অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ലാഭം കൊയ്യാം മത്സ്യകൃഷിയിലൂടെ.

ലാഭം കൊയ്യാം മത്സ്യകൃഷിയിലൂടെ.

ലാഭം കൊയ്യാം മത്സ്യകൃഷിയിലൂടെ.
ഒരു കുളം സ്വന്തമായുണ്ടെങ്കില്‍ ആര്‍ക്കും മികച്ച വരുമാനം നേടിതരുന്നതാണ് മത്സ്യ കൃഷി. കേരളത്തില്‍ ശുദ്ധജല മത്സ്യ കൃഷിക്ക് അവസരങ്ങള്‍ കൂടുതലാണ്. ഇന്ത്യയിലെ 60 ശതമാനം ജനങ്ങളുടെയും ഇഷ്ടവിഭവങ്ങളില്‍ ഒന്നാണ് മത്സ്യം എന്നതു കൊണ്ട് തന്നെ മത്സ്യകൃഷി വളരെ ലാഭകരമായിരിക്കും എന്നതില്‍ സംശയമില്ല. നമ്മള്‍ ഉപയോഗിക്കുന്ന മത്സ്യത്തില്‍ ഭൂരിഭാഗം കടല്‍ മത്സ്യങ്ങളാണ്. എന്നാല്‍ കടലില്‍ നിന്ന് ലഭിക്കുന്ന മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ശുദ്ധജല മത്സ്യകൃഷിക്ക് വളരെ പ്രധാന്യമാണുള്ളത്.
കാലി വളര്‍ത്തല്‍ കോഴി വളര്‍ത്തല്‍ എന്നിവയെ അപേഷിച്ച് മത്സ്യകൃഷി വളരെ ആദായകരമാണ്. കേരളത്തില്‍ മത്സ്യക്കൃഷിയില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള മത്സ്യങ്ങളാണ് കട്ള, രോഹു, മൃഗാള്‍, സില്‍വര്‍ കാര്‍പ്പ്, കോമണ്‍ കാര്‍പ്പ്, ഗ്രാസ് കാര്‍പ്പ്, കരിമീന്‍, ചെമ്മീന്‍, കൊഞ്ച് എന്നിവ.
മത്സ്യ കൃഷി രീതികള്‍
സ്വഭാവിക കുളങ്ങളിലും ടാര്‍പോളിന്‍ ഷീറ്റുകള്‍ വിരിച്ച കുളങ്ങളിലും മത്സ്യകൃഷി ചെയ്യാവുന്നതാണ്.
എതെങ്കിലും ഒരു മത്സ്യത്തെ മാത്രം കൃഷി ചെയ്യുന്ന രീതിയാണ് ഏകയിന മത്സ്യകൃഷി. കോമണ്‍ കാര്‍പ്പ്, വരാല്‍, മുഷി, കാരി,തിലാപ്പിയ, ചെമ്മീന്‍ എന്നിവയാണ് സാധാരണ ഇങ്ങനെ വളര്‍ത്തുന്നത്.
സമ്മിശ്രമത്സ്യ കൃഷിയെന്നാല്‍ കുളത്തില്‍ അനുയോജ്യമായ ഒന്നില്‍ കൂടുതല്‍ മത്സ്യങ്ങളെ ഒന്നിച്ച് വളര്‍ത്തുന്ന രീതിയാണിത്. ഇങ്ങനെ വളര്‍ത്തുമ്പോള്‍ ആഹാരപദാര്‍ത്ഥങ്ങളെ കൂടുതല്‍ ഉപയോഗപ്പെടുത്തി മത്സ്യോല്‍പ്പാദനം വര്‍ധിപ്പിക്കുവാന്‍ സാധിക്കുന്നു. സമ്മിശ്രമത്സ്യ കൃഷിക്കായി തിരഞ്ഞെടുക്കുന്ന മത്സ്യങ്ങള്‍ തമ്മില്‍ പൊരുത്തപ്പെടുന്നവയും ആഹാരരീതികളില്‍ വിത്യസ്തവുമായിരിക്കണം. ഇന്ന് മത്സ്യകൃഷിയില്‍ പ്രമുഖ സ്ഥാനം സമ്മിശ്ര മത്സ്യകൃഷിക്കാണ്. പ്രധാനമായും കാര്‍പ്പ്, മുഷി, കാരി എന്നിവയാണ് ഇങ്ങനെ കൃഷി ചെയ്യുന്നത്.
നെല്‍പ്പാടങ്ങളിലെ മത്സ്യ കൃഷിയും ഇന്ന് വ്യാപകമായി നടന്നു വരുന്നുണ്ട്. നെല്‍പ്പാടങ്ങളില്‍ നെല്ലിനോടൊപ്പമോ അല്ലങ്കില്‍ നെല്‍ കൃഷി കഴിഞ്ഞോ മത്സ്യ കൃഷി ചെയ്യാം. കാര്‍പ്പുകള്‍, മുഷി, തിലാപ്പിയ എന്നിവയെയാണ് ഇങ്ങനെ കൃഷി ചെയ്യുന്നത്.
സംയോജിതി മത്സ്യകൃഷിയാണ് മറ്റൊരു രീതി. മൃഗസംരക്ഷണത്തോടും കൃഷിയോടും ഒപ്പം മത്സ്യം വളര്‍ത്തുന്ന രീതിയാണിത്. ഇത്തരത്തില്‍ കൃഷി ചെയ്യുമ്പോള്‍ മൃഗങ്ങളുടെ വിസര്‍ജ്ജ്യങ്ങള്‍ മത്സ്യക്കുളത്തില്‍ വളങ്ങളായി മറ്റിയെടുത്ത് ജീവപ്ലവകങ്ങളെ ഇതുവഴി കൂടുതല്‍ ലഭ്യമാക്കി മത്സ്യോല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. കാര്‍പ്പ് മത്സ്യങ്ങളാണ് സംയോജിത മത്സ്യ കൃഷിക്ക് കൂടുതല്‍ നല്ലത്.
നദികള്‍, കനാലുകള്‍, തോടുകള്‍ എന്നിങ്ങനെയുള്ള ഒഴുകുന്ന ജലാശയങ്ങളില്‍ മത്സ്യ കൃഷി നടത്തുവാനുള്ള സാദ്ധ്യതകള്‍ ഉണ്ട്. പ്രത്യേകം നിര്‍മ്മിക്കുന്ന കൂടുകളില്‍ ഇത്തരത്തില്‍ കൃഷി ചെയ്യുന്നത്.
മത്സ്യക്കുള നിര്‍മ്മാണം
മത്സ്യ കൃഷിയില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ് മത്സ്യക്കുള നിര്‍മ്മാണം. കുളം നിര്‍മ്മിക്കാനായി സ്ഥലം തിരെഞ്ഞെടിക്കുമ്പോള്‍ ജലത്തിന്റെ ലഭ്യത ശ്രദ്ധിക്കേണ്ട ഒന്നാണ്. എപ്പോഴും കുറഞ്ഞത് 4 അടിയെങ്കിലും വെള്ളം കുളത്തിലുണ്ടാകുവാന്‍ ശ്രദ്ധിക്കണം. മഴക്കാലത്ത് കുളത്തിലേക്ക് ജലം ഒഴുകാതെ വരമ്പ് നിര്‍മ്മിച്ച് സംരക്ഷിക്കണം. വെള്ളം കുളത്തില്‍ നിന്ന് തുറന്ന് വിടുവാന്‍ പറ്റിയ രീതിയില്‍ കുളം നിര്‍മ്മിക്കുന്നതാണ് നല്ലത്.
മത്സ്യക്കുഞ്ഞുങ്ങളുടെ നിക്ഷേപണം
മത്സ്യക്കുഞ്ഞുങ്ങളെ കുളത്തില്‍ നിക്ഷേപിക്കുന്ന സമയവും നിക്ഷേപിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ വലിപ്പവും മത്സ്യ കൃഷിയില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അനിയോജ്യമായ വളര്‍ച്ചയെത്താത്ത മത്സ്യത്തെ കുളത്തില്‍ നിക്ഷേപിച്ചാല്‍ നശിച്ച് പോകാന്‍ ഇടയുണ്ട്. 50 മില്ലി മീറ്റര്‍ വലുപ്പം എങ്കിലുമായ കുഞ്ഞുങ്ങളാണ് കുളത്തിലേക്ക് വിടുവാന്‍ നല്ലത്.
സമ്മിശ്ര മത്സ്യ കൃഷിയാണ് ചെയ്യുന്നതെങ്കില്‍ കുളത്തിനു മേല്‍തട്ടില്‍ കഴിയുന്ന മത്സ്യങ്ങളായ കട്‌ല,സില്‍വര്‍ കാര്‍പ്പ് എന്നിവ 40 ശതമാനവും. ഇടത്തട്ടില്‍ കഴിയുന്ന ഇനമായ രോഹു 30 ശതമാനവും. അടിത്തട്ടില്‍ കഴിയുന്ന മൃഗാള്‍, കോമണ്‍ കാര്‍പ്പ് എന്നിവ 30 ശതമാനവും എന്ന തോതില്‍ മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്താവുന്നതാണ്. ഒരു കുളത്തില്‍ നിക്ഷേപിക്കാവുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ തോത് കുളത്തിന്റെ വലുപ്പവും ജൈവോല്‍പ്പാദന ശേഷിയനുസരിച്ച് വിത്യാസപ്പെട്ടിരിക്കുന്നു. ഹെക്ടറിന് 8000 മുതല്‍ 10000 വരെ മത്സ്യക്കുഞ്ഞുങ്ങളെ വിടാം.
ആഹാരക്രമം
കൃത്രമാഹാരം തിരഞ്ഞെടുക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. മത്സ്യങ്ങള്‍ക്ക് സ്വീകാര്യമായിരിക്കുന്നതും എളുപ്പത്തില്‍ ദഹിക്കുന്നതുമായിരിക്കണം തീറ്റ. സസ്യജന്യവും ജന്തുജന്യവുമായ കൃത്രമാഹാരങ്ങളാണ് സാധാരണ മത്സ്യ കൃഷിക്ക് ഉപയോഗിക്കുന്നത്. പുല്ല്, കിഴങ്ങുകള്‍, വേരുകള്‍, പിണ്ണാക്ക്, തവിട്,മുട്ട, കൊഞ്ച്, ഞണ്ട്, അറവുശാലയിലെ അവശിഷ്ടങ്ങള്‍ എന്നിവയും നല്‍കാം. സസ്യജന്യമായ കൃത്രിമാഹാരം പൊടിച്ചോ, കുതിര്‍ത്തോ, ഉണക്കിയോ വേണം നല്‍കുവാന്‍.
വിളവെടുപ്പ്
മത്സ്യത്തിന്റെ വളര്‍ച്ച മൂന്ന് ഘട്ടങ്ങളായിട്ടാണ്. ആദ്യത്തെയും അവസാനത്തെയും ഘട്ടങ്ങളില്‍ വളര്‍ച്ച നിരക്ക് കുറവായിരിക്കും. മീനുകള്‍ക്ക് ആവശ്യമായ തൂക്കം ഉണ്ടായിക്കഴിഞ്ഞാല്‍ വിളവെടുക്കാവുന്നതാണ്. സാധാരണ ഒരു ഹെക്ടറില്‍ നിന്നും 2000 മുതല്‍ 2500 കിലോ ഗ്രാം വരെ മത്സ്യം ലഭിക്കും.
ആര്യ ഉണ്ണി
കടപ്പാട്

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate