অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കാര്‍ഷിക പദ്ധതികള്‍

ക്രെഡിറ്റ് ഗ്യാരന്റി സ്‌കീം

ഈടായി ഒന്നും നല്‍കാനില്ലാത്തവര്‍ക്ക് വായ്പ ലഭ്യമാക്കാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്ന സംരംഭമാണ് ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട്. പുത്തന്‍ തലമുറ വ്യവസായികള്‍ക്ക്‌ അവരുടെ സ്വപ്‌നങ്ങളും ആശയങ്ങളും അനുസരിച്ചുള്ള ഒരു ചെറുകിട വ്യവസായം ആരംഭിക്കുന്നതിനു കൊളാറ്ററല്‍ സെക്യൂരിറ്റിയോ മൂന്നാമതൊരാളുടെ ഗ്യാരന്റിയോ ഇല്ലാതെ ബാങ്ക്‌ വായ്‌പ ലഭ്യമാക്കാനാണ്‌ കേന്ദ്ര ഗവണ്‍മെന്റ്‌ സിഡ്‌ബിയുമായി ചേര്‌ന്ന്‌ ക്രെഡിറ്റ്‌ ഗ്യാരന്റി ഫണ്ട്‌ ട്രസ്റ്റ്‌ ആരംഭിച്ചത്‌. ട്രസ്റ്റ് ഫോര്‍ മൈക്രോ ആന്‍ഡ് സ്‌മോള്‍ എന്റര്‍പ്രൈസസ് (സിജിടിഎംഎസ്ഇ). സിജിടിഎംഎസ്ഇയില്‍ അംഗങ്ങളായ ബാങ്കുകള്‍ വഴി ലഭ്യമാകുന്ന വായ്പയ്ക്ക് സിജിടിഎംഎസ്ഇ ഈടുനില്‍ക്കും.

സൂക്ഷ്‌മ, ചെറുകിട വ്യവസായങ്ങളില്‍ ഉള്‍പ്പെടുന്ന എല്ലാ യൂണിറ്റുകള്‍ക്കും കൊളാറ്ററല്‍ സെക്യുരിറ്റി ഇല്ലാതെ 10 ലക്ഷം രൂപ വരെ വായ്‌പ നല്‍കുന്ന സ്‌കീമാണിത്‌. അതുപോലെ കൊളാറ്ററല്‍ സെക്യുരിറ്റി ഇല്ലാതെ തന്നെ അര്‍ഹതയുടെ അടിസ്ഥാനത്തില്‍ ഒരു കോടി രൂപവരെ നല്‍കുന്ന പദ്ധതികളുമുണ്ട്‌. സിജിടിഎംഎസ്‌ഇ (ക്രെഡിറ്റ്‌ ഗ്യാരന്റി ഫണ്ട്‌ ട്രസ്റ്റ്‌ ഫോര്‍ മൈക്രോ ആന്‍ഡ്‌ സ്‌മോള്‍ എന്റര്‍പ്രൈസസ്‌)യുമായി ചേര്‍ന്നാണ്‌ ഫെഡറല്‍ ബാങ്ക്‌ ഈ വായ്‌പാ പദ്ധതിക്ക്‌ രൂപം നല്‍കിയത്‌.

പുതുതായി തുടങ്ങിയവയ്‌ക്കും നിലവിലുള്ളവയ്‌ക്കും  ഇത്തരത്തില്‍ ഒരു കോടി രൂപ വരെ വായ്‌പ നല്‍കുന്നു. വായ്‌പ വാങ്ങിയ ആള്‍ തന്നെ ഇതിനായി മൊത്തം തുകയുടെ 80 ശതമാനം വരെ (സ്‌ത്രീകള്‍/സിക്കിം പോലുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ യൂണിറ്റുകള്‍) ഗ്യാരന്റി കവര്‍ നല്‍കണം. സൂക്ഷ്‌മ സ്ഥാപനങ്ങള്‍ക്ക്‌ നല്‍കുന്ന 5 ലക്ഷം വരെയുള്ള വായ്‌പയ്‌ക്ക്‌ 85 ശതമാനമാണ്‌ ഗ്യാരന്റി നല്‍കേണ്ടത്‌.

പുതുസംരംഭകര്‍ക്കായി തൊഴില്‍ദായക പദ്ധതി

സംരംഭകര്‍ക്ക് അവസരവുമായി പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി ഉത്പന്ന നിര്‍മാണത്തിന് 25ലക്ഷം വരെ വായ്പ സേവന സ്ഥാപനങ്ങള്‍ക്ക് 10ലക്ഷം വായ്പാതിരിച്ചടവ് ഏഴ്‌വര്‍ഷംവരെ

പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി (പിഎംഇജിപി) പുതിയ സംരംഭകര്‍ക്ക് ഏറെ അവസരങ്ങള്‍ തുറന്നുനല്‍കുന്നു. ഭാരത സര്‍ക്കാറിന്റെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ (എംഎസ്എംഇ) മന്ത്രാലയം നടപ്പാക്കിവരുന്ന രണ്ട് പദ്ധതികള്‍ സംയോജിപ്പിച്ചുകൊണ്ടാണ് ഇതിന് രൂപംകൊടുത്തത്. വ്യവസായ വകുപ്പ് വഴി നടപ്പാക്കി വന്നിരുന്ന പിഎംആര്‍വൈ, ഖാദി കമ്മീഷന്‍/ബോര്‍ഡ് വഴി നടപ്പാക്കിവന്നിരുന്ന ആര്‍ഇജിപി എന്നീ പദ്ധതികളാണ് സംയോജിപ്പിച്ചത്. ഖാദി കമ്മീഷനാണ് ദേശീയതലത്തില്‍ പിഎംഇജിപിയുടെ നോഡല്‍ ഏജന്‍സി. ഖാദി ഗ്രാമ വ്യവസായ കമ്മീഷനും ഖാദി ബോര്‍ഡും ഗ്രാമീണ മേഖലയില്‍ (ഗ്രാമപഞ്ചായത്ത്തലത്തില്‍) പദ്ധതി നിര്‍വഹണം നടത്തുമ്പോള്‍ ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ ഗ്രാമ-നഗര വ്യത്യാസമില്ലാതെതന്നെ പദ്ധതികള്‍ നടപ്പാക്കുന്നു.

യോഗ്യതകള്‍

തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ഏതൊരാള്‍ക്കും വായ്പ ലഭിക്കത്തക്കവിധത്തില്‍ ലളിതമാണ് ഈ പദ്ധതി. അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല. വരുമാന പരിധിയും ഇല്ല. ഉത്പാദന മേഖലയില്‍ പത്തുലക്ഷം രൂപയ്ക്കും സേവന മേഖലയില്‍ അഞ്ചുലക്ഷം രൂപയ്ക്കും മുകളിലുള്ള പദ്ധതികള്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കുന്ന സംരംഭകര്‍ എട്ടാം ക്ലാസ് പാസ്സായിരിക്കണം. വ്യക്തികള്‍ക്കും സ്വയംസഹായ സംഘങ്ങള്‍ക്കും (മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത സംഘങ്ങള്‍ക്കു മാത്രം) ഉത്പാദന സഹകരണ സംഘങ്ങള്‍ക്കും ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്കും സൊസൈറ്റികള്‍ക്കും പദ്ധതി പ്രയോജനപ്പെടുത്താം. എന്നാല്‍, പങ്കാളിത്ത സ്ഥാപനങ്ങള്‍, ലിമിറ്റഡ് കമ്പനികള്‍ എന്നിവയ്ക്ക് ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കില്ല. പുതുതായി ആരംഭിക്കുന്ന ഉത്പാദന/സേവന സംരംഭങ്ങള്‍ക്കാണ് വായ്പ ലഭിക്കുക.

25 ലക്ഷം വരെയുള്ള പദ്ധതികള്‍ക്ക് വായ്പ

ഉത്പന്ന നിര്‍മാണവുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്ക് 25 ലക്ഷം രൂപ വരെയും സേവന സ്ഥാപനങ്ങള്‍ക്ക് 10 ലക്ഷം രൂപ വരെയും ചെലവു വരുന്ന പ്രോജക്ടുകള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും. ഒരുലക്ഷം രൂപ വരെയുള്ള സ്ഥിര നിക്ഷേപത്തിന് ഒരാള്‍ എന്ന നിരക്കില്‍ തൊഴില്‍ നല്‍കിയിരിക്കണം. അപേക്ഷകരെ സാധാരണ വിഭാഗം, പ്രത്യേക വിഭാഗം എന്നിങ്ങനെ രണ്ടായി തിരിച്ചാണ് ആനുകൂല്യങ്ങള്‍ നല്‍കുക. സാധാരണ വിഭാഗത്തില്‍പ്പെട്ടവര്‍ 10 ശതമാനവും പ്രത്യേക വിഭാഗക്കാര്‍ അഞ്ച് ശതമാനവും സ്വന്തം മുതല്‍മുടക്കായി കണ്ടെത്തണം. സാധാരണ വിഭാഗങ്ങള്‍ക്ക് മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ പ്രദേശത്ത് 15 ശതമാനവും പ്രത്യേക വിഭാഗങ്ങള്‍ക്ക് 25 ശതമാനവും സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കും. എന്നാല്‍, പഞ്ചായത്ത് പ്രദേശങ്ങളില്‍ ഇത് യഥാക്രമം 25 ശതമാനവും 35 ശതമാനവും ആണ്. പട്ടികജാതി/വര്‍ഗം, മറ്റ് പിന്നാക്ക സമുദായങ്ങള്‍, മത ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, വികുക്തഭടന്മാര്‍, വികലാംഗര്‍ എന്നിവരെയാണ് പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാധാരണ ബാങ്ക്പലിശ ആയിരിക്കും വായ്പയ്ക്ക് ഈടാക്കുക. വായ്പ തിരിച്ചടവ് മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ ആയിരിക്കും. ജില്ലാതല ടാസ്‌ക് ഫോഴ്‌സ് കമ്മിറ്റി അംഗീകരിക്കുന്ന 10 ലക്ഷം രൂപവരെയുള്ള പദ്ധതികള്‍ക്ക് കൊളാറ്ററല്‍ സെക്യൂരിറ്റി നല്‍കേണ്ടതില്ല. 
സബ്‌സിഡി/മാര്‍ജിന്‍ മണി ഗ്രാന്റ് ആയി ലഭിക്കുന്ന തുക സംരംഭകന്റെ പേരില്‍ സ്ഥിരനിക്ഷേപമായി ബാങ്കില്‍ സൂക്ഷിക്കുന്നതും, മൂന്ന് വര്‍ഷത്തിനുശേഷം സ്ഥാപനത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തി തുക വായ്പാ കണക്കില്‍ വരവ് വയ്ക്കുന്നതുമാണ്. വായ്പക്ക് ഈടാക്കുന്ന പലിശയും, ഡെപ്പോസിറ്റിന് നല്‍കുന്ന പലിശയും ഒരേനിരക്കില്‍ ആയിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

ലക്ഷ്യം മറികടന്ന നേട്ടം

2008-09 സാമ്പത്തിക വര്‍ഷം മുതലാണ് ഈ പദ്ധതി നടപ്പാക്കിത്തുടങ്ങിയത്. നാലുവര്‍ഷത്തേക്കാണ് വിഭാവനം ചെയ്തിരുന്നത് എങ്കിലും രണ്ട് വര്‍ഷംകൂടി തുടരുവാന്‍ അനുവദിക്കുകയായിരുന്നു. പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പാണ് ഇതിന് കാരണമായത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഈ പദ്ധതി പ്രകാരം 1420 സംരംഭങ്ങള്‍ ആരംഭിക്കുവാനും, 3265.60 ലക്ഷം രൂപ മാര്‍ജിന്‍മണി ഗ്രാന്റ് ആയി നല്‍കാനുമാണ് കേരളത്തില്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 2075 സംരംഭങ്ങള്‍ ആരംഭിക്കുവാനും, 3576.71 ലക്ഷം രൂപ ഗ്രാന്റ് ഇനത്തില്‍ അനുവദിക്കാനും കഴിഞ്ഞു. 2013-14ലെ ലക്ഷ്യം 1460 സംരംഭങ്ങളും, 3358 ലക്ഷം രൂപ സര്‍ക്കാര്‍ ഗ്രാന്റും ആണ്. ഇതിന്റെ ഏജന്‍സികള്‍ തിരിച്ചുള്ള കണക്ക് ചുവടെ ചേര്‍ക്കുന്നു. ഇതില്‍ തന്നെ ശരാശരി 10 ശതമാനം പട്ടികജാതി സംരംഭകര്‍ക്കും ഒരു ശതമാനം പട്ടികവര്‍ഗ സംരംഭകര്‍ക്കും നീക്കിവച്ചിട്ടുണ്ട്. മാര്‍ജിന്‍ മണി ഗ്രാന്റിന്റെ ഉള്ളില്‍ നിന്നുകൊണ്ട് കൂടുതല്‍ സംരംഭങ്ങള്‍ക്ക് വായ്പകള്‍ നല്‍കാവുന്നതാണ്.

അപേക്ഷയിലെ നടപടികള്‍

ഖാദി കമ്മീഷന്‍, ജില്ലാ ഖാദി ബോര്‍ഡ്, ജില്ലാ വ്യവസായകേന്ദ്രം എന്നീ ഓഫീസുകള്‍ വഴി അപേക്ഷകള്‍ നല്‍കാവുന്നതാണ്. ജില്ലാ വ്യവസായ കേന്ദ്രം വഴി വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് താലൂക്ക് വ്യവസായ ഓഫീസുകളിലോ ബ്ലോക്ക് / മുനിസിപ്പാലിറ്റി / കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ വ്യവസായ വികസന ഓഫീസര്‍മാര്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ രേഖ, ജാതി സര്‍ട്ടിഫിക്കറ്റ് (പ്രത്യേക വിഭാഗത്തിലെ പുരുഷന്മാര്‍ക്ക് മാത്രം) മെഷിനറി ക്വട്ടേഷന്‍, പ്രോജക്ട് റിപ്പോര്‍ട്ട്, സംരംഭ വികസന പരിശീലനം നേടിയിട്ടുണ്ടെങ്കില്‍ അതിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കണം. ജില്ലാ കളക്ടര്‍ / മജിസ്‌ട്രേട്ടിന്റെ അധ്യക്ഷതയില്‍ രൂപവത്കരിച്ചിട്ടുള്ള ജില്ലാതല ടാസ്‌ക്‌ഫോഴ്‌സ് കമ്മിറ്റി കൂടിക്കാഴ്ചയിലൂടെയാണ് സംരംഭകരെ തിരഞ്ഞെടുക്കുന്നത്. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരാണ് ഇതിന്റെ കണ്‍വീനര്‍. എല്‍.ഡി.എം., ഖാദിബോര്‍ഡ്, ഖാദി കമ്മീഷന്‍, പഞ്ചായത്ത് സമിതികള്‍ എന്നിവയുടെ പ്രതിനിധികളും കമ്മിറ്റിയില്‍ ഉണ്ടാകും. അപേക്ഷകര്‍ സമര്‍പ്പിച്ചിരിക്കുന്ന പദ്ധതിയുടെ സാങ്കേതിക / സാമ്പത്തിക ഭദ്രത പരിശോധിച്ച് ജില്ലാതല കമ്മിറ്റിയാണ് പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കുന്നത്. വിവിധ ദേശസാത്കൃത - വാണിജ്യ ബാങ്കുകള്‍ വഴിയാണ് വായ്പ വിതരണം ചെയ്യുന്നത്.

ഒഴിവാക്കപ്പെട്ട പദ്ധതികള്‍

ഈ പദ്ധതിപ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ നിന്ന് ഏതാനും മേഖലകളെ ഒഴിവാക്കിയിട്ടുണ്ട്. മത്സ്യം, മാംസം തുടങ്ങിയവയുടെ സംസ്‌കരണം, ഉപഭോഗം, ലഹരിപദാര്‍ത്ഥങ്ങളുടെ ഉത്പാദനം, വിതരണം, കൃഷിപ്പണികള്‍, മൃഗസംരക്ഷണം (ആട്, കോഴി, താറാവ്, പശു, പന്നി ഫാമുകള്‍), പ്ലാന്റേഷന്‍, നിശ്ചിത അളവില്‍ കുറഞ്ഞ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, പ്ലാസ്റ്റിക് പുനര്‍ ഉപയോഗ ഫുഡ് കണ്ടെയനറുകള്‍, സബ്‌സിഡിയോടുകൂടിയ ഖാദി, നൂല്‍-നൂല്‍പ്പ്, നെയ്ത്ത് പരിപാടികള്‍, ഓട്ടോറിക്ഷ പോലുള്ള റൂറല്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസുകള്‍ എന്നിവ ഈ പദ്ധതിയില്‍ വരില്ല.
ഇതിന്റെ ഗുണഭോക്താക്കള്‍ ഒരു സംരംഭവികസന പരിശീലന പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. നേരത്തെ ഇത്തരത്തില്‍ പരിശീലനം നേടിയവര്‍ വീണ്ടും പങ്കെടുക്കേണ്ടതില്ല. പി.എം.ഇ.ജി.പി. യൂണിറ്റുകളുടെ വിപണനം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക പ്രദര്‍ശന വിപണന മേളകള്‍, ഉത്പാദക - ഉപഭോക്തൃ സംഗമങ്ങള്‍ എന്നിവ സംഘടിപ്പിച്ചു വരുന്നുണ്ട്. ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിക്കൊണ്ടിരിക്കുന്നവര്‍ക്കും സ്വന്തം സംരംഭം എന്ന സ്വപ്നവുമായി നടക്കുന്ന യുവാക്കള്‍ക്കും ആശ്വാസകരമായി മാറുകയാണ് 
പി.എം.ഇ.ജി.പി.

സംരംഭകത്വ സഹായ പദ്ധതി

ഉത്പാദന മേഖലയിലുള്ള സൂക്ഷ്മ -ചെറുകിട സംരംഭങ്ങള്‍ക്ക് കൈത്താങ്ങാകുന്നതിനുവേണ്ടി വിവിധ ഘട്ടങ്ങളില്‍ സാമ്പത്തിക സഹായം അനുവദിക്കാന്‍ വ്യവസായ വകുപ്പ് ആവിഷ്‌കരിച്ചതാണ് സംരംഭകത്വ സഹായ പദ്ധതി.
സംസ്ഥാനത്തെ വ്യവസായ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വു നല്‍കാനായി വ്യവസായ വകുപ്പ് സംരംഭകത്വ സഹായ പദ്ധതി നടപ്പാക്കിത്തുടങ്ങി. സൂക്ഷ്മ-ചെറുകിട സംരംഭങ്ങള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുന്ന പദ്ധതിയാണ് ഇത്. 2012 ഏപ്രില്‍ ഒന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കുകയോ, വായ്പാ അനുവദിക്കുകയോ, കൈപ്പറ്റുകയോ ചെയ്തിട്ടുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഈ പദ്ധതി പ്രകാരം ധനസഹായം ലഭിക്കും. ഡിസംബര്‍ 28നായിരുന്നു ഇതിനുള്ള ചട്ടങ്ങള്‍ അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. ഇതനുസരിച്ച് 2012 ഏപ്രില്‍ ഒന്നിന് മുമ്പുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ മാര്‍ജിന്‍ മണിവായ്പ, മൂലധന നിക്ഷേപപദ്ധതി, എന്നിങ്ങനെ ആ വര്‍ഷം നിലവിലിരുന്ന പദ്ധതി അനുസരിച്ചായിരിക്കും നല്‍കുക. ഉത്പാദന സംരംഭങ്ങള്‍ക്ക് മാത്രമാണ് ഈ പദ്ധതി പ്രയോജനം ചെയ്യുക. ബാങ്ക് വായ്പ ഇല്ലാതെ സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്കും ഇ.എസ്.എസ്. പ്രകാരമുള്ള ആനുകൂല്യം ലഭിക്കും.

പദ്ധതികള്‍ ഏകോപിപ്പിക്കുന്നു

സൂക്ഷ്മ-ചെറുകിട സംരംഭകരെ സഹായിക്കുന്നതിനായി ഒട്ടനവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. യുവാക്കള്‍, വനിതകള്‍, പൊതുവിഭാഗക്കാര്‍, പട്ടികജാതി/വര്‍ഗ്ഗ വിഭാഗക്കാര്‍ എന്നിവര്‍ക്കായി പ്രത്യേകം പദ്ധതികളാണ് നടപ്പക്കിയിരുന്നത്. ഇവ പലപ്പോഴും സങ്കീര്‍ണമാവുകയും കാര്യക്ഷമതയെ ബാധിക്കുകയും ചെയ്തിരുന്നു. അര്‍ഹതയുള്ളവര്‍ക്ക് സമയത്ത് ആനുകൂല്യങ്ങള്‍ ലഭിക്കാതെ പോകുന്നതിനും അത് കാരണമായിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് അവയെ ഏകോപിപ്പിച്ച് ഒരൊറ്റ പദ്ധതിയായി നടപ്പാക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. മൂലധന നിക്ഷേപ പദ്ധതി, വിമന്‍സ് ഇന്‍ഡസ്ട്രീസ് പ്രോഗ്രാം, മാര്‍ജിന്‍ മണി വായ്പാ പദ്ധതി, എന്‍.ആര്‍.കെ. വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള മാര്‍ജിന്‍ മണിവായ്പാ പദ്ധതി, സാങ്കേതികവിദ്യാ വികസന സബ്ബ്‌സിഡി, ക്രെഡിറ്റ് ഗ്യാരണ്ടിഫണ്ട് പ്രകാരം നല്‍കുന്ന ഫീസുകള്‍ തിരിച്ച് നല്‍കുന്ന പദ്ധതി, യുവാക്കള്‍ക്കുള്ള സ്വയം തൊഴില്‍ വായ്പാ പദ്ധതി, പഴം-പച്ചക്കറി സംസ്‌കരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സബ്‌സിഡി, എന്നീ പദ്ധതികളാണ് വ്യവസായ വകുപ്പ് നടപ്പാക്കി വന്നിരുന്നത്. അവയൊന്നും ഇനി തുടരില്ല. പകരം ഇ.എസ്.എസ്. ആയിരിക്കും നടപ്പാക്കുക.

30
ലക്ഷം രൂപവരെ സാമ്പത്തിക സഹായം

നെഗറ്റീവ് ലിസ്റ്റില്‍ പരാമര്‍ശിക്കാത്ത എല്ലാത്തരം ഉത്പാദന സംരംഭങ്ങള്‍ക്കും ഈ പദ്ധതി പ്രകാരമുള്ള സഹായത്തിന് അര്‍ഹതയുണ്ട്. ഒരു സംരംഭം തുടങ്ങുന്നതിന് ആവശ്യമായ സ്ഥിര മൂലധന നിക്ഷേപം പരിഗണിച്ചാണ് ആനുകൂല്യങ്ങള്‍ നല്‍കുക. ഭൂമി, ഭൂമി വികസനം, കെട്ടിടം, യന്ത്രസാമഗ്രികള്‍, ജനറേറ്ററുകള്‍, വൈദ്യുതീകരണ ചെലവുകള്‍ തുടങ്ങി നിക്ഷേപത്തിന്റെ തോത് അനുസരിച്ച് പരമാവധി 30ലക്ഷം രൂപവരെയാണ് സബ്‌സിഡി നല്‍കുക.

സംസ്ഥാനത്ത് ആരംഭിക്കുന്ന സാധാരണ സൂക്ഷ്മ-ചെറുകിട വ്യവസായങ്ങള്‍ക്ക് അവയ്ക്ക് വേണ്ടിവരുന്ന സ്ഥിര നിക്ഷേപത്തിന്റെ 15ശതമാനം പരമാവധി 20ലക്ഷം രൂപ എന്ന കണക്കില്‍ സബ്‌സിഡി നല്‍കുന്നു. എന്നാല്‍ വനിതകള്‍, പട്ടികജാതി/വര്‍ഗ്ഗ വിഭാഗക്കാര്‍, യുവാക്കള്‍ (45വയസ്സില്‍ താഴെ) എന്നിവര്‍ക്ക് ഇത് 20ശതമാനവും, പരമാവധി 30ലക്ഷം രൂപയുമാണ്. മുന്‍ഗണനാ വിഭാഗത്തില്‍ വരുന്ന വ്യവസായങ്ങള്‍ക്കും പിന്നാക്ക ജില്ലയിലെ സംരംഭങ്ങള്‍ക്കും, പുതിയ സാങ്കേതിക വിദ്യ പ്രയോഗിക്കുന്ന യൂണിറ്റുകള്‍ക്കും 10ശതമാനം, പരമാവധി 10ലക്ഷംരൂപ എന്ന കണക്കില്‍ അധിക സബ്‌സിഡിയും ലഭിക്കുന്നതാണ്.

റബ്ബര്‍, കാര്‍ഷിക-ഭക്ഷ്യസംസ്‌കരണം, റെഡിമെയ്ഡ് വസ്ത്രനിര്‍മ്മാണം, പാരമ്പര്യേതര ഊര്‍ജ്ജ ഉത്പന്നങ്ങള്‍, ബയോ ടെക്‌നോളജി, 100ശതമാനം കയറ്റുമതി സ്ഥാപനങ്ങള്‍, മണ്ണില്‍ നശിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കുകളുടെ പുനരുപയോഗ സംരംഭങ്ങള്‍, ജൈവവളം, എന്നീ മേഖലകളാണ് മുന്‍ഗണനാ വിഭാഗത്തില്‍ വരിക. ഇടുക്കി, വയനാട്, കാസര്‍കോട്, പത്തനംതിട്ട, ജില്ലകളെ പിന്നാക്ക ജില്ലകളുടെ ഗണത്തില്‍പ്പെടുത്തിയിരിക്കുന്നു. പദ്ധതി വിഹിതത്തിന്റെ 30ശതമാനം സൂക്ഷ്മ സംരംഭങ്ങള്‍ക്കായി നീക്കി വയ്ക്കണമെന്ന് പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നുമുണ്ട്.

ആനുകൂല്യങ്ങള്‍ മൂന്ന് ഘട്ടങ്ങളായി

ഇ.എസ്.എസ്. പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ മൂന്ന് ഘട്ടങ്ങളിലായി ലഭ്യമാക്കും. സംരംഭം ആരംഭിക്കുന്നതിന് മുമ്പ് 'തുടങ്ങാനുള്ള സഹായവും' (ടറമിറ ഡ്യ ടു്യ്യ്ിറ) ആരംഭിച്ച് കഴിഞ്ഞാല്‍ 'നിക്ഷേപ സഹായവും'' (കൃ്വവീറൗവൃറ ടു്യ്യ്ിറ) മെച്ചപ്പെട്ട സാങ്കേതിക വിദ്യ സമ്പാദിച്ചാല്‍ 'സാങ്കേതിക സഹായവും' (Thckrlcam Spyyvnd) നല്‍കാന്‍ ഇതില്‍ വ്യവസ്ഥ ചെയ്യുന്നു.ഇതില്‍ തുടങ്ങാനുള്ള സഹായം ബാങ്ക് വായ്പ എടുക്കുന്നവര്‍ക്ക് മാത്രമേ ലഭിക്കു. അതിനായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. അതിന് ലഭിച്ച നമ്പറും, ഒറിജിനല്‍ രേഖകളും ജില്ലാ വ്യവസായ കേന്ദ്രം, അല്ലെങ്കില്‍ അതിന്റെ കീഴിലുള്ള താലൂക്ക് വ്യവസായ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ സമര്‍പ്പിക്കണം. കാലാവധി വായ്പ അനുവദിച്ചുകൊണ്ടുള്ള ബാങ്കിന്റെ ശുപാര്‍ശയും അപേക്ഷയോടൊപ്പം വേണം. വേണ്ടിവരുന്ന സ്ഥിര നിക്ഷേപത്തിന്റെ അര്‍ഹമായ സബ്‌സിഡിയുടെ 50ശതമാനത്തില്‍ കവിയാത്ത തുകയാണ് തുടങ്ങാനുള്ള സഹായമായി നല്‍കുക. എന്നാല്‍ ഇത് പരമാവധി മൂന്ന് ലക്ഷം രൂപവരെ ആയിരിക്കും.

'നിക്ഷേപ സഹായ'ത്തിനുള്ള അപേക്ഷ ഉത്പാദനം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ സമര്‍പ്പിക്കേണ്ടതാണ്. എന്നാല്‍ ന്യായമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ രണ്ട്‌വര്‍ഷം വരെ ഇതില്‍ ഇളവ് ലഭിക്കും. വൈവിധ്യവത്കരണം, വിപുലീകരണം, ആധുനികവത്കരണം എന്നിവ നടപ്പാക്കിയ സ്ഥാപനങ്ങള്‍ക്കും സഹായം ലഭിക്കും. സ്ഥിര നിക്ഷേപത്തിനുമേല്‍ നടത്തിയ അധിക നിക്ഷേപത്തിനാണ് ഇത് ലഭിക്കുക. ഇങ്ങനെയുള്ള ആനുകൂല്യങ്ങള്‍ക്ക് യന്ത്രസാമഗ്രികളിലെ നിക്ഷേപത്തില്‍ 25ശതമാനത്തിന്റെയും, വിപുലീകരണത്തിലുള്ള ഉത്പാദനശേഷിയില്‍ 25ശതമാനത്തിന്റെയും വര്‍ദ്ധന ഉണ്ടായിരിക്കണം. നിക്ഷേപ സഹായം സ്വീകരിക്കുന്ന സ്ഥാപനം ഉല്പാദനം ആരംഭിച്ച തീയ്യതി മുതല്‍ അടുത്ത അഞ്ചുവര്‍ഷം തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു കൊള്ളാമെന്ന് മുദ്രപ്പത്രത്തില്‍ സമ്മതപത്രം നല്‍കേണ്ടതുണ്ട്.

'സാങ്കേതിക സഹായ'മാണ് മൂന്നാംഘട്ടം. പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിനാണിത്. ആറ് മാസത്തിനുള്ളില്‍ ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കണം. പുതിയ സംരംഭങ്ങള്‍ക്കും നിലവിലുള്ള സംരംഭങ്ങള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. പരമാവധി 10ലക്ഷം രൂപവരെയാണ് അധിക സഹായമായി കിട്ടുക. സി.എഫ്.ടി.ആര്‍.ഐ, സി.എസ്.ഐ.ആര്‍., ഡി.എഫ്.ആര്‍.എല്‍., ഡി.ആര്‍.ഡി.ഒ., റബ്ബര്‍ബോര്‍ഡ്, സി.ടി.സി.ആര്‍.ഐ., ഐ.സി.എ.ആര്‍., കെ.വി.കെ. തുടങ്ങിയ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ലഭ്യമാകുന്ന സാങ്കേതിക കാര്യങ്ങള്‍ക്കാണ് സഹായം നല്‍കുക. ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജ് പോലുള്ള സ്ഥാപനങ്ങള്‍ വ്യവസായ പുരോഗതിക്ക് ഉതകുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്താലും ഈ ആനുകൂല്യത്തിന് അര്‍ഹരാണ്. മെച്ചപ്പെട്ട പാക്കേജിങ് സംവിധാനം, ഊര്‍ജോത്പാദന സംരക്ഷണ സംവിധാനങ്ങള്‍ എന്നിവയ്ക്കും ഇത് പ്രകാരമുള്ള സഹായം ലഭിക്കും. ഇതിനായി സമര്‍പ്പിക്കുന്ന അപേക്ഷയില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനം എടുത്തിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

നടപടിക്രമങ്ങള്‍ ഇങ്ങനെ

വ്യവസായ -വാണിജ്യ ഡയറക്ടറേറ്റ്, ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍, താലൂക്ക് വ്യവസായ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ അപേക്ഷ സ്വീകരിക്കും. 

സംരംഭം തുടങ്ങാനുള്ള സഹായം വിതരണം ചെയ്യുന്നത് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍. 

നിക്ഷേപ സഹായവും സാങ്കേതിക സഹായവും അനുവദിക്കുന്നത് കളക്ടര്‍ ചെയര്‍മാനായ ജില്ലാതല കമ്മിറ്റി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ മെമ്പര്‍ സെക്രട്ടറിയായിരിക്കും. 

രണ്ട് കോടിരൂപവരെയുള്ള മൂലധനനിക്ഷേപത്തിനുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കുക ജില്ലാതലകമ്മിറ്റി. അതിനു മുകളില്‍ ഉള്ളവ വ്യവസായ-വാണിജ്യ ഡയറക്ടര്‍ ചെയര്‍മാനായ സംസ്ഥാനതല കമ്മിറ്റി. വ്യവസായ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഇതിന്റെ മെമ്പര്‍ സെക്രട്ടറി. 

സാധാരണ അപേക്ഷകര്‍ ഫീസായി 1000രൂപയും, പട്ടികജാതി /വര്‍ഗ്ഗ വിഭാഗക്കാര്‍ 500രൂപയും അടയ്ക്കണം.

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate