অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ചോളം

ചോളം
നീലേശ്വരം തൈക്കടപ്പുറത്തെ ശശി രാസകീടനാശിനികള്‍ അടുപ്പിക്കാത്ത വിഷരഹിത പച്ചക്കറി കൃഷിയുടെ വക്താവാണ്. ചീരയും പാവലും പടവലവും എന്തിന് തക്കാളി പോലും ശശിക്ക് കീടരോഗബാധയെന്ന തലവേദന സൃഷ്ടിക്കാറില്ല. കീടങ്ങളെ അകറ്റിനിര്‍ത്താന്‍ കൂട്ടുപിടിച്ച വിളകളാണ് ശശിയുടെ കൃഷിയില്‍ പ്രതിരോധം തീര്‍ക്കുന്നത്.
പച്ചക്കറി നടുന്നതിനു മുന്‍പായി നിലം നന്നായി കിളച്ച് പാകപ്പെടുത്തുന്നു. രണ്ടാം ഘട്ടത്തില്‍ പ്രതിരോധ ബറ്റാലിയനെ ശക്തമാക്കാനുളള ശ്രമമാണ്. എതിര്‍ പ്രാണികളെ ആകര്‍ഷിച്ചു നിര്‍ത്തുന്ന വിളകള്‍ക്കാണ് മുന്‍ഗണന. ശശി നടത്തിയ പരീക്ഷണ കൃഷിയില്‍ വിജയം ചോളത്തിനായിരുന്നു. അതുകൊണ്ടു തന്നെ പച്ചക്കറി വിതക്കുന്നതിനു മുമ്പായി കൃഷിയുടെ നാലു ഭാഗത്തുമായി ചോളത്തൈകള്‍ നട്ടുപിടിപ്പിക്കും.
ചോളം ശശിക്ക് കെണിവിള മാത്രമല്ല, പ്രധാന വരുമാന മാര്‍ഗ്ഗം കൂടിയാണ്. കൃഷി സ്ഥലത്തിന് ചുറ്റും 10 മീറ്റര്‍ നീളത്തില്‍ ചാലെടുത്ത് 1 കിലോ ഗ്രാം കുമ്മായം ചേര്‍ക്കുന്നു. പത്തുദിവസം കഴിഞ്ഞ് 25 കി.ഗ്രാം ചാണകവും അര കിലോഗ്രാം വീതം വേപ്പിന്‍ പിണ്ണാക്കും കടല പിണ്ണാക്കും ചാരവും മേല്‍മണ്ണുമായി ഇളക്കി യോജിപ്പിക്കുന്നു. 8 മണിക്കൂര്‍ കുതിര്‍ത്ത ചോള വിത്താണ് നടാന്‍ തെരഞ്ഞെടുക്കുക. ഒരു മാസത്തിന് ശേഷം കടലപിണ്ണാക്ക്-പച്ച ചാണക സ്ലറി ഒഴിച്ച് ചേര്‍ത്ത് മണ്ണ് കൂട്ടും. 20 സെന്റ് സ്ഥലത്തായി ചെയ്യുന്ന ചോളക്കൃഷിയില്‍ നിന്നും 900 കി.ഗ്രാം ചോളം കിട്ടും.
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് എന്ന നിലയിലും ലാഭകരമായ വിളയെന്ന നിലയിലും ചോളം പച്ചക്കറി കൃഷിയിലെ അവിഭാജ്യ ഘടകമായി ശശി രേഖപ്പെടുത്തുന്നു. ചാഴിവര്‍ഗ്ഗത്തില്‍ പെട്ടതും ലേസ് വിംഗ് ഇനത്തില്‍ പെട്ടതുമായ എതിര്‍ പ്രാണികള്‍ക്ക് ചോളത്തിനോട് താത്പര്യം കൂടുതലാണ്. കയ്പയിലും പടവലത്തിലും കാണുന്ന പുഴുവര്‍ഗ്ഗത്തില്‍ പെട്ട കീടങ്ങളെ പിടിക്കാന്‍ ഈ എതിര്‍ പ്രാണികള്‍ ധാരാളം. ചീരയിലെ വെള്ളീച്ചയും മണ്ടരിയും കെട്ടുകെട്ടിക്കാന്‍ ലേസ് വിംഗ് ബഗ് മുന്നില്‍ നില്‍ക്കും.
വെളളരിക്ക് തടമെടുത്തു കഴിഞ്ഞാല്‍ വെളളരി വിത്ത് പാകുന്നതിനു മുമ്പായി രണ്ട് മല്ലിച്ചെടി നടുന്നതാണ് ശശിയുടെ രീതി. മല്ലിച്ചെടിയുടെ നറുമണം ഉപകാരികളായ പ്രാണികളെ ക്ഷണിച്ചു വരുത്തും. പ്രത്യേകിച്ച് ചിലന്തിയിനത്തിലും സിര്‍ഫിസ് ഫ്‌ളൈ വര്‍ഗ്ഗത്തില്‍ പെട്ടതുമായ പ്രാണികള്‍. മുഞ്ഞയേയും മത്തന്‍ വണ്ടിനേയും പുഴുക്കളേയും തുരത്താന്‍ ഇവര്‍ ധാരാളം. ഒന്നാംവിള നെല്‍കൃഷി കഴിഞ്ഞ വയലില്‍ കടുകും എള്ളുമാണ് ശശിയുടെ കൃഷി. പച്ചക്കറി കണ്ടത്തിന് തൊട്ടപ്പുറത്താണെങ്കിലും, ഇവയും കീടങ്ങളെ തുരത്താന്‍ ഒരുങ്ങിപ്പുറപ്പെട്ടവര്‍ തന്നെ.
പച്ചക്കറി കൃഷി കഴിഞ്ഞയുടനെ ഇറക്കുന്ന തണ്ണിമത്തന്‍ കൃഷിയിലും കെണിവിളകള്‍ തന്നെയാണ് ശശിയുടെ കാവല്‍ക്കാര്‍. മണ്ണൊരുക്കുമ്പോള്‍ നന്നായി കുമ്മായം ചേര്‍ത്ത് മണ്ണിളക്കുന്നതും, മത്സ്യവളവും ചാണകവും ചേര്‍ത്ത ജൈവവളക്കൂട്ട് ഇടയ്ക്കിടയ്ക്ക് നല്‍കുന്നതും ശശിയെ നൂറ് ശതമാനം ജൈവകൃഷിക്കാരനാക്കാനുളള പിന്‍ബലമാകുന്നു.
കടപ്പാട് :ആര്യ ഉണ്ണി


© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate