অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കേരളത്തിന്‍റെ കാര്‍ഷിക പ്രതിസന്ധി - ചരിത്രപരമായ ഒരു വിശകലനം

കേരളത്തിന്‍റെ കാര്‍ഷിക പ്രതിസന്ധി - ചരിത്രപരമായ ഒരു വിശകലനം

  1. കാര്‍ഷിക പ്രതിസന്ധികളുടെ ചരിത്രം
  2. കാര്‍ഷിക മേഖലയും കൊളോണിയല്‍ മൂലധനവും
  3. തിരുവിതാംകൂറും മലബാറും-വ്യത്യസ്ത അനുഭവങ്ങള്‍
  4. ലോക മാന്ദ്യവും കാര്‍ഷിക പ്രതിസന്ധിയും
  5. 1957 ലെ ഭൂപരിഷ്ക്കരണ ബില്‍
  6. കാര്‍ഷികപ്രതിസന്ധിയുടെ കാരണങ്ങള്‍
  7. കാര്‍ഷിക പ്രശ്നവും പരിഹാരവും
  8. നവ ഉദാരവല്‍ക്കരണ നയങ്ങള്‍
  9. ഉത്പാദനബന്ധങ്ങളും പ്രതിസന്ധികളും
  10. കാര്‍ഷിക വായ്പയും കടക്കെണിയും
  11. കൃഷി വിജ്ഞാനീയവും സാങ്കേതികവിദ്യയും
  12. കേരള വികസനവും കാര്‍ഷികമേഖലയും
  13. കാര്‍ഷിക പരിഷ്ക്കരണത്തിന്റെ ബാക്കിപത്രം
  14. ഭഷ്യവിളകളും നാണ്യവിളകളും
  15. കാര്‍ഷിക പരിഷ്ക്കരണവും വിള വിസ്തൃതിയും
  16. ആഗോളവല്‍ക്കരണവും കാര്‍ഷികമേഖലയും
  17. കാര്‍ഷികോല്പന്ന വിലയിടിവും കര്‍ഷക ആത്മഹത്യയും
  18. കാര്‍ഷികോല്പന്ന വിലയിടിവ് കൊണ്ടുള്ള നേട്ടം ആര്‍ക്ക് ?
  19. നെല്‍കൃഷിക്ക് പ്രോത്സാഹനം അത്യന്താപേക്ഷിതം
  20. സമഗ്രമായ കാര്‍ഷിക നയം ആവിഷ്ക്കരിക്കുക
  21. കാര്‍ഷിക വിളകളെ ബാധിക്കുന്ന രോഗങ്ങള്‍
  22. കാര്‍ഷികാധിഷ്ഠിത വ്യവസായ വികസനനയം കാലഘട്ടത്തിന്റെ ആവശ്യം

കാര്‍ഷിക പ്രതിസന്ധികളുടെ ചരിത്രം

ഉല്പാദനമേഖലകളുടെ പ്രതിസന്ധി എന്നത് 'മൂലധന' ഇടപെടലുകളുടെ സൃഷ്ടിയാണ് എന്ന് പൊതുവെ പറയാം. അങ്ങനെ നോക്കുമ്പോള്‍, കേരളത്തിന്റെ കാര്‍ഷിക പ്രതിസന്ധികളുടെ ചരിത്രം ബ്രിട്ടീഷ് അധിനിവേശവുമായി (Colonialism) അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. അധിനിവേശ കാലഘട്ടത്തിന് മുന്‍പ്, കേളത്തിന്റെ കാര്‍ഷിക സമൂഹങ്ങളില്‍ സ്വയംപര്യാപ്തതയുള്ള (Autonomous) നൂറ്റാണ്ടുകള്‍ പഴക്കമുള്ള 'ഒരു ഗ്രാമകൂട്ടായ്മ സമ്പ്രദായം' (കെ.കെ.എന്‍. കുറുപ്പ്, പുറം 115) നിലനിന്നിരുന്നു. ഇവ ഒരു വ്യാപാരരഹിത സമൂഹമായിരുന്നു.

എന്നാല്‍ വിദേശ മൂലധനത്തിന്റെ വരവ് സാമുദായികാചാരത്തിലും കൂട്ടവകാശങ്ങളിലും അധിഷ്ഠിതമായ പ്രസ്തുത വ്യവസ്ഥയെ ശിഥിലമാക്കി എന്നു മാത്രമല്ല, മേച്ചില്‍സ്ഥലങ്ങള്‍ തുടങ്ങിയവയുടെ മേലുള്ള സമൂഹത്തിന്റെ കൂട്ടവകാശം എന്നന്നേക്കുമായി അവസാനിപ്പിക്കുകയും ചെയ്തു' (അതേ പുസ്തകം). എന്നാല്‍ ഇതിന്റെ അര്‍ത്ഥം ഇത്തരം പ്രാങ് -ജന്മിത്വ(Pre-feudal) കാലഘട്ടങ്ങളില്‍ കാര്‍ഷികമേഖലയില്‍ പ്രതിസന്ധികള്‍ ഉണ്ടായിരുന്നില്ല എന്നല്ല. കാരണം ഒരു കാര്‍ഷിക ആവാസവ്യവസ്ഥ രൂപംകൊണ്ട കാലത്തുതന്നെ കാര്‍ഷിക പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ ഇത്തരം പ്രതിസന്ധികള്‍ ഒരു മൂലധന ആധിപത്യവ്യവസ്ഥയില്‍ നിന്നും തുലോം വ്യത്യസ്തമായിരുന്നു എന്നുമാത്രം. മൂലധന ആധിപത്യ വ്യവസ്ഥ ലക്ഷ്യമാക്കുന്നത് മൃഗീയമായി ഇടപെട്ട്, നിഷ്ക്കരുണം മിച്ചമൂല്യം സൃഷ്ടിച്ചെടുക്കുക എന്നതാണ്. അതിനാല്‍ കൊടിയ ചൂഷണം ക്ഷിപ്രസമയത്തിനുള്ളില്‍ സാധ്യമാക്കുക എന്നതാണ് മൂലധന അധിനിവേശത്തിന്റെ സ്വഭാവം. കേരളകാര്‍ഷിക പ്രതിസന്ധികളും ഇത്തരം മൂലധനത്തിന്റെ ഗതിവിഗതികളുമായി ബന്ധപ്പെട്ടവയാണ്.

കാര്‍ഷിക മേഖലയും കൊളോണിയല്‍ മൂലധനവും

കേരള കാര്‍ഷിക മേഖലയെ കൊളോണിയല്‍ മൂലധനം രണ്ടു രീതിയില്‍ സ്വാധീനിച്ചു. ഒന്നാമതായി, ഈ മേഖലയില്‍ നിന്ന് നികുതി - നികുതിയേതര മാര്‍ഗ്ഗങ്ങളിലൂടെ പരമാവധി മിച്ചമൂല്യം ഊറ്റിയെടുക്കാനുള്ള വ്യവസ്ഥ സൃഷ്ടിച്ചു. രണ്ടാമത്, കേരള കാര്‍ഷിക മേഖലയെ അന്തര്‍ദേശീയ വ്യാപാര ബന്ധിയാക്കി ( trade related) മാറ്റി. കാര്‍ഷിക ഉല്പന്നത്തിന്റെ 80% വും നികുതിയായി വസൂലാക്കപ്പെട്ടു. കൂടാതെ, ബ്രിട്ടീഷ് വ്യവസായങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത സാധനങ്ങള്‍ സൃഷ്ടിക്കുന്ന ഒരു ഉപഗ്രഹ കാര്‍ഷിക സമ്പദ് വ്യവസ്ഥയെ അവര്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചെടുത്തു. കേരളത്തില്‍ ഫ്യൂഡല്‍ കാലത്ത് പ്രധാനമായും കയറ്റി അയയ്ക്കപ്പെട്ടത് കുരുമുളകായിരുന്നു എങ്കില്‍ പിന്നീട് വിദേശ വ്യാപാരം കയര്‍, കൊപ്ര, വെളിച്ചെണ്ണ, കാപ്പി, തേയില, റബ്ബര്‍ തുടങ്ങിയ തോട്ടവിളകളുടെ കയറ്റുമതിയും അരി, തുണി, പുകയില, മണ്ണെണ്ണ, ലോഹ ഉപകരണങ്ങള്‍ മുതലായ സാധനങ്ങളുടെ ഇറക്കുമതിയും കേന്ദ്രീകരിച്ചുമായി. ഏകീകൃത നാണ്യ -തൂക്ക- അളവ് -ചുങ്ക വ്യവസ്ഥ ഏര്‍പ്പെടുത്തിയും ഗതാഗത സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചും നാണ്യവിള പ്രധാനമായ ഒരു കാര്‍ഷിക വ്യവസ്ഥ കേരളത്തില്‍ സൃഷ്ടിച്ചെടുക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് കഴിഞ്ഞു. ചുരുക്കത്തില്‍ വാണിജ്യ (മൂലധന) പ്രധാനമായ ഒരു വ്യവസ്ഥയും ഫ്യൂഡല്‍ കാര്‍ഷിക സമൂഹവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂലധന വ്യവസ്ഥ ആധിപത്യം നേടുകയായിരുന്നു.

ഒരു മൂലധന വ്യവസ്ഥയുടെ ചൂഷണ രീതികള്‍ക്ക് സ്ഥല-കാല ഐക്യരൂപമോ ബന്ധങ്ങളോ ഇല്ല. അഥവാ മൂലധനം അതിന്റെ മിച്ചമൂല്യശേഖരം എന്ന ധര്‍മ്മം എല്ലായിടത്തും ഒരേ രീതിയിലല്ല നിര്‍വ്വഹിക്കുന്നത്. അതിനുള്ളത് ഒരു പ്രയോഗസിദ്ധാന്തമാണ് (Utilitarianism). ഏതൊരു പശ്ചാത്തലമാണോ കൂടുതല്‍ മിച്ചമൂല്യ സംഗ്രഹം സാദ്ധ്യമാക്കുന്നത്, അത്തരം പശ്ചാത്തലത്തോട് ഇടപഴകിയും (Adaption) മിക്കപ്പോഴും അത്തരം പശ്ചാത്തല സൃഷ്ടി നടത്തിയും മൂലധനം അതിന്റെ ധര്‍മ്മം നിര്‍വ്വഹിക്കുന്നു. കേരളത്തിന്റെ കാര്‍ഷിക മേഖലാ മൂലധനബന്ധങ്ങളിലും ഇക്കാര്യം സുവിദിതമാണ് . ഇതിന്റെ ഉത്തമ ഉദാഹരണമാണ് മലബാര്‍-തിരുവിതാംകൂര്‍ കാര്‍ഷിക മേഖലകളിലേക്കുള്ള മൂലധന അധിനിവേശം. ബ്രിട്ടീഷ് ആധിപത്യം (മൂലധനം) മലബാറിന്റെ ജാതി - ഫ്യൂഡല്‍ വ്യവസ്ഥകളെ ശക്തിപ്പെടുത്തിയപ്പോള്‍, തിരുവിതാംകൂറിലെ ഫ്യൂഡല്‍ വ്യവസ്ഥയുടെ ശക്തിയെ ചെറിയൊരളവിലെങ്കിലും ക്ഷയിപ്പിച്ചുകൊണ്ടായിരുന്നു മിച്ചമൂല്യം സ്വരൂപിച്ചത്.

തിരുവിതാംകൂറും മലബാറും-വ്യത്യസ്ത അനുഭവങ്ങള്‍

പത്തൊന്‍പതാം നൂറ്റാണ്ടില്‍ മാര്‍ത്താണ്ഡവര്‍മ്മ രാജാവ്, മാടമ്പികളുടെ ഭൂമി പിടിച്ചെടുത്ത് കുടിയാന്മാര്‍ക്ക് നല്‍കിയതും, 1818 ല്‍ തരിശുഭൂമി കൃഷി ചെയ്യാന്‍ വിട്ടുകൊടുത്തതും, ദേവസ്വം വസ്തുക്കള്‍ കേണല്‍ മണ്‍ട്രോ ഏറ്റെടുത്തതും ഒക്കെ തിരുവിതാംകൂറില്‍ ഭൂമിയെയും കൃഷിയെയും വാണിജ്യവല്‍ക്കരണ പ്രക്രിയയ്ക്ക് വിധേയമാക്കി. അപ്രകാരം സ്വകാര്യ സമ്പന്ന കൃഷി വളര്‍ന്നു. ബ്രിട്ടീഷ് ഭരണവും വിദേശ മൂലധന ഒഴുക്കും തോട്ടം മേഖലയെ അടിസ്ഥാനപ്പെടുത്തിയുള്ള വാണിജ്യകൃഷിയെ ശക്തിപ്പെടുത്തി. എന്നാല്‍ മലബാറിലെ ബ്രിട്ടീഷ് ആധിപത്യം, ജന്മി വ്യവസ്ഥയ്ക്ക് കൂടുതല്‍ ശക്തിപകരുന്നതായിരുന്നു. ആയതിനാല്‍ അവിടെ കൃഷിക്കാരുടെ നില കൂടുതല്‍ ശോചനീയമാവുകയായിരുന്നു. 1921 ലെ മലബാര്‍ കാര്‍ഷിക കലാപങ്ങളുടെ ഒരു പ്രധാനപ്പെട്ട കാരണം അവിടെ നിലനിന്നിരുന്ന ദുരിതപൂര്‍ണ്ണമായ കാര്‍ഷിക ബന്ധങ്ങളായിരുന്നു.

അങ്ങനെ നോക്കുമ്പോള്‍ കേരളത്തിന്റെ കാര്‍ഷിക പ്രതിസന്ധി മൂലധന ശക്തികളുടെ കൊള്ളകൊടുക്കലുകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു കാണാം. തോട്ടം മേഖലയിലേക്ക് മൂലധനത്തിന്റെ കടന്നുകയറ്റം മലബാറിനെ അപേക്ഷിച്ച് തിരുവിതാംകൂര്‍ കേന്ദ്രീകരിച്ചായിരുന്നു. തോട്ടം മേഖലയിലെ വാണിജ്യവല്‍ക്കരണം തദ്ദേശ സമ്പദ് വ്യവസ്ഥയുടെ വികസനത്തെ കാര്യമായി സഹായിച്ചില്ല. വിദേശമൂലധനം 18, 19 നൂറ്റാണ്ടുകളില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥയില്‍ ഇടപെടാന്‍ തയ്യാറായിരുന്നില്ല എന്നതാണിതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജാതിവ്യവസ്ഥ നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനങ്ങള്‍ (Proclamations) ഉണ്ടായിട്ടും അതു നടപ്പാക്കാന്‍ ഭരണകൂടം (കോടതികള്‍ ഉള്‍പ്പെടെ) തയ്യാറായില്ല. അതിനാല്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടുകൂടി കേരളത്തിലെ അടിമവ്യവസ്ഥ നിരോധിയ്ക്കപ്പെട്ടെങ്കിലും, ഇതേ കാലഘട്ടത്തില്‍തന്നെ തോട്ടം മേഖലയ്ക്ക് ആവശ്യമായ തൊഴിലാളികളെ ആഭ്യന്തരമായി ലഭ്യമായിരുന്നില്ല (തര്യന്‍ ജോര്‍ജ്ജ് & മൈക്കിള്‍ തരകന്‍).

കാര്‍ഷിക അടിമകളെ തോട്ടംമേഖല പ്രവര്‍ത്തിമേഖലകളിലേക്ക് വിട്ടുകൊടുക്കാന്‍ ഉടമകള്‍ തയ്യാറായില്ല,എന്നതാണതിന്റെ കാരണം. കേരളത്തിന്റെ തോട്ടം മേഖലയില്‍ കുടിയേറ്റ തൊഴിലാളികളാണ് പണിയെടുത്തിരുന്നത്. അതായത് , തോട്ടം മേഖലയുടെ ഉത്ഭവവുമായി ബന്ധപ്പെട്ട സാമ്പത്തിക പരിവര്‍ത്തന പ്രക്രിയയ്ക്ക് സമാന്തരമായി ഉണ്ടാകേണ്ട സാമൂഹ്യമായ പരിവര്‍ത്തന പ്രക്രിയ കേരളത്തില്‍ കാര്യമായി ഉണ്ടായില്ല എന്ന് സാരം. ചുരുക്കിപ്പറഞ്ഞാല്‍, വിദേശമൂലധന പ്രചോതിദമായി കേരള കാര്‍ഷിക മേഖലയില്‍ ഉണ്ടായ മാറ്റങ്ങള്‍ ആഭ്യന്തര സമ്പദ് വ്യവസ്ഥയുടെ പ്രത്യേകിച്ച് സാധാരണക്കാരായ കൃഷിക്കാരുടെ സാമ്പത്തിക നിലവാരത്തില്‍ കാര്യമായ മാറ്റം സൃഷ്ടിച്ചില്ല. മൂലധനത്തിന്റെ ഇടപെടലുകള്‍ കാര്‍ഷിക വ്യവസ്ഥയുടെ ഉല്പാദനശക്തികളെ മോചിപ്പിച്ചില്ല എന്നു സാരം. എന്നുമാത്രമല്ല, കാര്‍ഷിക വികസനം, അതിന്റെ നേട്ടങ്ങളുടെ പരിശ്രവണനം (Trickle down) പോലും ഉണ്ടാക്കിയില്ല. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ തോട്ടവല്‍ക്കരണ പ്രക്രിയയുടെ നേട്ടങ്ങള്‍ സമ്പന്ന കര്‍ഷകര്‍ ഒഴികെ,കാര്‍ഷികോല്പാദനപ്രക്രിയയിലെ ബഹുഭൂരിപക്ഷം പങ്കാളികളേയും സ്പര്‍ശിച്ചില്ല.

ലോക മാന്ദ്യവും കാര്‍ഷിക പ്രതിസന്ധിയും

കേരള കാര്‍ഷിക മേഖലയുടെ വിദേശ മൂലധന ബന്ധങ്ങള്‍ സാധാരണ കര്‍ഷകരെയും പാപ്പരീകരിച്ചുകൊണ്ടിരുന്നു. ന്യൂയോര്‍ക്കില്‍, ലണ്ടനില്‍, ആസ്റ്റര്‍ഡാമില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില ഇടിഞ്ഞാല്‍ കേരളത്തിലെ കൃഷിക്കാര്‍ പാപ്പരാകുന്ന അവസ്ഥ ഉണ്ടായിരുന്നു. ഉദാഹരണത്തിന് 1928- 36 (ലോക മാന്ദ്യ കാലഘട്ടത്തില്‍) തേങ്ങയുടെ വില 1000 ത്തിന് 60 രൂപയില്‍ നിന്നും 15 രൂപയായി (1936) കുറയുകയുണ്ടായി. ബ്രിട്ടീഷുകാര്‍ പ്രോത്സാഹിപ്പിച്ചിരുന്ന കേരകൃഷിയും കര്‍ഷകരും അവതാളത്തിലായി. രണ്ടാം ലോകമഹായുദ്ധകാലത്ത്, അരി ഇറക്കുമതി ചെയ്തിരുന്ന കേരളം, ഭക്ഷ്യ ലഭ്യതയുടെ കാര്യത്തില്‍ കടുത്ത ക്ഷാമം നേരിട്ടു.

എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കേരള പൊതു സമൂഹത്തില്‍ നിലനിന്നിരുന്ന നിശ്ചലതയെ ഭേദിച്ചുകൊണ്ടുള്ള സാമൂഹ്യ പരിവര്‍ത്തന പ്രസ്ഥാനങ്ങള്‍ തിരുവിതാംകൂറില്‍ ഉടലെടുത്തു. ഫ്യൂഡല്‍-ജാതിവിരുദ്ധ ആശയങ്ങള്‍ ഇത്തരം പ്രസ്ഥാനങ്ങളുടെ പ്രധാന മുദ്രാവാക്യമായിരുന്നു. മലബാറിലാകട്ടെ സായുധമായിതന്നെ ഫ്യൂഡല്‍ ബന്ധങ്ങള്‍ ചോദ്യംചെയ്യപ്പെട്ടു. മലബാര്‍ കലാപം (1921) സാമ്രാജ്യത്വത്തിനും ഭൂവുടമകള്‍ക്കും എതിരെയുള്ള ഒന്നായിത്തീര്‍ന്നു. 1920കളില്‍ തൊഴിലാളി വര്‍ഗ്ഗ സംഘടനകള്‍ രൂപംകൊള്ളാന്‍ തുടങ്ങി. വടക്കന്‍ കേരളത്തില്‍ മലബാര്‍ കലാപത്തിനുശേഷം ശക്തിയായ ഫ്യൂഡല്‍ വിരുദ്ധ സമരങ്ങള്‍ ഉണ്ടായിത്തുടങ്ങി. ദേശീയ സ്വാതന്ത്ര്യ സമരപ്രസ്ഥാനങ്ങള്‍ ഇത്തരം ചെറുത്തുനില്‍പ്പുകള്‍ക്ക് ആവേശം പകര്‍ന്നു. 1930 കളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജന്മമെടുക്കുകയും സാമ്രാജ്യത്വ-ജാതി- ഫ്യൂഡല്‍ വിരുദ്ധ സമരങ്ങള്‍ക്ക് അഭൂതപൂര്‍വ്വമായ മുന്നേറ്റമുണ്ടാവുകയും ചെയ്തു. എന്നാല്‍ കൊളോണിയല്‍ ആധിപത്യം അവസാനിയ്ക്കുമ്പോഴും കേരളത്തിന്റെ കാര്‍ഷികമേഖല പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു.

1957 ലെ ഭൂപരിഷ്ക്കരണ ബില്‍

1947 വരെയുള്ള പ്രതിസന്ധിയുടെ സ്വഭാവം മുകളില്‍ സൂചിപ്പിച്ചതായിരുന്നുവെങ്കില്‍, പിന്നീട് കേരളത്തിന്റെ കാര്‍ഷിക ഉല്‍പ്പാദനത്തിന് മറ്റൊരു രൂപം നിലവില്‍വന്നു. സ്വതന്ത്ര ഇന്ത്യയുടെ വികസനത്തിന് പൊതുമേഖലക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പഞ്ചവത്സരപദ്ധതി ഒരു മാര്‍ഗമായി സ്വീകരിച്ചപ്പോള്‍, കൊളോണിയല്‍ ഭരണകാലഘട്ടത്തില്‍ നിന്നും വ്യത്യസ്ഥമായി ഒരു സംരക്ഷിത (State protected) കാര്‍ഷിക ഉല്‍പ്പാദന രീതി രൂപം കൊണ്ടു. കാര്‍ഷിക സബ് സിഡികള്‍, മെച്ചപ്പെട്ട ഉല്പന്ന വില, ജലസേചന സൌകര്യം, വിപണന സൌകര്യങ്ങള്‍ മുതലായവ ഒരുക്കിയാണ് കാര്‍ഷികമേഖലയെ പരിരക്ഷിച്ചത്. എന്നാല്‍ ഇതോടൊപ്പം 1957 ലെ ഭൂപരിഷ്ക്കരണ ബില്‍ തുറന്നുവച്ച സാമൂഹ്യ പശ്ചാത്തലം കൂടിയായപ്പോള്‍ കാര്‍ഷിക ഭൂമിയുടെ വിസ്തീര്‍ണം വര്‍ദ്ധിപ്പിക്കുന്നതിലും ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും 1960 കളില്‍ തന്നെ കേരളത്തിനു സാദ്ധ്യമായി.

1957 നുശേഷം കാര്‍ഷിക വികസനത്തില്‍ ( ഉല്‍പ്പാദനത്തിലും കൃഷി ഭൂമിയുടെ വര്‍ദ്ധനവിലും) വര്‍ദ്ധനവുണ്ടാക്കി എന്നത് യാഥാര്‍ഥ്യമാണെങ്കിലും, സാമൂഹ്യജീവിതത്തില്‍ അത് സൃഷ്ടിച്ച മാറ്റം കൂടുതല്‍ ബൃഹത്തായതാണ്. ഭൂപരിഷ്കരണ ബില്‍ നിയമമാകുന്നത് 1971 ല്‍ ആണല്ലോ. പക്ഷേ 1957 ല്‍ അവതരിപ്പിക്കപ്പെട്ട ബില്ലുകൊണ്ടുതന്നെ ജന്മിമാര്‍ ഭൂമി കൈമാറുന്നതിന് (കുറഞ്ഞ വിലയ്ക്കുള്ള വില്‍പ്പന) തയ്യാറായി. ബില്‍ നിയമമാകുന്നതിനു മുന്‍പുതന്നെ ഫ്യൂഡല്‍ ബന്ധങ്ങള്‍ ദുര്‍ബലമാകാന്‍ തുടങ്ങി. ആയതിന്‍ പ്രകാരം ഉല്‍പ്പാദനത്തില്‍ വര്‍ദ്ധനവുണ്ടായി. എന്നാല്‍ ഒരു വിരോധാഭാസമെന്നോണം 1971 നു ശേഷം കേരള കാര്‍ഷിക മേഖല, പ്രത്യേകിച്ച് 1975 നുശേഷം മുരടിക്കുകയാണുണ്ടായത്.

ഒരു പ്രത്യേക നിയമവ്യവസ്ഥയെക്കാളും, നിലനില്‍ക്കുന്ന സാമൂഹ്യ വ്യവസ്ഥകളുടെ അവസ്ഥയാണ് മാറ്റങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള നിദാനങ്ങള്‍ എന്നാണ് ഈ അനുഭവം വെളിപ്പെടുത്തുന്നത് .1957 ലെ കാര്‍ഷിക പരിഷ്കാര ബില്ല് കാര്‍ഷിക ഉല്‍പ്പാദനത്തില്‍ വരുത്തിയ മാറ്റങ്ങളേക്കാള്‍ ഏറെ പ്രാധാന്യമേറിയത് അത് ജീവിതങ്ങളില്‍ വരുത്തിയ മാറ്റം ആണ്. ഫ്യൂഡല്‍ ബന്ധങ്ങളുടെ തുടലൂരി എറിഞ്ഞ് പ്രതീക്ഷയുടെയും കര്‍മ പരിപാടികളുടെയും വിത്തും കൈക്കോട്ടുമായി 'പുതിയ പൌര' സമൂഹങ്ങളെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ ഭൂപരിഷ്ക്കരണത്തിന് കഴിഞ്ഞിട്ടുണ്ട്. അധഃസ്ഥിതര്‍ക്ക് അവര്‍ അകപ്പെട്ടുപോയ. നിശബ്ദബോധത്തിന്റെ തോടുപൊട്ടിച്ച് പുറത്തുവരാന്‍, കുട്ടികളെ സ്കൂളുകളില്‍ അയയ്ക്കാന്‍, ആധുനിക സാമൂഹ്യ ചലനങ്ങള്‍ക്ക് താന്‍കൂടി അവകാശിയാണെന്ന് ബോധ്യപ്പെടാന്‍ ഒക്കെ കഴിഞ്ഞത് ഭൂപരിഷ്കണ ബില്‍ സൃഷ്ടിച്ച പുതിയ സാമൂഹ്യ സാഹചര്യങ്ങളുടെ ഫലമായി ആയിരുന്നു. ഇത്തരം ജീവിതബന്ധിയായ ഒരു സമാന്തര പ്രക്രിയ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ഇതുവരെയും കാണാന്‍ കഴിഞ്ഞിട്ടില്ല.

കാര്‍ഷികപ്രതിസന്ധിയുടെ കാരണങ്ങള്‍

എന്നാല്‍ 1975 നു ശേഷം കാര്‍ഷിക മേഖലയുടെ ഉല്‍പ്പാദനവും ഉല്‍പ്പാദന ക്ഷമതയും ഗണ്യമായി കുറയുകയുണ്ടായി. 1980 കളില്‍ ആരംഭിക്കുകയും 1990 കളോടുകൂടി ശക്തിപ്രാപിക്കുകയും ചെയ്ത നിയോ ലിബറല്‍ സാമ്പത്തിക നയങ്ങള്‍ കാര്‍ഷിക മേഖലയെ തകര്‍ത്ത് തരിപ്പണമാക്കുകയും സ്വാതന്ത്ര്യാനന്തര കേരളത്തില്‍ ഉണ്ടായിട്ടില്ലാത്ത കര്‍ഷക ആത്മഹത്യകള്‍ സൃഷ്ടിക്കുകയും ചെയ്തു. എന്നാല്‍ 1975 ന് ശേഷം രൂപംകൊണ്ട ഗുരുതരമായ കാര്‍ഷികപ്രതിസന്ധിയുടെ കാരണങ്ങള്‍ എന്തൊക്കെയാണ്?

1. കേരളത്തില്‍ വികസനത്തിന്റെ ഭാഗമായ സര്‍വ്വീസ് മേഖലയുടെ വളര്‍ച്ച മൂലം കാര്‍ഷികോല്പാദനോപാധിയായ ഭൂമിയുടെ ഉടമസ്ഥരായിരുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍ സേവനമേഖലാ തൊഴിലുകളില്‍ എത്തപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ ജോലി ലഭ്യമായ ശേഷവും ഇവര്‍ കൃഷിഭൂമിയുടെ ഉടമകളായി തുടര്‍ന്നു. ചുരുക്കി പറഞ്ഞാല്‍ കൃഷിയില്‍ മുന്‍ഗണനാതാല്‍പ്പര്യം ഇല്ലാത്തവരുടെ കയ്യില്‍ ഭൂ ഉടമസ്ഥത നിലനിന്നു.

2. ഗവണ്‍മെന്റ് തലത്തില്‍ നല്‍കിയിരുന്ന പ്രത്യേക കാര്‍ഷിക സംരക്ഷണങ്ങള്‍, 1980-90 കളില്‍ ശക്തി പ്രാപിച്ച നിയോ ലിബറല്‍ സാമ്പത്തിക നയങ്ങളുടെ ഭാഗമായി ഇല്ലാതെയായി. കാര്‍ഷികവൃത്തി നഷ്ടപ്പണിയായതിനാല്‍ കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തീര്‍ണ്ണം ക്രമേണെ കുറഞ്ഞു വന്നു.

3. വര്‍ദ്ധിച്ചു വന്ന ഗള്‍ഫ് പണത്തിന്റെ ഒഴുക്ക് ഭൂമിയെ ഒരു ഊഹക്കച്ചവട വസ്തുവാക്കി. ഭൂ ഉടമസ്ഥതയില്‍ ഇതുമൂലം ഉണ്ടായ മാറ്റം കൃഷി ഭൂമിയെ കൃഷിയില്‍ താല്‍പ്പര്യമില്ലാത്ത ഒരു വിഭാഗം ആളുകളുടെ കയ്യില്‍ എത്തിച്ചു.

4. 1990 ല്‍ ശക്തിപ്രാപിച്ച നിയോ ലിബറല്‍ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ഉദാരവല്‍ക്കരണ (liberalised) നയങ്ങളുടെ ഭാഗമായി കാര്‍ഷികമേഖലയില്‍ ധനമൂലധനത്തിന്റെ (Finance Capital) ക്രൂരമായ ആക്രമണം ഉണ്ടായി. 1950 കള്‍ക്ക് ശേഷം MRTP, FERA, ചുങ്ക സംരക്ഷണം തുടങ്ങിയവ മൂലം നിയന്ത്രിച്ചു നിര്‍ത്തിയിരുന്ന വിദേശമൂലധനത്തെ 1985 മുതല്‍ നിര്‍ബാധം തുറന്നുവിട്ടപ്പോള്‍ മൂലധന വ്യാപാരങ്ങള്‍ക്ക് കടുത്ത കൊളോണിയല്‍ ചൂഷണ ( നമുക്ക് ഇതിനെ പുത്തന്‍ കൊളോണിയലിസം എന്നു വിളിക്കാം) സ്വഭാവം കൈവരുകയുണ്ടായി. വിപണി ഏകീകരണം, ചുങ്ക സംരക്ഷണ നിഷേധം, WTOയുടെ ഭാഗമായി ഉണ്ടായ ഇറക്കുമതി, ഉദാരവല്‍ക്കരണം, സര്‍ക്കാര്‍ മേഖലയുടെ പെട്ടെന്നുണ്ടായ പിന്മാറ്റം തുടങ്ങിയ നയങ്ങളൊക്കെക്കൂടി ആയപ്പോള്‍, പണ്ട് "ലണ്ടനില്‍, മാഞ്ചസ്ററില്‍" എന്നതിനു പകരം ലോകത്ത് എവിടെയെങ്കിലും ധനമൂലധനം സൃഷ്ടിക്കുന്ന ആന്തോളനങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ത്തന്നെ പ്രാഥമിക വസ്തുക്കള്‍ ഉല്‍പ്പാദിപ്പിച്ച് (കുരുമുളക്, ഏലം, നെല്ല്, തെങ്ങ് തുടങ്ങിയവ) കയറ്റുമതി ചെയ്യുന്ന മൂന്നാം ലോക രാജ്യങ്ങളെ (ഇത്തരം ഉല്‍പ്പന്നങ്ങളെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുക എന്നതാണല്ലോ സാമ്രാജ്യത്വ മൂലധന താല്‍പ്പര്യം) പ്രതിസന്ധിയിലാക്കും എന്നത് ലളിതമായ സത്യം മാത്രം. കേരളത്തിലെ കര്‍ഷക പ്രതിസന്ധിയും മുഖ്യമായും ഇത്തരം മൂലധന ഇടപെടലുകളുടെ പരിണിത ഫലമാണ്. ഈ അവസ്ഥകളോട് ശക്തിയായി പ്രതികരിക്കാന്‍ കഴിയാത്ത ഗവണ്‍മെന്റാണ് ഉള്ളതെങ്കില്‍ മൂലധന താല്‍പ്പര്യം അനുസരിച്ച് പ്രതിസന്ധി ദീര്‍ഘകാലത്തേയ്ക്ക് തുടരാവുന്നതാണ്.

കേരളത്തിലെ കാര്‍ഷിക പ്രതിസന്ധിക്ക് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. നേരത്തെ ഞാന്‍ സൂചിപ്പിച്ചത് ഒരു ചോദനപക്ഷ (Demand Side ) - കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വാങ്ങലുമായി ബന്ധപ്പെട്ടത്- വിശദീകരണങ്ങളോടൊപ്പം പ്രാദേശിക സ്ഥായിയായ (Internalised) പ്രശ്നങ്ങളെ കാണാതിരിയ്ക്കരുത്. എന്താണത്? 1940 കളില്‍ കേരളത്തിന്റെ പ്ലാന്റേഷന്‍ മേഖലകളില് നിന്നും വിദേശ മൂലധനം പിന്‍വാങ്ങിയപ്പോള്‍ തദ്ദേശ ക്രിസ്ത്യാനി മൂലധനം പ്രസ്തുത മേഖലയിലേക്ക് ഒഴുകി എത്തുകയുണ്ടായി. പ്ലാന്റേഷന്‍ മേഖലയില്‍ കൊളോണിയല്‍ കാലത്തു തന്നെ ഊഹക്കച്ചവടമൂല്യം (പ്ലാന്റേഷന്‍ വിളകളില്‍ നിന്നുള്ള ലാഭവും പ്ലാന്റേഷന്‍ ഭൂമിയുടെ വില വര്‍ദ്ധനവിലൂടെ ലഭ്യമാകുന്ന ധന മിച്ചവും) വര്‍ദ്ധിച്ചതായിരുന്നു. ആയതിനാല്‍ വ്യവസായത്തില്‍ പണം മുടക്കാതെ, ഇക്കൂട്ടര്‍ ഭൂരിപക്ഷവും പ്ലാന്റേഷന്‍ മേഖലയില്‍ തന്നെ നിലകൊണ്ടു.

ആഗോളവല്‍ക്കരണ കാലത്ത് വിദേശ നാണ്യ വിനിമയ നിരക്കില്‍ ഉണ്ടായ വന്‍പിച്ച വര്‍ദ്ധനവ് മലയാളികളുടെ വാങ്ങല്‍ കഴിവ് (ചോദനം) പലമടങ്ങ് വര്‍ദ്ധിപ്പിക്കുകയും അപ്രകാരമുണ്ടായ മിച്ചത്തെ ഭൂനിക്ഷേപമായി മാറ്റാന്‍ അവസരം നല്‍കുകയുമുണ്ടായി. ചുരുക്കത്തില്‍ ഇന്നിപ്പോള്‍ കൃഷി ഭൂമി ഒരു ഊഹക്കച്ചവട വസ്തുവായി മാറുകയും കൃഷിയില്‍ താല്‍പ്പര്യമില്ലാത്ത 85% ആളുകളുടെ കൈവശം അത് എത്തിച്ചേരുകയും ചെയ്തു. ഇത്തരം അവസ്ഥയില്‍ സാധാരണ ഉണ്ടാകാറുള്ള ഭൂപാട്ട വ്യവസ്ഥ (Absentee Land Lordism) കേരളത്തില്‍ വ്യാപകമായി ഉണ്ടാക്കിയിരിക്കുന്ന ഇന്നത്തെ കാര്‍ഷികമേഖലാ പ്രതിസന്ധി കൂടുതല്‍ ഗൌരവമുള്ളതാണ്.

1970-80 കളില്‍ ജനസംഖ്യയില്‍ 40% വരെ കാര്‍ഷിക മേഖലയെ ആശ്രയിച്ചു കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്നും ഏതാണ്ട് ആ നിലതന്നെ തുടരുന്നു. പക്ഷേ കാര്‍ഷികമേഖലയുടെ പങ്ക്, ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം, മൊത്തം സ്റ്റേറ്റ് ഉല്‍പ്പാദനത്തിന്റെ 13% ആയി കുറയുകയുണ്ടായി. ഇതിന്റെ അര്‍ത്ഥം കാര്‍ഷികമേഖലയെ ആശ്രയിച്ചു കഴിയുന്ന 40% വരുന്ന ജനസഞ്ചയത്തിന് പങ്കുവെയ്ക്കാന്‍ 13% സ്റ്റേറ്റ് വരുമാനം മാത്രം!

പരിഹാര മാര്‍ഗ്ഗങ്ങള്‍

ഇവിടെയാണ് ആത്മഹത്യ കര്‍ഷകന്റെ മുന്നില്‍ ഒരു പരിഹാരമാര്‍ഗ്ഗമായി പ്രത്യക്ഷപ്പെടുന്നത് ! അതിനാല്‍ ഇന്നത്തെ അവസ്ഥയില്‍ കേരള വികസനമെന്നത് പ്രധാനമായും കാര്‍ഷിക മേഖല നിബദ്ധമായിരിക്കേണ്ടതാണ്. നമ്മുടേതുപോലുള്ള സമ്പദ് വ്യവസ്ഥയില്‍ കാര്‍ഷിക ഉല്‍പ്പന്ന വിലയും കാര്‍ഷിക ഉല്‍പ്പാദനവും തമ്മില്‍ ഉയര്‍ന്ന അനുബന്ധം നിലനില്‍ക്കുന്നു. പ്രൊഫ. മൈക്കള്‍ കലകസ്കി പറയുന്നതുപോലെ കാര്‍ഷിക മേഖലയില്‍ ഉല്‍പ്പന്നവില നിശ്ചയിക്കുന്നത് വിപണി ചോദനവും (Market Demand) വ്യാവസായിക ഉല്‍പ്പന്നവില നിശ്ചയിക്കുന്നത് ഉല്‍പ്പാദന ചെലവുമാണ്. അപ്രകാരം കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ആവശ്യക്കാര്‍' (Demand Factor - അഥവാ വാങ്ങുന്നവര്‍) നിശ്ചയിക്കുന്ന വിലകള്‍ ആയതുകൊണ്ട്, കാര്‍ഷിക വിളകള്‍ക്ക് വ്യാവസായിക ഉല്‍പ്പന്നത്തെക്കാളും താരതമ്യ വില കുറഞ്ഞു നില്‍ക്കും. ഉദാഹരണത്തിന് അരി, പാല്‍ മുതലായവകളുടെ വില ഗതികള്‍ ശ്രദ്ധിച്ചാല്‍ ഇത് മനസിലാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ കാര്‍ഷിക ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാന്‍ സബ് സിഡി നല്‍കേണ്ടിവരും. കൂടാതെ , മൂലധന അധിനിവേശത്തിന്റെ വര്‍ത്തമാനകാല പശ്ചാത്തലത്തില്‍, അസംസ്കൃത വസ്തുക്കളെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ മൂലധനം നടത്തും. അതിനാല്‍ കാര്‍ഷികമേഖലയെ പെറ്റി പ്രൊഡക്ഷന്‍(ചെറുകിട) മേഖലയില്‍ ഉള്‍പ്പെടുത്തി 'സാമ്പത്തിക കൈതാങ്ങ്' നല്‍കുന്നതോടൊപ്പം സാമ്രാജ്യത്വ മൂലധന-അധിനിവേശങ്ങളില്‍ നിന്നും സംരക്ഷിക്കേണ്ടതുണ്ട്. ഇന്നത്തെ ഇന്‍ഡ്യന്‍ അവസ്ഥയില്‍ ഈ രണ്ടു കാര്യങ്ങളും നേടിയെടുക്കുന്നതിന് ശക്തിയായ ബഹുജന സമരങ്ങള്‍ ഉണ്ടാകണം.

(ലേഖകന്‍:പ്രൊഫ: കോശി. പി. മാത്യു)

കാര്‍ഷിക പ്രശ്നവും പരിഹാരവും

ഇന്ത്യയും ചൈനയും ഇന്നു ലോകരാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കുകള്‍ രേഖപ്പെടുത്തുന്ന സമ്പദ്ഘടനകളാണ്. വളര്‍ച്ചാനിരക്കുകളുടെ കാര്യത്തില്‍ നമ്മുടെ കൊച്ചുകേരളവും ഒട്ടും പുറകിലല്ല. ദേശീയ ശരാശരിയെ വെല്ലുന്ന പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടൊപ്പമാണ് കേരളത്തിന്റെ സ്ഥാനം. ഉയര്‍ന്ന വളര്‍ച്ചാനിരക്കുകള്‍ ശ്രദ്ധേയമാണെങ്കിലും അവയുടെ തിളക്കം നഷ്ടപ്പെടുത്തുന്ന കാര്യങ്ങളും സമ്പദ്ഘടനയില്‍ സംഭവിക്കുന്നുണ്ട്. അസമത്വം വര്‍ധിക്കുന്നതിനെക്കുറിച്ചും കൃഷി - അനുബന്ധ മേഖലകള്‍ തകരുന്നതിനെക്കുറിച്ചും ഇവിടെ പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്.

കഴിഞ്ഞ പത്തുവര്‍ഷക്കാലത്തിനിടയ്ക്കു ഒരു ലക്ഷത്തിലധികം കൃഷിക്കാര്‍ക്ക് ഇന്ത്യയില്‍ ആത്മഹത്യ ചെയ്യേണ്ടിവന്നു എന്നത് വളര്‍ച്ചയുടെ പുറംപൂച്ചിനു പിന്നില്‍ പതിയിരിക്കുന്ന അപകടത്തെക്കുറിച്ച് വ്യക്തമായ സൂചന നല്‍കുന്നുണ്ട്. കൃഷിയും കൃഷിക്കാരും കൂട്ടത്തോടെ നാശത്തിന്റെ വക്കിലേക്കു തള്ളിവിടപ്പെടുന്നത് സമ്പദ്ഘടനയെ ബാധിച്ചിരിക്കുന്ന ആഴത്തിലുള്ള ദോഷത്തിന്റെയും രോഗത്തിന്റെയും പ്രതിഫലനമാണ്. കൃഷി അനുബന്ധ മേഖലകളുടെയും, പരമ്പരാഗത വ്യവസായങ്ങളുടെയും തകര്‍ച്ചയുടെ കാര്യത്തില്‍ സംസ്ഥാനത്തിന്റെ സ്ഥിതി അഖിലേന്ത്യാ ചിത്രത്തില്‍ നിന്നും ഏറെ വ്യത്യസ്തമല്ല. നെല്‍കൃഷിയും, നാളികേരകൃഷിയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ തന്നെ പ്രതിസന്ധിയെ നേരിടുകയാണ്.

കേരളത്തിന്റെ കാര്‍ഷിക പ്രശ്നത്തിന്റെ ചില പ്രധാനപ്പെട്ട വശങ്ങളെ വിമര്‍ശനാത്മകമായ ഒരു പരിശോധനയ്ക്കു വിധേയമാക്കാനും ചില പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാനുമാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്.

 

നവ ഉദാരവല്‍ക്കരണ നയങ്ങള്‍

ആഗോളവല്‍ക്കരണ - സ്വകാര്യവല്‍ക്കരണ - ഉദാരവല്‍ക്കരണ നയങ്ങളും കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും തമ്മിലുള്ള കാര്യ-കാരണങ്ങള്‍ ഇപ്പോള്‍ തര്‍ക്കവിഷയമേ അല്ലാതായിരിക്കുന്നു. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ കാര്‍ഷികമേഖലയെ പ്രതികൂലമായി ബാധിച്ചു എന്ന കാര്യം ഈ നയങ്ങളെ പൊതുവെ അനുകൂലിക്കുന്നവര്‍പോലും സമ്മതിക്കുന്ന കാര്യമാണ്. നവ ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായി സംഭവിച്ച ഏറ്റവും പ്രധാന കാര്യങ്ങളിലൊന്ന് ഇറക്കുമതി ഉദാരവല്‍ക്കരണം ആയിരുന്നല്ലൊ. ലോകവ്യാപാര സംഘടന ആവശ്യപ്പെട്ടതിനേക്കാള്‍ വേഗത്തില്‍ ഇറക്കുമതിച്ചുങ്കങ്ങളും, ചുങ്കേതര തടസ്സങ്ങളും (non-tariff barriers) നീക്കം ചെയ്ത് ഇറക്കുമതി ഉദാരവല്‍ക്കരിക്കുകയാണ് ഇന്ത്യ ചെയ്തത്. ഇതിനു പുറമെ സാര്‍ക്ക് രാജ്യങ്ങള്‍, ശ്രീലങ്ക, പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയുമായി ഒപ്പുവച്ച സ്വതന്ത്ര വ്യാപാരക്കരാറുകളും ഇറക്കുമതിയുടെ തള്ളിക്കയറ്റത്തിന് ഇടയാക്കി. ഇറക്കുമതി ഉദാരവത്ക്കരണം സ്വാഭാവികമായും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവില്‍ കലാശിച്ചു.

കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവിനു മറ്റൊരു കാരണം കൂടിയുണ്ടായി. വിളവെടുപ്പു കാലത്ത് കമ്പോളത്തില്‍ ഇടപെട്ടു സംഭരണം നടത്തി കരുതല്‍ശേഖരം ഉണ്ടാക്കുകയും താങ്ങുവില പ്രഖ്യാപിക്കുകയും ഒക്കെ ചെയ്യുന്ന ഏര്‍പ്പാടുകളെ മൊത്തത്തില്‍ ഉദാരവല്‍ക്കരണവാദികള്‍ ദുര്‍ബലമാക്കി. കമ്പോളത്തില്‍ ഗുണത്തിനായാലും ദോഷത്തിനായാലും സര്‍ക്കാര്‍ ഇടപെടരുത് എന്ന നവലിബറല്‍ ആശയത്തിനു കിട്ടിയ മേല്‍ക്കോയ്മയാണു ഇതിനു കാരണം. ചുരുക്കത്തില്‍ കാര്‍ഷിക വിലകള്‍ മറ്റു വിലകളെ അപേക്ഷിച്ചു ഇടിഞ്ഞു. കൃഷിക്കാര്‍ വില്‍ക്കുന്ന ഉല്പന്നങ്ങള്‍ക്ക് വിലയില്ല, വാങ്ങുന്ന ഉല്പന്നങ്ങള്‍ക്കാകട്ടെ തീവില എന്ന ദുസ്ഥിതിയാണു ഉണ്ടായത്.

സര്‍വ്വവും കമ്പോളത്തിനു വിട്ടുകൊടുത്തു ഭരണകൂടം സമ്പദ്ഘടനയില്‍ നിന്നും ഒഴിഞ്ഞുമാറി നില്‍ക്കുന്ന ഈ നവലിബറല്‍ സമീപനം ഭാവിയിലും കാര്‍ഷികമേഖലയ്ക്കു സഹായകരമാവില്ല. യഥാര്‍ത്ഥത്തില്‍ ഇക്കാര്യം മുഖ്യധാരാ സാമ്പത്തിക ശാസ്ത്രജ്ഞര്‍പോലും സമ്മതിക്കുന്ന കാര്യമാണ്.

കര്‍ഷകര്‍ അസംഘടിതരാണ്. അതുകൊണ്ടുതന്നെ വിലപേശാനുളള കഴിവും അവര്‍ക്കില്ല. വിളവെടുപ്പുകാലത്ത് ഉത്പന്നങ്ങള്‍ കിട്ടുന്ന വിലയ്ക്കു വില്‍ക്കാന്‍ നിര്‍ബന്ധിതരാവുന്നവരാണു അവരില്‍ ഭൂരിപക്ഷവും. എന്നാല്‍ കൃഷിക്കാരില്‍ നിന്നും ഉത്പന്നങ്ങള്‍ സമാഹരിക്കുന്ന വന്‍കിട കച്ചവടക്കാരുടെയും, കമ്പനികളുടെയും സ്ഥിതിയതല്ല. അവര്‍ക്കു കമ്പോളത്തിനു മേല്‍ കുത്തകാധികാരവും ശക്തിയുമുണ്ട്. അവര്‍ക്കു വിലകളെ സ്വാധീനിക്കാന്‍ കഴിയും. വിളവെടുപ്പുകാലത്ത് വില കൃത്യമായി ഇടിയ്ക്കാനും അതിനുശേഷം സന്ദര്‍ഭത്തിനനുസരിച്ച് വില ഉയര്‍ത്താനും അവര്‍ക്കു കഴിയും.

കമ്പോള ബലാബലത്തിലെ ഈ അസമത്വം കാരണമാണ് കൃഷിക്കാരുടെ കൂട്ടായ്മയും ഭരണകൂടത്തിന്റെ ഇടപെടലും ഉണ്ടാവണം എന്നു പറയുന്നത്. നെല്ലിന്റെ കാര്യത്തില്‍ ശക്തമായിത്തന്നെ കമ്പോളത്തില്‍ ഇടപെടാന്‍ കേരളത്തിലെ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്ന ഘടകം ഇതാണ്. കേരളത്തില്‍ നെല്‍കൃഷി മേഖലയില്‍ ഉണ്ടായിരിക്കുന്ന ഉല്‍ക്കര്‍ഷം ഭരണകൂട ഇടപെടലിന്റെ ആവശ്യകത അടിവരയിടുന്നുണ്ട്. മറ്റു വിളകളിലേക്കും ഈ പരീക്ഷണം വ്യാപിപ്പിക്കേണ്ടതുണ്ട്.

ഉത്പാദനബന്ധങ്ങളും പ്രതിസന്ധികളും

കേരളത്തിലെ കൃഷിയെ ബാധിക്കുന്ന രണ്ടാമത്തെ മുഖ്യപ്രശ്നം ഉത്പാദനബന്ധങ്ങളുമായി, കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, ഭൂബന്ധങ്ങളുമായി ബന്ധപ്പെട്ടതാണ്. ഭൂമിയില്ലാതെ കൃഷിയെക്കുറിച്ച് ആലോചിക്കുക അസാധ്യമാണ്. ഉത്പാദനോപാധി എന്ന നിലയില്‍ ഭൂമിയ്ക്ക് കൃഷിയില്‍ കേന്ദ്രസ്ഥാനമാണുള്ളത്. പക്ഷെ, നിര്‍ഭാഗ്യകരമെന്നു പറയട്ടെ, കേരളത്തിലെ യഥാര്‍ത്ഥ കൃഷിക്കാര്‍ക്കു ഭൂമി അന്യമായിക്കൊണ്ടിരിക്കുകയാണ്. കൃഷിചെയ്യാന്‍ താല്പര്യമുള്ളവര്‍ക്കു കൃഷിഭൂമി ലഭ്യമല്ല എന്നതാണ് സ്ഥിതി.

ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പിലാക്കിയ കഴിഞ്ഞ ഒന്നര ദശാബ്ദക്കാലത്തുണ്ടായ കാര്‍ഷിക തകര്‍ച്ചയുടെ ഫലമായി ഒട്ടേറെ കൃഷിക്കാര്‍ക്കു അവരുടെ ജീവനോപാധിയായ ഭൂമിയേയും, കന്നുകാലികളേയും വിറ്റൊഴിയേണ്ടതായി വന്നു. കുറേപ്പേര്‍ ഭൂരഹിതരായി. മറ്റു കുറേപ്പേര്‍ക്കു കൈവശഭൂമിയുടെ അളവു ഗണ്യമായി കുറഞ്ഞു. ജനസംഖ്യാ വര്‍ദ്ധനവും, കുടുംബങ്ങളുടെ വിഭജനവും, ഭാഗംവെയ്ക്കലും കൃഷിക്കാരുടെ ശരാശരി ഭൂലഭ്യത കുറയാന്‍ കാരണമായിട്ടുണ്ട്. ഇതിനെല്ലാം പുറമേയാണ് കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി മാറ്റപ്പെടുന്നതിന്റെ പ്രശ്നം.

പുറംവരുമാനത്തിന്റെ പ്രഭാവം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന ഒരു സമ്പദ്ഘടനയാണ് കേരളത്തിന്റേത്. വിദേശത്തുനിന്നും ഒഴുകിയെത്തുന്ന പണം കേരളത്തിലെ ഭൂവിലകള്‍ ക്രമമായി ഉയരാന്‍ കാരണമായിട്ടുണ്ട്. ഭൂമിയുടെ വില ഇപ്രകാരം ഉയരുന്നത് ഭൂമിയെ ഒരു ആസ്തിയായി മാറ്റിയിരിക്കുന്നു. സ്വര്‍ണം, ബാങ്കുനിക്ഷേപം, ഓഹരികള്‍ തുടങ്ങിയവയെപ്പോലെ സമ്പാദ്യം സൂക്ഷിക്കാന്‍ പറ്റിയ ഒരു ആസ്തിയായി ഭൂമി മാറിയിരിക്കുകയാണ്. ഭൂമിയുടെ ഈ വിലക്കയറ്റം കൃഷിക്കാരല്ലാത്തവരെ കൃഷിഭൂമി വാങ്ങാന്‍ പ്രേരിപ്പിക്കുന്നു. പക്ഷെ, ഇക്കൂട്ടര്‍ക്കു അവര്‍ സ്വന്തമാക്കുന്ന ഭൂമിയില്‍ കൃഷിചെയ്യാന്‍ വലിയ താല്പര്യമൊന്നുമില്ല. ഭൂമി തരിശിടുന്ന പ്രവണത കേരളത്തില്‍ വ്യാപകമാകാനുള്ള കാരണം ഇതാണ്.

കൃഷിഭൂമി തരിശിടുന്നതിനും, കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനും എതിരായ നിയമനിര്‍മ്മാണം ആവശ്യമാണ്. നെല്‍വയലുകള്‍ നികത്തുന്നതിനെതിരെ കര്‍ശനമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ നിയമം അവതരിപ്പിക്കുന്നതിന്റെ പശ്ചാത്തലം ഇതാണ്. തരിശിടുന്ന ഭൂമി കൃഷിക്ക് ഉപയുക്തമാക്കുന്നതിനുള്ള നീക്കവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നു എന്നും ഇവിടെ പ്രസക്തമാണ്. ഭൂമിയുടെ തുണ്ടുവല്‍ക്കരണവും, കൈവശമുള്ള കൃഷിഭൂമിയുടെ അളവിന്റെ പരിമിതിയും കൃഷിയെ അനാകര്‍ഷകവും, അസാധ്യവും ആക്കിത്തീര്‍ക്കുന്നുണ്ട്. തങ്ങളുടെ കൈവശമുള്ള പരിമിതമായ ഭൂമിയിലെ കൃഷികൊണ്ടു കൃഷിക്കാര്‍ക്ക് കുടുംബം പുലര്‍ത്താന്‍ കഴിയാത്ത സ്ഥിതിയും വരുന്നു. ഇതിനു പരിഹാരം എന്ന നിലയില്‍ കൃഷിക്കാരുടെ വിവിധ തരത്തിലുള്ള കൂട്ടായ്മകളേയും അതിന്റെ അടിസ്ഥാനത്തിലുള്ള കൃഷിയേയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അനുബന്ധ വരുമാനം ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങളും പ്രേത്സാഹിപ്പിക്കേണ്ടതുണ്ട്. ഉദാഹരണത്തിനു നെല്‍കൃഷിയോടൊപ്പം കന്നുകാലിവളര്‍ത്തലും, കോഴിവളര്‍ത്തലും, മത്സ്യകൃഷിയും മറ്റും പ്രോത്സാഹിപ്പിക്കണം. ഇത്തരത്തിലുള്ള സംയോജിത കൃഷിത്തോട്ടങ്ങളേയും, കൃഷിരീതികളേയും സഹായിക്കുന്ന സമീപനമാണ് കേരളസര്‍ക്കാര്‍ സ്വീകരിക്കുന്നത്.

കാര്‍ഷിക വായ്പയും കടക്കെണിയും

ഉദാരവല്‍ക്കരണത്തിന്റെ കൊടുംചൂടില്‍ കൃഷി വാടിക്കരിയാനിടയായ മറ്റൊരു കാരണം വായ്പാ നയത്തിലുണ്ടായ മാറ്റമാണ്.

കൃഷി - അനുബന്ധ മേഖലകളെ മുന്‍ഗണനാ മേഖലകളായി കണക്കാക്കി കുറഞ്ഞ പലിശയ്ക്കും, ഉദാരമായ തിരിച്ചടവു വ്യവസ്ഥകളോടു കൂടിയും വായ്പ നല്‍കുന്ന സമീപനമാണ് ബാങ്കുകളുടെ ദേശസാല്‍ക്കരണത്തിനുശേഷം ഇന്ത്യയില്‍ ഉണ്ടായിരുന്നത്. ബാങ്ക് ദേശസാല്‍ക്കരണത്തിനുശേഷം ഉണ്ടായ ശാഖകളുടെ വ്യാപനവും ഗ്രാമീണ മേഖലയ്ക്കും, കൃഷിയ്ക്കും വായ്പാ ലഭ്യത ഉറപ്പാക്കിയിരുന്നു.

എന്നാല്‍ ഉദാരവല്‍ക്കരണം ഇന്ത്യയിലെ വായ്പാനയത്തില്‍ വലിയ മാറ്റം വരുത്തി. ബാങ്കിംഗ് വ്യവസ്ഥ ഗ്രാമങ്ങളേയും കൃഷിയേയും മറക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന സ്ഥിതിവന്നു. ലാഭ പരിഗണന മാത്രം മുന്‍നിര്‍ത്തി ബിസിനസ് നടത്തിയാല്‍ മതിയെന്ന ഉപദേശമാണ് ഭരണാധികാരികള്‍ ബാങ്കുകള്‍ക്ക് നല്‍കിയത്. സ്വാഭാവികമായും കൃഷിക്കാരുടെ വായ്പാ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ അവര്‍ക്കു ബ്ലേഡു പലിശക്കാരേയും അനൌപചാരിക ഏജന്‍സികളേയും ആശ്രയിക്കേണ്ടി വന്നു. കഴുത്തറപ്പന്‍ പലിശയ്ക്കും, വ്യവസ്ഥകള്‍ക്കും കുപ്രസിദ്ധി നേടിയ ഇക്കൂട്ടരോടുള്ള വിധേയത്വവും, ആശ്രിതത്വവും ഗ്രാമീണമേഖലയെ ഒരു വലിയ കടക്കെണിയിലേക്കു അകപ്പെടുത്തി എന്നു പറഞ്ഞാല്‍ മതിയല്ലൊ.

ഇന്ത്യയിലെ കൃഷിക്കാരെ പൊതുവില്‍ ബാധിക്കുന്ന ഈ പ്രശ്നത്തില്‍ നിന്നും കൃഷിയേയും, കൃഷിക്കാരനേയും രക്ഷിക്കാന്‍ കേരളത്തിലെ പുതിയ ഗവണ്‍മെന്റ് ശ്രദ്ധേയമായ നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ രൂപീകരണവും, പ്രവര്‍ത്തനവും കടക്കെണിയില്‍പ്പെട്ട കൃഷിക്കാര്‍ക്കു ആശ്വാസമേകും. അതോടൊപ്പം കുറഞ്ഞ പലിശയ്ക്കു നെല്‍കൃഷിയ്ക്കും മറ്റും വായ്പ ലഭ്യമാക്കുന്നതിനുള്ള സാമഗ്ര പരിപാടികളും കേരള സര്‍ക്കാര്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്നുണ്ട്.

കൃഷി വിജ്ഞാനീയവും സാങ്കേതികവിദ്യയും

കൃഷിയും, കൃഷിശാസ്ത്രവും തമ്മിലുള്ള വിടവും നമ്മുടെ കാര്‍ഷിക മേഖലയെ ബാധിക്കുന്ന തകര്‍ച്ചയ്ക്കു കാരണമാണ്. അറിവിന്റെ ഉപയോഗം എല്ലാ ഉത്പാദന തുറകളേയും പോലെ കൃഷിക്കും ഉത്തേജകമാവേണ്ടതാണ്. പരമ്പരാഗത അറിവുകളും ആധുനിക ശാസ്ത്രത്തിന്റെ സംഭാവനയായ പുതിയ അറിവുകളും കൃഷിയെ സമ്പന്നമാക്കേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ഇതു സംഭവിക്കുന്നില്ല.

കൃഷിയടക്കമുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണം എന്ന നിയോലിബറല്‍ ഉപദേശം സര്‍ക്കാരും സര്‍വ്വകലാശാലകളും നടത്തിക്കൊണ്ടിരുന്ന എക്സ്റ്റന്‍ഷന്‍ പ്രവര്‍ത്തികളെ ഇന്ത്യയില്‍ ഉടനീളം ദുര്‍ബലപ്പെടുത്തിയിരിക്കുകയാണ്. ഈ ദുരവസ്ഥ ഒഴിവാക്കാനും കാര്‍ഷിക സര്‍വ്വകലാശാലയും, കൃഷിവകുപ്പും കൃഷിയിടങ്ങളും തമ്മില്‍ ഉണ്ടായിപ്പോയ അകലം ഇല്ലാതാക്കാനും പുതിയ ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.

കൃഷിവകുപ്പിന്റെ പ്രവര്‍ത്തനം കേവലം ധനസഹായ വിതരണമല്ല, മറിച്ച് കാര്‍ഷിക പ്രശ്നത്തിനു സമഗ്ര പരിഹാരം കാണുകയാണ്. കൃഷിവകുപ്പിന്റെയും കാര്‍ഷിക സര്‍വ്വകലാശാലയുടെയും സ്ഥാനം കൃഷിയിടങ്ങളിലും കൃഷിക്കാര്‍ക്കിടയിലുമാണ് എന്നു മനസ്സിലാക്കിക്കൊണ്ടുള്ള പരിപാടികളാണ് പുതിയ കേരള സര്‍ക്കാര്‍ രൂപീകരിക്കുന്നത്.

കൃഷി വിളവെടുപ്പോടെ അവസാനിക്കുന്ന ഒന്നല്ല എന്ന പുതിയ അവബോധവും പ്രചരിപ്പിക്കേണ്ടതുണ്ട്. കാര്‍ഷികോല്‍പന്നങ്ങള്‍ മൂല്യവര്‍ധന വരുത്താതെ വിറ്റൊഴിയുന്നതാണ് കൃഷിക്കാരെ ദുര്‍ബലരാക്കുന്ന ഒരു കാര്യം. കാര്‍ഷികോല്‍പന്നങ്ങള്‍ സംസ്കരിക്കുന്നതിനും മൂല്യം വര്‍ധിപ്പിക്കുന്നതിനും, വിപണികളെ നിയന്ത്രിക്കുന്നതിനും ശ്രമം ഉണ്ടാവണം. ഈ രംഗത്ത് കൃഷിക്കാരുടെ കൂട്ടായ്മയുടെ വിവിധ രൂപങ്ങള്‍ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്.

ഈ ലേഖനത്തില്‍ ഇതുവരെ സൂചിപ്പിച്ച കാര്യങ്ങള്‍ ഓരോന്നും ഭരണകൂടത്തിന്റെ ഇടപെടലും സഹായവും അനിവാര്യമാക്കുന്നതാണ്. തീര്‍ച്ചയായും നിയോലിബറല്‍ ആശയങ്ങളുമായി മുന്നോട്ടുപോയാല്‍ ഭരണകൂടത്തിന്റെ ഇടപെടലുകളും മുന്‍കൈയ്യും അസാധ്യമാകും. പകരം കാര്‍ഷികവൃത്തിയെ കോര്‍പ്പറേറ്റുകള്‍ക്കും ഇതര കുത്തകകള്‍ക്കും അടിയറ വയ്ക്കുന്ന സാഹചര്യമാവും ഉരുത്തിരിയുക.

കോര്‍പ്പറേറ്റുകളുടെയും കുത്തക മൂലധനത്തിന്റെയും നേതൃത്വത്തില്‍ അരങ്ങേറുന്ന കാര്‍ഷിക വികസനത്തില്‍ കൃഷിക്കാര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും സ്ഥാനമുണ്ടാവില്ല. കൃഷി വളര്‍ന്നാലും കൃഷിക്കാരും തൊഴിലാളികളും വളരാത്ത സ്ഥിതിയാണു ഉണ്ടാവുക. കാര്‍ഷിക വികസനത്തിന്റെ കാര്യത്തില്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന സമീപനവും കേന്ദ്രസര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുന്ന നിയോലിബറല്‍ സമീപനവും തീര്‍ച്ചയായും പരസ്പര വിരുദ്ധമാണ്.

കേരളത്തിന്റെ പതിനൊന്നാം പദ്ധതിയില്‍ കൃഷിക്കാരനേയും, കാര്‍ഷികത്തൊഴിലാളികളേയും കേന്ദ്രസ്ഥാനത്തു നിര്‍ത്തിക്കൊണ്ടുള്ള സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. എല്ലാ ഊര്‍ജ്ജവും സമാഹരിച്ചുകൊണ്ടുള്ള കോര്‍പ്പറേറ്റു-കുത്തക വിരുദ്ധ മാതൃകയെ വിജയിപ്പിക്കുവാന്‍ കേരള സര്‍ക്കാരും, ഇടതുപക്ഷ ജനാധിപത്യമുന്നണിയും പ്രതിജ്ഞാബദ്ധമാണ്. കൃഷിയില്‍ അരങ്ങേറുന്ന ഈ സമരത്തില്‍ ജനപക്ഷത്തെ വിജയിപ്പിക്കാന്‍ ജനാധിപത്യവിശ്വാസികളുടെ കൂട്ടായ ശ്രമം ഉണ്ടാവേണ്ടതുണ്ട്.

(ലേഖകന്‍: ഡോ.കെ.എന്‍.ഹരിലാല്‍, കേരള സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം)

കേരള വികസനവും കാര്‍ഷികമേഖലയും

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ കേരളം 1957ല്‍ നടപ്പിലാക്കിയ കാര്‍ഷിക പരിഷ്ക്കരണം കേരളത്തിന്റെ വികസനത്തിന് അടിത്തറപാകി. മൂന്നു ഭാഗങ്ങളായി നിലനിന്ന കേരളത്തില്‍ മൂന്നു തരത്തിലുള്ള ഭൂബന്ധങ്ങളും നിലനിന്നിരുന്നു. വടക്കേ മലബാറിലെ ജന്മി, നാടുവാഴി സമ്പ്രദായത്തിന്റെ ഭാഗമായി നിലനിന്നിരുന്ന വാരം, പാട്ടം മറ്റ് അന്യായ പിരിവുകളും; മധ്യകേരളത്തിലെ രാജാധിപത്യ ചൂഷണവും, തെക്കന്‍ കേരളത്തിലെ ദൈവാധിഷ്ഠിതമായ ചൂഷണവും കാര്‍ഷികോല്പാദനമേഖലയുടെ വിസ്തൃതിക്കും ക്ഷമതയ്ക്കും തടസ്സമായിരുന്നു. കാര്‍ഷിക കുടുംബങ്ങളിലെ അംഗങ്ങളുടെ അദ്ധ്വാനം മുഴുവന്‍ ഉപയോഗപ്പെടുത്തിയാലും ഭൂമിയുടെ കൈവശാവകാശം സംരക്ഷിക്കാന്‍ പറ്റാത്ത സ്ഥിതിക്കും ഉല്പാദനത്തിന്റെ ഭൂരിഭാഗവും തട്ടിയെടുക്കുന്ന ജന്മി-രാജ-ദൈവ സങ്കല്പ വാഴ്ചയ്ക്കുമാണ് 1957 ലെ കര്‍ഷക ഭൂബന്ധ നിയമം മൂലം അറുതിവരുത്താന്‍ കേരളത്തില്‍ സാധിച്ചത്.

 

കാര്‍ഷിക പരിഷ്ക്കരണത്തിന്റെ ബാക്കിപത്രം

കേരളം നടപ്പാക്കിയ കാര്‍ഷിക പരിഷ്ക്കരണം ഭൂവുടമാബന്ധത്തില്‍ വമ്പിച്ച മാറ്റം വരുത്തി. ഗ്രാമീണ ജീവിതത്തില്‍ സാമൂഹ്യ-വര്‍ഗ്ഗ ബന്ധങ്ങള്‍ അടിമുടി ഇന്ന് മാറിയിരിക്കുന്നു. പഴയ ജന്മിയുടെ സ്ഥാനത്ത് ഉയര്‍ന്നു വന്ന മുതലാളിത്ത ഭൂപ്രഭൂക്കള്‍, പഴയ കുടിയാന്മാര്‍ക്കിടയില്‍ വളര്‍ന്നു വന്ന ഭൂപ്രഭുക്കള്‍, വ്യാപാര വ്യവസായ മേഖലയില്‍ ഉയര്‍ന്നുവന്ന പുത്തന്‍ മുതലാളിവര്‍ഗ്ഗം ഇതൊക്കെ ചേര്‍ന്ന പുതിയ കൂട്ടുകെട്ട് ഗ്രാമീണ സമൂഹത്തില്‍ രൂപപ്പെട്ടതായി കാണാം.

ജന്മിത്വ-ഭൂപ്രഭുത്വത്തെ ഇല്ലായ്മ ചെയ്തെങ്കിലും നിലവിലുള്ള ചട്ടക്കൂട് പൊളിച്ചു മാറ്റാതെ അതില്‍ തന്നെ ബൂര്‍ഷ്വാ - കാര്‍ഷിക പരിഷ്ക്കരണ നടപടികള്‍ നടപ്പായതോടെ ഭൂമിക്കുവേണ്ടി ദാഹിക്കുന്ന ജനവിഭാഗത്തിന്റെ താല്പര്യം കേരളത്തില്‍ പൂര്‍ണ്ണമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

എങ്കിലും പരിമിതമായ ഈ പരിഷ്ക്കരണ നടപടികള്‍ കേരളത്തെ മാറ്റിമറിച്ചിട്ടുണ്ട്. കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ജീവിതത്തിലും കാര്‍ഷിക മേഖലയിലും വലിയ മാറ്റങ്ങള്‍ തന്നെ സംഭവിച്ചു. ആരോഗ്യരംഗത്തും വിദ്യാഭ്യാസ മേഖലയിലും എടുത്തു പറയത്തക്ക മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൃഷിക്കാരുടെ കുടുംബത്തില്‍ കര്‍ഷികേതര ജോലിചെയ്യുന്നവരുടെ എണ്ണം അഖിലേന്ത്യാ ശരാശിയേക്കാള്‍ ഉയര്‍ന്നതാണ് എന്നതും ഈ മാറ്റത്തിന്റെ സൂചനയാണ്. ഭൂമിയുടെ വികേന്ദ്രീകരണം വഴി ഭൂവുടമസ്ഥരുടെ എണ്ണത്തില്‍ കേരളം ശ്രദ്ധേമായ നേട്ടം കൈവരിച്ചു.

ഭഷ്യവിളകളും നാണ്യവിളകളും

ഉടമസ്ഥാവകാശവും ക്രയവിക്രയത്തിനുള്ള അവകാശവും വിള ഏതെന്ന് തീരുമാനിക്കാനുള്ള അധികാരവും കൃഷിക്കാരന് ലഭിച്ചതോടെ നാണ്യവിളകളുടെ കലവറയായി കേരളം മാറി. 80 ശതമാനത്തിലധികം നാണ്യവിളകള്‍ ഉല്പാദിപ്പിക്കുന്ന സംസ്ഥാനമെന്ന ബഹുമതി കേരളം കൈവരിച്ചു. പക്ഷെ, ഭക്ഷ്യവിളകളില്‍ നിന്നും ഭക്ഷ്യേതര വിളകളിലേക്കുള്ള ഈ മാറ്റം കാര്‍ഷിക മേഖലയിലെ തൊഴിലവസരം കുറയ്ക്കുന്നതിന് കാരണമായി. കടുംകൃഷിയിലുള്ള താല്പര്യക്കുറവും ഇടവിളകളുടെ പിറകോട്ടു പോക്കും കേരളത്തിലെ കാര്‍ഷിക പ്രതിസന്ധിക്ക് ആക്കം കൂട്ടി.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ ഒരേക്കര്‍ ഭൂമിയില്‍നിന്നുള്ള ഉല്പാദനമൂല്യത്തെ കവച്ചുവയ്ക്കുന്ന സ്ഥിതി കേരളം ഈ നാണ്യവിളകളിലൂടെ കൈവരിച്ചു. പക്ഷേ, ഉല്പാദനക്ഷമതയുടെ കാര്യത്തില്‍ ഭൂരിപക്ഷം വിളകളും പിറകോട്ടുപോവുകയാണ്. ഉല്പാദന വിസ്തൃതിയില്‍ അടിസ്ഥാന വിളകളില്‍ കുറവുവരുമ്പോള്‍ വ്യാവസായികാവശ്യങ്ങള്‍ക്കുള്ള വിളകളുടെ വിസ്തൃതി അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നു. ഒരു വിളയെ നശിപ്പിച്ച് പുതുവിളയെ സ്വീകരിക്കുക എന്ന നിലയാണ് ഈ വിളവിസ്തൃതിയിലൂടെ കൈവരിച്ചത്.

കാര്‍ഷിക പരിഷ്ക്കരണവും വിള വിസ്തൃതിയും

കാര്‍ഷിക പരിഷ്ക്കരണം മൂലം വിള വിസ്തൃതി വര്‍ദ്ധിക്കേണ്ടതായിരുന്നു. ആദ്യഘട്ടത്തില്‍ ഈ വിസ്തൃതി നല്ലതുപൊലെ വര്‍ദ്ധിക്കുന്ന സ്ഥിതി കേരളത്തിലുണ്ടായി. നെല്ലുല്പാദനത്തില്‍തന്നെ 9 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ നെല്‍കൃഷി ഉള്ള സംസ്ഥാനമായി കേരളം അന്ന് മാറിയിരുന്നു. നാളികേര ഉല്പാദനവിസ്തൃതിയിലും വര്‍ദ്ധനവുണ്ടായി. പക്ഷേ, കാര്‍ഷിക കുടുംബത്തില്‍ കാര്‍ഷികേതര ജോലി ലഭിച്ചതും അണുകുടുംബങ്ങളുടെ വ്യാപ്തിയും വിദേശപണത്തിന്റെ കടന്നുവരവും ഭൂമിയെ മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്ന നിലയും വന്നതോടെ കാര്‍ഷികോല്പാദന വിസ്തൃതി കുറയുന്നതിനിടയാക്കി.

ഇതോടൊപ്പം വിളകളില്‍ വന്ന മാറ്റം, കമ്പോളം കണ്ട് ഉല്പാദിപ്പിക്കുന്നതിലേക്ക് കൃഷിക്കാരന്‍ മാറുന്നതിന് ഇടയാക്കി. കമ്പോളാധിപത്യമുള്ള ശക്തികള്‍ കൃഷിക്കാരെ കൂലി ഉല്പാദകനാക്കി മാറ്റിയതോടെ കൃഷിക്കാരന്‍ ത്രിമുഖ ചൂഷണത്തിന്റെ ഇരയായി മാറി. ആഗോളവല്‍ക്കരണ നയങ്ങളില്‍ കാര്‍ഷിക മേഖലകൂടി ഉള്‍പ്പെട്ടതോടെ ചൂഷണത്തോത് അതിന്റെ പാരമ്യതയിലെത്തി.

ആഗോളവല്‍ക്കരണവും കാര്‍ഷികമേഖലയും

ആഗോളവല്‍ക്കരണം കാര്‍ഷികമേഖലയെ വീണ്ടും ഘടനാപരമായി മാറ്റിക്കൊണ്ടിരിക്കുന്നു. വന്‍കിട കമ്പനികള്‍ കാര്‍ഷികമേഖലയില്‍ കടന്നുകയറ്റം നടത്തിയതോടെ വ്യാവസായിക വികസനത്തിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ എന്ന നിലയില്‍ ഉല്പന്നം സ്വയം സൃഷ്ടിക്കുന്നതിനായി ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ഉള്‍പ്പെടെ കാര്‍ഷിക മേഖലയില്‍ കടന്നുകയറി. ഇതുവഴി ഉല്പാദന മേഖലയില്‍ നിന്ന് കൃഷിക്കാര്‍ തുടച്ചുമാറ്റുപ്പെടുകയാണ് ചെയ്തത്. ബഹുരാഷ്ട്ര കമ്പനികളുടെ പാട്ടവ്യസ്ഥകള്‍ക്കു പുറമെ പുതിയ പാട്ടവ്യവസ്ഥയും ഈ മേഖലയില്‍ നടപ്പിലാക്കാന്‍ ആഗോളമേധാവിത്വത്തിലൂടെ ഇവര്‍ക്ക് സാധിക്കുന്നു. കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് ഏതുവിധേനയും ഇന്ത്യയിലേക്ക് കടന്നുവരാന്‍ സൌകര്യം ലഭിച്ചതോടെ വില കണ്ട് വിളയിറക്കുന്ന കൃഷിക്കാരന് വിളകൊയ്യുമ്പോള്‍ വിലകിട്ടാതായി.

ഈ പ്രതിസന്ധികള്‍ നീരാളിയെപ്പോലെ കാര്‍ഷികമേഖലയുടെമേല്‍ അനുദിനം പിടിമുറുക്കുകയാണ്. കേരളവികസനം ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഇതില്‍ നിന്നും കാര്‍ഷികമേഖലയെ രക്ഷിക്കാതെ കേരളത്തെ വികസനത്തിലേക്ക് നയിക്കാന്‍ കഴിയില്ല.

കാര്‍ഷികോല്പന്ന വിലയിടിവും കര്‍ഷക ആത്മഹത്യയും

കേരളത്തിലെ ഭൂരിപക്ഷം ജനതയുടെയും ജീവസന്ധാരണമാര്‍ഗ്ഗം കാര്‍ഷികമേഖല തന്നെയാണ്. കാര്‍ഷികേതര മേഖലകളില്‍ അഭയം തേടിയവര്‍ക്കും ഒരു കൈത്താങ്ങായി കാര്‍ഷിക മേഖല വര്‍ത്തിക്കുന്നു. ജീവിതത്തിന്റെ അടിത്തട്ടില്‍ കഴിയുന്ന ആദിവാസികളുടെയും ഹരിജന-പിന്നോക്ക വിഭാഗങ്ങളിലെ ഭൂരിപക്ഷം പേരുടെയും ജീവിതസംരക്ഷണത്തിന്റെ ഉറവിടം കാര്‍ഷികമേഖല തന്നെയാണ്. കാര്‍ഷികോല്പന്ന വിലയിടിവോടെ ഈ വിഭാഗത്തിന് തൊഴില്‍നഷ്ടവും വരുമാനനഷ്ടവും സംഭവിക്കുന്ന സ്ഥിതി വന്നു. ഒരുവര്‍ഷം 8000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം വില നഷ്ടം മൂലം കേരളത്തില്‍ സംഭവിച്ചതോടെ, കാര്‍ഷിക മേഖലയില്‍ ആത്മഹത്യകള്‍ നിത്യസംഭവമായി മാറി. 2001 മുതല്‍ 2006 വരെ 1400 ലധികം കൃഷിക്കാര്‍ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനമായി കേരളം മാറി. കാര്‍ഷിക തകര്‍ച്ച സമൂഹത്തെ ആകെ പിടികൂടിയപ്പോള്‍ വ്യാപാരമേഖല സ്തംഭിച്ചു. ചെറുകിട ഉല്പാദനമേഖലയും തകര്‍ന്നു. ഇതിന്റെയൊക്കെ അടിസ്ഥാന കാരണം കാര്‍ഷികമേഖലയുടെ തകര്‍ച്ചയാണെന്ന് വന്നതോടെ കൃഷിക്കാര്‍ക്ക് കൃഷി ഒരു വെറുക്കപ്പെട്ട കനിയായി മാറിക്കൊണ്ടിരിക്കുന്നു.

കാര്‍ഷികോല്പന്ന വിലയിടിവ് കൊണ്ടുള്ള നേട്ടം ആര്‍ക്ക് ?

എന്നാല്‍ കൃഷിയുമായി ബന്ധപ്പെട്ട തകര്‍ച്ച കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട എല്ലാവരേയും ബാധിച്ചിട്ടില്ല. കാര്‍ഷിക മേഖലയിലെ കെടുതികള്‍ ഉല്പാദകരായ കൃഷിക്കാരെ മാത്രമാണ് ബാധിച്ചത്. ജനിതക ടെക്നോളജിയുടെ കണ്ടുപിടിത്തത്തോടെ കൃഷി എന്നത് ബഹുരാഷ്ട്ര കുത്തകകള്‍ക്ക് അഗ്രി ബിസിനസ്സാക്കി മാറ്റാനും ഭൂരിപക്ഷത്തെ നഗ്നമായി ചൂഷണം ചെയ്ത് കാര്‍ഷികമേഖലയില്‍ നിന്ന് മൂലധനം കൊയ്തു കൂട്ടുന്നതിനും സാധിക്കുന്നു.

കിലോക്ക് 65 രൂപ റബ്ബറിനു വില ഉണ്ടായിരുന്നപ്പോള്‍ നിശ്ചയിച്ച ടയര്‍ വിലയും, കൊപ്രയ്ക്ക 49 രൂപ ഉണ്ടായിരുന്നപ്പോള്‍ നിശ്ചയിച്ച സോപ്പ്, വനസ്പതി, ഹെയര്‍ ഓയില്‍ വിലയും, കാപ്പിക്ക് 65 രൂപയും കുരുമുളകിന് 240 രൂപയും ഏലത്തിന് 950 രൂപയും അടക്കയ്ക്ക് 165 ഉം ഉണ്ടായപ്പോള്‍ മുതലാളിത്തം നിശ്ചയിച്ച സംസ്ക്കരിച്ച ഉല്പന്ന വിലകളും, ഇതിന് ഉദാഹരണങ്ങളാണ്. അതുപോലെ റബ്ബറിന് 22 രൂപായും കൊപ്രയ്ക്ക് 17 രൂപായും കാപ്പിക്ക് 15 രൂപായും വിലയിടിഞ്ഞിട്ടും കാര്‍ഷികോല്പന്നങ്ങള്‍ ഉപയോഗിച്ച് വന്‍കിട മുതലാളിമാര്‍ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങള്‍ക്ക് ഒരു പൈസയുടെ കുറവുപോലും വരുത്തിയിട്ടില്ല. മാത്രമല്ല 4 കോടി 25 ലക്ഷം മുടക്കിയവന് 91 കോടി 56 ലക്ഷം രൂപ ടയര്‍ വ്യവസായത്തിലൂടെ മാത്രം ഒരു വര്‍ഷം കിട്ടിയ വസ്തുത വാര്‍ത്തകളിലൂടെ വെളിവായിരിക്കുന്നു.

ഈ മുതലാളിത്ത മൂലധന ചൂഷണത്തിന് കാര്‍ഷികമേഖലയെ എറിഞ്ഞു കൊടുക്കുന്നതും നഗ്നമായ കൊള്ളയ്ക്ക് വിട്ടുകൊടുക്കുന്നതും തടഞ്ഞാല്‍ കാര്‍ഷിക മേഖലയില്‍ കൈവരിക്കാവുന്ന നേട്ടം കേരളവികസനത്തിനു കുതിപ്പേകും എന്നതില്‍ തര്‍ക്കമില്ല.

നാളികേരവും റബ്ബറും

നാളികേര ഉല്പാദനത്തില്‍ കേരളം ഇന്ന് മുന്‍പന്തിയിലാണ്. 40 ലക്ഷം കുടുംബങ്ങള്‍ നാളികേര ഉല്പാദനവുമായി ബന്ധപ്പെടുന്ന കേരളത്തില്‍ ഇവിടെ ഉല്പാദിപ്പിക്കുന്ന കൊപ്രയുടെ ഭൂരിഭാഗവും ഇവിടെ സംസ്ക്കരിക്കുന്നില്ല. വെളിച്ചണ്ണയും, വനസ്പതിയും ഉല്പാദിപ്പിക്കുന്നതിന് കേരളത്തില്‍ സംവിധാനം ഉണ്ടാക്കിയാല്‍ ആയിരക്കണക്കിനു തൊഴില്‍ അവസരങ്ങള്‍ കേരളത്തില്‍ കൈവരിക്കാം. പാനീയവില്‍പനയുടെ പറുദീസയായ കേരള കമ്പോളം കൊക്കെകോള - പെപ്സി കമ്പനികള്‍ കൈയടക്കി ഭൂഗര്‍ഭജലം ചൂഷണം ചെയ്ത് നാടിനെ വരള്‍ച്ചയിലേക്ക് നയിക്കുന്നു. മാരക വിഷജലം വിറ്റഴിച്ച് ജനങ്ങളെ ഇവര്‍ ചൂഷണം ചെയ്യുന്നു. ഈ വിപണിയില്‍ കള്ളില്‍ നിന്നും ഉല്പാദിപ്പിക്കുന്ന കള്ളിന്റെ മണമോ വീര്യമോ രുചിയോ ഇല്ലാത്ത പാനീയം (കേരസുധ) ഇറക്കിയാല്‍ തെങ്ങ്ചെത്ത് മേഖലയില്‍ മാത്രം 5 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കും.

റബ്ബറിന്റെ 95 ശതമാനം ഉല്‍പ്പാദിപ്പിക്കുന്ന കേരളത്തില്‍ റബ്ബറില്‍ നിന്ന് 35000 ത്തില്‍പ്പരം ഉല്‍പന്നം ഉണ്ടാക്കാനുള്ള കഴിവ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ 15 ശതമാനം മാത്രമാണ് കേരളത്തില്‍ സംസ്ക്കരിക്കുന്നത്. മാത്രമല്ല റബ്ബര്‍ഷീറ്റ് നിര്‍മ്മാണത്തില്‍ തന്നെ ആര്‍.എസ്.എസ്. 4 ഉം, തരംതിരിക്കാത്തത്, എന്നുമുള്ള നിലയിലേക്ക് ഭൂരിപക്ഷം റബ്ബര്‍ഷീറ്റും മാറ്റപ്പെടുമ്പോള്‍ ആര്‍.എസ്.എസ്. ഒന്നിലേക്ക് ഷീറ്റ് ഉല്‍പ്പാദനം സംഘടിത മേഖലയില്‍ നടത്തിയാല്‍ പതിനായിരക്കണക്കിനു തൊഴില്‍ സാധ്യത ഉണ്ടാക്കാം.

നെല്‍കൃഷിക്ക് പ്രോത്സാഹനം അത്യന്താപേക്ഷിതം

കേരളത്തില്‍ കടന്നുവരുന്ന 80 ശതമാനം അരിക്കും കേരളം നല്‍കുന്ന കടുത്ത കൂലിയും കമ്മീഷനും ഇടനിലകമ്മീഷനും എല്ലാംകൂടി കേരളത്തിലെ നെല്‍കൃഷിക്കാര്‍ക്ക് നെല്ല് ഉല്‍പ്പാദിപ്പിക്കുമ്പോള്‍ പ്രോത്സാഹനമായി നല്‍കിയാല്‍ കേരളത്തിലെ നെല്‍വയലുകളിലെ തരിശ്ശിടല്‍ അവസാനിപ്പിക്കാനും നെല്‍കൃഷിയെ തിരിച്ചുകൊണ്ടുവരാനും പരിസ്ഥിതി സംരക്ഷിക്കാനും സാധിക്കും. കൃഷിക്കാരന്‍ കെട്ടിപ്പടുത്ത സഹകരണ സ്ഥാപനങ്ങള്‍ ബഹുരാഷ്ട്ര കുത്തകകളുടെ ഉല്‍പ്പന്നങ്ങള്‍ ഗൃഹോപകരണങ്ങളായും സുഖഭോഗവസ്തുക്കളായും വിറ്റഴിക്കുന്നതിന് കോടികള്‍ കടമായി നല്‍കുന്നു. കാര്‍ഷിക രംഗത്ത് തൊഴില്‍ചെയ്യാന്‍ തല്‍പ്പരരായ സംഘം മെമ്പര്‍മാര്‍ക്കോ ഗ്രാമവാസികള്‍ക്കോ ഈ തുക ഉല്‍പ്പാദന സബ്‌സിഡിയായി ഉപയോഗിച്ച് നെല്‍കൃഷിയില്‍ ശ്രദ്ധവയ്ക്കാന്‍ സാധിച്ചാല്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യത സൃഷ്ടിക്കാന്‍ കഴിയും.

കശുവണ്ടിയും സുഗന്ധ വിളകളും

കശുവണ്ടി സംസ്ക്കരണത്തിലൂടെ ലക്ഷക്കണക്കിനു തൊഴില്‍ ലഭിക്കുന്ന കേരളത്തില്‍ തൊഴിലിനാവശ്യമായ കശുവണ്ടി ഇപ്പോഴും ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ മേഖലയില്‍ അനുയോജ്യമായ ഭൂമി കണ്ടെത്തി ഉല്‍പ്പാദനത്തില്‍ ഇവിടെയും തൊഴില്‍ സംരംഭം സൃഷ്ടിക്കാന്‍ സാധിക്കും. കുരുമുളകിന്റെ രുചിയും ഗുണവും മണവും വടക്കേ മലബാറിന്റെ കുത്തകയാണ്. ഇന്ത്യന്‍ കുരുമുളകിന്റെ 80 ശതമാനത്തിലധികം ഉല്പാദിപ്പിക്കുന്ന കേരളത്തില്‍ കുരുമുളകിനെ അടിസ്ഥാനമാക്കിയ ഓളിയോറിസിന്‍ ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യ കേരളം കൈവരിച്ചിട്ടും സംസ്ക്കരണം കേരളത്തില്‍ നടക്കുന്നില്ല. ഏലവും ജാതിയും ഗ്രാമ്പുവും കറുകപ്പട്ടയും മറ്റ് സുഗന്ധ വിളകളും അപൂര്‍വ്വമായി മാത്രമാണ് കേരളത്തില്‍ സംസ്ക്കരിക്കുന്നത്. ഇന്ത്യന്‍ അടയ്ക്കയുടെ സിംഹഭാഗവും കേരളത്തില്‍ ഉല്പാദിപ്പിച്ചിട്ടും ഇവിടെ സംസ്ക്കരണ സംവിധാനം ഇല്ലാത്തതിനാല്‍ ഈ രംഗത്തും അനുബന്ധ തൊഴില്‍ ഇല്ല.

പഴങ്ങളും പച്ചക്കറിയും

അതു പോലെ തന്നെ പഴങ്ങള്‍, പച്ചക്കറി, പാല്‍,മുട്ട എന്നിവയുടെ ഉല്പാദനത്തിലും കേരളം പിറകിലാണ്. ഈ രംഗത്ത് സ്വീകരിച്ചുവരുന്ന വികസനരീതി മാറ്റിയാല്‍ കേരളത്തില്‍ ധാരാളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. സമീപകാലത്തായി വളര്‍ന്നുവന്ന പൈനാപ്പിള്‍, വാഴ എന്നിവയുടെ കൃഷി, ഉല്പാദനരംഗത്ത് മുന്നേറുമ്പോഴും ഈ പഴങ്ങള്‍ സംസ്ക്കരിക്കുന്നതിന് ഉത്തരേന്ത്യന്‍ സംസ്ക്കരണ ശാലകള്‍ തേടിപ്പോകുന്നത് കാണാന്‍ കഴിയും. വാഴക്കൃഷിയിലെ തൊഴില്‍ സാധ്യത, ഉല്പാദന രീതിയിലെ അശാസ്ത്രീയത മൂലം നഷ്ടപ്പെടുമെന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇന്നത്തെ വാഴ-കൃഷി രീതി പരിസ്ഥിതിയെ ബാധിക്കും എന്ന ചര്‍ച്ചയും ഉയര്‍ന്നു വരുന്നുണ്ട്. ഇത് പരിഹരിക്കാനായി വാഴ-കൃഷിരംഗത്ത് സഹകരണ കൂട്ടായ്മ സൃഷ്ടിച്ച് അനുയോജ്യമായ സ്ഥലവും ശാസ്ത്രീയമായ കൃഷിരീതിയും വിശ്വാസയോഗ്യമായ ഉല്പാദനരീതിയും കൈവരിച്ചാല്‍ ഒരു ഏക്കര്‍ വാഴ-കൃഷി ചെയ്യുന്നവന് പ്രതിമാസം 7000 രൂപ പ്രതിഫലം ലഭിക്കുന്ന സംവിധാനവും തൊഴിലും ഉണ്ടാക്കാന്‍ കഴിയും.

ചുരം കടന്നു വരുന്ന പപ്പായ

ഇന്നത്തെ കേരളത്തിന്റെ ഉപഭോഗസംസ്ക്കാരം മൂലം കേരളത്തിനു വെളിയില്‍ മാത്രം ഉല്പാദിപ്പിക്കുന്ന വിവിധ പഴങ്ങള്‍ക്ക് വിപുലമായ മാര്‍ക്കറ്റുള്ള സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. ഓറഞ്ചും മുന്തിരിയും മൂസമ്പിയും പപ്പായ പോലും പുറത്തുനിന്നാണ് വരുന്നത്. ഇതില്‍ പല ഉല്പന്നങ്ങളും കേരളത്തില്‍ നിന്നും കാലാവസ്ഥയില്‍ വലിയ വ്യതിയാനമില്ലാത്ത പ്രദേശങ്ങളില്‍ ഉല്പാദിപ്പിക്കുമ്പോള്‍ കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ പഴവര്‍ഗ്ഗങ്ങള്‍ വളര്‍ത്തിയെടുക്കുന്ന പദ്ധതികള്‍ സ്വീകരിച്ചാല്‍ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിന് കഴിയും.

മറ്റു ചില നിര്‍ദ്ദേശങ്ങള്‍

സമഗ്രമായ കാര്‍ഷിക നയം ആവിഷ്ക്കരിക്കുക

ബീഡി വ്യവസായത്തിനാവശ്യമായ പുകയില കര്‍ണ്ണാടകത്തില്‍ ഉണ്ടാക്കുമ്പോള്‍ പുകയില കൃഷി വിജയമാണെന്ന് കണ്ട കേരളത്തിലെ വടക്കന്‍ ജില്ലയില്‍ ഇത് എന്തുകൊണ്ട് വ്യാപിപ്പിച്ചുകൂടാ? വിലപിടിപ്പുള്ള വിദേശ മദ്യ ഉല്പാദനം ഭക്ഷ്യവസ്തുക്കളില്‍ നിന്നും ഉണ്ടാക്കാമെന്നിരിക്കെ കേരളത്തില്‍ ഇതിന് അനുയോജ്യമായ കാര്‍ഷിക വിളകള്‍ എന്തുകൊണ്ട് ഉല്പാദിപ്പിച്ചുകൂടാ? ഈ വികസനനയം കേരളം സ്വീകരിക്കുന്നതിലൂടെ വരുമാനത്തില്‍ മറ്റ് മേഖലകളുമായി തട്ടിച്ചുനോക്കി ഒട്ടും കുറവുവരാത്ത കാര്‍ഷിക മേഖലയിലേക്ക് അഭ്യസ്തവിദ്യരേയും സാങ്കേതിക വിദഗ്ദ്ധരേയും തിരിച്ചുവിടുന്ന ഒരു നയം ആവിഷ്ക്കരിക്കേണ്ടതുണ്ട്. കൃഷി എന്നതു പുച്ഛമായി കാണുകയും വേഷഭൂഷാദികളിലെ മേന്മയാണ് അന്തസ്സിന്റെ അടയാളമെന്ന് കരുതി കര്‍ഷകത്തൊഴിലാളിയുടെ വേതനംപോലും ലഭിക്കാതെ അദ്ധ്വാനശക്തി വിറ്റഴിക്കുന്ന ബിരുദധാരികളും സാങ്കേതിക വിദഗ്ദ്ധരും നിറഞ്ഞു നില്‍ക്കുന്ന കേരളത്തില്‍ സമഗ്രമായ കാര്‍ഷിക നയമുണ്ടാക്കാന്‍ പരിശ്രമിക്കുകയും ഭൂരിപക്ഷത്തിന്റെ സംരക്ഷണമെന്ന നിലയില്‍ പദ്ധതി തുകയുടെ ഭൂരിഭാഗവും സര്‍ക്കാരുകള്‍ കാര്‍ഷികമേഖലയ്ക്ക് വിനിയോഗിക്കുകയും ചെയ്യുന്ന ഒരു നയസമീപനം ഉണ്ടാകണം.

കേരള വികസനത്തില്‍ മഹത്തായ സംഭാവന കാര്‍ഷികമേഖലയ്ക്ക് നല്‍കാന്‍ സാധിക്കും. വിദേശവിപണിയും കമ്പോളശക്തികളുടെ ആവശ്യങ്ങളും മാത്രം കണക്കിലെടുത്ത് തലതിരിഞ്ഞ കൃഷിരീതി ആവിഷ്ക്കരിച്ചതിനാല്‍ കേരളത്തിലെ ഫലഭൂയിഷ്ടമായ മണ്ണ് മരിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. 44 നദികളുടെ തറവാടായ കേരളത്തിന് 41 നദികളിലെ ജലസമ്പത്ത് ഉപയോഗിക്കാനുള്ളപ്പോഴും വെള്ളത്തിന്റെ പ്രതിസന്ധി അനുദിനം മൂര്‍ച്ഛിക്കുന്നു. വളക്കൂറുള്ള മണ്ണില്‍, മണ്ണിനെ പഠിക്കാതെ കൃഷിയിറക്കിയതിനാല്‍ മണ്ണിന്റെ അടിസ്ഥാന മൂലകങ്ങളായ എന്‍.പി.കെ.യുടെ അളവ് ആവശ്യത്തിന്റെ പകുതിപോലും ഇല്ല എന്ന വസ്തുതയും കാണേണ്ടതുണ്ട്. ഇതിന്റെ ഫലമായി പ്രകൃതിയുടെ സമതുലിതാവസ്ഥ തകരുന്നു.

കാര്‍ഷിക വിളകളെ ബാധിക്കുന്ന രോഗങ്ങള്‍

പുതിയതരം രോഗാണുക്കളുടെ ഉത്ഭവവും വൈദ്യശാസ്ത്രം പകച്ചുനില്‍ക്കുന്ന രോഗങ്ങളുടെ ആവിര്‍ഭാവവും മനുഷ്യനാശത്തിനു വഴിയൊരുക്കുന്ന മാരക രോഗങ്ങളും പടരുന്നു. കാര്‍ഷിക വിളകളെ ബാധിക്കുന്ന തെങ്ങിന്റെ മണ്ഡരിയും കവുങ്ങിന്റെ മഞ്ഞളിപ്പും കുരുമുളകിന്റെ മഞ്ഞപ്പും ദ്രുതവാട്ടവും നെല്ലിന്റെ ഓലകരിച്ചിലും ചാഴിയും റബ്ബറിന്റെ ഉല്പാനക്ഷമതയുടെ പിറകോട്ടുപോക്കും മറ്റു കാര്‍ഷിക ദുരന്തങ്ങളായി വ്യാപരിക്കുന്നു. പ്രതിവിധിയുടെ പേരില്‍ സ്വീകരിക്കുന്ന വിഷങ്ങള്‍ വിഷാഹാരിക്ക് പോലും പരിഹരിക്കാന്‍ കഴിയാത്ത മാരകമായി കേരളത്തെ നശിപ്പിക്കുന്നതു കണ്ടില്ലന്നു നടിച്ചാല്‍ ഭൂമിയുടെ മരണവും കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും സാമൂഹ്യജീവിതത്തിലെ പ്രതിസന്ധിയും സംഭവിക്കുക തന്നെ ചെയ്യും.

കാര്‍ഷികാധിഷ്ഠിത വ്യവസായ വികസനനയം കാലഘട്ടത്തിന്റെ ആവശ്യം

കേരളത്തിന്റെ വികസനത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ വിജയം മാത്രം ലക്ഷ്യമാക്കിയാല്‍ ഐ.ടി. യുഗത്തില്‍ പുറംതള്ളുന്നവരുടെ കോളനിയായി കേരളം മാറും. കാര്‍ഷികാധിഷ്ഠിത വ്യവസായ വികസനനയം ശാസ്ത്രസാങ്കേതിക വളര്‍ച്ചയോടൊപ്പം ഉപയോഗിച്ചാല്‍ കേരള വികസനത്തിന്റെ ആണിക്കല്ലായി കാര്‍ഷികമേഖലയെ മാറ്റാം. ഇത്തരത്തില്‍ കാര്‍ഷികമേഖലയിലൂടെ കേരളവികസനം എന്ന ലക്ഷ്യമിടുമ്പോള്‍ ഈ വികസനത്തിനു മഹത്തായ സംഭാവനകള്‍ നല്‍കേണ്ടവരാണ് കേരളത്തിലെ കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട ശാസ്ത്രലോകം. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കാര്‍ഷിക ഗവേഷണത്തിലൂടെ കൂടുതല്‍ ഉല്പാദനക്ഷമത കൈവരിക്കാനും പുതിയഇനം വിത്ത് സൃഷ്ടിക്കാനും രോഗപ്രതിരോധശേഷി കൈവരിക്കാനും കാര്‍ഷിക മേഖലയില്‍ കൃഷിക്കാരെ പിടിച്ചുനിര്‍ത്താനും സാധിക്കുമ്പോള്‍, കേരളത്തിലെ ഏറ്റവും വലിയ സര്‍വ്വകലാശാലയായ കാര്‍ഷിക സര്‍വ്വകലാശാല കേരളത്തിന്റെ കാര്‍ഷിക ഉല്പാദനത്തില്‍ ജീവനാഡിയായ നാളികേരത്തെ പിടികൂടിയ മണ്ഡരിയെയോ ഇതുപോലെ മറ്റ് വിളകളെ ബാധിച്ച മാരകരോഗങ്ങള്‍ക്കോ പരിഹാരം കാണാന്‍ കഴിയാതെ മിഴിച്ചുനില്‍ക്കുകയാണ്. ഇതിന് അറുതി വരുത്തുന്നതിന് അടിയന്തിരമായി ഇടപെടേണ്ടതുണ്ട്.

കേരള വികസനത്തില്‍ തീര്‍ച്ചയായും കാര്‍ഷികമേഖലയ്ക്ക് എന്നും പ്രാധാന്യമുണ്ട്. എടുത്താല്‍ തീരാത്ത വസ്തുവാണ് മണ്ണ്. കൊടുത്താല്‍ അതുപോലെ തിരിച്ചുതരുന്നതാണ് മണ്ണ്. മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനടിസ്ഥാനം മനുഷ്യനിണങ്ങിയ മണ്ണാണ്. ഈ മണ്ണിനെ സംരക്ഷിച്ച് വികസനത്തിന് അടിത്ത പാകാം. ഇത്തരമൊരു വികസനതലം വെച്ച് കഴിഞ്ഞവര്‍ഷം നീങ്ങിയപ്പോള്‍ പ്രകടമായ മാറ്റം കേരളത്തില്‍ കാണാനിടയായി. ഉദാഹരണത്തിന് നെല്‍ക്കൃഷി മേഖലയില്‍ ആളെക്കിട്ടാനില്ലെന്നും കൃഷി ഇവിടെ വിജയിക്കില്ലെന്നും പ്രചരിപ്പിച്ചവര്‍ ഉണ്ടായിരുന്നു. എന്നാല്‍ അധികാരത്തിലിരിക്കുന്ന എല്‍.ഡി.എഫ് ഗവണ്‍മെന്റ് കഴിഞ്ഞ സീസണില്‍ 8.50 രൂപ ഒരു കിലോ നെല്ലിന് വില നല്‍കിയതോടെ 35% ഉല്‍പ്പാദനവര്‍ദ്ധന കേരളത്തിനുണ്ടായി. ഈ വര്‍ഷം ഈ തുക 9 രൂപ ആയി ഉയര്‍ത്തി, ഇനിയും നെല്‍കൃഷി വികസിക്കും. ഇവിടെ പഠിക്കാന്‍ കഴിയുന്ന വിഷയം വിലയുടെതാണെന്നാണ്.

നെല്‍കൃഷിയുടെ വികസനവും വികേന്ദ്രീകരണ ആസൂത്രണവുംനെല്‍കൃഷിയുടെ വികസനത്തിനായി പലിശ രഹിതവായ്പയും കുറഞ്ഞ പലിശ 4 ശതമാനമാക്കി നിജപ്പെടുത്തിയതും വൈദ്യുതി സൌജന്യവും നെല്‍വയല്‍ സംരക്ഷണ നിയമവും, പശ്ചാത്തല സൌകര്യങ്ങളുടെ സംരക്ഷണവും ലഭ്യമാകുന്നതോടെ ലക്ഷക്കണക്കിനു തൊഴില്‍ അവസരം ഈ രംഗത്ത് സൃഷ്ടിക്കപ്പെടും. നാളികേര കൃഷിയില്‍ തെങ്ങില്‍ നിന്നും 100 നാളികേരം എന്ന ലക്ഷ്യം നേടിയാല്‍ വമ്പിച്ച കുതിപ്പ് ഈ രംഗത്തുണ്ടാകും. എല്‍.ഡി.എഫ് സ്വീകരിച്ച നയത്തിലൂടെ - കര്‍ഷക കടാശ്വാസ നിയമം നടപ്പായതോടെ കര്‍ഷക ആത്മഹത്യയ്ക്ക് അറുതിവരുത്താന്‍ സാധിച്ചു. കടാശ്വാസ നടപടിക്ക് നീക്കിവച്ച തുക പൂര്‍ണ്ണമായി ചിലവാക്കുന്നതോടെ ഇന്ത്യയില്‍ ഒരിടത്തും ലഭിക്കാത്ത സംരക്ഷണം കേരളത്തിനു ലഭിക്കും. വരുംകാല കാര്‍ഷിക മുന്നേറ്റത്തിനു അടിത്തറ പാകുന്ന സമീപനം വികേന്ദ്രീകരണ ആസുത്രണം ആരംഭിച്ചതിന്റെ മാറ്റം കേരളത്തില്‍ കാണുന്നുണ്ട്. ഉല്പാദന മേഖലയ്ക്ക് 40% നീക്കിവയ്ക്കുന്ന ആസൂത്രണ രീതി കാര്‍ഷിക വളര്‍ച്ചയുടെ അടിത്തറ വികസിപ്പിക്കുമെന്നതില്‍ തര്‍ക്കമില്ല.കാര്‍ഷിക മേഖലയില്‍ നിക്ഷേപിക്കുന്ന ഓരോ തുകയും പാവപ്പെട്ട കര്‍ഷകത്തൊഴിലാളിയും ദരിദ്രകര്‍ഷകനും കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതും ഗ്രാമീണ ജീവിതം മെച്ചപ്പെടുത്തുന്നതുമായിരിക്കും എന്നതില്‍ തര്‍ക്കമില്ല. ഈ നിക്ഷേപതോത് വര്‍ദ്ധിപ്പിക്കാനും കാര്‍ഷികമേഖലയെ ശക്തിപ്പെടുത്താനുമുള്ള സമീപനമാണ് ഇന്ന് തുടക്കം കുറിച്ച വിപുലീകരണത്തിലൂടെ സാധ്യമാക്കേണ്ടത്.

(ലേഖകന്‍: ശ്രീ. സി.കെ.പി. പത്മനാഭന്‍)

അവസാനം പരിഷ്കരിച്ചത് : 5/27/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate