Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ചെടിച്ചട്ടിയിലെ ചെറിയ വമ്പന്മാർ: ബോൺസായ്‌ വളർത്തൽ.

വളരെയധികം ഡിമാന്റുള്ള ബോൺസായ്‌ ചെടികൾ വലിയ മുതൽ മുടക്കില്ലാത്തവ യും സ്ഥിരമായി പരിചരണം ആവശ്യമില്ലാത്തവയുമാണ്‌. ഇന്നത്തെ ഫ്ലാറ്റ്‌ ലൈഫിൽ സ്ഥല പരിമിതി മൂലം ചെടികളേയും പൂക്കളേയുമൊക്കെ അകറ്റി നിർത്തിയിരിയ്ക്കുന്ന വീട്ടമ്മമാർക്കും വരുമാന മാർഗ്ഗമായും, വീടിനലങ്കാരമായും, ഒരു ഹോബിയായുമൊക്കെ ബോൺസായ്‌ വളർത്തൽ ആരംഭിക്കാവുന്നതാണ്‌.
പ്രകൃതിയിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന വൻമരങ്ങളുടെ വളർച്ച മുരടിപ്പിച്ച ചെറു പതിപ്പുകളാണ്‌ ബോൺസായ്‌. ഒറ്റയ്ക്കും കൂട്ടമായും ബോൺസായ്‌ മരങ്ങൾ ചെടിച്ചട്ടികളിൽ വളർത്തിയെടുക്കാറുണ്ട്‌. ക്ഷമയും കലാവാസനയും ഉണ്ടെങ്കിൽ മാതൃവൃക്ഷത്തിന്റെ എല്ലാ വിധ ഗുണങ്ങളും പ്രത്യേകതയും ഈ ചെറു വൃക്ഷത്തിലേക്ക്‌ കൊണ്ടുവരുവാൻ സാധിക്കും. മാതൃവൃക്ഷത്തിന്റെ സ്വഭാവമനുസരിച്ച്‌ കാലാ കാലങ്ങളിൽ പൂക്കുകയും കായ്ക്കുകയും ഇലപൊഴിക്കുകയും ചെയ്യുന്ന ബോൺസായ്‌ മരങ്ങൾ ഒരു കൗതുകം തന്നെയാണ്‌.
നൂറ്റാണ്ടുകൾ പഴക്കമുള്ള ബോൺസായ്‌ മരങ്ങൾ ഇന്നും നിലവിലുണ്ട്‌. ഭംഗിയുള്ളതും വർഷങ്ങൾ പഴക്കമുള്ളതുമായ ഒരു ബോൺ സായ്‌ ചെടിക്ക്‌ പതിനായിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെയാണ്‌ വില. അലങ്കാരത്തിന്റെ ഭാഗമായി വലിയ ഹോട്ടലുകളിലും, കോർപറേറ്റ്‌ ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും എല്ലാം ഇവ ഇടം പിടിച്ചിരിക്കുന്നു. ബോൺസായിയുടെ ഉൽഭവം ജപ്പാനിലാണെന്നും അതല്ല ചൈനയിലാണെന്നും വാദങ്ങൾ നിലനിൽക്കുന്നുണ്ട്‌. ഏകദേശം രണ്ടായിരം വർഷങ്ങൾക്ക്‌ മുൻപ്‌ ചൈനയിൽ ബോൺസായ്‌ പ്രചാരത്തിലുണ്ടായിരുന്നതായി പറയപ്പെടുന്നു. ബോൺസായ്‌ എന്ന വാക്ക്‌ ചൈനീസ്‌ ഭാഷയിലെ “പെൻക്ഷായ്‌” എന്ന വാക്കിൽ നിന്നും ഉടലെടുത്തതാണെന്ന്‌ കരുതുന്നു. ചൈനയെ കൂടാതെ ഏതാണ്ട്‌ ആ കാലഘട്ടത്തിൽ ജപ്പാൻ, തായ്‌വാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ ഇതിനു നല്ല പ്രചാരം ഉണ്ടായിരുന്നു. ബുദ്ധമതക്കാരാണ്‌ ബോൺസാ യിയെ ഇന്ത്യയിൽ പരിചയപ്പെടുത്തിയത്‌. ജപ്പാ നിലും, ചൈനയിലും മറ്റും അടുത്ത തലമുറയ്ക്കോ അല്ലെങ്കിൽ വിവാഹ സമ്മാനമായോ ബോൺസായ്‌ ചെടികൾ നൽകുന്ന പതിവുണ്ട്‌. കള്ളിച്ചെടിയെവരെ ബോൺസായിയാക്കി മാറ്റാമെങ്കിലും പൊതുവിൽ നമ്മുടെ നാട്ടിൽ ആൽ, പുളി, മാവ്‌, പൂമരം, സപ്പോട്ട, ബെഞ്ചമിൻ, നാരകം, നെല്ലി, ബോഗൺ വില്ല, മുള, പേര, ചെമ്പകം, പാല തുടങ്ങിയവയെ ആണ്‌ ബോൺ സായ്‌ ഉണ്ടാക്കുവാൻ തിരഞ്ഞെടുക്കുന്നത്‌. കൂടാതെ ചില കാട്ടുമരങ്ങളേയും, വിദേശത്തു നിന്നും വരുന്ന മരങ്ങളേയും ബോൺസായ്‌ വളർത്തലിനായി തിരഞ്ഞെടുക്കാറുണ്ട്‌.
ഉയരത്തിന്റെ അടിസ്ഥാനത്തിൽ ആണ്‌ ബോൺസായിയെ തരം തിരിക്കുന്നത്‌. 2.5-7.5 സെന്റീമീറ്റർ വലിപ്പം ഉള്ളവ ടൈനി, 13-25 സെന്റീമീറ്റർ പൊക്കം ഉള്ളവ സ്മോൾ, 40 സെന്റീമീറ്റർ വരെ പൊക്കം ഉള്ളവ മീഡിയം, 40-60 വരെ സെന്റീമീറ്റർ ഉള്ളവ മീഡിയം ലാർജ്ജ്‌, 120 സെന്റീമീറ്റർ വരെ പൊക്കം ഉള്ളവ ലാർജ്ജ്‌ എന്നും തിരിക്കാം. ഉയരക്രമത്തിലെന്ന പോലെ മരങ്ങളുടെ വിന്യാസത്തിനനുസരിച്ചും ബോൺ സായിയെ തരം തിരിക്കാം. ഒന്നിലധികം മരങ്ങ ളുടെ കൂട്ടമായുള്ള വനത്തിന്റെ പ്രതീതിയുള്ളവ, പാറക്കൂട്ടങ്ങളിൽ പറ്റിപ്പിടിച്ച്‌ വളരുന്നവ, കാറ്റത്ത്‌ ഒരു വശത്തേക്‌ ചരിഞ്ഞു നിൽക്കുന്നവ, പന്തലിച്ച്‌ “വട വൃക്ഷമായി” ഉള്ളത്‌, ഒരു ഭാഗം ഉണങ്ങിയത്‌ തുടങ്ങി നിരവധി മരങ്ങളുടെ ആകൃതിയിൽ നിന്നും സൃഷ്ടിച്ചെടുക്കാവുന്ന വൈവിധ്യമാർന്ന ശൈലികൾ അനവധി ഉണ്ട്‌.
ബോൺസായ്‌ ഉണ്ടാക്കുവാൻ
1. ക്ഷമയും കലാബോധവും ഉള്ളവർക്കേ മനോഹരമായ ബോൺസായ്‌ സൃഷ്ടിച്ചെടുക്കുവാനാകൂ. ബോൺസായിക്കായി ഇഷ്ടപ്പെട്ടമരവും ശൈലിയും നിശ്ചയിച്ചു കഴിഞ്ഞാൽ അതിന്റെ വൃക്ഷത്തൈ ശേഖരിക്കണം. മരപ്പൊത്തുകൾ, പാറക്കൂട്ടങ്ങൾ, മതിലുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പറ്റിപ്പിടിച്ച്‌ വളർന്നു വരുന്ന ആലിന്റേയും മറ്റും ചെടികൾ അനായാസം ലഭിക്കും. അനുയോജ്യമായ ആകൃതിയുള്ള കൊമ്പുകൾ മാതൃവൃക്ഷത്തിൽ നിന്നും ഗ്രാഫ്റ്റ്‌ ചെയ്ത്‌ എടുക്കുകയും ചെയ്യാം.
2. ഇത്തരത്തിൽ ശേഖരിക്കുന്ന ചെടിയെ താഴ്ച കുറഞ്ഞ വെള്ളം ഒഴുകി പോകുവാൻ ആവശ്യമായ ദ്വാരമുള്ള പാത്രത്തിൽ മണൽ, ചകിരി, പാറ (ചരൽ) എന്നിവയുടെ മിശ്രിതം നിറച്ച്‌ അതിൽ നടുക. വർഷത്തിൽ ഒരിക്കലെങ്കിലും ഈ മിശ്രിതം മാറ്റേണ്ടതുണ്ട്‌. വെള്ളം ആവശ്യത്തിനു മാത്രം നൽകുക.
3. ചെടിയെ തണലിൽ വളർത്തുന്നതാകും നല്ലത്‌. എന്നാൽ സൂര്യപ്രകാശം ഏതെങ്കിലും ഒരു ഭാഗത്തുനിന്നും മാത്രം ലഭിക്കുന്ന ഇടമാണെങ്കിൽ ചെടിയുടെ വളർച്ച ആ ഭാഗത്തെക്കാകുവാൻ സാധ്യതയുണ്ട്‌. ഇത്‌ പ്രത്യേകം ശ്രദ്ധിക്കണം.
4. ബോൺസായിയെ സംബന്ധിച്ച്‌ അതിന്റെ വേരും, തടിയും, ഇലയും എല്ലാം തുല്യ പ്രാധാന്യം ഉള്ളവയാണ്‌. വേരുകളിലും തടിയിലും കമ്പി ചുറ്റി നിശ്ചിത രൂപത്തിൽ ആക്കിയെടുക്കുന്നതും അവയ്ക്ക്‌ പ്രായം തോന്നിപ്പിക്കാൻ കഴിയും. ഈ കമ്പികൾ അവയിൽ ആഴത്തിൽ ആണ്ടു പോകാതെ ശ്രദ്ധിക്കണം.
5. വേരുകൾ പാറയുടെ മുകളിലൂടെ പുറത്തേക്ക്‌ കാണുന്നത്‌ ഭംഗി വർദ്ധിപ്പിക്കും. പാറയുടെ ചുറ്റും വേരുകൾ പടർന്ന രീതിയിൽ ഉള്ള ബോൺസായ്‌ ആണ്‌ ഉദ്ദേശിക്കുന്നതെങ്കിൽ ചെടിയെ ചട്ടിയിൽ സ്ഥാപിച്ച പാറക്കഷണത്തി ന്റെ മുകളിൽ വയ്ക്കുക. ചുറ്റും മണ്ണിട്ട്‌ മൂടുക. വേരുകൾ പാറയിൽ ചുറ്റി കഴിയുമ്പോൾ ആ ഭാഗത്തെ മണ്ണ്‌ മാറ്റുക. സമയാ സമയങ്ങളിൽ തണ്ട്‌ മുറിച്ചും ഇലകൾ ഒഴിവാക്കിയുമെല്ലാം ബോൺസായിയുടെ ഭംഗി വർദ്ധിപ്പിക്കാം.
6. ബോൺസായ്‌ മരത്തിന്റെ വേരിലും മറ്റും വരുന്ന പൂപ്പൽ ബാധ ശ്രദ്ധിക്കേണ്ടതുണ്ട്‌. അതു പോലെ ബോൺസായ്‌ നട്ട ചട്ടി പുറത്തെ മണ ലിൽ ആണ്‌ വയ്ക്കുന്നതെങ്കിൽ വേരുകൾ പുറത്തുനിന്നും വളവും വെള്ളവും വലിച്ചെടുത്ത്‌ തഴച്ച്‌ വളരാതിരിയ്ക്കാനും ശ്രദ്ധിയ്ക്കുക.
ആര്യ ഉണ്ണി
3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top