Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കൃഷി പരിപാലന വിവരങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍

എന്നും കായ്തരുന്ന നിത്യ വഴുതന

അലങ്കാരത്തിനും പാചക ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ഒരു പച്ചക്കറിയാണ് നിത്യ വഴുതന (ശാസ്ത്രീയനാമം: Ipomoea turbinata). ഒരു ചെടിയുണ്ടെങ്കിൽ ദിവസവും കറിക്കുള്ള കായ്കൾ ലഭിക്കുമെന്നതുകൊണ്ടാണ് നിത്യവഴുതന എന്ന പേര് വന്നത്. അധികം പരിചരണം ആവശ്യമില്ലാതെ വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ്. നമ്മുടെ പ്രത്യേക പരിചരണം ഒന്നും ആവശ്യമില്ലാത്ത ഈ ചെടിയ്ക്ക്‌ രോഗ കിടബാധയും വളരെ കുറവാണ്. നമ്മൾ നാട്ടി കൊടുക്കുന്ന ചെറു കമ്പുകളിലും വേലി പടപ്പിലും വളരെ എളുപ്പത്തില്‍ പടര്‍ന്നു പന്തലിക്കും. നട്ടു ചുരുങ്ങിയ സമയം കൊണ്ട് കായകള്‍ പറിച്ചെടുക്കാം എന്നതാണ് ഇതിന്റെ പ്രതേകത. കായകള്‍ അധികം മൂക്കുന്നതിനു മുന്‍പേ പറിച്ചെടുക്കുന്നതാണ് നല്ലത്. ഏതു കാലാവസ്ഥയിലും കൃഷിചെയ്യാവുന്ന നിത്യവഴുതന പോഷകങ്ങളുടെ കലവറയാണ്, 
നാരുകൾ.കാൽസ്യം,പൊട്ടാസ്യം,മഗ്നീഷ്യം,തയാമീൻ,വിറ്റാമിൻ സി സൾഫർ എന്നിവ അടങ്ങിയരിക്കുന്നു.

നടീല്‍ രീതി

സൂര്യപ്രകാശമുള്ള ചരൽ കലർന്ന മണ്ണാണ് ഇവയ്ക്ക് പറ്റിയത്.ഒന്നരയടി ആഴത്തിലും വീതിയിലും നീളത്തിലും കുഴികളെടുത്ത് മേൽമണ്ണും ചാണകപ്പൊടിയും ചേർത്ത് മൂടിയ ശേഷം വിത്തുകളോ തൈകളോ നടാം.ഒരുതടത്തിൽ രണ്ടു തൈകളാണ് സാധാരണ നാടാറു.

വള പ്രയോഗം -

കാര്യമായ വള പ്രയോഗം ഒന്നും തന്നെ ഈ ചെടിക്കു ആവശ്യമില്ല. ഉണങ്ങിയ ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ്, ഇല കൊണ്ടുള്ള പുതയിടൽ എന്നിവയാണ് സാധാരണ വള പ്രയോഗം.

താറാവുകളെ അടുക്കളമുറ്റത്തും വളര്‍ത്താം

വീട്ടമ്മമാര്‍ക്ക് സ്വയം തൊഴില്‍ എന്ന നിലയില്‍ വീട്ടുമുറ്റത്തും താറാവുകളെ വളര്‍ത്തി ആദായം ഉണ്ടാക്കാം. ഏപ്രില്‍ മുതല്‍ ജൂലായ് മാസങ്ങളില്‍ വിരിയുന്ന കുഞ്ഞുങ്ങള്‍ ഏഴ് മാസമാകുമ്പോഴും സപ്തംബര്‍ മുതല്‍ ജനവരി വരെ വിരിയുന്നവ ഒന്ന്, രണ്ട് മാസം മുമ്പും പ്രായപൂര്‍ത്തിയാകുന്നു.

ഏപ്രില്‍ ജൂലായ് മാസങ്ങളില്‍ സൂര്യപ്രകാശം താരതമ്യേന കുറവും സപ്തംബര്‍ ജനവരി മാസങ്ങളില്‍ ചൂട് കൂടുതലുമായി അനുഭവപ്പെടും. വളര്‍ച്ചയ്ക്ക് ചൂട് വളരെ ആവശ്യമാണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ആദ്യത്തെ ഒരാഴ്ച 31ഡിഗ്രി സെന്റിഗ്രേഡ് ചൂട് കൂടുകളില്‍ നല്‍കണം.

ഓരോ ആഴ്ചയും മൂന്നു ഡിഗ്രി സെന്റിഗ്രേഡ് വീതം കുറയ്ക്കണം. 24 ഡിഗ്രി സെന്റിഗ്രേഡ് ആകുന്നതുവരെ ഇത് തുടരണം. 24 ഡിഗ്രിയില്‍ എത്തിയാല്‍ പിന്നീട് കുറക്കേണ്ടതില്ല. പതിനാറ് ആഴ്ചവരെ ഇത് തുടരണം. ആറ്് പിടകള്‍ക്ക് ഒരു ആണ്‍താറാവ് എന്ന തോതിലാണ് വളര്‍ത്തേണ്ടത്. ആറ്, ഏഴ് മാസമാകുമ്പോള്‍ ഇവ മുട്ടയിട്ടു തുടങ്ങും.

തീറ്റ നനച്ച് നല്‍കുന്നതാണ് നല്ലത്. ആദ്യത്തെ എട്ട് ആഴ്ച തുടര്‍ച്ചയായി 24 മണിക്കൂറും തീറ്റ നല്‍കുക. അതിനുശേഷം ദിവസം രണ്ടുനേരം. രാവിലെ എട്ടുമണിക്കും. വൈകുന്നേരം അഞ്ച്മണിക്കും ഒരു താറാവിന് 120-160ഗ്രാമം തീറ്റ നല്‍കാം. പകല്‍ സമയം തുറന്നു വിട്ടു വളര്‍ത്തുകയാണെങ്കില്‍ അവ അടുക്കള എച്ചില്‍, വിരകള്‍, ചെറിയ പ്രാണികള്‍, എന്നിവ തിന്നും.

അതിരാവിലെയാണ് താറാവുകള്‍ മുട്ടയിടുന്നത്. മുട്ടയുടെ തൂക്കം 65-70ഗ്രാം. മുട്ടയിട്ട് തുടങ്ങി അഞ്ചുമാസത്തിന്ശേഷം ഉത്പാദന വര്‍ധന. ഓരോ താറാവിനും 10 സെ.മീ വീതം സ്ഥലം തീറ്റ കഴിക്കുന്നതിന് നല്‍കണം. മുട്ടയിടുന്നതിനായി 30 സെ.മീ. വീതി, 45 സെ.മീ. ആഴം, 30 സെ.മീ ഉയരം എന്ന തോതില്‍ നെസ്റ്റ് ബോക്‌സ് നിര്‍മിച്ച് നല്‍കണം.

വെള്ളം കുടിക്കുന്നതിനുവേണ്ടി 60.സെ.മീ. വീതിയും 30 െസ.മീ ആഴത്തിലുമുള്ള സൗകര്യം ഉണ്ടാക്കണം. മൂന്നുനാല് ആഴ്ചവരെ കുഞ്ഞുങ്ങളെ ബ്രൂഡറില്‍ വളര്‍ത്തണം. ഒന്നിന് തീറ്റയ്ക്ക് 90-100 ചതുരശ്ര സെ.മീറ്റര്‍ സ്ഥലം അനുവദിക്കണം. കുടിക്കാനുള്ള വെള്ളപ്പാത്രത്തിന് 5-7.5 സെ.മീറ്റര്‍ ആഴം ആകാം. അധികമായാല്‍ ഇവ വെള്ളപ്പാത്രത്തില്‍ ഇറങ്ങി കളിച്ച് വെള്ളം മലിനമാക്കും. 

പരിസരം വൃത്തിയായി സൂക്ഷിക്കണം. രോഗബാധ വരാതെ നോക്കണം. 8-12 ആഴ്ച പ്രായത്തില്‍ താറാവ് വസന്തെയ്ക്കതിരെ കുത്തിവെപ്പ് നടത്തണം. താറാവ് കോളറയ്‌ക്കെതിരെ 3, 4 ആഴ്ചപ്രായത്തിലും കുത്തിവെപ്പ് എടുക്കണം.

ചെമ്പരത്തിയിലെ വര്‍ണ്ണക്കാഴ്ച

വിവിധ നിറങ്ങളില്‍ ചെമ്പരത്തിപ്പൂക്കള്‍ ലഭ്യമാണ്. ഇവയെല്ലാം ഒരു ചെമ്പരത്തിച്ചെടിയില്‍ തന്നെ വിരിഞ്ഞെങ്കിലോ എന്ന് എപ്പോഴെങ്കിലും വിചാരിച്ചിട്ടിണ്ടോ? ഗ്രാഫ്റ്റിംഗിലൂടെ (ഒട്ടിക്കല്‍) ഇതു സാധ്യമാക്കാം.
ആവശ്യമായ സാധനങ്ങള്‍
1. ബ്ലേഡ്
2. തയ്യല്‍ നൂല്‍
3. വിവിധ നിറങ്ങളിലെ ചെമ്പരത്തിയുടെ തലപ്പുകള്‍
4. നാടന്‍ ചെമ്പരത്തിത്തണ്ട്

ഒരു നാടന്‍ ചെമ്പരത്തിത്തണ്ട് ഒരു ചെടിച്ചട്ടിയില്‍ നട്ടുപിടിപ്പിച്ച് വളര്‍ത്തിയെടുക്കുക. ഇതിലേക്കാണു വിവിധ വര്‍ണങ്ങളിലുള്ള നമ്മുടെ മറ്റെല്ല്ലാ ചെമ്പരത്തികളും ഒട്ടിച്ചെടുക്കേണ്ടത്. ഇതിനെ ഗ്രാഫ്റ്റിംഗ് ഭാഷയില്‍ ‘സ്റ്റോക്ക് ‘ എന്നാണു വിളിക്കുന്നതു്.

ചെടി നല്ലവണ്ണം തഴച്ചു വളര്‍ന്നുകഴിഞ്ഞാല്‍ ഒട്ടിക്കാന്‍ തയ്യാറായി.

വിവിധ നിറങ്ങളിലെ ചെമ്പരത്തികളുടെ കുറെ തലപ്പുകള്‍ ശേഖരിക്കുക. ചെടിച്ചട്ടിയിലെ നാടന്‍ ചെമ്പരത്തിയുടെ ഇലകളെല്ലാം അടര്‍ത്തിക്കളയുക. ഇതിലേയ്ക്ക് ഒട്ടിക്കാന്‍ പോകുന്ന നാമ്പുകളുടെ വളര്‍ച്ചയ്ക് ശക്തി പകരുവാനാണ് ഇങ്ങനെ ചെയ്യുന്നതു്. നാടന്‍ ചെമ്പരത്തിയുടെ ഒരു ശിഖരത്തിലെ അഗ്രഭാഗം മൂര്‍ച്ചയുള്ള ഒരു ബ്ലേഡ് കൊണ്ട് ചിത്രത്തില്‍ കാണുന്നതു പോലെ നെടുകെ കീറുക. ഒട്ടിക്കേണ്ട ചെമ്പരത്തിയുടെ അഗ്രം ആപ്പു പോലെ ചെത്തിയെടുക്കുക. ഈ ചെത്തിയെടുത്ത ഭാഗത്തെ, ‘സയന്‍‘ എന്നു വിളിക്കുന്നു.

നാടന്‍ ചെമ്പരത്തിയുടെ (സ്റ്റോക്ക്) കീറി വെച്ചിരിക്കുന്ന വിടവിലേക്ക് ഈ ആപ്പ് (സയന്‍) ഇറക്കിവെച്ച് തയ്യല്‍ നൂലു കൊണ്ട് നന്നായി മുറുക്കി കെട്ടുക. മുറിഞ്ഞഭാഗങ്ങള്‍ വായു കടക്കാതെ നന്നായി ചേര്‍ന്ന് ഒട്ടിയിരിക്കുന്ന രീതിയിലാകണം കെട്ടേണ്ടത്. ഈ പ്രക്രിയ മറ്റു നിറങ്ങളിലെ ചെമ്പരത്തി സയന്‍ കൊണ്ടും ആവര്‍ത്തിക്കുക.

ഉദ്ദേശിച്ച എല്ലാ നിറങ്ങളും ഒട്ടിച്ചു തീര്‍ന്നതിനുശേഷം ചെടിച്ചട്ടി അധികം വെയിലും മറ്റും ഏല്‍ക്കാത്തവിധം മുറിക്കുള്ളില്‍ ഒരിടത്ത് വെയ്കുക. ദിവസവും ചട്ടി നല്ലവണ്ണം നനയ്ക്കുക. നനയ്കുമ്പോള്‍ ഒട്ടിച്ചിരിക്കുന്ന ഭാഗത്ത് വെള്ളം വീണ് നനയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ഒരാഴ്ചക്കകം പിടിക്കുന്ന തലപ്പുകള്‍ നമുക്ക് മനസ്സിലായിത്തുടങ്ങും. ബാക്കിയുള്ളവ നശിച്ച് പോകും. തലപ്പുകള്‍ നന്നായി വളര്‍ന്നു കഴിഞ്ഞാല്‍ ചെടിച്ചട്ടി വെളിയിലേക്കു് മാറ്റാം.

ഗ്രാഫ്റ്റിംഗ് സാധാരണഗതിയില്‍ വളരെ ശ്രദ്ധ ആവശ്യമായ ഒരു കലയാണെങ്കിലും ഇവിടെ പ്രതിപാദിച്ച വെഡ്ജ് ഗ്രാഫ്റ്റിംഗ് രീതി, അധികമൊന്നും പരിശീലനമില്ലെങ്കിലും ചെമ്പരത്തിയില്‍ നന്നായി വിജയിക്കാറുണ്ടു്.

ഓര്‍ക്കിഡിന്റെ മഴക്കാല സംരക്ഷണം

വര്‍ണവൈവിധ്യവും അസുലഭാകൃതിയും ആരെയും ആകര്‍ഷിക്കുന്ന സൗന്ദര്യവും ഓര്‍ക്കിഡിനെ ലോക പുഷ്പവിപണിയിലെ തിളങ്ങുന്ന താരമാക്കുന്നു. തായ്ലന്‍ഡ്, ഹോളണ്ട്, മലേഷ്യ, സിംഗപ്പുര്‍ എന്നീ വിദേശരാജ്യങ്ങളൊക്കെ പുതിയ നിറവും രൂപവും ഉള്ള ഓര്‍ക്കിഡ് പൂക്കള്‍ സങ്കരണത്തിലൂടെ ഉല്‍പ്പാദിപ്പിച്ച് വിപണിയില്‍ കൊയ്ത്തു നടത്തുന്നു. ഒരേ ജനുസ്സില്‍പ്പെട്ട വിവിധയിനം സ്പീഷീസുകള്‍ തമ്മിലും ജനുസ്സുകള്‍ തമ്മിലും സങ്കരണം നടത്തി ഉരുത്തിരിച്ചെടുത്ത ഇനങ്ങളാണ് ഇപ്പോള്‍ കൂടുതല്‍ പ്രചാരത്തിലുള്ളത്.

ഓര്‍ക്കിഡേസി എന്ന സസ്യകുടുംബത്തില്‍പ്പെടുന്ന ഓര്‍ക്കിഡില്‍ ഏകദേശം 800 ജനുസ്സിലായി 35,000ത്തോളം സ്പീഷീസുകള്‍ ഉണ്ട്. ഇവയില്‍ ആയിരത്തി അഞ്ഞൂറോളം സ്പീഷീസുകള്‍ ഇന്ത്യയില്‍ ഉത്ഭവിച്ചതാണ്. ഒന്നരലക്ഷത്തോളം സങ്കരയിനങ്ങളും പ്രചാരത്തിലുണ്ട്. സങ്കരയിനങ്ങള്‍ ഇപ്പോഴും ഉണ്ടാക്കുന്നുണ്ട്.

ഓര്‍ക്കിഡിന്റെ വളര്‍ച്ചാസ്വഭാവം അനുസരിച്ച് തറയില്‍ നേരിട്ടോ പ്രത്യേകം ഓര്‍ക്കിഡ് ചട്ടികളിലോ നടാം. രീതി ഏതായാലും നല്ല നീര്‍വാര്‍ച്ചയും വായുസഞ്ചാരവും ഉണ്ടാകാന്‍ ശ്രദ്ധിക്കണം. വശങ്ങളിലും അടിവശത്തും വലിയ ദ്വാരങ്ങളുള്ള മണ്‍ചട്ടികള്‍ , മരപ്പെട്ടികള്‍ , ചകിരിത്തൊണ്ട് എന്നിവ ഓര്‍ക്കിഡ് വളര്‍ത്താന്‍ ഉപയോഗിക്കാം. കരി, ചകിരി, ഇഷ്ടികയുടെയോ ഓടിന്റെയോ കഷണങ്ങള്‍ , തേങ്ങാമടല്‍ നുറുക്കിയത്, കരിങ്കല്‍ച്ചീളുകള്‍ , കരിക്കട്ട എന്നിവ ഇവ വളര്‍ത്താന്‍ പറ്റിയ മാധ്യമങ്ങളാണ്.

ഓര്‍ക്കിഡില്‍ തണല്‍ ആവശ്യമുള്ളവയും ഇല്ലാത്തവയുമുണ്ട്. വാന്‍ഡകള്‍ , അരാക്നിസ് എന്നിവയുടെ വളര്‍ച്ചയ്ക്ക് നല്ല സൂര്യപ്രകാശം ആവശ്യമാണ്. ഡെന്‍ഡ്രോബിയം, കാറ്റ്ലിയ, ഫലനോപ്സിഡ്, ആസ്കോ സെന്‍ഡ, ഓണ്‍സിഡിയം, സിംബിഡിയം എന്നീ സ്പീഷീസുകളുടെ ഇനങ്ങള്‍ക്ക് തണല്‍ ആവശ്യമാണ്. ഇവയില്‍ത്തന്നെ തണലിന്റെ അളവ് ഇനങ്ങളനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. പ്രകാശം ആവശ്യത്തിനുമാത്രം നല്‍കുന്ന ഷേഡ്നെറ്റുകള്‍ തെരഞ്ഞെടുത്ത് ഉപയോഗിക്കണം.

ഓര്‍ക്കിഡ് ചെടികള്‍ വളര്‍ന്നുകഴിഞ്ഞ് ആവശ്യം വരുമ്പോള്‍ മാറ്റിനടുമ്പോള്‍ ശ്രദ്ധവേണം. വേരുഭാഗത്തിന് ഇടക്കിടെ ഇളക്കംതട്ടിയാല്‍ ചെടികള്‍ പുഷ്പിക്കാന്‍ വൈകും. ചെടികള്‍ രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കല്‍ മാറ്റിനട്ടാല്‍ മതി. ചെടികള്‍ മാറ്റി നട്ടശേഷം രണ്ടോ മൂന്നോ ദിവസം നനയ്ക്കാതിരുന്നാല്‍ മുറിഭാഗങ്ങള്‍ വേഗം ഉണങ്ങി പുതിയ വേരുകളെ ഉത്തേജിപ്പിക്കും. ചാണകവും വേപ്പിന്‍പിണ്ണാക്കും കലക്കി സൂക്ഷിച്ചുവച്ച് അതില്‍നിന്ന് ആഴ്ചയിലൊരിക്കലോ രണ്ടാഴ്ചയിലൊരിക്കലോ തെളിയൂറ്റി വെള്ളം ചേര്‍ത്ത് തളിച്ചുകൊടുക്കുന്നത് ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് സഹായകമാകും. നൈട്രജന്‍ , ഫോസ്ഫറസ്, പൊട്ടാഷ് എന്നീ മൂന്നു മൂലകങ്ങളടങ്ങിയ കോംപ്ലക്സ് വളം ഒരുഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ഇടയ്ക്ക് കലക്കിത്തളിക്കുന്നതും നല്ലതാണ്. ഗോമൂത്രം അഞ്ച്-ആറ് ഇരട്ടി വെള്ളംചേര്‍ത്തും തളിക്കാം.

ഓര്‍ക്കിഡ് ചെടിക്ക് വെള്ളം കെട്ടിനില്‍ക്കാന്‍ ഒരിക്കലും അനുവദിക്കരുത്. നല്ല ഈര്‍പ്പം എപ്പോഴും ഉള്ള അന്തരീക്ഷമാണ് ആവശ്യം. വേനല്‍ക്കാലങ്ങളില്‍ ദിവസവും ചെറിയ നന നല്‍കണം. ഈര്‍പ്പം കൂടുകയും പ്രകാശം കുറയുകയും ചെയ്താല്‍ കുമിള്‍രോഗബാധ എളുപ്പം പിടിപെടും. മഴക്കാലത്തു കാണുന്ന പ്രധാന രോഗമാണ് വേരുചീയല്‍ . വേരുകള്‍ അഴുകി ചെടികള്‍ നശിക്കുന്നതാണ് രോഗലക്ഷണം. മഴക്കാലത്ത് കൂടുതല്‍ ഈര്‍പ്പം നല്‍കുന്ന ചികിരിത്തൊണ്ട് കൂടുതലായി ഇടരുത്. ആഴ്ചയിലൊരിക്കല്‍ കാലിക്സിന്‍ എന്ന മരുന്ന് ഒരു മി.ലിറ്റര്‍ ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിച്ചുകൊടുക്കുകയാണ് പ്രതിവിധി. കേരളത്തിലെ കാലാവസ്ഥ ഓര്‍ക്കിഡ് ചെടികള്‍ വളരാനും പുഷ്പിക്കാനും പൊതുവെ അനുയോജ്യമാണെങ്കിലും തെക്കന്‍ കേരളത്തിലെ കാലാവസ്ഥയാണ് കൂടുതല്‍ അനുയോജ്യം. അന്തരീക്ഷത്തിലെ ഉയര്‍ന്ന ഈര്‍പ്പനിലയും ഇളംചൂടുള്ള കാറ്റും ഓര്‍ക്കിഡ് ചെടികളെ പുഷ്പിണിയാക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.

കണിവെള്ളരി കൃഷിചെയ്യാം

കണിവെള്ളരി നടാന്‍ ഏറ്റവും അനുയോജ്യം ഫിബ്രവരി-മാര്‍ച്ച് മാസം തന്നെ. ഏര്‍പ്പുത്സവത്തിന്റെ ഭാഗമായി പ്രത്യേക ആഘോഷത്തോടെയാണ് മലബാര്‍ഭാഗത്ത് കണിവെള്ളരി കൃഷിയിറക്കുക. ഇങ്ങനെ കൃഷി തുടങ്ങുന്നതുകൊണ്ടാകണം കണിവെള്ളരിക്ക് 'ഏര്‍പ്പ് വെള്ളരി'യെന്നും പേരുണ്ട്.

സൂര്യതാപീകരണം നടത്തുന്നതിനായി കൃഷിസ്ഥലം നന്നായി കൊത്തിയിളക്കി അടിവളവും ചേര്‍ത്ത് ഇളക്കണം. 10 സെന്റിലേക്ക് അരടണ്‍ ചാണകപ്പൊടിയാണ് അടിവളമായി നല്‍കേണ്ടത്. ഇനി ഒരുനേര്‍ത്ത നന നല്‍കാം. ഒരു സ്‌ക്വയര്‍മീറ്ററിലേക്ക് അഞ്ചുലിറ്റര്‍ വെള്ളം എന്ന തോതില്‍ മാത്രമേ നനയ്ക്കാവൂ. ഇങ്ങനെ സൂര്യതാപീകരണത്തിനായി ഒരുക്കിയ മണ്ണിനെ 150 മുതല്‍ 200 ഗേജ് കട്ടിയുള്ള സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിവെക്കണം. രണ്ടടിവ്യാസവും ഒന്നരയടി താഴ്ചയുമുള്ള കുഴികളില്‍ ചവറിട്ടുകത്തിച്ച് കണിവെള്ളരികൃഷിക്ക് തുടക്കംകുറിക്കാം. കുഴിയൊന്നിന് 50 ഗ്രാം എല്ലുപൊടി ആദ്യഘട്ടത്തില്‍തന്നെ നല്‍കണം.

രണ്ടുമീറ്റര്‍ അകലത്തിലുള്ള കുഴികളില്‍ നാലുമുതല്‍ അഞ്ച് വിത്തുവരെ വിതയ്ക്കാം. മുളച്ച് രണ്ടാഴ്ച കഴിയുമ്പോള്‍ മൂന്നുതൈ നിലനിര്‍ത്തി മറ്റുള്ളവ പറിച്ചുനീക്കണം. വെള്ളരിവിത്ത് സ്യൂഡോമോണോസില്‍ പുരട്ടി രണ്ടുമണിക്കൂര്‍ വെച്ചതിനുശേഷം നടുന്നത് രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും. വള്ളി വീശുമ്പോഴും പൂവിടുമ്പോഴും വീണ്ടും ചാണകപ്പെടി ചേര്‍ത്തുകൊടുക്കാം.

ഉമിച്ചാരം വൈകുന്നേരങ്ങളില്‍ വിതറുന്നത് വെള്ളരികൃഷിയില്‍ തിരിച്ചുകൊണ്ടുവരേണ്ട, വിസ്മൃതമായിപ്പോയ കൃഷിരീതിയാണ്. പൂവിട്ടുകഴിഞ്ഞാല്‍ 10 ദിവസത്തിലൊരിക്കല്‍ ഒരുകിലോഗ്രാം പച്ചച്ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തടത്തില്‍ ഒഴിച്ചുകൊടുക്കുന്നത് ഉത്പാദകവര്‍ധനയ്ക്ക് സഹായിക്കും.

ബജി മുളകു കൃഷി

വൈകുന്നേരങ്ങളിൽ ചായയോടൊപ്പം ഒരു ചെറു ചുടുള്ള മുളക് ബജി ആർകണ് ഇഷ്ടപെടാത്തത് .നാം ഏവരയും ഒരുപോലെ ഇഷ്ടപെടുത്തുന്ന ഈ മുളക് കൃഷിയെകുറിച്ച് നമ്മൾ ഇതുവരെ ഒരിക്കലങ്കിലും ചിന്തിച്ചിട്ടുണ്ടോ ?? ഇവിടെയാണ് ഓരോ കർഷകനും തന്റെ മണ്ണ് പ്രയോജനപെടുതണ്ടത

മെയ്‌ – ജൂണ്‍ , ആഗസ്റ്റ്‌ – സെപ്റ്റബര്‍ , ഡിസംബര്‍ – ജനുവരി ആണ് ബജി മുളകു കൃഷി ചെയ്യാന്‍ ഏറ്റവും ഉത്തമം . ബജി മുളക് വിത്ത് പാകി മുളപ്പിച്ചാണ് കൃഷി ചെയ്യുക. നല്ലപോലെ വിളഞ്ഞ ഒരു ബജിയുടെ മുളക് നമുക്ക് ഇതിനായി പച്ചകറി കടയിൽ നിന്നും വാങ്ങാം . വിത്ത് പാകുന്നതിനു മുന്‍പ് അര മണിക്കൂര്‍ സ്യൂഡോമോണോസ് ലായനിയില്‍ ഇട്ടു വെക്കുന്നത് നല്ലതാണ്, വിത്തുകള്‍ വേഗം മുളച്ചു വരാനും രോഗങ്ങളെ പ്രതിരോധിക്കാനും ഇത് സഹായിക്കും. സ്യൂഡോമോണോസ് പൊടി രൂപത്തിലും ദ്രാവക രൂപത്തിലും വിപണിയില്‍ ലഭ്യമാണ്. വിത്തില്‍ മുക്കി വെക്കാന്‍ മാത്രമല്ല, തൈകള്‍ പറിച്ചു നടുമ്പോള്‍ വേരുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ മുക്കി നടുന്നതും നല്ലതാണ്.വിത്തുകള്‍ പാകിയ ശേഷം മിതമായി നനച്ചു കൊടുക്കണം. രണ്ടു മൂന്നു ആഴ്ച പാകമാകുമ്പോള്‍ പറിച്ചു നടാം. ടെറസ്സില്‍ ആകുമ്പോള്‍ ഗ്രോ ബാഗ്‌ ആണ്കൃഷിക്ക് നല്ലത്.

മണ്ണും ഉണങ്ങിയ ചാണകപ്പൊടി, ഉണങ്ങിയ ആട്ടിന്‍ കാഷ്ട്ടം , ഉണങ്ങിയ കരിയില ഇവ ഉപയോഗിച്ചു ഗ്രോ ബാഗ്‌ തയ്യാറാക്കാം. മണ്ണ് ലഭിക്കാന്‍ പ്രയാസം ആണെങ്കില്‍ ചകിരിചോര്‍ ഉപയോഗിക്കാം. നടീല്‍ മിശ്രിതത്തില്‍ കുറച്ചു വേപ്പിന്‍ പിണ്ണാക്ക് / കപ്പലണ്ടി പിണ്ണാക്ക് കൂടി ചേര്‍ക്കുന്നത് നല്ലതാണ്

കിടബാധ

വെള്ള രോഗമാണ് ഇതിനെ പ്രധാനമായും ബാധിക്കുന്ന ഒരു കിടം

ശക്തിയായി വെള്ളം പമ്പ് ചെയ്തും ഇലകളില്‍ വെളിച്ചെണ്ണ പുരട്ടിയും ഇതിനെ ഒരു പരുധി വരെ ഇല്ലാതാക്കാം

40 മുതല്‍ 60 രൂപ വരെയാണ് നിലവില്‍ ബജി മുളകിനുള്ള മാര്‍ക്കറ്റ് വില. ഏറെയൊന്നും ചെലവ് വരാത്ത ബജി മുളകുകൃഷി ഏപോളും കർഷകന് ഒരു മുതൽകുട്ടുതന്നെ ആയിരിക്കും

കപ്പ കൃഷി

കപ്പ ഒരു ജനകീയ ഭക്ഷ്യ ആഹാരമാണ്. പൂള, മരച്ചീനി, കൊള്ളിക്കിഴങ്ങ്, മരക്കിഴങ്ങ് എന്നീ അപരനാമങ്ങളിലും കപ്പ അറിയപ്പെടുന്നു. കപ്പ ഒരു തെക്കേ അമേരിക്കക്കാരനാണ്. കൃത്യമായി പറഞ്ഞാല്‍ ബ്രസീലുകാരന്‍. കപ്പയെ ആദ്യമായി കേരളീയര്‍ക്ക് പരിചയപ്പെടുത്തുന്നത് തിരുവിതാംകൂര്‍ രാജവംശമാണ്. അവരിത് കൃഷിചെയ്തുവെന്നു മാത്രമല്ല, തങ്ങളുടെ പ്രജകളെക്കൊണ്ടിത് കൃഷി ചെയ്യിപ്പിക്കുകയും ചെയ്തു. ഇടയ്ക്കിടെയുണ്ടാകുന്ന അരിക്ഷാമത്തെ കപ്പകൊണ്ട് നേരിടാമെന്നവര്‍ മനസ്സിലാക്കി. ഈ സംരംഭമൊരു വന്‍ വിജയമായി. തുടര്‍ന്ന് തിരുവിതാംകൂര്‍ രാജാവ് മലബാര്‍ ഭരിച്ചിരുന്ന ബ്രിട്ടീഷ് സര്‍ക്കാറിന് ഒരു കത്തെഴുതി. മലബാറില്‍ കപ്പക്കൃഷി വ്യാപകമാക്കണമെന്നും അത് പാവങ്ങള്‍ക്കൊരു അനുഗ്രഹമായിത്തീരുമെന്നുമായിരുന്നു ആ കത്തിന്റെ ഉള്ളടക്കം.

മണ്ണും കാലാവസ്ഥയും

ശീതപാതവും കടുത്ത മഞ്ഞുമുണ്ടാകുന്ന പ്രദേശങ്ങളും വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളും ഇതിന്റെ കൃഷിക്ക് യോജിച്ചതല്ല. നല്ല ചൂടും സൂര്യപ്രകാശവും മരച്ചീനിയുടെ വളര്‍ച്ചയ്ക്കാവശ്യമാണ്. ജലസേചനസൗകര്യമുണ്ടെങ്കില്‍ മഴ തീരെ കുറവായ പ്രദേശങ്ങളിലും ഇത് കൃഷി ചെയ്യാം. വരള്‍ച്ചയെ ഒരു പരിധി വരെ ചെറുക്കാനുള്ള കഴിവ്‌ ഇതിനുണ്ട്. എങ്കിലും നാട്ടയുടനെ ആവശ്യത്തിന് ജലാംശം ആവശ്യമാണ്‌. ചരലടങ്ങിയ വെട്ടുകല്‍മണ്ണാണ് ഏറ്റവും അനുയോജ്യം. നദീതീരങ്ങള്‍, മലയോരങ്ങള്‍, താഴ്വരകള്‍, വെള്ളം കെട്ടിനില്‍ക്കാത്ത തരിശ്ശുനിലങ്ങള്‍ തുടങ്ങി തുറസ്സായ എല്ലാ സ്ഥലങ്ങളിലും മരച്ചീനി കൃഷി ചെയ്യാം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വെട്ടുകല്‍മണ്ണ്, തീരപ്രദേശത്തുള്ള മണല്‍ മണ്ണ്, തിരുവനന്തപുരം ജില്ലയില്‍ കണ്ടു വരുന്ന ചെമ്മണ്ണ് ഇവയിലെല്ലാം മരച്ചീനി നന്നായി വളരുന്നു. *മരച്ചീനി കൃഷി മണ്ണൊലിപ്പിന്റെ ആക്കം കൂട്ടുമെന്നുള്ളതിനാല്‍ ചരിവുള്ളിടങ്ങളില്‍ കൃഷി ചെയ്യുമ്പോള്‍ ശരിയായ മണ്ണ് സംരക്ഷണ നടപടികള്‍ എടുക്കേണ്ടതാണ്. മണ്ണില്‍ നിന്നും പോഷകമൂലകങ്ങള്‍ വളരെയധികം നീക്കം ചെയ്യുന്ന ഒരു വിളയായതുകൊണ്ട് തുടര്‍ച്ചയായ ഒരേ സ്ഥലത്ത് കൃഷിയിറക്കുന്നത് അഭികാമ്യമല്ല.

ഇനങ്ങള്‍

പേര്

പ്രത്യേകതകള്‍

മൂപ്പ്

അന്നജം (%)

H 97

മൊസൈക്ക് രോഗത്തിനെതിരെ പ്രതിരോധ ശേഷിയുള്ളത്

10 മാസം(16 മാസം വരെ പോലും വിളവെടുപ്പ് ദീര്‍ഘിപ്പിക്കാം)

30

H 165

മൊസൈക്ക് രോഗത്തിനെതിരെ പ്രതിരോധ ശേഷിയുള്ളത്. 
വാട്ട രോഗത്തിന് എളുപ്പം വിധേയമാകും.

8 മാസം

24.5

H 226

മൊസൈക്ക് രോഗത്തിന് എളുപ്പം വിധേയമാകും

10 മാസം

29

M 4

സ്വാദേറിയ ഇനം

10 മാസം

29

ശ്രീവിശാഖം

മൊസൈക്ക് രോഗത്തെ ചെറുത്തുനില്ക്കും. തെങ്ങിന്‍ തോപ്പില്‍ ഇടവിളയായി കൃഷി ചെയ്യാന്‍ യോജിച്ചത്

10 മാസം

26

ശ്രീസഹ്യ

മൊസൈക്ക് രോഗത്തെ ചെറുത്തു നില്‍ക്കും

10 മാസം

30

ശ്രീപ്രകാശ്‌

-

7 മാസം

-

കല്പക

തെങ്ങിന്‍തോപ്പുകളില്‍ ഇടവിളയായി കൃഷി ചെയ്യാം

6 മാസം

-

ശ്രീജയ

നല്ല സ്വാദുള്ള ഇനം.

7 മാസം

24-27

ശ്രീവിജയ

നല്ല സ്വാദുള്ള ഇനം.

6-7 മാസം

27-30

ശ്രീഹര്‍ഷ

അന്നജം കൂടുതലുള്ളതുകൊണ്ട് ഉണക്കക്കപ്പ ഉണ്ടാക്കാന്‍ അനുയോജ്യം

10 മാസം

34-36

നിധി

വരള്‍ച്ചയെ അതിജീവിക്കും. മൊസേക്ക് രോഗം കുറവായിരിക്കും.

5.5-6 മാസം

26.8

വെള്ളായണി ഹ്രസ്വ

രുചിയുള്ള ഇനം. വരള്‍ച്ചയെ അതിജീവിക്കില്ല.

5-6 മാസം

27.8

ശ്രീരേഖ

സങ്കരയിനം. നല്ല രുചിയുള്ള ഇനം.

10 മാസം

28.2

ശ്രീപ്രഭ

സങ്കരയിനം. നല്ല രുചിയുള്ള ഇനം.

10 മാസം

26.8

ഇനം

വളത്തിന്റെ തോത്
പാക്യജനകം:ഭാവഹം:ക്ഷാരം

H – 97, H - 266

75 : 75: 75

H – 165, ശ്രീവിശാഖം,ശ്രീസഹ്യ

100 : 100 : 100

M – 4, പ്രാദേശിക ഇനങ്ങള്‍

50 : 50 : 50

ഉല്‍പ്പാദനശേഷി കൂടിയ ഇനങ്ങള്‍ തെങ്ങിന്‍ തോപ്പില്‍ ഇടവിളയായി കൃഷി ചെയ്യുമ്പോള്‍

50 : 50 : 100

 1. രോഗവിമുക്തമായ കമ്പുകള്‍ മാത്രം നടാന്‍ ഉപയോഗിക്കുക. ഇതിനായി സെപ്റ്റംബര്‍-ഡിസംബര്‍ മാസങ്ങളില്‍ത്തന്നെ ആരോഗ്യമുള്ള ചെടികള്‍ കണ്ടുവെക്കണം.
 2. രോഗപ്രതിരോധശേഷിയുള്ള ഇനങ്ങള്‍ കൃഷിക്കുപയോഗിക്കുക. ഉദാഹരണം : H – 97

നടീല്‍

വിളവെടുത്തതിനുശേഷം നടാനുള്ള തണ്ടുകള്‍ തണലുള്ള സ്ഥലത്ത് കുത്തനെ ചാരിവെക്കണം. *ഈ തണ്ടുകളുടെ തലഭാഗത്തുനിന്നും 30 സെന്റീമീറ്ററും കടഭാഗത്തുനിന്നും 10 സെന്റീമീറ്ററും നീളം ഒഴിവാക്കി 15-20 സെന്റീമീറ്റര്‍ നീളമുള്ള കമ്പുകളാക്കി മുറിക്കുക. ഒരു ഹെക്ടറില്‍ നടാന്‍ ഇത്തരം 2000 കമ്പുകള്‍ വേണ്ടിവരും. രോഗ-കീട ബാധ ഇല്ലാത്ത തണ്ടുകള്‍ ആയിരിക്കണം ഉപയോഗിക്കേണ്ടത്.

(ശല്‍ക്കകീടങ്ങളുടെ ആക്രമണത്തിനെതിരെ 0.05% വീര്യത്തില്‍ ഡൈമെത്തോയേറ്റ് തളിക്കാം )

നടീല്‍ സമയം

പ്രധാന നടീല്‍ സമയം

ഏപ്രില്‍ - മെയ്‌/സെപ്റ്റംബര്‍ - ഒക്ടോബര്‍

ഫെബ്രുവരി – ഏപ്രില്‍ - നനയുള്ള സ്ഥലങ്ങളില്‍

ഏപ്രില്‍ - മെയ്‌ മാസങ്ങളില്‍ നടുന്നത് നല്ല വിളവുകിട്ടാന്‍ സഹായിക്കും.

സ്ഥലത്തിന്റെ കിടപ്പനുസരിച്ച് വരമ്പുകളിലോ കൂനകളിലോ കമ്പുകള്‍ നടാം. കമ്പുകളുടെ അടിവശം ചെത്തിമിനുസപ്പെടുത്തിയ ശേഷം 90 x 90 സെ.മീ അകലത്തില്‍ 4 – 6 സെ.മീ ആഴത്തില്‍ നടാം . M-4 പോലെയുള്ള ശാഖകളില്ലാത്ത ഇനങ്ങള്‍ 75 x 75 സെ.മീ. അകലത്തില്‍ നടാവുന്നതാണ്.

നട്ട് പതിനഞ്ച് ദിവസം കഴിഞ്ഞാല്‍ മുളയ്ക്കാത്ത കമ്പുകള്‍ക്ക് പകരം പുതിയവ നടാം. ഇവയ്ക്ക് 40 സെ.മീ. വരെ നീളമാകാം.

വളപ്രയോഗം

നിലമൊരുക്കുമ്പോള്‍ അടിവളമായി ഹെക്ടറൊന്നിന് 12.5 ടണ്‍ കമ്പോസ്റ്റോ കാലിവളമോ ചേര്‍ക്കണം. രാസവളങ്ങള്‍ താഴെ പറയുന്ന തോതില്‍ ചേര്‍ക്കാം.

പാക്യജനകം,ക്ഷാരം ഇവ മൂന്നു തുല്യ തവണകളായി നിലമൊരുക്കുമ്പോഴും, നട്ട് രണ്ടാം മാസത്തിലും മൂന്നാം മാസത്തിലും നല്‍കാം. ഭാവഹം മുഴുവന്‍ അടിവളമായി നല്‍കാവുന്നതാണ്. തുടര്‍ച്ചയായി രാസവളപ്രയോഗം നടത്തുന്ന സ്ഥലങ്ങളില്‍ ഭാവഹത്തിന്റെ അളവ് ശുപാര്‍ശ ചെയ്തതിന്റെ പകുതിമതിയാകും. കേരളത്തിലെ പുളിരസമുള്ള മണ്ണില്‍ ശുപാര്‍ശ ചെയ്തിട്ടുള്ള പൊട്ടാഷിന്റെ 50% സോഡിയം ലവണമായി നല്‍കിയാല്‍ മതി. ഇതിനായി കറിയുപ്പ് ഉപയോഗിക്കാം.

ആഗസ്റ്റ് – സെപ്റ്റംബര്‍ മാസങ്ങളില്‍ നടുമ്പോള്‍ രാസവളപ്രയോഗം രണ്ടു തവണയായി ചചുരുക്കാം. പാക്യജനക വളങ്ങള്‍ കൂടിയ തോതില്‍ പ്രയോഗിക്കുന്നത് കിഴങ്ങിലെ ഹൈഡ്രോസയനിക് ആസിഡിന്റെ അളവ് കൂടുന്നതിന് ഇടയാക്കും.

കുറിപ്പ് : തെങ്ങിന്‍ തോപ്പില്‍ ഇടവിളയായി ശ്രീവിശാഖം കൃഷി ചെയ്യുമ്പോള്‍ ഹെക്ടറിന് 50:50:100 എന്ന അനുപാതത്തില്‍ വേണം രാസവളം ചേര്‍ക്കാന്‍.

കളനിയന്ത്രണം സമയാസമയങ്ങളില്‍ നടത്തണം. ചുരുങ്ങിയത് രണ്ടുമൂന്നു തവണയെങ്കിലും ഇടയിളക്കേണ്ടിവരും. 90 ദിവസത്തിനുശേഷം മണ്ണുകൂട്ടികൊടുക്കുകയും വേണം. മുകളിലേക്കുള്ള രണ്ടു ശാഖകള്‍ മാത്രം വളരുന്നതിനായി ബാക്കിയുള്ള മുകുളങ്ങള്‍ അപ്പപ്പോള്‍ നീക്കം ചെയ്യണം.

ജലസേചനം

കൃത്യമായ ജലസേചനം കൊണ്ട് വിളവ് 150 – 200 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. വേനല്‍ക്കാലത്ത് മാസത്തിലൊരിക്കല്‍ ഒരുതവണ വീതം നനയ്ക്കുന്നതാണ് നല്ലതാണ്.

മരച്ചീനിയിലെ ഇടവിളകൃഷി

മരച്ചീനിക്ക് ഏറ്റവും യോജിച്ച ഒരു ഇടവിളയാണ് നിലക്കടല. നിലക്കടലയിനങ്ങളായ TMV – 2,TMV – 7,TG – 3,TG – 14, സ്പാനിഷ് ഇംപ്രൂവ്ഡ് ഇവ ഇടവിളയായി കൃഷിചെയ്യാവുന്നതാണ്. 90 x 90 സെ.മീ. അകലത്തില്‍ മരച്ചീനി നട്ടയുടനെ 80 x 20 സെ.മീ. അകലത്തില്‍ രണ്ടുവരി നിലക്കടല പാകാവുന്നതാണ്. മെയ്‌, ജൂണ്‍ മാസങ്ങളാണ് നിലക്കടല പാകാന്‍ ഏറ്റവും യോജിച്ച സമയം. ഒരു ഹെക്ടര്‍ സ്ഥലത്ത് 40 മുതല്‍ 50 കിലോഗ്രാം വരെ നിലക്കടല വിത്ത്‌ വേണ്ടിവരും.

നിലമൊരുക്കുമ്പോള്‍ ഹെക്ടറൊന്നിന് 1 ടണ്‍ എന്ന തോതില്‍ കുമ്മായം ചേര്‍ക്കണം. പാക്യജനകം : ഭാവഹം : ക്ഷാരം ഇവ ഹെക്ടറിന് 50:100:50 കിലോഗ്രാം എന്ന തോതില്‍ രണ്ടുവിളകള്‍ക്കും കൂടി നല്‍കാം. നിലക്കടല വിതച്ച് ഒരു മാസം കഴിയുമ്പോള്‍ 10:20:20 കിലോഗ്രാം/ഹെക്ടറിന് എന്ന തോതില്‍ രാസവളം നിലക്കടലക്ക് മാത്രം ചേര്‍ക്കേണ്ടിവരും. നിലക്കടല പൂവിട്ടുതുടങ്ങിയാല്‍പ്പിന്നെ മണ്ണിളക്കരുത്. ഏതാണ്ട് 105 – 110 ദിവസം കൊണ്ട് നിലക്കടല വിളവെടുക്കണം. അതിനുശേഷം ഹെക്ടറൊന്നിന് 50 കിലോഗ്രാം വീതം പാക്യജനകം : ക്ഷാരം ഇവ മരച്ചീനിക്ക് മേല്‍വളമായി നല്‍കണം. ഇടവിളക്കൃഷി കൊണ്ട് 20 – 25% അധികവരുമാനം ലഭിക്കും.

മണല്‍ പ്രദേശങ്ങളില്‍ മരച്ചീനിക്ക് ഇടവിളയായി പയര്‍, ഉഴുന്ന്, ചെറുപയര്‍, നിലക്കടല എന്നിവ കൃഷി ചെയ്യാം. മരച്ചീനിക്കൊപ്പം കൃഷി ചെയ്യാന്‍ പറ്റിയ ഒരിനമാണ് V – 26 എന്ന പയറിനം.

മൊസേക്ക് രോഗം

വൈറസ്‌ മൂലമുണ്ടാകുന്ന ഈ രോഗം പരത്തുന്നത് വെള്ളീച്ചകളാണ് ( ബെമിസിയ സ്പീഷിസ് ). രോഗബാധക്കെതിരെ താഴെ പറയുന്ന നിയന്ത്രണനടപടികള്‍ എടുക്കേണ്ടതാണ്:

രോഗവിമുക്തമായ നടീല്‍വസ്തുക്കളുടെ ഉത്പാദനം

മൂന്നു നാലു മുട്ടുകള്‍ വീതമുള്ള കമ്പുകള്‍ തവാരണകളില്‍ വളരെ അടുത്തായി നടുക. ഇവയില്‍ നിന്നും രോഗബാധയുള്ളവ നീക്കം ചെയ്തശേഷം പ്രധാന നിലത്തിലേക്ക് നടാനുള്ള തണ്ടുകള്‍ വൈറസ്‌ ബാധയില്ലാത്തതാണെന്ന് ഉറപ്പുവരുത്താം. ഇതിനായുള്ള തവാരണയില്‍ കമ്പുകള്‍ തമ്മില്‍ 4 സെ.മീ. x 4 സെ.മീ. അകലം മതിയാവും. ഒരു ച. മീ. സ്ഥലത്ത്‌ ഇപ്രകാരം 500 കമ്പുകള്‍ വരെ നടാം. നട്ട് ആദ്യത്തെ 10 ദിവസവും പിന്നീട് ഒന്നിടവിട്ട ദിവസങ്ങളിലും നനച്ച് കൊടുക്കണം. നട്ട് 20 – 25 ദിവസത്തിനുശേഷം രോഗബാധയില്ലാത്ത കമ്പുകള്‍ പ്രധാന സ്ഥലത്തേക്ക്‌ പറിച്ചുനടാം. നട്ട ഉടനെ നന ആവശ്യമാണ്‌. ആഴ്ചയില്‍ ഒരിക്കലെങ്കിലും നിരീക്ഷണം നടത്തി രോഗബാധയുള്ള ചെടികള്‍ കണ്ടുപിടിച്ച് നീക്കം ചെയ്യേണ്ടതാണ്.

ഇലപ്പുള്ളി രോഗം

ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം, സിറാം അല്ലെങ്കില്‍ സിനെബ്‌ 0.2% എന്നിവ തളിച്ച് കൊടുത്ത് ഈ രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കാം.

ബാക്ടീരിയല്‍ ഇലകരിച്ചില്‍

രോഗപ്രതിരോധശേഷിയുള്ള ഇനങ്ങള്‍ കൃഷി ചെയ്യുക വഴി ഈ രോഗം തടയാം. ഉത്പാദനശേഷി കൂടിയ ഇനങ്ങളായ H - 97, H – 226, H – 1687, H – 2304 തുടങ്ങിയവയും പ്രാദേശിക ഇനങ്ങളായ M – 4, പാലുവെള്ള, പിച്ചിവെള്ള തുടങ്ങിയവയും ഈ രോഗത്തിനെതിരെ ഒരു പരിധിവരെ പ്രതിരോധശേഷിയുള്ള ഇനങ്ങളാണ്.

ചുവന്ന മണ്ടരികളും ശല്‍ക്കകീടങ്ങളും

മരച്ചീനി കൃഷിയില്‍ ഒരു പ്രശ്നമാകാറുള്ള ചുവന്ന മണ്ടരിയെ നിയന്ത്രിക്കുന്നതിന് 10 ദിവസം ഇടവിട്ട്‌ വെള്ളം സ്പ്രേ ചെയ്‌താല്‍ മതിയാകും. കടുത്ത ആക്രമണമുണ്ടെങ്കില്‍ 0.05% ഡൈമെത്തോയേറ്റോ മീഥേല്‍ ഡെമെറ്റോണോ ഓരോ മാസം കൂടുമ്പോള്‍ തളിച്ച് കൊടുക്കുക. സംഭരിച്ചു വെച്ചിട്ടുള്ള മരച്ചീനി തണ്ടുകളെ ആക്രമിക്കുന്ന ശല്‍കകീടങ്ങളെ നിയന്ത്രിക്കുന്നതിന് ഒരു മുന്‍കരുതല്‍ എന്ന നിലക്ക് 0.05% ഡൈമെത്തോയേറ്റ് തളിച്ചാല്‍ മതിയാകും.

രോഗവിമുക്തമായ നടീല്‍വസ്തുക്കളുടെ ഉത്പാദനം

മൂന്നു നാലു മുട്ടുകള്‍ വീതമുള്ള കമ്പുകള്‍ തവാരണകളില്‍ വളരെ അടുത്തടുത്തായി നടുക. ഇവയില്‍നിന്നും രോഗബാധയുള്ളവ നീക്കം ചെയ്തശേഷം പ്രധാന നിലത്തേക്ക് നടാനുള്ള തണ്ടുകള്‍ വൈറസ്‌ ബാധയില്ലാത്തതാണെന്ന് ഉറപ്പു വരുത്താം. ഇതിനായുള്ള തവാരണയില്‍ കമ്പുകള്‍ തമ്മില്‍ 4 സെ.മീ. അകലം മതിയാവും. ഒരു ചതുരശ്രമീറ്റര്‍ സ്ഥലത്ത് ഇപ്രകാരം 500 കമ്പുകള്‍ വരെ നടാം. നട്ട് ആദ്യത്തെ 10 ദിവസവും പിന്നീട് ഒന്നിടവിട്ട ദിവസങ്ങളിലും നനച്ചു കൊടുക്കണം. നട്ട് 20 – 25 ദിവസത്തിനുശേഷം രോഗബാധയില്ലാത്ത കമ്പുകള്‍ പ്രധാന നിലത്തേയ്ക്ക് പറിച്ചു നടാം. നട്ട ഉടനെ നന ആവശ്യമാണ്. ആഴ്ചയില്‍ ഒരിക്കലെങ്കിലും നിരീക്ഷണം നടത്തി രോഗബാധയുള്ള ചെടികള്‍ കണ്ടുപിടിച്ച് നീക്കം ചെയ്യേണ്ടതാണ്.

ചിതല്‍

കമ്പുകള്‍ നടുന്നതിനു മുന്‍പ് 10% കാര്‍ബാറിലോ ക്ലോര്‍പൈറിഫോസോ കൂനകളില്‍ വിതറികൊടുക്കുക

പൂന്തോട്ടത്തിനഴകായ് യൂഫോര്‍ബിയ

യൂഫോര്‍ബിയേസിയേ (Euphorbiaceae) വര്‍ഗ്ഗത്തില്‍ പെട്ട യൂഫോര്‍ബിയ (Euphorbia_milii) ക്രൌണ്‍ ഓഫ് തോൺസ്(Crown of thorns), അല്ലെങ്കില്‍ ക്രൈസ്റ്റ് ചെടി എന്നൊക്കെ ഇംഗ്ലിഷില്‍ അറിയപ്പെടുന്ന ചെടിയാണ്‌. മഡഗാസ്കർ ആൺ ഇതിന്‍റെ ഉത്ഭവമെങ്കിലും ചൈനക്കാര്‍ തായിലാന്റില്‍ നട്ടുപിടിപ്പിച്ചു എന്നാണു പറയപ്പെടുന്നത്. ഏകദേശം 2000 ഇനങ്ങള്‍ യൂഫോര്‍ബിയ ഉണ്ടെന്ന് കരുതുന്നു. ഈ ചെടി ഭാഗ്യം കൊണ്ടുവരുന്നതായി ചൈനാക്കാര്‍ വിശ്വസിക്കുന്നു. നട്ടതിനു ശേഷം എട്ട് പൂക്കള്‍ വിരില്‍ അത് ഭാഗ്യത്തിന്റെ ലക്ഷണമായി അവര്‍ കരുതുന്നു.വിവിധ വര്‍ണ്ണങ്ങളില്‍ മാസങ്ങളോളം വാടാതെ നില്‍ക്കുന്ന ചെടിയാണ് യൂഫോര്‍ബിയ.കള്ളിച്ചെടി വര്‍ഗത്തില്‍പെട്ട ഇവയ്ക്ക് വളരുവാന്‍ കുറച്ച് ജലം മതി.അതിനാല്‍ നഗരപ്രദേശങ്ങളിലും ഫ്ലാറ്റുകളിലും വളര്‍ത്തുവാന്‍ ഏറ്റവും അനുയോജ്യവുമാണ് യൂഫോര്‍ബിയ.നീളമുള്ള തണ്ടില്‍ ചെറിയ ചെറിയ പൂവുകള്‍ ചേര്‍ന്ന് ഒരുവലിയ കുലയായാണ് യൂഫോര്‍ബിയയുടെ പൂക്കള്‍ കാണപ്പെടുന്നത്.

ചെടിനടാനുള്ള ഒരുക്കങ്ങള്‍

തണ്ടും വിത്തും നടീല്‍ വസ്തുവായി ഉപയോഗിക്കാമെങ്കിലും തണ്ടാണ് നടുവാന്‍ അനുയോജ്യം.ചെടിയില്‍ നിന്നും അധികം മൂക്കാത്ത തണ്ടിന്റ അഗ്രഭാഗമാണ് നടീല്‍ വസ്തുവായി തെരഞ്ഞെടുക്കേണ്ടത്.നാല് ഇഞ്ചോളം നീളമുള്ള തണ്ടിന്റെ തളിരിലകള്‍ ഒഴികെയുള്ള ഇലകള്‍ നീക്കം ചെയ്തു വേണം തണ്ട് നടുവാന്‍.ചട്ടിയില്‍ ആറ്റുമണലും ചുവന്ന മണ്ണും കലര്‍ത്തിയ മിശ്രിതത്തില്‍ വേണം ചെടി നടാന്‍. ഇപ്രകാരം തയ്യാറാക്കിയ റെഡിമെയ്ഡ് മിശ്രിതം വിപണിയില്‍ ലഭ്യമാണ്.ഇവ ഒരുക്കിയ ശേഷം ചെടി നടാവുന്നതാണ്.നട്ടശേഷം കീടനാശിനി നല്‍കണം.നാലുദിവസത്തോളം ചെടി നനയ്‌ക്കേണ്ടതില്ല.ഒപ്പം തണലിലേക്ക് മാറ്റി വെയ്ക്കുകയും ചെയ്യണം.ചെടി വളര്‍ന്നു കഴിഞ്ഞാല്‍ അഞ്ചോ ആറോ മണിക്കൂര്‍ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്നിടത്തേക്ക് മാറ്റി വെയ്ക്കണം.പ്രകാശം നന്നായി ലഭിച്ചാല്‍ മാത്രമേ പൂവുകള്‍ ഉണ്ടാവുകയുള്ളൂ.പ്രകാശം കുറഞ്ഞാല്‍ ഇലകള്‍ അധികമായി വളരുന്നതിന് വഴിയൊരുക്കും.മഴസമയങ്ങളില്‍ ചെടിച്ചട്ടികളിലേക്ക് നേരിട്ട് മഴവെള്ളം വീഴാതെ ശ്രദ്ധിക്കണം.കാര്‍പോര്‍ച്ചിലേക്കോ,സണ്‍ഷേഡുകളുടെ താഴെ വെച്ചോ ചെടികളെ സംരക്ഷിക്കേണ്ടതാണ്.

വളപ്രയോഗം

അര കിലോവീതം കടലപ്പിണ്ണാക്കും,വേപ്പിന്‍ പിണ്ണാക്കും മിശ്രിതം നേര്‍പ്പിച്ച് നല്‍കാം.ഇവ അഞ്ച് ലിററര്‍ വെള്ളത്തില്‍ പുളിപ്പിച്ചെടുത്തശേഷം ഇവയുടെ തെളി നേര്‍പ്പിച്ചാണ് നല്‍കേണ്ടത്.ചെടിയെ ബാധിക്കുന്ന പ്രധാന രോഗം മഞ്ഞളിപ്പാണ്.ഇലകള്‍ മഞ്ഞളിപ്പ് ബാധിച്ച് കൊഴിയുകയും പിന്നീട് കമ്പുകളും വേരുകളും ചീഞ്ഞ് ചെടിമുഴുവന്‍ നശിക്കുകയും ചെയ്യും.ബാവസ്റ്റിന്‍ ലായനി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് കുമിള്‍ രോഗത്തിന് പ്രതിവിധിയായി നല്‍കാം.

കുരുമുളക്

ലോകത്തിലെ ഏറ്റവും പരമ്പരാഗതമായ സുഗന്ധവ്യഞ്ജനം. 'സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്' എന്ന് വിശേഷിപ്പിക്കുന്നു. ഇന്ത്യയിലെ കുരുമുളകുത്പാദനത്തിന്റെ 95 ശതമാനവും കേരളത്തിന്റെ സംഭാവന. 1498ല്‍ വാസ്കോഡഗാമ, കേരളത്തില്‍ കോഴിക്കോടിനടുത്തുള്ള കാപ്പാട് തീരത്ത് എത്തിച്ചേര്‍ന്നത് കുരുമുളകില്‍ ആകൃഷ്ടനായിട്ടാണ്. ഈ വരവ് പില്‍ക്കാലത്ത് ഇന്ത്യയുടെ രാഷ്ട്രീയചരിത്രം തന്നെ തിരുത്തിക്കുറിച്ചു.

ഇന്തോനേഷ്യ, ബ്രസീല്‍, മലേഷ്യ, മലഗാസി റിപ്പബ്ളിക്, കംബോഡിയ, ശ്രീലങ്ക തുടങ്ങിയവയാണ് കുരുമുളക് കൃഷിയുള്ള മറ്റുരാജ്യങ്ങള്‍.

 • മണ്ണും കാലാവസ്ഥയും

ഉഷ്ണമേഖലാ സസ്യം. നല്ല ചൂടും ആര്‍ദ്രതയുള്ള അന്തരീക്ഷം, വര്‍ധിച്ച മഴ എന്നിവ അനുകൂലഘടകങ്ങള്‍. തുടര്‍ച്ചയായ വരള്‍ച്ച നന്നല്ല. സമുദ്രനിരപ്പില്‍ നിന്ന് 1200 മീറ്റര്‍ വരെ ഉയരമുള്ള സ്ഥലങ്ങളില്‍ നന്നായി വളരും. വളക്കുറുള്ള മണ്ണും, നദീതടങ്ങളിലെ എക്കല്‍ മണ്ണും, വെട്ടുക്കല്‍ മണ്ണും മണല്‍ കലര്‍ന്ന പശിമരാശി മണ്ണും ഒക്കെ നന്ന്.

 • ഇനങ്ങള്‍

നൂറിലേറെ നാടന്‍ ഇനങ്ങള്‍, കല്ലുവളളി, ബാലന്‍കൊട്ട, ഉതിരന്‍കൊട്ട, ചെറിയകൊടി, കരിമുണ്ട, നാരായക്കൊടി, കാണിയക്കാടന്‍, കുതിരവാലി, കൊറ്റനാടന്‍, കരുവിലാഞ്ചി, അയ്മ്പിരിയന്‍, അരിവളളി, ചുമല, ജീരകമുണ്ട, കുംഭക്കൊടി, തുലാക്കൊടി തുടങ്ങിയവ.

 • വളളി വേരുപിടിപ്പിക്കല്‍

ചെന്തലകളാണ് വേരുപിടിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ഫെബ്രുവരി  മാര്‍ച്ച് മാസം അനുയോജ്യ സമയം. വളളി രണ്ടു മൂന്നു മുട്ടുളള തണ്ടായി മുറിച്ചെടുത്ത് അടിവശം 1000 പി.പി. എം. വീര്യമുളള ഇന്‍ഡോള്‍ 3  ബ്യൂട്ടിറിക് ആസിഡ് ലായനിയില്‍ 45 സെക്കന്റ് മുക്കിവച്ചിട്ടു നടണം. ഒരു ഭാഗം മേല്‍മണ്ണും ഒരു ഭാഗം മണലും ഒരു ഭാഗം കാലിവളവും ചേര്‍ന്ന മിശ്രിതം 20 സെ.മീ. നീളവും 15 സെ. മീ. വീതിയുമുളള പോളിത്തീന്‍ കവറില്‍ നിറയ്ക്കുക. നീര്‍വാര്‍ച്ചയ്ക്ക് കവറില്‍ സുഷിരങ്ങള്‍ ഇടണം. ഈ മിശ്രിതത്തില്‍ ഒരു മുട്ട് മണ്ണിനടിയിലാക്കി തണ്ടു നടണം. പൂവാളി കൊണ്ടു നനയ്ക്കണം. 34 ആഴ്ച കൊണ്ട്് തണ്ടു മുളച്ചു തുടങ്ങും. തണല്‍ നല്‍കണം.

 • താങ്ങുകാലുകള്‍

കുരുമുളക് നടുന്നതിന് ഒരു വര്‍ഷം മുന്‍പു തന്നെ താങ്ങുകാലുകള്‍ തയ്യാറാക്കണം. മുരിക്ക്, കളിഞ്ഞില്‍, മട്ടി, ആഴാന്ത, ശീമക്കൊന്ന, വേപ്പ് എന്നിവ താങ്ങിനു നന്ന്. കൂടാതെ തെങ്ങും കമുകും ഒക്കെ കുരുമുളകു പടര്‍ത്താന്‍ ഉചിതമായ താങ്ങുമരങ്ങളാണ്.

 • തിരുവാതിര ഞാറ്റുവേല

കുരുമുളകു നടാന്‍ ഏറ്റവും യോജിച്ച സമയം ജൂണ്‍  അവസാനം മുതല്‍ ജൂലായ് ആദ്യപകുതി വരെയുളള തിരുവാതിര ഞാറ്റുവേലക്കാലമാണ്. ഈ സമയത്ത് വളളി മുറിച്ചു നട്ടാല്‍ മഴ തീരും മുമ്പ് വേരുപിടിച്ചു കിട്ടും.

 • നടീല്‍

50 സെ.മീ: നീളവും വീതിയും താഴ്ചയുമുളള കുഴിയിലാണ് കുരുമുളക് നടുന്നത്. താങ്ങുകാലില്‍ നിന്ന് 30 സെ. മീ. അകലത്തിലായിരിക്കണം കുഴി എടുക്കേണ്ടത്. തെങ്ങ്, കമുക് മുതലായ വൃക്ഷങ്ങളില്‍  പടര്‍ത്തുമ്പോള്‍ ഇവയില്‍ നിന്ന് 1 2 മീറ്റര്‍ അകലത്തില്‍ വേണം കുഴി എടുക്കാന്‍. കുഴിയില്‍ ജൈവവളവും മേല്‍മണ്ണും ചേര്‍ത്തു മൂടിയിട്ട്, നടുവിലായി കുരുമുളകു നടണം.

 • വളപ്രയോഗം

മുളകു വളളിനട്ട് മൂന്നാം കൊല്ലം മുതല്‍ ശരിയായ വളപ്രയോഗം തുടങ്ങണം. 500 ഗ്രാം അമോണിയം സള്‍ഫേറ്റ്, 222 ഗ്രാം സൂപ്പര്‍ഫോസ്ഫേറ്റ്, 235 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന തോതിലാണ് ഓരോ കൊടിക്കും ഒരു വര്‍ഷം നല്‍കേണ്ടത്. കൂടാതെ കൊടിയൊന്നിന് 10 കിലോ ചാണകമോ കമ്പോസ്റോ എന്നിവയിലൊന്നും നല്‍കണം. വളങ്ങള്‍ രണ്ടു ഗഡുക്കളായാണു നല്‍കേണ്ടത്. മേയ്   ജൂണില്‍ മഴ കിട്ടിക്കഴിഞ്ഞ് ആദ്യഗഡുവും ആഗസ്റ്  സെപ്റ്റംബറില്‍ ബാക്കിയുളളതും നട്ട് ഒരു വര്‍ഷം പ്രായമായ വളളിക്ക് ആകെ വളത്തിന്റെ 1/3 ഭാഗവും രണ്ടാം വര്‍ഷം 2/3 ഭാഗവും നല്‍കണം.
കാലവര്‍ഷാരംഭത്തില്‍ ചെടികള്‍ക്കു ചുറ്റും 50  75 സെ.മീ. വ്യാസാര്‍ധത്തിലും 1015 സെ. മീ. ആഴത്തിലും തടമെടുത്ത് ചെടി ഒന്നിന് 10 കിലോ ജൈവവളം  ഇട്ട് മണ്ണിട്ടു മൂടുക. ഏപ്രില്‍- മേയില്‍ പുതുമഴ കിട്ടിത്തുടങ്ങുമ്പോള്‍ വളളിയൊന്നിന് 500 ഗ്രാം കുമ്മായം ചേര്‍ത്തുകൊടുക്കണം.

 • ജലസേചനം

ചെടി ഒന്നിന് 100 ലിറ്റര്‍ എന്ന തോതില്‍ 810 ദിവസത്തിലൊരിക്കല്‍ നനച്ചു കൊടുക്കണം. നവംബര്‍  ഡിസംബര്‍ മുതല്‍ മാര്‍ച്ച്  ഏപ്രില്‍ വരെ നന നിര്‍ബന്ധം.

 • വളളിത്തല കെട്ടല്‍

തണ്ടുകള്‍ വളര്‍ന്ന് നീളം വച്ചു തുടങ്ങുമ്പോള്‍, അവ താങ്ങുകാലുകളോട് ചേര്‍ത്തു  വച്ച്  കെട്ടിക്കൊടുക്കണം. നേരിട്ടു വെയില്‍ തട്ടുന്ന സ്ഥലത്ത് ആദ്യത്തെ ഒന്നു രണ്ടു വര്‍ഷം വേനല്‍ക്ക് തെങ്ങോലയോ മറ്റോ കൊണ്ട് തൈകള്‍ക്ക് തണല്‍ നല്‍കണം. വേനല്‍കാലത്ത് തണല്‍ നല്‍കുന്നതു പോലെ തോട്ടങ്ങളില്‍ വര്‍ഷ കാലത്ത് തണല്‍ വൃക്ഷങ്ങളുടെ കമ്പുകോതി തണല്‍ നിയന്ത്രിക്കുകയം വേണം.

സസ്യസംരക്ഷണം

 • ദ്രുതവാട്ടം

കുരുമുളകിന്റെ ഏറ്റവും മാരകമായ രോഗം. 'ഫൈറ്റോഫ്തോറ കാപ്സിസി' എന്ന കുമിള്‍ രോഗകാരണം.  മഴക്കാലത്ത് രോഗം വ്യാപിക്കുന്നു. ഇലയില്‍ തിളച്ച വെളളം വീണ് പൊളളിയതുപോലുളള പാടുകള്‍, ഇല കൊഴിച്ചില്‍, തണ്ടു ചീയല്‍, ചുവടഴുകല്‍, വേരുചീയല്‍ തുടങ്ങിയവ രോഗലക്ഷണങ്ങള്‍. ഒരു ശതമാനം വീര്യമുളള ബോര്‍ഡോ മിശ്രിതം മെയ്- ജൂണ്‍ മാസങ്ങളില്‍ തളിയ്ക്കുക; 0.2 ശതമാനം വീര്യമുളള ഫൈറ്റോലാന്‍ ലായനി വളളി ഒന്നിന് 4 5 ലിറ്റര്‍ എന്ന തോതില്‍ കടയില്‍ ഒഴിച്ചു കൊടുക്കുക; തോട്ടത്തില്‍ നീര്‍വാര്‍ച്ച ഉറപ്പാക്കുക, ഓരോ കൊടിക്കും 500 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്തു കൊടുക്കുക, തുടങ്ങിയവ രോഗനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍.

 • പൊളളുരോഗം

'കൊളറ്റോട്രിക്കം ഗ്ളിയോസോപോറിയോയിഡ്സ് ' എന്ന കുമിളാണ് പൊളളുരോഗത്തിന് കാരണം. കരുമുളകിന്റെ ഇലകളില്‍ മഞ്ഞ നിറത്തിലുളള പൊട്ടുകളായി രോഗം തുടങ്ങി ക്രമേണ അതിനു നിറം മാറ്റം സംഭവിച്ച് രോഗം വ്യാപിക്കുന്നു. മണികളും തിരികളും വളര്‍ച്ച മുരടിയ്ക്കുകയോ കൊഴിയുകയോ ചെയ്യുന്നു.

കീടങ്ങള്‍

 • പൊളളുവണ്ട്

മൂപ്പെത്താത്ത മണികളുടെ ഉള്‍ക്കാമ്പ് തിന്നു നശിപ്പിക്കുന്ന വണ്ട്. 30% വരെ കൃഷിനാശം ഉണ്ടാകാറുണ്ട്. കൂടുതല്‍ തണലുളള തോട്ടങ്ങളില്‍ ഉപദ്രവം രൂക്ഷം. റോഗര്‍ 30 ഇ.സി. 2 മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ അല്ലെങ്കില്‍ 0.025% എക്കാലക്സ് 25 ഇ.സി ഒരു മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ കലര്‍ത്തി കൊടികളില്‍ തളിച്ച് കീടശല്യം നിയന്ത്രിക്കാം.

 • തണ്ടുതുരപ്പന്‍ പുഴു

ഇളം തണ്ടു തുരന്ന് ഉള്‍ഭാഗം തിന്നു തീര്‍ക്കുന്നു. അഗ്രമുകുളങ്ങള്‍ കരിയുന്നു. ചെറിയ കൊടികള്‍ പൂര്‍ണ്ണമായും നശിക്കുന്നു. 0.05 % ഡൈമെത്തൊയേറ്റ് (റോഗര്‍) 7 മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ കലര്‍ത്തിയോ ഡൈമെക്രോണ്‍ അരമില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ കലര്‍ത്തിയതോ തളിച്ചാല്‍ പുഴവിന്റെ ഉപദ്രവം കുറയ്ക്കാം.

 • ഇലപ്പേന്‍

റോഗര്‍ 2 മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ കലര്‍ത്തിയതോ നുവാക്രോണ്‍ 1 1/4 മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ കലര്‍ത്തിയതോ തളിക്കാം
ഇലയുടെ അരികുകള്‍ ചുരുട്ടി കരുമുളകു കൊടിയില്‍ കഴിഞ്ഞുകൂടുന്ന പ്രാണി ഇലകള്‍ക്കുളളിലെ നീര് ഊറ്റിക്കുടിയ്ക്കുന്നു.

മണിപ്ലാന്റ് വളർത്തുമ്പോൾ

പണമുണ്ടാക്കാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കും. ഇവിടെയാണ് മണി പ്ലാന്റിന് പ്രസക്തിയേറുന്നത്. ഫാങ്ഷ്യൂയി പ്രകാരം പണമുണ്ടാക്കാന്‍ സഹായിക്കുന്ന ഒന്നാണ് മണിപ്ലാന്റ്.

മണിപ്ലാന്റ് തീരെ ചെറുതാണെങ്കില്‍ ഇത് വേരുകള്‍ നല്ലപോലെ വളരുന്നവരെ വെള്ളം നിറച്ച ഒരു പാത്രത്തില്‍ വയ്ക്കുന്നതാണ് നല്ലത്. വേരുകള്‍ വളര്‍ന്നു കഴിഞ്ഞാല്‍ ഇതിനെ മണ്ണുള്ള ചട്ടിയിലേക്കു മാറ്റാം.

ചെടി വളരാന്‍ വെള്ളം വേണം. എന്നാല്‍ എപ്പോഴും നനവു വേണ്ടതാനും. കൂടുതല്‍ വെള്ളമൊഴിയ്ക്കരുതെന്നു ചുരുക്കം.

നേരിട്ടു സൂര്യപ്രകാശം ലഭിക്കുന്ന രീതിയില്‍ മണിപ്ലാന്റ് വളര്‍ത്തുന്നതാണ് ഉത്തമം. ഇത് വീട്ടിനുള്ളില്‍ വളര്‍ത്തുമ്പോള്‍ ജനലുകള്‍ക്ക് സമീപം വയ്ക്കുന്നതാണ് നല്ലത്.

നൈട്രേറ്റ് കലര്‍ന്ന വളങ്ങളാണ് മണിപ്ലാന്റ് വളരാന്‍ കൂടുതല്‍ നല്ലത്. പൂക്കാത്ത ചെടിയായതു കൊണ്ടു തന്നെ ഏതുതരം വളങ്ങളും ഇതിനു ചേരും.

മണിപ്ലാന്റിന് പടര്‍ന്നു കയറാന്‍ നീളത്തിലുള്ള ഒരു തടിക്കഷ്ണം വച്ചു കൊടുക്കേണ്ടതും പ്രധാനം. തോട്ടത്തിലാണ് ഇതു വളര്‍ത്തുന്നതെങ്കില്‍ സമീപം ഏതെങ്കിലും മരമുണ്ടെങ്കില്‍ ഇതിലേക്കു പടര്‍ന്നു കയാന്‍ വിധത്തില്‍ മണിപ്ലാന്റ് നടാം.

ഇത് ഇടയ്ക്കിടെ വെട്ടി നിര്‍ത്തേണ്ടതും അത്യാവശ്യം തന്നെയാണ്.

വീടിനുള്ളില്‍ ബോണ്‍സായ്

ബോണ്‍സായ് മരങ്ങള്‍ കാഴ്ചക്ക് വളരെ ആകര്‍ഷകമാണ്. മറ്റു ഇന്‍ഡോര്‍ പ്ലാന്റുകള്‍ പോലെ ബോണ്‍സായിയും വീടിനുള്ളില്‍ വളര്‍ത്താം. പക്ഷേ ഇതിന് കുറച്ച് പരിചരണവും ശ്രദ്ധയും വേണം. ചിലയിനം മാവും പേരയും ആപ്പിളും ഓറഞ്ചും റോസുമെല്ലാം ഇത്തരത്തില്‍ വീടിനുള്ളില്‍ വയ്ക്കാറുണ്ട്. തണല്‍ ആവശ്യമുള്ള ചെടികളാണ് വീടിനുള്ളില്‍ വളര്‍ത്താന്‍ തെരഞ്ഞെടുക്കേണ്ടത്.

ബോണ്‍സായ് ചെടിയും ചട്ടിയും നഴ്‌സറികളില്‍ വാങ്ങാന്‍ കിട്ടും. പൊക്കം കുറഞ്ഞ മണ്‍ചട്ടിയോ സിമന്റ് ചട്ടിയോ വേണം. ചട്ടികള്‍ വെള്ളം വാര്‍ന്ന് പോകാന്‍ ദ്വാരം ഉള്ളതാകണം. വേരുകളും മണ്ണും ഉള്‍ക്കൊള്ളാന്‍ കഴിയണം. ചതുരം, ദീര്‍ഘചതുരം, വട്ടത്തിലുള്ളത്, ഓവല്‍, സമചതുരം ഇങ്ങനെ ഏത് ആകൃതിയും ആകാം.

പീറ്റ് മോസും മണ്ണും ഗ്രാവലും നിറച്ച ചട്ടിയില്‍ വേണം ബോണ്‍സായ് ചെടി വയ്‌ക്കേണ്ടത്. ഈ മണല്‍മിശ്രിതം പോട്ടില്‍ മുക്കാല്‍ ഭാഗം വരെ വേണം. പോട്ടിന് താഴെ മണ്ണൊലിക്കാതിരിക്കാന്‍ മെഷ് വയറിങ്ങ് ചെയ്യാം. ഡ്രയിനേജ് ഹോള്‍ അടയാതെ ഇത് സംരക്ഷിക്കും. ബോണ്‍സായ് ചെടികള്‍ക്ക് ഹ്യുമിഡിറ്റി വളരെയധികം ആവശ്യമാണ്. ഫ്ലാറ്റ് സ്റ്റോണുകള്‍ ഇട്ട ട്രേ പോട്ടിന് താഴെ വച്ചാല്‍ ഹ്യുമിഡിറ്റി നിലനിര്‍ത്താം. ചട്ടിയുടെ ഒരു വശത്തായി വേണം ചെടി നടാന്‍. നടുമ്പോള്‍ വേരുകള്‍ കൂടുതലുള്ളത് മുറിച്ചുകളയണം. നന്നായി നനച്ച് ഒരുമാസം തണലത്ത് വളര്‍ത്തണം.

ബോണ്‍സായ് മരങ്ങളുടെ വളര്‍ച്ചയുടെ കാലട്ടത്തില്‍ റീപോട്ട് ചെയ്യേണ്ടതുണ്ട്. ഇത് പുതിയ വേരുകള്‍ ഉണ്ടാകാനും മരം കൂടുതല്‍ ആരോഗ്യത്തോടെയും പച്ചപ്പോടെയും ഇരിക്കാന്‍ ആവശ്യമാണ്. ഇലകളും ചില്ലകളും വെട്ടിനിറുത്തുകയും വലിച്ചു കെട്ടുകയും വേണം. വളര്‍ച്ചയുടെ സമയത്ത് ആറുമുതല്‍ 9 മാസം വരെയാണ് അലുമിനിയം/കോപ്പര്‍ വയര്‍ കൊണ്ട് ശിഖരങ്ങള്‍ കെട്ടിനിറുത്തേണ്ടത്. ഇത് ആകൃതി നിലനിര്‍ത്താന്‍ സഹായകമാണ്. പഴകിയ ഇലകള്‍ നീക്കം ചെയ്യാനും ആഴ്ചയിലൊരിക്കല്‍ വെള്ളമൊഴിക്കാനും മറക്കരുത്. വ്യത്യസ്ത ബോണ്‍സായ് ചെടികള്‍ക്ക് ജലസേചനവും വ്യത്യസ്തമാണ്.

നൈട്രജന്‍, ഫോസ്‌ഫോറിക് ആസിഡ്, അയണ്‍, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം എന്നിവയടങ്ങിയ വളങ്ങള്‍ ചെറിയ തോതില്‍ നല്കാം. വെള്ളത്തില്‍ ലയിക്കുന്ന വളങ്ങളാണ് ഉപയോഗിക്കേണ്ടത്. മാസത്തില്‍ ഒന്നോ രണ്ടോ തവണ വളപ്രയോഗമാകാം. ചെടിക്ക് ആവശ്യത്തിന് പ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ദിവസം രണ്ടോ നാലോ മണിക്കൂറോ ചെടി സൂര്യപ്രകാശത്തില്‍ ഇരിക്കണം. ഇതു സാധ്യമല്ലെങ്കില്‍ 40 വാട്ടുള്ള രണ്ടു ഫ്ലൂറസെന്റ് ബള്‍ബ് സ്വാഭാവികപ്രകാശത്തിന് പകരം ഉപയോഗിക്കണം. ചെടിയും ലൈറ്റും തമ്മില്‍ 18 ഇഞ്ചാണ് അകലം വേണ്ടത്. നല്ല ശ്രദ്ധയും പരിചരണവും ഉണ്ടെങ്കില്‍ വര്‍ഷങ്ങളോളം ബോണ്‍സായ് മരങ്ങള്‍ വീടിന് അലങ്കാരമായിരിക്കും.

courtesy: growsonyou.com and vaasthulekha.indulekha.com

ഫാമുകളില്‍ ഭൗതിക സൗകര്യം ഏര്‍പ്പെടുത്തുമ്പോള്‍

വ്യാവസായികാടിസ്ഥാനത്തില്‍ കന്നുകാലിവളര്‍ത്തല്‍ ഫാമുകള്‍ തുടങ്ങുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഭൗതിക സൗകര്യങ്ങള്‍ ശ്രദ്ധയോടെ ഒരുക്കണം. ഫാം തുടങ്ങുന്നതിനാവശ്യമായ മുതല്‍മുടക്കിന്റെ 60%-ല്‍ അധികം ഭൗതിക സൗകര്യ വികസനത്തിന് വേണ്ടി വരും.

സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍

കേരളത്തില്‍ സ്ഥലപരിമിതി ഏറെ സങ്കീര്‍ണ്ണമാണ്. രാജ്യത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 1.18% മാത്രമേ കേരളത്തിനുള്ളൂ. വന്‍വില നല്‍കി കൂടുതല്‍ സ്ഥലം വാങ്ങി ഫാം തുടങ്ങുന്നത് തീര്‍ത്തും ലാഭകരമല്ല. തരിശായികിടക്കുന്ന സ്ഥലങ്ങള്‍ ഫാമുകള്‍ക്കുവേണ്ടി മാറ്റിയെടുക്കാന്‍ ശ്രമിക്കണം. കൃഷിസ്ഥലങ്ങളില്‍ അനുബന്ധമേഖലയായി കന്നുകാലി വളര്‍ത്തല്‍ തുടങ്ങാനുള്ള സാധ്യത വിലയിരുത്തണം.

ഫാമിനുവേണ്ടി 2-3 പ്ലോട്ടുകള്‍ വിവിധ സ്ഥലങ്ങളിലായി വാങ്ങുന്നതിനു പകരം ഒരുമിച്ചുള്ള വിസ്തൃതമായ പ്ലോട്ട് വാങ്ങാന്‍ ശ്രമിക്കണം. പ്ലോട്ടിനകത്ത് വെള്ളം, ഒഴുകുന്ന അരുവികള്‍ എന്നിവ നല്ലതാണ്. എന്നാല്‍ വെള്ളം കെട്ടി നില്‍ക്കുന്ന കുളങ്ങള്‍ രോഗങ്ങള്‍ക്കിടവരുത്തും. കുത്തനെയുള്ള മലമ്പ്രദേശങ്ങള്‍, വെള്ളം കെട്ടി നില്‍ക്കുന്ന പാടങ്ങള്‍, നീര്‍വാര്‍ച്ചയില്ലാത്ത ചതുപ്പു നിലങ്ങള്‍ എന്നിവ ഫാം തുടങ്ങാന്‍ അനുയോജ്യമല്ല. മണ്ണിന്റെ ഫലഭൂയിഷ്ഠത പ്രധാനമായും വിലയിരുത്തണം. പാറമണലുള്ള സ്ഥലങ്ങളില്‍ ഷെഡ്ഡ്/കെട്ടിട നിര്‍മ്മാണം എളുപ്പത്തിലാക്കാം. കൂടുതല്‍ തണുത്ത കാറ്റടിക്കുന്ന പ്രദേശങ്ങള്‍, കടലോരപ്രദേശങ്ങള്‍ എന്നിവ ഫാമുകള്‍ക്ക് യോജിച്ചതല്ല.

ഫാമിലെ കെട്ടിടങ്ങള്‍ ഗേറ്റില്‍ നിന്നും അകലത്തിലായിരിക്കണം. ജലസംഭരണികള്‍/വാട്ടര്‍ ടാങ്കുകള്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ സ്ഥാപിക്കണം. പശു, ആടുവളര്‍ത്തല്‍ ഫാമുകള്‍ കൂടുതല്‍ ലാഭകരമാക്കാന്‍ തീറ്റപ്പുല്‍കൃഷി അത്യാവശ്യമാണ്. കന്നുകാലിവളര്‍ത്തല്‍ ചെലവിന്റെ 75%-ല്‍ അധികവും തീറ്റയ്ക്കു വേണ്ടി വരുന്നതിനാല്‍ തീറ്റച്ചെലവ് കുറയ്ക്കുന്ന കാര്യത്തില്‍ തീറ്റപ്പുല്‍കൃഷിയ്ക്ക് ഗണ്യമായ സ്വാധീനം ചെലുത്താന്‍ സാധിക്കും. ജലസേചനസൗകര്യമുള്ള സ്ഥലങ്ങളില്‍ സ്പ്രിങ്‌ളര്‍ സംവിധാനം ഏര്‍പ്പെടുത്തി തീറ്റപ്പുല്ല് കൃഷി ചെയ്യാം. ഫാമിലെ മാലിന്യങ്ങള്‍ ശാസ്ത്രീയരീതിയില്‍ സംസ്‌കരിക്കണം. മലിനീകരണ നിയന്ത്രണ സംവിധാനം ജനവാസമുള്ള സ്ഥലത്തുമാവരുത്.

ഡയറി ഫാം തുടങ്ങുമ്പോള്‍ പശുവൊന്നിന് 10 സെന്റ് എന്ന തോതിലും ആടൊന്നിന് 2-3 സെന്റ് എന്ന തോതിലും തീറ്റപ്പുല്‍കൃഷിയ്ക്ക് നീക്കിവയ്ക്കണം. ഫാമിന് ചുറ്റുമതിലോ കമ്പിവേലിയോ നിര്‍മ്മിക്കണം.ഗതാഗതയോഗ്യമായ റോഡ്, വാഹനസൗകര്യം, വൈദ്യുതി ലഭിക്കാനുള്ള സംവിധാനം, യഥേഷ്ടം വെള്ളം ലഭിക്കാനുള്ള സൗകര്യം എന്നിവ ഉണ്ടായിരിക്കണം. പട്ടണപ്രദേശങ്ങളിലോ ജനവാസം കൂടിയ സ്ഥലങ്ങളിലോ ഫാമുകള്‍ തുടങ്ങരുത്.

കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍

ഫാമിനുള്ള കെട്ടിടം ചെലവു കുറഞ്ഞ രീതിയില്‍ നിര്‍മിക്കണം. ചെലവേറിയ കെട്ടിടങ്ങള്‍, മുതല്‍മുടക്ക് കൂടാനിടവരുത്തും. കൂടിന്/ഷെഡ്ഡിന് മേല്‍ക്കൂരയായി ഓട്, ഓല, ലൈറ്റ് റൂഫിങ്ങ് എന്നിവയിലേതെങ്കിലുമൊന്ന് ഉപയോഗിക്കാം. കോണ്‍ക്രീറ്റ് മേല്‍ക്കൂരകള്‍ നിര്‍മിക്കുമ്പോള്‍ കെട്ടിടത്തിന്റെ ഉയരം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കണം. കൂട്ടില്‍ ആവശ്യത്തിന് വായു സഞ്ചാരം വേണം. വെള്ളം കെട്ടി നില്‍ക്കാത്തതും ഭൂനിരപ്പില്‍ നിന്ന് ഉയര്‍ന്നതുമായ സ്ഥലത്ത് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാം. കാലാവസ്ഥാ വ്യതിയാനം, ക്ഷുദ്രജീവികളുടെ ആക്രമണം എന്നിവയില്‍ നിന്നും സംരക്ഷണം ലഭിക്കത്തക്കവിധം 3 അടി ഉയരത്തില്‍ വശങ്ങളില്‍ ചുമര്‍ഭിത്തിയും മുകളില്‍ കമ്പിവലയും ഘടിപ്പിക്കാം. മോന്തായത്തിന് 10 അടിയെങ്കിലും ഉയരം വേണം. മേല്‍ക്കൂര ഭിത്തിയില്‍ നിന്നും മൂന്നടി താഴ്ന്നു നില്‍ക്കുന്നത് നല്ലതാണ്. പന്നി, കോഴി, ആടുഫാമുകളില്‍ ആവശ്യത്തിന് വൈദ്യുതി ബള്‍ബുകള്‍ ക്രമീകരിക്കണം..

യന്ത്രവത്കരണം

ഫാമിലെ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും ഉത്പാദനക്ഷമതയും ഉത്പന്നഗുണമേന്മയും വര്‍ധിപ്പിക്കാനും യന്ത്രവത്കരണം സഹായിക്കും. കന്നുകാലി, ആട്, കോഴി, പന്നി ഫാമുകള്‍ക്ക് യോജിച്ച യന്ത്രനത്കൃത സംവിധാനം ഇന്നുണ്ട്.

ചാണകം എടുത്തുമാറ്റാവുന്ന ഓട്ടോമാറ്റിക് Dung Scraper, ഓട്ടോമാറ്റിക് തീറ്റക്രമം, വെള്ളം നല്‍കുന്ന സംവിധാനം, കറവയന്ത്രങ്ങള്‍, തീറ്റപ്പുല്ല് നുറുക്കി നല്‍കാനുള്ള കട്ടര്‍, മാലിന്യ നിര്‍മാര്‍ജ്ജനത്തിന് പ്രത്യേകതരം പമ്പv (Slurry Pumps), Total Milk Ration System പാക്കിങ്ങ് യൂണിറ്റുകള്‍, ഗുണമേന്മ വിലയിരുത്താവുന്ന സംവിധാനം, കമ്പ്യൂട്ടര്‍ അധിഷ്ഠിത മൈക്രോ ചിപ്പുകള്‍ മുതലായവ വന്‍കിട ഫാമുകളില്‍ ഇന്ന് ഉപയോഗിച്ചു വരുന്നു.

വെള്ളം, തീറ്റ എന്നിവ നല്‍കുന്ന ഓട്ടോമാറ്റിക് സംവിധാനം കൂലിച്ചെലവ് കുറയ്ക്കാനും തീറ്റ പാഴായിപ്പോകാതിരിക്കാനും സഹായിക്കും. കോഴി, ആട്, പശുവളര്‍ത്തല്‍ ഫാമുകളില്‍ ഇത് അനുവര്‍ത്തിച്ചു വരുന്നു. പന്നിഫാമുകള്‍ക്ക് വെള്ളം നല്‍കാന്‍ പന്നികള്‍ക്ക് സ്വയം തുറന്ന് ഉപയോഗിക്കാവുന്ന വിധത്തിലുള്ള ടാപ്പുകള്‍ ക്രമീകരിക്കാവുന്നതാണ്.

ഉത്പന്നങ്ങള്‍ സംസ്‌കരിക്കാനുള്ള യൂണിറ്റുകള്‍, പാല്‍ ഉത്പന്ന നിര്‍മ്മാണ യൂണിറ്റ് എന്നിവയും ആവശ്യമാണ്. ഉത്പന്ന ശുചിത്വം ഉറപ്പു വരുത്തി സൂക്ഷിപ്പ് കാലയളവ് വര്‍ദ്ധിപ്പിക്കാന്‍ ശീതീകരണികള്‍ സഹായിക്കും.

വിദേശരാജ്യങ്ങളില്‍ ആടുഫാമുകളില്‍ കറവയന്ത്രം ഉപയോഗിച്ചു വരുന്നു. തീറ്റ സ്വന്തമായി നിര്‍മ്മിക്കാന്‍ ഫീഡ് മില്ലുകള്‍, തീറ്റ മിക്‌സിങ്ങ് യൂണിറ്റുകള്‍ എന്നിവയും തുടങ്ങാവുന്നതാണ്.

വിപണനത്തില്‍ പാക്കിങ്ങ് പ്രധാനപ്പെട്ട ഘടകമാണ്. ഉത്പന്നം കേടാകാതിരിക്കാനും ഉപഭോക്താവില്‍ മതിപ്പുളവാക്കുവാനുമുള്ള പാക്കിങ്ങ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണം.

സംരംഭകര്‍ സാധാരണയായി ഫാം തുടങ്ങുമ്പോള്‍ എത്ര സ്ഥലം ആവശ്യമാണെന്ന് അന്വേഷിക്കാറുണ്ട്. ഡയറിഫാം, പന്നി ഫാം, ആടുഫാം എന്നിവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമാണ്. ഫാം ലാഭകരമാക്കാന്‍ കൂടുതല്‍ സ്ഥലവിസ്തൃതി സഹായിക്കും.

ബോഗേണ്‍വില്ല

കാലഭേദമില്ലാതെ വര്‍ണ്ണങ്ങള്‍ വാരിവിതറി നല്‍കുന്ന ചെടിയാണ് ബോഗേണ്‍വില്ല. പല നിറങ്ങളില്‍ വിവിധതരം ആകൃതികളില്‍ മനോഹരമായ പൂക്കളാണ് ഇതിന്റെ ആകര്‍ഷണം. വെയിലത്തും മഴയത്തും ഒരുപോലെ നില്‍ക്കുന്നു. എന്നതാണ് ബെഗോണ്‍വില്ലയുടെ പ്രത്യേകത.

നാലുമണി ചെടിയുടെ കുടുംബമായ നിക്ടാഗിനേസെയില്‍ പെട്ട ഇവയുടെ പൂക്കള്‍ കനം കുറഞ്ഞ് മാര്‍ദ്ദവമേറിയതാണ്. കുലകുലയായാണ് പൂക്കള്‍ഉണ്ഡാവുക. പിങ്ക്,മജന്ത,പര്‍പ്പിള്‍,ചുവപ്പ്,ഓറഞ്ച്,വെള്ള,മഞ്ഞ തുടങ്ങിയ നിറങ്ങളിലും ഒരേ കുലയില്‍ രണ്ഡു തരം നിറങ്ങളോടുകൂടിയും പൂക്കള്‍ കാണപ്പെടുന്നു. ഇലകള്‍ക്കുമുണ്ഡ് വൈവിധ്യം. രണ്ഡു നിറങ്ങള്‍ ചേര്‍ന്ന ഇലകളും മനോഹരമാണ്. പൊതുവെ കുറ്റിച്ചെടികളായ ഇവ മറ്റു ചെടികളിലേക്ക് പടര്‍ന്നുപിടിക്കാറുമുണ്ഡ്.
പൂന്തോട്ടങ്ങള്‍ക്ക് അതിരായി വെച്ചുപിടിപ്പിച്ചിരുന്ന ബെഗേണ്‍വില്ല ഇപ്പോള്‍ ചെടിച്ചട്ടികളിലും ബോണ്‍സായി രൂപത്തില്‍ വീടിനകത്തും വളര്‍ത്തുന്നുണ്ഡ്. ഇവയുടെ തണ്ഡുകളില്‍ മുള്ളുകള്‍ ഉള്ളതുകൊണ്ഡാണ് സംരക്ഷകനായി മുമ്പൊക്കെ പൂന്തോട്ടത്തിന്റെ അതിര്‍ത്തികളില്‍ വെച്ചുപിടിപ്പിച്ചിരുന്നത്. ബോഗേണ്‍വില്ലക്ക് വ്യത്യസ്തങ്ങളായ 18 ഓളം ഇനങ്ങളുണ്ഡ്.
ഫ്രഞ്ച് നേവിയിലെ അഡ്മിറല്‍ ആയിരുന്ന ലൂയിസ് ആന്‍ണി ഡി.ബോഗേണ്‍വില്ലെ 1768~ല്‍ ബ്രസീലിലാണ് ഈ ചെടി ആദ്യമായി കണ്ഡെത്തിയത്. അദ്ദേഹത്തിന്റെ പേരില്‍നിന്നാണ് ഈ ചെടിക്ക് ബൊഗേണ്‍വില്ല എന്ന പേര് ലഭിച്ചത്. കാലാവസ്ഥയെ അതിജീവിക്കാന്‍ കഴിയുന്ന ഇവ ഉഷ്ണ,ശീതോഷ്ണ മേഖലകളില്‍ നന്നായി വളരും. രോഗകീടബാധ വളരെ കുറവാണ് എന്നത് എടുത്തു പറയേണ്ഡതാണ്. മുഞ്ഞ ഉണ്ഡാക്കുന്ന ഇലമുരടിപ്പും ഇലകൊഴിച്ചിലുമാണ് പൊതുവെ കാണപ്പെടുന്ന ഒരു രോഗം. ഇടയ്ക്കിടെ പ്രൂണ്‍ ചെയ്താല്‍ ധാരാളം പൂക്കളുണ്ഡാവും. തണ്ഡുകള്‍ മുറിച്ചു നടുന്നതാണ് പ്രജനനരീതി. നല്ല സൂര്യപ്രകാശത്തില്‍ തഴച്ചു വളരുന്ന ഇവയ്ക്ക് കുറച്ച് വെള്ളം മാത്രം മതി

കാട വളർത്തൽ

കാട മുട്ടയുടെയും ഇറച്ചിയുടെയും ഔഷധഗുണങ്ങള്‍ പണ്ടുമുതലേ പ്രസിദ്ധമാണ്‌. കേരളത്തില്‍ കാട വളര്‍ത്തലിനു ഏറെ സാധ്യതകളുണ്ട്‌. സ്‌ത്രീ സ്വാശ്രയ സംഘങ്ങള്‍ക്കും വ്യക്‌തികള്‍ക്കും എളുപ്പും പ്രാവര്‍ത്തികമാക്കാവുന്ന ഈ തൊഴിലിന്‌ സ്‌ഥലപരിമിതിപോലും പ്രശ്‌നമല്ല. സ്‌ഥലസൗകര്യം ഇല്ലാത്തവര്‍ക്ക്‌ വീടുകളുടെ ടെറസുകളിലും കാടകളെ വളര്‍ത്താം.

ജപ്പാനീസ്‌ കാട എന്ന ചെറുപക്ഷിയുടെ ജീവിതചക്രം വളരെ ചെറുതാണ്‌. ഒരു വര്‍ഷത്തില്‍ മൂന്നുനാലു തലമുറകള്‍ വരെ ഉണ്ടാകും. വളരെ ചെറുതായതിനാല്‍ തീറ്റചെലവും താരതമ്യേന കുറവാണ്‌. ഒരു കോഴിയെ വളര്‍ത്താന്‍ ആവശ്യമായ സ്‌ഥലത്ത്‌ ഏതാണ്ട്‌ 8-10 കാടകളെ വളര്‍ത്തുകയുമാകാം. മാത്രമല്ല ഇവയ്‌ക്ക് രോഗങ്ങളും കുറവാണ്‌. ജപ്പാനീസ്‌ കാടകളില്‍തന്നെ വിവിധ ഉപ ഇനങ്ങള്‍ ഉണ്ട്‌. മുട്ടയ്‌ക്കും ഇറച്ചിക്കുമായി പ്രത്യേക ഇനങ്ങള്‍ മാത്രമല്ല വെള്ള നിറത്തിലുള്ള കാടകളും ലഭ്യമാണ്‌.

കുറച്ചു സമയംകൊണ്ടുതന്നെ ആദായം കിട്ടി തുടങ്ങുന്ന സംരംഭമാണ്‌ കാട വളര്‍ത്തല്‍. ആറാഴ്‌ച പ്രായമാകുമ്പോള്‍ മുതല്‍ മുട്ടയിട്ടു തുടങ്ങുന്ന പെണ്‍കാടകള്‍ 52 ആഴ്‌ചവരെ മുട്ടയിടുന്നു. ഒരു കാട മുട്ടയ്‌ക്ക് ശരാശരി 10 ഗ്രാം തൂക്കം വരും

280-300 മുട്ടയെങ്കിലും ഒരു കാടയില്‍നിന്നു പ്രതീക്ഷിക്കാം. പ്രായമാകുമ്പോള്‍ വിപണനം ചെയ്യാം. കാടമുട്ടകള്‍ വിരിയുന്നതിന്‌ 16-18 ദിവസം മതിയാകും. കാടകളെ കൂടുകളിലോ ഡീപ്പ്‌ ലിറ്റര്‍ രീതിയിലോ വളര്‍ത്താവുന്നതാണ്‌. ഏതു രീതിയിലായാലും കിഴക്ക്‌-പടിഞ്ഞാറ്‌ ദിശയില്‍ ഷെഡുകള്‍ നിര്‍മിക്കുന്നതാണ്‌ ഉത്തമം. രണ്ട്‌ മൂന്ന്‌ ആഴ്‌ചവരെ കാട കുഞ്ഞുങ്ങള്‍ക്ക്‌ കൃത്രിമമായി ചൂട്‌ നല്‍കേണ്ടതാണ്‌. ഒരു കുഞ്ഞിന്‌ ഒരു വാട്ട്‌ എന്ന തോതില്‍ വൈദ്യുതി ബള്‍ബ്‌ ഇടാവുന്നതാണ്‌.

കേജ്‌ രീതിയിലുള്ള പരിപാലനമാണെങ്കില്‍ 0-2 ആഴ്‌ച പ്രായമുള്ള 100 കാടകളെ മൂന്ന്‌ അടി നീളം -2 അടി വീതി -1 അടി ഉയരം എന്ന അളവില്‍ നിര്‍മിച്ച കൂട്ടില്‍ പാര്‍പ്പിക്കാന്‍ സാധിക്കും. 306 ആഴ്‌ച പ്രായമുള്ള 60 ഗ്രോവര്‍ കാടകളെ നാല്‌ അടി നീളം -2 അടി വീതി -10 ഇഞ്ച്‌ ഉയരവുമുള്ള കൂട്ടില്‍ വളര്‍ത്താം. എന്നാല്‍ 20 മുട്ടട കാടകളെ (7-52 ആഴ്‌ച പ്രായം) പാര്‍പ്പിക്കാന്‍ വേണ്ടത്‌ രണ്ട്‌ അടി നീളം -2 അടി വീതി -10 ഇഞ്ച്‌ ഉയരത്തിലുള്ള കൂടുകളാണ്‌. തീറ്റയും വെള്ളവും കൊടുക്കുന്നതിന്‌ പ്രത്യേക സൗകര്യങ്ങള്‍ കൂടിന്റെ വശങ്ങളില്‍ ഒരുക്കണം. ഡീപ്പ്‌ ലിറ്റര്‍ രീതിയെ അപേക്ഷിച്ച്‌, കൂടുകളില്‍ വളര്‍ത്തുന്ന കാടികളെ പരിപാലിക്കാന്‍ എളുപ്പമാണ്‌. മാത്രവുമല്ല, സ്‌ഥലവും കുറച്ച്‌ മതി.

കാടവളര്‍ത്തലിന്റെ 70 ശതമാനം ചെലവും തീറ്റയ്ക്കാണ്. ആദ്യത്തെ മൂന്നാഴ്ച കൊടുക്കുന്ന 'സ്റ്റാര്‍ട്ടര്‍ തീറ്റ'യില്‍ 27 ശതമാനം മാംസ്യവും 2800 കിലോ കലോറി ഊര്‍ജവും അടങ്ങിയിരിക്കണം. മുട്ടയിടുന്നവയ്ക്ക് കൊടുക്കുന്നതിലാകട്ടെ 22 ശതമാനം പ്രോട്ടീനും (മാംസ്യം) 2900 കിലോ കലോറി ഊര്‍ജവും വേണം. മുട്ടയിടുന്ന കാടപ്പക്ഷികള്‍ക്കും തീറ്റയില്‍ കക്കപ്പൊടി ചേര്‍ത്തുകൊടുക്കണം. ഒരു കാട അഞ്ചാഴ്ച പ്രായം വരെ ഏകദേശം 400 ഗ്രാം തീറ്റ എടുക്കുന്നു. അതിനുശേഷം പ്രതിദിനം 25 ഗ്രാമോളം തീറ്റ വേണം. ഒരു കാടയ്ക്ക് ഒരുവര്‍ഷത്തേക്ക് എട്ടു കിലോഗ്രാം തീറ്റ മതിയാകും.കാടകള്‍ക്കായി സമീകൃതാഹാരം ഉണ്ടാക്കുമ്പോള്‍ മഞ്ഞച്ചോളം, അരിത്തവിട്, കടലപ്പിണ്ണാക്ക്, എള്ളിന്‍പിണ്ണാക്ക്, മീന്‍പൊടി, ഉപ്പ്, എല്ലുപൊടി, കക്കപ്പൊടി, ധാതുലവണങ്ങള്‍, ജീവകങ്ങള്‍ എന്നിവ വേണം.കോഴികളുടെ തീറ്റതന്നെ ചില വ്യത്യാസങ്ങളോടെ കാടകള്‍ക്കും കൊടുക്കാവുന്നതാണ്. ഇറച്ചിക്കോഴിക്ക് ഉപയോഗിക്കുന്ന തീറ്റയില്‍ ഓരോ നൂറ് കിലോഗ്രാമിനും20 കിലോഗ്രാം മീന്‍പൊടി, അഞ്ചു കിലോഗ്രാം കപ്പലണ്ടിപ്പിണ്ണാക്ക്, ആറ് ഗ്രാം ജീവകം 'ഇ' എന്നിവ ചേര്‍ത്ത് കാടത്തീറ്റയായി മാറ്റാം.

തേക്ക് കൃഷി

ഒരു കഠിനമരമാണ് തേക്ക് . (ഇംഗ്ലീഷ്:Teak; ശാസ്ത്രനാമം:Tectona grandis). ഏകദേശം 50 മീറ്റർവരെ ഉയരത്തിൽ വളരുന്ന തേക്കുമരം ‘തരുരാജൻ’ എന്നും അറിയപ്പെടുന്നു. കേരളത്തിലെ ഇലപൊഴിയും കാടുകളിൽ തേക്ക് ധാരാളമായി വളരുന്നു. സൂര്യപ്രകാശം ധാരാളം ലഭിക്കുന്നിടത്ത് ഉയരത്തിൽ വളരുന്ന ഇവയ്ക്ക് പൊതുവെ ശാഖകൾ കുറവായിരിക്കും. ഏകദേശം 60 സെന്റിമീറ്റർ വരെ നീളവും അതിന്റെ പകുതി വീതിയുമുള്ള വലിയ ഇലകളാണ് തേക്കുമരത്തിന്റെ മറ്റൊരു പ്രത്യേകത. ശില്പങ്ങളും ഗൃഹോപകരണങ്ങളുമുണ്ടാക്കാനുത്തമമായ ഇവയുടെ തടിയിൽ ജലാംശം പൊതുവെ കുറവായിരിക്കും. ഇവ തെക്കെ എഷ്യയിലാണ് കണ്ടുവരുന്നത്. കേരളത്തിലെ ഇലപൊഴിയും ആർദ്ര വനങ്ങളിൽ ആണ് കൂടുതലും കണ്ട് വരുന്നത്. വളരെ ഉയരവും വണ്ണവുമുള്ള മരമാണിത്. ഇവ ഏകദേശം 30-40 മീ. ഉയരത്തിൽ വളരുന്നു. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻ തോട്ടം കേരളത്തിലെ നിലമ്പൂരിലാണ്. നിലമ്പൂരിൽ ഒരു തേക്ക് മ്യൂസിയവും ഉണ്ട്

ടെക്‌ടോണാഗ്രാന്‍ഡിസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന തേക്ക് ഇന്ത്യ, ബര്‍മ, ജാവ, സയാം എന്നീ രാജ്യങ്ങളില്‍ നന്നായി വളരുന്നു. ഇന്ത്യയില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്ര പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ തേക്കുവളരുന്നുണ്ട്. നിലമ്പൂരും കോന്നിയുമാണ് തേക്കിന് പേരുകേട്ട സ്ഥലങ്ങള്‍. ഏറ്റവും നന്നായി വളരുന്നത് സമുദ്രനിരപ്പില്‍ നിന്ന് 600 മീറ്ററില്‍ താഴെ ഉയരമുള്ള പ്രദേശങ്ങളിലാണ്.

തേക്കിന്റെ ഇലയ്ക്ക് 30-60 സെന്റീമീറ്റര്‍ നീളവും 25-30 സെന്റീമീറ്റര്‍ വീതിയും കാണും. ജൂലായ്-ആഗസ്ത് മാസങ്ങളില്‍ തേക്ക് പൂവണിയുകയും ഒക്ടോബര്‍ മാസത്തില്‍ കായ്കള്‍ വിളയുകയും ചെയ്യുന്നു. ജനവരി-മാര്‍ച്ച് മാസങ്ങളില്‍ ഇല പൊഴിക്കുന്ന കാലമാണ്. തേക്കിന്റെ വളര്‍ച്ചയ്ക്ക് ധാരാളം സൂര്യപ്രകാശം വേണം. അതുകൊണ്ട് തുറന്ന സ്ഥലങ്ങളിലേ ഇത് ഉണ്ടാകൂ.
തേക്ക് നന്നായി വളരുന്നതിന് വര്‍ഷത്തില്‍ 2000-4000 മില്ലിമീറ്റര്‍ മഴയും നീര്‍വാര്‍ച്ചാ സൗകര്യമുള്ളതും വളക്കൂറുള്ളതുമായ മണ്ണും അത്യാവശ്യമാണ്. വളക്കുറവുള്ള മണ്ണില്‍ ജൈവവളങ്ങള്‍ നല്കുന്നത് അഭികാമ്യമാണ്.
തേക്കിന്‍തോട്ട നിര്‍മാണത്തിന് ഒരു വര്‍ഷം മുമ്പ് കായ് തവാരണയില്‍ പാകണം. ഒരു ചതുരശ്രമീറ്റര്‍ ബെഡ്ഡില്‍ 300 ഗ്രാം വിത്ത് പാകാവുന്നതാണ്. ഇതില്‍നിന്ന് ഏകദേശം 200 തൈകള്‍ ലഭിക്കും. തോട്ടത്തില്‍ നടാന്‍ ഒരു വര്‍ഷം പ്രായമായ തൈകള്‍ പറിച്ചെടുത്ത് ഒന്നേകാല്‍ സെന്റീമീറ്റര്‍ നീളത്തില്‍ തണ്ടും 15 സെന്റീമീറ്റര്‍ നീളത്തില്‍ വേരും നിര്‍ത്തി ബാക്കി ഭാഗങ്ങള്‍ മുറിച്ചുകളഞ്ഞു സ്റ്റമ്പ് ഉണ്ടാക്കാം. ഈ സ്റ്റമ്പ് നേരത്തേ ഒരുക്കിയ സ്ഥലത്ത് കാലവര്‍ഷാരംഭത്തില്‍ രണ്ട് മീറ്റര്‍ അകലത്തില്‍ കമ്പിപ്പാര ഉപയോഗിച്ച് കുഴികളെടുത്ത് നടാവുന്നതാണ്.
തവാരണകളില്‍നിന്ന് വളരെ വിദൂര പ്രദേശങ്ങളില്‍ സ്റ്റമ്പുകള്‍ കൊണ്ടുവരുമ്പോള്‍ രണ്ടറ്റവും മുറിച്ചുനടന്നത് നന്നായിരിക്കും. നട്ട സ്റ്റമ്പുകള്‍ രണ്ടാഴ്ചയ്ക്കം മുളച്ചില്ലെങ്കില്‍ അവ പോക്കുതൈകളായി കണക്കാക്കി അവയുടെ സ്ഥാനത്ത് പുതിയ സ്റ്റമ്പുകള്‍ നടണം. നട്ടുകഴിഞ്ഞ് ആദ്യത്തെ രണ്ടുമൂന്നു വര്‍ഷങ്ങളില്‍ വര്‍ഷംതോറും മൂന്നുപ്രാവശ്യം കളകള്‍ വെട്ടിക്കളയണം. സ്റ്റമ്പ് മുളച്ചുകഴിഞ്ഞാല്‍ തോട്ടത്തില്‍ നെല്ല്, മരച്ചീനി മുതലായവ കൃഷിചെയ്യാവുന്നതാണ്. ഇതിന് പുനംകൃഷി എന്ന് പറയുന്നു. പുനംകൃഷിയുണ്ടെങ്കില്‍ കളകള്‍ വളരാന്‍ അവസരം ലഭിക്കാറില്ല. തേക്കു വളരുമ്പോള്‍ ഇടമുറിക്കല്‍ നടത്താറുണ്ട്. നല്ല മരങ്ങള്‍ക്കുവേണ്ടി മോശമായവ വെട്ടിമാറ്റണം. രണ്ടുമീറ്റര്‍ അകലത്തില്‍ സ്റ്റമ്പ് നട്ടിടത്ത് 4, 8, 12, 18, 28, 40 എന്നീ വര്‍ഷങ്ങളില്‍ ഇടമുറിക്കല്‍ നടത്താം.
60 വര്‍ഷംകൊണ്ട് തേക്കിന് ഉദ്ദേശം 45 മീറ്റര്‍ ഉയരവും 220 സെന്റീമീറ്റര്‍ ചുറ്റുളവും വെയ്ക്കും. 100 വര്‍ഷം കഴിഞ്ഞാല്‍ കാര്യമായ വളര്‍ച്ചയില്ല. നല്ല തടിക്കുള്ള എല്ലാ ഗുണങ്ങളും തേക്കിനുണ്ട്. ഈട്, ഉറപ്പ് എന്നിവയില്‍ തേക്കിനോട് മത്സരിക്കാന്‍ തേക്കുതന്നെ വേണം. ഇതിന്റെ കാതല്‍ ചിതല്‍ തിന്നുകയില്ല. കളിക്കോപ്പു മുതല്‍ കപ്പല്‍വരെ തേക്കുകൊണ്ട് നിര്‍മിക്കാം. കപ്പലിന്റെ ചില ഭാഗങ്ങള്‍ക്ക് തേക്കുതന്നെ വേണമെന്നുണ്ട്. ഇതിനെ തരുരാജാവെന്ന് വിശേഷിപ്പിക്കാം.
വീടിനും വീട്ടുപകരണങ്ങള്‍ക്കും ഏറ്റവും അനുയോജ്യമായ തടിയാണിത്. കുരുവില്‍നിന്ന് കിട്ടുന്ന എണ്ണ കേശരോഗങ്ങള്‍ക്ക് നല്ലതാണ്. തേക്കിന്റെ തളിരിലയില്‍ ചുവന്ന ചായം അടങ്ങിയിട്ടുണ്ട്. ഈ ചായം വസ്ത്രങ്ങളില്‍ നിറം പിടിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നു.

ഗ്രാമ്പൂ കൃഷി

ഒരു സുഗന്ധദ്രവ്യമാണ്‌ ഗ്രാമ്പൂ അഥവാ കരയാമ്പൂ. ഇംഗ്ലീഷ്: Clove. മൈര്ട്ടാസിയേ കുടുംബത്തില്‍  പെട്ട ചെടികളില്‍  ഉണ്ടാവുന്ന പൂക്കള്‍ ഉണക്കിയാണ്‌ ഇത് ഉണ്ടാക്കുന്നത്. ശാസ്ത്രിയനാമം സിസിജീയും അരോമാറ്റികും എന്നാണ്‌ (യൂജീനിയ അരോമാറ്റികും യൂജീനിയ കാരോഫൈല്ലാറ്റ എന്നും അറിയപ്പെടുന്നു. കരയാമ്പൂ എണ്ണ ഇതില്‍  നിന്നാണ്‌ വേര്‍തിരിച്ചെടുക്കുന്നത്. ഗ്രാമ്പൂവിന്റെ ജന്മനാട് ഇന്തോനേഷ്യയാണ്‌. ഇന്ത്യയില്‍  പലയിടങ്ങളിലും പ്രത്യേകിച്ച് കേരളത്തില്‍ , ശ്രീലങ്ക, ഇന്തോനേഷ്യ, മഡഗാസ്കര്‍ തുടങ്ങിയ രാജ്യങ്ങളില്‍  ഇത് വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു. പുരാതനകാലം മുതല്‍ക്കേ തന്നെ കരയാമ്പൂ സുഗന്ധദ്രവ്യമായി ഉപയോഗിച്ചിരുന്നു. ക്രിസ്തുവിന്‌ മുന്‍പുള്ള ദശകങ്ങളില്‍  കേരളത്തില്‍  നിന്ന് കുരുമുളകിനൊപ്പംകയറ്റി അയച്ചിരുന്ന സുഗന്ധദ്രവ്യങ്ങളില്‍  കരയാമ്പൂവും ഉള്‍പ്പെടുന്നു. പല്ല് വേദനക്ക് കരയാമ്പൂവെണ്ണ ഉപയോഗിക്കാമെന്ന് ആയുര്‍വേദഗ്രന്ഥങ്ങളില്‍  പരാമര്‍ശമുണ്ട്.

നൂറ് വര്‍ഷത്തിന് മേല്‍വരെ നിലനില്‍ക്കും. ആദായവും കിട്ടും. മുന്തിയ മരങ്ങളുടെ വിത്ത് ശേഖരിച്ചാണ് തൈകള്‍ ഉണ്ടാക്കുന്നത്. താഴെ വീഴുന്നവയെയും പാകമായവയും പറിച്ച ഉടന്‍ തന്നെ വെള്ളത്തിലിട്ട് തൊലി കളഞ്ഞ് കാലതാമസം വരാതെ പുതയിട്ട് ക്രമമായി നനച്ചാല്‍ മൂന്നാഴ്ചകൊണ്ട് കിളിര്‍ക്കും. നാലില പ്രായമാകുമ്പോള്‍ ഇളക്കി പോളി ബാഗുകളിലാക്കി തണലില്‍ സൂക്ഷിച്ച് മഴക്കാല ആരംഭത്തില്‍ നടാം.

തൈകള്‍ നടാന്‍ മുന്‍കൂട്ടി കുഴികളെടുക്കണം. ചെടികള്‍ തമ്മില്‍ 25 അടി അകലവും കുഴികള്‍ക്ക് ഒന്നരയടി ചതുരവും ആഴവും വേണം. ഒരേക്കറില്‍ 80 മുതല്‍ 100 വരെ ചെടി നടാം. മേല്‍മണ്ണിനോടൊപ്പം 10 കിലോ ചാണകപ്പൊടിയും ഓരോ കിലോ വീതം വേപ്പിന്‍ പിണ്ണാക്കും, എള്ളിന്‍പിണ്ണാക്കും എല്ലുപൊടിയും ചേര്‍ത്ത് കുഴി മൂടി മഴക്കാലം തുടങ്ങുമ്പോള്‍ നട്ട് തണലും നല്‍കണം. വര്‍ഷംതോറും ഓരോ കിലോ വീതം വേപ്പിന്‍പിണ്ണാക്കും എല്ലുപൊടിയും നല്‍കി കളമെടുക്കാം. ചെറുശാഖകളാല്‍ അധികം പടരാതെ വളരുന്ന ഗ്രാമ്പൂ മരം 30 അടിയോളം ഉയരം വെക്കും. ഇവിടെ മൂന്നാം വര്‍ഷം മുതല്‍ പൂവിട്ടു തുടങ്ങുമെന്ന് ജെയിംസ് പറഞ്ഞു. ആദ്യം 150 മുതല്‍ 300 ഗ്രാം വരെയും തുടര്‍ന്ന് വളരുംതോറും വിളവ് കൂടിക്കൊണ്ടിരിക്കുകയും ചെയ്യും. സപ്തംബറില്‍ പൂക്കുന്ന മരം ജനവരി ഫിബ്രവരി മാസങ്ങളില്‍ പറിക്കാം.

പൂര്‍ണവളര്‍ച്ചയെത്തിയ ഒരു മരത്തില്‍നിന്നും 100 -150 കിലോ പച്ച പൂമൊട്ടുകള്‍ ലഭിക്കുമെന്ന് ഇവിടത്തെ കര്‍ഷകര്‍ പറഞ്ഞു. ഇവ ഉണക്കിയാല്‍ മൂന്നിലൊന്നായി കുറയും. ചെറു ചില്ലകളുടെ അഗ്രഭാഗത്ത് കൊത്തുകളായിട്ടാണ് ഇവ പൂക്കുന്നത്. ആദ്യം ഇളം പച്ച നിറത്തിലുള്ളവ. പാകമാകുമ്പോള്‍ ഞെട്ടു മുതല്‍ അഗ്രം വരെ പിങ്ക് നിറമായിത്തീരും. ഇതാണ് പറിക്കാന്‍ പറ്റിയ സമയം. മൂക്കാത്ത മൊട്ടിനും വിടര്‍ന്നവയ്ക്കും വില കിട്ടുകയില്ല. അതുകൊണ്ടുതന്നെ വിളവെടുപ്പ് ശ്രമകരമാണ്. ഏണിചാരി ചില്ലകള്‍ വളച്ച് മൊട്ടുകള്‍ പറിക്കും. രണ്ടു മൂന്ന് തവണകളായി ഒരു മരത്തില്‍നിന്ന് മുഴുവനായും പറിച്ചെടുക്കാം. പറിച്ച ഉടന്‍ ഞെട്ടുകള്‍ മാറ്റി സിമന്റ് കളങ്ങളില്‍ നിരത്തി പലതവണ ഇളക്കി നാല് ദിവസത്തോളം ഉണക്കിപാറ്റിയ ശേഷം തുണിസഞ്ചികളിലോ പ്ലാസ്റ്റിക് ലെയറുള്ള ചാക്കുകളിലോ നിറച്ച് ഈര്‍പ്പം തട്ടാതെ സൂക്ഷിച്ച് വില്‍ക്കുന്നു.

കൊമ്പുണക്കല്‍, ഇലപ്പുള്ളി രോഗം, എന്നിവ വരാതിരിക്കാന്‍ മഴക്കാലത്തിനുമുമ്പ് പത്ത് ശതമാനം വീര്യത്തില്‍ ബോര്‍ഡോമിശ്രിതം തളിക്കും.

ജാതി കൃഷി

ദക്ഷിണേഷ്യൻ ജൈവമണ്ഡലത്തിൽ കാണപ്പെടുന്ന ഒരു നിത്യഹരിത വൃക്ഷമാണ്‌ ജാതി(Myristica fragrans). ലോകത്തിൽ എല്ലായിടങ്ങളിലും ഉപയോഗിക്കുന്ന സുഗന്ധ വ്യഞ്ജനങ്ങളാണ്‌ ജാതിമരത്തിൽ നിന്നും ലഭിക്കുന്ന ജാതിക്കായും ജാതി പത്രിയും. ഇന്ത്യോനേഷ്യയിലെ മോളിക്കൂസ് ദ്വീപാണ്‌ ജന്മദേശം എങ്കിലും, ഇന്ത്യോനേഷ്യയിൽ മാത്രമല്ല ജാതി കൃഷി ചെയ്യുന്നത്. ഗ്രനേഡ, ഇന്ത്യ, മലേഷ്യ, പാപ്പുവാ ന്യൂ ഗിനിയ, ശ്രീലങ്ക എന്നിവിടങ്ങളിലും കൃഷിചെയ്യുന്നു. ആഗോളതലത്തിൽ ജാതിക്ക ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത് ഇന്ത്യോനേഷ്യയിലാണ്‌. ഇൻഡ്യയിൽ ഏറ്റവും കൂടുതൽ ജാതിക്ക ഉത്പാദിപ്പിക്കുന്ന സംസ്ഥാനം കേരളം ആണ്‌. കേരളത്തേക്കൂടാതെ തമിഴ് നാട് , കർണ്ണാടകം, ഗോവ, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ആന്തമാൻ ദ്വീപുകൾ എന്നിവിടങ്ങളിലും ജാതി കൃഷി ചെയ്യുന്നുണ്ട്. വളരെയധികം തണൽ ആവശ്യമുള്ള സസ്യമാണ്‌ ജാതി. അതിനാൽ തനിവിളയെക്കാൾ മിശ്രവിളയായിട്ടാണ്‌ കേരളത്തിൽ പൊതുവേ ജാതി കൃഷി ചെയ്യുന്നത്. കഫ വാത രോഗങ്ങൾ ശമിപ്പിക്കും. ദഹനശക്തി കൂട്ടും.മലബന്ധം ഉണ്ടാക്കും. വയറിളക്കത്തിനും ഉദരശൂലയ്ക്കും നല്ലതാണു്. ത്രിഫലാദി ചൂർണ്ണം, ആട്ടിൻ സൂപ്പ് , അതിസാരഗ്രഹണിചൂർണ്ണം,കർപ്പൂരാദി ചൂർണ്ണം, ജീരകാദിചൂർണ്ണം, എന്നിവയിൽ ഉപയോഗിക്കുന്നു. ഏകദേശം 20 മീറ്ററിൽ കൂടുതൽ പൊക്കത്തിൽ വളരുന്ന സസ്യമാണ്‌ ജാതി. ഈ ചെടിയുടെ പ്രധാന സവിശേഷത‍ ഇതിൽ ആൺ മരവും പെൺ മരവും വെവ്വേറെയാണ്‌ കാണപ്പെടുന്നത്. ഇതിൽ ആൺ ചെടികൾക്ക് കായ് ഫലം ഇല്ല. പെൺ മരമാണ്‌ ആൺ മരത്തിൽ നിന്നും പരാഗണം വഴി ഫലം തരുന്നത്.

ജാതി പലരീതികളിൽ കൃഷി ചെയ്യാവുന്ന ഒരു സസ്യമാണ്‌. വിത്തുപാകി മുളപ്പിച്ചും,ടോപ്പ് വർക്കിംഗ്, ഒട്ടിക്കൽ, ഫീൽഡ് ബഡ്ഡിംഗ് എന്നീ സങ്കേതങ്ങൾ ഉപയോഗിച്ചും കൃഷി നടത്താം.വിത്തു പാകി നല്ലതുപോലെ മൂപ്പെത്തിയ ജാതിക്ക കൾ ചെടിയിൽ നിന്നും അടർത്തിയെടുത്ത് മണ്ണും മണലും കലർത്തി പ്രത്യേകം തയ്യാറാക്കിയ സ്ഥലങ്ങളിൽ വിത്ത് പാകി പുതിയ മരങ്ങൾ മുളപ്പിച്ച് എടുക്കാം. ഇങ്ങനെ പാകുന്ന സ്ഥലത്ത് തണലും നല്ല ഈർപ്പവും ഉണ്ടായിരിക്കണം. ഏകദേശം രണ്ട് മാസത്തോളം ദിവസവും നനക്കണം. രണ്ട് മാസത്തിനുശേഷം കിളിർപ്പ് ഉണ്ടാകുകയും, രണ്ടില പാകമാകുമ്പോൾ വേരിന്‌ കേട്പാടുകൾ സംഭവിക്കാതെ പോട്ടിംഗ് മിശ്രിതം നറച്ച ചട്ടികളിലോ പോളിത്തീൻ കവറുകളിലോ നടുന്നു. ഇങ്ങനെ നടുന്ന തൈകൾ മഴക്കാലത്തോടു കൂടി പ്രധാന കൃഷിയിടങ്ങളിൽ മാറ്റി നടാവുന്നതുമാണ്‌. ഇങ്ങനെ നടുന്ന തൈകൾക്ക് തണലായും അന്തരീക്ഷത്തിൽ ഈർപ്പം നിലനിർത്താനുമായി പുതയിടുകയോ തണൽ മരങ്ങൾ നട്ടു പിടിപ്പിക്കുകയോ ചെയ്യാം. ഇങ്ങനെ ഉണ്ടാകുന്ന തൈകളിൽ നിന്നും പത്ത് പെൺ മരത്തിന്‌ ഒരു ആൺ മരം എന്ന രീതിയിൽ നിലനിർത്തി ബാക്കിയുള്ള ആൺ മരങ്ങൾ മുറിച്ച് മാറ്റണം. ജാതി ഇടവിളയായി നടുകയാണേങ്കിൽ തെങ്ങ്, കമുക് തുടങ്ങിയ വൃക്ഷങ്ങളുടെ ഇറ്റയിൽ നടുന്നതാണ്‌ ഉത്തമം. കാരണം തെങ്ങും കമുകും ജാതി തൈകൾക്ക് നല്ലതുപോലെ തണൽ നൽകും. ജാതി ഇടവിളയായിട്ടല്ല നടുന്നതെങ്കിൽ തണൽ നൽകുന്നതിനായ് ശീമക്കൊന്ന, മുരിക്ക്, വാഴ, അക്കേഷ്യ തുടങ്ങിയവ നടാം. ഇതിൽ വാഴനടുന്നതാണ്‌ ഏറ്റവും നല്ലത്, കാരണം ആവശ്യത്തിനു തണൽ നൽകുന്നതിനു പുറമേ അന്തരീക്ഷത്തിൽ നല്ലതുപോലെ ഈർപ്പം നിലനിർത്താൻ വാഴകൾക്ക് കഴിയുന്നു. കൂടാതെ വാഴയുടെ വിളവെടുപ്പിനു ശേഷം അവയുടെ അവശിഷ്ടങ്ങൾ ജാതിക്ക് പുതയിടുന്നതിനും ഉപയോഗിക്കാം.

ടോപ്പ് വർക്കിംഗ് ജാതിതൈ നട്ട് ആൺ മരമാണോ പെൺ മരമാണോ എന്നറിഞ്ഞ (ഏകദേശം ഏഴോ എട്ടോ വർഷങ്ങൾക്ക് )ശേഷം ആൺ മരങ്ങളെ നശിപ്പിക്കാതെ അവയെ ലിംഗഭേദം വരുത്തി പെൺ മരമാക്കുന്ന പ്രക്രിയയെ ആണ്‌ ടോപ്പ് വർക്കിംഗ് എന്ന് പറയുന്നത്. മഴക്കാലത്തിനു മുൻപായി ആൺ മരങ്ങളെ ചുവട്ടിൽ നിന്നും ഏകദേശം 1 മീറ്റർ പൊക്കത്തിൽ രണ്ടോ മൂന്നോ ശാഖകൾ നിർത്തി മുറിച്ചുകളയുന്നു. പിന്നീട് തായ് തടിയിൽ നിന്നും മുറിച്ച് മാറ്റിയ ഭാഗങ്ങളിൽ നിന്നും ഉണ്ടാകുന്ന കിളിർപ്പുകളിൽ പെൺ മരത്തിന്റെ ശാഖകളിൽ നിന്നും എടുക്കുന്ന കിളിർപ്പ് വച്ച് കെട്ടി, ആൺ കിളിർപ്പുകളെ വളരാൻ അനുവദിക്കാതെ പെൺ കിളിർപ്പുകൾ മാത്രം വളർത്തി കായ ഉണ്ടാക്കുന്ന രീതിയാണ്‌ ടോപ്പ് വർക്കിംഗ്.

ഒട്ടിക്കൽ നാടൻ ജാതി ഇനങ്ങളിലോ കാട്ടു ജാതി ഇനങ്ങളിലോ പെൺ ജാതി മരത്തിന്റെ മുകുളങ്ങൾ ഒട്ടിച്ച് ചേർത്തും നല്ല ജാതി തൈകൾ നടീൽ വസ്തുക്കളായി ഉണ്ടാക്കിയെടുക്കുന്ന പ്രക്രിയയാണ്‌ ഒട്ടിക്കൽ എന്ന് പറയുന്നത്. ഫീൽഡ് ബഡ്ഡിംഗ് കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത തനതു നടീൽ വസ്തു നിർമ്മാണ രീതിയാണ്‌ ഫീൽഡ് ബഡ്ഡിംഗ്. ജാതി മരങ്ങളിൽ ആൺ / പെൺ വ്യത്യാസം അറിയുന്നതിനും മുൻപ് ചെയ്യുന്ന രീതിയാണിത്. കൃഷി സ്ഥലത്തെ എല്ലാ മരങ്ങളിലും ഈ രീതി അനുവർത്തിക്കേണ്ടതാണ്‌. തൈകൾക്ക് ഏകദേശം മൂന്ന് വർഷം പാകമാകുമ്പോൾ ഈ പ്രക്രിയ നടപ്പാക്കുന്നു. ഈ രീതി ചെയ്യുമ്പോൾ തൈകളുടെ മൂട് വണ്ണം നാല്‌ സെന്റീമീറ്ററിൽ കുറയാൻ പാടില്ല. ഇതിന്റെ ആദ്യ പടിയായി നല്ല കായ് ഫലം തരുന്ന പെൺ മരങ്ങളിൽ നിന്നും മുകളിലേക്ക് വളരുന്ന ശിഖരങ്ങളിൽ നിന്നും കമ്പുകൾ മുറിച്ചെടുക്കുന്നു. ആ കമ്പുകളിൽ നിന്നുമുള്ള മുകുളങ്ങൾ മൂന്ന് മുതൽ നാല്‌ സെ. മീ . നീളത്തിൽ തൊലിയോട് കൂടി ചെത്തിയെടുക്കുന്നു. അത്തരം മുകുളങ്ങൾ, ഏത് തൈയിലാണോ വയ്ക്കേണ്ടത് ആ തൈകളിൽ, താഴെനിന്നും ആദ്യത്തെ ശാഖയുടെ താഴെയായി ഏകദേശം മൂന്ന് മുതൽ അഞ്ച് സെന്റീ മീറ്റർ നീളത്തിൽ തൊലി ചെത്തി മാറ്റുന്നു. തൊലി ചെത്തി മാറ്റിയ സ്ഥലത്ത് നേരത്തേ ശേഖരിച്ച് വച്ചിരിക്കുന്ന മുകുളം വച്ച് പോളിത്തീൻ നാടകൊണ്ട് കെട്ടി വയ്ക്കുന്നു. ഇതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുത ചേർത്ത് കെട്ടുമ്പോൾ മുകുളം മൂടിപ്പോകാൻ പാടില്ല എന്നുള്ളതാണ്‌. ഇങ്ങനെ വച്ചുകെട്ടുന്ന മുകുളങ്ങൾ വളരുന്നതിനനുസരിച്ച് മുകളിലെ ബാക്കി ശിഖരങ്ങളും പിന്നീട് ഒട്ടിച്ചിരിക്കുന്നതിന്‌ മുകളിൽ ഉള്ള പഴയ തൈയുടെ ബാക്കി ഭാഗങ്ങളും പൂർണ്ണമായി മുറിച്ച് മാറ്റേണ്ടതാണ്‌. വള പ്രയോഗം നന്നായി വളം ആവശ്യമുള്ള സസ്യമാണ്‌ ജാതി. കൃഷി തുടങ്ങി ഒന്നാം വർഷം മുതൽ വളം നൽകേണ്ടിവരുന്ന ഒരു സുഗന്ധവിളയാണ്‌ ജാതി. ഒന്നാം വർഷം ഓരോ ചെടിക്കുമായി പത്തുകിലോ പച്ചിലവളം /കമ്പോസ്റ്റ് /ജൈവവളം എന്നിവയിലേതെങ്കിലും ഒന്നിന്റെ കൂടെ 20 ഗ്രാം നൈട്രജൻ, 18 ഗ്രാം ഫോസ് ഫറസ്, 50 ഗ്രാം പൊട്ടാസ്യം എന്നിവ നൽകണം. ക്രമാനുഗതമായി ഈ അളവ് കൂട്ടി 15 വർഷം(പ്രായപൂർത്തി) ആകുമ്പോൾ ഓരോ മരത്തിനും 50 കിലോ പച്ചില/കമ്പോസ്റ്റ്/ജൈവ വളങ്ങളിൽ ഏതെങ്കിലും ഒന്നും 500:250:100 ഗ്രാം കണക്കിൽ രാസവളവും നൽകണം. കൂടാതെ നല്ല വിളവിനായ് ചെടിയൊന്നിന്‌ 1100 ഗ്രാം യൂറിയ, 840 ഗ്രാം സൂപ്പർ ഫോസ് ഫേറ്റ് 2000 ഗ്രാം (2കിലോ) മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ രണ്ട് തവണകളായി മെയ് - ജൂൺ , സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിലായി ജൈവ വളത്തിനോടൊപ്പം നൽകണം. വളം ചെടിയുടെ ചുവട്ടിലായി, ചെടിയിൽ നിന്നും ഒന്നരമീറ്റർ അകലത്തിലായി കാൽ മീറ്ററോളം താഴ്ചയിലിട്ട് മണ്ണിട്ട് നല്ലതുപോലെ മൂടണം.

തക്കാളി കൃഷി

Solanaceae സസ്യകുടുംബത്തിൽപ്പെട്ട ബഹുവർഷസസ്യമാണ്. ശാസ്ത്രീയ നാമം ലൈക്കോപെർസിക്കോൺ എസ്ക്കുലന്റം (Lycopersicon esculentum).തക്കാളി' (Tomato). തെക്ക്, വടക്ക് അമേരിക്കൻ വൻ‌കരകളിലായി മെക്സിക്കോ മുതൽ പെറു വരെയുള്ള പ്രദേശങ്ങളാണ് തക്കാളിയുടെ ജന്മദേശം‍. മധ്യ അമേരിക്കയിലേയും ദക്ഷിണ അമേരിക്കയിലേയും ആദിവാസികൾ ചരിത്രാതീതകാലം മുതൽക്കേ തക്കാളി ആഹാരമായി ഉപയോഗിച്ചിരുന്നു എന്നു രേഖപ്പെടുത്തിക്കാണുന്നുണ്ട്. 16-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സ്പെയിനിൽ നിന്നു വന്നുചേർന്ന സഞ്ചാരികളാണ് യൂറോപ്പിൽ ആദ്യമായി തക്കാളി പ്രചരിപ്പിച്ചത്. യൂറോപ്പിൽ നിന്ന് അമേരിക്കൻ ഐക്യനാടുകളിലും കാനഡയിലും കുടിയേറിപ്പാർത്തവർ തങ്ങളുടെ പുതിയ ആവാസ സ്ഥാനങ്ങളിൽ തക്കാളിക്കൃഷിയും ആരംഭിച്ചു എന്നു കരുതാം. ഇന്ത്യയിലാദ്യമായി തക്കാളി കൊണ്ടുവന്നതും പ്രചരിപ്പിച്ചതും പോർച്ചുഗീസുകാരായിരുന്നു. തക്കാളിപ്പഴം ലോകമെങ്ങും പ്രചാരത്തിലുള്ള ഭക്ഷ്യവിഭവമാണ്.

പാകം ചെയ്യാതെതന്നെ സാലഡുകളിലും മറ്റും ഉപയോഗിക്കുവാൻ സാധിക്കുന്ന നല്ലൊരു ഫലമാണ് തക്കാളി. സോസുകളും കെച്ചപ്പുകളും വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുവാനും ഇത് പ്രയോജനപ്പെടുന്നുണ്ട്.

തക്കാളി ഒരു ഉഷ്ണകാല സസ്യമാണ്. ശരാശരി 21-23 °C താപ നില ഇതിന്റെ വളർച്ചയ്ക്ക് അനുയോജ്യമാണ്. 18-27 °C വരെ താപനിലയുള്ള പ്രദേശങ്ങളിൽ തക്കാളി വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്തു വരുന്നു. സൂര്യപ്രകാശത്തിന്റെ ഏറ്റക്കുറച്ചിലും താപനിലയും ഫലത്തിന്റെ ഉത്പാദനത്തേയും പോഷകമൂല്യത്തേയും വർണരൂപവത്കരണത്തേയും വളരെയധികം സ്വാധീനിക്കാറുണ്ട്. ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്.

കേരളത്തിലെ കര്‍ഷകര്‍ കൃഷിചെയ്യാന്‍ അധികം തിരഞ്ഞെടുക്കാത്ത ഒരു വിളയാണ് തക്കാളി. ത്. നല്ലനീര്‍വാര്‍ച്ചയും വളക്കൂറും ഉളള മണ്ണാണ് തക്കാളികൃഷിക്കു പറ്റിയത്. പുളിരസമുളള മണ്ണ് അത്ര നന്നല്ല. പുളിമണ്ണില്‍ വളരുന്ന തക്കാളിക്ക് ബാക്ടീരിയമൂലമുണ്ടാകുന്ന വാട്ടം പിടിപെടാനുളള സാധ്യത കൂടുതലാണ്. സെപ്തംബര്‍-ഡിസംബര്‍ മാസങ്ങളിലെ കൃഷിയിലാണ് തക്കാളിയില്‍നിന്നും കൂടുതല്‍ വിളവു ലഭിക്കുന്നത്. കേരളത്തിലെ കാലാവസ്ഥ അനുസരിച്ച് സപ്തംബറാണ് തക്കാളികൃഷിക്ക് അനുയോജ്യമായ നടീല്‍ സമയം. തക്കാളിക്കുണ്ടാകുന്ന പ്രധാന രോഗമായ വാട്ടത്തെ ചെറുക്കാന്‍ കഴുവുളള 'ശക്തി' എന്ന ഇനം തക്കാളിയാണ് കൃഷിക്ക് നല്ലത്.

ഒരുസെന്റ് സ്ഥലത്ത് കൃഷിക്കായി രണ്ട് ഗ്രാം വിത്തുമതി. ഇതില്‍ നിന്ന് ഏകദേശം 11 ചെടികള്‍ ലഭിക്കും. വിത്ത് പാകി തൈകളുണ്ടാക്കി പറിച്ചുനടുന്നതാണ് ഉത്തമം. ഉറുമ്പിന്റെ ശല്യം ഒഴിവാക്കാന്‍ ചാരവും മഞ്ഞളും കൂട്ടിക്കലര്‍ത്തി വിതറുന്നത് നല്ലതാണ്. 30 ദിവസം പ്രായമായ തക്കാളിത്തൈകള്‍ പറിച്ചുനടാം.തൈകള്‍ കുറച്ചുമതിയെങ്കില്‍ ചട്ടിയില്‍ മുളപ്പിക്കാം.കൂടുതല്‍ തൈകള്‍ വേണമെന്നുണെ്ടങ്കില്‍ ഉയര്‍ന്ന തടങ്ങളില്‍ ചാണകപ്പൊടി ചേര്‍ത്തിളക്കിയ സ്ഥലത്ത് വിത്തുപാകണം. 
നടാനുള്ള സ്ഥലം രണ്ടോ മൂന്നോ പ്രാവശ്യം നന്നായി കിളച്ചുമറിച്ച് നിരപ്പാക്കണം.ചാണകം അടിവളമായി നല്‍കാം. നിലമൊരുക്കുമ്പോള്‍ മണ്ണില്‍ കുറച്ചു കുമ്മായം ചേര്‍ക്കണം. വെളളം കെട്ടിക്കിടക്കാത്ത സ്ഥലത്ത് എഴുപത്തഞ്ച് സെന്റീമീറ്റര്‍ അകലത്തില്‍ ചാലുകള്‍ എടുത്തുവേണം തൈകള്‍ നടാന്‍. ചെടികളും വരികളും തമ്മില്‍ 60 സെ.മീ. അകലം വേണം. തൈകള്‍ നട്ട് ഒരു മാസം കഴിഞ്ഞ് കപ്പലണ്ടി പിണ്ണാക്ക്, ചാരം എന്നിവ നല്‍കാം. അടുത്ത വളം പൂവിട്ടശേഷം കൊടുക്കാം. ചെടികള്‍ക്ക് ആവശ്യാനുസരണം നനച്ചുകൊടുക്കേണ്ടതാണ്. വെയിലാറിയ ശേഷം ചെടി നനയ്ക്കുന്നതാണ് നല്ലത്.തക്കാളിക്ക് കരുത്തു കുറവായതിനാല്‍ കമ്പുകള്‍ നാട്ടി ഇവയ്ക്ക് താങ്ങുകൊടുക്കണം.താങ്ങ് നല്‍കുന്നത് നന്നായി കായ്ക്കുവാനും കായകള്‍ക്ക് നല്ല നിറം ലഭിക്കുന്നതിനും, കായ്കള്‍ മണ്ണില്‍പ്പറ്റി കേടാകാതിരിക്കാനും സഹായിക്കും. കായ്കള്‍ നന്നായി പിടിക്കണമെങ്കില്‍ ആവശ്യമില്ലെന്നു തോന്നുന്ന ചെറുശിഖരങ്ങള്‍ മുറിച്ചുനീക്കണം. രണ്ടുമാസം കഴിയുമ്പോള്‍ കായ്കള്‍ പാകമാകും.
തക്കാളിച്ചെടികളെ ബാധിക്കുന്ന രോഗങ്ങളാണ് ഇലപ്പുള്ളി രോഗം, അഴുകല്‍, വാട്ടരോഗം, തണ്ട്-കായ്തുരപ്പന്‍ പുഴുക്കള്‍ എന്നിവ.ഇലപ്പുള്ളി രോഗത്തിന് സോഡാപൊടി, മഞ്ഞള്‍ മിശ്രിതം, ചാണകപ്പാല്‍ ലായനിയില്‍ ചേര്‍ത്ത് തളിക്കുക. ചെടികള്‍ക്ക് വാട്ടരോഗം ബാധിച്ചാല്‍ ചെടികള്‍ പിഴുതുമാറ്റണം. കായ്-തണ്ടുതുരപ്പന്‍ പുഴുക്കള്‍ക്ക് പ്രതിവിധിയായി അഞ്ച് ശതമാനം വീര്യമുള്ള വേപ്പിന്‍കുരു സത്ത്, ഗോമൂത്രം, കാന്താരിമുളക് ലായനി എന്നിവ തളിക്കാം.പുഴുകുത്തിയ കായ്കള്‍ നശിപ്പിച്ചുകളയണം. കായ്തുരപ്പന്‍ പുഴുവിന്റെ ഉപദ്രവം കണ്ടു തുടങ്ങിയാല്‍ മീനെണ്ണ കലര്‍ത്തിയ സോപ്പുലായനി തളിച്ചാല്‍ ഒരുപരിധി വരെ നിയന്ത്രിച്ചുനിര്‍ത്താം. 
തക്കാളിയില്‍ അന്നജം, പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ സി, ധാതുക്കള്‍, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. നൂറ് ഗ്രാം തക്കാളിയില്‍ തൊണ്ണൂറ്റിനാല് ശതമാനവും ജലാംശമാണ്. 0.8 ഗ്രാം നാരുകളും 0.90 ഗ്രാം പ്രോട്ടീനും 3.60 ഗ്രാം അന്നജവും അടങ്ങിയിരിക്കുന്നു. കൂടാതെ തയാമിന്‍, നയാസിന്‍, ഫോളിക് ആസിഡ്, കരോട്ടിന്‍, ഓക്‌സാലിക് ആസിഡ്, സിട്രിക് ആസിഡ്, മാലിക് ആസിഡ് എന്നിവയും അടങ്ങിയിട്ടുണ്ട്. 
വിളര്‍ച്ച ഇല്ലതാക്കാനും ചര്‍മകാന്തിക്കും തക്കാളി സ്ഥിരമായി കഴിക്കുന്നത് ഉത്തമമാണ്. മലബന്ധം അകറ്റുവാനും തക്കാളിക്ക് കഴിവുണ്ട്. തക്കാളി ചൂടാക്കിയാല്‍ അതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി നഷ്ടപ്പെടും. പഴുത്ത തക്കാളി അരിഞ്ഞ് പഞ്ചസാര ചേര്‍ത്ത് കഴിക്കുന്നതും നീരുകുടിക്കുന്നതും കൂടുതല്‍ പ്രയോജനകരമാണ്.

കടപ്പാട്-ഫാം സര്‍ക്കിള്‍

3.02
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top