Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കൃഷി മാര്‍ഗ്ഗങ്ങള്‍-2

കൂടുതല്‍ വിവരങ്ങള്

റബറിനു കൂട്ട് ചെറുതിപ്പലി

വിളവെടുത്ത തിപ്പലിയുമായി അനിൽ

അനിൽകുമാർ മുഴുവൻസമയ കർഷകനല്ല. അതുകൊണ്ടുതന്നെ പാരമ്പര്യകർഷകർ സംശയിച്ചു നിൽക്കുന്ന പരീക്ഷണങ്ങൾക്കു മടിയുമില്ല. സ്വകാര്യ കേബിള്‍ ശൃംഖലയുടെ ജീവനക്കാരനായ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ ആവോലി പുത്തനില്ലത്ത് അനിൽകുമാറിന് പക്ഷേ കൃഷി നേരമ്പോക്കല്ല. ഒന്നരയേക്കറോളം വരുന്ന പുരയിടത്തിലെ വിളവൈവിധ്യം തെളിവ്.

കൃഷിയിടത്തിന്റെ ഒരു ഭാഗം റബറിനും ബാക്കി ജാതി, കാപ്പി, കുരുമുളക്, കിഴങ്ങുവർഗങ്ങൾ, പഴച്ചെടികൾ എന്നിവയ്ക്കുമായി പങ്കുവച്ചു നൽകുകയായിരുന്നു അനിൽ. എന്നാല്‍ പുതിയ ഇനങ്ങളോടും അവയുടെ കൃഷിയോടും താൽപര്യം ഏറിയതോടെ കൃഷിയിടത്തിന് വിസ്തൃതി പോരെന്നു വന്നു. അതോടെ, രണ്ടു വർഷം മുമ്പ് റബറിനു നല്ല വിലയുണ്ടായിരുന്ന കാലത്തുതന്നെ അനിൽ റബർത്തോട്ടവും ബഹുവിളക്കൃഷിയിടമാക്കി മാറ്റി.

അറുപതു സെന്റിലാണ് റബർകൃഷി. നിരപ്പായ കൃഷിയിടമായതിനാൽ 14X14 അടി അകലത്തിൽ നട്ട 120 മരങ്ങള്‍. വെട്ടു തുടങ്ങി ഒരു വർഷം മാത്രമെത്തിയ തോട്ടത്തിൽ വരികളിലെ മരങ്ങൾക്കിടയിൽ ഒന്ന് എന്ന കണക്കിൽ 120 ചന്ദ്രഗിരി ഇനം കാപ്പിച്ചെടികൾ നടുകയായിരുന്നു ആദ്യപടി. രണ്ടു വർഷം പിന്നിട്ട ചെടികളിൽ ചിലത് പൂവിട്ടു തുടങ്ങിയിരിക്കുന്നു. പക്കവേരുകളേക്കാൾ തായ്‌വേരാണ് ചന്ദ്രഗിരിക്കു കൂടുതലെന്നതിനാൽ റബറിനു ദോഷം വരാതെതന്നെ കൃഷിയിറക്കാമെന്നും റബറിന്റെ തണൽ കാപ്പി ഉൽപാദനത്തെ ബാധിക്കുകയില്ലെന്നും അനിൽ.

കാപ്പിക്കൊപ്പം റബറിനിടയിലുള്ള മറ്റൊന്ന്, ഔഷധസസ്യമായ ചെറുതിപ്പലിയാണ്. തിപ്പലിയിനങ്ങൾ പലതുണ്ട്. എന്നാൽ ഏറ്റവും ലളിതമായി ചെലവു നന്നേ കുറച്ച് റബറിന് ഇടവിളയായി കൃഷിചെയ്തു മികച്ച വിളവെടുക്കാവുന്നതു ചെറുതിപ്പലിയെന്ന് അനിൽ.

ഔഷധ നഴ്സറിയിൽനിന്നു വാങ്ങിയ തൈകൾ കൈക്കോട്ടിനു ചെറിയ കുഴികളെടുത്ത് നടുകയായിരുന്നു. വർഷത്തിൽ രണ്ടു തവണ ചാണകപ്പൊടിയും മീൻവളവും വിതറി. ഒരടി ഉയരത്തിലെത്തിയപ്പോഴേ പൂവിടുകയും കായ്ക്കുകയും ചെയ്തു. കൂടുതൽ ഇടങ്ങളിലേക്ക് പടർന്ന് വേരുകളിൽനിന്നു പുതിയ തൈകളുൽപാദിപ്പിച്ച് റബറിനിടയിൽ അമ്പതു ശതമാനം സ്ഥലത്തും വ്യാപിച്ച തിപ്പലിച്ചെടികളിലിപ്പോൾ നിറയെ തിരികൾ. ഒരു വട്ടം വിളവെടുത്ത് വെയിലിൽ ഉണക്കി സൂക്ഷിക്കുകയും ചെയ്തിരിക്കുന്നു അനിൽ. കുരുമുളകുപോലെ ഉണക്കി സൂക്ഷിക്കാമെന്നതിനാൽ പലവട്ടം വിളവെടുത്ത് ഒരുമിച്ചു വിൽക്കുകയാണ് ഉദ്ദേശ്യം. ചെടികൾ കൂ‍ടിനിൽക്കുന്നിടത്തുനിന്ന് പറിച്ചു റബറിനിടയിലെ ഒഴിവുള്ള ഇടങ്ങളിലേക്കു മുഴുവൻ വ്യാപിപ്പിക്കുന്നതിലാണ് ഇപ്പോൾ അനിലിന്റെ ശ്രദ്ധ.

എൺപതു സെന്റിലുള്ള അമ്പതിലേറെ ജാതിക്കിടയിൽ നിറയെ കായ്ച്ചു നിൽക്കുന്ന കാവേരിയിനം കാപ്പിച്ചെടികളാണ് വിജയിച്ച മറ്റൊരു ഇടവിള. ശരാശരി മൂന്നടി ഉയരത്തിൽ കമ്പുകോതി ഒതുക്കി നാലു ജാതികൾക്കു നടുവിലൊന്ന് എന്ന രീതിയിൽ വളർത്തിയ മുപ്പതിലേറെ കാപ്പിച്ചെടികൾ. മൂന്നു വർഷം പ്രായമെത്തിയപ്പോൾത്തന്നെ ഒന്നിൽനിന്ന് ശരാശരി ഒന്നര കിലോ ഉണക്കപ്പരിപ്പ് ലഭിച്ചു.

ജാതിക്കൊപ്പം കാപ്പി

റബറിനും ജാതിക്കുമുള്ള ഇടം കഴിഞ്ഞാൽ ബാക്കി സ്ഥലമത്രയും ഔഷധസസ്യങ്ങൾക്കും പഴച്ചെടികൾക്കുമുള്ളതാണ്. വെള്ളരിവർഗത്തിൽപ്പെട്ട കിവാനോ മെലൺ മുതൽ ജാക്ക്, അവക്കാഡോ, പാൽപ്പഴം, മുന്തിരിപ്പേര എന്നിങ്ങനെ കായ്ച്ചതും കായ്ക്കാറായതുമായ ഒട്ടേറെ പഴച്ചെടികൾ. അയ്യമ്പനയും അമൃതിനങ്ങളും വാതക്കൊടിയും പ്രമേഹച്ചെടിയെന്നു വിളിക്കുന്ന സ്റ്റീവിയയുമെല്ലാം ചേർന്ന ഔഷധസസ്യലോകം.

ബ്രസീലിയൻ തിപ്പലിയിൽ കുറ്റിക്കുരുമുളകു ഗ്രാഫ്റ്റ് ചെയ്ത് നാലു ചുവടുകൾ ഒരുമിച്ച് റബർത്തോട്ടത്തിൽ കൃഷിചെയ്യാനാണ് പുതിയ ശ്രമം. അനിലിന്റെ പരീക്ഷണങ്ങൾക്ക് പിന്തുണയുമായി ആവോലി കൃഷിഭവനുമുണ്ട്.‌

ഫോൺ: 8086080066

റബറിനൊപ്പം ഔഷധച്ചെടികൾ

റബർത്തോട്ടത്തിൽ സൂര്യപ്രകാശലഭ്യത കുറവാണെങ്കിലും ചില ഔഷധസസ്യങ്ങൾ നന്നായി വളരുകയും നല്ല വിളവു നൽകുകയും ചെയ്യുമെന്ന് നാഗാർജുന ഔഷധശാലയുടെ ഗവേഷണവിഭാഗം മാനേജർ ഡോ. ബേബി ജോസഫ്. ചെറുതിപ്പലി, വൻതിപ്പലി, സർപ്പഗന്ധി, ചെത്തിക്കൊടുവേലി, ചിറ്റരത്ത, കരിങ്കുറിഞ്ഞി, നാഗദന്തി, ചെങ്ങഴുനീർക്കിഴങ്ങ് എന്നിവയാണ് റബർത്തോട്ടത്തിനിണങ്ങിയ പ്രധാന ഇനങ്ങൾ. അറുപതു ശതമാനം തണലിലും നന്നായി വളരുകയും വിളയുകയും ചെയ്യുന്നവയാണ് ഇവയെല്ലാം.

ഇരുണ്ട പച്ചനിറമുള്ള ചെറുതിപ്പലി കിലോയ്ക്ക് ഇപ്പോൾ എണ്ണൂറു രൂപ വിലയുണ്ട്. ചുവന്ന തിരിയുള്ള വൻതിപ്പലിയുടെ വില 850–950 രൂപ. കിലോ 1000 രൂപ വിലയുള്ള ഔഷധച്ചെടിയാണ് സർപ്പഗന്ധി. ചിറ്റരത്ത കിലോ 200 രൂപ, ചെത്തിക്കൊടുവേലി പച്ചക്കിഴങ്ങിന് കിലോ 300 രൂപ, ചെങ്ങഴുനീർക്കിഴങ്ങ് പച്ചയ്ക്ക് കിലോ 50–75 രൂപ എന്നിങ്ങനെ വിലയുണ്ട്. വേരിനും തണ്ടിനും മൂല്യമുള്ള കരിങ്കുറിഞ്ഞിയും നാഗദന്തിയും സമൃദ്ധമായി വിളയുന്നവയാണ്. കിലോ യഥാക്രമം 30 രൂപ, 50 രൂപ വില.

നന്നായി പരിപാലിച്ചാൽ ഏക്കറിൽനിന്ന് വർഷം 400 കിലോ ഉണക്ക ചെറുതിപ്പലി വരെ ലഭിക്കാം. നട്ട് ഒരു വർഷത്തിനു ശേഷം പൂവിട്ടു തുടങ്ങും. രണ്ടാം വർഷം മുതൽ മികച്ച വിളവ്. ഓഗസ്റ്റ് മുതൽ ജനുവരിവരെയാണ് മികച്ച ഉൽപാദനകാലം. അഞ്ചു വർഷം പിന്നിടുന്നതോടെ വിളവു കുറയുന്നതിനാൽ ആവർത്തനക്കൃഷി നടത്താം.

ചോല പ്രശ്നമല്ലെങ്കിലും റബർ ഇലപൊഴിക്കുന്ന ജനുവരി–ഫെബ്രുവരി മാസങ്ങളിൽ പതിക്കുന്ന കനത്ത ചൂട് ഔഷധസസ്യങ്ങൾക്കു ദോഷമായേക്കാം. വേനലിന്റെ കാഠിന്യത്തിന് അനുസൃതമായി നന വേണ്ടിവരും. വാരം കോരി നട്ടാൽ നന്നായി വിളയുന്നവയാണ് ഇവയെല്ലാമെങ്കിലും വാരമെടുക്കുമ്പോൾ റബറിന്റെ പക്കവേരുകൾക്കു പരുക്കു പറ്റിയേക്കാം എന്നൊരു ദോഷവുമുണ്ട്.

ഔഷധസസ്യക്കൃഷിയുടെ വ്യാപനത്തിന് എന്നും വിഘാതമായിട്ടുള്ളത് വിപണന പ്രശ്നങ്ങളാണ്. വിളവെടുത്തശേഷം വിപണി തേടുന്നതിനു പകരം ഔഷധശാലകളുമായി ധാരണയുണ്ടാക്കി അവരുടെ ആവശ്യത്തിന് വേണ്ടുന്ന ഇനവും അളവും തീരുമാനിക്കണം. കർഷകരിൽനിന്ന് നാഗാർജുന ഈ രീതിയിൽ ഔഷധസസ്യങ്ങൾ വാങ്ങാറുണ്ടെന്നും ബേബി ജോസഫ്.

ഫോൺ : 9961883205
email: bpj@nagarjunaayurveda.com

ബ്രൂസല്ലോസിസ്: നിശ്ശബ്ദ കൊലയാളി

കേരള വെറ്ററിനറി സർവകലാശാലയുടെ തിരുവിഴാംകുന്നു ഫാമിൽ ബ്രൂസല്ലോസിസ് എന്ന മാൾട്ടാപനി ബാധിച്ച നൂറോളം കന്നുകാലികളെ കൊന്നൊടുക്കേണ്ടിവന്നതു മാധ്യമങ്ങളിൽ പ്രധാന വാർത്തയായി. ക്ഷീര കര്‍ഷകർക്കു കനത്ത സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നതിനാലും മനുഷ്യരിലേക്കു പകരുന്നതിനാലും ഈ വാർത്ത സമൂഹത്തിലാകെ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.

കന്നുകാലി, പന്നി, ചെമ്മരിയാട്, ആട്, ഒട്ടകം, കുതിര, നായ, അയവെട്ടുന്ന ഒട്ടേറെ മൃഗങ്ങൾ, സമുദ്ര സസ്തനികൾ തുടങ്ങി മനുഷ്യരിൽവരെ കാണുന്ന ഈ രോഗബാധ മധ്യപൂർവ്വേഷ്യ, മെഡിറ്ററേനിയൻ പ്രദേശം, ആഫ്രിക്ക, ചൈന, ഇന്ത്യ, പെറു, മെക്സിക്കോ എന്നിവിടങ്ങളിലാണ് ഏറെ വ്യാപകം. പശ്ചിമ, ഉത്തര യൂറോപ്പ്, കാനഡ, ജപ്പാൻ, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങൾ രോഗവിമുക്തമാണ്.

ക്രിമിയൻ യുദ്ധകാലത്ത് 1853ൽ മാൾട്ടയിലാണ് ഈ രോഗം ആദ്യം കണ്ടത്. അതിനാൽ ഇതിനു മാൾട്ടാപനിയെന്നു പേരുണ്ടായി. ബാക്ടീരിയയാണ് രോഗഹേതുവെന്ന് ബ്രൂസ് എന്ന ശാസ്ത്രജ്ഞൻ കണ്ടുപിടിച്ചതോടെ ബ്രൂസല്ല എന്ന പേരും കിട്ടി. 1897ൽ ബാങ് എന്ന ശാസ്ത്രജ്ഞൻ ബ്രൂസല്ല അബോർട്ടസ് ബാക്ടീരിയയെ വേർതിരിച്ചതോടെ ബാങ്സ് രോഗം എന്ന പേരുമുണ്ടായി. മനുഷ്യനിൽ വരുന്ന രോഗത്തിനു മെഡിറ്ററേനിയൻ പനി, അൺഡുലന്റ് ഫീവർ, മാൾട്ടാപനി എന്നിങ്ങനെ ഒട്ടേറെ പേരുകളും ലഭിച്ചു. ഏതായാലും പൊതുവിൽ ബ്രൂസല്ലോസിസ് എന്നാണ് ഇതിനെ വിളിക്കുന്നത്.

ബ്രൂസല്ല കുടുംബത്തിലെ വിവിധ വർഗങ്ങളിൽപ്പെട്ട ബാക്ടീരിയകളാണ് ഓരോ ജീവി വിഭാഗത്തിലും രോഗമുണ്ടാക്കുന്നത്. എന്നാലും മിക്ക ബ്രൂസല്ല ബാക്ടീരിയകളും ഒന്നിലേറെ ജീവിവർഗങ്ങളിൽ രോഗം വരുത്താൻ കഴിവുള്ളവയാണ്. ബ്രൂസല്ല അബോർട്ടസ്, ബ്രൂസല്ല മെലിറ്റൻസിസ്, ബ്രൂസല്ല സൂയിസ് എന്നിവയാണ് കന്നുകാലി, ആട്, പന്നി എന്നിവയിൽ രോഗകാരണമാകുന്നത്. മൂന്നു ജീവികളിലെയും ബ്രൂസല്ല രോഗം ലോക മൃഗാരോഗ്യ സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുന്നതിനാൽ രോഗബാധ ഉണ്ടായാൽ കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടണം. മൃഗങ്ങളിൽ പ്രത്യുൽപാദനവ്യൂഹത്തെയാണ് രോഗം പ്രധാനമായും ബാധിക്കുന്നത്. ഗർഭമലസൽ, പ്രത്യുൽപാദന പരാജയം എന്നിവയാണ് ഇതിന്റെ ഫലങ്ങൾ.

ആദ്യത്തെ ഗർഭമലസലിനു ശേഷം കന്നുകാലികളിൽ വീണ്ടും ഗർഭധാരണം നടക്കുമെങ്കിലും അതേ മൃഗങ്ങൾ പിന്നീട് ബാക്ടീരിയവാഹകരും സ്രോതസ്സുമായിത്തീരുന്നു.

പ്രസവസമയത്തോ, ഗർഭമലസിയ സമയത്തോ ആണ് ബ്രൂസല്ല പ്രധാനമായും പടരുന്നത്. രോഗമുള്ള മൃഗത്തിന്റെ ഗർഭപാത്ര, ജന്മസ്രവങ്ങളിൽ ധാരാളം ബാക്ടീരിയ അടങ്ങിയിരിക്കും. ശരീരത്തിനു വെളിയിൽ പ്രത്യേകിച്ച് തണുപ്പും ആർദ്രതയുമുള്ള പരിസ്ഥിതിയിൽ മാസങ്ങളോളം ഇവ നിലനിൽക്കുന്നു. തീറ്റ, വെള്ളം തുടങ്ങിയവയിലൂടെ വദനമാർഗം രോഗം പകരുന്നു. അകിടിലും താമസമുറപ്പിക്കുന്നതിനാൽ ഇവ പാലിലും കാണപ്പെടും. കൂടാതെ, ചര്‍മത്തിലെ മുറിവുകൾ, ശ്ലേഷ്മസ്തരങ്ങൾ എന്നിവ വഴിയും രോഗം മനുഷ്യനിലും മൃഗങ്ങളിലും എത്താം. കാട്ടുപന്നിപോലെ ഒട്ടേറെ വന്യജീവികൾ ഈ രോഗത്തിന്റെ സ്രോതസ്സ് ആയി വർത്തിക്കുന്നതിനാൽ രോഗം തുടച്ചുനീക്കാൻ ബുദ്ധിമുട്ടാണ്. രോഗാണു കടന്ന തീറ്റ, വെള്ളം എന്നിവ കൂടാതെ ഇണചേരൽവഴിയും കന്നുകാലികളിൽ രോഗം പടരുന്നു. ഗർഭകാലത്തിന്റെ മൂന്നാം ഘട്ടത്തിൽ (ആറാം മാസവും ശേഷവും) ആണ് ഗർഭമലസുക. സന്ധിവീക്കം, ലസികാഗ്രന്ഥി വീക്കം, മറുപിള്ള വീഴാതിരിക്കൽ, വന്ധ്യത, പാലുൽപാദനത്തിൽ കുറവ് എന്നിവയുമുണ്ടാകും. കന്നുകാലികളിൽ ഗർഭമലസൽവരെ മറ്റു രോഗലക്ഷണങ്ങൾ കാണണമെന്നില്ല. രോഗം ബാധിച്ചു മാസങ്ങൾ കഴിഞ്ഞാണ് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക. മൂരികളിൽ വൃഷണങ്ങൾ വലുതാകും. മുട്ടിൽ സന്ധിവേദന പോലുള്ള പ്രശ്നങ്ങൾ. കുതിരകളിൽ പുറത്തോ, തലയുടെ പുറകിലോ മുഴകൾ കാണപ്പെടാം. ഗർഭമലസുകയോ, ദുർബലരായ, മൃതപ്രായരായ കുതിരക്കുട്ടികൾ ജനിക്കുകയോ ചെയ്യാം.

പ്രതിരോധ കുത്തിവയ്പ് പാളുന്നതെങ്ങനെ

കന്നുകാലികളിലെ ബ്രൂസല്ല രോഗബാധ സാമ്പത്തികമായി ഏറെ പ്രാധാന്യമുള്ളതാണ്. പ്രത്യുൽപാദനശേഷിക്കുറവ്, ഗർഭമലസൽ, വന്ധ്യത, മറുപിള്ള വീഴാതിരിക്കൽ, പ്രായമെത്താതെയുള്ള ജനനം, ദുർബലരായ കുഞ്ഞുങ്ങൾ തുടങ്ങിയവയൊക്കെ കർഷകനു നഷ്ടം വരുത്തുന്നു. രോഗ‍മുള്ള മൃഗത്തിന്റെ ശരീരഭാഗങ്ങളിൽ താമസമുറപ്പിച്ചു മറ്റു മൃഗങ്ങളിലേക്കു രോഗം പടർത്താൻ വിരുതരാണ് ഈ രോഗകാരികൾ.

മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗങ്ങളിൽ പ്രധാനമാണ് ബ്രൂസല്ലോസിസ്. വെറ്ററിനറി ഡോക്ടർമാർ, ക്ഷീരകർഷകർ, അറവുശാലകളിലെ പണിക്കാർ, മൃഗങ്ങളെ കൈകാര്യം ചെയ്യുന്നവർ, ലബോറട്ടറികളിൽ ബ്രൂസല്ലയുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്നവർ തുടങ്ങി ജോലിസംബന്ധമായി മൃഗങ്ങളുമായി നിരന്തര സമ്പർക്കം പുലർത്തുന്നവർക്കാണ് രോഗസാധ്യത കൂടുതൽ. ഗർഭമലസിയ വിസർജ്ജ്യങ്ങൾ, മൂത്രം, ശവശരീരം, ചാണകം തുടങ്ങിയവ കൈകാര്യം ചെയ്യുമ്പോഴും മുൻകരുതൽ വേണം. പാസ്‌ചുറൈസ് ചെയ്യാതെയോ തിളപ്പിക്കാതെയോ പാൽ, പാലുൽപന്നങ്ങൾ എന്നിവ കഴിക്കുന്നതും രോഗം വരുത്താം. നല്ലതുപോലെ വേവിക്കാത്ത മാംസം, മാംസോൽപന്നങ്ങൾ എന്നിവ വഴിയും രോഗബാധയുണ്ടാകാം.

ഇടയ്ക്കിടെ കൂടുകയും കുറയുകയും (വിശേഷിച്ച് രാവിലെയും വൈകുന്നേരവും കാണുന്ന) ചെയ്യുന്ന പനി, ക്ഷീണം, തലവേദന, തൊണ്ടവേദന, പ്ലീഹയുടെ വലുപ്പം കൂടുതൽ, ഉറക്കമില്ലായ്മ, തലകറക്കം തുടങ്ങിയവയാണ് മനുഷ്യരിൽ രോഗലക്ഷണങ്ങൾ. പുരുഷൻമാരിൽ വന്ധ്യതയും സ്ത്രീകളിൽ ഗർഭധാരണപ്രശ്നങ്ങളും ഉണ്ടാകാം.

കന്നുകാലികളി‍ൽ ഗർഭമലസൽ (വിശേഷിച്ച് അവസാനഘട്ടത്തിൽ) കണ്ടാൽ രോഗബാധ സംശയിക്കണം. രക്തം, പാൽ എന്നിവ പരിശോധിച്ചു രോഗം സ്ഥിരീകരിക്കാനുള്ള സംവിധാനം മൃഗസംരക്ഷണ വകുപ്പിനുണ്ട്. രോഗം സ്ഥിരീകരിക്കാനുള്ള മാർഗരേഖ ലോക മൃഗാരോഗ്യ സംഘടന നൽകുന്നു. കർഷകർ പുതുതായി വാങ്ങുന്ന മൃഗങ്ങളിൽ പരിശോധന നടത്തണം. സ്ഥിരമായ രോഗബാധയുള്ള സ്ഥലത്ത് 4,8 മാസം പ്രായങ്ങളിൽ വാക്സിനേഷൻ നടത്താറുണ്ട്. രോഗം ഉറപ്പായാൽ മനുഷ്യത്വപരമായ മാർഗങ്ങള്‍ ഉപയോഗിച്ചു കൊല്ലുക എന്നതാണ് രോഗബാധ പടരുന്നതു തടയാനുള്ള പ്രധാനമാർഗം. അനസ്തീഷ്യ കൊടുത്തു മയക്കിയോ, മറ്റു നിർദിഷ്ട മാർഗങ്ങൾ ഉപയോഗിച്ച് (കാപ്റ്റീവ് ബോൾട്ട് പിസ്റ്റൾ) മയക്കിയോ, വിദഗ്ധരുടെ മേൽനോട്ടത്തിൽ വേദനയറിയാതെ കൊന്ന് ആഴത്തിൽ കുഴിച്ചുമൂടുകയോ, ഉയർന്ന മർദത്തിൽ ചൂടാക്കി വേവിച്ചു പൊടിക്കുന്ന റെൻഡിങ് പ്രക്രിയ നടത്തുകയോ വേണം. കേന്ദ്ര പരിസ്ഥിതി വനം വകുപ്പിന്റെ കീഴിലുള്ള ജന്തുക്ഷേമ ബോർഡിന്റെ മാനദണ്ഡങ്ങൾ ഇക്കാര്യത്തിൽ പാലിക്കണം. മനുഷ്യരിലെ രോഗബാധ തടയാൻ മൃഗങ്ങളിലെ രോഗബാധ നിയന്ത്രിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പാൽ, മാംസം തുടങ്ങിയവ തിളപ്പിച്ച് അല്ലെങ്കിൽ നന്നായി വേവിച്ചതിനുശേഷം മാത്രം ഉപയോഗിക്കണം. പ്രസവസമയത്തും കന്നുകാലികളുടെ ഗർഭമലസിയാലും കൈകൊണ്ടു തൊടരുത്. രോഗസാധ്യത കൂടുതലുള്ള ജോലി ചെയ്യുന്നവർ സംരക്ഷണ വസ്ത്രങ്ങളും സാമഗ്രികളും ഉപയോഗിക്കണം. ഗർഭാവശിഷ്ടങ്ങൾ, ഗർഭമലസിയതിന്റെ ബാക്കിഭാഗങ്ങൾ, മറുപിള്ള, മറ്റു വിസർജ്ജ്യങ്ങൾ എന്നിവ അയഡിൻ, ക്ലോറിൻ എന്നിവ ഉപയോഗിച്ച് അണുനാശനം നടത്തി ആഴത്തിൽ കുഴിച്ചിടണം.

വിലാസം: അസി. പ്രഫസർ, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എൽപിഎം, വെറ്ററിനറി കോളജ്, മണ്ണുത്തി, തൃശൂർ.

ഫോണ്‍: 9446203839

ഈ മാസത്തെ കൃഷിപ്പണികൾ

കുരുമുളക്

കൃഷിപ്പണികൾ നിർദേശിക്കുന്നത് സ്പൈസസ് ബോർഡ്

ഏലം

∙ നഴ്സറി

നഴ്സറികളിലും പോളി ബാഗുകളിലും തട്ടകളിലും ആവശ്യത്തിനനുസരിച്ചു നന തുടരണം. ചീയൽ, അഴുകൽ രോഗങ്ങൾക്കെതിരെ 0.2 ശതമാനം കോപ്പർ ഓക്സിക്ലോറൈഡ് അല്ലെങ്കിൽ 0.2 ശതമാനം മാങ്കോസെബ് എന്നിവയിലേതെങ്കിലും മണ്ണിൽ ചേർത്തുകൊടുക്കാം. ജൈവനിയന്ത്രണ മാർഗമെന്ന രീതിയിൽ ട്രൈക്കോഡർമ അല്ലെങ്കിൽ ബാസിലസ് സ്പീഷിസ് മണ്ണിൽ ചേർക്കണം.

ഇലയഴുകൽ രോഗം ചെറുക്കുന്നതിനു 0.3 ശതമാനം മാങ്കോസെബ് സ്പ്രേ ചെയ്യാം. ഇലപ്പുള്ളി രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാലുടൻ 0.2 ശതമാനം കാർബൻഡാസിം തളിക്കണം. മഴ കിട്ടുന്ന പ്രദേശങ്ങളിൽ പുതയിട്ടില്ലെങ്കിൽ ഉണങ്ങിയ ഇലകളോ കളകളോ ഉപയോഗിച്ചു പുതയിടണം. മണ്ണൊലിപ്പു കാരണം മണ്ണിനു പുറത്തേക്കു വേരു പടർന്നതായി കണ്ടാൽ ഏലച്ചുവടുകൾ മേൽമണ്ണിട്ടു മൂടി പുതയിടണം.

∙ സംയോജിത കീടനിയന്ത്രണം

സംയോജിത കീടനിയന്ത്രണത്തിന്റെ ഭാഗമായി ഉണങ്ങിയ ഇലകൾ കോതിക്കളയുകയും പച്ചയിലകൾക്കു കേടുവരാതെ സൂക്ഷിക്കുകയും വേണം.

∙ രോഗനിയന്ത്രണം

കറ്റെ രോഗം ശ്രദ്ധയിൽപെട്ടാൽ ചെടികൾ അപ്പാടെ പിഴുതെടുത്തു കത്തിച്ചുകളയണം. ഇലകളിൽ ബ്ലൈറ്റ് രോഗം ശ്രദ്ധയിൽപെട്ടാൽ ഒരു ശതമാനം ബോർഡോ മിശ്രിതം അല്ലെങ്കിൽ 0.4 ശതമാനം പൊട്ടാസ്യം ഫോസ്ഫേറ്റ് തളിച്ചുകൊടുക്കണം. ഇലകളിലെ തുരുമ്പ്, ചെന്താൾ, ഇലപ്പുള്ളി രോഗങ്ങൾ നിയന്ത്രിക്കാൻ 0.25 ശതമാനം മാങ്കോ സെബ് തളിക്കണം. തണ്ടു വീഴ്ച ശ്രദ്ധയിൽപെട്ടാൽ 0.2 ശതമാനം കാർബൻഡാസിം തണ്ടിൽ തളിക്കണം. വേരഴുകലും ഇലമഞ്ഞളിപ്പും നിയന്ത്രിക്കാൻ 0.2 ശതമാനം കാർബൻഡാസിം തന്നെയോ 0.2 ശതമാനം കാർബൻഡാസിമും മാംഗോസെബും കൂട്ടിക്കലർത്തിയോ ഇലകളിൽ തളിക്കുന്നതിനോടൊപ്പം മണ്ണിൽ ചേർത്തു കൊടുക്കണം. ആന്ത്രാക്നോസ് എന്ന ക്യാപ്സൂൾ ബ്രൗൺ സ്പോട്ട് രോഗത്തിന്റെ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ 0.2 ശതമാനം കാർബെൻഡാസിം തളിക്കണം.

∙ വിളവെടുപ്പ്, സംസ്കരണം

25 മുതൽ 30 ദിവസത്തെ ഇടവേളകളിൽ വിളവെടുപ്പു തുടരാം. കായ്കളുടെ മൂപ്പും കാലാവസ്ഥയും നോക്കി വേണം വിളവെടുക്കാൻ. ഗുണമേൻമയുള്ള ഏലത്തിനു പാകത്തിനു മൂത്ത കായ്കൾ മാത്രമേ വിളവെടുക്കുന്നുള്ളൂ എന്ന് ഉറപ്പാക്കണം. ഏലത്തോട്ടങ്ങളിൽ കീടനാശിനികൾ തളിച്ചിട്ടുണ്ടെങ്കിൽ 15 മുതൽ 20 ദിവസങ്ങൾ കഴിഞ്ഞശേഷം മാത്രമേ വിളവെടുപ്പു നടത്താവൂ. വിളവെടുത്ത ഏലക്കായ്കൾ വൃത്തിയായി കഴുകി വെള്ളം വാർന്നശേഷം സംസ്കരണപ്പുരകളിലേക്കു മാറ്റാം. സംസ്കരണ ചേംബറിൽനിന്ന് ഈർപ്പം നിയന്ത്രിക്കുന്നതും ശരിയായ ചൂടു നിലനിർത്തുന്നതും ഏലക്കായ്കൾക്കു ശരിയായ പച്ചനിറം നൽകും. 10 ശതമാനം ഈർപ്പത്തോടെ സംസ്കരിച്ച ഏലക്കായ്കൾ കറുത്ത 300 ഗേജുള്ള പോളിത്തീൻ ലൈനിങ് ഉള്ള ചാക്കുകളിലാക്കി തടിപ്പെട്ടികളിൽ സൂക്ഷിക്കണം.

കുരുമുളക്

ശരിയായി പറ്റുവേരുകൾ പിടിക്കാൻ വളർന്ന വള്ളികൾ താങ്ങുകാലുകളിൽ ചുറ്റിക്കെട്ടണം. ചെടികളുടെ ചുവട്ടിൽ ജൈവ വസ്തുക്കൾ ഉപയോഗിച്ചു പുതയിടണം. കള വളരുന്നതു വെട്ടിക്കള‍ഞ്ഞു പുതയിടാം. മണ്ണ് ഒലിച്ചുപോകുന്നതു തടയാനാണിത്. ജലസേചന സൗകര്യം ലഭിക്കുകയാണെങ്കിൽ ആഴ്ചയിലൊരിക്കൽ തോട്ടം നനച്ചുകൊടുക്കണം. തുള്ളിനനയാണെങ്കിൽ ദിവസേന നനയ്ക്കാം.

∙ രോഗനിയന്ത്രണം

കുറുനാമ്പോ ഫില്ലോഡി രോഗമോ ശ്രദ്ധയിൽപെട്ടാൽ വള്ളികൾ വേരുസഹിതം പിഴുതെടുത്തു നശിപ്പിക്കണം.

∙ വിളവെടുപ്പും സംസ്കരണവും

വിളവെടുപ്പു തുടരാം. പാകമായ തിരികൾ പറിച്ചെടുത്താൽ മാത്രമേ ഗുണമേൻമയുള്ള കുരുമുളകു ലഭ്യമാകുകയുള്ളൂ. മണികളുടെ നിറം പച്ചയിൽനിന്ന് ഓറഞ്ചോ ചുവപ്പോ ആയി മാറുന്ന സമയത്തു വേണം പറിച്ചെടുക്കാൻ. മെതിയന്ത്രങ്ങൾ ഉപയോഗിച്ചോ കാലുകൊണ്ടോ വൃത്തിയായി തിരികൾ മെതിച്ചെടുക്കാം. ഉണങ്ങുന്നതിനായി വൃത്തിയുള്ള കോൺക്രീറ്റ് തറകൾ, പനമ്പായകൾ, പോളിത്തീൻ ഷീറ്റുകൾ എന്നിവ ഉപയോഗിക്കാം.

വനില

കാലാവസ്ഥയനുസരിച്ച് ആവശ്യമെങ്കിൽ വനില വള്ളികൾ നനച്ചുകൊടുക്കണം. ജൈവ വസ്തുക്കൾ ഉപയോഗിച്ചു പുത എപ്പോഴും ചുവട്ടിൽ ഉറപ്പുവരുത്തണം. ആവശ്യമനുസരിച്ചു വള്ളികൾ താങ്ങുകാലുകളിൽ ചുറ്റിക്കെട്ടണം. അതിരാവിലെ ആറിനും ഉച്ചയ്ക്ക് ഒന്നിനുമിടയ്ക്കുള്ള സമയത്ത് പൂക്കളിൽ കൈകൊണ്ടു പരാഗണം നടത്തുന്നതും നല്ലതാണ്.

∙ കീടനിയന്ത്രണം

വനിലത്തോട്ടത്തിൽ കോഴികളെ അഴിച്ചു വിടരുത്. കോഴികൾ ചികയുമ്പോൾ വനിലയുടെ വേരുകളും പുതയും നശിക്കും.

∙ രോഗനിയന്ത്രണം

മുകുളാഗ്രവും പൂക്കുലകളും അഴുകുന്നതു ശ്രദ്ധയിൽപെട്ടാൽ 0.2 ശതമാനം കാർബൻഡാസിം തളിച്ചാൽ രോഗം പടരുന്നതു നിയന്ത്രിക്കാം. വൈറസ് രോഗം ശ്രദ്ധയിൽപെട്ടാൽ എത്രയും പെട്ടെന്നു പറിച്ചെടുത്തു നശിപ്പിക്കണം.

∙ വിളവെടുപ്പ്

വിളവെടുപ്പ് തുടരാം. ഗുണമേൻമ ഉറപ്പു വരുത്തുന്നതിനായി വിളഞ്ഞ ബീൻസുകൾ മാത്രം പറിച്ചെടുക്കണം. ബീൻസുകളുടെ അഗ്രം മഞ്ഞളിക്കുന്ന സമയമാണു വിളവെടുപ്പിനു പാകമായിട്ടുള്ളത്. വിളവെടുത്താലുടനെ ബൂർബൻ രീതിയിൽ സംസ്കരിച്ചെടുക്കുകയോ വിൽക്കുകയോ ചെയ്യാം.

ഇഞ്ചി

ഇഞ്ചി

∙ വിളവെടുപ്പ്

താമസിച്ചു കൃഷി ആരംഭിച്ചയിടങ്ങളിൽ വിളവെടുപ്പ് ആരംഭിക്കാം. വിത്തിനു പ്രത്യേകം തിരഞ്ഞെടുത്തവ വിളവെടുപ്പു പൂർത്തിയാക്കിയശേഷം പ്രത്യേകം പറിച്ചെടുക്കാം. ബാക്കിയുള്ളവ പാകത നോക്കിയിട്ടു വിളവെടുക്കണം.

∙ വിത്തിഞ്ചി സംഭരണം

വിത്തിനായി തിര​ഞ്ഞെടുത്ത ഇഞ്ചി 0.3 ശതമാനം മാങ്കോസെബ് ലായനിയിൽ 30 മിനിട്ട് നേരം മുക്കിവയ്ക്കണം. അതിനുശേഷം വെള്ളം വാർന്നു തണലിൽ ഉണക്കാം. മണലും അറക്കപ്പൊടിയും ഒന്നിടവിട്ട പാളികളായി നിരത്തിയ കുഴികളിൽ ഇഞ്ചി സൂക്ഷിച്ചുവയ്ക്കാം. ഏറ്റവും മുകളിലത്തെ പാളിയിൽ അൽപം വിടവു നൽകി മുകളിൽ ദ്വാരങ്ങളുള്ള പലകയോ മൺ അടപ്പോ തെങ്ങോലയോ ഇട്ട് അടച്ചുസൂക്ഷിക്കാം. വിത്തിഞ്ചി സൂക്ഷിച്ചുവച്ചിരിക്കുന്നതിൽ കീടങ്ങൾ ഉണ്ടോയെന്നും ചീയുന്നുണ്ടോയെന്നും പരിശോധിക്കണം. അങ്ങനെയുള്ളവ ഉണ്ടെങ്കിൽ അവ എടുത്തു കളഞ്ഞശേഷം മുകളിൽ പറഞ്ഞരീതിയിൽ വീണ്ടും സൂക്ഷിച്ചുവയ്ക്കാം.

∙ സംസ്കരണം

ചുക്കാക്കുന്നതിനു വിളവെടുത്ത ഇഞ്ചി നന്നായി കഴുകിയെടുക്കണം. പുറംതൊലി മുളംകീറുകൾ ഉപയോഗിച്ചു ചീകിമാറ്റണം. വെള്ളത്തിൽ ഒരു രാത്രി മുക്കിവച്ചശേഷം പുറത്തെടുത്തു ചീകിയാൽ എളുപ്പത്തിൽ തൊലി പൊളിഞ്ഞുവരും. ചീകിയെടുത്ത ഇഞ്ചിക്കഷണങ്ങൾ ഒരേപോലെ തളങ്ങളിലോ പരമ്പുകളിലോ പോളിത്തീൻ ഷീറ്റുകളിലോ നിരത്തി ഉണക്കിയെടുക്കണം. ഏഴു മുതൽ ഒൻപതുദിവസം വേണം ഉണങ്ങിക്കിട്ടാൻ. ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം.

മഞ്ഞൾ

∙ വിളവെടുപ്പ്

താമസിച്ചു കൃഷി ആരംഭിച്ചയിടങ്ങളിൽ വിളവെടുപ്പ് ആരംഭിക്കാം. വിത്തിനു പ്രത്യേകം തിരഞ്ഞെടുത്തവ വിളവെടുപ്പു പൂർത്തിയാക്കിയശേഷം പ്രത്യേകം പറിച്ചെടുക്കാം. ബാക്കിയുള്ളവ അതതിന്റെ പാകം നോക്കി വിളവെടുക്കണം. വിത്ത് മഞ്ഞൾ സംരക്ഷണം ഇഞ്ചിയുടേതുപോലെതന്നെ ചെയ്യാം.

∙ സംസ്കരണം

മികച്ച ഗുണനിലവാരത്തിനായി കടയും പ്രകന്ദങ്ങളും പ്രത്യേകം, പ്രത്യേകം ഉണക്കിയെടുക്കണം. ശുദ്ധജലത്തിൽ പുഴുങ്ങി വെയിലത്തിട്ട് ഉണക്കണം. പരമ്പിലോ സിമന്റിലോ തളങ്ങളിലോ അഞ്ചോ ഏഴോ സെന്റിമീറ്റർ കനത്തിൽ നിരത്തി 10 മുതൽ 15 ദിവസം ഉണക്കണം. ഉണങ്ങിയ മഞ്ഞൾ മെക്കാനിക്കൽ പോളിഷൽ ഉപയോഗിച്ചു പോളിഷ് ചെയ്തെടുക്കാം.

വറ്റൽ മുളക്

കരിമണ്ണിൽ 20–25 ദിവസത്തിലൊരിക്കലും ചുവന്ന മണ്ണിൽ 10–15 ദിവസത്തിലൊരിക്കലും നനച്ചുകൊടുക്കാം. എൻപിവി 200 ലീറ്റർ ഏക്കറൊന്നിന് എന്ന തോതിൽ പ്രയോഗിച്ചും കായ്തുരപ്പനെ നിയന്ത്രിക്കാം. പോഡോപ്ടെറാ ലിറ്റ്യുറ, ഹെലിയോതിസ് അർമിഗേരാ എന്നിങ്ങനെയുള്ള കായ്തുരപ്പനെ നിരീക്ഷിക്കുന്നതിനായി ഫിറമോൺ കെണികൾ തയാറാക്കിവയ്ക്കണം. അഴുകലോ ഉണങ്ങലോ ശ്രദ്ധയിൽപെട്ടാൽ 2.5 ഗ്രാം മാങ്കോസെബ് അല്ലെങ്കിൽ മൂന്നു ഗ്രാം കോപ്പർ ഓക്സി ക്ലോറൈഡ് ഒരു ലീറ്റർ വെള്ളത്തിൽ കലക്കി തളിച്ചുകൊടുക്കണം.

∙ വിളവെടുപ്പ്, സംസ്കരണം

കായ്കൾ 10–15 ദിവസം വെയിൽ കൊണ്ടാൽ ആദ്യ വിളവെടുപ്പു നടത്താം. തറയിലാണ് ഉണങ്ങുന്നതെങ്കിൽ പോളിത്തീൻ ഷീറ്റുകളോ വൃത്തിയുള്ള പനമ്പുകളോ ഉപയോഗിച്ച് ഉണക്കാവുന്നതാണ്. ഉണങ്ങിയ കായ്കളിലെ ജലാംശം 1–10 ആയിരിക്കണം.

ജനുവരിയിലെ കൃഷിപ്പണികൾ: വിത്തുതേങ്ങ ശേഖരിക്കാം

തുള്ളിനനയുള്ള തോട്ടങ്ങളിൽ ഒരു തെങ്ങിനു ദിവസം 50–60 ലീറ്റർ വെള്ളം നൽകാം. തടത്തിലേക്ക് തുറന്നുവിടുന്നയിടങ്ങളില്‍ മണ്ണിന്റെ സ്വഭാവമനുസരിച്ചാണ് അളവും ഇടവേളയും. മണലിന്റെ അംശം കൂടിയ മണ്ണില്‍ 400– 450 ലീറ്റർ വെള്ളം അഞ്ചു ദിവസത്തിലൊരിക്കലും എക്കൽമണ്ണില്‍ 600 ലീറ്റർ 6–7 ദിവസത്തിലൊരിക്കലും നൽകണം. പശിമരാശി മണ്ണിൽ 700– 750 ലീറ്റർ 7–8 ദിവസത്തിലൊരിക്കൽ, കളിമണ്ണിന്റെ അംശം കൂടിയ മണ്ണിൽ 800–850 ലീറ്റർ 8–10 ദിവസത്തിൽ എന്നിങ്ങനെയാണ് വെള്ളം നൽകേണ്ടത്. നനയില്ലാത്ത തടങ്ങളിൽ ചപ്പുചവറുകളിട്ട് നന്നായി പുതയിടുക. തൊണ്ട് കമഴ്ത്തി അടുക്കുന്നതും നന്ന്.

വിത്തുതേങ്ങ ഈ മാസം ശേഖരിക്കാം. നല്ല തെങ്ങുകൾ മാത്രമുള്ള തോട്ടത്തിൽനിന്നാണ് ഇതെടുക്കേണ്ടത്. നനയില്ലെങ്കിലും ആണ്ടിൽ 80 തേങ്ങയിൽ കൂടുതൽ വിളവുള്ള, കരുത്തുറ്റ തെങ്ങുകൾ വിത്തുതേങ്ങയ്ക്കായി തിരഞ്ഞെടുക്കണം. തെക്കൻ കേരളത്തിലെ കോമാടനും വടക്കൻ കേരളത്തിലെ കുറ്റ്യാടിയും മികച്ച ഇനങ്ങൾ. നാടൻ ഇനങ്ങൾ ശരാശരി 80 നാളികേരം നൽകുമ്പോൾ ഈ ഇനങ്ങൾ ശരാശരി 126 നാളികേരം നൽകുന്നു. സങ്കരയിനം തൈകൾ കിട്ടുന്നില്ലെങ്കിൽ ഈ ഇനങ്ങൾ നടുക.

ചെറുതൈകളെ തെക്കുപടിഞ്ഞാറൻ വെയിലിൽനിന്നു രക്ഷിക്കാൻ തണൽ നൽകുക. വേനൽക്കാലത്തു നനച്ചാൽ തൈകൾ പെട്ടെന്നു വളരുകയും നാലാംവർഷം കായ്ക്കുകയും ചെയ്യും. ഇലയുടെ പച്ചപ്പു കാർന്നു തിന്നുന്ന തെങ്ങോലപ്പുഴുക്കളെ കണ്ടാൽ എതിർപ്രാണികളെ വിടുന്നതിനു കൃഷിഭവന്റെ സഹായം തേടാം. കൊമ്പൻചെല്ലിയുടെ വണ്ടുകളെ ചെല്ലിക്കോൽകൊണ്ടു കുത്തിയെടുക്കുക. ചെമ്പൻചെല്ലിക്കും ചെന്നീരൊലിപ്പിനും ഓലചീയലിനും എതിരെ നടപടിയെടുക്കുക.

നെല്ല്

മുണ്ടകൻ കൊയ്ത്ത് ഈ മാസം തുടങ്ങും. കൊയ്ത്തിനു രണ്ടാഴ്ച മുമ്പേ പാടത്തെ വെള്ളം വാർന്നു കളയണം. വിത്തു ശേഖരിക്കുന്നുണ്ടെങ്കിൽ മറ്റിനങ്ങളുടെ കതിരുകൾ നീക്കണം. രണ്ടാം വിളയ്ക്കുശേഷം വെള്ളമുണ്ടെങ്കിൽ പയറോ പച്ചക്കറിയോ നടാം. ഇത് മണ്ണിന്റെ ഫലപുഷ്ടി വർധിപ്പിക്കുകയും തുടർന്നുള്ള കൃഷിയിൽ നെല്ലിന്റെ കീടരോഗബാധ കുറയ്ക്കുകയും ചെയ്യും.

മുണ്ടകനും ശേഷം പുഞ്ചക്കൃഷി ചെയ്യുന്നെങ്കിൽ നിലം ഉഴുത് വേരും കച്ചിയും അഴുകുന്നതിന് രണ്ടാഴ്ച ഇടവേള വിടണം. പുഞ്ചയ്ക്ക് മൂപ്പു കുറഞ്ഞ ഇനങ്ങളായ ജ്യോതി, മട്ടത്രിവേണി, മനുപ്രിയ, വർഷ, ഗൗരി എന്നിവയാണു നല്ലത്. അൽപം കൂടി മൂപ്പുണ്ടെങ്കിലും മികച്ച വിളവും രോഗപ്രതിരോധശക്തിയുമുള്ളതിനാൽ ഉമയും നന്ന്. ഏക്കറിന് രണ്ടു ടൺ ജൈവവളം വിതറി നിലം ഉഴുക. അവസാന ഉഴവിനു മുമ്പ് മൂപ്പു കുറഞ്ഞ ഇനങ്ങൾക്ക് ഏക്കറിന് 70 കിലോ ഫാക്ടംഫോസ്, 10 കിലോ യൂറിയ, 24 കിലോ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ അടിവളമായി വിതറുക. ഇടത്തരം മൂപ്പാണെങ്കിൽ ഫാക്ടംഫോസ് 90 കിലോയും മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് 15 കിലോയും മതി. അവസാന ഉഴവിനു വളം അടിമണ്ണിൽ കലരുന്നതിനാൽ വളത്തിന്റെ നഷ്ടം കുറയും. തുടർന്ന് പാടം നിരപ്പാക്കി ഏക്കറിന് 30–35 കിലോ വിത്ത് വിതയ്ക്കുക. സ്യൂഡോമോണാസ് കൾച്ചർ ഉപയോഗിച്ച്‌ വിത്തു കുതിർക്കണം. ഒരു കിലോ വിത്തിന് 10 ഗ്രാം കൾച്ചർ എന്ന കണക്കിന് വെള്ളത്തിൽ കലക്കി വിത്ത് രാത്രി മുഴുവൻ ഈ വെള്ളത്തിൽ കുതിർക്കണം. തുടർന്ന് മുളപ്പിക്കാൻ വയ്ക്കുന്നു. നടീലാണെങ്കിൽ അതിനു മുമ്പ് ഞാറിന്റെ ചുവടും വേരുകളും ഈ ലായനിയിൽ ഒരു മണിക്കൂർ കുതിർക്കുക. നടീലോ വിതയോ കഴിഞ്ഞ് ഒരു മാസം കഴിഞ്ഞ പാടങ്ങളിൽ ഈ കൾച്ചർ 15 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു തളിക്കുക. നെൽക്കൃഷിയിൽ കാണുന്ന കുമിൾ, ബാക്ടീരിയ രോഗങ്ങൾ നിയന്ത്രിക്കപ്പെടും.

ചേറ്റുവിതയിൽ കളകൾ വലിയ പ്രശ്നമാണ്. വിതച്ച് 3–5 ദിവസങ്ങളിൽ സോഫിറ്റ് എന്ന കളനാശിനി 600 മി.ലീ, 200 ലീറ്റർ വെള്ളത്തിൽ കലക്കി ഒരേക്കറിൽ തളിക്കുക. അതിനുമുമ്പ് പാടത്തെ വെള്ളം വാർന്നു കളയണം. തുടർന്ന് ഒരു മാസം കഴിഞ്ഞ് ചെറിയ തോതിലുള്ള കളകളും നീക്കണം. കളനിയന്ത്രണത്തിനു സ്റ്റെയിൽ സീഡ് ബെഡ്ഡ് എന്ന രീതിയുമുണ്ട്. നിലം ശരിയാക്കി വിത്തു വിതയ്ക്കാതെ രണ്ടാഴ്ച വിടുന്നു. ഇക്കാലത്തു കളകൾ മുളയ്ക്കുകയും 14–ാം ദിവസം വീണ്ടും വെള്ളം കയറ്റി ഒരാഴ്ച നിർത്തി കളകൾ നശിക്കുന്നതോടെ വെള്ളമിറക്കി വിത്തു വിതയ്ക്കുകയും ചെയ്യുന്നു. വിതച്ച് 15–20 ദിവസം കഴിഞ്ഞ് നൊമിനിഗോൾഡ് എന്ന കളനാശിനി ഏക്കറിന് 80–120 മില്ലി ലീറ്റർ എന്ന തോതിൽ വെള്ളത്തിൽ കലക്കി തളിക്കുന്നത് വരിനെല്ല് ഒഴികെയുള്ള കളകളെ നിയന്ത്രിക്കുന്നതായി കണ്ടിട്ടുണ്ട്.

പുഞ്ചയിൽ നടുമ്പോൾ മൂപ്പു കുറഞ്ഞയിനം 18 ദിവസം പ്രായത്തിലും ഇടത്തരം മൂപ്പുള്ളവ 20–23 ദിവസം പ്രായത്തിലും നടണം. ഞാറു പറിക്കുന്നതിന് 10 ദിവസം മുമ്പു ഞാറ്റടിയിൽ ഒരു കിലോ യൂറിയ രണ്ടര സെന്റിന് എന്ന കണക്കിൽ വിതറണം. മൂപ്പു കുറഞ്ഞയിനം നടുമ്പോൾ‌ ചതുരശ്രമീറ്ററിന് 55–60 നുരികളും ഇടത്തരം മൂപ്പുള്ളവയ്ക്ക് 45–50 നുരികളും ഉണ്ടാകണം. ഒരു നുരിയിൽ 2–3 ഞാറു മതി. നടുന്ന ആഴം 3–4 സെ.മീ മതി. ഓരോ മൂന്നു മീറ്റർ കഴിയുമ്പോഴും ഒരടി ഇടയകലം വിടണം. വളം വിതറാനും കീടനാശിനികള്‍ തളിക്കാനും ഇതാവശ്യമാണ്.

കീടബാധ കാണുമ്പോൾ സാങ്കേതികവിദഗ്ധരുടെ ഉപദേശം തേടുക. ഇലചുരുട്ടി, തണ്ടുതുരപ്പൻ എന്നിവയെ നിയന്ത്രിക്കാൻ ട്രൈക്കോഗ്രമ്മ കാർഡ് ഫലപ്രദം. മണ്ണുത്തിയിലെ ബയോ കൺട്രോൾ ലാബിൽ ലഭിക്കും. (ഫോൺ: 0487–2374605)

മാവ്

മഞ്ഞുകാലം വരുമ്പോൾ മാവു പൂക്കും. മഞ്ഞു നീങ്ങിക്കഴിഞ്ഞാലോ, മാമ്പഴത്തിൻ കാലമാവും. വേനൽക്കാലമാവുന്നതോടെ ശരിക്കും മാമ്പഴക്കാലമാവും. എന്നാൽ മാങ്ങാ പൂളി നോക്കുമ്പോൾ, ഉള്ളിൽ പുഴുക്കൾ. ഇതൊഴിവാക്കാൻ നടപടിയെടുക്കേണ്ട സമയമാണിപ്പോൾ.

ജൈവനിയന്ത്രണം:

മാവിൽ ഹോർമോൺ കെണി കെട്ടിത്തൂക്കുന്നു. ഈ കെണിക്കുള്ളിൽ പെൺകീടത്തിന്റെ ഗന്ധമുള്ള ഹോർമോണുണ്ട്. ഗന്ധത്തിൽ ആകൃഷ്ടമായി ആൺകീടങ്ങളെല്ലാം പറന്നുവരും. അവ കെണിയിൽപെട്ടു ചാവുന്നതോടെ, മാമ്പഴപ്പുഴുവിന്റെ ആക്രമണം ഇല്ലാതാകും. 25 സെന്റ് സ്ഥലത്ത് ഒരു കെണി മതി. കെണിക്കുള്ളില്‍ വീഴുന്ന ആൺകീടങ്ങളെ ഇടയ്ക്കു പെറുക്കിക്കളയണം. കേരള കാർഷിക സർവകലാശാലയുടെ വിപണനകേന്ദ്രങ്ങൾ, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ, ചില കൃഷിഭവനുകൾ എന്നിവ വഴി മാമ്പഴക്കെണി ഇപ്പോൾ വിതരണം ചെയ്യുന്നുണ്ട്.

റബർ

ചെറുതൈകൾക്ക് തെക്കുപടിഞ്ഞാറൻ വെയിലടിക്കാതിരിക്കാൻ തണൽ നൽകുക. 2–4 വർഷം പ്രായമുള്ള തൈകളുടെ കട മുതൽ കവര വരെ കുമ്മായം പൂശണം. ഈ വർഷം വെട്ടിയ പട്ടയിൽ ബോർഡോ പെയ്സ്റ്റ് അല്ലെങ്കിൽ ചൈനാ ക്ലേ തേയ്ക്കുന്നതു കൊള്ളാം. നഴ്സറിയിലെ തൈകൾക്ക് ആവശ്യാനുസരണം നന, കൂടത്തൈകൾക്കായി പോട്ടിങ് മിശ്രിതം നിറച്ച കൂടകൾ തയാറാക്കുക.

ഇഞ്ചി

വിളവെടുപ്പു തുടരുന്നു. കേടില്ലാത്ത വാരങ്ങളിൽനിന്നു വിത്തിഞ്ചി എടുക്കുക. ഡൈത്തേൻ–എം–45 ഏഴു ഗ്രാം, മാലത്തയോൺ രണ്ടു മി.ലീ. എന്നിവ ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു ലായനിയുണ്ടാക്കി വൃത്തിയാക്കിയ വിത്ത് അതിൽ അരമണിക്കൂർ കുതിർക്കുക. തുടർന്ന് തണലിൽ നിരത്തി വെള്ളം വാർന്നതിനു ശേഷം നനവില്ലാത്ത സ്ഥലത്ത് സൂക്ഷിക്കുക. ജൈവകൃഷിയാണെങ്കിൽ വിത്തിഞ്ചി പച്ചച്ചാണകം കലക്കി വെള്ളത്തിൽ അരമണിക്കൂർ കുതിർത്ത് തണലത്തുണക്കി സൂക്ഷിക്കുക. വിത്തിഞ്ചിയുടെ അടിയിലും മുകളിലും പാണലിന്റെ ഇലകൾ നിരത്തുന്ന പതിവുണ്ട്.

കുരുമുളക്

വിളവെടുപ്പ് തുടരുന്നു. തിരികൾ കൂട്ടിയിട്ട് ചാക്കുകൊണ്ട് മൂടിയിട്ടാൽ എളുപ്പം ചവിട്ടിയെടുക്കാം. ഉതിർന്ന മണികൾ 4–5 ദിവസം വെയിലത്തുണക്കി സൂക്ഷിക്കുക. ചെറുകൊടികൾക്കു തണൽ നൽകുക. കൊടിയുടെ ചുവട്ടിൽ പുതയിട്ട് ഉണക്കിന്റെ കാഠിന്യം കുറയ്ക്കുക.

വാഴ

നേന്ത്രൻ ചെറിയ അളവിൽ താഴെ കാണുംവിധം വളം ചേർക്കാം.

നിമാവിരബാധ, കരിക്കിൻകേട് എന്നിവ ഒഴിവാക്കാൻ വേപ്പിൻപിണ്ണാക്ക് മതി. കുറുമാമ്പുരോഗം വരുത്തുന്ന വൈറസുകളെ പരത്തുന്ന ചെറുകീടങ്ങളെ നശിപ്പിക്കാൻ വെളുത്തുള്ളി–വേപ്പെണ്ണ സോപ്പു മിശ്രിതം ഒരാഴ്ച ഇടവിട്ട് രണ്ടു തവണ തളിക്കുക. കഴിവതും വാഴ ഒരോ വർഷവും സ്ഥലം മാറ്റി കൃഷി ചെയ്യുക. തടതുരപ്പൻ പുഴുവിനെ നിയന്ത്രിക്കാൻ നിമാസോൾ 10 മില്ലി ലീറ്റർ ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് 5–ാം മാസം മുതൽ ഓരോ മാസവും തടയിൽ സ്പ്രേ ചെയ്യുകയും ഇലക്കവിളുകളിൽ നിറയ്ക്കുകയും ചെയ്യുക. ഉണങ്ങിയ ഇലകൾ നീക്കം ചെയ്ത് തട വൃത്തിയാക്കി സൂക്ഷിക്കുക.

തയാറാക്കിയത്: ഡോ: പി.എ. ജോസഫ്, കേരള കാർഷിക സർവകലാശാല പ്രഫസർ (റിട്ട). ഫോൺ : 9495054446

മധുരംനിറയുംഫ്രൂട്ട്കാൻഡി

 

ടൂട്ടി ഫ്രൂട്ടി

കേരളത്തി

ലെ തനതു പഴവര്‍ഗങ്ങൾ ഉപയോഗിച്ചുള്ള ഡ്രൈ ഫ്രൂട്ട്സ് അഥവാ ഫ്രൂട്ട് കാൻഡി നിർമാണം മികച്ച സംരംഭങ്ങളിലൊന്നാണ്. ഡ്രൈ ഫ്രൂട്ട് നിർമാണ

ത്തിനു പറ്റിയ ഫലവർഗങ്ങളാൽ സമ്പന്നമാണ് കേരളം.

എന്താണ് ഡ്രൈ ഫ്രൂട്ട്

പഞ്ചസാരപ്പാനിയിലോ, ശർക്കരപ്പാനിയിലോ ഇട്ട് വിളയിച്ചെടുത്ത പഴം– പച്ചക്കറികൾ ഉണക്കിയെടുക്കുന്നതാണ് ഡ്രൈ ഫ്രൂട്ടുകൾ. നിർജലീകരണം വഴിയാണ് ഇതു സാധ്യമാക്കുന്നത്. രുചിക്കോ നിറത്തിനോ ആകൃതിക്കോ മാറ്റം വരുന്നില്ല. കൂടുതൽ കാലം കേടാകാതെയിരിക്കുകയും ചെയ്യും.

ഉപയോഗം

നേരിട്ടു കഴിക്കുന്നതിനു പുറമേ കേക്ക്, ഐസ്ക്രീം, പുഡ്ഡിങ്, ഫ്രൂട്ട് സലാഡ്, കുക്കീസ്, ഫ്രൂട്ട് ബ്രഡ്, മഫിൻസ്, ബേക്കറി പലഹാരങ്ങൾ എന്നിവയിലെ ചേരുവയായും ഇവ അലങ്കരിക്കാനും ഡ്രൈ ഫ്രൂട്ടുകൾ ഉപയോഗിക്കുന്നു.

മിക്ക നാടൻ പഴം–പച്ചക്കറികളും വലിയൊരളവോളം പാഴാകുകയോ കുറഞ്ഞ വിലയ്ക്കു വിൽക്കേണ്ടിവരികയോ ആണ് പതിവ്. ഇവ ഉണക്കി ഡ്രൈ

ഫ്രൂട്ട് ആക്കിയാൽ കർഷകർക്കു ഗുണകരമാകും. അവർതന്നെ ഒറ്റയ്ക്കോ കൂട്ടായോ ഇതു ചെയ്താൽ മികച്ച വരുമാനവും നേടാം.

ഏതെല്ലാം

പഴംപച്ചക്കറികൾ

∙ ഏത്തപ്പഴം, ചെറുപഴങ്ങളായ കണ്ണൻ, പൂവൻ, ഞാലിപ്പൂവൻ

∙ മുന്തിരി, പപ്പായ, പൈനാപ്പിൾ, ചക്കപ്പഴം, മാമ്പഴം, നെല്ലിക്ക, കശുമാങ്ങാ, ആപ്പിൾ, കരോണ്ടച്ചെറി

∙ കുമ്പളങ്ങ, മത്തൻ, വെള്ളരി, കാരറ്റ്, വാഴപ്പിണ്ടി, ഇളം തേങ്ങ

∙ ജാതിക്കാ

ത്തോട്, ഇഞ്ചി, ഓറഞ്ചുതൊലി

തയാറാക്കുന്ന വിധം

1. ഏത്തപ്പ

ഴം, ചെറുപഴങ്ങൾ എന്നിവ നേരിട്ട് ഉണക്കി ജലാംശം നീക്കം ചെയ്യുകയാണ് പതിവ്. തൊലി നീക്കിയ പഴം 0.1 % പൊട്ടാസ്യം മെറ്റാ ബൈ സൾഫേറ്റ് ലായനിയിലും തുടർന്ന് 1–2 മണിക്കൂർ 60% പഞ്ചസാരലായനിയിലും മുക്കിയെടുത്ത ശേഷം അധികമുള്ള മധുരാംശം വാർത്തുകളഞ്ഞ് ഡ്രയറിലോ വെയിലത്തോ ഉണക്കിയെടുക്കുക.

ജലാംശം നീക്കിയ ഏത്തപ്പഴം

2. ചനച്ച മാങ്ങ, പപ്പായ, കുരു നീക്കിയ കരോണ്ടച്ചെറി, ആപ്പിൾ, കുമ്പളങ്ങ, ടൂട്ടി ഫ്രൂട്ടി തയാറാക്കുന്നതിനുള്ള വെള്ളരി, അധികം മൂപ്പെത്താത്ത പപ്പായ എന്നിവയുടെ കറയും ചവർപ്പും നീക്കം ചെയ്ത് ദൃഢത വരുത്തണം. അതിനായി, യോജ്യമായ വലുപ്പത്തിൽ മുറിച്ച പഴങ്ങൾ ചുണ്ണാമ്പിന്റെ തെളിവെള്ളത്തിൽ മുക്കിവയ്ക്കണം. (ഒരു കിലോ പഴത്തിന് 40 ഗ്രാം ചുണ്ണാമ്പ് ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച് അതിന്റെ തെളിനീര് ഊറ്റിയെടുത്ത് ഉപയോഗിക്കണം.)

നെല്ലിക്കയുടെ പുളിയും ചവർപ്പും മാറ്റുന്നത് ഉപ്പും ഫു‍ഡ്ഗ്രേഡ് ആലവും ഉപയോഗിച്ചാണ്. നന്നായി വിളഞ്ഞ ഒരു കിലോ നെല്ലിക്കയിൽ ഒരു സ്റ്റീൽ ഫോർക്ക് ഉപയോഗിച്ച് കുത്തുകൾ ഇട്ടതിനുശേഷം ഒരു ലീറ്റർ വെള്ളത്തിൽ 20 ഗ്രാം ഉപ്പു ലയിപ്പിച്ച് അതിൽ 24 മണിക്കൂർ മുക്കിവയ്ക്കുക. ഉപ്പുലായനിയിൽനിന്നു മാറ്റി കഴുകിയതിനുശേഷം 20 ഗ്രാം ആലം ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച് തയാറാക്കിയതിലും നെല്ലിക്ക 24 മണിക്കൂർ മുക്കിവയ്ക്കുക. ഇപ്രകാരം പുളിയും ചവർപ്പും മാറ്റി ദൃഢത വരുത്തിയ ശേഷമാണ് കാൻഡി തയാറാക്കേണ്ടത്.

ചവർപ്പും പുളിയും മാറ്റി ദൃഢത വരുത്തിയ പഴങ്ങളിലേക്ക് ഇനി മധുരം ചേർക്കണം. അതിനായി ഒരു കിലോ പഴത്തിന് 750 മില്ലി വെള്ളം, 1.5 കിലോ പഞ്ചസാര, രണ്ട് ഗ്രാം സിട്രിക് ആസിഡ് എന്ന തോതിൽ എടുക്കണം. ആവശ്യമെങ്കിൽ ഫുഡ് കളറും ചേർക്കാം.

ആദ്യഘട്ടത്തിൽ 750 മില്ലി വെള്ളം തിളപ്പിച്ച് അതിൽ 750 ഗ്രാം പഞ്ചസാരയും 2 ഗ്രാം സിട്രിക് ആസിഡും ലയിപ്പിക്കുക. ആവശ്യമായ ഫുഡ് കളർ ചേർക്കുക. ഈ ലായനിക്ക് ചെറിയ ചൂടുള്ളപ്പോൾ ദൃഢത വരുത്തിയ പഴം ചേർത്ത് 24 മണിക്കൂർ വയ്ക്കുക. പിറ്റേ ദിവസം പഴം മുക്കിവെച്ച പഞ്ചസാര ലായനി ഊറ്റിയെടുക്കുക, ബാക്കിയുള്ള പഞ്ചസാരയുടെ അഞ്ചിൽ ഒരു ഭാഗം (150 ഗ്രാം) ചേർത്ത് ലായനി ചൂടാക്കുക. പഞ്ചസാര ലയിച്ചു കഴിയുമ്പോൾ പാനി അടുപ്പത്തുനിന്നു മാറ്റി പഴങ്ങൾ വീണ്ടും ചേർക്കുക. ഇങ്ങനെ പടിപടിയായി പഞ്ചസാര (150 ഗ്രാം വീതം) പഴങ്ങളിലേക്കു ചേർക്കുക. ഈ രീതിയിൽ പഞ്ചസാര അൽപാൽപമായി ചേർത്ത് പഴങ്ങളിലെ ജലാംശം പുറത്തുകളയുന്ന പ്രക്രിയയ്ക്ക് നിർജലീകരണം എന്നാണ് പറയുക. 5–6 ദിവസങ്ങൾകൊണ്ടേ ഇതിന്റെ നിർമാണം പൂർത്തിയാകുകയുള്ളൂ. ഏഴാമത്തെ ദിവസം പഴം ഇട്ടുവച്ച പഞ്ചസാര സിറപ്പിന്റെ ഗാഢത അളക്കുക. ഇതിനായി റിഫ്രാക്ടോമീറ്റർ എന്ന ലഘു ഉപകരണം ഉപയോഗിക്കാം. പഴങ്ങൾ ഈ സിറപ്പിൽ തന്നെ ഇട്ടിരുന്ന് ആകർഷകമായ ബോട്ടിലുകളിൽ നിറച്ച് വിപണനം ചെയ്യാം. ഇതിനു പ്രിസർവ് എന്നാണ് പറയുക.

കൃഷി മാര്‍ഗ്ഗങ്ങള്‍-2

കൃഷി മാര്‍ഗ്ഗങ്ങള്‍-2റിഫ്രാക്ടോമീറ്റർ

ഇത് ഡ്രൈ ഫ്രൂട്ട് അഥവാ ഫ്രൂട്ട് കാൻഡിയാക്കണമെങ്കിൽ പഴങ്ങൾ പഞ്ചസാരപ്പാനിയിൽനിന്നു മാറ്റി ചൂടുവെള്ളത്തിൽ കഴുകി വെയിലത്തുവച്ചോ ഡ്രയറിലോ ഉണക്കിയെടുക്കുക. ഡ്രയറിലാണ് ഉണക്കുന്നതെങ്കിൽ 60–70 ഡിഗ്രി സെൽഷ്യസിൽ 6–7 മണിക്കൂർ ഉണക്കിയാൽ മതി. ഇപ്രകാരം ഉണക്കിയതിനുശേഷം പായ്ക്ക് ചെയ്യുക. ടൂട്ടി ഫ്രൂട്ടി, മാമ്പഴം, പപ്പായ കാൻഡി എന്നിവയെല്ലാം ഈ രീതിയിലാണ് തയാറാക്കുന്നത്.

3. ചക്കപ്പഴം, കൈതച്ചക്ക, പുളിയും ചവർപ്പും നീക്കിയ നെല്ലിക്ക എന്നിവയിലേക്ക് നേരിട്ട് തുല്യ അളവ് പഞ്ചസാര ചേർക്കുകയാണ് പതിവ്. ഈ പഴങ്ങളിലെ ജലാംശം ഊറി വന്ന് ചേർത്ത പഞ്ചസാരയുടെ മുക്കാൽ ഭാഗവും അലിഞ്ഞിരിക്കും. ഈ പാനിയിൽനിന്ന് പഴങ്ങൾ എടുത്ത് മാറ്റിയതിനുശേഷം 250 മില്ലി വെള്ളവും 2 ഗ്രാം സിട്രിക് ആസിഡും ചേർത്ത് ചൂടാക്കുക. ഈ പാനിക്ക് ചെറിയ ചൂടുള്ളപ്പോള്‍ പഴങ്ങൾ ചേർക്കുക. പിറ്റേ ദിവസം വീണ്ടും പാനി ഊറ്റിയെടുത്ത് ചൂടാക്കുക. ചെറിയ ചൂടോടെ പഴങ്ങൾ ചേർക്കുക. ഈ പ്രക്രിയ അഞ്ചു ദിവസം ആവർത്തിക്കണം. പഞ്ചസാര സിറപ്പിന്റെ ഗാഢത 70–72 ബ്രിക്സ് ആയാൽ പഴങ്ങൾ സിറപ്പിൽനിന്നു മാറ്റി ചൂടുവെള്ളത്തിൽ കഴുകി ഡ്രയറിൽ ഉണക്കി പായ്ക്ക് ചെയ്യാം. ഇതേ രീതിയിൽ ഓറഞ്ചുതൊലി, ഇഞ്ചി, ജാതിക്കാത്തോട് എന്നിവയും വിളയിച്ചെടുക്കാം.

ഒരുപാട് യന്ത്രസാമഗ്രികളോ സ്ഥലസൗകര്യമോ ആവശ്യമില്ലെന്നതാണ് സംരംഭത്തിന്റെ മെച്ചം. കേരളത്തിലുടനീളമുള്ള ബേക്കറി ശൃംഖലകളുമായി ബന്ധപ്പെട്ടാൽ ഉൽപന്നങ്ങൾക്കു വിപണിയും ഉറപ്പിക്കാം. ആകർഷകമായ നിറവും ഹൃദ്യമായ രുചിയുമുള്ള നാടൻ പഴങ്ങൾ കാൻഡിയാക്കി നമ്മുടെ സമ്പാദ്യത്തിനും മധുരം പകരാം.

വിലാസം: സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് (ഹോം സയൻസ്), കൃഷി വിജ്ഞാന കേന്ദ്രം, ആലപ്പുഴ
ഫോൺ: 0479 244926

മായമില്ല, മായാജാലമില്ല

കറിപൗഡർ നിർമാണം

ചന്തയിൽനിന്നു വാങ്ങുന്ന പച്ചക്കറികളിലും പഴങ്ങളിലുമെല്ലാം മാരക കീടനാശിനികളുടെ സാന്നിധ്യമുണ്ടെന്നു നാമെല്ലാം ഭയപ്പെടുന്നു. നന്നായൊന്നു കഴുകിയാൽ കുറെയൊക്കെ നീങ്ങുമല്ലോ എന്നതാണ് ആശ്വാസം. എന്നാൽ വിപണിയിൽ കിട്ടുന്ന കറിപൗഡറുകളിൽ മായം കലര്‍ന്നിട്ടുണ്ടെങ്കിൽ എന്തു ചെയ്യും? കഴുകിക്കളയാൻ കഴിയില്ലല്ലോ!‌

വീട്ടമ്മമാരുടെ ഈ സംശയത്തിനു വീട്ടമ്മമാർതന്നെ പരിഹാരം കണ്ടെത്തിയപ്പോൾ കറിപൗഡറുകളിൽ പുതിയൊരു ബ്രാൻഡ് പിറന്നു; സുഭിക്ഷ. കോഴിക്കോട് കേന്ദ്രമായുള്ള ഭാരതീയ സുഗന്ധവിള ഗവേഷണസ്ഥാപനവും പേരാമ്പ്രയിലെ കർഷക കമ്പനിയായ സുഭിക്ഷയും ചേർന്നുള്ള ഈ സംരംഭത്തിന്റെ സദ്ഫലങ്ങൾ പലതാണ്.
വീട്ടമ്മമാര്‍ക്കു വിശ്വസിച്ചു വാങ്ങാവുന്ന കറിപൗഡറുകൾ ഉൽപാദിപ്പിക്കാൻ കഴിഞ്ഞു എന്നതു മുഖ്യ നേട്ടം. സാധാരണക്കാരായ കുറേ സ്ത്രീകള്‍ക്കു സംരംഭകരായി വളരാൻ കഴിഞ്ഞു എന്നതു രണ്ടാമത്തെ നേട്ടം. ഗുണമേന്മയുള്ള ഉൽപന്നങ്ങളുമായി വടക്കൻ കേരളത്തിൽ മുമ്പേ വേരുറപ്പിച്ച കർഷക കമ്പനിയാണ് സുഭിക്ഷ.

നാളികേരോൽപന്നങ്ങളും അച്ചാറുകളുമെല്ലാം സുഭിക്ഷയുടെ ജനപ്രീതി നേടിയ ഉൽപന്നങ്ങൾ തന്നെ. സുഗന്ധവിള ഗവേഷണകേന്ദ്രത്തിലെ ബിസിനസ്സ് പ്ലാനിങ് ആൻഡ് ഡവലപ്മെന്റ് യൂണിറ്റുമായി സഹകരിച്ചുള്ള പുതിയ സംരംഭത്തിലൂടെ സുഭിക്ഷ വിപണിയിലെത്തിക്കുന്നതു ഗുണമേന്മയിൽ തെല്ലും മായം കലരാത്ത മസാലപ്പൊടികളും കറിപൗഡറുകളും.

ഗവേഷണകേന്ദ്രവും സുഭിക്ഷയും ചേർന്നു ധാരണപത്രം ഒപ്പിട്ടത് 2015 ജൂണിലാണ്. സുഭിക്ഷയിലെ തിരഞ്ഞെടുത്ത അംഗങ്ങൾക്കു ഗവേഷണകേന്ദ്രം പരിശീലനം നൽകി. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ലൈസൻസോടുകൂടി ഗവേഷണകേന്ദ്രത്തിൽ പ്രവര്‍ത്തിക്കുന്ന സംസ്കരണ യൂണിറ്റ് ഉൽപന്ന നിർമാണത്തിനു പ്രയോജനപ്പെടുത്തി. വിവിധ സുഗന്ധവ്യഞ്ജനങ്ങൾ ശുദ്ധീകരിക്കാനും തരംതിരിക്കാനും ഉണക്കാനും പൊടിക്കാനും പായ്ക്ക് ചെയ്യാനുമെല്ലാമുള്ള സംവിധാനങ്ങൾ ഇവിടെയുണ്ട്.

സാധാരണക്കാരായ വീട്ടമ്മമാരാണ് സംരംഭകരെന്നത് ഉൽപന്നത്തിന്റെ ഗുണമേന്മ ഉറപ്പാക്കുന്നു. നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും വീട്ടമ്മയുടെ കരുതലും ശ്രദ്ധയും ഉറപ്പ്. സംരംഭകരുടെ ആത്മാർഥതയും അർപ്പണബോധവും കൂടിച്ചേര്‍ന്നതോടെ സുഭിക്ഷയുടെ ഉല്‍പന്നങ്ങള്‍ക്കു ലഭിച്ചതു മികച്ച പ്രതികരണം. ആറു മാസത്തിനുള്ളിൽ വിപണിയിലെത്തിച്ചതു നാലു ടൺ സുഗന്ധവ്യഞ്ജനങ്ങൾ.

സുഭിക്ഷയുടെ ഉല്‍പന്നങ്ങൾ

ആദ്യസംരംഭം പകർന്ന ആവേശം സംരംഭകരെ അടുത്ത ഘട്ടത്തിലേക്കെത്തിച്ചു. സംസ്കരണം മാത്രമല്ല, സുഗന്ധവിളകളുടെ കൃഷി കൂടി തുടങ്ങാനുള്ള ആലോചന മുളച്ചു. ഒരേക്കറോളം സ്ഥലത്ത് മഞ്ഞൾകൃഷിക്കു തുടക്കമിട്ടുകഴിഞ്ഞു. കൃഷിയുടെ സമസ്ത പാഠങ്ങളും പകരാൻ സുഗന്ധവിള ഗവേഷണകേന്ദ്രം ഒപ്പമുണ്ടെന്നത് വനിതകള്‍ക്കു ശുഭപ്രതീക്ഷ പകരുന്നു.

ഫോൺ : 0495 2731410

പൂച്ചയ്ക്കും പ്രതിരോധ കുത്തിവയ്പ്

സങ്കരയിനം പൂച്ചകൾ മലയാളിയുടെ മനസ്സിലും വീടുകളിലും ചേക്കേറിക്കഴിഞ്ഞു. പക്ഷേ, നായ്ക്കളുടെ ആരോഗ്യകാര്യങ്ങളിലും രോഗപ്രതിരോധത്തിലും കാണിക്കുന്ന താൽപര്യം പൂച്ചകളുടെ കാര്യത്തിൽ മിക്കവരും കാണിക്കാറില്ല. പൂച്ചകൾ കുട്ടികളുടെ ഉറ്റതോഴരും മുതിർന്നവരുടെ ഓമനകളുമാകുമ്പോൾ അവയെ രോഗങ്ങളിൽനിന്നു രക്ഷിക്കുക ഉടമയുടെ കടമയാണ്. അതു കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്ക് അനിവാര്യവുമാണ്.

പൂച്ചകളെ ബാധിക്കുന്ന ഫെലൈൻ പാൻലൂക്കോപീനിയ, ഫെലൈൻ ഇൻഫക്ഷ്യസ് റൈനോട്രക്കിയേറ്റിസ്, ഫെലൈൻ കാൽസി വൈറസ് ബാധ, പേ വിഷബാധ എന്നിവയ്ക്ക് എതിരെയാണ് പ്രതിരോധ കുത്തിവയ്പ് പ്രചാരത്തിലുള്ളത്. നാലിനും കാരണം വൈറസുകളാണ്. കൃത്യസമയത്തു കൃത്യമായ അളവിൽ ശരിയായ മരുന്ന് അഥവാ മരുന്നുകൾ ഉപയോഗിച്ചുള്ള വിരയിളക്കലും പ്രധാനം.

പകർച്ചവ്യാധിയായ ഫെലൈൻ പാൻലൂക്കോപീനിയയുടെ ലക്ഷണങ്ങൾ പനി, ഛർദ്ദി, വയറിളക്കം തുടങ്ങിയവയാണ്. വായയിലും തൊണ്ടയിലും വ്രണങ്ങൾ ഉണ്ടാകുന്നതുമൂലം ആഹാരവും ജലപാനവും മുടങ്ങുന്നു. ഗർഭമലസൽ, ജനിക്കുന്ന കുഞ്ഞുങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾ എന്നിവയുമുണ്ടാകാം. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് രോഗമാണ് ഫെലൈൻ റൈനോട്രക്കിയേറ്റിസ് (Feline Rhinotracheatis). പനി, തുമ്മൽ, കണ്ണുകളിൽ പഴുപ്പ്, മൂക്കൊലിപ്പ് എന്നിവ ലക്ഷണങ്ങൾ. വായിൽനിന്ന് ഉമിനീരൊലിക്കാം. ന്യൂമോണിയ ആയി മാറി മരണം സംഭവിക്കാം. ഫലപ്രദമായ ചികിത്സയില്ല. കാൽഡി വൈറസ് ബാധ (Caldi Virus Infection) ലക്ഷണങ്ങളും റൈനോട്രക്കിയേറ്റിസിനു സമമാണ്. മൂക്കിലും വായിലും കുമിളകൾ വന്നു പൊട്ടി വ്രണങ്ങളാകുന്നു.

പേ ബാധിച്ച നായ കടിക്കുന്നതിലൂടെയാണ് പൂച്ചകൾക്കു പേ വിഷബാധ മിക്കവാറും ഉണ്ടാവുക. ചികിത്സയില്ലാത്ത രോഗത്തിനു മരണം സുനിശ്ചിതം. ആക്രമണസ്വഭാവമുള്ള ക്രുദ്ധ രൂപത്തിലോ തളർച്ച ലക്ഷണമായ മൂക രൂപത്തിലോ വിഷബാധ കാണപ്പെടാം. ആദ്യ രൂപത്തിൽ ആക്രമണ സ്വഭാവം കാണിക്കുന്ന പൂച്ച അല‍ഞ്ഞുതിരിയുകയും അനുസരണയില്ലായ്മ കാണിക്കുകയും ചെയ്യും. കരയുന്നതിന്റെ ശബ്ദത്തിലും വ്യതിയാനങ്ങൾ വരുന്നു. മൂകരൂപത്തിൽ നാവും കീഴ്ത്താടിയും തളർന്ന് ഉമിനീർ ഒഴുകുന്നു. രണ്ടു രൂപത്തിലും 3–4 ദിവസത്തിനുള്ളിൽത്തന്നെ മരണമെത്തുന്നു. പൂച്ചകളുടെ സവിശേഷ സ്വഭാവമായ കൈ ഉപയോഗിച്ചുള്ള മുഖം മിനുക്കൽ കാരണം നഖങ്ങൾക്കിടയിലും മറ്റും ഉമിനീരിന്റെ സാന്നിധ്യമുണ്ടാകുന്നത് ഏറെ അപകടകരമാണ്. പേയുള്ള പൂച്ചയുടെ കടി, മാന്തൽ എന്നിവയിലൂടെ മനുഷ്യരിലേക്കു രോഗം പകരാം. പൂച്ച വീട്ടിനുള്ളിൽ സ്ഥിരമായി കഴിയുകയും കുടുംബാംഗങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തുകയും ചെയ്യുന്നതിനാൽ ഏറെ ശ്രദ്ധിക്കണം.

എട്ട് ആഴ്ച പ്രായമാകുമ്പോൾ പൂച്ചക്കുട്ടികൾക്ക് ആദ്യത്തെ പ്രതിരോധ കുത്തിവയ്പ് നൽകണം. ഫെലൈൻ കാൽഡി വൈറസ്, റൈനോട്രക്കിയേറ്റിസ്, പാൻലൂക്കോപീനിയ എന്നീ മൂന്നു രോഗങ്ങൾക്കുമെതിരെ ഒരു പ്രതിരോധ കുത്തിവയ്പാണ് നൽകേണ്ടത്. പന്ത്രണ്ട് ആഴ്ച പ്രായത്തിൽ (ഒരു മാസത്തിനു ശേഷം) ബൂസ്റ്റർ ഡോസ് നൽകണം. പിന്നീട് വർഷംതോറും കുത്തിവയ്പ് ആവർത്തിക്കണം. പേ വിഷബാധ പ്രതിരോധ കുത്തിവയ്പ്കൂടി ചേർത്ത് നാലു രോഗങ്ങൾക്കെതിരെയുള്ള ഒരൊറ്റ പ്രതിരോധ കുത്തിവയ്പും വിപണിയിലുണ്ട്. എട്ടാമത്തെ ആഴ്ചയിൽ നൽകുന്ന പ്രതിരോധ കുത്തിവയ്പിൽ പേ വിഷബാധയ്ക്കുള്ള വാക്സിൻ അടങ്ങിയിട്ടില്ലെങ്കിൽ പത്ത് ആഴ്ച പ്രായത്തിൽ നായ്ക്കൾക്കുള്ള പേവിഷബാധയുടെ പ്രതിരോധ കുത്തിവയ്പ് വാക്സിൻ പൂച്ചകൾക്കു നൽകുകയും ഒരു മാസത്തിനുശേഷം ബൂസ്റ്റർ ഡോസും നൽകണം. പിന്നീടു വർഷത്തിലൊരിക്കൽ ആവർത്തന കുത്തിവയ്പും നൽകണം. പൂച്ചകള്‍ക്കു പ്രത്യേകമായി പേ വിഷബാധ വാക്സിൻ വിപണിയിൽ ലഭ്യമല്ലാത്തതിനാൽ നായ്ക്കൾക്കുള്ള റാബിസ് വാക്സിനാണ് ഉപയോഗിക്കുന്നത്. ഫെലൈൻ ലൂക്കോപീനിയ വാക്സിൻ ലൈവ് (Live vaccine) ആയതിനാൽ ഗർഭിണിപ്പൂച്ചകളിൽ പകരം കനൈൻ പാർവോ വൈറസ് വാക്സിൻ ആണ് ഉപയോഗിക്കേണ്ടത്.

വിരബാധ

ഉരുണ്ട വിരകളും നാടവിരകളുമാണ് പൂച്ചകളെ പ്രധാനമായും ബാധിക്കുന്നത്. രണ്ട്, നാല് ആഴ്ച പ്രായത്തിൽ പൈറാന്റൽ പാമേയേറ്റ് ഇനത്തിൽപ്പെട്ട വിരമരുന്നുപയോഗിച്ചും പിന്നീട് 6, 8 ആഴ്ചകളിൽ പൈറാന്റൽ, പ്രാസിക്വാന്റൽ, ഫെൻബെൻഡസോൾ എന്നീ മരുന്നുകൾ ചേര്‍ന്ന മിശ്രിത മരുന്നുപയോഗിച്ചും വിരയിളക്കാം. പിന്നീട് ആറു മാസം പ്രായം വരെ മാസത്തിലൊരു തവണ ഇതേ മരുന്നുകൾ നൽകണം. പിന്നീട് വര്‍ഷത്തിലൊരിക്കലും. ഗർഭിണിപ്പൂച്ചകൾക്ക് പ്രസവത്തിനു 15 ദിവസം മുൻപും പ്രസവത്തിന് ഒരു മാസത്തിനു ശേഷവും ഡോക്ടർ നിർദേശിക്കുന്ന മരുന്നുപയോഗിച്ചു വിരമരുന്നു നൽകണം. അനുചിതമായ വിരമരുന്ന്, കൃത്യതയില്ലാത്ത അളവ്, അനവസരത്തിലുള്ള മരുന്നുപ്രയോഗം എന്നിവ ഗുണത്തേക്കാളേറെ ദോഷകരമാണ്. വിരകൾ മരുന്നുകള്‍ക്കെതിരെ പ്രതിരോധം നേടിയെടുത്തു പിന്നീട് വിരമരുന്നുകൾ ഫലപ്രദമാകാത്ത അവസ്ഥയുണ്ടാകും. അതിനാൽ വിരമരുന്നു പ്രയോഗം വെറ്ററിനറി ഡോക്ടറുടെ നിർദേശപ്രകാരമായിരിക്കണം.

കടപ്പാട്-മനോരമ ഓണ്‍ലൈന്‍.കോം

3.13461538462
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top