Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ശുദ്ധജലത്തിലും പൂമീന്‍ വളര്‍ത്താമോ?

ശുദ്ധജലത്തിലും പൂമീന്‍ വളര്‍ത്താമോ?
ഉപ്പുവെള്ളത്തില്‍ വളര്‍ത്താവുന്ന മത്സ്യമെന്ന നിലയില്‍ ലോകമെമ്പാടും പൂമീന്‍ അറിയപ്പെടുന്നുണ്ട്. എന്നാല്‍ ശുദ്ധജലത്തില്‍ പൂമീന്‍ വളര്‍ത്താന്‍ സാധിക്കുമോ? തീര്‍ച്ചയായും സാധിക്കും. ഉപ്പിന്റെ ഏറ്റക്കുറച്ചിലുകള്‍ അതിജീവിക്കാന്‍ അസാമാന്യ കഴിവുള്ള ഒന്നാംതരം വളര്‍ത്തു മീനാണ് പൂമീന്‍. ത്വരിത വളര്‍ച്ച, സസ്യപ്രധാനമായ ആഹാര രീതി, മറ്റു മത്സ്യങ്ങളോട് പൊരുത്തപ്പെട്ട് വളരാനുള്ള കഴിവ്, കമ്പോളത്തിലെ ഉയര്‍ന്ന പ്രിയം തുടങ്ങി വളര്‍ത്തു മീനുകള്‍ക്കുണ്ടാവേണ്ട എല്ലാ ഗുണങ്ങളും പൂമീനിനുണ്ട്. പ്രകൃതി സാഹചര്യങ്ങളില്‍ പൂമീന്‍ 180 സെ.മീറ്റര്‍ വരെ വളരുന്നു.
നീണ്ട്, പാര്‍ശ്വങ്ങളില്‍ നിന്ന് അല്പം പതിഞ്ഞ ശരീരഘടനയാണ് പൂമീനിന്റേത്. ശരീരത്തിന്റെ ആഴം തലയുടെ അറ്റം മുതല്‍ വാല്‍ച്ചിറകിന്റെ തൊട്ടു മുമ്പുള്ള നീളത്തിന്റെ നാലിലൊന്നാണ്. വയറിന്റെ അടിഭാഗം ഇരുണ്ട് മിനുസമുള്ളതായിരിക്കും. വായില്‍ പല്ലുകള്‍ ഇല്ല. ശരീരത്തിന്റെ മുതുകു ഭാഗത്ത് തിളങ്ങുന്ന പച്ച നിറവും വയര്‍ഭാഗത്ത് വെളുപ്പു നിറവുമാണ്.     സസ്യപ്രധാനമാണ് പൂമീനിന്റെ ആഹാരം. തീരെ ചെറിയ കുഞ്ഞുങ്ങള്‍, സൂഷ്മ ആല്‍ഗകള്‍, ഡയറ്റമുകള്‍, കോപ്പിപോഡുകള്‍ എന്നിവയെ ആഹാരമാക്കുന്നു. വളര്‍ച്ചയെത്തിയ പൂമീനുകള്‍ ആല്‍ഗകള്‍, മറ്റു ജലസസ്യങ്ങള്‍, മൊളസ്‌ക്കുകള്‍ എന്നിവയെ ഭക്ഷിക്കുന്നു.
പൂമീന്‍ ആഹാരം തിരഞ്ഞെടുക്കുന്നതില്‍ വലിയ നിഷ്ഠ കാണിക്കാറില്ല. പരിസ്ഥിതിക്കും ലഭ്യതയ്ക്കുമനുസരിച്ച് ആഹാരത്തില്‍ മാറ്റം വരുത്താറുണ്ട്. പൂമീനിനു പ്രധാനമായി രണ്ടു പ്രജനന കാലങ്ങളുണ്ട്.  ആദ്യത്തേത് മാര്‍ച്ചു മുതല്‍ മെയ് വരെയുള്ള കാലമാണ്. രണ്ടാമത്തേത് ഒക്‌ടോബര്‍ മുതല്‍ നവംബര്‍ വരെയും കേരളത്തില്‍ ശുദ്ധജല പ്രദേശങ്ങള്‍ മത്സ്യകൃഷി ആരംഭിക്കുന്നത് ജൂണ്‍-ജൂലായ് മാസങ്ങളിലാണ്. എന്നാല്‍ ഓരുജല പ്രദേശങ്ങള്‍ കൃഷിക്കനുയോജ്യമാവുന്നത് പൊതുവെ ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലാണ്.  രണ്ടു പ്രജനന കാലങ്ങളുള്ളതിനാല്‍ ശുദ്ധജലകൃഷിയ്ക്കും ഓരുജല കൃഷിയ്ക്കും പൂമീന്‍ വിത്ത് ലഭ്യമാവും എന്ന് സാരം.
വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പൂമീന്‍ ഹാച്ചറികള്‍ നമ്മുടെ രാജ്യത്ത് നിലവിലില്ല എന്നതാണ് പൂമീന്‍ കൃഷി വികസനത്തിനുള്ള മുഖ്യതടസ്സം. എന്നാല്‍ ചെന്നൈയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രാക്കിഷ്‌വാട്ടര്‍ അക്വാകള്‍ച്ചര്‍ (CIBA) യില്‍ ഏതാനും വര്‍ഷങ്ങളായി പൂമീന്‍ വിത്തുല്പാദനം നടന്നു വരുന്നുണ്ട്. മുന്‍കൂട്ടി ബുക്കു ചെയ്താല്‍ ആവശ്യമായ വിത്ത് ഇവിടുന്ന് ലഭിക്കും.
പൂമീനിനെ ഒറ്റയ്‌ക്കോ കാര്‍പ്പുമത്സ്യങ്ങള്‍ക്കൊപ്പമോ ശുദ്ധജലത്തില്‍ വളര്‍ത്താം. ശുദ്ധജലത്തില്‍ വളര്‍ത്തുമ്പോള്‍ കുഞ്ഞുങ്ങളുടെ പൊരുത്ത പ്പെടുത്തല്‍ നിര്‍ബന്ധമാണ്. കടല്‍ജലത്തില്‍ നിന്നും ശുദ്ധജലത്തിലേക്ക് മാറ്റുന്നതിന് ഏതാണ്ട് ആറു മണിക്കൂര്‍ നേരത്തെ പൊരുത്തപ്പെടുത്തല്‍ ആവശ്യമാണ്. കുളങ്ങള്‍ വറ്റിച്ച് നന്നായി അടിത്തട്ട് ഉണക്കിയെടുക്കുകയാണ് പൂമീന്‍ കൃഷിയുടെ ആദ്യപടി.
അതിന് ശേഷം മണ്ണിന്റെ അമ്ലാംശം പരിശോധിച്ച് ആവശ്യമായ അളവില്‍ കുമ്മായം ഇട്ടുകൊടുക്കണം. തുടര്‍ന്ന് വളപ്രയോഗം നടത്തി 15 മുതല്‍ 20 സെ.മീറ്റര്‍ ആഴത്തില്‍ ജലം നിറച്ച് ഒന്നു മുതല്‍ രണ്ടാഴ്ചയോളം വെയില്‍ കൊള്ളാന്‍ അനുവദിക്കണം. ഇതു വഴി കുളത്തിന്റെ അടിത്തട്ടില്‍ പൂമീനിന്റെ പഥ്യാഹാരമായ 'ലാബ് ലാബ്' ധാരാളമായി വളര്‍ന്ന് പെരുകും. തൃപ്തികരമായ അളവില്‍ 'ലാബ് ലാബ്' വളര്‍ന്നു കഴിഞ്ഞാല്‍ കുളത്തില്‍ നാല് അടിയോളം വെള്ളം നിറച്ച് പൂമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കാം. എയ്‌റേറ്ററുകള്‍ ഇല്ലാത്ത കുളങ്ങളില്‍ ഏക്കറിന് 4000 എന്ന തോതില്‍ വിത്ത് സംഭരിക്കാം.
വളര്‍ത്തു കുളങ്ങളില്‍ പൂമീന്‍ കൃത്രിമാഹാരം സ്വീകരിക്കും. മാസത്തിലൊരിക്കല്‍ വളര്‍ച്ച തിട്ടപ്പെടുത്തി ആവശ്യമായ അളവില്‍ ഫാക്ടറി നിര്‍മ്മിതമോ ഫാമില്‍ നിര്‍മ്മിച്ചെടുക്കുന്നതോ ആയ കൃത്രിമ തീറ്റ നല്‍കാം. കടലപ്പിണ്ണാക്കും തവിടും തുല്യ അളവില്‍ ചേര്‍ത്ത് അല്പം വെള്ളമൊഴിച്ച് കുഴച്ചുണ്ടാക്കിയ മിശ്രിതവും തീറ്റയായി നല്‍കാം.
വീശുവലയും മറ്റും ഉപയോഗിച്ച് മത്സ്യങ്ങളെ പിടിച്ചെടുക്കുമ്പോള്‍ അവയുടെ ചെതുമ്പലുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ അതീവ ശ്രദ്ധ വേണം. മറ്റ് പല മത്സ്യങ്ങളെയും അപേക്ഷിച്ച് പൂമീനിന്റെ ചെതുമ്പലുകള്‍ വളരെ ചെറുതാണ്. അവ എളുപ്പത്തില്‍ കൊഴിഞ്ഞു പോവാന്‍ സാദ്ധ്യതയുണ്ട്. ചെതുമ്പലുകള്‍ കൊഴിഞ്ഞു പോയ പ്രദേശങ്ങളില്‍ രോഗാണുബാധ ഉണ്ടാവാനും മത്സ്യങ്ങള്‍ ചത്തു പോവാനും സാധ്യതയുണ്ട്.
വളര്‍ച്ച, കമ്പോളവില എന്നിവ മനസ്സിലാക്കി 8 മുതല്‍ 12 മാസത്തിനകം വിളവെടുപ്പു നടത്താം. ഒരു വര്‍ഷ കാലയളവില്‍ പൂമീന്‍ 750 ഗ്രാം തൂക്കം വെയ്ക്കും. 70-75 ശതമാനം അതിജീവന നിരക്ക് കണക്കാക്കിയാല്‍ ഏക്കറൊന്നിന് 2000 മുതല്‍ 2500 കിലോഗ്രാം വരെ മത്സ്യം ലഭിക്കും.
ആര്യ ഉണ്ണി
കടപ്പാട് :
(ഫിഷറീസ് വകുപ്പില്‍ അഡീഷണല്‍ ഡയറക്ടർ)
2.94736842105
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top