടിയിലുണ്ടാകുന്ന കിഴങ്ങുകളുടെ മുകളില്‍നിന്ന് പുതിയ സസ്യങ്ങള്‍ വളര്‍ന്നുവരുന്നതാണ് സ്വാഭാവികരീതി. ഇത്തരം ചെടികള്‍ക്ക് മാതൃസസ്യത്തിന്റെ അതേ രൂപഭംഗിയായിരിക്കും.

ആമ്പല്‍ കായ്കളിലെ കടുകുമണി പോലുള്ള ചെറിയ വിത്തുകള്‍ പാകി മുളപ്പിച്ചും തൈകളുണ്ടാക്കാം. എന്നാല്‍, ഇത്തരം തൈകളെല്ലാം മാതൃചെടിയുടെ തനി പകര്‍പ്പാകണമെന്നില്ല. അഴകുകൂടിയോ കുറഞ്ഞോയിരിക്കാം. സങ്കരത്തൈകളുടെ ഉത്പാദനത്തിന് തിരഞ്ഞെടുത്ത ഇനങ്ങള്‍ തമ്മില്‍ മിശ്രസങ്കലനം നടത്തി അവയില്‍നിന്നുണ്ടാകുന്ന  വിത്താണ് ഗവേഷകര്‍ മുളപ്പിച്ചെടുത്ത് മികച്ച സങ്കരയിനങ്ങളാക്കി മാറ്റുന്നത്.

വിത്ത് അനായാസേന മുളപ്പിച്ചെടുക്കാം. ഒരു പാത്രത്തില്‍ ചളിനിറച്ച് വിത്ത് നേരിട്ട് അതില്‍ പാകിയാല്‍ മതി. രണ്ടുമൂന്നാഴ്ചകൊണ്ട് തൈകളായി മാറും. ആമ്പല്‍പ്പൊയ്കകളില്‍ വിത്തുകള്‍ സ്വാഭാവികമായി വീണുമുളയ്ക്കാറുണ്ട്. കിഴങ്ങ്, വിത്ത് എന്നിവയ്ക്കുപുറമേ ചില ചെടികളില്‍ മൂപ്പെത്തിയ ഇലയുടെ നടുവില്‍ മുഴയുടെ ആകൃതിയിലുള്ള വളര്‍ച്ചകാണാം.

ഈ ഭാഗം മുറിച്ചെടുത്ത് നട്ടാല്‍ വേരുകളോടെ അവ ചെടിയായി വളരും. ഇലയില്‍ രൂപപ്പെടുന്ന പൊട്ടുപോലുള്ള ചെറിയ മുഴ ചെറിയ സസ്യം രൂപപ്പെടുന്നതിന്റെ സൂചനയാണ്. മുകുളം വളര്‍ന്ന് ഇലകളും വേരുകളുമുള്ള ചെറുചെടിയായി രൂപപ്പെടുന്നു. ഈ കുരുന്നുചെടികളെ ചെളിയും മണലും ചേര്‍ത്ത മിശ്രിതത്തില്‍ വളര്‍ത്തിയെടുക്കാം.

ഫോണ്‍: 9446088605.

പൂച്ചകളില്‍ നിന്ന് പകരുന്ന രോഗങ്ങള്‍

പൂച്ചകളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളെക്കുറിച്ചും പരിഹാര മാര്‍ഗങ്ങളെക്കുറിച്ചുമാണ് ഇവിടെ വിവരിക്കുന്നത്‌

മറ്റു വീട്ടുമൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി വീടുകളില്‍ യഥേഷ്ടം സഞ്ചരിക്കുന്ന ഒരു ഓമന മൃഗമാണ് പൂച്ച. ഇന്ന് നമ്മുടെ നാട്ടില്‍ അനേകം വിദേശ ഇനം പൂച്ചകളേയും വളര്‍ത്തുന്നുണ്ട്. ഇവയെ ഓമനിച്ച് വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന പല കാര്യങ്ങളുമുണ്ട്. ഇവയില്‍ നിന്ന് പല രോഗങ്ങളും മനുഷ്യരിലേക്ക് പകരാന്‍ സാദ്ധ്യതയുണ്ട്. ഇവ ഏതൊക്കെയാണെന്നും പരിഹാര മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്നും നോക്കാം.

ടോക്‌സോ പ്ലാസ്‌മോസിസ്

ടോക്‌സോപ്ലാസ്മ ഗോണ്‍ഡി എന്ന ഒരു പാരസൈറ്റ് ആണ് രോഗം പരത്തുന്നത.് എലികളെയും മറ്റു ചില പ്രാണികളെയും തിന്നുന്നതു വഴി ഇവ പൂച്ചയുടെ വയറ്റില്‍ എത്തുകയും കുടല്‍ ഭിത്തികളില്‍ പെരുകുകയും  മുട്ടകള്‍ വിസര്‍ജിക്കപ്പെടുകയും ചെയ്യുന്നു. വിസര്‍ജ്യങ്ങള്‍ അശാസ്ത്രീയമായി പരിസരങ്ങളില്‍ വലിച്ചെറിയുമ്പോഴും വൃത്തിയില്ലാതെ ഇവയെ സമീപിക്കുമ്പോഴും നന്നായി കൈകഴുകാതെ അണുക്കള്‍ പിടിച്ചിരിക്കുന്ന പഴങ്ങള്‍ , പച്ചക്കറികള്‍ എന്നിവ തിന്നുന്നതു വഴിയും ശരിയായി പാകം ചെയ്യാത്ത മാംസഭക്ഷണം കഴിക്കുന്നതു വഴിയും ഇത് മനുഷ്യരില്‍ എത്തി രോഗം പരത്തുന്നു.

ഗര്‍ഭിണികള്‍

ഗര്‍ഭം അലസല്‍, മാസം തികയാത്ത കുട്ടികളുടെ ജനനം, ഇത്തരം കുട്ടികളില്‍ കാഴ്ചയില്ലായ്മ, മാനസിക വളര്‍ച്ചകുറവ്, മഞ്ഞപിത്തം, എന്നിവ ഉണ്ടാകുന്നു. ഇവര്‍ പൂച്ചകളുടെ സാമീപ്യം ഒഴിവാക്കണം.

ലക്ഷണങ്ങള്‍

പനി, ശരീരത്തിനു പ്രതിരോധശക്തി നല്‍കുന്ന ലിംഫ് നോഡുകളില്‍ നീര്, ഇതുവഴി പ്രതിരോധ ശക്തികുറക്കുക, തലച്ചോറില്‍ രോഗം ബാധിക്കാനുള്ള സാദ്ധ്യത

പേവിഷബാധ

ഒരു തരം വൈറസ് ഉണ്ടാക്കുന്ന രോഗമാണ്. കുറുക്കന്‍, ചെന്നായ, പേ പിടിച്ച നായ, കീരി എന്നവയുടെ കടിയില്‍ കൂടി പൂച്ചകള്‍ക്ക് രോഗം പരുന്നു. പൂച്ചകളില്‍ കടിയില്‍ കൂടിയോ, മാന്തലില്‍ കൂടിയോ ഞരമ്പുകള്‍ വഴി സുഷ്മ്‌നാ കാണ്ഡത്തിലൂടെ നട്ടെല്ലില്‍ നിന്ന് തലച്ചോറിലെത്തുമ്പോള്‍ ലക്ഷണം കാണിക്കുന്ന ഇവയുടെ കടി, മാന്തല്‍ വഴി മനുഷ്യരില്‍ രോഗം പകരുന്നു. പാതകളില്‍ പതിയിരുന്ന്  പെട്ടെന്ന് ചാടിവീണ് കടിക്കുക എന്നതാണ് പ്രധാന ലക്ഷണം. കൂടാതെ മുന്നില്‍ കൊതുക്, ഈച്ച എന്നിവയുടെ സാമീപ്യം സംശയിച്ച് ഒരു കൈകൊണ്ട് അതിനെ ഓടിക്കാന്‍ ശ്രമിക്കുന്ന കാഴ്ചയും ഒരു പ്രത്യേക ലക്ഷണമാണ് പൂച്ചകളില്‍.

കടിയേറ്റ ഭാഗം സോപ്പ് ഉപയോഗിച്ച് പത്ത് മിനിട്ടെങ്കിലും കഴുകുകയും ഉടന്‍ തന്നെ ചികിത്സക്ക് വിധേയമാക്കുകയും ചെയ്യണം. കടിച്ച മൃഗത്തിനെ പത്ത് ദിവസമെങ്കിലും നിരീക്ഷിക്കുന്നത് നല്ലതാണ്.  പൂച്ചകള്‍ക്കും നായകള്‍ക്കും പ്രതിരോധകുത്തിവെപ്പ് എടുക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പ്രതിരോധകുത്തിവെപ്പിന് വിധേയമാക്കാന്‍ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണം.

ബാര്‍ടോണപ്പോസിസ്

ഒരുതരം ബാക്ടീരിയ മനുഷ്യരുടെ രക്തകുഴലുകളുടെ ഭിത്തികളില്‍ ബാധിക്കുകയും പൂച്ചകള്‍ മാന്തുന്ന ശരീരഭാഗത്തിനു ചുറ്റും ചുവന്ന കുരുക്കള്‍ ഉണ്ടാകുകയും ചെയ്യുന്നു. പൂച്ചകളില്‍ ലക്ഷണം കാണുകയില്ലെങ്കിലും മനുഷ്യരില്‍ പനി, തലവേദന, രുചിക്കുറവ് എന്നീ ലക്ഷണങ്ങല്‍ കാണുന്നു. പൂച്ചകളുടെ മാന്തല്‍ ഏല്‍ക്കാതെ നോക്കണം. ക്ഷതമേറ്റാല്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം.

കാംപിലോബാക്ടര്‍ എന്ന രോഗം ബാക്ടീരിയ പരത്തുന്നതാണ.് പൂച്ചയുടെ വിസര്‍ജ്യം കലര്‍ന്ന വെള്ളം, തിളപ്പിക്കാത്ത പാല്‍, നന്നായി വേവിക്കാത്ത ഇറച്ചി എന്നിവ മൂലം മനുഷ്യരില്‍ വയറുവേദന, പനി, ഛര്‍ദ്ദി എന്നിവ ഉണ്ടാകുന്നു. മനുഷ്യരില്‍ വയറിളക്കം, ഛര്‍ദ്ദി, പനി, തലവേദന എന്നിവ ഉണ്ടാക്കുന്നത് ഒരു തരം ബാക്ടീരിയയാണ്. ഇവ കലര്‍ന്ന ഭക്ഷണപദാര്‍ത്ഥം, പഴകിയ ഇറച്ചി എന്നിവ കഴിക്കുന്നതിലൂടെയാണ് സാല്‍മൊണെല്ല രോഗം പകരുന്നത്.

പ്രോട്ടോസോവ ഇനത്തില്‍പ്പെട്ട അണുക്കള്‍ കുടലില്‍  ഉണ്ടാക്കുന്ന രോഗമാണ് ഗിയാര്‍ഡിയ. അസുഖം വന്ന പൂച്ചകളുടെ സാമീപ്യം വഴി മനുഷ്യരില്‍ വയറുവേദന, കഠിനമായ വയറിളക്കം ഇവ ഉണ്ടാക്കുന്നു.

വിസറല്‍ ലാര്‍വ മൈഗ്രന്‍സ് എന്ന രോഗം പരത്തുന്നത് ടോക്‌സോക്കാരകാറ്റീ എന്നറിയപ്പെടുന്ന റൗണ്ട് വേം ആണ്. ഇവയുടെ മുട്ടകള്‍ വിസര്‍ജ്യത്തിലൂടെ അനാരോഗ്യപരമായ ചുറ്റുപാടുകളില്‍ ആമാശയത്തില്‍ എത്തുകയും. കുടല്‍ ഭിത്തികളില്‍ മുട്ടകള്‍ വിരിഞ്ഞ ലാര്‍വ തുളച്ചുകയറി രക്തത്തില്‍ പ്രവേശിക്കുകയും ചുമ, പനി, ന്യുമോണിയ, കരള്‍വീക്കം, തൊലികളില്‍ പഴുപ്പുകള്‍ എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. അസുഖമുള്ള പൂച്ചയുമായുള്ള നേരിട്ടുള്ള സാമീപ്യം വഴി മനുഷ്യരില്‍ തൊലികളില്‍ ചൊറിച്ചില്‍, ചുവന്ന് തടിക്കല്‍ എന്നീ അസ്വസ്ഥതകളുണ്ടാകുന്നു.

ചെള്ളുകളില്‍ കാണുന്ന ഒരു തരം ബാക്ടീരിയ പൂച്ചകളുടെ നഖം, വായ എന്നിവിടങ്ങളില്‍ കുന്നുകൂടുകയും ഇവയുടെ  മാന്തല്‍, കടി എന്നിവ വഴി മനുഷ്യരില്‍ ശ്വാസകോശ രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍ എന്നിവ ഉണ്ടാകുകയും ചെയ്യുന്നു. ഇതാണ് ക്യാറ്റ സ്‌ക്രാച്ച് ഡിസീസ്

ഗര്‍ഭിണിയായ പൂച്ചകളില്‍ ഗര്‍ഭം അലസല്‍ ഉണ്ടാക്കുന്ന ഒരു രോഗമാണ്  ക്യൂ ഫിവര്‍. മനുഷ്യരില്‍ ഇത് പോലുള്ള ലക്ഷണങ്ങള്‍ ന്യൂമോണിയ, കരള്‍വീക്കം, ഹൃദയഭിത്തികളില്‍ വീക്കം എന്നിവ ഉണ്ടാകുന്നു.

പ്രതിരോധ മാര്‍ഗങ്ങള്‍

പൂച്ചകളുമായുള്ള സാമീപ്യത്തില്‍ ശുചിത്വം പാലിക്കണം
വിസര്‍ജ്യങ്ങള്‍ ഗ്ലൗസുകള്‍ ധരിച്ച് ശാസ്ത്രീയമായി നീക്കണം
വിസര്‍ജ്യങ്ങള്‍ വന്നു ചേരാന്‍ സാധ്യതയുള്ള സ്ഥലത്ത് കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്
പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ നന്നായി കഴുകി ഉപയോഗിക്കണം.
പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കരുത്
ഇറച്ചി നന്നായി പാകം ചെയ്ത് കഴിക്കണം
പൂച്ചകളില്‍ യഥാസമയം വിരയിളക്കുകയും, പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കുകയും വേണം.
പരിസരം അണുനാശിനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം

ലില്ലിയുടെ ഫാം സ്‌കൂള്‍

പശുക്കളെ കുളിപ്പിക്കാനും കറക്കാനും യന്ത്രസംവിധാനങ്ങളും വലിയൊരു ബയോഗ്യാസ് പ്ലാന്റും ഫാം സ്‌കൂളില്‍ സജ്ജീകരിച്ചിട്ടുണ്ട്‌

മാനന്തവാടിക്കടുത്ത ഒഴക്കോടി എന്ന ഗ്രാമത്തിലെ അയനിക്കാട്ട് വീട് ഇന്ന് ഫാം സ്‌കൂളാണ്; ലില്ലി മാത്യു എന്ന വീട്ടമ്മ അധ്യാപികയും. പശുപരിപാലനത്തിന്റെ ശാസ്ത്രീയതയറിയാനെത്തുന്നവര്‍ക്ക് വഴികാട്ടിയാണിവര്‍. സാഹചര്യങ്ങള്‍ക്ക് കീഴടങ്ങി വീടിന്റെ അകത്തളങ്ങള്‍ സ്വന്തം ലോകമായി തിരഞ്ഞെടുക്കുന്ന സ്ത്രീകള്‍ക്കെല്ലാം ഒരു തിരുത്താണ് ലില്ലി മാത്യു എന്ന ക്ഷീരകര്‍ഷകയുടെ ജീവിതം.

'അര്‍പ്പണബോധവും മനസ്സുമുണ്ടെങ്കില്‍ വിജയം കൂടെവരും' തനി നാടന്‍ ജീവിതസാഹചര്യത്തില്‍നിന്ന് ഇന്ത്യന്‍ ഡെയറി അസോസിയേഷന്റെ 2016ലെ വുമണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയ ലില്ലി മാത്യു എന്ന ക്ഷീരകര്‍ഷകയാണ് ഇതുപറയുന്നത്. ഹരിയാണയിലെ നാഷണല്‍ ഡെയറി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നാണ് ഇവര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്.

പശുപരിപാലനം തുടങ്ങിയിട്ട് 13 വര്‍ഷം പിന്നിട്ടു. 26 പശുക്കളും ഒമ്പത് കിടാരികളുമുള്ള ഒരു വലിയ ഫാമായി ഇന്ന് ഈ വീട് മാറിയിരിക്കുന്നു. കറവപ്പശുക്കളില്‍നിന്ന് 2015 വര്‍ഷത്തില്‍ 1,25,344 ലിറ്റര്‍ പാലാണ് ഇവര്‍ സൊസൈറ്റിക്ക് നല്‍കിയത്.ഹോള്‍സ്റ്റെയിന്‍ ഇനത്തിലുള്ളതാണ് പശുക്കളെല്ലാം. പ്രതിദിനം 400 ലിറ്റര്‍ പാലാണ് മാനന്തവാടിയിലെ ക്ഷീരസംഘം സൊസൈറ്റിയില്‍ നല്‍കുന്നത്.

പുറമേ നിന്ന് വാങ്ങിനല്‍കുന്ന കാലിത്തീറ്റയ്ക്കുപകരം ചോളപ്പൊടി, മുത്താറിപ്പൊടി, തവിട്, ഗോതമ്പുതവിട്, അവില്‍നുറുക്ക് എന്നിവയെല്ലാം ചേര്‍ത്തുണ്ടാക്കിയ മിശ്രിതമാണ് പശുക്കള്‍ക്ക് നല്‍കുന്നത്. സ്വന്തം കൃഷിയിടത്തില്‍ നാലരയേക്കര്‍ സ്ഥലത്ത് നട്ടുവളര്‍ത്തിയ നേപ്പിയര്‍ പുല്ല് ഫാമിലേക്ക് ധാരാളം.

ആയുര്‍വേദ ഗോചികിത്സയും ലില്ലിമാത്യുവിനറിയാം. ഇതിനായി ഔഷധത്തോട്ടവും ഇവിടെയുണ്ട്. പശുക്കളെ കുളിപ്പിക്കാനും കറക്കാനും യന്ത്രസംവിധാനങ്ങളും വലിയൊരു ബയോഗ്യാസ് പ്‌ളാന്റും സജ്ജീകരിച്ചിട്ടുണ്ട്. വളപ്രയോഗത്തിന് ചാണകം യഥേഷ്ടം ഉപയോഗിക്കുന്നു. വര്‍ഷത്തില്‍ അറുപത് ട്രാക്ടറോളം ചാണകം വില്‍ക്കുന്നതിലൂടെയും ഇവര്‍ നല്ലൊരു വരുമാനമുണ്ടാക്കുന്നു. പൊതുപ്രവര്‍ത്തകനും പാരലല്‍ കോളേജ് അധ്യാപകനുമായിരുന്ന ഭര്‍ത്താവ് എ.വി. മാത്യുവിന്റെ സഹായവും ഈ വിജയത്തിലുണ്ട്.

ദേശീയതലത്തിലുള്ള അംഗീകാരത്തിനുപുറമേ ഒട്ടേറെ അവാര്‍ഡുകളും ലില്ലിമാത്യുവിനെ തേടിയെത്തി. പീപ്പിള്‍സ് ഡെയറി പ്രോജക്ട് സംസ്ഥാന പുരസ്‌കാരം, മികച്ച ക്ഷീരസഹകാരിക്കുള്ള 2013-2014 വര്‍ഷത്തിലെ അവാര്‍ഡ്, 2012ലെ വയനാട് ജില്ലാ മൃഗസംരക്ഷണവകുപ്പ് പുരസ്‌കാരം, സംസ്ഥാന അവാര്‍ഡ് എന്നിവ ഇതില്‍ ചിലതാണ്.

കന്നുകാലികളിലെ അരിമ്പാറ

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാത്ത രോഗമാണിത്

കന്നുകാലികളിലെ അരിമ്പാറരോഗം കര്‍ഷകരെ സംബന്ധിച്ചിടത്തോളം സാമ്പത്തികഞെരുക്കം വരുത്തുന്ന ഒന്നാണ്. അകിടിലാണ് ഈ രോഗം കാണുന്നതെങ്കില്‍ ഇവയെ കറവയ്ക്ക് ഉപയോഗിക്കാന്‍ പ്രയാസം നേരിടും. ബൊവൈന്‍ പാപ്പിലോമ വൈറസ് അണുക്കളാണ് രോഗം പരത്തുന്നത്. മൃഗങ്ങളില്‍നിന്ന് മറ്റു മൃഗങ്ങളിലേക്ക് പകരുന്ന രോഗമാണിത്.

അസുഖബാധിതരായ പശുക്കളുമായുള്ള സാമീപ്യം, അണുക്കള്‍ അടങ്ങിയ തീറ്റപ്പാത്രങ്ങള്‍, ജലസംഭരണി, മറ്റ് ഉപകരണങ്ങള്‍ എന്നിവയില്‍ക്കൂടിയും രോഗം പകരാം. മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പകരില്ല.സാധാരണയായി തല, കഴുത്ത്, അകിട്, ലൈംഗികാവയവങ്ങള്‍, ശരീരമാസകലമായും അരിമ്പാറ കാണപ്പെടുന്നു.

ഒരു വര്‍ഷം പ്രായമാകുന്നതിനുമുമ്പുള്ളവയെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. ഇവയുടെ പ്രതിരോധശക്തി ശരീരത്തിനു തികച്ചും ലഭ്യമാകാത്തതാണ് കാരണം.

രോഗലക്ഷണങ്ങള്‍: തൊലിയില്‍ തടിച്ച പാട് കാണുക, ഇവ ഞെട്ട് ഉള്ളവയോ ഇല്ലാത്തവയോ ആവാം. ചിലത് കോളിഫ്‌ളവര്‍ പോലെ തോന്നിപ്പിക്കുന്ന വളര്‍ച്ചയുണ്ടാകാം. ശസ്ത്രക്രിയചെയ്ത് ഇവ നീക്കാം. ഞെട്ട് ഉള്ളവയാണെങ്കില്‍ അതില്‍ ഒരു കട്ടിയുള്ള നൂല്‍ കെട്ടിയിടുക. 34 ദിവസത്തിനകം താനെ വീഴും. ചികിത്സയില്‍ ഏറ്റവും അഭികാമ്യം ഹോമിയോ മരുന്നാണ്. അരിമ്പാറ കളയുന്നതിന് ഹോമിയോപ്പതിയില്‍ ഉത്തമമായ മരുന്നുകള്‍ ലഭ്യമാണ്.

കൊങ്ങിണി സസ്യവിഷബാധ കന്നുകാലികളില്‍

പശുക്കളിലും ആടുകളിലുമാണ് സാധാരണയായി ഈ വിഷബാധ കണ്ടുവരുന്നത്‌

കേരളത്തിലെ നാട്ടിന്‍പുറങ്ങളിലും റോഡരികുകളിലും കടുത്ത വേനലില്‍പോലും സര്‍വ്വസാധാരണമായി തഴച്ച് വളര്‍ന്നു കാണപ്പെടുന്ന വിവിധ നിറത്തിലുള്ള പുഷ്പങ്ങളോടുകൂടിയ ഒരു സസ്യമാണ് കൊങ്ങിണി അഥവാ പൂച്ചെടി. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലേക്ക് ഈ സസ്യം ഒരു അലങ്കാരച്ചെടിയായി കൊണ്ടുവന്നതാണെന്നും അത് പിന്നീട് പടര്‍ന്നു പിടിക്കുന്ന ഒരു കളസസ്യമായി നമ്മുടെ നാട്ടില്‍ മാറുകയായിരുന്നുവെന്നും പറയപ്പെടുന്നു. ഇത് നമ്മുടെ വനാന്തരങ്ങളില്‍ കാണപ്പെടുന്നതായും സസ്യഭുക്കുകളായ വന്യജീവികള്‍ക്കു ഭീഷണിയാകുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

നമ്മുടെ വളര്‍ത്തുമൃഗങ്ങളില്‍ പശുക്കളിലും ആടുകളിലുമാണ് സാധാരണയായി ഈ സസ്യവിഷബാധ കണ്ടുവരുന്നത്. ഈ സസ്യത്തില്‍ അടങ്ങിയിട്ടുള്ള വിഷപദാര്‍ത്ഥങ്ങള്‍ ലന്റാഡിന്‍ എയും ലന്റാഡിന്‍ ബിയുമാണ്.

കന്നുകാലികള്‍ ഈ സസ്യം ഭക്ഷിക്കുന്നതുമൂലം അതിലടങ്ങിയിട്ടുള്ള വിഷപദാര്‍ത്ഥങ്ങള്‍ ശരീരത്തിനുള്ളിലെത്തുകയും അത് കരളിനെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.

ഇത് കരളിനെ ബാധിക്കുന്നതു വഴി പിത്തരസത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതിനാല്‍ കരള്‍ രോഗത്തിന്റെ പ്രഥമ ലക്ഷണമായ മഞ്ഞപ്പിത്തം ഉണ്ടാകുകയും ചെയ്യുന്നു.

ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളപ്പെടുന്നത് പിത്തരസം വഴിയാണല്ലോ. കന്നുകാലികളുടെ ശരീരത്തില്‍ പത്രഹരിതകത്തിന്റെ (ക്ലോറോഫിന്‍) ഉപാപചയം മൂലം ഉണ്ടാകുന്ന ഫില്ലോയെറിത്രിന്‍ എന്ന പദാര്‍ത്ഥം സാധാരണയായി പിത്തരസം വഴിയാണ് പുറന്തള്ളപ്പെടുന്നത്.

ഈ വിഷബാധമൂലം പിത്തരസത്തിന്റെ സുഗമമായ ഒഴുക്ക് തടസ്സപ്പെടുന്നതിനാല്‍ ഫില്ലോയെറിത്രിന്‍ എന്ന പദാര്‍ത്ഥം കന്നുകാലികളുടെ ശരീരത്തിലെ ത്വക്ക് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ അടിഞ്ഞുകൂടുന്നു. ത്വക്കില്‍ അടിഞ്ഞുകൂടിയ ഫില്ലോയെറിത്രിന്‍ സൂര്യപ്രകാശത്തിലെ പ്രകാശരശ്മികളുമായി പ്രതിപ്രവര്‍ത്തനം നടത്തുന്നതുമൂലം ത്വക്കില്‍ വര്‍ണ്ണങ്ങളുണ്ടാവുകയും ചെയ്യുന്നു.

ത്വക്കിലെ സൂര്യരശ്മികള്‍ പതിക്കുന്ന ഭാഗത്തെ വ്രണങ്ങള്‍, വിശപ്പില്ലായ്മ, തളര്‍ച്ച, ക്ഷീണം, മഞ്ഞപ്പിത്തം, മലബന്ധം എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങള്‍.

ത്വക്കിലെ സൂര്യരശ്മികളടിക്കുന്ന ഭാഗത്തെ  വ്രണങ്ങളാണ്‌ സാധാരണയായി രോഗനിര്‍ണയത്തിന് സഹായകമാകുന്നത്. തുടര്‍ന്ന് രക്തത്തിലെ ബിലിറൂബിന്റെ (മഞ്ഞപ്പിത്തത്തിന്റെ തോത്) അളവ് കൂടുതലാണെന്ന് നിര്‍ണ്ണയിക്കുന്നത് വഴി രോഗം സ്ഥിരീകരിക്കാവുന്നതാണ്.

കൊങ്ങിണിയില്‍ അടങ്ങിയിട്ടുള്ള വിഷപദാര്‍ത്ഥങ്ങള്‍ക്ക് മറുമരുന്നില്ലാത്തതിനാല്‍ രോഗലക്ഷണങ്ങള്‍ അടിസ്ഥാനമാക്കിയാണ് ചികിത്സിക്കുക. കൂടാതെ കരളിനെ ബാധിക്കുന്നത് കാരണം കീഴാര്‍നെല്ലി നല്‍കുന്നതും ഉത്തമമാണ്.

(മണ്ണുത്തിയിലെ വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)

മധുരക്കിഴങ്ങിന്റെ കാലം

നല്ലജൈവപുഷ്ടിയും ഇളക്കവുമുള്ള മണ്ണാണ് മധുരക്കിഴങ്ങ് കൃഷിക്ക് ഉത്തമം. കേരളത്തിലെ ഭൂപ്രകൃതിയനുസരിച്ച് 1500 മീറ്റര്‍ വരെ ഇത് കൃഷിചെയ്യാം

മഴയെ മാത്രം ആശ്രയിച്ച് മധുരക്കിഴങ്ങ് വള്ളികള്‍ നട്ടുവളര്‍ത്തേണ്ട കാലമാണിത്. കേരളത്തില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ കാലവര്‍ഷത്തോടൊപ്പവും സെപ്തംബര്‍, ഒക്‌ടോബര്‍ മാസങ്ങളില്‍ തുലാവര്‍ഷത്തോടൊപ്പവുമാണ് മധുരക്കിഴങ്ങിന്റെ മഴയെ ആശ്രയിച്ചുള്ള കൃഷിക്കാലം. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ജനുവരി മുതലുള്ള വേനല്‍ മാസങ്ങളിലും കിഴങ്ങുനടാം.

മരച്ചീനിയെപ്പോലെത്തന്നെ തെക്കേ അമേരിക്കയില്‍ ജനിച്ച് ലോകമാകമാനം പടര്‍ന്ന ഒരു വിളയാണ് ചക്കരക്കിഴങ്ങെന്നും പറയപ്പെടുന്ന നമ്മുടെ മധുരക്കിഴങ്ങ്. ഇന്ന് ലോകത്തിലെ പഞ്ചസാരയുടെ ഉറവിടവും പ്രധാന ഭക്ഷ വസ്തുവുമാണ് അന്നജത്തിന്റെയും പ്രോട്ടീന്റെയും വിറ്റാമിന്‍ എ യുടെയും  കലവറയായ ഈ കിഴങ്ങ്.  പ്ലാനറ്റേ സാമ്രാജ്യത്തിലെ ഇതിന്റെ ശാസ്ത്ര നാമം ഐപോമിയ ബറ്റാറ്റാസ് എന്നാണ്.

തെക്കേ അമേരിക്കയിലെ മിക്ക രാജ്യങ്ങളിലും അറിയപ്പെടുന്നത് ബറ്റാറ്റ എന്നാണ്. ജപ്പാനില്‍ ഇതുപയോഗിച്ച് സ്വാദിഷ്ഠമായ ഷോച്ചുവെന്ന  മദ്യം ഉത്പാദിപ്പിക്കുന്നു. ജപ്പാനീസ് പേസ്റ്റ്ട്രിയുടെ പ്രധാനചേരുവയും നമ്മുടെ മധുരക്കിഴങ്ങാണ്. ചൈനയില്‍ ടോങ് സുയിയെന്ന പ്രശസ്തമായ സൂപ്പ് ഇതില്‍ നിന്ന് ഉണ്ടാക്കുന്നതാണ്. തെക്കേ അമേരിക്കയിലെ ഡൂസി ഡി ബറ്റാറ്റ എന്ന പരാമ്പരാഗത ഡെസേര്‍ട്ടിന്റെ പ്രധാനചേരുവ മധുരക്കിഴങ്ങാണ്.

ഇതിന്റെ സുഗമമായ വളര്‍ച്ചയ്ക്കും നല്ല വിളവിനും താപനില 22-25 ഡിഗ്രിയായിരിക്കണം. 80-160 സെ.മീ. മഴ ലഭിക്കുന്നിടത്ത് ഇത് നന്നായി വിളയും. നല്ല വെയിലും രാത്രികാലങ്ങളില്‍ തണുപ്പും കിട്ടുന്നിടത്താണ്  നല്ലവിളവു ലഭിക്കാറ്.

മണ്ണും ഇനങ്ങളും

എല്ലാതരം മണ്ണുകളിലും ഇത് വളര്‍ച്ച കാണിക്കുമെങ്കിലും നല്ല ഇളക്കവും ഫലഭൂയിഷ്ഠതയുമുള്ള നീര്‍വാര്‍ച്ച സൗകര്യമുള്ള മണ്ണിലാണ് മധുരക്കിഴങ്ങ് കൂടുതല്‍ ഫലപുഷ്ടി കാണിക്കുന്നത്. വയലുകളില്‍ ജനുവരി മാസങ്ങളില്‍ കൃഷി ആരംഭിക്കാവുന്നതാണ്.

ഭദ്രകാളിച്ചുവല, ചൈനവെള്ള, കൊട്ടാരംചുവല, ചക്കരവള്ളി, ആനക്കൊമ്പന്‍ എന്നിങ്ങനെയുള്ള നാടന്‍ ഇനങ്ങളാണ്. ശ്രീകനക, ശ്രീ വരുണ്‍, ശ്രീ അരുണ്‍, കാഞ്ഞങ്ങാട്, ശ്രീഭദ്ര, ശ്രീരത്‌ന, എച്ച്1, എച്ച്42, ശ്രീനന്ദിനി, ശ്രീ വര്‍ധിനി, ഡല്‍ഹി കാര്‍ഷിക ഗവേഷണശാലയുടെ പുസ സഫേദ്, പുസ റെഡ് എന്നിവയും കോയമ്പത്തൂര്‍ കാര്‍ഷിക ഗവേഷണശാലയുടെ കോ1, കോ2, കോ3 എന്നീയിനങ്ങളും അത്യുത്പാദനശേഷി പ്രകടിപ്പിക്കുന്നവയാണ്.

കൃഷിയിടമൊരുക്കല്‍

നല്ലജൈവപുഷ്ടിയും ഇളക്കവുമുള്ള മണ്ണാണ് മധുരക്കിഴങ്ങ് കൃഷിക്ക്  ഉത്തമം. കേരളത്തിലെ ഭൂപ്രകൃതിയനുസരിച്ച് 1500 മീറ്റര്‍വരെ ഇത് കൃഷിചെയ്യാം എന്നാല്‍ 400-1000 മീറ്ററിലാണ് വിളവ് കൂടുതല്‍ കിട്ടുന്നതായി കണ്ടുവരുന്നത്. നടുന്ന മണ്ണ് നല്ല നീര്‍വാര്‍ച്ചയുള്ളതും നല്ലവായു സഞ്ചാരം നിലനില്‍ക്കുന്നതുമായിരിക്കണം. മാത്രമല്ല മണ്ണിന്റെ അമ്ലക്ഷാര നിലവാരം ആറിനും ഏഴിനുമിടയിലായാല്‍ കിഴങ്ങിന് ഗുണം കൂടും. അമ്ലഗുണം കൂടിയ മണ്ണില്‍ ഡോളമൈറ്റോ കുമ്മായമോ വിതറി അത് കുറയ്ക്കാം. നടുന്നതിനുമുമ്പ് കൃഷിയിടം നന്നായി  ഉഴുത് മറിക്കണം. അതിനുശേഷം അതില്‍ സെന്റൊന്നിന് 30-40 കിലോ തോതില്‍ കാലിവളമോ കമ്പോസ്‌റ്റോ ചേര്‍ത്തിളക്കി നിരപ്പാക്കണം . അങ്ങനെ വളംചേര്‍ത്ത് നിരപ്പാക്കിയ നിലത്ത് ഒരടി ഉയരത്തില്‍ തടം കോരിയെടുക്കാം.

നീളത്തിലോ കുറുകെയോ ചാലെടുത്താണ് വള്ളിത്തലകള്‍ അല്ലെങ്കില്‍ കിഴങ്ങുകള്‍ നടേണ്ടത്. തലകള്‍ തമ്മില്‍ കുറഞ്ഞത് 25 സെ.മീ. അകലം അത്യാവശ്യമാണ്. വരിയും നിരയുമായാണ് തടങ്ങളെടുക്കേണ്ടത്. തടങ്ങള്‍ തമ്മില്‍ കുറഞ്ഞത് കാല്‍ മീറ്റര്‍ അകലവും തടത്തിന്റെ ഉയര്‍ച്ച കുറഞ്ഞത് കാല്‍ മീറ്ററെങ്കിലും ഉണ്ടായിരിക്കണം. ചരിഞ്ഞ സ്ഥലങ്ങളിലാണ് കൃഷിയിറക്കുന്നതെങ്കില്‍ 30 സെ.മീ. അകലത്തില്‍ തടമെടുക്കാം. ഇവിടങ്ങളില്‍ താഴ്ചയുമുള്ള തടങ്ങളെടുത്താകണം മധുരക്കിഴങ്ങ് നടുന്നത്.

കിഴങ്ങ്/തലകള്‍ തിരഞ്ഞെടുക്കാം

മധുരക്കിഴങ്ങിന്റെ വള്ളികളും കിഴങ്ങുകളും നടീല്‍ വസ്തുക്കളായി ഉപയോഗിക്കാം. കിഴങ്ങുകളാണെങ്കില്‍ നന്നായി മൂപ്പെത്തിയതും എന്നാല്‍, രോഗ-കീടബാധതീരെയില്ലാത്തതുമായ മധുരക്കിഴങ്ങ് വിത്തായി മാറ്റിവെക്കാം. ഇങ്ങനെ മാറ്റുന്നത് വിളവെടുത്തതിനുശേഷം തിരഞ്ഞെടുത്ത് അടയാളപ്പെടുത്തിവെക്കണം.

തണുപ്പുള്ള ഷെഡ്ഡില്‍ കുഴിയുണ്ടാക്കി സൂക്ഷിക്കുന്ന രീതിയാണ് നല്ലത.് ഇങ്ങനെ തരംതിരിച്ചെടുക്കുന്ന വിത്തുകള്‍ കുമിള്‍നാശിനിയിലോ കീടനാശിനിയിലോ മുക്കിയെടുത്തു സൂക്ഷിച്ചാല്‍ കേടാകാതെയിരിക്കും. ലായനിയില്‍ മുക്കിയെടുത്ത് വെള്ളം വാര്‍ത്തതിനുശേഷം തണലത്ത് ഉണക്കിയെടുത്ത് കുഴികളില്‍ ഈര്‍ച്ചപ്പൊടിയോ മണലോ നിരത്തി അതിനു മുകളില്‍ പരത്തി അതിനുമുകളില്‍ പാണലിന്റെ ഇല കൊണ്ട് മൂടിയിടുന്നത് മധുരക്കിഴങ്ങ് ചുരുങ്ങിപ്പോകാതിരിക്കാനും കീടങ്ങള്‍ ആക്രമിക്കാതിരിക്കാനും നല്ലതാണ്.

കിഴങ്ങുകള്‍ നടുന്നതിന് മുമ്പ്  സ്യൂഡോമോണസ് ലായനിയിലോ പച്ചച്ചാണകം കലക്കിയതിലോ മുക്കിയതിനുശേഷം തണലത്തുണക്കിയെടുക്കണം. ട്രൈക്കോഡര്‍മ സമ്പുഷ്ട ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവയുടെ മിശ്രിതം വാരങ്ങളിലിട്ട് മൂടിയാല്‍ മണ്ണിലൂടെ പകരുന്ന പൂപ്പല്‍ രോഗങ്ങള്‍, വിരകള്‍, ചീയല്‍ രോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കാം. ഇങ്ങനെ നട്ട കിഴങ്ങുകള്‍ മുളച്ചുപൊന്തിക്കഴിഞ്ഞ് 40 ദിവസംകഴിഞ്ഞാല്‍  ഒന്നാം തവാരണകളില്‍ നിന്ന് 20-30 സെ.മീ. വരുന്ന വള്ളികള്‍ മുറിച്ച് മാറ്റി നടാവുന്നതാണ്.

വാരങ്ങളില്‍ വള്ളികളാണ് നടുന്നതെങ്കില്‍ 20-25 സെ.മീ. നീളമുള്ള വള്ളികള്‍ നടാം. തവാരണയുടെ നടുക്ക് വള്ളി വെച്ചതിനുശേഷം നടുഭാഗം മണ്ണിട്ടു മൂടുകയും രണ്ടറ്റവും മണ്ണിന് പുറത്തേക്ക് നിര്‍ത്തുകയും വേണം. വള്ളികള്‍ വേരുപിടിച്ച് ഇലകള്‍ പൊട്ടിവിരിയുന്നതുവരെ വാരങ്ങളില്‍ നനവ് ആവശ്യമാണ്. എന്നാല്‍ മഴക്കാലത്ത് കൃഷിയിടത്തില്‍ വെള്ളം കെട്ടിക്കിടക്കരുത്. വള്ളി ചീഞ്ഞുപോവും.

വേനല്‍ക്കാലത്ത് വള്ളികള്‍ക്ക് മുളയ്്ക്കുന്നതുവരെ ഒന്നിടവിട്ട ദിവസങ്ങളില്‍ നനയ്ക്കണം. മുളച്ചുപൊന്തിയാലും ആഴ്ചയില്‍ രണ്ടു തവണ എന്ന തോതില്‍ നനയ്ക്കണം. വിളവെടുക്കുന്നതിന് നാലാഴ്ച മുമ്പ് നന നിര്‍ത്താം. പിന്നീട് വിളവെടുക്കുന്നതിന് രണ്ടുദിവസം മുമ്പ് ഒന്നുകൂടി നനയ്ക്കാം. അങ്ങനെ ചെയ്താല്‍ വിളവെടുപ്പ് എളുപ്പത്തില്‍ ചെയ്യാം.

വള്ളികള്‍ക്കിടയിലെ കളപറിക്കല്‍ പ്രധാനമാണ്. ആദ്യ മാസങ്ങളില്‍ രണ്ടാഴ്ച കൂടുമ്പോഴും പിന്നീട് നാലാഴ്ച കൂടുമ്പോഴും കള പറിക്കണം. വള്ളിത്തലകള്‍ നട്ടത്  കൂടാതെ മണ്ണുമായി സമ്പര്‍ക്കം വരുന്ന ഭാഗത്തും വേരിറങ്ങും. ഇങ്ങനെയായാല്‍ കിഴങ്ങിന്റെ ഫലം കുറയും. അതിനാല്‍ വള്ളികള്‍ ഇടയ്ക്കിടെ എടുത്ത് മറിച്ചുവെക്കുന്നത് നല്ലതാണ്.

പരിപാലനവും വളപ്രയോഗവും

കിഴങ്ങുവര്‍ഗങ്ങളില്‍ ഏറ്റവുമധികം മൂലകങ്ങളെ വലിച്ചെടുക്കുന്ന വിളയാണിത്. കാലിവളത്തിനു പുറമേ പൊട്ടാഷ്, യൂറിയ, ഫോസ്ഫറസ് എന്നിവ ആനുപാതികമായി ഉപയോഗിച്ചാണ് രാസകൃഷി നടത്താറ്. എന്നാല്‍, ജൈവകൃഷിയില്‍ പച്ചിലവളവും ചാണകവും ചാരവും തന്നെയാണ് പ്രധാനമായും ഉപയോഗിക്കുക. വള്ളിത്തലകള്‍ പൊന്തിവന്നാല്‍ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലകള്‍ കൊണ്ട് പുതയിടുന്നത് തടത്തിലെ ഈര്‍പ്പം നഷ്ടപ്പെടാതെ കാക്കാനും മധുരക്കിഴങ്ങിനെ ബാധിക്കുന്ന ചെല്ലിപോലുള്ള കീടങ്ങളെ തടയാനും ഉപകരിക്കും.

രോഗങ്ങളും കീടങ്ങളും

സാധാരണ കിഴങ്ങുവര്‍ഗ വിളകള്‍ക്കു വരുന്ന രോഗങ്ങളും കീടങ്ങളും തന്നെയാണ്  മധുരക്കിഴങ്ങിനെയെയും ബാധിക്കുന്നത്. കിഴങ്ങ് തുരന്ന് തിന്നു നശിപ്പിക്കുന്ന ചെല്ലിയാണ്  മധുരക്കിഴങ്ങിനെ ബാധിക്കുന്ന പ്രധാന കീടം. വളര്‍ച്ചയെത്തിയ ചെല്ലികള്‍, തണ്ടുകളും കിഴങ്ങുകളും തുരന്ന് അവയില്‍ പ്രവേശിക്കുകയും മുട്ടയിട്ട് പെരുകി പുറത്തിറങ്ങുന്ന കുഞ്ഞുങ്ങള്‍ മാംസളമായ ഭാഗം തിന്നുതീര്‍ത്ത് കിഴങ്ങിനെ പൊള്ളയാക്കുകയും ചെയ്യുന്നു. നേരിയ തോതില്‍പോലും ഇതിന്റെ ആക്രമണം മധുരക്കിഴങ്ങിനെ കയ്പുള്ളതാക്കുന്നു. കീടാക്രമണം ചെറുക്കാന്‍ മുന്‍വിളയുടെ അവശിഷ്ടങ്ങള്‍ പൂര്‍ണമായും നശിപ്പിക്കുക.

വള്ളിത്തലകള്‍ നടുന്നതിനുമുമ്പ് മോണോക്രോട്ടോഫോസ്, ഫെന്‍തിയോണ്‍, ഫെനിട്രോത്തിയോണ്‍ എന്നിവയിലേതെങ്കിലും അഞ്ചു ശതമാനം വീര്യത്തില്‍ കലക്കി അതില്‍ മുക്കിവെച്ച് അഞ്ചുമിനിറ്റിനുശേഷം നടുക. വള്ളിത്തലകള്‍ പൊന്തി ഒരു മാസം കഴിഞ്ഞാല്‍ ഇത് തളിക്കുകയുമാവാം. കൂടാതെ വലിയ മധുരക്കിഴങ്ങുകള്‍ 100 ഗ്രാം വലിപ്പമുള്ള കഷണങ്ങലാക്കി 58 മീറ്റര്‍ ഇടവിട്ട് കൃഷിയിടത്തില്‍ വെച്ചുകൊടുത്താല്‍ ചെല്ലികളെ ആകര്‍ഷിച്ച് നശിപ്പിക്കാം.

വേരുചീയല്‍ രോഗം, മൊസെക്ക് രോഗം, മൃദുചീയല്‍, ബാക്ടീരിയല്‍വാട്ടം, പുപ്പല്‍ രോഗം, ഇലപ്പുള്ളിരോഗം എന്നിവയാണ് മറ്റ് രോഗങ്ങള്‍. മണ്ണില്‍ വസിക്കുന്ന രോഗാണുക്കള്‍ പടര്‍ത്തുന്ന രോഗങ്ങളാണ് ബാക്ടീരിയല്‍ വാട്ടം, മൃദുചീയല്‍ എന്നിവ.

ബാക്ടീരിയല്‍ വാട്ടം

സാധാരണ വഴുതിന വര്‍ഗവിളകളില്‍ കണ്ടുവരുന്ന രോഗങ്ങളിലൊന്നാണിത്. പക്ഷേ,  മധുരക്കിഴങ്ങ് കൃഷിയെ  ബാധിക്കുന്ന രോഗവുമാണിത്. ഈ രോഗം വളരെ പെട്ടെന്ന് പടരും. വള്ളിത്തലകള്‍  കീടനാശിനിയില്‍ മുക്കിവെച്ച് നടുന്നത് രോഗം വരാതിരിക്കാന്‍ സഹായിക്കും. ഇല പച്ചയായിരിക്കുമ്പോള്‍ത്തന്നെ വാടുക, ഇലകള്‍ മഞ്ഞളിച്ചതിനുശേഷം വാടിച്ചുരുണ്ട് പോവുക എന്നിവയാണിതിന്റെ ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടാലുടനെത്തന്നെ കോപ്പര്‍ ഓക്സിക്ലോറൈഡ് വെള്ളത്തില്‍ കലക്കി (ഒരു ലിറ്ററിന് 10 ഗ്രാം തോതില്‍) ഒഴിച്ചു കൊടുക്കാം.

മൊസൈക്ക് രോഗം

മൊസൈക്ക് രോഗമാണ് മധുരക്കിഴങ്ങിനെ ബാധിക്കുന്ന മറ്റൊരു പ്രധാന രോഗം. ഇത് പിടിപെട്ടാല്‍ പിന്നെ ആ ചെടി നശിപ്പിക്കുകയേ മാര്‍ഗമുള്ളൂ. ഇലകള്‍ മഞ്ഞനിറത്തിലായി ചുരുങ്ങുകയും കിഴങ്ങ് ശുഷ്‌കിച്ചു പോവുകയും ചെയ്യുന്നതാണിതിന്റെ ലക്ഷണം.

രോഗം ബാധിച്ചചെടികളെ നശിപ്പിക്കുക, രോഗബാധയില്ലാത്ത തോട്ടങ്ങളില്‍ നിന്നുമാത്രം വള്ളികള്‍ ശേഖരിക്കുക. വേപ്പധിഷ്ഠിത കീടനാശിനികളുടെ ഉപയോഗം, ആവണക്കെണ്ണ-വെളുത്തുള്ളി മിശ്രിതം എന്നിവ രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകളായി തളിക്കാവുതാണ്.

ഇലപ്പുള്ളിരോഗം

ഇലയുടെ അടിഭാഗത്ത് വെള്ളത്തിനാല്‍ നനഞ്ഞ പോലെയുള്ളപാടുകളും അതിനെത്തുടര്‍ന്ന് ഇലയുടെ ഉപരിതലത്തില്‍ മഞ്ഞക്കുത്തുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നതാണ് ഇതിന്റെ ലക്ഷണം. പിന്നിട് ഈ മഞ്ഞക്കുത്തുകള്‍ വലുതായി ഇലമൊത്തം വ്യാപിച്ച് കരിഞ്ഞുണങ്ങുന്നു. രോഗം കാണുന്ന ഇലകള്‍ നശിപ്പിക്കുകയും സ്യൂഡോമോണസ് ലായനി രണ്ടുശതമാനം വീര്യത്തില്‍ ഇലകളുടെ ഇരുവശങ്ങളിലും വീഴത്തക്കവിധവും സമൂലവും തളിക്കുകയുമാണിതിന്റെ പ്രതിരോധ മാര്‍ഗങ്ങള്‍.

വിളവെടുക്കല്‍

സാധാരണയിനങ്ങള്‍ 34 മാസത്തിനുള്ളില്‍ വിളവെടുക്കാവുന്നതാണ്. ഇനങ്ങള്‍ക്കനുസരിച്ച് ഇത് മാറാം. വിളവെടുപ്പിന് പാകമായാല്‍ ഇലകള്‍ മഞ്ഞനിറമാവും. കിഴങ്ങ് പാകമായതിന്റെ സൂചനയാണത്. ഒന്നോ രണ്ടോ കിഴങ്ങുകള്‍ പറിച്ചുനോക്കിയാല്‍ മൂപ്പ് മനസ്സിലാക്കാവുന്നതാണ്. വിളവെടുപ്പിന് ഒരു ദിവസം മുമ്പ് തടം നനയ്ക്കുന്നത് കിഴങ്ങ് കേടുകൂടാതെ പറിച്ചെടുക്കാന്‍ സഹായിക്കും. നല്ല മണ്ണാണെങ്കില്‍ ഹെക്ടറിന്  ശരാശരി 13.5 ടണ്‍ വരെ കിട്ടും.

ഔഷധഗുണങ്ങള്‍

അന്നജത്തിന്റെ കലവറയായ  മധുരക്കിഴങ്ങില്‍ കാര്‍ബോ ഹൈഡ്രേറ്റ്, ഫൈബര്‍, കാല്‍സ്യം, പൊട്ടാസ്യം, ഇരുമ്പ്, മഗ്‌നീഷ്യം, സോഡിയം, സിങ്ക്, മാംഗനീസ്, ഫോസ്ഫറസ്, ചെമ്പ്  എന്നീ മൂലകങ്ങള്‍  അടങ്ങിയിരിക്കുന്നു. കൂടാതെ ബീറ്റാ കരോട്ടിനും അടങ്ങിയിരിക്കുന്നു.  വിറ്റാമിന്‍ എ., വിറ്റാമിന്‍ സി,  വിറ്റാമിന്‍ ബി5, വിറ്റാമിന്‍ ബി12, വിറ്റാമിന്‍ ബി6,  അന്നജം, കൊഴുപ്പ്, നാരുകള്‍, എന്നിവയുടെയും മികച്ച കലവറയാണ് മധുരക്കിഴങ്ങ്.

വിളകളെ ആക്രമിക്കുന്ന കാട്ടുപന്നികളെ തുരത്താന്‍ 'ബോറെപ്'

ബോറെപിന്റെ രൂക്ഷഗന്ധമാണ് കാട്ടുപന്നിയെ കൃഷിയിടങ്ങളില്‍ നിന്ന് പിന്‍വാങ്ങാന്‍ പ്രേരിപ്പിക്കുന്നത്

കാട്ടുപന്നി സമീപകാലങ്ങളില്‍ കര്‍ഷകര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സസ് സ്‌ക്രോഫ എന്നാണ് കാട്ടുപന്നിയുടെ ശാസ്ത്രീയ നാമം. കാര്‍ഷിക വിളകള്‍ തിന്നു നശിപ്പിക്കുക മാത്രമല്ല, വിളകള്‍ ചവിട്ടി മെതിച്ചും പിഴുതു കളഞ്ഞും ഇവ നാശം വരുത്തി വയക്കുന്നു. വിളയുടെ എല്ലാ കാലത്തും ഒരുപോലെ നാശം വിതയ്ക്കുന്നവയാണ് ഈ സസ്തനികള്‍.

വിളകളുടെ പ്രത്യേക ഗന്ധം മനസ്സിലാക്കി അവയുടെ അടുത്തേക്ക് എത്താനുള്ള അസാധാരണമായ കഴിവ് ഇവയ്ക്കുണ്ട്. കൂട്ടമായി നില്‍ക്കുന്ന കൊങ്ങിണിച്ചെടികള്‍ക്കിടയിലും , കുറ്റിക്കാടുകളിലുമാണ് ഇവരുടെ ഒളിത്താവളം. അതിരാവിലെയും സന്ധ്യ കഴിഞ്ഞ സമയങ്ങളിലുമാണ് കാട്ടുപന്നികള്‍ വിളകളെ ആക്രമിക്കുക. പകല്‍ സമയത്ത് ഇവ പൊതുവേ വിളകളെ ആക്രമിക്കാറില്ല. ഭക്ഷണത്തിന്റെ ലഭ്യതയും കാലാവസ്ഥയും ഇവയുടെ പ്രത്യുത്പാദനത്തെ ബാധിക്കുന്ന ഘടകങ്ങളാണ്.

വനനശീകരണവും വനം കൈയേറലും കാട്ടുപന്നികളുടെ എണ്ണം സമീപ കാലങ്ങളില്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. കാടുകള്‍ നശിച്ചതുമൂലം കാട്ടുപന്നിയുടെ ശത്രുക്കളായ കുറുക്കന്‍,ചെന്നായ,കാട്ടുനായ തുടങ്ങിയവയുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുകയും അത് കാട്ടുപന്നികളുടെ സൈ്വര്യ വിഹാരത്തിന് കാരണമാകുകയും ചെയ്തു.

കാര്‍ഷിക ആവാസ വ്യവസ്ഥയിലെ പക്ഷികളുടെ പഠനത്തോടൊപ്പം കശേരുകീടങ്ങളായ കാട്ടുപന്നി, എലി എന്നിവയുടെ നിയന്ത്രണമാര്‍ഗങ്ങളും കാര്‍ഷിക സര്‍വകലാശാലയുടെ All India Network Project On Vertibrate Pest Management നടപ്പിലാക്കി വരുന്നു.

കാട്ടുപന്നികള്‍ സംരക്ഷിത വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ അവയുടെ ജീവന് ഭീഷണി ഉയര്‍ത്താതെ പ്രകൃതി സൗഹാര്‍ദപരമായ മാര്‍ഗത്തിലൂടെയുള്ള നിയന്ത്രണം മാത്രമേ ഭാരതത്തില്‍ പ്രായോഗികമാവുകയുള്ളു. തല്‍ഫലമായി കാട്ടുപന്നികളെ നിയന്ത്രണ വിധേയമാക്കാന്‍ AINP on VPM  വികസിപ്പിച്ചെടുത്ത ഒരു മാര്‍ഗമാണ് ബോറെപ്.

ഇതിന്റെ രൂക്ഷഗന്ധം കാട്ടുപന്നികളില്‍ അസ്വസ്ഥത ഉളവാക്കുകയും തന്‍മൂലം അവ വിളകളെ ആക്രമിക്കാതെ പിന്‍വാങ്ങുന്നതിന് കാരണമാകുകയും ചെയ്യുന്നു. തികച്ചും വിഷമയമല്ലാത്ത വസ്തുക്കള്‍ കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. തരി രൂപത്തിലുള്ളതായതിനാല്‍ മറ്റു പദാര്‍ഥങ്ങളുമായി കൂട്ടിക്കലര്‍ത്താതെ തന്നെ തങ്ങളുടെ കൃഷിയിടങ്ങളില്‍ പ്രയോഗിക്കാം.

ഉപയോഗ ക്രമം

25 ഗ്രാം വീതം കോട്ടണ്‍ തുണികളില്‍ ഓരോ കിഴികളിലാക്കി കൃഷിയിടത്തിനു ചുറ്റും 2 മുതല്‍ 3 മീറ്റര്‍ അകലത്തിലും നിലത്ത് നിന്ന് 10 സെ.മീ പൊക്കത്തിലും ഉയര്‍ത്തിക്കെട്ടുക. കൂടാതെ കൃഷിയിടത്തിനു ചുറ്റും വിതറുകയും ചെയ്യുക. ഒരു ഏക്കറിന് 2 കിലോ എന്ന തോതിലാണ് BOREP ഉപയോഗിക്കേണ്ടത്.

ഇതിന്റെ രൂക്ഷഗന്ധം ഏറെ നേരം കൈകളില്‍ തങ്ങി നില്‍ക്കുന്നത് ഒഴിവാക്കുന്നതിനായി കൈകാര്യം ചെയ്യുമ്പോള്‍ കൈയുറ ധരിക്കുന്നത് നന്നായിരിക്കും. ഒരു തവണ കൃഷിയിടത്തില്‍ ഉപയോഗിച്ചാല്‍ ഇതിന്റെ ഫലം മൂന്ന് ആഴ്ചയോളം നീണ്ടു നില്‍ക്കുന്നതാണ്.

കടപ്പാട്: ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

(കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 0487 24 38475. കാര്‍ഷിക സര്‍വകലാശാല പ്രൊഫസറാണ് ലേഖകന്‍)

ഇലക്ട്രിക്കല്‍ എന്‍ജിനീയറുടെ മത്സ്യക്കൃഷി

കേരള സിലബസില്‍ ആറാംക്‌ളാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സാമൂഹികശാസ്ത്രം പുസ്തകത്തിലെ കൃഷിപാഠത്തില്‍ മനോജിന്റെ കൃഷിരീതികള്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുണ്ട്.

ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പഠിച്ച് മനോജ് നേരേ ഇറങ്ങിയത് മത്സ്യകൃഷിയിലേക്കാണ്. കോഴിക്കോട് അത്തോളി പഞ്ചായത്തിലെ വേളൂരില്‍ അഞ്ചേക്കര്‍ പാടത്തും വെള്ളക്കെട്ടിലുമായാണ് മത്സ്യകൃഷി.പുഴയോരത്തുള്ള പാടത്ത് നെല്‍കൃഷിയും പിന്നീട് ചെമ്മീന്‍കൃഷിയുമിറക്കിയ കര്‍ഷകനായിരുന്ന കൂടത്തുംകണ്ടി ദേവദാസിന്റെ മകനാണ് കെ.കെ. മനോജ്.

അത്തോളി ഹൈസ്‌കൂളിലെ എസ്.എല്‍.എല്‍.സി. പഠനത്തിനുശേഷം ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കി.അതിനുശേഷമാണ് അച്ഛന്റെ കുടുംബസ്വത്തായി കിട്ടിയ പാടത്തും വെള്ളക്കെട്ടിലും നാഷണല്‍ അക്വാഫാം എന്ന സ്ഥാപനം തുടങ്ങിയത്. ആദ്യം പരമ്പരാഗതരീതിയിലായിരുന്നു മത്സ്യംവളര്‍ത്തല്‍. പിന്നീട് ശാസ്ത്രീയകൃഷിയായി.

തുടക്കത്തില്‍ കരിമീന്‍, കണമ്പ്, നാരന്‍ ചെമ്മീന്‍ തുടങ്ങിയവയായിരുന്നു കൃഷിചെയ്തിരുന്നത്. ചെമ്മീന്‍ കയറ്റുമതി ഏജന്റുമാര്‍ക്കും നാട്ടിന്‍പുറത്തുള്ളവര്‍ക്കുമാണ് മത്സ്യങ്ങള്‍ നല്‍കിയിരുന്നത്. പത്തുവര്‍ഷംമുമ്പുവരെ കാരച്ചെമ്മീന്‍കൃഷിയുണ്ടായിരുന്നു.

പിന്നീട് വിലത്തകര്‍ച്ചയും വൈറസ്‌രോഗബാധയും കാരണം  ചെമ്മീന്‍കൃഷി നഷ്ടത്തിലായി. അതിനുശേഷം കരിമീന്‍, കരിമീന്‍കൂട്, നാടന്‍മത്സ്യങ്ങള്‍, പൂമീന്‍, ചെമ്പല്ലി എന്നിവയുടെ കൃഷി തുടങ്ങിയതോടെ നേട്ടങ്ങള്‍ മനോജിനെ തേടിയെത്തി. കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച് 2011ലും ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് 2012ലും മനോജിന് പുരസ്‌കാരംനല്‍കി ആദരിച്ചിട്ടുണ്ട്.

കേരള സിലബസില്‍ ആറാംക്‌ളാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സാമൂഹികശാസ്ത്രം പുസ്തകത്തിലെ കൃഷിപാഠത്തില്‍ മനോജിന്റെ കൃഷിരീതികള്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുണ്ട്. കരിമീന്‍വിത്തുത്പാദനം, മത്സ്യങ്ങളുടെ കൂടുനിര്‍മാണം, മീന്‍പിടിക്കാനുള്ള കെണി, മത്സ്യക്കുഞ്ഞുങ്ങളെ ശേഖരിക്കാനുള്ള അമ്മത്തൊട്ടില്‍, മഴക്കാലങ്ങളില്‍ വെള്ളത്തില്‍ മത്സ്യങ്ങള്‍ ഒഴുകിപ്പോകാതെ സംരക്ഷിച്ചുനിര്‍ത്തല്‍ തുടങ്ങി ചെലവുകുറഞ്ഞരീതിയില്‍ മത്സ്യം വളര്‍ത്തുന്നതിനുള്ള കണ്ടെത്തലുകള്‍ മനോജ് നടത്തിയിട്ടുണ്ട്.

പാടത്തിലെ വെള്ളക്കെട്ടിനുമുകളില്‍ മുളകൊണ്ട് നിര്‍മിച്ച വലയിട്ട രണ്ടുകൂടുകളിലായി 30ഓളം താറാവുകളെയും വളര്‍ത്തുന്നുണ്ട്. താറാവുകളുടെ കാഷ്ഠം വെള്ളത്തില്‍ വീഴുമ്പോള്‍ പ്‌ളവഗ വളര്‍ച്ചകൂടുകയും മത്സ്യങ്ങള്‍ക്ക് ഭക്ഷണമാവുകയും ചെയ്യും. ഓര്‍ഡര്‍പ്രകാരം ജില്ലയ്ക്കകത്തും പുറത്തുമുള്ളവര്‍  മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുപോകാറുണ്ട്. കരിമീന്‍ കുഞ്ഞിന് എട്ടുരൂപയാണ്. കൂടാതെ വലിയ മത്സ്യങ്ങളെ ഹോട്ടലുകളിലേക്കും മറ്റ് ഭക്ഷണശാലകളിലേക്കും നല്‍കുന്നുണ്ട്. കരിമീനിന് കിലോ 400 മുതല്‍ 500 രൂപവരെയാണ്. പൂമീനിന് 250 മുതല്‍ 350 രൂപവരെയും.  പത്തുലക്ഷത്തോളം രൂപയുടെ മീന്‍ കൃഷിയില്‍നിന്ന് കിട്ടാറുണ്ട്.

വെണ്ടയ്ക്ക കഴിച്ചാല്‍ പ്രമേഹം തടയാമോ?

ചികിത്സച്ചെലവുകള്‍ കൂടുമ്പോള്‍ വെണ്ടയ്ക്കയുടെ ഉപയോഗം ശീലമാക്കുന്നത് നല്ലതാണ്

തൃശ്ശൂര്‍: പ്രമേഹനിയന്ത്രണത്തിന് മറ്റ് മരുന്നുകള്‍ക്കൊപ്പം വെണ്ടയ്ക്ക കഴിക്കുന്നത് ഗുണകരമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഓയിസ്‌ക ഇന്റര്‍നാഷണല്‍ പ്രസിഡന്റും ആയുര്‍വേദചികിത്സകനുമായ ഡോ. കെ.എസ്. രജിതന്‍.

ജീവിതശൈലിയിലെ മാറ്റങ്ങള്‍മൂലം സംസ്ഥാനത്ത് പ്രമേഹരോഗം ഏറിവരികയാണ്. ചികിത്സച്ചെലവുകള്‍ വര്‍ധിക്കുമ്പോള്‍ വെണ്ടയ്ക്കയുടെ ഉപയോഗം ശീലമാക്കുന്നത് ഏറെ നല്ലതാണ്. രണ്ട് വെണ്ടയ്ക്ക നാലായി മുറിച്ച്, ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ടുവെച്ച്, പിറ്റേന്ന് രാവിലെ പിഴിഞ്ഞ് നീര് കുടിക്കുകയാണ് വേണ്ടതെന്ന് ഡോ. രജിതന്‍ പറഞ്ഞു. തന്റെ ചികിത്സാനിരീക്ഷണത്തില്‍ 100ല്‍ 75 പേര്‍ക്ക് എന്ന അനുപാതത്തില്‍ ഗുണം കണ്ടിട്ടുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.

ചെങ്കല്‍പ്പാറയില്‍ മുന്തിരി വിളയിച്ച് രാജന്‍

പാറപ്രദേശത്ത് രാജന്‍ നടത്തുന്ന ജൈവപച്ചക്കറി കൃഷി ശ്രദ്ധേയമാണ്‌

നീലേശ്വരം: കൃഷിയോട് താത്പര്യമുണ്ടെങ്കില്‍ എന്തും വിളയിച്ചെടുക്കാം. സ്ഥലവും സൗകര്യവും അതിനൊരു തടസ്സമല്ല ചെങ്കല്‍പ്പാറയില്‍ മുന്തിരിവിളയിച്ച രാജന്‍ പറയുന്നു.

കരിന്തളം ബാങ്ക് പരിസരത്തെ എ.വി.രാജന് തിരക്കൊഴിഞ്ഞ നേരമില്ല. കാര്‍ഷിക ക്ഷീരകര്‍ഷക മേഖലയിലെ അറിയപ്പെടുന്ന കര്‍ഷകനാണ് അദ്ദേഹം. രാജന്റെ വീട്ടിലേക്ക് കയറിച്ചെല്ലുന്നവരെ വരവേല്‍ക്കുന്നത് വിളഞ്ഞുനില്‍ക്കുന്ന മുന്തിരിക്കുലകളാണ്. മൂന്നുവര്‍ഷം മുന്‍പ് പടന്നക്കാട് കാര്‍ഷിക കോളേജില്‍നിന്നാണ് രാജന്‍ മുന്തിരിച്ചെടി വാങ്ങിയത്. കഴിഞ്ഞവര്‍ഷം കായ്ച്ചുതുടങ്ങി. എന്നാല്‍, ഈ വര്‍ഷം ചെടിയില്‍ നിറയെ മുന്തിരിക്കുലകളാണ്.

20 സെന്റ് പാറപ്രദേശം മണ്ണിട്ടുനികത്തി രാജന്‍ നടത്തുന്ന ജൈവ പച്ചക്കറികൃഷി ശ്രദ്ധേയമാണ്. ചീര, വെണ്ട, പയര്‍, നരമ്പന്‍, കക്കിരി, വഴുതിന തുടങ്ങി ധാരാളം പച്ചക്കറികള്‍ ഇവിടെ കൃഷിചെയ്യുന്നുണ്ട്. കൂടാതെ ആറുപശുക്കളെയും വളര്‍ത്തുന്നുണ്ട്. നിത്യവും 30 ലിറ്റര്‍ പാല്‍ ലഭിക്കും. കരിന്തളം ക്ഷീരസംഘത്തിലാണ് പാല്‍ എത്തിക്കുന്നത്.

പച്ചക്കറികൃഷിക്കാവശ്യമായ ജൈവവളം പശുവളര്‍ത്തലിലൂടെ ലഭിക്കുന്നതും അനുഗ്രഹമാണ്. ഇതിനുപുറമെ ദിവസേന 500 റബ്ബര്‍ ചെത്തുകയും ചെയ്യും. പുലര്‍ച്ചെമുതല്‍ ആരംഭിക്കുന്ന ജോലിക്ക് വിരാമം രാത്രി ഏറെ വൈകിയാണ്. കൃഷിഭവനും ഫാര്‍മേഴ്‌സ് ക്ലബ്ബും രാജനെ മികച്ച കര്‍ഷകനായി ആദരിച്ചിട്ടുണ്ട്. കൃഷി നഷ്ടമാണെന്നും ചെയ്യാന്‍ കഴിയില്ലെന്നും പറയുന്നവര്‍ രാജനെ കണ്ട് പഠിക്കണം. ഭാര്യ സുജിതയുടെയും മക്കളായ ഐശ്വര്യ, അശ്വിന്‍രാജ്, സഹോദരി തമ്പായി എന്നിവരുടെയും പൂര്‍ണ സഹകരണവും രാജന് മുതല്‍ക്കൂട്ടാണ്.

ആദായം നേടാന്‍ ചിപ്പിക്കൂണ്‍

ഇന്നേവരെ, കൃഷിചെയ്തിട്ടുള്ള ചിപ്പിക്കൂണ്‍ ഇനങ്ങളെക്കാള്‍, അത്യുത്പാദനശേഷിയുള്ള പുതിയ ഇനമാണ് പ്‌ള്യൂറോട്ടസ് സിസ്റ്റീഡിയോസസ്

കേരളത്തില്‍ കൂണ്‍കൃഷി ഇന്ന് വ്യവസായമായി മാറിയിരിക്കുന്നു. പ്‌ള്യൂറോട്ടസ് അഥവാ ചിപ്പിക്കൂണ്‍, കേരളത്തിലെ കര്‍ഷകര്‍ക്ക് വന്‍ ആദായം നേടിത്തരുന്ന കൂണിനമാണ്. ഈ ശ്രേണിയിലേക്കെത്തിയ രണ്ട് നവാഗതരാണ് പ്‌ള്യൂറോട്ടസ് ഒപ്പന്‍ഷ്യയും പ്‌ള്യൂറോട്ടസ് ഒപ്പന്‍ഷ്യസ് സിസ്റ്റീഡിയോസസും. വളരെ കുറഞ്ഞ കാലയളവില്‍, 12 ദിവസങ്ങള്‍ക്കുള്ളില്‍ വിളവെടുക്കാമെന്നത് പ്‌ള്യൂറോട്ടസ് ഓപ്പന്‍ഷ്യയെന്ന കൂണിനത്തിന്റെ സവിശേഷതയാണ്.

തൂവെള്ളനിറത്തോടും നേര്‍ത്ത കുറുനിരകളോടുംകൂടിയ ഈ കൂണിനം കുഞ്ഞുവെള്ളരിപ്രാവുകളെ അനുസ്മരിപ്പിക്കുന്നു. നെന്മണികളില്‍ തയ്യാറാക്കുന്ന കൂണ്‍വിത്തുകള്‍, പാകമാകാന്‍ 20-22 ദിവസങ്ങള്‍ വേണ്ടിവരും. വൈക്കോലും റബ്ബര്‍മരപ്പൊടിയും ഇവ കൃഷിചെയ്യാന്‍ നല്ല മാധ്യമങ്ങളാണ്. ഒരു കൂണ്‍തടത്തില്‍നിന്ന് മുക്കാല്‍കിലോ മുതല്‍ ഒരുകിലോ വരെ വിളവു ലഭിക്കുന്നതാണ്.

ഇന്നേവരെ, കൃഷിചെയ്തിട്ടുള്ള ചിപ്പിക്കൂണ്‍ ഇനങ്ങളെക്കാള്‍, അത്യുത്പാദനശേഷിയുള്ള പുതിയ ഇനമാണ് പ്‌ള്യൂറോട്ടസ് സിസ്റ്റീഡിയോസസ്. കാണാന്‍ വളരെ ആകര്‍ഷണീയതയുള്ള, നല്ല വെള്ളനിറവും വലിപ്പവും മൃദുത്വവുമുള്ള കൂണിനമാണിത്. ഒറ്റ ചിപ്പിക്കൂണിന് 110 ഗ്രാംവരെയും ഒരുകുല കൂണിന്, 475525 ഗ്രാംവരെയും തൂക്കമുണ്ടാകും.

റബ്ബര്‍ മരപ്പൊടിയിലും

വൈക്കോലിലും കൃഷിചെയ്യാമെങ്കിലും കൂടുതല്‍ വിളവ് മരപ്പൊടിയിലാണ് ലഭിക്കുന്നത്. ആദ്യ വിളവെടുപ്പില്‍ത്തന്നെ ഒരു കൂണ്‍തടത്തില്‍നിന്ന് ശരാശരി ഒന്നരക്കിലോ വിളവെടുപ്പ് നടത്താം. 15-20 ദിവസംകൊണ്ട് നെന്മണികളില്‍ കൂണ്‍വിത്ത് തയ്യാറാകുന്നു.കേരളത്തിലെ എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഇനമാണ് പ്‌ള്യൂറോട്ടസ് ഒപ്പന്‍ഷ്യ. പ്‌ള്യൂറോട്ടസ് സിസ്റ്റീഡിയോസസിന് നല്ല തണുപ്പും ആര്‍ദ്രതയും ആവശ്യമാണ്.

ഒരു കൂനയില്‍ അഞ്ചിനം പച്ചക്കറികള്‍

ഒരേക്കര്‍ സ്ഥലത്ത് 320 കൂനകളിലായി പച്ചക്കറികൃഷി ചെയ്യുന്നുണ്ട്‌

ഒരു കൂന മണ്ണുകൂട്ടി കൃഷിചെയ്താല്‍ അഞ്ചിനം പച്ചക്കറികള്‍ വിളയിച്ചെടുക്കാം. ഈ വിദ്യ പറഞ്ഞുതരുന്നത് തൃശ്ശൂര്‍ കോലടിപ്പറമ്പില്‍ കെ.സി. ചെറിയാന്‍ എന്ന 62കാരന്‍ കര്‍ഷകന്‍. കൂനയിലെ വള്ളിപ്പയറിന് കൃഷിചെയ്താല്‍ പയറിനുപുറമേ തക്കാളിയും കൂര്‍ക്കയും നെയ്മുളകും ചീരയും ആദായമായി കിട്ടുന്നതാണ് ചെറിയാന്റെ ജൈവപച്ചക്കറിയുടെ പ്രത്യേകത.

വീടിനു സമീപത്തെ വയലില്‍ ഒരേക്കര്‍ സ്ഥലത്ത് 320 കൂനകളിലായി പച്ചക്കറിക്കൃഷി ചെയ്യുന്നുണ്ട് ചെറിയാന്‍. കൂനകള്‍ തമ്മില്‍ 13 അടി അകലവുമുണ്ട്. ഒരു കൂനയ്ക്കുവേണ്ട മണ്ണില്‍ 650 ഗ്രാം കുമ്മായം വിതറിയശേഷം മണ്ണുകൂട്ടി കൃഷിക്ക് യോഗ്യമാക്കുന്നു. ഒരു മീറ്റര്‍ ഉയരത്തില്‍ അഞ്ചടി വിസ്താരത്തിലാണ് കൂന ഒരുക്കുന്നത്. ആദ്യം വള്ളിപ്പയര്‍ കൂനയുടെ മുകളിലെ തടത്തില്‍ നടും. അതേ തടത്തില്‍ത്തന്നെ കൂര്‍ക്കയും നെയ്മുളകുമുണ്ടാകും. കൂനകളുടെ വശങ്ങളിലായി ചീരയും തക്കാളിയും നടും. പ്രധാനകൃഷിയായ വള്ളിപ്പയറിനുമാത്രം വെള്ളം നനയ്ക്കലും ജൈവവളവും ചെയ്താല്‍ മതി. അത് മറ്റു പച്ചക്കറികള്‍ക്ക് ഗുണമായി മാറുമെന്നാണ് ചെറിയാന്‍ പറയുന്നത്.

കൂനകളിലെ തടത്തില്‍ ചകിരി, ഓലമടല്‍, തൊണ്ട്, അടയ്ക്കാത്തോട് എന്നിവയിട്ട് കൊത്തിയിളക്കിക്കൊടുക്കും. മണ്ണ് ഉറച്ചുപോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. രാവിലെയും വൈകുന്നേരവും വെള്ളം നനച്ചുകൊടുക്കണം. വള്ളി പടര്‍ന്നുകയറുമ്പോള്‍ പ്ലാസ്റ്റിക് നൂലുകൊണ്ട് തട്ട് കെട്ടിക്കൊടുക്കും.

ഗോമൂത്രം, കടലപ്പിണ്ണാക്ക്, ആട്ടിന്‍കാട്ടം, ചാണകം, വേപ്പിന്‍പിണ്ണാക്ക്, ഉണ്ടശര്‍ക്കര, ചെറുപയര്‍, മരോട്ടി, കോഴിക്കാട്ടം എന്നിവ നിശ്ചിത അളവിലെടുത്ത് പൊടിച്ച് ലായനിരൂപത്തിലാക്കി മാറ്റും. ആ ലായനി ഒരു ലിറ്റര്‍ എടുത്ത് 12 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ചാണ് പച്ചക്കറിക്കുവേണ്ട ജൈവവളമാക്കി മാറ്റുന്നത്.

45 ദിവസം കഴിയുമ്പോള്‍തന്നെ ചെറിയാന്റെ തോട്ടത്തില്‍ വിളവെടുപ്പു തുടങ്ങും. 75 ദിവസമാകുമ്പോള്‍ നല്ല തോതില്‍ പച്ചക്കറി കിട്ടിത്തുടങ്ങും.

(കെ.സി. ചെറിയാന്‍. ഫോണ്‍: 9946228919).

കിനോ മന്താരിന്‍ വളര്‍ത്താം

കേരളത്തിലെ മലയോരപ്രദേശങ്ങളില്‍ കൃഷിചെയ്യാന്‍ അനുയോജ്യമായ പഴവര്‍ഗമാണ് കിനോ മന്താരിന്‍.

ഓറഞ്ചില്‍ പ്രസിദ്ധമാണ് മന്താരിന്‍ ഓറഞ്ച്. പഴത്തിന്റെ മേന്മയില്‍ ശ്രേഷ്ഠമായ ഈ ഓറഞ്ചിന്റെ ശാസ്ത്രീയനാമം: സിട്രസ് റെറ്റിക്കുലേറ്റ . സമതല പ്രദേശങ്ങളില്‍ കായ്പിടിത്തം കുറവാണെങ്കിലും കൗതുകത്തിന് വീട്ടുവളപ്പില്‍ വളര്‍ത്താം.

അല്പം അമ്ളഗുണമേറിയ മണ്ണാണ് മന്‍ഡാറിന്‍ കൃഷിക്ക് അനുയോജ്യം. വെള്ളക്കെട്ടുള്ള സ്ഥലങ്ങള്‍ മന്താരിന്‍ കൃഷിക്ക് അനുയോജ്യമല്ല. നല്ല ആരോഗ്യത്തോടെ വളരുന്ന റൂട്ട് സ്‌റ്റോക്കുകളില്‍ സിയോണുകള്‍ ഒട്ടിച്ചു ചേര്‍ത്ത ഗ്രാഫ്റ്റുകളും പതിത്തൈകളും നടീല്‍ വസ്തുവാക്കാം.

തൈകളേക്കാള്‍ ജലസേചനം കൂടുതല്‍ വേണ്ടത് അവ മരമായി മാറുന്ന ദശയിലാണ്. ഇടവിളകളുള്ള തോട്ടങ്ങള്‍ക്ക് ജലലഭ്യത അധികമായി ഉറപ്പുവരുത്തണം.

വളപ്രയോഗത്തിന് മണ്ണുപരിശോധന തികച്ചും അനിവാര്യമാണ്. മണ്ണിന്റെ പി.എച്ച് മൂല്യം കണക്കാക്കിയ ശേഷം അധികമായുള്ള അമ്ലാംശവും ക്ഷാരാംശവും നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാം. അമ്ലത നിയന്ത്രിക്കാന്‍ നീറ്റുകക്ക ഉപയോഗിക്കാം. നടീലിനു മുമ്പുള്ള ജലസേചനം മണ്ണിലെ ക്ഷാരഗുണവും അമിതലവണസാന്നിദ്ധ്യവും നീക്കാനുപകരിക്കും.

(കടപ്പാട്: ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ)

മുല്ലയുടെ വളപ്രയോഗം

ജീവാമൃതവും മീന്‍വളവുമാണ് ചെടികള്‍ക്കു പറ്റിയ വളം

മുല്ലക്കൃഷിക്ക് വളശുപാര്‍ശ വിവിധതരത്തിലുണ്ടെങ്കിലും നിരവധിപേര്‍ ചെയ്തു വിജയിച്ച രണ്ടു വളങ്ങളുണ്ട്. ഒന്ന് ജീവാമൃതവും മറ്റൊന്ന് മീന്‍വളവും. നാടന്‍ പശുവിന്റെ ചാണകവും മൂത്രവും ശര്‍ക്കരയും മറ്റും ചേര്‍ത്ത് തയ്യാറാക്കുന്ന ജീവാമൃതം ഒരു ചുവടു മുല്ലയ്ക്ക് ഒരു ലിറ്റര്‍ വീതം ഒഴിച്ചുകൊടുക്കാം.

മത്തി (ചാള) നുറുക്കിയതും ശര്‍ക്കരയും ചേര്‍ത്ത് തയ്യാറാക്കുന്ന മീന്‍വളവും മികച്ചതാണ്. ഒരു ലിറ്റര്‍ മീന്‍വളലായനി 20 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തു നേര്‍പ്പിച്ചുവേണം ചെടിയുടെ ചുവട്ടില്‍ ഒഴിക്കാന്‍. വൈകുന്നേരം വേണം ഈ വളങ്ങള്‍ ചേര്‍ക്കാന്‍.

ചെടികള്‍ കൂട്ടത്തോടെ വളരാനും പുതിയ പൂത്തണ്ടുകള്‍ വളരാനും മൊട്ടുകള്‍ നിറയെ പിടിക്കാനും ഏറ്റവും ഉത്തമമായ വളങ്ങളാണ് ജീവാമൃതവും മീന്‍വളവും. ഇത് കൃത്യമായി ചെയ്യാനായാല്‍ ഇതരവളങ്ങളൊന്നും വേണ്ടിവരില്ല.

ഹനീഫയുടെ കൃഷിയിടം വിദേശ പഴങ്ങളാല്‍ സമ്പന്നം

ലോംഗന്‍ പഴം, തായ്‌ലന്റ് പുളി, മെറാക്കിള്‍ ഫ്രൂട്ട്, ബ്ലാക്ക്‌ബെറി, ഹൂഗ് പ്ലംസ്, ഗ്ലാബ്, സാന്റോള്‍ ഫ്രൂട്ട്, ആസ്‌ത്രേലിയന്‍ ചെറി, സ്‌നേക്കര്‍ ഫ്രൂട്ട്, ലിക്കോട്ട, സ്‌ട്രോബറി, കിവി, മലേഷ്യന്‍ പപ്പായ, ഗള്‍ഫ് ഞാവല്‍, പിസ്ത, സാലഡ് തക്കാളി, ചുവന്ന സീതപ്പഴം എന്നിവയെല്ലാം ഈ കൃഷിയിടത്തിലുണ്ട്‌.

കല്പകഞ്ചേരി: വിദേശ പഴങ്ങള്‍ വിളയിച്ചെടുക്കുന്നതില്‍ ഏറെ താത്പര്യമുള്ള വൈലത്തൂര്‍ പൊന്‍മുണ്ടം സ്റ്റേജ്പടിയിലെ മണ്ണിങ്ങല്‍ മുഹമ്മദ് ഹനീഫയുടെ കൃഷിയിടത്തില്‍ ഇനി ഡ്രാഗണ്‍ ഫ്രൂട്ടും.

അമേരിക്ക, ചൈന, വിയറ്റ്‌നാം, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപകമായി കൃഷിചെയ്യുന്ന മെക്‌സിക്കന്‍ ഇനമായ ഡ്രാഗണ്‍ ഫ്രൂട്ടിന്റെ തണ്ട് മൂന്നുവര്‍ഷം മുന്‍പാണ് ഹനീഫ നട്ടുപിടിപ്പിച്ചത്. ഒരു മലേഷ്യന്‍ സുഹൃത്ത് സമ്മാനിച്ചതായിരുന്നു ഇത്. ജൈവവളവും വെള്ളവുംനല്‍കി വളരെ സൂക്ഷ്മതയോടെ പരിപാലിച്ച ഡ്രാഗണ്‍ചെടി വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പൂത്ത് കായ്ച്ചത് ഹനീഫയ്ക്ക് ഏറെ സന്തോഷം നല്‍കുന്നു.

ലോംഗന്‍ പഴം, തായ്‌ലന്റ് പുളി, മെറാക്കിള്‍ ഫ്രൂട്ട്, ബ്ലാക്ക്‌ബെറി, ഹൂഗ് പ്ലംസ്, ഗ്ലാബ്, സാന്റോള്‍ ഫ്രൂട്ട്, ആസ്‌ത്രേലിയന്‍ ചെറി, സ്‌നേക്കര്‍ ഫ്രൂട്ട്, ലിക്കോട്ട, സ്‌ട്രോബറി, കിവി, മലേഷ്യന്‍ പപ്പായ, ഗള്‍ഫ് ഞാവല്‍, പിസ്ത, സാലഡ് തക്കാളി, ചുവന്ന സീതപ്പഴം, റെഡ് ഇഞ്ചി, ബ്ലാക്ക് ഇഞ്ചി, ദുരിയാന്‍, റെഡ് മാംഗോസ്റ്റീന്‍, മധുര അമ്പഴങ്ങ, തിപ്പല്ലി, ഊദ്, തുടങ്ങിയ അപൂര്‍വവും വൈവിധ്യവുമായ നിരവധി ഇനങ്ങളാണ് മുന്‍ പ്രവാസിയായ ഹനീഫയുടെ വീടിനോടുചേര്‍ന്നുള്ള വിശാലമായ കൃഷിയിടത്തില്‍ ഒരുക്കിയിട്ടുള്ളത്. ഇത് കൂടാതെ പശു, ആട്, കോഴി, കാട, താറാവ് തുടങ്ങിയവയേയും വളര്‍ത്തുന്ന ഈ കൃഷിസ്‌നേഹിക്ക് ഭാര്യ സുബൈദയും കുടുംബവും പൂര്‍ണ പിന്തുണയും സഹായവും നല്‍കുന്നു.

പടുമുളയില്‍ നിന്ന് ചന്ദ്രന്‍ കൊയ്യുന്നത് ലാഭം

ചന്ദ്രന്‍ ഇടവിളകൃഷിയുടെ പ്രചാരകനാണ്‌

കോഴിക്കോട്: പടുമുളയായി പൊന്തിവന്ന പച്ചച്ചീര ചെറുകുളത്തൂര്‍ മള്ളാറുവീട്ടില്‍ ചന്ദ്രന് നല്‍കുന്നത് പതിനായിരങ്ങളാണ്. കഴിഞ്ഞ സീസണില്‍ ചീര നട്ടിരുന്ന പാടത്ത് ചേനനട്ട് നനയ്ക്കാന്‍ തുടങ്ങിയപ്പോഴാണ് ഭാഗ്യംപോലെ പച്ചമുളകള്‍ വന്നുതുടങ്ങിയത്. ഇപ്പോള്‍ ഇടവിളക്കൃഷിയുടെ മികച്ചപാഠങ്ങളാണ് ചന്ദ്രന്‍ സഹകര്‍ഷകര്‍ക്ക് പറഞ്ഞുകൊടുക്കുന്നത്.

20 സെന്റ് പാടത്താണ് കൃഷി. കഴിഞ്ഞ സീസണിലെ ചീര മുഴുവന്‍ പറിച്ചുകഴിഞ്ഞതിനു ശേഷമാണ് ചേന നട്ടത്. നനച്ചു തുടങ്ങിയതോടെ മണ്ണില്‍ വീണുകിടന്ന ചീരവിത്തുകള്‍ തലപൊക്കിത്തുടങ്ങി. അധികം വൈകാതെ പാടം മുഴുക്കെ ചീരത്തൈകള്‍ വളര്‍ന്നു. ചേന നനയ്ക്കുമ്പോള്‍ ഇവയ്ക്കും വെള്ളംനല്‍കും. ചേനയ്ക്ക് ജൈവവളമിടും എന്നല്ലാതെ ചീരയ്ക്ക് പ്രത്യേക വളവും നല്‍കേണ്ടിവന്നില്ല.

ഇപ്പോള്‍ കെട്ട് ഒന്നിന് 20 രൂപ നിരക്കില്‍ ജില്ലയുടെ പലഭാഗങ്ങളിലായി ജൈവചീരകള്‍ വില്‍ക്കുന്നു. പൂവാട്ടുപറമ്പിലെ ഇക്കോ ഷോപ്പിലും ജില്ലയിലെ പ്രധാന അങ്ങാടികളിലും തെരുവോരങ്ങളിലും വണ്ടിയിലുമൊക്കെ ചീര വിറ്റഴിക്കുന്നു. ഇതുവരെയായി 26,000 രൂപയ്ക്കു മീതെ ലഭിച്ചതായി ചന്ദ്രന്‍ പറയുന്നു. ചേന വേങ്ങേരി മാര്‍ക്കറ്റില്‍ ലേലത്തില്‍ വില്‍ക്കുകയാണ് ചെയ്യുന്നത്.

സജീവകര്‍ഷകനും കര്‍ഷകക്കൂട്ടായ്മകളിലെ പ്രാദേശികനേതാവും കൂടിയായ ചന്ദ്രന്‍ ഇടവിളക്കൃഷിയുടെ പ്രചാരകന്‍കൂടിയാണ്. കപ്പയും വെണ്ടയും ഇത്തരത്തില്‍ നട്ടിട്ടുണ്ട്. ഇതുവഴി സ്ഥലവും സമയവും അദ്ധ്വാനവും വെള്ളവും വളവും ലാഭിക്കാമെന്ന് ചന്ദ്രന്‍ സാക്ഷ്യപ്പെടുത്തുന്നു. സര്‍ക്കാര്‍ സാമ്പത്തികസഹായം ലഭിക്കാത്ത കപ്പക്കൃഷിക്കിടയില്‍ വെണ്ടനടുന്നതോടെ 10 സെന്റിന് 600 രൂപവീതം ലഭിക്കും. കപ്പയ്ക്കുള്ള തടമൊരുക്കി അതില്‍ ആദ്യം വെണ്ടനട്ട് വിളവെടുപ്പ് പൂര്‍ത്തിയാക്കി അതിന്റെ ഇലയും തണ്ടും കപ്പയ്ക്ക് വളമായിടും. ഓരോ മൂട്ടില്‍നിന്ന് എട്ട് കിലോവീതം കപ്പ ലഭിക്കുന്നുണ്ട്. വിവാഹസത്കാരങ്ങള്‍ക്ക് നേരിട്ട് വില്‍ക്കുമ്പോള്‍ നല്ല ലാഭംകിട്ടും ചന്ദ്രന്‍ പറയുന്നു

പോഷകം പോരാ?

നൈട്രജന്റെ അളവ് കുറയുമ്പോള്‍ ചെടികളുടെ പഴയ ഇലകള്‍ മഞ്ഞളിച്ചുതുടങ്ങും

ഇലകളിലെ മഞ്ഞളിപ്പ്, പുള്ളിക്കുത്ത്, പൊള്ളിയതരം പാടുകള്‍, ചുരുളല്‍ തുടങ്ങി വിവിധ ലക്ഷണങ്ങള്‍ ചെടികള്‍ക്കാവശ്യമായ പോഷകങ്ങള്‍ ലഭിക്കാത്തതുകൊണ്ടാണ്. ചെടികളെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി പോഷകപേരായ്മകള്‍ ലക്ഷണംനോക്കി മനസ്സിലാക്കാം.

ഇവ പരിഹരിക്കാന്‍ അത്തരം മൂലകങ്ങള്‍ അടങ്ങിയ വളങ്ങള്‍ ചെടികള്‍ക്ക് നല്‍കാന്‍ ശ്രദ്ധിക്കണം. ചെടികള്‍ക്ക് പ്രാഥമികമൂലകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ താരതമ്യേന കൂടിയ തോതില്‍ ആവശ്യമാണ്. നൈട്രജന്റെ അളവ് കുറഞ്ഞാല്‍ ചെടികളുടെ പഴയ ഇലകള്‍ അസാധാരണമായി മഞ്ഞളിച്ചുതുടങ്ങും.

പിന്നീടത് പുതിയ ഇലകളിലേക്കും വ്യാപിക്കും. വേരുവളര്‍ച്ചയുമായി ബന്ധപ്പെട്ടാണ് ഫോസ്ഫറസ് പ്രവര്‍ത്തിക്കുന്നത്. ഈ മൂലകത്തിന്റെ അഭാവത്തില്‍ വേരുകളുടെ കാര്യക്ഷമത കുറയുന്നതിനാല്‍ ചെടികളുടെ വളര്‍ച്ച മുരടിക്കും. ചെടികളിലിത് പ്രായക്കൂടുതല്‍ സൃഷ്ടിക്കും.

ചെടികളുടെ പ്രായമെത്തിയ ഇലകളാകെ മഞ്ഞനിറത്തിലാകും. പൊട്ടാഷിന്റെ പോരായ്മ അനുഭവിക്കുന്ന ചെടിയുടെ പ്രായമായ ഇലകളില്‍ മഞ്ഞനിറത്തോടൊപ്പം പൊള്ളിയതരം പാടുകളും  കാണാനാകും. പ്രായമായ ഇലകളുടെ അരികുവശമാണ് ആദ്യം മഞ്ഞളിക്കുക. പിന്നീട് മറ്റുഭാഗങ്ങളിലേക്കും വ്യാപിക്കും. ചെടികള്‍ക്ക് ഇരുമ്പിന്റെ കുറവാണെങ്കില്‍ തളിരിലകള്‍ അടക്കമുള്ള ഏറ്റവും പുതിയ ഇലകള്‍ വിളറിയ പച്ചനിറത്തില്‍ കാണപ്പെടും. എന്നാല്‍, മറ്റിലകള്‍ നല്ല പച്ചനിറത്തിലുമായിരിക്കും.

മഗ്‌നീഷ്യത്തിന്റെ പോരായ്മയാല്‍ ചെടികളിലെ പ്രായമായ ഇലകളിലെ പ്രധാന ഞരമ്പുകള്‍ക്കിടയ്ക്കുള്ള ഭാഗം മഞ്ഞനിറത്തിലാകും. കുറവ് ഗുരുതരമാകുമ്പോള്‍ മഞ്ഞനിറമുള്ള ഭാഗങ്ങളില്‍ പൊള്ളല്‍പോലെ ചില പുള്ളികളും പ്രത്യക്ഷപ്പെടും. ബോറോണിന്റെ കുറവ് പുതിയ ഇലകളില്‍ ദൃശ്യമാകം.

ഇലകള്‍ക്ക് ഒരുതരം ചുരുളിച്ചകാണും. തലപ്പുകള്‍ കരിയുകയുംചെയ്യും. പഴകിയ ഇലകളില്‍ മഞ്ഞനിറത്തിലുള്ള ബോഡറുകളും കാണും. കൃഷിയുടെ തുടക്കത്തില്‍ത്തന്നെ ധാരാളം ജൈവവളം ചേര്‍ക്കുന്നയിടങ്ങളില്‍ ഇത്തരം പോഷകപോരായ്മകള്‍ ഉണ്ടാവുകയില്ല. ജൈവവളങ്ങള്‍ പുളിപ്പിച്ച് ഉപയോഗിക്കുന്നതും നല്ലഫലംചെയ്യും.

തണ്ണിമത്തന്‍ മഴമറയില്‍ നട്ടാല്‍ നേട്ടങ്ങള്‍ ഏറെ

തണ്ണിമത്തന്‍ മഴമറയ്ക്കുള്ളില്‍ നട്ടാലുള്ള നേട്ടങ്ങളെക്കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്‌

തണ്ണിമത്തന്‍ സാധാരണ നിലത്ത് പടര്‍ത്തി വളര്‍ത്തുമ്പോള്‍ രണ്ടു വരികള്‍ തമ്മില്‍ 3 മീറ്ററും രണ്ടു കുഴികള്‍ തമ്മില്‍ 2 മീറ്ററുമാണ് ശുപാര്‍ശ ചെയ്തിട്ടുള്ള അകലം.

ഇത്തരത്തില്‍ 200 ചതുരശ്രമീറ്ററില്‍ 33 കുഴികളുണ്ടാകും. എന്നാല്‍ പന്തലിലാകട്ടെ കുറഞ്ഞ അകലം മതിയാകും. വരികള്‍ തമ്മില്‍ 1.5 മീറ്ററും ചെടികള്‍ തമ്മില്‍ 60 സെന്റീമീറ്ററും. ഏകദേശം 222 ചെടികള്‍  200 ചതുരശ്രമീറ്ററില്‍ നടാം.

മഴമറയ്ക്കുള്ളില്‍ വിളയുടെ ഉത്പാദന കാലാവധിയും കൂടുതലാണ്. പുറമെയുള്ള കൃഷിയില്‍ വിളദൈര്‍ഘ്യം രണ്ടര മാസമാണെങ്കില്‍ (പ്രാചി എന്ന ഇനത്തിന്) മഴമറയ്ക്കുള്ളില്‍ നാലുമാസത്തിലേറെയാണ്.

മഴയില്‍ നിന്നും ശക്തമായ വെയിലില്‍ നിന്നും സംരക്ഷണം നല്‍കുന്നതോടൊപ്പം കായ്‌പൊട്ടല്‍ പോലുള്ള പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ മഴമറ സഹായിക്കും.

(കടപ്പാട്: കേരള കര്‍ഷകന്‍)

മുണ്ടാര്‍ നിന്നൊരു വിദ്യാര്‍ഥി കര്‍ഷകന്‍

പാട്ടത്തിനെടുത്ത 15 സെന്റ് സ്ഥലത്ത് വാഴ ഉള്‍പ്പെടെയുള്ളവ കൃഷി ചെയ്താണ് ഹരിപ്രസാദ് നേട്ടമുണ്ടാക്കിയത്‌

കടുത്തുരുത്തി: കാലാവസ്ഥയെയും മണ്ണിന്റെ പരിമിതികളെയും മറികടന്ന് വീട്ടുമുറ്റത്തും പരിസരത്തും പച്ചക്കറി കൃഷി നടത്തിയ വിദ്യാര്‍ഥിക്ക് ജില്ലാതലത്തില്‍ കൃഷിവകുപ്പിന്റെ മികച്ച സ്‌കൂള്‍ വിദ്യാര്‍ഥിക്കുള്ള കര്‍ഷക അവാര്‍ഡ്. കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി കല്ലറ മുണ്ടാര്‍ ഷാജിഭവനില്‍ ഷാജി-സ്വപ്‌ന ദമ്പതിമാരുടെ മകന്‍ ഹരിപ്രസാദ് (14) നാണ് അവാര്‍ഡ് ലഭിച്ചത്.

കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ അവാര്‍ഡ് സമ്മാനിച്ചു. വെള്ളത്താല്‍ ചുറ്റപ്പെട്ട മുണ്ടാറിലെ തന്റെ ചെറിയ വീടിന്റെ മുറ്റത്ത് ഹരിപ്രസാദ് പയര്‍, വഴുതന, പടവലം, പാവല്‍, മുളക്, വെണ്ട എന്നിങ്ങനെ വിവിധ തരത്തിലുള്ള കൃഷികളാണ് ചെയ്തത്. പാട്ടത്തിനെടുത്ത 15 സെന്റ് സ്ഥലത്ത് വാഴ ഉള്‍പ്പെടെയുള്ളവ കൃഷിചെയ്തും വിദ്യാര്‍ഥി കര്‍ഷകന്‍ നേട്ടമുണ്ടാക്കി.

സംസ്ഥാനതലത്തില്‍ വിജയിയെ തെരഞ്ഞെടുക്കുന്നതിനുള്ള പരിശോധനകള്‍ നടക്കുന്ന സമയത്ത് തോട്ടില്‍നിന്ന് ഉപ്പുവെള്ളം കയറി ഹരിപ്രസാദിന്റെ കൃഷിമുഴുവന്‍ നശിച്ചു പോയതാണ് സംസ്ഥാനതലത്തിലുളള അവാര്‍ഡ് നഷ്ടമാക്കിയത്. കല്ലറ കൃഷി ഓഫീസര്‍ ജോസഫ് ജെഫ്രി, കൃഷിവകുപ്പ് ഉദ്യോഗസ്ഥരായ സജികുമാര്‍, ബിനോയ് എന്നിവരാണ് പൂര്‍ണമായും ജൈവകൃഷി രീതിയില്‍ ശാസ്ത്രീയമായി കൃഷി ചെയ്യുന്നതിന് ഹരിപ്രസാദിനെ സഹായിച്ചത്.

മാതാപിതാക്കളായ ഷാജിയും സ്വപ്‌നയും സഹോദരന്‍ ശിവപ്രസാദുമെല്ലാം കാര്‍ഷികമേഖലയിലെ വിജയത്തിന് വിദ്യാര്‍ഥിയായ കര്‍ഷകനെ സഹായിച്ചു.

ബ്രൊമീലിയാഡുകള്‍ വളര്‍ത്താം; വീട്ടിനകത്തും പുറത്തും

കൈതയുടെയും ഓര്‍ക്കിഡിന്റെയും ഇടയിലുള്ള സ്പീഷിസായ ബ്രൊമീലിയാഡിന്റെ പ്രത്യേകതകളെക്കുറിച്ചാണ് ഈ ലേഖനം

അലങ്കാരച്ചെടികളില്‍ മികച്ചമൂല്യമുള്ള ഇനമാണ് ബ്രൊമീലിയാഡുകള്‍. വീടുകളുടെ അകത്തും പുറത്തും ഒരുപോലെ അലങ്കരിക്കാവുന്നതും പൂന്തോട്ടങ്ങളെയും അകത്തളങ്ങളെയും മനോഹരമാക്കുന്നതുമാണിത്. യൂറോപ്പിലും അമേരിക്കന്‍ വന്‍കരയിലെ മിക്ക രാജ്യങ്ങളിലും കണ്ടുവരുന്നയിനം അലങ്കാരച്ചെടിയാണിത്. ഇപ്പോള്‍ വ്യാപകമായി നമ്മുടെ അലങ്കാരത്തോട്ടങ്ങളിലും കണ്ടുവരുന്നു. പശ്ചിമഘട്ട മലനിരകളില്‍ വയനാട്ടിലടക്കം ബ്രൊമീലിയാഡിന്റെ വര്‍ഗത്തില്‍പ്പെട്ട ഒട്ടേറെയിനങ്ങളെ കണ്ടവരുന്നുണ്ട്.

കൈതയുടെയും ഓര്‍ക്കിഡിന്റെയും ഇടയിലുള്ള സ്പീഷീസാണ് ബ്രൊമീലിയാഡ്. മരത്തില്‍ വളരുന്നവയ്ക്ക് ഓര്‍ക്കിഡിനോടും ചട്ടിയിലും തോട്ടത്തിലും വളര്‍ത്തുന്നവയ്ക്ക് കൈതയോടുമാണ് ചാര്‍ച്ച. നമ്മുടെ നാട്ടിലെ ചട്ടികളില്‍ വളരുന്ന പച്ചയും മഞ്ഞയും കലര്‍ന്ന നാഗഫണച്ചെടികളുമാണ് ബ്രൊമീലിയാഡിന്റെ സാമ്യം. അലങ്കാരച്ചെടികള്‍ ചട്ടികളില്‍ ഒരുക്കിക്കൊടുക്കുന്ന ഇവന്റ് മാനേജ്‌മെന്റുകാര്‍ കുറഞ്ഞയിനമായ സ്പാനിഷ് മോസ് എന്ന മരത്തില്‍ വളരുന്ന ബ്രൊമീലിയാഡിന് 1000 രൂപ മുതലാണ് വിലയീടാക്കുന്നത്.

നിയോറിഗേലിയ ഫയര്‍ ബോള്‍, കാന്‍ഡി, ഗുസ്മാനിയ, മിന്റ് തുലിപ്പ്, സെറോഗ്രാഫിക്ക, അല്‍വാറെസ്, ഭില്‍ബെറിക്ക, കാറ്റോപ്‌സിസ്, പട്രീഷ്യ, റിസീയ, ക്രിപ്റ്റാന്തസ് എന്നിങ്ങനെ തുടങ്ങി ആയിരക്കണക്കിന് വൈവിധ്യങ്ങള്‍ ബ്രൊമീലിയാഡിലുണ്ട്.

നിയോറിഗേലിയ

ബ്രൊമീലിയാഡുകളില്‍ ഒട്ടേറെ വിവിധയിനങ്ങളുള്ള വര്‍ഗമാണ് നിയോറിഗാലിയ. കണ്ടാല്‍ നമ്മുടെ കൈതച്ചക്കയുടെ ചെടി പോലെയിരിക്കും കേരളത്തില്‍ പൂന്തോട്ടങ്ങളെ മനോഹരമാക്കാന്‍ അധികവും വളര്‍ത്തുന്നത് ഇതിനെയാണ്. പച്ചയും പിങ്കും ചുവപ്പും മഞ്ഞയും പച്ചയും കലര്‍ന്നതും കടും നീലയും പിങ്കും പര്‍പ്പിളും അങ്ങനെ ഒട്ടേറെ വര്‍ണങ്ങളില്‍ ഇതുണ്ട്. മുരട്ടില്‍ നിന്ന് തൈകള്‍ മുളച്ചുവരും.

ക്രിപ്റ്റാന്തസ്

ചെറിയ കൈതച്ചക്കയുടെ ചെടികളെപ്പോലെ തോന്നിക്കുന്ന ചെടികളാണ്  ക്രിപ്റ്റാന്തസ്‌.  കടും ചുവപ്പ് , പച്ച, തവിട്ട്, മഞ്ഞ കലര്‍ന്ന പച്ച എന്നിങ്ങനെ നിറങ്ങളില്‍ കാണുന്ന ഇതിന്റെ വളര്‍ച്ച വളരെ സാവധാനമാണ്. ഇതിന് വളരെക്കുറഞ്ഞ നനയേ ആവശ്യമുള്ളൂ. അധികം വെയിലേറ്റാല്‍ ഇതിന്റെ ഇലകളുടെ നിറം മങ്ങുന്നതായും കണ്ടുവരുന്നു.

കാറ്റോപ്‌സിസ്

പൂന്തോട്ടങ്ങളില്‍ ഉന്നതസ്ഥാനം വഹിക്കുന്ന ഒരു തരം ബ്രൊമീലിയാഡാണിത്. കാഴ്ചയെന്ന്  എന്ന് അര്‍ഥം വരുന്ന ഗ്രീക്ക് വാക്ക് കാറ്റോപ്‌സിസില്‍ നിന്നാണ് ഇത്തരം ബ്രൊമീലിയാഡിന് ഈ പേര് കിട്ടിയത്. നിലത്ത് വളരുന്നതിലും  നന്നായി മരങ്ങളുടെ താങ്ങാലാണിത് വളര്‍ന്നു പുഷ്പിക്കുന്നത്. മഴക്കാലത്ത് നന്നായി വളരുന്ന ഇവ കൊടും വേനലില്‍ നശിച്ചുപോകാറുണ്ട്. ഓര്‍ക്കിഡിനെ വളര്‍ത്തി പരിപാലിപ്പിക്കുന്ന അതേരീതിയിലാണ് ഇതിനെയുംവളര്‍ത്താവുന്നത്. പറ്റിപ്പിടിച്ച് വളരാന്‍ ഉണങ്ങിയ മരക്കഷ്ണം പോലുള്ള സാഹചര്യം ലഭിച്ചാല്‍ ഉഷാറായി.

കാറ്റോപ്‌സിസ്

ഗുസ്മാനിയ

പാര്‍ക്കുകളിലും പൂന്തോട്ടങ്ങളിലും വലിയ ഏരിയ കവര്‍ ചെയ്യാന്‍ നടാവുന്നയിനം ബ്രൊമീലിയാഡാണ്  ഗുസ്മാനിയ. ഒരു നക്ഷത്രം പച്ചയില്‍ നിന്ന് വിരിഞ്ഞ് വിവിധ വര്‍ണങ്ങള്‍ ആര്‍ജിക്കുന്നതുപോലെയാണ് ഇതിന്റെ വളര്‍ച്ച. മറ്റ് വര്‍ഗങ്ങളെ അപേക്ഷിച്ച് ഒട്ടേറെ നിറങ്ങളുള്ളതാണ് ഗുസ്മാനിയ. കടുംചുവപ്പ്, മഞ്ഞ, പര്‍പ്പിള്‍, റോസ് എന്നിങ്ങനെ ഒരുപാട് നിറങ്ങളില്‍ കാണുന്നുണ്ട്. അച്ചേമിയ, പിങ്ക് ക്യുയില്‍ എന്നിവ ഇതിന്റെ വകഭേദങ്ങളാണ്.

ഫയര്‍ബോള്‍

പൂന്തോട്ടത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന അഗ്‌നി നാളങ്ങള്‍ പോലെ തോന്നിക്കുന്നയിനം ബ്രൊമീലിയാഡാണിത്. ഇത് ഓര്‍ക്കിഡ് രീതിയില്‍ നിലത്തും വളര്‍ത്താം. നിലത്ത് വളര്‍ത്തിയാല്‍ തീക്കനല്‍ വിതറിയപോലെയുണ്ടാകും.

മണ്ണ് തയ്യാറാക്കല്‍

മണ്ണില്‍ വളരുന്നയിനം ബ്രൊമീലിയാഡുകള്‍ക്ക് സാധാരണ അലങ്കാരച്ചെടികളെ അപേക്ഷിച്ച് ഇലകളിലും തണ്ടിലും കൂറേയധികം ജലത്തെയും മറ്റ് അനുകൂല പോഷണങ്ങളെയും ശേഖരിച്ചുവെക്കാനുള്ള കഴിവുണ്ട്. മഴക്കാലത്തോടെയാണ് മിക്കയിനങ്ങളും പുഷ്പിക്കുന്നതും ആകര്‍ഷകമായ രീതിയില്‍ ഇലകളെ വിന്യസിക്കുന്നതും. ആയതിനാല്‍ ചാണകപ്പൊടി വെണ്ണീര്‍ അല്ലെങ്കില്‍ അല്പം പൊട്ടാഷ് എന്നിവ ചേര്‍ത്ത പൊടിമണ്ണിലായിരിക്കണം ഇത് നടേണ്ടത്. നല്ല നീര്‍വാര്‍ച്ച സൗകര്യമുണ്ടായിരിക്കണം.

ഗുസ്മാനിയ

നല്ലകട്ടിയുള്ള ഇലകളോടുകൂടിയതാണ് ചെടിയെങ്കില്‍ നല്ല സൂര്യപ്രകാശം ലഭിക്കണം. നേരത്തെ ഇലകളും തളിരിലകളുമാണെങ്കില്‍ അധികം വെയില്‍ കൊള്ളിക്കരുത.് അതുപോലുള്ള ഇനങ്ങള്‍ വീട്ടിനകത്തു വളര്‍ത്തുന്നതാണ് നല്ലത്. ബ്രൊമീലിയാഡുകളുടെ വളര്‍ച്ചയ്ക്ക് അനുപേക്ഷണീയമായ താപനില 16 മുതല്‍ 26 വരെയാണ.് നമ്മുടെ നാട്ടില്‍ ചിലയിനങ്ങള്‍ പിടിക്കാത്തതിന്റെ കാരണം തന്നെ താപനിലയുമായി പൊരുത്തപ്പെടാത്തതാവാം. വെള്ളം കിട്ടാത്തതിനെക്കാളും പെട്ടെന്ന് ബ്രൊമീലിയാഡുകള്‍ നശിച്ചുപോവുക നനയ്ക്കലിന്റെ ആധിക്യം കൊണ്ടാണ്. അതുകൊണ്ട് ഇത്തരം സസ്യങ്ങള്‍ക്ക് ആഴ്ചയില്‍ രണ്ടുപ്രാവശ്യം മാത്രം നനച്ചാല്‍ മതിയാകും.

നടീല്‍വസ്തുക്കള്‍

ടിഷ്യു കള്‍ച്ചര്‍ രീതിയില്‍ ഉത്പാദിപ്പിക്കുന്ന തൈകളാണ് നഴ്‌സറികളില്‍ വില്‍ക്കപ്പെടുന്നത്. ആയിരക്കണക്കിന് ഇനങ്ങളുള്ളതുകൊണ്ടുതന്നെ ഇതിന്റെ പ്രജനനവും വ്യത്യസ്തരീതിയിലാണ് നടന്നുവരുന്നത്. ചുവട്ടില്‍ നിന്ന് തൈകള്‍ മുളച്ചുവരുന്ന രീതിയിലും കിഴങ്ങുകള്‍ പൊട്ടിച്ച് കുഴിച്ചിട്ട് വളര്‍ത്തുന്ന രീതിയിലും കാണ്ഡങ്ങള്‍ മുറിച്ചുനട്ട് വളര്‍ത്തുന്ന രീതിയിലും പ്രജനനം നടത്തിവരുന്നുണ്ട്. ചില അപൂര്‍വയിനങ്ങളുടെ സ്‌പോറുകള്‍ അണ് പ്രജനനവസ്തുക്കള്‍.

ചെടികള്‍ പറിച്ചുനടാന്‍ പറ്റിയ കാലം വേനല്‍ക്കാലമാണ.് നട്ടതിനുശേഷം ആവശ്യത്തിന് വെള്ളം നല്‍കിയാല്‍ മതി. മഴക്കാലത്ത് ചുവട്ടില്‍ വെള്ളം നില്‍ക്കാതെ നോക്കണം. ചാണകപ്പൊടിയും പൊട്ടാഷും തന്നെയാണ് അകത്തും പുറത്തും വളര്‍ത്തുന്ന ചെടികള്‍ക്ക് വളമായിനല്‍കേണ്ടത്. വളര്‍ത്താം നമുക്ക് ഈ കൈതച്ചെടിയെ.

pramodpurath@gmail.com

ആരാമത്തിലെ വൃക്ഷ സുന്ദരിമാര്‍

നമ്മുടെ ഉദ്യാനത്തിലെ വൃക്ഷ സുന്ദരികളെ പരിചയപ്പെടാം

പൂമരുത്‌

മരങ്ങളുടെ പ്രാധാന്യം ഓര്‍മിപ്പിച്ചുകൊണ്ടാണ് നമ്മുടെ ഓരോ ദിവസവും കടന്നുപോകുന്നത്. പൂക്കളുടെ മണം, പൂക്കുന്ന കാലം എന്നിവയൊക്കെ കണക്കിലെടുത്താണ് പൂമരങ്ങളെ തരംതിരിക്കുന്നത്. മരത്തിന്റെ ആകൃതി,വലിപ്പം,ഇലകളുടെ വലിപ്പം,ഇല പൊഴിയുന്ന സ്വഭാവം എന്നിവയും കണക്കിലെടുക്കാം. നമ്മുടെ കാലാവസ്ഥയ്ക്ക് യോജിച്ച ഏതാനും മരങ്ങളെ പരിചയപ്പെടാം

കണിക്കൊന്ന (Cassia fistula)

കേരളത്തിന്റെ സ്വന്തം പൂമരമാണ് ഐശ്വര്യത്തിന്റെ പ്രതീകമായി കണക്കാക്കുന്ന കണിക്കൊന്ന. വലിയ ഇലയാണെങ്കിലും പൂക്കാലത്തോടെ അവ പൊഴിയും. പ്രധാന പൂക്കാലം മാര്‍ച്ച്-ഏപ്രില്‍ മാസമാണ്. പക്ഷേ ഇപ്പോള്‍ കാലം തെറ്റി പൂക്കാറുണ്ട്.

മന്ദാരം (Bauhinia spp)

വളരെ പ്രചാരമുള്ള ഒരു പൂമരമാണിത്. ഇലകള്‍ക്ക് സവിശേഷ ആകൃതിയാണ്. വലിയ ഇലകളും വെളുത്ത പൂക്കളുമുള്ള മന്ദാരത്തിന് ഉയരം കുറവാണ്. പര്‍പ്പിള്‍ നിറമുള്ള പൂക്കള്‍ കാണപ്പെടുന്നത് B.purpurea എന്ന ശാസ്ത്രനാമമുള്ള വലിയ മരങ്ങളിലാണ്. മാര്‍ച്ചും നവംബറുമാണ് പ്രധാന പൂക്കാലങ്ങള്‍

മഞ്ഞവാക (Peltophorum ferrugenium)

മഞ്ഞവാക

മഞ്ഞപ്പൂക്കുലകളും ചെമ്പ് നിറമാര്‍ന്ന പരന്ന കായ്കളുമാണ് പേരുകള്‍ക്കാധാരം. ചെറിയ ഇലകള്‍ക്ക് നല്ല ഭംഗിയാണ്. തടി ബലമുള്ളതാണ്. വര്‍ഷം മുഴുവനും ഭംഗിയോടെ നില്‍ക്കുന്ന ഈ മരം പാതയോരങ്ങള്‍ക്ക് വളരെ യോജിച്ചതാണ്. ഫെബ്രുവരിയിലും സെപ്തംബറിലുമാണ് ഇവ പൂവിടുന്നത്.

പൂമരുത് (Lagerstromia speciosa)

ആകര്‍ഷകമായ വലിയ ഇലയോടുകൂടിയ നിത്യഹരിത മരങ്ങള്‍ക്ക് പിങ്കും അനുബന്ധനിറങ്ങളുമുള്ള പൂങ്കുലകളാണ്. പെട്ടെന്ന് വളര്‍ന്നു പന്തലിക്കുന്ന ഇവ വെട്ടി നിര്‍ത്താന്‍ പറ്റിയ തണല്‍മരങ്ങളായും ഉപയോഗിക്കാം. ഏപ്രില്‍, ആഗസ്റ്റ് മാസങ്ങളാണ് പ്രധാന പൂക്കാലം.

ചെമ്പകം (Michelia champaca)

ചെമ്പകം

സാമാന്യം ഉയരമുള്ള മരങ്ങളുടെ ത്രികോണാകൃതിയും സുഗന്ധമുള്ള പൂക്കളും ശ്രദ്ധേയമാണ്. നീണ്ട് വലിപ്പമുള്ള ഭംഗിയുള്ള ഇലകള്‍ മരത്തിന് ഗാംഭീര്യം പകരുന്നു. ഇളംമഞ്ഞയോ ഓറഞ്ചോ നിറമാണ് പൂക്കള്‍ക്ക് . വേനലിലും മഴയത്തും പൂക്കുന്നു. പാതയോരത്ത് നടാനും ഉത്തമം.

അമ്പലപ്പാല (Plumeria spp)

അമ്പലപ്പാല

പല നിറങ്ങളിലുള്ള പൂക്കള്‍, പല വലിപ്പത്തിലുള്ള മരങ്ങള്‍, നീണ്ട ഇലകള്‍ എന്നിവയൊക്കെ സവിശേഷതകളാണ്. ശാഖകള്‍ക്ക് ബലം കുറവാണ്. വര്‍ഷം മുഴുവന്‍ പൂവിടും.

 

ഗുല്‍മോഹര്‍ (Delonix regia)

ഗുല്‍മോഹര്‍

മരങ്ങള്‍ക്ക് ചെറിയ ഇലകളാണ്. അവ വേനലില്‍ പൊഴിയുന്നു. പൂക്കള്‍ക്ക് ഓറഞ്ചും ചുവപ്പും കലര്‍ന്ന നിറമാണ്. നീണ്ട വീതിയുള്ള വാളകള്‍ പോലെയാണ് കായ്കള്‍. ശാഖകള്‍ പൊതുവെ ബലം കുറവാണ്. വേരുകള്‍ ഉപരിതലത്തില്‍ പടരുന്നത് കാരണം മറിഞ്ഞു വീഴാനുള്ള സാദ്ധ്യത കൂടുതലാണ്.

മരമുല്ല (Millingetonia hortensis)

ചെറിയ ഇലകളോടുകൂടിയ അധികം പടരാത്ത മരങ്ങള്‍ക്ക് അധികം വലിപ്പവുമില്ല. ശാഖാഗ്രത്തില്‍ തൂങ്ങിക്കിടക്കുന്ന വെളുത്ത പൂക്കള്‍ക്ക് നല്ല മണമാണ്. മഴക്കാലമാണ് പ്രധാന പൂക്കാലം.

(കടപ്പാട് : കേരള കര്‍ഷകന്‍)

കടപ്പാട്-മാതൃഭൂമി.കോം© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate