অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കാർഷിക വിവരങ്ങൾ

കാർഷിക വിവരങ്ങൾ

ഇഞ്ചി, മഞ്ഞൾ കൃഷി : സസ്യസംരക്ഷണം അതിപ്രധാനം

ഭാരതത്തിൻറെ തനിമയും പെരുമയും പേറുന്ന രണ്ടു സുഗന്ധവ്യഞ്ജനങ്ങളാണ് ഇഞ്ചിയും മഞ്ഞളും. നൂറ്റാണ്ടുകളായി നമ്മുടെ സാമൂഹ്യ സാംസ്കാരിക ശൈലികളുമായി ഇഴുകി ചേർന്നവർ.  അടുക്കളയിലും അരങ്ങത്തും മാത്രമല്ല ആരോഗ്യരംഗത്തും ഇവയ്ക്കുള്ള സ്ഥാനം അനന്യമാണ്. ചുക്ക് ചേരാത്ത കഷായമില്ല, മഞ്ഞൾ ചേരാത്ത കറിയില്ല, സൗന്ദര്യവർദ്ധിനിയുമില്ല. രോഗാണുനാശത്തിനായുള്ള ഇവയുടെ കഴിവുകളെക്കുറിച്ച് പുതിയ പുതിയ കണ്ടെത്തലുകൾ അടിക്കടി ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ഒപ്പം ഇവയുടെ ബൗദ്ധിക സ്വത്തവകാശത്തിനായുള്ള തർക്കങ്ങളും ഏറിവരുന്നു.

നമ്മുടെ നാട്ടിൽ അടുത്തകാലത്തായി ഇഞ്ചി, മഞ്ഞൾ കൃഷിമേഖലയിൽ പൊതുവെ ഒരുണർവ് കാണപ്പെടുന്നുണ്ട്. ആദായകരമായ ഹ്രസ്വകാലവിളകളായി ഇവ രണ്ടും ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. എങ്കിലും  മഞ്ഞൾകൃഷി കേരളത്തിൽ ഇനിയും വേണ്ടത്ര  വേരോടിയിട്ടില്ല. എന്നാൽ ഇഞ്ചിയുടെ കാര്യത്തിൽ സ്ഥിതി നേരെ മറിച്ചാണ്. ഇഞ്ചിക്കൃഷിക്കായി കൃഷിയിടങ്ങൾ തേടി നമ്മുടെ കർഷകർ അന്യസംസ്ഥാനങ്ങളിലേക്ക് പ്രവഹിക്കുകയാണ്. സ്വപ്നങ്ങളുടെ ചിറകേറി പോകുന്ന ഇവരെ അലട്ടുന്നത് പ്രധാനമായും രോഗങ്ങളുടേയും കീടങ്ങളുടേയും ഭീഷണിയാണ്. ഇഞ്ചിയും മഞ്ഞളും ഒരേ കുടുംബത്തിൽ പിറന്നവരാണ്. അതുകൊണ്ടുതന്നെ ആകാരത്തിലും പ്രകൃതത്തിലും കൃഷിരീതികളിലും മാത്രമല്ല, ഇവയെ ബാധിക്കുന്ന കീടങ്ങൾക്കും രോഗങ്ങൾക്കും പോലുമുണ്ട് മറ്റെങ്ങുമില്ലാത്ത ഒരു സമാനത. ഭാഗ്യവശാൽ നമ്മുടെ നാട്ടിൽ മഞ്ഞളിന് പൊതുവെ രോഗങ്ങൾ കുറവാണ്. എങ്കിലും ഇഞ്ചിയേയും മഞ്ഞളിനെയും ബാധിക്കുന്ന പ്രധാനപ്പെട്ട രോഗങ്ങളേയും കീടങ്ങളേയും അവയെ നേരിടാനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങളേയും കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.

രോഗങ്ങൾ, കീടങ്ങൾ

i) മൂടുചീയൽ: മഞ്ഞളിനേയും ഇഞ്ചിയേയും ഒരുപോലെ ബാധിക്കുന്ന ഒരു കുമിൾരോഗമാണിത്. മൃദുചീയൽ (soft rot) എന്നും ഈ രോഗം അറിയപ്പെടാറുണ്ട്. മണ്ണിൽ വസിക്കുന്നപിത്തിയം ജനുസ്സിൽപ്പെട്ട ചില കുമിളുകളാണ് രോഗകാരികൾ. കനത്ത മഴമൂലം മണ്ണിൽ ഈർപ്പം കൂടുമ്പോഴാണ് രോഗബാധ സാധാരണ കാണുക. കടഭാഗത്താരംഭിച്ച്‌ ക്രമേണ കുമിൾബാധ തണ്ടുകളിലേക്കും മണ്ണിനടിയിലുള്ള തടങ്ങളിലേക്കും വ്യാപിക്കുന്നു. ചെടിയുടെ മണ്ണിനോടടുത്തുള്ള ഇലകളുടെ അഗ്രങ്ങൾ മഞ്ഞളിക്കുന്നതാണ് രോഗത്തിൻറെ പ്രഥമലക്ഷണം. അഗ്രങ്ങളിൽ നിന്നും അരികുകളിൽ നിന്നും മഞ്ഞളിപ്പ് വ്യാപിച്ച് ഇലകൾ വാടിത്തുടങ്ങുന്നു. തണ്ടുകളുടെ ചുവടുഭാഗത്ത്‌ നനവും മൃദുത്വവും തടങ്ങളിൽ ദുർഗന്ധവും ഉണ്ടായിരിക്കും. ഈ തണ്ടുകൾ പിടിച്ചുവലിച്ചാൽ അവ കടഭാഗത്തുനിന്നും പെട്ടെന്ന് വേർപെട്ടു പോരും. വിത്തിനായി ഇവ സൂക്ഷിച്ചുവച്ചാൽ അവ അപ്പാടെ നശിച്ചുപോകും.

രോഗങ്ങളില്ലാത്ത കൃഷിയിടങ്ങളിൽ നിന്നു മാത്രം വിത്തുകൾ ശേഖരിക്കുക എന്നതാണ് ഈ രോഗത്തെ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം. വിത്തുകൾ രാസപരിചരണത്തിനുശേഷം മാത്രം സംഭരിച്ചു വയ്ക്കുക. ഇതിനായി 0.3 % വീര്യമുള്ള മാൻകോസെബ് കുമിൾനാശിനിയിൽ 30 മിനിട്ട് നേരം വിത്തുകൾ മുക്കിവച്ചാൽ മതി. നടാനുള്ള തടങ്ങൾ നല്ലതുപോലെ ഉഴുതുനിരപ്പാക്കി, സുതാര്യമായ കനം കുറഞ്ഞ, പോളിത്തീൻ ഷീറ്റുകൊണ്ട് മൂടി മണ്ണ് സോളറൈസ് ചെയ്യുന്നതും മണ്ണിലെ കുമിൾബീജങ്ങളെ നശിപ്പിക്കാൻ ഉത്തമമാണെന്നു കണ്ടിട്ടുണ്ട്. തോട്ടങ്ങളിൽ നല്ല നീർവാർച്ച ഉറപ്പുവരുത്തണം. രോഗബാധ കണ്ടാലുടൻ അത്തരം ചെടികൾ പിഴുതുമാറ്റി നശിപ്പിച്ച്, തടങ്ങളിൽ 0.2% കോപ്പർ ഓക്സിക്ലോറൈഡ് ലായനിയോ 0.3% മാൻകോസെബ് ലായനിയോ ഒഴിക്കണം. വിത്തുകൾ നടുന്നതോടൊപ്പം രോഗത്തിൻറെ ജൈവീകനിയന്ത്രണത്തിനായി ട്രൈക്കോഡെർമ, തടമൊന്നിന് (3X1 മീറ്റർ) 50 ഗ്രാം എന്ന തോതിൽ വേപ്പിൻ പിണ്ണാക്കിലോ, ചാണകത്തിലോ മറ്റോ ചേർത്തുകൊടുക്കുന്നതും നല്ലതാണ്. രോഗബാധ രൂക്ഷമായുള്ള കൃഷിയിടങ്ങളിൽ തുടർച്ചയായുള്ള കൃഷി ഒഴിവാക്കി വിള പരിക്രമണം നടത്തണം.

ii) ബാക്ടീരിയാ വാട്ടം: അടുത്തകാലത്തായി ഇഞ്ചിക്കൃഷിയ്ക്ക് കടുത്ത ഭീഷണിയായിരിക്കുകയാണ് ഈ രോഗം. മണ്ണിലുള്ള ഒരുതരം ബാക്ടീരിയ(റാൽസ്റ്റോണിയ സൊളനസ്യേറം)യാണ് നാശം വിതയ്ക്കുന്നത്. തുടർച്ചയായ  മഴയ്ക്ക്‌ശേഷം വെയിൽ തെളിയുമ്പോഴാണ്‌ രോഗം സാധാരണ കാണപ്പെടുക. ജലാംശം നഷ്ടപ്പെട്ട് ഇലകൾ കൂമ്പുന്നതാണ് പ്രഥമ ലക്ഷണം. ഇലകളിൽ ഓറഞ്ചു കലർന്ന മഞ്ഞനിറം പടരുമെങ്കിലും തണ്ടിൻറെ നിറം പച്ചയായിരിക്കും. എന്നാൽ കടഭാഗത്തോടുചേർന്നു തണ്ടിൻറെ ചുവടുഭാഗത്ത് പിങ്കുനിറം കാണാം. ക്രമേണ കാണ്ഡം ചീഞ്ഞ്‌ ദുർഗന്ധം വമിക്കുന്നു. ഉൾഭാഗമാകെ വഴുവഴുപ്പുള്ളതായിരിക്കും. വേരുകളിലേക്കും ചീയൽ വ്യാപിക്കുന്നതോടെ  ചെടികൾ  സമ്പൂർണ്ണമായി  നശിക്കുന്നു.

ഈ രോഗത്തിന് ഫലപ്രദമായ നിയന്ത്രണമാർഗ്ഗങ്ങൾ ഇനിയും കണ്ടെത്തിയിട്ടില്ല. തന്മൂലം രോഗം വരാതിരിക്കാനുള്ള മുൻകരുതൽ അത്യന്താപേക്ഷിതമാണ് . ആരോഗ്യമുള്ള, രോഗബാധയില്ലാത്ത വിത്തിനം മാത്രം തിരഞ്ഞെടുക്കുക. വിത്തുകൾ സംഭരിക്കുന്നതിനു മുമ്പായി സ്ട്രെപ്റ്റോസൈക്ലിൻ (ഒരു ലിറ്ററിൽ 200 മില്ലിഗ്രാം ) ലായനിയിൽ അരമണിക്കൂർ നേരം മുക്കി വയ്ക്കണം. രോഗബാധയേറ്റ ചെടികൾ എത്രയും പെട്ടെന്നു തന്നെ നീക്കം ചെയ്ത് നശിപ്പിക്കണം. തടങ്ങളിൽ ഒരു ശതമാനം ബോർഡോ മിശ്രിതം ഒഴിക്കുന്നതും നല്ലതാണ്. രോഗബാധ വ്യാപകമാണെങ്കിൽ അത്തരം കൃഷിയിടങ്ങളിൽ തുടർച്ചയായി ഇഞ്ചി കൃഷി ചെയ്യാതിരിക്കുക.

iii) ഇലപ്പുള്ളി രോഗം: ഇഞ്ചിക്കൃഷിക്കാർ ഇതിനെ നരയൻ എന്നും വിളിക്കാറുണ്ട്. ഇഞ്ചിയിൽ ഫില്ലോസ്റ്റിക്റ്റ സിഞ്ചിബറി എന്ന കുമിളും മഞ്ഞളിൽ ടഫ്രീന മാക്കുലൻസ് എന്നൊരു കുമിളുമാണ് രോഗകാരികൾ. കൊളിറ്റോട്രിക്കം കാപ്സിസി എന്ന മറ്റൊരിനം കുമിളും മഞ്ഞളിൽ ഇതുപോലെയൊരു രോഗം ഉളവാക്കാറുണ്ട്.

ഇഞ്ചിയുടെ ഇലകളിൽ ചെറിയ പൊട്ടുകളായാണ് ഈ രോഗം പ്രത്യക്ഷപ്പെടുക. നല്ല ഈർപ്പമുള്ള വേളകളിൽ രോഗബാധയേറ്റ ഇലകളുടെ പ്രതലമാകെ കുതിർന്നിരിക്കും. ക്രമേണ ഈ പുള്ളികൾ വലുതാകുകയും അവയുടെ മധ്യഭാഗം വെളുക്കുകയും ചെയ്യും. ഇത്തരം പുള്ളികൾ പരസ്പ്പരം യോജിക്കുന്നതോടെ ഇലയാകെ കരിഞ്ഞതുപോലെയാകുന്നു. മഞ്ഞളിൽ, ഇലകളുടെ ഇരു പ്രതലങ്ങളിലും കുത്തുകളായിട്ടോ, ദീർഘവൃത്താകൃതിയിലുള്ള പൊട്ടുകളായോ രോഗം ആരംഭിക്കുന്നു. ഇളംമഞ്ഞനിറത്തിലുള്ള പൊട്ടുകൾ ക്രമേണ തവിട്ടുനിറം പ്രാപിച്ച് ഒരുമിക്കുന്നതോടെ ഇലകൾ മുഴുവൻ ഉണങ്ങുന്നു.

രോഗബാധയുള്ള ഇലകൾ മുറിച്ചുമാറ്റി നശിപ്പിക്കുകയാണ് ഈ രോഗത്തിനുള്ള ലളിതമായ ഒരു പരിഹാരം. 0.2% മാൻകോസെബ്  ലായനി തളിക്കുന്നതും രോഗശമനത്തിന് ഉപകാരപ്രദമാണ്. തുറസ്സായ കൃഷിയിടങ്ങൾക്കുപകരം അൽപ്പം തണൽ നൽകുന്നതും രോഗത്തെ ഒരുപരിധിവരെ നിയന്ത്രിക്കും.

iv) ശൽക്കകീടങ്ങൾ : മഞ്ഞളിനേയും ഇഞ്ചിയെയും ഒരുപോലെ ബാധിക്കുന്ന ശൽക്കകീടങ്ങളാണ് കീടങ്ങളിൽ മുഖ്യൻ. കൃഷിയിടങ്ങളിലും സംഭരണവേളയിലും ഇവയുടെ ബാധയുണ്ടാകാം. പൂർണ്ണവളർച്ചയെത്തിയ പെണ്‍കീടങ്ങൾ കാഴ്ച്ചയിൽ സൂക്ഷ്മങ്ങളാണെങ്കിലും, വൃത്താകൃതിയിൽ ചാരം കലർന്ന ഇളം തവിട്ടുനിറമുള്ളവയാണ്. ഇവ പ്രകന്ദങ്ങളിൽ പുറ്റുകൾപോലെ പറ്റിപ്പിടിച്ചിരുന്ന്‌ നീര് വലിച്ചു കുടിക്കുന്നതോടെ തടകൾ ശുഷ്ക്കിച്ച് ചുക്കിചുളിയുന്നു. ഇത്തരം വിത്തുകൾ സംഭരിച്ചാൽ അവ മുളയ്ക്കുന്നതു തന്നെ വിരളമായിരിക്കും.

കീടബാധയില്ലാത്ത ചെടികളിൽ നിന്ന് വിത്തുകൾ ശേഖരിക്കേണ്ടത് ഇവയുടെ നിയന്ത്രണത്തിന് അത്യന്താപേക്ഷിതമാണ്. സംഭരണത്തിനു മുമ്പായി വിത്തുകൾ 0.1% ക്വിനാൽഫോസ് കീടനാശിനിയിൽ 30 മിനിട്ട് നേരം മുക്കിവയ്ക്കേണ്ടതും വളരെ ആവശ്യമാണ്‌.

v) തണ്ടുതുരപ്പൻ : ഇഞ്ചിയുടെയും മഞ്ഞളിൻറെയും ഒരു പൊതു ശത്രുവാണ് തണ്ടുതുരപ്പൻ. മഞ്ഞയിൽ കറുത്ത പൊട്ടുകളുള്ള ഒരിനം ശലഭങ്ങളുടെ പുഴുക്കളാണിവ. ഈ പുഴുക്കൾ തണ്ടിനുള്ളിലേക്ക് തുരന്നു കയറുന്നതിൻറെ ഫലമായി നാമ്പിലയും തണ്ടും വാടിക്കരിയുന്നു. തണ്ടിലെ പ്രവേശനദ്വാരത്തിലൂടെ പുഴുവിൻറെ വിസർജ്ജ്യവസ്തുക്കൾ പുറത്തേക്കുവരുന്നത് കാണാം.

പുഴുക്കളുടെ ആക്രമണം ലഘുവായ തോതിലേയുള്ളുവെങ്കിൽ ആക്രമണവിധേയമായ തണ്ടുകൾ നീക്കം ചെയ്ത് പുഴുക്കളെ ശേഖരിച്ച് നശിപ്പിക്കുക. രൂക്ഷമായ ആക്രമണമാണെങ്കിൽ ഡൈമെത്തോയേറ്റ്(0.05%) അല്ലങ്കിൽ ക്വിനാൽഫോസ് (0.05%) 15 ദിവസം ഇടവിട്ട്‌ രണ്ടു മൂന്നു വട്ടം തളിക്കുക.

vi) നിമാവിരകൾ : നഗ്നനേത്രങ്ങളാൽ  കാണാൻ കഴിയാത്ത നിമാവിരകളുടെ ശല്യം ഇഞ്ചിയിലും മഞ്ഞളിലും അതിരൂക്ഷമാണ്, ചിലയിടങ്ങളിലെങ്കിലും. വേരുകളിൽ മാത്രമല്ല പ്രകന്ദങ്ങളിലും ഇവ കണ്ടുവരുന്നു. തടകളിലെ സംഭരണകലകളിൽ വാസമുറപ്പിച്ച് പെരുകുന്നതോടെ അവിടവിടെ തവിട്ടുനിറത്തിലുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നു. ഈ ഭാഗത്തിലെ കോശങ്ങൾ നശിക്കുന്നതോടെ പ്രകന്ദങ്ങളിൽ പൊട്ടുകൾ രൂപംകൊള്ളുകയും തടങ്ങൾ ശുഷ്ക്കിക്കുകയും ചെയ്യും. വിത്തുകൾ ശേഖരിക്കുമ്പോൾ ഏതാനും പ്രകന്ദങ്ങളെങ്കിലും കുറുകെ മുറിച്ചു നോക്കിയാൽ നിമാവിരബാധ മനസ്സിലാക്കാം.

ഇവയെ നിയന്ത്രിക്കുവാനായി ചെയ്യാവുന്ന ഒരു കാര്യം നിമാവിരബാധയില്ലാത്ത പ്രദേശങ്ങളിൽ നിന്നു മാത്രം വിത്തുകൾ ശേഖരിക്കുക എന്നതാണ്. നിമാവിരബാധയുള്ള വിത്തുകൾ 55 °C  ചൂടുള്ള വെള്ളത്തിൽ ഏകദേശം 10 മിനിട്ട് നേരം മുക്കിയത്തിനു ശേഷം മാത്രം നടുക. കൃഷിയിടങ്ങളിൽ സോളറൈസേഷൻ നടത്തുന്നതും, ജൈവീക നിയന്ത്രണത്തിനുതകുന്ന കുമിളുകളെ മണ്ണിൽ ചേർത്തുകൊടുക്കുന്നതും നിമാവിര നിയന്ത്രണത്തിന് സഹായകമാണ്.

ശ്രദ്ധിക്കേണ്ട ഇതരകാര്യങ്ങൾ

ഇഞ്ചിയായാലും മഞ്ഞളായാലും കീട‍രോഗനിർമ്മാർജ്ജനത്തോടൊപ്പം ശ്രദ്ധ കൊടുക്കേണ്ട മറ്റു ചില കാര്യങ്ങൾ കൂടിയുണ്ട്. ഇവയിൽ ഏറ്റവും പ്രധാനം നടീൽവസ്തുക്കളുടെ തിരഞ്ഞെടുപ്പാണ്. വിത്തുഗുണം പത്തുഗുണം എന്നാണല്ലോ പ്രമാണം. കീടരോഗവിമുക്തമായ വിത്തുകൾ തിരഞ്ഞെടുക്കാൻ ശുഷ്കാന്തി കാണിക്കുന്നതോടൊപ്പം അവ അത്യുത്പാദനശേഷിയുള്ള, ഗുണമേന്മയുള്ള മെച്ചപ്പെട്ട ഇനങ്ങളുടെ വിത്തുകളാണെന്നു കൂടി ഉറപ്പുവരുത്തണം. വർഷങ്ങളായി കർഷകരുടെ വിശ്വാസമാർജ്ജിച്ച നാടൻ ഇനങ്ങൾക്കു പുറമേ നിരവധി പുത്തൻ ഇനങ്ങൾക്കു നമ്മുടെ കാർഷിക ഗവേഷണ ശാലകൾ ജന്മമേകിയിട്ടുണ്ട്. കൃഷിയിനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഉത്പാദനശേഷിയോടൊപ്പം അവയുടെ ഉണക്കുശതമാനം, ഗുണമേന്മ നിർണ്ണയിക്കുന്ന ഇഞ്ചിയിലെ നാരിൻറെ അളവ്, മഞ്ഞളിലെ കുർക്കുമിൻറെ തോത് എന്നിവയും പരിഗണിക്കേണ്ടതാണ്. കർഷകർ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാത്ത മറ്റൊരു മേഖലയാണ് വിത്തുസംസ്കരണം. ഗുണമേന്മ കൂട്ടാനും നിലനിർത്താനും ഉതകുന്ന മാർഗ്ഗങ്ങൾ,  ഉത്പന്നങ്ങൾ സംസ്കരിക്കുമ്പോൾ അവലംബിക്കേണ്ടതും മാറിയ സാഹചര്യത്തിൽ അത്യന്താപേക്ഷിതമാണ്.

ഇഞ്ചിയുടെ ബാക്ടീരിയ വാട്ടവും മൂടുചീയലും- ഒരു താരതമ്യം

 

ബാക്ടീരിയാവാട്ടം

മൂടുചീയൽ

രോഗകാരി            :

റാൽസ്റ്റോണിയ സൊളനാസിയറം ബാക്ടീരിയകൾ.

പിത്തിയം കുമിളുകൾ.

 

രോഗകാലം            :

കനത്ത മഴയ്ക്ക്‌ ശേഷമുള്ള ഇടവേളകളിൽ.

തുടർച്ചയായ മഴയെത്തുടർന്ന്              മണ്ണിൽ ഈർപ്പം വർധിക്കുമ്പോൾ.

 

പ്രഥമലക്ഷണം       :

മഞ്ഞളിപ്പില്ലാതെയുള്ള ഇലകളുടെ

വാട്ടം.

മണ്ണിനോടടുത്തുള്ള ഇലകളിലെ        മഞ്ഞളിപ്പ്.

 

പ്രധാന               രോഗലക്ഷണങ്ങൾ :

ഇലകളിൽ ഓറഞ്ചു കലർന്ന
മഞ്ഞനിറം, തണ്ടുകൾ പച്ച.

മഞ്ഞളിപ്പ് ഇലകളിലും തണ്ടുകളിലും    ഒരുപോലെ വ്യാപിക്കുന്നു.

 

കാണ്ഡം മുഴുവൻ ചീഞ്ഞതിനു ശേഷം മാത്രം തണ്ടുകൾ എളുപ്പത്തിൽ വേർപെട്ടു പോരുന്നു.

തണ്ടുകൾ പിടിച്ചുവലിച്ചാലുടൻ          വേർപെടുന്നു.

 

ചീഞ്ഞ കാണ്ഡങ്ങൾക്ക് അതിയായ   ദുർഗന്ധം.

ദുർഗന്ധം അത്ര രൂക്ഷമല്ല.

 

രോഗബാധയേറ്റ തണ്ടുകൾ മുറിച്ച്   വിരലുകൊണ്ടമർത്തുകയോ,      ശുദ്ധജലത്തിൽ താഴ്ത്തുകയോ    ചെയ്‌താൽ വെളുത്ത ഒരു ദ്രാവകം ഒലിച്ചിറങ്ങുന്നു.

അപ്രകാരം സംഭവിക്കുന്നില്ല.

 

സോളറൈസേഷൻ എന്ത്, എങ്ങിനെ ?

സോളറൈസേഷൻ അഥവാ സൂര്യ താപീകരണം എന്നത് വിതയ്ക്കുമുമ്പ് മണ്ണിലെ കീടങ്ങളേയും രോഗാണുക്കളേയും കളകളേയും നശിപ്പിക്കാനുതകുന്ന ലളിതമായ ഒരു സാങ്കേതികവിദ്യയാണ് മാർച്ച് മുതൽ മെയ്‌വരെയുള്ള വേനൽക്കാല മാസങ്ങളാണ് ഇതിന് ഏറ്റവും അനുയോജ്യം. കൃഷിയിടങ്ങൾ നന്നായി ഉഴുതു നിരപ്പാക്കി കല്ലുകളും കട്ടകളും നീക്കം ചെയ്ത്, സാമാന്യം നന്നായി നനയ്ക്കുക. തുടർന്ന് നേർത്ത സുതാര്യമായ, വെള്ള പോളിത്തീൻ ഷീറ്റ് (25-100 മൈക്രോണ്‍സ് കനമുള്ളത്) മണ്ണിനു മീതെ വിരിച്ച്, അഗ്രങ്ങൾ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ മണ്ണിനകത്തേയ്ക്കിറക്കിവയ്ക്കുക. സൂര്യതാപമേറ്റ് മണ്ണിൽ രൂപംകൊള്ളുന്ന താപോർജ്ജം നഷ്ടപ്പെടാതിരിക്കുവാൻ വേണ്ടിയാണിത്. കുറഞ്ഞത്‌ ആറാഴ്ച്ചയെങ്കിലും ഇപ്രകാരം മണ്ണിന് വെയിലേൽക്കണം. ഈ പ്രക്രിയ വഴി ഉപരിതലത്തിൽ നിന്ന് ഒരടി താഴ്ച്ച വരെയുള്ള മണ്ണിലെ താപനില അന്തരീക്ഷത്തിലേതിനേക്കാൾ ഏകദേശം 10-12°C കൂടുതലായി നിലനിൽക്കുന്നു. തത്ഫലമായി മണ്ണിൽ നടക്കുന്ന ജൈവരാസപരിണാമങ്ങൾ രോഗാണുക്കളേയും കീടങ്ങളേയും മാത്രമല്ല, കളകളുടെ ബീജങ്ങളേയും നശിപ്പിക്കുന്നു. ഇപ്രകാരം ഒരുക്കുന്ന മണ്ണിൽ വിത്തുകൾ നന്നായി മുളയ്ക്കും, തൈകൾക്ക് നല്ല കരുത്തുണ്ടായിരിക്കും, കളകളുടേയും, കീടങ്ങളുടേയും, രോഗങ്ങളുടേയും ശല്യം വളരെ കുറവുമായിരിക്കും. നഴ്സറികളിലെ തവാരണകളോ, നടീൽമിശ്രിതമോ കീടരോഗാണു വിമുക്തമാക്കാനുള്ള അനായാസമായ ഒരു ഉപായമാണിത്. മാത്രമല്ല സങ്കീർണ്ണമായ ഉപകരണങ്ങളുടെ ആവശ്യമില്ല, മറ്റു പരിസ്ഥിതി പ്രശ്നങ്ങൾ ഉളവാക്കുന്നുമില്ല.

കറുത്തപൊന്നിൻറെ രോഗങ്ങൾ: ഒരു ശാസ്ത്രീയാപഗ്രഥനം

 

കാർഷികകേരളത്തിൻറെ സമ്പദ്ഘടനയിൽ സുപ്രധാന ഘടകമായ കുരുമുളകുകൃഷിയുടെ നിലനിൽപ്പുതന്നെ അനവധി രോഗങ്ങൾ മൂലം അപകടത്തിലാണ്. ദ്രുതവാട്ടം പോലെയുള്ള മാരകരോഗങ്ങൾ വ്യാപകമാകുന്നതോടൊപ്പം പുതിയ രോഗങ്ങളും പല സ്ഥലങ്ങളിലും അവതരിക്കുന്നു. രോഗങ്ങളിൽ നിന്ന് കുരുമുളകിനു മോചനമില്ലേ? ഫലപ്രദമായ രോഗനിയന്ത്രണ മാർഗ്ഗങ്ങൾ ഇനിയും ലഭ്യമല്ലേ? രോഗവിമുക്തി നേടാൻ നമ്മുടെ കർഷകർക്ക് പലപ്പോഴും സാധിക്കാതെ പോകുന്നതെന്തുകൊണ്ട്? കുരുമുളകിൻറെ പ്രധാനപ്പെട്ട രോഗങ്ങൾ, അവയ്ക്കുള്ള പ്രതിവിധികൾ എന്നിവയെകുറിച്ചുള്ള ഈ ലഘുവിവരണം കറുത്തപൊന്നിൻറെ സുരക്ഷയ്ക്കുതകുന്ന ശാസ്ത്രീയവും വസ്തുനിഷ്ഠവുമായ അറിവ് പകരുമെന്ന് പ്രത്യാശിക്കുന്നു.

  1. ദ്രുതവാട്ടവും സാവധാനവാട്ടവും

കർഷകരുടെ പേടിസ്വപ്നമായ ദ്രുതവാട്ടം (Quick wilt or Phytophthora foot rot)  ചുവടുചീയൽ, മൂടുചീയൽ, കടചീയൽ എന്നീ പേരുകളിലും അറിയപ്പെടുന്നു. മണ്ണിൽ കാണപ്പെടുന്നഫൈറ്റോഫ്തോറ കാപ്സിസി (Phytophthora capsici) എന്നയിനം കുമിളുകളാണ് രോഗകാരണം. കോഴിക്കോട്ടെ ദേശീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിൽ (NRCS) അടുത്തകാലത്തു നടന്ന ചില പഠനങ്ങൾ ഈ മാരകരോഗത്തിൻറെ സ്വഭാവത്തിലേക്ക് കൂടുതൽ വെളിച്ചം പകരുന്നവയാണ്. തികച്ചും സ്വതന്ത്രമായ രണ്ടുരീതികളിലാണ് ഈ കുമിളുകൾ കുരുമുളകുകൊടികളെ ആക്രമിക്കുക. ഒന്നാമത്തെ രീതിയിൽ മണ്ണിൽക്കൂടി കൊടിയുടെ വേരുകളേയും, വേരുകളിലൂടെ കടഭാഗത്തേയും ആക്രമിക്കുമ്പോൾ, രണ്ടാമത്തെ രീതിയിലാകട്ടെ, കൊടിയുടെ ഉപരിതലഭാഗങ്ങളിലാണ് രോഗബാധയുണ്ടാകുക. വേരുകളിലെ രോഗബാധ, ബാഹ്യലക്ഷണങ്ങൾ വളരെ വൈകി മാത്രം ദൃശ്യമാകുന്നതിനാൽ, നിയന്ത്രണവിധേയമാക്കുക പ്രായേണ ദുഷ്ക്കരമാണ്. എന്നാൽ ഇല, തണ്ട്, തിരി മുതലായ ഉപരിതലഭാഗങ്ങളിലെ രോഗബാധ വ്യക്തമായ രോഗലക്ഷണങ്ങളുളവാക്കുന്നതും, തക്കതായ രോഗനിവാരണമാർഗ്ഗങ്ങൾ  സ്വീകരിച്ചാൽ  തീർത്തും  ഭേദമാക്കാവുന്നതുമാണ്.

മഴക്കാലത്ത് മണ്ണിലേയും അന്തരീക്ഷത്തിലേയും ഈർപ്പം വർദ്ധിക്കുന്നതോടെ, മണ്ണിൽ നിർജ്ജീവാവസ്ഥയിൽ കഴിയുന്ന കുമിൾബീജങ്ങൾ സജീവമാകുന്നു. പുതുമഴയോടെ  (മെയ്‌-ജൂണ്‍ മാസങ്ങൾ) കൊടികളിൽ പൊട്ടിമുളയ്ക്കുന്ന ഇളം വേരുകളെയാണ് ഇവ ആദ്യം കീഴടക്കുക. കുമിൾബാധയാൽ വേരുകൾ നശിക്കുന്തോറും പുതിയ വേരുകൾ പുറപ്പെടുവിക്കുന്ന കൊടികൾ രോഗത്തെ ചെറുത്തു നിന്നേയ്ക്കാം. ഈ ഘട്ടത്തിൽ ബാഹ്യലക്ഷണങ്ങൾ ഒന്നുംതന്നെ പ്രകടമാകാത്തതിനാൽ രോഗബാധ തിരിച്ചറിയാൻ വൈകുന്നു. നിർഭാഗ്യവശാൽ, രോഗം വേരുകളിലൂടെ തണ്ടുകളിലേക്ക് വ്യാപിച്ച്, കൊടിയുടെ കടഭാഗത്ത് എത്തുമ്പോൾ മാത്രമേ നാം രോഗബാധ കണ്ടെത്താറുള്ളൂ. കുമിൾബാധ വേരുകളിൽ മാത്രമൊതുങ്ങി നിന്നാൽ ഇലകൾ മഞ്ഞളിക്കുന്നതായി കാണാം. പക്ഷെ ഈ അവസ്ഥയും മഴക്കാലത്തെ അപേക്ഷിച്ച്, വരണ്ട കാലാവസ്ഥയിലാണ് വ്യക്തമായി കാണപ്പെടുക. കുമിളുകൾ വേരുകളെ ബാധിക്കുന്ന പ്രാരംഭഘട്ടത്തിൽ തന്നെ സസ്യസംരക്ഷണ നടപടികൾ സ്വീകരിച്ചാൽ, ദ്രുതവാട്ടത്തെ തടയാൻ കഴിയും. എന്നാൽ രോഗബാധ തണ്ടുകളിലേക്ക് പടരുന്നതോടെ, കൊടിയുടെ കടഭാഗം ചീഞ്ഞഴുകി, ഇലകളും ശാഖകളും അതിവേഗം ഉണങ്ങി കൊഴിയുന്നതിനാൽ, കൊടികൾ തീർത്തും നശിക്കുന്നു. മണ്ണിൽ പടർന്നു വളരുന്ന ചെന്തലകളിൽ കൂടിയും കടഭാഗത്ത് രോഗബാധയുണ്ടാകാമെന്ന വസ്തുത ഇവിടെ  വിസ്മരിക്കുന്നില്ല.

