অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഓർക്കിഡ് കൃഷി

ഓർക്കിഡ് കൃഷി

കേരളത്തിന്റെ തനത്‌ കാലാവസ്ഥയിൽ വളരെ ലളിതമായ പരിചരണം നൽകി നന്നായി ഓർക്കിഡുകൾ വളർത്താം. ആകർഷകമായ വർണ്ണങ്ങളിൽ അധികം ദിവസങ്ങൾ പൊഴിഞ്ഞു പോകാതെ നിൽക്കുന്ന ഈ സസ്യങ്ങൾ വീട്ടിനകത്ത്‌ പരിമിതമായ പ്രകാശം ലഭിക്കുന്ന സ്ഥലങ്ങൾ, വരാന്ത, കാർ പോർച്ച്‌, നല്ല വെളിച്ചം കിട്ടുന്ന മറ്റ്‌ മേൽതലങ്ങൾ തുടങ്ങി എല്ലായിടത്തും നന്നായി വളർത്തുവാൻ കഴിയും. ഓർക്കിഡിന്റെ ഏറ്റവും വലിയ ശത്രു "അമിത പരിചരണം" ആണ്‌ - കൂടുതലായ നനയും വളവും ഓർക്കിഡ്‌ ചെടികളെ നശിപ്പിക്കുവാൻ പോന്നതാണ്‌. എല്ലാ ദിവസവും രണ്ടു നേരം നനച്ച്‌ വളവും ഒക്കെ നൽകി വളത്തിയാൽ, പല ചെടികളും അകാല ചരമം പ്രാപിക്കും. സംഗതികൾ ഇതൊക്കെയാണെങ്കിലും, കൃത്യമായ വളർച്ചയ്ക്കും പുഷ്പ്ങ്ങൾക്കും ചെടികൾക്ക്‌ അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കി കൊടുക്കേണ്ടതുണ്ട്‌..

ഏറ്റവും ലളിതമായി പറഞ്ഞാൽ ഓർക്കിഡ്‌ വളർത്താൻ അത്യാവശ്യം വേണ്ടത്‌ ചെടികൾക്ക്‌ പരിചിതമായ അവയുടെ സ്വാഭാവിക പ്രകൃതി ഒരുക്കികൊടുക്കലാണ്‌..

ഓർക്കിഡുകൾ നല്ല വെളിച്ചവും ഉയർന്ന ആർദ്ദ്രതയും (ഹ്യുമിഡിറ്റി), വേരുകൾക്ക്‌ ചുറ്റും നല്ല ഇളകിയ കാറ്റിന്റെ സാന്നിധ്യവും, ഇരുപത് - മുപ്പത് ഡിഗ്രി നിലവാരത്തിൽ ഉള്ള ചൂടും നന്നായി ആസ്വദിക്കുന്ന സസ്യങ്ങളാണ്‌.. നേരിട്ട്‌ ചെടിയിൽ പതിക്കുന്ന തീവ്ര വെളിച്ചം ഇവയ്ക്ക്‌ അധികം താങ്ങുവാൻ കഴിയില്ല. പ്രത്യേകിച്ച്‌ വെകുന്നേരങ്ങളിൽ കിഴക്ക്‌ വശത്തു നിന്നും നേരിട്ട്‌ അടിക്കുന്ന വെളിച്ചത്തിൽ നിന്നും ഇവയെ സംരക്ഷിക്കുവാൻ ശ്രധ്ധിക്കുക. ട്രോപ്പിക്കൽ - സബ് ട്രോപ്പിക്കൽ കാലാവസ്ഥയിൽ ഹരിത വനങ്ങളിൽ വളരുന്ന ഓർക്കിഡുകൾക്ക് മുകളിൽ പറഞ്ഞ സാഹചര്യം ലഭിക്കുന്നുണ്ട്. ഇത് കൂടാതെ കൃത്യമായ ഇടവേളകളിൽ സ്വഭാവിക വനങ്ങളിൽ ലഭിക്കുന്ന മഴയും, മഴ ഇല്ലാതിരിക്കുന്ന അവസ്ഥയും നമ്മൾ ഒരുക്കി കൊടുക്കേണ്ടതുണ്ട്. അതിനു വേണ്ടി നന്നായി നനഞ്ഞ് വളരെ നന്നായി വാർന്നു പോകുന്ന ജലസേചനം നൽകേണ്ടിയിരിക്കുന്നു.

പ്രഭാതത്തിൽ ജലത്തിന്റെ സാമീപ്യം ഓർക്കിഡുകൾ എറ്റവും ഇഷ്ടപ്പെടുന്നു. അപ്പോൾ നനക്കൽ വേനൽ കാലങ്ങളിൽ എല്ലാ ദിവസവും, അല്ലാതുള്ള സമയത്ത് ഒന്നിടവിട്ടോ, മൂന്ന് ദിവസത്തിൽ ഒരിക്കലോ മതിയാവും. ഓർക്കിഡുകൾക്ക് നന്നായി വളരുവാൻ കഴിയുന്ന ഒരു മീഡിയം നമ്മൾ ഒരുക്കേണ്ടതുണ്ട്. ഏകദേശം തുല്യ അളവിൽ ഉണങ്ങിയ തൊണ്ടിൻ കഷണങ്ങൾ, ഓടിന്റെ കഷണങ്ങൾ, മരക്കരി (വിറകടുപ്പിൽ മുക്കാൽ ഭാഗം കത്തിയ തടിക്കഷണങ്ങൾ വെള്ളം നനച്ച് കരിയാക്കാം) പിന്നെ ഇഷ്ടിക കഷണങ്ങൾ - ഇവ ഒന്നാന്തരം മീഡിയം ആയി ഉപയോഗിക്കാം. സ്വാഭാവിക പ്രകൃതിയിൽ വളരുന്നവയെക്കാൾ നമ്മൾ വളര്ത്തുന്നവയ്ക്ക് ഈ മീഡിയത്തിന്റെ സാമീപ്യം കാരണം തന്നെ ജല ലഭ്യത കുറെ കൂടി മെച്ചമായിരിക്കും എന്ന് ഞാൻ കരുതുന്നു.

മീഡിയം - മരക്കരി, ഓട്, ഇഷ്ടിക, തൊണ്ട്

നമ്മുടെ മീഡിയത്തിൽ ലഭ്യമായ എല്ലാ വസ്തുക്കളും ജലം നന്നായി അബ്സോർബ് ചെയ്യുന്നവയാണ്. നനവിന്റെ മുകളിൽ പറഞ്ഞ ടിപ്സുകൾ ഈയൊരു കാര്യത്തിന്റെ വെളിച്ചത്തിൽ ആലോചിച്ചാൽ യുക്തിസഹമായി മനസ്സിലാക്കാവുന്നതേയുള്ളൂ. നനവ് അധികമായാൽ ഫംഗസ് , വേരു ചീയൽ തുടങ്ങി സുഖകരമല്ലാത്ത സംഗതികൾ വന്നു ചേരാം.

ഓർക്കിഡുകൾ നടാൻ ഉപയോഗിക്കുന്ന ചട്ടികൽ ധാരാളം വായു സഞ്ചാരം കിട്ടുന്നവ ആയിരിക്കണം. മരത്തിന്റെ റീപ്പർ ഉപയോഗിച്ച് തയ്യാറാക്കിയ പെട്ടികൾ, നിറയെ ദ്വാരങ്ങൾ ഉള്ള മൺ ചട്ടികൾ, പ്ലാസ്റ്റിക് ചട്ടികൾ എന്നിവയൊക്കെ ഉപയോഗിക്കാം.

ഇപ്പോൾ മാർക്കറ്റിൽ ലഭിക്കുന്ന പുതിയതരം അർധ്ധ ഗോളാ-ക്രിതിയിലുള്ള പ്ലാസ്റ്റിക് ചട്ടികൾ ഉപയോഗിക്കുവാൻ വളരെ ലളിതവും, താര തമ്യേന ചിലവ് കുറഞ്ഞതുമാണു. ഇവയോടൊപ്പം തന്നെ, ചട്ടി തൂക്കിയിടുവാനുള്ള കിടുതാപ്പും കിട്ടുന്നതിനാൽ സംഗതി കൊള്ളാം (വില നിവവാരം 20-30 രൂപ). വാൻഡ വർഗത്തിൽ പെടുന്ന ചെടികൾക്ക് തടിയിൽ ചെയ്തെടുക്കുന്ന കുഞ്ഞൻ പെട്ടികൾ കൂടുതൽ നന്നാവും.

വ്യത്യസ്ത ഓര്ക്കിഡ് ചെടികൾ, നമ്മൾ മുകളിൽ പറഞ്ഞ സാഹചര്യങ്ങളും, ജലവും, വളവും ഒക്കെ കുറച്ചൊക്കെ അളവിലും തീവ്രതയിലും അല്പസ്വല്പം ഏറ്റക്കുറച്ചിലുകൾ വരുത്തി നന്നായി വളർത്തിയെടുക്കുവാൻ കഴിയുമെന്നതിൽ സംശയമില്ല ചില ചെടികൾക്ക് തീവ്രത കുറഞ്ഞ വെളിച്ചവും, ചിലവയ്ക്ക് നല്ല നിഴലും, മറ്റു ചിലര്ക്ക് തീവ്ര വെളിച്ചവും വേണം ചെടികളുടെ ഇലകളുടെ പച്ച നിരത്തിന്റെ തീവ്രത നോക്കി വെളിച്ചത്തിന്റെ ആവശ്യകത നമുക്ക് തന്നെ മനസ്സിലാക്കുവാൻ കഴിയും. കടുത്ത പച്ച - വെളിച്ചത്തിന്റെ കുറവും, മഞ്ഞളിച്ച പച്ച - വെളിച്ചത്തിന്റെ കൂടുതലും, ഇളം പച്ച നിറം - കൃത്യമായ അളവിലുള്ള പ്രകാശവും എന്ന നിഗമനം വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു ട്രിക്കാണ്.

സുഖകരമായ പ്രകാശത്തിൽ നിൽക്കുന്ന ഓർക്കിഡ്കുറഞ്ഞ വെളിച്ചത്തിൽ ഇരിക്കുന്ന ഒരു ചെടിയെ, ഇങ്ങിനെ കണ്ടെത്തിയ നിഗമനത്തിൽ തീവ്രത കൂടിയ പ്രകാശത്തിലേയ്ക്ക് വേഗം മാറ്റിയാൽ - പെട്ടെന്ന് വന്ന സാഹചര്യം ഉൾകൊള്ളാൻ കഴിയാതെ ഇലകളിൽ പൊള്ളൽ വരാം. ചുരുക്കി പറഞ്ഞാൽ - ഇത്തരം സാഹചര്യങ്ങളിൽ വരുത്തുന്ന ഫൈൻ ട്യൂണിംഗ് , വളരെ ക്രമാനുഗതമായി നടത്തണം.

ഒരു ടിപ്പ് കൂടി - ഇങ്ങിനെ കൂടുതൽ വെളിച്ചത്തിലെയ്ക്ക് മാറ്റിയ ഒരു ചെടിയുടെ ഇലയിൽ മുകളിലും താഴെയുമായി രണ്ടു വിരൽ വച്ച് , ഇലയുടെ ചൂട്ട് ഫീൽ ചെയ്യുവാൻ ശ്രമിക്കുക. നമ്മുടെ വിരലുകളിൽ ഉയര്ന്ന താപം ഫീൽ ചെയ്‌താൽ, ഓർക്കിഡ് ഇരിക്കുന്നത് - അമിത വെളിച്ചത്തിൽ ആണെന്ന് കരുതാം. അല്പം കൂടി വെളിച്ചം കുറഞ്ഞ ഭാഗത്തേയ്ക്ക് മാറ്റുക. ഇത്തരം നിരന്തരമായ ട്യൂക്കിങ്ങിലൂടെ നമ്മുടെ പ്രിയപ്പെട്ട ഓർക്കിഡിന് ഏറ്റവും ഇണങ്ങുന്ന ഒരു ചുറ്റുപാട് കണ്ടെത്തി കഴിഞ്ഞാൽ പിന്നെ അവർ വളരെ വേഗം കൃത്യമായ ഇടവേളകളിൽ പുതിയ വേരുകളും ഇലകളും പുറത്ത് വന്ന് വളരെ വൈകാതെ പുഷ്പിക്കും.

അപ്പോൽ സുഖകരമായ ഒരു സാഹചര്യം കിട്ടിയ ഓർക്കിഡ്  നന്നായി വളരുകയും പുഷ്പങ്ങൾ നൽകുകയും ചെയ്യും. പൂവുകൾ കൊഴിഞ്ഞു കഴിഞ്ഞാൽ പൂക്കൾ വന്ന തണ്ട് അതിന്റെ തുടക്കഭാഗത്ത് നിന്നും ക്ലീൻ ആയ ഒരു കത്തി വച്ച് മുറിച്ച് മാറ്റുക. അധികം വൈകാതെ വീണ്ടും ആരോഗ്യമുള്ള ചെടികൾ ഫ്ലവർ ബഡുകൾ പുറത്തേയ്ക്ക് നീട്ടും.

പുഷ്പിക്കുന്നതോടൊപ്പം തന്നെ വളർച്ചയുള്ള ചെടികൾ പുതിയ മുകുളങ്ങളും നൽകും. ഇത്തരം മുകുളങ്ങൾ സാമാന്യം വേഗത്തിൽ തന്നെ വളർന്ന് പൂക്കൾ നൽകും.

ചെടികൾ നന്നായി നനച്ച ശേഷം, വെള്ളത്തിൽ ലയിക്കുന്ന എൻ.പി.കെ മിശ്രിതം രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയത് ആഴചയിൽ രണ്ടു പ്രാവശ്യം സ്പ്രെ ചെയ്യുക. പുഷ്പിക്കാറായ ചെടികൾക്കു നൈട്രജൻ അളവ് കുറഞ്ഞ മിശ്രിതം മാർക്കറ്റിൽ ലഭ്യമാണു. "ഗ്രീൻ കെയർ" എന്ന പ്രോഡക്റ്റ് ആണ് ഞാൻ ഉപയോഗിക്കുന്നത്. കീട, ഫംഗസ്സ് ബാധയൊന്നും ഇതു വരെ വന്ന് പെട്ടില്ലാത്തതിനാൽ അതിനെ കുറിച്ച് ഇപ്പോൾ അനുഭവം ഒന്നുമില്ല.

ജൈവ വള പ്രയോഗത്തിലെയ്ക്ക് പൂർണമായും മാറുവാൻ താല്പര്യം മനസ്സിലുണ്ട്. വിവിധ തരം ഓർക്കിഡുകളെ കുറിച്ചും അവയുടെ ശാസ്ത്രീയമായ സംഗതികളെക്കുറിച്ചുമൊക്കെ ഉള്ള അറിവ് പരിമിതം. അതിനെ കുറിച്ചോക്കെ പ്രായോഗിക തലത്തിൽ ഉപയോഗമുള്ള അറിവുകൾക്കും ശ്രമിക്കുന്നു.

ആര്യ ഉണ്ണി

കടപ്പാട് : blogspot

അവസാനം പരിഷ്കരിച്ചത് : 1/11/2022



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate