অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കുട്ടനാടൻ ചരിത്രം

കുട്ടനാടിന്റെ ചരിത്രം - ഒരു ലഘുവിവരണം

ആമുഖം

കേരളത്തിലെ നാലു പ്രധാന നദികളായ പമ്പ, മണിമല, അച്ചന്‍കോവില്‍ , മീനച്ചില്‍ എന്നിവയും വേമ്പനാട്ടുകായലും ചേര്‍ന്നു രൂപം നല്‍കിയ ഡെല്‍റ്റാപ്രദേശമാണ് കുട്ടനാട്. ആലപ്പുഴ , കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ഭൂവിഭാഗത്തിന്റെ മൊത്തം വിസ്തൃതി 870 ചതുരശ്ര കിലോമീറ്ററാണ്. കുട്ടനാടിന്റെ അതിരുകള്‍ കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ലെങ്കിലും ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട് , കാര്‍ത്തികപ്പള്ളി , മാവേലിക്കര താലൂക്കുകളിലും, കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളിലും പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലുമായി ആകെ 79 റവന്യൂ വില്ലേജുകള്‍ കുട്ടനാട്ടില്‍ ഉള്‍പ്പെടുന്നതായി കണക്കാക്കുന്നു.

കുട്ടനാടിന്റെ ഉത്പത്തിയെക്കുറിച്ച് പല കേട്ടുകേള്‍വികളുമുണ്ട്. അതില്‍ മുഖ്യം ചുട്ടനാട് പ്രായേണ കുട്ടനാട് ആയി മാറി എന്നതാണ്. അതായത് ചരിത്രകാലഘട്ടങ്ങളില്‍ നിബിഢവനമായിരുന്ന ഈ പ്രദേശം, കാട്ടുതീ പോലെയുള്ള കാരണങ്ങളാല്‍ ചുട്ടെരിക്കപ്പെട്ടു എന്നും പിന്നീട് ഈ പ്രദേശം സമുദ്രത്താല്‍ ആവൃതമായിപ്പോയി എന്നും കാലാന്തരത്തില്‍ സമുദ്രം പിന്‍വാങ്ങിയപ്പോള്‍ അവശേഷിച്ച പ്രദേശമാണ് ഇന്നുകാണുന്ന കുട്ടനാട് എന്നുമാണ് കുട്ടനാടന്‍ നിലങ്ങളിലെ ഉയര്‍ന്ന ജൈവാംശവും , കുട്ടനാട്ടിലെ പല സ്ഥലങ്ങളിലും പ്രത്യേകിച്ചും കരിനിലങ്ങളില്‍ , മണ്ണില്‍ കാണപ്പെടുന്ന കറുത്ത മരങ്ങളുടെ അവശിഷ്ടങ്ങളും ചുട്ടനാടാണ് പിന്നീട് കുട്ടനാട് ആയതെന്ന അറിവിലേക്ക് വിരല്‍ ചൂണ്ടുന്നു.

എന്നാല്‍ , കുട്ടന്റെ നാട് ആണ് കുട്ടനാട് ആയതെന്നാണ്, കുട്ടനാട് എന്ന വാക്കിന്റെ ഉത്പത്തിയെക്കുറിച്ചുള്ള മറ്റൊരു മതം. കുട്ടന്‍ എന്നത് ശ്രീബുദ്ധന്റെ തദ്ദേശീയമായ വിളിപ്പേരാണ് എന്നും കരുമാടിയിലുള്ള കരുമാടിക്കുട്ടന്‍ എന്ന ബുദ്ധവിഗ്രഹത്തിന്റെ സാന്നിദ്ധ്യം ഈ വിശ്വാസത്തെ സാധൂകരിക്കുന്നുവെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.

അതെന്തായാലും, ചരിത്രപരമായി, കേരളത്തിലെ പുരാതന തുറമുഖങ്ങളായിരുന്ന വയസ്ക്കര (കോട്ടയം ജില്ല) കടപ്ര (പത്തനംതിട്ട ജില്ല), വാഴപ്പള്ളി (ചങ്ങനാശ്ശേരിക്കു സമീപം) നക്കഡ ( തിരുവല്ലയ്ക്കു സമീപം) എന്നിവ കുട്ടനാടിന്റെ ഭാഗമായിരുന്നു എന്നും ഇവ പിന്നീട് തുറമുഖങ്ങളല്ലാതായതില്‍ നിന്നും സമുദ്രം ഈ ഭാഗങ്ങളില്‍നിന്നും പിന്‍വാങ്ങിയ ശേഷവും ലോവര്‍ കുട്ടനാടന്‍ പ്രദേശങ്ങള്‍ ജലനിമാനമായിത്തന്നെ തുടര്‍ന്നു. ആഴംകുറഞ്ഞ പ്രദേശങ്ങളില്‍ രണ്ടടിയും ആഴം കൂടിയ പ്രദേശങ്ങളില്‍ ഏഴ് അടിവരെയും പൊക്കത്തിലായിരുന്നു ലോവര്‍ കുട്ടനാട്ടിലെ ജലനിരപ്പ്.

സഞ്ചാര ചരിത്രകാരന്മാരായിരുന്ന ടോളമി, പ്ലീനി മുതലായവരുടെ രചനകളില്‍ കുട്ടനാടിനെ കൊറ്റനാര എന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. കുട്ടനാട്ടിലെ പ്രാചീന തുറമുഖങ്ങളായിരുന്ന ബരാകെ (ഇപ്പോഴത്തെ പുറക്കാട്), നക്കഡ (തിരുവല്ലക്കു സമീപം) എന്നിവിടങ്ങളില്‍നിന്നും വന്‍തോതില്‍ കുരുമുളക് കയറ്റി അയച്ചിരുന്നതായി ഇവരുടെ സഞ്ചാരരേഖകള്‍ സൂചിപ്പിക്കുന്നു.

എ.ഡി. ഒന്നാം ശതകത്തില്‍ കേരളം അഞ്ച് ഭൂപ്രദേശങ്ങളായി വിഭജിക്കപ്പെട്ടിരുന്നതായി ചരിത്രം. ഇവ വേണാട്, കുട്ടനാട്, കടനാട്, പൂഴിനാട് , കാര്‍ക്കനാട്, എന്നിവയാണ്. ഇവിടെ സൂചിപ്പിക്കപ്പെട്ടിരിക്കുന്ന കുട്ടനാടിന്‍റെ വിസ്തൃതി കൊല്ലം മുതല്‍ കൊച്ചിവരെയായിരുന്നു. എഡി ഒന്നാം നൂറ്റാണ്ടുമുതല്‍ പത്താം നൂറ്റാണ്ടുവരെ കുട്ടനാട് ഭരിച്ചിരുന്നത് താരതമ്യേന ദുര്‍ബ്ബലരായ ആയ് രാജവംശമാണെന്ന് പറയപ്പെടുന്നു. എന്നാല്‍, കുട്ടനാടിന്റെ സുവര്‍ണ്ണകാലം എന്നറിയപ്പെടുന്നത് ചമ്പകശ്ശേരി രാജാക്കന്മാരുടെ ഭരണകാലമാണ്. ഈ കാലഘട്ടത്ത് കലാ-സാംസ്കാരിക, രംഗങ്ങളിലും സാമ്പത്തികമായും കുട്ടനാട് അഭിവൃദ്ധി പ്രാപിക്കപ്പെട്ടു. ചെമ്പകശ്ശേരി രാജാക്കന്മാര്‍ ബ്രാഹ്മണരായിരുന്നു എന്നും, ഇപ്രകാരമുള്ള ഒരേയൊരു രാജവംശം ഇതായിരുന്നു എന്നും ചരിത്രമതം.

കുട്ടനാടിന്റെ കാര്‍ഷികചരിത്രം

കുട്ടനാടിന്‍റെ കാര്‍ഷികചരിത്രത്തിലെ സുവര്‍ണ്ണകാലഘട്ടം ആരംഭിച്ചതതിരുവിതാംകൂര്‍ ദിവാനായിരുന്ന രാജാകേശവദാസന്‍ ആലപ്പുഴയില്‍ തുറമുഖം നിര്‍മ്മിച്ചതോടുകൂടിയാണ്. പശ്ചിമഘട്ട മേഖലകളില്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കപ്പെട്ടിരുന്ന സുഗന്ധവ്യഞ്ജനങ്ങളുള്‍പ്പെടെയുള്ള കയറ്റുമതി പ്രാധാന്യമുള്ള കാര്‍ഷിക വിളകള്‍ ആലപ്പുഴ തുറമുഖത്ത് എത്തിക്കപ്പെട്ടത് കുട്ടനാടന്‍ ജലാശയങ്ങളിലൂടെയായിരുന്നു. ഇന്ന് തമിഴ് നാട്ടിലെ കന്യാകുമാരി ജില്ലയുടെ ഭാഗമായ നാഞ്ചിനാട് ആയിരുന്നു അതേവരെ തിരുവിതാംകൂറിന്‍റെ നെല്ലറ എന്ന് അറിയപ്പെട്ടിരുന്നത്. എന്നാല്‍, വര്‍ദ്ധിച്ചുവരുന്ന ധാന്യാവശ്യം നിറവേറ്റപ്പെടുന്നതിന് മറ്റൊരു നെല്ലറകൂടി പടുത്തുയര്‍ത്തേണ്ടതുണ്ട് എന്നും അതിന് ഏറ്റവും അനുയോജ്യം ജലസമൃദ്ധവും, ഫലഭൂയിഷ്ഠവുമായ കുട്ടനാടന്‍ പ്രദേശങ്ങളാണ് എന്നുമുള്ള തിരുവിതാംകൂര്‍ ഭരണാധികാരികളുടെ തിരിച്ചറിവാണ് കുട്ടനാടിനെ കേരളത്തിന്റെ നെല്ലറ എന്ന വിളിപ്പേരിന് അര്‍ഹമാക്കിത്തീര്‍ത്തത്.

വേമ്പനാട്ടുകായലില്‍നിന്നും മനുഷ്യാദ്ധ്വാനം മുഖേന പടുത്തുയര്‍ത്തപ്പെട്ടവയാണ് കുട്ടനാടന്‍ പാടശേഖരങ്ങള്‍. പ്രാദേശിക ഭൂപ്രകൃതിയും ചരിത്രവും അവലംബിച്ചു പറഞ്ഞാല്‍ കുട്ടനാടിനെ പഴയ കുട്ടനാട് അല്ലെങ്കില്‍ അപ്പര്‍ കുട്ടനാട് എന്നും പുതിയ കുട്ടനാട് അല്ലെങ്കില്‍ ലോവര്‍ കുട്ടനാട് എന്നും രണ്ടായി തിരിക്കാം. ഇതില്‍ അപ്പര്‍ കുട്ടനാട് മുഖ്യമായും വേമ്പനാട്ട് കായലില്‍ പതിക്കുന്ന നദികള്‍ നിക്ഷേപിച്ച എക്കലും മണ്ണും അടിഞ്ഞ് രൂപപ്പെട്ടതാണ്. ചില പ്രദേശങ്ങളാകട്ടെ ആഴംകുറഞ്ഞ കായല്‍ ഭാഗങ്ങള്‍ നികത്തി രൂപപ്പെടുത്തിയവയും.

എന്നാല്‍, ലോവര്‍ കുട്ടനാടന്‍ പ്രദേശങ്ങള്‍, പൂര്‍ണ്ണമായും ആഴംകൂടിയ കായല്‍ നിലങ്ങള്‍ നികത്തിയെടുക്കപ്പെട്ടുണ്ടായവയാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലാണ് ഈ ഭൂഭാഗങ്ങള്‍ രൂപംകൊണ്ടത്.

കുട്ടനാട് കായലില്‍നിന്നും ഉയര്‍ത്തി എടുക്കപ്പെട്ട നാടാണല്ലോ. അത്യദ്ധ്വാനവും അതിസാഹസികതയും ഒത്തുചേര്‍ന്നെങ്കില്‍ മാത്രമേ, ഈ യഞ്ജം പൂര്‍ത്തീകരിക്കാന്‍ സാധിക്കൂ. ആയിരങ്ങളുടെ കഠിനാദ്ധ്വാനംകൊണ്ട് രൂപപ്പെട്ടവയാണ് ഇന്ന് കുട്ടനാട്ടില്‍ കൃഷിചെയ്യുന്ന കായല്‍നിലങ്ങള്‍ , കായല്‍ നിലങ്ങളുടെ രൂപീകരണത്തില്‍ അന്നത്തെ തിരുവിതാംകൂര്‍ ഭരണകൂടത്തിന് നിര്‍ണ്ണായക സ്ഥാനമുണ്ട്. കാരണം , കായല്‍ നിലങ്ങള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലായിരുന്നു. സര്‍ക്കാരിന്റെ അനുമതിയും പ്രോത്സാഹനവും ഉണ്ടെങ്കില്‍ മാത്രമേ ബൃഹത്തായ ഈ യഞ്ജം സാധ്യമാകുമായിരുന്നുള്ളൂ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടങ്ങളില്‍ ചില സ്വകാര്യസംരംഭകര്‍ ഈ പ്രയത്നത്തിന് സ്വമേധയാ മുതിര്‍ന്നു എങ്കിലും വമ്പിച്ച മുതല്‍മുടക്കും മനുഷ്യാധ്വാനവും ആവശ്യമായതിനാല്‍ ഈ രംഗത്ത് കൂടുതല്‍ മുന്നേറാന്‍ അവര്‍ക്കായില്ല. ഏകദേശം 250 ഹെക്ടര്‍ കായല്‍ നിലങ്ങള്‍ മാത്രമാണ് ഈ ആദ്യഘട്ടത്തില്‍ നികത്തപ്പെട്ടത്.

എന്നാല്‍ , വര്‍‌ദ്ധിച്ചുവരുന്ന ഭക്ഷ്യധാന്യാവശ്യം നിറവേറ്റുവാന്‍ കൂടുതല്‍ സ്ഥലത്ത് കൃഷി തുറക്കേണ്ടതാണെന്ന തിരിച്ചറിവില്‍‌ ഭരണകൂടംതന്നെ വിശാലമായ കായല്‍‌ഭാഗങ്ങള്‍ നികത്തുന്നതിന് അനുമതി നല്‍കി. ഇതിനുപുറമെ 1880കളുടെ തുടക്കത്തില്‍ കായല്‍പ്രദേശങ്ങള്‍ നികത്തുന്നതിന് സര്‍ക്കാര്‍ 4 ശതമാനം പലിശനിരക്കില്‍ വായ്പ അനുവദിക്കുകയും ഇപ്രകാരം നികത്തിയെടുക്കപ്പെട്ട നിലങ്ങള്‍ക്ക് ആദ്യത്തെ 5 വര്‍ഷം ഭൂനികുതി ഇളവുചെയ്തു കൊടുക്കുകയും ചെയ്തു. അങ്ങനെ 1888ഓടുകൂടി കായല്‍ നികത്തലിന്റെ രണ്ടാംഘട്ടം ആരംഭിച്ചു. കാവാലം വില്ലേജില്‍ ചാലയില്‍‌ തറവാട്ടില്‍ ഇരവി കേശവപ്പണിക്കര്‍ എന്ന ജന്മി, ചേന്നങ്കരി ആറ് കായലില്‍‌ പതിക്കുന്ന ആറ്റുമുഖത്ത് ചിറ കെട്ടി, കായല്‍ നികത്തലിന് തുടക്കം കുറിച്ചു. ഇങ്ങനെ രൂപംകൊണ്ട കായലില്‍ നിലത്തിന് ആറ്റുമുട്ടുകായല്‍ എന്ന് പേരുനല്‍കി. തുടര്‍ന്ന് പല കായല്‍ഭാഗങ്ങളും നികത്തി കൃഷിസ്ഥലങ്ങളാക്കിയ അദ്ദേഹം, പുളിങ്കുന്നു വില്ലേജിലെ മതികായലോടെ തന്‍റെ യജ്ഞം അവസാനിപ്പിച്ചു. ഈ ഘട്ടത്തില്‍ രൂപംകൊണ്ട പ്രധാന കായല്‍ നിലങ്ങളാണ് കാവാലം വില്ലേജിലെ രാജാരാമപുരം, മാണിക്യമംഗലം കായലുകള്‍, കൈനകരി വില്ലേജിലെ ആറുപങ്ക് - ചെറുകാലി കായല്‍ മുതലായവ. എന്നാല്‍, 1903ല്‍ മദ്രാസ് പ്രസിഡന്‍സി ഗവണ്‍മെന്റിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്, തിരുവിതാകൂര്‍ രാജാവ് കായല്‍ നികത്തല്‍ നിര്‍ത്തിവെച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. അമിതമായ നികത്തല്‍ പ്രക്രിയ മൂലം കൊച്ചിതുറമുഖ കവാടത്തില്‍ മണ്ണടിഞ്ഞ് തുറമുഖത്തിന്‍റെ നിലനില്‍പ്പിന് ഭീഷണി ഉണ്ടാകുമെന്ന ആശങ്കയെ തുടര്‍ന്നാണിത്.

എന്നാല്‍, 1912ല്‍ കായല്‍ നികത്തുന്നതിനുള്ള നിരോധനം പിന്‍വലിച്ചതോടുകൂടി, നിലംനികത്തലിന്‍റെ മൂന്നാംഘട്ടം ആരംഭിച്ചു. പില്‍ക്കാലത്ത് കായല്‍ രാജാവ് എന്നറിയപ്പെട്ട മുരിക്കുമൂട്ടില്‍ തൊമ്മന്‍ ജോസഫ് എന്ന മുരിക്കന്‍ പ്രസിദ്ധമായ റാണി, ചിത്തിര, മാര്‍ത്താണ്ഡം കായലുകള്‍ നികത്തിയെടുത്തത് ഈ ഘട്ടത്തിലാണ്. തന്റെ ഉദ്യമത്തിന് സര്‍വ്വവിധ പിന്തുണയും നല്‍കിയ അന്നത്തെ തിരുവിതാംകൂര്‍, റീജന്‍റ് റാണി സേതു ലക്ഷ്മീഭായിയോടുള്ള നന്ദിസൂചകമായാണ് അദ്ദേഹം താന്‍ നികത്തിയെടുത്ത കായല്‍ നിലങ്ങള്‍ക്ക് ഇപ്രകാരം നാമകരണം ചെയ്തത്. ഒന്നും രണ്ടും ഘട്ടങ്ങളില്‍ പെട്ടിയും പറയും ഉപയോഗിച്ചാണ് കായല്‍ നിലങ്ങള്‍ നികത്തിയെടുത്തതെങ്കില്‍, ഈ മൂന്നാംഘട്ടത്തിലത്‍ മണ്ണെണ്ണ/ഡീസല്‍കൊണ്ട് പ്രവര്‍ത്തിക്കുന്ന എന്‍ജിനുകളുപയോഗിച്ചാണ് വെള്ളം വറ്റിച്ചത്. അതുകൊണ്ടുതന്നെ കൂടുതല്‍ കായല്‍ നിലങ്ങള്‍ ഈ ഘട്ടത്തില്‍ നികത്തപ്പെട്ടു. ഏകദേശം 5000 ഹെക്ടര്‍ കായല്‍ നിലങ്ങള്‍ ഈ മൂന്നാംഘട്ടത്തില്‍ രൂപംകൊണ്ടിട്ടുണ്ട്. 1943 ഓടുകൂടി കുട്ടനാട്ടില്‍ കായല്‍ നികത്തല്‍ അവസാനിച്ചു.

നികത്തിയെടുക്കപ്പെട്ട നിലത്തിന്, രാജകുടുംബാംഗങ്ങളുടെയോ, ദിവാന്റെയോ, അല്ലെങ്കില്‍ നികത്തപ്പെട്ട ഭാഗത്തെ കായലിന്റെ വിളിപ്പേരോ അതുമല്ലെങ്കില്‍, നികത്തിയെടുക്കുന്ന യജ്ഞത്തില്‍ ഭാഗഭാക്കായ പങ്കുകാരുടെ എണ്ണമായോ ആണ് പേരു നല്‍കിയത്. ഉദാ. ആറുപങ്കുകാര്‍ ചേര്‍ന്ന് കുത്തിയതുകൊണ്ടാണ് കൈനകരി വില്ലേജിലെ ആറുപങ്കുകായലിന് ആ പേര് നല്‍കിയത്.

കായലില്‍ ജലനിരപ്പ് കുറഞ്ഞിരിക്കുന്ന വേന‍ല്‍ക്കാലങ്ങളിലാണ് കായല്‍ നികത്തല്‍ നടത്തിയിരുന്നത്. 20-ാം നൂറ്റാണ്ടിന്റെ ആരംഭംവരെ പെട്ടിയും പറയും ഉപയോഗിച്ചാണ് വെള്ളം വറ്റിച്ചിരുന്നത്. തുടര്‍ന്ന് മണ്ണെണ്ണ/ഡീസല്‍ ഉപയോഗിച്ചുപ്രവര്‍ത്തിക്കുന്ന യന്ത്രവല്‍കൃത മോട്ടോറുകള്‍ രംഗത്തുവന്നു. ആദ്യഘട്ടങ്ങളില്‍ ബ്രിട്ടനില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന മോട്ടോറുകള്‍ അവിടെനിന്നും ഇറക്കുമതി ചെയ്താണ് ഉപയോഗിച്ചിരുന്നത്.

കൃഷി ആരംഭിക്കുന്നതിനു മുന്നോടിയായി ചക്രം ചവിട്ടി വെള്ളം പാടത്തുനിന്ന് ആറ്റിലേക്കോ തോട്ടിലേക്കോ ഒഴിക്കിവിടും. മകരമാസത്തിനു മുന്‍പു വിതച്ചില്ലെങ്കില്‍ കൃഷിപ്പിഴ സംഭവിക്കുക സാധാരണമായിരുന്നു. ഇതിനെ മകരക്കാല്‍ എന്നാണ് പറഞ്ഞിരുന്നത്. മീനം - മേടമായാല്‍ ഉപ്പുവെള്ളം കയറും. അതിനാല്‍ വളരെ ജാഗ്രതയോടെ യഥാസമയം കൃഷിഇറക്കാന്‍ ശ്രദ്ധിച്ചിരുന്നു. വെള്ളം വറ്റിക്കഴിഞ്ഞാല്‍ പായലെടുപ്പും ഇടവരമ്പ് വാരലും നടത്തും. പിന്നീട് നിലം ഒരുക്കി വിതയ്ക്കും. വിതകഴിഞ്ഞ് മൂന്നാം ദിവസം വെള്ളം നിശ്ശേഷം വറ്റിയ്ക്കും. അപ്പോള്‍ മുളകിളിര്‍ത്തു പൊങ്ങിയിരിക്കും. പക്ഷികളെ അകറ്റാന്‍ വെടിയും പടക്കങ്ങളും ഉപയോഗിക്കും. കാറ്റാടി പരുവം ആകുമ്പോള്‍ പുഴുക്കളുടെ ശല്യം ആരംഭിക്കും. കീടനാശിനികളും രാസവളങ്ങളും ഇല്ലാത്ത കാലം ആയിരുന്നതിനാല്‍ , ഓലയുടെ അഗ്രം മാത്രം കാണുന്ന വിധത്തില്‍ വെള്ളം കയറ്റി നിര്‍ത്തിയാണ് പുഴുക്കളെ നിയന്ത്രിച്ചിരുന്നത്. പുഴുക്കള്‍ നെല്ലോലയുടെ അഗ്രത്ത് വന്ന് ഇരിക്കും. ഈ സമയത്ത് സ്ത്രീകള്‍ ചൂലുമായി ഇറങ്ങി നിരന്നുനിന്ന് അടിച്ച് ഒരുവശത്തുകൂടി നശിപ്പിക്കും. പുഴുക്കൊട്ടകള്‍ ഉപയോഗിച്ചും പുഴുക്കളെ നശിപ്പിക്കുമായിരുന്നു. അതുപോലെ ചാണകവും ചാരവും മാത്രമായിരുന്നു വളം. വളം ഇടീല്‍ കഴിഞ്ഞ് കുറച്ചുദിവസങ്ങള്‍ക്കുശേഷം പറിച്ചുനടീല്‍ നടക്കും. നടിച്ചിലും വെള്ളം വറ്റിക്കലും കഴിഞ്ഞ് വീണ്ടും വളം ഇടുന്നു. പിന്നീട് കൊയ്ത്തിനു മുന്‍പ് കളകള്‍ ഉണ്ടായാല്‍ പറിച്ചുമാറ്റും. കൊയ്ത്തുകാലം കുട്ടനാട്ടില്‍ ഉത്സവാഘോഷംപോലെയാണ്. അരിവാളുകള്‍ ഉപയോഗിച്ചാണ് നിലംകൊയ്തിരുന്നത്. കുട്ടനാട്ടിലെ അന്നത്തെ നെല്ലുല്പാദനക്ഷമത പറവിത്തിന് 10 പറ എന്ന തോതിലായിരുന്നു. അതിസങ്കീര്‍ണ്ണമായ ഈ ജൈവവ്യവസ്ഥയില്‍ അടിയ്ക്കടിയുണ്ടാകുന്ന വിളനാശങ്ങള്‍ സാധാരണമായിരുന്നു.

ഒരുകാലത്ത് കുട്ടനാട്ടിലെ കൃഷിവേലകള്‍ക്കെല്ലാംതന്നെ അതതു വേലയുടെ സ്വഭാവത്തിനിണങ്ങുന്ന പാട്ടുകള്‍ ഉണ്ടായിരുന്നു. ചക്രപ്പാട്ട് , നടിച്ചിപ്പാട്ട് , കൊയ്ത്തുപാട്ട് എന്നിവ കൃഷിത്തൊഴിലാളികള്‍ സ്വയംഉണ്ടാക്കി. അവരുടെ കലാവാസനയ്ക്കുനുസരിച്ച് മത്സരിച്ചു പാടുന്നവയായിരുന്നു. ചെമ്പാവ് , കറുത്ത ചാര, അതിക്കാരാലി തുടങ്ങിയ മൂപ്പുകൂടിയ തനതുവിത്തുകളായിരുന്നു അക്കാലത്ത് കുട്ടനാട്ടില്‍ കൃഷിചെയ്തിരുന്നത്. ആദ്യകാലങ്ങളില്‍ മൂന്നുവര്‍ഷത്തിലൊരിക്കലായിരുന്നു കുട്ടനാട്ടില്‍ നെല്‍കൃഷി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കൃഷി രണ്ടുവര്‍ഷത്തിലൊരിക്കലായി. ഒരുവര്‍ഷം കൃഷിഇറക്കിയാല്‍ മണ്ണിന്റെ സ്വാഭാവിക ഉത്പാദനക്ഷമത വീണ്ടെടുക്കുന്നതിനായി ഒരുവര്‍ഷം തരിശിടുമായിരുന്നു. ഇപ്രകാരം ഇടുന്നതിനെ പഴനിലം എന്നാണ് പറഞ്ഞിരുന്നത്. 1940കളില്‍ എല്ലാവര്‍ഷവും കൃഷി എന്ന നിലവന്നു.

1960കളില്‍ ഒരുവര്‍ഷം രണ്ടു കൃഷി ഇറക്കുന്ന രീതി നിലവില്‍ വന്നു. മേയ് - ജൂണില്‍ ആരംഭിച്ച് ഓഗസ്റ്റ് സപ്തംബറില്‍ കൊയ്യുന്ന വിരിമഴ കൃഷി, അല്ലെങ്കില്‍ കുട്ടനാടന്‍ ഭാഷയില്‍ രണ്ടാം കൃഷി. സെപ്റ്റംബര്‍ - ഒക്ടോബറില്‍ ആരംഭിച്ച് ജാനുവരി - ഫെബ്രുവരിയില്‍ കൊയ്യുന്ന പുഞ്ചകൃഷി. 1966ലായിരുന്നു സംഘടിതമായ ആദ്യത്തെ രണ്ടാംകൃഷി. ഒരു കൃഷി മാത്രമിറക്കിയിരുന്ന ആദ്യകാലങ്ങളില്‍ , കണിശമായും കന്നി 10നു മുന്‍പ് (ഓഗസ്റ്റ് - സെപ്തംബര്‍ ) വിതച്ച് ധനുവില്‍ (ഡിസംബര്‍ - ജാനുവരി) കൊയ്യുമായിരുന്നു. എന്നാല്‍ , തണ്ണീര്‍മുക്കം ബണ്ടിന്റെ നിര്‍മ്മാണത്തോടുകൂടി ഉപ്പുവെള്ളം കയറുന്നത് നിയന്ത്രിക്കപ്പെട്ടതോടെ, കുട്ടനാട്ടിന്റെ സ്വാഭാവികപരിസ്ഥിതി നിയന്ത്രണത്തോടൊപ്പം , കൃഷിയുടെ കാലഗണനയിലുള്ള കണിശതയും നഷ്ടമായി. വിതയ്ക്കുന്നതിലുള്ള ഈ ഏകീകരണം നഷ്ടപ്പെട്ടതോടെ, കുട്ടനാട്ടിലെ നെല്‍കൃഷിയില്‍ കീട-രോഗബാധകളുടെ ആധിക്യം സര്‍വ്വസാധാരണയായി. ഒപ്പം കൂടുതല്‍ വിളവുതരുന്ന വിത്തിനങ്ങളുടെ ആവിര്‍ഭാവവും ഇതിനു വഴി തെളിച്ചു.

കുട്ടനാട്ടിലെ കൃഷി, പരിസ്ഥിതി, എന്നിവയില്‍ ഗണ്യമായി സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്. 1965ല്‍ കമ്മീഷന്‍ ചെയ്ത തോട്ടപ്പള്ളി സ്പില്‍വേ 1975ല്‍ കമ്മീഷന്‍ ചെയ്ത തണ്ണീര്‍മുക്കം ബണ്ട് എന്നിവയും ആലപ്പുഴയേയും ചങ്ങനാശ്ശേരിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന എ.സി. റോഡും, ആലപ്പുഴയില്‍ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയറായിരുന്ന പി.എച്ച്. വൈദ്യനാഥന്‍ ശുപാര്‍ശ ചെയ്ത കുട്ടനാട് വികസന പദ്ധതി പ്രകാരമാണ് നിലവില്‍ വന്നത്.

കുട്ടനാടിന്റെ കാര്‍ഷികചരിത്രത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ സുപ്രധാന സംഭവങ്ങള്‍ ചുവടെ കൊടുക്കുന്നു.

  1. 1850ലെ തിരുവിതാംകൂറിലെ അടിമവേല നിരോധന നിയമം
  2. 1865ലെ പാട്ടപ്രഖ്യാപനം
  3. 1970ലെ ഭൂപരിഷ്ക്കരണ നിയമം

1942ലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കുട്ടനാട്ടില്‍ കര്‍ഷക തൊഴിലാളി യൂണിയന്‍ രൂപീകൃതമായത്. കര്‍ഷകതൊഴിലാളികളുടെ സാമൂഹിക, സാംസ്കാരിക സാമ്പത്തികപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇത് വളരെയധികം സഹായിച്ചു.

കുട്ടനാടിന്റെ കാര്‍ഷിക പ്രശ്നങ്ങള്‍ക്ക് സാങ്കേതിക പരിഹാരം കാണുക, കുട്ടനാ‍ട്ടിന്റെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിയ്ക്കും അനുയോജ്യമായ വിത്തിനങ്ങള്‍ വികസിപ്പിക്കുക, കുട്ടനാട്ടിലെ നെല്‍കൃഷി മേഖലയ്ക്കു യോജിച്ച നൂതന സാങ്കേതിക സങ്കേതങ്ങള്‍ ആവിഷ്ക്കരിക്കുക മുതലായ ലക്ഷ്യങ്ങളോടെ 1940ല്‍ മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രം സ്ഥാപിതമായി. ഈ സ്ഥാപനത്തില്‍നിന്നും വികസിപ്പിച്ചെടുത്ത ‘ഉമ’ (എം.ഒ. 16) എന്ന നെല്ലിനമാണ് ഇപ്പോള്‍ രണ്ട് സീസണുകളിലും ഇവിടെ വ്യാപകമായി കൃഷി ചെയ്യുന്നത്.

ഉദ്ദേശ്യം

  • കൃഷി, വിഭവസംരക്ഷണം , ഉത്പന്നങ്ങളുടെ ഉപഭോഗം, വാണിജ്യം എന്നീ രംഗങ്ങളിലെല്ലാം പ്രകൃതി താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള ഒരു സമീപനരീതി സ്വായത്തമാക്കുക.
    • നെല്‍കൃഷിയുടെയും മത്സ്യകൃഷിയുടെയും താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട്, കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിനും ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനുമുള്ള ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കുക.
    • നെല്‍കൃഷിയിലും മത്സ്യകൃഷിയിലും ഉത്പാദനക്ഷമത വര്‍ദ്ധിപ്പിച്ച് വരുമാന വര്‍ദ്ധനവ് സാധ്യമാക്കുക, കൃഷിയും കന്നുകാലി വളര്‍ത്തലും ഏകോപിച്ചുള്ള സംയോജിത കൃഷിരീതികള്‍ വികസിപ്പിച്ച് കരകൃഷിയിലുള്ള വരുമാനവര്‍ദ്ധനവും ഒപ്പം ജൈവവസ്തുക്കളുടെ ശാസ്ത്രീയമായ വിനിയോഗവും ഉറപ്പാക്കുക.
    • ചെറുകിട കാര്‍ഷികഉല്പാദനരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ വലിയ പാടശേഖരങ്ങള്‍ പുനഃസംവിധാനം ചെയ്ത് അവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക; കാര്‍ഷികയന്ത്രങ്ങള്‍ , മെതി, ഉണക്ക്, സംഭരണം എന്നിവയ്ക്കുള്ള സംവിധാനങ്ങള്‍ , കാര്‍ഷിക ക്ലിനിക്കുകള്‍, കാര്‍ഷിക - വ്യവസായകേന്ദ്രങ്ങള്‍, കമ്പ്യൂട്ടര്‍വല്‍കൃത വിവര വിജ്ഞാന കേന്ദ്രങ്ങള്‍ എന്നിവയുടെ സേവനം എല്ലാവര്‍ക്കും ലഭ്യമാക്കുക. ഇവ നടപ്പിലാക്കുന്നതിനായി കാര്യക്ഷമമായ കേന്ദ്രീകൃത നിരീക്ഷണ-നിയന്ത്രണസംവിധാനം ഉറപ്പാക്കുക.
    • ആവാസവ്യവസ്ഥയുടെ സംരക്ഷണം , സാമ്പത്തിക വികസനം ലിംഗസമത്വത്തിലൂന്നി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവ വഴി കുട്ടനാട്ടിലെ ആറ് കാര്‍ഷിക മേഖലകളുടെയും (കായല്‍ നിലങ്ങള്‍, ലോവര്‍ കുട്ടനാട്, അപ്പര്‍ കുട്ടനാട്, നോര്‍ത്ത് കുട്ടനാട്, പുറക്കാട് കരി വൈക്കം കരി) സന്തുലിത വികസനം സാധ്യമാക്കുക.
    • മെച്ചപ്പെട്ട ഇന്‍ഷ്വറന്‍സ്, വായ്പാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും അതുവഴി വെള്ളപ്പൊക്കവും മറ്റ് പ്രകൃതിക്ഷോഭങ്ങളും മൂലം കര്‍‌ഷകര്‍ക്കുണ്ടാകുന്ന ആഘാതത്തിന്‍റെ വ്യാപ്തി കുറയ്ക്കുകയും ചെയ്യുക. ഒപ്പം മെച്ചപ്പെട്ട വരുമാനവും, തൊഴില്‍ സ്ഥിരതയും ഉറപ്പുവരുത്തുക.
    • അടിസ്ഥാനവിപണനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകവഴി ഉത്പന്ന വിപണനം വേഗത്തിലാക്കുകയും ഇടത്തട്ടിലുള്ള ചൂഷണം ഒഴിവാക്കുകയും ചെയ്യുക. പഴങ്ങള്‍ , പച്ചക്കറികള്‍ മുതലായവയ്ക്ക് മെച്ചപ്പെട്ട വിപണന സംവിധാനം, പഴങ്ങളുടെയും പച്ചക്കറികളുടെയും ഉത്പന്ന വൈവിധ്യവല്‍ക്കരണം , മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ക്ക് വിപണനസംവിധാനം എന്നിവ ഏര്‍പ്പെടുത്തുക.
    • കുട്ടനാട്ടിലെ തനത് ഉത്പന്നങ്ങള്‍ക്ക് കര്‍ശനമായ ഗുണനിയന്ത്രണ പരിശോധനകളുടെയും ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ മാനദണ്ഡമായ കോഡക്സ് അലിമെന്‍റാരിയസ് നിബന്ധനകളുടെയും അടിസ്ഥാനത്തില്‍ ഒരു ബ്രാന്‍ഡ് നാമം നല്‍കി വിപണന സംവിധാനം ഏര്‍പ്പെടുത്തുക.
    • ഗവേഷണങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കും വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക.
    • വിവിധങ്ങളായ പദ്ധതികളുടെ ഏകോപനവും സമന്വയവും സാധ്യമാക്കുക.

    നേട്ടങ്ങള്‍ - ഒറ്റനോട്ടത്തില്‍

    കുട്ടനാടിനുവേണ്ടി എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ശുപാര്‍ശ ചെയ്ത 50 പ്രവൃത്തികളില്‍ 47 പ്രവൃത്തികള്‍ക്കുള്ള വിശദമായ പദ്ധതിരേഖകള്‍ തയ്യാറാക്കി. നിലവിലുള്ള വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികളില്‍ ഉള്‍പ്പെടുത്തി 3544 കോടി രൂപയ്ക്കുള്ള പദ്ധതികള്‍ വിവിധ വകുപ്പുകള്‍ മുഖേന തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുകയും ഇതില്‍ 1019 കോടി രൂപയ്ക്കുള്ള പദ്ധതികള്‍ക്ക് അനുമതി ലഭിക്കുകയും ചെയ്തു. ഇതില്‍ 523 കോടി രൂപ ജലവിഭവ വകുപ്പുമുഖേന നടപ്പിലാക്കുന്ന വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതിയില്‍പ്പെടുത്തിയും 140 കോടി രൂപ രാഷ്ട്രീയ കൃഷി വികാസ് യോജനയിലും 56 കോടി രൂപ മറ്റു വിവിധ കേന്ദ്രസംസ്ഥാന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയും 300 കോടി രൂപ പതിമൂന്നാം ധനകാര്യകമ്മീഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലുമാണ് അനുവദിച്ചിട്ടുള്ളത്. നാളിതുവരെ 72 കോടി രൂപ വിവിധ വകുപ്പുകള്‍ക്ക് പദ്ധതിയിനത്തില്‍ അനുവദിച്ചിട്ടുള്ളതും ഇതില്‍ 72 കോടി രൂപ ചെലവഴിച്ചിട്ടുള്ളതുമാണ്.

    ‌വിവിധ പദ്ധതികളുടെ നടത്തിപ്പിലെ പുരോഗതി ചുവടെ കൊടുക്കുന്നു.

    മുഖ്യ ഇടപെടല്‍ മേഖലകള്‍

    കേരളത്തിന്റെ നെല്ലറകളിലൊന്നായ കുട്ടനാടിന്റെ അതിലോലവും സങ്കീര്‍ണ്ണവുമായ പരിസ്ഥിതിക്ക് ഹാനികരമാവാത്ത വിധത്തില്‍ ഇവിടത്തെ കാര്‍ഷിക മേഖലയില്‍ നിന്നുള്ള ഉത്പാദനം വര്‍ദ്ധിപ്പിക്കുവാനും അതുവഴി സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുവാനും കൈക്കൊള്ളേണ്ട മാര്‍ഗ്ഗങ്ങളെക്കുറിച്ച് ഡോ. എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടാണ് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ കുട്ടനാട് കാര്‍ഷിക പാക്കേജ് എന്ന പേരില്‍ പ്രസിദ്ധമായത്. കുട്ടനാടന്‍ കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള ശുപാര്‍ശകളാണ് ഈ പാക്കേജില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

    മഴക്കാലങ്ങളില്‍ കുട്ടനാട്ടിലെത്തുന്ന പ്രളയജലം കടലിലേക്ക് ഒഴുക്കിവിടുന്നതിനായി രൂപകല്പന ചെയ്ത തോട്ടപ്പള്ളി സ്പില്‍വേ 1955ലാണ് കമ്മീഷന്‍ ചെയ്തത്. എന്നാല്‍, സ്പില്‍വേയിലേക്കു തുറക്കുന്ന ചാനലിന്റെ വീതി ഈ ലക്ഷ്യം നിറവേറ്റുന്നതിന് അപര്യാപ്തമാകയാല്‍ അഴിമുഖം മണലടിഞ്ഞ് സ്പില്‍വേയുടെ പ്രവര്‍ത്തനക്ഷമത തുലോം കുറയുകയും കുട്ടനാട്ടിലെ വെള്ളപ്പൊക്കം പെട്ടെന്ന് നിയന്ത്രിക്കുന്നതിന് സ്പില്‍വേ മൂലം സാധ്യമല്ലാതാവുകയും ചെയ്യുന്ന സ്ഥിതിയാണ്. ഇതിനാല്‍ ഓരോ വര്‍ഷവും മഴക്കാലം തുടങ്ങുമ്പോള്‍തന്നെ അഴിമുഖത്ത് അടിയുന്ന മണ്ണ് നീക്കം ചെയ്താണ് സ്പില്‍വേയുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്നത്. സ്പില്‍വേയുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശുപാര്‍ശകള്‍ കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്..

    1967ല്‍ കമ്മീഷന്‍ ചെയ്ത തണ്ണീര്‍മുക്കം ബണ്ട് വേമ്പനാട്ട് കായലിന്റെ വീതി കുറവുള്ള ഭാഗത്തിന് കുറുകെയാണ് പണിതിട്ടുള്ളത്. 1.25 കി.മി. നീളമുള്ള ബണ്ട് വേനല്‍ക്കാലത്ത് കുട്ടനാടന്‍ പാടശേഖരങ്ങളിലേക്ക് ഉപ്പുവെള്ള​ കയറുന്നത് നിയന്ത്രിക്കുന്നതിനുവേണ്ടിയാണ് നിര്‍മ്മിച്ചത്. തണ്ണീര്‍മുക്കം ബണ്ടിന്റെ 2/3 ഭാഗത്ത് മാത്രമാണ് ഷട്ടറുകള്‍ സ്ഥാപിച്ചിട്ടുള്ളത്. മധ്യഭാഗം ഇപ്പോഴും മണ്‍ചിറയായിതന്നെ തുടരുന്നു. ഈ മണ്‍ചിറ മാറ്റി 33 ഗേറ്റുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. ബണ്ടിന്റെ മുഖ്യലക്ഷ്യം ഉപ്പവെള്ളം കയറുന്നത് നിയന്ത്രിക്കുകയാണല്ലോ. ഇത് ഏറെക്കുറെ സാധ്യമാവുന്നുണ്ട്. ബണ്ട് നിലവില്‍വന്നതിനുശേഷമാണ് കുട്ടനാട്ടില്‍ രണ്ടാംകൃഷി എന്നറിയപ്പെടുന്ന ഖാരിഫ് കൃഷി വ്യാപകമായത്. എങ്കിലും ബണ്ട് കുട്ടനാട്ടില്‍ പല പാരിസ്ഥിതിക പ്രത്യാഘാതങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. കുളവാഴ ഉള്‍പ്പെടെയുള്ള പല ജലജന്യസസ്യങ്ങള്‍ നിയന്ത്രണാതീതമായി പെരുകിയത് ബണ്ട് നിര്‍മ്മാണത്തിനുശേഷമാണ്. പ്രജനനത്തിനായി കായലിലേക്കു വരുന്ന ചെമ്മീന്‍ ഉള്‍പ്പെടെയുള്ള കടല്‍ മത്സ്യങ്ങളുടെ വംശവര്‍ദ്ധനവിനെ ബണ്ട് പ്രതികൂലമായി ബാധിച്ചു. കുട്ടനാട്ടില്‍ ഒഴുകിയെത്തുന്നതും ഇവിടെ പാടശേഖരങ്ങളില്‍ നിന്നു നിര്‍ഗ്ഗമിക്കുന്നതും അല്ലാത്തതുമായ രാസവസ്തുക്കളുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഒഴുകിപ്പോകുന്നതിനും ബണ്ട് തടസ്സമായി. ആയതിനാല്‍ ഈ പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാകത്തക്കവിധത്തിലും നെല്‍കൃഷിയുടെയും മത്സ്യകൃഷിയുടെയും താല്പര്യങ്ങള്‍ ഒരുപോലെ സംരക്ഷിക്കത്തക്ക വിധത്തിലും ബണ്ട് പുനഃസംവിധാനം ചെയ്യുന്നതിനുള്ള ശുപാര്‍ശകളും കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

    കുട്ടനാട് പാക്കേജിന്റെ ഭാഗമായി നടപ്പിലാക്കുന്ന മറ്റൊരു മുഖ്യപ്രവൃത്തിയാണ് കുട്ടനാട്ടിലെ പാടശേഖരങ്ങളുടെ അടിസ്ഥാനസൗകര്യ വികസനം. വെള്ളപ്പൊക്കത്തെ പ്രതിരോധിക്കത്തക്കവിധത്തില്‍ എല്ലാ പാടശേഖരങ്ങള്‍ക്കും ഉറപ്പുള്ള പുറംബണ്ടു നിര്‍മ്മിക്കാന്‍ പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. ഇതിനു പുറമെ, ആറുകള്‍, തോടുകള്‍ , കുളങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ജലാശയങ്ങളുടെ നവീകരണം, കരിയാറിനു കുറുകെ ഓരുമുട്ടു നിര്‍മ്മാണം, എ.സി. കനാല്‍ വിപുലീകരിച്ച് പ്രളയ ജലനിര്‍ഗ്ഗമനം സുഗമമാക്കാന്‍ സി.ഡി ബ്ലോക്ക് കായലുകള്‍ , റാണി -ചിത്തിര കായലുകള്‍ എന്നിവയ്ക്ക് ഇടയിലുള്ള തടസ്സം നീക്കി ജലനിര്‍ഗ്ഗമനം വേഗത്തിലാക്കി വെള്ളപ്പൊക്കം നിയന്ത്രിക്കല്‍ എന്നീ പദ്ധതികളും കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്നുണ്ട്.

    കൂടാതെ കാര്‍ഷികയന്ത്രങ്ങളുടെ വിതരണം, വിത്തുസംഭരണ ശാലകള്‍ സ്ഥാപിക്കല്‍, തെങ്ങുകൃഷി പുനരുദ്ധാരണം, ഹോര്‍ട്ടികള്‍ച്ചര്‍ വികസനം, സൗജന്യനിരക്കില്‍ നെല്‍വിത്തു വിതരണം, മത്സ്യക്കുഞ്ഞുങ്ങളുടെയും ഉയര്‍ന്ന പാലുല്പാദനശേഷിയുള്ള കറവമാടുകളുടേയും വിതരണം , കാര്‍ഷിക ക്ലിനിക്കുകള്‍ സ്ഥാപിക്കല്‍ , കീടാക്രമണ സാധ്യത മുന്‍കൂട്ടി അറിയിക്കുന്നതിനുള്ള സംവിധാനം, കാര്‍ഷികമേഖലയില്‍ യുവാക്കള്‍ക്ക് പരിശീലനം നല്‍കല്‍, പ്രാദേശിക പ്രാധാന്യമുള്ള ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍ , എന്നിവയും പാക്കേജില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതികളാണ്.

    കുട്ടനാട്ടിന്‍റെ പരിസ്ഥിതി സംരക്ഷണത്തിന് കണ്ടലുകള്‍ വച്ചുപിടിക്കുക , ജലാശയങ്ങളില്‍നിന്നും കുളവാഴ നീക്കം ചെയ്ത് ജൈവവളമാക്കി പരിവര്‍ത്തനം ചെയ്യുക എന്നീ പ്രവൃത്തികളും പാക്കേജിന്‍റെ ഭാഗമായി നടപ്പിലാക്കുന്നു.

    കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 4.2 ശതമാനം മാത്രം വരുന്ന കുട്ടനാട്, മൊത്തം ജനസംഖ്യയുടെ 8 ശതമാനം ഉള്‍ക്കൊള്ളുന്നു. കുട്ടനാടന്‍ കാര്‍ഷികമേഖല അഭിമുഖീകരിക്കുന്ന പലവിധ പ്രതിസന്ധികള്‍ക്കിടയിലും പ്രതിവര്‍ഷം 2.5 ലക്ഷം ടണ്‍ നെല്ല് ഇവിടെനിന്നും ഉത്പാദിപ്പിക്കുന്നുണ്ട്. കുട്ടനാട് പാക്കേജില്‍ വിഭാവനം ചെയ്തിട്ടുള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിലൂടെ നെല്‍കൃഷി കൂടുതല്‍ സ്ഥലത്തേക്കു വ്യാപിപ്പിക്കുവാനും (തരിശു നിലങ്ങളില്‍) ഉത്പാദനം വര്‍ദ്ധിപ്പിക്കുവാനും അതുവഴി നിലവിലുള്ള നെല്ലുല്പാദനം ഇരട്ടിയാക്കുവാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനനുബന്ധമായി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുക, കൂടുതല്‍ വരുമാനവും സമ്പാദ്യവും സാധ്യമാവുക അങ്ങനെ കുട്ടനാടന്‍ ജനതയുടെ ആത്യന്തിക ജീവിതനിലവാരം മെച്ചപ്പെടുക എന്നിവയും ഈ ബൃഹത് പദ്ധതിയുടെ പൂര്‍ത്തീകരണത്തിലൂടെ സാധൂകരിക്കപ്പെടുമെന്ന് പ്രത്യാശിക്കാം.

    കുട്ടനാട് നെല്‍കൃഷിയില്‍ അനുവര്‍ത്തിക്കേണ്ട ശാസ്ത്രീയ കൃഷിരീതികള്‍

    (തയ്യാറാക്കിയത് - പ്രോജക്ട് ഓഫീസ് , കുട്ടനാട് പാക്കേജ്)

    സീസണ്‍‌

    പുഞ്ച - (പ്രധാനവിള) - ഒക്ടോബര്‍ നവംബര്‍ മുതല്‍ ഫെബ്രുവരി - മാര്‍ച്ച് വരെ

    രണ്ടാംവിള - മേയ് ജൂണ്‍ മുതല്‍ ആഗസ്റ്റ് - സെപ്റ്റംബര്‍ വരെ

    കരിനീലം - ആഗസ്റ്റ് - സെപ്റ്റംബര്‍ മുതല്‍ നവംബര്‍ - ഡിസംബര്‍ വരെ

    ഇനങ്ങള്‍

    ഇനം

    മൂപ്പ്

    വിളവ്

    മധ്യകാല മൂപ്പിനങ്ങള്‍

    ജ്യോതി ഉമ

    110-115 ദിവസം

    120-125 ദിവസം

    5-6 ടണ്‍/ഹെ

    5.5- 7 ടണ് /ഹൈ

    ഹ്രസ്വകാല മൂപ്പിനങ്ങള്‍

    രമണിക, റെഡ് ത്രിവേണി

    ഓണം, ഭാഗ്യ, 

    95-105

     

    കരിനിലങ്ങള്‍ ഉമ, കരിഷ്മ, ക‍ഷ്ണാഞ്ജന 105-200

    വിത്തും വിതയും

    വിതയ്ക്കായി 80 ശതമാനം അങ്കുരണ ശേഷിയുള്ള സര്‍ട്ടിഫൈഡ് നെല്‍വിത്ത് ഉപയോഗിക്കുക. 1.6 കിലോഗ്രാം ഉപ്പ് 10 ലി. വെള്ളത്തില്‍ ലയിപ്പിച്ച ലായനിയില്‍ 10 കിലോഗ്രാം വിത്ത് എന്ന തോതില്‍ മുക്കി എടുത്ത് അതില്‍നിന്ന് ആരോഗ്യമുള്ള വിത്ത് വിതയ്ക്കായി ഉപയോഗിക്കുക.

    വിത്തിന്റെ അളവ്

     

    അളവ്

    ചെടികള്‍ തമ്മിലുള്ള അകലം

    മെഷ്യന്‍ നടീല്‍

    22 കിലോഗ്രാം/ഹെ

    22 x 12 cm 40 ചുവട് / m2

    പറിച്ചുനടീല്‍

    60-85 കിലോഗ്രാം / ഹെ.

    20 x 10 cm   50 ചുവട് / m2

    നനവിത

    100-125 കിലോഗ്രാം / ഹെ.

    400 – 500 കതിര് / m2

    ഉമവിത്തിന്റെ സുഷുപ്താവസ്ഥ മാറ്റുന്നതിനായി വിത്ത് 6.5 മില്ലി നൈട്രിക് ആസിഡ് /1ലിറ്റര്‍ വെള്ളത്തില്‍ 8 മണിക്കൂര്‍ മുക്കി എടുക്കുക.

    നിലമൊരുക്കല്‍

    സീറോ ടില്ലേജ് : ഒരുപ്പൂ കൃഷിയുള്ള, അമ്ലത്വമില്ലാത്തതും, നല്ല ഇളക്കമുള്ള മണ്ണ് വേര് പടലങ്ങളില്‍ വരെ കാണുന്ന പ്രദേശത്ത് സീറോ ടില്ലേജ് അനുവര്‍ത്തിക്കാം.

    മിനിമം ടില്ലേജ് : നിലം ഉഴുത് നിരപ്പാക്കി, കുമ്മായം ചേര്‍ത്ത് കളകള്‍ നീക്കി, 4-5 ദിവസം കള കിളിര്‍പ്പിക്കുക. അതിനുശേഷം 10 ദിവസം വെള്ളം കയറ്റി നിര്‍ത്തി കളകള്‍ അഴുകുന്നതിനായി അനുവദിക്കുക.

    മിനിമം ടില്ലേജ് : നിലം ഉഴുത് നിരപ്പാക്കി, കുമ്മായം ചേര്‍ത്ത് കളകള്‍ നീക്കി. 4-5 ദിവസം കള കിളിര്‍പ്പിക്കുക. അതിനുശേഷം 10 ദിവസം വെള്ളം കയറ്റിനിര്‍ത്തി കളകള്‍ അഴുകുന്നതിനായി അനുവദികും.

    കുമ്മായം ചേര്‍ക്കല്‍

    അമ്ലത്വം അധികമുള്ള മണ്ണില്‍ 600 കെ.ജി./ഹെ കുമ്മായി രണ്ട് ഗഡുക്കളായി മണ്ണുമായി ചേര്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

    നിലം നിരപ്പാക്കല്‍

    ഉല്പാദന വര്‍ദ്ധനവിനായി നിലം നിരപ്പാക്കല്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഇത് കീടരോഗങ്ങളുടെയും കളകളുടേയും മൂലകങ്ങളുടെയും നിയന്ത്രണത്തിന് സഹായകമായിരിക്കും. നിലം ഒരുക്കിയശേഷം ഒരാഴ്ച വെള്ളം കയറ്റി നിര്‍ത്തുക. അതിനുശേഷം ചിനപ്പ്പൊട്ടുന്ന സമയങ്ങളില്‍ 2 സെ.മി. താഴ്ചയില്‍ വെള്ളം നിലനിര്‍ത്തുക. കതിര്‍മണികള്‍ പാകമാകുന്നതുവരെ 5 സെ.മി. താഴ്ചയില്‍ വെള്ളം കയറ്റിനിര്‍ത്തുക. ഒരാഴ്ച ഇടവിട്ട് വെള്ളം വാര്‍ത്ത് കളഞ്ഞ് മണ്ണിലെ വായു സഞ്ചാരം സുഗമമാക്കുക. വളപ്രയോഗത്തിനു മുമ്പായി വെള്ളം വാര്‍ത്ത് കളയുക.

    വളപ്രയോഗം കഴിഞ്ഞ് 12-24 മണിക്കൂറിന് ശേഷം വീണ്ടും വെള്ളം കയറ്റുക. പിന്നീട് 4-5 ദിവസത്തിന് ശേഷം വെള്ളം വാര്‍ത്ത് കളയുന്നത് വഴി കൂടുതല്‍ മൂലകങ്ങള്‍ മണ്ണില്‍നിന്ന് വലിച്ചെടുക്കാന്‍ ചെടികള്‍ക്ക് സാധിക്കുന്നു.

    മേല്‍മണ്ണില്‍ ജലനിര്‍ഗമന ചാലുകള്‍ നിര്‍മ്മിച്ച് പ്രധാന ചാലുമായി ബന്ധിപ്പിക്കുന്നതുവഴി 30 സെ.മി. താഴ്ചവരെയുള്ള വേരുപടലങ്ങള്‍ക്ക് വായുസഞ്ചാരം സുഗമമാക്കാം. കൂടാതെ ഇത് ഉപ്പിന്റെ അംശം, അമ്ലത്വം, മണ്ണിലെ മറ്റ് ദോഷകാരികളായ രാസപദാര്‍ത്ഥങ്ങള്‍ എന്നിവ നീക്കം ചെയ്യുന്നതിന് സഹായകരമാകും. കരിനിലങ്ങളില്‍ കീഴ് മണ്ണിലുള്ള ജലനിര്‍ഗമന സംവിധാനം ചെടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നു. ഇതിനായി 60 സെ.മി. പൈപ്പ്, 30 സെ.മി. വീതിയില്‍, 80 സെ.മി. താഴ്ചയില്‍ സ്ഥാപിക്കാവുന്നതാണ്.

    കളനാശിനി പ്രയോഗത്തിനു മുന്‍പ് വെള്ളം വാര്‍ത്ത് കളയുക. 24-48 മണിക്കൂറിനു ശേഷം വെള്ളം കയറ്റുക. കൊയ്യുന്നതിന് 10-15 ദിവസം മുമ്പായി വെള്ളം വാര്‍ത്ത് കളയുക.

    കള പരിപാലനം

    കള പരിപാലനത്തിനായി കുട്ടനാട്ടിലെ കര്‍ഷകര്‍ പരമ്പരാഗതമായി കളമുളപ്പിച്ച് പിന്നീട് വെള്ളം കയറ്റി കള അഴുകാന്‍ അനുവദിച്ചുകൊണ്ടുള്ള കള നിയന്ത്രണ മാര്‍ഗ്ഗമാണ് അവലംബിക്കുന്നത്.

    രാസകള നിയന്ത്രണം

    പ്രീ എമര്‍ജെന്റ് കളനാശിനികള്‍ :വിത കഴിഞ്ഞ് 3-5 ദിവസത്തിനുള്ളില്‍ ഉപയോഗിക്കണം.

    പെര്‍ട്ടിലാക്ലോര്‍ / ക്ലോര്‍ അസറ്റാമൈഡ് - 30 ഇ.സി. + സെയ്ഫ്നര്‍ ഫെന്‍ക്ലോറിന്‍ (സോഫിറ്റ്)1 കിലോ എ.ഐ. /ഹെ വിതച്ച് 3 ദിവസം കഴിഞ്ഞ് @ 30 മില്ലി /10 ലിറ്റര്‍ 20 കുറ്റി ഒരേക്കറിന് എന്ന തോതില്‍ ഉപയോഗിക്കാവുന്നതാണ്.

    പോസ്റ്റ് എമര്‍ജെന്റ് : കടവയ്ക്കെതിരായി സൈഹാലോ ഫോപ്പ് ബൂട്ടൈയില്‍ (ക്ലീന്‍ചര്‍ 10) ഇ.സി. 0.1 കിലോ എ.ഐ./ഹെ. വിതച്ച് 14-16 ദിവസം കഴിഞ്ഞ് @30 മില്ലി /10 ലി. എന്ന തോതില്‍ 15 ടാങ്ക് /ഏക്കര്‍ ഉപയോഗിക്കാം.

    2-4 ഡി സോഡിയം സാള്‍ട്ട് 80 ഡബ്ല്യൂ പി. കിലോ എ.ഐ./ഹെ വിതച്ച് 20-25 ദിവസത്തിനുള്ളില്‍ @25 ഗ്രാം/10 ലിറ്റര് എന്ന തോതില് 15 കുറ്റി വീതി കൂടിയ ഇലകളോടു കൂടിയ കളകള്ക്കെതിരെ ഉപയോഗിക്കാം.

    ബിസ് പൈറിബാക്ക് സോഡിയം : 10 ശതമാനം എസ്.സി (25-30 ഗ്രാം) എ.ഐ./ഹൈ, 100-120 മില്ലി /ഏക്കറിന് എന്ന തോതില്‍ വിത കഴിഞ്ഞ് 12-16 ദിവസത്തിനുള്ളില്‍ നെല്ലിന്റെ വിവിധ കളകള്‍ക്ക് എതിരായി ഉപയോഗിയ്ക്കാവുന്നതാണ്.

    മൂലക പരിപാലനം

     

    പാക്യ ജനകം (നൈട്രജന്‍)

    ഭാവകം (ഫോസ്ഫറസ്)

    ക്ഷാരം (പൊട്ടാഷ്)

    അളവ് /ഹെ

    90

    45

    45

    വളങ്ങള്‍

    യൂറിയ അമോണിയം ഫോസ്ഫേറ്റ് ഡൈ അമോണിയം ഫോസ്ഫേറ്റ്

    റോക്ക് ഫോസ്ഫേറ്റ് (വിതക്ക് 15-30 ദിവസം മുമ്പായി ചേര്‍ക്കുക) അമോണിയം ഫോസ്ഫേറ്റ് സൂപ്പര്‍ ഫോസ്ഫേറ്റ്

    മ്യൂറേറ്റ് ഓഫ് പൊട്ടാഷ്

     

    വിതയ്ക്കുന്നതിന് മുമ്പ്

     

     

    നൈട്രജന്‍

    1/3

    1/3

    1/3

    ഭാവകം

    ½

    ½

    1/3

    ക്ഷാരം

    1/3

    1/3

    1/3

    ലീഫ് കളര്‍ ചാര്‍ട്ട് (1.4 % N) IRRI

    ഉപയോഗിച്ച് പാക്യജനകം പരിപാലനം

    വിതയ്ക്കു ശേഷം

    15-20 ദിവസം                30-35 ദിവസം             55 ദിവസം           65 ദിവസം

    2/10                            3/10                        4/10                  1/10

    മണ്ണിന്റെ പ്രശ്നങ്ങളും പരിപാലനവും

    രാസവളങ്ങളുടെ അമിതമായ ഉപയോഗംമൂലം മണ്ണിലുള്ള മൂലകങ്ങളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നതോടൊപ്പം സാമ്പത്തിക നഷ്ടവും കുട്ടനാട്ടിലെ നെല്‍കൃഷിക്കാര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളാണ്. രാസവളങ്ങള്‍ ശരിയായ അളവില്‍ നല്കുന്നതുവഴി വിളകളുടെ ഉല്പാദനവര്‍ധനവും, മണ്ണിന്റെ ഉല്പാദന ക്ഷമതയും നിലനിര്‍ത്താന്‍ സാധിക്കും.

    കുട്ടനാടന്‍ പാടശേഖരങ്ങളിലെ മണ്ണ് അലുവിയല്‍ ക്ലേ വിഭാഗത്തില്‍പ്പെടുന്നു. ശരാശരി ഫലഭൂയിഷ്ടതയുള്ള ഈ മണ്ണില്‍ ഇടവിട്ടുള്ള മണ്ണടിയല്‍ മൂലം ഫലഭൂയിഷ്ടത നഷ്ടപ്പെടാതെ നിലനില്‍ക്കുന്നു. സമുദ്രനിരപ്പിന് താഴെയുള്ള പ്രദേശമായതിനാല്‍ പുളി ആധിക്യമുള്ള ആസിഡ് സള്‍ഫേറ്റ് മണ്ണാണ് ഈ മേഖലയില്‍ ഉള്ളത്. അയണ്‍, അലൂമിനിയം, മാംഗനീസ്, സള്‍ഫേറ്റ് എന്നീ മൂലകങ്ങളുടെ അമിതമായ ആധിക്യവും, ഹൈഡ്രജന്‍ സള്‍ഫേറ്റിന്റെ ആധിക്യംമൂലം ചെടികളിലുണ്ടാകുന്ന ക്ഷതം എന്നിവ കുട്ടനാട്ടിലെ നെല‍കൃഷിയെ നിരന്തരമായി ബാധിക്കുന്ന പ്രശ്നങ്ങളാണ്. വെള്ളം വാര്‍ത്ത് മണ്ണ് ഉണങ്ങാന്‍ അനുവദിക്കുന്നത് അമ്ലത്വം വര്‍ദ്ധിപ്പിക്കുന്നു. ഇടവിട്ട് വെള്ളം വാര്‍ത്ത് കളഞ്ഞ് വെള്ളം കയറ്റുന്ന പ്രക്രിയ മണ്ണിന്റെ പുളിരസം (Fe) കഴുകികളഞ്ഞ്, അമ്ലത്വം കുറയ്കുകന്നു. വെള്ളം വാര്‍ത്തശേഷം കുമ്മായ വസ്തുക്കള്‍ അടിവളമായി മണ്ണില്‍ ചേര്‍ത്ത ശേഷം 350 കിലോഗ്രാം /ഹെക്ടര്‍ നിരക്കില്‍, 2 മുതല്‍ 4 ദിവസം വെള്ളം നിലനിര്‍ത്തുകയും പിന്നീട് വെള്ളം വാര്‍ത്ത് കളയുകയും ചെയ്യുക. ഇത് മണ്ണിലെ പുളിരസം കുറയ്ക്കാന്‍ സഹായകരമാകും. പി.എച്ച്. 4.5നു താഴെയാണെങ്കില്‍ കുമ്മായപ്രദാന വസ്തുക്കള്‍ 250 കിലോഗ്രാം/ഹെക്ടര്‍ നിരക്കില്‍ മേല്‍വളം ഇടുന്നതിന് 7 ദിവസം മുന്‍പോ പിന്‍പോ ചേര്‍ക്കാവുന്നതാണ്.

    അമ്ലത്വം മൂലമുള്ള പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍‌


    1. വിത്തിനങ്ങള്‍ : ഐ.ആര്‍. – 8 , മഷൂരി , എം.ഒ - 16 , 18 , 19 എന്നീ ഇനങ്ങള്‍ ഉപയോഗിക്കുക.
    2. വിത്ത് ഉപചാരം : നെല്‍വിത്ത് അളവിന്റെ 50-100 ശതമാനം തോതില്‍ കാല്‍സി പെറോക്സൈഡ് എന്ന ഓക്സിടെന്റ് ഉപയോഗിച്ച് വിത്ത് ഉപചാരം നടത്തുക.
    3. വിള പരിപാലനം : മണ്ണില്‍ അമ്ലത്വം കുറവ് കാണുമ്പോള്‍ വിതയ്ക്കുക.
    4. ജല പരിപാലനം : ഇടയ്ക്കിടെ വെള്ളം വാര്‍ത്ത് കളഞ്ഞ് വെള്ളം കയറ്റി മണ്ണിലെ അമ്ലത്വം കഴുകി കളയുക. വെള്ളം സ്ഥിരമായി കെട്ടി നിര്‍ത്താന്‍ അനുവദിക്കരുത്.
    5. വളപ്രയോഗം : എന്‍.പി.കെ. ശുപാര്‍ശ പ്രകാരം നല്‍കുക.
    6. കുമ്മായം ചേര്‍ക്കല്‍ : കുമ്മായം മണ്ണില്‍ ചേര്‍ക്കുക
    7. ജൈവ വസ്തുക്കള്‍ ഒഴിവാക്കുക : അമ്ലത്വാധിക്യമുള്ള മണ്ണിലും ജലനിര്‍ഗമ സൗകര്യമില്ലാത്ത മണ്ണിലും കൊഴ്തശേഷം കച്ചി മണ്ണില്‍ ചേര്‍ക്കുന്ന പ്രക്രിയ ഒഴിവാക്കുക.
    8. വളപ്രയോഗം : അമോണിയം സള്‍ഫേറ്റിന് പകരം യൂറിയ ഉപയോഗിക്കുക.
    9. മണ്ണ് പരിപാലനം : കൊയ്തശേഷം മണ്ണ് പൊടിയില്‍ പൂട്ടുക.
    10. പൊട്ടാഷ് , മെഗിനീഷ്യം, ഭാവകം എന്നിവ കൂടുതല്‍ ചേര്‍ക്കുക
    11. കുമ്മായം മേല്‍മണ്ണുമായി ചേര്‍ക്കുക.
    12. സീസണ്‍ മധ്യത്തില്‍ ജnനിര്‍ഗമന സൗകര്യം മെച്ചപ്പെടുത്തുക. അതുമൂലം അടിഞ്ഞുകൂടിയ അമ്ലത്വം നീക്കം ചെയ്യാനും വായുസഞ്ചാരം സുഗമമാക്കാനും സഹായകരമാകുന്നു.
    13. ഫോളിയാര്‍ സ്പ്രേയിംഗ് അമ്ലാധിക്യം കുറയ്ക്കാന്‍ സഹായിക്കുന്നു.1% ഡി.എ.പി, 1% എം.ഓ.പി., 0.25% കോപ്പര്‍ സള്‍ഫേറ്റ് , 0.5% സിങ്ക് സള്‍ഫേറ്റ് , വിതച്ച് 20, 35, 50 ദിവസങ്ങള്‍ക്ക് ശേഷം ഫോളിയാല്‍ സ്പ്രേ രൂപത്തില്‍ ഉപയോഗിക്കാം.

    രണ്ടാം വിള ഇറക്കുന്ന പാടശേഖരങ്ങളില്‍ വേഗത്തില്‍ കച്ചി അഴുക്കുന്നതിനായി, കൊഴുതശേഷം കച്ചി മണ്ണുമായി ഉഴുതു ചേര്‍ത്തശേഷം റോക്ക് ഫോസ്ഫേറ്റ് 90 കെ.ജി. /ഏക്കര്‍ + 10 കെ.ജി. യൂറിയ ചേര്‍ത്തു കൊടുക്കാവുന്നതാണ്. വായു സഞ്ചാരം പകുതി നിലനിര്‍ത്തി 2-3 ആഴ്ച കച്ചി അഴുക്കുന്നതിനായി അനുവദിക്കുക. അതിനുശേഷം വെള്ളം കയറ്റി ഇടുക.

    ഒരു ടണ്‍ കച്ചിയില്‍ 5-8 കിലോഗ്രാം നൈട്രജന്‍‌ 1 കിലോഗ്രാം ഫോസ്ഫേറ്റ് ഭാവകം, 12-17 കിലോഗ്രാം പൊട്ടാഷ്, 0.5 – 1കിലോഗ്രാം സള്‍ഫര്‍, 40-70 കിലോഗ്രാം സിലിക്കണ്‍, 3-4 കിലോഗ്രാം കാല്‍സിയം, 1-3 കിലോഗ്രാം മെഗ്നീഷ്യം കാണുന്നു.

    കച്ചി കുത്തിക്കുന്നതിന് രോഗപരിപാലനത്തിന് സഹായകരമാകുന്നു.

    സോയില്‍ സീരീസ്

    കരുവാറ്റ

    പള്ളിപാട്

    തോട്ടപ്പള്ളി

    ചമ്പക്കുളം

    രാമങ്കരി

    ഇടത്വ

    തകഴി

    അമ്പലപ്പുഴ

    മാഞ്ഞൂര്‍

    ചങ്ങനാശ്ശേരി

    വെച്ചൂര്‍

    പുറക്കാട്

    മാന്നാര്‍

    കുറിച്ചി

    മുത്തൂര്‍

    30.2 % കുട്ടനാട് പ്രദേശത്ത് സിങ്കിന്റെ കുറവ് കാണുന്നു.

    21.4 % കുട്ടനാട് പ്രദേശത്ത് കോപ്പര്‍ കുറവ് കാണുന്നു.

    30.2% കുട്ടനാട് പ്രദേശത്ത് കാല്‍സിയം കുറവ് കാണുന്നു

    16.4% കുട്ടനാട് പ്രദേശത്ത് മഗ്നീഷ്യം കുറവ് കാണുന്നു

    35% സിങ്ക് + കോപ്പര്‍ കുറവ് കാണുന്നു.

    ഇരുമ്പിന്റെയും മാന്‍ഗനീസിന്റെ അളവ് കുട്ടനാട് പ്രദേശത്ത് വളരെ കൂടുതലാണ്.

    കീടരോഗ പരിപാലനം

    കുട്ടനാട്ടിലെ നെല്‍കൃഷിയുടെ ഉല്പാദന ക്ഷമത കുറയാനുള്ള പ്രധാന പ്രശ്നം കീടരോഗ ബാധയാണ്. അന്തരീക്ഷത്തിലെ കൂടിയ ആപേക്ഷിക ആദ്രത കുട്ടനാട്ടില്‍ കീടരോഗം പൊട്ടിപ്പുറപ്പെടുന്നതിന് സാഹചര്യം സൃഷ്ടിക്കുന്നു. അത്യുല്പാദന ശേഷിയുള്ള വിത്തിനങ്ങളുടെ വരവ് കീടരോഗ ആക്രമണത്തില്‍ വ്യതിയാനം സൃഷ്ടിച്ചതായി കാണപ്പെട്ടു. ചില അപ്രധാന കീടങ്ങള്‍ പ്രധാന കീടങ്ങളായി രൂപാന്തരപ്പെട്ടു. രണ്ടുപൂ കൃഷി തണ്ട് തുരപ്പന്‍ പുഴുവിന്റെ ആക്രമണം രൂക്ഷമാക്കി. ഖാരിഫ് സീസണിലെ ഗുാളിച്ച എല്ലാ സീസണിലും കാണപ്പെട്ടും വിറുലന്റ് ഗാല്‍മിഡ്ജ് ബൈയോടൈപ്പ് - 5 എന്ന കീടത്തിന്റെ ആക്രമണം രൂക്ഷതയേറി. കുട്ടനാടില്‍ 1996 പുഞ്ച സീസണിലെ ഗാന്‍മിഡ്ജിന്റെ ആക്രമണം മൂലം കുട്ടനാട്ടില്‍ 8 കോടി രൂപയുടെ നഷ്ടം വിലയിരുത്തിയിരുന്നു.

    വിളക്കാലത്ത് പല ആവര്‍ത്തിയുള്ള രാസകീടനാശിനികളുടെ പ്രയോഗം ഗുണത്തേക്കാളേറെ ദോഷം ചെയ്തു. കീടനാശിനിയ്ക്കെതിരെ പ്രതിരോധം മറ്റ് കീടങ്ങളുടെ വര്‍ദ്ധനവ് പരിസ്ഥിതി മലിനീകരണം രാസപദാര്‍ത്ഥങ്ങളുടെ അമിതമായ അളവ് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവ മൂലം നെല്‍കൃഷിയില്‍ സംയോജിത കീടനിയന്ത്രണം എന്ന സാങ്കേതിക കീടപരിപാലന നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ അവലംബിക്കാന്‍ കര്‍ഷകര്‍ പ്രേരിതരായി.

    നെല്ലിന്റെ സംയോജിത കീടനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

    • പ്രതിരോധ ഇനങ്ങളുടെ ഉപയോഗം
    • സമയാസമയങ്ങളിലുള്ള വിത
    • ശരിയായ വിത്ത് അളവ്
    • നിലമൊരുക്കല്‍ , കളനിയന്ത്രണം
    • സന്തുലിത വളപ്രയോഗം
    • ജലപരിപാലനം
    • ആവശ്യാനുസരണം കീടനാശിനി ഉപയോഗം
    • മിത്രകീടങ്ങളുടെ സംരക്ഷണം

    സംയോജിത രോഗപരിപാലനം

    1. നിലങ്ങളിലുള്ള നെല്ലിന്റെ ചുവടും , കച്ചിയും കത്തിക്കുക. വേനല്‍ക്കാലത്ത് ആഴത്തില്‍ ഉഴുതുമറിക്കുക.
    2. രോഗം ബാധിച്ച ചെടികള്‍ പ്രാരംഭഘട്ടത്തില്‍തന്നെ മാറ്റുക
    3. രോഗംബാധിക്കാത്ത ചെടികളില്‍നിന്ന് വിത്ത് എടുക്കുക.
    4. വിത്ത് ഉപചാരം കാര്‍ബെന്‍ഡാസിം / ട്രൈസൈക്ലസോള്‍ 2ഗ്രാം/കിലോ വിത്ത്
    5. തിങ്ങിനില്‍ക്കുന്ന ചെടികള്‍ മാറ്റുക
    6. ശുപാര്‍ശ പ്രകാരമുള്ള വളപ്രയോഗം ഇടവിട്ട് നല്‍കുക.
    7. യഥാസമയത്തുള്ള വിത
    8. ബണ്ടിലുള്ള കളകളെ നശിപ്പിക്കുക
    9. നിരന്തരമായ കീടനിരീക്ഷണം
    10. ഇലചുരുട്ടിപ്പുഴുവിന്റെ ആക്രമണം നിയന്ത്രിക്കുന്നതുവഴി അവിച്ചില്‍, ബാക്ടീരിയല്‍ ഇല കരിച്ചില്‍ എന്നീ രോഗബാധ ഒരു പരിധിവരെ തടയാന്‍ സാധിക്കുന്നു.
    11. പ്രതിരോധ വിത്ത് ഇനങ്ങള്‍ ഉപയോഗിക്കുക, ഉദാ. രജ്ഞിനി (ബ്ലാസ്റ്റ് പ്രതിരോധം), (പവിഴം) (ഷീത്ത് ബ്ലൈറ്റ്) പ്രതിരോധം.
    12. ജൈവ കുമിള്‍ നാശിനി ഉപയോഗിക്കുക
      1. വിത്ത് ഉപചാരം - (സ്യൂഡോ മോണസ് ഫ്ലൂറസന്‍സ്) - @10gm/കിലോ വിത്ത് or 10ml/lit കിലോ വിത്ത്
      2. മണ്ണില്‍ ഉപയോഗം : 2.5 കിലോ സ്യൂഡോമോണസ് + 50 കിലോ ജൈവവളം /മണ്ണ് /ഹെ വിതച്ച് 30 ദിവസത്തിനുശേഷം
      3. ഇലകളില്‍ തളിക്കുക 1% നട്ട് 45 ദിവസത്തിനുശേഷം മണ്ണ് കണക്കിലെടുത്ത് ശുപാര്‍ശപ്രകാരമുള്ള കുമിള്‍നാശിനി ആവശ്യാനുസരണം രോഗാധിക്യം കണക്കിലെടുത്ത് ഉപയോഗിക്കുക

    വിത്തിനങ്ങള്‍

    ഇനം

    മൂപ്പ്

    പ്രതിരോധശേഷി

    പവിത്ര

    115-120 ദിവസം

    മു‍ഞ്ഞ , ഗാളീച്ച

    പഞ്ചമി

    115-120 ദിവസം

    മു‍ഞ്ഞ , ഗാളിച്ച

    ഉമ

    115-120 ദിവസം

    മു‍ഞ്ഞ , ഗാളിച്ച

    കരിഷ്മ

    110-120 ദിവസം

    കരിനിലങ്ങളില്‍ അമ്ലത്വം പ്രതിരോധം

    കൃഷ്ണാഞ്ജന

    105-110 ദിവസം

    കരിനിലങ്ങളില്‍ അമ്ലത്വം പ്രതിരോധം

    കൈരളി

    110-115 ദിവസം

    എല്ലാ സീസണിലും

    കാഞ്ചന

    105-110 ദിവസം

    എല്ലാ സീസണിലും തണ്ട് തുരപ്പിനെതിരെ

    രമണിക

    100-105 ദിവസം

    മുഞ്ഞ

    രേവതി

    105-110 ദിവസം

    മുഞ്ഞ ഗാളിച്ച

    ഹര്‍ഷ

    105-110 ദിവസം

    ബ്ലാസ്റ്റ് , വരള്‍ച്ച

    വര്‍ഷ

    110-115 ദിവസം

    ബ്ലൂ വണ്ട്

    വര്‍ണ

    110-115 ദിവസം

    മിക്ക കീടങ്ങള്‍ക്കെതിരേ സാമാന്യ പ്രതിരോധം

    പ്രിയ

    105-110 ദിവസം

    മിക്ക കീടങ്ങള്‍ക്കെതിരേ സാമാന്യ പ്രതിരോധം

    ഗൗരി

    115-120 ദിവസം

    മിക്ക കീടങ്ങള്‍ക്കെതിരേ സാമാന്യ പ്രതിരോധം

    മനുപ്രിയ

    100-105 ദിവസം

    ചുമന്ന അരി, മറിഞ്ഞു വീഴാത്ത ഇനം, പ്രതിരോധം

    വി.റ്റി.എല്‍. 7

     

    ഉപ്പ്, അമ്ലത്വം, വെള്ളപ്പൊക്കം പ്രതിരോധം, പൊക്കാളി ഇനം

    ഭാഗ്യ (കായംകുളം) -2

    100 ദിവസം

    ഓണാട്ടുകര ഒന്നാംവിള ഇനം. വരള്‍ച്ച ബ്ലൈറ്റ് , തണ്ട് തുരപ്പന്‍ , ഇലചുരുട്ടി , കുഴല്‍ പ്പുഴു , പ്രതിരോധം

    ഓണം (കായംകുളം - 3)


    95 ദിവസം, ഓണാട്ടുകര ഒന്നാം കൃഷിക്ക് യോജിച്ചത് , ബ്ലാസ്റ്റ് ബൈറ്റ് എന്നിവയ്ക്ക് പ്രതിരോധം

    റെഡ് ത്രിവേണി

    100-105 ദിവസം

    മുഞ്ഞയ്ക്ക് പ്രതിരോധം

    ആര്‍.ആര്‍.എസ്. മങ്കൊമ്പില്‍ നിന്ന് റിലീസ് ചെയ്ത പുതിയ ഇനം

    പ്രത്യാശ ( ഐ.ഇ.റ്റി 4786 x അരുണ) – 15.2.11 ന് റിലീസ് ചെയ്തു

    1. 100-110 ദിവസം മൂപ്പ്
    2. നീളമുള്ള ചുമന്ന അരി
    3. ഇരുമ്പിന്റെ അംശം അധികമുള്ളതും, ചോറിന് അനുയോജ്യമായ ഇനം
    4. പുഞ്ചയ്ക്കും രണ്ടാംവിളയ്ക്കും അനുയോജ്യം, പ്രത്യേകിച്ച് ഇരിപ്പൂ നിലങ്ങളില്‍
    5. രണ്ട് ആഴ്ച സുഷുപ്താവസ്ഥ
    6. മുഞ്ഞ , ഗാളിച്ച, ബൈറ്റ്, കുലവാട്ടം ലക്ഷ്മിരോഗം പുള്ളിക്കുത്ത് എന്നിവയ്ക്ക് പ്രതിരോധം
    7. ശരാശരി വിളവ് 5.5 ടണ്‍ /ഹെ.

    അവസാനം പരിഷ്കരിച്ചത് : 7/8/2020



    © C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
    English to Hindi Transliterate