Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കാര്‍ഷിക പൊടികൈകള്‍

കൃഷിയിലെ ചില നുറുങ്ങു രീതികള്‍

വഴുതിനയിലെ വാട്ടം

തക്കാളി, പച്ചമുളക്, വഴുതിന എല്ലാം ഒരേ കുടുംബക്കാര്‍. സോളനേസ്യ തറവാട്ടിലെ അംഗങ്ങളായ ഇവയുടെയെല്ലാം പ്രധാന പ്രശ്നമാണ് ബാക്ടീരിയല്‍ വാട്ടം. വളരെ പെട്ടെന്ന് പച്ചനിറം കെടാതെ വാടിപ്പോകുന്നെങ്കില്‍ ഉറപ്പിച്ചോളൂ രോഗം വാട്ടംതന്നെ. ഇലകള്‍ താഴേക്ക് ചുരുളലും തണ്ടിനകത്തെ നിറവ്യത്യാസവും രോഗത്തോടൊപ്പം കൂട്ടിവായിക്കേണ്ട ലക്ഷണങ്ങളാണ്.

വഴുതിനവര്‍ഗ വിളകള്‍ കൃഷിചെയ്യുമ്പോള്‍ സെന്റിന് നാല് കിലോഗ്രാം കുമ്മായം ചേര്‍ത്തല്‍ വാട്ടത്തിന് കാരണഭൂതനായ റാള്‍സ്റ്റോണിയ സോളനേസ്യാറം എന്ന ബാക്ടീരിയയെ അകറ്റിനിര്‍ത്താം. രോഗംബാധിച്ച ചെടികള്‍ പിഴുതുനശിപ്പിച്ചേ മതിയാകൂ. തക്കാളിയും പച്ചമുളകും വഴുതിനയും ഒരുസ്ഥലത്ത് അടുത്തടുത്തായി നടുന്നത് വാട്ടരോഗത്തിനുള്ള സാധ്യത കൂടും. വെള്ളം കെട്ടിനില്‍ക്കാത്ത രീതിയില്‍ ഗ്രോബാഗുകള്‍ ക്രമീകരിക്കണം. നിര്‍വാര്‍ച്ചാ സൌകര്യം മെച്ചപ്പെടുത്തിയാല്‍തന്നെ വാട്ടത്തെ ഒരുപരിധിവരെ പിടിച്ചുകെട്ടാം. വിത്ത് പാകുന്നതിനുമുമ്പ് സ്യൂഡോമോണസില്‍ നേര്‍ത്ത നനവോടെ പുരട്ടിവയ്ക്കണം.

തൈകള്‍ പറിച്ചുനടുന്നതിനു മുമ്പായി 20 ഗ്രാം സ്യൂഡോമോണസ് ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയില്‍ അരമണിക്കൂര്‍ മുക്കിവയ്ക്കുന്നത് നന്ന്.  തീര്‍ന്നില്ല. എല്ലാ ആഴ്ചയും സ്യൂഡോമോണസ് 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇലകളില്‍ തളിക്കുന്നതും ചുവട്ടില്‍ ഒഴിച്ചുകൊടുക്കുന്നതും വാട്ടക്കാരനായ ബാക്ടീരിയയെ തുരത്തിയോടിക്കും.

ഗ്രാഫ്റ്റ് തൈകള്‍

ഗ്രാഫ്റ്റ്ചെയ്ത് തൈകള്‍ ഉണ്ടാക്കുക സാധാരണയായി വിവിധ ഫലവര്‍ഗവിളകളിലാണെന്നാണ് നമുക്കുള്ള പൊതുധാരണ. അത്യുല്‍പ്പാദനശേഷിയുള്ളതും, രോഗപ്രതിരോധശേഷിയുള്ളതും, സ്വാദിഷ്ടമായ ഇനങ്ങളുമെല്ലാം ഉണ്ടാക്കാന്‍ കാര്‍ഷിക ഗവേഷകര്‍ കണ്ടെത്തിയതാണ് ഗ്രാഫ്റ്റിങ് രീതി. എന്നാല്‍ ഈ രീതി പച്ചക്കറികളിലും സ്വീകരിക്കാമെന്ന് മണ്ണൂത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ പരീക്ഷണം തെളിയിച്ചിരിക്കുകയാണ്.

തക്കാളി, മുളക്, വഴുതിന എന്നിവയിലാണ് ഇത് പ്രയോഗിച്ചത്. ഈ ഇനങ്ങള്‍ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നം വാട്ടരോഗത്തിന് എളുപ്പം വിധേയമാകുന്നു എന്നതാണ്. വലിയ നഷ്ടമാണ് ഈ രോഗം വരുത്തുന്നത്. ഒരുതരം ബാക്ടീരിയയാണ് ഈ രോഗം ഉണ്ടാക്കുന്നത്. മണ്ണിലാണ് ഇവയുടെയും അധിവാസം. ചെടിയുടെ വേരിലും മറ്റും ഉണ്ടാകുന്ന ചെറിയ മുറിവുകളിലൂടെ ഈ ബാക്ടീരിയ ചെടിയുടെ അകത്തുകടന്ന് വംശവര്‍ധന നടത്തി ചെടികള്‍ക്ക് ഭക്ഷണം വലിച്ചെടുത്ത് മുകളിലേക്കു കൊടുക്കാന്‍ തടസ്സമുണ്ടാക്കുന്നു. ഇതുമുലമാണ് ചെടി വാടുന്നത്. ഇവയെ തടയാന്‍ ആന്റിബയോട്ടിക്കുകളും മറ്റു പ്രയോഗിക്കുന്ന രീതിയാണ് നിലവിലുള്ളത്.

ഇതിനുപകരം ബാക്ടീരിയയെ ചെറുക്കാന്‍കഴിവുള്ള നമ്മുടെ പ്രദേശത്തെ 'ചുണ്ട'ച്ചെടിയില്‍ ഗ്രാഫ്റ്റ് ചെയ്യുന്നതാണ് പുതിയ സാങ്കേതികരീതി. ഇതിന് ചുണ്ടയുടെ വിത്ത് മുന്‍കൂട്ടി പ്രോട്രേകളില്‍ പാകി മുളപ്പിക്കും. ഒരുമാസം കഴിയുമ്പോള്‍ 10–12 സെ. മീ. ഉയരമെത്തിയാല്‍ ഗ്രാഫ്റ്റ് ചെയ്യാം. ഒട്ടിക്കാനാവശ്യമായ തക്കാളി, വഴുതിന, മുളക് എന്നിവയുടെ വിത്ത് പാകിമുളപ്പിച്ച് 10–12 സെ. മീ. ഉയരത്തില്‍ വളര്‍ന്നാല്‍ ഇവ മുറിച്ചെടുത്ത് ചുണ്ടയുടെ തൈകള്‍ അഞ്ചു സെ. മീറ്റര്‍ നിര്‍ത്തി മുറിച്ച് ആ ഭാഗം പിളര്‍ന്ന് അതിനകത്ത് പച്ചക്കറി ചെടിയുടെ തലപ്പ് ആപ്പുപോലെ മുറിച്ച് കയറ്റിവച്ച് കെട്ടിനിര്‍ത്തുന്നതാണ് രീതി. ഇവയെ പിന്നീട് മിസ്റ്റ് ചേംബറിലും പോളിഹൌസിലും രണ്ടാഴ്ച സൂക്ഷിച്ചശേഷമാണ് നടാനായി ഉപയോഗിക്കുക. ഗ്രാഫ്റ്റ്ചെയ്ത ഭാഗത്തിനു താഴെനിന്ന് ചുണ്ടയുടെ ഭാഗം മുളച്ചുവരുന്നുവെങ്കില്‍ അവ നുള്ളിക്കളയണം. ഗ്രാഫ്റ്റ് ഭാഗം മണ്ണിനുമുകളില്‍ നില്‍ക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഇവ ഒന്നുംതന്നെ വാടിനശിക്കില്ല.

ഗ്രാഫ്റ്റിങ് അല്‍പ്പം ശ്രദ്ധിച്ചാല്‍ ആര്‍ക്കും വശത്താകാവുന്നതേയുള്ളു. പരിശീലിച്ചാല്‍ ഒരാള്‍ക്ക് ഒരുദിവസം 600–800 വരെ തൈകള്‍ ഗ്രാഫ്റ്റ്ചെയ്യാമെന്നും സര്‍വകലാശാല പറയുന്നു.

കാര്‍ഷിക സര്‍വകലാശാല മണ്ണൂത്തിയുമായി ബന്ധപ്പെട്ട് ഈ രീതി മനസ്സിലാക്കി, പരിശീലനം നേടിയാല്‍ നമ്മുടെ കൃഷിയിടങ്ങളില്‍ വാട്ടരോഗമില്ലാത്ത ഇത്തരം പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും.

ഹൈടെക് പച്ചക്കറി

പട്ടണവാസികള്‍ക്ക് പച്ചക്കറി കൃഷിചെയ്യാന്‍ വേണ്ട സ്ഥലമില്ലെന്നും, ആഗ്രഹമുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങിലെന്നപോലെ ഇഷ്ടാനുസരണം കൃഷിചെയ്യാനാവുന്നില്ലെന്നതും പൊതുവേ അവര്‍ക്കിടയിലെ പ്രധാന ചര്‍ച്ചയാണ്. എന്നാല്‍ ചെറിയതോതിലുള്ള ടെറസിലെ ഗ്രോബാഗ് കൃഷിക്കപ്പുറം 'സംരക്ഷിത ഗൃഹങ്ങളിലൂടെ (ഹരിതഗൃഹം) ഹൈടെക് കൃഷിയും ചെയ്ത് എല്ലാകാലത്തും വിവിധയിനം പച്ചക്കറികള്‍ വിളയിക്കാമെന്ന് വെള്ളാനിക്കരയിലെ കാര്‍ഷിക സര്‍വകലാശാല പ്രായോഗികമാക്കുകയും പ്രചാരണം നല്‍കിവരികയുമാണ്.

അവര്‍ നടത്തിയ പരീക്ഷണങ്ങളില്‍നിന്ന് 10 മുതല്‍ 30 ച. മീറ്റര്‍വരെ വിസ്തീര്‍ണമുള്ള ഹരിതഗൃഹത്തില്‍നിന്ന് വര്‍ഷംമുഴുക്കെ ഒരുകുടുംബത്തിനാവശ്യമായ പച്ചക്കറി വിവിധ ഘട്ടങ്ങളില്‍ കൃഷിചെയ്ത് ഉണ്ടാക്കാനാവുമെന്നതാണ്. രാസകീടനാശിനികളൊന്നും ഉപയോഗിക്കാതെതന്നെ വിഷവിമുക്ത പച്ചക്കറിയായിത്തന്നെ ലഭ്യമാക്കുകയും ചെയ്യാം.(അവലംബം: കൃഷിയങ്കണം ഫെബ്രുവരി–മാര്‍ച്ച്).

ഇത്തരം ഹരിതഗൃഹങ്ങള്‍ മുകളില്‍ യു വി ഷീറ്റ്കൊണ്ടും എല്ലാവശങ്ങളും ഇന്‍സെക്ട് നെറ്റ്കൊണ്ടും ആവരണംചെയ്തിരിക്കും. രോഗകീടബാധ തടയാന്‍ ഇത് ആവശ്യമാണ്. ഏതു കാലാവസ്ഥയിലും ഇതിന്റെ ആധിക്യമോ പരിമിതികളോ പ്രതികൂലമായിബാധിക്കാത്തവിധം സംവിധാനംചെയ്യുന്നതാണ് ഇത്തരം കൂടാരങ്ങള്‍. അള്‍ട്രാവയലറ്റ് രശ്മിയുടെ ദൂഷ്യവശം ചെടികളില്‍ എത്തുന്നില്ലെന്നതും പ്രത്യേകതയാണ്. വെള്ളവും വളവുമെല്ലാം ലിക്വിറ്റ് രൂപത്തില്‍ ഡ്രിപ്പ് ഇറിഗേഷന്‍ (തുള്ളിനന)വഴിയാണ് ചെടികള്‍ക്ക് ലഭ്യമാക്കുക. രണ്ടുമീറ്റര്‍ മാത്രം ഹെഡ്ഡില്‍ പ്രവര്‍ത്തിക്കുന്ന  ഡ്രിപ്പുകളുണ്ട്. ഇത് ചെടിയുടെ കടയ്ക്കല്‍ വെള്ളം എത്തിക്കത്തക്കവിധം സംവിധാനംചെയ്താല്‍ മതി.

നമുക്കാവശ്യമായ എല്ലാ ഇനങ്ങളും ഇതിനകത്ത് കൃഷിചെയ്യാമത്രെ. പാവല്‍, പടവലം തുടങ്ങിയ പന്തല്‍ ആവശ്യമുള്ളവ പടര്‍ത്താനാവശ്യമായ സംവിധാനവും ഇതിനകത്ത് സജ്ജമാക്കാം. ഇതിനായി മള്‍ട്ടിടയര്‍ ഗ്രോബാഗുകള്‍ ഉപയോഗിച്ചാല്‍ ചെലവുകുറയ്ക്കാനാവും. 10, 20 ച. മീറ്റര്‍ വിസ്തൃതിയുള്ള പോര്‍ട്ടബിള്‍ ഗ്രീന്‍ഹൌസുകള്‍ രൂപകല്‍പ്പനചെയ്തിട്ടുണ്ട്. വെള്ളാനിക്കരയിലെ ഹൈടെക് റിസര്‍ച്ച് ആന്‍ഡ് ടൈനി)ങ് യൂണിറ്റാണ് ഇത് രൂപകല്‍പ്പന ചെയ്തത്. ഉഷ്ണകാല പച്ചക്കറിയിനങ്ങളും ശീതകാല പച്ചക്കറി ഇനങ്ങളായ കാബേജ്, ക്വാളിഫ്ളവര്‍ തുടങ്ങിയവയും കൃഷിചെയ്യാനാവും. 10ച.മീ. 20 ച.മീ. വിസ്തീര്‍ണമുള്ള ഗ്രീന്‍ ഹൌസില്‍ യഥാക്രമം 180, 250 വീതം ചെടികള്‍ കൃഷിചെയ്യാം.

ജൈവകൃഷിയാണ് ടെറസില്‍ അനുയോജ്യം. മറ്റ് പരിസരമലിനീകരണം തടയാനും വിഷവിമുക്തമായ പോഷകഗുണമേറിയ പച്ചക്കറി എല്ലാ ദിവസവും ലഭ്യമാക്കാനും ഇതുവഴി സാധിക്കും.

ആദ്യം അല്‍പ്പം വര്‍ധിച്ച ചെലവ് ഉണ്ടാവാമെന്നത് ശരിയാണെങ്കിലും തുടര്‍ന്ന് ലഭ്യമാകുന്ന വരുമാനത്തിലൂടെ ഇത് പരിഹരിക്കപ്പെടും. മറ്റ് തൊഴിലിലൊന്നും ഏര്‍പ്പെടാത്ത വീട്ടമ്മമാര്‍ക്ക് മിച്ചംവരുന്നവ വിറ്റ് വരുമാനമുണ്ടാക്കാം. ഒഴിവുസമയം ഇതിനായി വിനിയോഗിക്കുകയും ചെയ്യാം. കാലത്തും വൈകുന്നേരവും ശ്രദ്ധിച്ചാല്‍തന്നെ വീട്ടില്‍ പച്ചക്കറിയില്‍ സ്വയംപര്യാപ്തത ഉണ്ടാക്കാം.

കാര്‍ഷിക സര്‍വകലാശാലകളും വിവിധ അംഗീകൃത സ്ഥാപനങ്ങളും കൃഷിവകുപ്പും ഹൈടെക് കൃഷിയില്‍ പരിശീലന ക്ളാസുകള്‍ നടത്തുന്നുണ്ട്. സംരംഭകര്‍ പരിശീലനത്തിലൂടെ ഈ രംഗത്ത് കടന്നുവരുന്നത് എളുപ്പവും സ്വയംചെയ്യാനുള്ള ആത്മവിശ്വസം ഉറപ്പിക്കാനും സഹായിക്കും.

മലപ്പട്ടം പ്രഭാകരന്‍

സോയാബീന്‍

ധാരാളം പ്രോട്ടീനും മറ്റു പോഷകങ്ങളും അടങ്ങിയ പയര്‍വര്‍ഗ വിളയാണ് സോയാബീന്‍. ആരോഗ്യസംരക്ഷണത്തിനായി 25 ഗ്രാം സോയാപ്രോട്ടീന്‍ പ്രതിദിനം ഒരാള്‍ കഴിക്കണമെന്നതാണ് ആരോഗ്യസംഘടനയുടെ കണക്ക്. അടുക്കളത്തോട്ടത്തിന് അനുയോജ്യമായ വിളയാണിത്. കാലവര്‍ഷാരംഭത്തിനു മുമ്പും ശേഷവും കൃഷിചെയ്യുന്നതാണ് നല്ലത്. മണല്‍കലര്‍ന്ന നല്ല ജൈവാംശമുള്ള മണ്ണാണ് കൃഷിക്കനുയോജ്യം. വാരങ്ങളെടുത്ത് ഒരിഞ്ച് ആഴത്തില്‍ വിത്തിടുകയോ, തൈകള്‍ തയ്യാറാക്കി 20 സെന്റീമീറ്റര്‍ അകലം നല്‍കി തൈകള്‍ നടുകയോ ചെയ്യാം. അടിവളമായി ഒരു ചെടിക്ക് രണ്ടു കി.ഗ്രാം ജൈവവളം ചേര്‍ത്തുകൊടുക്കണം. മേല്‍വളമായി ജൈവവളങ്ങളോ ജൈവവളക്കൂട്ടുകളോ രണ്ടാഴ്ചത്തെ ഇടവേളകളില്‍ കൊടുക്കണം. മഴ ലഭിക്കുന്നതുവരെ നന കൊടുക്കണം.

മഴ ആരംഭിക്കുന്നതോടെ മണ്ണ് അടുപ്പിച്ചുകൊടുക്കണം. നാലുമാസത്തിനകം പൂവിട്ട് കായകള്‍ ലഭിക്കാന്‍ തുടങ്ങും. മൂപ്പെത്താത്ത കായകള്‍ പറിച്ചെടുത്ത് തോരനും ഉപ്പേരിയും ഉണ്ടാക്കാം.  നന്നായി ഉണങ്ങിയ സോയാവിത്തുകളില്‍നിന്ന് സോയാപാല്‍ ഉണ്ടാക്കാം.

സോയാപാല്‍ ഉണ്ടാക്കുന്നവിധം

ധാരാളം പോഷകമടങ്ങിയ പാനീയമാണ് സോയാപാല്‍. ആരോഗ്യത്തിന് ഹാനികരമായ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ഇത് ഉപകരിക്കും. ഒരുലിറ്റര്‍ സോയാപാല്‍ ഉണ്ടാക്കുന്നതിന് 125 ഗ്രാം സോയവിത്ത് വേണ്ടിവരും. നന്നായി വിളഞ്ഞുണങ്ങിയ വിത്തുകള്‍ കഴുകിവൃത്തിയാക്കി 8–10 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കുക. കുതിര്‍ത്തെടുത്ത വിത്ത് അമര്‍ത്തി പുറംതൊലി കളഞ്ഞ് പരിപ്പെടുത്ത് കഴുകിവൃത്തിയാക്കി നന്നായി അരച്ചെടുക്കുക. സോയപയറിന് ദുര്‍ഗന്ധമുണ്ട്. ചൂടുള്ള കഞ്ഞിവെള്ളത്തില്‍ അരമണിക്കൂര്‍ മുക്കിവച്ചശേഷം തണുത്ത വെള്ളത്തില്‍ കഴുകിയെടുത്താല്‍ ഈ ദുര്‍ഗന്ധം മാറിക്കിട്ടും. അരച്ചെടുത്ത പയര്‍ ഇടവിട്ടടവിട്ട് പുഴുങ്ങി വീണ്ടും അരച്ചെടുക്കുക. ഇങ്ങിനെ തയ്യാറാക്കിയ മാവില്‍ എട്ടിരട്ടി വെള്ളം ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. ഈ ലായനി അരിച്ചെടുത്ത് ചെറുതായി ഇളക്കി വീണ്ടും തിളപ്പിക്കുക. അതിനുശേഷം അഞ്ചുദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഇങ്ങനെ തയ്യാറാക്കിയ സോയാപാല്‍ ആവശ്യാനുസരണമെടുത്ത് തിളപ്പിച്ച് ഉപയോഗിക്കാം. ആഴ്ചയിലൊരിക്കലെങ്കിലും തിളപ്പിച്ച് ദീര്‍ഘകാലം സൂക്ഷിക്കുകയും ചെയ്യാം.

രവീന്ദ്രന്‍ തൊടീക്കളം

മുന്തിരി തക്കാളി

ധാരാളം പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിവിളയാണ് മുന്തിരി തക്കാളി. കറന്റ് ടുമാറ്റോ, സ്നാക് ടുമാറ്റോ, സ്പൂണ്‍ ടുമാറ്റോ തുടങ്ങിയ ഇംഗ്ളീഷ് പേരുകളില്‍ അറിയപ്പെടുന്ന ഇതിന്റെ പഴത്തിന് മുന്തിപ്പഴത്തോളം വലുപ്പവും മൂന്നുഗ്രാംവരെ തൂക്കവുമുണ്ടാകും. സൊളാനിയേസി കുടുംബത്തില്‍പ്പെടുന്ന മുന്തിരി തക്കാളിയുടെ ശാസ്ത്രനാമം സൊളാനം പിസിനെല്ലിഫോളിയം എന്നാണ്. പച്ചക്കറിവിളയായും അലങ്കാരച്ചെടിയായും ഈ വിള വളര്‍ത്താം. മഞ്ഞയും ചുവപ്പും നിറംകലര്‍ന്ന അനേകം ഇനങ്ങള്‍ വിദേശരാജ്യങ്ങളില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നു. കേരളത്തില്‍ ഇതിന്റെ കൃഷി കുറവാണ്. ഹൈറേഞ്ചുകളില്‍ അല്‍പ്പാല്‍പ്പം കൃഷി കാണാം. ഗവേഷണാവശ്യങ്ങള്‍ക്കായി ഈ വിളയെ ഉപയോഗപ്പെടുത്തുന്നു.

തണുപ്പുകാലാവസ്ഥയാണ് അനുയോജ്യം. കൃഷിരീതികള്‍ സാധാരണ തക്കാളിയുടേതുതന്നെ. തൈകള്‍ തയ്യാറാക്കി കൃഷിയിടങ്ങളിലേക്കോ, ഗ്രോബാഗുകളിലേക്കോ മാറ്റിനടാം. ആഴ്ചയിലൊരിക്കല്‍ ജൈവവളങ്ങളോ ജൈവവളക്കൂട്ടുകളോ നല്‍കണം. വേനലില്‍ നന നല്‍കണം. പടരാന്‍ തുടങ്ങുമ്പോള്‍ കയര്‍ കെട്ടിയോ ഫ്രെയിം സ്ഥാപിച്ചോ നിര്‍ത്തണം. നന്നായി പരിപാലിച്ചാല്‍ കുറേനാള്‍ വിളവുതരും. ഗ്രോബാഗുകളില്‍ വീട്ടുമുറ്റത്തും ടെറസിലും ചെടി വളര്‍ത്താം. രോഗങ്ങളും കീടങ്ങളും ഈ വിളയ്ക്ക് പൊതുവേ കുറവാണ്.

ജീവകം എ സി മുതലായ അനേക പോഷകങ്ങളടങ്ങിയ ഈ പഴം സലാഡിനും കറിയാവശ്യത്തിനും, അച്ചാറിനുമൊക്കെ ഉപയോഗിക്കുന്നു. പഴങ്ങള്‍ ഉണക്കിയെടുത്ത് പല വിഭവങ്ങളില്‍ ചേര്‍ക്കുന്നതിനും ഉപയോഗിക്കുന്നു. ഇതില്‍ ആന്റി ഓക്സിഡന്റിന്റെ അളവ് കൂടുതലായതിനാല്‍ ക്യാന്‍സര്‍കോശങ്ങളെ നശിപ്പിക്കുന്നു.

പെരുംജീരകകൃഷി

പെരുംജീരകം നമ്മുടെ ഭക്ഷണങ്ങളിലെ ചേരുവകളില്‍ നിത്യപരിചിതമായ ഒന്നായി മാറിയിട്ടുണ്ട്. ഹോട്ടലുകളില്‍നിന്ന് ബില്‍ കൌണ്ടറില്‍ ഒരു കൊച്ചു പ്ളേറ്റില്‍, ഭക്ഷണത്തിനുശേഷം വായ സുഗന്ധപൂരിതമാക്കാന്‍ പെരുംജീരകം വയ്ക്കുന്നത് സാധാരണമാണ്. പലതരം അപ്പങ്ങളിലും രുചിയും സുഗന്ധവും കിട്ടാന്‍ പെരുംജീരകം ചേര്‍ത്തുവരുന്നുണ്ട്. ആയുര്‍വേദത്തില്‍ ഔഷധപ്രാധാന്യമുള്ള ഒന്നായി പെരുംജീരകം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഉപയോഗത്തില്‍ നാം കേമന്മാരാണെങ്കിലും കൃഷിചെയ്യുന്നതില്‍ ഒട്ടം ശ്രദ്ധിക്കാറില്ല. കേരളത്തില്‍ സാധ്യതയില്ലെന്ന ധാരണകൊണ്ടാണ് ഇതേക്കുറിച്ചു ചിന്തിക്കാത്തത്. എന്നാല്‍ കേരളത്തിലും ഈ കൃഷി വിജയിക്കുമെന്ന് വിഎഫ്പിസികെ ഹരിതനഗരിപദ്ധതിയുടെ ഭാഗമായി നടത്തിയ പരീക്ഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. നമുക്ക് ഇത് പരീക്ഷിച്ചുനോക്കാം. നമുക്കാവശ്യമായ പെരുംജീരകം സ്വന്തമായി ഉണ്ടാക്കാന്‍കഴിഞ്ഞാല്‍ അതൊരു നേട്ടമാവും.

മണ്ണ് നന്നായി കിളച്ചിളക്കി കട്ട ഉടച്ച് പരുവപ്പെടുത്തിയശേഷം അവിടെ വിത്തുപാകണം. കടയില്‍നിന്നു ലഭിക്കുന്ന ജീരകം വിത്തായി ഉപയോഗിച്ചപ്പോള്‍ മുളച്ചതായി കണ്ടിട്ടുണ്ട്. വിത്തുപാകി മുളപ്പിച്ച തൈകള്‍ ഒരുമാസത്തോടെ പറിച്ചുനടാം. നിലം ഒരുക്കി ധാരാളം ജൈവവളം ചേര്‍ത്തുകൊടുക്കണം. തൈകള്‍ക്ക് ആദ്യഘട്ടത്തില്‍ ചെറിയ താങ്ങ് കൊടുക്കേണ്ടിവരും. മേല്‍വളമായി മണ്ണിരകമ്പോസ്റ്റോ ഉണങ്ങിപ്പൊടിഞ്ഞ ചാണകമോ നിലക്കടല പിണ്ണാക്കോ ചേര്‍ക്കാം. കളകള്‍ നീക്കണം. ഒന്നരമാസത്തോടെ പൂത്ത് മൂന്നുമാസത്തോടെ വിളവെടുക്കാനും സാധിച്ചു.

കാരറ്റിന്റെ കുടുംബത്തിലാണത്രെ പെരുംജീരകം പെടുക. പച്ചിനിറത്തിലുള്ള ഇലകളും പൂക്കള്‍ക്ക് മഞ്ഞനിറവുമാണ് ഉണ്ടാവുക. പച്ചനിറം മാറുന്നതിനുമുമ്പേ ജീരകം പറിച്ചെടുത്ത് ഉണക്കി ഉപയോഗിക്കാം. ദഹനക്കേട് തടയാനും, ശ്വാസശുദ്ധിക്കും, രക്തസമ്മര്‍ദം കുറയ്ക്കാനും മലശോധനയ്ക്കും ഇതൊരു ഔഷധമാണ്. ഇവയുടെ കായ്കള്‍ മാത്രമല്ല ഇലയും, കിഴങ്ങും, തണ്ടുമെല്ലാം ഭക്ഷ്യാവശ്യത്തിന് ഉപയോഗിക്കാം. വിഎഫ്പിസികെയുടെ പരീക്ഷണവിജയം നമുക്കും കൃഷിയിലൂടെ കൈവരിക്കാം.

മലപ്പട്ടം പ്രഭാകരന്‍

വാഴയിലെ മഴക്കാല രോഗങ്ങള്‍

വാഴയ്ക്ക് ഏറ്റവും കൂടുതല്‍ രോഗങ്ങള്‍ ഉണ്ടാകുന്നത് മഴക്കാലത്താണ്. വിവിധയിനം കുമിള്‍രോഗങ്ങളാണ് കൂടുതലായി ഈ സമയം പടര്‍ന്നുപിടിക്കുക. അന്തരീക്ഷത്തിലെ ആര്‍ദ്രത, ഇളം കാറ്റും മഴച്ചാറലുകളുമെല്ലാം ഈ കുമിളുകളുടെ വളര്‍ച്ചയ്ക്കും വ്യാപാനത്തിനും ഏറെ അനുകൂലസാഹചര്യങ്ങളാണ്. അതുകൊണ്ട് ശ്രദ്ധയോടെയുള്ള പരിചരണവും രോഗപ്രതിരോധ നിര്‍മാര്‍ജന നടപടികളും സ്വീകരിക്കണം. പ്രധാന രോഗങ്ങളും ലക്ഷണങ്ങളും പ്രതിവിധികളും ഇനിപറയുന്നു.

സിഗാട്ടോക

ലക്ഷണം: ഇലകളുടെ മുകള്‍ഭാഗത്ത് ഇളം മഞ്ഞകലര്‍ന്ന പച്ചനിറത്തില്‍ ചെറുപുള്ളികളായാണ് രോഗത്തിന്റെ ആദ്യ ലക്ഷണം. പിന്നീട് അത് വലുതായി നടുഭാഗം ചാരനിറത്തിലും ചുറ്റും തവിട്ടുനിറമാവുകയും ചെയ്യും. ക്രമേണ ഇല കരിഞ്ഞ് നശിക്കുകയും ചെയ്യും. കുലയ്ക്കാറായതോ കുലവന്ന ഉടനെയാണെങ്കില്‍ കുല മൂപ്പെത്തുംമുമ്പൊ പഴുത്ത് ഉപയോഗയോഗമല്ലാതാകും.

കോര്‍ഡാന

മഴക്കാലത്തെ മറ്റൊരു പ്രധാന രോഗമാണിത്. ഇലയെയാണ് ബാധിക്കുക. ഇലകളുടെ പുറത്ത് കണ്ണിന്റെ ആകൃതിയിലും കാപ്പിനിറത്തിലും ഉണ്ടാകുന്ന പാടുകളാണ് ലക്ഷണം. ഇത്തരം പാടുകള്‍ ക്രമേണ യോജിച്ച് ഇല മുഴുവന്‍ കരിയും.

ഇലപുള്ളിരോഗം (കറുത്തത്)

രോഗം ബാധിച്ചാല്‍ ഇലകളുടെ അരികില്‍നിന്നു മുകളിലേക്ക് കരിയും. ഇവയുടെ ചുറ്റും മഞ്ഞനിറത്തിലുള്ള വരകളും ഉണ്ടാകും. രോഗം വ്യാപിച്ചാല്‍ ഇല ഒടിഞ്ഞുതൂങ്ങി നശിക്കും.

പനാമ വാട്ടം

ഇതും ഒരുതരം കുമിള്‍രോഗമാണ്. ഇവയുടെ കുമിള്‍ മണ്ണിലാണ് താമസം. ഈ കുമിള്‍ വേരിലൂടെ മാണത്തിലെത്തും. അവിടെനിന്ന് വെള്ളം ആഗീരണംചെയ്യുന്ന കുഴലുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുകയും ഇല മഞ്ഞളിച്ച് ഒടിഞ്ഞുതൂങ്ങുകയും ചെയ്യും. കൂടാതെ വാഴത്തടകളില്‍ അവിടവിടെ വിള്ളലുണ്ടാകും. രോഗം മൂര്‍ച്ഛിച്ചാല്‍ വാഴ കടപുഴകിവീണ് നശിക്കും.

ആന്ത്രാക്നോസ് (കരിങ്കുലരോഗം)

ഇതും കുമിള്‍രോഗമാണ്. കായയെയാണ് ബാധിക്കുക. കുലകള്‍ കറുത്ത് ചുക്കിച്ചുളിഞ്ഞ് കായ്കളുള്ളതാവും. പഴുത്ത കായയുടെ പുറത്ത് കടുംതവിട്ടുനിറത്തിലുള്ള പാടുകള്‍ ഉണ്ടാവും. പഴം കേടായി പെട്ടെന്നു നശിക്കും.

നിയന്ത്രണ നടപടികള്‍

 1. മേല്‍പ്പറഞ്ഞ രോഗങ്ങളെല്ലാം വിവിധ കുമിളുകള്‍വഴിയാണ്  ഉണ്ടാവുന്നത്. ഫലപ്രദമായ കുമിള്‍നാശിനി യഥാസമയംതന്നെ തളിക്കണം. തുരിശും നീറ്റുകക്കയും ചേര്‍ത്ത ഒരുശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം രോഗം വന്ന വാഴയ്ക്കും തോട്ടത്തിലെ മറ്റ് മുഴുവന്‍ വാഴയ്ക്കും പ്രതിരോധമായും തളിക്കുക.
 2. ഇലപ്പുള്ളിരോഗം ഒരുപരിധിവരെ പ്രതിരോധിക്കാന്‍ കഴിവുള്ള ഇനങ്ങള്‍ പ്രോത്സാഹിപ്പിക്കുക (ഉദാ: നേന്ത്രന്‍ ഇനങ്ങളിലെ ആറ്റുനേന്ത്രന്‍, നെടുനേന്ത്രന്‍,മറ്റിനങ്ങളില്‍ സന്നചെങ്കറുളി, ദുല്‍സാഗര്‍ പിസാങ്ക് ലിലിന്‍ എന്നിവ).
 3. നടുമ്പോള്‍ കൂടുതല്‍ അകലംനല്‍കി നടുക.
 4. ആവശ്യത്തിലധികം മുളച്ചുവരുന്ന കന്നുകള്‍ നശിപ്പിക്കുക.
 5. രോഗലക്ഷണം ആദ്യംതന്നെ കാണുന്നമാത്രയില്‍ താഴത്തെ ഉണങ്ങിയ ഇലകള്‍ മുറിച്ചുമാറ്റണം.
 6. രോഗംകാണുന്ന തോട്ടത്തില്‍ ചുവടിന് 500 ഗ്രാം കുമ്മായം ചേര്‍ത്തുകൊടുക്കുക.
 7. തോട്ടത്തില്‍ നീര്‍വാര്‍ച്ചാ
 8. സൌകര്യം ഉണ്ടാക്കുക.
 9. ജൈവ കുമിള്‍നാശിനികളായ സ്യൂഡോമോണസ് ഫ്ളൂറസന്‍സ്, ബാസില്ലസ് സബ്റ്റിലിസ് എന്നിവ തളിക്കുക.
 10. രാസവസ്തുവായ 'മങ്കൊസബ്' മൂന്നുഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കുക. രാസകുമിള്‍നാശിനിയും ജൈവ കുമിള്‍നാശിനിയും ഒന്നിച്ചുചേര്‍ത്ത് തളിക്കരുത്.
 11. ഇലകളുടെ രണ്ടുപുറവും തളിക്കുക.
 12. മഴക്കാലത്ത് പശ ചേര്‍ത്ത് കുമിള്‍നാശിനി തളിക്കുക. ഇലയില്‍ ഒട്ടിപ്പിടിച്ചിരിക്കും.
 13. കുമിള്‍നാശിനി മൂന്നാഴ്ച ഇടവിട്ട് രണ്ടുതവണ തളിക്കുക.
 14. വാഴ നടുമ്പോഴും ജൈവവളം ചേര്‍ക്കുമ്പോഴും ട്രൈക്കോഡര്‍മായുമായി കലര്‍ത്തി ഉപയോഗിക്കുക.

മലപ്പട്ടം പ്രഭാകരന്‍

മഴക്കാല ഇലക്കറികള്‍

മഴക്കാലത്തെ ഇലക്കറിക്കൃഷിയുടെ കാലമായി മാറ്റാം. വലിയ അധ്വാനമോ, മുതല്‍മുടക്കോ ഒന്നുമില്ലാതെ ഏതു വീട്ടുപരിസരത്തും വിവിധ ഇലക്കറിച്ചെടികള്‍ വളര്‍ത്താം. ഇലക്കറികളുടെ ഉപയോഗം ആരോഗ്യസംരക്ഷണത്തില്‍ വലിയ പങ്കുവഹിക്കുന്നു എന്ന് നാം തിരിച്ചറിഞ്ഞിരിക്കയാണ്. അതുകൊണ്ട് മഴക്കാലത്തെ അനുകൂല സാഹചര്യങ്ങളെ പരമാവധി നമുക്ക് പ്രയോജനപ്പെടുത്താം. പ്രധാനപ്പെട്ട ഇലക്കറിച്ചെടികളെ പരിചയപ്പെടാം.

തകര

പഴയകാലത്ത് പറമ്പിലും നിരത്തുവക്കിലുമെല്ലാം കാടായി വളരാറുള്ള തകര ഇന്ന് അപൂര്‍വമായി മാത്രം കാണുന്ന ഒന്നായി മാറിയിട്ടുണ്ട്. ഇവയുടെ കിളുന്തില നുള്ളിയെടുത്ത് കറിവയ്ക്കാം. കര്‍ക്കടക തകരയ്ക്ക് പ്രത്യേക ഔഷധഗുണമുണ്ട്. ഇത് കൃഷിചെയ്ത് ഉണ്ടാക്കാം.

വിത്തുവിതച്ച് തൈകളാക്കാം. പറിച്ചുനടേണ്ടതില്ല. നിലം നന്നായി കിളച്ച് വിത്തുപാകാം. ഏതാനും ദിവസത്തിനകം മുളയ്ക്കും. അല്‍പ്പം ഉണങ്ങിപ്പൊടിഞ്ഞ കാലിവളമോ കമ്പോസ്റ്റോ നിലമൊരുക്കുമ്പോള്‍ ചേര്‍ക്കുക. ഇടയ്ക്ക് കള പിഴുതു കളയുക. വെള്ളം കെട്ടിക്കിടക്കാതെ നോക്കുക. 45 ദിവസംകൊണ്ട് പൂര്‍ണവളര്‍ച്ചയെത്തും. തലപ്പ് നുള്ളിയെടുത്താല്‍ വീണ്ടും കിളിര്‍ത്തുവരും. ഇവ വീണ്ടും ഉപയോഗിക്കാം.

അഗത്തിച്ചീര

വീട്ടുപരിസരത്ത് വളര്‍ത്താവുന്ന ചെറുമരമാണ്. ദീര്‍ഘകാലം വിളവെടുക്കാം. വൈറ്റമിന്‍ എയുടെ കലവറയാണ് വെളുത്ത പൂവും ചുവന്ന പൂവുമുള്ള ഇനങ്ങളില്‍ വെളുത്തതാണ് കൃഷിക്കു പറ്റിയത്. വിത്തുപാകി തൈകളുണ്ടാക്കി പറിച്ചുനട്ട് കൃഷിചെയ്യാം.

മധുരച്ചീര

കുറ്റിച്ചെടിയായി വളരുന്ന ദീര്‍ഘകാലം ഇല തരുന്ന മധുരച്ചീരയ്ക്ക് 'ചെക്കുര്‍ മാനിസ്' എന്നുകൂടി പേരുണ്ട്. പോഷകഗുണത്തില്‍ മുമ്പന്തിയിലാണ്. എല്ലാ കാലാവസ്ഥയിലും വളരും. വെള്ളം കെട്ടിക്കിടക്കാത്ത ഇടമാവണം. അതിര്‍ത്തിവേലിയായും നട്ടുപിടിപ്പിച്ച ഇല പറിച്ചെടുക്കാം. 80 സെ. മീ. അകലത്തിലും ആഴത്തിലും ചാലെടുത്ത് കാലിവളവും മണ്ണും ചേര്‍ത്ത് മൂടി 30 സെ. മീ. നീളമുള്ള കമ്പുകള്‍ മുറിച്ചുനട്ട് കൃഷിചെയ്യാം. 3–4 മാസമാവുമ്പോള്‍ ആദ്യ വിളവെടുപ്പു നടത്താം.

സാമ്പാര്‍ച്ചീര (വാട്ടര്‍ ലീഫ്)

തണലുള്ള ഇടങ്ങളിലും നന്നായി വളരുന്ന അടുക്കളത്തോട്ടത്തിലുംയോജിച്ചതാണ് സാമ്പാര്‍ചീര. നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണാവണം. നടാനായി വിത്തോ ഇളംതണ്ടോ എടുക്കാം.വിത്ത്തവാരണകളില്‍ പാകിമുളപ്പിച്ച് 8–10 സെ മീ.ഉയരം വരുന്ന തൈകള്‍ പറിച്ചുനടാം. ഉയരമുള്ള വാരങ്ങളില്‍30സെ.മീ. അകലത്തില്‍ നടാം. ഇളുംതണ്ടുകള്‍ നുള്ളിയെടുത്ത് കറിവയ്ക്കാം. കുറേകാലത്തെ വിളവെടുപ്പിനുശേഷം ചെടി പിഴുതുമാറ്റി നടാം.

താളില

പ്രത്യേകിച്ച് കൃഷിചെയ്യാറില്ല. എന്നാല്‍ ചതുപ്പുനിലങ്ങളില്‍ ധാരാളം ഉണ്ടാവും. ഇവ സംരക്ഷിച്ച് തണ്ടും ഇലയും കറിക്ക് ഉപയോഗിക്കാം. കര്‍ക്കടകത്താളിന് ഔഷധഗുണം ഏറെയുണ്ട്. ചൊറിച്ചില്‍ അനുഭവപ്പെടാറുണ്ട്. നന്നായി വേവിച്ച് ഉപയോഗിക്കുക.

തഴുതാമ

ഔഷധപ്രാധാന്യമുള്ള ഇലക്കറിയാണ്. വളക്കൂറുള്ള ഇടങ്ങളില്‍ ധാരാളം പടര്‍ന്നുകിടക്കും. ഇളം തണ്ട് മുറിച്ചുനട്ട് കൃഷിചെയ്യാം. എല്ലാ ദിവസവും രാവിലെ ഏതാനും തഴുതാമയില അരച്ച് വെള്ളത്തില്‍ കലര്‍ത്തി വെറുംവയറ്റില്‍ കഴിക്കുക. പ്രമേഹം, കൊളസ്ട്രോള്‍ തടയും.

വള്ളിച്ചീര (ബസ്സല്ല)

വള്ളിയായി പടരുന്ന വലിയ ഇലകളുള്ള വള്ളിച്ചീര വീട്ടുപരിസരത്തു വളര്‍ത്തി പന്തല്‍ ഇട്ടുകൊടുത്താല്‍ ധാരാളം ഇല പറിക്കാം. വിത്തോ ചെടിയുടെ തണ്ടോ നടീല്‍വസ്തുവായി ഉപയോഗിക്കാം. വേലിയായും ബസ്സല്ല വളര്‍ത്താം.

മുരിങ്ങ

ഇലയും പൂവും കായും എല്ലാം പോഷകസമ്പന്നമായ ഒന്നാണ് മുരിങ്ങ. ഒരു വീട്ടില്‍ ഒരു മുരിങ്ങമരം ഉണ്ടാവണം. വിത്തുപാകി മുളപ്പിച്ച തൈകളും, തണ്ടുകള്‍ മുറിച്ചുനട്ടും കൃഷിചെയ്യാം. നീര്‍വാര്‍ച്ചാസൌകര്യം ഉണ്ടാവണം. കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത ഒരാണ്ടന്‍ മുരിങ്ങയുള്‍പ്പെടെ ഇന്ന് വിപണിയില്‍ ഉണ്ട്.

പച്ചച്ചീരയും ചുവന്നചീരയും

ചീര മഴക്കാലത്ത് വേനല്‍പോലെ പുഷ്ടിപ്പെടാറില്ല. 'മഴമറ' ഉണ്ടാക്കി കൃഷിചെയ്യാം. മഴ കുറഞ്ഞാല്‍ ധാരാളം കൃഷിചെയ്യാം. 'പുസാ കിരണ്‍' എന്ന ഇനം മഴക്കാലത്ത് യോജിച്ചതാണ്. ചീര എളുപ്പം ഉണ്ടാക്കാവുന്ന ഇലക്കറിയാണ്.

ഇവയ്ക്കുപുറമെ കൊടുത്തൂവ ഇല, കുമ്പള ഇല, പയര്‍ ഇല, പാവല്‍ ഇല, കോവല്‍ ഇല, മണിച്ചീര തുടങ്ങി നട്ടുവളര്‍ത്തുന്നതും തൊടികളിലും മറ്റും കിളുര്‍ത്ത് കാണാറുള്ളതുമായ നിരവധി ഇനങ്ങളും ഇലക്കറിയായി ഉപയോഗിക്കാം.

മഴക്കാല പച്ചക്കറിക്കൃഷി മഴമറയില്‍

മഴയായി. മഴക്കാല പച്ചക്കറിക്കൃഷിക്കും സമയമായി. ഒരു കുടുംബത്തിനാവശ്യമായ പച്ചക്കറി സ്വന്തം വീട്ടുവളപ്പില്‍തന്നെ കൃഷിചെയ്ത് ഉല്‍പ്പാദിപ്പിക്കാം. പുരയിടത്തിലോ ടെറസിലോ ചെറിയ മഴമറകള്‍ തീര്‍ക്കുകയാണ് ആദ്യ പ്രവൃത്തി. ഒരു ച.മീ. മഴമറ തീര്‍ക്കുന്നതിന് 720 രൂപ (എഴുന്നൂറ്റി ഇരുപത് രൂപ) ചെലവുവരും. ആവശ്യമായതും സൌകര്യപ്രദവുമായ നീളം, വീതിയില്‍ മഴ മറ തീര്‍ക്കാം. വിവിധ ഏജന്‍സികള്‍ ഈ പ്രവൃത്തി ഏറ്റെടുത്തു നടത്തുന്നുണ്ട്. കൃഷിവകുപ്പില്‍നിന്ന് ആകര്‍ഷകമായ സാമ്പത്തികസഹായവും ലഭ്യമാക്കുന്നുണ്ട്.

മഴമറയ്ക്കകത്ത് ചെടിച്ചട്ടികളിലോ പ്ളാസ്റ്റിക് ഗ്രോബാഗുകളിലോ 1:1:1 അനുപാതത്തില്‍ ജൈവാംശമുള്ള മേല്‍മണ്ണ്, മണല്‍, ഉണക്ക് ചാണകപൊടി എന്നിവ ചേര്‍ത്ത് തയ്യാറാക്കണം. ഭിത്തിക്കുമുകളില്‍ ചെങ്കല്ലോ, ഇഷ്ടികയോ ഉപയോഗിച്ച് തടംതീര്‍ത്ത് തടത്തില്‍ പോര്‍ട്ടിങ് മിക്സ്ചര്‍ നിറയ്ക്കുകയുമാവാം. ഈ രീതിയില്‍ നല്ല നീര്‍വാര്‍ച്ച ഉറപ്പുവരുത്തണം. വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്.

നല്ലയിനം പച്ചക്കറിവിത്തുകളോ തൈകളോ വിശ്വാസയോഗ്യമായ ഏജന്‍സികളില്‍നിന്നു മാത്രം വാങ്ങിക്കുക. വെണ്ട, മുളക്, വഴുതന, ചീര തുടങ്ങിയവയും പാവല്‍, പടവലം, പീച്ചിങ്ങ, പയര്‍ തുടങ്ങിയ പന്തല്‍ ഇനങ്ങളും കൃഷിക്കായി തെരഞ്ഞെടുക്കാം. വിത്തുകളാണ് നടീലിന് ഉപയോഗിക്കുന്നതെങ്കില്‍ 8–10 മണിക്കൂര്‍  വെള്ളത്തില്‍ കുതിര്‍ത്ത് ഊറ്റിയെടുത്തശേഷം സ്യൂഡോമോണസ് ലായനിയില്‍ ഒരുമണിക്കൂര്‍ കുതിര്‍ത്ത് നടീലിന് ഉപയോഗിക്കാവുന്നതാണ്. പ്ളാസ്റ്റിക് ട്രേകളിലോ കപ്പുകളിലോ വിത്തുകള്‍ മുളപ്പിച്ച് രണ്ടില പ്രായത്തില്‍ ചട്ടി/ബാഗുകളിലേക്ക് മാറ്റിനടുകയോ, നേരിട്ട് ബാഗുകളില്‍ വിത്തുകള്‍ നടുകയോ ചെയ്യാം. ഇങ്ങിനെ നേരിട്ട് വിത്ത് നടുമ്പോള്‍ 3–4 വിത്തുകള്‍വരെ നട്ട് രണ്ടില പ്രായത്തില്‍ പച്ചക്കറിയിനം അനുസരിച്ച് ഒന്നോ, രണ്ടോ തൈകള്‍ നിലനിര്‍ത്തി മറ്റുള്ളവ പറിച്ചുമാറ്റണം. തൈകളാണ് നടുന്നതെങ്കില്‍ മുളക്, വെണ്ട, തക്കാളി, വഴുതന തുടങ്ങിയവയുടെ തൈ ഒന്നുവീതവും, പയര്‍ പടവലം, പാവല്‍, പീച്ചിങ്ങ തുടങ്ങിയവയുടെ തൈകള്‍ രണ്ടുവീതവും നടീലിനായി ഉപയോഗിക്കാം.

നടുന്നതിനുമുമ്പ് ചട്ടി/ബാഗ് ഒന്നിന് 50 ഗ്രാം വേപ്പിന്‍പിണ്ണാക്കും, 100 ഗ്രാം ട്രൈക്കോഡര്‍മ ചേര്‍ത്ത് പരിപോഷിപ്പിക്കപ്പെട്ട ഉണക്ക് ചാണകപ്പൊടിയും ചേര്‍ത്തുകൊടുക്കുന്നത് നല്ലതാണ്. ഇങ്ങിനെ തയ്യാര്‍ചെയ്ത കൂടകളില്‍ തൈകള്‍ നടാം. ഒന്നിടവിട്ട ദിവസങ്ങളില്‍ കാലാവസ്ഥയ്ക്കനുസരിച്ച് ചെറിയതോതില്‍ നന കൊടുക്കണം. നനയ്ക്കുമ്പോള്‍ കൂടകളിലുള്ള ജൈവാംശം ഒഴുകി നശിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. താഴെപറയുന്ന ജൈവളങ്ങളിലൊന്ന് ഏഴ്–എട്ട് ദിവസത്തെ ഇടവേളകളില്‍ ചേര്‍ത്തുകൊടുക്കണം.

പച്ചച്ചാണകം, ബയോഗ്യാസ് സ്ളറി, കപ്പലണ്ടിപ്പിണ്ണാക്ക്, ഇവയിലൊന്ന് 200 ഗ്രാം രണ്ടുലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത ലായനി തടത്തില്‍ ഒഴിച്ചുകൊടുക്കാം. മണ്ണിര കമ്പോസ്റ്റ് നാലു കി.ഗ്രാം ഒരു സെന്റിന് എന്ന ക്രമത്തില്‍ അഥവാ 25 ഗ്രാം കൂടയൊന്നിന് എന്ന ക്രമത്തില്‍ ചേര്‍ത്തുകൊടുക്കാം. ഗോമൂത്രം എട്ടിരട്ടി വെള്ളം ചേര്‍ത്തു നേര്‍പ്പിച്ചത് തടത്തില്‍ ഒഴിച്ചുകൊടുക്കാം. അസോസ്പൈറില്ലം, അസറ്റോബാക്ടര്‍, മൈക്കോറൈസ മുതലായ ജീവാണുവളങ്ങളും ജൈവവളത്തോടൊപ്പം ചേര്‍ത്തുകൊടുക്കണം. ഇവ അന്തരീക്ഷത്തില്‍നിന്ന് നൈട്രജനെ ആഗീരണംചെയ്ത് സസ്യവളര്‍ച്ചയ്ക്കാവശ്യമായ ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കും.

പന്തല്‍ ഇനങ്ങള്‍ക്ക് പന്തലുകള്‍ തയ്യാറാക്കിക്കൊടുക്കണം. മറ്റുള്ളവയ്ക്ക് വളര്‍ച്ചയ്ക്കനുസരിച്ച് താങ്ങുകാല്‍ ആവശ്യമെങ്കില്‍ നാട്ടിക്കൊടുക്കണം. രണ്ടാഴ്ച ഇടവിട്ട് സ്യൂഡോമോണസ് ലായനി തളിച്ചുകൊടുക്കുന്നത് രോഗങ്ങള്‍ തടയുന്നതിന് ഉപകരിക്കും. പൊതുവേ ഈ രീതിയില്‍ കീടാക്രമണം കുറവാണ്. വെള്ളീച്ചകളുടെ ആക്രമണം മുളകിലും, തക്കാളിയിലും, വഴുതനയിലും കണ്ടെന്നു വരാം. മഞ്ഞക്കെണികളും മറ്റ് ജൈവകീട നിയന്ത്രണമാര്‍ഗങ്ങളും സ്വീകരിക്കാം. മഴമറയ്ക്കകത്ത് പ്രത്യേകിച്ച് ടെറസിനുമുകളില്‍ രാസവളങ്ങളും രാസകീടനാശിനികളും പ്രയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് കെട്ടിടത്തിനുതന്നെ ദോഷംവരുത്തും

രവീന്ദ്രന്‍ തൊടീക്കളം

വീട്ടുപറമ്പുകളിലേക്ക് യോജിച്ച വൃക്ഷത്തൈകള്‍

കാലവര്‍ഷം ആരംഭിച്ചതോടെ നാടെങ്ങും വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്ന തിരക്കിലാണ്. ഓരോ വര്‍ഷവും ജനകീയ ഇടപെടല്‍ നടത്തി വൃക്ഷത്തൈകള്‍ നടാറുണ്ടെങ്കിലും അവയുടെ വേനല്‍ക്കാല സംരക്ഷണത്തിന് ഗൌരവമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്നതും വസ്തുതയാണ്. ഒന്നുരണ്ട് വര്‍ഷമെങ്കിലും ചിട്ടയായ തുടര്‍പരിചരണം ആവശ്യമുണ്ട്. സ്ഥലസൌകര്യമുണ്ടെങ്കില്‍ വീട്ടുപറമ്പുകളിലും വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കാം. അലങ്കാര പൂമരങ്ങളും, ഫലവൃക്ഷങ്ങളും, ആയാല്‍ എന്നെന്നും നമുക്ക് പ്രയോജനപ്പെടുത്താനാവും. വീട്ടുപരിസരത്താവുമ്പോള്‍ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ ഇനി പറയുന്നു.

 • കാതലില്ലാത്ത മരങ്ങളാവരുത്. കാറ്റിലും മറ്റും പൊട്ടി അപകടമുണ്ടാക്കും.
 • വടവൃക്ഷമായി പടര്‍ന്നുപന്തലിച്ച് നില്‍ക്കുന്നതാവരുത്. കാരണം വീട്ടുപരിസരത്തെ വിലപ്പെട്ട സ്ഥലം അപഹരിക്കപ്പെടും.
 • വേരുകള്‍ നീണ്ടുവളര്‍ന്നുവരുന്ന ഇനങ്ങളാവരുത്. ക്രമേണ മുറ്റത്തും വീടിന്റെ തറയുടെ അടിഭാഗത്തും ഇരച്ചുകയറി ദോഷംചെയ്യും.

വീട്ടുപറമ്പില്‍ വളര്‍ത്താവുന്ന ഏതാനും ചില വൃക്ഷങ്ങളെ പരിചയപ്പെടാം.

കൂവളം: ഔഷധമരമാണ്. ഇല അരച്ച് വെള്ളത്തില്‍ കലര്‍ത്തി കാലത്ത് കഴിച്ചാല്‍ പ്രമേഹരോഗം തടയാനാവും. വേരും തൊലിയും എല്ലാം ഔഷധമാണ്. 15 മീറ്റര്‍വരെ ഉയരത്തില്‍ വളരും. വിത്തില്‍നിന്നും വേരില്‍നിന്നും മുളച്ചുവരുന്ന തൈകള്‍ ഉപയോഗിക്കാം. 45 സെ.മീ. ചതുരശ്ര വിസ്തൃതിയിലും ആഴത്തിലും കുഴിയെടുത്ത് അതില്‍ ജൈവവളവും മണ്ണും കുഴച്ചുനിറച്ച് തൈകള്‍ നടാം.

നെല്ലി: ഒരു വീട്ടില്‍ ഒരു നെല്ലിമരം അത്യാവശ്യമാണ്. നെല്ലിക്ക പോഷക–ഔഷധ ഗുണങ്ങളില്‍ മുമ്പനാണ്. അധികം ഉയരത്തില്‍ വളരാറില്ല. വരള്‍ച്ചയും ശൈത്യവും എല്ലാം താങ്ങാനാവും. ബലമുള്ള കാതലാണ്. 45 സെ.മീ. സമചതുരവും ആഴവുമുള്ള കുഴിയെടുത്ത് ജൈവവളവും ചേര്‍ത്ത് നിറച്ച് തൈകള്‍ നടാം.

വാളന്‍പുളി: വീട്ടുപരിസരത്ത് ഒരു പുളിമരം (വാളന്‍പുളി) ആവശ്യമാണ്. പുളിങ്ങ നിത്യാവശ്യവസ്തുവാണെന്നതാണ് പ്രധാനം. വിത്തുപാകി മുളപ്പിച്ച തൈകള്‍ നടാം. രണ്ടുമൂന്നുവര്‍ഷം വേനല്‍ക്കാല സംരക്ഷണം നല്‍കണം.

കടപ്ളാവ്: ദീര്‍ഘകാല പഴവര്‍ഗവിളയാണ്. ബലക്കുറവുണ്ടെന്നതിനാല്‍ വീട്ടില്‍നിന്ന് അല്‍പ്പം മാറ്റി നടുന്നത് അഭികാമ്യം. ജൈവവളം നല്ലതുപോലെ വേണം. 10–13 മീറ്റര്‍ ഉയരത്തില്‍ വളരും. വേരില്‍നിന്നാണ് തൈകള്‍ ഉണ്ടാവുക. ഒരുവര്‍ഷം രണ്ടു തവണ പുഷ്പിച്ച് കായ്കള്‍ ഉണ്ടാകും.

പ്ളാവ്, മാവ്: ഇവ രണ്ടും വീട്ടുവളപ്പില്‍ അനുയോജ്യമാണ്. വീട്ടുപരിസരത്തുനിന്നഎ അല്‍പ്പം മാറ്റി നടുക. പഴവര്‍ഗവിളയായും തണല്‍മരമായും എല്ലാം പ്രയോജനപ്പെടും. വിത്തുപാകി മുളപ്പിച്ച തൈകളാണ് ഉപയോഗിക്കുക. ഒട്ടുമാവുകളും ഒട്ടുപ്ളാവുകളും നിലവിലുണ്ട്. ഇവ കൂടുതല്‍ ഉയരത്തില്‍ വളരില്ല. നാടന്‍ പ്ളാവും സംരക്ഷിക്കപ്പെടണം.

ഇലഞ്ഞി: നിത്യഹരിത ഇടത്തരം മരമാണ്. പൂക്കള്‍ സുഗന്ധം പരത്തും. തടി ബലമുള്ളതും ഭംഗിയുള്ളതുമാണ്. വരള്‍ച്ചയെയും മഴയെയുമെല്ലാം ചെറുക്കും. വിത്തു മുളപ്പിച്ച തൈകള്‍ ഉപയോഗിക്കാം.

അശോകം: പൂമരമാണ്. അലങ്കാരമായും ഔഷധമായുമെല്ലാം ഉപയോഗിക്കാം. അധികം ഉയരത്തില്‍ വളരില്ല. വിത്തിലൂടെയാണ് പ്രജനനം. വീട്ടുപരിസരത്ത് ഈ മരം ഐശ്വര്യമാണ്. അലങ്കാരമാണ്.

കണിക്കൊന്ന: നല്ല പൂമരമാണ്. അലങ്കാരവൃക്ഷമായി നടാം. അധികം ഉയരത്തില്‍ വളരില്ല. വിത്തുവഴിയാണ് തൈകള്‍ ഉല്‍പ്പാദിപ്പിക്കുക. വരള്‍ച്ചയും മഴയും ചെറുത്ത് വളരും. തണല്‍ തരും.

രക്തചന്ദനം: ഔഷധമരമാണ്. കാതല്‍ ചുവന്ന നിറമാണ്. ബലമുള്ളതാണ്. 18–20 മീറ്റര്‍വരെ ഉയരത്തില്‍ വളരും. വീട്ടുപറമ്പിന്റെ ഓരംചേര്‍ന്നു നടാം.

വേപ്പ്: ഔഷധമരമാണ്. ഇലയും കായും ഔഷധമാണ്. വേപ്പെണ്ണയും കായും ജൈവകീടനാശിനിയായും പിണ്ണാക്ക് കീടനാശക സ്വഭാവമുള്ള ജൈവവളമായും ഉപയോഗിക്കാം.

കുടമ്പുളി: വാളന്‍പുളിയെന്നപോലെ കുടമ്പുളിയും വീട്ടുപരിസരത്ത് ആവശ്യമാണ്. ഭക്ഷ്യവസ്തുവായും ഔഷധമായും കായ ഉപയോഗിക്കാം. നിത്യഹരിതകം തരുന്ന വൃക്ഷമാണ്. തടിക്ക് ബലമുണ്ട്. കഠിനമായ ചൂട് താങ്ങാന്‍കഴിവില്ല.

തേക്ക്, വീട്ടി: ബലമുള്ളതും തടിക്ക് വിലപിടിപ്പുള്ളതുമായ തേക്കും വീട്ടിയും വീട്ടുവളപ്പില്‍ സ്ഥല–സാഹചര്യ ഘടകങ്ങള്‍ നോക്കി വച്ചുപിടിപ്പിക്കാം. തൈകള്‍ വനംവകുപ്പുവഴി ലഭ്യമാക്കാനാകും.

പൊതുനിര്‍ദേശം: വീട്ടുവളപ്പില്‍ വൃക്ഷത്തൈകള്‍ നടുമ്പോള്‍ 45–60 സെ.മീറ്റര്‍വരെ സമചതുരവും ആഴവുമുള്ള കുഴിയെടുത്ത് അതില്‍ കമ്പോസ്റ്റോ–കാലിവളമോ സമം മേല്‍മണ്ണുമായി കുഴച്ച് നിറച്ച് തൈകള്‍ നടാം. ചുവട്ടില്‍ വെള്ളം കെട്ടിക്കിടക്കരുത്. കാറ്റില്‍ ഉലയാതിരിക്കാന്‍ കമ്പുനാട്ടി കെട്ടണം. വേനലില്‍ നനയ്ക്കണം

മലപ്പട്ടം പ്രഭാകരന്‍

വിത്തുകളും തൈകളും തെരഞ്ഞെടുക്കുമ്പോള്‍

കാലവര്‍ഷം ആരംഭിക്കുന്നതോടെ പുതുതായി കൃഷിയിറക്കുന്നതിനുവേണ്ടി വിത്തുകള്‍ക്കും തൈകള്‍ക്കുമായി അന്വേഷിക്കുന്ന തിരക്കിലാണ് കര്‍ഷകര്‍. സര്‍ക്കാര്‍ ഫാം, അംഗീകൃത നേഴ്സറികള്‍ എന്നിവിടങ്ങളില്‍നിന്നാണ് പലരും വാങ്ങുക. എന്നാല്‍ ഇത് പരിമിതമായതിനാല്‍ സ്വകാര്യ നേഴ്സറികളില്‍നിന്നും വാങ്ങാറുണ്ട്. ഇങ്ങിനെ വാങ്ങുന്ന നടീല്‍വസ്തുക്കള്‍ ഗുണനിലവാരം പുലര്‍ത്തുന്നതാണോ എന്ന് ഉറപ്പുവരുത്തണം. വിത്തുകളിലെ പോരായ്മ വിളവിനെ ബാധിക്കാറുണ്ട്'വിത്തുഗുണം പത്തുഗുണം' വിത്തില്‍ പിഴച്ചില്‍ എല്ലാം പിഴച്ചു തുടങ്ങിയ ചൊല്ലുകള്‍ ശ്രദ്ധിക്കുക. പ്രധാനപ്പെട്ട ചില വിളകളുടെ വിത്ത്/തൈകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നു.

തെങ്ങ്

നേഴ്സറികളില്‍ നേരിട്ടുചെന്ന് ഗുണം ഉറപ്പുവരുത്തണം. 9–12 മാസംവരെ പ്രായമുള്ള തൈകളാണ് വാങ്ങേണ്ടത്. ഇവയ്ക്ക് 6–8  ഓലവരെ വേണം. ഒമ്പതു മാസമായ തൈകള്‍ക്ക് നാല് ഓലയെങ്കിലും ഉണ്ടാവണം. കണ്ണാടിഭാഗത്തിന് (മുളച്ചുവരുന്ന ഭാഗത്തിന്) 10–12 സെ. മീ. കനം വേണം. ഓലക്കാലുകള്‍ വിരിഞ്ഞതായാല്‍ ഏറ്റവും നന്ന്. നേഴ്സറിയില്‍ നോക്കി നേരത്തെ മുളച്ചവ എടുക്കണം. രോഗ–കീട ബാധ ഉണ്ടാവരുത്. തേങ്ങയുടെ സൈഡ് ഭാഗത്ത് മുളയ്ക്കാതെ നേരെ മുകള്‍ഭാഗത്ത് മുളച്ചുവളര്‍ന്നവ എടുക്കുക.

കുരുമുളക്

വള്ളി മുറിച്ചുനട്ടും, കൂടതൈകളില്‍ മുളച്ചുവളര്‍ന്നതും ഉപയോഗിക്കാം. മുറിച്ചുനടന്നവ കൊടിയുടെ ചുവട്ടില്‍നിന്നു മുളച്ചുവളര്‍ന്ന് നിലത്തു പടരാതെ ഒരു കുറ്റിയില്‍ ചുറ്റി വളച്ചുവച്ചവയാകണം. ഇത്തരം വള്ളിത്തലകള്‍ 1/2 മീറ്റര്‍ നീളത്തില്‍ മുറിച്ചു നടാം. കൂടതൈകള്‍ വാങ്ങുമ്പോള്‍ ഗുണമേന്മയുള്ള മാതൃവള്ളിയാണോ എന്നും, ഉദ്ദേശിച്ച ഇനംതന്നെയാണോ എന്നും ഉറപ്പാക്കുക. കൂടുതല്‍ നാള്‍ വളര്‍ന്ന് നിലത്തുപടര്‍ന്നതോ, കൂട തുളച്ച് വേരുകള്‍ വെളിയില്‍ മണ്ണില്‍ പിടിച്ചവയോ ആകരുത്. രോഗകീടബാധ തീരെ ഉണ്ടാവരുത്. ഒരു കൂടയില്‍ 2–3 ചുവടുകള്‍ മാത്രമുള്ളത് വാങ്ങുക.

കശുമാവ്

15–25 വര്‍ഷം പ്രായമുള്ള മാവില്‍നിന്നു ശേഖരിച്ചതാവണം വിത്ത്. ഇത്തരം തോട്ടണ്ടിക്ക് 5–8 ഗ്രാം തൂക്കം വേണം. മാര്‍ച്ച്–ഏപ്രിലില്‍ ശേഖരിച്ച തോട്ടണ്ടിയാവണം.

ഗ്രാഫ്റ്റ് തൈകളാണെങ്കില്‍ ഉദ്ദേശിക്കുന്ന ഇനമാണോ എന്നു നോക്കുക. ഗ്രാഫ്റ്റ്ചെയ്ത ഭാഗങ്ങളില്‍ പോറലോ യോജിപ്പില്ലായ്മയോ ഉണ്ടോ എന്നും ശ്രദ്ധിക്കുക. ഗ്രാഫ്റ്റ് ചെയ്ത് 5–6 മാസം കഴിഞ്ഞേ വാങ്ങാവൂ. ഒട്ടിച്ചതില്‍നിന്നു താഴെ ഭാഗത്തായി മുള വന്നവ വാങ്ങരുത്.

വാഴ

മൂന്നോ നാലോ മാസം പ്രായമുള്ള ഇടത്തരം സൂചിക്കന്നുകള്‍ വാങ്ങണം. ഇവയുടെ മാണത്തിന് 700 ഗ്രാം–1 കി.ഗ്രാം തൂക്കവും മാണഭാഗത്തിന് 35–45 സെ. മീറ്റര്‍ ചുറ്റളവും വേണം. ഉയരംകുറഞ്ഞ്, വീതികൂടിയ ഇലകളുള്ള കന്നുകള്‍ എടുക്കരുത്. പൂവന്‍, മൈസൂര്‍ പൂവന്‍ തുടങ്ങിയവ ചുവടെയുള്ള ഭാഗത്ത് ക്ഷതമേല്‍ക്കാതെ അടര്‍ത്തിയെടുത്തതാവണം. കീടരോഗബാധ ഉള്ളതാവരുത്. ഇലകള്‍ രണ്ടടി ശേഷിച്ച് മുറിച്ചുനീക്കിയശേഷം നടാം.

മരച്ചീനി

വിളവെടുത്തശേഷം തണലിലും കുത്തനെയും സൂക്ഷിച്ചതാവണം. കീടബാധ ഇല്ലെന്ന് ഉറപ്പുവരുത്തണം. വിത്തു കമ്പിന്റെ തലപ്പുഭാഗത്തുനിന്ന് 30 സെ. മീറ്ററും കടഭാഗത്തുനിന്ന് 10 സെ. മീറ്ററും ഒഴിവാക്കി അവശേഷിക്കുന്ന കമ്പ് 15–20 സെ. മീ. നീളമുള്ള കഷണങ്ങളായി മുറിച്ചതാവണം.

പച്ചക്കറി

പരമാവധി സര്‍ക്കാര്‍ സ്ഥാപനം, അംഗീകൃത നേഴ്സറികള്‍ എന്നിവിടങ്ങളില്‍നിന്നു വാങ്ങുക. പഴയതും രോഗമോ കീടമോ ഉള്ളതുമാവരുത്. ചെറിയ കപ്പിലോ പ്രോ ട്രേകളിലോ നട്ടുവളര്‍ത്തിയ തൈകളും വാങ്ങാം. ഇത്തരം തൈകള്‍ക്ക് നല്ല കരുത്തും നേരെ എഴുന്നുനില്‍ക്കുന്നതുമാവണം. വിത്തുകളുടെ കാര്യത്തില്‍ അങ്കുരണശേഷി ഉണ്ടെന്ന് ഉറപ്പാക്കണം.

മാവ്–പ്ളാവ് ഗ്രാഫ്റ്റ് തൈകള്‍ ഒട്ടിച്ച തൈകള്‍ വാങ്ങുമ്പോള്‍ ഉദ്ദേശിച്ച ഇനംതന്നെയാണോ എന്ന് ഉറപ്പാക്കുക. ഒട്ടിച്ച ഭാഗം സൂക്ഷ്മമായി നോക്കി ക്ഷതമോ, ഒട്ടിച്ചേരാത്ത അവസ്ഥയോ ഉണ്ടോ എന്ന് പരിശോധിക്കണം. കൂടകളില്‍നിന്ന് ഇളകിയതോ വാടിയതോ കീടരോഗം ഉള്ളതോ ആകരുത്

മലപ്പട്ടം പ്രഭാകരൻ

ചിപ്പിക്കൂണ്‍ കൃഷിചെയ്യാന്‍

വിവിധ കാര്‍ഷികാവശിഷ്ടങ്ങള്‍ ചിപ്പിക്കൂണ്‍ കൃഷിക്കുള്ള മധ്യമമായി ഉപയോഗിക്കാമെങ്കിലും ഏറ്റവും നല്ല മാധ്യമമായി കണ്ടത് നല്ല ഉണങ്ങിയ കട്ടിയുള്ള മഞ്ഞ വൈക്കോലാണ്. ഇത് ചെറുകഷണങ്ങളാക്കിയും അല്ലാതെയും ഉപയോഗിക്കാം. ചെറുകഷണങ്ങളാക്കിയാല്‍ കവറില്‍ വാരിനിറയ്ക്കാന്‍ സൌകര്യമാണ്. വൈക്കോല്‍ അണുവിമുക്തമാക്കിയാണ് കൃഷിക്ക് ഉപയോഗിക്കേണ്ടത്. വൈക്കോല്‍ ഏതാണ്ട് എട്ടുമണിക്കൂറോളം ശുദ്ധജലത്തില്‍ കുതിര്‍ത്തശേഷം അരമണിക്കൂര്‍ തിളപ്പിച്ചെടുത്തോ ആവി കയറ്റിയോ അണുവിമുക്തമാക്കാം. അതിനുശേഷം വെള്ളം നന്നായി വാര്‍ത്തുകളഞ്ഞശേഷം വൈക്കോലില്‍ ഈര്‍പ്പം നിലനിര്‍ത്തി തണുത്തശേഷം കവറില്‍ നിറയ്ക്കാം. ഇതിനുപകരം രാസപ്രക്രിയയിലൂടെയും വൈക്കോല്‍ അണുവിമുക്തമാക്കാം. അതിനുശേഷം വെള്ളം നന്നായി വാര്‍ത്തുകളഞ്ഞശേഷം വൈക്കോലില്‍ ഈര്‍പ്പം നിലനിര്‍ത്തി തണുത്തശേഷം കവറില്‍ നിറയ്ക്കാം. ഇതിനുപകരം രാസപ്രക്രിയയിലൂടെയും വൈക്കോല്‍ അണുവിമുക്തമാക്കാം. ഇത് എളുപ്പമായതിനാല്‍ കൂണ്‍കര്‍ഷകര്‍ മിക്കവരും ഇനി പറയുന്ന രീതിയാണ് അനുവര്‍ത്തിക്കുന്നത്. 10 ലിറ്റര്‍ വെള്ളത്തില്‍ അഞ്ചുമില്ലി ഫോര്‍മാലിനും 750 മില്ലിഗ്രാം ബാവിസ്റ്റിനും നല്ലവണ്ണം ചേര്‍ത്തിളക്കി 24 മണിക്കൂര്‍ മൂടിയുള്ള പ്ളാസ്റ്റിക് ബക്കറ്റില്‍ വൈക്കോല്‍ താഴ്ത്തി അടച്ചുവെച്ച് അണുനശീകരണം നടത്താം. മൂടിയില്ലാത്ത പാത്രമാണെങ്കില്‍ പ്ളാസ്റ്റിക് ഷീറ്റ്കൊണ്ട് വായുകടക്കാത്തവിധം നല്ലവണ്ണം കെട്ടിയടച്ചാല്‍ മതി.

ഒന്നരമുതല്‍ രണ്ടടിവരെ നീളവും ഒരടി വീതിയുമുള്ള പോളിത്തീന്‍ കവറുകളാണ് ചിപ്പിക്കൂണ്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഉപയോഗിക്കേണ്ടത്. കവറിനുള്ളില്‍ നിറയ്ക്കുന വയ്ക്കോലില്‍നിന്നും വെള്ളം ഇറ്റിറ്റുവീഴാന്‍ പാടില്ല. എന്നാല്‍ വയ്ക്കോലിനു നനവുണ്ടാകുകയും വേണം. ഇപ്രകാരം തയ്യാറാക്കിയ വൈക്കോല്‍ എട്ടു സെ. മീറ്റര്‍ കനത്തിലുള്ള അട്ടികളായി കവറില്‍ നിറയ്ക്കാം. ആദ്യത്തെ അട്ടിനിറച്ചശേഷം ഒരുപിടി കൂണ്‍വിത്ത് വശങ്ങളില്‍ വിതറുക. അടുത്ത അട്ടി നിറച്ചശേഷം മുകളില്‍വച്ച് വീണ്ടും വിത്തിടാം. അങ്ങിനെ അഞ്ചോ ആറോ അട്ടികളായി വിത്തിട്ട് കവര്‍ മുകളില്‍ കെട്ടണം. ഇത് നല്ല ഈര്‍പ്പവും വായുസഞ്ചാരവുമുള്ള മുറിയിലോ ഷെഡ്ഡിലോ വയ്ക്കണം. രണ്ടുദിവസം കഴിഞ്ഞുനോക്കുമ്പോള്‍ വിത്തിട്ട ഭാഗത്തുനിന്ന് വെളുത്ത ഫംഗസ് നൂല്‍പോലെ വളര്‍ന്ന് വൈക്കോലില്‍ പറ്റിപിടിച്ചതു കാണാം. രണ്ടാഴ്ചയാകുമ്പോഴേക്കും വൈക്കോല്‍ മുഴുവന്‍ കൂണ്‍തന്തുക്കള്‍ പടര്‍ന്നുപിടിച്ച് വെള്ളനിറമായി കാണാം. അപ്പോള്‍ കൂണ്‍കവറുകള്‍ കീറിമാറ്റുകയോ അവിടവിടെ ചെറുതായി കീറിവിടുകയോ ചെയ്യാം. രണ്ടുമൂന്ന് ആഴ്ചയാകുമ്പോഴേക്കും കൂണ്‍മുകുളങ്ങള്‍ അവിടവിടെ കണ്ടുതുടങ്ങും. തുടര്‍ന്ന് ഈ മുകുളങ്ങള്‍ മൂന്നുദിവസംകൊണ്ട് വികസിച്ച് വിളവെടുപ്പിനു പാകമാകുകയും ചെയ്യും. അവ ഒന്നൊന്നായി ശ്രദ്ധാപൂര്‍വം അടിയില്‍വച്ച് മുറിച്ചെടുക്കണം.

എം കെ പി മാവിലായി

അമരയും ചതുരപ്പയറും ജൈവരീതിയില്‍

മഞ്ഞുകാലത്തിനു മുമ്പുതന്നെ അമരയും ചതുരപ്പയറും പന്തലില്‍ കയറുന്നവിധത്തില്‍ ഇവയുടെ കൃഷി ആരംഭിക്കുന്ന സമയം ക്രമീകരിക്കണം. പകല്‍ കുറവും രാത്രി കൂടുതലുമുള്ള മഞ്ഞുകാലങ്ങളിലാണ് ഇവ നന്നായി പൂവണിഞ്ഞ് കായ്കള്‍ നല്‍കുക. ആഗസ്തോടെ വിത്തു നടത്തക്കവിധം ഇതിനുള്ള സ്ഥലം പാകപ്പെടുത്തണം.

രണ്ടടി വ്യാസവും ഒന്നരയടി താഴ്ചയുമുള്ള തടങ്ങളാണ് നല്ലത്. കൂടുതല്‍ സ്ഥലത്ത് ഇവ കൃഷിചെയ്യുകയാണെങ്കില്‍ കുഴികള്‍ തമ്മില്‍ ചതുരപ്പയറിനാണെങ്കില്‍ രണ്ടു മീറ്ററും അമരക്കാണെങ്കില്‍ രണ്ടര–മൂന്നു മീറ്റര്‍ അകലവും നല്‍കാം. വെള്ളം കെട്ടിനില്‍ക്കുന്ന  സ്ഥലമാണെങ്കില്‍ കൂനകള്‍ നിര്‍മിച്ച് ചെറിയ തടങ്ങളില്‍ വിത്ത് നടാം. കുഴികളില്‍ പച്ചിലയും ചാണകവുമിട്ട് മണ്ണിട്ടുമൂടി കുറച്ചുദിവസം പച്ചിലകള്‍ ചീയാന്‍ അനുവദിക്കുക. പച്ചില അഴുകാനുള്ള സമയമില്ലെങ്കില്‍ കുഴിയൊന്നിന് അഞ്ചുമുതല്‍ 10 കി.ഗ്രാംവരെ പഴകിയ ചാണകവും മേല്‍മണ്ണും ചേര്‍ത്ത് കുഴി മൂടുക. തുടര്‍ന്ന് ഓരോ തടത്തിലും അഞ്ച്, ആറ് വിത്തുകളിടാം. വിത്തുകള്‍ മുളച്ച് നാല്, അഞ്ച് ഇല പ്രായമാകുമ്പോള്‍ തടങ്ങളിലെ നല്ല ആരോഗ്യമുള്ള മൂന്നു തൈകള്‍ മാത്രം നിര്‍ത്തി ബാക്കിയുള്ളവ നശിപ്പിക്കാം. ചെടികള്‍ പടരാന്‍ തുടങ്ങുമ്പോള്‍ ഏതാണ്ട് ആറടി ഉയരത്തില്‍ പന്തലിട്ട് കൊടുക്കണം. ചെടികള്‍ക്ക് വരള്‍ച്ച അനുഭവപ്പെടാത്ത വിധം മഴയില്ലാത്ത ദിവസങ്ങളില്‍ നനയ്ക്കണം. മഴക്കാലത്ത് ചെടികള്‍ക്കുചുറ്റും വെള്ളം കെട്ടിനില്‍ക്കാത്തവിധം ചെടികള്‍ക്കുചുറ്റും തിണ്ട് പിടിപ്പിച്ച് ഉറപ്പിച്ച് ഇളക്കമുള്ള മണ്ണുകൊണ്ട് തടങ്ങള്‍ ഉയര്‍ത്തണം. മഴ മാറുന്നതോടെ മുടങ്ങാതെ നനയ്ക്കണം.

സമ്പൂര്‍ണ ജൈവകൃഷിയായിത്തന്നെ ഇവയെ വളര്‍ത്തിയെടുക്കാം. ഓരോ വീട്ടിലും ലഭ്യമായ ജൈവവളങ്ങള്‍ എന്തായാലും ഇതിനായി ഉപയോഗപ്പെടുത്താം. പച്ചച്ചാണക ലായനി മാസത്തിലൊരിക്കലെങ്കിലും നല്‍കാന്‍ സാധിച്ചാല്‍ വളര്‍ച്ച നല്ല ആരോഗ്യകരമാകും. ഒരുകിലോ ചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചേര്‍ത്ത് ലായനിയാക്കാം. ബയോഗ്യാസ് സ്ളെറിയും ഇതേ രൂപത്തില്‍ത്തന്നെയാണ് പ്രയോഗിക്കേണ്ടത്. ഗോമൂത്രം നല്‍കുന്നുവെങ്കില്‍ എട്ടിരട്ടി വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ച് നല്‍കണം. വെര്‍മിവാഷ് ഉപയോഗിക്കുമ്പോള്‍ ഇതേപോലെ എട്ടിരട്ടി വെള്ളത്തില്‍ നേര്‍പ്പിക്കണം. കടലപ്പിണ്ണാക്ക് ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തും. ഒരുകിലോ പിണ്ണാക്ക് 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചേര്‍ത്ത് പുളിപ്പിച്ചശേഷം ചേര്‍ത്താല്‍ ചെടികള്‍ക്ക് പോഷകങ്ങള്‍ പെട്ടെന്നു ലഭ്യമാകും. ചികിരിച്ചോര്‍ കമ്പോസ്റ്റും മണ്ണിര കമ്പോസ്റ്റും അമരയ്ക്കും ചതുരപ്പയറിനും ഉത്തമ വളങ്ങളാണ്.

മഞ്ഞുകാലമാകുന്നതോടെ ചെടികള്‍ പുഷ്പിച്ചുതുടങ്ങും. അമരയും ചതുരപ്പയറും പൊതുവെ രോഗകീടവിമുക്തമാണ്. ഇലകളില്‍ ഏതെങ്കിലും രോഗലക്ഷണങ്ങള്‍ കാണുന്നുവെങ്കില്‍ അവ അപ്പപ്പോള്‍ പറിച്ചെടുത്ത് നശിപ്പിക്കുന്നത് രോഗപ്പകര്‍ച്ച ഒഴിവാക്കാനാവും. അമരയില്‍ ചില കാലങ്ങളില്‍ ഇലപ്പേനുകളുടെ ശല്യം കാണാറുണ്ട്. ഇവ തണ്ടുകളിലും കായ്കളിലും കൂട്ടംകൂട്ടമായി പറ്റിപ്പിടിച്ചിരിക്കുന്നതു കാണാം. വിപണിയില്‍ കിട്ടുന്ന വേപ്പ് അധിഷ്ഠിത ജൈവ കീടനാശിനികള്‍ ഉപയോഗിച്ച് ഫലപ്രദമായി നിയന്ത്രിക്കാം. ഇവ നമുക്ക് സ്വന്തമായി തയ്യാറാക്കുകയും ചെയ്യാം. 10 ഗ്രാം ബാര്‍സോപ്പ് ചീകി അല്‍പ്പം ചൂടുവെള്ളത്തില്‍ ലയിപ്പിച്ച് വെള്ളം ചേര്‍ത്ത് ഒരുലിറ്ററാക്കുക. ഇതില്‍ 30 മി. ലിറ്റര്‍ വേപ്പെണ്ണ ചേര്‍ത്ത് നന്നായി ഇളക്കിയശേഷം തളിക്കുക

എം കെ പി മാവിലായി

പച്ചക്കറിക്ക് വെള്ളം നനയ്ക്കുമ്പോള്‍

വേനല്‍ക്കാല പച്ചക്കറിക്കൃഷി പൂര്‍ണമായും ജലസേചനംവഴിയാണ് നിര്‍വഹിക്കുന്നത്. ചൂട് കൂടുകയും വെള്ളക്ഷാമം ഏറുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ പച്ചക്കറിയില്‍ ജലസേചനം ചെയ്യുന്നതില്‍ ചില ശാസ്ത്രീയസമീപനങ്ങള്‍ സ്വീകരിക്കണം. പൊതുവെ പറഞ്ഞാല്‍ പച്ചക്കറിക്ക് ജലസേചനം ചെയ്യുമ്പോള്‍ പലരും ഇത്തരം സമീപനങ്ങള്‍ സ്വീകരിക്കുന്നതു കാണാറില്ല. അത് അനാവശ്യമായ ജലനഷ്ടവും മണ്ണിലെ പോഷകനഷ്ടവും ചിലപ്പോള്‍ ഉല്‍പ്പാദനത്തിനുതന്നെ വിപരീത ഫലവും ഉണ്ടാക്കാറുണ്ട്. അതുകൊണ്ട് വെള്ളം നനയ്ക്കുമ്പോള്‍ ഇനിപ്പറയുന്ന ചില കാര്യങ്ങളില്‍ ശ്രദ്ധിക്കുക.

മണ്ണില്‍ ജൈവവളസാന്നിധ്യം നല്ലതുപോലെ ഉണ്ടാവണം. ചെടികളുടെ പോഷണത്തിനെന്നതുപോലെതന്നെ ജലസംഗ്രഹണത്തിനും ഇതാവശ്യമാണ്. ഒരു സ്പോഞ്ചുപോലെ നനയ്ക്കുന്ന വെള്ളത്തെ ജൈവവളം സ്വാംശീകരിച്ചുവച്ച് സാവകാശം ചെടികള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയും. കൂടാതെ ഇത് മണ്ണിനെ അയവുള്ളതാക്കുകയും കീഴോട്ടുള്ള വേരുപടലങ്ങളില്‍ വെള്ളം എളുപ്പം ലഭിക്കുന്നതിനും സഹായിക്കും.

നേഴ്സറികളിലും പച്ചക്കറികള്‍ പറിച്ചുനട്ട് ഏതാനും ദിവസങ്ങളിലും അല്‍പ്പമാത്രയളവില്‍ മാത്രമെ വെള്ളം ആവശ്യമുള്ളു. പമ്പുകൊണ്ടോ, കുടമുപയോഗിച്ചോ നനയ്ക്കുമ്പോള്‍ ധാരാളം വെള്ളം ആവശ്യമായി വരും. പകരം പൂപ്പാളി ഉപയോഗിച്ച് നനച്ചുകൊടുക്കുക.

പച്ചക്കറിയുടെ വളര്‍ച്ചയുടെ ആദ്യഘട്ടത്തിലെലാം മണ്ണില്‍ ഈര്‍പ്പം നിലനില്‍ക്കത്തക്കവിധത്തില്‍ ആവശ്യമായ അളവിലേ വെള്ളം നനയ്ക്കേണ്ടതുള്ളു.

എന്നാല്‍, കൂടുതല്‍ പടര്‍ന്ന് പന്തലിലും നിലത്തും വ്യാപിക്കുമ്പോഴും പൂത്ത് കായകള്‍ ഉണ്ടാവുന്ന സമയത്തും കൂടുതല്‍ വെള്ളം കൊടുക്കണം. ധാരാളം വെള്ളം കൃഷിയിടത്തിലൂടെ ഒഴിച്ച് ഒഴുക്കിവിടുന്ന രീതി പലരും സ്വീകരിക്കാറുണ്ട്. ഇത് മേല്‍മണ്ണിലെ പോഷകഘടകങ്ങള്‍ ഒലിച്ച് നഷ്ടപ്പെടാനും താഴോട്ടിറങ്ങി ചെടിക്ക് പ്രയോജനപ്പെടാനുള്ള സാധ്യതയും ഇല്ലാതാക്കും. പ്രത്യേകിച്ചും പച്ചക്കറിയില്‍ ഉപരിതല സ്പര്‍ശിയായ വേരുകളാണുള്ളതെന്നതും ശ്രദ്ധിക്കുക.

കൂടുതല്‍ കൃഷിചെയ്യുന്ന ഇടങ്ങളില്‍ തുള്ളി നനരീതി (ഡ്രിപ് ഇറിഗേഷന്‍ മെത്തേഡ്) സ്വീകരിച്ചാല്‍ ചെലവിലും വെള്ളത്തിന്റെ അളവിലും കുറവുണ്ടാക്കാനാകും.

വെള്ളം നനയ്ക്കുമ്പോള്‍ ഇലപ്പടര്‍പ്പുകള്‍ക്ക് മുകളിലൂടെ പതിച്ച് നനയ്ക്കുന്ന ഒരുരീതി കാണാറുണ്ട്. ഇത് രോഗങ്ങളെ പകര്‍ത്താന്‍ ഇടയാക്കും. ചീരയിലെ വെള്ളപ്പൊട്ട്രോഗം, വെള്ളരി വര്‍ഗത്തിലെ പൂര്‍ണ പൂപ്പ്രോഗം എന്നിവ ഇത്തരത്തിലാണ് കൂടുതല്‍ പകരുന്നത്. പരമാവധി മണ്ണില്‍ ഒഴുക്കിനനയ്ക്കാന്‍ ശ്രമിക്കുക.

പച്ചക്കറിക്ക് വെള്ളം നനയ്ക്കുന്ന സമയവും പ്രാധാന്യമര്‍ഹിക്കുന്നു. വേനല്‍ച്ചൂടില്‍ വെള്ളം പെട്ടെന്നുതന്നെ ബാഷ്പീകരിക്കുമെന്നതിനാല്‍ വൈകുന്നേരങ്ങളില്‍ മാത്രം ജലസേചനം ചെയ്യുക.

വെള്ളരി, മത്തന്‍, കുമ്പളം തുടങ്ങിയവ വിളവെടുക്കുന്നതിനും ഏതാനും ദിവസം മുമ്പേ നന നിര്‍ത്തുന്നത് നല്ലതാണ്. അല്ലാത്തപക്ഷം വിളയാനുള്ള കാലദൈര്‍ഘ്യം കൂടാനും ജലാംശം അധികമാകുമ്പോള്‍ എളുപ്പം കേടുവരാനും സാധ്യത ഉണ്ടാകും.

നിലത്തു പടര്‍ന്നുവളരുന്ന ഇനങ്ങളും വഴുതന, വെണ്ട, തക്കാളി തുടങ്ങിയവയും കൃഷിചെയ്യുമ്പോള്‍ പടുരന്നതിനുമുമ്പേ നിലത്ത് കരിയിലയോ മറ്റോ ഇട്ട് പുതകൊടുക്കുന്നത് വെള്ളത്തിന്റെ ബാഷ്പീകരണനഷ്ടം ഒഴിവാക്കാന്‍ സഹായിക്കും. കൂടാതെ കായകള്‍ മണ്ണില്‍ നേരിട്ടു പതിഞ്ഞുകിടക്കുമ്പോഴുള്ള രോഗ–കീട ബാധ ഒരു പരിധിവരെ ഇല്ലാതാക്കാനും സഹായിക്കും.

വെള്ളം നനയ്ക്കുമ്പോള്‍ ചിലയിനങ്ങളുടെ വേരുപടലം കൂടുതല്‍ വിസ്തൃതിയില്‍ വ്യാപിച്ചിരിക്കും. ചെടിയുടെ ചുവട്ടില്‍മാത്രം (കുഴിയില്‍ മാത്രം) ഒഴിക്കുന്നതിനെക്കാള്‍ ഫലപ്രദം വേരുപടലഭാഗങ്ങളില്‍ സ്ഥിരമായി ഈര്‍പ്പം ലഭ്യമാക്കുന്നതരത്തില്‍ നനച്ചുകൊടുക്കുന്നതാണ്.

മലപ്പട്ടം പ്രഭാകരന്‍

3.09259259259
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top