വർഷകാലത്ത് (ജൂണ്‍-ജൂലൈ മാസങ്ങൾ) മഴത്തുള്ളികൾ മണ്ണിൽ ശക്തിയോടെ പതിക്കുമ്പോൾ, രോഗാണുക്കളടങ്ങിയ മണ്ണും ജലകണങ്ങളും തെറിച്ചാണ് കൊടിയുടെ ഉപരിതലഭാഗങ്ങളിൽ രോഗബാധയുണ്ടാകുന്നത്. കൊടികളുടെ ചുവടുഭാഗങ്ങളിലാരംഭിച്ച് ക്രമേണ പടിപടിയായി രോഗം അഗ്രഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. ഇലകളിൽ രോഗം ഇരുണ്ട തവിട്ടുനിറമുള്ള പുള്ളിക്കുത്തുകളായിട്ടാണ് തുടങ്ങുന്നത്. ഇവ ക്രമേണ വലുതായി പ്രതലമാകെ വ്യാപിച്ച്, ഇലകൾ തന്നെ കൊഴിഞ്ഞു പോകുന്നു. സൂക്ഷിച്ചുനോക്കിയാൽ ഇത്തരം പുള്ളികളുടെ അരികിൽ തൊങ്ങലുകൾ പിടിപ്പിച്ചതുപോലെ കാണപ്പെടും. ശാഖകളിൽ കുമിൾബാധയേൽക്കുമ്പോൾ, ഇലമഞ്ഞളിപ്പും ഇലകൊഴിച്ചിലുമുണ്ടാകാമെങ്കിലും, ശാഖകൾ മിക്കവയും അതിവേഗം ഉണങ്ങിപോവുകയാണ് പതിവ്. തിരികളിലാകട്ടെ, അവിടവിടെ കറുത്ത പാടുകൾ പ്രത്യക്ഷപ്പെട്ട് അധികം  വൈകാതെ തിരികൾ ഉണങ്ങി വീഴുന്നു. ഇവിടെയെല്ലാം കൊടികൾക്ക് ഭാഗികമായ നാശമേ നേരിടുന്നുള്ളൂ. അനുയോജ്യമായ സസ്യസംരക്ഷണ നടപടികൾ കൈക്കൊണ്ടാൽ രോഗം നിയന്ത്രണവിധേയമാക്കാൻ ബുദ്ധിമുട്ടില്ല. എന്നാൽ, ഇത്തരം ലക്ഷണങ്ങളെ, തോട്ടങ്ങളിൽ മാരകമായ രോഗബാധ ഉണ്ടായേക്കാമെന്നതിൻറെ സൂചനയായി കണ്ട്, ആവശ്യമായ മുൻകരുതൽ എടുക്കേണ്ടതാണ്.

സാവധാനവാട്ടത്തിനും (Slow wilt or Slow decline) കൊടികളുടെ വേരുകളിലുണ്ടാകുന്ന രോഗബാധയാണ് കാരണം. രോഗഹേതു  ഫൈറ്റോഫ്ത്തോറ കാപ്സിസി എന്ന കുമിളുകളോ സസ്യനിമാവിരകളോ ഇവ രണ്ടുമോ ആകാം. ഇല മഞ്ഞളിപ്പും ഇല കൊഴിച്ചിലുമാണ് ഈ രോഗത്തിൻറെ ലക്ഷണങ്ങൾ. എന്നാൽ കൊടികൾ സമ്പൂർണ്ണമായി നശിക്കാൻ നാലഞ്ചുവർഷം വേണ്ടിവരും. കുരുമുളകിനെ ആക്രമിക്കുന്ന പ്രധാനപ്പെട്ട രണ്ട് നിമാവിരകളാണ് റാഡോഫോളസ് സിമിലിസും (Radophilis similis) മെലയ്ഡോഗൈൻ ഇൻകൊഗ്നിറ്റയും (Meloidogyne incognita). സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണ് തോട്ടങ്ങളിൽ ഇവ ക്രമാതീതമായി പെരുകുന്നത്. മഴക്കാലത്ത് മുളയ്ക്കുന്ന പുതിയ വേരുകളെയെല്ലാം ഇവ ആക്രമിക്കുന്നു. റാഡോഫോളസ് നിമാവിര വേരുകളിൽ ഇരുണ്ട തവിട്ടുനിറത്തിലുള്ള ക്ഷതങ്ങളുണ്ടാക്കുകയും ഇവ ക്രമേണ വേരുചീയലിനിടയാക്കുകയും ചെയ്യുന്നു. മെലയ്ഡോഗൈനാകട്ടെ കുരുമുളകുവേരുകളിൽ മുഴകൾ (galls), തടിപ്പുകൾ എന്നിവ ഉണ്ടാക്കുന്നു. നിമാവിരബാധമൂലം ക്ഷയിക്കുന്ന വേരുപടലങ്ങൾക്ക് മണ്ണിൽ നിന്ന് ജലവും പോഷകങ്ങളും കാര്യക്ഷമമായി ആഗിരണം ചെയ്യാൻ  സാധിക്കാത്തതിനാൽ പ്രസ്തുത കൊടികളുടെ ഇലകൾ മഞ്ഞളിച്ച് കാലക്രമേണ കൊടികൾ നശിക്കുന്നു. ജനുവരിമാസം മുതൽ മണ്ണിലെ ഈർപ്പം കുറയുന്നതോടെ ഇല മഞ്ഞളിപ്പ് രൂക്ഷമാകുന്നതായി കാണാം. നിമാവിരകളോടൊപ്പം ഫൈറ്റോഫ്തോറ മുതലായ  കുമിളുകളും കൂടി  വേരുകളെ  ബാധിച്ചാൽ  നാശം  അതിവേഗവും,  ഭീകരവുമായിരിക്കും.

പ്രതിവിധികൾ പ്രതിരോധ മാർഗ്ഗങ്ങൾ

കുമിളുകളും നിമാവിരകളുമെല്ലാം മണ്ണിൽ ഒരുമിച്ചുതന്നെ കാണപ്പെടുന്ന സസ്യ പരാദങ്ങളായതിനാൽ, ഇവയെ നിയന്ത്രണ വിധേയമാക്കാതെ ഈ രോഗങ്ങളിൽ നിന്നും കൊടികളെ രക്ഷിക്കുക സാധ്യമല്ല. ഇതിനായി രോഗനിയന്ത്രണമാർഗ്ഗങ്ങൾ പ്രയോഗിക്കുന്നതോടൊപ്പം, രോഗസാഹചര്യങ്ങൾ ഇല്ലാതാക്കാനും യത്നിക്കേണ്ടതാണ്. ദ്രുതവാട്ടവും സാവധാനവാട്ടവും നേരിടാൻ രാസ-രാസേതര നിയന്ത്രണമാർഗ്ഗങ്ങൾ സംയോജിപ്പിച്ച സമഗ്രമായ ഒരു സസ്യസംരക്ഷണ പദ്ധതിയുടെ രൂപരേഖ താഴെ വിവരിക്കുന്നു.

കൃഷിമുറകളും ശുചിത്വവും

  • രോഗംബാധിച്ചുണങ്ങിയ കുരുമുളകുവള്ളികൾ വേരോടെ പിഴുതുമാറ്റി തീയിട്ടു നശിപ്പിക്കുക. പ്രസ്തുത തടങ്ങളിൽ രണ്ടു ഗ്രാം കോപ്പർ ഓക്സി ക്ലോറൈഡ് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കിയ ലായനി, തടമൊന്നിന് 5 ലിറ്റർ വീതമോഴിച്ച് മണ്ണ് കുമിൾ വിമുക്തമാക്കുക. ഈ തടങ്ങളിൽ ഏകദേശം ഒരു വർഷത്തിനുശേഷമേ പുതിയ തൈകൾ നടുവാൻ പാടുള്ളൂ.
  • മഴക്കാലത്തിന് മുൻപായി തോട്ടങ്ങളിൽ നല്ല നീർവാർച്ചാ സൗകര്യം ഉറപ്പുവരുത്തുകയും വേണ്ടത്ര സൂര്യപ്രകാശം കൊടികളിൽ പതിക്കുവാൻ വേണ്ടി, താങ്ങുമരങ്ങളുടെ ശാഖകൾ മുറിച്ചുമാറ്റി  തണൽ  നിയന്ത്രണം നടത്തുകയും ചെയ്യുക.
  • മണ്ണിൽ  പടർന്നു  വളരുന്ന  ചെന്തലകളും ഞാലൻ തലകളും മുറിച്ചു കളയുകയോ, താങ്ങുമരങ്ങളോട് ചേർത്ത് കെട്ടുകയോ ചെയ്യുക. മണ്‍നിരപ്പിൽ നിന്ന് ഒന്നൊന്നരയടി ഉയരത്തിലുള്ള ശാഖകൾ വെട്ടിമാറ്റുന്നതും, തോട്ടങ്ങളിൽ തോട്ടപ്പയറോ പുല്ലോ വളർത്തുന്നതും ഇലകളിലും ശാഖകളിലും ഉണ്ടാകുന്ന രോഗബാധ തടയുവാൻ സഹായകരമാണ്.
  • വേരുകൾക്കുണ്ടാകാവുന്ന ക്ഷതമൊഴിവാക്കാൻ വേണ്ടി തോട്ടങ്ങളിലെ ഇടയിളക്കൽ പ്രക്രിയ കഴിവതും കുറയ്ക്കുക.
  • രോഗം ബാധിച്ച തോട്ടങ്ങളിൽ  നിന്നും രോഗവിമുക്തമായ തോട്ടങ്ങളിൽ ആളുകൾ പ്രവേശിക്കുന്നതും, പണിയായുധങ്ങൾ ഉപയോഗിക്കുന്നതും ആവശ്യമായ ശുചീകരണ നടപടികൾക്ക് ശേഷമാണെന്ന് ഉറപ്പു വരുത്തുക.
  • മെയ്‌-ജൂണ്‍ മാസങ്ങളിൽ വള്ളിയൊന്നിന് ഒരു കിലോഗ്രാം എന്ന തോതിൽ നല്ല വേപ്പിൻപിണ്ണാക്ക് (3-4 ശതമാനം എണ്ണയടങ്ങിയവ) ചേർത്തു കൊടുക്കുന്നത് കുമിളുകളെയും നിമാവിരകളെയും ഒരു പരിധിവരെ നിയന്ത്രിക്കാനും, മണ്ണിലെ ജൈവാംശം വർധിപ്പിക്കാനും സഹായകമാണ്.

രാസനിയന്ത്രണമാർഗ്ഗങ്ങൾ

കാലവർഷത്തിനു  മുൻപും (മെയ്‌-ജൂണ്‍), അതിനു ശേഷവും (ഓഗസ്റ്റ്‌-സെപ്റ്റംബർ) കുരുമുളകുകൊടികളിൽ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം നന്നായി തളിച്ചു കൊടുക്കുക. ഇപ്രകാരം തളിക്കുമ്പോൾ കുമിൾനാശിനി കൊടിയുടെ കടഭാഗത്തും, മണ്ണിനോടടുത്ത മറ്റുഭാഗങ്ങളിലും നന്നായി പതിയുവാൻ ശ്രദ്ധിക്കേണ്ടതാണ്.  തടങ്ങളിൽ 0.2% വീര്യമുള്ള കോപ്പർ ഓക്സിക്ലോറൈഡ് ലായനി (ഒരു ലിറ്റർ വെള്ളത്തിൽ രണ്ടു ഗ്രാം കോപ്പർ ഓക്സിക്ലോറൈഡ് കലക്കിയത്) അഞ്ചു മുതൽ പത്തു  ലിറ്റർ വരെ ഒഴിച്ച് കൊടുക്കുകയും ചെയ്യേണ്ടതാണ്. മഴ നീണ്ടു നിൽക്കുകയാണെങ്കിൽ ഒരു തവണ കൂടി തടങ്ങളിൽ മേൽപ്പറഞ്ഞ ലായനി ഒഴിച്ചുകൊടുക്കുന്നത് അഭികാമ്യമാണ്.രോഗനിയന്ത്രണത്തിന് അന്തർവ്യാപനശക്തിയുള്ള കുമിൾനാശിനികൾ വളരെ ഫലപ്രദമാണെങ്കിലും, അവയുടെ പ്രയോഗവും വിളവെടുപ്പും തമ്മിൽ കുറഞ്ഞത്‌ ആറ് മാസത്തെയെങ്കിലും ഇടവേള നൽകിയില്ലെങ്കിൽ, കുരുമുളകിൽ പ്രസ്തുത രാസവസ്തുക്കളുടെ അവശിഷ്ടങ്ങൾ കാണപ്പെടാനുള്ള സാധ്യതയുണ്ട്.  നിമാവിരകളുടെ നിയന്ത്രണത്തിന് ഫോറേറ്റ് വള്ളിയൊന്നിന് 30ഗ്രാം എന്ന തോതിൽ തടങ്ങളിൽ മെയ്‌-ജൂണ്‍ മാസങ്ങളിലും ഓഗസ്റ്റ്‌-സെപ്റ്റംബർ മാസങ്ങളിലും ചേർത്തുകൊടുക്കുക. നിമാവിരനാശിനികൾ പ്രയോഗിക്കുന്നത് നിമാവിരകൾ തോട്ടങ്ങളിൽ ഉണ്ടോയെന്നു പരിശോധനകളിലൂടെ ഉറപ്പുവരുത്തിയശേഷം മാത്രം മതി. ദ്രുതവാട്ടത്തിൻറെ ലക്ഷണങ്ങൾ കൊടികളിൽ കാണപ്പെട്ടശേഷം കുമിൾനാശിനികൾ പ്രയോഗിക്കുന്നത് ഫലപ്രദമല്ലായെന്നു മനസ്സിലാക്കുക. രോഗം പ്രാരംഭദശയിലേ കണ്ടെത്താനുള്ള ശാസ്ത്രീയമാർഗ്ഗങ്ങൾ വികസിപ്പിക്കുന്നതുവരെ തോട്ടത്തിലെ എല്ലാ ചെടികളിലും മേൽപ്പറഞ്ഞപ്രകാരം കുമിൾനാശിനി പ്രയോഗിക്കുക മാത്രമാണ് പോംവഴി. മെച്ചപ്പെട്ട രോഗനിയന്ത്രണത്തിന് കുമിൾനാശിനികൾ ശരിയായ അളവിൽ തയ്യാറാക്കി, ഉചിതമായ സമയത്ത് പ്രയോഗിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

2. പൊള്ളുരോഗം

ഈ രോഗത്തിനു കാരണം 'പൊള്ളു' വണ്ടല്ല, പിന്നെയോ കൊളറ്റോട്രിക്കം ഗ്ലിയോസ്പോറിയോയിഡ്സ്(Colletotrichum gloeosporioides) എന്നൊരിനം കുമിളുകളാണ്. രോഗബാധയേൽക്കുന്ന കുരുമുളകുമണികളിൽ വിള്ളലുകൾ കാണപ്പെടുന്നത്, ഈ രോഗത്തെ പൊള്ളുവണ്ടിൻറെ ആക്രമണത്തിൽ നിന്നും വ്യതിരിക്തമാക്കുന്നു. മഴക്കാലമവസാനിക്കുന്നതോടെയാണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നത്‌ . മണികളിൽ പ്രത്യക്ഷപ്പെടുന്ന തവിട്ടുനിറത്തിലുള്ള കുഴിഞ്ഞപാടുകൾ, ക്രമേണ വലുതാകുന്നതോടെ അവ വിണ്ടുകീറുകയും, കറുത്ത് ഉണങ്ങിപ്പോവുകയും ചെയ്യുന്നു. ഇളംമണികളുടെ വളർച്ച തന്നെ ഈ രോഗം മൂലം മുരടിക്കുന്നു. ഇലകളിൽ വിളറിയ പ്രഭാവലയത്തോടെയുള്ള കോണിച്ചതോ ക്രമരഹിതമോ ആയ തവിട്ടുനിറത്തിലുള്ള പാടുകളായിട്ടാണ് ഈ രോഗം പ്രത്യക്ഷപ്പെടുക.

ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം തളിച്ച് ഈ രോഗം ഫലപ്രദമായി നിയന്ത്രിക്കാവുന്നതാണ്.

3. മുരടിപ്പുരോഗവും ഫില്ലോഡിയും

കുരുമുളകിൻറെ രോഗങ്ങളുടെ പട്ടികയിലെ നവാഗതരാണ് ഈ രോഗങ്ങൾ. മുരടിപ്പുരോഗം അല്ലെങ്കിൽ കുറ്റില രോഗം (Stunted disease or Little leaf disease) ആദ്യമായി കാണപ്പെട്ടത് 1975ൽ നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിലാണ്. ഇന്നീരോഗം പലസ്ഥലങ്ങളിലും കണ്ടുവരുന്നു. രോഗബാധിതമായ വള്ളികളിലെ ഇലകൾ ചെറുതായി, തടിച്ചു ചുളിയുന്നതാണ് ഈ രോഗത്തിൻറെ പ്രഥമലക്ഷണം. ഇത്തരം ഇലകളിൽ വിളറിയ മഞ്ഞപ്പാടുകളും കാണാറുണ്ട്‌. രോഗം മൂർച്ഛിക്കുന്നതോടെ ഇലകൾ ശോഷിച്ച് അരിവാൾത്തല പോലെ വളയുകയും, വള്ളികളിലെ മുട്ടുകൾ തമ്മിലുള്ള ദൈർഖ്യം കുറയുകയും ചെയ്യും. ഇങ്ങനെ വികലമായ കൊടിയുടെ ഭാഗങ്ങൾക്ക് ഏതാണ്ട് ഒരു ചൂലിൻറെ ആകൃതിയായിരിക്കും. ഈ രോഗത്തിന് കാരണം ഒരു വൈറസ് ആണെന്നാണ്‌ പ്രാഥമിക പഠനങ്ങൾ തെളിയിക്കുന്നത്. രോഗം ബാധിച്ച വള്ളികളിൽ വിവിധയിനം കീടങ്ങളെ കണ്ടെത്തുകയുണ്ടായെങ്കിലും, രോഗവാഹികളായ കീടങ്ങളേതെന്ന് ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഫില്ലോഡി (phyllody) രോഗം വയനാട്ടിലെ പൂതാടിയിലാണ് ആദ്യം കണ്ടെത്തിയത്. ഇത് മുരടിപ്പു രോഗത്തിൽനിന്നും തീർത്തും വിഭിന്നമാണ്. കൊടികളിലെ തിരികളിലും പൂക്കളിലും വിഭിന്ന തോതിലുള്ള രൂപവൈകല്യങ്ങൾ  പ്രകടമാകുകയാണ് ഈ രോഗത്തിൻറെ പ്രധാന ലക്ഷണം. രോഗം ബാധിച്ച തിരികളുടെ ഞെട്ടുകൾ നീണ്ട്, പൂക്കൾ മണികളായിത്തീരുന്നതിനു പകരം, വികൃതമായ ഇലകളായി രൂപാന്തരപ്പെടുന്നു. ഇലകൾ ചെറുതാകുകയും മഞ്ഞളിക്കുകയും ചെയ്യാറുണ്ട്. മണികൾക്ക് ദീർഘഗോളാകൃതിയായിരിക്കും. മുരടിപ്പുരോഗത്തിലെന്നപോലെ, ഒരേ കൊടിയിൽ ആരോഗ്യമുള്ളതും രോഗം ബാധിച്ചതുമായ ശാഖകൾ കാണാം. രോഗകാരണം ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും,മൈകോപ്ലാസ്മ പോലെയുള്ള സൂക്ഷ്മജീവികളുടെ സാന്നിധ്യം ഈ രോഗമുള്ള കൊടികളിൽ കണ്ടെത്തിയിട്ടുണ്ട്.

രോഗനിയന്ത്രണ മാർഗ്ഗങ്ങൾ

രോഗഹേതു എന്താണെന്ന് പൂർണ്ണമായും സ്ഥിരീകരിക്കപ്പെട്ട്, രോഗനിവാരണമാർഗ്ഗങ്ങൾ വികസിപ്പിക്കപ്പെടുംവരെ, ഈ രോഗങ്ങൾ വ്യാപിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയാണ് ഉത്തമം.

  • രോഗബാധയുള്ള വള്ളികളിൽനിന്നോ, തോട്ടങ്ങളിൽനിന്നോ നടീൽവസ്തുക്കൾ ശേഖരിക്കരുത്.
  • നഴ്സറികളിൽ രോഗബാധയുണ്ടായാൽ പ്രസ്തുത തൈകൾ എത്രയും പെട്ടെന്ന് നശിപ്പിച്ചു കളയുക.
  • രോഗബാധയേറ്റ കൊടികൾ വേരോടെ പിഴുതുമാറ്റി, ചുട്ടു നശിപ്പിക്കുക.

ഉപസംഹാരം

കുരുമുളകിൻറെ രോഗങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ച് ശാസ്ത്ര സാങ്കേതിക മാർഗ്ഗങ്ങളുപയോഗിച്ചുകൊണ്ടുള്ള ആഴമേറിയ പഠനങ്ങൾ ദേശീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിൽ പുരോഗമിച്ചു വരുന്നു. രോഗപ്രതിരോധ ശക്തിയുള്ള കുരുമുളകിനങ്ങൾ, മികവുറ്റ ജൈവനിയന്ത്രണമാർഗ്ഗങ്ങൾ, തുടങ്ങിയവ ഈ പഠനങ്ങളുടെ ഫലമായി എത്രയും വേഗത്തിൽ നമുക്ക് ലഭിക്കുമെന്ന് പ്രത്യാശിക്കാം. അതോടൊപ്പം, രോഗങ്ങളെക്കുറിച്ചും രോഗനിവാരണ മാർഗ്ഗങ്ങളെക്കുറിച്ചും ശാസ്ത്രീയമായ അറിവാർജ്ജിക്കാനും ഓരോ കർഷകനും തയ്യാറാകണം. കൃഷിയിടങ്ങളിലെ കുരുമുളകുകൊടികളുമായി അടുത്ത സമ്പർക്കം പുലർത്തുന്ന ഒരു കർഷകന് അവയിൽ പ്രകടമാകുന്ന നേരിയ വ്യതിയാനം പോലും മനസ്സിലാക്കാൻ സാധിക്കും. ആവശ്യമെന്നുകണ്ടാൽ കൃഷിവിദഗ്ധരുടെ അഭിപ്രായമാരായാൻ മടികാണിക്കരുത്. വിളകളെ സ്നേഹിക്കുന്ന, മണ്ണിൻറെ മണമുള്ള ഒരു കർഷകന് രോഗങ്ങൾ ഒരു പ്രശ്നമേ ആകില്ല.

ജൈവകൃഷിയിൽ മിത്രകീടങ്ങൾ

ജൈവകൃഷി കേവലമൊരു കൃഷിരീതിയല്ല,  പ്രകൃതിയ്ക്കിണങ്ങുന്ന ഒരു കൃഷിശൈലിയാണ്. രാസവസ്തുക്കളുടെ വിനിയോഗം പൂർണ്ണമായും വർജ്ജിക്കുക എന്നതാണല്ലോ  അതിൻറെ  കാതൽ.  ഈ രാസവസ്തുക്കളിൽ  ഏറ്റവും അപകടകാരികളും പ്രകൃതിദ്രോഹികളും കീടനാശിനികളാണ്. ഇവയൊരുക്കുന്ന കെണികളും  കെടുതികളും അടുത്തകാലത്ത്‌ നാം കർണാടകയിലും ആന്ധ്രയിലും കണ്ടുകഴിഞ്ഞു. എന്നാൽ, കീടനാശിനികളില്ലാതെയൊരു കൃഷി സാധ്യമോ എന്നൊരു ശങ്ക ആർക്കുമുണ്ടാകാം. കാരണം, കൃഷി സംരക്ഷണത്തിൽ ഇവ കൂടിയേ തീരൂ എന്നാണല്ലോ നാളിതുവരെ നാടെങ്ങും പറഞ്ഞുപഠിപ്പിച്ചിരുന്നത്. മണ്ണിനെയും മനുഷ്യനെയും വിഷലിപ്തമാക്കുന്ന കീടനാശിനികളുടെ ഉപഭോഗം പടിപടിയായി  കുറച്ച് തീർത്തും വേണ്ടെന്നു വയ്ക്കാമെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. കീടരോഗനിയന്ത്രണത്തിന് പ്രകൃതിയുടെ വഴികൾ തേടിയ ശാസ്ത്രത്തിന് ലഭ്യമായ ഉത്തരമാണ് ജൈവീകനിയന്ത്രണം (Biological control).

എന്താണ് ജൈവീക കീടനിയന്ത്രണം ?

കീടങ്ങളെ മറ്റു ജീവികളാലോ, അവയുടെ ജീനുകൾ അല്ലെങ്കിൽ ഉത്പന്നങ്ങളാലോ നിയന്ത്രിക്കുന്ന വിദ്യയാണ് ജൈവീക കീടനിയന്ത്രണം. കീടങ്ങളിൽ മിത്രങ്ങളില്ലെങ്കിലും ജൈവീക കീടനിയന്ത്രണ സഹായികളായ ജീവികളെ സൗകര്യപൂർവ്വം 'മിത്രകീട’ ങ്ങളെന്നും വിളിക്കാറുണ്ട്.  മിത്രകീടങ്ങളുടെ ശ്രേണിയിൽ ബാക്ടീരിയകളുണ്ട്, ഫംഗസുകളുണ്ട്, നിമാവിരകൾ, ഷഡ്പദങ്ങൾ എന്നിങ്ങനെ ഒട്ടുമിക്ക കുടുംബക്കാരുമുണ്ട്. ഇവരൊക്കെ കീടങ്ങളെ നിയന്ത്രിക്കുന്നത്‌ പ്രധാനമായും മൂന്നു വിധത്തിലാണ്. ആഹാരത്തിനും ആധിപത്യത്തിനും വേണ്ടി മത്സരിച്ച് ഒന്നു മറ്റൊന്നിനെ  പുറന്തള്ളുന്നു. മറ്റു ചിലവ പ്രതിജൈവികങ്ങൾ (antibiotics) വിസർജ്ജിച്ച് ഇതര ജീവികളുടെ വളർച്ച തടയുന്നു. ഇനി ചിലവയാകട്ടെ, മറ്റുജീവികളെ നേരിട്ടു തങ്ങളുടെ ഇരയാക്കുന്നു. ചില മിത്രകീടങ്ങൾ ഒന്നിൽകൂടുതൽ മാർഗ്ഗങ്ങൾ അവലംബിച്ചേക്കാം. എന്തായാലും കീടങ്ങളെ നിലയ്ക്കുനിർത്തുന്ന 'മിത്ര'ങ്ങളുടെ സേവനം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കാലാകാലങ്ങളായി പ്രകൃതിയിലെ സന്തുലനത്തിന് കാരണം തന്നെ ജീവികൾ തമ്മിലുള്ള ഇത്തരം പരസ്പര പ്രക്രിയകളാണ്. പ്രകൃതിയുടെ താളം തെറ്റിക്കുന്ന മനുഷ്യൻറെ ചെയ്തികൾ മൂലമാണ് കീടങ്ങൾ അരങ്ങുതകർത്താടാൻ തുടങ്ങിയത്,  മിത്രകീടങ്ങളുടെ വരുതി വിട്ട് അവ വിനാശകാരികളായത്.

മിത്രകീടങ്ങൾ സുഗന്ധവിളകളിൽ

നാണ്യവിളകളായ സുഗന്ധവിളകളിൽ രാസകീടനാശിനികളുടെ ഉപയോഗം തീർത്തും ഒഴിവാക്കാൻ വേണ്ടി, കഴിഞ്ഞ ഒരു ദശകക്കാലമായി നടത്തപ്പെട്ട പരീക്ഷണങ്ങൾ നമുക്ക് അസംഖ്യം മിത്രകീടങ്ങളെക്കുറിച്ചുള്ള അറിവു പ്രദാനം ചെയ്തിട്ടുണ്ട് (പട്ടിക 1). ഇവയിൽ ഭൂരിഭാഗവും കർഷകരുടെ കൈയ്യിലെത്തിച്ചേരണമെങ്കിൽ ഇനിയും കടമ്പകൾ പലതും കടക്കേണ്ടതുണ്ട്. എന്നാൽ ചുരുക്കം ചിലത്  സുഗന്ധവ്യഞ്ജന കൃഷിയിടങ്ങളിലേക്ക് ശുപാർശ ചെയ്യപ്പെട്ടിട്ടുണ്ട്.

I. ഫംഗസുകൾ

മിത്രകീടങ്ങളിൽ ഭൂരിഭാഗവും ഫംഗസുകൾ അഥവാ കുമിളുകളാണ്. കൃഷിയിടങ്ങളിലെ അവയുടെ ബാഹുല്യവും കൈകാര്യം ചെയ്യാനുള്ള സൗകര്യവുമാണിതിനു കാരണം. സുഗന്ധവിള കൃഷിയ്ക്ക് പ്രത്യാശ പകരുന്ന ചില കുമിൾ മിത്രകീടങ്ങളെ പരിചയപ്പെടുക.

1. ട്രൈക്കോഡെർമകൾ : ഇന്ന്  കർഷകർക്കിടയിൽ  വളരെ പ്രചാരം ലഭിച്ചിരിക്കുന്ന മിത്രകുമിളുകളാണ് 'ട്രൈക്കോഡെർമ ' (Trichoderma) ജനുസ്സിൽപ്പെട്ടവ. മണ്ണിൽ സാധാരണയായി കാണപ്പെടുന്ന ഈ പരപോഷിത കുമിളുകൾക്ക് അതിവേഗം പെരുകുവാനുള്ള കെൽപ്പുണ്ട്. ട്രൈക്കോഡെർമകളുടെ നിരവധി സ്പീഷീസുകളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും, ട്രൈക്കോഡെർമ ഹാർസിയാനംട്രൈക്കോഡെർമ വൈറൻസ് എന്നിവയാണ് സുഗന്ധവിളകൾക്ക് അത്യുത്തമം. മണ്ണിലുള്ള ജൈവപദാർത്ഥങ്ങളിൽ കുടിയേറി വളർന്നു പെരുകാനുള്ള ഇവയുടെ കഴിവ് എടുത്തുപറയേണ്ടതാണ്‌. ചിലയിനങ്ങൾ കീടങ്ങൾക്ക് ഹാനികരമായ വിഷപദാർത്ഥങ്ങൾ വിസർജ്ജിച്ച് കീടങ്ങളുടെ കഥ കഴിക്കുന്നു. കുരുമുളകിൻറെ ദ്രുതവാട്ടത്തിനും, ഏലത്തിൻറെ അഴുകൽ രോഗത്തിനും ഹേതുവായ ഫൈറ്റോഫ്ത്തോറകളെയും, ഇഞ്ചിയുടെയും ഏലത്തിൻറെയും മൂടുചീയൽ രോഗത്തിനു കാരണമായപൈത്തിയം കുമിളുകളെയും നിയന്ത്രിക്കാൻ ട്രൈക്കോഡെർമകൾ ഫലപ്രദമാണെന്നു പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ചിലയിനങ്ങൾ നിമാവിരകളെയും നിയന്ത്രിക്കുന്നതായി അടുത്തകാലത്ത് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. കാക്കച്ചോളം, കന്നുകാലിവളം, അഴുകിയ കാപ്പിത്തൊലി, തേയിലച്ചണ്ടി, വേപ്പിൻപിണ്ണാക്ക് എന്നിങ്ങനെ ഒട്ടുമിക്ക ജൈവവളങ്ങളോ ജൈവാവശിഷ്ടങ്ങളോ അടങ്ങിയ മാധ്യമങ്ങളിൽ ഇവയെ കർഷകർക്കു തന്നെ വളർത്തിയെടുക്കാം. വിപണിയിലും ഇന്നിവ വിവിധ പേരുകളിൽ ലഭ്യമാണ്. നഴ്സറികളിൽ നടീൽമിശ്രിതത്തോടൊപ്പവും തോട്ടങ്ങളിൽ ചെടികളുടെ തടങ്ങളിലും ഇവ ചേർത്തുകൊടുക്കാം.

2. മൈക്കോറൈസകൾ : സസ്യജാലങ്ങളുടെ വേരുകളിൽ വസിക്കുന്ന ഒരുതരം കുമിളുകളാണ് മൈക്കോറൈസ കുമിളുകൾ. തങ്ങളുടെ സങ്കീർണ്ണമായ പോഷകാവശ്യങ്ങൾ ചുളുവിൽ നിറവേറ്റുന്നതിനുവേണ്ടിയാണിവ സസ്യങ്ങളിൽ കുടിയേറുന്നത്. എങ്കിലും ഇവ പലതരത്തിൽ ആതിഥേയ സസ്യങ്ങൾക്ക് ഉപകാരികളാണ്. പോഷകവസ്തുക്കളുടെ മെച്ചപ്പെട്ട ആഗിരണം സാധ്യമാക്കുന്നതുവഴി ഇവ സസ്യങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. എന്നാൽ ഇതോടൊപ്പം പരോക്ഷമായി, രോഗങ്ങളെയും കീടങ്ങളെയും ചെറുക്കാനുള്ള ത്രാണിയും ഇവ സസ്യങ്ങൾക്ക് നൽകുന്നു. കുരുമുളകിലും ഏലത്തിലും ഇത്തരം കുമിളുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഗ്ലോമസ്ജൈജാസ്പോറഅക്കൊളോസ്പോറ എന്നീ ജനുസ്സുകളിൽപ്പെട്ടവയാണ് ഇവയിൽ ഒട്ടുമിക്കവയും. ഇവയെ വളർത്തിയെടുത്ത് മണ്ണിൽ ചേർത്തുകൊടുത്തപ്പോൾ കുരുമുളകിൻറെയും  ഏലത്തിൻറെയും രോഗങ്ങളും കീടങ്ങളും കുറയുന്നുവെന്നു കണ്ടു. എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ , ഇവയെ കൃത്രിമ മാധ്യമങ്ങളിൽ വളർത്തിയെടുക്കാനുള്ള വിദ്യ ഇനിയും നാം വശത്താക്കിയിട്ടില്ല. പുൽവർഗ്ഗത്തിൽപെട്ട ചില സസ്യങ്ങളുടെ വേരുകളിലാണ്‌ ഇപ്പോൾ ഇവയെ വളർത്തിയെടുക്കുന്നത്.

3. ഇതര മിത്ര കുമിളുകൾ : മുകളിൽ പ്രതിപാദിക്കപ്പെട്ട വിഭാഗങ്ങളിൽ ഉൾപ്പെടാത്ത നിരവധി കുമിളുകൾ വിവിധയിനം കീടങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ആസ്പർജില്ലസ്പെനിസിലിയംവെർട്ടിസിലിയം തുടങ്ങിയ ജനുസ്സുകളിൽപെട്ട ചിലയിനങ്ങൾ കുരുമുളകിൻറെ ദ്രുതവാട്ടമുളവാക്കുന്ന ഫൈറ്റോഫ്ത്തോറകുമിളുകൾക്ക് വിരോധികളാണ്.  വെർട്ടിസിലിയം ക്ലാമിഡോസ്പോറിയംപീസിലോമൈസസ് ലിലാസിനസ് എന്നിവ നിമാവിരകളെ  നിയന്ത്രിക്കാൻ സഹായകാരികളാണ്. ബിവേറിയ ബാസിയാനമെറ്റാറൈസിയം അനിസ്ലോപ്ലിയേ എന്നിവർ  ഏലത്തിൻറെ വേരുതീനിപ്പുഴുക്കളിൽ രോഗബാധയുണ്ടാക്കുന്നു.

II. ബാക്ടീരിയകൾ

ജീവജാലങ്ങളിൽ, എണ്ണത്തിൽ മുൻപന്തിയിലാണെങ്കിലും, കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടുമൂലം, ജൈവീകകീടനിയന്ത്രണ ശേഷിയുള്ള ബാക്ടീരിയകൾ വളരെ കുറച്ചു മാത്രമാണ്.

1) ഫ്ലൂറസൻറ് സ്യൂഡോമൊണാസുകൾ : മിത്രകീടങ്ങളായ ബാക്ടീരിയകളിൽ ഏറ്റവും പ്രധാനപ്പെട്ടവയാണിവ. സസ്യവളർച്ചാ- പോഷിണികളുടെ ഗണത്തിൽപ്പെട്ട ഇവയുടെ നിരവധി സ്ട്രെയിനുകൾ മണ്ണിൽ കാണപ്പെടാറുണ്ടെങ്കിലും, ചുരുക്കം ചിലയിനങ്ങൾക്കു മാത്രമേ കീടങ്ങളെ അമർച്ച ചെയ്യാനുള്ള കെൽപ്പുള്ളൂ. ഇവ സ്രവിപ്പിക്കുന്ന ചില ദ്വിതീയ മെറ്റബൊളൈറ്റുകളാണ് ഇതരജീവികളിൽ വിനാശം വിതയ്ക്കുന്നത്. നാളെയുടെ വാഗ്ദാനങ്ങളായ ഇവയുടെ നിരവധി സ്ട്രെയിനുകളെ കുരുമുളകിൻറെയും  ഇഞ്ചിയുടെയും  മറ്റും മൂലപരിവേഷിമണ്ഡല(Rhizosphere)ത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഫൈറ്റോഫ്ത്തോറപൈത്തിയം തുടങ്ങിയ കുമിളുകൾ, വേരുബന്ധകനിമാവിരകൾ എന്നിവയ്ക്കെതിരെ ഇവ ഫലപ്രദമാണെന്ന് പ്രാഥമിക  പഠനങ്ങൾ തെളിയിക്കുന്നു. വിശദമായ പഠനങ്ങൾ പുരോഗമിച്ചുവരുന്നു.

2) പാസ്ത്യൂറിയകൾ : നിമാവിരകളെ നേരിട്ടാക്രമിക്കുന്ന ഏക ബാക്ടീരിയകളാണ് പാസ്ത്യൂറിയ. മണ്ണിലുള്ള നിമാവിരകളുടെ ലാർവകളെയും പൂർണ്ണവളർച്ചയെത്തിയ നിമാവിരകളെയുമാണ്‌ ഇവ ആക്രമിക്കുന്നത്.  ഒരിക്കലിവ നിമാവിരകളുടെ  ശരീരത്തിൽ കടന്നുകൂടിയാൽപ്പിന്നെ, വളർച്ച പ്രാപിച്ച്, പെരുകി നിമാവിരകളുടെ പ്രത്യുൽപ്പാദനശേഷി ക്ഷയിപ്പിക്കുന്നു. നിമറ്റോഡുകളുടെ വംശനാശത്തിനു കാരണമാകാവുന്ന ഇവയുടെ സ്പോറുകൾക്ക് വരൾച്ചയേയും ചൂടിനേയും അതിജീവിക്കാനുള്ള കഴിവുണ്ട്. ഇവ പ്രധാനമായും വേരുബന്ധകനിമാവിരകളേയും ക്ഷതനിമാവിരകളേയുമാണ് ബാധിക്കുക. വേരുബന്ധകനിമാവിരകളെ ബാധിക്കുന്ന ഏതാനും  പാസ്ത്യൂറിയ സ്ട്രെയിനുകളെ സുഗന്ധവിളകളിലും കണ്ടെത്തിയിട്ടുണ്ട്. ഇവയെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങൾ ഗവേഷണ കേന്ദ്രങ്ങളിൽ പുരോഗതി പ്രാപിക്കുന്നു.  നിമാവിരകളിൽ   മാത്രം ജീവിതചക്രം പൂർത്തിയാക്കുന്നതിനാൽ  ദ്രുതഗതിയിൽ  ഇവയെ  പെരുക്കിയെടുക്കുക ബുദ്ധിമുട്ടാണ്.

3) ബാസില്ലസ് സ്പീഷീസുകൾ :  ഫംഗസുകൾക്കും  ബാക്ടീരിയകൾക്കും നിമാവിരകൾക്കും  ഷഡ്പദകീടങ്ങൾക്കുമൊക്കെ വിരോധികളായ ഏതാനും ബാസില്ലസ് ബാക്ടീരിയകളും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ജൈവാവശിഷ്ടങ്ങൾ ധാരാളമുള്ള മണ്ണിൽ ഇവ വളരെ സജീവമായിരിക്കും. ബാസില്ലസ് സമൂഹത്തിൽപ്പെട്ട ബാസില്ലസ് തുറിഞ്ചിയൻസിസ്, രോഗനിയന്ത്രണ രംഗത്ത്‌ വിശ്വമാകെ അറിയപ്പെടുന്ന ഒരു ബാക്ടീരിയയാണ്. ഇവയെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള നിരവധി ഉത്പന്നങ്ങൾ ഇന്ന് കമ്പോളത്തിൽ ലഭ്യവുമാണ്, പ്രത്യേകിച്ചും ഷഡ്പദ- കീടനിയന്ത്രണത്തിന്. ഏലം, ഇഞ്ചി, മഞ്ഞൾ എന്നിവയുടെ പൊതുശത്രുവായ തണ്ടുതുരപ്പൻ പുഴുവിനെ നിയന്ത്രിക്കാൻ ഇവയുടെ കൾച്ചറുകൾ സ്പ്രേ ചെയ്താൽ മതി.  ഇവയുടെ ചുരുക്കം   ചില സ്ട്രെയിനുകൾ നിമാവിരാനാശിനികളുമാണ്. ഇവയുടെ ജീനുകൾ, ബി. ടി. ജീനുകൾ സസ്യങ്ങളിലേക്ക് പറിച്ചുനട്ട് അവയ്ക്ക് കീടപ്രതിരോധശക്തി പകരാനുള്ള ജൈവ സാങ്കേതികവിദ്യയും ഇന്ന് ഏതാനും ചില വിളകളിലെങ്കിലും വിജയകരമായി പരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

III. എതിർ പ്രാണികൾ

സുഗന്ധവിളകളുടെ ഷഡ്പദകീടങ്ങളെ ആക്രമിക്കുന്ന പരഭക്ഷി(Predators)കളായ നിരവധി മിത്രകീടങ്ങൾ പ്രകൃതിയിൽ തന്നെയുണ്ട്‌. ഇത്തരം നിരവധി 'എതിർ പ്രാണി'കളെ സുഗന്ധവിളകളിലും കണ്ടെത്തിയിട്ടുണ്ട്(പട്ടിക 2). ഇവയിൽ ശൽക്കകീടങ്ങളെ ബാധിക്കുന്ന കൈലോകോറസ്‌ നൈഗ്രിറ്റസ്എൻകാർസിയ ലൗണ്‍സ്ബറി എന്നിവയൊഴികെ മറ്റെല്ലാം ഇന്നും പരീക്ഷണ ദശയിലാണ്. കുരുമുളകിൻറെ ശൽക്കകീടങ്ങളെ നിയന്ത്രിക്കാൻ ലബോറട്ടറികളിൽ വളർത്തിയെടുത്ത മേൽപ്പറഞ്ഞ എതിർപ്രാണികളെ വയനാട്ടിലെ ചില  തോട്ടങ്ങളിൽ വിന്യസിച്ചപ്പോൾ ലഭ്യമായ ഫലങ്ങൾ ആശാവഹമാണ്.

IV. നെമറ്റോഡുകൾ / നിമാവിരകൾ

ഷഡ്പദകീട നിയന്ത്രണത്തിന് ഇന്ന് ലോകമെമ്പാടും ഉപയോഗിച്ചു വരുന്ന മിത്രകീടങ്ങളിലെ ഒരു സുപ്രധാന വിഭാഗമാണ് നെമറ്റോഡുകൾ അല്ലെങ്കിൽ നിമാവിരകൾ. സുഗന്ധവിളകളിൽ ചുരുക്കം ചില കീടങ്ങളിലെങ്കിലും ഇത്തരം നിമാവിരകളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഉദാഹരണത്തിന് കുരുമുളകിൻറെ അഗ്രകാണ്ഡതുരപ്പൻ പുഴു, ഇഞ്ചി, മഞ്ഞൾ എന്നിവയെ ആക്രമിക്കുന്ന തണ്ടുതുരപ്പൻ പുഴു, ഇലചുരുട്ടി പുഴു എന്നിവയിൽനിന്നും മെർമിത്തിഡ് കുലത്തിൽപെട്ട ചില  നിമാവിരകളെ കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ശ്രദ്ധേയമാണ് ഏലത്തിൻറെ വേരുതീനിപ്പുഴുക്കളിൽ കാണപ്പെടുന്ന ഹെറ്ററോറാബ്ഡൈറ്റസ് നിമാവിര. എന്തായാലും കൂടുതൽ പഠനങ്ങൾ ഈ മേഖലയിൽ അത്യന്താപേക്ഷിതമാണ്.

ജൈവീകകീടനിയന്ത്രണം : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. സൂക്ഷ്മ ജീവികൾക്കിടയിലും പ്രാദേശികവാദം അതിശക്തമാണ്. അതുകൊണ്ട് മിത്രകീടങ്ങൾ എപ്പോഴും തദ്ദേശവാസികളാകുന്നതാണ് മെച്ചം. വിദേശികളെ നമ്മുടെ കൃഷിയിടങ്ങൾ എപ്പോഴും സ്വീകരിക്കണമെന്നില്ല.
  2. സൂക്ഷ്മ ജീവികളിൽ ജനിതക വൈവിധ്യം വളരെയേറെയാണ്. ഒരേ സ്പീഷീസുകളിൽ പോലും പലതരം  സട്രെയിനുകളുണ്ടാകാം. ജൈവീകനിയന്ത്രണ സിദ്ധിയും വിധേയത്വവും മറ്റു കഴിവുകളുമൊക്കെ ഓരോരോ സട്രെയിനിലും വ്യത്യസ്തമായിരിക്കും. അതുകൊണ്ട് കൃഷിയിടങ്ങളിൽ ജൈവീകനിയന്ത്രണത്തിനു കേവലമൊരിനത്തെ മാത്രം ആശ്രയിക്കാതെ മിത്രകീടങ്ങളുടെ ഒരു സങ്കരമുപയോഗിക്കുന്നതാണ് മെച്ചം.
  3. മിത്രകീടങ്ങളുടെ മെച്ചപ്പെട്ട പ്രവർത്തനത്തിനും നിലനിൽപ്പിനും അനുയോജ്യമായ സാഹചര്യങ്ങൾ കൃഷിയിടങ്ങളിലുണ്ടായിരിക്കണം. മിത്രകീടങ്ങളെ കൃഷിയിടങ്ങളിൽ പ്രയോഗിക്കുന്നതോടൊപ്പം മണ്ണിൻറെ ജൈവസമ്പുഷ്ടി മെച്ചമാക്കാനുള്ള ശ്രമങ്ങളും നടത്തണം. അതുപോലെത്തന്നെ പ്രധാനമാണ് മണ്ണിൻറെ ഘടന,  താപനില,  അമ്ലത്വം ഇവയൊക്കെ.
  4. രാസകീടനാശിനികൾ മിത്രകീടങ്ങൾക്ക് ഹാനികരമാണെന്ന് ഓർക്കുക. മിത്രകീടങ്ങളുടെയും രാസകീടനാശിനികളുടെയും  പ്രയോഗങ്ങൾക്കിടയിൽ വേണ്ടത്ര ഇടവേള അനുവദിക്കണം. അല്ലെങ്കിൽ മിത്രകീടങ്ങളുമായി ചേർന്നുപോകുന്ന കീടനാശിനികളേ പ്രയോഗിക്കാവൂ.
  5. ജീവാണുനാശനം ചെയ്ത മണ്ണ് മിത്രകീടങ്ങൾക്ക് വളരാൻ അനുയോജ്യമാണ്. ജൈവീകകീടനിയന്ത്രണത്തിൻറെ വിജയത്തിന് ധൂമീകരണമോ സൂര്യതാപീകരണം വഴിയോ ജീവാണുനാശനം നടത്തുന്നത് അതിനാൽ നല്ലതാണ്, പ്രത്യേകിച്ചും നഴ്സറികളിൽ.
  6. ജൈവീകകീടനാശിനികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന നിയമമോ, ഏജൻസിയോ നമ്മുടെ രാജ്യത്ത് ഇനിയും നിലവിൽ വന്നിട്ടില്ല. ഇത്തരം കീടനാശിനികളുടെ വാണിജ്യവത്ക്കരണത്തിന് സ്വകാര്യ മേഖല മുന്നോട്ടു വരേണ്ടതാണെങ്കിലും വെറും കച്ചവടലാക്കോടെയുള്ള ചിലരുടെയെങ്കിലും പ്രവർത്തനങ്ങൾ ഗുണത്തെക്കാളേറെ ദോഷം ചെയ്യും.
  7. ഇന്നത്തെ സാഹചര്യത്തിൽ, മിത്രകീടങ്ങൾ കൊണ്ടുമാത്രം കീടനിയന്ത്രണം പ്രായോഗികമല്ല. ഇതോടൊപ്പം, രാസകീടനാശിനികൾ കഴിവതും ഒഴിവാക്കി, എന്നാൽ ഇതര കീടനിയന്ത്രണ മാർഗ്ഗങ്ങൾകൂടി സന്നിവേശിപ്പിച്ച് ഒരു പാക്കേജ് പിന്തുടരുകയാണ് അഭികാമ്യം.

വളരെക്കാലം പുസ്തകത്താളുകൾക്കിടയിൽ കണ്ടുമുട്ടിയിരുന്ന ജൈവീകകീടനിയന്ത്രണ മാർഗ്ഗങ്ങൾ ഇന്നിതാ കൃഷിയിടങ്ങളിലേക്ക് കടന്നുചെല്ലുകയാണ്. സംയോജിത കീടനിയന്ത്രണ (IPM)മെന്ന പഴകിയ മുദ്രാവാക്യം ജൈവീക തീവ്രതയേറിയ  സംയോജിത കീടനിയന്ത്രണ (Biointensive Integrated Pest Management )ത്തിന് വഴിമാറിയിരിക്കുന്നു. ഈ രംഗത്ത്‌ നാം ഗണ്യമായ പുരോഗതി കഴിഞ്ഞ ഒരു ദശകക്കാലമായി നേടിയിട്ടുണ്ടെങ്കിലും, ഈ രംഗത്തെ നമ്മുടെ വളർച്ചാനിരക്ക് കേവലം 1-2 ശതമാനം മാത്രമാണ്. പാശ്ചാത്യനാടുകളിൽ ഇത് 10-25 ശതമാനം വരെയായിരുന്നുവെന്നോർക്കുക. ഇതിന്  ഒരു പ്രധാന കാരണം ഈ രംഗത്തെ നമ്മുടെ ഗവേഷണ ഫലങ്ങൾ പരീക്ഷണശാലകളുടെ അകത്തളങ്ങളിൽത്തന്നെ ചരമമടയുന്നുവെന്നതാണ്.  അവയെ കൃഷിയിടങ്ങളിലേക്കെത്തിക്കാൻ ആരും മെനക്കെട്ടില്ല. എന്നാൽ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. കോഴിക്കോട്ടെ ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം ഈ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. പക്ഷെ ഈ മേഖലയിൽ നമുക്കിനിയും വളരെയേറെ മുന്നേറാനുണ്ട്. പ്രകൃതിയുടെ വരദാനങ്ങളായ മിത്രകീടങ്ങൾക്കായുള്ള നമ്മുടെ അന്വേഷണം അനസ്യൂതം തുടരണം. ഈ പ്രപഞ്ചത്തിൻറെ കാണാപ്പുറങ്ങളിൽ എണ്ണമറ്റ സൂക്ഷ്മജീവികളാണ് ഇണങ്ങിയും പിണങ്ങിയും യുഗാന്തരങ്ങളായി സഹവസിക്കുന്നത്. പ്രത്യേകിച്ചും ഉഷ്ണമേഖലയിൽപ്പെട്ട നമ്മുടെ കൃഷിയിടങ്ങളിൽ അവയുടെ വൈവിധ്യവും ബാഹുല്യവും അതീവമാണ്. മിത്രകീടങ്ങൾ, അവരെത്രയായാലും നമ്മുടെ കർഷകർക്ക് പ്രിയങ്കരങ്ങളായിരിക്കും.

 

പട്ടിക1 : സുഗന്ധവിളകളുടെ പ്രധാന രോഗങ്ങൾ, രോഗകാരികൾ, അവയ്ക്കെതിരെ ലഭ്യമായിരിക്കുന്ന മിത്രകീടങ്ങൾ.

സുഗന്ധവിള രോഗം രോഗകാരികൾ മിത്രകീടങ്ങൾ
കുരുമുളക് ദ്രുതവാട്ടം ഫൈറ്റോഫ്ത്തോറ കാപ്സിസി

ട്രൈക്കോഡെർമകൾ,മൈക്കോറൈസകൾ,                         ഫ്ലൂറസൻറ് സ്യൂഡോമൊണാസുകൾ

സാവധാനവാട്ടം

വേരുബന്ധക നിമാവിര, തുരപ്പൻ നിമാവിര, ഫൈറ്റോഫ്ത്തോറ കാപ്സിസി

ട്രൈക്കോഡെർമകൾ, മൈക്കോറൈസകൾ, വെർട്ടിസിലിയം ക്ലാമിഡോസ്പോറിയം, പീസിലോമൈസസ് ലിലാസിനസ്

ഏലം അഴുകൽ ഫൈറ്റോഫ്ത്തോറ മീഡൈ ട്രൈക്കോഡെർമകൾ, ബാസില്ലസ് ബാക്ടീരിയകൾ
കടചീയൽ പൈത്തിയം വെക്സൻസ്, റൈസോക്ടോണിയ സൊളാനി

ട്രൈക്കോഡെർമ  ഹാർസിയാനം, ട്രൈക്കോഡെർമ  വൈറൻസ്

നിമാവിരകൾ വേരുബന്ധക നിമാവിര

ട്രൈക്കോഡെർമ ഹാർസിയാനം, പീസിലോമൈസസ് ലിലാസിനസ്

ഇഞ്ചി /മഞ്ഞൾ മൂടുചീയൽ പൈത്തിയം അഫാനിഡെർമാറ്റം, പൈത്തിയം മിറിയോടൈലം+ ഫ്യുസേറിയം ട്രൈക്കോഡെർമ വിറിഡെ,   ട്രൈക്കോഡെർമ വൈറൻസ്

 

പട്ടിക 2 : സുഗന്ധവിളകളുടെ പ്രമുഖ  ഷഡ്പദകീടങ്ങളും അവയെ നശിപ്പിക്കുന്ന പ്രധാന എതിർപ്രാണികളും.

സുഗന്ധവിള കീടം എതിർപ്രാണി
കുരുമുളക് അഗ്രകാണ്ഡ തുരപ്പൻ                                              (സിഡിയ ഹെമിഡോക്സ്) എപ്പാൻറലസ്, സൈപ്രസ് സ്പീഷീസുകൾ

ശൽക്ക കീടങ്ങൾ                                   (ലെപിഡോസാഫസ് പൈപ്പെറിസ് & ആസ്പിഡിയോട്ടസ് ഡിസ്ട്രക്റ്റർ)

സ്യൂഡോസ്കിമ്നസ് സ്പീഷീസുകൾ,           കൈലോകോറസ് നൈഗ്രിറ്റ,                                  എൻകാർസിയ ലൗണ്‍സ്ബറി
പതാഗ്രചുരുൾ പേനുകൾ                                 (ലയോത്രിപ്സ് കാർനി) മോണ്ടാണ്ടോനിയോല മൊറാഗ്വസി,           ആൻഡ്രോത്രിപ്സ് ഫ്ലാവിപ്പസ്
ഏലം കായതുരപ്പൻ / തണ്ടുതുരപ്പൻ പുഴു    (കോണോഗ്ത്തസ് പംക്റ്റിഫെറാലിസ്) എരിബോറസ് ട്രൊക്കാൻററേറ്റസ്,                       സാന്തോപിംപ്ല ഓസ്ട്രാലിസ്,                                                 ഫ്രയോന, അഗ്രിപ്പോണ്‍ സ്പീഷീസുകൾ
ഇഞ്ചി / മഞ്ഞൾ തണ്ടുതുരപ്പൻ പുഴു                                       (കോണോഗ്ത്തസ് പംക്റ്റിഫെറാലിസ്) സാന്തോപിംപ്ല ഓസ്ട്രാലിസ് ,                                          ബ്രാക്കോണ്‍ ബ്രെവിക്കോർണിസ്
ശൽക്ക കീടങ്ങൾ                                             (ആസ്പിഡിയെല്ല ഹാർത്തി) കൊക്കോബിയസ് സ്പീഷീസ്,                                                       അഡ് ലൻസിർത്തസ് മോഡറേറ്റസ്

ഏലക്കൃഷിയ്ക്കൊരു വിജയമന്ത്രം

 

സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായ ഏലം ദക്ഷിണേന്ത്യയിൽ ഏകദേശം 10,500 ഹെക്ടർ വരുന്ന നിത്യഹരിത വനപ്രദേശങ്ങളിൽ കൃഷിചെയ്തുവരുന്നുവെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി ഇന്ത്യയിലെ ഏലത്തോട്ടങ്ങൾ വിസ്തൃതിയിൽ അൽപ്പം  മുന്നോട്ടുപോയിട്ടുണ്ടെങ്കിലും മൊത്തം ഉത്പാദനത്തിലും, ഉത്പാദനക്ഷമതയിലും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലാണ്. ഈ പിന്നോക്കാവസ്ഥയ്ക്ക് വഴിതെളിച്ച കാരണങ്ങൾ താഴെപ്പറയുന്നവയാണ്.

  • ഗുണമേന്മ കുറഞ്ഞ നടീൽ വസ്തുക്കളുടെ ഉപയോഗം
  • ഏലത്തോട്ടങ്ങളുടെ കാലപഴക്കവും അശാസ്ത്രീയമായ പരിപാലനവും.
  • രാസവസ്തുക്കളുടെയും മറ്റ് ശാസ്ത്രീയ സസ്യസംരക്ഷണ മാർഗ്ഗങ്ങളുടെയും തുച്ഛമായ വിനിയോഗം.
  • തെറ്റായ രീതിയിലുള്ള വിളവെടുപ്പും, അനന്തര പ്രക്രിയകളും.
  • വനനശീകരണം, വരൾച്ച എന്നിവ മൂലമുള്ള പ്രശ്നങ്ങൾ.

ഈ സാഹചര്യത്തിൽ, അടുത്തകാലത്ത് കുടകിലെ ഏലം മേഖലയിൽ വിജയകരമായി പരീക്ഷിച്ച് നടപ്പിലാക്കിയ ഒരു പദ്ധതിയിലേക്ക് കേരളത്തിലെ ഏലം കർഷകരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. കോഴിക്കോട് ആസ്ഥാനമായുള്ള ദേശീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിൻറെ ഉപകേന്ദ്രമായി കർണ്ണാടകത്തിലെ കുടകിൽ പ്രവർത്തിച്ചുവരുന്ന ഏലം ഗവേഷണകേന്ദ്രമായിരുന്നു ഈ പദ്ധതിയുടെ ഉപജ്ഞാതാക്കൾ. ഏകദേശം രണ്ടു ദശാബ്ദക്കാലമായി ഈ കേന്ദ്രത്തിൽ നടന്നു വരുന്ന ഗവേഷണഫലങ്ങളുടെ അടിസ്ഥാനത്തിൽ രൂപം കൊടുത്ത ഒരു ഉന്നതോത്പാദന സാങ്കേതികവിദ്യയായിരുന്നു ഈ പദ്ധതിയുടെ കാതൽ.

പ്രഥമഘട്ടത്തിൽ ഈ പദ്ധതി കുടകിലെ രണ്ട് ഏലകർഷകരുടെ തോട്ടങ്ങളിലാണ് പരീക്ഷിച്ചുനോക്കിയത്. പദ്ധതി നടപ്പിലാക്കിയതോടെ, മഴയെ മാത്രം ആശ്രയിച്ചു കൃഷിചെയ്തിരുന്ന പ്രദേശത്തെ ശരാശരി ഉത്പാദനം ഹെക്ടറിന്  116 കി. ഗ്രാമിൽ നിന്ന് 538 കിലോഗ്രാമായും, ജലസേചന സൗകര്യമുള്ള തോട്ടങ്ങളിൽ ഇത് 778 കിലോഗ്രാമായും വർദ്ധിച്ചു.  ഏലോത്പാദനത്തിൽ ഒരു വിപ്ലവത്തിനു തന്നെ വഴിയൊരുക്കാൻ കെൽപ്പുള്ള ഈ പദ്ധതി, തുടർന്ന് 1986 -ൽ സ്പൈസസ് ബോർഡിൻറെ സഹകരണത്തോടെ, കർണ്ണാടകത്തിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു. തിരഞ്ഞെടുക്കപെട്ട 42 കർഷകരുടെ സുമാർ 94.10 ഹെക്ടർ തോട്ടങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ ഈ പദ്ധതി പ്രാവർത്തികമാക്കിയത്.

പദ്ധതിയുടെ ഭാഗമായി മേൽപ്പറഞ്ഞ കർഷകരുടെയിടയിൽ നടത്തിയ ഒരു സർവേ പ്രകാരം പ്രസ്തുത തോട്ടങ്ങളുടെ ശരാശരി പഴക്കം 17 വർഷവും  ശരാശരി ഉത്പാദന ശേഷി 58.8 കിലോഗ്രാമും ആയിരുന്നു. പദ്ധതിയെക്കുറിച്ച് കർഷകർക്കുണ്ടായിരുന്ന സംശയങ്ങളും ആശങ്കകളും ദൂരീകരിക്കുവാൻ ദൃശ്യശ്രാവ്യ മാധ്യമങ്ങളുടെ സഹായത്തോടെ വിവിധ സംഘങ്ങളിൽ വച്ച് വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. അതുപോലെതന്നെ കർഷകർക്ക് മാർഗ്ഗനിർദേശങ്ങൾ നൽകേണ്ട സ്പൈസസ് ബോർഡ് ഉദ്യോഗസ്ഥർക്ക് പദ്ധതിയുടെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് പഠനക്ലാസുകളും നൽകി. കൂടാതെ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരും ബോർഡ് ഉദ്യോഗസ്ഥരും ചേർന്ന് താത്പര്യമുള്ള കർഷകരുടെ  തോട്ടങ്ങൾ സന്ദർശിച്ച്, അവർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തുകയും, പദ്ധതി പ്രകാരം നടപ്പിലാക്കേണ്ട കാർഷികപ്രവർത്തികളെക്കുറിച്ച് അവർക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തു. ഓരോ തോട്ടങ്ങളിലും പദ്ധതിയനുസരിച്ച് നടപ്പിലാക്കുന്ന കാർഷികവൃത്തികൾ, അവയ്ക്കുള്ള സാമ്പത്തിക ചെലവുകൾ, ലഭിക്കുന്ന വിളവ്, തുടങ്ങിയ വിവരങ്ങൾ കാലാകാലങ്ങളിൽ ശേഘരിച്ചുകൊണ്ടേയിരുന്നു.

പദ്ധതി നടപ്പിലാക്കി രണ്ടാം വർഷം നടത്തിയ കന്നിവിളവെടുപ്പിൽ ഹെക്ടറൊന്നിന്  494.5  കിലോഗ്രാം ശരാശരി വിളവ്‌ കർഷകർക്ക് ലഭിച്ചുവെന്നത് തന്നെ ഈ പദ്ധതിയുടെ വിജയത്തിൻറെ മതിയായ തെളിവാണ്. ശാസ്ത്രീയമായ കൃഷിരീതികൾ, ചിട്ടയോടുകൂടി നടപ്പിലാക്കിയതാണ് ഈ വമ്പിച്ച നേട്ടത്തിന് കാരണമെന്ന് നിസ്സംശയം മനസ്സിലാക്കാം. എന്തൊക്കെയാണീ ശാസ്ത്രീയ കൃഷിരീതികൾ എന്ന് മനസ്സിലാക്കാം.

  1. ഉയർന്ന  ഉത്പാദന ശേഷിയുള്ള നടീൽ വസ്തുക്കളുടെ ഉപയോഗം:  ഉയർന്ന വിളവ്‌  പ്രദാനം ചെയ്യാൻ കെൽപ്പുള്ളവയെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള തിരഞ്ഞെടുക്കപ്പെട്ട ഇനങ്ങളുടെ മൂന്നോ നാലോ തണ്ടുകളുള്ള തൈകൾ മാത്രം നടീൽ വസ്തുക്കളായി ഉപയോഗിക്കുന്നു.
  2. തണൽ  ക്രമീകരണം : തോട്ടങ്ങളിലെ തണൽ മരങ്ങളുടെ ചില്ലകൾ ഏകദേശം 50 -60 ശതമാനം പ്രകാശം ചെടികൾക്ക്  കിട്ടത്തക്കവണ്ണം വെട്ടി ശരിപ്പെടുത്തുന്നു.
  3. ചെടികൾ നടുന്ന വിധവും സമയവും : ഏലച്ചെടികൾ നടുമ്പോൾ ചെടികൾ  തമ്മിലുള്ള അകലം, കുന്നിൽ ചരിവുകളിൽ 2x1  മീറ്ററും, നിരപ്പായ സ്ഥലങ്ങളിലും താഴ്വരകളിലും 2.1 x 1.2  മീറ്ററും വരത്തക്കവിധത്തിൽ ക്രമീകരിക്കുന്നു ( മൈസൂർ വഴുക്ക വിഭാഗത്തിൽ പെട്ടവയ്ക്ക് കൂടുതൽ അകലം നൽകേണ്ടതാണ്). കനത്ത മഴയ്ക്ക്‌ ശേഷമുള്ള സമയമാണ് തൈകൾ നടുവാൻ അനുയോജ്യം.
  4. വളം ചേർക്കൽ: ഓരോ സ്ഥലത്തെയും മണ്ണിൻറെ ഘടനയും സ്വഭാവവും അനുസരിച്ച് NPK ഹെക്ടറൊന്നിന്   120:120:240 കിലോഗ്രാം എന്ന തോതിൽ വളപ്രയോഗം നടത്തുന്നു. ജലസേചന സൗകര്യമുള്ള സ്ഥലങ്ങളിൽ ഇത് വർഷത്തിൽ നാല് പ്രാവശ്യമായും, അല്ലാത്തയിടങ്ങളിൽ രണ്ടു പ്രാവശ്യമായിട്ടും നൽകുന്നു. ചെടികൾ നട്ട് പ്രഥമവർഷം മേൽപ്പറഞ്ഞ അളവിൻറെ പകുതി മാത്രം നൽകിയാൽ മതിയാകുന്നതാണ്.
  5. ജലസേചനം : ജനുവരി മുതൽ മെയ്‌ മാസം വരെ രണ്ടാഴ്ച്ചയിൽ ഒരിക്കൽ തോട്ടങ്ങൾ സ്പ്രിങ്ക്ലറുകൾ ഉപയോഗിച്ച് നനയ്ക്കണം. ഏകദേശം 25 മി.മി. വർഷപാതത്തിനു തത്തുല്യമായ അളവിലാണ് ജലസേചനം ക്രമീകരിക്കുന്നത്.
  6. മണ്ണിൻറെയും അതിലെ ജല്ലാംശത്തിൻറെയും സംരക്ഷണം: മണ്ണൊലിപ്പ് തടയുവാനും, മണ്ണിലെ ഈർപ്പം നിലനിർത്താനുതകുന്നതുമായ ബണ്ടുകൾ നിർമ്മിക്കുക, ചെറിയ ചാലുകൾ കീറുക, തടയണ  നിർമ്മിക്കുക, ചെടികളുടെ ചുവട്ടിൽ പുതയിടുക, മരങ്ങൾ നട്ടുപിടിപ്പിക്കുക തുടങ്ങിയവ ഓരോ തോട്ടങ്ങളുടെയും പ്രത്യേകതകൾ കണക്കിലെടുത്ത് സ്വീകരിക്കുന്നു. ചതുപ്പുനിലങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും അധികജലം വാർന്നൊഴുകാൻ വേണ്ടി തോട്ടങ്ങളിൽ വിവിധയിടങ്ങളിലായി ചാലുകൾ കീറുന്നു.
  7. സസ്യസംരക്ഷണം: ഏലച്ചെടികളെ ബാധിക്കുന്ന നിരവധി രോഗങ്ങൾക്കും കീടങ്ങൾക്കുമെതിരെ അനുയോജ്യമായ പ്രതിവിധികൾ യഥാസമയം കൈക്കൊള്ളുന്നു.

i ) 'കറ്റേ' അഥവാ 'മൊസൈക്' രോഗം" കർണ്ണാടക തോട്ടങ്ങളിൽ കണ്ടുവരുന്ന ഈ പ്രമുഖ വൈറസ് രോഗത്തിന് ഫലവത്തായ പ്രതിവിധി ഇനിയും കണ്ടുപിടിച്ചിട്ടില്ലെങ്കിലും, തോട്ടങ്ങളിൽ നിന്ന് എല്ലാ മാസവും രോഗം ബാധിച്ച ചെടികള കണ്ടുപിടിച്ച്, അവയെ ഉന്മൂലനം ചെയ്ത് ആ സ്ഥാനത്ത് ആരോഗ്യമുള്ള പുതിയ ചെടികൾ നട്ടുപിടിപ്പിക്കുന്നതിലൂടെ ഈ രോഗത്തെ നിയന്ത്രണവിധേയമാക്കാൻ സാധിക്കും.

ii)  ഏലപ്പേൻ, തുരപ്പൻ പുഴുക്കൾ തുടങ്ങിയവ : ഈ കീടങ്ങളെ ഫലപ്രദമായി നിയന്ത്രിക്കുവാൻ, ചെടികൾ പുഷ്പ്പിക്കുകയും കായ്ക്കുകയും ചെയ്യുന്ന സമയത്ത്, ക്വിനാൽഫോസ് (0.07 %), മീതൈൽ പാരത്തയോണ്‍ (0.05 %) എന്നിവയിലൊന്ന്, ചെടികൾ നന്നായി തെളിച്ചുവൃത്തിയാക്കിയ ശേഷം തളിച്ച് കൊടുക്കണം.

iii) കടചീയൽ:  ചെടികൾ നന്നായി തെളിച്ചുവൃത്തിയാക്കിയ ശേഷം 1% വീര്യമുള്ള ബോർഡോ മിശ്രിതമോ, 0.2% വീര്യമുള്ള കോപ്പർ ഓക്സി ക്ലോറൈഡ് ലായനിയോ മഴക്കാലത്തിനു മുമ്പായി കടഭാഗത്ത്‌ ഒഴിക്കുന്നു.

iv) നിമാവിരകൾ: ഈ കീടങ്ങൾ ബാധിച്ച പ്രദേശങ്ങളിൽ ഫോറേറ്റ് 10 G ചെടിയോന്നിന് 50 ഗ്രാം എന്ന തോതിലോ, വേപ്പിൻ പിണ്ണാക്ക് ചെടിയൊന്നിന്  അര കിലോ വീതം ആണ്ടിൽ രണ്ടു പ്രാവശ്യം മണ്ണിൽ ചേർത്തു  കൊടുക്കുന്നു.

8. ഇതര ശുശ്രൂഷകൾ : നടീൽ കഴിഞ്ഞുള്ള സമയത്ത് തോട്ടങ്ങളിൽ വളർന്നു വരുന്ന കളകൾ  പറിച്ചുകളയുകയോ കളനാശിനികൾ (പാരക്വാറ്റ് ഒരു ലിറ്റർ വെള്ളത്തിൽ 1.25  എന്ന തോതിൽ) തളിച്ച് നീക്കം ചെയ്യുന്നു. മണ്ണിലെ ജലാംശം നിലനിർത്താനായി, തോട്ടത്തിൽ ലഭ്യമാകുന്ന ഉണങ്ങിയ ഇലകളും മറ്റും ശേഖരിച്ച്, നവംബർ -ഡിസംബർ മാസങ്ങളിൽ ചെടിയുടെ തടങ്ങളിൽ പുത നൽകുന്നു. ചെടികൾ പുഷ്പിക്കുന്നതോടെ, പരാഗണം സുഗമമാക്കാൻ വേണ്ടി കതിരുകൾ പുറത്തുവരത്തക്കവിധം പുത മാറ്റി കൊടുക്കേണ്ടതാണ്. രണ്ടാം വർഷം മുതൽ, വർഷത്തിൽ രണ്ടു മൂന്നു പ്രാവശ്യം പഴകിയതും ഉണങ്ങിയതുമായ ഭാഗങ്ങൾ നീക്കം ചെയ്ത് ചെടികൾ വെട്ടിതെളിക്കുന്നു. ഇത് ധാരാളം സൂര്യപ്രകാശം ലഭിക്കുവാനും, പുതുതണ്ടുകളുടെ വളർച്ചയ്ക്കും, തേനീച്ചകൾ തുടങ്ങിയ പ്രാണികൾ മുഖേനയുള്ള പരാഗണം എളുപ്പമാക്കാനും, ഏലപ്പേൻ, മുഞ്ഞ തുടങ്ങിയ കീടങ്ങളുടെ ആക്രമണം ലഘൂകരിക്കാനും ഉപകരിക്കുന്നു.  വർഷകാലത്തിൻറെ അവസാനത്തോടെ, ചെടികൾക്ക് നല്ല ഉറപ്പു നൽകാനും, തെളിഞ്ഞു നിൽക്കുന്ന വേരുകൾ മൂടാനും മറ്റുമായി ചെടിയുടെ ചുവട്ടിൽ പുതിയ മണ്ണിട്ടുകൊടുക്കുന്നു.

9. വിളവെടുപ്പ്: ഏകദേശം 10 -15 ദിവസം ഇടവിട്ട്‌ പറിച്ചെടുക്കുന്ന പഴുത്ത് പാകമായ ഏലക്കായ്കൾ കഴുകി വൃത്തിയാക്കി ഏകദേശം 10 മിനിട്ട് നേരം 2 % സോഡാക്കാരം ചേർത്ത  ലായനിയിൽ മുക്കി വച്ച ശേഷം(കായയുടെ പച്ച നിറത്തിനായി) 40 -45 ഡിഗ്രീ സെൻറ്റിഗ്രേഡ് വരുന്ന താപവിതാനത്തിൽ ഉണക്കിയെടുക്കുന്നു. നന്നായി ഉണങ്ങിയ  ഏലക്കായ്കൾ ശുചിയാക്കി തരംതിരിച്ച് പോളിത്തീൻ ചാക്കുകളിൽ സൂക്ഷിക്കുന്നു.

ഒറ്റ നോട്ടത്തിൽ മേൽപ്പറഞ്ഞ നടപടികളിൽ യാതൊരു പുതുമയും ദർശിച്ചില്ലെന്നു വരാം. പക്ഷെ ഇവയെല്ലാം ചിട്ടയോടെ നടപ്പാക്കുന്നതിൽ നിഷ്കർഷ പുലർത്തുകയാണെങ്കിൽ ഫലം അത്ഭുതാവഹമായിരിക്കുമെന്ന് നിസ്സംഗം പറയാം.

ഈ പദ്ധതിയെ ഒരു സാമ്പത്തിക  വിശകലനത്തിന് വിധേയമാക്കിയപ്പോൾ, ഈ ഊർജ്ജിത കൃഷി നടപ്പിലാക്കുക വഴി കർഷകനു ലഭിക്കുന്ന മൊത്ത വരുമാനം ഹെക്ടറൊന്നിന് 71, 250 രൂപയാണെന്നും (1983-88 ലെ കണക്കു പ്രകാരം ), ഇതിൽ ചെലവ് കഴിച്ച് കർഷകന് ലഭിക്കുന്ന ആദായം 47,600 രൂപയാണെന്നും കണ്ടു. ചുരുക്കത്തിൽ പറഞ്ഞാൽ ഒരു കിലോ ഏലത്തിൻറെ ഉത്പാദനത്തിന് ഏകദേശം 47 രൂ 30 പൈസാ ചിലവ്  വരുന്നു. പരമ്പരാഗത ഏലകൃഷിയെക്കാൾ കൂടുതൽ ചിലവ് ഈ പദ്ധതി സ്വീകരിക്കുമ്പോൾ വരുമെങ്കിലും, വിളവിലുണ്ടാകുന്ന ഗണ്യമായ വർദ്ധനവ് ആ പ്രതിസന്ധി തരണം ചെയ്യാൻ കർഷകനെ പ്രാപ്തനാക്കുന്നു. അങ്ങനെ വർദ്ധിച്ച തൊഴിലവസരവും ഈ പദ്ധതി പ്രദാനം ചെയ്യുന്നു. കേരളത്തിലെ പ്രത്യേക സാഹചര്യങ്ങളിൽ ഈ പദ്ധതിയിൽ ചില മാറ്റങ്ങൾ ആവശ്യമായി വന്നേക്കാമെങ്കിലും, അടിസ്ഥാനപരമായി ഈ പദ്ധതി ഇവിടുത്തെ ഏലകൃഷി മേഖലയിലും ചലനങ്ങൾ സൃഷ്ടിക്കാൻ പര്യാപ്തമാണെന്നു വിശ്വസിക്കുന്നു.

കീടനിയന്ത്രണം

പൊള്ളുവണ്ട്‌, തണ്ടുതുരപ്പൻ, ശൽക്കകീടങ്ങൾ,  ഇലപ്പേൻ എന്നിവയാണ് കുരുമുളകിൻറെ മുഖ്യശത്രുക്കൾ. പൊള്ളുവണ്ടിൻറെ ആക്രമണം മൂലം കുരുമുളകിന് ഏറ്റവും കൂടുതൽ നാശം ഉണ്ടാകുന്നു. വണ്ടുകൾ ഇളംപ്രായത്തിലുള്ള തിരി, കൂമ്പ്, ഇലകൾ മുതലായവ ആക്രമിക്കുന്നു. പെണ്‍വണ്ടുകൾ മുട്ടയിടുന്നത്‌ ഇളംതിരികളിലും മുകുളങ്ങളിലുമാണ്. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കൾ ഉൾഭാഗത്തേക്ക് തുരന്നുകയറി അകത്തെ മാംസളമായ ഭാഗങ്ങൾ തിന്നുന്നു. തൻനിമിത്തം ആക്രമണവിധേയമായ ഭാഗങ്ങൾ കറുപ്പുനിറമാവുകയും നശിക്കുകയും ചെയ്യുന്നു. ഇവ മുളകുമണിയുടെ ഉൾഭാഗം പൂർണ്ണമായും ഭക്ഷിക്കുന്നതിനാൽ ആദ്യം മണികൾ  മഞ്ഞനിറമാവുകയും പിന്നീട് കറുത്തു പോകുകയും തൊട്ടാൽ പൊടിഞ്ഞുപോകുകയും ചെയ്യുന്നു.

ഈ കീടത്തെ നിയന്ത്രിക്കുന്നതിന് ക്വിനാൽഫോസ്  0.05 %  അല്ലെങ്കിൽ എൻഡോസൾഫാൻ എന്ന കീടനാശിനി  0.05 % വീര്യത്തിൽ ജൂണ്‍-ജൂലൈ മാസങ്ങളിലും സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിലും തളിക്കണം. ഇതുകൂടാതെ എൻഡോസൾഫാൻ  0.05 % വീര്യത്തിൽ ജൂലൈ മാസത്തിലും നീംഗൊർഡ് 0.06 % വീര്യത്തിൽ ഓഗസ്റ്റ്‌, സെപ്റ്റംബർ, ഒക്ടോബർ എന്നീ മാസങ്ങളിലും തളിച്ച് ഇവയെ നിയന്ത്രിക്കാൻ സാധിക്കും. നീംഗൊർഡു തന്നെ  0.06 % വീര്യത്തിൽ ജൂലൈ മുതൽ ഒക്ടോബർ വരെ മാസത്തിലൊരിക്കൽ എന്ന തോതിൽ തളിച്ചും പൊള്ളുവണ്ടിനെ നിയന്ത്രിക്കാം എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.  മരുന്ന് തളിക്കുമ്പോൾ മരുന്ന് ഇലയുടെ അടിവശത്ത് എത്തുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം. ചോല (തണൽ) നിയന്ത്രിക്കുന്നതും ഒരു പരിധിവരെ ഈ കീടത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.

തണ്ടുതുരപ്പൻ

തണ്ടുതുരപ്പൻ പുഴു ചെടിയുടെ അഗ്രഭാഗം തുരന്നുകയറി ഉൾഭാഗം കാർന്നുതിന്നുന്നതിനാൽ മുകുളങ്ങൾ കരിഞ്ഞ് ഉണങ്ങിപോകുന്നു. തുടർച്ചയായി ഇതിൻറെ ആക്രമണം ഉണ്ടാകുമ്പോൾ മുളകുചെടികൾ വളർച്ചയില്ലാതെ മുരടിച്ചുപോകുന്നു. ഈ പുഴുവിൻറെ ആക്രമണം കൂടുതലായി കണ്ടുവരുന്നത് ചെടികളിൽ ധാരാളം പുതിയ നാമ്പുകൾ വരുന്ന ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലാണ്. ക്വിനാൽഫോസ് 0.05% വീര്യത്തിൽ ചെറിയ ചെടികളുടെ പുതിയ നാമ്പുകളിൽ തളിച്ച് ഇതിനെ നിയന്ത്രിക്കാം.

ഇലപ്പേൻ

ഇലപ്പേൻ ഇലകളിലെ നീരൂറ്റിക്കുടിക്കുന്നതിനാൽ ഇലകളുടെ അരികുകൾ താഴോട്ടും ഉള്ളിലോട്ടുമായി ചുരുണ്ട് മടങ്ങുകയും തത്ഫലമായി ഇലയുടെ അഗ്രഭാഗങ്ങളിൽ ഗാളുകൾ ഉണ്ടാവുകയും ചെയ്യുന്നു. തുടർന്ന് ആക്രമണവിധേയമായ ഇലകൾ ചുക്കി ചുരുങ്ങി വികൃതമായി തീരുന്നു. പുതുതായി വരുന്ന ഇലകളിൽ ഡൈമീതൊയേറ്റ് 0.05 % വീര്യത്തിൽ തളിച്ചാൽ ഇലപ്പേനിനെ ഫലപ്രദമായി നിയന്ത്രിക്കാം.

ശൽക്കകീടങ്ങൾ

ശൽക്കകീടങ്ങൾ മുളകുചെടിയുടെ തണ്ട്,  ഇല,  തിരി എന്നിവയിൽ ഒരുസ്ഥലത്ത് പറ്റിപ്പിടിച്ചിരുന്ന് നീരൂറ്റിക്കുടിക്കുന്നതിനാൽ ആക്രമണവിധേയമായ ഭാഗം ക്രമേണ മഞ്ഞനിറമാവുകയും, ശോഷിച്ച് പോകുകയും ചെയ്യുന്നു. ശൽക്കബാധ ക്രമാതീതമായി ഉണ്ടാവുകയാണെങ്കിൽ ആ ഭാഗം ചിലപ്പോൾ ഉണങ്ങാൻ തന്നെ ഇടയാക്കുന്നു.

കീടബാധയുള്ള വള്ളികളിൽ ഡൈമീതൊയേറ്റ് 0.01 % വീര്യത്തിൽ തളിച്ച് ഇവയെ നിയന്ത്രിക്കാവുന്നതാണ്. ആദ്യതവണ മരുന്നടിച്ചശേഷം ഒരു തവണ കൂടി മരുന്ന് തളിക്കണം. കീടബാധയുടെ പ്രാരംഭത്തിൽ തന്നെ മരുന്ന് തളിക്കേണ്ടതാണ്. മാത്രമല്ല കീടാക്രമണം വളരെ കൂടിയ അളവിൽ ഉണ്ടായ ഭാഗങ്ങൾ മുറിച്ചുകളയുന്നതും നല്ലതാണ്. കുരുമുളകു നഴ്സറികളിലും തോട്ടങ്ങളിലും മീലിമുട്ടകളുടെ ആക്രമണം കണ്ടുവരുന്നുണ്ട്. ക്ലോർപൈറിഫോസ് എന്ന കീടനാശിനി 0.075% വീര്യത്തിൽ വള്ളിയുടെ ചുവട്ടിൽ  ഒഴിച്ചുകൊടുത്ത് ഇവയെ നിയന്ത്രിക്കാൻ കഴിയും. മീലിമുട്ടകളുടെ ആക്രമണത്തിന് വിധേയമായ വള്ളികളിൽ ഫൈറ്റോഫ്തോറ എന്ന കുമിളും നിമാവിരകളും ബാധിച്ചതായി കാണുന്നുണ്ട്. ഇത്തരം വള്ളികളിൽ മീലിമുട്ടകളെ നിയന്ത്രിക്കുന്നതോടൊപ്പം കുമിളിനെയും നിമാവിരകളെയും കൂടി നിയന്ത്രിച്ചാലേ ശരിയായ ഫലം കാണുകയുള്ളൂ. കുരുമുളകിന് താങ്ങായി പരക്കെ ഉപയോഗിക്കുന്ന മുരിക്കിൻറെ വേരും തടിയും തുരന്നുകയറി നശിപ്പിക്കുന്ന റംഫാൻ സ്പീഷീസിൽപ്പെട്ട പുഴുവിനെ നശിപ്പിക്കുന്നതിനു ഫോറേറ്റ് 10 G 20-30 ഗ്രാം മെയ്‌-ജൂണ്‍ മാസങ്ങളിലും സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിലും താങ്ങുമരത്തിന് ചുറ്റും മണ്ണിലിട്ട്‌ കൊടുക്കണം.

നിമാവിരകൾ

നിമാവിരകൾ അഥവാ നിമറ്റോഡുകൾ ഭൂമിയിലെ വിവിധ ആവാസവ്യവസ്ഥകളിൽ കാണപ്പെടുന്ന ഒരു വിഭാഗം ജീവജാലങ്ങളാണ്. ഇവയിൽ ഭൂരിഭാഗവും സ്വതന്ത്രജീവിതം നയിക്കുന്നുവെങ്കിലും ഗണ്യമായ ഒരു വിഭാഗം ഭക്ഷണത്തിനും വംശവർധനവിനും ഇതരജീവജാലങ്ങളെ ആശ്രയിക്കുന്നവയാണ്. സസ്യങ്ങളെ ആക്രമിക്കുന്ന നിമാവിരകൾ ഈ വിഭാഗത്തിൽപ്പെടുന്നു. നിമാവിരകൾക്കെല്ലാം പൊതുവായ ഒരു ശരീരഘടനയാണുള്ളത്.

വിരകളുടെ ശരീരാകൃതി - ശരീരത്തിന് നിറമില്ല,  ശരീരത്തിൽ പ്രത്യേക അവയവങ്ങളുമില്ല. സസ്യപരാദങ്ങളായ നിമാവിരകളെല്ലാം തന്നെ അതിസൂക്ഷ്മങ്ങളാണ്. നഗ്നനേത്രങ്ങളാൽ  ഇവയെ കാണാൻ കഴിയില്ല.  മണ്ണിൽ വസിക്കുന്ന നിമാവിരകൾക്ക് ജീവിതനിലനിൽപ്പിന് മണ്ണിലെ ഈർപ്പം അത്യന്താപേക്ഷിതമാണ്. മണ്ണിൻറെ ഘടന, അമ്ലത, മണ്ണിലെ പോഷകമൂലകങ്ങളുടെ അളവ് , മണ്ണിലെ ഇതരജീവികളുടെ സാന്നിധ്യം, ഇവയൊക്കെ ഒരു പ്രദേശത്തെ നിമാവിര സമൂഹത്തിൻറെ വൃദ്ധിക്ഷയങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. കാഴ്ച്ചയിൽ ഒരുപോലെയെങ്കിലും നിമാവിരകളിൽ പലയിനങ്ങളുണ്ട്. ഓരോരോയിനങ്ങളുടെയും ജീവിതശൈലിയും ജീവിതക്രമവുമൊക്കെത്തമ്മിൽ പ്രകടമായ വ്യത്യാസങ്ങൾ ഉണ്ട്.

നിമാവിരബാധ കുരുമുളകിൽ

കുരുമുളകിൻറെ ദ്രുതവാട്ടത്തിനു കാരണക്കാരായ ഫൈറ്റോഫ്തോറ കുമിളുകൾക്കൊപ്പം പ്രാധാന്യമേറിയ ഒരു കീടവിഭാഗമാണ് നിമാവിരകൾ.   സാവധാനവാട്ടമെന്ന കുരുമുളകിൻറെ രോഗത്തിൻറെ പ്രധാന കാരണങ്ങൾ നിമാവിരകളാണ്. ഏകദേശം 30- ഓളം ജനുസ്സുകളിൽപെട്ട നിമാവിരകൾ കുരുമുളകിനെ ആക്രമിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവയിൽ ഏറ്റവും അപകടകാരികളായിട്ടുള്ളവ കേവലം രണ്ടെണ്ണം മാത്രമാണ്. വേരുബന്ധക നിമാവിരയും തുരപ്പൻ നിമാവിരയും. ഇവ രണ്ടും കേരളത്തിലെ കുരുമുളകു തോട്ടങ്ങളിൽ വ്യാപകമായി കണ്ടുവരുന്നവയാണ്. മണ്‍സൂണ്‍ മഴയ്ക്ക്‌ ശേഷമുള്ള മാസങ്ങളിൽ ഇവയുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു. എന്നാൽ കടുത്ത വേനലാകുന്നതോടെ ഇവ എണ്ണത്തിൽ കുറയുന്നതായി കാണാം. കൊടിയുടെ ഇളംവേരുകളാണ് ഇവ പ്രധാനമായും നശിപ്പിക്കുന്നത്. നിമാവിരബാധയോടൊപ്പം ഫൈറ്റോഫ്തോറ കൂടിയുണ്ടെങ്കിൽ കൊടികളുടെ നാശം അതിവേഗവും അതിരൂക്ഷവുമായിരിക്കും.

രോഗലക്ഷണങ്ങൾ

നിമാവിരബാധയ്ക്ക് തനിമയാർന്ന ബാഹ്യരോഗലക്ഷണങ്ങളൊന്നും തന്നെയില്ലായെന്നതാണ് സങ്കടകരം. എന്നാൽ വേരുകളിൽ വ്യക്തമായ രോഗലക്ഷണങ്ങൾ ആരംഭത്തിൽ കാണാം. ഇളംവേരുകളിൽ കാണുന്ന ഇരുണ്ട തവിട്ടുനിറത്തിലുള്ള പാടുകൾ തുരപ്പൻ നിമാവിരയുടെ ആക്രമണം സൂചിപ്പിക്കുന്നു. ഇത്തരം വേരുകൾ ക്രമേണ ജീർണ്ണിച്ചുപോവുകയും കൊടിയുടെ പൊടിവേരുകൾ തീർത്തും നഷ്ടമാവുകയും ചെയ്യും.വേരുബന്ധക നിമാവിരകളാകട്ടെ കൊടിയുടെ വേരുകളിൽ മുഴകളും തടിപ്പുകളും ഉണ്ടാക്കുന്നു. ഇവയും അഴുകി നശിക്കുകയും, കൊടികൾക്ക് മണ്ണിൽ നിന്നും ജലവും പോഷകങ്ങളും ആഗിരണം ചെയ്യാനുള്ള ത്രാണി ക്ഷയിക്കുകയുയം ചെയ്യുന്നു. തന്മൂലം കൊടികളിൽ മഞ്ഞളിപ്പും വാട്ടവും ഇലകൊഴിച്ചിലും പ്രത്യക്ഷപ്പെടുന്നു. കാലക്രമേണ ഇത്തരം കൊടികളുടെ വളർച്ച മുരടിച്ച് അവ പൂർണ്ണമായും നശിക്കുന്നു. നിമാവിരബാധ ഒരിക്കലും തോട്ടങ്ങളിൽ വ്യാപകമായി കണ്ടുവരാറില്ല. ഏതാനും ചില കൊടികളിൽ പ്രത്യക്ഷമാകുന്ന രോഗം ഘട്ടംഘട്ടമായി ഇതരകൊടികളിലേക്ക് പടരുന്നു. നിമാവിരബാധയുള്ള കൊടികളിൽ മഞ്ഞളിപ്പും വാട്ടവും വേനൽക്കാലത്തായിരിക്കും സാധാരണ പ്രകടമാവുക.

നിയന്ത്രണമാർഗ്ഗങ്ങൾ

നിമാവിരകളെ നിയന്ത്രിക്കുക അത്യന്തം ക്ലേശകരമായ കാര്യമാണ്. കാരണം മണ്ണിലെ ഇവയുടെ ജീവിതവും, ഇവയുടെ ആക്രമണം തുടക്കത്തിലേ കണ്ടെത്താൻ കഴിയാത്തതുമാണ്. നിമാവിരകളെ നിർമാർജ്ജനം ചെയ്യുക അസാധ്യമാകയാൽ മണ്ണിൽ ഇവയുടെ സംഖ്യ ക്രമാതീതമായി പെരുകാതിരിക്കാൻ വേണ്ടി താഴെ പറയുന്ന മാർഗ്ഗങ്ങൾ അവലംബിക്കാവുന്നതാണ്.

1. തോട്ടങ്ങളിൽ നിമാവിരബാധയേൽക്കാത്ത ആരോഗ്യമുള്ള തൈകൾ മാത്രം നടുക.

2. ഇതര നഴ്സറികളിൽ നിന്ന് ശേഖരിക്കുന്ന തൈകളിൽ നിമാവിരബാധയില്ലെന്ന് ഉറപ്പുവരുത്തുക.

3. സ്വന്തം കൃഷിയിടങ്ങളിൽ തൈകൾ തയ്യാറാക്കുന്ന പക്ഷം, നടീൽമിശ്രിതം സൂര്യതാപമേൽപ്പിച്ച് അണുവിമുക്തമാക്കുക.

4. തോട്ടങ്ങളിൽ വിവിധയിനം കുരുമുളകുകൾ ഇടകലർത്തി നടുക. വേരുബന്ധകനിമാവിരകൾ കൂടുതലായുള്ള പ്രദേശങ്ങളിൽ 'പൗർണ്ണമി' എന്നയിനം കുരുമുളകു കൃഷിചെയ്യുക.

5. നിമാവിരകളുടെ വംശവർധനയെ ത്വരിതപ്പെടുത്തുന്ന ഇടവിളകളും താങ്ങുമരങ്ങളും ഒഴിവാക്കുക.

6. തോട്ടങ്ങളിലെ ജൈവസമ്പുഷ്ടി വർധിപ്പിക്കാനായി തോട്ടത്തിൽ കൂടുതൽ ജൈവവളങ്ങൾ പ്രയോഗിക്കുക.

7. കൊടികളുടെ തടങ്ങളിലും, നടീൽമിശ്രിതത്തിലും ട്രൈക്കോഡെർമ,, പീഡിലോമൈസസവെർടിസിലിയം തുടങ്ങിയ ജൈവനിയന്ത്രണ സഹായികളായ കുമിളുകൾ ചേർത്തു കൊടുക്കുക.

8. നിമാവിരബാധ രൂക്ഷമായിട്ടുള്ള കൊടികൾ പിഴുതു നശിപ്പിക്കുക.

9. നിമാവിരബാധ തീവ്രമായിട്ടുള്ള കൊടികളുടെ തടങ്ങളിൽ വള്ളിയൊന്നിന് 30 ഗ്രാം ഫോറേറ്റ് അല്ലെങ്കിൽ 100 ഗ്രാം കാർബോഫ്യൂറാൻ മണ്ണിൽ ചേർത്തു കൊടുക്കുക. നിമാവിരനാശിനികൾ മഴയ്ക്ക്‌ മുൻപും (മെയ്‌-ജൂണ്‍) മഴ കഴിഞ്ഞും (സെപ്റ്റംബർ-ഒക്ടോബർ) പ്രയോഗിക്കേണ്ടതാണ്. വേരുപിടിപ്പിച്ച തൈകളിൽ ഇത് യഥാക്രമം 1 ഉം 3 ഉം ഗ്രാം വീതമാണ്.

ഓർക്കുക, നിമാവിരകളെ നേരിടേണ്ടത് മുകളിൽ പറഞ്ഞ കരുതൽ നടപടികളിലൂടെയാണ്. നഴ്സറികളിലായാലും തോട്ടത്തിലായാലും കുരുമുളകുതൈകളിലെ നിമാവിരനിയന്ത്രണത്തിനാണ് ഊന്നൽ നൽകേണ്ടത്. കാരണം നിമാവിരകളുടെ ആക്രമണത്തിന് എളുപ്പം കീഴ്പ്പെടുക കുരുമുളകു തൈകളാണ്.

കുരുമുളകിൻറെ ദ്രുതവാട്ടവും പ്രതിവിധികളും

 

കുരുമുളക് പ്രചാരത്തിലുള്ള രാജ്യങ്ങളിലെല്ലാംതന്നെ ദ്രുതവാട്ടമെന്ന മാരകരോഗം കണ്ടുവരുന്നു. മണ്ണിലുള്ള ഫൈറ്റൊഫ്തോറ കാപ്സിസി എന്നൊരിനം കുമിളുകളുണ്ടാക്കുന്ന ഈ രോഗം ചുവടുചീയൽ, കടചീയൽ, മൂടുചീയൽ എന്നീ പേരുകളിലും അറിയപ്പെടാറുണ്ട്. പ്രതികൂല സാഹചര്യങ്ങളിൽ മണ്ണിൽ നിർജ്ജീവാവസ്ഥയിൽ കഴിയുന്ന കുമിൾ ബീജങ്ങൾ, മഴക്കാലത്ത്‌ മണ്ണിലെ ഈർപ്പവും അന്തരീക്ഷത്തിലെ ബാഷ്പ‍സാന്ദ്രതയും കൂടുന്നതോടെ സജീവമാകുന്നു. കുരുമുളകിൻറെ വേര്, തണ്ട്, ഇല, തിരി  തുടങ്ങിയ എല്ലാ ഭാഗങ്ങളേയും ഈ രോഗം ബാധിക്കാറുണ്ട്. രോഗബാധയേൽക്കുന്ന സസ്യഭാഗത്തിനനുസരിച്ച് നാശനഷ്ടങ്ങൾ ഏറിയും കുറഞ്ഞുമിരിക്കും.

രോഗബാധയുടെ സ്വഭാവവും, കുമിളുകളുടെ ആക്രമണരീതിയുമനുസരിച്ച് ദ്രുതവാട്ടരോഗത്തിന് രണ്ട് അവസ്ഥകളാണുള്ളത്.

1. മണ്ണിലൂടെയുള്ള രോഗബാധ

പുതുമഴയോടെ കുരുമുളകുകൊടികളിൽ പൊട്ടിമുളയ്ക്കുന്ന ഇളംവേരുകളെ ആക്രമിച്ചുകൊണ്ടാണ് രോഗബാധയുടെ തുടക്കം. കുമിൾബാധയേൽക്കുന്ന വേരുകൾ നശിക്കുന്തോറും പുതിയ വേരുകൾ ഉത്പാദിപ്പിക്കാൻ കഴിയുന്ന കൊടികൾ രോഗത്തെ ചെറുത്തുനിന്നുവെന്നുവരാം. എന്നാൽ രോഗബാധ ക്രമേണ വേരുകളിലൂടെ തണ്ടുകളിലേക്ക് വ്യാപിച്ച് കൊടികളുടെ കടഭാഗം ചീഞ്ഞഴുകി, വള്ളികൾ ഉണങ്ങിപോകുന്നു. മണ്ണിൽ പടർന്നു വളരുന്ന ചെന്തലകളിൽ കൂടിയും കടഭാഗത്ത്‌ രോഗബാധയേൽക്കാറുണ്ട്. തീർത്തും  മാരകമായ ഈ അവസ്ഥയിൽ കൊടികളെ രക്ഷപ്പെടുത്തുക പ്രായേണ ദുഷ്ക്കരമാണ്.

ദ്രുതവാട്ടത്തിൻറെ ബാഹ്യലക്ഷണമായി കാണപ്പെടാറുള്ളത് ഇല മഞ്ഞളിപ്പാണ്. രോഗം വേരുകളെ ബാധിക്കുന്നുവെന്നതിൻറെ സൂചനയായ ഈ ലക്ഷണം കൂടുതൽ പ്രകടമാകുന്നത് മണ്ണിലെ ഈർപ്പം നഷ്ടപ്പെടുന്ന വരണ്ട കാലാവസ്ഥയിലാണ്. രോഗം മൂർച്ഛിക്കുന്നതോടെ ഇലകൾ കൊഴിഞ്ഞ്, വള്ളികൾ ഉണങ്ങി പോകുന്നതായി കാണാം. വേരുകളിൽ കുമിൾബാധയേൽക്കുന്ന പ്രാരംഭഘട്ടത്തിൽ തന്നെ ഉചിതമായ സസ്യസംരക്ഷണ നടപടികൾ കൈക്കൊണ്ടാൽ കൊടികളെ നാശത്തിൽ നിന്ന് രക്ഷിക്കാവുന്നതാണ്.

2. ഉപരിതലഭാഗങ്ങളിലെ രോഗബാധ

വർഷകാലത്ത് മണ്ണിൽ  ശക്തിയോടെ പതിക്കുന്ന മഴത്തുള്ളികൾ മൂലം മണ്ണും ജലകണങ്ങളും തെറിച്ചാണ് കൊടിയുടെ ഉപരിതലഭാഗങ്ങളിൽ രോഗബാധയുണ്ടാകുന്നത്. സാധാരണയായി, കൊടിയുടെ ചുവടുഭാഗത്തുള്ള ഇലകളിലും ശാഖകളിലും മറ്റുമാണ് ആദ്യം രോഗലക്ഷണങ്ങൾ കാണപ്പെടുക. ക്രമേണ ഇത് പടിപടിയായി മുകളിലേക്ക് വ്യാപിക്കുന്നു. ഇലകളിൽ ഇരുണ്ട തവിട്ടു നിറമുള്ള പുള്ളിക്കുത്തുകളായി ആരംഭിക്കുന്ന രോഗം, പ്രതലമാകെ വ്യാപിച്ച് ഇലകൾ തന്നെ കൊഴിഞ്ഞു പോകാൻ കാരണമായിത്തീരുന്നു. ശാഖകളിൽ കുമിൾബാധയേൽക്കുമ്പോഴും ഇല മഞ്ഞളിപ്പും ഇല കൊഴിച്ചിലും ദൃശ്യമാണെങ്കിലും, രോഗ ബാധിത ശാഖകൾ ഉണങ്ങിപ്പോവുകയാണ് പതിവ്. തിരികളിലാകട്ടെ, അവിടവിടെ കറുത്ത പാടുകൾ പ്രത്യക്ഷപ്പെട്ട് അധികം വൈകാതെ തന്നെ അവ ഉണങ്ങി വീഴുന്നതായി കാണാം. മേൽപ്പറഞ്ഞ രീതികളിൽ രോഗബാധയുണ്ടാകുമ്പോഴെല്ലാം, കൊടികൾക്ക് ഭാഗീകമായ നാശമേ നേരിടാറുള്ളൂ. പക്ഷെ, തോട്ടത്തിൽ മാരകമായ രോഗബാധയുണ്ടാകുന്നതിന് മുന്നോടിയായിട്ട് ഈ ലക്ഷണങ്ങളെ കണ്ട്  ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതാണ്.

സംയോജിത സസ്യസംരക്ഷണ നടപടികൾ

1. കൃഷിമുറകളും ശുചിത്വവും

  • രോഗം ബാധിച്ചതും ഉണങ്ങിയതുമായ കുരുമുളകുവള്ളികൾ വേരോടെ പിഴുതുമാറ്റി തീയിട്ടു നശിപ്പിക്കുക. പ്രസ്തുത തടങ്ങളിൽ രണ്ടു ഗ്രാം കോപ്പർ ഓക്സിക്ലോറൈഡ് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കിയ ലായനി, തടമൊന്നിന് 5 ലിറ്റർ വീതമൊഴിച്ച് മണ്ണ് കുമിൾ വിമുക്തമാക്കുക. ഈ  തടങ്ങളിൽ ഏകദേശം ഒരു വർഷത്തിനു ശേഷമേ പുതിയ തൈകൾ നടുവാൻ  പാടുള്ളൂ.
  • മഴക്കാലത്തിന് മുൻപായി തോട്ടങ്ങളിൽ നല്ല നീർവാർച്ചാ സൗകര്യം ഉറപ്പുവരുത്തുകയും വേണ്ടത്ര സൂര്യപ്രകാശം കൊടികളിൽ പതിക്കുവാൻ വേണ്ടി, താങ്ങുമരങ്ങളുടെ ശാഖകൾ മുറിച്ചുമാറ്റി തണൽ നിയന്ത്രണം നടത്തുകയും ചെയ്യുക.
  • മണ്ണിൽ തൊട്ടു വളരുന്ന ചെന്തലകളും ഞാലൻ തലകളും മുറിച്ചു കളയുകയോ, താങ്ങുമരങ്ങളോട് ചേർത്ത് കെട്ടുകയോ ചെയ്യുക. മണ്‍നിരപ്പിൽ നിന്ന് ഒന്നൊന്നരയടി ഉയരത്തിലുള്ള ശാഖകൾ വെട്ടിമാറ്റുന്നതും, തോട്ടങ്ങളിൽ തോട്ടപ്പയറോ പുല്ലോ വളർത്തുന്നതും ഇലകളിലും ശാഖകളിലും ഉണ്ടാകുന്ന രോഗബാധ തടയുവാൻ സഹായകരമാണ്.
  • വേരുകൾക്കുണ്ടാകാവുന്ന ക്ഷതമൊഴിവാക്കാൻ വേണ്ടി തോട്ടങ്ങളിലെ ഇടയിളക്കൽ പ്രക്രിയ കഴിവതും ഒഴിവാക്കുക.
  • രോഗം ബാധിച്ച തോട്ടങ്ങളിൽ  നിന്നും രോഗവിമുക്തമായ തോട്ടങ്ങളിൽ ആളുകൾ പ്രവേശിക്കുന്നതും, പണിയായുധങ്ങൾ ഉപയോഗിക്കുന്നതും ആവശ്യമായ ശുചീകരണനടപടികൾക്ക് ശേഷമാണെന്ന് ഉറപ്പു വരുത്തുക.
  • മെയ്‌- ജൂണ്‍ മാസങ്ങളിൽ വള്ളിയൊന്നിന് ഒരു കിലോഗ്രാം എന്ന തോതിൽ നല്ല വേപ്പിൻ പിണ്ണാക്ക് (3-4 ശതമാനം എണ്ണയടങ്ങിയവ) ചേർത്തു കൊടുക്കുന്നത് കുമിളുകളെയും നിമാവിരകളെയും ഒരു പരിധി വരെ നിയന്ത്രിക്കാനും, മണ്ണിലെ ജൈവാംശം വർധിപ്പിക്കാനും സഹായകമാണ്.

2. രാസസംരക്ഷണം

കാലവർഷത്തിനു  മുൻപും (മെയ്‌- ജൂണ്‍), അതിനു ശേഷവും (ഓഗസ്റ്റ്‌ -സെപ്റ്റംബർ) കുരുമുളകുവള്ളികളിൽ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം നന്നായി തളിച്ചു കൊടുക്കുകയും, തടങ്ങളിൽ 0.2% വീര്യമുള്ള കോപ്പർ ഓക്സിക്ലോറൈഡ് ലായനി (ഒരു ലിറ്റർ വെള്ളത്തിൽ രണ്ടു ഗ്രാം കോപ്പർ ഓക്സിക്ലോറൈഡ് കലക്കിയത്) അഞ്ചു ലിറ്റർ വീതം ഒഴിച്ച് കൊടുക്കുകയും ചെയ്യേണ്ടതാണ്. മഴ നീണ്ടു നിൽക്കുകയാണെങ്കിൽ ഒരു തവണ കൂടി തടങ്ങളിൽ മേൽപ്പറഞ്ഞ ലായനി ഒഴിച്ചുകൊടുക്കുന്നത് അഭികാമ്യമാണ്. രോഗനിയന്ത്രണത്തിന് കുമിൾനാശിനികൾ ശരിയായ അളവിൽ തയ്യാറാക്കി, ഉചിതമായ സമയത്ത് പ്രയോഗിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

കുരുമുളകിൻറെ വാട്ടരോഗങ്ങൾ

 

കുരുമുളകിനെ ബാധിക്കുന്ന ഏകദേശം 17 ഓളം രോഗങ്ങളിൽ ഏറ്റവും പ്രധാനം ദ്രുതവാട്ടമാണ്. ദ്രുതവാട്ടം കുരുമുളകുകൊടിയുടെ വിവിധ ഭാഗങ്ങളെ ബാധിക്കുന്നതനുസരിച്ച് പ്രധാനമായും മൂന്നു ഗണങ്ങളായി തിരിക്കാം. ഒന്ന് ഇളംവേരുകളിൽ രോഗബാധയേൽക്കുമ്പോഴുണ്ടാകുന്ന സാവധാനവാട്ടം, രണ്ട് കടഭാഗത്ത്‌ രോഗബാധയേറ്റ് കൊടി  തന്നെ കരിഞ്ഞുണങ്ങി സമ്പൂർണ്ണമായി നശിക്കുന്ന ദ്രുതവാട്ടം, മൂന്ന് തണ്ടുകളിലും ഇലകളിലും തിരികളിലും രോഗബാധയുണ്ടാകുന്നതുമൂലമുള്ള ഉപരിതലവാട്ടം. അതായത് ഇത്രയും കാലം ഒന്നായിക്കണ്ടിരുന്ന ദ്രുതവാട്ടം ഇനിമേൽ മൂന്നായി പരിഗണിക്കണമെന്നു സാരം.

പഴക്കമുള്ള ഈ രോഗം കാരണം കേരളത്തിലെ കുരുമുളകുകൃഷി തന്നെ അന്യം നിന്ന് പോകും എന്നുള്ള ഒരു സ്ഥിതിവിശേഷം തന്നെ സംജാതമായിട്ടുണ്ട്. ലോകമെമ്പാടും ഈ രോഗം മൂലം ഏകദേശം 4.5 മുതൽ 7.5 ദശലക്ഷം ഡോളർ നഷ്ടപ്പെടുന്നുവെന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്. രോഗങ്ങളിൽ വൈവിധ്യമുണ്ടെങ്കിലും മൂലകാരണം ഒന്നുതന്നെ, മണ്ണിലുള്ളഫൈറ്റോഫ്തോറ കാപ്സിസി എന്നയിനം സൂക്ഷ്മകുമിളുകൾ. അതുകൊണ്ടാണ് ഈ രോഗത്തെ  ഫൈറ്റോഫ്തോറ മൂലമുള്ള കടചീയൽ, മൂടുചീയൽ എന്നൊക്കെ സാങ്കേതികമായി വിളിക്കുന്നത്‌. എന്നാൽ മണ്ണിൽത്തന്നെ വസിക്കുന്ന  റാഡോഫോളസ് സിമിലിസ്മെലയ്ഡൊഗയിൻ എന്നീ സൂക്ഷ്മവിരകളായ നിമാവിരകൾക്കും ഈ രോഗത്തിൽ നിർണ്ണായക പങ്കുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ മൂന്ന് വിഭാഗം രോഗങ്ങളും തോട്ടങ്ങളിൽ വെവ്വേറെ കാണപ്പെടാമെങ്കിലും പരസ്പരബന്ധത്താൽ പലപ്പോഴും ഇവയെ ഒരുമിച്ച് ഒരേ തോട്ടത്തിൽ തന്നെ കാണാം. ഒരു കൊടിയിൽ സാവധാനവാട്ടമായി ആരംഭിച്ച് ഏതാനും വർഷങ്ങൾ കൊണ്ട് രോഗം പ്രധാന വേരുകളേയും  കീഴടക്കി കൊടിയുടെ കടഭാഗത്തെത്തുന്നതോടെ ദ്രുതവാട്ടമായി പരിണമിക്കുന്നു. അതായത് സാവധാനവട്ടം പഴകുമ്പോൾ  ദ്രുതവാട്ടമാകുന്നു എന്നുതന്നെ. കടഭാഗത്ത്‌ നേരിട്ടോ,  മണ്ണിൽ പടർന്നു  വളരുന്ന  ചെന്തലകളിലൂടെയോ രോഗബാധ ഉണ്ടായാലും ദ്രുതവാട്ടമുണ്ടാകാം. അക്ഷരാർത്ഥത്തിൽ ഇതാണ് ദ്രുതവാട്ടം. പക്ഷെ തോട്ടങ്ങളിൽ സാധാരണയായി കണ്ടുവരുന്നത്‌ സാവധാനവാട്ടം മൂർച്ഛിച്ചുണ്ടാകുന്ന ദ്രുതവാട്ടമാണ്. പ്രാരംഭഘട്ടത്തിൽ വ്യക്തമായ രോഗലക്ഷണങ്ങൾ പ്രകടമാകാത്തതിനാൽ നാം രോഗബാധ മനസ്സിലാക്കുന്നില്ലെന്നുമാത്രം. ദ്രുതവാട്ടം ബാധിച്ച കൊടിയെ രക്ഷിച്ചെടുക്കുക ദുഷ്കരമാണ്.

ഫൈറ്റോഫ്തോറ കുമിളുകളുടെ പ്രവർത്തനം മണ്ണിലെയും അന്തരീക്ഷത്തിലെയും ഈർപ്പത്തെ ആശ്രയിച്ചാണിരിക്കുന്നത്. കറുത്തപൊന്നിനു കറുത്ത ദിനങ്ങളാണല്ലോ മണ്‍സൂണ്‍ കാലഘട്ടം. മെയ്‌-ജൂണ്‍ മാസത്തിൽ  കാലവർഷത്തോടെ  ആരംഭിക്കുന്ന രോഗബാധ ചിലപ്പോൾ ഓഗസ്റ്റ്‌ മാസം കഴിഞ്ഞ് സെപ്റ്റംബർ-ഒക്ടോബർ മാസത്തിലെ തുലാവർഷം വരെ നീണ്ടുനിന്നേക്കാം. പുതുമഴയോടെ പൊട്ടിമുളയ്ക്കുന്ന ഇളംവേരുകളെയും പുത്തൻ തലപ്പുകളെയുമാണ് രോഗം ആദ്യം ബാധിക്കുക. വേരുകളിലെ നിമാവിരബാധയും കൃഷിപ്പണികൾക്കിടയിൽ സംഭവിച്ചേക്കാവുന്ന ക്ഷതങ്ങളും രോഗബാധയെ ത്വരിതപ്പെടുത്താം. ഈ ഘട്ടത്തിൽ തോട്ടങ്ങളിൽ രോഗലക്ഷണങ്ങൾ പ്രകടമല്ലെങ്കിൽകൂടി, എല്ലാ കൊടികൾക്കും കുമിൾനാശിനികൾ പ്രയോഗിച്ചാൽ രോഗത്തെ തടഞ്ഞുനിർത്താം. കൊടിയുടെ ഉപരിതലഭാഗങ്ങളിലെ രോഗബാധ ദ്രുതവാട്ടവും സാവധാനവാട്ടവും സാധാരണയായി കണ്ടുവരുന്ന തോട്ടങ്ങളിലാണുണ്ടാവുക. ഇത്തരം തോട്ടങ്ങളിലെ മണ്ണിൽ രോഗകാരികളായ കുമിളുകളുടെ എണ്ണം വളരെ പെരുകിയിരിക്കും. മഴക്കാലത്ത് കുമിളുകൾ സജീവമാകുന്നതോടെ കുമിൾ ബീജങ്ങളടങ്ങിയ മണ്ണും വെള്ളത്തുള്ളികളും തെറിച്ച് കൊടിയുടെ കടഭാഗത്തോട് ചേർന്ന് ഇലകളിലും  തണ്ടുകളിലുമൊക്കെ രോഗബാധയുണ്ടാകുന്നു. ഇലകളിൽ ഇരുണ്ട തവിട്ടു നിറത്തിലുള്ള പുള്ളിക്കുത്തുകളായി ആരംഭിച്ച് ക്രമേണ പ്രതലമാകെയും വ്യാപിച്ച്  ഇലകളും ശാഖകളുമൊക്കെ ചീഞ്ഞുപോകുന്നു. ഇടവിട്ടുള്ള മഴയിൽ രോഗബാധ പടിപടിയായി മുകളിലേക്ക് വ്യാപിക്കുന്നു. തോരാത്ത മഴയും അന്തരീക്ഷത്തിലെ ഉയർന്ന ജലസാന്ദ്രതയും, അന്തരീക്ഷതാപനിലയിലും സൂര്യപ്രകാശം ലഭിക്കുന്നതിലുള്ള ഗണ്യമായ കുറവും ഈ രോഗത്തെ വളരെയേറെ സഹായിക്കുന്നു. ഇത്തരം കാലാവസ്ഥ നീണ്ടുനിന്നാൽ കൊടിയുടെ ഉപരിതലഭാഗം മുതൽ രോഗം വ്യാപിച്ച്, തിരികളും ഇലകളും ശാഖകളുമെല്ലാം കൊഴിഞ്ഞ് നശിച്ച്, കൊടികളിൽ ദ്രുതവാട്ടത്തിൻറെ ഒരു പ്രതീതി ജനിപ്പിച്ചേക്കാം. ദ്രുതവാട്ടംപോലെ ഇവിടെ കൊടികൾ സമ്പൂർണ്ണമായി നശിക്കാത്തതിനാൽ കുമിൾനാശിനി പ്രയോഗത്തിലൂടെ ഇത്തരം കൊടികളെ രക്ഷിച്ചെടുക്കാവുന്നതാണ്. ഈ രോഗം സാധാരണയായി കാണപ്പെടുന്നത് തെങ്ങ്, കമുക് എന്നിവയോടൊപ്പം കുരുമുളക് മിശ്രവിളയായി കൃഷിച്ചെയ്യുന്ന തോട്ടങ്ങളിലാണ്.

ഫൈറ്റോഫ്തോറയുടെ വർദ്ധനവിനും വ്യാപനത്തിനും ജലം അത്യന്താപേക്ഷിതമാണ്. ഉപരിതലഭാഗങ്ങളിൽ കുമിൾബീജങ്ങളടങ്ങിയ ജലകണങ്ങൾ തെറിച്ച് രോഗബാധയുണ്ടാകുന്നതുപോലെ മണ്ണിനടിയിലും ജലമാധ്യമത്തിലൂടെയും ജലസേചനത്തിനായുള്ള  ചാലുകളിൽകൂടിയുമൊക്കെ രോഗം വ്യാപിക്കാം. കൊടികളിൽ കാണപ്പെടുന്ന ഒച്ചുകൾ, മണ്ണിലുള്ള ചിതലുകൾ എന്നിവയൊക്കെ ലഘുവായ തോതിൽ രോഗം വ്യാപിപ്പിച്ചേക്കാം. തെങ്ങ്, കമുക്, റബ്ബർ, ഏലം,കൊക്കോ എന്നീ വിളകളെയും ഫൈറ്റോഫ്തോറആക്രമിക്കാറുണ്ട്. എന്നാൽ ഈ ഫൈറ്റോഫ്തോറ കുമിളുകളും കുരുമുളകിനെ ബാധിക്കുന്ന ഫൈറ്റോഫ്തോറയും ഒരേ വർഗ്ഗത്തിൽപ്പെട്ടവയാണോ അല്ലയോ എന്നത് ഇന്നും തർക്കവിഷയമാണ്. അടുത്തയിടയ്ക്ക് ഇടുക്കി പ്രദേശത്ത്‌ കുരുമുളകിനെ ബാധിക്കുന്ന അതേയിനം ഫൈറ്റോഫ്തോറ കൊക്കോയിലും രോഗബാധയുണ്ടാക്കുന്നതായി കണ്ടുപിടിക്കപ്പെട്ടത് കൂടുതൽ ഭീതി ഉളവാക്കുന്നു.

ഈയൊരു പശ്ചാത്തലത്തിൽ വേണം രോഗനിയന്ത്രണത്തിനായി കോഴിക്കോട്ടെ ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിൻറെ നേതൃത്വത്തിൽ രൂപം നൽകിയിരിക്കുന്ന സംയോജിത സസ്യസംരക്ഷണ പദ്ധതിയെപ്പറ്റി മനസ്സിലാക്കുവാൻ. ഇതിൽ ഏറ്റവും പ്രാധാന്യം കൊടുത്തിരിക്കുന്നത് തോട്ടത്തിലെ ശുചിത്വത്തിനാണ്. ദ്രുതവാട്ടം ബാധിച്ച കൊടികൾ വേരോടെ പറിച്ചുമാറ്റി തീയിട്ടു നശിപ്പിക്കാൻ ഒട്ടും വൈകരുത്. തോട്ടങ്ങളിൽ പുല്ലു നടുക, മണ്ണിൽ പടർന്നു വളരുന്ന ചെന്തലകൾ മുതലായവ മഴയ്ക്ക്‌ മുൻപേ മുറിച്ചു നീക്കം ചെയ്യുക, ശരിയായ തണൽ ക്രമീകരണം നടത്തുക, വെള്ളം കെട്ടിനിൽക്കാതിരിക്കാൻ നല്ല നിർഗ്ഗമന മാർഗ്ഗങ്ങൾ ഒരുക്കുക, ഇടയിളക്കൽ കഴിവതും ഒഴിവാക്കുക എന്നീ കാര്യങ്ങളും രോഗബാധ ഒഴിവാക്കാൻ സഹായിക്കും. കൊടിയൊന്നിന് ഒരു കിലോഗ്രാം എന്ന തോതിൽ നല്ല വേപ്പിൻ പിണ്ണാക്ക് മ ണ്ണിൽ  ചേർത്തുകൊടുക്കുന്നത് കുമിളുകളെയും നിമാവിരകളെയും ഒരുപരിധി വരെ നിയന്ത്രിക്കാനും, മണ്ണിലെ ജൈവാംശം വർധിപ്പിക്കാനും സഹായകമാണ്. എന്നാൽ ഇവയെക്കാളൊക്കെ പ്രധാനമാണ് നടീൽ വസ്തുക്കളുടെ തിരഞ്ഞെടുപ്പ്. നല്ല ശുചിത്വമുള്ള നഴ്സറികളിൽ നിന്ന് രോഗവിമുക്തമായ കുരുമുളകുതൈകൾ മാത്രമേ നടാൻ ഉപയോഗിക്കാവൂ. നഴ്സറികളിൽ നിന്ന് തൈകൾ വേർപെടുത്തി വേരുപടലം നന്നായി കഴുകി കാർബെൻഡാസിം അല്ലെങ്കിൽ മെറ്റാലാക്സിൽ- മാൻകോസെബ്  കുമിൾനാശിനിയിൽ മുക്കുന്നതും അനുപേക്ഷണീയമാണ്. തൈകളുടെ നിലവാരം അളക്കാൻ വേരുപടലം പരിശോധിക്കുന്നതിലൂടെ സാധിക്കും. നടീൽ മിശ്രിതത്തോടൊപ്പം ഏതെങ്കിലും ജൈവീകനിയന്ത്രണ സഹായികൾ ചേർത്ത് തയ്യാറാക്കിയ നടീൽവസ്തുക്കൾ ഉപയോഗിക്കുന്നതും കൂടുതൽ ഫലപ്രദമാണ്.

അടുത്തത് രാസനിയന്ത്രണ മാർഗ്ഗങ്ങളാണ്. രോഗം തുടക്കത്തിലേ കണ്ടെത്താനുള്ള ശാസ്ത്രസാങ്കേതിക വിദ്യകളുടെ അഭാവവും മണ്‍സൂ ണ്‍ കാലാവസ്ഥയുമായി ഈ രോഗത്തിനുള്ള അഭേദ്യമായ ബന്ധവും കണക്കിലെടുത്താണ് നിലവിലുള്ള കുമിൾനാശിനി പ്രയോഗങ്ങൾ ഇപ്പോൾ മെച്ചപ്പെട്ടിരിക്കുന്നത്. കോപ്പർ അടങ്ങിയ  കുമിൾനാശിനികളായ ബോർഡോ മിശ്രിതം, കോപ്പർ ഓക്സിക്ളോറൈഡ് എന്നിവയ്ക്ക് കുമിളുകളെ നശിപ്പിക്കാനുള്ള ശക്തി കൂടുതലായതിനാൽ ഇവയാണ് വർഷങ്ങളായി പ്രചാരത്തിലുള്ളത്. ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം മെയ്‌- ജൂ ണ്‍ മാസത്തിലും തുടർന്ന് ജൂലൈ-ഓഗസ്റ്റ്‌ മാസത്തിലും കൊടിയുടെ  ഉപരിതലഭാഗങ്ങളിൽ തളിക്കണം. ഇതോടൊപ്പം 0.2% വീര്യമുള്ള കോപ്പർ ഓക്സി ക്ളോറൈഡ് ലായനി തടങ്ങളിൽ ഒഴിച്ചു കൊടുക്കുകയും വേണം. ബോർഡോ കുഴമ്പ് കൊടിയുടെ കടഭാഗത്ത്, തണ്ടിൽ പൂശുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. മെറ്റാലാക്സിൽ- മാൻകോസെബ് , പൊട്ടാസ്യം ഫോസ്ഫോണേറ്റ് എന്നീ കുമിൾനാശിനികൾ ബോർഡോ മിശ്രിതത്തേക്കാൾ മെച്ചമാണെങ്കിലും ഉയർന്ന വില കാരണം അവയ്‌ക്ക് കർഷകരുടെ ഇടയിൽ വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല. അതുപോലെ കൊടിയൊന്നിന് 100 ഗ്രാം ഫ്യുരഡാനോ, 30 ഗ്രാം ഫോറേറ്റോ മണ്ണിൽ ചേർത്തുകൊടുത്താൽ നിമാവിരകളേയും നിയന്ത്രിക്കാവുന്നതാണ്. എന്തായാലും ശരിയായി തയ്യാറാക്കിയ കുമിൾനാശിനികൾ ഉചിതമായ സമയത്ത് വേണ്ടത്ര അളവിൽ നിഷ്ഠയോടെ പ്രയോഗിക്കുന്നതിലും ഫലവത്തായ മറ്റൊരു നിയന്ത്രണമാർഗ്ഗം ഇന്ന് ലഭ്യമല്ല എന്ന് ഉറപ്പിച്ചു പറയാം.

ഇന്ന് വളരെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്ന ഒരു രോഗനിയന്ത്രണ മാർഗ്ഗമാണല്ലോ ജൈവീക രോഗനിയന്ത്രണം. രോഗകാരികളായ കുമിളുകളെയും നിമാവിരകളെയും മറ്റും എതിർജീവികളെ ഉപയോഗിച്ച് നിയന്ത്രണ വിധേയമാക്കുക എന്നതാണ് ജൈവീകരോഗനിയന്ത്രണം എന്നത് അർത്ഥമാക്കുന്നത്. രോഗകാരികളായ ഫൈറ്റോഫ്തോറയ്ക്കും നിമാവിരകൾക്കുമെതിരെ പ്രവർത്തിക്കുന്ന അസംഖ്യം   കുമിളുകളെയും ബാക്ടീരിയകളെയും കണ്ടെത്തുന്നതിൽ ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം വിജയിച്ചിട്ടുണ്ട്. മൈക്കോറൈസകൾട്രൈക്കോഡെർമ,ഗ്ലയോക്ലാഡിയംസ്യൂഡോമോണാസ് വർഗ്ഗത്തിൽപ്പെട്ട ബാക്ടീരിയകൾ എന്നിവ ഇവയിൽ ചിലതാണ്. ഇവയെ അനുയോജ്യമായ മാധ്യമത്തിൽ വളർത്തിയെടുത്ത് നഴ്സറികളിൽ നടീൽമിശ്രിതത്തോടൊപ്പവും, തോട്ടങ്ങളിൽ കൊടികളുടെ തടങ്ങളിലും ചേർത്തുകൊടുക്കാവുന്നതാണ്. ഇത് രോഗനിയന്ത്രണത്തിനുള്ള ഒരു ഒറ്റമൂലിയൊന്നുമല്ലെന്നു മനസ്സിലാക്കുക. ഇതിന് രാസനിയന്ത്രണ മാർഗ്ഗങ്ങൾ പോലെ പെട്ടെന്ന് ഫലമുളവാക്കാനും കഴിയില്ല. മാത്രമല്ല എല്ലാ സാഹചര്യങ്ങളിലും ഇത് വിജയിക്കണമെന്നുമില്ല. രോഗത്തിനെതിരെ പ്രയോഗിക്കേണ്ട പല മാർഗ്ഗങ്ങളിൽ ഒന്നായിട്ടേ ഇതിനെ കണക്കാക്കാവൂ. തെറ്റിദ്ധാരണകൾക്കടിപ്പെട്ട് ജൈവീകനിയന്ത്രണം അവലംബിച്ചാൽ എല്ലാമായി എന്ന അമിത പ്രതീക്ഷ ആരും വച്ചു പുലർത്താതിരിക്കുക.

രോഗത്തിൻറെമേൽ സമ്പൂർണ്ണാധിപത്യം കൈവരിക്കാൻ രോഗപ്രതിരോധശേഷിയുള്ള കുരുമുളകിനങ്ങൾ നാം വികസിപ്പിച്ചെടുക്കണം. രോഗത്തെ ചെറുക്കാൻ അൽപംപോലും ത്രാണിയില്ലാത്ത കരിമുണ്ട പോലുള്ള ഇനങ്ങൾ മാത്രം കൃഷിചെയ്യുന്നതുമൂലമാണ് ഇത്രയധികം കൊടികൾ നശിച്ചു പോകുന്നത്. പരമ്പരാഗതമായി തണ്ടുകൾ മുറിച്ച് വംശവർധനവ്‌ നടത്തുന്നതിനാൽ കുരുമുളകിൻറെ ജനിതകവൈവിധ്യം പരിമിതമാണ്. പലയിനം കുരുമുളകിനങ്ങൾ ഇടകലർത്തി നട്ടാൽ രോഗബാധയെ കുറേയൊക്കെ അതിജീവിക്കാൻ സാധിക്കും. ആധുനീക ജനിതകസാങ്കേതികവിദ്യയുപയോഗിച്ചും അല്ലാതെയും രോഗപ്രതിരോധശേഷിയുള്ളയിനങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങൾ പരീക്ഷണശാലകളിൽ പുരോഗമിച്ചുവരുന്നത്‌ ശുഭപ്രതീക്ഷ നൽകുന്നു.

രോഗകാരികളായ കുമിളുകളുടെ മണ്ണിലെ ആവാസവ്യവസ്ഥയും, രോഗത്തിന് കുരുമുളകുകൊടിയുടെ ഏതു ഭാഗത്തേയും കീഴടക്കാം എന്നതും, രോഗത്തിനനുയോജ്യമായ കാലാവസ്ഥ ദീർഘനാൾ നീണ്ടുനിൽക്കുന്നതും,  രോഗപ്രതിരോധശേഷി തീരെയില്ലാത്തയിനങ്ങൾ തനിവിളയായി കൃഷിചെയ്യുന്നതും, രോഗപ്രതിരോധശേഷിയുള്ളതും രോഗവിമുക്തവുമായ നടീൽവസ്തുക്കളുടെ അഭാവവും ഈ രോഗത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. കുരുമുളകിൻറെ അസ്ഥിരമായ വിപണിയും, അത്ര മെച്ചമല്ലാത്ത നമ്മുടെ കർഷകരുടെ സാമ്പത്തിക സാഹചര്യങ്ങളും, വിജ്ഞാനവ്യാപനത്തിൻറെ അപര്യാപ്തതയും, സർവ്വോപരി രോഗത്തെ നേരിടാൻ സംഘടിതശ്രമങ്ങളില്ലാത്തതും രോഗനിയന്ത്രണത്തിന് വിലങ്ങുതടിയാവുന്ന സാമൂഹിക ഘടകങ്ങളാണ്. ഈ സാഹചര്യത്തിൽ ലഭ്യമായ അറിവുകളും അനുഭവങ്ങളും കൂട്ടിയിണക്കി രോഗനിയന്ത്രണത്തിനായി കർമ്മപഥത്തിൽ അണിനിരത്തുകയാണ് അഭികാമ്യം.

ദ്രുതവാട്ടം : മാറുന്ന സമീപനങ്ങൾ, മാറ്റേണ്ട ധാരണകൾ

 

കറുത്തപൊന്നിന് കഷ്ടകാലവുമായിതാ മറ്റൊരു കാലവർഷം കൂടി. വിപണിയിൽ കുരുമുളകിന് പൊന്നുവിലയായതോടെ മടിയും മനസ്സും നിറഞ്ഞ കർഷകർക്കിനി അശാന്തിയുടെ ദിനങ്ങൾ. ഒറ്റ മഴക്കാലത്തോടെ അവൻറെ സ്വപ്‌നങ്ങൾ പൊലിയാം. പ്രതീക്ഷകൾ അസ്തമിക്കാം. വർഷങ്ങളുടെ അധ്വാനം പാഴായേക്കാം. കനകം വിളയിച്ച കൊടികൾ വാടി മണ്ണോടുമണ്ണടിഞ്ഞേക്കാം. ദ്രുതവാട്ടത്തിനു മുൻപിൽ കർഷകരിന്നും പകച്ചുനിൽക്കുകയാണ്. ഈ മാരകരോഗം വന്നാൽ പിന്നെ എന്തുചെയ്തിട്ടും കാര്യമില്ലായെന്നൊരു ധാരണ കർഷക മനസ്സിൽ കയറിക്കൂടിയിരിക്കുന്നു. ദ്രുതവാട്ടമെന്ന ഒറ്റ കാരണത്താൽ കുരുമുളകുകൃഷിതന്നെ ഉപേക്ഷിച്ച കർഷകർ എത്രയെത്ര!.

എന്നാൽ ആധുനിക ശാസ്ത്രത്തിനു പറയാനുള്ളത് മറ്റൊന്നാണ്. ദ്രുതവാട്ടത്തെ വരുതിയിൽ നിർത്താൻ മുമ്പെന്നത്തെക്കാളും ഇന്നു സാധിക്കുമെന്നാണ് കോഴിക്കോട്ടെ സുഗന്ധവിള ഗവേഷണകേന്ദ്രത്തിലെ പഠനങ്ങൾ തെളിയിക്കുന്നത്.

1) രോഗത്തിൻറെ മൂലകാരണം,  സ്വഭാവം,  രോഗവ്യാപനരീതി തുടങ്ങിയവയെക്കുറിച്ചെല്ലാം വ്യക്തമായ ധാരണ ഇന്ന് ലഭ്യമായിരിക്കുന്നു.

2) ഈ അറിവിൻറെ വെളിച്ചത്തിൽ ദ്രുതവാട്ട പ്രതിരോധ നടപടികൾ മെച്ചമായി ആസൂത്രണം ചെയ്യാൻ സാധിക്കുന്നു.

3) കേവലം കുമിൾനാശിനി പ്രയോഗത്തിൽ മാത്രം ഒതുങ്ങിക്കൂടിയിരുന്ന രോഗനിയന്ത്രണ പദ്ധതിക്കിപ്പോൾ വൈവിധ്യമാർന്ന പരിഹാര പ്രക്രിയകൾ ലഭ്യമായതോടെ ഒരു സമഗ്രഭാവം കൈവന്നിരിക്കുന്നു.

ഇനി മാറേണ്ടത് നമ്മുടെ ധാരണകളാണ്, സമീപനങ്ങളാണ്. ദ്രുതവാട്ടത്തെ ഫലപ്രദമായി നേരിടണമെങ്കിൽ പഴഞ്ചൻ ചട്ടങ്ങളോടും ചിട്ടകളോടും നാമിനി വിട പറയണം. കാലഹരണപ്പെട്ട സിദ്ധാന്തങ്ങൾ കൈവെടിഞ്ഞ് , ശാസ്ത്രീയ സമീപനങ്ങളിൽ വിശ്വാസമർപ്പിച്ചു കരളുറപ്പോടെ ഈ രോഗത്തെ നേരിടാം.

ദ്രുതവാട്ട നിയന്ത്രണം ഇത്രമാത്രം സങ്കീർണ്ണവും ദുഷ്ക്കരവുമാകാൻ കാരണങ്ങൾ പലതാണ്.

  1. രോഗകാരികളായ കുമിളുകളുടെ മണ്ണിലെ ആവാസവ്യവസ്ഥ.
  2. ഈ കുമിളുകൾക്ക് കൊടിയുടെ ഏതു ഭാഗത്തെയും കീഴടക്കാമെന്നത്‌.
  3. വ്യക്തമായ രോഗലക്ഷണങ്ങളുടെ അഭാവം, പ്രത്യേകിച്ചും രോഗത്തിൻറെ ആരംഭഘട്ടത്തിൽ.
  4. രോഗത്തിനനുയോജ്യമായ കാലാവസ്ഥയും കൃഷിരീതികളും.
  5. രോഗപ്രതിരോധ ശക്തിയുള്ള ഇനങ്ങളുടെ അഭാവം.
  6. കുമിൾനാശിനികളുടെ ഗുണനിലവാരത്തകർച്ച.

മണ്ണിൽ വസിക്കുന്ന 'ഫൈറ്റോഫ്ത്തോറ കാപ്സിസി' എന്നൊരിനം കുമിളുകളാണ് ഈ രോഗത്തിനു കാരണമെന്നു ഇന്ന് ഏവർക്കും അറിയാമല്ലോ. ഇവയ്ക്ക് കൊടികളുടെ വേര്, തണ്ട്, ഇല, തിരി എന്നിങ്ങനെ എല്ലാ ഭാഗങ്ങളെയും ആക്രമിക്കാൻ സാധിക്കും. മഴക്കാലത്ത്‌ അന്തരീക്ഷത്തിലെയും മണ്ണിലെയും ഈർപ്പം വർദ്ധിക്കുന്നതോടെയാണ്‌ കുമിളുകൾ സജീവമാകുന്നത്. ദ്രുതവാട്ടമെന്ന പേര് സൂചിപ്പിക്കുന്നതുപോലെ കുമിളുകൾ കൊടികളെ കീഴടക്കുന്നത്‌ അത്രപെട്ടെന്നൊന്നുമല്ല. ഇളംവേരുകളിൽ ആരംഭിക്കുന്ന കുമിൾബാധ ഏതാനും വർഷങ്ങൾക്കൊണ്ട് കൊടിയുടെ  പ്രധാന  വേരുകളിലും  കടഭാഗത്തും എത്തുമ്പോഴാണ്‌ സാധാരണയായി ദ്രുതവാട്ടം നമ്മുടെ തോട്ടങ്ങളിൽ  ഉണ്ടാവുന്നത്. ഇളംവേരുകളിലെ രോഗബാധ വ്യക്തമായ രോഗലക്ഷണങ്ങളുടെ അഭാവത്താൽ നമ്മുടെ ശ്രദ്ധയിൽപ്പെടാൻ വൈകുമെന്നു മാത്രം. മറ്റൊരു തരത്തിൽ പറഞ്ഞാൽ സാവധാനവാട്ടം  മൂർഛിച്ചാണ്  ദ്രുതവാട്ടമുണ്ടാകുന്നത്.  എന്നാൽ അക്ഷരാർത്ഥത്തിലുള്ള ദ്രുതവാട്ടം മറ്റൊരു രീതിയിലും സംഭവിക്കാം. മണ്ണിൽ പടർന്നു വളരുന്ന ചെന്തലകൾക്കു കുമിൾബാധയുണ്ടായാൽ രോഗം അതിവേഗം കൊടികളുടെ കടഭാഗത്തെത്തുകയും കൊടികൾ നശിച്ചുപോവുകയും ചെയ്യാം. പക്ഷെ ഇതു വളരെ വിരളമായിട്ടേ സംഭവിക്കാറുള്ളൂ.

ചുരുക്കി പറഞ്ഞാൽ 'ഫൈറ്റോഫ്ത്തോറകുമിളുകൾ മൂന്നു തരത്തിലാണ് കുരുമുളകുകൊടിയെ ആക്രമിക്കുന്നത്. ഇത് വേരുകളെ ആക്രമിക്കുമ്പോൾ സാവധാനവാട്ടം, കടഭാഗത്ത്‌ രോഗബാധയേൽക്കുമ്പോൾ ദ്രുതവാട്ടം, തണ്ട്, തിരി, ഇലകൾ തുടങ്ങിയ ഉപരിതലഭാഗങ്ങളിൽ കുമിൾബാധയുണ്ടാകുമ്പോൾ ഉപരിതലവാട്ടം. സാവധാനവാട്ടം നിമാവിര ബാധയാലുമുണ്ടാകാം. ദ്രുതവാട്ടമാകട്ടെ,  സാവധാനവാട്ടം സാധാരണ കാണപ്പെടുന്ന കൃഷിയിടങ്ങളിലാണ്‌ കാണപ്പെടുന്നത്. ഉപരിതലവാട്ടം പ്രധാനമായും സാവധാനവാട്ടവും ദ്രുതവാട്ടവും പരക്കെ കാണപ്പെടുന്ന തോട്ടങ്ങളിലാണ്‌ കണ്ടുവരുന്നത്.  ഇത്തരം കൃഷിയിടങ്ങളിലെ മണ്ണിൽ മഴക്കാലത്ത്  അസംഖ്യം  കുമിൾ ബീജങ്ങളുണ്ടായിരിക്കും. ശക്തമായ മഴയിൽ രോഗാണുക്കളടങ്ങിയ മണ്ണും ജലകണങ്ങളും തെറിച്ചാണ് കൊടിയുടെ ഉപരിതലഭാഗങ്ങളിൽ രോഗബാധയേൽക്കുന്നത്.

സാവധാനവാട്ടത്തിൻറെ പ്രധാന രോഗലക്ഷണം ഇല മഞ്ഞളിപ്പാണ്. എന്നാൽ ഇത് പ്രകടമാവുന്നത് മഴ വിട്ട്, മണ്ണിലെ ഈർപ്പം കുറയുമ്പോൾ മാത്രമാണ്. മഴക്കാലത്തുത്തന്നെ തോട്ടത്തിലെ എല്ലാ കൊടികളിലും രോഗസംരക്ഷണ നടപടികൾ കൈക്കൊണ്ടാൽ സാവധാന വാട്ടവും അതേത്തുടർന്നുള്ള ദ്രുതവാട്ടവും അകറ്റിനിർത്താം. ദ്രുതവാട്ടവും ഉപരിതലവാട്ടവും കാണപ്പെടുന്നത് മഴക്കാലത്താണ്. ഉപരിതലവാട്ടം സംഭവിക്കുമ്പോൾ തണ്ടും ഇലകളുമൊക്കെ കൊഴിഞ്ഞ് കൊടികൾക്ക് സമ്പൂർണ്ണ നാശത്തിൻറെ ഒരു പ്രതീതി കാഴ്ച്ചയിൽ തോന്നാമെങ്കിലും ശരിയായ കുമിൾനാശിനി പ്രയോഗത്തിലൂടെ കൊടികളെ വീണ്ടെടുക്കാവുന്നതാണ്. എന്നാൽ കടഭാഗത്തെ രോഗബാധമൂലം ദ്രുതവാട്ടം വന്ന കൊടികളെ രക്ഷിക്കുക അസാധ്യമാണെന്ന് മനസ്സിലാക്കുക.

ഈ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ നിലവിലുള്ള ദ്രുതവാട്ടനിയന്ത്രണ പരിപാടിയിൽ ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതിലേക്കു കടക്കുന്നതിനു മുമ്പ് ഇന്നു പ്രചാരത്തിലുള്ള നിയന്ത്രണ പദ്ധതിയെക്കുറിച്ച് ചുരുക്കി പ്രതിപാദിക്കാം.

  1. മഴക്കാലത്തിനു മുമ്പായി തോട്ടങ്ങളിൽ നല്ല നീർവാർച്ച ഉറപ്പുവരുത്തുക. വേണ്ടത്ര സൂര്യപ്രകാശം കൊടികൾക്ക് ലഭിക്കത്തക്ക വിധത്തിൽ തണൽക്രമീകരണം നടത്തുക, മണ്ണുമായി ചേർന്നുകിടക്കുന്ന അടിത്തലകൾ, ചെന്തലകൾ എന്നിവ മുറിച്ചുകളയുകയോ താങ്ങുമരത്തോടു ചേർത്തു കെട്ടുകയോ ചെയ്യുക, ഇവയോടൊപ്പം തോട്ടത്തിലെ മൊത്തമായ ശുചിത്വത്തിലും വളരെയേറെ ശ്രദ്ധപതിപ്പിക്കേണ്ടതാണ്.കൊടികളുടെ തടങ്ങളിൽ ആവരണ വിളകളോ പുല്ലോ വളർത്തുന്നതും, ഇടയിളക്കൽ കഴിവതും ഒഴിവാക്കുന്നതും നല്ലതാണ്.
  2. അടുത്തത് കുമിൾനാശിനികളുടെ പ്രയോഗമാണ്. പുതുമഴയോടെ വള്ളികൾ തളിരിട്ടു തുടങ്ങുമ്പോൾ (അതായത് മെയ്‌-ജൂണ്‍ മാസങ്ങളിൽ) തോട്ടത്തിലെ എല്ലാ കൊടികളുടെയും തടങ്ങളിലും 0.2 ശതമാനം വീര്യമുള്ള കോപ്പർ ഓക്സിക്ലോറൈഡ് ലായനി 5 മുതൽ 10 ലിറ്റർ വരെ ഒഴിച്ചുകൊടുക്കണം. അതുപോലെ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം  വള്ളികളുടെ ഉപരിതലഭാഗങ്ങളിൽ നന്നായി പതിയത്തക്കവിധത്തിൽ തളിച്ചുകൊടുക്കണം. മഴ  ദുർബലമാകുന്ന ആഗസ്റ്റ്‌-സെപ്റ്റംബർ മാസക്കാലത്തും ഈ പറഞ്ഞ കുമിൾനാശിനികൾ ഒരു പ്രാവശ്യം കൂടി പ്രയോഗിക്കണം. കൊടിയുടെ കടഭാഗത്തോടടുത്ത തണ്ടിൽ ബോർഡോ കുഴമ്പ് പൂശുന്നതിൽ വലിയ കഴമ്പില്ല. കാരണം കടഭാഗത്തെ രോഗബാധ പ്രധാനമായും ഇളം വേരുകളിൽ കൂടിയാണ്. ഈ ഇളം വേരുകളുടെ സംരക്ഷണത്തിനു വേണ്ടിയാണു രോഗം പ്രകടമല്ലെങ്കിൽ കൂടി തോട്ടത്തിലെ എല്ലാ വള്ളികളുടെയും തടത്തിൽ കുമിൾനാശിനികൾ ഒഴിക്കേണ്ടത്.
  3. മണ്ണിൻറെ ജൈവ സമ്പുഷ്ടിയ്ക്കും നിമാവിരകളുടെ നിയന്ത്രണത്തിനും വേണ്ടി മഴയ്ക്ക് മുമ്പും പിമ്പും ഒരു കിലോഗ്രാം വീതം നല്ല ഗുണമേന്മയുള്ള വേപ്പിൻപിണ്ണാക്കും മണ്ണിൽ ചേർത്തുകൊടുക്കേണ്ടതാണ്.

എന്നാൽ ഇനി മുതൽ ദ്രുതവാട്ടനിയന്ത്രണം മഴക്കാലത്തു മാത്രം നടപ്പിലാക്കേണ്ട ഒരു കാര്യമല്ല. നടീൽവസ്തുക്കൾ തിരഞ്ഞെടുക്കുന്ന ഘട്ടം മുതൽ ആണ്ടുവട്ടം മുഴുവൻ ഇക്കാര്യത്തിൽ ശ്രദ്ധപുലർത്തിയില്ലെങ്കിൽ ഫലം നിരാശയായിരിക്കും. ഏറ്റവും പ്രധാനപ്പെട്ടതും കർഷകർ പലപ്പോഴും വേണ്ടത്ര ശ്രദ്ധകൊടുക്കാത്തതുമായ ഒരു കാര്യമാണ് നടീൽവസ്തുക്കളുടെ  തിരഞ്ഞെടുപ്പ്. ഇന്നു ലഭിക്കുന്ന നടീൽവസ്തുക്കളിൽ ഭൂരിഭാഗവും തീർത്തും അനാരോഗ്യകരമായ സാഹചര്യങ്ങളിൽ വളർത്തിയെടുക്കുന്നവയാണ്. ഇവ വാങ്ങുമ്പോൾ നമ്മുടെ കൃഷിയിടങ്ങളിലില്ലാത്ത രോഗങ്ങളെയും കീടങ്ങളെയും കൂടിയാണ് നാം വിലയ്ക്കു വാങ്ങുന്നതെന്ന് എത്ര കർഷകർ ഓർക്കാറുണ്ട് ? രോഗവാഹികളായ ഇത്തരം തൈകൾക്ക് തോട്ടങ്ങളിൽ പിടിച്ചു നിൽക്കാനോ രോഗങ്ങളേയും കീടങ്ങളേയും അതിജീവിച്ചു നല്ല ഫലം നൽകാനോ സാധിക്കുകയില്ല. പുതിയയിനം തൈകൾക്കായി കർഷകർ നെട്ടോട്ടമോടുന്ന കാഴ്ചയാണിന്നെവിടെയും. എന്നാൽ എത്ര മുന്തിയയിനമാണെങ്കിലും തൈകൾക്ക് നല്ല ആരോഗ്യമുണ്ടെങ്കിലല്ലേ അവയ്ക്കു നല്ല വിളവു നൽകാനാവൂ.  മാത്രമല്ല,  പുതിയയിനങ്ങളൊക്കെ  വിളവിൽ മുൻപന്തിയിലാണെങ്കിലും രോഗപ്രതിരോധശക്തിയിൽ പിന്നോക്കമാണ്. അതുകൊണ്ട് ഏതു നഴ്സറിയിൽ നിന്നു തൈകൾ വാങ്ങിയാലും അവ തീർത്തും രോഗവിമുക്തമാണെന്ന് ഉറപ്പുവരുത്തണം. കൂടകളിലെ മണ്ണു മാറ്റി തൈകളുടെ വേരുപടലം പരിശോധിച്ചാൽ തൈകളുടെ ആരോഗ്യസ്ഥിതിയെപ്പറ്റി ഒരു ഏകദേശ ധാരണ ലഭിയ്ക്കും. എന്നാൽ തങ്ങൾക്കാവശ്യമായ നടീൽവസ്തുക്കൾ കർഷകർ സ്വന്തം കൃഷിയിടങ്ങളിൽ തന്നെ തയ്യാറാക്കുകയാണ് ഏറ്റവും അഭികാമ്യം.

മെച്ചപ്പെട്ട വിളവുലാക്കാക്കി ഒരേയിനം തൈകൾ തന്നെ കൃഷി ചെയ്യുന്നതിനാലും, വർഷങ്ങളായി കുരുമുളകുതൈകൾ തണ്ടു മുറിച്ചുണ്ടാക്കുന്നതിനാലും കുരുമുളകിൻറെ ജനിതകവൈവിധ്യം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്.രോഗപ്രതിരോധശക്തിയുള്ള ചുരുക്കം ചിലയിനങ്ങൾ ഗവേഷണ സ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയിനിയും കർഷകർക്കു ലഭ്യമായിത്തുടങ്ങിയിട്ടില്ല. പണ്ടുകാലത്ത് നമ്മുടെ നാട്ടിൽ പ്രചാരത്തിലുണ്ടായിരുന്ന പല നാടൻ ഇനങ്ങളും രോഗപ്രതിരോധശക്തിയിൽ ആധുനികയിനങ്ങളെക്കാളും മെച്ചമായിരുന്നു. അതുകൊണ്ട് തോട്ടത്തിൽ ഇത്തരം നാടൻ ഇനങ്ങൾ കൂടി ഇടകലർത്തി നടുന്നത് ദ്രുതവാട്ടം മൂലമുള്ള സമ്പൂർണ്ണ നാശം ഒഴിവാക്കാൻ സഹായിക്കും.

പുതുതായി വികസിച്ചു വരുന്ന മറ്റൊരു നിയന്ത്രണരീതിയാണ്‌ ജൈവീകരോഗനിയന്ത്രണം. രോഗകാരികളായ കുമിളുകളെയും നിമാവിരകളെയും മറ്റും എതിർജീവികളെയോ മിത്രജീവികളെയോ ഉപയോഗിച്ച് നിയന്ത്രണവിധേയമാക്കുകയാണ് ഈ മാർഗ്ഗം കൊണ്ട് വിവക്ഷിക്കുന്നത്. ചിലയിനം മൈക്കോറൈസകൾ, ട്രൈക്കോഡെർമഗ്ലയോക്ലാഡിയം എന്നീ കുമിളുകൾ, ഫ്ലൂറസൻറ് സ്യൂഡോമൊണാസ് എന്ന ബാക്ടീരിയകൾ എന്നിവ ജൈവീകനിയന്ത്രണത്തിനു കെൽപ്പുള്ളവയാണെന്ന് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിലെ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇവയെ അനുയോജ്യമായ മാധ്യമങ്ങളിൽ വളർത്തിയെടുത്ത് നഴ്സറികളിൽ നടീൽമിശ്രിതത്തോടൊപ്പവും തോട്ടങ്ങളിൽ കൊടികളുടെ തടങ്ങളിലും ചേർത്തുകൊടുക്കാവുന്നതാണ്. എന്നാൽ മിക്ക കുമിൾനാശിനികളും മിത്ര കുമിളുകൾക്ക് ഹാനികരമാണ്. എന്നാൽ 'അക്കോമിൻ' എന്ന പേരിൽ വിപണിയിൽ ലഭിക്കുന്ന പൊട്ടാസ്യം ഫോസ്ഫണേറ്റ് ജൈവീകനിയന്ത്രണത്തോട് ചേർന്നു പോകുന്ന ഒരു കുമിൾനാശിനിയാണ്. ഇത് 3 മില്ലിലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലർത്തി കൊടികളിൽ തളിക്കുകയും തടങ്ങളിൽ ഒഴിച്ചുകൊടുക്കുകയും വേണം. ജൈവീകനിയന്ത്രണം രോഗനിവാരണത്തിനുള്ള ഒരു ഒറ്റമൂലിയൊന്നുമല്ലായെന്നേവരും ഓർക്കുക. ഇതിന് രാസനിയന്ത്രണ മാർഗ്ഗങ്ങൾപ്പോലെ പെട്ടെന്ന് ഫലമുളവാക്കാനുള്ള കെൽപ്പുമില്ല. ജൈവീകനിയന്ത്രണ മാർഗ്ഗം അവലംബിച്ചാൽ എല്ലാമായി എന്നൊരു തെറ്റിധാരണ കർഷകരുടെയിടയിൽ കടന്നുകൂടിയിട്ടുണ്ടോ എന്നു സംശയമുണ്ട്‌. രോഗ നിയന്ത്രണത്തിനായുള്ള പാക്കേജിലെ ഒരു ഘടകം മാത്രമാണ് ജൈവീകനിയന്ത്രണം. ഇതിൻറെ വിജയത്തിന് തോട്ടങ്ങളിലെ ജൈവസമ്പുഷ്ടി  വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. കൂടുതൽ ജൈവവളങ്ങളും പാഴ്വസ്തുക്കളും ഇതിനായിട്ടുപയോഗിക്കാവുന്നതാണ്.

വിപണിയിലെ ഇന്നത്തെ മോഹിപ്പിക്കുന്ന വില കണ്ട് സ്വപ്‌നങ്ങൾ നെഞ്ചിലേറ്റി കുരുമുളകു കൃഷിക്ക് ആവേശത്തോടിറങ്ങിത്തിരിക്കുന്നവർ ഒന്നു ശ്രദ്ധിക്കുക. നടീൽ വസ്തുക്കളുടെ തിരഞ്ഞെടുപ്പു മുതൽ കൃഷിയുടെ ഓരോ ഘട്ടത്തിലെയും ചുവടുവയ്പ്പുകൾ നിർണ്ണായകമാണ്. ഒരിടത്തു പിഴച്ചാൽ നിങ്ങളെ കാത്തിരിക്കുന്നത് പോയകാലങ്ങളിലെ ദുരന്തങ്ങളുടെ തനിയാവർത്തനമായിരിക്കും. ദ്രുതവാട്ടനിയന്ത്രണത്തിന് ഇനി പറയുന്ന അഞ്ചു പ്രമാണങ്ങൾ എല്ലാ കർഷകർക്കും വഴികാട്ടിയായിരിക്കട്ടെ എന്നാഗ്രഹിക്കുന്നു.

  1. ആരോഗ്യമുള്ള രോഗവിമുക്തമായ നടീൽവസ്തുക്കളുടെ തിരഞ്ഞെടുപ്പ്.
  2. തോട്ടത്തിലെ ശുചിത്വവും രോഗസാഹചര്യങ്ങളുടെ ഒഴിവാക്കലും.
  3. ഗുണമേന്മയുള്ള കുമിൾനാശിനികളുടെ നിഷ്ഠയോടെയുള്ള വിനിയോഗം.
  4. തോട്ടങ്ങളിലെ ജൈവ സമ്പുഷ്ടി വർദ്ധിപ്പിക്കൽ.
  5. ജൈവീകനിയന്ത്രണ മാർഗ്ഗങ്ങളുടെ ശ്രദ്ധാപൂർവ്വമുള്ള പ്രയോഗം

    നിമാവിരകളും അവയുടെ നിയന്ത്രണവും കുരുമുളകിൽ

കുരുമുളകിന് വിരശല്യമോ? ശ്രോതാക്കൾ അമ്പരക്കുന്നുണ്ടാകാം! കാരണം, നിമാവിരകളെന്നൊരു വിഭാഗം കീടങ്ങളെപ്പറ്റി പലരും കേട്ടിട്ടേയുണ്ടാവില്ല. അൽപ്പമെങ്കിലും കേട്ടിട്ടുള്ളവരാകട്ടെ വികലമായ ധാരണകൾ വച്ചുപുലർത്തുന്നവരുമാണ്. അതുകൊണ്ട്, നിമാവിരകളെപ്പറ്റി ഏതാനും അടിസ്ഥാനവസ്തുതകൾ ആമുഖമായി പറയുന്നതിന് പ്രസക്തിയുണ്ടെന്ന് വിശ്വസിക്കുന്നു.

നിമാവിരകൾ അല്ലെങ്കിൽ  നിമറ്റോഡുകൾ ഭൂമിയിലെ വൈവിധ്യമാർന്ന എല്ലാ ജൈവവ്യവസ്ഥയിലും കാണപ്പെടുന്ന ജീവജാലങ്ങളാണ്. എണ്ണത്തിൽ അവ മറ്റേതൊരു വർഗ്ഗങ്ങളെക്കാളും മുൻപന്തിയിലാണ്. ഇവയിൽ ഒട്ടുമിക്കവയും സ്വതന്ത്രജീവിതം നയിക്കുന്നവരാണ്‌. ചിലവ ശവജീവികളാണ്. എന്നാൽ ഒരു ന്യൂനപക്ഷം  പരാദങ്ങൾ  അഥവാ  ഭക്ഷണത്തിന് ഇതര ജീവജാലങ്ങളെ ആശ്രയിക്കുന്നവയാണ്. പരാദങ്ങളായ നിമാവിരകളെ ഭൂമണ്ഡലത്തിലെ നാനാജാതി ജീവജാലങ്ങളിലും കാണാം. സസ്യങ്ങൾ, മൃഗങ്ങൾ, മനുഷ്യർ എന്നിങ്ങനെ ഏതുവിഭാഗത്തെയും ആക്രമിക്കുന്ന നിമാവിരകളുണ്ട്. സസ്യപരാദങ്ങളായ നിമാവിരകൾ ചെടികളുടെ വേര്, തണ്ട്, പൂവ്, കായ്‌ എന്നിങ്ങനെ വിവിധ ഭാഗങ്ങളെ ആക്രമിക്കുന്നു. എന്നാൽ ബഹുഭൂരിഭാഗവും മണ്ണിൽ വസിച്ച്  വേരുകളെയാണ്  ആക്രമിക്കുന്നത്.

ജീവിതശൈലിയിലും സാഹചര്യങ്ങളിലും ഒട്ടേറെ വൈവിധ്യമുണ്ടെങ്കിലും നിമാവിരകൾക്കെല്ലാം പൊതുവായ ഒരു ശരീരഘടനയാണുള്ളത്. നീണ്ടുരുണ്ട ശരീരാകൃതിയോടുകൂടിയ നിമാവിരകളിൽ ഭൂരിഭാഗവും കാഴ്ചയ്ക്ക് അതിസൂക്ഷ്മങ്ങളാണെങ്കിലും അവയെല്ലാംതന്നെ ബഹുകോശ ജീവികളാണ്. ശരീരത്തിന് നിറമില്ല. പ്രത്യേക അവയവങ്ങളില്ല. ശരീരാകാരം ഒരുപോലെയാണെങ്കിലും വിവിധ ജനുസ്സുകളിൽപെട്ട നിമാവിരകളുടെ ശരീര വലുപ്പത്തിൽ ഏറ്റക്കുറച്ചിലുകളുണ്ട്. എന്നാൽ സസ്യപരാദനിമാവിരകളെല്ലാം തന്നെ അതിസൂക്ഷ്മങ്ങളാണ്. ഒരു മൈക്രോസ്കോപ്പിൻറെ സഹായത്താലേ ഇവയെ നമുക്ക് കാണാൻ കഴിയൂ! നിമാവിരകൾ അടിസ്ഥാനപരമായി ജലജീവികളാണ്. സഞ്ചാരത്തിനും ജീവിത നിലനിൽപ്പിനുമെല്ലാം ജലത്തിൻറെ നേരിയ പാളിയെങ്കിലും ഇവയ്ക്ക് അത്യന്താപേക്ഷിതമാണ്. മണ്ണിലെ ഈർപ്പംപോലെ തന്നെ മണ്ണിൻറെ ഘടന, അമ്ലത, മണ്ണിലെ പോഷക ഘടകങ്ങളുടെ സ്വഭാവവും തോതും, മണ്ണിലെ ഇതര ജീവികളുടെ സാന്നിധ്യം ഇവയൊക്കെ ഒരു പ്രദേശത്തെ നിമാവിരാ സമൂഹത്തിൻറെ വൃദ്ധിക്ഷയങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിമാവിരകളുടെ ജീവിതചക്രം വ്യത്യസ്തയിനങ്ങളിൽ ഹൃസ്വമോ ദീർഘമോ ആയിരിക്കും. ഇത് ഏതാനും ദിവസങ്ങളോ മാസങ്ങളോ ആകാം. നിമാവിരകളുടെ മുട്ടകൾ വിരിഞ്ഞ് ലാർവകളുടെ നാല് ദശകളിലൂടെ കടന്നാണ് അവ പൂർണ്ണ വളർച്ച പ്രാപിക്കുന്നത്. നിമാവിരകൾ ആണും പെണ്ണുമുണ്ടെങ്കിലും, മിക്കയിനങ്ങളിലും ഇവ തമ്മിൽ പ്രകടമായ വ്യത്യാസങ്ങൾ ഇല്ല.

സസ്യപരാദങ്ങൾ വേരുകളെ ആക്രമിക്കുന്ന രീതിയനുസരിച്ച് ഇവയെ പ്രധാനമായും മൂന്നായി തരം തിരിക്കാം. വേരുകൾക്കുള്ളിലേക്ക് പൂർണ്ണമായും കടന്ന് സസ്യകോശങ്ങളെ നശിപ്പിക്കുന്നവ. മണ്ണിൽ വസിച്ച് ആഹാര സമ്പാദനത്തിനായി വേരുകളെ പുറമേനിന്ന് ആക്രമിക്കുന്നവ. ശരീരത്തിൻറെ പകുതിഭാഗം വേരുകൾക്കുള്ളിലും ബാക്കി പുറത്ത് മണ്ണിലുമായി നിലയുറപ്പിച്ച് ആഹാരം സമ്പാദിക്കുന്നവ. ഈ മൂന്നു ഗണങ്ങളിലും സ്ഥിരമായി ഒരു സ്ഥലത്ത് തന്നെ വസിക്കുന്നവയുണ്ട്, മാറിമാറി വേരുകളുടെ വിവിധ ഭാഗങ്ങളെ ആക്രമിക്കുന്നവയുമുണ്ട്. ആക്രമണരീതിയിൽ വൈവിധ്യമുണ്ടെങ്കിലും നിമാവിരബാധമൂലം സസ്യങ്ങളിൽ പ്രകടമാവുന്ന രോഗലക്ഷണങ്ങൾ ഏതാണ്ട് ഒരുപോലെയുള്ളതാണ്. സസ്യങ്ങളുടെ വേരുകളെയാണല്ലോ ഇവ പ്രധാനമായും നശിപ്പിക്കുന്നത്, ഇളംവേരുകളോടാണിവയ്ക്ക് കൂടുതൽ പ്രിയം. ഇത്തരം വേരുകൾ പരിശോധിച്ചാൽ ക്ഷതങ്ങൾ, മുഴകൾ, തടിപ്പുകൾ, കറുത്ത പാടുകൾ, പൊടിവേരുകളുടെ അഭാവം, വേരുപടലത്തിൽ കാണപ്പെടുന്ന പ്രത്യേക വൈകല്യങ്ങൾ എന്നിങ്ങനെ ഏതെങ്കിലുമൊന്നുകാണാം. നിമാവിരബാധയുടെ വ്യതിരിക്തമായ ലക്ഷണങ്ങൾ ഇവ മാത്രമാണ്. ക്രമേണ ഇത്തരം വേരുകൾ ചീഞ്ഞു നശിക്കുന്നു.  അതോടെ ചെടികൾക്ക് മണ്ണിൽനിന്നും വേണ്ടത്ര ആഹാരവും ജലവും ആഗിരണം ചെയ്യാൻ സാധിക്കാതെ വരുന്നു. അതോടെ ഇലകൾ മഞ്ഞളിക്കുന്നു, വാടുന്നു, കൊഴിയുന്നു. വളർച്ച മുരടിക്കുന്നു. വിളവിൻറെ അളവും ഗുണവും ക്ഷയിക്കുന്നു. കാലക്രമേണ ചെടികൾ പൂർണ്ണമായും നശിക്കുന്നു. നിമാവിരകളോടൊപ്പം  മണ്ണിൽ  രോഗകാരികളായ  കുമിളുകൾ കൂടിയുണ്ടെങ്കിൽ  നാശം  അതിവേഗമായിരിക്കും.

നിമാവിരബാധമൂലമുള്ള ബാഹ്യരോഗലക്ഷണങ്ങൾക്ക് ഒരു തനിമയില്ലായെന്നത് നിങ്ങൾ ശ്രദ്ധിച്ചു കാണുമല്ലോ. വേരുകളെ ബാധിക്കുന്ന ഇതര രോഗങ്ങളാലോ, മണ്ണിലെ പോഷകമൂലകങ്ങളുടെ കുറവുകൊണ്ടോ ഇതേ രോഗലക്ഷണങ്ങൾ ചെടികളിൽ പ്രകടമാകാം. സത്യത്തിൽ നിമാവിരകളുടെ സൂക്ഷ്മാകാരവും, വ്യക്തമായ രോഗലക്ഷണങ്ങളുടെ അഭാവവുമാണ് നിമാവിരകളെ ഇത്രമാത്രം അപരിചിതരും അവഗണിക്കപ്പെടുന്നവരുമാക്കിയത്. ഈ ഒരു സാഹചര്യത്തിൽ കർഷകർ എന്താണ് ചെയ്യേണ്ടത്? നിമാവിരബാധയുണ്ടെന്നു സംശയിച്ചാൽ അത്തരം ചെടികളുടെ വേരുപടലം പരിശോധിച്ചു നോക്കണം. നിമാവിരബാധയുടെ വ്യക്തമായ ലക്ഷണങ്ങൾ വേരുകളിൽ കണ്ടാൽ സംശയനിവൃത്തിയ്ക്കായി വേരും മണ്ണുമടങ്ങിയ സാമ്പിളുകൾ ഏതെങ്കിലും പരീക്ഷണശാലയിലെത്തിച്ച് പരിശോധിപ്പിക്കുക. അവിടെ നിന്നുള്ള നിർദേശങ്ങൾക്കനുസൃതമായി വേണ്ട നടപടികൾ കൈക്കൊള്ളുക.

ഇനി നമുക്ക് കുരുമുളകിലേയ്ക്ക് വരാം. കുരുമുളകിനെ സംബന്ധിച്ചിടത്തോളം ദ്രുതവാട്ടത്തിനു കാരണക്കാരായ  Phytophthoraയാണ് ഒന്നാം നമ്പർ ശത്രു. എന്നാൽ ദ്രുതവാട്ടമെന്നത് ഒരു സുപ്രഭാതത്തിൽ കൊടികളെ കീഴടക്കുന്ന ഒരു രോഗമല്ലായെന്നാണ് ആധുനിക പഠനങ്ങൾ തെളിയിക്കുന്നത്.വർഷങ്ങൾക്ക് മുമ്പേ കൊടികളിൽ സാവധാനവാട്ടമായി ആരംഭിക്കുന്ന രോഗം മൂർച്ഛിക്കുന്നതോടെയാണ്  ദ്രുതവാട്ടമായി അതു പരിണമിക്കുന്നത്. സാവധാനവാട്ടമുണ്ടാകുന്നത് കൊടികളുടെ ഇളംവേരുകൾ, പൊടിവേരുകൾ നശിക്കുമ്പോഴാണ്. ഇതിനു  കാരണക്കാർ പ്രധാനമായും നിമാവിരകളാണ്. കൂട്ടിന് ഫൈറ്റോഫ്ത്തോറയുമുണ്ടാകും. രണ്ടും കൂടിയാകുമ്പോൾ കൊടിയുടെ കഥ കഴിഞ്ഞതുതന്നെ. അപ്പോൾ ദ്രുതവാട്ടവും സാവധാനവാട്ടവും ഒരേ രോഗത്തിൻറെ രണ്ട് അവസ്ഥകൾ മാത്രമെന്നു മനസ്സിലാക്കുക. പക്ഷെ എല്ലായ്പ്പോഴും കാലവർഷത്തോടൊപ്പം നമ്മുടെ തോട്ടങ്ങളിൽ താണ്ഡവമാടുന്നPhytophthora മാത്രമേ കർഷകരുടെ കണ്ണിൽപ്പെടാറുള്ളൂ. ഫൈറ്റോഫ്ത്തോറയോടു മല്ലടിമ്പോൾ കർഷകൻ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കുന്നില്ല. 'എള്ളു ചോരുന്നതറിയില്ല'യെന്ന പഴഞ്ചൊല്ലുപോലെ  അദൃശ്യമായി, കൊടികളെ  സാവധാനം കൊല്ലുന്ന  ഈ ശത്രുവിനെ  അവഗണിക്കുന്നത് ബുദ്ധിയല്ല.

ഏകദേശം 30- ഓളം ജനുസ്സുകളിൽപെട്ട നിമാവിരകൾ കുരുമുളകിനെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവയിൽ ഏറ്റവും അപകടകാരികളായിട്ടുള്ളത് കേവലം രണ്ടെണ്ണം മാത്രമാണ്; വേരുബന്ധക നിമാവിരയും, തുരപ്പൻ നിമാവിരയും.

a) വേരുബന്ധക നിമാവിര (Meloidogyne spp.) : ഭാരതത്തിലെ കുരുമുളകു തോട്ടങ്ങളിൽ വ്യാപകമായി കണ്ടുവരുന്നതാണ് വേരുബന്ധക നിമാവിര അല്ലെങ്കിൽ  Meloidogyne. 1906-ൽ ഇംഗ്ലീഷുകാരനായ Butler എന്ന കാർഷികവിദഗ്ധനാണ് കേരളത്തിൽ ഇവയെ  ആദ്യമായി കണ്ടെത്തിയത്. കേരളത്തിൽ വയനാട്, കോഴിക്കോട് ജില്ലകളിലും കർണാടകയിലെ ദക്ഷിണ കന്നഡ പ്രദേശത്തുമുള്ള കുരുമുളകു തോട്ടങ്ങളിൽ ഇവയെ ധാരാളമായി കണ്ടുവരുന്നു. ഡിസംബർ-ജനുവരി മാസങ്ങളിലാണ് ഇവ ധാരാളമായി പെരുകുന്നത്. വേരുബന്ധക നിമാവിരകൾ കൊടിയുടെ ലഘുവേരുകളിലും പൊടിവേരുകളിലും മുഴകളും തടിപ്പുകളുമുണ്ടാക്കുന്നു. പ്രധാന വേരുകളിൽ ഇത്തരം തടിപ്പുകൾക്ക് ദീർഘവൃത്താകൃതിയായിരിക്കും. ഒരു കത്തികൊണ്ട് ഇത്തരം വേരുകൾ നെടുകെ പിളർന്നു നോക്കിയാൽ കറുത്ത നിറത്തിലുള്ള ധാരാളം പൊട്ടുകൾ കാണാം. വേരുകളുടെ വരവ്യൂഹ കലകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന പെണ്‍ നിമാവിരകളും, മുട്ടകളുമാണീ പൊട്ടുകൾ. ഇലകളുടെ സിരകളൊഴികെയുള്ള ഭാഗങ്ങൾ മഞ്ഞളിക്കുക  ഈ നിമാവിരബാധയുടെ ഒരു ലക്ഷണമാണ്.

b) തുരപ്പൻ നിമാവിര (Radopholus similis) : വേരുബന്ധക നിമാവിരകളെപോലെ വ്യാപകമായി കാണപ്പെടുന്നില്ലെങ്കിലും തുരപ്പൻ നിമാവിര അല്ലെങ്കിൽ Radopholus similis ആണ് കൂടുതൽ അപകടകാരി. ഇന്തോനേഷ്യയിലെ ബാങ്ക ദ്വീപുകളിൽ നിന്ന് 1950കളിൽ കുരുമുളകിനെ ഉന്മൂലനം ചെയ്തത് ഈ നിമാവിരയാണ്. ഇന്ത്യയിൽ ഇവയെ ആദ്യമായി കണ്ടെത്തുന്നത് 1970-ൽ മാത്രമാണ്. വേനൽക്കാലമൊഴികെ വർഷത്തിലെ മറ്റേതുസമയത്തും കൊടികളുടെ തടങ്ങളിൽ ഇവയെ കാണാം. എന്നാൽ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണ് ഇവയുടെ സംഖ്യ ക്രമാതീതമായി ഉയർന്നു കാണുന്നത്. ഇതിനുകാരണം ഈ സമയത്ത് ഇളംവേരുകൾ ധാരാളമായി പൊട്ടിമുളയ്ക്കുന്നതാണ്. ഇളംവേരുകളിൽ ഇരുണ്ട തവിട്ടുനിറത്തിലുള്ള പാടുകളായിട്ടാണ് നിമാവിരബാധ ആദ്യം കാണുക. ക്രമേണ ഇത്തരം പാടുകൾ യോജിച്ച് വേരുകൾ ജീർണ്ണിച്ചറ്റുപോകുന്നു. ഇത്തരം കൊടികളിൽ പൊടിവേരുകൾ തീർത്തും ഉണ്ടാവില്ല. ചിലപ്പോൾ മണ്ണിനടിയിലുള്ള കാണ്ഡത്തിലും ഇത്തരം പാടുകൾ കാണാവുന്നതാണ്. പൊടിവേരുകൾ നഷ്ടപ്പെട്ട കൊടികളിൽ മഞ്ഞളിപ്പും ഇലകൊഴിച്ചിലും രൂക്ഷമായിരിക്കും. വേനൽക്കാലം തരണം ചെയ്യാൻ ഇത്തരം കൊടികൾക്ക് കെൽപ്പുണ്ടാവില്ല. വേരുകളിലെ ഇത്തരം മുറിവുകളിൽകൂടി കുമിൾബാധയേൽക്കാനുള്ള  സാധ്യത  വളരെയേറെയാണ്.

ഇങ്ങനെ പ്രശ്നങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്ടിക്കുന്ന നിമാവിരകളെ നിയന്ത്രിക്കുകയെന്നത് ഏറെ ദുഷ്ക്കരമാണ്. നിമാവിരാനിയന്ത്രണം ക്ലേശകരമാകുന്നത് ഇവയുടെ ആക്രമണം തുടക്കത്തിലേ കണ്ടെത്താൻ കഴിയാത്തതുകൊണ്ടാണ്. മണ്ണിലെ ഇവയുടെ ആവാസവും നിയന്ത്രണ മാർഗ്ഗങ്ങളെ പരാജയപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നുണ്ട്. നിർമാർജ്ജനം അസാധ്യമായതിനാൽ ഇവ നമ്മുടെ കൃഷിയിടങ്ങളിൽ കടന്നുകൂടി വളർന്നു പെരുകാനുള്ള പഴുതുകൾ അടയ്ക്കുകയാണ് ഏറ്റവും പ്രായോഗികവും ഫലപ്രദവും.

നടീൽവസ്തുക്കളുടെ തിരഞ്ഞെടുപ്പിലാണ് കർഷകരുടെ ശ്രദ്ധ ആദ്യമേ പതിയേണ്ടത്‌. തീർത്തും ആരോഗ്യപരമായ ചുറ്റുപാടുകളിൽ ഉത്പാദിപ്പിക്കപ്പെടുന്ന നടീൽവസ്തുക്കൾ മാത്രമേ നമ്മുടെ തോട്ടങ്ങളിൽ ഉപയോഗിക്കാവൂ. കാഴ്ചയ്ക്ക് ആരോഗ്യമുള്ളതായി തോന്നുന്ന കുരുമുളകു തൈകളുടെ വേരുകളുടെ അവസ്ഥ പലപ്പോഴും ശോചനീയമായിരിക്കും. നഴ്സറികളിൽ പ്രത്യേക പരിചരണത്തിലും സംരക്ഷണത്തിലും കഴിയുന്ന ഇത്തരം തൈകൾ തങ്ങളുടെ  തനിസ്വഭാവം  കാട്ടുന്നത് തോട്ടങ്ങളിൽ  നട്ടുകഴിയുമ്പോൾ  മാത്രമാണ്.

അതുകൊണ്ട് വേരുപിടിപ്പിച്ച കുരുമുളകുതൈകൾ ഏതു നഴ്സറികളിൽനിന്നു വാങ്ങിയാലും കുറച്ചു തൈകളുടെയെങ്കിലും വേരുകൾ മണ്ണുമാറ്റി വൃത്തിയാക്കി സസൂക്ഷ്മം നിരീക്ഷിക്കേണ്ടതാണ്. ഏറ്റവും അഭിലഷണീയം, ഓരോരുത്തരും  തങ്ങൾക്കാവശ്യമുള്ള  തൈകൾ  സ്വന്തം കൃഷിയിടങ്ങളിൽതന്നെ ശാസ്ത്രീയമായി ഉത്പാദിപ്പിക്കുന്നതാണ്. സൂര്യതാപമേൽപ്പിച്ചു, രോഗവിമുക്തമാക്കിയ നടീൽ മിശ്രിതവും ഒപ്പം ഇപ്പോൾ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഏതെങ്കിലും ജൈവികനിയന്ത്രണ സഹായികളെയും ചേർത്തുകൊടുത്താൽ നല്ല ആരോഗ്യമുള്ള തൈകൾ ഉണ്ടാക്കിയെടുക്കാം. ഒന്നും പറ്റുന്നില്ലെങ്കിൽ വേരുപിടിപ്പിച്ച തൈകൾ വാങ്ങിയാലുടൻ ഓരോ ബാഗിലും 1ഗ്രാം Phorate അല്ലെങ്കിൽ 3ഗ്രാം കാർബോഫ്യുറാനോ മണ്ണിൽ ചേർത്തുകൊടുക്കുക.

അടുത്തത്‌ നിമാവിരബാധയെ പ്രോത്സാഹിപ്പിക്കുന്ന ഇടവിളകളും താങ്ങുമരങ്ങളും തോട്ടങ്ങളിൽ കഴിവതും ഉപയോഗിക്കാതിരിക്കുകയാണ്‌. തെങ്ങ്, കമുക്, വാഴ, മുരിക്ക്‌ എന്നിവയൊക്കെ നിമാവിരകൾക്കു പ്രിയങ്കരങ്ങളാണ്. വേരുബന്ധക നിമാവിരകൾ പ്രശ്നമായുള്ള പ്രദേശങ്ങളിൽ 'പൗർണ്ണമി'യെന്ന പ്രതിരോധശക്തിയുള്ള കുരുമുളക് കൃഷി ചെയ്യാം. എന്നാൽ തുരപ്പൻ നിമാവിരയെ ചെറുക്കാൻ ഇവയ്ക്കു ശേഷിയില്ലെന്നോർക്കുക. നിർഭാഗ്യവശാൽ തുരപ്പൻ നിമാവിരയെ പ്രതിരോധിക്കാൻ ശേഷിയുള്ള കുരുമുളകിനങ്ങൾ നമുക്കിനിയും ലഭ്യമായിട്ടില്ല.

തോട്ടങ്ങളിൽ മുമ്പേ തന്നെ നിമാവിരബാധയുണ്ടെങ്കിൽ എന്താണ് ചെയ്യേണ്ടത്? തൈകൾ നടുന്ന കുഴിയിൽ തരി രൂപത്തിലുള്ള നിമാവിരനാശിനികൾ ചേർത്തുകൊടുക്കാം. കൊടിയുടെ ശൈശവദശയിൽ നിമാവിരകളിൽ നിന്നവയ്ക്ക് സംരക്ഷണം ലഭിക്കേണ്ടത് വളരെയേറെ നിർണ്ണായകമാണ്. നിലവിലുള്ള തോട്ടങ്ങളിൽ എല്ലാഭാഗത്തും നിമാവിരബാധയുടെ തീവ്രത ഒരുപോലെയായിരിക്കില്ല. വിരബാധ രൂക്ഷമായുള്ള കൊടികളെ കേന്ദ്രീകരിച്ചാണ് രോഗവ്യാപനം നടക്കുക. അതുകൊണ്ട് ഇത്തരം കൊടികൾ കണ്ടെത്തി  അവയെ  വേരോടെ  പിഴുതുമാറ്റുക. നിമാവിരകളുടെ സഞ്ചാരശേഷി പരിമിതമായതിനാൽ അവ മറ്റു കൊടികളിലേക്ക് വ്യാപിക്കുന്നത് വെള്ളത്തിലൂടെയോ കൃഷിയായുധങ്ങളിലൂടെയോ ഒക്കെയാണ്. അപ്പോൾ തോട്ടത്തിലെ ശുചിത്വത്തിന് മുൻഗണന നൽകണം. നിമാവിരബാധ രൂക്ഷമായുള്ള കൊടികൾക്കു സമീപമുള്ള കൊടികളിൽ Phorate അല്ലെങ്കിൽ Carbofuran പ്രയോഗിക്കാവുന്നതാണ്. കൊടികൾ തിരിയിടുന്ന കാലയളവിൽ കീടനാശിനി പ്രയോഗം തീർത്തും ഒഴിവാക്കണം.

മണ്ണിലെ ജൈവസമ്പുഷ്ടി വർദ്ധിപ്പിച്ചാൽ നിമാവിരബാധ കുറയുന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്. രാസവളങ്ങൾക്കു പകരമായി കൂടുതൽ ജൈവവളങ്ങൾ പ്രയോഗിക്കുന്നത് നിമാവിരകളെ നിയന്ത്രിക്കുക മാത്രമല്ല പരിസ്ഥിതി പ്രശ്നങ്ങളും ഒഴിവാക്കും. കീടരോഗനിയന്ത്രണത്തിനായി പുതുതായി കണ്ടെത്തിയിരിക്കുന്ന  ജൈവീകനിയന്ത്രണം അഥവാ Biocontrol-ൻറെ വിജയത്തിനും മണ്ണിലെ ജൈവസമ്പുഷ്ടി അതിനിർണ്ണായകമാണ്. ജൈവീകനിയന്ത്രണസഹായികളായ കുമിളുകൾക്കും ബാക്ടീരിയകൾക്കും മണ്ണിൽ അധിവാസമുറപ്പിച്ചു പെരുകി വർദ്ധിക്കാനും കീടങ്ങളെ കീഴടക്കാനും ജൈവപദാർത്ഥങ്ങൾ മണ്ണിൽ അവശ്യം വേണം. ട്രൈക്കോഡെർമകൾ, പീസിലോമൈസസ്, വെർട്ടിസിലിയം, മൈക്കോറൈസകൾഎന്നിങ്ങനെ  നിരവധി കുമിളുകൾ നിമാവിരകളെ നിയന്ത്രിക്കാനായി അടുത്തകാലത്തായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കേവലം ജൈവീകനിയന്ത്രണം കൊണ്ട് എല്ലാമായി എന്നു കരുതുന്നത് വിഡ്ഢിത്തമാണ്. മറ്റു കീടനിയന്ത്രണമാർഗ്ഗങ്ങളോടൊപ്പം ജൈവീകനിയന്ത്രണം സംയോജിപ്പിച്ച് നടപ്പിലാക്കുന്നതാണ് നന്ന്. പരിസ്ഥിതിക്ക് ഭംഗം വരുത്താത്ത നിമാവിരനിയന്ത്രണമാർഗ്ഗങ്ങൾക്കായുള്ള പരീക്ഷണങ്ങൾ രാജ്യത്തിൻറെ പലഭാഗത്തും ഊർജ്ജിതമായി നടക്കുന്നുണ്ട്. നിമാവിരനിയന്ത്രണത്തിനുള്ള പുത്തൻ ജൈവീകനിയന്ത്രണസഹായികളും സസ്യജന്യ കീടനാശിനികളും അനതിവിദൂര ഭാവിയിൽ നമുക്കു കരാഗതമാകുമെന്നു നമുക്കു  പ്രത്യാശിക്കാം. അതുവരെ,  നിമാവിരകളെ നിസ്സാരമെന്നു  മിഥ്യാധാരണയിൽ  അവഗണിക്കാതിരിക്കുക.

 

പൊച്ചോണിയ - മിത്രകുമിളുകളിലെ നവാഗതൻ

 

ട്രൈക്കോഡെർമ, മെറ്റാറൈസിയം, ബിവേറിയ തുടങ്ങിയ മിത്രകുമിളുകൾ കർഷകർക്ക് സുപരിചിതമാണ്. ഇക്കൂട്ടത്തിൽ നവാഗതനാണ് പൊച്ചോണിയ. അറിയപ്പെടുന്ന ഒരു നിമാവിരഭോജിയാണ് ഇവ. വിവിധ ഇനങ്ങളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും പരക്കെ കണ്ടുവരുന്നത്‌ പൊച്ചോണിയ ക്ലാമിഡോസ്പോറിയ എന്നയിനമാണ്. മുമ്പ് വെർട്ടിസിലിയംക്ലാമിഡോസ്പോറിയം എന്നറിയപ്പെട്ടിരുന്ന ഈ കുമിളുകൾ, അടുത്തകാലത്താണ് ശാസ്ത്രീയമായ ചില നൂതന അറിവുകളുടെ വെളിച്ചത്തിൽ പൊച്ചോണിയ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്.

 

  1. വളർച്ചാമാധ്യമത്തിൽ സൂക്ഷ്മദർശിനിയിലൂടെ

പൊച്ചോണിയകളെ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 1970കളിൽ ഇംഗ്ലണ്ടിൽ  നടന്ന   ഒരു പഠനത്തിൻറെ വെളിച്ചത്തിലാണ് ഇവയുടെ നിമാവിരാ സംഹാരശേഷി ശാസ്ത്രജ്ഞർക്ക് മനസ്സിലായത്‌. പ്രധാനമായും കൂട്ടം കൂട്ടമായി മുട്ടകളിടുന്ന വേരുബന്ധകനിമാവിരകൾ, സിസ്റ്റ് നിമാവിരകൾ ഇവയുടെ ശത്രുവായിട്ടാണ് പൊച്ചോണിയഅറിയപ്പെടുന്നതെങ്കിലും ഇതരവർഗ്ഗത്തിൽപ്പെട്ട നിമാവിരകളെയും ഒരു പരിധിവരെ നിയന്ത്രിക്കാൻ ഇവയ്ക്കു കെൽപുണ്ട്. കൂടാതെ അഴുകലിന് കാരണമായ ഫൈറ്റോഫ്തോറകുമിളുകളുടെ സ്പോറുകൾ, ഒച്ചുവർഗ്ഗത്തിൽപ്പെട്ടവയുടെ മുട്ടകൾ, മണ്ണിൽ  വസിക്കുന്ന ചില ഷഡ്പദ ജീവികൾ എന്നിവയേയും പൊച്ചോണിയ ആക്രമിച്ചു നശിപ്പിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അടിസ്ഥാനപരമായി പൊച്ചോണിയ ഒരു ശവ ജീവിയാണ്. എന്നാൽ ചില സാഹചര്യങ്ങളിൽ ഇവയ്ക്ക്‌ ഇതര ജീവികളെ ആഹരിക്കുവാൻ ശേഷി ലഭിക്കുന്നു. ഇവ പുറപ്പെടുവിക്കുന്ന വൈവിധ്യമാർന്ന എൻസൈം ശ്രേണികളാണ് മറ്റു ജീവികളെ കീഴടക്കുന്നത്‌. നിമാവിരകളുടെ മുട്ടകളുടെ ബാഹ്യകവചമായ കൈറ്റിൻ ആവരണത്തെ തകർക്കാൻ ഇവ സവിശേഷമായ ചില എൻസൈമുകൾ സ്രവിക്കുന്നു. ഒപ്പം സ്വാഭാവികമായി ഈ കുമിളുകൾക്കുള്ള ചില സവിശേഷതകൾ ഇവയെ ശാസ്ത്രലോകത്തിന് പ്രിയങ്കരമാക്കി. സസ്യങ്ങൾക്കുള്ളിൽ പടർന്നു വ്യാപിക്കാനുള്ള ഇവയുടെ കഴിവ്, സസ്യവേരുകൾ പുറപ്പെടുവിക്കുന്ന പോഷകാംശങ്ങൾ സ്വീകരിച്ച് പെരുകാനുള്ള ഇവയുടെ ശേഷി, വിപരീത സാഹചര്യങ്ങളിൽ പിടിച്ചു നിൽക്കാൻ സഹായിക്കുന്ന ക്ലാമിഡോസ്പോറുകൾ  ഉത്പാദിപ്പിക്കാനുള്ള ത്രാണി  ഇവയൊക്കെ ഇതിൽ ചിലതു മാത്രം. മണ്ണിൽ സ്വതന്ത്രമായും, പരാദങ്ങളായും വൈവിധ്യമാർന്ന ജീവിതശൈലി സ്വീകരിക്കാൻ കഴിവുള്ളതിനാൽ കൃഷിയിടങ്ങളിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ ഈ കുമിളുകൾക്ക് സാധിക്കും. വേരുകൾക്കുള്ളിൽ ഇവ പടർന്ന്, സസ്യങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതായും ചില പഠനങ്ങൾ തെളിയിക്കുന്നു. മണ്ണിലെ ഇവയുടെ സാന്നിധ്യം ചുറ്റുമുള്ള ജീവമണ്ഡലത്തെ വളരെയേറെ സ്വാധീനിക്കുന്നു. തത്ഫലമായി ആ ആവാസവ്യവസ്ഥയിലുള്ള സൂക്ഷ്മജീവികളുടെ എണ്ണത്തിലും വൈവിധ്യത്തിലും ഗണ്യമായ സ്വാധീനം ചെലുത്തുവാനും ഈ കുമിളുകൾക്ക് കഴിയും. നമ്മുടെ കാലാവസ്ഥ,മണ്ണിലെ താപനില 25-30 ഡിഗ്രി സെൽഷ്യസിനുള്ളിലായതുകൊണ്ട്, പൊച്ചോണിയയ്ക്ക്  വളരെ അനുകൂലമാണ്. 1900 കളുടെ അവസാനം കുരുമുളകിനെ ബാധിക്കുന്ന നിമാവിരകളിൽ നിന്നുമാണ് ഇവയെ  ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയത്. തുടർന്ന് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിൽ നടത്തിയ വിവിധങ്ങളായ പരീക്ഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ   നിമാവിരകൾക്കെതിരെയുള്ള   ഒരുത്തമ ജൈവീക നിയന്ത്രണ സഹായിയായി  പൊച്ചോണിയയെ ശുപാർശ ചെയ്തിട്ടുണ്ട്. ബാഗ്ലൂരുള്ള ഭാരതീയ ഹോർട്ടികൾച്ചർ ഗവേഷണ സ്ഥാപനവും ഈ കുമിളുകളെ വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുന്നുണ്ട്. ട്രൈക്കോഡെർമയെ പോലെ പെട്ടെന്ന് പെരുകാൻ ഇവയക്ക് കഴിയാത്തതുകൊണ്ട്, മണ്ണിൽ പ്രയോഗിക്കുമ്പോൾ കൂടുതൽ അളവിൽ ചേർക്കാൻ    ശ്രദ്ധിക്കേണ്ടതാണ്.

നിമാവിരകൾക്കെതിരെ ലഭ്യമായിരുന്ന കീടനാശിനികളെല്ലാം കേരളത്തിൽ നിരോധിക്കപ്പെട്ടിരിക്കുന്നതിനാൽ, പൊച്ചോണിയയ്ക്ക് ഇന്ന് ആവശ്യക്കാരേറെയാണ്. ഉടൻ തന്നെ  ഇവയെ കമ്പോളത്തിൽ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്  ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം.

കടപ്പാട്: അഗ്രോപീഡിയ

സന്തോഷ്. ജെ. ഈപ്പൻ, വീണ എസ്. എസ്. & കെ. വി. പീറ്റർ,വി. എസ്. കോരികാന്തിമത്ത്, എം. എൻ. വേണുഗോപാൽ

ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം

കോഴികളുടെ യാത്രകള്‍

വ്യാവസായികാടിസ്ഥാനത്തില്‍ ധാരാളം ഇറച്ചിക്കോഴികളെയും, മുട്ടക്കോഴികളെയും വളര്‍ത്താന്‍ തുടങ്ങിയതോടുകൂടി കോഴികള്‍ക്കും യാത്ര ഒഴിച്ചു കൂടാനാകാത്തതായി. വിരിഞ്ഞിറങ്ങുന്ന കുഞ്ഞിനെ വളര്‍ത്തുന്നിടത്തേക്കും മുട്ടയിടാറായ പിടകളെ അവ വളര്‍ന്ന കൂട്ടില്‍ നിന്ന് ലേയര്‍ കൂട്ടിലേയ്ക്കും, മുട്ടയിടീല്‍ കഴിഞ്ഞ പിടകളെയും, ഇറച്ചിക്കോഴികളെയും വിപണിയിലേയ്ക്കും കൊണ്ടു പോകുന്നതിന് അവയെ പിടിക്കുകയും, കൈകാര്യം ചെയ്യുകയും, യാത്ര ചെയ്യിക്കുകയും വേണ്ടിവരും. പിന്നെ ഒന്നേയുള്ളൂ നോക്കാന്‍. ഏറ്റവും കുറച്ച് ആഘാതമുണ്ടാകുന്ന രീതിയില്‍ എങ്ങനെ കോഴികളുടെ യാത്രകള്‍ ആസൂത്രണം ചെയ്യാം.

കോഴിയെ പിടിക്കുമ്പോള്‍

കോഴിയെ പിടിക്കുമ്പോള്‍ കാലിലും, ചിറകിലും ചേര്‍ത്തു പിടിക്കാം. വലയോ, ഹുക്കോ ഉപയോഗിച്ചും പിടിക്കാം. കണ്ണു കാണാന്‍ പാടില്ലാത്ത കോഴി അടങ്ങിക്കിടക്കും. ഒരു തുണികൊണ്ട് തല മൂടുകയോ, തല ചിറകിനടിയില്‍ വയ്ക്കുകയോ ചെയ്യാം. പറക്കാതിരിക്കാന്‍ ചിറകുകള്‍ തമ്മില്‍ ചേര്‍ത്ത് ലോക്കു ചെയ്യാം.

കുഞ്ഞുങ്ങളുടെ യാത്രകള്‍

വിരിഞ്ഞിറങ്ങിയാലുടന്‍ ഹാച്ചറിയില്‍ നിന്ന് ഫാമിലേക്കുള്ള യാത്ര ഒഴിവാക്കാനാവില്ല. സാധാരണ ഈ യാത്ര വലിയ പ്രശ്നമൊന്നും ഉണ്ടാക്കാറില്ല. കാരണം അവ വളരെ ചെറുതാണ്. മാത്രമല്ല മഞ്ഞക്കരുവില്‍ നിന്ന് പോഷകങ്ങള്‍ കിട്ടുകയും ചെയ്യും. പക്ഷേ 72 മണിക്കൂറിനകം കൂട്ടിലെത്തിച്ചിരിക്കണം. അതു കഴിഞ്ഞാല്‍ അവയ്ക്കു വെള്ളവും, തീറ്റയും ലഭിക്കണം. കുഞ്ഞുങ്ങളെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന കണ്ടെയിനര്‍ ഭാരം കുറഞ്ഞതും, ആവശ്യത്തിന് വായു സഞ്ചാരം ലഭിക്കാന്‍ ദ്വാരങ്ങള്‍ ഉള്ളതുമായിരിക്കണം. വിമാനം, ലോറി, തീവണ്ടി, കപ്പല്‍ മുതലായ ഏതു മാര്‍ഗ്ഗത്തിലും കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുപോകാം. വാഹനത്തില്‍ ആവശ്യത്തിന് വായു സഞ്ചാരം ഉറപ്പാക്കണം. ചൂട് കൂടാനും, കുറയാനും പാടില്ല. 32 ഡിഗ്രി സെല്‍ഷ്യസ് ആണ് അനുയോജ്യമായ താപനില. 41 ഡിഗ്രിയില്‍ കൂടിയാലും, 15 ഡിഗ്രി കുറഞ്ഞാലും ദോഷം ചെയ്യും.

ഇറച്ചിക്കോഴികള്‍

ഏറേ കോഴികളെ ഒന്നിച്ച് മനുഷ്യരുടെയും മറ്റ് ശല്യങ്ങളുമില്ലാതെ വളര്‍ത്തി വിപണനം നടത്തുകയാണ് ഇറച്ചിക്കോഴി വളര്‍ത്തലില്‍. ഇവയെ വളര്‍ത്തുന്ന സ്ഥലത്തു നിന്ന് 5-8 ആഴ്ച പ്രായമാകുമ്പോള്‍ കശാപ്പിന് കൊണ്ടുപോകും. 1.75-2 കിലോ തൂക്കം വയ്ക്കും ഈ പ്രായത്തില്‍. കോഴികളെ പിടിക്കുന്നതിന് 3 മുതല്‍ 12 മണിക്കൂര്‍ മുമ്പ് തീറ്റ നിര്‍ത്തണം. വെള്ളം ഒരു മണിക്കൂര്‍ മുമ്പും. കുടലില്‍ നിന്നുള്ള അവശ്ഷിടങ്ങളില്‍ നിന്ന് ഇറച്ചി മലിനമാകാതിരിക്കാനാണ് വെള്ളവും തീറ്റയും പിന്‍വലിക്കുന്നത്. ആഘാതം കുറയ്ക്കാന്‍ രാത്രിയിലോ, അതിരാവിലെ അരണ്ട വെളിച്ചത്തിലോ വേണം കോഴിയെ പിടിക്കാന്‍. ഇവയെ മൂന്നോ, നാലോ എണ്ണത്തിനെ രണ്ടു കാലില്‍ പിടിച്ചെടുത്ത് ക്രേറ്റിലിടാം. ഇറച്ചിക്കോഴികളെ ഒറ്റ കാലില്‍ പിടിച്ച് തൂക്കിയെടുക്കാന്‍ പാടില്ല. കോഴികളെ ഓരോന്നിനേയും പിടിക്കുക ജോലിക്കൂടുതലും, ബുദ്ധിമുട്ടുമാണ്. വിദേശരാജ്യങ്ങള്‍ ഇതിന് ഓട്ടോമാറ്റിക് സംവിധാനമുണ്ട്.

കശാപ്പിനു മുമ്പുള്ള ആഘാതം കോഴിയിറച്ചിയുടെ ഗുണമേډയേ പ്രതികൂലമായി ബാധിക്കും. പ്രതികൂല സാഹചര്യങ്ങള്‍ മാംസത്തിന്‍റെ അസിഡിറ്റി, നിറം, ജലാംശം എന്നിവയില്‍ മാറ്റങ്ങളുണ്ടാക്കുന്നതുമൂലം ശരിയായ വില ലഭിക്കുകയില്ല.

മുട്ടയിടാറായ പിടകള്‍

മുട്ടക്കോഴി വളര്‍ത്തലുകാര്‍ക്ക് മുട്ടയിടാറായ പിട ഏറ്റവും വിലപിടിപ്പുള്ള സമ്പത്താണ്. 16-18 ആഴ്ച പ്രായമാകുമ്പോള്‍ ഇവയെ ലേയര്‍ ഷെഡ്ഡുകളിലേയ്ക്ക് മാറ്റുന്നു. പ്ലാസ്റ്റിക്ക് ക്രേറ്റുകളില്‍ കൊണ്ടു പോകാം. അടിഭാഗം ഉറച്ചതായിരിക്കണം. കോഴി തലയും, കാലും, ചിറകും പുറത്തിടാത്ത രീതിയിലായിരിക്കണം വണ്ടിക്കുള്ളില്‍ വയ്ക്കാന്‍ ക്രേറ്റിന് മുകളിലും, താഴെയും ശരിയായ വായു സഞ്ചാരം ഉണ്ടായിരിക്കണം.

മുട്ടയിട്ടു തീര്‍ന്ന പിടകള്‍

ഒരു വര്‍ഷം മുട്ടയിട്ട പിടകളെ 'സ്പെന്‍റ് പിടകള്‍' എന്നു പറയും. ഇവയുടെ മാംസത്തിന് മൂല്യം കുറവാണ്. ഇവയേയും രണ്ടു കാല ില്‍ തൂക്കിപ്പിടിച്ച് ക്രേറ്റിനുള്ളിലാക്കാം. തല കീഴായി പിടിക്കരുത്. പിടിക്കുമ്പോള്‍ മൂലയില്‍ തിക്കിക്കൂടി ശ്വാസം മുട്ടിച്ചാകാന്‍ ഇടവരുത്തരുത്. പിടകള്‍ പേടിച്ച് പൊങ്ങിപ്പറന്ന് പിടിക്കുന്ന ആള്‍ക്കും കോഴിയ്ക്കും പരുക്ക് പറ്റാതെ നോക്കണം.

യാത്രയുടെ ആഘാതം പല വിധത്തില്‍

കാലാവസ്ഥ

യാത്രയില്‍ കഠിനമായ ചൂടും, തണുപ്പും കോഴിയെ ബാധിക്കും. തൂവല്‍ പൊഴിഞ്ഞ കോഴികളെയും, നനഞ്ഞ്, അഴുക്കു പറ്റിയ കോഴികളേയും തണുപ്പ് പെട്ടെന്ന് ബാധിക്കും. ചൂടുകാലത്ത് വായു സഞ്ചാരമില്ലാത്ത കൂട്ടില്‍ ഹ്യൂമിഡിറ്റി കൂടുതലായാല്‍ ചൂട് ക്രമാതീതമായി വര്‍ദ്ധിക്കും. കോഴി വല്ലാതെ അണയ്ക്കും, ക്രമേണ ചൂടിന്‍റെ ആഘാതവും നിര്‍ജലീകരണവും മൂലം കോഴി ചാകും. ചൂടു കാലാവസ്ഥയില്‍ നീണ്ട യാത്ര പാടില്ല. കോഴിക്ക് സുഖകരമായ താപനില 15-28 ഡിഗ്രി സെല്‍ഷ്യസ് ആണ്

വിശപ്പും ദാഹവും

വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങള്‍ക്ക് മൂന്ന് ദിവസം വിശപ്പും, ദാഹവും ഇല്ല. ആഹാരം നല്‍കേണ്ടതുമില്ല. ഇറച്ചിക്കോഴികളുടെ തീറ്റ പിന്‍വലിക്കുമ്പോള്‍ യാത്ര എത്ര സമയമുണ്ടാകും എന്ന് കണക്കുകൂട്ടണം. കാരണം 4 മുതല്‍ 6 മണിക്കൂര്‍ പട്ടിണി കോഴിയുടെ തൂക്കം 0.2 ശതമാനം മുതല്‍ 0.5 ശതമാനം വരെ കുറയ്ക്കും. നീര്‍ജലീകരണവും ക്ഷീണവും മൂലം കോഴി തളരും

പരുക്കുകള്‍

കൈകാര്യം ചെയ്യുമ്പോള്‍ എല്ലൊടിയുന്നതും, സാധാരണമാണ്. മുട്ടയിട്ടു തീര്‍ന്ന പിടകളുടെ എല്ലുകള്‍ തേയ്മാനംമൂലം കട്ടി കുറഞ്ഞിരിക്കുന്നതിനാല്‍ ഒടിയാന്‍ സാദ്ധ്യത കൂടുതലാണ്. പരുക്കന്‍ രീതിയിലുള്ള ഓടിക്കലും പിടിക്കലും എല്ലൊടിയാന്‍ കാരണമാണ്. ഒറ്റക്കാലില്‍ തൂക്കിയെടുത്താല്‍ പരുക്ക് പറ്റാനുള്ള സാദ്ധ്യത രണ്ട് കാലില്‍ പിടിച്ചെടുക്കുന്നതിലും മൂന്നിരട്ടി കൂടുതലാണ്. ഇറച്ചിക്കോഴിക്ക് തൂക്കം കൂടുതലായതിനാല്‍ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ എല്ലൊടിയാനും, ഇണക്കു തെറ്റാനുമുള്ള സാദ്ധ്യത വളരെ കൂടുതലാണ്.

 

മരണം

ചൂട് കാലത്തെ യാത്ര മരണ ശതമാനം കൂടും. തൂക്കം കൂടിയവയിലാവും മരണം കൂടുതല്‍. 4 മണിക്കൂറില്‍ കുറവുള്ള യാത്രയ്ക്ക് മരണനിരക്ക് 0-16 ശതമാനമാണെങ്കില്‍ 3 ശതമാനം വരേയെങ്കിലും കൂടുതലാണ്. ദൈര്‍ഘ്യം കൂടിയ യാത്രകള്‍ക്ക് അതിനാല്‍ കോഴികളുടെ യാത്രകള്‍ വളരെ സൂക്ഷ്മതയോടെ ചെയ്യണം.

ജന്തുജന്യരോഗങ്ങള്‍

ഡോ. എം.സി. മോഹന്‍

ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ആഫീസര്‍, വി.ബി.ഐ., പാലോട്

അനൂപ്, തലസ്ഥാനത്തെ ഒരു പ്രശസ്ത വിദ്യാലയത്തിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥി. ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ ഏകമകന്‍. പട്ടിക്കുട്ടി എന്നാല്‍ അവന് ജീവനാണ്. നിരത്തില്‍നിന്ന് കിട്ടിയ പട്ടിക്കുട്ടിയെ അവന്‍ ലാളിച്ച് വളര്‍ത്തി. ഒരു കൂട്ട് കിട്ടിയ സന്തോഷം. കളിക്കിടയില്‍ എപ്പോഴോ നായ്ക്കുട്ടി അവനെ ചെറുതായി കമ്മി. ഇടയ്ക്കൊരു ദിവസം അതിനെ കാണാതായി. അനൂപ് സങ്കടത്തോടെ തിരക്കിയെങ്കിലും ഫലമുണ്ടായില്ല. രണ്ടാഴ്ച കഴിഞ്ഞു. ഒരു ദിവസം സ്കൂളില്‍ നിന്ന് മടങ്ങിയെത്തിയ അനൂപിന് ചെറിയ പനിയും തൊണ്ടവേദനയും . വൈകിട്ട് അച്ഛനോടൊപ്പം ഡോക്ടറുടെ അടുത്ത് പോയി മരുന്നും വാങ്ങി തിരിച്ചുവന്നു. തിരിച്ചുവരുമ്പോള്‍ കാറിലിരുന്ന് കാറ്റടിച്ചിട്ട് വല്ലാത്ത അസ്വസ്ഥത. രാത്രിയായപ്പോള്‍ രോഗം മൂര്‍ച്ഛിച്ചു. പാവം അനൂപിന് പേവിഷ ബാധയേറ്റിരുന്നു!

വളര്‍ത്തുമൃഗങ്ങളുമായുള്ള നിരന്തര സമ്പര്‍ക്കത്തിലൂടെയും, പാല്‍, മുട്ട, മാംസം തുടങ്ങിയവ ഭക്ഷിക്കുന്നതിലൂടെയുമാണ് ജന്തുരോഗങ്ങള്‍ മനുഷ്യരിലേക്ക് പകരുന്നത്. വന്യമൃഗങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയും അവയെ ആക്രമിക്കുന്ന ഷഡ്പദങ്ങള്‍, മറ്റ് പ്രാണികള്‍ എന്നിവയിലൂടെയും ചില രോഗങ്ങള്‍ മനുഷ്യര്‍ക്ക് കിട്ടാം. പ്രധാന ജന്തുജന്യ രോഗങ്ങള്‍ നോക്കാം

പേവിഷബാധ

ജന്തുജന്യരോഗങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം ഓര്‍മ്മയിലെത്തുന്നത് പേവിഷബാധയാണ്. റാബിസ്, ഹൈഡ്രോഫോബിയ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ മാരക രോഗത്തിന് കാരണം 'റാബ്ഡോവൈറിഡേ' എന്ന വൈറസ് ആണ്. ഇത് കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്നതാണ് മരണകാരണം. രോഗബാധയുള്ള കുറുക്കന്‍, ചെന്നായ, കഴുതപ്പുലി, കീരി തുടങ്ങിയ വന്യമൃഗങ്ങളുടെ കടിയേറ്റ് മനുഷ്യര്‍ക്കും രോഗം പകരുന്നു.

പേവിഷം ബാധിച്ച മൃഗങ്ങളുടെ ഉമിനീരാണ് രോഗസ്രോതസ്സ്. ഒരു നായ രോഗാവസ്ഥക്കാലത്ത് 40 കിലോമീറ്റര്‍ ചുറ്റളവില്‍ നിരവധി മനുഷ്യരേയും കന്നുകാലികളേയും കടിക്കാറുണ്ട്. ലക്ഷണങ്ങള്‍ പ്രകടമാക്കുന്നതിന് മൂന്ന് മുതല്‍ അഞ്ചു ദിവസം മുമ്പുതന്നെ മൃഗത്തിന്‍റെ ഉമിനീരില്‍ വൈറസ് പ്രത്യക്ഷപ്പെടുന്നു. ശരീരത്തിലെ മുറിവില്‍ രോഗബാധിതരായ മൃഗങ്ങള്‍ നക്കിയാലും വൈറസ് ബാധിക്കും. വൈറസ് ഉള്ളില്‍ കടന്ന് 3-6 ആഴ്ചകള്‍ക്കുള്ളില്‍ മനുഷ്യരില്‍ രോഗലക്ഷണം പ്രത്യക്ഷപ്പെടും. തലവേദന, തൊണ്ടവേദന, അസ്വസ്ഥത, ചെറിയ പനി എന്നീ ലക്ഷണങ്ങളാണ് ആദ്യം പ്രകടമാകുക. തുടര്‍ന്ന് രോഗാണു നാഡീവ്യൂഹത്തെ ബാധിക്കും. ശബ്ദം, പ്രകാശം എന്നിവ അസഹനീയമാകും. വായുഭീതി, ജലഭീതി (ഹൈഡ്രോഫോബിയ), പേശികളുടെ കോച്ചിവലിവ്, വര്‍ദ്ധിച്ച ഉമിനീര്‍സ്രാവം, കണ്ണീര്‍വാര്‍ച്ച, മരണഭീതി, ദ്രാവകം ഇറക്കാന്‍ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടും. 5-6 ദിവസങ്ങള്‍ക്കുള്ളില്‍ മരിക്കും. മരിക്കുന്നതുവരെ രോഗി പൂര്‍ണ്ണ ബോധവാനായിരിക്കും എന്നതും ഈ രോഗത്തിന്‍റെ ഒരു പ്രത്യേകതയാണ്.

പേവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ പിന്നെ ചികിത്സകൊണ്ട് ഫലമില്ല. കടിയേറ്റയാള്‍ വാക്സിന്‍ കുത്തിവയ്ക്കുകയാണ് ഏക ചികിത്സാമാര്‍ഗം. കടിയേറ്റ ഭാഗം കാര്‍ബോളിക് സോപ്പ് ഉപയോഗിച്ച് കഴുകി അണുനാശിനി ലേപനം പുരട്ടണം. ടിങ്ചര്‍ അയഡിന്‍, പ്രൊവിഡോണ്‍ അയഡിന്‍ എന്നിവ ഉത്തമം. മുറിവില്‍ ആന്‍റിറാബീസ് സിറം (ഒ്യുലൃ ശാാൗില ലെൃൗാ) പ്രയോഗിക്കുന്നതും പ്രയോജനപ്രദമാണ്. പ്രതിരോധത്തിന് സെല്‍കള്‍ച്ചര്‍ വാക്സിനുകള്‍ ലഭ്യമാണ്. കടിയേറ്റയാള്‍ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ചികിത്സക്ക് വിധേയനാകണം. കടിച്ച നായയെ കഴിയുമെങ്കില്‍ 10 ദിവസംവരെ നിരീക്ഷിക്കുക. 10 ദിവസത്തിനുശേഷം നായ ജീവിച്ചിരിക്കുകയാണെങ്കില്‍ പേവിഷബാധ ഉണ്ടായിട്ടില്ലെന്നും കുത്തിവയ്പ് തുടരേണ്ടതില്ലെന്നും തീരുമാനിക്കാം.

ഇറച്ചിത്താറാവ്

ഡോ. കെ. നാരായണന്‍കുട്ടി

സീനിയര്‍ സയന്‍റിസ്റ്റ് & ഹെഡ്

വെറ്ററിനറി കോളേജ്, മണ്ണൂത്തി

 

കോഴിവളര്‍ത്തലിനു വേണ്ടതില്‍ കൂടുതല്‍ മുതല്‍ മുടക്കൊന്നും ഇറച്ചിത്താറാവുകളെ വളര്‍ത്താന്‍ വേണ്ടി വരുന്നില്ല. കോഴിയെ അപേക്ഷിച്ച് രോഗ പ്രതിരോധശക്തി കൂടുതലായതിനാല്‍ നഷ്ടസാധ്യത കുറവാണുതാനും.

ഇറച്ചിത്താറാവ് 8 ആഴ്ച പ്രായംകൊണ്ട് 2.5 - 3 കിലോ ശരീരഭാരം വയ്ക്കും. മൃദുവായ എല്ലും, നെഞ്ച്, തുട, കാല് തുടങ്ങിയ ഭാഗങ്ങളില്‍ കൂടുതല്‍ മാംസവും ഇവയുടെ പ്രത്യേകതകളാണ്. ശരീരഭാരം കുറഞ്ഞത് 2 കിലോ ആകുമ്പോള്‍ ഇവയെ വിപണിയിലെത്തിക്കാം. വൈറ്റ് പെക്കിന്‍, മിനിക്കോസ്, ഐല്‍സ്ബെറി, മസ്കവി തുടങ്ങിയ ഇനങ്ങളില്‍പ്പെട്ട താറാവുകളെ ഇറച്ചിക്കുവേണ്ടി വളര്‍ത്തുന്നു. വൈറ്റ് പെക്കിനാണ് അധികവും വളര്‍ത്താന്‍ ഉചിതം. ചില സങ്കരയിനം താറാവുകളെയും ഇറച്ചിക്കുവേണ്ടി വളര്‍ത്താറുണ്ട്. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള കോഴിവളര്‍ത്തല്‍ പഠന വിഭാഗത്തില്‍ വൈറ്റ് പെക്കിന്‍, നാടന്‍ എന്നീ താറാവുകളുടെയും അവയുടെ സങ്കരയിനങ്ങളുടെയും ഉത്പാദനക്ഷമത വിശദമായി പഠിക്കുവാനും കൂടുതല്‍ ഇറച്ചിക്കു പറ്റിയ ഇനങ്ങളെ വികസിപ്പിച്ചെടുക്കുവാനുമുള്ള ഗവേഷണ പഠ നങ്ങള്‍ നടത്തിയിട്ടുണ്ട്. വൈറ്റ് പെക്കിന്‍റെ ദ്രുതഗതിയിലുള്ള വളര്‍ച്ച, ഒരു നിശ്ചിത വളര്‍ച്ച യ്ക്ക് കുറഞ്ഞ അളവിലുള്ള തീറ്റ, സ്വാദേറിയ മാംസം, ഉയര്‍ന്ന ജീവനക്ഷമത എന്നിവ ഇറച്ചിത്താറാവുകളുടെ - പ്രത്യേകിച്ച് വൈറ്റ്പെക്കിന്‍റെ - സവിശേഷതകളാണ്. സമീകൃതാഹാരവും, ശാസ്ത്രീയ പരിപാലനമുറകളും ഉറപ്പുവരുത്തിയാല്‍ സാധാരണയായി ഇത്തരം താറാവുകള്‍ 54 ദിവസംകൊണ്ട് 2.5 കിലോ ശരീരഭാരം വയ്ക്കുന്നു. ഇറച്ചിത്താറാക്കുഞ്ഞുങ്ങള്‍ക്കു നല്കുന്ന പരിപാലനരീതിക്കും, കോഴിക്കുഞ്ഞുങ്ങള്‍ക്കു നല്കുന്നതും തമ്മില്‍ വ്യത്യാസമൊന്നുമില്ല. ഇറച്ചിക്കോഴികളിലുള്ളതുപോലെ ഇറച്ചിത്താറാവിലും രണ്ടുവളര്‍ച്ചാഘട്ടമുണ്ട്. 'സ്റ്റാര്‍ട്ടര്‍' (ആദ്യ മൂന്നാഴ്ച ക്കാലം) ഘട്ടവും 'ഫിനിഷര്‍'(ശേഷം എട്ടാഴ്ച പ്രായക്കാലം) ഘട്ടവും. 'സ്റ്റാര്‍ട്ടര്‍' ഘട്ടത്തില്‍ ഒരു താറാക്കുഞ്ഞിന് ഒരു ചതുരശ്ര അടിയും 'ഫിനിഷര്‍' ഘട്ടത്തില്‍ 2.5ചതുരശ്ര അടിയും സ്ഥലംവേണം. അതുപോലെ ആദ്യഘട്ടത്തില്‍ രണ്ടിഞ്ചു നിരക്കില്‍ തീറ്റപ്പാത്ര സ്ഥലവും ഒരിഞ്ചു നിരക്കില്‍ വെള്ളപാത്ര സ്ഥലവും ഓരോ ഇറച്ചിത്താറാവിനും നല്‍കണം. രണ്ടാമത്തെ ഘട്ടത്തില്‍ ഇത് യഥാക്രമം നാലിഞ്ചും, രണ്ടിഞ്ചും ആയിരിക്കണം. ഇറച്ചിക്കോഴികള്‍ക്കു നല്കുന്നതുപോലെ 'സ്റ്റാര്‍ട്ടര്‍', 'ഫിനിഷര്‍' എന്നീ തീറ്റകള്‍ ഇറച്ചിത്താറാവിനും നല്കണം.

ഇറച്ചിത്താറാവ്

പോഷകപ്രദം

മാംസ്യം - 20-25%

കൊഴുപ്പ് - 57%

ക്ഷാരം - 1%

ജലാംശം - 65-75%

സ്റ്റാര്‍ട്ടര്‍ തീറ്റയില്‍ 22 ശതമാനം മാംസ്യവും 2900 കിലോ കലോറി ഊര്‍ജവും അടങ്ങിയിരിക്കണം. ഫിനിഷര്‍ തീറ്റയില്‍ ഇത് യഥാക്രമം 1830-ഉം 2990മാണ്.

സാധാരണ താറാവുകള്‍ക്ക് വെള്ളംചേര്‍ത്ത അഥ വാ വെള്ളത്തില്‍ കുഴച്ച തീറ്റയാണ് നല്കേണ്ടത്. കടലപ്പിണ്ണാക്ക് താറാത്തീറ്റയില്‍ നിന്ന് ഒഴിവാക്കണം.

 

ഇറച്ചിത്താറാവിന് മാതൃക തീറ്റ

ചേരുവകള്‍ കി.ഗ്രാം/100               സ്റ്റാര്‍ട്ടര്‍ തീറ്റ

(കി.ഗ്രാം)    ഫിനിഷര്‍ തീറ്റ

(കി.ഗ്രാം)

തേങ്ങാപ്പിണ്ണാക്ക്    33.00         30.00

എള്ളിന്‍ പിണ്ണാക്ക്  20.00         15.00

മഞ്ഞച്ചോളം  30.00         23.00

അരിത്തവിട്       10.00

ഉപ്പില്ലാത്ത ഉണക്ക മീന്‍പൊടി     15.00         10.00

ഉണക്കക്കപ്പ        10.00

ധാതുലവണ മിശ്രിതം

(മിനറല്‍ മിക്സ്ച്ചര്‍) 2.00            2.00

ആകെ 100             100

ഓരോ നൂറു കിലോ തീറ്റയിലും 200 ഗ്രാം ഉപ്പും 25 ഗ്രാം ജീവക മിശ്രിതവും ചേര്‍ക്കണം.

 

നിലക്കടലയില്‍ അഥവാ കപ്പലണ്ടിപ്പിണ്ണാക്കില്‍ 'അസ്പര്‍ജില്ലസ് പ്ലേവസ്' എന്ന പൂപ്പലിന്‍റെ സാന്നിധ്യമുള്ളതിനാല്‍ തീറ്റയില്‍ ചേര്‍ ത്താല്‍ ഇതിന്‍റെ വിഷാംശം (അഫ്ളാടോക്സിന്‍) ഉണ്ടാകും. ഇതുകൊണ്ടുണ്ടാകുന്ന രോഗമാണ്'അഫ്ളാടോക്സിക്കോസിസ്'. കരളിനെയും മറ്റും സാരമായി ബാധിക്കുന്ന ഈ രോഗം ചെറുത്തു നില്‍ക്കുവാനുള്ള ശക്തി താറാവിന് കുറവാണ്.

രോഗപ്രതിരോധ കുത്തിവയ്പുകളോ മറ്റോ ഇറച്ചിത്താറാവുകളില്‍ ആവശ്യമായി വരുന്നില്ല. കാരണം താറാവിന് രോഗപ്രതിരോധശക്തി വളരെ കൂടുതലാണ്.

കേരളത്തില്‍ തിരുവല്ലക്കടുത്ത് കേരള മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴിലുള്ള നിരണം താറാവുവളര്‍ത്തല്‍ കേന്ദ്രത്തിലും, കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലും വൈറ്റ്പെക്കിന്‍ ഇറച്ചിത്താറാവുകള്‍ വളര്‍ത്തുന്നുണ്ട്.

ഒരു ഇറച്ചിത്താറാവില്‍ നിന്ന് കുറഞ്ഞത് അഞ്ചു രൂപയെങ്കിലും ആദായം ലഭിക്കും. നല്ലയിനം താറാക്കുഞ്ഞുങ്ങള്‍, എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന കൂടുകള്‍, ശാസ്ത്രീയ പരിപാലനക്രമങ്ങള്‍, മെച്ചപ്പെട്ട വിപണി തുടങ്ങിയവയാണ് ഈ വ്യവസായത്തെ ആദായകരമാക്കുന്നത്. ഇറച്ചിത്താറാവിന്‍റെ ശരീരഭാരം 2 കി.ഗ്രാം ആറാഴ്ചകൊണ്ട് എത്തുകയാണെങ്കില്‍ ആ പ്രായത്തില്‍ തന്നെ വില്‍ക്കാം. അതാണാദായവും. ഇറച്ചിക്കു പുറമേ അവയുടെ കാഷ്ഠം, ഒഴിഞ്ഞ തീറ്റച്ചാക്കുകള്‍ എന്നിവയുടെ വില്പനയിലൂടെ ലഭിക്കുന്ന വരവും തള്ളിക്കളയാവുന്നതല്ല.

ഒരു വ്യവസായമായും സ്വയംതൊഴിലായും ഇറച്ചിത്താറാവുവളര്‍ത്തല്‍ സ്വീകരിക്കാം. മനുഷ്യാഹാരത്തില്‍ മാംസ്യത്തിന്‍റെ കമ്മി, കോഴിയിറച്ചി ഇഷ്ടപ്പെടാത്തവര്‍ക്ക് താറാവിറച്ചിയോടുള്ള മമത എന്നീ വസ്തുതകള്‍ ഇറച്ചിത്താറാവു വളര്‍ത്തലിന്‍റെ ആവശ്യകത എടുത്തുകാട്ടുന്നു. ഇറച്ചിത്താറാവു വളര്‍ത്തലിന് അനുയോജ്യമായ കാലാവസ്ഥയും ഭൂപ്രദേശങ്ങളും കേരളത്തിലുണ്ട്. ഇവ കണക്കിലെടുത്താല്‍ ഇറച്ചിത്താറാവു വളര്‍ത്തലിന് ഇവിടെ അനന്തസാധ്യതയുണ്ട

ചിപ്പി തന്ന ഭാഗ്യം

ആനി കെ. ചെറിയാന്‍

കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍, എഫ്.ഐ.ബി., കോഴിക്കോട്

ചിപ്പി നേടിത്തന്ന പാരിതോഷികം തന്‍റെ കഠിനാദ്ധ്വാനത്തിന് ലഭിച്ച പ്രതിഫലമായി ജയിംസ് കരുതുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ ക്ഷീരധാര അവാര്‍ഡു നേടിയ ചൂരപൊയ്കില്‍ ജയിംസിന്‍റെ പൂവാലിപ്പശുവാണ് ചിപ്പി.

1950-ല്‍ പൊന്‍കുന്നത്തുനിന്നും കോഴിക്കോടു ജില്ലയിലെ കുണ്ടുതോട്ടിലെത്തിയതാണ് ജയിംസിന്‍റെ പിതാവ്. അന്ന് ജയിംസിന് 18 വയസ്സു പ്രായം. അച്ഛന്‍ വാങ്ങിയ രണ്ടേക്കര്‍ സ്ഥലവും ഒരു നാടന്‍ പശുവും-ഇവിടെ നിന്നാണ് ജയിംസ് തുടക്കം കുറിച്ചത്.

 

എച്ച്.എഫ്.ഇനത്തില്‍പ്പെട്ട പശുക്കളോടാണ് ജയിംസിനു പ്രിയം. 4 വര്‍ഷം മുമ്പ് ചാലക്കുടി ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്‍റെ ഡയറിഫാമില്‍ നിന്ന് 8250 രൂപയ്ക്കു ലേലത്തില്‍ പിടിച്ച അഞ്ചുമാസം പ്രായമുള്ള എച്ച്.എഫ്.പശുക്കുട്ടിയില്‍നിന്നാണ് സങ്കരയിനത്തിലേക്കുള്ള കാല്‍വയ്പ്. ഇരുപതിനും, മുപ്പതിനും ഇടയില്‍ കറവയുള്ള മൂന്നു പശുക്കളുണ്ട് ഇപ്പോള്‍. 30 ലിറ്റര്‍ പാല്‍ ദിവസവും സൊസൈറ്റിയില്‍ കൊടുക്കുന്നു. വീടുകളില്‍ പത്തു ലിറ്ററും. കൂടാതെ സ്വന്തം ആവശ്യത്തിനും.

"എച്ച്.എഫ്. പശു പ്രസവിച്ചാല്‍ കുട്ടിയ്ക്കു ആദ്യമാസങ്ങളില്‍ അഞ്ചുലിറ്റര്‍ എങ്കിലും പാലു നല്‍കണം. എങ്കിലേ അവയുടെ ആരോഗ്യം മെച്ചപ്പെടുകയുള്ളൂ. സങ്കരയിനം പശു വളര്‍ത്തല്‍ പലപ്പോഴും പരാജയമടയുന്നത് ഇത്തരമൊരു നിഷ്ഠയില്ലാത്തതുകൊണ്ടാകണം" ജയിംസ് പറയുന്നു

ഒരു പശുവില്‍ നിന്നു കിട്ടുന്ന വരുമാനത്തിന്‍റെ നാല്‍പതു ശതമാനവും ആ പശുവിനുവേണ്ടി തന്നെ ചെലവഴിക്കും - ഇതാണ് ജയിംസിന്‍റെ പ്രത്യേകത. പശുവൊന്നിന് ദിവസേന 40 കിലോ പച്ചപ്പുല്ലും, 2 കിലോ വയ്ക്കോലും, ഒരു കിലോ അസോളയും നല്‍കും. കൂടാതെ 8 കിലോ കാലിത്തീറ്റവേറെയും; കേരള ഫീഡ്സിന്‍റെ കാലിത്തീറ്റയാണ് ജയിംസ് കൊടുക്കുന്നത്. അസോള നല്‍കുന്നത് കാലിത്തീറ്റയുടെ അളവ് കുറക്കാന്‍ സഹായിക്കുന്നു എന്നാണ് ഇദ്ദേഹത്തിന്‍റെ അനുഭവം.

'അസോള നല്‍കുന്നതിന്‍റെ പ്രയോജനം പെട്ടെന്ന് മനസ്സിലാക്കണമെങ്കില്‍ അത് കോഴികള്‍ക്ക് കൊടുത്തുനോക്കിയാല്‍ മതി. അവ വേഗം മുട്ടയിട്ട് തുടങ്ങും' ജയിംസ് പറഞ്ഞു.

നല്ല ഒരു തീറ്റപ്പുല്‍ തോട്ടവും ഇവിടെയുണ്ട്. സി.ഓ-3 ഇനം പുല്ലാണ് പ്രധാനമായും പശുക്കള്‍ക്ക് നല്‍കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് കോയമ്പത്തൂര്‍ നാഷണല്‍ ഡയറിബോര്‍ഡില്‍ നിന്നും സി.ഓ-3 ഇനം പുല്ലിന്‍റെ നാല് കടകള്‍ വാങ്ങി പുല്‍കൃഷി തുടങ്ങി. ഇന്ന് തീറ്റപുല്‍കൃഷിയും ജയിംസിന് ഒരധിക വരുമാനമാര്‍ഗമായിരിക്കുന്നു. ഒരു തണ്ടിന് 50 പൈസ നിരക്കില്‍ ദിവസം 100 രൂപയ്ക്കെങ്കിലും ഇദ്ദേഹത്തിന് പുല്‍തണ്ടുകള്‍ വില്‍ക്കാന്‍ കഴിയുന്നുണ്ട്.

ഇടവിളയായി വളര്‍ത്തിയാല്‍ അര ഏക്കര്‍സ്ഥലത്തെ പുല്ല് വേണം ഒരു പശുവിന്. എന്നാല്‍ തനിവിളയായിട്ടാണെങ്കില്‍ 10 മുതല്‍ 15 സെന്‍റ് സ്ഥലത്തെ വിളവ് മതി. ഒരു കട വച്ചാല്‍ മൂന്നുമാസമാകുമ്പോഴേക്കും മൂന്നുകിലോ പുല്ലു കിട്ടും. ഒരു കട രണ്ടുവര്‍ഷത്തിലൊരിക്കല്‍ മാറ്റി നട്ടാല്‍ നന്ന്. ഇല്ലെങ്കില്‍ത്തന്നെ ഒന്ന് തട്ടിക്കൂട്ടി കുറച്ച് സ്ലറിയും ഒഴിച്ചുകൊടുത്താല്‍ 20 വര്‍ഷം വരെ പുല്ലരിയാമെന്നാണ് ഇദ്ദേഹത്തിന്‍റെ അഭിപ്രായം. ചാണകം മാത്രമാണ് പുല്ലിന് വളം. പച്ചപ്പുല്ലിന്‍റെ അളവുകൂട്ടി ഉല്‍പാദനചെലവ് കുറക്കുന്നതാണ് ജയിംസിന്‍റെ പശുവളര്‍ത്തല്‍ ലാഭമാകാന്‍ കാരണം. വീട്ടില്‍ എന്തെങ്കിലും തിരക്കുള്ളപ്പോള്‍ മാത്രമെ പച്ചപ്പുല്ലിന്‍റെ അളവ് കുറച്ച് വയ്ക്കോല്‍ നല്‍കുകയുള്ളൂ. കുടകില്‍ നിന്നാണ് ആദായവിലയ്ക്കു ജയിംസ് വയ്ക്കോല്‍ കൊണ്ടുവരുന്നത്. കുറേ വയ്ക്കോല്‍ അടുത്തുള്ള കര്‍ഷകര്‍ സുഹൃത്തുകള്‍ക്കും നല്‍കും.

തൊഴുത്ത് എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നതില്‍ കണിശക്കാരനാണ് ജയിംസ്. ഇതിന് ഭാര്യ പൗളിന്‍റെ മുഴുവന്‍ പിന്തുണയുമുണ്ട്. പശുക്കളെ രണ്ടുനേരം കുളിപ്പിക്കുന്നതും തൊഴുത്ത് കഴുകുന്നതും, കറക്കുന്നതും, പുല്ല് അരിയുന്നതും ഒക്കെ ജയിംസും ഭാര്യയും കൂടെയാണ്. മക്കളായ സോണി, ജോഷി, മാത്യു എന്നിവരും ഒപ്പം കൂടുന്നു. രാവിലെ 5 മണിക്കും, ഉച്ചക്ക് 12 മണിക്കും, വൈകുന്നേരം 6 മണിക്കും ആണ് കറവ. വൈകുന്നേരം കറക്കുന്ന പാലാണ് വീടുകളില്‍ കൊടുക്കുന്നത്.

'പുല്ലരിയാന്‍ ആരെയും ആശ്രയിക്കാറില്ല. ഞാനോ, പൗളിനോ തന്നെയാണ് അതു ചെയ്യുക. ജോലിക്കാര്‍ എങ്ങനെയെങ്കിലും പുല്ലു മുറിച്ചാല്‍ അത് വലിയ നഷ്ടം വരുത്തും'

ജയിംസ് പറഞ്ഞു.

കൃത്രിമബീജസങ്കലനം നടത്താന്‍ വേണ്ട ബീജം മാട്ടുപ്പെട്ടിയിലെ കെ.എല്‍.ഡി.ബോര്‍ഡിന്‍റെ കേന്ദ്രത്തില്‍ നിന്ന് ജയിംസിന് എത്തിച്ചുകൊടുത്തിട്ടുണ്ട്. ഇതിനുള്ള പരിശീലനവും ഇദ്ദേഹം നേടിയിരുന്നു. എച്ച്.എഫ്., ജേഴ്സി, സുനന്ദിനി എന്നിവയുടെ ബിജം അടക്കം ചെയ്ത 18,000 രൂപ വില വരുന്ന ക്രയോക്യാന്‍, ജയിംസിന് സൊസൈറ്റിതന്നെ നല്‍കിയത്. ഒരുമാസം അന്‍പതു മുതല്‍ അറുപതു പശുക്കള്‍ക്കു വരെ ഇദ്ദേഹം കൃത്രിമ ബീജസങ്കലനം നടത്തിക്കൊടുക്കുന്നു. ഇതും നല്ലൊരു വരുമാനമാണ്.

കോഴിക്കോട് ജില്ലാ 'ക്ഷീര ശ്രീ'പട്ടം കൂടാതെ മികച്ച ക്ഷീരകര്‍ഷകനുള്ള വിവിധ ബ്ലോക്കുതലസമ്മാനങ്ങളും, ജയിംസ് നേടിയിട്ടുണ്ട്.

 

വീട്ടാവശ്യത്തിന് ഒരു ബയോഗ്യാസ് പ്ലാന്‍റ് സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ മലബാറി ആട്, കാട, കോഴി, തേനീച്ച ഇവയെല്ലാം വീട്ടുവളപ്പിലുണ്ട്. റബ്ബര്‍, തെങ്ങ്, കുരുമുളക് തുടങ്ങി എല്ലാ കാര്‍ഷികവിളകളുടെയും സംഗമഭൂമി കൂടെയാണ് ജയിംസിന്‍റെ തോട്ടം.

"കൃഷി ഇത്ര നന്നാകാന്‍ കാരണം എന്‍റെ പശുക്കളും അവ തരുന്ന ചാണകവുമാണ് എന്‍റെ ജീവിത വിജയം തന്നെ ഈ മിണ്ടാപ്രാണികളുടെ നിശ്ശബ്ദ സേവനത്തോട് പൂര്‍ണമായും കടപ്പെട്ടിരിക്കുന്നു. കൃതജ്ഞത തുളുമ്പുന്ന വാക്കുകളോടെ പശുപാലനം ഉപജീവനമാര്‍ഗമാക്കിയ ജയിംസ് പറഞ്ഞു നിര്‍ത്തി.

 

 

 

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate