অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൃഷി വിവരങ്ങള്‍

കൃഷി വിവരങ്ങള്‍

  1. പാട്ടു കേൾപ്പിച്ചാൽ ഇറച്ചിക്കോഴികൾക്ക് തൂക്കം കൂടും
  2. പച്ചമുളകില്‍ ധാരാളം കായ് ഉണ്ടാകാനുള്ള വഴി എന്താണ്?
  3. വര്‍ഷത്തില്‍ രണ്ടുതവണ കൃഷി നടത്തുന്ന അപൂര്‍വമായ പാടശേഖരം
  4. മഞ്ഞളിപ്പിനെ പ്രതിരോധിക്കാനാകാതെ കവുങ്ങ് കര്‍ഷകര്‍
  5. ടെക്കി ഔഷധസസ്യക്കൃഷി
  6. നെല്ലിന് രോഗബാധ; പ്രതിവിധിയുമായി കൃഷിവകുപ്പ്
  7. ഇപ്പോള്‍ ചെയ്യാവുന്ന കൃഷിമുറകള്‍
  8. ചെമ്പകപ്പാറയിലെ ഏലച്ചെടിയിലെ അപൂര്‍വ പ്രതിഭാസം
  9. ചാക്കിലെ കൃഷി ചതിച്ചില്ല
  10. മധുരതരം പാല്‍പ്പഴം
  11. കുരുമുളകിന്റെ ദ്രുതവാട്ടം തടയാം
  12. എളുപ്പത്തില്‍ ചെയ്യാം ജമന്തി കൃഷി
  13. ബോണ്‍സായി ചെടികള്‍ വളര്‍ത്താം
  14. കാശു വാരാന്‍ ക്രസാന്ത
  15. പുല്‍ത്തകിടിയൊരുക്കാം ശ്രദ്ധയോടെ
  16. ചെടികള്‍ പൂവിടാനും രോഗങ്ങള്‍ അകറ്റാനും തേങ്ങ-മോര് ലായനി

പാട്ടു കേൾപ്പിച്ചാൽ ഇറച്ചിക്കോഴികൾക്ക് തൂക്കം കൂടും

ശാന്തമായ അന്തരീക്ഷത്തിലായിരിക്കണം ഇവ വളരേണ്ടത്. ഷെഡിനകത്ത് സംഗീതം നല്‍കിയാല്‍ ഇവയുടെ മാനസികമായ വളര്‍ച്ചകാരണം കൂടുതല്‍ ഭക്ഷണം കഴിക്കുകയും തൂക്കം വര്‍ദ്ധിക്കുകയും ചെയ്യും

മനുഷ്യന്റെ ആഹാരത്തില്‍ ശരാശരി 70 ഗ്രാം മാംസ്യം ആവശ്യമാണ്. എന്നാല്‍ നമുക്ക് ലഭിക്കുന്നത് 50 ഗ്രാം മാത്രമാണ്. ഇവ ലഭ്യമാകണമെങ്കില്‍ കൂടുതല്‍ മാംസ്യം ഭക്ഷണത്തില്‍ ചേര്‍ക്കേണ്ടതുണ്ട്. കോഴി മാംസം കഴിക്കുന്നതിലൂടെ ശരീരത്തില്‍ മാംസ്യത്തിന്റെ അളവ് വര്‍ധിപ്പിക്കാം.

മാംസോല്‍പാദനത്തിനായി വളര്‍ത്തുന്ന കോഴികള്‍ 8 മുതല്‍ 12 ആഴ്ച വരെ പ്രായമാകുമ്പോള്‍ നാലു മുതല്‍ നാലര കിലോഗ്രാം വരെ തീറ്റ ആവശ്യമുള്ളവയാണ്. ഈ സമയത്ത് ഇവയ്ക്ക് ഒന്നര കിലോഗ്രാം മുതല്‍ രണ്ട് കിലോഗ്രാം വരെ തൂക്കവും ഉണ്ടാകും. സാധാരണയായി എട്ടാഴ്ചവരെയാണ് ഇറച്ചിക്കോഴികളെ വളര്‍ത്തി വരുന്നത്. ഇതിനേക്കാള്‍ മുമ്പേ കോഴികളെ വിറ്റ് കാശാക്കുന്നവരുണ്ട്.

പാര്‍പ്പിടം ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • ഒരു കോഴിക്ക് ഒരു ചതുരശ്ര അടി എന്ന തോതില്‍ സ്ഥലം നല്‍കണം (100 കോഴികള്‍ക്ക് 100 ചതുരശ്ര അടി)
  • കൂട് നഗരത്തില്‍ നിന്നും ജനവാസ പ്രദേശങ്ങളില്‍ നിന്നും അകലെ ആയിരിക്കണം.
  • കൂട് വരെ റോഡ് സൗകര്യം ഉണ്ടായിരിക്കണം
  • തീറ്റയും മറ്റു വസ്തുക്കളും ഷെഡ്ഡിനടുത്തേക്ക് എത്തിക്കാനുള്ള സൗകര്യത്തിനായാണ് ഇത്
  • കോഴിക്കുഞ്ഞുങ്ങള്‍ വരുന്നതിന് മുമ്പ് തന്നെ 'ലിറ്റര്‍' (വസിക്കുവാനുള്ള തറയുടെ സജ്ജീകരണം) ഒരുക്കിയിരിക്കണം
  • തറവിരിക്കുന്നതിനായി മരപ്പൊടിയോ, ഉമിയോ ഉപയോഗിക്കാം
  • ആദ്യ ദിവസം ചോളപ്പൊടി (ചെറുകഷ്ണങ്ങള്‍) അരിപ്പൊടി മുതലായവ കടലാസില്‍ നല്‍കാം.
  • അധികം ഉയരമില്ലാത്ത ചെറിയ പാത്രങ്ങളില്‍ വെള്ളവും നല്‍കാം.
  • മൂലകളില്‍ പോയി കാത്തിരിക്കാന്‍ 'ചിക്കന്‍ഗാര്‍ഡ്' നല്‍കിയിരിക്കണം.
  • ക്രമമായ അളവില്‍ ചൂട് കിട്ടത്തക്കവണ്ണം ബള്‍ബുകള്‍ സജ്ജീകരിച്ച് വെയ്ക്കണം.
  • ചൂട് കൂടുതലാണെങ്കില്‍ ഇവ ബള്‍ബില്‍നിന്ന് അകന്ന് നില്‍ക്കും.
  • അപ്പോള്‍ ബള്‍ബ് ഉയര്‍ത്തി ചൂട് ക്രമീകരിക്കാം. ചൂട് കുറവാണെങ്കില്‍ എല്ലാ കുഞ്ഞുങ്ങളും ബള്‍ബിന്റെ അടിവശത്ത് വന്ന് കൂട്ടത്തോടെ കിടക്കും. അപ്പോള്‍ ബള്‍ബ് താഴ്ത്തിക്കൊടുക്കാം.
  • മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം 'ചിക്കന്‍ ഗാര്‍ഡ്' ഒഴിവാക്കാം
  • 'സറ്റാര്‍ട്ടര്‍' തീറ്റ മൂന്ന് ആഴ്ച വരെ നല്‍കണം.
  • പിന്നീട് 'ഫിനിഷര്‍' തീറ്റ 40-56 ദിവസം വരെ നല്‍കാം.
  • ഷെഡ്ഡിനടുത്ത് ക്ഷുദ്രജീവികളുടെ ഉപദ്രവം ഉണ്ടായിരിക്കരുത്
  • ഷെഡ്ഡും പരിസരവും മലിനമാവരുത്. അണുനാശിനി ഉപയോഗിച്ച് ഷെഡ്ഡിന്റെ പരിസരം വൃത്തിയാക്കണം
  • ശാന്തമായ അന്തരീക്ഷത്തിലായിരിക്കണം ഇവ വളരേണ്ടത്. ഷെഡ്ഡിനകത്ത് സംഗീതം നല്‍കിയാല്‍ ഇവയുടെ മാനസികമായ വളര്‍ച്ചകാരണം കൂടുതല്‍ ഭക്ഷണം കഴിക്കുകയും കൂടുതല്‍ തൂക്കം വരുകയും ചെയ്യും.
  • ഷെഡ്ഡിന് രണ്ടടി പൊക്കത്തില്‍ ഇഷ്ടികയോ കല്ലോ വെച്ച് ചുവരുകള്‍ നിര്‍മിക്കണം. പിന്നീട് നാല് അടി പൊക്കിയാല്‍ 'വലകള്‍' ഉപയോഗിച്ച് പൊക്കണം.
  • ഷെഡ്ഡിന്റെ മേല്‍ക്കൂര ഓല, ഓട് എന്നിവയിലേതെങ്കിലും ഉപയോഗിച്ച് നിര്‍മിക്കാം.
  • പരിചരിക്കുന്ന ആള്‍ക്കാര്‍ 'ശുചിത്വം' പാലിക്കണം.
  • കൂട്ടില്‍ വെള്ളം വീണുകഴിഞ്ഞാല്‍ ആ ഭാഗത്തുള്ള 'ലിറ്റര്‍' ഉടന്‍ മാറ്റണം.
  • ഒരു ബാച്ച് കോഴികളെ വിറ്റുകഴിഞ്ഞാല്‍ 'ലിറ്റര്‍' മാറ്റണം, അണുനാശിനി ഉപയോഗിച്ച് കൂട് വൃത്തിയാക്കിയതിനുശേഷം പുതിയ ലിറ്റര്‍ ഇട്ട് കൊടുക്കണം.
  • ലിറ്ററില്‍ ചെറിയ തോതില്‍ കുമ്മായം ഇട്ട് ഇളക്കി വിരിച്ചാല്‍ കോഴികാഷ്ടത്തിന്റെ ദുര്‍ഗന്ധവും അണുക്കളേയും ഒഴിവാക്കാം.
  • ചുരുങ്ങിയത് 15 ദിവസം കഴിഞ്ഞതിനു ശേഷം വേണം പുതിയ ബാച്ച് കോഴികളെ ഷെഡില്‍ വളര്‍ത്തുവാന്‍.
  • മഴക്കാലങ്ങളില്‍ മഴ ഷെഡില്‍ അടിച്ചുകയറാതെ ശ്രദ്ധിക്കണം.
  • ധാതുലവണ മിശ്രിതങ്ങളും ജീവകങ്ങളും അടങ്ങിയ മരുന്നുകള്‍ നല്‍കണം.
  • തീറ്റ, പാത്രത്തില്‍ നിറച്ച് ഇടരുത്. മുക്കാല്‍ ഭാഗം തീറ്റ നിറച്ചാല്‍ മതിയായി കഴിയുമ്പോള്‍ വീണ്ടും വീണ്ടും നല്‍കാന്‍ മറക്കരുത്. തീറ്റ പാഴായി പോകാതിരിക്കുവാനാണ് ഇങ്ങനെ ചെയ്യുന്നത്.
  • ഇവ പേടിച്ചാല്‍ 'അഡ്രിനലിന്‍' എന്ന ഹോര്‍മോണ്‍ പുറപ്പെടുവിക്കുകയും തൂക്കം കുറയുകയും ചെയ്യും. അതുകൊണ്ട് ഇവയ്ക്ക് സന്തോഷം നല്‍കി വളര്‍ത്തണം.

അടുക്കളത്തോട്ടത്തില്‍ സ്‌പ്രേയര്‍ ഉപയോഗിച്ച് മരുന്നുതളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കളനാശിനി ഉപയോഗിക്കുമ്പോള്‍, അവ തളിക്കുന്ന കൃഷിയിടത്തിനടുത്ത് നില്‍ക്കുന്ന വിളകളില്‍, കാറ്റ് മുഖാന്തരമോ,ശ്രദ്ധക്കുറവാലോ കളനാശിനി അംശം വിളകളില്‍ പതിക്കുന്നെങ്കില്‍ അത് ചെടികളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും.

കളനാശിനികളുടെ ഉപയോഗത്തില്‍  നാം വളരെയേറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. സാധാരണ കര്‍ഷകര്‍ കളനാശിനികള്‍, കീടനാശിനികള്‍, വളര്‍ച്ചത്വരകങ്ങള്‍ (രാസവളങ്ങള്‍, ഗോമൂത്രം, തുടങ്ങിയവ) എന്നിവ ചെടികളില്‍ തളിക്കാന്‍ ഒരേ സ്‌പ്രേയര്‍ തന്നെയാണ് ഉപയോഗിക്കുന്നത്.

ഓരോ തരവും തളിച്ച ശേഷം സ്‌പ്രേയര്‍ നല്ലത് പോലെ കഴുകി വൃത്തിയാക്കിയില്ലെങ്കില്‍ ചെടികളുടെ വളര്‍ച്ചയേയും, ഉത്പാദനത്തെയും അത് ഹാനികരമായി ബാധിക്കും. കളനാശിനികളും, കീടനാശിനികളും ചെടികളില്‍ തളിക്കാന്‍ വെവ്വേറെ സ്‌പ്രേയറുകള്‍ തന്നെ ഉപയോഗിക്കുന്നതാണ് അഭികാമ്യം

കളനാശിനി ഉപയോഗിക്കുമ്പോള്‍, അവ തളിക്കുന്ന കൃഷിയിടത്തിനടുത്ത് നില്‍ക്കുന്ന വിളകളില്‍, കാറ്റ് മുഖാന്തരമോ,ശ്രദ്ധക്കുറവാലോ കളനാശിനി അംശം വിളകളില്‍ പതിക്കുന്നെങ്കില്‍ അത് ചെടികളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും.

അതുപോലെ കളനാശിനി പ്രയോഗത്തിന് ശേഷം, സ്‌പ്രേയറുകള്‍ വേണ്ടത്ര ശ്രദ്ധയോടെ കഴുകി വൃത്തിയാക്കാതെ അവ ഉപയോഗിച്ചു തന്നെ രാസവളങ്ങള്‍, കീടനാശിനികള്‍,ഗോമൂത്രം പോലെയുള്ള വളര്‍ച്ചത്വരകങ്ങള്‍ ചെടികളില്‍ തളിച്ചാല്‍, ചെടികളില്‍ പലതരം രോഗസദൃശമായ ലക്ഷണങ്ങള്‍ കണ്ടുവരുന്നു.

പയര്‍,വെണ്ട, ചീര , വെള്ളരി, പപ്പായ എന്നീ വിളകളുടെ ഇലകളില്‍ വൈറസ് മൂലമുള്ള രോഗബാധയേറ്റ പോലുള്ള ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇലകളുടെ വളര്‍ച്ച മുരടിച്ച്, ചുരുങ്ങി, അസാധാരണ ആകൃതി കൈവരിക്കുന്നതായി കാണുന്നു.

ഇത്തരം ലക്ഷണങ്ങള്‍ കാണുമ്പോള്‍ കര്‍ഷകര്‍ ഇവ വൈറസ്, കുമിള്‍ എന്നിവ ബാധിച്ച രോഗലക്ഷണങ്ങളായി തെറ്റിദ്ധരിച്ച്, അതിന് വേണ്ട പ്രതിവിധികള്‍ അവലംബിക്കാറുണ്ട്. ഇത് സാമ്പത്തിക നഷ്ടത്തോടൊപ്പം തന്നെ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്ന രാസപദാര്‍ഥങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ കളനാശിനികളുടെ ഉപയോഗത്തിലും, തളിക്കുന്ന അളവിലും ശ്രദ്ധ ചെലുത്തണം.

(കടപ്പാട് : ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ)

പച്ചമുളകില്‍ ധാരാളം കായ് ഉണ്ടാകാനുള്ള വഴി എന്താണ്?

പച്ചക്കറിച്ചെടികള്‍ക്ക് , വേനല്‍ക്കാലത്ത് പച്ചച്ചാണകം വളമായി ഉപയോഗിക്കരുത്‌

കറിവേപ്പില തഴച്ചുവളരാന്‍ എന്തുചെയ്യണം? പച്ചമുളകില്‍ ധാരാളം കായ് ഉണ്ടാകാനുള്ള വഴി എന്താണ്? പൂച്ചെടികളും പച്ചക്കറികളും വളര്‍ത്താന്‍ വീട്ടമ്മമാര്‍ക്ക് ചില പൊടിക്കൈകള്‍ ഇതാ

  1. മുട്ടത്തോടും തേയിലച്ചണ്ടിയും ചെങ്കല്‍മണ്ണും ചേര്‍ത്ത് റോസാച്ചെടിയുടെ തടത്തില്‍ ഇട്ടാല്‍ അഴകും നല്ല വലിപ്പവുമുള്ള ധാരാളം റോസാപ്പൂക്കള്‍ ഉണ്ടാകും.
  2. പച്ചക്കറിച്ചെടികള്‍ പല തരത്തിലുണ്ട്. രണ്ട് മാസം കൊണ്ട് വിളവെടുക്കുന്നവയുണ്ട്. കുറഞ്ഞ കാലംകൊണ്ട് വിളവെടുക്കുന്നതും, കൂടുതല്‍ കാലം വിളവെടുപ്പിന് ആകുന്നതുമായ പച്ചക്കറിച്ചെടികള്‍ ഒരുമിച്ച് നടരുത്.
  3. അതിരാവിലെ ചീരയൊഴികെയുള്ള പച്ചക്കറികളുടെ ഇലകള്‍ നനച്ച് കരിമണ്ണ് വിതറിയാല്‍ പുഴു-കീടശല്യം ഗണ്യമായി കുറയും.
  4. പച്ചക്കറിച്ചെടികള്‍ക്ക്, വേനല്‍ക്കാലത്ത് പച്ചച്ചാണകം വളമായി ഉപയോഗിക്കരുത്
  5. ചുവന്ന ഉള്ളി, വെളുത്തുള്ളി തൊലി വളമായി ഉപയോഗിച്ചാല്‍ നല്ലൊരു കൃമിനാശിനിയാണ്
  6. പെറ്റുണിയാ ചെടികള്‍ തൂക്കുചട്ടികളിലും സൂര്യപ്രകാശം കിട്ടുന്നിടത്തും ആരോഗ്യത്തോടെ വളര്‍ത്താം
  7. ക്രോട്ടണ്‍ ചെടികളില്‍ അധികം വെയില്‍ തട്ടിയാല്‍ ഇലകളുടെ നിറം മങ്ങും
  8. തറയില്‍ വളര്‍ത്തുന്ന റോസിന് ചുറ്റും ഉമിചേര്‍ത്ത ചാണകക്കട്ടകള്‍ അടുക്കുന്നത് മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തും
  9. കറിവേപ്പിലയുടെ ചുവട്ടില്‍ ഓട്ടിന്‍കഷണങ്ങളും ഇഷ്ടികയും പൊടിച്ച മണ്ണും ഉമിയും ചേര്‍ത്ത മിശ്രിതം ഇട്ട് കൊടുത്താല്‍ കറിവേപ്പില തഴച്ച് വളരും
  10. റോസാച്ചെടി പ്രൂണ്‍ ചെയ്യുമ്പോള്‍ ഉണങ്ങിയതും രോഗബാധയുള്ളതും കേട് വന്നതുമായ ശിഖരങ്ങള്‍ കോതിക്കളയുക. വഴിവിട്ട് നില്‍ക്കുന്നതും ദുര്‍ബലമായതുമായ കമ്പുകളും കോതി മാറ്റണം
  11. ചാണകവും,മൂത്രവും കലര്‍ന്ന ജൈവവളമാണ് പച്ചക്കറി കൃഷിക്ക് നല്ലത്
  12. റോസിന്റെ തണ്ടുകളില്‍ ശല്‍ക്ക കീടങ്ങളുടെ ഉപദ്രവത്തിന് കഞ്ഞിവെള്ളത്തിന്റെ കൊഴുപ്പുള്ള അടിമട്ട് തണ്ടില്‍ തേക്കണം
  13. റോസ് വളര്‍ത്തുന്ന പൂച്ചട്ടികളില്‍ പുഴുശല്യം ഉണ്ടായാല്‍ പൂച്ചട്ടികളില്‍ അല്‍പം കടുകുപൊടി വിതറിയശേഷം തണുത്തവെള്ളം ഒഴിക്കണം
  14. ഫിഷ് അക്വേറിയത്തിലെ വെള്ളം മാറ്റി പുതിയത് നിറയ്ക്കുമ്പോള്‍ പഴയ വെള്ളം ഒഴിച്ച് കൊടുത്താല്‍ പച്ചക്കറിച്ചെടികള്‍ തഴച്ച് വളരും
  15. മഴക്കാലത്ത് നടുന്ന പച്ചക്കറികള്‍ക്ക് അരഅടി ഉയരത്തില്‍ തടങ്ങളും വേനല്‍ക്കാലത്ത് നടുന്നവയ്ക്ക് അരഅടി താഴ്ചയില്‍ ചാലുകളും വേണം
  16. പച്ചമുളക് ചെടി പൂവിടുന്ന സമയത്ത് അല്‍പം ശര്‍ക്കര കലര്‍ത്തിയ വെള്ളം തളിച്ച് കൊടുത്താല്‍ പൂവെല്ലാം കായായി ധാരാളം പച്ചമുളക് കിട്ടും
  17. വഴുതന,വെണ്ട,ചീര.മുളക്,പടവലം,തക്കാളി,കുമ്പളം,മത്തന്‍,പയര്‍ എന്നിവ വീട്ടുമുറ്റത്തും ടെറസ്സിലും വളര്‍ത്താം
  18. ചിരട്ട വൃത്തിയാക്കി ഫാബ്രിക് പെയിന്റ് കൊണ്ട് ഡിസൈന്‍ ചെയ്താല്‍ കാക്റ്റസ് ഇനത്തിലുള്ള ചെടികള്‍ നട്ട് പിടിപ്പിക്കാനുള്ള ചട്ടിയായി ഉപയോഗിക്കാം

വര്‍ഷത്തില്‍ രണ്ടുതവണ കൃഷി നടത്തുന്ന അപൂര്‍വമായ പാടശേഖരം

കണ്ടത്തില്‍പാലം പാടശേഖരമെന്നാണ് മുമ്പ് ഈ കൃഷിയിടം അറിയപ്പെട്ടിരുന്നത്. രാജാക്കാട് രാജകുമാരി റോഡിനോട് ചേര്‍ന്നുള്ള ഈ നെല്‍വയല്‍ കാണുന്നവരുടെ മനസ്സിലും കാര്‍ഷിക സമൃദ്ധി നിറയ്ക്കും. ഉമ, ജ്യോതി, പാലക്കാടന്‍ മട്ട എന്നീ വിത്തുകളാണ് കൃഷി ചെയ്യുന്നത്.

ഇടുക്കി: രാജകുമാരി ഗ്രാമപ്പഞ്ചായത്തിലെ തൊട്ടിത്താഴം പാടശേഖരത്തിലെ നെല്‍കൃഷി കൊയ്ത്തിനൊരുങ്ങിക്കഴിഞ്ഞു. വര്‍ഷത്തില്‍ രണ്ടുതവണ കൃഷി നടത്തുന്ന ജില്ലയിലെ അപൂര്‍വ്വം പാടശേഖരങ്ങളിലൊന്നാണിത്.

പാടശേഖരങ്ങള്‍ ചുരുങ്ങുകയും നെല്‍കൃഷി കുറയുകയും ചെയ്യുന്ന കാലഘട്ടത്തില്‍ തൊട്ടിത്താഴം പാടശേഖരത്തിലെ നെല്‍കൃഷി കുറയുന്നില്ല.
അധ്വാനശീലരായ 27 കര്‍ഷകര്‍ അഞ്ചുഹെക്ടറോളം വിസ്തൃതിയുള്ള ഈ പാടശേഖരത്തിലെ നെല്‍കൃഷി നിലനിര്‍ത്തുകയാണ്.

കണ്ടത്തില്‍പാലം പാടശേഖരമെന്നാണ് മുമ്പ് ഈ കൃഷിയിടം അറിയപ്പെട്ടിരുന്നത്. രാജാക്കാട് രാജകുമാരി റോഡിനോട് ചേര്‍ന്നുള്ള ഈ നെല്‍വയല്‍ കാണുന്നവരുടെ മനസ്സിലും കാര്‍ഷിക സമൃദ്ധി നിറയ്ക്കും. ഉമ, ജ്യോതി, പാലക്കാടന്‍ മട്ട എന്നീ വിത്തുകളാണ് കൃഷി ചെയ്യുന്നത്.

കൃഷി വകുപ്പിന്റെ പിന്തുണയും പ്രോത്സാഹനവും ഇവിടുത്തെ കര്‍ഷകര്‍ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് രാജകുമാരി കൃഷി ഓഫീസര്‍ ബെറ്റ്സി മെറീന ജോണ്‍ പറഞ്ഞു. കൃഷിയിടത്തോട് ചേര്‍ന്ന് മൈനര്‍ ഇറിഗേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഇക്കഴിഞ്ഞ വര്‍ഷം കനാല്‍ നിര്‍മ്മിച്ചതോടെ ജലസേചന സൗകര്യവും സാധ്യമായി. ഒരാഴ്ചയ്ക്കുള്ളില്‍ തൊട്ടിത്താഴം പാടശേഖരത്തില്‍ കൊയ്ത്തുത്സവം നടക്കും.

മഞ്ഞളിപ്പിനെ പ്രതിരോധിക്കാനാകാതെ കവുങ്ങ് കര്‍ഷകര്‍

രോഗം പിടിപെടുമ്പോള്‍ മുതല്‍ വിളവ് കുറയും. അടയ്ക്കാകുലകള്‍ ശോഷിച്ചാണ് കായ്ക്കുക. കുലയില്‍ എണ്ണം കുറവായിരിക്കും. മൂപ്പെത്തും മുന്‍പ് കൊഴിഞ്ഞുപോകുകയും ചെയ്യും. മൂന്ന് വര്‍ഷമായി അടയ്ക്കയുടെ ഉത്പാദനം ക്രമേണ കുറഞ്ഞുവരികയാണ്

വയനാട്: മഞ്ഞളിപ്പും രോഗബാധയും ജില്ലയില്‍ കവുങ്ങുകൃഷിയുടെ അന്ത്യം കുറിക്കുന്നു. മഞ്ഞളിപ്പ് രോഗം ബാധിച്ച് മണ്ട പോയ കവുങ്ങുകള്‍ മുറിച്ചു മാറ്റുകയാണ് ഇപ്പോള്‍ കര്‍ഷകര്‍.

ദീര്‍ഘകാല വിളകളില്‍ മെച്ചമായിരുന്ന കവുങ്ങ് ചതിച്ചതോടെ മറ്റ് കൃഷികള്‍ക്കൊരുങ്ങുകയാണിവര്‍. ജില്ലയുടെ പലഭാഗത്തും കവുങ്ങുകള്‍ മഞ്ഞളിപ്പിന്റെ പിടിയിലാണ്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തെങ്ങുകള്‍ക്കാണ് മഞ്ഞളിപ്പ് ബാധിച്ചത്. പിന്നീട് കവുങ്ങുകളിലേക്ക് പടര്‍ന്നു.

വൈത്തിരി ഭാഗത്താണ് ആദ്യം രോഗം പിടിപെട്ടത്. ഓലകള്‍ മഞ്ഞനിറത്തിലാകുന്നതാണ് രോഗത്തിന്റെ ആദ്യലക്ഷണം. പിന്നീട് പോളകള്‍ പഴുത്ത് ഒടിഞ്ഞുതൂങ്ങും. ക്രമേണ കൂമ്പുകള്‍ ചീഞ്ഞ് കവുങ്ങ് ഉണങ്ങും.

രോഗം പിടിപെടുമ്പോള്‍ മുതല്‍ വിളവ് കുറയും. അടയ്ക്കാകുലകള്‍ ശോഷിച്ചാണ് കായ്ക്കുക. കുലയില്‍ എണ്ണം കുറവായിരിക്കും. മൂപ്പെത്തും മുന്‍പ് കൊഴിഞ്ഞുപോകുകയും ചെയ്യും. മൂന്ന് വര്‍ഷമായി അടയ്ക്കയുടെ ഉത്പാദനം ക്രമേണ കുറഞ്ഞുവരികയാണ്.

തോട്ടത്തിലെ ഒരു കവുങ്ങിന് രോഗം ബാധിച്ചാല്‍ മറ്റുള്ളവയിലേക്ക് പെട്ടെന്ന് പടരും. അടുത്ത തോട്ടങ്ങളിലേക്കും പകരാന്‍ അധികകാലം വേണ്ട. അമ്പലവയല്‍ പഞ്ചായത്തിലെ പൊട്ടംകൊല്ലി, ചീങ്ങവല്ലം, നരിക്കുണ്ട്, നെല്ലാറച്ചാല്‍ പ്രദേശങ്ങളില്‍ ഏക്കറുകണക്കിന് കവുങ്ങുതോട്ടങ്ങളില്‍ മഞ്ഞളിപ്പ് രോഗം ബാധിച്ചിട്ടുണ്ട്.

വാഴവറ്റ, ഏഴാംചിറ, നെടുമ്പാല പ്രദേശങ്ങളിലും ആയിരക്കണക്കിന് കവുങ്ങുകളാണ് രോഗം മൂലം നശിച്ചത്. മഞ്ഞളിപ്പിനെ എങ്ങനെ പ്രതിരോധിക്കണമെന്നറിയാതെ പ്രതിസന്ധിയിലാണ് കര്‍ഷകര്‍. വര്‍ഷങ്ങളോളം പരിപാലിച്ച കവുങ്ങുകള്‍ പെട്ടെന്ന് ഉണങ്ങിപ്പോകുമ്പോള്‍ സങ്കടപ്പെടുകയാണ് ഇവര്‍.

കൃഷിവകുപ്പോ കാര്‍ഷിക സര്‍വകലാശാലയോ ഈ രോഗത്തിന് ഫലപ്രദമായ പ്രതിരോധ മരുന്നുകള്‍ നിര്‍ദേശിച്ചിട്ടില്ല. 
വിലയിലെ അസ്ഥിരതയും രോഗങ്ങളും കവുങ്ങ് കൃഷിയില്‍ നിന്ന് മാറിച്ചിന്തിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുകയാണ്.

കവുങ്ങുകള്‍ വെട്ടിമാറ്റി മറ്റ് കൃഷികള്‍ക്കുള്ള തയ്യാറെടുപ്പിലാണിവര്‍. വാഴയ്ക്ക് താങ്ങുകാലിനും താത്കാലിക ഷെഡ്ഡുകള്‍ക്കുമെല്ലാം ഉപയോഗിക്കാന്‍ കവുങ്ങ് ഒന്നിന് 60 രൂപ നിരക്കില്‍ വെട്ടിവില്‍ക്കുകയാണ് കര്‍ഷകരിപ്പോള്‍.

ഓണമ്പള്ളി ഏലായില്‍ ശത്രുകീടങ്ങളെ നശിപ്പിക്കാന്‍ ടൈക്കോകാര്‍ഡ് സംവിധാനം

നെല്‍ച്ചെടികള്‍ക്ക് വലിയ നാശം വരുത്തുന്ന കീടങ്ങളെപ്പോലും തുരത്താന്‍ കഴിയുന്ന ജൈവ കീടനിയന്ത്രണത്തിലേക്ക് ഏലായിലെ മുഴുവന്‍ കര്‍ഷകരും നീങ്ങുകയാണ്

കൊല്ലം: ശൂരനാട് വടക്ക് ഓണമ്പള്ളി ഏലായില്‍നിന്ന് കീടനാശിനികള്‍ക്ക് വിട നല്‍കി. മിത്രകീടങ്ങളെ ഉപയോഗിച്ച് ശത്രുകീടങ്ങളെ നശിപ്പിക്കുന്ന ടൈക്കോ കാര്‍ഡ് സംവിധാനം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഇവിടത്തെ കര്‍ഷകര്‍ പുതിയ കാല്‍വയ്പ് നടത്തിയിരിക്കുന്നത്.

നെല്‍ച്ചെടികള്‍ക്ക് വലിയ നാശം വരുത്തുന്ന കീടങ്ങളെപ്പോലും തുരത്താന്‍ കഴിയുന്ന ജൈവ കീടനിയന്ത്രണത്തിലേക്ക് ഏലായിലെ മുഴുവന്‍ കര്‍ഷകരും നീങ്ങുകയാണ്. മാരകവിഷമായ കീടനാശിനികള്‍ വരുത്തിവയ്ക്കുന്ന ദുരന്തം തിരിച്ചറിഞ്ഞാണ് മുഴുവന്‍ കീടനാശിനികളെയും ഒഴിവാക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്.

കൃഷി അസി. ഡയറക്ടര്‍ ഹരികുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ടൈക്കോ കാര്‍ഡ് നേരത്തേ പരീക്ഷണാര്‍ഥം ഉപയോഗിച്ച് വിജയം കണ്ടതിനെ തുടര്‍ന്നാണ് മുഴുവന്‍ നിലങ്ങളിലും അവ ഉപയോഗിക്കുന്നത്.

കൃഷിവകുപ്പ് നടപ്പാക്കിവരുന്ന ലീഡ്സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഓണമ്പള്ളി ഏലായിലെ 45 ഹെക്ടറിലും ജൈവ കീടനിയന്ത്രണ സംവിധാനം ഉപയോഗിക്കുന്നത്.

വലിയ നാശം വരുത്തുന്ന പ്രധാന കീടങ്ങളായ ഓലചുരുട്ടിപ്പുഴു, തണ്ടുതുരപ്പന്‍ എന്നിവയെ കെട്ടുകെട്ടിക്കുന്നതിനാണ് ടൈക്കോ കാര്‍ഡുകളായ ടൈക്കോ ഗ്രാമകീലോണിസ്, ടൈക്കോ ഗ്രാമജപ്പോണിസ് എന്നിവ ഉപയോഗിക്കുന്നത്.

നെല്‍ച്ചെടികള്‍ക്കിടിയിലും ചെടിയിലുമാണ് മിത്രകീടങ്ങളുടെ മുട്ടകള്‍ അടക്കംചെയ്ത കാര്‍ഡുകള്‍ സ്ഥാപിക്കുന്നത്. കാര്‍ഡില്‍ അടങ്ങിയിരിക്കുന്ന കീടങ്ങളുടെ മുട്ടകള്‍ രാത്രിയില്‍ വിരിയുകയും ശത്രുകീടങ്ങളെ ഭക്ഷണമാക്കുകയുമാണ് ചെയ്യുന്നത്.

അതായത് ഞാറ് പറിച്ചുനട്ട് 20 ദിവസം കഴിയുമ്പോള്‍ ഓലചുരുട്ടിപ്പുഴുവിന് ഒരു ഹെക്ടറിന് അഞ്ച് കാര്‍ഡ് നിരക്കില്‍ 10 ദിവസം ഇടവിട്ട് ആറുതവണയാണ് സ്ഥാപിക്കുന്നത്. തണ്ടുതുരപ്പനെതിരേ 30 ദിവസം പ്രായമായ നെല്‍ച്ചെടികളിലാണ് കാര്‍ഡുകള്‍ സ്ഥാപിക്കുന്നത്.

ഒരുലക്ഷം പരാദങ്ങള്‍ അടങ്ങിയ അഞ്ച് കാര്‍ഡുകളാണ് ഒരു ഹെക്ടറില്‍ സ്ഥാപിക്കുക. കാര്‍ഷിക സര്‍വകലാശാലയാണ് ജൈവ കീടനിയന്ത്രണത്തിനുള്ള ഇത്തരം കാര്‍ഡുകള്‍ ലഭ്യമാക്കുന്നത്. കര്‍ഷകര്‍ക്ക് ഇവ സ്വന്തമായി നിലങ്ങളില്‍ സ്ഥാപിക്കാന്‍ കഴിയുമെന്ന പ്രത്യേകതയുമുണ്ട്.

ശൂരനാട് വടക്ക് കൃഷി ഓഫീസര്‍ സരള, അസിസ്റ്റന്റ് അനീഷ്, ലീഡ്സ് ഫീല്‍ഡ് ജീവനക്കാരായ സില്‍ജി, ലക്ഷ്മി, ഓണമ്പള്ളി ഏലാസമിതി ഭാരവാഹികളായ വി.ശശിധരന്‍ പിള്ള, വി.സന്തോഷ് തുടങ്ങിയവര്‍ നേ

ടെക്കി ഔഷധസസ്യക്കൃഷി

ചൂടു കുറയ്ക്കാന്‍ സഹായിക്കുന്ന ഫാഷന്‍ ഫ്രൂട്ട്, മുട്ടപ്പഴം തുടങ്ങിയവയുടെ തൈകളും വിത്തുകളും പ്രകൃതി വിതരണംചെയ്തു തുടങ്ങി.

കേരളത്തിലെ തനതു ചെടികളുടെയും ഔഷധസസ്യങ്ങളുടെയും സംരക്ഷണത്തിനും വ്യാപനത്തിനുമായി ടെക്കികള്‍. ടെക്നോപാര്‍ക്ക് ജീവനക്കാരുടെ സംഘടനയായ പ്രകൃതിയുടെ നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ പ്രകൃതി പ്രവര്‍ത്തകര്‍ പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സന്ദര്‍ശിച്ചിരുന്നു.

പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന മരങ്ങളും ചെടികളും ടെക്കികളെയും കമ്പനികളെയുംകൊണ്ട് പരിപാലിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രകൃതി പ്രസിഡന്റ് ബിജു സുന്ദരന്‍ പറഞ്ഞു.

അതിന്റെ ഭാഗമായി ചൂടു കുറയ്ക്കാന്‍ സഹായിക്കുന്ന പാഷന്‍ ഫ്രൂട്ട്, മുട്ടപ്പഴം തുടങ്ങിയവയുടെ തൈകളും വിത്തുകളും പ്രകൃതി വിതരണംചെയ്തു തുടങ്ങി.

ചില കമ്പനികളും അവരുടെ കാമ്പസുകളില്‍ വംശനാശത്തിലേക്കു നീങ്ങുന്ന സസ്യങ്ങള്‍ നട്ടുവളര്‍ത്താന്‍ സന്നദ്ധതയറിയിച്ചിട്ടുണ്ടെന്നും പ്രകൃതി പ്രവര്‍ത്തകര്‍ പറഞ്ഞു.

നെല്ലിന് രോഗബാധ; പ്രതിവിധിയുമായി കൃഷിവകുപ്പ്

നെല്‍വയലില്‍ വെള്ളം വരുന്ന ചാലുകളില്‍ ബ്ലീച്ചിങ്ങ് പൗഡര്‍ കിഴി കെട്ടിയിട്ടാല്‍ രോഗം വ്യാപിക്കുന്നത് തടയാന്‍ സാധിക്കും.

വയനാട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നെല്ലില്‍ കുലവാട്ടവും ബാക്ടീരിയ കൊണ്ടുള്ള വാട്ടവും, മുഞ്ഞയും പടര്‍ന്നതോടെ പരിഹാര നിര്‍ദേശങ്ങളുമായി കൃഷിവകുപ്പ്. രോഗ നിയന്ത്രണ മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

നെല്ലിന്റെ ഇലകളില്‍ കണ്ണിന്റെ ആകൃതിയിലും, തവിട്ടു നിറത്തിലുമുള്ള പുള്ളിക്കുത്തുകളാണ് കുലവാട്ടത്തിന്റെ ലക്ഷണം. രോഗം മൂര്‍ച്ഛിക്കുന്നതിനനുസരിച്ച് ഓലകള്‍ പൂര്‍ണമായും കരിയും. ഒന്നര മി.മീറ്റര്‍ ഫുജി വണ്‍ കുമിള്‍ നാശിനി ഒരു ലിറ്റര്‍ വെള്ളത്തില്‍ അനുപാതത്തില്‍ കലക്കി തളിക്കുകയോ, 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തെളിക്കുകയോ ചെയ്താല്‍ രോഗം നിയന്ത്രിക്കാന്‍ കഴിയും.

ഇലയുടെ അറ്റത്ത് നിന്ന് തുടങ്ങുന്ന മഞ്ഞളിപ്പാണ് ബാക്ടീരിയ രോഗത്തിന്റെ ലക്ഷണം. ഈ മഞ്ഞളിപ്പ് ഇരുവശങ്ങളിലൂടെയും താഴേക്ക് വ്യാപിക്കുകയും ഇലകള്‍ മുഴുവന്‍ കരിയുകയും ചെയ്യും. ആറ് ഗ്രാം സ്ട്രെപ്റ്റോ സൈക്ലിന്‍, 25 ഗ്രാം കോസൈഡ് എന്നിവ 25 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തെളിച്ച് രോഗബാധ നിയന്ത്രിക്കാം.

നെല്‍വയലില്‍ വെള്ളം വരുന്ന ചാലുകളില്‍ ബ്ലീച്ചിങ്ങ് പൗഡര്‍ കിഴി കെട്ടിയിട്ടാല്‍ രോഗം വ്യാപിക്കുന്നത് തടയാന്‍ സാധിക്കും. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചാലും രോഗത്തെ പ്രതിരോധിക്കാം.

തുരുനെല്ലി പ്രദേശത്ത് മുഞ്ഞബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നെല്‍പ്പാടത്ത് അവിടെയവിടെയായി വൃത്താകൃതിയില്‍ മഞ്ഞളിപ്പ് ബാധിച്ച് ക്രമേണ ചെടികള്‍ ഉണങ്ങിപ്പോകുകയും ചെയ്യുന്നു. പ്രതിരോധ നടപടിയായി രോഗബാധയുള്ള പാടത്തിലെ വെള്ളം വാര്‍ത്തുകളയണം.

രണ്ട് ഗ്രാം അസഫേറ്റ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളുടെ ചുവട്ടില്‍ തളിക്കണം. ആവശ്യത്തിന് പൊട്ടാഷ് വളം ചേര്‍ക്കാത്ത പാടങ്ങളില്‍ നൂറ് ലിറ്റര്‍ വെള്ളത്തില്‍ മൂന്ന് കിലോ പച്ചച്ചാണകം, ഒരു ലിറ്റര്‍ ഗോമൂത്രം, ഒരു കിലോ വേപ്പിന്‍പിണ്ണാക്ക്, ഒന്നര കിലോഗ്രാം പൊട്ടാഷ്യം സള്‍ഫേറ്റ് എന്നിവ ചേര്‍ത്ത് തളിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷിഭവനുകളുമായി ബന്ധപ്പെടാം

ഇപ്പോള്‍ ചെയ്യാവുന്ന കൃഷിമുറകള്‍

ബ്യുവേറിയ, വെര്‍ട്ടിസില്ലിയം എന്നീ ജൈവ നിയന്ത്രണ ഉപാധികള്‍ കീടങ്ങള്‍ക്കെതിരെ ഉപയോഗിക്കാം

ശീതകാല പച്ചക്കറികളായ കോളിഫ്‌ളവര്‍,കാബേജ്, ബീറ്റ്‌റൂട്ട്, കാരറ്റ് എന്നിവ ഇപ്പോള്‍ കൃഷി ചെയ്യാവുന്നതാണ്.

  1. നിലം നന്നായി കിളച്ച് ഒരുക്കുക, ജൈവവളം ചേര്‍ക്കുക.
  2. കാബേജിനും കോളിഫ്‌ളവറിനും 3-4 ആഴ്ച പ്രായമായ തൈകള്‍ വാങ്ങാന്‍ കിട്ടും.
  3. നട്ട ശേഷം രണ്ടു മൂന്നു ദിവസത്തേക്ക് ഇലകള്‍ കുത്തി തണല്‍ കൊടുക്കണം
  4. നടേണ്ട അകലം- കാബേജ് 45:45 സെ. മീ. (കോളിഫ്‌ളവര്‍ 60:45 സെ. മീ.)
  5. ജൈവകീടനാശിനികള്‍ (നിംബിസിഡിന്‍, അസാഡിറാക്ടിന്‍ - വേപ്പധിഷ്ഠിത കീടനാശിനികള്‍ തുടങ്ങിയവ) ഉപയോഗിക്കാം. (2 മി. ലി. ഒരു ലിറ്റര്‍ വെളളത്തില്‍)
  6. ബ്യുവേറിയ, വെര്‍ട്ടിസില്ലിയം എന്നീ ജൈവ നിയന്ത്രണ ഉപാധികള്‍ കീടങ്ങള്‍ക്കെതിരെ ഉപയോഗിക്കാം.(20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍)
  7. കാരറ്റും ബീറ്റ്‌റൂട്ടും നേരിട്ട് വിത്ത് പാകണം. 30 സെ. മീ. ഉയരമുളള വരമ്പെടുത്ത് 15-20 സെ. മീ. അകലത്തില്‍ വിത്ത് പാകണം.
  8. കപ്പ നടാന്‍ പറ്റിയ സമയമാണ്.  75 : 75 സെ. മീ. അകലത്തില്‍ തണ്ടുകള്‍ നട്ടുകൊടുക്കാം.

കടപ്പാട്: ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

തയ്യാറാക്കിയത്: നിത.എസ്.വി

ചെമ്പകപ്പാറയിലെ ഏലച്ചെടിയിലെ അപൂര്‍വ പ്രതിഭാസം

ഒരു ശരത്തില്‍ തന്നെ കായും തൈകളും ഉണ്ടാകുന്ന അപൂര്‍വ്വ പ്രതിഭാസം ജനിതകമാറ്റം മൂലമാണെന്ന് സംശയിക്കുന്നതായി പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസ്സര്‍ എം.കെ.ധന്യ

കട്ടപ്പന: ചെമ്പകപ്പാറയില്‍ ഏലച്ചെടിയുടെ ചുവട്ടിലെ ശരത്തില്‍നിന്നും പുതിയ ചെടികള്‍ മുളച്ചുവന്നത് കൗതുകമായി. സാധാരണ പുതിയ ഏലച്ചെടി ഉണ്ടാകുന്നത് അരി പാകിയും ചെടിയുടെ ചുവട്ടിലെ തട്ടയില്‍നിന്നും ആണ്. ഏലത്തിന്റെ ശരഭാഗത്ത്് സാധാരണയായി ഏലയ്ക്കായാണ് ഉണ്ടാവുക. കട്ടപ്പനയ്ക്കടുത്ത്, ചെമ്പകപ്പാറ, മാരായികുളത്തു ജോര്‍ജിന്റെ ഏലത്തോട്ടത്തിലാണ് ശരത്തില്‍നിന്ന് പുതിയ ഏലച്ചെടി ഉണ്ടായത്.

ജോര്‍ജിന്റെ തോട്ടത്തിലെ ഒരു ഏലച്ചെടിയില്‍ മാത്രമാണ് ഈപ്രതിഭാസം കണ്ടത് .ഈ ഏലച്ചെടിയുടെ മൂന്ന് ഭാഗങ്ങളിലായി ഉണ്ടായ മൂന്ന് ശരങ്ങളിലും പുതിയ തൈകള്‍ മുളച്ചിട്ടുണ്ട്. ഒരു മുകുളത്തില്‍ നിന്നുതന്നെ അഞ്ചോളം തൈകള്‍ വരെ ഉണ്ടായിട്ടുണ്ട്.

ഉണ്ടായ ചെടികളുടെ വേര് മണ്ണിലേക്ക് പടരാനും തുടങ്ങി. തന്റെ നാല്പതു വര്‍ഷത്തെ ഏലക്കൃഷിക്കിടയില്‍ ഇതാദ്യമാണെന്ന് ജോര്‍ജ് പറയുന്നു. 15 വര്‍ഷം മുന്‍പ് വണ്ടന്മേട്ടിലെ ഒരു സുഹൃത്തിന്റെ ഏലത്തോട്ടത്തില്‍ നിന്ന് കൊണ്ടുവന്ന 'ഏലം റാണി' ഇനത്തില്‍ പെട്ട ഏലച്ചെടിയാണ് ജനിതക മാറ്റത്തിന് വിധേയമായത്.

ചെടി മുളച്ച ശരത്തില്‍ കായ്കളും ഉണ്ടായിട്ടുണ്ട്. ചെടിയുടെ സമീപത്തുനിന്ന ഒരു മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണ് കുറെ ശരം ഒടിഞ്ഞു പോയിരുന്നു. അങ്ങനെ ഒടിഞ്ഞു പോയ ശരത്തിലും ഒടിയാത്ത ശരങ്ങളിലും ചെടികള്‍ മുളച്ചിട്ടുണ്ട്.

ഒരു ശരത്തിലുണ്ടായ ചെടികള്‍ വലുതായതിനെ തുടര്‍ന്ന് അത് മുറിച്ചെടുത്തു പ്ലാസ്റ്റിക് കൂടുകളിലായി വളര്‍ത്താനും തുടങ്ങിയിട്ടുണ്ട്. പുതിയ ചെടി പ്രത്യേകം നട്ട് പരിപാലിക്കാനാണ് ജോര്‍ജിന്റെ ശ്രമം.

ഒരു ശരത്തില്‍ തന്നെ കായും തൈകളും ഉണ്ടാകുന്ന അപൂര്‍വ്വ പ്രതിഭാസം ജനിതകമാറ്റം മൂലമാണെന്ന് സംശയിക്കുന്നതായി പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസ്സര്‍ എം.കെ.ധന്യ പറഞ്ഞു. ചെടികളില്‍ മുരടിപ്പ് രോഗം ഉണ്ടായി മുകുളങ്ങള്‍ രൂപം പ്രാപിക്കുന്ന 'ഫിലോടി ' എന്ന പ്രതിഭാസം കാണാറുണ്ട് .എന്നാല്‍ അത്തരം കേസുകളില്‍ ചെടിയുടെ വേര് മണ്ണിലേക്ക് പടരാറില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തുമെന്നും ധന്യ പറഞ്ഞു

ചാക്കിലെ കൃഷി ചതിച്ചില്ല

തായന്നൂര്‍ ചിറ്റിക്കോട്ട് പുലരി കുടുംബശ്രീ അംഗങ്ങളാണ് മഹാവിഷ്ണുക്ഷേത്ര പറമ്പിനു സമീപം ഒരുമാസം മുമ്പ് പച്ചക്കറി കൃഷിയിറക്കിയത്

തായന്നൂർ ചിറ്റിക്കോട്ട് പുലരി കുടുംബശ്രി നടത്തിയ ചാക്കുകളിലെ പച്ചക്കറിക്കൃഷി വിളവെടുത്തപ്പോൾ

കാസര്‍കോട്‌: ചാക്കിലെ കൃഷി ചതിക്കുമെന്നു പറഞ്ഞവര്‍ക്ക് തെറ്റി. ക്ഷേത്രപരിസരത്തെ ഒഴിഞ്ഞസ്ഥലത്ത് ചാക്കില്‍ മണ്ണുനിറച്ച് വെണ്ടയും പയറും കക്കിരിയും നടുമ്പോള്‍ പലരും പറഞ്ഞതാണ് ഈ കൃഷി കരപറ്റില്ലെന്ന്. എന്നാല്‍, ഉപദേശങ്ങള്‍ക്ക് നന്ദിപറഞ്ഞുകൊണ്ട് തളരാത്ത മനസ്സുമായി അവര്‍ ഒത്തു പിടച്ചപ്പോള്‍ ചാക്കുകളിലെ ചെടികളില്‍ പച്ചക്കറികള്‍ കായ്ച്ചു.

തായന്നൂര്‍ ചിറ്റിക്കോട്ട് പുലരി കുടുംബശ്രീ അംഗങ്ങളാണ് മഹാവിഷ്ണുക്ഷേത്ര പറമ്പിനു സമീപം ഒരുമാസം മുമ്പ് പച്ചക്കറി കൃഷിയിറക്കിയത്. ഉറപ്പുള്ള മണ്ണില്‍ കളശല്യത്തെ പേടിച്ചായിരുന്നു കൃഷി മണ്ണുനിറച്ച ചാക്കുകളിലേക്ക് മാറ്റിയത്. കനത്ത വെയില്‍ വന്നാല്‍ ചാക്കിലെ കൃഷി പാളുമെന്നതായിരുന്നു ഇവര്‍ക്കു കിട്ടിയ വിദഗ്‌ധോപദേശം. എന്നാല്‍, ഊഴമിട്ട് വെള്ളം നനച്ച് നല്ലവിളവ് കിട്ടിയതോടെ പുലരിയുടെ പ്രതീക്ഷ ഇരട്ടിയായി. ഓണത്തിന് വിളവെടുക്കാന്‍ കഴിഞ്ഞില്ലെന്ന പരിഭവം മാത്രമാണ് ഇപ്പോള്‍ ഇവര്‍ക്കുള്ളത്.

ഇളകിയമണ്ണും ചാണകപ്പൊടിയും കൂട്ടിക്കലര്‍ത്തിയാണ് ചാക്കുകള്‍ നിറച്ചത്. പൂര്‍ണമായും ജൈവരീതിയില്‍ കടലപ്പിണ്ണാക്കും മറ്റുമാണ് വളമായി നല്‍കിയത്. കൃഷ്ണവേണി, ദിവ്യ ബീന, പ്രസന്ന, കൃഷ്ണകുമാരി, രജനി, ഓമന, ശോഭന, ചന്ദ്രിക, തമ്പായി, ഭാനുമതി, ഗിരിജ, ബാലസഭാംഗങ്ങള്‍ എന്നിവരാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്.

മധുരതരം പാല്‍പ്പഴം

വലിയ പാഷന്‍ ഫ്രൂട്ടിന്റെ രൂപമുള്ള കായ്കള്‍ക്കുള്ളിലെ പാല്‍ രുചിയുള്ള കുഴമ്പ് കോരിക്കഴിക്കാവുന്നതാണ്.

നിത്യഹരിതാഭമാര്‍ന്ന ഇലച്ചാര്‍ത്തോടെ വളരുന്ന പാല്‍പ്പഴം കേരളത്തിലും ഫലം തന്നു തുടങ്ങി. വിയറ്റ്‌നാം പദമായ വു-സു-വായില്‍ (milky breast) നിന്നാണ് പാല്‍പ്പഴമെന്ന പേര് ലഭിച്ചത്‌. ഇംഗ്ലീഷില്‍ സ്റ്റാര്‍ ആപ്പിള്‍ എന്നാണ് പാല്‍പ്പഴം അറിയപ്പെടുന്നത്‌

ഇരുപതടിയോളം ഉയരത്തില്‍ വളരുന്ന പാല്‍പ്പഴത്തിന് കരുത്തേറിയ തടിയാണ് കാണുന്നത്. ഇലകളുടെ മുകള്‍വശം ഇളംപച്ചനിറത്തിലും അടിവശം സ്വര്‍ണ്ണനിറത്തിലും കാണുന്നു.  വിയറ്റ്‌നാമില്‍നിന്നാണ് പാല്‍പ്പഴത്തിന്റെ വരവ്.

ധാരാളം ഇലകളും ശാഖകളും പാല്‍പ്പഴത്തിന് കണ്ടുവരാറുണ്ട്. വലിയ പാഷന്‍ ഫ്രൂട്ടിന്റെ രൂപമുള്ള കായ്കള്‍ക്കുള്ളിലെ പാല്‍ രുചിയുള്ള കുഴമ്പ് കോരിക്കഴിക്കാവുന്നതാണ്.

ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് പാല്‍പ്പഴമരം പൂക്കുന്നത്. കായ്കള്‍ പഴുക്കുന്നത് ജനുവരി, ഫെബ്രുവരി മാസങ്ങളിലുമാണ്. ക്രിസോഫിലം കൈനിറ്റോ എന്നാണ് പാല്‍പ്പഴത്തിന്റെ ശാസ്ത്രനാമം.

പാല്‍പ്പഴത്തിന്റെ ചെറുവിത്തുകള്‍ പാകി മുളപ്പിച്ചെടുക്കാം. നല്ല നീര്‍വാര്‍ച്ചയുള്ള തുറസായ സ്ഥലമാണ് തൈകള്‍ നടുവാന്‍ നല്ലത്. മൂന്നുവര്‍ഷത്തിനുള്ളില്‍ കായ്കള്‍ ഉണ്ടായിതുടങ്ങും. തൊലിയുടെ നീര് ഔഷധമായി ഉപയോഗിക്കുന്നുണ്ട്.

കുരുമുളകിന്റെ ദ്രുതവാട്ടം തടയാം

കാലവര്‍ഷാരംഭത്തോടെയാണ് രോഗം കാണപ്പെടുന്നത്.

കുരുമുളകുകൃഷിയെ ബാധിക്കുന്ന പ്രധാനരോഗമാണ് ദ്രുതവാട്ടം. കടചീയല്‍, ചുവടുചീയല്‍, മൂടുചീയല്‍ എന്നീപേരുകളിലും അറിയപ്പെടുന്ന ഈ രോഗത്തിന് കാരണം ഫൈറ്റോഫ്‌തോറ കാപ്‌സിസി എന്നയിനം കുമിളാണ്. കാലവര്‍ഷാരംഭത്തോടെയാണ് രോഗം കാണപ്പെടുന്നത്. ഇലകളില്‍ ചൂടുവെള്ളം വീണ് പൊള്ളിയ മാതിരിയുള്ള കറുത്തപാടുകളുണ്ടായി മുഴുവന്‍  കരിഞ്ഞുണങ്ങുന്നു.

നിയന്ത്രണമാര്‍ഗങ്ങള്‍

രോഗബാധയില്ലാത്ത സ്ഥലത്തുനിന്ന് നല്ല ആരോഗ്യമുള്ള നടീല്‍വസ്തുക്കള്‍ ശേഖരിച്ചുനടാന്‍ ശ്രദ്ധിക്കണം. വള്ളിയുടെ ചുവടുഭാഗത്ത് വെള്ളം കെട്ടിനില്‍ക്കാതെ നല്ല നീര്‍വാര്‍ച്ച സൗകര്യവും മരങ്ങളുടെ കൊമ്പ് കൊതിക്കൊടുത്ത് നല്ല സൂര്യപ്രകാശവും ഒരുക്കണം.

തോട്ടത്തില്‍ മണ്ണിളക്കുകയോ തടം കിളയ്ക്കുകയോ ചെയ്യരുത്. ചെന്തലകള്‍ മഴയ്ക്കുമുമ്പ് മുറിച്ചുമാറ്റുകയോ താങ്ങുമരത്തോടുചേര്‍ത്ത് കെട്ടിടുകയോ വേണം. ജൈവരീതിയില്‍ രോഗനിയന്ത്രണം സാധ്യമാക്കുന്നതിന് ജൈവവളപ്രയോഗം അനിവാര്യമാണ്.

പത്തുകിലോഗ്രാം വേപ്പിന്‍പ്പിണ്ണാക്ക്, 90 കിലോഗ്രാം ചാണകപ്പൊടി എന്നിവ തണലത്ത് കൂട്ടിച്ചേര്‍ത്ത് കുഴഞ്ഞുപോവാത്ത പരുവത്തില്‍ നനച്ച് ഷീറ്റിനുമുകളില്‍ ഒരടി ഉയരത്തില്‍ നിരത്തിയശേഷം ഇതിനുമുകളില്‍ ഒരുകിലോഗ്രാം ട്രൈക്കോഡര്‍മ മിത്രകുമിള്‍ കള്‍ച്ചര്‍ വിതറി ചണച്ചാക്കുകൊണ്ടോ കടലാസുകൊണ്ടോ മൂടിവെക്കുക.

ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാന്‍ അഞ്ചുദിവസത്തിലൊരിക്കല്‍ നനയ്ക്കുക. രണ്ടാഴ്ച കഴിയുന്നതോടെ കുമിളുകള്‍ വളര്‍ന്ന് പെരുകും. ചെടിയൊന്നിന് ഒരുകിലോഗ്രാം മുതല്‍ രണ്ടുകിലോഗ്രാം വരെ കാലവര്‍ഷാരംഭത്തിനു മുന്‍പ് കൊടുക്കാം. സ്യുഡോമോണസ് ഫ്‌ളൂറസന്‍സ് എന്ന ബാക്ടീരിയയെ ഉപയോഗിച്ചും രോഗം നിയന്ത്രണമാക്കാം.

പൗഡര്‍രൂപത്തിലുള്ള സ്യുഡോമോണസ് അഞ്ചുഗ്രാംമുതല്‍ പത്തുഗ്രാംവരെ ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് അഞ്ചു മുതല്‍ പത്തുലിറ്റര്‍വരെ ലായനിച്ചെടിയുടെ കടഭാഗത്ത് ഒഴിച്ചുകൊടുക്കുകയും ഇലകളില്‍ തളിക്കുകയും ചെയ്യാം.

രാസനിയന്ത്രണമാര്‍ഗമാണ് സ്വീകരിക്കുന്നതെങ്കില്‍ രോഗബാധയേറ്റ ചെടിയെ പൂര്‍ണമായും പറിച്ചുമാറ്റി തീയിട്ട് നശിപ്പിച്ചശേഷം ചെടിനിന്ന സ്ഥലത്ത് 0.2% വീര്യത്തില്‍ കോപ്പര്‍ ഓക്‌സീക്ലോറൈഡ് ലായനിയോ 1% വീര്യത്തില്‍ ബോര്‍ഡോ മിശ്രിതമോ മണ്ണില്‍ ഒഴിച്ചുകൊടുക്കണം.

എളുപ്പത്തില്‍ ചെയ്യാം ജമന്തി കൃഷി

വളരെ വേഗത്തിലുള്ള പുഷ്പിക്കലും വിവിധ നിറത്തിലും വലിപ്പത്തിലും ഗുണമേന്മയുള്ള പുഷ്പങ്ങളും ഇവയുടെ വാണിജ്യപരമായ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്.

വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ പറ്റിയ പുഷ്പങ്ങളില്‍ ഒന്നാണ് ജമന്തി. ലളിതമായ കൃഷി രീതിയും ഏതു കാലവസ്ഥയിലും കൃഷി ചെയ്യാം എന്നതും ജമന്തി കൃഷിയ്ക്ക് കൂടുതല്‍ പ്രചാരം നല്‍കുന്നത്.

വളരെ വേഗത്തിലുള്ള പുഷ്പിക്കലും വിവിധ നിറത്തിലും വലിപ്പത്തിലും ഗുണമേന്മയുള്ള പുഷ്പങ്ങളും ഇവയുടെ വാണിജ്യപരമായ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്.

ആഫ്രിക്കന്‍, ഫ്രഞ്ച് എന്നി രണ്ട് വിഭാഗത്തില്‍ പെടുന്ന ജമന്തി പ്രചാരത്തിലുണ്ട്. ഇവയുടെ സങ്കര ഇനങ്ങളായ റെഡ്,ഗോള്‍ഡ്,ഷോബോട്ട്,റെഡ് സെവന്‍സ്റ്റാര്‍ എന്നിവ ഇവയുടെ പ്രധാനയിനങ്ങളാണ്.

പശിമയുള്ള മണ്ണിലാണ് കൂടുതലും ജമന്തി വളരുന്നതെങ്കിലും ഏത് പ്രദേശത്തിലും ജമന്തി കൃഷി ചെയ്യാം. പടശേഖരങ്ങളില്‍ കൃഷി ചെയ്യാവുന്നതാണ്. വിത്തുകള്‍ ഉപയോഗിച്ചാണ് തൈകള്‍ ഉണ്ടാക്കുന്നത്. പാകമായ പൂക്കളാണ് വിത്തുകളായി ഉപയോഗിക്കുന്നത്. നഴ്‌സറിയില്‍ വിത്തുമുളപ്പിച്ചതിന് ശേഷം തൈകള്‍ പറിച്ച് കൃഷി സ്ഥലത്ത് നടുന്നതാണ് നല്ലത്.

നഴ്‌സറിയില്‍ ഉറുമ്പിന്റെ ശല്യം ഉണ്ടാകാതെ നോക്കണം. 1.5x1.5 നീളത്തിലും വീതിയിലും ഒരു മീറ്റര്‍ ഉയരത്തിലുമാണ് നഴ്‌സറികള്‍ ഉണ്ടാക്കേണ്ടത്. 30 കിലോഗ്രാം കാലിവളവും അര കിലോഗ്രാം രാസവളവും സംയോജിപ്പിച്ച് മണ്ണില്‍ നല്‍കണം.

വിത്തുകള്‍ 7.5 സെന്റിമീറ്റര്‍ അകലത്തില്‍ നിരകളായി വിതയ്ക്കണം. ഇവയെ കാലിവളം ഉപയോഗിച്ച് മൂടി നല്ലവണ്ണം ജലസേചനം നടത്തി മുളപ്പിച്ച ചെടികള്‍ ഒരു മാസത്തിനകം മാറ്റി നടണം.

നന്നയി കാലിവളം ചേര്‍ത്ത് ഒരുക്കിയ മണ്ണില്‍ വേണം കൃഷി ചെയ്യുവാന്‍. കൃഷിസ്ഥലത്ത് 112:60:60 എന്നതോതില്‍ എന്‍ പി കെ വളങ്ങള്‍ നല്‍കുന്നതും നല്ലതാണ്. ഫ്രഞ്ച് മാരിഗോള്‍ഡ് 30X30 സെന്റിമീറ്റര്‍ അകലത്തിലും ആഫ്രിക്കന്‍ ഇനം 45X45 സെന്റിമീറ്റര്‍ അകലത്തിലും വേണം കൃഷിയിടത്തില്‍ നടുവാന്‍.

തൈകള്‍ നട്ടതിന് ശേഷം ആവശ്യത്തിന് നനയ്ക്കണം. 30 മുതല്‍ 45 ദിവസങ്ങള്‍ക്ക് ശേഷം നൈട്രജന്‍ വളം പ്രയോഗിക്കുന്നത് നല്ലതാണ്. ഇതോടൊപ്പം മണ്ണ് കിളയ്ക്കുകയും ആവശ്യമില്ലാത്ത ഇലകളും തലപ്പുകളും നുള്ളുകയും ചെയ്യണം.

മണ്ണിന്റെ ഈര്‍പ്പം,കാലാവസ്ഥ എന്നിവ പരിഗണിച്ച് നാല് മുതല്‍ ആറ് ദിവസം കൂടുമ്പോള്‍ നനയ്ക്കണം. ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് തലപ്പുകള്‍ നുള്ളുന്നത് നല്ലതാണ്. ഇത് തൈകള്‍ നട്ട് 30 മുതല്‍ 45 ദിവസങ്ങള്‍ക്ക് ശേഷം നടത്തണം.

കീടങ്ങളുടെ ആക്രമണം ജമന്തിക്ക് വളരെ കുറവാണ്. പുല്‍ച്ചാടികള്‍, തണ്ടുതുരപ്പന്‍ പുഴു എന്നിവ ചിലപ്പോള്‍ ആക്രമിക്കാറുണ്ട്. ചിലപ്പോള്‍ നീര്‍വാര്‍ച്ചക്കുറവുള്ള മണ്ണില്‍ വേര് ചീയലിന് കാരണമാകുന്നു.

വേരുചീയല്‍ തടയുന്നതിന് മാലത്തയോണ്‍,കാര്‍ബറില്‍ എന്നിവ വെള്ളത്തില്‍ കലക്കി ചെടിയുടെ ചുവട്ടില്‍ ഒഴിക്കണം. ചെടിയകലം പാലിക്കുകയും മണ്ണിന്റെ ഘടന അനുസരിച്ച് കൃഷിരീതികള്‍ അവലംബിക്കുകയും ചെയ്താല്‍ രോഗങ്ങളില്‍ നിന്നും ചെടിയെ സംരക്ഷിക്കാം.

തൈകള്‍ മാറ്റി നട്ട് രണ്ട് മാസത്തിന് ശേഷം പൂക്കള്‍ വിളവെടുക്കാം.പിന്നീട് തുടര്‍ച്ചയായി രണ്ട് മാസംകൂടി വിളവെടുക്കാവുന്നതാണ്. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ പൂക്കള്‍ വൈകുന്നേരങ്ങളില്‍ ഞെട്ടുകളോടെ വേണം വിളവെടുക്കുവാന്‍.

ബോണ്‍സായി ചെടികള്‍ വളര്‍ത്താം

ബോണ്‍സായി എന്ന് വാക്കിന്റെ അര്‍ത്ഥം തളികയിലെ സസ്യം എന്നാണ്. ഇതിന് പ്രധാനമായും വേണ്ടത് ക്ഷമയാണ്

ഉദ്യാനത്തില്‍ ഏറ്റവും കൗതുകം നിറഞ്ഞതും അലങ്കാരമുള്ളതുമാണ് ബോണ്‍സായി ചെടികള്‍.പുരാതനകാലത്ത് ചൈനയിലും ജപ്പാനിലുമുള്ളവരുടെ കുള്ളന്‍ മരപ്രേമമാണ് വലിയ വൃക്ഷങ്ങളെ ചട്ടിയില്‍ നിയന്ത്രിച്ചു നിര്‍ത്തുന്ന ബോണ്‍സായ് എന്ന സമ്പ്രദായത്തിന് രൂപം നല്‍കിയത്.

ബോണ്‍സായി എന്ന് വാക്കിന്റെ അര്‍ത്ഥം തളികയിലെ സസ്യം എന്നാണ്. ഇതിന് പ്രധാനമായും വേണ്ടത് ക്ഷമയാണ്. ബോണ്‍സായി സംവിധാനം ചെയ്യുന്നതിന് പല രീതികളും ഉപയോഗിക്കുന്നുണ്ട്. നേര്‍ലംബരീതി(ചൊക്കന്‍), ചുരുളന്‍ രീതി (കിയോക്കു), ചരിഞ്ഞ രീതി (ഷാക്കന്‍), വളഞ്ഞു പിരിയന്‍ രീതി (ഹാങ്കര്‍), ചാഞ്ഞുവളരുന്ന രീതി (കെങ്കായി), പാറമേന്‍ വളര്‍ത്തുന്ന രീതി എന്നിവയാണ് പ്രധാനമായിട്ടുമുള്ളത്.

ഏകദേശം 15 മുതല്‍ 20 വര്‍ഷം വരെ ഒരു ബോണ്‍സായി ചെടിയുണ്ടാകുവാന്‍ ആവശ്യമാണ് എന്നത് തന്നെ ക്ഷമയുടെ പ്രധാന്യം സൂചിപ്പിക്കുന്നു. ആദ്യത്തെ എട്ട് മുതല്‍ 10 വര്‍ഷം വരെ തിരഞ്ഞെടുക്കുന്ന ചെടിയുടെ തൈകള്‍ ചെടിച്ചട്ടിയില്‍ സ്വതന്ത്രമായി നട്ട് വളര്‍ത്തുന്നു.അതിന് ശേഷമാണ് അവയെ നിയന്ത്രിക്കുവാന്‍ ആരംഭിക്കുന്നത്.

ബോണ്‍സായി ഉണ്ടാക്കുവാന്‍ വേണ്ട വൃക്ഷങ്ങളുടെ തൈകള്‍ക്ക് ചില പൊതു സ്വഭാവ സവിശേഷതകള്‍ ആവശ്യമാണ്. ധാരാളം ശാഖയോടുകൂടി വളരുക, പെട്ടന്ന് വേരുപൊട്ടി കിളുര്‍ക്കുക,എതു പ്രതികൂല അവസ്ഥകളെയും അതിജീവിക്കാനുള്ള കഴിവ് ആവശ്യമാണ്.

അരയാല്‍, പേരാല്‍, വാളന്‍പുളി, വാക,കശുമാവ്, ഓറഞ്ച്, പ്ലാവ്, മാവ് എന്നിങ്ങനെ വന്‍ വൃക്ഷമായി മാറുന്ന എന്തിനേയും ബോണ്‍സായിയാക്കിമാറ്റം. ഫലവൃക്ഷങ്ങളും പൂക്കളും ഉണ്ടാകുന്നവയും ബോണ്‍സായിയായി വളര്‍ത്താം എന്നാല്‍ ഇവയ്ക്ക് മേല്‍പ്പറഞ്ഞ പ്രത്യേകതകള്‍ എല്ലാം ഉണ്ടാകണമെന്നു മാത്രം.

രണ്ടു ഘട്ടങ്ങളായിട്ടാണ ബോണ്‍സായി ഉണ്ടാക്കുന്നത്. അദ്യഘട്ടത്തില്‍ ചെടിയുടെ തായ്‌വേര് മുറിച്ചുമാറ്റി ചട്ടികളില്‍ നടുകയാണ് വേണ്ടത്. ഈ ചട്ടികളില്‍ തുല്യഅളവില്‍ മണ്ണുംജൈവവളവും ചേര്‍ത്തുവേണം തൈകള്‍ നടുവാന്‍. ഇവയ്ക്ക് സാധാരണ രീതിയില്‍ ജലസേചനവും വളവും നല്‍കി വളര്‍ത്തുക.

ചെടി അധികം ഉയരം വയ്ക്കാതെ വ്യാപിച്ച് വളരുകയോ ചെയ്യാതെ ശാഖമുറിച്ച് നിയന്ത്രിക്കണം. ഏകദേശം എട്ട് 10 വര്‍ഷത്തിന് ശേഷം ബോണ്‍സായി രണ്ടാം ഘട്ടം ആരംഭിക്കണം. ഇത് തീരുമാനിക്കേണ്ടത് ചെടികളുടെ വളര്‍ച്ച നിരക്ക് പരിശോധിച്ചാണ്.തൈകള്‍ക്ക് ആവശ്യത്തിന് വേരും ശാഖകളും വരുന്നതും ശ്രദ്ധിക്കണം. പരിശോധന തൃപ്തി കരമെങ്കില്‍ ആദ്യത്തെ ചട്ടിയില്‍ നിന്നും തൈകള്‍ഇളക്കിയെടുക്കണം.

പരന്ന് അധികം ഉയരമില്ലാത്ത ചട്ടികളില്‍ മൂന്ന് നാല്  വെള്ളം ഒഴുകിപ്പോകുവാനുള്ള സുഷിരങ്ങള്‍ ഉണ്ടാകണം. ഇത്തരത്തിലുള്ള ചട്ടിവേണം തിരഞ്ഞെടുക്കുവാന്‍. തൈയ്യുടെ വേരുകള്‍ ഇറങ്ങി നശിക്കാത്തവിധം ചട്ടികള്‍ ആവശ്യമാണ് ഇത്തരം ചട്ടികള്‍ വിപണിയില്‍ ലഭിക്കും. ചെടിയുടെ തായ്ത്തടിയുടെ വണ്ണം ചട്ടിയുടെ വലിപ്പത്തെ സ്വാധീനിക്കുന്ന ഒരു ഘടകമാണ്.

ചെടിയുടെ വളര്‍ച്ച നിയന്ത്രിക്കേണ്ടത് ചെറിയ നൂല്‍കമ്പികള്‍ ഉപയോഗിച്ചാണ്. ചട്ടിയുടെ അടിഭാഗത്തുള്ള ചെറിയ സുഷിരങ്ങളിലൂടെ അലുമിനിയം കമ്പിയോ ചെമ്പ് കമ്പിയോ ലംബമായി കടത്തിവിടുക. ശേഷം കമ്പി ഉള്‍പ്പടെ സുക്ഷിരങ്ങള്‍ ചെറിയ പ്ലാസ്റ്റിക് വലകഷണങ്ങള്‍ ഉപയോഗിച്ച് അടയ്ക്കുക. പഴയ ചട്ടിയില്‍ നിന്നെടുത്ത ചെടി അതിന്റെ വേരുകള്‍ പകുതിയോളം ചെത്തിമിനുക്കി പുതിയ ചട്ടിയില്‍ കൊള്ളുന്ന വിധത്തിലാക്കുക.

അതിന് ശേഷം ചട്ടിയുടെ ചുവട്ടില്‍ ചരല്‍ നിറഞ്ഞ കട്ടിയുള്ള മണ്ണ് നിരത്തുക. ചെടിഅതിലേക്ക് ഉറപ്പിച്ച് നിറുത്തണം. ആവശ്യമില്ലാത്ത തളിരിലകളും ചില്ലകളും വെട്ടി മാറ്റണം. ശേഷം ലംബമായി നില്‍ക്കുന്ന കമ്പികൊണ്ട് ചെടിയുടെ തായ്ത്തടി വരിഞ്ഞുമുറുക്കുക. ശാഖകള്‍ ആവശ്യമുള്ള രീതിയില്‍ കമ്പികൊണ്ട് കെട്ടി നിയന്ത്രിക്കണം.

ചട്ടിയുടെ ബാക്കിയുള്ള സ്ഥലത്ത് ചാണകപ്പൊടി,മണല്‍ എന്നിവ നിറയ്ക്കാം. തണലിനും അലങ്കാരത്തിനുമായി ഇതിന് മുകളില്‍ പായല്‍ നിരത്തണം. അദ്യത്തെ രണ്ട് ആഴ്ച തണലില്‍ വെച്ച് നനച്ചതിന് ശേഷം പിന്നീട് സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തേക്ക് മാറ്റുക. ഒപ്പം നനയ്ക്കുകയും വളപ്രയോഗവും നടത്താം. ചെടിയുടെ ചുവട്ടില്‍ വെള്ളം ഒഴിക്കുന്നതിനു നല്ലത് സ്‌പ്രേയര്‍ ഉപയോഗിച്ച് ഇലകള്‍ നനയ്ക്കുന്നതാണ്.ഇങ്ങനെ 10 മുതല്‍ 20 വര്‍ഷം വരെ ചെടിയെ നിയന്ത്രിച്ച് വളര്‍ത്തണം. ഓരോ വര്‍ഷം കഴിയുമ്പോഴും ചെടിയുടെ ഭംഗി കൂടി വരുകയെയുള്ളു. വളര്‍ച്ചയ്ക്ക് അനുസരിച്ച് കമ്പി അഴിച്ചുകെട്ടണം.

20 സെന്റിമീറ്റര്‍ വരെ ഉയരത്തിലാണ് സാധാരണ ബോണ്‍സായി ചെടിക്കുള്ളത്. എന്നാല്‍ പലവലുപ്പത്തിലും ആകൃതിയിലും ബോണ്‍സായി ചെടികള്‍ ഉണ്ട്. ചൈനക്കാര്‍ ബോണ്‍സായിയുടെ ആകൃതിയെക്കാള്‍ ഉയരത്തിനായിരുന്നു പ്രധാന്യം കൊടുക്കുന്നത്. ബോണ്‍സായിയായി നട്ടുവളര്‍ത്തുന്ന ചെടികളില്‍ നിന്നു തന്നെ അതിന്റെ വംശഗുണമുള്ള പുതിയ ചെടികള്‍ സൃഷ്ടിച്ചെടുക്കാം. ലെയറിങ്ങാണ് ഇതിനായി നടത്തുന്നത്.

ലെയറിങ്ങിനായി ചെടിയുടെ അഞ്ച് സെന്റിമീറ്റര്‍ വലുപ്പത്തില്‍ തൊലിമാറ്റിയ ശേഷം ഇവിടെ വളര്‍ച്ച ഹോര്‍മോണുകള്‍ തേച്ചുപിടിപ്പിക്കുക.ഈ ഭഗത്ത് ഒരു പ്ലാസ്റ്റിക് കവറിലിട്ട് അടിഭാഗം കെട്ട്ി പ്ലോട്ടിങ്ങ് മിശ്രിതം നിറയ്ക്കണം. കൂടിന്റെ മുകള്‍ ഭാഗം കെട്ടി ചെറിയ തുളകള്‍ ഇട്ട് നനയ്ക്കണം. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വേരുകള്‍ ഉണ്ടാകും. അപ്പോള്‍ ചെടിയുടെ അടിഭാഗം മുറിച്ച് ഇവയെ പുതിയ ചെടിയാക്കിമാറ്റം.

ബോണ്‍സായികള്‍ വളരുംതോറുമാണ് ഭംഗി വര്‍ദ്ധിക്കുന്നത്.  ആല്‍ത്തറകളും ആല്‍വൃക്ഷങ്ങളും അതേരീതിയില്‍ ഉണ്ടാക്കുവാന്‍ കഴിയും. 500 രൂപ മുതല്‍ 15000 രൂപ വരെയാണ് ഇതിന് വില ലഭിക്കുക.

കാശു വാരാന്‍ ക്രസാന്ത

കടുത്ത ഓറഞ്ച് നിറമുള്ള പൂവുകള്‍ ആഘോഷവേളകളിലെ അലങ്കാര പുഷ്പക്രമീകരണത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.

വളരെ പ്രചാരമുള്ള ഒരിനം പൂവാണ് ക്രസാന്ത. പൂവിന്റെ വലിപ്പക്കുറവും ഗുണമേന്മയുമാണ് ഇതിന്റെ പ്രത്യേകതകള്‍. കടുത്ത ഓറഞ്ച് നിറമുള്ള പൂവുകള്‍ ആഘോഷവേളകളിലെ അലങ്കാര പുഷ്പക്രമീകരണത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.

എല്ലാത്തരം ഭൂപ്രദേശങ്ങളിലും ഗ്രീന്‍ ഹൗസുകളിലും കൃഷി ചെയ്യുന്ന ഇവയുടെ മികച്ചയിനങ്ങളാണ് യെല്ലോ ഓറഞ്ച്,ലൂറ്റിയ യൊല്ലോ,ഡല്‍ഹി എന്നിവ. ആറ് മുതല്‍ ഏഴ് വരെ പി എച്ച് മൂല്യമുള്ള പശിമയുള്ള ചെമ്മണ്ണാണ് ഇവയുടെ കൃഷിയ്ക്ക് നല്ലത്.

വിത്തുകള്‍ ഉപയോഗിച്ചോ തണ്ട് മുറിച്ച് നട്ടോ കൃഷി ചെയ്യാം.വിത്ത് നട്ടാണ് ഉണ്ടാക്കുന്നതെങ്കില്‍ അഞ്ച് ഇലകളെങ്കിലും വന്നതിന് ശേഷം മാറ്റിനടാം.തണ്ടാണ് ഉപയോഗിക്കുന്നതെങ്കില്‍ വേരുകള്‍ ഉണ്ടായതിന് ശേഷം വേണം കൃഷിയിടത്തിലേക്ക് മാറ്റുവാന്‍.

കൃഷി ചെയ്യുമ്പോള്‍ നിലം ഒരുക്കിയ ശേഷം കാലിവളമിട്ട് 60 സെന്റിമീറ്റര്‍ അകലത്തില്‍ ചാലുകള്‍ തീര്‍ത്ത് നടാം. അടിസ്ഥാനവളമായി എന്‍ പി കെ വളങ്ങള്‍ 33:60:60 കിലോഗ്രാം ഹെക്ടറിന് നല്‍കാം.അതിന് ശേഷം 30 സെന്റിമീറ്റര്‍ അകലത്തില്‍ വേണം തൈകള്‍ പാകുവാന്‍.

ചെടികളില്‍ രണ്ടുതവണ തലപ്പ് മുറിക്കല്‍ നടത്തണം. അദ്യത്തേത് നട്ട് മൂന്ന് മാനത്തിന്  ശേഷവും രണ്ടാമത്തേത് 9മാസത്തിന് ശേഷവും നടത്തണം.ഒരോ തവണയും വളപ്രയോഗം നടത്തുകയും ആവശ്യത്തിന് നന കളപറിക്കല്‍ എന്നിവ നടത്തണം. ഒപ്പം മണ്ണ് കിളച്ചു മറിച്ചാല്‍ ചെടിയുടെ വളര്‍ച്ച വര്‍ദ്ധിക്കും.

ചെറിയ ഈച്ചകള്‍,പുഴുക്കള്‍ എന്നിവയാണ് ചെടിയെ ആക്രമിക്കുന്ന കീടങ്ങള്‍ ഇവയെ നിയന്ത്രിക്കുന്നതിനായി മാലത്തയോണ്‍ ഉപയോഗിക്കാം.ചില കീടങ്ങള്‍ ചെടിയുടെ നാശത്തിനും ഇലകളെ മഞ്ഞ നിറത്തിലാക്കി മാറ്റുന്നതിനും കാരണമാകുന്നുണ്ട് വേരുകളില്‍ കാണുന്ന ഇത്തരം രോഗങ്ങള്‍ നിയന്ത്രിക്കുവാന്‍ ഫോറേറ്റ് പ്രയോഗിക്കാം.

നട്ട് മൂന്ന് മാസത്തിനുള്ളില്‍ പുഷ്പിക്കാന്‍ ആരംഭിക്കും ഇതിന് ശേഷം ഒരു വര്‍ഷക്കാലം തുടര്‍ച്ചയായി വിളവ് ലഭിക്കും. വര്‍ഷകാലത്ത് വന്‍തോതില്‍ പൂക്കള്‍ ലഭിക്കും.ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെയാണ് പൂക്കള്‍ ശേഖരിക്കുന്നത്. ഒരു ഹെക്ടറില്‍ നിന്നും അഞ്ച് ടണ്ണോളം പൂക്കള്‍ ലഭിച്ചേക്കാം.

പുല്‍ത്തകിടിയൊരുക്കാം ശ്രദ്ധയോടെ

പുല്ലിന് നല്ല സൂര്യപ്രകാശം ലഭിക്കേണ്ടതിനാല്‍ തുറസ്സായ സ്ഥലം വേണം തിരഞ്ഞെടുക്കുവാന്‍.ഇങ്ങനെ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണ് ഉണ്ടായിരിക്കണം

മുറ്റത്തൊരു പൂന്തോട്ടമുള്ളവരുടെയെല്ലാം ആഗ്രഹമാണ് പൂന്തോട്ടത്തിനൊപ്പം ഒരു പുല്‍ത്തകിടി. ഇത്തരത്തില്‍ ഒരു പുല്‍ത്തകിടി നിര്‍മ്മിക്കുന്നതിന് വീട്ടുമുറ്റത്ത് അനുയോജ്യമായ സ്ഥലം തിരെഞ്ഞുടുക്കുകയാണ് ആദ്യം. പുല്ലിന് നല്ല സൂര്യപ്രകാശം ലഭിക്കേണ്ടതിനാല്‍ തുറസ്സായ സ്ഥലം വേണം തിരഞ്ഞെടുക്കുവാന്‍.ഇങ്ങനെ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണ് ഉണ്ടായിരിക്കണം.

സ്ഥലം തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ നിലമൊരുക്കാം. 20 മുതല്‍ 30 സെന്റിമീറ്റര്‍ ആഴത്തില്‍ കിളച്ചതിന് ശേഷം നിലം നന്നായി നിരപ്പാക്കണം.15 ദിവസത്തേക്ക് ഈ മണ്ണ് നന്നായി സൂര്യപ്രകാശം ലഭിക്കാന്‍ വെറുതെയിടണം.ഇടയ്ക്ക് നനയ്ക്കുകയും വേണം.

ഇങ്ങനെചെയ്യുമ്പോള്‍ കളകള്‍ മുളയ്ക്കും ഇത് പറിച്ചുമാറ്റണം.ഇതു വഴി കീടങ്ങളെ നിയന്ത്രിക്കാനും കഴിയും.കളനീക്കിയ ശേഷം നിലത്തെ കല്ലൂകള്‍ എല്ലാം ഒടച്ചശേഷം വേണം വളപ്രയോഗം നടത്തുവാന്‍. 100 ചതുരശ്രമീറ്ററില്‍ 500 കിലോ ഗ്രാം ചാണകപ്പൊടി എന്ന കളക്കില്‍ മേല്‍വളം നല്‍കാം. ഒപ്പം 10 കിലോഗ്രാം എല്ലുപൊടിയും ചേര്‍ത്ത് മണ്ണ് നന്നായി ഇളക്കികൊടുക്കണം.

അടുത്തത് മണ്ണ് നിരപ്പാക്കലാണ് ഇത് ചെയ്യുമ്പോള്‍ നടുഭാഗത്തുനിന്നും മണ്ണ് രണ്ട് ഭാഗത്തേക്കും ചെരിച്ചിടണം വെള്ളം ഒഴുകിപ്പോകുന്നതിനായിട്ടാണിത്. നമ്മുടെ കാലവസ്ഥയ്ക്കുപറ്റിയ പുല്ലിനങ്ങളാണ് കറുകയും, എരുമപ്പുല്ലും,കാര്‍പറ്റ് ഗ്രാസ്,ഗുസ് ഗ്രാസ് എന്നിവയും മികച്ചയിനങ്ങളാണ്. കറുകയ്ക്ക് വളരുവാന്‍ നല്ല സൂര്യപ്രകാശം വേണം. തണലുള്ള സ്ഥലത്ത് വളര്‍ത്തുവാന്‍ പറ്റിയതാണ് എരുമപ്പുല്ല്.നല്ല വെയില് കിട്ടുന്ന സ്ഥലത്ത് കാര്‍പറ്റ് ഗ്രാസും തണലുള്ള സ്ഥലത്ത് സെന്റ് അഗസ്റ്റിന്‍ ഗ്രാസും വളര്‍ത്താം.

വിത്തുപാകി മുളപ്പിക്കുന്നതാണ് എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന രീതി.ഇങ്ങനെ ചെയ്യുമ്പോള്‍ ഗുണമേന്മയുള്ളതുംകലര്‍പ്പില്ലാത്തതുമായി വിത്ത് വേണം തിരഞ്ഞെടുക്കുവാന്‍.200 ചതുരശ്രമീറ്ററില്‍ 500 ഗ്രാം വിത്തും ഇരട്ടി അളവില്‍ മണലും ചേര്‍ത്തു വേണം വിതയ്ക്കുവാന്‍.

വിത്തുവിളയ്ക്കുന്നതിന് മുമ്പ് മേല്‍മണ്ണ് അഞ്ച് സെന്റിമീറ്റര്‍ ആഴത്തില്‍ കിളയ്ക്കണം. ശേഷം വിത്ത് വിതറിയ ശേഷം മണല്‍ വിതറി ചെറുതായി മണ്ണ് അമര്‍ത്തികൊടുക്കണം.പതിവായി നനയ്ക്കണം മൂന്ന് മുതല്‍ അഞ്ച് ആഴ്ചയാകുമ്പോള്‍ വിത്ത് മുളയ്ക്കും പുല്ല് 5 സെന്റിമീറ്ററില്‍ കൂടുതല്‍ വളര്‍ന്നാല്‍ വെട്ടി സമമാക്കി നിയന്ത്രിക്കാം.

വിത്തുപയോഗിക്കാതെ തന്നെ മൂപ്പ് എത്തിയ പുല്ലിന്റെ തണ്ടുകള്‍ ഉപയോഗിച്ചും പുല്ല് വളര്‍ത്താവുന്നതാണ്. നിലം ഒരുക്കിയതിന് ശേഷം പുല്ലുകള്‍ ഏഴ് മുതല്‍ എട്ട് സെന്റിമീറ്റര്‍ അകലത്തില്‍ നട്ട് നല്ലതുപോലെ നനയ്ക്കണം. ഏഴ് ആഴ്ചയ്ക്ക് ശേഷം വെട്ടി സമമാക്കാം.ഈ രീതിയില്‍ തയ്യാറാക്കുന്ന പുല്‍ത്തകിടി മൂന്ന് മാസത്തിനുള്ളില്‍ തയ്യാറാകും.

ടര്‍ഫിങാണ് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളല്‍ പുല്‍ത്തകിടി തയ്യാറാക്കുവാന്‍ പറ്റുന്ന മറ്റൊരു മാര്‍ഗ്ഗം. ഇതിനായി ഇടതൂര്‍ന്ന് വളര്‍ന്നു നില്‍ക്കുന്ന പുല്ല് അഞ്ച് സെന്റിമീറ്റര്‍ കനത്തില്‍ വെട്ടിയെടുക്കണം. ശേഷം ഇവ മണ്ണില്‍ ചേര്‍ത്ത് വെച്ച് അമര്‍ത്തണം. നന്നയി നനയ്ക്കണം കുറച്ചു ദിവസത്തിനുള്ളില്‍ തന്നെ പുല്ല് മുളയ്ക്കും. വേനല്‍ക്കാലത്ത് പുല്ലിന് കൂടുതല്‍ സംരക്ഷണം നല്‍കണ്ടആവശ്യമുണ്ട്.

ചെടികള്‍ പൂവിടാനും രോഗങ്ങള്‍ അകറ്റാനും തേങ്ങ-മോര് ലായനി

ജ്യൂസെടുക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ പകരം അരമുതല്‍ ഒരു കിലോഗ്രാം അഴുകിയ പഴങ്ങള്‍ മതിയാകും

കീടരോഗങ്ങളെ അകറ്റാനും വിളകളുടെ പൂവിടല്‍ ത്വരിതപ്പെടുത്താനും തേങ്ങ-മോര് ലായനി ഉപയോഗിക്കാം. ഇതുണ്ടാക്കാന്‍ അഞ്ചുലിറ്റര്‍ മോര്, ഒരുലിറ്റര്‍ ഇളനീര്‍, ഒന്നോ രണ്ടോ തേങ്ങയുടെ കാമ്പ് ചുരണ്ടിയത്, അഴുകിയപഴങ്ങളില്‍നിന്നുണ്ടാക്കിയ അര മുതല്‍ ഒരു ലിറ്റര്‍ ജ്യൂസ് എന്നിവ വേണം.

ജ്യൂസെടുക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ പകരം അരമുതല്‍ ഒരു കിലോഗ്രാം അഴുകിയ പഴങ്ങള്‍ മതിയാകും. ലായനിയുണ്ടാക്കാന്‍ ആദ്യം ഇളനീരും പഴജ്യൂസും മോരും നന്നായി കലര്‍ത്തിയശേഷം തേങ്ങ ചുരണ്ടിയതില്‍ ഇതുവീഴ്ത്തി കുതിര്‍ക്കുക. ഈച്ചയും മറ്റും മുട്ടയിടുന്നതുതടയാന്‍ ഒരു നെറ്റ് ഉപയോഗിച്ച് കണ്ടെയ്നറിന്റെ വാവട്ടം മൂടണം.

ജ്യൂസിനുപകരം അഴുകിയ പഴങ്ങളാണ് ഉപയോഗിക്കുന്നതെങ്കില്‍ പഴങ്ങളും തേങ്ങ ചുരണ്ടിയതും ഒരു നൈലോണ്‍ വലസഞ്ചിയില്‍ നിറച്ച് മോര്-ഇളനീര്‍ മിശ്രിതത്തില്‍ ഇട്ടുവെച്ചാല്‍ മതിയാകും.

ഒരാഴ്ചകഴിഞ്ഞ് മിശ്രിതം അരിച്ച് 300 മുതല്‍ 500 മില്ലിലീറ്റര്‍ 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് തളിക്കുകയും ചുവട്ടില്‍വീഴ്ത്തുകയും ചെയ്യാവുന്നതാണ്.

കടപ്പാട്-http:www.mathrubhumi.com

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate