Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കാർഷിക വിദ്യാഭ്യാസം

കാർഷിക വിദ്യാഭ്യാസം - കൂടുതൽ വിവരങ്ങൾ

കാര്‍ഷിക വിദ്യാഭ്യാസം

കൃഷിയുടെ നാനാവശങ്ങളെക്കുറിച്ച്‌ അറിവുപകരുന്ന വിദ്യാഭ്യാസം. സസ്യപോഷണം, സസ്യാരോഗ്യം, സസ്യരോഗനിവാരണം, കൃഷിഭൂമി പരിഷ്‌കരണം, മണ്ണു തരംതിരിക്കല്‍, കാര്‍ഷികോപകരണനിര്‍മാണം, ഉയര്‍ന്ന ഉത്‌പാദനശേഷിയും മേന്മയുമുള്ള സങ്കരവിത്തുകളുടെ ഉത്‌പാദനം, ആദായകരമായ വിളവിറക്കു സമ്പ്രദായവും വിളവെടുപ്പുരീതിയും, മൃഗസംരക്ഷണം, കാലിത്തീറ്റ നിര്‍മാണം, കാര്‍ഷിക ശേഖരങ്ങളുടെ സംരക്ഷണം, കാര്‍ഷികോത്‌പന്നങ്ങളുടെ നിര്‍മാണം, വാണിജ്യം എന്നീ വിഷയങ്ങള്‍ക്കാണ്‌ കാര്‍ഷിക വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പ്രാമുഖ്യം കല്‌പിച്ചിട്ടുള്ളത്‌. കാര്‍ഷിക വിദ്യാഭ്യാസത്തിനു വളരെക്കാലത്തെ പഴക്കമുണ്ടെങ്കിലും 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടിമാത്രമാണ്‌ ശാസ്‌ത്രീയമായ ഒരടിത്തറ ഉണ്ടായത്‌. ഇന്ന്‌ ലോകത്തുള്ള എല്ലാ വികസിത രാഷ്‌ട്രങ്ങള്‍ക്കും ഇന്ത്യയെപ്പോലുള്ള വികസ്വര രാഷ്‌ട്രങ്ങള്‍ക്കും കാര്‍ഷിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവേഷണ കേന്ദ്രങ്ങളുമുണ്ട്‌.

കാര്‍ഷിക വിദ്യാഭ്യാസ സമ്പ്രദായത്തെ പ്രധാനമായും മൂന്നായി തരം തിരിക്കാവുന്നതാണ്‌: കൃഷിജോലിയില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക്‌ ഉപദേശവും സഹായവും നല്‌കുന്ന പ്രചാരണപ്രവര്‍ത്തകര്‍ക്കു വേണ്ടിയുള്ള കാര്‍ഷിക പരിശീലനം; തൊഴിലധിഷ്‌ഠിത ലക്ഷ്യത്തോടുകൂടി സ്‌കൂള്‍ തലത്തില്‍ നല്‌കപ്പെടുന്ന കാര്‍ഷിക വിദ്യാഭ്യാസം; കാര്‍ഷിക വിദഗ്‌ധന്മാര്‍ക്കും അധ്യാപകര്‍ക്കും പ്രയോജനകരമാംവിധം സര്‍വകലാശാല നിലവാരത്തില്‍ നല്‌കപ്പെടുന്ന കാര്‍ഷിക വിദ്യാഭ്യാസം. കാര്‍ഷിക സ്‌കൂളുകള്‍, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കാര്‍ഷിക കോളജുകള്‍, കാര്‍ഷിക സര്‍വകലാശാലകള്‍, കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, റേഡിയോ, ടെലിവിഷന്‍, കാര്‍ഷിക മേളകള്‍, കാര്‍ഷിക സമ്മേളനങ്ങള്‍, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ എന്നിവയെയാണ്‌ കാര്‍ഷിക വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിനുള്ള പ്രധാന ഉപാധികളായി സ്വീകരിച്ചിട്ടുള്ളത്‌.

ശാസ്‌ത്രീയമായ കാര്‍ഷികവിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ആവശ്യകതയെക്കുറിച്ച്‌ ആദ്യത്തെ "ഇന്ത്യന്‍ ഫാമിന്‍ കമ്മീഷന്‍' 1880ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചതാണ്‌ ഇന്ത്യയില്‍ കാര്‍ഷിക വിദ്യാഭ്യാസത്തിന്റെ തുടക്കത്തിനു കാരണമായതെന്ന്‌ പറയാവുന്നതാണ്‌. 1903ല്‍ പൂസാ ഗവേഷണ കേന്ദ്രം (Pusa Research Institute) സ്ഥാപിതമായതോടുകൂടി കാര്‍ഷിക ഗവേഷണം ഇന്ത്യയില്‍ വ്യാപകവും കാര്യക്ഷമവുമായിത്തീര്‍ന്നു. നല്ലതരം ഗോതമ്പ്‌, ഉരുളക്കിഴങ്ങ്‌ എന്നിവ ഉത്‌പാദിപ്പിക്കുന്നതിലും പാല്‍ ഉത്‌പാദനം വര്‍ധിപ്പിക്കുന്നതിലും കീടങ്ങളെ നിയന്ത്രിക്കുന്നതിലും ഈ ഗവേഷണകേന്ദ്രം ഗണ്യമായ പുരോഗതി നേടിയിരുന്നു.

1905ല്‍ കാര്‍ഷിക വിദ്യാഭ്യാസവും ഗവേഷണവും ഊര്‍ജിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി പല പ്രവിശ്യകളിലും സംസ്ഥാനങ്ങളിലും പ്രത്യേക വകുപ്പുകള്‍ തുറക്കുകയുണ്ടായി. ഇതോടുകൂടി ഇന്ത്യയുടെ പല ഭാഗത്തും കാര്‍ഷികകോളജുകളും ഗവേഷണ കേന്ദ്രങ്ങളും നിലവില്‍വന്നു. നാഗ്‌പൂര്‍, പൂണെ (പൂനെ), ലാഹോര്‍ എന്നിവിടങ്ങളിലെ കാര്‍ഷിക കോളജുകള്‍ അക്കാലത്തെ പ്രശസ്‌തഗവേഷണ സ്ഥാപനങ്ങളാണ്‌.

1926ല്‍ രൂപീകൃതമായ ലിന്‍ലിത്ത്‌ഗോ കമ്മിഷന്‍ (Linlthgow Commission) ഇന്ത്യയിലെ ആകമാനം കാര്‍ഷിക വിദ്യാഭ്യാസവും ഗവേഷണവും പ്രാവര്‍ത്തികമാക്കുന്നതിനു നേതൃത്വം നല്‌കാന്‍ പ്രാപ്‌തമായ ഒരു സ്ഥാപനം ആവശ്യമാണെന്നു ശിപാര്‍ശ ചെയ്‌തു. ഇതനുസരിച്ച്‌ 1929ല്‍ "ഇംപീരിയല്‍ കൗണ്‍സില്‍ ഒഫ്‌ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച്‌' (ഐ.സി.എ.ആര്‍.) എന്ന സംഘടന നിലവില്‍ വന്നു. ഭൂകമ്പംമൂലം പൂസാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ നശിച്ചതിനാല്‍ 1936ല്‍ ന്യൂഡല്‍ഹിയില്‍ ആരംഭിച്ച കാര്‍ഷിക ഗവേഷണകേന്ദ്രമാണ്‌ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ (IARI). 1956ല്‍ ഇതിന്‌ കല്‌പിത സര്‍വകലാശാലാ പദവി ലഭിച്ചു.

സ്വാതന്ത്യ്രലബ്‌ധിക്കുശേഷം 1947 ജൂലായില്‍ ഇംപീരിയല്‍ കൗണ്‍സില്‍ ഒഫ്‌ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച്‌ എന്ന സംഘടനയുടെ പേര്‍ "ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ്‌ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച്‌' (ICAR) എന്നു മാറ്റി. പല സംസ്ഥാനങ്ങളും അടിസ്ഥാന വിദ്യാഭ്യാസം തത്ത്വത്തില്‍ സ്വീകരിക്കുകയും കൃഷി ഒരു പ്രധാന ക്രാഫ്‌റ്റായി സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തു.

കേന്ദ്രകൃഷിമന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക ഗവേഷണ വിദ്യാഭ്യാസ (DARE) വകുപ്പിനാണ്‌ ഇന്ത്യയിലെ കാര്‍ഷിക മൃഗസംരക്ഷണ മത്സ്യബന്ധന രംഗങ്ങളിലെ ഗവേഷണ വിദ്യാഭ്യാസ കാര്യങ്ങളുടെ ചുമതല. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്‌ (ICAR) രാജ്യത്ത്‌ കാര്‍ഷിക വിഭവങ്ങളില്‍ സ്വയം പര്യാപ്‌തത നേടുന്നതിനുള്ള കാര്‍ഷിക സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനും, ശാസ്‌ത്രീയ അടിത്തറ ബലപ്പെടുത്തുന്നതിനും അടിസ്ഥാനസന്നാഹങ്ങള്‍ ഒരുക്കുന്നതിനും ഈ വകുപ്പു സഹായവും സഹകരണവും നയപരമായ മാര്‍ഗനിര്‍ദേശവും നല്‌കുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന്‌ രാജ്യത്തൊട്ടാകെ വിപുലമായ ശൃംഖല കാര്‍ഷിക ഗവേഷണ കൗണ്‍സിലിനുണ്ട്‌. സെന്‍ട്രല്‍ ആരിഡ്‌സോണ്‍ (വരള്‍ച്ച മേഖല) റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌, സെന്‍ട്രല്‍ ഷീപ്പ്‌ ആന്‍ഡ്‌ വൂള്‍ (ചെമ്മരിയാടും കമ്പിളിയും) റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ എന്നിവ രാജസ്‌ഥാനില്‍ സ്ഥാപിച്ചിരിക്കുന്നു. കോട്ടണ്‍ ടെക്‌നോളജിക്കല്‍ ലബോറട്ടറി, സെന്‍ട്രല്‍ കോട്ടണ്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌, നാഷണല്‍ ബ്യൂറോ ഓഫ്‌ സോയില്‍ സര്‍വേ എന്നീ ദേശീയ സ്ഥാപനങ്ങളുടെ ആസ്ഥാനം മഹാരാഷ്‌ട്രത്തിലാണ്‌. പശ്ചിമബംഗാളിലാണ്‌ ജൂട്ട്‌ (ചണം) അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌, ജൂട്ട്‌ ടെക്‌നോളജിക്കല്‍ ലബോറട്ടറി, സെന്‍ട്രല്‍ ഇന്‍ലാന്‍ഡ്‌ ഫിഷറീസ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ എന്നിവ മൂന്നും സ്ഥിതിചെയ്യുന്നത്‌. ഇന്ത്യന്‍ ഗ്രാസ്‌ലാന്‍ഡ്‌ ആന്‍ഡ്‌ ഫോഡര്‍ (മേച്ചില്‍ സ്ഥലവും കാലിവിളകളും) റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഷുഗര്‍ കെയിന്‍ റിസര്‍ച്ച്‌, സെന്‍ട്രല്‍ സോയില്‍ ആന്‍ഡ്‌ വാട്ടര്‍ കണ്‍സര്‍വേഷന്‍ (മണ്ണ്‌ജലസംഭരണം) റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌, ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌, വിവേകാനന്ദ പാര്‍വാറിയ കൃഷി അനുസന്ധാനശാല എന്നീ ദേശീയ സ്ഥാപനങ്ങള്‍ ഉത്തര്‍പ്രദേശില്‍ പ്രവര്‍ത്തിച്ചുവരുന്നു. കര്‍ണാടകത്തിലാണ്‌ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഹോര്‍ട്ടികള്‍ച്ചറല്‍ (ഉദ്യാനകൃഷി) റിസര്‍ച്ചിന്റെ ആസ്ഥാനം. സെന്‍ട്രല്‍ സോയില്‍ സലൈനിറ്റി (മണ്ണിലെ ഓര്‌) റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌, നാഷണല്‍ ഡയറി റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ എന്നിവ ഹരിയാനയിലാണ്‌. ഇന്ത്യന്‍ ലോണ്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ബിഹാറിലും സെന്‍ട്രല്‍ പൊട്ടറ്റൊ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഹിമാചല്‍ പ്രദേശിലും സെന്‍ട്രല്‍ റൈസ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഡിഷയിലും ഷുഗര്‍ കെയിന്‍ ബ്രീഡിങ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ തമിഴ്‌നാട്ടിലുമാണ്‌ സ്ഥാപിച്ചിരിക്കുന്നത്‌. സെന്‍ട്രല്‍ ടുബാക്കോ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌, സെന്‍ട്രല്‍ സ്റ്റാഫ്‌ കോളജ്‌ എന്നിവ ആന്ധ്രയിലാണ്‌. നാഷണല്‍ ബ്യൂറോ ഒഫ്‌ പ്ലാന്റ്‌ ജെനറ്റിക്‌ റിസോഴ്‌സ്‌, ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ റിസര്‍ച്ച്‌ സ്റ്റാറ്റിസ്റ്റിക്‌സ്‌ എന്നിവ ഡല്‍ഹിയിലും റിസര്‍ച്ച്‌ കോംപ്ലക്‌സ്‌ മേഘാലയയിലും സെന്‍ട്രല്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ പോര്‍ട്ട്‌ബ്ലയറിലും പ്രവര്‍ത്തിക്കുന്നുണ്ട്‌. കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം, കേന്ദ്രകിഴങ്ങുവര്‍ഗ ഗവേഷണസ്ഥാപനം, സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഫിഷറീസ്‌ ടെക്‌നോളജി എന്നിവയാണ്‌ കൗണ്‍സിലിന്റെ കേരളത്തിലുള്ള സ്ഥാപനങ്ങള്‍.

കൃഷി വിഷയത്തിലെ ഉന്നതപരിശീലനത്തിന്‌ നാലു ഡീംഡ്‌ യൂണിവേഴ്‌സിറ്റികളും 45 സംസ്ഥാന കാര്‍ഷിക യൂണിവേഴ്‌സിറ്റികളും ഇംഫാലില്‍ ഒരു സെന്‍ട്രല്‍ കാര്‍ഷിക യൂണിവേഴ്‌സിറ്റിയും ഇന്ത്യയിലുണ്ട്‌. കേരളത്തില്‍ കൃഷിയുടെ ശാസ്‌ത്രീയ വികസനത്തിനുള്ള സാങ്കേതികവും പ്രായോഗികവും ആയ എല്ലാ വിവരങ്ങളും നല്‌കി കാര്‍ഷിക നവീകരണത്തിനുള്ള മാര്‍ഗനിര്‍ദേശം നല്‌കേണ്ട ചുമതല തൃശൂര്‍ ജില്ലയില്‍ മണ്ണുത്തിയില്‍ സ്ഥിതിചെയ്യുന്ന കേരള കാര്‍ഷിക യൂണിവേഴ്‌സിറ്റിയില്‍ നിക്ഷിപ്‌തമാണ്‌. യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ നിരവധി കോളജുകളും ഗവേഷണകേന്ദ്രങ്ങളും വിജ്ഞാനകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. വിള വര്‍ധനയ്‌ക്കാവശ്യമായ പ്രജനന അടിത്തറ സൃഷ്‌ടിക്കുക, കൃഷി പരിചരണ മാര്‍ഗങ്ങള്‍, കീടശല്യ നിയന്ത്രണം തുടങ്ങിയവയില്‍ കൃഷിക്കാരുടെ അറിവും വൈദഗ്‌ധ്യവും വര്‍ധിപ്പിക്കല്‍, പുതിയ വിളകളുടെ പ്രചാരം, കൃഷിയുടെ യന്ത്രവത്‌കരണം, പ്രവര്‍ത്തനാവലോകനം, വിവര വിശകലനം, കാര്‍ഷികോല്‌പന്ന (commodity) ബോര്‍ഡുകളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഗവേഷണ സംരംഭങ്ങള്‍ ഏറ്റെടുക്കല്‍, എക്‌സ്റ്റന്‍ഷന്‍ നെറ്റ്‌വര്‍ക്ക്‌ ബലപ്പെടുത്തല്‍, ആധുനിക ശാസ്‌ത്രസാങ്കേതിക അറിവുകളുടെ നിര്‍വഹണം ഇവയെല്ലാം കാര്‍ഷിക യൂണിവേഴ്‌സിറ്റിയുടെ പരിധിയില്‍പ്പെടുന്നു.

കാര്‍ഷിക എന്‍ജിനീയറിങും ടെക്‌നോളജിയും

കാര്‍ഷികോത്‌പാദനത്തിനും സംസ്‌കരണത്തിനും ആയി എന്‍ജിനീയറിങ്‌ ശാസ്‌ത്രവും സാങ്കേതികവിദ്യയും പ്രയോഗിക്കുന്ന എന്‍ജിനീയറിങ്‌ ശാഖ. കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതിയുടെ ഉത്‌പാദനം, ഉപകരണങ്ങളുടെ രൂപകല്‌പന, മണ്ണുസംരക്ഷണം, ജലനിയന്ത്രണം എന്നിവ ഇതിന്റെ പരിധിയില്‍പ്പെടുന്നു. അത്യുത്‌പാദനശേഷിയുള്ളതും രോഗകീടപ്രതിരോധശേഷിയുള്ളതുമായ വിത്തിനങ്ങളും നൂതനകൃഷിരീതികളും കാര്‍ഷിക ജൈവസാങ്കേതികവിദ്യയുടെ ആവിര്‍ഭാവത്തോടെ വികസിതമായിട്ടുണ്ട്‌. വിശാലമായ അര്‍ഥത്തില്‍ കൃഷിയുമായി ബന്ധപ്പെട്ട എന്‍ജിനീയറിങ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മാനവസംസ്‌കാരത്തോളം തന്നെ പഴക്കമുണ്ട്‌. ഇതിന്റെ ചരിത്രം, ഇണക്കിയ മൃഗങ്ങളെ വളര്‍ത്തുന്നതിനായി പുരാതന മനുഷ്യരുണ്ടാക്കിയ ഗുഹകള്‍, ചായ്‌പുകള്‍ തുടങ്ങിയ ആധുനിക യന്ത്രവത്‌കൃത ഗവ്യോത്‌പാദനശാലകള്‍വരെ എത്തിനില്‌ക്കുന്നു. അതുപോലെ മരക്കലപ്പ യന്ത്രക്കലപ്പയ്‌ക്കു വഴിമാറിക്കൊടുത്തിരിക്കുന്നു. അരിവാള്‍ ഉപയോഗിച്ചുള്ള കൊയ്‌ത്തിനു പകരം കൊയ്‌ത്തും മെതിയും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഓട്ടോമാറ്റിക്‌ യന്ത്രങ്ങളുപയോഗിച്ച്‌ നിര്‍വഹിക്കാമെന്നു വന്നുകഴിഞ്ഞിരിക്കുന്നു. കാര്‍ഷിക രംഗത്ത്‌ ഉണ്ടായിക്കൊണ്ടിരിക്കുന്ന വളര്‍ച്ചയില്‍ കാര്‍ഷിക എന്‍ജിനീയര്‍മാര്‍ക്കുള്ള പങ്ക്‌ നിര്‍ണായകമാണ്‌.

കാര്‍ഷിക എന്‍ജിനീയര്‍ക്ക്‌ അഭിമുഖീകരിക്കേണ്ടിവരുന്ന വെല്ലുവിളികളാണ്‌ കാലാവസ്ഥാ മാറ്റങ്ങള്‍, ജൈവശാസ്‌ത്രപരമായ പ്രതിബന്ധങ്ങള്‍, മണ്ണിന്റെ വൈവിധ്യം മുതലായവ. ഈ വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിനുള്ള പരിശീലനം കാര്‍ഷിക എന്‍ജിനീയര്‍ സ്വായത്തമാക്കിയിരിക്കേണ്ടതാണ്‌. കാര്‍ഷിക എന്‍ജിനീയറിങ്ങിനുള്ള പാഠ്യപദ്ധതികള്‍ ഇതിന്‌ അനുയോജ്യവും ആയിരിക്കണം. 1950കള്‍ക്കുശേഷം കാര്‍ഷിക എന്‍ജിനീയറിങ്‌ വിദ്യാഭ്യാസത്തിനു കൈവന്നിട്ടുള്ള പുരോഗതി അദ്‌ഭുതാവഹമാണ്‌. ഈ കാലഘട്ടത്തില്‍ ശാസ്‌ത്രസാങ്കേതിക രംഗങ്ങളിലുണ്ടായ പൊതുവായ മുന്നേറ്റം കാര്‍ഷിക എന്‍ജിനീയറിങ്ങിലും പ്രതിഫലിച്ചിട്ടുണ്ട്‌. കാര്‍ഷിക യന്ത്രാപകരണങ്ങളുടെ ഗവേഷണം, ഡിസൈന്‍, വികസനം, ഉത്‌പാദനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായശാലകളില്‍ കാര്‍ഷിക എന്‍ജിനീയര്‍മാരെ വിപുലമായ തോതില്‍ നിയമിച്ചുവരുന്നു. കര്‍ഷകന്റെ ആവശ്യങ്ങള്‍ കണക്കിലെടുത്ത്‌ അവര്‍ക്ക്‌ ഏറ്റവും അനുയോജ്യമായ യന്ത്രാപകരണങ്ങള്‍ ഡിസൈന്‍ ചെയ്‌തു നിര്‍മിക്കുന്നതില്‍ കാര്‍ഷിക എന്‍ജിനീയര്‍ക്ക്‌ നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയും. പഴയ കാര്‍ഷികോപകരണങ്ങള്‍ക്ക്‌ പകരം ട്രാക്‌റ്റര്‍, പവര്‍ റ്റില്ലര്‍, കൊയ്‌ത്തുമെതിയന്ത്രങ്ങള്‍ തുടങ്ങിയവ പ്രചരിച്ചിട്ടുണ്ട്‌. ലഗ്‌വീല്‍ പുഡ്‌ലര്‍ കൊയ്‌ത്ത്‌യന്ത്രം, പച്ചക്കറികൃഷിക്കുള്ള ന്യൂമാറ്റിക്ക്‌ പ്ലാന്റര്‍, ഇരട്ടവരിയില്‍ പച്ചക്കറി ഇനങ്ങള്‍ നടാനുള്ള ട്രാന്‍സ്‌പ്ലാന്റര്‍, ഗോതമ്പ്‌ വിളയ്‌ക്ക്‌ വിത്തും വളവും ഒരുമിച്ച്‌ വിതറാനുള്ള യന്ത്രം, മള്‍ട്ടിക്രാപ്പ്‌ പ്ലാന്റര്‍, സെമി ആട്ടോമാറ്റിക്‌ പൊട്ടറ്റോ പ്ലാന്റര്‍ തുടങ്ങിയവ ട്രാക്‌റ്ററില്‍ ഘടിപ്പിച്ച്‌ പ്രവര്‍ത്തിക്കാനുള്ള സംവിധാനങ്ങള്‍ ഇപ്പോള്‍ ഉണ്ടാകുന്നുണ്ട്‌. ഇങ്ങനെ എല്ലാത്തരം കൃഷിക്കും വിവിധ ഘട്ടങ്ങളില്‍ അനായാസമായി ഉപയോഗിക്കാവുന്ന യന്ത്രസാമഗ്രികള്‍ ഇന്ന്‌ വിപണിയില്‍ ലഭ്യമാണ്‌. സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആഗ്രാ ഇന്‍ഡസ്‌ട്രീസ്‌ കോര്‍പ്പറേഷനുകള്‍ കൃഷി ഉപകരണങ്ങളുടെ നിര്‍മാണം, വിതരണം എന്നിവയില്‍ വ്യാപൃതമാണ്‌.

കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള സംരചനകളുടെ ഡിസൈന്‍, നിര്‍മാണം എന്നിവയും കാര്‍ഷിക എന്‍ജിനീയറുടെ പ്രവര്‍ത്തനമേഖലയില്‍പ്പെടുന്നു. കൃഷിക്കാരുടെ പാര്‍പ്പിടങ്ങള്‍, കാര്‍ഷിക യന്ത്രാപകരണങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള കെട്ടിടങ്ങള്‍, ധാന്യസംഭരണശാലകള്‍, കാലിത്തൊഴുത്തുകള്‍, കോഴിതാറാവ്‌ വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ മുതലായവ കാര്‍ഷിക സംരചനകളാണ്‌. വികസിതരാജ്യങ്ങളിലെ കൃഷിക്കാര്‍ അവരുടെ മൊത്തത്തിലുള്ള കൃഷിച്ചെലവിന്റെ 20 ശതമാനത്തോളം കാര്‍ഷിക സംരചനകള്‍ക്കുവേണ്ടിയാണ്‌ ചെലവഴിക്കുന്നതെങ്കിലും വികസ്വര രാജ്യങ്ങളിലെ കൃഷിക്കാര്‍ ഇതിനുവേണ്ടി ചെലവഴിക്കുന്നത്‌ താരതമ്യേന കുറഞ്ഞ തുക മാത്രമാണ്‌. ആധുനിക കെട്ടിടനിര്‍മാണവിദ്യയും ചെലവുകുറഞ്ഞ നിര്‍മാണ പദാര്‍ഥങ്ങളുമായി അടുത്തു പരിചയിച്ച കാര്‍ഷിക എന്‍ജിനീയര്‍ക്ക്‌ ഈ രംഗത്ത്‌ വിജയിക്കാന്‍ എളുപ്പമാണ്‌. 40 മുതല്‍ 50 കൊല്ലം വരെ കേടുകൂടാതെ നിലനില്‌ക്കത്തക്കവിധത്തില്‍ വേണം കാര്‍ഷിക സംരചനകള്‍ ഡിസൈന്‍ ചെയ്യേണ്ടത്‌.

വിസ്‌താരമേറിയ കൃഷി ഇടങ്ങളുടെ ആവിര്‍ഭാവഫലമായി കൃഷിയിടം പ്രതിയുള്ള കന്നുകാലികളുടെ സംഖ്യ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്‌. കോഴി, താറാവ്‌ മുതലായവയുടെ എണ്ണത്തിലും ആ വര്‍ധനവ്‌ കാണാം. ഇത്‌ പരിസരമലിനീകരണ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നതിനിടയാക്കുന്ന ഒരു ഘടകമാണ്‌. കന്നുകാലികള്‍ക്കും കോഴി, താറാവ്‌ മുതലായവയ്‌ക്കും ആവശ്യമായ തൊഴുത്തുകളും കൂടുകളും ശാസ്‌ത്രീയമായി നിര്‍മിക്കേണ്ടതും ആവശ്യമാണ്‌. പരിസരമലിനീകരണം ഒഴിവാക്കാനുള്ള മാര്‍ഗങ്ങളും, ഉപയോഗം കഴിഞ്ഞ വസ്‌തുക്കള്‍ പരിസരമലിനീകരണത്തിനിടയാകാത്തവിധം നീക്കം ചെയ്യാനുള്ള മാര്‍ഗങ്ങളുംകണ്ടെത്തേണ്ടത്‌ കാര്‍ഷിക എന്‍ജിനീയറുടെ ചുമതലയാണ്‌. കന്നുകാലികളെ തീറ്റുന്നതിനുള്ള ഓട്ടോമാറ്റിക്‌ സമ്പ്രദായങ്ങള്‍ ആവിഷ്‌കരിച്ച്‌ നടപ്പിലാക്കുക; വന്‍തോതില്‍ വളര്‍ത്തപ്പെടുന്ന കോഴി, താറാവ്‌ മുതലായവകളില്‍നിന്ന്‌ ലഭിക്കുന്ന മുട്ടകള്‍ അവയുടെ തൂക്കവും നിറവും അനുസരിച്ച്‌ ഓട്ടോമാറ്റിക്‌ രീതിയില്‍ തരംതിരിക്കുക മുതലായ പ്രവര്‍ത്തനങ്ങളും കാര്‍ഷിക എന്‍ജിനീയറിങ്ങിന്റെ പരിധിയില്‍പ്പെട്ടവയാണ്‌. കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതിയുടെ ഉത്‌പാദനവും വിതരണവും കാര്‍ഷിക എന്‍ജിനീയറിങ്ങിന്റെ പരിധിയില്‍പ്പെടുന്നു. ഒരു കൃഷിസ്ഥലത്തെ സംബന്ധിച്ചിടത്തോളം പലപ്പോഴും, വൈദ്യുതീകരണമാണ്‌ ഒരു കാര്‍ഷിക എന്‍ജിനീയര്‍ക്ക്‌ ആദ്യമായി അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നം; കൃഷിക്കുവേണ്ട വളംകൈകാര്യം ചെയ്യേണ്ട പ്രശ്‌നവും നേരിടേണ്ടിവരും. ടണ്‍കണക്കിന്‌ വളമാണ്‌ വികസിതരാജ്യങ്ങളില്‍ കൃഷിയിടങ്ങളില്‍ കൈകാര്യം ചെയ്യപ്പെടുന്നത്‌. കൃഷിക്കു യോഗ്യമായ വിധത്തില്‍ വിവിധ ഇനം മണ്ണ്‌ സംരക്ഷിക്കുക എന്നതും, പലതരം കാര്‍ഷിക വിളകള്‍ക്കുവേണ്ടിയുള്ള ജലനിയന്ത്രണവും കാര്‍ഷിക എന്‍ജിനീയര്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങളാണ്‌. ഓരോ കാര്‍ഷിക വിളയ്‌ക്കും എപ്പോള്‍ എത്രമാത്രം ജലസേചനം ആവശ്യമാണെന്നും മണ്ണിന്റെ വൈവിധ്യത്തിനനുസൃതമായുള്ള ജലസേചനത്തിന്റെ ഏറ്റക്കുറച്ചിലുകളും മണ്ണൊലിപ്പിന്റെ കാര്യകാരണങ്ങളും അവയ്‌ക്കുള്ള പരിഹാരമാര്‍ഗങ്ങളും അറിഞ്ഞിരിക്കേണ്ടത്‌ ആവശ്യമാണ്‌. ഒരു പ്രത്യേക പ്രശ്‌നത്തിന്‌ കാര്‍ഷിക എന്‍ജിനീയര്‍ക്ക്‌ ഒറ്റയ്‌ക്ക്‌ പരിഹാരം കണ്ടെത്താനായില്ലെന്നു വരാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ സിവില്‍ എന്‍ജിനീയര്‍മാര്‍, മണ്ണുഗവേഷണവിദഗ്‌ധന്മാര്‍, സസ്യശാസ്‌ത്രജ്ഞര്‍ തുടങ്ങിയ വിദഗ്‌ധന്മാരുടെ സഹകരണം തേടേണ്ടിവരും.

കാര്‍ഷിക ജൈവസാങ്കേതികവിദ്യ. അടുത്ത 30 വര്‍ഷത്തിനുള്ളില്‍ കാര്‍ഷിക വിളകള്‍ ഇന്നത്തേതിനെക്കാള്‍ മുക്കാല്‍ ഭാഗം കൂടെ വര്‍ധിപ്പിച്ചാല്‍ മാത്രമേ ഭാവിയിലെ ഭക്ഷ്യവിഭവാവശ്യങ്ങള്‍ നിറവേറ്റാനാകൂ എന്നാണ്‌ അന്താരാഷ്‌ട്ര ഭക്ഷ്യകൃഷി സംഘടന (എഅഛ) കണക്കാക്കുന്നത്‌. പുതിയ സങ്കേതങ്ങളും തന്ത്രങ്ങളും പ്രയോഗത്തിലാക്കിവേണം ഈ ലക്ഷ്യം സാക്ഷാത്‌കരിക്കേണ്ടത്‌. ഇതിലേക്ക്‌ ജനറ്റിക്‌ എഞ്ചിനീയറിങ്‌ ഉള്‍പ്പെടെയുള്ള ആധുനിക ബയോടെക്‌നോളജി വികസിപ്പിക്കണം. 2003ല്‍ ഇന്ത്യയും ഈ രംഗത്ത്‌ വമ്പിച്ച മുന്നേറ്റം നടത്തുകയുണ്ടായി. ജനിതകപരിവര്‍ത്തനം വരുത്തിയ പരുത്തി ഇനങ്ങളുടെ കൃഷിയിലാണ്‌ ഇന്ത്യയില്‍ ബയോടെക്‌നോളജിയുടെ ഗുണഫലങ്ങള്‍ കണ്ടത്‌. ബയോടെക്‌നോളജി തത്ത്വങ്ങള്‍ പ്രയോഗിക്കുമ്പോള്‍ ഉചിതമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്‌. അതിനാല്‍ ഇക്കാര്യത്തില്‍ ഒരു റഗുലേറ്ററി സംവിധാനം ഉണ്ടാക്കി പ്രവര്‍ത്തനങ്ങള്‍ ശരിയായ പാതയിലൂടെ കൊണ്ടുപോകുന്നതിന്‌ ഡോ. എം.എസ്‌. സ്വാമിനാഥന്‍ ചെയര്‍മാനായി കേന്ദ്രഗവണ്‍മെന്റ്‌ ഒരു ടാസ്‌ക്‌ഫോഴ്‌സ്‌ രൂപീകരിച്ചു. ജനിതകമായി പരിവര്‍ത്തിപ്പിച്ച (Genetically modified) വിളകളെയും, ഹൈബ്രിഡ്‌ (സങ്കര) വിളകളെയും സംബന്ധിച്ച്‌ വിശദമായ പഠനങ്ങള്‍ നടത്തുകയും, കാര്‍ഷിക ബയോടെക്‌ പാര്‍ക്കുകള്‍ നിര്‍മിച്ച്‌ ജനങ്ങള്‍ക്കിടയില്‍ ഈ സങ്കേതങ്ങളെപ്പറ്റി അവബോധം ഉണ്ടാക്കുകയും ചെയ്യണമെന്ന്‌ ടാസ്‌ക്‌ഫോഴ്‌സ്‌ അഭിപ്രായപ്പെടുന്നു. കാര്‍ഷിക എക്‌സ്റ്റന്‍ഷന്‍ പ്രവര്‍ത്തകര്‍ക്ക്‌ ഫങ്‌ഷണല്‍ ജീനോമിക്‌സ്‌, പ്രാട്യോമിക്‌സ്‌, ഡി.എന്‍.എ ടെക്‌നോളജി, നാനോ ബയോടെക്‌നോളജി എന്നിവയില്‍ പരിശീലനവും പ്രവര്‍ത്തനപരിചയം നേടാനുള്ള അവസരവും നല്‌കണമെന്ന്‌ കമ്മിറ്റി നിര്‍ദേശിക്കുന്നു. വരുംകാല കൃഷിയും അതിനോടനുബന്ധിച്ചുള്ള കീടനാശിനി പ്രയോഗം, രോഗപ്രതിരോധം, മണ്ണ്‌ സംരക്ഷണം, ഗുണമേന്മ ഉറപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങളും ബയോടെക്‌നോളജി തുറക്കുന്ന പാതകളിലൂടെയാവും സഞ്ചരിക്കുക.

കേരളത്തില്‍ തെങ്ങ്‌, അടയ്‌ക്ക, റബ്ബര്‍, പഴവര്‍ഗങ്ങള്‍, പൂക്കൃഷി എന്നിവയുടെ ടിഷ്യൂകള്‍ച്ചറിലും രോഗപ്രതിരോധം തെങ്ങിനെ ബാധിക്കുന്ന കാറ്റുവീഴ്‌ച തടയല്‍ തുടങ്ങിയ രംഗങ്ങളിലും ബയോടെക്‌നോളജിക്കല്‍ പരീക്ഷണങ്ങള്‍ നടന്നുവരുന്നു. എണ്ണക്കുരുക്കള്‍, ധാന്യങ്ങള്‍, ചോളം എന്നിവയുടെ ഉത്‌പാദനം മെച്ചപ്പെടുത്താനും അവയുടെ ഇറക്കുമതി കുറയ്‌ക്കാനും ഭക്ഷ്യഎണ്ണകളുടെ കാര്യത്തില്‍ സ്വയംപര്യാപ്‌തത കൈവരിക്കാനും ആയി ഒരു ടെക്‌നോളജി മിഷന്‍ കേന്ദ്രഗവണ്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ 1986 മുതല്‍ പ്രവര്‍ത്തിക്കുന്നു.

കാര്‍ഷികാസൂത്രണം

കാര്‍ഷികമേഖലയിലെ വിഭവസമ്പത്ത്‌ പരമാവധി സമാഹരിച്ച്‌ ഉത്‌പാദനം കാര്യക്ഷമമാക്കുകയും അത്‌ നീതിപൂര്‍വം വിതരണം നടത്തുകയും ചെയ്യുന്നതിനുള്ള ആസൂത്രണം. സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട മേഖലകളിലൊന്നായ കാര്‍ഷികമേഖലയില്‍നിന്നും ദേശീയ വരുമാനത്തിന്റെ ഒരു നല്ല ഭാഗം ഉദ്‌ഭവിക്കുന്നു. അതിനാല്‍ സമഗ്രമായ സാമ്പത്തികാസൂത്രണത്തില്‍ കാര്‍ഷികാസൂത്രണവും ഉള്‍പ്പെടുന്നു.

ഭൂമി, ഭൂഗര്‍ഭജലം, മണ്ണ്‌, മഴ, ജലസേചനഉറവിടങ്ങള്‍, കാലാവസ്ഥ എന്നിവയാണ്‌ പ്രകൃതിദത്ത വിഭവങ്ങള്‍, വിത്ത്‌, വളം, കാര്‍ഷികപണിയായുധങ്ങള്‍, മൃഗങ്ങള്‍ എന്നിവയുടെ സഹായത്തോടെ കൃഷിക്കാരന്‍ പ്രകൃതിദത്ത വിഭവങ്ങളെ ചൂഷണം ചെയ്യുന്നു. കാര്‍ഷികച്ചരക്കുകള്‍ വിറ്റുകിട്ടുന്ന തുകയില്‍ കൃഷിച്ചെലവുകള്‍ കഴിച്ച്‌ മിച്ചം വരുന്ന തുകയാണ്‌ കാര്‍ഷിക ലാഭം. വില്‌പനയില്‍നിന്നുള്ള വരുമാനവും ലാഭവും പരമാവധിയാക്കാന്‍ എല്ലാ കൃഷിക്കാരും ശ്രമിക്കുന്നതുകൊണ്ട്‌ സൈദ്ധാന്തികമായി കൃഷി ഒരു ഉത്‌പാദന സംഘടനയാണെന്നു പറയാം. ഈ ഉത്‌പാദന സംഘടനയില്‍ മറ്റ്‌ ഏത്‌ ഉത്‌പാദന സംഘടനയിലുമെന്നതുപോലെ ആസൂത്രണ പ്രക്രിയ ആവശ്യമായി വരുന്നു. ഒരു കൃഷിയിടത്തില്‍ ഉത്‌പാദനം മുതല്‍ വിതരണംവരെയുള്ള നടപടികള്‍ സൂക്ഷ്‌മമായ ആസൂത്രണത്തിനു വിധേയമാക്കാം. രേഖീയ പ്രാഗ്രാമിങ്‌ (Linear Programming), നിവേശനിര്‍ഗമ പട്ടിക (Input-Output table), സന്തുലിത സമ്പ്രദായം (Balance method), ഫാം ബഡ്‌ജറ്റ്‌ (farm budget)എന്നീ ആസൂത്രണ സങ്കേതങ്ങള്‍ ഫാം പ്ലാനുകള്‍ തയ്യാറാക്കാന്‍ സഹായിക്കുന്നു. ഓരോ കൃഷിയിടത്തിനും പ്രത്യേകം ഫാം പ്ലാനുകള്‍ ഉണ്ടാക്കാം. എന്ത്‌ ഉത്‌പാദിപ്പിക്കണം, എത്ര, എങ്ങനെ എന്നീ കാര്യങ്ങള്‍ ഫാം പ്ലാനുകള്‍വഴി നിര്‍ണയിക്കാവുന്നതാണ്‌. ഒരുകാലത്ത്‌ പരമ്പരാഗതമായി മുന്‍ഗാമികള്‍ നടത്തിവന്നിരുന്ന കൃഷിരീതികളോ അയല്‍ക്കാരനായ കൃഷിക്കാരന്റെ ഉത്‌പാദന പദ്ധതിയോ ആണ്‌ മിക്ക കൃഷിക്കാരും സ്വീകരിച്ചിരുന്നത്‌. കാര്‍ഷികാസൂത്രണത്തിന്റെ പ്രാധാന്യവും ഉപയോഗവും മനസ്സിലാക്കിയതോടെ ഇന്ന്‌ സ്ഥിതി വളരെ മാറിയിട്ടുണ്ട്‌. വികസിതരാഷ്‌ട്രങ്ങളില്‍ ഫാം പ്ലാനിങ്‌ വിദഗ്‌ധര്‍, കണ്‍സള്‍ട്ടന്റുകള്‍ തുടങ്ങിയ ആസൂത്രണവിദഗ്‌ധരുടെ സഹായത്തോടെ കൃഷിക്കാര്‍ ഒറ്റയ്‌ക്കോ കൂട്ടായോ അവരുടെ കൃഷിക്ക്‌ "പൈലറ്റ്‌ പദ്ധതി'കള്‍ തയ്യാറാക്കുന്നു. ഇന്ന്‌ ഫാംപ്ലാനിങ്ങിനാവശ്യമായ സാംഖ്യിക കണക്കുകള്‍, ഫാം മാനേജുമെന്റ്‌ കണക്കുകള്‍, സങ്കേതങ്ങള്‍ എന്നിവ ഉപയോഗിച്ച്‌ ശാസ്‌ത്രീയമായി കാര്‍ഷികാസൂത്രണം നടത്താം.

സോഷ്യലിസ്റ്റ്‌ രാജ്യങ്ങളില്‍ ദേശീയ സാമ്പത്തികാസൂത്രണ മോഡലിന്റെ ഭാഗമാണ്‌ കാര്‍ഷിക പ്ലാന്‍. അവിടങ്ങളില്‍ ദീര്‍ഘകാലപ്ലാന്‍, മധ്യകാലപ്ലാന്‍, വാര്‍ഷികപ്ലാന്‍ എന്നിവയ്‌ക്കു പുറമേ ഓരോ കൃഷിക്കാലത്തിനും പ്രത്യേക പ്ലാനുകള്‍ ആവിഷ്‌കരിക്കുന്നു. ദീര്‍ഘകാല പ്ലാനില്‍ കൃഷിയുടെ ഘടന, വിഭവോപയോഗം, മറ്റു മേഖലകളുമായുള്ള ഉത്‌പാദനസാമ്പത്തികബന്ധങ്ങള്‍ എന്നിവ ദീര്‍ഘകാല വീക്ഷണത്തോടെ നിര്‍ണയിക്കപ്പെടുന്നു. ദേശീയ ലക്ഷ്യങ്ങള്‍, വിഭവോപയോഗത്തിലുണ്ടാകുന്ന തടസ്സങ്ങള്‍, ഉത്‌പാദകരുടെ സമീപനം, ചോദനവില, പോഷകാഹാരലക്ഷ്യങ്ങള്‍, ഉത്‌പാദനത്തിന്റെ സാമൂഹ്യച്ചെലവും ഗുണങ്ങളും, ഉത്‌പാദനധര്‍മത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കുന്ന ഭാവിയിലെ ഉത്‌പാദന വളര്‍ച്ചയെ സംബന്ധിച്ച കണക്കുകൂട്ടലുകള്‍, വിലയുടെ ഘടന, ഉത്‌പാദനത്തിന്‌ ആവശ്യമായ വിഭവങ്ങള്‍ ഉറപ്പുവരുത്തുക എന്നിവ സ്ഥൂലകാര്‍ഷികാസൂത്രണത്തിന്റെ പ്രധാന അംശങ്ങളാണ്‌. സര്‍ക്കാരിന്റെ ചുമതലയിലാണ്‌ സ്ഥൂലകാര്‍ഷികാസൂത്രണം നടത്തുക. ലക്ഷ്യങ്ങള്‍ നിര്‍വഹിച്ചതിനുശേഷം സാങ്കേതികവിദഗ്‌ധരും ഭരണവിദഗ്‌ധരും ചേര്‍ന്ന്‌ കാര്‍ഷികവികസനപ്ലാന്‍ തയ്യാറാക്കുന്നു. സ്വയംപര്യാപ്‌തത നേടുക, വര്‍ധിച്ച കയറ്റുമതി സാധ്യമാക്കുക, ഇറക്കുമതിക്കുപകരം സ്വയം ഉത്‌പാദിപ്പിക്കുക, വൈവിധ്യവത്‌കരണം ഏര്‍പ്പെടുത്തുക, വ്യവസായത്തിന്‌ ആവശ്യമായ അസംസ്‌കൃത സാധനങ്ങള്‍ സ്വയം ഉത്‌പാദിപ്പിക്കുക; വിലപ്പെരുപ്പത്തെ തടയാന്‍ ഭക്ഷ്യധാന്യശേഖരം ഉണ്ടാക്കുക; ഭക്ഷ്യവിള, നാണ്യവിള, കന്നുകാലി വിള, വനവിള, മത്സ്യവിള എന്നിവ വര്‍ധിപ്പിക്കുക മുതലായവയാണ്‌ സ്ഥൂല കാര്‍ഷികാസൂത്രണത്തിന്റെ മുഖ്യലക്ഷ്യങ്ങള്‍. ഗ്രാമതലത്തിലും ജില്ലാതലത്തിലും ഇതിനായി പ്ലാനുകള്‍ ഉണ്ടാക്കാം. സാമ്പത്തികമായി വളരെ പിന്നോക്കം നില്‌ക്കുന്ന വികസ്വര രാജ്യങ്ങളിലെ കാര്‍ഷികമേഖലയ്‌ക്ക്‌ പൊതുവായ ചില സ്വഭാവങ്ങളുണ്ട്‌; പ്രതിശീര്‍ഷഉത്‌പാദനക്ഷമത വളരെ കുറവാണ്‌; ഉത്‌പാദനം ആവശ്യത്തിന്‌ തികയുന്നില്ല; കാലാകാലങ്ങളില്‍ ക്ഷാമം ഉണ്ടാകുന്നു. കുറഞ്ഞ ഭൂമിതൊഴില്‍ ശക്തി അനുപാതം, കുറഞ്ഞ മൂലധനതൊഴില്‍ ശക്തി അനുപാതം, പ്രതികൂലമായ സാമൂഹ്യസാമ്പത്തിക ഘടനയും ബന്ധങ്ങളും എന്നിവയാണ്‌ കാര്‍ഷിക പിന്നോക്കാവസ്ഥയുടെ പ്രധാന കാരണങ്ങള്‍. നെടുംകൃഷിക്കു സാധ്യതയില്ലാതാകുമ്പോള്‍ കടുംകൃഷി സ്വീകരിക്കപ്പെടുന്നു. കൃഷിരീതികള്‍ നവീകരിക്കുന്നതിന്‌ രാസവളം, വര്‍ധിച്ച ഉത്‌പാദനശേഷിയുള്ള വിത്തുകള്‍, കീടനാശിനി, യന്ത്രവത്‌കരണം, മണ്ണുസംരക്ഷണം, ജലസേചനം, കാര്‍ഷിക വായ്‌പ, കാര്‍ഷികവിജ്ഞാന വിതരണം, ഗവേഷണം എന്നിവ കൃഷിക്കാരന്‌ എത്തിച്ചുകൊടുക്കണം. ഭൂപരിഷ്‌കരണ നിയമങ്ങള്‍ വഴി ജന്മികുടിയാന്‍ ബന്ധങ്ങള്‍ അഴിച്ചുപണിയുകയും കര്‍ഷകന്‌ ഭൂവുടമാവകാശം ഉറപ്പുവരുത്തുകയും വേണം. ഉത്‌പാദനം വര്‍ധിപ്പിക്കാനുതകുന്ന ഉത്തേജനവിലകള്‍ നല്‌കുന്നതിനും കൃഷിപ്പണി ലാഭകരവും മാന്യതയുള്ളതും ആക്കുന്നതിനും വികസ്വര രാജ്യങ്ങളും കാര്‍ഷികാസൂത്രണവും കാര്‍ഷിക വികസന നയങ്ങളും സ്വീകരിച്ചു വരുന്നുണ്ട്‌. സ്വാതന്ത്യ്രലബ്‌ധിക്കു മുന്‍പ്‌ ഇന്ത്യയുടെ വ്യവസായ വികസനത്തെക്കാളേറെ കാര്‍ഷികവികസനത്തിനാണ്‌ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ പ്രാത്സാഹനം നല്‌കിയിരുന്നത്‌. പാട്ടനിയമം (1857), കുടിയായ്‌മനിയമം (1885), ഋണാശ്വാസനിയമം, കാര്‍ഷികവായ്‌പാനിയമം (1884), സഹകരണസംഘനിയമം (1904), കൃഷിക്കുവേണ്ടിയുള്ള റോയല്‍ കമ്മിഷന്‍ (1926), കാര്‍ഷിക ഗവേഷണത്തിനുവേണ്ടിയുള്ള ഇംപീരിയല്‍ കൗണ്‍സില്‍, കാര്‍ഷികവിപണനത്തിനുവേണ്ടി സ്ഥാപിച്ച റെഗുലേറ്റഡ്‌ മാര്‍ക്കറ്റുകള്‍ എന്നിവ കാര്‍ഷികവികസനത്തെ ത്വരിതപ്പെടുത്തി. ഭക്ഷ്യനില മെച്ചപ്പെടുത്താന്‍ 1943ല്‍ ചില പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെട്ടു (Grow more food campaign).

സ്വാതന്ത്യ്രാനന്തരം 1950ല്‍ രൂപംകൊണ്ട പ്ലാനിങ്‌ കമ്മിഷനാണ്‌ ആസൂത്രിതമായ രീതിയില്‍ കാര്‍ഷിക വികസനപദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിവരുന്നത്‌. 1950-51ല്‍ തുടങ്ങിയ ഒന്നാം പഞ്ചവത്സര പദ്ധതിയില്‍ കാര്‍ഷിക വികസനത്തിന്‌ മുന്‍തൂക്കം നല്‍കി. ജലസേചനം, ദേശീയ സാമൂഹ്യ വികസന സര്‍വീസ്‌, പ്രാജക്‌ടുകള്‍, സഹകരണം, ഭൂപരിഷ്‌കരണം, കന്നുകാലി വികസനം എന്നിവ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. രണ്ടാം പദ്ധതിക്കാലത്ത്‌ വ്യവസായവത്‌കരണത്തിന്‌ ഊന്നല്‍ നല്‌കിയതുകൊണ്ട്‌ കൃഷിക്ക്‌ പ്രാധാന്യം കുറഞ്ഞു. രണ്ടാം പദ്ധതിക്കാലത്തെ ഈ പ്രതികൂല കാലാവസ്ഥ ഭക്ഷ്യനില വഷളാക്കി; ഭക്ഷ്യവിലകള്‍ ഉയര്‍ന്നു; ഭക്ഷ്യക്കമ്മി ക്ഷാമത്തിലെത്തിച്ചു; കരിഞ്ചന്ത പ്രബലമായി; കയറ്റുമതി കുറഞ്ഞു; വിദേശനാണ്യശേഖരം ക്ഷയിച്ചു. മൂന്നാം പദ്ധതിയില്‍ വീണ്ടും കൃഷിയുടെ പ്രാധാന്യം അംഗീകരിക്കപ്പെട്ടു. എന്നാല്‍ 1962ലെ ചൈനായുദ്ധം, 1964ലെ പാകിസ്‌താന്‍ സംഘട്ടനം എന്നിവ ആസൂത്രണത്തെ തകിടംമറിച്ചു. ആസൂത്രണത്തിന്‌ അവധി നല്‌കണമെന്ന്‌ ചില സാമ്പത്തികശാസ്‌ത്രജ്ഞര്‍ ആവശ്യപ്പെട്ടു. ഈ ഘട്ടത്തിലാണ്‌ പഞ്ചവത്സരപദ്ധതിക്കുപകരം വാര്‍ഷികപദ്ധതികള്‍ സ്വീകരിച്ചത്‌, ഇക്കാലത്ത്‌ (1966-69) കാര്‍ഷികാസൂത്രണത്തില്‍ ചില നൂതന പ്രവണതകള്‍ ദൃശ്യമായി. തീവ്രകൃഷിക്കുവേണ്ടി രൂപം നല്‌കിയ പാക്കേജ്‌ പദ്ധതിയില്‍ തിരഞ്ഞെടുത്ത ജില്ലകളില്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി. മെച്ചപ്പെട്ട ഉത്‌പാദനശേഷിയുള്ള വിത്ത്‌, വളം, കീടനാശിനി, ജലസേചനം എന്നിവയും, പുതിയ സാങ്കേതികരീതിയും ചേര്‍ന്നാണ്‌ ഗോതമ്പ്‌, നെല്ല്‌ എന്നീ വിളകളില്‍ ഈ വിപ്ലവം ഉണ്ടാക്കിയത്‌. ഈ കാര്‍ഷികവികസനശ്രമങ്ങള്‍ നാലാം പദ്ധതിയിലും അഞ്ചാം പദ്ധതിയിലും തുടരുകയുണ്ടായി.

സംയോജിത ഗ്രാമവികസനത്തിനും മേഖലാസൂത്രണത്തിനും പ്രത്യേകം പ്രാധാന്യം നല്‍കിക്കൊണ്ടാണ്‌ ആറാം പദ്ധതിയിലെ കാര്‍ഷികാസൂത്രണം രൂപപ്പെടുത്തിയിട്ടുള്ളത്‌. ചെറുകിട കര്‍ഷക വികസന ഏജന്‍സി (Small Farmer's Development Agency - SFDA), ദരിദ്ര കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും ഉദ്ദേശിച്ചുകൊണ്ടുള്ള ഏജന്‍സി (Marginal Farmer's and Agricultural Labour - MFAL), കമാന്‍ഡ്‌ ഏരിയാ പ്ലാന്‍ (Command Area Plan), വരള്‍ച്ച ബാധിക്കാനിടയുള്ള പ്രദേശങ്ങളുടെ പ്ലാന്‍ (Drought Prone Area Plan) എന്നിവ കാര്‍ഷികാസൂത്രണ പ്രക്രിയയുടെ ഭാഗമാണ്‌. ജില്ല, താലൂക്ക്‌, ബ്ലോക്ക്‌, ഗ്രാമം എന്നീ തലങ്ങളില്‍ സമഗ്രമായ കാര്‍ഷികവികസന പ്ലാനുകള്‍ തയ്യാറാക്കി അവയ്‌ക്കാവശ്യമായ വിഭവങ്ങള്‍ സമാഹരിച്ച്‌ ലക്ഷ്യങ്ങള്‍ നേടാന്‍ പൊതുജനപങ്കാളിത്തം കൂടിയേ തീരൂ. ഭക്ഷ്യധാന്യങ്ങളുടെ വര്‍ധിച്ച ഉത്‌പാദനവും അതുവഴിയുള്ള സമ്പദ്‌ വ്യവസ്ഥയുടെ വളര്‍ച്ചയും, സ്വയം പര്യാപ്‌തത നേടലുമാണ്‌ പില്‌ക്കാല പദ്ധതികളെല്ലാം ലക്ഷ്യമിട്ടത്‌. ഉത്‌പാദന വര്‍ധനവിനോടൊപ്പം, കാര്‍ഷികോത്‌പന്ന മാര്‍ക്കറ്റിങ്‌ ആക്‌റ്റ്‌ ഭേദഗതി ചെയ്‌ത്‌ കൃഷിക്കാരന്‌ മെച്ചപ്പെട്ട വിലകിട്ടാനുള്ള സാധ്യതകള്‍ ഉറപ്പുവരുത്താനും പ്രസ്‌തുത ഉല്‌പന്നങ്ങളെ ആസ്‌പദമാക്കിയുള്ള വ്യാപാരം സുഗമമായി നടത്താന്‍ വേണ്ട ഉദാരവല്‍ക്കരണം നടപ്പിലാക്കാനും കൃഷിഭൂമിയുടെ ക്രയവിക്രയ നടപടികള്‍ ലളിതമാക്കാനും "ഫുഡ്‌ ആക്‌റ്റ്‌' ഏകീകരിക്കാനുമുള്ള നടപടികളും വിഭാവനം ചെയ്യപ്പെട്ടു.

ഇന്ന്‌ ഇന്ത്യയിലെ കാര്‍ഷികാസൂത്രണ പദ്ധതികള്‍: 1. പാഴ്‌നിലങ്ങള്‍ ഉപയോഗയോഗ്യമാക്കുക, 2. വെള്ളക്കെട്ടുള്ള നിലങ്ങള്‍ വികസിപ്പിച്ചെടുക്കുക, 3. മഴവെള്ളം സംഭരിച്ച്‌ ജലസേചനത്തിനായി ഉപയോഗിക്കുക, 4. ജലസേചനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, 5. പ്രകൃതി വിഭവങ്ങളുടെ ഉപയോഗവും സംരക്ഷണവും ഉറപ്പാക്കുക, 6. മൂല്യവര്‍ധിത കാര്‍ഷികോത്‌പന്നങ്ങള്‍ ഉത്‌പാദിപ്പിക്കുക, 7. സംഭരണശാലകള്‍ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങള്‍ക്കാണ്‌ പ്രധാനമായും മുന്‍ഗണന നല്‌കുന്നത്‌. കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ഒരു ദേശീയ കിസാന്‍ കമ്മിഷനും രൂപീകരിച്ചിട്ടുണ്ട്‌.

കാര്‍ഷിക സസ്യശാസ്‌ത്രം

സസ്യശാസ്‌ത്രത്തിലെ ഒരു മുഖ്യ പ്രയുക്തമേഖല. സാമ്പത്തിക പ്രാധാന്യമുള്ള സസ്യങ്ങളെ വേര്‍തിരിച്ചെടുക്കുക, അവയുടെ ഉപയോഗം മനസ്സിലാക്കുക, ഉപയോഗപ്രദമായ സസ്യഭാഗങ്ങളെ തിരിച്ചറിയുക, ഓരോന്നിന്റെയും ഘടന, ശരീരക്രിയാവര്‍ഗീകരണം, കാര്‍ഷിക വര്‍ഗീകരണം, കോശജനിതകം, സസ്യപ്രജനനം എന്നിവ മനസ്സിലാക്കുക തുടങ്ങിയവയാണ്‌ ഈ ശാസ്‌ത്രശാഖയിലെ പഠനവിഷയങ്ങള്‍. മണ്ണിലും കാലാവസ്ഥയിലുമുള്ള വൈവിധ്യം കാരണം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യ സസ്യശേഖരത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലാണ്‌. വിസ്‌തൃതമായ കരഭാഗമുള്ള ഇന്ത്യയില്‍ മറ്റു രാജ്യങ്ങളില്‍ ലഭ്യമാകുന്നതിനെക്കാള്‍ വലിയൊരു സസ്യസമ്പത്ത്‌ പ്രകൃത്യാ ലഭ്യമാണ്‌. ഇന്ത്യയിലെ ഉഷ്‌ണം, ഉപോഷ്‌ണം, ശീതം, ഹിമാലയന്‍ എന്നീ വ്യത്യസ്‌ത കാലാവസ്ഥാമേഖലകളിലെ സസ്യശേഖരത്തില്‍ തദനുസരണമായ വ്യത്യാസങ്ങള്‍ കാണാം. സസ്യശേഖരത്തിലെ വൈജാത്യം ഭൂമിയുടെ കിടപ്പ്‌, ഉയരം, വാര്‍ഷിക ദിനരാത്രതാപനില, ഉഷ്‌ണകാലത്തിന്റെയും മഞ്ഞുകാലത്തിന്റെയും തീവ്രത എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഇന്ത്യയില്‍ വളരുന്ന വൃക്ഷങ്ങളുടെ നാലായിരത്തില്‍പ്പരം സ്‌പീഷീസുകളില്‍ 50ല്‍പ്പരം ഇനങ്ങള്‍ മനുഷ്യന്‌ ഏറ്റവുമധികം ഉപകാരപ്രദമായിട്ടുള്ളവയാണ്‌. ഗോത്രവര്‍ഗക്കാര്‍മാത്രം ഉപയോഗിച്ചിരുന്ന 500 വന്യസ്‌പീഷീസുകളില്‍പ്പെടുന്ന സസ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. ആഹാരത്തിനുവേണ്ടിമാത്രം കൃഷിചെയ്യുന്നവയെല്ലാംകൂടി 250 സ്‌പീഷീസുകളില്‍ കവിയില്ല. ഇവയില്‍ 35 സ്‌പീഷീസുകളുടെ ഉദ്‌ഭവം ഇന്ത്യയിലോ, ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലോ ആണെന്ന്‌ തിട്ടപ്പെടുത്തിയിട്ടുണ്ട്‌. ഇന്ത്യയില്‍ത്തന്നെ ഉള്ളവയാണ്‌ കരിമ്പ്‌, കടുക്‌, പരുത്തി, ചണം, കിഴങ്ങുവര്‍ഗങ്ങള്‍, കുരുമുളക്‌, കറുവ, മഞ്ഞള്‍, മാവ്‌, വാഴ, നാരകം, പ്ലാവ്‌ തുടങ്ങിയ വിളകളുടെ അനേകം ഇനങ്ങള്‍. വടക്കുകിഴക്കന്‍ ഹിമാലയമേഖലയില്‍ നെല്ല്‌, ചോളം, നാരകം എന്നിവയുടെ അനേകം ജനുസുകള്‍ കാണപ്പെടുന്നു. അസമിലെ ഗാരോമലകളില്‍ നല്ല നീളമുള്ള കായ്‌ ഉണ്ടാകുന്ന ഒരിനം പരുത്തിച്ചെടി വളരുന്നു. മേഘാലയയിലുള്ള ജോവയ്‌മലയില്‍ കൊല്ലങ്ങളോളം കായ്‌ഫലം തരുന്ന ഒരു തരം മധുരനാരകവും കണ്ടെത്തിയിട്ടുണ്ട്‌. ഒഡിഷയിലെ ജജ്‌പൂര്‍ നിരവധി നെല്ലിനങ്ങളുടെ ഉറവിടമാണ്‌. മധ്യേന്ത്യയില്‍നിന്നും ധാരാളം പയറിനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. കൂടാതെ ഇന്ത്യയിലെ മലമ്പ്രദേശങ്ങള്‍ ഔഷധഗുണമുള്ള ധാരാളം കാച്ചില്‍ വര്‍ഗങ്ങളുടെയും മറ്റു സസ്യങ്ങളുടെയും സിരാകേന്ദ്രമാണ്‌.

കാര്‍ഷിക വിളകളെ പ്രധാനമായി വര്‍ഗീകരണത്തിന്റെയും വാണിജ്യത്തിന്റെയും കൃഷിയുടെയും അടിസ്ഥാനത്തില്‍ മൂന്നായിട്ടാണ്‌ വിഭജിച്ചിട്ടുള്ളത്‌.

I. വര്‍ഗീകരണനിയമമനുസരിച്ചുള്ള വിഭജനം. കാര്‍ഷികവിളകളെ അവ പ്രകൃത്യാ ഉള്‍ക്കൊള്ളുന്ന കുടുംബത്തെ ആസ്‌പദമാക്കി വിഭജിച്ചിരിക്കുന്നു. കാര്‍ഷികോപയോഗപ്രദമായ സസ്യങ്ങളെ ക്രൂസിഫെറ, ട്രണ്‍സ്‌റ്റ്രാമിയേസീ, മാല്‍വേസീ, റ്റീലിയേസീ, റൂട്ടേസീ, ലഗുനിനേസീ, ഗ്രാമിനേ തുടങ്ങിയ കുടുംബത്തില്‍പ്പെടുത്തി വിവിധതരം സസ്യഗ്രൂപ്പുകളായാണ്‌ വിഭജിച്ചിരിക്കുന്നത്‌. ഇത്തരത്തിലുള്ള വിഭജനത്തില്‍ ഒരു കുടുംബത്തില്‍പ്പെടുന്ന എല്ലാ കാര്‍ഷിക വിളകളെയും ഒന്നായിച്ചേര്‍ത്തിരിക്കും. ഉദാ. ക്രൂസിഫെറ കുടുംബത്തില്‍ എണ്ണക്കുരുവായ കടുക്‌ (ബ്രാസിക്കാ ജന്‍സിയ), ഇലക്കറിയായി ഉപയോഗിക്കുന്ന കാബേജ്‌ (ബ്രാസിക്കാ ഒലിറേസീ; ഇനംകാപ്പിറ്റാറൊ), കിഴങ്ങുവര്‍ഗമായ ടേണിപ്‌ (ബ്രാസിക്കാ ഒലിറേസീ; ഇനംറാപാ) എന്നിവയെ ഒരു ഗ്രൂപ്പായും ഗ്രാമിനേ കുടുംബത്തില്‍ ധാന്യവിളകളായ നെല്ല്‌, ഗോതമ്പ്‌, പഞ്ചസാര വിളയായ കരിമ്പ്‌, പേപ്പര്‍ പള്‍പ്പിനുവേണ്ടി കൃഷിചെയ്യുന്ന മുള എന്നിവയെ ഒരു ഗ്രൂപ്പായും ചേര്‍ത്തിരിക്കുന്നു. ഇത്തരത്തിലുള്ള വിഭജനം കൊണ്ട്‌ ഒരു കുടുംബത്തില്‍ ഉള്‍പ്പെടുന്ന സസ്യങ്ങളുടെ ആകൃതിക വിജ്ഞാനം വളരെ എളുപ്പമാണെങ്കിലും വിവിധോപയോഗങ്ങളുള്ള പല വിളകളെ ഒരു കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്നതുകൊണ്ട്‌ അവയുടെ ഉപയോഗവും സാമ്പത്തിക പ്രാധാന്യവും പെട്ടെന്ന്‌ തിരിച്ചറിയുക പ്രയാസമായിത്തീരുന്നു. ഒരു വിളയെ സംബന്ധിച്ചിടത്തോളം അതിന്റെ ആകൃതികവിജ്ഞാനമല്ല പരമപ്രധാനം.

II. വാണിജ്യാടിസ്ഥാനത്തിലുള്ള വിഭജനം. ഇതനുസരിച്ച്‌ സസ്യങ്ങളെ ഭക്ഷ്യവിള, വ്യാവസായികവിള, ഭക്ഷ്യസഹായികള്‍ എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു. നെല്ല്‌, ഗോതമ്പ്‌, ചോളം, മണിച്ചോളം, കൂവരക്‌ തുടങ്ങിയ ധാന്യങ്ങളും പയറുവര്‍ഗങ്ങള്‍, ഫലപച്ചക്കറിവിളകള്‍, പരിപ്പുവര്‍ഗങ്ങള്‍ എന്നിവയും ഭക്ഷ്യവിളകളായി പരിഗണിക്കുന്നു. റബ്ബര്‍, തെങ്ങ്‌, പരുത്തി, കരിമ്പ്‌, പുകയിലച്ചെടി, നിലക്കടല, കടുക്‌, എള്ള്‌, മരച്ചീനി എന്നിവയെ വ്യാവസായിക വിളകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. മൂന്നാമത്തെ വിഭാഗമായ ഭക്ഷ്യസഹായികള്‍ക്ക്‌ മേല്‌പറഞ്ഞ രണ്ട്‌ ഗ്രൂപ്പുകള്‍ക്കും ഇടയ്‌ക്കായി സ്ഥാനം കൊടുത്തിരിക്കുകയാണ്‌. എന്നാല്‍ ഇവയെ ഭക്ഷ്യവിളകളില്‍നിന്നും വ്യാവസായിക വിളകളില്‍നിന്നും വേര്‍തിരിച്ചെടുക്കുക അത്ര എളുപ്പമല്ല. ഇക്കൂട്ടത്തില്‍ സുഗന്ധദ്രവ്യവിളകള്‍, രുചിവര്‍ധകവിളകള്‍, പാനീയവിളകള്‍, ഔഷധവിളകള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇത്തരത്തിലുള്ള സസ്യവിഭജനത്തെ പൊതുവിഭജനമായി മാത്രമേ കരുതാന്‍ പറ്റുകയുള്ളൂ. എന്തെന്നാല്‍ ഒരു കാലത്ത്‌ ഭക്ഷ്യവിളകള്‍ മാത്രമായിരുന്നവ പില്‌ക്കാലത്ത്‌ വ്യാവസായിക വിളകള്‍കൂടി ആയിത്തീരാറുണ്ട്‌. ഉദാ. ചോളം, മരച്ചീനി.

III. കാര്‍ഷിക വിഭജനം. മുകളില്‍ പറഞ്ഞ വിഭജനങ്ങളിലെ അപാകതകളെ ഒരു പരിധിവരെ ദൂരീകരിക്കുന്നതാണ്‌ സസ്യോത്‌പന്നങ്ങളുടെ ഉപയോഗത്തെ ആസ്‌പദമാക്കിയുള്ള ഈ വിഭജനം. കാര്‍ഷികോത്‌പന്നങ്ങളുടെ ഉപയോഗത്തെ ആധാരമാക്കി വിളകളെ ധാന്യവിളകള്‍, പയറുവര്‍ഗങ്ങള്‍, പച്ചക്കറിഫലവര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍, പഞ്ചസാരവിളകള്‍, നാരുവിളകള്‍, പാനീയവിളകള്‍, ഔഷധവിളകള്‍, സുഗന്ധരുചിവര്‍ധകവിളകള്‍, റബ്ബര്‍ വിളകള്‍, കാലിത്തീറ്റ വിളകള്‍, പച്ചിലവിളകള്‍ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു.

1. ധാന്യവിളകള്‍. ധാന്യങ്ങള്‍ ഉത്‌പാദിപ്പിക്കുന്ന വിളകളെ പ്രധാനമായും "സീറിയല്‍സ്‌' എന്ന ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. "സീറിയല്‍സ്‌' എന്ന വാക്ക്‌ "സീറസ്‌' എന്ന റോമന്‍ ദൈവനാമത്തില്‍ നിന്നാണ്‌ നിഷ്‌പന്നമായിട്ടുള്ളത്‌. സീറസ്‌ എന്ന വാക്കിന്റെ അര്‍ഥം "കൊയ്‌ത്തിന്റെ ദേവി'യെന്നാണ്‌. സീറിയല്‍സ്‌ എന്ന ഗ്രൂപ്പില്‍പ്പെട്ട ധാന്യച്ചെടികളെല്ലാം തന്നെ ഗ്രാമിനേ കുടുംബത്തില്‍പ്പെട്ടവയാണ്‌. നെല്ല്‌, ഗോതമ്പ്‌, ചോളം, മണിച്ചോളം, കൂവരക്‌ എന്നീ മുഖ്യാഹാരവിളകളെ ഇക്കൂട്ടത്തില്‍പ്പെടുത്തിയിരിക്കുന്നു. ചെറുമണിധാന്യങ്ങളെ മില്ലറ്റ്‌സ്‌ എന്നും നാമകരണം ചെയ്‌തിട്ടുണ്ട്‌.

അതിപുരാതനകാലത്ത്‌, മനുഷ്യര്‍ ആഹാരസമ്പാദനത്തിനുവേണ്ടി അലഞ്ഞുതിരിഞ്ഞു വേട്ടയാടി നടന്നകാലത്തുപോലും വന്യപ്പുല്‍വര്‍ഗങ്ങളുടെ ധാന്യങ്ങള്‍ ആഹാരത്തിനായി സംഭരിച്ചിരുന്നു. മനുഷ്യന്‍ ഒരു സ്ഥലത്ത്‌ സ്ഥിരമായി പാര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ആദ്യമായി കൃഷിചെയ്‌തത്‌ ധാന്യങ്ങളായിരുന്നു. 9,000 കൊല്ലങ്ങള്‍ക്കുമുമ്പ്‌ പശ്ചിമേഷ്യയില്‍ ബാര്‍ലിയും ഗോതമ്പും കൃഷിചെയ്‌തിരുന്നതായി ചരിത്രരേഖകളുണ്ട്‌. മനുഷ്യര്‍ സ്ഥിരമായി താമസിക്കാനുള്ള കാരണംതന്നെ ഗോതമ്പ്‌, ബാര്‍ലി എന്നീ മുഖ്യാഹാരവിളകളെ തുടര്‍ച്ചയായി ഒരു സ്ഥലത്ത്‌ കൃഷിചെയ്യാമെന്ന്‌ മനസ്സിലാക്കിയതുകൊണ്ടാണ്‌. ആദ്യമായി കൃഷിചെയ്‌ത വിളകള്‍ ഇരട്ടവരി ബാര്‍ലിയും ഗോതമ്പുമാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്‌. പുരാതനസംസ്‌കാരങ്ങള്‍ക്കടിസ്ഥാനമായി പലപ്പോഴും ഒരു കാര്‍ഷികവിളയുണ്ടായിരുന്നു. സുമാട്രന്‍ഈജിപ്‌ഷ്യന്‍ സംസ്‌കാരങ്ങളുടെ കാലത്തുപോലും ഗോതമ്പും ബാര്‍ലിയും മനുഷ്യജീവിതത്തിന്റെ ഒരു മുഖ്യഭാഗമായിരുന്നു. ആധുനികകാലത്ത്‌ ഗോതമ്പും ബാര്‍ലിയും മധ്യപൂര്‍വദേശത്തും മെഡിറ്ററേനിയന്‍ പ്രദേശത്തും നെല്ല്‌ തെക്കനേഷ്യന്‍ മേഖലയിലും, ഗോതമ്പ്‌ ലോകത്തൊട്ടാകെത്തന്നെയും വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്‌. ധാന്യമണികള്‍ ഉത്‌പാദിപ്പിക്കുന്ന വളരെയധികം പുല്‍ജീനസുകള്‍ ലഭ്യമാണെങ്കിലും വളരെക്കുറച്ച്‌ ഇനങ്ങള്‍ മാത്രമേ മനുഷ്യന്‍ തിരഞ്ഞെടുത്ത്‌ കൃഷിചെയ്‌തുവരുന്നുള്ളൂ. ക്ഷാമകാലത്ത്‌ വന്യപ്പുല്ലിനങ്ങളുടെ മണികള്‍ ശേഖരിച്ച്‌ ഉപയോഗിച്ചിരുന്നെങ്കിലും അവയെ കാര്‍ഷികവിളയാക്കുന്നതിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്‌തിട്ടില്ല, കാരണം കൃഷി ചെയ്യുന്ന ഇനങ്ങള്‍ നല്ലപോലെ പ്രചരിച്ചിട്ടുണ്ടെന്നതുതന്നെ. ചൂടിന്റെയും മഴയുടെയും ലഭ്യതയെ അടിസ്ഥാനമാക്കിയാണ്‌ കാര്‍ഷികവിളകളുടെ വിതരണം നടത്തിയിരിക്കുന്നതെന്ന്‌ കാണാന്‍ സാധിക്കും. ഓട്‌സും റൈയും വളരെ തണുപ്പേറിയ ഉത്തരധ്രുവപ്രദേശങ്ങളില്‍ കൃഷിചെയ്‌തുവരുന്നു. ശീതമേഖലയിലെ മറ്റുവിളകളാണ്‌ ഗോതമ്പും ബാര്‍ലിയും. ചൂട്‌ കൂടിയ ഉഷ്‌ണമേഖലാ പ്രദേശങ്ങളില്‍ നെല്ല്‌, ചോളം, മണിച്ചോളം, മറ്റു ചെറുധാന്യവിളകള്‍ എന്നിവ ധാരാളം കൃഷിചെയ്യുന്നു. മഴയും മണ്ണിന്റെ ഫലപുഷ്‌ടിയും കുറയുന്നതിനനുസൃതമായി കൃഷിചെയ്യാന്‍ പറ്റിയ വിളകള്‍ നെല്ല്‌, ചോളം, കൂവരക്‌, മണിച്ചോളം, ചെറുധാന്യവിളകള്‍ എന്നിവയാണ്‌. ഗോതമ്പ്‌, പശ്ചിമമേഖലയിലും നെല്ല്‌ പൂര്‍വമേഖലയിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. ആഫ്രിക്കന്‍ രാജ്യങ്ങളിലെ മുഖ്യവിളയായ ചോളം, മണിച്ചോളം, ചെറുമണികള്‍ എന്നിവ പരിഷ്‌കൃത രാജ്യങ്ങളില്‍ കന്നുകാലിത്തീറ്റയായി ഉപയോഗിച്ചുവരുന്നു.

ധാന്യമണികള്‍ അവയ്‌ക്കുള്ള ആഹാരമായ അന്നജം ബീജാന്നത്തില്‍ സൂക്ഷിച്ചുവച്ചിരിക്കുന്നു. അതാണ്‌ മനുഷ്യര്‍ ആഹാരമായി ഉപയോഗിക്കുന്നത്‌. ബീജാന്നത്തിന്റെ ഏറ്റവും പുറത്തുള്ള അല്യുറോണ്‍സ്‌തരം വളരെയധികം മാംസ്യം അടങ്ങിയതാണ്‌. വിത്തിനകത്തു സ്ഥിതിചെയ്യുന്ന ഭ്രൂണത്തില്‍ ധാരാളം കൊഴുപ്പ്‌, മാംസ്യം, ധാതുലവണങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്‌. ചില ധാന്യങ്ങളില്‍ പെരികാര്‍പ്പ്‌ (ഫലഭിത്തി), അല്യുറോണ്‍സ്‌തരം, ഭ്രൂണം എന്നിവ മാറ്റുന്ന സമയത്ത്‌ വലിയൊരു പങ്ക്‌ മാംസ്യവും കൊഴുപ്പും ധാതുലവണങ്ങളും ജീവകങ്ങളും നഷ്‌ടപ്പെടുന്നുണ്ട്‌. ഉദാ. നല്ലപോലെ വെളുപ്പിച്ചെടുത്ത അരിയിലും ഗോതമ്പിലും ഇതു സംഭവിക്കുന്നു. ചില മില്ലറ്റുകള്‍ക്ക്‌ നല്ല പോഷകമൂല്യമുണ്ട്‌. ധാന്യമണികളില്‍നിന്നെടുക്കുന്ന ബീയറില്‍ ധാരാളം ജീവകങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. ഗോതമ്പ്‌, നെല്ല്‌, ചോളം, മണിച്ചോളം, ബാര്‍ലി, ബജ്‌റ, കൂവരക്‌ എന്നിവയാണ്‌ പ്രധാന ധാന്യവിളകള്‍.

2. പയറുവര്‍ഗവിളകള്‍. ധാന്യങ്ങള്‍ കഴിഞ്ഞാല്‍ മനുഷ്യാഹാരത്തില്‍ വളരെ പ്രാധാന്യമുള്ള ഭക്ഷ്യവിളയാണ്‌ പയറുവര്‍ഗങ്ങള്‍. ലെഗ്യൂമിനസ്‌ സസ്യവിഭാഗത്തില്‍ മനുഷ്യാഹാരത്തിന്‌ ഉപയോഗിക്കുന്ന എല്ലാ ചെടികളെയും "പള്‍സസ്‌' എന്നു നാമകരണം ചെയ്‌തിരിക്കുന്നു. സസ്യാഹാരത്തില്‍ ഏറ്റവും കൂടുതല്‍ മാംസ്യം നല്‌കുന്നത്‌ പയറുവര്‍ഗങ്ങളാണ്‌. ഇവയുടെ വിത്തുകളാണ്‌ സാധാരണയായി ആഹാരമായി ഉപയോഗിക്കുന്നത്‌; ഇളംപ്രായത്തിലുള്ള കായ്‌ പച്ചക്കറിയായും ഉപയോഗിക്കുന്നുണ്ട്‌. ചില ബാക്‌റ്റീരിയകളുടെ സഹായത്തോടുകൂടി അന്തരീക്ഷത്തിലെ നൈട്രജനെ വേരുകളില്‍ സംഭരിച്ചുവയ്‌ക്കുന്നതിനുള്ള കഴിവ്‌ പയറുവര്‍ഗങ്ങള്‍ക്കുണ്ട്‌. വേരുകളിലുള്ള നൈട്രജനുപുറമേ മറ്റു സസ്യഭാഗങ്ങളില്‍ വളരെയധികം മാംസ്യവും അടങ്ങിയിരിക്കുന്നു. എല്ലാ പയറുവിളകളും ലെഗ്യൂമിനോസെയിലെ, പാപ്പിലിയോനേസ്യേ എന്ന ഉപകുടുംബത്തിലെ അംഗങ്ങളാണ്‌. ഉഴുന്ന്‌, ചെറുപയര്‍, കടല, മുതിര, അമര, തുവര, പെരുംപയര്‍, പട്ടാണിപ്പയര്‍, സോയാബീന്‍, ഫ്രഞ്ച്‌ബീന്‍സ്‌ എന്നിവയാണ്‌ പ്രധാന പയറുവിളകള്‍.

3. പച്ചക്കറിഫലവര്‍ഗങ്ങള്‍. പച്ചക്കറിവിളകളെ കുറിച്ചുള്ള പഠനം "ഒലറിക്കള്‍ച്ചര്‍' എന്നും ഫലവര്‍ഗങ്ങളെക്കുറിച്ചുള്ളത്‌ "പോമോളജി' എന്നും അറിയപ്പെടുന്നു. പച്ചക്കറിവിളകളെ പലതരത്തില്‍ വിഭജിച്ചിട്ടുണ്ടെങ്കിലും കൃഷിരീതി ആസ്‌പദമാക്കിയുള്ള വിഭജനമാണ്‌ വളരെ ഉചിതമായിട്ടുള്ളത്‌. ഈ രീതിയനുസരിച്ച്‌ പച്ചക്കറി വിളകളെ ചിരസ്ഥായി വിളകള്‍, ഔഷധികള്‍, സലാഡ്‌ വിളകള്‍, കോള്‍വിളകള്‍, കിഴങ്ങുവിളകള്‍, ഉള്ളിവിളകള്‍, സോളാനേസീ വിളകള്‍, മത്തന്‍, വെണ്ട, ചേന എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. വെണ്ട, വഴുതന, തക്കാളി, മുളക്‌, മത്തന്‍, വെള്ളരി, തണ്ണിമത്തന്‍, ഉള്ളി, ബീറ്റ്‌റൂട്ട്‌, കാബേജ്‌, റാഡിഷ്‌, കാരറ്റ്‌, പടവലം, പാവല്‍ എന്നിവയാണ്‌ പ്രധാന പച്ചക്കറി വിളകള്‍. മാങ്ങ, കശുമാങ്ങ, വാഴയ്‌ക്ക, കൈതച്ചക്ക, പപ്പായ എന്നിവ ഫലവര്‍ഗവിളകളില്‍പ്പെടുന്നു.

4. പഞ്ചസാരസ്റ്റാര്‍ച്ച്‌ വിളകള്‍. നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ ശര്‍ക്കര, പഞ്ചസാര ഇവ ഉണ്ടാക്കുന്നതിന്‌ കരിമ്പ്‌ ഉപയോഗിച്ചിരുന്നതായി ചരിത്രരേഖകള്‍ ഉണ്ട്‌. ഇന്ത്യയില്‍ കരിമ്പില്‍ നിന്നാണ്‌ പഞ്ചസാര ഉത്‌പാദിപ്പിക്കുന്നത്‌. യൂറോപ്പ്‌, കാനഡ, അമേരിക്ക എന്നിവിടങ്ങളില്‍ ഷുഗര്‍ബീറ്റ്‌ എന്ന കിഴങ്ങുവിളയില്‍ നിന്നും ധാരാളം പഞ്ചസാര ഉണ്ടാക്കുന്നുണ്ട്‌. ഇതിനു പ്രധാനകാരണം ശീതമേഖലയില്‍ കരിമ്പ്‌ വളരില്ല എന്നതാണ്‌. കരിമ്പന, തെങ്ങ്‌, ഈന്തപ്പന എന്നിവയില്‍നിന്ന്‌ പഞ്ചസാര ഉത്‌പാദിപ്പിക്കുവാന്‍ കഴിയും. ആഹാരസാധനങ്ങളില്‍ മധുരത്തിനുവേണ്ടി ചേര്‍ക്കുന്ന പഞ്ചസാര നല്ലൊരു ഊര്‍ജദായകവസ്‌തു കൂടിയാണ്‌. ഇന്ത്യയില്‍ സ്റ്റാര്‍ച്ചിന്റെ നല്ലൊരു ശതമാനം ധാന്യമണികളായ നെല്ല്‌, ഗോതമ്പ്‌, ചോളം എന്നിവയില്‍ നിന്നും കിട്ടുന്നു. മധുരക്കിഴങ്ങ്‌, മരച്ചീനി തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങളും സ്റ്റാര്‍ച്ച്‌ പ്രദാനം ചെയ്യുന്നുണ്ട്‌. കരിമ്പ്‌, ഷുഗര്‍ ബീറ്റ്‌, ഷുഗര്‍മാപിള്‍, പാംഷുഗര്‍, മധുരച്ചോളം എന്നിവയാണ്‌ പ്രധാനപ്പെട്ട പഞ്ചസാരവിളകള്‍. ഉഷ്‌ണമേഖലാരാജ്യങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട പഞ്ചസാരവിള കരിമ്പ്‌ തന്നെയാണ്‌. മരച്ചീനി, മധുരക്കിഴങ്ങ്‌, ഉരുളക്കിഴങ്ങ്‌, ചവ്വരി, കൂവ എന്നിവ പ്രധാനസ്റ്റാര്‍ച്ച്‌ വിളകളില്‍പ്പെടുന്നു. കേരളത്തിലെ ഏറ്റവും പ്രധാന സ്റ്റാര്‍ച്ച്‌ വിള മരച്ചീനി ആണ്‌.

5. എണ്ണക്കുരുക്കള്‍. വ്യവസായം, ആഹാരം എന്നിവയില്‍ ഒരുപോലെ പ്രാധാന്യമുള്ളതാണ്‌ എണ്ണക്കുരുവിളകള്‍. മനുഷ്യാഹാരത്തില്‍ കൊഴുപ്പിന്റെ അംശം പ്രധാനമായും പ്രദാനം ചെയ്യുന്നത്‌ എണ്ണകളാണ്‌. അവ ആഹാരത്തിന്‌ രുചി വര്‍ധിപ്പിക്കുന്നത്‌ കൂടാതെ ഉപാപചയത്തിനുവേണ്ട ഊര്‍ജവും നല്‌കുന്നു. ഔഷധങ്ങള്‍, സോപ്പ്‌, സുഗന്ധവസ്‌തുക്കള്‍ എന്നിവയുണ്ടാക്കാനും സ്‌നേഹനത്തിനു (lubrication) വേണ്ടിയും എണ്ണ ഉപയോഗിച്ചുവരുന്നു. വെളിച്ചെണ്ണ, നിലക്കടലയെണ്ണ, ആവണക്കെണ്ണ എന്നിവ വിദേശങ്ങളിലേക്ക്‌ കയറ്റുമതി ചെയ്യുന്നുമുണ്ട്‌.

പ്രകാശസംശ്ലേഷണ ഫലമായുണ്ടാകുന്ന കാര്‍ബോഹൈഡ്രറ്റുകളെ സംശ്ലേഷണം നടത്തിയാണ്‌ സസ്യങ്ങള്‍ എണ്ണയുണ്ടാക്കുന്നത്‌. സസ്യത്തിന്റെ ശരീരകലകളില്‍ വെള്ളത്തില്‍ ലയിക്കാത്ത കണങ്ങളായി എണ്ണ സ്ഥിതി ചെയ്യുന്നു. കോശഭിത്തികളിലും കോശത്തിനകത്തും ഇതു ശേഖരിക്കപ്പെടുന്നുണ്ട്‌.

സസ്യഎണ്ണകളെ സ്ഥിരക്കൊഴുപ്പുള്ള എണ്ണകളെന്നും ബാഷ്‌പശീല എണ്ണകളെന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു. സ്ഥിരക്കൊഴുപ്പുള്ള എണ്ണകള്‍ സസ്യങ്ങളുടെ വിത്തിലും ഫലങ്ങളിലും തണ്ടിലും കാണുന്നു. അന്നജത്തിനുപകരം കൊഴുപ്പുള്ള എണ്ണകള്‍ ശേഖരിച്ച്‌ വച്ചിരിക്കുന്നതുകൊണ്ട്‌ ചെടികള്‍ക്ക്‌ ധാരാളം ഊര്‍ജം ലഭ്യമാകുന്നുണ്ട്‌. മാത്രമല്ല ഈ എണ്ണകളുടെ ആപേക്ഷിതഘനത്വം വളരെ കുറവായതുകൊണ്ട്‌ വിത്തുകളുടെ വിതരണപ്രക്രിയ വളരെ എളുപ്പമുള്ളതായിത്തീരുന്നു. ഇത്തരം എണ്ണകളെ ശുഷ്‌കതൈലം, അര്‍ധശുഷ്‌കതൈലം, സാധാരണ തൈലം, കൊഴുപ്പുകള്‍ എന്ന്‌ നാലായി തരംതിരിച്ചിരിക്കുന്നു.

ശുഷ്‌കതൈലങ്ങള്‍ തുറന്നുവയ്‌ക്കുമ്പോള്‍ അന്തരീക്ഷത്തിലെ ഓക്‌സിജന്‍ സംഭരിച്ച്‌ നേരിയ ഇലാസ്‌തികസ്വഭാവം കൈക്കൊള്ളുന്നു. സോപ്പ്‌, വാര്‍ണീഷ്‌, പെയിന്റ്‌ എന്നിവ ഉണ്ടാക്കാനും ആഹാരം പാകംചെയ്യാനും വിളക്കുകത്തിക്കാനും ഇവ ഉപയോഗിച്ചുവരുന്നു. ലിന്‍സീഡ്‌, നൈഗര്‍, സാഫ്‌ളവര്‍, ടങ്‌, കാന്‍ഡില്‍നട്ട്‌, സോയാബീന്‍ എന്നിവ ശുഷ്‌കതൈലങ്ങള്‍ തരുന്ന ചെടികളാണ്‌. സ്ഥിരമായി തുറന്നുവച്ചിരുന്നാല്‍മാത്രം സാവധാനം വറ്റിപ്പോകുന്നവയാണ്‌ അര്‍ധശുഷ്‌ക തൈലങ്ങള്‍. വളരെ സാവധാനത്തില്‍ കുറഞ്ഞതോതില്‍ മാത്രമേ ഓക്‌സിജന്‍ വലിച്ചെടുക്കാനുള്ള കഴിവ്‌ ഇവയ്‌ക്കുള്ളൂ. എള്ള്‌, കടുക്‌, പരുത്തി, ചോളം, സൂര്യകാന്തി എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നു.

സാധാരണ എണ്ണകള്‍ ദ്രാവകരൂപത്തില്‍ത്തന്നെ സ്ഥിരമായിരിക്കുന്നു. വളരെക്കൂടിയ ചൂടിലും വറ്റിപ്പോകാത്തതുകൊണ്ട്‌ ഇവയെ സോപ്പുണ്ടാക്കുന്നതിന്‌ ഉപയോഗിച്ചുവരുന്നു. ആവണക്കെണ്ണ സ്‌നേഹനത്തിനുവേണ്ടിയും ഉപയോഗിക്കുന്നുണ്ട്‌. സാധാരണ എണ്ണകള്‍ക്ക്‌ ആവണക്ക്‌, നിലക്കടല, നാളികേരം, എണ്ണപ്പന, ഒലീവ്‌ എന്നിവയുടെ എണ്ണകള്‍ ഉദാഹരണങ്ങളാണ്‌. കൊഴുപ്പെണ്ണകള്‍ സാധാരണ ഊഷ്‌മാവില്‍ ഘനരൂപത്തിലോ അര്‍ധഘനരൂപത്തിലോ സ്ഥിതിചെയ്യുന്നു. സോപ്പ്‌, മെഴുകുതിരി എന്നിവ ഉണ്ടാക്കാന്‍ ഇവ ഏറ്റവും യോജിച്ചതാണ്‌. ഉദാ. മാഹുവാ, മോവൂര്‍, കൊക്കോ. ഇന്ത്യയില്‍ എണ്ണക്കുരു സസ്യങ്ങളെ (i) മുഖ്യഎണ്ണക്കുരുക്കള്‍ (നിലക്കടല, എള്ള്‌, ആവണക്ക്‌, റേപ്പ്‌, കടുക്‌, ലിന്‍സീഡ്‌, നാളികേരം); (ii) ലഘുഎണ്ണക്കുരുക്കള്‍ (സാഫ്‌ളവര്‍, നൈഗര്‍, പുകയില, വേപ്പ്‌, ടങ്‌) എന്നു രണ്ടായി വിഭജിച്ചിരിക്കുന്നു. ബാഷ്‌പശീലതൈലങ്ങള്‍ തുറന്നു വച്ചിരുന്നാല്‍ അന്തരീക്ഷ വായുവില്‍ ബാഷ്‌പീകരിക്കുകയും വറ്റുമ്പോള്‍ യാതൊന്നും അവശേഷിക്കാതിരിക്കുകയും ചെയ്യുന്നു. പല ചെടികളിലും ഇത്‌ പശ, മരക്കറ എന്നീ തരത്തില്‍ കാണപ്പെടുന്നു. ചില ചെടികളുടെയും മരങ്ങളുടെയും പ്രത്യേക മണത്തിനുകാരണം ഇത്തരം എണ്ണകളുടെ സാന്നിധ്യമാണ്‌.

ചെടികളില്‍ നേരിട്ടല്ലെങ്കിലും പ്രകാശസംശ്ലേഷണത്തോടനുബന്ധിച്ച്‌ പരോക്ഷമായി ഉത്‌പാദിപ്പിക്കുന്നവയാണ്‌ ബാഷ്‌പശീല എണ്ണകള്‍. എന്നാല്‍ ചില സസ്യങ്ങളില്‍ ഗ്ലൂക്കോസൈഡ്‌ വിഘടിക്കുമ്പോള്‍ ഇവ ഉണ്ടാകുന്നുണ്ട്‌. അമ്പെലിഫേറേ, റൂട്ടേസി, മിര്‍ട്ടേസി, പൈപ്പെറേസീ, ലേബിയേറ്റിയേ, ലാറേസീ, ഫൈനാസീ എന്നീ കുടുംബങ്ങളില്‍പ്പെട്ട ചെടികളിലെ എല്ലാ ഭാഗങ്ങളിലും ബാഷ്‌പശീല എണ്ണകള്‍ ഉണ്ട്‌. ഇതിനുംപുറമേ ഗ്രാമിനേ, പന്‍ഡനേസീ, സിന്‍ജിബെറേസീ, ലിലിയേസീ, കീനോപോഡിയേസീ, മഗ്നോളിയേസീ, ക്രൂസിഫേറേ, റോസേസീ, ഒലിയേസീ, ജെറാഷിയേസീ, സാന്‍ഡലേസീ, യൂഫോര്‍ബിയേസീ, ബര്‍സിറേസീ, വെര്‍ബിനേസീ, വാല്‍വാറിയാനേസീ, കമ്പോസിറ്റേ, ഓര്‍ക്കിഡേസീ തുടങ്ങിയവയിലും ബാഷ്‌പശീല എണ്ണകള്‍ കാണാവുന്നതാണ്‌. സസ്യങ്ങളുടെ എല്ലാ ഭാഗങ്ങളില്‍നിന്നും ബാഷ്‌പശീല എണ്ണകള്‍ എടുക്കുന്നുണ്ട്‌. രാമച്ചത്തിന്റെ വേരില്‍നിന്നും ഇഞ്ചിയുടെ ഭൂകാണ്ഡങ്ങളില്‍നിന്നും ജെറാനിയം, മെന്ത എന്നിവയുടെ തണ്ട്‌, ഇല എന്നിവയില്‍ നിന്നും യൂക്കാലിപ്‌റ്റസിന്റെ ഇലയില്‍നിന്നും റോസ്‌, മുല്ല എന്നിവയുടെ പൂവില്‍നിന്നും ചന്ദനത്തിന്റെ തടിയില്‍നിന്നും കൊത്തമല്ലി, വാനില എന്നിവയുടെ കായില്‍ നിന്നും ഈ എണ്ണകള്‍ കിട്ടുന്നുണ്ട്‌. വിത്തില്‍ ഈ എണ്ണ സ്വതവേ ലഭ്യമല്ല എന്നു പറഞ്ഞിട്ടുണ്ടെങ്കിലും ഏലത്തിന്റെ കായില്‍നിന്നാണ്‌ എണ്ണ ശേഖരിക്കുന്നത്‌. ഉപയോഗരീതിയെ ആസ്‌പദമാക്കി ബാഷ്‌പശീലതൈലങ്ങളെ സുഗന്ധഎണ്ണകള്‍, രുചിയും വാസനയും തരുന്ന എണ്ണകള്‍, ഔഷധഗുണവും വ്യാവസായിക പ്രാധാന്യവുമുള്ള എണ്ണകള്‍ എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു. സുഗന്ധ എണ്ണകള്‍ തരുന്ന ചെടികളാണ്‌ ചന്ദനം, വെട്ടിവേര്‍, ഇഞ്ചിപ്പുല്ല്‌, സിട്രാനെല്ലാ, ജെറാനിയം, മാര്‍ജോറം, അത്തര്‍, ലാവന്‍ഡര്‍ തുടങ്ങിയവ. രുചിയും വാസനയുമുള്ള എണ്ണകള്‍ തരുന്ന ചെടികളാണ്‌ പെപ്പര്‍മിന്റ്‌, സ്‌പിയര്‍മിന്റ്‌, വാനില, ജാതി, കൊത്തമല്ലി, കരയാമ്പൂ, കറുവ, ഇഞ്ചി, ഏലം തുടങ്ങിയവ. ഔഷധഗുണവും വ്യാവസായിക പ്രാധാന്യവുമുള്ളവയാണ്‌ യൂക്കാലിപ്‌റ്റസ്‌, കര്‍പ്പൂരം, ഇഞ്ചിപ്പുല്ല്‌, അജോവന്‍ തുടങ്ങിയ ചെടികള്‍. എണ്ണ എടുക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന സസ്യഭാഗങ്ങളെ ആസ്‌പദമാക്കിയുള്ള വിഭജനം:

(i) വേര്‌, കിഴങ്ങ്‌ എന്നിവയില്‍നിന്ന്‌ എണ്ണ കിട്ടുന്നവവെറ്റിവീരിയ സൈനാനി ഓയിഡസ്‌; കോളിയസ്‌ വെറ്റിവീറോയിഡസ്‌; സിഞ്ചിബര്‍ ഒഫിസിനാലിസ്‌. (ii) ഇല, ചെറുതണ്ട്‌ എന്നിവയില്‍നിന്ന്‌ എണ്ണ കിട്ടുന്നവയൂക്കാലിപ്‌റ്റസ്‌ സ്‌പീഷീസുകള്‍; സിംബോപോഗണ്‍ സിട്രാറ്റസ്‌; സിനമോമം ക്യാംഫോറ; സിംബോപോഗണ്‍ ഫ്‌ളെക്‌സ്‌ ഓസസ്‌; സിനമോമം സെയ്‌ലാനികം; സിംബോപോഗണ്‍ നാര്‍ഡസ്‌; സിംബോപോഗണ്‍ മാര്‍ട്ടീനിയയ്‌; പെലാര്‍ഗോണിയം സ്‌പീഷീസുകള്‍; മെന്താ പൈപെറിറ്റാ; പോഗോസ്റ്റിമണ്‍ പാറ്റ്‌ ചൗളി; മെന്താ സ്‌പൈക്കേറ്റാ; ലാവന്‍ഡൂലാ ഒഫിസിനാലിസ്‌; ഓഗിഗാനം മെജറാനാ; റോസിമാരിനസ്‌ ഒഫിസിനാലിസ്‌. (iii) മരപ്പട്ട, ചില്ല എന്നിവയില്‍നിന്ന്‌ എണ്ണ കിട്ടുന്നവസന്റാലം ആല്‍ബം, സിനമോമം സെയ്‌ലാനികം, സിനമോമം ക്യാംഫോറ. (iv) പൂക്കളില്‍നിന്ന്‌ എണ്ണ കിട്ടുന്നവ. റോസ സ്‌പീഷിസുകള്‍; ജാസ്‌മീനം സ്‌പീഷീസുകള്‍; യ്യൂജീനിയാ ക്യാരിയോഫില്ലോ. (v) കായ്‌, വിത്ത്‌ എന്നിവയില്‍നിന്ന്‌ എണ്ണ കിട്ടുന്നവസിറ്റ്രസ്‌ സ്‌പീഷീസുകള്‍; വാനില പ്‌ളാനികോലിയാ; ക്യാരംകോപ്‌റ്റികം; പ്യൂസിഡാനം ഗ്രാവിഓലെന്‍സ്‌ മിരിസ്റ്റിക്കാ ഫ്രാഗ്രന്‍സ്‌; എലിറ്റേ റിയാ കാര്‍ഡമോമം.

6. നാരുവര്‍ഗങ്ങള്‍. സസ്യനാരുകള്‍ കൊണ്ടാണ്‌ വസ്‌ത്രങ്ങള്‍ ഉണ്ടാക്കുന്നത്‌. നാരുത്‌പാദനത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‌ക്കുന്നത്‌ പരുത്തിച്ചെടിയാണ്‌. നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ മനുഷ്യര്‍ പരുത്തിക്കൃഷി ചെയ്‌തിരുന്നതായി ചരിത്രരേഖകളുണ്ട്‌. ശീതമേഖലകളില്‍ ഉപയോഗിക്കുന്ന ലിനന്‍തുണി ഫ്‌ളാക്‌സ്‌ അഥവാ ലിന്‍സീഡ്‌ എന്ന ചെടിയില്‍നിന്ന്‌ ഉത്‌പാദിപ്പിക്കുന്നതാണ്‌. ഇന്ന്‌ തടി അരച്ച്‌ പാകപ്പെടുത്തിയെടുക്കുന്ന നാരുകള്‍ ആണ്‌ വസ്‌ത്രനിര്‍മിതിയില്‍ കൂടുതലായി ഉപയോഗിക്കുന്നത്‌. ചണനാര്‌, മെസ്‌താ എന്നിവ ഉപയോഗിച്ച്‌ ചാക്ക്‌, ഹെസ്സിയന്‍ തുണി എന്നിവ ഉണ്ടാക്കുന്ന വ്യവസായം വളരെ പുരോഗമിച്ചിട്ടുണ്ട്‌. തെങ്ങ്‌, മെസ്‌താ, ചണം എന്നിവയുടെ നാരുകളില്‍നിന്നാണ്‌ കയര്‍, ചാക്ക്‌, കപ്പല്‍ പായ്‌, ട്വയിന്‍ എന്നിവ ഉണ്ടാക്കുന്നത്‌. തറവിരിപ്പ്‌, തഴപ്പായ, കയറ്റുപായ, ചകിരിമെത്ത, ബ്രഷ്‌ തുടങ്ങിയവയും സസ്യനാരുകളില്‍ നിന്നും ഉണ്ടാക്കിവരുന്നു. വാഴനാര്‌, കൈതനാര്‌ തുടങ്ങിയവ ഉപയോഗിച്ച്‌ നിത്യോപയോഗസാധനങ്ങള്‍ നിര്‍മിക്കുന്ന വ്യവസായങ്ങളും ഉണ്ട്‌. ചെടികളിലെ ദൃഢകലകളിലെ കോശങ്ങളില്‍ നിന്നാണ്‌ നാരുകള്‍ കിട്ടുന്നത്‌. ഈ നാരുകള്‍ സെലുലോസ്‌ അര്‍ധസെലുലോസ്‌ കോശങ്ങള്‍ കൊണ്ടുണ്ടാക്കിയവയാണ്‌. ആധുനിക കാലത്ത്‌ സിന്തറ്റിക്‌ സെലുലോസുകളില്‍ നിന്നുണ്ടാക്കുന്ന കൃത്രിമനാരുകള്‍ തുണിയുത്‌പാദനത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്‌.

സസ്യത്തിന്റെ ഏതുഭാഗത്തുനിന്നാണോ നാരുകള്‍ എടുക്കുന്നത്‌ അതിനെ ആസ്‌പദമാക്കി സസ്യനാരുകളെ ബാസ്റ്റ്‌ നാരുകള്‍, ഇലനാരുകള്‍, കായ്‌വിത്തുനാരുകള്‍ എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. ചെടിയുടെ തണ്ടില്‍ നിന്നെടുക്കുന്നതാണ്‌ ബാസ്റ്റ്‌ നാരുകള്‍. ഓരോ നാരും ഓരോ നീണ്ട കോശമാണ്‌. പെക്‌ടിന്‍ എന്ന രാസവസ്‌തുവിന്റെ സാന്നിധ്യംകൊണ്ട്‌ വളരെയധികം കോശങ്ങള്‍ ഒന്നുചേര്‍ന്ന്‌ കെട്ടുകളായി സ്ഥിതിചെയ്യുന്നു. ഈ കോശങ്ങള്‍ക്ക്‌ സെലുലോസ്‌ കൊണ്ടുള്ള ഭിത്തികളും ഉണ്ട്‌. ചെടിത്തണ്ടിനെ അഴുക്ക-ി ചതച്ചാണ്‌ നാരു വേര്‍തിരിച്ചെടുക്കുന്നത്‌. അഴുക്കലിന്റെ ഫലമായി ഉണ്ടാകുന്ന ചില ബാക്‌റ്റീരിയകളുടെ പ്രവര്‍ത്തനഫലമായി നാരുകള്‍ വേര്‍പെടുന്നു. അഗേവ്‌, മാനിലാ ഹെമ്പ്‌, സാല്‍സിവീരിയ തുടങ്ങിയ ചെടികളുടെ ഇലയില്‍നിന്നുമാണ്‌ നാരുകള്‍ എടുക്കുന്നത്‌. ഈ നാരുകള്‍ ചെറുതെങ്കിലും നല്ല കട്ടിയുള്ളവയാണ്‌. ഈ നാരുകളെ കൂട്ടംകൂട്ടമായി വേര്‍തിരിച്ചെടുക്കാന്‍ സാധിക്കും. കായുടെയോ വിത്തിന്റെയോ പുറംതോടില്‍ നിന്നെടുക്കുന്ന നാരുകളെ കോശനാരുകള്‍ എന്നു പറയുന്നു. പരുത്തിയില്‍ വിത്തിന്റെ ഉപഅധിചര്‍മമാണ്‌ നാരായിത്തീരുന്നത്‌. കാപോക്കില്‍ കായുടെ ആന്തരിക അണ്ഡപര്‍ണച്ചട്ടയുടെ ആന്തരികഭാഗമാണ്‌ പഞ്ഞിയായി തീരുന്നത്‌.

വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തെ ആസ്‌പദമാക്കി നാരുകളെ തുണിനാരുകള്‍, കയര്‍നാരുകള്‍, ബ്രഷ്‌നാരുകള്‍, മെടച്ചില്‍നാരുകള്‍, നിറയ്‌ക്കുന്നതിനുള്ള നാരുകള്‍ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്‌. പരുത്തി (ജൂട്ട്‌), കെനാഫ്‌, റോസല്ലെ, ചണം (ജൂട്ട്‌, ഫ്‌ളാക്‌സ്‌, ഹെമ്പ്‌), റാമി, കള്ളി, അഗേവ്‌ സ്‌പീഷീസുകള്‍; തെങ്ങ്‌, കൈതച്ചെടി, വാഴ എന്നിവയാണ്‌ സാധാരണ നാരുവര്‍ഗചെടികള്‍.

7. സുഗന്ധരുചിവര്‍ധകവിളകള്‍. സുഗന്ധരുചിവര്‍ധകവസ്‌തുക്കള്‍ ചേര്‍ക്കുമ്പോള്‍ ആഹാരസാധനങ്ങളുടെ മണവും രുചിയും വര്‍ധിക്കുന്നു. വിശപ്പും ആഹാരത്തോടുള്ള ആഭിമുഖ്യവും വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ ദഹനരസം സ്രവിപ്പിക്കുന്നതിന്‌ ദഹനേന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുന്നതിനും ഇവയ്‌ക്കു കഴിവുണ്ട്‌. മിക്കയിനവും ഉഷ്‌ണമേഖലാകാലാവസ്ഥയില്‍ വളരുന്നവയാണ്‌. പ്രധാനവിളകള്‍: കുരുമുളക്‌, മുളക്‌, മഞ്ഞള്‍, ഇഞ്ചി, ഏലം, ഉള്ളി, വെളുത്തുള്ളി, കടുക്‌, ജീരകം, മല്ലി, ഓമം, കായം, കരയാമ്പൂ, ജാതി, കറുവ, വാനില, കുങ്കുമം.

8. ഔഷധവിളകളും പാനീയവിളകളും. പുകയില, കഞ്ചാവ്‌, കറുപ്പ്‌ മുതലായവയെ ഔഷധവിളകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പൊതുവേ വിഷവസ്‌തുക്കളായ ഇവ ചെറിയ മാത്രകളില്‍ മയക്കുമരുന്നായും ഉപയോഗിക്കുന്നുണ്ട്‌. പുകയില, കഞ്ചാവ്‌ തുടങ്ങിയവയെ ധൂമികവിളകള്‍ എന്ന കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ചവയ്‌ക്കുമ്പോഴോ നീര്‌ കഴിക്കുമ്പോഴോ ലഹരി അനുഭവപ്പെടുന്നതായ വെറ്റില, അടയ്‌ക്ക എന്നിവയെ ചര്‍വണ വിളകളില്‍പ്പെടുത്തിയിരിക്കുന്നു. ചര്‍വണ വിളകളില്‍ പെടുന്നവയാണ്‌ പുകയിലയും. പലതരത്തിലുള്ള മരുന്നുകളും ഇത്തരം ചെടികളില്‍നിന്നുത്‌പാദിപ്പിക്കുന്നുണ്ട്‌. പ്രധാന ഔഷധപാനീയവിളകള്‍ പുകയിലച്ചെടി, വെററിലച്ചെടി, ചിക്കറി തുടങ്ങിയവയാണ്‌.

9. റബ്ബര്‍വിള. നിത്യജീവിതത്തില്‍ റബ്ബര്‍ ഉത്‌പന്നങ്ങളുടെ പ്രാധാന്യം നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്‌. ഇത്‌ മുഖ്യമായും ഒരു ഉഷ്‌ണമേഖലാവിളയാണ്‌. തെക്കേ അമേരിക്കയാണ്‌ റബ്ബറിന്റെ ജന്മസ്ഥലം. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ റബ്ബര്‍ നല്ലതുപോലെ സ്വാധീനിക്കുന്നുണ്ട്‌. ബ്രസീലില്‍നിന്നും ഇറക്കുമതിചെയ്‌ത ഹീവിയ ബ്രസീലിയന്‍സീസ്‌ എന്ന ഇനത്തില്‍ നിന്നാണ്‌ ഇന്ത്യയില്‍ റബ്ബര്‍ ഉത്‌പാദിപ്പിക്കുന്നത്‌. റബ്ബര്‍ മരത്തിന്റെ കറ (ലാറ്റക്‌സ്‌) യാണ്‌ റബ്ബറായി രൂപാന്തരപ്പെടുന്നത്‌. മാനിഹൊട്ട്‌ ഗ്ലാസിയോവൈ, ക്രിപ്‌റ്റോസ്റ്റീജിയ ടാരക്‌സാകം എന്നീ ഇനം മരങ്ങളില്‍ നിന്നും റബ്ബര്‍ ഉത്‌പാദിപ്പിക്കുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ലാറ്റക്‌സ്‌ ലഭിക്കുന്നത്‌ ഹീവിയ ബ്രസീലിയന്‍സിസ്‌ എന്ന ഇനത്തില്‍നിന്നാണ്‌.

10. പച്ചിലവള വിളകള്‍. ഇവ രണ്ടുതരമുണ്ട്‌: ലഗ്യൂമിനേസീ കുടുംബത്തില്‍പ്പെട്ട പയറുവര്‍ഗച്ചെടികള്‍ (പാടത്തുവളര്‍ത്തുകയും നേരിട്ടു ഉഴുതുചേര്‍ക്കുന്നവയും), മറ്റു ചെടികളുടെ ഇലകള്‍. പച്ചിലവളവിളകള്‍ കാര്‍ഷിക സാമ്പത്തിക വികസനത്തില്‍ നല്ലൊരു പങ്കുവഹിക്കുന്നു. പയറുവര്‍ഗങ്ങളില്‍പ്പെട്ടതും അന്തരീക്ഷ നൈട്രജന്‍ സംഭരിച്ചുവയ്‌ക്കാന്‍ കഴിവുള്ളതുമായ ഡെയിഞ്ചാ, ചണമ്പ്‌, കൊഴിഞ്ഞില്‍ എന്നിവ പച്ചിലവളങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നു. മരങ്ങളുടെ ഇലകളും വളമായി ഉപയോഗിക്കുന്നുണ്ട്‌. ഉദാ. ശീമക്കൊന്ന, പൂവരശ്‌.

11. ഫോഡര്‍ വിളകള്‍. കന്നുകാലിത്തീറ്റയ്‌ക്കുവേണ്ടി വളര്‍ത്തുന്നവയാണ്‌ ഫോഡര്‍ വിളകള്‍. നേരിട്ട്‌ കാലിത്തീറ്റയായി ഉപയോഗിക്കുന്നവ, മേച്ചിലിനുവേണ്ടി വളര്‍ത്തുന്നവ, വയ്‌ക്കോലിനായി വളര്‍ത്തുന്നവ തുടങ്ങിയവയെല്ലാം ഫോഡര്‍ വിളകളില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഫോഡര്‍ വിളകളെ ഉഷ്‌ണമേഖലയിലെ വിളകള്‍, ശീതമേഖലയിലെ വിളകള്‍ എന്നു രണ്ടായി വര്‍ഗീകരിക്കാം. ഇവയിലോരോന്നിലും പുല്‍വര്‍ഗ ഫോഡര്‍വിളകള്‍, പയറുവര്‍ഗ ഫോഡര്‍വിളകള്‍ എന്നിങ്ങനെ രണ്ടിനങ്ങളുണ്ട്‌. രണ്ടിനത്തിലും ചിരസ്ഥായികളും ഔഷധികളുമുണ്ട്‌. സാധാരണ പയറുവര്‍ഗങ്ങള്‍ എല്ലാംതന്നെ കാലിത്തീറ്റ വിളകളായും ഉപയോഗിക്കാന്‍ കഴിയും. കേരളത്തില്‍ മുഖ്യമായി വന്‍പയര്‍ (വിഗ്നാ സെനെന്‍സീസ്‌) ഈ രീതിയില്‍ കൃഷിചെയ്യുന്നു. ഇവ കൃഷിചെയ്യുന്നതുകൊണ്ട്‌ മണ്ണിന്റെ ഫലപുഷ്‌ടി വര്‍ധിക്കുമെന്ന മെച്ചവുമുണ്ട്‌.

കൃഷിയുടെ വൈപുല്യവും ഉത്‌പന്നത്തിന്റെ അളവും പരിഗണിക്കുമ്പോള്‍ പുല്‍വര്‍ഗ ഫോഡര്‍വിളകളാണ്‌ കാലിത്തീറ്റയായി ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യം. കേരളത്തില്‍ മുഖ്യമായി കൃഷി ചെയ്‌തുവരുന്ന പുല്‍വര്‍ഗ ഫോഡര്‍വിളകള്‍ ഗിനിപ്പുല്ല്‌, നേപ്പിയര്‍ പുല്ല്‌, പാരാപ്പുല്ല്‌ എന്നിവയാണ്‌. ചോളം, മണിച്ചോളം, ബജ്‌റ എന്നീ ധാന്യവിളകളും കാലിത്തീറ്റയായി കൃഷി ചെയ്‌തുവരുന്നുണ്ട്‌. ധാന്യവിളകളില്‍നിന്നു കിട്ടുന്ന വയ്‌ക്കോലും കാലിത്തീറ്റയായി ഉപയോഗിച്ചുവരുന്നു.

കാര്‍ഷികാന്തരീക്ഷ ശാസ്‌ത്രം

കാര്‍ഷികവിളകളുടെ വളര്‍ച്ചയിലും വിളവിന്റെ തോതിലും അന്തരീക്ഷ ശക്തികള്‍ക്കുള്ള സ്വാധീനത്തെക്കുറിച്ചു നടത്തുന്ന പഠനം. ഊഷ്‌മാവ്‌, മഴ, അന്തരീക്ഷമര്‍ദം, സൂര്യപ്രകാശം, കാറ്റ്‌ തുടങ്ങിയവയാണ്‌ പ്രധാനപ്പെട്ട അന്തരീക്ഷശക്തികള്‍. ഊഷ്‌മാവ്‌. കാര്‍ഷികവിളകളെ ശീതകാലവിളകള്‍ എന്നും ഉഷ്‌ണകാലവിളകള്‍ എന്നും തരംതിരിച്ചിരിക്കുന്നതില്‍നിന്ന്‌ വിളകളുടെ ഉത്‌പാദനത്തില്‍ ഊഷ്‌മാവിനുള്ള പ്രാധാന്യം എത്രയെന്ന്‌ മനസ്സിലാക്കാം. ശീതകാലവിളകളില്‍ പ്രധാനപ്പെട്ടവ ഗോതമ്പ്‌, റൈ, ബാര്‍ലി, തീറ്റപ്പുല്ലുകള്‍ എന്നിവയാണ്‌. ഈ വിളകള്‍ക്ക്‌ 4.5ീഇ നും 32ീഇ നും മധ്യേയുള്ള ഊഷ്‌മാവ്‌ ആണ്‌ അനുയോജ്യം. ഊഷ്‌മാവ്‌ ഇതില്‍ കൂടുകയോ കുറയുകയോ ചെയ്‌താല്‍ വിളകള്‍ക്കു നാശനഷ്‌ടങ്ങള്‍ ഉണ്ടാകും. ഉഷ്‌ണകാലവിളകളില്‍ പ്രധാനപ്പെട്ടവ ചോളം, നെല്ല്‌, പരുത്തി, സോയപ്പയറ്‌, ചിലതരം തീറ്റപ്പയറുകള്‍ എന്നിവയാണ്‌. ഈ വിളകള്‍ സാധാരണയായി 10C നു താഴെ നന്നായി വളരുകയില്ല. ഇവയ്‌ക്ക്‌ 44ീഇ വരെയുള്ള ഊഷ്‌മാവിനെ ചെറുത്തുനില്‌ക്കാനുള്ള കഴിവുണ്ട്‌. ഈ വിളകള്‍ക്ക്‌ ഏറ്റവും അനുയോജ്യമായ ഊഷ്‌മാവ്‌ 30C നും 38Cഇനും മധ്യേയാണ്‌്‌.

ജീവജാലങ്ങളിലെ രാസപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ഊഷ്‌മാവിന്‌ വലിയ പങ്കുണ്ട്‌. ഊഷ്‌മാവ്‌ കൂടുന്നതനുസരിച്ച്‌ രാസപ്രവര്‍ത്തനത്തിന്റെയും തോതുകൂടുന്നു. ഊഷ്‌മാവ്‌ 10ീഇ ഉയര്‍ത്തുമ്പോള്‍ മിക്ക രാസപ്രവര്‍ത്തനത്തിന്റെയും തോത്‌ ഇരട്ടിയാകുന്നതായി കാണാം. ഇതിനെ ക്യു 10 വാല്യു എന്നു പറയുന്നു. പക്ഷേ ഈ ക്യു 10 വാല്യു ഒരു നിശ്ചിത ഊഷ്‌മാവുവരെ മാത്രമേ ഉയരുകയുള്ളൂ. ജീവജാലങ്ങളിലെ രാസപ്രവര്‍ത്തനത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട മൂന്നുതരം ഊഷ്‌മാവുണ്ട്‌ (cardianl temperatures): രൊസപ്രവര്‍ത്തനം നടക്കുന്ന ഏറ്റവും കുറഞ്ഞ ഊഷ്‌മാവ്‌, ഏറ്റവും കൂടിയ ഊഷ്‌മാവ്‌, ഏറ്റവും അനുയോജ്യമായ ഊഷ്‌മാവ്‌. ഈ ഊഷ്‌മാവിന്റെ തോത്‌ പല വിളകള്‍ക്കും പലതരത്തിലായിരിക്കും.

ഊഷ്‌മാവിന്റെ ഏറ്റക്കുറവുകള്‍ ചെടികളെ പ്രതികൂലമായി ബാധിക്കാറുണ്ട്‌. ഊഷ്‌മാവ്‌ വളരെ കൂടുന്നതുകൊണ്ട്‌ ശീതകാലവിളകള്‍ക്കും ഉഷ്‌ണകാലവിളകള്‍ക്കും ദോഷഫലങ്ങള്‍ ഉണ്ടാകുന്നതായി കണ്ടിട്ടുണ്ട്‌. ചൂട്‌ വളരെ കൂടുമ്പോള്‍ ചെടികളിലെ ജലാംശം നഷ്‌ടപ്പെടുന്നതിന്റെ ഫലമായി പ്രാട്ടോപ്ലാസം പ്രവര്‍ത്തനരഹിതമാകുന്നു. കൂടാതെ ചെടികളിലുള്ള വളരെ പ്രധാനപ്പെട്ട എന്‍സൈമുകളുടെ ഘടനയില്‍ വരുന്ന മാറ്റ-ംമൂലം അവയുടെ പ്രവര്‍ത്തനക്ഷമതയും കുറയുന്നു. പുഷ്‌പിക്കുന്ന സമയത്ത്‌ ഊഷ്‌മാവ്‌ കുറവായാല്‍ ഉഷ്‌ണകാല വിളകളില്‍ പരാഗവന്ധ്യത, പൂക്കളുടെയും കായ്‌കളുടെയും പൊഴിച്ചില്‍ എന്നിവയും സംഭവിക്കും. ഊഷ്‌മാവ്‌ തീരെ കുറഞ്ഞുപോയാല്‍ കോശങ്ങള്‍ മരവിച്ച്‌, ചെടികളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു. ഊഷ്‌മാവിലുണ്ടാകുന്ന താഴ്‌ച അധികനാള്‍ നിലനിന്നാല്‍, പ്രതിരോധശക്തിയുള്ള വൃക്ഷങ്ങളില്‍പ്പോലും മുകുളങ്ങള്‍ "ഉറങ്ങി'പ്പോകുന്നു. ഈ സമയത്ത്‌ ജീവപ്രവര്‍ത്തനങ്ങള്‍ തുലോം പരിമിതമായിരിക്കും. വളരെക്കൂടുതല്‍ തണുപ്പുകൊണ്ട്‌ ബ്ലാക്ക്‌ഫ്രാസ്റ്റ്‌, വിന്റര്‍ബേണ്‍ തുടങ്ങിയ ക്ഷതങ്ങള്‍ ഉണ്ടാകും.

സസ്യങ്ങളുടെ വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും ഊഷ്‌മാവിനു പങ്കുണ്ട്‌. ഊഷ്‌മാവിനെ നിയന്ത്രിക്കുവാന്‍ മനുഷ്യനു സാധ്യമല്ല. എന്നാല്‍ ആധുനിക കൃഷിസങ്കേതങ്ങള്‍ ആവിഷ്‌കരിച്ച്‌, ഊഷ്‌മാവിലുണ്ടാകുന്ന ഏറ്റക്കുറവുകള്‍മൂലം കൃഷിക്കുണ്ടാകുന്ന തകരാറുകള്‍ ഒഴിവാക്കാന്‍ കഴിയുന്നുണ്ട്‌. ചൂടിനെ അതിജീവിക്കുവാന്‍ കഴിവുള്ള ഇനങ്ങള്‍ തിരഞ്ഞെടുക്കുന്നതായാല്‍ നഷ്‌ടം ഒരുപരിധിവരെ ഒഴിവാക്കാം. പല വികസിതരാജ്യങ്ങളിലും തോട്ടങ്ങളില്‍ സ്‌പ്രിങ്‌ക്‌ളര്‍ ഇറിഗേഷന്‍ ഉപയോഗിച്ചും ഗ്രീന്‍ ഹൗസുകളില്‍ പങ്ക ഉപയോഗിച്ചും ഊഷ്‌മാവ്‌ നിയന്ത്രിച്ചുനിര്‍ത്തുന്നുണ്ട്‌. മിതോഷ്‌ണമേഖലകളില്‍ നിശ്ചിതമായ അളവില്‍ ഊഷ്‌മാവ്‌ നിലനിര്‍ത്താന്‍ "സ്‌മഡ്‌ജിങ്‌' എന്ന ഉപാധി ഉപയോഗപ്പെടുത്തിവരുന്നു. ഊഷ്‌മാവ്‌, തീരെ താണുപോകുമ്പോള്‍ ഗ്രീന്‍ഹൗസുകളില്‍ എണ്ണഅടുപ്പുകള്‍ കത്തിക്കുന്ന പരിപാടിയാണ്‌ "സ്‌മഡ്‌ജിങ്‌'. ചില വിളകള്‍ക്ക്‌ കൃഷി ഇറക്കുമ്പോള്‍ വളരെ തണുപ്പുള്ള കാലാവസ്ഥയും അതിനുശേഷം ചൂടുള്ള കാലാവസ്ഥയും ആവശ്യമുണ്ട്‌. ഉദാ. ശരത്‌കാലത്തെ ഗോതമ്പ്‌ വിതച്ചുകഴിഞ്ഞു കുറെ നാളത്തേക്കു നല്ല തണുപ്പും അതിനുശേഷം ചൂടുമുള്ള കാലാവസ്ഥ ഉണ്ടായാല്‍മാത്രമേ അവ പുഷ്‌പിക്കുകയുള്ളൂ. ഇതിനെ "വെര്‍ണലൈസേഷന്‍' എന്നുപറയുന്നു.

മഴ. സസ്യങ്ങളുടെ വളര്‍ച്ചയെ ബാധിക്കുന്ന വളരെ പ്രധാനപ്പെട്ട ഘടകമാണ്‌ മഴ. മഴയുടെ ലഭ്യതയനുസരിച്ച്‌ ഭൂമിയെ അഞ്ചു മേഖലകളായി തരംതിരിക്കാം.

(i) ആണ്ടില്‍ 25 സെ.മീ.ല്‍ താഴെ മാത്രം മഴ ലഭിക്കുന്ന മരുപ്രദേശം (ആരിഡ്‌). ഉദാ. രാജസ്ഥാന്‍. ഈ മരുപ്രദേശങ്ങളില്‍ മഴയെ ആശ്രയിച്ചുള്ള കൃഷികള്‍ സാധ്യമല്ല. എന്നാല്‍ ജലസേചനം വഴി പലവിളകളും കൃഷിചെയ്യാന്‍ സാധിക്കും. (ii) ആണ്ടില്‍ 25 സെ.മീ.30 സെ.മീ. മഴ ലഭിക്കുന്ന പ്രദേശം. ഉദാ. ഹൈദരാബാദ്‌. അര്‍ധമരു(സെമി ആരിഡ്‌)പ്രദേശങ്ങള്‍ എന്നറിയപ്പെടുന്ന ഈ പ്രദേശങ്ങളില്‍ ചില കൊല്ലങ്ങളില്‍ നല്ല മഴ ലഭിക്കുന്നു. നല്ല മഴയുള്ള വര്‍ഷങ്ങളില്‍ നല്ല വിളവുകള്‍ കിട്ടും. ഈ പ്രദേശങ്ങള്‍ക്കു പറ്റിയ വിളകള്‍ ഉരുത്തിരിച്ചെടുക്കുന്നതിനുവേണ്ടി ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന "ഇന്റര്‍നാഷണല്‍ ക്രാപ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഫോര്‍ ദ്‌ സെമി ആരിഡ്‌ ട്രാപിക്‌സ്‌' (ICRISAT ഐക്രിസാറ്റ്‌) ഗവേഷണങ്ങള്‍ നടത്തിവരുന്നുണ്ട്‌.

(iii) ആണ്ടില്‍ 75 സെ.മീ. 100 സെ.മീ. മഴ ലഭിക്കുന്ന പ്രദേശങ്ങള്‍. ജലത്തിന്റെ ദൗര്‍ലഭ്യം തീരെ അനുഭവപ്പെടാത്ത ഇത്തരം സ്ഥലങ്ങളെ സെമിഹ്യുമിഡ്‌ പ്രദേശങ്ങള്‍ എന്നു പറയുന്നു. ഈ പ്രദേശങ്ങളില്‍ പലതരം വിളകള്‍ നന്നായി വളരുന്നു. (iv) ആണ്ടില്‍ 100 സെ.മീ.ല്‍ കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങള്‍. ഈ സ്ഥലങ്ങളെ ഹ്യുമിഡ്‌ പ്രദേശം എന്നുപറയുന്നു. പല സമുദ്രതീരപ്രദേശങ്ങളും ഈ ഇനത്തില്‍പ്പെടുന്നു. കേരളത്തിന്റെ പല ഭാഗങ്ങളും ഹ്യുമിഡ്‌ പ്രദേശങ്ങള്‍ ആണ്‌. (v) ആണ്ടില്‍ വളരെയധികം മഴ ലഭിക്കുന്ന പ്രദേശങ്ങള്‍. ഇവിടെ വര്‍ഷന്തോറും വളരെ കൂടുതല്‍ മഴ ലഭിക്കുന്നു. സബ്‌ട്രാപ്പിക്കല്‍ പ്രദേശങ്ങള്‍ എന്നറിയപ്പെടുന്ന ഈ പ്രദേശങ്ങളിലെ ശരാശരി വാര്‍ഷിക ഊഷ്‌മാവ്‌ 21oC നും 24oC നും മധ്യേയായിരിക്കും. ഈ ഭാഗങ്ങളില്‍ നാരകം, കരിമ്പ്‌ മുതലായ വിളകള്‍ വളരെ നന്നായി വളരുന്നു.

ഹ്യുമിഡ്‌സെമിഹ്യുമിഡ്‌ പ്രദേശങ്ങളില്‍ വാര്‍ഷിക മഴ, വിളകളെ കാര്യമായി ബാധിക്കാറില്ല. എന്നാല്‍ ആരിഡ്‌ പ്രദേശങ്ങളിലും സെമി ആരിഡ്‌ പ്രദേശങ്ങളിലും മഴയുടെ കൂടുതല്‍കുറവ്‌ വിളകളെ സാരമായി ബാധിക്കാറുണ്ട്‌. ചെടികളുടെ വളര്‍ച്ചയെ മഴ മൂന്നു പ്രകാരത്തില്‍ സ്വാധീനിക്കുന്നുണ്ട്‌: (i) വളര്‍ച്ച ഘട്ടങ്ങളിലെ മഴചെടി നന്നായി വളരുന്ന സമയത്തുള്ള മഴ, പുഷ്‌പിക്കുന്ന സമയത്തെ മഴയെക്കാള്‍ കൂടുതല്‍ ഗുണം ചെയ്യും; (ii) മണ്ണിന്റെ ഈര്‍പ്പനിലവാരം നിലനിര്‍ത്തുന്ന മഴജൂണ്‍, ജൂലായ്‌ മാസങ്ങളില്‍ ഉണ്ടാകുന്ന അധികമായ ഈര്‍പ്പം വിളകള്‍ക്കു ദോഷം ചെയ്യുന്നു. എന്നാല്‍ ആഗസ്റ്റില്‍ ഉള്ള ഈര്‍പ്പം വിളകള്‍ക്ക്‌ വളരെ നല്ലതാണ്‌; (iii) മഴമൂലം മണ്ണിന്റെ ഘടനയിലുണ്ടാകുന്ന മാറ്റങ്ങള്‍ തുടര്‍ച്ചയായുള്ള വലിയ മഴ മണ്ണില്‍ ഉള്ള വെള്ളം നഷ്‌ടപ്പെട്ടു പോകുന്നതിനും കൂടാതെ മണ്ണൊലിപ്പുമൂലം മണ്ണിന്റെ ഫലഭൂയിഷ്‌ഠത കുറയുന്നതിനും കാരണമാകുന്നു.

സൂര്യപ്രകാശം. സൂര്യപ്രകാശത്തിന്റെ സ്വഭാവം, തോത്‌, പ്രകാശദൈര്‍ഘ്യം എന്നീ ഘടകങ്ങള്‍ സസ്യവളര്‍ച്ചയെ ബാധിക്കുന്നുണ്ട്‌. കാലഭേദം, ഭൂമിയുടെ കിടപ്പ്‌, അന്തരീക്ഷത്തിന്റെ ഘടന എന്നീ ഘടകങ്ങളാണ്‌ പ്രകാശത്തിന്റെ സ്വഭാവം നിര്‍ണയിക്കുന്നത്‌. സൂര്യരശ്‌മികളിലെ നീലനിറമുള്ള ഭാഗവും ചുവപ്പുനിറമുള്ള ഭാഗവും ആണ്‌ ചെടികളിലെ ഹരിതകം (ക്‌ളോറോഫില്‍) വലിച്ചെടുക്കുന്നത്‌.

പ്രകാശത്തിന്റെ സാന്ദ്രത അളക്കുന്നതിന്‌ ഉപയോഗിക്കുന്ന മെട്രിക്‌ യൂണിറ്റ്‌ "ലക്‌സ്‌' ആണ്‌. ഇത്‌ ഉദ്ദേശം 0.093 ഫുട്ട്‌കാന്‍ഡിലിനു (ഒരു സ്റ്റാന്റേഡ്‌ മെഴുകുതിരിക്കു ചുറ്റും 1' ദൂരത്തിലുള്ള ഉപരിതലത്തില്‍ പതിക്കുന്ന പ്രകാശം) തുല്യമാണ്‌. സാധാരണ സസ്യങ്ങളില്‍ പ്രകാശസംശ്ലേഷണം നടക്കുന്നതിനു 100200 ഫുട്ട്‌ കാന്‍ഡിലോ (എഫ്‌.സി.) അതില്‍ കൂടുതലോ പ്രകാശം വേണ്ടിവരും. സൂര്യപ്രകാശം സുലഭമായി ലഭിക്കുന്നതുകൊണ്ട്‌ ഉഷ്‌ണമേഖലാപ്രദേശങ്ങളില്‍ പ്രകാശസംശ്ലേഷണത്തിന്‌ ഒരു പ്രശ്‌നവുമുണ്ടാകാറില്ല. എന്നാല്‍ മിതോഷ്‌ണമേഖലാ പ്രദേശങ്ങളിലും ശീതമേഖലാ പ്രദേശങ്ങളിലും പലപ്പോഴും 100 എഫ്‌.സി.യില്‍ താഴെയേ പ്രകാശം ലഭിക്കാറുള്ളൂ. ഇവിടങ്ങളില്‍ പലപ്പോഴും പ്രകാശം കൃത്രിമമായി നല്‌കേണ്ടിവരുന്നു. സസ്യങ്ങള്‍ കൂട്ടംകൂടി വളരുന്നതുകൊണ്ടും ചെറിയ വൃക്ഷങ്ങള്‍ വലിയ വൃക്ഷങ്ങളുടെ താഴെ വളരുന്നതുകൊണ്ടും ആവശ്യത്തിനു പ്രകാശം ലഭ്യമാകാതെ വരുന്നു. ഇത്‌ ചെടികളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു. തണലില്‍ വളരുന്ന ചെടികള്‍ വളരെ ഉയരത്തില്‍ വളരുകയും അവയുടെ പച്ചനിറം കുറഞ്ഞ്‌ വിളറിപ്പോകുകയും ചെയ്യുന്നു.

സൂര്യപ്രകാശത്തിന്റെ സാന്ദ്രത നിയന്ത്രിക്കുക സാധ്യമല്ലെങ്കിലും ചെടികള്‍ തമ്മിലുള്ള അകലം വര്‍ധിപ്പിച്ചും നിരകളുടെ എണ്ണം കുറച്ചും ഈ പരിതസ്ഥിതികള്‍ക്കു പറ്റിയ വിളകള്‍ തിരഞ്ഞെടുത്തും പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാന്‍ സാധിക്കും. ഒരു ദിവസം (24 മണിക്കൂര്‍) എത്രസമയം പ്രകാശം ലഭിക്കും എന്നതിനെ അടിസ്ഥാനമാക്കിയാണ്‌ പ്രകാശദൈര്‍ഘ്യം (പകല്‍ ദൈര്‍ഘ്യം) അളക്കുന്നത്‌. സാധാരണഗതിയില്‍ പകല്‍ കൂടുന്നത്‌ സസ്യങ്ങളുടെ വളര്‍ച്ചയ്‌ക്കു നല്ലതാണ്‌. പകല്‍സമയം കൂടുതല്‍ പ്രകാശസംശ്ലേഷണം നടക്കുന്നതുകൊണ്ട്‌ കൂടുതല്‍ അന്നജം ഉത്‌പാദിപ്പിക്കുന്നു. പല വിളകള്‍ക്കും അവ പുഷ്‌പിക്കുന്നതിന്‌ നിശ്ചിത അളവുകളില്‍ പകലും രാത്രിയും ആവശ്യമാണ്‌. ഇതിനു "ഫോട്ടോ പീരിയോഡിക്‌ പ്രതികരണം' എന്നു പറയുന്നു. ഫോട്ടോ പീരിയോഡിക്‌ പ്രതികരണങ്ങളെ അടിസ്ഥാനമാക്കി സസ്യങ്ങളെ മൂന്നായി തരംതിരിക്കാം.

1. പകല്‍ വെളിച്ചം കൂടുതല്‍ വേണ്ട ചെടികള്‍. ബാര്‍ലി, ചിലതരം ഗോതമ്പ്‌, ഓട്‌സ്‌, റൈ, ആല്‍ഫാല്‍ഫാ, ഗ്രാമ്പു എന്നിവ ഇത്തരം വിളകളില്‍പ്പെടുന്നു. ഇവയ്‌ക്ക്‌ പുഷ്‌പിക്കുവാന്‍ 13 മണിക്കൂര്‍ പകലും 11 മണിക്കൂര്‍ രാത്രിയും ലഭിക്കണം. ഇങ്ങനെയുള്ള പ്രകാശദൈര്‍ഘ്യം കിട്ടിയില്ലെങ്കില്‍ അവ സാധാരണ പുഷ്‌പിക്കാറില്ല.

2. പകല്‍ വെളിച്ചം അധികം വേണ്ടാത്ത ചെടികള്‍. ചിലതരം നെല്ല്‌, സോയപ്പയര്‍, മറ്റുതരം പയറുകള്‍ എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഇവ പുഷ്‌പിക്കുവാന്‍ പകല്‍ 12 മണിക്കൂറില്‍ കൂടാന്‍ പാടില്ല. 3. പകല്‍ വെളിച്ചത്തിന്റെ കുറവ്‌ കാര്യമായി ബാധിക്കാത്ത ചെടികള്‍. പരുത്തി, അത്യുത്‌പാദനശേഷിയുള്ള നെല്ലിനങ്ങള്‍, ചോളം, പലതരം പച്ചക്കറികള്‍ എന്നിവ ഈയിനത്തില്‍പ്പെടുന്നു. പകല്‍ദൈര്‍ഘ്യം ഇവയെ കാര്യമായി ബാധിക്കാറില്ല. ഇങ്ങനെയുള്ളവ മിക്കവാറും എല്ലാ കാലങ്ങളിലും കൃഷിചെയ്യുവാന്‍ സാധിക്കും.

പ്രകാശദൈര്‍ഘ്യം കണക്കിലെടുത്തുകൊണ്ടാവണം വിളകള്‍ തിരഞ്ഞെടുക്കേണ്ടത്‌. പകല്‍ കുറഞ്ഞിരിക്കുമ്പോള്‍ ദീര്‍ഘവാസരവിളകളും പകല്‍ കൂടിയിരിക്കുമ്പോള്‍ ഹ്രസ്വവാസരവിളകളും തിരഞ്ഞെടുക്കുന്നത്‌ ഉചിതമല്ല. കേരളത്തില്‍ വിരിപ്പ്‌, മുണ്ടകന്‍, പുഞ്ച എന്നീ പേരുകളുള്ള മൂന്നു കൃഷിക്കാലങ്ങ (seasons) ളൊണുള്ളത്‌. വിരിപ്പ്‌ കൃഷി ഏപ്രില്‍മേയ്‌ മുതല്‍ ആഗസ്റ്റ്‌ സെപ്‌തംബര്‍ വരെയും മുണ്ടകന്‍ ആഗസ്റ്റ്‌ സെപ്‌തംബര്‍ മുതല്‍ ഡിസംബര്‍ജനുവരി വരെയും പുഞ്ച ഡിസംബര്‍ജനുവരി മുതല്‍ മാര്‍ച്ച്‌ ഏപ്രില്‍ വരെയും ആണ്‌. വിരിപ്പുകൃഷിയെ ഒന്നാം വിളയെന്നും, മുണ്ടകനെ രണ്ടാംവിളയെന്നും, പുഞ്ചയെ മൂന്നാംവിളയെന്നും വിളിക്കുന്നു. ഈ കാലങ്ങളില്‍ പ്രധാന വിളയായ നെല്‍ക്കൃഷി ചെയ്‌തുവരുന്നു. ഒന്നും രണ്ടും വിളകള്‍ക്കു മഴ ലഭ്യമാണ്‌. ജലസേചനം നടത്തിയാണ്‌ പുഞ്ചക്കൃഷിയിറക്കുന്നത്‌. കേരളത്തില്‍ കാലവര്‍ഷക്കാലം, തുലാവര്‍ഷകാലം എന്നിങ്ങനെ പൊതുവായി രണ്ടുകൃഷിക്കാലങ്ങളും ഉണ്ട്‌. മേയ്‌ മുതല്‍ സെപ്‌തംബര്‍ വരെ ലഭിക്കുന്ന തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴയെ ആശ്രയിച്ചും ഒക്‌ടോബര്‍ഡിസംബര്‍ മാസങ്ങളില്‍ ലഭിക്കുന്ന വടക്കുകിഴക്കന്‍ മണ്‍സൂണ്‍ മഴയെ ആശ്രയിച്ചുമാണ്‌ ഈ കാലങ്ങളില്‍ കൃഷിയിറക്കുന്നത്‌.

ഖരീഫ്‌, റാബി എന്നിവയാണ്‌ ഭാരതത്തിലെ പ്രധാന കൃഷിക്കാലങ്ങള്‍. ഇതില്‍ ഖരീഫ്‌ മഴക്കാലവിളയും റാബി തണുപ്പുകാലവിളയും ആണ്‌. ഖരീഫ്‌ കാലത്താണ്‌ ഏറ്റവും കൂടുതല്‍ സ്ഥലത്ത്‌ കൃഷിയിറക്കുന്നത്‌. ഭാരതീയ അന്തരീക്ഷശാസ്‌ത്രവകുപ്പ്‌ ഇന്ത്യയിലെ "സീസണു'കളെ നാലായി തരംതിരിച്ചിട്ടുണ്ട്‌: തണുപ്പുകാലം (ജനു.ഫെ.); ചൂടുകാലം; (മാ.മേയ്‌); കാലവര്‍ഷകാലംതെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (മേയ്‌സെപ്‌.); തുലാവര്‍ഷകാലംവടക്കുകിഴക്കന്‍ മണ്‍സൂണ്‍ (ഒ.ഡി.).

കാര്‍ഷിക വിപണനം

ഉത്‌പാദകരായ കൃഷിക്കാരില്‍നിന്നും ശേഖരിച്ച ഉത്‌പന്നങ്ങള്‍ നിര്‍ദിഷ്‌ട ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ച്‌, സംസ്‌കരിച്ച്‌, നിശ്ചിത അളവിലും തൂക്കത്തിലും വിലയ്‌ക്കും ഉപഭോക്താവിന്‌ എത്തിച്ചുകൊടുക്കുന്ന പ്രക്രിയ. സ്വയംപര്യാപ്‌തത നിലവിലിരുന്ന പുരാതനകാലത്ത്‌ ജീവിതവൃത്തിക്കുവേണ്ടിയുള്ള കൃഷി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ പില്‌ക്കാലത്തു ജീവിതാവശ്യത്തിനുവേണ്ടിയുള്ള എല്ലാ വിളകളും സ്വയം ഉത്‌പാദിപ്പിക്കാനാവശ്യമായ ഭൂമിയോ മറ്റു വിഭവങ്ങളോ ഇല്ലാതായപ്പോള്‍ കര്‍ഷകര്‍ തൊഴില്‍ വിഭജനത്തില്‍ ഏര്‍പ്പെട്ട്‌ പരസ്‌പരം ആശ്രയിക്കാന്‍ തയ്യാറായി. സ്വന്തം ആവശ്യത്തിനു തികയുന്നതിലുപരി വിളയുത്‌പാദനം ഉണ്ടായപ്പോള്‍ അധികമുള്ളത്‌ കമ്പോളത്തില്‍ വിറ്റഴിച്ചു. അങ്ങനെയാണ്‌ കാര്‍ഷികവിപണനം ആരംഭിച്ചത്‌. ഭക്ഷ്യവിളകളെക്കൂടാതെ വിപണനത്തിനുമാത്രം ഉദ്ദേശിച്ചുകൊണ്ട്‌ നാണ്യവിളകളും കൃഷി ചെയ്യപ്പെട്ടുവന്നു. ആധുനിക കൃഷിസാങ്കേതികത്വവും, വര്‍ധിച്ച ഉത്‌പാദനശേഷിയുമുള്ള വിത്ത്‌, രാസവളം, കീടനാശിനി, യന്ത്രവത്‌കരണം, ജലസേചനം, മണ്ണുസംരക്ഷണം, കാര്‍ഷികവായ്‌പ, സഹകരണം, ഉത്തേജന വിലകള്‍ മുതലായവ വിളയുത്‌പാദനം വര്‍ധിപ്പിക്കാന്‍ സഹായകമായി. തുടര്‍ന്ന്‌ കമ്പോളത്തില്‍ വിപണനം ചെയ്യപ്പെടാവുന്ന കാര്‍ഷികോത്‌പന്നങ്ങളുടെ അളവും വര്‍ധിച്ചു. എന്നാല്‍ ചില കാലങ്ങളില്‍ പ്രതികൂല കാലാവസ്ഥ, കീടങ്ങളുടെയും പ്രാണികളുടെയും ആക്രമണം, വിളരോഗം എന്നിവ കൊണ്ട്‌ കാര്‍ഷികോത്‌പാദനം മിച്ചത്തില്‍നിന്നു കമ്മിയിലേക്കുമാറി. അത്തരം അവസരങ്ങളില്‍ ഉത്‌പാദിപ്പിക്കുന്ന ചരക്കുമുഴുവനും സംഭരിച്ച്‌ ഉപഭോക്താക്കള്‍ക്ക്‌ നീതിപൂര്‍വം വിതരണം ചെയ്യുക എന്ന ശ്രമകരമായ ജോലിയും കാര്‍ഷിക വിപണനത്തിന്റെ ഭാഗമായി. ചുരുക്കത്തില്‍ വിളയുത്‌പാദനം മിച്ചമായാലും കമ്മിയായാലും വിപണനപ്രശ്‌നം സ്ഥായിയായി നിലനില്‌ക്കുമെന്നായി.

കിടമത്സരം പൂര്‍ണമായി നിലനില്‌ക്കുന്ന കാര്‍ഷിക കമ്പോളത്തില്‍ വിപണന പ്രശ്‌നമേ ഉണ്ടാകുന്നില്ല. കാരണം, എല്ലായ്‌പോഴും സന്തുലിതവില ചരക്കിന്റെ പ്രദാന (supply) ത്തെയും ചോദന (demand) ത്തെയും തുല്യമാക്കുന്നു. എന്നാല്‍ യഥാര്‍ഥ കാര്‍ഷികകമ്പോളത്തില്‍ കിടമത്സരം പൂര്‍ണമല്ല; ശുദ്ധവുമല്ല. പ്രദാനവും ചോദനവും എളുപ്പത്തില്‍ പൊരുത്തപ്പെടുകയില്ല. ഉത്‌പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഇടയ്‌ക്ക്‌ ഇടത്തട്ടുകാര്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി ഉപഭോക്താക്കള്‍ കൊടുക്കുന്ന വിലയുടെ ഒരു ഭാഗം മാത്രമേ യഥാര്‍ഥ ഉത്‌പാദകര്‍ക്ക്‌ കിട്ടുകയുള്ളൂ. കൊയ്‌ത്തുനിലത്തെ വിലയും അവസാന കമ്പോളവിലയും തമ്മിലുള്ള അന്തരത്തെ "വിപണനവില വ്യാപ്‌തി' (Market Price Spread) എന്നു വിളിക്കുന്നു. ഇത്‌ എങ്ങനെ ഏറ്റവും ചുരുക്കാം എന്നുള്ളതാണ്‌ കാര്‍ഷിക വിപണനത്തിലെ കാതലായ പ്രശ്‌നം. സഹകരണാടിസ്ഥാനത്തിലുള്ള കാര്‍ഷികവിപണനം വിപണിവില വ്യാപ്‌തി (Price Spread) ചുരുക്കാന്‍ സഹായിക്കുന്നു.

കൊയ്‌ത്തുകാലത്ത്‌ പൊതുവേ ഒരു വിലയിടിവ്‌ എല്ലാവിളകള്‍ക്കും ഉണ്ടാകുന്നു. ചോദനത്തെക്കാള്‍ അധികം പ്രദാനം ഉണ്ടാകുന്നതുകൊണ്ടാണ്‌ ഇത്‌. ചോദനത്തിന്റെ സ്വഭാവമനുസരിച്ച്‌ പ്രദാനത്തെ നിയന്ത്രിക്കുന്നത്‌ കാര്‍ഷികവിപണനമാണ്‌. കാര്‍ഷികോത്‌പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്കാവശ്യമായ സമയത്തും സ്ഥലത്തും അളവിലും രൂപത്തിലും നല്‌കുകയാണ്‌ കാര്‍ഷിക വിപണനത്തിന്റെ ധര്‍മം. പ്രദാനം, ചോദനം, വില എന്നിവയിലുണ്ടാകുന്ന അസ്ഥിരത, ഉത്‌പന്നങ്ങള്‍ക്കു പറ്റുന്ന നാശനഷ്‌ടങ്ങള്‍, ഗതാഗത തടസ്സം എന്നിവ കാര്‍ഷികവിപണനത്തെ സങ്കീര്‍ണമാക്കുന്നു. ഉത്‌പാദകരുടെയും ഉപഭോക്താക്കളുടെയും താത്‌പര്യങ്ങള്‍ സംരക്ഷിക്കാന്‍ കാര്‍ഷിക വിപണനത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണ്ടിവരുന്നു. വില്‌പന സാധ്യതയുള്ള ഒരു ഉത്‌പന്നം ഉത്‌പാദിപ്പിക്കുന്നതിനുള്ള തീരുമാനം എടുക്കുന്നതുമുതല്‍ കാര്‍ഷിക വിപണനം ആരംഭിക്കുന്നു. ഉത്‌പാദനവും ഉപഭോഗവും ത്വരിതപ്പെടുത്തുന്നതുവഴി സമ്പദ്‌ഘടനയെ പുരോഗതിയിലേക്കു നയിക്കുക എന്ന വലിയ ചുമതലയാണ്‌ കാര്‍ഷിക വിപണനംകൊണ്ടു സാധ്യമാക്കുന്നത്‌. കര്‍ഷകര്‍ മുതല്‍ ഉപഭോക്താക്കള്‍വരെ കാര്‍ഷിക ഉത്‌പന്നങ്ങള്‍ എത്തുന്നതിനിടയ്‌ക്ക്‌ ധാരാളം ഇടനിലക്കാര്‍, വിപണനം നടത്തുന്ന ഉത്‌പന്നത്തിന്റെ സ്വഭാവം അനുസരിച്ച്‌ കൈകോര്‍ക്കുന്നുണ്ട്‌. പുരാതനകാലത്ത്‌ ജീവിതവൃത്തിക്കുവേണ്ടിയുള്ള കൃഷിമാത്രമാണ്‌ ഉണ്ടായിരുന്നത്‌. എന്നാല്‍ പിന്നീട്‌ ജനസംഖ്യാവര്‍ധന, ജീവിതനിലവാരത്തിന്റെ ഉയര്‍ച്ച, പലതരത്തിലുള്ള ഉത്‌പന്നങ്ങളുടെ ആവശ്യകത, ഭൂമിയുടെ അപര്യാപ്‌തത തുടങ്ങിയ വസ്‌തുതകള്‍ പരസ്‌പരം ആശ്രയിക്കാനും ഓരോരുത്തരും ഏറ്റവും അനുയോജ്യമായ ഉത്‌പന്നങ്ങള്‍മാത്രം കൃഷിചെയ്യാനും കര്‍ഷകരെ പ്രരിപ്പിച്ചു. സ്വന്തം ആവശ്യത്തിനുപരിയായി ഉത്‌പാദനം ഉണ്ടായപ്പോള്‍ അത്‌ കമ്പോളത്തില്‍ വിറ്റഴിച്ചു. അങ്ങനെയാണ്‌ കാര്‍ഷിക വിപണനം ആരംഭിച്ചത്‌. പിന്നീട്‌ കാര്‍ഷികവിപണനം കൃഷി ഉത്‌പന്നങ്ങളും കൃഷിക്കാവശ്യമായ വസ്‌തുക്കളും ക്രയവിക്രയം നടത്തുന്ന പ്രക്രിയയായി മാറി.

ഭക്ഷ്യവിളകളെക്കൂടാതെ വിപണനത്തിനുമാത്രം ഉദ്ദേശിച്ചുകൊണ്ട്‌ നാണ്യവിളകളും കൃഷിചെയ്‌തുവന്നു. ആധുനികസാങ്കേതികവിദ്യകളും വര്‍ധിച്ച ഉത്‌പാദനശേഷിയുള്ള വിത്ത്‌, നല്ല വിളവ്‌ ലഭിക്കുന്നതിനായി രാസവളങ്ങള്‍, കീടനാശിനികള്‍, കാര്‍ഷിക യന്ത്രവത്‌കരണം, ജലസേചനം, മണ്ണുസംരക്ഷണം, കാര്‍ഷിക വായ്‌പാ സഹകരണം, ഉത്തേജകവിലകള്‍ മുതലായവ വിളയുത്‌പാദനം വര്‍ധിപ്പിക്കാന്‍ സഹായകമായി. അത്‌ വിപണനത്തിനുള്ള ഉത്‌പന്നങ്ങളുടെ അളവ്‌ കൂട്ടുകയും തന്മൂലം വിപണി കൂടുതല്‍ സജീവമാകുകയും പല പുതിയ വിപണന തന്ത്രങ്ങളും ഉരുത്തിരിയുകയും ചെയ്‌തു. പിന്നീട്‌ വിപരീത കാലാവസ്ഥ, കാര്‍ഷിക വിളകള്‍ തമ്മില്‍ മണ്ണിനും വളത്തിനും വെള്ളത്തിനും വേണ്ടിയുള്ള മത്സരങ്ങള്‍, കീടങ്ങളുടെ ആക്രമണം മുതലായവ കാര്‍ഷിക ഉത്‌പാദനത്തെ പ്രതികൂലമായി ബാധിച്ചു. ആവശ്യത്തിനുള്ള ഉത്‌പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക്‌ ലഭ്യമാക്കുക എന്നത്‌ ഒരു ശ്രമകരമായ ജോലിയായി മാറി. ഉത്‌പാദനം മിച്ചമാണെങ്കിലും കമ്മിയാണെങ്കിലും കാര്‍ഷിക വിപണനം സമ്പദ്‌ഘടനയുടെ ശ്രദ്ധാകേന്ദ്രമായി മാറി. കാര്‍ഷിക വിപണനം സംസ്ഥാനപ്രസക്തമായ ഒരു കാര്യമാണെങ്കിലും വിപണന നയരൂപീകരണം, ഗുണനിലവാര മാനദണ്ഡം നിശ്ചയിക്കല്‍, വിപണിയുടെ നിരീക്ഷണം, ഗവേഷണം, സംസ്ഥാനത്തിനുള്ള ധനസഹായം തുടങ്ങിയ മേഖലകളില്‍ ഇന്ത്യാ ഗവണ്‍മെന്റ്‌ പ്രധാന പങ്കുവഹിക്കുന്നു. ഈ കാര്യങ്ങളില്‍ ഇന്ത്യാ ഗവണ്‍മെന്റിനെ സഹായിക്കുന്നതിനും ഉപദേശങ്ങള്‍ നല്‌കുന്നതിനുമായി കാര്‍ഷിക വിപണന പരിശോധനാ കാര്യാലയവും (ഡയറക്‌ടറേറ്റ്‌ ഒഫ്‌ മാര്‍ക്കറ്റിങ്‌ ആന്‍ഡ്‌ ഇന്‍സ്‌പെക്ഷന്‍) ദേശീയ കാര്‍ഷിക വിപണന സ്ഥാപനവും (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ്‌) ഗവണ്‍മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

കാര്‍ഷിക വിപണനമേഖലയെ പ്രധാനമായും നിയന്ത്രിക്കുന്നത്‌ ഉത്‌പാദകര്‍, ഇടനിലക്കാര്‍, ഉപഭോക്താക്കള്‍, ഗവണ്‍മെന്റ്‌ എന്നീ നാല്‌ ഏജന്‍സികളാണ്‌. കാര്‍ഷിക വിപണനത്തില്‍ ഇവര്‍ക്ക്‌ വിരുദ്ധങ്ങളായ ലക്ഷ്യങ്ങളാണുള്ളത്‌. ഉത്‌പാദിപ്പിക്കപ്പെടുന്ന ഉത്‌പന്നങ്ങള്‍ ഏറ്റവും മുന്തിയ വിലയ്‌ക്ക്‌ അപ്പോള്‍ത്തന്നെ വില്‍ക്കണമെന്നും ഉപഭോക്താക്കള്‍ നല്‌കുന്ന വില മുഴുവനായും അവര്‍ക്കു ലഭിക്കണമെന്നും കര്‍ഷകര്‍ ആഗ്രഹിക്കുമ്പോള്‍ ഇടനിലക്കാരും കച്ചവടക്കാരും അവര്‍ ക്രയവിക്രയം ചെയ്യുന്ന ഉത്‌പന്നങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ ലാഭം ഉണ്ടാക്കണമെന്ന്‌ ആഗ്രഹിക്കുന്നു. ഉപഭോക്താക്കളാകട്ടെ, അവര്‍ക്കാവശ്യമായ ഉത്‌പന്നങ്ങള്‍ ആഗ്രഹിക്കുന്ന രൂപത്തിലും ഭാവത്തിലും ഘടനയിലും ഗുണനിലവാരത്തിലും കുറഞ്ഞവിലയ്‌ക്ക്‌ ലഭിക്കണമെന്ന്‌ താത്‌പര്യപ്പെടുന്നു. ഈ മൂന്നുകൂട്ടരെയും സമന്വയിപ്പിച്ചുകൊണ്ടുപോകുക എന്ന ശ്രമകരമായ ജോലിയാണ്‌ ഗവണ്‍മെന്റിനുള്ളത്‌. സാധാരണയായി ഇടത്തട്ടുകാര്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി ഉപഭോക്താവ്‌ കൊടുക്കുന്ന വിലയുടെ 50 മുതല്‍ 85 ശതമാനംവരെ മാത്രമേ ഉത്‌പാദകനു ലഭിക്കാറുള്ളൂ. പാല്‍, മുട്ട, ഇറച്ചി, പച്ചക്കറികള്‍, പഴങ്ങള്‍ എന്നീ ചരക്കുകള്‍ വില്‍ക്കുന്ന ഏജന്‍സികള്‍ ചോദനസ്ഥിതി മുന്‍കൂട്ടി കണക്കാക്കി അവരുടെ ആവശ്യങ്ങള്‍ കര്‍ഷകരെ അറിയിക്കുന്നു. കര്‍ഷകര്‍ അത്‌ നിശ്ചിത അളവില്‍ ഉത്‌പാദിപ്പിച്ച്‌, കരാറില്‍ വ്യവസ്ഥ ചെയ്‌തിരിക്കുന്ന വിലയ്‌ക്കു നല്‌കാന്‍ തയ്യാറാകുന്നു. പൊതുവേ പറഞ്ഞാല്‍ പ്രദാനവും ചോദനവും പൊരുത്തപ്പെടാന്‍ ഈ സമ്പ്രദായം സഹായിക്കുന്നു. കാര്‍ഷികോത്‌പാദനവും വിപണനവും സമന്വയിപ്പിക്കാനും ഇതുകൊണ്ട്‌ സാധിക്കുന്നു. ചരക്കുവാങ്ങാമെന്നേറ്റ ഏജന്‍സികള്‍ കര്‍ഷകര്‍ക്കു വേണ്ട സാങ്കേതിക സഹായവും അക്കൗണ്ടിങ്‌ സഹായവും നല്‌കുന്നു. കരാര്‍ക്കൃഷിക്കു പുറമേ കര്‍ഷകര്‍ തന്നെ അവരുടേതായ സഹകരണസംഘങ്ങള്‍ രൂപവത്‌കരിച്ചും വിപണനം സംഘടിപ്പിക്കാറുണ്ട്‌. ഭക്ഷ്യസംസ്‌കരണവിപണന ഏജന്‍സികളുമായി കരാറില്‍ ഏര്‍പ്പെട്ട്‌ കാര്‍ഷിക വിപണനം കാര്യക്ഷമമാക്കി സംഘാംഗങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനും ശ്രമിക്കാറുണ്ട്‌.

വികസ്വരരാജ്യമായ ഇന്ത്യയില്‍ കാര്‍ഷികകമ്പോളത്തിന്റെ ഘടനയും വിപണനപ്രശ്‌നങ്ങളും തുലോം വ്യത്യസ്‌തമാണ്‌. ഇന്ത്യയിലെ ഭൂരിഭാഗം കൃഷിക്കാരും ഇന്നും ജീവിതവൃത്തിക്കുള്ള കൃഷിയിലാണ്‌ ഏര്‍പ്പെട്ടിരിക്കുന്നത്‌; ആകെ ഉത്‌പാദനത്തിന്റെ ഒരു ചെറിയ അംശം മാത്രമാണ്‌ കമ്പോളത്തിന്റെ വില്‌പനയ്‌ക്കു വരുന്നത്‌. എന്നാല്‍ ചണം, പരുത്തി, കരിമ്പ്‌, പുകയില, തേയില, കാപ്പി, റബ്ബര്‍ എന്നീ നാണ്യവിളകള്‍ മുഴുവനും വിപണനത്തിന്‌ എത്തുന്നു. പരമ്പരാഗതമായ കാര്‍ഷിക വിപണന സമ്പ്രദായം കൃഷിക്കാര്‍ക്കെന്നും പ്രതികൂലമായിരുന്നു. അസഹ്യമായ ഋണബാധ്യതയില്‍ മുങ്ങിയ അവര്‍ക്ക്‌ കാലവര്‍ഷത്തെമാത്രം ആശ്രയിച്ചുനിന്നിരുന്ന കൃഷി ഒരു പേടിസ്വപ്‌നമായിരുന്നു. കാലവര്‍ഷക്കെടുതികള്‍ പലപ്പോഴും വിളനാശം ഉണ്ടാക്കാറുണ്ട്‌. പുതിയ കൃഷിയിറക്കുന്നതിനു മുമ്പേതന്നെ കടത്തില്‍ മുങ്ങിയ കൃഷിക്കാര്‍ വരാനിരിക്കുന്ന കൃഷി മുഴുവന്‍ പണയപ്പെടുത്തിയിരിക്കും. കൊയ്‌ത്തിന്‌ എത്രയോ മുമ്പുതന്നെ പണമിടപാടുകാര്‍ വിളവിന്റെ വില നിശ്ചയിക്കുന്നു. വിളവു മുഴുവന്‍ ആ വിലയ്‌ക്ക്‌ അവര്‍ക്ക്‌ വില്‌ക്കാന്‍ കൃഷിക്കാരന്‍ നിര്‍ബന്ധിതനാകുന്നു. ന്യായമായി കിട്ടേണ്ട വില കിട്ടാതെ കൃഷിക്കാരന്‍ ചൂഷണത്തിനടിമപ്പെടുന്നു.

ഇന്ത്യയിലെ ഗ്രാമീണകാര്‍ഷികക്കമ്പോളങ്ങളെ ഹാട്ടുകള്‍ (Hats)എന്നും മാണ്ടികള്‍ (Mandis)എന്നും ഷാന്റികള്‍ (Shanties)എന്നും വിളിക്കുന്നു. ഹാട്ടുകള്‍ ആഴ്‌ചയില്‍ രണ്ടും മൂന്നും പ്രാവശ്യം പ്രവര്‍ത്തിക്കുന്നു. ഇതിന്റെ പ്രയോജനം 5 മുതല്‍ 10 മൈല്‍ വരെ ചുറ്റളവിലുള്ള കര്‍ഷകര്‍ക്ക്‌ ലഭ്യമാണ്‌. സൗകര്യങ്ങള്‍ വളരെ കുറഞ്ഞ കമ്പോളങ്ങളാണിവ. ഇതുകൂടാതെ ഷാന്റികള്‍ ചില പ്രത്യേത സാഹചര്യങ്ങളിലും നീണ്ട കാലയളവുകളിലും പ്രവര്‍ത്തിക്കുന്ന കമ്പോളങ്ങളാണ്‌. എന്നാല്‍ മാണ്ടികള്‍ അഥവാ മൊത്ത വ്യാപാരക്കമ്പോളങ്ങള്‍ പട്ടണങ്ങളിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇവിടെ വ്യാപാരം നടത്തുന്നവരെ അര്‍ഥിയ (arthiya) എന്നുവിളിക്കുന്നു. ഈ ദല്ലാളന്മാര്‍ സംഘടനാബന്ധമില്ലാത്തവരും നിരക്ഷരരും പാവപ്പെട്ടവരുമായ കൃഷിക്കാരെ പല വിധത്തില്‍ ചൂഷണം ചെയ്യുന്നു. ഗതാഗതസംവിധാനങ്ങളുടെ അപര്യാപ്‌തത, കമ്പോളത്തില്‍ ഇവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ എന്നിവ കാരണം ഗ്രാമീണ കര്‍ഷകര്‍ ഉത്‌പന്നങ്ങള്‍ ഇവിടെ കൊണ്ടുവന്നു വില്‌ക്കാന്‍ മടിക്കുന്നു. അങ്ങനെ ഗ്രാമങ്ങളില്‍ത്തന്നെയുള്ള കച്ചവടക്കാര്‍ക്കും പണമിടപാടുകാര്‍ക്കും ഉത്‌പന്നങ്ങള്‍ വില്‌ക്കുന്നതുവഴി ന്യായവില കിട്ടാതെ പോകുന്നു. കര്‍ഷകരില്‍ 92.5 ശതമാനം ചെറുകിട നാമമാത്ര കര്‍ഷകര്‍ ആയതിനാല്‍ ഉത്‌പാദനത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ വിപണനത്തിനായി കമ്പോളത്തിലെത്താറൂള്ളൂ. നിലവിലുള്ള വിലനിലവാരത്തെ സംബന്ധിച്ച അജ്ഞത, ഏകീകൃതമല്ലാത്ത തൂക്കങ്ങളും അളവുകളും ഉപയോഗിക്കുന്നതുമൂലമുണ്ടാകുന്ന നഷ്‌ടം, മെച്ചപ്പെട്ട ചരക്കും തരംതാണ ചരക്കും തമ്മില്‍ വേര്‍തിരിക്കാനുള്ള കഴിവില്ലായ്‌മ, നീതിക്കു നിരക്കാത്ത കമ്പോളക്കിഴിവുകളും വിപണനക്കമ്മീഷനുകളും, മായം ചേര്‍ക്കല്‍, മെച്ചപ്പെട്ട വില കിട്ടുന്നതുവരെ ചരക്കുവില്‌ക്കാതെ പിടിച്ചു നില്‌ക്കാനുള്ള കഴിവില്ലായ്‌മ, വര്‍ധിച്ച ഗതാഗതച്ചെലവുകള്‍, ഗുദാമുകളുടെ ദൗര്‍ലഭ്യം എന്നിവ ഇന്ത്യയിലെ പരമ്പരാഗത കാര്‍ഷിക വിപണനസമ്പ്രദായത്തിലെ പ്രധാന ദോഷങ്ങളാണ്‌. ഇവയ്‌ക്ക്‌ പരിഹാരം കാണാനായി താഴെപ്പറയുന്ന നടപടികള്‍ വളരെ നേരത്തെതന്നെ സ്വീകരിച്ചിട്ടുണ്ട്‌.

1. വിപണന സര്‍വേപഠനം. കമ്പോളങ്ങളെപ്പറ്റിയും ഉത്‌പന്നങ്ങളെപ്പറ്റിയും ഇന്ത്യാഗവണ്‍മെന്റ്‌ പഠനം നടത്തുകയും അതിന്റെ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.

2. ഉത്‌പന്നങ്ങളുടെ തരംതിരിക്കല്‍. കാര്‍ഷിക ഉത്‌പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്‌ കേന്ദ്രഗവണ്‍മെന്റിന്റെ കീഴില്‍ പരിശോധനയും ഗുണനിലവാരനിയന്ത്രണവും നടത്തുന്നതിന്‌ കാര്‍ഷികവിപണന ഉപദേഷ്‌ടാവിന്റെ കീഴില്‍ ഒരു ഏജന്‍സി പ്രവര്‍ത്തിക്കുന്നുണ്ട്‌. ഉത്‌പാദകര്‍, ഇടനിലക്കാര്‍, ഉപഭോക്താക്കള്‍ എന്നിവരില്‍നിന്നും ഉത്‌പന്നങ്ങളുടെ സാമ്പിള്‍ ശേഖരിച്ച്‌ ലബോറട്ടറികളില്‍ ഗുണനിലവാരം പരിശോധിക്കുന്നതും ഗുണനിലവാരം കുറഞ്ഞ ഉത്‌പന്നങ്ങള്‍ വിപണനം ചെയ്യുന്നവര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ സ്വീകരിക്കുന്നതുമാണ്‌. ഗുണനിലവാരമുള്ള ഉത്‌പന്നങ്ങള്‍ക്ക്‌ "അഗ്‌മാര്‍ക്ക്‌' ലേബല്‍ കൊടുക്കുന്നു. ഉത്‌പന്നങ്ങളുടെ ഗുണവും ശുദ്ധിയുമാണ്‌ അഗ്മാര്‍ക്ക്‌ ചിഹ്നം കാണിക്കുന്നത്‌. ഉത്‌പന്നങ്ങള്‍ക്ക്‌ മുന്തിയവില ലഭിക്കുവാന്‍ ഇത്‌ കാരണമാകുന്നു. കേന്ദ്ര അഗ്‌മാര്‍ക്ക്‌ ലബോറട്ടറി നാഗ്‌പ്പൂരിലും പ്രാദേശിക ലബോറട്ടറികള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സ്ഥാപിതമായിട്ടുണ്ട്‌. (കാര്‍ഷിക ഉത്‌പന്ന തരംതിരിക്കല്‍ ഗുണനിലവാരനിര്‍ണയനിയമം അഴൃശരൗഹൗേൃമഹ ുൃീറൗര ഴേൃമറശിഴ മിറ ങമൃസലശേിഴ അര) 1973-േല്‍ നിര്‍മിച്ചതിന്റെ കീഴിലാണ്‌ അഗ്‌മാര്‍ക്ക്‌ ലേബലിംങ്‌ നടക്കുന്നത്‌. ഇതുകൂടാതെ പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, എണ്ണകള്‍ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും മായം ചേര്‍ക്കല്‍ തടയുന്നതിനുമൊക്കെ പ്രത്യേക നിയമങ്ങളുണ്ട്‌.

3. നിയന്ത്രിത വിപണികള്‍. സംസ്ഥാന ഗവണ്‍മെന്റ്‌, ഉത്‌പാദകര്‍, കച്ചവടക്കാര്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയിലെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതികളുടെ നിയന്ത്രണത്തില്‍ നിയന്ത്രിത വിപണികള്‍ (Regulated Market) സ്ഥോപിക്കപ്പെട്ടു. കമ്പോളത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും ഈ സമിതികള്‍ നിയന്ത്രിക്കുന്നു. നിയന്ത്രിത കമ്പോളത്തില്‍ പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരെല്ലാം സമിതിയില്‍നിന്നും ലൈസന്‍സ്‌ വാങ്ങേണ്ടതാണ്‌. ശരിയായ അളവുകളും തൂക്കങ്ങളും, ആധികാരികമല്ലാത്ത കുറവുവരുത്തലുകള്‍, കമ്പോളത്തിലുള്ള ദല്ലാളന്മാരുടെയും മറ്റ്‌ ഇടനിലക്കാരുടെയും ഫീസ്‌ ഇവയെല്ലാം സമിതി നേരത്തെതന്നെ നിശ്ചയിച്ചിരിക്കുന്നതുകൊണ്ട്‌ യാതൊരുതരത്തിലുള്ള ചൂഷണങ്ങളും കമ്പോളത്തില്‍ ഉണ്ടാവില്ല. ലേലംവഴി ഉത്‌പന്നങ്ങള്‍ വിപണനം നടത്തി അപ്പോള്‍ത്തന്നെ ഉത്‌പാദകന്‌ വില നല്‌കുകയും കമ്പോളത്തില്‍ സാധാരണ കാണുന്ന തെറ്റായ പ്രവണതകള്‍ തടയുകയും ചെയ്യുന്നതിനാല്‍ ഉത്‌പാദകനും ഉപഭോക്താവിനും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയാണിത്‌. കേരളത്തില്‍ നിയന്ത്രിതവിപണികള്‍ പ്രവര്‍ത്തിക്കുന്നില്ല.

4. ഗുദാമുകളുടെയും പണ്ടകശാലകളുടെയും നിര്‍മാണം. ചെറുകിട നാമമാത്ര കര്‍ഷകര്‍ വിളവെടുപ്പ്‌ കഴിഞ്ഞാലുടനെ താഴ്‌ന്ന വിലയ്‌ക്ക്‌ ഉത്‌പന്നങ്ങള്‍ വില്‍ക്കുന്നത്‌ തടയാന്‍ ഗ്രാമങ്ങളില്‍ ഗവണ്‍മെന്റിന്റെ കീഴില്‍ ഗുദാമുകള്‍ നിര്‍മിച്ചു. ഗുദാമുകള്‍ നിര്‍മിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനുമായി 1956ല്‍ കാര്‍ഷിക ഉത്‌പന്നവികസനവും പണ്ടകശാലയും എന്ന നിയമനിര്‍മാണം നടത്തി. അതിന്റെ ഫലമായി ദേശീയ സഹകരണ വികസനത്തിനും പണ്ടകശാലയ്‌ക്കും വേണ്ടിയുള്ള പണ്ടകശാല വികസനഫണ്ട്‌, ദേശീയ പണ്ടകശാല കോര്‍പ്പറേഷന്‍ എന്നിവ സ്ഥാപിതമായി. പിന്നീട്‌ ഓരോ സംസ്ഥാനത്തും പണ്ടകശാലകള്‍ നിര്‍മിക്കാന്‍ കോര്‍പ്പറേഷനുകളും സ്ഥാപിതമായി. പണ്ടകശാലകളില്‍ സൂക്ഷിക്കുന്ന ഉത്‌പന്നങ്ങള്‍ക്ക്‌ പണ്ടകശാല രസീത്‌ (warehouse receipt) കൊടുക്കുന്നു. ഈ രസീത്‌ ഈടുവച്ച്‌ ഉത്‌പന്നവിലയുടെ 7580 ശതമാനം വരെ വാണിജ്യബാങ്കുകളില്‍ നിന്നും കടമെടുക്കാന്‍ സാധിക്കും. അങ്ങനെ കുറഞ്ഞ വിലയ്‌ക്ക്‌ ഉത്‌പന്നങ്ങള്‍ വില്‍ക്കുന്നതില്‍നിന്നും കര്‍ഷകര്‍ക്ക്‌ ആശ്വാസം ലഭിക്കുന്നു. കാര്‍ഷിക ഉത്‌പന്നങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുവാന്‍ ശീതീകരണപണ്ടകശാലകളും പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്‌. ഇവയില്‍ സൂക്ഷിക്കുന്ന ഉത്‌പന്നങ്ങള്‍ക്ക്‌ ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ ലഭിക്കുമെന്നുള്ളതും ഒരു സവിശേഷതയാണ്‌.

5. സഹകരണ വിപണനം. സഹകരണ വിപണനവും കര്‍ഷകരെ ഇടനിലക്കാരുടെ ചൂഷണത്തില്‍നിന്നും സംരക്ഷിക്കുന്നതിനുള്ള ഒരു മാര്‍ഗമാണ്‌. വായ്‌പയും ഉത്‌പാദനോപാധികളും കര്‍ഷകര്‍ക്കു നല്‌കുക, അവരുടെ ഉത്‌പന്നങ്ങള്‍ ശേഖരിച്ച്‌ വിപണനം നടത്തുക, കമ്പോളത്തിലെ വില വിവരങ്ങള്‍ ശേഖരിച്ച്‌ നല്‍കുക, സംസ്‌കരണം നടത്തുക തുടങ്ങിയവയാണ്‌ പ്രധാനപ്രവര്‍ത്തനങ്ങള്‍.

6. കാര്‍ഷിക വിപണന വാര്‍ത്തകള്‍. കാര്‍ഷിക വിപണനം ത്വരിതവും തടസ്സമില്ലാതെയും കിടമത്സരമില്ലാതെയും സന്തുലിതമായി നടത്തുന്നതിനും കാര്‍ഷിക വിപണന വാര്‍ത്തകള്‍ സഹായകമാണ്‌. ഉത്‌പന്നങ്ങളുടെ വില, ലഭ്യത, വില്‌പന, ശേഖരണം തുടങ്ങിയ കാര്യങ്ങള്‍ കാര്‍ഷിക വിപണന വാര്‍ത്തകള്‍ നല്‍കുന്നു. പലതരം ഉത്‌പന്നങ്ങള്‍ക്ക്‌ വിവിധ വിപണനകേന്ദ്രങ്ങളിലുള്ള നിലവാരം അറിയുന്നത്‌ കര്‍ഷകര്‍ക്ക്‌ അവരുടെ ഉത്‌പന്നങ്ങള്‍ ആര്‍ക്ക്‌, എവിടെ വില്‍ക്കണമെന്ന സൂചന കൊടുക്കുന്നു. അതുപോലെ തന്നെ ഉത്‌പാദനോപാധികള്‍ എവിടെനിന്നും വാങ്ങാമെന്നുള്ള വിവരവും കാര്‍ഷിക വിപണന വാര്‍ത്തകള്‍ നല്‍കുന്നു. ഇടനിലക്കാര്‍ക്കും വിപണിയിലെ ചലനങ്ങള്‍ മനസ്സിലാക്കാന്‍ ഇത്‌ സഹായിക്കുന്നു. ഉപഭോക്താക്കള്‍, പ്രത്യേകിച്ച്‌ വന്‍കിടക്കാര്‍ക്ക്‌, അവര്‍ക്ക്‌ ആവശ്യമായ ഉത്‌പന്നങ്ങള്‍ നീതിയുക്തമായ വിലയ്‌ക്ക്‌ എവിടെനിന്നും കിട്ടുമെന്നും കാര്‍ഷിക വിപണന വാര്‍ത്തകളില്‍നിന്നും മനസ്സിലാക്കാം. ഗവണ്‍മെന്റിന്‌ കാര്‍ഷിക ഉത്‌പാദനം, വിപണനം, വിലസ്ഥിരതയ്‌ക്കുള്ള മാര്‍ഗങ്ങള്‍, വിപണന നിയമനിര്‍മാണം എന്നീ ആവശ്യങ്ങള്‍ക്കായി കാര്‍ഷിക വിപണന വാര്‍ത്തകള്‍ സഹായകമാകുന്നു. പത്രങ്ങള്‍, കാര്‍ഷികാനുബന്ധമാസികകള്‍, റേഡിയോ, ടെലിവിഷന്‍, ഇന്റര്‍നെറ്റ്‌ തുടങ്ങിയ സംവിധാനങ്ങള്‍വഴി ഇന്ത്യയിലെന്നു മാത്രമല്ല ലോകത്തെവിടെയുമുള്ള വിവരങ്ങള്‍ ഇന്നു ലഭ്യമാണ്‌. ത്വരിതവും നീതിപൂര്‍വകവുമായ കാര്‍ഷിക വിപണനം സാധ്യമാക്കുന്നതിന്‌ വിപണനകേന്ദ്രങ്ങള്‍ തമ്മിലും ഉത്‌പാദകര്‍, കയറ്റുമതി ചെയ്യുന്നവര്‍, ആഗോള വ്യാപാര സ്ഥാപനങ്ങള്‍, കച്ചവടക്കാര്‍, വ്യാപാരസംരംഭകര്‍, ഉപഭോക്താക്കള്‍ തുടങ്ങിയവരുമായുള്ള ബന്ധം അത്യന്താപേക്ഷിതമാണ്‌. വിവരസാങ്കേതികവിദ്യ ഇതില്‍ ഒരു പ്രധാന പങ്കുവഹിക്കുന്നു. ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും ഉത്‌പന്നങ്ങളുടെ ലഭ്യത, വിലനിലവാരം, കാര്‍ഷിക വിപണനത്തിലുള്ള പുതിയ പ്രവണതകള്‍, ഗവേഷണം, ആഗോളവ്യാപാരകേന്ദ്രങ്ങള്‍, കാര്‍ഷിക വിപണനവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധം പുലര്‍ത്താന്‍ ഇന്റര്‍നെറ്റ്‌ സഹായിക്കുന്നു. ഭൂമി (മണ്ണ്‌), തൊഴിലാളികള്‍, ധനം, സംഘാടനം എന്നിവയെപ്പോലെ കാര്‍ഷികവൃത്തിയില്‍ അഞ്ചാമത്തെ ഘടകം ആയിട്ടാണ്‌ വിവരസാങ്കേതികവിദ്യയെ കണക്കാക്കുന്നത്‌.

7. ഗതാഗതം. ഉത്‌പന്നങ്ങള്‍ കമ്പോളങ്ങളില്‍ എത്തിക്കുന്നതിനായി ഗ്രാമീണ റോഡുകള്‍ വികസിപ്പിക്കുകയും പുതിയവ നിര്‍മിക്കുകയും ചെയ്‌തിട്ടുണ്ട്‌. കാര്‍ഷിക ഉത്‌പന്നങ്ങള്‍ പലതും വേഗം കേട്‌സംഭവിക്കുന്നതാകയാല്‍ കര്‍ഷകര്‍ക്ക്‌ അനുയോജ്യമായ വില കിട്ടുന്നതിന്‌ നല്ലറോഡുകള്‍ സുപ്രധാന പങ്കുവഹിക്കുന്നു.

8. നിയന്ത്രിതവിലകള്‍ (Administered Prices). ഉെത്‌പാദകരെയും ഉപഭോക്താക്കളെയും സമന്വയിപ്പിച്ചുകൊണ്ടു പോകുക എന്നുള്ള ഭാരിച്ച ചുമതല സര്‍ക്കാരിനുണ്ട്‌. വിലയിലുള്ള ഏറ്റക്കുറച്ചിലുകള്‍ നിയന്ത്രിച്ച്‌ വിലസ്ഥിരത സ്ഥാപിക്കുന്നതിന്‌ പലതരത്തിലുള്ള കമ്പോള ഇടപെടലുകളും കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും നടത്താറുണ്ട്‌. അതിനായി 1965ല്‍ കാര്‍ഷികവിളകളുടെ കമ്മിഷന്‍ (Agricultural Prices Commission) സ്ഥാപിക്കുകയും 1985ല്‍ കാര്‍ഷികച്ചെലവും വിലയും നിര്‍ണയിക്കുന്ന കമ്മിഷന്‍ (Agricultural costs and prices) െഎന്ന്‌ പുനര്‍നാമകരണം ചെയ്യുകയും ചെയ്‌തു. ഈ കമ്മിഷന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ രണ്ടുതരത്തിലുള്ള വിലകള്‍ കേന്ദ്രസര്‍ക്കാര്‍ സാധാരണയായി പ്രഖ്യാപിക്കാറുണ്ട്‌. വിലകള്‍ ഒരു പരിധിയില്‍നിന്നും താഴേക്ക്‌ പോകാതിരിക്കാന്‍ താങ്ങുവില പ്രഖ്യാപിക്കുന്നു. കമ്പോളവില താങ്ങുവിലയില്‍ കുറവായാല്‍ താങ്ങുവിലയ്‌ക്ക്‌ സര്‍ക്കാര്‍തന്നെ ഉത്‌പന്നങ്ങള്‍ വാങ്ങും എന്നുള്ള ഒരു ഉറപ്പ്‌ കര്‍ഷകര്‍ക്ക്‌ ഇതുവഴി ലഭിക്കുന്നു. അത്‌ സാധാരണയായി കൃഷിയിറക്കുന്നതിനുമുന്‍പായി പ്രഖ്യാപിക്കുന്നതുകൊണ്ട്‌ കര്‍ഷകര്‍ക്ക്‌ ധൈര്യമായി കൃഷിയിറക്കാന്‍ കഴിയുന്നു. ഉത്‌പാദനച്ചെലവും ചെറിയ ലാഭവുംകൂട്ടിയായിരിക്കും താങ്ങുവില പ്രഖ്യാപിക്കുന്നത്‌. പ്രധാനമായും ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, പരുത്തി, ചണം, കൊപ്ര, കടുക്‌, നിലക്കടല, കരിമ്പ്‌ തുടങ്ങി ഏതാനും വിളകള്‍ക്കുമാത്രമേ താങ്ങുവില പ്രഖ്യാപിക്കാറുള്ളൂ. ഭാവിയില്‍ കൂടുതല്‍ വിളകള്‍ക്കുകൂടി താങ്ങുവില പ്രഖ്യാപിച്ചെങ്കില്‍ മാത്രമേ കടബാധ്യതയില്‍ കുടുങ്ങിയിരിക്കുന്ന കര്‍ഷകരെ കൃഷിയില്‍ പിടിച്ചുനിര്‍ത്താന്‍ സാധിക്കുകയുള്ളൂ.

സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മറ്റൊരു വിലയാണ്‌ സംഭരണവില. കരുതല്‍ശേഖരമായി സൂക്ഷിക്കുന്നതിനും പൊതുവിതരണ ശൃംഖലകളില്‍ക്കൂടി വിതരണം ചെയ്യുന്നതിനുമായി സംഭരിക്കുമ്പോള്‍ കര്‍ഷകര്‍ക്ക്‌ കൊടുക്കുന്ന വിലയാണ്‌ സംഭരണവില. ഇത്‌ സാധാരണയായി വിളവെടുപ്പ്‌ സമയത്താവും പ്രഖ്യാപിക്കുക. താങ്ങുവിലയില്‍ അല്‌പംകൂട്ടി, എന്നാല്‍ കമ്പോളവിലയില്‍ അല്‌പം കുറവായിട്ടായിരിക്കും സംഭരണവില നിശ്ചയിക്കുക. ഉത്‌പാദനം കുറവായ ധാന്യങ്ങളും മറ്റും ഇറക്കുമതി വഴിയാണ്‌ കരുതല്‍ ശേഖരം സംഭരിക്കുന്നത്‌. ഒരു അഡ്‌ഹോക്ക്‌ പദ്ധതി എന്ന നിലയില്‍ വിപണന ഇടപെടല്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ട്‌. കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരുകളും സഹകരിച്ച്‌ (50:50) നടപ്പാക്കുന്ന പദ്ധതിയാണിത്‌. താങ്ങുവില പ്രഖ്യാപനത്തില്‍ ഉള്‍പ്പെടാത്തതും വേഗം നശിച്ചുപോകുന്നതുമായ ഉത്‌പന്നങ്ങള്‍ക്കും ഹോര്‍ട്ടികള്‍ച്ചര്‍ ഉത്‌പന്നങ്ങള്‍ക്കുമാണ്‌ ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്‌. ഉത്‌പാദനം വളരെ കൂടുമ്പോഴോ കമ്പോളത്തില്‍ ഉത്‌പന്നങ്ങള്‍ ധാരാളമായി വരുന്നതുകൊണ്ടോ വിലയിടിവ്‌ സംഭവിക്കുന്ന സാഹചര്യത്തില്‍മാത്രമാണ്‌ ഈ പദ്ധതി നടപ്പാക്കുന്നത്‌. കാര്‍ഷിക വിപണനത്തിലെ പരമ്പരാഗതമായ പല പോരായ്‌മകളും നികത്താന്‍ ഈ നടപടികള്‍ വളരെയേറെ സഹായിച്ചിട്ടുണ്ട്‌.

9. വിപണന ധനസഹായം. കാര്‍ഷിക ഉത്‌പന്നങ്ങളുടെ ഉത്‌പാദനവും ഉപഭോഗവും തമ്മില്‍ വലിയ ഒരു വിടവ്‌ ഉണ്ടാകാറുണ്ട്‌. ഇതിനിടയിലുള്ള ഗതാഗതം, സംസ്‌കരണം, സംഭരണം, തരംതിരിക്കല്‍, പൊതിയല്‍ എന്നീ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പണം ആവശ്യമായി വരുന്നു. വാണിജ്യബാങ്കുകളും, കോഓപ്പറേറ്റീവ്‌ സൊസൈറ്റികളും കാര്‍ഷിക വിപണനാവശ്യങ്ങള്‍ക്കായി പണം കടം കൊടുക്കുന്നുണ്ട്‌.

ദേശീയ കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍, വികസനത്തിന്‌ പുനര്‍ധനസഹായം നല്‌കാറുണ്ട്‌. ഗോഡൗണ്‍ നിര്‍മാണം, സംസ്‌കരണശാലകളുടെ നിര്‍മാണം, ഗതാഗതം എന്നിവയ്‌ക്കും ഈ ബാങ്ക്‌ സഹകരണസംഘങ്ങള്‍വഴി ധനസഹായം നല്‌കാറുണ്ട്‌. കരാര്‍ക്കൃഷി. ആഗോളതലത്തിലും ഇന്ത്യയിലും കേരളത്തിലും പ്രത്യേകിച്ചും കാര്‍ഷികോത്‌പാദനത്തിന്റെ കാര്യത്തില്‍ ഓരോ വര്‍ഷവും വലിയ ഇടിവ്‌ സംഭവിച്ചുകൊണ്ടിരിക്കുകയാണ്‌. കര്‍ഷകര്‍ക്ക്‌ ആദായകരമായി വിഭവങ്ങള്‍ ഉത്‌പാദിപ്പിക്കുന്നതിനുള്ള സാഹചര്യങ്ങളും പല കാരണങ്ങള്‍ കൊണ്ട്‌ കുറഞ്ഞുകൊണ്ടിരിക്കുന്നു. ഉപഭോക്താക്കളുടെ ആവശ്യങ്ങളുടെ വൈവിധ്യവും ചിതറിക്കിടക്കുന്ന കര്‍ഷകരില്‍നിന്ന്‌ ഉത്‌പന്നങ്ങള്‍ സംഭരിക്കുന്നതിനുള്ള ബുദ്ധിമുട്ടും ചില്ലറ വില്‌പന രംഗത്തേക്ക്‌ ചില്ലറവില്‌പന ഭീമന്മാര്‍ കുടിയേറാന്‍ കാരണമായി. കര്‍ഷകരെ ഒരുമിച്ചുകൂട്ടി സംരംഭകര്‍ ആവശ്യപ്പെടുന്ന സമയത്ത്‌ നിര്‍ദിഷ്‌ട ഗുണനിലവാരമുള്ള ഉത്‌പന്നങ്ങള്‍ നേരത്തെ തീരുമാനിച്ചുറപ്പിച്ച വിലയ്‌ക്ക്‌ നല്‍കുന്ന രീതിയാണ്‌ കരാര്‍ക്കൃഷി. വിപണിയിലുണ്ടാകുന്ന അസ്ഥിരതകളില്‍നിന്ന്‌ രക്ഷപ്പെടുന്നതിനും കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ആദായകരമായ വിപണനം നടത്തുന്നതിനും സഹായകരമാകുന്ന രീതിയില്‍ പരസ്‌പരവിശ്വാസത്തിലൂന്നിയുള്ള ഒരു കൃഷിസംവിധാനമാണിത്‌. ഉത്‌പാദനോപാധികളും സാങ്കേതികസഹായവും സംരംഭകര്‍തന്നെ കര്‍ഷകര്‍ക്ക്‌ ലഭ്യമാക്കിക്കൊടുക്കുന്നതുകൊണ്ട്‌ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ആദായകരമായ രീതിയില്‍ വിപണനം നടത്തുന്നതിന്‌ സഹായകരമാകുന്ന ഒരു കൃഷിസംവിധാനമാണിത്‌. ഉത്‌പാദനോപാധികളും സാങ്കേതികസഹായങ്ങളും സംരംഭകര്‍തന്നെ കര്‍ഷകര്‍ക്ക്‌ ലഭ്യമാക്കിക്കൊടുക്കുന്നതുകൊണ്ട്‌ കര്‍ഷകര്‍ക്കും ബുദ്ധിമുട്ടില്ലാതെ കൃഷിനടത്താം. എന്നാല്‍ ചില സാഹചര്യങ്ങളില്‍ കരാര്‍ക്കൃഷിയിലും അപാകതകള്‍ ഉള്ളതായി പറയപ്പെടുന്നു. കമ്പോളവില നിശ്ചയിച്ചുറപ്പിച്ച വിലയിലും കൂടുതലാണെങ്കില്‍ കര്‍ഷകര്‍, ഉത്‌പന്നങ്ങള്‍ സംരംഭകര്‍ക്കു വില്‍ക്കാന്‍ മടിക്കുന്നതും കമ്പോളവില കുറവാണെങ്കില്‍ സംരംഭകര്‍ നിശ്ചയിച്ചുറപ്പിച്ച വിലയ്‌ക്ക്‌ ഉത്‌പന്നങ്ങള്‍ വാങ്ങാതിരിക്കുന്നതും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാറുണ്ട്‌. കരാര്‍ക്കൃഷിക്ക്‌ പ്രത്യേകനിയമങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ കോടതിവഴിയുള്ള പ്രശ്‌നപരിഹാരവും ബുദ്ധിമുട്ടായിവരുന്നു. സര്‍ക്കാരിന്റെ നിയന്ത്രണത്തിലും നിയമങ്ങളുടെ പിന്‍ബലത്തോടെയും കരാര്‍ക്കൃഷി നടപ്പിലാക്കിയാല്‍ ഉത്‌പാദനവും വിപണനവും കാര്യക്ഷമമായി നടത്താന്‍ കഴിഞ്ഞേക്കാം.

സമ്പദ്‌വ്യവസ്ഥയുടെ സമഗ്രമായ വികസനത്തിന്‌ കാര്‍ഷിക വിപണനം മുഖ്യപങ്കുവഹിക്കുന്നു. കാര്‍ഷിക വിപണനത്തെ സംബന്ധിച്ചിടത്തോളം ഉത്‌പാദനത്തിലുപരി കമ്പോളത്തിലെത്തുന്ന ഉത്‌പന്നങ്ങളുടെ അളവാണ്‌ പ്രധാന്യം അര്‍ഹിക്കുന്നത്‌. ഉത്‌പന്നങ്ങള്‍ കാര്യക്ഷമമായി വിപണനം നടത്തിയാല്‍ മാത്രമേ ഉത്‌പാദകന്‌ ന്യായവില ഉറപ്പ്‌ വരുത്താന്‍ സാധിക്കൂ. അതിന്‌ ഉത്‌പന്നങ്ങള്‍ വിളവെടുപ്പ്‌ കഴിഞ്ഞാല്‍ കമ്പോളങ്ങളില്‍ കൂടിക്കിടക്കാതെ വിവിധതരത്തിലുള്ള ഉപഭോക്താക്കളുടെ കൈയില്‍ അവര്‍ ആഗ്രഹിക്കുന്ന സ്ഥലത്തും സമയത്തും രീതിയിലും ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി എത്തിയെങ്കില്‍ മാത്രമേ ഉത്‌പാദകന്‌ ആഗ്രഹിക്കുന്ന വില ലഭിക്കുകയുള്ളൂ; വിപണനം കാര്യക്ഷമമാണെന്നുപറയാനും സാധിക്കൂ. വര്‍ധിച്ച ഉത്‌പാദനവും അതുവഴി രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയ്‌ക്കും സാമ്പത്തിക സുരക്ഷയ്‌ക്കും കാര്യക്ഷമമായ വിപണനം കൂടിയേതീരൂ.

ഒരു നല്ല വിപണനക്രമം, കര്‍ഷകര്‍ക്ക്‌ അവരുടെ ഉത്‌പന്നങ്ങള്‍ക്ക്‌ ന്യായവില കൊടുക്കാന്‍ പര്യാപ്‌തമായിരിക്കണം. ഇടനിലക്കാരുടെ എണ്ണം കുറയ്‌ക്കുക, ഇടനിലക്കാരുടെയും ഗ്രാമീണ പണമിടപാടുകാരുടെയും ചൂഷണം അവസാനിപ്പിക്കുക, ഗതാഗതവും ഉത്‌പന്നങ്ങള്‍ ശേഖരിച്ച്‌ സൂക്ഷിക്കുവാനുള്ള പണ്ടകശാലകളും കൂടുതലായി സ്ഥാപിക്കുക, വിപണനസംബന്ധമായ വിവരങ്ങള്‍ സമയത്ത്‌ കര്‍ഷകരില്‍ എത്തിക്കുക തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍വഴി ഇത്‌ സാധ്യമാക്കാം. സഹകരണ വിപണനശൃംഖല വികസിപ്പിക്കുകയും നിയന്ത്രിതവിപണന കമ്പോളങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുകവഴി പലവിധ ചൂഷണങ്ങളും നിയന്ത്രിച്ച്‌ കര്‍ഷകര്‍ക്ക്‌ ന്യായവില ഉറപ്പാക്കാം.

അടുത്തകാലത്ത്‌ ബജറ്റില്‍ കാര്‍ഷികസംസ്‌കരണ ഉപകരണങ്ങള്‍ക്കും ശീതീകരിച്ച്‌ സംസ്‌കരിക്കാനുള്ള സംവിധാനങ്ങള്‍ക്കുമുള്ള തീരുവയില്‍ കുറവുവരുത്തിയിരിക്കുന്നതും ഉത്‌പന്നങ്ങള്‍ ശേഖരിച്ച്‌ വയ്‌ക്കുന്നതിനുള്ള സംവിധാനം വിപുലീകരിക്കുന്നതിന്‌ ഊന്നല്‍ നല്‍കിയിരിക്കുന്നതും മറ്റും കാര്‍ഷിക വിപണനത്തിന്‌ ഗുണകരമാകും എന്ന്‌ പ്രതീക്ഷിക്കാം.

2008 മാര്‍ച്ച്‌ വരെ ഇന്ത്യയില്‍ 60 കാര്‍ഷിക അന്തര്‍ദേശീയ വിപണനകേന്ദ്രങ്ങള്‍ ഗവണ്‍മെന്റ്‌ ആരംഭിച്ചിട്ടുണ്ട്‌. ഓരോ മേഖലയില്‍നിന്നും കയറ്റുമതി ചെയ്യേണ്ട ഉത്‌പന്നങ്ങളുടെ വിശദവിവരങ്ങള്‍ കയറ്റിറക്കുനിയമങ്ങളില്‍ നല്‌കിയിട്ടുണ്ട്‌. കേരളത്തില്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഉത്‌പന്നങ്ങള്‍ക്കും ഔഷധസസ്യങ്ങള്‍ക്കുമായി രണ്ട്‌ കാര്‍ഷിക അന്തര്‍ദേശീയ വിപണനമേഖലകള്‍ ഉണ്ട്‌. ഇവിടെനിന്നും ഹോര്‍ട്ടികള്‍ച്ചര്‍ ഉത്‌പന്നങ്ങളായ ഏത്തക്കായ, കൈതച്ചക്ക, പച്ചക്കറികള്‍ എന്നിവയാണ്‌ പ്രധാനമായും കയറ്റുമതി ചെയ്യപ്പെടുന്നത്‌. കേരളത്തില്‍ തിരുവനന്തപുരം മുതല്‍ പാലക്കാട്‌ വരെയുള്ള ഒന്‍പത്‌ ജില്ലകള്‍ക്കായി ഹോര്‍ട്ടികള്‍ച്ചര്‍ ഉത്‌പന്നങ്ങള്‍ക്കായി ഒരു മേഖലയും തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്‌, മലപ്പുറം, വയനാട്‌ എന്നീ ജില്ലകള്‍ക്കായി ഔഷധസസ്യങ്ങള്‍ക്കായി ഒരു പ്രത്യേക മേഖലയും ഉണ്ട്‌.

ആഗോളവ്യാപാരക്കരാറും മറ്റു പ്രാദേശിക കരാറുകളും പ്രാബല്യത്തില്‍ വന്നതോടെ ഉദാരവത്‌കൃതവ്യാപാരത്തിന്റെ അതിരുകള്‍ വിപുലമായി. വിപണനത്തിന്‌ ധാരാളം സാധ്യതകള്‍ ഉള്ളതുപോലെ അവയുടെ പ്രതികൂല വശങ്ങളെപ്പറ്റിയും വിശദമായ പഠനങ്ങളും വിശകലനങ്ങളും നടത്തേണ്ടതാണ്‌. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളു(ASEAN)മായുള്ള ഉദാരവത്‌കൃത വ്യാപാരം കേരളത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന്‌ നോക്കണം. നമുക്ക്‌ പ്രയോജനപ്രദമായ രീതിയില്‍ (ചര്‍ച്ചകളില്‍ പങ്കെടുത്ത്‌) നിയമനിര്‍മാണം നടത്തേണ്ടതായുണ്ട്‌. തെക്ക്‌ കിഴക്കന്‍ രാജ്യങ്ങളിലേക്ക്‌ ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്നതില്‍ കൂടുതലും സംസ്‌കരിച്ച ഭക്ഷണപദാര്‍ഥങ്ങളാണ്‌. അന്തര്‍ദേശീയ നിയമങ്ങള്‍ക്കനുസൃതമായി ഗുണമേന്മയുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ സംസ്‌കരിച്ചെടുക്കുന്നതിനുള്ള സംരംഭങ്ങള്‍ തുടങ്ങേണ്ടിയിരിക്കുന്നു. മറ്റ്‌ രാജ്യങ്ങളുമായി മത്സരിച്ച്‌ മുന്നേറാനുള്ള ഇച്ഛാശക്തിയാണ്‌ ആവശ്യം.

കാര്‍ഷിക സ്ഥിതിവിവരം

കാര്‍ഷികകാര്യങ്ങളെ സംബന്ധിച്ച സാംഖ്യകീയ (statistical) വിവരങ്ങളും അവയുടെ ശാസ്‌ത്രീയമായ വിശകലനവും. നിരവധി കാര്‍ഷികവിളകളും വൈവിധ്യം നിറഞ്ഞ കാര്‍ഷികമുറകളുമുള്ള കൃഷിമേഖല സംബന്ധിച്ച വിശദമായ ഏതുവിവരവും ഒരു രാഷ്‌ട്രത്തിന്റെ സമ്പദ്‌ഘടനയില്‍ ചെലുത്തുന്ന സ്വാധീനം വ്യക്തമായി അറിയുന്നതിന്‌ കാര്‍ഷികസ്ഥിതിവിവരം സഹായിക്കുന്നു. ഓരോ വിളയും കൃഷിചെയ്യുന്ന സ്ഥലത്തിന്റെ വിസ്‌തീര്‍ണം, കൃഷിച്ചെലവുകള്‍, മൊത്തം ഉത്‌പാദനം, വിപണനം തുടങ്ങിയ വിവരങ്ങള്‍ കാര്‍ഷിക സ്ഥിതിവിവരത്തിന്റെ പരിധിയില്‍പ്പെടുന്നു. സ്ഥിതിവിവരം ശേഖരിക്കുന്നതു സംബന്ധിച്ച പരീക്ഷണങ്ങള്‍ നടത്തുന്ന വിധവും പരീക്ഷണങ്ങള്‍വഴി ലഭിക്കുന്ന വിവരങ്ങള്‍ ശാസ്‌ത്രീയമായി വിശകലനം ചെയ്‌ത്‌ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുന്നതിനായി അവ ഉപയോഗപ്പെടുത്തുന്ന രീതികളും അതുമായി ബന്ധപ്പെടുന്ന മറ്റെല്ലാ വസ്‌തുതകളും ഈ വിജ്ഞാനശാഖ ഉള്‍ക്കൊള്ളുന്നു.

ഇന്ത്യയില്‍. കാര്‍ഷികപ്രധാനമായ സമ്പദ്‌വ്യവസ്ഥ നിലവിലുള്ള ഇന്ത്യയുടെ സാമ്പത്തിക വികസനത്തില്‍ കാര്‍ഷിക സ്ഥിതിവിവരക്കണക്കുകള്‍ അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നു. ബി.സി. 3-ാം ശതകത്തില്‍ത്തന്നെ ഇന്ത്യയില്‍ കൃഷിസംബന്ധമായ കണക്കെടുപ്പ്‌ നടത്തിയിരുന്നതായി ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. കൗടല്യന്റെ അര്‍ഥശാസ്‌ത്രത്തിലും കാര്‍ഷിക സ്ഥിതിവിവരങ്ങളെക്കുറിച്ചു പരാമര്‍ശമുണ്ട്‌. സ്വാതന്ത്യ്രപ്രാപ്‌തിക്കുശേഷം ആസൂത്രിത സമ്പദ്‌വ്യവസ്ഥ കൈവരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി കാനേഷുമാരി കണക്കെടുപ്പുപോലെതന്നെ ശാസ്‌ത്രീയമായ രീതിയില്‍ കാര്‍ഷികസ്ഥിതിഗതികളെക്കുറിച്ചും കൃത്യമായ കണക്കെടുപ്പ്‌ നടത്തിവരുന്നുണ്ട്‌. 194060 കാലങ്ങളില്‍ കാര്‍ഷിക മേഖലയെക്കുറിച്ച്‌ നാഷണല്‍ സാമ്പിള്‍ സര്‍വേ (National Sample Survey) നാമമാത്രമായ വിവരങ്ങള്‍ ശേഖരിച്ചുവെങ്കിലും സമഗ്രമായ ആദ്യത്തെ കാര്‍ഷിക കണക്കെടുപ്പ്‌ (Agricultural Census) നെടന്നത്‌ 197071 ല്‍ മാത്രമായിരുന്നു. ഭക്ഷ്യ കാര്‍ഷിക സംഘടന (F.A.O) യുടെ സാങ്കേതിക സഹായത്തോടെയാണ്‌ പ്രസ്‌തുത കണക്കെടുപ്പ്‌ നടത്തിയത്‌. ഒരുലക്ഷത്തില്‍പ്പരം ഗ്രാമങ്ങളെ അടിസ്ഥാനമാക്കി നടത്തിയ ഈ കണക്കെടുപ്പിന്റെ റിപ്പോര്‍ട്ടില്‍ (All India Report on Agricultural Census 1970-71) നെിന്ന്‌ ഇന്ത്യന്‍ കാര്‍ഷികരംഗത്തെക്കുറിച്ച്‌ പല പ്രസക്തവിവരങ്ങളും ലഭിച്ചു. ഈ കണക്കെടുപ്പില്‍ ലഭിച്ച വിവരങ്ങള്‍ പഞ്ചവത്സരപദ്ധതികളുടെ ആസൂത്രണത്തിലും സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള മറ്റു ക്ഷേമനടപടികള്‍ക്കും വളരെയേറെ പ്രയോജനപ്പെട്ടു. കാര്‍ഷികസ്ഥിതിവിവരത്തെ പ്രധാനമായും രണ്ടു ഭാഗങ്ങളായി തിരിക്കാം.

1. അടിസ്ഥാന വിവരങ്ങള്‍ (basic statistics): ഇെടയ്‌ക്കിടെ മാറ്റം സംഭവിക്കാത്ത സ്ഥിതിവിവരങ്ങള്‍ ആണ്‌ ഇവിടെ ശേഖരിക്കപ്പെടുന്നത്‌. ഉദാ. ആകെ വിസ്‌തീര്‍ണം, കൃഷി ചെയ്യുന്ന ഭൂമി, വനപ്രദേശം, കൃഷിഭൂമിയുള്ള കര്‍ഷകരുടെ എണ്ണം തുടങ്ങിയവ. 2. നടപ്പുസ്ഥിതിവിവരങ്ങള്‍ (current-statistics): ഇെടയ്‌ക്കിടെ മാറ്റം സംഭവിക്കുന്ന വിവരങ്ങളാണ്‌ ഇവിടെ കണക്കാക്കപ്പെടുന്നത്‌. ഉദാ. വിളവ്‌, കാര്‍ഷികോത്‌പന്നങ്ങളുടെ വിലനിലവാരം, കൂലിവിവരം തുടങ്ങിയവ. അടിസ്ഥാന വിവരങ്ങള്‍ ഇടയ്‌ക്കിടെ ശേഖരിക്കേണ്ട ആവശ്യമില്ല. എന്നാല്‍ കാലക്രമേണ അവയില്‍ മാറ്റം വരുമെന്നതുകൊണ്ട്‌ പത്തുവര്‍ഷത്തിലൊരിക്കല്‍ അത്തരം വിവരങ്ങള്‍ വിശദമായും പൂര്‍ണമായും ശേഖരിക്കുക എന്നതാണ്‌ ഇന്ന്‌ പൊതുവേ അംഗീകരിച്ചിട്ടുള്ള തത്ത്വം. നടപ്പു സ്ഥിതിവിവരങ്ങള്‍ ശേഖരിക്കേണ്ടിയിരിക്കുന്നു. അതിനാല്‍ കൊല്ലന്തോറുമോ ചിലപ്പോള്‍ മാസന്തോറുമോ പ്രസ്‌തുത വിവരങ്ങള്‍ ശേഖരിച്ച്‌ നമ്മുടെ നിത്യജീവിതത്തിനു സഹായകമാംവിധം ഉപയോഗപ്പെടുത്തുന്നു. സാധനങ്ങളുടെ വില നിശ്ചയിക്കുന്നതും ജീവിതസൂചിക നിശ്ചയിക്കുന്നതും മറ്റും നടപ്പുസ്ഥിതി വിവരങ്ങളെ അടിസ്ഥാനമാക്കിയാണ്‌.

ഓരോ സംസ്ഥാനത്തും വിവര ശേഖരണത്തിനായി പ്രവര്‍ത്തിക്കുന്ന പ്രത്യേക ഏജന്‍സികള്‍ (Reporting Agency), കൃഷിഭൂമി, വനം, തരിശുഭൂമി, കാര്‍ഷികോത്‌പന്നങ്ങള്‍ മുതലായവയെക്കുറിച്ച്‌ സാമ്പിള്‍സര്‍വേയും (sample survey) മറ്റും നടത്തി ഒരേകദേശരൂപം ഗ്രഹിച്ച്‌ ഒരു തോത്‌ തയ്യാറാക്കുന്നു. ദേശീയതലത്തില്‍ കൃഷിമന്ത്രാലയത്തിനുകീഴിലുള്ള ഡിപ്പാര്‍ട്ടുമെന്റ്‌ ഒഫ്‌ അഗ്രികള്‍ച്ചര്‍ ആന്‍ഡ്‌ കോഓപ്പറേഷനും സംസ്ഥാനതലത്തില്‍ "ബ്യൂറോ ഒഫ്‌ ഇക്കണോമിക്‌സ്‌ ആന്‍ഡ്‌ സ്റ്റാറ്റിസ്റ്റിക്‌സും' ആണ്‌ സ്ഥിതിവിവരശേഖരണത്തിനു നേതൃത്വം നല്‌കുന്നതും ലഭ്യമായ വിവരങ്ങള്‍ സാംഖ്യികീയസാമ്പത്തിക വിശകലനം നടത്തി സര്‍ക്കാരിനു സമര്‍പ്പിക്കുന്നതും.

ആഗോളവാണിജ്യസംഘടന (WTO) യിലും ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളുടെ സംഘടനയിലും (ASEANRF) അംഗമായ ഇന്ത്യയ്‌ക്ക്‌ കാര്‍ഷിക കണക്കെടുപ്പ്‌ ഇന്ന്‌ വളരെ പ്രാധാന്യമുള്ളതാണ്‌. അന്തര്‍ദേശീയ കാര്‍ഷിക സ്ഥിതിവിവരങ്ങളുമായി താരതമ്യപ്പെടുത്തി വിളകള്‍ക്കുവേണ്ട സംരക്ഷണം നല്‌കുന്നതിനാവശ്യമായ ആസൂത്രണത്തിനും നയരൂപീകരണത്തിനും ഉതകുന്നതായിരിക്കണം ശേഖരിക്കപ്പെടുന്ന സ്ഥിതിവിവരം. ദേശീയ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും കര്‍ഷകര്‍ക്കും ഉപഭോക്താവിനും യോജിച്ച രീതിയില്‍ വിളയുടെ ക്രയമൂല്യം നിശ്ചയിക്കുന്നതിനും ജീവിതസൂചിക നിശ്ചയിക്കുന്നതിനും ക്ഷേമപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും സ്ഥിതിവിവരക്കണക്കുകള്‍ അനിവാര്യമാണ്‌. ഭൂവിനിയോഗം, കാര്‍ഷികാദായം, കൃഷിഭൂമിയുടെ വിസ്‌തൃതി, പ്രധാനകാര്‍ഷികവിളകളുടെ വിസ്‌തൃതി, ഉത്‌പാദനം, ഉത്‌പാദനക്ഷമത എന്നീ വിവരങ്ങളാണ്‌ കാര്‍ഷിക കണക്കെടുപ്പില്‍ സാധാരണഗതിയില്‍ ശേഖരിക്കുന്നത്‌.

കേരളത്തിലെ പ്രായോഗിക പുരയിടങ്ങളില്‍ 95 ശതമാനത്തിലധികവും ഒരു ഹെക്‌ടറിന്‌ താഴെയുള്ളവയാണ്‌. ഈ പുരയിടങ്ങളുടെ ശരാശരി വിസ്‌തീര്‍ണം 0.14 ഹെക്‌ടര്‍; അതായത്‌ 35 സെന്റ്‌ മാത്രമാണ്‌. ഇങ്ങനെയുള്ള കൃഷിസ്ഥലങ്ങളില്‍ സാധാരണയായി പലതരത്തിലുള്ള വിളകള്‍ കൃഷിചെയ്‌തുപോരുന്നു.

ആകെയുള്ള 38.86 ലക്ഷം ഹെക്‌ടറില്‍ 54.46 ശതമാനമാണ്‌ കൃഷിചെയ്യുവാനുപയോഗിക്കുന്നത്‌. വനഭൂമിയുടെ വിസ്‌തീര്‍ണം 27.83 ശതമാനവും കാര്‍ഷികേതരാവശ്യങ്ങള്‍ക്കുപയോഗിക്കുന്നത്‌ 11.63 ശതമാനവുമാണ്‌.

മൊത്തം കൃഷിസ്ഥലമായ 2.71 ലക്ഷം ഹെക്‌ടര്‍ സ്ഥലത്തില്‍ (2008-09) 12.05 ശതമാനം മാത്രമാണ്‌ ഭക്ഷ്യവിളകളായ നെല്ല്‌, പയറുവര്‍ഗങ്ങള്‍, മരച്ചീനി എന്നിവ കൃഷി ചെയ്യുന്നത്‌. ഭക്ഷ്യകമ്മി സംസ്ഥാനമായ കേരളത്തെ സംബന്ധിച്ചിടത്തോളം ഭക്ഷ്യവിളകളുടെ നാമമാത്രമായ കൃഷിസ്ഥലം നിലനിര്‍ത്തുക എന്നത്‌ ഒരു വലിയ വെല്ലുവിളിയാണ്‌. നമ്മുടെ കാര്‍ഷികസമ്പദ്‌ഘടനയില്‍ പരമ്പരാഗത ഭക്ഷ്യവിളകളായ നെല്ല്‌, മരച്ചീനി തുടങ്ങിയവ കൂടുതല്‍ ആദായം നല്‌കുന്ന റബ്ബര്‍, നാളികേരം തുടങ്ങിയവയിലേക്കു മാറുന്ന ഒരു സ്ഥിതിവിശേഷം 1970കളുടെ മധ്യകാലം മുതല്‍ കണ്ടുതുടങ്ങിയിരുന്നു. നെല്‍ക്കൃഷി കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ നെല്‍ക്കൃഷി ചെയ്‌തിരുന്ന പാടങ്ങളുടെ വിസ്‌തൃതിയില്‍ ഏതാണ്ട്‌ 65000ത്തിലധികം ഹെക്‌ടര്‍ കുറവ്‌ വന്നിട്ടുണ്ടെന്ന്‌ കണക്കുകള്‍ സൂചിപ്പിക്കുന്നു

ഇന്ത്യയില്‍ ആകമാനം നെല്‍ക്കൃഷിയുടെ വിസ്‌തീര്‍ണത്തില്‍ കുറവ്‌ വന്നിട്ടുണ്ടെങ്കിലും അതിന്റെ തീവ്രത വളരെക്കൂടുതല്‍ അനുഭവപ്പെടുന്നത്‌ നമ്മുടെ സംസ്ഥാനത്തിലാണ്‌. എന്നാല്‍ 200809 വര്‍ഷത്തില്‍ 200708 വര്‍ഷത്തെക്കാളും വിസ്‌തൃതിയില്‍ വളര്‍ച്ച ഉള്ളതായി കാണുന്നു. വിസ്‌തീര്‍ണം കുറഞ്ഞതിന്റെ പ്രതിഫലനം ഉത്‌പാദനത്തിലും പ്രകടമാകുന്നുണ്ട്‌. ഉത്‌പാദനക്ഷമതയില്‍ കേരളം ദേശീയശരാശരിയെക്കാളും മുന്നില്‍ നില്‌ക്കുന്നു. കേരളത്തിനാവശ്യമുള്ള നെല്ല്‌ ഉത്‌പാദനത്തിന്റെ 19 ശതമാനം മാത്രമാണ്‌ സംസ്ഥാനത്ത്‌ ഉത്‌പാദിപ്പിക്കുന്നത്‌. നമ്മുടെ ഭക്ഷ്യസുരക്ഷയ്‌ക്ക്‌ നെല്‍ക്കൃഷിയുടെ വിസ്‌തീര്‍ണം കൂട്ടേണ്ടത്‌ അനിവാര്യമാണെന്ന്‌ ഈ കണക്കുകള്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.

ഭക്ഷ്യകാര്‍ഷിക സംഘടനയുടെ കണക്കനുസരിച്ച്‌ 1.02 ദശലക്ഷം ജനങ്ങള്‍ ലോകത്ത്‌ പോഷകാഹാരം ലഭിക്കാത്തവരാണ്‌. ഉത്‌പാദനം കുറയുന്നതോടെ വിലകള്‍ വര്‍ധിക്കുകയും പാവപ്പെട്ടവര്‍ക്ക്‌ ഭക്ഷ്യവസ്‌തുക്കള്‍ അപ്രാപ്യമാവുകയും ചെയ്യുന്നു. നാളികേരം. ലോകത്തൊട്ടാകെ 86 രാജ്യങ്ങളിലായി 5400 കോടി നാളികേരം ഉത്‌പാദിപ്പിക്കുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഇന്തോനേഷ്യയെയും ഫിലിപൈന്‍സിനെയും മറികടന്ന്‌ ഉത്‌പാദനത്തില്‍ ഇന്ത്യ മുന്‍നിരയിലെത്തിയിരിക്കുന്നു. എന്നാല്‍ കേരളത്തില്‍ നാളികേരത്തിന്റെ വിസ്‌തൃതിയും ഉത്‌പാദനവും കുറേവര്‍ഷങ്ങളായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്‌. ഉത്‌പാദനക്ഷമതയില്‍ നമ്മുടെ സംസ്ഥാനം ദേശീയ ശരാശരിയിലും താഴ്‌ന്നുനില്‌ക്കുന്നു

നമ്മുടെ അയല്‍സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി നാളികേരക്കൃഷിയുടെ വിസ്‌തൃതി 1992-93 ല്‍ 29 ശതമാനവും 2007-08 ല്‍ 41.43 ശതമാനവും കൂടുകയുണ്ടായി. കേരളത്തിലെ നാളികേരക്കൃഷി മൊത്തം കൃഷിസ്ഥലത്തിന്റെ 38 ശതമാനമാണ്‌. ആകെ നാളികേരക്കൃഷി സ്ഥലത്തിന്റെ പങ്ക്‌ 1991-92ല്‍ 57 ശതമാനമായും 2007-08ല്‍ 43 ശതമാനമായും കുറഞ്ഞു. എന്നാല്‍ 200809 ല്‍ ഉത്‌പാദനത്തില്‍ 2.17 ശതമാനം വര്‍ധനവ്‌ ഉണ്ടായതായും കാണുന്നു. നാളികേരത്തിന്റെ വിലയിടിവും തെങ്ങിന്റെ പലവിധ രോഗങ്ങളും കൃഷിപ്പണികള്‍ ചെയ്യാനുള്ള ജോലിക്കാരുടെ ദൗര്‍ലഭ്യവും ആണ്‌ കര്‍ഷകരെ നാളികേരക്കൃഷിയില്‍ നിന്നും അകറ്റി നിര്‍ത്തുന്ന പ്രധാനകാരണങ്ങള്‍, കൂടുതല്‍ ആദായം നല്‍കുന്നതും രോഗങ്ങളും കൃഷിച്ചെലവുകളും താരതമ്യേന കുറഞ്ഞതുമായ റബ്ബര്‍ കൃഷിയിലേക്കു കര്‍ഷകര്‍ തിരിയുന്നതാണ്‌ മറ്റൊരു പ്രധാനകാരണം. കുരുമുളക്‌. കുരുമുളക്‌ കൃഷിയിലും മുന്നിട്ടുനിന്ന ഇന്ത്യ ഇപ്പോള്‍ ഉത്‌പാദനത്തില്‍ വളരെ പിന്നോക്കം പോയിരിക്കുന്നു. ഇന്തോനേഷ്യയ്‌ക്കും ഫിലിപ്പൈന്‍സിനും പിറകിലായി മൂന്നാം സ്ഥാനമാണ്‌ കുരുമുളക്‌ ഉത്‌പാദനത്തില്‍ നമ്മുടേത്‌. ഉത്‌പാദനക്ഷമതയില്‍ ഒരു ഹെക്‌ടറില്‍ 376 കിലോഗ്രാം വരെ 1998-99 ല്‍ എത്തിയിരുന്നു. കുരുമുളകിന്റെ ഉത്‌പാദനക്ഷമത 2008-09 ല്‍ ഹെക്‌ടര്‍ ഒന്നിന്‌ 231 കിലോഗ്രാം ആയി കുറഞ്ഞു. ഓരോ വര്‍ഷവും ഉത്‌പാദനത്തില്‍ ഗണ്യമായ കുറവുണ്ടായിക്കൊണ്ടിരിക്കുന്നു. ഉത്‌പാദനം 2007-08 ല്‍ 41,952 മെട്രിക്‌ ടണ്‍ ആയിരുന്നത്‌ 2008-09 ആയപ്പോഴേക്ക്‌ 40,641 മെട്രിക്‌ ടണ്‍ ആയി കുറഞ്ഞു.

ഗുണമേന്മയില്‍ കേരളത്തിന്റെ കുരുമുളക്‌ പണ്ടുകാലം മുതല്‌ക്കേ പ്രസിദ്ധമാണ്‌. കേരളത്തില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന കുരുമുളകിന്‌ ആഗോളമാര്‍ക്കറ്റില്‍ ഏറ്റവും കൂടുതല്‍ വില ലഭിച്ചിരുന്നു. കുരുമുളകിനുണ്ടാകുന്ന വിവിധരോഗങ്ങളും കുരുമുളക്‌ ചെടിയുടെ താങ്ങായ മുരിക്കിന്റെ കേടുകളുമാണ്‌ കേരളത്തിലെ കുരുമുളകുകൃഷിയെ പ്രതിസന്ധിയിലാക്കിയത്‌. ഇറക്കുമതി ഉദാരവത്‌ക്കരിക്കപ്പെട്ടതോടെ മറ്റു രാജ്യങ്ങളില്‍നിന്നും ഗുണമേന്മ കുറഞ്ഞ കുരുമുളക്‌ നമ്മുടെ രാജ്യത്തേക്ക്‌ ഇറക്കുമതി ചെയ്യപ്പെടുന്നതായി പറയപ്പെടുന്നു. ഇന്ത്യയ്‌ക്കും ശ്രീലങ്കയ്‌ക്കും തമ്മിലുള്ള സ്വതന്ത്ര വ്യാപാര ഉടമ്പടി പ്രകാരം കേരളത്തിലേക്ക്‌ ശ്രീലങ്ക ഡ്യൂട്ടിനല്‍കാതെ നടത്തുന്ന കുരുമുളക്‌ ഇറക്കുമതി ഇവിടുത്തെ കര്‍ഷകരുടെ താത്‌പര്യങ്ങളെ ദോഷകരമായി ബാധിക്കുന്നതായി പരാതിയുണ്ട്‌. കുരുമുളക്‌ ഇറക്കുമതി 2000-01ല്‍ 4028 മെട്രിക്‌ ടണ്‍ ആയിരുന്നത്‌ 2006-07ല്‍ ആയപ്പോഴേക്കും 15,750 മെട്രിക്‌ ടണ്‍ ആയി വര്‍ധിക്കുകയുണ്ടായി. ഇന്ത്യയുടെ കുരുമുളക്‌ കയറ്റുമതി ഓരോ വര്‍ഷവും കുറഞ്ഞുകൊണ്ടിരിക്കുകയാണ്‌. 1999-2000 ല്‍ 42,806 മെട്രിക്‌ ടണ്‍ ആയിരുന്നത്‌ 2007-08 ആയപ്പോഴേക്കും 35000 മെട്രിക്‌ ടണ്‍ ആയും 2008-09ല്‍ 25,250 മെട്രിക്‌ ടണ്‍ ആയും കുറയുകയുണ്ടായി.

കേരളം ഇന്ത്യ താരതമ്യം വര്‍ഷം കൃഷിഭൂമിയുടെ ഉത്‌പാദനം ഉത്‌പാദനക്ഷമത വിസ്‌തീര്‍ണം (മെ. ടണ്‍) (കി.ഗ്രാം (ഹെക്‌ടര്‍) ഹെക്‌ടര്‍ഒന്നിന്‌) കേരളം ഇന്ത്യ കേരളം ഇന്ത്യ കേരളം ഇന്ത്യ 2001-02 89.6 66.5 734 2005-06 80.7 855 57.6 573 714 815 2007-08 58.18 868 50.91 665 875 766 2008-09 52.88 893 42.27 695 800 778

ദേശീയതലത്തില്‍ കശുവണ്ടിക്കൃഷിയുടെ വിസ്‌തീര്‍ണവും ഉത്‌പാദനവും വര്‍ഷന്തോറും കൂടിക്കൊണ്ടിരിക്കുമ്പോള്‍ കേരളത്തില്‍ ഇവ രണ്ടും ഓരോവര്‍ഷവും കുറയുന്നതായാണ്‌ കാണുന്നത്‌. ദേശീയതലത്തിലെ കശുവണ്ടിക്കൃഷിയുടെ 23 ശതമാനം 198788 ല്‍ കേരളത്തിലായിരുന്നെങ്കില്‍ 2008-09 ആയപ്പോഴേക്കും അത്‌ വെറും 5.93 ശതമാനമായി കുറഞ്ഞു. സമാനസമയത്ത്‌ ഉത്‌പാദനത്തിലുണ്ടായ കുറവ്‌ 31 ശതമാനവും 6.09 ശതമാനവുമാണ്‌. ഇന്ത്യയില്‍ നിന്നുള്ള കശുവണ്ടിപ്പരിപ്പ്‌ കയറ്റുമതി 2008-09ല്‍ 2988.40 കോടി രൂപയുടെതും കശുവണ്ടിയുടെ ഇറക്കുമതി 2632.40 കോടി രൂപയുടെതുമായിരുന്നു. അതുവഴി 356 കോടി രൂപയുടെ വിദേശമൂലധനം നമുക്ക്‌ ലഭിക്കുകയുണ്ടായി. തോട്ടവിളകള്‍. കയറ്റുമതിക്കുതകുന്നതും ഇറക്കുമതിക്കു ബദലായി നില്‌ക്കുന്നതുമായ തോട്ടവിളകള്‍ ദേശീയതലത്തില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്ന വിളകളാണ്‌. കേരളത്തില്‍ ഏകദേശം 14 ലക്ഷത്തോളം കുടുംബങ്ങള്‍ തോട്ടമേഖലയെ ആശ്രയിച്ചുകഴിയുന്നവരാണ്‌. റബ്ബര്‍, കാപ്പി, തേയില, ഏലം എന്നീ പ്രധാന നാലു തോട്ടവിളകള്‍ 6.80 ലക്ഷം ഹെക്‌ടറില്‍ മൊത്തം കൃഷിഭൂമിയുടെ 32.15 ശതമാനം വിസ്‌തീര്‍ണത്തില്‍ വ്യാപിച്ചുകിടക്കുന്നു. ഇന്ത്യയിലെ ഈ നാലുവിളകളുടെ വിസ്‌തീര്‍ണത്തിന്റെ 43 ശതമാനം കേരളത്തിലാണ്‌ കൃഷിചെയ്യുന്നത്‌. ഇന്ത്യയിലെ മൊത്തം റബ്ബറിന്റെ 91 ശതമാനം, ഏലത്തിന്റെ 75 ശതമാനവും കാപ്പിയുടെ 22 ശതമാനവും തേയിലയുടെ 5 ശതമാനവും 2008-09 ലെ കണക്കനുസരിച്ച്‌ കേരളത്തില്‍ ഉത്‌പാദിപ്പിക്കപ്പെടുന്നു. റബ്ബര്‍. ആഗോള റബ്ബര്‍ ഉത്‌പാദനത്തിന്റെ എട്ടു ശതമാനവുമായി തായ്‌ലന്‍ഡ്‌, മലേഷ്യ, ഇന്തോനേഷ്യ എന്നിവയ്‌ക്കു പിന്നിലായി ഇന്ത്യ നാലാംസ്ഥാനത്ത്‌ നില്‍ക്കുന്നു. സ്വാഭാവികറബ്ബറിന്റെ ഇന്ത്യയിലെ ഉത്‌പാദനം 2008-09 ല്‍ 8.65 ലക്ഷം മെട്രിക്‌ ടണ്‍ ആയിരുന്നു. റബ്ബര്‍ ഉത്‌പാദനത്തില്‍ 2007-08 നെക്കാള്‍ 4.74 ശതമാനം വര്‍ധനയുണ്ടായി.

കേരളത്തില്‍ റബ്ബര്‍ക്കൃഷിയുടെ വിസ്‌തീര്‍ണം, ഉത്‌പാദനം, ഉത്‌പാദനക്ഷമത എന്നിവയില്‍ പുരോഗതി ഉള്ളതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ റബ്ബര്‍ക്കൃഷിയുടെ 81 ശതമാനവും കേരളത്തിലാണ്‌ കാണപ്പെടുന്നത്‌. കേരളത്തില്‍ 2008-09ല്‍ 5.17 ലക്ഷം ഹെക്‌ടറില്‍ റബ്ബര്‍ക്കൃഷി ചെയ്‌തിരുന്നു. ഇവിടുത്തെ ഉത്‌പാദനവും ഉത്‌പാദനക്ഷമതയും യഥാക്രമം 7.83 ലക്ഷം ടണ്ണും 1514 കിലോഗ്രാമും ആയിരുന്നു.

കാപ്പി. ദേശീയതലത്തില്‍ 3.94 ലക്ഷം ഹെക്‌ടറില്‍ കാപ്പിക്കൃഷിയുണ്ടായിരുന്നതില്‍ (200809) 0.85 ലക്ഷം ഹെക്‌ടര്‍, അതായത്‌ 21 ശതമാനം കേരളത്തിലായിരുന്നു. ഇന്ത്യയില്‍ 2.62 ലക്ഷം മെട്രിക്‌ ടണ്‍ കാപ്പി ഉത്‌പാദിപ്പിച്ചതില്‍ 0.57 മെട്രിക്‌ ടണ്‍, അതായത്‌ 22 ശതമാനം മാത്രമാണ്‌ കേരളത്തിന്റെ പങ്ക്‌. കാപ്പിയുടെ ഉത്‌പാദനക്ഷമതയില്‍ കേരളം ദേശീയ ശരാശരി(748 കി.ഗ്രാം/ഹെക്‌ടറിന്‌)യേക്കാളും പിന്നിലാണ്‌ (675 കി.ഗ്രാം). കാപ്പി പ്രധാനമായും കയറ്റുമതി ചെയ്യപ്പെടുന്ന ഒരു തോട്ടവിളയാണ്‌. നമ്മുടെ കാപ്പി ഉത്‌പാദനത്തിന്റെ 80 ശതമാനത്തിലധികം കയറ്റി അയയ്‌ക്കപ്പെടുന്നു. കാപ്പിയുടെ കയറ്റുമതിയിലും 200809 ല്‍ കുറവുണ്ടായതായി കാണാം. 200708 ല്‍ അത്‌ 1.96 ലക്ഷം ടണ്‍ ആയി കുറഞ്ഞു. കാപ്പിയുടെ വിലക്കുറവാണ്‌ കാപ്പിക്കൃഷി കേരളത്തില്‍ കുറഞ്ഞുവരാനുള്ള പ്രധാനകാരണം.

തേയില. 2010ല്‍ യു.എന്നിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ്‌ ആന്‍ഡ്‌ അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ നല്‍കിയ കണക്കുകള്‍ പ്രകാരം 2008ല്‍ 4.73 ദശലക്ഷം ടണ്‍ തേയില ആഗോളതലത്തില്‍ ഉത്‌പാദിപ്പിക്കപ്പെട്ടു. 12,75,384 ടണ്‍ ഉത്‌പാദിപ്പിച്ച ചൈനയായിരുന്നു ഒന്നാം സ്ഥാനത്ത്‌; 8,05,180 ടണ്‍ ഉത്‌പാദിപ്പിച്ച ഇന്ത്യ രണ്ടാം സ്ഥാനത്തും. തേയിലയുടെ ഉപയോഗത്തില്‍ ആഗോളതലത്തില്‍ മുന്നില്‍ നില്‌ക്കുന്നത്‌ ഇന്ത്യയാണ്‌. തേയിലയുടെ വിസ്‌തീര്‍ണവും ഉത്‌പാദനവും

തേയില ഇറക്കുമതി 2000ല്‍ 13.4 മില്ല്യന്‍ കിലോഗ്രാം ആയിരുന്നത്‌ 2009 ആയപ്പോഴേക്കും 20.28 മില്ല്യന്‍ ടണ്‍ ആയി വര്‍ധിച്ചു. ഇന്ത്യയിലേക്ക്‌ പ്രധാനമായും തേയില ഇറക്കുമതി ചെയ്യുന്നത്‌ നേപ്പാള്‍ (31 ശ.മാ.), വിയറ്റ്‌നാം (25 ശ.മാ.), ഇന്തോനേഷ്യ (11 ശ.മാ.) എന്നിവിടങ്ങളില്‍ നിന്നാണ്‌. വന്‍കിടകമ്പനികളുടെ തേയിലത്തോട്ടങ്ങളില്‍ 84,000 ലധികം തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്‌. ഉത്‌പാദനം, ഉത്‌പാദനക്ഷമത എന്നിവയുടെ കുറവും ഗുണനിലവാരമില്ലാത്ത തേയിലയുടെ ഇറക്കുമതി തുടങ്ങിയ കാരണങ്ങള്‍കൊണ്ട്‌ ഇന്ത്യയിലെ തേയില വ്യവസായം ഇന്ന്‌ പ്രതിസന്ധിഘട്ടത്തിലാണ്‌. ഏലം. ഏലത്തിന്റെ ഉത്‌പാദനക്ഷമത 1980കളില്‍ 50 കി.ഗ്രാം/ഹെക്‌ടര്‍ ആയിരുന്നത്‌ 2008-09 ആയപ്പോഴേക്കും 206 കി.ഗ്രാം/ഹെക്‌ടര്‍ എന്ന നിലയിലെത്തി. ഏലക്കൃഷിയുടെ വിസ്‌തീര്‍ണവും ഉത്‌പാദനവും മറ്റുവിളകളെപ്പോലെ കുറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ 200809 ല്‍ ഏലംകൃഷിക്ക്‌ അല്‌പം ഉണര്‍വുണ്ടാകുകയും വിസ്‌തീര്‍ണവും ഉത്‌പാദനവും കൂടുകയും ചെയ്‌തു. ഇന്ത്യയും ഗ്വാട്ടിമാലയുമാണ്‌ ലോകത്തെ മുന്തിയ ഏലം ഉത്‌പാദനരാജ്യങ്ങള്‍. ഗ്വാട്ടിമാല അവരുടെ ഉത്‌പാദനത്തിന്റെ 73 ശതമാനം കയറ്റിയയ്‌ക്കുമ്പോള്‍ ഇന്ത്യ കയറ്റിയയച്ചത്‌ എട്ടുശതമാനം മാത്രമാണ്‌.

ഫലവര്‍ഗങ്ങള്‍. മാങ്ങ, നേന്ത്രപ്പഴം, മാതളം, സപ്പോട്ട തുടങ്ങിയ പഴവര്‍ഗങ്ങള്‍ ഉത്‌പാദിപ്പിക്കുന്നതില്‍ ഇന്ത്യയ്‌ക്ക്‌ ഒന്നാം സ്ഥാനമാണുള്ളത്‌. മുന്തിരിയുടെ ഉത്‌പാദനക്ഷമതയില്‍ ലോകത്തില്‍ ഒന്നാം സ്ഥാനം ഇന്ത്യയ്‌ക്കാണ്‌. നേന്ത്രപ്പഴം, സപ്പോട്ട എന്നിവയുടെ ദേശീയ ഉത്‌പാദനക്ഷമത, ലോകശരാശരി ഉത്‌പാദനക്ഷമതയെക്കാള്‍ മുന്നില്‍ നില്‍ക്കുന്നു. കേരളത്തില്‍ 0.32 ലക്ഷം ഹെക്‌ടര്‍ സ്ഥലത്ത്‌ മാവ്‌, പ്ലാവ്‌, നേന്ത്രന്‍, മറ്റുവാഴകള്‍, കൈത തുടങ്ങിയ പഴവര്‍ഗങ്ങള്‍ കൃഷിചെയ്യുന്നു. നേന്ത്രനും മറ്റു വാഴയിനങ്ങളും കൂടിയുള്ള ഉത്‌പാദനം ഒന്‍പത്‌ ലക്ഷം ടണ്‍ ആണ്‌. മാങ്ങ 4.5 ലക്ഷം ടണും കൈതച്ചക്ക ഒരു ലക്ഷം ടണ്ണും ഉത്‌പാദിപ്പിക്കപ്പെടുന്നു.

പച്ചക്കറികള്‍. വെണ്ടയുടെ ഉത്‌പാദനത്തില്‍ ഒന്നാം സ്ഥാനത്തും വഴുതന, കാബേജ്‌, കോളിഫ്‌ളവര്‍, ഉള്ളി, തക്കാളി എന്നിവയുടെ ഉത്‌പാദനത്തില്‍ രണ്ടാം സ്ഥാനത്തും ഉരുളക്കിഴങ്ങ്‌ ഉത്‌പാദനത്തില്‍ മൂന്നാം സ്ഥാനവുമാണ്‌ ആഗോളതലത്തില്‍ ഇന്ത്യയുടെ സ്ഥാനം. കേരളത്തില്‍ 48,148 ഹെക്‌ടര്‍ സ്ഥലത്ത്‌ പച്ചക്കറികള്‍ കൃഷിചെയ്യുന്നുണ്ട്‌. പാവല്‍, പടവലം, വെണ്ട, വെള്ളരി, മുളക്‌, മത്തന്‍, ചീര തുടങ്ങിയവയാണ്‌ പ്രധാനമായി കൃഷിചെയ്യുന്നത്‌. ശീതമേഖല പച്ചക്കറികളായ കാബേജ്‌, കോളിഫ്‌ളവര്‍ തുടങ്ങിയവയും ചെറിയതോതില്‍ കൃഷിചെയ്‌തുവരുന്നു. ഔഷധസസ്യങ്ങള്‍. ഇന്ത്യയില്‍ 15,00020,000 ഔഷധസസ്യങ്ങള്‍ ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. അതില്‍ മൂന്നിലൊരുഭാഗം വൃക്ഷങ്ങളും മൂന്നിലൊന്ന്‌ കുറ്റിച്ചെടികളും വള്ളിച്ചെടികളും ബാക്കിയുള്ളവ പുല്‍ച്ചെടികളുമാണ്‌. 120 ബില്യന്‍ ഡോളറിന്റെ ആഗോളവിപണിയുള്ളതില്‍ 1210 കോടിയാണ്‌ ഇന്ത്യയുടെ വിഹിതം. ഔഷധസസ്യഭാഗങ്ങളും ഔഷധസസ്യങ്ങളുടെ സത്തും ഇന്ത്യയില്‍ നിന്നും കയറ്റി അയയ്‌ക്കപ്പെടുന്നു. എന്നാല്‍ 40 ശതമാനത്തോളം കമ്പോളം പിടിച്ചതോടെ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തുനില്‍ക്കുന്നു.

ഇന്ത്യ കയറ്റി അയയ്‌ക്കുന്ന ഔഷധസസ്യങ്ങളില്‍ 50 ശതമാനവും അമേരിക്കയിലേക്കാണ്‌. അമേരിക്ക കഴിഞ്ഞാല്‍ യൂറോപ്യന്‍ യൂണിയനാണ്‌ ഇന്ത്യയുടെ പ്രധാന കമ്പോളം. മൂല്യവര്‍ധിത ഉത്‌പന്നങ്ങളുടെ കയറ്റുമതി വര്‍ധിച്ചതോടെ ഇന്ത്യയില്‍ നിന്നുള്ള ഔഷധസസ്യകയറ്റുമതി 2000ത്തിനുശേഷം 3040 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്‌. പുതിന, ഇസാബഗോള്‍, സെന്റ്‌ ജോണ്‍സ്‌ വര്‍ട്ട്‌, കറ്റാര്‍വാഴ, കുടങ്ങല്‍, ഔഷധനെല്ലി, തുളസി, വേപ്പ്‌, ചിറ്റമൃത്‌ തുടങ്ങി അനേകം ഔഷധസസ്യങ്ങളും സത്തും കയറ്റി അയയ്‌ക്കപ്പെടുന്നു. ഔഷധസസ്യങ്ങളുടെ കേരളത്തിലെ പ്രതിവര്‍ഷ ഉപഭോഗം (വാര്‍ഷിക, ദ്വിവാര്‍ഷിക സസ്യങ്ങള്‍)

വിലവിവരം. വിളവുപ്രവചനം പോലെതന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്‌ കാര്‍ഷിക ഉത്‌പന്നങ്ങളുടെ വിലവിവരവും. തോട്ടവിലഅതായത്‌ കര്‍ഷകര്‍ക്ക്‌ കൃഷിസ്ഥലത്തുകിട്ടുന്ന വില, മൊത്തവില ((wholesale price), ചില്ലറവില (retail price) എന്നിങ്ങനെ വിലവിവരത്തെ പ്രധാനമായും മൂന്നായി തിരിച്ചിരിക്കുന്നു. കമ്പോളത്തിലെ വിലനിലവാരം കുറയുമ്പോള്‍ ഇതുകൂടാതെ കര്‍ഷകര്‍ക്കു ന്യായമായ വില ലഭിക്കുന്നതിനായി താങ്ങുവില (support price), ഗവണ്‍മെന്റ്‌ വാങ്ങുന്നവില (procurement price), പ്രത്യേകസാഹചര്യങ്ങളിലും പ്രത്യേകവിഭാഗക്കാര്‍ക്കും സാധനങ്ങള്‍ കുറഞ്ഞ വിലയ്‌ക്കുകൊടുക്കുന്ന വില (Issue price) എന്നീ വിലകളും സമയാസമയങ്ങളില്‍ കേന്ദ്രഗവണ്‍മെന്റ്‌ നിശ്ചയിക്കാറുണ്ട്‌.

കാര്‍ഷികാദായം. കേരളത്തില്‍ കാര്‍ഷികാദായം കുറഞ്ഞുകൊണ്ടിരിക്കുകയാണ്‌. മൊത്തം ദേശീയവരുമാനത്തില്‍ കേരളത്തിന്റെ പങ്ക്‌ വളരെ ചെറുതായിട്ടാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. കേരളത്തിന്റെ പങ്ക്‌ 2002-03 ല്‍ ദേശീയവരുമാനത്തിന്റെ 20.13 ശതമാനം ആയിരുന്നെങ്കില്‍ 2008-09 ആയപ്പോഴേക്കും അത്‌ 11.90 ശതമാനമായി കുറഞ്ഞു. കര്‍ഷകര്‍ കൃഷിയില്‍ നിന്നും പിന്നോക്കം പോകുന്നതും ഉത്‌പന്നങ്ങളുടെ വിലക്കുറവും കാര്‍ഷികേതര മേഖലയുടെ പുരോഗതിയുമാണ്‌ ഇതിന്റെ പ്രധാന കാരണങ്ങള്‍.

വിളവ്‌ പ്രവചനം (Crop Forecast). ആേസൂത്രണത്തിനും നിയമനിര്‍മാണത്തിനും സ്ഥിതിവിവരക്കണക്കുകള്‍ പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ്‌ വിളവുപ്രവചനവും. ദേശീയവിളപ്രവചനകേന്ദ്രം (National crop Forcasting Centre-NFC) 1998ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ കൃഷിമന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തനമാരംഭിച്ചു. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം, ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രം, കൃഷി ഡിപ്പാര്‍ട്ടുമെന്റ്‌, നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ തുടങ്ങി അനേകം കേന്ദ്രങ്ങളില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച്‌ ഏകദേശം നാല്‌പതോളം വിളകളുടെ മൊത്ത ഉത്‌പാദനം വിളവുപ്രവചനത്തിലൂടെ മുന്‍കൂട്ടി കണക്കാക്കപ്പെടുന്നു. കാലാവസ്ഥാവ്യതിയാനം, മഴ, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്‌, വരള്‍ച്ച, രോഗകീടബാധ എന്നിവയുടെ അടിസ്ഥാനത്തില്‍ ഓരോ ഋതുക്കളിലെയും വിളയുത്‌പാദനം കംപ്യൂട്ടര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ഇന്നു പ്രവചിക്കാന്‍ സാധിക്കുന്നുണ്ട്‌. വളരെ ശരിയായ ഒരു പ്രവചനം പലകാരണങ്ങളാലും അസാധ്യമാണെങ്കിലും ചെറിയ തോതിലുള്ള ഒരു ആസൂത്രണം നടത്താന്‍ ഈ പ്രവചനം സഹായിക്കുന്നു.

കര്‍ഷകപ്രസ്ഥാനം, കേരളത്തിലെ

ഇന്ത്യയുടെ സാമൂഹികചരിത്രത്തില്‍ കര്‍ഷകപ്രസ്ഥാനമെന്ന സംജ്ഞയ്‌ക്ക്‌ വ്യാപകമായ അര്‍ഥവ്യാപ്‌തിയുണ്ട്‌. ജന്‌മിനാടുവാഴിത്ത (ഫ്യൂഡല്‍) വ്യവസ്ഥയ്‌ക്കെതിരായുള്ള സമരം, കാര്‍ഷിക പരിഷ്‌കാരങ്ങള്‍ക്കു വേണ്ടിയുള്ള സമരം, ജാതീയ ഉച്ചനീചത്വങ്ങള്‍ക്കെതിരായ സമരം എന്നിവയൊക്കെ കര്‍ഷകപ്രസ്ഥാനത്തിന്റെ ഭാഗമാണ്‌. ബ്രിട്ടീഷ്‌ സാമ്രാജ്യാധിപത്യത്തില്‍ നിന്ന്‌ മോചനം നേടാനുള്ള സമരവും സാമൂഹികജീവിതത്തിന്റെ സമഗ്രമായ ജനാധിപത്യവത്‌കരണത്തിനും സാംസ്‌കാരിക നവോത്ഥാനത്തിനും വേണ്ടിയുള്ള പ്രസ്ഥാനങ്ങളും ഇതിലുള്‍പ്പെടുന്നു.

കര്‍ഷകപ്രസ്ഥാന ചരിത്രം

പത്തൊന്‍പതാം നൂറ്റാണ്ടില്‍

18-ാം ശ.ത്തിന്റെ അവസാനത്തെയും 19-ാം ശ.ത്തിന്റെ ആദ്യത്തെയും ദശകങ്ങളിലാണ്‌ കേരളത്തില്‍ കര്‍ഷകപ്രസ്ഥാനം ഉടലെടുത്തത്‌. അന്ന്‌ ജന്മി നാടുവാഴിത്തവ്യവസ്ഥയുടെ ഭാഗമായി കേരളത്തില്‍ അടിമത്തവും അടിയായ്‌മയും സാര്‍വത്രികമായി നിലവിലുണ്ടായിരുന്നു. രാജകുടുംബങ്ങളും ബ്രാഹ്മണരും നാടുവാഴി പ്രഭുക്കളും ദേവസ്വങ്ങളുമായിരുന്നു ജന്മികള്‍. അടിമകളും അടിയാളരും (കുടിയാന്മാര്‍) ആണ്‌ ഭൂമിയില്‍ അധ്വാനിച്ചിരുന്നത്‌. അടിമയെ തല്ലാനും കൊല്ലാനും വില്‌ക്കാനുമെല്ലാം ഉടമയായ ജന്മിക്ക്‌ അവകാശമുണ്ടായിരുന്നു. അക്കാലത്തെ അടിമപ്പണയോലക്കരണങ്ങളും ആളൊറ്റിയോലക്കരണങ്ങളും ആള്‍ വിലയോലക്കരണങ്ങളും ഇതിന്‌ തെളിവാണ്‌. ജന്മിയുടെ ഭൂമിയില്‍ സൗജന്യമായി എല്ലാ ജോലിയും ചെയ്‌തുകൊടുത്തതിനുശേഷമേ സ്വന്തം ഭൂമിയില്‍ പണിയെടുക്കാന്‍ അടിയാളര്‍ക്ക്‌ അവകാശമുണ്ടായിരുന്നുള്ളു. സ്വന്തം ഭൂമിയില്‍ പണിയെടുക്കുന്നതിന്‌ ജന്മിക്ക്‌ പാട്ടം കൊടുക്കുകയും വേണം. കൃഷിക്കാരെക്കൊണ്ട്‌ ഇങ്ങനെ സൗജന്യമായി പണിയെടുപ്പിക്കുന്നതിന്‌ വടക്കേ മലബാറില്‍ "ചിറ്റാരി'യെന്നും തിരുവിതാംകൂറില്‍ "ഊഴിയവേല'യെന്നുമാണ്‌ പറഞ്ഞിരുന്നത്‌. തിരുവിതാംകൂറില്‍ പല പൊതുമരാമത്തുപണികളും കുടിയാന്മാരെക്കൊണ്ട്‌ സൗജന്യമായി ചെയ്യിക്കാറുണ്ടായിരുന്നു.

വിളവിന്റെ ആറിലൊന്ന്‌ ജന്മിക്ക്‌ പാട്ടമായോ വാരമായോ നല്‌കണമെന്നായിരുന്നു കണക്കെങ്കിലും വിളവിന്റെ മൂന്നിലൊരുഭാഗം വരെ പാട്ടമായി പിരിക്കാറുണ്ടായിരുന്നു. ബ്രിട്ടീഷ്‌ ഭരണവും അതിന്റെ മാതൃകയിലുള്ള നാട്ടുരാജ്യഭരണവും വന്നതോടെ, ജന്മികള്‍ക്ക്‌ ഭൂമിയില്‍ അനിയന്ത്രിതമായ ഉടമാവകാശം കിട്ടി. അവര്‍ക്ക്‌ യഥേഷ്ടം കുടിയാന്മാരെ ഒഴിപ്പിക്കുകയും പാട്ടം കൂട്ടുകയും ചെയ്യാമെന്നായി. അതോടെ പാട്ടം വിളവിന്റെ 60-ം 70-ം ശ.മാ. ആയി വര്‍ധിച്ചു. ഇതിനും പുറമേ മറ്റു പല പിരിവുകളും കുടിയാന്മാര്‍ ജന്മികള്‍ക്ക്‌ കൊടുക്കേണ്ടതുണ്ടായിരുന്നു.

സായുധകലാപങ്ങള്‍

ആദ്യഘട്ടത്തില്‍ കേരളത്തിലുടനീളം തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള ബ്രിട്ടീഷുകാരുടെ ആക്രമണ നടപടിക്കെതിരായി കലാപത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിയത്‌ ജന്മിനാടുവാഴികളുടെ പ്രതിനിധികളായ പഴശ്ശിരാജാവും വേലുത്തമ്പിദളവയും പാലിയത്തച്ചനുമായിരുന്നു. അവരുടെ പിന്നിലണിനിരന്ന യഥാര്‍ഥശക്തി കൃഷിക്കാരായിരുന്നുവെന്നു കാണാം. ബ്രിട്ടീഷാധിപത്യത്തെ ഈ ഘട്ടത്തിലെതിര്‍ത്തില്ലെങ്കില്‍, "ഉപ്പു വരെയുള്ള എല്ലാ സാധനങ്ങളും അവരുടെ കുത്തകയാക്കും; ഓരോ തുണ്ടു ഭൂമിയും ഓരോ പുരയിടവും അളന്ന്‌ അമിതമായ ഭൂനികുതി, നാളികേരനികുതി മുതലായവ പിരിക്കും'. ഇതായിരുന്നു വേലുത്തമ്പിയുടെ ചരിത്രപ്രസിദ്ധമായ കുണ്ടറവിളംബരത്തിന്റെ കാതല്‍.

കൃത്രിമമായ കണക്കുകളുണ്ടാക്കി, യഥാര്‍ഥത്തിലുള്ള വിളവിനെക്കാള്‍ എത്രയോ കൂടുതല്‍ വിളവ-ുണ്ടെന്ന്‌ കാണിച്ച്‌, ഇല്ലാത്ത വിളവിനും നികുതി കൊടുക്കേണ്ടാത്തവര്‍ക്കും, നികുതി ചുമത്തിയ ബ്രിട്ടീഷ്‌ കമ്പനിയുദ്യോഗസ്ഥന്മാരുടെ അനീതിയില്‍ അസംതൃപ്‌തരും ക്ഷുഭിതരുമായ ഉത്തരകേരളത്തിലെ ഹിന്ദുക്കളും മുസ്‌ലിങ്ങളുമായ കൃഷിക്കാരാണ്‌ പഴശ്ശിരാജാവിന്റെ പിന്നിലണിനിരന്നത്‌.

1805 ന. 30നു പഴശ്ശിരാജാവ്‌ കമ്പനിയുടെ പട്ടാളവുമായി പൊരുതി മരിച്ചു. 1809 ഫെ.ല്‍ ശത്രുവിനു കീഴടങ്ങാന്‍ കൂട്ടാക്കാതെ വേലുത്തമ്പി ആത്മഹത്യ ചെയ്‌തു. അക്കൊല്ലംതന്നെ പാലിയത്തച്ചനെ മദ്രാസിലേക്കു നാടുകടത്തി. എങ്കിലും കൃഷിക്കാര്‍ ആയുധം വച്ചു കീഴടങ്ങിയില്ല. 1811ല്‍ വയനാടന്‍ മലകളില്‍ കുറിച്യരും കുറുമ്പരും പണമായി നികുതി പിരിക്കാന്‍ തുടങ്ങിയതിനെ എതിര്‍ത്തു കലാപം തുടങ്ങി. കിഴക്കു മൈസൂറില്‍ നിന്നും പടിഞ്ഞാറു കടല്‍ത്തീരത്തു നിന്നും വയനാട്ടിലേക്കു സൈന്യത്തെ കൊണ്ടുവന്നാണ്‌ ബ്രിട്ടീഷുകാര്‍ അവരെ കീഴടക്കിയത്‌. എന്നാല്‍ തെക്കേ മലബാറിലെ മുസ്‌ലിം കൃഷിക്കാര്‍ അവരുടെ എതിര്‍പ്പു തുടര്‍ന്നു. ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ക്ക്‌ അതൊരു മാറാത്ത തലവേദനയായിരുന്നു. 1830നും 1900നുമിടയ്‌ക്കു നടന്ന എണ്‍പതോളം "മാപ്പിളലഹളകള്‍' ഉദ്യോഗസ്ഥന്മാരുടെയും ജന്‌മികളുടെയും ആക്രമണങ്ങള്‍ക്കെതിരായിട്ടായിരുന്നു. 19-ാം ശ.ത്തിന്റെ ആദ്യദശകങ്ങളില്‍ത്തന്നെ തിരുവിതാംകൂറില്‍ ചേര്‍ത്തല, വൈക്കം, പൂഞ്ഞാര്‍, കുന്നത്തൂര്‍ തുടങ്ങിയ പല സ്ഥലങ്ങളിലും കൃഷിക്കാര്‍ ഒഴിപ്പിക്കലിനെതിരായി പ്രക്ഷോഭം നടത്തിയിരുന്നതായി ട്രാവന്‍കൂര്‍ സ്റ്റേറ്റ്‌ മാനുവലില്‍ പരാമര്‍ശമുണ്ട്‌.

കുടിയാന്‍ സംരക്ഷണ നിയമങ്ങള്‍

തിരുവിതാംകൂറില്‍

കൃഷിക്കാരുടെ ഈ പ്രക്ഷോഭങ്ങളോട്‌ മലബാറിലെ ബ്രിട്ടീഷ്‌ ഭരണാധികളെക്കാള്‍ കൂടുതല്‍ വേഗത്തിലും അനുകൂലമായും പ്രതികരിച്ചത്‌ തിരുവിതാംകൂര്‍ ഗവണ്‍മെന്റാണ്‌. 1829ല്‍ മഹാരാജാവിന്റെ ആജ്ഞാനുസാരം സര്‍വാധികാര്യക്കാര്‍ അപ്പീല്‍ കോടതിക്ക്‌ എഴുതിയയച്ച നീട്ടില്‍ അനാവശ്യമായ ഒഴിപ്പിക്കല്‍ അനുവദിക്കരുതെന്ന്‌ നിര്‍ദേശിച്ചു. ഒരു തവണ മിച്ചവാരം കുടിശ്ശിക വരുത്തിയാല്‍ ഉടന്‍ കുടിയാനെ ഒഴിപ്പിക്കാന്‍ പുറപ്പെടരുതെന്നും; മൂന്നാമതൊരാള്‍ കൂടുതല്‍ പാട്ടം കൊടുക്കാന്‍ തയ്യാറാണെന്നതുകൊണ്ടു മാത്രം കുടിയാനെ ഒഴിപ്പിക്കാനുള്ള ജന്മിയുടെ ശ്രമം അനുവദിക്കുന്നത്‌ തെറ്റാണെന്നും ഈ നീട്ടില്‍ വ്യക്തമാക്കിയിരുന്നു. 1865ലെയും 1867ലെയും പാട്ടവിളംബരങ്ങള്‍ വഴി പണ്ടാരവക (സര്‍ക്കാര്‍) ഭൂമി കൈവശംവച്ചനുഭവിക്കുന്ന എല്ലാ കുടിയാന്മാര്‍ക്കും സ്വകാര്യജന്മം ഭൂമികളിലെ കുടിയാന്മാര്‍ക്കും ഭൂമിയില്‍ സ്ഥിരാവകാശം നല്‌കി. ഒഴിപ്പിക്കാനുള്ള നിയമപരമായ കാരണങ്ങളുണ്ടാക്കാന്‍ ജന്മികള്‍ ബോധപൂര്‍വ-ം മിച്ചവാരവും പൊളിച്ചെഴുത്തവകാശവും മറ്റും വാങ്ങാതിരിക്കുകയാണെങ്കില്‍, നിയമപ്രകാരമുള്ള സംഖ്യ കുടിയാന്മാര്‍ കോടതിയില്‍ കെട്ടിവച്ചാല്‍ മതിയെന്ന്‌ 1867ലെ വിളംബരവും 1869ലെ റഗുലേഷനും വ്യവസ്ഥചെയ്‌തു. ജന്മികള്‍ വന്‍തോതില്‍ കൃഷിക്കാരെ ഒഴിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തുകയും കോടതികള്‍ അതിന്‌ കൂട്ടുനില്‌ക്കുകയും ചെയ്‌തുവെന്നും അതിനെതിരായി കുടിയാന്മാര്‍ വ്യാപകമായി പാട്ടനിഷേധത്തിനൊരുങ്ങുകയുണ്ടായെന്നും 1865ലെ വിളംബരത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. 1896ലെ ജന്മികുടിയാന്‍ റഗുലേഷന്‍ മുന്‍വിളംബരങ്ങളിലെ വ്യവസ്ഥകളെ വിശദീകരിക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്‌തു.

മലബാറില്‍, മാപ്പിളലഹളകളുടെ കാരണങ്ങള്‍ കണ്ടുപിടിച്ച്‌ പരിഹാരം നിര്‍ദേശിക്കാന്‍ ഗവണ്‍മെന്റ്‌ നിയമിച്ച ലോഗന്റെ ശുപാര്‍ശകളനുസരിച്ച്‌ 1887ല്‍ കുഴിക്കൂര്‍ ചമയ(ദേഹണ്ഡ)പ്രതിഫലനിയമം പാസ്സാക്കി. 1900ത്തില്‍ ഈ നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തി. കുടിയാന്മാര്‍ വസ്‌തുവില്‍ ഉണ്ടാക്കിയ കുഴിക്കൂര്‍ ചമയങ്ങളുടെ വില ജന്മിമാര്‍ കൊടുക്കേണ്ടതാണെന്നും അങ്ങനെ ചെയ്യാത്ത കാലത്തോളം വസ്‌തു കൈവശംവച്ച്‌ അനുഭവിക്കാന്‍ കുടിയാന്മാര്‍ക്ക്‌ അവകാശമുണ്ടെന്നും ഈ നിയമം വ്യവസ്ഥ ചെയ്‌തു.

കൊച്ചിയില്‍

1905ല്‍ സെറ്റില്‍മെന്റ്‌ വിളംബരമനുസരിച്ച്‌ കൊച്ചി പ്രദേശത്തെ കുടിയാന്മാര്‍ക്ക്‌ സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥിരാവകാശവും ഉടമാവകാശവും ലഭിച്ചു. 1915ലെ ജന്മികുടിയാന്‍ റഗുലേഷന്‍ കാണക്കുടിയാന്മാര്‍ക്ക്‌ ഭൂമിയില്‍ സ്ഥിരാവകാശം നല്‌കി.

സാമൂഹികരാഷ്‌ട്രീയ പ്രക്ഷോഭങ്ങള്‍

ജന്മികളുടെ നേരിട്ടുള്ള സാമ്പത്തിക ചൂഷണത്തിനും മര്‍ദനത്തിനും അക്രമങ്ങള്‍ക്കും എതിരായി മാത്രമായിരുന്നില്ല കൃഷിക്കാര്‍ പ്രക്ഷോഭം നടത്തിയത്‌. സാമൂഹികമായ വിവേചനം അവസാനിപ്പിക്കുന്നതിനും പ്രാഥമികമായ പൗരാവകാശങ്ങള്‍ക്കും പൗരസമത്വത്തിനും വേണ്ടിയുള്ള അവര്‍ണജാതിക്കാരുടെയും അവശസമുദായങ്ങളുടെയും സമരങ്ങള്‍ 19-ാം ശ.ത്തിന്റെ ആദ്യപകുതിയില്‍ തന്നെ പൊട്ടിപ്പുറപ്പെട്ടു. തെക്കന്‍ തിരുവിതാംകൂറിലെ അഞ്ചു താലൂക്കുകളെ പിടിച്ചു കുലുക്കിയ "റൗക്കകലാപം' അതില്‍ മുഖ്യമായ ഒന്നാണ്‌. സവര്‍ണരെപ്പോലെ അവര്‍ണജാതികളില്‍പ്പെട്ട സ്‌ത്രീകള്‍ക്കും മാറുമറയ്‌ക്കാനും ആഭരണങ്ങള്‍ ധരിക്കാനും അവര്‍ണര്‍ക്ക്‌ സ്വന്തം വീടുകള്‍ ഓടുമേയാനുമുള്ള അവകാശങ്ങള്‍ക്കു വേണ്ടിയായിരുന്നു ഈ പ്രക്ഷോഭം.

ഈ പ്രക്ഷോഭത്തിന്‌ ഫലമുണ്ടായി. ക്രിസ്‌തുമതം സ്വീകരിച്ച ഈഴവസ്‌ത്രീകള്‍ക്ക്‌ മാറു മറയ്‌ക്കാമെന്ന്‌ 1812ലും, എല്ലാ ജാതിക്കാര്‍ക്കും വീടുകള്‍ ഓടുമേയാമെന്ന്‌ 1817ലും, എല്ലാവര്‍ക്കും സ്വര്‍ണാഭരണങ്ങള്‍ ധരിക്കാമെന്ന്‌ 1818ലും വിളംബരങ്ങള്‍ പുറപ്പെടുവിക്കപ്പെട്ടു.

19-ാം ശ.ത്തിന്റെ മധ്യം മുതല്‍ സ-ാമൂഹിക പരിഷ്‌കാരങ്ങള്‍ക്കുവേണ്ടിയുള്ള പ്രക്ഷോഭം തിരുവിതാംകൂറിലും കൊച്ചിയിലും ആരംഭിച്ചു. കര്‍ഷക കുടുംബങ്ങളില്‍ നിന്നും പ്രഭു കുടുംബങ്ങളില്‍ നിന്നും വന്ന അഭ്യസ്‌തവിദ്യരായ യുവാക്കളാണ്‌ ഇതിനു നേതൃത്വം നല്‌കിയത്‌. എല്ലാ വിഭാഗങ്ങളിലുംപെട്ട മലയാളികള്‍ക്ക്‌ സര്‍ക്കാര്‍ സര്‍വീസുകളില്‍ യോഗ്യതയുടെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള തിരുവിതാംകൂറിലെ "മലയാളി മെമ്മോറിയല്‍' പ്രക്ഷോഭവും (1891) "ഈഴവ മെമ്മോറിയല്‍' പ്രക്ഷോഭവും (1896) ഇക്കൂട്ടത്തില്‍ എടുത്തുപറയത്തക്കവയാണ്‌. "മലയാളി മെമ്മോറിയലി'ല്‍ ഭൂവുടമ ബന്ധങ്ങളുടെ പ്രശ്‌നവും ഉന്നയിച്ചിരുന്നു.

ജന്മിനാടുവാഴിത്ത വ്യവസ്ഥയുടെയും ജാതിമേധാവിത്വത്തിന്റെയും അടിത്തറയിളക്കിയ സംഘടിതവും വ്യാപകവുമായ ബഹുജനപ്രസ്ഥാനം ആദ്യമായി ഉടലെടുത്തത്‌ 19-ാം ശ.ന്റെ അവസാനത്തിലും 20-ാം ശ.ത്തിന്റെ തുടക്കത്തിലുമാണ്‌. ഇക്കാലത്താണ്‌ അവശസമുദായങ്ങള്‍ സംഘടിച്ചതും പ്രക്ഷോഭങ്ങള്‍ ആരംഭിച്ചതും. ഇടത്തരക്കാരും പാവപ്പെട്ടവരുമായ കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടാന്‍ ഈ സംഘടനകളിലൂടെ രംഗത്തുവന്നു. കേരളത്തില്‍ കര്‍ഷകപ്രസ്ഥാനം അക്കാലത്ത്‌ സാമൂഹിക പരിഷ്‌കാരങ്ങളുടെയും ജാതിമേധാവിത്വത്തിനെതിരായ സമരത്തിന്റെയും രൂപം കൈക്കൊണ്ടത്‌ സ്വാഭാവികമാണ്‌. ഒന്നാം ലോകയുദ്ധത്തിനുശേഷം കര്‍ഷകപ്രസ്ഥാനത്തിന്റെ സ്വഭാവത്തില്‍ മൗലികമായ മാറ്റം വന്നു. ഈ മാറ്റത്തിന്‌ മുഖ്യകാരണം മഹാത്‌മാഗാന്ധിയുടെ നേതൃത്വത്തില്‍ ദേശീയസ്വാതന്ത്യ്രപ്രസ്ഥാനം സാധാരണ ജനങ്ങളിലേക്ക്‌, വിശേഷിച്ചും നാട്ടിന്‍പുറങ്ങളില്‍, ഇറങ്ങിച്ചെല്ലുകയും അവരെ ആകര്‍ഷിക്കുകയും ചെയ്‌ത ഒരു ബഹുജനപ്രസ്ഥാനമായിത്തീര്‍ന്നതാണ്‌. സാമ്രാജ്യവിരുദ്ധസമരത്തിന്റെ ഭാഗമായി ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്‌ മൗലികമായ കാര്‍ഷിക പരിഷ്‌കാരങ്ങള്‍, ഗ്രാമീണകുടില്‍ വ്യവസായങ്ങളുടെ പുനരുദ്ധാരണം, അയിത്തോച്ചാടനം, ഹരിജനോദ്ധാരണം മുതലായ സാധാരണ കൃഷിക്കാരെ നേരിട്ടു ബാധിക്കുന്നതും ഇന്ത്യന്‍ ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റുന്നതുമായ പരിപാടികളേറ്റെടുത്തു.

1921ലെ മലബാര്‍ ലഹള. തെക്കേ മലബാറിലെ മാപ്പിള കൃഷിക്കാരുടെ സാമ്രാജ്യവിരുദ്ധകലാപം പൊട്ടിപ്പുറപ്പെട്ടത്‌ 1921 ആഗ.ലായിരുന്നു. അഖിലേന്ത്യാടിസ്ഥാനത്തില്‍ ഹിന്ദുമുസ്‌ലിം ഐക്യം കെട്ടിപ്പടുത്തുകൊണ്ട്‌ ബ്രിട്ടീഷ്‌ ഭരണത്തിനെതിരായ നിസ്സഹകരണപ്രസ്ഥാനവും ഖിലാഫത്ത്‌ പ്രസ്ഥാനവും ആളിക്കത്താന്‍ തുടങ്ങിയതിന്റെ പ്രത്യക്ഷഫലമായിരുന്നു അത്‌. ഉത്തരകേരളത്തിലെങ്ങും കോണ്‍ഗ്രസ്‌ഖിലാഫത്ത്‌ കമ്മിറ്റികള്‍ രൂപംകൊണ്ടു. 1920ല്‍ മഞ്ചേരിയിലും 1921ല്‍ ഒറ്റപ്പാലത്തും ചേര്‍ന്ന രാഷ്‌ട്രീയ സമ്മേളനങ്ങള്‍ രാഷ്‌ട്രീയകാര്യങ്ങളോടൊപ്പം കുടിയാന്‍ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്‌തു.

പത്തുലക്ഷത്തോളം ജനങ്ങള്‍ വസിക്കുന്ന മലപ്പുറം, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ, മഞ്ചേരി, നിലമ്പൂര്‍ എന്നീ അഞ്ചു റവന്യൂഫര്‍ക്കകളിലെ 200 ഗ്രാമങ്ങളില്‍ വിദേശീയ ഭരണവും ജന്മികളുടെ ആധിപത്യവും ഏതാനും മാസങ്ങളോളം അവസാനിപ്പിക്കാന്‍ കലാപകാരികള്‍ക്കു കഴിഞ്ഞു. ബ്രിട്ടീഷ്‌ പൊലീസിനും പട്ടാളത്തിനുമെതിരായി കൃഷിക്കാര്‍ ആയുധമെടുത്ത്‌ അദ്‌ഭുതാവഹമായ സാമര്‍ഥ്യത്തോടും ധീരതയോടും കൂടി പോരാടി. ആ പ്രദേശങ്ങളിലെ ജനസംഖ്യയില്‍ 40 ശ.മാ.ത്തോളം ഹിന്ദുക്കളായിരുന്നു. ഹിന്ദുവെന്നോ മുസ്‌ലിമെന്നോ വ്യത്യാസം കൂടാതെ മര്‍ദകരായ ജന്മികളെയും ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ ഉദ്യോഗസ്ഥന്മാരെയും ഒറ്റുകാരെയുമാണ്‌ കലാപകാരികള്‍ മുഖ്യമായും ആക്രമിച്ചത്‌. നോ: മലബാര്‍ ലഹള

ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ പട്ടാളശക്തിയുപയോഗിച്ച്‌ കലാപം അടിച്ചമര്‍ത്തി. എങ്കിലും ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ക്ക്‌ ഈ കലാപത്തിന്റെ മൂലകാരണങ്ങളെ അവഗണിക്കാന്‍ കഴിഞ്ഞില്ല. മലബാറിലെ കോണ്‍ഗ്രസ്‌ നേതൃത്വത്തിനും കുടിയായ്‌മപ്രശ്‌നം കാര്യമായി പരിഗണിക്കേണ്ടിവന്നു. 1915ല്‍ തന്നെ മലബാറില്‍ ഒരു കുടിയാന്‍ പ്രക്ഷോഭം ആരംഭിച്ചിരുന്നു. ഒഴിപ്പിക്കല്‍ തടയണമെന്നും മര്യാദപ്പാട്ടം നിശ്ചയിക്കണമെന്നും കൃഷിക്കാര്‍ ആവശ്യപ്പെട്ടു. 1919ല്‍ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ നടപ്പാക്കിയ ഭരണപരിഷ്‌കാരത്തെത്തുടര്‍ന്ന്‌ മദ്രാസ്‌ നിയമസഭയിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ മലബാറില്‍ നിന്ന്‌ ജന്മികളുടെ സ്ഥാനാര്‍ഥിയെ തോല്‌പിച്ച്‌ കുടിയാന്‍ പ്രസ്ഥാനത്തിന്റെ സ്ഥാനാര്‍ഥി എം. കൃഷ്‌ണന്‍നായര്‍ ജയിച്ചു. 1924ല്‍ അദ്ദേഹം മദ്രാസ്‌ നിയമസഭയില്‍ അവതരിപ്പിച്ച കുടിയാന്‍ ബില്‍ സഭ പാസ്സാക്കിയെങ്കിലും ഗവര്‍ണര്‍ അത്‌ തള്ളിക്കളഞ്ഞു.

കുടിയാന്മാരുടെ പ്രക്ഷോഭം തുടര്‍ന്നു. 1929ല്‍ മദ്രാസ്‌ നിയമസഭ മലബാര്‍ കുടിയാന്‍ നിയമം പാസ്സാക്കി. നെല്ല്‌, തെങ്ങ്‌, കമുക്‌ എന്നിങ്ങനെ ഓരോതരം കൃഷിചെയ്യുന്ന ഭൂമിക്കും വെവ്വേറെ പാട്ടത്തോത്‌ നിശ്ചയിക്കുകയും ഒഴിപ്പിക്കല്‍ നിയന്ത്രിക്കുകയും പൊളിച്ചെഴുത്തവകാശം നിജപ്പെടുത്തുകയും കുടിയിരുപ്പ്‌ വിലയ്‌ക്കുവാങ്ങാന്‍ കുട-ിയാന്മാര്‍ക്ക്‌ അവകാശം നല്‌കുകയും ചെയ്യുന്ന വ്യവസ്ഥകള്‍ ഈ നിയമത്തിലുണ്ടായിരുന്നു. എന്നാല്‍ കൃഷിക്കാരില്‍ ബഹുഭൂരിപക്ഷം വരുന്ന വെറുമ്പാട്ടക്കുടിയാന്മാര്‍ക്ക്‌ ഭൂമിയില്‍ സ്ഥിരാവകാശം നല്‌കാന്‍ ഈ നിയമത്തില്‍ വ്യവസ്ഥകളുണ്ടായിരുന്നില്ല.

ഇതേ കാലത്താണ്‌ കൊടുങ്ങല്ലൂരിലും സമീപപ്രദേശങ്ങളിലും കര്‍ഷകത്തൊഴിലാളികളുടെ ഒരു പ്രക്ഷോഭം വളര്‍ന്നുവന്നത്‌. 1929ല്‍ ലോകവ്യാപകമായി അനുഭവപ്പെട്ട സാമ്പത്തിക മാന്ദ്യം കാരണം കടം കൊണ്ട്‌ സ്വന്തം ഭൂമി അന്യാധീനപ്പെട്ട പാവപ്പെട്ട കൃഷിക്കാരുടെ പ്രശ്‌നങ്ങളാണ്‌ ഈ പ്രസ്ഥാനം ഏറ്റെടുത്തത്‌. എറണാകുളത്തുവച്ച്‌ 1928ല്‍ സമസ്‌ത കേരള കുടിയാന്‍ സംഘം എന്ന ഒരു സംഘടനയും രൂപം കൊണ്ടു. കൃഷിക്കാരുടെ കടങ്ങള്‍ ഈടാക്കാനുള്ള കോടതിനടപടികള്‍ ആറു മാസത്തേക്ക്‌ നിര്‍ത്തിവയ്‌ക്കുന്ന ഒരു വിളംബരം പുറപ്പെടുവിക്കാന്‍ കൊച്ചി ഗവണ്‍മെന്റ്‌ നിര്‍ബന്ധിതമായി.

1933ല്‍ തിരുവിതാംകൂര്‍ നിയമസഭ ജന്മിക്കരം സെറ്റില്‍മെന്റ്‌ ബില്‍ പാസ്സാക്കുകയും മഹാരാജാവ്‌ അതിന്‌ അനുമതി നല്‌കുകയും ചെയ്‌തു. ഈ നിയമപ്രകാരം ജന്മിയും കുടിയാനും തമ്മിലുള്ള ബന്ധം എന്നന്നേക്കുമായി അവസാനിച്ചു. കുടിയാന്‍ ജന്മിക്കു കൊടുക്കേണ്ട എല്ലാ പിരിവുകളും നിര്‍ത്തലാക്കുകയും പകരം ഒരു നിശ്ചിത സംഖ്യ ജന്മിക്കരമായി കൊടുത്താല്‍ മതിയെന്ന്‌ വ്യവസ്ഥപ്പെടുത്തുകയും ആ സംഖ്യ കൃഷിക്കാരില്‍ നിന്നു പിരിച്ച്‌ ജന്മികള്‍ക്കു കൊടുക്കാനുള്ള ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കുകയും കുടിയാന്‍ കൈവശഭൂമിയുടെ ഉടമയായിത്തീരുകയും ചെയ്‌തു.

സ്വതന്ത്രമായ കര്‍ഷകപ്രസ്ഥാനവും സംഘടനയും

കേരളത്തില്‍ സ്വതന്ത്രവും സംഘടിതവുമായ ഒരു കര്‍ഷകപ്രസ്ഥാനം ആവിര്‍ഭവിക്കുന്നത്‌ 193034ലെ സിവില്‍ നിയമലംഘനപ്രസ്ഥാനത്തിനു ശേഷമാണ്‌. അതിന്‍െറ തുടക്കവും ഉത്തരകേരളത്തില്‍ നിന്നാണ്‌. ഇടതുപക്ഷക്കാരും സോഷ്യലിസ്റ്റുകാരുമായ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരാണ്‌ ഇതിനു മുന്‍കൈ എടുത്തത്‌. അവരിലധികം പേരും പിന്നീട്‌ കമ്യൂണിസ്റ്റുകാരായി. വെറുമ്പാട്ടക്കുടിയാന്മാരും കുടികിടപ്പുകാരും കര്‍ഷകത്തൊഴിലാളികളുമായ നാട്ടിന്‍പുറത്തെ പട്ടിണിപ്പാവങ്ങളുടെ ഒരു പ്രസ്ഥാനവുമായിരുന്നു അത്‌. ജന്മിസമ്പ്രദായവും ഭൂപ്രഭുത്വവും നിശ്ശേഷമവസാനിപ്പിച്ച്‌ "കൃഷിഭൂമി കൃഷിക്കാര്‍'ക്കെന്ന മുദ്രാവാക്യം നടപ്പില്‍ വരുത്തുകയായിരുന്നു അതിന്റെ ലക്ഷ്യം.

1935ല്‍ പഴയ മലബാര്‍ ജില്ലയിലെ ചിറയ്‌ക്കല്‍ താലൂക്കിലാണ്‌ ആദ്യത്തെ കര്‍ഷകസംഘം, രൂപവത്‌കരിക്കപ്പെട്ടത്‌. താലൂക്കിലെ സര്‍വാധികാരികളായി വാണിരുന്ന ജന്മികളുടെ ക്രൂരമായ കര്‍ഷകദ്രാഹനടപടികള്‍ക്കെതിരായ പ്രക്ഷോഭത്തിന്റെ രീതിയിലാണ്‌ ഈ പുതിയ പ്രസ്ഥാനം വളര്‍ന്നത്‌. പാട്ടംവാരം അളക്കുന്നതിനുപയോഗിച്ച കള്ളപ്പറകള്‍ നിരോധിക്കുന്നതിനും ഒഴിപ്പിക്കല്‍ തടയുന്നതിനും അക്രമപ്പിരിവുകള്‍ നിര്‍ത്തലാക്കുന്നതിനും ജന്മികളുടെ നികുതി കുടിശ്ശികയ്‌ക്ക്‌ കുടിയാന്റെ വിളവ്‌ ജപ്‌തി ചെയ്യുന്നത്‌ തടയുന്നതിനും കൃഷിക്കാരോട്‌ അടിമകളോടെന്നപോലെ പൈശാചികമായി പെരുമാറുന്നത്‌ അവസാനിപ്പിക്കുന്നതിനും വേണ്ടിയുള്ള ജാഥകളും യോഗങ്ങളും സംഘം സംഘടിപ്പിച്ചു.

1937ല്‍ അഖില മലബാര്‍ കര്‍ഷകസംഘം രൂപീകൃതമായി. മദ്രാസ്‌ സംസ്ഥാനത്തില്‍ കോണ്‍ഗ്രസ്‌ മന്ത്രിസഭ അധികാരത്തില്‍ വന്നതോടെ അക്രമപ്പിരിവുകള്‍ ജന്മികള്‍ക്ക്‌ കൊടുക്കുകയില്ലെന്ന്‌ കൃഷിക്കാര്‍ പ്രഖ്യാപിച്ചു. വെറുമ്പാട്ടക്കാര്‍ക്കും കുടികിടപ്പുകാര്‍ക്കും ഭൂമിയില്‍ സ്ഥിരാവകാശം നല്‌കുകയും മര്യാദപ്പാട്ടം നിജപ്പെടുത്തുകയും അക്രമപ്പിരിവുകള്‍ നിരോധിക്കുകയും ചെയ്യുന്ന ഒരു പുതിയ കുടിയാന്‍ നിയമത്തിനുവേണ്ടി മലബാറിലെങ്ങും പ്രക്ഷോഭം ആരംഭിച്ചു. തത്‌ഫലമായി കുടിയാന്‍ നിയമം ഭേദഗതിചെയ്യുന്നതിനെപ്പറ്റി അന്വേഷിച്ച്‌ റിപ്പോര്‍ട്ടു ചെയ്യാന്‍ ഒരു കമ്മിറ്റിയെ ഗവണ്‍മെന്റ്‌ നിയമിച്ചു. 1939ല്‍ കൃഷിക്കാരില്‍ നിന്നും ജന്മികളില്‍ നിന്നും മറ്റും തെളിവെടുക്കുന്നതിന്‌ കമ്മിറ്റി മലബാറില്‍ നടത്തിയ പര്യടനത്തെ കര്‍ഷകസംഘം ഒരു ബഹുജനപ്രസ്ഥാനമാക്കിമാറ്റി.

അതോടൊപ്പം കര്‍ഷകസംഘം കൃഷിക്കാരെ രാഷ്‌ട്രീയപ്രബുദ്ധരാക്കുകയും സ്വ-ാതന്ത്യ്രപ്രസ്ഥാനത്തിലേക്കും ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസ്സിലേക്കും ആകര്‍ഷിക്കുകയും ചെയ്‌തു. കൃഷിക്കാര്‍ക്കിടയില്‍ ഒരു സാംസ്‌കാരിക നവോത്ഥാനത്തിന്റെ വിത്തുകള്‍ പാകാനും സംഘം ശ്രദ്ധിച്ചു. കൃഷിക്കാരെയും സംഘം പ്രവര്‍ത്തകരെയും എഴുത്തും വായനയും പഠിപ്പിക്കാനുള്ള നിശാപാഠശാലകളും വായനശാലകളും സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ചു. പഴയ നാടന്‍ പാട്ടുകളും ഗ്രാമീണകലകളും പുതിയൊരു ജീവിത ത്തിനുവേണ്ടിയ-ുള്ള സമരത്തിന്റെ ആയുധങ്ങളായി പുനരുദ്ധരിക്കപ്പെട്ടു. അക്കാലത്ത്‌ കര്‍ഷകസമ്മേളനങ്ങളില്‍ അഭിനയിക്കാന്‍ എഴുതിയ ഗദ്യനാടകമാണ്‌ പരേതനായ കെ. ദാമോദരന്റെ പാട്ടബാക്കി.

ഉത്തരകേരളത്തില്‍ കര്‍ഷകസംഘം വലിയൊരു സാമൂഹികരാഷ്‌ട്രീയശക്തിയായി വളര്‍ന്നു. 1939ല്‍ അഖില മലബാര്‍ കര്‍ഷകസംഘത്തിന്റെ മൂന്നാം സമ്മേളനം ചേര്‍ന്ന സമയത്ത്‌, അന്നത്തെ ചിറയ്‌ക്കല്‍, കോട്ടയം, കുറുമ്പ്രനാട്‌ താലൂക്കുകളില്‍ 183 പ്രാദേശിക സംഘങ്ങളും അവയിലെല്ലാംകൂടി 19,500ഓളം അംഗങ്ങളും ഉണ്ടായിരുന്നു. ഈ ശക്തി കണ്ട്‌ പരിഭ്രാന്തരായ ജന്മികളും പൊലീസും പ്രസ്ഥാനത്തെ തകര്‍ക്കാന്‍ പല അടവുകളും പ്രയോഗിച്ചു; സംഘം പ്രവര്‍ത്തകരുടെ പേരില്‍ കള്ളക്കേസുകളെടുത്തു. 1939ല്‍ രണ്ടാംലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ മര്‍ദനത്തിനു ശക്തി കൂടി; കര്‍ഷകസംഘത്തെ ഗവണ്‍മെന്റ്‌ നിരോധിച്ചു. എങ്കിലും പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഗവണ്‍മെന്റിനു കഴിഞ്ഞില്ല.

രണ്ടാംലോകയുദ്ധകാലത്ത്‌

1939-41 കാലത്തെ ഉത്തരകേരളത്തിലെ കര്‍ഷകസമരങ്ങളുടെ കൂട്ടത്തില്‍ 1940 സെപ്‌.ലെ മൊറാഴ വിലക്കയറ്റ വിരുദ്ധസമ്മേളനവും 1941ലെ എള്ളെരിഞ്ഞി "പുനം' കൃഷിക്കാരുടെ സമരവും കയ്യൂര്‍സംഭവവും പ്രത്യേകം എടുത്തുപറയേണ്ടവയാണ്‌. ചിറയ്‌ക്കല്‍ കര്‍ഷകസംഘത്തിന്റെ ആഭിമുഖ്യത്തില്‍ പാപ്പിനിശ്ശേരിക്കടുത്തുള്ള മൊറാഴയില്‍ ചേര്‍ന്ന വിലക്കയറ്റ വിരുദ്ധ സമ്മേളനത്തെ പൊലീസ്‌ പെട്ടെന്നാക്രമിക്കുകയും തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ ഒരു സബ്‌ ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെടുകയും ചെയ്‌തു. അതിന്റെ പേരിലാണ്‌ കെ.പി.ആര്‍. ഗോപാലനെ തൂക്കിക്കൊല്ലാന്‍ വിധിച്ച മൊറാഴക്കേസ്സുണ്ടായത്‌ (പിന്നീട്‌ വധശിക്ഷ ജീവപര്യന്തം തടവ്‌ ആയി ചുരുക്കി). ചിറയ്‌ക്കല്‍ താലൂക്കിലെ കിഴക്കന്‍ മലയോരപ്രദേശങ്ങളില്‍ ജന്മികളുടെ വകയായ വനഭൂമിയില്‍ കൃഷി കൈയേറി "പുനംകൊത്തി'യതിനെത്തുടര്‍ന്ന്‌ എള്ളെരിഞ്ഞിയില്‍ ഭീകരമായ പൊലീസുമര്‍ദനം നടന്നു. കയ്യൂരില്‍ ഒരു പൊലീസുകാരന്‍ നീലേശ്വരം പുഴയില്‍ മരിച്ചതിന്റെ പേരില്‍ കര്‍ഷകസംഘം പ്രവര്‍ത്തകരായ നാലു ചെറുപ്പക്കാര്‍ തൂക്കിലേറ്റപ്പെട്ടു. നോ: കയ്യൂര്‍ സമരം കൊച്ചിയിലും തിരുവിതാംകൂറിലും കര്‍ഷകസംഘങ്ങള്‍ ആവിര്‍ഭവിച്ചത്‌ 1940കളിലാണ്‌. 1940ല്‍ രൂപവത്‌കരിക്കപ്പെട്ട കൊച്ചി കര്‍ഷക സഭ, ഗവണ്‍മെന്റ്‌ പ്രസിദ്ധീകരിച്ച വെറുമ്പാട്ട അടിയാന്‍ ബില്ലില്‍ കൃഷിക്കാര്‍ക്കനുകൂലമായ ഭേദഗതികള്‍ വരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ തിരുവില്വാമലയില്‍ നിന്ന്‌ എറണാകുളത്തേക്ക്‌ ഒരു കര്‍ഷകജാഥ സംഘടിപ്പിച്ചു. തിരുവിതാംകൂറില്‍ 1938ലെ ഉത്തരവാദഭരണസമരത്തിന്റെ ആവേശത്തില്‍ കൂത്താട്ടുകുളം, പൂഞ്ഞാര്‍ പ്രദേശങ്ങളില്‍ ഇടവകഭൂമിയിലെ കുടിയാന്മാര്‍ സ്ഥിരാവകാശത്തിനുവേണ്ടി ശക്തിയായ പ്രക്ഷോഭം നടത്തി. പൂഞ്ഞാറില്‍ ചേര്‍ന്ന കര്‍ഷക സമ്മേളനത്തില്‍ വച്ചാണ്‌ (1943) തിരുവിതാംകൂര്‍ കര്‍ഷകസംഘം രൂപീകരിച്ചത്‌.

1941ല്‍ ഹിറ്റ്‌ലര്‍ സോവിയറ്റ്‌ യൂണിയനെ ആക്രമിച്ചതോടെ, യുദ്ധം ഫാഷിസത്തിനെതിരായി മാറി. യു.എസും ബ്രിട്ടനും യു.എസ്‌.എസ്‌.ആറിന്റെ സഖ്യശക്തികളായി. 1942 മുതല്‍ കര്‍ഷക പ്രസ്ഥാനത്തിന്‌ കൂടുതല്‍ പ്രവര്‍ത്തനസ്വാതന്ത്യ്രം കിട്ടി. കേരളത്തില്‍ ഭക്ഷ്യക്ഷാമം രൂക്ഷമായി. വിലക്കയറ്റവും പട്ടിണിയും പകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിച്ചു. തരിശുഭൂമിയെല്ലാം കൃഷിചെയ്‌തു ഭക്ഷ്യോത്‌പാദനം വര്‍ധിപ്പിക്കണമെന്നും ഭൂവുടമകളില്‍ നിന്ന്‌ മിച്ച നെല്ല്‌ പിടിച്ചെടുത്ത്‌ റേഷനടിസ്ഥാനത്തില്‍ വിതരണം ചെയ്യണമെന്നും കര്‍ഷകസംഘം ആവശ്യപ്പെട്ടു. കര്‍ഷകസംഘവും കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയും മറ്റു ദേശാഭിമാനികളും ചേര്‍ന്ന്‌ ഭക്ഷണക്കമ്മിറ്റികള്‍ രൂപീകരിച്ച്‌ കച്ചവടക്കാരുടെ സഹായത്തോടെ അനൗദ്യോഗിക റേഷനിങ്‌ ഏര്‍പ്പെടുത്തി. മലബാറിലെ നിരവധി വില്ലേജുകളിലേക്ക്‌ ഈ പ്രസ്ഥാനം വ്യാപിച്ചു.

ജന്മികളുടെയും ഗവണ്‍മെന്റിന്റെയും വകയായ തരിശുഭൂമി കഴിയുമെങ്കില്‍ പതിച്ചുവാങ്ങിയും അല്ലെങ്കില്‍ കൈയേറിയും കൃഷിചെയ്യാന്‍ കര്‍ഷകസംഘം തീരുമാനിച്ചു. കുറുമ്പ്രനാട്ടിലെ കൂത്താളി എസ്‌റ്റേറ്റും ചിറയ്‌ക്കല്‍ താലൂക്കിലെ മാങ്ങാട്ടുപറമ്പും മറ്റും കൃഷിക്കാര്‍ കൈയേറി. കൃഷിക്കാര്‍ക്കെതിരായി അധികൃതര്‍ മര്‍ദനം അഴിച്ചുവിട്ടു. കൊച്ചിയില്‍ ആനമലയില്‍ പരിയാരം വില്ലേജില്‍ സംഘടിതരായ കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും സര്‍ക്കാരില്‍ നിന്ന്‌ ഭൂമി പതിച്ചു വാങ്ങി കൂട്ടുകൃഷി സഹകരണസംഘങ്ങള്‍ രൂപീകരിച്ച്‌ മാതൃകാപരമായി കൃഷി ചെയ്‌തു.

അധികാരക്കൈമാറ്റത്തിനു തൊട്ടുമുമ്പ്‌

യുദ്ധം ഫാഷിസ്റ്റ്‌ വിരുദ്ധസഖ്യശക്തികളുടെ വിജയത്തില്‍ അവസാനിച്ചു. ഇന്ത്യയില്‍ കേന്ദ്രസംസ്ഥാനനിയമസഭകളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ വിജയിച്ചു. കേന്ദ്രത്തില്‍ പണ്ഡിറ്റ്‌ ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ഒരു ഇടക്കാല ഗവണ്‍മെന്റും മദ്രാസുള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്‌ ഗവണ്‍മെന്റുകളും അധികാരത്തില്‍ വന്നു. എങ്കിലും ഭക്ഷ്യക്ഷാമത്തിനും വിലക്കയറ്റത്തിനും കരിഞ്ചന്തയ്‌ക്കും ശമനമുണ്ടായില്ല.

മലബാറില്‍ നെല്ലെടുപ്പിന്റെയും അരിവിതരണത്തിന്റെയും ചുമതല വഹിക്കാന്‍ "ഉത്‌പാദകരുടെയും ഉപഭോക്താക്കളുടെയും സഹകരണസംഘങ്ങള്‍' (പി.സി.സി. സൊസൈറ്റികള്‍) സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. കരിഞ്ചന്ത ഫലപ്രദമായി തടയാനും ഭക്ഷ്യോത്‌പാദനം വര്‍ധിപ്പിക്കാനും കുടിയാന്മാര്‍ പാട്ടമായി കൊടുക്കുന്ന നെല്ല്‌ നേരിട്ടു സൊസൈറ്റികളില്‍ അളക്കാന്‍ വ്യവസ്ഥ ചെയ്യാനും എല്ലാ തരിശുഭൂമിയും കൃഷിക്കാര്‍ക്ക്‌ പതിച്ചുകൊടുക്കാനും 1946ല്‍ കര്‍ഷകപ്രസ്ഥാനം ആവശ്യപ്പെട്ടു. ഗവണ്‍മെന്റ്‌ ഇതിനു നടപടികളെടുത്തില്ലെങ്കില്‍, കൃഷിക്കാര്‍ അവ നേരിട്ടു നടപ്പിലാക്കുമെന്നും സംഘം പ്രഖ്യാപിച്ചു. അങ്ങനെയാണ്‌ ചിറയ്‌ക്കല്‍ താലൂക്കിലെ കരിവെള്ളൂരില്‍ ജന്മി കടത്തിക്കൊണ്ടുപോകാന്‍ പുറപ്പെട്ട പാട്ടനെല്ല്‌ കൃഷിക്കാരും നാട്ടുകാരുംകൂടി തടഞ്ഞതും ഇരിക്കൂറില്‍ "പുനം' കൃഷിക്ക്‌ ഭൂമി കിട്ടാനുള്ള സമരം വീണ്ടും തുടങ്ങിയതും. രണ്ടു സ്ഥലത്തും സായുധ പൊലീസ്‌ വന്നു; വെടിവച്ചു. കരിവെള്ളൂരില്‍ രണ്ടുപേരും കാവുമ്പായിയില്‍ അഞ്ചുപേരും കൊല്ലപ്പെട്ടു. നോ: കരിവെള്ളൂര്‍ സമരം ഈ കാലഘട്ടത്തില്‍ ശ്രദ്ധേയമായ സംഭവവികാസം കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളുടെ സംഘടന ഉയര്‍ന്നുവന്നതും, കൊച്ചിയില്‍ കൃഷിക്കാര്‍ കൂടിയായ ചെത്തുതൊഴിലാളികള്‍ സംഘടിച്ച്‌ സമരരംഗത്തിറങ്ങിയതുമാണ്‌. ഇവ രണ്ടും കര്‍ഷകപ്രസ്ഥാനത്തിനു വ്യാപ്‌തി കൂട്ടി. കര്‍ഷകത്തൊഴിലാളികളും ചെത്തു തൊഴിലാളികളും ആദ്യമായി സംഘടനകളുണ്ടാക്കി, മനുഷ്യരെപ്പോലെ ജോലി ചെയ്യാനും ജീവിക്കാനുമുള്ള അവകാശങ്ങള്‍ക്ക്‌ വേണ്ടി പോരാടാന്‍ തുടങ്ങി.

ഗ്രാമങ്ങളില്‍ കൃഷിപ്പണിയിലും മറ്റും ഏര്‍പ്പെട്ടിട്ടുള്ള തൊഴിലാളികളും പട്ടണങ്ങളിലെ വ്യവസായത്തൊഴിലാളികളും സംഘടിക്കുകയും കൈകോര്‍ത്തു പിടിക്കുകയും ചെയ്‌തതിന്റെ അടിസ്ഥാനത്തിലാണ്‌ 1946 ഒല്‍ പുന്നപ്രവയലാര്‍ സമരം നടന്നത്‌. നോ: പുന്നപ്രവയലാര്‍സമരം

സ്വാതന്ത്യ്രലബ്‌ധിക്കുശേഷം

1947 ആഗ. 15നു ഇന്ത്യയ്‌ക്ക്‌ രാഷ്‌ട്രീയ സ്വാതന്ത്യ്രം ലഭിക്കുന്നതിനു മുമ്പു തന്നെ കൊച്ചിയില്‍ ഉത്തരവാദഭരണം നടപ്പില്‍ വന്നിരുന്നു. 1948 ജനു.ല്‍ തിരുവിതാംകൂറില്‍ പ്രായപൂര്‍ത്തി വോട്ടവകാശമനുസരിച്ച്‌ തെരഞ്ഞെടുപ്പു നടക്കുകയും നിയമസഭയോടുത്തരവാദപ്പെട്ട ആദ്യത്തെ മന്ത്രിസഭ അധികാരത്തില്‍ വരുകയും ചെയ്‌തു. ഈ വമ്പിച്ച മാറ്റത്തില്‍ ഒന്നര നൂറ്റാണ്ടിലധികം നീണ്ടു നിന്ന കേരളത്തിലെ കൃഷിക്കാരുടെ നാനാരൂപത്തിലുള്ള പ്രസ്ഥാനങ്ങള്‍ വളരെ പ്രധാനപ്പെട്ട ഒരു പങ്കു വഹിച്ചിട്ടുണ്ട്‌.

എന്നാല്‍ സ്വാതന്ത്യ്രലബ്‌ധിയുടെയും ഉത്തരവാദഭരണത്തിന്റെയും ഫലങ്ങള്‍ കൃഷിക്കാര്‍ക്ക്‌ വേണ്ടത്ര അനുഭവവേദ്യമായില്ല. പുതിയ ഭരണാധികാരികള്‍ കാര്‍ഷിക പരിഷ്‌കാരങ്ങളെപ്പറ്റി മൗനം ഭജിച്ചതേയുള്ളു; ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനോ കരിഞ്ചന്ത തടയുന്നതിനോ നടപടികളൊന്നുമുണ്ടായില്ല. ഇതിനെത്തുടര്‍ന്ന്‌ സംഘടിതരായ കൃഷിക്കാര്‍ സമരം തുടരാന്‍ നിര്‍ബന്ധിതരായി. കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും നേതാക്കന്മാര്‍ക്കെതിരായി ഗവണ്‍മെന്റ്‌ മര്‍ദന നടപടികള്‍ ആരംഭിച്ചു. മലബാര്‍ കിസാന്‍ സംഘത്തെയും കുട്ടനാട്‌ കര്‍ഷകത്തൊഴിലാളി യൂണിയനെയും നിരോധിച്ചു. വടക്കേ മലബാറില്‍ നടന്ന വെടിവയ്‌പുകളില്‍ നിരവധി കര്‍ഷകസംഘ പ്രവര്‍ത്തകരും സാധാരണ കൃഷിക്കാരും മരണമടഞ്ഞു.

പ്രക്ഷോഭങ്ങളും സമരങ്ങളും വിജയങ്ങളും

1950 ജനു. 26നു ഇന്ത്യ ഒരു റിപ്പബ്ലിക്കായിത്തീരുകയും പുതിയ ഭരണഘടനയിന്‍കീഴില്‍ ആദ്യത്തെ പൊതു തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്‌തതോടെ സ്ഥിതിയില്‍ മാറ്റം വന്നു. മലബാര്‍ കിസാന്‍ സംഘത്തിന്‌ പ്രവര്‍ത്തനസ്വാതന്ത്യ്രം തിരിച്ചുകിട്ടി. കേരളത്തില്‍ 195152ലെ തെരഞ്ഞെടുപ്പുഫലങ്ങള്‍ കര്‍ഷക പ്രസ്ഥാനത്തിന്റെ ശക്തി തെളിയിച്ചു.

മലബാര്‍ ജില്ലയില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയും കിസാന്‍ മസ്‌ദൂര്‍ പ്രജാപാര്‍ട്ടിയും യോജിച്ചുകൊണ്ടുള്ള ഐക്യമുന്നണിയുടെ സ്ഥാനാര്‍ഥികള്‍ വലിയ ഭൂരിപക്ഷത്തോടെ മദ്രാസ്‌ നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. തിരുകൊച്ചിയില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയും ആര്‍.എസ്‌.പി.യും കെ.എസ്‌.പി.യും സ്വതന്ത്രന്മാരും ഉള്‍ക്കൊള്ളുന്ന ഇടതുപക്ഷൈക്യമുന്നണി വിജയം കൈവരിച്ചു. ഈ രണ്ടു മുന്നണികളും തെരഞ്ഞെടുപ്പു പത്രികകളില്‍ കാര്‍ഷികപരിഷ്‌കാരങ്ങള്‍ക്കും കൃഷിക്കാരുടെ ആവശ്യങ്ങള്‍ക്കും പ്രമുഖമായ സ്ഥാനം നല്‌കിയിരുന്നു.

കുടിയാന്മാര്‍ക്കു കൈവശഭൂമിയില്‍ സ്ഥിരാവകാശം നല്‍കുക, മര്യാദപ്പാട്ടം നിശ്ചയിക്കുക, കാര്‍ഷികകടങ്ങളും പാട്ടബാക്കിയും റദ്ദാക്കുക, തരിശെല്ലാം കൃഷിക്കു വിട്ടുകൊടുക്കുക, ഒഴിപ്പിക്കല്‍ തടയുക എന്നീ ആവശ്യങ്ങളെ അടിസ്ഥാനമാക്കി മലബാര്‍ കിസാന്‍സംഘം വിപുലമായ ഒരു പ്രക്ഷോഭം ആരംഭിച്ചു. 1951ല്‍ മദ്രാസ്‌ ഗവണ്‍മെന്റ്‌ കൊണ്ടുവന്ന മലബാര്‍ കുടിയാന്‍ നിയമഭേദഗതിബില്ലില്‍ കൃഷിക്കാര്‍ക്കനുകൂലമായ ഭേദഗതികള്‍ നിര്‍ദേശിക്കുന്ന ഒരു ഭീമഹര്‍ജിയില്‍ ഒന്നരലക്ഷം കൃഷിക്കാരുടെ ഒപ്പുകള്‍ ശേഖരിച്ച്‌ സംഘം പ്രതിനിധികള്‍ ഗവണ്‍മെന്റിന്‌ നിവേദനം നടത്തി. ഈ ഭേദഗതികള്‍ ഏറെക്കുറെ അംഗീകരിച്ചതുകൊണ്ടാണ്‌ 1954ല്‍ മദ്രാസ്‌ നിയമസഭ പ്രസ്‌തുത ബില്‍ പാസ്സാക്കിയത്‌.

1930ല്‍ നടപ്പില്‍ വന്ന മലബാര്‍ കുടിയാന്‍ നിയമത്തിനുശേഷം കാല്‍ നൂറ്റാണ്ടുകഴിഞ്ഞ്‌ മലബാറിലെ കൃഷിക്കാര്‍ക്ക്‌ ആശ്വാസം നല്‌കുന്ന ആദ്യത്തെ ഈ നിയമനിര്‍മാണം കര്‍ഷകപ്രസ്ഥാനത്തിന്റെ വിജയമായിരുന്നു. 1933ലെ ജന്മികുടിയാന്‍ റഗുലേഷനു ശേഷം തിരുകൊച്ചിയില്‍ 1954ലാണ്‌ കാര്‍ഷിക പരിഷ്‌കാരങ്ങള്‍ക്കുള്ള ശ്രമം നടന്നത്‌. അല്‌പായുസ്സായ പി.എസ്‌.പി. ഗവണ്‍മെന്റ്‌ അവതരിപ്പിച്ചതും കുടികിടപ്പുകാര്‍ക്ക്‌ സ്ഥിരാവകാശം നല്‌കുന്നതും മര്യാദപ്പാട്ടം നിശ്‌ചയിക്കുന്നതും ചില പ്രത്യേകാവകാശങ്ങള്‍ പ്രതിഫലം കൊടുത്തവസാനിപ്പിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതുമായ ബില്ലുകളായിരുന്നു അവ. ഈ ബില്ലുകളില്‍ ഭേദഗതികള്‍ നിര്‍ദേശിച്ചു കൊണ്ടും എല്ലാ ഒഴിപ്പിക്കലുകളും ഉടന്‍ തടയണമെന്നാവശ്യപ്പെട്ടുകൊണ്ടും 1955 ജനു.ല്‍ തിരുകൊച്ചി കര്‍ഷകസംഘത്തിന്റെ ആഭിമുഖ്യത്തില്‍ പതിനായിരക്കണക്കിന്‌ കൃഷിക്കാര്‍ തിരുവനന്തപുരത്ത്‌ പ്രകടനം നടത്തി.

ഈ കാലത്താണ്‌ ഉത്തരകേരളത്തില്‍ ആദ്യമായി പാലക്കാട്‌ താലൂക്കില്‍ കര്‍ഷകത്തൊഴിലാളികള്‍ സ്വതന്ത്രമായി സംഘടിച്ചത്‌. ഭൂപ്രഭുക്കളുടെ മര്‍ദനത്തിനും സാമ്പത്തികചൂഷണത്തിനും കൂലികൊടുക്കാതെ വേല ചെയ്യിക്കുന്ന സമ്പ്രദായത്തിനും എതിരായും കൂലിക്കൂടുതലിനുവേണ്ടിയും അവര്‍ സമരരംഗത്തിറങ്ങി. കൂലിയില്ലാപ്പണി നിശ്ശേഷം നിര്‍ത്തലാക്കി. കൊയ്‌ത്തുപതം 17ല്‍ ഒന്നായിരുന്നത്‌ 11ല്‍ ഒന്നായി വര്‍ധിപ്പിച്ചു. തിരുകൊച്ചിയില്‍ വനഭൂമികളില്‍ കുടിയേറിപ്പാര്‍ത്തവരെ വന്‍തോതില്‍ ഒഴിപ്പിക്കാനുള്ള സര്‍ക്കാര്‍ നടപടികളെ ചെറുത്തുകൊണ്ട്‌ തിരുകൊച്ചി കര്‍ഷകസംഘിന്റെ നേതൃത്വത്തില്‍ മലയോരകര്‍ഷകര്‍ രംഗത്തു വന്നതും ഇക്കാലത്താണ്‌. അന്ന്‌ തിരുകൊച്ചിയില്‍ അഡ്വൈസര്‍ ഭരണമായിരുന്നു. വനത്തിന്റെ ഭദ്രതയ്‌ക്ക്‌ കോട്ടം തട്ടാത്തവിധം, വനഭൂമിയില്‍ കുടിയേറിപ്പാര്‍ത്ത്‌ കൃഷി ചെയ്യുന്നവരും മറ്റു ഭൂമിയൊന്നുമില്ലാത്തവരുമായ കൃഷിക്കാരെ ഒഴിപ്പിക്കില്ലെന്നു ഗവണ്‍മെന്റ്‌ സമ്മതിച്ചു.

കേരള സംസ്ഥാനം നിലവില്‍ വന്നതിനു ശേഷം

1956 ന. 1നു കേരള സ്റ്റേറ്റ്‌ നിലവില്‍ വന്നു. കര്‍ഷകപ്രസ്ഥാനമുള്‍പ്പെടെയുള്ള, പട്ടണത്തിലെയും നാട്ടിന്‍പുറത്തെയും പാവപ്പെട്ടവരുടെ, ജനാധിപത്യ പ്രസ്ഥാനത്തിന്റെ വമ്പിച്ച വിജയമായിരുന്നു അത്‌. മലബാറിലെയും തിരുകൊച്ചിയിലെയും കര്‍ഷക സംഘങ്ങള്‍ സംയോജിച്ച്‌ കേരള കര്‍ഷകസംഘം രൂപീകരിച്ചു. 1956 ഡി. അവസാനത്തില്‍ ഷൊര്‍ണ്ണൂരില്‍ വച്ച്‌ കൂടിയ കേരള കര്‍ഷകസംഘത്തിന്റെ ഒന്നാം സമ്മേളനത്തില്‍ സംഘത്തിലെ 1,34,000 അംഗങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. 1957 ഒ.ല്‍ ചേര്‍ന്ന രണ്ടാം സമ്മേളന(കാലടി)മായപ്പോഴേക്കും സംഘത്തിലെ അംഗസംഖ്യ 1,86,000 ആയി ഉയര്‍ന്നു. 1957 ഫെ.ല്‍ നടന്ന രണ്ടാം പൊതു തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കും പാര്‍ട്ടിയോടൊപ്പം നിന്ന കക്ഷിരഹിതര്‍ക്കും കൂടി നിയമസഭയില്‍ ഭൂരിപക്ഷം കിട്ടി. പ്രധാനമായും കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളുമാണ്‌ ആ വിജയത്തിന്‌ സംഭാവന നല്‌കിയത്‌. കേരളാസ്റ്റേറ്റിലെ ആദ്യത്തെ മന്ത്രിസഭ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ളതായിരുന്നു. മുഖ്യമന്ത്രിയുള്‍പ്പെടെ കര്‍ഷകപ്രസ്ഥാനത്തിന്റെ പ്രമുഖ നേതാക്കളും സജീവ പ്രവര്‍ത്തകരും നിയമസഭാംഗങ്ങളും മന്ത്രിമാരുമായി. കൃഷിക്കാര്‍ക്ക്‌ യഥാര്‍ഥത്തില്‍ ഭരണത്തില്‍ പങ്കാളിത്തം കിട്ടി.

ഈ ഗവണ്‍മെന്റ്‌ അധികാരത്തില്‍ വന്ന ഉടനെ ഒഴിപ്പിക്കല്‍ നിരുപാധികം നിരോധിച്ചു. അടിസ്ഥാന ഭൂനികുതി മലബാറിലേക്ക്‌ കൂടി വ്യാപിപ്പിച്ചു; അങ്ങനെ ചെറുകര്‍ഷകരെ നികുതി ഭാരത്തില്‍ നിന്ന്‌ മോചിപ്പിച്ചു. കടാശ്വാസത്തിന്‌ നിയമനിര്‍മാണം കൊണ്ടുവന്നു. 1957 ഡി. 18നു കേരളത്തിനൊട്ടാകെ ബാധകവും ജന്മിഭൂപ്രഭുത്വ വ്യവസ്ഥ അവസാനിപ്പിക്കുന്നതും സമഗ്രവുമായ കേരള കാര്‍ഷിക ഭൂവുടമ ബന്ധ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുകയും ഹ്രസ്വമായ ചര്‍ച്ചയ്‌ക്കുശേഷം പൊതുജനാഭിപ്രായമറിയാന്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തു.

1958 ജൂണ്‍ 10ന്‌ ആണ്‌ കേരള കാര്‍ഷിക പ്രസ്ഥാന ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായ കേരള കാര്‍ഷിക ബന്ധബില്‍ കേരള നിയമസഭ പാസ്സാക്കിയത്‌. എന്നാല്‍ അത്‌ നിയമമായില്ല. ബില്ല്‌ പാസ്സായിട്ട്‌ ഏഴാഴ്‌ചകള്‍ കഴിയുന്നതിനു മുമ്പ്‌, അത്‌ നിയമമായി നടപ്പില്‍ വരുന്നതിനെ തടയാന്‍ സ്ഥാപിതതാത്‌പര്യക്കാര്‍ ആരംഭിച്ച വിമോചനസമരത്തിന്റെ പേരില്‍, കേന്ദ്രഗവണ്‍മെന്റ്‌ ഇടപെട്ട്‌ കേരളത്തിലെ കമ്യൂണിസ്റ്റ്‌ ഗവണ്‍മെന്റിനെ പിരിച്ചു വിട്ടു. ഭൂവുടമകള്‍ക്കനുകൂലമായ ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചുകൊണ്ട്‌ പ്രസിഡന്റ്‌ ബില്ല്‌ മടക്കിയയച്ചു.

ഭേദഗതികള്‍ ഒന്നും കൂടാതെ ബില്‍ നിയമമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ കേരള കര്‍ഷകസംഘത്തിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട്ടുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ നടത്തിയ കര്‍ഷക പ്രതിനിധികളുടെ കാല്‍നടജാഥയും തലസ്ഥാനത്തെ കര്‍ഷക പ്രകടനവും കൃഷിക്കാരുടെ സംഘടിത ശക്തി തെളിയിച്ചു. 1960 ജൂല. 5നായിരുന്നു അത്‌. 1961 ജനു.ല്‍ പ-ുതിയ കേരള കാര്‍ഷികബന്ധനിയമം നടപ്പില്‍വന്നു. ജന്മിസമ്പ്രദായവും കുടിയായ്‌മയും പൂര്‍ണമായി അവസാനിപ്പിച്ചില്ലെങ്കിലും, ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തുമില്ലാതിരുന്ന സംരക്ഷണം ആ നിയമം കേരളത്തിലെ കൃഷിക്കാര്‍ക്ക്‌ നല്‌കി. 1967ലെ പൊതുതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷ പാര്‍ട്ടികളെ ഉള്‍ക്കൊള്ളുന്ന വിശാലമായ ഒരു ഐക്യമുന്നണി ഗവണ്‍മെന്റ്‌ അധികാരത്തില്‍ വന്നു. കൃഷിക്കാര്‍ക്കനുകൂലമായ ഭേദഗതികളുള്‍പ്പെടുത്തിക്കൊണ്ടും ജന്മികുടിയാന്‍ ബന്ധം അവസാനിപ്പിച്ചുകൊണ്ടുമുള്ള പുതിയ ഒരു ഭൂപരിഷ്‌കരണ (ഭേദഗതി) നിയമം 1969 ഒ.ല്‍ നിയമസഭ പാസ്സാക്കി. ഇതിന്‌ പ്രസിഡന്റിന്റെ അംഗീകാരം കിട്ടി. 1970 ജനു. 1ന്‌ ഇത്‌ പ്രാബല്യത്തില്‍ വന്നു.

അങ്ങനെ കേരളത്തിലെ കര്‍ഷകപ്രസ്ഥാനം അതിന്റെ അടിസ്ഥാന സാമ്പത്തികലക്ഷ്യം നേടിയെന്നു പറയാം. ജന്മികളില്‍നിന്നും ഭൂപ്രഭുക്കളില്‍നിന്നും ഭൂമി പാട്ടത്തിനെടുത്ത്‌ കൃഷിചെയ്‌തിരുന്ന കുടിയാന്മാര്‍ ഭൂമിയുടെ ഉടമകളായി. പാട്ടം കൊടുക്കാനുള്ള ബാധ്യതയും പിരിക്കാനുള്ള അവകാശവും ഒരു ചരിത്ര വസ്‌തുത മാത്രമായി അവശേഷിച്ചു. കുടികിടപ്പുകാര്‍ക്ക്‌ അവരുടെ കുടിയിരിക്കുന്ന സ്ഥലം നാമമാത്രമായ വിലയ്‌ക്ക്‌ വാങ്ങാന്‍ സാധിച്ചു.

പരിധിയില്‍ കവിഞ്ഞ ഭൂമിയും പുറമ്പോക്കുഭൂമിയും കൃഷിക്കാര്‍ക്ക്‌ വിതരണം ചെയ്യാന്‍ തുടങ്ങി. 1971ല്‍ കേരളത്തിലെ സ്വകാര്യവനങ്ങളെല്ലാം പ്രതിഫലം കൊടുക്കാതെ സര്‍ക്കാര്‍ ഏറ്റെടുത്തു. 34,25,000 ത്തോളം കൃഷിക്കാര്‍ക്കും കുടികിടപ്പുകാര്‍ക്കും ഈ നടപടികള്‍ കൊണ്ടു ഗുണമുണ്ടായിട്ടുണ്ട്‌. 25,58,000ത്തില്‍പ്പരം ഏക്കര്‍ (10,35,990 ഹെ.) ഭൂമിയാണ്‌ ഇങ്ങനെ വലിയ ഭൂവുടമകളില്‍ നിന്ന്‌ പാവപ്പെട്ടവരും ഇടത്തരക്കാരുമായ കൃഷിക്കാരിലേക്കും ഭൂരഹിതരിലേക്കും കൈമാറ്റം ചെയ്യപ്പെട്ടത്‌.

3.02941176471
Meera Krishnan Apr 27, 2016 12:43 PM

വളരെ നല്ല ലെകനം.

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top