Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കാര്‍ഷിക വിജ്ഞാനം -2

കൂടുതല്‍ വിവരങ്ങള്‍

കോഴിവളര്‍ത്താന്‍ ഹൈബ്രിഡ് ആന്‍ഡ് കോംപാക്ട് മിനി പൗള്‍ട്രി ഫാം


സമീകൃതാഹാരത്തില്‍ പ്രധാനപ്പെട്ട ഒന്നാണു മുട്ട. ആധുനിക ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ പലര്‍ക്കും കഴിയാറില്ല. ദിവസം ചുരുങ്ങിയത് അര മണിക്കൂറെങ്കിലും നീക്കിവയ്ക്കാനുണ്ടെങ്കില്‍ മുട്ട ഉത്പാദനത്തില്‍ സ്വയം പര്യാപ്തരാകാന്‍ കഴിയുമെന്നത് ഉറപ്പാണ്. സ്ഥലപരിമിതിയുള്ളവര്‍ക്കായി ചെറുകിട കോഴിവളര്‍ത്തല്‍ യൂണിറ്റ് കുടുംബശ്രീയുടെ പ്രത്യേക പ്രോജക്ട് പ്രകാരം എത്തിച്ചു കൊടുക്കുകയാണ് തിരുവനന്തപുരം ആറാലുംമൂട് അതിയന്നൂര്‍ തേജസ് വീട്ടില്‍ ഇ. സുജയും പിതാവ് ഈശ്വര്‍ദാസും. പരിമിതമായ സ്ഥലത്ത് പരിമിതമായ സമയംകൊണ്ട് ആദായം ഉണ്ടാക്കുന്ന രീതിയാണ് ഇവര്‍ ആവിഷ്‌കരിച്ചിരിക്കുന്ന ഹൈബ്രിഡ് ആന്‍ഡ് കോംപാക്ട് മിനി പൗള്‍ട്രി ഫാം എന്ന പദ്ധതിക്കുള്ളത്.

സുജയുടെ മകന്‍ അഭിനവിന്റെ നിര്‍ബന്ധപ്രകാരമാണ് എന്‍ജിനിയര്‍കൂടിയായ ഈശ്വര്‍ദാസ് ആദ്യമായി നൂതന രീതിയില്‍ മൂന്നു നിലയുള്ള കോഴിക്കൂട് തയാറാക്കിയത്. ആറാലുംമൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ലാര്‍സണ്‍സ് എന്‍ജിനിയറിംഗ് വര്‍ക്‌സ് എന്ന സ്വന്തം സ്ഥാപനത്തിലാണ് കോഴിക്കൂടിന്റെ നിര്‍മാണം. മൂന്നു തട്ടുകളും പൂര്‍ണമായും അഴിച്ചുമാറ്റാം എന്നതാണ് ഇതിന്റെ പ്രത്യേകത.

ആ അവസരത്തിലാണ് കുടുംബശ്രീ പ്രോജക്ടുകള്‍ക്ക് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ നല്കുകയും കുടുംബശ്രീ അനുമതി നല്കുകയും ചെയ്തത് കോഴിവളര്‍ത്തല്‍ എന്ന കാര്‍ഷികമേഖലയിലേക്ക് സുജയെയും കുടുംബത്തെയും കൂടുതല്‍ അടുപ്പിച്ചു. മുന്‍സിപ്പാലിറ്റി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ഹൈബ്രിഡ് ആന്‍ഡ് കോംപാക്ട് മിനി പൗള്‍ട്രി ഫാം പദ്ധതി നടപ്പിലാക്കിവരുന്നത്. അതുകൊണ്ടുതന്നെ കേരളത്തിലൂടെനീളം പദ്ധതിയുടെ മാതൃക പ്രദര്‍ശിപ്പിച്ച് വിവരണം നല്കാറുമുണ്ട്. ഈ ഉദ്യമത്തില്‍ സുജയുടെ മകന്‍ ആറു വയസുകാരന്‍ അഭിനവാണ് മുമ്പില്‍ നില്ക്കുന്നത്. കോഴിക്കൂടിനെക്കുറിച്ചു വിവരണം നല്കാന്‍ നൂറു നാവാണ് ഈ കൊച്ചുകര്‍ഷകന്.

ഓരോ തട്ടിലും 12 കോഴികളെ വീതം വളര്‍ത്താവുന്ന കൂടാണു നിര്‍മിച്ചു നല്കുന്നത്. കൂട്, രണ്ടര മാസം പ്രായമായ കോഴിക്കുഞ്ഞുങ്ങള്‍ (ഹൈദരാബാദിലെ വെങ്കിടേശ്വര ഹാച്ചറി വികസിപ്പിച്ചെടുത്ത BV380 എന്ന ഇനം കോഴിക്കുഞ്ഞുങ്ങളാണ്. വര്‍ഷം 300-320 മുട്ട ഇടുന്നവ), 200 കിലോഗ്രാം തീറ്റ എന്നിവ അടങ്ങിയ യൂണിറ്റിന് 30,000 (ടാക്‌സ് അടക്കം) രൂപയാണു വില. കുടുംബശ്രീ മുഖേന സംഘത്തിനോ വ്യക്തിക്കോ ഈ ഹൈടെക് ഫാം ആരംഭിക്കാവുന്നതാണ്. ഇതിന് സബ്‌സിഡിയും ലഭ്യമാണ്. അഞ്ച് അംഗങ്ങളുള്ള ഒരു ഗ്രൂപ്പിന് ആകെ തുകയുടെ 35 ശതമാനവും വ്യക്തിക്ക് 20 ശതമാനവും സബ്‌സിഡിയായി ലഭിക്കും. ഓര്‍ഡര്‍ അനുസരിച്ച് കേരളത്തിലൂടനീളം യൂണിറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്. എറണാകുളം ജില്ലയില്‍ ഇതിനോടകം അഞ്ഞൂറോളം യൂണിറ്റുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. വില്പന പൂര്‍ണമായും കുടുംബശ്രീ വഴിയാണ്.


45 ദിവസംകൊണ്ട് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ കോഴിക്കുഞ്ഞുങ്ങളെയാണ് ആവശ്യക്കാര്‍ക്കു നല്കുന്നത്. കോഴിക്കുഞ്ഞുങ്ങള്‍ തമ്മിലുള്ള വഴക്ക് ഒഴിവാക്കാനായി കര്‍ഷകര്‍ക്കു നല്കിയതിനു ശേഷം ഒരു മാസത്തിനുള്ളില്‍ ചുണ്ടിന്റെ അഗ്രം മുറിച്ചു നല്കും. 200 കിലോഗ്രാം കോഴിത്തീറ്റ 3-4 ഘട്ടങ്ങളിലായാണ് കര്‍ഷകര്‍ക്ക് എത്തിച്ചു നല്കുക.

രണ്ടു ദിവസത്തിലൊരിക്കല്‍ കുടിവെള്ളം നല്കുന്ന പാത്രം, കാഷ്ഠം ശേഖരിക്കുന്ന ട്രേ എന്നിവ വൃത്തിയാക്കണം. തീറ്റപ്പാത്രം ആഴ്ചയിലൊന്നു വൃത്തിയാക്കിയാലും മതിയാകും. പ്രായപൂര്‍ത്തിയായ കോഴിയൊന്നിന് ശരാശരി 100 ഗ്രാം സമീകൃതാഹാരം ഒരു ദിവസം വേണ്ടിവരും. പച്ചിലകള്‍, പച്ചക്കറി അവശിഷ്ടങ്ങള്‍, അസോള മുതലായവ തീറ്റയില്‍ ഉള്‍പ്പെടുത്തിയാല്‍ സമീകൃതാഹാരത്തിന്റെ അളവ് 35 ശതമാനം വരെ കുറയ്ക്കാവുന്നതാണ്. ഒമ്പതാം ആഴ്ച മുതല്‍ പതിനേഴാം ആഴ്ച വരെ ലെയര്‍ ക്രംബള്‍, പതിനെട്ടാം ആഴ്ച മുതല്‍ 72-ാം ആഴ്ചവരെ ലെയര്‍ മാഷ് (Layer mash) അല്ലെങ്കില്‍ ലെയര്‍ പെല്ലറ്റ് (Layer Pellet) ആണു നല്‌കേണ്ടത്. പൂര്‍ണവളര്‍ച്ചയെത്തിയ കോഴിക്ക് 400 മില്ലിലിറ്റര്‍ വെള്ളം കൊടുക്കേണ്ടതാണ്. കാത്സ്യത്തിന്റെ പോരായ്മ ഉണ്ടാകാതിരിക്കാന്‍ ദിവസേന രാവിലെ നീറ്റുകക്കയുടെ തെളി നേര്‍പ്പിച്ച് കോഴികള്‍ക്കു നല്കുകയും വേണം.

കൂടിന്റെ പ്രത്യേകത

 1. 100 ജിഎസ്എം സിങ്ക് കോട്ടിംഗുള്ള കമ്പികള്‍കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ആയതിനാല്‍ കൂടുതല്‍ കാലം ഈടു നില്ക്കും.
 2. മൂന്നു നില ആയതിനാല്‍ നിലത്ത് വളര്‍ത്തുന്നതിന്റെ മൂന്നു മടങ്ങ് കോഴികളെ വളര്‍ത്താം.
 3. കൂടിനു പുറത്ത് ഇളക്കിമാറ്റാവുന്ന ഫീഡറുകള്‍.
 4. ഓരോ തട്ടിലും ഇളക്കിമാറ്റാവുന്ന ഡ്രിങ്കര്‍(Drinker) സ്ഥാപിച്ചിട്ടുണ്ട്.
 5. മുട്ട കൂടിനു പുറത്ത് സംഭരണിയില്‍ ശേഖരിക്കുന്നു.
 6. തീറ്റ, വെള്ളം, മുട്ടസംഭരണി എന്നിവയ്ക്ക് പ്രത്യേക സുരക്ഷാകവചം.
 7. ഓരോ തട്ടിന്റെയും അടിയില്‍ കാഷ്ഠം ശേഖരിക്കുന്നതിനു രണ്ട് ട്രേകള്‍ വീതം സ്ഥാപിച്ചിട്ടുണ്ട്.
 8. ചൂടില്‍നിന്നും മഴയില്‍നിന്നും സംരക്ഷിക്കുന്നതിന് അക്രലിക് ഷീറ്റുകൊണ്ടുള്ള മേല്‍ക്കൂര സ്ഥാപിച്ചിട്ടുണ്ട്.

സുജയുടെ കുടുംബം മുഴുവനും പൂര്‍ണമായി കോഴിവളര്‍ത്തലിലേക്ക് തിരിഞ്ഞിരിക്കുകയാണ്. പിതാവ് ഈശ്വര്‍ദാസും മാതാവ് രമണിയും സഹോദരി ലിജയും ഹൈബ്രിഡ് ആന്‍ഡ് കോംപാക്ട് മിനി പൗള്‍ട്രി ഫാം പദ്ധതിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഒത്തൊരുമയോടെ മുമ്പോട്ട്‌കൊണ്ടുപോകുന്നു. ചുരുങ്ങിയ സ്ഥലത്തുനിന്നു ആദായമുണ്ടാക്കുന്ന ഹൈബ്രിഡ് ആന്‍ഡ് കോംപാക്ട് മിനി പൗള്‍ട്രി ഫാം പദ്ധതി ഏവര്‍ക്കും യാതൊരു സമയനഷ്ടവുമില്ലാതെ മുമ്പോട്ടുകൊണ്ടു പോകാനാകുമെന്നതു തീര്‍ച്ച. 

ഫോണ്‍: 9633177715

ആടുവസന്തയെ അറിയുക

ആടുകളില്‍ കാണപ്പെടുന്ന പകര്‍ച്ചവ്യാധികളില്‍ പ്രധാനമായ ആടുവസന്തയ്‌ക്കെതിരായ പ്രതിരോധ മരുന്ന് മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരത്തിനടുത്ത് പാലോടുള്ള സ്ഥാപനത്തില്‍നിന്ന് ഉത്പാദിപ്പിക്കാന്‍ തുടങ്ങുകയാണ്.  ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാങ്കേതിക സഹായത്തോടെയാണ് ഇത് ആരംഭിക്കുന്നത്. ആടുവസന്തയെ അറിയാനും, പ്രതിരോധിക്കാനും ഇത് കര്‍ഷകരെ സജ്ജമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.  

പെസ്റ്റ് ഡെസ് പെറ്റിറ്റ്‌സ് റൂമിനന്റ്‌സ് (പിപിആര്‍) എന്നാണ് ആടുവസന്തയുടെ യഥാര്‍ത്ഥ നാമം. മോര്‍ബിലി ഇനത്തില്‍പ്പെട്ട ഒരു വൈറസാണ് രോഗകാരണം. 1942ല്‍ പശ്ചിമ ആഫ്രിക്കയില്‍നിന്ന് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ രോഗം 1987ല്‍  ഇന്ത്യയിലും 2005ല്‍ കേരളത്തിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി.

ആട്, ചെമ്മരിയാട് എന്നിവയിലാണ് ഈ രോഗം കാണപ്പെടുന്നത്. പശു, എരുമ, ഒട്ടകം, പന്നി  എന്നിവയില്‍ ലഘുരൂപത്തില്‍ കാണപ്പെട്ടേക്കാം. എന്നാല്‍, ആടുവസന്ത മനുഷ്യരിലേക്ക് പകരുന്ന രോഗമല്ല. ശക്തമായ പനി, വിശപ്പില്ലായ്മ, മൂക്കൊലിപ്പ്, ശ്വാസതടസ്സം, ചുമ, തുമ്മല്‍, വയര്‍സ്തംഭനം, കണ്ണില്‍നിന്ന് ഒലിവ് തുടങ്ങിയ ലക്ഷണങ്ങളണ് ആടുവസന്തയ്ക്കുള്ളത്. പിന്നീട് വെള്ളംപോലെ  വയറിളകുന്നു. ചോരകലര്‍ന്ന വയറിളക്കവുമുണ്ടാകും. ശരീരത്തില്‍നിന്ന് ജലം നഷ്ടപ്പെട്ട് ക്ഷീണം ബാധിച്ച് മരണം സംഭവിക്കാം.

ഒന്നര മുതല്‍ രണ്ട് വയസുവരെയുള്ള ആടുകളില്‍ രോഗം മാരകമായിത്തീരും. മഴക്കാലത്ത് ഈ രോഗം കൂടുതലായി കാണപ്പെടുന്നു. രോഗം ബാധിച്ച മൃഗങ്ങളുടെ ശരീരസ്രവങ്ങള്‍ വഴി  മറ്റുള്ളവയിലേക്ക് രോഗം പകരുന്നു. തീറ്റ, വെള്ളം എന്നിവയിലൂടെയും രോഗം പകരാം.  കന്നുകാലിച്ചന്തകള്‍, പ്രദര്‍ശനങ്ങള്‍, ക്യാമ്പുകള്‍ തുടങ്ങി മൃഗങ്ങള്‍ കൂട്ടമായി വരുന്ന സ്ഥലങ്ങളില്‍ രോഗം അതിവേഗം പടരുന്നു. രോഗലക്ഷണങ്ങള്‍ നിരീക്ഷിക്കലും, ലബോറട്ടറി പരിശോധനയിലൂടെയുമാണ് രോഗനിര്‍ണയം നടത്തുന്നത്. വൈറസ് രോഗമായതിനാല്‍ ചികിത്സയില്ല. രോഗലക്ഷണങ്ങള്‍ ശമിപ്പിക്കാന്‍ ആന്റിബയോട്ടിക്കുകള്‍, ഗ്ലൂക്കോസ് എന്നിവ നല്‍കാം. 

രോഗബാധിതരായ മൃഗങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനും, മറ്റു സംസ്ഥാനങ്ങളില്‍നിന്നും അതിര്‍ത്തി പ്രദേശങ്ങളില്‍നിന്നും കൊണ്ടുവരുന്ന മൃഗങ്ങളെ നിശ്ചിത കാലയളവില്‍ നിരീക്ഷിച്ചതിനുശേഷം മാത്രമേ ഫാമില്‍ പ്രവേശിപ്പിക്കാവൂ. രോഗപ്രതിരോധ കുത്തിവയ്പാണ് രോഗപ്രതിരോധത്തിനുള്ള ഉത്തമ മാര്‍ഗം. രോഗവിമുക്തി നേടിയ ആടുകള്‍ രോഗപ്രതിരോധശേഷി കൈവരിക്കുന്നതിനാല്‍ പിന്നീട് രോഗം വരാനുള്ള സാധ്യത കുറവണ്.

പ്രജനനകാലമായി... ശ്രദ്ധിച്ചാല്‍ ജയന്റ് ഗൗരാമിയെ വരുമാനമാര്‍ഗമാക്കാം

വലുപ്പംകൊണ്ടും രുചികൊണ്ടും മത്സ്യപ്രേമികളുടെ പ്രിയപ്പെട്ട മത്സ്യമാണ് ജയന്റ് ഗൗരാമി. കേരളത്തിലുടെനീളം ഗൗരാമികളെ വളര്‍ത്തുന്ന നിരവധി ആളുകളുണ്ട്. എന്നാല്‍, കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട ആളുകളും നിരവധിയാണ്. അല്പമൊന്നു ശ്രദ്ധിച്ചാന്‍ ജയന്റ് ഗൗരാമികളെ വളര്‍ത്തി നല്ല വരുമാനമുണ്ടാക്കാന്‍ കഴിയും.

3.5-4 വര്‍ഷംകൊണ്ട് പ്രായപൂര്‍ത്തിയാകുന്ന ഗൗരാമികളെ ജോടി തിരിച്ചോ പരമാവധി മൂന്ന് പെണ്‍മത്സ്യങ്ങള്‍ക്ക് ഒരു ആണ്‍മത്സ്യം എന്ന രീതിയിലോ പ്രജനനത്തിനായി കുളത്തില്‍ നിക്ഷേപിക്കാം. പ്രജനന കുളത്തില്‍ മറ്റു മത്സ്യങ്ങള്‍ ഉണ്ടാവാന്‍ പാടില്ല. കുളത്തിന്റെ വലിപ്പം അനുസരിച്ചേ ആണ്‍മത്സ്യങ്ങളുടെ എണ്ണം കൂടുതലാവാന്‍ പാടുള്ളൂ. അല്ലാത്തപക്ഷം പ്രജനനത്തിനായി കൂടുണ്ടാക്കുമ്പോള്‍ ആണ്‍മത്സ്യങ്ങള്‍ പരസ്പരം കൂടുകള്‍ നശിപ്പിക്കും. 10x10 അടി വലിപ്പമുള്ള കുളത്തില്‍ സാധാരണഗതിയില്‍ ഒരു ജോടി ഗൗരാമികളെ നിക്ഷേപിക്കാം.

പ്രജനന കുളം തയാറാക്കുമ്പോള്‍

സീല്‍പോളിന്‍ കുളങ്ങളോ പാറക്കുളങ്ങളോ സിമന്റ് ടാങ്കുകളോ പ്രജനനത്തിനായി ഉപയോഗിക്കാം. നല്ല സൂര്യപ്രകാശമേല്‍ക്കുന്ന കുളങ്ങളാണ് പ്രജനനത്തിന് ഏറ്റവും അനുയോജ്യം. പരമാവധി മൂന്നര അടിയായി വെള്ളം ക്രമീകരിക്കുന്നത് ഗൗരാമികള്‍ക്കു മുട്ടയിടാന്‍ കൂടുതല്‍ സഹായകരമായിരിക്കും. കുളത്തിലേക്ക് പുല്ല് വളര്‍ത്തി ഇറക്കുന്നത് നന്ന്. അതിന് അവസരമില്ലെങ്കില്‍ മുളകൊണ്ടോ പിവിസി പൈപ്പ് ഉപയോഗിച്ചോ ഫ്രെയിം നിര്‍മിച്ച് കുളത്തിന്റെ ഭിത്തിയില്‍ ഉറപ്പിച്ചു നല്കാം. ജലോപരിതലത്തിനു ചേര്‍ന്നായിരിക്കണം ഫ്രെയിം ഉറപ്പിച്ചു നല്‌കേണ്ടത്. മുട്ടയിടാനായുള്ള കൂട് നിര്‍മിക്കുന്നതിനായി ഉണങ്ങിയ പുല്ലോ പ്ലാസ്റ്റിക് ചാക്കിന്റെ നൂലുകളോ നല്കാം. അനുകൂല സാഹചര്യമാണെങ്കില്‍ ഗൗരാമികള്‍ കൂട് നിര്‍മിച്ച് മുട്ടയിടും.

ലിംഗനിര്‍ണയം

പലരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമാണ് ഗൗരാമികളുടെ ലിംഗനിര്‍ണയം. ശ്രദ്ധിച്ചാല്‍ പെട്ടെന്നുതന്നെ അത് മനസിലാക്കാനും കഴിയും. ആണ്‍മത്സ്യത്തെ അവയുടെ തടിച്ച് മുമ്പോട്ടുന്തിയ കീഴ്ത്താടികൊണ്ട് തിരിച്ചറിയാം. കീഴ്ത്താടിക്ക് നല്ല മഞ്ഞ നിറവുമായിരിക്കും. കൂടാതെ ഇരു വശങ്ങളിലെയും ചിറകുകളുടെ (Pectoral Fin) ചുവട്ടില്‍ വെള്ള നിറവുമായിരിക്കും. പെണ്‍മത്സ്യങ്ങള്‍ക്ക് ആണ്‍മത്സ്യങ്ങളെ അപേക്ഷിച്ച് വലുപ്പം കുറവും വശങ്ങളിലെ ചിറകുകളുടെ ചുവട്ടില്‍ കറുപ്പ് നിറവുമായിരിക്കും. ഈ അടയാളമാണ് 100 ശതമാനം ഉറപ്പോടെ ലിംഗനിര്‍ണയം സാധ്യമാക്കുന്നത്.

പ്രജനനം

സാധാരണ മെയ്-ജൂലൈ, ഒക്‌ടോബര്‍- ഡിസംബര്‍ എന്നിങ്ങനെ രണ്ടു പ്രജനനകാലമാണുള്ളത്. കാലാവസ്ഥയിലെ മാറ്റങ്ങള്‍ അനുസരിച്ച് പ്രജനനകാലത്തിനും മാറ്റം വരാം. മത്സ്യങ്ങളെ നിക്ഷേപിച്ചുകഴിഞ്ഞാല്‍ കൂട് നിര്‍മിക്കുന്നതിനാവശ്യമായ ഉണങ്ങിയ പുല്ല്, ചാക്ക് അവശിഷ്ടങ്ങള്‍ എന്നിവ നല്കാം. ആണ്‍മത്സ്യമാണ് കൂട് നിര്‍മിക്കുന്നത്. മൂന്നു ദിവസംകൊണ്ട് പൂര്‍ത്തിയാകുന്ന കൂട്ടില്‍ പെണ്‍മത്സ്യം മുട്ടകള്‍ നിക്ഷേപിക്കുന്നതിനൊപ്പം ആണ്‍മത്സ്യം ബീജവര്‍ഷം നടത്തും. 24 മണിക്കൂറുമതി മുട്ടവിരിയാന്‍. ശേഷം 20-25 ദിവസത്തോളം കഞ്ഞുങ്ങള്‍ കൂടിനുള്ളിലായിരിക്കും. ഈ കാലയളവില്‍ അന്തരീക്ഷത്തില്‍നിന്നു നേരിട്ടു ശ്വസിക്കുന്ന പ്രത്യേക ശ്വസനാവയവം (Labyrinth Organ) രൂപപ്പെടുന്നതിനാല്‍ വെള്ളത്തിനു ചൂട് വേണം. അല്ലാത്തപക്ഷം കുഞ്ഞുങ്ങള്‍ ചത്തുപോകും. സൂര്യപ്രകാശം നന്നായി ഏല്‍ക്കുന്ന കുളമാണെങ്കില്‍ ഈ പ്രശ്‌നം ഒഴിവാക്കാം.

20-25 ദിവസംകൊണ്ട് മീനിന്റെ ആകൃതിയായി, സ്വയം തീറ്റതേടാന്‍ പ്രാപ്തിയാകുമ്പോഴാണ് കുഞ്ഞുങ്ങള്‍ കൂട്ടില്‍നിന്നു വെളിയിലിറങ്ങുക. കുഞ്ഞുങ്ങള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷം ലഭ്യമാക്കാന്‍ പച്ചച്ചാണകം, ആട്ടിന്‍കാഷ്ഠം എന്നിവ കുളത്തില്‍ നിക്ഷേപിക്കുന്നത് നന്ന്. ഇവയില്‍നിന്നുണ്ടാകുന്ന ആല്‍ഗകള്‍ കുഞ്ഞുങ്ങള്‍ ഭക്ഷണമാക്കിക്കൊള്ളും. കൈത്തീറ്റ കഴിക്കാറാകുമ്പോള്‍ മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന സ്റ്റാര്‍ട്ടര്‍ തീറ്റ നല്കാം. മൂന്നു മാസം കഴിയുമ്പോള്‍ കുഞ്ഞുങ്ങള്‍ വില്പനയ്ക്കു തയാറാകും. കുഞ്ഞുങ്ങള്‍ക്കു കൂര്‍ത്ത മുഖവും ശരീരത്തില്‍ വരകളും വാലിനോടുചേര്‍ന്ന് ഇരുവശത്തും കറുത്ത പൊട്ടുകളുമുണ്ടായിരിക്കും. മറ്റു മീനുകളെ അപേക്ഷിച്ച് ഗൗരാമികള്‍ക്ക് ആദ്യവര്‍ഷം പൊതുവേ വളര്‍ച്ച കുറവായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9539720020

ആണ്‍/പെണ്‍ ഗൗരാമികളെ തിരിച്ചറിയാന്‍

ആണ്‍ ഗൗരാമി

 1. നെറ്റിയിലെ മുഴയ്ക്ക് വലുപ്പക്കൂടുതല്‍.
 2. തടിച്ച് മുമ്പോട്ടുന്തിയ കീഴ്ത്താടി.
 3. ചിറകുകളുടെ ചുവട്ടില്‍ വെള്ള നിറം.

പെണ്‍ ഗൗരാമി

 1. നെറ്റിയിലെ മുഴയ്ക്ക് കാര്യമായ വലുപ്പമില്ല.
 2. ഉരുണ്ട മുഖം.

പോലീസുകാരന്‍ കര്‍ഷകനായപ്പോള്‍ വിരുന്നെത്തി, ഫലങ്ങളുടെ വസന്തകാലം

മുക്കൂട്ടുതറ: പാറമടയായി തുരന്നെടുത്തുകൊണ്‌ടിരുന്ന സ്ഥലം വീടുവയ്‌ക്കാന്‍ വേണ്‌ടി വാങ്ങിയപ്പോള്‍ ഈ പോലീസുകാരനെ കളിയാക്കിയവരെല്ലാം ഇപ്പോള്‍ അത്ഭുതസ്‌തബ്ധരായി മൂക്കത്ത്‌ വിരല്‍വെച്ചുകൊണ്‌ടിരിക്കുന്നു. പാറമട മണ്ണിട്ട്‌ നികത്തി നിര്‍മിച്ച വീടിനൊപ്പമുള്ള 15 സെന്റ്‌ സ്ഥലത്ത്‌ എല്ലായിനം പച്ചക്കറികളുമുണെ്‌ടന്നുമാത്രമല്ല ആപ്പിള്‍,

മുന്തിരി, ഓറഞ്ച്‌, മുസംബി എന്നുവേണ്‌ട സകലയിനം പഴവര്‍ഗങ്ങളും ഫലവൃക്ഷങ്ങളും തണല്‍മരങ്ങളും എന്തിനേറെ അര്‍ബുദത്തെ തുരത്തുന്ന ലക്ഷ്‌മിതരു സസ്യവും മലേഷ്യന്‍ കുള്ളന്‍തെങ്ങും കപ്പയും ചോളവും ഇഞ്ചിയും വാഴയും മാവും പ്ലാവും ചേനയും ചേമ്പും കാച്ചിലും കടപ്ലാവുമെല്ലാം തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നു. ഒപ്പം എപ്പോഴും തുറന്നിട്ടിരിക്കുന്ന കിളിക്കൂടും അതില്‍ നിറയെ പക്ഷികളുടെ കൂട്ടങ്ങളും പ്രകൃതിയിലേക്കിറങ്ങിയുള്ള ഈ കൃഷിരീതിയെ തികച്ചും വ്യത്യസ്‌തമാക്കുന്നു. 

വെച്ചൂച്ചിറ ജനമൈത്രി പോലീസ്‌ സ്‌റ്റേഷനിലെ സീനിയര്‍ പോലീസ്‌ സിവില്‍ ഓഫീസറായ മുട്ടപ്പള്ളി തടത്തിപ്പറമ്പില്‍ നൗഷാദാണ്‌ രണ്‌ടുവര്‍ഷംകൊണ്‌ട്‌ 15 സെന്റ്‌ സ്ഥലത്ത്‌ അത്ഭുതങ്ങളുടെ വസന്തംവിരിയിച്ച കര്‍ഷകന്‍. പാരമ്പര്യ കൃഷി രീതികളില്‍നിന്ന്‌ ഒട്ടും വ്യതിചലിക്കാതെയും എന്നാല്‍, ആധുനിക പരീക്ഷണങ്ങളിലൂടെ ലഭിച്ച അറിവുകള്‍ പ്രയോഗിച്ചുമാണ്‌ നൗഷാദിന്റെ കൃഷിരീതി. 

രാസവളം ലവലേശംപോലും പ്രയോഗിക്കുന്നില്ല. നാടിന്‍ മാവിന്റെ വിത്ത്‌ മുളപ്പിച്ച്‌ തളിര്‍നാമ്പുകള്‍ നുള്ളിക്കളയുന്നതോടെ ശിഖരങ്ങള്‍ രൂപപ്പെട്ട്‌ ബഡ്ഡ്‌ മാവ്‌ പോലെ മാറുകയാണ്‌. കണ്‌ടാല്‍ ബഡ്ഡ്‌ മാവാണെന്ന്‌ തോന്നിപ്പിക്കുമെങ്കിലും നാടന്‍ മാവിന്റെ രുചിയും മണവും ഗുണവും നിറഞ്ഞുനില്‍ക്കുന്നു. 

നൗഷാദിന്റെ കൃഷിരീതികളില്‍ ഇത്തരം പൊടിക്കൈകള്‍ ധാരാളമുണ്‌ട്‌. മറ്റ്‌ ചില കൃഷിത്തോട്ടങ്ങളില്‍ പച്ചക്കറി വിളകള്‍ വളരാനായി പ്രയോഗിക്കുന്ന കീടനാശിനികളാണ്‌ നൗഷാദ്‌ പഴക്കെണിയാക്കി ഈച്ചകളെയും കീടങ്ങളെയും പിടികൂടാന്‍ സ്ഥാപിച്ചിരിക്കുന്നത്‌. വലിച്ചെറിയുന്ന പ്ലാസ്റ്റിക്‌ കുപ്പികള്‍കൊണ്‌ട്‌ നൗഷാദ്‌ നാലുമണിപ്പൂവുകളുടെ വേറിട്ട ഭംഗി വിരിയിക്കുന്നു. ഈച്ചകള്‍ കുത്താതെ പാവക്കകളെ സംരക്ഷിക്കുന്നതും ഇത്തരം കുപ്പികളാണ്‌. 

മാതളനാരകം, സപ്പോട്ട, ചിലമ്പിപ്പുളി, കിലോ പേര, മലേഷ്യന്‍ ചാമ്പങ്ങ, ഒട്ടുമാവ്‌, വിവിധതരം മുരിങ്ങകള്‍, പത്ത്‌ ഇനങ്ങളിലുള്ള പേരക്കകള്‍, ചെറുനാരകം, ജ്യൂസ്‌ നാരകം, റംബുട്ടാന്‍, ആത്തക്ക, റെഡ്‌ ലേഡി പപ്പായ, കുടംപുളി, ചെറിപഴം, ഫാഷന്‍ഫ്രൂട്ട്‌, വിവിധയിനം നെല്ലിക്ക മരങ്ങള്‍, മുള്ളാത്ത, ചതുരപ്പയര്‍, നിത്യവഴുതനങ്ങ, കുറ്റിപ്പയര്‍, നീളം പയര്‍, തുമരപയര്‍, ചീര, ബോംബെ ചീര, സാമ്പാര്‍ ചീര, കുറ്റിവഴുതനങ്ങ, കുമ്പളങ്ങ, ഇഞ്ചി, മഞ്ഞള്‍, തക്കാളി, പടവലം, പച്ചമുളക്‌, കാന്താരിമുളക്‌, പാവല്‍, പനിക്കൂര്‍ക്കയില, മൈലാഞ്ചി, ലിച്ചിപ്പഴം ചെടി, വെള്ളരി തുടങ്ങി നാനാവിധ കൃഷികളാണ്‌ 15 സെന്റിനുള്ളില്‍ നിറഞ്ഞുനില്‍ക്കുന്നത്‌. 

ചീരയും മറ്റും അടിയിലും മുകളില്‍ കോവലും പയറും അതിനു മുകളില്‍ വെള്ളരിയും മത്തനും ഇങ്ങനെ തട്ടുതട്ടായി ഒരിഞ്ചുപോലും പാഴാക്കാതെയാണ്‌ കൃഷി. അറുപതില്‍പരം പക്ഷികളാണ്‌ നൗഷാദിന്റെ തുറന്ന കൂട്ടിലെ വിരുന്നുകാര്‍. പ്രഭാതത്തിലും സായാഹ്നത്തിലും ഇവ
കൂട്ടത്തോടെയെത്തുന്നു. നല്ലയിനം നാടന്‍ കോഴികളുമുണ്‌ട്‌ ഈ കൃഷിയിടത്തിലെ കൂട്ടിനുള്ളില്‍. 

ക്ഷേത്ര മോഷണക്കേസുകള്‍ അന്വേഷിക്കാനായി ഡിജിപി രൂപീകരിച്ച സ്‌പെഷല്‍ സ്‌ക്വാഡിലെ അംഗം കൂടിയാണ്‌ നൗഷാദ്‌. എന്നാല്‍, എല്ലാത്തിനേക്കാളുമേറെ നൗഷാദിനിഷ്ടം തന്റെ കൃഷിഭൂമിയിലെ പരീക്ഷണങ്ങള്‍ തന്നെ. മാതാവും ഭാര്യ റംലത്തും മകന്‍ ഷെമീറും ഭാര്യ ഫാത്തിമയും ഇളയ മകന്‍ ഷെമീസും ആണ്‌ നൗഷാദിനൊപ്പം കൃഷിഭൂമിയില്‍ അധ്വാനം ചെലവിടുന്നത്‌.

ജൈവ പച്ചക്കറിയില്‍ നൂറുമേനി വിളയിച്ച്‌ രാമപുരത്ത്‌ കര്‍ഷക കൂട്ടായ്‌മ

പാലാ: തരിശുപാടത്ത്‌ ജൈവ പച്ചക്കറിക്കൊപ്പം ചോളവും വിളയിച്ച്‌ രാമപുരത്ത്‌ കര്‍ഷക കൂട്ടായ്‌മ കൈവരിച്ച നേട്ടം നാടിനു മാതൃകയായി. രാമപുരം മേനാംപറമ്പില്‍ പാടശേഖരത്തെ ഒന്നരയേക്കറില്‍ ജൈവകൃഷി രീതി അവലംബിച്ച്‌ കര്‍ഷകകൂട്ടായ്‌മ വിളയിച്ച വിഷരഹിത പച്ചക്കറികളുടെ

വിളവെടുപ്പ്‌ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ. തോമസ്‌ ഉദ്‌ഘാടനം ചെയ്‌തു. വിഷരഹിത പച്ചക്കറി ഉത്‌പാദനത്തിന്റെ സന്ദേശം ഉണര്‍ത്തി കര്‍ഷക കൂട്ടായ്‌മയുടെ അധ്വാനത്തില്‍ വിളയിച്ച ക്വിന്റല്‍ കണക്കിന്‌ പച്ചക്കറികള്‍ വിപണനത്തിനായി പാലാ സെന്‍ട്രല്‍ മാര്‍ക്കറ്റിംഗ്‌ സൊസൈറ്റിയുടെ കീഴിലുള്ള `സെന്‍മാര്‍ക്ക്‌' പഴം, പച്ചക്കറി വിപണനകേന്ദ്രം ഏറ്റുവാങ്ങി. 

സിപിഎം രാമപുരം ലോക്കല്‍ കമ്മിറ്റിയുടെയും കേരള കര്‍ഷകസംഘം പഞ്ചായത്ത്‌ കമ്മിറ്റിയുടെയും സംയുക്ത നേതൃത്വത്തില്‍ കഴിഞ്ഞ മാര്‍ച്ചിലാണ്‌ കര്‍ഷക കൂട്ടായ്‌മ പാടത്ത്‌ പച്ചക്കറി കൃഷി ഇറക്കിയത്‌. ടി.കെ. മോഹനന്‍, വി.ആര്‍. രാജേന്ദ്രന്‍, തങ്കച്ചന്‍ ചാലില്‍, ബേബി പുലവിരുത്തിയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കര്‍ഷകര്‍ ആദ്യഘട്ടത്തില്‍ ചാരവും ചാണക മിശ്രിതവും ചേര്‍ത്ത്‌ നിലം ഒരുക്കി. പയര്‍, വെണ്‌ട, വെള്ളരി, വഴുതന എന്നിവക്കൊപ്പം ചോളവും പരീക്ഷിച്ചു. കൃഷിയെ ക്രിമി, കീടങ്ങളില്‍നിന്ന്‌ സംരക്ഷിക്കാന്‍ വേപ്പിന്‍പിണ്ണാക്ക്‌, മത്തി കഷായം, പുകയില കഷായം എന്നിവയാണ്‌ പ്രയോഗിച്ചത്‌. കൃഷിരീതികള്‍ സംബന്ധിച്ച്‌ രാമപുരം പഞ്ചായത്ത്‌ കൃഷി ഓഫീസര്‍ ജോമോന്‍ ജോസഫ്‌ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ജൈവകൃഷി രീതി അവലംബിച്ച്‌ ഉത്‌പാദിപ്പിച്ച പചക്കറി ഇനങ്ങളുടെ വിളവെടുപ്പാണ്‌ നടത്തിയത്‌. ചോളം വിളവെടുപ്പിന്‌ തയാറാവുന്നതേയുള്ളൂ. 

വിളവെടുപ്പുത്സവതോടനുബന്ധിച്ച്‌ ചേര്‍ന്ന യോഗത്തില്‍ അഡ്വ. എം.വി. സോമിച്ചന്‍ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ലാലിച്ചന്‍ ജോര്‍ജ്‌, കര്‍ഷകസംഘം ഏരിയാ സെക്രട്ടറി ആര്‍.ടി. മധുസൂദനന്‍, പാര്‍ട്ടി ഏരിയാ സെക്രട്ടറി വി.ജി. വിജയകുമാര്‍, അനില്‍ മത്തായി, ഷാര്‍ളി മാത്യു, എം.ടി. ജാന്റീഷ്‌, കെ.എസ്‌. രാജു, അഡ്വ. വി.ജി. വേണുഗോപാല്‍, ജോസഫ്‌ സഖറിയാസ്‌ മുണ്‌ടക്കല്‍, ടി.കെ. മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രദീപ്‌ പറയാതെ പറയുന്നു, വിജയത്തിനു കുറുക്കുവഴികളില്ല

തലയോലപ്പറമ്പ്‌: തൊഴില്‍ തേടി അലയുന്നവര്‍ക്കു മാതൃകയാകുകയാണ്‌ പ്രദീപ്‌ എന്ന യുവ കര്‍ഷകന്‍. ബിഎ ബിരുദധാരിയായ വെള്ളൂര്‍ ലക്ഷ്‌മി വിലാസത്തില്‍ ജി. പ്രദീപാണു സ്വന്തം അധ്വാനത്തിലൂടെ ജീവിതവിജയം നേടി ശ്രദ്ധേയനാകുന്നത്‌. ഒരേ സമയം വ്യത്യസ്‌തമായ കൃഷികളിലൂടെയാണു പ്രദീപ്‌ എല്ലാ കര്‍ഷകരില്‍നിന്നും വ്യത്യസ്‌തനാകുന്നത്‌. കൃഷിയിലൂടെ മികച്ച വരുമാനവുംനേട്ടവുമാണ്‌ ഈ യുവകര്‍ഷകന്‌ ഒരോ വര്‍ഷവും ലഭിക്കുന്നത്‌.


ഒന്നര ഏക്കര്‍ സ്ഥലത്ത്‌ ജൈവ പച്ചക്കറിയും തരിശുകിടന്ന മൂന്നര ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത്‌ രണ്‌ടര ഏക്കറില്‍ തീറ്റപ്പുല്ലും ഒരേക്കറില്‍ കപ്പയും കൃഷി ചെയ്യുന്നു. ഒന്നരയേക്കര്‍ നെല്‍ക്കൃഷി വെറെയുമുണ്‌ട്‌. ചീര, വഴുതന, വെണ്‌ട, പടവലം, പയര്‍, തക്കാളി എന്നിവയും സപ്പോട്ട, മാങ്കോസ്‌റ്റിന്‍, മില്‍ക്ക്‌ ഫ്രൂട്ട്‌, റംബൂട്ടാന്‍ തുടങ്ങിയ പഴവര്‍ഗങ്ങളും വിവിധ ഇനത്തില്‍പ്പെട്ട വാഴകളും വീടിനോടു ചേര്‍ന്നുള്ള പുരയിടത്തിലുണ്‌ട്‌. 

ഇതിനു പുറമേ 42 പശുക്കളുമുണ്‌ട്‌. പശുവളര്‍ത്തലിലാണ്‌ പ്രദീപ്‌ കൂടുതലും ശ്രദ്ധിക്കുന്നത്‌. 30 പശുക്കള്‍ കറവയുള്ളതാണ്‌. തൊഴുത്തിലെ ചാണകം ബയോഗ്യാസിനായി ഉപയോഗിക്കുന്നതോടൊപ്പം ഇതില്‍നിന്നും ലഭിക്കുന്ന സ്ലറിയാണ്‌ പ്രധാന വളമായി ഉപയോഗിക്കുന്നത്‌. കാസര്‍ഗോഡന്‍ കുള്ളന്‍, ജഴ്‌സി, ഗുജറാത്തിലെ ഗീര്‍ എന്നീ ഇനത്തില്‍പ്പെട്ട പശുക്കളാണുള്ളത്‌. 

ഒരു ദിവസം 260 ലിറ്റര്‍ പാലാണ്‌ ലഭിക്കുന്നത്‌. ഇതില്‍ 150 ലിറ്റര്‍ വെള്ളൂര്‍ ക്ഷീരസംഘത്തിലും ബാക്കി പ്രാദേശികമായും വില്‍പ്പന നടത്തും. കൂടാതെ ആട്‌ ഫാമുമുണ്‌ട്‌. ജില്ലാ ക്ഷീരോത്സവത്തില്‍ മികച്ച രണ്‌ടാമത്തെ ക്ഷീര കര്‍ഷകനായി പ്രദീപിനെതെരഞ്ഞെടുത്തിട്ടുണ്‌ട്‌. വെളളൂര്‍ ക്ഷീരോത്‌പദക സഹകരണ സംഘത്തിന്റെ പ്രസിഡന്റു കൂടിയാണു പ്രദീപ്‌. പിതാവ്‌ ഗോപാലകൃഷ്‌ണന്‍, അമ്മ രാധ, ഭാര്യ ശ്രീജ, മക്കളായ പ്രണവ്‌, പാര്‍വതി എന്നിവരാണ്‌ പ്രദീപിന്റെ വിജയത്തിന്റെ പിന്നില്‍.

ചക്കകൊണ്‌ടു പത്തോളം വിഭവങ്ങള്‍, നാടുകാണിയില്‍ ഫാക്ടറി ഒരുങ്ങി

കണ്ണൂര്‍: ചക്ക കൊണ്‌ടുള്ള പത്തോളം ഉത്‌പന്നങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറി നാടുകാണിയിലെ കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ ഒരുങ്ങി. ഹെബോണ്‍ എന്ന ഉത്‌പന്ന നാമത്തില്‍ ആര്‍ട്ടോ കാര്‍പ്പസ്‌ ഫുഡ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന കമ്പനിയാണു ചക്ക വിഭവങ്ങള്‍ നിര്‍മിച്ചു വിപണിയിലെത്തിക്കുന്നത്‌.

ഫാക്ടറിയുടെ ഉദ്‌ഘാടനം 16 ന്‌ രാവിലെ 11 ന്‌ കൃഷിമന്ത്രി കെ.പി. മോഹനന്‍ നിര്‍വഹിക്കുമെന്നു ചുഴലി സ്വദേശിയായ കമ്പനി എംഡി സുഭാഷ്‌ കോറോത്ത്‌ പത്രസമ്മേളനത്തില്‍ അറിയിച്ചു. 
ചക്കജ്യൂസ്‌, ചക്കവരട്ടി, ചക്കഹല്‍വ, ചക്കക്കുരു പ്രോട്ടീന്‍ മിക്‌സ്‌, ചക്കക്കുരു ചിക്കന്‍ മസാല-ഫിഷ്‌ മസാല, ബേക്കറി ഉത്‌പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ചക്കക്കുരു പൗഡര്‍, ചക്കക്കുരുകൊണ്‌ട്‌ ഉണ്‌ടാക്കിയ കേക്കുകള്‍ തുടങ്ങിയ ഉത്‌പന്നങ്ങളാണു കമ്പനി ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്നത്‌. ഇന്ത്യയിലാദ്യമായാണു ചക്കയില്‍നിന്നുള്ള മൂല്യവര്‍ധിത ഉത്‌പന്നങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉത്‌പാദിപ്പിച്ചു വിതരണം ചെയ്യുന്നതിനുള്ള ഫാക്ടറി സ്ഥാപിക്കുന്നതെന്നു കമ്പനി അധികൃതര്‍ പറഞ്ഞു. മറ്റു ജില്ലകളിലും ഫാക്ടറികള്‍ സ്ഥാപിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്‌ട്‌.

ആഭ്യന്തരവിപണിക്കു പുറമേ വിദേശവിപണിയും ലക്ഷ്യമിട്ടാണു ചക്ക വിഭവങ്ങള്‍ നിര്‍മിക്കുന്നത്‌. പ്രതിദിനം 300 ചക്ക സംസ്‌കരിക്കുന്നതിനുള്ള ശേഷിയാണു ഫാക്ടറിക്കുള്ളത്‌. കമ്പനിയിലെത്തിച്ചു കൊടുക്കുന്ന ചക്കയ്‌ക്കു കിലോഗ്രാമിന്‌ അഞ്ചു രൂപ വീതം വില നല്‍കും. 10 കിലോഗ്രാം തൂക്കം വരുന്ന ചക്കയ്‌ക്ക്‌ 50 രൂപ ലഭിക്കും. മൂത്തതും പഴുത്തതുമായ ചക്കകളാണു സംഭരിക്കുക. രണ്‌ടായിരത്തോളം ചക്കകള്‍ നിലവില്‍ സംഭരിച്ചു കഴിഞ്ഞു. ചക്ക സീസണ്‍ കഴിയും മുമ്പേ പരമാവധി ചക്ക സംഭരിച്ചു പള്‍പ്പും മറ്റുമാക്കി വര്‍ഷം മുഴുവന്‍ ഉത്‌പാദനം നടത്താനാണു നീക്കം. 

മനുഷ്യശരീരത്തിന്‌ അനുയോജ്യമല്ലാത്ത ഗ്ലൂട്ടണ്‍ എന്ന പദാര്‍ഥം ചേരാത്ത പ്രകൃതിദത്ത പഴവര്‍ഗമാണു ചക്ക. പ്രമേഹ രോഗികള്‍ക്കും രക്തസമ്മര്‍ദമുള്ളവര്‍ക്കും വിഷാംശം ചേരാത്ത ചക്ക ഉത്‌പന്നങ്ങള്‍ ഗുണപ്രദമാണെന്നു ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണെന്നു കമ്പനി എംഡി സുഭാഷ്‌ പറഞ്ഞു. പത്രസമ്മേളനത്തില്‍ രമ്യാമോള്‍, പ്രമോദ്‌ കുമാര്‍, സുമിത്‌ലാല്‍ എന്നിവരും പങ്കെടുത്തു.

തേനീച്ചക്കൂടൊരുക്കാന്‍ മണ്‍കുടിലുകള്‍

 

കട്ടപ്പന: തേനീച്ചപെട്ടികള്‍ എന്ന സങ്കല്‍പം മാറ്റിമറിക്കുകയാണ് പാറക്കടവ് ഞള്ളാനിയില്‍ ജോസ്. പെട്ടിക്കൂടും റാട്ടും കിളിവാതിലുമൊക്കെ പഴങ്കഥയാണ് ജോസിന്റെ തേനീച്ച കുടിലുകളില്‍. മണ്ണുകൊണ്ട് എട്ടടി വ്യാസമുള്ള കട്ടകെട്ടിയ കൂട്ടില്‍ തേനീച്ചകള്‍ തനിയെ വന്നു കൂടുകൂട്ടുമെന്നാണ് ജോസ് പറയുന്നത്.

തേനീച്ചകളെ ആകര്‍ഷിക്കാനുള്ള പ്രത്യേകതരം മരച്ചില്ലകള്‍ കൂടിനുള്ളില്‍ സ്ഥാപിക്കുക മാത്രമേ 
ഈച്ചകള്‍ ചേക്കാറാന്‍ ഉപയോഗിക്കുന്നുള്ളൂ. ഇവിടെ റാണി ഈച്ചയെ പിടിച്ചിടുകയോ പറന്നുപോകാതിരിക്കാന്‍ കൂടു മൂടുകയോ ഒന്നുംവേണ്ട. കട്ടകെട്ടിയ കൂടിനുമുകളില്‍ മരച്ചില്ലകള്‍ പാകി നാലുവശവും മേല്‍ക്കൂരയും ചെളികൊണ്ടുമൂടും. ജോസിന്റെ ഏലത്തോട്ടത്തില്‍ സ്ഥാപിച്ചിരിക്കുന്ന മണ്‍കൂട്ടില്‍ എട്ടുമുതല്‍ പത്തുകിലോവരെ തേന്‍ ലഭിക്കുന്നുണെ്ടന്ന് പറയുന്നു.

സാധാരണ തടികൊണ്ടുള്ള കൂടിന് 2500 രൂപവരെ ചെലവുവരുമ്പോള്‍ ഞള്ളാനിയില്‍ ജോസിന്റെ ഈച്ചക്കുടിലിന് 250 രൂപയേ ചെലവുവരുന്നുള്ളൂ എന്ന പ്രത്യേകതയുമുണ്ട്. തടിക്കൂട്ടില്‍നിന്നും രണ്ടുകിലോവരെ മാത്രമേ തേന്‍ ലഭിക്കുകയുള്ളൂ. മാര്‍ച്ചുമുതല്‍ മേയ് വരെയാണ് തേന്‍ ഉത്പാദനസമയം.

രണ്ടുവര്‍ഷം മുമ്പാണ് ചെലവുകുറഞ്ഞ തേനീച്ചകുടിലുകള്‍ ജോസ് വികസിപ്പിച്ചെടുത്തത്. ജോസിന്റെ തേനീച്ചകൃഷിക്ക് ഭാര്യ വത്സമ്മയും മക്കളായ ജോമോന്‍, സ്റ്റീബോ, സ്‌റ്റോബി, മരുമകന്‍ ജേക്കബ് എന്നിവരും സഹായം നല്‍കുന്നുണ്ട്.

സ്ഥലമില്ലെങ്കിലെന്താ... മട്ടുപ്പാവില്‍ വിളയുന്നത് ദിവ്യഔഷധം

എരുമേലി: കൃഷി ചെയ്യാന്‍ ഒരുതുണ്ട് ഭൂമി പോലുമില്ലെന്ന സങ്കടത്തില്‍ എരുമേലി ടിബി റോഡില്‍ താഴത്തേക്കുറ്റ് ദിലീപ് കുമാറിന്റെ വീടിന്റെ ടെറസില്‍ നിറഞ്ഞത് വിവിധയിനം പച്ചക്കറികള്‍ മാത്രമല്ല മികച്ച വരുമാനം ലഭിച്ചുകൊണ്ടിരിക്കുന്ന ഔഷധ സസ്യമായ കറ്റാര്‍വാഴകൃഷിയും. പാരമ്പര്യ കര്‍ഷക കുടുംബത്തില്‍ ജനിച്ച ദിലീപ് വാഹനങ്ങളുടെ മെക്കാനിക് ജോലി ഉപജീവനമാക്കിയെങ്കിലും കൃഷിയോടുള്ള മോഹം മനസില്‍ നിറഞ്ഞുനിന്നിരുന്നു. തടസം ഭൂമിയില്ലെന്ന പോരായ്മയായിരുന്നു. ആകെയുള്ള എട്ടു സെന്റ് സ്ഥലത്താണ് വീടും വര്‍ക്ക് ഷോപ്പും സ്‌പെയര്‍ 
പാര്‍ട്‌സ് കടയും സ്വന്തമായുള്ള കുടിവെള്ള വിതരണ ഏജന്‍സിയും മിനറല്‍ വാട്ടര്‍ യൂണിറ്റും പ്രവര്‍ത്തിക്കുന്നത്.

കൃഷി ചെയ്യണമെന്ന ആഗ്രഹം മുന്‍നിര്‍ത്തിയാണ് വീട് പൊളിച്ചുപണിതതെന്ന് ദിലീപ് പറഞ്ഞു. ടെറസില്‍ ആദ്യം വിവിധയിനം പച്ചക്കറികളാണ് കൃഷിചെയ്തു തുടങ്ങിയത്. ശക്തമായ വെയില്‍ചൂടും ഉറുമ്പുകളുടെ ശല്യവും തടസമായപ്പോള്‍ ദിലീപിന്റെ കൃഷി തുടക്കത്തില്‍ തന്നെ വാടിക്കരിയുന്നതിലേക്കെത്തി. എന്നാല്‍, ജോലിത്തിരക്കുകള്‍ക്കിടെ ദിലീപ് പല ഉപായങ്ങളും പരീക്ഷിച്ചുകൊണ്ടിരുന്നു. റെയിന്‍ഗാര്‍ഡ് നെറ്റ് കൊണ്ട് കൃഷി മറച്ച് വെയില്‍ ചൂടിനെ തടഞ്ഞെങ്കിലും ഇലകളിലെ ഹരിതകനിറം മങ്ങിക്കൊണ്ടിരുന്നു. മുരിങ്ങ ഇലകള്‍ അരച്ച് കുഴമ്പാക്കിയ ലായനി ദിവസവും സ്‌പ്രേചെയ്ത് ഹരിതകം വീണെ്ടടുത്തു. ഉറുമ്പുകള്‍ക്ക് വെളുത്തുള്ളി നീര് കഷായം ഫലപ്രദമായി. ഒടുവില്‍ കൃഷി പച്ചപ്പണിഞ്ഞ് സമൃദ്ധിയായി. വീട്ടാവശ്യത്തിനുള്ള എല്ലായിനം പച്ചക്കറിയും സുലഫമായി. ചാണകവും എല്ലുപൊടിയും മാത്രമായിരുന്നു വളം.

മകന്‍ ദിനുകുമാര്‍ നട്ടുപിടിപ്പിച്ച ഒരു കറ്റാര്‍ വാഴയില്‍നിന്നാണ് ഇപ്പോള്‍ വന്‍ താതില്‍ ഈ കൃഷിയിലേക്ക് തിരിയാന്‍ ദിലീപിനെ പ്രേരിപ്പിച്ചത്. ചുവട്ടില്‍ നിന്നുണ്ടാകുന്ന കിളിര്‍പ്പുകള്‍ ഷെല്‍ഫുകളിലായി ചട്ടികളില്‍ നട്ടുപിടിപ്പിച്ച് കൃഷി വിപുലമാക്കുകയായിരുന്നു. വാഴപ്പോളകളും ചെടികളും ആയുര്‍വേദ മരുന്ന് ശാലകളിലാണ് കൂടുതലായും വിറ്റഴിച്ചുകൊണ്ടിരിക്കുന്നത്. ആര്‍ത്രൈറ്റിസ്, ഡയബറ്റിക്, അമിത കൊളസ്‌ട്രോള്‍, ഉദര രോഗങ്ങള്‍ തുടങ്ങിയവയ്ക്കും ഇപ്പോള്‍ അര്‍ബുദത്തെ പ്രതിരോധിക്കാനും കറ്റാര്‍വാഴ നീര് ഫലപ്രദമായ പ്രതിവിധിയാണ്. പോളകളിലെ കൊഴുപ്പില്‍നിന്ന് ഉത്പാദിപ്പിക്കുന്ന പ്രധാന ആയുര്‍വേദ ഔഷധമാണ് ചെന്നിനായകം.

പോളകളിലെ ജെല്ലില്‍ എന്‍സൈമുകള്‍, അമിനോ അമ്ലങ്ങള്‍, കാല്‍സ്യം, ഇരുമ്പ്, സിങ്ക്, മാംഗനീസ് എന്നീ ജീവകങ്ങളാണ് ധാരാളമായി അടങ്ങിയിരിക്കുന്നത്. ആയുര്‍വേദ സോപ്പുകള്‍, ആരോഗ്യ പാനീയങ്ങള്‍, ത്വക്ക് ഈര്‍പ്പമുള്ളതാക്കുന്ന കുഴമ്പുകള്‍, ലേപനങ്ങള്‍, ക്ലെന്‍സറുകള്‍, മോയിസ്ചറൈസുകള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിന് പ്രധാനമായും കറ്റാര്‍വാഴയിലെ ജീവകങ്ങളാണ് ഉപയോഗിക്കുന്നത്.
ഏറെ വിപണന സാധ്യതകളുള്ള കറ്റാര്‍വാഴ വാണിജ്യാടിസ്ഥാനത്തില്‍ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് ദിലീപ്. വീട്ടുമുറ്റത്ത് ഉയരത്തില്‍ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നതും പക്ഷികള്‍ കൂടുകൂട്ടിയുമായ കറിവേപ്പുമരം തണല്‍മരമായി വളര്‍ന്നതിനു പിന്നിലും ദിലീപിന്റെ കൃഷിയോടുള്ള സ്‌നേഹം കാണാം.

കടപ്പാട്-karshakanmagazine.blogspot.in

2.94827586207
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top