অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൃഷി ചിന്തകള്‍-2

കൃഷി ചിന്തകള്‍-2

കോഴിവളര്‍ത്താന്‍ ഹൈബ്രിഡ് ആന്‍ഡ് കോംപാക്ട് മിനി പൗള്‍ട്രി ഫാം

സമീകൃതാഹാരത്തില്‍ പ്രധാനപ്പെട്ട ഒന്നാണു മുട്ട. ആധുനിക ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ പലര്‍ക്കും കഴിയാറില്ല. ദിവസം ചുരുങ്ങിയത് അര മണിക്കൂറെങ്കിലും നീക്കിവയ്ക്കാനുണ്ടെങ്കില്‍ മുട്ട ഉത്പാദനത്തില്‍ സ്വയം പര്യാപ്തരാകാന്‍ കഴിയുമെന്നത് ഉറപ്പാണ്. സ്ഥലപരിമിതിയുള്ളവര്‍ക്കായി ചെറുകിട കോഴിവളര്‍ത്തല്‍ യൂണിറ്റ് കുടുംബശ്രീയുടെ പ്രത്യേക പ്രോജക്ട് പ്രകാരം എത്തിച്ചു കൊടുക്കുകയാണ് തിരുവനന്തപുരം ആറാലുംമൂട് അതിയന്നൂര്‍ തേജസ് വീട്ടില്‍ ഇ. സുജയും പിതാവ് ഈശ്വര്‍ദാസും. പരിമിതമായ സ്ഥലത്ത് പരിമിതമായ സമയംകൊണ്ട് ആദായം ഉണ്ടാക്കുന്ന രീതിയാണ് ഇവര്‍ ആവിഷ്‌കരിച്ചിരിക്കുന്ന ഹൈബ്രിഡ് ആന്‍ഡ് കോംപാക്ട് മിനി പൗള്‍ട്രി ഫാം എന്ന പദ്ധതിക്കുള്ളത്.

സുജയുടെ മകന്‍ അഭിനവിന്റെ നിര്‍ബന്ധപ്രകാരമാണ് എന്‍ജിനിയര്‍കൂടിയായ ഈശ്വര്‍ദാസ് ആദ്യമായി നൂതന രീതിയില്‍ മൂന്നു നിലയുള്ള കോഴിക്കൂട് തയാറാക്കിയത്. ആറാലുംമൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ലാര്‍സണ്‍സ് എന്‍ജിനിയറിംഗ് വര്‍ക്‌സ് എന്ന സ്വന്തം സ്ഥാപനത്തിലാണ് കോഴിക്കൂടിന്റെ നിര്‍മാണം. മൂന്നു തട്ടുകളും പൂര്‍ണമായും അഴിച്ചുമാറ്റാം എന്നതാണ് ഇതിന്റെ പ്രത്യേകത. ആ അവസരത്തിലാണ് കുടുംബശ്രീ പ്രോജക്ടുകള്‍ക്ക് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ നല്കുകയും കുടുംബശ്രീ അനുമതി നല്കുകയും ചെയ്തത് കോഴിവളര്‍ത്തല്‍ എന്ന കാര്‍ഷികമേഖലയിലേക്ക് സുജയെയും കുടുംബത്തെയും കൂടുതല്‍ അടുപ്പിച്ചു. മുന്‍സിപ്പാലിറ്റി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ഹൈബ്രിഡ് ആന്‍ഡ് കോംപാക്ട് മിനി പൗള്‍ട്രി ഫാം പദ്ധതി നടപ്പിലാക്കിവരുന്നത്. അതുകൊണ്ടുതന്നെ കേരളത്തിലൂടെനീളം പദ്ധതിയുടെ മാതൃക പ്രദര്‍ശിപ്പിച്ച് വിവരണം നല്കാറുമുണ്ട്. ഈ ഉദ്യമത്തില്‍ സുജയുടെ മകന്‍ ആറു വയസുകാരന്‍ അഭിനവാണ് മുമ്പില്‍ നില്ക്കുന്നത്. കോഴിക്കൂടിനെക്കുറിച്ചു വിവരണം നല്കാന്‍ നൂറു നാവാണ് ഈ കൊച്ചുകര്‍ഷകന്.

ഓരോ തട്ടിലും 12 കോഴികളെ വീതം വളര്‍ത്താവുന്ന കൂടാണു നിര്‍മിച്ചു നല്കുന്നത്. കൂട്, രണ്ടര മാസം പ്രായമായ കോഴിക്കുഞ്ഞുങ്ങള്‍ (ഹൈദരാബാദിലെ വെങ്കിടേശ്വര ഹാച്ചറി വികസിപ്പിച്ചെടുത്ത BV380 എന്ന ഇനം കോഴിക്കുഞ്ഞുങ്ങളാണ്. വര്‍ഷം 300-320 മുട്ട ഇടുന്നവ), 200 കിലോഗ്രാം തീറ്റ എന്നിവ അടങ്ങിയ യൂണിറ്റിന് 30,000 (ടാക്‌സ് അടക്കം) രൂപയാണു വില. കുടുംബശ്രീ മുഖേന സംഘത്തിനോ വ്യക്തിക്കോ ഈ ഹൈടെക് ഫാം ആരംഭിക്കാവുന്നതാണ്. ഇതിന് സബ്‌സിഡിയും ലഭ്യമാണ്. അഞ്ച് അംഗങ്ങളുള്ള ഒരു ഗ്രൂപ്പിന് ആകെ തുകയുടെ 35 ശതമാനവും വ്യക്തിക്ക് 20 ശതമാനവും സബ്‌സിഡിയായി ലഭിക്കും. ഓര്‍ഡര്‍ അനുസരിച്ച് കേരളത്തിലൂടനീളം യൂണിറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്. എറണാകുളം ജില്ലയില്‍ ഇതിനോടകം അഞ്ഞൂറോളം യൂണിറ്റുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. വില്പന പൂര്‍ണമായും കുടുംബശ്രീ വഴിയാണ്.

45 ദിവസംകൊണ്ട് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ കോഴിക്കുഞ്ഞുങ്ങളെയാണ് ആവശ്യക്കാര്‍ക്കു നല്കുന്നത്. കോഴിക്കുഞ്ഞുങ്ങള്‍ തമ്മിലുള്ള വഴക്ക് ഒഴിവാക്കാനായി കര്‍ഷകര്‍ക്കു നല്കിയതിനു ശേഷം ഒരു മാസത്തിനുള്ളില്‍ ചുണ്ടിന്റെ അഗ്രം മുറിച്ചു നല്കും. 200 കിലോഗ്രാം കോഴിത്തീറ്റ 3-4 ഘട്ടങ്ങളിലായാണ് കര്‍ഷകര്‍ക്ക് എത്തിച്ചു നല്കുക.

രണ്ടു ദിവസത്തിലൊരിക്കല്‍ കുടിവെള്ളം നല്കുന്ന പാത്രം, കാഷ്ഠം ശേഖരിക്കുന്ന ട്രേ എന്നിവ വൃത്തിയാക്കണം. തീറ്റപ്പാത്രം ആഴ്ചയിലൊന്നു വൃത്തിയാക്കിയാലും മതിയാകും. പ്രായപൂര്‍ത്തിയായ കോഴിയൊന്നിന് ശരാശരി 100 ഗ്രാം സമീകൃതാഹാരം ഒരു ദിവസം വേണ്ടിവരും. പച്ചിലകള്‍, പച്ചക്കറി അവശിഷ്ടങ്ങള്‍, അസോള മുതലായവ തീറ്റയില്‍ ഉള്‍പ്പെടുത്തിയാല്‍ സമീകൃതാഹാരത്തിന്റെ അളവ് 35 ശതമാനം വരെ കുറയ്ക്കാവുന്നതാണ്. ഒമ്പതാം ആഴ്ച മുതല്‍ പതിനേഴാം ആഴ്ച വരെ ലെയര്‍ ക്രംബള്‍, പതിനെട്ടാം ആഴ്ച മുതല്‍ 72-ാം ആഴ്ചവരെ ലെയര്‍ മാഷ് (Layer mash) അല്ലെങ്കില്‍ ലെയര്‍ പെല്ലറ്റ് (Layer Pellet) ആണു നല്‌കേണ്ടത്. പൂര്‍ണവളര്‍ച്ചയെത്തിയ കോഴിക്ക് 400 മില്ലിലിറ്റര്‍ വെള്ളം കൊടുക്കേണ്ടതാണ്. കാത്സ്യത്തിന്റെ പോരായ്മ ഉണ്ടാകാതിരിക്കാന്‍ ദിവസേന രാവിലെ നീറ്റുകക്കയുടെ തെളി നേര്‍പ്പിച്ച് കോഴികള്‍ക്കു നല്കുകയും വേണം.

കൂടിന്റെ പ്രത്യേകത

  1. 100 ജിഎസ്എം സിങ്ക് കോട്ടിംഗുള്ള കമ്പികള്‍കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ആയതിനാല്‍ കൂടുതല്‍ കാലം ഈടു നില്ക്കും.
  2. മൂന്നു നില ആയതിനാല്‍ നിലത്ത് വളര്‍ത്തുന്നതിന്റെ മൂന്നു മടങ്ങ് കോഴികളെ വളര്‍ത്താം.
  3. കൂടിനു പുറത്ത് ഇളക്കിമാറ്റാവുന്ന ഫീഡറുകള്‍.
  4. ഓരോ തട്ടിലും ഇളക്കിമാറ്റാവുന്ന ഡ്രിങ്കര്‍(Drinker) സ്ഥാപിച്ചിട്ടുണ്ട്.
  5. മുട്ട കൂടിനു പുറത്ത് സംഭരണിയില്‍ ശേഖരിക്കുന്നു.
  6. തീറ്റ, വെള്ളം, മുട്ടസംഭരണി എന്നിവയ്ക്ക് പ്രത്യേക സുരക്ഷാകവചം.
  7. ഓരോ തട്ടിന്റെയും അടിയില്‍ കാഷ്ഠം ശേഖരിക്കുന്നതിനു രണ്ട് ട്രേകള്‍ വീതം സ്ഥാപിച്ചിട്ടുണ്ട്.
  8. ചൂടില്‍നിന്നും മഴയില്‍നിന്നും സംരക്ഷിക്കുന്നതിന് അക്രലിക് ഷീറ്റുകൊണ്ടുള്ള മേല്‍ക്കൂര സ്ഥാപിച്ചിട്ടുണ്ട്.

സുജയുടെ കുടുംബം മുഴുവനും പൂര്‍ണമായി കോഴിവളര്‍ത്തലിലേക്ക് തിരിഞ്ഞിരിക്കുകയാണ്. പിതാവ് ഈശ്വര്‍ദാസും മാതാവ് രമണിയും സഹോദരി ലിജയും ഹൈബ്രിഡ് ആന്‍ഡ് കോംപാക്ട് മിനി പൗള്‍ട്രി ഫാം പദ്ധതിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഒത്തൊരുമയോടെ മുമ്പോട്ട്‌കൊണ്ടുപോകുന്നു. ചുരുങ്ങിയ സ്ഥലത്തുനിന്നു ആദായമുണ്ടാക്കുന്ന ഹൈബ്രിഡ് ആന്‍ഡ് കോംപാക്ട് മിനി പൗള്‍ട്രി ഫാം പദ്ധതി ഏവര്‍ക്കും യാതൊരു സമയനഷ്ടവുമില്ലാതെ മുമ്പോട്ടുകൊണ്ടു പോകാനാകുമെന്നതു തീര്‍ച്ച. 

ഫോണ്‍: 9633177715

ലൈംഗീകശേഷിക്കും, ശരീരപുഷ്ടിക്കും അമുക്കുരം

ബലാരിഷ്ടം, അശ്വഗന്ധാരിഷ്ടം, അശ്വഗന്ധാദിലേഹ്യം, ച്യവനപ്രാശം എന്നിവയിലെ പ്രധാനചേരുവ അമുക്കുരമാണ്. ശരീരത്തിന് ബലവും ആരോഗ്യവും വര്‍ധിക്കുന്നതിനും നീരും വേദനയും അകറ്റി ഊര്‍ജസ്വലത കൈവരിച്ച് നാഡി, തലച്ചോറ് എന്നിവയെ ഉത്തേജിപ്പിച്ച് ഉറക്കം ഉണ്ടാക്കുന്നതിനും ശരീരത്തിലെ രോഗാണുക്കളെ നശിപ്പിക്കുന്നതിനും ദുര്‍ബലന്മാരുടെ ശരീരം പുഷ്ടിപ്പെടുത്തുന്നതിനും ഉപയോഗിക്കുന്ന അതിവിശിഷ്ടമായ ഒരു ആയുര്‍വേദ സസ്യമാണ് അമുക്കുരം.

കായികതാരങ്ങള്‍ അമുക്കുരം സൂഷ്മചൂര്‍ണമാക്കി പാലിലോ നെയ്യിലോ ചേര്‍ത്ത് കഴിച്ചാല്‍ കൂടുതല്‍ കരുത്തും വേഗതയും ശക്തിയും വര്‍ധിക്കും. ലൈംഗികശക്തി വര്‍ധിക്കുന്നതിന് അമുക്കുരം പാലില്‍ പുഴുങ്ങി വറ്റിച്ച് വെയിലത്തുവച്ച് നന്നായി 
ഉണക്കിയെടുത്ത് ഇടിച്ച് ശീലപ്പൊടി ചെയ്ത് അഞ്ചുഗ്രാം വീതം പാലില്‍ ചേര്‍ത്തുകഴിച്ചാല്‍ മതി.

കുട്ടികളുടെ ശക്തി വര്‍ധിക്കുന്നതിനും ശരീരം പുഷ്ടിപ്പെടുത്തുന്നതിനും അശ്വഗന്ധാദി ഘൃതം കൊടുക്കാം. വന്ധ്യയായ സ്ത്രീ അമുക്കുരം പാല്‍ക്കഷായമായി കഴിക്കുന്നത് ഗര്‍ഭമുണ്ടാകാന്‍ സഹായിക്കും. സന്ധിവാതം, ആമവാതം എന്നിവയ്ക്ക് അമുക്കുരം നേരിയ ചൂര്‍ണമാക്കി തുടര്‍ച്ചയായി മൂന്നുമാസം ഉപയോഗിച്ചാല്‍ രോഗത്തിന് ശമനം ലഭിക്കും. ലൈംഗിക ദൗര്‍ബല്യം തീര്‍ക്കാന്‍ വിപണിയില്‍ ലഭിക്കുന്ന ഏതാണ്ട് എല്ലാ പേറ്റന്റ് ഔഷധങ്ങളിലും അമുക്കുരം പ്രധാന ചേരുവയായി ഉപയോഗിക്കുന്നുണ്ട്.

കുടുംബം: സൊളാനേസി
ശാസ്ത്രനാമം: വിഥാനിയം സോമ്‌നി ഫെറ
സംസ്‌കൃതം: അശ്വഗന്ധം, വരദാ, വാജീഗന്ധാ
തയാറാക്കിയത്: എം.എം. ഗാഥ, വെള്ളിയൂര്‍

വെയിലിനെ പേടിക്കാതെ വേനല്‍ക്കാലം കൃഷി സമൃദ്ധമാക്കാം

കൃത്യതാ കൃഷിയും കണികാ ജലസേചനവുമെല്ലാം (ഡ്രിപ് ഇറിഗേഷന്‍) വലിയ കൃഷിയിടങ്ങളില്‍ മാത്രം നടക്കുന്നതാണെന്ന ധാരണ ഇനി തിരുത്താം. കുറഞ്ഞ ചെലവില്‍ ടെറസിലും ഇനി കൃത്യതാ കൃഷി നടത്താം. കൃത്യതാ കൃഷി രംഗത്തെ അതികായരില്‍ പ്രമുഖ സ്ഥാനമുള്ള ജെയിന്‍ ഇറിഗേഷനാണ് ടെറസ് ഗാര്‍ഡനായുള്ള മൈക്രോ ഇറിഗേഷന്‍ കിറ്റുമായി....

രംഗത്തെത്തിയിരിക്കുന്നത്. വേനല്‍ക്കാലത്തും ടെറസ് ഗാര്‍ഡനുകള്‍ പച്ചപിടിപ്പിക്കാന്‍ ഇതുപയോഗിക്കാം. 1250 രൂപയാണ് കിറ്റിന്റെ വില. ആവശ്യമുള്ളവര്‍ക്ക് സ്ഥലത്തെത്തിച്ചു കൊടുക്കും. റെഡി ടു യൂസ് ക്വിറ്റായതിനാല്‍ വീട്ടുകാര്‍ക്കുതന്നെ ഇത് ഫിറ്റ് ചെയ്യാം.


60 ഗ്രോ ബാഗുകളില്‍ കണികാ ജലസേചനം നടത്തത്തക്ക രീതിയിലാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. 16 എംഎം ഫിറ്റര്‍, 60 ഡ്രിപ്പ് എമിറ്റേഴ്‌സ്, 16 എംഎം മെയ്ന്‍ ലൂബ്-15 മീറ്റര്‍, പോളി കണക്ടര്‍ എന്നിവയടങ്ങുന്നതാണ് ജെയിന്‍ മൈക്രോ ഇറിഗേഷന്‍ കിറ്റ്. ഇതുപയോഗിച്ച് ജലസേചനസൗകര്യമൊരുക്കാന്‍ ഉപഭോക്താവ് ആകെ ചെയ്യേണ്ടത്  ഒരു വാട്ടര്‍ടാങ്കു വാങ്ങി രണ്ടു മീറ്റര്‍ പൊക്കത്തില്‍ ടെറസില്‍ തന്നെ വയ്ക്കുക എന്നതു മാത്രം. ഇതിലേക്ക് ഇറിഗേഷന്‍ കിറ്റ് ഘടിപ്പിക്കാം. തനിയെ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ പ്ലമ്പറുടെ സഹായം തേടിയാല്‍ മതി. ടൈമര്‍കൊടുത്ത് ഓട്ടോമേഷന്‍ ചെയ്താല്‍ കൃത്യസമയത്ത് ജലം ചെടികള്‍ക്കു ലഭ്യമാകും. ആളു വീട്ടിലില്ലെങ്കിലും ജലസേചനം തടസപ്പെടില്ലെന്നു സാരം. ടൈമര്‍കൊടുത്ത് ഓട്ടോമേഷന്‍ ചെയ്യുന്നതിന് പ്രത്യേക ചെലവു വരും. 60 ഗ്രോബാഗുകള്‍ നിരയായി വച്ച് മെയിന്‍ ലൂബില്‍നിന്ന് പെപ്പുകള്‍ ചെടികളുടെ ചുവട്ടിലെത്തിക്കാം. ടെമറുണ്ടെങ്കില്‍ ഇതില്‍ സെറ്റുചെയിതിരിക്കുന്ന സമയത്ത് തനിയേ മോട്ടര്‍ പ്രവര്‍ത്തിച്ച് ചെടികള്‍ക്ക് ജലം ലഭ്യമാകും. 6000 ത്തോളം രൂപ അധികം മുടക്കിയാല്‍ ഈ സംവിധാനവും വീടുകളില്‍ പ്രാവര്‍ത്തികമാക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: ജോണ്‍സന്‍- 9446504333.

ടെറസ് മൈക്രോ ഇറിഗേഷന്‍പ്രാവര്‍ത്തികമാക്കി കെഐഐഡിസി

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍, ജെയിന്‍ ഇറിഗേഷന്റെ മൈക്രോ ഇറിഗേഷന്‍ കിറ്റ് ടെറസു കൃഷിക്ക് എത്തിച്ചു കഴിഞ്ഞു. തിരുവനന്തപുരത്തെ 600 ല്‍ അധികം ടെറസുകളിലാണ് ഇത് എത്തിച്ചത്. പ്രത്യേക സബ്‌സിഡി നല്‍കിയാണ് ഇത് വിതരണം ചെയ്തതെന്ന് എംഡി പി അനില്‍കുമാര്‍ പറഞ്ഞു. 10,000 രൂപയുടെ സ്‌കീമില്‍ ചേരുന്നവര്‍ക്ക് മൈക്രോ ഇറിഗേഷന്‍ കിറ്റ്, ചെടികള്‍ ഉള്‍പ്പെടെയുള്ള 25 ഗ്രോബാഗുകള്‍, ഇറിഗേഷന്‍ ടൈമര്‍ സംവിധാനം, മോട്ടോര്‍, കൃഷി സാമിഗ്രികള്‍ എന്നിവ നല്‍കുന്നു. 70 ശതമാനമാണ് സബ്‌സിഡി. ഇത് എടുക്കുന്നവര്‍ക്ക് ബയോഗ്യാസ് പ്ലാന്റ്, കൂണ്‍കൃഷി പദ്ധതി, 4500 രൂപയ്ക്ക് അഞ്ചുകോഴിയും കോഴിക്കൂടും, റൂഫ് ടോപ് ഫിഷറീസ് ടാങ്ക് എന്നിങ്ങനെയുള്ള പദ്ധതികളില്‍ ചേരാന്‍ അവസരം നല്‍കിയാണ് പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്. തിരുവനന്തപുരത്ത് പദ്ധതിക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. മറ്റു ജില്ലകളിലേക്കും പദ്ധതി ഉടന്‍ വ്യാപിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും ഇദ്ദേഹം പറഞ്ഞു.
ഫോണ്‍: അനില്‍കുമാര്‍- 9446058182.

പച്ചക്കറികൃഷിക്കായൊരു വിത്തു ബാങ്ക്‌

പ്രതീക്ഷയറ്റവര്‍ക്കു പ്രതീക്ഷയായാണ്‌ ഹോപ്‌ എന്ന സന്നദ്ധ സംഘടന രൂപംകൊണ്‌ടത്‌. കേരളത്തിനകത്തും പുറത്തുമായി 32 അംഗങ്ങളാണ്‌ ഈ സംഘടനയിലുള്ളത്‌. വര്‍ധിച്ചുവരുന്ന കാന്‍സര്‍ രോഗികളുടെ എണ്ണം ഹോപ്‌ രൂപീകരിക്കാന്‍ കാരണമായതെന്നു പറയാം. ഇതില്‍ അംഗങ്ങളായവര്‍ 
നേരിട്ടോ അല്ലാതെയോ കാന്‍സറുമായി ബന്ധപ്പെട്ടവരാണ്‌. കാന്‍സറിനെതിരേയുള്ള പ്രവര്‍ത്തനമാണ്‌ സംഘടനയുടെ ലക്ഷ്യം. ഇതില്‍ പ്രധാനമായും ജൈവകൃഷി വ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെ ഹോപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിത്തു ബാങ്കാണ്‌. കേരളത്തിലെന്നല്ല ഇന്ത്യയിലെവിടെയും കൃഷി ചെയ്യാന്‍ താത്‌പര്യമുള്ളവര്‍ക്ക്‌ സൗജന്യമായി വിത്തുകള്‍ തപാലില്‍ അയച്ചു നല്‌കുകയാണ്‌ ചെയ്യുന്നത്‌.

ഹോപിന്റെ കീഴില്‍ മലപ്പുറം കരിഞ്ചാപ്പാടി തക്കോലില്‍ പി.കെ. ബാപ്പൂട്ടിയാണ്‌ അടുക്കളത്തോട്ടം നിര്‍മിക്കാന്‍ താത്‌പര്യമുള്ളവര്‍ക്ക്‌ വിത്തുകള്‍ തപാല്‍ മാര്‍ഗം നല്‌കിവരുന്നത്‌. വിത്തുകള്‍ ആവശ്യമുള്ളവര്‍ക്ക്‌ വിലാസമെഴുതി സ്റ്റാംപ്‌ ഒട്ടിച്ച കവര്‍ ബാപ്പൂട്ടിക്ക്‌ അയച്ചു നല്‌കാം. 

വിത്തുകള്‍

ആദ്യകാലങ്ങളില്‍ വിത്തുകള്‍ വാങ്ങുന്നവര്‍ ഉത്‌പാദിപ്പിക്കുന്ന വിത്തുകള്‍ തിരികെ വാങ്ങുകയാണ്‌ ചെയ്‌തിരുന്നത്‌. എന്നാല്‍ അങ്ങനെ വിത്തുകള്‍ തിരികെ ലഭിക്കുന്നത്‌ വളരെ വിരളമാണെന്നു അനുഭവപ്പെട്ടതോടെ സ്വന്തമായി ഉത്‌പാദിപ്പിച്ചെടുക്കുന്ന വിത്തുകള്‍ ആവശ്യക്കാര്‍ക്ക്‌ നല്‌കാന്‍ തുടങ്ങി. ഇതിനായി ഹോപിലെ 32 അംഗങ്ങളും വിത്താവശ്യത്തിനായി പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്‌ട്‌.

വെണ്‌ട, പയര്‍, വഴുതന, പവല്‍, പീച്ചില്‍, വെള്ളരി തുടങ്ങി 90 ഇനം പച്ചക്കറികളുടെ വിത്തുകളാണ്‌ ബാപ്പൂട്ടിയുടെ ശേഖരത്തിലുള്ളത്‌. പ്രധാനമായും പത്ത്‌ ഇനം വിത്തുകളാണ്‌ ഒരാള്‍ക്ക്‌ നല്‌കുക. സീസണനുസരിച്ച്‌ ചിലപ്പോള്‍ പച്ചക്കറി ഇനങ്ങളുടെ എണ്ണം കുറയ്‌ക്കാറുണ്‌ട്‌. എങ്കിലും ഒരു വീട്ടിലേക്കാവശ്യമായ പച്ചക്കറികളുടെ വിത്തുകള്‍ ഓരോ കവറിലുമുണ്‌ടായിരിക്കും. സാധാരണ വിത്താവശ്യമുള്ളവര്‍ പത്ത്‌ രൂപയുടെ സ്റ്റാമ്പ്‌ ഒട്ടിച്ചാണ്‌ കവറയയ്‌ക്കുക.

എന്നാല്‍ വിത്തുകള്‍ കൃത്യമായി എത്തണം എന്നതിനാല്‍ രജിസ്റ്റേര്‍ഡ്‌ ആയാണ്‌ അയയ്‌ക്കുന്നത്‌. അധികം വരുന്ന തുക ഹോപ്‌ ആണ്‌ വഹിക്കുന്നത്‌. 
വിത്തുകള്‍ എത്തുന്നതനുസരിച്ച്‌ വിതരണം ചെയ്യുകയാണ്‌ ചെയ്യുന്നത്‌. പഴക്കം കൂടുന്നതനുസരിച്ച്‌ വിത്തുകള്‍ മുളയ്‌ക്കുന്നതിനുള്ള സാധ്യത കുറയും. അതുകൊണ്‌ടുതന്നെ വിത്തുകള്‍ വാങ്ങി സൂക്ഷിച്ചു വയ്‌ക്കരുതെന്നാണ്‌ ബാപ്പൂട്ടിയുടെ നിര്‍ദേശം. മാത്രമല്ല ഹൈബ്രിഡ്‌ ഇനം പച്ചക്കറികളുടെ വിത്തുകള്‍ക്ക്‌ ഉത്‌പാദനശേഷി കുറവായതിനാല്‍ വിത്തുകള്‍ അവയുടെ വിത്തുകള്‍ വീണ്‌ടും ഉപയോഗിക്കാന്‍ കഴിയില്ല.
ഗ്രോ ബാഗ്‌
കൃഷി ചെയ്യാന്‍ സ്ഥലപരിമിതിയുള്ളവര്‍ക്ക്‌ 12 രൂപാ നിരക്കില്‍ ഗ്രോ ബാഗുകളും ഹോപിന്റെ നേതൃത്വത്തില്‍ നല്‌കിവരുന്നുണ്‌ട്‌. പരമാധി 50 ബാഗുകളാണ്‌ നല്‌കുക. കൊറിയര്‍ ചാര്‍ജ്‌ ആവശ്യക്കാരില്‍നിന്ന്‌ ഈടാക്കും. കൊറിയര്‍ വഴി എത്തുമ്പോഴും ആവശ്യക്കാരന്‌ ഒരു ബാഗിന്‌ പരമാവധി 14 രൂപ വരെയേ ചെലവാകൂ എന്ന്‌ ബാപ്പൂട്ടി പറയുന്നു.
ലക്ഷ്യം
സ്വന്തമായി കൃഷിചെയ്‌ത്‌ ഉത്‌പാദിപ്പിക്കണം എന്ന്‌ ആഗ്രഹമുള്ളവരെ പ്രോത്സാഹിപ്പിക്കാനും അടുക്കളത്തോട്ടം എന്ന സങ്കല്‌പം യാഥാര്‍ഥ്യമാക്കാനുമാണ്‌ ബാപ്പൂട്ടിയും ഹോപ്പും സൗജന്യ വിത്തു വിതരണവുമായി മുമ്പോട്ടു പോകുന്നത്‌. ഇപ്പോള്‍ വിത്തുകള്‍ അടങ്ങിയ 400 കവറുകളെങ്കിലും ഓരോ മാസവും ആവശ്യക്കാരെതേടി ബാപ്പൂട്ടിയുടെ പക്കല്‍നിന്നും പോകാറുണ്‌ട്‌. കോട്ടയം, ആലപ്പുഴ, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍നിന്നാണ്‌ വിത്തുകള്‍ ആവശ്യപ്പെട്ട്‌ ബാപ്പൂട്ടിയെ തേടി കവറുകള്‍ എത്തുന്നത്‌. 

പ്രധാനമായും സോഷ്യല്‍മീഡിയകളിലെ കാര്‍ഷിക ഗ്രൂപ്പുകള്‍ വഴിയാണ്‌ വിത്തുകള്‍ക്ക്‌്‌ ആവശ്യക്കാരെത്തുന്നതെങ്കിലും കാര്‍ഷിക രംഗത്തോടും പച്ചക്കറി കൃഷിയോടും താത്‌പര്യമുള്ളവര്‍ക്ക്‌ വിത്തുകള്‍ ആവശ്യമെങ്കില്‍ വിലാസം രേഖപ്പെടുത്തിയ കവര്‍ ബാപ്പൂട്ടിയുടെ വിലാസത്തില്‍ അയയ്‌ക്കാവുന്നതാണ്‌. 

വിലാസം: പി.കെ. ബാപ്പൂട്ടി, തക്കോലില്‍ വീട്‌, കരിഞ്ചാപ്പാടി, വട്ടല്ലൂര്‍ പി ഒ, മലപ്പുറം, 676507, ഫോണ്‍: 9995611631

കൃഷി ഫൈസലിനു ജീവിതം

 

തന്റെ തൊഴിലായ ടൈല്‍ പണിക്കുശേഷം ലഭിക്കുന്ന സമയങ്ങളില്‍ പാര്‍ടൈമായി കൃഷി ചെയ്യുന്ന വ്യക്തിയാണ്‌ തൃശൂര്‍ എടക്കഴിയൂര്‍ കളത്തില്‍ ഫൈസല്‍. ടെറസിനു പുറമേ 75 സെന്റു പാടം പാട്ടത്തിനെടുത്താണ്‌ ഫൈസലിന്റെ കൃഷി. ടെറസിലും പാട്ടത്തിനെടുത്ത സ്ഥലത്തുമായി ഒട്ടുമിക്ക പച്ചക്കറികളും വളര്‍ന്നു വിളവെടുക്കാന്‍ പാകത്തില്‍ നില്‌ക്കുന്നു. പയര്‍, പടവലം, വെള്ളരി, കുമ്പളം, ചോളം, കുറ്റിപ്പയര്‍, തണ്ണിമത്തന്‍, ചുരയ്‌ക്ക, മത്തന്‍, ചീര, വഴുതിന, മുളക്‌, വെണ്ട തുടങ്ങിയ പച്ചക്കറികളാണ്‌ ഫൈസലിന്റെ തോട്ടത്തിലെ താരങ്ങള്‍. ഇവയെക്കൂടാതെ കുറച്ചു കപ്പയും നട്ടിട്ടുണ്ട്‌.


ടെറസ്‌ പൂര്‍ണമായും പയറിനായി മാറ്റിവച്ചിരിക്കുകയാണ്‌. 50 ഗ്രോബാഗുകളിലാണ്‌ മീറ്റര്‍ പയര്‍ നട്ടിരിക്കുന്നത്‌. ടെറസില്‍ മരപ്പലക വച്ച്‌ അതിനു മുകളിലാണ്‌ ഓരോ ബാഗുകളും വച്ചിരിക്കുന്നത്‌. ഒപ്പം ജിഐ പൈപ്പുപയോഗിച്ച്‌ പയറിനു പന്തല്‍ കെട്ടിയിരിക്കുന്നു. 
64 ബാഗുകളിലായി ആറിനം വഴുതനയാണ്‌ ഫൈസല്‍ കൃഷി ചെയ്യുന്നത്‌. 75 സെന്റ്‌ പാടത്ത്‌ 20 സെന്റില്‍ അനശ്വര ഇനം കുറ്റിപ്പയര്‍ നട്ടിരിക്കുന്നു. 20സെന്റില്‍ മത്തന്‍, കുമ്പളം, വെള്ളരി, ചുരയ്‌ക്ക, ചീര എന്നിവയും ശേഷിക്കുന്ന 35 സെന്റില്‍ കപ്പയുമാണ്‌ കൃഷി ചെയ്‌തിരിക്കുന്നത്‌. ഇവയുടെയൊപ്പം പരീക്ഷണാടിസ്ഥാനത്തില്‍ ചോളവും കൃഷിചെയ്‌തിരിക്കുന്നു.

പയര്‍, പടവലം, വെള്ളരി തുടങ്ങിയവ ഡിസ്‌പോസിബിള്‍ ഗ്ലാസുകളില്‍നട്ട്‌ മുളപ്പിച്ച്‌ മൂന്നില വന്നതിനു ശേഷമാണ്‌ മാറ്റി നടുക. ഒരു ഗ്രോബാഗില്‍ മൂന്നു പയര്‍തൈ എന്ന രീതിയിലാണ്‌ നടുന്നത്‌. എന്നാല്‍ പാടത്തു കൃഷിചെയ്‌തിരിക്കുന്ന അനശ്വര എന്ന ഇനം കുറ്റിപ്പയര്‍ ട്രാക്ടര്‍ ഉപയോഗിച്ച്‌ നിലം ഉഴുതശേഷം നേരിട്ട്‌ നടുകയാണ്‌ ചെയ്യുന്നത്‌. പയര്‍ച്ചെടികള്‍ തമ്മില്‍ ഒരടി അകലം വരുന്ന രീതിയിലാണ്‌ നടുന്നത്‌.

ചാണകം, വേപ്പിന്‍പിണ്ണാക്ക്‌, പച്ചക്കറി അവശിഷ്ടങ്ങള്‍, മണ്ണിരക്കമ്പോസ്‌റ്റ്‌ എന്നിവയാണ്‌ പ്രധാനമായും വളമായി ഉപയോഗിക്കുന്നത്‌. പച്ചക്കറികളുടെ ഗുണമേന്മയ്‌ക്കു പ്രാധാന്യം നല്‌കുന്നതിനാല്‍ രാസവളങ്ങളോ കീടനാശിനിയോ ഫൈസല്‍ തന്റെ കൃഷിയിടത്തില്‍ ഉപയോഗിക്കാറില്ല.

കീടനാശിനിയായി പുകയിലക്കഷായവും വെളുത്തുള്ളി മിശ്രിതവുമാണ്‌ സാധാരണയായി ഉപയോഗിക്കുക.

ദിവസവും രണ്ടുനേരമാണ്‌ നന. ഡ്രിപ്‌, സ്‌പ്രിംഗ്ലര്‍ എന്നീ രീതികളിലുമുള്ള ജലസേചനരീതിയാണിവിടെ. ജലക്ഷാമമില്ലാത്തതിനാല്‍ വേനല്‍ക്കാലത്തും ഇവിടെ നല്ല വിളവാണ്‌.

വിളവെടുക്കുന്ന പച്ചക്കറികള്‍ വീട്ടിലെത്തി വാങ്ങാന്‍ ആവശ്യക്കാരേറെയുണ്ട്‌. വീട്ടില്‍നിന്നുള്ള വിപണനത്തിനുശേഷം ബാക്കിയുള്ളവ ചാവക്കാട്‌ മാര്‍ക്കറ്റില്‍ നല്‌കുന്നു. വിപണിമൂല്യവും ആവശ്യക്കാരുള്ളതുകൊണ്ടും തനിക്ക്‌ ഉത്‌പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയുന്നുണ്ടെന്നു ഫൈസല്‍ പറയുന്നു. അതുകൊണ്ടുതന്നെ കൃഷി നഷ്ടമായി കാണുന്നില്ല. കാര്‍ഷികരംഗത്തേക്ക്‌ ചുവടു വയ്‌ക്കുമ്പോള്‍ എപ്പോഴും ശ്രദ്ധിക്കേണ്ടത്‌ ഉത്‌പന്നങ്ങള്‍ക്ക്‌ വിപണി കണ്ടെത്തുക എന്നതാണ്‌. അതോടൊപ്പം ഉത്‌പന്നങ്ങളുടെ ഗുണമേന്മയും വളരെയധികം ശ്രദ്ധിക്കണം.

വിപണിയും ഗുണമേന്മയും പരിചരണരീതികളുമൊക്കെ ശ്രദ്ധിച്ചാല്‍ കൃഷി ഒരിക്കലും നഷ്ടമാവില്ലെന്നതാണ്‌ ഫൈസല്‍ തന്റെ കാര്‍ഷികജീവിതത്തിലൂടെ സമൂഹത്തിനു }ല്‍കുന്ന മാതൃക.വിത്തുകള്‍ ആവശ്യപ്പെട്ട്‌ നിരവധി ആളുകള്‍ ഫൈസലിനെ സമീപിക്കാറുണ്ട്‌. കൃഷിയോടുള്ള അവരുടെ താത്‌പര്യത്തിനു തനിക്കു കഴിയുംവിധം സഹായിക്കാറുമുണ്ടെന്നും ഫൈസല്‍ പറയുന്നു. വിത്തുകള്‍ ആവശ്യപ്പെട്ടു കവര്‍ അയയ്‌ക്കുന്നവര്‍ക്കാണ്‌ അധികവും വിത്തുകള്‍ അയയ്‌ച്ചുനല്‌കുക.

കാര്‍ഷികരംഗത്ത്‌ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച്‌ കൃഷിയെ ജീവിതത്തോടു ചേര്‍ത്തുനിര്‍ത്തുന്ന ഫൈസലിനെപ്പോലെയുള്ള യുവകര്‍ഷകര്‍ കാര്‍ഷിക കേരളത്തിന്റെ പുത്തന്‍ വാഗ്‌ദാനങ്ങളാണ്‌. കാര്‍ഷിക സംസ്‌കാരത്തിന്റെയും...

ഫൈസല്‍: 8129153148.

രണ്ടര ഏക്കറില്‍ കൃഷിവൈവിധ്യമൊരുക്കി ദമ്പതികള്‍

 

 

പഴവര്‍ഗങ്ങളും പച്ചക്കറികളും നിറഞ്ഞ ഏദന്‍ തോട്ടം. ഇതുതന്നെയാണ് തിരുവനന്തപുരം വെഞ്ഞാറുംമൂട് അയിരൂര്‍കോണത്തുപുത്തന്‍വീട്ടില്‍ ഡോ. ഉത്തമന്റെയും ഭാര്യ അമ്പിളിയുടെയും രണ്ടരയേക്കറോളം വരുന്ന പുരയിടത്തിനു ചേരുന്ന പേര്. കാരണം ഈ പുരയിടത്തിലില്ലാത്ത ഫലവൃക്ഷങ്ങള്‍ ഒന്നുംതന്നെയില്ലെന്നു പറയാം. ഇവരുടെ മകന്‍ അനീഷ് ഫേസ്ബുക്കിലെ കര്‍ഷകരുടെ കൂട്ടായ്മയായ കൃഷിഗ്രൂപ്പില്‍ അംഗമായതോടുകൂടി പുരയിടത്തിലെ ഫലവൃക്ഷങ്ങളുടെ എണ്ണം വര്‍ധിച്ചു. ഇതോടെ അപൂര്‍വ ഇനങ്ങളായ വിവിധയിനം പച്ചക്കറികളും പുരയിടത്തില്‍ സ്ഥാനം പിടിച്ചു.


കമ്മല്‍, മാലിമുളക്, ഭൂത് ഇലോക്യ, അഞ്ചിനം കാന്താരി തുടങ്ങി 25 ഇനം മുളക്, 14 അടി വളരുന്ന പ്രത്യേകതരം ചീര പൂവിടാന്‍ ഒരു വര്‍ഷമെടുക്കും. അട്ടപ്പാടി ആദിവാസി സമൂഹങ്ങളുടെ കൃഷിയിടങ്ങളിലാണ് ഇവ കാണാറ്. പുള്ളിക്കുത്ത് രോഗം ബാധിക്കില്ലെന്ന പ്രത്യേകതയുമുണ്ട്.  24മണി, സീബ്ര, കഞ്ഞിക്കുഴി, മീറ്റര്‍, വൈജയന്തി തുടങ്ങി പത്തോളം പയര്‍ ഇനങ്ങള്‍, വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കാത്ത ഔഷധമൂല്യമുള്ള മൂന്നിനം പാവല്‍ തുടങ്ങി വിവിധയിനം പച്ചക്കറികള്‍ ഇവിടെ യഥേഷ്ടം വിളയുന്നു.

വിവിധ ഇനം ഫലവര്‍ഗങ്ങള്‍ ഇവിടെയുണ്ടെങ്കിലും അധികവും വിദേശികളാണ്. മാംഗോസ്റ്റിന്‍, ഫിലോസാന്‍, റംബൂട്ടാന്‍, മൂട്ടിപ്പഴം, ലോക്കട്ട് തുടങ്ങിയവ ഈ പുരയിടത്തില്‍ ആദ്യം എത്തിച്ചത് ഡോ. ഉത്തമനാണ്. പിന്നീട് ഇതിന്റെ മേല്‌നോട്ടം അമ്പിളി ഏറ്റെടുക്കുകയായിരുന്നു. കൃഷിയോടുള്ള അടുപ്പം മക്കളായ അനീഷിനെയും മനീഷിനെയും കൃഷിയിടത്തില്‍ നൂതന രീതികള്‍ പരീക്ഷിക്കാന്‍ പ്രേരിപ്പിച്ചു. തങ്ങളുടെ തോട്ടത്തിലില്ലാത്ത ഫലവൃക്ഷങ്ങളും പച്ചക്കറികളും തോട്ടത്തിലെത്തിക്കാന്‍ ഇവര്‍ ശ്രമിക്കാറുമുണ്ട്.

നമ്മുടെ നാട്ടില്‍ അത്ര പരിചിതമല്ലാത്ത നിരവധി ഫലവൃക്ഷങ്ങളാണ് മറ്റൊരു പ്രത്യേകത. പോണ്ട് ആപ്പിള്‍, കെവാനോ മെലന്‍, റൊളിന, ബെറിബ, ഐസ് സ്ക്രീം ബീന്‍സ്, ഡുക്കു, ലംഗ്ഷഡ്, ദുരിയാന്‍, മക്കോട്ട ദേവ, വംശനാശഭീഷണിയുള്ള മാവിനമായ മാംഗിഫെറ പജാംഗ്, ചെറി മാംഗോസ്റ്റിന്‍, അച്ചാറച്ചു, അക്കി, ബനാന പാഷന്‍ ഫ്രൂട്ട്, കാസാ ബനാന, ഗാക്ക്, ചെമ്പടക്ക് (ചക്ക), തായ്‌ലന്‍ഡ് ആപ്പിള്‍ ബെര്‍, പമിലോ, തായ്‌ലന്‍ഡ് ഞാവല്‍, ആറിനം ചെറി, വിവിധയിനം പേരകള്‍ തുടങ്ങിയവ ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍നിന്നെത്തിച്ചിട്ടുള്ളവയാണ്. ആകെ 150 ഇനങ്ങളോളം ഫലവൃക്ഷങ്ങളാണ് ഈ തോട്ടത്തിലുള്ളത്. ആവശ്യക്കാര്‍ക്കായി ഇപ്പോള്‍ വിദേശത്തുനിന്നു നേരിട്ട് വരുത്തി നല്കുന്നുണ്ട്. നേരിട്ടു വരുത്തുന്നതിലൂടെ ഗുണമേന്മ നഷ്ടപ്പെടാറില്ല. ഒപ്പം സാമ്പത്തികച്ചെലും കുറവാണ്. തായ്‌ലന്‍ഡിലുള്ള സുഹൃത്ത് മുഖേനയാണ് അനീഷ് വിത്തുകളും തൈകളും ഇവിടെത്തിക്കുന്നത്.

ആട്ടിന്‍കാഷ്ടമാണ് പ്രധാനമായും വളമായി നല്കുന്നത്. ഫലവൃക്ഷങ്ങള്‍ക്കു പൂര്‍ണമായും ജൈവകൃഷി പ്രായോഗികമല്ലാത്തതിനാല്‍ ചെറിയതോതില്‍ യൂറിയയും പൊട്ടാഷും നല്കുന്നുണ്ട്. എല്ലുപൊടി, ചാണകവും കടലപ്പിണ്ണാക്കും ചേര്‍ത്ത മിശ്രിതം തുടങ്ങിയവയും നല്കുന്നു. വൃക്ഷങ്ങള്‍ പൂവിടുന്ന സമയത്ത് ഫിഷ് അമിനോ ആസിഡും നല്കും. 

കാര്‍ഷികരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കു മികച്ച വനിതാ കര്‍ഷകയ്ക്കുള്ള സബര്‍മതി ട്രസ്റ്റ് അവാര്‍ഡ്, ഭാരത് സേവാ സമാജ് അവാര്‍ഡ് എന്നിവ അമ്പിളിക്കു ലഭിച്ചിട്ടുണ്ട്. ഇവരുടെ ഫലവൃക്ഷത്തോട്ടം കാണാനും കൃഷിയെപ്പറ്റി അടുത്തറിയാനുമായി നിരവധി ആളുകള്‍ ഇവിടെ എത്താറുണ്ട്. പരമ്പരാഗത കാര്‍ഷിക രീതികള്‍ക്കും വിളകള്‍ക്കുമൊപ്പം നൂതനമായ ആശയങ്ങള്‍ കൃഷിയിടത്തില്‍ വരുത്തേണ്ടത് നാളെയുടെ ആവശ്യമാണ്. കൃഷിരീതികള്‍ മനസിലാക്കാന്‍ സമീപിക്കുന്നവരെ സഹായിക്കാന്‍ അനീഷിനു മടിയില്ല.

കാര്‍ഷിക രംഗത്തെ പുത്തന്‍ മാറ്റങ്ങള്‍ക്കു ഫേസ്ബുക്കിലെ കാര്‍ഷിക കൂട്ടായ്മകള്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. മാറിയ ജീവിത സാഹചര്യത്തില്‍നിന്നു പഴമയുടെയും കാര്‍ഷിക സംസ്കാരത്തിലേക്കും തിരികെ നടക്കാന്‍ താല്പര്യപ്പെടുന്ന മലയാളികള്‍ക്ക് ഡോ. ഉത്തമന്റെയും കുടുംബത്തിന്റെയും കാര്‍ഷിക ജീവിതം ഒരു പ്രചോദനമാകട്ടെ..

അനീഷ്: 9995058625

സ്ഥലപരിമിതി ഇനി കൃഷിക്കൊരു തടസമാവില്ല പരിഹാരമായി ഒരു സെന്റ് മിനി പോളിഹൗസ്

കൃഷി ചെയ്യാന്‍ സ്ഥലപരിമിതി നേരിടുന്നവര്‍ക്ക് വലിയൊരാശ്വാസമാണ് കേരള കാര്‍ഷിക സര്‍വകലാശാലയുടെ ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഹൈടെക് കര്‍മ സേന വികസിപ്പിച്ചെടുത്ത ഒരു സെന്റ് മിനി പോളിഹൗസ്. 40 ചതുരശ്ര മീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഈ മിനി പോളിഹൗസില്‍ വലിയ ഗ്രീന്‍ ഹൗസുകളിലും പോളിഹൗസുകളിലും വളരുന്ന എല്ലാ പച്ചക്കറികളും കൃഷി ചെയ്യാം.

വീട്ടു മുറ്റത്തും മട്ടുപ്പാവിലും ആവശ്യമെങ്കില്‍ മറ്റൊരു സ്ഥലത്തേക്ക് അഴിച്ചുമാറ്റിയും ഈ മിനി പോളിഹൗസ് സ്ഥാപിക്കാം. ഒരു വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികള്‍ മുഴുവന്‍ ഉത്പാദി പ്പിക്കുന്നതിനു പുറമെ ആവശ്യമെങ്കില്‍ അല്പം പച്ചക്കറികള്‍ പുറമേക്ക് വിറ്റഴിക്കാനുമാകും. മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് പ്രവര്‍ത്തിക്കുന്ന ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. പി. രാജേന്ദ്രന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത ഈ മിനി പോളിഹൗസിന്റെ നൂറിലേറെ യൂണിറ്റുകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമായി ഇതിനകം നിര്‍മിച്ചുകഴിഞ്ഞു. കേരളത്തിന്റെ പ്രത്യേക സാഹ ചര്യങ്ങള്‍ക്കനുസരിച്ചാണ് ഈ മിനിപോളി ഹൗസ് രൂപകല്പന ചെയ്തിരിക്കുന്നത്.

ഈ ഒരു സെന്റ് മിനിപോളി ഹൗസില്‍ വെര്‍ട്ടിക്കല്‍ ഫാമിംഗ് യൂണിറ്റ്കൂടി സ്ഥാപിച്ച് റിക്കാര്‍ ഡിട്ടിരിക്കുകയാണ് ഇപ്പോള്‍ ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഹൈടെക് ആര്‍മി. ഡോ. പി. രാജേന്ദ്രന്‍ ഗവേഷണ വിഭാഗം അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന അമ്പല വയല്‍പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലാണ് ഒരു സെന്റ് മിനി പോളിഹൗസില്‍ വെര്‍ട്ടിക്കല്‍ ഫാമിംഗ്‌യൂണിറ്റ് തയാറാക്കിയിരിക്കുന്നത്. സ്‌ട്രോബറിയാണ് ആദ്യഘട്ടത്തില്‍ ഈ മിനിപോളിഹൗസ് വെര്‍ട്ടിക്കല്‍ ഫാമില്‍ കൃഷി ചെയ്യുന്നത്. ഈ വെര്‍ട്ടിക്കല്‍ ഫാമിലെ നാലുതട്ടുകളിലും സ്‌ട്രോബറി കൃഷി ചെയ്യുന്നു. റെസ്ചാര്‍ലി ഇനമാണ് കൃഷി ചെയ്തിരി ക്കുന്നത്. ഈ ഇനത്തിന്റെ ആയിരത്തോളം ചെടികള്‍ ഈ വെര്‍ട്ടിക്കല്‍ ഫാമിലുണ്ട്. നാലു വരികളി ലായാണ് കൃഷി. മധ്യത്തില്‍ നടന്നു പോകാനുള്ള സ്ഥലവും വിട്ടിരിക്കുന്നു.

വെര്‍ട്ടിക്കല്‍ ഫാമില്‍ താഴെ ലഭ്യമായ സ്ഥലം ഉപയോഗിക്കാന്‍ വേണ്ടി 40 ഓളം ഗ്രോബാഗുകളി ല്‍ പച്ചക്കറികള്‍ കൃഷി ചെയ്തിരി ക്കുന്നു.

ഫോണ്‍: കെ. പി അബ്ദുള്‍ സലാം - 9895331317

മഴമറ, അറിയാനുണ്ട് ചില കാര്യങ്ങള്‍

മനുഷ്യന്‍ പ്രകൃതിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ പല രീതിയിലും ഭാവത്തിലുമാണ് പ്രതിഫലിക്കപ്പെടുന്നത്. അത് ചിലപ്പോള്‍ കാലാവസ്ഥാ വ്യതിയാനമാകാം, മണ്ണിന്റെ ഘടനയാകാം, ജലസ്രോതസുകളില്‍ വരുന്ന മാറ്റങ്ങളാവാം. അതില്‍ പ്രധാനമാണ് മഴ. മഴക്കാലമായാല്‍ ചെടികളില്‍ കുമിള്‍ രോഗങ്ങള്‍ പതിവാകുന്നു. പൂക്കള്‍ കൊഴിയുന്നു, ചീയുന്നു.

അങ്ങനെ അതുവരെ ചെടികള്‍ക്കു നല്കിയ പരിചരണം പാഴായിപ്പോകും. അത്തരത്തില്‍ സസ്യങ്ങള്‍ നേരിടേണ്ടിവരുന്ന പ്രതികൂല കാലാവസ്ഥയില്‍നിന്ന് അവയെ രക്ഷിക്കുക എന്നതാണ് മഴമറയുടെ ലക്ഷ്യം. നിശ്ചിത ഉയരത്തില്‍ പോളിത്തീന്‍ ആവരണം നല്കി മഴയില്‍നിന്നും സൂര്യനില്‍നിന്നുവരുന്ന ഹാനികരമായ രശ്മികളില്‍നിന്നും സസ്യങ്ങളെ സംരക്ഷിക്കാം. അതിലൂടെ ചെടിക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥ കൃത്രിമമായി ഒരുക്കുന്നു.

എങ്ങനെ നിര്‍മിക്കാം

പ്രതിയില്‍നിന്നുള്ള കമുക്, മുള തുടങ്ങിയവ ഉപയോഗിച്ചോ ജിഐ പൈപ്പുകള്‍ ഉപയോഗിച്ചോ മഴമറ തയാറാക്കാം. മുകളില്‍ പറഞ്ഞവ ഉപയോഗിച്ച് ചട്ടക്കൂട് ഉണ്ടാക്കി അതില്‍ പോളിത്തീന്‍ ഷീറ്റ് ഉറപ്പിക്കണം. പ്രകൃതിദത്ത ഉത്പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സാമ്പത്തികച്ചെലവ് വളരെ കുറവായിരിക്കും. എന്നാല്‍ ഈടു നില്‍ക്കുന്നത് നോക്കുമ്പോള്‍ ജിഐ പൈപ്പ് ഉപയോഗിച്ചുണ്ടാക്കുന്നതാണ് മെച്ചം.

ആവശ്യമായ വസ്തുക്കള്‍

ബി ക്ലാസ് ഗ്രേഡ് ജിഐ പെപ്പ്, അള്‍ട്രാവയലറ്റ് സ്റ്റബിലൈസ്ഡ് പോളിത്തീന്‍ ഫിലിം, ഫിലിം ലോക്ക് ചെയ്യാനുള്ള അലുമിനിയം ചാനലും അതില്‍ ഘടിപ്പിക്കുന്ന സ്പ്രിംഗും.

മട്ടുപ്പാവില്‍ അലുമിനിയം ഷീറ്റ് ഉറപ്പിക്കാന്‍ തയാറാക്കുന്ന മാതൃക തന്നെയാണ് മഴമറയുടെ ചട്ടക്കൂടിനും വേണ്ടത്. വശങ്ങളില്‍ മൂന്നു മീറ്ററില്‍ കുറയാത്ത ഉയരം വേണം. അത് ആവശ്യത്തിനു വായു സഞ്ചാരം ഉറപ്പാക്കും. മഴമറയുടെ വലുപ്പമനുസരിച്ച് നടുവില്‍ 3.5 മുതല്‍ നാലു മീറ്റര്‍ വരെ ഉയരം നല്കാവുന്നതാണ്.

ചട്ടക്കൂടിന്റെ നിര്‍മാണഘട്ടത്തില്‍ത്തന്നെ വശങ്ങളില്‍ ക്രോസ് ബാറുകള്‍ നല്കുന്നത് കൂടുതല്‍ ബലം നല്കും. ചട്ടക്കൂടിന്റെ മേല്‍ക്കൂരയുടെ പാര്‍ശ്വങ്ങളില്‍ വരുന്ന പൈപ്പുകളിലാണ് അലുമിനിയം ചാനല്‍ ഘടിപ്പിക്കുന്നത്. അവ ഉറപ്പിക്കാന്‍ സ്‌ക്രൂ ഉപയോഗിക്കാം. ചാനലിനു മേലെ ഫിലിം നന്നായി വലിച്ചുപിടിച്ച് സ്പ്രിംഗ് ഇട്ടുകഴിഞ്ഞാല്‍ മഴമറ റെഡി. സ്പ്രിംഗ് വാങ്ങുമ്പോള്‍ ഗുണനിലവാരമുള്ളവ വാങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കഴിയുമെങ്കില്‍ പ്ലാസ്റ്റിക് കവചം ഉള്ളത്. അവ കൂടുതല്‍ ഈടുനില്‍ക്കും.

ജിനെഗര്‍ പ്ലാസ്റ്റിക് പ്രൊഡക്ട്‌സ് ലിമിറ്റഡ്, സണ്‍കൂള്‍ എന്നിങ്ങനെ പ്രധാനമായും രണ്ടു കമ്പനികളാണ് ഇന്ത്യയില്‍ യുവി ഷീറ്റുകള്‍ നിര്‍മിക്കുന്നത്.

പ്രസരണം, യുവി-ഇന്‍ഫ്രാ റെഡ് രശ്മികളെ തടയല്‍ എന്നീ പ്രത്യേകതകളുള്ള ഈ ഫിലിം സൂര്യരശ്മികളെ അരിച്ചാണ് ചെടികള്‍ക്കു നല്കുന്നത്. അതുകൊണ്ടുതന്നെ മഴമറയ്ക്കും പോളീഹൗസിനും ഉള്ളിലുള്ള ചെടികളുടെ ആരോഗ്യം വര്‍ധിക്കും. അതിനോടൊപ്പം ആവശ്യത്തിനു പരിചരണംകൂടിയായാല്‍ ഏറ്റവും നല്ല വിളവും ലഭിക്കും.
മഴമറയുടെ വശങ്ങള്‍ മറയ്ക്കാന്‍ ആവശ്യമെങ്കില്‍ ഗ്രീന്‍ നെറ്റ് ഉപയോഗിക്കാം. വായു കടക്കാന്‍ വശങ്ങള്‍ മറയയ്ക്കാത്തതാണ് ഉത്തമം.
യുവി ഷീറ്റുകള്‍ക്ക് ചതുരശ്ര മീറ്ററിനു 65 രൂപ മുതലാണ് മാര്‍ക്കറ്റില്‍ വില. അലുമിനിയം ചാനലിനു മീറ്ററിനു 50 രപയും സ്പ്രിംഗിനു മീറ്ററിനു 12 രൂപയുമാണ് ശരാശരി വില.

ഫോണ്‍: 8089632384

കടപ്പാട്-karshakanmagazine.blogspot.in

അവസാനം പരിഷ്കരിച്ചത് : 7/27/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate