অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍

കൃഷിയിലെ ജൈവായുധങ്ങള്‍

ഇനിയൊരു ലോകയുദ്ധമുണ്ടായാല്‍ ഏറ്റവുമധികം പ്രയോഗിക്കപ്പെടുന്ന മാരാകായുധങ്ങളില്‍ പ്രമുഖ സ്ഥാനം ജൈവായുധങ്ങള്‍ക്കാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഈ ആയുധങ്ങള്‍ നന്മയ്ക്കായും പ്രയോഗിക്കാം. കൃഷിയിലെ കീടങ്ങളെയും രോഗങ്ങളെയും നിയന്ത്രിക്കാനും, വേണമെങ്കില്‍ പോഷകമൂലകങ്ങള്‍ പ്രദാനംചെയ്യാനും ഈ ജീവാണുക്കളെ ഉപയോഗിക്കാം. കൃഷിയില്‍ ഇപ്പോള്‍ അനുവര്‍ത്തിക്കുന്ന രാസപ്രയോഗങ്ങളുടെ പ്രളയത്തില്‍ ഈ ജൈവായുധങ്ങള്‍ വേണ്ടത്ര പരിഗണന ലഭിക്കാതെ തമസ്കരിക്കുകയോ ഒഴിവാക്കുകയോ ചെയ്യപ്പെടുന്നു. പതുക്കെയാണെങ്കിലും രാസകൃഷിയുടെ ദുരന്തം തിരിച്ചറിയുകയും ജൈവകൃഷിയുടെ ആവശ്യകത ബോധ്യപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് ജൈവായുധങ്ങളുടെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണ്.



കൃഷിയില്‍ രാസവളങ്ങള്‍ മാറ്റി ജൈവവളങ്ങള്‍ നല്‍കുമ്പോള്‍ പ്രതീക്ഷിച്ച വിളവു കിട്ടാറില്ലെന്ന് നമുക്കറിയാം. ജൈവവളങ്ങള്‍ അഴുകി ജീര്‍ണനം ശരിയായി നടന്നാല്‍ മാത്രമേ ചെടിക്ക് പോഷകമൂലകങ്ങള്‍ ലഭ്യമാകു. ഒരുപാട് അണുജീവികള്‍ ജൈവവസ്തുക്കളില്‍ പ്രതിപ്രവര്‍ത്തിച്ചാണ് ഇതു സംഭവിക്കുന്നത്. ചെടികള്‍ക്കാവശ്യമായ ഓരോ മൂലകങ്ങളും ഇങ്ങനെ പ്രദാനംചെയ്യുന്ന അണുജീവികളുണ്ട്. നൈട്രജന്‍ പ്രദാനംചെയ്യാന്‍ അസോസ്പൈറില്ലം, റൈസോബിയം, അസറ്റോ ബാക്ടര്‍ എന്നിവയുടെ കള്‍ച്ചറുകള്‍ വിപണിയില്‍ ലഭ്യമാണ്. ഇവയില്‍ അസോസ്പൈറില്ലവും അസറ്റോബാക്ടറും എല്ലാ വിളകള്‍ക്കും നല്‍കാവുന്നതാണ്. റൈസോബിയം പയറുവര്‍ഗ വിളകള്‍ക്കു മാത്രമായി പരിമിതപ്പെടുന്നു. ഈ മൂന്നു ബാക്ടീരിയകളും അന്തരീക്ഷത്തിലെയും മണ്ണിലെയും നൈട്രജനെ ചെടികള്‍ക്കു വലിച്ചെടുക്കാന്‍പാകത്തിലാക്കുന്നു. മണ്ണില്‍ ചേര്‍ക്കുന്ന ഫോസ്ഫാറ്റിക് വളങ്ങളെ ചെടികള്‍ക്കു വലിച്ചെടുക്കാന്‍ പാകത്തില്‍ വിഘടിപ്പിക്കുന്ന മറ്റൊരിനം ബാക്ടീരിയയാണ്് ഫോസ്ഫോ ബാക്ടര്‍ . പൊട്ടാഷ് പ്രദാനംചെയ്യാന്‍ കഴിയുന്ന ഒരിനം ബാക്ടീരിയയാണ് ഫാച്ചൂറിയ. മണ്ണില്‍ ചേര്‍ക്കുന്ന പൊട്ടാഷ്, വിളങ്ങളെ അതിവേഗം വിഘടിപ്പിച്ച് ചെടികള്‍ക്കു വലിച്ചെടുക്കാന്‍പാകത്തിലാക്കുന്നു. ഇത്തരത്തില്‍ മറ്റു സൂക്ഷ്മമൂലകങ്ങളെയും പ്രദാനംചെയ്യാന്‍ കഴിവുള്ള സൂക്ഷ്മജീവികളുണ്ട്. കീട-രോഗ ബാധകളെ ചെറുക്കുന്നതിനും ജീവാണു കള്‍ച്ചറുകള്‍ ലഭ്യമാണ്. സസ്യങ്ങള്‍ക്കു നല്‍കുന്ന ജൈവവസ്തുക്കളെ വിഘടിപ്പിച്ച് പോഷകമൂലകങ്ങള്‍ ലഭ്യമാക്കുകയും, ഒപ്പം മണ്ണിലൂടെയും വിത്തിലൂടെയും പകരുന്ന പല കുമിള്‍രോഗങ്ങളെയും തടയാന്‍ കഴിവുമുള്ള ബാക്ടീരിയയാണ് സ്യൂഡോമൊണാസ്. ഇവയുടെ കള്‍ച്ചര്‍ പൊടിരൂപത്തിലും ദ്രവരൂപത്തിലും ലഭ്യമാണ്. 

പച്ചക്കറികളുടെ ചുവടുചീയല്‍ , കുരുമുളകിന്റെ ദ്രുതവാട്ടം, വെറ്റിലയുടെ പാണ്ടല്‍ രോഗം, ഏലത്തിന്റെ അഴുകല്‍ തുടങ്ങിയ രോഗങ്ങളെ ഫലപ്രദമായി തടയാന്‍ ട്രൈക്കോഡര്‍മ എന്ന കുമിളിനാവും. ചിതലുകള്‍ , ചാണകപ്പുഴുക്കള്‍ , വേരുതീനിപ്പുഴുക്കള്‍ , നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ , മീലിബഗ്ഗ്, മുഞ്ഞ, ശല്‍ക്കകീടങ്ങള്‍ , വെള്ളീച്ചകള്‍ എന്നിവയെ നശിപ്പിക്കാനും നിയന്ത്രിക്കാനും മെറ്റാറൈസിയം അനിസോപ്ലിയേ എന്ന കുമിളിനെ ഫലപ്രദമായി കൃഷിയിടങ്ങളില്‍ ഉപയോഗിക്കാം. ഇലതീനിപ്പുഴുക്കള്‍ , മുഞ്ഞ, വെള്ളീച്ച, കായ്തുരപ്പന്‍ വണ്ട്, വാഴയിലെ പിണ്ടിപ്പുഴ, വേരുതീനിപ്പുഴുക്കള്‍ , പൊള്ളുവണ്ട് മുതലായവയ്ക്കെതിരെ ബ്യുവേറിയ എന്ന കുമിള്‍വര്‍ഗ ജീവാണു കള്‍ച്ചര്‍ ഉപയോഗിക്കാം. മീലിമൂട്ട, ഇലപ്പേനുകള്‍ , ശല്‍ക്കകീടങ്ങള്‍ , വെള്ളീച്ച എന്നീ കീടങ്ങള്‍ക്കെതിരെയും തുരുമ്പുരോഗം, ചൂര്‍ണ പൂപ്പുരോഗം എന്നിവയെയും ഒരേപോലെ നിയന്ത്രിക്കാന്‍ വെര്‍ട്ടിസീലിയം ലെക്കാനി എന്ന കുമിള്‍വര്‍ഗ ജീവാണുക്കളെ ഉപയോഗപ്പെടുത്താം. ബാസില്ലസ് സബ്ടിലിസ് എന്ന ബാക്ടീരിയകളെക്കൊണ്ടും രോഗ-കീട ബാധ നേരിടാം. നെല്ല്, പച്ചക്കറികള്‍ തുടങ്ങിയവയിലെ ഇല തീനികളെ ബാസിലസ് തുറിഞ്ചിയന്‍സ് എന്ന ബാക്ടീരിയ കൊന്നൊടുക്കും. ഇനിയുമുണ്ട് താരങ്ങള്‍ . ഇവയൊക്കെ നമ്മുടെ മണ്ണില്‍ സുലഭമായിരുന്നു. മണ്ണിനെ നോക്കാതെ, വിളയെ മാത്രം ലക്ഷ്യമിട്ടുള്ള ആധുനിക കൃഷിസമ്പ്രദായങ്ങള്‍മൂലം നമ്മുടെ മിത്രജീവികളൊക്കെ അന്യംനില്‍ക്കുകയോ ഒഴിവാകുകയോ ചെയ്യുന്നു. വീണ്ടും ഇവയെ തിരികെ എത്തിക്കണമെങ്കില്‍ ഏറെ അധ്വാനം വേണ്ടിവരും. 

മണ്ണിലെ ജൈവാംശങ്ങളുടെ അളവ് വര്‍ധിപ്പിച്ചും മണ്ണിന്റെ അമ്ലത ലഘൂകരിച്ചും രാസപ്രയോഗം ഒഴിവാക്കിയും വേണം ഈ ആയുധങ്ങളുടെ പ്രയോഗം. മണ്ണില്‍ ധാരാളം ജൈവവളങ്ങള്‍ ചേര്‍ക്കുക, മണ്ണുപരിശോധന നടത്തി അമ്ലത ലഘൂകരിക്കാന്‍ പാകത്തില്‍ കുമ്മായം ചേര്‍ക്കുക എന്നിവയ്ക്കു ശേഷമാവണം അണുപ്രായോഗം നടത്തേണ്ടത്. മേല്‍പ്പറഞ്ഞ അണുജീവികളുടെ കള്‍ച്ചറുകള്‍ സ്വകാര്യ-ഗവണ്‍മെന്റ് ലാബുകളില്‍നിന്നു ലഭ്യമാണ്. ഓരോ കള്‍ച്ചറും എങ്ങിനെ ഏതു രീതിയില്‍ , എപ്പോള്‍ ഉപയോഗിക്കണമെന്ന് ഒരു കൃഷിവിദഗ്ധന്റെ സഹായത്തോടെ കൃഷികാര്‍ക്ക് തീരുമാനിക്കാവുന്നതാണ്. ജൈവകൃഷിരീതിക്ക് പ്രചാരം വന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരം ജൈവായുധങ്ങളും നമുക്കിനി പുറത്തെടുക്കാം.

അഭിലാഷ് കരിമുളയ്ക്കല്‍(www.deshabhimani.com)

തീരദേശത്ത് ജൊജോബ കൃഷി

തൃശ്ശൂര്‍ ജില്ലയിലെ കടല്‍ത്തീരങ്ങളിലുള്ള സര്‍ക്കാര്‍ ഭൂമിയില്‍ 'പണം കായ്ക്കുന്ന' ജൊജോബ ചെടികള്‍ ഇനി തഴച്ചുവളരും. കേരളത്തിലാദ്യമായി തൃശ്ശൂര്‍ ജില്ലാ പഞ്ചായത്താണ് ജൊജോബ വെച്ചുപിടിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. സ്രാവില്‍നിന്നുള്ള എണ്ണയെക്കാള്‍ ഔഷധം ഗുണമുണ്ട് ജൊജോബ കായ്കളില്‍ നിന്ന് ലഭിക്കുന്ന എണ്ണയ്ക്ക്. ഒരു ലിറ്ററിന് ഇപ്പോഴത്തെ വില 1500 രൂപയാണ്. 120 വര്‍ഷം ആയുസ്സുള്ള ജൊജോബ നാലുവര്‍ഷംകൊണ്ട് മൂപ്പെത്തും. രണ്ട് കിലോ കായയില്‍നിന്ന് ഒരു ലിറ്റര്‍ എണ്ണ ലഭിക്കുമെന്ന പ്രത്യേകതയും ജൊജോബയ്ക്കുണ്ട്. ന്യൂഡല്‍ഹിയിലെ നാഷണല്‍ ഓയില്‍ ആന്‍ഡ് വെജിറ്റബിള്‍ ബോര്‍ഡിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഒരു ഹെക്ടറില്‍ 600 ജൊജോബ നടാനാകും. ചെടിക്ക് പരമാവധി ആറടി ഉയരമേ ഉണ്ടാകു. പദ്ധതി നടപ്പാക്കുന്നതിന് ഹെക്ടറിന് 80,000 രൂപ ഓയില്‍ ആന്‍ഡ് വെജിറ്റബിള്‍ ഡെവലപ്പ്‌മെന്റ് ബോര്‍ഡ് സഹായമായി നല്‍കും. ഗ്രാമപ്പഞ്ചായത്തുകള്‍ക്കാണ് പരിചരണച്ചുമതല. സര്‍ക്കാര്‍ ഭൂമി ഇല്ലാത്ത സ്ഥലങ്ങളില്‍ കാറ്റാടി മരങ്ങള്‍ക്കുമുന്നില്‍ ജൊജോബ വെച്ചു പിടിപ്പിക്കും.

ജില്ലയില്‍ ജൊജോബയുടെ സാധ്യതകള്‍ പരിശോധിക്കാന്‍ നാഷണല്‍ ഓയില്‍ ആന്‍ഡ് വെജിറ്റഭിള്‍ ഡെവലപ്പ്‌മെന്റ് ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. പരമാനന്ദം തീരദേശ മേഖലയില്‍ സന്ദര്‍ശനം നടത്തി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ആര്‍. ശുഭകുമാര്‍, വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുബൈദ മുഹമ്മദ്, ജില്ലാ പഞ്ചായത്തംഗം സി.എം. നൗഷാദ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.ബി. ഉണ്ണികൃഷ്ണന്‍, വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ പി.എസ്. സൂരത്കുമാര്‍, എന്‍.എസ്. മനോജ്, സുഗന്ധിനി ഗിരി, നാട്ടിക ഗ്രാമപ്പഞ്ചായത്തംഗം കെ.പി. സുഖദാസ് എന്നിവര്‍ ഒപ്പമുണ്ടായി. രണ്ടാംഘട്ടത്തില്‍ സ്വകാര്യവ്യക്തികള്‍ക്കും ജൊജോബ കൃഷിക്ക് സഹായം ലഭിക്കും. ഹെക്ടറിന് 30,000 രൂപയാണിതിന് സഹായം ലഭിക്കുക.

പകരംവെക്കാന്‍ ഒരു 'നന്മ'വളം

വീണാറാണി ആര്‍.

രാസവളങ്ങള്‍ക്ക് തീപിടിച്ച വില. തുലാവര്‍ഷത്തിനുമുമ്പായെങ്കിലും അല്പം വളംചേര്‍ത്തില്ലെങ്കില്‍ അടുത്തവര്‍ഷം വിളവെടുക്കാന്‍ ഒന്നുമുണ്ടാകില്ല. ചെലവുകുറഞ്ഞ രീതിയില്‍ പൊട്ടാഷ് ധാരാളമടങ്ങിയ വിളസൗഹൃദചകിരിച്ചോറ് ജൈവവളം എളുപ്പം തയ്യാറാക്കാമെന്നിരിക്കെയാണ് ദിനംതോറും വിലകൂടിവരുന്ന രാസവളത്തിന്റെ പിറകെ നാം ഓടുന്നത് എന്നതാണ് അതിലേറെ വിചിത്രം.

ഒരു ടണ്‍ ചകിരിച്ചോറും പത്തുകിലോഗ്രാം കോഴിക്കാഷ്ഠവും ഒന്നരക്കിലോഗ്രാം കൂണ്‍ വിത്തുമുണ്ടെങ്കില്‍ ആര്‍ക്കും കമ്പോസ്റ്റ് തയ്യാറാക്കാം. നല്ല തണല്‍കിട്ടുന്ന സ്ഥലത്ത് നിലം നിരപ്പാക്കുന്നതാണ് ആദ്യപടി. ഇനി 100 കിലോഗ്രാം ചകരിച്ചോറ് ഒരുപോലെ നിരത്തണം. ഇതിന് മുകളിലായി 300 ഗ്രാം കൂണ്‍ വിത്ത് വിതറാം. അടുത്ത അട്ടി നൂറ് കിലോഗ്രാം ചകരിച്ചോറിനുള്ളതാണ്. രണ്ടുകിലോഗ്രാം കോഴിക്കാഷ്ഠത്തിന്റേതാണ് അടുത്ത ഊഴം. ഇങ്ങനെ ചകിരിച്ചോറും കൂണ്‍ വിത്തും ചകരിച്ചോറും കോഴിക്കാഷ്ഠവും പുട്ടിന് തേങ്ങാപ്പീരപോലെ പത്ത്അട്ടിയായി നിരത്തണം. ഒരു മീറ്ററിലധികം ഉയരം കമ്പോസ്റ്റ്കൂനയ്ക്ക് വരാതെ നോക്കുന്നത് നന്ന്.

നിരത്തുന്നതിനുമുമ്പും അട്ടിയിട്ടതിനുശേഷവും ആവശ്യത്തിന് നനയ്ക്കുന്നത് ചകിരിച്ചോറ് പെട്ടെന്ന് പൊടിയുന്നതിന് സഹായിക്കും.

ധാരാളം പൊട്ടാഷും സൂക്ഷ്മമൂലകങ്ങളുമടങ്ങിയ ചകിരിച്ചോറ് ജൈവവളത്തിന് അതിന്റെ ഭാരത്തിന്റെ ആറിരട്ടി ഈര്‍പ്പം പിടിച്ചുനിര്‍ത്തുന്നതിനുള്ള കഴിവുണ്ട്. ഏക്കറിന് അഞ്ചുടണ്‍ ജൈവവളം ആവശ്യമായ ചീരക്കൃഷിയില്‍ ചകരിച്ചോറ് കമ്പോസ്റ്റ് അടിവളമായി നല്‍കുന്നത് ചെലവുകുറയ്ക്കാന്‍ മാത്രമല്ല, ഉത്പാദനം കൂട്ടാനും ഉത്തമമാണെന്ന് പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

തെങ്ങിന്‍തോട്ടത്തില്‍ ഇടവിളകൃഷിയായി ചാലുകീറി ചകിരിച്ചോറ്കമ്പോസ്റ്റ് ചേര്‍ത്ത് കടകള്‍ നടുന്നത് തീറ്റപ്പുല്ലിന്റെമാത്രമല്ല, തെങ്ങിന്റെയും ശുക്രദശയ്ക്ക് തുടക്കമാവും. തെങ്ങിന്‍ ചുവട്ടില്‍നിന്ന് ഒന്നരമീറ്റര്‍ അകലത്തിലായി ഒരടി താഴ്ചയില്‍ ചകിരിച്ചോറ് കമ്പോസ്റ്റ് വളമാക്കിയാല്‍ നാളികേര ഉത്പാദനം കൂടുമെന്നത് കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിലെ പരീക്ഷണവിജയം. പുഴയോരങ്ങളിലെ ചകിരിഫാക്ടറികളില്‍നിന്ന് പുറന്തള്ളുന്ന ചകിരിച്ചോര്‍ സൃഷ്ടിക്കുന്ന പരിസരമലിനീകരണം ഒഴിവാക്കാനും നമ്മുടെ ജൈവവളപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഉത്തമമാര്‍ഗം കോഴിക്കാഷ്ഠം ചേര്‍ത്ത് തയ്യാറാക്കുന്ന ചകിരിച്ചോര്‍ കമ്പോസ്റ്റ് തന്നെ.

പച്ചക്കറിച്ചെടി-നടാന്‍ പാകത്തിന്; ഇറച്ചി മേല്‍ത്തരം

നഗരത്തില്‍ ഇത്തിരിമുറ്റത്ത് ഒരു വെണ്ടത്തയ്യോ കുമ്പളമോ നട്ട് വളര്‍ത്താന്‍ ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. നേരെ മണ്ണുത്തിയിലെ കാര്‍ഷികസര്‍വകലാശാലയുടെ കൗണ്ടറില്‍ എത്തുക. പാലക്കാട്ടേക്കുള്ള ബസ് സ്റ്റോപ്പിനോട് ചേര്‍ന്ന് തന്നെയാണ് ഈ കൗണ്ടറുകളുടെ പ്രവര്‍ത്തനം. പച്ചക്കറിത്തൈകള്‍ റെഡി റ്റു പ്‌ളാന്റ് സംവിധാനത്തില്‍ കിട്ടും. കഴിഞ്ഞ ഒരു കൊല്ലമായി വിത്തുകളേക്കാള്‍ ഈ ചെടികള്‍ക്കാണ് ആവശ്യക്കാരേറെ. കൊച്ച് കടലാസ് കൂടുകളിലാണ് ഇവ വളര്‍ത്തിയിരിക്കുന്നത്. പ്‌ളാസ്റ്റിക്കിനോട് പണ്ടേ വിട പറഞ്ഞു. വീട്ടില്‍ ഒരു ചെറു കുഴിയെടുത്ത് നടേണ്ട ആവശ്യമേയുള്ളു. വെണ്ട, മത്തന്‍, പയര്‍, കുമ്പളം, ചീര, പാവല്‍, പടവലം, വഴുതന എന്നിവയുടെ തൈകള്‍ ഇപ്പോള്‍ ലഭിക്കും. മൂന്ന് തൈക്ക് 5 രൂപ പ്രകാരമാണ് വില്‍ക്കുന്നത്. ഇവയ്ക്ക് പുറമെ പടവലം, മുളക്, ചുരയ്ക്ക, ബീന്‍സ് എന്നിവയും കൂടി ചേരുന്നതാണ് ഇവിടത്തെ വിത്ത് വില്‍പ്പന കൗണ്ടര്‍. സര്‍വകലാശാല ഉല്‍പ്പാദിപ്പിച്ച മേല്‍ത്തരം ഇനങ്ങളാണ് ഇവിടെയുള്ളത്.



മാവ്, പ്‌ളാവ്, സപ്പോട്ട, പപ്പായ, വാഴ തുടങ്ങിയവയുടെ തൈകളാണ് മറ്റൊരു വിഭാഗം. മാവ് തന്നെ 30 ഇനങ്ങളുണ്ട്. പ്‌ളാവില്‍ നാടന്‍ ഇനങ്ങള്‍ക്ക് പുറമെ മൗറീഷ്യന്‍, ക്യൂ തുടങ്ങിയവയുമുണ്ട്. തെങ്ങ്, കവുങ്ങ്, കശുമാവ് എന്നിവയുമുണ്ട്. ഔഷധസസ്യങ്ങള്‍, പൂച്ചെടിവിത്തുകള്‍ തുടങ്ങിയവയും വില്‍ക്കുന്നു. ജൈവകീടനാശിനികളും വാങ്ങാന്‍ കിട്ടും. ജൈവവളങ്ങളില്‍ വെര്‍മി കമ്പോസ്റ്റിന് ആവശ്യക്കാരേറെയുണ്ട്. കിലോയ്ക്ക് 8 രൂപയാണ് വില. തേന്‍, ദന്തപാലയെണ്ണ, കേശരക്ഷ, ആടലോടകചൂര്‍ണ്ണം എന്നിവയും സര്‍വകലാശാലയില്‍ ഉല്‍പ്പാദിപ്പിച്ച് വിപണനം നടത്തുന്നുണ്ട്. ജാം, സ്‌ക്വാഷ്, അച്ചാറുകള്‍, കാഷ്യു-ആപ്പിള്‍ സിറപ്പ് എന്നിവയ്ക്കുപുറമേ ശുദ്ധമായ വെളിച്ചെണ്ണയും ഈ കൗണ്ടറില്‍ വാങ്ങിക്കാം.

മാംസത്തിന് ഡിമാന്റേറെ

അല്‍പ്പം യാത്ര ചെയ്തിട്ടായാലും സര്‍വകലാശാലയുടെ കൗണ്ടറില്‍ എത്തി മാംസം വാങ്ങുന്നവരേറുകയാണ്. വെറ്ററിനറി സര്‍വകലാശാല ഉല്‍പ്പാദിപ്പിക്കുന്ന മാംസവിഭവങ്ങളുടെ വില്‍പ്പനയും ഈ കൗണ്ടറുകള്‍ തന്നെ. രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ തുറന്നിരിക്കും. മട്ടന്‍ ഒഴികെയുള്ള മിക്കവാറും ഇറച്ചികളെല്ലാം കിട്ടും. ചിക്കന്‍, ബീഫ്, കാട, പോര്‍ക്ക്, ബീഫ് പിക്കിള്‍, കാടമുട്ട പിക്കിള്‍ എന്നിവയാണ് ഏറെയും വിറ്റഴിക്കുന്നത്.

പൂര്‍ണ്ണമായും യന്ത്രവല്‍ക്കൃതമാണ് മാംസസംസ്‌കരണം. അതിനാല്‍ ശുചിത്വം 100 ശതമാനം ഉറപ്പിക്കാം. വില അല്‍പ്പം കൂടിയാലും ബീഫും പോര്‍ക്കുമൊക്കെ വിശ്വസിച്ച് വാങ്ങാമെന്നതിനാല്‍ പലരും ഈ കൗണ്ടറുകളിലെത്തുന്നു. കട്‌ലെറ്റ്, കീമ തുടങ്ങിയവയും ഉല്‍പ്പാദിച്ച് വില്‍ക്കുന്നുമുണ്ട്. ശുദ്ധമായ പാലാണ് ഈ കൗണ്ടറുകളിലെ മറ്റൊരു വിഭവം.

വര്‍ഷം രണ്ട് കോടി രൂപയോളം വിറ്റുവരവുണ്ട് കാര്‍ഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തില്‍. ഉച്ചയ്ക്ക് 1-1.30 ആണ് ഇടവേള. സംശയനിവാരണത്തിനുള്ള സംവിധാനങ്ങളും കിട്ടും.

വിവരങ്ങള്‍ക്ക് 0487 2370540

സ്വര്‍ണ്ണമത്സ്യങ്ങളെ വളര്‍ത്തുമ്പോള്‍

ഒരല്പം ശ്രദ്ധ വെച്ചാല്‍ സ്വര്‍ണ്ണമത്സ്യങ്ങളെ വളര്‍ത്താനെളുപ്പമാണ്. എപ്പോഴും എന്തെങ്കിലുമൊക്കെ പുതുതായി പഠിക്കാനുണ്ടാകും സ്വര്‍ണ്ണമത്സ്യങ്ങളുടെ കാര്യത്തില്‍. കൂടുതലന്വേഷിച്ച് അപ്പപ്പോള്‍ സംശയങ്ങള്‍ ദുരീകരിച്ചാല്‍, 'മത്സ്യദുരന്ത' ങ്ങളൊഴിവാക്കാം. കുറച്ചുകാലം കൊണ്ടുതന്നെ ഉടമസ്ഥരെ തിരിച്ചറിയാനും പ്രതികരിക്കാനും സ്വര്‍ണ്ണമത്സ്യങ്ങള്‍ക്കാകും. അല്പം ക്ഷമയുണ്ടെങ്കില്‍ താരതമ്യേന വിവേകികളായ ഇവയെ പല വിദ്യകളും പരിശീലിപ്പിക്കുകയുമാകാം. ശരിയായി പരിപാലിക്കുകയാണെങ്കില്‍ പത്തു വര്‍ഷങ്ങളോ അതില്‍ കൂടുതലോ ഇവ അക്വേറിയത്തില്‍ ജീവിച്ച് വളര്‍ത്തുന്നയാള്‍ക്ക് ആനന്ദവും ഉന്മേഷവും പോസിറ്റീവ് മനോഭാവവും പ്രധാനം ചെയ്യും.

ദീര്‍ഘകാലമായി ആരോഗ്യത്തോടെ ജീവിക്കുന്ന, ലോകത്തിലെ തന്നെ വലിയ സ്വര്‍ണ്ണ മത്സ്യങ്ങളിലൊന്ന് നെതര്‍ലാന്‍ഡ്‌സിലാണ്. ഏകദേശം അര മീറ്ററാണ്(48 സെ.മീ) ഇതിന്റെ നീളം. 2010 ജൂലായ് മാസത്തില്‍ ഇംഗ്ലണ്ടിലെ ഒരു കുളത്തില്‍ നിന്നും പിടിച്ചെടുത്ത മറ്റൊരു സ്വര്‍ണ്ണമത്സ്യത്തിനാകട്ടെ, 41 സെ.മീ.നീളവും രണ്ടര കിലോഗ്രാം ഭാരവുമുണ്ടായിരുന്നു. 20 വയസ്സെങ്കിലും കണക്കാക്കപ്പെടുന്ന ഇതിനെ, അതിരുകവിഞ്ഞു വളര്‍ന്നതിനാലാകാം, ഏതോ ഹോബിയസ്റ്റ് ആ കുളത്തില്‍ ഉപേക്ഷിച്ചത്. പാശ്ചാത്യ രാജ്യങ്ങളില്‍ സാധാരണ സ്വര്‍ണ്ണമത്സ്യങ്ങളെ, കുളങ്ങളിലാണു വളര്‍ത്താറ്. ആകൃതിയിലും വര്‍ണ്ണത്തിലും വൈവിധ്യം പുലര്‍ത്തുന്ന 'ഫാന്‍സി' ഇനങ്ങളെ അക്വേറിയങ്ങളിലും വളര്‍ത്തുന്നു. കുളത്തില്‍ വളര്‍ത്തുന്നവയെക്കാള്‍ ശ്രദ്ധയും പരിചരണവും വേണം, അക്വേറിയത്തിലെ സ്വര്‍ണ്ണമത്സ്യങ്ങള്‍ക്ക്.

സ്ഥലപരിമിതി അനുവദിക്കുകയാണെങ്കില്‍ സ്വര്‍ണ്ണമത്സ്യങ്ങളെ വളര്‍ത്താന്‍ ഒരു വലിയ അക്വേറിയം തന്നെ തിരഞ്ഞെടുക്കണം. ഒരിക്കലും അവയെ ഗോളാകൃതിയിലുള്ള കണ്ണാടിപ്പാത്ര (Goldfish bowl) ങ്ങളില്‍ വളര്‍ത്തരുത്. അക്വേറിയങ്ങളെ അപേക്ഷിച്ച് വ്യാപ്തവും ഉപരിതല വിസ്തീര്‍ണ്ണവും കുറവായതിനാല്‍, ഇത്തരം കണ്ണാടിപ്പാത്രങ്ങളിലെ ജലത്തില്‍ ലയിച്ചു ചേര്‍ന്ന ഓക്‌സിജന്റെ അളവും താരതമ്യേന കുറവായിരിക്കും. അതുകൊണ്ടുതന്നെ ഇങ്ങനെ വളര്‍ത്തുന്ന മത്സ്യങ്ങള്‍, പലപ്പോഴും ജലനിരപ്പിനു മുകളില്‍ വന്ന് വായു വലിച്ചെടുക്കുന്നതായി കാണാറുണ്ട്. യഥേഷ്ടം നീന്തിക്കളിക്കാനിഷ്ടപ്പെടുന്ന ഒരു സ്വര്‍ണ്ണമത്സ്യത്തിന്റെ ചലനങ്ങള്‍ക്ക്, ഗോളാകൃതിയിലുള്ള കണ്ണാടിപ്പാത്രം സൃഷ്ടിക്കുന്ന തടസ്സങ്ങള്‍ ചെറുതല്ല. ഭക്ഷണകാര്യത്തില്‍ മറ്റു മത്സ്യങ്ങളെക്കാള്‍ ആര്‍ത്തി കാണിക്കുന്ന സ്വര്‍ണ്ണമത്സ്യങ്ങള്‍, കൂടുതലളവില്‍ വിസര്‍ജ്ജ്യങ്ങള്‍ പുറത്തുവിടുന്നവയുമാണ്. അതിനാല്‍ കണ്ണാടിപ്പാത്രത്തിനകത്തെ വെള്ളം അതിവേഗം മലിനമാകുകയും വിസര്‍ജ്ജ്യങ്ങളില്‍ നിന്നുണ്ടാകുന്ന നൈട്രജന്‍ സംയുക്തങ്ങളിലെ വിഷലിപ്തത, മത്സ്യങ്ങളെ ബാധിക്കുകയും ചെയ്യും. മേല്‍പ്പറഞ്ഞവയൊക്കെ മത്സ്യങ്ങളെ എളുപ്പത്തില്‍ സമ്മര്‍ദ്ദത്തിലാഴ്ത്തും. ഒട്ടും സന്തുലിതമല്ലാത്ത ഇത്തരം സാഹചര്യങ്ങളില്‍ അതീവ ശ്രദ്ധതയോടെ പരിചരിച്ചില്ലെങ്കില്‍ മത്സ്യങ്ങള്‍ ചത്തുപോകാനിടവരും. ഇനി അഥവാ പരിചരിച്ചാല്‍ തന്നെ, വളരെ ചെറിയ പാത്രങ്ങളിലിട്ടു വളര്‍ത്തുന്നത് സ്വര്‍ണ്ണമത്സ്യങ്ങളുടെ വളര്‍ച്ചയെ മുരടിപ്പിക്കും.

ഒരിഞ്ചു വലിപ്പമുള്ള ഒരു മത്സ്യത്തിന് സ്വസ്ഥമായി ജീവിക്കാന്‍ മൂന്നര ലിറ്റര്‍ വെള്ളമെങ്കിലും വേണമെന്നാണ് സാമാന്യമായ കണക്കെങ്കിലും, സ്വര്‍ണ്ണമത്സ്യങ്ങളുടെ കാര്യത്തില്‍ നാം കുറച്ചുകൂടി ശ്രദ്ധിക്കണം. പെരുവിരലിന്റെ വലിപ്പമുള്ള (ഏകദേശം ഒരിഞ്ച് ) രണ്ടു സ്വര്‍ണമത്സ്യങ്ങള്‍ക്ക് കുറഞ്ഞതു 30 ലിറ്റര്‍ വെള്ളമെങ്കിലും വേണം. ഈ വലിപ്പത്തില്‍ നിന്ന് മത്സ്യങ്ങളുടെ നീളം ഓരോ ഇഞ്ച് കൂടുമ്പോഴും, 4-5 ലിറ്റര്‍ എന്ന തോതില്‍ കൂടുതല്‍ വെള്ളം വേണ്ടിവരും. അതായത് ഒരു കുഞ്ഞുമത്സ്യത്തെയാണു വാങ്ങുന്നതെങ്കില്‍, മത്സ്യത്തിന്റെ അപ്പോഴുള്ള നീളം മാത്രം നോക്കി അക്വേറിയത്തിന്റെ വലിപ്പം കണക്കാക്കിയാല്‍ മതിയാവില്ല. സ്വര്‍ണ്ണമത്സ്യങ്ങള്‍ പൂര്‍ണ്ണവളര്‍ച്ചയെത്തുമ്പോഴുള്ള ഏകദേശ വലിപ്പം കൂടി കണക്കിലെടുത്ത് അക്വേറിയം വാങ്ങുന്നതാണ് ഉത്തമം. ഇതു സാധ്യമല്ലെങ്കില്‍ മത്സ്യങ്ങള്‍ വലുതാകുന്നതിനുസരിച്ച്, അവയെ വലിയ അക്വേറിയങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കണം. ഇതിനുപകരം സിമെന്റു ടാങ്കിലേക്കോ, പൂന്തോട്ടത്തിലെ സുരക്ഷിതമായ ആമ്പല്‍ക്കുളത്തിലേക്കോ മാറ്റുകയുമാകാം.

സ്വര്‍ണ്ണമത്സ്യ അക്വേറിയങ്ങള്‍ സ്ഥാപിക്കാന്‍ മുറിയുടെ ശാന്തമായ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കണം. ചൂട്, തണുപ്പ് എന്നിവ കൂടുതലുള്ള ഭാഗങ്ങള്‍, ആള്‍പെരുമാറ്റം അധികമുള്ള വാതിലുകളുടെ സമീപം, നേരിട്ട് സൂര്യപ്രകാശമോ വെയിലോ ലഭിക്കുന്ന സ്ഥലങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക. എന്നാല്‍ നേരിട്ടല്ലാത്ത സൂര്യപ്രകാശം ലഭിക്കുന്ന വിധത്തില്‍ ജനാലകള്‍ അടുത്തുള്ളത് പ്രശ്‌നമല്ല. എയറേറ്ററും ബള്‍ബും മറ്റും പ്രവര്‍ത്തിപ്പിക്കാന്‍, അക്വേറിയത്തിനു സമീപം തന്നെ പ്ലഗ്ഗ് പോയിന്റ് സൗകര്യം ഉണ്ടായിരിക്കണം. സ്വര്‍ണ്ണമത്സ്യ അക്വേറിയം വയ്ക്കുന്ന മുറിയില്‍ കൊതുകുകള്‍ക്കെതിരെ തിരി കത്തിക്കുന്നത്, ലിക്വിഡേറ്റര്‍ ഉപയോഗിക്കുന്നത്, സാമ്പ്രാണി പുകയ്ക്കുന്നത് തുടങ്ങിയവ കഴിവതും ഒഴിവാക്കണം.

കോമെറ്റ് ഒഴികെയുള്ള ഫാന്‍സി സ്വര്‍ണ്ണമത്സ്യങ്ങള്‍ ടാങ്കില്‍ നിന്നും ചാടുക പതിവില്ലെങ്കിലും, സ്വര്‍ണ്ണമത്സ്യ അക്വേറിയത്തിനൊരു മേല്‍ക്കൂര(Hood) വയ്ക്കുന്നത് നന്നായിരിക്കും. ഇത് പൊടിയും പ്രാണികളും മറ്റും വെള്ളത്തില്‍ വീഴുന്നത് തടയും. സ്വര്‍ണ്ണമത്സ്യങ്ങളുടെ ജീവിതക്രമം മറ്റെല്ലാ ജീവികളെയും പോലെ വെളിച്ചവും ഇരുട്ടും ഇടവിട്ടുള്ള സെര്‍ക്കേഡിയന്‍ താല (Circadian rhythm) ത്തിലായതിനാല്‍, അവയ്ക്ക് ഏകദേശം 10 മണിക്കൂറെങ്കിലും വെളിച്ചം നല്‍കണം. ഉഷ്ണമേഖലാ സാഹചര്യങ്ങളില്‍ അധികം താപമുല്പാദിപ്പിക്കാത്ത കൂള്‍ വൈറ്റ് ട്യൂബ് ലൈറ്റുകളാണ് അനുയോജ്യം. അക്വേറിയത്തിന്റെ മേല്‍ക്കൂരയില്‍തന്നെ ഇവ ഘടിപ്പിക്കുകയും ചെയ്യാം. കൂടുതല്‍ വൈദ്യുതി ഉപയോഗിച്ച് അധികതാപവും കുറഞ്ഞ വെളിച്ചവും ഉത്പാദിപ്പിക്കുന്ന സാധാരണ ബള്‍ബുകള്‍ (Incandescent light) ഒഴിവാക്കുകയാണു നല്ലത്.

കുറഞ്ഞ താപനില (20 മുതല്‍ 22 ഡിഗ്രിസെല്‍ഷ്യസ്) യുള്ള വെള്ളത്തില്‍ ജീവിക്കാനിഷ്ടപ്പെടുന്നവ (Cold water fish) യാണ് സ്വര്‍ണ്ണമത്സ്യങ്ങളെങ്കിലും, 10 മുതല്‍ 30 ഡിഗ്രി വരെ ചൂട് താങ്ങാനിവയ്ക്കു കഴിവുണ്ട്. അതുകൊണ്ടുതന്നെ സ്വര്‍ണ്ണമത്സ്യ അക്വേറിയങ്ങളില്‍ ഹീറ്റര്‍ ഉപയോഗിക്കേണ്ടതില്ല. വേനല്‍ക്കാലങ്ങളില്‍ പറ്റുമെങ്കില്‍ ഒരു അക്വേറിയം കൂളെര്‍ (ഇവയ്ക്കു പൊതുവെ വില വളരെ കൂടുതലാണ്) ഉപയോഗിക്കുകയോ, ടാങ്കിന്റെ മേല്‍ക്കൂരയില്‍ ഫാന്‍ ഘടിപ്പിക്കുകയോ, മുറി ശീതീകരിക്കുകയോ ചെയ്ത് ജലോഷ്മാവു താഴ്ത്തുന്നത് ഗുണം ചെയ്യും.

ചൂടു കൂടുതലുള്ള കേരളം പോലെയുള്ള സ്ഥലങ്ങളില്‍, തെന്നിന്ത്യയില്‍ തന്നെ പ്രജനനം ചെയ്യിച്ച് നമ്മുടെ പരിതസ്ഥിതികളോട് ചേര്‍ന്ന് വളരാന്‍ കഴിവുള്ള സ്വര്‍ണ്ണ മത്സ്യങ്ങളാണ് അനുയോജ്യം. ജലോഷ്മാവിലെ പെട്ടെന്നുള്ള വ്യതിയാനങ്ങള്‍ മത്സ്യങ്ങളില്‍ സമ്മര്‍ദ്ദമുണ്ടാക്കി അവയുടെ രോഗപ്രതിരോധശക്തി കുറക്കുമെന്നതിനാല്‍, സ്വര്‍ണ്ണമത്സ്യങ്ങളുള്ള ടാങ്കില്‍ ഒരു തെര്‍മോമീറ്റര്‍ സ്ഥാപിച്ച് ഊഷ്മാവിലെ വ്യതിയാനങ്ങള്‍ നിരീക്ഷിക്കണം. ചൂട് കൂടുന്തോറും വെള്ളത്തില്‍ ലയിച്ചു ചേരുന്ന ഓക്‌സിജന്റെ അളവ് കുറഞ്ഞു കൊണ്ടിരിക്കും. അതിനാല്‍ വേനല്‍ക്കാലത്ത്, സ്വര്‍ണ്ണമത്സ്യടാങ്കുകളില്‍ എയറേറ്റര്‍ (Aquarium air pump) നിര്‍ബന്ധമായും ഉപയോഗിക്കണം. ചൂടുകൂടുതലുള്ള രാത്രികളില്‍ എയറേറ്റര്‍ ഓണ്‍ ചെയ്തിടാനും മറക്കരുത്. ഒരു എയര്‍ സ്‌റ്റോണ്‍ ഉപയോഗിച്ച് ചെറിയ വായുകുമിളകള്‍ കടത്തിവിടുന്നതാണ് ഉചിതം.

സ്വര്‍ണ്ണ മത്സ്യ അക്വേറിയങ്ങളുടെ അടിത്തട്ടില്‍ ചരലിടുന്നത്, അവയ്ക്ക് സ്വന്തം ആവാസവ്യവസ്ഥയുടെ പ്രതീതി നല്‍കും. പൊതുവെ ഇരുണ്ട നിറത്തിലുള്ള ചരല്‍ ഉപയോഗിക്കുന്നത് മത്സ്യങ്ങളുടെ നിറം വര്‍ദ്ധിപ്പിക്കും. സ്വര്‍ണ്ണമത്സ്യങ്ങള്‍ പൊതുവെ ചരല്‍ വായിലാക്കി ഭക്ഷ്യവസ്തുക്കള്‍ക്കായി തിരച്ചില്‍ നടത്താറുള്ളതിനാല്‍, അടിത്തട്ടിലെ ചരല്‍ വലിപ്പം കുറഞ്ഞവയും കൂര്‍ത്ത വശങ്ങളില്ലാത്തവയുമായിരിക്കണം. ഗുണമേന്മയില്ലാത്ത നിറമുള്ള ചരലുപയോഗിച്ചാല്‍, അവയിലെ നിറം വെള്ളത്തില്‍ ചേര്‍ന്ന് അക്വേറിയത്തെ വിഷലിപ്തമാക്കും. ഏതുതരം ചരലായാലും പലവട്ടം നന്നായി കഴുകി വൃത്തിയാക്കിയതിനുശേഷം വേണം, അക്വേറിയത്തില്‍ നിക്ഷേപിക്കാന്‍, ചെടികളുള്ള അക്വേറിയത്തിന്റെ അടിത്തട്ടില്‍ 3 ഇഞ്ച് (6 സെ.മീ) കനത്തില്‍ വരെ ചരലിടാവുന്നതാണ്. ചെടികളില്ലാത്ത ടാങ്കിലാണെങ്കില്‍, ഇത് അരയിഞ്ചു മുതല്‍ ഒരിഞ്ചു വരെ മാത്രം മതിയാകും.

നമ്മുടെ നാട്ടില്‍ സുലഭമായ, ചരലിനടിയില്‍ വയ്ക്കുന്ന ഫില്‍റ്ററുകള്‍ (Under gravel filter) സ്വര്‍ണ്ണ മത്സ്യടാങ്കുകളില്‍ ഉപയോഗിക്കുന്നത് വളരെ സൂക്ഷിച്ചു വേണം. ഇത്തരം ഫില്‍റ്ററുകളില്‍ അടിത്തട്ടിലെ പ്ലേറ്റിനകത്തെ ചരലിലാണ്, നൈട്രജന്‍ ബാക്ടീരിയകളുടെ വാസം. പലപ്പോഴും ഇത്തരം പ്ലേറ്റുകള്‍ ചെറുതായതിനാല്‍, ഭൂരിഭാഗം നൈട്രജന്‍ ബാക്ടീരിയകളുടെ വാസം. പലപ്പോഴും ഇത്തരം പ്ലേറ്റുകള്‍ ചെറുതായതിനാല്‍, ഭൂരിഭാഗം നൈട്രജന്‍ ബാക്ടീരിയകളും ഫില്‍റ്ററിനു പുറത്തുള്ള ചരലിലായിരിക്കും. ഈ ബാക്ടീരിയകള്‍ക്ക് ഓക്‌സിജന്‍ ആവശ്യമായതിനാല്‍, അക്വേറിയത്തിന്റെ അടിത്തട്ടില്‍ 1-2 സെ.മീ. ആഴത്തില്‍ മാത്രമേ ഇവ ജീവിക്കുകയുള്ളൂ. ചരലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ബാക്ടീരിയകള്‍, വെള്ളം മാറ്റുമ്പോഴോ അക്വേറിയം വൃത്തിയാക്കുമ്പോഴോ ഇളകിപ്പോരില്ല. പക്ഷെ അടിത്തട്ടിന്റെ മേല്‍ഭാഗത്തെ, നൈട്രജന്‍ ബാക്ടീരിയകള്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചരല്‍, സൈഫണ്‍ ഉപയോഗിച്ച് വൃത്തിയാക്കുമ്പോള്‍ അടിത്തട്ടിന്റെ കീഴ്ഭാഗത്തേക്ക് പോകാനിടവരും. ഓക്‌സിജന്റെ അളവ് ഈ ഭാഗത്ത് കുറവായതിനാല്‍, നൈട്രജന്‍ ബാക്ടീരിയകള്‍ വളരാതെയാകുന്നു. മുകളില്‍ പുതുതായി എത്തിച്ചേരുന്ന ചരലില്‍, ബാക്ടീരിയകള്‍ കോളനികള്‍ സ്ഥാപിച്ച് നൈട്രജന്‍ ചംക്രമണം തുടങ്ങാന്‍ സമയമെടുക്കും. ഇത് അക്വേറിയത്തില്‍ ഹാനികരങ്ങളായ നൈട്രജന്‍ സംയുക്തങ്ങള്‍ കുമിഞ്ഞുകൂടാനും വെള്ളം വിഷലിപ്തമാകാനും കാരണമാകും. അക്വേറിയത്തിന്റെ അടിത്തട്ടു മുഴുവന്‍ പരന്നു കിടക്കുന്ന വലിയ പ്ലേറ്റുകളുള്ള അണ്ടര്‍ ഗ്രാവെല്‍ ഫില്‍റ്റെര്‍ ഉപയോഗിക്കുകയാണ് ഒരു പരിഹാരം. പക്ഷെ സ്വര്‍ണ്ണമത്സ്യ അക്വേറിയങ്ങള്‍ക്ക് ഏറ്റവും യോജിച്ചത് സ്‌പോഞ്ച് ഫില്‍റ്റെറുകള്‍ ആണെന്നു നിസ്സംശയം പറയാം. അക്വേറിയത്തിന്റെ വലിപ്പം, മത്സ്യങ്ങളുടെ എണ്ണം എന്നിവയനുസരിച്ച്, ഫില്‍റ്റെറിന്റെ കഴിവും വലിപ്പവും നിശ്ചയിക്കാം.

പലപ്പോഴും വളരെ കാലത്തിനു ശേഷം സ്വര്‍ണ്ണമത്സ്യ അക്വേറിയത്തിന്റെ അടിത്തട്ട് സൈഫണ്‍ ഉപയോഗിച്ച് വൃത്തിയാക്കുമ്പോള്‍, നൈട്രജന്‍ ബാക്ടീരിയകളില്‍ വരുന്ന കുറവ്, അമോണിയ, നൈട്രേറ്റ് എന്നിവയുടെ അളവു കൂട്ടാം. പ്രത്യേകിച്ച് ഒരു സ്‌പോഞ്ച് ഫില്‍റ്റെര്‍ സ്ഥാപിച്ചിട്ടില്ലാത്ത അക്വേറിയത്തില്‍ ഇത് സംഭവിക്കാവുന്നതാണ്. ഒരുപാടുകാലം വെള്ളം മാറ്റാതിരുന്ന ഒരു സ്വര്‍ണ്ണമത്സ്യ അക്വേറിയത്തില്‍, ചരല്‍ വൃത്തിയാക്കി വെള്ളം മാറ്റിയതിനു തൊട്ടടുത്ത ദിവസങ്ങളില്‍ മത്സ്യങ്ങള്‍ ചത്തുപോകുന്നതിന്റെ കാരണങ്ങളിലൊന്ന് ഇതാണ്. ഉയര്‍ന്ന ശേഷിയുള്ള സ്‌പോഞ്ച് ഫില്‍റ്റെര്‍ ഉപയോഗിക്കുന്ന ഒരു ടാങ്കില്‍, ഫില്‍റ്റെര്‍ മധ്യമത്തിലെ ബാക്ടീരിയകള്‍, ചരല്‍ വൃത്തിയാക്കിയതു കൊണ്ടുണ്ടായ നൈട്രജന്‍ ചംക്രമണത്തിലെ കുറവു തീര്‍ത്തുകൊള്ളും. അതുകൊണ്ടുതന്നെ ഫില്‍റ്റെര്‍ മാധ്യമം കഴുകുന്നതും ചരല്‍ വൃത്തിയാക്കുന്നതും, ഒറ്റദിവസത്തിലോ അടുത്തടുത്ത ദിവസങ്ങളിലോ ആകരുത്. അക്വേറിയത്തില്‍ നിന്നുമെടുത്ത വെള്ളത്തില്‍ ഫില്‍റ്റെര്‍ മാധ്യമം മൃദുവായി ഞെക്കി, അഴുക്കു കളഞ്ഞ് തിരികെ സ്ഥാപിക്കാം. നാലു സ്വര്‍ണ്ണമത്സ്യങ്ങളുള്ള ഒരു അക്വേറിയത്തിലെ സ്‌പോഞ്ച് ഫില്‍റ്റെറിന്, മണിക്കൂറില്‍ 600 മുതല്‍ 700 ലിറ്റര്‍ വരെ വെള്ളം ഫില്‍റ്റെര്‍ ചെയ്യാനുള്ള ശേഷിയുണ്ടായിരിക്കണം.

പൊതുവെ നീന്തല്‍ പ്രിയരാണെങ്കിലും,സ്വര്‍ണ്ണമത്സ്യങ്ങള്‍ക്കും വിശ്രമം ആവശ്യമാണ്. അതിനാല്‍, നമ്മുടെ കണ്ണില്‍ നിന്നും അക്വേറിയത്തിലെ തിരക്കില്‍ നിന്നും ഒതുങ്ങിമാറി സ്വര്‍ണ്ണമത്സ്യങ്ങള്‍ക്ക് വിശ്രമിക്കാനായി, ചില ഒളിസ്ഥലങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. പാറക്കഷണങ്ങള്‍, ഡ്രിഫ്റ്റ് വുഡ്, ഗുഹകള്‍ പോലെ ദ്വാരങ്ങളുള്ള അലങ്കാരവസ്തുക്കള്‍ തുടങ്ങിയവയുപയോഗിച്ച് ഇത്തരം സാഹചര്യങ്ങളൊരുക്കാം. മാത്രമല്ല, കലാപരമായ രീതിയില്‍ ഒതുക്കിവെച്ച പാറക്കല്ലുകളും ഡ്രിഫ്റ്റ് വുഡും, അക്വേറിയത്തിന്റെ മുഖ്യ ആകര്‍ഷണകേന്ദ്രങ്ങളാകുകയും ചെയ്യും. വെള്ളത്തില്‍ കുതിര്‍ന്നാല്‍ നിറം പോകാത്ത, ഗുണമേന്മയുള്ള അലങ്കാരവസ്തുക്കള്‍ മാത്രമെ അക്വേറിയത്തില്‍ വയ്ക്കാനായി വാങ്ങാവൂ. ചുണ്ണാമ്പുകല്ല്, പവിഴപ്പുറ്റ് തുടങ്ങിയ, ജലരസതന്ത്രത്തെ ബാധിക്കുന്ന വസ്തുക്കള്‍ ഒഴിവാക്കേണ്ടതാണ്.

ശുദ്ധമായ കിണറുവെള്ളം, മഴവെള്ളം എന്നിവ ലഭിക്കാത്ത സാഹചര്യങ്ങളില്‍, ക്ലോറിന്‍ വിമുക്തമായ ടാപ്പുവെള്ളം ഉപയോഗിച്ച് സ്വര്‍ണ്ണമത്സ്യങ്ങളെ വളര്‍ത്താം. പക്ഷെ നമ്മുടെ നാട്ടിലെ ടാപ്പുവെള്ളത്തില്‍ എപ്പോഴാണു ക്ലോറിന്‍ ഉണ്ടാവുക എന്നത് പ്രവചനാതീതമാണ്. അതിനാല്‍ പരന്ന പാത്രങ്ങളില്‍ ടാപ്പുവെള്ളം നിറച്ച്, ഒരു രാത്രി മുഴുവന്‍ തുറന്നുവെച്ച് എയറേറ്റര്‍ ഉപയോഗിച്ച് കുമിളകളുണ്ടാക്കി, ക്ലോറിന്‍ വിമുക്തമാക്കിയതിനുശേഷം വേണം ഉപയോഗിക്കാന്‍. മെട്രോ നഗരങ്ങളിലും മറ്റും ക്ലോറിനു പകരം ക്ലോറമിന്‍ ഉപയോഗിക്കുന്നുണ്ടോ എന്ന്, ജല അതോറിറ്റി ഓഫീസില്‍ നിന്നും ചോദിച്ചറിയണം. വെള്ളം തുറന്നു വച്ചിരുന്നാലും ക്ലോറമിന്‍ നിര്‍വീര്യമാകാത്തതിനാല്‍, ആന്റിക്ലോറിന്‍ സംയുക്തങ്ങള്‍ ഉപയോഗിക്കേണ്ടി വരും. pH7 മുതല്‍ 8 വരെയുള്ള വെള്ളമാണ് സ്വര്‍ണ്ണമത്സ്യങ്ങള്‍ക്ക് അഭികാമ്യം. GH(കാഠിന്യം) 10 മുതല്‍ 16 വരെയുള്ള ജലത്തിലും സ്വര്‍ണ്ണ മത്സ്യങ്ങളെ വളര്‍ത്താം.

മത്സ്യവിസര്‍ജ്ജ്യങ്ങളുടെ വിഘടനം മൂലമുണ്ടാകുന്ന, നൈട്രേറ്റ് മുതലായ ഹാനികരങ്ങളായ സംയുക്തങ്ങള്‍, യഥാസമയമുള്ള വെള്ളം മാറ്റല്‍ വഴി അക്വേറിയത്തില്‍ നിന്നും നീക്കം ചെയ്യപ്പെടും. അതിനാല്‍ സ്വര്‍ണ്ണ മത്സ്യ അക്വേറിയങ്ങളില്‍, വെള്ളം മാറ്റുന്നതിലും വൃത്തിയാക്കുന്നതിലും അലംഭാവമരുത്. ആഴ്ചയിലൊരിക്കല്‍ ഒരു സൈഫണ്‍ ഹോസ് ഉപയോഗിച്ച് 20-25 ശതമാനം വെള്ളം മാറ്റുകയാണ് ഏറ്റവും ഫലപ്രദം. സൈഫണ്‍ ഹോസ് ഉപയോഗിക്കുന്നതിന്റെ ഗുണം, വെള്ളം മാറ്റുന്നതോടൊപ്പം ഹോസിന്റെ അറ്റം അടിത്തട്ടില്‍ വച്ചാല്‍, അവിടെ അടിഞ്ഞിരിക്കുന്ന ജൈവമാലിന്യങ്ങളെയും നീക്കം ചെയ്ത് ചരല്‍ വൃത്തിയാക്കാമെന്നതാണ്.

സ്വര്‍ണ്ണമത്സ്യം വളര്‍ത്തലിലെ തുടക്കക്കാര്‍, മണ്ണിര, പുഴുക്കള്‍ തുടങ്ങിയ ജീവനുള്ള ഭക്ഷണം(Live food) ഒഴിവാക്കി, ഗുണമേന്മയുള്ള ഉണങ്ങിയ മത്സ്യത്തീറ്റ ഉപയോഗിക്കുന്നതാണ് നല്ലത്. പലപ്പോഴും ആര്‍ത്തിക്കാരായതിനാല്‍, നിശ്ചിത അളവു തീറ്റയേ സ്വര്‍ണ്ണമത്സ്യങ്ങള്‍ക്കു നല്‍കാവൂ. അക്വേറിയത്തില്‍ നിക്ഷേപിച്ച്, 2 മുതല്‍ 5 മിനുട്ട് സമയത്തിനുള്ളില്‍ തിന്നു തീര്‍ക്കാവുന്നത്ര തീറ്റ നല്‍കുകയാണ് ഉത്തമം. മതിയാവോളം ഭക്ഷിച്ചശേഷം ബാക്കി വരുന്ന തീറ്റ വായിലാക്കി സ്വര്‍ണ്ണമത്സ്യങ്ങള്‍ പുറത്തേക്ക് തുപ്പിക്കളയുന്നതു കണ്ടാല്‍, നല്‍കുന്ന തീറ്റ അമിതമാെന്ന് മനസ്സിലാക്കാം. ഭക്ഷണം ഇഷ്ട്‌പ്പെടാതെ വരുമ്പോഴും മത്സ്യങ്ങള്‍ ഇങ്ങനെ ചെയ്‌തെന്നു വരാം. ടാങ്കില്‍ തീററ അവശേഷിക്കുകയാണെങ്കില്‍ അപ്പപ്പോള്‍ തന്നെ സൈഫണ്‍ ചെയ്തു കളയണം. വെളിച്ചമുള്ള സമയത്ത് ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന സ്വര്‍ണ്ണമത്സ്യങ്ങള്‍ക്ക് രാവിലെയും വൈകുന്നേരവുമോ, അല്ലെങ്കില്‍ ചെറിയ അളവില്‍ ദിവസത്തില്‍ മൂന്നു നേരങ്ങളിലായോ തീറ്റ കൊടുക്കാവുന്നതാണ്. എല്ലാത്തരം മത്സ്യത്തീറ്റയും നല്‍കാമെങ്കിലും, മാംസ്യം (Protein) അധികമുള്ള ഭക്ഷണം സ്വര്‍ണ്ണമത്സ്യങ്ങള്‍ക്ക് കൂടുതലായി കൊടുക്കരുത്. എന്നാല്‍ ശരിയായ വളര്‍ച്ചയ്ക്കും, രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നതിനും മത്സ്യങ്ങള്‍ക്കാവശ്യമായ അന്നജം, മാംസ്യം, വൈറ്റമിനുകള്‍ എന്നിവ തീറ്റയിലുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം. സ്വര്‍ണ്ണമത്സ്യങ്ങള്‍ക്കുവേണ്ടി പ്രത്യേകമായി ഉത്പാദിപ്പിക്കുന്ന ചെറിയ ഗുളിക (Pellet) രൂപത്തിലുള്ള മത്സ്യത്തീറ്റ, വിപണിയില്‍ ലഭ്യമാണ്. ഇവയില്‍ ഗുണമേന്മയുള്ള ഉത്പന്നങ്ങളാണ്, ഹികാരി(Hikari) എന്ന ജപ്പാനീസ് കമ്പനിയുടേത്. ആര്‍ട്ടീമിയ (Artemia) ട്യൂബിഫെക്‌സ് (Tubifex), ബ്ലഡ് വേംസ് (Blood worms), മണ്ണിര തുടങ്ങിയ ജീവനുള്ള മത്സ്യത്തീറ്റകള്‍, ആഴ്ചയിലൊരിക്കലേ സ്വര്‍ണ്ണമത്സ്യങ്ങള്‍ക്ക് നല്‍കാവൂ. മാസത്തില്‍ രണ്ട് പ്രാവശ്യമെങ്കിലും വേവിച്ച് തൊലി കളഞ്ഞ പഠാണി പയര്‍ (Green peas) കൊടുക്കുന്നത് അവയുടെ ദഹനപ്രക്രിയ ക്രമീകരിക്കും. മാസത്തില്‍ ഒരു ദിവസം ഭക്ഷണമൊന്നും നല്‍കാതെ സ്വര്‍ണ്ണമത്സ്യങ്ങളെ ഉപവസിപ്പിക്കുന്നതും നല്ലതാണ്.

ഭക്ഷണം നല്‍കുമ്പോഴോ മറ്റോ പതിവായി നിരീക്ഷിക്കുന്നത്, സ്വര്‍ണ്ണമത്സ്യങ്ങളെ അടുത്തറിയുന്നതിനും, അസുഖലക്ഷണങ്ങള്‍ യഥാസമയം കണ്ടുപിടിക്കുന്നതിനും സഹായിക്കും. തുടക്കത്തില്‍ തന്നെ ഫലപ്രദമായ ചികിത്സ നല്‍കിയാല്‍ സ്വര്‍ണ്ണമത്സ്യങ്ങളെ രോഗ-കീടങ്ങളില്‍ നി്ന്നും രക്ഷിക്കാം. പതിവായി തീറ്റ നല്‍കുന്നയാളെ അവ തിരിച്ചറിയും. നല്ല കേള്‍വിശക്തിയും താരതമ്യേന ബുദ്ധിശക്തിയുള്ളതിനാല്‍, അക്വേറിയത്തിന്റെ കണ്ണാടിയില്‍ വിരല്‍കൊണ്ട് കൊട്ടുന്നതും മറ്റും സ്വര്‍ണ്ണ മത്സ്യങ്ങളെ പെട്ടെന്ന് അസ്വസ്ഥരാക്കും.

വിവിധ തരത്തിലുള്ള സ്വര്‍ണ്ണമത്സ്യങ്ങളെ വളര്‍ത്തുമ്പോള്‍, ഏകദേശം ഒരേ സ്വഭാവമുള്ള ഇനങ്ങളെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ഉദാഹരണത്തിന് വളരെ ചടുലമായി നീങ്ങുകയും വേഗത്തില്‍ ഭക്ഷണം കഴിച്ചു തീര്‍ക്കുകയും ചെയ്യുന്ന കോമെറ്റ്, ഷുബുണ്‍കിന്‍ എന്നീ ഇനങ്ങളോടൊപ്പം, പതുക്കെ സഞ്ചരിക്കുകയും സാവധാനം ഭക്ഷണം കഴിക്കുകയും ചെയ്യുന്ന കുമിള്‍ക്കണ്ണന്‍മാര്‍, വിണ്മിഴികള്‍, ബ്ലാക്ക്മൂര്‍, പേള്‍ സ്‌കെയില്‍ തുടങ്ങിയ ഇനങ്ങളെ വളര്‍ത്തരുത്. ഇങ്ങനെ ചെയ്യുമ്പോള്‍ തീറ്റ ലഭിക്കാതിരിക്കുന്നതും സമ്മര്‍ദ്ദവും മൂലം അക്വേറിയത്തിലെ കുറച്ച് സ്വര്‍ണ്ണ മത്സ്യങ്ങളുടെ വളര്‍ച്ച മുരടിക്കാനിടവരും.

ഒരു സമൂഹ അക്വേറിയത്തില്‍ (Community aquarium) സ്വര്‍ണ്ണമത്സ്യങ്ങളെ നിക്ഷേപിക്കാമോ എന്നത്, പലരുടെയും സംശയമാണ്. വളരെ ചെറിയ ഇനം മത്സ്യങ്ങളെ വലിയ സ്വര്‍ണ്ണമത്സ്യങ്ങള്‍ വിഴുങ്ങാന്‍ സാധ്യതയുണ്ട്. ഒരു സാധാരണ സമൂഹ അക്വേറിയത്തിലെ മറ്റു മത്സ്യങ്ങളാകട്ടെ, സ്വര്‍ണ്ണമത്സ്യങ്ങളെ ഉപദ്രവിക്കുകയും ചെയ്യും. വലിയ വായും ഭക്ഷണത്തോട് ആര്‍ത്തിയുള്ള സ്വര്‍ണ്ണമത്സ്യങ്ങള്‍ തീറ്റ തിന്നുതീര്‍ക്കാന്‍ മറ്റ് മത്സ്യങ്ങളുമായി മത്സരിക്കും. സ്വര്‍ണ്ണമത്സ്യങ്ങളുടെ ശരീരത്തിലെ ശ്ലേഷ്മം(Mucus) കൊത്തിത്തിന്നാന്‍, താരതമ്യേന നിരുപദ്രവികളായ ഗപ്പികള്‍ക്ക് വരെ ഇഷ്ടമാണ്. എയ്‌ഞ്ചെല്‍ മത്സ്യങ്ങള്‍ അടങ്ങുന്ന സിക്ലിഡുകള്‍, ബാര്‍ബുകള്‍ മുതലായവ, സ്വര്‍ണ്ണ മത്സ്യങ്ങളെ തീര്‍ച്ചയായും ഉപദ്രവിക്കും. മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ട് സമ്മര്‍ദ്ദത്തിലാഴ്ന്ന സ്വര്‍ണ്ണമത്സ്യങ്ങള്‍ അല്പായുസ്സുകളായാല്ഡ അത്ഭുതപ്പെടാനില്ല. വാങ്ങുമ്പോള്‍ വളരെ ചെറുതും കാണാന്‍ ഭംഗിയുള്ളതും, പായലും മറ്റവശിഷ്ടങ്ങളും ഭക്ഷണമാക്കി ജീവിക്കുന്നതുമായ ഒരു സക്കര്‍ക്യാറ്റ് മത്സ്യം, അല്പം വലുതാകുന്നതോടെ (ഇവ രണ്ടടി വരെ നീളം വയ്ക്കും) സ്വര്‍ണ്ണമത്സ്യങ്ങളെ ശല്യപ്പെടുത്താന്‍ തുടങ്ങും.അള്ളിപ്പിടിക്കാനുള്ള വായ് കൊണ്ട് സ്വര്‍ണ്ണമത്സ്യങ്ങളുടെ ശരീരത്തില്‍ പറ്റിപ്പിടിക്കാന്‍ ശ്രമിക്കുന്ന വലിയ സക്കര്‍ക്യാറ്റുകള്‍, വിണ്മിഴികളെ പോലെയുള്ള ശക്തി കുറഞ്ഞ മത്സ്യങ്ങള്‍ ചാകുന്നതിനിടയാക്കും. വളരെ വലിയ ടാങ്കാണെങ്കില്‍ മാത്രം ചടുലമായി നീന്തുന്നയിനം സ്വര്‍ണ്ണമത്സ്യങ്ങളോടൊപ്പം സമൂഹമായി സഞ്ചരിക്കുന്ന സീബ്ര മത്സ്യങ്ങള്‍, നിയോണ്‍ ടെട്രകള്‍, കോറിഡോറസുകള്‍, വിവിധയിനം ഒച്ചുകള്‍ എന്നിവയെ വളര്‍ത്താവുന്നതാണ്. പക്ഷെ സ്വര്‍ണ്ണമത്സ്യങ്ങളുടെ കൂട്ടത്തില്‍ മറ്റു മത്സ്യങ്ങളെ ഇടുന്നത്, പിന്നീടെപ്പോഴെങ്കിലും ഒരു ബാധ്യതയായി തീരാമെന്നുള്ളതിനാല്‍, ഒഴിവാക്കുകയാണ് ഏറ്റവും നല്ലത്.

ഒറ്റനോട്ടത്തില്‍

ജലതാപനില: 20 മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് 
pH: 7-8 
ജലത്തിന്റെ കാഠിന്യം (GH): 10-16 
പൂര്‍ണ്ണവളര്‍ച്ചയെത്തിയ മത്സ്യങ്ങളുടെ വലിപ്പം:ഇനത്തിനനുസരിച്ച് 40 സെ.മീ. വരെ
അക്വേറിയത്തിന്റെ വലുപ്പം:പെരുവിരലിന്റെ വലിപ്പമുള്ള രണ്ടു സ്വര്‍ണ്ണമത്സ്യങ്ങള്‍ക്ക് കുറഞ്ഞതു 30 ലിറ്റര്‍, ഓരോ ഇഞ്ചു നീളം കൂടുംതോറും 4-5 ലിറ്റര്‍ അധികം 
ഒരുമിച്ചിടാവുന്ന മറ്റു മത്സ്യങ്ങള്‍:ചടുലമായി നീന്തുന്ന ഇനങ്ങളോടൊപ്പം മാത്രം സീബ്ര മത്സ്യങ്ങള്‍, നിയോണ്‍ ടെട്രകള്‍, കോറിഡോറസുകള്‍ 
ആഹാരക്രമം: ഉണങ്ങിയ മത്സ്യത്തീറ്റ, ജീവനുള്ള മത്സ്യത്തീറ്റകള്‍, വേവിച്ച് തൊലി കളഞ്ഞ പഠാണിപയര്‍ 
ആയുര്‍ദൈര്‍ഘ്യം:10-15 വര്‍ഷങ്ങള്‍ (അപൂര്‍വമായി 20 വര്‍ഷങ്ങള്‍ വരെ) 
അടിത്തട്ടിലെ മാധ്യമം: ചരല്‍ 
അക്വേറിയത്തിലെ അലങ്കാര വസ്തുക്കള്‍:ഗുണമേന്മയുള്ള നിറം പോകാത്ത കൂര്‍ത്ത വശങ്ങളില്ലാത്ത വസ്തുക്കള്‍, ഡ്രിഫ്റ്റ് വുഡുകള്‍, പാറക്കല്ലുകള്‍ 
മറ്റുനിര്‍ദ്ദേശങ്ങള്‍:യഥാസമയമുള്ള അക്വേറിയം പരിപാലനം പ്രധാനം, തുടക്കക്കാര്‍ ധാരാളം വിവരങ്ങള്‍ ശേഖരിച്ചതിനു ശേഷം മാത്രം വളര്‍ത്താന്‍ തുടങ്ങുക 
നന്ദി: ഷാലിമ.ജി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: http://varnamalsyangal.blogspot.com/

കേരളത്തിലും പ്ലം കായ്ക്കും

കേരളത്തിലെ ചൂടുള്ള കാലാവസ്ഥയില്‍ സാധാരണ പ്ലം കായ്ക്കാറില്ല. നാട്ടിലെ കാലാവസ്ഥയില്‍ നന്നായി വളര്‍ന്ന് ഫലം തരുന്ന ഒരിനം പ്ലം വൃക്ഷത്തെ പരിചയപ്പെടാം. കാഫീര്‍ പ്ലം എന്നു പേരുള്ള ഈ വൃക്ഷം നമുക്ക് പരിചിതമായ അമ്പഴത്തിന്റെ അടുത്ത ബന്ധുവാണ്. സ്വഭാവിക രീതിയില്‍ നാല്‍പത് അടിയോളം ഉയരത്തില്‍ ശാഖകളോടെ വളരാറുണ്ട്. വേപ്പിലയോടു സാമ്യമുള്ള ചെറിയ ഇലകള്‍ സംയുക്ത പത്രങ്ങളായി കാണുന്നു. തടിക്ക് പൊതുവെ കാഠിന്യം കുറവാണ്. കഫീര്‍ പ്ലം പൂത്തു തുടങ്ങുന്നത് വേനല്‍ക്കാലത്താണ്. ശാഖാഗ്രങ്ങളില്‍ ഉണ്ടാകുന്ന പൂക്കളില്‍ നിന്ന് കായ്കള്‍ കുലകളായി വിരിയുന്നു. പച്ച നിറത്തിലുള്ള ഇവയുടെ കായ്കള്‍ പഴുക്കുമ്പോള്‍ മഞ്ഞ നിറം പ്രാപിക്കും. മധുരം നിറഞ്ഞ പഴങ്ങള്‍ നേരിട്ടു കഴിക്കാം.



ആഫ്രിക്കന്‍ സ്വദേശിയായ കഫീര്‍ പ്ലമ്മില്‍ ചുമപ്പു കായ്കള്‍ ഉണ്ടാകുന്ന ഇനങ്ങളുമുണ്ട്. പഴങ്ങളില്‍ നിന്നു ശേഖരിക്കുന്ന വിത്തുകള്‍ കിളിര്‍പ്പിച്ച് തൈകള്‍ വളര്‍ത്താമെങ്കിലും കായ്ഫലം ഉണ്ടാകാത്ത ആണ്‍വൃക്ഷങ്ങള്‍ കാണുന്നുവെന്നതും വലിയ സസ്യങ്ങളായി വളരുമെന്നതും ന്യൂനതയാണ്. അതിനാല്‍ കായ്ക്കുന്ന മരങ്ങളുടെ തലപ്പുകള്‍ ഒട്ടിച്ചെടുത്ത തൈകള്‍ നടുകയാണ് അഭികാമ്യം. ഇവ അധികം ഉയരം വയ്ക്കാതെ തന്നെ കായ്ഫലം നല്‍കിത്തുടങ്ങും. കാഫീര്‍ പ്ലമ്മിന്റെ തൊലി. ശ്വാസകോശ, ത്വക്ക് രോഗങ്ങള്‍ക്ക് ഔഷധമായി ആഫ്രിക്കയില്‍ ഉപയോഗിച്ചുവരുന്നുണ്ട്.

പ്ലം കൃഷി ചെയ്യാന്‍ നല്ല സൂര്യ പ്രകാശം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കണം. ഇലപൊഴിക്കുന്ന സ്വഭാവമുള്ള ഈ വൃക്ഷം വീട്ടുമുറ്റങ്ങളില്‍ നിന്നു മാറ്റി നടുകയായിരിക്കും ഉചിതം. ജൈവവളങ്ങള്‍ ചേര്‍ത്ത് തൈകള്‍ നടാം. വേനല്‍ക്കാലത്ത് ജലസേചനം ആവശ്യമാണ്. മുകള്‍ തലപ്പു നുള്ളി ചെടികള്‍ പരമാവധി പന്തലിച്ചു വളര്‍ത്താന്‍ ശ്രദ്ധിക്കണം. രണ്ടു വര്‍ഷത്തിനുള്ളില്‍ കഫീര്‍ പ്ലം ഫലം നല്‍കിത്തുടങ്ങും.

കൂടുതല്‍ വിവരങ്ങള്‍ക്ക് - 9495234232

കുടുംബ വ്യവസായമായി പാല്‍പ്പേട

ജി.എസ്.ഉണ്ണികൃഷ്ണന്‍നായര്‍

പാലിനെ വിപണിയുള്ള ഉത്പന്നങ്ങളാക്കിയാല്‍ ക്ഷീരവ്യവസായത്തില്‍ നഷ്ടത്തിന്റെ കണക്കുണ്ടാവില്ല. റോബര്‍ട്ട്, റൂബി ദമ്പതിമാര്‍ 15 വര്‍ഷമായി നടത്തുന്ന ക്ഷീരസംസ്‌കരണ സംരംഭം ഇതിന് തെളിവാണ്.

കോട്ടയത്തെ കുറുപ്പന്തറയിലുള്ള റോബര്‍ട്ടും ഭാര്യ റൂബിയും മില്‍ക്ക്‌പേടയുടെ വിപണന സാധ്യത മനസ്സിലാക്കിയതിലൂടെയാണ് ഈ രംഗത്തേക്ക് കടന്നുവന്നത്. ആദ്യം പുറമെനിന്ന് പാല്‍ വാങ്ങിയാണ് പേടയുണ്ടാക്കിയത്. പിന്നീട് സ്വന്തമായിത്തന്നെ പശുവളര്‍ത്തലാരംഭിച്ചു.

ഇന്ന് പശുവും എരുമയുള്‍പ്പെടെ 37 ഉരുക്കളാണ് ഇവരുടെ ഡയറി ഫാമിലുള്ളത്. ഗുണമേന്മയുള്ള പാല്‍, നല്ല അളവില്‍ ചുരത്തുന്നവയെ മാത്രം നിലനിര്‍ത്തി, ശാസ്ത്രീയമായി വളര്‍ത്തുന്നതില്‍ ഇവര്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. തറയില്‍ റബര്‍ മാറ്റുകള്‍ ഇട്ടും തൊഴുത്ത് എപ്പോഴും ഹോസുപയോഗിച്ച് കഴുകി വൃത്തിയായി സൂക്ഷിച്ചും രോഗസാധ്യത കുറയ്ക്കുന്നു. കൃത്രിമ തീറ്റകള്‍, പ്രത്യേകിച്ച് യൂറിയ അടങ്ങിയിട്ടുള്ളവ പശുക്കളില്‍ വന്ധ്യതയുണ്ടാക്കുമെന്നാണ് ഇവരുടെ അനുഭവം. അതിനാല്‍ പച്ചപ്പുല്ലാണ് പ്രധാന തീറ്റ. ഇതിനായി മൂന്ന് ഏക്കറില്‍ കോ-3, കോ-4 ഇനം തീറ്റപ്പുല്ല് കൃഷിചെയ്യുന്നു. തൊഴുത്തിലെ ചാണകവും മറ്റും 3000 ലിറ്റര്‍ കൊള്ളുന്ന സ്ലറിടാങ്കില്‍ എത്തിച്ച് പുല്‍ത്തോട്ടത്തില്‍ പമ്പുചെയ്യുന്നതിലൂടെ മികച്ച വിളവാണ് ലഭിക്കുന്നത്.

പച്ചപ്പുല്‍ ലോഭമില്ലാതെ നല്‍കുന്നതിനാല്‍ നല്ല കൊഴുപ്പുള്ള പാല്‍ തന്നെ ഉരുക്കള്‍ ചുരത്തുന്നു. ഇത് ഏറെക്കുറെ പേടയായി മാറ്റുകയാണ് ചെയ്യുക. ദിവസവും 250 ലിറ്റര്‍ പാല് തിളപ്പിച്ച് വറ്റിച്ച് പാല്‍ക്കട്ടിയാക്കുകയും ഇതിനെ അച്ചുപയോഗിച്ച് സിലിണ്ടറാകൃതിയിലുള്ള പേടയാക്കുകയും ചെയ്യുന്നു. 14 ഗ്രാം, 16 ഗ്രാം വലുപ്പത്തിലുള്ള പേടകള്‍ 'മേന്മ' എന്ന ബ്രാന്‍ഡിലാണ് വിറ്റഴിക്കുന്നത്. കേരളത്തിലെല്ലായിടത്തും ഈ പേടകള്‍ എത്തിക്കുന്നുണ്ട്. രണ്ട് ലക്ഷം പേടയാണ് ബേക്കറികള്‍ വഴി പ്രതിമാസം ചെലവാകുക.

പശുവളര്‍ത്തലിനൊപ്പം പുല്‍കൃഷിയും ക്ഷീരോത്പന്ന നിര്‍മാണവും സംയോജിപ്പിച്ചാലത് മധുരതരമായ സംരംഭമായിരിക്കുമെന്ന് റോബര്‍ട്ടും റൂബിയും സാക്ഷ്യപ്പെടുത്തുന്നു. (9446201337, 04829-242101)

തേക്കിന്‍തൈകള്‍ നടാന്‍ നേരമായി

ഏറെ ആദായകരമായ കൃഷിയാണ് തേക്ക്. പ്ലാന്റേഷനുപുറമേ ഇടവിളയായും തോട്ടങ്ങള്‍ക്കും മറ്റു സ്ഥലങ്ങള്‍ക്കും അതിര്‍ത്തിയായും തേക്ക് നടാം. 50 വര്‍ഷമാകുമ്പോഴാണ് തേക്കിന് പൂര്‍ണ വളര്‍ച്ചയെത്തുക. എന്നാല്‍, 10 വര്‍ഷത്തിനുശേഷം മരംമുറിച്ച് അത്യാവശ്യ കാര്യങ്ങള്‍ക്കുപയോഗിക്കാനുമാകും. പൂര്‍ണ വളര്‍ച്ചയെത്തിയ തേക്കൊന്നിന് ഒരുലക്ഷം രൂപ മുതല്‍ വിലകിട്ടുമെങ്കില്‍ 10 വര്‍ഷത്തിനുശേഷം മുറിക്കുന്നതിന് 20,000നും 30,000നും രൂപയ്ക്കിടയില്‍ വില ലഭിക്കും. അധികം പരിചരണവും ചെലവുമില്ലാതെ വന്‍ ആദായം പകരുന്നതാണ് തേക്കുകൃഷി. കാലവര്‍ഷം തുടങ്ങുമ്പോഴാണ് തേക്ക് നടാന്‍ അനുയോജ്യം. പൂര്‍ണ വളര്‍ച്ചയെത്തിയ തേക്കില്‍നിന്നുള്ള കായ്കളാണ് മുളപ്പിക്കാനെടുക്കുന്നത്. കായ്കള്‍ ചാക്കിലാക്കിയശേഷം തൊഴി ഉടച്ചുകളയണം. ഈ കുരുക്കള്‍ ചണച്ചാക്കിലാക്കിയശേഷം രാവിലെ വെള്ളത്തില്‍ മുക്കിവെക്കണം. വൈകിട്ട് മാറ്റണം. മൂന്നുദിവസം ഈ രീതി തുടരണം. ഒരടി ഉയരവും 12 മീറ്റര്‍ വീതിയും രണ്ടുമീറ്റര്‍ നീളവുമുള്ള തടത്തിലാണ് കുരുക്കള്‍ നടേണ്ടത്. ചാണകപ്പൊടിയോ ഇലകള്‍ കരിച്ച ചാരമോ തടത്തിലിടാം. വിത്തുകള്‍ പാകിയശേഷം മണ്ണുമൂടണം. മഴയിലും മറ്റും വിത്തുകള്‍ക്കു മീതെയുള്ള മണ്ണ് ഇളകാതെനോക്കണം. മുകളില്‍ കടലാസ് വിരിച്ചാല്‍ മതിയാകും. ഒരാഴ്ചയ്ക്കുശേഷം വിത്ത് മുളച്ചുതുടങ്ങും. കുഞ്ഞുതൈകള്‍ക്ക് ആവശ്യത്തിന് വെള്ളം സ്‌പ്രേ ചെയ്തുനല്കണം. ഇങ്ങനെയുള്ള തൈകള്‍ കൂടകളിലാക്കുകയോ ഒരു വര്‍ഷം പ്രായമായ തൈകളില്‍നിന്ന് സ്റ്റമ്പ് തീര്‍ത്ത് നടുകയോ ആകാം. തൈകളെ 15 സെ.മീ. നീളത്തില്‍ മുറിച്ചാണ് സ്റ്റമ്പുകളാക്കുന്നത്. ശിഖരങ്ങള്‍ കുറഞ്ഞതും ഉയരത്തിലുള്ളതുമായ തേക്ക് ലഭ്യമാകാന്‍ സ്റ്റമ്പ് നടുന്നതാണ് നല്ലതെന്ന് നിലമ്പൂരിലെ കേരള വനഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ. ചന്ദ്രശേഖരന്‍ പറയുന്നു. പാകമാക്കിയെടുത്ത സ്റ്റമ്പ് ഒരടി കുഴിയെടുത്ത് നടണം. ഒരു ഹെക്ടര്‍ സ്ഥലത്ത് 2500 തേക്ക് തൈകള്‍ നടാം. വെള്ളം കെട്ടിനില്ക്കാത്തതും അല്പം ചെരിഞ്ഞതുമായ പ്രദേശങ്ങളാണ് അനുയോജ്യം. കളകള്‍ പറിച്ചുകളയണം. ഒരാഴ്ചക്കകം സ്റ്റമ്പുകള്‍ നാമ്പിട്ടുതുടങ്ങും. ആറു മാസത്തിനുശേഷം മണ്ണിന്റെ വളക്കൂറനുസരിച്ച് പോഷകങ്ങള്‍ ചേര്‍ക്കണം. എല്ലാവര്‍ഷവും വനംവകുപ്പ് തേക്കിന്‍സ്റ്റമ്പുകള്‍ വില്പനക്കായി തയ്യാറാക്കാറുണ്ട്. സ്റ്റമ്പൊന്നിന് ഏഴു രൂപ 50 പൈസ നല്കണം. ജൂണ്‍ അവസാനംവരെയാണ് നടാന്‍ ഉചിതമായ സമയം. ബി. ഷാജഹാന്‍ മമ്പാട്, 9447842209

ടെറസ്സിലൊരുക്കാം താമരപ്പൊയ്ക

നാട്ടിന്‍ പുറത്തെ അമ്പലക്കുളങ്ങളില്‍ മാത്രം കണ്ടുപരിചയിച്ച താമരപ്പൊയ്കയെ നഗരത്തിലെ വീടുകളിലും ഒരുക്കാം. താമരക്കുളം നിര്‍മ്മിക്കുന്നതിനായി വീട്ടുമുറ്റത്ത് സ്ഥലമില്ലാത്തവര്‍ക്ക് മട്ടുപ്പാവ് തിരഞ്ഞെടുക്കാം. ഇതിനുവേണ്ടി മട്ടുപ്പാവില്‍ ഒരു ടാങ്ക് നിര്‍മ്മിക്കണം. ടാങ്കിന് രണ്ടര മീറ്റര്‍ വ്യാസവും 45സെ. മി ഉയരവും 20സെ. മി കനവും വേണം. ടാങ്കിനുള്ളില്‍ ഏറ്റവും അടിഭാഗത്തായി പ്ലാസ്റ്റിക് ഷീറ്റ് വിരിക്കണം. അതിനുമീതെയായി 15സെ. മി കനത്തില്‍ ചെളിയും ചാണകവും മണലും തുല്യമായി ചേര്‍ന്ന മിശ്രിതം ഒരേപോലെ നിരത്തണം. അതില്‍ താമരയുടെ കിഴങ്ങ് നടാവുന്നതാണ്. അതിനുശേഷം ടാങ്കില്‍ വെള്ളം നിറയ്ക്കണം. ടാങ്കിലെ ജലനിരപ്പ് കുറയുന്നതനുസരിച്ച് വെള്ളം നിറച്ചുകൊടുക്കണം. പരിചരണം അധികം ആവശ്യമില്ലാതെ ഇപ്രകാരം ധാരാളം താമരപ്പൂക്കള്‍ ലഭിക്കുകയും ചെയ്യും.

ഇവിടെ സവാളയും വിളയും

മഹാരാഷ്ട്രയുടെ പാടശേഖരങ്ങളില്‍ നൂറുമേനി വിളഞ്ഞുനില്‍ക്കുന്ന സവാള തൃശ്ശൂരിന്റെ മണ്ണിലും വിളവെടുത്തു. മണ്ണുത്തി കൃഷിവിജ്ഞാന കേന്ദ്രവും ജില്ലയിലെ അഞ്ച് കര്‍ഷകരും ചെയ്ത കൃഷി ഇതിനു തെളിവാണ്. ശീതകാല പച്ചക്കറി കൃഷി വഴി നടത്തി ഇനി ധാരളം സവാള ഉല്പാദിപ്പിക്കുമെന്ന് വെള്ളിയാഴ്ച നടന്ന വിളവെടുപ്പ് സാക്ഷ്യപ്പെടുത്തുന്നു. വെള്ളാനിക്കരയില്‍ ഒരു സെന്റില്‍ ഏകദേശം 200 ഓളം തൈകള്‍ നട്ടിരുന്നു. പൊരിഞ്ഞ വെയിലത്ത് 500 എണ്ണം തൈകള്‍ നട്ടു. രാവിലെ പെരിഞ്ഞനത്ത് നടത്തിയ വിളവെടുപ്പ് ആഘോഷമായിരുന്നു. 500 കടയില്‍ ഏകദേശം 50 കിലോ സവാളയാണ് ലഭിച്ചത്. വെള്ളാനിക്കരയില്‍ 200 കടയില്‍നിന്ന് 25 കിലോ സവാള കിട്ടി. ഒരുകടയില്‍നിന്ന് ശരാശരി 125 ഗ്രാം സവാളയാണ് വിളയുന്നത്. കൃഷി വിജയമയാ സാഹചര്യത്തില്‍ നാട്ടിലെ കര്‍ഷകര്‍ക്ക് സവാളകൃഷി ചെയ്യാനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്ന് കൃഷിവിജ്ഞാന കേന്ദ്രം തലവന്‍ കോശി എബ്രഹാം പറഞ്ഞു. കൂടുതല്‍ സ്ഥലങ്ങളില്‍ സവാള കൃഷി വ്യാപിപ്പിക്കാനാണ് ശ്രമം. കഴിഞ്ഞവര്‍ഷം നടത്തിയ പരീക്ഷണമാണ് ഇവരെ സവാളയില്‍ കൂടുതല്‍ ഗവേഷണത്തിന് പ്രോത്സാഹിപ്പിച്ചത്. കേന്ദ്രത്തിലെ മറ്റു സ്ഥലങ്ങളില്‍ നടത്തിയ സവാള കൃഷിയുടെ വിളവെടുപ്പ് ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാകും.

കൃഷി രീതി

'അലിയം സീപ്പ' എന്ന രാസനാമത്തിലുള്ള സവാളയാണ് നാട്ടിലെത്തിയിരിക്കുന്നത്. കറുത്ത് നനുത്ത വിത്തുകളാണ് കൃഷിക്കായി ഉപയോഗിച്ചത്. വിത്തുകള്‍ തവാരണകളില്‍ പാകുന്നതാണ് ഉചിതം. കോമ്പത്തൂരിലെ അഗ്രിഫൗണ്ട് ഡാര്‍ക്ക്‌റെഡ്, ബാംഗ്ലൂരിലെ അര്‍ക്കാകല്യാണ്‍, ഇന്റാം എന്നീ മൂന്നിനങ്ങളാണ് നട്ടത്. 8 ആഴ്ചകൊണ്ട് തൈകളായി. ഒരടി അകലത്തില്‍ എടുത്തിട്ടുള്ള ചാലുകളിലാണ് നട്ടുപിടിപ്പിച്ചത്. ജൈവവളങ്ങള്‍, ട്രൈക്കോസെര്‍ എന്നിവയിടണം. ഇവ മണ്ണുമായി കലര്‍ത്തിയാണ് ചേര്‍ക്കുന്നത്. ഞാറുപോലെ നടാം. ചെടികള്‍ തമ്മില്‍ പത്ത് സെന്റീമീറ്റര്‍ അകലം വേണം. വെള്ളം ആവശ്യമനുസരിച്ച് ഒഴിക്കണം. ആദ്യ ഘട്ടത്തില്‍ നനയ്ക്കുന്നത് വളരെ നല്ലതാണ്. 10 ദിവസം കൂടുമ്പോള്‍ ആദ്യ വളം ചെയ്യണം. രാസവളമോ, പുളിപ്പിച്ച് നേര്‍പ്പിച്ച പിണ്ണാക്ക് ലായനിയോ മറ്റ് ജൈവ വളമോ ഉപയോഗിക്കാം. 10 ദിവസം ഇടവിട്ട് വളം ചെയ്യണം. 10 മുതല്‍ 12 വരെ ഇലകള്‍ വളര്‍ന്നാല്‍ ഭൂകാണ്ഡം രൂപാന്തരപ്പെടും. 5 മുതല്‍ വിളവെടുപ്പ് തുടങ്ങാം. ഒരു തൈയില്‍ ഒരു സവാളയാണ് ഫലം ഉണ്ടാകുന്നത്. 125 ഗ്രാം തൂക്കം വരും. ഒരടി ഉയരത്തിലുള്ള തണ്ടും ഭക്ഷ്യയോഗ്യമാണ്. വിത്തുഉല്പാദനത്തിനും ഇവര്‍ ശ്രമം തുടങ്ങി.

സവാള കൃഷി വ്യാപകം

പെരിഞ്ഞനത്ത് സതീചന്ദ്രഗുപ്തന്‍, മതിലകത്ത് ലത ബാഹുലേയന്‍, കൊടകരയില്‍ ബീന, മാടക്കത്രയില്‍ കുട്ടന്‍, ബാലസുബ്രഹ്മണ്യന്‍, വാസന്തി, നടത്തറയില്‍ ജെസ്സി എന്നിവരും സവാള കൃഷി ചെയ്തു വിജയം കണ്ടവരാണ്. കൃഷിവിജ്ഞാനകേന്ദ്രം 500 തൈകള്‍ വീതമാണ്. കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്. എല്ലാവരും ഒക്ടോബര്‍ 1ന് വിത്തിട്ടു. നവംബര്‍ അവസാനം തൈകള്‍ നട്ടു. മാര്‍ച്ച് 2 മുതലാണ് വിളവെടുപ്പ് തുടങ്ങിയത്. മഴമറയില്‍ തൈകള്‍ വളരും. സമതല പ്രദേശങ്ങളില്‍ സവാള ആദ്യമായിട്ടാണ് വിളഞ്ഞത്. തണ്ടുകള്‍ ഇലക്കറിയായി ഉപയോഗിക്കാന്‍ സാധിച്ചുവെന്നതാണ് മറ്റൊരു സവിശേഷത.

കൃഷിവിജ്ഞാന കേന്ദ്രം നേതൃത്വം

ഐ.സി.എ.ആര്‍. സാമ്പത്തിക സഹായം നല്‍കിയാണ് കൃഷി വിജ്ഞാന കേന്ദ്രം വിത്തു ഉല്പാദനവും കൃഷി പരീക്ഷണങ്ങളും നടത്തുന്നത്. കാബേജ്, ക്യാരറ്റ്, ബീറ്റ് റൂട്ട്, കോളിഫ്ലവര്‍, റാഡിഷ് എന്നീ വിളകള്‍ ഇവര്‍ കൃഷി ചെയ്തു വിജയിപ്പിച്ചു. തക്കാളി, വഴുതനങ്ങ, പാവല്‍, പയര്‍, വെള്ളരി, മത്തന്‍, കുമ്പളം, തുടങ്ങിയവയെല്ലാം പരീക്ഷണാര്‍ത്ഥത്തില്‍ വിവിധതരം ഇനം വിത്തുകള്‍ കൃഷി ചെയ്തു വരുന്നു. കൃഷിവിജ്ഞാന കേന്ദ്രം തലവന്‍ ഡോ. കോശി എബ്രഹാം, ഡോ. ജലജ എസ്. മേനോന്‍, ഡോ. സീജ തോമാച്ചന്‍, ഡോ. മേരി റെജിന, ഡോ. സാവിത്രി കെ.ഇ., ഫാം മാനേജര്‍ കെ.വി. ബാബു എന്നിവരാണ് ഗവേഷണത്തിന് നേതൃത്വം നല്‍കുന്നത്. 2004ല്‍ പ്രവര്‍ത്തനം തുടങ്ങിയ കേന്ദ്രം 2008 മുതല്‍ ആറുലക്ഷം ടണ്‍ വിത്ത് ഉല്പാദിപ്പിച്ചു. ഹരിതശ്രീ, ഉദ്യാനശ്രീ എന്നീ 24 പേര്‍ അടങ്ങുന്ന വനിതകളുടെ രണ്ടു ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്.

ഇനി പാടത്ത് വരമ്പുവെക്കാനും യന്ത്രം.

ഇനി പാടത്ത് വരമ്പുവെക്കാനും യന്ത്രം. ഇതോടെ കാര്‍ഷികവൃത്തി പൂര്‍ണമായി യന്ത്രവത്കരിക്കപ്പെടും. വിത്തിടീലും ഞാറ്റടി തയ്യാറാക്കലും കൊയ്ത്തും വൈക്കോല്‍കെട്ടുംവരെ യന്ത്രവത്കരിച്ചിട്ടും വരമ്പുനിര്‍മാണത്തിന് മനുഷ്യാധ്വാനംതന്നെ വേണ്ടിവന്ന സ്ഥിതി ഇതോടെ മാറുകയാണ്.



കേരള കാര്‍ഷിക സര്‍വകലാശാലയുടെ മണ്ണുത്തി കാര്‍ഷികഗവേഷണകേന്ദ്രമാണ് ഇന്ത്യയിലാദ്യമായി വരമ്പുവെക്കാന്‍ യന്ത്രം പാടത്തിറക്കിയത്.

ജപ്പാനിലും തായ്‌വാനിലും നിര്‍മിക്കുന്ന ഈ യന്ത്രം ഗവേഷണകേന്ദ്രത്തില്‍ പരിശോധനയിലാണിപ്പോള്‍. എല്ലാതരം മണ്ണിലും ഇത് വിജയകരമായി ഉപയോഗിക്കാനാവുമെന്നാണ് വിശ്വാസമെന്ന് ഗവേഷണകേന്ദ്രം മേധാവി ഡോ. യു. ജയകുമാരന്‍ പറഞ്ഞു. പരമ്പരാഗതരീതിയില്‍ വരമ്പുവെക്കുന്നതിന് മീറ്ററിന് അഞ്ചുരൂപ ചെലവാകും.
പുതിയ യന്ത്രത്തിന്റെ പ്രവര്‍ത്തനക്ഷമത ബോധ്യപ്പെട്ടതില്‍ ഇതിന്റെ പത്തിലൊന്ന് ചെലവില്‍ വരമ്പുവെക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മണ്ണിളക്കാന്‍, ഇളക്കിയ മണ്ണ് ലെവല്‍ ചെയ്യാന്‍, വരമ്പിന്റെ വശങ്ങള്‍ ചെത്തിയൊതുക്കാന്‍, ഒടുവില്‍ വരമ്പ് ഉറപ്പിക്കാനും. നാലുഭാഗങ്ങള്‍ അടങ്ങിയ ഈ യന്ത്രത്തിന് 1620 മി. മീറ്റര്‍ നീളവും 1660 മി.മീ. വീതിയും 1130മി.മീ. ഉയരവും 300 കിലോഗ്രാം ഭാരവുമുണ്ട്. 40-70 കുതിരശക്തിയുള്ള ട്രാക്ടറില്‍ ഘടിപ്പിച്ചിരിക്കുന്ന ഈ യന്ത്രം ട്രാക്ടറിന്റെ പവര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
നെല്‍കൃഷിമേഖലയില്‍ യന്ത്രവത്കരിക്കപ്പെടാത്ത ഒരേയൊരു പ്രവൃത്തി വരമ്പുവെക്കുന്നതായിരുന്നു. അതും യന്ത്രവത്കരിക്കപ്പെടുന്നതോടെ കാര്‍ഷിക സര്‍വകലാശാലയുടെ 'ഭക്ഷ്യസുരക്ഷാസേനയ്ക്ക്' ഒരു പൊന്‍തൂവല്‍കൂടിയാവും. ഡോ. യു. ജയകുമാരന്‍: 9447530673.

മട്ടുപ്പാവിലെ കോഴിവളര്‍ത്തല്‍ പദ്ധതിയില്‍ ചേരാം

മട്ടുപ്പാവിലെ കോഴിവളര്‍ത്തല്‍ പദ്ധതിയില്‍ ചേരാം വീട്ടിലേക്കാവശ്യമായ മുട്ട വീട്ടില്‍ത്തന്നെ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള വെറ്ററിനറി സര്‍വ്വകലാശാല ആരംഭിച്ച ഐശ്വര്യ കോഴിവളര്‍ത്തല്‍ പദ്ധതിക്ക് ഉടന്‍ രജിസ്റ്റര്‍ ചെയ്യാം. 3500 രൂപ നല്‍കി പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് ഉത്പാദനക്ഷമത കൂടിയ അഞ്ച് മുട്ടക്കോഴികളെയാണ് നല്‍കുക. പ്രതിവര്‍ഷം 300 മുട്ടകള്‍ ഇവ നല്‍കും. മട്ടുപ്പാവില്‍ സ്ഥാപിക്കാവുന്ന കമ്പിവലക്കൂടുകളിലാണ് കോഴികളെ നല്‍കുന്നത്. കൂടുകളില്‍ വെള്ളം നല്‍കുന്നതിനുള്ള ഓട്ടോമാറ്റിക് നിപ്പിള്‍ സംവിധാനം, തീറ്റപ്പാത്രം, മുട്ടകള്‍ ശേഖരിക്കാനുള്ള ട്രേ, സുരക്ഷാക്കവചം, സ്റ്റാന്‍ഡ് എന്നീ സൗകര്യങ്ങളും ഉണ്ട്. കോഴിക്കാഷ്ഠത്തിന്റെ ദുര്‍ഗന്ധം അകറ്റുന്നതിനുള്ള സ്‌പ്രേ, 10 കിലോ തീറ്റ, പദ്ധതിയുടെ കൈപ്പുസ്തകം എന്നിവയും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04872370117, 9446096855 എന്നീ നമ്പറില്‍ ബന്ധപ്പെടണം.

കടപ്പാട് : www.gopur.in

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate