অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൃഷി രീതികളും അനുബന്ധ അറിവുകളും

കൃഷി രീതികളും അനുബന്ധ അറിവുകളും

കൃഷി രീതികൾ

എല്ലാ കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഒന്നാണ് പയര്‍ (Snake bean). വള്ളിപ്പയര്‍, കുറ്റിപ്പയര്‍,തടപ്പയര്‍ എന്നിവയാണ് പ്രധാനമായും കേരളത്തില്‍ കൃഷി ചെയ്യുന്നത്.

വള്ളിപ്പയറില്‍ ലോല, വൈജയന്തി, ശാരിക, മാലിക. കെ. എം. വി 1, മഞ്ചേരി ലോക്കല്‍, വയലത്തൂര്‍ ലോക്കല്‍, കുരുത്തോലപ്പയര്‍. കുറ്റിപ്പയറില്‍ അനശ്വര, കൈരളി, വരുണ്‍,കനകമണി (പി.ടി.ബി.1), അര്‍ക്ക് ഗരിമ. തടപ്പയറില്‍ ഭാഗ്യലക്ഷ്മി,പൂസ ബര്‍സാത്തി, പൂസ കോമള്‍ എന്നീ ഇനങ്ങളിലുള്ള വിത്തുകളാണ് നടാന്‍ ഉപയോഗിക്കുന്നത്.

ഏതു സീസണിലും പയര്‍ കൃഷിചെയ്യാം. മഴയെ ആശ്രയിച്ചുളള ക്യഷിക്ക്, ജൂണ്‍ മാസത്തില്‍ വിത്ത് വിതയ്ക്കാം.ക്യത്യമായി പറഞ്ഞാല്‍ ജൂണിലെ ആദ്യ ആഴ്ചയ്ക്ക് ശേഷം.

ഒരു സെന്റ് സ്ഥലത്ത് കൃഷിയിറക്കുന്നതിന് വള്ളിപ്പയര്‍ 16 ഗ്രാമും കുറ്റിപ്പയര്‍ 60 ഗ്രാമും മതി. വള്ളിപ്പയര്‍ നടുമ്പോള്‍ രണ്ട് മീറ്റര്‍ ഉയരത്തില്‍ പന്തല്‍ കെട്ടിക്കൊടുക്കണം. കിളച്ച് നിരപ്പാക്കി കുമ്മായവും അടിവളവും നല്‍കി തയ്യാറാക്കിയ മണ്ണില്‍ നേരിട്ട് വിത്ത് നടാവുന്നതാണ്. തലേദിവസം കുതിര്‍ത്ത വിത്താണ് നടാന്‍ ഉപയോഗിക്കുന്നത്.

പയർ നടൽ രീതി

പയര്‍ വിത്തില്‍ റൈസോബിയം കള്‍ച്ചറും കുമ്മായവും പുരട്ടുന്നത് വളരെ നല്ലതാണ് എന്ന് കണ്ടിരിക്കുന്നു. ഇതിന് വേണ്ട റൈസോബിയം കള്‍ച്ചര്‍ അസിസ്റ്റന്റ് സോയില്‍ ടെസ്റ്റിങ്ങ് സെന്റര്‍, പട്ടാമ്പി 679 306, പാലക്കാട് ജില്ല എന്ന വിലാസത്തില്‍ ലഭിക്കും. കേരള കാര്‍ഷിക സര്‍വ കലാശാല വികസിപ്പിച്ചെടുത്ത നമ്പര്‍ 11, 12 എന്നീ രണ്ടു തരം കള്‍ച്ചറുകളാണ് പട്ടാമ്പിയില്‍ ലഭിക്കുന്നത്.
റൈസോബിയം കള്‍ച്ചര്‍ പ്രയോഗ രീതി
കള്‍ച്ചര്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ പായ്ക്കറ്റിനു പുറത്ത് എഴുതിയിരിക്കുന്ന വിളയുടെ പേരും നിര്‍ദ്ദിഷ്ട തീയതിയും ശ്രദ്ധിക്കണം, നിശ്ചിത വിളയ്ക്ക് നിശ്ചിത കള്‍ച്ചര്‍ തന്നെ ഉപയോഗിക്കണം. നിര്‍ദ്ദിഷ്ട തീയതിക്ക് മുന്‍പ് തന്നെ ഉപയോഗിക്കുകയും വേണം. ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് 250 മുതല്‍ 375 ഗ്രാം വരെ കള്‍ച്ചര്‍ മതിയാകും. കള്‍ച്ചര്‍ ഒരിക്കലും നേരിട്ടുളള സൂര്യപ്രകാശത്തിലോ വെയിലത്തോ തുറക്കരുത്.

അത്യാവശ്യത്തിനും മാത്രം വെളളം ഉപയോഗിച്ച് കള്‍ച്ചര്‍, വിത്തുമായി ഒരേ പോലെ നന്നായി പുരട്ടിയെടുക്കുക. (വെറും വെളളത്തിന് പകരം 2.5% അന്നജ ലായനിയോ തലേ ദിവസത്തെ കഞ്ഞിവെളളമോ ആയാലും മതി. ഇവയാകുമ്പോള്‍ കള്‍ച്ചര്‍ വിത്തുമായി നന്നായി ഒട്ടിപ്പിടിക്കുകയും ചെയ്യും.). ഇങ്ങനെ പുരട്ടുമ്പോഴും വിത്തിന്റെ പുറം തോടിന് ക്ഷതം പറ്റാതെ നോക്കണം, കള്‍ച്ചര്‍ പുരട്ടിക്കഴിഞ്ഞ് വിത്ത് വ്യത്തിയുളള ഒരു കടലാസിൽ നിരത്തി തണലത്ത് ഉണക്കിയിട്ട് ഉടനെ പാകണം. റൈസോബിയം കള്‍ച്ചര്‍ പുരട്ടിയ വിത്ത് ഒരിയ്ക്കലും രാസവളങ്ങളുമായി ഇടകലര്‍ത്താന്‍ പാടില്ല.
കുമ്മായം പുരട്ടുന്ന വിധം
റൈസോബിയം കള്‍ച്ചര്‍ പുരട്ടിക്കഴിഞ്ഞ് പയര്‍ വിത്തിലേക്ക് നന്നായി പൊടിച്ച കാല്‍സ്യം കാര്‍ബണേറ്റ് തൂകി 1 മുതല്‍ 3 മിനിട്ട് വരെ നേരം മെല്ലെ ഇളക്കുക. ഈ സമയം കഴിയുമ്പോള്‍ വിത്തിലെല്ലാം ഒരു പോലെ കുമ്മായം പുരണ്ടു കഴിയും.വിത്തിന്റെ വലിപ്പമനുസരിച്ച് കുമ്മായം വേണ്ടി വരും.

നട്ട് 15 ദിവസത്തിന് ശേഷം 300 ഗ്രാം ചാരം, അര കിലോ കപ്പലണ്ടി പിണ്ണാക്ക്, അര കിലോ എല്ലുപൊടി എന്നിവ നല്‍കാം. ഒരുമാസത്തിനുശേഷം ചാണകം പുളിപ്പിച്ച ലായനിയും ഒഴിക്കാം. പൂവ് വരുന്ന സമയത്തും വളം നല്‍കാം. രണ്ടു തവണ നനയ്ക്കുന്നതിന് പയറിന് നല്ലതാണ്. ഒന്ന് നട്ട് 15 ദിവസം കഴിഞ്ഞും അടുത്തത് ചെടി പുഷ്പിക്കുന്ന സമയത്തും ചെടി പുഷ്പിക്കുമ്പോള്‍ ഉളള നനയ്ക്കല്‍ പുഷ്പിക്കലിനെയും കായ പിടിത്തത്തെയും പ്രോത്സാഹിപ്പിക്കും. പയറ് ചെടിയില്‍ നിന്ന് 50 ദിവസത്തിനുള്ളില്‍ വിളവെടുക്കാന്‍ സാധിക്കും. ആഴ്ചയില്‍ മൂന്ന് തവണ വിളവെടുക്കാം. ഒരുസെന്റ് സ്ഥലത്തുനിന്ന് 50 കിലോ മുതല്‍ 80 കിലോ വരെ പയര്‍ ലഭിക്കും.

താറാവ് വളർത്താം

താറാവുകള്‍ക്ക് അടയിരിക്കുന്ന സ്വഭാവമില്ലാത്തതിനാല്‍ ഇവയുടെ മുട്ട കോഴിമുട്ടകളോടൊപ്പം അടവച്ചോ ഇന്‍കുബേറ്ററിന്റെ സഹായത്താലോ വിരിയിച്ചെടുക്കുകയാണു പതിവ്.
മാസ്കോവി ഇനം താറാവുകള്‍ മാത്രമേ അടയിരുന്ന് മുട്ട വിരിയിക്കാറുള്ളൂ. ഏഴ് മാസത്തില്‍ കൂടുതല്‍ പ്രായമുള്ള താറാവിന്റെ സാമാന്യം വലുപ്പമുള്ള മുട്ടകളാണ് അടവയ്ക്കാനായി തിരഞ്ഞെടുക്കുന്നത്. ഹാര്‍ഡുബോര്‍ഡു പെട്ടിയിലോ വീഞ്ഞപ്പെട്ടിയിലോ മുട്ട അടവയ്ക്കാം. ഉണങ്ങിയ പുല്ലോ വയ്ക്കോലോ ഉമിയോ അറക്കപ്പൊടിയോ പെട്ടിക്കടിയില്‍ വിരിച്ച് അടവയ്ക്കാനായി തയ്യാറാക്കുന്നു. ഇതിനുള്ളില്‍ തീറ്റയ്ക്കും വെള്ളത്തിനും ആവശ്യമായ പാത്രങ്ങളും വച്ചിരിക്കണം. അടവച്ചശേഷം പെട്ടി മൂടിവയ്ക്കണം. 28 ദിവസമാകുമ്പോഴേയ്ക്കും മുട്ട വിരിയുന്നു. ഇന്‍കുബേറ്ററില്‍ വച്ചും മുട്ട വിരിയിക്കാം. കുഞ്ഞുങ്ങളെ ലിംഗനിര്‍ണയം നടത്തി വെവ്വേറെ സ്ഥലങ്ങളില്‍ വളരാന്‍ അനുവദിക്കുന്നു

കോഴിയെക്കൊണ്ട് അട വെക്കുമ്പോൾ
മുട്ട വിരിയാന്‍ 28 ദിവസം ആവശ്യമാണ്. അടവയ്ക്കുന്ന കോഴിക്ക് ചെള്ള്, പേന്‍ തുടങ്ങിയ പരാദങ്ങളുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ മൂന്നാഴ്ച വരെ തള്ളക്കോഴിയുടെ കൂടെ വളരാനനുവദിക്കുന്നു. ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തുന്നതുപോലെ കൂടുതല്‍ താറാവിന്‍ കുഞ്ഞുങ്ങളെ ഡീപ്പ്ലിറ്റര്‍ രീതിയില്‍ നിര്‍മിച്ച കൂടുകളില്‍, ബ്രൂഡറില്‍, നാല് ആഴ്ച വരെ കൃത്രിമമായി ചൂട് നല്കി വളര്‍ത്താം. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് ആദ്യത്തെ ആഴ്ച 32ºCഉം തുടര്‍ന്നുള്ള ആഴ്ചതോറും 3ºC വീതവും ചൂട് കുറച്ച് നിയന്ത്രിക്കണം. ഒരു താറാവിന്‍ കുഞ്ഞിന് ശരാശരി രണ്ട് വാട്സ് എന്ന തോതില്‍ താറാവിന്‍ കൂട്ടില്‍ പ്രകാശിക്കുന്ന ബള്‍ബുകളുണ്ടായിരിക്കേണ്ടതാണ്. കൂട്ടില്‍ തീറ്റപ്പാത്രങ്ങളും വെള്ളപ്പാത്രങ്ങളും വേണ്ടത്ര ഉയരത്തില്‍ ക്രമീകരിച്ചിരിക്കണം. കുഞ്ഞുങ്ങള്‍ക്ക് 36 മണിക്കൂര്‍ കഴിഞ്ഞാല്‍ തീറ്റ നല്കാം. നാല് ആഴ്ചകള്‍ക്കുശേഷം കുഞ്ഞുങ്ങളെ വേറെ കൂടുകളിലേക്കു മാറ്റാം. കൂടുകളിലിട്ടു വളര്‍ത്തുന്നവയ്ക്ക് പൊടിത്തീറ്റ, തിരിത്തീറ്റ, നുറുങ്ങുതീറ്റ എന്നിവ കൊടുക്കാം.

താറാവ്

ഇന്ത്യയില്‍ വളര്‍ത്തു പക്ഷികളില്‍ രണ്ടാം സ്ഥാനം താറാവിനാണ്; ഒന്നാം സ്ഥാനം കോഴിക്കും.
ഏതു പരിതഃസ്ഥിതിയിലും ജീവിക്കാന്‍ താറാവുകള്‍ക്കു കഴിയും. കരയും വെള്ളവും ഇടകലര്‍ന്ന പ്രദേശങ്ങളാണ് ഇവക്കിഷ്ടം. കരയിലും വെള്ളത്തിലുമായി ജീവിക്കുന്ന താറാവിന്റെ ശരീരത്തിന് തോണിയുടെ ആകൃതിയാണ്. വളര്‍ച്ചയെത്തിയ താറാവുകള്‍ക്ക് 30-60 സെ.മീ. നീളവും 0.5-2.5 കി.ഗ്രാം തൂക്കവുമുണ്ടായിരിക്കും.
നീളം കൂടിയ കഴുത്ത്, വലുപ്പമേറിയ പരന്ന കൊക്ക് (ചുണ്ട്), നീളം കുറഞ്ഞ കാലുകള്‍, ചര്‍മബന്ധിത വിരലുകള്‍ എന്നിവ ഇവയുടെ സവിശേഷതകളാണ്. പാദത്തില്‍ ചര്‍മ ബന്ധമുള്ളതിനാലാണ് ഇവയുടെ നടത്തയ്ക്ക് പ്രത്യേകതയുള്ളത്. ചര്‍മബന്ധമുള്ള ഈ പാദങ്ങള്‍ ഇവയെ വളരെ വേഗം നീന്താന്‍ സഹായിക്കുന്നു. വലുപ്പമുള്ള പരന്ന കൊക്ക് ഒരു അരിപ്പപോലെ വര്‍ത്തിക്കുന്നു. വെള്ളത്തില്‍ മുങ്ങിത്തപ്പി കൊക്കിനുള്ളിലാക്കുന്ന ഇരയോടൊപ്പം കുറച്ചു വെള്ളവും വായ്ക്കകത്തേക്കു കടക്കും. കൊക്കിന്റെ വശങ്ങളിലായുള്ള സമാന്തര പ്ലേറ്റുകള്‍ ഇര പുറത്തേക്കു രക്ഷപ്പെടാതെ വെള്ളം പുറത്തേക്കു കളയുന്നതിനു സഹായിക്കുന്നു.
താറാവുകളുടെ ശരീരത്തിന്റെ വലുപ്പവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചിറകുകള്‍ക്ക് വലുപ്പം കുറവാണ്. ശരീരത്തോട് ചേര്‍ന്നിരിക്കുന്ന ഇരു ചിറകുകളിലുമുള്ള പറക്കത്തൂവലുകള്‍ ഉടല്‍ ഭാഗത്തു നിന്ന് അല്പം പിന്നിലേക്ക് തള്ളിനില്ക്കുന്നു. ശരീരത്തിന്റെ എല്ലാ ഭാഗവും മറയത്തക്കവിധമാണ് തൂവലുകള്‍ ഉദ്ഭവിച്ചിരിക്കുന്നത്. എണ്ണമയമുള്ള തൂവലുകളും ത്വക്കിനടിയിലെ കട്ടിയായ കൊഴുപ്പു ശേഖരവും തണുത്ത ജലാശയങ്ങളില്‍ പോലും വളരെ നേരം നീന്തി ഇര തേടാന്‍ ഇവയെ സഹായിക്കുന്നു.
വര്‍ഷംതോറും താറാവിന്റെ തൂവലുകള്‍ കൊഴിഞ്ഞു പോയ ശേഷം പുതിയവ ഉണ്ടാകുന്നു. ശരത്കാലത്താണ് സാധാരണയായി തൂവലുകള്‍ കൊഴിയുന്നത്. ആണ്‍ താറാവുകളുടെ കോണ്‍ടൂര്‍ തൂവലുകള്‍ വര്‍ഷത്തില്‍ രണ്ടുതവണ കൊഴിയുക സാധാരണമാണ്. തൂവലുകള്‍ കൊഴിയുന്നതിനിടയ്ക്കുള്ള’ഹ്രസ്വ’ കാലയളവിനെ ‘എക്ളിപ്സ് പ്ളൂമേജ്’ എന്നു പറയുന്നു.
താറാമുട്ടയ്ക്ക് 70-84 ഗ്രാം തൂക്കം വരും. കോഴിമുട്ടയേക്കാള്‍ 15-20 ഗ്രാം കൂടുതലാണിത്. പ്രതിവര്‍ഷം കോഴികളില്‍ നിന്നു ലഭിക്കുന്നതിനേക്കാള്‍ 40 മുതല്‍ 50 വരെ അധികം മുട്ടകള്‍ താറാവില്‍ നിന്നു ലഭിക്കും

ബോൺസായി വളർത്തുന്നതെങ്ങനെ

ആലുകൾ ബോൺസായി ആക്കി വളർത്താൻ വളരെ എളുപ്പം ആണ്‌.ബോൺസായ്‌ വളർത്തലിൽ ക്ഷമ അത്യാവശ്യമായ ഘടകം ആണ്‌ പിന്നെ കുറച്ച്‌ സൗന്ദര്യ ബോധവും കലയും ഉണ്ടെങ്കിൽ ആർക്കും ഒരു ബോൺസയ്‌ കലാകാരൻ ആകാം. ഒരു ചിത്രകാരൻ ഏത്‌ രീതിയിൽ ആണ്‌ ഒരു ചിത്രം വരയ്ക്കുന്നത്‌ ഒരു കവി ഏത്‌ രീതിയിൽ ആണ്‌ കവിത എഴുതുന്നത്‌ അതു പോലെ ആണ്‌ ഒരു ബോൺസയ്‌ ചെടി വളർത്തുന്നത്‌ ഇവർ രണ്ട്‌പേരും ആദ്യം അവരുടെ സൃഷ്ടികൾ മനസിൽ വരയ്ക്കുന്നു, എഴുതുന്നു അതു പോലെ തന്നെ നാം വളർത്തുന്ന ചെടികളും ഏത്‌ രീതിയിൽ ഏത്‌ ആകൃതിയിൽ വേണം എന്ന് മനസിൽ കാണണം

മറ്റ്‌ കൃഷികളിൽ നിന്നും ബോൺസയ്‌ ചെടികളുടെ പ്രത്യകത എന്തെന്നാൽ വീഞ്ഞ്‌ പോലെ ആണ്‌, അതായത്‌ പ്രായം ഏറും തോറും വിലയും ഉയരും. ഏ.ഡി 200 ആം നൂറ്റാണ്ടിൽ ചൈനയിൽ ആണ്‌ ആദ്യം ബോൺസായി ഉണ്ടാക്കുന്നത്‌ പിന്നെ ജപ്പാനിലേയ്ക്‌ വ്യാപിച്ചു. ജപ്പാനിൽ ആണ്‌ ബോൺസയ്‌ ചെടികളുടെ നൂതന ആശയങ്ങൾ രൂപം കൊണ്ടത്‌ വീടുകളുടെ അകത്തളം ഭംഗിയാക്കാൻ ബോൺസായ്‌ മരങ്ങൾ കഴിഞ്ഞിട്ടെ മറ്റ്‌ ഏത്‌ ചെടികൾക്കും സ്ഥാനമുള്ളൂ. ഒരു ബോൺസയ്‌ ചെടി പൂർത്തിയാകാൻ ഏതാണ്ട് 8 വർഷമെങ്കിലും ആവശ്യമാണ്‌.

ഇനി കൃഷി രീതിയിലേയ്ക്ക്‌ കടക്കാം.. ആദ്യമായ്‌ ഒരു വൃക്ഷത്തിന്റേയോ ചെടിയുടേയോ തൈ തിരഞ്ഞെടുക്കാം പിന്നെ അതിന്റെ തായ്‌ വേര്‌ മുറിക്കുക എന്നിട്ട്‌ ചെറിയ ചട്ടിയിലോ കവറിലോ നടാം.. നടുംബോൾ പോട്ടിംഗ്‌ മിശ്രിതം ആയി മണ്ണ്‌,മണൽ,കരിയില പൊടി എന്നിവ സമം ചേർത്ത്‌ നടുക… 6 മാസം കഴിഞ്ഞ്‌ ചെടി ഇളക്കി 25 ശതമാനം വേര്‌ മുറിച്ചു കളയുക

ഒരു വർഷം ആകുന്പോൾ മുതൽ നിങ്ങളുടെ സൗന്ദര്യബോധത്തേയും കലാകാരനേയും ഈ ചെടികളിൽ സന്നിവേശിപ്പിക്കാം അതിനായ്‌ അലുമിനിയം കമ്പികൾ ഉപയോഗിക്കാം ഈ കമ്പികളുടെ ഒരു അഗ്രം ചെടിച്ചട്ടിയുടെ വെള്ളമൊഴുക്കികളയുന്ന ദ്വാരത്തിൽ കൂടി ചട്ടിയിൽ കെട്ടി ഉറപ്പിക്കുക ബാക്കി ഭാഗം ചെടിയുടെ കാണ്ഡത്തിൽ കൂടി അടുപ്പിച്ച്‌ മൂകളിലേയ്ക്ക്‌ ചുറ്റുക ഇങ്ങനേ ചെയ്യുന്നത്‌ കൊണ്ട്‌ 2 ഉപയോഗങ്ങൾ ഉണ്ട്‌ ചെടിയുടെ കാണ്ഡം വീതി വയ്ക്കുന്നു ഇത്‌ ചെടിയേ കൂടുതൽ മനോഹരമാക്കുന്നു അടുത്തതായ്‌ ചെടികളേ നമുക്കിഷ്ടമുള്ള രീതിയിലും ആകൃതിയിലും വളയ്ക്കുകയോ താഴ്ത്തികെട്ടുകയോ ചെയ്യാം. രണ്ടാം വർഷം മുതൽ വർഷം തോറും ചെടി ഇളക്കി 25% വേരുകൽ മുറിക്കുകയും റീ പോട്ടിംഗ്‌ ചെയ്യുകയും വേണം ആവശ്യത്തിന്‌ മാത്രം ശിഖരങ്ങൾ നിർത്തുക.

മുന്തിരി കൃഷി

വേനല്‍ക്കാലത്ത് ഒന്നോ രണ്ടോ മുന്തിരിത്തൈകള്‍ നട്ടുവളര്‍ത്തിയാല്‍ മുറ്റത്തോ ടെറസ്സിലോ നിര്‍മിച്ച പന്തലില്‍ കയറ്റിവളര്‍ത്തി ചൂട് ശമിപ്പിക്കാം.  ഒപ്പം നവജാത ശിശുക്കള്‍ മുതല്‍ വൃദ്ധജനങ്ങള്‍ക്കുവരെ ആവശ്യത്തിന് പഴവും ലഭ്യമാക്കാം.

ലോകത്ത് 8000-ത്തില്‍പ്പരം മുന്തിരിയിനങ്ങള്‍ കാണപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയില്‍ അനാബെഷാഹി, ബാംഗ്ലൂര്‍ പര്‍പ്പിള്‍, ബോഖ്‌റി, ഗുലാബി, കാളി സാഹേബി, തോംസണ്‍ സീഡ്‌ലസ് തുടങ്ങിയവയാണ് പ്രധാന കൃഷി. ഇതിനുപുറമെ കേന്ദ്ര കൃഷിമന്ത്രി ശരദ്പവാര്‍ മുന്തിരി കര്‍ഷകര്‍ക്ക് നല്‍കിയ പ്രോത്സാഹനത്തിന് നന്ദിസ്മാരകമായി പേരിട്ട ശരദ്‌സീഡ്‌ലസ് എന്ന 110 ദിവസംകൊണ്ട് പഴുത്ത് പാകമാവുകയും ഹെക്ടറിന് 25 ടണ്‍ വിളവ് ലഭിക്കുന്ന കൂടുതല്‍ മാംസളവും മണവുമുള്ള ഇനവും പ്രചാരത്തിലുണ്ട്.

കേരളത്തില്‍ തോട്ടമടിസ്ഥാനത്തില്‍ പാലക്കാട് മുതലമടയില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്ന മുന്തിരിക്കൃഷി ഇന്ത്യയില്‍ ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാണ, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ്, ആന്ധ്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ വ്യാപകമായി നടന്നുവരുന്നു.

വീട്ടുമുറ്റത്ത് കൃഷിചെയ്യാന്‍ അനുയോജ്യമായത് ‘ബാംഗ്ലൂര്‍ പര്‍പ്പിള്‍’ എന്ന് സാധാരണ വിപണിയില്‍ കാണുന്ന ഇനമാണ്. തമിഴ്‌നാട്ടില്‍ ഇതിനെ ചാണദ്രാക്ഷയെന്നും അറിയപ്പെടുന്നു. ഇടത്തരം കുലകള്‍, നീലിമ കലര്‍ന്ന കറുപ്പുനിറം, ഉരുണ്ട വിത്തും കട്ടിയുള്ള തൊലിയും മാംസളമായ ഉള്ള് ഒന്നിച്ച് പാകമാകുന്ന സ്വഭാവം ഇതൊക്കെയുണ്ടെങ്കിലും മറ്റിനങ്ങളെക്കാള്‍ മധുരം അല്പം പിറകോട്ടാണ്. പഴത്തിനും ജ്യൂസിനും ഉപയോഗിക്കാം. മിതമായ ചൂടും തണപ്പും അനുഭവപ്പെടുന്ന നമ്മുടെ കാലാവസ്ഥയ്ക്ക് പറ്റിയതാണ്

  • മുന്തിരി വള്ളി നടുന്ന രീതി

മുന്തിരി എല്ലാകാലത്തും നടാം. നല്ല വെയില്‍കിട്ടുന്ന സ്ഥലം തിരഞ്ഞടുക്കണം.

മണ്ണ് ഏതുമായിക്കൊള്ളട്ടെ രണ്ടരയടി ചതുരുത്തിലും ആഴത്തിലും ടെറസ്സിന് ചേര്‍ന്നോ മുറ്റത്തോ കുഴിയെടുക്കാം. അതില്‍ രണ്ടുഭാഗം മണലുംഒരുഭാഗം ഉണങ്ങിയ ചാണകപ്പൊടിയോ കമ്പോസ്റ്റോ മണ്ണിരവളമോ നിറച്ച് 100 ഗ്രാം കുമ്മായവും ചേർത്ത്  അഞ്ച് ദിവസം വെള്ളമൊഴിച്ച് മണ്ണ് കുതിര്‍ക്കണം. ഇതില്‍ വിശ്വസ്തമായ നഴ്‌സറികളില്‍ നിന്നും വാങ്ങുന്ന കരുത്തുറ്റ ഒരടി പൊക്കമുള്ള ഒരു പൊടിപ്പ് മാത്രം നിലനിര്‍ത്തി വേരുകള്‍ക്ക് ക്ഷതമേല്‍ക്കാതെ കുഴിയുടെ മധ്യേ നട്ടതിന് ശേഷം താങ്ങുകമ്പ് നാട്ടണം. മിതമായി ദിവസവും നനയ്ക്കുകയും വേണം.

ടെറസ്സിലാണ് പന്തലൊരുക്കുന്നതെങ്കില്‍ ടെറസ്സില്‍ നിന്ന് ആറടി ഉയരം വരെ വള്ളിവളര്‍ത്തിക്കൊണ്ടുവരണം. മുറ്റത്താണെങ്കില്‍ ബലമുള്ള തൂണുകള്‍ നാട്ടി പന്തലാക്കി പന്തലില്‍ വള്ളിതൊടുമ്പോള്‍ തലപ്പ് നുള്ളിവിടുക. ഇങ്ങനെ നുള്ളി വിടുന്ന തലപ്പുകൾ കൂടുതൽ വള്ളികളായി പന്തലിലേക്ക് കയറും , .പരിചരണത്തിനും കായ് പറിക്കുന്നതിനും വേണ്ടിയാണ് പന്തല്‍ ആറടി ഉയരത്തില്‍ ക്രമീകരിക്കുന്നത്.

കടപ്പാട്: Shakkeer KP

വിവിധ തരം അക്വാപോണിക്സ് ഗ്രോ ബെഡുകൾ

ഉപയോഗിക്കുന്ന ഗ്രോ ബെഡിനെ അടിസ്ഥാനമാക്കി മീഡിയ ബേസ്ഡ്, നൂട്രിയന്റ് ഫിലിം ടെക്നിക് (NFT), ഡീപ് വാട്ടർ കൾച്ചർ(DWC) എന്നീ മൂന്ന് തരം അക്വാപോണിക്സ് കൃഷിരീതികളാണ് പ്രചാരത്തിലുള്ളത്.

1.മീഡിയ ബേസ്ഡ്

2.നൂട്രിയന്റ് ഫിലിം ടെക്നിക് (NFT)

3.ഡീപ് വാട്ടർ കൾച്ചർ(DWC)

അക്വാപോണിക്സ് കൃഷി രീതി കൊണ്ടുള്ള പ്രധാന പ്രയോജനങ്ങൾ

• കുറച്ച് സ്ഥലത്ത് നിന്നും കൂടുതൽ ഉൽപ്പാദനം.
• ചെടികൾക്ക് നനയോ വളപ്രയോഗമോ ആവശ്യമില്ലാത്തതിനാൽ ധനലാഭവും സമയ ലാഭവും.
• തികച്ചും ജൈവ പച്ചക്കറികളും മത്സ്യവും ലഭിക്കുന്നു.
• കളകളും മണ്ണ് വഴിയുള്ള കീടങ്ങളുടെയും രോഗങ്ങളുടേയും ആക്രമണവും ഒഴിവാകുന്നു.
• എല്ലാ പ്രദേശങ്ങളിലും സ്ഥാപിക്കാം.

ചിലവ് കുറഞ്ഞതും ഉത്പ്പാദനക്ഷമത കൂടിയതുമായൊരു ജൈവ ഭക്ഷ്യോത്പ്പാദന മാർഗ്ഗമാണ് അക്വാപോണിക്സ് കൃഷി രീതി.വളരെയേറെ പ്രയോജനങ്ങളുള്ള ഈ സമ്പ്രദായം സ്ഥലപരിമിതിയുള്ളവർക്കും വീട്ടുവളപ്പിലോ ടെറസ്സിലോ സ്ഥാപിക്കാവുന്നതാണ്.

അക്വാപോണിക്സിനെപ്പറ്റി അറിയാൻ

ജൈവ ഭക്ഷ്യോൽപ്പാദനം പതിനമടങ്ങ് വർദ്ധിപ്പിക്കാൻ ശേഷിയുള്ലൊരു നൂതന സാങ്കേതിക വിദ്യയാണ് അക്വാപോണിക്സ്. മണ്ണില്ലാ കൃഷി രീതിയായ ഹൈഡ്രോപോണിക്സും മത്സ്യ കൃഷിയും സംയോജിപ്പിച്ച ഈ സന്പ്രദായം കുറഞ്ഞ ചിലവിൽ കുറച്ച് സ്ഥലത്ത് നിന്നും കൂടുതൽ വിളവുണ്ടാക്കാൻ സഹായിക്കുന്നു.

എന്താണ് അക്വാപോണിക്സ് ?

മണ്ണും രാസവളങ്ങളും കീടനാശിനികളും പൂർണ്ണമായി ഒഴിവാക്കി മത്സ്യങ്ങളോടൊപ്പം പച്ചക്കറികളും പഴങ്ങളും ജൈവരീതിയിൽ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നൊരു നൂതന കൃഷി സാങ്കേതമാണ് അക്വാപോണിക്സ്. മത്സ്യ കൃഷിയും മണ്ണില്ലാ കൃഷി രീതിയായ ഹൈഡ്രോപോണിക്സും സംയോജിപ്പിച്ചൊരു കൃഷി രീതിയാണിത്. അക്വാപോണിക്സ് രീതിയിൽ വളരുന്ന ചെടികൾക്ക് നനയോ വളപ്രയോഗമോ ആവശ്യമി ല്ലാത്തതു കൊണ്ട് ആയാസരഹിതമായൊരു കൃഷിസന്പ്രദായമാണിതെന്നു പറയാം.

അക്വാപോണിക്സ് സിസ്റ്റത്തിലെ പ്രധാന ഭാഗങ്ങൾ

മത്സ്യം വളർത്താനുള്ള ടാങ്കും മത്സ്യവും, ചെടികൾ വളർത്താനുള്ള ഗ്രോ ബെഡും ചെടികളും, വെള്ളം ഒഴുക്കി സംക്രമണം ചെയ്യിക്കുന്നതിനാവശ്യമായ പന്പ് എന്നിവയാണ് അക്വാപോണിക്സ് സിസ്റ്റത്തിൻറെ അടിസ്ഥാന ഘടകങ്ങൾ.

അക്വാപോണിക്സ് സിസ്റ്റത്തിൻറെ പ്രവർത്തനം

മത്സ്യം വളർത്തുന്ന ടാങ്കിലടിയുന്ന മത്സ്യ വിസർജ്യങ്ങൾ തീറ്റ അവശിഷ്ടങ്ങൾ എന്നിവയിലുണ്ടാകുന്ന അമോണിയ മത്സ്യങ്ങൾക്ക് ഹാനികരമാകാതെ അക്വാപോണിക്സ് സിസ്റ്റത്തിലുണ്ടാകുന്ന നൈട്രിഫൈയിങ്ങ് ബാക്ടീരിയകൾ നൈട്രേറ്റാക്കി മാറ്റുന്നു. ഈ നൈട്രേററ് ചെടികൾ വളമായി ട്ടുപയോഗിച്ചു വളരുന്നു.
മത്സ്യ ടാങ്കിലെ ജലം പന്പുപയോഗിച്ച് ഗ്രോ ബെഡ്ഡിൽക്കൂടി ഒഴുക്കി തിരികെ ടാങ്കിലെത്തുന്പോഴേക്കും മാലിന്യങ്ങൾ നീക്കം ചെയ്യപ്പെട്ടതും ഒക്സിജൻ സന്പുഷ്ടവുമയിരിക്കും.

ടിഷ്യു കള്‍ച്ചര്‍ വാഴകള്‍ നടുന്നതെങ്ങനെ?

തൈ തിരഞ്ഞെടുക്കുന്പോൾ പ്രായം കൂടിപ്പോയവ ഒഴിവാക്കുക

ടിഷ്യു കള്‍ച്ചര്‍ വാഴകള്‍ നടുന്നതിന് നിലം കിളച്ചൊരുക്കി അന്പതു സെന്‍റീമീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴിയെടുക്കുക.

കുഴിയൊന്നിനു ഒരു കിലോ കുമ്മായം ഇടണം.

നടുന്ന സമയത്ത് കുഴിയൊന്നിനു പതിനഞ്ചു മുതല്‍ ഇരുപതു കിലോ വരെ ചാണകപ്പൊടി ചേര്‍ക്കണം.

കുഴി മൂടി അതിനു മുകളില്‍ തറനിരപ്പിലാണ് തൈ നടേണ്ടത്.
മിക്ക ആളുകളും കുഴിയിലാണ് നടാറുള്ളത്, അങ്ങിനെയല്ല വേണ്ടത്.
കവര്‍ മാറ്റി വേരുകള്‍ക്ക് കേടു പറ്റാതെ മണ്ണോടു കൂടി തൈകള്‍ നടാം.

വാഴകള്‍ രണ്ടുമീറ്റര്‍ അകലത്തില്‍ ആണ് നടേണ്ടത്.

രണ്ടാഴ്ചത്തേക്ക് തണല്‍ നല്‍കണം.

മണ്ണിലെ പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ ദിവസവും നനക്കുക

വളർന്നു കഴിഞ്ഞാൽ പിന്നെ സാധാരണ വാഴക്കുള്ള പരിചരണം മതി

കടപ്പാട്: Moidutty Vilangalil

കോളി ഫ്ലവർ കൃഷി

പൂവ് പച്ചക്കറി ആയി ഉപയോഗിക്കുന്നു. ഉരുണ്ട പൂവായതുകൊണ്ട് ഉത്തരേന്ത്യയിൽ ഫൂൽ ഗോബി. ധാരാളം വ്യഞ്ജനങ്ങളിൽ ഉപയോഗിക്കുന്നു. തനിച്ച് ഗോബി മസാല, കിഴങ്ങു മാത്രം ചേർത്ത് ആലു ഗോബി, ഗ്രീൻ പീസ് ചേർത്ത് ഗോബി മട്ടർ മസാല അങ്ങനങ്ങനെ ഗോബി പക്കുവട വരെ.

എന്നാൽ ഏറ്റവും പ്രസിദ്ധം മാർവാഡികളുടെ അച്ചാറാണ്. മൂന്നു നേരവും ചപ്പാത്തിയും അച്ചാറും കഴിക്കുന്ന അവർ ഫ്ലവർ അല്ലികളായി എടുത്ത്, ബജിമുളക്, മാങ്ങാപൊടി (അംചൂർ) ഒക്കെ ചേർത്ത് (അവർ വെളുത്തുള്ളി കഴിക്കില്ല) അച്ചാർ ഉണ്ടാക്കി മാസങ്ങളോളം വച്ചേക്കും. അവർ നമ്മളേപ്പോലെ വിനാഗിരി ചേർക്കില്ല. പൂപ്പൽ പിടിക്കാതിരിക്കാൻ മുറക്ക് വെയിലത്തു വക്കും. അവർ കടുകെണ്ണയാണ് ഉപയോഗിക്കുന്നത്. അതിൻറെ ഒരു ചുവയുണ്ടന്നതൊഴിച്ചാൽ നല്ല രൂചിയാണ്. കൂട്ടത്തിൽ പച്ചക്കു തിന്നാവുന്ന എല്ലാ പച്ചക്കറികളും അവർ തിന്നും (കാബേജ്, കാരറ്റ്,വെള്ളരി ഒക്കെ) അവസാനം പുളിയില്ലാത്ത ഒരു കോപ്പ തൈരും. നമ്മൾ പ്രഥമൻ കൂട്ടി സദ്യ ഉണ്ട പ്രതീതി.

ഇനി കൃഷിക്കാര്യം. വിത്തു പാകുന്നതു മുതൽ വിളവെടുപ്പു വരെയുള്ള കൃഷിയും പരിചരണവും എല്ലാം കാബേജിൻറെ കൂട്ടു തന്നെ. ഇത് തീർത്തും ശരത് കാല വിളയാണ്. തണുപ്പും ഈർപ്പവും ഉള്ള ഇടത്ത് നല്ല വിള കിട്ടും. അങ്ങനെയുള്ള കേരളത്തിലെ മലയോര പ്രദേശങ്ങളിൽ വിജയപ്രദമായി കൃഷി ചെയ്യാം. അല്ലാത്ത ഇടങ്ങളിൽ കാലത്തെങ്കിലും മഞ്ഞു മൂടി കിടക്കുന്ന ഡിസംബർ മാസത്തിൽ പൂക്കാൻ പാകമായാൽ ചെറിയ പൂക്കൾ കിട്ടും. അതിന് ഒക്റ്റോബർ ആദ്യം അരി പാകണം. അകാലത്തിൽ പൂക്കില്ല. പൂത്താൽ തന്നെ പൂക്കൾ വളരെ ചെറുതും വിരിഞ്ഞതുമായിരിക്കും. അതിന് മാർദ്ദവം കാണില്ലന്നു മാത്രമല്ല, ചിലതിന് കയ്പ് രസവും കാണും. നല്ല വെള്ള നിറമുള്ള പൂവാണ് നല്ലത്. നിറം മങ്ങാൻ തുടങ്ങിയാൽ ഒടിക്കണം, അതാണ് പാകം.

നല്ല സ്വാദുള്ള പൂവല്ലേ. അപ്പോൾ പുഴുവും വരുമല്ലോ. തുടക്കത്തിൽ വേപ്പെണ്ണ കാന്താരി രസായനം ഉപയോഗിക്കാം. പുകയില കഷായം ഏൽക്കില്ല. വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നവർ സ്ഥിരമായി കുരുടാൻ കലക്കി തളിക്കുകയാണ് ചെയ്യുന്നത്. ദിവസവും നോക്കി പുഴുവുണ്ടെങ്കിൽ എടുത്തുകൊല്ലാം. എന്നാൽ വലിയ ഒരുതരം പച്ച പുഴു (ഡ്രാഗൺ ഫ്ലൈയുടെ പുഴു) ഒറ്റ രാത്രികൊണ്ട് തിന്നു കളയും. ചെറിയ പുഴുക്കൾ ഇലയുടെ അടിയിൽ വിശ്രമിക്കുന്പോൾ, വലിയ പുഴുക്കൾ തിന്നിട്ട് കടന്നുകളയും. നേരം വെളുത്തതറിയാതെ തീറ്റിയിൽ മുഴുകിയവരെ മാത്രമേ രാവിലെ കിട്ടൂ.

കടപ്പാട്: Jamalu Kunju

ഉരുളക്കിഴങ്ങ് കൃഷി ചെയ്യാം

ഉത്തരേന്ത്യയിൽ ശൈത്യ കാലത്ത് (കാലവർഷം തുടങ്ങും മുന്പ് കിളക്കത്തക്കവിധം) കൃഷി ചെയ്യുന്ന ഒരിടവിളയാണ് ഉരുളക്കിഴങ്ങ്.
രണ്ടു വിധത്തിൽ കൃഷി ചെയ്യാം.വളം ചേറി, പൂട്ടിയോ കിളച്ചോ കട്ടയില്ലാതെ വൃത്തിയാക്കിയ ഭൂമിയിൽ ഒരടി അകലത്തിൽ 6 ഇഞ്ച് താഴ്ത്തി പൂട്ടുക. നികന്ന ഭാഗത്ത് ഒരടി അകലത്തിൽ വിത്തു നടുക. കിളിർത്ത് നാലില പരുവമാകുന്പോൾ ഭൂമിയിൽ വളം വിതറി ചുവട്ടിൽ അല്പം മണ്ണ് അടുപ്പിക്കുന്നു. ഒരു മാസം കഴിഞ്ഞ് വീണ്ടും വളം ചേറി പാത്തിയിൽ നിന്നും മണ്ണ് മൂട്ടിലടുപ്പിക്കുന്നു. കിഴങ്ങിൻറെ തണ്ട് പഴുത്ത് ഒരാഴ്ച കഴിയുന്പോൾ ഈ വാരം ഉഴുതു മറിക്കുന്പോൾ കിഴങ്ങ് തെളിഞ്ഞിരിക്കും, പെറുക്കി എടുക്കാം.
രണ്ടാമത്തെ രീതി നിരപ്പാക്കിയ നിലത്തിൽ ഒരടി അകലത്തിൽ വിത്തു കിഴങ്ങ് മണ്ണിൽ പുതച്ചു വെക്കലാണ്. മുൻ പറഞ്ഞ കാലയളവിൽ മണ്ണ് വശങ്ങളിൽ അടുപ്പിക്കുന്നു. പാകമാകുന്പോൾ കിഴങ്ങ് കിളച്ചെടുക്കുന്നു. രണ്ടും തമ്മിൽ വിളവിൽ വ്യത്യാസമില്ല. എന്നാൽ വാരം കോരി നടുന്നത് മറിച്ചിടുന്നതുകൊണ്ട് അടുത്ത കൃഷിക്ക് ഒരു പൂട്ടു ലാഭമായി.

ഇതു വടക്കൻറെ കഥ. നമുക്കോ. പൂഴിമണ്ണുള്ള ഇടങ്ങളിലും ചരൽ കുറവുള്ള മണ്ണിലും നല്ലവണ്ണം കിഴങ്ങുണ്ടാകും. മണ്ണിര കുറവുള്ള സ്ഥലം നന്ന്. തുലാവർഷം കഴിയുന്പോൾ മേൽ പറഞ്ഞ പോലെ കൃഷി ചെയ്യാം. ഗ്രോ ബാഗിലും പാത്രങ്ങളിലും കൃഷി ചെയ്യാം.
എന്നാൽ ആസ്സാം രീതി വളരെ ലാഭകരമാണ്. വളമിട്ട് വെട്ടിക്കുട്ടിയ തെങ്ങിൻ തടത്തിൽ മണ്ണ് കൂടുതലുള്ള ഭാഗങ്ങളിൽ വിത്ത് മണ്ണിൽ പുതച്ചു വക്കുക. എന്നിട്ട് ഉണങ്ങിയ പുല്ലോ വൈക്കോലോ പുതയിടുക. കിളിർത്ത് തണ്ട് മുകളിൽ വരും. ഉണക്കു തട്ടാതെ തളിച്ചുകൊടുക്കുക. തണ്ടുണങ്ങി ഒരാഴ്ച കഴിഞ്ഞ് പുത മാറ്റുക. പകുതി കിഴങ്ങ് മണ്ണിനടിയിലും പകുതി മുകളിലുമായി ധാരാളം കിഴങ്ങുണ്ടാകും. ചിലതിൻറെ മുകളിലിരുന്ന ഭാഗത്ത് ചെറിയ പച്ചനിറം കാണും. സാരമില്ല, രുചി വ്യത്യാസമില്ല. തണലത്തുണങ്ങി 6 മാസം സൂക്ഷിക്കാം. കിഴങ്ങുമായി, തെങ്ങിന് ഉണക്കു കടുക്കുകയുമില്ല. കൂടാതെ തെങ്ങിൻറെ ഉൽപാദനശേഷി വർദ്ധിക്കുകയും ചെയ്യും.

വിത്തിന് കടയിൽ നിന്നും വാങ്ങുന്ന കിഴങ്ങ് നാരങ്ങ സൈസിൽ കിട്ടിയാൽ മുഴുവനായും അല്ലെങ്കിൽ ഒന്നര ഇഞ്ച് നീളവും വീതിയുമുള്ള കഷണങ്ങളാക്കിയും (തോൽ ഭാഗം മുകളിൽ വരത്തക്കവിധം) നടാം.
ഉത്തരേന്ത്യയിൽ കിഴങ്ങിന് കീടനാശിനിയുടെ പ്രയോഗമില്ല. ഇവിടെ കീടവും കാണും. കാബേജിലും മറ്റുമുള്ള ഇല തീനി പുഴുക്കളുണ്ടാകാം. പ്രതിവിധി അതുപോലെതന്നെ. പിന്നെ മണ്ണിര കൂടുതലുണ്ടെങ്കിൽ കിഴങ്ങിന് കുത്തുകൊള്ളും, കിഴങ്ങ് കരിക്കനായി (വേകാത്തത്) പോകും.
കടപ്പാട്: Jamalu Kunju

കല്ല്‌ വാഴ അഥവാ മോന്താൻ വാഴ

നമ്മുടെ പലരുടെയും വീടുകളിൽ ഉണ്ടാവാൻ സാധ്യതയുള്ളതും വെറുതെ കളയുന്നതുമായ ഒരു അമൂല്യ വസ്തുവാകാം ഒരു പക്ഷെ കല്ല്‌ വാഴയിലെ പഴം. പഴത്തിന് സ്വാദ് ഉണ്ട്. പക്ഷെ തിന്നാൻ പറ്റില്ല. ഉള്ളിൽ നിറയെ പാറ കല്ല്‌ പോലെ ചെറിയ ഉരുണ്ട കല്ലുകൾ.

മൂത്ര സംബന്ധമായ അസുഖങ്ങൾക്ക് ഈ കല്ല്‌ ദിവ്യ ഔഷധമാണ്. മൂന്നു നാല് ദിവസം ഈ കല്ലുമണികൾ പൊടിച്ചു അര ഗ്ലാസ് ഇളം ചൂടുള്ള പാലിൽ പത്തു ദിവസം രാവിലെ വെറും വയറ്റിൽ കഴിച്ചാൽ മൂത്രാശയ കല്ലുകൾ അലിഞ്ഞു പോകും.മൂത്ര സംബന്ധമായ നീറ്റൽ പോലുള്ള അസുഖങ്ങള്‍ക്കും (മൂത്ര ചൂട്) ഇത് നല്ലതാണ്. വിഷത്തിനു ഔഷധം വിഷം തന്നെ, എന്ന പോലെ കല്ലിനു ഔഷധം കല്ല്‌ തന്നെ .

കിഡ്നിയിലെ കല്ലിനു മറ്റൊരു മരുന്ന് .
സാധാരണ ആരും ഇത് പഴമായി പറിക്കാറില്ല. വാഴയില്‍ തന്നെ നിന്ന് മുഴുവനും ഉണങ്ങി ആ കല്ലുകള്‍ പൊട്ടി തെറിച്ചു താഴെ വീഴും. ആ കല്ലുകള്‍ പെറുക്കിഎടുക്കും.

കൃഷി രീതി
പഴത്തിലെ ഫ്രഷ്‌ കല്ലുകള്‍ നട്ടാല്‍ തൈ മുളക്കും. അല്ലെങ്കില്‍ വാഴയുടെ കടക്കാലുള്ള കന്നുകള്‍ പിരിച്ചു നടണം

ആയുര്‍വേദത്തില്‍ കന്മദഭസ്മം എന്ന ഒന്ന് കേട്ടിട്ടില്ലേ. ആയുര്‍വേദ വിധി പ്രകാരം മൂത്ര ചൂടിനും മൂത്രാശയ കല്ലിനും കൊടുക്കുന്ന മരുന്ന് ആണ് ഈ പൊടി. ഇത് കിട്ടുന്നത് ഉയര്‍ന്ന സ്ഥലങ്ങളിലുള്ള കറുത്ത പാറക്ക് വിയര്‍ക്കുമ്പോള്‍ പുറത്തു ഊറി വരുന്ന , അല്ലെങ്കില്‍ പാറക്ക് മദം പൊട്ടുമ്പോള്‍ ബഹീര്‍ഗമിക്കുന്ന ദ്രാവകം , എടുത്തു ഉണക്കി എടുക്കുന്ന പൊടി ആണ്. കന്മദം എന്നാല്‍ മദം ഇളകിയ കല്ല്‌ എന്നര്‍ത്ഥം(കല്‍-മദം= കന്മദം) . അത് പോലെ പാറക്ക് മുകളില്‍ വളരുന്ന വാഴകള്‍ ഈ മദം വലിച്ചെടുക്കും. അതായിരിക്കാം ഈ കല്ലുകള്‍. കാരണം പാറപ്പുറത്ത് വളരുന്ന വാഴകളില്‍ മാത്രമേ ഈ കല്ലുകള്‍ ഉണ്ടാകൂ. അല്ലാത്ത സ്ഥലങ്ങളില്‍ വളരുന്ന ചില വാഴപ്പഴത്തില്‍ ഇതുപോലെ കല്ല്‌ വന്നാലും അതിനു ഇത്ര കറുപ്പ് നിറം ഉണ്ടാകില്ല. കല്ല്‌ വളരെ കുറച്ചേ ഉണ്ടാകൂ.

ചീര കൃഷി

ചീര മുഖ്യമായും രണ്ടിനമാണ്. ചുവപ്പും പച്ചയും. ഇവക്കു രണ്ടിനും അനേകം ഉപ ഇനങ്ങളും ഉണ്ട്. കപ്പ ചീര മുതൽ കുപ്പ ചീര വരെയും അഴുക്കു ചീര മുതൽ കൊഴുപ്പു ചീര വരെയും.  ചുവന്ന ചീര രക്തത്തിലെ ശ്വേതാനുക്കളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. ഇതിൽ ഇരുന്പിൻറെ മൂലകങ്ങൾ കുടുതലുണ്ട്. നല്ലയിനം പച്ചചീര നല്ല Cholesterol കൂട്ടാനും ചീത്ത Cholesterol കുറക്കാനും സഹായിക്കും. ഇതിൽ മഗ്നീഷ്യത്തിൻറെ അംശം ധാരാളമുണ്ട്.
ഘടനാപരമായി ചീര വിത്ത് കിളിർക്കുന്ന ഇടത്തു തന്നെ വളര്തുന്നതാണ് ഉത്തമം. എന്നാൽ ഇതിൻറെ വിത്ത് ചെറുതാകയാൽ വിത്തു നടൽ ബുദ്ധിമുട്ടാണ്. അതിനാൽ പാകി കിളിർപ്പിച്ച് എടുത്തു നടുന്നു.
ഗാർഹിക ആവശ്യത്തിനു കൃഷി ചെയ്യുന്നവർ കുറേശ്ശേ ചെറിയ ഇടങ്ങളിലോ പാത്രങ്ങളിലോ പാകി കിളിർപ്പിക്കാം. അല്പം മണൽ ചേർത്താൽ തൈകൾ തമ്മിൽ അകലം കിട്ടും, പിഴുതെടുക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. സ്ഥിരമായി ചെയ്യുന്നവർക്ക് അതിൻറെ ആവശ്യമില്ല. നല്ല വിത്താണെങ്കിൽ അഞ്ചാം ദിവസം കിളിർക്കും. 4 ഇല വരുന്പോൾ എടുത്തു നടാം. വേരു പൊട്ടാതെ അല്പം മണ്ണോടു കൂടി എടുത്തു നടണം
സൂര്യപ്രകാശം വേണം എന്നാൽ അതി കഠിന ചൂട് സഹിക്കില്ല. വെള്ളക്കെട്ടും പാടില്ല. അഴുക്കു വെള്ളം പാടില്ല.
ഒരടി അകലം പാലിക്കുന്നത് നല്ല ഇലകളോടുകൂടി സമൃദ്ധമായി വളരാൻ സഹായിക്കും. ഇല്ലെങ്കിൽ ഇല കുറഞ്ഞ് കോലു പോലിരിക്കും. അതിനു മാർദ്ദവവും കാണില്ല.

ടെറസിൽ ആണെങ്കിൽ ചെറിയ ചെറിയ പാത്രങ്ങളിൽ ഒരോ മൂടു നടാം. ചട്ടി-ചാക്കു-ബാഗുകളുടെ സൈസനുസരിച്ച് എണ്ണം നിശ്ചയിക്കാം. ശ്രദ്ധയോടും കൃത്യതയോടും കൃഷി ചെയ്താൽ വർഷം മുഴുവനും എന്നും എടുക്കത്തക്ക വിധം കൃഷി ചെയ്യാം.

ചീര മൂടു പിടിച്ച ശേഷം രോഗമുക്തമായ പച്ചച്ചാണകം കിട്ടുമെങ്കിൽ വെള്ളത്തിൽ നേർപ്പിച്ച് തണ്ടിലും ഇലയിലും വീഴാത്ത വിധം ചീരത്തടത്തിൽ ഒഴിച്ച് മണ്ണിളക്കിക്കൊടുത്താൽ വളർച്ച ത്വരിതപ്പെടുത്തും.
ടെറസ്സിൽ വേനൽക്കാലത്ത് മൂടു പിടിക്കുന്നതുവരെ തണലത്തു വക്കുന്നതോ നല്ലവണ്ണം തണൽ നൽകുന്നതോ ഉത്തമം.
ചീര മുകളിൽ നിന്ന് താഴേക്കു പൂക്കുന്നു. പൂത്താൽ പിന്നെ ഇലയുടെയും തണ്ടിൻറെയും മാർദ്ദവം കുറയും. അരിയുടെ നിറം കറുത്തതാകുന്പോൾ വിളഞ്ഞു എന്നു തീരുമാനീക്കാം. മൂടോടെ പിഴുത് തണലത്ത് ഉണക്കി എള്ള് തെളിക്കുംപോലെ തിരുമ്മി അരിയുംതൊലിയും ഉൾപ്പെടെ സൂക്ഷിക്കാം. നല്ലപോലെ ഉണങ്ങിയാൽ ഒരുവർഷത്തിലധികം കേടുകൂടാതിരിക്കും.

കുരുമുളക് കൃഷി

ഒരു തിരിയിൽ കുറഞ്ഞത് അഞ്ച് മണിയെങ്കിലും പഴുത്തതിനു ശേഷമേ കുരുമുളകു പറിക്കാവൂ.

പഴുത്തു തുടങ്ങിയ കുരുമുളക് കൂട്ടിയിട്ട് രണ്ടു ദിവസം ചാക്കിട്ട് മൂടി വെച്ചിരുന്നാൽ എല്ലാം വേഗത്തിൽ പഴുത്തു പാകമാകും.

തെങ്ങിൽ കുരുമുളകു പടർത്തുന്പോൾ തെങ്ങിന്റെ വടക്കു കിഴക്കുഭാഗത്ത് വള്ളികൾ നടുക.

തെങ്ങ് താങ്ങുമരമായി കുരുമുളകു പടർത്തുന്ന പക്ഷം കുരുമുളകിന് നല്ല വെയിൽ കിട്ടും. അതിനാൽ വിളവും മെച്ചമായിരിക്കും.

കുരുമുളകു ചെടിയിലെ ചെന്തണ്ട് ഉണങ്ങിപ്പോകാതെ ഒരു വർഷം ചെടിയിൽത്തന്നെ നിർത്തി പിറ്റേ വർഷം മഴയുടെ തുടക്കത്തിൽത്തന്നെ നട്ടാൽ കൃത്യം മൂന്നാം വർഷം ആദായമെടുക്കാം.

കുരുമുളകു ചെടിയുടെ പ്രധാന തണ്ടിൽ നിന്നും വശങ്ങളിലേക്കു വളരുന്ന പാർശ്വ ശിഖരങ്ങൾ നട്ടാണ് ബുഷ് പെപ്പർ -കുറ്റി കുരുമുളക് – ഉണ്ടാക്കുന്നത്.

പച്ചക്കുരുമുളക് തിളച്ച വെള്ളത്തിൽ ഒരു മിനിറ്റ് മുക്കിയതിനു ശേഷം എടുത്തുണക്കിയാൽ പൂപ്പൽ പിടിക്കുകയില്ല.

വലിപ്പം കൂടിയ കുരുമുളകു മണിയാണെങ്കിൽ കയറ്റുമതിക്ക് പ്രിയപ്പെട്ടതാണ്. അതിന് വിലയും കൂടുതൽ കിട്ടും.

കുരുമുളക് ശേഖരിക്കുന്ന സമയത്ത് ഉറുന്പ് പൊടി വിതറി ഉറുന്പുകളെ കൊന്നു കളയുന്നതിനു പകരം, നേരത്തേ തന്നെ ഉറുന്പ് കൂടുകെട്ടിയ ചില്ലകൾ വെട്ടിനുറുക്കി തീയിടുകയും ചോലയുടെ അളവ് കുറയ്ക്കുകയും ചെയ്യുക. ഉറുന്പുപൊടിയുടെ അംശം പോലും കലാരാത്ത ഗുണമേന്മയുള്ള കുരുമുളക് ലഭിക്കും.

താങ്ങുമരത്തിന്റെ ഇലകളും ശാഖകളും കോതിയൊതുക്കി വെച്ചിരുന്നാൽ പൊള്ളുവണ്ടിന്റെ ഉപദ്രവം കുറയും.

കുരുമുളകിന്റെ മിലി മൂട്ടകളെയും ശൽക്ക കീടങ്ങളേയും നിയന്ത്രിക്കുന്നതിന് ഉങ്ങെണ്ണയിൽ നിന്നുണ്ടാകുന്ന കീടനാശിനി നല്ലതാണ്.

കുരുമുളകിന്റെ വേരു പടലം തണ്ടിൽ നിന്നും ഒരു മീറ്ററിലധികം അകലത്തിലോ ആഴത്തിലോ പോകാറില്ല. കുരുമുളകിൽ ദ്വിലിംഗ പുഷ്പങ്ങളുടെ ശതമാനമാണ് കായ്പിടുത്തം നിർണ്ണയിക്കുന്ന പ്രധാന ഘടകം.

സെറാഡിക്സ്-ബീയ കുരുമുളകു വള്ളികൾക്ക് വേരു പിടിപ്പിക്കാൻ പറ്റിയ ഉത്തേജക വസ്തുവാണ്.

കൊടിത്തല നടാനുള്ള മുരിക്കിൽ കന്പുകളും അരിക്കാലുകളും കുംഭമാസത്തിലെ കറുത്ത പക്ഷത്തിന് മുറിച്ചെടുക്കുക.

കൊടിത്തലയ്ക്ക് താങ്ങിനായി മുറിച്ചെടുത്ത കാലുകൾ പത്തുപതിനഞ്ചു ദിവസം തണലിൽ കിടത്തി ഇടുക. പിന്നീട് ഏപ്രിലിൽ ഒന്നു രണ്ട് മഴ പിടിക്കുന്നതുവരെ നിവർത്തി ചാരി വയ്ക്കുക. തുടർന്നു നടുക.

കുരുമുളകു വള്ളിയുടെ വളർച്ച ആറേഴു മീറ്ററിൽ പരിമിതപ്പെടുത്തുക. അതിലധികമായാൽ സസ്യസംരക്ഷണത്തിനും വിളവെടുക്കുന്നതിനും ബുദ്ധിമുട്ട് ഉണ്ടാകും

കുരുമുളക് കൃഷി

കുരുമുളകു നടുന്പോൾ ഒരു കേറുതലയും രണ്ടു ചെന്തലകളും ഓരോ ചുവട്ടിലും നടുക. കേറുതല പിറ്റേവർഷം തന്നെ ആദായം തരും. ചെന്തല മൂന്നാം വർഷം മുതൽ ആദായം തരും. [amazon text=buy grow bags from Amazon]

കുരുമുളകിന്റെ തലക്കം മുരിക്കിൽ കയറ്റാൻ രണ്ടടി നീളത്തിലും തെങ്ങിൽ കയറ്റാൻ നാലടി നീളത്തിലും മുറിക്കുക.

കുരുമുളകു ചെടിയുടെ ചുവട് ഇളക്കാതിരിക്കുക, ധൃതവാട്ടം വരാനുള്ള സാധ്യത കുറയും.

കുരുമുളക് മെതിക്കുന്പോൾ ഒരു ദിവസം മുഴുവൻ വെയിൽ കൊള്ളിച്ച ശേഷം മെതിക്കുക. വേഗത്തിൽ മണികൾ ഉതിർന്നു കിട്ടും.

ഓലിയോ റെസീനും തൈലവും വേർതിരിച്ചെടുക്കാൻ പൂർണ്ണമായും മൂപ്പെത്താത്ത കുരുമുളകാണ് നല്ലത്.

ഒരു ഗ്രാം ഇൻഡോൾ ബ്യൂട്ടിറിക്ക് ആസിഡ് 3-5 ഗ്രാം വരെ അലക്കുകാരം ലയിപ്പിച്ച ഒരു ലിറ്റർ വെള്ളത്തിൽ കലക്കി, ആ ലായിനിയിൽ കുരുമുളകു തണ്ട് 45 സെക്കന്റ് മുക്കിയ ശേഷം പാകുക. വിജയം 90-95% ആയിരിക്കും.

കുരുമുളകിന്റെ മാതൃചെടിയിൽ നിന്നും വളരുന്ന വള്ളികൾ മുറിക്കാതെ പുതിയ താങ്ങുകാലിലേക്കു പടർത്തിയാൽ വേനലിനെയും രോഗങ്ങളെയും അതിജീവിക്കും. രണ്ടു മൂന്നു വർഷത്തെ വളർച്ച ആയാൽ മാതൃ ചെടിയും ആയുള്ള ബന്ധം മുറിക്കാം.

കുരുമുളകിന്റെ ധൃതവാട്ടത്തിന് പരിഹാരമായി കാലവർഷത്തിനുമുന്പും, തുലാ വർഷത്തിനു ശേഷവും 500 ഗ്രാം വീതം ഉപ്പ് ചുവട്ടിലിട്ടു കൊടുക്കുക.

കുരുമുളകു വള്ളികളിൽ തറനിരപ്പിൽ നിന്നും നാലോ അഞ്ചോ അടി ഉയരം വരെ പാർശ്വ ശിഖരങ്ങൾ അഥവാ കണ്ണിത്തലകൾ തീരെ ഇല്ലാതിരിക്കുകയോ, വിരളമായി മാത്രം ഉണ്ടാവുകയൊ ചെയ്യാറുണ്ട്. തന്മൂലം അത്തരം ഭാഗങ്ങളിൽ നിന്നും വിളവ് ലഭിക്കുകയില്ല. അതിന് വള്ളി നട്ട് 9-10 മുട്ട് വളർന്നാൽ നില നിരപ്പിൽ നിന്നും 15 സെ.മീ. ഉയരത്തിൽ വെച്ച് തല മുറിക്കണം. വീണ്ടും ഇവയിൽ നിന്നു തളിർപ്പുകളുണ്ടായി പത്തുമുട്ടോളം വളർന്നാൽ ആദ്യം മുറിച്ച സ്ഥലത്തു നിന്നും മൂന്നു മുട്ടുകൾ മുകളിൽ വെച്ച് വീണ്ടും മുറിക്കുക. ആവശ്യമായ ഉയരത്തിൽ എത്തുന്നതു വരെ ഈ പ്രക്രിയ തുടരണം. അങ്ങനെ ചെയ്താൽ ധാരാളം കണ്ണിത്തല വളർന്നു കിട്ടും. വിളവും അതിനനുസരിച്ച് വർദ്ധിക്കും.
കുരുമുളകിന് കുമ്മായം ഇടുന്പോൾ ഒരു പിടി കുമ്മായം മണ്ണു നിരപ്പിൽ നിന്നും മുക്കാൽ മീറ്റർ മുകളിലേക്ക്, തണ്ടു വഴി വിതറി കൊടുക്കുക. തണ്ട് നനഞ്ഞിരിക്കുന്പോൾ വേണം അങ്ങനെ ചെയ്യാൻ കുമിൾ ശല്യം കുറയും.

കുരുമുളക് കൃഷി

കുരുമുളകിന്റെ കാലേകൂട്ടി ചുറ്റിവച്ചിരിക്കുന്ന ചെന്തലകളുടെ മദ്ധ്യഭാഗമാണ് നടാൻ ഉത്തമം.

തെക്കോട്ടു ചെരിവുള്ള ഭൂമി കുരുമുളകു കൃഷിക്ക് അനുയോജ്യമല്ല.

വിസ്താരം കുറഞ്ഞ കുഴികളിൽ കുരുമുളകിനുള്ള താങ്ങു കാലുകൾ പിടിപ്പിക്കുക. അവ കാറ്റത്തിളകുകയില്ല. വേഗത്തിൽ വേരുപിടിക്കുകയും ചെയ്യും.

കുരുമുളകു ചെടിയുടെ അധികം മൂപ്പെത്താത്ത തണ്ടൊഴിച്ച് ഏതു നട്ടാലും വേരു പിടിക്കും.

കുരുമുളക് പൂവിടുന്പോൾ മഴയില്ലെങ്കിൽ വെള്ളം സ്പ്രേ ചെയ്തു കൊടുക്കുക. നല്ല വിളവ് കിട്ടും.

വർഷകാലത്ത് കുരുമുളകിന് തണൽ പാടില്ല.

കേടുള്ള കുരുമുളകിന്റെ തണ്ട് നടാൻ എടുക്കരുത്.

കുഞ്ഞു കല്ലുകൾ (ഉറുന്പു കല്ലുകൾ) കുരുമുളകിന്റെ ചുവട്ടിൽ അടുക്കിയാൽ ചെടിക്കു വാട്ടം വരികയില്ല.

താങ്ങു മരങ്ങൾ കോതി നിർത്തിയാൽ കുരുമുളകു വള്ളികളിൽ കായ്പിടുത്തം കൂടും.

കുരുമുളകിന് ചപ്പുചവറുകൾ വെറുതെ ചുവട്ടിൽ തൂളിയാൽ മതി, കൊത്തിയിളക്കി ചേർക്കേണ്ടതില്ല.

കുരുമുളകു തോട്ടങ്ങളിൽ ഇഞ്ചി, മഞ്ഞൾ, കച്ചോല തുടങ്ങിയ സുഗന്ധവിളകളും കൃഷി ചെയ്യുക. കുരുമുളകിൽ മണിപിടുത്തം കൂടും.

വീടിനു ചുറ്റും കുരുമുളകുചെടി നട്ടു വളർത്തിയാൽ ജലദോഷം ഉണ്ടാവുകയില്ല.

തിരുവാതിര ഞാറ്റു വേലയിൽ തിരി മുറിയാതെ ചെയ്യുന്ന മഴയ്ക്ക് കുരുമുളകു വള്ളി നട്ടാൽ മുഴുവൻ പിടിച്ചു കിട്ടും.

കാലവർഷം നന്നായി കിട്ടാത്ത പക്ഷം ആ വർഷം കുരുമുളകിൽ ഉല്പദാനം കുറഞ്ഞിരിക്കും.

കുരുമുളകു വള്ളിയിൽ വർഷത്തിൽ പല തവണ മുളകുണ്ടാകണമെങ്കിൽ ഇടയ്ക്കിടെ ശക്തിയായി നനച്ചു കൊടുക്കുക.

തെങ്ങ് പരിചരണം

വേനൽക്കാലത്ത് നനയ്ക്കാത്ത തെങ്ങിൻ തോപ്പിൽ ഓലയിടിച്ചിൽ കൂടുതലായി ഉണ്ടാകുന്നു.

മണ്ടശോഷിപ്പ് എന്ന തെങ്ങു രോഗം സസ്യമൂലകങ്ങളുടെ കുറവുമൂലം ഉണ്ടാകുന്നതാണ്.

കോഴിക്കാഷ്ടം തെങ്ങിനിടേണ്ടത് നല്ല മഴയുള്ള ജൂൺ, ജൂലൈ, മാസങ്ങളിലാണ്.

പഴക്കം ചെന്ന വേരുകൾ മുറിച്ചു നീക്കുന്നത് തെങ്ങിന് നല്ലതാണ്. പുതിയ വേരുകളുണ്ടാകാനും, വിളവ് മെച്ചപ്പെടാനും ഇത് കാരണമാകും.

തെങ്ങിൻ തടത്തിൽ വേനൽക്കാലങ്ങളിൽ ചീരയും, വെണ്ടയും നട്ടുവളർത്തുക. അവയ്ക്ക് ദിവസവും നനയ്ക്കുന്നതിന്റെ പ്രയോജനം തെങ്ങിനും കൂടി കിട്ടുന്നു.

‘പ്ലാനോ പിക്സ്’ എന്ന ഹോർമോണുപയോഗിച്ചാൽ അമിതമായ മച്ചിങ്ങാ പൊഴിച്ചിൽ തടയാനൊക്കും. ചൊട്ടവിരിഞ്ഞ് മുപ്പതു ദിവസം കഴിഞ്ഞ് പ്ലാനോഫിക്സ് മണ്ടയിൽ തളിക്കുക.

ഒരേക്കർ തെങ്ങിൻ തോട്ടത്തിൽ രണ്ടു തേനിച്ചപ്പെട്ടികൾ വച്ചാൽ, പരാഗണം മെച്ചപ്പെടുന്നതിനാൽ മച്ചിങ്ങാ പൊഴിച്ചിൽ കുറഞ്ഞു കിട്ടും. കൂടാതെ തേനിൽ നിന്ന് ഒരു വരുമാനവും കൂടി ലഭിക്കുന്നു.

കുളങ്ങളിലെ അടിച്ചേറ് വേനലിൽ തെങ്ങിൻ തടത്തിലിടുക. ഇത് നല്ല വളമാണ്.

തെങ്ങിന്റെ ചുവട്ടിൽ നിന്നും രണ്ടു മീറ്റർ അകലെ നാലു മൂലയിലും നാലു വാഴ വയ്ക്കുക. സെപ്റ്റംബറിൽ നടുന്ന വാഴകൾ വേനൽക്കാലമാകുന്പോഴേക്കും ശരിക്കും വളർന്ന് തെങ്ങിന്റെ കടയ്ക്കൽ വെയിലേല്ക്കാതെ സംരക്ഷിക്കും. വാഴവെട്ടുന്പോൾ പിണ്ടി വെട്ടിനുറുക്കി തെങ്ങിന്റെ ചുവട്ടിലിട്ടാൽ വളം ലഭിക്കും. മണ്ണിലെ ജലാംശവും നിലനിർത്താം.

തെങ്ങിന്റെ ചെന്നീരൊലിപ്പ് ബാധിച്ച ഭാഗം ചെത്തി മാറ്റിയ ശേഷം, തടിയിൽ ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം പുരട്ടുക. ഒപ്പം തേങ്ങ് ഒന്നിന് 5 കിലോഗ്രാം വേപ്പിൻ പിണ്ണാക്ക് വളമായും നൽകുക. പുറമെ കാലിക്സിൻ എന്ന മരുന്ന് ഒരു ശതമാനം വീര്യത്തിൽ കലക്കി തെങ്ങൊന്നിന് 25 ലി. വീതം തെങ്ങിൻ ചുവട്ടിലൊഴിച്ച് മണ്ണ് കുതിർക്കുക.

തെങ്ങിൻ തോപ്പുകളിൽ വെറ്റില കൃഷി ചെയ്താൽ തെങ്ങിന്റെ ഉല്പാദന ക്ഷമത വർദ്ധിക്കും.

തെങ്ങിലെ പൂക്കൾ അമിതമായി പൊഴിയുന്നത് തടയാൻ മണ്ടയിലും പൂങ്കുലകളിലും ഉപ്പു ലായനി തളിക്കുക. കൂടാതെ ഉപ്പു ചേർന്ന വെള്ളം കൊണ്ട് ചുവട് നനയ്ക്കുകയും ചെയ്യുക.

കൊന്പൻ ചെല്ലികളെ നിഷ്ക്രിയരാക്കാൻ തെങ്ങിന്റെ മണ്ടയ്ക്കടുത്തുള്ള മടലുകൾക്കിടയിൽ തലമുടി പന്തുപോലെ ചുരുട്ടി വയ്ക്കുക. മുടി ചെല്ലിയുടെ കാലുകളിൽ ചുറ്റിപ്പിണഞ്ഞ് അതിനെ നിഷ്ക്രിയമാക്കും.

തെങ്ങിൻ തോപ്പിൽ കൃഷി ചെയ്യുന്ന ഇഞ്ചിക്ക് പൊതുവേ രോഗബാധകൾ കുറവാണ്.

തെങ്ങിൻ തോട്ടത്തിലുള്ള ഫലവൃക്ഷങ്ങൾ തെങ്ങിനേക്കാൾ ഉയരത്തിൽ വളർന്നാൽ തെങ്ങിന്റെ വിളവ് കുറയും.

ചെന്പൻ ചെല്ലിയുടെ ആക്രമണത്തിന് വിധേയമായിട്ടുള്ള തെങ്ങുകളുടെ അടിപ്പട്ടയോടു തൊട്ടുചേർന്ന് തെങ്ങിൻ തടിയിൽ ആഴത്തിലൊരു ദ്വാരമുണ്ടാക്കുക. ഈ ദ്വാരത്തിൽ യൂക്കാലിപ്റ്റസ് എണ്ണയിൽ കുതിർത്ത പഞ്ഞി നന്നായി തിരുകിക്കയറ്റുക. തുടർന്ന് സിമന്റ് ഉപയോഗിച്ച് ദ്വാരം അടയ്ക്കുക. ചെന്പൻ ചെല്ലിയുടെ പുഴുക്കൾ ചത്തൊഴിഞ്ഞുകൊള്ളും.

പഴുത്ത് പാകമായ നാലു മരോട്ടിക്കായ ചതച്ച് ,രണ്ടു ലിറ്റർ വെള്ളത്തിൽ കലക്കി, വാവട്ടമുള്ള ഒരു കലത്തിലോ അലുമിനിയ പാത്രത്തിലോ ഒഴിച്ച്, രണ്ടോ മൂന്നോ വർഷം പ്രായമുള്ള തെങ്ങിൻതൈയുടെ മണ്ടയിലോ, അല്ലെങ്കിൽ അധികം പൊക്കമില്ലാത്ത മാവിന്റെ കൊന്പത്തോ കെട്ടി ഉറപ്പിച്ച് വയ്ക്കുക. മഴയില്ലാത്ത ദിവസങ്ങളിലാണ് ഇപ്രകാരം ചെയ്യേണ്ടത്. മരോട്ടിക്കായുടെ മണവും രുചിയും കൊന്പൻ ചെല്ലിക്ക് പ്രിയങ്കരമാണ്. രണ്ടുദിവസത്തേക്ക് കലം അവിടെത്തന്നെ വയ്ക്കുക. ഏതാണ്ട് ആറു കിലോമീറ്റർ ചുറ്റളവിലുള്ള കൊന്പൻ ചെല്ലികൾ, ഇതിന്റെ മണത്താൽ ആകൃഷ്ടരായി അവിടെയത്തി, കലത്തിലെ മരോട്ടിക്കാ വെള്ളം കുടിച്ച് മത്തരായും, ചിലത് ചത്തും കലത്തിൽ ഉണ്ടാകും. ഇവയെ വാരിയെടുത്ത് നശിപ്പിക്കുകയേ വേണ്ടൂ.

തെങ്ങിൻ തോട്ടത്തിൽ ആവണക്കു പിണ്ണാക്കു നന്നായി ഒരു പാത്രത്തിൽ കലക്കി തുറന്നു വയ്ക്കുക. കൊന്പൻ ചെല്ലി അതിലേക്ക് ആകർഷിക്കപ്പെട്ട് അതിൽ ചാടി ചത്തുകൊള്ളും.

തെങ്ങുകൾക്കിടയിൽ നെടുകെയും കുറുകെയും ചാലുകീറി അതിൽ നിറച്ച് ചകിരി അടുക്കി മണ്ണ് മുകളിലിട്ട് ബണ്ടു പോലെ രൂപപ്പെടുത്തക വേനലിൽ ഓല ഒടിഞ്ഞു തൂങ്ങുന്ന രോഗം ഉണ്ടാവുകയില്ല.

ചുവന്ന ഉള്ളിയും കാരവും അരച്ച് കൂന്പിൽ പുരട്ടിയാൽ കാറ്റുവീഴചയുടെ ആരംഭഘട്ടത്തിൽ നിയന്ത്രിക്കാനാവുന്നതാണ്.

തെങ്ങിന്റെ മണ്ട തെളിച്ച് ഉപ്പും തുരിശും ചാരവും കൂട്ടിയിളക്കി മണ്ടയ്ക്കു തൂകുന്നത് കേര രോഗങ്ങൾ നിയന്ത്രിക്കാൻ നല്ലതാണ്.

തെങ്ങിന്റെ മടൽ തടിയോടു ചേർത്തു വെട്ടിയാൽ ചെന്പൻ ചെല്ലിയുടെ ശല്യം കൂടാനിടയുണ്ട്. അതുകൊണ്ട് മടൽ നീട്ടി വെട്ടാൻ ശ്രദ്ധിക്കണം.

തെങ്ങിനു ചുറ്റും ചവറിട്ടു ചുട്ടാൽ പുകയേറ്റ് തെങ്ങിൽ ധാരാളം മച്ചിങ്ങാ പിടിക്കാൻ ഇടയാകും.

തെങ്ങിലെ പോടുകൾ അടയ്ക്കാൻ കീല്, മണൽ ഇവ ചേർത്ത് നന്നായി ഉരുട്ടി അടുത്ത ദിവസം ഉരുളകളായി പോടുകൾക്ക് ഉള്ളിൽ തിരുകിക്കയറ്റുക. പോട് പൂർണ്ണമായും നിറയത്തക്കവണ്ണം മിശ്രിതം അതിൽ നിറയ്ക്കണം. പോടുകൾക്കുള്ളിലെ തടി കുറേശ്ശേ വളരുന്നതനുസരിച്ച് കീൽ-മണൽ മിശ്രിതം പുറത്തേയ്ക്കു തള്ളിവരും. ആറുദിവസം കൊണ്ട് പോട് മുഴുവനായും വളർന്ന് നികരുകയും കീല് മുഴുവനായും പുറത്തു വരികയും ചെയ്യുന്നു.

തെങ്ങിൻ തടിക്കുള്ളിൽ കാണുന്ന ചെല്ലിയുടെ പുഴുക്കളെ നശിപ്പിക്കാൻ മരം കൊത്തിപ്പക്ഷികൾക്കു കഴിയും. മരം കൊത്തികളുടെ വംശവർദ്ധനയ്ക്ക് ശ്രമിക്കുക.

തെങ്ങോലയിൽ കുമിൾ ബാധ കണ്ടു കഴിഞ്ഞാൽ നീളമുള്ള കന്പിയിന്മേൽ പന്തം കത്തിച്ച് ഇടയ്ക്കു വാട്ടം തട്ടാതെ വീശുക. കുമിളുകൾ നശിച്ചു കൊള്ളും.

തെങ്ങിന്മേൽ ഓല, മുളമുള്ള് ഇവകൊണ്ട് പൊത്തു കെട്ടുക. എലി, കള്ളൻ ഇവയുടെ ശല്യം കുറയും.

കായ്ക്കാത്ത തെങ്ങുകൾ ആനയെക്കൊണ്ട് തള്ളി ഉലയ്ക്കുക. താമസിയാതെ ചൊട്ട പൊട്ടാനിടയാകും.

ചെന്നീരൊലിപ്പ് എന്ന കേര രോഗം ടാർ പുരട്ടി നിയന്ത്രിക്കാവുന്നതാണ്.

തെങ്ങ് പരിചരണം

തെങ്ങിൻ തോട്ടത്തിൽ മരുതു നടുക. ധാരാളം പച്ചില വളം കിട്ടുന്നതു കൂടാതെ മരത്തിന്റെ വേരിലെ കറ തെങ്ങിന്റെ വേരു തിന്നുന്ന പുഴുക്കളെ നശിപ്പിക്കുകയും ചെയ്യും.

തെങ്ങൊന്നിന് അരക്കിലോ മാഗ്നീഷ്യം സൾഫേറ്റ് ചേർക്കുക. ഓലയുടെ മഞ്ഞളിപ്പ് മാറുന്നതോടൊപ്പം വിളവും കൂടും.

മരച്ചീനിയുടെ ഇലയും തൊലിയും തെങ്ങിന് വളമായി നൽകുക. കാറ്റു വീഴ്ചക്കെതിരേ തെങ്ങ് പ്രതിരോധ ശക്തി നേടിക്കൊള്ളും.

തെങ്ങുകൾക്കിടയിൽ നെടുകെയും കുറുകെയും ചാലു കീറി അതിൽ നിറച്ച് ചകിരി ഇട്ട് മണ്ണിട്ടു മൂടുക. വേനലിൽ തെങ്ങോല കൂട്ടമായി ഒടിഞ്ഞു തൂങ്ങുന്നത് തടയാം.

ഒരു പിടി നീറ്റുകക്കാ അടുപ്പിലിട്ട് ഒരു ദിവസത്തെ പാചകത്തിനുള്ള തീ മുഴുവൻ അടുപ്പിൽ തന്നെ കത്തിക്കുക. പിറ്റേദിവസം കക്കാ ഉൾപെടെ ആ ചാരം വാരി തെങ്ങിന്റെ തടത്തിലിടുക. മണ്ട ചീയലിനും കൂന്പ് കരിയലിനും കുറവുണ്ടാകും.

കപ്പ തിളപ്പിച്ച് ഊറ്റിയ വെള്ളം ഇടയ്ക്കിടയ്ക്ക് കാറ്റുവീഴ്ച ബാധിച്ച തെങ്ങിന്റെ ചുവട്ടിൽ ഒഴിക്കുക. തന്മൂലം തെങ്ങിന് കാറ്റു വീഴ്ചക്കെതിരായ പ്രതിരോധ ശക്തി ഉണ്ടാകുന്നു.

മണലും ബി.എച്ച്.സി.യും ചേർന്ന മിശ്രിതമോ, മണൽ മാത്രമോ തെങ്ങോലക്കവിളിൽ ഇട്ടുകൊടുത്താൽ കൊന്പൻ ചെല്ലിയെ നിയന്ത്രിക്കാം.

ചാരവും ഉപ്പും തെങ്ങിന്റെ മണ്ടയിലിടുക. വെള്ളയ്ക്കാ പൊഴിച്ചിൽ കുറയുന്നതാണ്.

വേപ്പെണ്ണ മണ്ണെണ്ണയും സമം കലർത്തിത്തളിച്ചാൽ തെങ്ങിലെ ചൊല്ലി, ഓലപ്പുഴു തുടങ്ങിയ കീടങ്ങളെ ഒതുക്കാം.

തെങ്ങിന് വാവലിന്റെ ശല്യം ഉണ്ടെങ്കിൽ പറമുള്ള് തെങ്ങിൻ തടിയിൽ ഒരാൾ പൊക്കത്തിൽ കെട്ടി ഉറപ്പിക്കുക. ചുവട്ടിൽ നിന്നും കയറി മുകളിലെത്തിയാണ് വാവൽ നാശം ചെയ്യുന്നത്. അതിനാൽ പറമുള്ളിൽ ചിറകുകുടുങ്ങി വാവൽ താഴെ വീണുകൊള്ളും.

കൊന്പൻ ചെല്ലിയെ തുരത്തുന്നതിന് തെങ്ങിന്റെ കൂന്പോലയോടു ചേർന്ന്, മടലുകൾക്കിടയിൽ മണൽ നിറയ്ക്കുക. ചെന്നിനായകം ചാലിച്ച വെള്ളമോ, കാഞ്ഞിരവേരും കാഞ്ഞിരക്കുരുവും ഇട്ടുതിളപ്പിച്ച വെള്ളമോ വേപ്പിൻ പിണ്ണാക്ക് നന്നായി പൊടിച്ചതോ മണലിൽ ചേർത്തിരിക്കണം.

തെങ്ങിൻ തോപ്പിൽ തകര വളർത്തിയാൽ ഇടവിളകളെ നിമാവിരയിൽ നിന്നും രക്ഷിക്കാം.

കഴുത്തു നീളമുള്ള ഒരു കുപ്പിയിൽ ഒരു ലിറ്റർ വെള്ളത്തിന് പത്തു മില്ലി ലിറ്റർ തോതിൽ അവാൻ ലായനി നിറയ്ക്കുക. തലപ്പിൽ ചെല്ലി തുരന്ന ദ്വാരത്തിനോട് ചേർത്ത് ലായനി സാവകാശം വീഴത്തക്കവണ്ണം കുപ്പി തിരുകി വയ്ക്കുക. കുപ്പിയിൽ നിന്ന് അല്പാല്പമായി മാത്രം മരുന്ന് വീഴത്തക്ക രീതിയിൽ ക്രമപ്പെടുത്തുക. സാവകാശം മരുന്ന് വീണ് അതിനുള്ളിലുള്ള ചെല്ലികൾ ചത്തൊടുങ്ങും.

തെങ്ങിന് രാസവളം ഇടുന്നതിന് പതിനഞ്ചു ദിവസം മുന്പോ പിന്പോ മാത്രം കുമ്മായം ചേർക്കുക. അല്ലാത്ത പക്ഷം രാസവളത്തിന്റെ പൂർണ്ണപ്രയോജനം കിട്ടുകയില്ല.

ജൈവവളം പ്രത്യേകിച്ച് കോഴി വളം തെങ്ങിന് ധാരാളമായി ഉപയോഗിക്കുക. അത് കാറ്റു വീഴ്ചയെ നല്ലൊരു പരിധി വരെ പ്രതിരോധിക്കുന്നു.

തെങ്ങിന്റെ ഓലയും മടലും തടമെടുക്കുന്പോൾ മണ്ണിലിട്ടു മൂടുന്നത് നല്ലതാണ്. തെങ്ങിന്റെ അവശിഷ്ടങ്ങൾ തെങ്ങിന് നല്ല വളമാണ്.

ചാണകം കുഴികളിൽ ശേഖരിക്കുന്നതിനു പകരം തെങ്ങിന്റെ ചുവട്ടിൽ നിന്നും അകറ്റി തടങ്ങളിൽത്തന്നെ ശേഖരിക്കുക. മറ്റു വിളകൾക്കിടാൻ പിന്നീട് ഇവിടെ നിന്നു തന്നെ ചാണകമെടുക്കാം. അതോടൊപ്പം തെങ്ങിന് വേണ്ട വളം ലഭിക്കുകയും ചെയ്യും.

ഒരു ടൺ ചകിരിച്ചോറു വിതറി ഉഴുതു ചേർക്കുക. ജലസംഭരണ ശേഷി ഗണ്യമായി വർദ്ധിക്കുന്നു.

ഹെക്ടറിന് പത്തു ടൺ ചകിരിച്ചോറു വിതറി ഉഴുതു ചേർക്കുക. ജലസംഭരണ ശേഷി ഗണ്യമായി വർദ്ധിക്കുന്നു.

വേനൽ കഴിയുന്പോഴേക്കും തെങ്ങിന് ചുറ്റും രണ്ടു മീറ്റർ ചുറ്റളവിൽ തടം എടുത്തിടുക. വെള്ളം കെട്ടി നിന്ന് കിട്ടുന്ന ഈർപ്പം തെങ്ങിന് നല്ലതാണ്.

തെങ്ങിൻ തോപ്പിൽ വെറ്റിലക്കൊടി കൃഷി ചെയ്താൽ തെങ്ങിന്റെ ഉല്പാദന ക്ഷമത വർദ്ധിക്കും.

കായിച്ചു തുടങ്ങിയ നാടൻ തെങ്ങുകൾക്കിടയിൽ ചെന്തെങ്ങു നടുക. മൂന്നാം വർഷം ചെന്തെങ്ങു കായ്ക്കും. അടുത്തവർഷം ചെന്തെങ്ങിന്റെ തേങ്ങാ പാകുക. അതിൽ മുപ്പതു ശതമാനം ടി X ഡി ആയിരിക്കും.
കൊന്പൻ ചെല്ലിയെ കുടുക്കാൻ ശർക്കരക്കെണിനല്ലതാണ്. ഒരു ഹെക്ടറിലേക്ക് രണ്ടു കെണികൾ മതിയാകും.

തെങ്ങിനിടയിൽ ചെന്പകം നട്ടാൽ കൊന്പൻ ചെല്ലികൾ അകന്നുപോകും.

കൊന്പൻ ചെല്ലികൾ തെങ്ങിൻ തടിയിൽ ദ്വാരമുണ്ടാക്കി അതിൽ കടന്നു കൂടിയിട്ടുണ്ടെങ്കിൽ ദ്വാരങ്ങൾ വൃത്തിയാക്കി അതിൽ ചെന്പകപ്പൂക്കൾ നിറയ്ക്കുക. പിന്നീട് ചെല്ലികൾ അങ്ങോട്ടു വരികയില്ല.

തെങ്ങ് വേനൽ മാസങ്ങളിൽ കൃത്യമായി നനയ്ക്കുകയാണെങ്കിൽ ഉല്പാദനം 200 ശതമാനം വരെ വർദ്ധിപ്പിക്കാം.

തെങ്ങിൻ തോട്ടങ്ങൾ നനയ്ക്കുന്ന പക്ഷം അഞ്ച് വേനൽ മാസങ്ങളിലായി 25 പ്രാവശ്യമെങ്കിലും നനയ്ക്കേണ്ടതാണ്.

ഒരു തെങ്ങിന് ഒരു ദിവസം 50 ലിറ്റർ വെള്ളം ആവശ്യമുണ്ട്.

ജൈവകൃഷി രീതികൾ അവലംബിക്കുന്ന പക്ഷം തെങ്ങിന്റെ മഞ്ഞളിപ്പ് രോഗം കുറയുന്നതാണ്.

അമോണിയം സൾഫേറ്റ്, ഫാക്ടംഫോസ് എന്നിവയിൽ തെങ്ങിനാവശ്യമായ സൾഫർ കൂടി അടങ്ങിയിട്ടുണ്ട്.

തെങ്ങിൻ തോട്ടത്തിൽ ഇടവിളയായി ഏറ്റവും പറ്റിയ വാഴ ഇനങ്ങൾ ഞാലിപ്പൂവനും റോബസ്റ്റയുമാണ്.

കേരളത്തിൽ ഒരു തെങ്ങിൽ നിന്നും പ്രതിമാസം 70 ലിറ്റർ കള്ളു കിട്ടും.

കേരളത്തിൽ ഫെബ്രുവരി മാസത്തിൽ 1000 തേങ്ങായിൽ നിന്നും 181 കി.ഗ്രാം കൊപ്രാ കിട്ടും. എന്നാൽ, ഓഗസ്റ്റു മാസത്തിൽ 1000 തേങ്ങായിൽ നിന്നും 139 കി.ഗ്രാം കൊപ്രയേ ലഭിക്കുകയുള്ളു.

തെങ്ങിൽ നിന്നുള്ള ജൈവാവശിഷ്ടങ്ങൾ അതിന്റെ ചുവട്ടിൽത്തന്നെ ഇട്ടു കത്തിക്കുന്നത് മെച്ചപ്പെട്ട മച്ചിങ്ങാ പിടുത്തത്തിനു സഹായിക്കും. ചാരത്തിലൂടെ കൂടുതൽ പൊട്ടാഷ് തെങ്ങിനു കിട്ടുന്നു. പുകയേൽക്കുന്നതു കൂടുതൽ കായ പിടുത്തത്തിനു നല്ലതാണ്. പുകയേറ്റാൽ കീട രോഗബാധ കുറെയെങ്കിലും കുറയും.

തെങ്ങിന്റെ കേടു ബാധിച്ച ഭാഗങ്ങൾ വെട്ടുന്പോൾ ചെറിയ കഷ്ണങ്ങൾ വരെ പെറുക്കിയെടുത്ത് തീയിലിട്ട് കത്തിച്ചു കളയുക. മറ്റുള്ളവയ്ക്ക് രോഗം ബാധിക്കുന്നത് തടയാനാകും.

മണൽ മണ്ണിൽ തെങ്ങു നനയ്ക്കുന്നതിന് ഉപ്പുവെള്ളം ഉപയോഗിച്ചാലും കുഴപ്പമില്ല. എന്നാൽ, തൈത്തെങ്ങുകൾ നനയ്ക്കുന്നതിന് യാതൊരു കാരണവശാലും ഉപ്പുവെള്ളം ഉപയോഗിക്കരുത്.

തെങ്ങിൻ തൈ നട്ട് ആദ്യമുണ്ടാകുന്ന ആറ് ഓലകൾ കഴിച്ച് മുപ്പത്താറാമത്തെ ഓല വരുന്പോൾ പൂങ്കുലയും വിരിഞ്ഞിരിക്കും.

കുള്ളൻ തെങ്ങിനങ്ങളിൽ മൂന്നു വർഷം കൊണ്ട് പൂങ്കുല വിരിയും.

തെങ്ങിൽ ചൊട്ട വിരിഞ്ഞ് 220 ദിവസം ആകുന്പോൾ കരിക്കിൻ വെള്ളത്തിന്റെ മാധുര്യം ഏറ്റവും കൂടി നിൽക്കുന്നു.

ഉൾതേങ്ങാ ഉണ്ടാകുവാൻ ചെത്തി മാറ്റുന്ന പുറന്തൊലി ഉണക്കി ആട്ടിയാൽ 50% വരെ എണ്ണ കിട്ടും.

വർഷകാലത്ത് മഴയിൽ പെട്ട് ചീഞ്ഞു പോകുന്ന വൈക്കോൽ, തെങ്ങിന് ചുറ്റും ഒന്നര മീറ്റർ മാറ്റി വൃത്താകൃതിയിൽ ഇടുക. ഇത് വർഷം തോറും ആവർത്തിക്കുക. തെങ്ങ് നല്ലതുപോലെ കായ്ക്കും. വേനൽ വരൾച്ച ബാധിക്കുകയുമില്ല.

തെങ്ങ് നട്ടതിനു ശേഷം എട്ടു വർഷം വരെയും ഇരുപത്തഞ്ചു വർഷം കഴിഞ്ഞും മാത്രം ഇടവിള കൃഷികൾ ചെയ്യുക.

ഒരു മീറ്റർ വൃത്താകൃതിയിൽ ഒരടി താഴ്ചയിൽ തെങ്ങിനു ചുറ്റും മണ്ണെടുത്തു മാറ്റി. ആ കുഴിയിൽ നിറയെ നെല്ലിൻ പതിര് നിറയ്ക്കുക. വർഷംതോറും ഇത് ആവർത്തിക്കുക. തെങ്ങ് തഴച്ചു വളരും. വേനലിൽ നനവ് ഇല്ലെങ്കിലും വരൾച്ച ബാധിക്കുകയില്ല.

തെങ്ങിന് ചാലുകീറി വളം ഇടുന്നതിലും നല്ലത്, തടം തുറന്ന് വളം ഇടുന്നതാണ്.

നേരത്തെ കണയോല വിരിയുന്ന തെങ്ങിൻ തൈകൾ മറ്റു തൈകളെ അപേക്ഷിച്ച് വേഗത്തിൽ കായ് ഫലം തരും.

ആഫ്രിക്കൻ പായൽ കൊണ്ടുണ്ടാക്കുന്ന കന്പോസ്റ്റ് തെങ്ങ് കൃഷിക്ക് അത്യുത്തമമാണ്.

ഓലഞ്ഞാലി കിളികളെ ഭയപ്പെടുത്തി ഓടിച്ചു വിടരുത്. അവ തെങ്ങോലപ്പുഴുക്കളെ തിന്നു നശിപ്പിക്കുന്നതിനാൽ ഉപകാരപ്രദമായ പക്ഷിയാണ്.

കൊച്ചിൻ ചൈനാ എന്നയിനം നാളികേരത്തിന്റെ കരിക്കിൽ നിന്നും ആറു ഗ്ലാസ് വെള്ളം വരെ കിട്ടും.

തെങ്ങിന്റെ തടത്തിനു ചുറ്റും ഉപരിതലത്തിൽ വളരുന്ന വേരുകൾ കിളച്ചു പൊട്ടിയാൽ, മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്ന വേരുകളുടെ വളർച്ച കൂടും. വെള്ളവും വളവും നന്നായി വലിച്ചെടുക്കാൻ പറ്റുന്നത് ആഴ്ന്നിറങ്ങുന്ന വേരുകൾക്കാണ്.

അമിതമായ വളർച്ചയുള്ളതും കായ്ക്കാൻ മടിച്ചു നിൽക്കുന്നതുമായ തൈതെങ്ങുകളുടെ മൂന്നുനാല് തലകൾ വെട്ടിമാറ്റുക. അവശേഷിക്കുന്ന മടൽ ഭാഗം നെടു നീളത്തിൽ പൊളിച്ചും വയ്ക്കുക. തെങ്ങ് താമസ്സംവിനാ കായ്ക്കാനിടയുണ്ട്.

സൂക്ഷിച്ചു വയ്ക്കുന്ന തേങ്ങയുടെ കണ്ണുള്ള ഭാഗം മേൽപോട്ടായിരിക്കത്തക്കവണ്ണം വയ്ക്കുക. തേങ്ങാ ഏറെ നാൾ കേടാകാതെയും അഴുകാതെയും ഇരിക്കും.

തെങ്ങിൻ തടത്തിൽ ചണന്പൂ വിതയ്ക്കുക. വളർന്നു വരുന്പോൾ ഉഴുതുചേർക്കുക. നല്ല ജൈവവളമാണിത്.

വളക്കുഴിയിൽ ചാണകം നിറയ്ക്കുന്നതിനു മുന്പ് ഏതാനും വേരൻ ചെടികൾ വേരു സഹിതം പിഴുതു ചേർത്താൽ ചാണകത്തിൽ വളരുന്ന കുണ്ടളപുഴുക്കളെ നല്ലൊരു പിരിധിവരെ നിയന്ത്രിക്കാം.

രണ്ടു തെങ്ങുകൾക്കിടയിൽ ഒരു മീറ്റർ നീളവും അറുപതു സെ.മീ. വീതം വീതിയും താഴ്ചയും ഉള്ള കുഴി എടുത്ത് അതിൽ തൊണ്ടും ചാണകവും ഇട്ടു മൂടുക. തെങ്ങിന് നല്ല വളർച്ച ഉണ്ടാകും.

തെങ്ങിന്റെ, വളം വലിച്ചെടുക്കുന്ന പൊറ്റ വേര് ഓരോ വർഷവും ചെത്തിക്കളയണം, കാരണം അവയ്ക്ക് ഒരു വർഷത്തേ ആയുസ്സേയുള്ളൂ. ആരോഗ്യം കുറഞ്ഞ പഴയ വേരുകൾ ചെത്തിക്കളഞ്ഞാൽ നല്ല ആരോഗ്യമുള്ള പുതിയവ വളർന്നു വന്നുകൊള്ളും.

തെങ്ങിൽ നിന്നും കള്ളു ചെത്തിയാൽ തുടർന്നുള്ള കാലങ്ങളിൽ തേങ്ങാ ഉല്പാദനം വർധിക്കും.

കേരളത്തിലെ തേങ്ങായിൽ നിന്നുമുള്ള ചിരട്ടകൾക്ക് കരിമൂല്യം വളരെ കൂടുതലാണ്.

ഒരു വർഷം മൂപ്പെത്തിയ തേങ്ങായിൽ നിന്നാണ് കൂടുതൽ എണ്ണയും കൊപ്രായും ലഭിക്കുന്നത്.

മൂന്നുകിലോ ചുവന്നുള്ളി ചതച്ച് എട്ടുകിലോ ഉപ്പും ചേർത്ത് മഞ്ഞളിപ്പു രോഗുമള്ള തെങ്ങിന്റെ തടത്തിലിട്ടു കൊടുക്കുക. മൂന്നാം ദിവസം തടം പകുതി മണ്ണിട്ടു മൂടിയ ശേഷം കുറച്ചു ദിവസം തുടർച്ചയായി ജലസേചനം തടത്തുക. മഞ്ഞളിപ്പ് മാറും.

കൂവ, കാഞ്ഞിരം ഇവയിലൊന്നിന്റെ ഇല, ഓല മഞ്ഞളിപ്പുള്ള ഏതെങ്കിലും മഞ്ഞളിപ്പ് മാറും.

ചാണകക്കുഴിയിൽ പെരുമരത്തിന്റെ ഇല വെട്ടിയിട്ടാൽ ചെല്ലിയുടെ പുഴു വളരുന്നത് തടയാം.

തെങ്ങ് പരിചരണം

തെങ്ങിന്റെ വെള്ളയ്ക്കാ പൊഴിച്ചിലിന് ഗോമൂത്രം പത്തിരട്ടി വെള്ളത്തിൽ നേർപ്പിച്ച് തെങ്ങിൻ തടത്തിൽ ഒഴിക്കുക
കൊന്പൻ ചെല്ലി, ചുവന്ന ചെല്ലി ഇവയെ നിയന്ത്രിക്കുവാൻ 25-40 ഗ്രാം ഫുറഡാൻ തെങ്ങിന്റെ കൂന്പിലിടുക.

പുര മേയുന്ന ഓലയിൽ കശുവണ്ടിക്കറ പുരട്ടിയാൽ ഓലയുടെ ആയുസ്സ് മൂന്നിരട്ടി വർദ്ധിക്കും.

തെങ്ങിൻ തൈകളിലുണ്ടാകുന്ന വെള്ള നിറത്തിലുള്ള കീടങ്ങളെ ചുരണ്ടിക്കളഞ്ഞ്, അവിടെ ചാരവും ഉപ്പും പൊടിയും ചേർത്ത് പുരട്ടുക. പിന്നെ ആക്രമണം ഉണ്ടാവുകയില്ല.

കുളങ്ങളിലെ അടിച്ചേറ് വേനൽക്കാലത്ത് കോരി തെങ്ങിനിടുക. ഇത് തെങ്ങിന് പറ്റിയ ജൈവ വളമാണ്.

ചുവന്ന ഉള്ളിയും കാരവും കൂടി അരച്ച് കൂന്പിൽ പുരട്ടിയാൽ തുടക്കത്തിൽത്തന്നെ കാറ്റുവീഴ്ചയെ നിയന്ത്രിക്കാം.

തെങ്ങിന്റെ മണ്ട നന്നായി തെളിച്ച് വൃത്തിയാക്കി ഉപ്പും, തുരിശും, ചാരവും കൂട്ടിയിളക്കി മണ്ടയിൽ തൂകുക. കാറ്റു വീഴ്ചയെ പ്രതിരോധിക്കാനാകും.

കാറ്റു വീഴ്ച തടയാൻ അഞ്ചുകിലോ കറിയുപ്പും, അഞ്ചുകിലോ ഉള്ളിയും (മാർക്കറ്റിൽ പുറന്തള്ളുന്നത്) ചേർത്ത് തടങ്ങളിൽ ഇടുക.

കൃത്യമായി തെങ്ങിന്റെ മണ്ട വൃത്തിയാക്കിക്കൊണ്ടിരിക്കുക. കീട നിയന്ത്രണത്തിന് ഇത് വളരെ പ്രയോജനപ്രദമാണ്.

തെങ്ങിന്റെ കവിളിൽ കായം ഇടുക. ചെന്പൻ ചെല്ലിയുടെ ഉപദ്രവം മാറും.

ചകിരിച്ചോറ് സസ്യലതാദികൾ വളർത്താനുള്ള മികച്ച ഒരു മാധ്യമം ആണ്.

ചെന്നിരൊലിപ്പ് ഉള്ള ഭാഗങ്ങളിൽ ടാർ പുരട്ടുക. രോഗം നിയന്ത്രണ വിധേയമാകും.

തെങ്ങിന്റെ മണ്ടയിൽ വേപ്പിൻ പിണ്ണാക്ക് ഇട്ടാൽ ചെല്ലി, ചുണ്ടൻ എന്നിവയുടെ ആക്രമണത്തിൽ നിന്ന് തെങ്ങിനെ രക്ഷിക്കാം. മഴക്കാലത്താണ് ഇത് ചെയ്യേണ്ടത്. കാലവർഷം വരുന്പോൾ വേപ്പിൻ പിണ്ണാക്ക് അലിഞ്ഞ് ഒലിച്ചിറങ്ങി തെങ്ങിൻ ചുവട്ടിലെത്തുന്നു. അത് വളമായും പ്രയോജനപ്പെടുന്നു.

തെങ്ങിൻ തോപ്പുകളിലും മറ്റു വൃക്ഷത്തോട്ടങ്ങളിലും ഉല്പാദനം കൂട്ടാൻ ഇടയ്ക്ക് കരിയില കൂട്ടി തീയിടുന്നത് നല്ലതാണ്. തീയിടുന്നതുകൊണ്ട് കാർബൺ ഡയോക്സൈഡ് ഉല്പാദിപ്പിക്കപ്പെടുകയും പ്രകാശ സംശ്ലേഷണം വർദ്ധിക്കുകയും ചെയ്യുമെന്നുള്ളതിനാൽ ഉൽപാദനം കൂടുന്നു.

മൺസൂണിനു മുന്പും , അതിനു ശേഷവും തെങ്ങിന്റെ കൂന്പിൽ ബോർഡോമിശ്രിതം ഒഴിച്ചാൽ കൂന്പു ചീയൽ ഉണ്ടാവുകയില്ല. ഓല കരിച്ചിൽ തടയാൻ ഇത് ഉത്തമമാണ്.

തെങ്ങിൻ തോട്ടത്തിൽ ആവണക്കിൻ പിണ്ണാക്ക് വെള്ളത്തിൽ കലക്കി തെങ്ങിന്റെ കൂന്പിൽ പാത്രത്തിലാക്കി തുറന്നു വയ്ക്കുക. കൊന്പൻ ചെല്ലി ആകർഷിക്കപ്പെട്ട് അവിടെയെത്തി. ആ മിശ്രിതത്തിൽ ചാടി ചത്തുകൊള്ളും.

തെങ്ങിന്റെ മടൽ തടിയോടു ചേർത്തുവെട്ടിയാൽ ചെന്പൻചെല്ലി പെരുകാൻ ഇടയാകും. മടൽ വെട്ടുന്പോൾ അല്പം നീട്ടിനിർത്തിയിട്ട് വെട്ടുക.

തെങ്ങിന്റെ പാഴ്തടിയോ മടലോ നെടുകെ കീറി കള്ളു പുരട്ടി തെങ്ങിൽ തൊട്ടത്തിൽ ഒന്നു രണ്ടു സ്ഥലത്തായി വയ്ക്കുക. അതിൽ ചെന്പൻ ചെല്ലികൾ പറന്നെത്തിക്കൊള്ളും. പിടികൂടി നശിപ്പിക്കാം.

തെങ്ങിൻ തോട്ടത്തിൽ ചപ്പുചവറുകൾ കൂനകൂട്ടി രാത്രിയിൽ കത്തിക്കുക. കീടങ്ങൾ പറന്നെത്തി തീയിൽ വീണ് ചത്തുകൊളളും.

തെങ്ങിന്റെയും കമുകിന്റെയും കൂന്പു ചീയലിന് മണ്ട ചെത്തി വൃത്തിയാക്കി ഉപ്പും ചാരവും കൂട്ടിക്കലർത്തി ഒഴിക്കുക.

തൈതെങ്ങുകളിലാണ് കൊന്പൻ ചെല്ലിയുടെ ഉപദ്രവം കൂടുതലായി ഉണ്ടാകുന്നത്. ശ്രദ്ധിക്കുക.

കേടുവന്ന തെങ്ങിന്റെ ചുവട്ടിൽ നിന്നും ആറടി ചുറ്റളവിലും ഒരടി താഴ്ചയിലും മണ്ണു മാറ്റി പുതുമണ്ണ് ഇട്ടു കൊടുത്താൽ കേടു മാറും.

മൂത്ത തേങ്ങ ഉണ്ടാകാൻ വേണ്ട പോഷകാംശങ്ങളുടെ 20% കുറവു മതി കരിക്കിന്. അതിനാൽ കരിക്കിടുന്ന തെങ്ങുകളുടെ ഉല്പാദന ക്ഷമത 15% കൂടുന്നു.

തെങ്ങിന് കറിയുപ്പ് ഇടുന്നതുമൂലം മണ്ണിൽ നിന്നും കൂടുതൽ പൊട്ടാഷ് ലഭ്യമാകാനിടയാകുന്നു.

തെങ്ങിൻ തോപ്പിൽ തേനിച്ച വളർത്തിയാൽ അത് പരാഗണത്തെ സഹായിക്കും. മെച്ചപ്പെട്ട വിളവും ലഭിക്കും.

തെങ്ങിന് ആവശ്യമായ പൊട്ടാഷ് 50-75% കുറച്ച്, പകരം കറിയുപ്പ് കൊടുത്താൽ വിളവ് വർദ്ധിക്കും. ഉല്പാദനച്ചെലവ് ഗണ്യമായി കുറയും.

തെങ്ങിന് കറിയുപ്പ് വളമായി ചേർക്കുന്നതുകൊണ്ട് മണ്ണിന്റെ ഘടന ലഘൂകരിച്ച് വേരോട്ടം വർദ്ധിപ്പിക്കുന്നു.

മൺകുടത്തിൽ വെള്ളം നിറച്ചതിനു ശേഷം, തീരെ ചെറിയ ദ്വാരമിട്ട് തെങ്ങിൻ ചുവട്ടിൽ കുഴിച്ചിടുക. ചെലവു കുറഞ്ഞതും അത്യന്തം കാര്യക്ഷമവുമായ ഒരു തരം കണിക ജലസേചനമാണ് ഇത്.

വേപ്പിൻ പിണ്ണാക്ക് വളമായി ഉപയോഗിച്ചാൽ ചെന്നീരൊലിപ്പും തഞ്ചാവൂർ വിൽറ്റും തടയാം.

തുടർച്ചയായി പേടു കായ്ക്കുന്ന തെങ്ങിന്റെ തടിയിൽ തുടർച്ചയായി തൊണ്ടുകൾ കൊണ്ട് പൊതിഞ്ഞു കെട്ടുക. പേടു കായ്ക്കുന്ന സ്വഭാവം മാറും.

കുമ്മായവും ഉപ്പും ചേർന്ന മിശ്രിതം ഇടയ്ക്കിടെ തെങ്ങിൻ ചുവട്ടിലിട്ടു കൊടുക്കുക. പേട്ടു തേങ്ങാ ഉണ്ടാകുന്നത് നിയന്ത്രിക്കാം

തെങ്ങിൻ തൈ നടുന്പോൾ-

തെങ്ങിൻ തൈ മുളപ്പിക്കുവാനുള്ള വാരത്തിൽ ഒപ്പം മുളകിൻ തൈ കൂടെ നടുക. കളശല്യം ഒഴിവായി കിട്ടും. മുളകും കിട്ടും.

തെങ്ങിൻ തൈ നടുന്ന കുഴിയിൽ രണ്ടോ മൂന്നോ കാട്ടുകൂവ കൂടി നട്ടാൽ ചിതൽ ആക്രമണം ഒഴിവാക്കാം.

തെങ്ങിന്റെ സൂചിതൈകൾ നട്ടാൽ വേഗത്തിൽ അവ വേരു പിടിക്കും.

തെങ്ങിൻ തൈ നടുന്പോൾ 100 ഗ്രാം ഉലുവാ ചതച്ച് കുഴിയിൽ ഇടുക. ചിതൽ ആക്രമണം ഒഴിവാക്കാം.

ചവപ്പു രാശിയോടുകൂടിയ തേങ്ങകൾ കായിക്കുന്ന തെങ്ങുകൾ കൂടുതൽ ഉല്പാദന ക്ഷമത പ്രകടമാക്കുന്നു. അതിനാൽ അപ്രകാരമുള്ളവയിൽ നിന്നും വിത്തു തേങ്ങ എടുക്കുന്നത് നന്നായിരിക്കും.

തെങ്ങിൻ തൈ നടുന്പോൾ നടുന്ന കുഴിയിൽ ഒരു മഞ്ഞൾ കൂടി നട്ടാൽ ചിതലിന്റെയും പുഴുക്കളുടെയും ഉപദ്രവം കുറയും.

തെങ്ങിൻ തൈകളുടെ കടയ്ക്കലും ഓലപ്പട്ടയിലും കശുവണ്ടി എണ്ണ പുരട്ടിയാൽ ചിതലാക്രമണത്തിൽ നിന്നും മുക്തിനേടാം.

തെങ്ങിൻ തടത്തിൽ കരിങ്ങോട്ട ഇല, കാഞ്ഞിരം ഇല ഇവ പച്ചിലവളമായി ചേർത്താൽ ചിതലിന്റെ ഉപദ്രവം ഉണ്ടാവുകയില്ല.

കടുപ്പമുള്ള വെട്ടുകൽ പ്രദേശത്ത് തെങ്ങിൻ തൈകൾ നടുന്പോൾ കുഴിയുടെ അടി ഭാഗത്ത് അരക്കിലോ ഉപ്പ് ചേർക്കുക.

തെങ്ങിൻ തൈ നടുന്ന കുഴിയിൽ ഒരു കൂവക്കിഴങ്ങു കൂടി നടുക.വേരുതീനിപ്പുഴുക്കൾ ആക്രമിക്കുകയില്ല.

തെങ്ങിൻ തൈ കുഴിച്ചു വയ്ക്കുന്നതിനുള്ള തടത്തിൽ ഉണങ്ങിയതോ പച്ചയോ ആയ തൊണ്ട് മലർത്തി അടുക്കിയ ശേഷം മീതേ തൈ നടുക. തെങ്ങിൻ തൈക്ക് വേനൽക്കാലത്ത് ഉണക്കു തട്ടുകയില്ല.

തെങ്ങിൻ തോപ്പിൽ വാഴനട്ടാൽ വാട്ടരോഗം കുറയും.
തെങ്ങിൻ തൈകൾ നടുന്പോൾ തെക്കു വടക്ക് ദിശയിലായിരിക്കുവാൻ ശ്രദ്ധിക്കുക. എങ്കിൽ മാത്രമേ പരമാവധി സൂര്യപ്രകാശം ഓരോ തെങ്ങിനും ലഭിക്കുകയുള്ളു.

വിത്തുതേങ്ങ പാകുന്പോൾ

ഒരേ സമയം പാകിയ തേങ്ങയിൽ ആദ്യമാദ്യം മുളച്ചുവരുന്ന തൈകൾക്ക് ഉല്പാദന ക്ഷമത കൂടുതലായിരിക്കും.

വെള്ളത്തിലിട്ടാൽ ഞെട്ടുഭാഗം മുകളിലായി പൊങ്ങിക്കിടക്കുന്ന തേങ്ങ പാകുന്നപക്ഷം വേഗം മുളച്ചു വരുന്നതാണ്.

വിത്തുതേങ്ങ പാകുന്നത് ഇടത്തരം പൂച്ചട്ടിയിലായാൽ കേടുകൂടാതെ മാറ്റി നടാൻ സാധിക്കും.

നേഴ്സറികളിൽ പാകുന്നതിന് മുന്പ് അറുപതു ദിവസമെങ്കിലും വിത്തു തേങ്ങ തണലിൽ സൂക്ഷിക്കണം.

വിത്തു തേങ്ങയുടെ ചുവട് ഉരുണ്ടിരിക്കുന്നതായാൽ തൈ നല്ല വണ്ണത്തിൽ വളരും. തേങ്ങയിൽ കൂടുതൽ കാന്പ് ഉണ്ടായിരിക്കുകയും ചെയ്യും.

വിത്തുതേങ്ങ ഒരാഴ്ചയോളം വെള്ളത്തിൽ കുതിർത്തതിനുശേഷം പാകിയാൽ വേഗത്തിൽ മുളച്ചുവരും.

വിത്തുതേങ്ങയുടെ കണ്ണുഭാഗത്തുനിന്നും ചകിരി പകുതി ചെത്തിക്കളഞ്ഞാൽ തൈ വേഗത്തിൽ മുളയ്ക്കും. മുളച്ച തൈകൾ നല്ല കരുത്തോടെ വളരുകയും ചെയ്യും.

തെങ്ങിന്റെ വടക്കുഭാഗത്തുളള കുലയിലെ തേങ്ങാ പാകി ലഭിക്കുന്ന തൈകളുടെ ഉല്പാദനക്ഷമത കൂടിയിരിക്കും.

അഞ്ചുമാസം വരെ മുളയ്ക്കുന്ന വിത്തുതേങ്ങകളുടെ തൈകൾ ഉപയോഗിക്കാവുന്നതാണ്.

ആദ്യമാദ്യം മുളച്ചുകിട്ടുന്ന 65% വരെ തൈകൾ നല്ല കരുത്തുള്ളതും മെച്ചപ്പെട്ട കായ് ഫലം തരുന്നതുമായിരിക്കും.

വിത്തുതേങ്ങ രണ്ടാഴ്ചത്തേക്ക് തലകീഴായി പാകുക. തേങ്ങാവെള്ളം കണ്ണിനടുത്തായി കെട്ടിനില്ക്കുന്നതുമൂലം നല്ല കരുത്തോടെ നാന്പ് മുളയെടുക്കും. രണ്ടാഴ്ചക്കുശേഷം തിരിച്ചു പാകുക.

ഏതാണ്ട് 150 നാളികേരം സ്ഥിരമായി കിട്ടുന്ന തെങ്ങിലെ ഇടത്തരം വലിപ്പമുള്ള തേങ്ങ വിത്തുതേങ്ങയാക്കുക.

ജനുവരി മാസം മുതൽ മെയ്മാസം വരെയുള്ള കാലമാണ് വിത്തു തേങ്ങ ശേഖരിക്കാൻ ഏറ്റവും പറ്റിയത്.

തേങ്ങ പാകുന്പോൾ മുകൾ ഭാഗം ഒരിഞ്ചു കണ്ട് വെളിയിൽ നിൽക്കണം.

സങ്കരയിനം തെങ്ങുകൾ ഒരിക്കലും മാതൃവൃക്ഷമായി എടുക്കരുത്. അവയുടെ തേങ്ങകൾ ശരിയായ അർത്ഥത്തിൽ വിത്തു തേങ്ങകളല്ല.

രോഗബാധയില്ലാത്തതും, എല്ലാ വർഷവും കായിക്കുന്നതും, മദ്ധ്യപ്രായമുള്ളതും, ലക്ഷണമൊത്തതുമായ നാടൻ തെങ്ങിന്റെ വിത്തു നടാനുപയോഗിച്ചാൽ ഒരു രോഗവും തെങ്ങിന് പിടിപെടുകയില്ല.

പോളിബാഗുകളിൽ വിത്തു തേങ്ങ പാകിയാൽ വേഗം മുളയ്ക്കും. കരുത്തുറ്റ തൈകൾ ലഭിക്കും. സ്ഥിരം സ്ഥലത്തേക്കു മാറ്റി നടുന്പോൾ വേഗം വളരുകയും ചെയ്യും

ചട്ടിയിലും ഗ്രോ ബാഗിലും മണ്ണ് നിറക്കുന്പോള്‍

ചട്ടിയിലും ഗ്രോ ബാഗിലും പോട്ടിങ് മിക്ചർ  നിറക്കുന്പോള്‍ ഏറ്റവും അടിയില്‍ ഒരിഞ്ച് മണ്ണ് നിറച്ചതിനു ശേഷം വളരെ ചെറുതാക്കിയ  ഓടിന്റെ പൊട്ടിയ കഷ്ണങ്ങള്‍ ഗ്രോ ബാഗിന്റെ നടുവിലായി(സൈഡിൽ ഇട്ടാൽ ഗ്രോബാഗ്‌ കേടാവും- ശ്രദ്ധിക്കണം ) ഇട്ടുകൊടുക്കുന്നതു വെള്ളം വാര്‍ന്നു പോകാന്‍ സഹായിക്കും ,കല്ലും കട്ടയും കളഞ്ഞ് രണ്ടുമൂന്നു ദിവസം  വെയിലത്തിട്ടു നന്നായി ചൂട് കൊള്ളിച്ച മണ്ണിന്റെ കൂടെ  തുല്യ അളവിൽ  ചാണകപൊടി മിക്സ് ചെയ്യുക .ചാണക പൊടി കിട്ടിയില്ലെങ്കില്‍ മണ്ണിര കന്പോസ്റ്റ് ഉപയോഗിക്കുക.

പോട്ടിംഗ് മിശ്രിതത്തിന്റെ കൂടെ പച്ച ചാണകം ഇടരുത് . ചാരം ഇടാത്തതാണ് നല്ലത്. മണ്ണിൽ നിന്നുമുള്ള  തണ്ട് തുരപ്പൻ പോലുള്ള കീടങ്ങളെ അകറ്റാൻ  അല്പം ചേർക്കാം കൂടരുത് , ചാരമിട്ടാൽ മണ്ണിന്റെ പുളിപ്പ് കൂടും അത് ചെടികൾക്ക്  അത്ര നല്ലതല്ല .കരിയിലകൾ കൂട്ടിയിട്ടു കത്തിച്ച ചാരം ചേർക്കാം  ഇത്  ചെടികൾക്ക് ആവശ്യമായ പൊട്ടാഷ് നെൽകും. വേരോട്ടം ലഭിക്കാൻ  മണല്‍ മിക്സ് ചെയ്യുന്നത്  നല്ലതാണ് , നിർബന്ധമില്ല .ടെറസ്സില്‍ കൃഷി ചെയ്യുന്നവര്‍ മണ്ണിന്റെ കൂടെ ചകിരി ചോര്‍ മിക്സ് ചെയ്യുന്നത് മണ്ണിന്റെ ഈര്‍പ്പം നില നിര്‍ത്താനും ചട്ടിയുടെ ഭാരം  കുറയ്ക്കാനും സഹായിക്കും .

കരിയില (ഉണക്കയില) കിട്ടുമെങ്കിൽ  ഇട്ടു കൊടുക്കുക . നമ്മുടെ വീട്ടില്‍ ഇരിക്കുന്ന തൊണ്ടോ ചകിരിയോ ഇടരുത് ഉപ്പിന്റെ അംശം കാണും  അതിനു പുളിപ്പ് കൂടുതല്‍ ആവും പ്രോസസ്  ചെയ്തെ ചകിരി ചോര്‍ മേടിക്കാന്‍ കിട്ടും. ചകിരി ചോര്‍ മിക്സ് ചെയ്യുന്നതിന് മുന്‍പേ വെള്ളത്തില്‍ ഇട്ടു കുതിര്‍ക്കുക അപ്പോള്‍ ഒരു കിലോ ചകിരി ചോര്‍ അഞ്ചു കിലോ ആവും. ചാണക പൊടി, മണ്ണ്, ചകിരിചോര്‍ എന്നിവ ഒരേ അനുപാതത്തില്‍ എടുത്ത് ഒരു പിടി കുമ്മായവും ചേർത്ത് മിക്സ്‌ ചെയ്യുക. കുമ്മായം ചേർക്കുന്നത് മണ്ണിന്റെ അമ്ലത്വം ക്രമീകരിക്കും ചെടികൾക്ക് വേണ്ട കാത്സ്യത്തിന്റെ കുറവ് പരിഹരിക്കും. കുമ്മായം ഇല്ലെങ്കിൽ  മുട്ടത്തോട് നന്നായി പൊടിച്ച്  ഇട്ടു കൊടുക്കാം.

ചട്ടിയില്‍ ആദ്യം കാൽ ഭാഗം ഈ മിക്സ് നിറ ച്ച്ബാക്കിയുള്ള മിശ്രിതത്തിൽ 50 ഗ്രാം കടലപ്പിണ്ണാക്ക് 50 ഗ്രാം വേപ്പിന്‍ പ്പിണ്ണാക്ക് 50 ഗ്രാം എല്ലുപൊടി മിക്സ് ചെയ്ത് ഗ്രോ ബാഗിന്റെ പകുതി വരെ നിറക്കുക, ഒരിക്കലും ഗ്രോബാഗ്‌ മുഴുവനായി മണ്ണ് (പോട്ടിംഗ് മിശ്രിതം) നിറക്കരുത് ,എപ്പോയും ഗ്രോബാഗിന്റെ പകുതിയെ നിറക്കാൻ പാടുള്ളൂ ,പിന്നീട് ചെടി വളരുന്നതിന് അനുസരിച് ജൈവവളവും മണ്ണും മിക്സ് ചെയ്ത് ഇട്ടുകൊടുക്കാം ,മണ്ണ് ഒരുക്കുന്പോൾ  സ്യൂഡോമോണസ്, ട്രൈക്കോഡെർമ എന്നീ ജീവാണുക്കൾ ചേർക്കണം. (രണ്ടും വളംവിൽക്കുന്ന കടകളിൽനിന്നു ലഭിക്കും). കുമിൾരോഗങ്ങൾക്കെതിരെ ഫലപ്രദമായ ജീവാണുവാണ് സ്യൂഡോമോണാസ്. കുമിൾരോഗത്തിനുംനിമാവിരകളുടെ ആക്രമണംതടയാനും ട്രൈക്കോഡെർമ ഫലവത്താണ്.വേപ്പിൻപിണ്ണാക്ക് ചേർക്കുന്നതും നിമാവിരശല്യം ഇല്ലാതാക്കാൻ ഉത്തമമാണ്.ഗ്രോബാഗിൽ  മിശ്രിതം നിറച്ച്  നനച്ച്  കൊടുക്കുക ,  രണ്ടു മൂന്നു ദിവസത്തിനു  ശേഷമേ തൈകൾ മാറ്റി നടാവൂ, രാസവളം ഒരിക്കലും ചേർക്കരുത് , നേരത്തെ നഴ്സറികളിൽ തയ്യാറാക്കിയ വേര് പിടിപ്പിച്ച  തൈകൾ നാലില പ്രറായമാകുന്പോൾ ഗ്രോ ബാഗിലേക്ക് മാറ്റി നടാം,തൈകൾ ഗ്രോബാഗിൽ നട്ടതിനു ശേഷം രണ്ടു ദിവസം തണലിൽ വെച്ചതിനു ശേഷം  വെയിൽ ലഭിക്കുനിടത്തേക്ക് മാറ്റി വെക്കാം, ആവശ്യത്തിനു മാത്രം വെള്ളം ഒഴിച്ച് കൊടുക്കുക ,ഗ്രോ ബാഗിന്റെ മുകൾഭാഗം ഒരിഞ്ചു പുറത്തേക്ക് മടക്കി വെക്കുന്നത് വളർന്നു വരുന്ന തൈകൾക്ക് സൂര്യപ്രകാശം ലഭിക്കാൻ സഹായിക്കും . പൂവിടാൻ സമയമാകുന്പോൾ ജീവാമൃതം /ഫിഷ്‌ അമിനോ ആസിഡ് അല്ലെങ്കിൽ  കടലപിണ്ണാക്കും വേപ്പിൻ പിണ്ണാക്കും വെള്ളത്തിലിട്ട്  പുളിപ്പിച്ച് അതിന്റെ തെളി 10 ഇരട്ടി വെള്ളം ചേർത്ത്  നേർപിച്ഛത് ആഴ്ചയിൽ ഒരിക്കൽ നൽകാം .  ഒരു  ബാഗിൽ ഒരു ചെടി മാത്രമാണ് നല്ലത് വലിയ ബാഗ്‌ ആണെങ്കിൽ പടർന്നു പിടിക്കുന്നവ രണ്ടെണ്ണം നടാം , ഇടയ്ക്കു അല്പം സ്യൂഡോമോണസ്  കലക്കി  ഒഴിക്കുന്നത് നല്ലതാണ്.

ചിപ്പിക്കൂണും പാൽക്കൂണും- കൂൺ കൃഷി

കേരളത്തിലെ കാലാവസ്ഥയിൽ അനുയോജ്യമായി കൃഷി ചെയ്തെടുക്കാവുന്ന കൂണുകളാണ് ചിപ്പിക്കൂണും പാൽക്കൂണും. 20-30 ഡിഗ്രി സെൽഷ്യസ് അന്തരീക്ഷ ഊഷ്മാവിൽ ചിപ്പിക്കൂണ്‍ മികച്ച വിളവ് തരുന്നു. എന്നാൽ പാൽക്കൂണാകട്ടെ 25-35 ഡിഗ്രി സെൽഷ്യസ് അന്തരീക്ഷ ഊഷ്മാവിൽ – ജനുവരി മുതൽ മെയ് കാലഘട്ടത്തിലും- വളരെ ആദായകരമായി കൃഷി ചെയ്യാം.

തൂവെള്ള നിറത്തിൽ കുടയുടെ ആകൃതിയിൽ കാണപ്പെടുന്ന പാല്ക്കൂണിന് 200 മുതല് 250 രൂപവരെ വിലയുണ്ട്. മാര്ക്കറ്റിൽ കവറുകളിലും മറ്റും ലഭ്യമായ ഇവ മനസ്സുവച്ചാൽ നമുക്കും ആവശ്യാനുസരണം വീട്ടിൽ ഉത്പാദിപ്പിക്കാവുന്നതേ ഉള്ളൂ. ഒരു കവർ കൂണ്‍വിത്ത് ഉപയോഗിച്ച് ഒന്ന്-ഒന്നര കിലോഗ്രാം പാല്കൂണ് ഉണ്ടാക്കാം.

പാല്ക്കൂണ്‍ കൃഷിക്ക് ആവശ്യമുള്ള സാധനങ്ങൾ

കച്ചിത്തിരി – 1 തിരി

കൂണ്‍ വിത്ത് – 1 കവർ

പോളിത്തീൻ കവർ – 2 എണ്ണം

മാധ്യമം തയ്യാറാക്കൽ

ഹരിതകരഹിതമായ കൂണുകൾ മറ്റു വിളകളുടെ /സസ്യങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്നാണ് ആഹാരം വലിച്ചെടുക്കുന്നത്. കൂണ് വളര്തുവാൻ ഉപയോഗിക്കുന്ന സസ്യാവശിഷ്ടങ്ങളാണ് മാധ്യമം എന്ന് പറയുന്നത്. വൃത്തിയുള്ളതും അധികം പഴകാത്തതും നന്നായി ഉണങ്ങിയതുമായ വൈക്കോലാണ് പാല്ക്കൂണ് കൃഷിക്ക് ഏറ്റവും അനുയോജ്യമായ മാധ്യമം.

വൈക്കോൽ 8-10 സെ. മീ. നീളമുള്ള കഷ്ണങ്ങളാക്കുക

12-14 മണിക്കൂറോളം ശുദ്ധജലത്തിൽ കുതിരാനിടുക

വെള്ളം വാർത്ത് കളയുക

അര-മുക്കാൽ മണിക്കുറോളം വൈക്കോൽ ആവി കയറ്റുക.

തണുത്തതും പിഴിഞ്ഞാൽ വെള്ളം തുള്ളിയായി വീഴാത്തവിധം തോർന്നതുമായ വൈക്കോലാണ് കൂണ്‍ കൃഷിചെയ്യുവാൻ ഉപയോഗിക്കുന്നത്.

തടം തയ്യാറാക്കൽ

40 സെ. മീ നീളവും 30 സെ. മീ വീതിയും 150 ഗേജ് കനവുമുള്ള സുതാര്യമായ പോളീത്തീൻ കവറിലാണ് പാല്ക്കൂണ് കൃഷി ചെയ്യുവാനുള്ള തടം തയ്യാറാക്കുന്നത്. ക്രമമായ വായുപ്രവാഹത്തിനും അധികജലമുണ്െടങ്കിൽ വാർന്നു പോകുന്നതിനുമായി പോളിത്തീൻ സഞ്ചിയുടെ അടിഭാഗത്തും മറ്റു ഭാഗങ്ങളിലും 10-15 ചെറിയ സുഷിരങ്ങൾ ഇട്ടു കൊടുക്കണം. കവറിന്റെ അടിഭാഗം പരന്നിരിക്കാൻ കയർ /റബർ ബാന്ഡിട്ട് കെട്ടണം.

കൂണ്തടം ഒരുക്കുന്ന ആൾ ഒരു ശതമാനം വീര്യമുള്ള ഡെറ്റോൾ ലായനി ഉപയോഗിച്ച് കൈകൾ വൃത്തിയായി തുടയ്ക്കണം. പോളിത്തീൻ കവറിന്റെ അടിഭാഗത്ത് 2 ഇഞ്ച്‌ കനത്തിൽ അണുവിമുക്തമാക്കിയ വൈക്കോൽ വായു അറകൾ രൂപപ്പെടാത്ത രീതിയിൽ അമർത്തി നിറയ്ക്കണം. അതിനു മുകളിലായി എല്ലാ ഭാഗത്തും വീഴത്തക്കവിധം ഒരു പിടി കൂണ്‍ വിത്ത് വിതറുക. വീണ്ടും ഒരടുക്ക് വൈക്കോൽനിരത്തിയതിനുശേഷം കൂണ്‍ വിത്ത് വിതറുക. ഇപ്രകാരം രണ്േടാ മൂന്നോ അടുക്ക് വൈക്കോലും കൂണ്‍ വിത്തും നിരത്തിയശേഷം പോളിത്തീൻ സഞ്ചി അമർത്തി കെട്ടി വയ്ക്കണം.

പരിചരണം

കൂണ്തടങ്ങൾ വായുസഞ്ചാരമുള്ള ഒരു ഇരുട്ടുമുറിയിലാണ് സൂക്ഷിക്കേണ്ടത്. അവിടെ അവ വൃത്തിയുള്ള രണ്ട് ഇഷ്ടികയുടെ പുറത്തുവയ്ക്കുന്നതാണ് ഉചിതം. കൂണിന്റെ കായികവളര്ച്ച പൂർത്തിയാകുവാൻ – അതായത് വെള്ളതന്തുകൾ പൂപ്പൽ പോലെ തടത്തിനുള്ളിലെ വൈക്കോലിനെ മൂടി കാണപ്പെടാൻ- ഏകദേശം 20-22 ദിവസത്തെ സമയം എടുക്കുന്നു. തുടർന്നു കൂണ്‍ തടം തുറന്ന് ഒരിഞ്ച് വിട്ട് വൃത്താകൃതിയിൽ പോളീത്തീന് സഞ്ചിയുടെ മുകൾ ഭാഗം ചുരുട്ടി വയ്ക്കുക.

കൂണ്‍ തടത്തിന്റെ മുകൾഭാഗത്താണ് ‘പുതയിടീൽ’ അഥവാ ‘കേസിംഗ്’ നടത്തുന്നത്. മുക്കാലിഞ്ച് കനത്തിൽ മാത്രമേ പുതയിടുവാൻ പാടുള്ളൂ.

കേസിംഗിന് ഉപയോഗിക്കാവുന്ന വസ്തുക്കൾ

ആറ്റുമണൽ + മണ്ണ് – 1:1 അനുപാതം

ആറ്റുമണൽ+ ചാണകപ്പൊടി – 1:1 അനുപാതം

ചകിരിച്ചോർ കന്പോസ്റ് + ചാണകപ്പൊടി – 1:1/3:1 അനുപാതം

മണ്ണിരക്കന്പോസ്റ് + മണൽ – 1:1 അനുപാതം

മേല്പറഞ്ഞിരിക്കുന്ന ഏതെങ്കിലുമൊരു മിശ്രിതം നനച്ച് പോളി പ്രൊപ്പലീന് കവറുകളിൽ നിറച്ച് ആവിയിൽ അര-മുക്കാൽ മണിക്കൂറോളം പുഴുങ്ങി എടുക്കുകയോ ഒരു മണിക്കൂറോളം ചട്ടിയിൽ വറത്തെടുക്കുകയോ ചെയ്ത് അണുനശീകരണം നടത്തേണ്ടതാണ്.

പുതയിടീൽ

അണുവിമുക്തമാക്കിയ മിശ്രിതം നന്നായി തണുത്തശേഷം മുക്കാലിഞ്ച് കനത്തിൽ കൂണ്‍ തടം മുകളിൽ തുറന്ന് കവർ ചുരുട്ടിവെച്ചതിനുശേഷം നിരത്തണം.കേസിംഗ് മിശ്രിതം/പുതയിട്ട ഭാഗം ആവശ്യത്തിന് വെള്ളം തളിച്ച് ഈര്പ്പം നിലനിര്ത്ണം. (പുട്ടുപൊടി പരുവത്തിന് നനവ്). വെള്ളം കെട്ടി നില്ക്കാന് പാടില്ല.

പുതയിടീലിനുശേഷം കൂണ്‍ വളര്തുന്ന മുറിയിൽ നല്ല വായുസഞ്ചാരവും 80 ശതമാനം അന്തരീക്ഷ ഈര്പ്പവും ആവശ്യമാണ്. പുതയിട്ട ഭാഗത്തുനിന്നും 8-10 ദിവസങ്ങൾക്ക് ഉള്ളിൽ പാല്ക്കൂണിന്റെ ചെറുമുകുളങ്ങൾ പൊട്ടി വരും. ഒരാഴ്ചക്കുള്ളിൽ അവയിൽ മൂന്നോ-നാലോ എണ്ണം വളര്ന്ന് വിളവെടുക്കാന് പാകമാകും. പുതയിട്ട ഭാഗത്തുനിന്നും മുകളിലോട്ടാണ് പാല്കൂണ്‍ മുളച്ചുവരുന്നത്.

വിളവെടുപ്പ്

കൃഷി തുടങ്ങി 30-35 ദിവസങ്ങള്ക്കുള്ളിൽ ആദ്യ വിളവെടുപ്പ് നടത്താം. പാകമായ കൂണുകള് തണ്ടിന്റെ അടിഭാഗത്ത് പിടിച്ച് തിരിച്ച് വലിച്ച് ബെഡ്ഡില് നിന്നും വേര്പെടുത്താവുന്നതാണ്. ആദ്യ വിളവെടുപ്പിനുശേഷം വീണ്ടും പുതയിട്ട ഭാഗം നനച്ചു കൊടുക്കണം. നനയ്ക്കുമ്പോൾ പുതയിട്ട ഭാഗം തറഞ്ഞു പോകാതെ പ്രത്യേകം ശ്രദ്ധിക്കണം. 8-10 ദിവസത്തിനുള്ളില് 2-ാം മത്തെ വിളവെടുപ്പും തുടര്ന്ന് ഇതേ ഇടവേളയ്ക്കുശേഷം 3-ാംമത്തെ വിളവെടുപ്പും നടത്താം. ആകെ 55-60 ദിവസങ്ങള്കൊണ്ട് ബെഡ്ഡിന്റെ വിളവെടുപ്പ് കാലാവധി തീരും.

വിളവ്

രണ്ട് മാസത്തിനുള്ളില് ഒരു ബെഡ്ഡില് നിന്നും 600-700 ഗ്രാം പാല്ക്കൂണ് ലഭിക്കുന്നു.
പാല്ക്കൂണിന്റെ പ്രത്യേകതകള്

* തൂവെള്ള നിറം

* ദൃഡത

* ഉയര്ന്ന ഉത്പാദനക്ഷമത

* നീണ്ട സൂക്ഷിപ്പുകാലം (4-5 ദിവസം)

* വേനല്ക്കാലത്ത് നല്ല വിളവ്

* കുറഞ്ഞ കീടബാധ

* ഉയര്ന്ന ഔഷധമൂല്യം

പാല്ക്കൂണിന് ഒരു ദുസ്വാദും ഗന്ധവും ഉള്ളതായി ചിലർ പറയാറുണ്ട്. എന്നാൽ ഇത് ഇല്ലാതാക്കുവാനായി കേരള കാര്ഷിക സർവ കലാശാലയിലെ ശാസ്ത്രജ്ഞർ ഒരു എളുപ്പവഴി കണ്െടത്തിയിട്ടുണ്ട്. വെള്ളം തിളപ്പിച്ച് ഒരു ലിറ്ററിന് രണ്ട് ടീസ്പൂണ്‍ എന്ന തോതിൽ ഉപ്പ് ചേര്ക്കുക. വെള്ളം വീണ്ടും ഒരു മിനിട്ട് തിളപ്പിച്ചതിനുശേഷം വാങ്ങി കറിക്കായി അരിഞ്ഞുവെച്ച പാല്ക്കൂണ്‍ കഷണങ്ങൾ ഇട്ട് വെള്ളം നന്നായി തണുക്കുന്നതുവരെ വയ്ക്കുക. തണുത്തതിനുശേഷം ഊറ്റി വീണ്ടും പച്ചവെള്ളം ഒഴിച്ച് കൂണ്‍ കഷണങ്ങൾ നന്നായി കഴുകി ചെറുതായി ഞെക്കി പിഴിഞ്ഞെടുത്ത് പാചകത്തിനായി ഉപയോഗിക്കുക.

പൊടിക്കൈകൾ

  1. കാച്ചില്‍ വള്ളികള്‍ വലത്തോട്ടു ചുറ്റി വിട്ടാ‍ല്‍ മാത്രമേ അവ മുകളിലേക്കു കയറു.
  2. സ്വാദും നൂറും കൂടുതലുള്ളത് വെള്ളക്കാച്ചിലിനാണ്.
  3. പടവലത്തിന്റെ പന്തലിന് രണ്ടു മീറ്ററെങ്കിലും ഉയരം ഉണ്ടായിരിക്കണം.
  4. നെല്ലിക്കായിലെ വിറ്റാമിന്‍ സി ചൂടാക്കിയാലും നഷ്ടപ്പെടുകയില്ല.
  5. വെണ്ടക്കാ പറിച്ചെടുത്ത് ചുവടുഭാഗം മുറിച്ചുമാറ്റി സൂക്ഷിച്ചാല്‍ എളുപ്പം വാടുകയില്ല.
  6. ചേന വെള്ളത്തിലിട്ട് തിളപ്പിച്ച് ഊറ്റിക്കളയുകയാണ് ചേനയുടെ ചൊറിച്ചിലകറ്റാനുള്ള മാര്‍ഗം.
  7. പലതരം കളകള്‍ കരുത്തോടെ വളരുന്നിടത്തെല്ലാം പച്ചക്കറികള്‍ നന്നായി കൃഷി ചെയ്യാം.
  8. തക്കാളി കുത്തനെ വളര്‍ന്നു നില്‍ക്കുന്നതിനേക്കാള്‍ ഉല്‍പ്പാദനം മെച്ചപ്പെടാന്‍ നല്ലത് നിലത്ത് പറ്റിക്കിടക്കുന്നതാണ്. അങ്ങനെയാണെങ്കില്‍ തായ് തടിയില്‍ മുട്ടുകള്‍ തോറും വേരുകളിറങ്ങി ശാഖകള്‍ മേല്‍പ്പോട്ടുയര്‍ന്ന് നല്ല ഫലം തരും.
  9. അണ്ണാന്‍, എലി മുതലായ ജീവികള്‍ കടിക്കാത്ത ഇനം കൂണുകള്‍ ഉപയോഗിക്കാതിരിക്കുക. കാരണം അവ വിഷക്കൂണുകളായിരിക്കും.
  10. കൂണിലെ ജലാംശം മൂന്നു ശതമാനമാക്കി ഉണക്കിയെടുത്ത് സൂക്ഷിച്ചാല്‍ ആറുമാസം വരെ കേടുകൂടാതിരിക്കും.
  11. ചേന പോലെയുള്ള കിഴങ്ങുവര്‍ഗ്ഗങ്ങള്‍ക്ക് ചാരം ചേര്‍ക്കുന്നതുകൊണ്ട് അവയുടെ രുചി വര്‍ദ്ധിക്കുകയും വേഗം വെന്തുകിട്ടുകയും ചെയ്യും.
  12. പയറിലെ മുഞ്ഞയെ നിയന്ത്രിക്കുവാന്‍ പുകയിലക്കഷായം ഫലപ്രദമാണ്.
  13. ചെറുചേന്പിന്റെ വിളവെടുപ്പിന് ഒരു മാസം മുന്പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ചുവച്ച് മണ്ണിടുകയും നനക്കുന്നത് നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ പെട്ടന്ന് വണ്ണിക്കുന്നതാണ്.
  14. നിത്യവഴുതനയുടെ കായ്കള്‍ മൂപ്പെത്തുന്നതിനു മുന്പ് തന്നെ കറിവയ്ക്കുന്നതിനായി പറിച്ചെടുക്കണം.
  15. വഴുതനയുടെ കന്പ് മുറിച്ച് മാറ്റി നട്ട് വേരു പിടിപ്പിക്കാം . നടുന്ന കന്പിന് രണ്ടടിയില്‍ കുറയാതെ നീളം ഉണ്ടായിരിക്കുന്നത് നല്ലതാണ്.
  16. ചേന, ചേന്പ്, കാച്ചില്‍ എന്നിവയാണ് കീടരോഗബാധ ഏറ്റവും കുറഞ്ഞ വിളകള്‍.
  17. കിഴങ്ങു വര്‍ഗ്ഗ വിളകളുടെ വിളവെടുപ്പിനു ശേഷം അവശിഷടങ്ങള്‍ മണ്ണില്‍ തന്നെ ഉഴുതു ചേര്‍ക്കുക. മണ്ണിന്റെ വളക്കൂറ് നിലനിര്‍ത്താം.
  18. ഗത്യന്തരമില്ലാതെ വന്നാല്‍ ചീരക്ക് വിഷവീര്യം കുറവായ മാലത്തിയോണ്‍ സ്പ്രേ ചെയ്യാം.
  19. മണ്ണിരകളെ കഴുകിക്കിട്ടുന്ന വെള്ളം ചെടികള്‍ക്ക് വളമായും കീടനാശിനിയായും ഉപയോഗിക്കാം.
  20. മുളക് കൃഷിക്ക് ചാരം ഒരിക്കലും ഉപയോഗിക്കരുത്. കൂന്പ് മുരടിക്കും ഇല ചുരുളും.
  1. വിത്തുകളുടെ അങ്കുരണ ശേഷി വര്‍ദ്ധിപ്പിക്കാന്‍ വിത്ത് ഒരു ദിവസം പാലില്‍ മുക്കി വച്ചശേഷം നടുക . പയര്‍, പാവല്‍, തണ്ണിമത്തന്‍ ഇവയ്ക്കെല്ലാം ഈ രീതി നല്ലതാണ്.
  2. ചെറുചേന്പിന്റെ വിത്തിനായി തള്ളച്ചേന്പും  പിള്ളച്ചേന്പും  ഉപയോഗിക്കാം . എങ്കിലും 20- 25 ഗ്രാം തൂക്കമുള്ള പിള്ളച്ചേന്പാണ് വിത്തിന് കൂടുതല്‍ അഭികാമ്യം.
  3. വിത്തുചേനക്ക് ഏകദേശം മൂന്നു മാസത്തോളം സുഷുപ്താവസ്ഥയുണ്ട്.
  4. വിത്തുകളുടെ പുറത്ത് വെളിച്ചണ്ണയുടെ ഒരാവരണം കൊടുത്താല്‍ കീട ശല്യം കുറയും.
  5. പലതരം വിത്തുകളുടേയും ഗുണമേന്മ നിലനിര്‍ത്താന്‍ കരിനൊച്ചിയില കൂടി വിത്തിനൊപ്പം ഇട്ടു വയ്ക്കുന്നത് നല്ലതാണ്.
  6. കടല, പയര്‍, ഉഴുന്ന്, ചെറുപയര്‍ , സോയാബീന്‍സ് ഇവയുടെയെല്ലാം വിത്തു പാകുന്നതിനു മുന്പ്  വെള്ളത്തിലിട്ടു മുളപ്പിക്കുന്നത് അങ്കുരണ സാധ്യത വര്‍ദ്ധിപ്പിക്കും.
  7. കണ്ണാറ ലോക്കല്‍ ഇനം ചീര എപ്പോള്‍ പാകിയാലും ഒക്ടോബര്‍ ഡിസംബര്‍ കാലഘട്ടത്തിലേ പൂക്കാറുള്ളു അതിനാല്‍ ഈ ഇനം ചീര നേരത്തേ നട്ടാല്‍ കൂടുതല്‍ കാലം വിളവെടുക്കാം.
  8. എത്ര വലിയ പാവയ്ക്കായിലും വിത്തിനു പറ്റിയ മൂന്നു കുരു മാത്രമേ ഉണ്ടാകു. അതു കണ്ടു പിടിക്കാനായി മുഴുവന്‍ പാവയ്ക്കാ കുരുവും വെള്ളത്തിലിടുക. താഴ്ന്നു കിടക്കുന്നവ മാത്രം വിത്തിനെടുക്കുക.
  9. തീരെ ചെറിയ വിത്തുകള്‍ വിതക്കുന്പോള്‍ പറന്നു പോകാതിരിക്കാന്‍ ചാരവുമായി കൂട്ടിയിളക്കി വിതക്കുന്നതണ് നല്ലത്.
  10. ചീര വിത്ത് പാകുന്പോള്‍ അതിനു മുകളില്‍ മണ്ണിട്ടു മൂടേണ്ടതില്ല.
  11. കൂടുതലുണങ്ങുകയോ ഉണക്കു തീരെ കുറഞ്ഞു പോകുകയോ ചെയ്താല്‍ വിത്ത് കെട്ടു പോകും.
  12. ചേന്പ്  നടുന്പോൾ നേരെ നടാതെ അല്‍പ്പം ചരിച്ചു നടുക. മുളക്കരുത്ത് കൂടും.
  13. നടാനുപയോഗിക്കുന്ന ചേനക്കഷണത്തിനു കുറഞ്ഞത് ഒരു കിലോഗ്രാം എങ്കിലും തൂക്കം ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ ചേനച്ചെടി ആരോഗ്യത്തോടെ വളരുകയുള്ളു.
  14. ചേന നടുന്നതിനു മുന്പ്  കുറുകിയ ചാണകവെള്ളത്തില്‍ മുക്കി തണലില്‍ ഉണക്കണം.
  15. ചീര തുടങ്ങിയ ചെടികള്‍ക്ക് നേര്‍പ്പിച്ച ഗോമൂത്രം ഒഴിച്ചാല്‍ രോഗപ്രതിരോധ ശക്തി കൂടും. അഞ്ചിരട്ടി വെള്ളം ചേര്‍ത്താണ് ഈ അവശ്യത്തിന് ഗോമൂത്രം നേര്‍പ്പിക്കേണ്ടത്.
  16. മത്തന്‍ നട്ട് വള്ളി വീശുന്പോള്‍ മുട്ട് തോറും പച്ചച്ചാണകം വെച്ചു കൊടുക്കുക. വള്ളി വേഗം വളരും പെണ്‍പൂക്കളില്‍ മിക്കവയും കായ് ആകുകയും ചെയ്യും.
  17. പയര്‍ പൂക്കുന്നതുവരെ വളം കുറച്ചേ നല്‍കാവു. പൂക്കാന്‍ തുടങ്ങുന്നതോടെ വളം കൂടുതലിടാം. ഇങ്ങനെ വളര്‍ച്ച നിയന്ത്രിച്ചാല്‍ തണ്ടിന്റെ ബലം കൂടും വിളവും കൂടും.
  18. രാസവളം ഇടാതെ കാലിവളം മറ്റ് ജൈവവളങ്ങള്‍ ഇവ ഉപയോഗിച്ച് പയര്‍ വളര്‍ത്തിയാല്‍ ദീര്‍ഘകാലം വിളവെടുക്കാം.
  19. ഗോമൂത്രം നേര്‍പ്പിച്ച് തളിച്ചും , ചുവട്ടിലൊഴിച്ചും കൊടുത്താല്‍ ചീര നല്ല ആരോഗ്യത്തോടെ വളരും.
  20. മിച്ചം വരുന്ന തൈരും, തൈരുവെള്ളവും കറിവേപ്പില്‍ ഒഴിച്ചു കൊടുക്കുക. കറിവേപ്പ് തഴച്ച് വളരും.
  21. പച്ചക്കറികള്‍ അരിഞ്ഞ ശേഷം അല്‍പ്പം ഉപ്പും കൂടി ചേര്‍ത്ത് വെള്ളത്തില്‍ കഴുകിയാല്‍ കീട നാശിനികളുടെ വിഷാംശം തീര്‍ത്തും ഇല്ലാതാകും.
  22. കായ്ച്ചു തുടങ്ങിയ വെള്ളരി രാവിലേയും വൈകീട്ടും നനയ്ക്കരുത്. വെള്ളരിക്കായില്‍ ജലാംശം കൂടും അങ്ങനെ വന്നാല്‍ സൂക്ഷിപ്പ് മേന്മ കുറയും.
  23. അമ്ലത്വം കൂടിയ മണ്ണില്‍ കൃഷി ചെയ്താല്‍ മുളകിന് വാട്ടരോഗമുണ്ടാകാ‍ന്‍ സാധ്യത കൂടുതലുണ്ട്.
  24. മഞ്ജരി എന്ന ഇനം മുളക് വാട്ടരോഗപ്രതിരോധശേഷി ഉള്ളതാണ്.
  25. നല്ല കൂണിന്റെ തൊലി പ്രയാസം കൂടാതെ ഉരിച്ചെടുക്കാം. വിഷക്കൂണിന്റെ തൊലിയുരിക്കുക അത്ര എളുപ്പമല്ല.
  26. പാവല്‍ നടുന്ന കുഴികളില്‍ വേപ്പില കൂടി ഇട്ടുവച്ചിരുന്നാല്‍ നിമാ വിരകളുടെ ആക്രമണം തടയാം.
  27. തേങ്ങാ വിളവാകുന്നതിനു മുന്പ്
    പറിച്ച് രണ്ടുമാസം വെള്ളത്തില്‍ മുക്കിയിടുക. തുടര്‍ന്ന് വെയിലത്തുവച്ചുണക്കി ഇതി‍ന്റെ കണ്ണില്‍ കൂടി ഒരു കന്പ് കടത്തി കാന്പ് മുഴുവന്‍ തോണ്ടിക്കളഞ്ഞ് വൃത്തിയാക്കുക. വീണ്ടും നന്നായി ഉണക്കുക. ഈ ദ്വാരത്തിലിലൂടെ ചിരട്ടയില്‍ പച്ചക്കറി വിത്ത് നിറക്കുക. ചകിരി കൊണ്ട് ദ്വാരം അടക്കുക തേങ്ങക്കു പുറമെ കുമ്മായം പൂശി അടുക്കളയിലെ അലമാരിയില്‍ സൂക്ഷിക്കുക. തന്മൂലം കീടാക്രമണം ഉണ്ടാകാതെ രണ്ടുവര്‍ഷം വരെ വിത്തു സൂക്ഷിക്കാം. ഈ തേങ്ങാ തന്നെ ഇതേ ആവശ്യത്തിനു തുടര്‍ന്നും ഉപയോഗിക്കാം.
  28. കോവല്‍ ചെടിയില്‍ ആണും പെണ്ണും ഉണ്ട് അതിനാല്‍ കോവല്‍ നടുന്പോള്‍ ആണ്‍ചെടികളുടെ എണ്ണം പത്ത് പെണ്‍ ചെടികള്‍ക്ക് ഒരു ആണ്‍‍ചെടി എന്ന തോതിലായാല്‍ മതിയാകും.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate