অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൃഷി പാഠങ്ങളും വിവരങ്ങളും

കൃഷി പാഠങ്ങളും വിവരങ്ങളും

വെറ്റിലയ്ക്കു വേരുചീയൽ

വെറ്റിലച്ചെടികളെ നശിപ്പിക്കുന്ന അരഡസനിലേറെ രോഗങ്ങളുണ്ട്. അതിലൊന്നാണു വേരുചീയൽ. ഇതുകൊണ്ടുമാത്രം വിളവിന്റെ 30–100 ശതമാനം നശിക്കുന്നതിനിടയാകുന്നു. ഈ രോഗം വർഷം മുഴുവൻ ഉണ്ടാകാം. എന്നാൽ കൂടുതലായി കാണുന്നത് ഒക്ടോബർ തുടങ്ങി ഫെബ്രുവരി വരെ മാസങ്ങളിലാണ്. രോഗനിയന്ത്രണത്തിനു നിർദേശിക്കപ്പെട്ടിട്ടുള്ള നിയന്ത്രണോപാധികൾ താഴെക്കൊടുക്കുന്നു.

 • രോഗബാധ കണ്ട സ്ഥലത്ത് തുടർന്നു രണ്ടുമൂന്നു വർഷത്തേക്കെങ്കിലും കൃഷി നടത്താതിരിക്കുക.
 • രോഗബാധ കണ്ട സ്ഥലത്തുനിന്നും തുടർകൃഷിക്കുള്ള നടീൽവസ്തു ശേഖരിക്കരുത്.
 • നടുന്നതിനു തിര‍ഞ്ഞെടുക്കുന്ന തണ്ടുകൾ ബോർഡോ മിശ്രിതം 0.25 ശതമാനം വീര്യത്തിൽ തയാറാക്കിയതിൽ 0.5 ഗ്രാം സ്ട്രെപ്റ്റോസൈക്ലിൻ കൂടി ചേർത്ത ലായനിയിൽ 10 മിനിറ്റു നേരം മുക്കിയെടുക്കുക.
 • ജീവാണു വളമായ ട്രൈക്കോഡർമ + ഉണക്കിപ്പൊടിച്ച കാലിവളം + വേപ്പിൻപിണ്ണാക്ക് മിശ്രിതം മൂന്നുമാസം ഇടവിട്ടു മണ്ണിൽ ചേർക്കുക.
 • ബോര്‍ഡോ മിശ്രിതം 0.25 ശതമാനം വീര്യത്തിൽ തയാറാക്കിയത് രണ്ടാഴ്ച ഇടവിട്ടു നാലു തവണ തളിക്കുക.
 • രോഗബാധകൊണ്ടു പഴുത്തു നിലത്തു വീണുകിടക്കുന്ന ഇലകളെല്ലാം പെറുക്കി നശിപ്പിക്കുക.
 • അമിത വളപ്രയോഗം ഒഴിവാക്കുക.
 • തോട്ടം ശുചിത്വത്തോടെ പരിപാലിക്കുക.

മേൽക്കൊടുത്ത കാര്യങ്ങൾ ശ്രദ്ധിച്ചാൽ രോഗബാധനിയന്ത്രിക്കാനാകും.

ഏപ്രിലെ കൃഷിപ്പണികൾ: തെങ്ങിനു നന തുടരണം

നാലു ദിവസത്തിൽ 300 ലീറ്റർ വെള്ളം നൽകുക. അല്ലെങ്കിൽ 400-800 ലീറ്റർ വെള്ളം 5–10 ദിവസം ഇടവേളയിൽ മണ്ണിന്റെ ഘടന അനുസരിച്ച്. മണലിന്റെ അംശം കൂടിയ മണ്ണിൽ കുറഞ്ഞ അളവും കുറഞ്ഞ ഇടവേളയും. കളിമണ്ണിന്റെ അംശം കൂടിയ മണ്ണിൽ കൂടിയ അളവും കൂടിയ ഇടവേളയും. തുള്ളിനനയ്ക്ക് 50– 75 ലീറ്റർ ദിവസവും. കനത്ത മഴ കിട്ടുന്നെങ്കിൽ ഈ മാസം അവസാനം തടം തുരന്ന് ഓരോ കിലോ കുമ്മായം ചേർക്കണം. മഴ കിട്ടുന്നില്ലെങ്കിൽ തടം തുരക്കരുത്.

ചെറുതെങ്ങുകളുടെ തടിയിൽ ചെമ്പൻചെല്ലിയുടെ സുഷിരങ്ങൾ ശ്രദ്ധിക്കുക. അതിലൂടെ ചണ്ടിയും പുറത്തുവരുന്നതു കാണാം. സുഷിരങ്ങൾ കളിമണ്ണുകൊണ്ട് അടച്ച് ഏറ്റവും മുകളിലത്തെ സുഷിരത്തിലൂടെ 4 മി.ലീ ഇക്കാലക്സ് രണ്ടു ലീറ്റർ വെള്ളത്തിൽ കലക്കി ഒഴിക്കുക. തുടർന്ന് ആ സുഷിരവും അടയ്ക്കുക. ചെല്ലിയുടെ ഉപദ്രവമേറ്റു മണ്ട മറിഞ്ഞ തെങ്ങുകൾ മുറിച്ചു കത്തിക്കുക.

ഓലചീയൽ രോഗം ശ്രദ്ധിക്കുക. ഇതു കുമിൾരോഗമാണ്. ഈ കുമിളുകൾ തുറക്കാത്ത കൂമ്പോലകളെ ആക്രമിച്ച് അഴുകൽ ഉണ്ടാക്കും. ഇത്തരം കൂമ്പോലകൾ തുറക്കുമ്പോൾ അഴുകിയ ഭാഗങ്ങൾ ഉണങ്ങി കാറ്റത്തു പറന്നുപോകും. ഓലയുടെ ബാക്കി ഭാഗം കുറ്റിയായി നിൽക്കും. കഴിയുമെങ്കിൽ കൂമ്പോലയുടെയും അതിനോടു ചേർന്നുള്ള രണ്ടുമൂന്ന് ഓലകളുടെയും ചീഞ്ഞ ഭാഗങ്ങൾ മുറിച്ചു മാറ്റുക. കൊണ്ടാഫ് രണ്ടു മി.ലീ. അല്ലെങ്കിൽ ഡൈത്തേൻ എം. 45 മൂന്നു ഗ്രാം എന്നിവയിലൊന്ന് 300 മി.ലീ. വെള്ളത്തിൽ കലക്കി നാമ്പോലകളുടെ ചുറ്റും ഒഴിക്കുക. ഏപ്രിൽ– മേയ് മാസം ഇതു ചെയ്യുക. കൂടാതെ, ഈ മാസങ്ങളൊന്നിൽ ബോർഡോ മിശ്രിതമോ നാലു ഗ്രാം ഡൈത്തേൻ എം. 45 ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു ലായനി ഉണ്ടാക്കിയോ സ്പ്രേ ചെയ്യണം.

നെല്ല്

ഈ മാസം കനത്ത മഴ കിട്ടിയാൽ വിഷു കഴിഞ്ഞു പൊടിവിത നടത്തുന്നതാണു പതിവ്. ഏക്കറിന് 120 കിലോ കുമ്മായം വിതറി ഉഴുത് കട്ടകൾ ഉടയ്ക്കുന്നു. ഏക്കറിനു രണ്ടു ടൺ കാലിവളവും ചേർക്കണം.

വിത്തു വിതയ്ക്കുകയോ, നുരിയിടുകയോ സീഡ് ഡ്രിൽ ഉപയോഗിച്ചു വരിവരിയായി നിക്ഷേപിക്കുകയോ ചെയ്യാം. ആവശ്യത്തിന് ചുവടുണ്ടാകുന്നതു വിളവു കൂടാൻ ഉപകരിക്കും.

ഒരു കൃഷി മാത്രം ചെയ്യുന്ന മ്യാൽപാടങ്ങളിൽ ജ്യോതി, ഓണം, കാഞ്ചന, കാർത്തിക, മകം, മട്ടത്രിവേണി, അഹല്യ, കനകം, വർഷ, കുഞ്ഞുകുഞ്ഞ് എന്നിവയിലൊരു മൂപ്പു കുറഞ്ഞയിനം വിതയ്ക്കാം. ഇടത്തരം മൂപ്പാണെങ്കിൽ ഐശ്വര്യ, പവിഴം, ഉമ, ഗൗരി എന്നിവയാകാം. മണലിന്റെ അംശം കൂടിയ ഓണാട്ടുകര നിലങ്ങളിൽ പിടിബി 23, ജയ, കാർത്തിക, പവിഴം, രമ്യ, കനകം, ചുവന്ന ത്രിവേണി, മകം, ഓണം, ചിങ്ങം എന്നിവ യോജിക്കും. ഓണാട്ടുകരയ്ക്കുവേണ്ടി പ്രത്യേകം വികസിപ്പിച്ച ഇനമാണ് ചിങ്ങം. ഇതു തുടക്കത്തിൽ ഉണക്കിനെയും അവസാന കാലത്ത് വെള്ളക്കെട്ടിനെയും ചെറുക്കും. മൂപ്പ് 100 ദിവസം.

പാലക്കാടൻ നിലങ്ങളില്‍ ആലത്തൂർ താലൂക്കിൽ മട്ടത്രിവേണി, അഹല്യ, കാഞ്ചന, വർഷ, ഉമ എന്നിവ നന്നാകും. വടക്കാഞ്ചേരിയിൽ കാഞ്ചന, വർഷ, ജ്യോതി, ഉമ എന്നിവ നന്നാകും. കൊല്ലങ്കോട് ജ്യോതി, വർഷ, ഐശ്വര്യ, പഞ്ചമി, കരിഷ്മ, ഉമ എന്നിവയും ചിറ്റൂരിൽ ജ്യോതി, ഐശ്വര്യ, പഞ്ചമി, വർഷ, ഉമ എന്നിവയും യോജിക്കും. വിരിപ്പിൽ കനത്ത വിളവു ലഭിക്കുന്നതിന് 115– 125 ദിവസം മൂപ്പുള്ള ഇനങ്ങൾ ഉപയോഗിക്കാം. ഉമയ്ക്ക് 125 ദിവസം മൂപ്പ് (വിവരങ്ങൾക്ക്: മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം 0477 – 2702245, പട്ടാമ്പി നെല്ലു ഗവേഷണകേന്ദ്രം: 0466–2212228)

ബാവിസ്റ്റിൻ രണ്ടു ഗ്രാം ഒരു കിലോ വിത്തിന് എന്ന തോതിൽ വിത്തുമായി കലർത്തി വിതച്ചാൽ ചെറുപ്രായത്തിൽ പുള്ളിക്കുത്ത് ഉണ്ടാകുന്നതു തടയാം. ജൈവകൃഷിയാണെങ്കിൽ സ്യൂഡോമോണാസ് 10 ഗ്രാം ഒരു കിലോ വിത്തിന് എന്ന കണക്കിന് വിത്തുമായി കഞ്ഞിവെള്ളം ഉപയോഗിച്ച് ഒട്ടിപ്പിടിപ്പിക്കാം. വിരിപ്പിന് അടിവളം ചേർക്കേണ്ട അളവ് പട്ടികയിൽ (അളവ് ഒരേക്കറിന്).

ഇടത്തരം മൂപ്പുള്ള ഇനങ്ങൾ 20X15 സെ.മീ. അകലത്തിലും മൂപ്പു കുറഞ്ഞവ 15X10 സെ.മീ അകലത്തിലും നുരിയിടുക. മൂപ്പുള്ളവയ്ക്ക് ഒരു ച.മീറ്ററിൽ 33 നുരികളും മൂപ്പു കുറഞ്ഞതിന് 66 നുരികളും വേണം. വിത്തു വിതയ്ക്കുകയാണെങ്കിൽ ഏക്കറിന് 35 കിലോ മതി. നുരിയിടുകയാണെങ്കിൽ 32 കിലോയും.

കശുമാവ്

പുതിയ തോട്ടങ്ങൾക്കു സ്ഥലം ഒരുക്കുക. വൈകി കായ്ക്കുന്ന ഇനങ്ങൾ നടരുത്. പുതിയ തോട്ടങ്ങൾ പിടിപ്പിക്കുമ്പോൾ ഫെബ്രുവരി അവസാനത്തോടെ വിളവെടുപ്പു തീരുന്ന ഇനങ്ങൾ നടുക. മണ്ണിന്റെ വളക്കൂറനുസരിച്ച് അകലം 7.5 മീ. മുതൽ 9 മീ വരെ. ഒട്ടുതൈകൾ തുടക്കത്തിൽ 4 മീ. X 4 മീ. അകലത്തില്‍ നടാം. നട്ട് അഞ്ചു വർഷം കഴിഞ്ഞു തൈകൾ തിങ്ങുമ്പോൾ അകലം ക്രമീകരിച്ച് 8X8 മീറ്ററാക്കാം. പ്രിയങ്ക, ധരശ്രീ, സുലഭ, അനഘ, അക്ഷയ, രാഘവ് എന്നിവ മികച്ചയിനങ്ങൾ. പുതിയ ഇനങ്ങൾക്ക് കശുമാവു ഗവേഷണ കേന്ദ്രങ്ങളുമായി ബന്ധപ്പെടുക. ആനക്കയം-മലപ്പുറം (0483 –2848239), മാടക്കത്തറ-തൃശൂർ (0487 – 2370339).

കമുക്

നന 4–5 ദിവസം ഇടവിട്ട് 150–175 ലീറ്റർ വീതം. നനയില്ലാത്ത കമുകിന് നല്ല തോതിൽ മഴ കിട്ടുകയാണെങ്കിൽ ഈ മാസം അവസാനം വളം ചേർക്കാം. നാടൻ കമുകിന് 100 ഗ്രാം യൂറിയ, 100 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 120 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്, ഉൽപാദനശേഷി കൂടിയ ഇനങ്ങൾക്ക് ഈ വളങ്ങൾ യഥാക്രമം 165, 150, 175 ഗ്രാം വീതം. ഒരു വർഷം പ്രായമായ തൈയ്ക്ക് ഈ അളവിന്റെ മൂന്നിലൊന്നും രണ്ടു വർഷമായതിന് മൂന്നിൽ രണ്ടും മൂന്നാം വർഷം മുതൽ മുഴുവൻ അളവും ചേർക്കാം. തടത്തിൽ തളം വിതറി മുപ്പല്ലികൊണ്ട് കൊത്തിച്ചേർക്കുക.

കുരുമുളക്

കുരുമുളകുവള്ളി നടുന്നതിനു തയാറെടുപ്പു തുടങ്ങാം. മഴ കിട്ടിയാൽ താങ്ങുകാലുകൾ നടാം. നടാനുള്ള കാലിന്റെ ചുവടുവണ്ണത്തിനൊപ്പം മാത്രം വായ്‌വട്ടമുള്ള കുഴികൾ എടുക്കുക. കാലുകൾ നട്ട് മണ്ണിട്ടു ചവിട്ടി ഉറപ്പിക്കുക. നിരപ്പുള്ള സ്ഥലത്ത് കാലുകൾ തമ്മിൽ 3X3 മീറ്ററും ചെരിവുള്ളിടത്ത് ചെരിവിനു കുറുകെ നാലു മീറ്ററും അകലത്തിൽ നിരയെടുക്കുക. നിരയിൽ കുഴികൾ തമ്മിൽ രണ്ടു മീറ്റർ അകലം മതി.

ഇഞ്ചി

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസ് റിസർച്ച് (ഫോൺ: 0495 – 2730294, 0496 – 2249371) എന്ന സ്ഥാപനത്തില്‍നിന്നുള്ള വരദ, രജത, മഹിമ എന്നിവ ചുക്കിനു മുന്തിയ ഇനങ്ങളാണ്. പച്ചയിഞ്ചി വിഭാഗത്തിൽപ്പെട്ടവയാണ് റയോഡി ജനറോ, ചൈന, വയനാട് ലോക്കൽ.

ഒരു മീറ്റർ വീതിയിൽ ‌സൗകര്യപ്രദമായ നീളത്തിൽ ചെരിവിനു കുറുകെ വാരങ്ങളെടുത്താണ് ഇഞ്ചി നടുക. തടങ്ങൾ തമ്മിൽ ഇടയകലം 40 സെ.മീ. അടിവളമായി ഏക്കറിന് 100 കിലോ റോക്ക് ഫോസ്ഫേറ്റ്, 17 കിലോ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേർക്കണം. വാരങ്ങൾക്ക് 25 സെ.മീ ഉയരമുണ്ടാകണം. തടങ്ങൾ നിരപ്പാക്കി 25 സെ.മീ അകലത്തിൽ ചെറുകുഴികളെടുത്ത് ഒരു മുകുളമെങ്കിലുമുള്ള വിത്തിഞ്ചിയുടെ ഓരോ കഷണം ഓരോ കുഴിയിലും നടുക. ഒരു കഷണത്തിന് 15 ഗ്രാം തൂക്കം എന്നാണു കണക്ക്. നടുമ്പോൾ ട്രൈക്കോഡേർമ, സ്യൂഡോമോണാസ് കൾച്ചറുകൾ ചേര്‍ക്കുക. അതോടൊപ്പം കിട്ടുന്ന ലഘുലേഖയിൽ അളവും ഉപയോഗരീതിയും കാണാം. നട്ടശേഷം കുഴികളിൽ ചാണകപ്പൊടി നിറയ്ക്കുക. അതിനു മുകളിൽ മുക്കാലിഞ്ച് കനത്തിൽ മണ്ണ് നിരത്തുക. തുടർന്നു പച്ചിലകൊണ്ട് പുതയിടണം. തടത്തിൽ ചൂടേൽക്കാതിരിക്കാനും മണ്ണൊലിപ്പു തടയാനും മണ്ണിന്റെ ജൈവാംശം കൂട്ടാനും ഇതുപകരിക്കും.

ഏലം

നഴ്സറികളിൽ കളയെടുപ്പ്, നന, സസ്യസംരക്ഷണം എന്നിവ നടത്തുക. വേരുപുഴു, ഏലപ്പേൻ എന്നിവയ്ക്കെതിരേ മുൻകരുതലെടുക്കുക. വെള്ളം നല്ല മർദത്തിൽ തളിച്ചാൽ കുരുടിപ്പ്, ഇലയുടെ മാർദവം നഷ്ടപ്പെടുത്തി അരികു വളയൽ മുതലായ കേടുകൾ വരുത്തുന്ന ചെറുകീടങ്ങളായ ജാസി‍ഡ്, വെള്ളീച്ച എന്നിവ നശിക്കും. വെളുത്തുള്ളി– വേപ്പെണ്ണ–സോപ്പു മിശ്രിതം പോലുള്ള ജൈവകീടനാശിനികൾ ഏലത്തിന്റെ കീടങ്ങൾക്കെതിരേ പ്രയോഗിക്കാം.

മഞ്ഞൾ

മഞ്ഞൾ നടുന്നതിന് ഈ മാസം ഉചിതം. സുഗുണ, പ്രഭ, പ്രതിഭ, കാന്തി, ശോഭ, സോണ, വർണ എന്നിവ മികച്ചയിനങ്ങളാണ്. പുതിയ ഇനങ്ങളെപ്പറ്റി അറിയുന്നതിനും വിത്തിനും ബന്ധപ്പെടുക. ഐഐഎസ്ആര്‍, കോഴിക്കോട് 0495 – 2730294 പ്ലാന്റേഷൻ ക്രോപ്സ് ഡിപ്പാർട്ട്മെന്റ്, ഹോർട്ടികൾച്ചർ കോളജ് വെള്ളാനിക്കര, തൃശൂർ (ഫോണ്‍: 0487 – 2438361). തടത്തിന് 1.2 മീ. വീതിയും 3 മീ. നീളവും 25 സെ.മീ ഉയരവുമാകാം.

റബർ: പുതുകൃഷിക്കു തയാറെടുക്കാം

പുതുകൃഷിക്കും ആവർത്തനക്കൃഷിക്കും തയാറെടുക്കാം. നിരയെടുക്കൽ, കുഴികളുടെ സ്ഥാനം അടയാളപ്പെടുത്തൽ എന്നീ പണികൾ തീർക്കുക. മഴ കിട്ടുന്നതോടെ കുഴികളെടുക്കാം. ചെരിവുള്ള സ്ഥലങ്ങളിൽ കൊണ്ടൂർ രീതിയിൽ നിരകളെടുക്കുന്നത് ഉചിതം. മണ്ണുസംരക്ഷണത്തിന് ഇടക്കയ്യാലകളും നിരപ്പുതട്ടുകളും കൊണ്ടൂർ ബണ്ടുകളും തയാറാക്കാം. ഏക്കറിൽ 180–200 തൈകളിലധികം നടാൻ പാടില്ല. മഴ കിട്ടുന്നതോടെ നഴ്സറികളിലെ തൈകൾ ബഡ് ചെയ്യാം.

വിലാസം: കേരള കാർഷിക സർവകലാശാല പ്രഫസർ (റിട്ട). ഫോൺ: 9495054446

ഇറച്ചിക്കോഴിക്കു വേനൽരക്ഷ

ചോദ്യം ഉത്തരം മൃഗസംരക്ഷണം

Q. ഇറച്ചിക്കോഴികൾക്ക് വേനൽക്കാലത്ത് നൽകേണ്ട സംരക്ഷണത്തെക്കുറിച്ച് അറിയണം.

കെ.വി. മനോഹരൻ, പള്ളിക്കുന്ന്

പക്ഷികൾക്ക്, വിശേഷിച്ച് ഇറച്ചിക്കോഴികൾക്ക്, വേനലിലെ കൊടുംചൂട് ദുസ്സഹമാണ്. അന്തരീക്ഷത്തിലെ ചൂട് 30 ഡിഗ്രിയിൽ കൂടിയാൽ തീറ്റ ഇറച്ചിയായി മാറ്റാനുള്ള അവയുടെ ശേഷി കുറയും. മുട്ടക്കോഴികളിൽ മുട്ടയുൽപാദനം കുറയും. മുട്ടയുടെ തോടിന്റെ കനം കുറയും. ചൂട് പുറന്തള്ളാൻ കോഴികളിൽ ശ്വാസോച്ഛ്വാസ നിരക്ക് കൂടുകയും വായ് പൊളിച്ച് അണയ്ക്കുന്നതും കാണാം. ചൂട് കൂടുന്നതിന്റെ സൂചനയാണിത്. ചൂട് ശരീരത്തിൽ ഉണ്ടാകുന്നതു കുറയ്ക്കാനായി തീറ്റയെടുക്കൽ കുറയ്ക്കുന്നു. ഇത് തൂക്കം കുറയുന്നതിനു കാരണമാകും.

ഫാമിലെ ചൂടു കുറയ്ക്കാൻ

കൂടിനുള്ളിൽ കൂടിയ സ്ഥലസൗകര്യം നൽകുക. ആയിരം കോഴിയെ ഇടുന്ന കൂട്ടിൽ 900 കോഴികളായി കുറയ്ക്കുക. തറയിൽ വിരിക്കുന്ന വിരിപ്പിന്റെ കനം കുറയ്ക്കുക. കൂടിനു ചുറ്റും തണൽ ഒരുക്കുക.

കൂട്ടിലെ മേൽ‌ക്കൂരയിൽ കുമ്മായം പൂശിയാൽ ഉള്ളിലെ താപനില കുറയ്ക്കാം. കൂടിനു മുകളിൽ വയ്ക്കോൽ അല്ലെങ്കിൽ ചണച്ചാക്ക് നിരത്തി അതിൽ വെള്ളം തളിച്ച് തണുപ്പു നൽകാം. കൂടിനുള്ളിൽ കമ്പിവലയിൽനിന്നു മൂന്നടി മാറി ചാക്ക് തൂക്കിയിട്ട് അവ നനച്ചുകൊടുക്കുക. കൂടിനുള്ളിൽ സീലിങ് നൽകുന്നതുവഴി ചൂടിന്റെ ആധിക്യം കുറയ്ക്കാം. കൂടിനുള്ളിൽ പോർട്ട‍ബിൾ ഫാനും ചൂട് പുറന്തള്ളാൻ എക്സോസ്റ്റ് ഫാനും നൽകുക. വെള്ളപ്പാത്രത്തിന്റെ എണ്ണം കൂട്ടി വെള്ളത്തിൽ ഐസിട്ട് നൽകുക.

പകൽ സമയത്ത് തീറ്റയെടുപ്പ് കുറവായതിനാൽ ചൂട് കുറയുന്ന രാത്രിയിൽ കൂടിയ അളവിൽ തീറ്റ നൽകുക. ജീവകങ്ങൾ കൂടിയ അളവിൽ നൽകി സമ്മർദം (stress) കുറയ്ക്കുക. പ്രതിരോധകുത്തിവയ്പ് ചൂട് കുറവുള്ള അതിരാവിലെ നൽകണം.

ചത്ത കോഴികളെ ആഴത്തിൽ കുമ്മായം ഇട്ട് മറവുചെയ്യണം. രോഗം വന്നതിനെ കൂട്ടിൽനിന്ന് അകറ്റിനിർത്തണം. രോഗനിയന്ത്രണമാർഗങ്ങൾ സ്വീകരിക്കണം.

വേനൽരക്ഷ മുയലുകൾക്കും

Q. ചൂടു കൂടുമ്പോൾ മുയലുകൾക്ക് വേനൽക്കാല സംരക്ഷണം എന്തൊക്കെ.

എബി ഫിലിപ്പ്, കൂത്താട്ടുകുളം

ചൂടുസമയത്ത് മുയലുകൾ കിതപ്പ്, ശ്വാസതടസ്സം, ചെവിക്കു ചുവപ്പു കലർന്ന നിറം, അസ്വസ്ഥതയോടെ മറി‍ഞ്ഞുതിരിഞ്ഞു കിടക്കുക എന്ന‍ീ ലക്ഷണങ്ങൾ കാണിക്കുന്നതു ശ്രദ്ധിക്കണം. ഇവയ്ക്ക് തണുപ്പേകുന്നതിനു കൂട്ടിൽ തണൽ നൽകണം. വെള്ളത്തിൽ മുക്കിയ തുണികൊണ്ട് ദേഹം തണുപ്പിക്കുകയും ശുദ്ധജലം ധാരാളം നൽകുകയും വേണം. ബികോംപ്ലക്സ് മരുന്നുകൂടി വെള്ളത്തിലൂടെ നൽകാം. വേനലിൽ സൂര്യാതപമേറ്റു തളർന്നാൽ ഉടൻ വെറ്ററിനറി ഡോക്ടറുടെ സേവനം തേടണം. ചൂട് കൂടുതലുള്ള സമയത്ത് മുയലുകളെ പുറത്തേക്കു കൊണ്ടുപോകുന്നത് ഒഴിവാക്കണം.

ഉത്തരങ്ങൾ തയാറാക്കിയത്: ഡോ.സി.കെ. ഷാജു, പെരുവ, സീനിയർ വെറ്ററിനറി സർജൻ, ഗവ. വെറ്ററിനറി ക്ലിനിക്, കോഴ. ഫോൺ: 9447399303

ഫ്ലാറ്റിന് മുകളിൽ കുരുമുളകു മുതല്‍ കോളിഫ്ലവർ വരെ

കൃഷി ചെയ്യാനുള്ള മനസ്സും അൽപം ടെറസുമുണ്ടെങ്കിൽ പച്ചക്കറി ലോറികൾക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാൻ തയാറായിക്കോളൂ. കൃഷിയോട് ആത്മാർഥമായ സ്നേഹവും അധ്വാനവുമുണ്ടെങ്കിൽ മട്ടുപ്പാവിലും പച്ചക്കറി വിളയിക്കാം. സമൃദ്ധമായ വെയിലും കരുതലും ചേരുമ്പോൾ അപ്പാർട്മെന്റിന്റെ ഇട്ടാവട്ട ടെറസിൽ വിളയുന്നതു കുറ്റിക്കുരുമുളകു മുതൽ കോളിഫ്ലവർ വരെ...

വേണമെങ്കിൽ വിളവ് ടെറസിലും

ഫ്ലാറ്റുകളിൽ ജീവിക്കുന്ന 50 ശതമാനത്തിലധികം പേർക്കും കൃഷി ചെയ്യണമെന്ന ആഗ്രഹമുണ്ടാവും. പക്ഷേ, സ്ഥലപരിമിതി തടസ്സമാവും.

ഓരോ ഫ്ലാറ്റുകളുടെയും മട്ടുപ്പാവിൽ പച്ചക്കറിത്തോട്ടം എന്ന ആശയം പ്രാവർത്തികമായാൽ വലിയ മാറ്റമുണ്ടാകും. സ്വന്തം കുഞ്ഞുങ്ങളോടു സ്നേഹമുണ്ടെങ്കിൽ അവർക്കു വിഷമില്ലാത്ത ഭക്ഷണം നൽകണം. നമ്മളുടെ പച്ചക്കറികൾക്ക് എന്തൊരു സ്വാദാണ്.

ടെറസിൽ കൃഷി ചെയ്താൽ ചോർച്ച ഉണ്ടാകുമോ എന്നായിരുന്നു പലരുടെയും സംശയം. പലരുടെയും അനുഭവത്തിൽനിന്ന് ഉറപ്പു തരാം – ചോർച്ച ഉണ്ടാവില്ല. രാസവളങ്ങൾ ഉപയോഗിക്കരുത്. കോൺക്രീറ്റും വളത്തിലെ രാസപദാർഥങ്ങളും തമ്മില്‍ പ്രവർത്തിക്കുന്നതുവഴി പിന്നീടു ചോർച്ച വരാം.

ചട്ടികളിൽ ആവശ്യത്തിനു മാത്രം വെള്ളം ഒഴിക്കുക. വളം നഷ്ടപ്പെടുന്നതും വെള്ളം കെട്ടിക്കിടക്കുന്നതും ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. ടെറസിൽ പച്ചക്കറി നടുന്നതുകൊണ്ടു കെട്ടിടത്തിനുള്ളിലെ ചൂടും വലിയ അളവിൽ കുറയ്ക്കാൻ സാധിക്കും.

മട്ടുപ്പാവിലെ വിളവൈവിധ്യം

ടെറസിൽ എന്തൊക്കെ വളരുമെന്നു പലരും ചോദിക്കാറുണ്ട്. മട്ടുപ്പാവിൽ അത്തരം വേർതിരിവുകളൊന്നുമില്ല. വെണ്ട, പയർ, മുളക്, കോളിഫ്ലവർ, കാബേജ്, പീച്ചിങ്ങ, പടവലങ്ങ, കോവൽ, പപ്പായ, കുറ്റിക്കുരുമുളക്, കറിവേപ്പ്, പാഷൻ ഫ്രൂട്ട്, മത്തൻ, കുമ്പളം തുടങ്ങിയവയെല്ലാം വിജയമായിരുന്നു. പയറിനാണു കീടസാധ്യത കൂടുതൽ. പൊറ്റൻ എന്ന അസുഖം തടയാൻ പ്രത്യേക കരുതൽ വേണം.

ഏറ്റവും കൂടുതൽ വിളവു ലഭിക്കുന്നതും പയറിൽനിന്നുതന്നെ. പച്ചച്ചാണകവും വേപ്പിൻപിണ്ണാക്കും കപ്പലണ്ടിപിണ്ണാക്കും യോജിപ്പിച്ചുണ്ടാക്കുന്ന സ്ലറിയാണു കൃഷിയിലെ പ്രധാന വളം. പ്ലാസ്റ്റിക് ബോട്ടിൽ മുറിച്ച് മഞ്ഞ പെയിന്റടിച്ച ശേഷം ആവണക്കെണ്ണ പുരട്ടി കുറ്റികളിൽ നാട്ടും. പൂവാണെന്നു കരുതി കീടങ്ങൾ ബോട്ടിലിൽ വന്നിരിക്കും. ആവണക്കെണ്ണയിൽ തൊട്ടാൽ കീടങ്ങൾ പിന്നെ പറക്കില്ല.

രാവിലെ 45 മിനിറ്റും വൈകിട്ട് അരമണിക്കൂറും പച്ചക്കറികളെ പരിചരിക്കാൻ മാറ്റിവയ്ക്കുക.

പറമ്പിലായാലും ടെറസിലായാലും കൃഷി വിജയമാവാൻ മണ്ണല്ല, മനസ്സാണ് ആദ്യമൊരുക്കേണ്ടത്

റബർ: ഗുണമേന്മ ഉറപ്പാക്കാം

നാം ഉൽപാദിപ്പിക്കുന്ന റബറിന്റെ 62 ശതമാനവും ഉപയോഗിക്കുന്നത് ടയർ നിർമാണ മേഖലയാണ്. കാലം ചെല്ലുന്തോറും കൂടുതൽ ഗുണമേന്മയുള്ള റബറിന്റെ സംഭരണത്തിലേക്കും ഉയർന്ന നിലവാരമുള്ള ഉൽപന്നങ്ങളിലേക്കുമാണ് ടയർ നിർമാതാക്കളുടെ ശ്രദ്ധപോകുന്നത്. സ്വാഭാവികമായും, നിലവാരം കുറഞ്ഞ റബർ ഷീറ്റ് ഉൽപാദിപ്പിച്ച് വിപണിയിലെത്തിക്കുന്ന കർഷകനു ഗ്രേഡിങ്ങിൽ പിന്നിൽ നിൽക്കുന്ന RSS 5 ന്റെയോ ലോട്ടിന്റെയോ കുറഞ്ഞ വിലകൊണ്ടു തൃപ്തിപ്പെടേണ്ടി വരും.

റബറിന് ഉയർന്ന വില ലഭിച്ചിരുന്ന കാലത്ത് ഗ്രേഡുകൾ തമ്മിലുള്ള വിലവ്യത്യാസം കർഷകർ അത്ര കണക്കിലെടുത്തിരുന്നില്ല. ഉണക്കു കുറവും പൂപ്പൽബാധയും ചൂണ്ടിക്കാട്ടി മൊത്തം ഷീറ്റിനും കച്ചവടക്കാരൻ ലോട്ട‍ിന്റെയോ RSS 5 ന്റ‌‍െയോ വിലയിട്ടു. ഇതേ ഷീറ്റ് കഴുകി പൂപ്പൽബാധ നീക്കി, നന്നായി ഉണക്കി RSS 4 ഷീറ്റായി കച്ചവടക്കാരൻ വൻകിട വ്യാപാരികൾക്കു വിൽക്കുകയും ചെയ്യുന്നു.

ഈ സന്ദർഭത്തിലാണ് കോട്ടയം ജില്ലയിലെ കുറവിലങ്ങാടിനടുത്തുള്ള കാപ്പുംതല റബർ ഉൽപാദകസംഘ(ആർ.പി.എസ്)വും ചങ്ങനാശേരിയിലെ പ്രമുഖ റബർ വ്യാപാരികളായ എ.ബി. റബേഴ്സും കർഷകർക്കു മാതൃകയാകുന്നത്.

കാപ്പുംതല ഗോൾഡ്

ഗ്രേഡിങ്ങിൽ ഏറ്റവും ഉയർന്ന നിലവാരമുള്ള RSS വൺ എക്സ് ഉൽപാദിപ്പിക്കുന്ന അപൂർവം ഉൽപാദകസംഘങ്ങളിലൊന്നാണ് കാപ്പുംതലയിലേത്. ന്യൂയോർക്കിലെ റബർ മാനുഫാക്ചേഴ്സ് അസോസിയേഷൻ എന്ന സംഘടനയാണ് റബറിന് ആദ്യമായി ഗ്രേഡിങ് നിശ്ചയിക്കുന്നത്. നിലവിലെ ഗ്രേഡിങ് ശൈലി തുടങ്ങ‍ുന്നത് 1960ൽ.

ഷീറ്റിന്റെ നിറം, ബലം, ഉണക്ക്, പുകയുടെ അളവ്, കരടുൾപ്പെടെയുള്ള മാലിന്യങ്ങൾ, കുമിളകൾ എന്നിവ വിലയിരുത്തിയാണ് തരംതിരിക്കൽ. സൂര്യപ്രകാശത്തിനെതിരെ ഷീറ്റു പിടിച്ചുനോക്കിയാൽത്തന്നെ ഗുണനിലവാരത്തിലെ ഏറ്റക്കുറവുകൾ വ്യക്തമാവും. അങ്ങേയറ്റം ശ്രദ്ധയോടെയുള്ള സംസ്കരണരീതികളിലൂടെ മാത്രമേ വൺ എക്സ് നിർമിക്ക‍ാനാവൂ. തേൻനിറമോ സ്വർണനിറമോ ആയിരിക്കും ഈ ഷീറ്റുകൾക്ക്. പൂ‍പ്പൽ, കരടുകൾ, ഒട്ടൽ, കുമിളകൾ, ഉരുകൽ പാടുകൾ എന്നിവ തീരെ പാടില്ല. നന്നായി ഉണങ്ങിയ നല്ല സുതാര്യമായ ഷീറ്റുകൾ.

ഇത്ര കർശനമായ മാനദണ്ഡങ്ങൾ പാലിച്ച് സാധാരണ കർഷകർക്ക് ഇതു നിർമിക്കുക എളുപ്പമല്ല. മാത്രമല്ല RSS 4, RSS 5 എന്നിവ ഒഴികെയുള്ള ഗ്രേഡുകൾക്ക് പ്രദേശിക വിപണിയുമില്ല. കുറഞ്ഞ അളവിൽ ഷീറ്റുകൾ വൺ എക്സായി സംസ്കരിച്ചെടുക്കുക ആദായകരമല്ലെന്നും കാപ്പുംതല സംഘം പ്രസിഡന്റ് എൻ.ജെ. ജേക്കബ് ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന്, ദിവസം നാനൂറ് ഷീറ്റാണ് വൺ എക്സ് നിലവാരത്തിൽ നിർമിക്കുന്നതെങ്കിൽ സംസ്കരണച്ചെലവ് കിലോയ്ക്ക് 15–16 രൂപ വരും. അതേസമയം ആയിരം ഷീറ്റ് ഒരുമിച്ച് ഉൽപാദിപ്പിക്കുമ്പോൾ ഇത് 5–6 രൂപയിലൊതുങ്ങും. ഇതുകൊണ്ടാണ് സാധാരണ കർഷകർക്ക് വൺ എക്സ് നിർമാണം പ്രായോഗികമല്ലാതാകുന്നത്. കർഷക കൂട്ടയ്മകളായ ആർ.പി.എസുകൾക്ക് ഇതു സാധിക്കുകയും ചെയ്യും.

അങ്ങേയറ്റം ശ്രദ്ധയോടെയാണ് കാപ്പുംതലയിൽ വൺ എക്സ് നിർമാ‍ണം. തോട്ടത്തിൽനിന്നു കർഷകർ ശേഖരിക്കുന്ന പാൽ ആർ.പി.എസിന്റെ സംസ്കരണ കേന്ദ്രത്തിൽ എത്തിക്കുന്നു. തുടർന്ന് ഒന്നിന് 450 ഗ്രാം എന്ന നിർദിഷ്ട തൂക്കത്തിൽ വൺ എക്സ് ഷീറ്റ് ഉൽപാദിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം സംഘത്തിനാണ്.

പാൽ സൂക്ഷ്മതയോടെ അരിച്ച്, ഓരോ കർഷകനും എത്തിക്കുന്ന പാലിന്റെ ഡി.ആർ.സി (Dry Rubber content in Latex - ഉണക്ക റബർ) കൃത്യതയോടെ പരിശോധിച്ച്, അതിനനുസരിച്ച് വെള്ളം ചേർത്തു പാൽ നേർപ്പിക്കുകയും ഉറ കൂടാനുള്ള ആസിഡ് ചേർക്കുകയും ചെയ്യുന്നു. തലേന്നത്തെ ഷീറ്റ് പിറ്റ‍േന്നു രാവിലെ അടിച്ചെടുത്ത് വെള്ളം തോർന്നതിനു ശേഷം വൈകുന്ന‍േരത്തോടെ പുകപ്പുരയിലേക്ക്.

പേര് പുകപ്പുര എന്നാണെങ്കിലും പുക മുഴുവനായും പുറത്തേക്ക് തള്ളിക്കളഞ്ഞ് നിയന്ത്രിത ചൂടിലാണ് ഷീറ്റ് ഉണക്കുന്നത്. സ്വർണ നിറമാർന്ന ഈ വൺ എക്സ് ഷീറ്റിനെ കാപ്പുംതല ഗോൾഡ് എന്നുതന്നെ വിളിക്കാം. നിലവിൽ പ്രതിദിനം ആയിരം ഷീറ്റാണ് കാപ്പുംതലയുടെ ഉൽപാദനം. ഉയർന്ന വില ലഭിക്കുന്ന വൺ എക്സ്, സർജിക്കൽ ഉപകരണങ്ങൾപോലെ അതിപ്രധാന ഉൽപന്നങ്ങൾ നിർമിക്കാൻ വേണ്ടി മാത്രമുള്ളതായതിനാൽ ഉൽപാദനം പരിമിത അളവിൽ മതി.

നൂറിലേറെ കർഷകരാണ് കാപ്പുംതല സംഘത്തിൽ പാൽ അളക്കുന്നത്. വൃത്തിയായ സാഹചര്യത്തിൽ തോട്ടത്തിൽനിന്നു ശേഖരിച്ച പാൽ സംഘത്തിലെത്തിക്കുകയാണ് കർഷകർ ചെയ്യേണ്ടത്. സംഘം ഈ പാൽ വൺ എക്സ് ഷീറ്റാക്കി മാറ്റി ഉയർന്ന വിലയ്ക്ക് വിറ്റഴിച്ചശേഷം സംസ്കരണച്ചെലവ് ഈടാക്കി ബാക്കിയുള്ള തുക, ഡിആർസിക്ക് ആനുപാതികമായി കർഷകനു നൽകുന്നു. ചുരുക്കത്തിൽ ആർപിഎസിൽ പാൽ നൽകുന്ന കർഷകന് ഏറ്റവും ഉയർന്ന ഗ്രേഡ് ഷീറ്റിന്റെ വില ലഭ്യമാകുന്നു. അതായത്, കുറഞ്ഞ അധ്വാനം കൂടുതൽ ലാഭം.

കർഷകരിൽനിന്നു സംഭരിക്കുന്ന പാലിന്റെ ഡിആർസി പരിശോധിക്കുന്നതിൽ സംഘം നൂറു ശതമാനം കൃത്യത പുലർത്തുന്നതിനാൽ കർഷകരും സന്തുഷ്ടർ. വെട്ടുദിനങ്ങൾ തമ്മിലുള്ള ഇടവേള കുറഞ്ഞാൽ ലാറ്റെക്സിലെ ഡിആർസി കുറയും. വരുമാനം ഇടിയും. മൂന്നു ദിവസത്തിലൊരിക്കൽ ടാപ്പ‍ു ചെയ്യുന്നതാണ് ഉചിതമെന്ന് ജേക്കബ്. ഈ രീതിയിൽ, ഗുണനിലവാരമുള്ള ഗ്രേഡുകൾ ഉൽപാദിപ്പിക്കാനും വിപണി കണ്ടെത്താനും സംഘങ്ങൾ തുനിഞ്ഞാൽ കർഷകരുടെ നേട്ടം വർധിപ്പിക്കാമെന്നും അദ്ദേഹം പറയുന്നു.

'ടാപ്പേഴ്സ് ബാങ്ക്' ഇല്ലാതെ തന്നെ ഒട്ടേറെ ടാപ്പർമാരും സംഘത്തിന്റെ ഭാഗമായുണ്ട്. വെട്ടുകാർക്ക് ഇൻഷുറൻസും ഇൻസെന്റീവുകളുമെല്ലാം സംഘം ഉറപ്പുവരുത്തുന്നു. തോട്ടം ഉടമ വെട്ടുകാരനു നൽകുന്ന കൂലിയിൽ സംഘം ഇടപെടാറുമില്ല. ഓരോ തോട്ടത്തിലെയും മരങ്ങളുടെ പ്രായം, വേണ്ടിവരുന്ന അധ്വാനം എന്നിവയ്ക്കെല്ലാം അനുസൃതമായി വെട്ടുകൂലിയിൽ നേരിയ വ്യത്യാസങ്ങളുണ്ടാവും. അതുകൊണ്ടുതന്നെ കൂലി ഏകീകരിക്കൽ പ്രായോഗികമല്ലെന്നാണ് സംഘത്തിന്റെ വിലയിരുത്തൽ. കാപ്പുംതലയിൽ വെട്ടുകാർക്കു ക്ഷാമമില്ലാത്തതും ഇക്കാരണങ്ങളാൽത്തന്നെ.

റബറിന് ഇപ്പോൾ ലഭിക്കുന്ന വില തീർത്തും അപര്യാപ്തമാണെന്ന അഭിപ്രായം തങ്ങൾക്കില്ലെന്നു ജേക്കബ്. "ലാഭം കുറഞ്ഞു എന്നതു നേര്. അതിനർഥം നഷ്ടത്തിലാണ് എന്നല്ല. കൂടുതൽ വില ലഭിക്കുന്ന കാലത്തു റബർ കർഷകർ കൂട്ടായ്മകളിലൊന്നും താൽപര്യം കാണിക്കാറില്ല. വിലയിടിവു കാലത്തു വിലപിക്കുകയും ചെയ്യും. ഈ ശൈലി കർഷകർക്കു ഭൂഷണമല്ല. കൂട്ടായ്മ എക്കാലത്തും ഉണ്ടാവണം. ഒരുമിച്ചുനിന്ന് നേട്ടം പങ്കിടണം, കാപ്പുംതലയുടെ നേട്ടം ഈ കൂട്ടായ്മയാണെന്നു ജേക്കബ് കൂട്ടിച്ചേർക്കുന്നു.

നാലിനെ മൂന്നാക്കുന്ന വിദ്യ

ചങ്ങനാശേരി നടയ്ക്കപാടത്തുള്ള എ.ബി. റബേഴ്സിന്റെ ഗോഡൗണിലാണ് അഞ്ചിനെ നാലും നാലിനെ മൂന്നുമാക്കുന്ന മൂല്യവർധിത സംസ്കരണം. ദീർഘകാലമായി റബർ സംഭരണ രംഗത്തുണ്ട് എ.ബി. റബേഴ്സ് ഉടമ ബാബു ജേക്കബ്. മകൻ രോഹിതും ഇപ്പോൾ പിതാവിന്റെ പാതയിൽ.

റബർ കടക്കാരിൽനിന്നു സംഭരിക്കുന്ന RSS 4 ഷീറ്റിനെ RSS 3 ഷീറ്റാക്കുന്ന രീതി തുടങ്ങുന്നത് ഒരു വർഷം മുമ്പാണ്. വിപണിയിൽ RSS 3 ഗ്രേഡിന് ആവശ്യകത വർധിച്ചതാണ് ഇതിലേക്കു തിരിയാൻ കാരണമെന്ന് ബാബു ജേക്കബ്. RSS 4 ഷീറ്റിലെ കരടും മാലിന്യങ്ങളും വെട്ടിനീക്കിയാണ് മൂന്നാം ഗ്രേഡ് ആക്കുന്നത്. ഇതിനായി പതിനഞ്ചു സ്ത്രീകൾ ജോലി ചെയ്യുന്നു.

പുകകൊണ്ട് കരിനിറമെത്തിയതും ചെറിയ തോതിൽ ഉരുക്കവും കുമിളുകളുള്ളതും ചെറിയ കരടുകൾ, മാലിന്യങ്ങൾ എന്നിവ കലർന്നതുമായ ഷീറ്റാണ് RSS 5 ഗ്രേഡിൽ പെടുക. നല്ല ഉണക്കുള്ളതും ബലമുള്ളതും പൊള്ളൽ, ഉരുക്കം തുടങ്ങിയ ന്യൂനതകൾ തീരെ ഇല്ലാത്തതും പൊടിക്കരടുകളും ചെറുകുമിളകളും അനുവദനീയമായതുമാണ് RSS 4 ഉൾപ്പെടുത്തുക. ഈ ഫോർ ഷീറ്റിലെ കരടുകളും മാലിന്യങ്ങളും സൂക്ഷ്മതയോടെ വെട്ടി നീക്കുന്നതോടെ അവ RSS 3 ആയി മാറുന്നു.

മുകൾവശത്ത് സുതാര്യമായ ഗ്ലാസ് ഉറപ്പിച്ചതും ഉള്ളിൽ ചെറിയ ട്യൂബ് ലൈറ്റ് ഘടിപ്പിച്ചതുമായ അലുമിനിയം ബോക്സ് ഇതിനായി പ്രത്യേകം തയാറാക്കുകയായിരുന്നെന്ന് രോഹിത്. ഫോർ ഷീറ്റ് ഈ ഗ്ലാസിന്റെ ഉപരിതലത്തിൽ വിടർത്തി ഇടുന്നു. ഉള്ളിലെ ട്യൂബിന്റെ പ്രകാശത്തിൽ ഷീറ്റിലെ ചെറുകരടുകൾപോലും തെളിഞ്ഞുകാണാം. കത്രിക ഉപയോഗിച്ച് റബർ കാര്യമായി നഷ്ടപ്പെടാത്ത രീതിയിൽ കരടുകൾ വെട്ടി നീക്കുന്നു. ഇങ്ങനെ സംസ്കരിച്ചെടുക്കുന്ന RSS 3 ഷീറ്റ‍ിനെ RSS 4മായി താരതമ്യപ്പെടുത്തുമ്പോൾ വിലയിൽ ചെറുതല്ലാത്ത വ്യത്യാസവുമുണ്ടാവും. ടയർ കമ്പനികളുടെ ആവശ്യകതയ്ക്ക് അനുസരിച്ചാണ് RSS 3 ഷീറ്റിന്റെ സംസ്കരണം. റേഡിയൽ ടയർ നിർമാണത്തിനാണ് ഈ ഗ്രേഡ് പ്രയോജനപ്പെടുത്തുന്നത്. RSS 5,  RSS 4 ഗ്രേഡുകളാണ് സാധാരണ കർഷകർക്കു നിർമിക്കാവുന്നത്. ടയർ നിർമാതാക്കൾക്ക് ഏറ്റവും കൂടുതൽ ആവശ്യമുള്ളതും 4,5 ഗ്രേഡുകൾതന്നെ.

ഇവ തമ്മിലുള്ള വിലവ്യത്യാസം കർഷകർ മിക്കവരും ശ്രദ്ധിച്ചിട്ടില്ലെന്ന് ബാബു ജേക്കബ്. 5 ഉം 4 ഉം ത‍മ്മിൽ രണ്ടു രൂപ മുതൽ പത്തു രൂപ വരെ വിലയിൽ അന്തരം വരാം. വിലക്കുറവിന്റെ കാലത്ത് ഈ വ്യത്യാസം വരുമാനത്തിൽ കാര്യമായ വർധന ഉണ്ടാക്കും.

നാലിനെ മൂന്നാക്കുക മാത്രമല്ല, മേൽപറഞ്ഞ രീതിയിൽത്തന്നെ RSS 5നെ RSS 4 ആക്കി മാറ്റുകയും ചെയ്യുന്നുണ്ട് എ.ബി. റബേഴ്സ്. കരടുകൾ വെട്ടി നീക്കിത്തന്നെയാണ് ഇതും സാധിക്കുന്നത്. എന്നാൽ റബർ കർഷകർ മനസ്സുവച്ചാൽ RSS 4 നിർമിച്ച് മികച്ച വില നേടാവുന്നതേയുള്ളൂവെന്ന് ബാബു ജേക്കബ് ചൂണ്ടിക്കാട്ടുന്നു.

നാലാം ഗ്രേഡ് ഷീറ്റ് ഉൽപാദിപ്പിക്കാൻ കാര്യമായ അധ്വാനമൊന്നും വേണ്ട. പാൽ നന്നായി അരിക്കുക, കൃത്യമായ അളവിൽ വെള്ളം ചേർത്തു നേർപ്പിക്കുക, ആവശ്യത്തിന് ആസിഡ് ചേർത്ത് ഉറ കൂട്ടുക എന്നീ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. 800–900 ഗ്രാം തൂക്കം വരുന്ന ഷീറ്റ് ഉൽപാദിപ്പിക്കുന്നവർപോലും നമ്മുടെ നാട്ടിലുണ്ട്. ഉണക്കു കുറവു മൂലം വിപണിയിൽ ഇതിന്റെ വില ഇടിയും. മഴക്കാലത്ത് ഇത്തരം ഷീറ്റുകളിൽ പൂപ്പൽ കൂടി ബാധിക്കുന്നതോടെ കച്ചവടക്കാരൻ ഏറ്റവും താഴ്ന്ന വിലയേ നൽകുകയുള്ളൂ. ശരാശരി 500 ഗ്രാം തൂക്കം ലഭിക്കുന്ന വിധം ശ്രദ്ധയോടെ തയാറാക്കുന്ന ഫോർ ഷീറ്റിന് വിപണിയിൽ പ്രിയമുണ്ടാവും. ഉയർന്ന ഗുണനിലവാരമുള്ള റബറാണ് ടയർനിർമാണ കമ്പനികൾക്ക് ആവശ്യം. ഭാവിയിൽ ഗുണനിലവാരം കുറഞ്ഞ റബർ തഴയപ്പെടുകയും ചെയ്തേക്കാം. അതുകൊണ്ടു വിലയിടിവിനെ ചെറുക്കാൻ ഗുണമേന്മ വർധിപ്പിക്കുകയാണ് വേണ്ടതെന്നു ബാബു ജേക്കബ് ഓർമിപ്പിക്കുന്നു

കുപ്പമഞ്ഞൾ (കുരങ്ങ് മൈലാഞ്ചി) കൃഷി ലാഭകരം

കുപ്പമഞ്ഞൾ കേരളത്തിൽ അങ്ങിങ്ങായി കാണുന്നതും ഏഴടിയിൽ കൂടുതൽ ഉയരത്തിൽ വളരാത്തതും ഔഷധഗുണമുള്ളതുമായ ഒരു സസ്യമാണ്. വിത്തിൽനിന്നും ഒരുതരം മഞ്ഞച്ചായം ലഭിക്കും. കുപ്പമഞ്ഞൾ എന്ന പേരിൽ മലബാർ ഭാഗത്തും തിരുവിതാംകൂർ ഭാഗത്ത് കുരങ്ങ് മൈലാഞ്ചിയെന്ന പേരിലും ഇത് അറിയപ്പെടുന്നു. ഇതിന്റെ ഇംഗ്ലീഷ് പേരാണ് അനാട്ടോ. ശാസ്ത്രനാമമാകട്ടെ ബിക്സാ ഒറിലാനയെന്നും.

കുപ്പമഞ്ഞൾ സദാ ഇലപ്പച്ചയോടുകൂടി കാണുന്നു. പൂവിടും കാലം മേയ് അവസാനം. കുലകളായി വലിയ പൂക്കൾ ഉണ്ടാകുമെങ്കിലും ഇതിനെ ഉദ്യാനസസ്യമായി കണക്കാക്കുന്നില്ല. കാരണം പൂക്കൾ വിരിഞ്ഞ് ആറേഴു മണിക്കൂറിനകം വാടി അനാകർഷകമാകും.

കായ്കൾ പരന്ന് ത്രികോണാകൃതിയിലായിരിക്കും. ഇത് ഉണങ്ങിയാൽ പൊട്ടിപ്പിളരും. ഉള്ളിൽ ഓറഞ്ചുനിറത്തോടെയുള്ള വിത്തുകൾ കാണാം. വിത്തിന്റെ ഒരറ്റം വെളുത്തുമിരിക്കും. കുപ്പമഞ്ഞൾ കൃഷി ലാഭകരമാണ്. എന്നാൽ കേരളത്തിൽ കൃഷി കുറവായതിനാൽ വിപണനം പ്രശ്നമാണ്. ആവശ്യക്കാരെ കണ്ടെത്തി വിപണനസാധ്യത ഉറപ്പാക്കി കൃഷി ചെയ്യുക.

ഇതാണ്, നുമ്മ പറഞ്ഞ കർഷകൻ

എയർഫോഴ്സിൽ നിന്നും വിരമിച്ച തൃശൂർ കോടന്നൂർ ചാക്യാർ കടവ് ചിറയത്ത് മാത്യൂസ് എന്ന 73കാരൻ, ആൺ മക്കളായ ബിജു മാത്യൂസ്, ജൂബി മാത്യൂസ്, ബിജോയ് മാത്യൂസ് എന്നിവരുടെ വിസ്മയിപ്പിക്കുന്ന കഥയാണിത്. പതിനഞ്ച് വർഷം വായുസേനയിൽ ജോലി ചെയ്ത ശേഷം വിരമിച്ച മാത്യൂസ് മറ്റൊരു ജോലിക്കും ശ്രമിക്കാതെ ഒരേക്കർ വരുന്ന നെൽപാടത്തും മൂന്ന് ഏക്കർ വരുന്ന പുരയിടത്തിലും കൃഷി നടത്തുവാനും ശിഷ്ടജീവിതം മാറ്റി വയ്ക്കുകയായിരുന്നു.

ഇപ്പോൾ നെൽകൃഷിക്ക് പുറമെ ജാതിക്ക, തെങ്ങ്, കവുങ്ങ്, വാഴ, കുടംപുളി, ഇരുമ്പൻ പുളി, മാവ്, പ്ലാവ്, കുരുവില്ലാത്ത വലിപ്പമുള്ള ചെറുനാരങ്ങ, വള്ളി നാരകം, ഓറഞ്ച്, ബുഷ് ഓറഞ്ച്, ചെറുനാരകം, മൂസംബി, ബബ്ളൂസ്, ഗണപതി നാരകം, തായ്‌ലന്റ് പേരയ്ക്ക്, മുന്തിരി പേരയ്ക്ക, ആത്തപഴം, സീതാപഴം, ബട്ടർ ഫ്രൂട്ട്, പിസ്ത, റംബൂട്ടാൻ, മത്ത, ഫുപ്രോസാൻ, നോനി ഫ്രൂട്ട്, ഗ്രാഗൺ ഫ്രൂട്ട്, ഫാഷൻ ഫ്രൂട്ട്, ലോഗൻ ഫ്രൂട്ട്, സ്റ്റാർ ഫ്രൂട്ട്, അമ്പഴം, മധുരം അമ്പഴം, പുളി, നാടൻ പപ്പായ, റെഡ് ലേഡി പപ്പായ, മാംഗോസ്റ്റിൻ, മുള്ളാത്ത, വിവിധ തരം ചാമ്പയ്ക്ക, മരം മുന്തിരി, ആപ്പിൾ, കപ്പലണ്ടി, ചെസ്റ്റനട്ട്, അബിയ്ക്ക, ബരാബപ്ലംസ്, സബർ‌ജിൽ, ബേർ, മിറാക്കിൾ പഴം, അത്തി എന്നീ കൃഷിയിലേക്കും വ്യാപിപ്പിച്ചു.

പറമ്പിലെ കുളത്തിൽ മത്സ്യകൃഷിക്ക് കൂടാതെ നൂറ്റൻപത് പന്നികളും പന്ത്രണ്ട് പശുക്കളും എട്ട് പശുക്കുട്ടികളും 650 താറാവുകളും നൂറ്റമ്പതിലേറെ നാടൻ കോഴികളും ഇദ്ദേഹത്തിന്റെ വീട്ടു പറമ്പിലുണ്ട്. പന്നി കാഷ്ടം ഉപയോഗിച്ച് ഇദ്ദേഹത്തിന്റെ വീട്ടുപറമ്പിൽ സ്ഥാപിച്ചിരിക്കുന്ന ബയോഗ്യാസ് പ്ലാന്റിൽ നിന്നാണ് സ്വന്തം വീട്ടിലേക്കും അയൽപക്കത്ത നാലു വീടുകളിലേക്കും സൗജന്യമായി ഗ്യാസ് നൽകുന്നത്. ഈ ഗ്യാസിൽ നിന്നു തന്നെയാണ് വീട്ടിലെ ജാതിക്കയും നാളികേരവും ഉണക്കുവാനുള്ള ഡ്രൈയറും പശുവിന് കണി വയ്ക്കുന്നതിനുള്ള ഗ്യാസും ഉപയോഗിക്കുന്നത്. ബയോഗ്യാസിൽ നിന്നുള്ള സ്ലറിയും തൊഴുത്തു കഴുകുന്ന വെള്ളവും ഉപയോഗിച്ചാണ് പശുക്കൾക്ക് നൽകുവാനുള്ള തീറ്റപ്പുൽകൃഷി നടത്തുന്നത്.

നാട്ടുകാർക്ക് ബുദ്ധിമുട്ടാവുന്ന രീതിയിൽ റോഡിലെ ചാലിലേക്ക് വലിച്ചെറിയുന്ന ഭക്ഷണ മാലിന്യങ്ങൾ ഇവർ ശേഖരിച്ച് പന്നികൾക്ക് തീറ്റയായി നൽകുകയും ശുദ്ധമായ ജൈവകൃഷിയിലൂടെ വിപണനം ചെയ്യുന്ന ഉൽപ്പന്നങ്ങളും ഗ്രാമത്തിനാകെ ഉപകാരപ്രദവും, ആരോഗ്യദായകവുമാണ്. മാത്യൂസിന്റെ മൂന്ന് ആൺമക്കളായ ബിജു മാത്യൂസ് കുടുംബവുമായി ഒമാനിലും ജൂബി മാത്യൂസ് സ്വന്തമായി സ്റ്റുഡിയോ നടത്തിയും ബിജോയ് മാത്യു ദുബായിലും നല്ല സൗകര്യത്തോടെയായിരുന്നു ജീവിച്ചിരുന്നത്.

പണം ധാരാളം സമ്പാദിക്കാമെങ്കിലും സംതൃപ്തി ലഭിക്കാതെ മാനസിക സംതൃപ്തി മതിയെന്നാഗ്രാഹിച്ച് സാമ്പത്തിക ഉന്നതി വേണ്ടെന്ന് വച്ച് അപ്പനോടൊപ്പം കൃഷിയിലേക്കിറങ്ങുകയായിരുന്നു. ഇന്ന് ഈ മൂന്ന് മക്കളാണ് കൃഷിയിൽ അപ്പന്റെ ശക്തി. മറ്റെവിടെയും ലഭിക്കാത്ത ഒരു പ്രത്യേകതയും ഇവർ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവരുടെ മീൻ കുളത്തിൽ നിന്ന് ഒരാൾക്കും ഇവർ മീൻ പിടിച്ചു നൽകുകയില്ല. പകരം ധാരാളം ചൂണ്ടകൾ ഇവിടെ തയാറാക്കി വച്ചിട്ടുണ്ട്. ആവശ്യക്കാർക്ക് ഈ ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കാം. ലഭിക്കുന്ന മീനിന്റെ ഇനവും തൂക്കവും അനുസരിച്ചുള്ള പണം നൽകിയാൽ മതി. ശുദ്ധമായ മീൻ ലഭിക്കും എന്നതിനോടൊപ്പം മീൻ ചൂണ്ടയിടുതിന്റെ സുഖവും ആസ്വദിക്കാം എന്ന രസവും ഇവിടത്തെ മാത്രം പ്രത്യേകതയാണ്.

വരൾച്ചയെ അതിജീവിക്കാൻ മുന്നൊരുക്കം നടത്തിയവർ

വിദേശത്തുനിന്നു തിരികെയെത്തി വിശ്രമജീവിതം ആരംഭിച്ചപ്പോഴാണ് നല്ല ഭക്ഷണമെന്നത് നാട്ടിൽ കിട്ടാക്കനിയായെന്നു പത്തനംതിട്ട ജില്ലയിലെ മാരാമൺ കാഞ്ഞിരത്തുമൂട്ടിൽ സണ്ണിയും ഭാര്യ ലീലയും മനസ്സിലാക്കുന്നത്. വിഷമയമില്ലാത്തതും രുചിയുള്ളതുമായ ഭക്ഷണം കഴിക്കണമെങ്കിൽ സ്വന്തമായി വല്ലതും നട്ടുവളർത്തണമെന്നു വീട്ടുകാരും സുഹൃത്തുക്കളും പറഞ്ഞതോടെ അടുക്കളത്തോട്ടമുണ്ടാക്കാനുള്ള ശ്രമമാരംഭിച്ചു. ഇന്ന് വ്യത്യസ്ത പച്ചക്കറികളുടെ മുന്നൂറിലധികം ഗ്രോബാഗുകൾ ഇവിടെയുണ്ട്. കാബേജ്, കോളിഫ്ലവർ, റാഡിഷ്, കാരറ്റ്, പാവൽ, പയർ, പലവിധം ചീരകൾ, മുളകിനങ്ങൾ, വെളളരി, ഇഞ്ചി, മഞ്ഞൾ എന്നിങ്ങനെ അടുക്കളയിലേക്കു വേണ്ടതെല്ലാം ഈ കൂടകളിൽ വളരുന്നു.

മക്കളെയും ബന്ധുക്കളെയുമൊക്കെ സന്ദർശിക്കാൻ പതിവായി യാത്ര ചെയ്യുന്ന ഇവർക്ക് മുടങ്ങാതെയുള്ള നന വെല്ലുവിളിയായതു സ്വാഭാവികം. ഒരു ദിവസംപോലും നന മുടക്കാതിരുന്നാലേ ഗ്രോബാഗിലെ വിളകൾ വേനലിനെ അതിജീവിക്കൂ. മാത്രമല്ല, വേനൽ രൂക്ഷമാവുമ്പോൾ വെള്ളം മിതമായി ഉപയോഗിച്ചില്ലെങ്കില്‍ തികഞ്ഞില്ലെന്നും വരാം.

എന്നാൽ വേനലവധിക്കാലത്തെ സന്ദർശനങ്ങൾക്ക് നന ഒരു തലവേദനയാകാതിരിക്കാനുള്ള സംവിധാനം ഇവർ ഏർപ്പെടുത്തിക്കഴിഞ്ഞു. അടുത്തകാലത്ത് സംസ്ഥാനത്ത് വ്യാപകമായി പ്രചരിക്കുന്ന തിരിനനയാണ് ഇക്കാര്യത്തിൽ സണ്ണിക്കു തുണയായത്. മുറ്റത്തിനു ചുറ്റും പിന്നെ അടുക്കളത്തോട്ടത്തിലും സ്ഥാപിച്ച ഗ്രോബാഗുകളുടെ ചുവടുഭാഗത്തെ ദ്വാരത്തിലൂടെ പുറത്തേക്കു നീട്ടിയ തിരികൾ പിവിസി പൈപ്പിലെ ജലത്തിലേക്കു കടത്തിയാണ് ഇതു സാധ്യമാക്കിയത്. ഗ്രോബാഗ് സ്ഥാപിക്കാനുദ്ദേശിക്കുന്ന നിരകളിലൂടെ 45 സെ.മീ അകലത്തിൽ തുളയിട്ട പിവിസി കുഴലുകൾ ഘടിപ്പിച്ച ശേഷം ദ്വാരങ്ങളുടെ ഇരുവശത്തുമായി ഇഷ്ടിക വയ്ക്കുന്നു. ഇഷ്ടികയ്ക്കു മീതേ നിലത്തു സ്പർശിക്കാത്ത വിധത്തിൽ ഗ്രോബാഗ് വയ്ക്കും. അഗ്രഭാഗത്തു കൂടി ഒഴിക്കുന്ന വെള്ളം കുഴലിനുള്ളിൽ കെട്ടിക്കിടക്കുന്നു. കുഴലിനുള്ളിലേക്കു കടത്തിയ തിരികളിലൂടെ മെല്ലെ മുകളിലേക്കു കയറുന്ന വെള്ളം ഗ്രോബാഗിലെത്തി വിളകൾക്കു ലഭ്യമാവുന്നു. പ്രത്യേകം നനച്ചില്ലെങ്കിലും കുഴലിൽ വെള്ളമുള്ളിടത്തോളം തിരിനന തീരില്ല. ഇതിനാവശ്യമായ തിരികൾ 15 രൂപ നിരക്കിൽ വാങ്ങുകയായിരുന്നു. ബെൻഡ് പൈപ്പ് ഉപയോഗിച്ച് മുകളിലേക്കു തുറന്നിരിക്കുന്ന പിവിസി കുഴൽ കൊതുകു മുട്ടയിടാതെ അടച്ചുവയ്ക്കുകയാണ് പതിവ്. ഇതിനു പകരം കുഴലിലെ ജലത്തിൽ ഗപ്പി മത്സ്യങ്ങളെ വളർത്തിയാൽ മതിയെന്ന ചിന്തയിലാണ് ഇദ്ദേഹം. വൈകാതെ തന്നെ മഴമറ നിർമിച്ച് തിരിനന സംവിധാനവും ഗ്രോബാഗുകളും അതിനുള്ളിലാക്കും.

നന തുള്ളിയായി, ചെലവ് തുച്ഛമായി

ഏതാനും ദിവസം നന മുടങ്ങിയാലും വളർച്ചയോ ഉൽപാദനമോ മുരടിക്കില്ലെന്നതാണ് തിരിനന സംവിധാനത്തിന്റെ പ്രധാന ഗുണമായി സണ്ണി ചൂണ്ടിക്കാട്ടുന്നത്. അതിലുപരി ജലവിനിയോഗം ഗണ്യമായി കുറയുകയും ചെയ്യുന്നു. ആവശ്യത്തിനുമാത്രം ഈർപ്പം ചെടിച്ചുവട്ടിൽ നിലനിൽക്കുന്നതിനാൽ വിളകളുടെ ആരോഗ്യം മെച്ചപ്പെടുന്നു. മൂന്നോ നാലോ ദിവസത്തിലൊരിക്കൽ നൽകുന്ന വെള്ളംകൊണ്ട് സദാ നേരവും നനയ്ക്കുന്ന ഈ സംവിധാനം സമയം മാത്രമല്ല, വെള്ളവും ലാഭിക്കും.

മുന്നൂറ് ഗ്രോബാഗുകളിൽ തിരിനന ഏർപ്പെടുത്തുന്നതിനു പതിനായിരം രൂപയാണ് ആകെ ചെലവായത്. കോഴിക്കോട് ജലവിഭവ വിനിയോഗകേന്ദ്രം നിർദേശിച്ച വിദഗ്ധനാണ് ഇത് സ്ഥാപിച്ചുകൊടുത്തത്. ഇപ്പോൾ സ്വന്തമായി തിരിനന സംവിധാനം ഒരുക്കാമെന്ന ആത്മവിശ്വാസം ഇദ്ദേഹത്തിനുണ്ട്.

ഫോൺ: 9947106338

മണ്ണിന്റെ മനസ്സറിഞ്ഞ് ലെൻസ്ഫെഡ്

കംപ്യൂട്ടർ മൗസിൽ വിരൽ തൊട്ടിരുന്നവർക്കു പാടത്തിറങ്ങാൻ മോഹം. ഒരേ മനസ്സുമായി പാടത്തിറങ്ങിയ എൻജിനീയറിങ് കൂട്ടുകാർക്കു മണ്ണു തിരിച്ചു നൽകുന്നത് നൂറുമേനി. സ്വന്തം തൊഴിലിടങ്ങളിൽ ഒതുങ്ങി പോകുന്നവർക്കുള്ള സന്ദേശം കൂടിയാണ് ലെൻസ്ഫെഡ് (ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ) കാസർകോട് ഹൊസ്ദുർഗ് താലൂക്ക് കമ്മിറ്റി നൽകുന്നത്.  

കലർപ്പില്ലാത്ത ഭക്ഷ്യവസ്തുക്കളാണ് ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കുന്നത് എന്ന സന്ദേശവുമായാണ് ലെൻസ്ഫെഡ് പാടത്തിറങ്ങാൻ തീരുമാനിച്ചത്. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ സഹകരണം ഉറപ്പു നൽകി. ആവശ്യമായ സാങ്കേതികവും ശാസ്ത്രീയവുമായ സഹകരണം നൽകാൻ പാടശേഖര സമിതിയുടെ നേതൃത്വത്തിലുള്ള കർഷകർ കൂടി തയാറായി. ഇതോടെ ലെൻസ്ഫെഡ് സ്വപ്നം കണ്ടതു പോലെ പാടം പൂത്തു തുടങ്ങി. 

ചെറുവത്തൂരിലെ കാടങ്കോട് കൊയാമ്പുറത്തെ തൗവ്വംകണ്ടത്തിലെ മൂന്ന് ഏക്കർ പാടത്ത് ഇവർ കൃഷി ആരംഭിച്ചു. മന്ത്രി ഇ.ചന്ദ്രശേഖരൻ അടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തിൽ വിത്തിറക്കി. താലൂക്ക് കമ്മിറ്റിയുടെ പ്രസിഡന്റ് എൻ.വി.പവിത്രൻ, സെക്രട്ടറി ടിജു തോമസ്, ടി.ജെ.സെബാസ്റ്റ്യൻ, മുകേഷ് ബാലകൃഷ്ണൻ, കെ.പവിത്രൻ, വിനു ആലുങ്കാൽ എന്നിവർ മുന്നിൽ നിന്നു. കയ്യും മെയ്യും മറന്നു ലെൻസ്ഫെഡിലെ മറ്റ് അംഗങ്ങളും പാടത്തിറങ്ങി. 

ഒഴിഞ്ഞു കിടന്ന പാടത്ത് കൃഷിയുമായി ഇവരെത്തിയപ്പോൾ പലരും നെറ്റിച്ചുളിച്ചതാണ്. എൻജിനീയർമാർക്ക് എന്ത് കൃഷി ? അടക്കംപറച്ചിലുകൾക്കു ചെവി നൽകാതെ കൃഷിയിൽ ശ്രദ്ധിച്ചപ്പോൾ മണ്ണു ഫലം നൽകിയിരിക്കുന്നു. ചോദ്യം ചോദിച്ചവർക്കു മുൻപിൽ അഭിമാനത്തോടെ നിൽക്കുന്ന ഈ എൻജിനീയർമാർ വിളവെടുപ്പ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്. ഈ മാസം 10നു കലക്ടർ കെ.ജീവൻബാബുവാണ് വിളവെടുപ്പ് ഉദ്ഘാടനം നിർവഹിക്കുക. 

1998– ൽ രൂപീകൃതമായ ലെൻസ്ഫെഡ് സാമൂഹിക പ്രവർത്തന രംഗത്തു ശ്രദ്ധേയമായ ഇടപെടലുകൾ തുടരുന്നതിനിടയിലാണ് കൃഷിയിലും സാന്നിധ്യമറിയിച്ചത്. എൻഡോസൾഫാൻ ദുരിതബാധിതനായ നാരായണ നായ്ക്കിന് വീടു നിർമിച്ചു നൽകിയ ഇവരുടെ പ്രവർത്തനം സംസ്ഥാനതലത്തിൽ ശ്രദ്ധ നേടിയിരുന്നു. എൻജിനീയറിങ് അടക്കമുള്ള ഉന്നത തൊഴിൽ മേഖലകളിലേക്കു കടന്നുവരുന്ന യുവ തലമുറ കൃഷിയെ പൂർണമായും അവഗണിക്കുമ്പോഴാണ് ഓർമപ്പെടുത്തലുമായി ലെൻസ്ഫെഡ് വഴികാട്ടുന്നത്.

മുതൽക്കൂട്ടായി പാഷൻ ഫ്രൂട്ട്

ഇതു പാഷന്റെ കാലമാണ്. നല്ല ‘പാഷൻ’ വേണമെങ്കിൽ ഉടൻ പ്ലാന്റേഷനിൽ വന്നോളൂ. എറണാകുളം ജില്ലയുടെ സ്വന്തം പാഷൻ ഫ്രൂട്ട് തോട്ടം ഇവിടെയുണ്ട്. പാഷൻ ഫ്രൂട്ടിന്റെ വിളവെടുപ്പു കാലമാണ്. പ്ലാന്റേഷൻ കോർപറേഷന്റെ റബർ‍ തോട്ടത്തിനരികെയാണു കോർപറേഷന്റെ പാഷൻ ഫ്രൂട്ട് തോട്ടമുള്ളത്. കാലടി പ്ലാന്റേഷനിൽ അതിരപ്പിള്ളി എസ്റ്റേറ്റിൽ വിളവെടുത്ത  ആദ്യ തോട്ടമാണിത്. പിങ്ക്, മഞ്ഞ നിറങ്ങളിലുള്ള രണ്ടുതരം ഇനമാണ് ഇവിടെയുള്ളത്.  രണ്ടേക്കറിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ കൃഷി വൻ ലാഭകരമായി. ജില്ലയിൽ ഇത്രയും വലിയ തോതിൽ മറ്റൊരിടത്തും പാഷൻ ഫ്രൂട്ട് കൃഷിയില്ല.


കല്ലാല എസ്റ്റേറ്റിലും അതിരപ്പിള്ളി എസ്റ്റേറ്റിൽ തന്നെ പ്ലാന്റേഷൻ വാലിക്കടുത്തും തോട്ടമുണ്ട്. റബറിനു വില കുറഞ്ഞപ്പോഴാണു കോർപറേഷൻ ഇടവിള കൃഷികളെക്കുറിച്ച് ആലോചിച്ചു തുടങ്ങിയത്. റബർ നല്ല വരുമാനം  നൽകിത്തുടങ്ങണമെങ്കിൽ ഏഴു വർഷം കഴിയണം. ഈ ഏഴു വർഷം കൊണ്ടു പാഷൻ ഫ്രൂട്ട് കൃഷി മികച്ച വരുമാനം നൽകുകയും ചെയ്യും. കഴിഞ്ഞ ഡിസംബർ മുതൽ ഇതുവരെ 2600 കിലോ പാഷൻ ഫ്രൂട്ട് ഈ തോട്ടത്തിൽ നിന്നു വിളവെടുത്തു.  കിലോയ്ക്കു 100 രൂപയാണിവിടത്തെ വില. രണ്ടര ലക്ഷം രൂപയിലേറെ വരുമാനം ലഭിച്ചു.തൃശൂർ ജില്ലയിലെ പരിയാരത്തുള്ള സ്വാശ്രയകർഷക വിപണിയിലേക്കാണ് ഈ തോട്ടത്തിലെ പാഷൻ ഫ്രൂട്ട് കൊണ്ടുപോകുന്നത്. അങ്കമാലിയിലെ ചില കടകളിലും വിൽപനയുണ്ട്.

പ്ലാന്റേഷനിലെ തൊഴിലാളികൾ തന്നെയാണു പാഷൻ ഫ്രൂട്ട് കൃഷിയെ പരിപാലിക്കുന്നത്. അതിരപ്പിള്ളി എസ്റ്റേറ്റിൽ പോസ്റ്റ് ഓഫിസ് ജംക്‌ഷനു സമീപമാണു തോട്ടം. തോട്ടത്തിൽ വരുന്നവർക്ക് അപ്പോൾ തന്നെ പാഷൻ ഫ്രൂട്ട് പറിച്ചുനൽകും. ഇവിടെ ജാതികൃഷിയുടെ ഇടവിളയായിട്ടാണ് പാഷൻ ഫ്രൂട്ട് വളർത്തുന്നത്.സമീപത്തായി വാഴകൃഷിയും മീൻ വളർത്തലുമുണ്ട്. കോർപറേഷന്റെ കാസർകോട് ജില്ലയിലെ ചീമേനിയിലാണ് പാഷൻ ഫ്രൂട്ട് കൃഷി ആദ്യം തുടങ്ങിയത്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലും കൃഷിയുണ്ട്. പത്തനംതിട്ട ജില്ലയിലെ കൊടുമണിൽ ഉടനെ ആരംഭിക്കും.

ചെമ്പൻചെല്ലി നിയന്ത്രണം

ചെമ്പൻചെല്ലി അഥവാ ചുവന്നചെല്ലി തെങ്ങിന്റെ മാരകമായ ശത്രുകീടങ്ങളിലൊന്നാണ്. ഇരുപതു വർഷത്തിൽതാഴെ വളർച്ചയുള്ള തെങ്ങുകളിലാണ് ഈ കീട ആക്രമണം സാധാരണ കാണുക. തുടക്കത്തിൽത്തന്നെ നിയന്ത്രണ നടപടികളെടുത്തില്ലെങ്കിൽ മണ്ട മറിഞ്ഞു തെങ്ങു നശിക്കും.

ചെല്ലിയുടെ പുഴുക്കൾ തടിയിലെ മൃദുഭാഗങ്ങൾ തുരന്നു തിന്നുന്നു. ചെല്ലിയുടെ ജീവിതദശ മുഴുവൻ തടിക്കുള്ളിലാകയാൽ കീടബാധയുടെ ലക്ഷണങ്ങൾ തിരിച്ചറിയുക ആദ്യകാലത്ത് പ്രയാസമായിരിക്കും. പ്രധാന രോഗലക്ഷണങ്ങൾ താഴെക്കൊടുക്കുന്നു.

 • തടിയിൽ ദ്വാരങ്ങൾ, ഇതിലൂടെ തവിട്ടുനിറത്തിൽ ഒരു ദ്രാവകം ഊറിവരും. ഇതിനു പ്രത്യേക ഗന്ധവും ഉണ്ടാവും.
 • ചില ഇടഓലകൾ മഞ്ഞളിക്കുന്നു. നാമ്പോലകൾ വാടുന്നു. ഇങ്ങനെയുള്ള ഓലകൾ വലിച്ചാൽ ഊരിപ്പോരും.
 • ദ്വാരങ്ങളിൽകൂടി കീടം ചവച്ചുതള്ളിയ നാരുകൾ പുറത്തേക്കുവരുന്നു.
 • മടലിന്റെ അടിഭാഗം നെടുകെ പിളരുന്നു.
 • ചെവി തടിയോടു ചേർത്തുപിടിച്ചാൽ അകത്തു കരളുന്ന ശബ്ദം കേൾക്കാം.

പ്രധാന നിയന്ത്രണ മാർഗങ്ങൾ

 • രക്ഷപ്പെടുത്താൻ കഴിയാത്തവിധം കേടുവന്ന തെങ്ങുകൾ വെട്ടിയെടുത്തു ചുട്ടുനശിപ്പിക്കുക. ഇതോടെ എല്ലാ ദശയിലുമുള്ള കീടങ്ങൾ നശിച്ചുകൊള്ളും.
 • തടിയിൽ മുറിവുകൾ ഉണ്ടാക്കരുത്. ഉണ്ടായാൽ കാർബറിൽ, തയോഡാൻ എന്നിവയിലൊന്നു കുഴഞ്ഞ മണ്ണിൽ ചേർത്തു പുരട്ടണം.
 • ഓല വെട്ടേണ്ടിവന്നാൽ ഒരു മീറ്റർ നീളത്തിൽ മടൽ നിർത്തി വേണം.
 • ഫിറമോൺ കെണി ഉപയോഗിച്ചു ചെല്ലികളെ ആകർഷിച്ചു നശിപ്പിക്കുക.
 • കൊമ്പൻചെല്ലിയുടെ ഉപദ്രവംകൂടി കണ്ടാൽ മുകളിലുള്ള രണ്ടോ മൂന്നോ ഓലയുടെ കവിളിൽ സെവിഡോൾ 25 ഗ്രാം മണല്‍ 200 ഗ്രാം ചേർത്ത മിശ്രിതംകൊണ്ടു നിറയ്ക്കണം.

ചെമ്പൻചെല്ലിയെ നിയന്ത്രിക്കാം

ഓലചീയലും കൂമ്പുചീയലുമുള്ള തെങ്ങുകളിൽ ചെല്ലി മുട്ടയിടുന്നതിനു സാധ്യത കൂടുതലുണ്ട്. ആയതിനാല്‍ കുമിൾനാശിനി ഉപയോഗിച്ചു രോഗവിമുക്തമാക്കണം.

ഇവയ്ക്കൊക്കെ പുറമേ കീടനാശിനി പ്രയോഗവും നടത്തണം. തടിയിൽ കാണുന്ന ദ്വാരങ്ങൾ അടച്ചതിനുശേഷം അൽപം മുകളിലായി താഴേക്കു ചരിവോടെ ഒരു ദ്വാരം ഉണ്ടാക്കണം. അതിൽ ചോർപ്പുവച്ച് കാർബറിൽ 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ ചേർത്ത ലായനി ഒഴിക്കണം. എന്നിട്ടു ചോർപ്പ് മാറ്റി ദ്വാരം അടയ്ക്കണം. ആവശ്യമെങ്കിൽ ഒരാഴ്ച കഴിഞ്ഞ് ഒരിക്കൽക്കൂടി ഈ മരുന്നുപ്രയോഗം നടത്തണം.

മരച്ചീനിക്കൊപ്പം നിലക്കടല

കേരളത്തിൽ മരച്ചീനിയോടൊപ്പം നിലക്കടലയും കൃഷിചെയ്യാം. ഈ വിധമുള്ള കൃഷിക്കാണ് നമ്മുടെ നാട്ടിൽ സാധ്യത കൂടുതലും. കാലവർഷം പെയ്തുതുടങ്ങുന്നതോടെയാണു സാധാരണ മരച്ചീനിക്കൃഷിയാരംഭിക്കുക. ഇതോടൊപ്പം നിലക്കടലവിത്തും പാകാം. ശിഖരങ്ങളുണ്ടാകാത്ത എം.4, എച്ച്.165 എന്നീ മരിച്ചീനിയിനങ്ങളും കുറ്റിച്ചെടിയായി വളരുന്ന ടിഎംവി–2, ടിജി–4 എന്നീ നിലക്കടലയിനങ്ങളും സഹവിളകളായി കൃഷി ചെയ്യാവുന്നതാണ്.

മരച്ചീനി നടേണ്ടത് നല്ലതുപോലെ താഴ്ത്തി കിളച്ചൊരുക്കിയ മണ്ണിൽ 90 സെ.മീ അകലം നൽകിയാണ്. മരച്ചീനിച്ചുവട്ടിൽനിന്നും 30 സെ.മീ. അകലത്തിൽ നിരയായി 20 സെ.മീ. അകലം നൽകി നിലക്കടലവിത്തുകൾ പാകണം. ഒരു ഹെക്ടർ സ്ഥലത്തെ കൃഷിക്ക് 40 കി.ഗ്രാം വിത്തു വേണ്ടിവരുന്നു.

രണ്ടു വിളകൾക്കും പ്രത്യേകമായി വളങ്ങൾ ചേർക്കുകയും വേണം. അടിസ്ഥാനവളമായി മരച്ചീനി ഓരോ ചുവടിനും ഒരു കി.ഗ്രാം വീതം ജൈവവളങ്ങൾ ചേർക്കുന്നതിനു പുറമെ അടിവളമായി ഹെക്ടറിന് യൂറിയ, രാജ്ഫോസ്, പൊട്ടാഷ് വളം എന്നിവ യഥാക്രമം 100 കി.ഗ്രാം, 500 കി.ഗ്രാം, 100 കി.ഗ്രാം എന്നിവയും കൂട്ടിക്കലർത്തി ഇടണം.

നിലക്കടല കിളിർത്തു പൊങ്ങിയാൽ ഹെക്ടറൊന്നിന് യൂറിയ 10 കി.ഗ്രാം, രാജ്ഫോസ് 50 കി.ഗ്രാം, പൊട്ടാഷ് വളം 10 കി.ഗ്രാം എന്നിവ ചേർത്ത് നിലക്കടലച്ചെടികളുടെ ചുറ്റുമായി വളം വിതറി നേരിയ തോതിൽ മണ്ണിളക്കി യോജിപ്പിക്കണം. ചെടികൾ പൂവിടാൻ തുടങ്ങിയാൽ ഹെക്ടറിനു കുമ്മായം 250 കി.ഗ്രാം മറ്റു വളങ്ങൾ ചേർത്ത രീതിയിൽത്തന്നെ ഇടുക. ഈ സമയം മരച്ചീനിയിൽ കൂടുതലായുള്ള തണ്ടുകൾ ഒടിച്ചു കളയുകയും വേണം.

നിലക്കടലയുടെ മൂപ്പ് നാലു മാസമാണ്. വിളവെത്തിയാൽ ചെടികൾ പിഴുതെടുത്ത് കായ്കൾ പറിച്ചെടുക്കാം. ശേഷിക്കുന്ന തണ്ടും ഇലകളും മരച്ചീനിച്ചുവട്ടിലിട്ട് മണ്ണുവെട്ടി അടുപ്പിക്കുക. ഇതോടൊപ്പം മരച്ചീനിക്കു യൂറിയയും പൊട്ടാഷ് വളവും 100 കി.ഗ്രാം വീതം മേൽവളമായും ചേർക്കാം.

ഈ രീതി അവലംബിച്ചാൽ മരച്ചീനിയുടെ വിളവു വർ‌ധിക്കുകയും ഹെക്ടറിന് ഒരു ടൺ വരെ നിലക്കടല ലഭിക്കുകയും ചെയ്യും.

കറുത്ത പൊന്നില്‍നിന്ന് എത്രയെത്ര ഉൽപന്നങ്ങൾ

ഏലം, കുരുമുളക്, ഇഞ്ചി, മഞ്ഞൾ, ജാതി, കുടമ്പുളി, ഗ്രാമ്പൂ, കറുവാപ്പട്ട എന്നീ സുഗന്ധവ്യഞ്ജനങ്ങളുടെ കൃഷിയിലും കയറ്റുമതിയിലും നിർണായകസ്ഥാനമാണ് കേരളത്തിനുള്ളത്. ഇതു നിലനിർത്തുന്നതിന് ശാസ്ത്രീയകൃഷിയിലും മൂല്യവർധനയിലും നാം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പരമ്പരാഗതശൈലിയിൽ പുക കൊള്ളിച്ചും ഉണക്കിയും തയാറാക്കുന്നവയെ അപേക്ഷിച്ച് വൃത്തിയോടെ ശാസ്ത്രീയമായി ഉണക്കി പായ്ക്ക് ചെയ്യുന്നവയ്ക്കു കൂടുതൽ വില ലഭിക്കും.

സുഗന്ധവ്യഞ്ജനങ്ങള്‍ പൊടിച്ച് ഉപയോഗിക്കുന്നതിനപ്പുറം അവയുടെ ബാഷ്പശീല തൈലങ്ങൾ വേർതിരിച്ചെടുത്ത് ഔഷധമായും സുഗന്ധലേപനമായും വർണവസ്തുക്കളുമായി ഉപയോഗിക്കുന്ന തലത്തിലേക്കു ലോകം വളർന്നു കഴിഞ്ഞു. ഇത്തരം ആവശ്യങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ ശാസ്ത്രീയരീതിയിൽ ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ചുള്ള മൂല്യവർധനയ്ക്കു നല്ല സംരംഭസാധ്യതയാണുള്ളത്.

കുരുമുളക്

ശരിയായ വില ലഭിക്കാൻ ശാസ്ത്രീയമായി സംസ്കരിക്കേണ്ടതുണ്ട്. ഡിഹൈ‍ഡ്രേറ്റഡ് പെപ്പർ, ഗ്രീൻ പെപ്പർ, വൈറ്റ് പെപ്പർ എന്നീ മൂല്യവർധിത ഉൽപന്നങ്ങൾക്കും മികച്ച വില ലഭിക്കും.

ശാസ്ത്രീയ സംസ്കരണം: കുരുമുളകിനു തിളങ്ങുന്ന കറുപ്പുനിറവും ഒരേപോലെ ഉണക്കും ലഭിക്കാൻ തിരിയിൽനിന്നു മണികൾ അടർത്തിയെടുത്ത് ഉണക്കിയാൽ മതി. പൂപ്പൽ ഒഴിവാക്കാനുമാവും.

ഗ്രീൻ പെപ്പർ: പച്ചനിറം നിലനിർത്തി ഉണക്കുന്ന രീതിയാണിത്. പ്രത്യേക രീതിയിൽ ചൂടുവായു കടത്തിവിടുന്ന ഡ്രയറിൽ, നിയന്ത്രിതമായി ഉണക്കുന്നു. ഹോട്ട് എയർ ഡ്രയറിൽ ഉണക്കുന്നതിനാൽ പച്ച നിറവും തനതു മണവും രുചിയും നിലനില്‍ക്കുന്നു.

ഗ്രീൻ പെപ്പർ ഇൻ ബ്രൈൻ: പൂർണമായും മൂപ്പെത്താത്ത കുരുമുളകുമണിയാണ് ഇതിന് നല്ലത്. അടർത്തിയെടുത്ത മുളകുമണികൾ നന്നായി കഴുകി അഴുക്കും പൊടിയും നീക്കിയ ശേഷം 20% ഉപ്പുലായനിയിൽ 45 ദിവസത്തോളം സൂക്ഷിക്കുന്നു. ഇടയ്ക്ക് രണ്ടു മൂന്നു തവണ ഉപ്പുലായനി മാറ്റി പുതിയതു ചേർക്കുന്നത് ഉൽപന്നത്തിന്റെ നിറവും രുചിയും മെച്ചപ്പെടുത്തും. ഇളംപച്ചനിറമുള്ള ബ്രൈൻഡ് ഗ്രീൻ പെപ്പറിനു വിദേശത്തു നല്ല പ്രിയമുണ്ട്.

ഗ്രീൻ പെപ്പർ പിക്കിൾ: ഉപ്പിലിട്ട പച്ചക്കുരുമുളകിനൊപ്പം വേണ്ട അളവിൽ വിനാഗിരി കൂടി ചേർത്താൽ ഗ്രീൻ പെപ്പർ പിക്കിൾ തയാർ.

വെള്ളക്കുരുമുളക്: നന്നായി വിളഞ്ഞ കുരുമുളകിന്റെ തൊലി രാസവസ്തുക്കളുപയോഗിച്ചോ മർദിച്ചോ ബാക്ടീരിയകളുപയോഗിച്ചോ ജൈവരീതിയിലോ നീക്കുന്നു. പച്ചക്കുരുമുളകോ ഉണങ്ങിയ കുരുമുളകോ ഇപ്രകാരം തൊലി നീക്കംചെയ്തെടുക്കാം. ജൈവരീതിയിൽ പച്ചക്കുരുമുളകിന്റെ തൊലി നീക്കുന്നതു പെക്ടിനേസ് എന്ന എൻസൈമിന്റെ സഹായത്താൽ കായ്കളുടെ തൊലിയിലുള്ള പെക്റ്റിൻ വിഘടിപ്പിച്ചു മാറ്റിയാണ്. വെള്ളക്കുരുമുളകിന് ഗുണവും വാസനയും കൂടും.

ഫ്രീസ് ഫ്രൈഡ് കുരുമുളക്: പച്ചക്കുരുമുളകിന്റെ നിറവും രുചിയും ആകൃതിയും നിലനിർത്തി നിർജലീകരിച്ചെടുക്കുന്ന ഉൽപന്നം. ഫ്രീസ് ഗ്രയർ എന്ന വളരെ വിലയേറിയ ഉപകരണം വേണം.

പെപ്പർ ഒലിയോറെസിൻ: കുരുമുളകു പൊടിയിൽനിന്നു (സത്ത്) ബാഷ്പീകരിച്ചു വേർതിരിക്കുന്നു. ഔഷധ നിർമാണത്തിലെ ചേരുവയാണ്.

പെപ്പർ പൗഡർ: വൃത്തിയായി പൊടിച്ചെടുത്ത ഉണക്കക്കുരുമുളക് ഒട്ടും ഈർപ്പം തട്ടാത്ത രീതിയിൽ ആകർഷകമായി പായ്ക്ക് ചെയ്യുന്നു.

ജാതി

രണ്ട് ഉൽപന്നങ്ങളാണ് പ്രധാനം. ജാതിക്കുരുവും പത്രിയും. ജാതിയിൽനിന്ന് എടുക്കുന്ന ട്രൈമിരിസ്റ്റിൻ, മിരിസ്റ്റിൻ, ഒലിയോറെസിൻ എന്നീ ഉൽപന്നങ്ങൾ സുഗന്ധദ്രവ്യങ്ങളുടെയും ഔഷധഗുണങ്ങളുടെയും നിർമാണത്തിനുപയോഗിക്കുന്നു.

ജാതിക്കാത്തോട് ഉപയോഗിച്ച് സിറപ്പ്, വൈൻ, റിൻഡ് എക്സ്ട്രാക്റ്റ്, ആർ.ടി.എസ്, പിക്കിൾ, കാൻഡി എന്നിവ തയാറാക്കാം.

ജാതിക്കയും ജാതിപത്രിയും വിളവെടുക്കുന്നത് മഴക്കാലത്തായതിനാൽ അണുവിമുക്തമായി ഉണങ്ങുന്നതിന് ചെലവു കുറഞ്ഞ ഡ്രയറുകൾ കൂടി വേണം. പൂപ്പൽ ബാധിച്ച ജാതിപത്രിക്ക് കയറ്റുമതി സാധ്യത വളരെ കുറവാണ്. അതിനാൽ കർഷക കൂട്ടായ്മയിൽ ചെറുകിട ഡ്രയറുകൾ വാങ്ങുന്നത് ഉചിതമായിരിക്കും.

വിദേശ വിപണി ലക്ഷ്യമിടുമ്പോൾ ജിഎപി (Good Agricultural Practices), ജിഎംപി (Good Manufacturing Production), ഫോറിൻ ട്രേഡിനുള്ള ലൈസൻസ് (Code) എന്നിവ നേടേണ്ടതുണ്ട്.

വിലാസം: സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് (ഹോം സയൻസ്), കൃഷി വിജ്ഞാന കേന്ദ്രം, ആലപ്പുഴ ഫോൺ: 0479 2449268

ഡിജിറ്റൽ ധവളവിപ്ലവം

ചരിത്രാതീത കാലത്തോളം പഴക്കമുള്ള മൃഗസംരക്ഷണ മേഖല കാലത്തിനൊത്ത് അതിവേഗം മാറുകയാണ്. ദ്രുതവാട്ടത്തിൽ കരിഞ്ഞ കുരുമുളക് തോട്ടങ്ങളും വിലത്തകർച്ചയും കടക്കെണിയും ജില്ലയിലെ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കറുത്ത ദിനങ്ങൾക്ക് ശേഷം കർഷകന് കരുത്തായത് ക്ഷീരമേഖലയാണ്. കർഷക ആത്മഹത്യകൾ നിത്യം വാർത്തകളിൽ ഇടംനേടിയ 2004 മുതൽ ജില്ലയിലെ പാൽ ഉൽപാദനവും വർധിക്കുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അന്നും ക്ഷീരകർഷകർ ആരും ആത്മഹത്യ ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

സമീപകാലങ്ങളിൽ ജില്ലയിലെ കന്നുകാലികളുടെ എണ്ണം കുറഞ്ഞെങ്കിലും അത്യുൽപാദന ശേഷിയുള്ള പശുക്കളെ വളർത്താൻ ക്ഷീരകർഷകർ ശ്രദ്ധിച്ചതിനാൽ പാലുൽപാദനം വർധിക്കുകയാണ് ചെയ്തത്. ജില്ലയുടെ കർഷക കുടുംബങ്ങളുടെ അത്താണിയായ പശുവളർത്തലിൽ സാങ്കേതിക വിദ്യയുടെ കൈത്താങ്ങോടെ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുകയാണ് സ്മാർ‌ട് ക്ഷീരസംഘം പദ്ധതി.

കേരളത്തിന്റെ പാലറ

വയനാടിനെ പിന്നാക്ക ജില്ലയെന്നാണ് പൊതുവെ വിളിക്കാറ്. എന്നാൽ ക്ഷീരമേഖലയിൽ ഇത് നേരെ തിരിച്ചാണ്. സംസ്ഥാനത്തെ പാലുൽപാദനത്തിൽ രണ്ടാം സ്ഥാനമാണ് ജില്ലക്ക്. വയാനിടിന്റെ ഇരട്ടിയിലേറെ വലുപ്പമുള്ള പാലക്കാട് മാത്രമാണ് മുന്നിൽ. 2016–17 സാമ്പത്തിക വർഷത്തിൽ പ്രതിദിനം 2.25 ലക്ഷം ലീറ്റർ പാലാണ് ജില്ലയിൽ നിന്ന് ഉൽപാദിപ്പിച്ചത്. പ്രതിവർഷം 200 കോടിയിലേറെ രൂപയാണ് ക്ഷീരകർഷകരുടെ കൈകളിലെത്തുന്നത്. ജില്ലയിൽ 56 ക്ഷീരസംഘങ്ങളാണുള്ളത്.

ഇതെല്ലാം കംപ്യൂട്ടറൈസ്ഡ് സംഘങ്ങളാണ്. വയനാട് ജില്ലയ്ക്ക് മാത്രമാണ് ഇൗ ബഹുമതിയുള്ളത്. കേരളത്തിൽ ഏറ്റവും കൂടുതൽ പാൽ സംസ്കരണ കേന്ദ്രങ്ങൾ ഉള്ളതും ജില്ലയിലാണ്. വൈവിധ്യവൽക്കരണത്തിലും ജില്ലയിലെ ക്ഷീരസംഘങ്ങൾ ഏറെ മുന്നിലാണ്.

ഒരു കാലത്ത് പാൽ സംഘങ്ങളിലെ ഇന്റർനെറ്റിൽ നിന്ന് പ്ലസ്ടു റിസൽട്ട് നൽകിയ കഥയും ജില്ലയിലെ സംഘങ്ങൾക്ക് പറയാനുണ്ട്. ക്ഷീരവികസന വകുപ്പിൽ സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ ജീവനക്കാരുള്ള ജില്ലയും വയനാടാണ്. ഡപ്യൂട്ടി ഡയറക്ടർ ജോസ് ഇമ്മാനുവലിന്റെ നേതൃത്വത്തിലുള്ള അർപ്പണബോധത്തോടെയുള്ള കൂട്ടായ പ്രവർത്തനമാണ് വിജയങ്ങളുടെ നിരതീർക്കാൻ ജില്ലയെ സഹായിക്കുന്നത്.

ക്ഷീരസംഘങ്ങളും ഇനി സ്മാർട്ടാകും ഒപ്പം ക്ഷീരകർഷകരും

കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷനൽ ഇൻഫൊമാറ്റിക്സ് സെന്റർ (എൻഐസി) ചുക്കാൻ പിടിക്കുന്ന സാങ്കേതിക വിപ്ലവമാണ് ക്ഷീരമേഖലയിൽ നടക്കുന്നത്. സർക്കാർ വകുപ്പുകൾക്ക് സാങ്കേതിക സഹായം ചെയ്യുന്ന എൻഐസി സർക്കാർ വകുപ്പുകൾക്ക് പുറമെ പിൻതുണ ഏകുന്നത് ക്ഷീരസഹകരണ സംഘങ്ങൾക്ക് മാത്രമാണ്. വയനാടൻ വിജയത്തിന് ശേഷം സ്മാർട് സംവിധാനം സംസ്ഥാനത്തെ 3600 ഓളം ക്ഷീരസംഘങ്ങളിലേക്കും വ്യാപിപ്പിക്കും. ആദ്യഘട്ടത്തിൽ കോഴിക്കോട്, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ വയനാട് മോഡൽ സാങ്കേതിക വിപ്ലവം എത്തും.

എൻഐസിയും ക്ഷീരവികസന വകുപ്പും ക്ഷീരസഹകരണ സംഘങ്ങൾ മിൽമ എന്നിവ ചേർന്ന് റജിസ്റ്റർ ചെയ്ത ഡെയറി സോഫ്റ്റ്‌വെയർ ഡവപല്മെന്റ് സൊസൈറ്റിയാണ് സാങ്കേതിക വിദ്യാരംഗത്ത് പ്രവർത്തിക്കുന്നത്. 16–17 വർഷം സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ സൊസൈറ്റിക്ക് സഹായവും ലഭിച്ചു. സോഫ്റ്റ്‌വെയറിന് പുറമെ ഹാഡ്‌വെയർ സംവിധാനങ്ങൾക്കും സൊസൈറ്റി സഹായം നൽകി വരുന്നുണ്ട്. സി. ഖാലിദിന്റെ നേതൃത്വത്തിലുള്ള ഏഴ് അംഗ സംഘമാണ് രാപകൽ വ്യത്യാസമില്ലാതെ അധ്വാനിക്കുന്നത്.

വരദൂർ ക്ഷീരസംഘം പ്രസിഡന്റ് പി.ജെ. രാജേന്ദ്ര പ്രസാദ് ചെയർമാനും ക്ഷീരവികസന വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർ സിനില ഉണ്ണിക്കൃഷ്ണൻ സെക്രട്ടറിയുമായ സൊസൈറ്റി ക്ഷീരമേഖലയെ കൂടുതൽ സ്മാർട്ടാക്കാനുളള പ്രവർത്തനങ്ങൾ തുടരുകയാണ്.

എന്താണ് സ്മാർട് ക്ഷീരസഹകരണ സംഘം?

പാൽ സംഭരണ പ്രക്രിയ മുതൽ വിവര സാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ ഉപയോഗിച്ചു കർഷകർക്ക് സുതാര്യ സേവനം നൽകുക വഴി സംഘത്തിന്റെ പ്രവർത്തനം കാര്യക്ഷമവും സുതാര്യവും കൃത്യവും ആക്കുകയാണ് സ്മാർട് ക്ഷീര സഹകരണ സംഘമെന്നതിലൂടെ ഉദ്ദേശിക്കുന്നത്. ക്ഷീരകർഷകരുടെ ഡിജിറ്റൽ തിരിച്ചറിയൽ രേഖയായ സ്മാർട് കാർഡ്, ഓട്ടോമാറ്റിക് മിൽക് കലക്‌ഷൻ സംവിധാനം, ലാബ് ഓട്ടോമേഷൻ, എസ്എംഎസ്, ഡിജിറ്റൽ പാസ് ബുക്ക്, ഡെയറി ഇൻഫർമേഷൻ കിയോസ്‌ക് എന്നീ സംവിധാനങ്ങളാണിതിലുള്ളത്.

കംപ്യൂട്ടർവൽക്കണത്തിന്റെ പ്രാരംഭ ദശയിൽ തന്നെ ജില്ലയിലെ ക്ഷീര സംഘങ്ങൾക്ക് ഏറ്റവും ചുരുങ്ങിയ ചെലവിൽ സോഫ്റ്റ്‌വെയർ വികസിപ്പിക്കാൻ ഉണ്ടായ ആശയമാണ് ഇന്ന് സംസ്ഥാന ക്ഷീര വികസന വകുപ്പ് ഏകീകൃത സോഫ്റ്റ്‌വെയർ ആയി കേരളം മുഴുവൻ സ്ഥാപിക്കാൻ തയാറെടുക്കുന്നത്.

ക്ഷീര സംഘങ്ങളിലെ ദൈനംദിന പ്രവർത്തനങ്ങൾ, പാൽ സംഭരണം, വിപണനം, പാലിന്റെ ഗുണമേൻമാ പരിശോധന, കാലിത്തീറ്റ വിൽപ്പന, ഗുണഭോക്താക്കളെ തിരഞ്ഞെടുക്കൽ തുടങ്ങിയ വിവിധങ്ങളായ ആവശ്യങ്ങൾക്ക് ഉതകുന്ന രീതിയിലുള്ള സോഫ്റ്റ്‌വെയറുകളുടെ ഗുണഫലം ആത്യന്തികമായി ലഭിക്കുന്നത് ക്ഷീര കർഷകർക്കാണ്.

പരാതികൾക്ക് ഇനി ശാശ്വത പരിഹാരം

അത്യധ്വാനം നടത്തിയാണ് ആയിരക്കണക്കിന് ക്ഷീരകർഷകർ രാവിലെയും വൈകിട്ടും സംഘത്തിൽ നേരിട്ടോ കലക്‌ഷൻ സെന്ററുകളിലോ പാലളക്കുന്നത്. എന്നാൽ പലപ്പോഴും പാലിന്റെ അളവ്, റീഡിങ്, ഫാക്റ്റ്, വില, കാലിത്തീറ്റ വാങ്ങുന്നതിന്റെ കണക്കുകൾ എന്നിവയിൽ വിത്യാസം വരാറുണ്ട്. ഒട്ടേറെ കർഷകരുടെ വിവരങ്ങൾ പല ജീവനക്കാർ ചെയ്യേണ്ടി വരുമ്പോൾ ഉണ്ടാകുന്ന പ്രയാസങ്ങൾ നിരവധിയാണ്.

പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതോടെ ഇൗ രംഗത്ത് കണിശതയും സുതാര്യതയും ഉറപ്പ് വരുത്താൻ കഴിയും. ഇതിനായി വിവിധ തരത്തിലുള്ള സംവിധാനങ്ങളാണ് വികസിപ്പിച്ചിട്ടുള്ളത്. കേരളത്തിലെ ആദ്യ സ്മാർട് ക്ഷീരസംഘമായി ചണ്ണോത്ത്കൊല്ലി മാറുന്നതിന് പിന്നാലെ ജില്ലയിലെ എല്ലാ ക്ഷീരസംഘങ്ങളും സ്മാർട്ടാകും.

ഓപ്പൺ ലിപ്സ

ക്ഷീര സംഘത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ കൃത്യതയോടും വേഗത്തിലും ചെയ്യുവാൻ തയാർ ചെയ്തിട്ടുള്ളതാണ് ഓപ്പൺ ലിപ്സ എന്ന സമ്പൂർണ സോഫ്റ്റ്‌വെയർ. പാൽ സംഭരണം, വിപണനം, സാമ്പത്തിക ക്രയ വിക്രയങ്ങൾ, ഉൽപാദക കണക്കുകൾ, കാലിത്തീറ്റ വിൽപ്പന, കാഷ് ബുക്ക്, ഡേ ബുക്ക്, പാൽ വില വിതരണം, അംഗത്വം എന്നിവയെ സംബന്ധിച്ച വിവരങ്ങൾ സോഫ്റ്റ്‌വെയർ മുഖേന ശേഖരിക്കുന്നു.

ക്ഷീരസംഘത്തിന്റെ വരവ് ചെലവ് കണക്കുകൾ, സ്റ്റോക്ക് റജിസ്റ്റർ, ഡെയറി റജിസ്റ്റർ, ഗുണഭോക്തൃ ലിസ്റ്റ്, നിയമാനുസൃത റജിസ്റ്ററുകൾ, ജനറൽ ലഡ്ജർ, വ്യപാര, ലാഭ നഷ്ടക്കണക്കുകൾ, സാമ്പത്തിക സ്റ്റേറ്റ്മെന്റുകൾ മുതലായവ തയാറാക്കാനും ഇത് സഹായകരമാണ്.

സാംപ്

പാൽ സംഭരണ സമയത്ത് അളവ്, ഗുണനിലവാരം തുടങ്ങിയവ ഓട്ടോമാറ്റിക് ആയി ശേഖരിക്കുവാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയർ ആണു സാംപ്. പ്രസ്തുത സോഫ്റ്റ്‌വെയറിൽ എല്ലാ നിർമാതാക്കളുടെയും മിൽക്ക് അനലൈസർ, ഇലക്ട്രോണിക് ത്രാസ് എന്നിവ ബന്ധിപ്പിക്കാൻ കഴിയുന്നു.

സംഭരണം കഴിഞ്ഞ ഉടൻ തന്നെ ഉൽപാദകർക്ക് പാൽ അളവ്, ഗൂണനിലവാരം, പാൽ വില എന്നിവ അടങ്ങിയ ബിൽ നൽകാവുന്നതാണ്. ഒരു പേഴ്സണൽ കംപ്യൂട്ടറിൽ പ്രവർത്തിക്കൂന്ന ഈ സോഫ്റ്റ്‌വെയർ സംഭരണ കേന്ദ്രങ്ങൾക്ക് ഉപകാരപ്രദവും സെർവർ കംപ്യൂട്ടറുമായി പരസ്പരം ഡേറ്റ കൈമാറ്റം ചെയ്യാവുന്നതുമാണ്.

മൈക്രോ ലിപ്സ

പാൽ സംഭരണം, കാലിത്തീറ്റ വിൽപ്പന, പാൽ വില വിതരണം മുതലായവയുടെ വിവരങ്ങൾ റൂട്ട് അടിസ്ഥാനത്തിൽ ശേഖരിക്കാനും രേഖപ്പെടുത്താനും സഹായകമായ സോഫ്റ്റ്‌വെയർ അടങ്ങിയ ഉപകരണമാണു മൈക്രോ ലിപ്സ. കലക്‌ഷൻ ഏജന്റുമാർക്ക് പാൽ ഉൽപാദകരുടെ അടുത്തു ചെന്ന് സേവനം നൽകാൻ ഇത് സഹായിക്കുന്നു. ഓപ്പൺ ലിപ്സാ സോഫ്റ്റ്‌വെയറുമായി പരസ്പരം ഡേറ്റ കൈമാറ്റം ചെയ്യാവുന്നതുമാണ്. ഓരോ ഷിഫ്റ്റിലും കർഷകർക്ക് മിൽക്ക് ബിൽ ലാബ് ഓട്ടോമേഷൻ സോഫ്റ്റ്‌വെയറിലേക്ക് ഡേറ്റ കൈമാറുന്നു.

ലിപ്സാ ക്യൂട്ട്

സംഭരണ കേന്ദ്രങ്ങളിൽ പാൽ സംഭരണ, പരിശോധന പ്രക്രിയ സുതാര്യമായും വേഗത്തിലും നടത്താൻ വേണ്ടി തയാർ ചെയ്തിട്ടുള്ള ഉപകരണമാണ് ലിപ്സാ ക്യൂട്ട്. ഒരു മിനി കംപ്യൂട്ടറിന്റെ വേഗതയോടെ പ്രവർത്തിക്കുന്ന ഈ ഉപകരണത്തിൽ എല്ലാ നിർമാതാക്കളുടെയും മിൽക്ക് അനലൈസർ, അളവു തൂക്ക ഉപകരണങ്ങൾ മുതലായവ ഇഷ്ടാനുസരണം ബന്ധിപ്പിക്കാവുന്നതാണ്.

ലിപ്സാ ക്യൂട്ട് വിദൂര സംഭരണ കേന്ദ്രങ്ങൾക്കും ചെറിയ ക്ഷീര സംഘങ്ങൾക്കും പാൽ സംഭരണത്തിന് സഹായിക്കുന്നു. പ്രസ്തുത ഡേറ്റ പെൻ ഡ്രൈവ് അല്ലെങ്കിൽ നെറ്റ് വർക്ക് മുഖേന ഹെഡ് ഓഫിസിൽ ഉള്ള സർവർ കംപ്യൂട്ടറിലേക്ക് മാറ്റാവുന്നതാണ്. വിദൂര സംഭരണ ഡിപ്പോകൾക്കും ചെറിയ ക്ഷീര സംഘത്തിനും പാൽ സംഭരണത്തിനു ഉത്തമം. പാൽ സംഭരണം, കാലിത്തീറ്റ വിൽപ്പന, പാൽ വില വിതരണം മുതലായവ കൃത്യതയോടെ സൂക്ഷിക്കുന്നു.

ലിപ്സാ ടെസ്റ്റർ

ക്ഷീര സംഘത്തിൽ വച്ച് നടക്കുന്ന പാൽ സാമ്പിൾ പരിശോധന വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ വേഗത്തിലും കൃത്യമായും കുറഞ്ഞ മാനുഷിക അധ്വാനത്തോടെയും നടത്താൻ വേണ്ടി തയാർ ചെയ്തിട്ടുള്ള സോഫ്റ്റ്‌വെയർ ആണ് ലിപ്സാ ടെസ്റ്റർ. ഒരേ സമയം നാല് മിൽക്ക് അനലൈസർ കംപ്യൂട്ടറുമായി ബന്ധിപ്പിച്ച് കൂടുതൽ പാൽ സാമ്പിളുകൾ പരിശോധിക്കുകയും പ്രസ്തുത വിവരങ്ങൾ തത്സമയം തന്നെ പേപ്പർ സഹായമില്ലാതെ ക്ഷീര സംഘം സോഫ്റ്റ്‌വെയറിലേക്ക് ഓട്ടോമാറ്റിക് ആയി ലഭ്യമാക്കുകയും ചെയ്യുന്നു.

ഡിജിറ്റൽ പാസ് ബുക്ക്

ക്ഷീര സംഘത്തിൽ സ്ഥാപിച്ചിട്ടുള്ള ഇൻഫർമേഷൻ കിയോസ്കിലൂടെ വ്യക്തിഗത ഇടപാടുകളെ സംബന്ധിച്ച വിവരങ്ങൾ ക്ഷീര കർഷകർക്ക് തന്നെ കാണുവാൻ വേണ്ടി തയാറാക്കിയിട്ടുള്ളതാണ് ഡിജിറ്റൽ പാസ് ബുക്ക്. കർഷകർ തിരഞ്ഞെടുക്കുന്ന കാലയളവിൽ സംഘത്തിൽ നൽകിയ പാൽ, പാൽ ഗുണനിലവാരം, കാലിത്തീറ്റ, പണം വാങ്ങിയത്, പാൽ അളവ് ഗുണനിലവാര അനുബന്ധ ചാർട്ടുകൾ, അംഗത്വ–ക്ഷേമനിധി വിവരണങ്ങൾ മുതലായവ ലഭിക്കുന്നു.

ഡെയറി സ്‍മാർട് കാർഡ്

കർഷകരുടെ വ്യക്തിഗത വിവരങ്ങളും പാൽ ഉൽപാദന കണക്കുകളും സൂക്ഷിച്ചു വയ്ക്കാൻ സഹായിക്കുന്ന മൈക്രോചിപ്പ് അടങ്ങിയ കാർഡ്. പ്രസ്തുത കാർഡ് തിരിച്ചറിയൽ കാർഡ് ആയും പാൽ സംഭരണ സമയങ്ങളിലും, കർഷകരുടെ ഇടപാടുകൾ നടക്കുമ്പോഴും കംപ്യൂട്ടറിലും ഉപയോഗിക്കാവുന്നതാണ്.

എസ്എംഎസ്

ക്ഷീര സംഘവുമായി നടത്തുന്ന ഇടപാടുകൾ, പാൽ അളവ്, ഗുണനിലവാരം, കാലിത്തീറ്റ, പണം വാങ്ങിയത്, ബാങ്ക് ട്രാൻസ്‌ഫർ മുതലായ എല്ലാ ക്രയ വിക്രയങ്ങളും കർഷകർക്ക് യഥാസമയം എസ്എം എസ് ആയി ലഭിക്കുന്നു.

ഡിജിറ്റൽ പാസ് ബുക്ക്

ഒരു എടിഎം പ്രവർത്തിപ്പിക്കുന്നത് പോലെ കർഷകർക്ക് തങ്ങളുടെ അക്കൗണ്ട് ബൂക്ക് ഏത് സമയവും കിയോസ്ക് മുഖേന കാണാവുന്നതാണ്. ഓരോ ക്ഷീര കർഷകനും അനുവദിച്ചിരിക്കുന്ന പിൻ നമ്പർ ഉപയോഗിച്ച് സംഘവുമായി നടത്തിയ എല്ലാ ക്രയവിക്രയങ്ങളുടെയും കണക്കുകൾ കാണുവാൻ സാധിക്കുന്നു.

ഡെയറി ഇൻഫർമേഷൻ കിയോസ്ക്

ക്ഷീര സംഘങ്ങളിലൂടെ വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ നൂതനമായ രീതിയിൽ ആശയങ്ങളും വിവരങ്ങളും കൈമാറുക എന്നതാണ് കിയോസ്ക്കുകളുടെ ലക്ഷ്യം. പരമ്പരാഗതമായി സർക്കാർ സംവിധാനങ്ങളിലൂടെ നൽകിയിരുന്ന നോട്ടിസുകൾ, ബുക്‌ലെറ്റുകൾ, ചുവരെഴുത്തുകൾ, പോസ്റ്ററുകൾ, ബ്രോഷറുകൾ എന്നിവയ്ക്കു പകരമായി വിവരങ്ങൾ വിഷയ അടിസ്ഥാനത്തിൽ ക്രോഡീകരിച്ച് എഴുത്തുകളുടെയും ചിത്രങ്ങളുടെയും വിഡിയോകളുടെയും ഡിജിറ്റൽ രൂപത്തിൽ നൽകും.

കടപ്പാട്- മനോരമ ഓണ്‍ലൈന്‍ .കോം© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate