Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കീടനിയന്ത്രണം

വിവിധ തരത്തില്‍ ഉള്ള കീടനിയന്ത്രണം

കീടനാശിനികള്‍

നമ്മുടെ തൊടികളിലും പറമ്പുകളിലും റോഡരികിലുമെല്ലാം വളര്‍ന്നുനില്‍ക്കുന്ന പല ചെടികളും പച്ചക്കറിയില്‍ ഉണ്ടാകുന്ന കീടങ്ങളെ അകറ്റാന്‍ ഫലപ്രദമാണെന്നു കണ്ടിട്ടുണ്ട്. രാസകീടനാശിനികളെ അകറ്റിനിര്‍ത്തുന്ന ഈ കാലത്ത് ഇത്തരം കീടനാശിനികള്‍ സ്വന്തമായി ഉണ്ടാക്കി ഉപയോഗിക്കാവുന്നതാണ്. ഇവയില്‍ ചിലതിനെ പരിചയപ്പെടുക.

ഉങ്ങ്:

ഉങ്ങുമരത്തിന്റെ ഇല ഒരു കി.ഗ്രാം ചതച്ച് നീരെടുക്കുക. ഇതില്‍ അഞ്ച് ലിറ്റര്‍ വെള്ളം ചേര്‍ത്ത് തളിച്ചാല്‍ ഇലതീനിപ്പുഴുക്കള്‍, ഇലപ്പേന്‍ ശല്‍കകീടങ്ങള്‍ എന്നിവയെല്ലാം നശിക്കും.

പപ്പായ ഇല:

പപ്പായ (കപ്ലങ്ങ, കര്‍മോസ്)യുടെ ഇല ഇടിച്ചുപിഴിഞ്ഞ നീര് 10 ഇരട്ടി വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ചെടുത്ത ലായനി തളിച്ചാല്‍ ഇലതീനി പുഴുവിനെയും വണ്ടിനെയും തടയാം.

പെരുവലം (വട്ടപിരിയം):

നമ്മുടെ വീട്ടുപറമ്പിലും ഒഴിഞ്ഞ ഇടങ്ങളിലും വളര്‍ന്നുവരുന്ന പെരുവലത്തിന്റെ ഇല ഇടിച്ചുപിഴിഞ്ഞ നീര് 10 ഇരട്ടി വെള്ളം ചേര്‍ത്ത് തളിച്ചാല്‍ ഇലതീനി പുഴു ഉള്‍പ്പെടെയുള്ള കീടങ്ങള്‍ നശിക്കും. ഇല തെങ്ങിന്‍ചുവട്ടിലോ, മറ്റിടങ്ങളിലോ ഇട്ടാല്‍ വേരുതിന്നുന്ന പുഴുക്കള്‍ നശിക്കും.

കൊങ്ങിണി:

കാട്ടില്‍ വളര്‍ന്ന് പൂത്തുനില്‍ക്കുന്ന കൊങ്ങിണിയുടെ ഇല, പൂവ്, കായ എല്ലാം ഇടിച്ചുപിഴിഞ്ഞ ചാറില്‍ അഞ്ചിരട്ടിവെള്ളംചേര്‍ത്തു തളിച്ചാല്‍ ഇലതീനിപ്പുഴു ഉള്‍പ്പെടെ എല്ലാ കീടങ്ങളും നശിക്കും.

കരിനൊച്ചി:

മുഞ്ഞ, ഇലതീനി പുഴുക്കള്‍ എന്നിവയെ നശിപ്പിക്കാന്‍ കരിനൊച്ചിയടെ ഇല ഉത്തമമാണ്. ഒരു കി.ഗ്രാം കരിനൊച്ചി ഇല അരമണിക്കൂര്‍ വെള്ളത്തില്‍ തിളപ്പിക്കുക. തണുത്തശേഷം പിഴിഞ്ഞെടുത്ത ചാറില്‍ അഞ്ചിരട്ടി വെള്ളംചേര്‍ത്തു നേര്‍പ്പിച്ച് ചെടിയില്‍ തളിക്കാം.

പാണല്‍:

പാണലിന്റെ ഇല കീടശല്യം കുറയ്ക്കും. നെല്ലും പയറും ധാന്യങ്ങളും മറ്റും സൂക്ഷിക്കുമ്പോള്‍ ഏതാനും പാണല്‍ ഇലകൂടി അതില്‍ ഇട്ടുകൊടുക്കുക. കീടശല്യം തടയാം.

ശവംനാറിച്ചെടി (നിത്യകല്യാണി)

കുറ്റിച്ചെടിയായി നല്ല പൂക്കള്‍ ഉണ്ടാകുന്ന നിത്യകല്യാണിയുടെ ഇല ഇടിച്ചുപിഴിഞ്ഞ ചാറ് നേര്‍പ്പിച്ചു തളിച്ചാല്‍ പല പ്രാണികളെയും തടയാം.

കമ്യൂണിസ്റ്റ് പച്ച:

ഇത് മണ്ണില്‍ ചേര്‍ത്താല്‍ മണ്ണില്‍ ഉപദ്രവകാരിയായി കഴിയുന്ന നിമവിരകളെ തടയാം.

കാന്താരി മുളക്

ഒരുപിടി കാന്താരി മുളക് അരച്ച് നേര്‍പ്പിച്ച ഗോമൂത്രത്തില്‍ കലര്‍ത്തി തളിച്ചാല്‍ പല കീടങ്ങളെയും കായീച്ചയെയും തടയാം. ആത്ത: ആത്തപ്പഴത്തിനകത്തെ വിത്ത് 24 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് പിന്നീട് അരച്ചെടുക്കുക. 50 ഗ്രാം വിത്ത് അരച്ചത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിച്ചാല്‍ പല കീടങ്ങളും നശിക്കും.

കിരിയാത്ത്:

നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ തടയാന്‍ കിരിയാത്ത് ചെടിയുടെ ഇളം തണ്ടുകളും ഇലകളും ചതച്ച് നീരെടുക്കുക. ഒരുലിറ്റര്‍ നീരില്‍ 50 ഗ്രാം ബാര്‍സോപ്പ് ലയിപ്പിച്ചെടുത്ത് യോജിപ്പിച്ചശേഷം 10 ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടിയില്‍ തളിക്കുക.

ആര്യവേപ്പില:

പത്തായത്തിലും ധാന്യസംഭരണികളിലും ആര്യവേപ്പില ഇട്ടാല്‍ പല കീടങ്ങളെയും അകറ്റാം. 7-8 ആഴ്ച കൂടുമ്പോള്‍ ഇല മാറ്റി പുതിയത് ഇട്ടുകൊടുക്കുകയും ചെയ്യുക.

കെണിപ്രയോഗം

ഇനി പച്ചക്കറിക്ക് നേരിട്ട് പ്രയോഗിക്കാതെ, കീടങ്ങള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന പഴങ്ങള്‍, ഇലച്ചാറുകള്‍ എന്നിവയില്‍ രാസവസ്തു ചേര്‍ത്ത് കൃഷിയിടത്തില്‍ അങ്ങിങ്ങായിവച്ച് കീടങ്ങള്‍ അത് ആസ്വദിക്കുന്നതുവഴി ചത്തുപോകുന്ന തരത്തിലുള്ള കെണിപ്രയോഗം ജൈവ കൃഷിയില്‍ സ്വീകരിക്കാവുന്നതാണ്. ചില രീതികളെക്കുറിച്ച് ഇനി പ്രതിപാദിക്കാം.

മഞ്ഞക്കെണി:

മഞ്ഞനിറത്തെ പ്രത്യേകം ആകര്‍ഷിക്കുന്ന ചില കീടങ്ങളുണ്ട്. (ഉദാ: വെള്ളീച്ചകള്‍). പോസ്റ്റ്കാര്‍ഡിന്റെ വലിപ്പത്തിലുള്ള ടിന്‍ഷീറ്റ് എടുത്ത് അതില്‍ മഞ്ഞ പെയിന്റ് പൂശുക. ഉണങ്ങിയശേഷം ആവണക്കെണ്ണ പുരട്ടുക. ഇത് കൃഷിയിടത്തില്‍ പലയിടങ്ങളിലായി തൂക്കിയിടുക. ആവണക്കിന്റെ പശിമയില്‍ കീടങ്ങള്‍ ഒട്ടിപ്പിടിക്കും.

കഞ്ഞിവെള്ളക്കെണി

ഒരു ചിരട്ടയില്‍ പകുതിഭാഗം കഞ്ഞിവെള്ളം എടുത്ത് ഇതില്‍ 10 ഗ്രാം ശര്‍ക്കര, 4 തരി ഈസ്റ്റ് എന്നിവ പൊടിച്ചുചേര്‍ക്കുക. ഇതില്‍ "കാര്‍ബൊസള്‍ഫാന്‍' എന്ന രാസകീട നാശിനി ഒരുനുള്ള് ചേര്‍ക്കുക. ഇത് ഉറികെട്ടി പന്തലില്‍ തൂക്കുക. കഞ്ഞിവെള്ളം കുടിക്കുന്ന കീടങ്ങള്‍ ചത്തുകൊള്ളും.

പഴക്കെണി

തൊലികളയാത്ത പാളയംകോടന്‍പഴം (മൈസൂര്‍ പൂവന്‍) ചെറുകഷണങ്ങളായി മുറിച്ച് മുറിഭാഗത്ത് "കാര്‍ബോസള്‍ഫാന്‍' തരി വിതറുക. ഇത് ചിരട്ടയിലാക്കി ഉറിപോലെ കെട്ടിത്തൂക്കുക. പഴം ഭക്ഷിക്കുന്ന കീടം ചത്തുപോകും.

തുളസിക്കെണി

തുളസിയില നന്നായി അരച്ച് ഇതില്‍ 10 ഗ്രാം ശര്‍ക്കര പൊടിച്ച് ചേര്‍ക്കുക. ഇതില്‍ ഒരുനുള്ള് കാര്‍ബൊസള്‍ഫാന്‍ ചേര്‍ത്ത് ചിരട്ടയിലാക്കി ഉറിപോലെ കെട്ടിത്തൂക്കുക. കീടം നീരൂറ്റിക്കുടിച്ച് ചാവും.

ഫിറമോണ്‍ കെണി


ഒരു കീടം തന്റെ എതിര്‍ലിംഗ പ്രാണിയെ ആകര്‍ഷിക്കാന്‍ ശരീരത്തില്‍ ഒരു പ്രത്യേകതരം രാസവസ്തു പുറപ്പെടുവിക്കും. ഇതിനെ ഫിറമോണ്‍ എന്നുപറയും. ഇത്തരം ഫിറമോണ്‍ കൃത്രിമമായി ഉല്‍പ്പാദിപ്പിച്ച് കെണിയായിവച്ച് ആകര്‍ഷിപ്പിച്ച് നശിപ്പിക്കുന്ന രീതിയാണിത്. ഫെറമോണ്‍ കൃഷിവിജ്ഞാനകേന്ദ്രം വഴി ലഭിക്കും.

മീന്‍ കെണി


ഒരുപോളിത്തിന്‍ സഞ്ചിക്കകത്ത് ഒരു ചിരട്ട വയ്ക്കുക. ഇതിനകത്ത് 5 ഗ്രാം ഉണക്കമീന്‍ പൊടിച്ച് ചെറിയ നവു കൊടുക്കുക. ഇതില്‍ ഒരുനുള്ള് കാര്‍ബൊസള്‍ഫാന്‍തരി വിതറുക. പോളിത്തീന്‍ കൂടയ്ക്ക് ചെറിയ ദ്വാരങ്ങള്‍ ഇട്ടുകൊടുത്ത് ഈച്ചകള്‍ക്ക് അകത്തുവരാന്‍ സൗകര്യമൊരുക്കുക. കെണി പന്തലില്‍ തൂക്കിയിടുക. ഈച്ച ഉണക്കമീന്‍ ആകര്‍ഷിച്ചെത്തി വിഷംപുരട്ടിയ ഉണക്കമീന്‍ തിന്ന് ചാവും.

കടപ്പാട് : മലപ്പട്ടം പ്രഭാകരന്‍

3.05
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top