অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കമ്പ്യൂട്ടര്‍ യുഗത്തിലെ കൃഷി

കമ്പ്യൂട്ടര്‍ യുഗത്തിലെ കൃഷി

കൃഷി കമ്പ്യൂട്ടര്‍ യുഗത്തിലേക്കു പ്രവേശിക്കുന്നതിന്‍റെ വിളംബരമായ കാര്‍ഷികരംഗം ഡോട്ട് കോമിനു ലഭിച്ച സ്വീകാര്യത വ്യക്തമാക്കുന്നൊരു കാര്യമുണ്ട്. കമ്പ്യൂട്ടറിന്‍റെ വഴിയിലൂടെ സംസ്ഥാനത്തെ കാര്‍ഷിക മേഖല അതിവേഗം മുന്നേറുകയാണ്. തങ്ങളുടെ ജീവിതത്തില്‍ ദിവസത്തില്‍ ഒരു തവണയെങ്കിലും കമ്പ്യൂട്ടര്‍ ഇടപെടുന്നതായി കര്‍ഷകര്‍ തിരിച്ചറിയുന്നു. വളം വാങ്ങുന്ന കടയില്‍ നിന്നു ബില്ലടിച്ചു തരുന്ന യന്ത്രമായിരുന്നു ഇതുവരെ കമ്പ്യൂട്ടറെങ്കില്‍ ഇനിയത് കൃഷിയുടെ ജാതകം തന്നെ തയ്യാറാക്കുന്ന വിസ്മയലോകമാണ്.

ഇന്‍റര്‍നെറ്റ്, ഇമെയില്‍, വെബ്സൈറ്റ് തുടങ്ങിയവയൊക്കെ അതിവേഗം കാര്‍ഷിക കേരളത്തിന്‍റെ സാധാരണ വര്‍ത്തമാനങ്ങളിലേക്കു കൂടി കയറിവരികയാണ്. മണ്ണു പരിശോധിക്കാന്‍ കൊടുത്താല്‍ അതിന്‍റെ ഫലം അച്ചടിച്ചു വരുന്നത് കമ്പ്യൂട്ടറില്‍നിന്ന്. റബ്ബറിന്‍റെയും നാളികേരത്തിന്‍റെയുമൊക്കെ വില നിലവാരം മെബൈല്‍ ഫോണില്‍ അറിയാമെന്നായിരിക്കുന്നു. വാഴയ്ക്കൊരു കീടബാധയുണ്ടായാല്‍ മൊബൈലിലെ ക്യാമറയില്‍ അതിന്‍റെ പടമെടുത്ത് വാട്സാപ്പ് ചെയ്താല്‍ പരിഹാരമാര്‍ഗങ്ങള്‍ മിനിറ്റുകള്‍ക്കകം എത്തുമത്രേ. കാര്‍ഷിക രംഗം ഡോട്ട് കോമിലെ പ്ലാന്‍റ് ക്ലിനിക് എന്ന വിഭാഗത്തിലേക്ക് കര്‍ഷകര്‍ സംശയങ്ങള്‍ പോസ്റ്റുചെയ്യുന്നതു മൊബൈലില്‍ എടുത്ത ചിത്രങ്ങളുടെ അകമ്പടിയോടെയാണ്.
തുടക്കത്തില്‍ കണക്കു കൂട്ടാന്‍ മാത്രമുള്ള വലിയൊരു ഉപകരണമായിരുന്നു കമ്പ്യൂട്ടറുകള്‍. പിന്നീടാണിവ ആശയവിനിമയത്തിനുള്ള ഉപാധിയായി മാറുന്നത്. സന്ദേശങ്ങളും കത്തുകളും ചിത്രങ്ങളുമെല്ലാം ആര്‍ക്കു വേണമെങ്കിലും അയച്ചുകൊടുക്കാം. അന്യോന്യം സംസാരിക്കാം. ചിത്രങ്ങളോ അക്ഷരങ്ങളായോ ശബ്ദമായോ എന്തു വിവരവും എത്രകാലം വേണമെങ്കിലും സൂക്ഷിച്ചുവയ്ക്കാം, പങ്കുവയ്ക്കാം...അങ്ങനെയങ്ങനെ. ചുരുക്കത്തില്‍ ഇക്കാലത്തു സംഭവിച്ചത് കണക്കില്‍നിന്നു വിവരങ്ങളുടെ ലോകത്തേക്കുള്ള കമ്പ്യൂട്ടറുകളുടെ വികാസമാണ്. ഇതില്‍ നിന്നാണ് നമുക്കിന്നു പരിചിതമായ വിവര സാങ്കേതികവിദ്യ എന്ന പദം വരുന്നതുതന്നെ. ഈ പദത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി. അതിന്‍റെ ചുരുക്കെഴുത്താണ് ഐടി. ഇന്നിപ്പോള്‍ കമ്പ്യൂട്ടറുകളുമായി ബന്ധപ്പെട്ട ഏതു കാര്യത്തിനും ഐടി എന്ന പദം പര്യായം പോലെയുമായിരിക്കുന്നു.
മൈബൈലിന്‍റെ ദശാവതാരങ്ങള്‍
കേരളത്തില്‍ മൊബൈല്‍ ഫോണ്‍ പ്രചാരത്തിലായിട്ട് എത്ര കൊല്ലമായി കാണും. പത്തോ പതിനഞ്ചോ കൊല്ലത്തെ ചരിത്രം മാത്രമാണ് നമ്മുടെ അനുദിന ജീവിതത്തില്‍ ഈ ഇത്തിരി കുഞ്ഞനുള്ളത്. ആദ്യകാല മൊബൈല്‍ ഫോണുകള്‍ മറക്കാറായിട്ടുമില്ല. ഇരുമ്പുണ്ട പോലെ കനം, പാള പോലെ വലുപ്പം, ഒരറ്റത്തൊരു കൊമ്പ്, ഈ ഒറ്റക്കൊമ്പന്‍റെ ഇന്നത്തെ രൂപം കണ്ടാല്‍ ഹായ് എത്ര സുന്ദരം.
രൂപത്തില്‍ മാത്രമല്ല മാറ്റം. ഉപയോഗത്തിലും സാധ്യതകളിലും മാറ്റത്തിന്‍റെ റേഞ്ച് വളരുന്നു. സംസാര സൗകര്യത്തിനു പുറമെ കാമറ വന്നു, അതിന്‍റെ ശേഷി കൂടി. അത്യാധുനിക ഡിജിറ്റല്‍ കാമറകള്‍ക്കു ചേരുന്ന സാങ്കേതിക മികവായി. പടം മാത്രമല്ല, മണിക്കൂറുകള്‍ നീളുന്ന വീഡിയോകളും ഷൂട്ടു ചെയ്യാന്‍ ഇതു മതി. പാട്ടു കേള്‍ക്കാം, പാട്ടു റിക്കോര്‍ഡു ചെയ്യാം. വരുന്നതും പോകുന്നതുമായ ഫോണ്‍ കോളുകളും റിക്കോര്‍ഡു ചെയ്യാം. കൂട്ടുകൂടുന്നതിനും ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനുമെല്ലാം തുണനില്‍ക്കുന്ന ഇന്‍റര്‍നെറ്റിന്‍റെ മായിക ലോകമാണ് സ്മാര്‍ട്ട് ഫോണില്‍ വിരല്‍സ്പര്‍ശം കാത്തുനില്‍ക്കുന്നത്. 
ഇങ്ങനെ അനന്തമായി മാറ്റങ്ങള്‍ ഒരുവശത്ത് നാടെങ്ങും ടവറുകള്‍ ഉയരുന്നതിനെക്കാള്‍ വേഗത്തില്‍ വളരുമ്പോള്‍, ഇവയ്ക്കനുസരിച്ച് സേവനങ്ങള്‍ എത്തിച്ചു നല്‍കുന്ന സേവനദാതാക്കളും വളരുന്നു. അവര്‍ കൈവയ്ക്കാത്ത സേവനമേഖലകളും ഇല്ലെന്നാകുന്നു. അടുത്ത ഏഴു ദിവസത്തേക്കുള്ള കാലാവസ്ഥമാറ്റം ഇപ്പോള്‍ ദിവസംതോറും മൊബൈല്‍ ഫോണില്‍ എത്തും. കാര്‍ഷികമായ ഏതു സംശയത്തിനും നിവാരണം ലഭിക്കാന്‍ പഴയ ഒറ്റക്കൊമ്പന്‍റെ പിന്‍മുറക്കാര്‍ മതി. കീടത്തിന്‍റെയോ രോഗത്തിന്‍റെയോ ഒരു ചിത്രമെടുത്ത് ഫോണില്‍ നിന്നു തന്നെ മെയില്‍ ചെയ്താല്‍ മടക്കമെയിലായി മിനിറ്റുകള്‍ക്കകം അതിനുള്ള പരിഹാരമാര്‍ഗം പരന്നുവരും. കമ്പോള നിലവാരം, കാര്‍ഷിക സേവനങ്ങളെ സംബന്ധിച്ച വൃത്താന്തങ്ങള്‍ എന്നിവയൊക്കെ ദിവസം നാലഞ്ചു പ്രാവശ്യം വിളിച്ചു പറയുന്നവരും ശബ്ദസന്ദേശമായി തരുന്നവരുമൊക്കെയുണ്ട്. ചുരുക്കത്തില്‍ പോക്കറ്റില്‍ കിടക്കുന്ന മൊബൈല്‍ഫോണ്‍ ഒരു വമ്പന്‍ വിജ്ഞാനകോശത്തിന്‍റെ പകരക്കാരനായി മാറുന്നു.
നമുക്ക് ഐടിയെ പരിചയപ്പെടാം
ഐടിയെക്കുറിച്ച് എന്തും പറയുന്നതിനുമുമ്പ് ഏതാനുംപദങ്ങള്‍ പരിചയപ്പെടണം.
ഇന്‍റര്‍നെറ്റ്: ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന കോടാനുകോടി കമ്പ്യൂട്ടറുകളുടെ ശൃംഖല. ഏതു കമ്പ്യൂട്ടറും മോഡം എന്ന ഉപകരണം വഴിയായി ഈ ശൃഖലയുമായി ലോകത്തെവിടെയും ആര്‍ക്കും ബന്ധിപ്പിക്കാം. ആവശ്യാനുസരണം ഏതു കമ്പ്യൂട്ടറില്‍നിന്നും കമ്പ്യൂട്ടറുകളെ നിയന്ത്രിക്കുന്ന സെര്‍വറുകളില്‍നിന്നും ഉഭയസമ്മതപ്രകാരം ആര്‍ക്കും വിവരങ്ങളും ചിത്രങ്ങളും വീഡിയോകളും വിനോദോപാധികളും ചിത്രങ്ങളും വീഡിയോകളും വിനോദോപാധികളും പങ്കുവയ്ക്കാം. നിസാര ചെലവിന് ശൃംഖലയില്‍ കണ്ണിയായാല്‍ പിന്നെ ഒട്ടുമിക്ക സേവനവും സൗജന്യം.
വെബ്സൈറ്റ്: ഇന്‍റര്‍നെറ്റില്‍ ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ അവതരിപ്പിക്കുന്നതിനായി ആര്‍ക്കും സ്വന്തമാക്കാവുന്ന ഇടം. പേജുകളിലായി ഇതില്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ചിത്രങ്ങളും വീഡിയോയും വര്‍ത്തമാനവും ഇതില്‍ ഉള്‍ക്കൊള്ളിക്കാം. നാം ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന കാര്‍ഷികരംഗം ഡോട്ട്കോം വെബ്സൈറ്റിന് ഉദാഹരണമാണ്. കൃഷി സംബന്ധിച്ച് സംശയം ചോദിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും സമാനമനസ്കരുമായി കൂട്ടുകൂടുന്നതിനും സ്വന്തം കാര്‍ഷികോല്‍പ്പന്നങ്ങള്‍ വില്പനയ്ക്കു വയ്ക്കുന്നതിനുമൊക്കെ ഈ വെബ്സൈറ്റ് അവസരമൊരുക്കുന്നു. നിരവധി വെബ്സൈറ്റുകളുടെ പ്രയോജനം നല്‍കുന്ന ഇത്തരം സൈറ്റുകളെ വെബ് പോര്‍ട്ടലുകളെന്നും വിളിക്കുന്നു.
ഇമെയില്‍: ഇന്‍റര്‍നെറ്റ് മുഖേനയുള്ള തപാല്‍. പടമായോ പാട്ടായോ വീഡിയോ ആയോ അക്ഷരങ്ങളായോ എത്രമാത്രം വിവരം വേണമെങ്കിലും ഇമെയില്‍ വിലാസമുള്ള ആര്‍ക്കും അയച്ചുകൊടുക്കാം. സേവനം നൂറുശതമാനം സൗജന്യം. കാര്‍ഷികരംഗം ഡോട്ട്കോമിലേക്ക് അഭിപ്രായങ്ങളും സംശയങ്ങളും ഒക്കെ അയയ്ക്കുന്നതും ഒരിനം ഇമെയില്‍ തന്നെ.
ബ്ലോഗ്: വെബ്സൈറ്റിന്‍റെചെറിയ പതിപ്പ്. ഏതെങ്കിലും സേവനദാതാവ് തരുന്ന ഇന്‍റര്‍നെറ്റ് (സെര്‍വര്‍) ഇടത്തില്‍ സ്വന്തം ആശയവിനിമയത്തിനുള്ള ഉപാധി. ഏറെക്കുറേ പൂര്‍ണമായും സൗജന്യം.
മൊബൈല്‍ അധിഷ്ഠിത സേവനങ്ങള്‍:
അനുദിനം മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. സംസാരത്തിനു പുറമെ സന്ദേശങ്ങള്‍ അയയ്ക്കുന്നതിനുള്ള സൗകര്യമാണ് ഐടി അധിഷ്ഠിത സേവനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നത്. അതിനാല്‍ സ്ഥിരമായി വിവരങ്ങള്‍ നമ്മെ തേടിയെത്തിക്കൊണ്ടിരിക്കും. ചെലവ് സേവനദാതാവ് നിശ്ചയിക്കുന്നനുസരിച്ച്.
വിവരസാങ്കേതിക വിദ്യയുടെ പ്രയോജനമെടുക്കാവുന്ന കാര്‍ഷികാനുബന്ധ മേഖലകള്‍ പരിചയപ്പെടുക.
കാര്‍ഷിക വിപണനം: വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയുടെ ഏറ്റവും പരമപ്രധാനമായ ഘടകം വിപണിയാണ്. എന്തും വിളയിക്കുന്നത് വിപണിക്കു വേണ്ടിയാണ്. നട്ടു വളര്‍ത്തുന്നത് നായ്ക്കുരണയാണെങ്കിലും അത് ആവശ്യമുള്ള ആരെങ്കിലും എവിടെയെങ്കിലുമുണ്ട്. നട്ടു വളര്‍ത്തുന്നത് കറിവേപ്പിലയാണെങ്കിലും അതിനു നല്ല വില കിട്ടുന്ന ഒരു വിപണിയുമുണ്ട്. ഉല്‍പ്പാദകനെയും ആവശ്യക്കാരനെയും വിപണിയെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ ഐടിയെക്കാള്‍ ഫലപ്രദമായൊരു ഉപകരണമില്ല. ഇതിന് ഏറ്റവും മികച്ച ഉദാഹരണമായി പറയാവുന്നത് കാര്‍ഷിക രംഗം ഡോട്ട്കോമിലെ നാടന്‍ ചന്ത എന്ന വിഭാഗമാണ്. എന്തും ഏതും വില്‍ക്കുന്നതിനുള്ള വിപണിയാണ് നാടന്‍ചന്തയൊരുക്കുന്നത്. ഉദാഹരണത്തിന് നൂറു കിലോ നേന്ത്രവാഴക്കുല വില്‍ക്കാനുള്ളയാള്‍ക്ക് അതുമായി കടയിലെത്തേണ്ട കാര്യമില്ല. സൗജനന്യമായി ലഭിക്കുന്ന സൗകര്യമുപയോഗിച്ച് ഉല്‍പ്പന്നത്തിന്‍റെ വിവരം രേഖപ്പെടുത്തിയാല്‍ മാത്രം മതി ആവശ്യക്കാര്‍ തേടിയെത്തിക്കൊള്ളും.
വന്‍തോതിലുള്ള കാര്‍ഷിക വിപണനത്തില്‍ ഐടിയുടെ പ്രയോജനമെടുക്കാന്‍ സാധിക്കുന്നത് രണ്ടുതരത്തിലാണ്. ഒന്നാമത്തേത് രാജ്യത്തെ വിവിധ വിപണികളില്‍ ഒരു ഉല്‍പ്പന്നത്തിന്‍റെ, ഉദാഹരണത്തിനു നേന്ത്രക്കായ, വിലയറിയാന്‍ വിരലൊന്നമര്‍ത്തിയാല്‍ മതി. ഏറ്റവും കൂടുതല്‍ വില കിട്ടുന്ന വിപണി സംബന്ധമായ വിവരങ്ങള്‍ എല്ലാവര്‍ക്കും കിട്ടുന്നതോടെ ആ വില തന്നെ പൊതുവിലയായി മാറും. ഏകീകൃത വിപണി നിയമം കേരളത്തില്‍ മാത്രം ഇതുവരെ നടപ്പാക്കാത്തിനാലാണ് ഇത്തരം സാധ്യത നമുക്കു മനസിലാകാന്‍ ബുദ്ധിമുട്ടാകുന്നത്. തമിഴ്നാട്ടിലെ ഉഴവര്‍ ചന്തകളില്‍ ഇങ്ങനെയല്ല.
രണ്ടാമത്തേത് സവിശേഷമായ ഉല്‍പ്പന്നങ്ങളുടെ സവിശേഷമായ വിപണനമാണ്. നമ്മുടെ പക്കല്‍ കുറേയധികം വെള്ളക്കുരുമുളക്, അല്ലെങ്കില്‍ ഗാര്‍ബിള്‍ ചെയ്ത ബോള്‍ഡ് കുരുമുളക് ഉണ്ടെന്നു ചിന്തിക്കുക. ഇതിന് ആവശ്യക്കാര്‍ ലോകത്ത് എവിടെയെങ്കിലുമുണ്ട്. കാര്‍ഷിക വിപണനത്തിന്‍റെ ഏതെങ്കിലും വെബ്സൈറ്റിലോ വെബ്പോര്‍ട്ടലിലോ ഈ വിവരം പരസ്യപ്പെടുത്തുക (ഇതിനു പോസ്റ്റ് ചെയ്യുക എന്നുപറയും.). ആവശ്യക്കാര്‍ നമ്മെ തേടിയെത്തിക്കൊള്ളും. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഈ രീതി കേരളത്തില്‍ ഏറ്റവും പ്രചാരത്തിലെത്തുമെന്നതില്‍ സംശയം വേണ്ട, കാരണം ലോകത്തില്‍ പലര്‍ക്കും സവിശേഷമായ ആവശ്യങ്ങളുള്ള സവിശേഷങ്ങളായ ഉല്‍പ്പന്നങ്ങളാണ് നാം ഉണ്ടാക്കുന്നത്. (ഇതിന് ഉദാഹരണം വേണമെങ്കില്‍ വൈവാഹിക രംഗം നോക്കിയാല്‍ മതി. ഒരു കാലത്ത് ബ്രോക്കര്‍മാരായിരുന്നു വൈവാഹിക ആലോചനകള്‍ കൊണ്ടുവന്നിരുന്നതെങ്കില്‍ പിന്നീട് പത്രങ്ങളിലെ വൈവാഹിക കോളങ്ങള്‍ ആ സ്ഥാനം ഏറ്റെടുത്തു. അതു കഴിഞ്ഞ് ഇപ്പോള്‍ വിവാഹങ്ങള്‍ ഏറെയും നടക്കുന്നത് വെബ്സൈറ്റുകളിലെ ആലോചനകള്‍ മുഖാന്തിരമാണല്ലോ.) ഐടി അധിഷ്ഠിതമായി മാത്രം ഉല്‍പ്പന്ന വിപണനം നടക്കുന്ന ഒരു വിളയാണ് ഏലം. നേരത്തെ ലേലം നടന്നിരുന്ന രീതിയില്‍നിന്നു വ്യത്യസ്തമായി പൂര്‍ണമായും കമ്പ്യൂട്ടര്‍ അടിസ്ഥിത ലേലമാണിപ്പോള്‍ നടക്കുന്നത്.
കോള്‍ സെന്‍ററുകള്‍
വിളിപ്പുറത്ത് വിവരങ്ങളെത്തിക്കുന്ന രീതിയെന്ന് കോള്‍ സെന്‍ററുകളെ വിളിക്കാം. ആകാശമാണ് അതിരുകളെന്നു പറയുകയും ചെയ്യാം. കാര്‍ഷികരംഗം ഡോട്ട്കോമിലെ പ്ലാന്‍റ് ക്ലിനിക് എന്ന വിഭാഗം കോള്‍സെന്‍റുകളുടെ സേവനം തന്നെയാണ് മറ്റൊരു രൂപത്തില്‍ നല്‍കുന്നത്. കൃഷിക്കാരെ പോലെ അറിവിനു വേണ്ടി ദാഹിക്കുന്ന മറ്റൊരു വിഭാഗം കേരള സംസ്ഥാനത്തുണ്ടാവില്ല. 
ചുരുങ്ങിയ വാക്കുകളില്‍ കോള്‍ സെന്‍ററുകള്‍ എന്നാല്‍ വിളിപ്പുറത്ത് അഥവാ കോളിനനുസരിച്ച് സേവനം നല്‍കുന്ന കേന്ദ്രം. കൃഷിയറിവുകള്‍, വിപണി വിശേഷങ്ങള്‍, രോഗകീട നിയന്ത്രണമാര്‍ഗങ്ങള്‍, വിത്തിന്‍റെയും തൈയുടെയും ലഭ്യത തുടങ്ങിയ കാര്യങ്ങളിലെല്ലാം കോള്‍ സെന്‍റുകളുടെ സേവനം ആവശ്യമായി വരാറുണ്ട്. 
സപ്ലൈ ചെയിന്‍
കാര്‍ഷിക വിപണനത്തില്‍ അടുത്തുകാലത്തു മാത്രം പ്രത്യേക ശ്രദ്ധപിടിച്ചു പറ്റിയ പദങ്ങളിലൊന്നാണിത്. നമ്മുടെ പരമ്പരാഗതമായ കാര്‍ഷിക വിപണനവുമായി തട്ടിച്ചു നോക്കിയാല്‍ മാത്രമാണ് സപ്ലൈ ചെയിന്‍ എന്ന സങ്കല്‍പ്പത്തിന്‍റെ അര്‍ത്ഥം പിടികിട്ടുന്നത്.
ഉദാഹരണത്തിനു റബ്ബര്‍ വിപണനം തന്നെയെടുക്കുക. കര്‍ഷകര്‍ നേരിട്ടു റബ്ബര്‍ വില്‍ക്കുന്നത് ഷീറ്റ്, ലാറ്റക്സ്, സ്ക്രാപ്പ് എന്നീ മൂന്നു രൂപങ്ങളിലാണ്. ഷീറ്റിലും ലാറ്റക്സിലും അതതിന്‍റെയായ ഗ്രേഡുകളും പലതുണ്ട്. പണ്ടൊരു കാലത്ത് ഷീറ്റ് മുഴുവന്‍ അങ്ങനെ തന്നെ വില്‍ക്കുകയായിരുന്നു പതിവ്. അതായത് കര്‍ഷകര്‍ വില്‍ക്കുന്നതു മുഴുവന്‍ ലോട്ട് റബ്ബര്‍ മാത്രമായിരുന്നു. പിന്നീട് ആര്‍എസ്എസ് നാല്, അഞ്ച് ഗ്രേഡുകളെക്കുറിച്ച് ബോധവാന്മാരായി. സപ്ലൈ ചെയിന്‍ സംബന്ധിച്ച അറിവു നേടുകയെന്നാല്‍ റബ്ബറിന്‍റെ വിപണനത്തിന്‍റെ തലത്തിലാണെങ്കില്‍ ഓരോ ഗ്രേഡിനെക്കുറിച്ചും അതിന്‍റെ മാത്രം ആവശ്യമുള്ള ഉപഭോക്താക്കളെക്കുറിച്ചുമുള്ള അറിവാണ്. ആര്‍എസ്എസ് ഒന്ന് എക്സ് ഗ്രേഡ് റബ്ബര്‍ മാത്രം വാങ്ങുന്ന ഏതാനും വ്യക്തികള്‍ അല്ലെങ്കില്‍ സംഘങ്ങള്‍ കണ്ടേക്കാം. അവരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുകയാണെങ്കില്‍ അവര്‍ക്കുതന്നെ വണ്‍എക്സ് ഷീറ്റ് മുന്തിയ വിലയ്ക്കു വില്‍ക്കാന്‍ സാധിക്കും. 
ഇതുപോലെ തന്നെയാണ് വാങ്ങലിന്‍റെ തലവും. ഓരോ കൃഷിക്കാരനും കുറേ വസ്തുക്കള്‍ വില്‍ക്കുന്നയാള്‍ എന്നതുപോലെ കുറേ വസ്തുക്കള്‍ വാങ്ങുന്നയാള്‍കൂടിയാണല്ലോ. ഉദാഹരണത്തിനു റബ്ബറിനു റെയിന്‍ഗാര്‍ഡ് ചെയ്യുന്നതിനുള്ള വിവിധ ഗ്രേഡ് സാധനങ്ങള്‍ സപ്ലൈ ചെയ്യുന്ന ഏജന്‍സികളുണ്ട്. തനിക്കാവശ്യമുള്ള ഗ്രേഡിലും ഗുണമേന്മയിലും സാധനം സപ്ലൈ ചെയ്യുന്ന ഏജന്‍സിയെക്കുറിച്ചുള്ള അറിവാണ് വാങ്ങലുകാരന്‍ എന്ന നിലയില്‍ കര്‍ഷകനു വേണ്ടത്. ഈ അറിവു ലഭിക്കാന്‍ ഐടിക്കു തുല്യം മറ്റൊന്നില്ല.
അവധി കച്ചവടം
പഴയ സാട്ടാക്കച്ചവടത്തിന്‍റെ കുറ്റവും കുറവുമെല്ലാം തീര്‍ത്ത് ഐടി കാലത്തിനു യോജിച്ച വിധത്തിലാക്കിയിരിക്കുന്നതാണിത്. ഒരു ഉല്‍പ്പന്നത്തിന് നിശ്ചിതകാലത്തിനുശേഷം ഇത്രമാത്രം വിലയുണ്ടാകുമെന്ന സങ്കല്‍പത്തിന്‍റെ അടിസ്ഥാനത്തില്‍ അന്നേക്കുവേണ്ടി ഇന്നേ കച്ചവടം നടത്തി വയ്ക്കുന്ന രീതിയാണിത്.
പ്രധാനമായും റബ്ബര്‍, കുരുമുളക്, ഏലം, കാപ്പി എന്നിവയാണ് അവധി വ്യാപാരം അനുവദിച്ചിട്ടുള്ള കേരള വിളകള്‍. ആറുമാസം വരെ മുന്‍കൂട്ടിയുള്ള വ്യാപാരം നടത്താന്‍ അനുമതിയുണ്ട്. ഓഹരി വിപണി അവധിക്കച്ചവടവും തമ്മില്‍ സാമ്യമേറെയാണ്. കൈയിലുള്ള സ്റ്റോക്കിന്‍റെ മാത്രം അടിസ്ഥാനത്തില്‍ അവധിക്കച്ചവം നടത്താം അതുപോലെ തന്നെ ഇല്ലാത്ത ചരക്കിന്‍റെ പേരില്‍ ഊഹക്കച്ചവടവും നടത്താം.. ഉദാഹരണത്തിന് ജൂണ്‍ മാസമാകുമ്പോഴേക്ക് കൈയില്‍ നൂറു ടണ്‍ റബ്ബര്‍ സ്റ്റോക്ക് ഉണ്ടാകുമെന്ന് ഉറപ്പുണ്ടെങ്കില്‍ ജൂണ്‍ അവധിയില്‍ ഇന്നു തന്നെ അത്രയും റബ്ബര്‍ വില്‍പന നടത്താം. ഇനി അവധി വിപണിയിലും യഥാര്‍ത്ഥ വിപണിയിലും (സ്പോട്ട് വിപണിയെന്നു വിളിപ്പേര്) ഇതിനിടയില്‍ റബ്ബര്‍വില എത്ര കുറഞ്ഞാലും കൃഷിക്കാരന് അത്രയും വില കിട്ടുമെന്നുറപ്പ്. നിശ്ചിത ദിവസമാകുമ്പോഴേക്ക് നൂറു ടണ്‍ റബ്ബര്‍ വെയര്‍ഹൗസിങ് കോര്‍പ്പറേഷന്‍റെ ഗോഡൗണില്‍ എത്തിച്ചാല്‍ മതി. അഥവാ ദിവസങ്ങള്‍ മുന്നോട്ടു പോകുന്നതനുസരിച്ച് സ്പോട്ട് വിപണിയില്‍ റബ്ബറിന്‍റെ വില അവധി വിലയെക്കാള്‍ മുന്നോട്ടുപോകുകയാണെങ്കില്‍ കൈയില്‍ സ്റ്റോക്കുള്ള റബ്ബര്‍ സ്പോട്ട് വിപണിയില്‍ വില്‍ക്കുകയും അവധി വിപണിയില്‍ നിന്ന് അത്രയും തന്നെ സാങ്കല്‍പിക റബ്ബര്‍ വാങ്ങുകയും ചെയ്താല്‍ മതി.
അവധി വിപണിയില്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാം. ആര്‍ക്കും വാങ്ങാം, ആര്‍ക്കും വില്‍ക്കാം. എല്ലാ കച്ചവടവും നിശ്ചിത കാലാവധിക്കകത്ത് വട്ടമെത്തിക്കണം, അഥവാ സ്ക്വയറാക്കണം എന്ന കാര്യത്തില്‍ ശ്രദ്ധ വേണം. അവധിയില്‍ വാങ്ങുകയാണു ചെയ്തെങ്കില്‍ യഥാര്‍ത്ഥ ചരക്ക് വെയര്‍ ഹൗസിങ് കോര്‍പ്പറേഷനില്‍ നിന്നു വിലയ്ക്കെടുത്തോ സാങ്കല്‍പിക ചരക്ക് അവധി വിപണിയില്‍ നിന്നു തന്നെ വില്‍ക്കുകയോ ചെയ്ത് ഇടപാട് സ്ക്വയറാക്കാം. 
പ്രിസിഷന്‍ കൃഷി
ഐടി സാങ്കേതിക വിദ്യ കൃഷിയില്‍ നേരിട്ട് ഇടപെടുന്ന മേഖലകളിലൊന്നാണ് പ്രിസിഷന്‍ കൃഷി. ഇതിനെ സൂക്ഷ്മ കൃഷിയെന്നു വിളിക്കാം. ഉപഗ്രഹങ്ങളില്‍നിന്നും വിവിധ അത്യാധുനിക യന്ത്രങ്ങളില്‍ നിന്നും കിട്ടുന്ന വിവരങ്ങളെ കമ്പ്യൂട്ടറിനുമാത്രം സാധിക്കുന്ന വിധത്തില്‍ അപഗ്രഥിച്ചും ശുപാര്‍ശകളുടെ രൂപത്തിലാക്കിയും കൃഷിയില്‍ പ്രയോജനപ്പെടുത്തുന്ന രീതിയാണിത്. കമ്പ്യൂട്ടറിനെ മാറ്റി നിര്‍ത്തിയാല്‍ പ്രിസിഷന്‍ കൃഷിയില്ലെന്നു നിസംശയം പറയാന്‍ കഴിയും.
ഉപഗ്രഹ സാങ്കേതിക വിദ്യയെയാണ് പ്രിസിഷന്‍ കൃഷിയില്‍ ഏറ്റവുമധികം ആശ്രയിക്കുന്നത്. ഗ്ലോബല്‍ പൊസിഷന്‍ സിസ്റ്റം അഥവാ ജിപിഎസ്, റിമോട്ട് സെന്‍സിങ് അഥവാ ആര്‍എസ്, ജ്യോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അഥവാ ജിഐഎസ് തുടങ്ങിയ ഉപഗ്രഹാധിഷ്ഠിത രീതികളാണിതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഓരോ പ്രദേശത്തിനുമനുസരിച്ച് മണ്ണിന്‍റെ ഘടനയിലും വളക്കൂറിലുമുള്ള വ്യത്യാസവും ഈര്‍പ്പത്തിന്‍റെ ലഭ്യതയിലും വൈദ്യുത ചാലകശേഷിയിലുമുള്ള അന്തരവുമൊക്കെ അറിയുന്നത് ഉപഗ്രഹങ്ങളുടെ സഹായത്തോടെയുള്ള റിമോട്ട് സെന്‍സിങ് വഴിയാണ്. ഓരോ പ്രദേശത്തെയും കാലാവസ്ഥ, മണ്ണിന്‍റെ അവസ്ഥ തുടങ്ങിയ കാര്യങ്ങളും ഇതേ രീതിയില്‍ മനസിലാക്കാന്‍ സാധിക്കും. ഒരു പ്രത്യേക ഭൂഭാഗമോ കൃഷിയിടമോ ഉപഗ്രഹ സഹായത്താല്‍ വേര്‍തിരിച്ചു പഠിക്കുന്നതാണ് ജിപിഎസ്. ആ പ്രദേശത്തെ വ്യത്യസ്തമായ സ്ഥിതിവിവരപരമായ കാര്യങ്ങള്‍ ഉപഗ്രഹങ്ങള്‍ ശേഖരിക്കുന്നത് റിമോട്ട് സെന്‍സിങ്. ഉപഗ്രഹത്തില്‍നിന്നു കിട്ടുന്ന വിവിധ അറിവുകള്‍ ഉപയോഗക്ഷമമായ രൂപത്തിലെത്തിക്കുന്നത് ജ്യോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അഥവാ ജിഐഎസ്.
പ്രിസിഷന്‍ കൃഷിയില്‍ വെള്ളത്തിന്‍റെ ധാരാളിത്തമില്ല. തുള്ളിതുള്ളിയായി വെള്ളം ചെടിയുടെ ചുവട്ടില്‍ മാത്രം എത്തിച്ചുകൊടുക്കുകയാണ്. ഗുണമേന്മ കൂടിയതും വെള്ളത്തില്‍ അലിയുന്നതുമായ വളങ്ങള്‍ നനയ്ക്കാനുള്ള വെള്ളത്തിനൊപ്പം കൊടുക്കുന്നതാണ് ഇത്തരം കൃഷിയിലെ രീതി. ഓരോ ചെടിക്കും വെള്ളത്തിന്‍റെയും വളത്തിന്‍റെയും കാര്യത്തിലുള്ള ആവശ്യം നിര്‍ണയിക്കുന്നതും ഐടിയുടെ സഹായത്തോടെ തന്നെ.
ഫാം ടൂറിസം
പൂക്കളും പുഴകളും പുഞ്ചിരി തൂകുന്ന ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തില്‍ അടുത്തകാലത്തായി പ്രാമുഖ്യം നേടിയ സംരംഭമേഖലയാണ് ഫാം ടൂറിസത്തിന്‍റേത്. നാളിതുവരെ തോട്ടത്തിലെ ഉല്‍പ്പന്നങ്ങള്‍ മാത്രമായിരുന്നു കച്ചവടച്ചരങ്കെില്‍ ഫാംടൂറിസം വന്നതോടെ തോട്ടത്തിന്‍റെ അഴകും ഉടമയുടെ ആതിഥേയത്വ വൈഭവവും വിപണനം നടത്താവുന്ന ചരക്കുകളായി മാറിയിരിക്കുന്നു. ഇതു തന്നെ ഫാംടൂറിസം.
നമുക്കു വളരെ സാധാരണമെന്നു തോന്നുന്ന പല കാഴ്ചകളും മറുനാടന്‍ സഞ്ചാരികളെ സംബന്ധിച്ചിടത്തോളം അപാരമായ പുതുമകളുള്ള അനുഭവമാണ്. അതുകൊണ്ടാണ് നമ്മുടെ നാട്ടിലെ എന്തു കാഴ്ചയും കണ്ട് അവര്‍ അത്ഭുതപ്പെടുന്നത്. റബ്ബറെന്നും കൊക്കോയെന്നും കുരുമുളകെന്നുമൊക്കെ കേട്ടറിവു മാത്രമുള്ള സഞ്ചാരിക്കു മുന്നില്‍ അഴകോടെയും ജീവനോടെയും ഇത്തരം സസ്യങ്ങള്‍ കാട്ടിക്കൊടുക്കുകയും അവയുടെ പരിചരണത്തിലും വിളവെടുപ്പിലുമൊക്കെ പങ്കാളിയാകാന്‍ അവസരമൊരുക്കുകയുമാണ് ഫാംടൂറിസം ചെയ്യുന്നത്. ഇതില്‍ ഏറ്റവുമധികം ശ്രദ്ധിക്കാനുള്ളത് തോട്ടത്തിന്‍റെ സൗന്ദര്യത്തിലും രൂപകല്‍പനയിലുമാണ്. കണ്ടാല്‍ അതിലേക്കിറങ്ങാന്‍ സഞ്ചാരിക്കു തോന്നണം. വൃത്തിയുള്ള നടപ്പാതകള്‍, വെട്ടിയൊതുക്കിയ ചെടികള്‍, പൂക്കള്‍ക്കും നിറങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്ന അന്തരീക്ഷം തുടങ്ങിയവയൊക്കെ ഫാംടൂറിസത്തില്‍ പ്രധാനമാണ്. 
സ്വന്തം തോട്ടത്തിന്‍റെ അഴക് വിപണനം നടത്തണമെങ്കില്‍ വെബ്സൈറ്റ് പോലെ ശക്തമായ ഉപായമില്ല. ലോകത്തിന്‍റെ ഏതു കോണിലിരിക്കുന്ന സഞ്ചാരിയുടെയും സ്വകാര്യനിമിഷങ്ങളില്‍ ഇന്‍റര്‍നെറ്റിനു മാത്രമാണ് പ്രവേശനമുള്ളത്. എത്രമാത്രം പറയുന്നതിലും പ്രയോജനം കിട്ടുന്നത് കാട്ടിക്കൊടുക്കുന്നതിലാണ്. വെബ്സൈറ്റ് ചെയ്യുന്നത് ഇതു തന്നെയാണ്. സഞ്ചാരിയുടെ സ്വകാര്യനിമിഷങ്ങളില്‍ മനം മയക്കുന്ന ദൃശ്യങ്ങള്‍ കാണിക്കുന്നതിന് വെബ്സൈറ്റ് അവസരമൊരുക്കുന്നു. രാജ്യാന്തരതലത്തില്‍ ആശയവിനിമയത്തിനും ഇന്ന് ഏറ്റവുമധികം പ്രയോജനപ്പെടുത്താവുന്നത് ഇന്‍റര്‍നെറ്റിനെത്തന്നെയാണ്. ഇമെയിലുകളോളം ശക്തമായ ആശയവിനിമയരീതിയില്ല തന്നെ. ചാറ്റിങ്ങിന്‍റെ സാധ്യതകള്‍ അനുദിനം വളരുകയാണ്. അന്യോന്യം കണ്ടുകൊണ്ടിരുന്ന് നെറ്റിലൂടെ വര്‍ത്തമാനം പറഞ്ഞ് സഞ്ചാരികളുമായുള്ള ബന്ധം ദൃഢമാക്കി നിലനിര്‍ത്തുന്നവരേറെയാണ്. 
കാലാവസ്ഥാ പ്രവചനം
ഏറെ പറഞ്ഞ് മുനതേഞ്ഞൊരു ഫലിതമുണ്ട്, മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട്. പത്രങ്ങളില്‍ മുന്‍കാലങ്ങളില്‍ ഏതെങ്കിലും മൂലയില്‍ കാലാവസ്ഥ എന്ന പേരിലൊരു കോളവും അതില്‍ രണ്ടു വാചകത്തിലൊരു കുറിപ്പും പതിവായിരുന്നു. അതിന്‍റെ ചുവടുപിടിച്ചാണ് ഈ തമാശ പ്രചരിച്ചതു തന്നെ.
എന്നാല്‍ കൃഷിയുമായി ബന്ധപ്പെട്ട മറ്റു പല കാര്യങ്ങളും മാറിയതുപോലെ കാലാവസ്ഥാ പ്രവചനം മാറിയിരിക്കുന്നു. ഒരു കാലത്ത് കാലാവസ്ഥാ പ്രവചനം ആര്‍ക്കും വേണ്ടതാകുക വരെ ചെയ്തതാണ്. എന്നാല്‍ കാലാവസ്ഥാ പ്രവചനത്തിനായി കാതോര്‍ക്കുന്നത് ഏറെ പ്രയോജനം ചെയ്യുന്ന കാലമാണിത്. ഒന്നാമതായി ഇതിന്‍റെ സാങ്കേതിക വിദ്യ ഏറെ വികസിച്ചിരിക്കുന്നു. ഉപഗ്രഹങ്ങള്‍ പലതും ഇന്നു വിക്ഷേപിക്കപ്പെടുന്നതു തന്നെ കാലാവസ്ഥാ സംബന്ധിയായ പഠനങ്ങള്‍ക്കു വേണ്ടിയാണ്. ഉപഗ്രഹങ്ങളില്‍നിന്നും അല്ലാതെയും ലഭിക്കുന്ന അറിവുകള്‍ വേണ്ട രീതിയില്‍ അവലോകനം ചെയ്യുന്നതിനും വിലയിരുത്തുന്നതിനുമുള്ള രീതികളും വളരെയധികം വികസിച്ചിരിക്കുന്നു. ഈ കാര്യങ്ങള്‍ക്കു രണ്ടിനും ലോകം ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് ഐടിയോടാണ്. കമ്പ്യൂട്ടറിന്‍റെയും അനുബന്ധ സാങ്കേതിക വിദ്യകളുടെയും സഹായമില്ലായിരുന്നെങ്കില്‍ കാലാവസ്ഥാ പ്രവചനം ഇത്ര കൃത്യമായി മാറുകയില്ലായിരുന്നു.
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനങ്ങള്‍ ഇപ്പോള്‍ അപ്പപ്പോള്‍ അറിയുന്നതിനുള്ള സൗകര്യമുണ്ട്. അവരുടെ വെബ്സൈറ്റില്‍ താപനിലയറിയുന്നതിനു സഞ്ചാരികള്‍ മാത്രമല്ല തെരയുന്നത്, അടുത്ത ഏഴു ദിവസത്തെ മഴയും വെയിലും സംബന്ധിച്ച സാധ്യതകളറിയുന്നതിനു പ്രമുഖ കര്‍ഷകര്‍ കൂടിയാണ്. ആകാശം എത്രമാത്രം മേഘാവൃതമായിരിക്കുമെന്നു ചിത്രങ്ങളിലൂടെ വ്യക്തമാക്കുന്നുമുണ്ട്. സ്വകാര്യമേഖലയിലും നിരവധി കാലാവസ്ഥാ പഠനകേന്ദ്രങ്ങള്‍ നിലവില്‍ വരികയാണ്. 
ഈര്‍പ്പ-പോഷണ സൂചിക
നെല്ലൊരു ജലസസ്യമാണോ, മിക്കവരുടെയും ഉത്തരം ആണെന്നായിരിക്കും. വെള്ളത്തെ അതിജീവിക്കുന്ന സസ്യം മാത്രമാണ് നെല്ല് എന്നതു വാസ്തവം. ചെടികള്‍ വളം വലിച്ചെടുക്കുന്നതു വേരിലൂടെ മാത്രമാണോ. ഉത്തരം-അല്ല. ഇലയിലൂടെയും വലിച്ചെടുക്കും. ഓരോ വിളയ്ക്കും എത്ര വെള്ളം, എത്ര വളം എത്ര സമയത്തെ ഇടവേളയില്‍ നല്‍കണം. എത്രമാത്രം പോഷകങ്ങള്‍ ഏതു രീതിയില്‍ നല്‍കണം. എന്നിങ്ങിനെ കൃഷി ശാസ്ത്രീയമാകുമ്പോള്‍ അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളുമുണ്ട്. ഇവിടെയാണ് ഐടിയുടെ പ്രാധാന്യം.
മണ്ണും ഇലയും പരിശോധിച്ച് വളത്തിന്‍റെയും പോഷകങ്ങളുടെയും ആവശ്യവും തോതും നിര്‍ണയിക്കുന്ന രീതിക്കു കുറേയധികം പഴക്കമുണ്ട്. ഇവയുടെ പരിശോധനയും ഫലം നിര്‍ണയവുമെല്ലാം ഐടിയുടെ സഹായത്തോടെയാണു ചെയ്യുന്നത്. എന്നാല്‍ കൃഷിയിലെ പുതിയ സങ്കേതങ്ങള്‍ ഇതില്‍നിന്നു പോലും ഏറെ പുരോഗമിച്ചിരിക്കുന്നു. സ്ഥിരമായി മണ്ണില്‍ ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്ന ഏതാനും സെന്‍സറുകള്‍ മുഖാന്തരം നാഴികകളുടെ ഇടവേളയില്‍ പോഷകങ്ങളുടെയും ഈര്‍പ്പത്തിന്‍റെയും ആവശ്യം അളന്നു കൊണ്ടിരിക്കുന്നു. നെല്ലു മുതല്‍ നാണ്യവിളകള്‍ വരെ ഏതു വിളയുടെ കാര്യത്തിലും കിറുകൃത്യമായി ഇത്തരം ആവശ്യങ്ങള്‍ കണക്കാക്കാനാകും. വെള്ളമാണെങ്കില്‍ ഏതു സമയത്തു കൊടുക്കണം, വളമാണെങ്കില്‍ വേരില്‍കൂടി കൊടുക്കണമോ ഇലയില്‍ കൂടി കൊടുക്കണമോ എന്നിങ്ങനെ മികച്ച വിളവിന് അറിയേണ്ട കാര്യങ്ങലെല്ലാം കമ്പ്യൂട്ടര്‍ പറഞ്ഞുതരും.
വളം പോലും രൂപം മാറുകയാണ്. ചാക്കുകണക്കിനു തോട്ടത്തില്‍ മറിച്ചിരുന്ന വളങ്ങളുടെ കാലം കഴിയുന്നു. ഇറക്കുമതി ചെയ്തതും വെള്ളത്തിലലിയുന്നതുമായ വളങ്ങള്‍ ഗ്രാമും മി.ഗ്രാമും കണക്കാക്കിയാണ് ഇപ്പോള്‍ ചേര്‍ത്തു കൊടുക്കേണ്ടത്. നനയും വളവുമെല്ലാം ഒന്നിച്ച്. തോട്ടം അപ്പാടെ കമ്പ്യൂട്ടറില്‍ പ്രോഗ്രാം ചെയ്തു വച്ചാല്‍ ഏതു മൂലകമാണോ ഒരു  ഘട്ടത്തില്‍ ആവശ്യം, ആ മൂലകം, ആവശ്യമായ കൃത്യം അളവില്‍ നനയ്ക്കുന്ന വെള്ളത്തിനൊപ്പം ചെടിയുടെ ഇലയിലോ വേരിലോ എത്തിക്കൊള്ളും. നൂറുശതമാനം സത്യം. ഇതൊക്കെ അങ്ങു ദൂരെയെവിടെങ്കിലും സംഭവിക്കുന്ന കാര്യമല്ല, നമ്മുടെ അയല്‍വക്കത്ത് കേരളത്തില്‍ പോലും പ്രചാരം കിട്ടിക്കൊണ്ടിരിക്കുന്ന രീതികളാണ്

അവസാനം പരിഷ്കരിച്ചത് : 7/8/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate