Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കാര്‍ഷികരംഗത്തെ പുത്തനറിവുകള്‍

കൂടുതല്‍ വിവരങ്ങള്‍

ലൌബേഡ്സ് വളര്‍ത്തലും വില്‍പ്പനയും

വരുമാനവും ഒപ്പം വിനോദവുമാണ് ഓമനപക്ഷിവളര്‍ത്തലിലൂടെ ലഭിക്കുന്നത്. പക്ഷിവളര്‍ത്തലില്‍ ഏറ്റവും ലാഭം കൊയ്യാന്‍ സാധിക്കുന്ന മേഖലയാണ് ലൌബേഡ്സ് വളര്‍ത്തലും വില്‍പ്പനയും. കേരളത്തില്‍ പലസ്ഥലങ്ങളിലായി നിരവധി ലൌബേഡ്സ് വില്‍പ്പന കേന്ദ്രങ്ങളുണ്ട്. ഇന്ത്യന്‍ ലൌബേഡ്സും ആഫ്രിക്കന്‍ ലൌബേഡ്സുമാണ് കേരളത്തിലെ ഏറ്റവും പ്രചാരമുള്ള ഇനങ്ങള്‍. റെഡ്ഐ, അരുളി,ഓര്‍ഡിനറി എന്നിവയാണ് ഇന്ത്യന്‍ വംശത്തില്‍പ്പെട്ട ലൌബേഡുകള്‍. ഇതിന് 300-450 രൂപ വിലവരുന്നവയാണ്. ലുപ്പിന ,ഫീഷര്‍, ഫീസ്പേയ്സ്, ബ്ലൂമാസ്ക്, ബ്ലാക്ക്മാസ്ക്ക് എന്നിവയാണ് ആഫ്രിക്കന്‍ ലൌബേഡ്സിലെ പ്രധാനികള്‍. ഇതില്‍ ലുപ്പിനയുടെ നിറം മഞ്ഞയാണ്. ഫീഷറിന്‍റെ ചുണ്ടിനാണ് പ്രത്യേകത. ചുവപ്പുനിറമായിരിക്കും ഇതിന്‍റെ ചുണ്ടിന്. ബാക്കി ഭൂരിഭാഗം ലൌബേഡ്സിന്റേയും ചുണ്ടുകളുടെ നിറം വെള്ളയായിരിക്കും. ബ്ലാക്ക്മാസ്ക്കാണ് വിലയിലെ രാജാവ്. 4500 രൂപയാണ് ഇതിന്‍റെ  മാര്‍ക്കറ്റ് വില. പച്ചനിറം, ചുണ്ട് ചുവപ്പ്,മുഖത്തിന് ചുവപ്പ് കറുപ്പ് ഷെയ്ഡും ചേര്‍ന്നുള്ള നിറമാണ് ഇതിന്റെ പ്രത്യേകത.

മറ്റ് ആഫ്രിക്കന് ഇനങ്ങള്ക്ക് 2500-3000 രൂപയാണ് വില. ജനുവരി മുതല്‍ ഏപ്രില്‍ അവസാനം വരെയുള്ള സമയമാണ് ലൌബേഡ്സിന്റെ സീസണ്‍  എന്നു പറയുന്നത്. കൂട്ടില്‍ തന്നെ നിര്‍മ്മിച്ചു നല്‍കിയിരിക്കുന്ന കലങ്ങളിലാണ് ഇവ മുട്ടയിടുന്നത്. ഇവ തന്നെ അടയിരിക്കുന്നു. ഒരുമാസം കൊണ്ട് പൂര്‍ണ്ണ വളര്‍ച്ചയെത്തി കുഞ്ഞങ്ങള്‍ കലത്തിനു വെളിയില്‍ വരും. കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്ക് ബ്രഡുനല്‍കുന്നതാണ് നല്ലതെന്ന് വ്യാപാരികള്‍ പറയുന്നു. മറ്റുള്ളവയ്ക്ക് സൂര്യകാന്തിചെടിയുടെ വിത്ത് ചെറുപയര്‍, തിന ചോളം എന്നിവയാണ് പ്രധാനമായും നല്‍കുന്നത്. ഏകദേശം രണ്ടര മാസമാകുമ്പോള്‍ വില്‍പ്പന നടത്താമെന്ന് വ്യാപാരികള്‍ പറയുന്നു. ഇവയെ വളര്‍ത്തുന്നതിന് നല്ലതും വൃത്തിയുള്ളതുമായ കൂടുകളാണ് പ്രധാനമായും വേണ്ടത്. ഇവയ്ക്കു നല്‍കുന്ന വെള്ളവും ഭക്ഷണവും ഓരോദിവസവും മാറ്റി നല്‍കണം. നല്ല പരിപാലനം നല്‍കിയാല്‍ നല്ല ലാഭവും കണ്ടെത്താം. ഒരുമാസം 100-150 എണ്ണം വരെ വില്‍ക്കാന്‍ സാധിക്കുന്നുണ്ടെന്ന് കോട്ടയത്തെ കിംഗ്സ് അക്ക്വേറിയം ഉടമകളായ നിസാറും ജിനീഷും പറയുന്നു. പക്ഷി വളര്‍ത്തലില്‍ താല്‍പര്യമുള്ളവര്‍ക്ക്  എളുപ്പത്തില്‍ ലാഭം ഉണ്ടാക്കുവാന് സാധിക്കുന്ന ഒന്നാണ് ലൌബേഡ്സ് വളര്‍ത്തല്‍. വീടിന്റെ മോടികൂട്ടുന്നതിന്റെ ഭാഗമായി നിരവധി ആളുകള്‍ ഇന്ന് ലൌബേഡ്സിനെ വളര്‍ത്തുന്നുണ്ട്.

കണിമംഗലത്ത് വിളവെടുപ്പ്

കൃഷിയില്ലാതെ, തരിശുകിടന്ന ആ മൂന്നു വര്‍ഷം കണിമംഗലത്തുകാര്‍ക്ക് ഇനി മറക്കാം. കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഈ പാടശേഖരം രചിക്കുന്നത് കൂട്ടായ്മയുടെ പുതിയൊരു വിജയഗാഥ. 600 ഏക്കറില്‍ പരന്നു കിടക്കുന്ന നെല്‍പ്പാടം സ്വര്‍ണനിറത്തില്‍ വിളഞ്ഞപ്പോള്‍ നിറഞ്ഞത് കര്‍ഷകരുടെ മനസ്സാണ്. ഏറെക്കാലമായുള്ള കര്‍ഷകരുടെ പരിശ്രമത്തിനൊടുവിലാണ് കണിമംഗലം പാടശേഖരത്തിന് ഭാഗ്യം തെളിഞ്ഞത്.കഴിഞ്ഞ നവംബറില്‍ 200 ഏക്കര്‍ പാടത്താണ് ആദ്യഘട്ടമെന്ന നിലയില്‍ മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ വിത്തിറക്കിയത്. ആദ്യം വിത്ത് വിതച്ച കണിമംഗലത്തെ കോടമ്പ പാടം വിളവെടുപ്പ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഒടുക്കുഴി, കാപ്പ്, കോടമ്ബ പാടം, തേരാത്ത്, കടലക്കോള്‍, ചാമക്കോള്‍, ഞവരക്കോള്‍, പാവര്‍ണ തുടങ്ങിയവയുടെ പേരും ഉള്‍പ്പെടുത്തുക എന്നിങ്ങനെ ഏഴുപടവുകളടങ്ങിയതാണ് കണിമംഗലം കോള്‍. പാടശേഖരത്തിലെ വിത്തു വിതച്ച മുഴുവന്‍ ഇടങ്ങളിലും വിളവായിക്കഴിഞ്ഞു. 15 ദിവസത്തിനുള്ളില്‍ മുഴുവന്‍ പാടത്തേയും വിളവെടുപ്പ് പൂര്‍ത്തികരിക്കാനാവുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. ഓരോ ഏക്കറില്‍ നിന്ന് 3000 കിലോ നെല്ല് വിളവെടുപ്പിലൂടെ ലഭിക്കുമെന്നും കര്‍ഷകര്‍ പറയുന്നു. ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒടുക്കുഴി പടവിലെ കൊയ്ത്ത് ഈ ആഴ്ചയില്‍ പൂര്‍ത്തിയാക്കും.

കഴിഞ്ഞു ആ ദുരിത കാലം

രണ്ടുകോടി രൂപയുടെ നെല്ലുത്പാദിപ്പിച്ചിരുന്ന കണിമംഗലം കോള്‍പ്പാടത്തിന്റെ കറുത്ത കാലമായിരുന്നു കൃഷി മുടങ്ങിയ ആ മൂന്ന് വര്‍ഷങ്ങളും. കര്‍ഷകരെ സഹായിക്കാന്‍ രൂപവത്കരിച്ച കണിമംഗലം പാടശേഖര സമിതി ഒടുവില്‍ നല്‍കിയത് ഇരട്ടി ബാധ്യതകളാണ്. കോള്‍പ്പടവ് വികസനത്തിനും കര്‍ഷകരുടെ ക്ഷേമത്തിനായും സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഇവര്‍ ദുരുപയോഗം ചെയ്തതോടെ കണിമംഗലത്തെ കൃഷിമുടങ്ങുന്നതിന് കാരണമായി. കൃത്യമായി പരിപാലിക്കാത്തതിനാല്‍ മഴയത്തും വെയിലത്തും കിടന്ന് മോട്ടോറുകളും അനുബന്ധ ഉപകരണങ്ങളും തുരുമ്ബെടുത്ത് നശിച്ചു. ഒട്ടുമിക്ക മോട്ടോര്‍ ഷെഡ്ഡുകളും തകര്‍ന്നുപോയിരുന്നു. ഇതോടെ ഫണ്ട് കര്‍ഷകര്‍ക്ക് കിട്ടിയില്ലെന്നതു മാത്രമല്ല കൈയിലുള്ളതും നഷ്ടമാകും എന്ന അവസ്ഥയിലെത്തി. പൂര്‍ണമായും കൃഷിയില്ലാതായപ്പോള്‍ കണിമംഗലത്തിന് ആറുകോടിയുടെ നഷ്ടമാണുണ്ടായത്. കര്‍ഷകര്‍ക്ക് നഷ്ടപ്പെട്ടത് സ്വന്തം ഉപജീവന മാര്‍ഗവും. പലരും ഇതോടെ കടക്കെണിയിലുമായി. പരമ്ബരാഗതമായി കൃഷി ചെയ്തിരുന്നവര്‍ പോലും ചുമടെടുക്കാനും കാലിവളര്‍ത്താനും പോകേണ്ട അവസ്ഥയും വന്നു.

പുതു സ്വപ്നങ്ങള്‍, പ്രതീക്ഷകള്‍

കൃഷിയും വരുമാനവുമില്ലാതെ വലഞ്ഞ ഇവിടത്തെ കര്‍ഷകരുടെ അവസ്ഥ നേരിട്ടറിഞ്ഞ മന്ത്രി വി.എസ്. സുനില്‍കുമാറും കെ. രാജന്‍ എം.എല്‍.എ.യും ഇടപെട്ടതോടെയാണ് കണിമംഗലത്ത് നേരിയ പ്രതീക്ഷയുടെ പച്ചപ്പ് മുളച്ചത്. പുഞ്ചകൃഷി ഓഫീസര്‍ കണ്‍വീനറും ജില്ലാകൃഷി ഓഫീസര്‍ ജോയിന്റ് കണ്‍വീനറുമായി രൂപവത്കരിച്ച 11 അംഗ അഡ്ഹോക് കമ്മിറ്റിയാണ് കണിമംഗലത്തെ കൃഷിക്ക് നേതൃത്വം നല്‍കുന്നത്.
തകര്‍ന്ന മോട്ടോറുകളും ഷെഡ്ഡുകളും ട്രാന്‍സ്ഫോര്‍മറുകളും പുനഃസ്ഥാപിക്കുന്നതിനും വൈദ്യുതി കണക്ഷന്‍ എടുക്കുന്നതിനും രണ്ടരലക്ഷത്തോളം രൂപ എം.എല്‍.എ. ഫണ്ടില്‍നിന്ന് ലഭിച്ചു. കൂടാതെ കൃഷി നടത്തിപ്പിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി നെടുപുഴ സഹകരണ ബാങ്കില്‍ നിന്നും ലോണായി 10 ലക്ഷവും കൊയ്ത്തുവിഹിതമായി മൂന്നു ലക്ഷവും മീന്‍ ലേലം ചെയ്യുന്നതില്‍നിന്നും ലഭിച്ച 1.64 ലക്ഷവും കൃഷി നടത്തിപ്പിനായി ചെലവാക്കി. വെള്ളം നിറഞ്ഞു കിടന്നിരുന്ന കോള്‍പ്പാടം വറ്റിക്കുകയെന്നതായിരുന്നു ആദ്യ കടമ്പ. ഇതിനായി തകരാറിലായ മോട്ടോറുകള്‍ എല്ലാം പുനഃസ്ഥാപിച്ചു. ഒക്ടോബര്‍ ആദ്യ വാരം മുതല്‍തന്നെ വെള്ളം വറ്റിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 40 ദിവസം കൊണ്ട് 900 ഏക്കറിലെ വെള്ളം മുഴുവനും വറ്റിച്ചു. നവംബറില്‍ 200 ഏക്കറിലെ വിത പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഘട്ടം ഘട്ടമായി ആരംഭിച്ച കൃഷി 600 ഏക്കറിലും വികസിപ്പിച്ചു. 400ലധികം കര്‍ഷകരാണ് കണിമംഗലത്തെ വിജയഗാഥയില്‍ പങ്കാളികളായുള്ളത് .

ആശങ്കയായി ജലക്ഷാമം

കൃഷി ആരംഭിച്ചതോടെ കര്‍ഷകര്‍ക്ക് പ്രധാന വെല്ലുവിളിയായത് ജലക്ഷാമമായിരുന്നു. ഇതോടെ നീണ്ട ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ച കണിമംഗലത്തെ കൃഷി എന്ന സ്വപ്നത്തിന് വിലങ്ങുതടിയാകുമോ എന്നും കര്‍ഷകര്‍ ഭയപ്പെട്ടു. എന്നാല്‍ കൃത്യസമയത്ത് മന്ത്രിയും ജലവിഭവ വകുപ്പും ഇടപെട്ട് ഫെബ്രുവരിയിലും മാര്‍ച്ചിലുമായി രണ്ടു തവണ വാഴാനി ഡാമില്‍നിന്ന് ജലം തുറന്നു നല്‍കിയതും ഇടയ്ക്ക് ലഭിച്ച വേനല്‍ മഴയും ആശ്വാസകരമായെന്ന് കര്‍ഷകര്‍ പറയുന്നു.

ചുവന്ന കറ്റാര്‍വാഴ കൃഷി

ഔഷധസസ്യങ്ങളുടെ സംരക്ഷകനാണ് കോട്ടയം പൂഞ്ഞാറിലെ ആദര്‍ശ്. മീനച്ചിലാറിന്റെ തീരത്തുള്ള ഇദ്ദേഹത്തിന്റെ നാലേക്കര്‍ തോട്ടം നിറയെ ഔഷധസസ്യങ്ങളും ഫലസസ്യങ്ങളുമാണ്. രണ്ടുപതിറ്റാണ്ടായി വിവിധ സ്ഥലങ്ങളില്‍നിന്നും ശേഖരിച്ച്‌ തോട്ടത്തിലെത്തിച്ച്‌ വളര്‍ത്തുന്നത് മുന്നൂറോളം ഔഷധികളാണ്. സാഹിത്യത്തില്‍ ബിരുദധാരിയാണെങ്കിലും ആദര്‍ശിന് ഇഷ്ടം ഔഷധങ്ങളുടെ ലോകമാണ്.ഔഷധക്കൃഷിയിലൂടെ നല്ലൊരുതുക സമ്പാദിക്കുന്ന ആദര്‍ശിന്റെ തോട്ടത്തിലെ മുഖ്യആകര്‍ഷണം ചുവന്ന കറ്റാര്‍വാഴയാണ്. അത്യപൂര്‍വമായ ചുവന്ന കറ്റാര്‍വാഴപ്പോളയുടെ നീരിന് ചുവപ്പുനിറമാണ്. ഒട്ടേറെ രോഗങ്ങളെ ചെറുക്കാന്‍ ചുവന്ന കറ്റാര്‍വാഴയ്ക്ക് കഴിവുണ്ട്. സൗന്ദര്യവര്‍ധക ഉത്പന്നങ്ങളായ സോപ്പ്, ഷാമ്പു, ലേപനങ്ങള്‍ എന്നിവയും കറ്റാര്‍വാഴപ്പോളയില്‍നിന്ന് ഉല്‍പാദിപ്പിക്കുന്നുണ്ട്.

ജൈവരീതിയിലാണ് ഇദ്ദേഹം കറ്റാര്‍വാഴ കൃഷിചെയ്തിരിക്കുന്നത്. വെള്ളക്കെട്ടൊഴിവാക്കാന്‍ വലിയ ചെടിച്ചട്ടികളിലാണ് കൂടുതലും വളര്‍ത്തുന്നത്. ഉണങ്ങിയ ചാണകപ്പൊടി ഇടയ്ക്കിടെ നല്‍കുന്നു.
വേനല്‍ക്കാലത്ത് ജലസേചനം നടത്തുന്നുണ്ട്. ചുവന്ന കറ്റാര്‍വാഴയുടെ ചുവട്ടില്‍നിന്നു മുളയ്ക്കുന്ന ചെറുതൈകളാണ് നടീല്‍വസ്തു. സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് കൃഷിക്കനുയോജ്യം. ഇതിന്റെ പോളയും തൈകളും താല്‍പര്യമുള്ളവര്‍ക്ക് ആദര്‍ശ് നല്‍കാറുണ്ട്. വയ്യങ്കത, പൊന്‍കുരണ്ടി, സോമലത തുടങ്ങിയ അപൂര്‍വ ഔഷധങ്ങളും ഇവിടെയുണ്ട്. റബ്ബറിന്റെ നാട്ടില്‍ ഔഷധ ഉദ്യാനമൊരുക്കിയ ഇദ്ദേഹത്തിന് \'ഔഷധമിത്ര\' ഉള്‍പ്പെടെ പല പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

മിനറല്‍ വാട്ടറിന്‍റെ കുപ്പിയില്‍ കൂണ്‍ വളര്‍ത്താം

പരിസരമലിനീകരണം വരുത്തും എന്നുറപ്പാണെങ്കിലും, ഉപയോഗശേഷം നശിപ്പിക്കണമെന്ന് എന്നെഴുതിയിട്ടുണ്ടെങ്കിലും ആരും മിനറല്‍ വാട്ടറിന്റെ കുപ്പി നശിപ്പിക്കാന്‍ മെനക്കെടാറില്ല. നശിപ്പിക്കുന്നത് അത്ര എളുപ്പവുമല്ല. ഈ കുപ്പിയില്‍ത്തന്നെ കൂണ്‍ വളര്‍ത്താമെങ്കിലോ? ഒരു കൈ നോക്കിക്കൂടേ? രണ്ടു ലിറ്ററിന്റെ ഒഴിഞ്ഞ മിനറല്‍ വാട്ടര്‍കുപ്പി ചെറുചൂടുവെള്ളത്തില്‍ നന്നായി കുലുക്കി കഴുകുക. കുപ്പിക്കഴുത്തിനു താഴെ കോമ്പസോ വലിയ പിന്നോ കൊണ്ട് ചെറുസുഷിരങ്ങളിടുക. കട്ടിങ്ങ് ബ്ലേഡ് കൊണ്ട് കുപ്പിയുടെ മുകള്‍ ഭാഗം-അടപ്പില്‍ നിന്ന് ഏകദേശം രണ്ടോ മൂന്നോ ഇഞ്ച് താഴ്ത്തി വൃത്താകൃതിയില്‍ മുറിക്കുക. അടിവശത്തിന് മുകള്‍ഭാഗം വരെ നെടുകെ കീറുക.ഉടന്‍ തന്നെ അത് ചേര്‍ത്തുവെച്ച്‌ സെല്ലോടേപ്പ് ഉപയോഗിച്ച്‌ ഒട്ടിക്കുക. അതുപോലെ കുപ്പിയുടെ മറുവശവും നെടുകേ കീറി സെല്ലോടേപ്പ് പുറമെ ഒട്ടിക്കുക. പിന്നീട് വിളവെടുക്കുമ്പോള്‍ കൂണ്‍ ബെഡ് അടര്‍ന്നു പോകാതെ ഇളക്കിയെടുക്കാനാണിത്.

