অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൃഷിചെയ്യാം കൃത്യതയോടെ

കൃഷിചെയ്യാം കൃത്യതയോടെ

അന്നം നൽകുന്ന അരുമകൾ

എട്ടു വർഷം മുമ്പ് ജെസീലയെ പെണ്ണുകാണാൻ ചെല്ലുമ്പോൾ കെട്ടിട നിർമാണമേഖലയിലെ ജോലിക്കാരനായിരുന്നു കോഴിക്കോടിനടുത്ത് കുണ്ടായിത്തോട് ബൈത്തുൽഖാൻസ് വീട്ടിൽ ഫിറോസ്ഖാൻ. അന്ന് അലങ്കാരപ്പൂച്ചവളർത്തലാണ് ജോലിയെന്നു പറഞ്ഞിരുന്നെങ്കിൽ പെണ്ണു കിട്ടില്ലായിരുന്നെന്ന് ചിരിയോടെ ഫിറോസ്ഖാൻ പറയുന്നു. എന്നാൽ ഇന്ന് ജെസീലയുടെ വീട്ടിൽ പെണ്ണാലോചിച്ച് ഒരു പെറ്റ് സംരംഭകൻ എത്തിയാൽ വീട്ടുകാർ ധൈര്യമായി കെട്ടിച്ചുകൊടുക്കുമെന്ന് ഫിറോസ്ഖാന് ഉറപ്പുണ്ട്. കാരണം പൂച്ച, പക്ഷി വളർത്തൽ മാത്രം വരുമാനമാർഗമാക്കി ഫിറോസ്ഖാനും ജെസീലയും മക്കളും അവരുടെ കൂട്ടുകുടുംബവും അന്തസ്സായി ജീവിക്കുന്നത് അവർ കാണുന്നുണ്ട്. പെറ്റ് സംരംഭകനോട് സമൂഹത്തിനുണ്ടായിരുന്ന സമീപനം മാറിയെന്നു മാത്രമല്ല, മികച്ച വരുമാനമാർഗമാണിതെന്നു ബോധ്യംവരികയും ചെയ്തിരിക്കുന്നു.

ഫിറോസ്ഖാനു പണ്ടേയുണ്ട് പക്ഷി–പൂച്ച പ്രേമം. പേർഷ്യൻ പൂച്ചക്കുഞ്ഞുങ്ങളെ വിറ്റും ബ്രീഡിങ്ങിലൂടെയുമെല്ലാം മോശമല്ലാത്ത വരുമാനവും വന്നിരുന്നു. എങ്കിലും എന്താണു ജോലിയെന്ന് ആരെങ്കിലും ചോദിച്ചാൽ അവർക്കു ബോധ്യപ്പെടുന്ന ഒരു മറുപടി വേണമല്ലോ. അതുകൊണ്ട് നിർമാണമേഖലയിൽതന്നെ തുടർന്നു.

ആറു വർഷം മുമ്പ് ആ രംഗം വിടുമ്പോൾ 1000 രൂപ ദിവസക്കൂലിയുണ്ടായിരുന്നു. മാസം ചുരുങ്ങിയത് 25,000 രൂപ വരുമാനം. എന്നാൽ അതിലേറെ പ്രതിഫലം തന്റെ അരുമപ്പൂച്ചകളും പക്ഷികളും സ്ഥിരമായി മാസംതോറും നൽകുന്നുവെന്ന് കണ്ടതോടെ ഇനിയങ്ങോട്ട് ഇതുതന്നെ ജീവിതമാർഗം എന്നു നിശ്ചയിച്ചു. തീരുമാനം തെറ്റിയില്ല, ദരിദ്രമായ ജീവിതസാഹചര്യങ്ങളിൽനിന്ന് വളർന്നുവന്ന ഫിറോസ്ഖാന്‍ ഇന്ന് മൂന്നു സെന്റ് സ്ഥലവും നല്ലൊരു വീടും സ്വന്തമാക്കിയത് ഈ സംരംഭത്തിലൂടെയാണ്. ഈ വീടിന്റെ ടെറസ്സിലാണ് അരുമകളും പാർക്കുന്നത്.

പൊന്നുരുക്കുന്ന പൂച്ചകൾ

പൂച്ചകൾ സ്വാർഥരാണെന്ന് നായ്സ്നേഹികൾ വിമർശിക്കാറുണ്ട്. നായ യജമാനനോട് ഭക്തിയുള്ള ജന്തുവാണെങ്കിൽ യജമാനൻ തങ്ങളെ മാനിക്കണം എന്ന മട്ടും ഭാവവുമാണ് പൂച്ചകൾക്ക്. പൗരാണിക മനുഷ്യർ പൂച്ചയെ ദൈവമായി ആരാധിച്ചിരുന്നെന്നും പൂച്ച ഇപ്പോഴും ആ ഓർമയുടെ ഹാങ്ങോവറിലാണെന്നും തമാശപോലുമുണ്ട്. അകത്തളജീവിതം ഇഷ്ടപ്പെടുന്ന പേർഷ്യൻ പൂച്ചകൾ അൽപം ഗമ കൂടിയ ജന്തുതന്നെയെന്നു ഫിറോസ്ഖാനും സമ്മതിക്കുന്നു. പ്രഭുക്കളുടെ അരുമകളായിരുന്ന ഈയിനം മധ്യേഷ്യയിൽ അറിയപ്പെട്ടിരുന്നത് ഇറാനിയൻ പൂച്ചകളെന്നാണ്. പിന്നീട് ഈ നീളൻ രോമക്കാർ യൂറോപ്പിനും അരുമകളായി. ലോകമെമ്പാടുമുള്ള പൂച്ച ജനുസ്സുകളിൽ ഏറ്റവും ഡിമാൻഡുള്ളതും പേർഷ്യൻ ഇനങ്ങൾക്കുതന്നെ. 25,000നും 35,000നും ഇടയിൽ വരും ഓരോന്നിന്റെയും വില.

കമ്പിളിക്കെട്ടുപോലെ രോമങ്ങൾ, ഉരുണ്ട ശരീരം, വലിയ തല, പരന്ന മുഖം, ചെറിയ ചെവികൾ എന്നിങ്ങനെ രൂപപ്രകൃതിയുള്ള പേർഷ്യൻ ഇനങ്ങള്‍ പൊതുവേ ശാന്തശീലരാണ്. അതുകൊണ്ടുതന്നെ മടിയിലെടുത്തുവച്ച് ഓമനിക്കാൻ ആളുകൾ ഇഷ്ടപ്പെടുകയും ചെയ്യുന്നു. സെമി പഞ്ച്, കോബി ക്യാറ്റ്, ഡോൾഫെയ്സ്, കലീക്കോ ഇനങ്ങളുടെയും ഏഷ്യൻ ഇനമായ ലൈലാക് പോയ്ന്റർ ഇനത്തിന്റെയും ആൺപൂച്ചകളെ ഉപയോഗിച്ചുള്ള പ്രജനനമാണ് ഫിറോസ്ഖാന്റെ മുഖ്യ വരുമാനസ്രോതസ്സ്. കേരളത്തിൽ ഡോഗ് ബ്രീഡർമാർ ഏറെയുണ്ടെങ്കിലും ക്യാറ്റ് ബ്രീഡർമാർ കുറവാണ്. മാസം രണ്ടുമൂന്നു പേരെങ്കിലും പെൺപൂച്ചകളുമായി പേർഷ്യൻ ഇനങ്ങളെത്തേടിയെത്തും. ബ്രീഡിങ് ഫീസ് 7500 രൂപ. 56 മുതൽ 65 ദിവസം വരെയാണ് പൂച്ചകളുടെ ഗർഭകാലം. ഒരു പ്രസവത്തിൽ 5–8 കുഞ്ഞുങ്ങൾ. അവയെ വിറ്റും ലഭിക്കും മികച്ച വരുമാനം. വീട്ടമ്മമാർക്ക് ശ്രദ്ധവയ്ക്കാവുന്ന സംരംഭമാണിതെന്നും പൊന്നു വാങ്ങാനുള്ള പണം പൂച്ച നൽകുമെന്നും ഫിറോസ്ഖാൻ.

പണമേകുന്ന പക്ഷികൾ

പൂച്ചകൾക്കു പ്രിയം വർധിക്കുന്നത് അടുത്ത കാലത്താണെങ്കിൽ പക്ഷികൾക്കു കേരളത്തിൽ പണ്ടേ വിപണിയുണ്ട്. പ്രാവുകളാണ് ആദ്യം ജനപ്രീതി നേടിയത്. സമീപവർഷങ്ങളിൽ പക്ഷേ, പ്രാവു വിപണിയുടെ ചിറകൊടിഞ്ഞു. കാരണം സംരംഭകർതന്നെയെന്ന് ഫിറോസ്ഖാൻ. നൂറോ ഇരുനൂറോ രൂപയ്ക്കു ലഭിക്കുന്ന നാടൻ പ്രാവുകളെ ഉപയോഗിച്ച് വില കൂടിയ വിദേശയിനങ്ങളുടെ മുട്ടകൾ കണക്കില്ലാതെ വിരിയിച്ചു വിപണിയിലിറക്കി. അതോടെ വിലയിടിഞ്ഞു. പൊന്മുട്ടയിടുന്ന താറാവിനെ കൊന്നുവെന്നു പറയാം.

എന്നാൽ ഒട്ടേറെപ്പേർ പ്രാവുവളർത്തൽ ഒഴിവാക്കിയതുമൂലമാവാം അടുത്ത നാളുകളിൽ ഡിമാൻഡ് ഉയരുന്നുണ്ടെന്ന് ഫിറോസ്ഖാൻ. ഏതായാലും പ്രാവിനെക്കാൾ തൽക്കാലം ഈ സംരംഭകന്റെ ശ്രദ്ധ ആഫ്രിക്കൻ ലവ് ബേർഡ്സ്, ഫിഞ്ചസ്, കൊക്കറ്റീലുകൾ എന്നിവയിലാണ്.

എല്ലാക്കാലത്തും മികച്ച ഡിമാൻഡുള്ള പക്ഷികളാണ്, കലപില ബഹളത്തിൽ മുന്നിൽ നിൽക്കുന്ന ആഫ്രിക്കൻ ലവ് ബേർഡ്സ്. പീച്ച് ഫേസ്, മാസ്കഡ്, ഫിഷർ എന്നിവയാണ് ഇന്നു വിപണിയിൽ പ്രചാരമുള്ള ആഫ്രിക്കൻ ലവ് ബേർഡ്സ് ഇനങ്ങൾ. കിളിബഹളങ്ങളിൽ അത്ര താൽപര്യമില്ലാത്തവർക്ക് പതിഞ്ഞ ശബ്ദമുള്ള ഫിഞ്ചസുകളെ ഇഷ്ടപ്പെടും. നമ്മുടെ നാട്ടിലെ കുഞ്ഞിക്കുരുവികളോട് സാദൃശ്യമുള്ള ഫിഞ്ചസിനെയും വയൽക്കുരുവികളായ ജാവാ സ്പാരോസിനെയും തേടിയെത്തുന്നവർ ഏറെയെന്നു ഫിറോസ്ഖാൻ.

അരുമപ്പക്ഷികളുടെ ആരാധകർ ഹൃദയത്തോടു ചേർത്തു നിർത്തുന്ന കുഞ്ഞിത്തത്തകളായ ബഡ്ജീസ് എന്ന ബഡ്ജറിഗർ ലവ്ബേർഡ്സിന്റെ വലിയ ശേഖരവും ഫിറോസ്ഖാനുണ്ട്. ഓസ്ട്രേലിയൻ ബഡ്ജീസാണ് കേരളത്തിൽ പ്രചാരം നേടിയിട്ടുള്ളത്. ജനസമ്മതിയുടെ കാര്യത്തിൽ ബഡ്ജീസിനൊപ്പം നിൽക്കുന്നവയാണ് ഓസ്ട്രേലിയൻ കൊക്കറ്റീലുകൾ. ഇണക്കി വളർത്തിയാൽ നന്നായി സംസാരിക്കുന്ന കൊക്കറ്റീലുകളുടെ തലപ്പൂവും ഉടലഴകും ആരെയും വശീകരിക്കും.

ഈ രംഗത്തേക്ക് ഇനിയും ഒട്ടേറെ സംരംഭകർ കടന്നുവരണം എന്ന അഭിപ്രായക്കാരനാണ് ഫിറോസ്ഖാൻ. എവിടെയെങ്കിലുമൊക്കെ ഒന്നോ രണ്ടോ സംരംഭകർ ഉയർന്നുവന്നതുകൊണ്ടു കാര്യമില്ല. കൂടുതൽ പേർ വരുമ്പോഴാണ് വിപണി വിശാലമാവുന്നത്. അപ്പോൾ മാത്രമേ പെറ്റ്സ് ഇനങ്ങളെത്തേടുന്ന അയൽനാട്ടുകാരുടെ കണ്ണിൽ കേരളം ഒരു ലക്ഷ്യസ്ഥാനമാകുകയുള്ളൂ. ഈ ഉദ്ദേശ്യത്തോടെതന്നെ ഫിറോസ്ഖാൻ ഒരു പുസ്തകവുമെഴുതി, പേര്; അന്നം നൽകും ഓമനകൾ.

ഫോൺ: 9020994214

റബറിന് ഇടവിളയായി പൊനംകൃഷി, മണ്ണിൽ പൊന്നുവിളയിച്ച് പിയൂസ്

റബർ കൃഷിക്ക് ഇടവിളയായി പൊനംകൃഷി (കരനെൽകൃഷി) നടത്തി മണ്ണിൽ പൊന്നുവിളയിക്കുകയാണ് കാസർകോട് എണ്ണപ്പാറ പാത്തിക്കരയിലെ പീയൂസ്‌ ജോർജ്. റബർ കൃഷിക്ക് നാലുവർ‌ഷം വരെ ഇടവിളയായി താൽക്കാലിക വിളകൾ ചെയ്യാമെന്നിരിക്കെ ഒന്നും ചെയ്യാതെ ടാപ്പിങ് നടത്താൻ‌ എഴുവർഷം വരെ കാത്തിരിക്കുന്നവർ‌ക്ക് മാതൃകയാണ് പീയൂസ് എന്ന അൻപത്തിയെട്ടുകാരൻ കർഷകൻ.

തെങ്ങ്, കമുക് ഉൾപ്പെടെ സമ്മിശ്രവിളകളുള്ള തന്റെ മൂന്നേക്കർ സ്ഥലത്തെ ഒരേക്കർ റബർ കൃഷിക്ക് ഇടവിളയായി നെൽകൃഷി നടത്താനുള്ള പീയൂസിന്റെ തീരുമാനം കൃഷിയിലെ അമിത താൽപര്യമാണ്. റബർത്തൈകളുടെ ഇടയിൽ ചെറിയ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു കിളച്ചാണ്‌ കൃഷിക്കു പാകമാക്കിയത്.

തൊണ്ണൂറു ദിവസം കൊണ്ട്‌ വിളവു ലഭിക്കുന്ന തൊണ്ണൂറാൻ എന്ന വിത്താണ്‌ വിതച്ചത്. മണ്ണിന്റെ ഘടന നെൽകൃഷിക്ക് അനുയോജ്യമാണെന്നു കണ്ടതിനാലാണ് കൃഷി നടത്താൻ തീരുമാനിച്ചതെന്ന് പീയൂസ് ജോർജ് പറഞ്ഞു. അട്ടേങ്ങാനത്തെ ചെർലത്ത്‌ ഗോപാലകൃഷ്‌ണൻ എന്ന കർഷകനിൽ നിന്നും 25 കിലോ വിത്തു വാങ്ങിയാണ്‌ കൃഷി തുടങ്ങിയത്‌.

കൃഷിക്ക് സ്ഥലം കിളച്ചുമറിക്കുന്നതോടൊപ്പം തന്നെ വളമായി കുമ്മായം, വേപ്പിൻപിണ്ണാക്ക്, ചാണകം എന്നിവയുടെ മിശ്രിതം വിതറും. പിന്നീട് ഓരോ 25 ദിവസം കൂടുമ്പോഴും വളം ചെയ്യുന്നതാണ് പീയൂസിന്റെ പൊനംകൃഷിയുടെ രീതി. ഇടവിള റബറിന്റെ വളർച്ചയ്ക്കും ഗുണകരമാണ്. 1979ൽ തിരുവിതാംകൂർ കോതമംഗലത്തു നിന്നു കോഴിക്കോട് തോട്ടുമുക്കം സ്ഥലത്തേക്കും പിന്നീട് 1996ൽ ചിറ്റാരിക്കാലിലേക്കും കുടിയേറിയതാണ് പീയൂസും കുടുംബവും.

അഞ്ചുവർഷം മുൻപാണ് എണ്ണപ്പാറയിലേക്ക്‌ താമസം മാറിയത്‌. എൺപതു മുതൽ മലയാള മനോരമ വരിക്കാരനുമാണ് ഇദ്ദേഹം. ചിറ്റാരിക്കാൽ കാവുംതല ക്ഷീരോൽപാദക സഹകരണ സംഘത്തിൽ നിന്നും മികച്ച ക്ഷീരകർഷകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. കൃഷിയിൽ തന്നോടൊപ്പം നിൽക്കുന്ന ഭാര്യ അന്നക്കുട്ടിയാണ് തന്റെ ചാലകശക്തിയെന്ന് പീയൂസ് ജോർജ് പറയുന്നു. ഫോൺ: 9747355770

വിജയഗാഥ രചിക്കുന്ന ഹരിതഗൃഹങ്ങൾ അഥവാ പോളിഹൗസുകൾ !

അടുക്കളത്തോട്ടത്തിനും വ്യാവസായിക അടിസ്ഥാനത്തിൽ വിഷരഹിത പച്ചക്കറി കൃഷി ചെയ്യുവാൻ താൽപര്യം ഉള്ളവർക്കും വളരെ ഉപകാരപ്രദമാണ് ഹരിതഗൃഹം എന്ന പോളിഹൗസുകൾ. വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന പോളിഹൗസുകൾ ഇന്ന് കേരളത്തിൽ കൃഷിയെ സ്നേഹിക്കുന്ന കർഷകർക്കിടയിൽ സ്ഥാനംപിടിച്ചിരിക്കുന്നു. പരിസ്‌ഥിതിക്കു തീര്‍ത്തും അനുയോജ്യമായ ഈ ഹരിത ഗൃഹങ്ങൾ നിർമിക്കുന്നതിന് ഇന്ന് കേരള സർക്കാർ കൃഷി വകുപ്പ് സബ്സിഡി ഏർപ്പെടുത്തിയിട്ടുണ്ട്. മിനി പോളിഹൗസുകൾ (ഹൈടെക് മഴമറ) കൃഷി ഓഫിസിൽനിന്നും പോളിഹൗസുകൾ നിർമിക്കുന്നതിന് ഹോർട്ടികൾച്ചർ മിഷൻ സബ്‌സിഡിയും നൽകുന്നുണ്ട്. കൂടാതെ ആണ്ടുതോറും കൃഷിയിറക്കുന്നതിനു സബ്‌സിഡിയും നൽകുന്നുണ്ട്. വീടുകളിലെ മട്ടുപ്പാവുകളിലും സൗകര്യപ്രദമായി സ്‌ഥാപിച്ച്‌ വീട്ടമ്മമാർക്കുപോലും കൃഷി ചെയ്യാമെന്നതാണ്‌ മിനി പോളിഹൗസുകൾ എന്ന ഹൈടെക് മഴമറയുടെ പ്രത്യേകത.

ജി.ഐ. പൈപ്പിന്റെ ചട്ടക്കൂടുകള്‍കൊണ്ടാണ്‌ പോളിഹൗസ്‌ നിർമിക്കുന്നത്‌. അള്‍ട്രാ വയലറ്റ് കിരണങ്ങളെ ചെറുക്കുന്ന യുവി സ്റ്റെബിലൈസ്ഡ് പോളി എത്തിലിന്‍ ഷീറ്റ് ഉപയോഗിച്ചാണ് പോളി ഹൗസുകള്‍ നിർമിക്കുന്നത്. പ്രകൃതിയെ വിളകള്‍ക്കനുസൃതമായി നിയന്ത്രിച്ചെടുക്കാന്‍ പോളിഹൗസ് കൃഷിയിലൂടെ സാധിക്കും. ചൂട്, മഴ, തണുപ്പ്, വെയില്‍ എന്നിവയില്‍നിന്നും സംരക്ഷണം നല്‍കി ചെടികളുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. കുറഞ്ഞ സ്ഥലത്തുനിന്നും കൂടുതല്‍ വിളവ്, കീടരോഗങ്ങളില്‍നിന്നും സംരക്ഷണം, മികച്ചതും ഗുണമേന്മയുള്ളതുമായ ഉൽപന്നങ്ങള്‍ എന്നിവ ഉറപ്പുവരുത്തുവാന്‍ പോളിഹൗസ് കൃഷിയിലൂടെ സാധിക്കുന്നു. പോളിഹൗസിന്റെ നാലുവശവും കീടങ്ങള്‍ കടക്കാത്ത 40 മെഷ് വലകള്‍ ഉപയോഗിച്ച് മറയ്ക്കുന്നു. അകത്തെ ഊഷ്മാവ് കുറയ്ക്കുന്നതിനു വേണ്ടി ഫോഗറുകൾ ഉണ്ട്. ചെടികള്‍ക്ക് ആവശ്യമായ തോതില്‍ മാത്രം വെള്ളവും വളങ്ങളും നല്‍കുന്നത് പൂർണമായും ഡ്രിപ് ഇറിഗേഷൻ (തുള്ളിനന ലായനി രൂപത്തിൽ) വഴിയാണ്.

10 - 11 മണിക്ക് ശേഷം വായുവിലുള്ള കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് പുറത്തുള്ള അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡിനെക്കാൾ വളരെ കുറവായിരിക്കും. സാധാരണ വെന്റിലേഷൻ കൊടുത്തിട്ടുള്ള ഹരിതഗൃഹങ്ങളിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് എല്ലായ്പ്പോഴും പുറത്തുള്ള അന്തരീക്ഷത്തിലേതിന് തുല്യമായിരിക്കും. കാർബൺ ഡൈ ഓക്സൈഡ് കുറവുമൂലം ഉൽപാദനക്ഷമതയിൽ ഉണ്ടാകുന്ന കുറവ് സ്വാഭാവിക വെന്റിലേഷൻ ഉള്ള ഹരിതഗൃഹങ്ങളിൽ ഉണ്ടാവുകയില്ല  സ്വാഭാവിക വെന്റിലേഷൻ ഉള്ള ഹരിതഗൃഹത്തിന്റെ വശങ്ങളിൽ ഇൻസെക്റ്റ് പ്രൂഫ് നെറ്റ് ഘടിപ്പിച്ചിട്ടുള്ളിടത്ത് യുവി സ്റ്റെബിലൈസ്ഡ് ഷീറ്റുകൊണ്ടുള്ള റോളിംഗ് കർട്ടൻ സ്ഥാപിക്കുന്നതും വൈകുന്നേരം മുതൽ രാവിലെ 11 മണിവരെ ഇതു താഴ്ത്തി ഇടുന്നതും വഴി കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് പോളിഹൗസിൽ കൂടും. ഇതുമൂലം പോളിഹൗസിലെ വിളകളുടെ ഉൽപാദനക്ഷമത വർധിക്കും.

.പോളിഹൗസിലെ കൃഷിരീതി

ആദ്യമായി ചെയ്യേണ്ടത് കൃഷിക്കാവശ്യമായ അടിസ്ഥാനവളങ്ങൾ ഒരുക്കുക എന്നതാണ്. 100 M2ലെ ഒരു മിനി പോളിഹൗസിന്‌ 500 കിലോ ചാണകം, 25 കിലോ വേപ്പിൻപിണ്ണാക്ക്, 1 കിലോ വീതം സ്യൂഡോമോണസ്, അസോസ്പ്രില്ലാം, വാം, ട്രൈക്കോഡെർമ എന്നിവ ചേർത്ത് നന്നായി ഇളക്കിയതിനു ശേഷം ചെറിയ നനവോടെ തണലത്തു മൂടി 9 ദിവസം സൂക്ഷിക്കണം. ഇടയ്ക്കിടക്കു ചെറുതായി നനയ്ക്കുകയും വേണം. അതിനുശേഷം കൃഷിചെയ്യുവാനുള്ള ബെഡുകൾ നിർമിക്കുന്നതിനായി മിനി പോളിഹൗസിനുള്ളിലെ സ്ഥലം കിളച്ചുമറിക്കുക. ബെഡ് വീതി 70 മുതൽ 75 സെ.മീ. ബെഡുകളുടെ ഇടയിൽ ഉള്ള വഴികളുടെ വീതി 60 മുതൽ 65 സെ.മീ ആയിരിക്കണം. കാരണം പോളിഹൗസിലെ കൃഷിരീതിയിൽ പയർ, പാവൽ, കുക്കുമ്പർ എന്നിവ വെർട്ടിക്കൽ ആയി മാത്രമേ കൃഷി ചെയ്യാവൂ, ഇതിൽ ലഭിക്കുന്ന വിളകൾ പറിക്കുന്നതിനായി 6 അടി വരെ  നീളമുള്ള ഏണി ഉപയോഗിക്കേണ്ടതായി വരുന്നു. ബെഡ് നിർമിച്ചതിനു ശേഷം മുൻപ് തയാറാക്കി വച്ചിരിക്കുന്ന ജൈവ സൂക്ഷ്മാണുക്കൾ നിറഞ്ഞ അടിവളം തുല്യ അളവിൽ ബെഡുകളിലെ മണ്ണുമായി ചേർക്കുക. അതിനു ശേഷം ഡ്രിപ് ലൈൻ വലിക്കുക (വെള്ളവും, വളവും നൽകുന്നതിനായി). അതിന്റെ മുകളിലായി മിൽച്ചിങ് ഷീറ്റ് വിരിച്ചതിനു ശേഷം, ഡ്രിപ് ലൈൻ വഴി വരുന്ന വെള്ളത്തുള്ളികളുടെ സ്ഥാനം നോക്കി മിനിമം 2 ഇഞ്ച് വൃത്താകൃതിയിൽ ഷീറ്റ് കുഴിക്കുക, പാകാനുദ്ദേശിക്കുന്ന വിത്തുകൾ പാവലും, പയറും ആണെങ്കിൽ തലേന്നു രാത്രിയിൽ വെള്ളത്തിൽ ഇട്ടു കുതിർത്തതിനു ശേഷം ഓരോ കുഴിയിൽ നിക്ഷേപിക്കുക, പയർ 3 ദിവസത്തിനുള്ളിലും പാവൽ 7 ദിവസത്തിനുള്ളിലും കിളിർത്തുവരും.  മിനി പോളിഹൗസായാലും, പോളിഹൗസായാലും താൽപര്യത്തോടുകൂടിയുള്ള സൂക്ഷ്മനിരീക്ഷണം അത്യാവശ്യം ആണ്‌.

ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ഹൈടെക് മഴമറ, പോളിഹൗസുകളും ഉള്ളത് പത്തനംതിട്ട ജില്ലയിൽ റാന്നി ബ്ലോക്കിലാണ്. കൃഷിവകുപ്പിന്റെ അസിസ്റ്റന്റ് ഡയറക്ടറും, സംസ്ഥാന പച്ചക്കറി വികസന പദ്ധതിയുടെ അവാർഡ് ജേതാവ് കൂടിയുമായ ടോണി ജോൺ നിർദേശിക്കുന്ന കൃഷിരീതിയിൽ, പുലർച്ചെ 7 മണിക്ക് 15 മിനിറ്റു ജലം നൽകണം,  ഉച്ചക്ക് 1 മണിക്ക് വളം നൽകണം, വളം നൽകുന്നതിന് മുൻപും പിൻപുമായി 5 മിനിട്ടു ജലം നൽകണം, സായാഹ്നം 6 മണിക്ക് വീണ്ടും 15 മിനിറ്റു ജലം നിർബന്ധം. GAP (Good Agriculture Practices) രീതിയിലും കൃഷിചെയ്യാം. പോളിഹൗസിൽ വൈറസ് ബാധകൾ ഏൽക്കാതിരിക്കുന്നതിന് നല്ല പരിചരണം ആവശ്യമാണ്. പനി, ജലദോഷം, പകർച്ചവ്യാധികൾ ഉള്ളവർ ഉള്ളിൽ കയറാൻ അനുവദിക്കരുത്. പോളിഹൗസിലെ ശുചിത്വത്തിലും ഉണ്ട് ചില കാര്യങ്ങൾ. പുറത്തുനിന്നു കയറുന്ന ആദ്യ മുറി പോർട്ടിക്കോ അഥവാ മോട്ടോർ റൂം ആയിരിക്കണം. പോർട്ടിക്കോയിൽനിന്നും കഴിയുമെങ്കിൽ കാലുകൾ വൃത്തിയാക്കിയതിനുശേഷം കൃഷിയിടത്തിലേക്ക് ഇറങ്ങാവുന്നതാണ്. പോളിഹൗസിന്റെ ഉള്ളിൽ ഉപയോഗിക്കാനായി പ്രത്യേകം പാദരക്ഷകളും വസ്ത്രങ്ങളും ഉപയോഗിക്കുന്നത് നല്ലതാണ്‌. ദിവസവും ചെടികൾക്ക് സ്നേഹപരിചരണം അത്യാവശമാണ്. പയർ, പാവൽ,  സാലഡ് വെള്ളരി, മുളക്, ക്യാബേജ്, കോളിഫ്ലവർ, ചീര, വഴുതന, വെണ്ട, കോവൽ, പടവലം, മറ്റു പഴവർഗങ്ങൾ എന്നിവയും 365 ദിവസവും പോളിഹൗസിലും, മിനി പോളിഹൗസിലും കൃഷി ചെയ്യാവുന്നതാണ്. പാവൽ, പടവലം എന്നിവയ്ക്ക് കൃത്രിമ പരാഗണം നൽകേണ്ടതുണ്ട്. പരാഗണം നൽകുന്നത് പുലർച്ചെ 7.30ന് മുന്പായിത്തന്നെ ചെയ്യുന്നത് ഉചിതം.

വിഷരഹിത പച്ചക്കറികൾക്കു പുറമെ, മാനസിക സന്തോഷം, ശാരീരിക ഉന്മേഷം എന്നിവയും ഈ ഹരിത ഗൃഹങ്ങൾ നമുക്കു നൽകുന്നു.

ചിത്രത്തിൽ കാണുന്ന പോളിഹൗസും, മിനി പോളിഹൗസും, കൊല്ലം ജില്ലയിലെ അഞ്ചൽ പഞ്ചായത്തിലെ അനീഷ് എൻ. രാജ് എന്ന ഒരു കർഷകന്റേതാണ്. വിഷരഹിത പച്ചക്കറികളായ പയർ, പാവൽ,  സാലഡ് കുക്കുമ്പർ, ചീര എന്നിവയാണ് പോളിഹൗസിൽ ഇപ്പോൾ ഉള്ള വിളകൾ. വിളവെടുപ്പ് ആരംഭിച്ചിട്ടുണ്ട്. മട്ടുപ്പാവിലെ മിനിപോളിഹൗസിൽ 104 ഗ്രോബാഗുകളിലായി കോഴിക്കോട് CWRDMന്റെ വിക്ക് ഇറിഗേഷന്റെ (തിരി നന) സഹായത്തോടെ മൂന്നാമത്തെ കൃഷിയാണ് ഇപ്പോൾ തുടങ്ങുന്നത്; അതും കൃഷിവകുപ്പിന്റെ ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന പദ്ധതിക്കായി.

കൂടുതൽ വിവരങ്ങൾക്ക്. അനീഷ് എൻ. രാജ് 9496209877 (അഞ്ചൽ)

മായൻമാരുടെ ചീര

ജനനം മെക്സിക്കോയിൽ. വളർച്ച ലോകമൊട്ടാകെയുള്ള ഉഷ്‌ണമേഖലകളിൽ. ശാസ്‌ത്രനാമം നിഡോസ്‌കോളസ് ചായമൻസ. വിളിപ്പേര് മെക്സിക്കൻ ചീര. ഇത് മായന്മാരുടെ പാരമ്പര്യ വൈദ്യത്തിൽ ഔഷധമായി ഉപയോഗിച്ചിരുന്ന മായൻ ചീര. നമുക്കിത് ഇലക്കറി വിളയായ ചായമൻസ.

തോരനും പരിപ്പു കറിയും

കുറ്റിച്ചെടിയാണ് മായൻചീര. മൂക്കാത്ത ഇലകളും ഇളന്തണ്ടുകളും ഇലക്കറിയായി ഉപയോഗിക്കാം. ഇവയിൽ, മരച്ചീനിയിലുള്ളതുപോലുള്ള വിഷമയമായ സയനോജനിക് ഗ്ലൈക്കോസൈഡുകൾ അടങ്ങിയിട്ടുള്ളതിനാൽ ചെറുതായി നുറുക്കി 15–20 മിനിറ്റ് വേവിക്കണം. തോരനുണ്ടാക്കാനും പരിപ്പു ചേർത്ത് വേവിച്ച് കറിയുണ്ടാക്കാനും നല്ലതാണ്. സൂപ്പും ഇത് ചേർത്തുണ്ടാക്കാം. പച്ചയിലയും ഉണക്കിയ ഇലയും ഹെർബൽ ചായയുണ്ടാക്കാനും ഉപയോഗിക്കാം.

കാൽസ്യവും മാംസ്യവും...

മായൻ ചീരയിൽ ധാരാളം ഭക്ഷ്യനാരുകളും കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ് മുതലായ ധാതുക്കളും വൈറ്റമിൻ എ, ബി, സി എന്നിവയും കരോട്ടിനും നിരോക്സീകാരികളും മാംസ്യവുമൊക്കെയുണ്ട്. ഇവയുടെ അളവ് മറ്റ് ഇലക്കറി ചെടികളിലുള്ളതിന്റെ മൂന്നിരട്ടിയോളം വരുമെന്നതാണ് ചായമൻസയുടെ മേന്മ.

നിത്യഹരിത സസ്യം

ചായമൻസ കേരളത്തിലെ കാലാവസ്ഥയിൽ തഴച്ചുവളരും. നീർവാർച്ചയും വളക്കൂറുമുള്ള ഏതുതരം മണ്ണിലും വളരാനാവും. വരൾച്ച പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. വലിയ പരിചരണമോ വളപ്രയോഗമോ ആവശ്യമില്ല. കീടങ്ങൾ ബാധിക്കാറുമില്ല.

തയാറാക്കിയത്: ഡോ. ടി.ആർ. ജയകുമാരി
ഫോൺ: 8075163588

പിസ്തയല്ലിത് പച്ചിറ

നഴ്സറികളില്‍നിന്നു പലരും പിസ്ത അല്ലെങ്കിൽ ആഫ്രിക്കൻ പിസ്ത എന്ന ഫലവര്‍ഗച്ചെടിയുടെ തൈ വാങ്ങി നടാറുണ്ട്. എന്നാൽ ഇത് യഥാർഥത്തിൽ പിസ്തയല്ല; പച്ചിറ എന്നു വിളിക്കുന്ന മലബാർ ചെസ്റ്റ്‌നട്ടാണ്. ഫ്രഞ്ച് പീനട്ട് എന്നും ഇത് അറിയപ്പെടുന്നു.

ട്രോപ്പിക്കൽ അമേരിക്കയാണു ജന്മദേശം. നല്ല നനവുള്ള, നീർവാര്‍ച്ചയും വളക്കൂറുമുള്ള മണ്ണും നല്ല വെയിലുമാണ് ഇതിന്റെ വളർച്ചയ്ക്കു യോജ്യം. വരൾച്ചയെ ചെറുക്കുന്ന ഈ ചെടി തണലിലും വളരുന്നു. അധികം തണുപ്പ് നന്നല്ല.

വിത്തുകൾ പാകിയോ, കമ്പുകൾ മുറിച്ചുനട്ടോ തൈകൾ ഉണ്ടാക്കാം. തിളങ്ങുന്ന പച്ച ഇലകളും മിനുസമുള്ള പച്ചത്തൊലിയുമുള്ള സുന്ദരമായ മരമായി ഏഴു മീറ്ററോളം ഉയരത്തിൽ വളരുന്നു. നേർത്ത സൂചിപോലുള്ള ഇതളുകളോടെയുള്ള പൂക്കൾ ഇതിനെ ആകർഷകമാക്കുന്നു.

കൊക്കോ കായ്കളോട് രൂപസാദൃശ്യമുള്ള കായ്കള്‍ക്കുള്ളിലെ ഇളം കാപ്പി നിറത്തിൽ വെള്ള വരകളോടു കൂടിയ കട്ടിയേറിയ ഭാഗമാണു ഭക്ഷ്യയോഗ്യം. കപ്പലണ്ടിയുടെ രുചിയുള്ള മലബാർ ചെസ്റ്റ്‌നട്ട് നേരിട്ടും, വേവിച്ചും ഭക്ഷിക്കാം. ഇതു പൊടിച്ച് മാവാക്കി റൊട്ടിയുണ്ടാക്കിയും കഴിക്കാം. ഇളം ഇലകളും പൂക്കളും പച്ചക്കറികളായി ഉപയോഗിക്കുന്നു. കായ്കൾ പാകമാകുമ്പോൾ പച്ചനിറത്തിൽനിന്നു കാപ്പി നിറമാകും. കായ്കൾ പാകമായിട്ടും പറിച്ചില്ലെങ്കിൽ തനിയെ പിളര്‍ന്നു താഴെ വീണു പോകും.

വിദേശങ്ങളില്‍ ഇതിനെ കാശ് മരം എന്നും വിളിക്കുന്നുണ്ട്. ഇതിനു പിന്നിൽ ഒരു കഥയുണ്ട്. ദരിദ്രനായ ഒരു മനുഷ്യൻ തന്റെ പട്ടിണിയകറ്റാന്‍ ദൈവത്തോടു പ്രാർഥിക്കുകയും തുടര്‍ന്നു വേറിട്ട ഈ ചെടി കണ്ടെത്തുകയും ചെയ്തു. അയാള്‍ ഇതു ഭാഗ്യലക്ഷണമായി കരുതി വീട്ടുവളപ്പില്‍ നട്ടു. കാലക്രമേണ ധാരാളം തൈകൾ ഉല്‍പാദിപ്പിച്ച് വില്‍പന നടത്തി ധാരാളം ധനം സമ്പാദിക്കുകയും ചെയ്‌തു. ജപ്പാൻകാർ ഇത് ഭാഗ്യം കൊണ്ടുവരുന്ന അലങ്കാരച്ചെടിയായി വീടിനകത്തും പുറത്തും നട്ടുവളർത്തുന്നു. ചെറുപ്രായത്തിൽതന്നെ തണ്ടിന്റെ താഴ്‌ഭാഗത്തിനു നല്ല വണ്ണമുണ്ടായിരിക്കും.

വിലാസം: അസി. ഡയറക്ടർ, ഫാം ഇൻഫർമേഷൻ ബ്യൂറോ, കൊച്ചി. ഫോൺ: 9633040030

നെല്ലിൽ സംയോജിത കളനിയന്ത്രണം

കൃഷിരീതി അനുസരിച്ചാണ് കളകളുടെ കുറവും കൂടുതലും. പൊടിവിതയിലാണ് ഏറ്റവും കൂടുതൽ, ഏറ്റവും കുറവ് പറിച്ചുനടീൽ രീതിയിലും. പൊടിവിതയിൽ കളകള്‍ മൂലം 50–60% വരെ വിളവു കുറയുമ്പോൾ പറിച്ചുനടീൽ രീതിയിൽ ഇത് 15–20% വരെയാണ്. ചേറ്റുവിതയിൽ 30–35% വിളവു കുറയുന്നുണ്ട്.

പ്രധാന കളകൾ

നെൽകൃഷിയിൽ കാണുന്ന മുന്നൂറിലധികം കളകളെ ബാഹ്യപ്രകൃതവും സ്വഭാവ സവിശേഷതകളും അനുസരിച്ച് അഞ്ച് പ്രധാന വർഗങ്ങളായി തിരിക്കാം.

പുല്ലുവർഗം: കവട, വരിനെല്ല്, ചൊവ്വേരിപ്പുല്ല് (പടർപ്പൻ), കറുക, കുതിരവാലി, പൊള്ളക്കള (പിണ്ടിപ്പുല്ല്)

മുത്തങ്ങ: കോര, കതിര, ചെല്ലി, തലേക്കെട്ടൻ, മഞ്ഞക്കോര, മുത്തങ്ങ.

വിസ്തൃത പത്ര കളകൾ: കരിംകൂവളം, കാന്താരി, നീർഗ്രാമ്പൂ, ബ്രഹ്മി, കാക്കപ്പൂവ്, ചീര, മാങ്ങാനാറി.

പന്നൽ: സാൽവീനിയ, നാലില കുടങ്ങൽ, യക്ഷിപ്പാല

ആൽഗകൾ: ചാര, സ്പൈറോഗൈറ, മുള്ളൻ പായൽ

സംയോജിത നിയന്ത്രണം

പാടത്തുനിന്നു കളകളെ പൂർണമായും നീക്കുക പ്രായോഗികമല്ല. എന്നാല്‍ വിളവിനെ ബാധിക്കാത്ത രീതിയിൽ നിയന്ത്രിക്കാം. കലർപ്പില്ലാത്ത വിത്ത്, നിലമൊരുക്കൽ, ജലപരിപാലനം, മറ്റു കാർഷിക പ്രവർത്തനങ്ങൾ, കളനാശിനി പ്രയോഗം എന്നിവ ഉൾപ്പെട്ട സമഗ്ര നിയന്ത്രണ രീതിയാണ് ഇതിനു നല്ലത്.

നിലമൊരുക്കൽ

നിലം നന്നായി ഉഴുത് നിരപ്പാക്കി പുല്ലും ചപ്പുചവറുകളും നീക്കം ചെയ്യണം. ചേറ്റുവിതയിലും നടീൽ രീതിയിലും നിലം ചെളിയാക്കുകയും വേണം. വരമ്പുകൾ കളയരിഞ്ഞു ചെളി പൂശി വൃത്തിയാക്കണം. ഇങ്ങനെ ഒരുക്കിയ പാടങ്ങളിൽ കള കിളിർക്കാൻ അനുവദിക്കുക. ഈ കളകളെ മണ്ണിളക്കിയോ കളനാശിനി പ്രയോഗിച്ചോ നശിപ്പിക്കാം. ചെളിക്കണ്ടങ്ങളിൽ ഒരു മീറ്റർ പൊക്കത്തിൽ വെള്ളം കയറ്റി രണ്ടാഴ്ച നിർത്തിയും കളകളെ നശിപ്പിക്കാം. പിന്നീട് വെള്ളം വാർത്തു കളഞ്ഞ് മണ്ണിളക്കാതെ വിത്ത് വിതയ്ക്കണം.

ജലപരിപാലനം

ശാസ്ത്രീയ ജലപരിപാലനത്തിലൂടെ മാത്രം ഒരു പരിധി വരെ കളകളെ നിയന്ത്രിക്കാം. ചേറ്റുവിതയിലും നടീൽരീതിയിലുമാണ് ഇതു സാധ്യമാവുക. എരണ്ട(നീർപക്ഷി)യുടെ ശല്യമില്ലാത്ത സ്ഥലങ്ങളിൽ പാടത്ത് 10 സെ.മീ. വെള്ളം കയറ്റി നിർത്തി മുളപ്പിച്ച വിത്തു വിതയ്ക്കാം. മൂന്നാം ദിവസം വെള്ളം വാർത്തുകളയണം. ഒരാഴ്ച കഴിഞ്ഞ് വെള്ളം കുറേശ്ശെ കയറ്റി രണ്ടിഞ്ചായി ഉയർത്താം. നടീൽരീതിയിൽ ഞാറു പറിച്ചുനടുന്ന സമയത്ത് അരയിഞ്ചു വെള്ളം നിർത്താം. ക്രമേണ ഒരാഴ്ചകൊണ്ടു ജലനിരപ്പ് രണ്ടിഞ്ചായി ഉയർത്തണം. ചിനപ്പു പൊട്ടുന്ന സമയത്ത് രണ്ടു മൂന്നു ദിവസം വെള്ളം വാർത്തിടണം. വായുസഞ്ചാരത്തിനും ചിനപ്പു നന്നായി പൊട്ടുന്നതിനും ഇത് അത്യന്താപേക്ഷിതമാണ്. വീണ്ടും വെള്ളം കയറ്റി പാലടിക്കുന്നതുവരെ രണ്ടിഞ്ച് കനത്തിൽ നിലനിർത്തണം.

യാന്ത്രിക രീതികൾ

വരിയായി വിത്തിടുന്ന രീതിയിലും നടീൽരീതിയിലും കൈകൊണ്ടു പ്രവർത്തിപ്പിക്കാവുന്ന കോണോവീഡർ എന്ന കളയിളക്കി യന്ത്രം ഉപയോഗിച്ചു കള പിഴുതു മണ്ണിൽ ചേർക്കാം. വിതച്ച് / നട്ട് 20–25 ദിവസങ്ങൾക്കുള്ളിൽ ഇതു ചെയ്യണം. മണ്ണിൽ വായുസഞ്ചാരം കൂടുന്നതിനാൽ നല്ല വേരോട്ടം ഉണ്ടാകുന്നതിനും നെല്ല് പുഷ്ടിപ്പെടുന്നതിനും ഈ രീതി സഹായകമാണ്. രണ്ടോ മൂന്നോ വരികൾക്കിടയിൽ ഒരേസമയം പ്രവർത്തിപ്പിക്കാവുന്ന പെട്രോൾ എൻജിൻ ഘടിപ്പിച്ച പവർ വീഡറുകളും ലഭ്യമാണ്.

വിള പരിക്രമം

ഒരു സ്ഥലത്ത് ഒരേ വിള തുടർച്ചയായി കൃഷി ചെയ്യുന്നതിനു പകരം വിവിധ വിളകൾ ഒന്നിനു പുറകെ മറ്റൊന്ന് എന്ന ക്രമത്തിൽ മാറി മാറി കൃഷി ചെയ്യുന്ന രീതിയാണ് വിളപരിക്രമം. നെല്ലുതന്നെ തുടർച്ചയായി ചെയ്യുമ്പോൾ നെല്ലിനോടു ബന്ധപ്പെട്ട കളകൾ വർധിക്കുന്നതായി കാണാം. ഇതൊഴിവാക്കുന്നതിനു വിളപരിക്രമം സഹായിക്കും. പാലക്കാട്, ഓണാട്ടുകര തുടങ്ങിയ സ്ഥലങ്ങളിൽ മൂന്നാം വിളയായി പച്ചക്കറി, എള്ള്, പയർവർഗ വിളകൾ എന്നിവ കൃഷി ചെയ്യാം.

രാസ കളനാശിനികൾ

കളനാശിനികളുടെ ശരിയായ പ്രയോജനം ലഭിക്കണമെങ്കിൽ അവ ശാസ്ത്രീയമായും കാര്യക്ഷമമായും പ്രയോഗിക്കണം. ഇതിനു വിവിധയിനം കളനാശിനികളുടെ പ്രവർത്തനരീതിയും ഉപയോഗക്രമവും മനസ്സിലാക്കേണ്ടതുണ്ട്.

മൂന്നുതരം കളനാശിനികളാണ് പൊതുവേ നെൽകൃഷിയിൽ ഉപയോഗിച്ചുവരുന്നത്.

∙ നിലം ഒരുക്കുന്നതിനുമുമ്പ് നിലവിലുള്ള കളകൾ, പൊട്ടിക്കിളിർത്ത നെൽച്ചെടികൾ മുതലായവയെ നശിപ്പിക്കുന്നതിന് ഉപയോഗിക്കുന്നവ.

കളയെന്നോ നെല്ലെന്നോ വേർതിരിവില്ലാതെ എല്ലാത്തരം സസ്യങ്ങളെയും നശിപ്പിക്കുന്ന കളനാശിനികളാണ് ഇതിന് ഉപയോഗിക്കേണ്ടത്.

∙ കളകൾ മുളയ്ക്കുന്നതു തടയുന്നവ

ഈയിനം കളനാശിനികൾ മുളച്ചുവരുന്ന കളകളെ നശിപ്പിച്ച് 15 ദിവസത്തോളം കളശല്യം നിയന്ത്രിക്കുന്നു. ഇവ ഉപയോഗിക്കുമ്പോൾ മണ്ണിൽ നേരിയ ഈർപ്പം ഉണ്ടായിരിക്കണം. പൊടിവിതയിൽ വിതച്ചതിന്റെ അടുത്ത ദിവസം മുതൽ ആറുദിവസം വരെയും ചേറ്റുവിതയിലും നടീൽരീതിയിലും വിതച്ച് / നട്ട് ആറുമുതൽ ഒമ്പതു ദിവസത്തിനുള്ളിലും ഈ കളനാശിനികൾ ഉപയോഗിക്കാം.

വിത അഥവാ നടീൽ കഴിഞ്ഞു പത്തു ദിവസത്തിനുശേഷം (കളകൾക്ക് രണ്ടുമൂന്നില പ്രായമാകുമ്പോൾ) ഉപയോഗിക്കാവുന്ന കളനാശിനികളാണിവ. ഇവയ്ക്കു പൊതുവേ വരണക്ഷമത (സെലക്ടിവിറ്റി)യും അന്തർവ്യാപന ശേഷിയുമുണ്ടാകും. ഇലകളിൽക്കൂടി വലിച്ചെടുക്കപ്പെടുന്ന കളനാശിനികളാണ് പ്രയോജനകരം.

വിലാസം: നെല്ലു ഗവേഷണകേന്ദ്രം, മങ്കൊമ്പ്, കേരള കാർഷിക സർവകലാശാല.
ഫോൺ: 9495671971

കളനാശിനികൾ ഉപയോഗിക്കുമ്പോൾ

1. നെല്ല് കൃഷി ചെയ്യുന്ന രീതി, ചെടിയുടെ പ്രായം, കളകളുടെ ഇനം എന്നിവയനുസരിച്ചു കളനാശിനി തിരഞ്ഞെടുക്കണം.

2. പരിസ്ഥിതിയിൽ അവക്ഷിപ്തം അവശേഷിപ്പിക്കാത്ത കളനാശിനികൾ തിരഞ്ഞെടുക്കണം.

3. ശുപാർശ ചെയ്തിരിക്കുന്ന അളവിൽതന്നെ കളനാശിനി തളിക്കണം

4. ഏക്കറിന് 200 ലീറ്റർ വെള്ളം ഉപയോഗിക്കണം

5. വളർന്നു നിൽക്കുന്ന കളകളിൽ കളനാശിനി തളിക്കുന്നതിന് കുറ്റിപമ്പിൽ ഫ്ളഡ്ജറ്റ് നോസിൽ ഉപയോഗിക്കുന്നതാണു നല്ലത്. കളനാശിനികൾ തളിക്കാൻ പവർ സ്പ്രേയറുകൾ ഉപയോഗിക്കരുത്.

6. കള മുളയ്ക്കുന്നതിനു മുൻപു കളനാശിനികൾ മണ്ണിൽ തളിക്കാൻ ഫ്ളാറ്റ് ഫാൻ നോസിൽ ഉപയോഗിക്കണം.

7. കളനാശിനി തളിക്കാൻ തെളിഞ്ഞ വെള്ളം ഉപയോഗിക്കണം.

ജൈവകൃഷിയില്‍ കളനിയന്ത്രണം

പ്രതിരോധമാർഗങ്ങൾ, കാർഷിക മുറകൾ, ജലപരിപാലനം എന്നിവയ്ക്കു കൂടുതൽ ഊന്നൽ കൊടുത്തുകൊണ്ടു താഴെപ്പറയുന്ന മാർഗങ്ങൾ അവലംബിക്കാം.

1. ശുദ്ധമായ വിത്തു തിരഞ്ഞെടുത്ത് ഉപയോഗിക്കുക

2. വരമ്പുകളും ജലസേചന ചാലുകളും കളകൾ നീക്കി വൃത്തിയായി സൂക്ഷിക്കുക.

3. പറിച്ചുനടീൽ രീതി / ഡ്രം സീഡർ ഉപയോഗിച്ചുള്ള വിത അവലംബിക്കുക

4. ശാസ്ത്രീയ ജലപരിപാലനം

5. കോണോവീഡറിന്റെ ഉപയോഗം

വാഴപ്പോളയിലും കൂൺ വളർത്താം

 

കേരളത്തിലെ വീട്ടമ്മമാർക്കു സ്വയംതൊഴിലായി യോജിച്ച സംരംഭമാണ് കൂൺകൃഷി. മണ്ണിൽ തൊടാതെ, വെയിലേൽക്കാതെ, വളവും കീടനാശിനിയും ഉപയോഗിക്കാതെ ചെയ്യാൻ പറ്റിയ കൃഷി. ഫലത്തിനായി ഏറെ നാൾ കാത്തിരിക്കുകയും വേണ്ട.

‘ദേവതകളുടെ ഭക്ഷണം’  എന്നു വിശേഷിപ്പിക്കുന്ന കൂണിന്റെ ഉല്‍പാദനം തൊഴിൽരഹിതർക്കു വരുമാനത്തിനും തൊഴിലുള്ളവർക്ക് അധികവരുമാനത്തിനും മാര്‍ഗമാകും. കേരളത്തിലെ കാലാവസ്ഥയാകട്ടെ, ഏതു സമയത്തും കൂൺകൃഷിക്കു യോഗ്യമാണ്. സാധാരണ വൈക്കോലാണു കൂൺകൃഷിക്ക് ഉപയോഗിക്കുന്ന മാധ്യമം. എന്നാൽ അതേപോലെതന്നെ നല്ല വിളവു നേടിത്തരുന്ന മാധ്യമമാണു വാഴപ്പോളയുമെന്നു കായംകുളം കൃഷി വിജ്ഞാനകേന്ദ്രം, ആലപ്പുഴ ജില്ലയിലെ ആര്യാട് പഞ്ചായത്തിൽ നടത്തിയ പരീക്ഷണം തെളിയിക്കുന്നു. ഇവിടെ ഒരു പ്രദര്‍ശനത്തോട്ടം കെവികെ ഒരുക്കിയിട്ടുമുണ്ട്.

വിളവെടുപ്പു കഴിഞ്ഞ വാഴകളുടെ പോളയും വാഴക്കയ്യും രണ്ടിഞ്ച് കനത്തിൽ നുറുക്കിയോ നീളത്തിൽ കീറിയോ എടുത്ത് നല്ലവണ്ണം ഉണക്കി ഉപയോഗിക്കാം. ഇത് 6–8 മണിക്കൂർ വെള്ളത്തിൽ മുക്കിവയ്ക്കണം. അതിനുശേഷം വെള്ളം വാർന്നുപോകുന്നതിനായി കുട്ടയിലോ വൃത്തിയുള്ള തറയിലോ വയ്ക്കുക. വെള്ളം നന്നായി വാർന്നതിനു ശേഷം അണുവിമുക്തമാക്കുന്നതിനായി വലിയ പാത്രത്തിൽ വച്ച് ആവി കൊള്ളിക്കണം. അതിനായി കുറച്ചു വെള്ളം പാത്രത്തിലെടുത്ത് അതിനുള്ളിലാക്കി പട്ടിക / മടൽ തലങ്ങും വിലങ്ങും നിരത്തിവയ്ക്കുക. അണുവിമുക്തമാക്കേണ്ട വാഴയുടെ ഭാഗങ്ങൾ അതിനു മുകളില്‍ വച്ച് വൃത്തിയുള്ള ചണച്ചാക്കോ അടപ്പോ കൊണ്ട് മൂടി ആവി വന്നശേഷം അര–മുക്കാൽ മണിക്കൂർ ആവിയിൽതന്നെ വയ്ക്കുക.

ഇങ്ങനെ അണുവിമുക്തമാക്കിയ മാധ്യമം കുട്ടയിൽ വാരിവയ്ക്കുകയോ വൃത്തിയുള്ള തറയിൽ നിരത്തിയിടുകയോ ചെയ്യുക. മാധ്യമത്തിലെ ഈർപ്പത്തിന്റെ തോത് കൂടാനോ കുറയാനോ പാടില്ല. തണുത്തശേഷം കയ്യിലെടുത്തു പിഴിഞ്ഞാൽ ഒരുതുള്ളി വെള്ളം മാത്രമേ വരുന്നുള്ളൂ എന്ന പരുവമാണ് കൂൺകൃഷിക്കു യോജ്യം. ഇങ്ങനെ തയാറാക്കിയ വാഴയുടെ പോളയും വാഴക്കയ്യും കൂൺതടങ്ങൾ ഉണ്ടാക്കാനായി ഉപയോഗിക്കാം.

കൂൺതടങ്ങൾ തയാറാക്കാനായി 60 സെ.മീ. നീളവും 30 സെ.മീ. വീതിയും 100–150 ഗേജ് കനവുമുള്ള സുതാര്യമായ പോളിത്തീൻ കവർ / ട്യൂബുകൾ ഉപയോഗിക്കാം. ട്യൂബിന്റെ അടിഭാഗം വൃത്തിയായി പരന്നിരിക്കാൻ കയർ / റബർ ബാൻഡിട്ട് കെട്ടണം.

കൈകൾ വൃത്തിയാക്കി, അണുവിമുക്തമാക്കിയശേഷം കവറിന്റെ അടിഭാഗത്ത് ഉദ്ദേശം അഞ്ചു സെ.മീ. കനത്തിൽ അണുവിമുക്തമാക്കിയെടുത്ത മാധ്യമം നിറയ്ക്കുക. കവറിന്റെ പുറംഭാഗം തുടച്ചശേഷം കവർ തുറന്ന് ഒരു പിടി കൂൺവിത്ത് കവറിലെ മാധ്യമത്തിനുള്ളിൽ കവറിനരികിലൂടെ വൃത്താകൃതിയിൽ ഇടുക. വീണ്ടും ഒരടുക്ക് മാധ്യമം നിരത്തിയശേഷം കൂൺവിത്ത് മേൽപറഞ്ഞ പ്രകാരം വിതറുക. മാധ്യമം വായു അറകൾ ഇല്ലാതെ നല്ലവണ്ണം അമർത്തണം. ഇങ്ങനെ നാലോ അഞ്ചോ അടുക്ക് മാധ്യമവും വിത്തും കവറിന്റെ മുക്കാൽ ഭാഗം വരെ നിറച്ച് നന്നായി അമർത്തി ഒരു ചരടുകൊണ്ടു മുറുക്കിക്കെട്ടുക. ഇങ്ങനെ സിലിൻഡര്‍ ആകൃതിയിൽ കൂൺതടം ഒരുക്കാം.

വായുസഞ്ചാരത്തിനായി കൂൺതടത്തിന്റെ വശങ്ങളിൽ അണുവിമുക്തമാക്കിയ മൊട്ടുസൂചി ഉപയോഗിച്ച് ചെറിയ സുഷിരങ്ങൾ ഇടണം. കൂൺതടങ്ങൾ എലി, ഉറുമ്പ് എന്നിവയുടെ ശല്യം ഇല്ലാത്തതും വൃത്തിയുള്ളതും വെളിച്ചം തീരെ കുറഞ്ഞതുമായ സ്ഥലത്ത് നിരത്തി വയ്ക്കുക. കാലാവസ്ഥയ്ക്കനുസരിച്ച് 15–20 ദിവസത്തിനുള്ളിൽ കൂൺ തന്തുക്കൾ വെള്ളപൂപ്പൽ പോലെ മാധ്യമം മുഴുവൻ പടർന്നുപിടിച്ചിരിക്കുന്നതായി കാണാം.

കായികവളർച്ച പൂർത്തിയാക്കിയ കൂൺ തടങ്ങൾ അണുവിമുക്തമാക്കിയ ബ്ലേഡോ കത്തിയോ കൊണ്ട് വശങ്ങൾ ചെറുതായി കീറി കൊടുക്കണം. ഇപ്രകാരം ചെയ്ത തടങ്ങൾ വൃത്തിയും നല്ല വായുസഞ്ചാരവും ഈർപ്പവും ഉറപ്പുവരുത്തിയ ഭാഗത്ത് തൂക്കിയിടണം. ഈർപ്പത്തിനായി വൃത്തിയുള്ള ചണച്ചാക്കുകൾ മുറിക്കുള്ളിൽ തൂക്കിയിട്ട് നനച്ചുകൊടുക്കുക. ഒരാഴ്ചയ്ക്കുള്ളിൽ മൊട്ടുസൂചിയുടെ തലയുടെ വലുപ്പമുള്ള മൊട്ടുകൾ തടങ്ങളിൽനിന്നു പുറത്തേക്കു പ്രത്യക്ഷപ്പെടുന്നു. മൂന്നാം ദിവസം കൂൺ പൂർണവളർച്ചയെത്തി വിളവെടുപ്പിനു പാകമാകും. കൂൺ വളർന്ന് അരികു ചുരുണ്ടു തുടങ്ങുന്നതിനു മുൻപ് വിളവെടുക്കണം. വിടർന്നു നിൽക്കുന്ന കൂണിന്റെ അടിഭാഗത്തു പിടിച്ചു തിരിച്ച് വലിക്കുമ്പോൾ കൂണുകൾ തടത്തിൽനിന്നു വേർപെട്ടു കിട്ടും.

ആദ്യ വിളവെടുപ്പിനുശേഷം വീണ്ടും നനച്ചുകൊടുക്കുക. ഒന്ന് ഒന്നര ആഴ്ചത്തെ ഇടവേളകളിൽ 3–4 പ്രാവശ്യം ഒരേ തടത്തിൽനിന്നുതന്നെ വിളവെടുക്കാം. ഒരു തടത്തിൽനിന്ന് അര–മുക്കാൽ കിലോ കൂൺ വരെ ലഭിക്കുന്നതായി സംരംഭകർ പറയുന്നു. വിളവെടുപ്പിനുശേഷം കൂൺതടങ്ങൾ മണ്ണിരക്കമ്പോസ്റ്റാക്കാം.

വിലാസം: ● സബ്ജക്റ്റ് മാറ്റര്‍ സ്പെഷലിസ്റ്റ് (പ്ലാന്റ് പതോളജി), ● പ്രോഗ്രാം കോര്‍ഡിനേറ്റര്‍, കെവികെ, കായംകുളം.

ഫോണ്‍: 0479 2449268

ചെറിയ മൽസ്യം, വലിയ വിപണി

ഡിഗ്രിക്കു പഠിക്കുന്ന കാലത്ത്, ലിജോയുടെ ചൂണ്ടുവിരലിലെ തഴമ്പു ചൂണ്ടി കൂട്ടുകാർ ചോദിച്ചു, ‘കാശെണ്ണിയുള്ള തഴമ്പായിരിക്കും, അല്ലേ?’ ‘അതെ, അതു തന്നെ’, ചിരിയോടെ വയനാട് തൃക്കൈപ്പറ്റ ഊരക്കാട്ടുപുത്തൻപുരയ്ക്കൽ ലിജോ പോൾ സമ്മതിക്കും.

ആടും ആന്തൂറിയവും അലങ്കാരമൽസ്യക്കൃഷിയുമുള്ളതു കൂട്ടുകാർക്കറിയാം. ആ സ്ഥിതിക്ക് ചോദ്യം ന്യായം. അക്കാലത്തു പക്ഷേ മേൽപറഞ്ഞ സംരംഭങ്ങളെല്ലാം പൊളിഞ്ഞ സ്ഥിതിയിലായിരുന്നുവെന്നു ലിജോ. അതു പറഞ്ഞാൽ ആരു വിശ്വസിക്കും.

എങ്കിലും നോട്ടെണ്ണി വീണ തഴമ്പല്ല അതെന്നു പിന്നീട് ലിജോതന്നെ കൂട്ടുകാരോടു വിശദീകരിക്കും. പിറന്നുവീണ് ദിവസങ്ങൾ മാത്രം പ്രായമെത്തിയ ഗപ്പിക്കുഞ്ഞുങ്ങൾക്കു തീറ്റ കൈകൊണ്ടു തിരുമ്മിപ്പൊടിച്ചു നൽകണം. അങ്ങനെ വിരലിൽ വീണ അടയാളമാണത്. അന്നത് വെറും തഴമ്പായിരുന്നെങ്കിൽ ഇന്നത് അലങ്കാരമൽസ്യക്കൃഷി ലിജോയ്ക്കു നൽകിയ കീർത്തിമുദ്രയാണ്. ഈ മേഖലയിൽ അത്രയ്ക്കുണ്ട് ഈ ഇരുപത്തിയേഴുകാരന്റെ നേട്ടം. അതും ഗപ്പിയെന്ന ചെറുമൽസ്യങ്ങളെ മാത്രം ആശ്രയിച്ചു നേടിയ വിജയം.

വയനാട്ടിലെ ഉൾനാടൻ ഗ്രാമത്തിൽ ജനിച്ചു വളർന്ന ലിജോ പോൾ അലങ്കാരമൽസ്യക്കൃഷിയിലേക്ക് എത്തുന്നത് ശാസ്ത്രീയമായ അറിവുകളുടെ പിൻബലത്തിലല്ല, ചെയ്തറിവുകളുടെ കരുത്തിലാണ്. കുട്ടിക്കാലത്തേയുണ്ട് വർണമൽസ്യങ്ങളിൽ കമ്പം. കൈത്തോട്ടിലെ പരൽമീനുകളെ വിട്ട് പ്ലാറ്റിയെന്ന ചെറുമൽസ്യത്തെ വാങ്ങി സംരംഭത്തിൽ ഹരിശ്രീ കുറിക്കുന്നത് പത്തിൽ പഠിക്കുമ്പോൾ. അതോടെ വയനാട്ടിലെ അലങ്കാരമൽസ്യ വിപണനകേന്ദ്രങ്ങളിൽ ലിജോ പതിവുകാരനായി.

ലിജോ പറയുന്നു. ‘‘ഏതു പുതിയ ഇനം വന്നാലും അന്നു വാങ്ങും. എല്ലാം ജോഡിയാണെന്നു പറഞ്ഞാണ് കടക്കാർ നൽകുക. ഈ മേഖലയിൽ നല്ല പരിചയമുള്ള സംരംഭകർപോലും ചിലയിനം മൽസ്യക്കുഞ്ഞുങ്ങളിലെ ആണും പെണ്ണും തിരിച്ചറിയാൻ ബുദ്ധിമുട്ടും. അപ്പോൾ പിന്നെ കടയിൽ നിൽക്കുന്ന ആൾ അതെങ്ങനെ അറിയും? രണ്ടെണ്ണത്തിനെ പിടിച്ചു കൊടുക്കും, ജോഡിയാണെന്നു പറയും, അത്രതന്നെ.

മറ്റൊന്ന്, നമ്മുടെ പെറ്റ് ഷോപ്പുകളിൽ അന്നും ഇന്നും ചെന്നൈയിൽനിന്നു വരുന്ന മൽസ്യങ്ങളുടെ ആധിപത്യം ഉണ്ടെന്നുള്ളതാണ്. ഓവുചാലിൽനിന്നെടുക്കുന്ന വിരകളാണ് ഇവയുടെ മുഖ്യ തീറ്റ. വൃത്തിയില്ലാത്ത സാഹചര്യത്തിൽ വളർന്ന്, കീടാണുക്കളുടെ കൂമ്പാരമായി മാറിയിട്ടുണ്ടാവും ഈ മൽസ്യക്കുഞ്ഞുങ്ങൾ. ഉൽപാദനച്ചെലവു കുറവായതിനാൽ ഇവ വില കുറച്ച് കേരളത്തിൽ വിതരണം ചെയ്യാനും ചെന്നൈ ലോബിക്കു കഴിയുന്നു. ഇതു വാങ്ങി അക്വേറിയത്തിലെ ശുദ്ധജലത്തിലേക്ക് ഇടുമ്പോൾ കീടാണുക്കൾ ശക്തിയാർജ്ജിച്ച് മൽസ്യങ്ങൾ ചത്തൊടുങ്ങും. അന്നിതൊന്നും അറിയില്ലായിരുന്നു. ഡിഗ്രിക്ക് എത്തിയപ്പോഴേക്കും ആയിരക്കണക്കിനു രൂപയാണ് അങ്ങനെ നഷ്ടപ്പെട്ടത്. എന്നിട്ടും അലങ്കാരമൽസ്യങ്ങളോടുള്ള ഇഷ്ടം തെല്ലും കുറഞ്ഞില്ല.

എങ്കിലും, ഉപരിപഠനം നടത്തി വേറെ വല്ല ജോലിയും നോക്കാമെന്നായിരുന്നു മനസ്സിൽ. ആയിടയ്ക്കാണ് ഗൗരാമി മൽസ്യംകൂടി പരീക്ഷിക്കൂ എന്നൊരു സൃഹൃത്ത് നിർദേശിക്കുന്നത്. ആവശ്യമായ ശാസ്ത്രീയ അറിവുകളും സുഹൃത്തു നൽകി. നാലു ഗൗരാമികളുമായി തുടങ്ങി. അതു വിജയിച്ചു. പിന്നീട് ഗപ്പിയിലേക്കു മാറി. കണ്ണും മനസ്സും കുളിർപ്പിക്കുന്ന രൂപഭംഗിയുള്ള ഹൈബ്രിഡ് ഗപ്പികളുടെ ലോകത്താണ് അന്നു മുതൽ’’,  സംരംഭവഴികൾ ലിജോ ഓർത്തെടുത്തു.

ഗപ്പിയെത്തേടി

അലങ്കാരമൽസ്യങ്ങളിലെ പ്രധാനികളായ ഗോൾഡ് ഫിഷ്, ഏഞ്ചൽ, ഗൗരാമി, കോയികാർപ്, ടെട്രാകൾ, ബാർബുകൾ എന്നിവയെല്ലാം മുട്ടയിടുന്ന ഇനങ്ങളാണെങ്കിൽ ഗപ്പിയും മോളിയും വാൾവാലനും പ്ലാറ്റിയുമെല്ലാം കുഞ്ഞുങ്ങളെ പ്രസവിക്കുന്നവയാണ്. അലങ്കാരമൽസ്യക്കൃഷിക്കാർ പലരും ഗപ്പിയെ അവഗണിച്ച് മുന്തിയ ഇനങ്ങളിലേക്കു നോക്കുകയാണു പതിവ്. എന്നാൽ ഗപ്പിപോലൊരു ചെറിയ മൽസ്യത്തിന്റെ വലിയ സാധ്യതകളിലായിരുന്നു ലിജോയുടെ ശ്രദ്ധയത്രയും. വർഷങ്ങൾ ഗപ്പിക്കു പിന്നാലെ ചെലവിട്ട് ഇന്ത്യയിൽതന്നെ ഗപ്പി പരിപാലനത്തിലും കൾച്ചറിങ്ങിലും ആധികാരികമായ അറിവുകളുള്ള അപൂർവം സംരംഭകരിലൊരാളായി മാറുന്നത് അങ്ങനെയാണ്.

ഗപ്പിയെന്നു കേൾക്കുമ്പോൾ കൊതുകിന്റെ കൂത്താടികളെ അകറ്റാൻ ഓടകളിലും കുളങ്ങളിലും നിക്ഷേപിക്കുന്ന, വേഗത്തിൽ പെറ്റുപെരുകുന്ന അത്ര ഭംഗിയൊന്നുമില്ലാത്ത ചെറുമൽസ്യത്തെയാണ് എല്ലാവർക്കും ഓർമ വരിക. എന്നാൽ ലിജോയുടെ ഗപ്പി വിദേശിയാണ്. ഹൃദയം കുളിർപ്പിക്കുന്ന രൂപഭംഗിയുള്ള ഇനങ്ങൾ. സിംഗപ്പൂർ, മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ നാടുകളിൽനിന്നാണ് മാതൃശേഖരം എത്തുന്നത്. സാധാരണ ഗപ്പി ഒരു പ്രസവത്തിൽ 150 കുഞ്ഞുങ്ങളെ വരെ ഉൽപാദിപ്പിക്കുമെങ്കിൽ ഹൈബ്രിഡ് ഗപ്പി ഒറ്റത്തവണ 3–10 കുഞ്ഞുങ്ങളെ മാത്രമാണു നൽകുക. എങ്കിലെന്ത്, സാധാരണ ഗപ്പിയെ അപേക്ഷിച്ച് വിലയും ലാഭവും പല മടങ്ങു കൂടുതൽ.

നൂറ്റിയെഴുപത്തിരണ്ടു ഫൈബർ ടാങ്കുകൾ ക്രമീകരിച്ചിരിക്കുന്ന ഹൈടെക് ഫാമിലാണ് ലിജോയുടെ ഹൈബ്രിഡ് ഗപ്പികൾ വളരുന്നത്. റെഡ് ഐ ഫുൾ റെഡ്, സ്നേക് സ്കിൻ യെല്ലോ റിബൺ ടെയ്ൽ, ജെറ്റ് ബ്ലാക്, ബിഗ് ഇയർ റെഡ് ടെയ്ൽ, ബിഗ് ഇയർ റെഡ് ഗ്രാസ് തുടങ്ങി 14 ഹൈബ്രിഡ് ഇനങ്ങളെയാണ് ഫൈബർ ടാങ്കുകളിൽ

പരിപാലിക്കുന്നത്. റെഡ് ഐ ഫുൾ റെഡ് ആണ് കൂടുതലായും ഉൽപാദിപ്പിക്കുന്നത്. അലങ്കാരമൽസ്യങ്ങൾ ഏതിനമായാലും ചുവപ്പു നിറമുള്ളവയ്ക്കാണ് എന്നും ഡിമാൻഡ് എന്ന് ലിജോ. അക്വേറിയത്തിലെ സ്ഫടികജലത്തിൽ അങ്ങേയറ്റം ആകർഷകമായി തോന്നുമെന്നതുതന്നെ കാരണം. ഗപ്പികളിൽ ആൺമൽസ്യങ്ങൾക്കാണ് വർണഭംഗിയെന്നും ലിജോ.

ഏകദേശം പതിനായിരം മൽസ്യങ്ങളിൽനിന്ന് മികച്ചവയെന്നു കാണുന്ന 30–50 പെൺമൽസ്യങ്ങളെ തിരഞ്ഞെടുത്ത് അതിന്റെ മൂന്നിലൊന്ന് ആൺമൽസ്യങ്ങളെക്കൂടി ചേർത്താണ് പ്രജനനത്തിനായി ഓരോ ഫൈബർ ടാങ്കിലും നിക്ഷേപിക്കുക. പ്രജനനം നടന്ന് 30 ദിവസത്തിനുള്ളിൽ പ്രസവിക്കും. മൂന്നു മാസത്തിനുള്ളിൽ കുഞ്ഞുങ്ങൾ വിപണനത്തിനു പാകമാവും.

പരിപാലനം പ്രധാനം

മികച്ച മാതൃശേഖരം, വൃത്തിയുള്ള സാഹചര്യം, ഇറക്കുമതി ചെയ്ത ഗുണമേന്മയുള്ള തീറ്റ, ഇവ മൂന്നും ചേരുന്നതോടെ മികച്ച കുഞ്ഞുങ്ങൾ പിറക്കുന്നു. ബ്രീഡിങ് ടാങ്കുകളിൽനിന്ന് വിദൂരങ്ങളിലുള്ള ഉപഭോക്താക്കളിലേക്ക് എത്തുമ്പോഴും തന്റെ ഗപ്പികൾ ഒന്നൊഴിയാതെ അതിജീവിക്കുന്നത് അതുകൊണ്ടെന്ന് ലിജോ.

ഓരോ വിളവെടുപ്പു കഴിയുമ്പോഴും ഫൈബർ ടാങ്കുകൾ വൃത്തിയാക്കും. ഓരോ ടാങ്കിലും രണ്ടു കിലോ ഉപ്പ് അത് ലയിക്കാൻ ആവശ്യമുള്ള വെള്ളത്തിൽ കലക്കി ടാങ്കിന് ഉൾവശത്ത് അടിക്കുന്നു. ശുദ്ധജലത്തിൽ വളരുന്ന രോഗാണുക്കളൊന്നും ഉപ്പുവെള്ളത്തെ അതിജീവിക്കില്ല എന്നതിനാൽ 2–3 ദിവസംകൊണ്ട് ടാങ്കു പൂർണമായും അണുവിമുക്തമാവും. വീണ്ടും ശുദ്ധജലത്തിൽ കഴുകി ഉപ്പു നീക്കി വൃത്തിയാക്കിയെടുക്കുന്നു.

കൈകാര്യം ചെയ്യാനുള്ള എളുപ്പമാണ് ഫൈബർ ടാങ്കുകളുടെ പ്രധാന മെച്ചം. വൃത്തിയാക്കാൻ മാത്രമല്ല, ഫാം എങ്ങോട്ടെങ്കിലും മാറ്റാനും എളുപ്പം. കോൺക്രീറ്റ് ടാങ്കുകൾ ഉപ്പുവെള്ളംകൊണ്ടു വൃത്തിയാക്കുമ്പോൾ ക്രമേണ സിമന്റ് അടരുമെന്ന ദോഷമുണ്ട്. എന്നാൽ സംരംഭം തുടങ്ങുന്ന കാലത്തു നിർമിച്ച സിമൻറ് ടാങ്കുകൾ ലിജോ ഉപേക്ഷിക്കുന്നില്ല. പരിമിതമായി പരിപാലിക്കുന്ന കോയികാർപിന്റെ വിദേശയിനങ്ങൾ, അപൂർവമായ ജമ്പോ ഗോൾഡ് എന്നിവയുടെ പ്രജനനത്തിനായി ഇവ പ്രയോജനപ്പെടുത്തുന്നു.

ഏറ്റവും ആധുനികമായ എയറേഷൻ, ഫിൽട്രേഷൻ സംവിധാനങ്ങളാണ് ഫാമിൽ സജ്ജീകരിച്ചിരിക്കുന്നത്. 1000 ലീറ്റർ വെള്ളത്തിൽ ഒരു സമയം 30,000 കുഞ്ഞുങ്ങളെ വളർത്താം. അതിസാന്ദ്രതാരീതിയിൽ വളർത്തുമ്പോഴും മൽസ്യവിസർജ്യങ്ങളിൽനിന്ന് സൃഷ്ടിക്കപ്പെടുന്ന അമോണിയ കലർന്ന ജലം മൽസ്യങ്ങൾക്ക് തെല്ലും ദോഷകരമാകാതിരിക്കാന്‍ ഈ ശുദ്ധീകരണ സംവിധാനം സഹായിക്കുന്നു.

ബെംഗളൂരു, മൈസൂരു, മുംബൈ, ഹൈദരാബാദ്, പുണെ, ജാർഖണ്ഡ് എന്നിവിടങ്ങളിലെ മൊത്തവ്യാപാരികളാണ് ലിജോയുടെ മൽസ്യക്കുഞ്ഞുങ്ങളുടെ മുഖ്യ ആവശ്യക്കാർ. കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നുമുള്ള അക്വേറിയങ്ങളും ആവശ്യക്കാരായുണ്ട്. ഇറക്കുമതി, കയറ്റുമതി ലൈസൻസുകളുള്ള ലിജോ, ഗപ്പികളെ യുഎഇയിലും എത്തിച്ചിരുന്നു. ഇന്ത്യയിൽതന്നെ ഡിമാൻഡ് ഉള്ളപ്പോൾ എന്തിനു വിദേശം എന്നാണ് ഇപ്പോള്‍ ലിജോയുടെ ചോദ്യം.

മൽസ്യക്കുഞ്ഞുങ്ങളിലൂടെ ചുരുങ്ങിയത് മൂന്നു ലക്ഷം രൂപ മാസവരുമാനം. പകുതിയോളമെത്തും ലാഭം. വീടിന്റെ ടെറസിന് മുകളിലേക്കു കൂടി ഫാം വിപുലമാക്കാനുള്ള ഒരുക്കം നടക്കുന്നു. സംരംഭം തുടങ്ങിയ കാലത്ത് അറിവുകൾ തേടി ഒട്ടേറെ ഫാമുകൾ ചുറ്റിക്കറങ്ങി. ആരും കനിഞ്ഞില്ല. അതുകൊണ്ടുതന്നെ തനിക്കറിയാവുന്ന കാര്യങ്ങള്‍ ഈ സംരംഭത്തിൽ താൽപര്യമുള്ളവരുമായി പങ്കുവയ്ക്കുന്നതിനു പരിശീലനക്ലാസുകൾതന്നെ നടത്തുന്നു ഈ ചെറുപ്പക്കാരൻ.

പൂന്തോട്ടത്തിന് പുതുമ നൽകാം

പരമ്പരാഗത നാടൻ പൂച്ചെടികളിൽനിന്നു പുതുപുത്തൻ വിദേശയിനങ്ങളിലേക്കു ചുവടുമാറുകയാണ് ഉദ്യാനപ്രേമികൾ. എന്നും പുതുമ ഇഷ്ടപ്പെടുന്ന മലയാളിക്കായി ലോകമെമ്പാടുനിന്നും ഉദ്യാനച്ചെടികൾ കേരളത്തിൽ വന്നെത്തുന്നു.

പൂന്തോട്ടത്തിലേക്കു ചെടികളുടെ പട്ടിക തയാറാക്കുമ്പോൾ മറ്റെങ്ങും കാണാത്തവയെ ഉൾപ്പെടുത്താനാണ് മലയാളിയുടെ നോട്ടം. ഈ സമീപനം മനസ്സിലാക്കി പല നഴ്സറികളും വിപണനത്തിനൊരുക്കുന്നതിൽ നല്ല പങ്കും വിദേശയിനങ്ങളാണ്. ജർബറ, പോയിൻസെറ്റിയ, അഡീനിയം എന്നിങ്ങനെ പല വിദേശയിനങ്ങളും നമ്മുടെ കാലാവസ്ഥയും മണ്ണുമായി ഇഴുകിച്ചേർന്നുകഴിഞ്ഞു. ലോകവിപണിയുടെ വാതായനം നമ്മുടെ രാജ്യത്തേക്കും തുറന്നതോടുകൂടി കേരളത്തിലേക്കു വിവിധതരം ഓർക്കിഡുകൾ കൂടാതെ, ഒട്ടേറെയിനം ഉദ്യാനച്ചെടികളുടെ തള്ളിക്കയറ്റമാണ്. എങ്കിലും നൂതന വിദേശയിനങ്ങൾ തിരഞ്ഞെടുക്കുന്നതിനു മുമ്പ് അവ നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്കു യോജിച്ചതാണോയെന്നു മനസ്സിലാക്കണം. ഈയിടെ വന്നെത്തിയ ചില വിദേശയിനങ്ങളെ പരിചയപ്പെടാം.

ഓറഞ്ച് മന്ദാരം

വെള്ള, മഞ്ഞ, ചുവപ്പ് പൂക്കളുള്ള മന്ദാരയിനങ്ങൾ നമ്മുടെ നാട്ടിൽ പരമ്പരാഗത അലങ്കാര പൂച്ചെടികളാണ്. എന്നാൽ ഇവയിൽനിന്ന് ഏറെ വ്യത്യസ്തമായി ഓറഞ്ച് പൂക്കൾ ഉണ്ടാകുന്ന നൂതനയിനം മന്ദാരം ഓസ്ട്രേലിയയിൽനിന്നാണു വരുന്നത്. കുത്തനെ നിവർന്നുവളരുന്ന പ്രകൃതമില്ലാത്ത ഈ കുറ്റിച്ചെടിയുടെ ശാഖകളിൽ കുലകളായി ഉണ്ടാകുന്ന ഓറഞ്ച് പൂക്കളാണ് മുഖ്യ ആകർഷണം. വലിയൊരു കുറ്റിച്ചെടിയായി പുല്‍ത്തകിടിയുടെ നടുക്കും ചട്ടിയിലും വളർത്താ‍ൻ യോജിച്ച ഓറഞ്ച് മന്ദാരത്തിൽ മഴക്കാലമൊഴികെയുള്ള സമയത്തെല്ലാം പൂക്കാലമാണ്. കമ്പു മുറിച്ചുനട്ടാൽ 5–6 മാസത്തിനുള്ളിൽ പൂവിട്ടു തുടങ്ങും. നാടൻ മന്ദാരയിനങ്ങളിൽ നിന്നു വ്യത്യസ്തമായി ഈ ചെടിയുടെ ഇലകൾക്കു കാളക്കുളമ്പിന്റെ ആകൃതിയല്ല; പകരം വീതിയുള്ള കറുവയിലപോലെയാണ്.

കോളിയസ്

ഇലകളിൽ വർണവിസ്മയം ഒരുക്കുന്ന കോളിയസ് അലങ്കാര ഇലച്ചെടികളിൽ രാജാവാണ്. ജപ്പാനിൽനിന്നു നമ്മുടെ നാട്ടിലെത്തിയ ഇതിന്റെ പുതിയ രണ്ടിനങ്ങള്‍ക്കു മഴവില്ലഴകാണ്. 4–5 മണിക്കൂർ നേരിട്ടു വെയിൽ കിട്ടുന്നിടത്ത് ചട്ടിയിലും നിലത്തും ഒരുപോലെ നട്ടുവളർത്താൻ യോജിച്ചതാണ് ഇവ രണ്ടും. നിലത്താണെങ്കിൽ വെള്ളം തങ്ങിനിൽക്കാത്ത ഇടങ്ങളിലാണ് നടേണ്ടത്. ചെടികൾ നന്നായി വളരാനും ശാഖകൾ ഉണ്ടാകാനും പൂമൊട്ടുകൾ കാണുമ്പോൾ തന്നെ മുറിച്ചുനീക്കണം. ഇളം കമ്പുകൾ മുറിച്ചെടുത്തു നട്ട് പുതിയ ചെടികൾ വളർത്തിയെടുക്കാം.

മരമുല്ലയുടെ ബോൺസായി ഇനം

വെള്ള നിറത്തിൽ സുഗന്ധിപ്പൂക്കൾ കുലകളായി ഉൽപാദിപ്പിക്കുന്ന മരമുല്ല മലയാളിക്കു സുപരിചിതമാണ്. ഈ മരത്തിന്റെ ബോൺസായി പ്രകൃതവും കുഞ്ഞൻ ഇലകളുമുള്ള മിനിയേച്ചർ ഇനം തായ്‌ലൻഡിൽനിന്ന് ഈയിടെയാണു നമ്മുടെ നാട്ടിലെത്തിയത്. ഇടതൂർന്ന ശാഖകളുമായി ബോൺസായ് സ്വഭാവമുള്ള ഈയിനത്തിന്റെ ശിഖരങ്ങളിൽ ഇലകൾ നിറയെ കുത്തിനിറച്ച പോലെയാണു ക്രമീകരിച്ചിരിക്കുന്നത്. സ്വാഭാവികമായി ഗോളാകൃതി പ്രാപിക്കുന്ന ഈ മരമുല്ല മഴക്കാലമല്ലാത്തപ്പോൾ ചെറിയ വെള്ളപ്പൂക്കളും ഉൽപാദിപ്പിക്കും. പരമാവധി 2–3 അടി ഉയരത്തിലേ ഈ കുറ്റിച്ചെടി വളരുകയുള്ളൂ. പിന്നീടു വശങ്ങളിലേക്കാണ് ശാഖകൾ ഉണ്ടായിവരിക. താരതമ്യേന രോഗബാധ കുറവുള്ള ഈയിനം മരമുല്ല നല്ല വെയിൽ കിട്ടുന്നിടത്തു വളർത്താൻ പറ്റിയതാണ്.

വെള്ളപ്പൂങ്കുലയുള്ള കണിക്കൊന്ന

കേരളത്തിന്റെ ഔദ്യോഗിക പുഷ്പമായ കണിക്കൊന്നയുടെ മഞ്ഞപ്പൂക്കളാണ് വിഷുനാളിൽ കണി കാണുക. എന്നാൽ ഈ പൂമരത്തിന്റെ വെള്ളപ്പൂക്കളുള്ള ഇനം നമ്മുടെ നാട്ടിൽ അത്ര പ്രചാരത്തിലായിട്ടില്ല. സസ്യപ്രകൃതിയിൽ നാടൻ കണിക്കൊന്നയ്ക്കു സമാനമാണ് ഈയിനവും. എന്നാൽ പൂവിടും കാലത്ത് പൂങ്കുലകൾ നന്നേ വ്യത്യസ്തമാണ്. ഞാന്നുകിടക്കുന്ന പൂങ്കുലകളിൽ വെള്ളപ്പൂക്കളാണ് ഉണ്ടായിവരിക. പൂമൊട്ടുകൾക്കാവട്ടെ മഞ്ഞനിറവും. നാടൻ ഇനം പോലെ വേനൽക്കാലത്താണ് ഈ മരവും സമൃദ്ധമായി പുഷ്പിക്കുക. നാടൻ കണിക്കൊന്ന ഇംഗ്ലിഷിൽ ഗോൾഡൻ ഷവർ ട്രീ എന്നാണ് അറിയപ്പെടുന്നതെങ്കിൽ ഈയിനത്തിനെ വൈറ്റ് ഷവർ ട്രീ എന്നു വിശേഷിപ്പിക്കാം. കമ്പു മുറിച്ച് നട്ടു വളർത്തിയെടുക്കുന്ന തൈകൾ വേഗത്തിൽ വളർന്നു മരമായി മാറും.

ടെർമിനാലിയ ട്രൈ കളർ

തായ്‌ലൻഡിൽനിന്നു നമ്മുടെ നാട്ടിലെത്തിയ തല്ലിത്തേങ്ങയുടെ അലങ്കാര ചെറുമരമാണ് ടെർമിനാലിയ ട്രൈ കളർ. വെള്ളനിറത്തിൽ നിറയെ ചെറിയ ഇലകളോടുകൂടിയ ശാഖകൾ കുത്തനെ വളരുന്ന തായ്ത്തടിയിൽ തട്ടുതട്ടായിട്ടാണ് ഉണ്ടായി വരിക. തായ്ത്തടിയുടെ വശങ്ങളിലേക്ക് ശാഖകൾ നല്ല അംഗപ്പൊരുത്തത്തോടെയാണ് ക്രമീകരിച്ചിരിക്കുന്നത്. തല്ലിത്തേങ്ങയിലെന്നപോലെ താഴെയുള്ള ശിഖരങ്ങൾ നീളമുള്ളതും മുകളിലേക്ക് ഉണ്ടായിവരുന്നവ നീളം കുറഞ്ഞവയുമായി ഈ അലങ്കാര മരം കാണാൻ പ്രത്യേക ചന്തമാണ്. നേരിട്ടു വെയിലുള്ളിടത്ത് ദൂരെനിന്നുപോലും നല്ല നോട്ടം കിട്ടുന്നിടങ്ങളിൽ ഒറ്റയ്ക്കു വേണം ഈ മരം നട്ടുപരിപാലിക്കാൻ. ചുവട്ടിൽ വെള്ളം തങ്ങിനിന്നാൽ ഇല പൊഴിക്കുമെന്നതുകൊണ്ട് മഴക്കാലത്തു പ്രത്യേക ശ്രദ്ധ നൽകണം.

ലേഖകന്റെ വിലാസം: പ്രഫ. ജേക്കബ് വർഗീസ് കുന്തറ, അസോഷ്യേറ്റ് പ്രഫസർ, ബോട്ടണി വിഭാഗം, ഭാരതമാതാ കോളജ്, തൃക്കാക്കര, കൊച്ചി—21
ഫോൺ: 94470 02211 Email: jacobkunthara123@gmail.com

പൂന്തോട്ടത്തിൽ ഈ മാസം: റീ പോട്ടിങ്, പ്രൂണിങ്

നിലത്തു വളരുന്ന ഓർക്കിഡിന് സാധാരണ ജൈവവളം മാത്രമാണ് നൽകുക. കടലപ്പിണ്ണാക്ക്, പച്ചച്ചാണകസ്ലറി എന്നിവ ഉപയോഗിക്കാം. എന്നാൽ കരുത്തു കുറവാണെങ്കിൽ അഞ്ചു ഗ്രാം 19–19–19 വളം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു മാസത്തിൽ രണ്ടു തവണ കൊടുക്കാം. ഹാങ്ങിങ് വിഭാഗത്തിൽ ഇടയ്ക്കിടെ പച്ചച്ചാണകസ്ലറി അരിച്ചു തളിക്കാം. ഇതിന് ബാക്ടീരിയയെ നിയന്ത്രിക്കാൻ കഴിവുണ്ട്. കായികവളർച്ചയുടെ കാലത്ത് എൻപികെ. 3:1:1 എന്ന അനുപാതത്തിലാണ് വളപ്രയോഗം. ഈ അനുപാതത്തിൽ വളം ലഭ്യമാണെങ്കിൽ 2–3 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് ആഴ്ചയിൽ രണ്ടുതവണ തളിക്കുക. പുഷ്പിക്കുന്ന കാലമാണെങ്കിൽ എൻപികെ 1:2:2 എന്ന അനുപാതത്തിലുള്ള വളമാണ് വേണ്ടത്. ഇതിന് വിപണിയിൽ 5:10:10 അനുപാതത്തിലുള്ള ദ്രാവകവളം ലഭ്യമാണ്. ഇതിന്റെ രണ്ടു മി.ലീ. ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് ആഴ്ചയിൽ രണ്ടു തവണ തളിക്കാം.

ആന്തൂറിയം

റീപോട്ടിങ് നടത്താം. ചുവന്ന കരമണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ തുല്യ അളവിൽ ഒന്നിച്ചെടുത്താൽ പോട്ടിങ് മിശ്രിതമായി. കടലപ്പിണ്ണാക്ക് ഒരാഴ്ച കുതിർത്ത് കിട്ടുന്ന തെളി, ചാണകസ്ലറി, എല്ലുപൊടി, മണ്ണിരക്കമ്പോസ്റ്റ് എന്നിവ ഇടയ്ക്കിടെ ചേർക്കാം. ജൈവവളങ്ങൾ മാറിമാറി ചേർക്കാം. രാസവളങ്ങൾ മിതമായി ഉപയോഗിക്കുക. 19–19–19 വളം അഞ്ചു ഗ്രാം വരെ ഒരു ലീറ്റർ വെള്ളത്തിൽ കലക്കി ആഴ്ചതോറും ഒഴിക്കാം. നീർവാർച്ച നന്നായിരിക്കണം. അല്ലെങ്കിൽ കുമിൾരോഗങ്ങളും ഒച്ചുകളും കൂടും. ഒച്ചിനെ രാത്രിയിൽ പെറുക്കിയെടുത്ത് നശിപ്പിക്കുക. കുമിൾരോഗങ്ങൾക്കെതിരെ ട്രൈക്കോഡെർമ ചുവട്ടിൽ ചേർക്കുകയും സ്യൂഡോമോണാസ് ചെടികളിൽ തളിക്കുകയും ചെയ്യാം (20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ).

റോസ്

ഈ മാസം പ്രൂണിങ് മിതമായി നടത്തുക. നീർവാർച്ച നന്നാകണം. പച്ചച്ചാണകസ്ലറി, കടലപ്പിണ്ണാക്ക് ഒരാഴ്ച കുതിർത്തുകിട്ടുന്ന തെളി, മണ്ണിരക്കമ്പോസ്റ്റ്, ഉണങ്ങിപ്പൊടിച്ച കാലിവളം എന്നിവ റോസിന് ഉപയോഗിക്കാവുന്ന ജൈവവളങ്ങളാണ്. രാസവളത്തിന്റെ കൂട്ട് ഇങ്ങനെ: യൂറിയ 100 ഗ്രാം, സൂപ്പർ ഫോസ്ഫേറ്റ് 150 ഗ്രാം, എല്ലുപൊടി 125 ഗ്രാം, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് 125 ഗ്രാം. ഈ മിശ്രിതം 50 ഗ്രാം വീതം ജൈവവളത്തോടുകൂടി ഈ മാസം ചേർക്കുക. ഇലകളിൽ കറുത്തപൊട്ട് വന്ന് ഇലകൾ കൊഴിയുന്നതു തടയാൻ ബ്ലിട്ടോക്സ് 3 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ സ്പ്രേ ചെയ്യുക.

പാഴ്‌വസ്തുക്കൾകൊണ്ടു പൂന്തോട്ടം

വീട്ടിലെ ജൈവമാലിന്യം വളമായോ ബയോഗ്യാസായോ മാറ്റി ഉപയോഗയോഗ്യമാക്കുന്ന രീതിക്ക് ഇന്നു നല്ല പ്രചാരമുണ്ട്. എന്നാൽ പ്ലാസ്റ്റിക്, ഫൈബർ, സ്റ്റീൽ, റബർ എന്നിവകൊണ്ടുള്ള വസ്തുക്കൾ ഉപയോഗകാലം കഴിഞ്ഞാൽ വീണ്ടും ഉപയോഗപ്രദമാക്കുന്നതിനു പദ്ധതികളും സാങ്കേതികവിദ്യകളുമുണ്ടെങ്കിലും ഇവയൊക്കെ വഴിയോരത്തും പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മറ്റും അടിഞ്ഞുകൂടുകയാണ് പതിവ്. ഇവയില്‍ പലതും വൃത്തിയാക്കി പെയിന്റ് ചെയ്ത് ചെടികൾ നടാനുള്ള പാത്രങ്ങളായി ഉപയോഗിക്കാൻ കഴിയും. ഇങ്ങനെയുള്ള പാഴ്‌വസ്തുക്കൾ ചട്ടികളാക്കി ചെടികൾ നട്ടു തയാറാക്കുന്ന റീസൈക്കിൾ ഗാർഡൻ ഇന്നു ലോകമെമ്പാടും പ്രചാരത്തിലായി വരുന്നു.

അൽപം കലാബോധവും ചെലവഴിക്കാൻ സമയവുമുള്ളവർക്ക് ഏതു പാഴ്‌വസ്തുവും അലങ്കാര ഉരുപ്പടിയായി മാറ്റിയെടുക്കാൻ കഴിയും. ഈടു നിൽക്കുന്ന പാഴ്‌വസ്തുക്കൾ കഴുകി വൃത്തിയാക്കി ആകർഷകമായ ആകൃതിയും നിറവും നൽകിയാണു ചെടികൾ നട്ടുവളർത്തുന്നതിനുള്ള പാത്രങ്ങളായി മാറ്റിയെടുക്കുന്നത്. ഇത്തരം പാത്രങ്ങളിൽ നട്ട ചെടികൾ പരമ്പരാഗത ഉദ്യാനത്തിന്റെ ഒരു ഭാഗത്ത് ഒരുമിച്ച് പ്രത്യേകം സജ്ജീകരിക്കുന്നപക്ഷം കൂടുതൽ ആകർഷകമാകും. അധികം വെയിൽ കിട്ടാത്ത വരാന്തയിലും മരത്തിന്റെ ചോലയിലും മറ്റും ഇത്തരം റീസൈക്കിൾ ചെയ്ത പാത്രങ്ങൾ കൂടുതൽ നാൾ ഭംഗിയോടെ നിലനിൽക്കും.

അടുക്കളയിൽ മിക്സി മുഖ്യസ്ഥാനം കൈയടക്കിയതോടെ സ്ഥാനഭ്രഷ്ടരായ ആട്ടുകല്ലിനും ഉരലിനും പറമ്പിലായി സ്ഥാനം. ഇവ തേച്ചുമിനുക്കി, ക്ലിയർ വാർണിഷും പൂശി നടുവിലുള്ള കുഴിയിൽ നിറച്ച മിശ്രിതത്തിൽ ഒതുങ്ങിയ പ്രകൃതമുള്ള മിനിയേച്ചർ ചെത്തിയോ നന്ത്യാർവട്ടമോ നട്ട് പുൽത്തകിടിയുടെ നടുവിൽ സ്ഥാപിച്ചാൽ പുൽത്തകിടിക്കു കൂടുതൽ അഴകും പഴമയുടെ സ്പർശവും ലഭിക്കും.

തയാറാക്കുന്ന വിധം

റീസൈക്കിൾ ഗാർഡൻ ഒരുക്കുന്നതിന് ആദ്യപടിയായി ഈടുനിൽക്കുന്നതും ആവശ്യത്തിനു വലുപ്പമുള്ളതും നടീൽമിശ്രിതം നിറയ്ക്കാൻ സൗകര്യമുള്ളതുമായ പാഴ്‌വസ്തുക്കൾ കണ്ടെത്തണം. ഉപയോഗശൂന്യമായ ടോയ്‌ലറ്റ് ഫ്ലഷ് ടാങ്ക്, ടയർ, മിക്സിയുടെ ബൗൾ, കാർ ബാറ്ററിയുടെ പ്ലാസ്റ്റിക് പെട്ടി, ചെറിയ ഫ്രിജിന്റെ പുറംപെട്ടി, ഉരൽ, ആട്ടുകല്ല്, പിവിസി പൈപ്പ്, ഹെൽമെറ്റ് തുടങ്ങിയവ ഇതിനായി പ്രയോജനപ്പെടുത്താം.

ഉപയോഗം കഴിഞ്ഞ ഫ്രിജ് ആണ് ചെടി നടാൻ തയാറാക്കുന്നതെങ്കിൽ ആദ്യപടിയായി പുറത്തെ കേസ് ഒഴികെ, മോട്ടോർ, കൂളിങ് കോയിൽ, തട്ടുകൾ, വാതിൽ എല്ലാം നീക്കം ചെയ്യണം. താഴെഭാഗത്ത് വെള്ളം വാർന്നുപോകാനായി ആവശ്യാനുസരണം ദ്വാരങ്ങൾ ഇടണം. പുറംഭാഗം ഭംഗിയായി പെയിന്‍റ് ചെയ്തു വേണമെങ്കിൽ നല്ല ചിത്രങ്ങളും വരച്ച് ആകർഷകമാക്കാം. അടിഭാഗത്ത് വലുപ്പമുള്ള മെറ്റൽചീളുകൾ നിരത്തി അതിനുമേൽ പ്ലാസ്റ്റിക് നെറ്റ് വിരിക്കണം. മെറ്റലിനു മീതെ ആവശ്യാനുസരണം മിശ്രിതം നിറയ്ക്കാം. ഈ വിധത്തിൽ ഫ്ലാന്റർ ബോക്സായി തയാറാക്കിയ ഫ്രിജിൽ ചെടികൾ കൂട്ടമായാണ് നടേണ്ടത്. ഫ്രിജിന്റെ ലോഹ കേസിനുള്ളിൽ അകം ചൂടാകാതിരിക്കാനായി പ്രത്യേക ആവരണമുള്ളതുകൊണ്ട് മിശ്രിതത്തിൽനിന്ന് ഈർപ്പം വേഗത്തിൽ നഷ്ടപ്പെടില്ല എന്ന മെച്ചവുമുണ്ട്.

പഴയ ഫ്ലഷ് ടാങ്ക് ആണ് ചെടി നടാനുള്ള പാത്രമായി മാറ്റുന്നതെങ്കിൽ ഉള്ളിലുള്ള ഫിറ്റിങ്സ് എല്ലാം അഴിച്ചുനീക്കണം. ടാങ്കിന്റെ അടിഭാഗത്തെ വലിയ ദ്വാരം വഴി നടീൽമിശ്രിതം പുറത്തേക്കു പോകാതിരിക്കാന്‍ നേർത്ത കണ്ണിയുള്ള അലുമിനിയം നെറ്റ് ദ്വാരത്തിനു മുകളിൽ വയ്ക്കാം. ഇതിനു മുകളിൽ 1–2 ഇഞ്ച് കനത്തിൽ ബേബിമെറ്റൽ നിറയ്ക്കണം. മെറ്റലിലേക്കു നടീൽമിശ്രിതം ഇറങ്ങാതിരിക്കാൻ മുകളിൽ പ്ലാസ്റ്റിക് നെറ്റ് ഉപയോഗിക്കാം. നെറ്റിനു മുകളിൽ മിശ്രിതം നിറയ്ക്കാം. ടാങ്കിലെ മണ്ണിന്റെ ഉപരിതലം മുഴുവനായി നിറയുന്ന വിധത്തിൽ വേണം ചെടികൾ നടാൻ. വശങ്ങളിലേക്കു ഞാന്നു വളരുന്നവയും ഉപയോഗിക്കാം.

പഴയ ടയറാണ് നടീൽപാത്രമായി മാറ്റുന്നതെങ്കിൽ ആദ്യപടിയായി ടയർ കുറുകെ രണ്ടായി മുറിക്കണം. പകുതിയായി മുറിച്ചെടുത്ത ടയറിന്റെ താഴെഭാഗത്ത് അധികജലം വാർന്നു‍‍പോകാനും വശങ്ങളിൽ തൂക്കിയിടാനുമായി ദ്വാരങ്ങൾ ഇടണം. ഇതിനുശേഷം മോടിയായി പെയിന്റ് ചെയ്തെടുക്കാം. പെയിന്റ് ചെയ്യുന്നതിനു മുൻപ് പ്രൈമറായി സിങ്ക് ക്രോമേറ്റ് പൂശണം. ഇതിനു മുകളിൽ നല്ലനിറം പെയിന്റ് ചെയ്യാം. ടയറിന്റെ വളഞ്ഞ ഭാഗത്താണ് മിശ്രിതം നിറച്ചു ചെടികൾ നടേണ്ടത്. താഴേക്കു ഞാന്നുവളരുന്ന വള്ളിച്ചെടികളാണ് ഇതിൽ വളർത്താന്‍ നല്ലത്. നട്ടശേഷം ആവശ്യമെങ്കിൽ ടയർ പല തട്ടുകളായി തൂക്കിയിടാം.

ഉപയോഗശൂന്യമായ സ്റ്റീൽ നിർമിത പാത്രങ്ങളിൽ അധികജലം വാർന്നുപോകാനായി ദ്വാരങ്ങൾ ഇടുക അത്ര എളുപ്പമല്ല. ഇത്തരം പാത്രങ്ങളിൽ മിശ്രിതം നിറച്ച് നീർബ്രഹ്മി, വാട്ടർ ലെറ്റ്യൂസ്, ആമസോൺ ചെടികൾ തുടങ്ങിയവ നടാം.

പാഴ്‌വസ്തുക്കൾ ആകർഷകമായി പെയിന്റ് ചെയ്തു തയാറാക്കിയ മഷ്റൂം, ചിത്രശലഭം, തുമ്പി, കിളിക്കൂട് എന്നിവ കൂടി വച്ച് ഉദ്യാനം കൂടുതൽ മോടിയാക്കാം.

കുശവന്റെ കയ്യിലെ കളിമണ്ണുപോലെയാണ് എറണാകുളത്ത് തേവരയിൽ താമസിക്കുന്ന പ്രഫ. വി.ജെ. ആന്റണിയുടെ കരങ്ങളിൽ ഏതു പാഴ്‌വസ്തുവും. ഫിസിക്സ് പ്രഫസറായിരുന്ന ആന്റണി സാറിന്റെ വീട്ടിലെത്തുന്നവർക്ക് ഒരു പരീക്ഷണശാലയിൽ ചെന്ന പ്രതീതിയാണ്. വീടിന്റെ കാർ ഷെഡ് ആണു പരീക്ഷണശാല. അവിടെ സ്പ്രേ പെയിന്റിങ്, ഡ്രില്ലിങ്, വെൽഡിങ് തുടങ്ങി ഏത് ആവശ്യത്തിനുള്ള ആയുധങ്ങളുമുണ്ട്.

ഫിസിക്സുമായി ബന്ധപ്പെട്ട പലതരം ഉപകരണങ്ങള്‍ നിർമിച്ചിട്ടുള്ള ഈ അധ്യാപകൻ 3–4 വർഷമായി ശ്രദ്ധിക്കുന്നത് പാഴ്‌വസ്തുക്കൾ ഏതു വിധത്തിലൊക്കെ ഉപയോഗയോഗ്യമാക്കാമെന്നതിനെക്കുറിച്ചാണ്. കൊച്ചിൻ ഫ്ലവർ ഷോയിലെ പൂന്തോട്ട മത്സരത്തിൽ 2015 മുതൽ ആൻറണിയുടെ വീട്ടിലെ ഗാർഡനാണ് ഒന്നാം സ്ഥാനം നേടുന്നത്. ഈ ഉദ്യാനത്തിന്റെ ഭാഗമായി വലിയൊരു റീസൈക്കിൾ ഗാർഡൻ ഉണ്ട്.

ഉപയോഗശൂന്യമായ ഹെൽമെറ്റിൽ മിശ്രിതം നിറച്ചു ചെടികൾ നട്ടു പരീക്ഷണം നടത്തി വിജയിച്ചപ്പോൾ പഴയ ഫ്ലഷ് ടാങ്ക്, അതിനുള്ളിലുള്ള ഫ്ലോട്ട്, മിക്സിയുടെ ബൗൾ എല്ലാം ചെടി നടാനുള്ള പാത്രങ്ങളാക്കി മാറ്റി. തുടര്‍ന്ന് പാഴ്‌വസ്തുക്കൾ തേടി അന്വേഷണം വീടിനു പുറത്തേക്കും വ്യാപിപ്പിച്ചു. പാഴ്‌വസ്തുക്കൾ ശേഖരിക്കുന്ന കടയിൽനിന്നു പലവട്ടമായി 35,000 രൂപയോളം ചെലവഴിച്ച് പഴയ പെട്രോമാക്സ്, ടയർ, പിവിസി പൈപ്പ് തുടങ്ങി പലതും ശേഖരിച്ചു വീട്ടിലെത്തിച്ചു. തന്റെ വർക്ക്ഷോപ്പിൽ ആവശ്യാനുസരണം പെയിന്റ് ചെയ്ത് പുതുമ നൽകി ചെടികൾ നട്ടു. പഴയ പ്ലാസ്റ്റിക് കുപ്പികളിൽ ചെടികൾ നട്ട് ഒരു വെർട്ടിക്കൽ ഗാർഡനും വീടിന്റെ വരാന്തയിൽ ഒരുക്കി.

മനഃശാസ്ത്രത്തിൽ ഡോക്ടറേറ്റുള്ള ആന്റണിയുടെ വീട്ടില്‍ മാനസികപ്രശ്നങ്ങളുമായി എത്തുന്നവർക്ക് ശാന്തിയും സമാധാനവും നൽകാൻ ഉതകുന്നതാണ് റീസൈക്കിൾ ഗാർഡൻ.

ലേഖകൻ: പ്രഫ. ജേക്കബ് വർഗീസ് കുന്തറ, അസോഷ്യേറ്റ് പ്രഫസർ, ബോട്ടണി വിഭാഗം, ഭാരതമാതാ കോളജ്, തൃക്കാക്കര, കൊച്ചി—21
ഫോൺ: 94470 02211
Email: jacobkunthara123@gmail.com

തലമുടി ഇനി തലവേദനയല്ല

തലമുടി ഉപയോഗപ്രദമായ വളമാക്കി മാറ്റാമോ? പറ്റുമെന്നു കേരള കാർഷിക സർവകലാശാലയുടെ പഠനഫലം. ഒപ്പം പിന്തുണയുമായി ബാർബർ ആൻഡ് ബ്യൂട്ടീഷൻസ് അസോസിയേഷനും.

അസോസിയേഷന്റെ പ്രബന്ധത്തെ അടിസ്ഥാനമാക്കിയും കാർഷിക സർവകലാശാല നടത്തിയ ഗവേഷണത്തിലുമാണ് തലമുടി കൃഷിയിടങ്ങളിൽ മികച്ച വളമാക്കാമെന്നു കണ്ടെത്തിയത്.

മുടി വളമായി ഉപയോഗിക്കാമെന്നതു പുതിയ അറിവല്ല. യൂറോപ്പിലും അമേരിക്കയിലും ഇതു വളമായി ഉപയോഗിക്കുന്നുണ്ട്. അമേരിക്കയിലെ സ്മാർട്ട് ഗ്രോ കമ്പനി ഹെയർമാറ്റ് രൂപത്തിൽ വളമായി മുടി വിതരണം ചെയ്യുന്നുമുണ്ട്.

ബാർബർ – ബ്യൂട്ടീഷൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ മുടിയും ചാണകവും ചേർത്തുള്ള വളംനിർമാണം രണ്ടു വർഷമായി നടത്തുന്നുണ്ടെന്നു സംസ്ഥാന സെക്രട്ടറി യു.എൻ. തമ്പി പറഞ്ഞു. അസോസിയേഷനിലെ അംഗങ്ങൾ കൃഷിയിടങ്ങളിൽ ഇത് ഉപയോഗിക്കുന്നുമുണ്ട്.

എന്നാൽ, കേരളത്തിലെ കാലാവസ്ഥയുടെ പ്രത്യേകതകൊണ്ടു മുടി മണ്ണിൽ അലിയാൻ താമസിക്കും. പെട്ടെന്നു ചീയുന്ന വസ്തുവുമായി കൂട്ടിയോജിപ്പിച്ചാൽ മുടി മണ്ണിൽ വേഗം അലിഞ്ഞുചേരും. അതിനു ചാണകം ഉപയോഗിക്കാമെന്നാണു കണ്ടെത്തൽ.

മുടി ചാണകവുമായി യോജിപ്പിച്ചു കൃഷിയിടങ്ങളിൽ ഇടുകയായിരുന്നു അസോസിയേഷന്റെ നേതൃത്വത്തിൽ ചെയ്തത്. എന്നാൽ, ചെടികളിലും മണ്ണിലും സ്പ്രേ ചെയ്യാവുന്ന തരത്തിലുള്ള വളമായിട്ടാണ് ‘തലമുടിവളം’ ഇപ്പോൾ കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്തിരിക്കുന്നത്. കാർഷിക സർവകലാശാലയിലെതന്നെ വിളകളിൽ പരീക്ഷിച്ചു വരികയാണ്. മഴക്കാലമായതിനാൽ വളപ്രയോഗത്തിന്റെ ഫലം പൂർണയായും ലഭിക്കുന്നില്ല. മഴക്കാലം മാറാൻ കാത്തിരിക്കുകയാണു കാർഷിക സർവകലാശാലാ അധികൃതർ.

കാർഷിക സർവകലാശാലാ വൈസ് ചാൻസലർ ഡോ. പി.രാജേന്ദ്രൻ, ഗവേഷണ വിഭാഗം മേധാവി ഡോ. സാജൻ കുര്യൻ, മൈക്രോബയോളജി വിഭാഗം മേധാവി ഡോ. ഗിരിജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. കാർബൺ, സൾഫർ തുടങ്ങി 23 മൂലകങ്ങൾ മുടിയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ 16% നൈട്രജനും.

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് – ടെക്നോളജി ആൻഡ് ഡവലപ്മെന്റ് സ്റ്റഡീസ് മേധാവി അങ്കുഷ് ഗുപ്ത ഇതു സംബന്ധിച്ചു നേരത്തേ നടത്തിയ ഗവേഷണവും അതിന്റെ റിപ്പോർട്ട് അസോസിയേഷൻ കാർഷിക സർവകലാശാലയിൽ സമർപ്പിച്ചിരുന്നു.

മാങ്ങ അച്ചാർ മുതൽ പൾപ്പ് വരെ

മലയാളിയുടെ തീൻമേശ സമ്പന്നമാക്കുന്ന ഒട്ടേറെ വിഭവങ്ങൾ മാങ്ങയുപയോഗിച്ച് തയാറാക്കാം. കണ്ണിമാങ്ങാ അച്ചാർ, ഉപ്പിലിട്ട മാങ്ങ, സോസ്, ചട്നി, ജാം, ഹൽവ, തെര, ഐസ്ക്രീം, പുഡ്ഡിങ് എന്നിങ്ങനെ പരമ്പരാഗതവും നൂതനവുമായ ഉൽപന്നങ്ങൾ തയാറാക്കി വിപണിയിലിറക്കാൻ കഴിയും.

പച്ചമാങ്ങ ഉൽപന്നങ്ങൾ

വിപണിയിൽ ഏറ്റവും ഡിമാൻഡുള്ള അച്ചാറാണ് കണ്ണിമാങ്ങ. ചന്ദ്രക്കാരൻ എന്ന നാടൻ ഇനം ഇതിന് ഏറ്റവും യോജ്യമാണ്. കുലകുലയായി കായ്ക്കുന്ന ചന്ദ്രക്കാരൻ മാങ്ങ അധികം മൂപ്പെത്തും മുൻപെ പറിച്ചെടുത്ത് ഉപ്പിലിട്ടു സൂക്ഷിച്ചാൽ ആവശ്യക്കാരേറുന്ന സമയത്ത് അത് അച്ചാറാക്കി വിപണനം നടത്താം.

മാങ്ങകൾ കഴുകി വെള്ളം വാർന്നുകളഞ്ഞ ശേഷം ഒരു കിലോ മാങ്ങയ്ക്ക് 150 ഗ്രാം എന്ന നിലയിൽ ഉപ്പും 250 മില്ലി വിനാഗിരിയും കിലോയ്ക്ക് 750 ഗ്രാം എന്ന തോതിൽ സോഡിയം ബെൻസോയേറ്റും ചേർത്ത് സൂക്ഷിച്ചുവയ്ക്കാവുന്നതാണ്. ഒരു വർഷത്തോളം ഇതു കേടുകൂടാതെ സൂക്ഷിക്കാനാകും. അച്ചാർ തയാറാക്കുമ്പോൾ പിരിയൻ മുളകുപൊടി, കടുകുപരിപ്പ്, കായം എന്നിവ യോജിപ്പിച്ച് അച്ചാറിൽ ചേർത്ത്, നല്ലെണ്ണ ചൂടാക്കി തണുത്തശേഷം അച്ചാറിനു മുകളിൽ ഒഴിച്ച് പായ്ക്ക് ചെയ്യാം.

പച്ചമാങ്ങ അച്ചാർ

പല രീതിയിൽ അച്ചാർ തയാറാക്കാറുണ്ട്. കേരളത്തിൽ സുലഭമായ തത്തച്ചുണ്ടൻ, മൂവാണ്ടൻ, കിളിച്ചുണ്ടൻ ഇനങ്ങൾ ഇതിനു പറ്റിയതാണ്. ചുനയും പുളിയുമുള്ള ഇനങ്ങളാണ് കൂടുതൽ നല്ലത്. പച്ചമാങ്ങ കൂടുതൽ ലഭിക്കുന്ന കാലത്ത് അത് പരിപ്പ് ഉൾപ്പെടെ നെടുകെ പിളർന്ന്, വിത്തിനു പുറത്തെ കട്ടിയുള്ള പുറന്തോടും തൊലിയും കളയാതെ സാമാന്യം വലുപ്പമുള്ള കഷണങ്ങളാക്കി നുറുക്കി, കിലോയ്ക്ക് 150 ഗ്രാം എന്ന തോതിൽ ഉപ്പു ചേർത്ത് ഭരണിയിലാക്കി വയ്ക്കുക. മാങ്ങയിൽനിന്നു വെള്ളം ഊറി വന്ന്, മാങ്ങയുടെ തൊലി ഇളം പച്ചനിറമാകുമ്പോൾ അതിലേക്ക് മാങ്ങാക്കഷണങ്ങൾ മൂടത്തക്കവിധം വിനാഗിരിയും കിലോയ്ക്ക് 750 മില്ലിഗ്രാം സോഡിയം ബെൻസോയേറ്റും ചേർത്താൽ ദീർഘനാൾ കേടാകാതെയിരിക്കും. ആവശ്യാനുസരണമെടുത്ത് അച്ചാർ തയാറാക്കാം. കിലോയ്ക്ക് 100 ഗ്രാം പിരിയൻ മുളകുപൊടി, 25 ഗ്രാം കടുകുപരിപ്പ്, ഉലുവ പൊടിച്ചത് 30 ഗ്രാം, കായം പൊടിച്ചത് 20 ഗ്രാം എന്ന തോതിൽ ചേർത്ത് മാങ്ങാ അച്ചാർ ഉണ്ടാക്കാം.

പച്ചമാങ്ങ ഉണക്കിയത്

ഉത്തരേന്ത്യയിൽ കറികളിലും മസാലകളിലും ചേരുവയാണ് ഉണക്കിപ്പൊടിച്ച പച്ചമാങ്ങ. പച്ചനിറവും നല്ല പുളിയും ദശക്കട്ടിയുമുള്ള മാങ്ങ തിരഞ്ഞെടുത്തു കഴുകി വൃത്തിയാക്കി സ്റ്റീൽ കത്തി ഉപയോഗിച്ച് തൊലി നീക്കം ചെയ്ത്, നീളമുള്ള കഷണങ്ങളാക്കി മുറിക്കുക. മാങ്ങയുടെ ഭാരത്തിന്റെ മൂന്നിരട്ടി വെള്ളം തിളപ്പിച്ച് അതിൽ മാങ്ങാക്കഷണങ്ങൾ രണ്ട് മിനിറ്റ് മുക്കിവച്ച് ഉടനെ തണുപ്പിക്കുക. തുടർന്ന് രണ്ട് ലീറ്റർ വെള്ളത്തിൽ അഞ്ചു ഗ്രാം പൊട്ടാസ്യം മെറ്റാ ബൈസൾഫേറ്റ് ലയിപ്പിച്ച് അതിൽ മാങ്ങാക്കഷണങ്ങൾ അരമണിക്കൂർ മുക്കിവച്ചശേഷം വെള്ളം വാർന്നു കളഞ്ഞ് ഡ്രയറിൽ ഉണക്കി(50–55 ഡിഗ്രി സെൽഷ്യസ്)യെടുക്കണം.

പച്ചമാങ്ങ മുഴുവനായും (ദശക്കട്ടിയില്ലാത്ത നാരുള്ള ഇനങ്ങൾ) നീളത്തിൽ മുറിച്ച കഷണങ്ങളായും (ദശക്കട്ടിയുള്ള ഇനങ്ങൾ) ഉപ്പിലിട്ട് സൂക്ഷിക്കാറുണ്ട്. അതിനായി തിളപ്പിച്ചാറിയ വെള്ളത്തിൽ 8 ശതമാനം ഉപ്പ്, 10 ശതമാനം വിനാഗിരി, ലീറ്ററിന് ഒരു ഗ്രാം എന്ന തോതിൽ സോഡിയം ബെൻസോയേറ്റ് ചേർത്തു സൂക്ഷിക്കാവുന്നതാണ്.

പച്ചമാങ്ങ ഉപയോഗിച്ച് ശീതളപാനീയവും ഉണ്ടാക്കാം. തൊലി നീക്കം ചെയ്തു കഷണങ്ങളാക്കിയ മാങ്ങ മൃദുവാകുന്നതുവരെ വേവിച്ച് തണുത്തശേഷം അരച്ചെടുക്കുക. ഇതിന്റെ തുല്യ അളവു വെള്ളവും ഇരട്ടി പഞ്ചസാരയും 10 ഗ്രാം സിട്രിക് ആസി‍‍ഡും ചേർത്ത് തിളപ്പിക്കുക. ഈ സിറപ്പ് തണുക്കുമ്പോൾ പച്ചമാങ്ങാ പൾപ്പ് ചേർക്കുക. ആവശ്യമെങ്കിൽ ഫുഡ്കളർ (പച്ചനിറം) ചേർക്കാം. ലീറ്ററിന് 750 മില്ലി ഗ്രാം എന്ന തോതിൽ പൊട്ടാസ്യം മെറ്റാ ബൈസൾഫേറ്റും ഒരു ചെറിയ ടീസ്പൂൺ പച്ചമാങ്ങാ എസ്സൻസും ചേർക്കാം.

ചനച്ച മാങ്ങാ ഉൽപന്നങ്ങൾ

ദശക്കട്ടിയും ഇടത്തരം പുളിയുമുള്ള ചനച്ച മാങ്ങാ പൾപ്പിൽനിന്നു സോസ്, ചട്നി എന്നിവ തയാറാക്കാം. മാങ്ങയുടെ തൊലി ചെത്തി കഷണങ്ങളാക്കി മുറിച്ച് അൽപം വെള്ളമൊഴിച്ചു വേവിച്ച് അരച്ചെടുക്കുക. പൾപ്പിന്റെ തുല്യ അളവ് പഞ്ചസാര / ശർക്കര, 150 ഗ്രാം ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിച്ചു വയ്ക്കുക. പൊടിയായി അരിഞ്ഞ സവാള 100 ഗ്രാം, ഇഞ്ചി 15 ഗ്രാം, വെളുത്തുള്ളി 10 ഗ്രാം എന്നിവ വൃത്തിയുള്ള ഒരു കോട്ടൺ തുണിയിൽ (കർച്ചീഫിന്റെ വലുപ്പത്തിലുള്ളത്) എടുക്കുക. അതിലേക്ക് രണ്ടു ഗ്രാം വീതം ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപ്പട്ട, കുരുമുളക്, ജീരകം എന്നിവ പൊടിച്ച് ചേർക്കുക. 25 ഗ്രാം പിരിയൻ മുളകുപൊടി ചേർക്കുക. ഇനി ഈ കോട്ടൺ തുണി ഒരു കിഴിപോലെ കെട്ടി സോസിനു തയാറാക്കി വച്ച പൾപ്പിലേക്കിട്ട് ജാം ഉണ്ടാക്കുന്നതുപോലെ ചെറുതീയിൽ തുടരെയിളക്കി സോസ് തയാറാക്കുക. ഇടയ്ക്കിടെ മസാല നിറച്ച കിഴിയിൽ അമർത്തിക്കൊടുക്കണം. ഷീറ്റ് പോലെ മുറിഞ്ഞു വീഴുന്ന പരുവത്തിൽ അടുപ്പത്തുനിന്നു മാറ്റി, ആവശ്യത്തിനു വിനാഗിരി ചേർക്കുക. കിഴി എടുത്തുമാറ്റി, അത് തണുക്കുമ്പോൾ മസാലയുടെ ചാറ് പിഴിഞ്ഞ് സോസിലേക്കു ചേർത്ത് യോജിപ്പിക്കുക. ഒരു കിലോ സോസിന് 750 മില്ലി ഗ്രാം എന്ന തോതിൽ സോഡിയം ബെൻസോയേറ്റ് ചേർത്ത് പായ്ക്ക് ചെയ്യാവുന്നതാണ്.

പഴുത്ത മാങ്ങാ ഉൽപന്നങ്ങൾ

പൾപ്പാക്കുകയാണ് പഴുത്ത മാങ്ങയുടെ പ്രധാന സൂക്ഷിപ്പുരീതി. ദശക്കട്ടിയുള്ള, നന്നായി പഴുത്ത മാങ്ങ, തൊലി ചെത്തി കഷണങ്ങളാക്കി അൽപം വെള്ളമൊഴിച്ച് വേവിച്ച് പൾപ്പാക്കുക. ഈ പൾപ്പ് ചെറുതീയിൽ വറ്റിച്ച് (ഒരു കിലോ പൾപ്പ് 750 ഗ്രാം ആയി കുറയ്ക്കണം) കിലോയ്ക്ക് 750 മില്ലിഗ്രാം എന്ന തോതിൽ സോഡിയം ബെൻസോയേറ്റ് ചേർത്ത് അണുവിമുക്തമാക്കിയ പാത്രങ്ങളിൽ നിറച്ച് സൂക്ഷിക്കാം. കാൻ ചെയ്തും റിട്ടോർട്ട് ചെയ്തും ഇത് സൂക്ഷിക്കാം. വ്യാവസായികരീതിയിൽ പൾപ്പ് നിർമിച്ചു സൂക്ഷിക്കുന്നതിന് ഫ്രൂട്ട് പൾപ്പർ, ബോയിലർ, സ്റ്റീം കെറ്റിൽ എന്നിവ ഉപയോഗിക്കണം.

ഇങ്ങനെ തയാറാക്കിയ പൾപ്പിൽനിന്ന് ഹൽവ (പഞ്ചസാര, മൈദ, നെയ്യ് എന്നിവ ചേർത്ത്), ഫ്രൂട്ട് ടോഫി, സ്ക്വാഷ് (പച്ചമാങ്ങയുടെ സ്ക്വാഷ് തയാറാക്കിയതുപോലെ), നെക്ടർ, റെഡി റ്റു സെർവ് ഡ്രിങ്ക് (മാമ്പഴപൾപ്പ് ഒരു ലീറ്റർ, പഞ്ചസാര 750 ഗ്രാം, സിട്രിക് ആസിഡ് 10 ഗ്രാം, വെള്ളം മൂന്നു ലീറ്റർ എന്നിവ ചേർത്തു തിളപ്പിച്ച്, ആർടിഎസ് (റെഡി റ്റു സേർവ്– അപ്പോള്‍ കഴിക്കാവുന്നത്) തയാറാക്കാം. ഇത് ചൂട് താങ്ങാൻ ശേഷിയുള്ള കുപ്പികളിൽ നിറച്ച് 75 ഡിഗ്രി സെൽഷ്യസിൽ 20 മിനിറ്റ് പാസ്ചുറൈസ് ചെയ്ത് ഉടനെ തണുപ്പിച്ച് സൂക്ഷിക്കാം. ജാം (ഒരു കിലോ പൾപ്പിന് 600 ഗ്രാം പഞ്ചസാര, 1.5 ഗ്രാം സിട്രിക് ആസിഡ്, 2.5 ഗ്രാം പെക്റ്റിൻ എന്നിവ ചേർത്ത് ചെറുതീയിൽ വറ്റിച്ച് ജാം തയാറാക്കാം). തെര (മാങ്ങ പൾപ്പ് വൃത്തിയുള്ള ഒരു ട്രേയിൽ കനം കുറച്ചു പരത്തി, ഉണക്കിയെടുക്കുന്ന രീതി) എന്നിവയും തയാറാക്കാം.

വിലാസം: സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് (ഹോം സയൻസ്), കൃഷി വിജ്ഞാന കേന്ദ്രം, ആലപ്പുഴ ഫോൺ: 0479 2449268

മീൻ ഉണക്കാൻ സോളർ ഡ്രയർ

മത്സ്യത്തിന്റെ മൂല്യവർധനയിൽ പ്രാചീനരീതിയാണ് ഉണക്കൽ. സൂര്യപ്രകാശത്തിൽ നേരിട്ട് ഉണങ്ങുന്ന രീതിക്കാണ് പണ്ടേ പ്രചാരം. എന്നാൽ ഇതിന് ഒട്ടേറെ പരിമിതികളുണ്ട്. സൂര്യതാപം വർഷം മുഴുവൻ തുടർച്ചയായി ലഭ്യമല്ല. പൊടിപടലങ്ങൾ, കീടങ്ങൾ, പക്ഷിമൃഗാദികൾ എന്നിവയുടെ ശല്യങ്ങളിൽനിന്നും മറ്റു മാലിന്യങ്ങളിൽനിന്നും ഉൽപന്നങ്ങൾ സുരക്ഷിതമല്ല. എന്നാല്‍ ഈ പരിമിതികള്‍ ഇല്ലാത്ത തരം ഡ്രയറുകൾ കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി) വികസിപ്പിച്ചെടുത്തു.

മത്സ്യോൽപന്നങ്ങൾ കേടുകൂടാതെ ഉണക്കാനാവശ്യമായ താപനില 45–55 ഡിഗ്രി സെൽഷ്യസാണ്. ഈ പരിധിക്കുള്ളിൽ ഊഷ്മാവ് ഒരേപോലെ വിതരണം ചെയ്യുന്നതിലും നിയന്ത്രിക്കുന്നതിലുമാണ് ഡ്രയറിന്റെ വിജയം. സൂര്യപ്രകാശം പരമാവധി കാര്യക്ഷമമായി ശേഖരിച്ച് ഉപയോഗിക്കാനുള്ള സാങ്കേതികവിദ്യയാണ് സിഐഎഫ്ടി ഉരുത്തിരിച്ചത്.

സോളർ ടണൽ ഡ്രയർ: പൂർ‌ണമായും സൂര്യപ്രകാശത്തെ ആശ്രയിച്ചുള്ള സംവിധാനം. പോളികാർബണേറ്റ് ഷീറ്റുകൾകൊണ്ടാണ് ഇതു നിർമിച്ചിരിക്കുന്നത്. സൂര്യകിരണം വലിച്ചെടുത്തു ഡ്രയറിനുള്ളിലെത്തിച്ച് ഉണങ്ങാനാവശ്യമായ താപനില ഒരുക്കുന്നു. 10 തട്ടങ്ങളിലായി അഞ്ചു കിലോവരെ മത്സ്യം ഇതിൽ ഉണക്കാം. 50,000 രൂപ വിലമതിക്കുന്ന ഡ്രയറിൽ കാർഷിക വിളകളും ഉണക്കാനാവും. ഭക്ഷ്യവസ്തുക്കൾക്കു ദോഷമുണ്ടാകാത്ത സ്റ്റീൽ, തീ പിടിക്കാത്ത പ്ലൈവുഡ്, പിവിസി പൈപ്പുകൾ എന്നിവയാണ് പ്രധാന നിർമാണ ഘടകങ്ങൾ.

സോളർ – LPG ഡ്രയർ: സൂര്യപ്രകാശ ലഭ്യത ക്രമരഹിതവും എല്ലാ കാലാവസ്ഥയിലും ഉറപ്പുവരുത്താനാകാത്തതുമായതുകൊണ്ട് ആവശ്യം വന്നാൽ പാചകവാതകമുപയോഗിച്ച് ചൂട് ഉൽപാദിപ്പിക്കാനുള്ള സംവിധാനം കൂടി ഇതിലുണ്ട്. സൂര്യകിരണങ്ങൾ സോളർ പാളികൾക്കിടയിലെ കുഴലുകളിലൂടെ ഒഴുകുന്ന ജലത്തിന്റെ ഊഷ്മാവ് ഉയർത്തുന്നു. ചൂടായ ജലം താപവിതരണ ക്രമീകരണത്തിലൂടെ (ഹീറ്റ് – എക്സ്ചേഞ്ചർ) ഒഴുകി ഡ്രയറിന്റെ ഉള്ളിൽ ഉണങ്ങാനാവശ്യമായ താപനില നിലനിർത്തുന്നു. എന്നാൽ സൂര്യപ്രകാശം കുറവുള്ള സമയത്ത് ഡ്രയറിനകത്ത് ആവശ്യമായ ഊഷ്മാവ് നിലനിർത്താൻ സാധിക്കാതെ വരുമ്പോൾ ഡ്രയറിനോടു ചേർന്നുള്ള പാചക വാതക സംവിധാനം പ്രവർത്തിച്ച് ജലം ചൂടാക്കി ഊഷ്മാവ് ആവശ്യമുള്ള അളവിൽ നിയന്ത്രിക്കുന്നു. ഈ സംവിധാനം ഉപയോഗിച്ച് മേഘാവൃതസമയത്തും മഴക്കാലത്തുപോലും മത്സ്യം ഉണക്കാം.

നാൽപതു കിലോ മത്സ്യം ഉണക്കാൻ ശേഷിയുള്ള ഈ ഡ്രയറിന്റെ വില ഉദ്ദേശം 3.5 ലക്ഷം രൂപ. സൂര്യപ്രകാശം വേണ്ടത്ര ലഭ്യമല്ലാത്ത സമയത്തു മാത്രമേ പാചക വാതക സംവിധാനം പ്രവർത്തിപ്പിക്കേണ്ടിവരുന്നുള്ളൂ. താപനില അനുസരിച്ച് തീ കത്തിക്കാനും അണയ്ക്കാനുമുള്ള ഓട്ടോമാറ്റിക് സംവിധാനവുമുണ്ട്.

സോളർ ഇലക്ട്രിക് ഡ്രയർ: സൂര്യപ്രകാശം ലഭിക്കാത്തപ്പോഴോ, കുറവുള്ളപ്പോഴോ വൈദ്യുതി ഉപയോഗിച്ച് ചൂട് നിലനിർത്തുന്ന രീതിയാണ് ഇതിലുള്ളത്. തെളിഞ്ഞ ദിവസങ്ങളിൽ സോളർ പാളികൾ വഴി നേരിട്ടുള്ള സൂര്യപ്രകാശം ഉപയോഗിച്ച് മത്സ്യം ഉണക്കാം. പ്രതികൂല സാഹചര്യങ്ങളിൽ വൈദ്യുതികൊണ്ട് പ്രവർത്തിക്കുന്ന ഹീറ്ററുകൾ ഉപയോഗിച്ചു താപനില നിയന്ത്രിക്കുകയും ചെയ്യാം. 6–8 മണിക്കൂറിനുള്ളിൽ മത്സ്യങ്ങൾ ഉണങ്ങിക്കിട്ടുന്ന ഡ്രയറിന്റെ ശേഷി 20 കിലോ വരെയാണ്.

ഫുഡ്ഗ്രേഡ് സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചാണ് ഉൽപന്നവുമായി ബന്ധപ്പെടുന്ന ഭാഗങ്ങൾ നിർമിച്ചിരിക്കുന്നത്. 1.5 ലക്ഷത്തോളം രൂപ വില വരുന്ന സോളർ–ഇലക്ട്രിക് ഡ്രയർ കാർഷികവിളകൾ ഉണക്കാനും ഉപയോഗിക്കാം.

സോളർബയോമാസ് ഡ്രയർ: ചെലവു കുറഞ്ഞ ഉപകരണം. സൂര്യപ്രകാശത്തിന്റെ അഭാവത്തിൽ ജൈവവസ്തുക്കൾ (വിറക്, ജൈവ മാലിന്യങ്ങൾ) ഉപയോഗിച്ച് ഡ്രയറിലെ താപനില നിയന്ത്രിച്ചു നിലനിർത്താം. ജൈവ മാലിന്യങ്ങൾ കത്തിച്ചാണ് ഉണക്കാനാവശ്യമായ ഊഷ്മാവ് ലഭ്യമാക്കുന്നത്.

വിലാസം:

∙ ശാസ്ത്രജ്ഞ, എൻജിനീയറിങ് വകുപ്പ്, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, കൊച്ചി.

∙ പ്രിൻസിപ്പൽ സയന്റിസ്റ്റ് & മേധാവി, എൻജിനീയറിങ് വകുപ്പ്, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, കൊച്ചി. ഫോൺ : 0484 2412412

കൃഷിയിടത്തിലെ യന്തിരൻ

കൃഷിച്ചെലവ് കൂടുകയും വരവ് കുറയുകയും ചെയ്യുന്നതാണ് ഇന്നത്തെ കർഷകൻ നേരിടുന്ന പ്രധാന വെല്ലുവിളി. ചെലവു കൂടുവാൻ പ്രധാന കാരണം തൊഴിലാളികളുടെ ലഭ്യതക്കുറവും ഉയർന്ന വേതന നിരക്കുമാണ്. കാർഷിക യന്ത്രവത്ക്കരണം വഴി ഒരുപരിധിവരെ ഈ വെല്ലുവിളി നേരിടാം.

ഒട്ടുമിക്ക കൃഷിപ്പണികളും ട്രാക്ടർ പ്രധാന യന്ത്രമായി പ്രവർത്തിപ്പിച്ച് അനുബന്ധ ഉപകരണങ്ങൾ പുറകിൽ ഘടിപ്പിച്ച് കൃഷിപ്പണികൾ സുഗമമാക്കാം. ട്രാക്ടർ മാത്രമായാണ് ഉപയോഗിക്കുന്നതെങ്കിൽ പ്രധാനമായും നിലം ഒരുക്കുന്നതിനായി ഉപയോഗിക്കുന്നു.

∙ ലെവലർ ഘടിപ്പിച്ച് കൃഷിഭൂമി നിരപ്പാക്കാം
∙ ഡിഗ്ഗറുകൾ ഘടിപ്പിച്ച് കുഴിയെടുക്കാം
∙ മരുന്നുകൾ സ്പ്രേ ചെയ്യുവാനുപയോഗിക്കാം
∙ വെള്ളം പമ്പ് ചെയ്യാം
∙ വരമ്പുകൾ നിശ്ചിത അകലത്തിൽ എടുക്കാം

ടില്ലർ

ഭാരം കൂടിയ ട്രാക്ടർ സുഗമമായി പ്രവർത്തിപ്പിക്കാൻ പ്രയാസമുള്ള പാടങ്ങളിലേക്കു യോജിച്ചതാണു പവർ ടില്ലർ. ഇതിൽ ദൃഢമായി ഉറപ്പിച്ചിരിക്കുന്ന റോട്ടവേറ്റർ ബ്ലെയ്ഡുകൾ നിലം പരുവപ്പെടുത്തുവാൻ സഹായിക്കുന്നു. കേജ് വീൽ ഘടിപ്പിച്ച് ചെളി കലക്കാൻ സാധിക്കും.

ഗാർഡൻ ടില്ലർ

കരമണ്ണ് 7.5 മുതൽ ഒൻപത് സെമീ ആഴത്തിൽ ഇളക്കി മറിക്കുവാനുപയോഗിക്കുന്നു. തെങ്ങിനു തടമെടുക്കാനും കളകളിളക്കി മറിക്കുവാനും ഉത്തമം. 5.5 എച്ച്പി എൻജിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന യന്ത്രം 93 സെന്റിമീറ്റർ വീതിയിൽ മണ്ണിളക്കുന്നു.

മൈക്രോ ടില്ലർ

കുറഞ്ഞ ആഴത്തിൽ മണ്ണിളക്കുന്നതിനാൽ പച്ചകൃഷിക്ക് നിലം പരുവപ്പെടുത്താനനുയോജ്യം. 0.8 എച്ച്പി എൻജിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മൈക്രോ ടില്ലർ 203 മില്ലിമീറ്റർ ആഴത്തിലും 230 മുതൽ 300 മില്ലിമീറ്റർ വീതിയിലും മണ്ണിളക്കുന്നു. ചെറുകിട കർഷകർക്കനുയോജ്യം.

വിതയന്ത്രം

മുളപ്പിച്ച നെൽവിത്ത് എട്ടു വരികളിലായി 200 മില്ലിമീറ്റർ വരിയകലത്തിൽ വിതയ്ക്കുന്നു. 10 കിലോഗ്രാം മാത്രം ഭാരമുള്ളതിനാൽ സ്ത്രീകൾക്കും ഉപയോഗിക്കാം.

കൊയ്ത്ത് യന്ത്രം

നെല്ല് കൊയ്യുന്നതിനുവേണ്ടി ഉപയോഗിക്കുന്നു. 3.1 എച്ച്പി എൻജിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന യന്ത്രം നാലു വരികളിലായി വീഴാതെ വിള‍ഞ്ഞുനിൽക്കുന്ന നെൽച്ചെടികളെ വലതുവശത്തേക്ക് കൊയ്തിടുന്നു.

നാലുവരി നടീൽ യന്ത്രം

പിറകിൽ ഉന്തിക്കൊണ്ടു പ്രവർത്തിക്കുന്ന കുബോട്ട (ജാപ്പനീസ് നിർമിതം) യന്ത്രം 160 കിലോ മാത്രം ഭാരമുള്ളതിനാൽ ഒരു പാടത്തുനിന്നും അനായാസേന മറ്റൊരു പാടത്തേക്കു കയറ്റാനും അതുപോലെ നിഷ്പ്രയാസം വരമ്പ് കയറ്റിയിറക്കാനും കഴിയും. 3.48 എച്ച്പി എൻജിനിൽ പ്രവർത്തിക്കുന്ന നടീൽ യന്ത്രം 12 – 21 സെന്റിമീറ്റർ ഞാറുകൾ തമ്മിലും 30 സെന്റിമീറ്റർ വരികൾ തമ്മിലും അകലം ക്രമീകരിച്ചു നടുന്നു. 0.7 മുതൽ 3.7 സെന്റിമീറ്റർ ആഴത്തിൽ നടുവാൻ കഴിയും.

കളയെടുപ്പ് യന്ത്രം (രണ്ടു വരി)

ബ്രഷ് കട്ടർ പ്രധാന ഉപകരണമായി അതിന്റെ ഷാഫ്റ്റിന്റെ അഗ്രഭാഗത്തു രണ്ട് റോട്ടർ ബ്ലെയ്ഡുകൾ ഘടിപ്പിച്ചു നെല്ലിലെ കളയിളക്കുവാൻ കഴിയും. ഒരേസമയം കാടു വെട്ടുന്ന ഉപകരണമായും കളയെടുപ്പ് യന്ത്രമായും ബ്ലെയ്ഡുകൾ മാറ്റി ഘടിപ്പിച്ച് ഉപയോഗിക്കാം. വരികൾ തമ്മിലുള്ള അകലം 20 – 22 സെന്റിമീറ്ററും ആഴം അഞ്ച് ഇഞ്ചിലും യന്ത്രം പ്രവർത്തിക്കുന്നു.

മൂന്നു വരി കളയെടുപ്പ് യന്ത്രം

2.2 എച്ച്പി എൻജിൻകൊണ്ട് പ്രവർത്തിക്കുന്ന ഈ കളയെടുപ്പ് യന്ത്രം വരിയും നിരയുമായി നട്ട നെൽചെടികളുടെ മൂന്നു വരികൾക്കിടയിലുള്ള കളനിയന്ത്രണം സാധ്യമാക്കുന്നു. 25 മുതൽ 33 സെന്റിമീറ്റർ വരികൾക്കിടയിലുള്ള കളയിളക്കാം.

പാറ്റ് മെതിയന്ത്രം

ആറ് എച്ച്പി എൻജിൻ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഈ യന്ത്രം നെൽകറ്റകളെ മെതിച്ച് പാറ്റി വൃത്തിയാക്കുന്നു.

പാറ്റ് യന്ത്രം

നെല്ല് പാറ്റി വൃത്തിയാക്കാൻ ഉപയോഗിക്കുന്നു. 0.5 എച്ച്പി എൻജിൻ ഉപയോഗിച്ചു പ്രവർത്തിക്കുന്നു.

കമ്പയിൻ ഹാർവെസ്റ്റർ

കൊയ്ത്ത്, മെതി, പതിരു നീക്കൽ എന്നീ മൂന്നു പ്രധാന കൃഷിപ്പണികൾ ഒരുമിച്ചു ചെയ്തുതീർക്കും. മറിഞ്ഞുവീണ നെല്ലുകൾ കൊയ്യാൻ സാധ്യമല്ല. വെള്ളക്കെട്ടുള്ള പാടവും പ്രവർത്തനത്തിന് അനുയോജ്യമല്ല.

ബെയിലർ‌

കൊയ്ത്ത് യന്ത്രം കൊയ്തിട്ട കറ്റകളെ കെട്ടുന്നതിനുപയോഗിക്കുന്ന യന്ത്രം. ട്രാക്ടറിനോടു ചേർന്ന് അനുബന്ധ ഉപകരണമായി ഘടിപ്പിച്ചു പ്രവർത്തിപ്പിക്കണം. കെട്ടുകൾ ഉണ്ടാക്കാം.

കുഴിയെടുപ്പ് യന്ത്രം

2.41 എച്ച്പി ​എൻജിനിൽ പ്രവർത്തിക്കുന്ന യന്ത്രം നിയന്ത്രിക്കുവാൻ ഒരാൾ ആവശ്യമാണ്. 20 മുതൽ 30 സെന്റിമീറ്റർ വ്യാസത്തിലും 45 സെന്റിമീറ്റർ ആഴത്തിലും കുഴികളെടുക്കുന്നു.

എട്ടുവരി നടീൽ യന്ത്രം

ഒരാൾ ഇരുന്നുകൊണ്ടു പ്രവർത്തിപ്പിക്കാവുന്ന ഇത്തരം നടീൽ യന്ത്രം തയാറാക്കിയ ഞാറ്റടി പാടത്ത് 225 മില്ലിമീറ്റർ അകലത്തിലും ഞാറുകൾ തമ്മിൽ 100 മുതൽ 120 മില്ലിമീറ്റർ അകലവും ക്രമീകരിച്ച് കൃത്യതയോടെ നടുന്നു. 3.25 ​എച്ച്പി എൻജിൻ ഉപയോഗിച്ചാണ് യന്ത്രം പ്രവർത്തിക്കുന്നത്.

തയാറാക്കിയത്: ജി. ചിത്ര, മിത്രനികേതൻ, കെ.വി.കെ, തിരുവനന്തപുരം.
ഫോൺ: 9400288040

ജൈവാവശിഷ്ടങ്ങള്‍ മണ്ണിരക്കമ്പോസ്റ്റാക്കാം

മണ്ണിരക്കമ്പോസ്റ്റ് തയാറാക്കുന്ന വിധം

കൃഷിയിടത്തിലെയും വീട്ടിലെയും ജൈവാവശിഷ്ടങ്ങൾ മണ്ണിരയെ ഉപയോഗിച്ച് കമ്പോസ്റ്റാക്കാം. സാധാരണ കമ്പോസ്റ്റിനേക്കാള്‍ മികച്ചതായതുകൊണ്ട് മണ്ണിരക്കമ്പോസ്റ്റ് കുറഞ്ഞ അളവിൽ ചേർത്താലും ഗുണം ലഭിക്കും.

നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ സാധാരണ കമ്പോസ്റ്റിലുള്ളതിന്റെ രണ്ടിരട്ടിയോളം അളവിൽ ചെടികൾക്കു കിട്ടത്തക്ക രൂപത്തിൽ മണ്ണിരക്കമ്പോസ്റ്റിലുണ്ട്. ഇതു മണ്ണിന്റെ അമ്ലത കുറയ്ക്കുന്നു. എൻസൈമുകൾ, ഹോർമോണുകൾ, വൈറ്റമിനുകൾ എന്നിവയാൽ സമൃദ്ധമാണ്.

കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന പ്രത്യുൽപാദനശേഷിയും വളർച്ചനിരക്കും ഭക്ഷണക്ഷമതയുമുള്ള മണ്ണിരകളാണു കമ്പോസ്റ്റ് നിർമാണത്തിനു യോജിച്ചത്. മറുനാടൻ ഇനമായ ഐസീനിയ, യൂഡ്രില്ലുസ് എന്നിവയെ ഇതിനായി ഉപയോഗിക്കാം.

കമ്പോസ്റ്റ് നിർമാണം

മണ്ണിരക്കമ്പോസ്റ്റ് തയാറാക്കുന്നതിനും തണലുള്ളതും വെള്ളം കെട്ടിനിൽക്കാത്തതുമായ സ്ഥലം തിരഞ്ഞെടുക്കാം. അധികം ആഴമില്ലാത്ത ഫെറോസിമന്റ് ടാങ്കുകളും ഇതിനായി ഉപയോഗിക്കാം. മഴയിൽനിന്നും വെയിലിൽനിന്നും സംരക്ഷണത്തിനായി ടാങ്കുകൾ കഴിവതും ഷെഡ്ഡിനകത്തു വയ്ക്കുന്നതാണു നല്ലത്. ടാങ്കിനടിഭാഗത്ത് അധികജലം വാർന്നുപോകാ‍ൻ പ്ലാസ്റ്റിക് കുഴൽ ഘടിപ്പിക്കണം. ടാങ്കിനു ചുറ്റും ചെറിയ ചാലുണ്ടാക്കി അതിൽ വെള്ളം കെട്ടിനിർത്തിയാൽ ഉറുമ്പ് കടക്കുന്നതു തടയാം. ചട്ടത്തിൽ കമ്പിവല പിടിപ്പിച്ചതുകൊണ്ടു ടാങ്ക് അടയ്ക്കുകയാണെങ്കിൽ എലിയിൽനിന്നു സംരക്ഷണവുമായി.

മണ്ണിരത്തടം ഉണ്ടാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ടാങ്കിന്റെ ഏറ്റവും താഴെ ഒന്നോ രണ്ടോ ചകിരിത്തൊണ്ടുകൾ മലർത്തിയിടുക. അതിനു മുകളിലായി ഒരിഞ്ചു കനത്തിൽ അറക്കപ്പൊടിയോ ചകിരിച്ചോറോ നിരത്തി, അതിനു മീതെ ചാണകപ്പൊടിയോ കമ്പോസ്റ്റോ ഇട്ട്, നനച്ചുകൊടുത്താൽ മണ്ണിരത്തടം തയാർ.

കൃഷിയിടത്തിലെ പകുതി ജീർണിച്ച ജൈവാവശിഷ്ടവും ചാണകവും 8:1 എന്ന അനുപാതത്തിൽ ചേർത്തിളക്കിയത് മണ്ണിരത്തടത്തിനു മീതെയിടുക. അതിനുശേഷം ദിവസവും നനച്ചുകൊടുക്കുക. ഒരു ചതുരശ്രമീറ്ററിന് 250 മണ്ണിര എന്ന തോതിൽ ഈ ജൈവാവശിഷ്ടങ്ങളിലേക്ക് ഇട്ടതിനുശേഷം നനച്ച ചാക്കുകൊണ്ടു മൂടുക. ആഴ്ചയിൽ രണ്ടു പ്രാവശ്യം ടാങ്കിലെ ജൈവവസ്തുക്കൾ ഇളക്കിക്കൊടുക്കുകയും ടാങ്ക് നനച്ചുകൊടുക്കുകയും വേണം. എന്നാൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. പകുതി ദ്രവിച്ച ജൈവാവശിഷ്ടങ്ങളിലേക്ക് മണ്ണിരയെ ഇടുകയാണെങ്കിൽ കമ്പോസ്റ്റിങ് വേഗത്തിലാക്കാം. ഇതിനായി മറ്റൊരു കുഴിയിലോ ടാങ്കിലോ ജൈവാവശിഷ്ടം പകുതി ദ്രവിപ്പിച്ചെടുക്കാവുന്നതാണ്. ശരിയായ ഊഷ്മാവും ഈർപ്പവും വായുസഞ്ചാരവും മണ്ണിരയുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതം. ഇങ്ങനെ 30–45 ദിവസത്തിനുള്ളിൽ ജൈവാവശിഷ്ടങ്ങൾ കമ്പോസ്റ്റാക്കി മാറ്റാം.

ചകിരിച്ചോര്‍ കമ്പോസ്റ്റ് നിർമാണം

ജൈവമാലിന്യങ്ങൾ കമ്പോസ്റ്റായി മാറിക്കഴിഞ്ഞാൽ, വളം എടുക്കുന്നതിനുവേണ്ടി നാലഞ്ചു ദിവസം ടാങ്കിൽ ഈർപ്പം നൽകാതിരിക്കണം. അപ്പോൾ മണ്ണിര താഴേക്കു പോയിത്തുടങ്ങും. മുകളിലെ വളം ശേഖരിച്ച് അധികം വെയിലില്ലാത്ത സ്ഥലത്തു കൂട്ടിയിടുക. ശേഷിക്കുന്ന മണ്ണിരയും താഴേക്കു പോകും. അവയെ വീണ്ടും കമ്പോസ്റ്റ് നിർമാണത്തിനായി ഉപയോഗിക്കാം. മുകളിലെ കമ്പോസ്റ്റ് അരിച്ചു തണലിൽ ഉണക്കി ചാക്കിൽ സൂക്ഷിക്കാം.

വെർമിവാഷ്

മണ്ണിരക്കമ്പോസ്റ്റുണ്ടാക്കുന്ന ടാങ്കിൽനിന്ന് ഊറിവരുന്ന ദ്രാവകമാണ് വെർമിവാഷ്. മുഖ്യ പോഷകമൂല്യങ്ങൾ, സൂക്ഷ്മ മൂലകങ്ങൾ, ഹോർമോണുകൾ, വിറ്റാമിനുകൾ തുടങ്ങിയവ ചെടികൾക്കു പെട്ടെന്നു വലിച്ചെടുക്കാൻ കഴിയുന്ന രൂപത്തിൽ വെർമിവാഷിൽ ലഭ്യമാണ്.

അന്തരീക്ഷത്തിൽനിന്നു നൈട്രജനെ സ്വീകരിക്കാനും ലേയത്വം കുറഞ്ഞ ഫോസ്ഫറസിന്റെ ലഭ്യത കൂട്ടാനും സഹായിക്കുന്ന പലതരം സൂക്ഷ്മജീവികളും ഇതിലുണ്ട്.

വെർമിവാഷ് ശേഖരിക്കാൻ വെർമിക്കമ്പോസ്റ്റുണ്ടാക്കുന്ന ടാങ്കിന്റെ ഓവുകുഴലിന്റെ ഭാഗത്തേക്കു ചെരിവു കൊടുക്കാം. ടാങ്കിൽനിന്ന് ഊറിവരുന്ന ദ്രാവകം ശേഖരിക്കാൻ ഓവുകുഴലിന്റെ താഴെയായി ഒരു പാത്രം വയ്ക്കുക. ഇതിൽ ശേഖരിക്കുന്ന ദ്രാവകം വെള്ളം ചേർത്തു നേർപ്പിച്ചു ചെടിയുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുകയോ ഇലകളിൽ തളിക്കുകയോ ചെയ്യാം.

കടപ്പാട്-www.manoramaonline.com© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate