অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൃഷി വിവരങ്ങള്‍

കൃഷി വിവരങ്ങള്‍

ജൈവകീടനാശിനികള്‍ ഏതൊക്കെ ?

വിഷാംശം അടങ്ങിയ രാസകീടനാശിനികള്‍ പ്രയോഗിക്കുന്നതുമൂലം വിളകള്‍ക്കുണ്ടാകുന്ന ദോഷങ്ങള്‍ ഏറെയാണ്. വിളകളില്‍ കായ്കള്‍ ഉണ്ടായതിനുശേഷവും രാസകീടനാശിനികള്‍ പ്രയോഗിക്കുന്ന പ്രവണതയാണ് ഇന്ന് നിലവിലുള്ളത്. ഇതില്‍ നിന്നും വ്യത്യസ്തമായി പരിസ്ഥിതിക്ക് ദോഷം ചെയ്യാത്തതും ആരോഗ്യത്തിന് ഹാനികരമല്ലാത്തതുമായ ജൈവകീടനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടത് വളരെ ആവശ്യമാണ്. ലളിതമായി തയ്യാറാക്കുവാന്‍ സാധിക്കുന്ന കീടനാശനികളും അവയുടെ പ്രയോഗവും ചുവടെ വിശദീകരിക്കുന്നു.

പുകയിലക്കഷായം

ഒരു കിലോഗ്രാം പുകയില കൊത്തിയരിഞ്ഞത് 15 ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം കുതിര്‍ക്കാന്‍ വെക്കുക. ഇത് അരിച്ചെടുത്ത് 100 ഗ്രാം ബാര്‍ സോപ്പ് ചീകിയിട്ട് ലയിപ്പിച്ചെടുത്താല്‍ കീടനാശിനി തയ്യാറാകും. കീടബാധയുടെ തീവ്രതയനുസരിച്ച് ഇത് രണ്ട് മൂന്ന് ഇരട്ടി വെള്ളം ചേര്‍ത്ത് തളിക്കണം. ശക്തികൂടിയ പുകയില സത്തുണ്ടാക്കുവാന്‍ പുകയില അരിഞ്ഞിട്ട ലായനി അരമണിക്കൂര്‍ തിളപ്പിച്ചാല്‍ മതി.

വെളുത്തുള്ളി മിശ്രിതം

സുലഭമായി ലഭിക്കുന്ന വെളുത്തുള്ളി ഉപയോഗിച്ച് ഈ മിശ്രിതം ഉണ്ടാക്കാം. 20 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ലായനി അരിച്ച് തെളിച്ചെടുക്കുക. അതിന് ശേഷം ഒരു ലിറ്റര്‍ ലായനിക്ക് നാല് മില്ലി എന്ന തോതില്‍ മാലത്തിയോണ്‍ കൂട്ടിച്ചേര്‍ത്ത് കീടനാശനി ഉപയോഗിക്കാം. പാവലിലും മറ്റും കാണുന്ന പച്ചതുള്ളനെ പ്രതിരോധിക്കുവാന്‍ വെളുത്തുള്ളി മിശ്രിതത്തിന് കഴിയും.

പഴക്കെണി

പാവലിനും പടവലത്തിനും കണ്ടുവരുന്ന കായീച്ചയെ നശിപ്പിക്കുന്നതിന് പഴക്കെണി ഉപയോഗിക്കാം. പഴക്കെണി തയ്യാറാക്കാനായി പാളയന്കോടന്‍ പഴം തൊലികളയാതെ നാല് കഷണമാക്കി മുറിക്കുക. മുറിച്ച ഭാഗങ്ങളില്‍ ഫൂറഡാന്‍ തേക്കുക. ഇത് പന്തലില്‍ ചിരട്ടകള്‍ കൊണ്ട് ഉറിയുണ്ടാക്കി തൂക്കിയിടുക.

ശര്‍ക്കരക്കെണി

10 ഗ്രാം ശര്‍ക്കര അല്പം ഈര്‍പ്പത്തോടുകൂടി ഒരു വലിയ ചിരട്ടയുടെ ഉള്‍ഭാഗത്ത് തേച്ച് പിടിപ്പിക്കുക. ഇതില്‍ ഒരു നുള്ള് ഫുറഡാന്‍ തരി വിതറിയ ശേഷം ഉറുമ്പിന്‍ കൂടിനരികിലോ ചെടിയുടെ അടുത്തോ വെച്ചാല്‍ വിഷം അടങ്ങിയ ശര്‍ക്കര തിന്ന് ഉറുമ്പുകള്‍ ചാകും.

തുളസിക്കെണി

ഒരു പിടി തുളസിയില അരച്ചെടുത്ത് ഒരു ചിരട്ടയില്‍ ഇട്ടശേഷം ഉണങ്ങാതിരിക്കുവാന്‍ കുറച്ച് വെള്ളം ചേര്‍ക്കുക. ഇതില്‍ 10 ഗ്രാം ശര്‍ക്കര പൊടിയും ഒരു നുള്ള് ഫൂറഡാനും ചേര്‍ക്കണം. ഇത് പാവലും പടവലവും വളര്‍ത്തുന്ന പന്തലില്‍ കെട്ടിത്തൂക്കാം.

വേപ്പിന്‍കുരു സത്ത്

50 ഗ്രാം വേപ്പിന്‍കുരു പൊടിച്ചത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കിഴികെട്ടി 12 മണിക്കൂര്‍ മുക്കി വെയ്ക്കുക.അതിന് ശേഷം കിഴി പലപ്രാവശ്യം വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ് ലായനി തയ്യാറാക്കാം. വെണ്ടയിലെ കായ്തുരപ്പന്‍ പുഴുവിനെ നിയന്ത്രിക്കുവാന്‍ ഈ സസ്യകീടനാശിനി നല്ലതാണ്.

നാറ്റപ്പൂച്ചെടി എമള്‍ഷന്‍

നാറ്റപ്പൂച്ചെടിയുടെ ഇളം തണ്ടും ഇലകളും ശേഖരിച്ച് നീരെടുക്കുക. 60 ഗ്രാം ബാര്‍സോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചെടുത്ത ലായനി നാറ്റപ്പൂച്ചെടിയുടെ നാരുമായി ചേര്‍ത്ത് ഇത് പത്തിരട്ടി വെള്ളവുമായി ചേര്‍ത്ത് തളിക്കാം. പയര്‍പ്പേനിനെ നിയന്ത്രിക്കാന്‍ ഇതു സഹായിക്കും.

ആകാശ വെള്ളരി-ജീവിത ശൈലീരോഗങ്ങള്‍ക്കെതിരെയുള്ളൊരു വജ്രായുധം

പാഷന്‍ ഫ്രൂട്ടിന്റെ കുടുംബത്തില്‍പ്പെട്ടൊരു അപൂര്‍വ വളളിവര്‍ഗ്ഗ വിളയാണ് ആകാശവെള്ളരി(Giant Granadilla). രണ്ടു കിലോഗ്രാമോളം തൂക്കം വരുന്ന ധാരാളംകായ്കള്‍ പിടിക്കുന്ന ആകാശ വെള്ളരിയുടെ ആയുസ്സ് 200 വര്‍ഷം വരെയാണ്. എല്ലാകാലങ്ങളിലും പൂവിട്ടു കായ്കള്‍ പിടിക്കുമെങ്കിലും വേനല്‍ക്കാലത്താണ് ഏറ്റവുംകൂടുതല്‍ കായ്കളുണ്ടാകുന്നത്.

ഇളം പ്രായത്തില്‍ പച്ചക്കറിയായിട്ടും മൂന്നു മാസ്സത്തോളമെടുത്ത് വിളഞ്ഞുപഴുത്തുകഴിഞ്ഞാല്‍ പഴമായും ഉപയോഗിക്കാവുന്ന ആകാശ വെള്ളരി ജീവിതശൈലീരോഗങ്ങള്‍ക്ക് കൈകണ്ട ഔഷധം കൂടിയാണ്. വെള്ളരിയെന്നാണ് പേരെങ്കിലുംപാഷന്‍ ഫ്രൂട്ടിന്റെ രുചിയില്‍ മാധുര്യമേറുന്നയീ പഴങ്ങള്‍ കൂടുതലും ജ്യൂസ്സായിട്ടാണ് ഉപയോഗിക്കപ്പെടുന്നത്. പ്രോട്ടീന്‍, നാരുകള്‍, ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ് എന്നീ പോക്ഷകങ്ങളാല്‍ സമ്പുഷ്ടമായ ആകാശ വെള്ളരി പ്രമേഹം, രക്തസമ്മര്‍ദ്ദം, ആസ്ത്‌മ, ഉദരരോഗങ്ങള്‍ തുടങ്ങിയ രോഗങ്ങക്കെതിരെ പ്രയോഗിക്കാവുന്ന ഉത്തമ ഔഷധം തന്നെയാണ്.
വിത്തുപയോഗിച്ചും തണ്ടുകള്‍ മുറിച്ചു നട്ടുമാണ് വംശവര്‍ദ്ധനവ് നടത്തുന്നത്. വിത്ത് മുളപ്പിച്ചുണ്ടാക്കുന്ന തൈകള്‍ മൂന്ന് വര്‍ഷം കൊണ്ടും തണ്ടുകള്‍ നട്ടുപിടിപ്പിച്ചാല്‍ ഒരു വര്‍ഷം കൊണ്ടും പൂവിട്ട് കായ്കള്‍ പിടിക്കാന്‍ തുടങ്ങും.

ഒരു സുസ്ഥിര പച്ചക്കറിയായും ഔഷധഗുണ സമ്പുഷ്ടമായൊരു പഴമായും പേരെടുത്തിട്ടുള്ള ആകാശ വെള്ളരി കൂടി ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ അടുക്കളത്തോട്ടത്തിനൊരു മുതല്‍ക്കൂട്ടായിരിക്കും.

കമ്പോസ്റ്റ് ചായ-രാസ വളങ്ങളെ വെല്ലുന്നൊരു സസ്യ വളര്‍ച്ചാ ത്വരകം

കമ്പോസ്റ്റുപയോഗിച്ച് വളരെയെളുപ്പത്തില്‍ തയ്യാറാക്കാവുന്നൊരു അമൂല്യ വളം ലായനിയാണ് കമ്പോസ്റ്റ് ചായ അഥവാ കമ്പോസ്റ്റ് സത്ത്. സസ്യങ്ങളുടെ ത്വരിത വളര്‍ച്ചയെ സഹായിക്കുന്ന ഘടകങ്ങളെല്ലാമടങ്ങിയയീ വളം ചെടികളുടെ ചുവട്ടിലോഴിച്ചു കൊടുക്കാനും, ഇലകളില്‍ തളിച്ച് കൊടുക്കാനും, ജൈവ ഹൈഡ്രോപോണിക്സ്‌ വളമായിട്ടുപയോഗിക്കാനും യോജിച്ചതാണ്.

കമ്പോസ്റ്റ് ചായ കൊണ്ടുള്ള പ്രയോജനങ്ങള്‍

1. മണ്ണിനും സസ്യങ്ങള്‍ക്കും പോക്ഷകങ്ങളും, ധാതു ലവണങ്ങളും നല്‍കി അവയെ പരിപോക്ഷിപ്പിക്കുന്നു.

2. സസ്യങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.

3. രാസ വളങ്ങള്‍ക്ക് ശക്തനായൊരു ബദല്‍.

4. സമ്പൂര്‍ണ്ണ ജൈവ കൃഷിയിലേക്കുള്ള നല്ലൊരു ചുവട് വയ്പ്പ്.

കമ്പോസ്റ്റ് ചായ തയ്യാറാക്കുന്ന രീതി

ഒരു ബക്കറ്റില്‍ 1/ 3 ഭാഗം കമ്പോസ്റ്റ് എടുക്കുക. ബക്കറ്റിന്റെ ബാക്കി ഭാഗം ക്ലോറിനില്ലാത്ത വെള്ളംനിറച്ച്‌ മൂന്ന് ദിവസ്സം തണലില്‍ വയ്ക്കണം. ഇടയ്ക്കിടെ നന്നായി ഇളക്കിക്കൊടുക്കുകയോ ഒരു അക്വേറിയം ഏയ്റേറ്റര്‍ ഇട്ടു കൊടുക്കുകയോ ചെയ്യണം. നാലാം ദിവസ്സം ഒരു കട്ടികുറഞ്ഞ തുണികൊണ്ട് അരിച്ചെടുത്താല്‍ കമ്പോസ്റ്റ് ചായ തയ്യാര്‍. പത്തിരട്ടി വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം.

കമ്പോസ്റ്റ് ചായയുണ്ടാക്കുന്നതിന് നല്ല ഗുണ മേന്മയുള്ള കമ്പോസ്റ്റ് ഉപയോഗിക്കുന്നതും, അക്വേറിയത്തില്‍ നിന്നോ, മത്സ്യക്കുളത്തില്‍ നിന്നോ ഉള്ള വെള്ളം ഉപയോഗിക്കുന്നതും, എയ്റേറ്റര്‍ ഉപയോഗിക്കുന്നതും കമ്പോസ്റ്റ് കലക്കുമ്പോള്‍ കുറച്ച് ശര്‍ക്കര കൂടി ചേര്‍ക്കുന്നതും കമ്പോസ്റ്റ് ചായയുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.

കമ്പോസ്റ്റ് ചായ-ഉപയോഗങ്ങള്‍

1:10 അനുപാതത്തില്‍ വെള്ളവുമായി ചേര്‍ത്തു ചെടികളുടെ ചുവട്ടില്‍ ഒഴിച്ച്‌ കൊടുക്കാനും, ഇലകളില്‍ തളിച്ച് കൊടുക്കാനും ജൈവ ഹൈഡ്രോപോണിക്സില്‍ വളം ലായനിയുണ്ടാക്കാനും ഉപയോഗിക്കാം. മറ്റ് ജൈവ സസ്യവളര്‍ച്ചാ ത്വരകങ്ങളുമായി യോജിപ്പിച്ചും ഉപയോഗിക്കാം.

ജൈവ ഹൈഡ്രോപോണിക്സ് രീതിയിലെ ഇലക്കറി കൃഷിഇനി വീട്ടിനുള്ളിലും

ജൈവ ഹൈഡ്രോപോണിക്സ് രീതിയില്‍ വീട്ടിനുള്ളിലും ഇലക്കറികള്‍ കൃഷി.ചെയ്യാവുന്ന സംവിധാന മാണിത്. ഭാഗികമായി ലഭിക്കുന്ന സൂര്യപ്രകാശം കൊണ്ടും വളരുന്ന ഇലക്കറി വര്‍ഗ്ഗങ്ങള്‍ വീട്ടിനുള്ളിലും വളര്‍ത്താന്‍ സഹായിക്കുന്നൊരു ലഘു സംവിധാനമാണ്. ആഗ്രഹമുണ്ടെങ്കിലും സ്ഥലപരിമിതി മൂലം പച്ചക്കറികൃഷി ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ഒരനുഗ്രഹമാണ്‌ ഈ നൂതന സംവിധാനം. വീടിന്റെ പോര്‍ച്ചിലോ, വരാന്തയിലോ ജനലുകള്‍ക്കരികിലോ സ്ഥാപിച്ചാല്‍ ദിവസ്സവും തികച്ചും വിഷമില്ലാത്ത ഇലക്കറികള്‍ വീട്ടിനുള്ളില്‍ത്തന്നെയുണ്ടാക്കാന്‍ കഴിയും.

എന്താണ് ഹൈഡ്രോപോണിക്സ്

മണ്ണ് ഒട്ടും തന്നെ ഉപയോഗിക്കാത്തൊരു കൃഷി രീതിയാണ് ഹൈഡ്രോപോണിക്സ്. മണ്ണിനു പകരം വളം കലക്കിയ വെള്ളത്തിലാണിവിടെ ചെടികള്‍ വളരുന്നത്. വെള്ളം, വളം, കായികാദ്ധ്വാനം എന്നിവയുടെ ഉപയോഗം പരമാവധി കുറച്ച് നിശ്ചിത സ്ഥലത്ത് നിന്നും വളരെക്കൂടുതല്‍ വിളവുണ്ടാക്കാന്‍ ഈ നൂതന കൃഷി രീതി നമ്മെ സഹായിക്കുന്നു. മണ്ണില്ലാ കൃഷി രീതിയായതിനാല്‍ മണ്ണ് വഴിയുണ്ടാകുന്ന കീട-രോഗ ബാധകളും കളകളും ഒഴിവായിക്കിട്ടുന്നു.
തിരി സംവിധാനം, ഡീപ്പ് വാട്ടര്‍ കള്‍ച്ചര്‍, ഫ്ലഡ് ആന്‍ഡ്‌ ഡ്രയിര്‍, ട്രിപ്പ് സംവിധാനം , നൂട്രിയന്റ്റ് ഫിലിം ടെക്നിക്, ഏയിറോപ്പോണിക്സ് എന്നിങ്ങനെ പ്രധാനമായും 6 തരം ഹൈഡ്രോപോണിക്സ് സംവിധാനങ്ങളാണ് നിലവിലുള്ളത്. വളം മിശ്രിതം നിറച്ചൊരു ടാങ്ക്, ചെടികള്‍ നടുന്നൊരു ഗ്രോ ബെഡ് എന്നിവയാണ് ഹൈഡ്രോപോണിക്സ്‌ കൃഷിയിലെ അവശ്യ ഘടകങ്ങള്‍.

ജൈവ ഹൈഡ്രോപോണിക്സ്‌

ജൈവ വളങ്ങള്‍ മാത്രം ഉപയോഗിച്ചും ഹൈഡ്രോപോണിക്സ്‌ കൃഷി വിജയകരമായി ചെയ്യാന്‍ കഴിയും വളരെ വിരളമായിട്ടാണെങ്കിലും പല വിദേശ രാജ്യങ്ങളിലും ജൈവ ഹൈഡ്രോപോണിക്സ്‌ രീതിയില്‍ കൃഷി നടത്തുന്നുണ്ട്.

ജൈവ ഹൈഡ്രോപോണിക്സ്‌ സംവിധാനം ഡീപ്പ് വാട്ടര്‍ കള്‍ച്ചര്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്നതാണ്. വളം ലായനി നിറച്ച ടാങ്കില്‍ ശക്തമായൊരു എയര്‍റേറ്റര്‍ സ്ഥാപിക്കുന്നു. ഫ്ലാറ്റുകളില്‍പ്പോലും സ്ഥാപിക്കാവുന്നതും വിഷമില്ലാത്ത കറിയിലകള്‍ സുലഭമായിക്കിട്ടാന്‍ സഹായിക്കുന്നതുമാണീ സംവിധാനം.

വിരുന്നെത്തിയ പാല്‍പ്പഴം

സ്വര്‍ണവര്‍ണമുള്ള ഇലകളും പാല്‍ രുചിയുള്ള പഴങ്ങളുമായി പാല്‍പ്പഴം നാട്ടിലും വിരുന്നെത്തി. സപ്പോട്ടയുടെ ബന്ധുവായ പാല്‍പ്പഴം സ്റ്റാര്‍ ആപ്പിള്‍, ഗോള്‍ഡന്‍ ലീഫ് ട്രീ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇവ കൂടുതലായി വിയറ്റ്നാമില്‍ കാണപ്പെടുന്നു. വിദേശമലയാളികളാണ് പാല്‍പ്പഴം കേരളത്തിലെത്തിച്ചത്. നാട്ടിലെ ഉഷ്ണമേഖലാ കാലാവസ്ഥയ്ക്ക് അനുരൂപമായി വളരുന്നു. വേനലിലും ഇലപൊഴിക്കാത്ത നിത്യഹരിതസസ്യമായ പാല്‍പ്പഴത്തിന് ധാരാളം ശാഖകളും കനത്ത ഇലപ്പടര്‍പ്പുമുണ്ടാകും. തടിക്കു കടുപ്പമേറും. മഴക്കാലമാണ് ഇവയുടെ പൂക്കാലം. ഇലക്കവിളുകള്‍ നിറയെ മൊട്ടുകമ്മലുകള്‍ പോലെയുള്ള ചെറുപൂക്കള്‍ കാണാം. തുടര്‍ന്ന് ഗോളാകൃതിയിലുള്ള ചെറുകായ്കള്‍ വിരിയും. പഴം പാകമാകുമ്പോള്‍ ഇളം മഞ്ഞനിറം  പ്രാപിക്കുന്നു. പഴങ്ങള്‍ ശേഖരിച്ച് കുറുകെ മുറിച്ച് ഉള്ളിലെ ഇളംകരിക്കുപോലുള്ള പഴക്കാമ്പ് കോരിക്കഴിക്കാം.

ചെറുപയര്‍ നമ്മുടെ നാട്ടിലും വിളയിക്കാം

കേരളത്തില്‍ ഇനിയും വിപുലമായി കൃഷി ചെയ്യാത്ത പയര്‍വര്‍ഗ വിളയാണ് ചെറുപയര്‍.വരള്‍ച്ചയെ അതിജീവിക്കാന്‍ സാമാന്യം കഴിവുള്ള എല്ലാത്തരം മണ്ണിലും നന്നായി വളരുവാന്‍ ചെറുപയറിന് കഴിയും. ചെറുപയറിന്‍റെ ജന്മദേശം ഇന്ത്യയാണെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തരപ്രദേശ്, പഞ്ചാബ്, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, കര്‍ണ്ണാടകം, തമിഴ്നാട് എന്നി സംസ്ഥാനങ്ങളിലാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഒരു മീറ്ററിലധികം ഉയരത്തില്‍ വളരുന്ന ഹ്രസ്വകാലമൂപ്പുള്ള ഈ കുറ്റിച്ചെടിക്ക് പയര്‍ വര്‍ഗങ്ങളുടെ പൊതുസ്വഭാവങ്ങള്‍ എല്ലാംതന്നെയുണ്ട്. സ്വയം പരാഗണം നടത്തുന്ന ചെറിയ ഇളം മഞ്ഞനിറമുള്ള പൂക്കളാണിവയ്ക്കുള്ളത്. വിളവെടുപ്പ് കഴിഞ്ഞ നെല്‍പ്പാടങ്ങളില്‍ ഇവ കൃഷി ചെയ്യാം. മരച്ചീനി,ചേന,ചേമ്പ്,തെങ്ങ്,വാഴ എന്നിവയോടൊപ്പം ഇടവിളയായും കൃഷി നടത്താറുണ്ട്. പൂസ വൈശാലി,സി ഒ-2,മോഹിനി,വര്‍ഷ,സൂനയാന,ഗവോണ്‍ എന്നിവയാണ് പ്രധാനയിനങ്ങള്‍.നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ഈ വിളയ്ക്ക് യോജിച്ചത്. പുളിപ്പുള്ള മണ്ണും ഉപ്പുമണ്ണും അനിയോജ്യമല്ല. തനിവിളയായി കൃഷി ചെയ്യുമ്പോള്‍ ഉഴുത് മറിച്ചശേഷം വിത്ത് വിതയ്ക്കാം.

ഒറ്റവിളയായി കൃഷി ചെയ്യുമ്പോള്‍ ഹെക്ടറിന് 20 മുതല്‍ 25 കിലോഗ്രാം വിത്തും ഇടവിളയായി കൃഷി ചെയ്യുമ്പോള്‍ 6 കിലോഗ്രാം വിത്തും വേണ്ടിവരും. ഉഴുതുമറിച്ച്‌ മണ്‍സൂണ്‍ കാലഘട്ടത്തില്‍ കൃഷി ചെയ്യാം. കളകളും മറ്റും നീക്കം ചെയ്ത ഭൂമിയില്‍ 30 സെന്‍റിമീറ്റര്‍ വീതിയിലും 15 സെന്‍റിമീറ്റര്‍ ആഴത്തിലുമുള്ള ചാലുകള്‍ സൃഷ്ടിക്കുക.ഇത് മഴക്കാലത്ത് മികച്ച ജലലഭ്യതയ്ക്ക് സഹായിക്കും. വേനല്‍ക്കാലത്ത് ആവശ്യമായ ജലസേചനം നടത്തണം. വളപ്രയോഗം നടത്തുമ്പോള്‍ ഹെക്ടറിന് 20 ടണ്‍ കാലിവളം, ചുണ്ണാമ്പ് 250 കിലോഗ്രാം, ഡോളോമൈറ്റ് 400 കിലോഗ്രാം, നൈട്രജന്‍ 20 കിലോഗ്രാം, ഫോസ്ഫറസ് 30 കിലോഗ്രാം, പൊട്ടാസ്യം 30 കിലോഗ്രാം എന്നിവളങ്ങള്‍ ആവശ്യമാണ്. നിലം ആദ്യതവണ ഉഴുതുന്നതിനോടൊപ്പം ചുണ്ണാമ്പ് ചേര്‍ക്കുക. ഇതിന് ശേഷം പകുതി നൈട്രജന്‍ വളവും മുഴുവന്‍ പൊട്ടാഷും,ഫോസ്ഫറസും ചേര്‍ക്കണം. ബാക്കിയുള്ള നൈട്രജന്‍ വളം 2 ശതമാനം വീര്യമുള്ള യൂറിയ ലായനിയില്‍ ചേര്‍ത്ത് തുല്യ അളവില്‍ വീതിച്ച്‌ 15,30 ദിവസങ്ങള്‍ക്ക് ശേഷം തളിക്കണം.തളിരിലകളും കായ്കളും തിന്നു നശിപ്പിക്കുന്ന പുഴുക്കളുടെ ആക്രമണത്തെ ചെറുക്കാനായി 0.1 ശതമാനം വീര്യമുള്ള ക്യുനാല്‍ഫോസ് പൂവിടുന്ന സമയത്ത് തളിക്കണം. പൂക്കളെ ആക്രമിക്കുന്ന കീടങ്ങള്‍ക്കെതിരെ 10 ശതമാനം വീര്യത്തില്‍ സൈത്തയോണ്‍ ഡി പി ഉപയോഗിക്കാം.

പാഴാകാത്ത ചാരം

ജൈവ കൃഷിക്ക് പ്രചാരമേറുന്ന സമയത്ത് ചാരത്തിന്‍െറ ഗുണങ്ങളേക്കുറിച്ചറിയാം

വസ്തുക്കള്‍ കത്തിക്കരിയുമ്പോള്‍ ഉണ്ടാകുന്ന വെണ്ണീറെന്നോ ചാരമെന്നോ വിളിക്കുന്നത് വെറും പാഴ് വസ്തുവല്ല. വളമെന്ന രീതിയില്‍ പണ്ട് നാം അതിനെ എത്രയോ ഉപയോഗിച്ചു. നാടന്‍ കീടനാശിനി എന്ന നിലയിലായിരുന്നു മുമ്പ് ഉപയോഗം. രാസ വളങ്ങള്‍ എത്തും വരെയായിരുന്നു പ്രതാപകാലം. പിന്നീട് കാലക്രമേണ ഉപയോഗം കുറഞ്ഞു. പലതരത്തിലുള്ള വസ്തുക്കള്‍ കത്തിച്ചുണ്ടാക്കുന്ന ചാരത്തില്‍ 0.5-1.9 ശതമാനം നൈട്രജനും 1.6 - 4.2 ശതമാനം ഫോസ്ഫറസും 2.3- 12 ശതമാനം പൊട്ടാഷും ഉണ്ട്. അടിവളമായാണ് സാധാരണ ചാരം ഉപയോഗിക്കുന്നത്. വിളകളകള്‍ക്കനുസരിച്ച് തടത്തില്‍ വിതറാനുംഉപയോഗിച്ചുവരുന്നു.

ചാരം, കുമ്മായം, മഞ്ഞള്‍പൊടി എന്നിവ സമം ചേര്‍ത്ത് കീട നിയന്ത്രണത്തിനായും ഉപയോഗിക്കാം. വാഴ, കപ്പ, തെങ്ങ് തുടങ്ങിയ വിളകള്‍ക്ക് ചാരം പണ്ടുമുതല്‍ ഉപയോഗിച്ചുവരാറുണ്ട്. ജൈവ കീടനാശിനിയുടെ റോളും ചാരം നിര്‍വഹിച്ചുവരുന്നു. ചെറിയ പ്രാണികള്‍, കായീച്ചകള്‍, നീറുകള്‍ തുടങ്ങിവയെ തുരത്താനും ഇത് സഹായകരമാണ്. ചാരം വെള്ളത്തില്‍ നന്നായി കലക്കിയെടുത്ത് അരിച്ച് സ്പ്രേ ചെയ്യുന്ന രീതിയും കര്‍ഷകര്‍ക്കിടയില്‍ ഉണ്ട്.

മണ്ണ് ഏതായാലും മികച്ച വിളവു തരാന്‍ മുതിര......

തെക്കേയിന്ത്യയിലെ പ്രധാന പയറുവര്‍ഗ വിളകളില്‍ ഒന്നാണ് മുതിര. ഇന്ത്യയെക്കൂടാതെ ആസ്‌ത്രേലിയ, മൗറിഷ്യസ്, വെസ്റ്റ് ഇന്ഡീസ് എന്നി രാജ്യങ്ങളില്‍ മുതിര കൃഷി ചെയ്യുന്നുണ്ട്.

കേരളത്തില്‍ പാലക്കാട് ജില്ലയിലാണ് കൂടുതല്‍ മുതിര കൃഷി ചെയ്യുന്നത്. രണ്ടാം കൃഷി കഴിഞ്ഞ നെല്പ്പാടങ്ങളിലും ഉയര്‍ന്ന ഭൂപ്രദേശങ്ങളിലും വളരുന്ന മുതിരയ്ക്ക് മൂന്നുമീറ്ററോളം പൊക്കം ഉണ്ടാകും. കള്‍ച്ചര്‍ 35, എസ് എ 1, പ്രഭാത്, സി ഒ 3, ലക്ഷ്മി, ശാരദ, മുക്ത, പുസ അഗേതി എന്നിവയാണ് മികച്ചയിനങ്ങള്‍.

എല്ലാത്തരം മണ്ണിലും മികച്ച വിളവ് തരുന്ന പയറുവര്‍ഗമാണ് മുതിര. ജൂലായ് മാസത്തില്‍ വിതയ്ക്കുന്ന മുതിര ഒക്ടോബര്‍-ഡിസംബര്‍ മാസത്തിലാണ് വിളവെടുക്കുന്നത്. ഒരു ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യുവാന്‍ 25 മുതല്‍ 30 കിലോഗ്രാം വിത്ത് വേണ്ടിവരും.

മുതിര കൃഷി ചെയ്യുന്നതിന് സ്ഥലം നന്നായി ഒരുക്കിയ ശേഷം 25 സെന്റിമീറ്റര്‍ അകലത്തില്‍ വിത്തുകള്‍ പാകാം. വളംപ്രയോഗിക്കുമ്പോള്‍ ഹെക്ടറിന് 500 കിലോഗ്രാം ചുണ്ണാമ്പും 25 കിലോഗ്രാം ഫോസ്ഫറസും നല്കണം.

കീടങ്ങളുടെ ആക്രമണം മുതിരയ്ക്ക് കുറവാണ്. അതിനാല്‍ തന്നെ രോഗപ്രതിരോധത്തിന് ചെലവ് കുറവാണ്. നാല് മാസം കൊണ്ട് കായ്കള്‍ മൂപ്പ് എത്തും.

കോളിഫ്‌ളവര്‍ കൃഷി ചെയ്യാം......

കേരളത്തില്‍ പ്രിയം ഏറിവരുന്ന ശീതകാല പച്ചക്കറികളില്‍ ഒന്നാണ് കോളിഫ്‌ളവര്‍. എര്‍ളി കുംവാരി, പുസ കത്ത്ക്കി, പുസ ദീപാലി, ഇംപ്രൂവ്ഡ് ജാപ്പനീസ്, പന്ത് ശുദ്ര, പുസ ഹിമജ്യോതി, പുസ ഹൈബ്രിഡ്2, ഊട്ടി1, ഡാനിയ, പുസസ്‌നോബോള്‍ എന്നിവയാണ് പ്രധാനയിനങ്ങള്‍.

ഇന്ന് ഇന്ത്യയില്‍ ഏകദേശം 95000 ഹെക്ടറില്‍ കോളിഫ്‌ളവര്‍ കൃഷി ചെയ്യുന്നുണ്ട്. ആഗസ്ത് നവംബര്‍ മാസങ്ങളിലാണ് സാധാരണയായി കോളിഫ്‌ളവര്‍ കൃഷി ചെയ്യുന്നത്. വിത്തുകള്‍ തടത്തില്‍ പാകി ഒക്ടോബര്‍ മാസത്തോടെ തൈകള്‍ പറിച്ച് നടുകയാണ് ചെയ്യുന്നത്.

ഒരു സെന്റില്‍ കൃഷി ചെയ്യാന് ഏകദേശം മൂന്ന് ഗ്രാം വിത്ത് വേണ്ടിവരും. മൂന്ന് മുതല്‍ അഞ്ച് ആഴ്ച വരെ പ്രായം ആകുമ്പോള്‍ തൈകള്‍ പറിച്ച് നടാം. നിലം നന്നായി കിളച്ചൊരുക്കി സെന്റിന് 100 കിലോ ഗ്രാം ഉണങ്ങിയ ചാണകം, അരക്കിലോ ഗ്രാം യൂറിയ, രണ്ട് കിലോ ഗ്രാം മസൂറി ഫോസ്, 250 ഗ്രാം പൊട്ടാഷ് എന്നിവയും ചേര്‍ക്കണം.

60 സെന്റിമീറ്റര്‍ അകലത്തില്‍ ആഴം കുറഞ്ഞ ചാലുകളെടുത്ത് ഓരോ ചാലിലും 45 സെന്റിമീറ്റര്‍ അകലത്തില്‍ തൈകള്‍ നടാം. ഒന്നിടവിട്ട ദിവസങ്ങളില്‍ നനച്ച് കൊടുക്കണം.

രണ്ടാഴ്ചയില്‍ ഒരിക്കല്‍ നൈട്രജനും പൊട്ടാഷും ചേര്ത്തു വളങ്ങള്‍ നല്ക ണം. ഇതിനോടൊപ്പം തന്നെ ചാലുകളില്‍ ചാണക വെള്ളം ഒഴിക്കുന്നതും നല്ലതാണ്. കോളിഫ്‌ളവറിന്റെ പൂവ് അതിന്റെ താഴെയുള്ള ഇലകള്‍ കൊണ്ട് പൊതിഞ്ഞ് കെട്ടുന്ന സമ്പ്രദായമാണ് ബ്ലാഞ്ചിംഗ്. വെയിലേറ്റ് നിറവിത്യാസം വരാതിരിക്കാനും പൂക്കള്‍ക്ക് മണവും ആകര്‍ഷണത്വവും കൂട്ടാനും ഇത് സഹായിക്കും.

ചൂടുകാലവസ്ഥയില്‍ മൂന്ന് മുതല്‍ അഞ്ച് ദിവസം വരെയും തണുപ്പ് കാലവസ്ഥയില്‍ എട്ട് മുതല്‍ 10 ദിവസം വരെയും ബ്ലാഞ്ചിംഗ് നടത്തണം.

വളരുമ്പോള്‍ രൂപം മാറുന്ന പൂത്തണ്ടാണ് കോളിഫ്‌ളവറിന്റെ ഭക്ഷ്യയോഗ്യമായ ഭാഗം. കൃത്യസമയത്ത് തന്നെ വിളവെടുക്കണം. പൂക്കള്‍ക്ക് പൂര്‍ണ വലിപ്പം എത്തുമ്പോള്‍ അവയുടെ ചുവട്ടിലുള്ള ഒന്നുരണ്ടില താഴ്ത്തിവെച്ചു മുറിച്ചെടുക്കാം.

വീട്ടിലെ അടുക്കളതോട്ടത്തിലാണ് കൃഷി ചെയ്യുന്നതെങ്കില്‍ ഗ്രോ ബാഗില്‍ കൃഷി ചെയ്യാം. വിത്തുകള്‍ പാകി തൈകളാക്കിയ ശേഷം ഗ്രോ ബാഗില്‍ നടുന്നതാണ് നല്ലത്. ഗ്രോ ബാഗില്‍ നടുമ്പോള്‍ ബാഗ് നിറയ്ക്കുന്നതിനായി. ഒരു കുട്ട മണ്ണ്, കുറച്ചു എല്ലുപൊടി അല്ലെങ്കില്‍ ചാണക പൊടി, കുറച്ചു വേപ്പിന്‍ പിണാക്ക് ഇവ നന്നായി കലര്‍ത്തുക. നന്നായി കലര്‍ത്തിയ ഈ മണ്ണ് ഗ്രോ ബാഗില്‍ നിറക്കുക. ഇതിന് ശേഷമാണ് തൈകള്‍ നടേണ്ടത്. പിന്നീട് മേല്പ്പറഞ്ഞ രീതിയില്‍ വളപ്രയോഗം നടത്താം.

മുറ്റത്തൊരു കടപ്ലാവ്......

വളരെ കുറഞ്ഞ പരിചരണം കൊണ്ട് തന്നെ മികച്ച വിളവുതരുന്ന വൃക്ഷമാണ് കടപ്ലാവ് (ശീമപ്ലാവ്). പോളിനേഷന്‍ ദ്വീപിലാണ് കടപ്ലാവ് ജന്മം കൊണ്ടത്. ഉഷ്ണമേഖല പ്രദേശങ്ങളില്‍ വളരുന്ന ഇവയ്ക്ക് കേരളത്തിന്റെ കാലാവസ്ഥ വളരെ യോജിച്ചതാണ്.

നീര്വാചര്‍ച്ചയുള്ള ചെമ്മണ്ണാണ് ഏറ്റവും അനുയോജ്യം. കടപ്ലാവിന്റെ ശാസ്ത്രനാമം ആര്‍ട്ടോ കാര്‍പസ് അല്‍റ്റിലിസ് എന്നാണ്. നഴ്‌സറിയില്‍ നിന്ന് ലഭിക്കുന്ന തൈകള് നടുന്നതിനായി ഉപയോഗിക്കാം.

കടപ്ലാവിന്റെ മൂത്ത വേരുകള്‍ മുറിച്ചെടുത്തും തൈകള്‍ ഉണ്ടാക്കാം. വേരുകള്‍ക്ക് ഒരിഞ്ച് മദ്ധ്യവിസ്താരവും ഒരടി നീളവും വേണം. ആഴമില്ലാത്ത ചാലുകളില്‍ ആറ്റുമണല് നിറച്ച് വേരുകള്‍ നടണം.നിത്യവും ജലസേചനം നടത്തിയാല്‍ ധാരാളം മുകുളങ്ങള്‍ ഉണ്ടാകും.
തൈകള്‍ക്ക് ഒരടി ഉയരമായാല്‍ പ്രധാന കൃഷിസ്ഥലത്തേക്ക് പറിച്ചുനടാം. കായിക പ്രവര്‍ധന മാര്‍ഗങ്ങളിലൂടെയും തൈകള്‍ ഉണ്ടാക്കാം. പതിവെച്ചു മികച്ച നടീല്‍ വസ്തുക്കളുണ്ടാക്കാം. തൈകള്‍ നടുവാന്‍ കുഴികള്‍ എടുക്കുമ്പോള്‍ കുഴിക്ക് മൂന്ന് അടി സമചതുരവും അത്രതന്നെ ആഴവും വേണം.

കുഴിയെടുക്കുമ്പോള്‍ മേല്മണ്ണ് പ്രത്യേകം മാറ്റിവയ്ക്കണം. തൈനട്ട്, പുതുമഴയോടെ കാലിവളവും മേല്‍മണ്ണും കൊണ്ട് കുഴി നിറച്ചശേഷം അതിന് നടുവില്‍ തൈ നടാവുന്നതാണ്. തൈകള്‍ക്ക് തണല്‍ താട്ടുകയും മഴ ലഭിക്കുന്നതുവരെ നനയ്ക്കുകയും വേണം.

നാല് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ കടപ്ലാവ് കായിച്ചു തുടങ്ങും. ഇതില്‍ ആണ്‍ പൂവും പെണ്‍പൂവും വെവ്വേറെയാണ് ഉണ്ടാകുന്നത്. ആണ്‍പൂവ് എല്ലാസമയത്തും ഉണ്ടാകും. പെണ്‍പൂവ് വര്‍ഷത്തില്‍ മൂന്ന് തവണയാണ് വിരിയുന്നത്. സെപ്തംബര്‍-ഒക്ടോബര്‍, ജനുവരി-ഫെബ്രുവരി, ഏപ്രില്‍-മേയ് എന്നി മാസങ്ങളിലാണ് ചക്ക പാകമാകുന്നത്.

മണ്ണില്‍ ഈര്‍പ്പം കുറയുമ്പോഴും വളം തികയാതെവരുമ്പോഴും ചക്കകള്‍ ധാരാളം കൊഴിഞ്ഞുപോകാറുണ്ട്. ഹോര്‍മോണ്‍ പ്രയോഗം കൊണ്ട് കൃത്രിമ പരാഗണങ്ങള്‍ കൊണ്ടും ചിലസ്ഥലങ്ങളില്‍ ചക്കകൊഴിച്ചില്‍ ഒഴിവാക്കുന്നുണ്ട്. മറ്റ് രോഗങ്ങള്‍ ഒന്നും കടപ്ലാവിനെ ആക്രമിക്കാറില്ല.

ഇതിന്റെ വലിയൊരുഭാഗം സസ്യനൂറാണ് അതുകൊണ്ടാണ് റൊട്ടിയോടുതുല്യം എന്ന അര്‍ത്ഥത്തില്‍ ഇതിനെ ബ്രഡ് ഫ്രൂട്ട് എന്ന് വിളിക്കുന്നത്. കേരളത്തിന് പുറത്ത് മഹാരാഷ്ട്രയാണ് കടപ്ലാവിന് മികച്ച വിപണിയുള്ളത്.

മുരിങ്ങ കൃഷി രീതിയും പരിപാലനവും......

ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള പച്ചക്കറിയിനമാണ് മുരിങ്ങയും മുരിങ്ങക്കായും. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഇവ രണ്ടും. മുരിങ്ങക്കായ വിറ്റാമിന്‍ ബി,സി തുടങ്ങിയവയുടെ കലവറയാണ്. മുരിങ്ങയിലയില്‍ വിറ്റാമിന്‍ എ, സി, മാത്സ്യം, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു.

ഔഷധഗുണവും പോഷകങ്ങളും അടങ്ങിയ മുരിങ്ങ പച്ചക്കറികളില്‍ പ്രഥമസ്ഥാനമാണ്. ഉഷ്ണകാലവിളയായ മുരിങ്ങ പ്രധാനമായും സമതലപ്രദേശങ്ങളിലാണ് വളരുന്നത്. മഴകുറഞ്ഞ വരണ്ട പ്രദേശങ്ങളിലും മുരിങ്ങ കൃഷിക്ക് യോജിച്ചതാണ്. ഏതുതരം മണ്ണിലും മുരിങ്ങ വളരുമെങ്കിലും ഫലപൂഷ്ടിയുള്ള മണല്‍ കലര്‍ന്ന പശിമരാശിമണ്ണാണ് ഏറ്റവും അനുയോജ്യം.

ഒരു മരത്തില്‍ നിന്ന് 1000ത്തില്‍ കൂടുതല്‍ കായ്കള്‍ ലഭിക്കും. ജാഫന, ചാവക്കച്ചേരി, ചെംമുരിങ്ങ, കാട്ടുമുരിങ്ങ, കൊടികാല്‍ മുരിങ്ങ എന്നിവയാണ് പ്രധാനയിനങ്ങള്‍. എ.ഡി 4, കെ എം 1 എന്നിവ തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്തതാണ്.

മുരിങ്ങ നടുമ്പോള്‍ വിത്താണ് ഉപയോഗിക്കുന്നതെങ്കില്‍ പൊളിത്തീന്‍ കൂടുകളില്‍ പാകി തൈകള്‍ 25 മുതല്‍ 30 സെന്റിമീറ്റര്‍ ആകുമ്പോള്‍ കുഴികളിലേക്ക്  മാറ്റി നടണം. ശിഖരങ്ങളാണ് നടീല്‍ വസ്തുവെങ്കില്‍ കൈയുടെ വണ്ണമുള്ള കമ്പ് ഉപയോഗിക്കുന്നതാണ് നല്ലത്. മേയ്-ജൂണ്‍ മാസങ്ങളാണ് നടുവാന്‍ നല്ലത്.

45 സെന്റിമീറ്റര്‍ സമചതുരത്തില്‍ കുഴികളെടുത്ത് അത്രതന്നെ ആഴവുമുള്ള കുഴികള്‍ എടുക്കണം. ശേഷം അതില്‍ ഒരോന്നിലും 15 കിലോഗ്രാം ജൈവവളം ചേര്‍ത്തിളക്കി വിത്തുനടാം. വരികള്‍ തമ്മിലും 2.5 മീറ്റര്‍ ഇടയകലം വരത്തക്കവിധത്തില്‍ കുഴികള്‍ തയ്യാറാക്കണം.

ഒരു ഹെക്ടര്‍ സ്ഥലത്ത് നടാന്‍ 600 ഗ്രാം മുരിങ്ങവിത്ത് ആവശ്യമാണ്. തൈകള്‍ നട്ടുകഴിഞ്ഞാല്‍ ഇടയ്ക്ക് നനയ്ക്കുന്നത് നല്ലതാണ്. നട്ട് മൂന്ന് മാസംകഴിഞ്ഞ് യൂറിയ, സൂപ്പര്‍ ഫോസ്‌ഫേറ്റ്, മ്യൂറിയേറ്റ്, ഓഫ് പൊട്ടാഷ് എന്നിവ 100:100:50 ഗ്രാം എന്ന അളവില്‍ നല്കാം. നനയ്ക്കല്‍ മണ്ണിന്റെ ഘടന അനുസരിച്ച് 10 മുതല്‍ 15 ദിവസം ഇടവിട്ട് നല്‍കണം.

ആറ് മാസത്തിന് ശേഷം ചെടിയൊന്നിന് 100 ഗ്രാം യൂറിയ ചേര്‍ത്ത് കൊടുക്കാം. ഒപ്പം വളപ്രയോഗം നടത്തുന്ന സമയങ്ങളില്‍ നല്ലതുപോലെ നനയ്ക്കണം. തൈകള്‍ 75 സെന്റിമീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെ ഉയരം വയ്ക്കുമ്പോള്‍ അഗ്രമുകുളം നുള്ളിക്കളയുന്നത് ധാരാളം ശിഖരങ്ങള്‍ പൊട്ടി പന്തലിച്ച് വളരുവാന്‍ സഹായിക്കും.

ഒരാണ്ടന്‍ മുരിങ്ങ വന്‍തോതില്‍ കൃഷിചെയ്യുമ്പോള്‍ തക്കാളി, പയര്‍, വെണ്ട എന്നിവ ഇടവിളയായി കൃഷിചെയ്യാം. മാത്രമല്ല ഇത് തെങ്ങിന്‍ തോപ്പിലും നടുവാന്‍ കഴിയും. രോമപ്പുഴുക്കള്‍, ഇല കാര്‍ന്ന്തിന്നുന്ന പുഴുക്കള്‍, വാട്ടരോഗം എന്നിവ മുരിങ്ങ തൈകളെ ബാധിക്കുന്ന പ്രധാന കീടങ്ങളാണ്.

വാട്ടരോഗം തടയുന്നതിന് ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കുന്നത് നല്ലതാണ്. രോമപ്പുഴുക്കളെ നശിപ്പിക്കുന്നതിന് ഡസ്പാന്‍ മൂന്ന് മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ കലക്കി തളിക്കാം.

വേണ്ട വിധത്തില്‍ പരിപാലിക്കുകയാണെങ്കില്‍ വര്‍ഷത്തില്‍ രണ്ടുതവണ മുരിങ്ങ വിളവെടുക്കാം. ആദ്യവിളവെടുപ്പ് മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലും രണ്ടാം വിളവെടുപ്പ് ജൂലായ് സെപ്റ്റംബര്‍ മാസത്തിലുമാണ്. ഒരു ചെടിയില്‍ നിന്നും ശരാശരി 30 മുതല്‍ 35 കിലോഗ്രാം വരെ വിളവ് ലഭിക്കും. ഓരോ വിളവെടുപ്പ് കഴിഞ്ഞും ചെടി 90 സെന്റിമീറ്റര്‍ ഉയരത്തില്‍ വെച്ച് മുറിക്കണം. ശേഷം വീണ്ടും വളപ്രയോഗം നടത്താം.

മുരിങ്ങക്കുരുവില്‍ നിന്നും എണ്ണ വേര്‍തിരിച്ച് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നുണ്ട് എന്നാല്‍ ഇന്ത്യയില്‍ ഇത് അത്ര ഉപയോഗിക്കുന്നില്ല.

ചീരച്ചേമ്പ് കൃഷി ചെയ്യൂ... കൊളസ്‌ട്രോള്‍ നിയന്ത്രിക്കൂ......

രുചികരവും ഏറെ പോഷകസമൃദ്ധവുമായ ഇലക്കറിയിനമാണ് ഇലച്ചേമ്പ്. ചീരച്ചേമ്പെന്നും വിത്തില്ലാച്ചേമ്പെന്നും കൂടി അറിയപ്പെടുന്ന ഇലച്ചേമ്പ് കൊളസ്‌ട്രോള്‍ നിയന്ത്രണത്തിന് ഉത്തമമാണ്.

ഇൗ ചെടിയുടെ ഇലകള്‍ സാധാരണ ചേമ്പിലകളില്‍ നിന്നും വ്യത്യസ്തമാണ്. ഇതിന് കിഴങ്ങുകളുണ്ടാകില്ല. ഇലകളും തണ്ടുകളും പൂര്‍ണമായും കറികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും.

തറയിലും ഗ്രോബാഗിലും നന്നായി വളരുന്ന ചീരച്ചേമ്പിന് തണല്‍ ആവശ്യമാണ്. ചെടികള്‍ വളരുന്നതിനനുസരിച്ച് ചുവട്ടില്‍ ധാരാളമായുണ്ടാകുന്ന ചെറുതൈകളാണ് നടീല്‍ വസ്തുവായി ഉപയോഗിക്കുന്നത്.

അടുക്കളത്തോട്ടത്തില്‍ വളര്‍ത്താന്‍ കഴിയുന്ന ചീരച്ചേമ്പ് ദിവസവും നനയ്ക്കുകയും നന്നായി വളപ്രയോഗം നടത്തുകയും ചെയ്താല്‍ കരുത്തോടെ വളരും. പോഷകസമൃദ്ധമായ കറിക്കുള്ള ഇലകള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം. കീടബാധ ഉണ്ടാകാന്‍ സാധ്യതയില്ലാത്തതൂകൊണ്ട് കീടനാശിനി പ്രയോഗത്തിന്റെ ആവശ്യവുമില്ല.

മൂല്യമേറുന്ന കേരവിപണി ......

കേരം തിങ്ങുന്ന കേരള നാട്. ഐശ്വര്യത്തിന്റെ പ്രതീകമായി വീടുകളിലും പറമ്പുകളിലും തോട്ടങ്ങളിലും അന്തസ്സോടെ തലയുയര്‍ത്തിയ കല്പ്പവൃക്ഷം. കൃഷി ഉപജീവനമാക്കിയ കേരകര്‍ഷകരുടെ ദീര്‍ഘകാല സ്വപ്നം. അടുക്കളയെ സമ്പുഷ്ടമാക്കി തേങ്ങയും വെളിച്ചെണ്ണയും. ഒരുകാലത്ത് ഏതാണ്ട് അമ്പത് കോടിയ്ക്കു മീതെ തെങ്ങുണ്ടായിരുന്ന കേരളത്തില്‍ ഇന്ന് തല ഉയര്‍ത്തിനില്ക്കുന്ന കേരങ്ങള്‍ ഇരുപത് കോടിയില്‍ താഴെ.

നാളികേരത്തിന്റെ വിലയിടിവില്‍ പരിചരണം കിട്ടാതെ വാര്‍ധക്യത്തിലെത്തിയ തെങ്ങുകളുടെ മണ്ടകള്‍ മറിഞ്ഞുവീഴുന്നത് കണ്ടപ്പോള്‍ അയല്‍ സംസ്ഥാനങ്ങള്‍ കേരത്തെ ഏറ്റെടുത്തു. കേരളിയരുടെ നാവിന്‍തുമ്പിലേയ്ക്ക് ശ്രീലങ്കയും ഫിലിപ്പൈന്സും തായ് ലാന്‍ഡും ഇന്തോനേഷ്യയും പോലുള്ള രാജ്യങ്ങള്‍ വെളിച്ചെണ്ണയും ഇളനീരും ഒഴിച്ചുതരുന്നു. കലര്‍പ്പില്ലാത്ത അടുക്കളയിലേയ്ക്ക് മായം കലര്‍ന്ന വെളിച്ചെണ്ണകള്‍ പായ്ക്കറ്റില്‍ കിട്ടുമ്പോഴും കല്പ്പവൃക്ഷത്തെ പരിചരിക്കാന്‍ മലയാളിക്ക് സമയമില്ല.

മറുനാട്ടില്‍ തഴച്ചുവളരുന്ന തെങ്ങുകൃഷിയുടെ വിജയം മൂല്യവര്‍ദ്ധിത ഉല്പ്പ ന്നങ്ങളിലൂടെയാണ്. തേങ്ങയും കൊപ്രയിലൂടെ വെളിച്ചെണ്ണയും മാത്രമെന്ന് ചിന്തിച്ച മലയാളിയെ വിളിച്ചുണര്‍ത്തിയത് ആഗോള കുത്തകക്കമ്പനികളാണ്. ഇളനീരിന്റെയും കേക്കിന്റെയും വിര്‍ജിന്‍ കോക്കനട്ട് ഓയിലിന്റെയും സാധ്യതകള്‍ അവര്‍ പ്രയോജനപ്പെടുത്തി.

കൊപ്രയും വെളിച്ചെണ്ണയും മാത്രം കേട്ടുശീലിച്ച മലയാളി തേങ്ങയെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് രണ്ട് ശതമാനത്തില്‍ താഴെ മാത്രമാണെന്ന് നാളികേര വികസന ബോര്‍ഡ് പറയുന്നു. കേരളത്തില്‍ ആകെ ഉല്പ്പാതദിപ്പിക്കുന്ന 560 കോടി തേങ്ങയില്‍ കയറ്റുമതി സാധ്യതയും കുറഞ്ഞതോടെ റബ്ബറിനു പുറമെ കേരകര്‍ഷകരും പ്രതിസന്ധിയിലായി. വിതരണത്തേക്കാള്‍ ആവശ്യകത വര്‍ദ്ധിച്ചാല്‍ വില കൂടുമെന്ന സാമ്പത്തിക ശാസ്ത്രത്തിന് കേര കര്‍ഷകരെ രക്ഷിക്കാന്‍ കഴിയുന്നില്ല.

ഉല്പ്പന്ന വൈവിധ്യവത്കരണത്തിലൂടെ ലാഭം നേടാമെന്ന് പ്രമുഖ ധനകാര്യശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ എഡ്വേര്‍ഡ് ചേംബറലീന്‍ പറയുന്നത് ഇവിടെ ചേര്‍ത്തുവായിക്കാം. മൂത്തുവിളഞ്ഞ നാളികേരം വെട്ടിയിടുന്നതിനു പകരം ഇളനീരിനായി തേങ്ങയിറക്കിയാല്‍ ഒന്നിന് 30-35 രൂപ നിരക്കില്‍ വില്ക്കാം . കലര്‍പ്പില്ലാത്ത ഔഷധഗുണങ്ങള്‍ ഏറെയുള്ള കരിക്കിന്‍ വെള്ളത്തിന്റെ വിപണി തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്ര, ഗുജറാത്ത് സംസ്ഥാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നത് ഇളനീര്‍ ബോട്ടിലിംഗ് പ്ലാന്റിലൂടെ.

വ്യാവസായിക അടിസ്ഥാനത്തില്‍ കുപ്പിയിലാക്കി വിദേശങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്ന ഇളനീരിന് അമേരിക്ക, യൂറോപ്പ്, യു.എ.ഇ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍  മറ്റു ശീതള പാനിയങ്ങളെക്കാള്‍ ജന സ്വീകാര്യതയുണ്ട്. വിഷമയമായ കുപ്പിവെള്ളങ്ങളെ വിപണി തിരസ്‌കരിക്കുമ്പോള്‍ സംസ്ഥാനത്ത് കൂടുതല്‍ ബോട്ടിലിങ് പ്‌ളാന്റുകള്‍ ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു.

കടല്‍ കടക്കുന്ന നീര
തെങ്ങില്നിന്ന് ചെത്തിയെടുക്കുന്ന നീരയെ തേടി അഞ്ചു രാജ്യങ്ങളില്നിന്ന് 70 കോടിയുടെ ഓര്‍ഡറാണ് ലഭിച്ചത്. അമേരിക്ക, കാനഡ, റഷ്യ, നേപ്പാള്‍, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളാണ് നീരയ്ക്കായി കരാറില്‍ ഏര്‍പ്പെട്ടത്. കേരളത്തില്‍ എട്ടു കമ്പനികളാണ് നീര ഉത്പാദിപ്പിക്കുന്നത്. പ്രതിദിനം അരലക്ഷം ബോട്ടില്‍ നീരയാണ് ഈ എട്ടു കമ്പനികളും വിപണിയിലിറക്കുന്നത്. 400 ഫെഡറേഷനുകള്ക്ക് നീര ചെത്താന്‍ ലൈസന്‍സ് നല്കിയെങ്കിലും സാങ്കേതിക വിദഗ്ധരുടെ അഭാവം ഉത്പാദനത്തെ ബാധിക്കുന്നു. രണ്ടേകാല്‍ ലക്ഷം പേരെ ആവശ്യമുള്ളപ്പോള്‍ സംസ്ഥാനത്ത് നിലവിലുള്ളത് 2314 സാങ്കേതിക വിദഗ്ധരാണ്.

മായമില്ലാത്ത ഭക്ഷ്യവസ്തു

കുഞ്ഞ് ജനിച്ചുകഴിയുമ്പോള്‍ വെളിച്ചെണ്ണ തേപ്പിച്ച് കുളിപ്പിക്കുകയും ലേശം കഴിക്കാന്‍ നല്കുകുകയും ചെയ്യുന്നത് തലമുറ കൈമാറി വരുന്ന സുകൃതമാണ്. ശുദ്ധ ഔഷധമായി കാണുന്ന തേങ്ങയില്നിന്ന് വെര്‍ജിന്‍ വെളിച്ചെണ്ണ സംസ്‌കരിച്ചെടുക്കാം. നാളികേര വികസന ബോര്‍ഡിന്റെ കണക്കുപ്രകാരം ഒരുലക്ഷം തേങ്ങ സംസ്‌കരിക്കുന്ന പ്ലാന്റിന് ഏഴര ടണ്‍ വെര്‍ജിന്‍ വെളിച്ചെണ്ണ സംഭരിക്കാം. അതോടൊപ്പം 11500 ലിറ്റര്‍ തേങ്ങാവെള്ളം, 16.5 ടണ്‍ സ്‌കിംമില്ക്ക്, ഒമ്പത് ടണ്‍ തൂള്‍ തേങ്ങ, 11.5 ടണ്‍ ചിരട്ട എന്നിവ ലഭിക്കും.

ചിരട്ടയില്നിന്ന് കരി, പൊടി, ആക്ടിവേറ്റഡ് കാര്‍ബണ്‍ തുടങ്ങിയവ നിര്‍മ്മിക്കാം. കാമ്പും ഇളനീരും കലര്‍ത്തിയ വെള്ളം കോക്കനട്ട് ലസ്സി, കോക്കനട്ട് തേന്‍, കോക്കനട്ട് സ്പ്രെഡ് തുടങ്ങിയവ സ്ഥിരവരുമാനത്തിന് നാളികേര കര്‍ഷകരെ സഹായിക്കും. തേങ്ങ പഞ്ചസാര, നാളികേര വിനാഗിരി തുടങ്ങിയ ഉല്പ്പനന്നങ്ങളുടെ നീണ്ട നിരയാണ്  മുന്നില്‍. മൂല്യവര്‍ദ്ധിത ഉല്പ്പന്നങ്ങളുടെ സാങ്കേതിക വിദ്യയ്ക്ക് നാളികേര വികസന ബോര്‍ഡ് 25 ശതമാനം സാന്പത്തിക സഹായം നല്കുന്നുണ്ട്. പ്രചാരണങ്ങള്‍ക്കായി 50 ശതമാനവും വകയിരുത്തി സബ്‌സിഡി തുകയായി 25 ശതമാനവും സര്‍ക്കാരും നല്കുന്നു.

പ്രതീക്ഷയേകുന്ന നാളികേര വിപണി

കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2015-16) തേങ്ങയുടെ കയറ്റുമതി മൂല്യത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 10.50 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി. ഇന്ത്യയുടെ വാണിജ്യോത്പന്ന കയറ്റുമതി 10 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തുമ്പോഴാണ് നാളികേരത്തിലെ വര്‍ദ്ധനവ്. വെര്‍ജിന്‍ വെളിച്ചെണ്ണയുടെ കയറ്റുമതിയില്‍ മികച്ച വര്‍ദ്ധനയാണ് ഈ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ കാണിച്ചത്. എന്നാല്‍ രണ്ടാം പകുതിയില്‍ ഓര്‍ഗാനിക് വെളിച്ചെണ്ണയ്ക്ക് നല്ല നല്ല ഓര്‍ഡര്‍ ലഭിച്ചിട്ടും ഉത്പാദനക്കുറവ് തിരിച്ചടിച്ചെന്ന് നാളികേര വികസന ബോര്‍ഡ് പറയുന്നു.

2014-15 വര്‍ഷത്തില്‍ കയറും കയറുത്പന്നങ്ങളും ഒഴികെയുള്ള നാളികേര ഉത്പന്ന കയറ്റുമതി 1,312 കോടിയില്നിന്ന് 2015-16 ല്‍ 1,450 കോടിയായി കയറ്റുമതി മൂല്യം ഉയര്‍ന്നു. അതോടൊപ്പം 2015-16 ല്‍ ഡസിക്കേറ്റഡ് കോക്കനട്ട് 63 ശതമാനം, വെളിച്ചെണ്ണ 23 ശതമാനം, ഉത്തേജിത കാര്‍ബണ്‍ 13 ശതമാനം എന്നിങ്ങനെയാണ് വര്‍ധന. കയര്‍ ഉത്പന്ന കയറ്റുമതിയില്‍ 2014-15 ല്‍ 1476 കോടി രൂപയാണ് ലഭിച്ചത്.

വീട്ടുമുറ്റത്തെ കോവല്‍

വിഷമില്ലാത്ത പച്ചക്കറി കഴിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ വീട്ടുമുറ്റത്ത് കൃഷി ചെയ്യാന്‍ കഴിയുന്ന ഒന്നാണ് കോവല്‍. തണ്ടാണ് നടീല്‍ വസ്തു. മണ്ണ് കിളച്ചിളക്കി വീടിന് പരിസരത്തും കവറുകളിലും ചാക്കിലും ഗ്രോബാഗിലുമൊക്കെയായി ടെറസിനു മുകളിലും കോവല്‍ കൃഷി ആരംഭിക്കാം.

തണ്ടാണ് നടീല്‍ വസ്തു

നാല് മുട്ടുകളെങ്കിലുമുള്ള തണ്ടാണ് നടാനായി തിരഞ്ഞെടുക്കേണ്ടത്. നടുമ്പോള്‍ രണ്ട് മുട്ട് മണ്ണിനു മുകളില്‍ നില്‍ക്കാന്‍ പ്രത്യേക ശ്രദ്ധവേണം. വെയിലുള്ള ഭാഗത്താണ് നടുന്നതെങ്കില്‍ ഉണങ്ങിയ കരിയിലകള്‍ കൊണ്ട് തണല്‍ നല്‍കുന്നത് നല്ലതാണ്. അധികം നനവ് ആവശ്യമില്ലാത്ത കൃഷിയാണിത്. പക്ഷേ വേനല്‍ക്കാലത്ത് ഇടവിട്ട് നനച്ച് കൊടുക്കുന്നത് കൂടുതല്‍ വിളവ് ലഭിക്കാന്‍ സഹായിക്കും. കായ്ഫലം ലഭിച്ച് തുടങ്ങിയാല്‍ ഒരു തോരനും മെഴുക്ക് വരട്ടിക്കുമുള്ളത് നിത്യവും ലഭിക്കുമെന്നതാണ് കോവലിന്‍റെ ഏറ്റവും വലിയ പ്രത്യേകത. അധികം മൂപ്പെത്തുന്നതിന് മുമ്പ് വിളവെടുക്കുന്ന കോവയ്ക്കയാണ് കുറേക്കൂടി നല്ലത്. കോവയ്ക്ക നിത്യവും ഉപയോഗിക്കുന്നത് ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം ഹൃദയത്തിന്‍റെയും തലച്ചോറിന്‍റെയും വൃക്കയുടെയും ശരിയായ പ്രവര്‍ത്തനത്തെ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ശരീരത്തിലെ മാലിന്യങ്ങളെ നീക്കി സംരക്ഷണം ഉറപ്പ് നല്‍കാനും കോവയ്ക്കയ്ക്ക് കഴിയും. പ്രമേഹം ഉള്‍പ്പെടെയുള്ള പലരോഗങ്ങളുടെയും പ്രകൃതിദത്തമായ പ്രതിവിധിയായും കോവലിനെ കാണുന്നുണ്ട്.

പന്തലിട്ട് വളര്‍ത്താം

കോവല്‍ ചെടിയുടെ വള്ളികള്‍ മരങ്ങളിലേക്ക് കയറ്റി വിടാതെ നമുക്ക് കയ്യെത്തി പറിക്കാന്‍ കഴിയുന്ന തരത്തില്‍ പ്രത്യേക പന്തലിട്ട് അതിലേക്ക് വള്ളികള്‍ കയറ്റി വിടണം. കൂടുതല്‍ കായ്ഫലം കിട്ടാനും ഇത് സഹായിക്കും. ടെറസിന് മുകളില്‍ പന്തലിട്ട് വളര്‍ത്തിയാല്‍ വീടിനുള്ളില്‍ പ്രകൃതിദത്തമായ തണുപ്പും കറികള്‍ക്ക് വിഷരഹിതമായ കോവയ്ക്കയും യഥേഷ്ടം കിട്ടും.

രാസവളങ്ങള്‍ വേണ്ട

വലിയ വളപ്രയോഗങ്ങളൊന്നും കോവലിന് ആവശ്യമില്ല. സാധാരണ ഉപയോഗിക്കുന്ന ചാമ്പലും, ചാണകപ്പൊടിയും കരിയിലകളും ചപ്പുമൊക്കെ കോവലിന് പര്യാപ്തമായ വളങ്ങളാണ്. രാസവളത്തിന്‍റെ  ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്. വെര്‍മി വാഷ് അല്ലെങ്കില്‍ ഗോമൂത്രം പത്തിരട്ടി വെള്ളത്തില്‍ ചേര്‍ത്ത് രണ്ടാഴ്ചയില്‍ ഒരിക്കല്‍ തടത്തില്‍ ഒഴിച്ചു കൊടുക്കന്നത് നല്ലതാണ്. മറ്റ് കാര്‍ഷിക വിളകളെ കീടങ്ങള്‍ ബാധിക്കുന്നത് പോലെ കോവലിനെ കീടങ്ങള്‍ കൂടുതലായി ബാധിക്കാറില്ല. കീടങ്ങള്‍ ആക്രമിച്ചാലും ജൈവ കീടനാശിനികള്‍ കൊണ്ട് തന്നെ അവയെ തുരത്താനും കഴിയും.

അഴകുള്ള ആരോഗ്യമാണ് ചീര

അടുക്കളത്തോട്ടത്തിലാകെ നിറഞ്ഞുനില്‍ക്കുന്ന ചീര അഴക് മാത്രമല്ല ആരോഗ്യവും കൂടിയാണ്. വിഷം തളിച്ച മറുനാടന്‍ പച്ചക്കറികളേക്കാള്‍ രുചിയുള്ള ചീര നമ്മുടെ അടുക്കളത്തോട്ടത്തില്‍ ചെലവില്ലാതെ വളരെ വേഗത്തില്‍ വളര്‍ത്തിയെടുക്കാം. ചുവന്ന നിറത്തിലുള്ള ചീരയ്ക്ക് പുറമേ പച്ച, പട്ടുചീര, വെള്ളിച്ചീര തുടങ്ങി വിവിധ ഇനങ്ങള്‍ നാട്ടില്‍ പ്രചാരത്തിലുണ്ട്. പല തരത്തിലുള്ള ചീരയുണ്ടെങ്കിലും ചുവപ്പ് നിറത്തിലുള്ള ചീരയ്ക്കാണ് പ്രചാരം കൂടുതല്‍. ഇതിന്‍റെ രുചിക്കൊപ്പം നില്‍ക്കുന്നതാണ് പച്ചചീരയും. കൃഷിചെയ്യാന്‍ എളുപ്പമുള്ള പച്ചചീര ഇലപ്പുളി രോഗം പ്രതിരോധിക്കുന്നതും കീട ആക്രമണങ്ങള്‍ കുറവുള്ളതും ആണ്. വീട്ടുമുറ്റത്ത് കൃഷി ചെയ്യാന്‍ സ്ഥലമില്ലാത്തവര്‍ക്ക് ഗ്രോ ബാഗുകളിലും ടെറസിലും നടാം. പ്ലാസ്റ്റിക് ബോട്ടിലുകളില്‍ പോലും കൃഷി ചെയ്യാന്‍ കഴിയുന്നതാണ് ചീര. കടുത്ത മഴക്കാലത്തൊഴികെ മറ്റെല്ലാ കാലാവസ്ഥയിലും ചീര കൃഷി ചെയ്യാം. കാര്യമായ പരിചരണം ആവശ്യമില്ലാത്ത ഇവയ്ക്ക് വളപ്രയോഗവും കുറച്ച് മതി. വേനല്‍ക്കാലത്ത് ഇടവിട്ട് നനച്ച് കൊടുക്കുന്നത് നന്നായിരിക്കും. കാര്യമായ കീട ആക്രമണം ഇല്ലാത്ത ഒന്നാണ് ചീര. ഇലപ്പുള്ളിരോഗം, ഇലചുരുട്ടി പുഴുക്കള്‍ ഇവയാണ് പ്രധാന ശത്രുക്കള്‍. കൃത്യമായ പരിചരണം നല്‍കിയാല്‍ ഇവയെ അകറ്റി നിറുത്താം. ഇലപ്പുള്ളി രോഗം തടയാന്‍ പച്ച, ചുവപ്പ് ചീരകള്‍ ഇടകലര്‍ത്തി നട്ടാല്‍ മതി. ആവശ്യമെങ്കില്‍ ജൈവകീടനാശിനികളും ഉപയോഗിക്കാം. ചീരമുറിച്ചെടുത്താല്‍ കുറ്റിയില്‍ നിന്ന് വീണ്ടും വിളവെടുക്കാന്‍ സാധിക്കും. വേരോടെ പിഴുതെടുക്കാതെ തണ്ട് മുറിച്ചാല്‍ ചീരവീണ്ടും വളരും. കൂടുതല്‍ ശിഖരങ്ങള്‍ ഉണ്ടായി വീണ്ടും വീണ്ടും വിളവെടുക്കാന്‍ കഴിയും. തണ്ട് മുറിക്കുമ്പോള്‍ രണ്ട് ഇലകള്‍ എങ്കിലും നിര്‍ത്തിയില്ലെങ്കില്‍ ശേഷിച്ച തണ്ട് അഴുകിപ്പോകും. ഓരോ വട്ടവും ചീര മുറിച്ച ശേഷം അല്‍പം ചാണകം ചേര്‍ത്ത് മണ്ണ് കൂട്ടികൊടുക്കുന്നത് നന്നായിരിക്കും.

കൃഷിരീതി

ഒരു സെന്‍റില്‍ കൃഷി ചെയ്യാന്‍ വെറും അഞ്ചു ഗ്രാം വിത്തു മതി. ചെടിച്ചട്ടിയിലോ പ്ലാസ്റ്റിക് ബാഗിലോ വിത്ത് പാകി മുളപ്പിച്ചശേഷം കൃഷി സ്ഥലത്തേക്ക് പറിച്ചു നടുകയാണ് ഉത്തമം. ഉറുമ്പിന്‍റെ ശല്യം ഒഴിവാക്കാന്‍ ചീര വിത്തും റവയും കൂടി കലര്‍ത്തിവേണം പാകാന്‍. മൂന്നാഴ്ച കഴിയുമ്പോള്‍ തൈകള്‍ പറിച്ചു നടാം. കളകള്‍ മാറ്റി നന്നായി കിളച്ചൊതുക്കിയ സ്ഥലത്താണ് തൈകള്‍ നടേണ്ടത്. ഒരു സെന്‍റിന് 200 കിലോഗ്രാം ചാണകമോ മണ്ണിര കമ്പോസ്റ്റോ അടിവളമായി നല്‍കണം. ഒന്നരയടി അകലത്തിലായി ഒരടി വീതിയും അര അടി താഴ്ചയും ഉള്ള ചാലുകള്‍ തയ്യാറാക്കണം. ഇതിലാണ് തൈകള്‍ പറിച്ചു നടേണ്ടത്. രണ്ടു തൈകള്‍ തമ്മില്‍ അര അടിയെങ്കിലും അകലമുണ്ടായിരിക്കണം.

അടുക്കളത്തോട്ടത്തിലെ മുളക്

വീട്ടിലെ ഒട്ടുമിക്ക കറികളിലും ഉപയോഗിക്കുന്ന പച്ചക്കറിയിനമാണ് മുളക്. സാധാരണ പച്ചമുളക്, മാലിമുളക് എന്നിവ മുതല്‍ കാന്താരിമുളക് വരെ പലതരത്തിലുള്ള മുളകുകള്‍ മിക്ക കറികളിലും ഉപയോഗിച്ചുവരുന്നു. കാര്‍ഷിക സര്‍വകലാശാലയുടെ പരിശോധനാഫലമനുസരിച്ച് തമിഴ്നാട്ടില്‍ നിന്നു കേരളത്തിലെത്തുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം കീടനാശിനിയുടെ സാന്നിധ്യമുള്ള പച്ചക്കറികളിലൊന്നാണ് മുളക്. അതിനാല്‍ത്തന്നെ, നമ്മുടെ അടുക്കളത്തോട്ടത്തില്‍ തീര്‍ച്ചയായും ഉള്‍ക്കൊള്ളിക്കേണ്ട വിളകളില്‍ മുളകിനു പ്രധാന സ്ഥാനമാണുള്ളത്. കറികള്‍ക്ക് എരിവ് പകരുന്നതിനു പുറമെ ഉയര്‍ന്ന തോതില്‍ ജീവകം 'എ 'യും, ജീവകം 'സി 'യും ഇതില്‍ അടങ്ങിയിട്ടുണ്ട്.  'കാപ്സെസിന്‍ ' എന്ന രാസവസ്തുവാണ് മുളകിന് എരിവുരസം പകരുന്നത്.

ഇനങ്ങള്‍

ഉജ്ജ്വല : നല്ല എരിവും, നിറവുമുള്ള ഇനമാണിത്.  ബാക്ടീരിയല്‍ വാട്ടത്തിനെതിരെ പ്രതിരോധശേഷിയുണ്ട്. ഉയരം കുറഞ്ഞ് കുറ്റിയായി വളരുന്ന ഉജ്ജ്വല അടുത്തടുത്ത് കൃഷി ചെയ്യുവാന്‍ അനുയോജ്യമാണ്. മുളകുകള്‍ കൂട്ടമായി മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുന്നവയാണ്. ഒരു കുലയില്‍ 6-8 വരെ മുളകുകള്‍ കാണാം.

അനുഗ്രഹ : ബാക്ടീരിയല്‍ വാട്ടത്തിനെ തിരെ പ്രതിരോധശേഷിയുള്ള ഇനം മുളകുകള്‍ ഒറ്റയ്ക്കൊറ്റയ്ക്ക് തൂങ്ങിക്കിടക്കുന്ന സ്വഭാവമുള്ളവയാണ്. അനുഗ്രഹ ഇനത്തിന് എരിവ് താരതമ്യേന കുറവാണ്. നല്ല വിളവ് ലഭിക്കുന്നതിനാല്‍ വീട്ടിലെ അടുക്കളത്തോട്ടത്തിന് ഏറ്റവും അനുയോജ്യമാണിത്.

ജ്വാലാമുഖി, ജ്വാലാസഖി : എരിവ് വളരെ കുറഞ്ഞതാകയാല്‍ പച്ചക്കറി ആവശ്യത്തിന് ഉപയോഗിക്കുന്നു. പച്ചനിറത്തോടുകൂടിയ കായ്കളാണ് ഇവയ്ക്കുള്ളത്. കട്ടിയുള്ള തൊലിയുണ്ട്. കേരളത്തിലെ തെക്കന്‍ ജില്ലകളിലാണ് ഈയിനം കൂടുതലായി ഉപയോഗിക്കുന്നത്.

വെള്ളായണി അതുല്യ : എരിവ് കുറഞ്ഞ ഈയിനത്തിന് ക്രീംനിറമുള്ള നീണ്ട കായ്കളാണുള്ളത്. അടുക്കളത്തോട്ടത്തിലേക്ക് യോജിച്ച ഇനം.

കാന്താരിമുളക് : കേരളത്തിലെ വീട്ടുവളപ്പുകളില്‍ സാധാരണയായി കൃഷിചെയ്തുവരുന്ന ഇനമാണ് കാന്താരിമുളക്. വളരെ തീവ്രമായ എരിവ്, കുത്തനെ മുകളിലേക്ക് നില്ക്കുന്ന കായ്കള്‍, നീണ്ട വിളവുകാലം എന്നിവ ഇവയുടെ പ്രത്യേകതകളാണ്. കുറച്ച് തണലുള്ള സ്ഥലത്തും കാന്താരിമുളക് നന്നായി വളരും. ചെടിക്ക് ഒരു വര്‍ഷത്തിലധികം ആയുസ്സുണ്ട്.

മാലിമുളക് (എരിയന്‍മുളക്): ഈയിനത്തിന്‍റെ മുളകിന് ശക്തമായ എരിവും, സവിശേഷമായ മണവുമുണ്ട്. പഴുക്കുമ്പോള്‍ നല്ല ചുവപ്പ് നിറമോ, മഞ്ഞനിറമോ ആയിരിക്കും, വാഴത്തോട്ടങ്ങള്‍, തെങ്ങിന്‍തോട്ടങ്ങള്‍ എന്നിവയ്ക്കിടയില്‍ കൃഷിചെയ്യാന്‍ അനുയോജ്യം. തണല്‍ ഇഷ്ടപ്പെടുന്ന ഇനമാണിത്. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് ഉത്തമമാണെന്ന് കരുതപ്പെടുന്നു.

കൃഷിരീതി

ഒരു സെന്‍റ് സ്ഥലത്തേക്ക് മുളക് നടുന്നതിനായി 4 ഗ്രാം വിത്ത് ആവശ്യമാണ്. വാരങ്ങള്‍ തമ്മില്‍ രണ്ടടിയും ചെടികള്‍ തമ്മില്‍ ഒന്നരയടിയും ഇടയകലം നല്‍കണം.

രോഗങ്ങള്‍

വാട്ടരോഗം, തൈച്ചീയല്‍, കായ്ചീയല്‍ എന്നിവയാണ് മുളകിനെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍. രോഗലക്ഷണങ്ങളും നിയന്ത്രണമാര്‍ഗങ്ങളും വഴുതനയുടേതുപോലതന്നെയാണ്.

കീടങ്ങള്‍

ഇലപ്പേന്‍, മുഞ്ഞ, വെള്ളീച്ച : മുളകില്‍ സാധാരണയായി കാണപ്പെടുന്ന കുരുടിപ്പ് രോഗമുണ്ടാകുന്നത് ഇലപ്പേന്‍, മുഞ്ഞ, വെള്ളീച്ച എന്നിവയുടെ ആക്രമണം മൂലമാണ്. ഇവ ഇലകളില്‍ നിന്ന് നീരുറ്റിക്കുടിക്കുമ്പോഴാണ് കുരുടിപ്പ് രോഗമുണ്ടാകുന്നത്. കൂടാതെ മുഞ്ഞയും ഇലപ്പേനും വൈറസിനെ ഒരു ചെടിയില്‍നിന്ന് മറ്റൊന്നിലേക്ക് പരത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഇവയുടെ ആക്രമണമുണ്ടായാല്‍ ഇലകള്‍ ചുക്കിച്ചുളിഞ്ഞ്, ചുരുണ്ട് വളര്‍ച്ച മുരടിച്ചുപോകുന്നു. ഇവയെ നിയന്ത്രിക്കുന്നതിന് ജൈവകീടനാശിനികളായ കിരിയാത്ത്- സോപ്പ് മിശ്രിതമോ, വെളുത്തുള്ളി - നാറ്റപ്പൂച്ചെടി മിശ്രിതമോ ഉപയോഗിക്കാവുന്നതാണ്. ചെടിയില്‍ നേര്‍പ്പിച്ച കഞ്ഞിവെള്ളം തളിച്ചതിനുശേഷം രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ചെടി നന്നായി തട്ടിക്കൊടുത്താല്‍ കുറെ കീടങ്ങള്‍ കഞ്ഞിവെള്ളത്തില്‍ ഒട്ടിപ്പിടിച്ച് താഴെ വീണു നശിച്ചുപൊയ്ക്കൊള്ളും. അതിനുശേഷം ജൈവകീടനാശിനികള്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ ഫലപ്രദമായിരിക്കും.

വിളവെടുപ്പ്

മുളകുതൈകള്‍ നട്ട് രണ്ട് മാസത്തിനകം വിളവെടുപ്പ് തുടങ്ങാവുന്നതാണ്. ഉജ്ജ്വല, അനുഗ്രഹ എന്നീ ഇനങ്ങളിലെ ഓരോ ചെടിയില്‍നിന്നും ആഴ്ചയില്‍ 200 ഗ്രാം മുളക് ലഭിക്കും. വളരെക്കുറച്ച് ചെടികള്‍ ഉള്ളവര്‍ക്കു പോലും പച്ചമുളക് കടയില്‍നിന്ന് വാങ്ങേണ്ടിവരില്ല. ഒരു ചെടിയില്‍നിന്ന് 3 മാസത്തിലധികം വിളവെടുപ്പ് നടത്താവുന്നതാണ്.

മത്തന്‍ കൃഷി

കഴിഞ്ഞയാഴ്ച അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വ്യത്യസ്തമായൊരു ഉത്സവം നടന്നു. ജൈവകൃഷിയെയും കൃഷിക്കാരെയും പ്രോത്സാഹിപ്പിക്കുകയായിരുന്നു പ്രധാന ലക്ഷ്യം.എന്നിരുന്നാലും കാണികള്‍ക്ക് കണ്ണിന് അപുര്‍വമായൊരു കാഴ്ചയായിരുന്നു ആ ഉത്സവം. ആരായിരുന്നു ആ ഉത്സവത്തില്‍ താരമായത് എന്നറിയണ്ടേ. നമ്മുടെ കൃഷിയിടങ്ങള്‍ക്കും അടുക്കളയ്ക്കും സുപരിചിതരായ മത്തങ്ങയായിരുന്നു താരം. നാനൂറും അഞ്ഞൂറും കിലോ വരെ ഭാരമുളള ഭീമന്‍ മത്തങ്ങകള്‍ ട്രാക്ടറിലും മറ്റു വാഹനങ്ങളിലും കെട്ടിവലിച്ച്‌ ഒരു കേന്ദ്രത്തിലെത്തിച്ച്‌ തൂക്കം നോക്കി അതില്‍ നിന്ന് \'മത്തങ്ങ\' രാജാവിനെ കണ്ടെത്തി.

മലയാളികള്‍ക്ക് മത്തനെ പരിചയപ്പെടുത്തല്‍ ഇത്തിരി കടന്ന കൈയാണ്. കാലങ്ങളായി നമ്മള്‍ നമ്മുടെ കൃഷിയിലുള്‍പ്പെടുത്തി പാടത്തും പറമ്പിലും പടര്‍ത്തുന്ന പച്ചക്കറിയിനമാണ് മത്തന്‍. അതിന്‍റെ ജൈവകൃഷിപ്പെരുമയിലേക്കും രീതിയിലേക്കും കടക്കാം. പണ്ടുകാലത്ത് വീടിന്‍റെ മച്ചിനുമുകളില്‍ മാസങ്ങളോളം മത്തനും വെള്ളരിയും തൂക്കിയിടാറുണ്ടായിരുന്നു. വിളവെടുപ്പിനുശേഷം മാസങ്ങള്‍ സൂക്ഷിക്കാന്‍ പറ്റുന്നയിനം പച്ചക്കറി വര്‍ഗ്ഗമായിരുന്നു മത്തന്‍. പ്ലാനറ്റെ സാമ്രാജ്യത്തിലെ മാഗ്നോലിയോപ്സ്ഡ വര്‍ഗ്ഗക്കാരില്‍ കുക്കുമ്പര്‍ മൊഷേറ്റ കുടുംബക്കാരനാണ് മത്തന്‍. കുക്കര്‍ബിറ്റ മാക്സിമയെന്നാണ് ശാസ്ത്രനാമം. വെള്ളരി വര്‍ഗ്ഗവിളയായാണ് മത്തന്‍ ഗണിക്കുന്നത്. \'ജീവകം എ\'യാല്‍ സമ്പുഷ്ടമാണ് മത്തന്‍. വലിപ്പത്തിലും സ്വാദിലും രൂപത്തിലും വ്യത്യസ്തതയാര്‍ന്ന പല നാടന്‍, മറുനാടന്‍ ഇനങ്ങളും മത്തനില്‍ കണ്ടുവരുന്നു. മത്തന്‍റെ തളിരിലകള്‍ നമ്മള്‍ ഉപ്പേരിയായും കറിയായും ഉപയോഗിക്കുന്നു. അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഉഷ്ണമേഖലാ പ്രദേശം മത്തന്‍റെ ജന്മദേശമെന്നാണ് പറയപ്പെടുന്നത്.

മണ്ണൊരുക്കലും കൃഷിരീതിയും

ഏകദേശം 24 ഡിഗ്രി സെല്‍ഷ്യസും 34 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള താപനിലയാണ് അല്ലെങ്കില്‍ ഉഷ്ണകാലാവസ്ഥയാണ് മത്തന്‍ കൃഷിക്ക് അനുയോജ്യം. ഉഷ്ണം 15 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായാല്‍ അത് ചെടിയുടെ വളര്‍ച്ചയേയും വള്ളിവീശലിനെയും കായ്പിടിത്തത്തെയും ബാധിക്കും. ഇളകികിടക്കുന്നതും എന്നാല്‍ നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണാണ് മത്തന്‍ കൃഷിക്ക് അനുയോജ്യം. പി.എച്ച്‌. മൂല്യം 6നും 7.5 നും ഇടയിലായാല്‍ വിളവ് കൂടും. മഴക്കാലത്ത് പറമ്പുകളിലും വേനല്‍ക്കാലത്ത് വയലിലും പുഴയോരങ്ങളിലും ആണ് ഇതിന്‍റെ കൃഷി. കൃഷിക്കായി തിരഞ്ഞെടുക്കുന്ന സ്ഥലം നന്നായി കിളച്ചുമറിച്ച്‌ കളകള്‍ മാറ്റി വൃത്തിയാക്കണം. മേല്‍മണ്ണിന്‍റെ മുകള്‍ ഭാഗം ചപ്പിലകളിട്ട് കത്തിക്കണം. മഴക്കാലത്ത് പറമ്പുകളില്‍ കൂനകള്‍കൂട്ടിയും വേനല്‍ക്കാലത്ത് തടമെടുത്തും കൃഷി ചെയ്യാം. ഓരോരോ വട്ടത്തിലുള്ള തടമാണ് എടുക്കുന്നതെങ്കില്‍ അവ തമ്മില്‍ രണ്ടു മീറ്ററെങ്കിലും ഇടയകലം ആവശ്യമാണ്. വരിയായാണ് തടമെടുക്കുന്നതെങ്കില്‍ ഓരോ വരി തമ്മിലും ഒന്നരമുതല്‍ രണ്ട് മീറ്റര്‍വരെ ഇടയകലം നല്‍കണം.

മേല്‍മണ്ണ് വൃത്തിയാക്കി കത്തിച്ചതിന് ശേഷം അതില്‍ കുമ്മായം വേപ്പിന്‍പിണ്ണാക്ക് എന്നിവ സെന്‍റിന് കുറഞ്ഞത് 5-7 കിലോ നിരക്കില്‍ വിതറണം. അതിനോടു കൂടെ പച്ചില വളമോ കാലിവളമോ സെന്‍റിന് 40-50 കിലോഗ്രാം തോതില്‍ ചേര്‍ത്ത് മണ്ണ് നന്നായി ഇളക്കി ഒരാഴ്ച കഴിഞ്ഞതിന് ശേഷമാണ് തടമെടുക്കേണ്ടത്. ജനവരി-മാര്‍ച്ച്‌, ഏപ്രില്‍-ജൂണ്‍, ജൂണ്‍-ആഗസ്ത്, സപ്തംബര്‍-ഡിസംബര്‍ എന്നിങ്ങനെ എല്ലാകാലത്തും നമുക്ക് കൃഷി ചെയ്യാവുന്ന വിളയാണ് മത്തന്‍. നാടന്‍ ഇനങ്ങളാണ് ജൈവ കൃഷിയില്‍ പ്രധാനമായും വിത്തിനങ്ങളാക്കുന്നത്. എന്നാലും നിരവധി കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങള്‍ വിവിധയിനങ്ങളെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കര ഹോര്‍ട്ടി കള്‍ച്ചര്‍ കോളേജ് വികസിപ്പിച്ചെടുത്ത അമ്പിളിയാണ് കേരളത്തിലെ കൃഷിയിടങ്ങള്‍ക്കനുയോജ്യം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഇവ കൃഷി ചെയ്തു കൊണ്ടിരിക്കുന്നു.

ഇടത്തരം വലിപ്പം വെക്കുന്ന പരന്ന് ഉരുണ്ട കായകളാണിതിന്‍റെ പ്രത്യേകത. ഏകദേശം 5-6 കിലോഗ്രാം വരെ തൂക്കം വെക്കുന്നു. സെന്‍റ് ഒന്നിന് 10-20 ഗ്രാം വരെ വിത്ത് ആവശ്യമാണ്. ഹെക്ടര്‍ ഒന്നിന് 35 ടണ്‍ വരെ ലഭിക്കും.കോയമ്പത്തൂര്‍ തമിഴ്നാട് കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത സി.ഒ-1, സി.ഒ-2 എന്നിവയാണ് സാധാരണയായി കൃഷി ചെയ്തുവരുന്ന മറ്റിനങ്ങള്‍. 150 മുതല്‍ 160 ദിവസം വരെയുള്ള കാലയളവാണിതിന്‍റെ വിളവിനുള്ളത്. ഹെക്ടര്‍ ഒന്നിന് 30 ടണ്‍ വരെ വിളവ് ലഭിക്കുന്നതാണ് ഇതിലെ സി.ഒ 1 ന്‍റെ പ്രത്യേകത. കായയുടെ വലിപ്പം ഇടത്തരമായിരിക്കും. അടിഭാഗം പരന്നതാണെങ്കിലും ഞെട്ടിന്‍റെ ഭാഗമെത്തുമ്പോഴേക്കും അല്‍പം കൂര്‍ത്തുവരുന്ന രീതിയിലാണിതിന്‍റെ ആകൃതി. ചെറുപ്രായത്തില്‍ ഇളംപച്ച നിറവും മൂത്താല്‍ തവിട്ടുകലര്‍ന്ന ഓറഞ്ചുനിറവുമാണ് സി.ഒ.1 ന്‍റെ സവിശേഷത. സി.ഒ.2 ഇനം നമ്മുടെ അടുക്കളത്തോട്ടങ്ങള്‍ക്ക് ഉചിതമായതാണ് കാരണം. 2-2.5 കിലോഗ്രാം മാത്രം തൂക്കം വരുന്ന ചെറിയ പരന്നുരുണ്ട കായകളാണ് തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലയുടെ ഈ ഇനത്തിനുള്ളത്. 135 ദിവസമാണ് വിളയുടെ ദൈര്‍ഘ്യം. ഹെക്ടറിന് 25-28 ടണ്‍ വരും ഇതിന്‍റെ ഫലം. ഇന്ത്യന്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ ഗവേഷണ കേന്ദ്രം ഹസര്‍ഗട്ട, ബെംഗളൂരു വികസിപ്പിച്ചെടുത്ത അര്‍ക്കചന്ദ്രനാണ് മത്തന്‍ ഇനത്തിലെ മറ്റൊരു താരം. ഹെക്ടറിന് 33.5 ടണ്‍ വിള ലഭിക്കുന്ന 125 ദിവസം വിള ദൈര്‍ഘ്യമുള്ള ഇതിന്‍റെ കായകള്‍ 2-3 കിലോ ഗ്രാം തൂക്കം വെക്കുന്നതാണ്. നന്നായി വിളഞ്ഞ കായകള്‍ക്ക് ഇളം തവിട്ടുനിറമായിരിക്കും. ഇടയ്ക്കിടെ ക്രീം നിറത്തിലുള്ള വരകളും കണ്ടുവരാറുണ്ട്.

ബെംഗളൂരുവിലെ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്‍റെ തന്നെയിനമാണ് അര്‍ക്ക സൂര്യമുഖിയെന്ന ചെറിയ ഇനം മത്തന്‍. കേവലം 1-1.5 കിലോഗ്രാം മാത്രം തൂക്കം വരുന്ന ഇവയുടെ നിറമാണ് ആകര്‍ഷണീയം. നല്ല ഓറഞ്ചുനിറമായിരിക്കും ഇവയ്ക്ക്. കായീച്ചക്കെതിരെ പ്രതിരോധ ശേഷിയുണ്ട് എന്നതാണ് ഇതിന്‍റെ മറ്റൊരു മെച്ചം. 100 ദിവസത്തെ വിള ദൈര്‍ഘ്യമാണിവയ്ക്കുള്ളത്. ഉത്തരേന്ത്യയില്‍ സാധാരണയായി കൃഷി ചെയ്തുവരുന്ന, ന്യൂഡല്‍ഹിയിലെ പുസയിയിലെ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത പുസ ബിശ്വാസ് എന്നയിനം മത്തന്‍ 5 കിലോഗ്രാം വരെ തൂക്കം വെക്കുന്നതാണ്. ഇളംതവിട്ടുനിറത്തില്‍ ഉരുണ്ട കായകളാണ് ഇതിന്‍റെ പ്രത്യേകത. 120 ദിവസത്തെ കാലദൈര്‍ഘ്യമാണിതിനുള്ളത്. ഹെക്ടറിന് 25 ടണ്‍ ആണ് ഇതിന്‍റെ വിളവ്.

കേരളത്തിലെയും മറ്റ് ഗവേഷണ സ്ഥാപനങ്ങളും വികസിപ്പിച്ചെടുത്ത സരസ്, സ്വര്‍ണ, സൂരജ് എന്നിവയും കൃഷിയിടങ്ങളെയലങ്കരിക്കുന്നു. യെല്ലോ ഫ്ളഷ്, സോളമന്‍, ബദാമി എന്നിവയുമുണ്ട്. ജൈവകൃഷിയില്‍ ഒരു തടത്തില്‍ (തട്ടത്തിലുള്ളത്) അഞ്ച്-ആറ് വിത്തുകള്‍ നടാം. ഓരോ തടങ്ങള്‍ തമ്മിലും കുറഞ്ഞത് 2 മീറ്റര്‍ അകലം വേണം. 2-3 സെ.മീ. ആഴത്തിലാണ് വിത്ത് നടേണ്ടത്. വിത്ത് മുളച്ചുവന്നാല്‍ കരുത്തുള്ള മൂന്നോ നാലോ എണ്ണത്തിനെ നിര്‍ത്തി ബാക്കി പറിച്ചു കളയാം. വരികളിലാണ് വിത്തുകള്‍ നടുന്നതെങ്കില്‍ വരികള്‍ തമ്മില്‍ നാലു മീറ്ററെങ്കിലും അകലം വേണം. ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് 1-1.5 കിലോഗ്രാം വിത്ത് മത്തന്‍റേത് ആവശ്യമാണ്. തവാരണകളില്‍ (പോളിത്തീന്‍ കവറുകളില്‍) പോട്ടിങ്ങ് മിശ്രിതം നിറച്ച്‌ വിത്ത് മുളപ്പിച്ച്‌ മൂന്നില പ്രായമെത്തിയാല്‍ മാറ്റി നട്ടും മത്തന്‍ പിടിപ്പിക്കാം.മത്തന്‍ വള്ളി വീശാന്‍ തുടങ്ങിയാല്‍, മണ്ണിര കമ്പോസ്റ്റ് കടലപ്പിണ്ണാക്ക് പൊടിച്ചത് എന്നിവ സെന്‍റൊന്നിന് 16 കിലോഗ്രാം വീതം മേല്‍വളമായി നല്‍കാം. ഇവയ്ക്ക് ഒന്നരാടന്‍ നനച്ചുകൊടുത്താല്‍ നന്ന്. വേനല്‍ക്കാലത്ത് തടത്തില്‍ തണുപ്പ് നിലനിര്‍ത്താന്‍ പുതയിടാം. മഴക്കാലത്ത് തടത്തില്‍ വെള്ളം കെട്ടി നില്‍ക്കാനനുവദിക്കരുത്. വേര് ചീഞ്ഞ് പോവും. മത്തന്‍ നിലത്ത് പടരാന്‍ തുടങ്ങുമ്പോള്‍ പടരുന്ന ഭാഗം വൃത്തിയാക്കിവെക്കണം. മറ്റ് ചെടികള്‍ വളരാനനുവദിക്കരുത്. നിലത്ത് ചപ്പിലകളോ മരത്തിന്‍റെ ചെറിയ ചില്ലകളോ കവുങ്ങിന്‍പട്ടയോ ഓലമടലോ വിരിച്ചുകൊടുക്കാം.

കീട, രോഗ ബാധകള്‍

മത്തനെ പ്രധാനമായും ബാധിക്കുന്ന കീടങ്ങള്‍ കായീച്ചയും എപ്പിലാക്സ് വണ്ട് മുതലായവയാണ്. വേപ്പധിഷ്ഠിത കീടനാശിനികള്‍ തളിച്ചും കായീച്ചയുടെ ശലഭങ്ങളെ ആകര്‍ഷിച്ച്‌ നശിപ്പിച്ചും (മഞ്ഞക്കെണി വെച്ച്‌) കീടങ്ങളില്‍നിന്ന് രക്ഷനേടാം. കൃഷിയിടത്തില്‍ ഒഴിഞ്ഞ ഭാഗത്ത് കത്തിച്ച്‌ കീടങ്ങളെ തീയിലേക്കാകര്‍ഷിച്ചും വിളയെ രക്ഷിക്കാം. മത്തനില്‍ കാണപ്പെടുന്ന ഒരു തരം വൈറസ് രോഗമാണ് മൊസൈക്ക് രോഗം. ഇലകളില്‍ കാണുന്ന മഞ്ഞനിറത്തിലുള്ള വരകളാണിതിന്‍റെ ലക്ഷണം. ക്രമേണ മഞ്ഞനിറം മത്തനിലകളില്‍ മൊത്തം വ്യാപിച്ച്‌ ഇലകള്‍ ചുരുണ്ട് മൊത്തം മുരടിച്ച്‌ നശിച്ച്‌ പോകുന്നു. മൊസൈക്ക് ബാധ കായകളെയും ബാധിക്കും. വൈറസിനെ ചെറുക്കുന്ന ജൈവ കീടനാശിനികള്‍ ഉപയോഗിക്കുക, കൃഷിയിടമൊരുക്കുമ്പോള്‍ വേപ്പിന്‍പിണ്ണാക്ക് നന്നായി ഉപയോഗിക്കുക എന്നിവയാണ് മൊസൈക്ക് രോഗത്തെ ചെറുക്കാനുള്ള വഴികള്‍. ബാക്ടീരിയല്‍ വാട്ടവും ഫംഗസ് രോഗവും മത്തനില്‍ അപൂര്‍വമായി കണ്ടുവരുന്നു. സ്യൂഡോമോണസെന്ന മിത്ര ബാക്ടീരിയയെ ഉപയോഗിച്ച്‌ അത് ലിറ്ററിന് 20 ഗ്രാം എന്നതോതില്‍ കലക്കി വേരിലും ഇലകളിലും തളിക്കുന്നത് നല്ലതാണ്.

വിളവെടുപ്പ്

വിത്ത് പാകി വള്ളി വീശി ഏതാണ്ട് മൂന്നു മാസമെത്തുമ്പോഴേക്കും വിളവെടുക്കാന്‍ പാകമായിരിക്കും. ഉടനെ ഉപയാഗിക്കാന്‍ ഇളം കായകള്‍ പറിക്കാം. കുറെക്കാലം സൂക്ഷിച്ചുവെച്ച്‌ ഉപയോഗിക്കാനാണെങ്കില്‍ കായകള്‍ നല്ലപോലെ വിളഞ്ഞതിന് ശേഷം മാത്രമേ പറിച്ചെടുക്കാവൂ. അതേപോലെ നല്ലപോലെ വിളഞ്ഞ കായകളില്‍ നിന്നാണ് വിത്ത് ശേഖരിക്കേണ്ടത്. രോഗ കീടബാധയില്ലാതെ വളരുന്ന ചെടികളില്‍ നിന്നുണ്ടാകുന്ന കായകളിലെ വിത്തേ ഉപയോഗിക്കാവൂ. വിളവുകഴിഞ്ഞ് വള്ളികള്‍ ഉണങ്ങാന്‍ തുടങ്ങിയാലാണ് കായ് പറിച്ച്‌ വിത്ത് ശേഖരണം നടത്തേണ്ടത്.

പോഷക ഗുണങ്ങള്‍

പച്ചക്കറികളില്‍ ഏറ്റവുമധികം വിറ്റാമിന്‍ എ അടങ്ങിയിട്ടുള്ളത് മത്തനിലാണ്. വിറ്റാമിന്‍ എ. 41 ശതമാനത്തോളവും, ജീവകം ബി 6, ജീവകം ബി 9സി, ഇ, എന്നിവയും കാത്സ്യം , ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക് എന്നീ മൂലകങ്ങളും പോളിസാക്കറൈഡുകളും ആന്‍റി ഓക്സിഡന്‍റുകളും അന്നജവും പെക്ടിന്‍, ബീറ്റാകരോട്ടിന്‍, ആല്‍ഫകരോട്ടിന്‍ , ല്യൂട്ടിന്‍ എന്നിവയും മത്തനില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വിഷാംശങ്ങളെ പുറം തള്ളാന്‍ സഹായിക്കുന്ന മികച്ച ആന്‍റി ഓക്സിഡന്‍റാണ് മത്തന്‍. ഇവ ബാക്ടീരിയകള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്നു. നിശാന്ധതയെ തടയുന്ന മത്തനില്‍ കാഴ്ചശക്തി വര്‍ധിപ്പിക്കാനുള്ള ഘടകങ്ങളുമുണ്ട്.

ശരീരവേദന, നീര്‍ക്കെട്ട്, കുരുക്കള്‍, നീര്‍ദോഷങ്ങള്‍ എന്നിവ തടയാനും മത്തന്‍ ധാരാളം ഭക്ഷണത്തിലുള്‍പ്പെടുത്തുന്നതിനാല്‍ കഴിയുന്നു. ഒരു ഉത്തമ പോഷക പാനീയമായി മത്തന്‍ ജ്യൂസ് ഉപയോഗിക്കാം. മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്കും മൂത്രം വാര്‍ന്നുപോകുന്നതിനും ഔഷധമാണ് മത്തന്‍. ഇനി നമുക്ക് ജൈവ രീതിയില്‍ മത്തന്‍ കൃഷി തുടങ്ങാം. മത്തന്‍ ഭക്ഷണത്തിന്‍റെ ഭാഗമാക്കാം.

വഴുതനക്കൃഷി: രോഗവും പ്രതിരോധ മാര്‍ഗങ്ങളും...

ഇടവിളയായി കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിവിളയാണ് വഴുതന. ഇതിനെ ബാധിക്കുന്ന രോഗവും പ്രതിരോധ മാര്‍ഗങ്ങളും ഇനി പറയുന്നു.

ബാക്ടീരിയ വാട്ടം
ചെടികള്‍ പെട്ടെന്നു വാടി നശിക്കും. തണ്ടിന്റെ അടിഭാഗത്തു കറുത്ത നിറവ്യത്യാസം കാണാം. എങ്കില്‍ രോഗം ബാക്ടീരിയ മൂലമാണ് എന്നു തീര്‍ച്ചപ്പെടുത്താം. ഇതിന് ഊസ് (ooze) ടെസ്റ്റ് നടത്തണം. ഒരു ഗ്ലാസില്‍ ശുദ്ധജലം എടുക്കുക. രോഗലക്ഷണം കാണുന്ന ചെടിയുടെ തണ്ടു മുറിച്ചു മുറിപ്പാടുള്ള ഭാഗം വെള്ളത്തില്‍ പകുതി മുങ്ങിനിര്‍ക്കത്തക്കവണ്ണം പിടിക്കുക. ബാക്ടീരിയ രോഗമുള്ള ചെടിയാണെങ്കില്‍ മുറിപ്പാടില്‍ നിന്നു വെളുത്ത ദ്രാവകം ഒലിച്ചിറങ്ങും.

നിയന്ത്രണം
1. കൃഷിയുടെ ആരംഭത്തില്‍ 15 ദിവസം മുന്‍പു മണ്ണില്‍ കുമ്മായം ചേര്‍ത്താല്‍ രോഗസാധ്യത കുറയ്ക്കാം.

2. തടത്തില്‍ സ്യൂഡോമോണസ് ഫ്ലൂറസന്‍സ് 20 ഗ്രാം ഒരു ലീറ്റര്‍ വെള്ളത്തില്‍ കലക്കി 10 ദിവസത്തില്‍ ഒരിക്കല്‍ ഒഴിച്ചുകൊടുക്കുക. ഇലയിലും തണ്ടിലും നനയുന്ന രീതിയില്‍ തളിക്കുക. പറിച്ചുനടുമ്പോള്‍ സ്യൂഡോമോണസിന്റെ കട്ടിയുള്ള ലായനിയില്‍ 5 മിനിറ്റ് മുക്കി നടുക.

3. വഴുതന കൃഷിസ്ഥലത്ത് രോഗംബാധിച്ച ചെടികളില്‍ ലായനി ചുവട്ടില്‍ ഒഴിച്ചുകൊടുക്കണം. തണ്ടിലും ഇലകളിലും തളിക്കാം.

4. രോഗം വരുന്നതു തടയാന്‍ ചെടികളുടെ അടുത്തു ബ്ലീച്ചിങ് പൗഡര്‍ ചെറിയ കിഴികെട്ടി കുഴിച്ചിടുക.

വിളവെടുപ്പ്
വിത്തുവിതച്ച് 60–75 ദിവസത്തിനു ശേഷം വിളവ് ലഭിച്ചു തുടങ്ങും. രാവിലെ വിളവെടുക്കുന്നതാണു നല്ലത്. അധികം മൂക്കാത്ത കായ്കള്‍ 5 ദിവസം ഇടവിട്ട് വിളവ് എടുക്കാം.
വഴുതനയില്‍ കുറ്റിവിള എടുക്കുന്ന സമ്പ്രദായം നിലവിലുണ്ട്. പ്രധാന വിളവെടുപ്പ് കഴിഞ്ഞാല്‍ ചെ‌ടി 1–1/2 അടി ഉയരത്തില്‍വച്ച് മുറിച്ചു കുറ്റിയായി നിര്‍ത്തുന്നു. നല്ലപോലെ ജൈവവളവും വെള്ളവും നല്‍കിയാല്‍ ഇവ വളര്‍ന്നു വീണ്ടും നല്ല വിളവു തരും.

മാപ്പരാഗ് അഥവാ മരിയന്‍ പ്ലം

ആദ്യകാഴ്ചയില്‍ തന്നെ ഹൃദയം കവരുന്ന നിറം. സുഗന്ധദ്രവ്യത്തിന്‍റെ  മണം. നാവില്‍ വെള്ളമൂറുന്ന രുചി, അനേകം പോഷകഗുണങ്ങള്‍ ഇവയെല്ലാം ചേര്‍ന്നതാണ് മാപ്പരാഗ് പഴം. മാവിന്‍റെ ബന്ധുവാണ് മാപ്പരാഗ്. ശാസ്ത്രീയ നാമം Bouea Macro phylla. ജന്മസ്ഥലം ഇന്തോനേഷ്യയും  മലേഷ്യയുമാണ്. ഇന്ന് ലോകത്തിന്‍റെ പലഭാഗത്തും കൃഷി ചെയ്യുന്നു. അതില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്നത് തായ് ലന്‍റിലാണ്. ഓരോസ്ഥലത്തും വ്യത്യസ്ത പേരുകളില്‍ അറിയപ്പെടുന്നു. മരിയന്‍ പ്ലം, മയും, മറിയന്‍ മാംഗോ, പ്ലം മാംഗോ എന്നിവയാണ് ചില പേരുകള്‍. നല്ലമഴയും ചൂടും ഈര്‍പ്പവും സൂര്യപ്രകാശവും കിട്ടുന്ന സ്ഥലങ്ങളില്‍ സമൃദ്ധിയായി വളരും. എന്നാല്‍ അധികവും തണുപ്പിനെ പ്രതിരോധിക്കാന്‍ ഈ ചെടിക്ക് കഴിയാറില്ല. നമ്മുടെ നാട്ടിലും ഈ ചെടി കൃഷി ചെയ്യാന്‍ തുടങ്ങി കഴിഞ്ഞു. മാങ്ങയുടെയും പ്ലം പഴത്തിന്‍റെയും കൂടി കലര്‍ന്ന രുചിയാണ്. കണ്ണിമാങ്ങായക്ക് ഇളം പച്ചനിറം. മൂപ്പുകൂടുന്നതിനനുസരിച്ച് കടും പച്ച, വെള്ളകലര്‍ന്ന മഞ്ഞ, ഓറഞ്ച് നിറങ്ങള്‍ മാറിമാറി വരും.വീടുകളുടെ മുറ്റത്ത് അലങ്കാരച്ചെടിയായും വളര്‍ത്താം. ഉള്ളിലെ വിത്തിന് പര്‍പ്പിള്‍ നിറമാണ്. വിത്തും ഭക്ഷ്യയോഗ്യമാണ്. തൊലിക്കും രുചിയേറെയുണ്ട്. അതിനാല്‍ പഴം മുഴുവനായിട്ടാണ് കഴിക്കുന്നത്. വിത്തു സഹിതം പച്ചയ്ക്കോ പഴുത്തതോ ആയാലും അതുപോലെ തന്നെ ചതച്ച്  പലതരത്തിലുള്ള രുചികരമായ വിഭവങ്ങള്‍ പലരാജ്യത്തും ഉണ്ടാക്കുന്നു. ഇളം ഇലകള്‍ സാലഡിനും ഉപയോഗിക്കുന്നു. തായ് ലന്‍റില്‍ മാര്‍ച്ച് ഏപ്രിലാണ് പഴക്കാലം. കുരുഇട്ട് കിളിര്‍പ്പിച്ച തൈകള്‍ ഏഴാം വര്‍ഷത്തില്‍ പുഷ്പിക്കും. എന്നാല് ബഡ്ഡിംഗ്, ലെയറിംഗ്, ഗ്രാഫ്റ്റിംഗ് ചെയ്ത തൈകള്‍ മൂന്നാം വര്‍ഷം പുഷ്പിക്കാന്‍ തുടങ്ങും. കുരു ഇട്ട് കിളിര്‍പ്പിച്ച തൈകള്‍ 15 മീറ്റര്‍ ഉയരത്തില്‍ മരം വളരും. മറ്റു തൈകള്‍ 10 മീറ്റര്‍ താഴെ മാത്രമേ വളരുകയുള്ളൂ. ചെടികള്‍ നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തു മാത്രമേ നടാവൂ. സമുദ്രനിരപ്പില്‍ നിന്ന് 300 മീറ്റര്‍ ഉയരംവരെയുള്ള സ്ഥലം കൃഷിക്കുയോജിച്ചതാണ്. നമ്മുടെ നാട്ടിലെ മാവിനു കൊടുക്കുന്ന പരിചരണംമാത്രമേ ചെടിക്കാവശ്യമുള്ളൂ.കായീച്ചയുടെ ശല്യം തീരെക്കുറവാണ്. മാപ്പരാഗ് മൂന്നിനങ്ങളുണ്ട്. പഴുക്കുമ്പോള്‍ വളരെ പുളി ഉള്ളതും പുളിയും മധുരവും കൂടി കലര്‍ന്നതും മധുരം മാത്രമുള്ളതും. സാധാരണയായി രണ്ടും മൂന്നും ഇനങ്ങളാണ് വ്യവസായികമായി കൃഷിചെയ്യുന്നത്. പഴത്തിന് 100 ഗ്രാം തൂക്കം വരും. പ്രായപൂര്‍ത്തിയായ നല്ല ഒരു മരത്തില്‍ നിന്ന് 150 മുതല്‍ 200 കിലോവരെ പഴം പ്രതീക്ഷിക്കാം. നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് തികച്ചു അനുയോജ്യമായി കൃഷിചെയ്യാവുന്നതാണ് മാപ്പരാഗ്.

വരുന്നൂ അനാബസ്...

നാലു ദിവസം കരയ്ക്കു പിടിച്ചിട്ടാലും മീന്‍ ചാവില്ല എന്നു വന്നാലോ? ആറാം മാസം തന്നെ അര കിലോ തൂക്കമെത്തിയാലോ? ഒരേക്കറില്‍ ഒരു ലക്ഷം മീന്‍ നിറച്ചാലും പ്രശ്നമില്ലെങ്കില്‍? പ്രാണവായു കുറഞ്ഞ കുളത്തിലോ സ്ഫടിക ടാങ്കിലോ വളരുമെന്നായാലോ? കടുത്ത ശൈത്യത്തെയും കൊടുംചൂടിനെയും ഒരേപോലെ അതിജീവിക്കുമെങ്കില്‍ ? അതാണ് ഈ മീന്‍ – അനാബസ്.

അനാബസ് ഒരു സ്വദേശി മത്സ്യം തന്നെ. ഗാംഗറ്റിക് കോയി, അനാബസ് ടെസ്റ്റ്യുഡിനിയസ്, കോബോജിയസ് എന്നിങ്ങനെ വിവിധ വകഭേദങ്ങളില്‍ അറിയപ്പെടും. മധ്യകേരളത്തില്‍ കറൂപ്പ് എന്നും കുട്ടനാട്ടില്‍ കരട്ടി അഥവാ ചെമ്പല്ലി എന്നും വിളിക്കുന്നു. ബംഗ്ലാദേശ്, വിയറ്റ്നാം വഴി വീണ്ടും കേരളത്തിലെത്തിയ അനാബസ് പുതുതാരമാവുകയാണ്. നാവില്‍ രുചി മേളങ്ങള്‍ തീര്‍ക്കുന്ന മാംസം, കുടംപുളിയിട്ട് ചട്ടിയില്‍ വയ്ക്കാനും വാഴയിലയില്‍ പൊളളിക്കാനും കനലില്‍ ചുട്ടെടുക്കാനും ഒരേപോലെ നന്ന്.

അടുത്ത കാലം വരെ കാര്‍പ്പ് മത്സ്യങ്ങള്‍ക്കായിരുന്നു നമ്മുടെ നാട്ടില്‍ ശുദ്ധജല മത്സ്യക്കൃഷിയില്‍ പ്രാധാന്യം. എന്നാല്‍ കാര്‍പ്പിനുമുണ്ട് കുറവുകള്‍. പൂര്‍ണമായും ജൈവ പ്ലവകങ്ങള്‍ ഭക്ഷിക്കുന്ന കാര്‍പ്പുകള്‍ക്ക് വേണ്ടത്ര വളര്‍ച്ചയില്ല. വെള്ളം മലിനമായാല്‍ പ്രാണവായുവിന്റെ അസാന്നിധ്യത്തില്‍ മരണനിരക്കേറും. വെള്ളത്തിന്റെ അമ്ലക്ഷാരനില (പി എച്ച് മൂല്യം) ഏറിയും കുറഞ്ഞുമിരുന്നാല്‍ പറയാനുമില്ല. ഏറിയാല്‍ ഒരേക്കറില്‍ നാല്പതിനായിരം മീന്‍ സ്റ്റോക്ക് ചെയ്യാം. ഒഴുകി നടക്കുന്ന മുട്ടകളായതിനാല്‍ പ്രേരിത പ്രജനനത്തിന് ചൈനീസ് ഹാച്ചറികള്‍ തന്നെ വേണം. ഈ പരിമിതികളെല്ലാം മറികടക്കാനാണ് അനാബസ് എത്തിയിരിക്കുന്നത്. ആറാം മാസം തന്നെ ശരാശരി 400 ഗ്രാം തൂക്കമെത്തും. അമ്ലക്ഷാരനിലയില്‍ 4–10 വരെയുള്ള വ്യതിയാനം സഹിക്കാന്‍ അനാബസിന് കഴിവുണ്ട്. ലാബ്രിന്ത് എന്ന പ്രത്യേക ശ്വസനാവയവം ഉള്ളതു കൊണ്ട് വെള്ളത്തിലെ പ്രാണവായു കുറഞ്ഞാലും ജീവിക്കാനുള്ള അസാമാന്യ കഴിവാണ് ഏറെ പ്രധാനം. ബംഗാളിലും മറ്റും കിലോയ്ക്ക് 600 രൂപ വിലയുള്ള ഈ മത്സ്യം അനായാസമായി വളര്‍ത്താമെന്നു വന്നതോടെ പുതുതലമുറ മത്സ്യങ്ങളില്‍ അനാബസ് ഒന്നാമനായി മാറുകയാണ്.

പ്രജനനം
അനാബസ് മുട്ടകള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നു. അതുകൊണ്ടുതന്നെ ചാക്രിക ജലപ്രവാഹമുള്ള ചൈനീസ് ഹാച്ചറികളെക്കാള്‍ മുട്ട വിരിയിക്കാന്‍ നല്ലത് ഹാപ്പകളോ (ജലോപരിതലത്തിലെ വലക്കൂടുകള്‍) സ്ഫടിക ടാങ്കുകളോ ആണ്. പ്രേരിത പ്രജനനത്തിനായി ഒരു മത്സ്യത്തിനു 0.01 മില്ലി ഹോര്‍മോണ്‍ മതിയാകും. ഫൈബര്‍ റീ ഇന്ഫോമഴ്സ്ഡ് പ്ലാസ്റ്റിക് (എഫ്ആര്പി) ടാങ്കുകള്‍ ബ്രീഡിങ് ടാങ്കുകളാക്കാം. രണ്ട് ആണ്‍ മത്സ്യത്തിന് ഒരു പെണ്‍ മത്സ്യം എന്നതാണ് പ്രജനനക്കൂട്ടം. പെണ്‍മത്സ്യത്തില്‍ നിന്ന് അണ്ഡോല്പാ്ദനം പൂര്‍ണമായി സാധ്യമാക്കാന്‍ ഹോര്‍മോണ്‍ ഉത്തേജനമുണ്ട്. സാല്‍മണ്‍ ഗൊണാഡോട്രോപ്പില്‍ റിലീസിങ് ഹോര്‍മോണാണ് ഇതിനായി ഉപയോഗിക്കുക. മുതുചിറകിനു താഴെ പേശിയില്‍ ഇന്‍ജെക്ഷന്‍ നല്‍കി മാതൃമത്സ്യങ്ങളെ വൈകിട്ട് അഞ്ചു മണിക്ക് നിക്ഷേപിച്ചാല്‍ പിറ്റേന്ന് മൂന്നു മണിയോടെ മുട്ടകള്‍ പുറത്തു വരും.

കോരുവലകളില്‍ മുട്ടകള്‍ ശ്രദ്ധാപൂര്‍വം കോരി പ്രത്യേകം തയാര്‍ ചെയ്ത സ്ഫടിക ടാങ്കുകളിലേക്കു മാറ്റും. 25,000 മുട്ടകള്‍ വരെ സ്റ്റോക്ക് ചെയ്യാന്‍ രണ്ടടി നീളവും ഒരടി വീതിയും പൊക്കവുമുള്ള ഗ്ലാസ് ടാങ്കിലെ 50 ലീറ്റര്‍ വെള്ളം മതി. അടുത്ത ദിവസം തന്നെ അനാബസ് കുഞ്ഞുങ്ങള്‍ മിഴി തുറക്കും. ഇരുപതിനായിരം കുഞ്ഞുങ്ങളെ പ്രതീക്ഷിക്കാം. രണ്ടാഴ്ചയോളം ടാങ്കുകളില്‍ത്തന്നെ ഫ്ളോട്ടിങ് തീറ്റയും (ഗ്രോവര്‍) പ്രാണവായുവും നല്‍കി വളര്‍ത്തിയാല്‍ കുളത്തിലിറക്കാന്‍ പാകമാകും.

വലിയ ഹാച്ചറികളില്‍ ചെറിയ സ്പോണ്‍ ശേഖരിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാലാണ് ഗ്ലാസ് ടാങ്കുകള്‍ തന്നെ മുട്ട വിരിയിക്കാന്‍ തിരഞ്ഞെടുക്കുന്നത്. ഹാച്ചറിയില്‍ കാര്‍പ്പുകള്‍ ഒരു കോടിയില്‍പ്പരം കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിക്കുമ്പോള്‍ അനാബസിന് ഗ്ലാസ് ടാങ്കില്‍ വളരെ കുറച്ചു കുഞ്ഞുങ്ങളെ മാത്രമേ ഉല്‍പാദിപ്പിക്കാന്‍ കഴിയൂ എന്നതാണ് ഏക ന്യൂനത. ഗ്ലാസ് ടാങ്കുകളുടെ എണ്ണം വര്‍ധിപ്പിച്ച് ഈ കുറവ് പരിഹരിക്കാം. പൊതുവേ അനാബസിന് വന്‍കിട ഉല്‍പാദനത്തിനു പരിമിതികളുണ്ട്.

പയറുചെടികളുടെ തോഴന്‍ റൈസോബിയം ബാക്ടീരിയ

പയര്‍വര്‍ഗങ്ങള്‍ കൃഷിചെയ്യുമ്പോള്‍ മണ്ണിന്‍റെ ഫലപുഷ്ടി വര്‍ധിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇതെങ്ങനെ സാധിക്കുന്നു എന്നതിനെപ്പറ്റി നാം ചിന്തിക്കാറില്ല. പയറുവര്‍ഗങ്ങളുടെ വേരില്‍ ചെറുമുഴകള്‍ ധാരാളമായി നാം ശ്രദ്ധിക്കാറുണ്ട്. ഇവയെ ഇംഗ്ലീഷില്‍ Nodules എന്നും മലയാളത്തില്‍ പര്‍വങ്ങളെന്നും പറയുന്നു. ഈ പര്‍വങ്ങളില്‍ \'റൈസോബിയം\' എന്നൊരിനം ബാക്ടീരിയ ജീവിക്കുന്നുണ്ട്. ഇവയ്ക്ക് അന്തരീക്ഷത്തിലുള്ള നൈട്രജന്‍ വലിച്ചെടുത്ത് ചെടികള്‍ക്ക് ഉപയോഗിക്കാവുന്ന രൂപമായ അമോണിയ നൈട്രജനാക്കി മാറ്റാന്‍ കഴിവുണ്ട്. ഈ ബാക്ടീരിയയ്ക്ക് ജീവിക്കാന്‍ ആവശ്യമായ ഊര്‍ജം പയറുചെടികള്‍ നല്‍കുന്നു. പകരം പയറുചെടികള്‍ക്ക് ആവശ്യമായ നൈട്രജന്‍ ഈ ബാക്ടീരിയകള്‍ നല്‍കുന്നു. പയറുചെടികളുടെ വേരിലുള്ള പര്‍വങ്ങളില്‍ നൈട്രജന്‍ ശേഖരിക്കുന്ന പ്രക്രിയയ്ക്ക് നൈട്രജന്‍ യൗഗീകരണമെന്ന് പറയുന്നു. പയറുചെടികള്‍ മണ്ണില്‍ അഴുകിച്ചേരുന്നതോടെ ധാരാളം നൈട്രജന്‍ മണ്ണിലെത്തുകയും ചെയ്യുന്നു.

അന്തരീക്ഷത്തില്‍ ഭൂമിയിലെ ഒരു ഹെക്ടര്‍ സ്ഥലത്തിന് മുകളിലായി 78,000 ടണ്‍ നൈട്രജനുണ്ട്. ഈ നൈട്രജന്‍ ചെടികള്‍ക്ക് നേരിട്ട് ഉപയോഗിക്കാന്‍ പറ്റില്ല. വലിയ മുതല്‍മുടക്കില്‍ രാസവള കമ്പനികള്‍ ഉണ്ടാക്കി വലിയ മര്‍ദവും ഉയര്‍ന്ന ഊഷ്മാവും ഉപയോഗിച്ചാണ് ഈ നൈട്രജനെ രാസവളമാക്കി മാറ്റി ചെടികള്‍ക്ക് എത്തിക്കുക. എന്നാല്‍ പയറുകളുടെ വേരിലുള്ള ബാക്ടീരിയയ്ക്ക് ഇത് നിഷ്പ്രയാസം വലിച്ചെടുക്കാം. പിന്നീട് ചെടികള്‍ക്ക് ഉപയോഗിക്കാം. ഒരു ഇനം റൈസോബിയത്തിന് എല്ലാത്തരം പയറുവര്‍ഗങ്ങളിലും സംക്രമണം നടത്തി നൈട്രജന്‍ യൗഗികീരണം നടത്താന്‍ പറ്റില്ല. ഒരിനം പയറുവര്‍ഗത്തില്‍നിന്നും വേര്‍തിരിച്ചെടുത്ത റൈസോബിയത്തിന് ആ ഇനത്തിന് പുറമേ സംക്രമണം നടത്താന്‍ കഴിയുന്ന പയറുവര്‍ഗങ്ങളുടെ സമൂഹത്തെ സങ്കരനിവേശന വിഭാഗമെന്ന് (Cross Inoculation Group) പറയും.

റൈസോബിയം ബാക്ടീരിയയെ പാക്കറ്റിലാക്കുന്ന വിധം

കൃഷിക്കാര്‍ക്ക് ലഭ്യമാക്കാന്‍ റൈസോബിയം ബാക്ടീരിയകളെ ലാബോറട്ടറികളില്‍ വളര്‍ത്തിയെടുത്ത് നന്നായി പൊടിച്ച പീറ്റ് (ഒരിനം മണ്ണ്), പീറ്റ്-കരിമിശ്രിതം), ലിഗ്നൈറ്റ് എന്നിവയില്‍ ഏതെങ്കിലും ഒരു വാഹകവസ്തുവായി കലര്‍ത്തി പായ്ക്കറ്റിലാക്കി മാര്‍ക്കറ്റില്‍ എത്തിക്കുകയാണ് പതിവ്. ഇത്തരം പായ്ക്കറ്റുകള്‍ മൂന്നുതരത്തില്‍ നിര്‍മിക്കാറുണ്ട്:

ഒരു പ്രത്യേക ഇനത്തില്‍പ്പെട്ട പയറുചെടിയില്‍ വിവേചനപൂര്‍വം നൈട്രന്‍ യൗഗികീകരണം നടത്താന്‍ കാര്യശേഷിയുള്ള റൈസോബിയത്തിന്‍റെ ഇനം മാത്രമാണുള്ളത്.

പലയിനം ആതിഥേയ പയറുവര്‍ങ്ങളില്‍ നൈട്രജന്‍ യൗഗികീരണം നടത്താന്‍ ശേഷിയുള്ള വര്‍ധിച്ച ഒരു പ്രവര്‍ത്തന മണ്ഡലമുള്ള റൈസോബിയം ഇനം ഉള്‍ക്കൊണ്ടിട്ടുള്ളത്.

നിരവധി റൈസോബിയം ഇനങ്ങളുള്ള പാക്കറ്റ്.

എന്തിനാണ് റൈസോബിയം ബാക്ടീരിയകളെ വിത്തില്‍ പുരട്ടുന്നത്?

നൈട്രജന്‍, ചെടികളുടെ വളര്‍ച്ചയ്ക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട സസ്യമൂലകമാണ്. ഈ മൂലകത്തെ ഉപയോഗപ്പെടുത്തി സസ്യങ്ങള്‍ പ്രോട്ടീനുകള്‍ ഉണ്ടാക്കുന്നു. പ്രോട്ടീനുകളാണ് ചെടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ വസ്തു. മണ്ണില്‍ ഏറ്റവുമധികം ചലനമുള്ള മൂലകം നൈട്രജനാണ്. മണ്ണിലുള്ള നൈട്രജന്‍ സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം മൂലം നൈട്രേറ്റ് രൂപത്തില്‍ എത്തുന്നു. നൈട്രേറ്റുകള്‍ വെള്ളത്തില്‍ക്കൂടി വാര്‍ന്ന് നഷ്ടപ്പെടുന്നു. തന്മൂലം മിക്ക കൃഷിയിടങ്ങളിലും നൈട്രജന്‍റെ അഭാവം തീര്‍ച്ചയാണ്. ഈ സാഹചര്യത്തിലാണ് നാം രാസവള നൈട്രജനെ ആശ്രയിക്കുന്നത്.

രാസവളരൂപത്തില്‍ നൈട്രജന്‍ എങ്ങനെയാണ് ഉണ്ടാക്കപ്പെടുന്നത്? അന്തരീക്ഷത്തിലുള്ള നൈട്രജനെ ഫാക്ടറികളില്‍ വലിച്ചെടുക്കുന്നു. ഇതിനെ ഹൈഡ്രജനുമായി ഒന്നിക്കുമ്പോള്‍ അമോണിയ ഉണ്ടാകുന്നു. അമോണിയ കാര്‍ബണ്‍ഡൈ ഓക്സൈഡുമായി ചേരുമ്പോള്‍ യൂറിയ ഉണ്ടാകുന്നു. അമോണിയ സള്‍ഫ്യൂരിക് ആസിഡുമായി ചേരുമ്പോള്‍ അമോണിയം സള്‍ഫേറ്റ് ആകുന്നു. ഫാക്ടറികളില്‍ ഇപ്രകാരം നൈട്രജന്‍ വളങ്ങള്‍ ഉണ്ടാക്കി പാടത്തേക്ക് വരുമ്പോള്‍ ചെലവ് ഏറും. സബ്സിഡികള്‍ മാറുമ്പോള്‍ നൈട്രജന്‍ രാസവങ്ങള്‍ ചെലവേറിയ ഒന്നായി മാറുമെന്നതില്‍ സംശയമില്ല.

ഫാക്ടറികളില്‍ നൈട്രജന്‍ വളങ്ങള്‍ നിര്‍മിക്കുന്നതിന് തുല്യമാണ് പയറുവര്‍ഗങ്ങളുടെ വേരില്‍ ബാക്ടീരിയ നൈട്രജന് യൗഗികീകരിക്കുന്നത്. തന്മൂലം പയറുവര്‍ഗങ്ങള്‍ വളര്‍ത്തി മണ്ണില്‍ നൈട്രജന്‍റെ ലഭ്യത കൂട്ടുന്നത് രാസവളങ്ങളെ ആശ്രയികകുന്നതിലും ഏറെ അഭികാമ്യമാണ്. പയറുവര്‍ഗങ്ങളുടെ വേരില്‍ നൈട്രജന്‍ യൗഗികീകരണത്തിന് ഏറ്റവും യോജിച്ച റൈസോബിയത്തെ ലഭ്യമാക്കാമെങ്കില്‍ ഈ പ്രക്രിയ കാര്യക്ഷമമായി നടക്കും എന്നതില്‍ സംശയമില്ല. വന്‍പയര്‍ നന്നായി കൃഷി ചെയ്യാമെങ്കില്‍ ഒരു ഹെക്ടറില്‍ 90 കി.ഗ്രാം നൈട്രജന്‍ ലഭിക്കുമെന്ന് കണ്ടിട്ടുണ്ട്. ഇത്രയും നൈട്രജന്‍ മണ്ണില്‍ എത്തണമെങ്കില്‍ 195 കി.ഗ്രാം യൂറിയയോ 450 കി.ഗ്രാം അമോണിയം സള്‍ഫേറ്റോ വേണ്ടിവരും. രാസവളത്തില്‍നിന്നും കിട്ടുന്ന നൈട്രജന്‍റെ ശരാശരി 50% മാത്രമേ വിളകള്‍ക്ക് കിട്ടുകയുള്ളൂ.

ബാക്കിയുള്ളത് പല രീതിയില്‍ നഷ്ട്പെടും. എന്നാല്‍ പയറുവര്‍ഗത്തില്‍നിന്നും കിട്ടുന്നതിന്‍റെ ഏറിയ പങ്കും മണ്ണില്‍ നിലനില്‍ക്കുകയും വിളകള്‍ക്ക് കിട്ടുകയും ചെയ്യും. പയറുവര്‍ഗത്തില്‍ നൈട്രജന്‍ യൗഗികീകരണം വര്‍ധിപ്പിക്കുവാന്‍ കാര്യശേഷിയുള്ള റൈസോബിയത്തിന്‍റെ ഇനത്തെ മുളച്ചുവരുന്ന ഇളംവേരുകളുടെ അടുത്ത് എത്തിക്കുന്നതിനാണ് വിത്തുകളില്‍ റൈസോബിയം കള്‍ച്ചര്‍ പുരട്ടുന്നത്. ഇതിനെ റൈസോബിയം നിവേശനം (Inoculation) എന്നാണ് പറയുക.

റൈസോബിയം ബാക്ടീരിയകളെ വിത്തില്‍ പുരട്ടുന്നവിധം

റൈസോബിയം ബാക്ടീരിയകളെ വാഹകവസ്തുക്കളില്‍ കലര്‍ത്തി പാക്കറ്റിലാക്കിയാണ് കൃഷിക്കാര്‍ക്ക് കിട്ടുന്നത്. ഇവയെ വിത്തില്‍ പുരട്ടുന്നതിന് താഴെ പറയുന്ന രീതികളിലൊന്ന് അവലംബിക്കാവുന്നത്

ശര്‍ക്കര അല്ലെങ്കില്‍ പഞ്ചസാര ഒന്നരഗ്രാം അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് 15 മിനിറ്റ് സമയം ചൂടാക്കുക. അതില്‍ 200 ഗ്രാം അറബിപ്പശ ചേര്‍ത്ത് ഇളക്കുക. ഈ മിശ്രിതം തണുത്തു കഴിയുമ്പോള്‍ ഒരു പാക്കറ്റ്  റൈസോബിയം കള്‍ച്ചര്‍ (200 ഗ്രാം) പൊടിച്ച് അതില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഒരേക്കറില്‍ വിതയ്ക്കാനുള്ളത്ര പയറുവിത്ത് മുഴുവന്‍ ഈ പാത്രത്തിലേക്ക് ഇട്ട് നന്നായി ഇളക്കി ഒന്നിക്കുക.

തണുത്ത കഞ്ഞിവെള്ളം 200 മി.ലി. എടുത്ത് അതില്‍ ഒരു പാക്കറ്റ് റൈസോബിയം കള്‍ച്ചര്‍ ചേര്‍ത്ത് ഇളക്കുക. അതിലേക്ക് ഒരേക്കറില്‍ വിതയ്ക്കേണ്ട പയറുവിത്ത് ചേര്‍ത്ത് നന്നായി ഇളക്കിയോജിപ്പിക്കുക. ഇതിനുശേഷം വിത്ത് തണലില്‍ അരമണിക്കൂര്‍ ഉണക്കി ഒരു ദിവസത്തിനകം വിതയ്ക്കാന്‍ ഉപയോഗിക്കണം.

വാഴ മട്ടുപ്പാവിലും കുലപ്പിക്കാം

നമ്മള്‍ നട്ടു നനച്ചു വളര്‍ത്തുന്ന പച്ചക്കറികള്‍ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ അസുഖങ്ങളെല്ലാം നമ്മളെ വിട്ടുമാറും പടവലത്തിന്‍റെയും ചീരയുടെയും വിത്തുകള്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്‍റ് വഴി നിര്‍മല പിള്ളയുടെ കൈകളിലെത്തുന്നു. ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത മുന്തിരിവള്ളിയില്‍ കണ്ണുടക്കിയ നിര്‍മലയ്ക്ക് കൊറിയര്‍ വഴി മുന്തിരിയും കിട്ടി. എല്ലാം നട്ടുനനച്ചു വളര്‍ത്തുന്നത് മട്ടുപ്പാവിലും. കൃഷി ഗ്രൂപ്പില്‍ രാവിലെ ഒരു പോസ്റ്റ് ഇടേണ്ട താമസമേയുള്ളു. വൈകുന്നേരമായാലും ആളുകളുടെ സംശയങ്ങള്‍ അവസാനിക്കുന്നില്ല. വിത്ത് അയച്ചുതരുമോ എന്നതാണല്ലോ എല്ലാവരുടെയും ചോദ്യം. നിര്‍മലയുടെ ഏഴുസെന്‍റ് സ്ഥലത്തെ വീട്ടിലെ ടെറസില്‍ വിളഞ്ഞ ജൈവപച്ചക്കറികള്‍ക്ക് ഫെയ്സ്ബുക്കില്‍ വന്‍ ഡിമാന്‍റാണ്.

നിര്‍മല താമസിക്കുന്നത് എറണാകുളം ജില്ലയിലെ കടവന്ത്രയിലാണ്. നാല് വര്‍ഷം മാധ്യമ പ്രവര്‍ത്തകയായിരുന്ന ഇവര്‍ പിന്നീട് ജോലി ഉപേക്ഷിച്ച്‌ വെറുതെ ഇരുന്നപ്പോളാണ് കൃഷിയിലേക്ക് തിരിഞ്ഞത്. 10 വര്‍ഷമായി മട്ടുപ്പാവില്‍ ഗ്രോബാഗില്‍ പച്ചക്കറികള്‍ വിളയിക്കുന്നു. പടവലം,ഇഞ്ചി,പീച്ചിങ്ങ,കാബേജ്,കോളിഫ്ളവര്‍, പയര്‍,ചീര തുടങ്ങി എല്ലാതരം പച്ചക്കറികളും 250 ഗ്രോബാഗുകളിലായി കൃഷി ചെയ്യുന്നുണ്ട്. വലിയ പ്ളാസ്റ്റിക് വീപ്പ രണ്ടായി മുറിച്ച്‌ ഏത്തവാഴയും കൃഷി ചെയ്തിട്ടുണ്ട്. ഒരു വീട്ടിലേക്കുള്ള പച്ചക്കറികള്‍ ഉണ്ടാക്കാന്‍ ടെറസ് മാത്രം മതിയെന്ന് ഓര്‍മിപ്പിക്കുകയാണ് നിര്‍മല. \'ഓണ്‍ലൈന്‍ അഗ്രികള്‍ച്ചര്‍ ഗ്രൂപ്പുകള്‍ ഇന്ന് കൃഷിയില്‍ വലിയൊരു മാറ്റമുണ്ടാക്കുന്നുണ്ട്. ടെറസില്‍ നട്ടുവളര്‍ത്തിയ ചീര ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. മലപ്പുറത്തുനിന്നും എറണാകുളം ജില്ലയുടെ പലഭാഗങ്ങളില്‍ നിന്നും ചീരയ്ക്ക് ആവശ്യക്കാരുണ്ടായിരുന്നു. ഒരാഴ്ച കൊണ്ട് 1200 രൂപയുടെ ചീരക്കച്ചവടം നടന്നു. എല്ലാവരും വീട്ടില്‍ വന്ന് വാങ്ങിക്കൊണ്ടുപോകുകയായിരുന്നു. കടകളില്‍ നിന്ന് കിട്ടുന്നതിനേക്കാള്‍ ഗുണനിലവാരമുള്ള ചീരയാണ് ഇത്.\' സോഷ്യല്‍ മീഡിയയിലൂടെ ജൈവകര്‍ഷകര്‍ പരസ്പരം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നതായി നിര്‍മല സൂചിപ്പിക്കുന്നു.

ചെറി തക്കാളി

ഈ സുന്ദരി തക്കാളി അമേരിക്കക്കാരിയാണ്. കാഴ്ചയില്‍ സാധാരണ തക്കാളിയെപ്പോലെയൊക്കെത്തന്നെ. നെല്ലിക്കയുടെ വലിപ്പമേ ഉണ്ടാകുകയുള്ളു. കറിയില്‍ ഉപയോഗിക്കാം. സാലഡിനും നല്ലതാണ്.

വാളരിപ്പയര്‍

പ്രത്യേകിച്ച്‌ ശ്രദ്ധയും പരിചരണവുമൊന്നും ഈ പ്രത്യേകതരം പയറിന് ആവശ്യമില്ല. നീളത്തില്‍ വാള്‍ പോലെ കാണപ്പെടുന്ന വാളരിപ്പയര്‍ നമ്മുടെ നാട്ടില്‍ അത്ര സുലഭമല്ല. കാര്‍ഷിക കോളേജില്‍ വിത്തുകള്‍ ലഭിക്കും. പച്ചക്കറികള്‍ക്ക് ആവശ്യമായ വളം കൃത്യമായി നല്‍കണം. ആഴ്ചയിലൊരിക്കല്‍. നിര്‍ബന്ധമായും വളപ്രയോഗം നടത്തണം. ആദ്യത്തെ ഒരാഴ്ച മണ്ണിര കമ്ബോസ്റ്റായിരുന്നു നല്‍കിയത്. പിന്നീട് ഫിഷ് അമിനോ ആസിഡ് നല്‍കി. വേപ്പിന്‍ പിണ്ണാക്കും ചാണകവും കടലപ്പിണ്ണാക്കും എല്ലുപൊടിയും മുട്ടത്തോടും വെള്ളവും ഒഴിച്ച്‌ നാല് ദിവസം വെച്ചതിനു ശേഷം പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച്‌ ചെടികള്‍ക്ക് ഒഴിച്ചുകൊടുക്കാം.നമ്മള്‍ ഭക്ഷണം കഴിക്കുന്നതുപോലെ ചെടികള്‍ക്കും പലതരത്തിലുള്ള വളപ്രയോഗം അത്യാവശ്യമാണെന്ന് ഓര്‍മിപ്പിക്കുകയാണ് നിര്‍മല.

'ഇപ്പോള്‍ എനിക്ക് പ്രഷര്‍, കൊളസ്ട്രോള്‍ എന്നിങ്ങനെയുള്ള അസുഖങ്ങള്‍ ഒന്നുംതന്നെയില്ല. എന്നും രാവിലെയും വൈകുന്നേരവും ഒരു മണിക്കൂര്‍ ടെറസില്‍ കൃഷിപ്പണിയിലേര്‍പ്പെടുന്നത് നല്ലൊരു വ്യായാമമാണ്. ടെലിവിഷന്‍റെ മുന്നില്‍ ചടഞ്ഞുകൂടിയിരിക്കാതെ മനസ്സിന് സന്തോഷം ലഭിക്കുന്ന ഇത്തരം പണികളില്‍ ഏര്‍പ്പെട്ടാല്‍ അസുഖങ്ങളൊന്നും നമ്മെ ബാധിക്കില്ല.വര്‍ഷങ്ങള്‍ക്കു മുമ്പ് ചെന്നൈയിലെ ഫ്ളാറ്റില്‍ താമസിച്ചപ്പോള്‍ സന്ധിവാതം പോലെയുള്ള പല ആരോഗ്യപ്രശ്നങ്ങളും അലട്ടിയിരുന്നു. നമ്മള്‍ നട്ടു നനച്ചു വളര്‍ത്തുന്ന പച്ചക്കറികള്‍ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ അസുഖങ്ങളെല്ലാം നമ്മളെ വിട്ടുമാറും. ഇപ്പോള്‍ എനിക്ക് അത്തരം പ്രശ്നങ്ങളൊന്നുമില്ല. മകനും മരുമകളും പേരക്കുട്ടികളുമൊത്ത് വിശ്രമജീവിതം നയിക്കുന്ന നിര്‍മല ജൈവകൃഷിയിലൂടെ കെട്ടിപ്പടുക്കുന്നത് ആരോഗ്യമുള്ള ഒരു കുടുംബമാണ്.

ശീതകാല പച്ചക്കറി കൃഷി തുടങ്ങാം

ഒക്ടോബര്‍ പകുതിയോടെയാണ് ശീതകാല പച്ചക്കറി കൃഷി ആരംഭിക്കുന്നത്. കാബേജ്. കോളിഫ്ളവര്‍, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവയാണു കേരളത്തില്‍ കൂടുതല്‍ കൃഷി ചെയ്യുന്ന ശീതകാല കൃഷികള്‍. കൃഷി ആരംഭിക്കുന്നതിന് മുമ്പ് തന്നെ തൈകള്‍ ഒരുക്കണം. തൈകള്‍ മുളപ്പിക്കാവുന്ന ചെറിയ ട്രേകള്‍ ഇപ്പോള്‍ വിപണിയില്‍ സുലഭമാണ്. ചകിരിച്ചോറ്, മണ്ണ്, ചാണകം എന്നിവ കൃത്യം അളവില്‍ ചേര്‍ത്തു ട്രേയില്‍ നിറച്ചു വിത്തു പാകാം. എല്ലാ ദിവസവും ചെറിയ തോതില്‍ നനച്ചു കൊടുക്കണം. തൈകള്‍ മുളച്ചു പതിനഞ്ചു ദിവസമാകുമ്പോള്‍ പറിച്ചു നടാം. കൃഷി ഭവനുകളിലും വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൌണ്‍സിലിന്‍റെ ഔട്ട് ലെറ്റുകളിലും ശീതകാല പച്ചക്കറികളുടെ തൈകള്‍ ലഭ്യമാണ്. തണുപ്പുകാലത്തു കൃഷിചെയ്യുന്നതുകൊണ്ടാണ് ശീതകാല പച്ചക്കറിയെന്നു വിളിക്കുന്നത്. ഒക്ടോബര്‍ പകുതിയില്‍ തുടങ്ങുന്ന കൃഷി ജനുവരി ആദ്യം വിളവെടുപ്പിനു പാകമാകും.

കൃഷിരീതി: ഗ്രോബാഗിലും നിലത്തും കൃഷി ചെയ്യാം. ഗ്രോബാഗില്‍ മണ്ണ്, ചകിരച്ചോറ്, ചാണകം എന്നിവയാണ് നിറയ്ക്കേണ്ടത്. 2 കിലോഗ്രാം മണ്ണാണെങ്കില്‍ ഒരു കിലോഗ്രാം ചകിരിച്ചോറ്, ഒരു കിലോ ഗ്രാം ചാണകപ്പൊടി എന്നതാണ് അനുപാതം. 20ഗ്രാം സ്യൂഡോമോണസ് ഇതോടൊപ്പം ചേര്‍ക്കണം. 50 ഗ്രാം കടലപ്പിണ്ണാക്ക് 50ഗ്രാം എല്ലുപൊടി എന്നിവയും ചേര്‍ക്കുന്നത് ചെടി തഴച്ചു വളരാന്‍ നല്ലതാണ്. മണ്ണിലാണെങ്കില്‍ കുമ്മായമിട്ടു രണ്ടു ദിവസം മണ്ണിളക്കണം. ഒരു സെന്‍റിന് 100 കിലോഗ്രാം ജൈവവളം വേണം. 90 കിലോഗ്രാം ചാണകം, ഒന്‍പതു കിലോഗ്രാം വേപ്പിന്‍ പിണ്ണാക്ക്, ഒരു കിലോഗ്രാം ട്രൈക്കോ ഡെര്‍മ എന്നിങ്ങനെയാണു വളത്തിന്‍റെ തോത്. കാബേജ്, കോളിഫ്ളവര്‍ എന്നിവ മണ്ണില്‍ ചാല്‍ എടുത്തും കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ തറയെടുത്തുമാണ് കൃഷി ചെയ്യേണ്ടത്. ചാലുകള്‍ തമ്മിലും ചെടികള്‍ തമ്മിലും 1.5 അടി അകലം നേണം തറയാണെങ്കിലും ഇതുതന്നെ അകലം. തൈകള്‍ നടുമ്പോള്‍ സ്യൂഡോമോണസ് ലായനിയില്‍ മുക്കിയശേഷം നടുന്നതു കീടബാധ അകറ്റാന്‍ സഹായിക്കും. കാരറ്റും ബീറ്റ്റൂട്ടും പറിച്ചു നടുമ്പോള്‍ പ്രധാനവേര് പൊട്ടിപ്പോകാതെ ശ്രദ്ധിക്കണം. വൈകുന്നേരമാണ് പറിച്ചനടാന്‍ ഉത്തമം. വളപ്രയോഗം പത്തു ദിവസം കൂടുമ്പോള്‍ വേണം. ഒരു സെന്‍റിന് 200ഗ്രാം പച്ചച്ചാണകം നാലു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിതളിച്ചു കൊടുക്കാം. പത്തു ദിവസത്തിനു ശേഷം രണ്ടു ലിറ്റര്‍ ഗോ മൂത്രം എട്ടു ലിറ്റര്‍ വെള്ളത്തില്‍ നേര്പ്പിച്ച് തളിച്ചു കൊടുക്കുക. പത്തു ദിവസം കഴിയുമ്പോള് 200ഗ്രാം കടലപ്പിണ്ണാക്ക് നാലു ലിറ്റര് വെള്ളത്തില് കലക്കി ഒഴിക്കാം. ഇങ്ങനെ വളം മാറിമാറി നല്‍കുന്നതാണു ചെടികള്‍ക്ക് നല്ലത്. ഇടയ്ക്കു കോഴിവളമാണ് ഒരു സെന്‍റിലേക്ക് വേണ്ടത്. കൃത്യം ഒന്നരമാസമാകുമ്പോഴേക്കും കോളിഫ്ലവര്‍ പൂവിടും.ജനുവരിയാകുമ്പോഴേക്കും വിളവെടുക്കാം. കീടബാധയുണ്ടെങ്കില്‍ വെളുത്തുള്ളി എമല്‍ഷന്‍ ഉപയോഗിച്ചാല്‍ മതി. വെളുത്തുള്ളിയും വേപ്പിലയും ചേര്‍ത്തുള്ള മിശ്രിതമാണിത്. വെളുത്തുള്ളി ഒരു ദിവസം വെള്ളത്തിലിട്ടു വയ്ക്കുന്നതു നല്ലതാണ്. കാന്താരി മുളക് അരച്ചു കലക്കി സ്പ്രേ ചെയ്യുന്നതും കീടങ്ങളെ നശിപ്പിക്കാന്‍ ഉചിതമാണ്.

മക്കോട്ട ദേവ - പുതിയ ഇനം പഴം

മാനവരാശിയുടെ രക്ഷക്കായി സ്വര്‍ഗത്തില്‍ നിന്നു കൊണ്ടു വന്നപഴം അതാണ് മക്കോട്ട ദേവ എന്ന പേരിനര്‍ഥം. ഇന്തോനേഷ്യയിലെയും മലേഷ്യയിലേയും തനതു ഫലവര്‍ഗമാണിത്. ഒന്നു മുതല്‍18 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഉഷ്ണമേഖല ഫലവര്‍ഗമാണ് മക്കോട്ടദേവ. അലങ്കാരസസ്യമായും വളര്‍ത്താവുന്ന ഒന്നാണിത്. 10 മുതല്‍ 20  വര്‍ഷം വരെ ആയുസ്. പഴം ആദ്യം പച്ചനിറത്തിലും പഴുക്കുമ്പോള്‍ ചുവപ്പുകലര്‍ന്ന മജന്ത നിറത്തിലുമായിരിക്കും. നേരില്‍ കഴിക്കാന്‍ കൊള്ളില്ല. കുരുവിനു ചെറിയ വിഷാംശമുണ്ട്. എന്നാല്‍ ഇതിന്‍റെ സത്ത് ട്യൂമറിനെതിരെ ഔഷധമായി ഉപയോഗിക്കുന്നു. പ്രമേഹരോഗികള്‍ ക്ഷീണം കുറയ്ക്കാന്‍, ഇതിന്‍റെ  അരിഞ്ഞുണങ്ങിയ മാംസളഭാഗം ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കാറുണ്ട്. ആന്‍റി ഓക്സിഡന്‍റായും, ആന്‍റിവൈറല്‍, ആന്‍റി ഫംഗല്‍, ആന്‍റി ബാക്ടീരിയല്‍ ഏജന്‍റായും ഇതറിയപ്പെടുന്നു. പ്രത്യുല്‍പാദനശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഔഷധമെന്നപേരിലും പ്രശസ്തമാണ് മക്കോട്ട ദേവ. ഹൃദ്രോഗം, കാന്‍സര്‍ എന്നിവയുടെ ചികിത്സിലും ഇതുപയോഗിക്കുന്നു. പലേറിയ മാക്രോ കാര്‍പ എന്നാണ് ശാസ്ത്ര നാമം. ത്വക്കു രോഗങ്ങള്‍ക്കും ഔഷധമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, സ്ട്രോക്കുകള്‍, ഉയര്‍ന്ന കൊളസ്ട്രോള്‍, കിഡ്നി വീക്കം, യൂറിക് ആസിഡ് പ്രശ്നങ്ങള്‍, ടോണ്‍സിലൈറ്റിസ് തുടങ്ങി നിരവധിരോഗങ്ങള്‍ ശമിപ്പിക്കാന്‍ കഴിവുണ്ടിതിന്. മനുഷ്യശരീരത്തിന് ആവശ്യം വേണ്ട നാലുരാസപദാര്‍ഥങ്ങള്‍ ഇതിലടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ കുറച്ച് ഹൃദ്രോഗ സാധ്യത ലഘൂകരിക്കുന്ന ഫ്ളാവനോയ്ഡ്(Flavo-Noid), ശരീരത്തില്‍ നിന്ന് വിഷാംശം നീക്കുന്ന ആല്‍ക്കലോയ്ഡ്(Alka-Loid), വൈറസിനേയും ബാക്ടീരിയയേയും തുരത്തുന്ന സപോനിന്‍ (Sap-Onin), അലര്‍ജികള്‍ അകറ്റാന്‍ സഹായിക്കുന്ന പോളിഫെനോള്‍ (Polifenol) എന്നിവയാണിവ. എന്നാല്‍ ഗര്‍ഭിണികള്‍ ഇതുപയോഗിക്കാന്‍  പാടില്ല.

ഉപയോഗിക്കേണ്ട വിധം: കുരുമാറ്റി അരിഞ്ഞുണക്കിയ മക്കോട്ടദേവ 500 മില്ലിലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് ഇത് 250 മില്ലി ലിറ്റര്‍ ആക്കിയശേഷം രാവിലെയും രാത്രിയിലും കുടിക്കാം. സൈഡ് ഇഫക്ടുകള്‍ ഒന്നും തന്നെയില്ലെന്നാണ് കരുതപ്പെടുന്നത്. ഒന്നര അടി താഴ്ചയിലുള്ള കുഴിയില്‍ ചാണകപ്പൊടി അടിവളമായി നല്‍കിയാണ് ചെടി നടേണ്ടത്. തണല്‍ ആവശ്യമുള്ള സസ്യമായതിനാല്‍ റബറിനിടവിളയായും നടാം. എട്ടടി അകലത്തില്‍ വേണം തൈകള്‍ വയ്ക്കാന്‍ പൂവിട്ട് നാലു മാസത്തിനുള്ളില്‍ വിളവെടുക്കാം.

കാന്താരിയും പാല്‍മുളകു കൃഷിയും

ഒരു കാലത്ത് വീട്ടുമുറ്റത്തും തൊടിയിലും നിന്ന് അപ്രത്യക്ഷമായ പാല്‍മുളക് നരുവാമൂട് ചിറ്റിലക്കോട്ടെ ബാലചന്ദ്രന്‍ നായരുടെ കൃഷിയിടത്തില്‍ തഴച്ചുവളരുകയാണ്. പാല്‍മുളക് മാത്രമല്ല ഏതാണ്ടെല്ലാ നാടന്‍ മുളകുകളും ചിറ്റിലക്കോട് ഏലായിലെ ഇദ്ദേഹത്തിന്‍റെ നാലേക്കര്‍ കൃഷിസ്ഥലത്തുണ്ട്. വിവിധയിനം വാഴ, പാപ്പായ, മുരിങ്ങയ്ക്ക തുടങ്ങിയവയ്ക്കൊപ്പമാണ് പച്ചമുളകും കാന്താരിയും പാല്‍മുളകും കൃഷി ചെയ്യുന്നത്. കൈവിട്ടുപോയ തനത് ഇനം മുളകുകളെ തിരികെ കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ് ബാലചന്ദ്രന്‍ നായര്‍ മുളക് കൃഷിക്ക് പ്രധാന്യം നല്‍കിയത്. പണ്ട് കറികളിലും സംഭാരത്തിലും പാല്‍മുളക് ധാരാളമായി ഉപയോഗിക്കുമായിരുന്നു. കൊളസ്ട്രോളിനെ പ്രതിരോധിക്കാന്‍ കഴിയുന്നതാണ് ഈ ഇനത്തിലുള്ള മുളകുകളെന്ന് ബാലചന്ദ്രന്‍ നായര്‍ പറയുന്നു. പാലക്കാട്ടെ കര്‍ഷകരില്‍നിന്നു വാങ്ങിയാണ് പാല്‍മുളക് വിത്ത് നരുവാമൂട്ടില്‍ കൊണ്ടുവന്ന് മുളപ്പിച്ചത്. പാല്‍മുളക് ഇന്ന് പച്ചക്കറിക്കടകളില്‍ അപൂര്‍വമായേ ലഭിക്കാറുള്ളൂ. നട്ട് 40 ദിവസം കഴിഞ്ഞാല്‍ മുളക് കായ്ച്ച്‌ തുടങ്ങും. ഒരു ചെടിയില്‍നിന്നു 3 വര്‍ഷം വരെ വിളവെടുക്കാമെന്ന് ബാലചന്ദ്രന്‍നായര്‍ പറഞ്ഞു.

കാന്താരി, പാല്‍ കാന്താരി, ഹൈബ്രീഡ് പച്ചമുളക്, തൊണ്ടന്‍ മുളക് എന്നീ ഇനങ്ങളാണ് ബാലചന്ദ്രന്‍ നായരുടെ തോട്ടത്തില്‍ കൃഷി ചെയ്യുന്നത്. ആദ്യം കുമ്മായമിട്ട് മണ്ണിന്‍റെ അമ്ലത്വം മാറ്റണം. ചാണകപ്പൊടി, വേപ്പിന്‍പിണ്ണാക്ക്, പാറപ്പൊടി, നാനോമൂലകം തുടങ്ങിയവ വളമായി ഉപയോഗിക്കാം. ഇലമുരടിപ്പും വെള്ളീച്ചയുമാണ് മുളകു ചെടിയുടെ ശത്രുക്കള്‍. മരിച്ചീനി ഇലയില്‍നിന്നു വികസിപ്പിച്ചെടുത്ത നന്മ, ശ്രേയ എന്നീ ജൈവകീടനാശിനികള്‍ പ്രതിരോധത്തിന് ഉപയോഗിക്കാം.  കിലോയ്ക്ക് മൂന്നൂറു മുതല്‍ നാന്നൂറ് രൂപവരെ പാല്‍ മുളകിന് വിലയുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ പച്ചമുളകിന് ഉള്‍പ്പെടെ നിരോധിച്ച കീടനാശിനികളാണ് ഉപയോഗിക്കുന്നതെന്ന കണ്ടെത്തലുകള്‍ ഉണ്ടായതോടെ ഒരു വീടിന് ആവശ്യമുള്ള മുളകെങ്കിലും വീട്ടുവളപ്പില്‍ തന്നെ വിളയിപ്പിക്കണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെടുന്നത്. ചുരുങ്ങിയ വസ്തുക്കള്‍ ഉള്ളവര്‍ക്കും വീട്ടുമുറ്റത്തും മട്ടുപ്പാവിലും മുളക് കൃഷി ചെയ്യാം. പള്ളിച്ചല്‍ സംഘമൈത്രി ചെയര്‍മാന്‍ കൂടിയായ ബാലചന്ദ്രന്‍ നായര്‍ കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് നിര്‍ദേശവും തൈകളും നല്‍കാന്‍ തയ്യാറാണ്.

പച്ചക്കറി വിളവെടുക്കാം, നൂറുമേനി......

ശീതകാല പച്ചക്കറി

ഒക്ടോബര്‍ പകുതിയോടെയാണ് ശീതകാല പച്ചക്കറിക്കൃഷി ആരംഭിക്കുന്നത്. കാബേജ്, കോളിഫ്ലവര്‍, കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവയാണു കേരളത്തില്‍ കൂടുതല്‍ കൃഷി ചെയ്യുന്ന ശീതകാല കൃഷികള്‍.
കൃഷി ആരംഭിക്കുന്നതിനു മുന്‍പുതന്നെ തൈകള്‍ ഒരുക്കണം. തൈകള്‍ മുളപ്പിക്കാവുന്ന ചെറിയ ട്രേകള്‍ ഇപ്പോള്‍ വിപണിയില്‍ സുലഭമാണ്. ചകിരിച്ചോറ്, മണ്ണ്, ചാണകം എന്നിവ കൃത്യം അളവില്‍ ചേര്‍ത്തു ട്രേയില്‍ നിറച്ചു വിത്തു പാകാം. എല്ലാ ദിവസവും ചെറിയതോതില്‍ നനച്ചുകൊടുക്കണം. തൈകള്‍ മുളച്ചു പതിനഞ്ചു ദിവസമാകുമ്പോള്‍ പറിച്ചുനടാം. കൃഷിഭവനുകളിലും വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ ഔട്ട്‌ലെറ്റുകളിലും ശീതകാല പച്ചക്കറികളുടെ തൈകള്‍ ലഭ്യമാണ്. വിത്തുവില്‍പനക്കടകളില്‍ ഇപ്പോള്‍ ഇവയുടെ വിത്തു ലഭിക്കുന്നുണ്ട്.

തണുപ്പുകാലത്തു കൃഷി ചെയ്യുന്നതു കൊണ്ടാണ് ശീതകാല പച്ചക്കറിയെന്നു വിളിക്കുന്നത്. ഒക്ടോബര്‍ പകുതിയില്‍ തുടങ്ങുന്ന കൃഷി ജനുവരി ആദ്യം വിളവെടുപ്പിനു പാകമാകും.

കൃഷി രീതി
ഗ്രോബാഗിലും നിലത്തും കൃഷി ചെയ്യാം. ഗ്രോബാഗില്‍ മണ്ണ്, ചകിരിച്ചോറ്, ചാണകം എന്നിവയാണു നിറയ്‌ക്കേണ്ടത്. 2 കിലോഗ്രാം മണ്ണാണെങ്കില്‍ ഒരു കിലോഗ്രാം ചകിരിച്ചോറ്, ഒരു കിലോഗ്രാം ചാണകപ്പൊടി എന്നതാണ് അനുപാതം. 20 ഗ്രാം സ്യൂഡോ മോണസ് ഇതോടൊപ്പം ചേര്‍ക്കണം. 50 ഗ്രാം കടലപ്പിണ്ണാക്ക്, 50 ഗ്രാം എല്ലുപൊടി എന്നിവയും ചേര്‍ക്കുന്നതു ചെടി തഴച്ചുവളരാന്‍ നല്ലതാണ്. മണ്ണിലാണെങ്കില്‍ കുമ്മായമിട്ടു രണ്ടുദിവസം മണ്ണിളക്കണം. ഒരു സെന്റിന് 100 കിലോഗ്രാം ജൈവവളം വേണം. 90 കിലോഗ്രാം ചാണകം, ഒന്‍പതു കിലോഗ്രാം വേപ്പിമ പിണ്ണാക്ക്, ഒരു കിലോഗ്രാം ട്രൈക്കോ ഡെര്‍മ എന്നിങ്ങനെയാണു വളത്തിന്റെ തോത്.
കാബേജ്, കോളിഫ്ലവര്‍ എന്നിവ മണ്ണില്‍ ചാല്‍ എടുത്തും കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ തറയെടുത്തുമാണു കൃഷി ചെയ്യേണ്ടത്.

ചാലുകള്‍ തമ്മിലും ചെടികള്‍ തമ്മിലും 1.5 അടി അകലം വേണം. തറയാണെങ്കിലും ഇതുതന്നെ അകലം.

തൈകള്‍ നടുമ്പോള്‍ സ്യൂഡോ മോണസ് ലായനിയില്‍ മുക്കിയശേഷം നടുന്നതു കീടബാധ അകറ്റാന്‍ സഹായിക്കും. കാരറ്റും ബീറ്റ്റൂട്ടും പറിച്ചുനടുമ്പോള്‍ പ്രധാനവേര് പൊട്ടിപ്പോകാതെ ശ്രദ്ധിക്കണം. വൈകുന്നേരമാണ് പറിച്ചുനടാന്‍ ഉത്തമം.


വളപ്രയോഗം പത്തുദിവസം കൂടുമ്പോള്‍ വേണം. ഒരു സെന്റിന് 200 ഗ്രാം പച്ചച്ചാണകം നാലു ലീറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിച്ചു കൊടുക്കാം. പത്തു ദിവസത്തിനുശേഷം രണ്ടു ലീറ്റര്‍ ഗോമൂത്രം എട്ടു ലീറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു തളിച്ചുകൊടുക്കുക. പത്തുദിവസം കഴിയുമ്പോള്‍ 200 ഗ്രാം കടലപ്പിണ്ണാക്ക് നാലു ലീറ്റര്‍ വെള്ളത്തില്‍ കലക്കി ഒഴിക്കാം. ഇങ്ങനെ വളം മാറിമാറി നല്‍കുന്നതാണു ചെടികള്‍ക്കു നല്ലത്. ഇടയ്ക്കു കോഴിവളവും നല്‍കാം. നാലു കിലോഗ്രാം കോഴിവളമാണ് ഒരു സെന്റിലേക്കു വേണ്ടത്.
കൃത്യം ഒന്നരമാസമാകുമ്പോഴേക്കും കോളിഫ്ലവര്‍ പൂവിടും. ജനുവരിയാകുമ്പോഴേക്കും വിളവെടുക്കാം. കീടബാധയുണ്ടെങ്കില്‍ വെളുത്തുള്ളി എമല്‍ഷന്‍ ഉപയോഗിച്ചാല്‍ മതി. വെളുത്തുള്ളിയും വേപ്പിലയും ചേര്‍ത്തുള്ള മിശ്രിതമാണിത്. വെളുത്തുള്ളി ഒരു ദിവസം വെള്ളത്തിലിട്ടു വയ്ക്കുന്നതു നല്ലതാണ്. കാന്താരിമുളക് അരച്ചുകലക്കി സ്പ്രേ ചെയ്യുന്നതും കീടങ്ങളെ നശിപ്പിക്കാന്‍ ഉചിതമാണ്.

വരള്‍ച്ചയുടെ കാഠിന്യം കുറയ്ക്കുവാന്‍

വരള്‍ച്ച അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇത് ഗാര്‍ഹിക, കാര്‍ഷിക, വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ജലത്തിന്‍റെ ദൌര്‍ലഭ്യം വര്‍ധിപ്പിക്കുന്നു. ഒപ്പം വിവിധ കാര്‍ഷിക വിളകളെ ദോഷകരമായി ബാധിക്കുന്നു. സാധാരണയായി വേനല്‍ക്കാലങ്ങളില്‍ ചെറിയ സസ്യങ്ങള്‍ ഉണങ്ങിപ്പോകാറുണ്ടെങ്കിലും താരതമ്യേന വലിയ സസ്യങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ ഉണക്ക് ബാധിക്കാറില്ല. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വേനല്‍ക്കാലത്ത് ഉണക്കിന്‍റെ കാഠിന്യം എല്ലാത്തരം സസ്യങ്ങളെയും പ്രത്യക്ഷത്തില്‍ തന്നെ ബാധിക്കുന്നതായി കാണുന്നു.

അന്തരീക്ഷത്തിന്‍റെ  ഊഷ്മാവ് ക്രമാധീതമായി വര്‍ധിക്കുന്നതും മണ്ണില്‍ വേണ്ടത്ര ഈര്‍പ്പം നിലനിര്‍ത്താന്‍ സാധിക്കാത്തതുമാണ് ഇതിന്‍റെ കാരണം. മണ്ണില്‍ വിളകളുടെയോ ആവരണവിളകളുടെയോ അല്ലെങ്കില്‍ ദോഷകരമല്ലാത്ത കളകളുടെയോ ഒരു പുതപ്പ് എപ്പോഴും നിലനിര്‍ത്തുക. ഇങ്ങനെ ചെയ്യുമ്പോള്‍ ഈ സസ്യങ്ങള്‍ മഴക്കാലത്തെ വള്ളമൊഴുക്കിന്‍റെ ശക്തി കുറയ്ക്കുകയും കൂടുതല്‍ മഴവെള്ളം മണ്ണിലേക്ക് ആഴത്തിലിറങ്ങാന്‍ സഹായിക്കുകയും ചെയ്യും. ഇങ്ങനെ മണ്ണൊലിപ്പു കുറയ്ക്കുന്നതു വഴിയായി ജൈവാംശ സമ്പുഷ്ടമായ മേല്‍മണ്ണ് കൃഷിയിടത്തില്‍ തന്നെ സംരക്ഷിക്കപ്പെടുകയും ചെയ്യും. പ്രധാനവിളകളോടൊപ്പം തന്നെ അവയ്ക്കു ദോഷകരമല്ലാതെ നിര്‍ത്താവുന്ന ഇത്തരം വിളകളും കളകളും അനതരീക്ഷത്തിലുള്ള കാര്‍ബണെ വലിച്ചെടുത്ത് പ്രകാശസംശ്ലേഷണം വഴിയായി മണ്ണിലെ ജൈവാംശമാക്കി മാറ്റുന്നു.

മണ്ണിന്‍റെ ജല ആഗിരണശേഷിയും ഈര്‍പ്പവും വര്‍ധിപ്പിക്കാനുള്ള ഏറ്റവും പ്രധാനമായ മാര്‍ഗം മണ്ണിന്‍റെ  ജൈവാംശം വര്‍ധിപ്പിക്കുകയെന്നതാണ്. ഇവയുടെ മറ്റൊരു പ്രയോജനം വേനല്‍ക്കാലത്ത് സൂര്യപ്രകാശം മണ്ണില്‍ നേരിട്ട് പതിക്കുന്നിടത്ത് മണ്ണിന്‍റെ താപനില കുറയ്ക്കുകയും ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യുമെന്നതാണ്. ഉണങ്ങിയ സസ്യഭാഗങ്ങള്‍ കൊണ്ട് പുതയിടുന്നതു മണ്ണിന്‍റെ ഊഷ്മാവ് കുറയ്ക്കാനും ഈര്‍പ്പം നിലനിര്‍ത്താനും സഹായകരമാണ്. തുലാവര്‍ഷം അവസാനിച്ചയുടന്‍ തന്നെ വിളകളുടെ തടത്തിലെ മണ്ണ് വേരുകള്‍ക്ക് ദോഷം വരാതെ ചെറുതായി ഇളക്കി സൂഷ്മദ്വാരങ്ങളടച്ചു കളയുന്നത് മണ്ണില്‍ സംഭരിച്ചിരിക്കുന്ന ഈര്‍പ്പം ഈ ദ്വാരങ്ങളിലൂടെ നീരാവിയായി നഷ്ടപ്പെടുന്നതു കുറയ്ക്കും. പിന്നീടുവരുന്ന വേനല്‍ക്കാലത്ത് വിളകള്‍ക്ക് വരള്ച്ചയുടെ കാഠിന്യം കുറവായിരിക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. മഴവെള്ളം പൂര്‍ണമായും കൃഷിയിടത്തില്‍ സംഭരിക്കുക. ഇതിനായി ചെറിയ മഴക്കുഴികളുണ്ടാക്കി മഴവെള്ളം സംഭരിക്കുന്നതോടൊപ്പം തന്നെ നീര്‍ച്ചാലുകളിലൂടെ ഒഴുകുന്ന ജലം തടയണ കെട്ടി സംരക്ഷിക്കുകയുമാവാം. ചെരിവിനു കുറുകെ കൃഷിചെയ്യുന്നതും ഇടക്കയ്യാലകളും മണ്‍കയ്യാലകളുമൊക്കെ മഴവെള്ളം കൃഷിയിടത്തില്‍ സംരക്ഷിക്കുന്നതിനു മറ്റു മാര്‍ഗങ്ങളാണ്. ഇങ്ങനെ മഴവെള്ളം സംഭരിക്കുന്നതിനോടൊപ്പം തന്നെ അധികജലം മണ്ണില്‍ കെട്ടികിടക്കാതെ ഒഴുകിപ്പോകുന്നതിനുള്ള സംവിധാനം നല്‍കുകയും വേണം.

അറിയാം നോനിയെ

വനപ്രദേശങ്ങളിലും മണൽ-പാറ തീരപ്രദേശങ്ങളിലും ഒരുപോലെ കാണപ്പെടുന്ന ഒരു ചെടിയാണ് നോനി.ഇന്ത്യൻ മൾബറി,ബീച്ച് മൾബറി, ചീസ്ഫ്രൂട്ട്, ഗ്രേറ്റ് മൊറിൻഡ എന്നിങ്ങനെ പേരുകളിൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഇത് അറിയപ്പെടുന്നു. ഇതൊരു ഔഷധസസ്യവുമാണ്. പതിനെട്ടു മാസംകൊണ്ട് വളർച്ചപ്രാപിക്കുന്ന നോനി വർഷത്തിൽ എല്ലാമാസത്തിലും 4 മുതൽ 8 കിലോഗ്രാം വരെ ഫലം പ്രദാനം ചെയ്യുന്നു. ലവണാംശമുള്ള മണ്ണിലും വരൾച്ച പ്രദേശങ്ങളിലും ഇതിനു അതിജീവിക്കാനാവും. ഒമ്പത് മീറ്റർ നീളത്തിൽ വളരാൻ കഴിയുന്ന ഈ ചെടി നീണ്ടുവലിപ്പമുള്ളതും കടും പച്ചനിറത്തിലുള്ള തിളങ്ങുന്നതുമായ ഇലകളോടുകൂടിയവയാണ്.വിശപ്പിന്റെ ഫലം എന്ന് പലപ്പോഴും ഇതിനെ വിളിക്കുന്നു. സമോബ, ഫിജി എന്നിവിടങ്ങളിൽ പ്രധാന ഭക്ഷ്യവിഭവമായി ഉപയോഗിക്കുന്നു. ചവർപ്പു രുചിയും കടുത്ത മണവും ഉള്ള ഇതിന്റെ ഫലം ക്ഷാമകാലത്തെ ഭക്ഷണമായി ഉപയോഗിക്കുന്നു. നോനിപ്പഴത്തിന്റെ ചാറു് വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിക്കപ്പടുന്നു.

ഇതിന്റെ പഴസത്തിൽ ബ്രോമിലിൻ എന്ന രാസഘടകം അടങ്ങിയിരിക്കുന്നു. കൂടാതെ ഹെനിൻകെ സിറോനിൻ അന്ന ആൽക്കലോയിഡും പ്രോസിനോറിൻ, ബീറ്റാകരോട്ടിൻ, ലിനോനിക് ആസിഡ്, ബീറ്റാ സിറ്റോസ്റ്റിറോൾ, ജീവകം സി എന്നിവയും അടങ്ങിയിരിക്കുന്നു.


ഇന്ത്യന്‍ മള്‍ബറിയെന്നും മഞ്ചണാത്തിയെന്നും പേരുള്ള നോനിയുടെ ശാസ്ത്രനാമം മൊറിന്‍സ സിട്രിഫോളിയ എന്നാണ്. തെക്കുകിഴക്കന്‍ ഏഷ്യക്കാരിയായ നോനിയുടെ വിത്തിന് വെള്ളത്തില്‍ പൊങ്ങിക്കിടന്ന് ഒഴുകി വരുന്നതിനുള്ള കഴിവുണ്ട്. ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലും ഇന്ത്യന്‍ തീരപ്രദേശങ്ങളിലും ഈ ഔഷധവൃക്ഷം വളരുന്നതിനുള്ള കാരണവുമിതാണ്.തുറസ്സായ പ്രദേശങ്ങളിലും തെങ്ങിന്‍തോട്ടങ്ങളിലും നോനി കൃഷിചെയ്യാം .കേരളത്തിൽ കാസർകോടു ജില്ലയിൽ നോനി കൃഷിചെയ്യപ്പെടുന്നു. പുഴ-കടൽ തീരങ്ങളിലെ തെങ്ങിൻതോപ്പുകളിൽ ഇടവിളയായി ഈ ചെടി സമൃദ്ധമായി വളരുന്നു. ആറാംമാസം മുതൽ കായ്ച്ചുതുടങ്ങും. മൂന്നാം വർഷം മുതൽ നല്ല വിളവെടുപ്പ് ലഭിക്കും. 20 മുതൽ 40 വർഷം വരെ ചെടികൾക്ക് ആയുസ്സുണ്ട്. ഗ്രാഫ്റ്റ് തൈകളാണ് ന്യൂജനറേഷന്‍ നോനി കൃഷിയിലെ നടീല്‍വസ്തു. എല്ലാ മാസവും പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന നോനിയിലെ വിളവെടുപ്പ് എളുപ്പമാക്കുന്നതും ഉയരം കുറഞ്ഞ ഗ്രാഫ്റ്റ് തൈകള്‍തന്നെ.
വളരുമ്പോൾ പച്ചനിറമുള്ള നോനിയുടെ കായ മഞ്ഞനിറമായിത്തീരുകയും മൂക്കുമ്പോൾ വെളുത്ത് ചെടിയിൽ നിന്ന് കൊഴിഞ്ഞു വീഴുകയും ചെയ്യുന്നു.പാകമെത്തിയ നോനിക്ക് ഉരുളക്കിഴങ്ങിന്റെ വലിപ്പവും ഗുണ്ടിന്റെ ആക്രുതിയുമായിരിക്കും.ചെറിയൊരു ശീമചക്കയോട് സാമ്യമുള്ളതാണ് നോനിപ്പഴം.

ഇലയിലും കായയിലും അടങ്ങിയിരിക്കുന്ന അര്‍സോളിക് ആസിഡ് െതാലിപ്പുറത്തുള്ള കാന്‍സറിനെ പ്രതിരോധിക്കും. നോനിയുടെ സമ്പത്തായ ബീറ്റാസീറ്റാസ്റ്ററോളിന് കൊളസ്ട്രോളിനെ വരുതിയിലാക്കുന്നതിലാണ് മിടുക്ക്. ആന്റി ഓക്‌സിഡന്റുകളായ ലിനേന്‍, നോനിയെ ആരോഗ്യദായക പോഷക പാനീയമാക്കുന്നു.
സൗന്ദര്യവര്‍ധകങ്ങള്‍, വാര്‍ധക്യനിയന്ത്രണ പാനീയങ്ങള്‍, ആരോഗ്യദായക ടോണിക് തുടങ്ങി ചായവരെ നോനിയുടേതായി കമ്പോളത്തിലുണ്ട്. ചെടിയുടെ വിവിധ അവശിഷ്ടങ്ങള്‍ ജൈവകീടനിയന്ത്രണ ഉപാധിയായും ജൈവവളമായും ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു

പച്ചക്കറികളും മത്സ്യവും ഒരുമിച്ച്‌ വളര്‍ത്താം

തനതായ രുചിയുള്ള മത്സ്യവും പോഷകസമ്പുഷ്ടമായ പച്ചക്കറികളും ആഹാരത്തിലുള്‍പ്പെടുത്താന്‍ നമ്മളില്‍ എത്രപേര്‍ക്കിന്ന് കഴിയുന്നുണ്ട്. കൃഷിചെയ്യാന്‍ ഇത്തിരി സ്ഥലവും അധ്വാനിക്കാനുള്ള നല്ല മനസ്സുമുണ്ടെങ്കില്‍ നമുക്കിത് നിഷ്പ്രയാസം സാധിക്കുമെന്ന് നിര്‍മലഗിരി കുറുമ്പുക്കലിലെ എം.മധു പറയുന്നു. ഇത് വെറും പറച്ചിലല്ലെന്ന് അദ്ദേഹത്തിന്‍റെ വീട്ടുവളപ്പിലെ ചെറിയ സ്ഥലത്തെ വലിയ കൃഷിയിടം കാണുമ്പോള്‍ ഏവര്‍ക്കും ബോധ്യപ്പെടും. അടുത്തകാലത്തായി പ്രചാരത്തില്‍ വന്ന അക്വാപോണിക്സ് കൃഷിരീതി അവലംബിച്ചാണ് മധു തന്‍റെ കൃഷിയിടം ഒരുക്കിയിരിക്കുന്നത്. മത്സ്യവും പച്ചക്കറിയും ഒരുമിച്ച്‌ വളര്‍ത്തുന്ന കൃഷിരീതിയാണിത്. മത്സ്യം വളര്‍ത്താന്‍ വെള്ളം നിറച്ച ടാങ്കും പച്ചക്കറി തൈകള്‍ വളര്‍ത്താന്‍ ആവശ്യമായ ട്രേയുമാണ് ഇതിനാവശ്യം. വെള്ളത്തില്‍ ലയിക്കാത്ത കരിങ്കല്ലോ ചകിരിയോ ട്രേയുടെ അടിയില്‍ പാകിക്കൊടുക്കാം. പച്ചക്കറികള്‍ നടാന്‍ മണ്ണ് തീരെ ഉപയോഗിക്കുന്നില്ലെന്ന സവിശേഷതയുമുണ്ട്. അക്വാപോണിക്സിലൂടെ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ പൂര്‍ണമായും ജൈവോല്‍പന്നമായിരിക്കുമെന്ന പ്രത്യേകതയുമുണ്ട്.

ടാങ്കിനകത്ത് നിക്ഷേപിച്ച മത്സ്യങ്ങളുടെ വിസര്‍ജനത്തിലൂടെ വെള്ളത്തില്‍ ധാരാളം അമോണിയ ഉണ്ടാകുന്നു. ഈ അമോണിയ നിറഞ്ഞ വെള്ളം പ്രത്യേക അറകളിലൂടെ പച്ചക്കറിത്തൈകളില്‍ എത്തിക്കുന്നു. ധാരാളം വായുസഞ്ചാരം കൊടുക്കുമ്പോള്‍ ജല്ലികള്‍ക്കിടയില്‍ വളരുന്ന നൈട്രോ സൊമന ബാക്ടീരീയ അമോണിയയെ നൈട്രജനാക്കി മാറ്റുന്നു.  നൈട്രോ ബക്റ്റ് നൈട്രജനെ നൈട്രേറ്റാക്കി മാറ്റുന്നു. ഈ ഭക്ഷണമുപയോഗിച്ച്‌ പച്ചക്കറികള്‍ നന്നായി വളരും. നല്ല ഉല്‍പാദനവും ലഭിക്കും. ശുദ്ധമാകുന്ന വെള്ളം തിരികെ ടാങ്കിലേക്ക് ഒഴുക്കിവിടും. അമോണിയ നീക്കംചെയ്ത ശുദ്ധജലത്തില്‍ ആരോഗ്യത്തോടെ കഴിയാന്‍ മത്സ്യങ്ങള്‍ക്ക് കഴിയുന്നു. ചെറിയ സ്ഥലത്ത് കൂടുതല്‍ മത്സ്യങ്ങളെ വളര്‍ത്താന്‍ വാട്ടര്‍പോണിക്സിലൂടെ സാധിക്കും.വെള്ളം ഇടയ്ക്കിടെ മാറ്റേണ്ടിയും വരുന്നില്ല. സ്വയം രൂപകല്‍പന ചെയ്ത പോളിഹൗസിലാണ് മധു തന്‍റെ വാട്ടര്‍പോണിക്സ് കൃഷി നടത്തുന്നത്.400 മീറ്റര്‍ സ്ക്വയറില്‍ സ്ഥാപിച്ച പോളിഹൗസില്‍ വലുതും ചെറുതുമായ 80 ഓളം വെള്ളം നിറച്ച ടാങ്കുകളുണ്ട്. ടാങ്കിന്‍റെ സമീപങ്ങളിലായി ഒട്ടുമിക്ക പച്ചക്കറികളും വളരുന്നു.

ആഹാരത്തിനുള്ള വിവിധങ്ങളായ മത്സ്യക്കുഞ്ഞുങ്ങളോടൊപ്പം വിലയേറിയ അലങ്കാരമത്സ്യങ്ങളും ടാങ്കില്‍ വളരുന്നുണ്ട്. ഒമ്പതുമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ച ടാങ്കിനുള്ളില്‍ 3000-ത്തിലേറെ മത്സ്യങ്ങളെ വളര്‍ത്താന്‍ കഴിയുമെന്ന് മധു പറയുന്നു. തിലോപ്പിയ വിഭാഗത്തില്‍പ്പെട്ട മത്സ്യം ആറുമാസം കൊണ്ട് 500 ഗ്രാമിലേറെ തൂക്കമുണ്ടാകും. നല്ല തൂക്കവും രുചിയും ലഭിക്കുന്ന കറൂപ്പ്, കരിമീന്‍, ചെമ്പല്ലി, ജലബാസ് എന്നീ മത്സ്യങ്ങളെയും കൃഷി ചെയ്യുന്നുണ്ട്. മത്സ്യക്കുഞ്ഞുങ്ങളെ മാത്രമേ താന്‍ നല്കാറുള്ളൂവെന്നും മത്സ്യങ്ങളെ വളര്‍ത്തി വലുതാക്കി നല്കാറില്ലെന്നും മധു പറയുന്നു. താല്‍പര്യമുള്ളവര്‍ക്ക് കൃഷി നടത്താനുള്ള വഴികാട്ടി കൊടുത്ത് അതിനുള്ള പ്രോത്സാഹനം നല്കുകയാണ് ലക്ഷ്യം. അലങ്കാരമത്സ്യങ്ങളില്‍ ഗപ്പി വിഭാഗത്തില്‍പ്പെട്ട ചുവപ്പ്, കറുപ്പ്, വെള്ള, മഞ്ഞ, നീല തുടങ്ങി ഇരുപതോളം ഇനം മത്സ്യങ്ങള്‍ മധുവിന്‍റെ ശേഖരത്തിലുണ്ട്. ഒരു വീട്ടിലേക്കാവശ്യമായ എല്ലാത്തരം പച്ചക്കറികളും വാട്ടര്‍പോണിക്സ് രീതിയിലൂടെ മത്സ്യക്കൃഷിക്കനുബന്ധമായി വളര്‍ത്താന്‍ കഴിയുമെന്ന് മധു പറയുന്നു. തന്‍റെ തോട്ടത്തിലുള്ള പുതിന, കടുക്, സാലഡ് കക്കിരി, സോയാബീന്‍, ബ്രക്കോളി, പാലക്ക് ചീര, തക്കാളി, പച്ചമുളക്, കരിമുത്തിള്‍, പയര്‍, അഗത്തി ചീര തുടങ്ങിയവയെല്ലാം നല്ല വിളവ് തരുന്നതും ഏറെക്കാലം നിലനില്‍ക്കുന്നവയുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വിളവ് നല്‍കിയതിനുശേഷം ചെടികള്‍ ഉണങ്ങിപ്പോകുന്ന പതിവുരീതിക്കു പകരം ചെടികളുടെ ആയുസ്സ് വര്‍ധിക്കുമെന്നത് ഈ രീതിയുടെ മറ്റൊരു സവിശേഷതയാണ്. ഇവയോടൊപ്പം ഒരേക്കര്‍ സ്ഥലത്ത് ഗ്രാന്‍റ് നൈന്‍ വിഭാഗത്തിലുള്ള വാഴത്തോട്ടവും ഇദ്ദേഹത്തിനുണ്ട്. മത്സ്യപ്രജനന യൂണിറ്റിന് അനുബന്ധമായി മനോഹരങ്ങളായ അക്വേറിയങ്ങളും മധു ഒരുക്കിയിട്ടുണ്ട്. ഇതിനാവശ്യമായ സാധന സാമഗ്രികള്‍ വിദേശങ്ങളില്‍നിന്നെല്ലാം വരുത്തിച്ച്‌ സ്വയം രൂപകല്‍പന ചെയ്താണ് സ്ഥാപിക്കുന്നത്. മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് സമാനമായ അന്തരീക്ഷം അക്വേറിയത്തില്‍ ഒരുക്കുന്നതിനാല്‍ ഇടയ്ക്കിടെ വെള്ളം മാറ്റേണ്ടി വരുന്നില്ല. മത്സ്യങ്ങളുടെ ആയുസ്സും ഭംഗിയും കൂടുന്നു. കഴിഞ്ഞ വര്‍ഷം കണ്ണൂരില്‍ നടന്ന സൗത്ത് ഇന്ത്യന്‍ അഗ്രി ഫെസ്റ്റില്‍ അക്വേറിയം പ്രദര്‍ശനത്തില്‍ ഒന്നാം സ്ഥാനം നേടാനും മധുവിനായി.

കേന്ദ്രസര്‍ക്കാറിന്‍റെ മത്സ്യപ്രജനന കേന്ദ്രങ്ങളായ വിജയവാഡ, രാമേശ്വരം മണ്ഡപം എന്നിവിടങ്ങളില്‍ നടന്ന പഠനക്ലാസുകളില്‍ പങ്കെടുത്തതിലൂടെ ഈ മേഖലയെപ്പറ്റി കൂടുതല്‍ അറിയാനായെന്ന് മധു പറയുന്നു. കേന്ദ്ര സമുദ്രോല്‍പന്ന കയറ്റുമതി വികസന കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനായ ഡോ. ബിനു വര്‍ഗീസിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഏറെ പ്രയോജനപ്പെട്ടു. കഴിഞ്ഞവര്‍ഷം ഫാം കാണാനെത്തിയ ധനമന്ത്രി ഡോ. തോമസ് ഐസക് തന്നെ ഏറെ അഭിനന്ദിച്ചാണ് മടങ്ങിയത്. കൃഷിത്തോട്ടവും മത്സ്യപ്രജനന യൂണിറ്റും അക്വേറിയങ്ങളും വിദ്യാര്‍ഥികള്‍ക്കും കര്‍ഷകര്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ ഒരു പഠനകേന്ദ്രമാക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് മധു വ്യക്തമാക്കുന്നു. വാട്ടര്‍പോണിക്സ് കൃഷിരീതിയെക്കുറിച്ച്‌ കൂടുതല്‍ അറിയാനാഗ്രഹിക്കുന്നവര്‍ക്ക് www.radaquasystem.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍: 9562592803

പാതയോരങ്ങളിലെ വനവല്‍ക്കരണം

ആമ്പിലാട്-കുറുമ്പുക്കല്‍ റോഡിലൂടെ സഞ്ചരിച്ചാല്‍ പാതയോരങ്ങളില്‍ ഔഷധത്തോട്ടങ്ങളുടെ നീണ്ടനിരതന്നെ ഇന്ന് കാണാനാകും. 10 വര്‍ഷം മുമ്പ് മധു ബാലസഭ കുട്ടികളോടൊപ്പം ചേര്‍ന്ന് നട്ടുപിടിപ്പിച്ചതാണ് ഈ മരങ്ങളൊക്കെയും. ഒന്നരക്കിലോ മീറ്റര്‍ ചുറ്റളവില്‍ നെല്ലി, പേര, മണിമരുത്, കൊന്ന, മെയ്ഫ്ളവര്‍ തുടങ്ങി നിരവധി വൃക്ഷങ്ങള്‍ ഇന്ന് തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നുവെന്ന് മധു പറയുന്നു.

മത്തനാണ് താരം......

കഴിഞ്ഞയാഴ്ച അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വ്യത്യസ്തമായൊരു ഉത്സവം നടന്നു. ജൈവകൃഷിയെയും കൃഷിക്കാരെയും പ്രോത്സാഹിപ്പിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. എന്നിരുന്നാലും കാണികള്‍ക്ക് കണ്ണിന് അപുര്‍വമായൊരു കാഴ്ചയായിരുന്നു ആ ഉത്സവം. ആരായിരുന്നു ആ ഉത്സവത്തില്‍ താരമായത് എന്നറിയണ്ടേ. നമ്മുടെ കൃഷിയിടങ്ങള്‍ക്കും അടുക്കളയ്ക്കും സുപരിചിതരായ മത്തങ്ങയായിരുന്നു താരം.

നാനൂറും അഞ്ഞൂറും കിലോ വരെ ഭാരമുളള ഭീമന്‍ മത്തങ്ങകള്‍ ട്രാക്ടറിലും മറ്റു വാഹനങ്ങളിലും കെട്ടിവലിച്ച് ഒരു കേന്ദ്രത്തിലെത്തിച്ച് തൂക്കം നോക്കി അതില്‍ നിന്ന് 'മത്തങ്ങ' രാജാവിനെ കണ്ടെത്തി.

മലയാളികള്‍ക്ക് മത്തനെ പരിചയപ്പെടുത്തല്‍ ഇത്തിരി കടന്ന കൈയാണ്‌. കാലങ്ങളായി നമ്മള്‍ നമ്മുടെ കൃഷിയിലുള്‍പ്പെടുത്തി പാടത്തും പറമ്പിലും പടര്‍ത്തുന്ന പച്ചക്കറിയിനമാണ് മത്തന്‍. അതിന്റെ ജൈവകൃഷിപ്പെരുമയിലേക്കും രീതിയിലേക്കും കടക്കാം.

പണ്ടുകാലത്ത് വീടിന്റെ മച്ചിനുമുകളില്‍ മാസങ്ങളോളം മത്തനും വെള്ളരിയും തൂക്കിയിടാറുണ്ടായിരുന്നു. വിളവെടുപ്പിനുശേഷം മാസങ്ങള്‍ സൂക്ഷിക്കാന്‍ പറ്റുന്നയിനം പച്ചക്കറി വര്‍ഗ്ഗമായിരുന്നു മത്തന്‍. പ്ലാനറ്റെ സാമ്രാജ്യത്തിലെ മാഗ്‌നോലിയോപ്‌സ്ഡ വര്‍ഗ്ഗക്കാരില്‍ കുക്കുമ്പര്‍ മൊഷേറ്റ കുടുംബക്കാരനാണ് മത്തന്‍. കുക്കര്‍ബീറ്റ മാക്‌സിമയെന്നാണ് ശാസ്ത്രനാമം.

വെള്ളരി വര്‍ഗ്ഗവിളയായാണ് മത്തന്‍ ഗണിക്കുന്നത്. 'ജീവകം എ'യാല്‍ സമ്പുഷ്ടമാണ് മത്തന്‍. വലിപ്പത്തിലും സ്വാദിലും രൂപത്തിലും വ്യത്യസ്തതയാര്‍ന്ന പല നാടന്‍, മറുനാടന്‍ ഇനങ്ങളും മത്തനില്‍ കണ്ടുവരുന്നു. മത്തന്റെ തളിരിലകള്‍ നമ്മള്‍ ഉപ്പേരിയായും കറിയായും ഉപയോഗിക്കുന്നു. അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഉഷ്ണമേഖലാ പ്രദേശം മത്തന്റെ ജന്മദേശമെന്നാണ് പറയപ്പെടുന്നത്.

മണ്ണൊരുക്കലും കൃഷിരീതിയും
ഏകദേശം 24 ഡിഗ്രി സെല്ഷ്യഷസും 34 ഡിഗ്രി സെല്ഷ്യസിനും ഇടയിലുള്ള താപനിലയാണ് അല്ലെങ്കില്‍ ഉഷ്ണകാലാവസ്ഥയാണ് മത്തന്‍ കൃഷിക്ക് അനുയോജ്യം. ഉഷ്ണം 15 ഡിഗ്രി സെല്ഷ്യസില്‍ താഴെയായാല്‍ അത് ചെടിയുടെ വളര്‍ച്ചയേയും വള്ളിവീശലിനെയും കായ്പിടിത്തത്തെയും ബാധിക്കും.

ഇളകികിടക്കുന്നതും എന്നാല്‍ നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണാണ് മത്തന്‍ കൃഷിക്ക് അനുയോജ്യം. പി.എച്ച്. മൂല്യം 6നും 7.5 നും ഇടയിലായാല്‍ വിളവ് കൂടും. മഴക്കാലത്ത് പറമ്പുകളിലും വേനല്ക്കാലത്ത് വയലിലും പുഴയോരങ്ങളിലും ആണ് ഇതിന്റെ കൃഷി.

കൃഷിക്കായി തിരഞ്ഞെടുക്കുന്ന സ്ഥലം നന്നായി കിളച്ചുമറിച്ച് കളകള്‍ മാറ്റി വൃത്തിയാക്കണം. മേല്‍മണ്ണിന്റെ മുകള്‍ ഭാഗം ചപ്പിലകളിട്ട് കത്തിക്കണം. മഴക്കാലത്ത് പറമ്പുകളില്‍ കൂനകള്കൂട്ടിയും വേനല്‍ക്കാലത്ത് തടമെടുത്തും കൃഷി ചെയ്യാം. ഓരോരോ വട്ടത്തിലുള്ള തടമാണ് എടുക്കുന്നതെങ്കില്‍ അവ തമ്മില്‍ രണ്ടു മീറ്ററെങ്കിലും ഇടയകലം ആവശ്യമാണ്. വരിയായാണ് തടമെടുക്കുന്നതെങ്കില്‍ ഓരോ വരി തമ്മിലും ഒന്നരമുതല്‍ രണ്ട് മീറ്റര്‍വരെ ഇടയകലം നല്കണം.

മേല്‍മണ്ണ് വൃത്തിയാക്കി കത്തിച്ചതിന് ശേഷം അതില്‍ കുമ്മായം വേപ്പിന്പിണ്ണാക്ക് എന്നിവ സെന്റിന് കുറഞ്ഞത് 5-7 കിലോ നിരക്കില്‍ വിതറണം. അതിനോടു കൂടെ പച്ചിലവളമോ കാലിവളമോ സെന്റിന് 40-50 കിലോഗ്രാം തോതില്‍ ചേര്‍ത്ത് മണ്ണ് നന്നായി ഇളക്കി ഒരാഴ്ച കഴിഞ്ഞതിന് ശേഷമാണ് തടമെടുക്കേണ്ടത്.

ജനവരി-മാര്‍ച്ച്, ഏപ്രില്‍-ജൂണ്‍, ജൂണ്‍-ആഗസ്ത്, സപ്തംബര്‍-ഡിസംബര്‍ എന്നിങ്ങനെ എല്ലാകാലത്തും നമുക്ക് കൃഷി ചെയ്യാവുന്ന വിളയാണ് മത്തന്‍. നാടന്‍ ഇനങ്ങളാണ് ജൈവ കൃഷിയില്‍ പ്രധാനമായും വിത്തിനങ്ങളാക്കുന്നത്. എന്നാലും നിരവധി കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങള്‍ വിവിധയിനങ്ങളെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജ് വികസിപ്പിച്ചെടുത്ത അമ്പിളിയാണ് കേരളത്തിലെ കൃഷിയിടങ്ങള്‍ക്കനുയോജ്യം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഇവ കൃഷി ചെയ്തു കൊണ്ടിരിക്കുന്നു. ഇടത്തരം വലിപ്പം വെക്കുന്ന പരന്ന് ഉരുണ്ട കായകളാണിതിന്റെ പ്രത്യേകത. ഏകദേശം 5-6 കിലോഗ്രാം വരെ തൂക്കം വെക്കുന്നു. സെന്റ് ഒന്നിന് 10-20 ഗ്രാം വരെ വിത്ത് ആവശ്യമാണ്. ഹെക്ടര്‍ ഒന്നിന് 35 ടണ്‍ വരെ ലഭിക്കും..

കേരളത്തിലെയും മറ്റ് ഗവേഷണ സ്ഥാപനങ്ങളും വികസിപ്പിച്ചെടുത്ത സരസ്, സ്വര്‍ണ, സൂരജ് എന്നിവയും കൃഷിയിടങ്ങളെയലങ്കരിക്കുന്നു. യെല്ലോ ഫ്‌ളഷ്, സോളമന്‍, ബദാമി എന്നിവയുമുണ്ട്. ജൈവകൃഷിയില്‍ ഒരു തടത്തില്‍ (തട്ടത്തിലുള്ളത്) അഞ്ച്-ആറ് വിത്തുകള്‍ നടാം. ഓരോ തടങ്ങള്‍ തമ്മിലും കുറഞ്ഞത് 2 മീറ്റര്‍ അകലം വേണം. 2-3 സെ.മീ. ആഴത്തിലാണ് വിത്ത് നടേണ്ടത്. വിത്ത് മുളച്ചുവന്നാല്‍ കരുത്തുള്ള മൂന്നോ നാലോ എണ്ണത്തിനെ നിര്‍ത്തി ബാക്കി പറിച്ചു കളയാം. വരികളിലാണ് വിത്തുകള്‍ നടുന്നതെങ്കില്‍ വരികള്‍ തമ്മില്‍ നാലു മീറ്ററെങ്കിലും അകലം വേണം. ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് 1-1.5 കിലോഗ്രാം വിത്ത് മത്തന്റേത് ആവശ്യമാണ്. തവാര തവാരണകളില്‍ (പോളിത്തീന്‍ കവറുകളില്‍) പോട്ടിങ്ങ് മിശ്രിതം നിറച്ച് വിത്ത് മുളപ്പിച്ച് മൂന്നില പ്രായമെത്തിയാല്‍ മാറ്റി നട്ടും മത്തന്‍ പിടിപ്പിക്കാം.

മത്തന്‍ വള്ളി വീശാന്‍ തുടങ്ങിയാല്‍, മണ്ണിര കമ്പോസ്റ്റ് കടലപ്പിണ്ണാക്ക് പൊടിച്ചത് എന്നിവ സെന്റൊന്നിന് 16 കിലോഗ്രാം വീതം മേല്വവളമായി നല്കാം . ഇവയ്ക്ക് ഒന്നരാടന്‍ നനച്ചുകൊടുത്താല്‍ നന്ന്. വേനല്ക്കാലത്ത് തടത്തില്‍ തണുപ്പ് നിലനിര്‍ത്താന്‍ പുതയിടാം. മഴക്കാലത്ത് തടത്തില്‍ വെള്ളം കെട്ടി നില്ക്കാനനുവദിക്കരുത്. വേര് ചീഞ്ഞ് പോവും. മത്തന്‍ നിലത്ത് പടരാന്‍ തുടങ്ങുമ്പോള്‍ പടരുന്ന ഭാഗം വൃത്തിയാക്കിവെക്കണം. മറ്റ് ചെടികള്‍ വളരാനനുവദിക്കരുത്. നിലത്ത് ചപ്പിലകളോ മരത്തിന്റെ ചെറിയ ചില്ലകളോ കവുങ്ങിന്‍പട്ടയോ ഓലമടലോ വിരിച്ചുകൊടുക്കാം.

കീട, രോഗ ബാധകള്‍

മത്തനെ പ്രധാനമായും ബാധിക്കുന്ന കീടങ്ങള്‍ കായീച്ചയും എപ്പിലാക്‌സ് വണ്ട് മുതലായവയാണ്. വേപ്പധിഷ്ഠിത കീടനാശിനികള്‍ തളിച്ചും കായീച്ചയുടെ ശലഭങ്ങളെ ആകര്‍ഷിച്ച് നശിപ്പിച്ചും (മഞ്ഞക്കെണി വെച്ച്) കീടങ്ങളില്നിന്ന് രക്ഷനേടാം. കൃഷിയിടത്തില്‍ ഒഴിഞ്ഞ ഭാഗത്ത് കത്തിച്ച് കീടങ്ങളെ തീയിലേക്കാകര്‍ഷിച്ച് വിളയെ രക്ഷിക്കാം. മത്തനില്‍ കാണപ്പെടുന്ന ഒരു തരം വൈറസ് രോഗമാണ് മൊസൈക്ക് രോഗം. ഇലകളില്‍ കാണുന്ന മഞ്ഞനിറത്തിലുള്ള വരകളാണിതിന്റെ ലക്ഷണം. ക്രമേണ മഞ്ഞനിറം മത്തനിലകളില്‍ മൊത്തം വ്യാപിച്ച് ഇലകള്‍ ചുരുണ്ട് മൊത്തം മുരടിച്ച് നശിച്ച് പോകുന്നു. മൊസൈക്ക് ബാധ കായകളെയും ബാധിക്കും. വൈറസിനെ ചെറുക്കുന്ന ജൈവ കീടനാശിനികള്‍ ഉപയോഗിക്കാം. കൃടിയിടമൊരുക്കുമ്പോള്‍ വേപ്പിന്പിണ്ണാക്ക് നന്നായി ഉപയോഗിക്കുക എന്നിവയാണ് മൊസൈക്ക് രോഗത്തെ ചെറുക്കാനുള്ള വഴികള്‍.

ബാക്ടീരിയല്‍ വാട്ടവും ഫംഗസ് രോഗവും മത്തനില്‍ അപൂര്‍വമായി കണ്ടുവരുന്നു. സ്യൂഡോമോണസെന്ന മിത്ര ബാക്ടീരിയയെ ഉപയോഗിച്ച് അത് ലിറ്ററിന് 20 ഗ്രാം എന്നതോതില്‍ കലക്കി വേരിലും ഇലകളിലും തളിക്കുന്നത് നല്ലതാണ്..

വിളവെടുപ്പ്

വിത്ത് പാകി വള്ളി വീശി ഏതാണ്ട് മൂന്നു മാസമെത്തുമ്പോഴേക്കും വിളവെടുക്കാന്‍ പാകമായിരിക്കും. ഉടനെ ഉപയാഗിക്കാന്‍ ഇളം കായകള്‍ പറിക്കാം. കുറെക്കാലം സൂക്ഷിച്ചുവെച്ച് ഉപയോഗിക്കാനാണെങ്കില്‍ കായകള്‍ നല്ലപോലെ വിളഞ്ഞതിന് ശേഷം മാത്രമേ പറിച്ചെടുക്കാവൂ. അതേപോലെ നല്ലപോലെ വിളഞ്ഞ കായകളില്‍ നിന്നാണ് വിത്ത് ശേഖരിക്കേണ്ടത്. രോഗ കീടബാധയില്ലാതെ വളരുന്ന ചെടികളില്‍ നിന്നുണ്ടാകുന്ന കായകളിലെ വിത്തേ ഉപയോഗിക്കാവൂ. വിളവുകഴിഞ്ഞ് വള്ളികള്‍ ഉണങ്ങാന്‍ തുടങ്ങിയാലാണ് കായ് പറിച്ച് വിത്ത് ശേഖരണം നടത്തേണ്ടത്.

പോഷക ഗുണങ്ങള്‍

പച്ചക്കറികളില്‍ ഏറ്റവുമധികം വിറ്റാമിന്‍ എ അടങ്ങിയിട്ടുള്ളത് മത്തനിലാണ്. വിറ്റാമിന്‍ എ. 41 ശതമാനത്തോളവും, ജീവകം ബി 6, ജീവകം ബി 9സി, ഇ, എന്നിവയും കാത്സ്യം , ഇരുമ്പ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക് എന്നീ മൂലകങ്ങളും പോളിസാക്കറൈഡുകളും ആന്റി ഓക്‌സിഡന്റുകളും അന്നജവും പെക്ടിന്‍, ബീറ്റാകരോട്ടിന്‍, ആല്ഫകരോട്ടിന്‍ , ല്യൂട്ടിന്‍ എന്നിവയും മത്തനില്‍ അടങ്ങിയിട്ടുണ്ട്..

ശരീരത്തിലെ വിഷാംശങ്ങളെ പുറം തള്ളാന്‍ സഹായിക്കുന്ന മികച്ച ആന്റി ഓക്‌സിഡന്റാണ് മത്തന്‍. ഇവ ബാക്ടീരിയകള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്നു. നിശാന്ധതയെ തടയുന്ന മത്തനില്‍ കാഴ്ചശക്തി വര്‍ധിപ്പിക്കാനുള്ള ഘടകങ്ങളുമുണ്ട്.

ശരീരവേദന, നീര്‍ക്കെട്ട്, കുരുക്കള്‍, നീര്‍ദോഷങ്ങള്‍ എന്നിവ തടയാനും മത്തന്‍ ധാരാളം ഭക്ഷണത്തിലുള്‍പ്പെടുത്തുന്നതിനാല്‍ കഴിയുന്നു. ഒരു ഉത്തമ പോഷക പാനീയമായി മത്തന്‍ ജ്യൂസ് ഉപയോഗിക്കാം. മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്കും മൂത്രം വാര്‍ന്നുപോകുന്നതിനും ഔഷധമാണ് മത്തന്‍. ഇനി നമുക്ക് ജൈവ രീതിയില്‍ മത്തന്‍ കൃഷി തുടങ്ങാം. മത്തന്‍ ഭക്ഷണത്തിന്റെ ഭാഗമാക്കാം.

കൊഞ്ച് കൃഷി ചെയ്യാം......

കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന കൊഞ്ചാണ് ആറ്റുകൊഞ്ച്. ഇവയ്ക്ക് ഉയര്‍ന്ന രോഗ പ്രതിരോധശേഷിയും ഉയര്‍ന്ന വളര്‍ച്ചയുമാണുള്ളത്. സസ്യജന്യവും ജന്തുജന്യവുമായ പലവിധത്തിലുള്ള ആഹാരം ഭക്ഷിക്കുന്ന ഇവയ്ക്ക് വളരെയധികം വിലയാണ് മാര്‍ക്കറ്റില്‍ ലഭിക്കുന്നത്.

നല്ല വെള്ളമുള്ള കുളങ്ങളിലും നേരിയതോതില്‍ ഉപ്പുള്ള സ്ഥലങ്ങളിലും ആറ്റുകൊഞ്ചിനെ വളര്‍ത്താന്‍ കഴിയും. എന്നാല്‍ ഉപ്പുവെള്ളത്തില്‍ കൊഞ്ച് കൃഷി നടത്തുമ്പോള്‍ ഉല്പാദനം കുറയും.

കുളത്തിന് മണല്‍, എക്കല്‍, കളിമണ്ണ് എന്നിവ അടിത്തട്ടില്‍ ഉപയോഗിക്കാം. 1.2 മീറ്റര്‍ എങ്കിലും വെള്ളത്തിന് ആഴം ഉണ്ടാകണം. സാധാരണ മത്സ്യക്കൃഷിപോലെ മഹുവാ പിണ്ണാക്കും കുമ്മായവും ഉപയോഗിച്ച് കുളം തയ്യാറാക്കുന്നതും ജൈവവളങ്ങളും രാസവളങ്ങളും ഉപയോഗിച്ച് വെള്ളത്തിന്റെ ജൈവോല്പ്പാദനശേഷി വര്‍ദ്ധിപ്പിക്കുന്നതും കൊഞ്ചുകൃഷിയിലും ആവശ്യമാണ്.

ഹാച്ചറികളില്‍ നിന്നും ലഭിക്കുന്ന 1.5 മുതല്‍ 2 സെന്റിമീറ്റര്‍ വലിപ്പമുള്ള കൊഞ്ചുകളെ നേരിട്ട് കുളങ്ങളില്‍ നിക്ഷേപിക്കാറുണ്ട്. കൊഞ്ചു കുഞ്ഞുങ്ങളെ നിരീക്ഷിച്ചതിന്‌ ശേഷം മാത്രമെ കുളത്തിലേക്ക് വിടാവു. നഴ്‌സറി കുളങ്ങള്‍ക്കായിട്ട് കൊഞ്ചു വളര്‍ത്തല്‍ കുളത്തിന്റെ 10 മുതല്‍ 15 ശതമാനം മാറ്റി വയ്‌ക്കേണ്ടതാണ്.

മത്സ്യകൃഷിക്കായി തയ്യാറാക്കുന്ന കുളത്തെപ്പോലെ തന്നെ നഴ്‌സറി കുളങ്ങളും ഒരുക്കിയെടുക്കണം. കളസസ്യങ്ങളും അനുയോജ്യമല്ലാത്ത മത്സ്യങ്ങളേയും നിര്‍മ്മാര്‍ജനം ചെയ്ത് വളപ്രയോഗം നടത്തണം.

സാധാരണഗതിയില്‍ ഹെക്ടറിന് രണ്ട് മുതല്‍ രണ്ടര ലക്ഷം പോസ്റ്റ് ലാര്‍വാ ദശയിലുള്ള കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുന്നത്. 45 മുതല്‍ 60 ദിവസത്തെ നഴ്‌സറി പരിപാലന കാലത്ത് ദിവസേന ഒരുലക്ഷം കൊഞ്ചു കുഞ്ഞുങ്ങള്‍ക്ക് ഒരു കിലോഗ്രാം ആഹാരം നാലുപ്രാവശ്യമായി നല്കണം.

അഞ്ചുഗ്രാമോളം തൂക്കം വരുന്ന വലിയ കുഞ്ഞുങ്ങളെയാണ് വളര്‍ത്തു കുളത്തില്‍ നിക്ഷേപിക്കുന്നത്. നഴ്‌സറി പരിപാലനം കഴിഞ്ഞ കുഞ്ഞുങ്ങളെ ഉപയോഗിച്ചാല്‍ ഉല്പാദനവും അതിജീവനവും തൂക്കവും വര്‍ദ്ധിക്കും. ആറ്റുകൊഞ്ച് കൃഷിയ്ക്ക് രണ്ട് മാര്‍ഗങ്ങളാണ് സാധാരണ നടത്തുന്നത്.

ബാച്ച് കൃഷി സമ്പ്രദായത്തില്‍ കൊഞ്ചുകുഞ്ഞുങ്ങളെ നിക്ഷേപിച്ച് ആറുമാസത്തിന് ശേഷം മുഴുവനായി പിടിച്ചെടുക്കുന്നു. രണ്ടാമത്തെ രീതിയില്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് മുന്നു മാസത്തിന് ശേഷം രണ്ടാഴ്ച ഇടവിട്ട് വിപണനയോഗ്യമായ വലിയ കുഞ്ഞുങ്ങളെ ഡ്രാഗ് നെറ്റും വീശുവലയും ഉപയോഗിച്ച് പിടിച്ചെടുക്കുകയും ആറ് എട്ട് മാസത്തിന് ശേഷം ശേഷം കുളം വറ്റിച്ച് മൊത്തമായി വിളവെടുപ്പ്‌ നടത്തുന്നു.

സാധാരണ ആഗസ്ത്-നവംബര്‍ മാസങ്ങളിലാണ് കൊഞ്ച് കുഞ്ഞുങ്ങളെ ലഭിക്കുന്നത്. ഹെക്ടറിന് 20000 മുതല്‍ 30000 എന്ന തോതില്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കാം. ആറ്റുകൊഞ്ചിനെ മത്സ്യങ്ങള്‍ക്കൊപ്പം വളര്‍ത്തുമ്പോള്‍ അടിത്തട്ടില്‍ നിന്ന് ആഹാരം തേടുന്ന മൃഗാളിനേയും കാര്‍പ്പിനേയും ഒഴിവാക്കി കട്‌ല, രോഹു, സില്‍വര്‍ കാര്‍പ്പ് എന്നി മത്സ്യങ്ങളെയാണ് ഉപയോഗിക്കേണ്ടത്.

മത്സ്യങ്ങളെ ഹെക്ടറിന് 2000 എന്ന തോതിലും ഒരു മാസത്തിന് ശേഷം ആറ്റുകൊഞ്ചിനെ ഹെക്ടറിന് 20000 എന്ന തോതിലും കുളത്തില്‍ വിടാവുന്നതാണ്. ഇവയ്ക്ക് ഒളിച്ചിരിക്കാന്‍ ചുള്ളിക്കമ്പുകള്‍ കുളത്തില്‍ ഇട്ടുകൊടുക്കണം.

നുറുക്കരി, കക്കയിറച്ചി, പൊടിച്ച ചെമ്മീന്‍, നുറുക്കിയ മീന്‍, കപ്പ, പിണ്ണാക്ക് ഇവയെല്ലാം സാധാരണയായി കൊഞ്ചിന് തീറ്റ കൊടുക്കാറുണ്ട്. തവിടും നുറുക്കരി, പിണ്ണാക്ക്, കപ്പപ്പൊടി ഇവയില്‍ ഏതെങ്കിലും ഒന്നും, മീന്‍പൊടി, ചെമ്മീന്‍ പൊടി, കക്കയിറച്ചി ഇവയില്‍ ഏതെങ്കിലും ഒന്നും കൂട്ടിയുണ്ടാക്കിയ പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള തീറ്റക്കൂട്ട് വെള്ളത്തില്‍ കുഴച്ചുരുട്ടി മണ്‍ചട്ടികളിലോ മറ്റ് പാത്രങ്ങളിലോ ആക്കി കുളത്തില്‍ വെച്ചു കൊടുക്കാം. ഇടയ്ക്ക് തീറ്റ പാത്രങ്ങള്‍ പരിശോധിച്ച് തീറ്റ ഉപയോഗിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണം. അത് അനുസരിച്ച് തീറ്റ നല്കണം.

ആറ് മുതല്‍ എട്ട് മാസം പ്രായമാകുമ്പോള്‍ കൊഞ്ചുകള്‍ വിളവെടുക്കാം. ഇട്ടതിന്റെ മുക്കാല്‍ ഭാഗത്തോളം കൊഞ്ചുകള്‍ വളര്‍ന്ന് വലുതാകും.

പശുവളര്‍ത്തല്‍ ലാഭമാക്കാന്‍ ആണ്ടുതോറും പ്രസവം

പശുക്കള്‍ പരമാവധി തവണ പ്രസവിക്കുന്നതിലാണ് പശുവളര്‍ത്തല്‍ സംരംഭത്തിന്‍റെ വിജയം.അതിന് ആവശ്യം വേണ്ടത് കൃത്യമായ മദി നിര്‍ണയവും ബീജദാനവും. ഇവയിലെ അപാകതമൂലം പ്രസവങ്ങളുടെ ഇടവേള നീളുകയും മൊത്തം പാലുല്‍പ്പാദനം കുറയുകയും ചെയ്യും.

വല്‍ഷത്തില് ഒരു പ്രസവം നടന്നാലാണ് പശുവളര്‍ത്തല്‍ ലാഭകരമാവുന്നത്. ആരോഗ്യമുള്ള പശുവില്‍ പ്രസവാനന്തരം 2-3 മാസത്തിനുള്ളില്‍ മദി പ്രകടമാകും കിടാരികളില്‍10-15 മാസത്തിനുള്ളില്‍ ആദ്യ മദി ഉണ്ടാകേണ്ടതാണ്. 18 മുതല്‍ 22 ദിവസംവരെ, അതായത്, ശരാശരി 21 ദിവസമാണ് മദി ചക്രം. എന്നാല്‍ അനാരോഗ്യം, രോഗങ്ങള്‍, പോഷകക്കുറവ് എന്നിവ മദി പ്രകടമാക്കുന്നതിനെ ബാധിക്കുന്നു. പ്രത്യുല്‍പാദന അവയവങ്ങളുടെ വൈകല്യം, ജനിതക കാരണങ്ങള്‍, ഹോര്‍മോണ്‍ തകരാര്‍ എന്നിവ സ്ഥിരം വന്ധ്യതയിലേക്കു നയിച്ചേക്കാം. പ്രായമെത്തിയിട്ടും കിടാരികളും പ്രസവശേഷം മൂന്നു മാസം കഴിഞ്ഞിട്ടും പശുക്കളും മദികാണിക്കാതിരിക്കുക, രണ്ടിലേറെ തവണ കുത്തിവെയ്പ് നടത്തിയിട്ടും ഗര്‍ഭധാരണം നടക്കാതിരിക്കുക, ഗര്‍ഭകാലം പൂര്‍ത്തീകരിക്കാതെ ഗര്‍ഭം അലസുക, പ്രസവത്തിനു ബുദ്ധിമുട്ട്, മറുപിള്ള പുറന്തള്ളാതിരിക്കുക തുടങ്ങിയവ പ്രത്യുല്‍പ്പാദന ക്ഷമതയുടെ പ്രശ്നങ്ങളായി കണക്കാക്കാം. ഹോര്‍മോണുകളുടെ അളവിലും അനുപാതത്തിലും ഉണ്ടാവുന്ന വ്യതിയാനങ്ങള്‍. ബാക്ടീരിയ, വൈറസ് മുതലായ സൂഷ്മജീവികളില്‍ നിന്നുണ്ടാകുന്ന രോഗങ്ങളും മറ്റ് അണുബാധകളും അശാസ്ത്രീയ ബീജദാനം, പോഷകാഹാരക്കുറവ്, വിരബാധ,മറ്റു രോഗങ്ങള്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍ എന്നിവയും ചെനയേല്‍ക്കാതിരിക്കുന്നതിന് കാരണമാകാം. പശുക്കള്‍ക്കു നല്‍കുന്ന തീറ്റ പ്രധാനമായും ആരോഗ്യം നിലനിര്‍ത്തുന്നതിനും പാലുല്‍പ്പാദനത്തിനും പ്രത്യുല്‍പാദനത്തിനും വേണ്ടിയാണ് ഉപയോഗപ്പെടുത്തുന്നത്. തീറ്റയിലെ പ്രധാനപോഷക ഘടകങ്ങള്‍ മാംസ്യം, ഊര്ജം, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാണ്. വിറ്റാമിനുകളില്‍, എ,ബി,ഡി, ഇ എന്നിവയും ധാതുക്കളില്‍ കോപ്പര്‍, കൊബാള്‍ട്ട്, സെലീനിയം, അയഡിന്‍, ഫോസ്ഫറസ്, സിങ്ക് എന്നിവയും പ്രത്യുല്‍പാദനത്തെ സഹായിക്കുന്നു.

യഥാസമയം ചെനയേല്‍ക്കാന്‍

  • കിടാരികള്‍ക്കും പശുക്കള്‍ക്കും ആവശ്യമായത്ര മാംസ്യവും ഊര്‍ജവും നാരും വിറ്റാമിനുകളും ധാതുക്കളും ഉറപ്പാക്കുന്ന ആഹാരം നല്‍കുക. ഇതിനായി കാലിത്തീറ്റയോടൊപ്പം ധാതുലവണ മിശ്രിതവും പച്ചപ്പുല്ലും നല്‍കണം.
  • മദിലക്ഷണങ്ങള്‍ കൃത്യമായി നിരീക്ഷിച്ചു കണ്ടെത്തി ശരിയായ സമയത്ത് കൃത്രിമ ബീജധാനം നടത്തണം.
  • മദിയുടെയും കുത്തിവെയ്പിന്‍റെയും വിവരങ്ങള്‍ കൃത്യമായി എഴുതി സൂക്ഷിക്കണം.
  • രണ്ടില്‍ കൂടുതല്‍ കുത്തിവെയ്പ് നടത്തിയിട്ടും ചെനപിടിക്കാത്തപക്ഷം വെറ്റിനറി ഡോക്ടറുടെ സഹായം തേടണം. കുത്തിവെയ്പിനെയും മദിയെയും സംബന്ധിച്ച വിവരങ്ങള്‍ ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തണം.
  • മദിലക്ഷണങ്ങള്‍ കൃത്യമാകുന്നതിനും ബീജധാനത്തിലൂടെ ചെനയേല്‍ക്കുന്നതിനും സഹായകരമായ ഹോര്‍മോണ്‍ ചികിത്സ ചുരുങ്ങിയ ചെലവില്‍ നടത്താം.
  • ഫാമുകളില്‍ പശുക്കളെ ഒരേസമയം ഒന്നിച്ചു മദിയില്‍ കൊണ്ടുവരുന്നതിനു കൃത്രിമ ബീജധാനവും ഹോര്‍മോണ്‍ ചികിത്സാരീതികളും ലഭ്യമാണ്.

ആസാം വാള - മത്സ്യക്കൃഷിയിലെ ഭാഗ്യ നക്ഷത്രം

കേരളത്തിലെ മത്സ്യക്കൃഷിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട പുതുതലമുറ വളര്‍ത്തുമത്സ്യങ്ങളില്‍ പ്രധാനിയാണ് ആസാം വാള. മലേഷ്യന്‍വാളയെന്നും അറിയപ്പെടുന്ന ആസാം വാളയുടെ ശാസ്ത്രീയ നാമം Pangasius hypophthalmus എന്നാണ്. ആഗോളതലത്തില്‍ ഭഷ്യാവശ്യത്തിനായി വളര്‍ത്തപ്പെടുന്ന മത്സ്യങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത് മലേഷ്യന്‍ വാളതന്നെയാണ്. ചെറിയ ടാങ്കുകളില്‍പ്പോലും നല്ല വളര്‍ച്ചാനിരക്ക് കാണിക്കുന്ന ആസാം വാള രുചിയിലും കേമനാണ്.

ആസാം വാള വ്യാപകമായി കൃഷിചെയ്യപ്പെടുന്ന രാജ്യങ്ങളാണ് തായ് ലാന്‍ഡ്‌, നേപ്പാള്‍, പാക്കിസ്ഥാന്‍, ഇന്ത്യ, ബംഗ്ളാദേശ്, വിയറ്റ്നാം, ലാവോസ്, മ്യാന്‍മര്‍, ഇന്‍ഡോനേഷ്യ, കംബോഡിയ മുതലായവ. വളരെ കുറഞ്ഞ കാലം കൊണ്ട് ഇന്ത്യയിലും ജനങ്ങളുടെ ഇഷ്ടമത്സ്യയിനമായിത് മാറിക്കഴിഞ്ഞു.

ആന്ധ്രായുടെയും ബംഗാളിന്റെയും ചുവടുപിടിച്ചു കേരളത്തിലെയും മത്സ്യകര്‍ഷകര്‍ ആസാംവാള കൃഷിയിലേക്കു മാറാന്‍ തുടങ്ങിയിട്ടുണ്ട്. മറ്റു മത്സ്യങ്ങളോടൊപ്പവും കൂടുകളിലും വളര്‍ത്താന്‍ യോജിച്ച ആസാം വാളയുടെ മറ്റു സവിശേഷതകള്‍ അന്തരീക്ഷ വായൂ ശ്വസിക്കുന്നതിനുള്ള കഴിവ്, ജലത്തിന്റെ താപനിലയിലും ഗുണനിലവാരത്തിലുമുള്ള ചെറിയ മാറ്റങ്ങളെ അതിജീവിക്കുവാനുള്ള കഴിവ്, ഓരുവെള്ളത്തിലും വളര്‍ത്താം എന്നിവയൊക്കെയാണ്. സാധാരണ 8 മുതല്‍ 10 മാസം വരെയാണിവയെ വളര്‍ത്താറ്. ഈ കാലയളവിനുള്ളില്‍ 2 കിലോഗ്രാം വരെ തൂക്കംവയ്ക്കാറുണ്ട്. 

അടുക്കളയിലെ ഭക്ഷണാവശിഷ്ടങ്ങള്‍ സഹിതം എല്ലാത്തരം തീറ്റകളും തിന്നു പെട്ടെന്ന് വളരുന്ന ആസാം വാള വളരെ ആദായകരമായി കൃഷിചെയ്യാവുന്നൊരു മത്സ്യയിനമാണെന്ന കാര്യത്തില്‍ സംശയമില്ല.

കടപ്പാട് : www.infomagic.com

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate