Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കാരറ്റിന്റെ വിത്തുകള്‍ മുളപ്പിച്ചെടുക്കാം.

കണ്ണിനും പല്ലിനും മാത്രമല്ല മൊത്തം ശരീരത്തിന് ആരോഗ്യപ്രധാനമായ പച്ചക്കറിയിനമെന്ന നിലയിലും ശീതകാല പച്ചക്കറിയെന്ന നിലയിലും കാരറ്റ് മലയാളിയുടെ ആഹാരത്തില്‍ ഇടം പിടിച്ചിട്ട് നാളേറെയായി. എന്നാല്‍, വിപണിയില്‍ നിന്നു വാങ്ങുന്നതിനെ എത്രത്തോളം വിശ്വസിക്കാം എന്നതാണ് മലയാളിയെ അടുത്തിടെയായി വിഷമത്തിലാക്കുന്നത്. മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്നവയില്‍ വിഷാംശം ഉള്‍പ്പെടുന്നതിനാലും വിളവ് ലാഭകരമാക്കാന്‍ വിപണി ലക്ഷ്യമാക്കി ഒട്ടേറെ കര്‍ഷകര്‍ അമിത രാസവളത്തില്‍ കാരറ്റ് കൃഷിചെയ്യുന്നതും ഒരു ആപത് ശങ്കയായി വളര്‍ന്നിരിക്കുന്നു. ഒരു ശീതകാലവിളയായതുകൊണ്ടുതന്നെ എല്ലാ കാലത്തും കേരളത്തില്‍ ഇത് കൃഷി ചെയ്യുകയെന്നത് അതിമോഹമാണ് എന്നാല്‍, തണുപ്പ് നിലനില്‍ക്കുന്ന കാലങ്ങളില്‍ സ്വന്തം കൃഷിത്തോട്ടത്തിലും മട്ടുപ്പാവിലും കാരറ്റ് കൃഷിചെയ്യാം.
വിത്തുകള്‍ മുളപ്പിക്കാം
ശീതകാല പച്ചക്കറികളുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കുകയെന്നതാണ് നമ്മുടെ മുന്നിലുള്ള ഒരു വെല്ലുവിളി. തീരെ ചെറിയ കടുകുമണി പോലുള്ള വിത്തുകളായതിനാല്‍ വിത്തുപരിചരണത്തിലും പാകി മുളപ്പിക്കാന്‍ മണ്ണൊരുക്കുന്നതിലും നന്നായി ശ്രദ്ധിക്കണം. നന്നേ പൊടിയായ മണ്ണ് ഉണങ്ങിയ ചാണകപ്പൊടി കൂടി കൂട്ടി തരിച്ചെടുത്ത് അത് പ്രോട്രേയിലോ തവാരണയിലോ നിരത്തിയാണ് വിത്തുകള്‍ പാകേണ്ടത്. വിത്തിനു മുകളില്‍ അല്പം മണ്ണു തരിച്ച് ഒരു നേര്‍ത്ത ആവരണം തീര്‍ക്കണം. തടം നനച്ച ശേഷം വിത്ത് വിതയ്ക്കുന്നത് നന്നായി മുളയ്ക്കാന്‍ സഹായിക്കും. ദിവസത്തില്‍ ഒരിക്കല്‍ ചെറുതായി നനച്ചുകൊടുക്കണം. നല്ല വെയില്‍ നേരിട്ട് ഏല്‍ക്കരുത്.
തടത്തിന് മുകളില്‍ ചെറിയ ചെടിയുടെ കനം കുറഞ്ഞ ഇലകള്‍(പുളിയില) നിരത്തിയിട്ടോ ഓലച്ചീന്ത് ഉയര്‍ത്തിവെച്ചോ തണല്‍ നല്‍കാം. സൂപ്പര്‍ കുറോഡ, ഷിന്‍ കുറോഡ, പൂസാ കേസര്‍, പൂസാ മേഘാളി തുടങ്ങി ധാരാളം ഉത്തരേന്ത്യന്‍ ഇനങ്ങള്‍ നമ്മുടെ കാലാവസ്ഥയിലും നന്നായി വളരുമെന്ന് കണ്ടിട്ടുണ്ട്. വിത്തുകള്‍ കാര്‍ഷിക സര്‍വകലാശാലയുടെ ഔട്ട് ലെറ്റുകളിലും വിത്തുവിപണിലും ലഭിക്കും.
പറിച്ചുനടാം.
നല്ല ജൈവപുഷ്ടിയും ഇളക്കവുമുള്ള മണ്ണാണ് കാരറ്റ് കൃഷിക്ക്  ഉത്തമം. നടുന്ന മണ്ണ് നല്ല നീര്‍വാര്‍ച്ചയുള്ളതും നല്ല വായു സഞ്ചാരം നിലനില്‍ക്കുന്നതും സൂര്യപ്രകാശം ലഭിക്കുന്നതുമായിരിക്കണം. മാത്രമല്ല മണ്ണിന്റെ അമ്ല-ക്ഷാര നിലവാരം ആറിനും ഏഴിനുമിടയിലായാല്‍ കാരറ്റിന് ഗുണം കൂടും. അമ്ലഗുണം കൂടിയ മണ്ണില്‍ ഡോളമൈറ്റോ കുമ്മായമോ വിതറി അത് കുറയ്ക്കാം. നടുന്നതിനുമുമ്പ് കൃഷിയിടം നന്നായി ഉഴുത് മറിക്കണം. അതിനുശേഷം അതില്‍ സെന്റൊന്നിന് 30-40 കിലോ തോതില്‍ കാലിവളമോ കമ്പോസ്‌റ്റോ ചേര്‍ത്തിളക്കി നിരപ്പാക്കണം. അങ്ങനെ വളംചേര്‍ത്ത് നിരപ്പാക്കിയ നിലത്ത് ഒരടിയുയരത്തില്‍ തടം കോരിയെടുക്കാം.
നീളത്തിലോ കുറുകെയോ ചാലെടുത്താണ് തൈകള്‍ നടേണ്ടത്. തൈകള്‍ തമ്മില്‍ കുറഞ്ഞത് 10 സെ.മീ. അകലം അത്യാവശ്യമാണ്. വരിയും നിരയുമായാണ് തടങ്ങളെടുക്കേണ്ടത്. തടങ്ങള്‍ തമ്മില്‍ കുറഞ്ഞത് കാല്‍മീറ്റര്‍ അകലവും തടത്തിന്റെ ഉയര്‍ച്ച കുറഞ്ഞത് കാല്‍ മീറ്ററെങ്കിലും ഉണ്ടായിരിക്കണം. ചരിഞ്ഞസ്ഥലങ്ങളിലാണ് കൃഷിയിറക്കുന്നതെങ്കില്‍ 30 സെ.മീ. അകലത്തില്‍ തടമെടുക്കാം. മറ്റു പച്ചക്കറി വിളകളെപ്പോലെ, കാരറ്റിനും തടത്തില്‍ അല്‍പ്പമെങ്കിലും ഈര്‍പ്പം തങ്ങിനില്‍ക്കുംവിധം നന ഒഴിവാകാതെ നോക്കണം.
എന്നാല്‍, നന കൂടിയാല്‍ ചെടി കൂടുതല്‍ വളര്‍ന്ന് വിളവ് കുറയുന്നതിനിടയാകും. ഇടയ്ക്കിടെയാണ് ഈര്‍പ്പം കിട്ടുന്നതെങ്കില്‍ കാരറ്റിന്റെ കിഴങ്ങുകള്‍ വിണ്ടുപൊട്ടി പോയേക്കാം. കൃഷിയില്‍ രാസവളം ഒഴിവാക്കുമ്പോള്‍ വേണ്ടത്ര ജൈവവളവും മറ്റു വളര്‍ച്ചാ ത്വരകങ്ങളും നല്‍കിയിരിക്കണം. ഗ്രോബാഗിലോ ചട്ടിയിലോ നടുമ്പോള്‍ മണ്ണ്, ചാണകപ്പൊടി, മണല്‍ അല്ലെങ്കില്‍ ചകിരിച്ചോറ് എന്നിവ 3:3:3 എന്ന അനുപാതത്തില്‍ ചേര്‍ത്തൊരുക്കിയ പോട്ടിങ് മിശ്രിതം നിറച്ചതിലാണ് തൈകള്‍ നട്ടുപിടിപ്പിക്കേണ്ടത്. ഓരോ ബാഗിനും 50 ഗ്രാം വീതം ഡോളമെറ്റ്, വേപ്പിന്‍ പിണ്ണാക്ക്, പൊട്ടാഷ് എന്നിവയും ഉപയോഗിക്കാം.
രോഗങ്ങളും കീടങ്ങളും
സാധാരണ കിഴങ്ങുവര്‍ഗ വിളകള്‍ക്കു വരുന്ന രോഗങ്ങളും കീടങ്ങളും തന്നെയാണ് കാരറ്റിനെയെയും ബാധിച്ചുകാണുന്നത്. കാരറ്റ് തുരന്ന് തിന്നു നശിപ്പിക്കുന്ന ചെല്ലിയാണ് പ്രധാന കീടം. നേരിയ തോതില്‍പ്പോലും ഇതിന്റെ ആക്രമണം കാരറ്റിനെ കയ്പുള്ളതാക്കുകയും ഉപയോഗശൂന്യമാക്കുകയും ചെയ്യുന്നു. കീടാക്രമണം ചെറുക്കാന്‍ മുന്‍ വിളയുടെ അവശിഷ്ടങ്ങള്‍ പൂര്‍ണമായും നശിപ്പിക്കുക. കൃഷിയിടമൊരുക്കുന്നതിന് മുമ്പ് കുമ്മായമോ ഡോളമെറ്റോ ചേര്‍ക്കുക. വേപ്പിന്‍പിണ്ണാക്ക് അടിവളമായി ചേര്‍ക്കുക. വേപ്പധിഷ്ഠിത കീടനാശിനികള്‍ ഉപയോഗിക്കുക എന്നതാണ്.
കരോട്ടിന്‍ അംശംകൊണ്ട് പോഷകപ്രധാനമായ ഈ പച്ചക്കറി അധികം പാചകം ചെയ്യാതെ കഴിക്കുവാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഹല്‍വയും ജ്യൂസും പലഹാരങ്ങളുമടക്കം ഒട്ടേറെ വിഭവങ്ങളുണ്ടാക്കാവുന്നതോടൊപ്പം വിവിധ ഔഷധഗുണങ്ങളുള്ള നിയന്ത്രണ ഭക്ഷണങ്ങളും കാരറ്റിന്റെ മേന്മകളാണ്. കേരളത്തില്‍ ഹൈറേഞ്ച് മേഖലയില്‍ മാത്രമല്ല സമതലങ്ങളിലും അടുക്കളത്തോട്ടങ്ങളിലും ഗ്രോബാഗുകളില്‍പ്പോലും ഇത് നന്നായി നട്ടുണ്ടാക്കാമെന്ന് ഇന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. നമുക്ക് രണ്ടു ഗ്രോ ബാഗില്‍ കാരറ്റ് നട്ടു നോക്കിയാലോ.
ആര്യ ഉണ്ണി
കടപ്പാട്
2.84210526316
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top