অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കുളങ്ങള്‍ വറ്റിച്ചുണക്കി മത്സ്യോത്പാദനം വര്‍ധിപ്പിക്കാം.

കുളങ്ങള്‍ വറ്റിച്ചുണക്കി മത്സ്യോത്പാദനം വര്‍ധിപ്പിക്കാം.

മത്സ്യകൃഷിയുടെ മുന്നോടിയായി കുളങ്ങള്‍ വറ്റിച്ചുണക്കുന്നത് ഉത്പാദന വര്‍ദ്ധനയ്ക്ക് സഹായിക്കും. ആസിഡ്-സള്‍ഫേറ്റ് പ്രദേശങ്ങളൊഴിച്ച് മറ്റു പ്രദേശങ്ങളില്‍ ഓരോ വിളവെടുപ്പിനു ശേഷവും കുളം പൂര്‍ണമായി വറ്റിച്ച് അടിത്തട്ട് വിണ്ടുകീറുന്നതു വരെ ഉണക്കണം. സാധിക്കുമെങ്കില്‍ അടിത്തട്ട് നന്നായി ഉഴുകുന്നതും നന്ന്. ഉത്പാദനം 10 മുതല്‍ 15 ശതമാനം വരെ വര്‍ധിക്കുന്നതിന് ഇതു സഹായിക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു.
കുളം വറ്റിച്ചുണക്കിയാല്‍ വളര്‍ത്തു മത്സ്യങ്ങളെ പിടിച്ചു തിന്നുന്ന ബുഭുക്ഷു മത്സ്യങ്ങളേയും കളമത്സ്യങ്ങളേയും പൂര്‍ണമായി നശിപ്പിക്കാന്‍ സാധിക്കും. കുളം തയ്യാറാക്കുന്ന ഘട്ടത്തില്‍ മഹുവപ്പിണ്ണാക്ക്, തേയിലപ്പിണ്ണാക്ക് എന്നിവ ഒഴിവാക്കാനും കുമ്മായത്തിന്റെ അളവ് കുറയ്ക്കാനും അടിത്തട്ട് ഉണക്കുന്നത് വഴി സാധിക്കും.   കൃഷി കാലയളവില്‍ മത്സ്യങ്ങള്‍ക്കു നല്‍കുന്ന തീറ്റയുടെ അവശിഷ്ടങ്ങള്‍, വിസര്‍ജ്ജ്യ വസ്തുക്കള്‍, മറ്റ് ജൈവാവശിഷ്ടങ്ങള്‍ എന്നിവ കുളത്തിന്റെ അടിത്തട്ടില്‍ അടിഞ്ഞു കൂടുന്നു.  ഇവയുടെ വിഘടനം അമോണിയ, നൈട്രേറ്റ് എന്നിവയുടെ ഉത്പാദനത്തിന് ഹേതുവാകുന്നു. അമോണിയ, നൈട്രേറ്റ് എന്നിവ മത്സ്യങ്ങള്‍ക്ക് മാരകമാണ്. കുളം വറ്റിച്ചുണക്കുമ്പോള്‍ ഇവ ഓക്‌സീകരിക്കപ്പെടുകയും ഹാനികരമല്ലാത്ത നൈട്രേറ്റ് ഉണ്ടാവുകയും ചെയ്യുന്നു.
നൈട്രേറ്റുകള്‍ പ്ലവക വളര്‍ച്ചയെ സഹായിക്കുന്നു. കുളത്തിന്റെ അടിത്തട്ടില്‍ വളരുന്ന രോഗകാരകമായ ബാക്ടീരിയകള്‍, പരാദങ്ങള്‍, ഫംഗസ്സുകള്‍ എന്നിവയെ നശിപ്പിക്കുന്നതിനും ഉണക്കല്‍ പ്രക്രിയ സഹായിക്കുന്നു. കുളത്തിന്റെ അടിത്തട്ടിലെ മണ്ണില്‍ വായുസഞ്ചാരം വര്‍ധിക്കുന്നതിനും മണ്ണില്‍ തങ്ങി നില്‍ക്കുന്ന മാരകമായ ഹൈഡ്രജന്‍ സള്‍ഫൈഡ് വാതകത്തെ സ്വതന്ത്രമാക്കുന്നതിനും അടിമണ്ണ് ഉഴുകുന്നതു മൂലം സാധിക്കുന്നു.
ചുരുക്കിപ്പറഞ്ഞാല്‍ കുളത്തില്‍ കൂടുതല്‍ ആരോഗ്യകരമായ ചുറ്റുപാടുകള്‍ പ്രദാനം ചെയ്യുന്നതിനും രോഗസാധ്യത പരമാവധി കുറയ്ക്കുന്നതിനും അടിത്തട്ട് ഉണക്കുക, ഉഴുകുക എന്നിവ കൊണ്ട് സാധിക്കുന്നു. അടിത്തട്ട് എത്ര ദിവസം ഉണക്കണം? വിണ്ടു കീറുന്നതു വരെ ഉണക്കണമെന്നതാണ് ഉത്തരം. എന്നാല്‍ ചെളിയുടെ അളവ് താരതമ്യേന കുറഞ്ഞ  പ്രദേശങ്ങളില്‍  അടിത്തട്ട് വിണ്ടുകീറണമെന്നില്ല.  ഇത്തരം പ്രദേശങ്ങളില്‍  7 മുതല്‍ 10 ദിവസം വരെ വെയിലത്ത് ഉണക്കിയാല്‍ മതി.
ആസിഡ് - സള്‍ഫേറ്റ് പ്രദേശങ്ങളില്‍ അടിത്തട്ട് ഉണക്കരുത്.  ഇത്തരം പ്രദേശങ്ങള്‍ വറ്റിച്ച് ഉണക്കുമ്പോള്‍ മണ്ണിന്റെ ആഴങ്ങളില്‍ നിന്ന്  സള്‍ഫ്യൂറിക് അമ്ലം മേല്‍മണ്ണിലേക്ക് കാപിലറി പ്രവര്‍ത്തനം മൂലം എത്തിച്ചേരും.  ജലത്തിന്റേയും മണ്ണിന്റേയും അമ്ലാംശം വളരെ ഉയര്‍ത്തുന്നതിന് ഇത് ഹേതുവാകും.  ഉയര്‍ന്ന അമ്ലാംശം പ്ലവക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും.  മത്സ്യങ്ങളുടെ വളര്‍ച്ചാനിരക്കും അതിജീവന നിരക്കും കുറയുന്നതിനും ഉയര്‍ന്ന അമ്ലാംശം കാരണമാവും.
ആര്യ ഉണ്ണി
കടപ്പാട്

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate