অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൂണില്‍ വിടരും വിജയമധുരം

കൂണില്‍ വിടരും വിജയമധുരം

ആമുഖം

കേരളത്തിലെ കാലാവസ്ഥയിൽ ഏറ്റവും ആദായകരവും, ലാഭകരവുമായി കൃഷി ചെയ്യാൻ പറ്റിയ രണ്ടിനം കൂണുകളാണ് ചിപ്പിക്കൂണും പാൽക്കൂണും. കേരളത്തിൽ മഴക്കാലത്ത് ചിപ്പിക്കൂണും വേനൽക്കാലത്ത് പാൽക്കൂണും നന്നായി വളരും. ലോകത്തിലെ കൂൺ ഉത്പാദനത്തിന്റെ 25 ശതമാനവും ചിപ്പിക്കൂണാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ചിപ്പിക്കൂൺ ഉത്പാദനത്തിൽ ഇന്ന് ചൈനയാണ് മുന്നിൽ.

ചിപ്പിയുടെ ആകൃതിയിലുള്ള കൂണായതുകൊണ്ടാണ് ഈ ഇനത്തെ ചിപ്പിക്കൂൺ (oyster mushroom) എന്നുവിളിക്കുന്നത്. സാധാരണ കൂണുകളിൽ തണ്ട് കുടയുടെ മദ്ധ്യഭാഗത്താണ് കാണപ്പെടുന്നത്. എന്നാൽ ചിപ്പിക്കൂണിൽ തണ്ട് കുടയുടെ ഒരു വശത്തായിട്ടാണ് കാണപ്പെടുന്നത്. പലപ്പോഴും തണ്ട് വളരെ കട്ടി കുറഞ്ഞതും ചെറുതുമായിരിക്കും. ചിലയിനങ്ങളിൽ തണ്ട് ഉണ്ടെന്നു തന്നെ തോന്നുകയില്ല. ചിപ്പിക്കൂണുകൾ സാധാരണ ഉണങ്ങുന്നതും ചീയുന്നതുമായ തടികളിലാണ് കൂടുതലായി കാണപ്പെടുന്നത്. ഇവ പ്ലൂറോട്ടസ് (Pleurotus) ജനുസിൽപ്പെടുന്ന കൂണുകളായിട്ടാണ് ശാസ്ത്രലോകം കണക്കാക്കിയിരിക്കുന്നത്. പ്ലൂറോട്ടസ് ജനുസിൽ നാൽപ്പതോളം സ്പീഷീസുകളുണ്ട്. അവ എല്ലാം ഭക്ഷ്യയോഗ്യമല്ല. വളരെ മാംസളമായതും ദൃഢതയുള്ളതുമായ ചില ഇനങ്ങൾ മാത്രമാണ് ഭക്ഷ്യയോഗ്യമായി കണക്കാക്കിയിട്ടുള്ളത്. മറ്റുള്ളവ സാധാരണയായി വളരെ കട്ടിയുള്ളതും തുകലു പോലുള്ളതുമായിരിക്കും. അത്തരം ഇനങ്ങൾ വിഷകരമല്ലെങ്കിലും ഭക്ഷ്യയോഗ്യമല്ല. വിവിധ രാജ്യങ്ങളിൽ കൃഷി ചെയ്യപ്പെടുന്ന ചിപ്പിക്കൂണുകൾ നിറത്തെ അടിസ്ഥാനമാക്കി വെളുത്ത ചിപ്പിക്കൂൺ, ചാരനിറമുള്ളവ, പിങ്ക് നിറമുള്ളവ ചാര-തവിട്ടുനിറമുള്ളവ(grey brown oyster), സ്വർണനിറമുള്ളവ (golden oyster) എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. ഭക്ഷ്യയോഗ്യമായ ചില ചിപ്പിക്കൂണ്‍ ഇനങ്ങളെ പരിചയപ്പെടാം.

പ്ലൂറോട്ടസ് സോജർ-കാജു (Pleurotus sojor-caju)

കേരളത്തിൽ ആദ്യമായി കൃഷി ചെയ്തെടുത്ത ചിപ്പിക്കൂൺ ഇനമാണിത്. ഇരുട്ടിൽ ഇളം ചാരനിറവും സൂര്യപ്രകാശത്തിൽ കടും ചാരനിറവും ആകുന്ന ഒരിനമാണിത്. കേരളത്തിൽ മഴക്കാലത്ത് കൃഷി ചെയ്യാൻ പറ്റിയ ഇനമാണിത്. വൈക്കോലിൽ 20-25 ദിവസം കൊണ്ടും റബ്ബറിന്റെ അറക്കപ്പൊടിയിൽ 30-35 ദിവസം കൊണ്ടും വിളവെടുക്കാം.

വയ്ക്കോൽ ബെഡ്ഡിൽ നിന്ന് ഒരു കിലോ ഗ്രാം വരെയും അറക്ക പ്പൊടി ബഡില്‍ നിന്ന് ഒന്നര കിലോഗ്രാം വരെയും കൂൺ ലഭിക്കും. വീട്ടിലെ ആവശ്യത്തിന് സ്വയം കൃഷിചെയ്ത് ഉപയോഗിക്കാൻ ഏറ്റവും പറ്റിയ ഇനമാണിത്. എന്നാൽ നിറം കുറവായതു കൊണ്ടും പെട്ടെന്നു കേടാകുന്നതു കൊണ്ടും വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് ഇതിനു പ്രിയം കുറഞ്ഞു വരികയാണ്. തമിഴ്നാട് കാർഷിക സർവ്വകലാശാല എം-2 എന്ന പേരിൽ ഇതിന്റെ ഒരിനം പുറത്തിറക്കിയിട്ടുണ്ട്.

പ്ലൂറോട്ടസ് ഫ്ളോറിഡ (Pleurotus florida)

വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് ഏറ്റവും യോജിച്ച ഇനമാണിത്. വെളുപ്പു നിറം, നല്ല വലിപ്പം, മൃദുത്വം എന്നിവ ഈയിനത്തിന്റെ പ്രത്യേകതയാണ്. ഇരുട്ടിൽ നല്ല വെളുപ്പു നിറമാണെങ്കിലും സൂര്യപ്രകാശത്തിൽ ഇളം ചാരനിറം കാണിക്കുന്ന സ്വഭാവമുണ്ട്. വൈക്കോലിലും റബ്ബറിന്റെ അറക്കപ്പൊടിയിലും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ പറ്റിയ ഇനമാണ്. വൈക്കോലിൽ 18-22 ദിവസം കൊണ്ടും അറക്കപ്പൊടിയിൽ 20-28 ദിവസംകൊണ്ടും വിളവു ലഭിക്കുന്നു. വേനൽക്കാലത്ത് ഈ ഇനത്തിന്റെ വളർച്ചയും ഉത്പാദനവും വളരെ കുറവാണ്. എന്നാൽ കൂൺ ഷെഡ്ഡിൽ മിസ്റ്റ് നന കൊടുത്താൽ വേനൽക്കാലത്തും നല്ല വിളവ് ലഭിയ്ക്കും. വൈക്കോൽ ബെഡ്ഡിൽ നിന്ന് ഒന്നേ കാൽ കിലോ ഗ്രാം വരെയും അറക്കപ്പൊടി ബെഡിൽ നിന്ന് 2 കിലോ ഗ്രാം വരെയും, കൂൺ കിട്ടാം. ഇന്ന് കേരളത്തിൽ ഏറ്റവും പ്രചാരമുള്ള ഇനം ചിപ്പിക്കൂണാണിത്. തമിഴ്നാട് കാർഷിക സർവ്വകലാശാല പുറത്തിറക്കിയ Apk-2, സ്പോർ ഉത്പാദനം കുറവായ ഫ്ലോറിഡ ഫ്ളോറിഡ ഇനം ചിപ്പിക്കൂണാണ് അതിനാൽ സ്പോർ അലർജിയുള്ളവർക്ക് കൃഷിചെയ്യാൻ പറ്റിയ ഇനമാണിത്.

പ്ലൂറോട്ടസ് സിട്രിനോ പീലിയേറ്റസ് (P. citrinopileatus)

ഫ്ളോറിഡ പോലെ വെളുത്ത നിറം, നല്ല വലിപ്പം, മൃദുത്വം എന്നിവ ഒത്തിണങ്ങിയ ഒരിനം ചിപ്പിക്കൂണാണിത്. വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് ഉത്തമമാണ്. ഇതും സൂര്യപ്രകാശത്തിൽ മങ്ങിയ നിറം കാണിക്കാറുണ്ട്. വൈക്കോലിലും റബ്ബറിന്റെ അറക്കപ്പൊടിയിലും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാം. വൈക്കോലിൽ 15 -18 ദിവസം കൊണ്ടും അറക്കപ്പൊടിയിൽ 20-25 ദിവസം കൊണ്ടും വിളവെടുക്കാം. ഒരു വൈക്കോൽ ബെഡ്ഡിൽ നിന്നും ഒരു കിലോഗ്രാം വരെയും അറക്കപ്പൊടി ബെഡ്ഡിൽ നിന്നും ഒന്നര കിലോഗ്രാം വരെയും കൂൺ വിളവ് പ്രതീക്ഷിക്കാം. തമിഴ്നാട് കാർഷിക സർവ്വകലാശാല CO-1 എന്ന പേരിൽ ഈ ഇനം പുറത്തിറക്കിയിരിക്കുന്നു.

പ്ലൂറോട്ടസ് സാപിഡസ് (P. sapidus)

ചിപ്പിക്കൂണ്കളിൽ ഏറ്റവും രുചികരമായ ഇനമാണിത്. വൈക്കോലിൽ കൃഷിചെയ്താൽ 12-)൦ ദിവസവും റബ്ബർത്തടിയുടെ അറക്കപ്പൊടിയിൽ 18 -)൦ ദിവസവും ആദ്യ വിളവു ലഭിക്കും. കേരളത്തിൽ മഴക്കാലത്തും വേനൽക്കാലത്തും കൃഷി ചെയ്യാം. നല്ല തൂവെള്ള നിറമാണ്. കാര്യമായ രോഗകീടബാധയില്ല. പ്ലാസ്റ്റിക് കുപ്പികളിൽ കൃഷി ചെയ്യാൻ ഉത്തമം. എന്നാൽ കൂണിന്റെ വ്യാപ്തത്തിന് അനുസരിച്ചുള്ള തൂക്കമില്ല എന്ന പോരായ്മയുണ്ട്. മറ്റു ചിപ്പി ക്കൂണിനെക്കാൾ ഒരു ദിവസം കൂടി സൂക്ഷിപ്പുകാലമുണ്ട്. ഉണക്കിപ്പൊടിയ്ക്കാൻ നല്ല ഇനമാണ്.

പ്ലൂറോട്ടസ് ഈയസ് (P.eous)

ഇളം പിങ്ക് നിറത്തിൽ ആകർഷകമായ കൂണാണിത്. നല്ല ഇരുട്ടിൽ കടും പിങ്ക് നിറമുളള ഈ ഇനം പ്രകാശമടിച്ചാൽ ഏതാണ്ട് വെള്ളനിറമാകുന്നതായി കണ്ടിട്ടുണ്ട്. വലിപ്പവും ദൃഢതയുമുള്ള ഈ ഇനം എളുപ്പം കേടാകില്ല. 12-14 ദിവസം കൊണ്ടു വിളവെടുക്കാം. ഒരു കിലോഗ്രാം വൈക്കോൽ ബെഡിൽ നിന്നും 800 ഗ്രാം വരെ കൂൺ കിട്ടാം. പിങ്ക് നിറമായതുകൊണ്ട് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്താൽ വിജയിക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ ഉണക്കി ഉപയോഗിക്കാൻ നല്ലതാണ്. കൂടാതെ കൂടുതൽ ഔഷധഗുണവുമുണ്ട്. Apk-1 എന്ന പേരിൽ തമിഴ്നാട് കാർഷിക സർവ്വകലാശാല ഈ ഇനം പുറത്തിറക്കിയിട്ടുണ്ട്. പുതിയ ഒരിനം പിങ്ക് ഓയിസ്റ്റർ കുൺ കുമരകം പ്രാദേശിക കൃഷി ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ചിപ്പിക്കൂണ്‍ ഇനങ്ങളിൽ വളരെ രുചികരവും പോഷകഗുണവും കൂടുതൽ ഔഷധ ഗുണവും ഉള്ള ഇനമാണിത്. പ്ലാസ്റ്റിക് കുപ്പികളിലെ കൃഷിയ്ക്ക് ഉത്തമം. വർഷം മുഴുവൻ കൃഷി ചെയ്യാം.

പ്ലൂറോട്ടസ് ഓസിയേറ്റസ് (P. Ostreatus)

പ്ലൂറോട്ടസ് ജാമർ (P. djamor)

പ്ലൂറോട്ടസ് പ്ലാറ്റിപ്പസ് (P. platypus)

അനന്തൻ

പ്ലൂറോട്ടസ് ഹോളണ്ട് (P. holland)

പ്ലൂറോട്ടസ് പെലോയിഡസ് (P. petaloides)

പ്ലൂറോട്ടസ് കോർണുകോപിയേ (P. cornucopiae)

പ്ലൂറോട്ടസ് എരിഞ്ഞി (P. eryngii)

പ്ലൂറോട്ടസ് ഡ്രൈനെസ് (P.dryness)

പ്ലൂറോട്ടസ് ഒപ്പൻഷിയേ (P. opuntiae)

പ്ലൂറോട്ടസ് ഫ്ളാബെല്ലേറ്റസ് (P. flabellatus)

എന്നിവ മറ്റിനങ്ങളാണ്.

അടുത്ത കാലത്തായി ചിപ്പിക്കൂണിന്റെ കൃഷി കേരളത്തിൽ വളരെയധികം വ്യാപിച്ചിട്ടുണ്ട്. ഫ്ളോറിഡ, CO-1, CO-2 എന്നീ ഇനങ്ങളാണ് കേരളത്തിൽ കൂടുതൽ പ്രചാരത്തിലുള്ളത്.

ചിപ്പിക്കൂണിനോട് വളരെയധികം സാദൃശ്യമുള്ള ഒരിനമാണ് CO-2 എന്ന പേരിൽ തമിഴ്നാട് കാർഷിക സർവ്വകലാശാല പുറത്തിറക്കിയ പുതിയ ഇനം കൂൺ. ഹിപ്തസിസെഗസ് അൾമേറിയസ് (Hypsizygius ulmarius) എന്നാണ് ഈയിനത്തിന്റെ ശാസ്ത്രീയനാമം. വൈറ്റ് എം മഷ്റൂം (white elm mushroom) അഥവാ എം. ഓയിസ്റ്റർ (elm oyster) എന്നതാണ് സാമാന്യനാമം. നല്ല വലിപ്പവും ദൃഢതയും താനും കട്ടിയും തൂക്കവുമുള്ള ഇനമാണെങ്കിലും ഇളം ചാരനിറമാണ്. കൂൺ വളരെ ചെറിയ മൊട്ടായിരിക്കുമ്പോള്‍ വെള്ളനിറവും പിന്നീട് നീല കലർന്ന ചാരനിറവുമാകുന്നു. പൂർണ്ണമായി വിരിയുമ്പോൾ കുടയ്ക്ക് വെളുപ്പുകലർന്ന ചാരനിറമായിരിക്കും. സാധാരണ ചിപ്പിക്കൂൺ മൊട്ടു വന്നു കഴിഞ്ഞാൽ മൂന്നാം ദിവസം പറിച്ചെടുക്കാം. എന്നാൽ ഈ ഇനം മൊട്ടു വന്ന് ഒരാഴ്ച കൊണ്ടേ വിളവെടുക്കാൻ പരുവമാകൂ. വൈക്കോലിലും ചണച്ചാക്കിലും റബറിന്‍റെ അറക്കപ്പൊടിയിലും കൃഷി ചെയ്യാം. പക്ഷേ, വിളവെടുപ്പു സമയം കാലാവസ്ഥയ്ക്കനുസരിച്ച് 15 ദിവസം മുതല്‍ 45-50 ദിവസം വരെ വ്യത്യാസപ്പെടുന്നതായി കണ്ടിട്ടുണ്ട്. ആദ്യ വിളവിനുശേഷം രണ്ടാം വിളവെടുപ്പും ചിലപ്പോൾ ആഴ്ച്ചകളോളം താമസിക്കാം. മുകളിൽ പറഞ്ഞ ചിപ്പിക്കൂൺ ഇനങ്ങളെക്കാൾ രുചിയിലും അൽപ്പം കുറവുണ്ട്. കേരളത്തിലും ചില ആളുകൾ വാണിജ്യാടിസ്ഥാനത്തിൽ ഈയിനം കൃഷി ചെയ്തു വരുന്നുണ്ട്. വേനൽക്കാല കൃഷിയ്ക്ക് യോജിച്ച ഇനമല്ല. എന്നാൽ പിങ്ക് ഇനവും സാപ്പിഡസ് ഇനവും വേനൽക്കാല കൃഷിക്ക് യോജിച്ച ഇനങ്ങളാണ്.

ചിപ്പിക്കൂൺ കൃഷിരീതികൾ

കൂൺകൃഷിയിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം കൂൺ വിത്ത് അഥവാ സ്പോൺ ആണ്. കൃഷിക്കുപയോഗിക്കുന്ന സ്പോൺ ശുദ്ധവും, പുതിയതും, കൃത്യമായ മൂപ്പുള്ളതും (വിത്തുണ്ടാക്കിയതിനുശേഷം 10 മുതൽ 25 ദിവസം വരെയുള്ള കാലാവധിയിലുള്ള വിത്ത്), മറ്റ് അണുബാധയില്ലാത്തതും ആയിരിക്കണം. മാതൃവിത്തിൽ നിന്ന് രണ്ടു പ്രാവശ്യത്തിൽ കൂടുതൽ പകർത്തിയ വിത്ത് കൃഷിക്ക് നന്നല്ല.

കൂൺ കൃഷിക്കായുള്ള മാധ്യമം

ഏതു സസ്യങ്ങളുടെയും ഉണങ്ങിയ ഇലകളിലും മറ്റു ജൈവവസ്തുക്കളിലും ചിപ്പിക്കൂൺ വളരും. ഉദാഹരണത്തിന് കടുപ്പം കുറഞ്ഞ തടികളുടെ അറക്കപ്പൊടി, ഉണങ്ങിയ പുല്ല്, പൈനാപ്പിൾ ഇലകൾ, ചെല്ലി, ആഫ്രിക്കൻ പായൽ, കുളവാഴ, വാഴക്കച്ചി (വാഴപ്പോള, വാഴക്കയ്യ് അരിഞ്ഞുണങ്ങിയത്), കരിമ്പിൻചണ്ടി, നെല്ല്, ഗോതമ്പ്, ചോളം തുടങ്ങിയ ധാന്യവിളകളുടെ വൈക്കോൽ, തെങ്ങിന്റെ മടൽ, കൊതുമ്പ്, കോഞ്ഞാട്ട, കുലാഞ്ഞിൽ, ചകിരിച്ചോറ്, ചണച്ചാക്ക്, കമുകിന്‍റെ പാള, പാക്കിന്‍റെ തൊണ്ട്, തെരുവപ്പുല്ല് എന്നിങ്ങനെ നിരവധി സസ്യാവശിഷ്ടങ്ങളിൽ ചിപ്പിക്കൂൺ വളരും. വാണിജ്യാടിസ്ഥാനത്തിലുള്ള ചിപ്പിക്കൂൺ കൃഷിക്ക് മാധ്യമം തെരഞ്ഞെടുക്കുമ്പോൾ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

  • മാധ്യമം സുലഭമായിരിക്കണം
  • എളുപ്പത്തിൽ കൃഷിക്കായി പരുവപ്പെടുത്താൻ പറ്റിയതാകണം
  • പരമാവധി വിളവു ലഭിക്കുന്ന മാധ്യമമായിരിക്കണം

ഈ മൂന്നു കാര്യങ്ങളും വൈക്കോലിന്റെ കാര്യത്തിൽ മാത്രമേ തൃപ്തികരമാവൂ. അതുകൊണ്ട് വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് ഏറിയ പങ്ക് ആളുകളും വൈക്കോൽ തന്നെ ഉപയോഗിക്കുന്നത്. എന്നാൽ കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലയുടെ ചില ഭാഗങ്ങളിൽ റബ്ബർത്തടിയുടെ അറക്കപ്പൊടിയും കൂൺ കൃഷിക്കായി ഉപയോഗിച്ചു വരുന്നുണ്ട്. വൈക്കോലും അറക്കപ്പൊടിയും ഒരേസമയം സുലഭമായി കിട്ടുന്ന സാഹചര്യത്തിൽ അറക്കപ്പൊടി ആയിരിക്കും കൂടുതൽ മെച്ചം. അടുത്തകാലത്തായി ചണച്ചാക്കും വാണിജ്യാടിസ്ഥാനത്തിലുള്ള കൂണ്‍ കൃഷിക്ക് ഉപയോഗിക്കുന്നുണ്ട്.

വൈക്കോൽ ഉപയോഗിച്ചുള്ള ചിപ്പിക്കൂൺ കൃഷി

വളരെ ശ്രദ്ധയോടെ വേണം കൂൺ കൃഷിക്കായി വൈക്കോൽ തെരഞ്ഞെടുക്കേണ്ടത്. കൊയ്ത്തിനു ശേഷം ഉണക്കിയെടുക്കുന്ന വൈക്കോൽ ഉടനെ കൂൺകൃഷിക്ക് ഉപയോഗിക്കരുത്. രണ്ടുമൂന്നു മാസമെങ്കിലും പഴകിയതിനുശേഷം വേണം ഉപയോഗിക്കാൻ. എന്നാൽ രണ്ടു വർഷത്തിൽ കൂടുതൽ പഴകുകയുമരുത്.

സ്വർണ്ണനിറമുള്ള വയ്ക്കോൽ ആണ് ചിപ്പിക്കൂൺ കൃഷിക്ക് ഏറ്റവും അനുയോജ്യം. കേരളത്തിൽ ഇടുക്കി,വയനാട്, പാലക്കാട് ജില്ലകളിലെ വൈക്കോലും തമിഴ്നാട്ടിൽ നിന്നു വരുന്ന വൈക്കോലും ഏതാണ്ടു സ്വർണ്ണനിറമുള്ളതാണെന്നു പറയാം. എന്നാൽ വാണിജ്യാടിസ്ഥാനത്തിലുള്ള ചിപ്പിക്കൂൺ കൃഷിക്ക് കുട്ടനാടൻ വൈക്കോൽ അത്ര നല്ലതല്ല. കുട്ടനാടൻ വൈക്കോലിൽ കൂടുതലായി കുമിൾബാധയും കീടബാധയും ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. പലപ്പോഴും കൊയ്യുന്ന സമയത്ത് കുട്ടനാടൻ നെല്ല് ചെളിയിൽ അടിയുന്നതുമൂലം വൈക്കോൽ മോശമായിരിക്കും. അതുപോലെ യന്ത്രം ഉപയോഗിച്ച് കൊയ്ത്തും മെതിയും നടത്തുന്നിടത്ത് വയ്ക്കോലും ചിപ്പിക്കൂൺ കൃഷിക്ക് അത്ര നല്ലതല്ല.

വൈക്കോൽ പാകപ്പെടുത്തിയെടുക്കുന്ന വിധം

കൂൺ കൃഷിയ്ക്കായി വൈക്കോൽ പ്രധാനമായും രണ്ടുതരത്തിൽ പാകപ്പെടുത്തിയെടുക്കാം. ആവിയിൽ പുഴുങ്ങിയോ രാസലായനിയിൽ മുക്കി വച്ചോ (chemical pasteurization) വൈക്കോൽ പരുവപ്പെടുത്താം.

  • ആവിയിൽ പുഴുങ്ങി ഉപയോഗിക്കുന്ന വിധം:

ആദ്യമായി വൈക്കോൽ 6-24 മണിക്കൂർ സമയം വെള്ളത്തിൽ കുതിർത്തു വയ്ക്കണം. വൈക്കോൽ മുഴുവനായി വെള്ളത്തിൽ താഴ്ന്ന് കിടക്കുന്നതിന് വൈക്കോലിനു മുകളിൽ ഭാരമുള്ള എന്തെങ്കിലും (കല്ല്) വയ്ക്കണം. പിന്നീട് പുറത്തെടുത്ത് വെയിലത്ത് വാരിയിട്ട് 50 ശതമാനം വരെ വെള്ളം തോരാൻ അനുവദിക്കുക. അമ്പതു ശതമാനം ഈർപ്പം കണക്കാക്കുന്നതിനായി വൈക്കോൽ മുറുക്കിപ്പിഴിഞ്ഞു നോക്കുക. അപ്പോൾ ഒന്നോ, രണ്ടോ തുള്ളി വെള്ളം മാത്രമേ വരുന്നുള്ളൂ എങ്കിൽ 50 ശതമാനം ഈർപ്പമായി എന്നു കണക്കാക്കാം. ഈർപ്പം 50 ശതമാനത്തിൽ അൽപ്പം കുറഞ്ഞാലും പ്രശ്നമില്ല. കൂടുന്നത് ഒട്ടും ആശാസ്യമല്ല. പലപ്പോഴും കൂൺകൃഷി പരാജയപ്പെടുന്നതിന് ഒരു കാരണം കൃഷി ചെയ്യുമ്പോൾ വൈക്കോലിൽ ഈർപ്പം കൂടുന്നതാണ്. ഇപ്രകാരം വെള്ളം തോർത്തിയെടുത്ത വൈക്കോൽ ഒരു മണിക്കൂർ ആവിക്കു വച്ചു പുഴുങ്ങി എടുക്കണം. അതിനുശേഷം തണുക്കുന്നതിനായി നല്ല വൃത്തിയുള്ള സ്ഥലത്ത് വിരിച്ചിടണം. ഒരു മണിക്കൂറിനുള്ളിൽ തണുക്കുകയും കൃഷിക്ക് ഉപയോഗിക്കുകയും ചെയ്യാം.

കെമിക്കൽ പാസ്ചുറൈസേഷൻ:

വ്യാവസായികാടിസ്ഥാനത്തിൽ ചിപ്പിക്കൂൺ കൃഷി ചെയ്യുമ്പോൾ വൈക്കോൽ പുഴുങ്ങി ഉപയോഗിക്കുന്നതിന് പല പ്രായോഗിക വിഷമതകളുമുണ്ട്. പുഴുങ്ങുന്നതിനു പകരം രാസവസ്തുക്കൾ ഉപയോഗിച്ച് വൈക്കോൽ പാകപ്പെടുത്തുന്നതാണ് കൂടുതൽ പ്രായോഗികവും സൗകര്യവും. ഇതിനായി സാധാരണ ഉപയോഗിക്കുന്നത് കാർബൻഡാസിം-ഫോർമാൽഡിഹൈഡ് ലായനിയോ കാർബൻഡാസിം-ബ്ലീച്ചിങ്ങ് പൗഡർ ലായനിയോ ആണ്. ആദ്യത്തെ ചേരുവയിൽ കാർബൻഡാസിം 8 ഗ്രാമും ഫോർമാൽഡിഹൈഡ് 50 മില്ലിലിറ്ററും100 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ലായനി തയ്യാറാക്കണം. രണ്ടാമത്തെ ചേരുവയിൽ കാർബൻഡാസിം 8 ഗ്രാം, ബ്ലീച്ചിംഗ് പൗഡർ 10 ഗ്രാം എന്നിവ 100 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ലായനി തയ്യാറാക്കണം.

കാർബൻഡാസിം ഒരു അന്തർവ്യാപനശേഷിയുള്ള കുമിൾ നാശിനിയാണ്. ഈ കുമിൾനാശിനി 100 ലിറ്ററിൽ 8 ഗ്രാം വരെ ചേർത്താൽ കൂൺവർഗ്ഗത്തിൽപ്പെട്ട കുമിളുകൾ നശിക്കില്ല. എന്നാൽ കൂൺ കൃഷി ചെയ്യുമ്പോൾ ഉണ്ടാകുന്ന പച്ച നിറത്തിലുളള പൂപ്പലുകളെ നിയന്ത്രിക്കുകയും ചെയ്യും.

പാസ്ചുറൈസഷന് ലായനി തയ്യാറാക്കുന്നതിനായി 100 ലിറ്റർ കൊളളുന്ന സിമന്റ് ടാങ്കോ, വലിയ വീപ്പയോ, പ്ലാസ്റ്റിക് ജാറോ ഉപയോഗിക്കാം. വീപ്പയുടെയും, ജാറിന്റെയും അടിയിൽ ഒരു ടാപ്പ് പിടിപ്പിക്കുന്നത് കൂടുതൽ സൗകര്യപ്രദമാണ്. ആദ്യം കാർബൻഡാസിം നിശ്ചിത അളവിൽ തൂക്കിയെടുക്കണം. ഇത് ഒരു ചെറിയ അളവുപാതത്തിൽ അളന്നു തിട്ടപ്പെടുത്തിയാൽ പിന്നീട് തൂക്കം നോക്കാതെ അളന്നെടുത്താൽ മതിയാകും. കാർബൻഡാസിം പൊടിയിലേക്ക് അൽപ്പാൽപ്പം വെള്ളം ചേർത്ത് നിശ്ചിത അളവ് വെള്ളവുമായി ചേർത്തിളക്കുക. പിന്നീട് 100 ലിറ്റർ വെള്ളത്തിൽ 10 ഗ്രാം ബ്ലീച്ചിംഗ് പൗഡർ ചേർത്ത് നന്നായി ഇളക്കുക.

ഇങ്ങനെ തയ്യാറാക്കിയ ലായനിയിൽ വൈക്കോൽ 6-24 മണിക്കൂർ മുക്കിവയ്ക്കണം. അതിനുശേഷം പുറത്തെടുത്ത് 50 ശതമാനം ഈർപ്പത്തിൽ വെള്ളം തോർത്തി എടുക്കണം. വൈക്കോൽ പുറത്തെടുക്കുന്നതിനു മുമ്പായി ടാപ്പ് തുറന്നുവിട്ട് ലായനി ചോർത്തിക്കളഞ്ഞാൽ നന്നായിരിക്കും. സാധാരണ മൂന്നു തവണ വരെ മുക്കി വയ്ക്കുന്നതിനായി ഒരേ ലായനി ഉപയോഗിക്കാമെന്നു പറയുന്നുണ്ടെങ്കിലും അത് പ്രായോഗികമായി അത്ര വിജയകരമായി അനുഭവപ്പെട്ടിട്ടില്ല.

പാകപ്പെടുത്തിയ വൈക്കോലിൽ കൃഷി ചെയ്യുന്നവിധം

ചിപ്പിക്കൂൺ കൃഷിക്ക് വിത്തും വൈക്കോലും കൂടാതെ പോളിത്തീൻ കവർ കൂടി വേണം. ഇങ്ങനെ പോളിത്തീൻ കവറിൽ കൃഷിചെയ്തെടുക്കുന്ന രീതിയെ പോളി ബാഗ് കൃഷിരീതി എന്നു പറയും. കൃഷി ചെയ്യുന്നതിനായി 100-150 ഗേജ് കട്ടിയുള്ളതും വെളുത്തതും, 60 X 30 സെ.മീറ്റർ വലിപ്പമുള്ളതുമായ കവറുകളാണ് ഉപയോഗിക്കുന്നത്. കവറിനു പകരം 25-30 സെ.മീറ്റർ വീതിയുള്ള പോളിത്തീൻ ട്യൂബ് 50-60 സെ.മീറ്റർ നീളത്തിൽ മുറിച്ചെടുത്ത് ഒരു വശം കെട്ടിയെടുത്താലും മതി. ഇത്രയും വലിപ്പമുള്ള ഒരു കവറിൽ കൃഷി ചെയ്യാൻ ഏകദേശം 750-1000 ഗ്രാം വൈക്കോലും 150 ഗ്രാം കൂൺവിത്തും (അര പായ്ക്കറ്റ്) വേണ്ടി വരും.

ആദ്യമായി പോളിത്തീൻ കവർ എട്ടായി മടക്കി പിന്ന് കൊണ്ടോ മൊട്ടുസൂചി കൊണ്ടോ ഒത്ത നടുക്ക് ഒരു ദ്വാരം കൊടുക്കുക. പിന്നീട് കവറിന്റെ ചുവട് ഭാഗം  (സീൽ ചെയ്ത ഭാഗം) മുറിച്ചു മാറ്റി ആ ഭാഗം ചുരുക്കി ഒരു റബ്ബർ ബാൻഡു കൊണ്ട് കെട്ടുക. കവറിന് പകരമായി മുകളിൽ പറഞ്ഞതുപോലെ പോളിത്തീൻ ട്യൂബുകളും ഒരു വശം കെട്ടിയെടുത്ത് കൃഷിക്ക് ഉപയോഗിക്കാം. അണുനശീകരണം വരുത്തി വെള്ളം തോർത്തിയെടുത്ത വൈക്കോൽ ചുമ്മാടു പോലെ ചുരുട്ടി ഒന്നര ഇഞ്ചു കനത്തിൽ കവറിനുള്ളിൽ ഇറക്കിവച്ച് അമർത്തി നിരപ്പാക്കുക. കൂൺ വിത്ത് പാക്കറ്റ് പൊട്ടിച്ച് നന്നായി അണുനശീകരണം വരുത്തിയതും വൃത്തിയുള്ളതുമായ ഒരു പാത്രത്തിലേക്ക് പകർത്തണം. പിന്നീട് ഒരു പിടി വിത്തുവാരി കവറിനുള്ളിൽ വയ്ക്കോലിനു മുകളിൽ കവറിനരികിലുടെ വൃത്താകൃതിയിൽ ഇടണം. വീണ്ടും പഴയ പടി ഒരട്ടി വൈക്കോൽ ഇറക്കിവച്ച് അമർത്തി നിരപ്പാക്കി കൂൺവിത്ത്

ഇട്ടുകൊടുക്കണം. പോളിത്തീൻ കവർ ഏകദേശം മുഴുവനായി നിറയുന്നതു വരെ ഇങ്ങനെ ആവർത്തിക്കണം. ഓരോ അട്ടി വൈക്കോലും കവറിൽ നന്നായി അമർത്തി വച്ചതിനു ശേഷം വേണം കൂൺവിത്ത് ഇടേണ്ടത്. ഏറ്റവും അവസാനത്തെ അട്ടിയുടെ പുറത്ത് കൂൺവിത്ത് കവറിന് അരികിൽ ഇടുന്നതോടൊപ്പം വൈക്കോലിന്‍റെ മുകള്‍ഭാഗത്തും ഇടേണ്ടതാണ്. അതിനുശേഷം ബെഡ് നന്നായി അമർത്തി ഒരു പ്ലാസ്റ്റിക് ചരടുകൊണ്ട് കവറിന്റെ മുകൾഭാഗം നന്നായി കെട്ടിവയ്ക്കണം. പിന്നീട് ഈ ബെഡ് തലകീഴായി ഒരു മേശപുറത്ത് വച്ചിട്ട് അടിവശത്തെ റബ്ബർബാൻഡുകെട്ട് അഴിച്ചു മാറ്റണം. കവർ തുറന്ന് ഒരു പിടി വിത്ത് അരികിലും നടുക്കുമായി വിതറി ഇട്ടുകൊടുത്ത് ഒരു ചരടു കൊണ്ട് വീണ്ടും മുറുക്കിക്കെട്ടണം.

പോളിത്തീൻ കവറിൽ വൈക്കോലും കൂൺവിത്തും ഒന്നിടവിട്ട് നിറച്ച് തയ്യാറാക്കി എടുക്കുന്നതാണ് കൂൺ ബെഡ് (തടം) എന്നറിയപ്പെടുന്നത്. ഇപ്രകാരം തയ്യാറാക്കിയ ഒരു സ്റ്റാൻഡേർഡ് ബെഡിന് ഏകദേശം 3-3.5 കിലോഗ്രാം തൂക്കം വരും. ചണച്ചാക്ക് റിബൺ പോലെ കീറിയെടുത്ത് വൈക്കോല്‍ ക്യഷിക്കായി പാകപ്പെടുത്തുന്നതുപോലെ തയ്യാറാക്കി അതിലും ലാഭകരമായി കൂൺ കൃഷി ചെയ്യാം.

റബ്ബറിന്‍റെ അറക്കപ്പൊടിയിൽ കൃഷി ചെയ്യുന്ന വിധം

  • അറക്കപ്പൊടി ആവിയിൽ പുഴുങ്ങി എടുക്കുന്ന വിധം

ചിപ്പിക്കൂൺ കൃഷിക്ക് ഏറ്റവും അനുയോജ്യം റബ്ബറിന്‍റെ തടി പച്ചയായിരിക്കുമ്പോൾ തന്നെ അറുത്തെടുത്ത പൊടിയാണ്. ഇപ്രകാരമുള്ള പൊടി വെളുത്തിരിക്കും. പഴകിയതും ഉണങ്ങിയതുമായ റബ്ബർത്തടി അറുത്ത പൊടി കൃഷിക്ക് ഒട്ടും യോജിച്ചതല്ല. പച്ചത്തടി അറുത്തെടുക്കുമ്പോൾ കിട്ടുന്ന പൊടി ഒരിയ്ക്കലും ചാക്കിൽ കെട്ടി സൂക്ഷിച്ചു വയ്ക്കരുത്. അത് ആവി തട്ടി പൂത്തു പോകും. ഒരു ഷീറ്റിൽ ഈർപ്പമടിക്കാതെ വിരിച്ചിട്ടാൽ 6 മാസം വരെ പൊടി കൃഷിയ്ക്കായി ഉപയോഗിക്കാം.

അറക്കപ്പൊടി 12-16 മണിക്കൂർ സമയം വെള്ളത്തിൽ കുതിർത്തിടണം. പിന്നീട് വെള്ളം ഊറ്റിക്കളഞ്ഞ് കട്ടിയുള്ള തുണിയിലോ ചാക്കിലോ അറക്കപ്പൊടി കിഴിയാക്കി കെട്ടിയെടുത്ത് കഴിവതും വെള്ളം ഞെക്കിപ്പിഴിഞ്ഞുകളയണം. ഇങ്ങനെ കിഴിയാക്കി കെട്ടിയെടുത്ത അറക്കപ്പൊടി ഒരു മണിക്കൂർ സമയം ആവിയിൽ പുഴുങ്ങി എടുക്കണം. അതിനുശേഷം അറക്കപ്പൊടി ഒരു വൃത്തിയുള്ള തുണിയിലോ ഷീറ്റിലോ നിരത്തിയിട്ട് 50 ശതമാനം ഈർപ്പം ആവുന്നതുവരെ വെള്ളം തോർത്തിയെടുക്കണം (അരിപ്പൊടി പുട്ടു നനയ്ക്കുന്ന പരുവത്തിൽ).

  • പുതിയ അറക്കപ്പൊടി രാസലായനിയിൽ തയ്യാറാക്കി ഉപയോഗിക്കുന്ന വിധം

ഇതിന് വൈക്കോൽ മുക്കുന്നതിനായി തയ്യാറാക്കിയതുപോലെ രാസലായനി തയ്യാറാക്കണം. ഈ രാസലായനിയിൽ അറക്കപ്പൊടി 12-16 മണിക്കൂർ സമയം മുക്കി വയ്ക്കണം. അതിനുശേഷം വീപ്പയുടെ/ജാറിന്റെ അടിയിലെ ടാപ്പ് തുറന്നു വിടണം. പാത്രത്തിൽ നിന്നും അറക്കപ്പൊടി വാരിയെടുത്ത് തണലത്തു വിരിച്ചിട്ട് 50ശതമാനം ഈർപ്പം ആകുന്നതു വരെ വെള്ളം തോർത്തി (അരിപ്പൊടി പുട്ടു നനയ്ക്കുന്ന പരുവത്തിൽ) കൃഷിയ്ക്കായി ഉപയോഗിക്കാം.

  • ഉണങ്ങിയ അറക്കപ്പൊടി അണുവിമുക്തമാക്കുന്ന വിധം

100 ലിറ്റർ വെള്ളത്തിൽ 150 ഗ്രാം കാൽസ്യം കാർബണേറ്റ്, 10 ഗ്രാം ബ്ലീച്ചിംഗ് പൗഡർ എന്നിവ നന്നായി ചേർത്തിളക്കുക. ഈ ലായനിയിൽ ഉണങ്ങിയ അറക്കപ്പൊടി 12-15 മണിക്കുർ മുക്കി വച്ച് പുട്ടു നന പരുവത്തിൽ വെള്ളം തോർത്തി കൃഷി ചെയ്യാം. കൃഷി ചെയ്യുമ്പോൾ വീണ്ടും കാൽസ്യം കാർബണേറ്റ് ചേർക്കേണ്ടതില്ല.

  • കൃഷി രീതി

വൈക്കോലിൽ കൃഷി ചെയ്യുന്ന രീതിയിൽ തന്നെയാണ് അറക്കപ്പൊടിയിൽ കൃഷി ചെയ്യുന്നതിനും പോളിത്തീൻ കവർ തയ്യാറാക്കേണ്ടത്. കവറിൽ ഒരിഞ്ചു കനത്തിൽ അറക്കപ്പൊടി വാരി നിറയ്ക്കണം. ഇതിനായി ഒരു അളവുപാത്രം ഉപയോഗിക്കുന്നത് നല്ലതാണ്. വാരിയിട്ട അറക്കപ്പൊടി ചെറുതായി അമർത്തി നിരപ്പാക്കണം. മുകളിൽ കവറിനരികിലൂടെ വൃത്താകൃതിയിൽ ഇട്ടു പിന്നീട് ഒരുപിടി കൂൺവിത്ത് വാരി അറക്കപ്പൊടിക്കു കൊടുക്കണം. വീണ്ടും ഒരിഞ്ചു കനത്തിൽ അറക്കപ്പൊടി മുകളിൽ ഇട്ടുകൊടുത്ത് നിരപ്പാക്കിയതിനു ശേഷം ചെറുതായി അമർത്തി കൂൺവിത്തിടണം. ഈ പ്രകിയ കവർ മുക്കാൽ ഭാഗം നിറയുന്നതു വരെ ആവർത്തിക്കണം. ഏറ്റവും അവസാനത്തെ അട്ടിയുടെ മുകളിൽ അരികിലും നടുക്കുമായി കൂൺ വിത്ത് വിരിച്ചിടണം. അതിനു ശേഷം രണ്ടു പിടി അറക്കപ്പൊടി വിതറി കവർ നന്നായി അമർത്തിക്കെട്ടണം. പിന്നീട് ബെഡ് നേരെ തലകീഴായി തിരിച്ചു വച്ച് റബ്ബർബാൻഡ് കെട്ട് അഴിച്ചു മാറ്റണം. അവിടെയും ഒരുപിടി കൂൺ വിത്ത് അറക്കപ്പൊടിയുടെ നടുവിലും കവറിനരികിലുമായി വിതറിയിടണം. അതിനു മുകളിൽ രണ്ടു പിടി അറക്കപ്പൊടി വിതറിയതിനു ശേഷം ഒരു ചരടുകൊണ്ട് നന്നായി മുറുക്കി കെട്ടണം.

പോളിത്തീൻ കവറിൽ നിറയ്ക്കുന്നതിനു മുൻപ് പുതിയ അറക്കപ്പൊടിയിൽ 2 ശതമാനം കാൽസ്യം കാർബണേറ്റും, 0.5-0. 10 ശതമാനം ജിപ്സവും കൂടി ചേർത്ത് കൃഷി ചെയ്യാൻ ഉപയോഗിക്കുന്നത് കൂടുതൽ മെച്ചമാണെന്നു കണ്ടിട്ടുണ്ട്. ഒരു ബെഡ് തയ്യാറാക്കാൻ 3 കിലോ ഗ്രാം അറക്കപ്പൊടി, 60 ഗ്രാം കാൽസ്യം കാർബണേറ്റ്, 20 ഗ്രാം ജിപ്സം, 150 ഗ്രാം കൂൺവിത്ത് എന്നിവ വേണ്ടിവരും. ഇപ്രകാരം തയ്യാറാക്കിയ ബെടുകൾ സ്പോൺ റണ്ണിങ്ങിനായി പ്രത്യേക സാഹചര്യത്തിൽ സൂക്ഷിച്ചു വയ്ക്കണം.

  • സ്പോൺ റണ്ണിങ്ങ്

കൂണിന്റെ തന്തുക്കൾ മാദ്ധ്യമത്തിൽ പടർന്നു വളരുന്നതിനെയാണ് സ്പോൺ റണ്ണിങ്ങ് എന്നു പറയുന്നത്. കൃഷി ചെയ്ത ബെഡുകൾ സ്പോൺ റണ്ണിങ്ങിനായി ഇരുട്ടു മുറിയിൽ സൂക്ഷിക്കണം. സ്പോൺ റണ്ണിങ്ങ് മുറിയിൽ 80 ശതമാനത്തിൽ കൂടുതൽ ഈർപ്പവും ഭാഗികമായ വായുസഞ്ചാരവും ആവശ്യമാണ്. ഇതിനായി രാത്രി കാലങ്ങളിൽ ജനലുകളും വെന്റിലേറ്ററുകളും തുറന്നിടണം. ബെടുകൾ ഉറിയിൽ തൂക്കിയിടുകയോ, പട്ടികകൾ മൂന്നിഞ്ച് അകലത്തിൽ ഉറപ്പിച്ച് ഷെൽഫുണ്ടാക്കി അതിൽ സൂക്ഷിക്കുകയോ ചെയ്യാം.

വേനൽക്കാലത്ത് മുറിയിൽ ചൂടു നിയന്ത്രിക്കുന്നതിനായി ചാക്ക് തൂക്കിയിട്ട് ഇടയ്ക്കിടെ നനച്ചുകൊടുക്കുകയോ ഫോഗ് നന ക്രമീകരിക്കുകയോ ചെയ്യുക. സ്പോൺ റണ്ണിങ്ങ് സാധാരണ 10-25 ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകും. എന്നാൽ ഇത് സ്പോണ്‍, വൈക്കാൽ, അറക്കപ്പൊടി എന്നിവയുടെ ഗുണമേന്മ, മാധ്യമത്തിലെ ഈർപ്പം, മുറിയിലെ ചൂട്, അന്തരീക്ഷത്തിലെ ഈർപ്പം, കൃഷിക്കുപയോഗിക്കുന്ന ചിപ്പിക്കൂൺ ഇനങ്ങൾ എന്നിങ്ങനെ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

  • വിളവെടുപ്പ് ഘട്ടം

സ്പോൺ റണ്ണിങ്ങ് പൂർത്തിയായതിനുശേഷമുള്ള ഘട്ടത്തെയാണ് വിളവെടുപ്പു ഘട്ടം എന്നു പറയുന്നത്. സ്പോൺ റണ്ണിങ്ങ് പൂർത്തിയായിക്കഴിഞ്ഞാൽ ഒരു ബ്ലേഡ് കൊണ്ട് കവറിൽ അവിടെവിടെ ചെറിയ കീറലുകൾ (x ആകൃതിയിൽ) കൊടുത്തതിനു ശേഷം ഈ ബെഡുകൾ ക്രോപ്പിങ്ങ് മുറിയിലേക്കു മാറ്റണം. ക്രോപ്പിങ്ങ് മുറിയിൽ ബെടുകൾ പ്ലാസ്റ്റിക് ചരടു കൊണ്ട് ഉറിയുണ്ടാക്കി അതിൽ തൂക്കിയിടുകയോ പട്ടിക കൊണ്ടുള്ള ഷെൽഫിൽ അടുക്കി വയ്ക്കുകയോ ചെയ്യാം. ഉറിയിൽ തൂക്കിയിടുന്നതാണ് കൂടുതൽ സൗകര്യപ്രദമായി കണ്ടിട്ടുള്ളത്. കവറുകൾ മുഴുവനായി കീറി മാറ്റിയും ക്രോപ്പിംഗ് മുറിയിലേയ്ക്ക് ബെഡുകൾ നീക്കം ചെയ്യാം.

മഴക്കാലമാണെങ്കിൽ ബെഡ്ഡിൽ നേരിട്ട് വെള്ളം തളിക്കേണ്ട ആവശ്യമില്ല. എന്നാൽ വേനൽക്കാലത്ത് ചിലപ്പോൾ എത്ര തവണ നനച്ചാലും ബെഡ്ഡിൽനിന്നും പെട്ടെന്ന് ഈർപ്പം നഷ്ടപ്പെടുന്നതായി അനുഭവമുണ്ട്. അങ്ങനെ വരുമ്പോൾ ബക്കറ്റിൽ വെള്ളമെടുത്ത് അതിൽ ബെഡുകൾ പെട്ടെന്ന് മുക്കിയെടുക്കണം (വായു കുമിളകൾ തീരുന്നതുവരെ). മിക്കവാറും അറക്കപ്പൊടി ബെഡുകൾ ഇടയ്ക്കിടെ ഇപ്രകാരം വെള്ളത്തിൽ മുക്കി എടുക്കേണ്ടതായി വരും. എന്നാൽ ഒരു കാരണവശാലും ബെഡിൽ അധികനനവ് ഉണ്ടാകാൻ പാടില്ല.

അധികം ഈർപ്പം ഉണ്ടെങ്കിൽ കിളിർത്തു വരുന്ന കൂൺമൊട്ടുകൾ അഴുകിപ്പോകാൻ സാദ്ധ്യതയുണ്ട്. കൂടുതൽ ഈർപ്പം ചില സാഹചര്യങ്ങളിൽ പ്രത്യേകിച്ചും വൈക്കോൽ ബെഡുകളിൽ, കൂണിന് മഞ്ഞനിറം ഉണ്ടാകുന്നതിനു കാരണമാകാറുണ്ട്. അങ്ങനെയുള്ള കൂണുകൾ പെട്ടെന്ന് കേടാകുകയും ആളുകൾ വാങ്ങി ഉപയോഗിക്കാൻ മടി കാണിക്കുകയും ചെയ്യും. അതു പോലെ ബെഡ്ഡിൽ ആവശ്യത്തിന് ഈർപ്പമില്ലെങ്കില്‍ ഉണ്ടായി വരുന്ന കൂൺമൊട്ടുകൾ വിരിയാതെ ഉണങ്ങിപ്പോകാറുണ്ട്. വേനൽക്കാലത്ത് ബെഡിൽ ഈർപ്പമുണ്ടെങ്കിലും അന്തരീക്ഷത്തിലെ ചുടുമൂലം ഇളംമൊട്ടുകൾ വിരിയാതെ കരിഞ്ഞു പോകാറുണ്ട്.

കൂൺ ഉണ്ടാകാൻ ബെഡിലെ ഈർപ്പത്തോടൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും പ്രധാന ഘടകങ്ങളാണ്. ക്രോപ്പിങ്ങ് മുറിയിലെ ചൂടും ഈർപ്പവും ക്രമീകരിക്കുന്നതിന് തറയിൽ രണ്ടിഞ്ചു കനത്തിൽ ആറ്റുമണലോ കരിങ്കൽ ക്വാറിയിലെ ചെറിയ മെറ്റൽ ചിപ്സോ ഉപയോഗിക്കാം. അതുപോലെ മുറിക്കുള്ളിൽ ഭിത്തിക്കരികിലായി ചണച്ചാക്ക്/കയർമാറ്റ് കെട്ടിത്തൂക്കിയിടുന്നതും നല്ലതാണ്. ബെഡുകൾ നനയ്ക്കുന്നതോടൊപ്പം ചാക്കും തറയും നനച്ചുകൊടുക്കുക. കൂൺ ഉണ്ടാകുന്നതിന് ഏറ്റവും യോജിച്ച സാഹചര്യം മഴക്കാലത്തെ കാലാവസ്ഥയാണ്. ഈ കാലാവസ്ഥ വേനൽക്കാലത്ത് ക്രോപ്പിങ്ങ് മുറിയിൽ ക്രമീകരിച്ചാൽ മാത്രമേ വേനൽക്കാലത്ത് ചിപ്പിക്കൂൺ കൃഷി വിജയിപ്പിക്കാൻ സാധിക്കൂ. ഇതിനായി ഫോഗ് നന ക്രോപ്പിങ്ങ് മുറിയിൽ ക്രമീകരിക്കുന്നത് വളരെ നല്ലതാണെന്നു കണ്ടിട്ടുണ്ട്. ഇതിനായി മുറിയുടെ മുകളിൽ ഭിത്തിക്ക് അരികിലൂടെ ഡ്രിപ്പ് ഇറിഗേഷൻ പൈപ്പ് വലിച്ച് അതിൽ രണ്ടു മീറ്റർ അകലത്തിൽ ഓരോ ഫോഗ് ഹെഡ് ഫിറ്റ് ചെയ്യുക. ഫോഗ് ഹെഡ് താഴേയ്ക്ക് തൂങ്ങി നിൽക്കത്തക്ക രീതിയിൽ ഫിറ്റു ചെയ്യുന്നതാണ് നല്ലത്. ഇതിനായി പൈപ്പിനും ഫോഗിനും കൂടി 6000 രൂപയിൽ കൂടുതൽ ചെലവ് വരില്ല. എന്നാൽ വെള്ളം ഫോഗ് രൂപത്തിൽ കിട്ടുന്നതിനു നല്ല പ്രഷർ വേണം. അതുകൊണ്ട് പൈപ്പ് മോട്ടറിലേക്ക് (1/2 HP) നേരിട്ടു ബന്ധിപ്പിക്കണം. ഇങ്ങനെ ഒരു ഫോഗ് നന ക്രമീകരിച്ചാൽ ഓരോ ബെഡുകളും പ്രത്യേകം നനയ്ക്കേണ്ടതില്ല. നനയ്ക്കുന്നതിനായി ക്രോപ്പിങ്ങ് മുറിയിൽ കയറുകപോലും വേണ്ട. ദിവസം 2-3 തവണ അഞ്ചു മിനിട്ടു സമയം വീതം ഫോഗ് പ്രവർത്തിപ്പിച്ചാൽ മതി.

ഇങ്ങനെയുള്ള ക്രോപ്പിങ്ങ് മുറിയിൽ സ്പോൺ റണ്ണിങ്ങിനുശേഷം പോളിത്തീൻ കവർ കീറിക്കളയാതെ അവിടവിടെ ബ്ലേഡുകൊണ്ട് ഒരിഞ്ചു നീളത്തിലുള്ള കീറലുകൾ ഇട്ടുകൊടുത്ത് ബെഡുകൾ വിളവെടുപ്പിനായി ക്രമീകരിക്കുന്നതാണു നല്ലത്. മുറിയിൽ എപ്പോഴും നല്ല തണുപ്പും ഈർപ്പവും നിലനിൽക്കുന്ന സാഹചര്യത്തിൽ കൂണുകൾ കുലകുലയായി പോളിത്തീൻ കവറിന്‍റെ കീറലിൽ കൂടി വെളിയിൽ വരും. ഇങ്ങനെയുണ്ടാകുന്ന കൂണുകൾക്ക് നല്ല വലിപ്പവും തൂക്കവും ഉണ്ടാകാറുണ്ട്. ഈ രീതിയിൽ പിങ്ക് ഇനവും, സാപ്പിഡസ് ഇനവും നന്നായി വിളവു തരും. കൂടാതെ കൂണുകളിലും ബെടുകളിലും കീടബാധയും കുറവായിരിക്കും.

ഹൈറേഞ്ചിലും വയനാട്ടിലും ക്രോപ്പിങ്ങ് മുറിയിൽ ഫോഗ് നന ക്രമീകരിക്കാതെ തന്നെ ഇപ്രകാരം വിളവെടുക്കാം. ക്രോപ്പിങ്ങ് മുറിയിൽ ഇരുട്ട് ഭാഗികമായി മാത്രം മതി. എന്നാൽ നല്ല അന്തരീക്ഷ ഈർപ്പവും വായുസഞ്ചാരവും ഉണ്ടായിരിക്കണം. ഇതിനായി രാത്രികാലങ്ങളിൽ ജനാലകളും വെന്റിലേറ്ററുകളും തുറന്നിടാം.

ഹൈറേഞ്ചിലേയും വയനാട്ടിലെയും കാലാവസ്ഥയിൽ വൈക്കോലിൽ ചിപ്പിക്കൂണ്‍ കൃഷി ചെയ്യുമ്പോൾ മറ്റു പ്രദേശങ്ങളിൽ കിട്ടുന്നതിനെക്കാൾ എതാണ്ട് ഇരട്ടി വിളവ് ലഭിക്കുന്നതായി കണ്ടിട്ടുണ്ട്. ഇത് കാലാവസ്ഥയുടെ പ്രത്യേകത കൊണ്ടാണ്. ശരിക്കും പറഞ്ഞാൽ ചിപ്പിക്കൂൺ കൃഷിക്ക് അനുഗ്രഹീതമായ കാലാവസ്ഥയാണ് ഈ ജില്ലകളിൽ നിലവിലുള്ളത്. അവിടങ്ങളിൽ വാറ്റുതെരുവപ്പുല്ല് (തൈലം വാറ്റിയതിനു ശേഷവും അല്ലാതെയും) ചിപ്പിക്കൂൺ കൃഷിക്ക് ഏറ്റവും ലാഭകരമായ മാദ്ധ്യമമായി ഉപയോഗിയ്ക്കാം. എന്നാൽ പാൽക്കൂൺ കൃഷിക്ക് തണുപ്പുള്ള കാലാവസ്ഥ ഒട്ടും നന്നല്ല. ഇതു മനസ്സിലാക്കാതെ നിരവധി ആളുകൾ അടുത്തകാലത്ത് ഹൈറേഞ്ചിലും വയനാട്ടിലും പാൽക്കൂൺ കൃഷി ചെയ്ത് പരാജയപ്പെടുന്നതായി അനുഭവമുണ്ട്. കൂൺകൃഷി പരീക്ഷണാടിസ്ഥാനത്തിൽ നടത്തി വിജയിപ്പിച്ച് പടിപടിയായി മാത്രമേ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയിൽ ഏർപ്പെടാവൂ.

ചിപ്പിക്കൂണിനായി കൂൺശാല നിർമിക്കാൻ

വ്യാവസായികാടിസ്ഥാനത്തിൽ ചിപ്പിക്കൂൺ കൃഷി ചെയ്യുമ്പോൾ പ്രത്യേകമായി ഒരു കൂൺശാല (mushroom shed) തയ്യാറാക്കേണ്ടതുണ്ട്. കൂൺകൃഷിക്ക് ഏറ്റവും ചെലവു വരുന്നത് കൂൺശാല ഉണ്ടാക്കുന്നതിനാണ്. എന്നാൽ ഉപയോഗിക്കാതിരിക്കുന്ന മുറികളോ മറ്റു കെട്ടിടങ്ങളോ ഉണ്ടെങ്കിൽ അവ ചിപ്പിക്കൂൺ കൃഷിയ്ക്കായി രൂപപ്പെടുത്തിയെടുക്കാവുന്നതാണ്. കൂൺശാലയിൽ ഇരുട്ട്, വായുസഞ്ചാരം, അന്തരീക്ഷ ഈർപ്പം 80 ശതമാനത്തിനു മുകളിൽ, ചൂട് 24 -30 ഡിഗ്രി സെൽഷ്യസ് എന്നിവ കിട്ടുന്ന രീതിയിൽ ക്രമീകരിക്കണം. ശരാശരി പ്രതിദിന ഉത്പാദനത്തിന്‍റെ തോതനുസരിച്ച് ശാലകൾക്കു വലിപ്പം നിശ്ചയിക്കാം.

കേരളത്തിലെ സാഹചര്യങ്ങളിൽ ശരാശരി 10 കിലോഗ്രാമിൽ കൂടുതൽ ഉത്പാദനക്ഷമതയുള്ള യൂണിറ്റുകൾ അധികം പ്രായോഗികമല്ല എന്നാണ് കണ്ടിട്ടുള്ളത്. ഒരു ദിവസം 10 കി. ഗ്രാം വീതം കൂണ്‍ ഉത്പാദിപ്പിക്കാൻ ആകെ 160 ചതുരശ്ര മീറ്റര്‍ വിസ്തീർണ്ണമുള്ള മൂന്നു മുറികൾ ക്രമീകരിക്കണം. സ്പോൺ റണ്ണിങ്ങ് മുറി, വിളവെടുപ്പു മുറി, കേടായ ബെടുകൾ പഴകിയ ബെഡുകൾ സൂക്ഷിക്കുവാനുള്ള മുറി (sick room) എന്നീ മുറികളാണ് ഒരു കൂൺശാലയിൽ വേണ്ടത്.

എന്നാൽ ഹൈറേഞ്ചിലും വയനാട്ടിലും ഇത്രയും വിസ്തീർണമുള്ള കൂൺശാലകളിൽ ഇതിന്റെ ഇരട്ടി കൂൺ ഉൽപ്പാദിപ്പിക്കാം. കൂൺശാലകൾ ഈടുനിൽക്കുന്നതും കുറഞ്ഞ മുതൽമുടക്കിൽ നിർമ്മിച്ചതുമാകണം. അതാതു സ്ഥലത്തെ കാലാവസ്ഥയനുസരിച്ച് മേൽക്കൂര ഉണ്ടാക്കുന്നതിനായി മെടഞ്ഞ തെങ്ങോല, പനയോല, പുര മേയുന്ന പുല്ല്, മോഡേൺ റൂഫ്, ഓട്, ആസ്ബസ്റ്റോസ്, കോൺക്രീറ്റ് എന്നിവ ഉപയോഗിക്കാം. ആസ്ബസ്റ്റോസ്, കോൺക്രീറ്റ്, മോഡേൺ റൂഫ് മുതലായവ മേൽക്കൂര നിർമ്മിക്കാനായി ഉപയോഗിച്ചാൽ വേനൽക്കാലത്ത് ചൂട് കൂടുതലാവുകയും കൂൺ ഉത്പാദനം വളരെ കുറയുകയും ചെയ്യും.

എന്നാൽ ഹൈറേഞ്ചിലും വയനാട്ടിലും ഇത്തരം മേൽക്കൂര വലിയ പ്രശ്നം ചെയ്യില്ല. മറ്റു പ്രദേശങ്ങളിൽ ഇത്തരം മേൽക്കൂരയ്ക്ക് മുകളിൽ തെങ്ങോല വെട്ടിയിട്ടും, മേൽക്കൂരയ്ക്ക് താഴെ ഷേഡ് നെറ്റ് (80% സൂര്യപ്രകാശം തടസപ്പെടുത്തുന്നത്) വലിച്ചു കെട്ടിയും ഒരു പരിധിവരെ ചൂടു കുറയ്ക്കാം. ഇത്തരം ഷെഡിനകത്ത് ഭിത്തിക്ക് അരികിൽ ചാക്ക്/കയർ മാറ്റ് ചുറ്റും കെട്ടിത്തൂക്കിയിട്ടു നനച്ചും, റൂഫിനു കീഴെ ഫോഗ് നന രീതി പിടിപ്പിച്ചും ചൂട് 30 ഡിഗ്രി സെൽഷ്യസിനു താഴെക്കൊണ്ടുവരാം. അതുപോലെ ഈ സംവിധാനത്തിൽ വേനൽക്കാലത്തും മുറിയിലെ ഈർപ്പം 80 ശതമാനത്തിനു മുകളിൽ നിർത്താൻ പറ്റും. ലേഖകന്റെ ഉപദേശമനുസരിച്ച് നിരവധി കൂൺ കർഷകർ ഇപ്രകാരം കൂൺശാലകൾ നിർമ്മിച്ച് വേനൽക്കാലത്തും ഉത്പാദനത്തിൽ വലിയ കുറവു വരാതെ ചിപ്പിക്കൂൺ ഇനങ്ങൾ കൃഷിചെയ്യുന്നുണ്ട്.

കൂൺശാലയ്ക്കുള്ള സ്ഥലം തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ശുദ്ധജലം ആവശ്യാനുസരണം ലഭിക്കുന്ന സ്ഥലത്തായിരിക്കണം കൂൺശാല നിർമിക്കേണ്ടത്. നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെ മരങ്ങളുടെ തണലിൽ ആണെങ്കിൽ ശാലയിലെ ചൂട് വളരെയധികം കുറയ്ക്കാൻ സാധിക്കും. അതുപോലെ ശാലകൾ തെക്കുവടക്കായി പണിയുന്നതും ചൂടുകുറയ്ക്കാൻ സഹായകരമാണ്. കൂൺകൃഷിക്കായി ശാലകൾ ഉണ്ടാക്കുമ്പോൾ കഴിവതും കാറ്റിന്റെ ശല്യം കുറവുള്ള സ്ഥലം തെരഞ്ഞെടുക്കണം.

കൂൺശാല പണിയുന്നതിന് മുമ്പായി സ്ഥലം നിരപ്പാക്കി അടിത്തറ കെട്ടിയതിനുശേഷം മണ്ണിഷ്ടിക/വെട്ടുകല്ല് ഉപയോഗിച്ച് മൂന്നടി പൊക്കത്തിൽ അരഭിത്തി കെട്ടണം. അതിനു ശേഷം ചുറ്റിനും ഏഴടി ഉയരത്തിൽ കമ്പിവല ഉറപ്പിക്കണം (വീടുകളിൽ വർക്ക് ഏരിയകളിൽ പിടിപ്പിക്കുന്ന തരം കമ്പിവല). കമ്പിവലയ്ക്ക് അകത്തായി ചുറ്റിനും 80 ശതമാനം വെളിച്ചം തടസപ്പെടുത്തുന്ന ഷേഡ്നെറ്റ് ഉറപ്പിക്കണം. അരഭിത്തി കെട്ടുന്നതിനു പകരമായി മുഴുവൻ ഭിത്തിയും മണ്ണിഷ്ടികയോ വെട്ടുകല്ലോ കൊണ്ട് കെട്ടിയെടുക്കാം. മച്ചിന്റെ സ്ഥാനത്തും മുകളിൽ പറഞ്ഞതരം കമ്പിവല ഉപയോഗിച്ചാൽ എലിശല്യം ഒഴിവാക്കാം. കമ്പിവലയ്ക്ക് പുറത്തായി കറുത്തതും കട്ടിയുള്ളതുമായ പോളിത്തീൻ ഷീറ്റ് വിരിക്കുന്നത് നല്ലതാണ്. അതിനു മുകളിൽ മെടഞ്ഞ ഓലയോ, പുല്ലോ, വയ്ക്കോലോ വിരിച്ചിട്ടാൽ ചൂടു ശരിക്കും കുറയ്ക്കാൻ സാധിക്കും.

മച്ചിൽ നിന്ന് ഏകദേശം ഒന്നരമീറ്റർ പൊക്കത്തിൽ രണ്ടു വശത്തേക്കും ചരിച്ചു വേണം മേൽക്കൂര നിർമ്മിക്കാൻ (കോൺക്രീറ്റ് റൂഫ് ഒഴികെയുള്ള ശാലകൾക്ക്). മുഴുവനായും ഇഷ്ടിക വെട്ടുകല്ല് കെട്ടിയ ഭിത്തി സിമന്റ് തേക്കാതിരുന്നാൽ വേനൽക്കാലത്തുപോലും ചൂടു ക്രമീകരിക്കാൻ എളുപ്പമാണ്. ബെഡുകൾ നനയ്ക്കുന്നതോടൊപ്പം മൺഭിത്തികൂടി നനച്ചാൽ മതിയാകും. തറയിൽ ഒന്നു രണ്ടിഞ്ചു കനത്തിൽ മണൽ ക്വാറിയിലെ മെറ്റൽ ചിപ്സ് വിരിച്ച് നനച്ചു കൊടുത്താൽ ചൂടും ഈർപ്പവും ക്രമീകരിക്കാം.

സ്പോൺ റണ്ണിങ്ങ് റൂമിനും ക്രോപ്പിങ്ങ് റൂമിനും പ്രത്യേകം പ്രത്യേകം വാതിൽ വേണം. വാതിലിന്‍റെ വലിപ്പം ഒരാൾക്ക് കൃത്യം കയറിയിറങ്ങാൻ വലിപ്പത്തിൽ മതി (2 x 0.75 മീറ്റർ). കൂടാതെ മുറിയുടെ വലിപ്പമനുസരിച്ച് നല്ല വായുസഞ്ചാരത്തിനായി എതിർദിശകളിൽ വെന്റിലേറ്ററുകൾ (0.6 x 0.3 മീറ്റർ) പിടിപ്പിക്കണം. കമ്പി വലയും ഷേഡ്നെറ്റും ഉപയോഗിച്ചുണ്ടാക്കിയ ഭിത്തി ആണെങ്കിൽ വെന്റിലേറ്ററിന്റെ സ്ഥാനത്ത് കമ്പിവലയും നെറ്റും പൊക്കിവയ്ക്കാൻ പറ്റുന്ന രീതിയിൽ മുറിച്ച് പിടിപ്പിച്ചാൽ മതി. ശാലകളിൽ പ്രാണിശല്യം ഒഴിവാക്കാനായി വെന്റിലേറ്ററുകളിലും ഷേഡ്നെറ്റ് പിടിപ്പിക്കണം. ഷേഡ്നെറ്റ് കൂൺശാലയിൽ പിടിപ്പിക്കുന്നതിനു മുൻപ് ക്ലോർപൈറിഫോസ് 50 ഇ.സി/സൈപ്പർമെത്രിൻ 2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലർത്തിയ ലായനിയിൽ രണ്ടുമണിക്കൂർ മുക്കിവച്ച് തണലത്ത് ഉണക്കിയതിനുശേഷം പിടിപ്പിച്ചാൽ കീടങ്ങളുടെ ശല്യം കൂൺശാലയിൽ കുറയ്ക്കാം.

ഇഷ്ടിക/വെട്ടുകല്ലുകൊണ്ടു കെട്ടിയ കൂൺശാലയാണെങ്കിൽ വായുസഞ്ചാരത്തിനായി ശാലയുടെ വലിപ്പമനുസരിച്ച് എക്സ്ഹോസ്റ്റ് ഫാനുകൾ ഘടിപ്പിക്കുന്നത് വളരെ നല്ലതാണ്. ഒരു മുറിക്ക് (40 m2) ഏറ്റവും കുറഞ്ഞത് രണ്ടു ഫാനുകൾ ആകാം. ഒരു ഫാൻ ഭിത്തിയിൽ 7-8 അടി ഉയരത്തിലും മറ്റൊരെണ്ണം മൂന്നടി ഉയരത്തിലും പിടിപ്പിക്കണം. മൂന്നടി ഉയരത്തിൽ പിടിപ്പിക്കുന്ന ഫാൻ പുറത്തു നിന്നും മുറിക്കുള്ളിലേക്കു ശുദ്ധവായു കയറത്തക്കവിധം തിരിച്ചു പിടിപ്പിക്കണം. ക്രോപ്പിങ്ങ് മുറിയിൽ ശുദ്ധവായു എപ്പോഴും കയറിയിറങ്ങണം.

കാർബൺഡൈഓക്സൈഡിന്‍റെ സാന്ദ്രത 30 ശതമാനത്തിൽ കൂടിയാൽ അത് കൂൺ ഉത്പാദനത്തെയും കൂണിന്‍റെ ആകൃതിയെയും സാരമായി ബാധിക്കും. അപ്പോൾ കൂൺ ശരിക്കും വിരിയാതെ കോളാമ്പി പോലെ കൂമ്പിയും പ്രത്യേക ആകൃതിയില്ലാതെയുമിരിക്കാം. അങ്ങനെ വരുമ്പോൾ ചില ആളുകൾ ഇത് വൈറസ് രോഗം മൂലം സംഭവിക്കുന്നതാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. എക്സ്ഹോസ്റ്റ് ഫാനുകൾ പിടിപ്പിച്ചു വായുസഞ്ചാരം ഉറപ്പാക്കിയാൽ ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാം. അടുക്കളയിൽനിന്നും മറ്റും പുകയടിക്കുന്ന സാഹചര്യം ഒഴിവാക്കി വേണം കൂൺശാലകൾ നിർമിക്കാൻ. സ്പോൺ റണ്ണിംഗ് മുറിയിലും ക്രോപ്പിംഗ് മുറിയിലും നമുക്കു വിയർക്കാത്ത കാലാവസ്ഥയായിരിയ്ക്കണം ഒരുക്കേണ്ടത്. കാരണം ചിപ്പിക്കൂണിനും ഇതേ കാലാവസ്ഥ തന്നെയാണ് അനുയോജ്യം.

സ്പോൺ റണ്ണിങ്ങ് മുറിയിൽ സൂര്യപ്രകാശം ഒട്ടും ആവശ്യമില്ല. പൂർണമായും ഇരുട്ടുകിട്ടുന്നതാണ് നല്ലത്. എന്നാൽ ക്രോപ്പിങ് മുറിയിൽ ഭാഗികമായ വെളിച്ചവും നല്ല വായുസഞ്ചാരവും ഉണ്ടാകണം. രാത്രികാലങ്ങളിൽ ഈ മുറിയുടെ ജനാലകൾ തുറന്നിട്ട് വായുസഞ്ചാരം ക്രമീകരിക്കണം. സ്പോൺ റണ്ണിങ് മുറിയിൽ പ്ലാസ്റ്റിക് ചരടുകൊണ്ട് ഉറികൾ ഉണ്ടാക്കി കൂൺ ബെടുകൾ അതിൽ തൂക്കിയിടുന്നതാണ് നല്ലത്. 20 ച. മീറ്റർ വിസ്തീർണമുള്ള സ്പോൺ റണ്ണിങ്ങ് മുറിയിൽ പ്ലാസ്റ്റിക് ഉറികളിൽ ബെഡുകൾ തൂക്കിയിടുകയാണെങ്കിൽ ഏകദേശം 150 ബെഡുകൾ സൂക്ഷിക്കാൻ പറ്റും. 40 ച. മീറ്റർ വരുന്ന ക്രോപ്പിങ്ങ് മുറിയിൽ ഇപ്രകാരം ബെഡുകൾ തൂക്കിയിടുകയാണെങ്കിൽ ഏകദേശം 200 എണ്ണം സൂക്ഷിക്കാം. ക്രോപ്പിങ്ങ് മുറിയിൽ ഒരടി അകലത്തിൽ മാത്രമേ ബെഡുകൾ തൂക്കിയിടാവു. എന്നാൽ സ്പോൺ റണ്ണിങ്ങ് മുറിയിൽ ബെടുകൾ അടുത്തടുത്തായി സൂക്ഷിക്കാം. ക്രോപ്പിങ്ങ് മുറിയിലും ബെഡുകൾ തൂക്കിയിടുന്നതാണ് എല്ലാം കൊണ്ടും നല്ലത്.

പാൽക്കൂൺ-കൃഷി രീതികൾ

കാലോസൈബി ഇൻഡിക്ക (Calocybe indica) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന പാൽക്കൂൺ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ മാത്രം വളരുന്ന ഇനമാണ്. ഹിന്ദിയിൽ 'ധൂത് ഛത്ര' എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. പശ്ചിമബംഗാളിലെ കുന്നിൻപ്രദേശങ്ങളിൽ വളരുന്ന പാൽക്കൂണുകൾ സാധാരണ ആളുകൾ പറിച്ചെടുത്ത് ഉപയോഗിക്കാറുണ്ട്. നമ്മുടെ നാട്ടിലും ചുരുങ്ങിയ തോതിൽ ഈർപ്പമുള്ള മണ്ണിൽ പ്രത്യേകിച്ചും തെങ്ങിൻ ചുവട്ടിൽ ഇവ വളരുന്നതായി കണ്ടിട്ടുണ്ട്. 25 മുതൽ 35 ഡിഗ്രി സെൽഷ്യസ് ചൂടും 80 ശതമാനത്തിൽ കൂടുതൽ അന്തരീക്ഷ ആർദ്രതയുമുള്ള പ്രദേശങ്ങളിൽ പാൽക്കൂൺ വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യാം.

ചിപ്പിക്കൂണിനെ അപേക്ഷിച്ച് പാൽക്കൂണിനുള്ള മെച്ചങ്ങൾ

  • കൂടുതൽ സൂക്ഷിപ്പുകാലം. സാധാരണ ഊഷ്മാവിൽ 2-3 ദിവസം വരെയും, 5-10 ഡിഗ്രി സെൽഷ്യസിൽ ഒരു മാസം വരെയും, ഫ്രീസറിൽ (0 ഡിഗ്രി സെൽഷ്യസിൽ) മാസങ്ങളോളവും കേടുകൂടാതിരിക്കും.
  • ക്യാനിങ്ങിന് വളരെ അനുയോജ്യമാണ്
  • എല്ലാവരും ഇഷ്ടപ്പെടുന്ന കുടരൂപവും വെള്ള നിറവും
  • രോഗ-കീട പ്രതിരോധശേഷി

പാൽക്കൂൺ കൃഷിക്ക് ഏറ്റവും യോജിച്ച മാധ്യമം നെല്ല്, ഗോതമ്പ്, ചോളം മുതലായവയുടെ വൈക്കോലാണ്. കൂടാതെ റിബൺ പോലെ കീറിയെടുത്ത ചാക്കും പാൽക്കൂൺ കൃഷിക്ക് ഉപയോഗിക്കാം.

ചിപ്പിക്കൂൺ കൃഷി ചെയ്യുന്നതുപോലെ തന്നെ കവറുകളിൽ ബെടുകൾ തയ്യാറാക്കാം. 300 ഗ്രാം തൂക്കമുള്ള ഒരു പായ്ക്കറ്റ് കൂൺ വിത്തുകൊണ്ട് 2 ബെടുകൾ തയ്യാറാക്കാം. ബെഡുകൾ പിന്നീട് ഇരുട്ടുമുറിയിൽ ഏകദേശം 20-25 ദിവസം തന്തുക്കളുടെ വളർച്ച പൂർത്തിയാകുന്നതിനുവേണ്ടി സൂക്ഷിച്ചു വയ്ക്കണം. തന്തുക്കളുടെ വളർച്ച പൂർത്തിയാകുമ്പോൾ കവറിന്‍റെ മുകൾഭാഗത്തെ കെട്ടഴിച്ചതിനുശേഷം അണുനശീകരണം വരുത്തിയ മണ്ണ്, കാൽസ്യം കാർബണേറ്റ്, ജിപ്സം എന്നിവയുടെ മിശ്രിതം രണ്ടു സെന്റീമീറ്റർ കനത്തിൽ കവറിനുള്ളിൽ മാദ്ധ്യമത്തിന്റെ മുകളിൽ ഇട്ടുകൊടുക്കണം. ഒരു കിലോഗ്രാം മണ്ണിന് 20 ഗ്രാം കാൽസ്യം കാർബണേറ്റും 5-10 ഗ്രാം ജിപ്സവും ചേർക്കണം. മണ്ണുകൊണ്ട് ബെഡ്ഡിന്‍റെ മുകൾഭാഗം പൊതിയുന്നതിനെ കേസിങ്ങ് (casing) എന്നു പറയുന്നു. കേസിങ്ങിന് ഉപയോഗിക്കുന്ന മണ്ണ് മിശ്രിതത്തെ കേസിങ്ങ് മിക്സചർ എന്നു പറയും. മണ്ണ്, മണ്ണിരക്കമ്പോസ്റ്റ് (ചാണകപ്പൊടി), മണൽ എന്നിവ കൂട്ടിക്കലർത്തിയും കേസിംഗ് മിശ്രിതം തയ്യാറാക്കാം. കേസിംഗ് മിശ്രിതത്തില്‍ ജൈവവളത്തിന്‍റെ അളവ് 20 ശതമാനത്തില്‍ താഴെ നിര്‍ത്തുന്നതാണ് നല്ലത്. കേസിംഗ് മിക്സ്ചര്‍ ആവിയില്‍ 45 മിനിറ്റ് സമയം പുഴുങ്ങിയെടുത്താണ് സാധാരണ അണുനശീകരണം വരുത്തുന്നത്.

കേസിങ്ങിനുശേഷം ചെറിയ ഈർപ്പം മണ്ണിൽ നിലനിൽക്കുന്ന രീതീയിൽ സ്പ്രേയർ ഉപയോഗിച്ച് വെള്ളം തളിച്ചുകൊടുക്കണം. ഒരിക്കലും കേസിങ്ങ് മിശ്രിതത്തിൽ വെള്ളം കെട്ടി നിൽക്കുന്ന രീതിയിൽ നനയ്ക്കരുത്. കൂൺ വളർത്തുന്ന മുറിയുടെ തറയിലും ഭിത്തിയിലും ഇടയ്ക്കിടെ വെള്ളം തളിച്ചുകൊടുത്ത് അന്തരീക്ഷ ഈർപ്പം 80 ശതമാനത്തിൽ കൂടുതലായി നിലനിർത്തണം. ഷെഡ്ഡിനുള്ളിൽ ഭിത്തിക്കടുത്തായി കയർ മാറ്റുകൊണ്ട് ലൈനിങ്ങ് കൊടുക്കുന്നത് ഈർപ്പം പിടിച്ചു നിർത്താൻ സഹായിക്കും.

കേസിങ്ങ് നടത്തി ഒരാഴ്ച കഴിയുമ്പോഴേക്കും കൂൺമൊട്ടുകൾ മണ്ണിനു മുകളിൽ പ്രത്യക്ഷപ്പെടുകയും പിന്നീട് അഞ്ചാറു ദിവസങ്ങൾ കൊണ്ട് പറിച്ചെടുക്കാൻ പരുവമാകുകയും ചെയ്യും. അതായത് പാൽക്കൂൺ കൃഷി ചെയ്തതിനുശേഷം 34-36 ദിവസങ്ങൾക്കുള്ളിൽ ആദ്യ വിളവെടുപ്പു നടത്താം. പിന്നീട് രണ്ടു വിളവെടുപ്പുകൂടി നടത്തി ആകെ 55-60 ദിവസങ്ങൾ കൊണ്ട് ബെഡ്ഡിന്റെ വിളവെടുപ്പു കാലാവധി തീരും. നല്ല വിത്തും നല്ല മാദ്ധ്യമവും ഉപയോഗിച്ച് കൃഷിചെയ്ത് ശരിയായ സാഹചര്യത്തിൽ സൂക്ഷിച്ചാൽ കൃത്യം 34-)൦ ദിവസംതന്നെ ആദ്യ വിളവെടുപ്പ് നടത്താൻ പറ്റും. സ്പോൺ റണ്ണിങ്ങ് പൂർത്തിയായ ശേഷം 8-10 ദിവസം വരെ കേസിങ്ങ് താമസിപ്പിച്ച് പാൽക്കൂണിന്‍റെ വിളവെടുപ്പ് ദീർഘിപ്പിക്കാം. എന്നാൽ, കേസിങ്ങ് നടത്താത്ത ബെഡുകളിൽ 55-60 ദിവസങ്ങൾക്കുശേഷം വലിയ പാൽക്കൂണുകൾ ഉണ്ടാവുന്നതായി അനുഭവമുണ്ട്. 500 ഗ്രാം വൈക്കോൽ/ചാക്ക് ബെഡ്ഡിൽ നിന്നും സാധാരണ മൂന്നു വിളവെടുപ്പിലും കൂടി 600 ഗ്രാം വരെ കൂൺ കിട്ടാം. അതായത് 120 ശതമാനം ഉത്പാദനക്ഷമത. ലോകത്ത് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന കൂൺ ഇനങ്ങളിൽ ഏറ്റവും കൂടിയ ഉത്പാദനക്ഷമത പാൽക്കൂണിനാണെന്നു സാരം.

എന്നാൽ 100 ഗ്രാമിൽ കൂടുതൽ തൂക്കം പാൽക്കൂണിന്‍റെ വിപണനത്തിന് തടസമാണ്. ഉദാഹരണത്തിന് ഒരു കിലോഗ്രാം തൂക്കം വരുന്ന ഒരു പാൽക്കൂൺ ആരെങ്കിലും 300 രൂപ കൊടുത്തു വാങ്ങാൻ തയ്യാറാകുമോ? എന്നാൽ ഒരു കിലോഗ്രാമിൽ 10-20 കൂണുകളുണ്ടെങ്കിൽ വാങ്ങി ഉപയോഗിക്കാൻ നമുക്കു പ്രയാസം തോന്നില്ല. വലിയ കൂണാണെങ്കിൽ ചെറിയ കഷണങ്ങളായി മുറിച്ച് 200 ഗ്രാം പായ്ക്കറ്റുകളാക്കി മാത്രമേ വിപണനം നടത്താൻ സാധിക്കൂ.

പാൽക്കൂൺ ഷെഡ്ഡ് നിർമ്മാണം

കൂൺ കൃഷിയുടെ ഏറ്റവും ചെലവേറിയ ഭാഗമാണ് ഷെഡ് നിർമ്മാണം. വീട്ടിലെ ആവശ്യത്തിനു മാത്രമായ കൃഷിയാണെങ്കിൽ പ്രത്യേക ഷെഡോ മറ്റു സംവിധാനങ്ങളോ ആവശ്യമില്ല. വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് കൃത്യമായി തയ്യാറാക്കിയ ഷെഡുകൾ കൂടിയേ തീരൂ. ഓലഷെഡ്ഡാണ് ഏറ്റവും അനുയോജ്യം. എന്നാൽ ഓലഷെഡ്ഡിന് ഒരു വർഷം മാത്രമേ കാലാവധിയുള്ളൂ. ഓലയ്ക്കു പകരമായി ഇരുമ്പു പൈപ്പുകൾ കൊണ്ട് ഫ്രെയിം തയ്യാറാക്കി കറുത്ത പോളിത്തീൻ ഷീറ്റ്/ ഷേഡ് നെറ്റ് കൊണ്ട് വശങ്ങൾ മറച്ച് ദീർഘകാലം നിലനിൽക്കത്തക്കവണ്ണം ഷെഡുകൾ തയ്യാറാക്കാം. ഷെഡ്ഡിന്‍റെ മേൽക്കൂര ഇരുമ്പു കമ്പികൾ/ പൈപ്പ് ആർച്ചു രീതിയിൽ വെൽഡു ചെയ്തു പിടിപ്പിച്ച് നീലനിറത്തിലുള്ള സിൽപോളിൻ ഷീറ്റ് ഫിക്സ് ചെയ്യണം. കൂൺശാലയിൽ വായു സഞ്ചാരത്തിനായി മെച്ചമായി കണ്ടിട്ടുണ്ട്. അല്ലെങ്കിൽ ആവശ്യത്തിനു എക്സ്ഹോസ്റ്റ് ഫാനുകൾ പിടിപ്പിക്കുന്നതും വളരെ വെന്റിലേറ്ററുകൾ നൽകണം.

നീല സിൽപോളിൻ ഷീറ്റിനു പകരമായി ആസ്ബസ്റ്റോസു കൊണ്ടും മേൽക്കൂര തയ്യാറാക്കാം. വിളവെടുപ്പുമുറിയിൽ ഇളം നീലവെളിച്ചം കിട്ടുന്നതിനായി ട്യൂബ് ലൈറ്റുകൾ നീലനിറത്തിലുള്ള പോളിത്തീൻ/ പോളി പ്രോപ്പലീൻ ഷീറ്റു കൊണ്ട് മറച്ചാൽ മതിയാകും. ഇങ്ങനെ ചെയ്യുമ്പോൾ തണ്ടുകൾക്കു നീളം കൂടി കുടഭാഗം കുറഞ്ഞുവരുന്നതായി അനുഭവമുണ്ട്. ഇത്തരം കൂണുകളാണ് പായ്ക്ക് ചെയ്ത് വിപണനം നടത്തുന്നതിന് കൂടുതൽ സൗകര്യപ്രദം.

വാഴക്കച്ചിയിലും വൈക്കോലിലും ചാക്കിലും ലാഭകരമായി കൃഷി ചെയ്യാൻ പറ്റിയതും, രുചിയുള്ളതുമായ ഒരു പുതിയ ഇനം പാൽക്കൂൺ കുമരകം പ്രാദേശിക ഗവേഷണകേന്ദ്രത്തിൽ അടുത്തകാലത്തായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈയിനം പാൽക്കൂണിന്‍റെ വിത്തുകളാണ് ഇപ്പോൾ ഇവിടെനിന്നും കർഷകർക്ക് വിതരണം ചെയ്യുന്നത്.

ഡോ. എ.വി. മാത്യു

അസോസിയേറ്റ് ഡയറക്ടർ, പ്രാദേശിക കൃഷി ഗവേഷണകേന്ദ്രം

കുമരകം, കോട്ടയം. ഫോൺ: 9447067354

കടപ്പാട്: കര്‍ഷകമിത്രം

 

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate