Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കൃഷി അറിവുകള്‍

കൂടുതല്‍ വിവരങ്ങള്‍

കൂണ്‍ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കുക

ഒരു ബെഡില്‍ നിന്നും 750 ഗ്രാം മുതല്‍ ഒരു കിലോവരെ വിളവു കിട്ടും. ഒരു ബെഡില്‍ നിന്നും 3-4 തവണ വിളവെടുക്കാം. തുടര്‍ന്ന് ബെഡ് മാറ്റണം.

കേരളത്തിലെ കാലാവസ്ഥയില്‍ അനുയോജ്യമായി കൃഷി ചെയ്‌തെടുക്കാവുന്ന രണ്ടുതരം കൂണുകളാണുള്ളത്. ചിപ്പിക്കൂണും പാല്‍ക്കൂണും.

അനുകൂല സാഹചര്യമാണെങ്കില്‍ 5-6 ദിവസം കൊണ്ട് കൂണ്‍ വിത്തുകള്‍ വളര്‍ന്നു വരും. തൂവെള്ള നിറത്തിലാണ് കൂണുകള്‍ വളര്‍ന്നു വരുന്നത്.  നിറം തൂവെള്ളയ്ക്കു പകരം ചിലപ്പോള്‍ പച്ചയോ കറുപ്പോ ആയേക്കാം. ഇതു രണ്ടും ദോഷകരമാണ്.

കൂണില്‍ കറുപ്പ് നിറം കാണുന്നത് ബാക്ടീരിയയുടെ സാന്നിധ്യമാണ്. പച്ചനിറമാണ് ഗുരുതരം. പച്ചനിറമായാല്‍ വിത്തു മുഴുവന്‍ മോശമാണെന്ന് മനസ്സിലാക്കാം. കവറുകള്‍ പൂര്‍ണമായും കൂണ്‍ ബെഡില്‍ നിന്നും മാറ്റി കത്തിച്ചുകളയണം.

ഒട്ടും കലര്‍പ്പില്ലാത്ത ശുദ്ധമായ വിത്തുതന്നെ ഉപയോഗിക്കണം. കൂണ്‍വിത്ത് വാങ്ങുമ്പോള്‍ ഒരേ സ്ഥലത്തുനിന്നും തുടര്‍ച്ചയായി വാങ്ങരുത്.

മുളച്ച കുമിള്‍ 18-20 ദിവസം കൊണ്ട് ദ്വാരങ്ങള്‍ വഴി പുറത്തുവരും. കൂണ്‍ പൂര്‍ണമായി വിരിയുന്നതിന് മുമ്പ് വിളവെടുക്കണം. ദ്വാരത്തില്‍ക്കൂടി പുറത്തുവരുന്ന കൂണ്‍മുകുളങ്ങള്‍ മൂന്നു ദിവസത്തിനകം വിളവെടുത്തിരിക്കണം. വിളവെടുത്ത കൂണ്‍ തരംതിരിച്ച് ഒരേ വലിപ്പവും മിഴിവും ഉള്ളവ വേര്‍തിരിച്ച് പാക്കറ്റുകളില്‍ നിറയ്ക്കുക. നിറച്ച പാക്കറ്റുകള്‍ ഉടന്‍ മാര്‍ക്കറ്റില്‍ എത്തിക്കുക.

വിളവെടുത്ത കൂണുകള്‍ 10-15 മണിക്കൂറിനുള്ളില്‍ പാചകം ചെയ്തിരിക്കണം. പഴകിയ കുമിള്‍ ഭക്ഷ്യയോഗ്യമല്ല.

കൂണിന്റെ ഈച്ചകളെ തുരത്താന്‍ കൂണ്‍പുരയില്‍ വേപ്പെണ്ണ വശങ്ങളില്‍ തേച്ചുപിടിപ്പിച്ച വെളുത്ത കൊടി തൂക്കിയിടാം. ഈച്ചകള്‍ പറന്നു കൊടിയുടെ പ്രതലത്തില്‍ പറ്റിപ്പിടിച്ച് ചത്തുപോകും. കൂടാതെ വേപ്പെണ്ണയുടെ ഗന്ധവും ഈച്ചകളെ അകറ്റും.

ഒരു ബെഡില്‍ നിന്നും 750 ഗ്രാം മുതല്‍ ഒരു കിലോവരെ വിളവു കിട്ടും. ഒരു ബെഡില്‍ നിന്നും 3-4 തവണ വിളവെടുക്കാം. തുടര്‍ന്ന് ബെഡ് മാറ്റണം.

ആദ്യ വിളവെടുപ്പ് കഴിഞ്ഞാല്‍ ഒരാഴ്ച ഇടവിട്ട് ബാക്കി വിളവെടുപ്പും പൂര്‍ത്തിയാക്കാം.

കൂണ്‍കൃഷിയില്‍ പ്രധാനം ശുചിത്വമാണ്. അണുനശീകരണം നടത്തിയ പ്ലാസ്റ്റിക് ഷീറ്റുകളില്‍ വേണം വൈക്കോല്‍ ഉണക്കാന്‍. കഴുകി ഉണക്കിയ വസ്ത്രങ്ങള്‍ ധരിച്ചുവേണം കൂണ്‍പുരയില്‍ പ്രവേശിക്കാന്‍. വൃത്തിയും ശുചിത്വവുമുള്ള സാഹചര്യങ്ങളില്‍ മാത്രമേ കൂണ്‍ കൃഷി ചെയ്യാവൂ.

(കടപ്പാട്:  ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

വീട്ടുവളപ്പില്‍ വിജയിച്ച സാമ്പാര്‍ ചാലഞ്ച്‌

സ്വന്തം വീട്ടുവളപ്പിലും മട്ടുപ്പാവിലും അധ്വാനിച്ചുണ്ടാക്കുന്ന പച്ചക്കറികള്‍ പരിചയമുള്ളവര്‍ക്ക് സൗജന്യമായി നല്‍കുന്നതില്‍ ഇവര്‍ക്കാര്‍ക്കും മടിയില്ല. എന്നിരുന്നാലും എല്ലാത്തിനും ഒരു പരിധിയില്ലേ?

സാമ്പാറിന് വേണ്ടിയുള്ള മുഴുവന്‍ പച്ചക്കറികളും സ്വന്തം വീട്ടുവളപ്പില്‍ വളര്‍ത്തി മികച്ച കര്‍ഷകയ്ക്കുള്ള 'സാമ്പാര്‍ ചാലഞ്ച്'  അവാര്‍ഡ് നേടിയാണ് അനിത രാമചന്ദ്രന്‍ വ്യത്യസ്തയാകുന്നത്. കൃഷിഭൂമി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലുള്ള 1600 കൃഷിക്കാരാണ് ഈ മത്സരത്തില്‍ പങ്കെടുത്തത്. ജൈവപച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാനുള്ള വേറിട്ട ഈ ഉദ്യമത്തില്‍ പങ്കാളിയായ അനിത തന്റെ കൃഷി വിശേഷങ്ങള്‍ പങ്കുവെക്കുന്നു.

'കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ പച്ചക്കറികള്‍ ഉദ്പാദിപ്പിക്കുക എന്നതും കൂടിയായിരുന്നു സാമ്പാര്‍ ചാലഞ്ച് എന്ന മത്സരത്തിന്റെ ലക്ഷ്യം. ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ആളുകള്‍ ഓരോരുത്തരുടെയും കൃഷിസ്ഥലത്ത് വന്ന് കൃഷിരീതികള്‍ കണ്ടു മനസ്സിലാക്കിയാണ് വിലയിരുത്തിയത്. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരും ജഡ്ജിംഗ് പാനലില്‍ ഉണ്ടായിരുന്നു. അന്നത്തെ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയായിരുന്നു അവാര്‍ഡ് നല്‍കിയത്.' അനിത മത്സരത്തെക്കുറിച്ച് വ്യക്തമാക്കുന്നു.


അനിത രാമചന്ദ്രന്‍ മന്ത്രി രമേഷ് ചെന്നിത്തലയില്‍ നിന്ന് 'സാമ്പാര്‍ ചാലഞ്ച്'  അവാര്‍ഡ് സ്വീകരിക്കുന്നു

വൈക്കത്ത് തലയോലപ്പറമ്പിലാണ് അനിതയുടെ വീട്. 10 വര്‍ഷത്തോളമായി വീടിനു ചുറ്റുമുള്ള 75 സെന്റ് സ്ഥലത്തുള്ള പുരയിടത്തില്‍ ഈ വീട്ടമ്മ കൃഷി ചെയ്യുന്നു. വീട് നില്‍ക്കുന്ന സ്ഥലം ഒഴിച്ചുനിര്‍ത്തിയാല്‍ മുഴുവന്‍ സ്ഥലത്തും പലതരത്തിലുള്ള പച്ചക്കറികള്‍ വിളഞ്ഞു നില്‍ക്കുകയാണ്. കടയില്‍പ്പോയി പച്ചക്കറികളൊന്നും അനിത വാങ്ങാറില്ല. കപ്പ,വാഴ,ചേന,ആകാശവെള്ളരി തുടങ്ങി എല്ലാം ആ പുരയിടത്തില്‍ സമൃദ്ധമായി വളരുന്നു.

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ജൈവകൃഷിക്കാര്‍ക്ക് വിപണി കണ്ടെത്താന്‍ കഴിയുന്നില്ലെന്ന പരാതി അനിതയ്ക്കുമുണ്ട്. കഷ്ടപ്പെട്ടുണ്ടാക്കുന്ന പച്ചക്കറികള്‍ സൗജന്യമായി മറ്റുള്ളവര്‍ക്കു കൊടുക്കുന്നതിനും ഒരു പരിധിയുണ്ടല്ലോ. അനിതയുടെ വാക്കുകളിലേക്ക്, "250 രൂപയ്ക്ക് നമ്മള്‍ കൊടുക്കുന്ന കാന്താരിമുളക് പുറത്ത് കടയില്‍ 1000 രൂപയ്ക്കാണ് വില്‍ക്കുന്നത്. വന്‍ലാഭത്തില്‍ മറിച്ചുവില്‍ക്കുകയാണ് കച്ചവടക്കാര്‍.  വീട്ടിലുണ്ടാക്കുന്ന വാഴക്കുല 20 രൂപയ്ക്ക് കടയില്‍ കൊടുക്കേണ്ടി വരുന്ന നമ്മള്‍ അതേ പഴം അവരില്‍ നിന്നു വാങ്ങിക്കുന്നത് കിലോയ്ക്ക് 45 രൂപ കൊടുത്തായിരിക്കും. ഞങ്ങളെപ്പോലുള്ള ജൈവകര്‍ഷകര്‍ക്ക്  വീട്ടാവശ്യത്തിന് ഉപകരിക്കുന്ന പച്ചക്കറികളില്‍ നിന്ന് മിച്ചം വരുന്നവ  ഇടനിലക്കാരില്ലാതെ വില്‍ക്കാന്‍ കഴിയണം. '

ചെറിത്തക്കാളി

ഇത് അനിതയുടെ മാത്രം അഭിപ്രായമല്ല. ഒരു മുളകാണെങ്കിലും കറിവേപ്പിലയാണെങ്കിലും നമ്മള്‍ സ്വന്തം വീട്ടുവളപ്പില്‍ വിളയിച്ചെടുക്കുന്നതിന്റെ സംതൃപ്തി ഒന്നു വേറെത്തന്നെയാണ്. ഒരുപാട് പച്ചക്കറികള്‍ വിളഞ്ഞു കിടക്കുമ്പോള്‍ പത്തു പൈസ ലാഭം കിട്ടുന്ന രീതിയില്‍ വില്‍ക്കാനും കൂടിയുള്ള ഒരു വിപണി പഞ്ചായത്തടിസ്ഥാനത്തില്‍ ഉണ്ടാകുകയാണെങ്കില്‍ കൂടുതല്‍ ആളുകള്‍ ജൈവ കൃഷിയുമായി മുന്നോട്ട് വരും. ഇതാണ് അനിത വ്യക്തമാക്കുന്നത്.

വിളവെടുക്കുന്നതിനേക്കാള്‍ വിളഞ്ഞു കിടക്കുന്നത് കാണാനാണ് കൂടുതലിഷ്ടം.

'സാധാരണ എല്ലാ ജൈവ പച്ചക്കറി കൃഷിക്കാരും നട്ടുവളര്‍ത്തുന്ന എല്ലാ പച്ചക്കറികളും എന്റെ വീട്ടിലുണ്ട്. 'വടയാര്‍ വഴുതന' എന്ന പ്രത്യേക തരം വഴുതന കാണാന്‍ നല്ല ഭംഗിയാണ്. നഴ്സറിയില്‍ നിന്ന് തൈ വാങ്ങിയാണ് വീട്ടില്‍ കൊണ്ടുവന്ന് മുളപ്പിച്ചത്. ഒരു കുലയില്‍ തന്നെ ധാരാളം കായ് പിടിക്കും. ഇതു കൂടാതെ മണിത്തക്കാളി, ചായമന്‍സ എന്നിവയും ഉണ്ട്. രാവിലെയും വൈകുന്നേരവും ഒരു മണിക്കൂര്‍ നനയ്ക്കാറുണ്ട്. സ്ഥിരമായി പരിചരിക്കുമ്പോള്‍ പച്ചക്കറി തൈകള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ നമ്മുടെ കണ്ണില്‍പ്പെടും.' അനിത പറയുന്നു.

അനിത ഉണ്ടാക്കുന്ന പച്ചക്കറികള്‍ കടയില്‍ വിറ്റഴിക്കുന്നില്ല. വാഴക്കുലകള്‍ പുറത്ത് കടയില്‍ കൊടുക്കാറുണ്ട്. തൈകളും വിത്തുകളും പുറത്ത് ആവശ്യക്കാര്‍ക്ക് കൊടുക്കാറുണ്ട്. കൂടുതല്‍ ആളുകള്‍ പച്ചക്കറി കൃഷിയിലേക്ക് വരണമെന്നാണ് ഇവരുടെ  അഭിപ്രായം.

വടയാര്‍ വഴുതന

പച്ചക്കറി കൃഷി ചെയ്തുണ്ടാക്കണമെങ്കില്‍ മനസ് തന്നെയാണ് ആവശ്യം.  ജൈവകൃഷി ചെയ്യുന്നവര്‍ യഥാര്‍ഥത്തില്‍ ലാഭമല്ല ഉദ്ദേശിക്കുന്നത്. കുടുംബത്തിന്റെ ആരോഗ്യം തന്നെയാണ് പ്രധാനം. സഹിക്കാനും ക്ഷമിക്കാനും തോല്‍ക്കാനും നമ്മള്‍ പഠിച്ചെങ്കില്‍ മാത്രമേ മണ്ണില്‍ പൊന്നുവിളയിക്കുന്ന നല്ലൊരു കര്‍ഷകന്‍ ആയി മാറാന്‍ കഴിയുകയുള്ളുവെന്ന് അനിത ഓര്‍മിപ്പിക്കുന്നു.

ജൈവ കളനാശിനി വീട്ടിലുണ്ടാക്കാം

പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, നെല്ല്, ചേന, ചേമ്പ്, കാച്ചില്‍, ഇഞ്ചി മുതലായ കൃഷിയിറക്കിയിരിക്കുന്ന ഭാഗത്ത് ഈ കളനാശിനി തളിക്കരുത്. കാരണം കളകള്‍ക്കൊപ്പം ഈ കൃഷികളും നശിക്കും.

10 ലിറ്റര്‍ ലായനിയുണ്ടാക്കാന്‍ വേണ്ടുന്ന ചേരുവകള്‍: മൂന്നുകിലോ നീറ്റുകക്ക (കുമ്മായം), 12 ലിറ്റര്‍ ശുദ്ധജലം, മൂന്നു ലിറ്റര്‍ ഗോമൂത്രം, നാലുകിലോ ഉപ്പുപരല്‍ (കല്ലുപ്പ്), രണ്ടു ലിറ്റര്‍ വേപ്പെണ്ണ.

ഉണ്ടാക്കുന്ന വിധം: 12 ലിറ്റര്‍ വെള്ളത്തില്‍ നീറ്റുകക്ക കലക്കി 10 മണിക്കൂര്‍ വെയ്ക്കുക. എന്നിട്ട് ഇതില്‍നിന്ന് ഏഴുലിറ്റര്‍ തെളിവെള്ളം എടുക്കുക. ഇതില്‍ നാലുകിലോ ഉപ്പുപരലിട്ട് നന്നായി ഇളക്കുക (20 മിനിറ്റ് സമയം). ഇതിന്റെകൂടെ മൂന്നു ലിറ്റര്‍ ഗോമൂത്രംകൂടി ഒഴിച്ച് വീണ്ടും നന്നായി ഇളക്കുക (ഉപ്പ് അലിയുംവരെ).

ഇതില്‍ രണ്ടുകിലോ വേപ്പെണ്ണയൊഴിച്ച് ഒരു വടികൊണ്ട് 10 മിനിറ്റ് സമയം നന്നായി ഇളക്കുക. ഈ കൂട്ട് രണ്ടുമണിക്കൂര്‍ അനക്കാതെവെയ്ക്കുക. പിന്നീട് ഈ ലായനിയുടെ മുകളില്‍ പൊങ്ങിനില്‍ക്കുന്ന വേപ്പെണ്ണ, ചായ അരിക്കുന്ന സ്റ്റീല്‍ അരിപ്പകൊണ്ട് കോരി ഒരു പാത്രത്തിലേക്ക് മാറ്റുക (ഈ കോരിമാറ്റിയ വേപ്പെണ്ണ  രണ്ടാമതും മൂന്നാമതും ഉപയോഗിക്കാം. പുതുതായി ഒരു ലിറ്റര്‍ വേപ്പെണ്ണ ഇതിന്റെകൂടെ ചേര്‍ത്താല്‍മതി).

ഈ ലായനി ഒരു തോര്‍ത്തുപയോഗിച്ച് അരിച്ചുമാറ്റി എടുക്കുക. അരിച്ചുമാറ്റിയ ലായനി അതുപോലെതന്നെ (നേര്‍പ്പിക്കാന്‍ പാടില്ല) കളകള്‍മാത്രം നില്‍ക്കുന്ന ഭാഗത്ത് കളകളുടെ ഇലകളിലും തണ്ടിലും ചുവട്ടിലും വീഴത്തക്കവണ്ണം ഒഴിക്കുക.

10 ദിവസം മഴ ഉണ്ടാകരുത്. 10 ദിവസം ആകുമ്പോള്‍ കളകള്‍ കരിയുകയും ഈ സ്ഥലം നന്നായി ഉഴുത് കൃഷിയിറക്കുകയും ചെയ്യാം. 10 ലിറ്റര്‍ ലായനികൊണ്ട് 10 സെന്റ് സ്ഥലത്തെ കളകള്‍ കരിക്കാന്‍ കഴിയും.

പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, നെല്ല്, ചേന, ചേമ്പ്, കാച്ചില്‍, ഇഞ്ചി മുതലായ കൃഷിയിറക്കിയിരിക്കുന്ന ഭാഗത്ത് ഈ കളനാശിനി തളിക്കരുത്. കാരണം കളകള്‍ക്കൊപ്പം ഈ കൃഷികളും നശിക്കും.  തെങ്ങ്, കമുങ്ങ്, കരിമ്പ് മുതലായ തടയ്ക്ക് കട്ടിയുള്ള കൃഷികള്‍ നില്‍ക്കുന്ന ഭാഗത്തും ഈ കൃഷിവിളകളുടെ തടകളിലും ഇലകളിലും വീഴാതെ കളനാശിനി കളകളുടെ മുകളില്‍ തളിച്ചുകൊടുക്കാം. കളനാശിനി മണ്ണില്‍ക്കൂടി ഒരു പ്രതികൂലരീതിയില്‍ പ്രവര്‍ത്തനമില്ലാത്തതിനാല്‍ മണ്ണിന് യാതൊരു  കുഴപ്പവുമുണ്ടാകില്ല. മാത്രമല്ല, സൂക്ഷ്മമൂലകങ്ങളും നൈട്രജനും ഫോസ്ഫേറ്റും കൂടുതലായി മണ്ണിന് കൊടുക്കുകയും ചെയ്യുന്നു.

വിലാസം: നരേന്ദ്രനാഥ് സി., മേവറത്ത് വീട്, വെങ്ങംകുളം പി.ഒ., കൊട്ടാരക്കര, കൊല്ലം.

ഫോണ്‍: 9847774725.

ഇലവര്‍ഗ്ഗ പച്ചക്കറികള്‍ എങ്ങനെ കൃഷി ചെയ്യാം?

കേരളത്തിലെ ഏറ്റവും പ്രചാരമേറിയ ഇലക്കറി വിളയാണ് ചീര. ജൈവകൃഷിയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന കൃഷിമുറയാണ് കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച രോഗപ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ കൃഷി ചെയ്യുക എന്നത്.

ജൈവകൃഷിയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന കൃഷിമുറയാണ് കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച  രോഗപ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ കൃഷി ചെയ്യുക എന്നത്.

ചീര

അനുയോജ്യമായ കാലം-എല്ലാകാലത്തും കൃഷി ചെയ്യാം

ഇനങ്ങള്‍

അരുണ്‍- അത്യുത്പാദനശേഷിയുള്ള ചുവന്ന ചീരയിനം

മോഹിനി- പച്ചനിറമുള്ള ഇലകള്‍

കൃഷിശ്രീ- ബ്രൗണ്‍ കലര്‍ന്ന ചുവപ്പ് നിറമുള്ള ഈ ഇനത്തിന് ഇലപ്പുള്ളി രോഗം താരതമ്യേന കുറവാണ്

രേണുശ്രീ- പച്ച ഇലകളും ചുവന്ന തണ്ടും ഈ ഇനത്തിന്റെ പ്രത്യേകതയാണ്

സി.ഒ 1- പച്ചനിറമുള്ള ഇനമാണ്

കണ്ണാറ നാടന്‍- ചുവപ്പു നിറമുള്ള ഇലകള്‍. ഈ ഇനം നവംബര്‍,ഡിസംബര്‍ മാസങ്ങളില്‍ പൂവിടുന്നതിനാല്‍ നടീല്‍ സമയം അതിനനുസരിച്ച് ക്രമീകരിക്കണം.

വിത്തിന്റെ തോത് / നടീല്‍ രീതി

ഒരു സെന്റിന് 8 ഗ്രാം വിത്ത് വേണ്ടി വരും

നേരിട്ട് വിതയും പറിച്ച് നടീലും

നഴ്‌സറി (തവാരണ)

വിത്ത് പാകുന്നതിന് മുന്‍പ് നഴ്‌സറി തടങ്ങള്‍ സൂര്യതാപീകരണത്തിനു വിധേയമാക്കിയാല്‍ മണ്ണില്‍ നിന്നും ഉണ്ടാകുന്ന പല രോഗങ്ങളും തടയാവുന്നതാണ്. വിത്തു പരിചരണത്തിനായി 1 ഗ്രാം സ്യൂഡോമോണാസ് പൊടി വിത്തുമായി കലര്‍ത്തുക.
നഴ്‌സറി രോഗങ്ങളെ തടയുന്നതിനായി ഒരു ചതുരശ്രമീറ്ററിനു ട്രൈക്കോഡര്‍മ സമ്പുഷ്ട കാലിവളം 10 കിലോഗ്രാം, പി.ജി.പി ആര്‍ മിശ്രിതം-2 എന്ന തോതില്‍ നല്‍കുക

കൃഷിസ്ഥലം ഒരുക്കലും നടീലും

കൃഷി സ്ഥലം കിളച്ചു നിരപ്പാക്കിയ ശേഷം 30-35 സെ.മീ വീതിയില്‍ ആഴം കുറഞ്ഞ ചാലുകള്‍ ഒരടി അകലത്തില്‍ (30 സെ.മീ) എടുക്കുക. സെന്റിനു 100 കി.ഗ്രാം ട്രൈക്കോഡെര്‍മ സമ്പുഷ്ട ചാണകം ചാലുകളില്‍ അടിവളമായി മണ്ണുമായി ഇളക്കി ചേര്‍ക്കുക.

ഈ ചാലുകളില്‍ 20 മുതല്‍ 30 ദിവസം പ്രായമായ തൈകള്‍ സ്യൂഡോമോണസ് ലായനിയില്‍ (20 ഗ്രാം സ്യൂഡോമോണാസ് 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയത്)വേരുകള്‍ 20 മിനുട്ട് മുക്കിയതിനു ശേഷം 20 സെ.മീ അകലത്തില്‍ നടുക.

മഴക്കാലത്ത് ചാലുകള്‍ക്ക് പകരം തടങ്ങള്‍ എടുത്ത് നടുന്നതാണുത്തമം. ഒരു സെന്റില്‍ 657 ചെടികള്‍ നടാവുന്നതാണ്. മേല്‍വളമായി 8-10 ദിവസത്തെ ഇടവേളയില്‍ താഴെ പറയുന്ന ഏതെങ്കിലും ജൈവവളം ചേര്‍ക്കേണ്ടതാണ്

ചാണകപ്പാല്‍/ ബയോഗ്യാസ് സ്‌ളറി (200 ഗ്രാം), 4 ലിറ്റര്‍ വെള്ളവുമായി ചേര്‍ത്തത്/ ഗോമൂത്രം/വെര്‍മി വാഷ് (200 മി.ലി), 8 ഇരട്ടി വെള്ളവുമായി ചേര്‍ത്തത് , 4 കിലോ വെര്‍മി കമ്പോസ്റ്റ്/കോഴിവളം, കടലപ്പിണ്ണാക്ക്‌ (200 ഗ്രാം) 4 ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്തത്.

ഓരോ വിളവെടുപ്പ് കഴിയുന്തോറും നേര്‍പ്പിച്ച വെര്‍മിവാഷ് തളിച്ചുകൊടുക്കേണ്ടതാണ്

മറ്റുപരിപാലന മുറകള്‍

മണ്ണില്‍ ഈര്‍പ്പാംശം ഇല്ലെങ്കില്‍ ആവശ്യത്തിന് നനച്ചു കൊടുക്കണം. പുതയിട്ടുകൊടുക്കുന്നത് നല്ലതാണ്. വേനല്‍ക്കാലത്ത് രണ്ടുദിവസം ഇടവിട്ടെങ്കിലും നനയ്ക്കണം. മഴക്കാലത്ത് മണ്ണ് കൂട്ടിക്കൊടുക്കണം.

സസ്യ സംരക്ഷണം

വിവിധയിനം ശലഭങ്ങളുടെ പുഴുക്കള്‍ ചീരയെ ആക്രമിക്കുന്നു

1. കൂടുകെട്ടിപ്പുഴുക്കള്‍ - ഇലകള്‍ കൂട്ടി യോജിപ്പിച്ച് അതിനുള്ളിലിരുന്ന് തിന്നു നശിപ്പിക്കുന്നു

2. ഇലതീനിപ്പുഴുക്കള്‍- ഇലകള്‍ തിന്നു നശിപ്പിക്കുന്നു

നിയന്ത്രണ മാര്‍ഗങ്ങള്‍

പുഴുക്കളോടുകൂടി ഇലകള്‍ പറിച്ചെടുത്ത് നശിപ്പിക്കുക. ആക്രമണം കണ്ടുതുടങ്ങുന്ന അവസരത്തില്‍ തന്നെ വേപ്പിന്‍ കുരുസത്ത് 5 % തളിക്കണം. ജീവാണുകീടനാശിനിയായ ഡൈപ്പല്‍ അഥവാ ഹാള്‍ട്ട് (0.7 മില്ലി) ഒരു ലിറ്റര്‍ വെള്ളത്തില്‍ തളിക്കുകയോ പെരുവലത്തിന്റെ 4 % ഇലച്ചാര്‍ സോപ്പുവെള്ളവുമായി ചേര്‍ത്ത് തളിക്കുകയോ ചെയ്യുക

രോഗങ്ങള്‍- ഇലപ്പുള്ളി രോഗം

ചീരയുടെ ഇലകളില്‍ അടിവശത്തും മുകള്‍പ്പരപ്പിലും ഒരു പോലെ പുള്ളികള്‍ കാണപ്പെടുന്നു. ചുവന്ന ചീരയിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്.

നിയന്ത്രണ മാര്‍ഗങ്ങള്‍

സംയോജിത നിയന്ത്രണ മാര്‍ഗങ്ങള്‍ അവലംബിച്ച് രോഗം നിയന്ത്രിക്കേണ്ടതാണ്. ഇലപ്പുള്ളി രോഗത്തിനെതിരെ പ്രതിരോധശക്തിയുള്ള സി.ഒ 1 എന്നയിനം സ്യൂഡോമോണാസ് കള്‍ച്ചര്‍ ഉപയോഗിച്ച് വിത്തു പരിചരണം നടത്തുക.

ട്രൈക്കോഡെര്‍മ-വേപ്പിന്‍ പിണ്ണാക്ക് സമ്പുഷ്ട ചാണകം മണ്ണില്‍ ചേര്‍ത്തു കൊടുക്കുക. 1 കിലോ പച്ച ചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തയ്യാറാക്കിയ ലായനിയുടെ തെളി നിശ്ചിത കാലയളവില്‍ തളിച്ചു കൊടുക്കുക. ചീര നനയ്ക്കുമ്പോള്‍ വെള്ളം ഇലയുടെ മുകളില്‍ക്കൂടി ഒഴിക്കാതെ ചുവട്ടില്‍ ഒഴിക്കുക. 1 ഗ്രാം അപ്പക്കാരം ,4 ഗ്രാം മഞ്ഞള്‍പ്പൊടി എന്നിവ ഒരു ലിറ്റര്‍ പാല്‍ക്കായ ലായനിയില്‍ (4 ഗ്രാം/ ലിറ്റര്‍) ചേര്‍ത്ത് ഇലയുടെ രണ്ടു വശത്തും തളിക്കണം.

(കടപ്പാട്: ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ)

പച്ചക്കറികള്‍ക്കുള്ള ജൈവവളം വീട്ടിലെ അടുക്കളയില്‍ നിന്നു തന്നെ തയ്യാറാക്കാം

ആവശ്യംകഴിഞ്ഞ് വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ എങ്ങനെ കാര്‍ഷിക വിളകള്‍ക്കായി പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് കൃഷിഗ്രൂപ്പിലുള്ള ഈ പോസ്റ്റ് നിങ്ങള്‍ക്കും പ്രയോജനപ്പെടുത്തിക്കൂടേ?

വീട്ടിലെ അടുക്കള ഭക്ഷണം പാകം ചെയ്യാനും ഒരുക്കാനും സൂക്ഷിക്കാനുമെല്ലാമുള്ള ഒരിടം മാത്രമാണോ? ജൈവകൃഷിക്ക് പ്രചാരമേറുന്ന ഈ കാലത്ത് അടുക്കളയുടെ മറ്റൊരു മുഖംകൂടി നാം തിരിച്ചറിയണമെന്ന ഓര്‍മപ്പെടുത്തലുമായി ഫെയ്‌സ്ബുക്കിലെ 'അടുക്കളത്തോട്ടം'  കൂട്ടുകാര്‍.

ആവശ്യംകഴിഞ്ഞ് വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ എങ്ങനെ കാര്‍ഷിക വിളകള്‍ക്കായി പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് കൃഷിഗ്രൂപ്പിലുള്ള ഈ പോസ്റ്റ് നിങ്ങള്‍ക്കും പ്രയോജനപ്പെടുത്തിക്കൂടേ?

അടുക്കളയിലെ ഭക്ഷ്യാവശിഷ്ടങ്ങള്‍ പണ്ടു കാലത്തും കൃഷിക്ക് ഉപയുക്തമാക്കിയിരുന്നു. ഇത്തരം ധാരാളം ഭക്ഷ്യ 'പാഴ് വസ്തുക്കള്‍' നമ്മുടെ അടുക്കളയില്‍ ഉണ്ടാകുന്നുണ്ട്. ഇതില്‍ ഏതൊക്കെ ജൈവവളമായി മാറ്റാമെന്നു പരിശോധിക്കാം.

1. ചാരം: വിറകുപയോഗിക്കുന്ന അടുക്കളയില്‍ ചാരം നിത്യേന ഉണ്ടാകും. ഇത് കീടനാശിനിയായി ഉപയോഗിക്കാം. ഇലതീനിപ്പുഴുവിന്റെ ആക്രമണത്തില്‍ നിന്നും രക്ഷനേടാന്‍ 
ഇലയുടെ മുകളില്‍ ചാരം വിതറിയാല്‍ മതി. കൂടാതെ ഇതില്‍ ഒരുകിലോഗ്രാം ചാരം അരിച്ചെടുത്ത് അതില്‍ 200 ഗ്രാം ഉപ്പുപൊടി (പരലുപ്പ് പൊടിച്ചത്), 200ഗ്രാം നീറ്റുകക്കപ്പൊടി എന്നിവ കൂട്ടിച്ചേര്‍ത്ത് കീടങ്ങളുള്ള ഭാഗത്ത് നന്നായി തൂവിക്കൊടുത്താല്‍ പുഴുക്കളും മുഞ്ഞയും മാറിക്കിട്ടും.

2. കഞ്ഞിവെള്ളവും കാടിവെള്ളവും: അരികഴുകിയ കാടിവെള്ളവും കഞ്ഞിവെള്ളവും ചെടികളുടെ വളര്‍ച്ച വേഗത്തിലാക്കാന്‍ സഹായിക്കും. കട്ടിയുള്ള കഞ്ഞിവെള്ളം ഒഴിച്ചാല്‍ ചിത്രകീടം, മിലിമൂട്ട എന്നിവയെ നിയന്ത്രിക്കാനാവും.

3. മത്സ്യം കഴുകിയ വെള്ളവും മത്സ്യാവശിഷ്ടവും: രണ്ടും പച്ചക്കറികള്‍, വാഴ എന്നിവയ്ക്ക് നല്ല വളമാണ്. മത്സ്യാവശിഷ്ടം വാഴയ്ക്ക് ഏറെ സമൃദ്ധിനല്‍കും. ചെടികളുടെ ചുവട്ടില്‍ ഇട്ട് അല്‍പ്പം മണ്ണ് മൂടിയാല്‍ മതി. മീന്‍ കഴുകിയ വെള്ളം പച്ചക്കറിക്ക് ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം. അലങ്കാരച്ചെടികളില്‍ പ്രയോഗിച്ചാല്‍ ധാരാളം പൂക്കളുണ്ടാകും.

4. മാംസാവശിഷ്ടം: മാംസാവശിഷ്ടം (എല്ല് ഉള്‍പ്പെടെ) തെങ്ങ്, കമുക് എന്നിവയ്ക്കും, എല്ല് നുറുക്കിയത് പൂച്ചെടികള്‍ക്കും ഉത്തമമാണ്. എല്ലിലെ ഫോസ്ഫറസ് എന്ന ഘടകം പ്രത്യേകം ഗുണംചെയ്യും.

5. പച്ചക്കറി-ഇലക്കറി-പഴവര്‍ഗ അവശിഷ്ടങ്ങള്‍: ഇത്തരം അവശിഷ്ടങ്ങള്‍ ചെടികളുടെ ചുവട്ടില്‍ നേരിട്ട് ഇട്ടുകൊടുത്ത് അഴുകിയാല്‍ നല്ല വളമായിത്തീരും.
പെപ്പ് കമ്പോസ്റ്റ് സ്ഥാപിച്ചാല്‍ ചെറിയ ചെലവില്‍ നല്ല ജൈവവളമുണ്ടാക്കി ഉപയോഗിക്കാം.

6.ചിരട്ടക്കരി: ചിരട്ട കത്തിച്ച കരി ജലശുദ്ധീകരണത്തിനുപയോഗിക്കാം. കൂടാതെ ഇതു പൊടിച്ച് വെള്ളംചേര്‍ത്ത് ചാന്തുപോലെയാക്കി മാറ്റി ചെടികള്‍ നടുമ്പോള്‍ തണ്ടിലും വേരിലും മുക്കിയാല്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുകയും വേരുകള്‍ പെട്ടെന്നു മുളയ്ക്കാന്‍ സഹായിക്കുകയുംചെയ്യും.

7. തേയില, കാപ്പി, മുട്ടത്തോട്: ചെടികള്‍ക്കു ചുറ്റും മണ്ണില്‍ വിതറിക്കൊടുക്കാം. തേയിലയും കാപ്പിയും വെയിലത്തിട്ടുണക്കിവേണം നല്‍കാന്‍. മുട്ടത്തോട് വളര്‍ച്ച ത്വരിതപ്പെടുത്തും. പൂച്ചെടികള്‍ക്കും ഉത്തമമാണ്.

8. തേങ്ങാവെള്ളം: തേങ്ങാവെള്ളം പാഴാക്കരുത്. കീടനാശിനിയായും ഉത്തേജകവസ്തുവായും ഉപയോഗിക്കാം. പയര്‍ പൂവിടുമ്പോള്‍ തളിച്ചാല്‍ ഉല്‍പ്പാദനവര്‍ധനവുണ്ടാക്കും. കൂടാതെ വിവിധ ജൈവ കീടനാശിനി കൂട്ടുകളിലും തേങ്ങാവെള്ളം ഉപയോഗിക്കാം.

(കടപ്പാട് :അടുക്കളത്തോട്ടം,ഫെയ്‌സ്ബുക്ക്)

ഗ്രോബാഗില്‍ ഒച്ചുശല്യം?

ഗ്രോബാഗില്‍ ഒച്ചിനെ നിയന്ത്രിക്കാന്‍ പോട്ടിങ്ങ് മിശ്രിതത്തില്‍ കുമ്മായം ചേര്‍ത്തു കൊടുക്കണം

ഗ്രോബാഗ് പച്ചക്കറികളില്‍ ഒച്ച് കൂട്ടമായി ചെറുതൈകളുടെ അഗ്രഭാഗത്തും ചുവട്ടിലുമാണ് കൂടിച്ചേര്‍ന്നിരിക്കുക. തൈകള്‍ ഇവ ഭക്ഷിക്കുകയും അങ്ങനെ ഉണക്കുകയും ചെയ്യും.

ഗ്രോബാഗില്‍ ഇവയെ നിയന്ത്രിക്കാന്‍ പോട്ടിങ് മിശ്രിതത്തില്‍ കുമ്മായം ചേര്‍ത്തു കൊടുക്കണം. കൂടാതെ വേപ്പിന്‍പിണ്ണാക്ക് പോട്ടിങ് മിശ്രിതത്തില്‍ ചേര്‍ത്തും ഇതിനെ ഒരു പരിധിവരെ തടയാം.

അഞ്ച് മില്ലി വിനാഗിരി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി ഗ്രോബാഗുകളില്‍ ഒഴിച്ചുകൊടുത്താല്‍ ഒച്ചുകളെ നിയന്ത്രിക്കാം.  ഒച്ചുശല്യം കൂടുതലുള്ള സ്ഥലങ്ങളില്‍ കപ്പലണ്ടിപ്പിണ്ണാക്കിന്റെ ഉപയോഗം കുറയ്ക്കാന്‍ ശുപാര്‍ശ ചെയ്യാറുണ്ട്.

കശുമാവിന്റെ പ്രജനന കേന്ദ്രം

കൃഷിഭൂമിയുടെ 80 ശതമാനവും കശുമാവ് തോട്ടങ്ങളാണ്. 8-36 വര്‍ഷം പ്രായമുള്ള മരങ്ങളാണ് ഈ തോട്ടങ്ങളിലുള്ളത്. ബാക്കി ഭാഗം കശുമാവ് ഗ്രാഫ്റ്റ് പ്രജനനത്തിനുള്ള സയോണ്‍ ബാങ്ക്.

കൃഷി വകുപ്പിന്റെ ഏക കശുമാവ് തോട്ടമാണ് കാസര്‍ഗോഡ് അധൂരിലും ഗ്വാളിമുഖയിലുമുള്ള കാഷ്യു പ്രോജനി ഓര്‍ച്ചാര്‍ഡ്. 52 ഹെക്ടര്‍ വീതമാണ് ഈ കൃഷിത്തോട്ടങ്ങള്‍. 1976 ല്‍ അത്യുത്പാദന ശേഷിയുള്ള  കശുമാവ് ഗ്രാഫ്റ്റ് തൈകള്‍ ഉത്പാദിപ്പിക്കുന്നതിനു വേണ്ടി സ്ഥാപിതമായി.

കൃഷിഭൂമിയുടെ 80 ശതമാനവും കശുമാവ് തോട്ടങ്ങളാണ്. 8-36 വര്‍ഷം പ്രായമുള്ള മരങ്ങളാണ് ഈ തോട്ടങ്ങളിലുള്ളത്. ബാക്കി ഭാഗം കശുമാവ് ഗ്രാഫ്റ്റ് പ്രജനനത്തിനുള്ള സയോണ്‍ ബാങ്ക്. ഇവിടെ നല്ലയിനം കശുമാവ് മരങ്ങള്‍ നിലനിര്‍ത്തി വരുന്നു. ഗ്രാഫ്റ്റ് ചെയ്യുന്നതിനുള്ള നടീല്‍ വസ്തുക്കള്‍ ലഭ്യമാക്കുന്നത് ഇവിടെ നിന്നാണ്.

അടുത്തകാലത്ത് 250 എണ്ണം കുറിയ ഇനം തെങ്ങിന്‍തൈകളും 350 എണ്ണം മാവ് ഒട്ടുതൈത്തോട്ടവും നടീല്‍ വസ്തുക്കളുടെ ഉത്പാദനത്തിന് വളര്‍ത്തിയിട്ടുണ്ട്.

ഫാം ടീം

കശുമാവ് വികസന ഓഫീസറാണ് ഫാമിന്റെ മേല്‍നോട്ടം വഹിക്കുന്നത്. കശുമാവ് പ്രോജനിത്തോട്ടം അധൂര്‍, കശുമാവ് തോട്ടം ഗ്വാളിമുഖ എന്നിവ കൃഷി ഓഫീസര്‍മാരുടെ പ്രത്യേക ഓഫീസ് സംവിധാനത്തിലും നിയന്ത്രണത്തിലുമാണ് . 70 സ്ഥിരം തൊഴിലാളികളും 9 കാഷ്വല്‍ തൊഴിലാളികളുമുണ്ട്.

കശുമാവ് നടീല്‍ വസ്തുക്കള്‍

കശുമാവ് തൈകള്‍, എയര്‍ ലേയര്‍, സോഫ്റ്റ് വുഡ്  ഗ്രാഫ്റ്റിങ്ങ് എന്നീ രീതികളിലൂടെ നടീല്‍ വസ്തു ഉത്പാദിപ്പിച്ച് കൃഷി ചെയ്യാം. ഇത്തരം ഗ്രാഫ്റ്റുകള്‍ നേരത്തെ ഉത്പാദനം തുടങ്ങുന്നതിനും ഉത്പാദന വര്‍ദ്ദനവിനും സഹായകമാണ്.

നല്ല ഇനങ്ങളുടെ നടീല്‍വസ്തുക്കള്‍: കശുമാവിനങ്ങളായ ധന, ധനശ്രീ, പ്രിയങ്ക, കനക, മാടക്കത്തറ, വൃധാചലം, രാഘവ, അമൃത,അക്ഷയ, പൂര്‍ണിമ, മാവിനങ്ങളായ അല്‍ഫോണ്‍സ, ബങ്കനപ്പള്ളി, നീലം, കര്‍പ്പൂരം, ഹിമായുദ്ദീന്‍, കാലപ്പൊടി എന്നിവ ലഭ്യമാണ്.

(കശുമാവ് വികസന ഓഫീസറാണ് ലേഖകന്‍)

(കടപ്പാട്: കേരള കര്‍ഷകന്‍)

വീണ്ടുമിതാ വാനിലക്കാലം

കേരളത്തില്‍ ഇടുക്കി, വയനാട്, എറണാകുളം എന്നിവിടങ്ങളിലാണ് വാനില കൃഷിചെയ്തുവരുന്നത്. വര്‍ഷത്തില്‍ 150 മില്ലി വരെ മഴ ലഭിക്കുന്നതും ഈര്‍പ്പവും ചൂടുമുള്ളതുമായ പ്രദേശങ്ങളിലാണ് വാനില നന്നായി വളരുന്നത്.

1990കളില്‍ കേരളത്തിലെക്കെത്തിയ കാര്‍ഷിക വിളയായാണ് വാനില. വാനിലയുടെ ഉല്‍പ്പാദനകേന്ദ്രമായ മഡഗാസ്‌കറില്‍ ഉല്‍പ്പാദനം കുറഞ്ഞതായിരുന്നു ഇന്ത്യയില്‍ വാനില കൃഷി സജീവമായതിനും, വിപണിയില്‍ വിലയേറിയതിനും കാരണം. പച്ചവാനിലയ്ക്ക് 5000 രൂപയും, ഉണക്കവാനിലയ്ക്ക് 10000 രൂപയ്ക്ക് മുകളിലും വില ഉയര്‍ന്നു. ഒരു കാര്‍ഷിക വിളയ്ക്ക് ഇത്രയേറെ വില ലഭിക്കുവാന്‍ തുടങ്ങിയതോടെ നിരവധി കര്‍ഷകര്‍ റബ്ബറും തെങ്ങും കൊക്കൊയുമെല്ലാം വെട്ടിനീക്കി വാനിലയ്ക്ക് സ്ഥാനം നല്‍കുകയും ചെയ്തു. എന്നാല്‍ കര്‍ഷകരുടെ പ്രതീക്ഷകളെ തച്ചുടച്ചുകൊണ്ട് വാനിലവിലയില്‍ വന്‍ തകര്‍ച്ചയുണ്ടായി.

കിലോയ്ക്ക് 50 രൂപ വരെ പച്ച വാനിലയ്ക്ക് വില താഴ്ന്നതോടെ കര്‍ഷകര്‍ക്ക് വന്‍ നഷ്ടമാണ് ഏറ്റുവാങ്ങേണ്ടിവന്നത്. ഈ സ്ഥിതി ഏറെനാള്‍ നീണ്ടുനിന്നതോടെ വാനിലയെ ഉത്സഹത്തോടെ ഏറ്റെടുത്തവരെല്ലാം തന്നെ ഈ വിളയെ കൈവെടിഞ്ഞു. എന്നാല്‍ ഏറെനാളത്തെ ഇടവേളയ്ക്ക് ശേഷം ഇതാ വീണ്ടുമൊരു വാനിലകാലം കൂടി. കിലോയ്ക്ക് 2000 രൂപ വരെ വിലയുയര്‍ന്നുകൊണ്ട് വീണ്ടും പ്രതീക്ഷ നല്‍കുകയാണ് ഈ പച്ചപ്പൊന്ന്.

കേരളത്തില്‍ ഇടുക്കി, വയനാട്, എറണാകുളം എന്നിവിടങ്ങളിലാണ് വാനില കൃഷിചെയ്തുവരുന്നത്. വര്‍ഷത്തില്‍ 150 മില്ലി വരെ മഴ ലഭിക്കുന്നതും ഈര്‍പ്പവും ചൂടുമുള്ളതുമായ പ്രദേശങ്ങളിലാണ് വാനില നന്നായി വളരുന്നത്. ഏതു തരം മണ്ണിലും വളരുമെങ്കിലും ജൈവവള സമ്പന്നമായ ഇളകിയ മേല്‍മണ്ണാണ് വാനിലയ്ക്ക് കൂടുതല്‍ അനുയോജ്യം.

വര്‍ഷത്തില്‍ രണ്ടു തവണയാണ് വാനില നടാന്‍ യോജിച്ച സമയം. കാലവര്‍ഷം ശക്തമാകുന്നതിന് മുന്‍മ്പ് മെയ് മാസത്തിലും, കാലവര്‍ഷത്തിനും തുലാവര്‍ഷത്തിനും മദ്ധ്യേ സെപ്തംബര്‍ മുതല്‍ ഓക്ടോബര്‍ വരെയും നടീല്‍ സമയമായി തിരഞ്ഞെടുക്കാം. കേരളത്തില്‍ ഒട്ടുമിക്ക കര്‍ഷകരും സെപ്തംബര്‍ ഒക്ടോബര്‍ മാസത്തിലാണ് വാനില കൃഷിയാരംഭിക്കുന്നത്. ചെറിയ തൈകളോ, വാനിലയുടെ തണ്ട് മുറിച്ചതോ ആണ് നടീല്‍ വസ്തുവായി ഉപയോഗിക്കുന്നത്. 15 മുതല്‍ 20 വരെ ഇടമുട്ടുകളുള്ള തണ്ടു നടുകയാണെങ്കില്‍ വേഗം പുഷ്പിക്കും. വള്ളികളുടെ ലഭ്യതയനുസരിച്ച് നീളം തിരഞ്ഞെടുക്കാവുന്നതാണ്.

തൈകള്‍ നടുന്നതിന് മുന്‍മ്പു തന്നെ അവയ്ക്ക് പടര്‍ന്നുവളരുവാന്‍ ആവശ്യമായ താങ്ങുമരങ്ങള്‍ നട്ടു പിടിപ്പിക്കണം. കേരളത്തില്‍ ശീമക്കൊന്നയാണ് സാധാരണയായി ഇതിനായി തിരഞ്ഞെടുക്കാറുള്ളത്. വാനില വള്ളികളെ ശക്തമായ വെനലില്‍ നിന്ന് രക്ഷിക്കുന്നതിനും തണല്‍ നല്‍കുന്നതിനും താങ്ങുമരങ്ങള്‍ ഉപകരിക്കും.പരിപാലനവും വിളവെടുപ്പും എളുപ്പമാക്കും വിധം താങ്ങുമരങ്ങളുടെ ഉയരം ക്രമീകരിക്കണം. രണ്ട് മീറ്റര്‍ അകലമിട്ടുവേണം മരങ്ങള്‍ നടുവാന്‍.

നടീല്‍ വസ്തുവായി തിരഞ്ഞെടുത്തിട്ടുള്ള തണ്ടിന്റെ ഇല വേര്‍പ്പെടുത്തിയ ചുവടുഭാഗം, താങ്ങു മരത്തിന്റെ ചുവട്ടിലെ ഇളകിയ മണ്ണിലാണ് നടേണ്ടത്. ഇതിന് മുകളിലായി മൂന്ന് സെന്റിമീറ്റര്‍ കനത്തില്‍ നനമണ്ണ് വിതരണം. കടചീയല്‍ രോഗം പിടിപെടാതിരിക്കാനായി തണ്ടിന്റെ ചുവട്ടിലെ മുറിഭാഗം മണ്ണിന് മുകളിലായിരിക്കാന്‍ ശ്രദ്ധിക്കണം. വാനില വള്ളികള്‍ വളരുന്നതിനായി തണ്ടിന്റെ മുകള്‍ഭാഗം താങ്ങുകാലിനോട് ചേര്‍ത്ത് കെട്ടണം. കരിയിലയോ വയ്‌ക്കോലോ ഇട്ട് പുതയിട്ടശേഷം ചെറിയ തോതില്‍ നനച്ചുകൊടുക്കണം. നട്ട് രണ്ട് മാസത്തിനുള്ളില്‍ വാനില തണ്ടുകള്‍ വേരുപിടിക്കുകയും മുളപൊട്ടുകയും ചെയ്യും.

വളപ്രയോഗവും ജലസേചനവും വാനിലയുടെ വളര്‍ച്ചക്ക് അനിവാര്യഘടകങ്ങളാണ്. ജൈവവളപ്രയോഗമാണ് കൂടുതല്‍ അഭികാമ്യം. വള്ളികളുടെ വളര്‍ച്ചക്കായി ആവശ്യാനുസരണം രാസവളമിശ്രിതം  ഇലകളില്‍ തളിക്കാവുന്നതാണ്. കാലിവളം, പച്ചിലകള്‍, കമ്പോസ്റ്റ്, കടലപിണ്ണാക്ക്, എല്ലുപൊടി എന്നിജൈവവളങ്ങള്‍ വളര്‍ച്ചാഘട്ടത്തില്‍ നല്‍കാം. വേനല്‍കാലങ്ങളില്‍ ജലസേചനം നല്ല രീതിയില്‍ വാനിലയ്ക്ക് ആവശ്യമാണ്. ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള നാലുമാസങ്ങളില്‍ ആഴ്ചയില്‍ രണ്ടുതവണയെങ്കിലും നന നല്‍കിയിരിക്കണം.

വാനില കൃഷിയില്‍ പ്രധാനപ്പെട്ട കൃഷി മുറയാണ് പുതയിടല്‍. നടുന്ന സമയത്ത് കൂടാതെ വര്‍ഷത്തില്‍ മൂന്ന് തവണയെങ്കിലും പുതയിട്ടുകൊടുക്കുന്നത് നല്ലതാണ്. മണ്ണിന് മുകളിലെ ജൈവവസ്തുക്കളിലാണ് വാനില ചെടിയുടെ ഏറെഭാഗവും വേരുകളും വളരുന്നത്. അതിനാലാണ് പുതയിടലിന് പ്രാധാന്യം അര്‍ഹിക്കുന്നത്. പൂപ്പല്‍ ബാധ ഓഴിവാക്കുന്നതിനായി വാനിലതണ്ടില്‍ നിന്നും കുറച്ചുമാറിവേണം പുതയിട്ടുകൊടുക്കാന്‍. ചുവട്ടിലെ മണ്ണ് ഇളകാതിരിക്കാനും ശ്രദ്ധിക്കണം.

നട്ട് മൂന്നാം വര്‍ഷം വാനില പൂവിടാന്‍ തുടങ്ങും. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമെ പൂവിടുകയൊള്ളു ഇലകളുടെ മുട്ടുകളില്‍ നിന്നാണ് പൂങ്കുലകള്‍ ഉണ്ടാകുന്നത്. ഇരുപതിലേറെ പൂക്കളാണ് ഒരു കുലയില്‍ ഉള്‍പ്പെടുന്നത്. സ്വയമെ പരാഗണം നടക്കാത്ത സസ്യമായതിനാല്‍ ക്രിതൃമ പരാഗണം നടത്തേണ്ടതുണ്ട്. പൂവ് വിരിഞ്ഞ് അന്നുതന്നെ ഓരോ പൂക്കളും കൈകള്‍ ഉപയോഗിച്ച് ക്രിതൃമ പരാഗണം നടത്തി കൊടുക്കണം. പരാഗണം നടന്നുകഴിഞ്ഞാല്‍ കായ്കള്‍ വളരാന്‍ തുടങ്ങും. ഏഴ് ആഴ്ചകൊണ്ട് വളര്‍ച്ച പൂര്‍ണ്ണതയിലെത്തും 9 മുതല്‍ പതിനൊന്ന് മാസം വരെ ആയാല്‍ മാത്രമെ വിളവെടുപ്പിന് പാകമാവുകയൊള്ളു.

ആഴ്ചയില്‍ രണ്ട് സെന്റിമീറ്റര്‍ നീളമാണ് വാനിലയുടെ കായ്ക്കുണ്ടാകുന്ന വളര്‍ച്ച. ഏകവിളയായിട്ടല്ലെങ്കിലും ഇടവിളയായിട്ട് കൃഷി ചെയ്യാന്‍ സാധിക്കുന്ന ഒന്നാണ് വാനില. വില തകര്‍ച്ചയും രോഗബാധകളും മൂലം കര്‍ഷകര്‍ ഉപേഷിച്ച വാനിലയ്ക്ക് ഇതാ വീണ്ടും വിലക്കയറ്റം ഉണ്ടായിരിക്കുകയാണ്. വിള ഏതായാലും വിലതകര്‍ച്ചയില്‍ അവ പൂര്‍ണ്ണമായി കൈവിട്ട് കളയാതെ ഇടവിളയായിട്ടെങ്കിലും പരിപാലിച്ചാല്‍ ഒരു പക്ഷേ ഇത്തരം സാഹചര്യത്തില്‍ കര്‍ഷകന് നേട്ടമുണ്ടാക്കുവാന്‍ സാധിക്കും. എന്തായാലും വാനിലയുടെ ഈ വിലക്കയറ്റത്തെ പ്രതീക്ഷയോടെ സമീപിച്ചിരിക്കുകയാണ് കര്‍ഷകര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: riyacheriyant@gmail.com

കടപ്പാട്-മാതൃഭൂമി

3.21951219512
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top