অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൂണ്‍കൃഷിയില്‍ വേറിട്ട വഴികള്‍

ആമുഖം

പോളിത്തീൻ കവറിലുള്ള കൂൺകൃഷി രീതിയാണ് കേരളത്തിലൊട്ടാകെ പ്രചാരത്തിലുള്ളത്. എന്നാൽ ഈ കവറുകളുടെ ലഭ്യതക്കുറവ് വീടുകളിൽ ചെറിയതോതിൽ കൂൺകൃഷി ചെയ്യുന്നതിൽ നിന്നും ജനങ്ങളെ വിമുഖരാക്കുന്നു. കൂടാതെ കവറുകൾ തുടർന്ന് ഉപയോഗപ്രദമാക്കാൻ സാധിക്കാതെ പരിസര മലിനീകരണത്തിലേക്കും വഴിതുറക്കുന്നു. ഈ സാഹചര്യത്തിൽ ചില വേറിട്ട കൂൺകൃഷിരീതികൾ ചുവടെ ചേർക്കുന്നു.

പ്ലാസ്റ്റിക് കുപ്പികളിൽ കൂൺകൃഷി

കടകളിൽ നിന്നു മധുരപാനീയങ്ങളും ദാഹജലവും വാങ്ങുമ്പോൾ ഒപ്പം ധാരാളം പ്ലാസ്റ്റിക് കുപ്പികൾ നമുക്ക് ലഭിക്കുന്നു. ഉപയോഗശേഷം ഇവയെ വലിച്ചെറിയുന്നത് പരിസരമലിനീകരണത്തിന് കാരണമായിത്തീരുന്നു. ഇങ്ങനെയുള്ള ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളെ കൂൺകൃഷിക്കായി ഉപയോഗിക്കാം. പ്ലാസ്റ്റിക് കുപ്പികളിൽ വിവിധയിനം കൂണുകൾ കൃഷിചെയ്തെടുക്കാമെങ്കിലും ഉത്പാദനക്ഷമതയിൽ മുന്നിട്ടു നിൽക്കുന്നത് ചിപ്പിക്കൂണുകളാണ്. അവയിൽത്തന്നെ പിങ്ക് ചിപ്പിക്കൂണിനെയാണ് (Pleurotus eous) കുപ്പികളിൽ ഏറ്റവും എളുപ്പം വളർത്താൻ സാധിക്കുന്നത്.

കൂൺകൃഷിക്കായി 2 ലിറ്റർ അളവിലുള്ള ഒഴിഞ്ഞ കുപ്പികൾ തിരഞ്ഞെടുക്കുക. പുറമേ ഒട്ടിച്ചിരിക്കുന്ന കവർ നീക്കം ചെയ്ത് കുപ്പി സോപ്പുപയോഗിച്ചും ചൂടുവെള്ളത്തിലും വൃത്തിയായി കഴുകി ഉണക്കിയെടുക്കണം. കുപ്പിയുടെ പുറത്ത് നല്ല വൃത്തിയുള്ള ഒരു സൂചികൊണ്ട് അങ്ങിങ്ങായി അനേകം സുഷിരങ്ങളിടുക. വായുസഞ്ചാരം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഈവിധം ചെയ്യുന്നത്. തുടർന്ന് കുപ്പികൾ കുറുകെ രണ്ടായി മുറിച്ച് സൂക്ഷിക്കുക, കൃഷിക്കായി ഉപയോഗിക്കുന്നതിനു തൊട്ടുമുൻപ് ഡെറ്റോളിൽ മുക്കിയ പഞ്ഞികൊണ്ട് കുപ്പിയാകെ തുടച്ചു വൃത്തിയാക്കിയെടുക്കുക.

മാധ്യമമായി ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിയുന്നത് വയ്ക്കോലാണ്. രണ്ടു ലിറ്റർ അളവുള്ള ഒരു കുപ്പിയിൽ കൂൺ ഉത്പ്പാദിപ്പിക്കുന്നതിനായി അരക്കിലോ വയ്ക്കോൽ മതിയാകും. ഇവ അണുനശീകരണം ചെയ്തശേഷം മാത്രമേ കൃഷിക്കായി ഉപയോഗിക്കാൻ പാടുള്ളൂ. വീടുകളിൽ കൃഷിചെയ്യുമ്പോൾ തിളപ്പിച്ച് അണുനശീകരണം ചെയ്യുന്നതാണ് എളുപ്പവഴി. കൃഷിചെയ്യുന്നതിന്റെ തലേദിവസം രാത്രി വയ്ക്കോൽ വെള്ളത്തിൽ മുക്കി വയ്ക്കുക. പിറ്റേദിവസം രാവിലെ വെള്ളം വാർത്തുകളഞ്ഞശേഷം വീണ്ടും വെള്ളം നിറച്ച് അരമണിക്കൂർ മുതൽ മുക്കാൽ മണിക്കൂർ വരെ തിളപ്പിക്കുക. അതിനുശേഷം വയ്ക്കോൽ വെള്ളം വാർത്തെടുത്ത് നന്നായി കുടഞ്ഞ് സൂര്യപ്രകാശമേൽക്കുംവിധം നല്ല വൃത്തിയുള്ളോരു ഷീറ്റിൽ പരത്തിയിടുക. വയ്ക്കോലിലെ ഈർപ്പം കൂൺകൃഷിക്ക് പാകമാകുന്നത് വയ്ക്കോൽ കയ്യിലെടുത്തു പിഴിഞ്ഞു നോക്കുമ്പോൾ വെള്ളം ഒട്ടും തന്നെ ഇറ്റിറ്റുവീഴാതെ കയ്യിൽ നേരിയ നനവുമാത്രം ബാക്കിവെയ്ക്കുമ്പോഴാണ്.

കൃഷി ചെയ്യാൻ സമയത്ത് കൂൺ വിത്ത് (സ്പോൺ) നല്ല വൃത്തിയുള്ളാരു പാത്രത്തിൽ പൊട്ടിച്ചിടുക. വിത്ത് വിരലുകൾക്കിടയിൽവെച്ചു ഞെരടാതെ സാവകാശം പൊഴിച്ചെടുക്കുക. കുപ്പിയുടെ കീഴ്ഭാഗത്ത് പാകത്തിന് ഉണങ്ങിയ വയ്ക്കോൽ 10 സെന്റീമീറ്റർ കനത്തിൽ നന്നായി അമർത്തിവയ്ക്കുക. തുടർന്ന് ഒരു കൈപ്പിടി നിറയെ കൂൺവിത്തെടുത്ത് കുപ്പിയുടെ അരികുവശം ചേർത്ത് ഇട്ടുകൊടുക്കുക. ഇവ്വിധം കുപ്പിയുടെ മറുപകുതിയിലും ചെയ്യുക. ഇരുപകുതികളിൽ നിറഞ്ഞു കഴിയുമ്പോൾ അവ സശ്രദ്ധം മുറിച്ച് വശങ്ങൾ ചേർന്നു വരുന്ന രീതിയിൽ അടുപ്പിച്ചുവച്ച് സെല്ലോടേപ് കൊണ്ട് പുറമേ നിന്ന് ഒട്ടിക്കുക. കുപ്പിയുടെ അടപ്പു തുറന്ന് അവിടെയും അൽപം കൂൺവിത്തിട്ടുകൊടുക്കാവുന്നതാണ്. ഇതോടെ കൂൺതടം കുപ്പികളിൽ തയ്യാറായിക്കഴിഞ്ഞു.

ഇങ്ങനെ തയ്യാറാക്കിയ കുപ്പികൾ നല്ലതുപോലെ വായുസഞ്ചാരമുള്ളതും എന്നാൽ സൂര്യപ്രകാശം നേരിട്ട് പ്രവേശിക്കാത്തതുമായ വൃത്തിയുള്ള സ്ഥലത്ത് സൂക്ഷിക്കേണ്ടതാണ്. നന്നായി കൂൺ വളരുന്നതിന് ഈർപ്പം അത്യന്താപേക്ഷിതമാണ്. അതിനായി കുപ്പികൾ വയ്ക്കുന്ന തറയിൽ മണൽ 10 സെന്റീമീറ്റർ കനത്തിലിട്ടോ അല്ലെങ്കിൽ നല്ല വൃത്തിയുള്ള ചാക്ക് വിരിച്ചോ രാവിലെയും വൈകിട്ടും നനച്ചു കൊടുക്കാവുന്നതാണ്. പ്രാരംഭദിശയിൽ കൂൺ വളർച്ച ത്വരിതപ്പെടുത്താൻ കുപ്പികൾ ഇരുട്ടുമുറിയിൽ വയ്ക്കുന്നത് നല്ലതാണ്. രാണ്ടാഴ്ച്ച കഴിയുമ്പോൾ കുപ്പികൾക്കുള്ളിൽ കൂൺ വളരുന്നതിന്റെ ലക്ഷണമായി വെളുത്തനിറത്തിലുള്ള പൂപ്പൽ പോലുള്ള ആവരണം രൂപപ്പെട്ടു വരുന്നതായി കാണാം. തടത്തിൽ വെള്ളപൂപ്പലുകൾ അല്ലാത്ത നിറവ്യത്യാസമുള്ള വളർച്ചയുങ്കിൽ അത്തരം തടങ്ങൾ തത്ക്ഷണം നീക്കംചെയ്യേണ്ടതാണ്. ഈ വളർച്ചാസമയത്ത് ഇരുട്ടുമുറിയിൽ സൂക്ഷിച്ചിരിക്കുന്ന കുപ്പികൾ നല്ല അന്തരീക്ഷ ഈർപ്പവും വായുസഞ്ചാരവും പ്രകാശവുമുള്ള (നേരിട്ടുള്ള സൂര്യ പ്രകാശമേൽക്കാത്ത) മറ്റൊരു മുറിയിലേക്കോ ഷെഡിലേക്കോ മാറ്റണം. ഒരാഴ്ചകഴിയുമ്പോൾ തന്നെ കുപ്പിക്കുള്ളിൽ കൂണിന്റെ തന്തുക്കൾ പ്രത്യക്ഷപ്പെട്ടുവരുന്നത് കാണാൻ സാധിക്കും. ഈ സമയത്ത് ദിവസവും രണ്ടുനേരം തണുത്തവെള്ളം കുപ്പികളുടെ മേലെ കുടഞ്ഞുകൊടുക്കുന്നത് കൂണുത്പാദനം വൻതോതിൽ വർദ്ധിപ്പിക്കാൻ സഹായിക്കും. ഒരാഴ്ചയ്ക്കുള്ളിൽ കൂൺമൊട്ടുകൾ വികസിച്ച് വിളവെടുക്കാൻ പാകമായിത്തീരും. ആദ്യവിളവെടുപ്പിനുശേഷം ഒരാഴ്ചയ്ക്കുള്ളിൽത്തന്നെ രണ്ടാമത്തെ വിളവെടുക്കാവുന്നതാണ്. ഒരു കുപ്പിയിൽ നിന്ന് 3-4 തവണ വരെ വിളവെടുക്കാൻ സാധിയ്ക്കും..

ചെറിയ ഒരു ലിറ്റർ അളവുള്ള കുപ്പികളാണ് കൂൺകൃഷിക്ക് ഉപയോഗിക്കുന്നതെങ്കിൽ കൂൺമൊട്ടുകൾ രൂപപ്പെട്ടുവരുന്ന സമയത്ത് കുപ്പിയുടെ പുറമേ ഒട്ടിച്ച സെല്ലോടേപ് മാറ്റി ശ്രദ്ധാപൂർവ്വം കുപ്പിയുടെ താഴെയുള്ള ഭാഗം മാത്രം അടർത്തിമാറ്റുക. ഇളക്കി മാറ്റുമ്പോൾ കൂൺതന്തുക്കൾ രൂപപ്പെട്ടുവരുന്ന വയ്ക്കോലിൽ ഒട്ടും തന്നെ ക്ഷതമേൽക്കാതെ സൂക്ഷിക്കണം. നല്ലതു പോലെ കഴുകി വൃത്തിയാക്കി ഉണക്കിയെടുത്ത ഒരു പ്ലാസ്റ്റിക് ബേസിൻ എടുക്കുക. അതിലേക്ക് വൃത്തിയുള്ളാരു വടിയുടെ സഹായത്താൽ കുപ്പിയുടെ അടപ്പുതുറന്നശേഷം കൂൺതടത്തെ മുഴുവനായി തള്ളിവയ്ക്കുക. കൂൺതടം മറിഞ്ഞു വീണുപോകാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തണുത്തവെള്ളം രാവിലെയും വൈകുന്നേരവും തളിച്ചുകൊടുത്ത് കൂൺതടം വരണ്ടു പോകാതെയിരിക്കാൻ ശ്രദ്ധചെലുത്തണം. കൂൺതടങ്ങളിൽ നിന്ന് 3-4 തവണകളായി വിളവെടുക്കാൻ സാധിക്കുന്നതാണ്. വിളവെടുപ്പിനുശേഷമുള്ള കൂൺതടം നല്ലൊരു ജൈവവളമായോ വിളകളുടെ പുതയായോ ഉപയോഗപ്രദമാക്കാം. കുപ്പികൾ കഴുകിവൃത്തിയാക്കി വീണ്ടും കൃഷിചെയ്യുന്നതിനായി സൂക്ഷിയ്ക്കാം.

പ്ലാസ്റ്റിക് ടിന്നിൽ കൂൺകൃഷി

മേൽ പ്രതിപാദിച്ച പ്രകാരം കൂൺകൃഷി താരതമ്യേന കട്ടികുറഞ്ഞ പ്ലാസ്റ്റിക് ടിന്നുകളിലും പാത്രങ്ങളിലും ചെയ്യാൻ സാധിക്കും. പ്ലാസ്റ്റിക് ടിന്നുകളുടെ പുറമേയുള്ള കവർ നീക്കി വൃത്തിയായി കഴുകി ഉണക്കിയെടുക്കുക. വായുസഞ്ചാരം ഉറപ്പാക്കുന്നതിനായി വൃത്തിയുള്ള സൂചിയുപയോഗിച്ച് അനേകം സുഷിരങ്ങൾ അവിടവിടെയായി ഇടുക. അല്ലെങ്കിൽ പപ്പടക്കമ്പി ചൂടാക്കി 6-7 സുഷിരങ്ങൾ ടിന്നിന്റെ പ്രതലത്തിൽ അങ്ങിങ്ങായി ഇടുക. ഉപയോഗിക്കുന്നതിനു തൊട്ടുമുമ്പേ ഡെറ്റോൾ മുക്കിയ പഞ്ഞികൊണ്ട് ആകമാനം തുടച്ചെടുക്കണം. അണുവിമുക്തമാക്കി പാകത്തിന് ഉണക്കിയെടുത്ത് വയ്ക്കോൽ ചെറുതായി മുറുക്കിയെടുത്ത് പാത്രത്തിന്‍റെ ഉള്ളിൽ 10 സെന്റീമീറ്റർ കനത്തിൽ അമർത്തിവയ്ക്കുക. ടിന്നിന്‍റെ വശം ചേർത്ത് കൂൺവിത്ത് (ചിപ്പിക്കൂൺ വിത്ത്) ഇട്ടുകൊടുക്കുക. പാത്രം/ടിൻ നിറയുമ്പോൾ അടപ്പുപയോഗിച്ച് അടച്ചശേഷം നേരത്തെ വിവരിച്ച പ്രകാരം കൂൺതടത്തെ പരിപാലിക്കുക. പ്ലാസ്റ്റിക് പാത്രങ്ങളും ടിന്നുകളും പുനരുപയോഗപ്പെടുത്താൻ സാധിക്കുന്നവയാണ്.

പ്ലാസ്റ്റിക്‌ കൂടകളിൽ (വേസ്റ്റ് ബാസ്ക്കറ്റില്‍) കൂൺകൃഷി

വശങ്ങളിൽ സുഷിരമുള്ള പ്ലാസ്ടിക് കൂടകളിൽ ഫലവത്തായി ചിപ്പിക്കൂൺ വളർത്താൻ സാധിക്കും. 50-70 സെന്റീമിറ്റർ നീളവും 25-40 സെന്റീമീറ്റർ വീതിയുമുള്ള പ്ലാസ്ടിക് കൂടകളാണ് കൂൺ വളർത്താൻ തെരഞ്ഞെടുക്കേണ്ടത്. കൂടകൾ അനേകം തവണ കൃഷിക്കായി പുനരുപയോഗപ്പെടുത്താൻ സാധിക്കുന്നവയാണ്.

പരുവപ്പെടുത്തി അണുനശീകരണം ചെയ്തെടുത്ത് വയ്ക്കോൽ വൃത്തിയാക്കിയ കൂടകളിൽ ചുമ്മാടുരൂപത്തിലാക്കിയാണ് വയ്ക്കുന്നത്. ഇവ നന്നായി അമർത്തിവച്ചശേഷം ചിപ്പിക്കൂൺവിത്ത് കൂടയ്ക്കുള്ളിൽ ഓരംചേർത്ത് ഇട്ടുകൊടുക്കുക. ഒരു സ്പോൺ പായ്ക്കറ്റ് ഉപയോഗിച്ച് രണ്ട് കൂടകളിൽ കൂൺതടം തയ്യാറാക്കാൻ സാധിക്കും. ഒരു കൂടയ്ക്കുള്ളിൽ 4-5 ചുമ്മാടുകൾ വരെ വയ്ക്കാവുന്നതാണ്. അവസാനത്തെ ചുമ്മാട് അട്ടിയായി വച്ചശേഷം മുകൾഭാഗത്ത് കൂൺ വിത്ത് നന്നായി പരത്തിവിതറുക. അതിനുശേഷം സൂചിയുപയോഗിച്ച് ധാരാളം സുഷിരങ്ങളിട്ട ഒരു പോളിത്തീൻ കവർ കൊണ്ട് കൂടയെ വൃത്തിയായി പൊതിയുക. പ്ലാസ്റ്റിക് കൂടകളിൽ ഇപ്രകാരം തയ്യാറാക്കിയ കൂൺതടങ്ങൾ ഏകദേശം രണ്ടാഴ്ചവരെ ഇരുട്ടുമുറിയിൽ സൂക്ഷിക്കുന്നത് കൂണിന്‍റെ തന്തുവളർച്ചയെ ധ്രുതഗതിയിലാക്കും. വെളുത്ത പൂപ്പൽ പോലുള്ള കൂൺ തന്തുക്കൾ കൂൺ കൂടയ്ക്കുള്ളിൽ പടർന്നു കഴിഞ്ഞാൽ മൂടിവച്ചിരിക്കുന്ന പ്ലാസ്റ്റിക് കവർ നീക്കം ചെയ്യാവുന്നതാണ്. തുടർന്ന് കൂടുകൾ നല്ലതുപോലെ വായുസഞ്ചാരമുള്ളതും വൃത്തിയുള്ളതുമായ സ്ഥലത്ത് ഉറിപോലെ

കെട്ടിത്തൂക്കി ഇടുകയോ അല്ലെങ്കിൽ അനക്കാതെ ഒതുക്കിവച്ചോ സൂക്ഷിക്കാവുന്നതാണ്. ഒപ്പംതന്നെ ദിവസേന രണ്ടുനേരം തണുത്തവെള്ളം സ്പ്രേ ചെയ്തു കൊടുക്കുകയും വേണം. വെള്ളം അമിതമായി തളിച്ചു കൊടുക്കുകയാണെങ്കിൽ കൂടയ്ക്കുള്ളിൽ അതു കെട്ടിനിൽക്കാനും തുടർന്ന് കൂൺതടം അഴുകിപ്പോകാനും കാരണമാകും. ആയതിനാൽ വെള്ളം കെട്ടിനിൽക്കുന്നതൊഴിവാക്കാൻ കൂടയുടെ അടിഭാഗത്ത് സുഷിരങ്ങളിട്ടുകൊടുക്കുക. കൂൺ തന്തുക്കളിൽ നിന്നു കൂൺമൊട്ടുകൾ രൂപപ്പെട്ടുകഴിഞ്ഞാൽ ഒരാഴ്ചക്കകം തന്നെ വിളവെടുക്കാവുന്നതാണ്. ഒരു കൂൺകൂടയിൽനിന്ന് 3-4 വിളവെടുപ്പുകൾ സുഗമമമായി നടത്താം.

പ്ലാസ്റ്റിക് ട്രേയിൽ കൂൺകൃഷി

വീടുകളിൽ അനായാസേന അവലംബിക്കാൻ സാധിക്കുന്ന കൂൺകൃഷിരീതിയാണ് ട്രേകൾ ഉപയോഗിച്ചുള്ളത്. പ്ലാസ്റ്റിക്കിലോ ലോഹത്തിലോ ഉള്ള ട്രേ തിരഞ്ഞെടുക്കുക. അവയെ വൃത്തിയായി കഴുകി ഉണക്കിയശേഷം ഡെറ്റൊളിൽ മുക്കിയ പഞ്ഞികൊണ്ട് തുടച്ചെടുക്കുക. പാകപ്പെടുത്തിയ വൈക്കോൽ ഏകദേശം 10 സെന്റിമീറ്റർ കനത്തിൽ ട്രേയിൽ നന്നായി അമർത്തി വയ്ക്കുക. ഇതിന്റെ വശങ്ങളിലൂടെ കൂൺവിത്തിടുക. ഇതാണ് കൂൺതടത്തിന്റെ ആദ്യത്തെ അട്ടി. ഇതുപോലെ 4 മുതൽ 5 അട്ടിവരെ തയ്യാറാക്കുക. മുകളിലത്തെ അട്ടിയിൽ കൂൺവിത്ത് പരത്തിയിടുക. തുടർന്ന് ട്രേയിലെ കൂൺതടത്തെ ഏതാനും സുഷിരങ്ങളിട്ട ഒരു പോളിത്തീൻ കവർ കൊണ്ട് പൊതിയുക. കൂൺതടത്തെ വീടിന്റെ വൃത്തിയുള്ള ഒരു ഒഴിഞ്ഞ വശത്ത് സൂക്ഷിയ്ക്കുക. അല്പദിവസങ്ങൾ കഴിയുമ്പോൾ വെള്ളനിറത്തിൽ പൂപ്പൽ പോലുള്ള കൂൺ തന്തുക്കൾ വളർന്നു വരുന്നതായി കാണാം. ആ സമയം പോളിത്തീൻ കവറിൽ കുറച്ചുകൂടി സുഷിരങ്ങൾ ഇട്ടുകൊടുക്കുക. കൂൺമൊട്ടുകൾ രൂപപ്പെട്ടു തുടങ്ങിയാൽ പോളിത്തീൻ കവർ നീക്കം ചെയ്യാവുന്നതാണ്. കൂൺതടത്തിൽ രണ്ടുനേരമെങ്കിലും ദിവസേന തണുത്തവെള്ളം കുടഞ്ഞുകൊടുത്തു കൂൺതടം വരളുന്നത് ഒഴിവാക്കുക. തീരെ ചെറിയ ട്രേകളാണ് ഉപയോഗിക്കുന്നതെങ്കിൽ കൂൺ തന്തുക്കളുടെ വളർച്ച പൂർണമായിക്കഴിഞ്ഞാൽ കൂൺ തടം ട്രേയിൽ നിന്ന് സസൂക്ഷ്മം പുറത്തെടുക്കുക. തടത്തിൽ ക്ഷതമേൽക്കാതെ ശ്രദ്ധിക്കുക. ഈ തടത്തെ വൃത്തിയുള്ള ഒരു പ്രതലത്തിൽ വയ്ക്കുക. കൂൺതടത്തിന്‍റെ എല്ലാ വശങ്ങളിൽ നിന്നും കൂൺ വളരുന്നതിന് ഇതു സഹായിക്കും.

കടപ്പാട്: കേരളകര്‍ഷകന്‍

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate