Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കൃഷി മാതൃകകള്‍

കൂടുതല്‍ വിവരങ്ങള്‍

വർഷകാല കൃഷിക്ക് കാന്താരി

നമ്മുടെ മണ്ണിൽ എല്ലാ കാലാവസ്ഥയിലും വളരുന്ന മുളകിനത്തിലെ സൂപ്പർ താരമാണ് കാന്താരി മുളക്. കടുത്ത വേനലിനെ പോലും അതിജീവിക്കുവാൻ കരുത്ത്. മഴക്കാലം കാന്താരിക്കും ഏറെ പ്രിയം തന്നെ. പച്ച കാന്താരി കൂടാതെ വെള്ള കാന്താരി, നീല കാന്താരി, ഉണ്ടകാന്താരി തുടങ്ങി നിരവധി ഇനങ്ങൾ കേരളത്തിൽ കാണുന്നു. എങ്കിലും പച്ചകാന്താരിക്കാണ് ഗുണം കൂടുതൽ. പഴുത്ത് പാകമായ മുളക് ഉണക്കിയെടുത്താണ് കാന്താരി വിത്തു ശേഖരിക്കുന്നത്. വിത്തു പാകിയ ശേഷം ആവശ്യത്തിനു വെള്ളം തളിച്ചു നൽകാം. കീടബാധ കാര്യമായി ബാധിക്കാത്ത കാന്താരിക്ക് മറ്റു കൃഷികളെ പോലെ വലിയ പരിചരണമോ, വളപ്രയോഗമോ ആവശ്യമില്ല. വേനൽക്കാലത്ത് ആവശ്യമായ വെള്ളം നല്കാം. വലിപ്പം കുറവെങ്കിലും എരിവ് അല്പം മുന്നിലാണെങ്കിലും നമ്മുടെ സ്വന്തം കാന്താരി മുളകിനു ഇപ്പോൾ ആരാധകർ ഏറെയാണ്. ദിവസം കഴിയുന്തോറും കുഞ്ഞ് കാന്താരിയുടെ ഡിമാൻഡും വിലയും കുത്തനെ വർധിക്കുകയാണ്. ഒരുകിലോ കാന്താരിക്കു കുറച്ചു നാൾ മുന്പുവരെ 700800 നിരക്കിലായിരുന്നു വില. 

എന്നാൽ അടുത്തിടെ 1200 രൂപയായി വില പെട്ടെന്നങ്ങ് കൂടി. കാന്താരിയുടെ പൊന്നു വിലയുടെ കാരണം ഇതിന്‍റെ ഗുണം തന്നെ. കൊഴുപ്പ് നിയന്ത്രണത്തിനു കാന്താരി മുളക് ഫലപ്രദമെന്നു പരീക്ഷിച്ചറിഞ്ഞവർ ഇന്ന് എന്തുവില നല്കാനും തയാറാണ്. വീട്ടിൽ കാന്താരികൃഷി നടത്തുന്ന തിരുവനന്തപുരത്തെ കൊച്ചുള്ളൂർ സ്വദേശിയായ ജൈവകർഷകൻ ആർ. രവീന്ദ്രൻ പറയുന്നത് കാന്താരി മുളകിനായി പലരും തന്‍റെ വീട്ടിൽ എത്താറുണ്ടെന്നാണ്. മരുന്നിനെക്കാൾ ഫലം ഈ മുളകു പച്ചയ്ക്കു കഴിച്ചാൽ ഉണ്ടാകുമെന്നു അനുഭവസ്ഥർ ചൂണ്ടികാട്ടുന്നതായും ആർ. രവീന്ദ്രൻ പറയുന്നു. കാന്താരി കഴിച്ചുകഴി ഞ്ഞ് ഒരു നെല്ലിക്കകൂടി കഴിക്കുന്നത് മുളകിന്‍റെ എരിവ് കുറയ്ക്കുവാൻ സഹായിക്കും. അതിനാൽ മരുന്നായി കാന്താരി കഴിക്കുന്ന ചിലർ നെല്ിക്കയും കഴിക്കുന്നതു കാണാമെന്നും അദ്ദേഹം പറയുന്നു. കാന്താരി മുളകിൽ അടങ്ങിയിരിക്കുന്ന കാപ്സെസിൻ എന്ന ആൽക്കലോയിഡ് ദഹനത്തിനു സഹായിക്കുന്നു. കൊളസ്ട്രോൾ നിയന്ത്രണത്തിനും വളരെ ഉചിതമാണിത്.

ജീവകം എ, സി, ഇ എന്നിവയും കാന്താരിയിൽ അടങ്ങിയിട്ടുണ്ട്. സി വളരെ കുടുതലുണ്ട.് കാൽസ്യം, ഇരുന്പ്, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയും കാന്താരിയെ ഗുണസന്പുഷ്ടമാക്കുന്നു. കാന്താരി പച്ചയ്ക്കു കഴിക്കാൻ പ്രയാസമുള്ളവർ മോരിൽ ചേർത്തും കാന്താരി സേവിക്കാറുണ്ട്. രണ്ടോ മൂന്നോ കാന്താരി ചെറിയ കഷ്ണം ഇഞ്ചി, ഒരു വെളുത്തുള്ളി ഇതൾ, കറിവേപ്പില എന്നിവ അരച്ച് മോരിൽ കുടിക്കുന്നത് കൊഴുപ്പ് നിയന്ത്രണത്തിനു നല്ലതാണ്. നാട്ടിൻപുറങ്ങളിൽ ഇന്നും പലരും ഈ മോരുവെള്ളം കഴിച്ച് ആരോഗ്യം സംരക്ഷിക്കുന്നുണ്ട്. രുചിയുടെ കാര്യത്തിലും കാന്താരി ഒട്ടും പിന്നിലല്ല. കാന്താരി മുളക് അരച്ചുള്ള ചമ്മന്തി കേരളത്തിന്‍റെ പതിവായിരുന്നു. രാവിലെ കഴിക്കുന്ന പഴംകഞ്ഞിയിൽ ഒരു കാന്താരി മുളകു കൂടി ഉടച്ചു ചേർത്താൽ അന്നത്തെ പകൽ ഭക്ഷണം കുശാൽ. 

പറന്പിലും പാടത്തും രാപ്പകൽ അധ്വാനിക്കുന്ന കർഷകരുടെ ആരോഗ്യത്തിന്‍റെ രഹസ്യവും മറ്റൊന്നല്ല. രാത്രി പാൽക്കഞ്ഞിക്കൊപ്പം കാന്താരി അച്ചാറും ചേർത്തുകഴിച്ച് സുഖമായി ഉറങ്ങി രാവിലെ നല്ല ഉത്സാഹത്തോടെ എഴുന്നേൽക്കുന്ന പഴമക്കാരും ഉണ്ടായിരുന്നു. നാരങ്ങ, പുളിഞ്ചിക്ക തുടങ്ങിയവകൊണ്ട് അച്ചാറിടുന്പോൾ കാന്താരിക്കൂടി ഇടുന്നത് നല്ലതാണ്. പുളിഞ്ചിക്ക (ഇരുന്പൻ പുളി) അമിതമായി കഴിക്കുന്നത് നല്ലതല്ലെന്നും ഇപ്പോൾ അഭിപ്രായമുണ്ട്. ഇരുന്പൻ പുളി ഉണ്ടാക്കുന്ന അസിഡിറ്റി കുറയ്ക്കുവാനും കാന്താരി സഹായിക്കും. കാന്താരി മുളകു മാത്രം കൊണ്ട് അച്ചാറുണ്ടാക്കുന്നതും വളരെ രുചികരമാണ്.
ഫോണ്‍ മഞ്ജുള 96336 71974.

എസ്. മഞ്ജുളാദേവി

കൃഷിയെ പ്രണയിക്കുന്ന യുവത്വം

കൃഷിയെ സ്നേഹിക്കുന്ന ഒരുകൂട്ടം കോളജ് കുമാരന്മാരുടെയും കുമാരിമാരുടെയും കൂട്ടായ്മ കാണണമെങ്കിൽ ആലപ്പുഴ ജില്ലയിലെ ചേർത്തല സെന്‍റ് മൈക്കിൾസ് കോളജിലെത്തണം. ചൊരിമണലിനോട് മല്ലിടുന്ന ഇവരുടെ കഠിനാധ്വാനത്തിന്‍റെ പരിണിത ഫലമാണ് ഇവിടുത്തെ പച്ചക്കറി പ്രദർശനത്തോട്ടം. കുറച്ചുനാൾ മുന്പുവരെ ന്ധചാണകമോ ? അയ്യേ!...ന്ധ എന്നു പറഞ്ഞിരുന്ന കുട്ടികൾ ഇപ്പോൾ പറയുന്നത് ന്ധ ചാണകമെന്ന് കേട്ടാൽ അഭിമാനപൂരിതമാകണം ’എന്നാണ്. ഇതു കോളജിൽ പരീക്ഷിക്കപ്പെടുന്ന വിദ്യാഭ്യാസ രീതിയുടെയും എൻഎസ്എസിന്‍റെയും വിജയം കൂടിയാണ്. കാന്പസിലെ അഞ്ചേക്കർ ചൊരിമണലിൽ വിരിയുന്നത് ജൈവ പച്ചക്കറിയുടെ പുത്തൻ പാഠങ്ങളാണ്.

നൂതന സാങ്കേതിക വിദ്യയായ ഓപ്പണ്‍ പ്രസിഷൻ ഫാമിംഗ് സന്പ്രദായത്തിലാണ് ഇവിടെ കൃഷി നടത്തുന്നത്. 100 കുട്ടികളടങ്ങുന്ന എൻഎസ്എസിന്‍റെ കാർഷിക കർമസേനയ്ക്കാണ് പച്ചക്കറി തോട്ടത്തിന്‍റെ ചുമതല. നിലമൊരുക്കൽ മുതൽ വിളവെടുപ്പ് വരെ അതീവ ശ്രദ്ധയോടുള്ള ആസൂത്രണമാണ് ഈ കുട്ടികർമസേനയെ ശ്രദ്ധേയമാക്കുന്നത്. ഈ സാന്പത്തിക വർഷത്തിൽ തന്നെ മൂന്ന് വിളയിറക്കി നാടിന്‍റെ ആകെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണിവർ. രണ്ടര ഏക്കർ സ്ഥലത്ത് പടവലം, പാവൽ, പയർ, പീച്ചിങ്ങ, വെണ്ട, വഴുതന, തക്കാളി, ചീര, പച്ചമുളക് എന്നിവ ഓപ്പണ്‍ പ്രിസിഷൻ ഫാമിംഗ് അടിസ്ഥാനത്തിൽ കൃഷി ചെയ്തു വരുന്നു. മറ്റിടങ്ങളിൽ ചേന, ചേന്പ്, കാച്ചിൽ എന്നിവയും കൂടി കൃഷി ചെയ്യുന്നു. രണ്ടാം വിളയായി പരീക്ഷണാടിസ്ഥാനത്തിൽ ശീതകാല വിളകളായ കാബേജും, കോളിഫ്ളവറും വിജയകരമായി കൃഷി ചെയ്ത് ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചു. 

പുരയിടത്തെ ചാലുകളും വരന്പുകളുമായി മാറ്റുകയാണ് ആദ്യം ചെയ്തത്. പച്ചക്കറി അവശിഷ്ടങ്ങൾ ചന്തയിൽ നിന്നും ശേഖരിച്ച് അടിവളമായി നിക്ഷേപിച്ചു. പിന്നീട് ചാണകവും, ചാരവും, കോഴിവളവും, ഉമിക്കരിയും, റോക്ക് ഫോസ് ഫേറ്റും നൽകി. കൃഷി തുടങ്ങുന്നതിന് മുന്പായി അടിവളങ്ങൾ നല്ല രീതിയിലിട്ട് ചെറിയ വരന്പുകളാക്കി അതിന് മുകളിലാണ് ഫെർട്ടിഗേഷൻ പൈപ്പുകൾ ഘടിപ്പിച്ചത്. വെള്ളം കടത്തിവിട്ട് എല്ലാ ദ്വാരങ്ങളിൽക്കൂടിയും വരുന്നുണടെന്ന് ഉറപ്പാക്കിയ ശേഷമാണ് പോളിത്തീൻ ഷീറ്റ് ഉപയോഗിച്ച് പുതയിട്ടത്.

മേൽപറഞ്ഞ രീതിയിൽ തയാറാക്കിയ വരന്പുകളിലാണ് ആവശ്യമായ അകലത്തിൽ പച്ചക്കറി തൈകൾ നട്ടത്. വെണ്ട, വഴുതന എന്നിവ 45 സെന്‍റീമീറ്റർ അകലത്തിലാണ് നടുന്നത്. നടുന്നതിനായി പോളിത്തീൻ കവർ പൊട്ടിച്ച് ചെറുകുഴികൾ എടുത്തു. 34 ഇല പ്രായത്തിലുള്ള പച്ചക്കറി തൈകളാണ് നട്ടത്. ആദ്യ രണ്ടു മൂന്നു ദിവസം നല്ല ശ്രദ്ധയും തീവ്ര പരിചരണവും തന്നെ വേണ്ടിവന്നു.

രോഗ കീടാക്രമണം ചെറുക്കാൻ മഞ്ഞകെണി, കായീച്ച കെണി, സ്യൂഡോമോണസ് തളിയ്ക്കൽ, മത്സ്യ ഗവ്യത്തിന്‍റെ ഉപയോഗം എന്നിവ സഹായിച്ചു. വേപ്പിൻ പിണ്ണാക്ക് കിഴികെട്ടിയ വെള്ളം, പത്തുതരം കളകൾ ഗോമൂത്രത്തിൽ മുക്കി വെച്ച് അരിച്ചെടുത്തുണ്ടാക്കുന്ന ലായനി എന്നിവയും നല്ല ഫലം നൽകുകയുണ്ടായി. ജൈവകൃഷിയിൽ രോഗകീടാക്രമണം വരുന്നതിനു മുന്പും തുടങ്ങുന്ന സമയത്തും നടപടി സ്വീകരിച്ചാവണം രോഗകീടങ്ങളിൽ നിന്ന് രക്ഷനേടാൻ എന്ന പാഠം കുട്ടികൾ ഓർമപ്പെടുത്തുന്നു.

നാടൻ വാഴയിനങ്ങളുടെ സംരക്ഷണത്തിനായും അവയുടെ ഗുണങ്ങൾ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനും ഒരുക്കിയ പ്രദർശന വാഴത്തോട്ടം ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. പടത്തി, ആറ്റുകണ്ണൻ, ചുണ്ടില്ലാകണ്ണൻ, കപ്പക്കാളി, മധുരവള്ളി, ചെങ്കദളി, ചാരക്കാളി, ഗിരിസുധ തുടങ്ങിയ 24 ഇനം നാടൻ വാഴകളാണ് തോട്ടത്തിലുള്ളത്. 

കോളജിന്‍റെ മുൻവശത്ത് നാഷണൽ ഹൈവേയുടെ ഓരംചേർന്ന് കൃഷി വകുപ്പിന്‍റെ എ ഗ്രേഡ് ക്ലസ്റ്റർ, പച്ചക്കറി വിപണന സ്റ്റാ ൾ തുടങ്ങിയത് ഇവർ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾക്ക് ന്യായവില ലഭിക്കാൻ സഹായിച്ചു.

കുട്ടികൾക്ക് പ്രചോദനവും മാർഗനിർദ്ദേശകവുമായി കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജെ.പ്രേംകുമാറും, കോളജ് മാനേജർ ഫാ. സോളമൻ ചാരങ്കാട്ടും, മുൻ പ്രിൻസിപ്പൽ എ.ബി. ജോണ്‍ ജോസഫും ചേർത്തല തെക്ക് കൃഷി ഓഫീസർ അനൂപും, പ്രോഗ്രാം ഓഫീസർ പ്രഫ. പ്രതീഷും, യുവ കർഷകനായ സ്വാമിനികർത്തിൽ സുജിത്തും കൂടെയുണ്ട്. കോളജിന് നിരവധി അംഗീകാരങ്ങൾ ലഭിക്കുകയുണ്ടായി. 
ഫോണ്‍: എ.ബി. ജോണ്‍ ജോസഫ് 94469 17211

കാടകൾ നൽകിയ ജീവിതം

ആയിരം കോഴിക്ക് അരകാട മുട്ടയുടെയും ഗുണമേ·യുള്ള ഇറച്ചിയുടെയും സ്രോതസെന്ന നിലയിൽ ഇതിനകം തന്നെ കാട ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. കാടമുട്ടയ്ക്കും ഇറച്ചിക്കും പ്രിയം വർധിച്ചുവരുന്ന കാലഘട്ടമാണിത്. ഈ വിപണന സാധ്യത മനസിലാക്കി കാടവളർത്തലിലേക്ക് തിരിഞ്ഞ യുവകർഷകനാണ് എറണാകുളം ജില്ലയിലെ തുറവൂർ വാതക്കാട് തളിയൻ ബൈജു. സാന്പത്തിക പ്രശ്നങ്ങളെ നേരിടാൻ പുത്തൻ വഴികൾ തേടിയുള്ള യാത്രയിലാണ് കാട വളർത്തൽ ആരംഭിക്കുന്നത്. മലപ്പുറത്ത് പാട്ടത്തിനെടുത്ത സ്ഥലത്ത് 50 കാടകളെ വളർത്തിയാണ് തുടക്കം. 16 വർഷം മുന്പ് ആരംഭിച്ച കാട വളർത്തൽ ഫാം, ഇന്ന് പട്ടാന്പിയിലെ സ്വന്തം സ്ഥലത്താണ് പ്രവർത്തിക്കുന്നത്.

ഘട്ടം ഘട്ടമായി കാടവളർത്തിൽ വികസിപ്പിച്ച കർഷകനാണ് ബൈജു. പരിചരണത്തിലൂടെ നേടുന്ന പുത്തൻ അറിവുകൾ പരീക്ഷിച്ച് മികച്ച വിജയം നേടാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സാധാരണ കർഷകർക്ക് ഇന്നത്തെ ഹൈടെക് കൂടുകൾ ഉപയോഗിച്ചുള്ള കാടവളർത്തൽ ലാഭകരമല്ലന്ന അഭിപ്രായക്കാരനാണ് ബൈജു. കുറഞ്ഞ മുതൽ മുടക്കിൽ കൂടുൽ നേട്ടം ഉറപ്പാക്കാൻ നാടൻ കോളനി രീതിയാണ് ഉത്തമം. നമ്മുടെ കാലവസ്ഥയ്ക്കനുയോജ്യമായി വളരുന്നത് നാടൻ ഇനങ്ങൾ തന്നെയാണ്. അത്യുത്പാദന ശേഷിയുള്ള കാടകൾ ലഭ്യമാണെങ്കിലും നാടനെക്കാൾ കൂടുതൽ ഉത്പാദനമോ വളർച്ചയോ അവയ്ക്ക് ലഭിക്കുന്നില്ലന്നാണ് ബൈജുവിന്‍റെ അനുഭവം.

കാടകളെ മൂന്നു തരത്തിലാണ് വളർത്തുന്നത്. മുട്ടയ്ക്കും ഇറച്ചിക്കും കുഞ്ഞുങ്ങളുടെ ഉത്പാദനത്തിനും വേണ്ടിയാണിത്. മുട്ടകാടകളെ വളർത്തുന്ന രീതിയാണ് കൂടുതൽ. ചിലർ ഇറച്ചികാടകളെയും വളർത്തുന്നുണ്ട്. കുഞ്ഞുങ്ങളുടെ ഉത്പാദനത്തിനുവേണ്ടിയുള്ള മുട്ടയ്ക്കായി കാടകളെ വളർത്തുന്നവർ ചുരുക്കമാണ്. കാടകൾ അടയിരിക്കാത്തതിനാൽ ഹാച്ചറിയിലാണ് വിരിയിക്കൽ. മൂന്ന് കാടകൾക്ക് ഒരു ആണ്‍ കാട എന്ന അളവിലാണ് ഇവയുടെ പരിചരണം. കുഞ്ഞുങ്ങളുടെ ഉത്പാദനം ലക്ഷ്യമാക്കിയുള്ള കാടവളർത്തലാണ് ബൈജുവിന്േ‍റത്. മലപ്പുറം സ്വദേശിയായ പാവുത്താനത്ത് റെഷീദിന്‍റെ പങ്കാളിത്വത്തോടുകൂടിയാണ് മൂന്ന് വർഷം മുന്പ് ഈ രീതി ആരംഭിക്കുന്നത്. ഇതോടൊപ്പം ചെറിയൊരു ഹാച്ചറിയും ഇവിടെയുണ്ട്.

കോളനി രീതിയിൽ തയാറാക്കിയ കൂടുകളിലാണ് കാടകളെ വളർത്തുന്നത്. ഒന്നിനു മുകളിൽ ഒന്നായി ഒരേ ചട്ടത്തിൽ നാല് കൂടുകൾ ഉറപ്പിച്ചിരിക്കുന്നു. കുടുകളുടെ അടിഭാഗത്തിന്‍റെ ഒരു വശത്തിന് നാല് ഇഞ്ച് വലിപ്പകൂടുതലുണ്ട്. മുട്ടകൾ താഴേയ്ക്ക് ഉരുണ്ടു വരാനാണിത്. മൂന്നടി വീതിയും ഏഴടി നീളവുമുള്ള കൂടുകളാണ് ഉത്തമം. കാടകൾക്ക് ഉപയോഗിക്കുന്ന നെറ്റ് വാങ്ങി സ്വയം കൂട് നിർമിച്ചാൽ ചെലവ് കുറയ്ക്കാം. സ്വന്തം ആശയത്തിൽ തീർത്ത കൂടുകളിലാണ് ഇവരുടെ കാടകൾ വളരുന്നത്. തട്ടുകൾ തമ്മിൽ പതിനഞ്ച് സെന്‍റീമീറ്റർ അകലമുണ്ട്. തട്ടുകൾക്കടിയിൽ പ്ലാസ്റ്റിക്ക് ഷീറ്റ് നിരത്തി അതിനുമുകളിൽ ന്യൂസ്പേപ്പർ വിരിച്ചരിക്കുന്നു. ഇതിലേക്കാണ് കാടകളുടെ കാഷ്ഠം വീഴുന്നത്. ഇത് രണ്ടു ദിവസം കൂടുന്പോൾ നീക്കം ചെയ്യും കാടകൾക്ക് 24 മണിക്കൂറും വെള്ളം ലഭിക്കുന്നതിനായി കൂടുകളിൽ പിവിസി പൈപ്പ് നടുവിലൂടെ നീളത്തിൽ മുറിച്ച് രണ്ടറ്റവും അടച്ച് വീതിയുള്ള വശങ്ങളിൽ സ്ഥാപിച്ചിരിക്കുന്നു. ആറ് ഇഞ്ചിന്‍റെ പിവിസി പൈപ്പ് കൂടിന്‍റെ നീളത്തിൽ വാങ്ങി നടുവിലൂടെ നീളത്തിൽ മുറിച്ച് ഓരോന്നിന്‍റെയും രണ്ടറ്റവും അടച്ച് കൂടിന്‍റെ പുറത്ത് സ്ഥാപിക്കുക. ഇതിൽ തീറ്റനൽകാം. ഒരു കൂടിന് ഒരു തീറ്റപ്പാത്രംമതി.

ഇറച്ചിക്കാടകളെ കോഴികളെ വളർത്തുന്ന രീതിയിൽ തുറന്ന ഷെഡ്ഡിനകത്ത് തറയിൽ ചകിരിച്ചോറ് വിതറിയിട്ട് വളർത്താം. ഡീപ് ലീറ്റർ എന്നറിയപ്പെടുന്ന ഈ രീതിയിൽ വളർത്തുന്പോൾ കോഴികൾക്ക് വെള്ളവും തീറ്റയും നൽകുന്നതുപോലുള്ള ാത്രങ്ങൾ തന്നെയാണ് ഒരു കാടയ്ക്ക് ഒരു ദിവസം വേണ്ടത്. ആറാഴ്ചയാകുന്പോൾ 150 മുതൽ 200 ഗ്രാം വരെ തൂക്കംവയ്ക്കും. 25 മുതൽ 30 രൂപ വരെയാണ് ഇറച്ചിക്കാടയുടെ വില. ഒരു ദിവസം പ്രായമായ കുഞ്ഞിന് ആറുരൂപയാണ് വില. മൂന്നാഴ്ച വളർച്ചയെത്തിയ ആണ്‍ കാടയ്ക്ക് 21 രൂപയും പെണ്‍കാടയ്ക്ക് 28 രൂപയുമാണ് വില. മൂന്നാഴ്ചയ്ക്കിടയിൽ ആണ്‍ പെണ്‍ കാടകളെ തിരിച്ചറിയാൻ കഴിയും. നെഞ്ചിനോട് ചേർന്നുള്ള കഴുത്തിൽ ഇളം ചുവപ്പ് നിറമണെങ്കിൽ ആണ്‍ കാടയാണ്. കറുത്ത പുള്ളിക്കുത്തുകളോടുകൂടിയ കാടകളാണെങ്കിൽ പെണ്‍കാടയും. പെണ്‍ കാടകൾക്ക് വലിപ്പം കൂടുതലാണ്. ആദ്യമാസത്തെ മുട്ടകൾക്കുശേഷം നാലുമാസം ഇടുന്ന മുട്ടകളാണ് വിരിയിക്കാനായി എടുക്കുന്നത്.

ഇൻക്യൂബേറ്ററിൽ മുട്ടകൾ വിരിയിച്ചെടുക്കാൻ 18 ദിവസം വേണം. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്ക് പതിമൂന്ന് ദിവസം കൃത്രിമമായി ചൂടു നൽകണം. അറുപത് വാട്ടിന്‍റെ ബൾബുകളാണ് ഇതിനായി തെളിച്ചിടുന്നത്. പതിമൂന്ന് ദിവസത്തിനുശേഷം തുറന്നിട്ട കൂട്ടിൽ പ്രകൃതിയോട് ഇണങ്ങി വളരാൻ പരിശീലിപ്പിക്കുന്നു. പത്തു ദിവസത്തെ പരിചരണത്തിനു ശേഷമാണ് കുഞ്ഞുങ്ങളുടെ വില്പന. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ വാങ്ങി കാടവളർത്തുന്നതാണ് കൂടുതൽ ലാഭകരം. കുഞ്ഞുങ്ങളെ പരിചരിക്കാനുള്ള സൗകര്യം ഇതിനാവശ്യമാണ്. ഈ സൗകര്യം ഇല്ലാത്തവർ മൂന്നാഴ്ച വളർച്ചയുള്ള കുഞ്ഞുങ്ങളെ വാങ്ങണം. ഇതാകുന്പോൾ ഇനം തിരിച്ച് വാങ്ങാം.

വളരെ കുറഞ്ഞ മരണനിരക്കും, തീറ്റയും കൂടിയ രോഗപ്രതിരോധശേഷിയുമാണ് കാടകളുടെ പ്രധാന ആകർഷകത്വം. 12 ഗ്രാം വരെയുള്ള മുട്ടകൾക്ക് രണ്ടുരൂപ ലഭിക്കും. മുട്ടകൾക്കായി വളർത്തുന്പോൾ ആറു ശതമാനവും പെണ്‍കാടകളെ തന്നെ വളർത്തണം. ഒരു വർഷത്തിനുശേഷം ഇറച്ചിക്കായി വില്പന നടത്തി, പുതിയ ബാച്ചിനെ വളർത്താൻ തുടങ്ങണം. ദിവസേനയുള്ള പരിചരണവും ശ്രദ്ധയും കാടവളർത്തൽ ലാഭകരമാക്കാൻ വഴിയൊരുക്കും. കുഞ്ഞുങ്ങൾക്ക് ആദ്യഘട്ടത്തിൽ അഞ്ചു ദിവസം വരെ ഫ്രീസ്റ്റാർട്ടറും പിന്നീട് കാടതീറ്റയോ, ലെയറോ നൽകാം. വെള്ളത്തിനോടൊപ്പം വിറ്റാമിൻ ബി ദിവസവും നൽകുന്നത് നല്ലതാണ്. ഒരു ലിറ്റർ വെള്ളത്തിൽ ഒരു മില്ലി എന്ന അളവിൽ ഏൃീ്ശുഹലഃ അണ് ബൈജു നൽകുന്നത്.
കാടകളുടെ പരിപാലനച്ചെലവിന്‍റെ 60 ശതമാനവും തീറ്റക്കാണ് പോകുന്നത്. മുട്ടയിടാൻ തുടങ്ങുന്നതിനുമുന്പ് ഒരു കിലോ തീറ്റയിൽ 100 ഗ്രാം കക്കപ്പൊടി ചേർത്ത് നൽകുന്നത് നല്ലതാണ്. പഴകിയതോ പൂപ്പൽ ബാധിച്ചതോ ആയ തീറ്റകൾ നൽകരുത്. ഭക്ഷണവസ്തുക്കളിലൂടെയാണ് രോഗങ്ങൾ വരുന്നത്. പുറത്തുനിന്ന് വരുന്ന സന്ദർശകരെ കാടകളുടെ അടുത്തേയ്ക്ക് കൊണ്ടുവരുന്ന രീതി പ്രോത്സാഹിപ്പിക്കരുത്. അല്പം ശ്രദ്ധയും നല്ല പരിപാലനവും നടത്തിയാൽ കാട വളർത്തൽ ലാഭകരമാണ്. കാടവളർത്തൽ രീതി കണ്ട് മനസിലാക്കിയതിനുശേഷം കാടവളർത്തലുമായി പൊരുത്തപ്പെട്ടുപോകാൻ കഴിയും എന്ന ബോധ്യം ഉണ്ടായാൽ മാത്രമേ കാടവളർത്തലിലേയ്ക്ക് തിരിയാവൂ. ഒരാളുടെ നേട്ടം കണ്ട് ചാടിയിറങ്ങിയാൽ നഷ്ടം ഉണ്ടാകുമെന്ന അഭിപ്രായക്കാരനാണ് ബൈജു. വളരെ ശ്രദ്ധയോടെ കാടകളെ സ്നേ ഹിച്ചു പരിപാലിച്ചതിന്‍റെ നേട്ടങ്ങൾ ബൈജുവിനുണ്ടായിയിട്ടുണ്ട്. ഏഴേക്കർ ഭൂമിയും നല്ലൊരു വീടും സ്വന്തമാക്കാൻ സാധിച്ചത് കാടപരിപാലനത്തിലൂടെയാണ്. ഭാര്യ മിനിയും മക്കളായ ജിസ്മി, ജിസ്ന, ജിയ തുടങ്ങിയവരും കാടവളർത്തലിന് പിൻതുണയും സഹായവും നല്കി കൂടെയുണ്ട്. മനസും അധ്വാനിക്കാനുള്ള താത്പര്യവും ഉണ്ടെങ്കിൽ ഏതൊരാൾക്കും കുടുംബിനികൾക്കുപോലും മികച്ചനേട്ടം ഉറപ്പാക്കാൻ കഴിയുന്ന ഒരു പക്ഷി വളർത്ത ലാണ് കാടകളുടേത്. താത്പര്യമുള്ളവർക്ക് തന്‍റെ അനുഭവപാഠങ്ങൾ പകർന്നു നൽകാനും ബൈജു തയാറാണ്. കൂടുതൽ വിവരങ്ങൾക്ക് : ബൈജു 9895166067

നെല്ലി ചെങ്ങമനാട്

കടപ്പാട് : ദീപിക

3.01923076923
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top