അണുവിമുക്തമാക്കിയ വൈക്കോല്‍ ചെറിയ ചുരുളുകളായി ചുരുട്ടി കുപ്പിയുടെ അടിയില്‍ വയ്ക്കുക. നല്ല ചിപ്പിക്കൂണ്‍ വിത്ത് വൈക്കോലിനു മുകളിലായി വിതറുക. വീണ്ടും വൈക്കോല്‍ മുകളില്‍ വെച്ച്‌ പുറത്ത് കൂണ്‍വിത്ത് വിതറുക. ഇങ്ങനെ നാലോ അഞ്ചോ നിരകളായി വൈക്കോല്‍ ചുരുട്ടി വച്ച്‌ അതിനു മുകളില്‍ കൂണ്‍വിത്ത് വിതറി കുപ്പി നിറയുന്നത് വരെ തുടരുക. തുടര്‍ന്ന് മുറിച്ചുമാറ്റിയ അടപ്പുഭാഗം കുപ്പിയില്‍ അടയ്ക്കുക. വായു കടക്കാതെ അടച്ച്‌ സെല്ലോടേപ്പ് കൊണ്ട് അടപ്പുഭാഗവും കുപ്പിയുമായി ചേരുന്ന ഭാഗം ചേര്‍ത്തൊട്ടിക്കുക. കുപ്പിയുടെ മുകളിലെ അടപ്പും ടേപ്പ് ഉപയോഗിച്ച്‌ ഒട്ടിച്ച്‌ വെയ്ക്കണം.

വായു സഞ്ചാരമുള്ള അമിതവെളിച്ചമില്ലാത്ത സ്ഥലത്ത് വച്ചാല്‍ എട്ടുപത്ത് ദിവസം കഴിയുമ്പോള്‍ കൂണ്‍നാമ്പു മൊട്ടിടുന്നത് കാണാം. കുപ്പിയുടെ മുകള്‍ഭാഗത്തെ സെല്ലോടേപ്പ് ഇളക്കിമാറ്റുക. കുപ്പിയിലെ സുഷിരങ്ങളിലൂടെ കൂണുകള്‍ പുറത്തേക്ക് മുളച്ചു വന്നിട്ടുണ്ടെങ്കില്‍ അവ ശ്രദ്ധാപൂര്‍വം വിളവെടുക്കുക. ഇനി നെടുകെ ഒട്ടിച്ചിട്ടുള്ള സെല്ലോടേപ്പ് ശ്രദ്ധാപൂര്‍വം ഇളക്കിമാറ്റി ഇതളുകള്‍ പോലെ കുപ്പിയെ വിടര്‍ത്തി കൂണ്‍ ബെഡ് സാവധാനം പുറത്തെടുക്കുക. അല്പം വെള്ളം തളിക്കുക. രണ്ടു-മൂന്നു ദിവസത്തിനുള്ളില്‍ പാചകാവശ്യങ്ങള്‍ക്കായി കൂണ്‍ റെഡി. ഒരു കുപ്പിയില്‍ നിന്ന് പരമാവധി 500 ഗ്രാം വരെ കൂണ്‍ കിട്ടും. കീടരോഗബാധ കുറവാണെന്നതാണ് ഈ രീതിയുടെ ഏറ്റവും വലിയ പ്രത്യേകത.

നെയ്കുമ്പളക്കൃഷി ആദായകരം

കുമ്പളത്തിലെ ഔഷധഗുണമുള്ള ഒരിനമാണ് നെയ്കുമ്പളം. ഇതിനുള്ള മറ്റൊരു പേരാണു വൈദ്യകുമ്പളം. വലിപ്പക്കുറവോടെയുള്ള ഇതിന്റെ കായ്കളുടെ പുറന്തോടിനു കട്ടി കൂടുതലാണ്. ആയതിനാൽ ദീർഘനാൾ കേടാകാതെ സൂക്ഷിക്കാം. മഴക്കാലത്താണു നെയ്കുമ്പളത്തിന്‍റെ കൃഷി കൂടുതലായും നടക്കുന്നത്. എന്നാൽ വേനൽക്കാലത്ത് നനച്ചും കൃഷി ചെയ്യാം. കൃഷിരീതി സാധാരണ കുമ്പളത്തിനെന്നതുപോലെ. നിരകൾ തമ്മിൽ നാലരമീറ്ററും ചെടികൾ തമ്മിൽ 2 മീറ്റർ അകലവും നൽകി 60 സെ.മീ. വ്യാസത്തിലെടുത്ത കുഴിയൊന്നിനു 10 മുതൽ 15 കി.ഗ്രാം ജൈവവളങ്ങൾ ചേർത്ത് മൂന്നോ നാലോ വിത്തുകൾ നടുക. ഇടയ്ക്കിടെ ജൈവവളങ്ങൾ ചേർത്ത് പരിചരിച്ചുകൊണ്ടിരുന്നാൽ ഒരു വിളക്കാലത്ത് ചെടിയൊന്നിന് ഒരു ഡസനിൽ കുറയാതെ കായ്കൾ ലഭിക്കും.

മിത്രങ്ങളായ പ്രോബയോട്ടിക്കുകൾ

സൂക്ഷ്മജീവികളായ ബാക്ടീരിയയും, ഫംഗസുമൊക്കെ നമ്മുടെ കണ്ണിൽ രോഗം വരുത്തുന്ന ഉപദ്രവകാരികളാണ്‌. ഇവയെ നശിപ്പിക്കുന്ന ആന്‍റിബയോട്ടിക്കുകളെക്കുറിച്ചും നമുക്കറിയാം. എന്നാൽ കന്നുകാലികളുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കാൻസഹായിക്കുന്ന നിരവധി ഉപകാരികളായ സൂക്ഷ്മാണുക്കൾ ഉണ്ട്‌. കാലിത്തീറ്റയിൽനിശ്ചിത അളവിൽ ചേർക്കാൻ കഴിയുന്ന പ്രയോജനപ്രദമായ സൂക്ഷ്മാണുക്കൾ അടങ്ങിയ ഉത്പന്നങ്ങളാണ്‌ പ്രോബയോട്ടിക്കുകൾ. ഇവയിൽ അടങ്ങിയിരിക്കുന്ന ഉപകാരികളായ സൂക്ഷ്മാണുക്കൾ കന്നുകാലികളുടെ ആമാശയത്തിലെ സൂക്ഷ്മജീവികളെ സംതുലിതമാക്കുകയും തൽഫലമായി ഗുണപരമായ ഫലങ്ങൾ നൽകുകയും ചെയ്യുന്നു.

അയവെട്ടുന്ന മൃഗങ്ങളുടെ ആമാശയത്തിന്‌ നാല്‌ അറകളാണുള്ളത്‌. ഇതിൽ ആദ്യ അറയായറൂമനിൽ വാസമുറപ്പിച്ചിരിക്കുന്ന സൂക്ഷ്മജീവികളാണ്‌ ഇത്തരം മൃഗങ്ങളിൽ ദഹനത്തെ സഹായിക്കുന്നത്‌. എന്നാൽ ജനിച്ചുവീഴുന്ന സമയത്ത്‌ കിടാവിന്‍റെ ആമാശയത്തിൽ അണുക്കളൊന്നും തീരെ ഉണ്ടാവില്ല. പിന്നീട്‌ പരിസരത്തു നിന്നും, മറ്റുമൃഗങ്ങളിൽ നിന്നും, തീറ്റവഴിയായുമൊക്കെ സൂക്ഷ്മാണുക്കൾ ആമാശയത്തിലെത്തിച്ചേരുകയും പെരുകി വാസമുറപ്പിച്ച്‌ ദഹന സഹായം ചെയ്യുകയുംചെയ്യുന്നു.ഇങ്ങനെ പൂർണ്ണമായി വികാസം പ്രാപിച്ച റൂമൻ എന്ന ആമാശയ അറയാണ്‌നാരുകളുടെ ദഹനം നടത്തി ഉരുവിനാവശ്യമായ പോഷകങ്ങൾ ലഭ്യമാക്കുന്നത്‌.വൈവിധ്യമാർന്ന സൂക്ഷ്മാണുക്കൾ സഹവർത്തിത്തത്തോടെ സംതുലനാവസ്ഥയിൽനിലനിൽക്കുമ്പോഴാണ്‌ ഉത്പാദനശേഷി കൈവരിക്കാനാവുന്നത്‌. അതിനാൽസൂക്ഷ്മാണുക്കളുടെ സംതുലനാവസ്ഥയിൽ വ്യത്യാസമുണ്ടായാൽ ഉത്പാദനശേഷി കുറയുമെന്നർത്ഥം.

ഏറെ അനിവാര്യമായ ഈ ബാലൻസ്‌ നിലനിർത്തുക എന്നദൗത്യവുമായാണ്‌ പ്രോബയോട്ടിക്കുകൾ ആമാശയത്തിലേക്ക്‌ അതിഥികളായെത്തുന്നത്‌. പന്നി, കോഴി മുതലായ അയവെട്ടാത്ത ജന്തുക്കളുടെ ആമാശയത്തിലും നിശ്ചിത അളവിൽ സൂക്ഷ്മജീവികളുണ്ടാകും.പലവിധ ഗുണങ്ങളുള്ള സൂക്ഷ്മാണുക്കൾ അടങ്ങിയ പ്രോബയോട്ടിക്കുകൾ ഇന്ന്‌ വിപണിയിൽ ലഭ്യമാണ്‌.

ബാക്ടീരിയ, ഫംഗസ്‌ എന്നീ വിഭാഗത്തിൽപ്പെടുന്നസൂക്ഷ്മാണുക്കളാണ്‌ നിശ്ചിത അളവിൽ ഇവയിൽ അടങ്ങിയിരിക്കുന്നത്‌. ലാക്ടോബാസിലസ്‌, ബിഫിഡോ ബാക്ടീരിയം, പ്രൊപ്പിയോണി ബാക്ടീരിയ, എന്‍ററോകോക്കസ്‌, ബാസില്ലസ്‌ തുടങ്ങിയ ബാക്ടീരിയകൾ കൂടാതെ റൂമനിൽകാണപ്പെടുന്ന ഫൈബ്രോ ബാക്ടർ, റുമിനോ കോക്കസ്‌ തുടങ്ങിയവയും പ്രോബയോട്ടിക്കുകളിലുണ്ട്‌. സക്കാറോ മൈസസ്‌ സെർവീസിയ (യീസ്റ്റ്‌), ആസ്പർജില്ലസ്‌ തുടങ്ങിയ ഫംഗസ്സുകളും ഗുണകരമായി ഉപയോഗിക്കപ്പെടുന്നു.

പ്രോബയോട്ടിക്കായി ഉപയോഗിക്കപ്പെടുന്ന സൂക്ഷ്മാണുവിന്‌ ആമാശയത്തിലെ പരിതസ്ഥിതികളെ അതിജീവിക്കാൻ കഴിവുണ്ടായിരിക്കണമെന്നത്‌ പ്രധാനം.

പ്രോബയോട്ടിക്കുകൾ ഉപയോഗിക്കപ്പെടുന്നതിന്‍റെ  ഗുണഫലങ്ങൾ ഏറെ അനുഭവവേദ്യമാകുക സമ്മർദ്ദാവസ്ഥയിലുള്ള മൃഗങ്ങളിലാണ്‌. അണുബാധ, ഉപാപചയ പ്രശ്നങ്ങൾ, തള്ളയിൽനിന്ന്‌ കുട്ടികളെ വേർപിരിക്കുന്ന സമയം, യാത്ര, കാലാവസ്ഥയിലെ മാറ്റങ്ങൾ, തീറ്റയിലെ പ്രശ്നങ്ങൾ ഇവയൊക്കെ സമ്മർദ്ദത്തിലാക്കുന്ന  അവസരങ്ങൾക്ക്‌ ചില ഉദാഹരണങ്ങളാണ്‌. ഇത്തരം സാഹചര്യങ്ങൾ പ്രശ്നക്കാരായ ബാക്ടീരിയകളുടെ എണ്ണംവർദ്ധിപ്പിക്കുകയും, വയറിളക്കം പോലെയുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുകയുംചെയ്യും. ഇത്തരം സാഹചര്യങ്ങളിലാണ്‌ പ്രോബയോട്ടിക്കുകൾ ഏറെ ഗുണകരമാവുക.
പ്രോബയോട്ടിക്ക്‌ എന്ന നിലയിൽ യീസ്റ്റ്‌ കാലിത്തീറ്റയിൽ ചേർക്കുന്നത്‌തീറ്റയുടെ മണവും, രുചിയും വർദ്ധിപ്പിക്കുന്നതോടൊപ്പം നാരുകളുടെ ദഹനംത്വരിതപ്പെടുത്തുകയും ചെയ്യുന്നു. കറവപ്പശുക്കൾ, എരുമകൾ, ആടുകൾ ഇവയിലൊക്കെ യീസ്റ്റ്‌ ഗുണപരമായ പ്രയോജനങ്ങൾ നൽകുന്നു. പാലുത്പാദനം, പാലിലെ കൊഴുപ്പിന്‍റെ അളവ്‌, വളർച്ചാ നിരക്ക്‌, തീറ്റ പരിവർത്തനശേഷി, രോഗപ്രതിരോധശേഷി ഇവയിലൊക്കെ വർദ്ധനവുണ്ടാകുന്നു. ദഹന സഹായിയായിപ്രവർത്തിച്ച്‌, ശരീരതൂക്കം കൂട്ടുന്ന വളർച്ചാ നിരക്ക്‌ത്വരിതപ്പെടുത്തുന്ന ഘടകമെന്ന നിലയിൽ ആടുകളിൽ യീസ്റ്റ്‌ ഫലപ്രദമാണ്‌.അയവെട്ടുന്ന മൃഗങ്ങളിൽ മറ്റ്‌ സൂക്ഷ്മജീവികളുടെ പ്രവർത്തംമെച്ചപ്പെടുത്താനും, അമ്ല, ക്ഷാര നില തുലനം ചെയ്യാനും യീസ്റ്റ്‌സഹായിക്കുന്നു.

ലാക്ടിക്ക്‌ ആസിഡ്‌ ഉത്പാദിപ്പിക്കുന്ന ലാക്ടോബാസില്ലസ്‌ വിഭാഗത്തിൽപ്പെടുന്ന ബാക്ടീരിയകൾ രോഗകാരികളായ സൂക്ഷ്മജീവികളെ നശിപ്പിക്കാൻസഹായിക്കുന്നു. പൂപ്പൽ വിഷത്തെ നിർവീര്യമാക്കാനും ഇവർക്ക്‌ കഴിവുണ്ട്‌.യീസ്റ്റും, ലാക്ടോബാസില്ലസും ചേർന്ന മിശ്രിതം കന്നുകുട്ടികളിൽ തൂക്കം, വളർച്ചാ നിരക്ക്‌ എന്നിവ ത്വരിതപ്പെടുത്തുന്നു. കിടാവുകളിലെ വയറിളക്കത്തെ നിയന്ത്രിക്കാൻ പ്രോബയോട്ടിക്കുകൾ ഏറെ സഹായകരമാണ്‌. തള്ളയിൽ നിന്നും വേർപിരിക്കുന്ന സമയത്തെ പ്രശ്നങ്ങൾ ഒഴിവാക്കാൻ പന്നികളിലും, മുയലുകളിലും പ്രോബയോട്ടിക്കുകൾ ഉപയോഗിക്കാം. കോഴിമുട്ട, മാംസം ഇവയുടെ ഉൽപാദനവും, മേന്മയും കൂട്ടാൻ പ്രോബയോട്ടിക്കുകൾ സഹായിക്കുന്നുണ്ടെന്ന്‌ പഠനങ്ങൾതെളിയിച്ചിട്ടുണ്ട്‌.

വളർച്ചാ നിരക്ക്‌ കൂട്ടാൻ തീറ്റയിൽ ആന്‍റിബയോട്ടിക്കുകൾ ചെറിയ അളവിൽചേർക്കുന്ന രീതി ഇന്ന്‌ പ്രോത്സാഹിക്കപ്പെടുന്നില്ല. ഇവയുടെ ദോഷഫലങ്ങളെക്കുറിച്ചുള്ള അറിവ്‌ തന്നെ കാരണം. ഇതിനുള്ള മറുമരുന്നാണ്‌പ്രോബയോട്ടിക്കുകൾ. പ്രോബയോട്ടിക്ക്‌ തീറ്റയിൽ ചേർക്കാവുന്ന വിധംവികസിപ്പിച്ചത്‌ ജൈവ സാങ്കേതിക വിദ്യയുടെ നേട്ടമാണെന്ന്‌ പറയാമെങ്കിലും ഈ അറിവിന്‌ പാരമ്പര്യത്തിന്‍റെ പഴക്കമുണ്ട്‌. പാൽ പുളിപ്പിച്ചുണ്ടാക്കുന്ന തൈരാണ്‌ ഏറ്റവും മികച്ച പ്രോബയോട്ടിക്ക്‌.

കന്നുകുട്ടികളിലെവയറിളക്കത്തിനെതിരെ തൈര്‌ ഉപയോഗിക്കുന്ന രീതി ഉത്തരേന്ത്യയിൽ പതിവാണ്‌.പുളിപ്പിച്ച പാൽ വിഭവങ്ങൾ നിത്യാഹാരമാക്കുന്ന ബൾഗേറിയൻ കർഷകരുടെ ദീർഘായുസിന്‍റെ  -കാരണമായി പറയപ്പെടുന്നതും അവയിലെ ഉപകാരികളായ സൂക്ഷ്മാണുക്കളുടെ സാന്നിധ്യം തന്നെ.

ഉഴുന്ന് കൃഷി ചെയ്യാം

കരഭൂമിയിൽ മഴക്കാലത്തും നനസാധ്യതയുള്ളയിടങ്ങളിൽ വേനൽക്കാലത്തും ഉഴുന്ന് കൃഷി ചെയ്യാം. കൊയ്ത്തിനുശേഷം തരിശു കിടക്കുന്ന പാടങ്ങളിൽ ഉഴുന്ന് കൃഷി ചെയ്യാറുണ്ട്. തനിവിളയായും ഇടവിളയായും കൃഷി ചെയ്യാം.

ഇനങ്ങൾ: ശ്യാമ, സുമഞ്ജന, Co2, T-9, S-1, TAU-2, TMV-1, KM-2 ഇവയിൽ T-9 ഇനത്തിനു വരൾച്ചാ പ്രതിരോധശേഷിയുണ്ട്. പപ്പടം ഉണ്ടാക്കാൻ ഏറ്റവും നന്നാണ് S-1. തെങ്ങിൻതോപ്പുകളിലെ ഭാഗിക തണലിലും വളരുന്ന ഇനമാണ് TAU-2. വിരിപ്പു സീസൺ വൈകിയാൽ TMV-1, KM-2 ഓണാട്ടുകര പ്രദേശങ്ങളിലേക്കു യോജ്യം. ഇവിടങ്ങളിൽതന്നെ വരൾച്ചാ സീസണിൽ (പുഞ്ച) നെൽപ്പാടങ്ങളിലെ കൃഷിക്കു ശ്യാമ ഇനം ഉപയോഗിക്കാം. സുമഞ്ജന മൂപ്പു കുറഞ്ഞ, വിളവുശേഷി കൂടിയ ഇനമാണ്. തിരുവനന്തപുരം ജില്ലയിൽ പുഞ്ച സീസണിൽ കൃഷിക്ക് ഈയിനം ശുപാർശ ചെയ്തിരിക്കുന്നു.

വിത്തും വിതയും

വിത്തിന്‍റെ അളവ്: തനിവിള – ഹെക്ടറിന് – 20 കിലോ , ഇടവിള / മിശ്രവിള: ഹെക്ടറിന് – 06 കിലോ ചെടികൾ തമ്മില്‍ അകലം – 25 സെ.മീ x 15 സെ.മീ. വിതയ്ക്കു നിലം ഒരുക്കൽ – രണ്ടു മൂന്നു തവണഉഴുത് കളകൾ, മുൻവിളയുടെ കുറ്റികൾ എന്നിവ പെറുക്കിമാറ്റി കട്ടയുടച്ചു നിരപ്പാക്കുക. വിത്തിൽ KAU-BG-2, BG-2 എന്നീ റൈസോബിയം കൾച്ചറിലൊന്ന് പുരട്ടണം.

വളം ചേർക്കൽ

(ഹെക്ടറിന്) കാലിവളം – 20 ടൺ (അടിസ്ഥാന വളം) കുമ്മായം – 02 ടൺ നൈട്രജൻ – 20 കിലോ ഫോസ്ഫറസ് – 30 കിലോ പൊട്ടാഷ് – 30 കിലോ കുമ്മായം ആദ്യ ഉഴവോടുകൂടി വിതറിച്ചേർക്കണം. അവസാന ഉഴവിൽ പകുതി നൈട്രജനും മുഴുവൻ ഫോസ്ഫറസും പൊട്ടാഷ് വളങ്ങളും വിതറി ഇടുക. ബാക്കിയുള്ള 10 കിലോ നൈട്രജൻ രണ്ടു തവണയായി വിതച്ച് 15, 30 ദിവസങ്ങളാകുമ്പോൾ വെള്ളത്തിൽ കലക്കി തളിക്കുക. നൈട്രജൻ നൽകാൻ പറ്റിയ വളമാണ് യൂറിയ. ഓരോ തവണയും അഞ്ചു കിലോ വീതം യൂറിയ ലായനി രണ്ട്ശതമാനം വീര്യത്തിൽ തയാറാക്കി വേണം തളിക്കാൻ.

മൂപ്പ് അനുസരിച്ച് 75– 120 ദിവസമാകുമ്പോൾ വിളവെടുക്കാം. കായകളിൽ 80 ശതമാനം വിളഞ്ഞിട്ടുണ്ടെങ്കിൽ ചെടികൾ പിഴുത് ഉണക്കിത്തല്ലി മണികൾ വേര്‍തിരിച്ചെടുക്കാം. പ്രതീക്ഷിക്കാവുന്ന വിളവ് സെന്‍റിന് രണ്ടു മുതൽ നാലു കിലോ വരെ.

കരിമ്പ് കൃഷി ചെയ്യാം

ഇന്ത്യയില്‍ യഥേഷ്ടം ജലം ലഭിക്കുന്ന, ഉഷ്ണമേഖലാപ്രദേശങ്ങളില്‍ കൃഷിചെയ്തുവരുന്ന വിളയാണിത്. പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ വ്യാപകമായും കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഭാഗികമായും കൃഷിചെയ്തുവരുന്നു.  സക്കാറം ഒസിഫിനാരം എന്നാണ് കരിമ്പിന്‍റെ ശാസ്ത്രനാമം. തൊലിയുടെ നിറത്തിന്‍റെ  അടിസ്ഥാനത്തില്‍ ഇളം പച്ച, കടുംപച്ച, ചുവപ്പ് , വയലറ്റ്, ചുവപ്പ് കലര്‍ന്ന തവിട്ട് എന്നിങ്ങനെ വിവിധതരത്തില്‍ കരിമ്പുണ്ട്.

ഏകദേശം നാല്-അഞ്ച് മീറ്റര്‍ ഉയരത്തില്‍ വളരുന്നതും ഉറപ്പുള്ള കാണ്ഡത്തോടു കൂടിയതുമാണ് കരിമ്പ്.  ഇതിന് അനവധിമുട്ടുകള്‍ കാണപ്പെടുന്നു. വലിയകരിമ്പിന് ഇരുപതില്‍ക്കൂടുതല്‍ മുട്ടുകള്‍ കാണാം. എല്ലാമുട്ടിലും ധാരാളം വേരുമുകുളങ്ങളുണ്ടാകും. ഇലകള്‍ കനം കുറഞ്ഞ് നീണ്ടതാണ്. ഏകദേശം അരമീറ്റര്‍ മുതല്‍ ഒന്നേകാല്‍ മീറ്റര്‍ വരെ നീളവും ആറ്-ഏഴ് സെമീ വിതിയും ഇലകള്‍ക്കുണ്ടാകാം. ഉപരിതലം പരുപരുത്തതായിരിക്കും. പൂവുകള്‍ കുലകളായാണ് ഉണ്ടാകുക. പൂവുകള്‍ക്ക് നല്ലവെള്ളനിറമുണ്ടാകും വളരെ അപൂര്‍വമായി മാത്രമേ കരിമ്പില്‍ വിത്തുകള്‍ ഉണ്ടാകാറുള്ളൂ.

കരിമ്പുകൃഷി: ഒരുപ്രധാന ഉഷ്ണമേഖലാവിളയായ കരിമ്പ്നല്ലനീര്‍വാര്‍ച്ചയുള്ള ഫലഭൂയിഷ്ടമായ കരിമണ്ണിലാണ് ധാരാളമായി വളരുക. നദീതടങ്ങളിലെ എക്കല്‍ കലര്‍ന്ന മണ്ണിലും കരിമ്പ് നന്നായി വളരും. വ്യാവസായികമായി ശര്‍ക്കര, പഞ്ചസാര എന്നിവ നിര്‍മിക്കാനാണ് കരിമ്പ് വ്യാപകമായി ഉപയോഗിച്ചു വരുന്നത്. കരിമ്പുകൃഷിയില്‍ ബ്രസീല്‍ കഴിഞ്ഞാല്‍ രണ്ടാംസ്ഥാനം ഇന്ത്യയ്ക്കാണ്. ഉത്തര്‍പ്രദേശിലെ ഗംഗാതടങ്ങളിലാണ് കരിമ്പ്സമൃദ്ധമായി വളരുന്നത്.

കൃഷിയിടമൊരുക്കല്‍ : കരിമ്പ്കൃഷിയില്‍ നിലമൊരുക്കലില്‍ ഏറെ ശ്രദ്ധയാവശ്യമാണ്. കരിമ്പ് നടുന്നതിനുമുമ്പ്കൃഷിയിടം കുറഞ്ഞത് മൂന്നു പ്രാവശ്യമെങ്കിലും ഉഴുത് മറിക്കണം. അതിനുശേഷം അതില്‍ സെന്‍റൊന്നിന് 30-40 കിലോ തോതില്‍ കാലിവളമോ കമ്പോസ്റ്റോ ചേര്‍ത്തിളക്കി നിരപ്പാക്കണം. അമ്ലഗുണം കൂടുതലുള്ള മണ്ണാണെങ്കില്‍ ആവശ്യത്തിന് ഡോളമൈറ്റോ കുമ്മായമോ ചേര്‍ത്തുകൊടുക്കാം. അങ്ങനെ വളംചേര്‍ത്ത് നിരപ്പാക്കിയ നിലത്ത് നീളത്തിലോ കുറുകെയോ ചാലെടുത്താണ് കരിമ്പിന്‍ തണ്ടുകള്‍ നടേണ്ടത്. കരിമ്പിന്‍റെ വളര്‍ച്ചയുടെ ആദ്യകാലങ്ങളില്‍ കൂടിയ താപനില വേണം. വരിയും നിരയുമായാണ് ചാലുകളെടുക്കേണ്ടത്. ചാലുകള്‍ തമ്മില്‍ കുറഞ്ഞത് മുക്കാല്‍മീറ്റര്‍ അകലവും ചാലിന്‍റെ താഴ്ച കുറഞ്ഞത് അരമീറ്ററെങ്കിലും ഉണ്ടായിരിക്കണം. മൂപ്പ് കൂടിയ ഇനങ്ങള്‍ക്ക് 90 സെമീ വരെ അകലം വിടാം. ചരിഞ്ഞസ്ഥലങ്ങളിലാണ് കൃഷിയിറക്കുന്നതെങ്കില്‍ 75 സെമീ അകലത്തിലും 30 സെമീ എങ്കിലും താഴ്ചയുമുള്ള തടങ്ങളെടുത്താകണം നടുന്നത്.

നടീല്‍വസ്തു: മൂപ്പായ കരിമ്പിന്‍ തണ്ടിന്‍റെ ദൃഢത കുറഞ്ഞ മുകളറ്റമാണ് നടീല്‍വസ്തുവായി ഉപയോഗിക്കുന്നത്. ഒരേക്കറിന് നടാന്‍ മൂന്നുമുട്ടുകളോടെ മുറിച്ചെടുത്ത 13000 ത്തോളം കഷണങ്ങള്‍ കുറഞ്ഞത് അത്യാവശ്യമാണ്. കുമിള്‍ രോഗബാധയൊഴിവാക്കാന്‍ ഇവ 0.25 ശതമാനം ഗാഢതയുള്ള ബോര്‍ഡോ മിശ്രിതത്തില്‍ മുക്കിയ ശേഷം നടണം. ചാലുകളില്‍ ഒന്ന് ഒന്നിനോട് ചേര്‍ത്തുവെച്ച്‌ മണ്ണിട്ട് മുടണം. ഉയര്‍ന്ന അളവില്‍ നീര് ലഭിക്കുന്ന ചീയല്‍രോഗത്തെ പ്രതിരോധിക്കുന്ന സി.ഒ 7405, സി.ഒ.6907, തിരുമധുരം, വെള്ളക്കെട്ടിലും വെള്ളക്ഷാമം ഉള്ളിടത്തും ഒരുപോലെ ഉപയോഗിക്കാവുന്നതും ചീയല്‍ രോഗത്തെ ചെറുക്കുന്നതുമായ ഇനമായ മധുരിമ, ചെഞ്ചീയല്‍ രോഗത്തെ ചെറുക്കുന്ന മാധുരി, വെള്ള ലഭ്യത കുറഞ്ഞയിടങ്ങളില്‍ പാകമായ സി.ഒ. 92175. കാലാകരിമ്പിനമായ സി.ഒ. 70 എന്നിവയും കടയ്ക്കാട് വിത്തുത്പാദനകേന്ദ്രത്തിന്‍റെ മുന്തിയ ഇനം നടീല്‍ വസ്തുക്കളും കരിമ്പുകൃഷിക്കാര്‍ക്ക് വിത്തിനങ്ങളില്‍ ആശ്രയിക്കാം.

വളങ്ങള്‍ ചേര്‍ക്കാം: വ്യാവസായികമായി കരിമ്പുത്പാദിപ്പിക്കുന്നവര്‍ രാസവളങ്ങളാണ് ഉപയോഗിച്ചുവരുന്നത്. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയുടെ കോമ്പിനേഷനാണ് സാധാരണ ഉപയോഗിക്കുന്നത്. മുളച്ചുപൊന്തിയാല്‍ ഇടയിളക്കുന്ന സമയത്ത് ചാലുകള്‍ ഉണ്ടാക്കണം. വളം ചേര്‍ത്തശേഷം മണ്ണ് ചുവട്ടില്‍ കൂട്ടിക്കൊടുത്തുകൊണ്ടേയിരിക്കണം. ജൈവകൃഷിയില്‍ ഇടവിളയായി പയര്‍ വിതച്ച്‌ അവ പൂവിടുന്നതോടെ പിഴുതെടുത്ത് കരിമ്പിന്‍ ചാലില്‍ ഇട്ടുമൂടിക്കഴിഞ്ഞാല്‍ നല്ല വളക്കൂറുണ്ടാകും. അതോടൊപ്പംതന്നെ കാലിവളമോ കമ്പോസ്റ്റോ ചേര്‍ത്ത് മൂടിക്കൊടുക്കണം. കാലാകരിമ്പാണെങ്കില്‍ വിളവെടുത്ത് 25 ദിവസം കഴിഞ്ഞാല്‍ ആദ്യതവണ വളം ചേര്‍ത്തുകൊടുക്കണം. മധ്യകേരളത്തിലെ വരണ്ട മണ്ണിന് ഏക്കറിന് 75 കിലോ യൂറിയയും 30 കിലോ പൊട്ടാഷും വേണം. വളക്കൂറുള്ള മലയോരപ്രദേശങ്ങളിലെ മണ്ണിന് 50 കിലോ യൂറിയ മതിയാകും . നിരകള്‍ക്കിടയില്‍ വളം വിതറി കൊത്തിക്കൂട്ടുകയാണ് ചെയ്യേണ്ടത്. ഇടവിളയായി പയര്‍ നടുന്നത് കളകളെ മെരുക്കാനും നല്ലതാണ്. മഴയുടെ ലഭ്യതയുടെ തോതനുസരിച്ചാണ് നന കൊടുക്കേണ്ടത്. കിളിര്‍ത്തു കഴിഞ്ഞാല്‍ മാത്രമേ നന്നായി നന കൊടുക്കാവൂ. കാരണം വെള്ളം നിന്നാല്‍ മുള ചീഞ്ഞുപോകും. വിളയുടെ അവശിഷ്ടങ്ങള്‍കൊണ്ടും മറ്റ് ജൈവാവശിഷ്ടങ്ങള്‍കൊണ്ടും പുതയിടുന്നത് ജലനഷ്ടം ഒഴിവാക്കാം.

വിളവെടുക്കല്‍ :സാധാരണയായി വര്‍ഷത്തിലൊരു തവണയാണ് കരിമ്പ്  വിളവെടുക്കുന്നത്. എന്നാല്‍ ത്വരിതകൃഷിയില്‍ മൂപ്പ് എട്ടുമാസമായും കുറച്ചുകാണാറുണ്ട്. വിളവ്കു റയുന്നത് കരിമ്പിന്‍റെ നീരിന്‍റെ  അളവിനെ ബാധിക്കുമെന്നതിനാല്‍ ഏറ്റവും മൂത്ത അവസ്ഥയില്‍ മാത്രമേ വിളവെടുപ്പ് നടത്താവൂ. ഒരു തവണ നട്ടാല്‍ മൂന്നുതവണ (മൂന്നുവര്‍ഷംവരെ) വിളവെടുക്കാം. കരിമ്പിന്‍റെ വിളയവശിഷ്ടങ്ങള്‍ കൃഷിയിടത്തില്‍ത്തന്നെ ജൈവപുതയായും നല്‍കാം. കരിമ്പിന്‍ തണ്ടുകള്‍ ആട്ടി വറ്റിച്ചെടുത്താണ് ശര്‍ക്കര നിര്‍മിക്കുന്നത്. നിരവധി മരുന്നുകളിലും ശര്‍ക്കര ചേര്‍ത്തുവരുന്നു. വേരു ചീയല്‍, ചെഞ്ചീയല്‍, മറ്റ് ഫംഗസ് രോഗങ്ങള്‍ എന്നിവയും തണ്ടുതുരപ്പനുമാണ് കരിമ്പിന്‍റെ പ്രധാന ശത്രുക്കള്‍. വേപ്പധിഷ്ഠിതകീടനാശിനികളുടെ ഉപയോഗം ആവണക്കെണ്ണ, വെളുത്തുള്ളി മിശ്രിതം എന്നിവ രോഗം വരാതിരിക്കാനായി തളിക്കാവുന്നതാണ്.

ഇലപ്പുള്ളിരോഗം: ഇലയുടെ അടിഭാഗത്ത് വെള്ളത്തിനാല്‍ നനഞ്ഞപോലെയുള്ള പാടുകളും അതിനെത്തുടര്‍ന്ന് ഇലയുടെ ഉപരിതലത്തില്‍ മഞ്ഞക്കുത്തുകള്‍ പ്രത്യക്ഷപ്പെടുന്നതുമാണ് ഇതിന്‍റെലക്ഷണം. പിന്നീട് ഈ മഞ്ഞക്കുത്തുകള്‍ വലുതായി ഇലമൊത്തം വ്യാപിച്ച്‌ കരിഞ്ഞുണങ്ങുകയും ചെയ്യും. രോഗം കാണുന്ന ഇലകള്‍ നശിപ്പിക്കുകയും സ്യൂഡോമോണസ് ലായനി രണ്ടുശതമാനം വീര്യത്തില്‍ ഇലകളുടെ ഇരുവശങ്ങളിലും വീഴത്തക്ക വിധവും സമൂലവും തളിക്കുകയെന്നതാണിതിന്‍റെ  പ്രതിരോധമാര്‍ഗങ്ങള്‍.

ഗുണങ്ങള്‍ : ആയുര്‍വേദത്തില്‍ പിത്തത്തെ ശമിപ്പിക്കാന്‍ കരിമ്പിന്‍നീര് ഉപയോഗിക്കാറുണ്ട്. മൂത്രതടസ്സം നീക്കാനും മഞ്ഞപ്പിത്തം ശമിപ്പിക്കാനും രക്തപിത്ത ശമനത്തിനും കരിമ്പിന്‍ നീര് ഉത്തമമാണ്. മൂക്കില്‍കൂടി രക്തം വരുന്ന അസുഖത്തിന് കരിമ്പിന്‍ നീര് മുന്തിരി നീരുമായിച്ചേര്‍ത്ത് നസ്യം ചെയ്യാറുണ്ട്. ഏറ്റവും പ്രധാനമായ ഉപയോഗം ക്ഷയരോഗത്തിനെതിരെയുള്ള മരുന്നായാണ്. പഞ്ചസാര, കാല്‍സ്യം ഓക്സലേറ്റ്, സുക്രോസ്, സറ്റാര്‍ച്ച്‌, സെല്ലുലോസ്, പെന്റോസാന്‍സ്, ലിഗ്നിന്‍ എന്നിവയും സിട്രിക്, മാലിക്, മെസക്കോണിക് സക്സിനിക്, നൈട്രോജെനിക് എന്നീ ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. ഇതില്‍ സൈറ്റോസിന്‍, ക്ലോറോഫില്‍, ആന്‍ഥോസയാനിന്‍ എന്നിവയും അടങ്ങിയിരിക്കുന്നു.

കൃഷിരക്ഷയ്ക്ക് ആര്യവേപ്പ്

ജൈവകൃഷിയില്‍ എറെ പ്രധാനപ്പെട്ട വളവും കീടനാശിനിയുമാണ് ആര്യവേപ്പ് .വേപ്പിന്‍റെ കീടനാശക ശേഷിയെക്കുറിച്ച്‌ ലോകമാകമാനം ഒട്ടേറെ ഗവേഷണ പരീക്ഷണങ്ങള്‍ നടന്നുവരുന്നു. നിമാവിരകള്‍, ചിതലുകള്‍, മണ്ണിലുള്ള മറ്റ് കീടങ്ങള്‍ എന്നിവയെ അകറ്റാന്‍ ജൈവകൃഷിയില്‍ മണ്ണൊരുക്കം നടത്തുമ്പോള്‍ ഓരോ തടത്തിനും 50 ഗ്രാം വീതം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്തുകൊടുക്കുന്നത് ഫലംചെയ്യും.

വേപ്പെണ്ണ എമെല്‍ഷന്‍ എല്ലാ കൃഷിശാസ്ത്രജ്ഞരും അംഗീകരിച്ച ഒരു കീടനാശകമാണ്. ജീവജാലങ്ങളുടെ ആരോഗ്യത്തിന് ഹാനികരമല്ലാത്ത കീടനാശിനിയാണിത്.  അഞ്ചുശതമാനം വീര്യമുള്ള വേപ്പിന്‍ കുരുമിശ്രിതമോ രണ്ടുശതമാനം വീര്യമുള്ള വേപ്പെണ്ണ എമെല്‍ഷനോ തളിച്ചാല്‍ പച്ചക്കറിവര്‍ഗങ്ങളിലെ ചാഴി, ഇലചുരുട്ടിപ്പുഴു, ഗാളീച്ച, ഇലച്ചാടി എന്നിവയുടെ ആക്രമണം തടയാം. വേപ്പിന്‍പിണ്ണാക്കുചേര്‍ത്ത യൂറിയ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത് കീടങ്ങളുടെ ആക്രമണം തടയുകയെന്ന ഉദ്ദേശ്യത്തോടെത്തന്നെയായിരിക്കും. നെല്ലിന്‍റെ പോളരോഗം ചെറുക്കാന്‍ വേപ്പിന് ശക്തിയുണ്ട്. ഇലപ്പുള്ളിരോഗം, തണ്ടുചീയല്‍, പൊടിപൂപ്പ് രോഗം, വിവിധ വൈറസ് രോഗങ്ങള്‍ എന്നിവ തടയാനും വേപ്പെണ്ണ ഉപയോഗിക്കാം.

വേപ്പിന്‍റെ ഇല നല്ലൊരു ജൈവപുതയാണ്. ഇത് മണ്ണില്‍നിന്ന് ഈര്‍പ്പം നഷ്ടപ്പെട്ടുപോകാതെ വിളകളെ രക്ഷിക്കുന്നു. നെല്‍പ്പാടങ്ങളിലും തക്കാളിക്കൃഷിയിടങ്ങളിലും അടിവളമായും വേപ്പിന്‍റെ ഇലകള്‍ ചേര്‍ത്തുവരുന്നു. കൂടാതെ ഒരു ജൈവ വിഘടനമാധ്യമവുമാണ് വേപ്പ്.

വേപ്പിലടങ്ങിയിരിക്കുന്ന ലിമിനോയ്ഡുകളാണ് വേപ്പിന് ഇത്തരം കഴിവുകള്‍ നല്‍കുന്നത്. അതില്‍ അസിഡറാക്ടിനാണ് മുഖ്യം. അസിഡറാഡൈന്‍, ഫ്രാക്സിനലോ, നിംബിന്‍, സലാനിന്‍, സലാനോള്‍ , വേപ്പിനിന്‍, വാസലിനിന്‍ എന്നിവയും ഇതിലെ പ്രധാനചേരുവകളാണ്. നിംബിന്‍, നിംബിഡിന്‍, നിംബിനിന്‍ എന്നിവ പ്രധാന കീടനാശകങ്ങളാണ്. വേനല്‍ക്കാലത്ത് വേപ്പിന്‍മരം നല്‍കുന്ന കുളിര്‍മ അറിയണമെങ്കില്‍ അതിന്റെ ചുവട്ടില്‍ അല്പനേരം നിന്നാല്‍ മതി. പരിസര പ്രദേശങ്ങളെക്കാള്‍ 10 ഡിഗ്രിയോളം ചൂട് അന്തരീക്ഷത്തില്‍ കുറയ്ക്കാനും വേപ്പിന്‍ മരത്തിന് കഴിയുന്നു.

ജര്‍മന്‍ ഷേപ്പേഡിന് ചേര്‍ന്ന ഭക്ഷണം

നായ്ക്കളില്‍ തന്നെ വില കൂടുതലുള്ള മൃഗങ്ങളിലൊന്നാണ് ജെര്‍മന്‍ ഷെപ്പേഡ്. നായപ്രേമികളുടെ ഒരു ഇഷ്ട ഇനം. പെട്ടെന്ന് വയറിന് അസുഖം വരാന്‍ സാധ്യതയുള്ള ഒരിനം നായയാണ് ജര്‍മന്‍ ഷെപ്പേഡ്. ഇതുകൊണ്ടുതന്നെ ഇതിനുള്ള ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. ജര്‍മന്‍ ഷെപ്പേഡിന് ചേര്‍ന്ന ചിലയിനം ഭക്ഷണങ്ങള്‍ എന്തെന്നറിയൂ, ഒഴിവാക്കേണ്ടവയും

1: വെളുത്ത ചോറ്‌
വെളുത്ത അരിയുടെ ചോറും ഇവയ്ക്കു ചേര്‍ന്ന ഒരു ഭക്ഷണം തന്നെയാണ്. ഇത് ദഹിയ്ക്കുവാന്‍ എളുപ്പവുമാണ്.

2: റാഗി
റാഗി വേവിച്ചത് ജെര്‍മന്‍ ഷെപ്പേഡിനു ചേര്‍ന്ന ഒരു ഭക്ഷണവസ്തുവാണ്. എളുപ്പത്തില്‍ ദഹിയ്ക്കുമെന്നതു തന്നെയാണ് ഇതിന്റെ ഗുണം.വേവിച്ചത് ജെര്‍മന്‍ ഷെപ്പേഡിനു ചേര്‍ന്ന ഒരു ഭക്ഷണവസ്തുവാണ്. എളുപ്പത്തില്‍ ദഹിയ്ക്കുമെന്നതു തന്നെയാണ് ഇതിന്റെ ഗുണം.

3: ഓട്‌സ്
ഓട്‌സ് വേവിച്ചതു പോലുള്ള ഭക്ഷണങ്ങളും ജര്‍മന്‍ ഷെപ്പേഡിന് ഗുണം ചെയ്യും,

4: പാല്‍
പാല്‍ ഇത്തരം നായ്ക്കള്‍ക്കു നല്‍കാവുന്ന മറ്റൊരിനം ഭക്ഷണമാണ്. ഇതിലെ കാല്‍സ്യം ഇവയുടെ പല്ലുകളുടെ വളര്‍ച്ചയ്ക്കു സഹായിക്കും.

5: ഇറച്ചി
വേവിയ്ക്കാത്ത ഇറച്ചി ഇവയ്ക്കു കൊടുക്കാതിരിയ്ക്കുകയാണ് നല്ലത്. ഇത് വയര്‍ കേടാകുവാന്‍ ഇടയാക്കും.

6: പയര്‍
പയര്‍ വര്‍ഗങ്ങളും ഇവയക്കു നല്‍കരുത്. ഇവയും ദഹനത്തിന് പ്രയാസമുണ്ടാക്കും.

7: ചോളം
ചോളം ഇവ ഇഷ്ടപ്പെടുന്ന ഭക്ഷണസാധനമാണെങ്കിലും ഇതിലെ പശിമ നായക്കളുടെ വയറിന് നല്ലതല്ല.

ഔഷധ പ്രാധാന്യമേറിയ നിത്യവഴുതിന

പോഷകസമ്പന്നമായ പച്ചക്കറിയാണ് നിത്യവഴുതിന. നിത്യവും കായ ലഭിക്കും എന്നതിനാലാണ് ഈ പച്ചക്കറിക്ക് നിത്യവഴുതിന എന്ന പേരുതന്നെ ലഭിച്ചത്. ഒരു വീട്ടില്‍ ഏതാനും ചുവട് നിത്യവഴുതിന ഉണ്ടെങ്കില്‍ ദിവസവും ഉപയോഗിക്കാനാവും. കേരളത്തില്‍ മുമ്പുകാലങ്ങളില്‍ ചിലയിടങ്ങളില്‍ നമ്മുടെ പൂര്‍വികര്‍ പ്രാധാന്യത്തോടെ കൃഷിചെയ്തുവെങ്കിലും തലമുറകള്‍ എവിടെയോ വച്ച്‌ കൈവെടിഞ്ഞു. ഇതിന്‍റെ പോഷക-ഔഷധ പ്രാധാന്യം തിരിച്ചറിഞ്ഞ് വീണ്ടും താല്‍പ്പര്യത്തോടെ കൃഷിചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ആദിവാസികള്‍ക്കിടയില്‍ ഇതിന്‍റെ ഉപയോഗം പണ്ടുമുതലേ ഉണ്ട്. 

നിത്യവഴുതിനയില്‍ വഴുതിന എന്ന പേരുണ്ടെങ്കിലും ഇത് വഴുതിനവംശജനല്ല. മധുരക്കിഴങ്ങിന്‍റെ അകന്ന ബന്ധുവാണെന്നു പറയുന്നതില്‍ തെറ്റില്ല. വള്ളിയായി പടരുന്ന ഇതിന്‍റെ ശാസ്ത്രീയനാമം ഐപ്പോമിയ മ്യൂരിക്കേറ്റ എന്നാണ്. ക്ളേവ് ബീല്‍ എന്ന് ഇംഗ്ളീഷിലും, മിച്ചി എന്ന് ഹിന്ദിയിലും കാട്ടുതാളി എന്ന് തമിഴിലും പേരുപറയും.

പന്തലിലോ വേലിപ്പടര്‍പ്പുകളിലോ നിത്യവഴുതിന വളര്‍ത്താം. നിത്യവഴുതിനയുടെ മൊട്ടാണ് കറിവയ്ക്കാന്‍ ഉപയോഗിക്കുക. കരയാമ്പൂവിന്‍റെയോ അല്ലെങ്കില്‍ ടോര്‍ച്ച്‌ ബള്‍ബിന്‍റെയോ ആകൃതിയാണ് മൊട്ടുകള്‍ക്ക്. മൊട്ടുകള്‍ കറിക്കും ഔഷധത്തിനും ഉപയോഗിക്കും. വിത്തും ഇലയും തണ്ടും ഔഷധപ്രാധാന്യമുള്ളതാണ്. 

വിത്താണ് നടീല്‍വസ്തു. ഒരടി സമചതുരത്തില്‍ കുഴിയെടുത്ത് അതില്‍ ചാണകപ്പൊടിയും മേല്‍മണ്ണും നിറച്ച്‌ വിത്ത് നടാം. രണ്ട് കുഴിതമ്മില്‍ ഒരുമീറ്റര്‍ അകലമാവാം. വളര്‍ന്നുവരുന്നതോടെ പന്തലിട്ടുകൊടുക്കാം. അമരപ്പയറിനെല്ലാം നല്‍കുന്നപോലെ ജൈവവളവും വെള്ളവും നല്‍കി പരിചരിക്കാം. 

മൂപ്പെത്തുന്നതിനുമുമ്പേ കായ്കള്‍ കറിക്ക് ഉപയോഗിക്കാം. തോരനും, മറ്റ് കറികള്‍ക്കും നിത്യവഴുതിന ഉപയോഗിക്കാം. സ്വാദിഷ്ടവും, പോഷക-ഔഷധ ഗുണമേന്മയുമുള്ള ഈ പച്ചക്കറിവിളയെ നമുക്ക് വീട്ടുപരിസരത്ത് സ്വാഗതംചെയ്യാം.

വീട്ടിലെ ചീരകൃഷി

ആരോഗ്യത്തിന് ഇലക്കറികളുടെ പ്രാധാന്യം ചെറുതല്ല. ഇതില്‍ തന്നെ ചീരയ്ക്ക് പ്രത്യേക സ്ഥാനവുമുണ്ട്. ഇപ്പോള്‍ വിപണിയില്‍ നിന്നും ലഭിയ്ക്കുന്ന പച്ചക്കറികളിലെന്ന പോലെ ചീരയിലും കീടനാശിനികളും മറ്റും അടിയ്ക്കുന്നവയായിരിയ്ക്കും. ഇത് ആരോഗ്യത്തിന് എത്ര കണ്ടു ദോഷം ചെയ്യുന്നുവെന്ന കാര്യം പറയേണ്ടതില്ലല്ലോ. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വീട്ടില്‍ തന്നെ ചീര വളര്‍ത്തുന്നത് നല്ലൊരു വഴിയാണ്. ചട്ടികളിലും അല്ലാതെയുമെല്ലാം ചീര വളര്‍ത്താം. ചീര എപ്രകാരം വളര്‍ത്താമെന്നു നോക്കൂ,

ചീര ചട്ടിയില്‍ വളര്‍ത്തുകയാണെങ്കില്‍ ഇത് വളര്‍ത്താന്‍ പാകത്തിനുള്ള വലിപ്പം ചട്ടിയ്ക്കുണ്ടാകണം. മാത്രമല്ല, മറ്റു ചെടികളുടെ അടുത്തു നിന്നും ഇത് മാറ്റി വയ്ക്കുകയായിരിയ്ക്കും നല്ലത്. കാരണം ഇതില്‍ മറ്റു ചെടികളില്‍ നിന്നും കേടുകള്‍ വരാന്‍ സാധ്യത കൂടുതലാണ്. ഓഗസ്റ്റിലാണ് ചീര വളര്‍ത്താന്‍ പറ്റിയ ഏറ്റവും നല്ല സമയം. ഇളക്കിയ മണ്ണില്‍ ചീരവിത്തുകള്‍ പാകാം. മണ്ണിന്‍റെ നിരപ്പില്‍ നിന്നും രണ്ടിഞ്ചു താഴെയായാണ് ചീരവിത്തു നടേണ്ടത്. അധികം വെള്ളം ചീരയ്ക്ക് ആവശ്യമില്ല. എന്നാല്‍ പാകത്തിന് നനവും വേണം. ഉണങ്ങിയ ഇലകള്‍ ഇതിനടുത്തിടുന്നത് നല്ലതാണ്. ഇത് നനവു നില നിര്‍ത്താന്‍ സഹായിക്കും. ചീരത്തൈ മുളച്ചു വരുമ്പോള്‍ പാകത്തിന് വെള്ളവും വെളിച്ചവും ലഭിയ്ക്കണം. എന്നാല്‍ അധികം സൂര്യപ്രകാശം ആവശ്യമില്ല. ചാണകം, അടുക്കളവേസ്റ്റ് തുടങ്ങിയവയെല്ലാം ചീരയുടെ കടയ്ക്കല്‍ ഇടാം. ആറു മുതല്‍ എട്ടു വരെ ആഴ്ചകള്‍ക്കുള്ളിലാണ് ചീര വളര്‍ന്നു വിളവെടുപ്പിന് പാകമാവുക. ഇവ പൂവിടും മുന്‍പ് വിളവെടുക്കണം. മൂത്തു കഴിഞ്ഞാല്‍ ചീരയിലകളുടെ സ്വാദു കുറയും.

വീട്‌ ശുദ്ധീകരിക്കുന്ന ചെടികള്‍

ശ്വസിക്കുന്ന വായു ശുദ്ധീകരിക്കുന്ന സസ്യങ്ങള്‍ കൊണ്ട്‌ താമസസ്ഥലം മനോഹരമാക്കാം.

മുളപന: അന്തരീക്ഷത്തിലെ എല്ലാത്തരം രാസവസ്‌തുക്കളില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കുന്ന സസ്യമാണിത്‌. ഇതിന്‍റെ വളര്‍ച്ചയ്‌ക്ക്‌ നേരിട്ടുള്ള സൂര്യപ്രകാശം അധികം ആവശ്യമില്ല അതിനാല്‍ വീടിനകത്ത്‌ വയ്‌ക്കാം. കാര്‍ബണ്‍ മോണോക്‌സൈഡ്‌, ബെന്‍സീന്‍, ഫോര്‍മല്‍ഡീഹൈഡ്‌,സൈലീന്‍, ക്ലോറോഫോം എന്നിവ നീക്കം ചെയ്യുന്നതിനാല്‍ സ്വീകരണ മുറി, അലക്ക്‌ മുറി, കിടപ്പ്‌ മുറി എന്നിവിടങ്ങില്‍ ഈ സസ്യം നട്ടുവളര്‍ത്താം.

റബര്‍ : ഇന്ത്യയില്‍ റബര്‍ ചെടികള്‍ വളരെ സാധാരണമാണ്‌. ഇവയുടെ വളര്‍ച്ചയ്‌ക്ക്‌ സൂര്യപ്രകാശം, വെള്ളം,വളം എന്നിവ ധാരാളം ആവശ്യമാണ്‌. കാര്‍ബണ്‍ മോണോക്‌സൈഡ്‌ ,ഫോര്‍മല്‍ഡീഹൈഡ്‌, ട്രൈക്ലോറോഎതിലീന്‍ എന്നിവ നീക്കം ചെയ്യാന്‍ ഇവ സഹായിക്കും.

കവുങ്ങ്‌ : മുളപന പോലെ തന്നെയാണ്‌ കവുങ്ങും. ഇതിന്‍റെ കമാനാകൃതിയിലുള്ള ഇലകള്‍ ആകര്‍ഷകവും മനോഹരവുമാണ്‌. ഇതിന്‍റെ വളര്‍ച്ചയ്‌ക്ക്‌ ധാരാളം സൂര്യപ്രകാശവും വെള്ളവും ആവശ്യമാണ്‌. അന്തീരീക്ഷത്തിലെ ഈര്‍പ്പം നിലനിര്‍ത്താനും ബെന്‍സീന്‍, കാര്‍ബണ്‍ മോണോക്‌സൈഡ്‌ ,സൈലീന്‍, ട്രൈക്ലോറോ എതിലീന്‍ ,ഫോര്‍മല്‍ഡീഹൈഡ്‌ എന്നിവ നീക്കം ചെയ്യാനും ഇവ മികച്ചതാണ്‌.

ജമന്തി: കാഴ്‌ചയില്‍ മനോഹരമാണ്‌ എന്നതിന്‌ പുറമെ ജമന്തി വായു ശുദ്ധീകരിക്കുകയും ചെയ്യും. നേരിട്ട്‌ സൂര്യപ്രകാശം ഏല്‍ക്കാത്ത സ്ഥലത്ത്‌ വയ്‌ക്കുകയും എല്ലാ ദിവസവും മണ്ണിന്‌ ഈര്‍പ്പം ഉണ്ടോ എന്ന്‌ പരിശോധിക്കുകയും വേണം. അമോണിയയില്‍ നിന്നും രക്ഷനേടാന്‍ ഇവ സഹായിക്കും.

നല്ല ഉറക്കം തരുന്ന ചെടികള്‍

വീടിനുള്ളിലെ ചെടികൾ സ്വരമൂല്യം തരുന്നവ മാത്രമല്ല അവയ്ക്ക് മറ്റു ചില പ്രയോജനങ്ങൾ കൂടിയുണ്ട് ഇവ ധാരാളം പോസിറ്റീവ് എനർജിയും നിറവും നൽകുന്നതിനാൽ നമുക്ക് ആശ്വാസവും, പ്രകൃതി ദത്ത ശുചീകരണനിവാരണിയുമാണ്. ചെടികൾ രാത്രിയിൽ നന്നായി ഉറങ്ങാൻ സഹായിക്കുന്നു .ചെടികൾ പുറത്തുവിടുന്ന ഓക്സിജൻ മുറിയിൽ ലഭിക്കും. നിങ്ങളുടെ കിടപ്പുമുറിയിൽ വയ്ക്കാവുന്ന ചില ചെടികളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

ആർക്കാണ് ലാവണ്ടറിന്റെ മണം ഇഷ്ടമല്ലാത്തത് ?ഈ ചെടികൾ നിങ്ങളുടെ ഉത്കണ്ഠ ,പിരിമുറുക്കം എന്നിവ കുറച്ചു നല്ല ഉറക്കം നൽകുന്നു .നവജാത ശിശുക്കൾക്കും ആഴത്തിൽ ഉറക്കം നൽകി അമ്മമാരുടെ പിരിമുറുക്കം കുറയ്ക്കാൻ ഇവ സഹായിക്കുന്നു .

മുല്ലയ്‌ക്ക് നിങ്ങളുടെ ശരീരത്തെ ശീതീകരിക്കാൻ കഴിയും .ഇത് ഉത്കണഠ കുറച്ചു പോസിറ്റീവ് എനർജി നൽകുന്നു.

നാസയുടെ അഭിപ്രായത്തിൽ സ്നേക്ക് പ്ലാന്റ് ഒരു നല്ല ചെടിയാണ് .ഇവ വീടിനു അലങ്കാരവും രാത്രിയിൽ ഓക്സിജൻ പുറത്തുവിടുന്നവയുമാണ്.

സ്പൈഡർ ചെടി വീട്ടിലെ വായു വൃത്തിയാക്കി ക്യാൻസറിന് കാരണമാകുന്ന രാസപദാർത്ഥങ്ങളെ നശിപ്പിക്കുന്നു .ഇവ ദുർഗന്ധം വലിച്ചെടുക്കുകയും നല്ല ഉറക്കം പ്രദാനം ചെയ്യുകയും ചെയ്യുന്നു.

ചർമ്മത്തിൽ പുരട്ടാൻ ഉപയോഗിക്കുന്നതിനു പുറമെ ഈ ചെടി നന്നായി ഉറങ്ങാൻ സഹായിക്കുന്നു .ഇവ രാത്രിയിൽ ഓക്സിജൻ പുറത്തുവിടുന്നു .ഇവ വളർത്താനും പരിപാലിക്കുവാനും വളരെ എളുപ്പമാണ് .അതിനാൽ മുറിയിൽ ഈ ചെടികൾ വച്ച് നന്നായി ഉറങ്ങൂ.

കടപ്പാട് : www.infomagic.com

3.10416666667
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top