Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കാര്‍ഷികം - വിവരങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍

ബോര്‍ഡോ മിശ്രിതം

മൂന്നുചേരുവകളാണ് ഈ മിശ്രിതത്തിന്‍റെ കാതല്‍ തുരിശ് (കോപ്പര്‍സള്‍ഫേറ്റ്), ചുണ്ണാമ്പ് (കാത്സ്യം ഹൈഡ്രോക്‌സൈഡ്), വെള്ളം. ചെമ്പുകലര്‍ന്ന സംയുക്തമായ തുരിശ് തളിച്ചുകഴിയുമ്പോഴേക്കും ചെടിയുടെ ഉപരിതലമാകെ ഒരു സംരക്ഷിതകവചം തീര്‍ക്കും. ഈ കവചം കടന്ന് കുമിളുകള്‍ക്ക് സസ്യശരീരത്തിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല. ഇതില്‍ത്തന്നെയുള്ള ചെമ്പിന്‍റെ അയോണുകളും സള്‍ഫറും പരസ്പരം പ്രവര്‍ത്തിച്ച് ഒരു സങ്കീര്‍ണപദാര്‍ഥമായിമാറി ചെടിയുടെ സസ്യരസത്തില്‍ പ്രവേശിക്കുകയും അവിടേക്ക് കടന്നുവരാനിടയുള്ള കുമിളിന്‍റെ പ്രവര്‍ത്തനശേഷിതന്നെ തടയുകയും ചെയ്യും. ബഹുവിധ പ്രവര്‍ത്തനതലങ്ങളിലൂടെ കുമിളിനെ നിര്‍വീര്യമാക്കാന്‍ കഴിവുള്ളതിനാല്‍ കുമിളുകള്‍ക്ക് ബോര്‍ഡോ മിശ്രിതത്തോട് പ്രതിരോധം തീര്‍ക്കുക എന്നത് അത്ര എളുപ്പമല്ല. ഇതൊക്കെയാണ് ബോര്‍ഡോ മിശ്രിതത്തെ ഇന്നും കുമിളുകളുടെ അന്തകനായി നിലനിര്‍ത്തിവരുന്ന രഹസ്യം. ഉപയോഗിക്കുന്ന തുരിശിന്‍റെയും ചുണ്ണാമ്പിന്‍റെയും പരിശുദ്ധിയും തയ്യാറാക്കുന്ന രീതിയും ആശ്രയിച്ചാണ് മിശ്രിതത്തിന്‍റെ വീര്യം.

നിര്‍മാണരീതി

ഒരു കിലോ തുരിശ് 50 ലിറ്റര്‍ വെള്ളത്തില്‍ ഒരു മണ്‍പാത്രത്തിലോ പ്ലാസ്റ്റിക് ബക്കറ്റിലോ ലയിപ്പിക്കുക. ഒരുകിലോ ചുണ്ണാമ്പ് 50 ലിറ്റര്‍ വെള്ളത്തില്‍ വേറെ ലയിപ്പിക്കുക. തുരിശുലായനി ചുണ്ണാമ്പുലായനിയിലേക്ക് സാവകാശം ഒഴിച്ച് ഇളക്കുക. ഒരു സ്റ്റീല്‍കത്തി മിശ്രിതത്തില്‍ മുക്കി ചെമ്പിന്‍റെ അംശം കൂടുതലാണോ എന്ന് മനസ്സിലാക്കുക. അങ്ങനെയായാല്‍ ചുണ്ണാമ്പുലായനി ചേര്‍ത്ത് ഈ അളവ് ക്രമപ്പെടുത്തുക.  തയ്യാറാക്കിയയുടന്‍ പ്രയോഗിക്കുകയാണ് നല്ലത്. എന്നാല്‍, 50100 ഗ്രാം പഞ്ചസാരയോ ശര്‍ക്കരയോ ചേര്‍ത്ത് മിശ്രിതം കുറച്ചുദിവസംകൂടെ സൂക്ഷിക്കാം. മഴയും വെയിലും മാറിമാറിവരുന്നതുനിമിത്തം കുമിള്‍രോഗങ്ങള്‍ക്ക് വളരാന്‍ അനുയോജ്യമായ അന്തരീക്ഷമുള്ള കേരളത്തില്‍ നമ്മുടെ ഒട്ടുമിക്ക പ്രധാന വിളകളുടെയെല്ലാം രക്ഷകനാണ് ബോര്‍ഡോ മിശ്രിതം. തെങ്ങ്, റബ്ബര്‍, കമുക്, ഏലം, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, ജാതി, ഗ്രാമ്പു, കറുവ, സര്‍വസുഗന്ധി, കുടമ്പുളി, കൊക്കോ, കാപ്പി, കൈതച്ചക്ക തുടങ്ങി നമ്മുടെ വിളകള്‍ക്ക് കുമിള്‍രോഗങ്ങളില്‍നിന്ന് ശാശ്വത രക്ഷനേടാന്‍ ബോര്‍ഡോമിശ്രിതം ഒരു പടച്ചട്ടയാണ്.

ഏതു കാലാവസ്ഥയിലും പടവലങ്ങ കൃഷി

ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാവുന്നവ ഒന്നാണ് പടവലങ്ങ. പക്ഷേ, വളരാനായി കുറച്ച് സ്ഥലം വേണം. വിത്തുകൾ മുളപ്പിച്ചാണ്പടവലം കൃഷി ചെയ്യുന്നത്. വിത്ത് നട്ട് വേഗത്തിൽ മുളയ്ക്കുന്നതിനായി പാകുന്നതിനു മുമ്പ് തന്നെ വെള്ളത്തിൽ മുക്കി കുതിർത്ത് നടുന്നത് നല്ലതാണ്. നേരിട്ട് കൃഷി സ്ഥലത്ത് നടുകയാണെങ്കിൽ രണ്ടാമത് മാറ്റി നടേണ്ട ആവശ്യമില്ല. വിത്തുകൾ തണലത്ത് വച്ച് വേണം മുളപ്പിക്കേണ്ടത്. ഗ്രോ ബാഗുകളിൽ വച്ച് വളർത്തിയ തൈകളാണെങ്കിൽ ബ്ലേഡ് കൊണ്ട് കീറി വേരുകൾ പൊട്ടാത്ത വിധത്തിൽ വേണം മാറ്റിയെടുത്ത് നടേണ്ടത്.
നടേണ്ട രീതി
രണ്ടടി വലിപ്പവും ഒരു അടി ആഴവുമുള്ള കുഴികളെടുത്ത് അതിൽ മേൽ മണ്ണും ചാണകവും ജൈവവളവും ചേർത്ത് വേണം കുഴി നിറയ്ക്കാൻ. ഓരോ തടത്തിലും രണ്ടു മൂന്ന് വിത്ത് വീതം നടണം. തടങ്ങൾ തമ്മിൽ 2 മീറ്റർ അകലം ഉണ്ടായിരിക്കണം.ചെടി വള്ളിവീശാൻ ആരംഭിക്കുമ്പോൾ അവയ്ക്ക് പടരാനായി പന്തലോ മരക്കൊമ്പുകൾ അടുപ്പിച്ചു കുത്തി നിർത്തി താങ്ങുകളോ നൽകണം. അല്ലാത്ത പക്ഷം, വള്ളികൾ തറയിലേക്ക് പടർന്നു പോകും. അത് വിളവെടുപ്പിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. നടുന്നതു മുതൽ വളപ്രയോഗത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.വിത്ത് പാകി രണ്ടു മാസമെത്തമ്പോൾ പടവലം വിളവെടുപ്പിനു പാകമാകും. അതുകൊണ്ട് തുടക്കം മുതലേ വളപ്രയോഗത്തിൽ ശ്രദ്ധിക്കണം. പച്ചില, ചകിരിചോർ കമ്പോസ്റ്റ്, തൊണ്ട്, വൈക്കോൽ, എന്നിവ കൂടുതലായി ഇവയ്ക്ക് ചുവട്ടിൽ നിക്ഷേപിക്കാം. മണ്ണിര കമ്പോസ്റ്റും നല്ലതാണ്. പൂവിട്ടു തുടങ്ങിയാൽ ഒരു കിലോ പച്ച ചാണകം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി രണ്ടു മൂന്ന് ദിവസത്തെ ഇടവേളകളിൽ തളിച്ചു കൊടുക്കുക. നടുന്ന സമയത്തും ഒരു മാസത്തിനു ശേഷവും ഒരു കുഴിയിൽ നൂറു ഗ്രാം എന്ന തോതിൽ വേപ്പിൻ പിണ്ണാക്ക് ഇടണം. ദിവസവും ഒരു നേരമെങ്കിലും ചെറുതായി നനയ്ക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ ഒന്നിട വിട്ട ദിവസങ്ങളിൽ നനയ്ക്കാൻ ശ്രദ്ധിക്കുക. കായ്കൾ പറിച്ചെടുക്കാൻ വൈകുകയോ കൂടുതൽ മൂക്കുവാനായി നിർത്തുകയോ ചെയ്താൽ പൂക്കളുടെ ഉത്പാദനത്തെയും വിളവിനെയും പ്രതികൂലമായി ബാധിക്കും.

കീടങ്ങളെ അകറ്റാം

ഇല ചുരുണ്ട് മഞ്ഞ നിറമായി ഉണങ്ങി പോകുന്നതിനു വേപ്പെണ്ണ മരുന്ന് തളിക്കാവുന്നതാണ്. കടലാസ് കൊണ്ടോ പോളിത്തീൻ കവർ കൊണ്ടോ കായ്കൾ പൊതിയുക. അങ്ങനെ ചെയ്യുന്നത് വലിയ പടവലങ്ങ കിട്ടാൻ സഹായകമാകും. കീടങ്ങൾ ഏറ്റവും കൂടി ആക്രമിക്കാൻ സാധ്യതയുള്ള വിളയാണ് പടവലം. കാന്താരി മുളക്ഗോമൂത്രത്തിൽ ചേർത്ത് ലായനി തയാറാക്കി അതിൽ വെള്ളം ചേർത്ത് തളിക്കുന്നത് കീടങ്ങളെ നശിപ്പിക്കും.

തക്കാളി നമുക്ക് വീട്ടില്‍ കൃഷി ചെയ്യാം

തക്കാളി നമുക്ക് വീട്ടില്‍ തന്നെ കൃഷി ചെയ്യാന്‍ സാധിക്കുന്ന പച്ചക്കറിയാണ്. ചെടിച്ചട്ടികളിലും, ചാക്കുകളിലും, ഗ്രോബാഗുകളിലും തക്കാളി കൃഷി ചെയ്യാം. തക്കാളി ഒരു ഉഷ്ണകാല സസ്യമാണ്. ഉഷ്ണമേഖയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്. ജൂണ്‍, നവംബര്‍ മാസങ്ങളാണ് തക്കാളി കൃഷി ചെയ്യാന്‍ അനുയോജ്യം. കേരളത്തില്‍ പൊതുവെ കൃഷി ചെയ്യാത്ത ഒരു വിളയാണ് തക്കാളി. അല്‍പം ശ്രദ്ധവെച്ചാല്‍ പറമ്പിലും മുറ്റത്തും തക്കാളികൃഷി ചെയ്യാവുന്നതാണ്. വിത്ത് പാകി മുളപ്പിച്ചു നട്ടാണ് കൃഷി നടത്തേണ്ടത്. മികച്ചയിനം വിത്തുകള്‍ വേണം കൃഷിക്കായി തിരഞ്ഞെടുക്കാന്‍. ശക്തി, മുക്തി, അനക്ഷ എന്നീ ഇനങ്ങളില്‍പെട്ട തക്കാളിയാണ് കൃഷി ചെയ്യാന്‍ നല്ലത്.

കൃഷി രീതി
നല്ല നീര്‍വാര്‍ച്ചയും വളക്കൂറുള്ളതും മണലും കളിമണ്ണും കലര്‍ന്ന മണ്ണാണ് തക്കാളി കൃഷി ചെയ്യാന്‍ അനുയോജ്യം. പുളിരസമുള്ള മണ്ണില്‍ വളരുന്ന തക്കാളിയില്‍ ബാക്ടീരിയ മൂലം ഉണ്ടാകുന്ന വാട്ടം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഉറുമ്പിന്‍റെ ശല്യം ഒഴിവാക്കാന്‍ ചാരവും മഞ്ഞളും കൂട്ടിക്കലര്‍ത്തി വിത്ത് പാകാം. കൂടുതല്‍ വേണമെങ്കില്‍ ഉയര്‍ന്ന തടങ്ങളില്‍ ചാണകപ്പൊടി ചേര്‍ത്തിളക്കിയ സ്ഥലത്ത് വിത്ത് പാകാം. മുപ്പത് ദിവസം പ്രായമാകുന്നതോടെ തക്കാളി തൈകളുടെ തണ്ടിന് ബലം വര്‍ധിക്കും. ഇതോടെ തക്കാളി തൈകള്‍ മാറ്റി നടാവുന്നതാണ്. വെള്ളം കെട്ടിനില്‍ക്കാതെ ചാലുകള്‍ എടുത്തുവേണം തൈകള്‍ നടുവാന്‍. തൈകള്‍ തമ്മില്‍ 60 സെന്റിമീറ്റര്‍ അകലം വേണം. തൈകള്‍ നട്ട് ഒരുമാസം കഴിഞ്ഞ് ചാണകപ്പൊടി, കപ്പലണ്ടി പിണ്ണാക്ക് എന്നിവ വളമായി നല്‍കാവുന്നതാണ്. തക്കാളിത്തണ്ടിന് കരുത്ത് കുറവായതിനാല്‍ താങ്ങ് കൊടുക്കണം.

തക്കാളി ചെടികളെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍ ബാക്ടീരിയ കൊണ്ടുണ്ടാകുന്ന വാട്ടം, ഇലപ്പുള്ളി രോഗം, പുഴുക്കള്‍ എന്നിവയാണ്. ഇതിനെ പ്രതിരോധിക്കാന്‍ വിത്ത് പാകുമ്പോഴും തൈകള്‍ നടുമ്പോഴും കുമ്മായം വിതറുന്നത് നല്ലതാണ്.

പൂന്തോട്ടത്തില്‍ ജമന്തി കൃഷികൂടെ ആയാലോ?

വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ പറ്റിയ പുഷ്പങ്ങളില്‍ ഒന്നാണ് ജമന്തി. ലളിതമായ കൃഷി രീതിയും ഏതു കാലവസ്ഥയിലും കൃഷി ചെയ്യാം എന്നതും ജമന്തി കൃഷിയ്ക്ക് കൂടുതല്‍ പ്രചാരം നല്‍കുന്നത്. വളരെ വേഗത്തിലുള്ള പുഷ്പിക്കലും വിവിധ നിറത്തിലും വലിപ്പത്തിലും ഗുണമേന്മയുള്ള പുഷ്പങ്ങളും ഇവയുടെ വാണിജ്യപരമായ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. ആഫ്രിക്കന്‍, ഫ്രഞ്ച് എന്നി രണ്ട് വിഭാഗത്തില്‍ പെടുന്ന ജമന്തി പ്രചാരത്തിലുണ്ട്. ഇവയുടെ സങ്കര ഇനങ്ങളായ റെഡ്,ഗോള്‍ഡ്,ഷോബോട്ട്,റെഡ് സെവന്‍സ്റ്റാര്‍ എന്നിവ ഇവയുടെ പ്രധാനയിനങ്ങളാണ്. പശിമയുള്ള മണ്ണിലാണ് കൂടുതലും ജമന്തി വളരുന്നതെങ്കിലും ഏത് പ്രദേശത്തിലും ജമന്തി കൃഷി ചെയ്യാം. പടശേഖരങ്ങളില്‍ കൃഷി ചെയ്യാവുന്നതാണ്. വിത്തുകള്‍ ഉപയോഗിച്ചാണ് തൈകള്‍ ഉണ്ടാക്കുന്നത്. പാകമായ പൂക്കളാണ് വിത്തുകളായി ഉപയോഗിക്കുന്നത്. നഴ്‌സറിയില്‍ വിത്തുമുളപ്പിച്ചതിന് ശേഷം തൈകള്‍ പറിച്ച് കൃഷി സ്ഥലത്ത് നടുന്നതാണ് നല്ലത്.

നഴ്‌സറിയില്‍ ഉറുമ്പിന്റെ ശല്യം ഉണ്ടാകാതെ നോക്കണം. 1.5×1.5 നീളത്തിലും വീതിയിലും ഒരു മീറ്റര്‍ ഉയരത്തിലുമാണ് നഴ്‌സറികള്‍ ഉണ്ടാക്കേണ്ടത്. 30 കിലോഗ്രാം കാലിവളവും അര കിലോഗ്രാം രാസവളവും സംയോജിപ്പിച്ച് മണ്ണില്‍ നല്‍കണം.
വിത്തുകള്‍ 7.5 സെന്റിമീറ്റര്‍ അകലത്തില്‍ നിരകളായി വിതയ്ക്കണം. ഇവയെ കാലിവളം ഉപയോഗിച്ച് മൂടി നല്ലവണ്ണം ജലസേചനം നടത്തി മുളപ്പിച്ച ചെടികള്‍ ഒരു മാസത്തിനകം മാറ്റി നടണം.

നന്നയി കാലിവളം ചേര്‍ത്ത് ഒരുക്കിയ മണ്ണില്‍ വേണം കൃഷി ചെയ്യുവാന്‍. കൃഷിസ്ഥലത്ത് 112:60:60 എന്നതോതില്‍ എന്‍ പി കെ വളങ്ങള്‍ നല്‍കുന്നതും നല്ലതാണ്. ഫ്രഞ്ച് മാരിഗോള്‍ഡ് 30X30 സെന്റിമീറ്റര്‍ അകലത്തിലും ആഫ്രിക്കന്‍ ഇനം 45X45 സെന്റിമീറ്റര്‍ അകലത്തിലും വേണം കൃഷിയിടത്തില്‍ നടുവാന്‍.
തൈകള്‍ നട്ടതിന് ശേഷം ആവശ്യത്തിന് നനയ്ക്കണം. 30 മുതല്‍ 45 ദിവസങ്ങള്‍ക്ക് ശേഷം നൈട്രജന്‍ വളം പ്രയോഗിക്കുന്നത് നല്ലതാണ്. ഇതോടൊപ്പം മണ്ണ് കിളയ്ക്കുകയും ആവശ്യമില്ലാത്ത ഇലകളും തലപ്പുകളും നുള്ളുകയും ചെയ്യണം. മണ്ണിന്‍റെ ഈര്‍പ്പം,കാലാവസ്ഥ എന്നിവ പരിഗണിച്ച് നാല് മുതല്‍ ആറ് ദിവസം കൂടുമ്പോള്‍ നനയ്ക്കണം. ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് തലപ്പുകള്‍ നുള്ളുന്നത് നല്ലതാണ്. ഇത് തൈകള്‍ നട്ട് 30 മുതല്‍ 45 ദിവസങ്ങള്‍ക്ക് ശേഷം നടത്തണം.
കീടങ്ങളുടെ ആക്രമണം ജമന്തിക്ക് വളരെ കുറവാണ്. പുല്‍ച്ചാടികള്‍, തണ്ടുതുരപ്പന്‍ പുഴു എന്നിവ ചിലപ്പോള്‍ ആക്രമിക്കാറുണ്ട്. ചിലപ്പോള്‍ നീര്‍വാര്‍ച്ചക്കുറവുള്ള മണ്ണില്‍ വേര് ചീയലിന് കാരണമാകുന്നു.

വേരുചീയല്‍ തടയുന്നതിന് മാലത്തയോണ്‍,കാര്‍ബറില്‍ എന്നിവ വെള്ളത്തില്‍ കലക്കി ചെടിയുടെ ചുവട്ടില്‍ ഒഴിക്കണം. ചെടിയകലം പാലിക്കുകയും മണ്ണിന്റെ ഘടന അനുസരിച്ച് കൃഷിരീതികള്‍ അവലംബിക്കുകയും ചെയ്താല്‍ രോഗങ്ങളില്‍ നിന്നും ചെടിയെ സംരക്ഷിക്കാം. തൈകള്‍ മാറ്റി നട്ട് രണ്ട് മാസത്തിന് ശേഷം പൂക്കള്‍ വിളവെടുക്കാം.പിന്നീട് തുടര്‍ച്ചയായി രണ്ട് മാസംകൂടി വിളവെടുക്കാവുന്നതാണ്. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ പൂക്കള്‍ വൈകുന്നേരങ്ങളില്‍ ഞെട്ടുകളോടെ വേണം വിളവെടുക്കുവാന്‍.

കേരളത്തിലും കാപ്സിക്കം വിളയിക്കാം

നല്ല നീർവാർച്ചയും സൂര്യപ്രകാശവും ലഭിക്കുന്ന ഏതു സ്ഥലത്തും കാപ്സിക്കം കൃഷി ചെയ്യാം. തറയിലോ ഗ്രോബാഗിലോ ഒക്കെ ഇഷ്ടത്തിനനുസരിച്ച് കൃഷി ചെയ്യാം. തറയിൽ കൃഷിയൊരുക്കുന്നവർ ആദ്യം ചെയ്യേണ്ടത് മണ്ണ് നന്നായി കിളച്ചൊരുക്കുക എന്നതാണ്. എന്നിട്ട് 45 സെന്റീമീറ്റർ (ഒന്നരയടി) അകലത്തിൽ ചാലുകൾ എടുക്കണം. അതിലേക്ക് ഉണക്കിപ്പൊടിച്ച ചാണകപ്പൊടി അല്ലെങ്കിൽ കലർപ്പില്ലാത്ത കോഴിവളം ഇട്ടു കൊടുക്കണം. അതിനുശേഷം ഫൈറ്റൊലാൻ നാലു ഗ്രാം അല്ലെങ്കിൽ സ്യൂഡോമോണാസ് 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിലെന്ന കണക്കിൽ ചാലുകളിൽ കലക്കി ഒഴിക്കണം. ഇനി വിത്ത് വിതയ്ക്കാം. വിത്ത് വിതച്ച് ഒരാഴ്ചയാകുന്നതോടെ ഇല വന്നു തുടങ്ങും. വിത്തുകൾ തറയിലല്ല വിതച്ചതെങ്കിൽ ഒരു മാസം ആകുമ്പോഴേക്കും പ്രായമായ തൈകൾ ഗ്രോബാഗുകളിൽ നിന്നും മാറ്റി നടണം. വൈകുന്നേരങ്ങളിൽ തൈ മാറ്റി നടാൻ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ കൃത്യമായ ഇടവേളകളിൽ നനച്ചു കൊണ്ടിരിക്കുകയും വേണം.

തൈകൾ മാറ്റി നട്ടാൽ 3 4 ദിവസത്തേക്ക് കൃത്യമായി വെള്ളം തളിച്ചു കൊടുക്കണം. അതു പോലെ, തണലൊരുക്കുന്നതും ചെടിയുടെ വളർച്ചയ്ക്ക് നല്ലതാണ്. അധികം വരണ്ട പ്രദേശങ്ങളിൽ നടാതിരിക്കുന്നതാണ് നല്ലത്. മാറ്റി നടുമ്പോൾ മേൽമണ്ണ് ഇളകാതെ പ്രത്യേകം ശ്രദ്ധിക്കണം. തൈകൾ നട്ടതിനു ശേഷം ജൈവവളംചേർക്കണം. ചാണകമോ കമ്പോസ്റ്റോ കോഴിവളമോ ഉപയോഗിക്കാം. 15 20 ദിവസം കഴിയുമ്പോൾ വീണ്ടും അവ ചേർത്തു കൊടുക്കാം.

കഴിവതും രാസവളം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. രാസവളം ഇടണമെന്ന് നിർബന്ധമാണെങ്കിൽ സെന്റിന് 650 ഗ്രാം പൊട്ടാഷ്, മസൂറിഫോസ്, യൂറിയ എന്നിവ ചേർത്ത് കൊടുക്കാം. ഇതിൽ മസൂറിഫോസ് മുഴുവനും നടുന്നതിനു മുമ്പ് ചേർത്തു കൊടുക്കണം. പകുതി യൂറിയയും പകുതി പൊട്ടാഷും പറിച്ചു നട്ട് ഒരാഴ്ച കഴിഞ്ഞ് നൽകേണ്ടതാണ്. ബാക്കി പൊട്ടാഷും ബാക്കിയുള്ള യൂറിയയുടെ നാലിലൊന്നും 30 ദിവസത്തിനുശേഷം നൽകാം. നട്ട് രണ്ടു മാസത്തിനു ശേഷം അല്പം യൂറിയ കൂടി നൽകാവുന്നതാണ്. വെളുത്തുള്ളികാന്താരി മിശ്രിതവും ബോർഡോ മിശ്രിതവും കീടങ്ങളെ തുരത്താൻ ഫലപ്രദം തന്നെ. ഇലകളിൽ പുള്ളിക്കുത്ത് വന്ന് ഇലകൾ കൊഴിയുന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. അതിന് ഫൈറ്റൊലാൻ നാലു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിച്ചുകൊടുക്കുന്നതാണ് ഏറ്റവും നല്ലത്. കാപ്സിക്കം പൂവിട്ടാൽ ആദ്യം ഉണ്ടാകുന്ന പൂക്കൾ പറിച്ചു കളയണം. രണ്ടാമത് വരുന്ന പൂക്കളാണ് നല്ല വിളവുണ്ടാകാൻ നല്ലത്. കായ്കൾക്ക് നല്ല തിളക്കമാകുമ്പോൾ വിളവെടുക്കാം.

അടുക്കളതോട്ടത്തിലെ ഇഞ്ചികൃഷി

ചൂടും ഈർപ്പവും കലർന്ന കാലാവസ്ഥയാണ് ഇഞ്ചികൃഷിക്ക് നല്ലത്.കുറച്ചുകാലം കൃഷിയൊന്നും ചെയ്യാതിരുന്നതും വളക്കൂറുള്ളതും ജൈവാംശം കൂടിയതുമായ മണ്ണാണ് ഇഞ്ചി കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്. മണ്ണിൽ നിന്ന് ധാരാളം ജലം വലിച്ചെടുക്കുന്നതിനാലും മണ്ണിലൂടെ രോഗകാരികളായ ബാക്ടീരിയയും കുമിളുകളും പടരുന്നതിനാലും ഒരേസ്ഥലത്ത് തുടർച്ചയായി ഇഞ്ചി കൃഷി ചെയ്യരുത്. മഴയെ മാത്രം ആശ്രയിച്ചുള്ള കൃഷിയാണെങ്കിൽ പുതുമഴ കിട്ടുന്നതോടുകൂടി നിലമൊരുക്കാവുന്നതാണ്. നന്നായി ഉഴുതോ കിളച്ചോ മണ്ണിളകുന്ന വിധത്തിൽ തടങ്ങൾ കോരണം. അടിവളമായി കമ്പോസ്റ്റോ കാലിവളമോ ചേർക്കാവുന്നതാണ്. തടങ്ങൾ തമ്മിൽ ഏകദേശം ഒരടി അകലം പാലിക്കണം. വിത്തിഞ്ചി തടങ്ങളിൽ 25 സെന്റീമീറ്റർ അകലത്തിൽ കുഴികളെടുത്ത് അതിൽ 5 സെന്റീമീറ്റർ താഴ്ചയിൽ നടണം.

പരിപാലനം
കൃഷിക്കായി വിത്ത് ശേഖരിക്കുന്നതു മുതൽ വിളവെടുപ്പുവരെ കൃത്യമായ പരിപാലനം ആവശ്യമായ കൃഷിയാണ് ഇഞ്ചി. കീടരോഗങ്ങൾ ഇല്ലാത്ത ചെടികളിൽ നിന്നു മാത്രം വിത്തിനുള്ള ഇഞ്ചി ശേഖരിക്കുന്നതാണ് നല്ലത്.പരിപാലനത്തിൽ ഏറ്റവും പ്രധാനമെന്ന് കരുതുന്നത് ഇഞ്ചിയുടെ ചുവട്ടിലെ പുതയിടൽ ആണ്. ഇഞ്ചി നട്ടതിന് ശേഷം ഉടൻ ഒരു പച്ചില തടത്തിനു മുകളിൽ വിരിക്കുന്നത് തടത്തിലെ ഈർപ്പം നഷ്ടപ്പെടുന്നത് ഒരു പരിധിവരെ തടയും. ഇങ്ങനെ പുതയിടുന്നതിനാൽ വലിയ മഴയിൽ നിന്നും ഒലിച്ചു പോകാതെ വിത്തിനെ സംരക്ഷിക്കുകയും ചെയ്യുന്നു. ആദ്യത്തെ മൂന്നുമുതൽ നാലുമാസം വരെയാണ് ഇഞ്ചിയുടെ വളർച്ച കാര്യമായി നടക്കുന്നത്. അതിനാൽ നാലുമാസത്തിനുള്ളിൽ വളം മുഴുവനും ചെടികൾക്ക് നൽകേണ്ടതാണ്. പൂർണമായും ജൈവവളം ഉപയോഗിക്കുന്നതാണ് ഇഞ്ചി കൃഷിക്ക് നല്ലത്. വളപ്രയോഗത്തിനുശേഷം തടങ്ങളിൽ മണ്ണ് കയറ്റി പുതയിടേണ്ടതുമാണ്

വിളവെടുപ്പ്
ഇഞ്ചി നട്ട് ഏഴെട്ടുമാസം പ്രായമാകുന്നതോടെ അവയുടെ ഇലകളും തണ്ടുകളും ഉണങ്ങി തുടങ്ങും വിളവെടുപ്പിന് അനുകൂലമായ സമയം ഇതാണ്. ഇലകളും തണ്ടുകളും പൂർണമായും ഉണങ്ങുന്നതോടെ വിളവെടുപ്പ് ആരംഭിക്കാം. ഉദരരോഗങ്ങളും ഛർദ്ദി എന്നിവയെ ശമിപ്പിക്കുന്ന ഇഞ്ചി ദഹനകേടിനു ഫലപ്രദമാണ്. അജീർണം, അതിസാരം, പ്രമേഹം, അർശസ് എന്നിവ പരിഹരിക്കുന്നതിനും ഇഞ്ചി ഫലപ്രദമാണ്.

വാഴയിലെ മഴക്കാല രോഗങ്ങളും പരിചരണവും

വാഴയ്ക്ക് ഏറ്റവും കൂടുതല്‍ രോഗങ്ങള്‍ ഉണ്ടാകുന്നത് മഴക്കാലത്താണ്. വിവിധയിനം കുമിള്‍രോഗങ്ങളാണ് കൂടുതലായി ഈ സമയം പടര്‍ന്നുപിടിക്കുക. അന്തരീക്ഷത്തിലെ ആര്‍ദ്രത, ഇളം കാറ്റും മഴച്ചാറലുകളുമെല്ലാം ഈ കുമിളുകളുടെ വളര്‍ച്ചയ്ക്കും വ്യാപാനത്തിനും ഏറെ അനുകൂലസാഹചര്യങ്ങളാണ്. അതുകൊണ്ട് ശ്രദ്ധയോടെയുള്ള പരിചരണവും രോഗപ്രതിരോധ നിര്‍മാര്‍ജന നടപടികളും സ്വീകരിക്കണം. പ്രധാന രോഗങ്ങളും ലക്ഷണങ്ങളും പ്രതിവിധികളും ഇനിപറയുന്നു.

സിഗാട്ടോക
ലക്ഷണം: ഇലകളുടെ മുകള്‍ഭാഗത്ത് ഇളം മഞ്ഞകലര്‍ന്ന പച്ചനിറത്തില്‍ ചെറുപുള്ളികളായാണ് രോഗത്തിന്‍റെ ആദ്യ ലക്ഷണം. പിന്നീട് അത് വലുതായി നടുഭാഗം ചാരനിറത്തിലും ചുറ്റും തവിട്ടുനിറമാവുകയും ചെയ്യും. ക്രമേണ ഇല കരിഞ്ഞ് നശിക്കുകയും ചെയ്യും. കുലയ്ക്കാറായതോ കുലവന്ന ഉടനെയാണെങ്കില്‍ കുല മൂപ്പെത്തുംമുമ്പൊ പഴുത്ത് ഉപയോഗയോഗമല്ലാതാകും.

കോര്‍ഡാന
മഴക്കാലത്തെ മറ്റൊരു പ്രധാന രോഗമാണിത്. ഇലയെയാണ് ബാധിക്കുക. ഇലകളുടെ പുറത്ത് കണ്ണിന്‍റെ ആകൃതിയിലും കാപ്പിനിറത്തിലും ഉണ്ടാകുന്ന പാടുകളാണ് ലക്ഷണം. ഇത്തരം പാടുകള്‍ ക്രമേണ യോജിച്ച് ഇല മുഴുവന്‍ കരിയും.

ഇലപുള്ളിരോഗം (കറുത്തത്)
രോഗം ബാധിച്ചാല്‍ ഇലകളുടെ അരികില്‍നിന്നു മുകളിലേക്ക് കരിയും. ഇവയുടെ ചുറ്റും മഞ്ഞനിറത്തിലുള്ള വരകളും ഉണ്ടാകും. രോഗം വ്യാപിച്ചാല്‍ ഇല ഒടിഞ്ഞുതൂങ്ങി നശിക്കും.

പനാമ വാട്ടം
ഇതും ഒരുതരം കുമിള്‍രോഗമാണ്. ഇവയുടെ കുമിള്‍ മണ്ണിലാണ് താമസം. ഈ കുമിള്‍ വേരിലൂടെ മാണത്തിലെത്തും. അവിടെനിന്ന് വെള്ളം ആഗീരണംചെയ്യുന്ന കുഴലുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുകയും ഇല മഞ്ഞളിച്ച് ഒടിഞ്ഞുതൂങ്ങുകയും ചെയ്യും. കൂടാതെ വാഴത്തടകളില്‍ അവിടവിടെ വിള്ളലുണ്ടാകും. രോഗം മൂര്‍ച്ഛിച്ചാല്‍ വാഴ കടപുഴകിവീണ് നശിക്കും.

ആന്ത്രാക്നോസ് (കരിങ്കുലരോഗം)
ഇതും കുമിള്‍രോഗമാണ്. കായയെയാണ് ബാധിക്കുക. കുലകള്‍ കറുത്ത് ചുക്കിച്ചുളിഞ്ഞ് കായ്കളുള്ളതാവും. പഴുത്ത കായയുടെ പുറത്ത് കടുംതവിട്ടുനിറത്തിലുള്ള പാടുകള്‍ ഉണ്ടാവും. പഴം കേടായി പെട്ടെന്നു നശിക്കും.

നിയന്ത്രണ നടപടികള്‍

 1. മേല്‍പ്പറഞ്ഞ രോഗങ്ങളെല്ലാം വിവിധ കുമിളുകള്‍വഴിയാണ് ഉണ്ടാവുന്നത്. ഫലപ്രദമായ കുമിള്‍നാശിനി യഥാസമയംതന്നെ തളിക്കണം. തുരിശും നീറ്റുകക്കയും ചേര്‍ത്ത ഒരുശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം രോഗം വന്ന വാഴയ്ക്കും തോട്ടത്തിലെ മറ്റ് മുഴുവന്‍ വാഴയ്ക്കും പ്രതിരോധമായും തളിക്കുക.
 2. ഇലപ്പുള്ളിരോഗം ഒരുപരിധിവരെ പ്രതിരോധിക്കാന്‍ കഴിവുള്ള ഇനങ്ങള്‍ പ്രോത്സാഹിപ്പിക്കുക (ഉദാ: നേന്ത്രന്‍ ഇനങ്ങളിലെ ആറ്റുനേന്ത്രന്‍, നെടുനേന്ത്രന്‍,മറ്റിനങ്ങളില്‍ സന്നചെങ്കറുളി, ദുല്‍സാഗര്‍ പിസാങ്ക് ലിലിന്‍ എന്നിവ).
 3. നടുമ്പോള്‍ കൂടുതല്‍ അകലംനല്‍കി നടുക.
 4. ആവശ്യത്തിലധികം മുളച്ചുവരുന്ന കന്നുകള്‍ നശിപ്പിക്കുക.
 5. രോഗലക്ഷണം ആദ്യംതന്നെ കാണുന്നമാത്രയില്‍ താഴത്തെ ഉണങ്ങിയ ഇലകള്‍ മുറിച്ചുമാറ്റണം.
 6. രോഗംകാണുന്ന തോട്ടത്തില്‍ ചുവടിന് 500 ഗ്രാം കുമ്മായം ചേര്‍ത്തുകൊടുക്കുക.
 7. തോട്ടത്തില്‍ നീര്‍വാര്‍ച്ചാ സൌകര്യം ഉണ്ടാക്കുക.
 8. ജൈവ കുമിള്‍നാശിനികളായ സ്യൂഡോമോണസ് ഫ്ളൂറസന്‍സ്, ബാസില്ലസ് സബ്റ്റിലിസ് എന്നിവ തളിക്കുക.
 9. രാസവസ്തുവായ ‘മങ്കൊസബ്’ മൂന്നുഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കുക. രാസകുമിള്‍നാശിനിയും ജൈവ കുമിള്‍നാശിനിയും ഒന്നിച്ചുചേര്‍ത്ത് തളിക്കരുത്.
 10. ഇലകളുടെ രണ്ടുപുറവും തളിക്കുക.
 11. മഴക്കാലത്ത് പശ ചേര്‍ത്ത് കുമിള്‍നാശിനി തളിക്കുക. ഇലയില്‍ ഒട്ടിപ്പിടിച്ചിരിക്കും.
 12. കുമിള്‍നാശിനി മൂന്നാഴ്ച ഇടവിട്ട് രണ്ടുതവണ തളിക്കുക.
 13. വാഴ നടുമ്പോഴും ജൈവവളം ചേര്‍ക്കുമ്പോഴും ട്രൈക്കോഡര്‍മായുമായി കലര്‍ത്തി ഉപയോഗിക്കുക

ചില ഹരിതഗൃഹ മാതൃകകള്‍

ചായ്ച്ചിക്കിയ ഹരിതഗൃഹം

കെട്ടിടത്തിന്‍റെ വശത്തേയ്ക്ക് ചായ്ച്ചിറക്കിയാണ് ഇത്തരം ഹരിതഗൃഹം ഉണ്ടാക്കുന്നത്. ഇത്തരം ഹരിതഗ്രഹം കൂടുതല്‍ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വേണം നിര്‍മ്മിക്കുവാന്‍. മഞ്ഞുകാലത്ത് ചെടികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനാണ് ഇത് സാധാരണയായി ഉപയോഗിക്കുന്നത്.ത്രികോണ മുഖപ്പോടു കൂടിയത് ഇത്തരം ഹരിതഗൃഹങ്ങള്‍ കേരളത്തെപ്പോലെ കാലവസ്ഥയുള്ള സ്ഥലങ്ങളിലാണ് കൂടുതല്‍ അനുയോജ്യം. ഇവയുടെ മേല്‍ക്കൂര കുത്തനെ ചരിഞ്ഞതും വശങ്ങള്‍ ലംബവുമാണ്. ഇതിന്‍റെ മേല്‍ക്കൂരയ്ക്ക് മഴവെള്ളത്തെ എളുപ്പത്തില്‍ ഒഴുക്കിക്കളയാന്‍ കഴിയും. ഹരിതഗൃഹത്തിലെ ചൂട് ക്രമീകരിക്കുന്നതിന് മേല്‍ക്കൂരയുടെ ചെരിവ് 30 ഡിഗ്രിയില്‍ കൂടുതലായിരിക്കണം. ഇത്തരം ഹരിതഗൃഹത്തിന് ഉചിതമായ വലുപ്പം-7 മുതല്‍ 9 മീറ്റര്‍ വരെ വീതിയും മധ്യഭാഗത്ത് 5 മുതല്‍ 7.5 മീറ്റര്‍ വരെയും വശങ്ങളില്‍ 3 മുതല്‍ 4.5 മീറ്റര്‍ വരെയും ആണ്.

കോണ്‍സെറ്റ്
ത്രികോണ മുഖപ്പോടു കൂടിയ ഹരിതഗൃഹത്തെ അപേക്ഷിച്ച് കോണ്‍സെറ്റ് ആകൃതിയിലുള്ള ഹരിതഗൃഹത്തില്‍ നിര്‍മാണത്തിനുപയോഗിക്കുന്ന സാധനസാമഗ്രികള്‍ കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിയും. നിര്‍മാണച്ചെലവും കുറവാണ്. ഇത്തരം ആകൃതിയുള്ള ഹരിതഗൃഹത്തിലേക്ക് കൂടുതല്‍ സൂര്യരശ്മി എത്തുന്നതിനാല്‍ താപനില കൂടുതലായിരിക്കും. ഉഷ്ണമേഖല പ്രദേശത്തിന് ഇത് അനുയോജ്യമല്ല.

സോ ടൂത്ത് ടൈപ്പ്
രണ്ടോ അതിലധികമോ ഹരിതഗൃഹങ്ങള്‍ അറക്കവാളിന്‍റെ വായയുടെ ആകൃതിയില്‍ ഒരുമിച്ച് നിര്‍ത്തി ക്രമീകരിക്കുന്ന രീതിയാണിത്. ഇത്തരം ഹരിതഗൃഹങ്ങളുടെ നിര്‍മാണച്ചെലവ് ഓരോ ഹരിതഗൃഹവും ഒറ്റയ്ക്ക് നിര്‍മ്മിക്കുന്നതിലും കുറവായിരിക്കും. ഇതില്‍ വീതി കൂടുമ്പോള്‍ ചൂട് കൂടുവാന്‍ ഇടയുണ്ട്. അതിനാല്‍ വീതി 8 മീറ്റര്‍ ആക്കുന്നതാണ് നല്ലത്.

അടുക്കളതോട്ടത്തില്‍ ഇനി വെണ്ടയും

കേരളത്തിലെ കാലവസ്ഥയില്‍ മികച്ച വിളവ് തരുന്ന ഒരു പച്ചക്കറിയാണ് വെണ്ട. വീട്ടില്‍ അടുക്കളതോട്ടത്തില്‍ മണ്ണിലായാലും ടെറസിലായാലും വെണ്ട കൃഷി നടത്താന്‍ കഴിയും. ടെറസില്‍ വെണ്ട കൃഷി നടത്തുമ്പോള്‍ ചാക്കിലോ ഗ്രോ ബാഗിലോവേണം കൃഷി നടത്താന്‍. മികച്ച വിളവ് തരുന്ന വിത്തുകള്‍ തന്നെ തിരഞ്ഞെടുക്കണം. വെണ്ടയില്‍ ദഹനത്തിന് സഹായിക്കുന്ന നാരുകള്‍ കൂടുതല്‍ ഉണ്ട് ഒപ്പം ജൈവകങ്ങളും അടങ്ങിയിരിക്കുന്നു. മികച്ചയിനം വെണ്ടകളാണ് അര്‍ക്ക അനാമിക, സല്‍കീര്‍ത്തി, അരുണ, സുസ്ഥിര എന്നിവ.

കൃഷി രീതി
വിത്തുകള്‍ പാകിയാണ് വെണ്ട തൈകള്‍ മുളപ്പിക്കുന്നത്. നടുന്നതിന് മുമ്പ് വിത്തുകള്‍ വെള്ളത്തില്‍ മുക്കി അല്‍പനേരം കുതിര്‍ക്കുന്നത് നല്ലതാണ്. വെണ്ട നടുമ്പോള്‍ വരികള്‍ തമ്മില്‍ 60 സെന്റിമീറ്റിര്‍ എങ്കിലും അകലം വേണം. തൈകള്‍ തമ്മില്‍ 50 സെന്റിമീറ്റര്‍ എങ്കിലും അകലത്തില്‍ നടുവാന്‍ ശ്രദ്ധിക്കണം. ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ ഗ്രോ ബാഗിലോ ചാക്കിലൊ ഒരു വിത്ത് വീതം നടുന്നതാണ് നല്ലത്.
വിത്ത് നടുമ്പോള്‍ അടിവളമായി ചാണകപ്പൊടി ,എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് , ഉണങ്ങിയ കരിയില ഇവ ഇടാം. വിത്തുകള്‍ 3- 4 ദിവസം കൊണ്ട് മുളയ്ക്കും. ഒരു കുഴിയില്‍ ഒന്നില്‍ കൂടുതല്‍ വിത്ത് പാകണം. മുളച്ച ശേഷം ആരോഗ്യമുള്ള വിത്ത് നിലനിര്‍ത്തിയാല്‍ മതി. അദ്യത്തെ രണ്ടാഴ്ച വള പ്രയോഗങ്ങള്‍ ഒഴിവാക്കാം. മുന്നില്‍ കൂടുതല്‍ ഇലകള്‍ വന്നുകഴിഞ്ഞാല്‍ ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ് എന്നിവ തൈകള്‍ക്ക് നല്‍കി തുടങ്ങാം. ദ്രവരൂപത്തിലുള്ള വളം നല്‍കുന്നതും നല്ലതാണ്.
തണ്ട് തുരപ്പനാണ് വെണ്ടയെ ആക്രമിക്കുന്ന പ്രധാനകീടം. വേപ്പിന്‍കുരു പൊടിച്ച് 24 മണിക്കൂര്‍ എങ്കിലും വെള്ളത്തിലിട്ട് ലയിപ്പിച്ച മിശ്രിതം ഇരട്ടി വെള്ളം ചേര്‍ത്ത് ജൈവ കീടനാശിനിയായി ഉപയോഗിക്കാവുന്നതാണ്. വേപ്പിന്‍ കുരു ലഭ്യമല്ലെങ്കില്‍ വേപ്പിന്‍ പിണ്ണാക്ക് ഇതെപോലെ വെള്ളത്തില്‍ ഇട്ട് ഉപയോഗിക്കാം. കൂടാതെ വേപ്പിന്‍ പിണ്ണാക്ക് പൊടിച്ച് തടത്തില്‍ ഇടുന്നതും തണ്ട് തുരപ്പനെ ഒഴിവാക്കാന്‍ നല്ലതാണ്.

എളുപ്പത്തില്‍ കോവല്‍ കൃഷി

കേരളത്തില്‍ ധാരളം കൃഷി ചെയ്യുന്ന ഒന്നാണ്. ഈ കൃഷി വളരെ എളുപ്പത്തില്‍ തന്നെ ചെയ്യാവുന്നതാണ്. തണ്ട് മുറിച്ച് നട്ടാണ് കോവല്‍ കൃഷി ചെയ്യുന്നത്. തണ്ട് തിരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ വിളവ് തരുന്ന ഇനം തിരഞ്ഞെടുക്കുക. നിലം നന്നായി ഒരുക്കി കല്ലും കട്ടയും മാറ്റിയ ശേഷം തടമെടുത്ത് കോവല്‍ നടവുന്നതാണ്. ടെറസിലാണ് കൃഷി ചെയ്യുന്നതെങ്കില്‍ കവറില്‍ നടാം.അര മീറ്റര്‍ എങ്കിലും ആഴത്തില്‍ കുഴികള്‍ എടുത്തുവേണം കോവല്‍ നടുവാന്‍. അടിവളമായി ഉണങ്ങിയ ചാണകപ്പൊടി. വേപ്പിന്‍ പിണ്ണാക്ക്, എല്ല് പൊടി എന്നിവ നല്‍കാം. നടുമ്പോള്‍ കോവല്‍ തണ്ടിന്‍റെ 2 മുട്ട് മണ്ണിന് മുകളില്‍ നില്‍ക്കാന്‍ ശ്രദ്ധിക്കണം. വെയില്‍ കൂടുതല്‍ ഉള്ള സ്ഥലത്താണ് കൃഷി നടത്തുന്നതെങ്കില്‍ കരിയിലകള്‍ മുകളില്‍ വിതറി വെയിലില്‍ നിന്നും സംരക്ഷിക്കാവുന്നതാണ്. ആവശ്യത്തിന് മാത്രം നനച്ചു കൊടുക്കുക. വള്ളി പടര്‍ന്ന് തുടങ്ങിയാല്‍ പന്തലിട്ട് വള്ളി പടര്‍ത്തിവിടണം. വെര്‍മിവാഷ് അല്ലെങ്കില്‍ ഗോമൂത്രം പത്തിരട്ടി വെള്ളത്തില്‍ ചേര്‍ത്ത് രണ്ടാഴ്ചയില്‍ ഒരിക്കല്‍ തടത്തില്‍ ഒഴിച്ചു കൊടുക്കണം. തടങ്ങളില്‍ തണുത്ത കഞ്ഞി വെള്ളം ഒഴിച്ചു കൊടുക്കുന്നത് നല്ല വളമാണ്. വേനല്‍ക്കാലത്ത് കൂടുതല്‍ നനച്ചാല്‍ വിളവ് കൂടുതല്‍ ലഭിക്കും. ഒരു മാസം പ്രായം പൂര്‍ത്തിയായ കോവല്‍ ചെടികളില്‍ കായകള്‍ ഉണ്ടാകുവാന്‍ ആരംഭിക്കും. കോവക്ക അധികം മൂക്കുന്നതിന് മുന്‍പേ വിളവെടുക്കുന്നതാണ് നല്ലത്. ഒന്നിടവിട്ട ദിവസങ്ങളില്‍ കായ് പറിച്ചെടുക്കാം. മാസത്തില്‍ രണ്ടു തവണ ചെടികളുടെ ചുവടിളക്കി ചാണകം, ചാരം, എല്ലുപൊടി എന്നിവയില്‍ ഏതെങ്കിലും ഒന്ന് ചേര്‍ത്തു കൊടുക്കണം. ഇലയുടെ നിറമുള്ള ഇലതീനി പുഴുക്കള്‍, കായീച്ചകള്‍ എന്നിവയാണ് കോവലിനെ ആക്രമിക്കുന്ന കീടങ്ങള്‍. പുഴുക്കളെ പെറുക്കിയെടുത്ത് നശിപ്പിക്കാവുന്നതാണ്. കായീച്ചകളെ ജൈവ കീടനാശിനി ഉപയോഗിച്ച് നേരിടാം.

കടപ്പാട് : malayalam.tipofindia.com

2.96
ഷൗക്കത്ത് ആക്കോട് Jun 19, 2018 12:51 PM

അത്തി പഴുക്കാൻ വല്ല മാർഗവും ഉണ്ടോ ?പച്ച അത്തിക്കായ സംസ്കരിക്കുന്നത് എങ്ങിനെ ?

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top