Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / സുസ്ഥിര കാര്‍ഷിക ഇടപെടലുകള്‍ / സമഗ്ര കാര്‍ഷിക രീതികള്‍ / കാർഷിക വിവരങ്ങൾ / കൂടുതല്‍ കൃഷി വിവരങ്ങള്‍ / തുലാവര്‍ഷത്തില്‍ പശുവിന് ഒരുക്കാം കോണ്‍ക്രീറ്റ് ഫൂട്ട്ബാത്ത് ടാങ്ക്.
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

തുലാവര്‍ഷത്തില്‍ പശുവിന് ഒരുക്കാം കോണ്‍ക്രീറ്റ് ഫൂട്ട്ബാത്ത് ടാങ്ക്.

നാല് മാസം കൊണ്ട് പെയ്ത് തീരേണ്ട മഴയെ രണ്ട് മാസം കൊണ്ട് പെയ്ത് തീര്‍ത്താണ് ഇടവപ്പാതി വിടവാങ്ങിയത്. പ്രളയമടക്കം നാട് നാളിതുവരെ കണ്ടിട്ടില്ലാത്ത ദുരന്തങ്ങള്‍ സംഭവിച്ച ഇടവപ്പാതിക്ക് ശേഷം രണ്ട് മൂന്നാഴ്ച കൊടും വേനലായിരുന്നു. ഇപ്പോഴിതാ ഇടിയും മിന്നലുമൊക്കെയായി മറ്റൊരു തുലാവര്‍ഷക്കാലം വന്നെത്തിയിരിക്കുന്നു. കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റങ്ങളും സമ്മര്‍ദ്ദങ്ങളും പശുവടക്കമുള്ള വളര്‍ത്തുമൃഗങ്ങളുടെ ഉത്പാദനത്തെയും ആരോഗ്യത്തെയുമെല്ലാം ബാധിക്കും. തുലാവര്‍ഷകാലത്ത് പശുപരിപാലനത്തില്‍ ശ്രദ്ധിക്കാന്‍ ഏറെയുണ്ട്.
കാലാവസ്ഥയിലെ പെട്ടെന്നുള്ള വ്യതിയാനങ്ങള്‍ ശരീരസമ്മര്‍ദ്ദത്തിനും, സ്വാഭാവിക  പ്രതിരോധശേഷി  കുറയുന്നതിനും  കാരണമാവും. ഒപ്പം തണുപ്പുള്ളതും നനവാര്‍ന്നതുമായ അന്തരീക്ഷം സാംക്രമിക രോഗകാരികള്‍ക്ക് പെരുകാന്‍ ഏറ്റവും അനുകൂലമായ സാഹചര്യമൊരുക്കും. കുരലടപ്പന്‍, കുളമ്പുരോഗം തുടങ്ങിയ ബാക്ടീരിയല്‍, വൈറല്‍ രോഗങ്ങള്‍, ബബീസിയോസിസ്, തൈലേറിയോസിസ്, അനാപ്ലാസ്‌മോസിസ് തുടങ്ങിയ പ്രോട്ടോസോവല്‍, റിക്കറ്റ്‌സിയല്‍ രോഗങ്ങള്‍ പിടിപെടാന്‍ ഈയവസരത്തില്‍ സാധ്യതയേറെയാണ്.
പണ്ടപ്പുഴു, കരള്‍ കൃമികള്‍ (Fasciola) തുടങ്ങിയ ആന്തരിക വിരകള്‍ മൂലമുണ്ടാവുന്ന വയറിളക്കവും ഉത്പാദന നഷ്ടവും മഴക്കാലത്ത് കൂടുതലായി കണ്ടുവരുന്നു. തീറ്റമടുപ്പ്, പനി, വയറിളക്കം, പാല്‍ ഉല്‍പ്പാദനക്കുറവ്, വിളര്‍ച്ച, ശ്വാസതടസ്സവും മൂക്കൊലിപ്പും തുടങ്ങിയ പൊതുവായ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വിദഗ്ദ ചികിത്സ പശുക്കള്‍ക്ക് ലഭ്യമാക്കണം.
ഉയര്‍ന്ന ഈര്‍പ്പമുള്ള സാഹചര്യത്തില്‍ തീറ്റസാധനങ്ങളില്‍ കുമിള്‍ ബാധയേല്‍ക്കാന്‍ സാധ്യതയേറെയാണ്. കുമിളുകള്‍ പുറന്തള്ളുന്ന വിഷവസ്തുക്കള്‍ അഫ്‌ളാടോക്‌സിക്കോസിസ് എന്ന രോഗത്തിന് കാരണമാവും. ക്രമേണയുള്ള തീറ്റമടുപ്പ്, വയറിളക്കം, ശരീരക്ഷീണം, ഉല്‍പ്പാദനക്കുറവ്, വാലിന്റെയും ചെവികളുടെയും അറ്റം അഴുകി ദ്രവിക്കല്‍, രോമക്കൊഴിച്ചില്‍ എന്നിവ അഫ്‌ളാടോക്‌സിന്‍ വിഷബാധയുടെ ലക്ഷണങ്ങളാണ്. ഗര്‍ഭിണി പശുക്കളില്‍ ഗര്‍ഭമലസാന്‍ സാധ്യതയുണ്ട്.
തീറ്റവസ്തുക്കള്‍ മുന്‍കൂട്ടി വാങ്ങി ഒരാഴ്ചയിലധികം  സൂക്ഷിച്ച് വെച്ച് ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് ഉത്തമം. നിലക്കടലപിണ്ണാക്ക്,  പരുത്തിക്കുരുപിണ്ണാക്ക്  തുടങ്ങിയവയില്‍  കുമിള്‍ ബാധക്ക് സാധ്യത  ഉയര്‍ന്നതായതിനാല്‍  പ്രത്യേക  ശ്രദ്ധവേണം.  തീറ്റസാധനങ്ങള്‍ തറയില്‍ നിന്ന് ഒരടി ഉയരത്തിലും, ചുമരില്‍ നിന്ന് ഒന്നരയടി അകലത്തിലും  മാറി പലകയുടെ മുകളില്‍ സൂക്ഷിക്കണം. തണുത്ത കാറ്റോ ഈര്‍പ്പമോ മഴചാറ്റലോ ഏല്‍ക്കാതെ നോക്കണം .  സൂക്ഷിച്ച്  വെച്ച  തീറ്റകള്‍ ചുരുങ്ങിയത് 4 മുതല്‍ 6 മണിക്കൂര്‍ വരെ  നല്ല  വെയിലില്‍  ഉണക്കി  നല്‍കുന്നതാണ്  ഉത്തമം. രോഗബാധ തടയുന്നതിനായി ധാതുലവണങ്ങളും, ജീവകം എ, ഡി, ഇ,  മെതിയോണിന്‍ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയ മിശ്രിതങ്ങളും, യീസ്റ്റ് അടങ്ങിയ പ്രോബയോട്ടിക്കുകളും തീറ്റയില്‍ ഉള്‍പ്പെടുത്തണം. ഒപ്പം കരള്‍ ഉത്തേജന സംരക്ഷണ മരുന്നുകളും നല്‍കാം.
തൊഴുത്തിലെ  തറ  പരുപരുത്തതും  സദാ  നനഞ്ഞിരിക്കുന്നതും  ചളി നിറഞ്ഞതുമായ അവസ്ഥയില്‍ കുളമ്പിന് ക്ഷതമേല്‍ക്കാനും അണുബാധ കാരണം പിന്നീട് കുളമ്പുചീയലിനും സാധ്യതയുണ്ട്. കുളമ്പുവേദനമൂലം നടക്കാനുള്ള പ്രയാസം, കുളമ്പിലെ വീക്കവും, പഴുപ്പും, ദുര്‍ഗന്ധവുമെല്ലാം കുളമ്പ് ചീയലിന്റെ ലക്ഷണമാണ്.
കഴിയുമെങ്കില്‍ കോണ്‍ക്രീറ്റ് തറയില്‍ റബര്‍മാറ്റ് വാങ്ങി വിരിക്കണം. കുളമ്പിലെ മുറിവുകള്‍ നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി പൊവിഡോണ്‍ അയഡിന്‍ അടങ്ങിയ ആന്റിബയോട്ടിക് ഓയിന്‍മെന്റുകള്‍ പുരട്ടണം. 5% തുരിശ് ലായനിയിലോ (കോപ്പര്‍ സള്‍ഫേറ്റ്), 10% സിങ്ക് സള്‍ഫേറ്റ് ലായനിയിലോ അല്ലെങ്കില്‍ 2% ഫോര്‍മലിന്‍ ലായനിയിലോ ദിവസവും കുറച്ച് സമയം കുളമ്പുകള്‍ മുക്കുന്നതും (ഫൂട്ട് ബാത്ത്) , കഴുകുന്നതും കുളമ്പു ചീയല്‍ തടയാന്‍ ഫലപ്രദമാണ്.
ഒരു പശുവിന് കടന്നുപോവാന്‍ വീതിയിലും ചുരുങ്ങിയത് 6-8 ഇഞ്ച് ആഴത്തിലും 2.4 മീറ്റര്‍ നീളത്തിലും തൊഴുത്തില്‍ കോണ്‍ക്രീറ്റ് ഫൂട്ട് ബാത്ത് ടാങ്കുകള്‍ പണികഴിപ്പിക്കാം. ഫൂട്ട് ബാത്ത് ടാങ്കുകളില്‍ കൃത്യമായ അനുപാതത്തില്‍ രാസഘടകങ്ങള്‍ ചേര്‍ത്ത ലായനി നിറയ്ക്കാനും, ഉപയോഗശേഷം പഴയ ലായനി മാറ്റി പുതിയ ലായനി ചേര്‍ക്കാനും ജൈവമാലിന്യങ്ങള്‍ നീക്കി ശുചിയായി സൂക്ഷിക്കാനും ശ്രദ്ധവേണം.
മഴ ശക്തമാവുന്നതിന് മുന്‍പായി വിവിധ ആന്തരപരാദങ്ങള്‍ക്കെതിരായ മരുന്നുകള്‍ നല്‍കണം. മുന്‍പ് എടുത്തിട്ടില്ലെങ്കില്‍  കുരലടപ്പനെതിരായും കുളമ്പ് രോഗത്തിനെതിരായുമുള്ള കുത്തിവെപ്പുകള്‍ നല്‍കണം. ബാഹ്യ പരാദങ്ങളെ നിയന്ത്രിക്കാന്‍ ലേപനങ്ങള്‍ പ്രയോഗിക്കാം. ആഴ്ചയില്‍ രണ്ട് തവണ ചാണകക്കുഴിയില്‍ കുമ്മായവും ബ്ലീച്ചിംഗ് പൗഡറും ചേര്‍ത്ത മിശ്രിതമോ ഗാമാക്‌സിന്‍ പൗഡറോ വിതറണം. ഒരു കിലോ കുമ്മായത്തില്‍ 250 ഗ്രാം വീതം ബ്ലീച്ചിംഗ് പൗഡര്‍ ചേര്‍ത്ത് പ്രയോഗിക്കാം.
മഴക്കാലം രോഗാണുക്കള്‍ക്ക് ഏറ്റവും അനുകൂലമായ സാഹചര്യമായതിനാല്‍ തുലാവര്‍ഷകാലത്ത് അകിട് വീക്കത്തിനുള്ള സാധ്യതയും ഉയര്‍ന്നതാണ്. തൊഴുത്തിലെ തറ മാലിന്യങ്ങള്‍ നീക്കിയ ശേഷം അണുനാശിനികള്‍ ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. 150 ഗ്രാം ബ്ലീച്ചിംഗ് പൗഡറും മൂന്ന് ടീസ്പൂണ്‍ അലക്ക്കാരവും/ഡിറ്റര്‍ജന്റ് പൗഡര്‍ കുഴമ്പു രൂപത്തിലാക്കി പത്ത് ലിറ്റര്‍ വെള്ളത്തില്‍ വീതം ചേര്‍ത്ത് തറ വൃത്തിയാക്കാം. പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റും (1 : 10000) തറ വൃത്തിയാക്കാന്‍ ഉപയോഗിക്കാം. അരകിലോ ഗ്രാം വീതം കുമ്മായം നാല് ലിറ്റര്‍ വെള്ളത്തില്‍ വീതം ചേര്‍ത്തും തൊഴുത്ത് കഴുകി വൃത്തിയാക്കാം.
കറവയ്ക്ക് മുന്‍പായി അകിടുകള്‍ നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകാനും, ടിഷ്യൂപേപ്പര്‍ ഉപയോഗിച്ച്  വൃത്തിയായി  തുടയ്ക്കാനും  മറക്കരുത്. കറവക്കാരന്റെയും, കറവ യന്ത്രങ്ങളുടെയുമെല്ലാം  ശുചിത്വം  പ്രധാനമാണ്.  കറവ  ശേഷം  അകിടുകള്‍ നേര്‍പ്പിച്ച പൊവിഡോണ്‍ അയഡിന്‍ ലായനിയില്‍ അല്‍പസമയം മുക്കണം (ടീറ്റ് ഡിപ്പിംങ്). കറവ കഴിഞ്ഞ് പശു ഉടനെ തറയില്‍ കിടക്കുന്നതൊഴിവാക്കാന്‍ പുല്ലോ വൈക്കോലോ കറവ ശേഷം തീറ്റയായി നല്‍കണം.
മാംഗനീസ്, കോപ്പര്‍, സെലീനിയം, സിങ്ക് തുടങ്ങിയ ധാതുക്കളും, വിറ്റാമിന്‍ എ, ഡി, ഇ, ബയോട്ടിന്‍ തുടങ്ങിയ ജീവകങ്ങളും അടങ്ങിയ  ധാതുലവണജീവകമിശ്രിതങ്ങള്‍ പ്രസവത്തോടനുബന്ധിച്ചും കറവക്കാലത്തും പശുക്കള്‍ക്ക് നല്‍കണം. അകിടിനുള്ളിലേയും, പുറത്തെ ചര്‍മ്മകോശങ്ങളെയും സിങ്ക് ശക്തിപ്പെടുത്തുകയും, വിറ്റാമിനുകള്‍ രോഗാണു പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ജീവകം ഇ, സെലീനിയം, മാംഗനീസ് എന്നിവയുടെ നിരോക്‌സീകരണ ശേഷി അകിടിലെ ചര്‍മ്മ കോശങ്ങളെ നാശത്തില്‍ നിന്ന് സംരക്ഷിക്കും.
അകിടിലെ മുറിവുകളില്‍ ആന്റിസെപ്റ്റിക് / അയഡിന്‍ ലേപനങ്ങള്‍ പ്രയോഗിക്കാന്‍ മറക്കരുത്. അകിടിലെ പോറലുകളിലും വിണ്ടുകീറലുകളിലും ബോറിക് ആസിഡ് പൗഡര്‍ ഗ്ലിസറിനില്‍ ചാലിച്ച് പുരട്ടണം. പരുപരുത്ത കോണ്‍ക്രീറ്റ് തറയില്‍ അകിട് വീക്കത്തിന് സാധ്യത ഉയര്‍ന്നതായതിനാല്‍ തറയില്‍ റബര്‍മാറ്റ് വിരിക്കുകയോ വൈക്കോല്‍ വിരിപ്പ് നല്‍കുകയോ വേണം. പാല്‍ തറയില്‍ വീഴാതെ ശ്രദ്ധിക്കണം.
മൃഗാശുപത്രികളില്‍ നിന്നും ലഭ്യമായ 'അകിട് വീക്ക നിര്‍ണയ കിറ്റ്' വാങ്ങി ഇടക്കിടക്ക് അകിട് വീക്ക നിര്‍ണയ പരിശോധന നടത്താന്‍ ശ്രദ്ധിക്കണം. പാലില്‍ തുല്യ അളവില്‍ പരിശോധനാ ലായനി ചേര്‍ത്തിളക്കുമ്പോള്‍ പാല്‍ കുഴമ്പു രൂപത്തില്‍ വ്യത്യാസപ്പെടുകയാണെങ്കില്‍ അത് നിശബ്ദ അകിടുവീക്കത്തെ സൂചിപ്പിക്കുന്നു .രോഗം ശ്രദ്ധയില്‍പെട്ടാല്‍ ഉടനെ ചികിത്സ തേടണം. ബാക്ടീരിയയുടെ വളര്‍ച്ച തടയാനും, പാലിന്റെ അമ്ലക്ഷാര കൃത്യമായി നിലനിര്‍ത്താനും ട്രൈസോഡിയം സിട്രേറ്റ് അടങ്ങിയ മിശ്രിതങ്ങളോ, ഗുളികകളോ നല്‍കാന്‍ ശ്രദ്ധവേണം.
തൊഴുത്തിലും, തീറ്റകള്‍ സംഭരിച്ച മുറികളിലും, പരിസരത്തും എലികളെയും പെരുച്ചാഴികളെയും നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. തീറ്റകള്‍ സുരക്ഷിതമായി അടച്ച് സൂക്ഷിക്കുന്നതിനൊപ്പം തീറ്റയവശിഷ്ടങ്ങള്‍ സുരക്ഷിതമായി സംസ്‌കരിക്കുകയും വേണം.
ആര്യ ഉണ്ണി
3.15789473684
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top