অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൃഷി അറിയേണ്ട കാര്യങ്ങള്‍

കൃഷി അറിയേണ്ട കാര്യങ്ങള്‍

  1. തെങ്ങുകളിൽ വെള്ളീച്ചയുടെ ആക്രമണം വ്യാപകം
  2. ഏലം കൃഷി പ്രതിസന്ധിയിൽ; സർക്കാരിനെ അറിയിക്കും
  3. പ്രധാൻമന്ത്രി കൗശൽ വികാസ് യോജന റബ്ബർ മേഖലയിലും
  4. വിളകൊയ്യാൻ കരുതലോടെ
  5. പ്രതീക്ഷകൾക്കു തെളിച്ചം;കർഷകർ വീണ്ടും വാനില കൃഷിയിലേക്ക്
  6. വയനാട്ടിൽ വീണ്ടും വനിലക്കാലം
  7. വിപണി അറിഞ്ഞില്ലെങ്കിൽവിപരീത ഫലം
  8. കാനനത്തിലെ പഴക്കൂട
  9. പായം എന്ന പാഠം
  10. തൊലി പൊളിച്ചാൽ വിഷം..!കൊടും വിഷം
  11. ശീതകാല പച്ചക്കറികൾ നടാൻ സമയമായി
  12. കൊക്കോ ഇന്ന് ആദായവിള
  13. സംസ്കരിച്ചു സൂക്ഷിക്കാൻറിട്ടോർട്ട്
  14. വാഴപ്പഴത്തിൽനിന്ന് ഒട്ടേറെഉൽപന്നങ്ങൾ
  15. മൂല്യവർധനയിലേക്ക് ചിങ്ങോലി കർഷകർ
  16. നിക്ഷേപമിരട്ടിപ്പിക്കുന്നയന്ത്രങ്ങൾ
  17. അരച്ചപ്പോൾ അധികനേട്ടം
  18. നവജാത കിടാക്കളുടെ സംരക്ഷണം

തെങ്ങുകളിൽ വെള്ളീച്ചയുടെ ആക്രമണം വ്യാപകം

തൃശൂർ പഴയന്നൂർ, കൊണ്ടാഴി, ചേലക്കര മേഖലകളിലെ കേര കർഷകരെ വെട്ടിലാക്കി വെള്ളീച്ച ശല്യം വ്യാപകമാകുന്നു. ഓലയിലെ വെള്ളമൂറ്റി കുടിക്കുന്ന സ്പൈറലിങ് വൈറ്റ് ഫ്ലൈ ആണു വെള്ളീച്ചയെന്നറിയപ്പെടുന്നത്. വാഴയെയും പച്ചക്കറി ചെടികളെയും ആക്രമിച്ചിരുന്ന വെള്ളീച്ച തെങ്ങിനെ ബാധിക്കുക പതിവില്ല. മഴയില്ലാത്തതു കൊണ്ടുള്ള അനുകൂല കാലാവസ്ഥ മൂലമാകാം ഇവറ്റകൾ തെങ്ങിലേക്കും വ്യാപിച്ചതെന്നാണു പഴയന്നൂരിലെ കൃഷി ഓഫിസർ ജോസഫ് ജോൺ തേറാട്ടിൽ പറയുന്നത്. തെങ്ങോലകളുടെ അടിയിൽ പറ്റിയിരുന്നു വെള്ളമൂറ്റി കുടിക്കുന്നതോടെ ഓലകൾ കറുത്തു തുടങ്ങുന്നതാണു വെള്ളീച്ച ബാധയുടെ ലക്ഷണം. ഇലകൾ നാശമാകുന്നതോടെ തെങ്ങിന്റെ നിലനിൽപിനെയും തേങ്ങ ഉൽപാദനത്തെയും സാരമായി ബാധിക്കും. തെങ്ങിൻ തൈകളിലും ഉയരക്കുറവുള്ള തെങ്ങുകളിലുമാണു പെട്ടെന്നു വെള്ളീച്ച ബാധയുണ്ടാകുന്നത്. ഉയരക്കൂടുതലുള്ള തെങ്ങുകളിലും വെള്ളീച്ച ബാധയുണ്ട്.

വെള്ളീച്ചയ്ക്ക് പ്രതിവിധി നന്മ, ശ്രേയ എന്നീ ജൈവ കീടനാശിനികളിലൊന്ന് അഞ്ചു മില്ലിലീറ്ററിന് ഒരു ലീറ്റർ വെള്ളം എന്ന അനുപാതത്തിൽ ചേർത്ത മിശ്രിതം തളിച്ച ശേഷം 20ഗ്രാം വെർട്ടിസീലിയം ഒരു ലീറ്റർ വെള്ളത്തിൽ കലർത്തി പ്രയോഗിക്കാം. ഡൈഫൻ‍ തുറോൺ 1.5 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലർത്തിയും 0.5 മില്ലി ലീറ്റർ ഇമിഡാക്ലോർപിഡ് ഒരു ലീറ്റർ വെള്ളത്തിൽ ചേർത്തു പ്രയോഗിക്കുന്നതും വ്യാപനം കുറയ്ക്കാൻ ഫലപ്രദമാണ്. സഹായങ്ങൾക്കു പഴയന്നൂർ കൃഷിഭവനിലെ വിള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണം. ഫോൺ: 9447529904

ഏലം കൃഷി പ്രതിസന്ധിയിൽ; സർക്കാരിനെ അറിയിക്കും

കാലാവസ്ഥാവ്യതിയാനവും രോഗബാധയും മൂലം ഏലം കൃഷി മേഖല നേരിടുന്ന പ്രശ്‌നങ്ങൾ സർക്കാരിനെ അറിയിക്കാൻ ഇടുക്കി കലക്‌ടറേറ്റിൽ അഡീഷനൽ ജില്ലാ മജിസ്‌ട്രേട്ട് കെ.കെ.ആർ.പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തിന്റെ തീരുമാനത്തെ തുടർന്നാണ്‌ കർഷക സംഘടനാ പ്രതിനിധികളുടെയും കൃഷി ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നത്‌.

കാലാവസ്ഥാ വ്യതിയാനം മൂലം മഴ കാര്യമായി കുറഞ്ഞത്‌ ഏലച്ചെടികൾ കരിഞ്ഞുപോകുന്നതിനിടയാക്കിയെന്നും രോഗബാധ വിളവിനെ കാര്യമായി ബാധിച്ചതായും കർഷകർ പറഞ്ഞു. ഫെബ്രുവരിയിൽ ചൂട് കൂടുതലായിരുന്നതും വേനൽമഴ ലഭിക്കാതിരുന്നതും കൃഷിയെ ബാധിച്ചു. കാലവർഷം കുറഞ്ഞതും തുലാവർഷം വരാത്തതും മൂലം ആകെയുള്ള ആറു വിളവെടുപ്പിൽ ആദ്യത്തെ രണ്ടെണ്ണ‌വും മുടങ്ങി. ജലസേചനത്തിന്‌ ആവശ്യമായ വെള്ളം കൃഷിയിടങ്ങളിൽ ലഭ്യമല്ല. വൈദ്യുതി നിരക്കിലെ വർധന ഇരുട്ടടിയായി. പഴയതുപോലെ വൈദ്യുതി താരിഫ്‌ എൽടി ഫൈവിലേക്ക്‌ മാറ്റി നൽകണമെന്ന ആവശ്യവും കർഷകർ ഉന്നയിച്ചു.

നിലവിൽ നാലു ശതമാനം പലിശ നിരക്കിൽ പരമാവധി മൂന്നു ലക്ഷം രൂപ വരെ ലഭിക്കുന്ന വായ്‌പ അഞ്ചു ലക്ഷം രൂപ വരെയാക്കി ഉയർത്തിയാൽ മാത്രമേ കർഷകർക്ക്‌ മുന്നോട്ട്‌ പോകാനാകൂ. ബാങ്ക്‌ വായ്‌പ കുടിശികയ്ക്കു മൊറട്ടോറിയം ഏർപ്പെടുത്തണമെന്നും കർഷകർ ആവശ്യമുന്നയിച്ചു. ഏലം കർഷകർക്ക്‌ സ്‌പൈസസ്‌ ബോർഡിൽനിന്നു ലഭിച്ചുകൊണ്ടിരിക്കുന്ന പരിമിതമായ സബ്‌സിഡി ആനുകൂല്യങ്ങൾ വർധിപ്പിക്കണം. ഡ്രിപ്പ്‌, സ്‌പ്രിംഗ്‌ളർ ജലസേചന പദ്ധതികൾ വ്യാപകമായി നടപ്പാക്കാൻ കേന്ദ്ര ഗവൺമെന്റ്‌ ധനസഹായം അപര്യാപ്‌തമാണ്‌. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ധനസഹായം കൂടി ഉൾപ്പെടുത്തി ആനുകൂല്യങ്ങൾ വർധിപ്പിക്കണം. അതിർത്തി കടന്നുവരുന്ന നിരോധിത കീടനാശിനികൾ പിടിച്ചെടുക്കുന്നതിനുള്ള നടപടികൾ ശക്തമാക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. നിരോധിത കീടനാശിനികൾക്ക്‌ പകരമായി ഉപയോഗിക്കേണ്ട കീടനാശിനികൾ ലഭ്യമാക്കാൻ കഴിയണം.

പടുതാക്കുളം, മഴക്കുഴി എന്നിവയുടെ നിർമാണത്തിന് ധനസഹായം ലഭ്യമാക്കണം. കൃഷിയിടങ്ങളിൽ ആവശ്യമായ സ്ഥലങ്ങളിൽ ഷേഡ്‌നെറ്റ്‌ സ്ഥാപിക്കാനും പട്ടയമില്ലാത്ത ഏലം കർഷകർക്കുകൂടി ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന അഭിപ്രായവും ഉന്നയിക്കപ്പെട്ടു.

പ്രധാൻമന്ത്രി കൗശൽ വികാസ് യോജന റബ്ബർ മേഖലയിലും

‘പ്രധാൻമന്ത്രി കൗശൽ വികാസ് യോജന’ (പി.എം.കെ.വി.വൈ) യുടെ ഭാഗമായി കേരളത്തിലെ ചെറുകിട റബ്ബർ മേഖലയിൽ വിപുലമായ നൈപുണ്യ വികസനത്തിനുള്ള പ്രത്യേക പദ്ധതിക്ക് അംഗീകാരം ലഭിച്ചു. നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപറേഷൻ, റബ്ബർ സ്കിൽ ഡെവലപ്മെന്റ് കൗൺസിൽ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ റബ്ബർ ബോർഡാണ് പദ്ധതി നടപ്പാക്കുക. പ്രധാന റബ്ബറുത്പാദന മേഖലകളായ കേരളത്തിലും ത്രിപുരയിലുമായി റബ്ബർ ടാപ്പിങ്, സംസ്കരണ മേഖലകളിൽ പ്രവർത്തിക്കുന്ന 16500 തൊഴിലാളികളുടെ നൈപുണ്യ വികസനം ലക്ഷ്യമിട്ട് 15 കോടിയുടെ പദ്ധതിയാണ് റബ്ബർ ബോർഡ് സമർപ്പിച്ചിട്ടുള്ളത്. ഇതിന്റെ ആദ്യഘട്ടമായി കേരളത്തിലെ റബ്ബർ മേഖലയിൽ പ്രവർത്തിക്കുന്ന പതിനായിരം തൊഴിലാളികൾക്ക് പുനർപരിശീലനം നൽകുന്നതിനായി 2.8 കോടി രൂപ കേന്ദ്രം അനുവദിച്ചു.

വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ലഭ്യതക്കുറവുമൂലം റബ്ബറുത്പാദനത്തിനും കർഷകരുടെ ആദായത്തിലും കാര്യമായ കുറവു വരുന്നതായി പഠനങ്ങളിൽ നിന്ന് മനസ്സിലായതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നൈപുണ്യ വികസന പദ്ധതിക്ക് കേന്ദ്രം അനുമതി നൽകിയത്. റബ്ബറുത്പാദക സംഘങ്ങളുടെ സഹകരണത്തോടെ കേരളത്തിലെ 26 റീജിയണൽ ഓഫീസുകൾ വഴിയാണ് പരിശീലനപദ്ധതി നടപ്പാക്കുക. ഈ ഓഫീസുകളുടെ പരിധിയിൽ വരുന്ന 150 സെന്ററുകൾ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. ടാപ്പിങ്ങിൽ മുൻപരിചയമുള്ളവർക്കാണ് പുനർപരിശീലനം നൽകുക. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ഓരോ കോഴ്സിലും 30 പേരെ വീതം ഉൾപ്പെടുത്തും. ഒക്ടോബർ രണ്ടാം വാരം മുതൽ 2017 ജനുവരിവരെയായിരിക്കും പരിശീലന കാലയളവ്.

ടാപ്പിങ്ങിൽ ശരിയായ വൈദഗ്ധ്യം ഇല്ലെങ്കിൽ ഉത്പാദനത്തിലും റബ്ബർമരങ്ങളുടെ ആയുസ്സിലും കുറവുണ്ടാകും. വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കുറവു കാരണം മരങ്ങൾ ടാപ്പു ചെയ്യാതെ കിടക്കുന്ന തോട്ടങ്ങളുണ്ട്. കർഷകർക്ക് ആദായവർദ്ധനയ്ക്കും മേഖലയിലെ സുസ്ഥിരതയ്ക്കും ഉത്പന്നങ്ങളുടെ ഗുണമേന്മ വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല, ഉത്പാദനച്ചെലവു കുറയ്ക്കുന്നതിനും അറ്റാദായം വർദ്ധിപ്പിക്കുന്നതിനുമായി ബോർഡ് പ്രചരിപ്പിച്ചുവരുന്ന ആഴ്ചയിലൊരിക്കൽ ടാപ്പിങ്, നിയന്ത്രിത കമിഴ്ത്തിവെട്ട് തുടങ്ങിയ നൂതന ടാപ്പിങ്ങ് രീതികൾ വിജയപ്രദമാക്കുന്നതിനും നിപുണരായ തൊഴിലാളികൾ അത്യാവശ്യമാണ്. ഈ പദ്ധതി പ്രകാരം പരിശീലനം നേടിയ തൊഴിലാളികളെ ടാപ്പർബാങ്കുകളിൽ അംഗങ്ങളാക്കാനും കഴിയും

വിളകൊയ്യാൻ കരുതലോടെ

ഉയർന്നതും സുസ്ഥിരവുമായ വിളവിനു കൃത്യമായ രീതിയിൽ കൃഷിപ്പണികൾ കാർഷിക കാലാവസ്ഥയ്ക്ക് അനുസൃതമായി ചെയ്യേണ്ടത് അത്യാവശ്യമാണ്. സ്പൈസസ് ബോർഡ് നിർദേശിക്കുന്ന ഈ മാസത്തെ കൃഷിപ്പണികൾ.
ഏലം
നഴ്സറി:

നഴ്സറികളിലെ നീർവാർച്ച ഉറപ്പുവരുത്തണം. തടങ്ങളിൽ അധികമായി വരുന്ന ചെടികൾ പറിച്ചുമാറ്റണം. രോഗം ബാധിച്ച ചെടികൾ പിഴുതുകളയണം. തൈകളുടെ അഴുകൽ ശ്രദ്ധയിൽപ്പെട്ടാൽ മണ്ണിളക്കി 0.2 ശതമാനം കോപ്പർ ഓക്സിക്ലോറൈഡ്, 0.2 ശതമാനം മാങ്കോസെബ്, ട്രൈക്കോഡർമ, സ്യൂഡോമൊണാസ്, ബാസിലസ് സ്പീഷ്യസ് ഇവയിലേതെങ്കിലും നൽകാം. ഇലയഴുകൽ ശ്രദ്ധയിൽപ്പെട്ടാൽ 0.3 ശതമാനം മാങ്കോസെബ്, ഇലക്കുത്ത് ശ്രദ്ധയിൽപ്പെട്ടാൽ 0.2 ശതമാനം കാർബൻഡാസിം ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾത്തന്നെ ഇലകളിൽ തളിക്കണം.

പ്രധാന കൃഷിയിടത്തിൽ:

കാലാവസ്ഥയ്ക്കനുസരിച്ചു പുതിയ ചെടികൾ നട്ടുപിടിപ്പിക്കാം. തുറസ്സായ സ്ഥലങ്ങളിൽ തണൽമരങ്ങൾ വച്ചുപിടിപ്പിക്കുന്നതു തുടരണം. ചെടിയുടെ ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കാത്തവിധം ചാലുകൾ കീറണം. നനയുള്ള തോട്ടങ്ങളിൽ മണ്ണുപരിശോധന നടത്തി രണ്ടാം ഗഡു വളപ്രയോഗം നടത്താം. ഹെക്ടറൊന്നിന് 41.5: 41.5: 83 കിലോ വീതം എൻപികെ പ്രയോഗിക്കണം. ഇതിനായി 90 കിലോ യൂറിയ, 200 കിലോ മസൂറിഫോസ്, 138 കിലോ മ്യൂറിയറ്റ് ഓഫ് പൊട്ടാഷ് എന്നിവ നൽകണം. മഴയെ ആശ്രയിച്ചു കൃഷിചെയ്യുന്ന തോട്ടങ്ങളിൽ അവസാനവട്ട വളത്തിന്റെ അളവ് ഹെക്ടറൊന്നിന് 37.5:37.5:75 കിലോ എൻപികെ ആണ്. അതായത് 81 കിലോ യൂറിയ, 187 കിലോ മസൂറിഫോസ്, 125 കിലോ മ്യൂറിയറ്റ് ഓഫ് പൊട്ടാഷ് എന്നിവ നൽകണം. സിങ്കിന്റെ കുറവു കാണുകയാണെങ്കിൽ സിങ്ക് സൾഫേറ്റ് 250 ഗ്രാം 100 ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി ഇലകളുടെ മുകൾഭാഗത്തും അടിവശത്തും വീഴത്തക്കരീതിയിൽ തളിക്കണം. ബോറോൺ കുറവു ശ്രദ്ധയിൽപ്പെട്ടാൽ ബോറാക്സ് 3.75 എൻപികെ വളത്തിനൊപ്പം ചേർത്തു നൽകാം.

കീടനിയന്ത്രണം:

വേരുതീനിപ്പുഴുക്കളെ കണ്ടാൽ അവയുടെ വണ്ടുകളെ വല ഉപയോഗിച്ചു ശേഖരിച്ചു നശിപ്പിക്കണം. സംയോജിത കീടനിയന്ത്രണത്തിന്റെ ഭാഗമായി മാസത്തിന്റെ പകുതിയാകുമ്പോൾ ഉണങ്ങിയ ഇലകൾ കോതിക്കളയണം. കഴിഞ്ഞ മാസം തളിച്ചിട്ടില്ലെങ്കിൽ നനയ്ക്കുന്ന തോട്ടങ്ങളിലും മഴയെ ആശ്രയിക്കുന്ന തോട്ടങ്ങളിലും 150 മില്ലി ഫെൻതോയേറ്റ് 100 ലീറ്റർ വെള്ളത്തിൽ കലർത്തി ഇലകളിൽ തളിക്കണം. തണ്ടുതുരപ്പൻപുഴുക്കളുടെ ശലഭങ്ങൾ പുറത്തുവരുന്നതിനൊപ്പം വേണം മരുന്നുതളി നടത്താൻ. തടങ്ങളിൽ മണ്ണുകൂട്ടിക്കൊടുക്കുകയും ഉണങ്ങിയ ഇലകൾ നീക്കംചെയ്യുകയും വേണം. ഇപിഎൻ ഇൻഫെക്ടഡ് ഗലേറിയ കഡാവർ ചെടിയൊന്നിനു നാലു കഡാവർ എന്ന തോതിൽ ചെടിയുടെ തടത്തിൽ മണ്ണിനടിയിൽ ഒന്നര ഇഞ്ച് താഴെ കുഴിയെടുത്ത് ഇടണം.

രോഗനിയന്ത്രണം:

വടക്കുകിഴക്കൻ കാലവർഷകാലത്തു രോഗങ്ങൾ പൊട്ടിപ്പുറപ്പെടാതിരിക്കാൻ ഏലത്തോട്ടങ്ങളിൽ വെള്ളം കെട്ടിക്കിടക്കാതെ ഒഴുകിപ്പോകാൻ അനുവദിക്കണം. കറ്റെ വൈറസിനെതിരെ നിരന്തര ശ്രദ്ധവേണം. കറ്റെ വൈറസ് ബാധിച്ച ചെടികൾ പിഴുതെടുത്തു നശിപ്പിക്കണം. വടക്കുകിഴക്കൻ കാലവർഷകാലത്തു കുമിൾരോഗങ്ങൾ പൊട്ടിപ്പുറപ്പെടാൻ സാധ്യതയുണ്ട്. അവയെ നിയന്ത്രിക്കാൻ ഇനിപ്പറയുന്ന മാർഗങ്ങൾ അവലംബിക്കാം. ആൽപിനീയ, കുർകുമ, അമോമ തുടങ്ങിയ ചെടികൾ പിഴുതു നശിപ്പിക്കണം. കുമിൾരോഗങ്ങളായ അഴുകലിനും കാണ്ഡംചീയലിനും സംയോജിത രോഗകീട നിയന്ത്രണത്തിന്റെ ഭാഗമായി സസ്യസംരക്ഷണ സുരക്ഷാമാർഗങ്ങൾ അവലംബിക്കണം. തോട്ടം വൃത്തിയായി സൂക്ഷിക്കുകയും കുമിൾനാശിനികളും ജൈവ നിയന്ത്രണ വസ്തുക്കളും പ്രയോഗിക്കുകയും വേണം. ഒരുശതമാനം ബോർ‍ഡോമിശ്രിതം അല്ലെങ്കിൽ 0.4 ശതമാനം പൊട്ടാസ്യം ഫോസ്ഫണേറ്റ് തളിക്കുന്നതിനൊപ്പം 0.2 ശതമാനം വീര്യമുള്ള കോപ്പർ ഓക്സി ക്ലോറൈഡ് മണ്ണിൽ ചേർത്തുകൊടുക്കണം. അല്ലെങ്കിൽ 0.2 ശതമാനം കോപ്പർ ഓക്സിക്ലോറൈഡ് മണ്ണിൽ ചേർത്തുകൊടുക്കുകയും ഒരുശതമാനം ബോർഡോമിശ്രിതം തളിച്ചുകൊടുക്കുകയും വേണം. 15 ദിവസത്തിനുശേഷം ട്രൈക്കോഡർമ ഒറ്റയ്ക്കോ സ്യൂഡോമൊണസ് ഫ്ളൂറസൻസുമായി ചേർത്തോ ചെടിച്ചുവട്ടിലിടാം. ജൈവ നിയന്ത്രണ വസ്തുക്കൾ ഉപയോഗിക്കുന്നതും പൊട്ടാസ്യം ഫോസ്ഫണേറ്റ് 0.4 ശതമാനം ഇലകളിൽ തളിക്കുന്നതും ആവർത്തിക്കണം. ജൈവരീതികളാണ് ആശ്രയിക്കുന്നതെങ്കിൽ ട്രൈക്കോഡർമ ഹാർസിയാനം മാത്രമായോ സ്യൂഡോമൊണസ് ഫ്ളൂറസൻസുമായി ചേർത്തോ മണ്ണിൽ ചേർത്തു കൊടുക്കണം.

വിളവെടുപ്പും സംസ്കരണവും:

25 മുതൽ 30 വരെ ഇടവേളകളിൽ കായെടുപ്പു തുടരാം. കാലാവസ്ഥയും കായ്കളുടെ മൂപ്പും പരിഗണിച്ചുവേണം വിളവെടുക്കാൻ. കൃത്യമായ ഇടവേളകളിൽ സംസ്കരണപ്പുരകളിൽനിന്നു ബാഷ്പാംശം നീക്കണം. എങ്കിൽ മാത്രമേ ഉണങ്ങിയ കായ്കൾക്കു നല്ല പച്ചനിറം കിട്ടൂ. ഉണങ്ങിയ കായ്കൾ പത്തുശതമാനത്തിൽ താഴെമാത്രം ജലാംശത്തോടെ കറുത്ത പൊളിത്തീൻ ലൈനിങ്ങുള്ള ചാക്കുകളിലാക്കി തടിപ്പെട്ടികളിൽ സൂക്ഷിക്കണം

മഞ്ഞൾ

ആവശ്യാനുസരണം കള നീക്കംചെയ്യുകയും തടങ്ങളിൽ മണ്ണുകൂട്ടിക്കൊടുക്കുകുയും പുതയിടുകയും വേണം. വെള്ളം കെട്ടിക്കിടക്കുന്നതു തടയാൻ നീർവാർച്ച ഉറപ്പാക്കണം. കടചീയൽ ശ്രദ്ധയിൽപ്പെട്ടാൽ 0.3 ശതമാനം ഡൈത്തേൻ എം 45 അല്ലെങ്കിൽ 0.3 ശതമാനം ചെഷ്നട്ട് കോമ്പൗണ്ട് മണ്ണിൽ ചേർത്തുകൊടുക്കണം. ഇലപ്പുള്ളി രോഗം കണ്ടാൽ ഒരുശതമാനം ബോർഡോമിശ്രിതം അല്ലെങ്കിൽ 0.2 ശതമാനം (100 ലീറ്റർ വെള്ളത്തിൽ 200 ഗ്രാം) ഡൈത്തേൻ എം 45 തളിക്കണം.

കുരുമുളക്

കൃഷിയിടത്തിൽ:

ഗുണമേന്മയുള്ള നല്ല വള്ളികൾ കണ്ടെത്തി ചെന്തലകൾ ശേഖരിച്ച് അടയാളപ്പെടുത്തണം. നട്ടുപിടിപ്പിച്ച വള്ളികൾ താങ്ങുകാലുകളിൽ ചുറ്റിക്കൊടുക്കണം. കളകൾ കൂടുതലായിക്കണ്ടാൽ കുരുമുളകുവേരിനു കേടുപറ്റാതെ ചെത്തി വൃത്തിയാക്കി പുതയിടണം. നേരത്തേ നൽകിയിട്ടില്ലെങ്കിൽ ചെടികളുടെ ചുവട്ടിൽ ജൈവവളങ്ങൾ ചേർത്തുകൊടുക്കണം.

കീടനിയന്ത്രണം:

തോട്ടത്തിൽ കൂടുതൽ തണലുണ്ടെങ്കിൽ പൊള്ളുവണ്ടിന്റെ ആക്രമണം ഉണ്ടാകാം. അങ്ങനെയെങ്കിൽ തണൽ നിയന്ത്രിക്കണം. ആക്രമണം കൂടുതലാണെങ്കിൽ ക്വിനാൽഫോസ് 0.05 ശതമാനം 100 ലീറ്റർ വെള്ളത്തിൽ 200 മില്ലി എന്ന തോതിൽ തളിച്ചുകൊടുക്കണം.

രോഗനിയന്ത്രണം:

വേരഴുകൽ ശ്രദ്ധയിൽപ്പെട്ടാൽ രോഗം നിയന്ത്രിക്കാൻ ബോർഡോമിശ്രിതം ഒരുശതമാനം തളിക്കണം. വേരഴുകൽ അധികമാണെങ്കിൽ മണ്ണിളക്കി 0.2 ശതമാനം കോപ്പർ ഓക്സി ക്ലോറൈഡ് വള്ളിയൊന്നിന് അഞ്ചു ലീറ്റർ (200 ഗ്രാം നൂറു ലീറ്റർ വെള്ളത്തിൽ ചേർത്ത്) എന്ന തോതിൽ ചേർത്തുകൊടുക്കാം. ഇതോടൊപ്പം ബോർ‍ഡോമിശ്രിതം ഒരുശതമാനം തളിക്കുകയും വേണം. കുറുനാമ്പിലയോ ഫില്ലോഡിയോ ശ്രദ്ധയിൽപ്പെട്ടാൽ വേരോടെ പിഴുതു നശിപ്പിക്കണം.

ഇഞ്ചി

ആവശ്യമനുസരിച്ചു കള നീക്കുകയും തടങ്ങളിൽ മണ്ണുകൂട്ടിക്കൊടുക്കുകയും പുതയിടുകയും വേണം. വെള്ളം കെട്ടിനിൽക്കാതെ നീർവാർച്ച ഉറപ്പാക്കണം. മൃദുചീയൽ ബാധിച്ച ചെടികൾ പിഴുതെടുത്തു മാറ്റണം. തടങ്ങളിൽ ഒരുശതമാനം ബോർഡോമിശ്രിതം ചേർത്തുകൊടുക്കണം

പ്രതീക്ഷകൾക്കു തെളിച്ചം;കർഷകർ വീണ്ടും വാനില കൃഷിയിലേക്ക്

വിലയിൽ മുന്നേറ്റം പ്രകടമായതോടെ ഇടവേളയ്ക്കുശേഷം ഹൈറേഞ്ചിലെ കർഷകർ വാനില കൃഷിയിലേക്കു തിരിയുന്നു. ഒരു കിലോഗ്രാം പച്ച വാനില ബീൻസിനു രണ്ടായിരം രൂപയും ഉണക്ക ബീൻസിന് 10,000 രൂപയുമാണു നിലവിൽ ലഭിക്കുന്നത്. സംസ്ഥാനത്ത് 1990 കാലഘട്ടത്തിലാണു വാനില കൃഷി തുടങ്ങിയതെങ്കിലും രണ്ടായിരത്തഞ്ചോടെയാണു സജീവമായത്.

അന്നു പച്ച വാനില കിലോഗ്രാമിന് 5,000 രൂപയും ഉണക്കയ്ക്ക് 20,000 രൂപയുമായിരുന്നു വില. എന്നാൽ രണ്ടു വർഷത്തിനുശേഷം പച്ച വാനിലയുടെ വില അൻപതായും ഉണക്കയുടേത് 1500 രൂപയായും കൂപ്പുകുത്തി. ഈ സ്ഥിതി ഏറെനാൾ നീണ്ടുനിന്നതോടെ കർഷകർ മറ്റു കൃഷിയിലേക്കു തിരിഞ്ഞു. വാനില വെട്ടിനീക്കിയാണു മറ്റു വിളകൾ കൃഷി ചെയ്തത്.

പിടിച്ചുനിന്ന കർഷകർക്കു വിളവുകളുടെ രോഗ കീടബാധകൾ തിരിച്ചടിയായി. ഇതിനിടെ 2013ൽ ഭേദപ്പെട്ട നിലയിലേക്കു വില ഉയർന്നിരുന്നെങ്കിലും വീണ്ടും ഇടിവുണ്ടായി. ഈ വർഷം ജനുവരിയിൽ പച്ച വാനിലയ്ക്ക് 1,300 മുതൽ 1,500 രൂപ വരെയാണു വില ലഭിച്ചത്. ഉണക്ക വാനിലയുടെ വില 5,000 മുതൽ 6,000 രൂപ വരെയായിരുന്നു. ഇതിൽ വീണ്ടും ഉയർച്ച ഉണ്ടായതോടെയാണു കർഷകർ ഈ മേഖലയിലേക്കു തിരിയുന്നത്.

പലഹാര നിർമാണത്തിനും സൗന്ദര്യവർധക വസ്തുക്കളുടെ നിർമാണത്തിനും വാനില ഉപയോഗിക്കാറുണ്ട്. ഐസ്‌ക്രീം, കേക്ക് എന്നിവയുടെ നിർമാണത്തിൽ രുചിയും മണവും കൂട്ടാൻ വാനിലക്കായിൽ നിന്നെടുക്കുന്ന സത്താണു പ്രധാനമായും ഉപയോഗിക്കുന്നത്. തമിഴ്നാട്ടിലെ പൊള്ളാച്ചി അടക്കമുള്ള സ്ഥലങ്ങളിൽ നിന്നെത്തുന്ന വ്യാപാരികളാണു ഹൈറേഞ്ചിലെ കച്ചവടക്കാരിൽനിന്ന് ഉൽ‌പന്നം ശേഖരിക്കുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ വാനില കൃഷി ചെയ്യുന്ന മഡഗാസ്‌കറിലെ ഉൽപാദനത്തെ ആശ്രയിച്ചാണു കേരളത്തിൽ വാനില വിലയിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകുന്നത്.

ഇടുക്കി, വയനാട്, എറണാകുളം ജില്ലകളിലാണ് വാനില കൃഷി ചെയ്യുന്നത്. കുമിൾ, വൈറസ് എന്നിവ മൂലമുള്ള രോഗങ്ങളാണു വാനിലയ്ക്കു ഭീഷണിയാകുന്നത്. ചെടിയുടെ വേര്, തണ്ട്, ഇല, കായ്, പൂവ് തുടങ്ങിയ ഭാഗങ്ങളെ കുമിൾരോഗം ബാധിക്കും. രോഗം ബാധിച്ച ഭൂരിഭാഗം ചെടിയും അഴുകി നശിച്ചുപോകാറാണു പതിവ്. ഫൈറ്റോഫ്ത്തോറ, ഫ്യുസേറിയം, സ്‌ക്ലീറോഷ്യം, കൊളിറ്റോട്രൈക്കം തുടങ്ങിയ ഇനത്തിൽപ്പെട്ട കുമിളുകളാണു രോഗങ്ങൾക്കു മുഖ്യകാരണം.

വയനാട്ടിൽ വീണ്ടും വനിലക്കാലം

ക‍ാർഷിക മേഖലയിൽ തിളങ്ങി നിന്ന‍ിരുന്ന വാനില കൃഷി പുതിയ പ്രത‍ീക്ഷകളുമായി കൃഷിയിടങ്ങളിലേക്ക് വീണ്ടുമെത്തുന്നു. വർഷങ്ങൾക്ക് മുൻപ് കിലോക്ക് 2000 ലെറെ രൂപയുമായി തിളങ്ങി നിന്നിരുന്ന വാനില പിന്നീട് ജില്ലയിൽ നിന്ന് പൂർണമായും ഇ‍ല്ലാതായിരുന്നു. ഫംഗസ് രോഗമടക്കമുള്ളവ ബാധിച്ചും വിലയിൽ വലിയതോതിൽ കുറ‍‍വുണ്ടായത‍ുമാണ് വാനില കൃഷി ഇ‍‍ല്ലാതാവാൻ കാരണം. സ്ഥിരമായ വിലയ‍ില്ലാതെയും രോഗങ്ങളും വ്യാപകമായപ്പോൾ ജില്ലയിലെത്തിയ വാനില വലിയ തോതിൽ കൃഷി ചെയ്യപ്പെട്ടിരുന്നു.

കാപ്പിയടക്കമുള്ളവ ഒഴിവാക്കിയാണ് കർഷകർ വാന‍ിലയിലേക്ക് തിര‍ിഞ്ഞതെങ്കിലും പിന്നീട് അതും കർഷകർക്ക് തിരിച്ചടിയ‍ാക‍ുകയായിരുന്നു. 2000 രൂപ വരെ വിലയുണ്ടായിരുന്നത് ഗണ്യമായി കു‍റഞ്ഞപ്പോഴാണ് കർഷകരിലേറെ പേരും വാനിലയെ കൈയെ‍ാഴിഞ്ഞത്. വില വർധിക്കുകയും ആവശ്യക്കാർ ഏറുകയും ചെയ്തതോടെയാണ് ജില്ലയിൽ വീണ്ടും കർഷകർ വ‍ാനിലയെ കൃഷിയിടങ്ങളിലേക്ക് എ‍ത്തിക്ക‍ുന്നത്. മറ്റു കൃഷ‍‍‍‍ികൾക്കുണ്ടാകുന്ന ‍വിലയിടിവും രോഗ‍ങ്ങളുമെല്ലാമാണ് വാന‍‍‍ിലയെ ‍വീണ്ടും പരീക്ഷിക്കാൻ കർഷ‍കർക്ക് ‍പ്രേരണയാകുന്നത്. ഉണ്ടായിരുന്ന കൃഷി എതാണ്ട് പൂർണമായും നശിച്ചതിനാൽ ചുരുക്കം ചില കർഷകര‍ുടെ കൈയിൽ മാത്രമേ വാ‍നില അവ‍ശേഷിക്കുന്നുള്ളു. അതിനാൽ തന്നെ കൃഷ‍‍ിയാരംഭിക്കുന്നതിന് വള്ളി ലഭി‍ക്കാൻ കർഷകർ ബുദ്ധിമുട്ടുകയാണ്. 100 രൂപ മ‍ുതൽ 150 രൂപയാണ് ഒരു മീറ്റർ വള്ളിക്ക് പലയിടങ്ങളിലും ഇ‍ൗടാക്കുന്നത്. ആവശ്യക്കാർ എറുന്നതിനാൽ കൂടിയ വിലയ്ക്കും പലരും വിൽപന നട‍ത്തുന്നുണ്ട്.

കീടബാധ അധികം എൽക്കാത്ത കൃഷ‍‍‍ിയെന്നതിനാൽ അമിതമായ കീടനാശിനി ‍പ്രയോഗവും ആവശ്യമായി വരാറില്ല. ഒരു മീറ്റർ വള്ളിനട്ടാൽ മൂന്ന് വർഷം കെ‍ാണ്ടും രണ്ട‍് മീറ്റർ നട്ടാൽ രണ്ടു വർഷം കെ‍ാണ്ടും സാധാരണ കായ്ക്കുമെന്നാണ് കർഷകർ പറയുന്നത്. നടീൽ വസ്തുവിന്റെ ചെലവൊഴിച്ചാൽ നല്ലപരിചരണം മാത്രമാണ് വാനിലക്ക് കാര്യമായി വേണ്ടതെന്നതും കർഷകരെ ഇതിലേക്ക് ആകർഷി‍ക്കുന്നു. സ്വാഭാവികമായ പരാഗണം നട‍‍ക്കാത്ത വാന‍‍ിലക്ക് പൂവിടുമ്പോൾ പരാഗണം ന‍ടത്തിയാണ് കായ്കളുണ്ടാകുന്നത്. പത്ത് മാസ‍ം കെ‍ാണ്ടാണ് കായ്കൾ അൽപം മഞ്ഞ നി‍റത്തി‍ലേക്ക് കടക്കുക.

അപ്പോഴാണ് വിളവെടുപ്പ് നടത്തുന്നത്. നിലവിൽ പറ‍ിച്ചുണക്കിയെടുത്ത കായ‍ കിലോക്ക് 1000 മുതൽ 2000 രൂപ വരെ വി‍ല ല‍ഭിക്കുന്നുണ്ട്. ജില്ലയിൽ കാര്യമായി ലഭ്യമല്ലെങ്കിലും വാന‍‍‍ില തേട‍‍ി അന്യജില്ലകളിൽ നിന്ന് വരെ ആളുകളെത്തുന്നുണ്ട്. ചുരുക്കം ചില കർഷകരുടെ കൈകളിലാണ് ഇപ്പോൾ വാന‍‍ി‍ല വള്ളികൾ ലഭ്യമായിട്ടുള്ളത്. കുരുമുളക‍്, കാ‍പ്പി, കമുക് തുടങ്ങിയ കൃഷികള‍ിലെല്ലാം കർഷകർക്ക് വ്യാപകമായ തിരിച്ചടികൾ നേരിടുമ്പോൾ നില‍വിൽ വിലകൂടിയ വാനില കൃഷിയിലേക്ക് കൂട‍ുതൽ കർഷകർ എത്തുന്നുമുണ്ട്. വ‍ി‍ലയുണ്ടെന്നതും കൃഷി ചെയ്യാൻ വലിയ ‍ബുദ്ധിമുട്ടില്ലെന്നതും വാന‍ില കൃഷിക്ക് കൂട‍ുതൽ സാധ്യത നൽകുന്നതാണെന്ന് കർഷകനായ ഇടശേരിത്തോട്ടത്തിൽ പൗലോസ് പറഞ്ഞു.

വിപണി അറിഞ്ഞില്ലെങ്കിൽവിപരീത ഫലം

രാജ്യാന്തര വാണിജ്യ ഇടപാടുകളാണ് കേരളത്തിലെ ഉൽപാദകരെ ബാധിക്കുന്നതെങ്കിൽ മറ്റു സംസ്ഥാനങ്ങളിലെ കൃഷിക്കാർക്ക് സംസ്ഥാനങ്ങൾ തമ്മിലുള്ള ചരക്കു നീക്കമാണ് പ്രസക്തം. ഇത്തരം ഇടപാടുകളിൽ ഉപഭോക്താവിന്റെ സ്ഥാനത്തു നിൽക്കുന്ന നാം അവിടങ്ങളിലെ കൃഷിക്കാരനു കിട്ടുന്ന വിലയെക്കുറിച്ചു ചിന്തിക്കാറില്ലെന്നതാണ് വാസ്തവം. കൃഷിക്കാർ ഉൽപന്നം വിൽക്കുന്ന വിപണികളിലൊന്നുംതന്നെ അവരല്ല വില നിശ്ചയിക്കുന്നത് – രാജ്യാന്തരവിപണിയും ആഭ്യന്തരവിപണിയും തമ്മിൽ ഇക്കാര്യത്തിൽ കാര്യമായ വ്യത്യാസമില്ല. സവോളയുടെ വില ഉദാഹരണം. കേരളത്തിൽ പോലും സവോളയ്ക്ക് പരമാവധി 15 രൂപയാണ് വിലയെങ്കിൽ കൃഷിക്കാർക്ക് പകുതി പോലും കിട്ടിയിട്ടുണ്ടാവില്ല. സവോളയുടെ മുഖ്യ ഉൽപാദകരായ മഹാരാഷ്ട്രയിലെ കൃഷിക്കാർക്ക് ഈ വർഷം ബമ്പർ വിളവ് കിട്ടിയിട്ടും കൃഷി ആദായകരമാകാത്തതിനു കാരണവും മറ്റൊന്നല്ല. ഉയർന്ന ഉൽപാദനം വിലയിടിച്ചതു തന്നെ കാരണം. കഴിഞ്ഞ വർഷം വില ഉയർന്നതു കണ്ട് ഈ വർഷം കൂടുതലാളുകൾ സവോളക്ക‍ൃഷിയിലേക്കു കടന്നു. മഴ കുറഞ്ഞ സാഹചര്യത്തിൽ താരതമ്യേന കുറച്ചു വെള്ളം ആവശ്യമുള്ള സവോളയിലേക്ക് മഹാരാഷ്ട്രയിലെ കരിമ്പുകൃഷിക്കാർ കൂടി കടന്നതും ഉൽപാദന വർധനയ്ക്കു കാരണമായി. കഴിഞ്ഞ വർഷത്തെ വിലയായ 3000–4000 രൂപ കിട്ടുമെന്നു കരുതിയ കൃഷിക്കാർക്കു കിട്ടിയതാവട്ടെ, ശരാശരി 728 രൂപയും. ഒരവസരത്തിൽ ക്വിന്റലിനു 50 രൂപ വരെ മഹാരാഷ്ട്രയിലെ സവോളവില താഴ്ന്നു. വില ഉയരുമ്പോൾ കുറയ്ക്കാൻ നടപടി സ്വീകരിക്കുന്ന സർക്കാരിന് ഉൽപാദനച്ചെലവിന് ആനുപാതികമായി വില ഉറപ്പാക്കാനും കടമയില്ലേയെന്ന ചോദ്യമാണ് കൃഷിക്കാർക്കുള്ളത്. കേരളത്തിൽ ഇല്ലാത്ത സവോളക്ക‍ൃഷിയുടെ കഥ പറഞ്ഞത് വിപണി മനസ്സിലാക്കാതെ വില മാത്രം നോക്കിയുള്ള കൃഷിയുടെ അപകട സാധ്യത ചൂണ്ടിക്കാട്ടാനാണ്.

കാവേരി സമരം മൂലം കർണാടകത്തിനും തമിഴ്നാടിനുമിടയിൽ ലോറി ഗതാഗതം തടസ്സപ്പെട്ട് പല ഉൽപന്നങ്ങളുടെയും വില ഇടിക്കുന്നതിനും സെപ്റ്റംബർ സാക്ഷിയായി. സവോള, മഞ്ഞൾ, തക്കാളി, തേയില, മുട്ട, കോഴിയിറച്ചി എന്നിവയൊക്കെ കെട്ടിക്കിടന്നതാണ് വിലയിടിച്ചത്. ഉൽപാദനവും ഇറക്കുമതിയും വർധിച്ചതു മൂലം ഏതാനും നാളുകളായി മഞ്ഞൾവില താഴ്ന്നു നിൽക്കുകയാണ്. മഞ്ഞൾകൃഷി വ്യാപകമായെന്നും മെച്ചപ്പെട്ട വിളവാണ് കൃഷിക്കാർ പ്രതീക്ഷിക്കുന്നതെന്നുമുള്ള റിപ്പോർട്ട് ഈ പ്രവണതയ്ക്ക് ആക്കം കൂട്ടി. ഒരു മാസത്തിനകം 21.6 ശതമാനം വിലയിടിവാണ് മഞ്ഞളിനുണ്ടായത്. തമിഴ്നാട്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ആഭ്യന്തര ഉൽപാദനത്തിന്റെ 60 ശതമാനവും. ഇതിനു പുറമേയാണ് എത്യോപ്യ, മ്യാൻമർ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി. കാവേരി പ്രശ്നത്തിൽ ചരക്കുഗതാഗതം തടസ്സപ്പെട്ടത് ഈറോ‍ഡ് വിപണിയിൽ മഞ്ഞൾ വില താഴ്ത്തി. ഉൽപന്നം കയറ്റിവിടാനാവാതെ വന്നപ്പോൾ കച്ചവടക്കാർ പ്രാദേശികമായി വിറ്റഴിക്കുകയാ യിരുന്നു.

ചേനയുടെ മൊത്തവില ശരാശരി 30 രൂപയായിരുന്നു. മരച്ചീനിക്ക് 25 രൂപയും. കാപ്പി വില കുതിച്ചു കയറ്റത്തിന്റെ പാതയിലാണ്. അറബിക്ക, റോബസ്റ്റ ഇനങ്ങളുടെ വില ഒന്നരവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തലത്തിലെത്തി. ബ്രസീൽ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ ഉൽപാദനം കുറഞ്ഞതും വിയറ്റ്നാമിൽ ഉൽപാദനം കുറയുമെന്ന പ്രവചനവുമാണ് കാപ്പിവില ഉയർത്തിയത്. പടിഞ്ഞാറൻ ആഫ്രിക്കയിൽ കൊക്കോ ഉൽപാദനം മെച്ചപ്പെടുമെന്ന റിപ്പോർട്ട് രാജ്യാന്തര വിപണിയിൽ കൊക്കോയുടെ അവധിവില താഴാൻ കാരണമായിട്ടുണ്ട്. കേരളത്തിൽ പച്ച കൊക്കോയ്ക്ക് 43–52 രൂപയും ഉണങ്ങിയതിന് 202–210 രൂപയുമാണ് ഹൈറേഞ്ചിലെ വില. പുതിയ ആവശ്യക്കാരെത്താത്തതു മൂലം കുരുമുളകു വില 71,700 രൂപയിലേക്കു താഴ്ന്നു. തുലാവർഷം അനുകൂലമായില്ലെങ്കിൽ നടപ്പുവർഷം കറുത്ത പൊന്നിന്റെ ഉൽപാദനം കുറയും.

സംസ്ഥാനത്തെ ജാതിക്കർഷകർക്ക് ഉത്സാഹമേകി ജാതിക്കാവില ഉയരുകയാണ്. കയറ്റുമതി ആവശ്യം വർധിച്ചതിനെ തുടർന്ന് സെപ്റ്റംബർ പകുതിയിൽ ജാതിപ്പരിപ്പിന്റെ വില 450 രൂപയായി ഉയർന്നു. കുമിൾബാധയെ തുടർന്ന് ഉൽപാദനം കുറഞ്ഞതും വില ഉയരാൻ കാരണമായി. സീസൺ തുടങ്ങിയ ശേഷം ആദ്യമുണ്ടായ വിലമുന്നേറ്റത്തിൽ രണ്ടാഴ്ച കൊണ്ട് നൂറുരൂപയോളം കൂടിയത് ഓണക്കാലത്ത് കൃഷിക്കാർക്ക് ആഹ്ലാദിക്കാൻ വക നൽകി. വില ഇനിയും ഉയരുമെന്നാണ് സൂചന. വെളിച്ചെണ്ണയ്ക്ക് സംസ്ഥാന സർക്കാർ അഞ്ചു ശതമാനം നികുതി ഏർപ്പെടുത്തിയത് അയൽ സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്കുള്ള എണ്ണവരവ് കുറച്ചെന്നാണ് റിപ്പോർട്ട്. പത്തു ടൺ ശേഷിയുള്ള 40 ടാങ്ക് വെളിച്ചെണ്ണയാണത്രെ നേരത്തേ തമിഴ്നാട്ടിൽ നിന്ന് ഇവിടേക്കു ദിവസേന വന്നിരുന്നത്. ഓണദിവസങ്ങളിൽ മാറ്റമില്ലാതെ നിന്ന വെളിച്ചെണ്ണ വില തൊട്ടുപിന്നാലെ ഉയർന്നത് അപ്രതീക്ഷിതമായാണ്. കൊപ്രാനീക്കം കുറയ്ക്കാൻ ഉൽപാദകർക്കു കഴിഞ്ഞാൽ ഇനിയും വില ഉയർന്നേക്കും. ദീപാവലി സീസൺ ആസന്നമാവുന്നതും വില ഉയർത്തുന്ന ഘടകം തന്നെ.

ഓണക്കാലത്ത് ടാപ്പിങ് നിലച്ചത് റബറിന്റെ ലഭ്യത കുറച്ചു. വില ഉയരാനുള്ള സാധ്യത കണ്ട് വ്യവസായികൾ വിപണിയിൽ നിന്നു വിട്ടുനിന്നു. ചൈന കൂടുതൽ റബർ ഇറക്കുമതിക്കു തയാറായത് വിപണി പിടിച്ചു നിർത്തി. ആർ എസ് എസ് 4 ഗ്രേഡ് റബറിനു 121 രൂപയും ആർഎസ്എസ് 5 നു 116 രൂപ നിരക്കിലുമാണ് കച്ചവടം.

ഓണം കഴിഞ്ഞതോടെ വാഴക്കുല വിപണിയിൽ വില താഴുകയാണ്. എറണാകുളത്ത് നേന്ത്രന് 60 രൂപ കിട്ടിയ ദിവസം കോഴിക്കോട് 50 രൂപയും കൽപറ്റയിൽ 32 രൂപയും പാലക്കാട് 40 രൂപയുമായിരുന്നു വില. ഞാലിപ്പൂവനും കോഴിക്കോട് വിപണിയിൽ 50 രൂപ തന്നെ. നാടൻ പാളയംകോടനു തൃശൂരിൽ 14 രൂപ മാത്രം വിലയുള്ളപ്പോൾ എറണാകുളത്തും കൊല്ലത്തും തമിഴ്നാട്ടിൽ നിന്നുള്ള പാളയംകോടൻ കായ്കൾക്ക് മുപ്പതു രൂപയിലേറെ കിട്ടിയത് ശ്രദ്ധേയമായി. വിപണി ഇടപെടലിന്റെ ഭാഗമായി വട്ടവടയിലെ കൃഷിക്കാരുടെ ശീതകാല പച്ചക്കറികൾ സ്ഥിരമായി വാങ്ങാൻ സംസ്ഥാന സർക്കാർ നടത്തുന്ന പരിശ്രമം നല്ലതു തന്നെ. ഉരുളക്കിഴങ്ങ് പോലെ പൂർണമായും അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിളകൾ ഇവിടെത്തന്നെ ലഭ്യമാക്കുന്നതിന്റെ നേട്ടം കൃഷിക്കാർക്കു മാത്രമല്ല, ഉപഭോക്താക്കൾക്കുമുണ്ട്. കേരളത്തിനു വേണ്ട ഉരുളക്കിഴങ്ങിന്റെ പകുതിയും ഉൽപാദിപ്പിക്കാൻ വട്ടവടക്കാർക്ക് കഴിയുമത്രെ. പക്ഷേ അവിടെ ഉൽപാദിപ്പിക്കുന്ന കിഴങ്ങ് തമിഴ്നാട്ടിൽ പോയി വരുമ്പോൾ നാം നൽകുന്നതാവട്ടെ, പത്തിരട്ടി വിലയും. കൃഷിക്കാരന് ഇരട്ടിവില നൽകിയാൽ പോലും കുറഞ്ഞ വിലയ്ക്ക് ശീതകാല പച്ചക്കറികൾ നൽകാനാവുമെന്ന് ഇതു വ്യക്തമാക്കുന്നു. കൃഷി മന്ത്രി മുൻകൈയെടുക്കുന്ന സാഹചര്യത്തിൽ വട്ടവടയിലെയും കാന്തല്ലൂരിലെയും പച്ചക്കറി സംഭരണത്തിനു കർഷക സൗഹൃദമായ സ്ഥിരം സംവിധാനം നിലവിൽ വരുമെന്നു പ്രതീക്ഷിക്കാം.

ഇഞ്ചിയെ രക്ഷിച്ചത് വിദേശവിപണി

കൃഷിയിട വിസ്തൃതി പത്തിരട്ടിയായതിനെ തുടർന്ന് തെക്കേ ഇന്ത്യയിലെ ഇഞ്ചി ഉൽപാദനത്തിൽ വലിയ വർധനയുണ്ടായി. വിശേഷിച്ച് കർണാടകയിൽ. ഒരു ദശകം മുമ്പ് പതിനയ്യായിരം ഏക്കർ കൃഷിയുണ്ടായിരുന്ന ഈ മേഖലയിൽ ഇപ്പോൾ ഒന്നരലക്ഷം ഏക്കറിലാണ് ഇഞ്ചിക്കൃഷി. കേരളത്തിൽ നിന്നുള്ള ഒട്ടേറെ കൃഷിക്കാരും ഈ രംഗത്തുണ്ട്. നനയും മെച്ചപ്പെട്ട കൃഷിരീതികളും ഇഞ്ചിക്കൃഷിയുടെ ഉൽപാദനക്ഷമത 25 ശതമാനത്തോളം വർധിപ്പിച്ചു. ഇഞ്ചിയുടെ ഉപയോഗവും കുത്തനെ വർധിച്ചതു കൊണ്ടാണ് വിലയിടിവ് രൂക്ഷമാകാത്തത്. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്നുമാസങ്ങളിൽ കയറ്റുമതി 40 ശതമാനം വർധിച്ച് 5800 ടണ്ണായി. അതേസമയം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 70.25 കോടി രൂപയായിരുന്ന കയറ്റുമതി വരുമാനം 62.7 കോടി രൂപയായി താഴ്ന്നു – കാരണം വിലയിടിവു തന്നെ. ഒരു ഏക്കർ കൃഷിക്ക് മൂന്നു ലക്ഷം രൂപയിലധികം ചെലവ് വരുമെന്നാണ് കൃഷിക്കാർ പറയുന്നത്. ഇത്രയും സ്ഥലത്തു നിന്നു പ്രതീക്ഷിക്കാവുന്ന ഉൽപാദനം ശരാശരി 18,000 കിലോയും. എറണാകുളം വിപണിയിൽ പച്ച ഇഞ്ചി കിലോയ്ക്ക് 70 രൂപയുള്ളപ്പോൾ ഉൽപാദനകേന്ദ്രമായ വയനാട്ടിലെ കൽപറ്റയിൽ കിലോയ്ക്ക് 34 രൂപ മാത്രമാണ് കൃഷിക്കാർക്കു കിട്ടിയത്. കേരളത്തിന്റെ അഭിമാനവും രാജ്യാന്തര വിപണിയുടെ പ്രിയ ഉൽപന്നവുമായ, സവിശേഷ രുചിയുള്ള കൊച്ചിൻ ജിൻജറിന്റെ വിപണി വിഹിതം കുറയുകയാണെന്ന റിപ്പോർട്ട് ഇതോടൊപ്പം ചേർത്തു വായിക്കാം.

കാനനത്തിലെ പഴക്കൂട

ഒരു പ്ലം കഴിച്ചപ്പോഴാണ് കേരളത്തിലെ കടവരി എന്ന കാർഷിക ഗ്രാമത്തെപ്പറ്റി അറിയാനിടയായത്. കൊടൈക്കനാലിലെ ക്ലാവര ഗ്രാമത്തിലായിരുന്നു ഞങ്ങൾ. ഒരു ചെറിയ കടയിൽ നല്ല കൊതിയൂറും നിറത്തിലുള്ള പ്ലംസ് അടുക്കിവച്ചിട്ടുണ്ടായിരുന്നു. അതിലൊന്നെടുത്തു കടിച്ചു. അസാധാരണമായ രുചിയും നിറവും. പുറം പോലെ തന്നെ അകവും ചുവപ്പ്. ഇതെവിടുന്നാ വരുന്നതെന്നു ചോദിച്ചപ്പോൾ ഇത് നിങ്ങളുടെ നാട്ടിൽനിന്നു തന്നെയെന്ന് തമിഴിൽ മറുപടി. കേരളത്തിൽ നിന്നോ? അതെ, കടവരി എന്ന ഗ്രാമത്തിൽ നിന്ന്. ആഹാ, അതു കൊള്ളാമല്ലോ, നമ്മുടെ നാട്ടിൽ നാമറിയാത്ത ഒരു നാടോ. അതും കൃഷി മരിക്കുന്നു എന്ന വിലാപം ഉയരുന്ന കാലത്ത്. എന്നാൽ പിന്നെ കടവരിയിൽ ഒന്നു പോയിവരേണ്ടേ.... പക്ഷേ, ആ ഗ്രാമത്തിലേക്ക് അങ്ങനെ എളുപ്പത്തിലൊന്നും എത്തിപ്പെടാൻ പറ്റില്ലെന്നു വൈകാതെ മനസ്സിലായി.

കടവരി എന്ന കടമ

കേരളത്തിലാണ് കടവരിയെന്ന ഗ്രാമമെങ്കിലും സാധാരണക്കാർക്ക് അവിടേക്കു പ്രവേശനമില്ല. കാരണം നിർദിഷ്ട കുറിഞ്ഞി സങ്കേതത്തിനുള്ളിലാണ് ആ ഗ്രാമം. അതിനാൽ വനംവകുപ്പ് തദ്ദേശീയരെ മാത്രമേ അങ്ങോട്ടു കടത്തി വിടുകയുള്ളൂ. ഇനിയെന്തു വഴി. കടക്കാരൻ തന്നെ പരിഹാരവും പറ‍ഞ്ഞു തന്നു. ഉത്സവത്തിനു പുറത്തു നിന്ന് ആളുകൾ അവിടെച്ചെല്ലാറുണ്ട്. ഇപ്പോൾ ഉത്സവകാലവുമാണ്.

തമിഴ്നാട് വനംവകുപ്പിന്റെ ചെക്ക്പോസ്റ്റ് കടന്നു കടവരിയിലേക്ക്.

ആകെ 120 വീടുകളുണ്ട് കടവരിയിൽ. വോട്ടർമാർ 320, മൊത്തം ജനസംഖ്യ 650 വരും. എല്ലാവരും കൃഷിക്കാർ. കൃഷിപ്പണി ചെയ്യുന്നതും ഇവർ തന്നെ. ശീതകാല വിളകളാണ് ഈ മലയടിവാരത്തിൽ കൂടുതൽ. പലതരം ബീൻസ്, ഉരുളക്കിഴങ്ങ്, കാരറ്റ്, മുള്ളങ്കി തുടങ്ങി സൂചിഗോതമ്പു വരെ 600 ഹെക്ടറിൽ വിളയുന്നുണ്ട്. വീടുകൾ എല്ലാം ചെറുകുടിലുകളാണ്. മൺചുവരുകളുള്ള കുഞ്ഞുവീടുകളും പച്ചത്താഴ്വാരവും ഭരതന്റെ ‘താഴ്വാരം’ സിനിമയെ ഓർമിപ്പിക്കും. വീടിനു ചുറ്റുമുള്ള പറമ്പിൽ മുഴുവൻ ഏതെങ്കിലും വിള നടാൻ ഇവർ മറക്കുന്നില്ല. വീടിനു ചുറ്റും കൃഷിയിടം എന്നല്ല, കൃഷിക്കു കാവലായി വീട് എന്നതാണ് ഇവരുടെ രീതി. പക്ഷേ, കടവരിയിലെ വിളകൾ കേരളത്തിലേക്കു വരുന്നില്ല. എല്ലാം ക്ലാവര വഴി തമിഴ്നാട്ടിലേക്കാണു പോകുന്നത്. കോവർ കഴുതകളുടെ പുറത്തു കയറ്റിയാണ് വിളവു വിപണിയിലെത്തിക്കുക. നമ്മുടെ പച്ചക്കറികൾ നമ്മുടെ നാട്ടിൽത്തന്നെ വിൽക്കാനുള്ള വഴി സർക്കാർ ഉണ്ടാക്കിത്തരണമെന്നു കടവരിയുൾപ്പെടുന്ന വട്ടവട പഞ്ചായത്തിന്റെ പ്രസിഡന്റ് രാമരാജ്.

കടവരിയുടെ ചരിത്രം

ഗ്രാമത്തിന്റെ ചരിത്രം പ്രസിഡന്റിന്റെ വാക്കുകളിലൂടെ...

സുൽത്താൻ ഹൈദരലിയുടെ പടയോട്ടക്കാലത്ത് മധുരയിൽ നിന്ന് കൊരങ്ങിണി ടോപ് സ്റ്റേഷൻ വഴി 13 കുടുംബങ്ങളെത്തി വട്ടവടയിൽ താമസിക്കാൻ തുടങ്ങി. അതിലൊരു സംഘമാണത്രെ ഇപ്പോൾ കടവരിയിൽ ഉള്ളത്. പൂഞ്ഞാർ രാജാവായിരുന്നു ഈ പ്രദേശത്തിന്റെ ഭരണാധികാരി. കൃഷി ചെയ്തോളൂ... പക്ഷേ, കപ്പം കെട്ടണം എന്നൊരു നിബന്ധന രാജാവിനുണ്ടായിരുന്നു. അങ്ങനെ 25 അണ കപ്പം കൊടുത്ത് കൃഷി തുടങ്ങി. അന്ന് മരങ്ങളോ ചോലകളോ ഒന്നുമില്ലായിരുന്നു.

യഥാർഥത്തിൽ പുൽമേടുകൾ ആയിരുന്നു ഇവിടെയെല്ലാം. പിന്നീട് പുൽമേടുകളിൽ വനംവകുപ്പ് വാറ്റിൽ എന്ന മരം വച്ചുപിടിപ്പിക്കാൻ ആരംഭിച്ചു. തൊലിയെടുത്ത് ചായമുണ്ടാക്കാൻ ആണ് വാറ്റിൽ. യഥാർഥത്തിൽ പ്രകൃതിക്കു യോജിക്കാത്ത മരം. ഇപ്പോൾ ചായമെടുക്കുന്നില്ല. ജീവിക്കാൻ മറ്റു മാർഗങ്ങളില്ലാത്തതിനാൽ തമിഴ്നാട്ടിലെ വ്യാപാരികളുടെ കൊള്ളലാഭമെടുക്കലിനു നിന്നുകൊടുക്കുകയാണു കടവരിയിലെ കൃഷിക്കാർ എന്നും രാമരാജ് പറഞ്ഞു. ഓരോ നൂറു രൂപയ്ക്കും പത്തു രൂപ വരെ കമ്മീഷൻ ഈടാക്കും ഇടനിലക്കാർ. അധികം കീടനാശിനി ഉപയോഗിക്കാത്ത ആ വിളകൾ നമ്മുടെ നാട്ടിൽത്തന്നെ വിൽക്കാനായാൽ നല്ല വില കിട്ടുമെന്ന പ്രതീക്ഷയിലാണു കർഷകർ. പച്ചക്കറിയിൽ സ്വാശ്രയത്വം കൈവരാൻ ഇത്തരം ഗ്രാമങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും അവർ കൂട്ടിച്ചേർക്കുന്നു.

ഫലോദ്യാനം

പച്ചക്കറികളാൽ മാത്രമല്ല, പ്ലം, പാഷൻ ഫ്രൂട്ട്, ഔഷധഗുണമുള്ള മരവഴുതന, കാട്ടുപടവലം തുടങ്ങി ഒട്ടേറെ കാട്ടുപഴങ്ങളാലും അനുഗൃഹീതമാണ് കടവരി മലകൾക്കും പുൽമേടുകൾക്കുമിടയിലെ കാർഷിക ഗ്രാമം. കണ്ടു മടങ്ങുമ്പോൾ തഴച്ചു വളരുന്ന നെൽപ്പാടം കണ്ടതുപോലെ മനസ്സുനിറഞ്ഞിരുന്നു. ചുറ്റുമുള്ള കുറിഞ്ഞി സങ്കേതത്തിലെ മലകൾക്കോ പരിസ്ഥിതിക്കോ ഒരു കോട്ടവും വരുത്താതെ കടവരിയുടെ കാർഷിക സമൃദ്ധി കേരളത്തിലെത്തിക്കണമെന്ന്, നാട്ടുകാരുടെ അപേക്ഷ ആ മലനിരകളിൽ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു

പായം എന്ന പാഠം


മൂന്നു വിള കൃഷിയിറക്കാൻ പറ്റുന്ന വയലുകൾ തരിശാക്കിയിടുന്ന കാലത്ത്, ഒഴിവുള്ള സ്ഥലം കണ്ടെത്തി കരനെൽകൃഷി കൂടി നടത്തി വൻ നേട്ടം ഉണ്ടാക്കിയ വിജയകഥയാണു പായം പഞ്ചായത്തിനു പറയാനുള്ളത്. ഇവിടത്തെ 207 വനിതാ കർഷകർ പ‍ഞ്ചായത്തിലെ 30 കേന്ദ്രങ്ങളിലായി നടത്തിയ കൃഷിയിലാണു പറനിറയെ വിളവ് ലഭിച്ചത്. കരഭൂമിയെ നെൽപാടമാക്കി കൊയ്തെടുത്തത് 61.2 ടൺ നെല്ല്!

നൂറ് ഏക്കർ കരനെൽകൃഷി ലക്ഷ്യമിട്ട് ഇറങ്ങിപ്പുറപ്പെട്ട ആദ്യശ്രമത്തിൽ തന്നെ 76.5 ഏക്കറിൽ നടപ്പാക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് പ്രസിഡന്റ് എൻ.അശോകന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയും ജീവനക്കാരും. നെൽവർഷാചരണത്തിനിടയിൽ സംസ്ഥാനത്തിനും മാതൃകയാവുകയാണ് ഇവിടുത്തെ കരനെൽകൃഷി വിജയപാഠം.

പഞ്ചായത്തിൽ നിലവിലുള്ള 200 ഏക്കർ നെൽവയലുകളിൽ നാലു പാടശേഖര സമിതി മുഖേന നടത്തുന്ന കൃഷിക്കു പുറമെയാണു കരഭൂമിയിലെ ഈ നെൽകൃഷി വിജയം. പഞ്ചായത്തിനെ സമ്പൂർണ ജൈവഗ്രാമമാക്കാൻ ലക്ഷ്യമിട്ടുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് കരനെൽകൃഷി സാധ്യതകൾ ഉപയോഗിക്കാൻ തീരുമാനിച്ചതെന്നു പ്രസിഡന്റ് പറഞ്ഞു. കൃഷിഭവന്റെയും കുടുംബശ്രീയുടെയും തൊഴിലുറപ്പ് പദ്ധതിയുടെയും സഹകരണത്തോടെയായിരുന്നു ഏകോപനം.

ഏകോപനം

അഞ്ചു മുതൽ പത്തുവരെ അംഗങ്ങൾ ഉള്ള സ്വയംസഹായ സംഘങ്ങൾ രൂപീകരിച്ചായിരുന്നു കൃഷി. 11 വാർഡുകളിലായി താൽപര്യമുള്ള വനിതാ കർഷകർ ചേർന്ന് ഇത്തരം 30 സംഘങ്ങൾ രൂപീകരിച്ചു. സ്ഥലം കണ്ടെത്തി. തൊഴിലുറപ്പു പദ്ധതിയിൽപെടുത്തി നിലം ഒരുക്കിയപ്പോൾ പഞ്ചായത്ത് വിത്തും വളവും നൽകി. കളപറിക്കൽ ഉൾപ്പെടെയുള്ള പരിചരണ പരിപാടികൾ മാത്രമേ ഗുണഭോക്താക്കളുടെ ചെലവിൽ ചെയ്യേണ്ടിവന്നുള്ളൂ.

കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കരിമ്പത്തു നിന്നും തൃശൂരിൽ നിന്നും എത്തിച്ച ഐശ്വര്യ, ആതിര ഇനം വിത്തുകളാണ് ഉപയോഗിച്ചത്. കഴിഞ്ഞ ജൂൺ–ജൂലൈ മാസങ്ങളിലാണ് കൃഷി ഇറക്കിയത്. നെൽപാടങ്ങളെല്ലാം തന്നെ കൊയ്തു കഴിഞ്ഞു. കരനെല്ലിനു ഹെക്ടറിന് 2000 കിലോയും വയലിൽ ഹെക്ടറിന് 5000 കിലോയും പരമാവധി വിളവെന്നാണ് കണക്ക്. പായത്ത് കരനെൽകൃഷി പാടങ്ങളിൽ നിന്നെല്ലാം ഹെക്ടറിന് 2000 കിലോയോളം വിളവ് ലഭിച്ചു.

സംഘബലം

ഓരോ സ്വയംസഹായ സംഘത്തിലും അംഗങ്ങളായവർ പഞ്ചായത്തിന്റെ തൊഴിലുറപ്പു പദ്ധതിയിലും അംഗങ്ങളായവരാണ്. ലഭിക്കുന്ന നെല്ല് അതതു സംഘത്തിലുള്ളവർ തുല്യമായി വീതിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഒരു മാസത്തോളമായി പഞ്ചായത്തിലെങ്ങും കൊയ്ത്തുത്സവങ്ങളായിരുന്നു. സംഘാംഗങ്ങൾക്കൊപ്പം അവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പങ്കെടുപ്പിച്ച് അവേശമായാണ് വിളവെടുപ്പു നടത്തിയത്.

നെൽകൃഷിക്കായി പഞ്ചായത്ത് 6.8 ലക്ഷം രൂപയാണ് മാറ്റിവച്ചത്. ഇതിൽ മൂന്നര ലക്ഷം രൂപയും കരനെൽകൃഷിക്കായിരുന്നു. നമുക്ക് സ്വന്തമായുള്ള വയലിൽ പോലും കൃഷിചെയ്യാൻ കാലാവസ്ഥയും സാഹചര്യങ്ങളും അനുകൂലമല്ലെന്ന് പരിതപിക്കുന്നവർക്കിടയിൽ അത്യാവശ്യം വെയിൽ ലഭിക്കുന്നിടത്ത് ഇടവിളയായി പോലും നെൽകൃഷി നടത്തി വിജയിപ്പിക്കാമെന്ന പാഠം കൂടിയാണ് പായം പകർന്നുനൽകുന്നത്.

അടുത്ത വർഷം 250 ഏക്കറിൽ

അടുത്ത വർഷം പഞ്ചായത്തിൽ 250 ഏക്കറിൽ കരനെൽകൃഷി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നു പ്രസിഡന്റ് എൻ.അശോകൻ അറിയിച്ചു. ഇക്കുറിയിലെ ജനങ്ങൾക്കിടയിലെ ആവേശം കണക്കിലെടുത്താണിത്. ഇപ്പോൾ നടത്തിയ കരനെൽകൃഷിയിലെ വിജയം മനസ്സിലാക്കി കൂടുതൽ ആളുകൾ താൽപര്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൃഷിവകുപ്പിന്റെ മൂന്ന് ലക്ഷവും

ജില്ലയിൽ ഏറ്റവും കൂടുതൽ കരനെൽകൃഷി നടത്തിയ പായത്തിനു മൂന്നു ലക്ഷം രൂപ കൃഷിവകുപ്പിന്റെ ഗ്രാന്റും ലഭിക്കും. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ കൊയ്ത്തുത്സവത്തിൽ പങ്കെടുത്ത ജില്ലാ കൃഷി ഓഫിസർ കെ.ഓമന ഗ്രാന്റ് ലഭ്യമാക്കുന്ന കാര്യം പ്രഖ്യാപിക്കുകയുണ്ടായി. ഒരു ഹെക്ടറിന് പതിനായിരം രൂപ പ്രകാരം കരനെൽകൃഷി നടത്തുന്നവർക്ക് കൃഷിവകുപ്പിന്റെ സാമ്പത്തിക സഹായം ഉണ്ട്. പായത്ത് 30 ഹെക്ടർ സ്ഥലത്തു കൃഷി വിജയകരമായി നടത്തിയ സാഹചര്യത്തിലാണ് മൂന്നു ലക്ഷം രൂപയുടെ ആകെ ഗ്രാന്റ് നൽകാൻ നടപടിക്രമം പൂർത്തിയാക്കിയിട്ടുള്ളതെന്ന് ഇരിട്ടി അസി. ഡയറക്ടർ വി.ലത അറിയിച്ചു.

തൊലി പൊളിച്ചാൽ വിഷം..!കൊടും വിഷം

വാഴകൾ വാഴാൻ വിഷം വേണോ? ഗ്രാമപ്രദേശങ്ങളിൽ ഒരു ജൈവ കാർഷിക സംസ്കാരം രൂപപ്പെടുമ്പോൾ ഒരു ഭാഗത്ത് കൃഷിയിൽ നിന്നുള്ള അമിതലാഭം കൊയ്യാൻ ചില കർഷകർ പ്രയോഗിക്കുന്നത് ഉഗ്രവിഷം. വാഴക്കന്ന് മുതൽ വാഴക്കൂമ്പ് വരെ വിഷം കലർത്തുന്നു. ഇവ നിയന്ത്രിക്കാനും തടയിടാനും കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്കും സാധിക്കുന്നില്ല, നിരോധിച്ച കളനാശിനികളും കീടനാശിനികളും വിൽക്കുന്നതിന് ഏജന്റുമാരും രംഗത്തുണ്ട്. കോഴിക്കോട് മാവൂർ, പെരുവയൽ, ചാത്തമംഗലം, കുന്നമംഗലം തുടങ്ങിയ പഞ്ചായത്തുകളിൽ വർഷത്തിൽ ഇരുപത് ലക്ഷത്തിലേറെ വാഴകൾ നടുന്നുണ്ട്. പാരമ്പര്യകൃഷിക്കാരും പുതുതലമുറയിൽപെട്ട കർഷകരും ജൈവവളങ്ങളും ജൈവ കീടനാശിനികളും മാത്രമുപയോഗിച്ച് പുതിയ ജൈവകാർഷിക സംസ്കാരം വളർത്തുമ്പാഴാണ് അമിതലാഭം പ്രതീക്ഷിച്ച് വൻതോതിൽ കൃഷിയിറക്കുന്നവരിൽ ചിലർ വ്യാപകമായി വിഷം തളിക്കുന്നത്.

വെള്ളന്നൂരിലും കണ്ണിപറമ്പിലും കൃഷിയിറക്കുന്നതിന് മുന്നോടിയായി നിലമൊരുക്കാൻ പുല്ല് ഉണക്കുന്നതിന് ഉഗ്രവിഷമുള്ള കളനാശിനികൾ തളിക്കുന്നത് ആരോഗ്യപ്രവർത്തകർ നേരത്തെ കണ്ടെത്തിയിരുന്നു.തമിഴ്നാട്ടിൽ നിന്നും വയനാട്ടിൽ നിന്നും വാഴക്കുന്നുകളെത്തിച്ച് ഇവ വയലിൽ നടുന്നതിന് മുന്നോടിയായി വിഷം തളിക്കും. വാഴത്തോട്ടങ്ങൾക്കു നടുവിൽ കുഴികുത്തി അതിൽ ടാർപോളിൻഷീറ്റ് വിരിച്ച് അതിൽ വെള്ളവും വിഷവും ചേർന്ന മിശ്രിതം തയാറാക്കി ഇതിൽ വാഴക്കന്നുകൾ മുക്കിവയ്ക്കുകയാണ്. വാഴ വച്ച് ഉഗ്രവിഷമുള്ള കീടനാശിനികൾ അതിനു ചുറ്റിലും വെള്ളത്തിൽ കലർത്തി നേരിട്ട് മുക്കിഒഴിക്കുന്നവരുമുണ്ട്.പിന്നീട് വാഴകുലച്ചു തുടങ്ങുമ്പോൾ വാഴക്കൂമ്പുകളിൽവരെ വിഷം തളിക്കുന്നുണ്ട്.

കീടങ്ങളെ തുരത്തുന്നതിന് ജൈവ കീടനാശിനികളും രാസവളങ്ങൾക്ക് പകരം ജൈവ വളങ്ങളും പ്രയോഗിക്കാമെന്നിരിക്കെ അമിത ലാഭം കണക്കാക്കി കൃഷിചെയ്യുന്ന ഏതാനും ചിലരാണ് ഉഗ്രവീര്യമുള്ള വിഷം കൃഷിയിടങ്ങളിൽ തളിക്കുന്നത്. കൃഷിയിടങ്ങളിലെ കീടനാശിനി പ്രയോഗം കൂടിയതോടെ മണ്ണിന്റെ ഘടനയിൽ സാരമായ മാറ്റം വന്നിട്ടുള്ളതായി കൃഷിവകുപ്പ് അധികൃതർ തന്നെ ചൂണ്ടിക്കാട്ടുന്നു. മണ്ണിരകൾ ഉൾപ്പെടെ വയലുകളിൽ കാണുന്ന ചെറുതും വലുതുമായ ഒട്ടേറെ ജീവികൾ ഇല്ലാതായിട്ടുണ്ട്. കൃഷിയിടങ്ങളിലെ വിഷം കലർന്ന വെള്ളം തോടുകളിലൂടെ പുഴകളിലും മറ്റുജലാശയങ്ങളിലും കലരുന്നുമുണ്ട്. കൃഷിയിടങ്ങളിലെ ഉഗ്രവീര്യമുള്ള വിഷവെള്ളത്തിൽക്കിടന്ന് ചത്ത മത്സ്യങ്ങളെ തിന്ന ദേശാടനക്കിളികൾവരെ ചത്തത് നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എൻഡോസൾഫാൻ, കാർബോഫുറാൻ, ഫോറേറ്റ്, മീതൈൽ പാരത്തയോൺ, മോണോക്രോട്ടോഫോസ്, മീതൈൻ ടെമെറ്റോൺ, ട്രയാഫോസ്, പ്രഫെനോഫോസ്, എഡിഫെൻഫോസ്, (കുമിൾനാശിനി), മീതൈൽ ഈതൈൽമെർക്കുറി ക്ലോറൈഡ്, ട്രൈസൈക്ലാഡോൾ, ഓക്സിതയോക്യൂനോസ്, പാരാക്വാട്ട്(കളനാശിനി)അനിലോഫോസ്, അട്രാസിൻ, തയോബെൻകാർബ് (കളനാശിനി),തുടങ്ങിയ കീടനാശിനികളുടെ വിപണനവും ഉപയോഗവും നിരോധിച്ചിട്ടുണ്ട്.കാർബോസൽഫാൻ, ക്ലോർപൈരിപോസ്, സൈപ്പർമെത്രിൻ, ലാംഡാസൈഹലോത്രിൻ, അസ്സഫേറ്റ്, 2,4-ഡി (കളനാശിനി), ഗ്ലൈഫോസേറ്റ്(കളനാശിനി) തുടങ്ങിയവ നിയന്ത്രിത കീടനാശിനികളാണ്.

ഇവ കൃഷിഓഫിസർമാരുടെ സാന്നിധ്യത്തിലും നിർദേശമനുസരിച്ചും മാത്രമേ ഉപയോഗിക്കാവൂ. എന്നാൽ നിരോധിച്ചതും നിയന്ത്രിതവുമായ കീടനാശിനികളും കളനാശിനികളും സുലഭമായി വിൽപന നടത്തുന്നവരുണ്ട്. നിയന്ത്രണങ്ങളില്ലാതെ ഇവ ഉപയോഗിക്കുന്ന കർഷകരുമുണ്ട്. ഇതിനെതിരെ നടപടിയെടുക്കാനും കർഷകരെ ബോധവൽക്കരിക്കാനും കൃഷിവകുപ്പ് അധികൃതർ തയാറായില്ലെങ്കിൽ കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന മാരകവിഷങ്ങൾ ഒരു തലമുറയെത്തന്നെ മാറാരോഗങ്ങൾക്ക് അടിമകളാക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കുന്നതിനും മണ്ണിനെ സംരക്ഷിക്കുന്നതിനുംജൈവകാർഷികരീതി വ്യാപകമായി നടപ്പാക്കണം, ഇതിന്റെ ഗണ്യമായ ചെലവ് കുറയ്ക്കാനും അധികൃതർ നടപടിയെടുക്കണം

ശീതകാല പച്ചക്കറികൾ നടാൻ സമയമായി

കുറച്ചു വർഷങ്ങളായി കേരളത്തിൽ ശീതകാല പച്ചക്കറി വിളകളായ കാബേജ്, കോളിഫ്ലവർ, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ സമതലപ്രദേശങ്ങളിൽ വിജയകരമായി കൃഷി ചെയ്തുവരുന്നു. ശൈത്യമേഖലകളായ വയനാട്, പാലക്കാടുള്ള നെല്ലിയാമ്പതി, ഇടുക്കിയിലെ കാന്തല്ലൂർ, വട്ടവട മേഖലകൾ എന്നിവയാണ് പരമ്പരാഗതമായി കേരളത്തിൽ ശീതകാല പച്ചക്കറികൾ കൃഷി ചെയ്യുന്ന സ്ഥലങ്ങൾ. എന്നാൽ പങ്കാളിത്ത ഗവേഷണത്തിലൂടെ ഇവ മഞ്ഞുകാലം തുടങ്ങ‍ുന്ന സമയം മുതൽ കേരളത്തിലെ സമതല പ്രദേശങ്ങളിലും സമൃദ്ധമായി വളർത്തിയെടുക്കാമെന്ന് തെളിയിച്ചിട്ടുണ്ട്. ഈ ശീതകാലപച്ചക്കറികൾ വളർത്തുന്നത് ഒരു പുതിയ കാർഷിക അനുഭവമായും പല കർഷകരും കരുതുന്നു. ശക്തമായ കീടനാശിനികൾ ഉപയോഗിക്കപ്പെടുന്ന മറുനാടൻ കാബേജിനേയും, കോളിഫ്ലവറിനേയും മാറ്റിനിർത്തുവാൻ നമുക്ക് കിട്ടുന്ന സുവർണ്ണാവസരമാണ് ഈ സമയം എന്ന് കേരളീയരായ നാമോരോരുത്തരും മനസ്സിലാക്കുകയും വേണം.

കാബേജ്, കോളിഫ്ലവർ

വിത്തുകൾ പാകി, പാകമായ തൈകൾ പറിച്ചുനടേണ്ട വിളകളാണ് കാബേജും, കോളിഫ്ലവറും. വിത്തുകൾ കടുക് മണികൾക്ക് സദൃശമാണ്. ഇവ കേരളത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നില്ല എന്ന പ്രശ്നമുണ്ട്. എങ്കിലും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വിത്തുകളാണ് നാം നടീലിനായി ഉപയോഗിക്കുന്നത്.

ഇനങ്ങൾ

കാബേജ് : NS-183, NS-43 കോളിഫ്ലവർ : ഹിമാനി, സ്വാതി, NS–60, ബസന്ത് (NS–245), പൂസ മേഘ്ന

കൃഷിരീതി

ആദ്യം നഴ്സറി തയ്യാറാക്കി അവയിലാണ് കാബേജിന്റെയും കോളിഫ്ലവറിന്റെയും വിത്തുകൾ പാകേണ്ടത്. വിത്തുകള്‍ ഭാരം ‌കുറഞ്ഞതായതുകൊണ്ട് ശക്തമായ മഴയിൽ നിന്നും സംരക്ഷിക്കേണ്ടതുണ്ട്. തുറസ്സായ സ്ഥലത്തോ, ചട്ടികളിലോ, പ്ലാസ്റ്റിക് ട്രേ (പ്രോ ട്രേയ്സ്) കളിലോ തൈ പാകി നിർത്താവുന്നതാണ്. ട്രേകളിൽ തൈകള്‍ ഉണ്ടാക്കുകയാണെങ്കിൽ ആദ്യം അവ അണുവിമുക്തമാക്കണം. പിന്നീട് അണുവിമുക്തമായ പിറ്റ്–വെർമിക്കുലേറ്റ്–മണൽ മിശ്രിതമോ അല്ലെങ്കിൽ പെർലൈറ്റ്–ചകിരിച്ചോർ എന്നിവയോ ഉപയോഗിക്കാം. ഇങ്ങനെയുണ്ടാക്കിയെടുക്കുന്ന തൈകൾ കൂടുതൽ കരുത്തുള്ളവയും, മാറ്റിനട്ടാൽ വളരെ വേഗം വളർന്ന് വരുന്നവയും ആയിരിക്കും.

മണ്ണിലാണ് നാം വിത്തുകൾ പാകുന്നതെങ്കിൽ മണൽ, മേൽമണ്ണ്, ഉണക്കിപ്പൊടിച്ച കമ്പോസ്റ്റ് എന്നിവ തുല്യ അനുപാതത്തിലെടുത്തു വേണം നടേണ്ടത്. നടുന്നതിനു മുമ്പായി സ്യൂ‍‍ഡോമോണാസ് 20 ഗ്രാം ഒരു ലീറ്റർ എന്ന തോതിലോ അല്ലെങ്കിൽ ഫൈറ്റോലാൻ അഥവാ കോപ്പർ ഓക്സി ക്ലോറൈഡ് എന്ന കുമിൾനാശിനി 4 ഗ്രാം ഒരു ലീറ്റർ എന്ന കണക്കിലോ എടുത്ത് തടം കുതിർക്കണം. കുമിൾനാശിനി ഒഴിച്ച് ഒരാഴ്ചയ്ക്കകം വിത്തുകൾ പാകാവുന്നതാണ്. 1 സെ.മീ ആഴത്തിൽ മാത്രമേ വിത്തുകൾ നടാവൂ. ആഴം കൂടിയാൽ വിത്തുകൾ മുളച്ച് വരുവാന്‍ താമസം നേരിടും. 25 മുതൽ 30 ദിവസം പ്രായമായ തൈകൾ മാറ്റി നടാവുന്നതാണ്.

നല്ല നീർവാഴ്ച്ചയും, ധാരാളം സൂര്യപ്രകാശവുമുള്ള സ്ഥലങ്ങളാണ് നടാൻ അനുയോജ്യം. തണൽ ഉള്ള സ്ഥലങ്ങളിൽ നട്ടാൽ വളർന്നുവരുന്നതിന് കാലതാമസം നേരിടുകയും, വളർച്ച കുറയുകയും ചെയ്യും. ഒരടി വീതിയിലും, ആവശ്യമായ നീളത്തിലും, രണ്ടടി അകലത്തിൽ ചാലുകൾ കീറി അവയിൽ ഉണക്കിപ്പൊടിച്ച ചാണകപ്പൊടി സെന്റിന് 100 കിലോ ചേർത്ത് മൂടണം.

25–30 ദിവസം പ്രായമായ തൈകൾ ഇതിലേക്ക് മാറ്റി നടാവുന്നതാണ്. ഇങ്ങനെ മാറ്റി നട്ടതിനു ശേഷം ഒരാഴ്ചത്തേക്ക് തണൽ കുത്തിക്കൊടുക്കുന്നത് തൈകൾ എളുപ്പം പിടിച്ചു കിട്ടുന്നതിന് സഹായിക്കും. തനിവിളയായി ചെയ്യുമ്പോൾ ഒരു സെന്റിന് 150 ഓളം ചെടികൾ നടാം.

കാബേജ്...

വളപ്രയോഗം

കാബേജിന്റെയും കോളിഫ്ലവറിന്റേയും വളപ്രയോഗരീതികൾ ഒരുപോലെയാണ്.
രാസവളപ്രയോഗം (സെന്റ് ഒന്നിന് എന്ന കണക്കിൽ) രാസവളങ്ങൾ പ്രയോഗിക്കേണ്ട സമയം ഉപയോഗിക്കേണ്ട അളവ് യൂറിയ തൈകൾ മാറ്റി നടുന്നതിനു മുമ്പ് 650 ഗ്രാം മാറ്റി നട്ട് ഒരു മാസം കഴിഞ്ഞ് 325 ഗ്രാം മാറ്റി നട്ട് രണ്ടു മാസം കഴിഞ്ഞ് 325 ഗ്രാം മസ്സൂറി ഫോസ്സ് തൈകൾ മാറ്റി നടുന്നതിനു മുമ്പ് 2 കി.ഗ്രാം പൊട്ടാഷ് തൈകൾ നടുന്നതിനു മുമ്പ് 420 ഗ്രാം തൈകൾ നട്ട് ഒരു മാസത്തിനു ശേഷം 420 ഗ്രാം

ജൈവവളപ്രയോഗം (സെന്റ് ഒന്നിന് എന്ന കണക്കിൽ)

ജൈവവളങ്ങൾ പ്രയോഗിക്കേണ്ട സമയം ഉപയോഗിക്കേണ്ട അളവ് കപ്പലണ്ടി പിണ്ണാക്ക് തൈകൾ മാറ്റി നടുന്നതിനു മുമ്പ് 4.5 കി.ഗ്രാം തൈകൾ മാറ്റി നട്ട് ഒരു മാസത്തിന് ശേഷം 2.25 കി.ഗ്രാം മാറ്റി നട്ട് രണ്ടു മാസത്തിന് ശേഷം 2.25 കി.ഗ്രാം എല്ലുപൊടി തൈകൾ മാറ്റി നടുന്നതിനു മുമ്പ് 2 കി.ഗ്രാം ചാരം തൈകൾ മാറ്റി നടുന്നതിനു മുമ്പ് 2 കി ഗ്രാം മാറ്റി നട്ട് ഒരു മാസം കഴിഞ്ഞ് 2 കി ഗ്രാം

ഓരോ തവണ വളപ്രയോഗം നടത്തുന്നതിനൊപ്പം മണ്ണ് കയറ്റിക്കൊടുക്കേണ്ടതാണ്. മഴയുടെ തോതനുസരിച്ച് നന ക്രമീകരിക്കണം. മഴ തീരെയില്ലെങ്കിൽ ദിവസവും നനക്കേണ്ടി വരും.

രോഗങ്ങൾ

മുളച്ചു വരുന്ന തൈകൾക്ക് സാധാരണയായി കടചീയൽ എന്ന കുമിൾ രോഗം വരാറുണ്ട്. വിത്ത് പാകുന്നതിന് മുമ്പ് സ്യൂ‍‍ഡോമോണാസ്, ഫൈറ്റോലാൻ എന്നിവയുടെ ഉപയോഗം ഇതിനെ ചെറുക്കുവാൻ പര്യാപ്തമാണ്. രോഗലക്ഷണം കണ്ടാൽ നന കുറയ്ക്കണം. തൈകൾ മാറ്റി നട്ടശേഷവും ഈ രോഗം പ്രത്യക്ഷപ്പെടാവുന്നതാണ്. അതിനാൽ മാറ്റിനടുന്ന സ്ഥലങ്ങളിലും സ്യൂ‍‍ഡോമോണാസിന്റെ ഉപയോഗം ഇതിനെ ചെറുക്കുന്നതിന് ഫലപ്രദമായിരിക്കും.

കീടങ്ങൾ

സാധാരണയായി ഇലതീനിപ്പുഴുക്കൾ ധാരാളം കണ്ടുവരാറുണ്ട്. ഇവ രാത്രിയിലാണ് പ്രധാനമായും പ്രത്യക്ഷപ്പെടുന്നത്. ഇവയ്ക്കെതിരെ ഗോമൂത്രം-കാന്താരിമുളക് ലായനിയോ, വേപ്പധിഷ്ഠിത കീടനാശിനികളോ തളിക്കാം. ആക്രമണം ശക്തമായാൽ നുവാൻ ഒരു മില്ലി ഒരു ലീറ്റർ എന്ന തോതിലെടുത്തും ഉപയോഗിക്കാവുന്നതാണ്.

വിളവെടുപ്പ്

തൈകൾ മാറ്റി നട്ട് 60-70 ദിവസത്തിനുള്ളിൽ കാബേജ് ‘ഹെഡുകൾ’ ഉണ്ടായിത്തുടങ്ങും. കോളിഫ്ലവർ ‘കർഡിന്’ പാകമാകാൻ 55–60 ദിവസം മതി. ഉണ്ടായി തുടങ്ങി 10–15 ദിവസത്തിനകം ഇവ വിളവെടുക്കുവാൻ തയ്യാറാകുന്നതാണ്. വിളവെടുപ്പ് വൈകിയാൽ ഇവ വിടർന്നു പോകും. കോളിഫ്ലവർ കർഡുകൾക്ക് നല്ല നിറം കിട്ടുന്നതിന് അവ ഉണ്ടായി തുടങ്ങിയാൽ ചുറ്റുമുള്ള ഇലകൾ കൊണ്ട് പൊതിഞ്ഞു കൊടുക്കാവുന്നതാണ്.

കാരറ്റ്

ഒക്ടോബർ മാസത്തിലാണ് കാരറ്റ് കൃഷി ആരംഭിക്കേണ്ടത്. മണ്ണ് ഇളകിക്കിടക്കുന്നിടത്താണ് കാരറ്റ് നന്നായി വളരുന്നത്. വേരിന്റെ വളർച്ച വർദ്ധിപ്പിക്കുന്നതിനായി തടങ്ങൾ എടുക്കണം. കട്ടിയേറിയ കല്ലിന്റെ ഭാഗങ്ങൾ ഉളളിടത്ത് കാരറ്റിന്റെ വേരുകൾ നന്നായി ആഴ്ന്നിറങ്ങുകയില്ല. കൂടാതെ കാരറ്റിന്റെ വളർച്ചയും കുറവായിരിക്കും. 20 സെ.മീ ഉയരവും, 35 സെ.മീ വീതിയുമുള്ള തടങ്ങൾ എടുത്ത് രണ്ട് വരികളിലായി വിത്തു പാകാം. വിത്തുകൾ മണലുമായി കൂട്ടിക്കലർത്തി പാകിയ ശേഷം മണ്ണ് കൊണ്ടിട്ട് മൂടുക. വിത്തിട്ട ശേഷം പുത കൊടുക്കുന്നത് നല്ലതാണ്. ആദ്യഘട്ടത്തിൽ കാരറ്റ് ചെടികൾ വളരെ സാവധാനം മാത്രമേ വളരുകയുള്ളൂ. ആ സമയത്ത് കളകൾ നീക്കം ചെയ്യേണ്ടതാണ്. ഒരു സെന്റ് കൃഷി ചെയ്യാൻ 40 ഗ്രാം വിത്ത് വേണം.

ഇനങ്ങൾ

സൂപ്പർ കുരോഡ ഷിൻ കുരോഡ

രാസവളം (സെന്റ് ഒന്നിന് എന്ന തോതിൽ) രാസവളം ഉപയോഗിക്കേണ്ട സമയം ഉപയോഗിക്കേണ്ട അളവ് യൂറിയ അടിവളം 325 ഗ്രാം വിത്തിട്ട് ഒരു മാസത്തിനു ശേഷം 325 ഗ്രാം മസ്സൂറി ഫോസ് അടിവളം 1250 ഗ്രാം പൊട്ടാഷ് അടിവളം 335 ഗ്രാം

ജൈവവളം (സെന്റ് ഒന്നിന് എന്ന തോതിൽ)

ജൈവ വളം ഉപയോഗിക്കേണ്ട സമയം ഉപയോഗിക്കേണ്ട അളവ് ചാണകം അടിവളം 100 കിലോഗ്രാം കപ്പലണ്ടി പിണ്ണാക്ക് അടിവളം 2.1 കിലോഗ്രാം വിത്തിട്ട് 1 മാസത്തിനു ശേഷം 2.1 കിലോഗ്രാം എല്ലുപൊടി അടിവളം 1.25 കിലോഗ്രാം ചാരം അടിവളം 1.750 കിലോഗ്രാം

തനിവിളയായി കാരറ്റ് കൃഷി ചെയ്യുമ്പോൾ ഒരു സെന്റിന് 850 ഓളം ചെടികൾ കാണും. വേരിന്റെ വളർച്ച ത്വരിതപ്പെടുത്തുന്നതിനായി മണ്ണ് നന്നായി ഇളക്കിക്കൊടുക്കണം. നട്ട് മൂന്ന്– മൂന്നര മാസത്തിനുള്ളിൽ കാരറ്റ് വിളവെടുക്കാം. വിളവെടുക്കാറാകുമ്പോൾ തടങ്ങളിൽ ചെറിയ വിള്ളലുകൾ കാണാം.

ബീറ്റ്റൂട്ട് ഇനം: മധുർ

ഒക്ടോബർ – നവംബർ മാസങ്ങളിൽ ബീറ്റ്റൂട്ട് കൃഷി തുടങ്ങേണ്ട കാലമാണ്. ഒരു സെന്റ് തനിവിളയായി ബീറ്റ്റൂട്ട് കൃഷി ചെയ്യാൻ 35 ഗ്രാം വിത്ത് വേണം. തടങ്ങളിൽ തന്നെയാണ് ബീറ്റ്റൂട്ടും കൃഷി ചെയ്യേണ്ടത്. 30 സെ.മീ വീതിയും ആവശ്യത്തിന് നീളവുമുള്ള തടങ്ങൾ എടുത്ത് വിത്ത് നടണം. വിത്തിട്ട ശേഷം മുളയ്ക്കുന്നതു വരെ പുതകൊടുക്കണം. ബീറ്റ്റൂട്ട് തൈകൾ ഒരിക്കലും പറിച്ചു നടാൻ പാടില്ല.

വളപ്രയോഗം (സെന്റ് ഒന്നിന് എന്ന കണക്കിൽ)

രാസവളം ഉപയോഗിക്കേണ്ട സമയം ഉപയോഗിക്കേണ്ട അളവ് യൂറിയ അടിവളം 325 ഗ്രാം മേൽ വളമായി ഒരുമാസത്തിനു ശേഷം 325 ഗ്രാം മസ്സൂറി ഫോസ് അടിവളം 750 ഗ്രാം പൊട്ടാഷ് അടിവളം 250 ഗ്രാം

ജൈവവളം (സെന്റ് ഒന്നിന്)

ജൈവവളം ഉപയോഗിക്കേണ്ട സമയം അളവ് ചാണകം അടിവളം 100 കിലോ കപ്പലണ്ടി പിണ്ണാക്ക് അടിവളം 2.1 കിലോഗ്രാം മേൽവളമായി ഒരു മാസത്തിനു ശേഷം 2.1 കിലോഗ്രാം എല്ലുപൊടി അടിവളം 750 ഗ്രാം ചാരം അടിവളം 1250 ഗ്രാം

ഒരു സെന്റ് തനി വിളയായി ബീറ്റ്റൂട്ട് കൃഷി ചെയ്യുമ്പോൾ 440 ചെടികൾ ഉണ്ടാകും. വേരിന്റെ വളർച്ച വർദ്ധിപ്പിക്കുന്നതിനായി കാരറ്റിനെപ്പോലെ നന്നായി മണ്ണ് ഇളക്കി കൊടുക്കണം. നട്ട് രണ്ടര മൂന്നു മാസത്തിനുള്ളിൽ വിളവെടുക്കാവുന്നതാണ്.

ശീതകാലപച്ചക്കറികളുടെ (കാബേജ്, കോളിഫ്ളവർ) തൈകൾ വി.എഫ്.പി.സി.കെ കേരള കാർഷിക സർവ്വകലാശാല എന്നിവിടങ്ങളിൽ നിന്നും ലഭ്യമാണ്. ഒക്ടോബര്‍ അവസാനത്തോടെ തൈകൾ വില്പനയ്ക്ക് തയാറാകും.

വിലാസം:

വി.എഫ്.പി.സി.കെ 0484– 2427560 (കാക്കനാട്) കേരള കാർഷിക സർവ്വകലാശാല – മണ്ണുത്തി – 0487– 237134

കൊക്കോ ഇന്ന് ആദായവിള

ഒരു കാലത്ത് കേരളത്തിലെ കർഷകരെ ഏറെ നിരാശപ്പെടുത്തിയ കൊക്കോ ഇന്ന് അവർക്ക് ആശ്വാസ വിളയാണ്. 13,257 ഹെക്ടർ സ്ഥലത്തെ കൃഷിയിൽ നിന്ന് 12,323 ടൺ കൊക്കോ ഉൽപാദിപ്പിച്ചതായാണ് 2013–’14 ലെ സ്ഥിതിവിവരക്കണക്ക്.

മറ്റു വിളകളുമായി തട്ടിക്കുമ്പോൾ കൊക്കോയ്ക്കു കൃഷിച്ചെലവു കുറവാണ്. കേരളത്തിലെ കാലാവസ്ഥയും മൺതരങ്ങളും കൊക്കോക്കൃഷിക്ക് അനുയോജ്യവുമാണ്. കുടുംബാംഗങ്ങൾക്കു തന്നെ കൃഷിപ്പണികളെല്ലാം ചെയ്യാമെന്നതു മറ്റൊരു മെച്ചം.

കാർഷിക കേരളത്തിന്റെ പ്രധാന പ്രശ്നമാണ് സ്ഥലപരിമിതി. ഇതും പക്ഷേ കൊക്കോയെ ബാധിക്കുന്നില്ല. കാരണം ഭാഗികമായി തണൽ ആവശ്യമുള്ളതിനാൽ ഇതു തെങ്ങ്, കമുക് എന്നിവയ്ക്കു പറ്റിയ ഇടവിളയാണ്.

കേരളത്തിൽ എല്ലാ ജില്ലകളിലും കൊക്കോക്കൃഷിയുണ്ടെങ്കിലും ഇടുക്കി, എറണാകുളം, കോട്ടയം, കോഴിക്കോട് ജില്ലകളിലാണു കൂടുതൽ.

ജൈവാംശം സമൃദ്ധമായതും വളപ്പൊലിമയിൽ വനമണ്ണിനു തുല്യവുമായ സ്ഥലം കൃഷിക്കു തിരഞ്ഞെടുക്കുക. വേനൽക്കാലത്തും ഈർപ്പം നിലനിൽക്കുന്നതും നല്ല ഉലർച്ചയുള്ളതും ആഴം കൂടിയതുമായ മേൽമണ്ണ് വിളവളർച്ചയെ ത്വരിതപ്പെടുത്തുന്നു.

ഇനങ്ങൾ

ഫോറസ്റ്റിറോ, ക്രയോള, ട്രിനിറ്റേറിയോ എന്നിവയാണ് പ്രധാനപ്പെട്ട മൂന്നിനങ്ങൾ. ഇന്ത്യയിൽ അനുസൃതമെന്നു കണ്ടിട്ടുള്ളതു ഫോറസ്റ്റിറോ വിഭാഗത്തിൽപെട്ട ഇനങ്ങളാണ്. ഈയിനത്തിനു മൂപ്പാകുന്നതിനു മുമ്പ് പച്ചനിറവും പഴുത്താൽ മഞ്ഞനിറവുമായിരിക്കും. ഫോറസ്റ്റിറോ വിഭാഗത്തിൽ കേരള കാർഷിക സർവകലാശാല വിളവുശേഷി കൂടിയ താഴെ കൊടുക്കുന്ന ഇനങ്ങൾ ഉരുത്തിരിച്ചെടുത്തിട്ടുണ്ട്. CCRP-1 മുതൽ 7 വരെ. ഈ ഇനങ്ങൾ കേരളത്തിലെ തെങ്ങിൻ തോപ്പുകളിലെ കൃഷിക്കു യോജിച്ച മികച്ച ക്ലോണുകളാണ്. വാർഷിക ഉൽപാദനശേഷി മരമൊന്നിന് 55–180 കായ്കൾ.

ഫോറസ്റ്റിറോ ഇനങ്ങൾക്കു നല്ല രോഗപ്രതിരോധശേഷിയും പ്രതികൂല കാലാവസ്ഥ തരണം ചെയ്യാനുള്ള കഴിവുമുണ്ട്. ഒരു കായിൽ മുപ്പതോളം വിത്തുകൾ ഉണ്ടാകും. വിത്തു മുളപ്പിച്ച തൈകളേക്കാൾ ഉൽപാദനക്ഷമത ബഡ് (മുകുളനം) ചെയ്ത തൈകൾക്കാണുള്ളത്.

കേരള കാർഷിക സർവകലാശാല 2002 ൽ CCRP-8, CCRP-9, CCRP-10 എന്നീ സങ്കരയിനങ്ങൾ ഉൽപാദിപ്പിച്ചിട്ടുണ്ട്.

കൃഷിയിറക്കൽ, പരിചരണം

കൊക്കോയ്ക്കു മതിയായ അളവിലുള്ള തണൽ ആവശ്യമാണ്. ഇരുപതു കൊല്ലത്തിനുമേൽ പ്രായമായ തെങ്ങിൻതോപ്പുകളിൽ ഇടയകലം 7.5 മീറ്റർ എന്നതു കൃത്യമെങ്കിൽ മൂന്നു മീറ്റർ അകലത്തിൽ ഒറ്റനിരയായോ രണ്ടര മീറ്റർ അകലത്തിൽ ഇരുനിരയായോ കൊക്കോ നടാം. ഒറ്റനിരയാകുമ്പോൾ ഹെക്ടറിൽ 500 തൈകൾക്ക് ഇടമുണ്ട്. രണ്ടു തെങ്ങുകളുടെ മധ്യത്തിൽ ഒന്ന് എന്ന കണക്കിലും തൈ നടാം. ഇനിയും ഇടയുണ്ടെങ്കിൽ വാഴ കൂടി നടുക. തൈകൾക്കു വേണ്ടത്ര തണൽ കിട്ടുന്നതിനും തോട്ടത്തിലെ മൊത്ത വരുമാന വർധനയ്ക്കും ഇത് ഉതകും.

കമുക് 2.7 X 2.7 മീറ്റർ അകലത്തിലാണു നട്ടിട്ടുള്ളതെങ്കിൽ കൊക്കോ നടേണ്ടത് 5.4 X 2.4 മീറ്റർ അകലത്തിലും. കമുകുകളുടെ ഒന്നിടവിട്ട നിരകൾക്കിടയിലായി ഒരു നിര കൊക്കോ എന്ന രീതിയിൽ.

റബർതോട്ടങ്ങളിൽ റബർ 7.5 X 3 മീറ്റർ അകലത്തിലാണു നട്ടതെങ്കിൽ കൊക്കോ ചെടികൾ തമ്മിലുള്ള അകലം മൂന്നു മീറ്റർ ആകണം. ഈ രീതിയിൽ ഒരു ഹെക്ടറിൽ 500 തൈകൾ നടാം. റബർ തോട്ടങ്ങളിൽ ഈർപ്പം നിലനിര്‍ത്താനും കള വളർച്ച നിയന്ത്രിക്കാനും കൊക്കോ പൊഴിക്കുന്ന ഇലകൾ ഉപകരിക്കും. പുറമേ റബർ ഉൽപാദനം വർധിപ്പിക്കുകയും ചെയ്യും.

തൈകളും നടീലും

പ്രായം 5–6 മാസം. തൈകളിലുള്ള ഇലകളുടെ എണ്ണം 5–6 ജോടി. വളർച്ച കവറിനു മധ്യത്തിൽ കരുത്തോടെ കുത്തനെ മുകളിലേക്ക്. തണ്ടും ഇലകളും കീട, രോഗ വിമുക്തം, ആകൃതിയൊത്ത നല്ല പച്ചനിറമുള്ള ഇലകൾ. തൈയുടെ പൊക്കം: 45–50 സെ.മീ. ശിഖരങ്ങൾ ഉണ്ടാകരുത്.

മഴക്കാലാരംഭത്തോടെ (മേയ്–ജൂൺ) തൈകൾ നടാം. അഞ്ചാറു മാസം പ്രായമുള്ള തൈകൾ തിരഞ്ഞെടുത്തു നടുക. നിശ്ചിത അകലത്തിൽ 50 X 50 X 50 സെ.മീ. വലുപ്പത്തിൽ കുഴികളെടുത്തതിൽ ഓരോന്നിലും മേല്‍മണ്ണും ചാണകപ്പൊടിയും കൂട്ടിക്കലർത്തിയശേഷം നിറച്ച് ഒത്ത മധ്യത്തിൽ തൈ നടുക. ഇതിനു മുൻപായി പ്ലാസ്റ്റിക് കൂടുകൾ ശ്രദ്ധയോടെ നീക്കണം. മൺമിശ്രിതം അപ്പാടെ ഇരിക്കത്തക്കവിധം മധ്യത്തിൽ കുഴിയെടുത്തു തൈ വച്ച് മണ്ണെടുപ്പിച്ച് ഉറപ്പിക്കുക. തുടർന്ന് കാറ്റത്ത് ഉലയാതിരിക്കാൻ കമ്പു നാട്ടി കെട്ടണം. തൈച്ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കാതെയും നോക്കണം. വേനൽ കാഠിന്യം കുറയ്ക്കാൻ പുതയിടുകയും വേനൽ നീണ്ടുനിന്നാൽ നനയ്ക്കുകയും വേണം. ഒരു ദിവസം 25 ലീറ്റർ വെള്ളം കിട്ടത്തക്കവിധം തുള്ളിനനരീതിയും അവലംബിക്കണം.

വളം ചേർക്കൽ

വളമിടേണ്ടത് ചെടിച്ചുവട്ടിൽനിന്ന് അൽപം അകലെ...

ജൈവവളം തൈയൊന്നിന് അഞ്ചു കിലോ നിരക്കില്‍ നടീലിനു മുമ്പ്. വളർച്ച നാലു മാസമാകുമ്പോൾ 3–5 കിലോ ജൈവവളവും 20 ഗ്രാം സൂക്ഷ്‌മാണുവളവും ഓരോന്നിനും നൽകണം. രണ്ടാം വർഷം ഒന്നര ഇരട്ടിയാകണം വളത്തിന്റെ അളവ്. മൂന്നാം വർഷം മുതൽ ഓരോ ചെടിക്കും 7–10 കിലോ കമ്പോസ്റ്റ് വളം, 40 കിലോ കാലി വളം, ഒരു കിലോ ചാരം എന്നിവ നാലു തവണകളായി ചേർക്കുക.

വളം ചേർക്കുമ്പോൾ

ചാരമിട്ട് രണ്ടാഴ്ച കഴിഞ്ഞേ സൂക്ഷ്മാണു വളങ്ങൾ ചേർക്കാവൂ. കോഴിക്കാഷ്ഠം മഴക്കാലത്തു മാത്രം ചേർക്കുക. അളവ് മറ്റു വളങ്ങളുടേതിനേക്കാൾ മൂന്നിലൊന്നു മതിയാകും. ഇതിടുന്നതു ചെടിച്ചുവട്ടിൽ നിന്നും 15 സെ.മീ. അകലത്തിലാകണം.

കൊക്കോയുടെ വേരുപടലം മൺനിരപ്പിന് 15 സെ.മീ താഴ്ചയിൽ ആണുള്ളത്. ആയതിനാൽ ചെടിച്ചുവട്ടിൽ കൊത്തും കിളയും ഒഴിവാക്കുക. വേരുപടലത്തിനു ക്ഷതമേറ്റാൽ അതു ചെടിക്കു ക്ഷീണമാകും.

ചെടികൾ പൊഴിക്കുന്ന ഇലകൾ ചുവട്ടിലേക്കടുപ്പിച്ചു പുതയിടണം. ചെടിക്കു രണ്ടു മൂന്നു വർഷം പ്രായമാകുന്നതുവരെ തോട്ടത്തിൽ കളകളെ നിയന്ത്രിക്കണം.

സംസ്കരിച്ചു സൂക്ഷിക്കാൻറിട്ടോർട്ട്

റിട്ടോർട്ട് മെഷീൻ...

യന്ത്രങ്ങൾ സ്വന്തമാക്കാതെയും സംസ്കരണസംരംഭങ്ങൾ ആരംഭിക്കാമെന്നു തെളിയിക്കുകയാണ് തിരുവനന്തപുരം വിഴിഞ്ഞത്തിനു സമീപം ചപ്പാത്തിലുള്ള ശാന്തിഗ്രാം. ഭക്ഷ്യസംസ്കരണ സംരംഭകരെ സൃഷ്ടിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ഇവിടെ ആരംഭിച്ച പൊതുസൗകര്യകേന്ദ്രം തുടക്കത്തിൽ തന്നെ ഒരു ഉൽപാദകകമ്പനിയുടെ പിള്ളത്തൊ‌ട്ടിലായി മാറി. ചക്ക ഉൽപന്നങ്ങൾ നിർമിക്കുന്നതിനായി രൂപീകരിച്ച പനസം ഉൽപാദകകമ്പനിക്ക് ബാലാരിഷ്‌ടതകൾക്കിടയിലും ചക്ക ഉൽപന്നങ്ങളുണ്ടാക്കാൻ സഹായകം ഇവിടുത്തെ ചെറുയന്ത്രങ്ങളാണ്. കമ്പനിയുടെ ഇൻക്യുബേഷൻ സെൻറർ ആകുന്നതിനൊപ്പം പരിശീലനമില്ലാത്ത ആഴ്ചകളിൽ യന്ത്രങ്ങൾ പ്രവർത്തനരഹിതമായിരുന്നു കേടാവാതിരിക്കാനും ഈ സഹകരണം ഉപകരിക്കുന്നു. പൾപർ, ബോയിലർ, കെറ്റിൽ, റിട്ടോർട്ട് മെഷീൻ തുടങ്ങിയ യന്ത്രസംവിധാനങ്ങളാണ് ഈ കേന്ദ്രത്തിൽ ഇപ്പോഴുള്ളത്. ഈ യന്ത്രങ്ങളുടെ സഹായത്തോടെ പ്രതിദിനം 50 കിലോ ചക്ക സംസ്കരിക്കാനാകുമെന്ന് ശാന്തിഗ്രാം ഡയക്ടർ എൽ. പങ്കജാക്ഷൻ പറഞ്ഞു. പതിനാറുലക്ഷം രൂപയുടെ നിക്ഷേപമാണ് ഈ കേന്ദ്രത്തിനായി വേണ്ടിവന്നത്.

തുടക്കക്കാർക്കു വേണ്ടിയുള്ള പരിശീലന സംവിധാനമെന്ന നിലയിൽ താരതമ്യേന ശേഷി കുറഞ്ഞ യന്ത്രങ്ങളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. എങ്കിലും ഗ്രാമതല സംരംഭകർക്കു നടത്താവുന്ന ചെറുകിട സംസ്കാരണ യൂണിറ്റുകൾക്ക് ഇവ പര്യാപ്തമാണ്. യന്ത്രങ്ങളിൽ പലതും വ്യത്യസ്ത ഉൽപന്നങ്ങൾക്കുള്ളതാണ്. പൾപ്പുണ്ടാക്കുന്ന യന്ത്രം 40,000 രൂപയ്ക്കു വാങ്ങാനാവും. ഇതോടൊപ്പം നാൽപതിനായിരം രൂപയുടെ റിട്ടോർട്ട് മെഷീനും 24000 രൂപയുടെ ബാൻഡ് സീലറുമുണ്ടെങ്കിൽ പൾപ് പായ്ക്ക് ചെയ്ത് ബേക്കറികൾക്കും പലഹാരനിർമാതാക്കൾക്കും വിൽക്കാനാവും.

പനസം അംഗങ്ങളിൽനിന്നും സമീപവാസികളിൽനിന്നും വാങ്ങുന്ന ചക്ക ഇവിടെ വിവിധ ഉൽപന്നങ്ങളാക്കി വിപണിയിലെത്തിക്കും. ചക്ക ഉപയോഗിച്ചുണ്ടാക്കുന്ന ഹൽവ, വരട്ടി, സ്ക്വാഷ്, ജാം, ജ്യൂസ്, അച്ചാർ, ആരോഗ്യപാനീയം, കേക്ക്, ഐസ്ക്രീം, പക്കാവട, ബജി, കട്ലറ്റ്, മോദകം, കുമ്പിളപ്പം, ഉണ്ണിയപ്പം എന്നിങ്ങനെ, സീസണാവുമ്പോൾ സംഭരിക്കുന്ന ചക്കപ്പഴം മുഴുവൻ പൾപ് രൂപത്തിലാക്കി റിട്ടോർട്ട് പായ്ക്കുകളിൽ സൂക്ഷ‍ിക്കുകയും ഓഫ് സീസണിൽ ഇവ ഉപയോഗിച്ചു ചക്ക വിഭവങ്ങൾ ഉണ്ടാക്കി വിപണിയിലെത്തിക്കുകയും ചെയ്യുന്നതാണ് ഇവരുടെ തന്ത്രം.

റിട്ടോർട്ട് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പഴവർഗങ്ങളും മറ്റും ഒരു വർഷത്തോളം സാധാരണ താപനിലയിൽ കേടുകൂടാതെ സൂക്ഷിക്കാനാവും. അലുമിനിയംകൊണ്ടു നിർമിച്ച റിട്ടോർട്ട് പൗച്ചുകളിൽ പൾപ്പ് / ജ്യൂസ് നിറച്ചു സീൽ ചെയ്ത ശേഷം റിട്ടോർട്ട് മെഷീനിലെ ഉയർന്ന താപനിലയിൽ അണുവിമുക്തമാക്കുന്ന രീതിയാണിത്. ചക്കപ്പഴത്തിന്റെ പൾപ് റിട്ടോർട്ട് പൗ‍ച്ചുകളിലാക്കി സൂക്ഷിക്കുന്നതിനാണ് പനസം റിട്ടോർട്ട് മെഷീനുകളുപയോഗിക്കുന്നത്. സൂക്ഷിച്ചുവയ്ക്കുന്നതിനു പകരം ഉടൻ ഉൽപന്നങ്ങളാ‌ക്കി മാറ്റുന്ന സംരംഭമാണെങ്കിൽ റിട്ടോർട്ട് പായ്ക്കിങ് പോലുള്ള സംവിധാനങ്ങൾ വേണ്ടിവരില്ല. യന്ത്രങ്ങളുടെ വിലയേക്കാൾ സംരംഭകരെ ഭയപ്പെടുത്തുന്നത് അവയുടെ അനുബന്ധ ഉപകരണങ്ങളുടെ വിലയും നികുതിയുമാണെന്ന് പങ്കജാക്ഷൻ ചൂണ്ടിക്കാട്ടി.

വാഴപ്പഴത്തിൽനിന്ന് ഒട്ടേറെഉൽപന്നങ്ങൾ

ഓണവിപണിയിലെ പ്രധാന താരങ്ങളാണ് ഏത്തക്കായും ഏത്തപ്പഴവും. ഓണക്കാലത്തും തുടർന്നുള്ള കുറെ ദിനങ്ങളിലും ഏത്തക്കായ്ക്ക് മോഹവില ലഭിക്കുമെങ്കിലും പിന്നീട് കുറഞ്ഞ് 15–20 രൂപയിലെത്തി നിൽക്കും. മറ്റു വാഴപ്പഴങ്ങളുടെ സ്ഥിതിയും ഇതുതന്നെ. 100 ശതമാനവും ഉപയോഗയോഗ്യമായ വാഴയുടെ 80 ശതമാനം ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. എന്നാൽ ഔഷധ, പോഷക ഗുണങ്ങളുണ്ടായിട്ടും പിണ്ടി, കൂമ്പ്, കായത്തൊലി എന്നിവ നാം പാഴാക്കുന്നു. വാഴയുടെ ഇത്തരം ഭാഗങ്ങളും അവയുടെ ഉൽപന്നങ്ങളും വിപണിയിലെത്തിച്ചാൽ അറ്റാദായം വർധിപ്പിക്കാം.

വാഴയിൽ നിന്നു വ്യാവസായികാടിസ്ഥാനത്തിൽ തയാറാക്കാവുന്ന ചില ഉൽപന്നങ്ങൾ പരിചയപ്പെ‌ടാം.

പച്ചക്കാപ്പൊടി:

കുഞ്ഞുങ്ങളുടെ ഭക്ഷണത്തിലും മുതിർന്നവർക്കുള്ള ഹെൽത്ത് മിക്സിലും പ്രധാന ചേരുവയാണ് കായ്പ്പൊടി. ഏത്തയ്ക്ക, കുന്നൻ, കണ്ണൻ, പടറ്റി, മട്ടി ഇനങ്ങൾ ഇതു തയാറാക്കാൻ ഉപയോഗിച്ചുവരുന്നു. തൊലി പൊളിച്ചതിനുശേഷം കറ നീക്കംചെയ്തു കനം കുറച്ച് അരിഞ്ഞെടുത്ത കായ ഡ്രയറിലോ വെയിലത്തോ ഉണക്കിയെടുക്കാം. കുന്നൻ/കണ്ണൻ കായകൾ പൊടിക്കാതെ പായ്ക്ക് ചെയ്യാം. ഉണക്കിയ ഏത്തക്കായ പൊടിച്ച്‌ സൂക്ഷിച്ചുവച്ചാൽ വിപണിയിലെ പ്രിയമനുസരിച്ചു വിൽക്കാം. ഏത്തക്കായപ്പൊടി ഉപയോഗിച്ചു കേക്ക്, ബിസ്കറ്റ്, കുക്കീസ് എന്നിവയും തയാറാക്കാം. പുട്ട്, ചപ്പാത്തി എന്നിവ ഉണ്ടാക്കുമ്പോൾ അൽപം കായ്പ്പൊടികൂടി ചേർക്കാം.

യന്ത്രസാമഗ്രികൾ:

ബനാന സ്ലൈസിങ് മെഷീൻ, ഡ്രയർ, പൾവറൈസർ, പായ്ക്കിങ് മെഷീൻ.

ഏത്തയ്ക്ക ചിപ്സ്, ശർക്കരവരട്ടി: എന്നും വിപണിയിൽ പ്രിയമുള്ളതാണ് നീളത്തിലും വട്ടത്തിലും ചതുരാകൃതിയിലുമൊക്കെ മുറിച്ച് വറുത്തെടുക്കുന്ന ചിപ്സ്. വാക്വം ഫ്രയർ ഉപയോഗിച്ച് എണ്ണ വളരെ കുറച്ചുമാത്രം ചേർത്തുണ്ടാക്കുന്ന ചിപ്സിനും പ്രചാരമേറിവരുന്നു. മൊന്തൻ ഇനങ്ങൾകൊണ്ട് ശർക്കരവരട്ടിയുണ്ടാക്കാം.

യന്ത്രസാമഗ്രികൾ: സ്ലൈസറുകൾ, ഉരുളികൾ, പായ്ക്കിങ് മെഷീൻ.

ഏത്തയ്ക്ക ഹൽവ:

ഇതിനും വിപണിയിൽ ഏറെ പ്രിയമുണ്ട്. നേന്ത്രനു വില കുറയുമ്പോൾ ഹൽവയുണ്ടാക്കി വിപണനം ചെയ്യാം. പഞ്ചസാര, ശർക്കര എന്നിവ അധികം ചേർക്കാതെതന്നെ പഴത്തിന്റെ സ്വഭാവിക മധുരത്തിൽ ഹൽവയുണ്ടാക്കാം.

ബനാനാ ഫിഗ്സ്:

ഏത്തയ്ക്ക, ഞാലിപ്പൂവൻ, പടറ്റ‍ി എന്നീ പഴങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ബനാനാ ഫിഗ്സിന് ആഭ്യന്തര വിപണിക്കു പുറമേ കയറ്റുമതി സാധ്യതയുമുണ്ട്. ഡ്രൈ ഫ്രൂട്ടായി നേരിട്ടും കേക്ക്, കുക്കീസ് എന്നിവയ്ക്കു ചേരുവയായും ഉപയോഗിക്കാം. ചൂടുവെള്ളത്തിൽ മുക്കിയെടുത്ത പഴങ്ങൾ പഞ്ചസാര/ശർക്കരപ്പാനിയിൽ 2–3 മണിക്കൂർ വച്ചതിനുശേഷം ഉണക്കിയെടുക്കുന്ന പഴത്തിന് ഹൃദ്യമായ സ്വാദും നിറവും ലഭിക്കും.

യന്ത്രങ്ങൾ:

ഡ്രയർ (ഇലക്ട്രിസിറ്റി ഉപയോഗിച്ചും കാർഷികാവശിഷ്ടങ്ങൾ ഇന്ധനമാക്കിയും പ്രവർത്തിക്കുന്ന ഡ്രയറുകൾ ലഭ്യമാണ്), സീലിങ് മെഷീൻ.

ഏത്തപ്പഴം/റോബസ്റ്റ കേക്ക്:

ഏത്തപ്പഴം, റോബസ്റ്റ എന്നീ പഴങ്ങൾ ചേർത്തുണ്ടാക്കുന്ന കേക്ക്, മഫിൻസ് എന്നിവയ്ക്ക് ക്രിസ്മസും, പുതുവത്സരവും പോലുള്ള അവസരങ്ങളിൽ നല്ല വിപണി ഉറപ്പ്.

യന്ത്രങ്ങൾ: കേക്കിനു മിശ്രിതം തയാറാക്കുന്നതിനു മിക്സിങ് മെഷീൻ, ഇലക്ട്രിക് ബോർമ/ഓവൻ.

പിണ്ടി, കൂമ്പ്, കായത്തൊലി:

പിണ്ടി, കൂമ്പ്, കായത്തൊലി എന്നിവ പാചകത്തിനു പറ്റിയ രൂപത്തിൽ അരിഞ്ഞു വിപണിയിലെത്തിക്കാം. ഇവ ഉപയോഗിച്ച് വിഭവങ്ങള‍ുമുണ്ടാക്കാം.

പിണ്ടി ജ്യൂസ്, സ്ക്വാഷ്, അച്ചാർ, കാൻഡി എന്നിവയ്ക്കു നല്ല സ്വീകാര്യതയുണ്ട്. സ്ക്വാഷ്, കാൻഡി, അച്ചാർ എന്നിവയ്ക്കു നല്ല സൂക്ഷിപ്പുഗുണവുമുണ്ട്. നേന്ത്രൻ, ഞാലിപ്പൂവൻ, പാളയംകോ‌ടൻ, കണ്ണൻ എന്നിവയുട‌െ പിണ്ടിയാണ് ഇതിനു യോജ്യം.

അസിഡിറ്റി, അൾസർ എന്നിവ കുറയ്ക്കാൻ ശേഷിയുള്ള വാഴക്കൂമ്പ് ഉപയോഗിച്ച് കട്‍ലറ്റ്, അച്ചാർ, ചട്നിപ്പ‍ൊടി എന്നിവയുണ്ടാക്കാം. ഭക്ഷ്യനാരുകളാൽ സമ്പുഷ്ടവും ഊർജമൂല്യം കുറഞ്ഞതും കൊളസ്ട്രോൾ നില കുറയ്ക്കാൻ കഴിവുള്ളതുമായ കായത്തൊലി നിത്യാഹാരത്തിന്റെ ഭാഗമാക്കുന്നതു ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ ഉതകും. ഇതുപയോഗിച്ചു കട്‍ലറ്റ്, അച്ചാർ, കൊണ്ടാട്ടം എന്നിവയുണ്ടാക്കാം.

കർഷക കൂട്ടായ്മകളുടെ നേതൃത്വത്തിലോ വനിതാ– പുരുഷ സ്വയംസഹായസംഘങ്ങൾ, ജെഎൽജികൾ (JLG-Joint Liability Groups) എന്നിവയുട‌െ നേതൃത്വത്തിലോ ഇത്തരം ഉൽപന്നങ്ങളുണ്ടാക്കി വിപണിയിലെത്തിക്കാം.

മൂല്യവർധനയിലേക്ക് ചിങ്ങോലി കർഷകർ

ഉൽപന്ന വിപണനത്തിനായി രൂപംകൊണ്ട കർഷക കൂട്ടായ്മ സംസ്കരണത്തിലേക്കും മൂല്യവർധനയിലേക്കും ചുവടുവയ്ക്കുന്നു.

വാഴ ഉൽപന്നങ്ങളുടെ മൂല്യവർധനയിലൂടെ കർഷകർക്ക് കൂടുതൽ വരുമാനം നേടിയെടുക്കാനാണ് ആലപ്പുഴ കാർത്തികപ്പള്ളി താലൂക്കിൽ ചിങ്ങോലി പഞ്ചായത്തിലെ കർഷക വിപണന സഹകരണസംഘത്തിന്റെ ശ്രമം.

പച്ചക്കറി ക്ലസ്റ്ററിന്റെ തുടർച്ചയായി രൂപം കൊടുത്ത വിപണിയിൽ നാടൻ കാന്താരി മുതൽ കറിവേപ്പില വരെ മിക്ക കാർഷികോൽപന്നങ്ങളും വിൽപനയ്ക്കുണ്ട്. തങ്ങളു‌ടെ പക്കൽ ഇല്ലാത്തത് സംഘം അയൽ പഞ്ചായത്തുകളിൽനിന്ന് ഇവിടെയെത്തിക്കുന്നുമുണ്ട്. കായംകുളം കൃഷിവിജ്ഞാനകേന്ദ്രത്തിൽ നടത്തിയ പരിശീലന പരിപാടിയിൽ പങ്കെടുത്തതോടെയാണ് വാഴപ്പഴം, വാഴപ്പിണ്ടി, കൂമ്പ് എന്നിവയിൽനിന്ന് ഉൽപന്നങ്ങളുണ്ടാക്കി വിപണിയിലിറക്കാൻ ഈ കർഷകർ തീരുമാനിക്കുന്നത്.

ആദ്യശ്രമമായി വാഴക്കൂമ്പ് കട്‍ലറ്റ് ഉണ്ടാക്കി വിൽപനയ്ക്കെത്തിച്ചപ്പോൾ ചൂടപ്പം പോലെ വിറ്റഴി‍ഞ്ഞു. പിന്നാലെ വാഴപ്പിണ്ടി സ്ക്വാഷ്, അച്ചാർ, ഏത്തപ്പഴം ഹൽവ, പാളയംകോടൻ ജാം എന്നിവ കൂടി വിപണിയിലെത്തിച്ചു. ചിപ്സ്, ശർക്കരവരട്ടി തുടങ്ങിയ പാരമ്പര്യരുചികളും ഒട്ടേറെ മറ്റു വിഭവങ്ങളും സംഘാംഗങ്ങൾ ഓണക്കാലത്ത് വിപണിയിലെത്തിച്ചു.

വയക്കര ശശാങ്കൻ, അശ്വതിഭവൻ പങ്കജാക്ഷൻ, ഇന്ദീവരം ചന്ദ്രബാബു, പത്മനാഭൻ, പുത്തൻതറയിൽ അംബിക, മൂഴിക്കുളത്ത് സാമുവൽ, പ്രസന്ന, ജയാംബിക രാജപ്പൻ, ശ്രീനിലയം രഞ്ജിത്ത്, പി.വി. തോമസ്, ഹരിഭവൻ സുമ എന്നിവർ ഒത്തുചേരുന്ന ഈ സംരംഭത്തിന്, കൃഷി ഓഫിസർ ബിന്ദു സാറാ ഏബ്രഹാം, കൃഷി അസിസ്റ്റന്റുമാരായ ആർ. മനോജ്, കെ.എ. ജെസിനി, പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. നിയാസ് എന്നിവർ പിന്തുണ നൽകുന്നു.

ഫോൺ: 9400518962, ബിന്ദു സാറ ഏബ്രഹാം, കൃഷി ഓഫിസർ

തയാറാക്കിയത്: ജിസ്സി ജോർജ്, സബ്ജക്റ്റ് മാറ്റർ സ്‌പെഷലിസ്റ്റ് (ഹോം സയൻസ്), കൃഷി വിജ്ഞാന കേന്ദ്രം, ആലപ്പുഴ ഫോൺ: 0479 2449268

നിക്ഷേപമിരട്ടിപ്പിക്കുന്നയന്ത്രങ്ങൾ

മുടക്കിയ പണം ഇരട്ടിയും വൈകാതെ മൂന്നിരട്ടിയുമാക്കുന്ന ഏതാനും യന്ത്രങ്ങൾ എറണാകുളം ജില്ലയിലെ കാക്കൂരിലുണ്ട്. പാമ്പാക്കുട ബ്ലോക്ക് ഹരിതസേനയുടേതാണ് ഈ യന്ത്രങ്ങൾ. കൃഷിവകുപ്പ് നൽകിയ ഇരുപത്തഞ്ച് ലക്ഷം രൂപയുടെ കാർഷികയന്ത്രങ്ങളുമായാണ് തുടക്കം. മികച്ച പ്രവർത്തനത്തെ തുടർന്നു സർക്കാർ സമ്മാനമായി 15 ലക്ഷം രൂപയുടെ യന്ത്രങ്ങൾ കൂടി ലഭിച്ചു. ഇവ ഉപയോഗിച്ച് മൂന്നു വർഷം കൊണ്ട് 85 ലക്ഷം രൂപയുടെ മൊത്തവരുമാനം നേടിയ പാമ്പാക്കുടയിലെ തൊഴിൽ സേന കാർഷിക സേവനകേന്ദ്രങ്ങൾക്കു മികച്ച സംരംഭസാധ്യതയുണ്ടെന്നു തെളിയിക്കുന്നു. ഒരു കോടി രൂപ വരുമാനമെന്ന ലക്ഷ്യത്തിലെത്താൻ ഇനി ദിവസങ്ങൾ മാത്രം. പ്രവർത്തനച്ചെലവും തേയ്മാനവുമൊക്കെ കുറച്ചാലും ലാഭക്കണക്കുതന്നെ.
നിലമുഴുന്നതിനുള്ള ട്രാക്ടറും ടില്ലറും, പറമ്പ് കിളയ്ക്കാൻ ഗാർഡൻ ടില്ലർ, തെങ്ങിനു തടമെടുക്കാൻ കോക്കനട്ട് ബേസിൻ ഡിഗർ, ഉഴുത സ്ഥലത്തെ മണ്ണുടയ്ക്കാൻ റോട്ടവേറ്റർ, കൾട്ടിവേറ്റർ, മരുന്നടിക്കാൻ പവർസ്പ്രെയർ, കുഴിയെടുക്കാൻ പോസ്റ്റ്ഹോൾ ഓഗർ, ഞാറുനടാൻ ട്രാൻസ്പ്ലാൻറർ, നെല്ലുമെതിക്കാൻ ത്രഷർ, തെങ്ങിൽ കയറാൻ കോക്കനട്ട് ക്ലൈമ്പർ, കാടു വെട്ടാൻ ബ്രഷ് കട്ടർ, മരം മുറിക്കാൻ ചെയിൻ സോ, കഴുകി വൃത്തിയാക്കാൻ പ്രഷർ വാഷർ ഇത്രയേറെ കാർഷിക യന്ത്രങ്ങളുള്ളതിനാൽ കൃഷിയുമായി ബന്ധപ്പെട്ട ഏതൊരു ജോലിക്കും നിങ്ങൾക്ക് കൂത്താട്ടുകുളത്തിനു സമീപം കാക്കൂരിലുള്ള പാമ്പാക്കുട ബ്ലോക്ക് ഹരിതസേനയെ വിളിക്കാം. ഒരു ഫോൺ വിളിപ്പുറത്ത് തെങ്ങുകയറ്റുയന്ത്രം മുതൽ റോട്ടവേറ്റർ വരെ നിങ്ങളുടെ കൃഷിയിടത്തിലെത്തും.

മുൻപറഞ്ഞ യന്ത്രങ്ങൾക്കു പുറമേ ഉപകരണങ്ങൾ സൂക്ഷ‍ിക്കുന്നതിനു യാർഡ് നിർമിക്കാൻ രണ്ടു ലക്ഷം രൂപയും ഓഫിസ് ഫർണിഷിങ്ങിന് ഒരു ലക്ഷം രൂപയും സർക്കാരിൽ നിന്നു കിട്ടിയതുകൊണ്ടാണ് മുതൽമുടക്ക‍ില്ലാതെ സംരംഭത്തിലേക്കിറങ്ങാൻ ഇവർക്കു കഴിഞ്ഞത്. റിവോൾവിങ് ഫണ്ടായി കിട്ടിയ മൂന്നുലക്ഷം രൂപ സംഘത്തിനു പ്രവർത്തനമൂലധനമായി. ട്രാക്ടർ, ട്രാൻസ്പ്ലാൻറർ, ബ്രഷ് കട്ടർ തുടങ്ങി ആവശ്യക്കാരേറെയുള്ള ഉപകരണങ്ങൾ ഒന്നിലധികമുണ്ട്. തേങ്ങയിടുന്നതിനു 40 രൂപയും മണ്ട തെളിച്ചു മരുന്നിടുന്നതിനു 100 രൂപയുമാണ് ഇവർ ഈടാക്കുക. ഏറ്റവും വരുമാനം നൽകിയത് ഞാറുനടീൽ യന്ത്രവും ട്രാക്ടറും ബ്രഷ് കട്ടറുമാണെന്ന് കർമസേനയുടെ ചുമതലക്കാരൻ വി.സി. മാത്യു പറഞ്ഞു. ഉഴവിനു പുറമേ ഓഗർ, ബെയിലർ, റോട്ടവേറ്റർ തുടങ്ങിയവ പ്രവർത്തിപ്പിക്കാനും ട്രാക്ടർ ആവശ്യമാണ്. ഞാറുനടീൽയന്ത്രം മാത്രം ഇതുവരെ മൂന്നരലക്ഷം രൂപയിലേറെ വരുമാനമുണ്ടാക്കി. അഞ്ച് ബ്രഷ്കട്ടറുകളിൽ നിന്നു തന്നെ രണ്ടു ലക്ഷത്തിലേറെ രൂപ കിട്ടി. വൈക്കോൽ കെട്ടുകളാക്കുന്ന ബെയിലറിൽ നിന്നു കേവലം ഒരു മാസം കൊണ്ട് ഇരുപതിനായിരം രൂപയിലേറെ നേടാനായി.

ഫോൺ– 9447820532, 0485 2875085

പണിയന്ത്രങ്ങൾ വാങ്ങുമ്പോൾ

കൃഷിയന്ത്രങ്ങൾ വാങ്ങുമ്പോൾ വേണ്ടത്ര പഠനവും മുൻകരുതലുമില്ലെങ്കിൽ പാഴ്ചെലവും കാര്യക്ഷമതക്കുറവുമുണ്ടാകാം. ഓരോ പ്രദേശത്തെയും സാധ്യതകളും കൃഷിക്കാരുടെ താൽപര്യവും മനസ്സിലാക്കി ഏറ്റവും ആവശ്യക്കാരുള്ള മൂന്നോ നാലോ യന്ത്രങ്ങൾ കൂടുതലായി വാങ്ങുന്നതാവും ഉചിതം. സമാന ഉപയോഗമുള്ള യന്ത്രങ്ങളിൽ കൂടുതൽ സ്വീകാര്യതയുള്ളതു മാത്രം വാങ്ങുക. വൈവിധ്യത്തിനായി ഉപയോഗം കുറഞ്ഞ യന്ത്രങ്ങൾ വാങ്ങിയാൽ വെറുതെ കിടന്നു തുരുമ്പിക്കും. ആവശ്യക്കാർ കൂടുതലായി വരുന്ന ഞാറുനടീൽയന്ത്രവും മറ്റും കൂടുതൽ വാങ്ങാനായി ആ തുക വിനിയോഗിച്ചാൽ വേഗം ജോലി പൂർത്തിയാക്കി കർഷകരുടെ പ്രിയം നേടാം. ട്രാക്ടർ വാങ്ങുന്നവർ അനുബന്ധ ഉപകരണങ്ങൾ കൂടി സ്വന്തമാക്കിയാൽ പല സീസണുകളിലായി പരമാവധി പ്രയോജനമെടുക്കാം. മികച്ച പ്രവർത്തനചരിത്രവും വിശ്വാസ്യതയുമുള്ള കമ്പനികളുടെ യന്ത്രം വാങ്ങാൻ ശ്രദ്ധിക്കുക. കാർഷിക സർവകലാശാലയുടെ തവന്നൂർ ഗവേഷണകേന്ദ്രത്തിൽ യന്ത്രങ്ങളുടെ പരിശോധനാകേന്ദ്രമുണ്ട്. ഇവിടെ പരിശോധിച്ചു തെളിഞ്ഞ യന്ത്രങ്ങളുടെ പട്ടിക സർവകലാശാല പാക്കേജ് ഓഫ് പ്രാക്ടീസിൽ ചേർത്തിട്ടുണ്ട്. കേരളത്തിന്റെ സാഹചര്യങ്ങൾക്കു ചേർന്ന യന്ത്രങ്ങൾ ഈ പട്ടികയിൽ നിന്നു തെരഞ്ഞെടുക്കുന്നത് ഉചിതമായിരിക്കും

അരച്ചപ്പോൾ അധികനേട്ടം

ഇഞ്ചിയുടെ വില 20 രൂപ വരെ താഴ്ന്നപ്പോൾ മാനന്തവാടിക്കു സമീപം പയ്യമ്പള്ളി തടത്തിൽ വീട്ടിലെ ആൺമക്കൾക്ക് അടങ്ങിയിരിക്കാനായില്ല. ഇങ്ങനെ പോയിട്ട‍ു കാര്യമില്ല. കൃഷിക്കാരന്റെ ഉൽപന്നങ്ങളുടെ വില പാതാളത്തോളം താഴ്ന്നാലും അവ ഉപയോഗിച്ചുണ്ടാക്കുന്ന ഉൽപന്നങ്ങൾക്ക് വില താഴുന്നില്ല. ഇടനിലക്കാരെ പഴിപറയുന്നതിനപ്പുറം ഇതൊരു സാധ്യതയായി കണ്ട് പ്രയോജനപ്പെടുത്താനായി അവരുടെ ശ്രമം. ഇഞ്ചിയിൽനിന്നു മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കുന്നതിനെക്കുറിച്ചുള്ള അന്വേഷണം അവരെ എത്തിച്ചത് മൈസൂരിലെ സെൻട്രൽ ഫുഡ് ടെക്നോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (സിഎഫ്ടിആർഐ). അവിടെ അവർ തങ്ങളുടെ മനസ്സിലുള്ള ചില യന്ത്രങ്ങൾ കണ്ടെത്തി. അവ ഉപയോഗിച്ച് ഇഞ്ചി, വെളുത്തുള്ളി എന്നിവയുടെ അരപ്പുണ്ടാക്കുന്ന സംരംഭം തുടങ്ങുമ്പോൾ സ്വന്തം അധ്വാനഫലത്തിനു ന്യായമായ വില നേടുക മാത്രമായിരുന്നു ലക്ഷ്യം. സാബ്ദിയേൽ കമ്പനിയുടെ ഗെസോ ബ്രാൻഡ് ഉൽപന്നങ്ങൾ വിപണിയിലെത്തിയത് അങ്ങനെയാണ്. സാബ്ദിയേൽ, ഗെസോ എന്നീ വാക്കുകൾക്ക് അർഥം ഒന്നു തന്നെ – ദൈവത്തിന്റെ സമ്മാനം.

സോണി, സോബി, എബി എന്നീ സഹോദരങ്ങൾക്കുള്ള ദൈവത്തിന്റെ സമ്മാനമായി ഈ സംരംഭം മാറിക്കഴിഞ്ഞു. ഇഞ്ചിയും വെളുത്തുള്ളിയും അരപ്പാക്കി വിൽക്കുന്ന സ്ഥാപനത്തിൽനിന്ന് ഒരു ഡസനിലധികം ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്ന ഭക്ഷ്യസംസ്കരണ സംരംഭമായി ഗെസോ വളർന്നു. ഇഞ്ചിയുടെ തൊലി കളയുന്ന പീലർ, അരയ്ക്കുന്ന ഫ്രൂട്ട് മിൽ, പൾപ്പുണ്ടാക്കുന്ന പൾപ്പർ, വറക്കുന്നതിനും തിളപ്പിക്കുന്നതിനും റോസ്റ്റർ, പായ്ക്കിങ് മെഷീൻ എന്നിവയാണ് ഈ സംരംഭത്തിലെ പ്രധാന യന്ത്രങ്ങൾ. യന്ത്രങ്ങൾക്ക് എല്ലാം കൂടി പത്തുലക്ഷം രൂപയിൽ താഴെയേ വേണ്ടിവന്നുള്ളൂവെന്നു സോണി പറഞ്ഞു.

ഈ യന്ത്രസംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനാണ് മറ്റ് ഉൽപന്നങ്ങൾ ഉണ്ടാക്കിത്തുടങ്ങിയത്. അച്ചാറുകൾ, അവൽ വിളയിച്ചത്, ഇൻസ്റ്റന്റ് റവ ഉപ്പുമാവ്, റാഗിമാൾട്ട്, റാഗി പൗഡർ, കാന്താരി ഉപ്പിലിട്ടത്, കാപ്പിപ്പൊടി, തക്കാളി സോസ്, മുളക് സോസ്, ചക്കപ്പഴം വരട്ടിയത് എന്നിങ്ങനെ പതിന്നാലോളം ഉൽപന്നങ്ങൾ ഭക്ഷ്യസുരക്ഷാനിയമം പാലിച്ച് വിപണിയിലെത്തിക്കാൻ നാട്ടിൻപുറത്തെ ഈ സംരംഭത്തെ സഹായിക്കുന്നത് കുറഞ്ഞ മുടക്കുമുതലുള്ള ചെറുയന്ത്രങ്ങളാണ്. ഇത്തരം യന്ത്രങ്ങളും അവ ഉപയോഗിച്ച് ഉൽപന്നനിർമാണത്തിനുള്ള സാങ്കേതികവിദ്യയും കേരളത്തിൽ ലഭ്യമാണ്. തുടക്കത്തിൽ നിലവാരം ഉറപ്പാക്കുന്നതിനായി സിഎഫ്ടിആർഐയെ സമീപിച്ചെങ്കിലും കുറഞ്ഞ നിരക്കിൽ ഇത്തരം സാങ്കേതികവിദ്യകൾ പരിശീലിപ്പിക്കുന്ന വിദഗ്ധരാണ് തങ്ങളുടെ മറ്റ് ഉൽപന്നങ്ങൾക്കു വേണ്ട മാർഗനിർദേശം നൽകിയതെന്നു സോണി ചൂണ്ടിക്കാട്ടി.

വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും മൈസൂരു, ബെംഗളൂരു, കൂർഗ് എന്നിവിടങ്ങളിലുമാണ് ഇവരുടെ വിപണി. അയൽ സംസ്ഥാനത്തെ മറ്റു പല ബ്രാൻഡുകളെയും പിന്തള്ളാൻ തങ്ങൾക്കു കഴിഞ്ഞത് കൃഷിയിടത്തിൽനിന്നുള്ള ഉൽപന്നങ്ങൾ കൃത്രിമമില്ലാതെ തയാറാക്കിയതുകൊണ്ടാണെന്നു സോണി ചൂണ്ടിക്കാട്ടി. www.gezofoods.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ വിപണനവുമുണ്ട്.

ഫോൺ– 9526926653

ഭക്ഷ്യസംസ്കരണയന്ത്രങ്ങൾ

കർശനമായ ഗുണമേന്മാനിബന്ധനകളുള്ള മേഖലയായതിനാൽ യന്ത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ ഏറെ ജാഗ്രത ആവശ്യമാണ്. പൊതുവേ ഉണക്കുക, വറക്കുക, പിഴിയുക, അരിയുക, പൊടിക്കുക, അരയ്ക്കുക, കലർത്തുക, കുഴയ്ക്കുക, പായ്ക്കു ചെയ്യുക തുട‍ങ്ങിയ ആവശ്യങ്ങൾക്കാണ് ഭക്ഷ്യസംസ്കരണയന്ത്രങ്ങൾ ഉപയോഗിക്കുക. എന്നാൽ അസംസ്കൃത വസ്തുവിന്റെയും ഉൽപന്നത്തിന്റെയും സ്വഭാവവും നിലവാരവുമനുസരിച്ച് ഒരേ ജോലിക്ക് വ്യത്യസ്തതരം യന്ത്രങ്ങൾ വേണ്ടിവരാറുണ്ട്. ഒരു സംരംഭത്തിൽ ഒന്നിലധികം യന്ത്രങ്ങൾ വേ‍ണ്ടിവന്നേക്കാം. ചെറുകിട ഭക്ഷ്യസംസ്കരണയന്ത്രങ്ങൾക്കു പൊതുവേ ഏതാനും ലക്ഷങ്ങളുടെ മുതൽമുടക്കേ വേണ്ടിവരാറുള്ളൂ.

ശുചിത്വത്തിനാവണം സംരംഭങ്ങളുടെ നടത്തിപ്പിൽ പരമപ്രാധാന്യം. ഭക്ഷ്യവസ്തുക്കളുമായി സമ്പർക്കത്തിൽ വരുന്ന യന്ത്രഭാഗങ്ങൾ സ്റ്റെയിൻലസ് സ്റ്റീൽ കൊണ്ടു നിർമിച്ചതാകണം. ഭക്ഷ്യസുരക്ഷാനിയമപ്രകാരമുള്ള ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. സംസ്കരണ സാങ്കേതികവിദ്യകളും വിവിധ തരത്തിലുണ്ട്. മുടക്കേണ്ടിവരുന്ന തുകയും ഉൽപന്നത്തിന്റെ വിപണനസാധ്യതയും പരിഗണിച്ചാവണം യോജ്യമായത് തിരഞ്ഞെടുക്കേണ്ടത്. പായ്ക്കിങ്ങിന്റെ പുത്തൻ സാങ്കേതിക വിദ്യകൾക്കു ചെലവേറുമെങ്കിലും കൃത്രിമസംരക്ഷകങ്ങൾ ചേർക്ക‍ാതെ കൂടുതൽ കാലം സൂക്ഷിച്ചുവയ്ക്കാൻ ഉപകരിക്കും. ഭക്ഷ്യസംസ്കരണയന്ത്രങ്ങൾ നിർമിക്കുന്ന ഒന്നിലധികം കമ്പനികൾ കേരളത്തിലുണ്ട്.

നവജാത കിടാക്കളുടെ സംരക്ഷണം

  • കിടാവ് ജനിച്ചാൽ ഉടനടി മൂക്കും, മൂഞ്ഞിയും തുടച്ച് വൃത്തിയാക്കുക.
  • കിടാവിന്റെ നെഞ്ചിൽ തലോടി ശരിയായി ശ്വസിക്കുവാൻ അനുവദിക്കുക. പശുവിനെ കൊണ്ട് കിടാവിനെ നക്കി തുടയ്ക്കാൻ അനുവദിക്കുക. ഇത് രക്തയോട്ടം കൂട്ടുന്നു.
  • പൊക്കിൾക്കൊടിയിൽ നിന്നും ഏകദേശം 2 ഇഞ്ച് അകലത്തിൽ ഒരു നൂൽ ഉപയോഗിച്ചു കെട്ടി ബാക്കി ഭാഗം കത്രിക ഉപയോഗിച്ച് മുറിച്ചു കളയുക.
  • പൊക്കിൾക്കൊടിയെ ടിംച്ചർ അയൊഡിൻ ലായനിയിൽ അല്പസമയം മുക്കിവയ്ക്കുക. 12 മണിക്കൂറിനുശേഷം ഇത് ആവർത്തിക്കുക.
  • കൈവിരൽ കിടാവിന്റെ വായിൽ നാക്കിനു മുകളിൽ വെച്ച് അതിനെ നുണയാൻ പഠിപ്പിക്കുക.
  • കന്നിപ്പാൽ അരമണിക്കൂറിനുള്ളിൽ നല്‍കുക. കിടാവിന്റെ ശരീര തൂക്കത്തിന്റെ പത്തിലൊന്ന് തൂക്കം കന്നിപ്പാൽ ഒരു ദിവസം കിട്ടണം.
  • നല്ല വളർച്ചയ്ക്ക് 2 മാസം വരെ പാൽ കുടിപ്പിക്കണം.
  • 10–ാം ദിവസം വിരമരുന്ന് നൽകണം പിന്നീട് 6 മാസം വരെ മാസം തോറും വിരമരുന്ന് നൽകുക.
  • ആദ്യമാസം മുതൽ കിടാക്കൾക്കു മാത്രം നൽകുന്ന കാഫ് സ്റ്റാർട്ടർ തീറ്റ കൊടുത്തു തുടങ്ങണം.
  • മൂന്നാം മാസത്തിനു ശേഷം പ്രതിരോധ കുത്തിവെയ്പ് നൽകണം.

പ്രസവത്തിനു ശേഷം ആദ്യത്തെ ഒരു മണിക്കൂർ ഏറ്റവും പ്രധാനമാണ്. ഈ സമയത്ത് നൽകുന്ന സംരക്ഷണം പിന്നീടുള്ള കിടാവിന്റെ ജീവനത്തെ സ്വാധീനിക്കുന്നു.

കടപ്പാട്-http:mykarshaka.blogspot.in

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate