অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കാര്‍ഷിക വിശേഷങ്ങള്‍

കാര്‍ഷിക വിശേഷങ്ങള്‍

  1. രണ്ടാംവിള നെല്‍കൃഷി; ശാസ്ത്രീയ ജലപരിപാലനം
  2. പൈപ്പ്കമ്പോസ്റ്റ് കൈകാര്യംചെയ്യുമ്പോള്‍
  3. പച്ചക്കറിയിലെ പുതിയ ഇനങ്ങള്‍
  4. നമ്മുടെ മാവും പൂക്കും
  5. വീട്ടാവശ്യത്തിനുള്ള കുരുമുളക് ടെറസിലും കൃഷിചെയ്യാം
  6. രോഗം തടയാന്‍ പച്ചക്കറികളിലും ഗ്രാഫ്റ്റ് തൈകള്‍
  7. നിമവിരകള്‍ക്കെതിരെ ജൈവിക നിയന്ത്രണ മാര്‍ഗങ്ങള്‍
  8. പശുപരിപാലനം കറവക്കാലത്തെ രോഗങ്ങള്‍
  9. കമ്പിളിപ്പുഴുവിനെ കരുതിയിരിക്കുക
  10. ടെറസിലുമാവാം ഹൈടെക് പച്ചക്കറി
  11. സോയാബീന്‍ കൃഷിചെയ്യാം
  12. കന്നുകാലിവളര്‍ത്തലില്‍ ലാഭം കൂട്ടാന്‍ ശാസ്ത്രീയ തീറ്റക്രമം
  13. മുയലിന്റെ 'പാര്‍പ്പിടം'
  14. ചെണ്ടുമല്ലി ; ആദായത്തിനും കീടരോഗ പ്രതിരോധത്തിനും
  15. കീടനിയന്ത്രണത്തിന് ജൈവരീതികള്‍

രണ്ടാംവിള നെല്‍കൃഷി; ശാസ്ത്രീയ ജലപരിപാലനം

മലപ്പട്ടം പ്രഭാകരന്‍ രണ്ടാംവിള നെല്‍കൃഷി തുടങ്ങാനുള്ള സമയമായി. ഈ വര്‍ഷം മഴയില്‍ വന്ന കുറവ്, തുലാമഴ ഇനിയും ശക്തിപ്രാപിക്കാത്ത പ്രശ്നങ്ങളെല്ലാം പ്രതികൂലമായി ബാധിക്കുക പ്രധാനമായും നെല്‍കൃഷിയെയാണ്. ഇത്തരമൊരു ഘട്ടത്തില്‍ ലഭ്യമാകുന്ന മഴയെയും വെള്ളത്തെയും ശാസ്ത്രീയമായി ക്രമീകരിച്ച് ഉപയോഗിക്കാനാവണം.

നെല്ലിന് വ്യത്യസ്ത വളര്‍ച്ചാഘട്ടത്തില്‍ വ്യത്യസ്ത അളവിലാണ് വെള്ളത്തിന്റെ ആവശ്യമുണ്ടാകുക. പക്ഷേ കര്‍ഷകരില്‍ വലിയവിഭാഗവും വളപ്രയോഗത്തിലും, രോഗകീട നിയന്ത്രണത്തിലും കാണിക്കുന്ന സൂക്ഷ്മത ജലപരിപാലനത്തില്‍ കാണിക്കാറില്ല. ലഭ്യമാകുന്ന വെള്ളത്തെ നിയന്ത്രണമില്ലാതെ ഏതുസമയത്തും ഒഴുക്കിവിടുന്ന സമീപനമാണ് കണ്ടുവരുന്നത്. ഈ രീതി മാറ്റണം. പ്രത്യേകിച്ചും മഴ കുറഞ്ഞ് വെള്ളത്തിന്റെ ലഭ്യത കുറയുന്ന ഈ സന്ദര്‍ഭത്തില്‍. നെല്ലിന്റെ ജലപരിപാലനത്തില്‍ സ്വീകരിക്കേണ്ട ശാസ്ത്രീയ സമീപനത്തെക്കുറിച്ച് അറിയേണ്ടതുണ്ട്.

നെല്ലിന്റെ മൂപ്പ്, വളര്‍ച്ചയുടെ സ്വഭാവം എന്നിവ അനുസരിച്ച് വെള്ളത്തിന്റെ ആവശ്യം വ്യത്യാസപ്പെട്ടിരിക്കും. മൂപ്പുകുറഞ്ഞതിന് കുറച്ചും, നല്ല പുഷ്ടിയായി വളരുന്ന, ഇടത്തരം മൂപ്പുള്ളതിനും മൂപ്പ് കൂടിയതിനും ജലാവശ്യം കൂടുതലാണ്. താപനില ഉയരുമ്പോള്‍ ബാഷ്പീകരണനഷ്ടം കൂടുന്നതിനാലും ജലാവശ്യം അധികമാകും. മണ്ണില്‍ ജൈവവള സാന്നിധ്യം കൂടുതലുണ്ടെങ്കില്‍ വെള്ളം അവ ശേഖരിച്ചുനിര്‍ത്തുകയും തുടര്‍ന്ന് ഉപയോഗിക്കാനും സഹായിക്കും. അതുപോലെ മണ്ണില്‍ അമ്ളത്വം കൂടിയാല്‍ അവ കുറയ്ക്കാന്‍ 15 ദിവസത്തില്‍ ഒരിക്കല്‍ വെള്ളംകയറ്റി കെട്ടിനിര്‍ത്തി തുറന്നുവിടണം.

എന്നാല്‍ ജലക്ഷാമം നേരിടുമ്പോള്‍ ഇതിനു കഴിയില്ല. അതുകൊണ്ട് ആദ്യമേ കുമ്മായമിട്ട് അമ്ളത്വം കുറയ്ക്കുക. ജൈവവള സാന്നിധ്യം കൂടുതലാക്കുക. ഇത് വെള്ളത്തെ സ്പോഞ്ച്പോലെ പിടിച്ചുനിര്‍ത്തി ജലലഭ്യത കുറയുമ്പോള്‍ പ്രയോജനപ്പെടുത്താന്‍ നെല്ലിനെ സഹായിക്കും.
നെല്ലിന്റെ വിവിധ വളര്‍ച്ചാഘട്ടത്തില്‍ വേണ്ട ജലപരിപാലനത്തെക്കുറിച്ച് നോക്കാം.

1. നിലമൊരുക്കുമ്പോള്‍ ചളിപ്പരുവമാകാന്‍ വേണ്ട വെള്ളം ഉണ്ടാകണം. കൂടുതല്‍ വെള്ളം ജലനഷ്ടവും പോഷകമൂലക നഷ്ടവും ഉണ്ടാക്കും. 
2. ഞാറ് പറിച്ചുനടുമ്പോള്‍ നിലത്തില്‍ ഒന്നോ രണ്ടോ സെ. മീറ്റര്‍ മാത്രം വെള്ളം കെട്ടിനിര്‍ത്തിയാല്‍ മതി. പലയിടങ്ങളിലും 10 സെ. മീറ്ററും അതിലധികവും കാണാറുണ്ട്. ഇത്രയും ആവശ്യമില്ല. 
3. നടലിനുശേഷം വേരുപിടിക്കാനുള്ള സമയത്ത് വെള്ളം കെട്ടിനിര്‍ത്താതെ വാര്‍ത്തുകളയണം. വേരുപിടിച്ചതായി ബോധ്യം വന്നാല്‍ വീണ്ടും വെള്ളം കയറ്റുക. 12 സെ.മീറ്റര്‍ മാത്രം ഉയരത്തില്‍ തുടര്‍ച്ചയായി നിര്‍ത്തുക. 
4. തുടര്‍ന്ന് ചിനപ്പുകള്‍ പൊട്ടുന്ന സമയത്ത് വെള്ളം പൂര്‍ണമായും വാര്‍ത്തുകളയണം. കൂടുതല്‍ ചിനപ്പുകളുണ്ടാകാന്‍ ഇതു സഹായിക്കും. 
5. അടിക്കണപ്പരുവത്തില്‍ വളരെ മിതമായ വെള്ളം മതിയാകും. 
6. പുഷ്പിക്കുന്നതിന് രണ്ടാഴ്ച മുമ്പുമുതല്‍ പുഷ്പിച്ച് ഒരാഴ്ച കഴിയുന്നതുവരെ വളരെ കുറഞ്ഞ വെള്ളമേ വേണ്ടു. വാര്‍ത്തുകളയുന്നതിലും തെറ്റില്ല. എന്നാല്‍ ഈര്‍പ്പസാന്നിധ്യം ഉറപ്പാക്കണം. 
7. കതിര് പഴുത്തുതുടങ്ങുമ്പോഴും ഈര്‍പ്പസാന്നിധ്യം മതി. 
8. കതിര് പഴുത്തുകഴിഞ്ഞാല്‍ വെള്ളത്തിന്റെ ആവശ്യമേ വരുന്നില്ല. 
9. കൊയ്യുന്ന സമയത്ത് മണ്ണ് വരണ്ട അവസ്ഥയാണ് അഭികാമ്യം.


പൈപ്പ്കമ്പോസ്റ്റ് കൈകാര്യംചെയ്യുമ്പോള്‍

മലപ്പട്ടം പ്രഭാകരന്‍

ലളിതവും ചെലവുകുറഞ്ഞതുമായ ഗാര്‍ഹികമാലിന്യ സംസ്കരണ ഉപാധിയാണ് പൈപ്പ് കമ്പോസ്റ്റ്. അടുക്കളയിലെ പച്ചക്കറി അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള ജൈവാവശിഷ്ടങ്ങള്‍ (ചെറിയ അളവില്‍) സംസ്കരിച്ചച്ചെടുത്ത് വളമാക്കിമാറ്റാന്‍ ഇതുവഴി സാധിക്കും. ഈ രീതി ഇന്ന് പ്രചാരം നേടിവരികയാണ്. 

എന്നാല്‍ ഇവ കൈകാര്യംചെയ്യുന്ന രീതിയിലെ പോരായ്മകള്‍ കാരണം പൈപ്പ്കമ്പോസ്റ്റ് ഫലപ്രദമാകുന്നില്ലെന്ന അഭിപ്രായം ചിലരില്‍നിന്നൊക്കെ ഉയരുന്നുണ്ട്. ശ്രദ്ധിച്ച് കൃത്യതയോടെ ഉപയോഗിച്ചാല്‍ നല്ലരീതിയില്‍തന്നെ പ്രയോജനപ്പെടുത്താനാവും. 

രണ്ട് പിവിസി പൈപ്പാണ് വേണ്ടത്. എട്ട് ഇഞ്ച് വ്യാസമുള്ളതും 1-3 മീറ്റര്‍ നീളവും വേണം. ഇവയ്ക്ക് ഓരോ അടപ്പും ഉണ്ടാവണം. അടുക്കളഭാഗത്ത് വെള്ളക്കെട്ടോ വെയിലോ ഇല്ലാത്തിടത്ത് ഇത് സ്ഥാപിക്കണം. മണ്ണില്‍ 30 സെ. മീ. (ഒരടി) താഴ്ചയില്‍ പൈപ്പ് കുത്തനെ താഴ്ത്തിനിര്‍ത്തുക. മണ്ണില്‍ താഴ്ന്നുനില്‍ക്കുന്ന ഭാഗത്തെ പൈപ്പില്‍ മൂന്നോ നാലോ ദ്വാരമുണ്ടാക്കിയാല്‍ അധികമായി അകത്ത് ജലം ഊറുന്നത് ഇല്ലാതാക്കാം. ഇതിനകത്ത് ജൈവവസ്തുക്കള്‍ നിക്ഷേപിക്കുന്നതിനുമുമ്പായി, ഒരുലിറ്റര്‍ വെള്ളത്തില്‍ 300 ഗ്രം പച്ചച്ചാണകവും 200 ഗ്രാം വെല്ലവും (പൊടിച്ചത്) കലര്‍ത്തിയ ലായനി ഒഴിച്ചുകൊടുക്കുക. ഇതിനു മുകളില്‍ ജൈവവസ്തുക്കള്‍ ചെറുതായി അരിഞ്ഞിടണം. മാസം, മസാല കലര്‍ന്നവ, ചെറുനാരങ്ങ ചേര്‍ത്തവ തുടങ്ങിയവ ഒഴിവാക്കുക. ഈര്‍പ്പം അധികമാകാതിരിക്കാനും തീരെ കുറയാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. കൂടിയാല്‍ ദുര്‍ഗന്ധം വമിക്കും. കുറഞ്ഞാല്‍ അഴുകല്‍പ്രക്രിയ നടക്കാന്‍ വൈകും. ഒരുദിവസം ഒരു കി.ഗ്രാം മാത്രമേ ജൈവവളം നിക്ഷേപിക്കാവൂ. 

ആഴ്ചയില്‍ ഒരുതവണ പച്ചച്ചാണകം നേര്‍പ്പിച്ച ലായനിയോ, വെല്ലം ലയിപ്പിച്ച ലായനിയോ, അല്ലെങ്കില്‍ പുളിയുള്ള മോരോ ഏതെങ്കിലും ഒന്ന് അല്‍പ്പം മാത്രം കുടഞ്ഞ്  ഈര്‍പ്പം ഉറപ്പുവരുത്താം. ഇവ അഴുകല്‍പ്രക്രിയക്ക് സഹായകവുമാണ്. കൂടുതല്‍ ഒഴിച്ച് കുഴമ്പുപരുവത്തിലാക്കി അബദ്ധംചെയ്ത നിരവധി പരാതികള്‍ ഉണ്ടാകാറുണ്ട് എന്നത് ഓര്‍മപ്പെടുത്തുന്നു. പൈപ്പിനുമുകളില്‍ അടപ്പുവേണം. ഈച്ചവന്നിരുന്ന് പുഴുക്കളുണ്ടാകാതിരിക്കാനാണ് അടപ്പ് നിര്‍ബന്ധമാക്കുന്നത്. പൈപ്പിനകത്ത് അവശിഷ്ടങ്ങള്‍ അട്ടിയായിക്കിടന്ന് വായുസഞ്ചാരമില്ലാത്ത സാഹചര്യം ദൂഷ്യംചെയ്യും. അതുകൊണ്ട് ആഴ്ചയില്‍ ഒരുതവണ ചെറിയ കമ്പുകൊണ്ടോ മറ്റോ ഇളക്കിക്കൊടുക്കാനും ശ്രദ്ധിക്കുക. സാധാരണരീതിയില്‍ ഒന്നോ ഒന്നരയോ മാസംകൊണ്ട് പൈപ്പ് നിറയും. ഒരുമാസംകൂടി അടച്ചുവച്ചാല്‍ ഇത് കമ്പോസ്റ്റായി മാറും. ആദ്യ പൈപ്പ് നിറഞ്ഞാല്‍ രണ്ടാമത്തെ പൈപ്പ് സ്ഥാപിക്കാം. ഇങ്ങനെ ആവര്‍ത്തിക്കാം. 
പ്ളാസ്റ്റിക് ഖരമാലിന്യങ്ങളും അഴുകാന്‍ ഏറെ താമസിക്കുന്ന വസ്തുക്കളും ഇതില്‍ നിക്ഷേപിക്കരുത്. അടുക്കളമാലിന്യ സംസ്കരണത്തിന് ഉത്തമമാര്‍ഗമാണ് പൈപ്പ് കമ്പോസ്റ്റ്. 1200-1500 രൂപയ്ക്കകം ഇത് സാധിക്കും.

പച്ചക്കറിയിലെ പുതിയ ഇനങ്ങള്‍

മലപ്പട്ടം പ്രഭാകരന്‍

കേരള കാര്‍ഷിക സര്‍വകലാശാല ഉല്‍പ്പാദനത്തിലും ഗുണമേന്മയിലും ഏറെ പ്രത്യേകതകളുള്ള പുതിയ ചില പച്ചക്കറിയിനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇവയെക്കുറിച്ച് പരിചയപ്പെടാം.


കക്കിരിയിലെ ഹീരയും ശുഭ്രയും
ആരോഗ്യപ്രദാനമായ പച്ചക്കറികളില്‍ സാലഡ് കക്കിരിക്ക് വലിയ സ്ഥാനമുണ്ട്. വെള്ളാനിക്കര കാര്‍ഷിക കോളേജില്‍ വികസിപ്പിച്ചെടുത്ത രണ്ടിനം കക്കിരിയാണ് ഹീരയും ശുഭ്രയും. ചെറിയ കായ്കളായിരിക്കും. 250–260 ഗ്രാം മാത്രം. ഹീരയ്ക്ക് പച്ചനിറവും പ്രതലത്തില്‍ കറുത്ത ചെറിയ മുള്ളുകളും ഉണ്ടാകും. വിത്ത് നട്ട് 55 ദിവസംകൊണ്ട് വിളവെടുക്കാനാവും. ഒരു ചെടിയില്‍നിന്ന് 6065 വരെ കായ് ലഭിക്കും.

ശുഭ്ര മറ്റൊരു സങ്കരയിനമാണ്. വെള്ളകലര്‍ന്ന ഇളം പച്ചക്കായ്കളും ഇവയുടെ പുറത്ത് കറുപ്പുനിറമുള്ള മുള്ളുകളും ഉണ്ടാകും. കായുടെ ശരാശരി തൂക്കം 275 ഗ്രാമാണ്. ഒരു ചെടിയില്‍നിന്ന് 55 കായ്കള്‍വരെ ലഭിക്കും. വിത്ത് നട്ട് 56–60 ദിവസംകൊണ്ട് വിളവെടുപ്പ് ആരംഭിക്കാം. ഡോ. ടി പ്രദീപ് കുമാറാണ് ഈ ഇനങ്ങള്‍ വികസിപ്പിച്ചത്.

വഴുതിനയില്‍ പൊന്നി
ബാക്ടീരിയല്‍ വാട്ടരോഗത്തെ ചെറുക്കുന്ന ഒരിനമാണ് പൊന്നി. ഇലകളില്‍ വൈലറ്റ്നിറമുള്ള ഞരമ്പുകളുണ്ടാവും. ഇവയുടെ ഇലയിലും തണ്ടിലും മുള്ളില്ലാത്ത ഇനമാണിത്. 24 സെ. മീ. നീളവും ഇളം പച്ചനിറവും അല്‍പ്പം വളഞ്ഞതുമായ പൊന്നിയുടെ വഴുതിനങ്ങയ്ക്ക് 162 ഗ്രാംവരെ തൂക്കമുണ്ടാകും. വരള്‍ച്ചയെയും വെള്ളക്കെട്ടിനെയും ഒരുപരിധിവരെ ചെറുക്കാന്‍ ഇതിന് കെല്‍പ്പുണ്ടത്രെ. കൂടാതെ വാട്ടരോഗം, തണ്ടുതുരപ്പന്‍ എന്നിവയെ പ്രതിരോധിക്കാനും സാധിക്കും. തിരുവല്ല കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഡോ. ജസി എം കുര്യാക്കോസാണ് ഈ ഇനം വികസിപ്പിച്ചെടുത്തത്. 

താര എന്ന ചെറിയ കുമ്പളം
പട്ടാമ്പി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഡോ. എം എന്‍ ജ്യോതി, ഡോ. എം ആര്‍ നാരായണന്‍കുട്ടി എന്നിവരാണ് ഇത് വികസിപ്പിച്ചെടുത്തത്. ചെറിയ കുടുംബത്തിന് ഒതുങ്ങുന്ന 2.5 കി.ഗ്രാം മാത്രം തൂക്കംവരുന്നതാണ് താര. 60–75 ദിവസത്തോടെ വിളവെടുക്കാനാകും. മഴകാലത്തും വേനലിലും കൃഷിചെയ്യാം. ഹെക്ടറില്‍നിന്ന് 18 കി.ഗ്രാം വരെ വിളവു പ്രതീക്ഷിക്കാം. 

തക്കാളിയില്‍ മനുപ്രഭ
അടുക്കളത്തോട്ടത്തിലും വാണിജ്യാവശ്യാര്‍ഥവും കൃഷിചെയ്യാവുന്ന പുതിയ തക്കാളി ഇനമാണ് മനുപ്രഭ. ചെറിയ കായ്കളായിരിക്കും. ആദ്യം വെള്ളനിറത്തിലും പഴുക്കുമ്പോള്‍ കടും ചുവപ്പുനിറവുമാകും കായ്കള്‍ക്കുണ്ടാവുക. 60 ഗ്രാം മാത്രമാണ് കായയുടെ തൂക്കം. 94 ദിവസമാണ് ആദ്യ വിളവെടുപ്പിനു വേണ്ടത്. ഹെക്ടറിന് 25 ടണ്‍ വിളവ് കണക്കാക്കുന്നു. മണ്ണൂത്തി കാര്‍ഷിക കോളേജിലെ ഡോ. സി നാരായണന്‍കുട്ടിയാണ് മനുപ്രഭ കണ്ടെത്തിയത്. 

പച്ചമുളകില്‍ കീര്‍ത്തി
പട്ടാമ്പി കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഡോ. എം സി നാരായണന്‍കുട്ടി വികസിപ്പിച്ചെടുത്ത കീര്‍ത്തി എന്ന പച്ചമുളകിന്റെ പ്രത്യേകത ഇല കുരിടിപ്പിനെ പ്രതിരോധിക്കും എന്നതാണ്. നല്ല പച്ചനിറവും ഇടത്തരം വലുപ്പവുമുള്ള കീര്‍ത്തി 40–45 ദിവസംകൊണ്ട് ആദ്യ വിളവെടുപ്പ് നടത്താനാവും. ഹെക്ടറില്‍നിന്ന് 16 ടണ്‍ വിളവു കണക്കാക്കുന്നു. പുതിയ ഇനങ്ങള്‍ കൃഷിയിടത്തിലേക്ക് വ്യാപിപ്പിക്കാം.

അവലംബം: വിഎഫ് പിസികെ കേരള

നമ്മുടെ മാവും പൂക്കും

ആര്‍ വീണാറാണി

വീട്ടുമുറ്റത്തെ മാവ് വര്‍ഷംതോറും കായ്ക്കുന്നത് കര്‍ഷകന്റെ വെറും സ്വപ്നം. മാവിനെ വളരെ സാരമായി ബാധിക്കുന്ന ഒരു പ്രതിഭാസമാണ് അനിയമിത ഫലനം. എല്ലാ വര്‍ഷവും ഒരേരീതിയില്‍ നല്ല വിളവു ലഭിക്കുന്നില്ലെന്നത് ഇതിന്റെ പ്രത്യേകത.

ഒരുവര്‍ഷം കായ്ച്ച മരം അടുത്തവര്‍ഷം തീരെ കായ്ക്കാതിരിക്കുകയോ കുറച്ചുമാത്രം കായ്ക്കുകയോ ചെയ്യും. അനിയമിത ഫലനത്തെക്കാള്‍ വലിയ പ്രശ്നം മാവ് തീരെ കായ്ക്കാതിരിക്കുന്നതാണ്.

മറ്റു വിളകളെപ്പോലെ മാവിനും തടം തുറക്കുകയും ശാസ്ത്രീയമായ രീതിയില്‍ വളപ്രയോഗവും ജലസേചനവും അത്യാവശ്യം. തുലാവര്‍ഷത്തില്‍ മാവിന്റെ ചുവട്ടില്‍നിന്ന് രണ്ടു മീറ്റര്‍ അകലെയായോ ഇലച്ചാര്‍ത്തിന് താഴെയോ തടമെടുക്കണം. ഈ സമയത്ത് 50 കിലോഗ്രാം ഉണങ്ങിപ്പൊടിഞ്ഞ കമ്പോസ്റ്റോ കാലിവളമോ ചേര്‍ക്കാം. ഒപ്പം രണ്ടുകിലോഗ്രാം പൊട്ടാഷും. നേര്‍ത്ത മഴയും വളങ്ങളും മാവിന് പൂക്കുന്നതിനുള്ള പ്രചോദനമാകും. കാര്‍ബണ്‍ നൈട്രജന്‍ അനുപാതത്തില്‍ വരുന്ന ഏറ്റക്കുറച്ചിലിനോടൊപ്പം ഡിസംബറില്‍ പുകച്ചുകൊടുക്കുകയും ചെയ്താല്‍ ഏത് പൂക്കാത്ത മാവും പൂക്കും.

വലയംമുറിക്കുന്നത് മാവ് പൂക്കുന്നതിനുള്ള മറ്റൊരു സൂത്രപ്പണിയാണ്. ഏകദേശം ഒന്നരസെന്റീമീറ്റര്‍ വണ്ണമുള്ള ശാഖകളില്‍ ഏഴു സെന്റിമീറ്റര്‍ വീതിയില്‍ മോതിരത്തിന്റെ ആകൃതിയില്‍ തൊലി നീക്കംചെയ്യുന്നതാണ് വലയംമുറിക്കല്‍. മോതിരവലയം നീക്കുന്നതോടെ കായികവൃദ്ധി നിലയ്ക്കുകയും വലയത്തിന്റെ മുകളിലായി ധാരാളം കാര്‍ബോ ഹൈഡ്രേറ്റ് സംഭരിക്കുകയും മാവ് പൂക്കുകയും ചെയ്യും.

എട്ടുമാസമെങ്കിലും മൂപ്പെത്തിയ ശിഖരങ്ങളില്‍ മാത്രമേ മാവ് പൂക്കൂ. തുടര്‍ച്ചയായി എല്ലാ വര്‍ഷവും പൂക്കണമെങ്കില്‍ മാവ് തളിര്‍ക്കുകയും വേണം. എല്ലാവര്‍ഷവും ഏപ്രിലില്‍ വേനല്‍മഴയോടെ മാവിന് 50 കി.ഗ്രാം ജൈവവളവും ഒരുകിലോഗ്രാം യൂറിയയും ഒന്നരക്കിലോഗ്രാം എല്ലുപൊടിയും ചേര്‍ക്കാം. മാവിന്റെ കൊമ്പുകോതുകയും വേണം. മേയില്‍ തളിര്‍ത്താല്‍ ജനുവരിയില്‍ മാവ് പൂക്കുന്നതിനുള്ള ആദ്യ ചുവടുവയ്പായെന്ന് ഉറപ്പിക്കാം. ഒക്ടോബറില്‍ പൊട്ടാഷും നവംബറില്‍ പുകയ്ക്കലും വലയംമുറിക്കലുമായാല്‍ മാമ്പഴത്തിന്റെ കാര്യത്തില്‍ തീരുമാനമാകും.

(കൃഷി വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖിക)


വീട്ടാവശ്യത്തിനുള്ള കുരുമുളക് ടെറസിലും കൃഷിചെയ്യാം

മലപ്പട്ടം പ്രഭാകരന്‍

സ്ഥലപരിമിതിയുള്ള പട്ടണവാസികള്‍ക്കുപോലും വീട്ടാവശ്യത്തിനുള്ള കുരുമുളക് സ്വന്തമായി ഉണ്ടാക്കാം. ഏറ്റവും അനുയോജ്യമായ ഇടമാണ് ടെറസ്. സൂര്യപ്രകാശ ലഭ്യതയും, ജലസേചനവും ചെയ്താല്‍ ചെടിച്ചട്ടിയിലോ ഗ്രോബാഗിലോ കുറ്റിക്കുരുമുളക് കൃഷിചെയ്ത് ആവശ്യമായതും, കൂടുതല്‍ സ്ഥലസൌകര്യമുണ്ടെങ്കില്‍ വിറ്റ് വരുമാനമുണ്ടാക്കാനുമാകും.

കൃഷിരീതി
കുറ്റിക്കുരുമുളക് വളര്‍ത്താന്‍ നടീല്‍വസ്തുവായി കുരുമുളകുചെടിയുടെ പാര്‍ശ്വശാഖകളാണ് വേണ്ടത്. സാധാരണ കുരുമുളകുകൃഷിക്ക് ചെന്തലകള്‍ ഉപയോഗിക്കുമ്പോള്‍ ഇതിന് പാര്‍ശ്വശാഖകളാവാന്‍ ശ്രദ്ധിക്കണം. സെപ്തംബര്‍മുതല്‍ ജനുവരിവരെയുള്ള മാസങ്ങളിലാണ് നടാന്‍പറ്റിയ സമയം. പാര്‍ശ്വശാഖകള്‍ (വശങ്ങളിലേക്കു വളര്‍ന്നത്) നാലഞ്ച് മുട്ടുകള്‍വീതം നീളമുള്ള കഷണങ്ങളായി മുറിക്കണം. അഗ്രഭാഗത്തുള്ള ഇലകള്‍ മുറിച്ചുമാറ്റുക. സാധാരണ കൃഷിചെയ്യുന്ന തണ്ടില്‍നിന്ന് വേരുകള്‍ പിടിച്ചുകിട്ടുന്നതിനെക്കാള്‍ അല്‍പ്പം സാവകാശം വേണം പാര്‍ശ്വശാഖയില്‍ വേരുപിടിക്കാന്‍. ഇതിന് കൂടുതല്‍ പ്രചോദനത്തിനായി ഇന്റോള്‍ ബ്യൂട്ടിക് ഏസിഡ് എന്ന ഹോര്‍മോണ്‍ 20 മി. ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനിയില്‍ തണ്ടിന്റെ അടിഭാഗം അഥവാ വേരുപിടിക്കേണ്ട ഭാഗം മുക്കിവച്ചശേഷം നടുക. ഇതില്ലെങ്കില്‍ സെറാഡിക്സ്–ബി പൊടിയില്‍ തണ്ടിന്റെ മുറിഭാഗം മുക്കിയശേഷം നടാം. മുറിച്ച് അധികം താമസിയാതെ നടാന്‍ ശ്രദ്ധിക്കണം.

നടേണ്ടവിധം
സാമാന്യം വലുപ്പമുള്ള ഗ്രോബാഗോ, ചട്ടിയോ ഉപയോഗിക്കാം. അടിയില്‍ വെള്ളം വാര്‍ന്നുപോകാന്‍ ഏതാനും ദ്വാരങ്ങള്‍ ഉണ്ടാവണം. ഇതില്‍ 1:1:1 എന്ന അനുപാദത്തില്‍ മേല്‍മണ്ണ്, ഉണങ്ങിയ ചാണകം അഥവാ കമ്പോസ്റ്റ്, മണല്‍ എന്നിവ ചേര്‍ത്ത് കുഴച്ച പോട്ടിങ്മിശ്രിതം നിറയ്ക്കണം. മുകള്‍ഭാഗം രണ്ട് ഇഞ്ച് താഴ്ചവരത്തക്കവിധം നിറയ്ക്കുക. ഇതിലാണ് നടേണ്ടത്. നട്ടശേഷം ഏതാനും ദിവസം തണലില്‍ വയ്ക്കുക. 2 ഃ 2 മീറ്റര്‍ അകലത്തില്‍ നിരത്തിവയ്ക്കാം. കരിയിലകൊണ്ടോ മറ്റോ ചട്ടിക്കകത്ത് പുതയിടുന്നതും നല്ലതാണ്. എല്ലാ ദിവസവും നനയ്ക്കുക. നന അധികരിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കുറയാനും പാടില്ല.

വളപ്രയോഗം: രാസവളം ഇല്ലാതെയാണെങ്കില്‍ മാസത്തില്‍ ഒരുതവണവീതം ഉണക്കിപ്പൊടിച്ച ചാണകം, കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക് എന്നിവ മാറിമാറി ഉപയോഗിക്കാം. ചാണകപ്പൊടിയില്‍ 'ട്രൈക്കോഡര്‍മ' എന്ന മിത്രകുമിളിന്റെ പാക്കറ്റ് വാങ്ങി വളവുമായി കലര്‍ത്തി പൂപ്പല്‍ വളര്‍ത്തിയെടുത്ത് ഉപയോഗിച്ചാല്‍ വാട്ടരോഗം ഉള്‍പ്പെടെ തടയാം. സ്യൂഡൊമോണസ് ലായനിയോ, ബോഡോമിശ്രിതമോ തളിക്കാം. ബോഡോ മിശ്രിതം അനുവദനീയമാണ്. കീടങ്ങളെ തടയാന്‍ മണ്ണില്‍ വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കാം. വേപ്പധിഷ്ഠിത കീടനാശിനി തളിക്കാം.

രാസവള കൃഷിയാണെങ്കില്‍ മാസത്തില്‍ ഒരുതവണ 30 ഗ്രാം വീതം 10:4:14 എന്ന രാസവിള മിശ്രിതം ചേര്‍ത്തുകൊടുക്കാം. പരമാവധി ജൈവരീതിതന്നെ സ്വീകരിക്കുക.

നട്ട് ഒരുവര്‍ഷം കഴിയുമ്പോള്‍ ചെടി കായ്ച്ചുതുടങ്ങും. രണ്ടാം വര്‍ഷംമുതല്‍ നല്ല വിളവുതരും. 500 മുതല്‍ ഒരുകി.ഗ്രാംവരെ ഒരു ചെടിയില്‍നിന്ന് കിട്ടും. വിളഞ്ഞുനില്‍ക്കുന്ന കുറ്റിക്കുരുമുളക് ഒരലങ്കാരംകൂടിയാണ്്.

രോഗം തടയാന്‍ പച്ചക്കറികളിലും ഗ്രാഫ്റ്റ് തൈകള്‍

വെബ് ഡെസ്‌ക്‌

ഗ്രാഫ്റ്റ്ചെയ്ത് തൈകള്‍ ഉണ്ടാക്കുക സാധാരണയായി വിവിധ ഫലവര്‍ഗവിളകളിലാണെന്നാണ് നമുക്കുള്ള പൊതുധാരണ. അത്യുല്‍പ്പാദനശേഷിയുള്ളതും, രോഗപ്രതിരോധശേഷിയുള്ളതും, സ്വാദിഷ്ടമായ ഇനങ്ങളുമെല്ലാം ഉണ്ടാക്കാന്‍ കാര്‍ഷിക ഗവേഷകര്‍ കണ്ടെത്തിയതാണ് ഗ്രാഫ്റ്റിങ് രീതി. എന്നാല്‍ ഈ രീതി പച്ചക്കറികളിലും സ്വീകരിക്കാമെന്ന് മണ്ണൂത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ പരീക്ഷണം തെളിയിച്ചിരിക്കുകയാണ്.

തക്കാളി, മുളക്, വഴുതിന എന്നിവയിലാണ് ഇത് പ്രയോഗിച്ചത്. ഈ ഇനങ്ങള്‍ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നം വാട്ടരോഗത്തിന് എളുപ്പം വിധേയമാകുന്നു എന്നതാണ്. വലിയ നഷ്ടമാണ് ഈ രോഗം വരുത്തുന്നത്. ഒരുതരം ബാക്ടീരിയയാണ് ഈ രോഗം ഉണ്ടാക്കുന്നത്. മണ്ണിലാണ് ഇവയുടെയും അധിവാസം. ചെടിയുടെ വേരിലും മറ്റും ഉണ്ടാകുന്ന ചെറിയ മുറിവുകളിലൂടെ ഈ ബാക്ടീരിയ ചെടിയുടെ അകത്തുകടന്ന് വംശവര്‍ധന നടത്തി ചെടികള്‍ക്ക് ഭക്ഷണം വലിച്ചെടുത്ത് മുകളിലേക്കു കൊടുക്കാന്‍ തടസ്സമുണ്ടാക്കുന്നു. ഇതുമുലമാണ് ചെടി വാടുന്നത്. ഇവയെ തടയാന്‍ ആന്റിബയോട്ടിക്കുകളും മറ്റു പ്രയോഗിക്കുന്ന രീതിയാണ് നിലവിലുള്ളത്.

ഇതിനുപകരം ബാക്ടീരിയയെ ചെറുക്കാന്‍കഴിവുള്ള നമ്മുടെ പ്രദേശത്തെ 'ചുണ്ട'ച്ചെടിയില്‍ ഗ്രാഫ്റ്റ് ചെയ്യുന്നതാണ് പുതിയ സാങ്കേതികരീതി. ഇതിന് ചുണ്ടയുടെ വിത്ത് മുന്‍കൂട്ടി പ്രോട്രേകളില്‍ പാകി മുളപ്പിക്കും. ഒരുമാസം കഴിയുമ്പോള്‍ 10–12 സെ. മീ. ഉയരമെത്തിയാല്‍ ഗ്രാഫ്റ്റ് ചെയ്യാം. ഒട്ടിക്കാനാവശ്യമായ തക്കാളി, വഴുതിന, മുളക് എന്നിവയുടെ വിത്ത് പാകിമുളപ്പിച്ച് 10–12 സെ. മീ. ഉയരത്തില്‍ വളര്‍ന്നാല്‍ ഇവ മുറിച്ചെടുത്ത് ചുണ്ടയുടെ തൈകള്‍ അഞ്ചു സെ. മീറ്റര്‍ നിര്‍ത്തി മുറിച്ച് ആ ഭാഗം പിളര്‍ന്ന് അതിനകത്ത് പച്ചക്കറി ചെടിയുടെ തലപ്പ് ആപ്പുപോലെ മുറിച്ച് കയറ്റിവച്ച് കെട്ടിനിര്‍ത്തുന്നതാണ് രീതി. ഇവയെ പിന്നീട് മിസ്റ്റ് ചേംബറിലും പോളിഹൌസിലും രണ്ടാഴ്ച സൂക്ഷിച്ചശേഷമാണ് നടാനായി ഉപയോഗിക്കുക. ഗ്രാഫ്റ്റ്ചെയ്ത ഭാഗത്തിനു താഴെനിന്ന് ചുണ്ടയുടെ ഭാഗം മുളച്ചുവരുന്നുവെങ്കില്‍ അവ നുള്ളിക്കളയണം. ഗ്രാഫ്റ്റ് ഭാഗം മണ്ണിനുമുകളില്‍ നില്‍ക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഇവ ഒന്നുംതന്നെ വാടിനശിക്കില്ല.

ഗ്രാഫ്റ്റിങ് അല്‍പ്പം ശ്രദ്ധിച്ചാല്‍ ആര്‍ക്കും വശത്താകാവുന്നതേയുള്ളു. പരിശീലിച്ചാല്‍ ഒരാള്‍ക്ക് ഒരുദിവസം 600–800 വരെ തൈകള്‍ ഗ്രാഫ്റ്റ്ചെയ്യാമെന്നും സര്‍വകലാശാല പറയുന്നു.

കാര്‍ഷിക സര്‍വകലാശാല മണ്ണൂത്തിയുമായി ബന്ധപ്പെട്ട് ഈ രീതി മനസ്സിലാക്കി, പരിശീലനം നേടിയാല്‍ നമ്മുടെ കൃഷിയിടങ്ങളില്‍ വാട്ടരോഗമില്ലാത്ത ഇത്തരം പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും

നിമവിരകള്‍ക്കെതിരെ ജൈവിക നിയന്ത്രണ മാര്‍ഗങ്ങള്‍


വെബ് ഡെസ്‌ക്‌

നമ്മുടെ മണ്ണില്‍ ധാരാളമായി കുടികൊള്ളുന്നതും വിവിധ വിളകള്‍ക്ക് വലിയതോതില്‍ ദോഷംചെയ്യുന്നതുമായ മണ്ണിലെ ഒരു സൂക്ഷ്മകീടമാണ് നിമവിരകള്‍. കണ്ണുകൊണ്ട് നമുക്ക് നേരില്‍ കാണാന്‍സാധിക്കാത്തവിധം സൂക്ഷ്മമാണിത്.

ദീര്‍ഘകാലവിളയായ തെങ്ങ്, കുരുമുളക് എന്നിവമുതല്‍ ഹ്രസ്വകാല വിളയായ പച്ചക്കറിയില്‍വരെ ഇത് വ്യാപിക്കാറുണ്ട്. പച്ചക്കറിയില്‍ ഉല്‍പ്പാനത്തില്‍ ഏതാണ്ട് 15% നഷ്ടമുണ്ടാക്കുന്നത് നിമവിരയാണെന്നും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് പച്ചക്കറി കൃഷിചെയ്യുന്ന ഓരോ കര്‍ഷകന്റെ മനസ്സിലുംഈ സൂക്ഷ്മകീടത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകണം. വേരുമുഴയന്‍ നിമവിര, തുരപ്പന്‍ നിമവിര, സിസ്റ്റ് നിമവിര, വൃക്കരൂപ നിമവിര, ഇലതീനി നിമവിര എന്ന് പൊതുവെ ഉല്‍ത്ഭവ രീതിയനുസരിച്ച് വേര്‍തിരിച്ചിട്ടുണ്ട്. ഇവയില്‍തന്നെ ഓരോന്നിലും അവാന്തര വിഭാഗങ്ങളുമുണ്ടെന്ന് പൊതുവേ മനസ്സിലാക്കുക.

പച്ചക്കറിയില്‍ എല്ലാ ഇനങ്ങളെയും ഇത് ബാധിക്കും. എന്നാല്‍ ചില ഇനങ്ങള്‍ക്ക് ചില പ്രത്യേക വിളകളോട് ആഭിമുഖ്യം കൂടുതല്‍ ഉണ്ടാകാറുണ്ട്. പച്ചക്കറിച്ചെടിയുടെ വേരുകളെ ആക്രമിക്കുന്ന വേരുബന്ധ നിമവിരയാണ് കൂടുതല്‍ ഉപദ്രവം ചെയ്യുന്നത്. മൃദുവായ വേരു തുരന്ന് ഇതില്‍ മുട്ടയിടുകയും നീരൂറ്റിക്കുടിക്കുകയും ചെയ്യും. ചെടികളില്‍നിന്ന് പോഷകാംശം ഇവ ആഗിരണം ചെയ്യുകയും, മുട്ട വേരിലും തണ്ടിലും നിക്ഷേപിച്ച് സസ്യാഹാരം ചെടികളുടെ എല്ലാ ഭാഗത്തും എത്തിക്കാന്‍ പ്രയാസവും നേരിടും. നീരൂറ്റിക്കുടിക്കുമ്പോള്‍ ഇവ വിസര്‍ജിക്കുന്ന എന്‍സൈമിന്റെ പ്രവര്‍ത്തനഫലമായി സസ്യകോശങ്ങളുടെ ആകൃതിക്കും പ്രകൃതിക്കും മാറ്റംവരും. പോഷകലഭ്യതാ തടസ്സം വരുമ്പോള്‍ ഇലയില്‍ മഞ്ഞളിപ്പ്, വളര്‍ച്ച മുരടിക്കല്‍ തുടങ്ങിയവയും കാണാം. വേര് ക്രമേണ ചീയുകയും ചെടികള്‍ ക്രമേണ ഉണങ്ങുകയും ചെയ്യും. തണ്ടിനെയും ഇലയെയും ഇഷ്ടപ്പെടുന്ന നിമവിരകള്‍ അവിടെ കടന്നെത്തി ഉപദ്രവംചെയ്യും. ഇത് നിമവിരയുടെ ആക്രമണമാണെന്നു തിരിച്ചറിയാതെ പലപ്പോഴും മറ്റ് രോഗ–കീട പ്രതിരോധ നടപടി സ്വീകരിക്കുകയും ഫലംകാണാതെ വരികയും ചെയ്യാറുണ്ട്.

രാസകൃഷി ചെയ്യുമ്പോള്‍ നിമവിര നാശിനികളായ രാസവസ്തുക്കള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇവ തുടര്‍ന്ന് മണ്ണിലും വിളയിലും  ദൂഷ്യമുണ്ടാക്കുന്നതുകൊണ്ടാണ് ഇവ ഉപയോഗിക്കരുതെന്ന് നാം നിഷ്കര്‍ഷിക്കുന്നത്. പകരം ചില നടീല്‍മുറകളും ജൈവരീതിയിലുള്ള നശീകരണമാര്‍ഗങ്ങളും സ്വീകരിക്കാം. അവ പറയുന്നു.

ജൈവിക നിയന്ത്രണ മാര്‍ഗങ്ങള്‍
1. ഒരേയിനം പച്ചക്കറി സ്ഥിരമായി ഒരിടത്ത് കൃഷിചെയ്യരുത്. കാരണം ആ ഇനങ്ങള്‍ ഇഷ്ടപ്പെടുന്നവ അധികരിച്ചതോതില്‍ പ്രസ്തുത മണ്ണില്‍ ഉണ്ടാകും. അതുകൊണ്ട് ഒരുതവണ വെണ്ട, വഴുതിന, മുളക് കൃഷിചെയ്ത ഇടങ്ങളില്‍ അടുത്തതവണ മറ്റിനമായ വെള്ളരി, മത്തന്‍, പയര്‍ തുടങ്ങിയവ കൃഷിചെയ്യുക. പച്ചക്കറി ചെയ്തിടത്ത് പിന്നീട്, മരച്ചീനി, മധുരക്കിഴങ്ങ്, ചേന, ചേമ്പ് തുടങ്ങിയ വിള കൃഷിചെയ്യുക. പിന്നീട് ഇലക്കറികളാവാം. ഇങ്ങനെ  മാറി കൃഷിചെയ്യുക. 
2. കൃഷിയിടത്തില്‍ സൂര്യതാപീകരണം നടത്തുക. നിലം നന്നായി കിളച്ച് വെയില്‍കൊള്ളിക്കുക., തുടര്‍ന്ന് 50 മൈക്രോണ്‍ കട്ടിയുള്ള പോളിത്തീന്‍ ഷീറ്റ്കൊണ്ട് മണ്ണിനെ പുതപ്പിച്ച് ഷീറ്റിന്റെ അരികില്‍ മണ്ണുകൊണ്ട് വരമ്പിട്ട് ഉള്ളില്‍ വായുസഞ്ചാരം ഉണ്ടാകാത്ത സാഹചര്യം ഒരുക്കുക. 15–20 ദിവസത്തിനുശേഷം ഷീറ്റ് നീക്കുക.  പുറംതാപത്തെക്കാള്‍ 5–10 ഡിഗ്രി സെല്‍ഷ്യസ് താപം ഇതിനകത്തുണ്ടാകും. ഇതില്‍ വിരകളെ നിര്‍വീര്യമാക്കാം.
3. മണ്ണ് ഒരുക്കുമ്പോള്‍ ജൈവവളത്തോടൊപ്പം ഒരു ച. മീറ്ററിന് 200 ഗ്രാം എന്ന തോതില്‍ വേപ്പിന്‍പിണ്ണാക്ക് ചേര്‍ക്കുക. 
4. വിത്ത് നടുന്നതോടൊപ്പം/വിതയ്ക്കുന്നതോടൊപ്പം ജൈവ നിമവിരനാശിനിയായ 'ബാസില്ലസ് മാസിറന്‍സ്' 25 ഗ്രാം/ഒരു ച. മീറ്റര്‍ പൊടി വിതറുക. ഒരാഴ്ചകഴിഞ്ഞ് രണ്ടുശതമാനം വീര്യത്തില്‍ ഇവ കലക്കിയ ലായനി മണ്ണില്‍ തളിക്കുക. അല്ലെങ്കില്‍ 'പെസിലൊ മൈനസ് ലിലാസിനസ് പൊടിയായാലും മതി. 
5. നടുന്നതിന് രണ്ടാഴ്ച മുമ്പ് ചെടി ഒന്നിന് 500 ഗ്രാം എന്ന തോതില്‍ ഉമി, അറക്കപ്പൊടി ഇവയിലേതെങ്കിലും ഒന്ന് മണ്ണില്‍ ചേര്‍ക്കുക. 
6. പച്ചിലവളമായി വേപ്പില ചേര്‍ത്തുകൊടുക്കുക. 
7. വിത്ത് നടുംമുമ്പേ 'ബാസിലസ് മാസിറന്‍സ്' എന്ന പൊടി വിത്തിന്റെ ഭാരത്തിന്റെ മൂന്നു ശതമാനം എന്ന തോതില്‍ എടുത്ത് വിത്ത് പുരട്ടുക. 
8. ചേന, ചേമ്പ്, കാച്ചില്‍ എന്നിവയെ ഇഷ്ടപ്പെടുന്നവയെ ഇല്ലാതാക്കാന്‍ ബാസില്ലസ് മാസിറന്‍സ് രണ്ടുശതമാനം ലായനിയില്‍ വിത്ത് മുക്കുകയും, മണ്ണില്‍ ഒഴിക്കുകയും വേണം. 
9. 100 ഗ്രാം വേപ്പില അഞ്ചുലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് തണുത്തശേഷം ഇലയില്‍ തളിക്കുക.

പശുപരിപാലനം കറവക്കാലത്തെ രോഗങ്ങള്‍

ഡോ. സാബിന്‍ ജോര്‍ജ്

ഉല്‍പ്പാദനശേഷി കുറഞ്ഞ നാടന്‍പശുക്കളെ  ഒഴിവാക്കി ഉയര്‍ന്ന ഉല്‍പ്പാദനശേഷിയുള്ള സങ്കരയിനം പശുക്കള്‍ രംഗത്തെത്തിയതോടെ കറവക്കാലം ക്ഷീരകര്‍ഷകന് പ്രശ്നകാലമായിരിക്കുകയാണ്.  പാലുല്‍പ്പാദനത്തിന് ശരീരത്തില്‍നിന്നുണ്ടാകുന്ന പോഷകങ്ങളുടെ വലിയൊരു പങ്ക് ഉപയോഗിക്കുന്നു.  ഇങ്ങനെ നഷ്ടപ്പെടുന്ന പോഷകങ്ങള്‍ ആഹാരത്തിലൂടെ  നല്‍കാന്‍ പരാജയപ്പെടുന്നതുമൂലം കറവപ്പശുക്കളില്‍ ഉല്‍പ്പാദനസംബന്ധമായ  രോഗങ്ങള്‍ ഉണ്ടാകുന്നു.

പ്രസവിച്ച ഉടന്‍ പശുക്കളെ  ബാധിക്കുന്ന രോഗമാണ് ക്ഷീരസന്നി (പാല്‍പ്പനി). പ്രസവത്തിനുശേഷം രണ്ടുദിവസത്തിനുള്ളിലാണ് ഇത് ഏറ്റവുമധികം കാണപ്പെടുന്നത്. പശുവിന്റെ മൂന്നാമത്തെ പ്രസവംമുതലാണ്  ഇതിന് സാധ്യത കൂടുതലുള്ളത്.  പ്രസവത്തിനുശേഷം പാലുല്‍പ്പാദനം കൂടുന്നതുമൂലം രക്തത്തിലെ കാത്സ്യത്തിന്റെ അളവു കുറയുന്നതാണ് രോഗകാരണം. നാവ് പുറത്തേക്കു നീട്ടുക, കഴുത്തിലെയും, കാലുകളിലെയും മാംസപേശികളുടെ വിറയല്‍, ക്ഷീണം, പല്ലുകള്‍ കൂട്ടിയുരുമുക എന്നിവയാണ് ലക്ഷണങ്ങള്‍.

ഈ ഘട്ടത്തില്‍ ചികിത്സനല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത ഘട്ടത്തില്‍ പാലുല്‍പ്പാദനം കുറയും. പിന്നീട് പശു കഴുത്തു വളച്ച് തോളോടു ചേര്‍ത്തുവച്ച് കിടക്കും. ക്ഷീരസന്നിയുടെ ഏറ്റവും പ്രധാന ലക്ഷണമാണിത്. ശരീരതാപനില സാധാരണയിലും താഴെയാകും. മൂക്ക് ഉണങ്ങിവരളുക, മലദ്വാരം വികസിച്ച് കട്ടിയായ  ചാണകം വന്നുനിറയുക  എന്നീ  ലക്ഷണങ്ങളും ഉണ്ടാകും.  ഇത്തവണയും ചികിത്സ നല്‍കിയില്ലെങ്കില്‍ അവസാനഘട്ടത്തിന്റെ ലക്ഷണങ്ങള്‍ കാണാം. തല തറയോടു ചേര്‍ത്തുവച്ച് കൈകാലുകള്‍ നീട്ടി ഒരുവശത്തേക്ക് കിടക്കുന്നു. യഥാസമയം ചികിത്സ ലഭിച്ചില്ലെങ്കില്‍ പശു ചത്തുപോകും.

ഒരു വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ കാത്സ്യം കുത്തിവയ്പ് നല്‍കിയാണ് ചികിത്സ. ഇതിന് താമസമുണ്ടായാല്‍  പശു കിടപ്പിലാകും. ഇതു തുടര്‍ന്നാല്‍  പേശികളിലേക്കുള്ള രക്തയോട്ടം കുറഞ്ഞ് എഴുന്നേല്‍ക്കാനാവാതെവരും. ഇങ്ങനെയുള്ള പശുക്കള്‍ക്ക്  കൂടുതല്‍ ശ്രദ്ധവേണം. ഇവയെ ഒരുമണിക്കൂര്‍ ഇടവിട്ട് വശംതിരിച്ച് കിടത്തണം.  വൈക്കോല്‍, പുല്ല് ഇവ കിടക്കാനായി നല്‍കണം.  ഇടയ്ക്കിടെ ചാക്കുകെട്ടി എഴുന്നേല്‍പ്പിച്ച്  കൈകാലുകള്‍ തിരുമ്മിക്കൊടുക്കണം.  ഈ കിടപ്പ് എട്ടുപത്തു ദിവസം തുടര്‍ന്നാല്‍ പശുക്കള്‍ സ്വയം എഴുന്നേല്‍ക്കാന്‍ സാധ്യതയില്ല.

കറവക്കാലത്ത് രക്തത്തില്‍ മഗ്നീഷ്യം എന്ന ധാതുവിന്റെ അളവ് കുറയുന്നത് അപസ്മാരത്തിന് കാരണമാകും.  മഴയും തണുപ്പുമുള്ള കാലാവസ്ഥയില്‍ ഇത് കൂടുതലായി ഉണ്ടാകും. ധാരാളം ഇളംപുല്ല് കഴിക്കുന്നതാണ്  ഇതിനു കാരണം. മാംസപേശികളുടെ വിറയല്‍, വീണുകിടന്ന് കൈകാലുകളിട്ടടിക്കുക, വെകിളി പിടിക്കുക, വായില്‍നിന്ന് നുരയും, പതയും വരിക എന്നീ ലക്ഷണങ്ങളും കാണിക്കും.  പശുക്കള്‍ തീറ്റയെടുക്കാതെയാവുകയും പാലുല്‍പ്പാദനം കുറയുകയും ചെയ്യും.  മഗ്നീഷ്യമുള്ള കുത്തിവയ്പാണ് പ്രതിവിധി.

പ്രസവത്തിനുശേഷം ആദ്യത്തെ രണ്ടു മാസങ്ങള്‍ക്കുള്ളില്‍  പശുക്കളില്‍ കണ്ടുവരുന്ന രോഗമാണ്  കിറ്റോസിസ്. രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് കുറയുന്നതാണ് കാരണം.  പാലിന്റെ അളവ് കുറയുന്നതാണ് ആദ്യലക്ഷണം.  പിണ്ണാക്ക് മുതലായവ വിസര്‍ജിക്കുകയും വൈക്കോലും പുല്ലും കുറെശ്ശെ കഴിക്കുകയും ചെയ്യും.  ശരീരത്തിന്റെ തൂക്കം കുറയും. രോഗം തീവ്രമായാല്‍ ഉന്മാദ ലക്ഷണങ്ങള്‍ കാണാം. ഇവ കയറില്‍ വലിഞ്ഞുനില്‍ക്കുകയും വട്ടത്തില്‍ കറങ്ങുകയും ചെയ്യും. മൂത്രം ശേഖരിച്ച് മൃഗാശുപത്രിയില്‍ പരിശോധിച്ച് രോഗനിര്‍ണയം നടത്താം.  പാലിന്റെ അളവ് അകാരണമായി കുറയുമ്പോള്‍ ഇതു ചെയ്യണം. ഗ്ളൂക്കോസ് കുത്തിവയ്പ് നടത്തിയാണ് ചികിത്സ നല്‍കേണ്ടത്.

ഉടച്ച ചോളം പ്രസവത്തിനുമുമ്പ് തീറ്റയില്‍ ഉള്‍പ്പെടുത്തുന്നത്  നല്ലതാണ്.  വിശേഷാവസരങ്ങളില്‍ ബാക്കിവരുന്ന ചോറ് കഞ്ഞിയായി അമിത അളവില്‍ കൊടുക്കുന്ന ശീലം നല്ലതല്ല. പ്രസവിച്ച ഉടന്‍ കഞ്ഞി, ശര്‍ക്കരക്കഞ്ഞി, പായസം ഇവ നല്‍കുന്നതും ദോഷകരമാണ്. പ്രസവിച്ചശേഷം, പ്രസവിക്കുന്നതിനുമുമ്പ് ഉണ്ടായിരുന്ന  ആഹാരരീതിതന്നെ ആദ്യനാളുകളില്‍  തുടരുക. ക്രമേണ  ആഹാരക്രമത്തില്‍ മാറ്റംവരുത്തുക. കറവപ്പശുക്കള്‍ക്ക് നിലനില്‍പ്പിനായി 1.5–2 കിലോഗ്രാം തീറ്റയും പാലുല്‍പ്പാദനത്തിന് ഓരോ 2.5–2 കിലോഗ്രാം പാലിന് ഒരു കിലോഗ്രാം എന്ന വിധത്തില്‍ അധിക തീറ്റയും നല്‍കണം.  തീറ്റയില്‍ ഖനിജ ലവണ മിശ്രിതങ്ങള്‍  നല്‍കണം. പ്രസവത്തിനുമുമ്പ് പശുക്കളെ പട്ടിണിക്കിടരുത്. പ്രസവത്തിന്റെ ആദ്യഘട്ടത്തില്‍ ധാന്യസമ്പന്നമായ തീറ്റ നല്‍കണം. പ്രവസത്തിനുശേഷം കുറച്ചുദിവസം സോഡിയം പ്രൊപ്പിയോണേറ്റ്  60 ഗ്രാം രണ്ടുനേരമായി ആഹാരത്തില്‍ കൊടുത്താല്‍ കിറ്റോസിസ് തടയാം.

കമ്പിളിപ്പുഴുവിനെ കരുതിയിരിക്കുക

വീണാറാണി ആര്‍

മൂടിക്കെട്ടിയ ആകാശം. കുറഞ്ഞ മഴ.  കൂടിയ വെയിലും ആര്‍ദ്രതയും, വാഴയില്‍ കീടത്തിന്റെ താരോദയം. വലിയ പ്രശ്നക്കാരനൊന്നുമല്ലാതിരുന്ന കമ്പിളിപ്പുഴുവാണ് നായകന്‍. ഒരുപറ്റം പുഴുക്കള്‍ ഇലയിലെ ഹരിതകം വളരെ പെട്ടെന്ന് കാര്‍ന്നുതിന്നുകയെന്നതാണ് കമ്പിളിപ്പുഴുവെന്ന് നാം പേരിട്ടുവിളിക്കുന്ന ലെപിസോപ്റ്ററന്‍ വിഭാഗത്തില്‍പ്പെട്ട പെരികാലിയ റിസിനിയുടെ ആക്രമണം. അതിരാവിലെയും സന്ധ്യക്കും പ്രവര്‍ത്തനനിരതനാകുന്ന പുഴു പകല്‍ വാഴക്കവിളിനകത്ത് സുഖസുഷുപ്തിയിലമരും. പകല്‍ പ്രത്യക്ഷപ്പെടാത്തതിനാല്‍ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു.

ഹരിതകം മുഴുവന്‍ തുരച്ചുകളഞ്ഞതുപോലിരിക്കുന്ന വാഴയാണ് കമ്പിളിപ്പുഴുവിന്റെ ആക്രമണ ലക്ഷണം. നേരിയ തോതിലുള്ള ആക്രമണം മാത്രം നടത്തിക്കൊണ്ടിരുന്ന കമ്പിളിപ്പുഴുവിന്റെ ഈ സീസണിലെ വളര്‍ച്ച വാഴകര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ചെറുതും വലുതുമായ വാഴത്തോട്ടങ്ങളില്‍ മാത്രമല്ല, ചീര, പയര്‍ തുടങ്ങിയ പച്ചക്കറികളിലും ആക്രമണം കാണുന്നു. വീടിനുള്ളില്‍ കയറുന്നതിന് പ്രത്യേകിച്ച് അനുവാദമൊന്നും കമ്പിളിപ്പുഴുവിന് വേണ്ട. ഇലയുടെ മേല്‍ മരുന്നു തളിച്ചതുകൊണ്ട് നിയന്ത്രണം സാധ്യമാകില്ല. ഒരില പോയാല്‍ ഒരു പടല പോയിയെന്ന വാഴയുടെ കാര്‍ഷികനയത്തിലാണ് കമ്പിളിപ്പുഴു കണിവച്ചിരിക്കുന്നത്.

വേപ്പണ്ണ എമല്‍ഷന്‍ വാഴക്കവിളില്‍ ഒഴിക്കുകയെന്നതാണ് കമ്പിളിപ്പുഴുവിനെതിരെയുള്ള ഏറ്റവും നല്ല നിയന്ത്രണമാര്‍ഗം. ഇതിനായി 50 മില്ലി വെള്ളത്തില്‍ ആറുഗ്രാം ബാര്‍സോപ്പ് ലയിപ്പിക്കുക. ഈ ലായിനി 100 മില്ലി  വേപ്പണ്ണയുമായി ചേര്‍ത്തിളക്കാം. ഇങ്ങനെ തയ്യാര്‍ചെയ്ത  വേപ്പണ്ണ എമല്‍ഷന്‍ പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചുവേണം വാഴക്കവിളില്‍ ഒഴിക്കാന്‍. വെരുവലത്തിന്റെ പൂവും ഇലയും നന്നായി അരച്ച് 20ഗ്രാം ഒരുലിറ്റര്‍  വെള്ളത്തില്‍ എന്ന തോതില്‍ കലക്കി അരിച്ചെടുത്ത സത്ത് വാഴക്കവിളില്‍ ഒഴിക്കുന്നതും നിയന്ത്രണം സാധ്യമാക്കും. മിത്രകുമിളായ ബ്യുവേറിയ 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കിത്തളിക്കുന്നതാണ് കമ്പിളിപ്പുഴു നിയന്ത്രണത്തില്‍ ഏറെ ഫലപ്രദം.

(കൃഷി വകുപ്പില്‍ അസിസ്റ്റന്റ് ഡയറക്ടറാണ് ലേഖിക)


ടെറസിലുമാവാം ഹൈടെക് പച്ചക്കറി

മലപ്പട്ടം പ്രഭാകരന്‍

പട്ടണവാസികള്‍ക്ക് പച്ചക്കറി കൃഷിചെയ്യാന്‍ വേണ്ട സ്ഥലമില്ലെന്നും, ആഗ്രഹമുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങിലെന്നപോലെ ഇഷ്ടാനുസരണം കൃഷിചെയ്യാനാവുന്നില്ലെന്നതും പൊതുവേ അവര്‍ക്കിടയിലെ പ്രധാന ചര്‍ച്ചയാണ്. എന്നാല്‍ ചെറിയതോതിലുള്ള ടെറസിലെ ഗ്രോബാഗ് കൃഷിക്കപ്പുറം 'സംരക്ഷിത ഗൃഹങ്ങളിലൂടെ (ഹരിതഗൃഹം) ഹൈടെക് കൃഷിയും ചെയ്ത് എല്ലാകാലത്തും വിവിധയിനം പച്ചക്കറികള്‍ വിളയിക്കാമെന്ന് വെള്ളാനിക്കരയിലെ കാര്‍ഷിക സര്‍വകലാശാല പ്രായോഗികമാക്കുകയും പ്രചാരണം നല്‍കിവരികയുമാണ്.

അവര്‍ നടത്തിയ പരീക്ഷണങ്ങളില്‍നിന്ന് 10 മുതല്‍ 30 ച. മീറ്റര്‍വരെ വിസ്തീര്‍ണമുള്ള ഹരിതഗൃഹത്തില്‍നിന്ന് വര്‍ഷംമുഴുക്കെ ഒരുകുടുംബത്തിനാവശ്യമായ പച്ചക്കറി വിവിധ ഘട്ടങ്ങളില്‍ കൃഷിചെയ്ത് ഉണ്ടാക്കാനാവുമെന്നതാണ്. രാസകീടനാശിനികളൊന്നും ഉപയോഗിക്കാതെതന്നെ വിഷവിമുക്ത പച്ചക്കറിയായിത്തന്നെ ലഭ്യമാക്കുകയും ചെയ്യാം.(അവലംബം: കൃഷിയങ്കണം ഫെബ്രുവരി–മാര്‍ച്ച്).

ഇത്തരം ഹരിതഗൃഹങ്ങള്‍ മുകളില്‍ യു വി ഷീറ്റ്കൊണ്ടും എല്ലാവശങ്ങളും ഇന്‍സെക്ട് നെറ്റ്കൊണ്ടും ആവരണംചെയ്തിരിക്കും. രോഗകീടബാധ തടയാന്‍ ഇത് ആവശ്യമാണ്. ഏതു കാലാവസ്ഥയിലും ഇതിന്റെ ആധിക്യമോ പരിമിതികളോ പ്രതികൂലമായിബാധിക്കാത്തവിധം സംവിധാനംചെയ്യുന്നതാണ് ഇത്തരം കൂടാരങ്ങള്‍. അള്‍ട്രാവയലറ്റ് രശ്മിയുടെ ദൂഷ്യവശം ചെടികളില്‍ എത്തുന്നില്ലെന്നതും പ്രത്യേകതയാണ്. വെള്ളവും വളവുമെല്ലാം ലിക്വിറ്റ് രൂപത്തില്‍ ഡ്രിപ്പ് ഇറിഗേഷന്‍ (തുള്ളിനന)വഴിയാണ് ചെടികള്‍ക്ക് ലഭ്യമാക്കുക. രണ്ടുമീറ്റര്‍ മാത്രം ഹെഡ്ഡില്‍ പ്രവര്‍ത്തിക്കുന്ന  ഡ്രിപ്പുകളുണ്ട്. ഇത് ചെടിയുടെ കടയ്ക്കല്‍ വെള്ളം എത്തിക്കത്തക്കവിധം സംവിധാനംചെയ്താല്‍ മതി.

നമുക്കാവശ്യമായ എല്ലാ ഇനങ്ങളും ഇതിനകത്ത് കൃഷിചെയ്യാമത്രെ. പാവല്‍, പടവലം തുടങ്ങിയ പന്തല്‍ ആവശ്യമുള്ളവ പടര്‍ത്താനാവശ്യമായ സംവിധാനവും ഇതിനകത്ത് സജ്ജമാക്കാം. ഇതിനായി മള്‍ട്ടിടയര്‍ ഗ്രോബാഗുകള്‍ ഉപയോഗിച്ചാല്‍ ചെലവുകുറയ്ക്കാനാവും. 10, 20 ച. മീറ്റര്‍ വിസ്തൃതിയുള്ള പോര്‍ട്ടബിള്‍ ഗ്രീന്‍ഹൌസുകള്‍ രൂപകല്‍പ്പനചെയ്തിട്ടുണ്ട്. വെള്ളാനിക്കരയിലെ ഹൈടെക് റിസര്‍ച്ച് ആന്‍ഡ് ടൈനി)ങ് യൂണിറ്റാണ് ഇത് രൂപകല്‍പ്പന ചെയ്തത്. ഉഷ്ണകാല പച്ചക്കറിയിനങ്ങളും ശീതകാല പച്ചക്കറി ഇനങ്ങളായ കാബേജ്, ക്വാളിഫ്ളവര്‍ തുടങ്ങിയവയും കൃഷിചെയ്യാനാവും. 10ച.മീ. 20 ച.മീ. വിസ്തീര്‍ണമുള്ള ഗ്രീന്‍ ഹൌസില്‍ യഥാക്രമം 180, 250 വീതം ചെടികള്‍ കൃഷിചെയ്യാം.

ജൈവകൃഷിയാണ് ടെറസില്‍ അനുയോജ്യം. മറ്റ് പരിസരമലിനീകരണം തടയാനും വിഷവിമുക്തമായ പോഷകഗുണമേറിയ പച്ചക്കറി എല്ലാ ദിവസവും ലഭ്യമാക്കാനും ഇതുവഴി സാധിക്കും.

ആദ്യം അല്‍പ്പം വര്‍ധിച്ച ചെലവ് ഉണ്ടാവാമെന്നത് ശരിയാണെങ്കിലും തുടര്‍ന്ന് ലഭ്യമാകുന്ന വരുമാനത്തിലൂടെ ഇത് പരിഹരിക്കപ്പെടും. മറ്റ് തൊഴിലിലൊന്നും ഏര്‍പ്പെടാത്ത വീട്ടമ്മമാര്‍ക്ക് മിച്ചംവരുന്നവ വിറ്റ് വരുമാനമുണ്ടാക്കാം. ഒഴിവുസമയം ഇതിനായി വിനിയോഗിക്കുകയും ചെയ്യാം. കാലത്തും വൈകുന്നേരവും ശ്രദ്ധിച്ചാല്‍തന്നെ വീട്ടില്‍ പച്ചക്കറിയില്‍ സ്വയംപര്യാപ്തത ഉണ്ടാക്കാം.

കാര്‍ഷിക സര്‍വകലാശാലകളും വിവിധ അംഗീകൃത സ്ഥാപനങ്ങളും കൃഷിവകുപ്പും ഹൈടെക് കൃഷിയില്‍ പരിശീലന ക്ളാസുകള്‍ നടത്തുന്നുണ്ട്. സംരംഭകര്‍ പരിശീലനത്തിലൂടെ ഈ രംഗത്ത് കടന്നുവരുന്നത് എളുപ്പവും സ്വയംചെയ്യാനുള്ള ആത്മവിശ്വസം ഉറപ്പിക്കാനും സഹായിക്കും

സോയാബീന്‍ കൃഷിചെയ്യാം

രവീന്ദ്രന്‍ തൊടീക്കളം

ധാരാളം പ്രോട്ടീനും മറ്റു പോഷകങ്ങളും അടങ്ങിയ പയര്‍വര്‍ഗ വിളയാണ് സോയാബീന്‍. ആരോഗ്യസംരക്ഷണത്തിനായി 25 ഗ്രാം സോയാപ്രോട്ടീന്‍ പ്രതിദിനം ഒരാള്‍ കഴിക്കണമെന്നതാണ് ആരോഗ്യസംഘടനയുടെ കണക്ക്. അടുക്കളത്തോട്ടത്തിന് അനുയോജ്യമായ വിളയാണിത്. കാലവര്‍ഷാരംഭത്തിനു മുമ്പും ശേഷവും കൃഷിചെയ്യുന്നതാണ് നല്ലത്. മണല്‍കലര്‍ന്ന നല്ല ജൈവാംശമുള്ള മണ്ണാണ് കൃഷിക്കനുയോജ്യം. വാരങ്ങളെടുത്ത് ഒരിഞ്ച് ആഴത്തില്‍ വിത്തിടുകയോ, തൈകള്‍ തയ്യാറാക്കി 20 സെന്റീമീറ്റര്‍ അകലം നല്‍കി തൈകള്‍ നടുകയോ ചെയ്യാം. അടിവളമായി ഒരു ചെടിക്ക് രണ്ടു കി.ഗ്രാം ജൈവവളം ചേര്‍ത്തുകൊടുക്കണം. മേല്‍വളമായി ജൈവവളങ്ങളോ ജൈവവളക്കൂട്ടുകളോ രണ്ടാഴ്ചത്തെ ഇടവേളകളില്‍ കൊടുക്കണം. മഴ ലഭിക്കുന്നതുവരെ നന കൊടുക്കണം.

മഴ ആരംഭിക്കുന്നതോടെ മണ്ണ് അടുപ്പിച്ചുകൊടുക്കണം. നാലുമാസത്തിനകം പൂവിട്ട് കായകള്‍ ലഭിക്കാന്‍ തുടങ്ങും. മൂപ്പെത്താത്ത കായകള്‍ പറിച്ചെടുത്ത് തോരനും ഉപ്പേരിയും ഉണ്ടാക്കാം.  നന്നായി ഉണങ്ങിയ സോയാവിത്തുകളില്‍നിന്ന് സോയാപാല്‍ ഉണ്ടാക്കാം. 

സോയാപാല്‍ ഉണ്ടാക്കുന്നവിധം
ധാരാളം പോഷകമടങ്ങിയ പാനീയമാണ് സോയാപാല്‍. ആരോഗ്യത്തിന് ഹാനികരമായ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ഇത് ഉപകരിക്കും. ഒരുലിറ്റര്‍ സോയാപാല്‍ ഉണ്ടാക്കുന്നതിന് 125 ഗ്രാം സോയവിത്ത് വേണ്ടിവരും. നന്നായി വിളഞ്ഞുണങ്ങിയ വിത്തുകള്‍ കഴുകിവൃത്തിയാക്കി 8–10 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കുക. കുതിര്‍ത്തെടുത്ത വിത്ത് അമര്‍ത്തി പുറംതൊലി കളഞ്ഞ് പരിപ്പെടുത്ത് കഴുകിവൃത്തിയാക്കി നന്നായി അരച്ചെടുക്കുക. സോയപയറിന് ദുര്‍ഗന്ധമുണ്ട്. ചൂടുള്ള കഞ്ഞിവെള്ളത്തില്‍ അരമണിക്കൂര്‍ മുക്കിവച്ചശേഷം തണുത്ത വെള്ളത്തില്‍ കഴുകിയെടുത്താല്‍ ഈ ദുര്‍ഗന്ധം മാറിക്കിട്ടും. അരച്ചെടുത്ത പയര്‍ ഇടവിട്ടടവിട്ട് പുഴുങ്ങി വീണ്ടും അരച്ചെടുക്കുക. ഇങ്ങിനെ തയ്യാറാക്കിയ മാവില്‍ എട്ടിരട്ടി വെള്ളം ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. ഈ ലായനി അരിച്ചെടുത്ത് ചെറുതായി ഇളക്കി വീണ്ടും തിളപ്പിക്കുക. അതിനുശേഷം അഞ്ചുദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഇങ്ങനെ തയ്യാറാക്കിയ സോയാപാല്‍ ആവശ്യാനുസരണമെടുത്ത് തിളപ്പിച്ച് ഉപയോഗിക്കാം. ആഴ്ചയിലൊരിക്കലെങ്കിലും തിളപ്പിച്ച് ദീര്‍ഘകാലം സൂക്ഷിക്കുകയും ചെയ്യാം.

കന്നുകാലിവളര്‍ത്തലില്‍ ലാഭം കൂട്ടാന്‍ ശാസ്ത്രീയ തീറ്റക്രമം

വെബ് ഡെസ്‌ക്‌

തീറ്റച്ചെലവ് ഏറിയാല്‍ പശുപരിപാലനത്തില്‍നിന്നുള്ള ലാഭം കുറയും. പാലുല്‍പ്പാദനം അനുസരിച്ചും കറവയുടെ വിവിധ ഘട്ടങ്ങളിലും തീറ്റക്രമത്തില്‍ ആവശ്യമായ വ്യത്യാസം വരുത്തണം.   അതായത്, തീറ്റ ആവശ്യത്തിലധികം നല്‍കുന്നത് പാഴ്ച്ചെലവാണ്.  തീറ്റ കുറവു നല്‍കിയാല്‍ ഉല്‍പ്പാദനനഷ്ടം മാത്രമല്ല, പ്രത്യുല്‍പ്പാദനത്തെയും തകരാറിലാക്കും.  കറവപ്പശുവിന്റെ പാലുല്‍പ്പാദനത്തിന്റെ  വിവിധ ഘട്ടങ്ങളില്‍ നല്‍കേണ്ട തീറ്റയെക്കുറിച്ചുള്ള അറിവാണ് ഇവിടെ ആവശ്യം. ഇതിനായി കറവക്കാലത്തെ വിവിധ ഘട്ടങ്ങളായി തരംതിരിക്കാം.  
ആദ്യഘട്ടം (പ്രസവശേഷം 10–12 ആഴ്ചവരെ)

പ്രസവശേഷം പാലുല്‍പ്പാദനം വര്‍ധിക്കുന്നു. ഈ സമയത്ത് പാലില്‍ കൊഴുപ്പ് കുറവാകും. പാലുല്‍പ്പാദനം ഏറ്റവും കൂടുതലുള്ള സമയമാണിത്. പ്രസവശേഷം ക്രമമായി ഉയരുന്ന പാലുല്‍പ്പാദനം 6–8 ആഴ്ചയോടെ പരമാവധി അളവിലെത്തുന്നു.   എന്നാല്‍ നീണ്ട ഗര്‍ഭകാലത്തിനുശേഷം  ഗര്‍ഭാശയത്തിന്റെ മര്‍ദം മൂലം ചുരുങ്ങിയ പശുവിന്റെ ആമാശയത്തിന്  വേണ്ടത്ര തീറ്റയെടുക്കാന്‍ പരിമിതിയുണ്ട്. അതിനാല്‍ ഈ സമയത്ത് പശുവിന് പൂര്‍ണമായ വിശപ്പുണ്ടാവില്ല. അതേസമയം പാലുല്‍പ്പാദനം കൂടുന്നതിനാല്‍ കൂടുതല്‍ പോഷകങ്ങള്‍ ശരീരത്തിന് ആവശ്യമാണുതാനും. അതിനാല്‍ കുറച്ച് ഭക്ഷണത്തില്‍തന്നെ കൂടുതല്‍  പോഷണം ലഭിക്കുന്ന തീറ്റ ഈ സമയത്ത് നല്‍കണം.  ചലഞ്ച് ഫീഡിങ് എന്ന രീതി പരീക്ഷിക്കേണ്ട സമയംകൂടിയാണിത്.   പ്രസവിച്ച് ആദ്യത്തെ രണ്ടുമാസം തീറ്റയുടെ അളവ് നാലു ദിവസത്തെ  ഇടവേളകളില്‍ അരക്കിലോഗ്രാംവീതം കൂട്ടിക്കൊടുക്കണം.  പാലുല്‍പ്പാദനം തീറ്റയുടെ അളവിനനുസരിച്ച്  കൂട്ടാത്ത അളവ് പിന്നീട് സ്ഥിരമായി നിലനിര്‍ത്തുക. പാലില്‍ നഷ്ടപ്പെടുന്ന ഊര്‍ജത്തിന്റെ അളവു നികത്താനായി ബൈപാസ് ഫാറ്റ്പോലെയുള്ള  ഊര്‍ജസ്രോതസ്സുകള്‍ ഈ സമയത്ത് ഉപയോഗിക്കാം.  ബൈപാസ് പ്രോട്ടീന്‍ തീറ്റകള്‍, പയര്‍വര്‍ഗ വിളകള്‍, ധാന്യവിളകള്‍ എന്നിവയും ഈ സമയത്ത് നല്‍കാം.  കാലിത്തീറ്റയില്‍ ചെറിയ അളവില്‍ ചോളപ്പൊടി നല്‍കുന്ന രീതിയുമുണ്ട്. അസിഡിറ്റി ഒഴിവാക്കാന്‍ അപ്പക്കാരവും തീറ്റയില്‍ ചേര്‍ക്കാം.

രണ്ടാം ഘട്ടം (12–24 ആഴ്ചക്കാലം)
പശുവിന്റെ വിശപ്പും, ദഹനവ്യവസ്ഥയുടെ  പ്രവര്‍ത്തനവും പൂര്‍ണ്ണമായും തിരിച്ചെത്തുന്ന സമയമാണിത്.  കൂടുതല്‍ തീറ്റ കഴിക്കാന്‍  പശു  ശ്രമിക്കുകയും ചെയ്യുന്നു.  കൃത്യമായ അളവില്‍ പച്ചപ്പുല്ലും, വൈക്കോലും ഉള്‍പ്പെടെയുള്ള പരുഷാഹാരം കാലിത്തീറ്റയ്ക്കൊപ്പം നല്‍കണം. ധാതുലവണ മിശ്രിതങ്ങളും തീറ്റയില്‍ ചേര്‍ക്കണം.

മൂന്നാം ഘട്ടം (24 ആഴ്ചമുതല്‍ കറവ വറ്റുന്നതുവരെ)
പാലുല്‍പ്പാദനം കുറഞ്ഞുവരുന്നു. പശുക്കള്‍ ഗര്‍ഭവതിയാകും. പ്രതിമാസം 8–10 ശതമാനം  നിരക്കില്‍ ഉല്‍പ്പാദനത്തില്‍  കുറവു വരുന്നു.  തീറ്റച്ചെലവു കുറയ്ക്കാന്‍കഴിയുന്ന വിധത്തില്‍ ആഹാരക്രമം ക്രമീകരിക്കണം.  അളവിലും  ഗുണത്തിലും മാറ്റങ്ങള്‍ സാധ്യമായ സമയം.

നാലാം ഘട്ടം (വറ്റുകാലം)
പശുവിന്റെ അകിടിനും ദഹനവ്യൂഹത്തിനും ഒരുപരിധിവരെ അടുത്ത കറവയ്ക്കായി ഒരുങ്ങാനുള്ള സമയമാണിത്.  അടുത്ത കറവക്കാലത്ത് ഉല്‍പ്പാദനം കൂട്ടാനും, അടുത്ത പ്രസവത്തില്‍ ഉപാപചയരോഗങ്ങള്‍ ഒഴിവാക്കാനും  കഴിയുന്നവിധം തീറ്റക്രമം  മാറണം. പാലുല്‍പ്പാദനം ഇല്ലാത്തതിനാല്‍  ഈ സമയം പശുക്കളെ കര്‍ഷകര്‍ അവഗണിക്കാറുണ്ട്.  ധാതുലവണ മിശ്രിതം ഒഴിവാക്കി ആനയോണിക്ക് ഉപ്പുകള്‍, വിറ്റമിന്‍ എ, ഡി, ഇ, നിയാസിന്‍ എന്നിവ നല്‍കാന്‍ കഴിയണം.  ഗുണമേന്മയുള്ള പരുഷാഹാരമാകണം പ്രധാന തീറ്റവസ്തു.

അഞ്ചാം ഘട്ടം (പ്രസവത്തിനുമുമ്പുള്ള രണ്ടാഴ്ചക്കാലം)
പ്രസവത്തിന് രണ്ടാഴ്ചമുമ്പുള്ള ഈ സമയത്ത് പ്രത്യേക ശ്രദ്ധ നല്‍കണം. പ്രസവശേഷം  നല്‍കാന്‍ ഉദ്ദേശിക്കുന്ന തീറ്റയുമായി പശുവിന്റെ  ആമാശയത്തിന്റെ ആദ്യ അറയായ റൂമനെ പരിചയപ്പെടുത്തിക്കൊണ്ടുവരാനുള്ള സമയമാണിത്. ഏതു പുതിയ തീറ്റയോടും സമരസപ്പെടാന്‍ റൂമനിലെ സൂക്ഷ്മജീവികള്‍ രണ്ടാഴ്ചവരെ എടുക്കുന്നു. അതിനാല്‍  പ്രസവശേഷമുള്ള  തീറ്റ പരിചയപ്പെടുത്താന്‍ ഈ രണ്ടാഴ്ച  ഉപയോഗപ്പെടുത്തണം. ഈ സമയത്ത്  ഖരാഹാരം കൂട്ടിനല്‍കി തുടങ്ങുന്ന രീതിയെ ‘സ്റ്റീമിങ് അപ് എന്നാണ് വിളിക്കുന്നത്.

ഇങ്ങനെ കറവസമയത്തുള്ള തീറ്റക്രമമാണ് ഈ കാലയളവിലെ മൊത്തം ഉല്‍പ്പാദനത്തിന്റെ അളവിനെയും തീറ്റച്ചെലവിനെയും സ്വാധീനിക്കുന്നത്.  ഓരോ പശുവും കറവയുടെ ഏതു ഘട്ടത്തിലാണെന്ന് അറിഞ്ഞുവേണം തീറ്റയുടെ അളവും, ഗുണവും നിജപ്പെടുത്താന്‍. തീറ്റ നല്‍കുന്നത് പാത്രമറിഞ്ഞു വേണമെന്നു ചുരുക്കം.

(മണ്ണുത്തി, വെറ്ററിനറി കോളേജ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എല്‍.പി.എം. അസിസ്റ്റന്റ് പ്രൊഫസ്സറാണ് ലേഖകന്‍)

മുയലിന്റെ 'പാര്‍പ്പിടം'

ഡോ. എം ഗംഗാധരന്‍ നായര്‍

മുയലുകളെ വളര്‍ത്തുന്ന കര്‍ഷകര്‍ ആദ്യമായി ചിന്തിക്കേണ്ടത് ഇതിന്റെ 'പാര്‍പ്പിട'ത്തെക്കുറിച്ചാണ്. ഇവയുടെ തീറ്റ, ഉറക്കം, പ്രത്യുല്‍പ്പാദനം തുടങ്ങിയ ജീവിതചര്യകള്‍ നടക്കുന്നത് പാര്‍പ്പിടങ്ങളിലാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മുയലുകളുടെ എണ്ണം, ഉല്‍പ്പാദനോദ്ദേശ്യം, പരിസ്ഥിതി ഘടകങ്ങള്‍ എന്നിവയെ ആശ്രയിച്ചാകണം കൂടുകള്‍ നിര്‍മിക്കേണ്ടത്. 
കൂടുകള്‍ നിര്‍മിക്കുന്ന സ്ഥലം ജനബാഹുല്യമുള്ള പ്രദേശത്തിനും, ശബ്ദം–പുക എന്നിവ സൃഷ്ടിക്കുന്ന ഫാക്ടറികള്‍ എന്നിവയ്ക്കും അകലെയാകണം. മഴയില്‍നിന്നും വെയിലില്‍നിന്നും സംരക്ഷണം ലഭ്യമാക്കണം.

കൂടിന്റെ അളവുകള്‍
പ്രജനന പ്രായമായ മുയലുകളെ ഒറ്റയ്ക്ക് വളര്‍ത്തുന്നതാണ് നല്ലത്. കൂടിന് 90 സെന്റീമീറ്റര്‍ നീളവും 70 സെന്റീമീറ്റര്‍ വീതിയും 50 സെ. മീ. ഉയരവും ഉണ്ടാകണം. മുയലുകളെ അനായാസം പുറത്തെടുക്കാന്‍ സൌകര്യമുള്ള വാതിലുകള്‍ വേണം. കൂടിന്റെ അടിഭാഗം 75 മുതല്‍ 90 സെ. മീ. വരെ തറയില്‍നിന്ന് ഉയരത്തിലാകണം. ടിന്‍ഷീറ്റുകള്‍ മുറിച്ചെടുത്ത് നിര്‍മിക്കുന്ന 'മെറ്റല്‍ ഗാര്‍ഡുകള്‍' എലികളില്‍നിന്ന് സംരക്ഷണം നല്‍കും.

അടിഭാഗം മരംകൊണ്ടാണ് നിര്‍മിക്കുന്നതെങ്കില്‍ മരണകഷണങ്ങള്‍ തമ്മിലുള്ള അകലം 1.5 സെ. മീ. ആകണം. കൂടിന് 'വയര്‍മെഷ്' ഉപയോഗിക്കുമ്പോള്‍ അടിഭാഗത്തിന് 1.8 സെ. മീ. വീതം നീളവും വീതിയും (1.8 സെ. മീ. ഃ 1.89 സെ. മീ.) എന്ന അളവും പാര്‍ശ്വഭാഗങ്ങള്‍ 2.5 സെ. മീ. വീതം നീളവും നീതിയും ഉണ്ടാകണം. കാഷ്ഠവും, മൂത്രവും കൂട്ടില്‍ തങ്ങിനില്‍ക്കാതെ കീഴ്പ്പോട്ട് വീഴുന്നതിനും, കുഞ്ഞുങ്ങളുടെ കാലുകള്‍ കുടുങ്ങിപ്പോകാതിരിക്കാന്‍ ഇതു സഹായിക്കും.

വ്യാവസായികാടിസ്ഥാനത്തില്‍
വ്യാവസായികാടിസ്ഥാനത്തില്‍ വന്‍തോതില്‍ മുയല്‍ വളര്‍ത്തലില്‍ ഏര്‍പ്പെടുന്നവര്‍ 60 ഃ 45 സെ. മീറ്റര്‍ നീളവും വീതിയും ഉള്ള കമ്പിവലകള്‍കൊണ്ടുണ്ടാക്കിയ കൂടുകള്‍ രണ്ടോ–മൂന്നോ നിരയായി (ടയര്‍ സിസ്റ്റം) നിര്‍മിക്കാം. ഇറച്ചിക്കായി വളര്‍ത്തുന്ന നാലു മാസംവരെ പ്രായമുള്ള മുയല്‍ക്കുഞ്ഞുങ്ങളെ 'ഡീപ്ലിറ്റര്‍ സിസ്റ്റം' അനുസരിച്ച് മുറികളില്‍ വളര്‍ത്താം. ഇത്തരം 'കോളനിക്കൂടുകള്‍' മരം, കമ്പിവല എന്നിവ ഉപയോഗിച്ചും നിര്‍മിക്കാം. ഒരു മുറിയില്‍ (കോളനിയില്‍) 50 കുഞ്ഞുങ്ങള്‍വരെ ആകാം. ഓരോ മുയലിനും 0.13 മീറ്റര്‍ സ്ക്വയര്‍ എന്ന തോതില്‍ 50 എണ്ണത്തിന് 6.5 മീറ്റര്‍ സ്ക്വയര്‍ വിസ്തീര്‍ണം തറയ്ക്ക് ഉണ്ടാകണം. തറ 'വയര്‍മെഷ്'കൊണ്ടാണെങ്കില്‍ ഒരു മുയലിന് 0.1 മീറ്റര്‍ സ്ക്വയര്‍ എന്ന അളവില്‍ മതിയാകും.

തീറ്റ–കുടിവെള്ള സൌകര്യങ്ങള്‍
കുടിക്കാനുള്ള വെള്ളം ലഭ്യമാക്കുന്നതിന് ചെറുകിട മുയല്‍വളര്‍ത്തുകാര്‍ക്ക് മണ്‍പാത്രങ്ങള്‍ ഉപയോഗപ്പെടത്താം. ചട്ടികള്‍ക്ക് വൃത്താകൃതിയായതിനാല്‍ ഒന്നിലധികം മുയലുകള്‍ക്ക് വെള്ളം കുടിക്കാന്‍ കഴിയും. വെള്ളം വൃത്തികേടാകാന്‍ സാധ്യതയുള്ളതുകൊണ്ട് ഇടയ്ക്കിടെ വെള്ളം മാറ്റിക്കൊടുക്കണം.

നോസില്‍ ഘടിപ്പിച്ച കുപ്പികളില്‍ വെള്ളം നിറച്ച് കൂടിനുപുറത്ത് തലകീഴായി കെട്ടിത്തൂക്കണം. നോസിലിന്റെ പുറംഅറ്റം കൂടിനകത്തേക്ക് തള്ളിനില്‍ക്കണം. ഒഴിഞ്ഞ സലൈന്‍ കുപ്പികള്‍ ഇതിനായി ഉപയോഗപ്പെടുത്താം. ഈ രീതി ഉപയോഗപ്പെടുത്തുകയാണെങ്കില്‍ വെള്ളം വൃത്തികേടാകില്ല.

തകരം ഉപയോഗിച്ച് തീറ്റപ്പാത്രം നിര്‍മിക്കുകയാണെങ്കില്‍ ഭക്ഷ്യവസ്തുക്കള്‍ വൃത്തികേടാകില്ല. തീറ്റയിടുന്ന ഭാഗം കൂട്ടിനു പുറത്തും, വീഴുന്നഭാഗംകൂട്ടിനകത്തും അകത്തക്കവിധത്തില്‍ തീറ്റപ്പാത്രങ്ങള്‍ നിര്‍മിക്കാം.

വായു–വെളിച്ചം
ഷെഡ്ഡിനകത്ത് നല്ല വായുസഞ്ചാരം ഉണ്ടാകണം. എക്സ്ഹോസ്റ്റ് ഫാനുകള്‍ ഘടിപ്പിച്ചാല്‍ ദുര്‍ഗന്ധം കലര്‍ന്ന വായു പുറന്തള്ളപ്പെടും. നല്ല വെളിച്ചം അത്യാവശ്യമാണ്. ഇത് മുറികളിലെ കൂടുകള്‍ വൃത്തിയാക്കാനും രോഗാണുക്കള്‍ വളരാനുള്ള പരിസ്ഥിതി ഇല്ലാതാക്കുകയും ചെയ്യും. പ്രജനനത്തിന് ആവശ്യമായി വളര്‍ത്തുന്നവയ്ക്ക് ദിവസം 16 മണിക്കൂര്‍ വെളിച്ചം നല്‍കുന്നത് നല്ലതാണ്. സൂര്യപ്രകാശം കുറയുമ്പോള്‍ ട്യൂബ്ലൈറ്റുകള്‍ പ്രകാശിപ്പിക്കുന്നത് നല്ലതാണ്. വേനല്‍ക്കാലത്ത് ചൂട് നിയന്ത്രിക്കാന്‍ ഷെഡ്ഡുകള്‍ക്ക് ഫാള്‍സ് സീലിങ് നല്‍കുന്നത് നന്നാകും. ആസ്ബസ്റ്റോസ് ഷീറ്റ്, കാര്‍ഡ് ബോര്‍ഡ്, മരപ്പലക, ഓല എന്നിവ ഉപയോഗിക്കാം. ഷെഡ്ഡുകളും ചുറ്റിലും ദിവസവും അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കണം

ചെണ്ടുമല്ലി ; ആദായത്തിനും കീടരോഗ പ്രതിരോധത്തിനും

വീണ

അന്യസംസ്ഥാനങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് രൂപയുടെ പൂക്കളാണ് ഓരോ വര്‍ഷവും നമ്മുടെ നാട്ടില്‍ എത്തുന്നത്. ഓണക്കാലത്ത് ഇങ്ങനെ ഒഴുകിയെത്തുന്ന പൂക്കളില്‍ അലങ്കാരാവശ്യങ്ങള്‍ക്കും പൂക്കളമൊരുക്കുന്നതിനും ഒന്നാമനാണ് ചെണ്ടുമല്ലി. നമ്മുടെ മണ്ണും കാലാവസ്ഥയും ചെണ്ടുമല്ലിക്കൃഷിക്ക് തീര്‍ത്തും അനുയോജ്യമാണെങ്കിലും ഓണത്തിനുവേണ്ട പൂക്കള്‍  അന്യസംസ്ഥാനത്തുനിന്നുതന്നെ വേണമെന്ന് നമ്മള്‍ എന്തിനാണ് നിര്‍ബന്ധം പിടിക്കുന്നത്? പൂക്കള്‍ക്കുവേണ്ടി മാത്രമല്ല, പച്ചക്കറിക്കൃഷിയിലെ കീടരോഗങ്ങളെ  പ്രതിരോധിക്കുന്നതിനും ചെണ്ടുമല്ലിക്ക് അപാരമായ കഴിവുണ്ട്. നിമവിരമുതല്‍ മണ്ഡരിവരെയുള്ള കീടങ്ങളെ  ആകര്‍ഷിച്ച് നശിപ്പിക്കുക എന്നതാണ് കീടനിയന്ത്രണത്തിലെ ചെണ്ടുമല്ലിയുടെ നയം.

നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണും സൂര്യപ്രകാശവും ചെണ്ടുമല്ലിക്ക് നിര്‍ബന്ധമാണ്. കഴിയുന്നതും പച്ചക്കറി നടുന്നതിനു മുമ്പുതന്നെ ചെണ്ടുമല്ലിക്കൃഷിയിറക്കണം. പച്ചക്കറിത്തോട്ടത്തിനു ചുറ്റുമായി ഒരുവലയം ചെണ്ടുമല്ലിയാകണം. അതാണ് ഈ സുന്ദരി കാവലാളിന് നല്‍കേണ്ട സ്ഥാനം.

പ്രോട്രേയിലോ നേഴ്സറിയിലോ വിത്തുപാകി പുതയിടണം. ദിവസവും നന നിര്‍ബന്ധമാണ്. 25 സെന്റ് സ്ഥലത്തെ ചെണ്ടുമല്ലിക്കൃഷിക്ക് 150 ഗ്രാം വിത്ത് മതി. വിത്ത് മുളച്ചാല്‍ പുത മാറ്റാം. ഒരുമാസം പ്രായമായ തൈകളാണ് പറിച്ചുനടാന്‍ അനുയോജ്യം.വാരങ്ങളില്‍ രണ്ടടി അകലത്തില്‍ തൈകള്‍ പറിച്ചുനടാം. നട്ട് ഒന്നരമാസമാകുമ്പോള്‍ എല്ലാ ചെടികളുടെയും തലപ്പ് നുള്ളണം. ഇങ്ങനെ പഞ്ചിങ് ചെയ്താല്‍ വശങ്ങളില്‍നിന്ന് ധാരാളം ശാഖകള്‍ വളര്‍ന്ന് കൂടുതല്‍ പൂവുണ്ടാകും. സെന്റൊന്നിന് 80 കി.ഗ്രാം ചാണകം അടിവളമാക്കാം. സെന്റൊന്നിന് ഒരുകിലോഗ്രാം യൂറിയയും ഒന്നേകാല്‍ കി.ഗ്രാം എല്ലുപൊടിയും അര കി.ഗ്രാം പൊട്ടാഷും ചേര്‍ത്താല്‍ പൂക്കളുടെ എണ്ണം കൂടും.

ചെണ്ടുമല്ലിപ്പൂക്കള്‍ വിടര്‍ന്നുവരുന്നത് മിത്രപ്രാണികള്‍ക്കുള്ള പ്രിയഭക്ഷണവുമായാണ്. തേനും പൂമ്പൊടിയും മിത്രപ്രാണികളുടെ എണ്ണംകൂട്ടുന്നതാണ് കീടങ്ങള്‍ക്കുള്ള അറസ്റ്റ് വാറന്റ്. ചെണ്ടുമല്ലിയുടെ പ്രത്യേക മണം നിമാവിരകളുടെ സ്വപ്നങ്ങള്‍ തല്ലിത്തകര്‍ക്കും. ഗ്രോബാഗില്‍ പച്ചക്കറി ചെയ്യുന്നവര്‍ ഒന്നോ രണ്ടോ ബാഗില്‍ ചെണ്ടുമല്ലി ചെയ്യുന്നതാവും ഉചിതം.

കീടനിയന്ത്രണത്തിന് ജൈവരീതികള്‍

മലപ്പട്ടം പ്രഭാകരന്‍

ഓണക്കാല പച്ചക്കറിക്കൃഷി വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ എത്തിനില്‍ക്കുകയാണ്. വിഷമില്ലാത്ത പച്ചക്കറി എന്ന ആശയം പ്രചുരപ്രചാരം നേടുകയും കര്‍ഷകര്‍ ഈ മുറ സ്വീകരിക്കാന്‍ സന്നദ്ധമായിരിക്കുകയുമാണ്. ഈ സന്ദര്‍ഭത്തില്‍ പച്ചക്കറിക്കുണ്ടാകുന്ന വിവിധ കീടങ്ങളെയും രോഗങ്ങളെയും രാസകീടനാശിനി ഉപയോഗിക്കാതെ ജൈവികമാര്‍ഗങ്ങളിലൂടെ എങ്ങനെ നിയന്ത്രിക്കാമെന്നു പരിശോധിക്കാം.  

നീരുറ്റിക്കുടിക്കുന്ന കീടങ്ങള്‍
ചിലതരം വണ്ടുകള്‍ ഇലയില്‍നിന്നും തണ്ടില്‍നിന്നും നീരൂറ്റിക്കുടിക്കാറുണ്ട്. മുഞ്ഞ, വെള്ളീച്ച, മിലിമൂട്ട, പച്ചത്തുള്ളന്‍, ഇലപ്പേന്‍, ഇലചുരുട്ടി തുടങ്ങിയ കീടങ്ങളും പച്ചക്കറിയില്‍നിന്ന് നീരൂറ്റിക്കുടിച്ച് നശിപ്പിക്കും. ഇലകള്‍ വാടി ആരോഗ്യം ക്ഷയിച്ച് ചെടി നശിക്കും.

നിയന്ത്രണം: ഒരുശതമാനം വീര്യമുള്ള വേപ്പിന്‍കുരു സത്ത്, 25% വീര്യമുള്ള വെപ്പെണ്ണ ലായനി, പുകയില കഷായം എന്നിവ ഉണ്ടാക്കി തളിക്കുക. മാര്‍ക്കറ്റില്‍നിന്ന് ബ്യൂവേറിയ ബാസിയാന എന്ന ജൈവ കീടനാശിനി 10 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കുക. ബയോപവര്‍, ബയോ ഗാര്‍ഡ്റിച്ച്, റേസര്‍ബേബി എന്നീ പേരിലും ഇവ മാര്‍ക്കറ്റില്‍ കിട്ടും. 

ഇലചുരുട്ടിപ്പുഴുക്കള്‍, തണ്ട്–കായ തുരപ്പന്‍

പുഴുക്കളും ലാര്‍വകളും ഇലകള്‍ തിന്നുകയും കായ തുരന്ന് അകത്തു കയറുകയും ചെയ്യും. കായീച്ചകള്‍ കായ തുരന്ന് ഉള്ളില്‍ മുട്ടയിട്ടുണ്ടാകുന്ന പുഴുക്കള്‍ കായ്കള്‍ തിന്ന് കേടുവരുത്തുകയുമാണ് ചെയ്യുന്നത്.

നിയന്ത്രണം

1. കേടുവന്ന കായ്കളെടുത്ത് നശിപ്പിക്കുക.
2. വേപ്പിന്‍കുരു സത്ത് (50 ഗ്രാം വേപ്പിന്‍കുരു പൊടിച്ച് ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനി തളിക്കുക).
3. ശര്‍ക്കരക്കെണി, തുളസിക്കെണി എന്നിവ ഉപയോഗിച്ച് ഇതിന്റെ പ്രാണികളെ നശിപ്പിക്കുക. ശര്‍ക്കര, തുളസിയില പിഴിഞ്ഞ ലായനിയില്‍ ഏതെങ്കിലും രാസകീടനാശിനി ഒഴിച്ച് കൃഷിയിടത്ത് ചിരട്ടയില്‍ ഉറിയില്‍ കെട്ടിത്തൂക്കുക. ആസ്വദിക്കുന്ന പ്രാണി വിഷംകഴിച്ച് ചാവും). 
4. നേരത്തെ പറഞ്ഞ ബ്യൂവേറിയ ബാസിയാന തളിക്കുക.

ചിത്രകീടം: ഇലയുടെ ഹരിതകം തിന്ന് ഇലപ്പരപ്പില്‍ വെളുത്ത് ചിത്രംവരച്ചപോലെയുള്ള പാടുകള്‍ കാണാം. 
നിയന്ത്രണം
വേപ്പെണ്ണ, സോപ്പ് ലായനിയുണ്ടാക്കി തളിക്കുക. (ഒരുലിറ്റര്‍ വെള്ളത്തില്‍ 60 ഗ്രാം അലക്കുസോപ്പ് അലിയിച്ചെടുത്ത ലായനിയും ഒരുലിറ്റര്‍ വേപ്പെണ്ണയും ചേര്‍ത്ത മിശ്രിതം 7–10 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കുക).

ഉറുമ്പ്–ചിതല്‍
തടയാന്‍ മെറ്റാറൈസ്യൂം തളിക്കുക. ബയോമെറ്റ് റിച്ച്, പേസര്‍ എം എ തുടങ്ങിയ വാണിജ്യനാമത്തില്‍ കിട്ടും.

പയറിന്റെ പേന്‍, കായതുരപ്പന്‍
കറുത്ത ചെറിയ പ്രാണിക്കൂട്ടമായിരുന്ന് നീരൂറ്റിക്കുടിക്കും. ഇല മഞ്ഞളിച്ച് ചെടി വാടും. 
നിയന്ത്രണം: വേപ്പെണ്ണ ലായനി, പുകയില കഷായം എന്നിവ തളിക്കുക. പയര്‍തുരപ്പനെ തടയാന്‍ 10 ഗ്രാം കാന്താരിയും 100 മി. ലി. ഗോമൂത്രവും ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി പൂക്കുന്നസമയം തളിക്കുക.

രോഗങ്ങള്‍
ചീയല്‍: വേരിനുതൊട്ട് മുകളിലെ ഭാഗത്തെ തണ്ട് ചീഞ്ഞുനശിക്കും. സ്യൂഡോമോണസ് 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ തളിക്കുക. അടിവളമായി കാലിവളം ചേര്‍ക്കുമ്പോള്‍ ട്രൈക്കോഡര്‍മ എന്ന മിശ്രകുമിളുമായി ചേര്‍ത്ത് നല്‍കുക.

ചീരയിലെ ഇലപ്പുള്ളി
ഇലകളില്‍ വെളുത്ത പാടുകള്‍ ഉണ്ടാവുക. മഞ്ഞള്‍പ്പൊടിയും അപ്പക്കാരവും സമമായെടുത്ത് 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കുക. 

മൃദുരോമ പൂപ്പല്‍– ഇലപ്പുള്ളിരോഗം
ബ്രൌണ്‍–മഞ്ഞ നിറങ്ങളില്‍ ഇലയുടെയും കായ്കളുടെയും പുറത്ത് പൊട്ടുകള്‍ കാണാം. 
നിയന്ത്രണം: സ്യൂഡോമോണസ് 10 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കുകയും ചുവട്ടില്‍ ഒഴിക്കുകയും ചെയ്യുക.

വാട്ടരോഗം: തക്കാളി, മുളക് തുടങ്ങിയപല പച്ചക്കറികളും പൊടുന്നനെ വാടുന്നതു കാണാം. 
നിയന്ത്രണം:
1.പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ കൃഷിചെയ്യുക. 
2. സ്യൂഡോമോണസ് ലായനി തളിക്കുകയും ചുവട്ടില്‍ഒഴിച്ചുകൊടുക്കുകയും ചെയ്യുക.
3. പച്ചച്ചാണകം100 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍കലര്‍ത്തിതെളിയൂറ്റി തളിക്കുക. 
മൊസൈക്ക്: വെണ്ടയിലാണ് കൂടുതല്‍. ഇലയില്‍ മഞ്ഞനിറത്തില്‍ (തറയിലെ മൊസൈക്ക് ആകൃതിയില്‍) പുള്ളിക്കുത്ത് കാണും. ഇവ വൈറസ് രോഗമാണ്. വന്നവ പിഴുതു നശിപ്പിക്കുക. പരത്തുന്ന പ്രാണിയെ ഇല്ലാതാക്കാന്‍ ബ്യൂവേറിയ ലായനി തളിക്കുക
മുന്തിരി തക്കാളി മുറ്റത്തും

രവീന്ദ്രന്‍ തൊടീക്കളം

ധാരാളം പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിവിളയാണ് മുന്തിരി തക്കാളി. കറന്റ് ടുമാറ്റോ, സ്നാക് ടുമാറ്റോ, സ്പൂണ്‍ ടുമാറ്റോ തുടങ്ങിയ ഇംഗ്ളീഷ് പേരുകളില്‍ അറിയപ്പെടുന്ന ഇതിന്റെ പഴത്തിന് മുന്തിപ്പഴത്തോളം വലുപ്പവും മൂന്നുഗ്രാംവരെ തൂക്കവുമുണ്ടാകും. സൊളാനിയേസി കുടുംബത്തില്‍പ്പെടുന്ന മുന്തിരി തക്കാളിയുടെ ശാസ്ത്രനാമം സൊളാനം പിസിനെല്ലിഫോളിയം എന്നാണ്. പച്ചക്കറിവിളയായും അലങ്കാരച്ചെടിയായും ഈ വിള വളര്‍ത്താം. മഞ്ഞയും ചുവപ്പും നിറംകലര്‍ന്ന അനേകം ഇനങ്ങള്‍ വിദേശരാജ്യങ്ങളില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നു. കേരളത്തില്‍ ഇതിന്റെ കൃഷി കുറവാണ്. ഹൈറേഞ്ചുകളില്‍ അല്‍പ്പാല്‍പ്പം കൃഷി കാണാം. ഗവേഷണാവശ്യങ്ങള്‍ക്കായി ഈ വിളയെ ഉപയോഗപ്പെടുത്തുന്നു.

തണുപ്പുകാലാവസ്ഥയാണ് അനുയോജ്യം. കൃഷിരീതികള്‍ സാധാരണ തക്കാളിയുടേതുതന്നെ. തൈകള്‍ തയ്യാറാക്കി കൃഷിയിടങ്ങളിലേക്കോ, ഗ്രോബാഗുകളിലേക്കോ മാറ്റിനടാം. ആഴ്ചയിലൊരിക്കല്‍ ജൈവവളങ്ങളോ ജൈവവളക്കൂട്ടുകളോ നല്‍കണം. വേനലില്‍ നന നല്‍കണം. പടരാന്‍ തുടങ്ങുമ്പോള്‍ കയര്‍ കെട്ടിയോ ഫ്രെയിം സ്ഥാപിച്ചോ നിര്‍ത്തണം. നന്നായി പരിപാലിച്ചാല്‍ കുറേനാള്‍ വിളവുതരും. ഗ്രോബാഗുകളില്‍ വീട്ടുമുറ്റത്തും ടെറസിലും ചെടി വളര്‍ത്താം. രോഗങ്ങളും കീടങ്ങളും ഈ വിളയ്ക്ക് പൊതുവേ കുറവാണ്.

ജീവകം എ സി മുതലായ അനേക പോഷകങ്ങളടങ്ങിയ ഈ പഴം സലാഡിനും കറിയാവശ്യത്തിനും, അച്ചാറിനുമൊക്കെ ഉപയോഗിക്കുന്നു. പഴങ്ങള്‍ ഉണക്കിയെടുത്ത് പല വിഭവങ്ങളില്‍ ചേര്‍ക്കുന്നതിനും ഉപയോഗിക്കുന്നു. ഇതില്‍ ആന്റി ഓക്സിഡന്റിന്റെ അളവ് കൂടുതലായതിനാല്‍ ക്യാന്‍സര്‍കോശങ്ങളെ നശിപ്പിക്കുന്നു.

കടപ്പാട്-http:www.deshabhimani.com

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate