অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൃഷി അറിവുകള്

കൃഷി അറിവുകള്

  1. ആനച്ചേനയും ക്വിന്‍റല്‍ മരച്ചീനിയും
  2. ജീവാമൃതം എത്ര, എങ്ങനെ
  3. സീറോ ബജറ്റ് കൃഷി എന്ത്, എങ്ങനെ
  4. വീണ്ടും വരുമോ വനില
  5. മണ്ണും വിളയും നോക്കി നന
  6. ജൈവകൃഷി ചുവടുമാറ്റം എങ്ങനെ
  7. ഇനി മുന്തിരി നട്ടാലോ
  8. നീരയില്‍ നിന്നു മാസവരുമാനം 82000
  9. നീരയിലൊരു വടക്കന്‍ വീരഗാഥ
  10. വാണിജ്യകൃഷിയിലെ പുഷ്പഭംഗി
  11. മുന്തിരിക്കുല പോലെ 'തെക്കേല്‍' കുരുമുളക്
  12. നൂറു വയ്ക്കിലാറ്
  13. മഞ്ഞള്‍പ്പുക
  14. ത്രീ ഇന്‍ വണ്‍ വാഴ
  15. ഇലയില്‍ നിന്നു തൈ
  16. ഫംഗസ്, വൈറസ്, ബാക്ടീരിയ
  17. നനയ്ക്കാന്‍ കുപ്പി
  18. ഉറുമ്പിനെ അകറ്റാം
  19. വെള്ളരി കയ്ക്കുന്നുവോ
  20. മെറ്റൈറൈസിയം അനിസോപ്ളിയെ
  21. ചേപ്പള്ളിയിലെ മണ്ണിരവിപ്ലവം
  22. ജൈവകൃഷിക്ക് അരക്ക് ബാക്ടീരിയ ലായനി
  23. മാംസത്തിനായി ടര്‍ക്കിക്കോഴികളെ വളര്‍ത്താം
  24. മൈക്കോ പ്ലാസ്‌മോസിസ് കോഴികള്‍ക്ക് മാരകം
  25. വെയിലും തോല്‍ക്കും കര്‍മ്മസേനയ്ക്കു മുന്നില്‍
  26. തക്കാളി വിപ്ലവത്തിനൊരുങ്ങി കയന്റിക്കര
  27. വെള്ളരിയും ചീരയും സ്‌ക്വാഷ് രൂപത്തില്‍ ഏപ്രിലില്‍ വിപണിയിലെത്തും
  28. കാട്ടില്‍ പൊന്നുവിളയിച്ച്ആദിവാസികള്‍
  29. റബ്ബര്‍ത്തോട്ടത്തിലെ ഓര്‍ക്കിഡ് പൂക്കള്‍
  30. ഹരിതഹൃദയം

ആനച്ചേനയും ക്വിന്‍റല്‍ മരച്ചീനിയും

കാര്‍ഷിക വിളമത്സരങ്ങള്‍ക്കു പലരും കൊണ്ടുവരുന്ന കപ്പയും ചേനയുമൊക്കെ കണ്ട് കണ്ണുതളളി നില്‍ക്കുന്നവരാണു നമ്മില്‍ പലരും. നൂറു കിലോ അഥവാ ഒരു ക്വിന്‍റലിലധികമാണ് ഇവയുടെ തൂക്കം. ചിലര്‍ക്കു മാത്രം പറഞ്ഞിരിക്കുന്ന കാര്യമല്ല മത്സരവിളകളുടെ കൃഷിയും വിളവെടുപ്പും. സാധാരണ കൃഷിരീതികളില്‍ നിന്നു വ്യത്യസ്തമാണ് മത്സരക്കൃഷിയുടെ രീതി. ഇത് ചിട്ടയായി പിന്തുടരുന്നവര്‍ക്ക് ക്വിന്‍റല്‍ കപ്പയും ആനച്ചേനയുമൊക്കെ ഉല്‍പാദിപ്പിക്കുന്നതിനാകും. 
ആനച്ചേന
ഇതു കുംഭമാസമാണ്. ക്വിന്‍റല്‍ ചേനയ്ക്കെന്നല്ല ഏതിനം ചേനയുടെ കൃഷിക്കും ഈ മാസമാണ് അനുയോജ്യം. അതിനാല്‍ കൃഷി തുടങ്ങാന്‍ വൈകേണ്ട. പത്തു മാസത്തിലധികം സമയമെടുത്താണ് ചേന നൂറുകിലോ തൂക്കത്തിലേക്കു വളരുന്നത്. സാധാരണ ചേനയ്ക്കു തടമെടുക്കുന്നത് രണ്ടടി താഴ്ചയില്‍ മണ്ണിളക്കിയാണെങ്കില്‍ മത്സരക്കൃഷിക്ക് ഇതിനെക്കാള്‍ ഒരടി കൂടി താഴ്ചയില്‍ മണ്ണിളക്കണം. എട്ട്- പത്ത് അടി വിസ്താരമാണ് തടത്തിനുണ്ടാകേണ്ടത്. ചേനയ്ക്ക് അനായാസം വളരുന്നതിന് തടത്തില്‍ സൗകര്യമുണ്ടായിരിക്കണം. ഇതിനായി തടത്തിന്‍റെ അടിയില്‍ വാഴപ്പിണ്ടി നിരത്തുക. ഇതിനു മുകളില്‍ ഉണങ്ങിപ്പൊടിച്ച കരിയില, ചാരം, ഉണങ്ങിയ ചാണകപ്പൊടി, എല്ലുപൊടി എന്നിവയിട്ടു വക്കുവരെയാക്കി  മുകളില്‍ ചേന വയ്ക്കുക. 10-15 കി.ഗ്രാം തൂക്കം വരുന്ന വലിയ ചേന മുറിക്കാതെയാണ് വയ്ക്കേണ്ടത്. കുംഭമാസത്തിലെ സൗകര്യപ്രദമായ ദിവസമാണ് നടീലിനായി തിരഞ്ഞെടുക്കേണ്ടത്. സാധിക്കുമെങ്കില്‍ പൗര്‍ണമി ദിസം തന്നെ ഇതിനായി തിരഞ്ഞെടുക്കുക. പകല്‍ സമയത്താണ് ചേന നടേണ്ടത്. അതിനു രണ്ടു മാസം മുമ്പ് ചാണകപ്പാലില്‍ ചേന മുക്കി തണലത്തുവച്ച് ഉണക്കി പുക കൊള്ളിക്കണം. അടുക്കളയില്‍ ചേരിന്‍റെ മുകളില്‍ പറ്റുമെങ്കില്‍ വയ്ക്കുക. ഇല്ലെങ്കില്‍ കവുങ്ങിന്‍റെ വാരികൊണ്ട് തട്ടുണ്ടാക്കി തട്ടില്‍ കമഴ്ത്തിവച്ച് അടിയില്‍ പുകയിട്ടു കൊടുക്കണം. ഒന്നര മാസം പുകകൊള്ളിച്ചു കഴിയുമ്പോള്‍ എടുത്ത് തണലത്തു വയ്ക്കുക. പത്തു ദിവസം കഴിയുമ്പോള്‍ മുള വരാന്‍ തുടങ്ങും. ശക്തമായ ഒരു മുള മാത്രം നിര്‍ത്തി ബാക്കി മുളകള്‍ അടത്തിക്കളയുക. അടിയില്‍ ചേര്‍ത്ത അതേ വളങ്ങള്‍ തന്നെ ചേനയുടെ മുകളില്‍ കൂന കൂട്ടിയിടുക. ഉദ്ദേശം 5-8 കി.ഗ്രാം എങ്കിലും ഇടണം. മുകളില്‍ മണ്ണിട്ട് അതിനു മീതേ പുതയിടണം. മഴയില്ലെങ്കില്‍ ദിവസവും നനയ്ക്കണം. വേപ്പിന്‍ പിണ്ണാക്കും കടലപ്പിണ്ണാക്കും 200 ഗ്രാം വീതം എടുത്ത് രണ്ടു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഒരു ആഴ്ച വച്ചു പുളിപ്പിക്കണം. ദിവസവും ഇളക്കണം. ഒരാഴ്ച കഴിഞ്ഞ് രണ്ടു ലിറ്റര്‍ വെള്ളവും കൂടി ചേര്‍ത്തു കൂന മുഴുവന്‍ നനച്ചുകൊടുക്കണം. ഒരാഴ്ച കഴിയുമ്പോള്‍ ജീവാമൃതം (ഇതു തയ്യാറാക്കുന്ന വിധം കഴിഞ്ഞ കവര്‍സ്റ്റോറിയില്‍ കാണുക) അഞ്ചു ലിറ്റര്‍ വൈകുന്നേരം ഒഴിച്ചു കൊടുക്കണം. 10-15 ദിവസം ഇടവിട്ട് ജീവാമൃതം ഒഴിച്ചുകൊടുക്കണം. പുത മാറിമാറി ഇട്ടുകൊടുക്കണം. ഇടയ്ക്കു ചുവട്ടില്‍ മണ്ണു കൂട്ടിക്കൊടുക്കണം. ആറാം മാസം വരെ ജീവാമൃതം തുടരാം. 6-ാം മാസം മുതല്‍ ചാരം വെള്ളത്തില്‍ കലക്കി ഒഴിക്കണം. 8 മാസമായാല്‍ ചാരവും നിര്‍ത്താം. 10-11 മാസമായാല്‍ പറിക്കാം. 
ക്വിന്‍റല്‍ മരച്ചീനി
ഇതിനായി ധനു-മകര മാസങ്ങളില്‍ തന്നെ തയാറെടുപ്പ് തുടങ്ങണം. കൃഷിക്ക് മുന്നൊരുക്കമായി ഉണങ്ങിപ്പൊടിയായ കരിയില വാരിക്കൂട്ടി ഇടിച്ചു പൊടിച്ച് തണലത്തു കൂട്ടിയിടുക. സാധാരണ കപ്പയ്ക്ക് കൂനകൂട്ടുന്നതിന്‍റെ 10 ഇരട്ടി വലിപ്പത്തില്‍ കൂന കൂട്ടണം. കൂനകൂട്ടുന്നതിനുമുമ്പ് കൂനയുടെ അത്രയും സ്ഥലം 10 സെ.മീ. ആഴത്തില്‍ മണ്ണുമാറ്റി 10 സെ.മീ. ഘനത്തില്‍ ഉണങ്ങിപ്പൊടിഞ്ഞ കരിയിലപ്പൊടി, ഉണങ്ങിപ്പൊടിഞ്ഞ ചാണകപ്പൊടി, എല്ലുപൊടി, ചാരം തുടങ്ങിയവ ചേര്‍ന്ന മിശ്രിതം ഇട്ട് മുകളില്‍ മണ്ണുകൊണ്ട് കൂനകൂട്ടുക. കൂനയുടെ മുകളില്‍ പുതയിടണം. ദിവസവും നനയ്ക്കണം. വേനല്‍ക്കാലമായതിനാല്‍ ചിതല്‍ വരാതിരിക്കാന്‍ വേപ്പെണ്ണ 10 മി.ലി. ഒരു ലി. വെള്ളത്തില്‍ ചേര്‍ത്തു പുതയുടെ മുകളില്‍ തളിച്ചുകൊടുക്കണം. കുംഭമാസത്തിലെ സൗകര്യപ്രദമായ ദിവസം മരച്ചീനിക്കമ്പ് 25 സെ.മീ. നീളത്തില്‍ മുറിച്ചു കൂനയില്‍ നടണം. മഴയില്ലെങ്കില്‍ ദിവസവും നനയ്ക്കണം. ഒരാഴ്ചയ്ക്കുള്ളില്‍ കമ്പ് കിളിര്‍ത്തു തുടങ്ങും. 15 ദിവസം കഴിയുമ്പോള്‍ മുതല്‍ വളപ്രയോഗം തുടങ്ങണം. ചുവട്ടില്‍ സ്ഥിരമായി പുതയുണ്ടായിരിക്കണം. എലി വരാതിരിക്കാനായി ചുറ്റിലും മഞ്ഞള്‍ നടണം. വേപ്പിന്‍ പിണ്ണാക്കും കടലപ്പിണ്ണാക്കും 200 ഗ്രാം വീതം എടുത്ത് രണ്ടു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഒരു ആഴ്ച വച്ചു പുളിപ്പിക്കണം. ദിവസവും ഇളക്കണം. ഒരാഴ്ച കഴിഞ്ഞ് രണ്ടു ലിറ്റര്‍ വെള്ളവും കൂടി ചേര്‍ത്തു കൂന മുഴുവന്‍ നനച്ചുകൊടുക്കണം. ഒരാഴ്ച കഴിയുമ്പോള്‍ ജീവാമൃതം അഞ്ചു ലിറ്റര്‍ വൈകുന്നേരം ഒഴിച്ചു കൊടുക്കണം. 10-15 ദിവസം ഇടവിട്ട് ജീവാമൃതം ഒഴിച്ചുകൊടുക്കണം. നട്ട് 8-10 മാസമാകുമ്പോള്‍ വളപ്രയോഗം നിര്‍ത്തുക. ഇടയ്ക്ക് ഒന്നുരണ്ടു പ്രാവശ്യം ചുവട്ടില്‍ മണ്ണുകൂട്ടി കൊടുക്കണം. എപ്പോഴും പുതയുണ്ടായിരിക്കണം. ശീമക്കൊന്നയില, മരുതിന്‍റെ ഇല തുടങ്ങിയവയൊക്കെ പുതയിടാന്‍ നല്ലതാണ്. എട്ടു മാസമാകുമ്പോള്‍ ഒരു കി.ഗ്രാം ചാരം പത്തു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തു ചുവട്ടിലൊഴിക്കുക. 15 ദിവസമിടവിട്ട് ഇത് ഒഴിക്കണം. 10-ാം മാസം വരെ വളപ്രയോഗം തുടരുക. 11-12 മാസമാകുമ്പോഴേക്കും കപ്പ പറിക്കാം.

 

ജീവാമൃതം എത്ര, എങ്ങനെ

സുഭാഷ് പലേക്കറുടെ സീറോ ബജറ്റ് കൃഷി ഏറ്റവുമധികം ആശ്രയിക്കുന്ന ജൈവവളക്കൂട്ടാണ് ജീവാമൃതം. നാടന്‍ പശുവിന്‍റെ ചാണകവും മൂത്രവുമുപയോഗിച്ചു തയ്യാറാക്കുന്ന ജീവാമൃതത്തിന് ദ്രാവകരൂപവും ഖരരൂപവുമുണ്ട്. ഏതു തരത്തില്‍ കൃഷി ചെയ്യുന്നവര്‍ക്കും ജീവാമൃതം മികച്ച ഫലമാണ് നല്‍കുന്നത്. അതിനാല്‍ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയിലും അടുക്കളത്തോട്ടത്തിലും ജീവാമൃതത്തിന് പ്രധാന സ്ഥാനം നല്‍കുന്നതു നല്ലതാണ്. ദ്രാവകരൂപത്തിലുള്ള ജീവമൃതം തയ്യാറാക്കുന്നതിനുള്ള ചേരുവകളും തയ്യാറാക്കുന്ന രീതിയും ചുവടെ ചേര്‍ക്കുന്നു.

-നാടന്‍ പശുവിന്‍റെ ചാണകം -10 കി.ഗ്രാം
-നാടന്‍ പശുവിന്‍റെ മൂത്രം - 7-10 ലിറ്റര്‍
-കുരുകളഞ്ഞ ചക്കപ്പഴം അല്ലെങ്കില്‍ കേടായ മാമ്പഴം അല്ലെങ്കില്‍ പാളയങ്കോടന്‍ പഴം (നന്നായി പഴുത്തതാണെങ്കില്‍ നല്ലത്. തൊലിയുള്‍പ്പെടെ) - 5 കി.ഗ്രാം വരെ. (രണ്ടു കിലോഗ്രാമില്‍ കുറയരുത്)
(മേല്‍പ്പറഞ്ഞവ ഇല്ലെങ്കില്‍ കറുത്ത ശര്‍ക്കര ഒരു കിലോ പകരമായി ഉപയോഗിക്കാം.)
-മുതിര, വന്‍പയര്‍, കടല, ഉഴുന്ന് എന്നിവയിലേതെങ്കിലും ഒന്നിന്‍റെ പൊടി ഒരു കി.ഗ്രാം
-കൃഷി ചെയ്യുന്ന സ്ഥലത്തെ മരത്തിന്‍റെ ചുവട്ടില്‍നിന്നും ഒരു പിടിമണ്ണ്
-ശുദ്ധജലം 200 ലിറ്റര്‍. (ക്ലോറിന്‍ ചേരാത്തത്)


തയ്യാറാക്കുന്ന രീതി

200 ലിറ്റര്‍ ഉള്ളളവുള്ള പ്ലാസ്റ്റിക് ബാരലില്‍ എല്ലാ ചേരുവകളും ചേര്‍ത്തു നന്നായി ഇളക്കണം. തണലില്‍ വച്ചാണിതു ചെയ്യേണ്ടത്. മിശ്രണം ചെയ്തു കഴിഞ്ഞ് ചാക്കുകൊണ്ടു മൂടണം. ദിവസേന 2-3 നേരം ഘടികാരദിശയില്‍ ഒരു വടി ഉപയോഗിച്ച് ഇളക്കണം. 2-3 മിനിട്ടെങ്കിലും ഇളക്കണം. 48 മണിക്കൂറിനുശേഷം ഉപയോഗിക്കാം. ഏഴു ദിവസത്തിനുള്ളില്‍ ഉപയോഗിച്ചു തീര്‍ക്കണം. 15 ദിവസം ഇടവിട്ട് വൈകുന്നേരങ്ങളില്‍ ഇതു പുതയുടെ മീതെയോ ചാലിലോ പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഒഴിച്ചുകൊടുക്കണം. കരകൃഷിയില്‍ ഒരു വര്‍ഷം കഴിഞ്ഞാല്‍ പിന്നെ മാസത്തില്‍ ഒരു പ്രാവശ്യം വീതം ഒഴിച്ചു കൊടുത്താലും മതി. 6 വര്‍ഷം തുടര്‍ച്ചയായി ഉപയോഗിച്ചു കഴിഞ്ഞാല്‍ ജീവാമൃതം നിര്‍ത്താം. പിന്നീട് ഉപയോഗിക്കേണ്ട ആവശ്യമില്ല. നെല്‍കൃഷിയില്‍ സ്ഥിരമായി ഉപയോഗിക്കണം. എന്തെങ്കിലും കാരണത്താല്‍ വെള്ളം പൊങ്ങിനിലം മുഴുവന്‍ മുങ്ങി ദിവസങ്ങളോളം കിടക്കുകയും വിരകളെല്ലാം നശിച്ചു പോകുകയും ചെയ്യുകയാണെങ്കില്‍ മാത്രം പിന്നീട് ജീവാമൃതം ഒഴിച്ചുകൊടുത്താല്‍ മതി.

ജീവാമൃതം ഉണ്ടാക്കാന്‍ ചെമ്പുപാത്രം പാടില്ല. നിലത്തു കുഴിയുണ്ടാക്കി അതില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു ലായനി തയാറാക്കുന്നതാണ് ഏറ്റവും നല്ലത്. തണലത്തായിരിക്കണം കുഴിയുണ്ടാക്കേണ്ടത്. ജീവാമൃതം ഉപയോഗിക്കുന്ന വിളകളില്‍ സാധാരണയായി യാതൊരു കീടങ്ങളും രോഗങ്ങളും ആക്രമിക്കുകയില്ല. മണ്ണിനടിയില്‍ 15 അടിവരെ ആഴത്തില്‍ കഴിയുന്ന മണ്ണിരകള്‍ മുകളിലെത്തുകയും സസ്യങ്ങള്‍ക്കാവശ്യമുള്ള മൂലകങ്ങള്‍ വേരുപടലത്തിനടുത്തെത്തിക്കുകയും ചെയ്യും. മണ്ണില്‍ വളരുന്ന നാടന്‍ മണ്ണിര മാത്രമേ ഇങ്ങനെ ചെയ്യുകയുള്ളൂ. വിദേശമണ്ണിരകള്‍ (വളര്‍ത്തുവിരകള്‍) മണ്ണു തിന്നില്ല. അവ ജൈവവസ്തുക്കള്‍ ചീയുന്നതു മാത്രമേ തിന്നുകയുള്ളൂ. അവ മണ്ണ് ഉഴുകയില്ല. ജീവാമൃതത്തില്‍ ഹോര്‍മോണുകള്‍ ഉണ്ട്. ഇതൊരു കുമിള്‍നാശിനിയുമാണ്.

ചാലുകളില്‍ക്കൂടി വെള്ളമൊഴുക്കി നന നടത്തുന്ന സ്ഥലങ്ങളില്‍ ജീവാമൃതം ബാരലില്‍നിന്ന് ഒരു ചെറുകുഴല്‍ ചാലിലെ വെള്ളത്തിലേക്കു ക്രമമായി നേര്‍ത്ത തോതില്‍ ഒഴുക്കിവിട്ടാല്‍ വെള്ളത്തിനൊപ്പം ഇതും കൃഷിയിടത്തിലെത്തും. കുട്ടനാടന്‍ പാടശേഖരങ്ങളില്‍ തൂമ്പിലേക്കു ജീവാമൃതത്തിന്‍റെ ചെറുകുഴല്‍ ഘടിപ്പിച്ചാല്‍ മതി. തെങ്ങ്, കവുങ്ങ് തുടങ്ങിയ വൃക്ഷങ്ങള്‍ക്ക് 20 ലിറ്റര്‍ വരെയും കുരുമുളക്, വാഴ, പച്ചക്കറികള്‍ ഇവയ്ക്ക് 5 ലിറ്റര്‍ വരെയും നേര്‍പ്പിച്ച ജീവാമൃതം ആഴ്ചയിലൊരു തവണ കൊടുക്കാം. വൈകുന്നേരമാണ് വളപ്രയോഗത്തിനു നല്ല സമയം. മണ്ണില്‍ ഈര്‍പ്പമുണ്ടായിരിക്കണം. പുതയുണ്ടെങ്കില്‍ പുതയുടെ മുകളില്‍ ഒഴിച്ചുകൊടുത്താല്‍മതി. അരിച്ചെടുത്ത ജീവാമൃതം തുള്ളിനനയ്ക്ക് (ഡ്രിപ് ഇറിഗേഷന്‍ ഉപയോഗിക്കാം. തുള്ളിനനയ്ക്ക് ഉപയോഗിക്കുന്ന അരിപ്പ (വെഞ്ചുറി)യുമായി ജീവാമൃത ബാരലിലെ കുഴല്‍ ഘടിപ്പിച്ചാല്‍ തുള്ളി നനയ്ക്കൊപ്പം ജീവാമൃതവും കൃഷിസ്ഥലത്തെത്തും.
ജീവാമൃതം മണ്ണില്‍ ചേര്‍ത്തു കഴിഞ്ഞാല്‍ മണ്ണിലെ വിരകള്‍ വളരെ ആഴത്തില്‍നിന്നു തീരെ ചെറിയ കല്ലുകളും ചെറിയ കക്കകളും വയറ്റിലിട്ട് പൊടിച്ചു മുകളിലെത്തിക്കും. മണ്ണിലെ നൈട്രജന്‍റെ അളവ് ഏഴ് ഇരട്ടിയായും ഫോസ്ഫറസ് ഒമ്പത് ഇരട്ടിയായും പൊട്ടാഷ് പതിനൊന്ന് ഇരട്ടിയായും വര്‍ധിക്കും.

ജീവാമൃതത്തിന്‍റെ ഖരരൂപങ്ങള്‍

ഖരജീവാമൃതം-1
നാടന്‍ പശുവിന്‍റെ 100 കി.ഗ്രാം ചാണകം (ഉണങ്ങിയത്) പൊടിച്ചെടുക്കുക. കട്ടകള്‍ മാറ്റി അരിച്ചെടുക്കുക. ഒരു പ്ലാസ്റ്റിക് ഷീറ്റില്‍ നിരത്തിയിടുക. 20 ലിറ്റര്‍ ദ്രാവക ജീവാമൃതം ഇതില്‍ തളിക്കുക. കൈകൊണ്ടോ തടികൊണ്ടോ ഇളക്കി കൂനകൂട്ടുക. തണലത്തുവച്ചു ചണച്ചാക്കുകൊണ്ടു മൂടുക. 48 മണിക്കൂര്‍ പുളിക്കാനായി വയ്ക്കുക. 48 മണിക്കൂറിനുശേഷം വെയിലത്ത് നിരത്തിയിട്ട് ഉണക്കുക. കട്ടയുണ്ടെങ്കില്‍ പൊടിക്കുക. ഉണക്കി ചാക്കിലാക്കി തണലത്തു സൂക്ഷിക്കുക. വെയിലും മഴയും കൊള്ളാതെ വച്ചിരുന്നാല്‍ 6 മാസംവരെ സൂക്ഷിക്കാം.

ഖരജീവാമൃതം-2
നാടന്‍പശുവിന്‍റെ 100 കിലോ ചാണകം ഉണക്കിയെടുക്കുക. നാടന്‍ പശുവില്ലെങ്കില്‍ നാടന്‍ കാളയുടെയോ നാടന്‍ എരുമയുടെയോ ചാണകമായാലും മതി. ബയോഗ്യാസ് സ്ലറി ഇതിനൊപ്പം 25% വരെ ചേര്‍ക്കാം. രണ്ടു കി.ഗ്രാം. കറുത്ത ശര്‍ക്കര പൊടിച്ചതും 2 കി.ഗ്രാം മുതിരയോ വന്‍പയറോ കടലയോ പൊടിച്ചതും ചേര്‍ക്കുക. എവിടെയാണോ വളം പ്രയോഗിക്കുന്നത് അവിടത്തെ ഒരുപിടി മണ്ണും ചേര്‍ക്കമം. ഇവയത്രയും നന്നായി ഇളക്കിച്ചേര്‍ക്കുക. പിന്നീട് കൂനകൂട്ടി ചണച്ചാക്കിട്ട് മൂടി സൂക്ഷിക്കുക. 48 മണിക്കൂര്‍ പുളിക്കാനായി തണലത്തു വയ്ക്കുക. ശേഷം വെയിലത്തു നിരത്തിയിട്ട് ഉണക്കുക. പൊടിച്ചു ചാക്കിലാക്കി തണലത്തു സൂക്ഷിച്ചാല്‍ 6 മാസം വരെ ഉപയോഗിക്കാം.

സീറോ ബജറ്റ് കൃഷി എന്ത്, എങ്ങനെ

മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ ബസവ ശ്രീ സുഭാഷ് പലേക്കര്‍ വികസിപ്പിച്ച ജൈവകൃഷിരീതിയാണ് സീറോ ബജറ്റ് നാച്ചുറല്‍ ഫാമിങ് അഥവാ ചെലവില്ലാ കൃഷി എന്ന പേരില്‍ അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്‍റെ സങ്കല്പമനുസരിച്ച് കൃഷി ചെയ്യാന്‍ നാലു ഘടകങ്ങളാണ് പ്രധാനമായി വേണ്ടത്-മണ്ണ്, വിത്ത്, കൃഷിക്കാരന്‍റെ അധ്വാനം, ഒരു നാടന്‍ പശു.
ഇദ്ദേഹത്തിന്‍റെ രീതിയനുസരിച്ച് ഒരു നാടന്‍ പശുവില്‍ നിന്നു കിട്ടുന്ന ചാണകവും മൂത്രവും ഉപയോഗിച്ച് മുപ്പതേക്കര്‍ വരെ സ്ഥലത്ത് കൃഷി ചെയ്യാന്‍ സാധിക്കും. ചെടികള്‍ അവയുടെ വളര്‍ച്ചയ്ക്കാവശ്യമായ മൂലകങ്ങള്‍ വലിച്ചെടുക്കുന്നത് കോടാനുകോടി സൂക്ഷ്മണുക്കളുടെ സഹായത്താലാണ്. നാടന്‍ പശുക്കളുടെ ചാണകത്തില്‍ മാത്രമാണ് ഏറ്റവും കൂടിയ അളവില്‍ സൂക്ഷ്മാണുക്കള്‍ അടങ്ങിയിരിക്കുന്നത്.പലേക്കറുടെ അഭിപ്രായത്തില്‍ നാടന്‍ പശുവിന്‍റെ ഒരു ഗ്രാം ചാണകത്തില്‍ അഞ്ഞൂറു കോടിവരെ സൂക്ഷ്മാണുക്കള്‍ അടങ്ങിയിരിക്കുന്നു. സങ്കരയിനം പശുക്കളുടെ ഒരു ഗ്രാം ചാണകത്തില്‍ വെറും എഴുപതു ലക്ഷം സൂക്ഷ്മാണുക്കള്‍ മാത്രമുള്ള സ്ഥാനത്താണിത്. ചെടികളെ ദോഷകരമായി ബാധിക്കുന്ന ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കുന്നതിനുള്ള കഴിവ് നാടന്‍ പശുക്കളുടെ മൂത്രത്തിനുണ്ട്. ചാണകം ഏറ്റവും പുതിയതും മൂത്രം ഏറ്റവും പഴയതും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നു മാത്രം. 
ഒരു നാടന്‍ പശുവിനെ വളര്‍ത്തുന്ന കര്‍ഷകന് ഒരു ഗ്രാം പോലും വളമോ കീടനാശിനികളോ പുറമേ നിന്നു വാങ്ങേണ്ടതായി വരില്ല. ആയിനത്തിലെല്ലാമുള്ള ചെലവ് ലാഭിക്കാന്‍ സാധിക്കുമ്പോള്‍ കൃഷി ചെലവില്ലാത്തതായി മാറുന്നു. സീറോ ബജറ്റ് കൃഷിയുടെ തത്വങ്ങളനുസരിച്ച് മണ്ണ് വളക്കൂറുള്ളതാകുന്നത് നാലു വിധത്തിലാണ്. പുനചംക്രമണം, ക്യാപ്പില്ലറി ശക്തി, ചുഴലിക്കാറ്റ്, നാടന്‍ മണ്ണിര എന്നിവയാണ് വളക്കൂറു കൂട്ടുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത്. 
പുനചംക്രമണം
ജീവനുള്ള ഏതു വസ്തുവും അതിന്‍റെ പ്രത്യക്ഷ രൂപങ്ങളില്‍ നിന്ന് അടിസ്ഥാനരൂപങ്ങളിലേക്ക് മടങ്ങിപ്പോകുമെന്നുള്ളത് പ്രകൃതിയുടെ അടിസ്ഥാന തത്വങ്ങളിലൊന്നാണ്. ഉദാഹരണത്തിന് എത്ര കരുത്തില്‍ വളരുന്ന സസ്യവും കാലക്രമത്തില്‍ നശിക്കുകയും ജൈവ അവശിഷ്ടങ്ങള്‍ ചീഞ്ഞ് വളമാകുകയും ചെയ്യുന്നു. ഇലകള്‍ കൊഴിയുമ്പോഴും അവയുടെ മൂലകങ്ങള്‍ അഴുകി മണ്ണിലേക്കു ചേരുന്നു. ഓരോ ചെടിയുടെയും വേരുപടലം മൂലകങ്ങളുടെ കലവറയാണ്. സസ്യഭാഗങ്ങള്‍ മൃഗങ്ങള്‍ ഭക്ഷണമാക്കുമ്പോള്‍ അവയുടെ അവശിഷ്ടങ്ങള്‍ ചാണകമായി പുറത്തു വരുന്നു. മണ്ണിലെ വളക്കൂറിനെ ശാസ്ത്രീയമായി വിളിക്കുന്ന പേരാണ് ക്ലേദം അഥവാ ഹ്യൂമസ്. ഏതു ജൈവവസ്തുവും അഴുകിച്ചേര്‍ന്നു കഴിയുമ്പോള്‍ ക്ലേദമായി മാറുകയാണ് ചെയ്യുന്നത്. ഇതില്‍ കാര്‍ബണും നൈട്രജനുമാണ് പ്രധാനമായി അടങ്ങിയിരിക്കുന്നത്. 
ഏറ്റവും മുകള്‍ ഭാഗത്തെ മണ്ണ് അഥവാ മേല്‍മണ്ണിലാണ് ഏറ്റവും കൂടുതല്‍ വളക്കൂറ് അഥവാ ക്ലേദമുള്ളത്. ഈ ഭാഗത്ത് സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനം സജീവമായിതിനാലാണിങ്ങനെ സംഭവിക്കുന്നത്. വെറും നാലര ഇഞ്ച് മാത്രമാണ് ഈ ഭാഗത്തിന്‍റെ താഴ്ച. കൃഷിയില്‍ ഏറ്റവും ശ്രദ്ധ കൊടുക്കേണ്ടത് മേല്‍മണ്ണു സംരക്ഷിക്കുന്നതിനാണ്. ഇതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് പുതയിടല്‍. ഒരു കാരണം കൊണ്ടും മണ്ണിനെ ആഴത്തില്‍ ഉഴുതു മറിക്കരുത്. ഇങ്ങനെ ചെയ്താല്‍ ക്ലേദത്തിലെ കാര്‍ബണ്‍ മണ്ണിന്‍റെ ഉപരിതലത്തിലെത്തുകയും സൂര്യതാപമേറ്റ് നഷ്ടമാകുകയും ചെയ്യും. സൂക്ഷ്മജീവകളെയും മണ്ണിന്‍റെ ഉപരിതലത്തിലേക്കു കൊണ്ടുവരുന്നതിനു മാത്രമാണ് ഉഴവുസഹായിക്കുന്നത്. ഇതിന്‍റെ ഫലമായി അവയും സൂര്യതാപമേറ്റ് നശിക്കുന്നു. ക്ലേദം സ്പോഞ്ചു പോലെയാണ്. ഈര്‍പ്പത്തെ പിടിച്ചു നിര്‍ത്താന്‍ ഇതു സഹായിക്കുന്നു. ഒരു കിലോഗ്രാം ക്ലേദത്തില്‍ ആറു കിലോഗ്രാം വെള്ളം പിടിച്ചു വയ്ക്കാം. 
ക്യാപ്പില്ലറി ശക്തി
മണ്ണില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങള്‍ ചെടികള്‍ക്കു വലിച്ചെടുക്കാവുന്ന വിധത്തില്‍ വേരുപടലത്തിലെത്തുന്നത് മണ്ണിന്‍റെ ക്യാപ്പില്ലറി ശക്തി മൂലമാണ്. നേര്‍ത്ത കുഴലുകളില്‍ കൂടി ദ്രാവകങ്ങള്‍ മുകളിവലേക്കു കടക്കുന്നതിനെയാണ് ക്യാപ്പില്ലറി പ്രവര്‍ത്തനമെന്നു വിളിക്കുന്നത്. മഴക്കാലത്ത് മണ്‍തരികള്‍ക്കിടയിലൂടെ വെള്ളം ഒഴുകി ഭൂമിയുടെ അടിനിരപ്പുകളിലെത്തുന്നു. അവിടെ നിന്ന് വേനല്‍ക്കാലത്ത് ക്യാപ്പില്ലറി പ്രവര്‍ത്തനം മുഖേന വെള്ളവും അതില്‍ ലയിച്ചു ചേരുന്ന പോഷകങ്ങളും ചെടികളുടെ വേരുപടലത്തിനു സമീപമെത്തുന്നു. ഇങ്ങനെയാണ് ചെടികള്‍ക്കു പോഷകങ്ങള്‍ ലഭിക്കുന്നത്. മണ്ണിന്‍റെ ക്യാപ്പില്ലറികള്‍ തകര്‍ന്നു പോകുന്നതോടെ പോഷകങ്ങള്‍ ചെടികള്‍ക്കു ലഭിക്കാതെ പോകുന്നു എന്നതാണ് ആഴത്തിലുള്ള ഉഴവുകൊണ്ടുള്ള പ്രശ്നം. രാസവളങ്ങളും ഇതേ രീതിയില്‍ മണ്ണിലെ ക്യാപ്പില്ലറികളെ അടച്ചുകളയുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന് യൂറിയയില്‍ 42 ശതമാനം നൈട്രജനാണ് അടങ്ങിയിരിക്കുന്നത്. ശേഷിക്കുന്ന ഭാഗം ഫില്ലര്‍ എന്നു വിളിക്കുന്ന പശിമകൂടിയ ചേരുവകളാണ്. ഇവ മണ്ണിലെ സൂക്ഷ്മസുഷിരങ്ങളെ അടച്ചുകളയുന്നു. അതോടെ സ്വാഭാവിക മൂലകങ്ങള്‍ ചെടികള്‍ക്കു കിട്ടാതെയാകുന്നു. സൂപ്പര്‍ ഫോസ്ഫേറ്റില്‍ 82 ശതമാനവും ഇത്തരം ഫില്ലറുകളാണ്. മ്യൂറിയേറ്റ് ഓഫ് പൊട്ടഷില്‍ നാല്‍പതു ശതമാനമാണ് ഫില്ലറുകള്‍. ഇവ മണ്ണിനെ പശിമയോടെ പിടിച്ചു നിര്‍ത്തി ക്യാപ്പില്ലറികള്‍ അടച്ചു കളയുന്നതു കൊണ്ടാണ് രാസവളം ഉപയോഗിക്കുന്ന കൃഷിയിടങ്ങളില്‍ പില്‍ക്കാലത്ത് വിളവു കുറഞ്ഞുവരുന്നത്. 
ചുഴലിക്കാറ്റ്
ചുഴലിക്കാറ്റടിക്കുമ്പോള്‍ മേല്‍മണ്ണിലെ സൂക്ഷ്മമൂലകങ്ങളും ഉപരിതലത്തിലെ പോഷകങ്ങളും വായുവില്‍ ഉയര്‍ന്നു പൊങ്ങി മേഘങ്ങളില്‍ കലരുന്നു. ഇത്തരം മഴമേഘങ്ങള്‍ പെയ്തിറങ്ങുമ്പോള്‍ സൂക്ഷ്മമൂലകങ്ങളും പോഷകങ്ങളും മണ്ണില്‍ കലരാനിടയാകുന്നു. മിന്നല്‍ പിണരുകള്‍ അന്തരീക്ഷത്തിലെ നൈട്രജനെ വിഘടിപ്പിച്ച് സൂക്ഷ്മധാതുക്കളാക്കി മഴയോടൊപ്പം പെയ്തിറങ്ങി മണ്ണിനെ സമ്പന്നമാക്കുന്നു. മണ്ണിലെ  നൈട്രജന്‍റെ പതിനഞ്ച് ശതമാനം ലഭിക്കുന്നത് ഇത്തരത്തില്‍ ഇടിമിന്നലുകളില്‍ കൂടിയാണ്.
നാടന്‍ മണ്ണിര
ഇവ മുഴുവന്‍ സമയവും മണ്ണിനെ പോഷകസമ്പന്നമാക്കിക്കൊണ്ടിരിക്കുകയാണ്. ഇവ സദാ മണ്ണിനു മുകളിലേക്കും താഴേക്കും സഞ്ചരിച്ചുകൊണ്ടാണിരിക്കുന്നത്. ഇതുവഴി മണ്ണിനടിയിലേക്ക് വായുസഞ്ചാരം ഉറപ്പുവരുത്താന്‍ സാധിക്കുന്നു. അനുകൂലമായ അന്തരീക്ഷമില്ലെങ്കില്‍ ഇവ മേല്‍മണ്ണിനു താഴേക്ക് പതിനഞ്ച് അടിയോളം താഴ്ചയിലെത്തി സുപ്താവസ്ഥയെ പ്രാപിക്കുന്നു. അനുകൂല സാഹചര്യം വരുമ്പോഴാണ് പിന്നീടിവ മണ്ണിന്‍റെ പ്രതലത്തിലേക്കെത്തുന്നത്. മണ്ണിര പ്രവര്‍ത്തിക്കുമ്പോള്‍ രണ്ടു ചെടികള്‍ക്കിടയില്‍ ശാന്തമായ വായുപ്രവാഹമുണ്ടായിരിക്കും. മണ്ണിരകളുടെ പ്രവര്‍ത്തനം നല്ല തോതില്‍ നടക്കണമെങ്കിലും അതുവഴി ചെടികള്‍ക്കു പ്രയോജനമുണ്ടാകണമെങ്കിലും മൂന്നു ഘടകങ്ങള്‍ ഉറപ്പു വരുത്തണം. വാപസ, ഊബ്, മായ എന്നിവയാണ് മൂന്നു ഘടകങ്ങള്‍
വാപസ
മണ്‍തരികള്‍ക്കിടയില്‍ മണ്ണിരയുടെ പ്രവര്‍ത്തനം മൂലമുണ്ടാകുന്ന ശൂന്യസ്ഥലമാണ് വാപസ. ഇതിനുള്ളില്‍ വെള്ളം കെട്ടിനില്‍ക്കരുത്. എന്നാല്‍ ഈര്‍പ്പവും വായുവും പാതിവീതം ഉണ്ടായിരിക്കണം. അതായത് രണ്ടും അമ്പതു ശതമാനം വീതം. വേരുകള്‍ വെള്ളമല്ല വലിച്ചെടുക്കുന്നത്. മണ്‍തരികള്‍ക്കിടയിലുള്ള ശൂന്യസ്ഥലത്തെ ഈര്‍പ്പവും വായുവുമാണവ വലിച്ചെടുക്കുന്നത്. 
ഊബ്
ഊഷ്മളത, സുരക്ഷിതത്വം എന്നൊക്കെയാണ് ഊബ് എന്ന പദം കൊണ്ട് അര്‍ഥമാക്കുന്നത്. മണ്ണിരകളുടെ പ്രവര്‍ത്തനത്തെ ഏറ്റവുമധികം ബാധിക്കുന്ന ഘടകമാണ് ഊബ്. അവയ്ക്ക് സുരക്ഷിതമായി ജോലി ചെയ്യാനായാലേ വിളകള്‍ക്ക് അതിന്‍റെ മെച്ചം ലഭിക്കൂ.
മായ
എല്ലാ സചേതന വസ്തുക്കള്‍ക്കും അവ നിലനില്‍ക്കുന്ന അന്തരീക്ഷവുമായി ഒരു തരം ചങ്ങാത്തവും പരസ്പരാശ്രിതബന്ധവുമുണ്ടായിരിക്കണം. ഇതിനെയാണ് മായയെന്നു വിളിക്കുന്നത്. മണ്ണിരകള്‍ക്കും ഇത്തരത്തിലുള്ള ചങ്ങാത്തം കൂടിയേ തീരൂ. ഇതിനുള്ള അവസരമൊരുക്കേണ്ടത് കര്‍ഷകരുടെ ഉത്തരവാദിത്വമാണ്. പുതയിടലിലൂടെ മാത്രമാണിതു സാധിക്കുന്നത്. മണ്ണിരകള്‍ക്കു വേണ്ടി എന്തെല്ലാം സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുത്താലും അതിന്‍റെ പ്രയോജനം ലഭിക്കുമെന്ന് പലേക്കര്‍ പറയുന്നു. കാരണം ഒരു ചതുരശ്രയടി മണ്ണില്‍ വെറും നാലു മണ്ണിര എന്ന തോതിലുണ്ടെങ്കില്‍ ഒരേക്കര്‍ സ്ഥലത്തു നിന്ന് നാല്പതു ടണ്‍ പച്ചക്കറിയുടെ വിളവു ലഭിക്കുമെന്ന് ഇദ്ദേഹം കണക്കാക്കിയിരിക്കുന്നു.

വീണ്ടും വരുമോ വനില

പത്തു പന്ത്രണ്ട് വര്‍ഷം മുമ്പ് എന്തായിരുന്നു വനിലയുടെ അവസ്ഥ. കേരളത്തിലെ രാജകീയ വിളയായിരുന്നല്ലോ. ഒരു കിലോ പച്ചബീന്‍സ് മൂവായിരത്തോളം രൂപയ്ക്കു വരെ വിറ്റ കര്‍ഷകരുണ്ട്. ഒരു മീറ്റര്‍ വള്ളിക്ക് നൂറുരൂപയ്ക്കു മുകളിലായിരുന്നു അക്കാലത്ത് വില. വീണ്ടും വനിലയ്ക്ക് നല്ല കാലം ഉദിക്കുന്നതിന്‍റെ സൂചനകള്‍ വിപണിയില്‍ നിന്നു ലഭിക്കുന്നു.

തുടക്കത്തില്‍ തന്നെ ഒരു കാര്യം മനസ്സിലാക്കാനുണ്ട്. ഒരിക്കലും പഴയ വിലനിലവാരത്തിലേക്ക് വനില പോകാന്‍ അനുവദിക്കരുത്. വരുമാനം മുകളിലേക്ക് കയറുന്നതിനനുസരിച്ച് താഴേക്കു വീഴാനിടയായാലുള്ള ആഘാതവും കൂടുമല്ലോ. ഒരു കിലോ പച്ചബീന്‍സിന് അഞ്ഞൂറുരൂപ കിട്ടുന്നെങ്കില്‍ അതിനെ നല്ല വിലയായി കാണുന്നതിനാകണം. വനിലയുടെ കൃഷിയിലേക്ക് തിരിയുന്നതിനു മുമ്പ് ആദ്യമായി മനസ്സില്‍ സൂക്ഷിക്കേണ്ട കാര്യമാണിത്. വരും വര്‍ഷങ്ങളില്‍ സ്വാഭാവിക വനിലയ്ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചു വരുമെന്ന സൂചനകളാണ് വിപണിയില്‍ നിന്നു കിട്ടുന്നത്.

വനില എന്നത് ഉഷ്ണമേഖലാരാജ്യങ്ങളില്‍ വളരുന്ന സുഗന്ധവിളകളിലൊന്നാണ്. ഐസ്ക്രീമുകളിലും മറ്റും ഉപയോഗിക്കുന്ന വനില എസ്സന്‍സ് ലഭിക്കുന്നതിനു വേണ്ടിയാണ് ഈ സുഗന്ധവിള കൃഷി ചെയ്യുന്നത്. ഇതില്‍ രണ്ടുശതമാനം സ്വാഭാവിക വനിലിന്‍ എന്ന സത്ത് അടങ്ങിയിരിക്കുന്നതായി കണക്കാക്കിയിരിക്കുന്നു. ഇത്രയും ചെറിയ അളവു വനിലിന്‍ ലഭിക്കുന്നതിനു വേണ്ടിയാണ് ഈ സസ്യം കൃഷി ചെയ്തു വളര്‍ത്തുന്നത്. പാശ്ചാത്യ രാജ്യങ്ങളിലെ ഏറ്റവും മുന്തിയ ഇനം ഐസ്ക്രീമുകളിലും മറ്റും ചേര്‍ക്കുന്നതിനാണ് ഈ ഉല്‍പ്പന്നം ഉപയോഗിക്കപ്പെടുന്നത്. സാധാരണയിനം ഐസ്ക്രീമുകളിലും കേക്കുകളിലും മറ്റു ബേക്കറി ഉല്‍പ്പന്നങ്ങളിലും ചേര്‍ക്കുന്നത് കൃത്രിമമായി തയ്യാറാക്കുന്ന വനില എസന്‍സാണ്. ഇതിനു പകരമായി ആരോഗ്യപരമായ സുരക്ഷയെ കണക്കിലെടുക്കുന്നവരും വലിയ വിലകൊടുക്കാന്‍ തക്ക ധനസ്ഥിതിയുള്ളവരുമായ ഉപഭോക്താക്കളാണ് പ്രകൃതിദത്ത വനിലിന്‍റെ പിന്നാലെ പോകുന്നത്.

വനിലയുമായി ബന്ധപ്പെട്ട് കേരളത്തിന് അനുകൂലമായ ഘടകങ്ങള്‍ നിരവധിയുണ്ട്. ഒന്നാമതായി കേരളത്തിന് ഈ കൃഷി പുതിയതല്ല. കുറേ വര്‍ഷങ്ങള്‍ക്കു മുമ്പാണെങ്കിലും നമ്മുടെ സംസ്ഥാനത്ത് വനില നല്ല തോതില്‍ ഏതു ഭാഗത്തും കൃഷി ചെയ്തിരുന്നതാണ്. ഇതിന്‍റെ കൃഷിമുറകള്‍ അതുകൊണ്ടു തന്നെ പരിചിതവുമാണ്. ഏറ്റവും മികച്ച രീതിയില്‍ കൃഷി ചെയ്യേണ്ടതെങ്ങനെയെന്നു പറഞ്ഞുകൊടുക്കാന്‍ തക്ക പരിചയം സിദ്ധിച്ച കര്‍ഷകരും നിരവധിയാണ്. വിപണനത്തിനും ഏറക്കുറേ നല്ല ക്രമീകരണങ്ങള്‍ ഒരു കാലത്തുണ്ടായിരുന്നതാണ്. വീണ്ടും അവയൊക്കെ പൊടിതട്ടിയെടുത്താല്‍ വനിലക്കൃഷിക്ക് കേരളത്തിന്‍ ഇനിയും വേരോട്ടമുണ്ടാക്കാന്‍ സാധിക്കും. മാനം മുട്ടുന്ന വില ഒരിക്കലും പ്രതീക്ഷിക്കരുതെന്നു മാത്രം.

വന്‍തോട്ടങ്ങളില്‍ വളര്‍ത്തുന്നതിനെക്കാള്‍ മികച്ചതോതില്‍ വളര്‍ത്താനും ആദായമെടുക്കാനും സാധിക്കുന്നത് വീട്ടുവളപ്പുകളിലും ചെറിയ പുരയിടങ്ങളിലുമാണ്. കാരണം ഇതിന് നിത്യശ്രദ്ധയും നനയും പരിചരണവും ആവശ്യമാണ്. പരിചരണത്തില്‍ ഏറ്റവും പ്രധാനം ഇതിന്‍റെ പരാഗണപ്രക്രിയയില്‍ സഹായിക്കുക എന്നതാണ്. ഒരേ പൂവില്‍ തന്നെ ആണ്‍ഭാഗവും പെണ്‍ഭാഗവും അടങ്ങിയിരിക്കുന്നതിനാലും ഇവയെ രണ്ടിനെയും വേര്‍തിരിച്ച് ചെറിയ ഇതള്‍ പോലെയൊരു ഭാഗമുള്ളതിനാലും വനില സസ്യത്തിന് സ്വയം പരാഗണം നടത്തുന്നതിനു സാധിക്കുകയില്ല. ഓരോ പൂവ് വീതം കൈകൊണ്ട് പരാഗണം നടത്തിക്കൊടുക്കണം. ഇതുകൊണ്ടു തന്നെ ആയിരം ചുവടില്‍ താഴെയുള്ള കൃഷിയാണ് ആര്‍ക്കും സ്വന്തം നിലയില്‍ നടത്തിക്കൊണ്ടുപോകാന്‍ സാധിക്കുന്നത്.

രോഗത്തിന്‍റെ സാന്നിധ്യം ഏറ്റവും കുറയ്ക്കാന്‍ സാധിക്കുന്നതും കുറഞ്ഞതോതിലുള്ള കൃഷിയിലാണ്. ഫ്യൂസേറിയം വാട്ടം എന്നതാണ് വനിലയെ ബാധിക്കുന്ന പ്രധാന രോഗം. ഇതൊരു കുമിള്‍ രോഗമാണെങ്കിലും പടരുന്നത് വളരെ വേഗത്തിലായിരിക്കും. അതിനാല്‍ രോഗം വന്നാല്‍ സസ്യത്തെ രക്ഷിച്ചെടുക്കാന്‍ സാധിക്കുമെന്നു വിചാരിക്കേണ്ട. രോഗം വരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനം.

ആറിഞ്ചിനുമേല്‍ നീളമുള്ള ബീന്‍സുകളെയാണ് ഏറ്റവും മികച്ചതായി കണക്കാക്കുന്നത്. വളവുകളില്ലാതെ നേരേ വളരുന്നതുമായിരിക്കണം മികച്ച ബീന്‍സ്. തള്ളവിരല്‍ വണ്ണമാണ് മികച്ചതിനുണ്ടായിരിക്കേണ്ടത്. ഇത്തരം ഇരുപത്തഞ്ച്-മുപ്പത് ബീന്‍സ് ഒരു കിലോയുണ്ടാകും. ഒരു ചെടിയില്‍ പത്തു വരെ പൂക്കുലകളുണ്ടായിരിക്കുന്നത് സാധാരണയാണ്. ഓരോ കുലയിലും കൃത്രിമപരാഗണത്തിലൂടെ പത്തു ബീന്‍സെങ്കിലും ഉല്‍പാദിപ്പിക്കുന്നതിനു സാധിക്കുന്നതേയുള്ളൂ. അതായത് ഈ കണക്കനുസരിച്ച് ഒരു ചെടിയില്‍ നിന്നും നാലു കിലോയ്ക്കുമേല്‍ ബീന്‍സ് ലഭിക്കും. കിലോയ്ക്ക് അഞ്ഞൂറുരൂപയെന്നു കണക്കാക്കിയാലും ഒരു ചെടിയില്‍ നിന്ന് രണ്ടായിരം രൂപ ആദായം കിട്ടുന്നു. ഇതു തന്നെയാണ് വനിലയെ പ്രിയപ്പെട്ട വിളയാക്കുന്നതും. ഗൃഹനാഥനും ഗൃഹനാഥയ്ക്കും കുട്ടികള്‍ക്കുമെല്ലാം പരാഗണം നടത്താം. അതിനായി പ്രത്യേകം പണിക്കാരെ തേടേണ്ട കാര്യവുമില്ല. 
പോളിഹൗസുകളില്‍ വളര്‍ത്തുന്നതിനും വനില മികച്ചതു തന്നെ. കാരണം കുത്തനെയുള്ള ഉയരം ഏറ്റവുമധികം പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന വിളകളാണല്ലോ പോളിഹൗസിനുളളില്‍ മികച്ച ആദായം തരുന്നത്. ആ സ്ഥിതിയില്‍ വനില അതിനും യോജിക്കുന്ന വിള തന്നെ. പരാഗണം നടത്താന്‍ സൗകര്യപ്രദമായ ഉയരത്തില്‍ വലിച്ചു കെട്ടുന്ന വള്ളികളില്‍ കോര്‍ത്ത് ഇവ വളച്ചുകെട്ടി വളര്‍ത്തുന്നതിനാവും.

മണ്ണും വിളയും നോക്കി നന

തുലാമഴ തോര്‍ന്നു കഴിഞ്ഞതോടെ കേരളത്തില്‍ ഇനി വേനലിന്‍റെ നാളുകള്‍. കറിവേപ്പും കാന്താരിയും മുതല്‍ വന്‍മരങ്ങള്‍ വെള്ളത്തിനായി ദാഹിക്കുന്ന കാലം. ഓരോ വിളയ്ക്കും ആവശ്യമായ വെള്ളത്തിന്‍റെ അളവും നനയുടെ ഇടവേളയും പരിചയപ്പെടുത്തുന്നു.

വിളകള്‍ക്കു നനയ്ക്കുമ്പോള്‍ മൂന്നു കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഒരു തവണ കൊടുക്കുന്ന വെള്ളത്തിന്‍റെ അളവ്, നനയുടെ ഇടവേള, വിളകളില്‍ നിന്നും മണ്ണില്‍ നിന്നും ആവിയായിപ്പോകുന്ന വെള്ളത്തിന്‍റെ അളവ് എന്നിവ നോക്കി വേണം നനയുടെ കാര്യത്തില്‍ അവസാനതീരുമാനമെടുക്കാന്‍. ആവിയായുള്ള നഷ്ടം അന്തരീക്ഷത്തിലെ ചൂടിന്‍റെ കാഠിന്യമനുസരിച്ചിരിക്കും. വേനല്‍ക്കാലത്ത് ഒരു ദിവസം ഈ രീതിയിലുള്ള നഷ്ടം 5-8 മീ.മീ. ഉണ്ടാകും. എട്ട് മി.മീ. ജലനഷ്ടം എന്നാല്‍ ഒരു ഹെക്ടറില്‍ നിന്ന് ഒരു ദിവസം 80,000 ലിറ്റര്‍ വെള്ളം നഷ്ടപ്പെടുന്നു എന്നര്‍ഥം.

വിളയുടെ സ്വഭാവവും വെള്ളം പിടിച്ചു നിര്‍ത്താനുള്ള മണ്ണിന്‍റെ കഴിവും കണക്കിലെടുത്തു വേണം വെള്ളത്തിന്‍റെ അളവും നനയുടെ ഇടവേളയും നിശ്ചയിക്കാന്‍. പച്ചക്കറികള്‍, നേന്ത്രവാഴ, സുഗന്ധവിളകള്‍ എന്നിവയ്ക്ക് മണ്ണില്‍ വെള്ളം അധികം വലിയാന്‍ പാടില്ല. അടുക്കളത്തോട്ടത്തിലാകട്ടെ കുറഞ്ഞ അളവില്‍ കൂടുതല്‍ തവണ നനയ്ക്കേണ്ടതായി വരും. എന്നാല്‍ പയര്‍വര്‍ഗ്ഗങ്ങള്‍, മരച്ചീനി, പൈനാപ്പിള്‍, കരിമ്പ് മുതലായ വിളകള്‍ക്ക് മണ്ണില്‍ വെള്ളം നന്നായി വലിയണം. മണലിന്‍റെ അംശം കൂടിയ മണ്ണിന് വെള്ളം പിടിച്ചുവയ്ക്കാനുള്ള കഴിവു കുറയും. എന്നാല്‍ കളിമണ്ണിന്‍റെ അംശം കൂടിയ മണ്ണിന് വെള്ളം പിടിച്ചുവയ്ക്കാനുള്ള കഴിവു കൂടുതലാണ്.

നനരീതിക്കു നല്ല കാര്യക്ഷമത വേണം. കുളത്തില്‍ നിന്ന് പമ്പു ചെയ്ത വെള്ളം ചാലിലൂടെ കൃഷിയിടത്തിലെത്തുമ്പോള്‍ 20-25% വെള്ളം നഷ്ടപ്പെടാം. ഇതു പൈപ്പിലൂടെയാണ് കൊണ്ടുപോകുന്നതെങ്കില്‍ ഈ നഷ്ടമുണ്ടാകില്ല. പറമ്പ് മുഴുവന്‍ വെള്ളം തുറന്നുവിട്ട് നനയ്ക്കുക, തടത്തില്‍ തുറന്നു വിടുക, ചാലുകള്‍ വഴി നനയ്ക്കുക എന്നിവയേക്കാള്‍ കാര്യക്ഷമതയുള്ള രീതികളാണ് ഡ്രിപ്പ് ഇറിഗേഷനും സ്പ്രിംഗ്ളര്‍ ഇറിഗേഷനും. ആദ്യത്തേത് തുള്ളിയായി ചെടികളുടെ ചുവട്ടില്‍ വെള്ളമെത്തിക്കുമ്പോള്‍ രണ്ടാമത്തേത് കൃഷിയിടത്തില്‍ വെളളം തളിച്ചു നനയ്ക്കുന്നു. ഇവയ്ക്കു രണ്ടിനും പ്രത്യേക ഉപകരണങ്ങള്‍ ആവശ്യമാണ്. നനരീതികളുടെ വിശദാംശങ്ങള്‍ കാണാം.

അടുക്കളത്തോട്ടം

മഴ തോര്‍ന്നു കഴിഞ്ഞാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ അടുക്കളത്തോട്ടത്തില്‍ നന ആരംഭിക്കണം. അല്ലെങ്കില്‍ ചെടികളില്‍ വാട്ടത്തിനു തുടക്കമാകും. അടുക്കളത്തോട്ടമെന്നാല്‍ ചെറിയ പുരയിടത്തില്‍ മണ്ണിളക്കി നട്ടിരിക്കുന്നവരും ചാക്കുകളിലും ചട്ടികളിലുമായി കൃഷി പരിമിതപ്പെടുത്തിയിരിക്കുന്നവരുമുണ്ട്. പറമ്പില്‍ നേരിട്ടു നട്ടിരിക്കുന്നതിനെക്കാള്‍ വെള്ളത്തിന്‍റെ ആവശ്യം കൂടുതലായി വേണ്ടിവരുന്നത് ചാക്കിലും ചട്ടിയിലും നട്ടിരിക്കുന്ന വിളകള്‍ക്കാണ്. ഇവയ്ക്ക് എല്ലാ ദിവസവും രണ്ടു തവണ നനയെത്തിക്കണം. വളര്‍ച്ചയെത്തിയ ഓരോ ചുവടിനും രണ്ടു ലിറ്റര്‍ വെള്ളമെങ്കിലും പൂവാലികൊണ്ട് തളിച്ചു നനയ്ക്കണം. മണ്ണിലാണ് നട്ടിരിക്കുന്നതെങ്കില്‍ ദിവസം ഒരു തവണ മാത്രം നനച്ചാല്‍ മതി. ഇത് വൈകുന്നേരം നനയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. എല്ലാദിവസവും നനയ്ക്കുന്നതിനൊപ്പം കീടങ്ങളുടെയും രോഗത്തിന്‍റെയും ആക്രമണം കൂടി ശ്രദ്ധിക്കുന്നതു നല്ലതാണ്.

തെങ്ങ്

തെങ്ങ് ഒരു ദിവസം 28-74 ലിറ്റര്‍ വെള്ളം ഉപയോഗപ്പെടുത്തുന്നു. വേനല്‍ക്കാലത്താണ് ഉയര്‍ന്ന അളവ്. നനയ്ക്കുന്ന തെങ്ങ് ഒരു വര്‍ഷം 12-14 കുലകളും നനയ്ക്കാത്തത് 6-8 കുലകളും തരും. നനയ്ക്കുന്നതിന് ഇരട്ടി വിളവ് എന്നാണ് കണക്ക്. തടത്തില്‍ നനയ്ക്കുമ്പോള്‍ 250-300 ലിറ്റര്‍ വെള്ളവും 3-4 ദിവസം ഇടവേളയുമാണ് നല്ല വിളവ് ലഭിക്കാന്‍ ഉത്തമം. പക്ഷേ നനയ്ക്കാന്‍ കൂലി കൊടുക്കണമെങ്കില്‍ 350-700 ലിറ്റര്‍ വെള്ളം 4-8 ദിവസം ഇടവേളയില്‍ കൊടുക്കുന്നതാണു നല്ലത്. മണലിന്‍റെ അംശം കൂടിയ മണ്ണില്‍ ചെറിയ അളവും ചെറിയ ഇടവേളയും. കളിമണ്ണിന്‍റെ അംശം കൂടിയ മണ്ണില്‍ കൂടിയ അളവും നീണ്ട ഇടവേളയും എന്ന രീതിയാണു നല്ലത്. തെങ്ങിന് തുള്ളി നനയും നന്ന്. തുടക്കത്തില്‍ ഒരു തെങ്ങിന് ഒരു ദിവസം 40 ലിറ്ററും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 60 ലിറ്ററില്‍ കുറയാതെയും. ഒരു തടത്തില്‍ നാല് ഡ്രിപ്പര്‍ വേണം. നനയില്ലാത്ത തെങ്ങിന് നന്നായി പുതയിടണം. നനയ്ക്കുന്ന തെങ്ങിനു പുതയിടുന്നത് കാര്യക്ഷമത കൂട്ടും.

കമുക്

വേരുകള്‍ അധികം ആഴത്തിലല്ലാത്തതിനാല്‍ കമുകിന് നനച്ചേ പറ്റൂ. ഡിസംബര്‍ പകുതി മുതല്‍ മേയ് വരെ ഇതു തുടരണം. ഒരു തവണ 150-175 ലിറ്റര്‍ വെള്ളം. നവംബര്‍-ഡിസംബറില്‍ ഏഴു ദിവസം ഇടവേള. ജനുവരി, ഫെബ്രുവരിയില്‍ ആറു ദിവസവും മാര്‍ച്ച്, ഏപ്രില്‍, മേയില്‍ 3-5 ദിവസവും. കമുകിന് തുള്ളിനനയുമാകാം. ദിവസം 25-30 ലിറ്റര്‍ വെള്ളം. നനയ്ക്കാത്ത കമുകിന് നന്നായി പുതയിടണം. നനയുള്ളതിനും പുതയിടാമെങ്കില്‍ ഇടവേള നീട്ടാം.

നേന്ത്രവാഴ

നേന്ത്രന് മൂന്നു ദിവസത്തില്‍ ഒരു നന എന്നാണ് കണക്ക്. ഒരു നനയ്ക്ക് 40 ലിറ്റര്‍ വെള്ളം. ഇത് തടത്തില്‍ വെള്ളം തുറന്നുവിടുമ്പോഴാണ്. ഉപയോഗശൂന്യമായ വൈക്കോല്‍, കരിയില എന്നിവ കനത്തില്‍ പുതയിട്ടാല്‍ ഇടവേള വര്‍ദ്ധിപ്പിക്കാം. വാഴയ്ക്കും തുള്ളിനന നന്നാകും. ഒരു ദിവസം 8-12 ലിറ്റര്‍ വെള്ളം.  ഓരോ വാഴയ്ക്കും രണ്ട് ഡ്രിപ്പറുണ്ടാകണം. 45% വെള്ളം ലാഭിക്കാം.

പച്ചക്കറികള്‍

തടത്തിലും ചാലുകളിലും വെള്ളം നിരത്തിയാണ് പച്ചക്കറികള്‍ നനയ്ക്കുക. ഇവയ്ക്കു ധാരാളം വെള്ളം വേണം. തുള്ളിനന, തളിനന രീതികളും നന്ന്. അകലം കൂട്ടി നടുന്ന പാവല്‍, പടവലം, വെള്ളരി, കുമ്പളം, മത്തന്‍, ചുരയ്ക്ക എന്നിവയ്ക്ക് തുള്ളിനന നന്നാകും. സാധാരണ നനരീതികളെ അപേക്ഷിച്ച് ഇതില്‍ വെള്ളത്തിന്‍റെ ഉപയോഗം 40-60% ലാഭിക്കാം. വിളവ് 20-30% വര്‍ധിക്കാനിടയുണ്ട്. കറുത്ത പോളിത്തീന്‍ ഷീറ്റുകളില്‍ സുഷിരങ്ങള്‍ ഉണ്ടാക്കി തടങ്ങളില്‍ പുതയിടാമെങ്കില്‍ കളകള്‍ ഉണ്ടാകുകയില്ല. നനയുടെ കാര്യക്ഷമത കൂടുകയും ചെയ്യും. തുള്ളിനനയില്‍ ഒരു തടത്തിന് 6-8 ലിറ്റര്‍ വെള്ളം മതിയാകും. അടുത്തടുത്തു നടുന്ന കാബേജ്, കോളിഫ്ളവര്‍, കാരറ്റ്, ബീറ്റ്റൂട്ട്, ഉള്ളി, വെളുത്തുള്ളി, ഇലവര്‍ഗ്ഗ പച്ചക്കറികള്‍ എന്നിവയില്‍ തളിനന നന്ന്.

പൈനാപ്പിള്‍

വെള്ളത്തിന്‍റെ ആവശ്യം കുറഞ്ഞ വിളയാണിത്. കാരണം ഇലകളില്‍ സ്വേദനം നടക്കുന്ന സ്റ്റൊമേറ്റ എന്ന ദ്വാരങ്ങള്‍ പകല്‍സമയം ഇതില്‍ അടഞ്ഞു കിടക്കും. മൂന്നാഴ്ചയില്‍ ഒരു കനത്ത നനയാണ് പൈനാപ്പിളിന് ആവശ്യം. ചാലുകളിലാണ് നന. ഉണങ്ങിയ ഇലകള്‍ ചുവട്ടില്‍ പുതയിട്ടാല്‍ നനയുടെ കാര്യക്ഷമത വര്‍ദ്ധിക്കും. തുള്ളിനനയും തളിനനയും പൈനാപ്പിളിന് നന്ന്.

പുല്ല്

തീറ്റപ്പുല്ലിനു നന അത്യാവശ്യം. നട്ട് പിടിക്കുന്നതിന് ആദ്യത്തെ ഒരാഴ്ചയില്‍ രണ്ടു നന വേണം. തുടര്‍ന്ന് ആഴ്ചയില്‍ ഒരു നന വേണം. പുല്ലു നട്ട പറമ്പിലേക്ക് വെള്ളം തുറന്നു വിട്ടാണ് നന. ഓരോ തവണ വിളവെടുത്തശേഷം 3-4 ദിവസം കഴിഞ്ഞ് തൊഴുത്തില്‍ നിന്നുള്ള വെള്ളം തുറന്നു വിടുന്നതുകൊള്ളാം. ബയോഗ്യാസ് സ്ലറി വെള്ളവും ചേര്‍ത്തു പുല്ലിന് നനയ്ക്കുന്നത് നല്ലതാണ്. തളിനന പുല്ലിന് വളരെ അനുയോജ്യം.

കരിമ്പ്

കരിമ്പ് നട്ട ചാലിലൂടെ വെള്ളം തുറന്നു വിട്ടാണ് നനയ്ക്കുക. നട്ട ഉടനെ അടുത്തടുത്ത് നനയ്ക്കണമെങ്കിലും പിന്നീട് രണ്ടാഴ്ചയില്‍ ഒരിക്കല്‍ മതി. തുള്ളിനനയും നന്ന്. തുള്ളി നന വഴി 65% വെള്ളം ലാഭിക്കാമെന്നാണ് ഗവേഷണ ഫലങ്ങള്‍.

മരച്ചീനി

നനയ്ക്കുന്ന കപ്പ ഏരികളിലാണ് നടുക. ചാലുകളിലൂടെ നനയ്ക്കുന്നതാണ് നല്ലത്. ചാലുകളിലൂടെയോ നനയ്ക്കുന്നതാണ് നല്ലത്. ചാലുകളിലൂടെയോ, ഒന്നിടവിട്ട ചാലുകളിലൂടെയോ വെള്ളം തുറന്നു വിടാം. സാധാരണ 20 ദിവസം ഇടവേളയിലാണ് നന.

പയര്‍വര്‍ഗ്ഗങ്ങള്‍

വന്‍പയര്‍, ചെറുപയര്‍, ഉഴുന്ന് : സാധാരണ തോതില്‍ രണ്ടു നന മതി. വിതച്ച് 15 ദിവസം കഴിഞ്ഞ് പുഷ്പിക്കല്‍, എന്നീ സമയങ്ങളില്‍. പാടത്ത് തുറന്നുവിട്ട് ആകെ കുതിര്‍ക്കുന്ന രീതിയാണ് നന്ന്.

എള്ള്

മണ്ണില്‍ നനവുള്ളപ്പോള്‍ എള്ള് വിതയ്ക്കണം. 4-5 ഇലപ്രായം, ശിഖരങ്ങള്‍ ഉണ്ടാകുന്ന പ്രായം, പുഷ്പിക്കല്‍, കായ്കള്‍ വളരുന്ന സമയം എന്നീ കാലങ്ങളില്‍ നനയ്ക്കണം. വെള്ളം തുറന്നു വിട്ട് ആകെ നനയ്ക്കുന്ന രീതിയാണു നല്ലത്.

ജാതി
തടത്തില്‍ വെള്ളം തുറന്നു വിട്ടാണ് നന. അഞ്ചു ദിവസത്തെ ഇടവേളയില്‍ 200 ലിറ്റര്‍ വെള്ളം. തുള്ളിനനയുമാകാം. ഒരു ചുവടിന് 3-4 ഡ്രിപ്പറുകളാകാം. ഒരു ദിവസം 25-30 ലിറ്റര്‍ വെള്ളം. ചുവട്ടില്‍ പുതയിടണം.

കൊക്കോ

തടത്തിലാണ് നനയ്ക്കുക. അഞ്ചു ദിവസത്തില്‍ 175 ലിറ്റര്‍ വെള്ളം. ചുവട്ടില്‍ പുതയിടണം. തുള്ളി നനയ്ക്ക് അനുയോജ്യം. ഒരു ദിവസം ശരാശരി 15-20 ലിറ്റര്‍ വെള്ളം. മൂന്ന് ഡ്രിപ്പറുകളെങ്കിലും വേണം.

കാപ്പി

തളിനനയാണു നല്ലത്. നവംബര്‍ മുതല്‍ ജനുവരി വരെ മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്തുകയാണ് ലക്ഷ്യം. ഫെബ്രുവരിയില്‍ നന്നായി പുഷ്പിക്കാനാണ് നന. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ കായ്പിടിത്തം മെച്ചമാക്കാനും. ചുവട്ടില്‍ പുതയിടുന്നതുകൊള്ളാം.

തേയില

തളിനനയാണു നന്ന്. തോട്ടത്തില്‍ നിന്ന് ഒരു ദിവസമുണ്ടാകുന്ന ജലനഷ്ടം കണക്കാക്കിയാണ് വെള്ളത്തിന്‍റെ അളവ് നിശ്ചയിക്കുക. മണ്ണു-ജലസംരക്ഷണത്തിന് ഇടയ്ക്കിടെ ചാലുകള്‍ വേണ്ടത് തേയിലത്തോട്ടങ്ങളുടെ ഉല്‍പാദനക്ഷമത നിലനിര്‍ത്താന്‍ അത്യാവശ്യമാണ്.

ജൈവകൃഷി ചുവടുമാറ്റം എങ്ങനെ

സ്വന്തം കൃഷിയിടവും വീട്ടുവളപ്പുമെല്ലാം വിഷമുക്തമാക്കാമെന്ന നിലപാടിന്‍റെ പേരിലാണ് പലരും ജൈവകൃഷിയിലേക്കു ചുവടുമാറുന്നത്. എന്നാല്‍ നിലവിലുള്ള കൃഷിയില്‍ നിന്ന് ജൈവകൃഷി രീതികളിലേക്കു മാറുന്നവര്‍ക്കു തുടക്കത്തില്‍ പല പ്രായോഗിക പ്രശ്നങ്ങളെയും നേരിടേണ്ടതായി വരും. അവയെ നേരിടുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള വഴികള്‍ അറിയുക.

പ്രധാനമായും ഒരു ഡസന്‍ കാര്യങ്ങളിലാണ് തുടക്കക്കാര്‍ ശ്രദ്ധിക്കാനുള്ളത്. ഓര്‍ക്കുക, ആരോഗ്യപരമായ പ്രശ്നങ്ങളെ മറക്കാന്‍ തയ്യാറാകുമെങ്കില്‍ എല്ലാം തികഞ്ഞ കൃഷി സമ്പ്രദായത്തില്‍ നിന്നാണ് ചുവടുമാറ്റം നടത്തുന്നത്. പുതുതായി സൃഷ്ടിച്ചെടുക്കുന്ന കൃഷി സമ്പ്രദായവും ഇതേ രീതിയില്‍ കുറ്റവും കുറവും തീര്‍ത്തെടുക്കാന്‍ സമയം ആവശ്യമാണ്. അതിനുള്ള ക്ഷമയും സ്വന്തം രീതികള്‍ കണ്ടെത്തുന്നതിനുള്ള തന്മയത്വവുമാണ് ജൈവകൃഷിയിലേക്കു തിരിയുന്നവര്‍ക്കു വേണ്ടത്.

മണ്ണിനും പരിസ്ഥിതിക്കും ദോഷകരമായി മാറാവുന്ന ഒരു കാര്യവും ചെയ്യരുത്. ഇക്കാര്യത്തില്‍ ഉറച്ച തീരുമാനമാണ് ആവശ്യം. കാരണം രാസകൃഷിയുടെ ദോഷങ്ങള്‍ സംബന്ധിച്ച വ്യക്തമായ ബോധ്യത്തില്‍ നിന്നാണല്ലോ ജൈവകൃഷിയിലേക്ക് ചുവടു മാറാനുള്ള തീരുമാനമെടുക്കുന്നത്.

ഏതെങ്കിലും പച്ച ഇലയില്‍ വീഴുന്ന സൂര്യപ്രകാശം ഉപയോഗിച്ച് സസ്യം പ്രകാശസംശ്ലേഷണം ചെയ്യുന്നതനുസരിച്ചാണ് ഭക്ഷണത്തിന്‍റെ പ്രാഥമിക ഉല്‍പാദനം നടക്കുന്നത്. അതിനാല്‍ കൃഷിയിടം പരമാവധി സസ്യങ്ങള്‍ വളരുന്ന അവസ്ഥയില്‍ സംരക്ഷിക്കുക. ഏതെങ്കിലും സസ്യങ്ങള്‍ വളരട്ടെ. ഒന്നുമില്ലാതെ പുരയിടം സൂക്ഷിക്കുന്നതില്‍ നല്ലത് പുല്ലെങ്കിലും വളരുന്നതാണ്.

ആഴത്തിലുള്ള കൊത്തും കിളയും ഉഴവും ഒഴിവാക്കുക. ഇതു വഴി മേല്‍മണ്ണ് ഇളകി ചുവടു ഭാഗത്തേക്കു പോകുന്നു എന്ന പ്രശ്നത്തിലുപരി മണ്ണൊലിപ്പിനു കാരണമാകുകയും ചെയ്യുന്നു. നടീലിന്‍റെ സമയത്തും വിത്തു വിതയ്ക്കുമ്പോഴും മണ്ണിളക്കാതെ സാധിക്കില്ലാത്തതിനാല്‍ ഏറ്റവും കുറഞ്ഞ തോതില്‍ മാത്രം അങ്ങനെ ചെയ്യുക. രോഗ-കീട പ്രതിരോധ ശേഷിയുള്ള വിത്തിനങ്ങളും വിളയിനങ്ങളും നടീലിനായി തിരഞ്ഞെടുക്കുക. ഇക്കാര്യത്തില്‍ പരീക്ഷണശാലകള്‍ പുറത്തിറക്കിയ വിത്തുകളും ഒട്ടുതൈകളും ഉപയോഗിക്കുന്നതില്‍ തെറ്റില്ല.

കൃഷിയിടം പരമാവധി പുതയിട്ടു സംരക്ഷിക്കുക. മൊത്തത്തില്‍ പുതയിടാന്‍ സാധിക്കില്ലെങ്കില്‍ നടീല്‍ കഴിഞ്ഞ ചെടികളുടെ ചുവട്ടിലെങ്കിലും ആവശ്യത്തിനു പുതയിടുക. ഏതു ജൈവവസ്തുവും അഴുകി മണ്ണില്‍ ചേരുമ്പോള്‍ അത് മണ്ണിന്‍റെ വളക്കൂറാണ് വര്‍ധിപ്പിക്കുന്നത്. ഇങ്ങനെയുണ്ടാകുന്ന ക്ലേദം എന്ന പദാര്‍ഥം ചെടികളുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായകമാണ്.

പുതയിട്ടതിന്‍റെ മേല്‍ പച്ചച്ചാണകമിടുകയോ ചാണകം കലക്കിയ കുഴമ്പ് ഒഴിക്കുകയോ ചെയ്യുക. ബയോഗ്യാസ് പ്ലാന്‍റുള്ളവര്‍ അതില്‍ നിന്നുള്ള സ്ലറി ഇതിനുപയോഗിച്ചാലും കുഴപ്പമില്ല. പുതയിട്ട ജൈവവസ്തുക്കള്‍ വേഗത്തില്‍ അഴുകുന്നതിന് ഇതു സഹായിക്കും. കുറേശെയായി പുത നനച്ചു കൊടുക്കുന്നതും നല്ലതാണ്.

പുതയിടുന്നത് ഒരിക്കലും അവസാനിപ്പിക്കരുത്. പുതയിടുന്നതിനനുസരിച്ച് മണ്ണിലെ സൂക്ഷ്മജീവി സാന്നിധ്യമാണ് വര്‍ധിക്കുന്നത്. അവ കൂടുന്നതനുസരിച്ച് കൂടുതല്‍ പുതയിട്ടു കൊടുത്താല്‍ മണ്ണിന്‍റെ വളക്കൂറ് അതിവേഗം വര്‍ധിക്കും. ഓല, ചപ്പുചവറുകള്‍, കടലാസ്, വാഴപ്പിണ്ടി, അടുക്കളയിലെ പാഴ്വസ്തുക്കള്‍ എന്നിവയെല്ലാം പുതയിടാനായി ഉപയോഗിക്കാം.

പയര്‍ വര്‍ഗത്തില്‍ പെട്ട സസ്യങ്ങള്‍ക്കും വൃക്ഷ വിളകള്‍ക്കും കൃഷിയില്‍ വേണ്ടത്ര പ്രാധാന്യം നല്‍കുക. പയര്‍ വര്‍ഗത്തില്‍ പെട്ട സസ്യങ്ങള്‍ ചെടികളുടെ വേരുഭാഗത്ത് നൈട്രജന്‍ ലഭ്യത ഉറപ്പാക്കുന്നു. മരങ്ങളാകട്ടെ പുരയിടത്തിനെ സൂര്യരശ്മികളില്‍ നിന്നു സംരക്ഷിക്കുന്നതോടൊപ്പം ചപ്പുചവറുകള്‍ നല്‍കുകയും ചെയ്യുന്നു.
പാഴ്വസ്തുക്കളൊന്നും കത്തിച്ചു കളയരുത്. കാരണം ഇതുവഴി നഷ്ടപ്പെടുന്നത് പുതയിടുന്നതിനുള്ള വിലപ്പെട്ട വസ്തുക്കളാണ്. പോരെങ്കില്‍ കൃഷിയിടത്തില്‍ വച്ചു തീകത്തിക്കുമ്പോള്‍ അത്രയും സ്ഥലത്തെ സൂക്ഷ്മജീവികളുടെ നാശത്തിനും ഇടയാക്കുന്നു. വേണമെങ്കില്‍ പുറമെ നിന്നു ചാരം കൊണ്ടുവന്ന് കൃഷിയിടത്തിലുപയോഗിക്കാം.
രാസവസ്തുക്കള്‍ കൃഷിയിടത്തില്‍ ഉപയോഗിക്കുകയേ ചെയ്യരുത്. രാസവളങ്ങളില്‍ ഫോസ്ഫാറ്റിക് വളങ്ങള്‍ (മസൂറി ഫോസ്, രാജ്ഫോസ്) ഉപയോഗിക്കുന്നതില്‍ തെറ്റില്ല. കാരണം ഇവരണ്ടും പാറപ്പൊടി മാത്രമാണ്. രാസവളങ്ങള്‍ നല്‍കുന്നതിനു തുല്യമായ പ്രയോജനം നല്‍കാന്‍ കമ്പോസ്റ്റ്, മണ്ണിരകമ്പോസ്റ്റ്, ജൈവസ്ലറികള്‍, പച്ചിലവളങ്ങള്‍ എന്നിവയ്ക്കു സാധിക്കും.

പച്ചിലവളങ്ങള്‍ അങ്ങനെ തന്നെ ഉപയോഗിക്കുന്നതിലും മെച്ചം അവ പുളിപ്പിച്ച ശേഷം ഉപയോഗിക്കുന്നതാണ്. പുളിപ്പിക്കുന്നതിനായി വളക്കൂട്ടുക്കള്‍ തയ്യാറാക്കുമ്പോള്‍ ശര്‍ക്കര, പാളയന്‍കോടന്‍ (മൈസൂര്‍ പൂവന്‍) പഴം, തൈര്, ചാണകം, ഗോമൂത്രം തുടങ്ങിയവ ചേര്‍ക്കുന്നത് ഏറ്റവും ഫലപ്രദമാണ്. പുളിക്കുന്നതനുസരിച്ച് വളക്കൂട്ടുകളില്‍ സൂക്ഷ്മജീവി സാന്നിധ്യം പരമാവധി വര്‍ധിക്കുന്നു.

ജീവാണു വളങ്ങളും ജീവാണുമിശ്രിതങ്ങളും കൃഷിയുടെ ഭാഗമാക്കുക. റൈസോബിയം, അസറ്റോബാക്ടര്‍, അസോസ്പൈറില്ലം, സ്യൂഡോമൊണാസ്, ട്രൈക്കോഡെര്‍മ, ബ്യൂവേറിയ, വെര്‍ട്ടിസീലിയം, വാം തുടങ്ങി കൃഷിയില്‍ നിത്യേന ആവശ്യമായി വരുന്ന ജീവാണുവളങ്ങളും മിശ്രിതങ്ങളും ഏറെയാണ്. 
കീടങ്ങള്‍ക്കും രോഗങ്ങള്‍ക്കുമെതിരേ അങ്ങേയറ്റത്തെ ശ്രദ്ധപുലര്‍ത്തുക. ഏതെങ്കിലും ഒരു പ്രാണിയെ കണ്ടെന്നു കരുതി പരിഭ്രമിക്കേണ്ട. പ്രാണികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ മാത്രമാണ് അവ കീടമായി മാറുന്നത്. അതിനു മുമ്പുതന്നെ അവയെ കൈകൊണ്ടു പിടിച്ചു നശിപ്പിക്കുകയോ കെണികള്‍ ഉപയോഗിച്ചു നശിപ്പിക്കുകയോ ചെയ്യുക. വ്യത്യസ്തമായ കെണികളും ജീവാണുകീടനാശിനികളും ഇപ്പോള്‍ ലഭ്യമാണ്.

ഇനി മുന്തിരി നട്ടാലോ

കേരളത്തിലെ മഴക്കാലം കഴിഞ്ഞു. ഇനി മുന്തിരിയൊന്നു പരീക്ഷിച്ചാലോ. കേരളത്തിലും മുന്തിരി നന്നായി വളരുകയും വിളവു തരുകയും ചെയ്യും. മഴ വില്ലനായി വരരുതെന്നു മാത്രം. മഴ അധികമായാല്‍ മുന്തിരിങ്ങയിലെ അമ്ലത കൂടുകയും അത് രുചികെട്ടതായി മാറുകയും ചെയ്യും. ജലം സമൃദ്ധമായി കിട്ടുമ്പോള്‍ വിളവു തീരെ കുറയുന്നതു മറ്റൊരു പ്രശ്നം. ഇനിവരുന്ന വേനല്‍ക്കാലം കേരളത്തില്‍ മുന്തിരി പരീക്ഷിക്കാന്‍ പറ്റിയ സമയമാണ്. കൗതുകത്തിനു വേണ്ടി മാത്രമല്ല, വേനല്‍മഴയുടെ തോത് കുറയുന്ന പ്രദേശങ്ങളില്‍ ആദായത്തിനു പോലും ഇതു കൃഷി ചെയ്യാം.

നടീല്‍ വസ്തുക്കള്‍

ഒരു വര്‍ഷം പ്രായമായതും പെന്‍സില്‍ വണ്ണമുള്ളതുമായ മൂപ്പെത്തിയ വള്ളികള്‍ മുറിച്ചു നട്ടാണ് മുന്തിരിയുടെ തൈകളുണ്ടാക്കുന്നത്.മുപ്പതു സെന്‍റി മീറ്റര്‍ നീളമാണ് നടീല്‍ വസ്തുക്കള്‍ക്കു വേണ്ടത്. തണ്ടു മുറിക്കുമ്പോള്‍ മുട്ടുകള്‍ക്ക് (കണ്ണുകള്‍ക്ക്) ചേര്‍ന്നാകരുത്. രണ്ടു കണ്ണുകളുടെ ഒത്തു നടുക്കായി വരുന്നതു പോലെ മുറിക്കുക. പ്രതികൂല സാഹചര്യങ്ങളില്‍ സൂക്ഷിച്ച് പച്ചകെടുത്തിയ തണ്ടുകളാണ് നടീല്‍ വസ്തുവാക്കുന്നത്. പച്ചകെടുത്തുന്നതിന് ഏറ്റവും നല്ല മാര്‍ഗം തണ്ടുകള്‍ കെട്ടുകളാക്കി മണലില്‍ സൂക്ഷിക്കുന്നതാണ്. ഒരു മാസത്തോളം ഇങ്ങനെ സൂക്ഷിക്കുന്നതാണ് മികച്ച വിളവു തരുന്നതായി കണ്ടിരിക്കുന്നത്. അതിനു ശേഷം ഇത്തരം വള്ളികള്‍ നഴ്സറിയില്‍ നട്ടുകിളിര്‍പ്പിച്ചെടുക്കാം.

നടീല്‍

മുന്തിരിവള്ളി നടുന്നതിലും പ്രത്യേക ശ്രദ്ധ വേണം. ഒരു കണ്ണ് മാത്രമേ മണ്ണിനു മുകളിലേക്കു കാണാവൂ. മുപ്പതു സെന്‍റിമീറ്റര്‍ നീളത്തില്‍ വേറെ എത്ര കണ്ണുകളുണ്ടെങ്കിലും അവയെല്ലാം മണ്ണിനടിയിലേക്കു പോകണം. പോളിബാഗുകള്‍ക്കുള്ളിലോ ഉയര്‍ത്തിയെടുത്ത നഴ്സറിത്തടങ്ങളിലോ തൈകള്‍ വളര്‍ത്താം. തടങ്ങിളിലാണ് കൃഷിയെങ്കില്‍ തടങ്ങള്‍ തമ്മില്‍ മുക്കാല്‍ മീറ്ററും ചുവടുകള്‍ തമ്മില്‍ മുപ്പതു സെന്‍റിമീറ്ററും അകലം നല്‍കണം. തൈകള്‍ നന്നായി വേരുപിടിച്ചു കിട്ടുന്നതിന് എട്ടുപത്തു മാസം വേണ്ടിവരും. അതായത് ഇക്കൊല്ലം തുലാമഴ കഴിയുമ്പോള്‍ നടുന്നതിനുള്ള തൈകള്‍ ഇപ്പോള്‍ തന്നെ തയ്യാറാക്കണം. കേരളത്തിലെ തണുപ്പുകാലമാണ് നടീലിന് ഏറ്റവും യോജിച്ചത്. ഇതു കഴിഞ്ഞാലുടന്‍ വേനല്‍ക്കാലമാണല്ലോ വരുന്നത്. അപ്പോള്‍ മികച്ച വളര്‍ച്ച കിട്ടിക്കൊള്ളും.

നഴ്സറി തടങ്ങളില്‍ നിന്നു മാറ്റി നടേണ്ടത് സമചതുരക്കുഴികളിലേക്കാണ്. കുഴികള്‍ക്കോരോന്നിനും അറുപതു സെന്‍റിമീറ്റര്‍ വീതം നീളവും വീതിയും താഴ്ചയുമുണ്ടായിരിക്കണം. കുഴി എടുത്തതിനു ശേഷം വെയില്‍ കൊണ്ടു പരുവപ്പെടുന്നതിനു പത്തു ദിവസം തുറന്നിടണം. അതു കഴിഞ്ഞാല്‍ നേരത്തെ കോരിയെടുത്ത മണ്ണിലെ മേല്‍മണ്ണ് പ്രധാന ചേരുവയായി നടീല്‍ മിശ്രിതം തയ്യാറാക്കി കുഴി നിറയ്ക്കണം. മേല്‍മണ്ണിനു പുറമെ ഇരുപതു കിലോഗ്രാം ചാണകപ്പൊടിയും അരകിലോ വീതം രാജ്ഫോസും പൊട്ടാഷും ചേര്‍ക്കണം. മണ്ണില്‍ നിന്നുള്ള രോഗങ്ങളെയും കീടങ്ങളെയും തുരത്തുന്നതിന് കുഴിയൊന്നിന് ഒരു കിലോ വേപ്പിന്‍പിണ്ണാക്കും ചേര്‍ക്കുന്നതു നല്ലതാണ്. മേല്‍ മണ്ണിന്‍റെ പോരായ്മ പരിഹരിക്കുന്നതിന് ചുറ്റിലും നിന്ന് മണ്ണു വെട്ടിക്കയറ്റുകയും ചെയ്യാം. കുഴിയുടെ മധ്യത്തിലായി വേരുപിടിപ്പിച്ച തൈകള്‍ നട്ട് ചുറ്റിലും മണ്ണ് അമര്‍ത്തിയുറപ്പിക്കണം.

പരിചരണം

മുന്തിരി നന്നായി വളരുന്നതിനും അതില്‍ നിന്നു നല്ല വിളവു കിട്ടുന്നതിനും വളളി കോതി വിടുന്നത് മികച്ചതായി കണ്ടിട്ടുണ്ട്. പന്തലില്‍ മുന്തിരി പടര്‍ന്നു കഴിഞ്ഞാണ് വള്ളി മുറിക്കേണ്ടത്. പ്രധാന വള്ളിയൊഴികെ ശാഖകളെല്ലാം മുറിച്ചു മാറ്റുന്നതാണ് രീതി. കണ്ടാല്‍ ചെടി ഉണങ്ങിപ്പോയതാണെന്നേ തോന്നൂ. കാരണം ഇലകളുള്ള ശാഖകളെല്ലാമാണ് മുറിച്ചു മാറ്റുന്നത്. പുതുതായി പൊട്ടിക്കിളിര്‍ത്തു വരുന്ന ശാഖകള്‍ നല്ല കരുത്തോടെ വളരുമെന്നു മാത്രമല്ല, മികച്ച വിളവു തരുകയും ചെയ്യും.

മുന്തിരി പടര്‍ത്തിക്കയറ്റുന്നതിനു ബലമുള്ള പന്തല്‍ വേണം. പ്രാദേശികമായി കിട്ടാവുന്ന വസ്തുക്കള്‍ പന്തലിന്‍റെ നിര്‍മാണത്തിനുപയോഗിക്കാമെങ്കിലും പ്രധാന കാലുകള്‍ കീറിയ കല്ലുകൊണ്ടോ ജി. ഐ പൈപ്പുകൊണ്ടോ നിര്‍മിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ മുന്തിരിയുടെ ഭാരം വരുമ്പോള്‍ പന്തല്‍ നശിച്ചു പോകും. ചെടികള്‍ തമ്മിലും ചുവടുകള്‍ തമ്മിലും ആറ് അടി വീതം അകലം കൊടുക്കുന്നതാണ് നല്ലത്. അതിനു സാധിക്കുന്നില്ലെങ്കില്‍ ചുവടുകള്‍ തമ്മില്‍ നാലരയടി അകലമായാലും മതി.

പന്തലില്‍ മുന്തിരി നന്നായി പടര്‍ന്നു കഴിഞ്ഞാല്‍ എല്ലാ വര്‍ഷവും നവംബര്‍ അവസാനമാണ് കൊമ്പു കോതുന്നത്. ഇടവപ്പാതി മഴ താമസിച്ചു പെയ്യുന്ന സ്ഥലങ്ങളില്‍ ഏപ്രിലില്‍ ഒരു തവണ കൂടി ശാഖകള്‍ കോതി മാറ്റാം. നല്ല മൂപ്പെത്തിയതും പെന്‍സില്‍ വണ്ണുള്ളതുമായ തണ്ടുകളില്‍ മാത്രമാണ് കായ്കളുണ്ടാകുന്നത്. അതിനാല്‍ മറ്റു ശാഖകള്‍ കോതി മാറ്റുന്നതുകൊണ്ടു പ്രശ്നമില്ല.

ചെടിക്ക് വര്‍ഷംതോറും നൂറു കിലോയോളം ജൈവവളം ആവശ്യമാണ്. ചാണകം, കമ്പോസ്റ്റ്, വെര്‍മികമ്പോസ്റ്റ് തുടങ്ങിയവ ജൈവവളമാക്കാം. ഇതിനു പുറമെ ഒരു കിലോ വീതം രാജ്ഫോസും പൊട്ടാഷും അരകിലോ യൂറിയയും നല്‍കുകയും വേണം. കൊമ്പുകോതല്‍ കഴിഞ്ഞയുടനാണ് പൊട്ടാഷ് ഒഴികെയുള്ള വളം നല്‍കേണ്ടത്. പൂവിടുന്ന സമയത്താണ് പൊട്ടാഷ് നല്‍കേണ്ടത്. രാസവളങ്ങള്‍ ചെടിയുടെ ചുവട്ടില്‍ നിന്ന് ഒരടി അകലത്തില്‍ മണ്ണില്‍ ചേര്‍ത്ത് വെട്ടിമൂടുന്നതാണ് തമിഴ്നാട്ടില്‍ അനുവര്‍ത്തിക്കുന്ന രീതി. വളമിട്ടതിനു ശേഷം നന കൊടുക്കണം. തുടര്‍ന്നു നന വേണ്ടിവരും. പത്തു ദിവസത്തിലൊരിക്കല്‍ നനച്ചാല്‍ മതിയാകും.

സാധാരണയായി ഒന്നര വര്‍ഷം വളര്‍ച്ചയെത്തുമ്പോഴാണ് മുന്തിരി പൂക്കാന്‍ തുടങ്ങുന്നത്. വേനല്‍ക്കാലത്തു രണ്ടു തവണ വിളവെടുക്കാന്‍ സാധിക്കും. ഒരു ചുവട് മുന്തിരിയില്‍ നിന്ന് അനേകവര്‍ഷങ്ങള്‍ വിളവെടുക്കുന്നതിനു സാധിക്കും.

സഹായ ജാലകം

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ഉല്‍പന്ന നിര്‍മാതാക്കളെയും സേവനദാതാക്കളെയും പരിചയപ്പെടുത്തുന്നു. കാര്‍ഷികരംഗം ഡോട്ട് കോം വായനക്കാര്‍ക്ക് സ്വന്തം നിലയില്‍ ഇക്കൂട്ടരെ അടുത്തറിയുന്നതിനും വാണിജ്യ ഇടപാടുകളില്‍ ഏര്‍പ്പെടുന്നതിനും സഹായിക്കുന്ന വിഭാഗം.

ജൈവവളങ്ങള്‍

ഗ്രീനേജ് ടെക്നോളജീസ്, കോട്ടയം

ചകിരിച്ചോര്‍ കമ്പോസ്റ്റ്, വെര്‍മി കമ്പോസ്റ്റ്, മീന്‍വളം തുടങ്ങിയവ.
ഫോണ്‍: 0481-2582405 (പകല്‍ സമയത്തു മാത്രം വിളിക്കുക)

ലിയോ എക്സ്പോര്‍ട്ട്സ്, പാലക്കാട്

ചകിരിച്ചോര്‍ ജൈവവളം, കോക്കോപീറ്റ്, ഗ്രോബാഗ് ലിയോ എക്സ്പോര്‍ട്ട്സ്, പാലക്കാട് ഫോണ്‍: 9447225021

ഹൈറേഞ്ച് ഫെര്‍ട്ടിലൈസേഴ്സ്, പുളിയന്‍മല

ഗ്യാരണ്ടിയുള്ള വേപ്പിന്‍ പിണ്ണാക്ക്, ഹൈറേഞ്ച് ഫെര്‍ട്ടിലൈസേഴ്സ്, പുളിയന്‍മല, ഫോണ്‍: 9747111273

അഗ്രീസ്, പാലക്കാട്

ഓര്‍ഗാനിക് കമ്പോസ്റ്റ്, വെര്‍മി കമ്പോസ്റ്റ്, വിവിധതരം പിണ്ണാക്കുകള്‍, അഗ്രീസ്, പാലക്കാട് ഫോണ്‍: 9846235379

സൗത്ത് ഇന്ത്യന്‍ ഫെര്‍ട്ടിലൈസേഴ്സ്, ആലുവ

ജൈവകീടനാശിനി - ജൈവവളങ്ങള്‍, സൗത്ത് ഇന്ത്യന്‍ ഫെര്‍ട്ടിലൈസേഴ്സ്, ആലുവ ഫോണ്‍: 9947773620

ജീവാണുവളങ്ങള്‍

അബ്ടെക്ക് കോട്ടയം

അസോസ്പൈറില്ലം, അസറ്റോബാക്ടര്‍, റൈസോബിയം, ഫോസ്ഫോ ബാക്ടീരിയ, വാം, ബയോപൊട്ടാഷ്, പിജിപിആര്‍-1
ഫോണ്‍: 0481-6531339, 9446302900

കാര്‍ഷിക ഉപകരണങ്ങള്‍

മാതാ ഇന്‍ക്യുബേറ്റര്‍ ഇന്‍ഡസ്ട്രി

ഇന്‍ക്യുബേറ്റര്‍ (മുട്ടവിരിയിപ്പിക്കുന്ന ഉപകരണം)
മാതാ ഇന്‍ക്യുബേറ്റര്‍ ഇന്‍ഡസ്ട്രി, കൊല്ലം, ഫോണ്‍: 9446505661

മീനച്ചില്‍ ബി ഗാര്‍ഡന്‍, പാലാ
തേനീച്ചപ്പെട്ടി തേനീച്ച കോളനി സ്മോക്കര്‍ എക്സ്ട്രാക്ടര്‍ മീനച്ചില്‍ ബി ഗാര്‍ഡന്‍, പാലാ ഫോണ്‍: 9447227186


ജാതിക്കായ പരിപ്പ് എടുക്കുന്ന മെഷീന്‍, എറണാകുളം, ഫോണ്‍: 9526323795

ഗ്രീന്‍ഗാര്‍ഡ് അഗ്രി ഡ്രയര്‍
ഗ്രീന്‍ഗാര്‍ഡ് അഗ്രി ഡ്രയര്‍, കുട്ടംതടത്തില്‍ കുമളി, ഫോണ്‍: 9400169008

തൈകള്‍, വിത്തുകള്‍

ത്രിവേണി ഗാര്‍ഡന്‍

ത്രിവേണി ഗാര്‍ഡന്‍ എല്ലാവിധ പൂച്ചെടികള്‍ക്കും ഫലവൃക്ഷതൈകള്‍ക്കും കുറ്റിക്കുരുമുളക് തൈകള്‍ക്കും ഉദയംപേരൂര്‍, ഫോണ്‍: 9895168021


സ്വപ്നചിത്ര റിസര്‍ച്ച് ഫാം

ഫലവൃക്ഷത്തൈകള്‍ സ്വപ്നചിത്ര റിസര്‍ച്ച് ഫാം ഫോണ്‍: 8589898888


ഗ്രീന്‍ലാന്‍റ് കാര്‍ഷിക നേഴ്സറി,

തിപ്പലി കുരുമുളക്, നാടന്‍ ബഡ് ജാതി ഗ്രീന്‍ലാന്‍റ് കാര്‍ഷിക നേഴ്സറി, കോട്ടപ്പടി പി.ഒ. ഫോണ്‍: 9746600837


അഗ്രോ ഫെര്‍ട്ട്, കോട്ടയം

മലേഷ്യന്‍ ഹൈബ്രീഡ് കുള്ളന്‍ തെങ്ങിന്‍ തൈകള്‍, അഗ്രോ ഫെര്‍ട്ട്, കോട്ടയം ഫോണ്‍: 9947855869

സൗരോര്‍ജ്ജ പാനല്‍, മഴവെള്ള സംഭരണി


പോള്‍ജോ 777 ഉദ്യോഗ് ലിമിറ്റഡ്, ഇരിഞ്ഞാലക്കുട

പോള്‍ജോ 777 ഉദ്യോഗ് ലിമിറ്റഡ്, ജി.ജി. റോഡ്, മുല്ലക്കാട്, ഇരിഞ്ഞാലക്കുട
ഫോണ്‍: 04872323427

നീരയില്‍ നിന്നു മാസവരുമാനം 82000

ഉദയഗിരി ഫെഡറേഷന്‍റെ മൂന്നാംതോട് സി.പി.എസ്. ലെ അംഗമായ ഷാജു നീര ടെക്നീഷ്യന്‍ പരിശീലനം പൂര്‍ത്തിയായ ഉടന്‍ ചെയ്തത് തന്‍റെ 12 തെങ്ങുകളില്‍നിന്ന് നീര ടാപ്പിംഗായിരുന്നു. കൃഷി ആവശ്യത്തിനായി ബാങ്കില്‍ നിന്നു വായ്പയെടുത്ത തുക തിരിച്ചടയ്ക്കാന്‍ നിര്‍വാഹമില്ലാതെ ക്ലേശിച്ച ഷാജു ഇന്ന് സ്വന്തമായി നീര ടാപ്പ് ചെയ്ത് മാത്രം മാസം 82000 രൂപ വരുമാനം നേടുന്നു.
കണ്ണൂര്‍ ജില്ലയിലെ ഒരു കുടിയേറ്റ ഗ്രാമത്തില്‍ നടക്കുന്ന നീര വിപ്ലവത്തിന്‍റെ കഥയാണിത്. ഉദയഗിരി പഞ്ചായത്തിലെ അരിവിളഞ്ഞപൊയില്‍ എന്ന നാട്ടിന്‍പുറത്ത് പാലക്കാട്ട് വീട്ടില്‍ അപ്പച്ചന്‍-ലൂസി ദമ്പതികളുടെ മകനായി ഷാജു എന്ന 41 കാരന്‍ നീരയിലൂടെ സൃഷ്ടിക്കുന്ന വിപ്ലവത്തിന്‍റെ കഥ. കണ്ണൂരിലെ തേജസ്വിനി കമ്പനിയുടെ കീഴിലുള്ള ഉദയഗിരി ഫെഡറേഷനിലാണ്, 12 തെങ്ങില്‍ നിന്നു സ്വന്തമായി നീര ടാപ്പ് ചെയ്ത് ദിവസം 2500 രൂപ വരുമാനം നേടുന്ന ഈ കര്‍ഷക പ്രതിഭ. കേട്ടാല്‍ ഞെട്ടുന്ന ഈ നേട്ടം കാണാന്‍ സംസ്ഥാന ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ് നേരിട്ടെത്തി. അദ്ദേഹം പൊന്നാടയണിയിച്ച് ഷാജുവിനെ ആദരിച്ചു.
കോഴിക്കോട് കൂരാച്ചുണ്ടില്‍ നിന്നും 24 വര്‍ഷം മുമ്പ് കണ്ണൂരിലെ ഉദയഗിരിയിലേക്കു കുടിയേറിയ ഷാജുവിനു പിതൃസ്വത്തായി ലഭിച്ച 8 ഏക്കര്‍ സ്ഥലത്ത് സമ്മിശ്ര ജൈവകൃഷി നടത്തുന്നു. ആകെയുള്ള 500 തെങ്ങുകളില്‍ 400 എണ്ണവും ഫലം തരുന്നവയാണ്. 100 തൈത്തെങ്ങുകളും, ഇടവിളകളായി കൊക്കോ, ജാതി, കാപ്പി, ഏലം, വാഴ, ഇഞ്ചി തുടങ്ങിയവയും. കഠിനാദ്ധ്വാനിയായ ഷാജു 600 ഓളം റബ്ബര്‍ മരങ്ങള്‍ സ്വന്തമായി ടാപ്പു ചെയ്യുമായിരുന്നു. അരിവിളഞ്ഞപൊയിലില്‍ സ്ഥലം വാങ്ങുമ്പോള്‍ തെങ്ങുമാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് റബ്ബര്‍ വച്ചത്. രണ്ടു വര്‍ഷമായി വില കുറവാണെങ്കിലും സ്വന്തമായ ടാപ്പിംഗ് നടത്തുന്നതിനാല്‍ ഷാജു പിടിച്ചു നിന്നിരുന്നു. എന്നാലും കൃഷിക്ക് എടുത്ത വായ്പ ബാങ്കില്‍ ബാധ്യതയായി. അപ്പോഴാണ് നീര ടാപ്പിംഗ് പരിശീലനത്തെ കുറിച്ച് ഉദയഗിരി ഫെഡറേഷന്‍ പ്രസിഡന്‍റ് ജോസ് പറയന്‍കുഴിയില്‍നിന്ന് അറിഞ്ഞത്. ആദ്യ ബാച്ചില്‍ തന്നെ പരിശീലനം നേടി. 30 വര്‍ഷം പരിചയമുള്ള മോഹനന്‍ ആശാന്‍റെ കീഴില്‍ 45 ദിവസത്തെ പരിശീലനം. അത് പൂര്‍ത്തിയാകുന്നതിനു മുമ്പേ സ്വന്തം പുരയിടത്തിലെ തെങ്ങില്‍ നിന്നു പരീക്ഷണാടിസ്ഥാനത്തില്‍ നീര ഉല്‍പ്പാദിപ്പിച്ചു ഷാജു സാമര്‍ത്ഥ്യം തെളിയിച്ചു.
പിന്നെ ഒരു ആവേശമായിരുന്നു. ഉദയഗിരി ഫെഡറേഷനിലെ മൂന്നാംതോട് സി.പി.എസ്. ലെ അംഗമായ ഷാജു തന്‍റെ 12 തെങ്ങുകളില്‍ പടികെട്ടി, ടാപ്പിംഗ് ആരംഭിച്ചു. ശരാശരി ഉല്‍പ്പാദനം 36 ലിറ്റര്‍. മലയോരത്തെ ഉയരം കൂടിയ കാസര്‍കോടന്‍ തെങ്ങില്‍ നിന്ന് ഇത് റിക്കോര്‍ഡ് ഉല്‍പ്പാദനമായിരുന്നു. കര്‍ഷകന്‍റെയും തൊഴിലാളിയുടെയും വിഹിതമായി മാസ വരുമാനം ശരാശരി 75000 രൂപ. 2015 ആഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തോടുകൂടി സ്വന്തം പുരയിടത്തില്‍ നിന്നും നീര ഉല്‍പാദിപ്പിക്കാന്‍ തുടങ്ങിയ ഷാജു ഇപ്പോള്‍ 30-37 ലിറ്റര്‍ വരെ നീര ദിനംപ്രതി ഉല്‍പാദിപ്പിക്കുന്നു. 42 ലിറ്റര്‍ വരെ നീര ലഭിച്ചിരുന്ന ഷാജുവിന് കിട്ടിയ ഏറ്റവും കൂടിയ മാസ പ്രതിഫലം 82000 രൂപയായിരുന്നു. ബാങ്കിലെ കടങ്ങള്‍ അടഞ്ഞു. മറ്റ് ബാധ്യതകള്‍ എല്ലാം തീര്‍ന്നു. വീട്ടില്‍ പുഞ്ചിരി വിടര്‍ന്നു.
പ്രീഡിഗ്രി പഠനത്തിനു ശേഷമാണ് ഷാജു കൃഷിപ്പണിയിലേക്കു തിരിഞ്ഞത്. തെങ്ങ്, കവുങ്ങ് എന്നിവയില്‍ കുട്ടിക്കാലം മുതലേ കയറുന്നതിനാല്‍ പ്രത്യേക പരിശീലനമൊന്നും തെങ്ങുകയറ്റത്തില്‍ നേടിയിട്ടില്ല. ലിറ്ററിന് 65 രൂപ വച്ചാണ് ഫെഡറേഷന്‍ കര്‍ഷകനു നല്‍കുന്നത്. കര്‍ഷകര്‍ മാത്രമേ നീര ചെത്താന്‍ പാടുള്ളൂവെന്ന ഫെഡറേഷന്‍റെ തീരുമാനപ്രകാരം ഷാജുവിനെപ്പോലെ മറ്റു 10 കര്‍ഷകരും ഇപ്പോള്‍ നീര ടാപ്പിംഗില്‍ ഫെഡറേഷനുമായി സഹകരിക്കുന്നു.
രണ്ടു നേരം തെങ്ങില്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഷാജുവിന്‍റെ അഭിപ്രായത്തില്‍ രാത്രിയില്‍ തണുപ്പു കൂടുതലും മഞ്ഞുമുണ്ടെങ്കില്‍ നീര ഉല്‍പാദനം കൂടുമെന്നുള്ളതാണ്. കാറ്റ് കൂടുതലാണെങ്കില്‍ ഉല്‍പ്പാദനത്തില്‍ കുറവുമുണ്ടാകും. രാവിലെ 6 മണി മുതല്‍ 10 മണി വരെയും വൈകിട്ട് 4 മുതല്‍ 7.30 വരെയുമാണ് നീരയുല്‍പ്പാദനവുമായി ബന്ധപ്പെട്ട് ചെലവഴിക്കുക. ബാക്കി സമയം പശു പരിപാലനം, കോഴി വളര്‍ത്തല്‍ തുടങ്ങിയവയാണ് പ്രധാന ജോലികള്‍. കൊക്കോ, പാല്‍, കോഴി, മുട്ട, പച്ചക്കറി തുടങ്ങിയവ വിറ്റും ദിവസം 2500 രൂപ വേറെയും വരുമാനം ഉണ്ടാക്കുന്നുണ്ട്. നേരത്തെ ആട്, കോഴിഫാമുകള്‍ നടത്തിയിരുന്ന ഷാജുവിന്‍റെ അഭിപ്രായത്തില്‍ എല്ലാത്തിനേക്കാളും ലാഭം നീര തന്നെയാണെന്നതാണ്.
കഠിനാദ്ധ്വാനമാണ് ഷാജുവിന്‍റെ മുഖമുദ്ര. രാവിലെ 6-10 വരെയാണ് ടാപ്പിംഗ്. വൈകിട്ട് 4-7.30. വൈകിട്ട് ടാപ്പിംഗിന് പ്രത്യേക ലൈറ്റ് ഉപയോഗിക്കും. കഴിഞ്ഞ എട്ടു മാസമായി തുടരുന്ന ടാപ്പിംഗിനു ഷാജുവിനു പ്രത്യേക രീതികള്‍ ഉണ്ട്. ചകിരിവച്ച് കെട്ടിയാണ് തെങ്ങില്‍ കയറുന്നത്. 30-40 സ്റ്റെപ്പുകള്‍ ഉള്ളവയാണ് ഏറെയും. വേനലില്‍ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ പുരയിടം നന്നായി നനയ്ക്കുകയും, ആഴ്ചയില്‍ ഒരിക്കല്‍ ബയോഗ്യാസ് സ്ലറി ഒഴിക്കുകയും ചെയ്താല്‍ നീരയുല്‍പാദനം കൂടുമെന്നുള്ളതാണ് തന്‍റെ അനുഭവമെന്ന് ഷാജു പറയുന്നു. വലിയ കുളമുള്ളതുകൊണ്ട് കൃഷിക്കാവശ്യമായ ജലസേചന സൗകര്യമുണ്ട്.
ലക്ഷ്യബോധവുമുണ്ടെങ്കില്‍ നീര ടാപ്പിങ് ആസ്വാദ്യകരമാക്കാമെന്നതാണ് ഷാജുവിന്‍റെ അഭിപ്രായം. എന്നാല്‍ ഇതിനു പ്രതിബന്ധങ്ങളും ഉണ്ട്. എലി, വവ്വാല്‍, അണ്ണാന്‍ തുടങ്ങിയവ കുല നശിപ്പിക്കുന്നുണ്ട്. മാട്ടം തെങ്ങിന്‍റെ കവിളില്‍ ചേര്‍ത്തു വയ്ക്കാന്‍ കഴിയാത്തതിനാല്‍ കുല തീരും വരെ ടാപ്പിംഗ് സാധിക്കില്ല. നല്ല നീരവീഴ്ചയുള്ള കുലകള്‍ ഇക്കാരണത്താല്‍ പലപ്പോഴും ഉപേക്ഷിക്കേണ്ടി വരുന്നു. 1992 ബാച്ചില്‍ കരാട്ടേ ബ്ലാക്ക് ബെല്‍റ്റ് കരസ്ഥമാക്കിയ ഷാജുവിന്‍റെ കീഴില്‍ മണക്കടവില്‍ കരാട്ടേ പരിശീലന കേന്ദ്രമുണ്ടായിരുന്നു. 40 പേരെ ശിഷ്യന്മാരാക്കിയ ഷാജുവിന്‍റെ അഭിപ്രായത്തില്‍ ശാരീരിക ക്ഷമതയും വളരെയധികം ശ്രദ്ധയും ആവശ്യമുള്ള തൊഴിലാണ് നീര ടാപ്പിംഗ്. മറ്റ് വ്യായാമം ഒന്നും വേണ്ട. 365 ദിവസവും തുടരെയുള്ള ജോലിയാണ്. ലീവ് എടുക്കാനാവില്ല എന്നതേയുള്ളു ഷാജുവിന്‍റെ സ്വകാര്യ ദുഃഖം. മരണവീട്ടില്‍ പോയാലും ടാപ്പിംഗ് സമയമായാല്‍ ഷാജു മടങ്ങും. കല്യാണസദ്യയില്‍ സഹായിക്കാന്‍ പോയാലും ഇതേ ഗതി തന്നെ. തല്‍ക്കാലം ജീവിതത്തിലെ എല്ലാ ആഘോഷങ്ങള്‍ക്കും ഈ ചെറുപ്പക്കാരന്‍ അവധി നല്‍കിയിരിക്കുകയാണ്.
വൈകുന്നേരം സംഭരിക്കുന്ന നീര ഫ്രീസറില്‍ വച്ചശേഷം രാവിലെയുല്‍പ്പാദിപ്പിക്കുന്ന നീരയും ഒരുമിച്ചാണ് ഫെഡറേഷനില്‍ എത്തിക്കുന്നത്. ഐസ് ബോക്സ്, പ്ലാസ്റ്റിക് കൂട്, മാട്ടം തുടങ്ങി ഫ്രീസര്‍ വരെ ഫെഡറേഷനാണ് കര്‍ഷകനു വാങ്ങി നല്‍കിയിരിക്കുന്നത്. ഉല്‍പ്പാദിപ്പിക്കുന്ന നീര മുഴുവനും ഫെഡറേഷനു തന്നെ നല്‍കണമെന്ന വ്യവസ്ഥയാണ് ഇരുകൂട്ടരും തമ്മിലുള്ളത്. 10 ലിറ്ററിനു മുകളില്‍ നീരയുല്‍പാദിപ്പിക്കുന്ന കര്‍ഷകനു ലിറ്ററിന് 65 രൂപയും, 10 ലിറ്ററില്‍ താഴെ നീരയുല്‍പ്പാദിപ്പിക്കുന്ന കര്‍ഷകന് ലിറ്ററിന് 70 രൂപയുമാണ് ഫെഡറേഷന്‍ നല്‍കുന്നത്. കൃഷിക്കാര്‍ മാത്രമേ നീര ചെത്താന്‍ പാടുള്ളൂവെന്ന ഫെഡറേഷന്‍റെ തീരുമാനത്തെ കര്‍ഷക സമൂഹം ഒന്നടങ്കം അംഗീകരിച്ചിരിക്കുകയാണ്.
ഷാജുവിനെ സഹായിക്കാന്‍ ഭാര്യ ലൂസിയും കൂടെയുണ്ട്. വീട്ടുജോലികള്‍ കഴിഞ്ഞാല്‍ ലൂസിയും നീര ടാപ്പിംഗിനുള്ള ഇതര ജോലികളില്‍ സഹായിക്കും. ചെളി സ്റ്ററിലൈസ് ചെയ്യുക. പാത്രങ്ങള്‍ ശുചിയാക്കി വയ്ക്കുക, ഇതൊക്കെ ലൂസിയുടെ ചുമതലയാണ്. മക്കള്‍ 8-ാം ക്ലാസ്സുകാരി ദിയ, 5-ാം ക്ലാസ്സുകാരന്‍ ജിത്തു എന്നിവരും സഹായിക്കുന്നു.
ഉദയഗിരി ഫെഡറേഷന്‍റെ നേതൃത്വത്തില്‍ ചിങ്ങം1 ന് കര്‍ഷക ദിനമാചരിച്ചപ്പോള്‍ ശ്രീ. ഷാജുവിനെ ഫെഡറേഷന്‍ മെമന്‍റോ നല്‍കി ആദരിക്കുകയുണ്ടായി. ഉദയഗിരി ഗ്രാമപഞ്ചായത്തില്‍ നിന്നും ത്രിതല പഞ്ചായത്തില്‍ വിജയിച്ച ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കിയ ചടങ്ങില്‍ വച്ചു ബഹു. സാംസ്കാരിക ഗ്രാമവികസന വകുപ്പു മന്ത്രി ശ്രീ. കെ.സി. ജോസഫ് ഷാജു അപ്പച്ചനെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.
ഫോണ്‍: 9495376448.
കെ.കെ. സുഭാഷ് (ചാര്‍ജ് ഓഫീസര്‍, നാളികേര വികസ ബോര്‍ഡ്, കണ്ണൂര്‍)

നീരയിലൊരു വടക്കന്‍ വീരഗാഥ

കേരളത്തിലെ കാര്‍ഷിക മേഖലയില്‍ മികവിന്‍റെ അടയാളമെന്നു പേരുകേട്ട കര്‍ഷകശ്രീ പുരസ്കാരം കൈവരിച്ചതിനെക്കാള്‍ കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ സ്വദേശിയായ സണ്ണി ജോര്‍ജ് ആനന്ദമനുഭവിക്കുന്നത് ഇപ്പോഴാണ്. അവാര്‍ഡിനു സണ്ണിയെ അര്‍ഹനാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച റബര്‍ മരങ്ങള്‍ വെട്ടി മാറ്റി കാര്‍ഷിക മേഖലയില്‍ ചുവടുമാറ്റം നടത്തിയതാണ് സണ്ണിക്ക് ഇപ്പോഴത്തെ ആനന്ദം പ്രദാനം ചെയ്യുന്നത്. 
മൂന്നേക്കറിലെ റബര്‍ മരങ്ങളാണ് സണ്ണി മുറിച്ചു മാറ്റിയത്. ഇതിനു കാരണമായി പറയുന്നതാകട്ടെ അരയേക്കറിലെ തെങ്ങില്‍ നിന്നു സുഭിക്ഷമായി ജീവിക്കുന്നതിനു വേണ്ട വരുമാനം ഉറപ്പാണെന്നതും. ഇതാണ് കേരളത്തിലെ കാര്‍ഷിക മേഖലയില്‍ നീര വരുത്തിയ മാറ്റം. സണ്ണി ചെയര്‍മാനായ ചെറുപുഴ തേജസ്വിനി നാളികേര ഉല്‍പാദന കമ്പനിക്ക് മറ്റൊരു മികവു കൂടി അവകാശപ്പെടാനുണ്ട്. കര്‍ഷകര്‍ സ്വയം നീര ടെക്നീഷ്യന്‍മാര്‍ കൂടിയായി മാറിയ പ്രദേശമാണ് ചെറുപുഴ. നാളികേര വികസനബോര്‍ഡില്‍ നിന്നും നല്‍കിയ പരിശീലനമാണ് കര്‍ഷകര്‍ക്ക് കൃഷിയിലെ മികവ് നീര ചെത്തിയെടുക്കുന്നതു മുതല്‍ ഉല്‍പാദനത്തിന്‍റെ എല്ലാ മേഖലകളില്‍ കൂടി ആവര്‍ത്തിക്കുന്നതിനു വേണ്ട പിന്‍ബലമായത്. 
റബറില്‍ നിന്നുള്ള ചുവടുമാറ്റം ഇവരില്‍ പലരെയും മിശ്രവിളക്കൃഷിയുടെ തണലിലേക്കാണ് എത്തിക്കുന്നത്. സണ്ണി തന്നെ മൂന്നേക്കര്‍ റബ്ബര്‍ തോട്ടം മുറിച്ചു മാറ്റി കുറിയ ഇനം തെങ്ങുകളും കുരുമുളകും നല്ലയിനം വരിക്കപ്ലാവും വാര്‍ഷിക വിളയായി മഞ്ഞളും ചേനയും നട്ടു മറ്റുള്ളവര്‍ക്കു മാതൃകയായി. അതു പോലെ തന്നെ സണ്ണി മാതൃകയായി മാറിയ മറ്റൊരു മേഖലയാണ് നീര ഉല്‍പാദനത്തിനായുള്ള തെങ്ങു ചെത്ത്. കാലാകാലങ്ങളായി നാളികേര മേഖലയില്‍ നടുക, വളമിടുക, നനയ്ക്കുക എന്ന ജോലികള്‍ കര്‍ഷകനും വിളവെടുപ്പ്, രോഗകീട നിയന്ത്രണം തുടങ്ങിയ ജോലികള്‍ പരമ്പരാഗത വിദഗ്ധ തൊഴിലാളികളുമായിരുന്നു നിര്‍വഹിച്ചു പോന്നിരുന്നത്. അതില്‍ നിന്നൊരു മാറ്റത്തിനാണ് നീരയുടെ രംഗപ്രവേശം വഴിതെളിച്ചിരിക്കുന്നത്. 
നാളികേര കൃഷിയില്‍ പാഠഭേദവുമായി ഇതാ ഒരു വടക്കന്‍ വീരഗാഥ. തെങ്ങിന്‍റെ കൃഷി മാത്രമല്ല റബ്ബര്‍ ടാപ്പിംഗ് പോലെ നീര ടാപ്പിംഗും കൃഷിക്കാരനു തന്നെ നിര്‍വഹിക്കാം എന്നു പ്രവര്‍ത്തിയിലൂടെ കാണിച്ചു തന്നു ചരിത്രം സൃഷ്ടിക്കുകയാണ് കണ്ണൂര്‍ തേജസ്വിനി കമ്പനിയിലെ ചെറുപ്പക്കാരായ 31 കൃഷിക്കാര്‍. തേജസ്വിനി കമ്പനിയുടെ പ്രവര്‍ത്തനമേഖല മിക്കവാറും മലയോര കൃഷിയിടങ്ങളാകയാല്‍ തുടക്കം മുതലെ ഇവിടെ നീര ചെത്തിയെടുക്കുന്നതിനു പരിശീലനം സിദ്ധിച്ച ടെക്നീഷ്യന്‍മാര്‍ക്കു ക്ഷാമമായിരുന്നു. ഫെഡറേഷനുകള്‍ക്ക് നീര ഉല്‍പാദന ലൈസന്‍സ് ലഭിച്ചാല്‍ അത് ടാപ്പ് ചെയ്യാന്‍ ആളില്ലാതെ വരും എന്ന ആശങ്ക മൂലം മുന്‍കരുതല്‍ എന്ന നിലയ്ക്ക് കര്‍ഷകരും പരിശീലനത്തിന് എത്തുമായിരുന്നു. എന്നാല്‍ റബറിന്‍റെ ടാപ്പിംഗ് പോലെ തെങ്ങിന്‍റെ ടാപ്പിംഗും തങ്ങള്‍ക്കു വഴങ്ങുമെന്ന് മലയോര കര്‍ഷകര്‍ തെളിയിക്കുന്നു. 
തേജസ്വിനിയുടെ ഉദയഗിരി, ചെറുപുഴ, ആലക്കോട് എന്നീ ഫെഡറേഷനിലെ 31 കൃഷിക്കാരാണ് നീര ടാപ്പിംഗില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കിയിരിക്കുന്നത്. എല്ലാവരും 40-നു താഴെ പ്രായമുള്ള ഊര്‍ജ്ജസ്വലര്‍. പത്തു വരെ തെങ്ങുകളാണ് ഇവര്‍ പ്രതിദിനം ടാപ്പു ചെയ്യുന്നത്. പ്രതിമാസം അവര്‍ നേടുന്ന വരുമാനം 63700 രൂപ വരെ. ഇവരില്‍ ഒന്നാം സ്ഥാനത്ത് ഉദയഗിരി ഫെഡറേഷനിലെ അരിവിളഞ്ഞപൊയില്‍ സ്വദേശി പാലക്കാട്ട് പുത്തന്‍പുരയ്ക്കല്‍ ഷാജു അപ്പച്ചനാണ്. ഇപ്പോള്‍ 41 വയസ്. പ്രീഡിഗ്രി വിദ്യാഭ്യാസം. മുഴുവന്‍ സമയ കര്‍ഷകന്‍. മൂന്ന് ഏക്കര്‍ കൃഷിയിടമുള്ള ഷാജുവിന് കായ്ഫലമുള്ള 150 തെങ്ങുകള്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷമാണ് നീര ടെക്നീഷ്യന്‍ കോഴ്സ് പാസായത്. ഇപ്പോള്‍ 10 തെങ്ങ് ടാപ്പ് ചെയ്യുന്നു. കഴിഞ്ഞ മാസം കര്‍ഷകന്‍റെയും തൊഴിലാളിയുടെയും വിഹിതമായ 63700 രൂപ കമ്പനിയില്‍ നിന്ന് ഇദ്ദേഹം സ്വന്തമാക്കി. കൃഷിയിലെ നഷ്ടക്കണക്കുകളാണ് നീര ടാപ്പിംഗിലൂടെ തനിക്കു മാറ്റിയെഴുതാന്‍ സാധിച്ചതെന്ന് ഷാജു പറയുന്നു. കഠിനാധ്വാനത്തിലൂടെയും അര്‍പ്പണബോധത്തോടെയും സ്വന്തം കൃഷിയിടത്തിലെ തെങ്ങിന്‍റെ ഉയരങ്ങള്‍ കാല്‍ക്കീഴിലാക്കിയപ്പോള്‍ ബാങ്ക് വായ്പ തിരിച്ചടവ്, കുട്ടികളുടെ ഫീസ് അടവ് ഇവയെല്ലാം തനിക്ക് നിസാരമായി മാറിയതായി ഇദ്ദേഹത്തിന്‍റെ സാക്ഷ്യം. 
നീര ഉല്‍പാദനത്തിലൂടെ ആരോഗ്യമുള്ള മനസും ശരീരവും ശാന്തമായ ജീവിതവും മികച്ച വരുമാനവുമാണ് ഇദ്ദേഹത്തിനു സ്വന്തമായത്. അര്‍പ്പണബോധത്തോടെ കഠിനാധ്വാനത്തിനു തയാറാണെങ്കില്‍ ആരെയും നീര രക്ഷിക്കുമെന്ന് ഷാജു സാക്ഷ്യപ്പെടുത്തുന്നു.
തൊട്ടടുത്ത സ്ഥാനത്ത് ചെറുപുഴ ഫെഡറേഷനിലെ തിരുമേനി സ്വദേശി മനോജ് മേക്കലാത്ത് എട്ടു തെങ്ങുകള്‍ ടാപ്പ് ചെയ്ത് 54860 രൂപയുമായി നില്‍ക്കുന്നു. മൂന്ന് ഏക്കര്‍ കൃഷിയിടമുള്ള മനോജിനും 150 തെങ്ങുകള്‍ സ്വന്തമായുണ്ട്. കൃഷിയാണ് മുഖ്യ വരുമാനം. സ്വന്തം തെങ്ങിന്‍തോപ്പില്‍ നിധിയിരിക്കുന്നതു തിരിച്ചറിയാന്‍ അല്‍പം വൈകിപ്പോയെന്ന് ഇദ്ദേഹം പറയുന്നു. ഇപ്പോള്‍ മറ്റ് കൃഷിപ്പണികള്‍ക്കൊപ്പം നീര ടാപ്പിംഗും നടക്കുന്നു. പണ്ട് സ്വപ്നം കണ്ടിരുന്ന വരുമാനമാണ് ഇപ്പോള്‍ തെങ്ങുകള്‍ എനിക്കു നല്‍കുന്നത്- മനോജ് തന്‍റെ ജീവിതം തന്നെ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.
അഞ്ച് ഏക്കര്‍ കൃഷിയിടം സ്വന്തമായുള്ള മണക്കടവ് സ്വദേശി സ്റ്റെനി സെബാസ്റ്റ്യന്‍ മേക്കാവില്‍ ആണ് മൂന്നാം സ്ഥാനത്ത്. ഉദയഗിരി ഫെഡറേഷനിലെ അംഗമായ സ്റ്റെനിക്ക് 160 തെങ്ങുകളുണ്ട്. ആറു തെങ്ങുകള്‍ ടാപ്പ് ചെയ്യുന്നു. കഴിഞ്ഞ മാസത്തെ വരുമാനം 34320 രൂപ. മണക്കടവ് സ്വദേശി പിറവിക്കാട്ട് സിബിയും ആറു തെങ്ങുകള്‍ സ്വന്തമായി ടാപ്പ് ചെയ്ത് കഴിഞ്ഞ മാസം 32500 രൂപ നേടി. ഒരേക്കര്‍ ഭൂമിയും അതില്‍ 20 തെങ്ങുകളുമുള്ള നാമമാത്ര കൃഷിക്കാരനാണ് സിബി. ഉദയഗിരി ഫെഡറേഷനിലെ അംഗമാണ്. മണക്കടവ് വെള്ളാട്ടുകൊല്ലി സ്വദേശി ചെള്ളംകുഴിയില്‍ ജസ്റ്റിന്‍ ഒരേക്കര്‍ കൃഷിഭൂമിയുടെയും അതിലെ 60 തെങ്ങുകളുടെയും ഉടമയാണ്. ഉദയഗിരി ഫെഡറേഷനിലെ അംഗമായ ജസ്റ്റിന്‍ ആറു തെങ്ങുകള്‍ ടാപ്പ് ചെയ്യുന്നു. കഴിഞ്ഞ മാസത്തെ വരുമാനം 30940 രൂപ. അറുപത് വര്‍ഷം മുമ്പ് പാലാ അമ്പാറനിരപ്പേല്‍ എന്ന സ്ഥലത്ത് നിന്ന് മണക്കടവിലേക്കു കുടിയേറിയ എറത്തേല്‍ ജോസഫിന്‍റെ രണ്ടു മക്കളാണ് ആറു തെങ്ങ് ടാപ്പ് ചെയ്ത് കഴിഞ്ഞ മാസം 30680 രൂപ വരുമാനം നേടിയ റോബിച്ചനും അഞ്ച് തെങ്ങ് ടാപ്പ് ചെയ്ത് 25480 രൂപ നേടിയ രാജറ്റും. രണ്ടര ഏക്കര്‍ പുരയിടത്തില്‍ 70 കായ്ക്കുന്ന തെങ്ങുകളാണ് റോബിച്ചനുള്ളത്. രാജറ്റിന് 150 തെങ്ങുകള്‍ ഉണ്ട്. മൂന്നേകാല്‍ ഏക്കര്‍ സ്ഥലവും. ഇരുവരും ഉദയഗിരി ഫെഡറേഷന്‍ അംഗങ്ങളാണ്. ഉദയഗിരി ഫെഡറേഷനിലെ തന്നെ അംഗമായ മണക്കടവ് തയ്യില്‍ ബിജു ഒന്നര ഏക്കര്‍ കൃഷിയിടത്തില്‍ 40 തെങ്ങുകളുള്ള കര്‍ഷകനാണ്. ആറു തെങ്ങുകള്‍ ടാപ്പ് ചെയ്ത് കഴിഞ്ഞമാസം 26000 രൂപ വരുമാനം നേടി. 42 കാരനായ ബിജു മുഴുവന്‍ സമയകൃഷിക്കാരനാണ്.
ഉദയഗിരി ഫെഡറേഷനിലെ അംഗങ്ങളായ അരിവിളഞ്ഞ പൊയില്‍ സ്വദേശി ഇരുപ്പക്കാട്ട് സുജിത് ഫിലിപ്പ്. പൂവന്‍ചാല്‍ കാച്ചിറയില്‍ പ്രിന്‍സ്, മണക്കടവ് മക്കനാല്‍ മോഹന്‍ എന്നിവര്‍ സ്വന്തമായി അഞ്ചു തെങ്ങുകള്‍ വീതം ടാപ്പ് ചെയ്ത് യഥാക്രമം 25480, 24700.21320 രൂപ വീതം കഴിഞ്ഞ മാസം വരുമാനം നേടിയ ചെറുകിട കര്‍ഷകരാണ്. ഉദയഗിരി ഫെഡറേഷനിലെ കാര്‍ത്തികപുരം സ്വദേശി കൊങ്ങോലയില്‍ രാജേഷ്, ഉദയഗിരി സ്വദേശി കുടുംബന്താനം ജെസ്റ്റിന്‍, കാര്‍ത്തികപുരം കറുകച്ചേരില്‍ ജിനു, ഉദയഗിരി ചെകിടനാനിയില്‍ സിറിള്‍, ഉദയഗിരി മണിമലത്തറപ്പില്‍ ബെന്നി എന്നിവര്‍ നാലു തെങ്ങുകള്‍ വീതം ടാപ്പ് ചെയ്ത്  കഴിഞ്ഞ മാസം യഥാക്രമം 20540, 19240, 18720, 18200 രൂപ വീതം സ്വന്തമാക്കിയവരാണ്. ഇതേ ഫെഡറേഷനിലെ മണക്കടവ് സ്വദേശി പെരുമ്പള്ളിക്കുന്നേല്‍ പി.ടി. മാത്യു അഞ്ചു തെങ്ങു ടാപ്പ് ചെയ്ത് 20280 രൂപയും നേടി.
ആലക്കോട് ഫെഡറേഷനിലെ കുറ്റിപ്പുഴ, കുപ്പക്കാട്ട് ജോബിന്‍ കുരുവിള നാലു തെങ്ങുകള്‍ ടാപ്പ് ചെയ്ത് 18200 രൂപയും ആശാന്‍കവല, കുന്നത്ത് തോമസ് നാലു തെങ്ങുകള്‍ ടാപ്പ് ചെയ്ത് 17940 രൂപയും കഴിഞ്ഞ മാസം നേടി. ആലക്കോട് ഫെഡറേഷനിലെ തേര്‍മല സ്വദേശി കുപ്പക്കാട്ട് പൗലോസ് 65 സെന്‍റ് പുരയിടവും അതില്‍ നാലു തെങ്ങുകളും സ്വന്തമായുള്ള നാമമാത്ര കൃഷിക്കാരനാണ്. കൃഷി കഴിഞ്ഞുള്ള സമയത്തു തെങ്ങുകയറ്റമാണ് തൊഴില്‍. തന്‍റെ നാലു തെങ്ങില്‍ നിന്ന് പൗലോസിന്‍റെ കഴിഞ്ഞമാസത്തെ വരുമാനം 17680 രൂപയാണ്. ഉദയഗിരി ഫെഡറേഷനിലെ മണക്കടവ് പാറയില്‍ ബിനീഷ് കുമാര്‍ 75 സെന്‍റ് സ്ഥലമുള്ള നാമമാത്ര കര്‍ഷകനാണ്. 13 തെങ്ങുകളുണ്ട് പുരയിടത്തില്‍. ഇതില്‍ നാല് തെങ്ങുകള്‍ ടാപ്പ് ചെയ്ത് കഴിഞ്ഞമാസം അദ്ദേഹം 16900 രൂപ വരുമാനം നേടി. ആലക്കോട് ഫെഡറേഷനിലെ തേര്‍മല പൈങ്ങോട്ട് സജി തന്‍റെ നാലു തെങ്ങും, കുപ്പക്കാട്ട് ബൈജു മൂന്നു തെങ്ങും സ്വന്തമായി ടാപ്പ് ചെയ്ത് യഥാക്രമം 16900,12480 രൂപ വീതം വരുമാനം നേടി. ഇതേ ഫെഡറേഷനിലെ കരുവഞ്ചാല്‍ സ്വദേശി തുമ്പത്തുരുത്തേല്‍ ബിജു, അരിവിളഞ്ഞപൊയില്‍ സ്വദേശി സോമി എന്നിവര്‍ രണ്ടു തെങ്ങുകള്‍ വീതം ടാപ്പ് ചെയ്ത് 8320 രൂപ വീതം നേടി.
ഇന്ന് ഈ നാടിന്‍റെ പ്രതീക്ഷ മുഴുവന്‍ തെങ്ങിലാണുള്ളത്. ഉയരം കുറഞ്ഞതും നിലത്തു നിന്ന് ടാപ്പുചെയ്യാന്‍ സാധിക്കുന്നതുമായി തെങ്ങുകള്‍ നട്ടുപിടിപ്പിക്കുന്നതിനുളള പരിശ്രമത്തിലാണിവരിപ്പോള്‍. ഇത്തരം തൈകള്‍ നട്ടാല്‍ അഞ്ചാം വര്‍ഷം നീരയുല്‍പാദിപ്പിച്ചു തുടങ്ങാമെന്ന് സണ്ണി ജോര്‍ജ് പറയുന്നു. എല്ലാ ഫെഡറേഷനുകളിലും കൃഷിക്കാര്‍ സ്വന്തമായി നീര ടാപ്പു ചെയ്യുക എന്നതാണ് ഇവരുടെ കമ്പനി ലക്ഷ്യമിടുന്നത്. മികച്ച ഗുണനിലവാരം നിലനിര്‍ത്തിയാല്‍ കൃഷിക്കാരനു മെച്ചപ്പെട്ട വില കിട്ടും എന്ന തിരിച്ചറിവ് എല്ലാവരെയും ഇതിനു പ്രേരിപ്പിക്കുന്നു. ഭാവിയില്‍ എല്ലാ ഫെഡറേഷനുകളിലും കൃഷിക്കാര്‍ സ്വന്തമായി നീര ടാപ്പ് ചെയ്യുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. അഥവാ ആര്‍ക്കെങ്കിലും തൊഴിലാളികളെ ആവശ്യമായി വന്നാല്‍ അവരെയും കമ്പനി നല്‍കും. പക്ഷേ, അവരെ കൃഷിക്കാര്‍ തന്നെ മാനേജ് ചെയ്യണം. കേരളത്തില്‍ ആദ്യമായാണ് ഇത്രയധികം കൃഷിക്കാര്‍ ഒന്നിച്ച് നീര ടാപ്പിംഗിലേയ്ക്കു കടന്നു വന്നിരിക്കുന്നതെന്ന് സണ്ണിയുടെ നിരീക്ഷണം. കൃഷിക്കാര്‍ തന്നെ നീര ടാപ്പിംഗ് തുടങ്ങിയതോടെ ഉല്‍പ്പാദിപ്പിക്കുന്ന നീരയുടെ പിഎച്ച്/ബ്രിക് ഗുണനിലവാരം മെച്ചപ്പെട്ടതായി ഇദ്ദേഹം പറയുന്നു. 
അബ്ദുള്‍ റസാഖ്,
എക്സിക്യൂട്ടീവ് ഓഫീസര്‍, തേജസ്വിനി നാളികേര ഉല്‍പാദക കമ്പനി, ചെറുപുഴ, കണ്ണൂര്‍

വാണിജ്യകൃഷിയിലെ പുഷ്പഭംഗി

ജോര്‍ജ് ഫിലിപ്പ്, വയലിപ്പറമ്പില്‍ വീട്, നെടുമ്പോശ്ശേരി, ആലുവ, എറണാകുളം

വിപണിയില്‍ പൂക്കള്‍ക്കുള്ള ഡിമാന്‍റ് അറിയണമെങ്കില്‍ ഏറ്റവുമടുത്തുള്ള പൂക്കടയിലൊന്ന് കയറി ഒരുമുഴം മുല്ലപ്പൂ വാങ്ങിയാല്‍ മതിയാകും. വില തൊട്ടാല്‍ പൊള്ളും. എന്നാലും, പൂക്കളൊഴിച്ചുള്ളൊരു അലങ്കാരത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല. ഇത്രയധികം ഡിമാന്‍റുള്ള പുഷ്പമേഖലയിലേക്ക് പക്ഷേ, കേരളത്തിലെ കര്‍ഷകര്‍ അത്രയ്ക്ക് ശ്രദ്ധ പതിപ്പിച്ചിട്ടില്ല. ഇവര്‍ക്കിടയില്‍ വ്യത്യസ്തനാകുകയാണ് എറണാകുളം ജില്ലയില്‍ നെടുമ്പാശ്ശേരി വയലിപ്പറമ്പില്‍ വീട്ടില്‍ ജോര്‍ജ് ഫിലിപ്പ്. പുഷ്പകൃഷി ഇദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ ഭാഗമായിട്ട് ഏകദേശം നാലു പതിറ്റാണ്ടിലേറെയായി.

നൂതന കൃഷിമാര്‍ഗങ്ങള്‍ അവലംബിച്ചുകൊണ്ടുള്ള പൂക്കളുടെ ഉല്‍പ്പാദനത്തിലൂടെയും വിപണനത്തിലൂടെയും നാട്ടിലും മറുനാട്ടിലും മാത്രമല്ല, അന്താരാഷ്ട്ര വിപണിയില്‍വരെ ശ്രദ്ധ നേടാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. താരദമ്പതികളായ അഭിഷേക് ബച്ചന്‍റെയും ഐശ്വര്യാറായിയുടെയും കല്യാണപന്തല്‍ മുതല്‍ വന്‍കിട ഹോട്ടലുകളിലെ അലങ്കാരങ്ങള്‍ക്കുവരെ ഇന്നു പുഷ്പവിപണി ആശ്രയിക്കുന്നത് ജോര്‍ജിനെയാണ്.

ആന്തൂറിയം, ഓര്‍ക്കിഡ്, ജിഞ്ചര്‍ ലില്ലി, ക്രിസാന്തമം, ബേര്‍ഡ് ഓഫ് പാരഡൈസ്, കാര്‍ണേഷന്‍ തുടങ്ങി അലങ്കാലപ്പന്തലുകളിലെ പ്രിയപ്പെട്ട പൂക്കളെല്ലാം ഇവിടെയുണ്ടെങ്കിലും ജോര്‍ജ് കൂടുതല്‍ ശ്രദ്ധയൂന്നുന്നത് ഹെലിക്കോണിയ കൃഷിയിലാണ്. 350ല്‍പ്പരം പുഷ്പയിനങ്ങള്‍ കൃഷിചെയ്യുന്നുണ്ടെങ്കിലും ഏറ്റവും കൂടുതലുള്ളതും ഹെലിക്കോണിയ ഇനങ്ങള്‍ത്തന്നെ. ചുവപ്പ്, വെള്ള, ഓറഞ്ച്, പര്‍പ്പിള്‍, മഞ്ഞ, മജന്ത  തുടങ്ങിയ ലഭ്യമായ എല്ലാ നിറങ്ങളിലുമുള്ള ഹെലിക്കോണിയ പൂക്കള്‍ ഇവിടെയുണ്ട്. നന്നായി പടര്‍ന്നുവളരുന്ന ഹെലിക്കോണിയ ഇനങ്ങള്‍മുതല്‍ ചെറുചെടികള്‍ പോലെയുള്ള ഇനങ്ങള്‍വരെ ഇവിടെയുണ്ട്. അഞ്ചേക്കര്‍ വരുന്ന തെങ്ങിന്‍തോപ്പിനിടയിലാണ് പുഷ്പകൃഷി.
പൂക്കള്‍ സമയത്തിനു വെട്ടിയെടുത്ത് വൃത്തിയാക്കി പായ്ക്കറ്റുകളിലാക്കിയാണ് വിപണനത്തിനെത്തിക്കുന്നത്. പൂങ്കൂലകള്‍ നീളമുള്ള സ്റ്റോക്കോടുകൂടിയാണ് വെട്ടിയെടുക്കുന്നത്. ഇവ നീളമുള്ള കാര്‍ഡ്ബോര്‍ഡ് പെട്ടികളിലടുക്കി പായ്ക്ക് ചെയ്താണ് വിപണനം നടത്തുന്നത്. വിദേശനാടുകളിലേക്കും ഡല്‍ഹി, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലേക്കും നിത്യേന ഇവിടെനിന്ന് പൂക്കള്‍ കയറ്റി അയയ്ക്കുന്നു. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടുവഴിയും റോഡുമാര്‍ഗവുമൊക്കെയാണ് പൂക്കള്‍ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നത്. പ്രതിവര്‍ഷം 15 മുതല്‍ 20 ലക്ഷം രൂപവരെ വാണിജ്യാടിസ്ഥാനത്തിലുള്ള പുഷ്പകൃഷിയില്‍നിന്ന് ഇദ്ദേഹം വരുമാനം നേടുന്നു.

പൂക്കള്‍ക്ക് എന്നും ഏതു അവസരത്തിലും ഡിമാന്‍റുണ്ട്. അര്‍പ്പണമനോഭാവവും കഠിനാധ്വാനം ചെയ്യാനുള്ള മനസും വിപണിയെക്കുറിച്ചുള്ള വ്യക്തമായ ധാരണയുമുണ്ടെങ്കില്‍ ഈ രംഗത്ത് ആര്‍ക്കും വിജയിക്കാവുന്നതേയുള്ളൂ. പുഷ്പകൃഷിയിലേക്ക് തിരിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജോര്‍ജ് നല്‍കുന്ന വിലപ്പെട്ട ഉപദേശമാണിത്

മുന്തിരിക്കുല പോലെ 'തെക്കേല്‍' കുരുമുളക്

റ്റി. റ്റി. തോമസ്, തെക്കേല്‍, കാഞ്ചിയാര്‍, ഇടുക്കി

കറുത്തപൊന്ന് തേടി പാശ്ചാത്യര്‍ കടലിനക്കരയ്ക്ക് യാത്രതിരിച്ചെങ്കില്‍ ഇടുക്കിയിലൊരു കര്‍ഷകന്‍ മികച്ചയിനം കുരുമുളകു തേടി കാടുകയറി. അന്വേഷണങ്ങള്‍ക്കൊടുവില്‍ കാട്ടില്‍നിന്നു കണ്ടെത്തിയ അത്യുല്‍പ്പാദനശേഷിയുള്ള കുരുമുളകിനം മാറ്റിയെഴുതിയത് ഇടുക്കി ജില്ലയില്‍ കാഞ്ചിയാര്‍ തെക്കേല്‍ വീട്ടില്‍ റ്റി. റ്റി. തോമസിന്‍റെ ജീവിതത്തെയാണ്. പെപ്പര്‍ തെക്കേല്‍ അഥവാ തെക്കേല്‍ കുരുമുളക് എന്ന പേരില്‍ പ്രശസ്തമായ കുരുമുളകിനം കണ്ടെത്തിയ കഥ വിസ്മയിപ്പിക്കുന്നതാണ്.

കാര്‍ഷിക ഗവേഷണങ്ങളില്‍ തല്‍പരനായ തോമസ് യാത്രകള്‍ക്കിടയില്‍ തിരയുന്നത് വിശേഷപ്പെട്ടൊരു വിളയിനത്തെയായിരിക്കും. ഇത്തരമൊരു യാത്രയ്ക്കിടയിലാണ് ഇടുക്കി ഡാം റിസര്‍വോയറിന്‍റെ കിഴക്കിന്‍ അതിര്‍ത്തിയായ കാഞ്ചിയാര്‍ അഞ്ചുരുളി വനമേഖലയില്‍നിന്ന് തെക്കേല്‍ കുരുമുളകിന്‍റെ മാതൃസസ്യത്തെ തോമസ് കണ്ടെത്തിയത്. ഇതിന്‍റെ തല ശേഖരിച്ച് തന്‍റെ കൃഷിയിടത്തിലെത്തിച്ച തോമസ് നീണ്ട 25 വര്‍ഷത്തെ പരീക്ഷണത്തിനൊടുവിലാണ് അത്യുല്‍പ്പാദനശേഷിയുള്ള തെക്കേല്‍ കുരുമുളക് വികസിപ്പിച്ചെടുത്തത്.

സാധാരണ കുരുമുളകിനേക്കാള്‍ ഏറെ സവിശേഷതകളുള്ള ഇനമാണിത്. ശാഖകളുള്ള തിരികളാണ് ഇതിന്‍റെ പ്രധാന ആകര്‍ഷണം. ഇതിന്‍റെ പ്രധാന തിരിയിലും ശാഖകളിലും മുന്തിരിക്കുലകള്‍പോലെ കുരുമുളകുമണികള്‍ പിടിക്കുന്നു. സാധാരണ കുരുമുളകിലേതുപോലെ ആദ്യം ഒരു തിരിയുണ്ടാകുകയും അതു പിന്നീട് ശാഖകളായി വളരുകയുമാണ് ചെയ്യുന്നത്. സാധാരണയിനങ്ങളില്‍ തിരിയൊന്നിന് ശരാശരി അമ്പതില്‍താഴെ കുരുമുളകുമണികള്‍ കാണുമ്പോള്‍  തെക്കേല്‍ കുരുമുളകിന്‍റെ തിരിയിലും ശാഖകളിലുമായി ഇതിന്‍റെ ഇരട്ടിയോളം മണികള്‍ കാണപ്പെടുന്നു. അത്യുല്‍പ്പാദനശേഷിക്കൊപ്പം വിളവെടുക്കാനുള്ള സൗകര്യവും ഇതിനെ കര്‍ഷകര്‍ക്കിടയില്‍ പ്രിയപ്പെട്ടതാക്കുന്നു.
കൊടിനട്ട് മൂന്നുവര്‍ഷത്തിനുള്ളില്‍ തെക്കേല്‍ കുരുമുളക് കായ്ച്ചുതുടങ്ങും. നനവുള്ള മണ്ണില്‍ ഈയിനം നന്നായി വളരും. സ്ഥിരമായി കായ്ക്കുന്ന ഒരു കൊടിയില്‍നിന്നും പ്രതിവര്‍ഷം ശരാശരി പത്തുകിലോയിലധികം ഉണക്കക്കുരുമുളക് ലഭിക്കും. ഹെക്ടറിന് 8650 കിലോ വിളവെന്നതാണ് തോമസിന്‍റെ കണക്ക്.

ദ്രുതവാട്ടം പോലെ കുരുമുളകിനെ ബാധിക്കുന്ന പ്രധാനരോഗങ്ങളില്‍നിന്നെല്ലാം ഈയിനത്തിന് പ്രതിരോധശക്തിയുണ്ട്. തീക്ഷ്ണമായ എരിവും ഇതിന്‍റെ സവിശേഷതയാണ്. സാധാരണ കുരുമുളകിനങ്ങള്‍ ഉണക്കുമ്പോള്‍ പച്ചക്കുരുമുളകിന്‍റെ 33 ശതമാനം ഉണക്കക്കുരുമുളക് ലഭിക്കുമ്പോള്‍ തെക്കേല്‍ കുരുമുളകില്‍ അതു 44 ശതമാനമാണ്.
തികച്ചും ജൈവരീതിയിലാണ് തോമസ് ഈയിനത്തെ സംരക്ഷിച്ചുപോരുന്നത്. ഉണക്കിപ്പൊടിച്ച ചാണകം, എല്ലുപൊടി, വേപ്പിന്‍പ്പിണ്ണാക്ക് എന്നിവയുടെ മിശ്രിതം മാത്രമാണ് വളമായി നല്‍കുന്നത്. കൂടാതെ, മഴക്കാലത്തിനുമുമ്പ് ബോര്‍ഡോമിശ്രിതം ഇലകളിലും ചെടികളിലും തളിച്ചുകൊടുക്കുകയും ചെയ്യും. കുരുമുളക് തിരിയിടുന്ന സമയത്ത് ചാറ്റല്‍ മഴയില്ലെങ്കില്‍ തുള്ളിനന സമ്പ്രദായത്തിലൂടെ വള്ളിയുടെ മുകളില്‍നിന്നും നനച്ചുകൊടുക്കാറുണ്ട്.

കാട്ടുപത്രിയുടെ ഇലയരച്ച് ഏലത്തിന്‍റെ ചുവട്ടിലിട്ടുകൊടുത്ത് നിമാവിരകളെ നിയന്ത്രിക്കാമെന്ന് കണ്ടെത്തിയ തോമസിനെത്തേടി 2000ലെ നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്‍റെ സാന്ത്വനം അവാര്‍ഡെത്തി.  തെക്കേല്‍ കുരുമുളകിനത്തിന്‍റെ കണ്ടെത്തലിനു 2012ല്‍ ഇതേ ഫൗണ്ടേഷന്‍റെ ദേശീയ അവാര്‍ഡും തോമസിനു ലഭിച്ചു. തെക്കേല്‍ കുരുമുളകിന്‍റെ ഖ്യാതി കടല്‍കടന്ന് അക്കരയെത്തുന്നതിനായി നമുക്ക് കാത്തിരിക്കാം.

നൂറു വയ്ക്കിലാറ്

തെങ്ങുകൃഷിയില്‍ കേരളത്തിന്‍റെ പരമ്പരാഗതമായ രീതി വ്യക്തമാക്കുന്നൊരു സൂത്രവാക്യമുണ്ട്. അക്കാലത്ത് തെങ്ങിന്‍റെ വളര്‍ച്ചാരീതികള്‍ പഠിച്ച് എത്ര ശാസ്ത്രീയമായ രീതികളായിരുന്നു വികസിപ്പിച്ചിരുന്നതെന്ന് ഇതില്‍നിന്നു നമുക്കു മനസ്സിലാകും. നീരയുമൊക്കെ പ്രചാരത്തില്‍ വന്ന് തെങ്ങുകൃഷിയില്‍ പുതുതാല്‍പര്യം വളര്‍ന്നിരിക്കുന്ന ഇക്കാലത്ത് ഇത്തരം പഴയകാല നന്‍മകളുടെ പാഠങ്ങള്‍ ഒരിക്കല്‍ കൂടി വായിക്കുന്നതു നന്നായിരിക്കും.

നൂറു വയ്ക്കിലാറു വയ്ക്കുക
ആറു വയ്ക്കിലകല വയ്ക്കുക
അകലം വയ്ക്കിലാഴം വയ്ക്കുക
ഇതിന്‍റെ അര്‍ഥമിങ്ങനെ. ഏതെങ്കിലും രീതിയില്‍ കുത്തിത്തിരുകി നൂറു തെങ്ങിന്‍ തൈ വയ്ക്കുന്നതിനെക്കാള്‍ നല്ലത്     ആവശ്യമായ അകലം കൊടുത്ത് ആറു തൈ വയ്ക്കുന്നതാണ്. ഇങ്ങനെ ആറു തൈയെന്നു നിശ്ചയിച്ചാല്‍ അകലത്തിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല. അകലം  മാത്രമൊത്താല്‍ പോരാ, തെങ്ങു നടുന്ന കുഴിക്ക് ആവശ്യത്തിന് ആഴവുമുണ്ടായിരിക്കണം.
ഇന്നിപ്പോള്‍ തെങ്ങിന്‍തൈ വാങ്ങുമ്പോള്‍ അതിന്‍റെ ഗുണമേന്‍മ നിശ്ചയിക്കുന്നതിന് ഏതാനും ലളിതമായ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മതി. അവ ചുവടെ.

ചുരുങ്ങിയത് ആറ് ഓലകളുണ്ടായിരിക്കണം
തെങ്ങിന്‍റെ അടിവണ്ണം പത്തു സെന്‍റിമീറ്ററില്‍ കൂടിയിരിക്കുക.
അവസാനത്തെ ഓലകള്‍ വിരിഞ്ഞ് ഓലക്കാലുകള്‍ വേര്‍പെട്ടിരിക്കുക.
നല്ല പച്ചനിറമുള്ള ഓലകള്‍ പുറത്തേക്കു വിരിഞ്ഞിരിക്കുക.
കൂടുതല്‍ വേരുകളുണ്ടായിരിക്കുക.
ചുരുങ്ങിയത് ഒമ്പതു മാസമെങ്കിലും തൈകള്‍ നഴ്സറിയില്‍ വളര്‍ന്നതായിരിക്കണം.

മഞ്ഞള്‍പ്പുക

അടുക്കളത്തോട്ടത്തില്‍ ഏറെ വിജയകരമെന്നു കണ്ടിരിക്കുന്ന ഒരു കാര്യമിതാ. കീടങ്ങള്‍ക്കെതിരേ ഞാന്‍ വളരെ ഫലപ്രദമായി ഉപയോഗിച്ചു വരുന്ന കാര്യമാണിത്. പത്രത്തിന്‍റെ ഒരു താള്‍ നിവര്‍ത്തിയിട്ട് അതില്‍ നടുവിലൂടെ ഒരു വരപോലെ മഞ്ഞള്‍പ്പൊടി തൂളുന്നു. അതിനു ശേഷം പത്രത്താള്‍ ചുരുട്ടിയെടുക്കുന്നു. അഴിഞ്ഞു പോകാതെ ചരടിനു കെട്ടിയും വയ്ക്കുന്നു. പിന്നീട് ഇതിന്‍റെ ഒരറ്റത്ത് തീകൊളുത്തുന്നു. ചുരുട്ടി വച്ചിരിക്കുന്നതിനാല്‍ ആളിക്കത്തുകയില്ല. പുകഞ്ഞു കത്തുകയേയുള്ളൂ. ഈ പത്രച്ചുരുള്‍ വീശിക്കൊണ്ടിരുന്നാല്‍ അണയുകയുമില്ല. ഇതു ചെടികളുടെയും മറ്റും ഇടയിലൂടെ വീശിക്കൊണ്ടു നടന്നാല്‍ കീടങ്ങള്‍ നശിച്ചുകൊള്ളും. 
ആര്‍. ലക്ഷ്മി ദേവി
കൊടുങ്ങല്ലൂര്‍


ത്രീ ഇന്‍ വണ്‍ വാഴ

നേന്ത്രവാഴക്കൃഷിയില്‍ ഞങ്ങളുടെ നാട്ടിലെ കൃഷി ഓഫീസര്‍ ഏതാനും വര്‍ഷം മുമ്പു പരിചയപ്പെടുത്തിയ ഒരു രീതിയാണ് എനിക്കു പറയാനുള്ളത്. ഇന്നും ഞങ്ങളുടെ നാട്ടില്‍ ഈ രീതിയില്‍ വാഴ കൃഷിചെയ്യുന്നവരേറെയാണ്. ഒരു കുഴിയില്‍ മൂന്നു വാഴ വീതം നടുന്നതാണീ രീതി. രണ്ടടി വീതം നീളത്തിലും വീതിയിലും ഒന്നരയടി താഴ്ചയിലുമായി കുഴിയെടുക്കുന്നു. അതില്‍ മൂന്നു വാഴക്കന്നുകള്‍ വീതം നടുന്നു. ഓരോ കന്നിന്‍റെയും ചുവട്ടിലെ ചെത്തിപ്പോയ ഭാഗത്തിനു മറുവശത്തേക്കാണ് കുല വരുന്നത്. അതിനാല്‍ കുലകള്‍ എവിടേക്കു വരുമെന്നു നമുക്കു നിശ്ചയിക്കാനാവും. വളവും നനയും മുടക്കാറില്ല. വളം സാധാരണ നല്‍കുന്നതിന്‍റെ മൂന്നിരട്ടിയോളമാണു നല്‍കുന്നത്. വാഴ വളര്‍ന്നു കഴിയുമ്പോള്‍ താങ്ങുകൊടുക്കേണ്ട ആവശ്യമില്ല എന്നതു മറ്റൊരു മെച്ചം. വാഴകള്‍ മൂന്നും തമ്മില്‍ കൂട്ടിക്കെട്ടിയാല്‍ മികച്ച ബലമായി. കാറ്റിനെതിരേ പിടിച്ചു നില്‍ക്കും. 
ജോസഫ് തോമസ്
പാലാ

ഇലയില്‍ നിന്നു തൈ

ഇലയില്‍ നിന്നു തൈകളുണ്ടാക്കാമെന്ന് ഒരു തമിഴ്കര്‍ഷകന്‍റെ അനുഭവം വായിക്കാനിടയായത് ഞാന്‍ പരിചയപ്പെടുത്തുന്നു. പോളിഹൗസില്‍ നടുന്ന ചെടികളില്‍ നിന്നാണ് നടീലിനു വേണ്ട ഇലകളെടുക്കുന്നത്. നടുന്നതം പോളിഹൗസിനുളളില്‍ തന്നെ. ഇലകള്‍ മണ്ണും മണലും ചേര്‍ന്ന മിശ്രിതം നിരച്ച പോളിത്തീന്‍ കൂടുകളിലാണ് നടുന്നത്. നടീല്‍ മിശ്രിതത്തില്‍ നനവു നിലനിര്‍ത്തുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കും. കുമിളുകളുടെ ആക്രമണം തടയാന്‍ ബാവിസ്റ്റസ്റ്റിന്‍ എന്ന മരുന്നില്‍ ഇലകള്‍ മുക്കിയിരിക്കും. വേരുപിടിപ്പിക്കുന്നതിനുള്ള ഹോര്‍മോണ്‍ ലായനിയിലും ഇലകള്‍ മുക്കിയിരിക്കും. പോളിഹൗസിനുളളില്‍ താപനില 25 ഡിഗ്രി സെല്‍ഷ്യസായും അന്തരീക്ഷ ആര്‍ദ്രത അറുപതു ശതമാനമായും നിലനിര്‍ത്തുന്നു. വേരുപിടിച്ചു കിട്ടുന്നതിനു നാല്പതു ദിവസം വേണ്ടിവരുമെന്നാണ് പറയുന്നത്. മാതൃസസ്യത്തിനു കേടൊന്നും വരുത്താതെ വന്‍തോതില്‍ തൈയുണ്ടാക്കാമെന്നാണ് ഈ രീതിയുടെ മെച്ചമായി അദ്ദേഹം പറയുന്നത്. എനിക്കു പോളിഹൗസ് ഇല്ലാത്തതിനാല്‍ ഇതുവരെ പരീക്ഷിക്കാന്‍ സാധിച്ചിട്ടില്ല. ആരെങ്കിലും ഇക്കാര്യം പരീക്ഷിച്ച് അനുഭവം പങ്കുവയ്ക്കണമെന്ന് താല്‍പര്യപ്പെടുന്നു. ഇതു വിജയിപ്പിച്ചതായി പറയുന്ന കര്‍ഷകന്‍റെ പേരും ഫോണ്‍നമ്പരും നല്‍കുന്നു.
എസ്. രാജരത്നം, മേട്ടുപ്പാളയം
ഫോണ്‍ 09486094670

ഫംഗസ്, വൈറസ്, ബാക്ടീരിയ

ചെടികളില്‍ ബാക്ടീരിയയുടെയും ഫംഗസിന്‍റെയും വൈറസിന്‍റെയും ആക്രമണത്തിന് പൊതുവായി കാണുന്ന ലക്ഷണമാണ് ഇലകളുടെ അഴുകല്‍. ഇപ്രകാരം ഒരു ലക്ഷണം കണ്ടെത്തിക്കഴിഞ്ഞാല്‍ അത് വൈറസ് മൂലമാണോ ബാക്ടീടരിയ മൂലമാണോ ഫംഗസ് മൂലമാണോ എന്നു തിരിച്ചറിയുന്നതിന് ഒരു എളുപ്പ വഴിയിതാ. ഇലയുടെ ഒരു ഭാഗത്ത് അഴുകല്‍ കാണുകയും അതിന്‍റെ എല്ലായിടവും ഒരേ പോലെ ഈര്‍പ്പത്തോടെ അഴുകിയിരിക്കുകയുമാണെങ്കില്‍ അത് ബാക്ടീരിയ മൂലമുണ്ടായതാണ്. ഇത്തരം ഇലകള്‍ മുറിച്ച് മുറിവായ ഒരു ചില്ലുഗ്ലാസിലെടുത്ത വെള്ളത്തില്‍ മുക്കിപ്പിടിക്കുക. അതില്‍ നിന്ന് നിറമില്ലാത്ത ദ്രാവകം ഊറിയിറങ്ങുന്നതായും കാണാം. അപ്പോള്‍ ബാക്ടീരിയയ്ക്കെതിരേയുള്ള പ്രതിവിധികളാണ് കൈക്കൊള്ളേണ്ടത്. എന്നാല്‍ ഫംഗസ് അഥവാ കുമിളിന്‍റെ ആക്രമണം മൂലമാണ് ലക്ഷണം കാണപ്പെടുന്നതെങ്കില്‍ അഴുകല്‍ ബാധിച്ച ഭാഗത്തിന്‍റെ മധ്യഭാഗം കരിഞ്ഞതുപോലെയായിരിക്കും. കരിഞ്ഞതിന്‍റെ പുറംഭാഗം ഈര്‍പ്പത്തോടെയും അഴുകിപ്പടരുന്നതായി കാണാം. ഇത്തരം ഇല നനവോടെ മറ്റൊരു പച്ച ഇലയുമായി ചേര്‍ത്ത് ഒരു ദിവസം ചെറിയ ഭാരവും കൊടുത്ത് സൂക്ഷിച്ചാല്‍ രണ്ടാമത്തെ ഇലയിലേക്ക് രോഗം പടരുന്നതായും കാണാവുന്നതാണ്. ഇതു രണ്ടുമല്ലാതെ കരിച്ചില്‍ കാണപ്പെടുന്നെങ്കില്‍ അത് വൈറസ് മൂലമുള്ളതായിരിക്കും. ഇത്തരം ചെടികള്‍ ചുവടെ പിഴുത് ചുട്ടുകളയുന്നതായിരിക്കും നല്ലത്. രോഗത്തിന്‍റെ തുടക്കം മാത്രമാണെങ്കില്‍ ട്രൈക്കോഡര്‍മ പോലെയുള്ള ജീവാണുമിശ്രിതങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. രോഗം കൈപ്പിടിയില്‍ നില്‍ക്കുന്നില്ല എന്നു കണ്ടാല്‍ വൈകാതെ ആ ചെടി പിഴുതെടുത്തു നശിപ്പിക്കണം

നനയ്ക്കാന്‍ കുപ്പി

തുലാമഴ പെയ്തു തോര്‍ന്നു കഴിഞ്ഞാല്‍ കേരളത്തില്‍ പിന്നീട് നന തുടങ്ങേണ്ട സമയമാകും. വലിയ തോട്ടങ്ങളിലും മറ്റും തുള്ളിനന, സ്പ്രിംഗ്ളര്‍ ഉപയോഗിച്ചുള്ള നന എന്നിവയൊക്കെ നടപ്പാക്കാനാവും. എന്നാല്‍ അടുക്കളത്തോട്ടത്തിലേക്ക് ഇത്തരത്തിലുള്ള നനരീതികളൊന്നും ആവശ്യമില്ല. അവയ്ക്കു വേണ്ടി മുടക്കുന്ന പണം നഷ്ടവുമായി മാറും. മിനറല്‍ വാട്ടറിന്‍റെ കുപ്പികൊണ്ട് പച്ചക്കറികള്‍ക്കും മറ്റും നനയെത്തിക്കുന്നതിനുള്ള എളുപ്പമാര്‍ഗമിതാ. ഒരു ചുവടിന് ഒന്ന് എന്ന രീതിയില്‍ കാലിക്കുപ്പികള്‍ ശേഖരിക്കുക. ഇവയുടെ ഓരോന്നിന്‍റെയും ചുവട്ടില്‍ സൂചികൊണ്ട് രണ്ടോ മൂന്നോ സുഷിരങ്ങളിടുക. അതിനു ശേഷം കുപ്പികളില്‍ നിറയെ വെള്ളമൊഴിച്ച് അടപ്പു മുറുക്കി അടയ്ക്കുക. അടപ്പ് മുറുകെ അടഞ്ഞിരിക്കുമ്പോള്‍ ഒരു തുള്ളി വെള്ളം പോലും പുറത്തു പോകുകയില്ല. ഈ കുപ്പിയുടെ വായ്ഭാഗം രണ്ടു സെന്‍റിമീറ്റര്‍ മണ്ണില്‍ താഴ്ന്നിരിക്കുന്നതു പോലെ ചെടികളുടെ ചുവടുഭാഗത്തായി സ്ഥാപിക്കുക. അതിനു മുമ്പ് അടപ്പ് പാതിയോളം തുറന്നു വയ്ക്കുകയും വേണം. ഈ സമയം വെള്ളം തുള്ളിയായി സുഷിരങ്ങളിലൂടെ വീഴാന്‍ തുടങ്ങും. മണ്ണില്‍ ഉറച്ചിരിക്കുന്നതിനാല്‍ ഈ വെളളം മണ്ണിലേക്ക് ഊര്‍ന്നിറങ്ങിക്കൊള്ളും. ചെടികളുടെ ഇലത്തഴപ്പിനും പടര്‍ച്ചയ്ക്കുമനുസരിച്ച് ഒരു ചുവട്ടില്‍ മൂന്നു കുപ്പിവരെ ഇത്തരത്തില്‍ സ്ഥാപിക്കേണ്ടതായി വരും. വെണ്ടപോലെയുള്ള സാധാരണ ചെടികള്‍ക്ക് ചുവടൊന്നിന് ഒരു കുപ്പി മാത്രം മതി. എന്നാല്‍ പടര്‍ന്നു വളരുന്ന കോവലിനും പാവലിനുമൊക്കെ മൂന്നു കുപ്പിവരെ ഓരോ ചുവടിനും ആവശ്യമായി വരും. ഒരു ചെടിക്ക് ഒരു ദിവസം ഇത്തരത്തില്‍ ഒരു കുപ്പിവെളളത്തിന്‍റെ നന മാത്രം മതി. രാവിലെ കുപ്പികള്‍ നിറച്ചു വച്ചതിനു ശേഷം നനയുടെ കാര്യമെല്ലാം മറന്നേക്കൂ. വേനല്‍ക്കാലത്ത് ചെടികളുടെ ആരോഗ്യം സംരക്ഷിക്കാനും നനയുടെ ചെലവ് കുറയ്ക്കാനും മേല്‍പ്പറഞ്ഞ രീതി വഴി സാധിക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.  ഇന്നുതന്നെ പരീക്ഷിച്ചു നോക്കിക്കോളൂ.. നനയുടെ ഏറ്റവും ചെലവു കുറഞ്ഞ രീതിയാണിതെന്നു മറക്കേണ്ട.

ഉറുമ്പിനെ അകറ്റാം

നൂറൂഗ്രാം വീതം ചാരം, കറിയുപ്പ് പൊടിച്ചത്, നീറ്റുകക്കപ്പൊടി എന്നിവ നന്നായി കലര്‍ത്തിയ ശേഷം ഉറുമ്പുകളുള്ള ഭാഗങ്ങളില്‍ വിതറുക. ഈ മിശ്രിതത്തിന്റെ ചൂടും നീറ്റലും ഉറുമ്പുകളെ പായിക്കും.

വെള്ളരി കയ്ക്കുന്നുവോ

വെള്ളരിയും കക്കിരിയു(സാലഡ് കുക്കുംബര്‍)മൊക്കെ കൃഷി ചെയ്യുന്നവര്‍ പലപ്പോഴും പരാതിപ്പെടുന്നൊരു കാര്യമാണ് ഇവയുടെ അപാരമായ കയ്പ്പ്. ചിലപ്പോള്‍ വായില്‍ വയ്ക്കാനാവാത്തതുപോലെയുള്ള കയ്പായിരിക്കും. പച്ചയായി കഴിക്കുന്ന കക്കിരിക്കും മറ്റും ഇങ്ങനെ കയ്പു വന്നാലുള്ള കാര്യം പറയുകയും വേണ്ട.
ഇതിനു കാരണം തേടി ഏറെയൊന്നും അലയേണ്ട. വെള്ളരി നട്ടിരിക്കുന്ന സ്ഥലത്തിനു സമീപം തന്നെ പാവല്‍ കൃഷി ചെയ്തിട്ടുണ്ടോയെന്നു നോക്കിയാല്‍ മതി. പച്ചക്കറിവിളകളില്‍ കയ്പുള്ള ഏകയിനമാണ് പാവല്‍. ഇതും വെള്ളരിയും സസ്യശാസ്ത്രപരമായി കുക്കുര്‍ബിറ്റേസിയെ എന്ന കുടുംബത്തില്‍ പെട്ടതുമാണ്. പാവലിന്‍റെയും വെള്ളരിയുടെയും പൂക്കള്‍ക്ക് മഞ്ഞനിറവുമാണ്. ഇതു രണ്ടും തേനീച്ച തുടങ്ങിയ പ്രാണികളെക്കൊണ്ടു പരാഗണം നടക്കുന്നവയുമാണ്. പാവലും വെള്ളരിയും അടുത്തടുത്തു നട്ടിരിക്കുകയാണെങ്കില്‍ പ്രാണിക്ക് ഇവ രണ്ടും തമ്മില്‍ തെറ്റിപ്പോകുന്നതിനുള്ള സാധ്യതയേറെയാണ്. അങ്ങനെ പാവലിന്‍റെ പരാഗങ്ങള്‍ വെള്ളരിയുടെ പൂവിലെത്തുന്നു. ഫലമോ വെള്ളരിക്കു പാവലിന്‍റെ കയ്പു കിട്ടുന്നു. ഇതു തടയാന്‍ ഒരേയൊരു മാര്‍ഗമേയുള്ളൂ. പാവലിനും വെള്ളരിക്കുമിടയില്‍ വേണ്ടത്ര അകലം കൊടുക്കുക. ഇനിയെങ്കിലും ശ്രദ്ധിച്ചോളൂ, പാവലും വെള്ളരിയും ഒരേ കുടുംബമാണെങ്കിലും നല്ല അയല്‍ക്കാരാകാന്‍ യോജിച്ചവരല്ല.

മെറ്റൈറൈസിയം അനിസോപ്ളിയെ

 

മെറ്റാറൈസിയം അനിസോപ്ളിയെ സ്വാഭാവികമായി മണ്ണില്‍ വളരുന്ന ഒരു കുമിളാണ്. ഇത് കീടങ്ങളില്‍ ഒരു പരാദമായി പ്രവര്‍ത്തിച്ച് ഗ്രീന്‍ മസ്കാര്‍ഡിന്‍ രോഗം ഉണ്ടാക്കുന്നു. ഈ കുമിളിന്‍റെ സ്പോറുകള്‍ കീടത്തിന്‍റെ ശരീരത്തില്‍ സ്പര്‍ശിക്കുമ്പോള്‍ അവിടെ പറ്റിപ്പിടിച്ച് കീടത്തിന്‍റെ പുറന്തോട് തുളച്ച് ഉള്ളിലേക്ക് വളരുന്നു. രോഗം ബാധിച്ച കീടങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുന്ന മറ്റു കീടങ്ങളിലേക്കും ഈ രോഗം പകരുന്നു. പച്ചക്കറികളെ ആക്രമിക്കുന്ന വണ്ടുകള്‍, പച്ചത്തുള്ളന്‍, ഇലപ്പേനുകള്‍, വേരിനെ ആക്രമിക്കുന്ന വണ്ടുകള്‍, കായ്/തണ്ടുതുരപ്പന്‍പുഴു എന്നിവയെ ഈ ജൈവകീടനാശിനി ഉപയോഗിച്ച് ഫലപ്രദമായി നിയന്ത്രിക്കാം. 20ഗ്രാം ഫോര്‍മുലേഷന്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കാവുന്നതാണ്.
ജീവാണു കീടനാശിനികള്‍ ചെടികളില്‍ നല്ലതുപോലെ നനയുന്ന രീതിയില്‍ തളിക്കണം. തളിക്കുമ്പോള്‍ ഇലയുടെ അടിവശത്തും തളിക്കണം. തളിക്കുന്ന ലായനിയില്‍ 0.5 ശതമാനം സാന്ദ്രതയില്‍ ശര്‍ക്കര ചേര്‍ക്കുന്നത് സ്പ്രേ ലായനിയുടെ ഗുണം കൂട്ടുന്നതിനു സഹായിക്കും.

ചേപ്പള്ളിയിലെ മണ്ണിരവിപ്ലവം

അഞ്ച് ദശകമായി മണ്ണിര കമ്പോസ്റ്റ് നിര്‍മിച്ച് ജൈവകൃഷി നടത്തുന്ന തിരുവനന്തപുരം ഐരൂരിലെ ചേപ്പള്ളി സുകുമാരപിള്ളയെ പരിചയപ്പെടാം

 

മണ്ണിരകമ്പോസ്റ്റ് നിര്‍മിച്ച് ഇന്നും പകലന്തിയോളം കാര്‍ഷികവൃത്തിയില്‍ വ്യാപൃതനാണ് ചേപ്പള്ളി സുകുമാരപിള്ള. തിരുവനന്തപുരം ഇലകമണ്‍ പഞ്ചായത്തില്‍പ്പെട്ട ഐരൂരിലെ കര്‍ഷകനാണിദ്ദേഹം.നെല്ലും പച്ചക്കറിയും കൃഷിചെയ്യുന്ന ഇദ്ദേഹത്തിന്റെ കൃഷിയിടം ജൈവകലവറയാണ്.മണ്ണിരക്കമ്പോസ്റ്റ് നിര്‍മാണം തൊഴിലായി സ്വീകരിച്ച സുകുമാര പിള്ള ജൈവകൃഷി പ്രചരിപ്പിക്കുകയാണ്. അഞ്ച് ദശകങ്ങളായി ഈ രീതി തുടങ്ങിയിട്ട്.

മണ്ണിരക്കമ്പോസ്റ്റ് നിര്‍മാണ യൂണിറ്റുകളുടെ വലിയ നിരതന്നെ വീടിനു ചുറ്റുമുള്ള കൃഷിയിടത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. വലുതും ചെറുതുമായ ഒമ്പത് യൂണിറ്റുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. ഇതില്‍ അഞ്ചെണ്ണം 10 അടി നീളവും നാല് അടി വീതിയുള്ളവയുമാണ്. ഇതിനുപുറമെ 30 അടി നീളവും ഏഴടി വീതിയുള്ളതുമുണ്ട്. ഇത് ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്.

മണ്ണിരക്കമ്പോസ്റ്റ് നിര്‍മാണത്തിനുള്ള മുഖ്യ ചേരുവകള്‍ ചാണകം, കരിയില, വൈക്കോല്‍ എന്നിവയാണ്. വൈക്കോല്‍ ആവോളം ഇവിടെ ലഭ്യമാണ്. ഇതിന് കാരണം മറ്റൊന്നല്ല. സ്വന്തമായി അഞ്ചേക്കറില്‍ നെല്‍കൃഷി സംരക്ഷിക്കുന്നു എന്നതുതന്നെയാണ്. സുഗന്ധ നെല്ലിനങ്ങള്‍ കൃഷിചെയ്യുന്നതിലും തല്പരനാണിദ്ദേഹം. ഗന്ധകശാല, ജീരകശാല എന്നീ ഇനങ്ങള്‍ കൃഷിചെയ്ത് വിജയം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഞവരനെല്ലും കൃഷിചെയ്യുന്നുണ്ട്.

ഇക്കഴിഞ്ഞ വിളവെടുപ്പുകാലത്ത് 'പ്രതീക്ഷ' എന്നയിനമാണ് കൃഷിചെയ്തിരുന്നത്. കൃഷിഭവനില്‍നിന്നും ലഭിക്കുന്ന നെല്‍വിത്തും മാതൃകയായി കൃഷിചെയ്യാറുണ്ട്. അതിന് കൃഷി ഉദ്യോഗസ്ഥരുടെ സഹായവും ലഭിക്കാറുണ്ട്.

കൊമ്പുവളവും ഇദ്ദേഹത്തിന്റെ പരീക്ഷണപ്പട്ടികയിലെ മറ്റൊരിനമാണ്. നവംബര്‍ മാസത്തിലെ വെളുത്ത വാവിനാണ് കൊമ്പുവളത്തിനുള്ള ചേരുവ തയ്യാറാക്കുന്നത്. കന്നുകാലികളുടെ കൊമ്പ് അറവുശാലകളില്‍നിന്നും ശേഖരിക്കും. മഴവെള്ളം ഇതിലൊരു പ്രധാന ഘടകമാണ്. ഒപ്പം പാറപ്പൊടിയുമായി യോജിപ്പിച്ച് കൊമ്പുകളില്‍ നിറച്ചശേഷം മണ്ണില്‍ കുഴിച്ചിടും. ഒരു വര്‍ഷം കഴിഞ്ഞ് അടുത്ത നവംബര്‍ ആകുമ്പോള്‍ ഉത്തമ ജൈവവളം തയ്യാര്‍. ഇത് വളരെ വിശേഷപ്പെട്ട ഒന്നാണെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. കൊമ്പ് ആവശ്യത്തിന് ലഭ്യമല്ലാത്തതിനാല്‍ വലിയതോതില്‍ ഇതിന്റെ നിര്‍മാണം ഇപ്പോഴില്ല. സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്താന്‍വേണ്ടി മാത്രമായി ഇതിന്റെ ഉത്പാദനം നടത്തുന്നുണ്ട്.

സ്വന്തം ആവശ്യത്തിനു മാത്രമല്ല ഇദ്ദേഹത്തിന്റെ മണ്ണിരക്കമ്പോസ്റ്റ് നിര്‍മാണം. അയല്‍ക്കാരായ  കര്‍ഷകര്‍ക്കും മറ്റുള്ള ആവശ്യക്കാര്‍ക്കും ഉത്പാദിപ്പിച്ച് വിതരണംചെയ്യുന്നുണ്ട്. വളരെ തുച്ഛമായ വിലയ്ക്കാണ് ഇവ ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. 
ഏതുസമയത്തും ഇവിടെ ഒരു ടണ്‍ മണ്ണിരക്കമ്പോസ്റ്റ് ശേഖരം ഉണ്ടാകും. മണ്ണിരയും ആവശ്യക്കാര്‍ക്ക് ഇവിടെനിന്ന് ലഭിക്കും. ഒരുകിലോ മണ്ണിരയ്ക്ക് 1000 രൂപയാണ് വില. പശുവളര്‍ത്തലിന്റെ മുഖ്യ ഉദ്ദേശ്യം ചാണകംതന്നെയാണ്. മണ്ണിരക്കമ്പോസ്റ്റിന് ആവശ്യമായ ചാണകം തന്മൂലം ലഭ്യമാക്കാനാകും. നെല്‍കൃഷിക്കു പുറമെ വാഴ, മഞ്ഞള്‍, മരച്ചീനി, ചേന, ചേമ്പ് എന്നിവയും ജൈവരീതിയില്‍ കൃഷിചെയ്യുന്നുണ്ട്.

ജൈവകൃഷിക്ക് അരക്ക് ബാക്ടീരിയ ലായനി

 

അരക്ക് ബാക്ടീരിയ ലയനി എന്ന ഈ മിശ്രിതമുണ്ടാക്കാന്‍ 20 കിലോഗ്രാം പച്ചച്ചാണകം, 200 ലിറ്റര്‍ ക്ലോറിന്‍ കലരാത്ത വെള്ളം, മൂന്ന് കിലോഗ്രാം ശര്‍ക്കര, 100 ഗ്രാം കടുക്കപ്പൊടി, 10 ഗ്രാം അതിമധുരം എന്നിവ ആവശ്യമുണ്ട്.

ചാണകത്തിലെ ഗുണകാരികളായ അരക്ക് ബാക്ടീരിയകളെ പെരുക്കിയശേഷം ഉപയോഗിച്ചാല്‍ വിളകളുടെ വളര്‍ച്ചയും വിളയും  പതിന്മടങ്ങാക്കുന്ന ജൈവവളക്കൂട്ടായി അത് മാറും.

അരക്ക് ബാക്ടീരിയ ലയനി എന്ന ഈ മിശ്രിതമുണ്ടാക്കാന്‍ 20 കിലോഗ്രാം പച്ചച്ചാണകം, 200 ലിറ്റര്‍ ക്ലോറിന്‍ കലരാത്ത വെള്ളം, മൂന്ന് കിലോഗ്രാം ശര്‍ക്കര, 100 ഗ്രാം കടുക്കപ്പൊടി, 10 ഗ്രാം അതിമധുരം എന്നിവ ആവശ്യമുണ്ട്. ലായനി ഉണ്ടാക്കാന്‍ ആദ്യം ചാണകം, ശര്‍ക്കര, വെള്ളം എന്നിവ ഒരു കണ്ടെയ്നറിലെടുത്ത് നന്നായി ഇളക്കി മിശ്രിതമാക്കുക. ഇതില്‍ കടുക്കപ്പൊടിയിട്ട് വീണ്ടും നന്നായി ഇളക്കണം. അതിമധുരം 250 മില്ലി വെള്ളത്തിലിട്ട് തിളപ്പിച്ചശേഷം തണുപ്പിച്ച് നേരത്തേയുണ്ടാക്കിയ മിശ്രിതത്തില്‍ ചേര്‍ക്കുകയും കണ്ടെയ്നര്‍ വായു കടക്കാത്തവിധം അടയ്ക്കുകയും ചെയ്യുക.

അടയ്ക്കുംമുമ്പ് വായു കടക്കാത്തവിധം കണ്ടെയ്നര്‍ നിറയെ വെള്ളം ഒഴിക്കേണ്ടതുണ്ട്. ഇത് പുളിക്കാനായി 10 ദിവസം വെക്കണം. ഉള്ളില്‍ രൂപംകൊള്ളുന്ന മീഥേന്‍ വാതകത്തെ കണ്ടെയ്നറിന്റെ അടപ്പ് സാവധാനം തുറന്ന് ഇടയ്ക്കിടെ പുറത്തേക്ക് വിടേണ്ടതുണ്ട്. 10 ദിവസം കഴിയുമ്പോള്‍ മിശ്രിതം തവിട്ടുനിറത്തിലാവും. ഇത് പത്തിരട്ടി നേര്‍പ്പിച്ച് ചെടികളില്‍ തളിക്കുകയോ ചുവട്ടിലൊഴിക്കുകയോ ചെയ്യാം.

മാംസത്തിനായി ടര്‍ക്കിക്കോഴികളെ വളര്‍ത്താം

 

ബ്രോഡ് ബ്രീസ്റ്റഡ് ബ്രോന്‍സ്, ബ്രോഡ് ബ്രീസ്റ്റഡ് ലാര്‍ജ്വൈറ്റ്, ബെല്‍റ്റ്സ്വില്ലെ സ്‌മോള്‍ വൈറ്റ് എന്നിവയാണ് ഇന്ത്യയില്‍ വളര്‍ത്തുന്നത്

ടര്‍ക്കിക്കോഴികളില്‍ പ്രധാനപ്പെട്ട ഇനങ്ങളായ ബ്രോഡ് ബ്രീസ്റ്റഡ് ബ്രോന്‍സ്, ബ്രോഡ് ബ്രീസ്റ്റഡ് ലാര്‍ജ്വൈറ്റ്, ബെല്‍റ്റ്സ്വില്ലെ സ്‌മോള്‍ വൈറ്റ് എന്നിവയാണ് ഇന്ത്യയില്‍ വളര്‍ത്തുന്നത്. മാംസത്തിനുവേണ്ടിയാണ് ഇവയെ വളര്‍ത്തുന്നത്.ഇവ ഏഴുമാസമാകുമ്പോള്‍ മുട്ടയിട്ട് തുടങ്ങും. ഒരു വര്‍ഷത്തില്‍ ഏകദേശം 100 മുട്ടകള്‍ തരും. മുട്ടകള്‍ക്ക് 85 ഗ്രാം തൂക്കം ഉണ്ടാകും. മുട്ടയുടെ ഒരുഭാഗം കൂര്‍ത്തതും തോട് ദൃഢമുള്ളതും ആയിരിക്കും.

മുട്ട സ്വാദിഷ്ടവും പോഷകങ്ങള്‍ അടങ്ങിയതും ആണ്. മുട്ട വിരിയാന്‍ 28 ദിവസം വേണം.  മൂന്നുമാസമാകുമ്പോള്‍ ഇവയ്ക്ക് നാലുകിലോഗ്രാം തൂക്കം ഉണ്ടാകും. അഞ്ചുമാസം കഴിയുമ്പോള്‍ എട്ടുമുതല്‍ ഒമ്പതുകിലോഗ്രാം തൂക്കംവരുന്നു. കൊക്കിന്റെ അടിയില്‍നിന്ന് താഴേയ്ക്ക് തൂങ്ങിനില്‍ക്കുന്ന മാംസളമായതും താടിപോലെ തോന്നിക്കുന്നതുമായ ഭാഗം ഇവയുടെ ഒരു പ്രത്യേകതയാണ്. ഇവ ആണ്‍ ടര്‍ക്കികളില്‍ കറുത്ത നിറത്തിലുള്ളതും പൊതുവേ വലുതും മാര്‍ദവമുള്ളതും അമരുന്നതും വലിച്ചാല്‍ ഇലാസ്റ്റിക്കുപോലെ വലിയുന്നതും ആണ്. പെണ്‍ ടര്‍ക്കികളില്‍ ഇത് ചെറുതും വലിയാത്തതും നേരിയതും ആയിരിക്കും.

വലിയ മുറികളില്‍ പാര്‍ശ്വങ്ങളില്‍ വലകളിട്ട് വളര്‍ത്തുന്ന ഡീപ് ലിറ്റര്‍ സമ്പ്രദായത്തിലും വലകളുടെ സംരക്ഷണത്തില്‍ തുറന്നസ്ഥലത്ത് വളര്‍ത്തുന്ന റേഞ്ച് സമ്പ്രദായത്തിലും വളര്‍ത്താം. റേഞ്ച് സമ്പ്രദായത്തില്‍ വളര്‍ത്തുമ്പോള്‍ ഇവയ്ക്ക് മഴയില്‍നിന്നും കനത്ത വെയിലില്‍നിന്നും സംരക്ഷണം നല്‍കാന്‍ ഇതിനകത്തുതന്നെ ഷെല്‍ട്ടറുകള്‍ ഉണ്ടാക്കിക്കൊടുക്കാം.

മുറികളില്‍ ഇവയ്ക്ക് ഒരു ടര്‍ക്കിക്ക് ഒരു ചതുരശ്രമീറ്റര്‍ എന്ന തോതില്‍ സ്ഥലംനല്‍കണം.  റേഞ്ച് സമ്പ്രദായത്തില്‍ വളര്‍ത്തുമ്പോള്‍ ഷെല്‍ട്ടറുകളുടെ സ്ഥലവിസ്തീര്‍ണം മൂന്നിലൊന്നായി ചുരുക്കാം.

ഭക്ഷണത്തില്‍ പ്രോട്ടീന്‍, ധാതുലവണങ്ങള്‍, ജീവകങ്ങള്‍ എന്നിവ കൂടുതല്‍ ഉള്‍പ്പെടുത്തണം. പെട്ടെന്നുള്ള വളര്‍ച്ചയ്ക്ക് ഇത് അത്യാവശ്യമാണ്. കോഴിത്തീറ്റയേക്കാള്‍ വിലകൂടിയതാണ് ഇവയുടെ ഭക്ഷണം. ടര്‍ക്കിക്കുഞ്ഞുങ്ങളെ ആദ്യത്തെ കുറച്ചുദിവസങ്ങളില്‍ 'ഗാര്‍ഡു'കള്‍ വെച്ച് സഞ്ചാരം  പരിമിതപ്പെടുത്തിവേണം ഭക്ഷണവും വെള്ളവും നല്‍കാന്‍.  നല്ലവെളിച്ചംകിട്ടുന്ന സ്ഥലത്തുവേണം ഭക്ഷണം വെച്ചുകൊടുക്കാന്‍.

ടര്‍ക്കിക്കോഴികള്‍ പൊതുവേ പെട്ടെന്ന് പേടിക്കുന്നവയാണ്. ഏതുശബ്ദം കേട്ടാലും പെട്ടെന്ന് ബഹളംവെച്ച് അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നതുകാണാം. അതുകൊണ്ടുതന്നെ ഇവയ്ക്ക്  കുറുക്കന്‍, നായ എന്നിവയില്‍നിന്നും സംരക്ഷണം കിട്ടത്തക്കവണ്ണംവേണം പാര്‍പ്പിടം നിര്‍മിക്കാന്‍.

മൈക്കോ പ്ലാസ്‌മോസിസ് കോഴികള്‍ക്ക് മാരകം

 

മൂക്കില്‍ക്കൂടിയാണ് അണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. കോഴി തുമ്മുമ്പോള്‍ രോഗാണുക്കള്‍ ചുറ്റുപാടും പകരും.

 

ചെറുപ്രായംതൊട്ട് വലിയ കോഴികളെവരെ ബാധിക്കുന്ന രോഗമാണ് മൈക്കോ പ്ലാസ്‌മോസിസ്. മൈക്കോപ്ലാസ്മ ഗാലിസെപ്ടിക്കം എന്ന സൂക്ഷ്മാണുവാണ് രോഗകാരണം.രോഗം ബാധിച്ച കോഴികളില്‍ നിന്ന് മറ്റുള്ള കോഴികളിലേക്ക് രോഗം പെട്ടെന്ന് പകരുന്നു. മൂക്കില്‍ക്കൂടിയാണ് അണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. കോഴി തുമ്മുമ്പോള്‍ രോഗാണുക്കള്‍ ചുറ്റുപാടും പകരും.

രോഗലക്ഷണങ്ങള്‍

ഇടയ്ക്കിടെയുള്ള തുമ്മലാണ് പ്രധാന രോഗലക്ഷണം. മൂക്കില്‍ നിന്ന് നേര്‍ത്തതോ കട്ടികൂടിയതോ ആയ ഒലിപ്പ് കണ്ടുവരുന്നു. തല ഇടയ്ക്കിടയ്ക്ക് കുടയുന്നതായിക്കാണാം. കവിള്‍ വീര്‍ത്തിരിക്കും. കണ്ണില്‍ നിന്ന് ഒലിപ്പും കാണാം. തീറ്റ എടുക്കുന്നത് കുറഞ്ഞ് ശരീരം ക്ഷയിച്ച് ചത്തുപോവുകയാണ് പതിവ്.

രോഗനിര്‍ണയം

രോഗം ബാധിച്ച കോഴികളുടെ രക്തപരിശോധന നടത്തി രോഗനിര്‍ണയം ചെയ്യാം. ചത്തകോഴികളില്‍ നിന്ന് രോഗകാരണമായ അണുവിനെ ലബോറട്ടറികളില്‍ വളര്‍ത്തിയും രോഗനിര്‍ണയം നടത്താം.
രോഗക്ഷതികങ്ങള്‍ പ്രധാനമായും കാണുന്നത് മൂക്കിലും സൈനസിലും ആണ്. ഇവിടങ്ങളില്‍ കൊഴുത്തദ്രാവകം നിറഞ്ഞിരിക്കും. മൂക്ക് അമര്‍ത്തിയാല്‍ ഇത് പുറത്തേക്ക് വരുന്നു. ശ്വാസനാളത്തിന് ചുവന്നനിറം കാണാം. കണ്ണ് വീര്‍ത്തിരിക്കും. ശ്വാസകോശം ചുവന്ന് വലുതായിരിക്കും. ശ്വാസകോശത്തോട് അനുബന്ധിച്ച എയര്‍ഡാക്കുകളില്‍ ചെറിയ വെളുത്ത ഉണലുകള്‍ കാണാം.

പലപ്പോഴും ഈ രോഗത്തോടുകൂടി ഇ. കോളി എന്ന ബാക്ടീരിയ രോഗം കൂടി വരുന്നു. ബാക്ടീരിയ രണ്ടാമതായി രോഗം സങ്കീര്‍ണമാക്കുകയാണ് പതിവ്. ഇങ്ങനെ കണ്ടുവരുന്ന രോഗത്തിന് എയര്‍സാക്ക് ഡിസീസ് എന്ന് പറയുന്നു. ഈ അവസരത്തില്‍ ഹൃദയത്തിന്റെ പടലത്തില്‍ തടിച്ച് വെളുത്ത പാടപോലെ കാണപ്പെടുന്നു. എയര്‍സാക്കുകളാകട്ടെ തടിച്ച് വെളുത്ത നിറത്തിലുള്ള സഞ്ചിപോലെയും കാണാം.

രോഗാരംഭത്തില്‍ത്തന്നെ വിദഗ്ധചികിത്സ ഫലവത്താണ്. രോഗത്തിനെതിരെ പ്രതിരോധ കുത്തിവെപ്പുകള്‍ ഇല്ല. മുട്ടവഴിയും രോഗം പകരാന്‍ സാധ്യതയുണ്ട്. പാരന്റ് സ്റ്റോക്കിന് രോഗമുണ്ടെങ്കില്‍ ബ്രോയിലര്‍ കുഞ്ഞങ്ങള്‍ക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്. രോഗമില്ലാത്ത ഹാച്ചറികളില്‍ നിന്ന് കോഴിക്കുഞ്ഞുങ്ങളെ വാങ്ങാന്‍ ശ്രദ്ധിക്കണം.

വെയിലും തോല്‍ക്കും കര്‍മ്മസേനയ്ക്കു മുന്നില്‍

കാട്ടകാമ്പാല്‍ പഞ്ചായത്ത് രൂപംകൊടുത്ത ഒരുകൂട്ടം ചെറുപ്പക്കാരും സ്ത്രീകളുമടങ്ങുന്ന കാര്‍ഷിക കര്‍മ്മസേനയുടെ അംഗങ്ങള്‍.

പഴഞ്ഞി: കുംഭത്തിലെ ചുട്ടുപഴുത്ത വെയില്‍ അവരെ ബാധിക്കുന്നില്ല... ക്ലാസ്സുകളില്‍ കിട്ടാത്തത് സ്വായത്തമാക്കാന്‍ അവര്‍ പാടത്താണ്... 50 പേരടങ്ങുന്ന സംഘത്തിന് ലക്ഷ്യം ഒന്നുമാത്രം... കാട്ടകാമ്പാല്‍ പഞ്ചായത്തിലെ ജനങ്ങള്‍ക്ക് അന്നം നല്‍കണം... അതിന് മണ്ണില്‍ പൊന്നുവിളയിക്കുന്ന തിരക്കിലാണ് കാട്ടകാമ്പാല്‍ പഞ്ചായത്ത്  രൂപംകൊടുത്ത ഒരുകൂട്ടം ചെറുപ്പക്കാരും സ്ത്രീകളുമടങ്ങുന്ന കാര്‍ഷിക കര്‍മ്മസേനയുടെ അംഗങ്ങള്‍.

സാങ്കേതിക സഹായവുമായി കൃഷിഭവനും കൈകോര്‍ത്തതോടെ മണ്ണില്‍ കലര്‍പ്പില്ലാത്ത നാടന്‍ വിഭവങ്ങളുടെ തയ്യാറെടുപ്പ് പെരുന്തിരുത്തിയില്‍ തുടങ്ങി. മണ്ണില്‍ പൊന്നുവിളയിക്കുന്ന പാഠം പകരാന്‍ തൃശ്ശൂര്‍ ചെമ്പുക്കാവിലെ കൃഷി എന്‍ജിനിയറിങ്ങിലെ ഉദ്യോഗസ്ഥരുമെത്തി. സി. വിവേകാന്ദന്‍, കെ.എം. ജയന്‍, വി.എ. മൂസ എന്നിവരാണ് കൃഷിപാഠം പകരുന്നത്.

നെല്‍കൃഷിക്ക് പുറമെ പുല്ലുവെട്ട്, തെങ്ങുകയറ്റം, മരുന്ന് തളി, പച്ചക്കറി ഉത്പാദനം, ട്രാക്ടര്‍-ടില്ലര്‍ ഓടിക്കല്‍ തുടങ്ങിയവയിലും കര്‍മ്മസേന പ്രാവീണ്യം നേടുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ തീവ്രപരിശീലനമാണ് നല്‍കുന്നത്.

ഭക്ഷണവും സ്‌റ്റൈപ്പെന്‍ഡായി ദിവസം 250 രൂപയും സര്‍ക്കാര്‍ സഹായവും നല്‍കും.

ശാസ്ത്രീയമായ കൃഷിരീതി അഭ്യസിച്ച് പാടവരമ്പുകയറുന്നവര്‍ വലിയൊരു കാര്‍ഷിക കര്‍മ്മസേനയുടെ ഭാഗമാകുന്നതായി സംഘടനയുടെ പ്രസിഡന്റ് ടി.കെ. ജനാര്‍ദ്ദനന്‍, സെക്രട്ടറി സി.പി. ജയകൃഷ്ണന്‍, ട്രഷറര്‍ എ.ജെ. സ്റ്റാന്‍ലി എന്നിവര്‍ പറഞ്ഞു.

തക്കാളി വിപ്ലവത്തിനൊരുങ്ങി കയന്റിക്കര

എണ്ണായിരം കിലോ ജൈവ തക്കാളി ഉത്പാദിപ്പിക്കാനാണ് കർഷക കൂട്ടായ്മ ലക്ഷ്യമിടുന്നത്.

പെരിയാർ ശുദ്ധജല സമൃദ്ധിയൊരുക്കിയ കയന്റിക്കരയിലെ നാട്ടുകൂട്ടായ്മയിൽ ജൈവ പച്ചക്കറിത്തോട്ടമൊരുങ്ങുന്നു. ഇതിന്റെ ആദ്യപടിയായി നാലായിരം തക്കാളി തൈകൾ നട്ടു. രണ്ട് തോട്ടങ്ങളിലായി നട്ടുനനയ്ക്കുന്ന കൃഷിയിടത്തിൽനിന്ന് എണ്ണായിരം കിലോ ജൈവ തക്കാളി ഉത്പാദിപ്പിക്കാനാണ്  കർഷക കൂട്ടായ്മ ലക്ഷ്യമിടുന്നത്.   വിഷംതീണ്ടാത്ത പച്ചക്കറി ഉത്പാദനത്തിന് പ്രോത്സാഹനം നൽകുകയെന്ന സി.പി.എം. ജില്ലാ കമ്മിറ്റിയുടെ തീരുമാനപ്രകാരം പാർട്ടി അനുഭാവികളാണ് കയന്റിക്കരയിൽ തോട്ടമൊരുക്കിയിരിക്കുന്നത്. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം ടി.കെ.ഷാജഹാന്റെ നേതൃത്വത്തിൽ 14 വീട്ടമ്മമാരും അഞ്ച് പുരുഷൻമാരും ഉൾപ്പെടുന്ന കർഷകസംഘം ഇതിന്റെ പരിചരണം നടത്തും. ഇവർതന്നെ നിലമൊരുക്കി കൃഷിവകുപ്പ് ഉദ്യോഗസ്ഥരിൽനിന്നുള്ള ഉപദേശങ്ങളും ഉൾക്കൊണ്ട് ശാസ്ത്രീയമായാണ് കൃഷിചെയ്യുന്നത്. എന്നാൽ വളപ്രയോഗമെല്ലാം ജൈവമായിരിക്കും. ജൈവ കീടനിയന്ത്രണത്തിലൂടെ, വിഷം തളിക്കാതെ തക്കാളി വിളവെടുക്കാനാണ് ലക്ഷ്യമിടുന്നത്. മണ്ണുത്തിയിൽനിന്ന് എത്തിച്ച ഹൈബ്രിഡ് തൈകളാണ് നട്ടിരിക്കുന്നത്. ഒരു തൈയിൽനിന്ന് കുറഞ്ഞത് രണ്ട് കിലോഗ്രാം തക്കാളിയെങ്കിലും വിളവെടുത്ത് ഉത്പാദനം മൊത്തം എട്ട് ടണ്ണിലേക്കെത്തിക്കാനാണ് ഇവരുടെ അധ്വാനം. തക്കാളികൃഷിയോടൊപ്പം പച്ചമുളക്, വെണ്ട തുടങ്ങിയവയും പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് ഇവർ.

വെള്ളരിയും ചീരയും സ്‌ക്വാഷ് രൂപത്തില്‍ ഏപ്രിലില്‍ വിപണിയിലെത്തും

 

 

വെള്ളരിയും ചീരയും സീസണില്‍ ഒന്നിച്ച് തഴച്ച് വളരുമ്പോള്‍ വേണ്ടത്ര വിപണി ലഭിക്കാത്ത കര്‍ഷകര്‍ക്കിത് ആശ്വാസമാകും

കാസര്‍കോട്: വെള്ളരി സ്‌ക്വാഷ് രൂപത്തില്‍ വിപണിയിലെത്തുന്നു. ഇടിച്ചുപിഴിഞ്ഞ വെള്ളരിച്ചാറില്‍ ചെറുനാരങ്ങയും ഇഞ്ചിയും ചേര്‍ത്തുള്ള സ്‌ക്വാഷ് ഏപ്രിലില്‍ വിപണിയിലെത്തും. ഒപ്പം ചീര സ്‌ക്വാഷും ഉണ്ട്. ചീരച്ചാറില്‍ പഞ്ചസാരയും ചെറുനാരങ്ങ രുചിയുള്ള സിട്രിക് ആസിഡും ചേര്‍ത്തുള്ളതാണ് ചീര സ്‌ക്വാഷ്. കൃഷിവകുപ്പാണ് ഇത് വിപണിയിലെത്തിക്കുന്നത്.


വെള്ളരിയും ചീരയും സീസണില്‍ ഒന്നിച്ച് തഴച്ച് വളരുമ്പോള്‍ വേണ്ടത്ര വിപണി ലഭിക്കാത്ത കര്‍ഷകര്‍ക്കിത് ആശ്വാസമാകും. മറ്റ് സ്‌ക്വാഷിനെക്കാളും പോഷകസമ്പുഷ്ടമാണ് ഇവയെന്ന് നീലേശ്വരം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വീണാറാണി പറയുന്നു. വെള്ളരി ഹല്‍വ, വെള്ളരി ജ്യൂസ്, വെള്ളരി സോപ്പ്, വെള്ളരി ഫെയ്‌സ് പാക്ക് എന്നിവയും വിപണിയിലെത്തും. ചീര കട്‌ലറ്റിലൂടെ പച്ചക്കറി മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വൈവിധ്യവും വിപണിയിലെത്തും.


ഇതിന്റെ ഭാഗമായി നീലേശ്വരം ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത വനിതകളെ ഉള്‍പ്പെടുത്തി മൂന്ന് ദിവസത്തെ പച്ചക്കറി മൂല്യവര്‍ധിത ഉത്പന്ന പരിശീലന ക്ലാസ് നടത്തി.

 

ആലപ്പുഴ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടത്തിയ പരിശീലനത്തില്‍ പങ്കെടുത്തവരാണ് ഇവിടെ നേതൃത്വം നല്കിയത്. നീലേശ്വരം ബ്ലോക്ക്തലത്തില്‍ പച്ചക്കറി വികസന പദ്ധതി പ്രകാരം മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നതിനുള്ള പദ്ധതി പ്രകാരമാണിത്. നീലേശ്വരം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വീണാറാണിയും കൃഷി ഓഫീസര്‍ പി.വി. ആര്‍ജിതയുമാണ് നേതൃത്വം.

കാട്ടില്‍ പൊന്നുവിളയിച്ച്ആദിവാസികള്‍

കവുങ്ങുകളില്‍ മുഴുവന്‍ കുരുമുളക് കൃഷിയുമുണ്ട്. വന്യമൃഗങ്ങള്‍ കടക്കാതിരിക്കാന്‍ സൗരോര്‍ജ്ജവേലിക്ക് പുറമേ ഈറ്റകള്‍ ചേര്‍ത്ത് കുഴിച്ചിട്ട് മതില്‍ കെട്ടിയിരിക്കുന്നു.

 

അതിരപ്പിള്ളി: കാടിനോടും കാട്ടുമൃഗങ്ങളോടും മല്ലടിച്ച് തങ്ങളുടെ ഭൂമിയില്‍ പൊന്നുവിളയിക്കുകയാണ് തവളക്കുഴിപ്പാറയിലെ ആദിവാസികള്‍. 45 വര്‍ഷം മുന്‍പാണ് ആദിവാസികള്‍ തവളക്കുഴിപ്പാറ മേഖലയില്‍ താമസം തുടങ്ങിയത്. പണ്ട് ഇരുപതോളം കുടുംബങ്ങള്‍ ഉണ്ടായത് ഇപ്പോള്‍ 43 ആയി.

ആനമല റോഡിലെ ആനമുക്ക് ഭാഗത്തുനിന്ന് മൂന്നര കിലോമീറ്റര്‍ അകലെ കാടിനുള്ളിലാണ് ഈ കോളനി. കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെ നടന്നാണ് യാത്ര. ജീപ്പ് വിളിച്ചുപോവണമെങ്കില്‍ 500 രൂപയാകും.

മലനിരകളാല്‍ ചുറ്റപ്പെട്ട കോളനിയിലെത്തിയാല്‍ എങ്ങും വിവിധയിനം കാര്‍ഷികവിളകള്‍ തിങ്ങിനില്‍ക്കുന്നത് കാണാം. നാട്ടിലേതുപോലെ തന്നെ റബ്ബര്‍ തോട്ടവും കപ്പയും വാഴയും ചേമ്പും കവുങ്ങും തെങ്ങും നിറഞ്ഞുനില്‍ക്കുന്നു.

കവുങ്ങുകളില്‍ മുഴുവന്‍ കുരുമുളക് കൃഷിയുമുണ്ട്. വന്യമൃഗങ്ങള്‍ കടക്കാതിരിക്കാന്‍ സൗരോര്‍ജ്ജവേലിക്ക് പുറമേ ഈറ്റകള്‍ ചേര്‍ത്ത് കുഴിച്ചിട്ട് മതില്‍ കെട്ടിയിരിക്കുന്നു.

എന്നാല്‍, തങ്ങള്‍ കൃഷിചെയ്യുന്ന കാര്‍ഷികവിളകള്‍ വിപണനം നടത്താന്‍ വേദിയില്ലാത്തതിനാല്‍ ദുരിതത്തിലാണ് കര്‍ഷകര്‍.

അഞ്ച് വര്‍ഷം മുമ്പ് 10 ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷിയുണ്ടായിരുന്ന ഈ കോളനിയില്‍ നെല്ല് വില്‍ക്കാന്‍ സാധിക്കാത്തതിനാലും അരിയാക്കാന്‍ സാധിക്കാത്തതിനാലും കൃഷി നിര്‍ത്തി. അത്രയും സ്ഥലം തരിശായി കിടക്കുകയാണ്.

സര്‍ക്കാര്‍തലത്തില്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കിയാല്‍ നെല്‍കൃഷിയടക്കം കാര്‍ഷികവിളകള്‍ കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്.

റബ്ബര്‍ത്തോട്ടത്തിലെ ഓര്‍ക്കിഡ് പൂക്കള്‍

ബാല്യകാലം മുതല്‍ക്ക് ചെടികളോടുണ്ടായിരുന്ന പ്രതിപത്തിയാണ് ഈ യുവാവിനെ ഓര്‍ക്കിഡുകളുടെ ആരാധകനാക്കിമാറ്റിയത്

വീട്ടുവളപ്പിലെ 28 സെന്റ് റബ്ബര്‍ത്തോട്ടം എബിന് ഇപ്പോഴും ആദായകരമാണ്, തോട്ടത്തിലെ ഓര്‍ക്കിഡ്  പൂക്കളാണ് ഈ ആദായത്തിന്റെ രഹസ്യം.എം.എസ്സി., ബി.എഡ്. പാസ്സായ എബിന്‍ വാടാപുഷ്പങ്ങളുടെ കൃഷി സ്വയംതൊഴിലാക്കിയിട്ട് രണ്ടുവര്‍ഷം പിന്നിട്ടു.

ബാല്യകാലം മുതല്‍ക്ക് ചെടികളോടുണ്ടായിരുന്ന പ്രതിപത്തിയാണ് ഈ യുവാവിനെ ഓര്‍ക്കിഡുകളുടെ ആരാധകനാക്കിമാറ്റിയത്. ചെറിയതോതില്‍ ഹോബിയായി തുടങ്ങിയ സംരംഭമാണിത്. ഇന്ന് ഒരു ബാച്ചില്‍ അയ്യായിരം മുതല്‍ പതിനായിരം ചെടികളെ വരെ വളര്‍ത്തുന്നനിലയിലേക്ക് ഉയര്‍ന്നു.

കോട്ടയത്തെ വാഴൂരുള്ള റബ്ബര്‍ത്തോട്ടത്തിലെ അഞ്ച് സെന്റ് സ്ഥലമാണ് ഓര്‍ക്കിഡ് കൃഷിക്കായി മാറ്റിവെച്ചിട്ടുള്ളത്. ഇവിടെ അര ഇഞ്ച് കമ്പി ഉപയോഗിച്ച് 10 അടിവരെ നീളത്തില്‍ സ്റ്റാന്‍ഡുകളുണ്ടാക്കി അവയിലാണ് ചെടികള്‍ വെക്കുക. 120 ചെടികള്‍വരെ ഇത്തരത്തിലുള്ള ഒരു സ്റ്റാന്‍ഡില്‍ വെക്കാനാവും. റബ്ബര്‍ത്തോട്ടത്തിലെ തണല്‍ ഓര്‍ക്കിഡുകള്‍ക്ക് അനുയോജ്യമാണ്. ഇതിനു പുറമേ ഇവയ്ക്കുമുകളില്‍ ഒരു തണല്‍വല വലിച്ചുകെട്ടിയിട്ടുണ്ട്. 50 ശതമാനം തണല്‍ നല്‍കുന്നതാണിത്. വെയില്‍ വേണ്ട ഇനങ്ങളെ നേരിട്ട് വെയിലേല്‍ക്കുന്ന ഇടങ്ങളില്‍ വെക്കുന്നു.തായ്ലന്‍ഡില്‍നിന്ന് പ്രതിമാസം 2000 തൈകള്‍ ഉള്‍പ്പെടുന്ന രണ്ടു ബാച്ചുകള്‍ എബിന്‍ വരുത്തുന്നുണ്ട്.

സെന്‍ഡ്രോബിയം, ഓണ്‍സീഡിയം, വാന്‍ഡ, കാറ്റ്ലിയ, മൊക്കാറ, സിംബിഡിയം, ഫെലനോപ്സിസ്സ്, ഇനോപ്സിസ്സ്, ഡൊറിറ്റിസ്സ് എന്നീ വിഭാഗങ്ങളില്‍പ്പെട്ട അഞ്ഞൂറില്‍പ്പരം ഇനങ്ങള്‍ ഇങ്ങനെ എത്തുന്നു. ദിവസവും രണ്ടുതവണ ഓര്‍ക്കിഡ് സസ്യങ്ങളെ ഹോസുപയോഗിച്ച് നനയ്ക്കുന്നുണ്ട്. ചാണകം, കടലപ്പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക് എന്നിവ കലര്‍ത്തി 28 ദിവസം പുളിപ്പിച്ചശേഷം സ്ലെറി അരിച്ച് രണ്ടിരട്ടി വെള്ളം ചേര്‍ത്ത് ചെടികളുടെ ചുവട്ടില്‍ വീഴ്ത്തുന്നതാണ് പ്രധാന വളം. കൂടാതെ മാസത്തില്‍ രണ്ടുതവണ എന്‍.പി.കെ. മിശ്രിതം ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു തളിക്കുന്നു.പൂവിടല്‍ ത്വരപ്പെടുത്താന്‍ മത്തിമത്സ്യം ശര്‍ക്കര ചേര്‍ത്ത് പുളിപ്പിച്ചുണ്ടാക്കുന്ന ഫിഷ് അമിനോ ഒരു ഗ്രാം 10 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയതും തേങ്ങാവെള്ളം പുളിപ്പിച്ചതും തളിക്കുന്നുണ്ട്.

തായ് ഓര്‍ക്കിഡുകള്‍ക്ക് 25 രൂപവരെ ഒന്നിന് ചെലവാകും. ഇവ വളര്‍ത്തി വില്പനനടത്തുമ്പോള്‍ ചെടിയൊന്നിന് 200 രൂപ മുതല്‍ 250 രൂപവരെ ലഭിക്കുമെന്ന് എബിന്‍ പറഞ്ഞു. ഓര്‍ക്കിഡ് പൂങ്കുലകള്‍ക്കാകട്ടെ 15 രൂപ മുതല്‍ 35  രൂപവരെ വിലലഭിക്കും. വീട്ടില്‍നിന്ന് നേരിട്ടും പുഷ്പപ്രദര്‍ശനങ്ങളില്‍ പങ്കെടുത്തുമാണ് ഇവയൊക്കെ വിറ്റഴിക്കുന്നത്. പ്രതിമാസം കുറഞ്ഞത് കാല്‍ലക്ഷം രൂപ അറ്റാദായം ലഭിക്കും.

വൈറ്റ് കോളര്‍ ജോലികള്‍ക്ക് പിറകേപോകാതെ ഓര്‍ക്കിഡ് കൃഷിയെത്തന്നെ സ്വയംതൊഴിലാക്കി മുന്നേറുകയാണ് എബിന്‍. കൃഷിച്ചെലവ് കുറച്ചും പരമാവധി മികച്ച ഇനങ്ങള്‍ ശേഖരിച്ച് വിപണനസാധ്യത കൂട്ടിയും ഇതേറെ ലാഭകരമാക്കാമെന്ന് ഈ യുവാവ് പറയുന്നു. സസ്യ നഴ്സറികൂടി തുടങ്ങി സംരംഭം ഇനിയും ആദായകരമാക്കാനുള്ള മുന്നൊരുക്കങ്ങളിലാണ് എബിന്‍.

ആദായം നല്‍കുന്നതിനൊപ്പം സന്തോഷവും  ഊര്‍ജസ്വലതയും നല്‍കുന്നതാണ്  ഓര്‍ക്കിഡ് കൃഷിയെന്ന് എബിന്‍ സാക്ഷ്യപ്പെടുത്തുന്നു. (എബിന്‍, ഫോണ്‍: 9846664924, 9400458657).

ഹരിതഹൃദയം

പുണര്‍ന്നു നില്കുന്ന നീലഞരമ്പുകള്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പതിയെ വിടര്‍ത്തി... രക്തം ഒഴുകുന്ന വഴികള്‍ അടഞ്ഞുപോയതുകൊണ്ട് ഹൃദയം തളര്‍ന്നിട്ടുണ്ട്. കറുത്ത പാടിനു മീതേ അതീവ സൂക്ഷ്മതയോടെ വിരലുകൊണ്ട് തലോടി. കേടുവന്ന ഭാഗം അടര്‍ത്തിയെടുത്തു... അദ്ദേഹമിപ്പോള്‍ കരുമാല്ലൂരിലെ രണ്ടേക്കര്‍ പറന്പില്‍ ഒരു പയര്‍ ചെടിയെ ചികിത്സിക്കുകയാണ്... അതിനും രണ്ട് മണിക്കൂര്‍ മുമ്പ്... വള്ളിപ്പടര്‍പ്പുകള്‍ക്ക് വേദനിക്കാതെ ഡോ. ജോസ് ചാക്കോ നാലറകളിലേക്കുമുള്ള നീരൊഴുക്ക് നേരെയാക്കി. കാറ്റിലാടുന്നപോലെ ചുവന്ന നിറത്തില്‍ വിറച്ചുനിന്ന ഇലയ്ക്ക് മീതേയുള്ള ചിലന്തിവലകള്‍ വൃത്തിയാക്കി. പുഴുക്കുത്തേറ്റ ഭാഗത്ത് മുന്‍കരുതലിന്റെ വേലി തുന്നി. അദ്ദേഹമിപ്പോള്‍ ലിസി ആശുപത്രിയുടെ ശസ്ത്രക്രിയാ മുറിയില്‍ ഒരു ഹൃദയത്തെ നട്ടുനനയ്ക്കുകയാണ്... കേരളത്തില്‍ ആദ്യമായി ഹൃദയം മാറ്റിവച്ച ചികിത്സകന്റെ ഒരു ദിവസത്തെ രണ്ടു നേരങ്ങള്‍. പച്ചിലകള്‍ക്കും ഹൃദയങ്ങള്‍ക്കുമിടയില്‍ മിടിക്കുന്ന ജീവിതം.

താളം തെറ്റിയ അനേകര്‍ക്ക് തണല്‍മരമാണ് ജോസ് ചാക്കോ. പക്ഷേ, അതേപോലെ തന്നെ ചെടികള്‍ക്കും പൂക്കള്‍ക്കും പഴങ്ങള്‍ക്കും വലിയൊരു ഡോക്ടറും... കര്‍ഷകനായ ഡോക്ടര്‍.

ഒരു ദിവസം ഏറ്റവും കുറഞ്ഞത് നാല് ഹൃദയങ്ങള്‍ ഡോ. ജോസ് ചാക്കോയ്ക്ക് മുന്നില്‍ ജാതിക്കാ പോലെ തോട് പൊട്ടി തുറന്നുവരുന്നു. ചുവന്ന നിറമാര്‍ന്ന അവയുടെ അവസാനത്തെ ആശ്രയമാണ് അദ്ദേഹം. അങ്ങനെ നോക്കുമ്പോള്‍ ആഴ്ചയില്‍ ഇരുപത്തിനാല് ഹൃദയങ്ങള്‍.

ആറ് ദിവസത്തെ ജോലിക്ക് ശേഷം രോഗികള്‍ ദൈവമെന്നു വിളിക്കുന്ന മനുഷ്യന്‍ വിശ്രമിക്കുന്നില്ല. പകരം സ്വന്തം കൃഷിയിടത്തിലേക്ക് പോകുന്നു. അവിടെ പച്ചപ്പിന്റെ ഹൃദയങ്ങളെ പരിപാലിക്കുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി ഡോ. ജോസ് ചാക്കോയുടെ ജീവിതം ഇങ്ങനെയാണ്... എല്ലാ ഞായറാഴ്ചകളിലും അദ്ദേഹം കര്‍ഷകനായി വിയര്‍ക്കുന്നു. ശനിയാഴ്ച, ശസ്ത്രക്രിയകള്‍ നേരത്തെ കഴിഞ്ഞാല്‍ അന്നാകും കൃഷിയിടത്തിലെത്തുക. കേരളത്തിലില്ലാതിരുന്ന ചുരുക്കം അവസരങ്ങളിലൊഴികെ, ഇക്കാലമത്രയും അദ്ദേഹം തോട്ടത്തിലെ ചികിത്സ മുടക്കിയിട്ടില്ല.

കരുമാല്ലൂരിലെ രണ്ടേക്കര്‍ എട്ടു സെന്റ് ആറ് വര്‍ഷം മുമ്പാണ് ഡോ. ജോസ് ചാക്കോ വാങ്ങിയത്. റബ്ബര്‍ തോട്ടമായിരുന്ന ഇവിടെ ഇപ്പോള്‍ തെങ്ങും ജാതിയും സഹോദരന്മാരെപ്പോലെ വളരുന്നു. മഹാഗണികള്‍ കാറ്റിന് കാവല്‍ നില്കുന്നു. ചൈനീസ് ഓറഞ്ചും ഞാലിപ്പൂവനും മത്സരിച്ച് കായ്ക്കുന്നു. പാഷന്‍ ഫ്രൂട്ടും പാവലും പയറും പന്തലിടുന്നു. ചേന കുടനിവര്‍ത്താന്‍ ഒരുങ്ങുന്നു. ഒറ്റത്തണ്ടില്‍ 22 കിലോയുമായി മരച്ചീനികള്‍ അത്ഭുതത്തിലേക്ക് വളര്‍ന്നുകയറുന്നു. റമ്പൂട്ടാനും മാങ്കോസ്റ്റിനും മറുനാടന്‍ വിരുന്നുകാരാകുന്നു.  മുള്ളാത്ത, മരുന്നിന്റെ കുറിപ്പടി പോലെ നില്കുന്നു. അരികെയുള്ള കുളത്തില്‍ തിലാപ്പിയകള്‍ തിമിര്‍ക്കുന്നു.

'എനിക്ക് ചികിത്സ പോലെതന്നെയാണ് കൃഷി... രോഗികളെപ്പോലെയാണ് വിളകള്‍... കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ രണ്ടോ മൂന്നോ വയസ്സുള്ള കുഞ്ഞുങ്ങളെപ്പോലെയുള്ള രോഗികള്‍... കാരണം അവര്‍ക്ക് പ്രയാസങ്ങള്‍ പറഞ്ഞറിയിക്കാനാകില്ല. ചെടികള്‍ക്കും മരങ്ങള്‍ക്കും അതുപോലെയാണ്. അപ്പോള്‍ നമ്മളെ അവര്‍ കൂടുതല്‍ ശ്രദ്ധിക്കും. സ്‌നേഹിക്കും. ഒരു പുതുമുള വരുന്നത് ഒരു രോഗി കണ്ണുതുറക്കും പോലെ തന്നെയാണ്. കിട്ടുന്ന ഫലത്തിലല്ല, കാണുന്ന ജീവനിലാണ് സന്തോഷം...''

പെരിയപ്പുറത്ത് മാത്തന്‍ വൈദ്യന്‍ എന്നായിരുന്നു ജോസ് ചാക്കോയുടെ അപ്പൂപ്പന്റെ പേര്. പക്ഷേ, 'അപ്പന്‍' എന്നു തന്നെയായിരുന്നു വിളിച്ചിരുന്നത്. കഴുത്തിന് മുകളിലേക്കുള്ള ഏത് അസുഖത്തിനും മുളക്കുളത്തുകാരുടെ ഔഷധമായിരുന്നു അദ്ദേഹം. അക്കാലത്തെ ഇ.എന്‍.ടി.

മധ്യവേനലവധിക്ക് ഏറ്റുമാനൂരിലെ വീട്ടില്‍ നിന്ന് ജോസ് മുളക്കുളത്തെ തറവാട്ടിലെത്തും. മാത്തന്‍ വൈദ്യന്‍ ചെറുമക്കളെ പൂച്ചപ്പഴങ്ങള്‍ക്കിടയിലേക്ക് വിട്ടു. അവിടെ അവരില്‍ മണ്ണിനോടുള്ള ആദ്യമുള പൊട്ടി.

പിതാവിന്റെ സഹോദരന്‍ കുര്യന്‍ വല്യപ്പനാണ് തറവാട്ടില്‍ താമസം. കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ അദ്ദേഹമായി കൃഷിപാഠം. ഇഞ്ചി വൃത്തിയാക്കാനുള്ള ചുമതല അവധിയാഘോഷിക്കാനെത്തുന്ന കുട്ടിസംഘത്തിനാണ്. പില്കാലം ഒരുപാട് ഹൃദയങ്ങള്‍ക്ക് മീതേയുള്ള അഴുക്ക് നീക്കിയ വിരലുകള്‍ അങ്ങനെ അന്ന് ഇഞ്ചിയെ ചെറിയൊരു കത്തികൊണ്ട് ചുരണ്ടിപ്പഠിച്ചു.

ഒരു കിലോ ഇഞ്ചി വൃത്തിയാക്കിയാല്‍ പത്ത് പൈസയായിരുന്നു വല്യപ്പന്റെ സമ്മാനം. കുട്ടിക്കാലത്ത് കൈയിലും മനസ്സിലും പുരണ്ട മണ്ണിന്റെ മണമാണ് ജോസ് ചാക്കോയുടെ ഉള്ളില്‍ കര്‍ഷകനെ വിതച്ചത്. കൈകള്‍ക്ക് കുറച്ചുകൂടി ഉറപ്പു വന്നതോടെ അവധി കഴിഞ്ഞ് ഏറ്റുമാനൂരിലെ വീട്ടില്‍ ചെന്നയുടന്‍ 'കച്ചോലം' നട്ടു. ഒരുവാരം നട്ടാല്‍ അത്യാവശ്യം വിളവെടുക്കാം. അത് നാട്ടിലെ അഷ്ടാംഗഹൃദയം വൈദ്യശാലയില്‍ കൊടുത്ത് വാങ്ങിയ പണമാണ്, പേരിനൊപ്പം വൈദ്യ ബിരുദങ്ങളുടെ അലുക്ക് വന്നതിനു ശേഷം കിട്ടിയ ശമ്പളങ്ങള്‍ക്ക് മുമ്പേയുള്ള പ്രതിഫലം.

അപ്പന്‍ പ്രൊഫ. പി.എം. ചാക്കോ കര്‍ഷകനല്ലായിരുന്നുവെങ്കിലും ചെടികളുടെ ഹൃദയമിടിപ്പ് അറിയുന്നയാളായിരുന്നു. 'നൈറ്റല്ലാ മൈനര്‍' എന്ന സസ്യം കണ്ടെത്തിയ ഈ ബോട്ടണി പ്രൊഫസര്‍ ഒരോ ചെടിയുടെയും പേരും നാളും അറിഞ്ഞു... അത് മകനിലേക്ക് പകര്‍ന്നു.

ബോട്ടണിയിലെ ഒന്നാം റാങ്കുകാരനാണ് ജോസ്.  ഇംഗ്ലണ്ടിലെ പഠനത്തിനു ശേഷം നാട്ടിലെത്തുമ്പോള്‍ കച്ചോലം നട്ട് വിളവെടുത്ത യുവാവിന്റെ പേരിനു മുമ്പില്‍ 'ഡോക്ടര്‍' എന്ന വാക്ക് കിളിര്‍ത്തിരുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ മടങ്ങിപ്പോകാമെന്ന തീരുമാനത്തെ മാറ്റിമറിച്ചത് അമ്മൂമ്മയുടെ വീഴ്ചയാണ്. കുടുംബത്തിന് മേലുണ്ടായിരുന്ന 'തേന്മാവ്' പക്ഷാഘാതത്തില്‍ നിലംപതിച്ചതോടെ ജോസ് ശുശ്രൂഷയുടെ ചുമതലയേറ്റു... അത് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ ജനനം കൂടിയായിരുന്നു.

നാട്ടില്‍ ജോലിയുമായി കൂടാന്‍ തീരുമാനിച്ചതോടെ അദ്ദേഹം ആദ്യം ചെയ്തത് ആലുവ യു.സി. കോളേജിനരികെ പെരിയാര്‍ ഓരത്ത് 63 സെന്റ് സ്ഥലം വാങ്ങുകയായിരുന്നു. അവിടെ ജാതിയും തെങ്ങും വച്ചു. അതിന്റെ ഹൃദയത്തോട് കാതോര്‍ത്തു. ചാണകത്തിനായി രണ്ട് പോത്തുകളെയും വളര്‍ത്തി.കരുമാല്ലൂരിലെ റബ്ബര്‍ തോട്ടം വാങ്ങിയപ്പോഴും ഉള്ളില്‍ പൂത്തുമലര്‍ന്നത് ഒരുപാട് സ്വപ്നങ്ങളാണ്.

''റബ്ബര്‍ മടിയന്മാരുടെ കൃഷിയാണ്. ഒരു പരിധി കഴിഞ്ഞാല്‍ അതില്‍ യഥാര്‍ഥ കര്‍ഷകന് ഒന്നും ചെയ്യാനില്ല. അതുകൊണ്ടാണ് ഇവിടെ മറ്റ് കൃഷികള്‍ ചെയ്യാന്‍ തീരുമാനിച്ചത്. വളരുന്നതിന്റെ സന്തോഷം മാത്രമല്ല, വാടിത്തളരുന്നതിന്റെ സങ്കടവും അനുഭവിക്കണം. അത് ഒരു വെല്ലുവിളിയാണ്. ഡോക്ടര്‍ എന്ന നിലയില്‍ മുന്നിലുണ്ടാകുന്ന വെല്ലുവിളികള്‍ പോലെ തന്നെ.''

ഡോക്ടറുടെ കൃഷിയിടം വനം പോലെയാണ്. കളകള്‍ പോലും സ്‌നേഹിച്ചു വളരുന്നയിടം. അത് കൃഷിയിലെ ഏറ്റവും അടുത്ത കൂട്ടുകാരനും ഉപദേശകനുമായ മമ്മൂട്ടി പഠിപ്പിച്ചതാണ്. സുഭാഷ് പലേക്കറുടെ കൃഷി രീതി പിന്തുടരുന്ന മമ്മൂട്ടിയാണ് പറഞ്ഞുകൊടുത്തത്; കളകള്‍ക്കും ജീവിക്കണമെന്ന്... കാട്ടില്‍ എങ്ങനെയാണ് എല്ലാം തഴച്ചുവളരുന്നതെന്ന്...

ഇപ്പോള്‍ ചെടികളുടെ ചുവട്ടിലേക്ക് പോകാനുള്ള വഴിയൊഴികെ ബാക്കിയുള്ള സ്ഥലത്തെല്ലാം പച്ചപ്പ് മാത്രം. രണ്ട് തട്ടായാണ് കൃഷിയിടം. 130 തെങ്ങുകള്‍. അതില്‍ 15 എണ്ണം കായ്ഫലമുള്ളവ. ജാതി 83 എണ്ണമുണ്ട്. ബാക്കിയുള്ളിടത്തെല്ലാം ഋതുക്കള്‍ക്കനുസരിച്ചുള്ള വിളകള്‍. ഒരിഞ്ചു സ്ഥലം പോലുമില്ല തരിശായി.

എല്ലാ ആഴ്ചയും ആശുപത്രിയില്‍ നിന്ന് തനിയെ കാറോടിച്ച് കൃഷിസ്ഥലത്തെത്തും. തൊട്ടുമുമ്പ് ഇളംപച്ച നിറത്തിലുള്ള തുണിത്തൊപ്പിയും കൈയുറയുമിട്ട് നിന്നയാള്‍ ഇവിടെ പ്യുമയുടെ തൊപ്പിയും കാലുറയും അണിയും... തോപ്പിലേക്കിറങ്ങും.

''മനുഷ്യരെപ്പോലെയാണ് സസ്യങ്ങളും. ഹൃദയമിടിപ്പിലുണ്ടാകുന്ന ചില താഴ്ചകള്‍ക്ക് ഞങ്ങള്‍ 'മഗ്‌നീഷ്യം' ഡ്രിപ്പ് ആയി നല്കും. ദാ... ഈ ജാതിപത്രി വെള്ളനിറത്തിലാകുന്നത് മഗ്‌നീഷ്യത്തിന്റെ കുറവു കൊണ്ടാണ്. മനുഷ്യനാവശ്യമുള്ളത് ചെടികള്‍ക്കും വേണം.''

ഒരു മരുന്ന് എവിടെ കിട്ടും എന്ന് പറയാനാകുന്നതുപോലെ തന്നെ ഒരു വിത്ത് എവിടെ കിട്ടും എന്ന് ഇപ്പോള്‍ ഡോ. ജോസ് ചാക്കോയ്ക്ക് പറയാനാകും.

പ്രമുഖ കൃഷിക്കാരെല്ലാം പരിചയക്കാര്‍. കാരണം അവരുടെ ആരെങ്കിലുമൊക്കെ ഒരു തവണയെങ്കിലും മണ്ണു പുരളുന്ന ഈ വിരലുകളുടെ സ്വാസ്ഥ്യസ്പര്‍ശം അനുഭവിച്ചിരിക്കണം. ഇപ്പോള്‍ മുന്നിലെത്തുന്നവരോട് മരുന്നിനെക്കുറിച്ചെന്നപോലെ ഡോക്ടര്‍ മണ്ണിനെക്കുറിച്ചും സംസാരിക്കുന്നു.

''നിങ്ങളുടെ ആരെങ്കിലും കൃഷിക്കാരാണോ എന്ന് എല്ലാവരോടും ചോദിക്കാറുണ്ട്. പല ബന്ധങ്ങളും അങ്ങനെ ഉണ്ടാകുന്നു. പല അറിവുകളും കിട്ടുന്നു.''

മുമ്പ് ഏതു കൃഷിയിടം കാണുമ്പോഴും കൊതിയോടെ നോക്കാറുണ്ടായിരുന്നു, ഡോ. ജോസ്... അത് സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാറുമുണ്ടായിരുന്നു. ഇവിടെത്തന്നെ മഹാഗണിയില്‍ കുരുമുളക് വള്ളികള്‍ പടര്‍ത്തണമെന്നും ഇടവിളകളായി ഇനിയും ഒരുപാടെണ്ണം നടണമെന്നും കൊതിയുണ്ട്. പക്ഷേ, കൃഷിപ്പണിക്ക് ആളെ കിട്ടാതെ വന്നതോടെ താനെ നുള്ളിക്കളയുകയാണ് ആഗ്രഹങ്ങള്‍.

ഹൃദയത്തെ വിമാനത്തില്‍ വരെ എത്തിച്ച് മറ്റൊരാളില്‍ നട്ടുവളര്‍ത്തുകയും ചികിത്സാ നേട്ടങ്ങളുടെ ആകാശം തൊടുകയും 'പത്മശ്രീ' വരെ നേടുകയും ചെയ്ത ഡോക്ടറെ തോല്പിക്കാന്‍ തോട്ടത്തിലുള്ളത് 'ചെല്ലി'കളാണ്. മൂന്ന് തെങ്ങുകളെ കൊന്നുകഴിഞ്ഞു. തെങ്ങുകളുടെ സംരക്ഷണത്തിനായി പ്രത്യേകം ജോലിക്കാരനെ നിയോഗിച്ചിരിക്കുകയാണ് ഇപ്പോള്‍.

ലിസിയില്‍ നിന്ന് കരുമാല്ലൂരിലേക്കുള്ള ദൂരം ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് ഒരു രോഗിയില്‍ നിന്ന് മറ്റൊരാളിലേക്കുള്ള യാത്രയാണ്... ജീവനു വേണ്ടിയുള്ള കാവലാണത്. ഹൃദയമുള്ളത് മനുഷ്യര്‍ക്ക് മാത്രമല്ല...

 

അവസാനം പരിഷ്കരിച്ചത് : 7/11/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate