Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ചീര കൃഷി വിജയകരമാക്കാം

ഇലക്കറികളില്‍ ഏറ്റവും പ്രധാനം ചീര തന്നെ. ഇലകള്‍ക്കുവേണ്ടി മാത്രം കൃഷിചെയ്യുന്നതു കൊണ്ട് ഏറ്റവും കുറഞ്ഞകാലം കൊണ്ട് വിളവെടുക്കാവുന്നതും പരിചരണമുറകള്‍ താരതമ്യേന എളുപ്പമുള്ള ഒരു വിളയാണ് ചീര. ഇലകളില്‍ സമൃദ്ധമായി വളരാന്‍ സൂര്യപ്രകാശവും, ആവശ്യത്തിന് പോഷകഗുണമുള്ള മണ്ണില്‍ എപ്പോഴും ഈര്‍പ്പത്തിന്റെ സാന്നിധ്യവുമുണ്ടെങ്കില്‍ ചീര കൃഷിയില്‍ വിജയം നേടാം. നേരിട്ടു വിത്തുപാകിയോ പറിച്ചുനട്ടോ പുതിയ തൈകള്‍ വളര്‍ത്തിയെടുക്കാനും പറ്റും.

ബലം കുറഞ്ഞ തണ്ടുകളാണ് ചീരയുടേത്‌. തുടര്‍ച്ചയായി വിളവെടുക്കുന്നതു കൊണ്ട് പുതിയ തളിര്‍പ്പുകളില്‍ ഇലകളുടെ വളര്‍ച്ച പൂര്‍ത്തിയായാല്‍ വീണ്ടും വിളവെടുപ്പു നടത്താം. മുറിച്ചെടുത്ത ചീര ചെറുതായി അരിഞ്ഞ് കറിവെക്കാനുപയോഗിക്കുന്നു. പാകം ചെയ്യാന്‍ പറ്റാതെ കളയാന്‍ ഒന്നുമില്ലാത്ത 100 ശതമാനം ഭക്ഷ്യയോഗ്യമായ പച്ചക്കറിയാണ് ചീര.

ചീരകൃഷി എളുപ്പമാണെങ്കിലും തുടക്കക്കാര്‍ക്ക് പലപ്പോഴും പരാജയം സംഭവിക്കാറുണ്ട്. വിജയകരമായ ചീരകൃഷിക്ക് ചില പ്രത്യേക ഘട്ടങ്ങളിലെ പരിചരണത്തെക്കുറിച്ചുള്ള അറിവ് പ്രധാനമാണ്. ഉറുമ്പുകള്‍ക്ക് ചീര വിത്ത് ഇഷ്ടഭക്ഷണമാണ്.

ചീരവിത്ത് മുളപ്പിക്കാനായി ഗ്രോബാഗിലോ, തടങ്ങളിലോ വിതറി ഇടുമ്പോള്‍ അതിനുള്ളിലേക്ക് ഉറുമ്പു വരാതെ നോക്കണം. തടത്തിന്/ഗ്രോബാഗിന് ചുറ്റും ഒരു ചെറിയ ചരടിന്റെ വീതിയില്‍ മഞ്ഞള്‍പൊടി തൂകിയാല്‍ ഉറുമ്പുകള്‍ക്ക് അതിനുള്ളിലേക്ക് കടക്കാന്‍ സാധിക്കില്ല. എല്ലാ വിത്തുകളും മുളച്ചുകിട്ടുകയും ചെയ്യും.തയ്യാറാക്കിയ തടത്തില്‍/ഗ്രോബാഗില്‍ ധാരാളം ചാണകപ്പൊടിയോ, കമ്പോസ്റ്റോ അല്ലെങ്കില്‍ പശിമയുള്ള മണ്ണുമായി കലര്‍ത്തി വിതറിയാണ് വിത്തുപാകല്‍ നടത്തേണ്ടത്.

വിത്തുപാകിയശേഷം  നേര്‍മ്മയായി  നനച്ച് കൊടുക്കുമ്പോള്‍ വിത്ത് തനിയെ മണ്ണിനുള്ളിലേക്ക് ഇറങ്ങിക്കോളും. നനച്ചതിനുശേഷം തടത്തിന്/ഗ്രോബാഗിനു മുകളില്‍ കുറച്ചുകൂടി ചാണകപ്പൊടിയോ കമ്പോസ്റ്റോ നേര്‍ത്ത ആവരണം പോലെ വിതറുന്നതും നല്ലതാണ്.

വിത്ത് മുളച്ച് ആദ്യത്തെ ഇലകള്‍ വിരിയുന്നതുവരെയുള്ള 5-10 ദിവസത്തെ നനയുടെ രീതി, അളവ്, വെള്ളം ചെറുതൈകളില്‍ വീഴുന്നതിന്റെ ആഘാതം എന്നിവ വളരെ പ്രധാനപ്പെട്ടതാണ്. മണ്ണില്‍ നല്ല ഈര്‍പ്പം നിലനിര്‍ത്തുന്നതിനാവശ്യമായ നനയാണ് വേണ്ടത്.  വേനല്‍ക്കാല മാസങ്ങളില്‍ ദിവസം രണ്ടുനേരം നനക്കേണ്ടിവരും. അല്ലാത്ത സീസണുകളില്‍ ദിവസത്തില്‍ ഒരു തവണ നനച്ചാല്‍ മതി.

കുഞ്ഞുചീരച്ചെടികള്‍ക്ക്  ആവശ്യത്തിന് മണ്ണില്‍ പോഷകവും ഈര്‍പ്പവും വേണമെന്നുമാത്രം. ചെടികളുടെ വേഗത്തിലുള്ള വളര്‍ച്ചയില്‍ നിന്നും മണ്ണിന്റെ പോഷകഗുണം മനസ്സിലാക്കാം.

നല്ല വളക്കൂറുള്ള മണ്ണില്‍ വളരുന്ന ചീരത്തടത്തില്‍ നിന്നും ഓരോ 10 ദിവസം കഴിയുമ്പോളും വിളവെടുപ്പു നടത്താം. ഓരോ വിളവെടുപ്പിനുശേഷവും ചാണകം കലക്കിയ സ്ലറിയോ 10 ഇരട്ടി നേര്‍പ്പിച്ച ഗോമൂത്രമോ മാത്രം വളമായി ഒഴിച്ചുകൊടുത്തുകൊണ്ട് വിജയകരമായി ചീരകൃഷി ചെയ്യാം. അതും ജൈവരീതിയില്‍.ടെറസ്സ് കൃഷിക്ക് ഏറ്റവും അനുയോജ്യമായ വിളയാണ് ചീര.

നേരിട്ടു മഴ പതിക്കാത്ത സണ്‍ഷേഡ്/ഇറമ്പിനു കീഴേ ഗ്രോബാഗുകളില്‍ ആവശ്യമുള്ളത്ര തൈകള്‍ വളര്‍ത്തി എടുക്കാം. ഏറ്റവും കൂടുതല്‍ പ്രകാശം കിട്ടുന്നതും എന്നാല്‍മഴ നേരിട്ടു പതിക്കാത്തതുമായ സ്ഥലത്ത് ഗ്രോബാഗുകള്‍ വെക്കാന്‍ ശ്രദ്ധിക്കുക

ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള സമയങ്ങളില്‍ ചീരയില്‍ പുഷ്പിക്കല്‍ കാലം കൂടിയാണ്. ഈ സമയത്ത് വിളവെടുക്കാന്‍ വൈകിയാല്‍  പൂങ്കുല രൂപപ്പെടും. പൂങ്കുല കണ്ടു തുടങ്ങിയാല്‍ ഉടനെ വിളവെടുക്കണം. പൂക്കളുടെ ഭാഗങ്ങള്‍  നുള്ളിക്കളഞ്ഞശേഷം വേണം ചീര വില്‍ക്കാന്‍.

കുറെ തവണ വിളവെടുത്തു കഴിയുമ്പോള്‍ പുതുവളര്‍ച്ച സാവധാനത്തിലാവുകയും ഇലകളുടെ വലിപ്പം കുറയുകയും ചെയ്യും. അപ്പോള്‍ പഴയ ചെടികള്‍ പറിച്ചു കളഞ്ഞ് ഗ്രോബാഗില്‍ പുതിയ മിശ്രിതം നിറച്ചശേഷം ധാരാളം വെയില്‍ കിട്ടുന്ന സ്ഥലത്ത് കൊണ്ടുവെച്ചും അടുത്ത സെറ്റ് തൈകള്‍ ഉപയോഗിച്ച് ചീരകൃഷി തുടരാം.

ഷെഹ്ന ഷെറിൻ

3.14285714286
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top