Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കാര്‍ഷിക ചിന്തകള്‍-3

കൂടുതല്‍ വിവരങ്ങള്‍

ഈ അലസന്‍മാരെ സൂക്ഷിക്കുക

കൂട്ടംചേര്‍ന്നെത്തിയാല്‍ തെങ്ങിന്റെ ഇലപ്പടര്‍പ്പിന് കാര്യമായ നാശനഷ്ടം വരുത്തുന്നവയാണ് അലസന്‍ പുഴുക്കള്‍

സ്ലഗ് കാറ്റര്‍ പില്ലര്‍ എന്ന് പേരായ അലസന്‍ പുഴുവിനെ അറിയുമോ? ഒച്ചു പുഴുവെന്ന് വിളിക്കുന്ന ഈ പുഴു തെങ്ങോലകളുടെ അടിഭാഗത്തിരുന്ന് ഹരിതകം തിന്നുതീര്‍ക്കുകയാണ് ചെയ്യുന്നത്. ഒച്ചു പുഴുക്കളുടെ പൊതു സ്വഭാവങ്ങളെക്കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.

ശരിയായ പുഴുവിനോട് സാമ്യമില്ലാത്ത പുഴുക്കളാണ് ഇവ. തല ദേഹത്തിനുള്ളിലേക്ക് മറഞ്ഞിരിക്കും. കാലുകള്‍ രൂപഭേദം സംഭവിച്ച് നീരൂറ്റിക്കുടിക്കാന്‍ പാകത്തിലുള്ള അവയവങ്ങളിലായി മാറും. ഒറ്റതിരിഞ്ഞ് സാവധാനത്തിലാണ് സഞ്ചാരം. ഇവ കൂട്ടംചേര്‍ന്ന് എത്തിയാല്‍ തെങ്ങിന്റെ ഇലപ്പടര്‍പ്പിന് കാര്യമായ നാശനഷ്ടം വരുത്തും. ഇതുവഴി വിളവില്‍ 50 ശതമാനം വരെ നഷ്ടം വരുത്താന്‍ കഴിയും. കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലുമെടുക്കാതെ ഈ പുഴുക്കളുടെ ഉപദ്രവത്തില്‍ നിന്ന് മുക്തിനേടാന്‍ കഴിയില്ല.

ഇലകളുടെ അടിവശത്തിരുന്ന് പുഴുക്കള്‍ ഹരിതകം തിന്നു തുടങ്ങുന്നു. പുഴു വളരുന്നതിനനുസരിച്ച് ഓല മുഴുവന്‍ തിന്ന് വെറും ഈര്‍ക്കില്‍ മാത്രം അവശേഷിക്കും. ഉപദ്രവകാരിയല്ലെങ്കിലും അനുകൂല സാഹചര്യത്തില്‍ ഇവ തല പൊക്കും. ഉപദ്രവകാരിയല്ലെങ്കിലും അനുകൂല സാഹചര്യത്തില്‍  ഇവ തല പൊക്കും.

ലറ്റോയിയെ ലെപ്പിഡ

പച്ചനിറത്തില്‍ മാംസളമായ പുഴുവാണ് ഇത്. ദേഹത്ത് ചുവപ്പോ കറുപ്പോ നിറമുള്ള നാലുവരി മുള്ളുകളുണ്ട്. ഇതിന്റെ ശലഭത്തിന് പച്ചചിറകുകളാണ്. മുന്‍ഭാഗത്തെ ചിറകിനു ചുവടറ്റത്തായി കറുത്ത പുള്ളി കാണാം. പിന്‍ ചിറകുകള്‍ക്ക് മഞ്ഞനിറം. ഓലയുടെ അടിവശത്ത് കൂട്ടമായി മുട്ട നിക്ഷേപിക്കും. മുട്ട വിരിഞ്ഞ് പുഴുവാകാന്‍ ഒരാഴ്ച മതി.

മാക്രോപ്ലെക്ട്ര നറ്റേറിയ

ഈ പുഴുവിന്റെ മുകള്‍ ഭാഗം മഞ്ഞ കലര്‍ന്ന പച്ച നിറവും അടിഭാഗം പിങ്ക് നിറവുമാണ്. ദേഹത്ത് ധാരാളം മുള്ളുണ്ട്. ശലഭത്തിന് ഇളം തവിട്ടുനിറമാണ്. ഇവ ഓലകളുടെ ഇരുവശത്തും മുട്ട നിക്ഷേപിക്കും.

കൊണ്‍തെയ്‌ല റൊട്ടുണ്ട

പുഴുവിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും വീതികൂടിയതാണ്. ശരീരമാകെ രോമാവൃതമാണ്. ഈ പുഴുബാധയേറ്റാല്‍ തെങ്ങോലകള്‍ പൊള്ളിയതു പോലെ കരിഞ്ഞുണങ്ങി കാണാം. വാഴ, കൂവ തുടങ്ങിയ വിളകളിലും ഇത് പറ്റിക്കൂടാറുണ്ട്.

(കടപ്പാട്: ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, സുരേഷ് മുതുകുളം)

ഡോ.മുഹമ്മദിന്റെ വീട്ടുമുറ്റം ഇരുന്നൂറില്‍പ്പരം ഔഷധസസ്യങ്ങളുടെ കലവറ

അമൂല്യങ്ങളായ ഇരുന്നൂറില്‍പ്പരം ഔഷധസസ്യങ്ങളുടെ കലവറയാണ് ഡോ.മുഹമ്മദിന്റെ വീട്

ബാലുശ്ശേരി: അമൂല്യങ്ങളായ ഇരുനൂറില്‍പരം ഔഷധസസ്യങ്ങളുടെ കലവറയാണ് നൊച്ചാട് ഗവ. ആയുര്‍വേദ ആസ്പത്രിയിലെ സീനിയര്‍ മെഡിക്കല്‍ ഓഫീസറായ ഡോ. ടി.കെ. മുഹമ്മദിന്റെ വീട്ടുമുറ്റവും പരിസരവും. ചട്ടികളില്‍ പൂച്ചെടികള്‍ക്കുപകരം ഔഷധസസ്യങ്ങളാണ് വളര്‍ത്തിയിരിക്കുന്നത്. നിത്യേന രണ്ടുമണിക്കൂര്‍ സമയമാണ് ഔഷധസസ്യങ്ങളെ പരിപാലിക്കാന്‍ ഡോ. മുഹമ്മദ് ചെലവഴിക്കുന്നത്.

പാച്ചോറ്റി എന്ന ഇനത്തില്‍പ്പെട്ട അപൂര്‍വ ഔഷധച്ചെടി പൂത്തുനില്‍ക്കുന്നത് കൗതുകക്കാഴ്ചയാണ്. രണ്ടുതരം മൂവില, പെരീല, മൂന്നിനം ഞങ്ങലംപരണ്ട, അണലിവേഗം, രണ്ടിനം രാസ്‌ന, കര്‍പ്പൂരമരം, കരിമുത്തിള്‍, മൂന്നിനം മുറികൂട്ടി, പൂക്കൈത, അയമോദകം, കുറ്റിപാണല്‍ എന്നീ ഔഷധച്ചെടികള്‍ ഇവിടെ സമൃദ്ധമായി വളരുന്നു.

പാമ്പുകടിയേറ്റാല്‍ വിഷമകറ്റുന്ന ഔഷധങ്ങള്‍, കാന്‍സര്‍ചികിത്സയ്ക്കും ഇന്‍സുലിന് പകരമുപയോഗിക്കുന്ന പ്രത്യേക ഇനം ഔഷധസസ്യങ്ങളും ഡോക്ടര്‍ നട്ടുവളര്‍ത്തിയിട്ടുണ്ട്. ഞാവലും നീര്‍മാതളവും പടര്‍ന്നുപന്തലിച്ചിട്ടുണ്ട്. ഉമ്മവും ചതുരമുല്ലയും കാശാവും വളര്‍ത്തിയിട്ടുണ്ട്. വിവിധ രോഗങ്ങളുമായി ഡോക്ടറെ സമീപിക്കുന്ന രോഗികള്‍ക്ക് തന്റെ തോട്ടത്തിലെ ഔഷധങ്ങളുപയോഗിച്ചും ചികിത്സ നടത്താറുണ്ട്.

എസ്റ്റേറ്റ്മുക്ക് കക്കയംറോഡില്‍ താഴെ തലയാട് അങ്ങാടിക്കടുത്ത് റോഡരികില്‍ 24 സെന്റ് സ്ഥലത്താണ് വീടും ഔഷധത്തോട്ടവുള്ളത്. ഔഷധച്ചെടികളെ പരിപാലിക്കാന്‍ ഭാര്യയും മക്കളും ഡോക്ടറെ സഹായിക്കുന്നുണ്ട്. നമ്മുടെ ചുറ്റുപാടില്‍ ധാരാളം ഔഷധച്ചെടികളുണ്ടെന്നും അവ വളര്‍ത്താനുള്ള മനസ്സാണുവേണ്ടതെന്നും ഡോക്ടര്‍ മുഹമ്മദ് പറയുന്നു.

വിനു കര്‍ഷകനല്ല; പക്ഷേ മുന്തിരിയും വീട്ടില്‍ വളരുമെന്ന് തെളിയിച്ചു

സ്വന്തം വീട്ടില്‍ മുന്തിരിക്കൃഷി ചെയ്ത് വിജയം കൈവരിച്ച വിനു തന്റെ അനുഭവം പങ്കുവെക്കുന്നു

ആപ്പിളും മുന്തിരിയുമൊക്കെ വീട്ടില്‍ നട്ടുവളര്‍ത്തുന്നുവെന്നു കേട്ടാല്‍ എന്തിനാണ് അവരെ പരിഹസിക്കുന്നത്? ഇതൊന്നും കേരളത്തിലെ വീട്ടുപറമ്പില്‍ വിളയാത്തതാണോ? ആര്‍ക്കാണ് സംശയമുള്ളത്? അങ്ങനെ നിരുത്സാഹപ്പെടുത്തിയവര്‍ക്കുള്ള മറുപടിയായാണ് വിനു തന്റെ വീട്ടുപറമ്പില്‍ മനോഹരമായ മുന്തിരിപ്പന്തല്‍ ഉണ്ടാക്കിയിരിക്കുന്നത്.

കൊച്ചിയില്‍ വൈറ്റിലയ്ക്കടുത്ത് ഏരൂരിലാണ് ഒപ്റ്റിക്കല്‍ ഷോപ്പ് നടത്തുന്ന വിനുവിന്റെ വീട്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് മുന്തിരിക്കൃഷിയോടുള്ള താത്പര്യവുമായി കൃഷിഭവനില്‍ ചെന്നു കയറിയപ്പോള്‍ അവിടെ ആരും വലിയ താത്പര്യമൊന്നും കാണിക്കാഞ്ഞത് ഈ ചെറുപ്പക്കാരനെ അല്‍പ്പമൊന്ന് നിരുത്സാഹപ്പെടുത്തി. എങ്കിലും പിന്‍വാങ്ങിയില്ല. ഇന്റര്‍നെറ്റില്‍ തപ്പി മുന്തിരിക്കൃഷിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. പിന്നീട് നഴ്‌സറിയില്‍പ്പോയി മുന്തിരി തൈകള്‍ വാങ്ങിക്കൊണ്ടുവന്നു. പത്തോ പതിനഞ്ചോ പ്രാവശ്യം നട്ട ചെടികളെല്ലാം നശിച്ചുപോയി.എന്നിട്ടും കൃഷിയുമായി മുന്നോട്ടു തന്നെ പോയി. ഒടുവില്‍ വിനുവിന്റെ ഉദ്യമം ഫലം കണ്ടു. നിറയെ മുന്തിരിക്കുലകളുമായി ചെടികള്‍ പടര്‍ന്നു പന്തലിച്ചു. ഒന്നര വര്‍ഷത്തിനുശേഷമായിരുന്ന ആദ്യത്തെ വിളവെടുപ്പ്.

'മുന്തിരിയുടെ കായ്കള്‍ എല്ലാം ഒന്നിച്ച് പഴുക്കാന്‍ വേണ്ടിയാണ് മരുന്ന് കുത്തിവെക്കുന്നത്. മാര്‍ക്കറ്റിലെത്തിക്കാനുള്ള തന്ത്രമായാണ് ഇങ്ങനെ ഒരുമിച്ചു പഴുപ്പിക്കുന്നത്. നമ്മള്‍ വീട്ടിലുണ്ടാക്കുന്ന മുന്തിരികള്‍ ഒരുമിച്ച് പഴുപ്പിക്കേണ്ട ആവശ്യമില്ലല്ലോ. അതുകൊണ്ടുതന്നെ മരുന്നുപ്രയോഗവും വേണ്ട. ഈ മുന്തിരിച്ചെടികള്‍ 40 വര്‍ഷത്തോളം ഇങ്ങനെ നിലനില്‍ക്കും.' ഒരു വലിയ കൃഷിക്കാരനല്ലെന്ന ഓര്‍മപ്പെടുത്തലോടെ വിനു പറഞ്ഞു തുടങ്ങുകയാണ്.

കൃഷിരീതി

' വെള്ളം കെട്ടി നില്‍ക്കാത്തതും ധാരാളം സൂര്യപ്രകാശം കിട്ടുന്നതുമായ സ്ഥലമാണ് മുന്തിരിയുടെ തൈ നടാന്‍ അനുയോജ്യം. ഏകദേശം ഒരടി വിസ്തീര്‍ണത്തിലും ആഴത്തിലുമുള്ള കുഴിയാണ് എടുക്കേണ്ടത്. മുന്തിരിവള്ളി വളര്‍ന്നുവരുമ്പോള്‍ താങ്ങു കിട്ടാനായി ഉറപ്പും നീളവുമുള്ള ഒരു കമ്പി കുഴിയുടെ അരികിലായി ഉറപ്പിച്ചു നിര്‍ത്തണം. ചെടിയുടെ ചുവട്ടില്‍ ഈര്‍പ്പം നിലനിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. കുഴിയുടെ അരികില്‍ മൂന്നോ നാലോ ചകിരിയുടെ തൊണ്ടുകള്‍ വൃത്താകൃതിയില്‍ വെച്ചുകൊടുക്കണം.'

'ഒന്നിലധികം തൈകള്‍ നടുമ്പോള്‍ കുഴികള്‍ തമ്മില്‍ കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലമുണ്ടായിരിക്കണം. കുഴിയില്‍ മുക്കാല്‍ ഭാഗവും മണലും വളങ്ങളും നിറയ്ക്കണം. മണ്ണിര കമ്പോസ്റ്റ്, ചാണകം,എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവയാണ് വളമായി ഉപയോഗിച്ചത്.' മണ്ണിലുണ്ടാകുന്ന ആക്രമണകാരികളില്‍ നിന്നും കീടങ്ങലില്‍ നിന്നും ചെടികളുടെ വേരുകളെ സംരക്ഷിക്കാന്‍ വേപ്പിന്‍ പിണ്ണാക്ക് സഹായിക്കുമെന്ന് വിനു തന്റെ അനുഭവത്തില്‍ നിന്ന് പറയുന്നു.

തയ്യാറാക്കിയ കുഴിയിലേക്ക് ഗ്രോബാഗില്‍ വളരുന്ന തൈ മണ്ണോടുകൂടി ചുവടിന് ഇളക്കം തട്ടാതെ പ്ലാസ്റ്റിക് കവര്‍ ഊരിമാറ്റിയ ശേഷം ഇറക്കിവെക്കുകയായിരുന്നു പിന്നീട്. എല്ലാ ദിവസവും രാവിലെ നന്നായി നനച്ചുകൊടുക്കണം.

 

കൃത്യമായ പരിപാലനം അത്യാവശ്യം

കൃത്യമായ ഇടവേളകളില്‍ വളം നല്‍കണം. ചാണകപ്പൊടിയും കാലിവളങ്ങളുമാണ് അഭികാമ്യം. ഓരോ പിടി വേപ്പിന്‍ പിണ്ണാക്കും കടലപ്പിണ്ണാക്കും രണ്ടു ലിറ്റര്‍ വെള്ളത്തിലിട്ട് ബക്കറ്റില്‍ അടച്ചുവെക്കണം. 24 മണിക്കൂറിനുശേഷം രണ്ടോമൂന്നോ ഇരട്ടിവെള്ളം ചേര്‍ത്ത് ചുവട്ടില്‍ ഒഴിച്ചുകൊടുക്കണം. മാസത്തില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യണമെന്നാണ് വിനു പറയുന്നത്.

അടുക്കളയില്‍ നിന്ന് പുറത്തേക്കുകളയുന്ന മീന്‍ കഴുകിയ വെള്ളവും ചെടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. ഇലകളില്‍ ഫംഗസ് ബാധയുണ്ടെങ്കില്‍ വേപ്പെണ്ണ വെള്ളത്തില്‍ ലയിപ്പിച്ച് സ്‌പ്രേ ചെയ്യാം. ബോര്‍ഡോ മിശ്രിതവും ഉപയോഗിക്കാം.

ഇഷ്ടമുള്ള രീതിയില്‍ മുന്തിരി വളര്‍ത്താന്‍ പ്രൂണിങ്ങ്

മുന്തിരിച്ചെടിയുടെ ചുവട്ടില്‍ നിന്നും ആരോഗ്യമുള്ള ഒരു വള്ളിയെ മാത്രം നിര്‍ത്തി ബാക്കിയുള്ളവ മുറിച്ചു കളയണം. പടര്‍ത്താന്‍ ഉദ്ദേശിക്കുന്ന പൊക്കത്തില്‍ വളരുമ്പോള്‍ വീണ്ടും അറ്റം മുറിക്കണം. അവിടെ നിന്നും വള്ളികള്‍ വീണ്ടും രണ്ടോ മൂന്നോ ശാഖകളായി വളരാന്‍ തുടങ്ങും.

ഒന്നര വര്‍ഷത്തിനുശേഷമാണ് മുന്തിരി വള്ളി നന്നായി വളര്‍ന്ന് പ്രൂണിങ്ങ് ചെയ്യാനായി തയ്യാറാകുന്നത്. ഇതിനിടയില്‍ നേരത്തെ നിലനിര്‍ത്തിയ ശാഖകളില്‍ നിന്നും ഉപശാഖകള്‍ വളര്‍ന്നു തുടങ്ങിയിട്ടുണ്ടാകും. അവയാണ് പ്രൂണ്‍ ചെയ്യേണ്ടത്. എല്ലാ ഉപശാഖകളിലെയും ഒരു ബഡ് വളരാനുള്ള നീളം കഴിഞ്ഞ് ബാക്കിയുള്ളവ മുറിച്ചുകളയണം. എല്ലാ ഉപശാഖകളും തമ്മില്‍ കുറഞ്ഞത് ആറ് ഇഞ്ച് അകലമുണ്ടായിരിക്കുന്നതാണ് നല്ലത്.  ഇടയിലുള്ള എല്ലാ ശാഖകളും അതോടൊപ്പം താഴോട്ട് വളരുന്ന ശാഖകളും മുറിച്ചു നീക്കണം. ഓരാഴ്ച കഴിയുമ്പോള്‍ മുറിച്ച ശാഖകളിലെല്ലാം പുതിയ മുകുളങ്ങളും പൂവും വന്നുതുടങ്ങുമെന്ന് വിനു പറയുന്നു. ഏകദേശം 90 ദിവസങ്ങള്‍ കഴിയുമ്പോള്‍ മുന്തിരി കായ്കള്‍ പഴുത്തുതുടങ്ങും.

വിളവെടുക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചുവട്ടില്‍ വെള്ളമൊഴിക്കുന്നത് കുറച്ചാല്‍ മുന്തിരി കായ്കള്‍ക്ക് കൂടുതല്‍ മധുരം ലഭിക്കുമെന്നതാണ് വിനുവിന്റെ കണ്ടെത്തല്‍. ഇനി ധൈര്യമായി പരീക്ഷിച്ചു നോക്കിക്കോളൂ. മനോഹരമായ മുന്തിരിപ്പന്തലൊരുക്കാന്‍ തയ്യാറാകാം.

Contact number : 95626 30102

റബ്ബര്‍മരങ്ങള്‍ക്ക് പാവാട

മഴക്കാലത്ത് ഉത്പാദനനഷ്ടം ഒഴിവാക്കാന്‍ സ്വീകരിക്കുന്ന തന്ത്രമാണ് 'റെയിന്‍ ഗാര്‍ഡിങ്'

റബ്ബര്‍ത്തോട്ടങ്ങളില്‍ മഴക്കാലമാകുമ്പോള്‍ പച്ചനിറത്തില്‍ ഞൊറിയിട്ട് പാവാടചാര്‍ത്തിയതുപോലെ നിരനിരയായി റബ്ബര്‍മരങ്ങള്‍ നില്‍ക്കുന്ന കൗതുകകരമായ കാഴ്ചകാണാം. ഈ കാഴ്ച യുടെ ശാസ്ത്രീയവശമാണ് 'റെയിന്‍ ഗാര്‍ഡിങ്' എന്ന 'മഴക്കവചം.' മഴക്കാലത്ത്  ഉത്പാദനനഷ്ടം ഒഴിവാക്കാന്‍ സ്വീകരിക്കുന്ന തന്ത്രമാണ് 'റെയിന്‍ ഗാര്‍ഡിങ്.'

മരത്തിന്റെ തായ്ത്തടിയിലൂടെ മഴവെള്ളം ഒലിച്ചിറങ്ങി വെട്ടുപട്ടയിലെത്തി നഷ്ടം വരുന്നത് തടയാന്‍, വെട്ടുചാലിനുമുകളില്‍ നിശ്ചിത അകലത്തിലാണ് 'റെയിന്‍ ഗാര്‍ഡ്' എന്ന കവചം ഘടിപ്പിക്കുന്നത്. മേയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള മഴക്കാലത്തും തുടര്‍ന്നുവരുന്ന തുലാവര്‍ഷസമയത്തും റെയിന്‍ ഗാര്‍ഡ് കെട്ടണം. യഥാസമയം ചെയ്താല്‍ കുറഞ്ഞത് 15 ശതമാനമെങ്കിലും ഉത്പാദനവര്‍ധനയുണ്ടാകും.

ഇത് നാലുതരമുണ്ട്. പരമ്പരാഗതരീതിയിലുള്ള പോളിത്തീന്‍ പാവാട, ടാപ്പിങ് ഷേഡ്, ഗാര്‍ഡിയന്‍ റെയിന്‍ ഗാര്‍ഡ്, ടാപ്പിങ് ഷീല്‍ഡ്, 45 സെ.മീ. വീതിയും 300 ഗേജ് കനവുമുള്ള എല്‍.ഡി.പി.ഇ. പോളിത്തീന്‍, ബിറ്റുമെന്‍ ചേര്‍ന്ന റെയിന്‍ഗാര്‍ഡ് കോമ്പൗണ്ട്, ഒരിഞ്ചുവീതിയുള്ള കോറത്തുണിനാട, സ്റ്റേപ്‌ളര്‍ പിന്‍ ഇത്രയുമാണ് പാവാട റെയിന്‍ഗാര്‍ഡിനുവേണ്ട ചേരുവകള്‍. റെയിന്‍ഗാര്‍ഡ് കോമ്പൗണ്ട് തീയില്‍ ചൂടാക്കരുത്. വേണമെങ്കില്‍ കോമ്പൗണ്ടുള്ള ടിന്‍ വെയിലത്തോ മറ്റോവെച്ച് അയവുവരുത്താം. പോളിത്തീന്‍ തയ്യല്‍മെഷീ ന്റെ സഹായത്തോടെ തുല്യയകലത്തില്‍ ചെറിയ ഞൊറിയിട്ട് തയ്ക്കുക, പ്‌ളാസ്റ്റിക്കിന്റെ അരികില്‍നിന്ന് ഒരു സെ.മീ. ഉള്ളില്‍ മാറ്റി തയ്ക്കണം.

ഗാര്‍ഡ് ചെയ്യുന്ന മരത്തിന്റെ വെട്ടുചാലിന് 10. സെ.മീ. മുകളില്‍, ചാലിന് സമാന്തരമായി നാലുസെ.മീ. വീതിയില്‍ മൊരി ചുരണ്ടി പൊടിതുടച്ച് ബിറ്റുമെന്‍ പശ ഒരിഞ്ചു വീതിയില്‍ നേര്‍മയായി ഒരേകനത്തില്‍ തേക്കുക. പശ തേച്ചതിന്റെ താഴ്പകുതി മറയുംവിധം ഞൊറിയിട്ട പോളത്തീന്‍ ഒട്ടിച്ച്  രണ്ടറ്റത്തും യോജ്യമായ സ്റ്റേപ്‌ളര്‍ പിന്നടിച്ച് ഉറപ്പിക്കുക. തുടര്‍ന്ന് കോറത്തുണിനാട ഏറ്റവും പിന്നില്‍ ഉറപ്പിച്ച് ഞൊറിയിട്ടിടത്തെ പോളിത്തീന്‍ ഉപരിതലം മറയുമാറ് മുമ്പോട്ട് വലിച്ചുമുറുക്കി മുന്നിലും ഇടയ്ക്ക് മൂന്നുനാലിടത്തും പിന്നടിച്ച് ഉറപ്പിക്കുക. നാടയുടെ മുകള്‍ഭാഗം മൂടുംവിധം രണ്ടാമതും പശതേച്ചു പിടിപ്പിക്കുക. ഇതാണ് പാവാട റെയിന്‍ഗാര്‍ഡ്.

പാവാടയില്‍ ചോര്‍ച്ചകണ്ടാല്‍ കൂടുതല്‍ പശതേച്ച് ചോര്‍ച്ചതടയണം. മഴയ്ക്കുമുമ്പ്, റെയിന്‍ഗാര്‍ഡ് ചെയ്യണം. മൊരി ചുരണ്ടുമ്പോള്‍ പാല് പൊടിയരുത്. മഴ കഴിഞ്ഞ് പോളിത്തീന്‍ പറിച്ചെടുക്കാതെ, 23 ഇഞ്ച് നിലനിര്‍ത്തി മാത്രമേ മുറിച്ചെടുക്കാന്‍ പാടുള്ളൂ. റെയിന്‍ഗാര്‍ഡ് ചെയ്താല്‍ ഉത്പാദനം കുറയില്ല, പട്ടമരപ്പ് വരില്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0481230123104812301231

നെല്‍കൃഷിക്ക് കൃഷിയെന്തിരന്‍

ശക്തിയായി കറങ്ങുന്ന ബ്ലെയ്ഡുകളാണ് മണ്ണിനെ ഉഴുതുമറിക്കുന്നത്‌

ട്രാക്ടറില്‍ ഘടിപ്പിക്കുന്ന മിക്ക ഉഴവുയന്ത്രങ്ങളും ട്രാക്ടറിന് പിറകിലെ യന്ത്രക്കൈകളുടെ സഹായത്താല്‍ മണ്ണിലൂടെ നിരങ്ങിനീങ്ങുമ്പോള്‍ യന്ത്രത്തിന്റെ കൂര്‍ത്ത കൊഴു മണ്ണിനെ ഉഴുതുമറിക്കുന്നു. ഇതിന്  നിശ്ചിത വേഗത്തില്‍ ട്രാക്ടര്‍ പ്രവര്‍ത്തിപ്പിക്കേണ്ടതുണ്ട്. ഇത് ഇത്തരം ഉഴവ് യന്ത്രത്തിന്റെ പ്രധാന പരിമിതിയാണ്. ഈ കുറവ് പരിഹരിച്ച് നിര്‍മിച്ചിട്ടുള്ള ഉഴവുയന്ത്രമാണ് റോട്ടവേറ്റര്‍ അഥവാ 'റോട്ടറി ടില്ലര്‍'.

ട്രാക്ടറിന്റെ ശക്തി പുറത്തെടുക്കല്‍ സംവിധാനം ഉപയോഗപ്പെടുത്തി പ്രത്യേക ഗിയര്‍ ബോക്‌സിന്റെയോ ചെയിനുകളുടെയോ പിന്‍ബലത്താല്‍ ശക്തിയായി കറങ്ങുന്ന ബ്ലെയ്ഡുകളാണ് മണ്ണിനെ ഉഴുതുമറിക്കുന്നത്. ഇവിടെ ട്രാക്ടറിന്റെ വേഗമല്ല എന്‍ജിന്റെ ശക്തിയും വേഗവുമാണ് ഉഴവുയന്ത്രത്തിന്റെ കാര്യക്ഷമത നിര്‍ണയിക്കുന്നത്.

ഏകദേശം രണ്ടുമീറ്റര്‍ നീളമുള്ള ഉരുക്കുദണ്ഡില്‍ ഘടിപ്പിച്ചിരിക്കുന്ന 'L' ആകൃതിയില്‍ ഇരുവശങ്ങളും മൂര്‍ച്ച കൂടിയ 30 മുതല്‍ 50 വരെ പുറംകാഠിന്യം വരുത്തിയ ഉരുക്ക് ബ്ലെയ്ഡുകളാണ് ഇതിന്റെ പ്രധാനഭാഗം. .ട്രാക്ടറിന് പിറകിലെ യന്ത്രക്കൈകളുടെയും പ്രൊപ്പല്ലര്‍ ഷാഫ്റ്റിന്റെയും സഹായത്താല്‍ റോട്ടവേറ്റര്‍  പി.ടി.ഒ. ഷാഫറ്റുമായി ശ്രദ്ധയോടെ ഘടിപ്പിക്കുക. തുടര്‍ന്ന് ട്രാക്ടര്‍ പ്രവര്‍ത്തിക്കുമ്പോള്‍ പി.ടി.ഒ.യില്‍നിന്നുള്ള ശക്തി റോട്ടവേറ്ററിന്റെ ഗിയര്‍ ബോക്‌സുവഴി ബ്ലെയ്ഡുകളെ ശക്തിയായി കറക്കുന്നു.

ട്രാക്ടറിന്റെ യന്ത്രക്കൈ താഴ്ത്തി ട്രാക്ടര്‍ മുന്നോട്ടു നീങ്ങുമ്പോള്‍ അതിവേഗത്തില്‍ തിരിയുന്ന ബ്ലെയ്ഡുകള്‍ മണ്ണിനെ ഇളക്കിമറിച്ച് കളകളെ അരിഞ്ഞ് കൃഷിസ്ഥലം പാകപ്പെടുത്തുന്നു. ഒരേസമയം മണ്ണ് ഉഴുതുമറിക്കുകയും കളകളെ അരിഞ്ഞുമാറ്റി മണ്ണില്‍ വായുസഞ്ചാരമുണ്ടാക്കാനും റോട്ടവേറ്റര്‍ ഉപയോഗിക്കാം.

നെല്‍കൃഷിക്ക് പാടത്ത് ഉഴവുനടത്താനും ചെളി കലക്കാനും ഏറ്റവും അനുയോജ്യമായ കാര്‍ഷികയന്ത്രമാണ് റോട്ടവേറ്റര്‍. 45 കുതിര ശക്തിയുള്ള ഒരു ട്രാക്ടര്‍ ഉപയോഗിച്ച് നിരപ്പായ ഒരേക്കര്‍ സ്ഥലം ഒരു മണിക്കൂര്‍കൊണ്ട് ഉഴുതു മറിക്കാന്‍ റോട്ടവേറ്ററിന് കഴിയും. ട്രാക്ടറില്‍ ഘടിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന റോട്ടവേറ്ററിന് 60,000 മുതല്‍ ഒരു ലക്ഷം രൂപവരെയാണ് വിപണിവില.

നീലേശ്വരത്തെ ചീരവിശേഷം

കണ്ണെത്താദൂരത്തോളം നിരന്ന് നില്‍ക്കുന്ന ചീരക്കൃഷി കാണണമെങ്കില്‍ കാസര്‍കോട് ജില്ലയിലെ നീലേശ്വരത്തെ തൈക്കടപ്പുറത്ത് പോയി നോക്കിയാല്‍ മതി

ജനുവരി മാസത്തില്‍ തുടങ്ങി മേയ് അവസാനം വരെ  കാസര്‍കോട് ജില്ലയിലെ നിലേശ്വരത്തെ തൈക്കടപ്പുറം മുഴുവന്‍ നല്ല കട്ടച്ചുവപ്പ് നിറത്തിലായിരിക്കും. ചുവന്ന ചീര കണ്ണെത്താദൂരം നിരന്ന് നില്‍പ്പുണ്ടാവും. ഇവിടെ ചീരകൃഷിയില്‍ വിജയഗാഥ രചിച്ചയാളാണ് തൈക്കടപ്പുറം കോളനി റോഡിലെ പ്രകാശന്‍.

മഴക്കാലത്ത് ഇവിടത്തെ പാടങ്ങള്‍ നെല്ലാണെങ്കില്‍ വേനല്‍ക്കാലമാവുമ്പോള്‍ ചീരയും വെണ്ടയും വഴുതനയും നിറയുന്ന തോട്ടങ്ങളായി മാറും. സ്വന്തമായുള്ള ഒന്നരയേക്കര്‍ സ്ഥലത്ത് ചീര, വെണ്ട, വഴുതന, പയര്‍, വെള്ളരി തുടങ്ങി ഒട്ടേറെ പച്ചക്കറികള്‍ ഇദ്ദേഹം കൃഷി ചെയ്യുന്നു. 80 സെന്റ് സ്ഥലം മുഴുവന്‍ ചീര തലയാട്ടി നില്‍ക്കുന്നു. 15 സെന്റില്‍ വഴുതനയുമുണ്ട്.

ജനുവരി ആദ്യത്തോടെ പാടം മുഴുവന്‍ ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുത് മറിക്കും. തുടര്‍ന്ന്  ചാണകവും കോഴിവളവും അടിവളമായി ചേര്‍ക്കും. വളം മണ്ണിനോടു ചേര്‍ന്നാല്‍ പിന്നെ വിത്തിടാനുള്ള സമയമായി. കഴിഞ്ഞവര്‍ഷം ശേഖരിച്ച ചീരവിത്ത് തടത്തില്‍ വിതയ്ക്കും. തുടര്‍ന്ന് മുകളില്‍ മണ്ണ് കുറെശ്ശെയായി ഇടും. വിത്തിട്ട് മൂന്ന് ദിവസത്തിനുള്ളില്‍ മുളച്ചുതുടങ്ങും. പിന്നെ 18 മുതല്‍ 19 ദിവസങ്ങള്‍ക്കൊണ്ട് വിളവെടുക്കാമെന്ന് പ്രകാശന്‍ പറയുന്നു.

തൈക്കടപ്പുറത്ത് ഏകദേശം 25 ആളുകളെങ്കിലും ഇത്തരത്തില്‍ ചീരകൃഷി ചെയ്യുന്നുണ്ട്. ജലസേചനത്തിന് ഇവിടുത്തുകാര്‍ക്കായി പ്രത്യേകം ചിലരീതികളുണ്ട്. ഫില്‍റ്റര്‍ സംവിധാനമാണ് ഉപയോഗിക്കുന്നത്.  പി.വി.സി. പൈപ്പ് 15 മീറ്റര്‍ താഴ്ചയില്‍ ഭൂമിയിലേക്ക് ഇറക്കുന്നു. പൈപ്പില്‍ നിറയുന്ന വെള്ളം മോട്ടോര്‍വെച്ച് കൃഷിയിടത്തിലെത്തിക്കുന്നു.

കീടങ്ങളെ അകറ്റാന്‍ സോപ്പ് ലായനിയും കാന്താരി സ്‌പ്രേയുമാണ് ഉപയോഗിക്കുന്നത്. ഒപ്പം കുറച്ച്  വെണ്ണീറും ഇടാറുണ്ട്.  ഒരു കെട്ട് ചീരയ്ക്ക് 14 രൂപ വരെ വില ലഭിക്കാറുണ്ട്. സീസണ്‍ അവസാനിക്കാറായതോടെ ഇപ്പോള്‍ ഒന്‍പത് മുതല്‍ 10 രൂപ വരെയാണ് കിട്ടുന്നതെന്നും പ്രകാശന്‍ പറഞ്ഞു.  പയ്യന്നൂര്‍, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പ്രധാനമായും ചീര കൊണ്ടുപോകുന്നത്.  സീസണ്‍ തുടങ്ങിയാല്‍ ഒരു ദിവസം 200 കെട്ട് ചീരവരെ വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് കഴിയുന്നുണ്ട്. പാടത്ത് പണിയെടുക്കുമ്പോള്‍ പ്രകാശനൊപ്പം പൂര്‍ണ പിന്തുണയുമായി അമ്മ നാരായണിയും ഭാര്യയും മക്കളുമുണ്ട്.

കണ്ണപുരത്ത് മാമ്പഴം സുലഭം; തിന്നാന്‍ പോലും ആളില്ല

വീണ് നശിക്കുന്ന മാങ്ങകള്‍ ഉപയോഗയോഗ്യമാക്കാനും വിവിധ തരത്തിലുള്ള മാങ്ങകളെ പരിചയപ്പെടുത്താനും കൂട്ടായ്മ സഹായിച്ചു

കണ്ണപുരം ഒരു മാവ് ഗ്രാമമാണ്. ഓരോ നൂറ് മീറ്ററിലും ഒരു മാവെങ്കിലും കണ്ണപുരം പഞ്ചായത്തിലുണ്ടെന്നാണ് ഇതുസംബന്ധിച്ച് പഠിച്ച ലോര്‍ (ലൈഫ് ഓറിയന്റഡ് റിയല്‍ എഡ്യുക്കേഷന്‍) എന്ന കൂട്ടായ്മ കണ്ടെത്തിയത്. ഈ മാവുകളൊന്നും ആരും ഉപയോഗപ്പെടുത്തുന്നില്ല. മാമ്പഴങ്ങള്‍ വാണിജ്യാവശ്യത്തിനെന്നല്ല തിന്നാന്‍പോലും ആരും ഉപയോഗിക്കുന്നില്ല എന്നതാണ് വാസ്തവം.

200 വര്‍ഷം പഴക്കമുള്ള തേനൂറുന്ന മാമ്പഴമായ വെല്ലത്താന്‍ മാവ് ഒരുവര്‍ഷം മുന്നേ മുറിച്ചുമാറ്റിയിരുന്നു. മറ്റൊരിടത്തും കാണാത്തതായിരുന്നു പ്രാദേശികമായി വിളിപ്പേരുള്ള വെല്ലത്താന്‍ മാവ്.

ഈ വെല്ലത്താന്‍ മാവിനെ സംരക്ഷിക്കാന്‍ ലോര്‍ കൂട്ടായ്മ പ്രവര്‍ത്തകര്‍ അതിന്റെ കമ്പുകള്‍ ശേഖരിച്ച്  വിദ്യാര്‍ഥികളുടെ സഹായത്തോടെ അവ ഒട്ടിച്ചു. ഇങ്ങനെ തയ്യാറാക്കിയ അന്‍പതോളം ഒട്ടുമാവിന്‍ തൈകള്‍ നടാനുള്ള ഒരുക്കത്തിലാണ് ഈ കൂട്ടായ്മ.

ഈ കൂട്ടായ്മ കണ്ണപുരം പഞ്ചായത്തിലെ ചുണ്ട കുറുവക്കാവിന് സമീപമുള്ള ആര്‍.ഗോപാലന്‍ മാസ്റ്റരുടെ വീട്ടുവളപ്പിലെ നാട്ടുമാവിന്‍ ചുവട്ടില്‍ ഒത്തുചേര്‍ന്നു. ലോറിന്റെ കൂടെ ഫ്രൂട്ട് ലവേഴ്‌സ് കേരളയും കണ്ണപുരം ഗ്രാമപ്പഞ്ചായത്തും ഒത്തുചേര്‍ന്നപ്പോള്‍ അയ്യായിരത്തോളം വിവിധയിനം മാവിന്‍തൈകള്‍ നട്ട് പിടിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഈ കൂട്ടായ്മ.

നാട്ടുമാവുകള്‍ നട്ടുപിടിപ്പിക്കുന്നതിനോടൊപ്പം 5, 6, 7 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക്  സയന്‍സും കണക്കും സാഹിത്യവും പഠിപ്പിക്കാനുള്ള ബോധനരീതിയും ഇവര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കൂട്ടായ്മയില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍, കര്‍ഷകര്‍, കൃഷി ഓഫീസര്‍മാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, മാധ്യമ വിദ്യാര്‍ഥികള്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.

വീണ് നശിക്കുന്നതും കാക്ക കൊത്തി നശിപ്പിക്കുന്നതുമായ മാങ്ങകള്‍ ഉപയോഗയോഗ്യമാക്കുക, മാങ്ങയുടെ വിവിധ തരത്തിലുള്ള സംസ്‌കരണപ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുക, നാട്ടുമാവുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതികപ്രവര്‍ത്തനങ്ങളും ജനകീയവത്കരിക്കുക, നാട്ടുമാവിന്‍തൈകള്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ച് ഗ്രാഫ്റ്റ് ചെയ്യുക എന്നിവയാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ .തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളെയാണ് ഈ പരിപാടി ഏല്‍പ്പിക്കുന്നത് ഒരുവര്‍ഷക്കാലത്തെ പദ്ധതിയാണിത്. കൂട്ടായ്മയില്‍ വിവിധ തരത്തിലുള്ള മാങ്ങകളെ പരിചയപ്പെടുത്തുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

കണ്ണപുരം മാങ്ങ, ബപ്പക്കായ്, പവിഴരേഖ, വെല്ലത്താന്‍, മൂവാണ്ടന്‍, സിന്ദൂരരേഖ, ഒളോന്‍ മാങ്ങ, തത്തച്ചുണ്ടന്‍, ചേരിമാങ്ങ, ഉരുണി മാങ്ങ, കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.വി.രാമകൃഷ്ണന്റെ വീട്ടിലുള്ള അദ്ദേഹം വിളിപ്പേരിട്ടിട്ടുള്ള കണ്ണപുരം റെഡ് തുടങ്ങി വിവിധതരം കാട്ടുമാങ്ങകള്‍ പ്രദര്‍ശിപ്പിച്ചു.

തുടര്‍ന്ന് കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ ചുണ്ടയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന് നാട്ടുമാങ്ങകള്‍ ശേഖരിച്ച് ഭക്ഷിക്കുകയും വിത്ത് ശേഖരിക്കുകയും ചെയ്തു.ഏകദേശം ഇരുന്നൂറിലധികം വിവിധങ്ങളായ നാട്ടുമാങ്ങകള്‍ കണ്ണപുരത്തുണ്ടെന്നാണ് ലോറിന്റെ വിലയിരുത്തല്‍. കൂട്ടായ്മയ്ക്കുശേഷം എ.വി.ജയചന്ദ്രന്‍ മാസ്റ്ററുടെ വീട്ടില്‍നിന്ന് മാങ്ങകള്‍ കൊണ്ടുണ്ടാക്കിയ രുചികരമായ വിവിധങ്ങളായ കറികളും അച്ചാറുകളും ജാമുകളും അടങ്ങിയ ഔഷധക്കഞ്ഞി ഏവര്‍ക്കും പ്രിയങ്കരമായി

"ജൈവകൃഷിയല്ല വേണ്ടത്‌; രാസവളങ്ങള്‍ ഉപയോഗിച്ച് സുരക്ഷിത കൃഷി ചെയ്യാമല്ലോ?'

മണ്ണ് അറിഞ്ഞു കൃഷി ചെയ്യുന്ന ഒരു കര്‍ഷകനെ പരിചയപ്പെടാം. മണ്ണിലേക്കിറങ്ങാന്‍ പ്രായമൊരു തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഇദ്ദേഹം

എണ്‍പതാമത്തെ വയസ്സിലും മണ്ണറിഞ്ഞ് കൃഷി ചെയ്യാന്‍ എത്ര പേര്‍ തയ്യാറാകും? ഇവിടെ അങ്ങനെയൊരു മനുഷ്യന്‍ തന്റെ പരീക്ഷണങ്ങളുമായി മണ്ണിലേക്കിറങ്ങിത്തിരിച്ചു.

'നമുക്ക് ജൈവകൃഷിയല്ല വേണ്ടത്. സുരക്ഷിത കൃഷിയാണ്. ജൈവ കൃഷിരീതിയില്‍ ജൈവവളങ്ങളും ജൈവകീടനാശിനികളും മാത്രമാണ് ഉപയോഗിക്കുന്നത്. ജനസംഖ്യ വര്‍ദ്ധിച്ചുവരുമ്പോള്‍ എല്ലാവര്‍ക്കും ആവശ്യമായ ഭക്ഷണം കൊടുക്കണം. ജൈവ കൃഷിമാത്രം മതിയെന്ന് ശഠിച്ചാല്‍ ഇനിയുള്ള കാലത്ത് എല്ലാവരുടെയും വിശപ്പടക്കാന്‍ പറ്റുമോ? മിതമായ തോതില്‍ രാസവളങ്ങള്‍ പ്രയോഗിച്ചുള്ള സുരക്ഷിതകൃഷിയാണ് നമുക്കാവശ്യം.'  പ്രതിരോധ വകുപ്പില്‍ ശാസ്ത്രജ്ഞനായിരുന്ന വിജയരാജനെന്ന കര്‍ഷകന്റെ വാക്കുകളാണ് ഇത്‌.

പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് വിജയരാജന്‍ താമസിക്കുന്നത്‌. ഇദ്ദേഹത്തിന്റെ കൃഷിയിലുള്ള പരീക്ഷണങ്ങള്‍ കര്‍ഷകര്‍ക്ക് മുതല്‍ക്കൂട്ടാണ്. കര്‍ഷകനും പ്രകൃതിയും തമ്മിലുള്ള സൗഹൃദത്തിലൂന്നിയ ഭക്ഷ്യോത്പാദനം മുന്നില്‍ക്കണ്ടാണ് പ്രായാധിക്യം മറന്ന് ഈ മനുഷ്യന്‍ പ്രവര്‍ത്തിക്കുന്നത്.  തന്റെ വീട്ടില്‍ വളരെ പരിമിതമായ സ്ഥലത്ത് പാവല്‍, മേക്കാച്ചില്‍, നിത്യവഴുതന എന്നിങ്ങനെയുള്ള പച്ചക്കറികളെല്ലാം വിളയിക്കുന്നു.  സ്ഥലമില്ലാകൃഷി എന്നാണ് തന്റെ കൃഷിരീതിയെ അദ്ദേഹം വിശേഷിപ്പിക്കുന്നത്.

കമ്പിളി നാരകത്തില്‍ ഗ്രാഫ്റ്റ് ചെയ്ത ചെറുനാരകം

കമ്പിളി നാരകത്തില്‍ ചെറുനാരകം ഗ്രാഫ്റ്റ് ചെയ്താല്‍ പിടിച്ചു കിട്ടാന്‍ മൂന്ന് മാസമെടുക്കും. പ്രതിരോധശേഷി കുറവായ ചെറുനാരകം വരള്‍ച്ചയെ പ്രതിരോധിക്കാന്‍ കഴിവുള്ള കമ്പിളി നാരകവുമായി ചേര്‍ത്ത് ഗ്രാഫ്റ്റ് ചെയ്യുമ്പോള്‍ നല്ലയിനം ചെറുനാരകം ലഭിക്കുമെന്നത് ഇദ്ദേഹത്തിന്റെ കണ്ടെത്തലാണ്. ഗ്രാഫ്റ്റ് ചെയ്ത നാരകം മൂന്നാമത്തെ വര്‍ഷം മുതല്‍ കായ്ക്കാന്‍ തുടങ്ങും. വര്‍ഷത്തില്‍ മൂന്ന് തവണ വിളവെടുക്കാം. ഒരു തവണ തന്നെ 5000 കായ്കള്‍ ലഭിക്കും. ഏപ്രില്‍, മെയ് മാസത്തിലാണ് ഏറ്റവും കൂടുതല്‍ വിളവ് ലഭിക്കുന്നത്.

വാഴയ്ക്കും കുത്തിവെപ്പ്

പിണ്ടിപ്പുഴുവിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷ നേടാന്‍ വിജയരാജന്‍ ഒരു വിദ്യ കണ്ടുപിടിച്ചു. സോപ്പ് ,വേപ്പെണ്ണ-വെളുത്തുള്ളി എമള്‍ഷന്‍ സിറിഞ്ച് ഉപയോഗിച്ച് വാഴപ്പിണ്ടിയില്‍ കുത്തിവെക്കുന്നതാണ് ഇദ്ദേഹത്തിന്റെ രീതി. നാല് മാസം പ്രായമായ വാഴയില്‍ പിണ്ടിപ്പുഴുവിന് സ്വാദിഷ്ഠമായ ഭക്ഷണം ലഭിക്കും. തള്ളച്ചെല്ലി വാഴയുടെ പിണ്ടിയില്‍ തുളയുണ്ടാക്കി ആയിരക്കണക്കിന് മുട്ടകള്‍ ഇടുന്നു. ഏതാണ്ട് 25 ദിവസം കഴിയുമ്പോളാണ് മുട്ട വിരിഞ്ഞ് പുഴുക്കള്‍ പുറത്തുവരുന്നത്. ഈ പുഴുക്കള്‍ വാഴയുടെ കാമ്പ് തിന്നൊടുക്കുന്നു. സോപ്പ്, വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം കുത്തിവെക്കുമ്പോള്‍ വാഴപ്പിണ്ടിയുടെ മധുരം നഷ്ടപ്പെടുന്നു. പുഴുക്കള്‍ക്ക് വേപ്പെണ്ണയുടെ അരുചിയും വെളുത്തുള്ളിയുടെ ഗന്ധവും ദുസ്സഹമാകുമ്പോള്‍ പിണ്ടിക്കുള്ളില്‍ത്തന്നെ പുഴുക്കള്‍ നശിക്കുന്നു.

തേനീച്ച വളര്‍ത്തലിലും താത്പര്യം

സാധാരണ രീതിയില്‍ വളരുന്ന തേനീച്ചകള്‍ കീടബാധയേല്‍ക്കാതെ തന്നെ നശിച്ചുപോകുന്ന സാഹചര്യമുണ്ടായപ്പോളാണ് മണ്‍കലക്കൂട് എന്ന ഒരു പരീക്ഷണം വിജയരാജന്‍ നടത്തിയത്.  തടിയിലും കല്ലുകള്‍ക്കിടയിലും കൂടുകൂട്ടിയ തേനീച്ചകള്‍ക്കു മുമ്പില്‍ രണ്ട് വശവും തുളച്ച് പൈപ്പ് കടത്തിയ മണ്‍കലം വയ്ക്കും. കൂട്ടില്‍ വന്നിറങ്ങുന്ന ഈച്ചയ്ക്ക് അതില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ തിരികെ പഴയ താവളത്തിലേക്ക് പോകാന്‍ കഴിയുന്നില്ല. പിന്നെ മണ്‍കലം കൊണ്ടുള്ള കൂട് മാറ്റി പുതിയ കൂട് വയക്കുന്നു. കലത്തിനു പകരം പി.വി.സി പൈപ്പ് ഉപയോഗിച്ചും കൂടൊരുക്കുന്നു.

പടരുന്ന ചെടികള്‍ക്ക് പതാകാരോഹണം

ചെടികളുടെ പടരുന്ന വള്ളികള്‍ സൂര്യപ്രകാശം ലഭിക്കാന്‍ കയറില്‍ ഉയര്‍ത്തിക്കെട്ടുന്നു. ഫലം എടുക്കേണ്ടപ്പോള്‍ താഴെ നിന്നു തന്നെ കയര്‍ താഴ്ത്തി പറിയ്ക്കാം. വീണ്ടും സൂര്യപ്രകാശം ലഭിക്കുന്നിടത്തേക്ക് വള്ളികളെ ഉയര്‍ത്തിവെക്കുന്നു

ജൈവവള നിര്‍മാണം

റിംഗ് രൂപത്തിലും ദീര്‍ഘ ചതുരാകൃതിയിലുമുള്ള ടാങ്കില്‍ മണ്ണിര കമ്പോസ്റ്റ് നിര്‍മിക്കുന്നു. പോര്‍ട്ടബില്‍ ടാങ്കില്‍ കമ്പോസ്റ്റ് നിര്‍മിക്കുന്ന രീതി കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. മണ്ണിരയെ ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി നല്‍കുകയും ചെയ്യുന്നു. ഫിഷ് ടോണിക്കും മണ്ണിര കമ്പോസ്റ്റുമൊക്കെയാണ് വളമായി ഉപയോഗിക്കുന്നതെങ്കിലും മണ്ണ് വിഷലിപ്തമാകാത്ത രീതിയില്‍ ആവശ്യത്തിന് രാസവളം നല്‍കണമെന്നാണ് വിജയരാജ് ഓര്‍മിപ്പിക്കുന്നത്.

മണ്ണ്‌ അറിഞ്ഞു കൃഷി ചെയ്യുക

'നമ്മുടെ മണ്ണില്‍ അമ്ലാംശം കൂടുതലാണ്. കാല്‍സ്യവും മഗ്‌നീഷ്യവും ചേര്‍ന്നുള്ള ഡോളമൈറ്റ് ചേര്‍ത്ത് മണ്ണിനെ ക്ഷാരാംശമുള്ളതാക്കി മാറ്റിയാല്‍ മാത്രമേ ചെടികള്‍ക്ക് ആവശ്യമുള്ള വളം വലിച്ചെടുക്കാന്‍ കഴിയുകയുള്ളു. മണ്ണ് പരിശോധിച്ച് മണ്ണറിഞ്ഞ് കൃഷി ചെയ്യണം. ചെടികള്‍ക്ക് വളം നല്‍കുമ്പോള്‍ ആവശ്യത്തില്‍ക്കൂടുതല്‍ വെള്ളം ചേര്‍ക്കരുത്. പുട്ടിന് കുഴയ്ക്കുന്ന പരുവത്തിലായിരിക്കണം വളം തയ്യാറാക്കേണ്ടത്.'  എണ്‍പതാമത്തെ വയസ്സിലും ജൈവവൈവിധ്യം നിലനിര്‍ത്താനാവശ്യമായതെല്ലാം ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് വിജയരാജന്‍ സ്വന്തം കൃഷിയിലൂടെ.

Contact number: 0468 236 2737

തലമുടി കമ്പോസ്റ്റ്

പാഴാക്കിക്കളയുന്ന തലമുടിയില്‍നിന്ന് ജൈവമണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കി ഉപയോഗിക്കുകയാണ് കര്‍ഷകനായ തിരുവനന്തപുരം ഉള്ളൂര്‍ രാജി ഭവനില്‍ ആര്‍. രവീന്ദ്രന്‍. ഹൃദയാമൃതം, മുട്ടമിശ്രിതം, ജൈവകീടനാശിനി എന്നിവയും രവീന്ദ്രന്‍ ഉത്പാദിപ്പിക്കുന്നുണ്ട്. പാതയോരത്തും മറ്റും കൊണ്ടിടുന്ന ബാര്‍ബര്‍ ഷോപ്പില്‍നിന്നുമുള്ള തലമുടി പറന്ന് പരിസ്ഥിതിക്ക് പ്രശ്‌നമാകുന്നതുകണ്ട് രവീന്ദ്രന് തോന്നിയ ആശയമാണ് ഈ വിജയത്തിനു പിന്നില്‍.

തലമുടി മണ്ണിര കമ്പോസ്റ്റ് നിര്‍മാണം ഇങ്ങനെ: സാധാരണ മണ്ണിര കമ്പോസ്റ്റിന് ഒന്നരമീറ്റര്‍ നീളവും 0.9. മീറ്റര്‍ X 0.6 മീറ്റര്‍ വീതിയിലും ആഴത്തിലുമുള്ള ഇഷ്ടികയോ, സിമന്റ്കട്ടയോ കൊണ്ടുള്ള ടാങ്ക് നിര്‍മിച്ച് അടിയില്‍ സിമന്റുകൊണ്ട് ഉറപ്പിക്കണം. അധികജലം വാര്‍ന്നുപോകാന്‍ 1.25 സെ. മീറ്റര്‍ വണ്ണമുള്ള പ്‌ളാസ്റ്റിക് കുഴലുകളും ഘടിപ്പിക്കണം. ടാങ്കിന്റെ പുറത്ത് ചുറ്റുമായി ഉറമ്പുകടക്കാതെ പാത്തി ഉണ്ടാക്കി വെള്ളംകെട്ടി നിര്‍ത്തുകയും എലിയുടെ ശല്യം ഒഴിവാക്കാനായി മുകളില്‍ കമ്പിവലയും മഴയും വെയിലും ഏല്‍ക്കാതെ മേല്‍ക്കൂരയും ഉണ്ടാവണം.

ഇത്രയും സംവിധാനങ്ങള്‍ ഒന്നുംതന്നെ ഇല്ലാതെ വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ക്ക് ആവശ്യമായ കമ്പോസ്റ്റ് നിര്‍മിക്കാന്‍ ആവശ്യാനുസരണം വലുപ്പമുള്ള പ്‌ളാസ്റ്റിക് ബാരല്‍ ഉപയോഗിക്കാം. അടിയില്‍ ഊറിവരുന്ന ദ്രാവകം ശേഖരിക്കാന്‍ ടാപ്പുപിടിപ്പിക്കണം. ഇപ്രകാരം തയ്യാറാക്കിയ ബാരലിന്റെ അടിയില്‍ നനച്ച ചണംചാക്ക് വിരിച്ച് നാലിഞ്ച്കനത്തില്‍ തലമുടി വിതറുന്നു. അതിന്റെ പുറത്ത് പച്ചചാണകത്തില്‍ ശര്‍ക്കര ലായിനി ചേര്‍ത്ത് തളിക്കും. വീണ്ടും ബാരലിന്റെ മുക്കാല്‍ ഭാഗത്തോളംവരെ ഇങ്ങനെ ആവര്‍ത്തിച്ച് നിറച്ചശേഷം ഏറ്റവും മുകളിലായി ചാണകം കുഴമ്പാക്കി ഒഴിച്ചതിനു ശേഷം മണ്ണിരകളെ (ആഫ്രിക്കന്‍ ഇനമായ യൂഡ്രിലസ് യുജിനോ) നിക്ഷേപിച്ച് മുകള്‍ഭാഗം നനച്ചശേഷം നനഞ്ഞ ചണച്ചാക്കുകൊണ്ട് മൂടും. ആഴ്ചയില്‍ രണ്ട്, മൂന്നു തവണ മുകളില്‍ അല്പം വെള്ളം നനച്ചുകൊടുക്കുകയും വേണം.

രണ്ടാഴ്ചകൊണ്ട് മണ്ണിര വംശവര്‍ധനവ് നടത്തി, വളര്‍ന്ന് ഒരടിയോളം വലിപ്പത്തിലാവും ഇവ തലമുടി ഭക്ഷിച്ച് വിസര്‍ജിച്ച് രണ്ടുമാസമാകുമ്പോള്‍ നല്ല കമ്പോസ്റ്റാകും. അതുകഴിഞ്ഞ് ഏറ്റവും മുകളില്‍ ചാണക കുഴമ്പുതളിക്കുമ്പോള്‍ മണ്ണിരകള്‍ എല്ലാംതന്നെ ചാണകത്തില്‍ പറ്റിപ്പിടിക്കും. ഇവയെ മാറ്റി അടുത്ത കമ്പോസ്റ്റ് നിര്‍മാണത്തിനായി ഉപയോഗിക്കാം.

ടാപ്പ്‌വഴി ഊറിവരുന്ന ദ്രാവകം (വെര്‍മിവാഷ്) അഞ്ചിരിട്ടി വെള്ളം ചേര്‍ത്ത് എല്ലാതരം പച്ചക്കറികള്‍ക്കും ചുവട്ടിലും ഇലകളിലും തളിക്കാം. ചെടി പുഷ്ടിയായി പച്ചപ്പോടെ വളരും. നല്ലവിള ലഭിക്കുമെന്നും രവീന്ദ്രന്‍ പറയുന്നു. ഇതിന്റെ ഫലം പെട്ടെന്നറിയാന്‍ ചീരക്കാണ് ആദ്യം പ്രയോഗിച്ചത്. തണ്ടിന് നല്ലകട്ടിയും ഇല വലിപ്പവും നല്ലരുചിയും അനുഭവപ്പെട്ടതായി ഇദ്ദേഹം പറയുന്നു.

രവീന്ദ്രന്‍ ഫോണ്‍: 90482828859048282885 .

കല്യാശേരിയില്‍ ഗിരീഷിന്റെ ജൈവപച്ചക്കറിക്കൃഷി സജീവം

കല്യാശ്ശേരി: കല്യാശ്ശേരി ബിക്കിരിയന്‍പറമ്പിന് സമീപത്തെ ഇടച്ചേരിയില്‍ ഗിരീഷിന്റെ ജൈവപച്ചക്കറിക്കൃഷിത്തോട്ടം വിഷുക്കാലത്ത് ഏവരുടെയും ശ്രദ്ധാകേന്ദ്രമാണ്. എട്ടുവര്‍ഷമായി ഗിരീഷ് ജൈവകൃഷി തുടങ്ങിയിട്ട്. സ്വന്തമായി തയ്യാറാക്കുന്ന വിത്തിനങ്ങളും തനതായ കൃഷിരീതികളും വളപ്രയോഗങ്ങളും കീടങ്ങളെ അകറ്റാനുള്ള പ്രതിരോധമാര്‍ഗങ്ങളും ഗിരീഷിന്റെ പച്ചക്കറിക്കൃഷിക്ക് വേറിട്ടമുഖം നല്‍കുന്നു.

വീടിനോടുചേര്‍ന്ന ഒരേക്കറോളം സ്ഥലത്താണ് ഈ മാതൃകാകര്‍ഷകന്റെ കൃഷിത്തോട്ടം. താലോലി, കൈപ്പക്ക, പടവലം, വെണ്ട, പയര്‍, വെള്ളരി മുതലായവയാണ് പ്രധാന വിളവുകള്‍. കൃഷിയുടെ പരിപാലനത്തിന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും വലിയ പിന്തുണയാണ് ഈ കര്‍ഷകന് നല്‍കുന്നത്. എങ്കിലും ഗിരീഷിന്റെ സ്വന്തമായ വേറിട്ട രീതികളാണ് കൃഷിയുടെ വിജയം.

പ്രദേശത്തെ കേബിള്‍ ഇലക്ട്രീഷ്യനായി ജോലിനോക്കുന്നതിനിടയിലെ ഒഴിവുസമയങ്ങളാണ് ജൈവ പച്ചക്കറിക്കൃഷിക്കായി മാറ്റിവെക്കുന്നത്.

ഗിരീഷിന്റെ കൃഷിരീതിയെ കൃഷിവകുപ്പുതന്നെ നിരവധി തവണ അംഗീകരിക്കുകയും പുരസ്‌കാരങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. കല്യാശ്ശേരിയിലെ മികച്ച പച്ചക്കറി കര്‍ഷകനായും അംഗീകാരം നേടിയിട്ടുണ്ട്. ഗിരീഷിന്റെ സഹായത്തോടെ കല്യാശ്ശേരി ഗവ. എല്‍.പി. സ്‌കൂളില്‍ വളര്‍ത്തിയെടുത്ത പച്ചക്കറിത്തോട്ടം മുന്‍വര്‍ഷം വിദ്യാഭ്യാസ വകുപ്പിന്റെയും കൃഷിവകുപ്പിന്റെയും നിരവധി അംഗീകാരങ്ങള്‍ നേടിയിരുന്നു. ഇവകൂടാതെ ആവശ്യക്കാര്‍ക്ക് ജൈവ പച്ചക്കറിക്കൃഷിയെ ക്കുറിച്ച് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങളും ഗിരീഷിന്റെ സേവനത്തിന്റെ ഭാഗമാണ്.

വിഷുക്കാലത്തും അതിനുശേഷവും നിത്യേന നിരവധിപേരാണ് ദൂരസ്ഥലങ്ങളില്‍നിന്നുപോലും എത്തി പച്ചക്കറി കൊണ്ടുപോകുന്നത്. ഇതിനകം ടണ്‍കണക്കിന് വിഷരഹിത പച്ചക്കറികളാണ് ഗിരീഷിന്റെ തോട്ടത്തില്‍നിന്ന് ഉത്പാദിപ്പിച്ചത്

ടെറസ് കൃഷിയും വിനോദസഞ്ചാരവും നാട്ടുഭക്ഷണവും: കൃഷിയിൽ മഹാനായ ജോജി

കേവലം മാനസികോല്ലാസത്തിനായി ആരംഭിച്ച മട്ടുപ്പാവുകൃഷി ഇപ്പോള്‍ ജോജിക്കും കുടുംബത്തിനും സാമ്പത്തിക സുരക്ഷിതത്വവും അംഗീകാരവും നല്കുന്നു.

ഫോര്‍ട്ടുകൊച്ചിയുടെ വിനോദസഞ്ചാര മേഖലയില്‍ വേറിട്ട രീതിയില്‍ ഇടപെട്ട് ഉപജീവനമാര്‍ഗം കണ്ടെത്തുകയാണ് ജോജി ജോര്‍ജ്. കൃഷിയും വിനോദസഞ്ചാരവും നാട്ടുഭക്ഷണവുമൊക്കെ ചേര്‍ന്ന സവിശേഷമായ രീതിയാണ് ജോജിയുടേത്. സമീപത്തുള്ള സെന്റ് ആന്റണീസ് പള്ളിയിലെ പെരുന്നാളിന്റെ നേര്‍ച്ചസദ്യക്ക് ആവശ്യമായ മുഴുവന്‍ കോളിഫ്‌ളവറും കൃഷിചെയ്ത് സൗജന്യമായി നല്കിയത് ജോജിയായിരുന്നു.

ഫോര്‍ട്ടുകൊച്ചി ചുള്ളിക്കലില്‍ രണ്ടര സെന്റിലുള്ള തന്റെ വീടിന്റെ മട്ടുപ്പാവില്‍ വിളയിച്ചെടുക്കതാണ് കോളിഫ്‌ളവര്‍. ഈ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടു കൂടിയാണ് ജോജി ശ്രദ്ധേയനാകുന്നത്.  40 കിലോയോളം കോളിഫ്‌ളവറാണ് ജോജി ടെറസ്സില്‍ ജൈവരീതിയില്‍ ഉത്പാദിപ്പിച്ചത്. വാര്‍ത്തയറിഞ്ഞ് ഒട്ടേറെപ്പേര്‍ ജോജിയുടെ മട്ടുപ്പാവിലെ കൃഷിയിടം കാണാനെത്തി. താത്പര്യമുള്ള വിദേശ വിനോദസഞ്ചാരികളെ ഈ കൃഷിയിടത്തിലെത്തിക്കാന്‍ സഞ്ചാര ഏജന്‍സികള്‍ക്ക് തയ്യാറായി. അവര്‍  ജോജിയുമായി ചര്‍ച്ചചെയ്തു.

കൃഷിഭവനില്‍ നിന്ന് അനുവദിച്ച മഴമറ നിര്‍മിച്ച്, തന്റെ കൃഷി വിപുലീകരിച്ച് കാഴ്ചയ്ക്ക് സജ്ജമാക്കി. സന്ദര്‍ശകര്‍ക്കായി കേരളസദ്യ ഒരുക്കുകയും കൃഷിയിടത്തില്‍ വച്ചുതന്നെ സദ്യ കഴിക്കാന്‍ കഴിയുന്ന രീതിയില്‍ തന്റെ മട്ടുപ്പാവ് മാറ്റുകയും ചെയ്തു.

വൈറ്റില കൃഷിഭവനില്‍ നിന്നു ലഭിച്ച സൗജന്യ ഗ്രോബാഗുകളിലാണ് ജോജി തന്റെ ജൈവകൃഷി നടത്തുന്നത്. വൃത്തിയോടും ചിട്ടയോടും കൂടി ഒരുക്കിയിരിക്കുന്ന ഗ്രോബാഗുകളില്‍ വിളവെടുക്കാന്‍ തയ്യാറായി നില്ക്കുന്ന വെണ്ടയും വഴുതനയും തക്കാളിയും ചീരയും കാബേജും കോളിഫ്‌ളവറും ആരെയും കൊതിപ്പിക്കും. വള്ളിപ്പയര്‍, കോവല്‍, പാഷന്‍ ഫ്രൂട്ട് എന്നിവ മഴമറയ്ക്കു ചുറ്റും ഭിത്തി തീര്‍ത്തിരിക്കുന്നു. 15 ഗ്രോബാഗുകളിലായി വിതച്ചിരിക്കുന്ന 'ഉമ' ഇനത്തില്‍പ്പെട്ട നെല്‍ വിത്തുകള്‍ കൊയ്ത്തിന് തയ്യാറായി.  ടെറസ്സിന്റെ മൂലയില്‍ ബാരലില്‍ വച്ചിരിക്കുന്ന ചൈനീസ് ഓറഞ്ചുചെടിയില്‍ വിളഞ്ഞുകിടക്കുന്ന ഓറഞ്ചിന്റെ ജ്യൂസാണ് അതിഥികളെ സ്വീകരിക്കുമ്പോള്‍ ആദ്യമായി നല്കുന്നത്. വിദേശികള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍, എരിവു കുറഞ്ഞ രുചികരമായ കറികളാണ് സദ്യക്കായി ഒരുക്കുക.

ജോജിയുടെ ഭാര്യ വിദ്യ, അമ്മ, സഹോദരിമാര്‍ എന്നിവര്‍ ചേര്‍ന്ന് സദ്യ ഒരുക്കുന്നു.  ഇതോടൊപ്പം താത്പര്യമുള്ളവര്‍ക്ക് കേരള സദ്യ ഉണ്ടാക്കാനുള്ള ക്ലാസും നടത്തുന്നുണ്ട്.  ഫ്രാന്‍സ്, ഹോളണ്ട്, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലും അതിഥികളായി എത്തുന്നത്. ജോജിയുടെ സുഹൃത്തും വാര്‍ഡംഗവുമായ ആന്റണി എല്ലാ സഹായങ്ങളുമായി ജോജിയുടെ ഒപ്പമുണ്ട്.

ഞാറയ്ക്കല്‍, വൈറ്റില കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിലെ താത്കാലിക ഡ്രൈവറാണ് ജോജി.  കൃഷി ഉദ്യോഗസ്ഥരോടൊപ്പം വിവിധ കൃഷിയിടങ്ങളില്‍ പോയപ്പോഴുണ്ടായ കാഴ്ചകളില്‍ നിന്നാണ് തന്റെ വീടിന്റെ മട്ടുപ്പാവ് കൃഷിയിടമാക്കുന്നതിനുള്ള പ്രചോദനം ലഭിച്ചത്. കേവലം മാനസികോല്ലാസത്തിനായി ആരംഭിച്ച മട്ടുപ്പാവുകൃഷി ഇപ്പോള്‍ ജോജിക്കും കുടുംബത്തിനും സാമ്പത്തിക സുരക്ഷിതത്വവും അംഗീകാരവും നല്കുന്നു.  മികച്ച മട്ടുപ്പാവു കൃഷിക്കുള്ള പുരസ്‌കാരം ഉള്‍പ്പെടെ ചെറുതും വലുതുമായ നിരവധി കാര്‍ഷിക പുരസ്‌കാരങ്ങളും ഈ കുടുംബത്തെ തേടിയെത്തിയിട്ടുണ്ട്.

നെല്ലും പാലും മീനും സമൃദ്ധം; കാര്‍ഷിക ഗ്രാമമായി വീടിനെ മാറ്റി ജയശ്രീ

പ്രായത്തിന്റെ അലട്ടലുകളെയെല്ലാം തന്റെ കര്‍ത്തവ്യവീര്യം കൊണ്ട് തോല്‍പ്പിക്കുകയാണ് ജയശ്രീ

 

വാഴച്ചുണ്ടിലിരുന്ന് തേന്‍കുരുവി...ഓലേഞ്ഞാലിക്കിളിയോടു പതിവ് കുശലം ചോദിച്ചു, കുസൃതികൂട്ടിയ പശുക്കിടാങ്ങളെ ശകാരിച്ചുകൊണ്ടൊരു കാക്കത്തമ്പുരാട്ടി പറന്നുപോയി.ആശങ്കയുടെ ചെതുമ്പലക്കങ്ങളുമായി മീന്‍ കുഞ്ഞുങ്ങള്‍ ഊളിയിട്ടു മറഞ്ഞു.....പണ്ടെപ്പോളോ കണ്ടുമറന്ന നാട്ടിന്‍പുറത്തിന്റെ ഓര്‍മ്മയല്ലിത്...ഇത് ബിരാമിക..ദി ആഗ്രോ വില്ലേജ് ...എരയാംകുടി സമരനായിക ജയശ്രീ ടീച്ചറും ഭര്‍ത്താവ് അപ്പുവും ഒറ്റപ്പെടലിന്റെ തുരുത്തില്‍ നിന്നും നന്മ പാകി മുളപ്പിച്ച വിത്തുപാത്രം. പ്രകൃതിയെ അറിഞ്ഞ് മണ്ണിനെ മുറിവേപ്പില്‍ക്കാതെ നാളത്തെ തലമുറയ്ക്കായി മാറ്റിവച്ചതാണ് ഈയിടം.

നെടുമ്പാശ്ശേരിയ്ക്ക് അടുത്ത്  എളവൂരില്‍ കാക്കയെ പോലും കണ്ടുകിട്ടാത്ത ആറേക്കര്‍ സ്ഥലത്ത് 2007ല്‍ ബിരാമിക ആരംഭിക്കുമ്പോള്‍ ടീച്ചറിനെ സംബന്ധിച്ചിടത്തോളം ഒരുപാടു പ്രതീക്ഷകളുടെ പുനര്‍ജനിയായിരുന്നു സ്വപ്‌നം. ബംഗാളില്‍ തങ്ങള്‍ വിട്ടിട്ടുപോന്ന ബിരാമിക എന്ന ആശയത്തിന്റെ വേരുകളിലേക്കൊരു മടക്കയാത്ര. ബംഗാളിനെക്കുറിച്ചും ബിരാമികയുടെ അവിടുത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പറയുമ്പോള്‍ ടീച്ചറിന്റെ കണ്ണുകളില്‍ ഗൃഹാതുരത്വം തുളുമ്പി.

അവരില്‍ സമരവീര്യത്തിന്റെ കനലിപ്പോളും ബാക്കിയുണ്ട്. ഭൂമി നമ്മുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങളെ വിതച്ചു കൊയ്യേണ്ട ഇടമല്ല,വരും തലമുറയ്ക്ക് ദദ്രമായി മാറ്റിവെക്കേണ്ട കരുതലാണ്. കൃഷിയ്ക്കും അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കുമായി മാറ്റി വച്ചിരിക്കുന്ന ബിരാമികയില്‍ ഇന്നില്ലാത്തതായി ഒന്നുമില്ല.അഞ്ചല്ല പത്തു ദിവസം കേരളത്തില്‍ ഹര്‍ത്താലാചരിച്ചാലും അത് തങ്ങളെ ബാധിക്കില്ലെന്നു ടീച്ചര്‍ ചിരിച്ചുകൊണ്ട് പറയുന്നു.

ഉപ്പൊഴികെ ബാക്കിയെല്ലാം സ്വന്തം മണ്ണില്‍ നിന്നും കിട്ടുന്നു. വിഷം പുരളാത്ത ഭക്ഷ്യോല്‍പന്നങ്ങള്‍ ,നെല്ലും പാലും മുട്ടയും മീനും തുടങ്ങി പച്ചക്കറികളെല്ലാം സമൃദ്ധമായി ലഭിക്കുന്ന കാര്‍ഷിക ഗ്രാമമാക്കി അവര്‍ വീടിനെ മാറ്റി. ബിരാമികയ്ക്ക് കീഴില്‍ ഒരുട്രസ്റ്റ് നിലവിലുണ്ട്.പരിസ്ഥിതിസ്‌നേഹികളെ കൂട്ടിച്ചേര്‍ത്ത്‌കൊണ്ട് വലിയ കൂട്ടായ്മകളെ സ്വപ്‌നം കാണുന്നുണ്ടിവര്‍.വീടും ഭൂമിയും കാര്‍ഷിക പഠനകേന്ദ്രമാക്കികൊണ്ട് നമ്മളിനിയും തിരിച്ചറിയാത്ത നാട്ടറിവുകളിലേക്ക് അവര്‍ ക്ഷണിക്കുകയാണ്.

കോണ്‍ഫറന്‍സ് ഹാളും കാര്‍ഷിക ലൈബ്രറിയും കൃഷി പഠിക്കാന്‍ വരുന്നവര്‍ക്ക് തങ്ങാന്‍ മണ്‍കുടിലുകളും ഒക്കെ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.പ്രായത്തിന്റെ അലട്ടുകളെയെല്ലാം തന്റെ കര്‍ത്തവ്യവീര്യം കൊണ്ട് തോല്‍പ്പിക്കുകയാണ് ടീച്ചര്‍.50 സെന്റോളും ഭൂമി കൃഷിയോട് താല്‍പര്യമുള്ളവര്‍ക്ക് വീട് വെയ്ക്കാനായി മാറ്റിവച്ച ഒരു പദ്ധതി ബിരാമികയ്ക്ക് ഉണ്ടായിരുന്നു.അതില്‍ പകുതിയും പണി പൂര്‍ത്തിയായി കഴിഞ്ഞു.

ചില നിബന്ധനകള്‍ക്ക് വിധേയമായി നിശ്ചിത തുക ഈടാക്കിയാണ് വീട് വയ്ക്കാന്‍ സ്ഥലം നല്‍കിയിട്ടുള്ളത്.ജീവിത പ്രാരാബ്ദങ്ങളില്‍ ഒറ്റയ്ക്കായി എന്ന തോന്നലുകളില്‍ സ്വയം തളച്ചിടുന്നവര്‍ക്ക് ജയശ്രീ ടീച്ചര്‍ ഉത്തമ മാതൃകയാണ്.ജീവിതം അങ്ങേയറ്റം വരെ പോരാടാനുള്ളതാണ്,പ്രായമോ പരിതസ്ഥിതികളോ അതിനു തടസ്സമാകുന്നില്ല എന്ന് സ്വന്തം ജീവിതകൊണ്ട് തെളിയിക്കുകയാണ് ടീച്ചര്‍.

കൃഷി അയല്‍വാസി നല്‍കിയ ഭൂമിയില്‍;രക്ഷപ്പെട്ടത് ഈ വീട്ടമ്മയുടെ കുടുംബം

അദ്ധ്വാനിക്കാനുള്ള മനസ്സുള്ള ഒരു വീട്ടമ്മ. സ്വന്തം പറമ്പില്‍ കൃഷി ചെയ്ത് കുടുംബം രക്ഷപ്പെടുത്തിയ കഥയാണ് ഇത്.

ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്ത കര്‍ഷര്‍ കടബാദ്ധ്യത മൂലം ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ നിരവധി. എന്നാല്‍ ജീവിതം വഴിമുട്ടിയപ്പോള്‍ അയല്‍വാസി സൗജന്യമായി കൊടുത്ത മണ്ണിലിറങ്ങി അദ്ധ്വാനിച്ച് പ്രതിസന്ധികളെ അതിജീവിച്ച വീട്ടമ്മയാണ് ഇത്. ഭര്‍ത്താവ് ജോലി ചെയ്യാന്‍ കഴിയാതെ തളര്‍ന്നുപോയപ്പോള്‍ ഈ വീട്ടമ്മയ്ക്ക് തുണയായത് കൃഷി.

ഒരു കോഴിയെയും പശുവിനെയും വീട്ടില്‍ വളര്‍ത്താന്‍ പ്രയാസപ്പെടുന്നവരാണ് നാം. എന്നാല്‍ ദിവസവും രാവിലെ 3.00 മണിക്ക് തൊഴുത്തിലെത്തി പശുക്കളെ പരിചരിക്കുകയാണ് ബീന. കൊച്ചുവെളുപ്പാന്‍ കാലത്ത് എഴുന്നേറ്റ് ഈ വീട്ടമ്മ അന്തിയാവോളം ഓട്ടമാണ്. മതിലകം പഞ്ചായത്തിലെ ഊടുവഴികളിലൂടെ......വീടുകളില്‍,കൃഷി ഭവനില്‍, കുടുംബശ്രീ യൂണിറ്റില്‍,കാര്‍ഷിക സര്‍വകലാശാലയില്‍. കൈയില്‍ കരുതിയ ഭക്ഷണപ്പൊതികളിലൂടെ ചുറ്റുമുള്ളവരുടെ ഹൃദയത്തിലേക്കു കയറാനുള്ള താക്കോലുമായി സ്വന്തം ടൂവീലറില്‍ കയറുമ്പോഴേക്കും ഈ വീട്ടമ്മയുടെ ഒരു ദിവസത്തിന്റെ പാതി പിന്നിടുകയായി. ഒപ്പം അദ്ധ്വാനിച്ച് കുടുംബം സംരക്ഷിച്ച ഒരു സാധാരണ വീട്ടമ്മയുടെ വിവാഹ ജീവിതത്തിലെ വിജയകരമായ 23 വര്‍ഷങ്ങളും.

ആരോടു ചോദിച്ചാലും അറിയാം....അതാണ് ബീന സഹദേവന്‍

തൃശൂരിലെത്തി ഇരിങ്ങാലക്കുട വഴി മുന്നോട്ടൊന്നു പോയി നോക്കാം. മൂന്നുപീടിക എത്തിയാല്‍ ആരോടെങ്കിലും ചോദിച്ചു നോക്കാം. അപ്പോള്‍ നിങ്ങളോട് ആരെങ്കിലും ഉറപ്പായും ഇങ്ങനെ പറയും പുതിയ കാവ് വളവിലെത്തിയാന്‍ തെക്കോട്ട് ഒരു വഴിയുണ്ട്. അതു വഴി മുന്നോട്ട് പോയാല്‍ ആരോടു ചോദിച്ചാലും ബീനയുടെ വീട് പറഞ്ഞുതരും. പണിതീരാത്ത വീടിന്റെ മുന്നില്‍ മനോഹരമായ ചിരി സമ്മാനിച്ചുകൊണ്ട് ബീന കാത്തുനില്‍പ്പുണ്ടാകും.

കണ്ടപ്പോള്‍ തന്നെ ബീന പറഞ്ഞു, ' ഇന്നലെ ഞങ്ങളുടെ ഇരുപത്തി മൂന്നാം വിവാഹ വാര്‍ഷികമായിരുന്നു. ഞാന്‍ പച്ചക്കറി കൃഷി തുടങ്ങിയിട്ട് ആറു വര്‍ഷമാകുന്നതേയുള്ളു. സാഹചര്യമാണ് മണ്ണിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചത്. പക്ഷേ എനിക്ക് മണ്ണിനെ വിശ്വാസമുണ്ടായിരുന്നു. ഇപ്പോള്‍ നാട്ടുകാര്‍ക്ക് വിഷരഹിത പച്ചക്കറികള്‍ എത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. മതിലകം പഞ്ചായത്തിലെ എല്ലാ കല്യാണവീടുകളിലേക്കും വിഭവങ്ങള്‍ ഉണ്ടാക്കി നല്‍കുന്നുണ്ട്. സ്വന്തമായി സമ്പാദിച്ച പണം കൊണ്ട് ഒരു ടൂവീലറും ഞാന്‍ വാങ്ങി. സദ്യയ്ക്കുള്ള വിഭവങ്ങള്‍ ഒരുക്കി എന്റെ വണ്ടിയില്‍ ഞാന്‍ തന്നെ കൊണ്ടുപോയിക്കൊടുക്കും. വലിയ സദ്യയ്ക്കുള്ള ഓര്‍ഡറുകളാണെങ്കില്‍ അവര്‍ തന്നെ വന്ന് കൊണ്ടുപോകും.'

ബീനയുടെ ഒരു ദിവസം ഇതാ

മകള്‍ക്ക് ആറു മണിക്ക് സ്‌കൂളില്‍ പോകണം. അവള്‍ക്കുള്ള ഭക്ഷണം ഒരുക്കിക്കൊടുത്ത് ബസ്സ്‌സ്‌റ്റോപ്പിലേക്ക്  മകളോടൊപ്പം പോകും. പോകുന്ന വഴിക്കാണ് മില്‍മ. സ്വന്തം കൈ കൊണ്ട് കറന്നെടുത്ത പാല്‍ മില്‍മയില്‍ കൊടുക്കും. തിരിച്ച് വീട്ടിലെത്തിയിട്ട് ഭര്‍ത്താവിനുള്ള ചായ തയ്യാറാക്കിക്കൊടുക്കും. പിന്നെ നേരെ പോകുന്നത് ആട്ടിന്‍കൂട്ടിലേക്കാണ്. അവര്‍ക്കുവേണ്ട ഭക്ഷണം കൊടുത്തു കഴിഞ്ഞാല്‍ പിന്നെ കോഴിക്കൂട്ടിലേക്ക് ഓട്ടമായി. മുറ്റത്ത് അല്‍പ്പം ഉയരത്തിലായി കോഴികള്‍ക്ക് കൂട് ഒരുക്കിക്കൊടുത്തിട്ടുണ്ട്. തീറ്റയുമായി കൂട്ടിനകത്ത് കയറി ബീനയുടെ ഒരു തകര്‍പ്പന്‍ പെര്‍ഫോമന്‍സ് ഉണ്ട്. ഇടയ്ക്ക് ചില വിരുതന്‍ കോഴികള്‍ കൂട്ടിനു വെളിയിലേക്ക് ഒരു ചാട്ടമാണ്. പിന്നെ ബീന കോഴിയെ പിടിക്കാന്‍ ഓടുന്നു, കൂട്ടില്‍ കയറ്റുന്നു,മുട്ട ഇടീക്കുന്നു....ഒന്നും പറയണ്ട. വീട്ടിനകത്ത് കയറി നോക്കിയാല്‍ നിരവധി ട്രോഫികളും അവാര്‍ഡുകളും ഷോക്കേസില്‍ ഇരിക്കുന്നു. അഭിനയത്തിനുള്ള ഉര്‍വശി അവാര്‍ഡല്ല. അദ്ധ്വാനിച്ച് ജീവിത വിജയം നേടിയ കര്‍ഷകയ്ക്കുള്ള അംഗീകാരം.

ഒന്നു കണ്ണോടിച്ചു നോക്കിയാല്‍ സംസ്ഥാന കൃഷി വകുപ്പ് മികച്ച കര്‍ഷകയ്ക്ക് നല്‍കിയ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്, ആത്മ കൃഷി വകുപ്പിന്റെ അംഗീകാരം, മണ്ണുത്തി കൃഷി വിജ്ഞാന കേന്ദ്രം കഴിഞ്ഞ വര്‍ഷം നല്‍കിയ പുരസ്‌കാരം,ഗവര്‍ണര്‍ സദാശിവം നല്‍കിയ കര്‍ഷക തിലകം അവാര്‍ഡ്, ദാമോദരന്‍ ഫൗണ്ടേഷന്റെ അക്ഷയശ്രീ അവാര്‍ഡ്...... അങ്ങനെ പലതും കാണാം.

ഇനി എങ്ങോട്ടാണ്? ബീന നേരെ പോകുന്നത് പറമ്പിലെ പച്ചക്കറികള്‍ നനയ്ക്കാനാണ്.  ഇവര്‍ക്കുള്ള ഭക്ഷണം നല്‍കിക്കഴിഞ്ഞ ശേഷം കുളിച്ചു വന്ന് ഭക്ഷണം കഴിക്കുന്നതാണ് ബീനയുടെ രീതി. അപ്പോള്‍ വരും കല്യാണ ആവശ്യങ്ങള്‍ക്കുള്ള ഭക്ഷണം പാചകം ചെയ്ത് വീടുകളില്‍ എത്തിക്കാനുള്ള ഓര്‍ഡറുകള്‍. നേരത്തെ പറഞ്ഞുറപ്പിച്ചവര്‍ക്കുള്ള വിഭവങ്ങള്‍ സ്വന്തമായി നട്ടുനനച്ച പച്ചക്കറികള്‍ കൊണ്ട് തയ്യാറാക്കാനുള്ള ഒരുക്കത്തിലേക്ക് ബീന പോകുകയായി. പാചകാവശ്യങ്ങള്‍ക്ക് ആവശ്യമുള്ള ബാക്കി പച്ചക്കറികള്‍ പഞ്ചായത്തിലെ മറ്റു ജൈവ പച്ചക്കറി കര്‍ഷകര്‍ എത്തിച്ചുകൊടുക്കും. മാംസ വിഭവങ്ങള്‍ ഉള്ള സദ്യയാണെങ്കില്‍ ഹോര്‍മോണ്‍ നല്‍കാതെ വീട്ടില്‍ വളര്‍ത്തിയ കോഴിയിറച്ചി മാത്രമേ ഉപയോഗിക്കൂ. വിഗോവ താറാവുകളും മത്സ്യകൃഷിയും ബീനയ്ക്കുണ്ട്.

ദിവസത്തിന് 24 മണിക്കൂര്‍ പോരാ..........

ബാക്കിയുള്ള സമയത്ത് ബീനയ്ക്ക് പഞ്ചായത്തില്‍ പോകണം. മതിലകം പഞ്ചായത്തില്‍ 17 വാര്‍ഡില്‍  23 കുടുംബശ്രീ യൂണിറ്റുകളുണ്ട്. ഈ യൂണിറ്റിലുള്ള 50 പേര്‍ക്ക് ക്ലാസ് എടുത്തുകൊടുക്കേണ്ട ചുമതല ബീനയ്ക്കാണ്. അവിടെ വരുന്നവര്‍ക്ക് കഴിക്കാനായി ചായയും ഉണ്ണിയപ്പവും എള്ളിടിച്ച ഉണ്ടയുമായി ബീനയ്ക്ക് വീട്ടില്‍ നിന്നിറങ്ങണം. ചിലപ്പോള്‍ രാവിലെയും വൈകുന്നേരവും ക്ലാസുണ്ടാകും. ഇതിനിടയില്‍ വീട്ടുജോലികള്‍ വേറെയും. കൃഷി ഭവന്റെയും ബാങ്കിന്റെയും കീഴില്‍ ക്ലാസ് എടുക്കാന്‍ പോകണം. ഒരു മണിക്കൂറിന് ആയിരം രൂപ പ്രതിഫലം. മണ്ണുത്തിയിലെ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ഉപദേശക സമിതിയില്‍ അംഗമായ ബീന കുടുംബശ്രീയുടെ സാഫല്യം യൂണിറ്റിന്റെ സെക്രട്ടറി കൂടിയാണ്.

ഇതൊന്നുമായിരുന്നില്ല ഒരിക്കല്‍ ബീന സഹദേവന്‍

അദ്ധ്വാനിക്കാനുള്ള മനസ്സ് ബീനയ്ക്ക് എന്നുമുണ്ടായിരുന്നു. വലിയ കഷ്ടപ്പാടുകളൊന്നുമില്ലാതെയായിരുന്നു ബീന വളര്‍ന്നത്. അച്ഛന് കൃഷിയില്‍ താത്പര്യമുണ്ടായിരുന്നു. അമ്മയ്ക്ക് തയ്യല്‍പ്പണികളും അറിയാമായിരുന്നു. 23 വര്‍ഷങ്ങള്‍ക്കുമുമ്പ് വിവാഹം കഴിഞ്ഞെത്തിയ ബീന അവിടെയും ഉത്സാഹത്തോടെ പണിയെടുത്തു. ചെത്ത് തൊഴിലാളിയായിരുന്ന ഭര്‍ത്താവ് സഹദേവന്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ വിദേശത്തു പോയി. പക്ഷേ തിരിച്ചുവന്നത് 'പാര്‍ക്കിന്‍സണ്‍സ്' രോഗത്തിന്റെ പിടിയിലമര്‍ന്നാണ്. ഒരു വശം തളര്‍ന്ന് ജോലി ചെയ്യാന്‍ കഴിയാതെ തന്റെ മുന്നിലെത്തിയ ഭര്‍ത്താവ്!  ഒരു സാധാരണ വീട്ടമ്മയുടെ പ്രതീക്ഷകള്‍ക്കേറ്റ കനത്ത പ്രഹരമായിരുന്നു ഈ അസുഖം. താമസിയാതെ  പ്രായമായ അച്ഛനും അമ്മയും കിടപ്പിലായി. രണ്ടു പെണ്‍കുട്ടികളെ വളര്‍ത്തണം. അവരുടെ വിദ്യാഭ്യാസം, ഭര്‍ത്താവിന്റെ ചികിത്സയ്ക്കുള്ള പണം എന്നിവയെല്ലാം സ്വന്തം കണ്ടെത്തണം. എന്തുചെയ്യും?

ബീന മണ്ണിലേക്കിറങ്ങി.സ്വന്തം മണ്ണില്‍ നട്ടുനനച്ച പച്ചക്കറികള്‍ക്ക് ആവശ്യക്കാര്‍ ഉണ്ടായപ്പോള്‍ കൃഷിയില്‍ സജീവമായി. സൂഹൃത്തായ സജീന ഷമ്മി ഗഫൂര്‍ എന്ന വീട്ടമ്മയാണ് എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് ബീനയ്ക്ക് കൃഷി ചെയ്യാന്‍ സൗജന്യമായി സ്ഥലം നല്‍കിയത്. മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത അസുഖമാണ് തന്റെ ഭര്‍ത്താവിനെന്നറിഞ്ഞ ബീന മണ്ണില്‍ പണിയെടുത്ത് നേടിയ പണം കൊണ്ട് തിരുവനന്തപുരത്ത് ശ്രീ ചിത്തിര തിരുനാള്‍ ആസ്പത്രിയില്‍ ഭര്‍ത്താവിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി. അസുഖം ശരീരത്തിന്റെ രണ്ടുവശങ്ങളിലേക്കും ബാധിച്ചിരിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍.

എന്നും രാവിലെ കുടുംബശ്രീ യൂണിറ്റിലേക്ക് ആവശ്യമുള്ള എള്ളുണ്ട, പച്ചക്കറി, തൈര് എന്നിവയെല്ലാമായാണ് ബീന പോകുന്നത്. 1000 രൂപ ഈ വകയില്‍ ബീന ദിവസവും സമ്പാദിക്കുന്നു. ഇതിനിടയില്‍ രണ്ടുലക്ഷം രൂപയുടെ കല്യാണ സദ്യയും ഒരുക്കിക്കൊടുത്തു. 2500 പേര്‍ക്കുള്ള സദ്യയ്ക്കുള്ള വിഭവങ്ങള്‍ ബീന സ്വന്തം വീട്ടില്‍ ഒരുക്കുന്നുണ്ട്.

നാടന്‍ ഭക്ഷണത്തിന്റെ രുചി ആസ്വദിക്കാന്‍ ബീനയുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളിലും ആവശ്യക്കാരുണ്ട്. കാവ്യയും നവ്യയും അമ്മയ്ക്ക് സഹായവുമായി എപ്പോഴും കൂടെയുണ്ട്. പാലപ്പം,പത്തിരി,എള്ളുണ്ട, ബിരിയാണി എന്നിവയെല്ലാം സ്വന്തം കൈകള്‍ കൊണ്ട് ഉണ്ടാക്കി നല്‍കുമ്പോള്‍ നാട്ടുകാര്‍ നല്‍കുന്ന ആദരവും സ്‌നേഹവുമാണ് ഈ വീട്ടമ്മയ്ക്ക് വലുത്.  പാപ്പിനിവട്ടം ബാങ്കും കുടുംബശ്രീയും കൃഷിഭവനും പഞ്ചായത്തും ഒരു കുടുംബത്തിലെ അംഗത്തെപ്പോലെ കൂടെ നില്‍ക്കുന്നതാണ് തന്റെ വിജയമെന്ന് ബീന ഓര്‍മിപ്പിക്കുന്നു.

സന്തോഷം....സമാധാനം

സമയം വൈകുന്നേരം നാല് മണി........ബീന സ്വന്തം ടൂവീലറില്‍ യാത്ര പുറപ്പെടുകയാണ്. സ്വയം തയ്യാറാക്കിയ രുചിയുള്ള പരിപ്പുവടയും ഉണ്ണിയപ്പവുമായി കല്യാണ വീട്ടിലേക്ക്. ഊടുവഴികളിലൂടെയുള്ള യാത്ര. കല്യാണപ്പന്തലില്‍ കാത്തുനില്‍ക്കുന്ന വീട്ടുകാരുടെയിടയിലേക്ക് ബീന പതുക്കെ ചെല്ലുന്നു. കൈയിലുള്ള  പൊതിയോടൊപ്പം ഉണ്ണിയപ്പത്തിന്റെ മധുരമുള്ള ഒരു ചിരിയും വീട്ടുകാര്‍ക്ക് സമ്മാനിച്ച് ഈ വീട്ടമ്മ യാത്ര പറയുകയാണ്. വിഷരഹിതമായ ഭക്ഷണം നാട്ടുകാരിലെത്തിക്കാന്‍ കഴിഞ്ഞ സംതൃപ്തിയോടെ

ചെറുപയര്‍ കൃഷി ചെയ്യാം

മികച്ചയിനം വിത്തുകള്‍ കൃഷിക്കായി ഉപയോഗിച്ചാല്‍ രോഗങ്ങളെ പ്രതിരോധിക്കുവാന്‍ കഴിയും. പോഷകമൂല്യമുള്ള നല്ല ആഹാരങ്ങളുടെ പട്ടികയില്‍ പെടുന്നതാണ് ചെറുപയര്‍.

കേരളത്തില്‍ ഇനിയും വിപുലമായി കൃഷിചെയ്യാത്ത പയറുവര്‍ഗ്ഗ വിളയാണ് ചെറുപയര്‍. എല്ലാത്തരം മണ്ണിലും നന്നായി വളരുന്ന ചെറുപയര്‍, വരള്‍ച്ചയെ അതിജീവിക്കുവാന്‍ കഴിയുന്ന ചെടിയാണ്. ഇന്ത്യയിലും വിദേശങ്ങളിലും പ്രിയമേറിയ ചെറുപയര്‍ കൃഷി ഇന്ത്യയില്‍ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര,മദ്ധ്യപ്രദേശ്, പഞ്ചാബ് ,രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, കര്‍ണ്ണാടക എന്നിവടങ്ങളിലാണ്.

ഒരു മീറ്റര്‍ ഉയരത്തില്‍ വളരുന്ന ഈ പയറുവര്‍ഗ്ഗ ചെടിക്ക് സ്വയം പരാഗണം നടത്തുന്ന ചെറിയ ഇളം മഞ്ഞ നിറമുള്ള പൂക്കളാണ് ഉള്ളത്. കേരളത്തില്‍ വിളവെടുപ്പ് കഴിഞ്ഞ നെല്‍പ്പാടങ്ങളില്‍ ഇത്തരം കൃഷി ചെയ്യുവാന്‍ നല്ലതാണ്. ഇടവിളയായും കൃഷി ചെയ്താല്‍ മികച്ച വിളവ് ലഭിക്കും. മരച്ചീനി, ചേന, ചേമ്പ്, തെങ്ങ്, വാഴ എന്നിവയുടെ ഇടവിളയായി ഇത് കൃഷി ചെയ്യാം. പുസ വൈശാലി, പുസ മോഹിനി, വര്‍ഷ, സുനയന, അമൃത്, കോപ്പാര്‍, ഗാവോണ്‍ എന്നിവയാണ് പ്രധാന ഇനങ്ങള്‍. ചെറുപയര്‍ കൃഷി ചെയ്യുമ്പോള്‍ നല്ല നീര്‍ വാര്‍ച്ചയുള്ള മണ്ണില്‍ കൃഷി ചെയ്യുന്നതാണ് ഉത്തമം.

എന്നാല്‍ പുളിപ്പും ഉപ്പും ഉള്ള മണ്ണില്‍ കൃഷി ചെയ്യുവാന്‍ നല്ലതല്ല. ഒറ്റ വിളയായി കൃഷി ചെയ്യുമ്പോള്‍ ഉഴുത സ്ഥലത്ത് വിത്ത് വിതറം. ഒറ്റ വിളകൃഷിയ്ക്ക് ഹെക്ടറിന് 20 മുതല്‍ 25 കിലോ ഗ്രാം വിത്ത് ആവശ്യമായി വരും എന്നാല്‍ ഇടവിളയായി കൃഷി ചെയ്യുമ്പോള്‍ എട്ട് കിലോഗ്രം വിത്ത് മതിയാകും. കളകളും മറ്റും നീക്കം ചെയ്ത സ്ഥലം ഒരുക്കിയ ശേഷം 30 സെന്റിമീറ്റര്‍ വീതിയിലും 15 സെന്റിമാറ്റര്‍ ആഴത്തിലുമുള്ള ചാലുകള്‍ ഉണ്ടാക്കണം.

മഴക്കാലത്താണ് കൃഷി ചെയ്യുവാന്‍ നല്ല സമയം. കാലിവളംഹെക്ടറിന് 20 ടണ്‍, ചുണ്ണാമ്പ് 250 കിലോഗ്രാം, ഡോളോമൈറ്റ് 400 കിലോഗ്രാം, നൈട്രജന്‍ 20 കിലോഗ്രാം,പൊട്ടാസ്യം 30 കിലോഗ്രം,ഫോസ്ഫറസ് 30 കിലോഗ്രം  എന്നിവളങ്ങള്‍ ചെറുപയര്‍ കൃഷിക്ക് ആവശ്യമാണ്. നിലം ഉഴുതുന്നതിനോടൊപ്പം ചുണ്ണാമ്പ് ചേര്‍ക്കുന്നത് നല്ലതാണ്.

ഇതിന് ശേഷം പകുതി നൈട്രജന്‍ വളവും, പൊട്ടാഷും, ഫോസ്ഫറസും മുഴുവനായും അവസാനം ഉയുതുന്ന സമയത്ത് ചേര്‍ക്കണം. പിന്നിട് മിച്ചമുള്ള നൈട്രജന്‍ രണ്ട് ശതമാനം വീര്യമുള്ള യുറിയ ലായിനില്‍ ചേര്‍ത്ത്  തുല്യഅളവില്‍ വിതച്ച് 15, 30 എന്നി ദിവസങ്ങളില്‍ തളിക്കണം. ചെറുപയര്‍ കൃഷി പ്രധാനമായും നേരിടുന്ന പ്രശ്‌നങ്ങളില്‍ ഒന്ന് തളിര്‍ ഇലകളും കായ്കളും തിന്ന് നശിപ്പിക്കുന്ന പുഴുക്കളുടെ ആക്രമണമാണ്.

ഇതിനെ ചെറുക്കനായി 0.1 ശതമാനം വീര്യമുള്ള ക്യുനാല്‍ഫോസ് പൂവിടുന്ന സമയത്ത് തളിക്കണം. പൂക്കളെ ആക്രമിക്കുന്ന കീടങ്ങള്‍ക്കെതിരെ 10 ശതമാനം വീര്യത്തില്‍ സൈത്തയോണ്‍ കീടനാശിനി ഉപയോഗിക്കാം. മികച്ചയിനം വിത്തുകള്‍ കൃഷിക്കായി ഉപയോഗിച്ചാല്‍ രോഗങ്ങളെ പ്രതിരോധിക്കുവാന്‍ കഴിയും. പോഷകമൂല്യമുള്ള നല്ല ആഹാരങ്ങളുടെ പട്ടികയില്‍ പെടുന്നതാണ് ചെറുപയര്‍.

വളപ്രയോഗം കുറയ്ക്കാന്‍ 'അര്‍ക്ക മൈക്രോബിയല്‍ കണ്‍സോര്‍ഷ്യം'

ബാക്റ്റീരിയല്‍ വാട്ടം തടയാനും തൈകള്‍ക്ക് കരുത്തു നല്‍കാനും അര്‍ക്ക മൈക്രോബിയല്‍ കണ്‍സോര്‍ഷ്യം സഹായിക്കുന്നു

വിവിധ സൂക്ഷ്മാണുക്കളുടെ സസ്യവളര്‍ച്ചാസഹായിയായ ഒരു കൂട്ടായ്മയാണ് 'അര്‍ക്ക മൈക്രോബിയല്‍ കണ്‍സോര്‍ഷ്യം'. നൈട്രജന്‍, ഫോസ്ഫറസ്, സിങ്ക് തുടങ്ങിയ മൂലകങ്ങള്‍ ലഭ്യമാക്കാന്‍ കഴിവുള്ള സൂക്ഷ്മാണുക്കള്‍ ഇതിലുണ്ട്. ഇതു പ്രയോഗിച്ചാല്‍ വിത്ത് വേഗം മുളയ്ക്കും, തൈകള്‍ വേഗം പറിച്ചുനടാന്‍ പാകമാകും, തൈകള്‍ക്ക് കരുത്തേറും, വളപ്രയോഗം 25-30 ശതമാനം കുറയ്ക്കാനാകും, പച്ചക്കറി വിളവ് 5-15 ശതമാനം കണ്ട് വര്‍ധിക്കും. 200 ഗ്രാം പച്ചക്കറിവിത്ത് പരിചരിക്കാന്‍ 20 ഗ്രാം കണ്‍സോര്‍ഷ്യം മതി. ഒരു ടണ്‍ ചകിരിച്ചോറ് പോഷകസമൃദ്ധമാക്കാന്‍ ഒരു കിലോ കണ്‍സോര്‍ഷ്യം വേണം.

20 ഗ്രാം കണ്‍സോര്‍ഷ്യം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ചെടിത്തടത്തില്‍ തൈ പറിച്ചുനട്ട് പത്താംദിവസം ചേര്‍ത്താല്‍ രോഗകീടബാധ തടഞ്ഞ് കരുത്തോടെ തൈകള്‍ വളരും.

കണ്‍സോര്‍ഷ്യത്തിന്റെ  ദ്രവലായനി 1.5 ലിറ്റര്‍ 200 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി രണ്ടാഴ്ച ഇടവിട്ട് തളിച്ചാല്‍ മാതളം ഉള്‍പ്പെടെയുള്ള ഫലസസ്യങ്ങളില്‍ ബാക്ടീരിയല്‍ വാട്ടം പോലുള്ള രോഗങ്ങള്‍ ഫലപ്രദമായി തടയാം. ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ റിസര്‍ച്ചാണ് ഈ പുതിയ വളര്‍ച്ചാ സഹായി കണ്ടെത്തിയത്.

(ഫോണ്‍: 0802308610008023086100 , 0802846647108028466471 .)

ചാണക വളത്തേക്കാള്‍ മെച്ചം ബയോഗ്യാസ് സ്ലറിയോ?

ചാണകവളവും ബയോഗ്യാസ് സ്ലറിയും ചെടികളുടെ വളര്‍ച്ചയെ എങ്ങനെ സഹായിക്കുന്നുവെന്നതാണ് ഇവിടെ വ്യക്തമാക്കുന്നത്‌

ചാണക വളത്തെക്കാളും ബയോഗ്യാസ് സ്ലറിക്കാണ് മെച്ചം. മറ്റു ചിലപ്പോള്‍ സ്ലറിയെക്കാളും ചാണക വളം അഥവാ ആലവളമാണ് മുമ്പനെന്നു കേള്‍ക്കാം .ഇതൊന്നുമല്ല പച്ചചാണകമാണ് നല്ലതെന്നുള്ള വാദവുമുണ്ട് .ബാക്ടീരിയകളും പ്രോട്ടോസോവകളും ധാരാളം അതിലുണ്ടെന്നാണ് ന്യായീകരണം . ഇതില്‍ ഏതാണ് ശരി?

പുളിപ്പിച്ച വളങ്ങളില്‍ സൂക്ഷ്മ ജീവികളുടെ വിഘടനം പൂര്‍ത്തിയായതാണ്. ഇവ ചെടികള്‍ക്ക് കാലതാമസമില്ലാതെ വലിച്ചെടുക്കാം .അതിനാല്‍ സസ്യവളര്‍ച്ചയില്‍ പ്രകടമായ മാറ്റം കാണാം .സ്ലറി  ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടവയാണ് .

കൃഷിയിടത്തില്‍ ബയോഗ്യാസ് സ്ലറിയുടെ ഉപയോഗം കൂടിവരികയും ആലവളം ചേര്‍ക്കുന്നത് കുറയുകയും ചെയ്യുന്ന പ്രവണത കൂടിവരുന്നുമുണ്ട് . ചാണക വളവും ബയോഗ്യാസ് സ്ലറിയും രണ്ടുതരത്തിലുള്ളവയാണ് .ചാണകവളം വിഘടനം പൂര്‍ണ്ണമായും നടന്നിട്ടില്ലാത്തവയാതിനാല്‍ അതിലടങ്ങിയ സൂക്ഷ്മ പോഷക മൂലകങ്ങള്‍ ചെടികള്‍ക്ക് അനുഭവിക്കുവാന്‍ സമയമെടുക്കും

ചാണകവളത്തില്‍ ദീര്‍ഘകാലത്തേക്കും  ബയോഗ്യാസ് സ്ലറിയില്‍ നിന്നും ഹ്രസ്വകാലത്തേക്കും ഗുണഫലം ലഭിക്കുന്നു .

സസ്യപോഷക മൂലകങ്ങള്‍

ചാണകം

ബയോഗ്യാസ് സ്ലറി

നൈട്രജന്‍ (പാക്യജനകം )

1.5%

1.6% to 1.8%

ഫോസ്ഫറസ് (ഭാവഹം )

0.3%

1.1% to 2%

ക്ഷാരം (പൊട്ടാസ്യം )

0.2%

0.8% to 1.2%

പുളിപ്പിച്ച സ്ലറിയോടൊപ്പം ഖരവളങ്ങള്‍ അതായത് ആലവളമോ വിവിധതരം കമ്പോസ്റ്റ് വളങ്ങളോ നല്‍കണം .അപ്പോള്‍ ഇടതടവില്ലാതെ ചെടികള്‍ക്ക് സസ്യപോഷക മൂലകങ്ങള്‍ ലഭിക്കും .ഇതിലൂടെ മണ്ണിന്റെ ആരോഗ്യം വര്‍ദ്ധിക്കും .ചെടിയുടെ കരുത്ത് കൂടും . ഗുണമേന്മയുള്ള വിളവുകളുണ്ടാവും .അത് ഭക്ഷിക്കുന്ന ജീവജാലങ്ങളുടെ ആരോഗ്യവും മെച്ചപ്പെടുന്നു .

സ്ലറിമാത്രം നല്‍കുമ്പോള്‍ തുടര്‍ച്ചയായി കൊടുത്തു കൊണ്ടിരിക്കണം . നല്‍കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ ചെടികളെ വേഗത്തില്‍ അനാരോഗ്യത്തിലേക്ക് നയിക്കും .എളുപ്പത്തില്‍ മണ്ണിന്റെ ഘടനയും പോഷകവും സമ്പുഷ്ടമാക്കുവാന്‍ പുളിപ്പിച്ച വളങ്ങളോടൊപ്പം ഖര ജൈവവളങ്ങളും നല്‍കുകയെന്നതാണ് ലളിതമായ പോംവഴി .

പച്ചച്ചാണകത്തില്‍ സൂക്ഷ്മ ബാക്ടീരിയകളുടെയും മറ്റും വിഘടനം നടന്നിട്ടില്ലാത്തതിനാല്‍ ചെടികള്‍ക്ക് വേഗത്തില്‍ ലഭിക്കില്ല .ഇതിനെ വിഘടിപ്പിക്കുകയെന്നത് തല്ക്കാലം ചുവട്ടില്‍ നിലവിലുള്ള സൂക്ഷ്മാണുക്കളുടെ പണിയാണ് .ഈ അവസരത്തില്‍ ഇവയുടെ സേവനം ചെടികള്‍ക്ക് ലഭിക്കുന്നത് കുറയും .പോഷകകമ്മിയുടെ രൂപത്തില്‍ ചെടികളില്‍ അനാരോഗ്യം പ്രത്യക്ഷപ്പെടുകയും ചെയ്യും .

(ലേഖകന്‍ പെരിങ്ങോം വയക്കര കൃഷിഭവനിലെ അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റാണ്‌)

MOB; 97473696729747369672 .

ramesanperool@gmail.com

വാഴയ്ക്കും പച്ചക്കറിച്ചെടികള്‍ക്കും ട്രൈക്കോഡര്‍മ മിശ്രിതം

സസ്യരോഗ നിയന്ത്രണത്തിനുള്ള ജൈവ കുമിള്‍ നാശിനിയാണ് ട്രൈക്കോഡെര്‍മ.  നിര്‍മിക്കുന്ന വിധമാണ് ഇവിടെ വിവരിക്കുന്നത്‌

100 കിലോ ട്രൈക്കോഡര്‍മ മിശ്രിതം ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍

90 കിലോ ചാണകപ്പൊടി

10 കിലോ വേപ്പിന്‍ പിണ്ണാക്ക്‌

1 കിലോ ട്രൈക്കോഡര്‍മ

1. ആദ്യം തണലുള്ള സ്ഥലത്ത്  പത്തിലൊന്നു ചാണകപ്പൊടി ഒരു ലെയര്‍ വിരിച്ച ശേഷം അതിനു മുകളില്‍ പത്തിലൊന്നു ട്രൈക്കോഡെര്‍മ കള്‍ച്ചര്‍ വിതറുക

2. പിന്നീട്  പത്തിലൊന്നു വേപ്പിന്‍ പിണ്ണാക്കു വിരിക്കുക

3. ഈ രീതി ഒന്‍പതു പ്രാവശ്യം ആവര്‍ത്തിക്കുകയും ചിത്രത്തില്‍ കാണുന്ന പോലെ ഒരു കൂനപോലെ പരുവപ്പെടുത്തുകയും ചെയ്യുക

4. മിശ്രിതത്തിന്റെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും പ്രകാശം നിയന്ത്രിക്കുന്നതിനും നനഞ്ഞ ചണച്ചാക്ക് ഈ മിശ്രിതക്കൂനയുടെ മുകളില്‍ വിരിക്കുക

5. രണ്ടാഴ്ച ഈ മിശ്രിതം സൂക്ഷിക്കുകയും ഈര്‍പ്പം പരിശോധിക്കുകയും ഇടയ്ക്കിടയ്ക്ക് ഇളക്കിക്കൊടുക്കുകയും വേണം

10 -12 ദിവസത്തിനുള്ളില്‍ ഈ മിശ്രിതത്തില്‍ പച്ച നിറത്തില്‍ ട്രൈക്കോഡെര്‍മ വളര്‍ന്നു തുടങ്ങും. രണ്ട് ആഴ്ചയ്ക്ക് ശേഷം  ഈ മിശ്രിതം വാഴയ്ക്കും പച്ചക്കറിചെടികള്‍ക്കും ചുവട്ടില്‍ ഇട്ടുകൊടുക്കണം.

അലങ്കാരത്തിനും ഇഞ്ചി

പുഷ്പാലങ്കാരത്തിനും ചട്ടിയില്‍ വളര്‍ത്താനും ഉചിതമായ അലങ്കാര ഇഞ്ചികളെക്കുറിച്ചുള്ള അറിവുകളാണ് ഇവിടെ പങ്കുവെക്കുന്നത്‌

അടുക്കളപ്പാചകത്തില്‍ അനിവാര്യമായ ഇഞ്ചി ഉദ്യാനങ്ങളെ വര്‍ണപ്പകിട്ടാക്കുന്ന അലങ്കാരച്ചെടിയായും വിപുലമായി ഉപയോഗിച്ചുവരുന്നു. ഇവയെ അലങ്കാര ഇഞ്ചികള്‍ (ഓര്‍ണമെന്റല്‍ ജിഞ്ചര്‍) എന്നാണ് പറയുക. ഇന്ത്യയിലാകെയുള്ള ഇരുന്നൂറുതരം ഇഞ്ചികളില്‍ അറുപതും അലങ്കാരസ്വഭാവമുള്ളവയാണ്. പുഷ്പാലങ്കാരത്തിനും ചട്ടിയില്‍ വളര്‍ത്താനും ലാന്‍ഡ്‌സ്‌കേപ്പിങ്ങിനും ഇവ ഉചിതം. മുറിച്ചെടുത്ത പൂക്കള്‍ ആഴ്ചകളോളം വാടില്ല.

പ്രധാന അലങ്കാര ഇഞ്ചികള്‍:

റെഡ് ജിഞ്ചര്‍

ഏഴടിയോളം പൊക്കത്തില്‍ വളരും. ഒരടിയോളം നീണ്ട ചുവപ്പോ പിങ്കോ പൂങ്കുല. നല്ല സൂര്യപ്രകാശത്തിലും തണലിലും വളര്‍ത്താം. ചുവട് പിരിച്ചുവെച്ചോ പൂങ്കുലയില്‍നിന്നുള്ള ചിനപ്പുകള്‍ അടര്‍ത്തിനട്ടോ വിത്തുപാകിയോ വളര്‍ത്താം. 10-25 ദിവസംവരെ പൂങ്കുല മുറിച്ചെടുത്ത പൂങ്കുല കാര്‍ഡ്‌ബോര്‍ഡ് പെട്ടികളിലാക്കിയശേഷം പെട്ടികള്‍ കുത്തനെവെച്ചാല്‍ പൂങ്കുലയുടെ അഗ്രം വളയില്ല. ജംഗിള്‍ കിങ്, മടിക്കേര വൈറ്റ്, തഹിതിയന്‍ ജിഞ്ചര്‍ എന്നിവ മികച്ച ഇനങ്ങള്‍.

ടോര്‍ച്ച് ജിഞ്ചര്‍

പൂങ്കുലയ്ക്ക് ടോര്‍ച്ചിനോട് രൂപസാമ്യം. പിങ്ക്, ചുവപ്പ്, വെള്ള ഇനങ്ങള്‍ കേരളത്തില്‍ പ്രചാരത്തിലുണ്ട്. മൂന്നുമീറ്ററോളം ഉയരം. രണ്ടുവര്‍ഷംകൊണ്ട് ചെടി പൂര്‍ണവളര്‍ച്ചയെത്തും. ചെറിയ തണലത്ത് വളര്‍ത്താന്‍ അനുയോജ്യം. ചെടിയുടെ ചുവട് പിരിച്ചുനട്ടാല്‍ മതി. തായ് വൈറ്റ്, ഹിലാനി ടുലിപ് എന്നിവ മികച്ച ഇനങ്ങള്‍. ഇതിന്റെ ഇളം പൂത്തണ്ട് സിങ്കപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ ഭക്ഷണത്തിന് സ്വാദും സുഗന്ധവും നല്‍കാന്‍ ഉപയോഗിക്കുന്നു.

ഷെല്‍ ജിഞ്ചര്‍

കക്കകള്‍ കോര്‍ത്തെടുത്ത മാലപോലെ തോന്നിക്കുന്ന പൂങ്കുല. പത്തടിയോളം ഉയരത്തില്‍ വളരും. പൂര്‍ണ സൂര്യപ്രകാശത്തിലും ഭാഗികമായ തണലത്തും നടാം. ചെടിച്ചുവട്ടിലെ മുളകളോ മുളയോടുകൂടിയ ഭൂകാണ്ഡമോ നടാം. വേരിഗേറ്റ്, നാന, ചൈനീസ് ബ്യൂട്ടി എന്നിവ മികച്ച ഇനങ്ങള്‍. ഇതിന്റെ തണ്ടിലെ നാരില്‍നിന്ന് ഇരുപതിലേറെ വസ്തുക്കള്‍ ജപ്പാനില്‍ നിര്‍മിച്ചുവരുന്നു. 
(ഫോണ്‍: 94470159399447015939 )

കന്നുകാലികളിലെ ഹെര്‍ണിയ

ഹെര്‍ണിയ അഥവാ കുടലിറക്കം കന്നുകുട്ടികളിലാണ് സാധാരണയായി കണ്ടുവരുന്നത്

പൊക്കിള്‍ ഭാഗത്തുണ്ടാവുന്ന ഹെര്‍ണിയ അഥവാ കുടലിറക്കം കന്നുകുട്ടികളിലാണ് സാധാരണയായി കണ്ടുവരുന്നത്. ജനന സമയത്തിന് മുമ്പായി കന്നുകുട്ടിയുടെ പൊക്കിള്‍ ഭാഗത്തുള്ള മാംസപേശികള്‍ വേണ്ടപോലെ കൂടിച്ചേരാത്തതാണ് ഇതിന് കാരണം. അങ്ങനെ മാംസ പേശികളിലുണ്ടാവുന്ന വിടവില്‍ കൂടി ഒമന്റം, ചെറുകുടല്‍ എന്നീ ആന്തരാവയവങ്ങളുടെ ഭാഗങ്ങള്‍ തുറിച്ച് വന്ന് പൊക്കിള്‍ ഭാഗത്തെ ചര്‍മത്തിനടിയില്‍ മുഴച്ച് നില്‍ക്കുന്നതിനാണ് പൊക്കിള്‍ ഹെര്‍ണിയ എന്ന്പറയുന്നത്.

ലക്ഷണങ്ങള്‍: പൊക്കിള്‍ ഭാഗത്ത് വീക്കം ഉണ്ടാകും. കന്നുകുട്ടിയെ മലര്‍ത്തിക്കിടത്തി പതുക്കെ അമര്‍ത്തിയാല്‍ വീക്കം താനേ താണുപോകുന്നതും എഴുന്നേറ്റ് നില്‍ക്കുമ്പോള്‍ വീക്കം വീണ്ടും ഉണ്ടാകുന്നതും കാണാം. വീക്കം താണുപോകുന്ന സന്ദര്‍ഭത്തില്‍ ഹെര്‍ണിയയ്ക്ക് കാരണമായ ദ്വാരം കൈകൊണ്ട് തൊട്ടറിയാവുന്നതാണ്.

എന്നാല്‍ കാലപ്പഴക്കം ചെന്ന ഹെര്‍ണിയകള്‍ തോലിനോട് അവിടവിടെ ഒട്ടിപ്പിടിക്കുന്നത് കൊണ്ട് അവയുടെ വീക്കം അമര്‍ത്തിച്ചുരുക്കാനും 'ഹെര്‍ണിയദ്വാരം' കണ്ടുപിടിക്കാനും പ്രയാസമാണ്. ഇവയെ 'ചുരുക്കാന്‍ പറ്റാത്ത ഹെര്‍ണിയ' എന്നും ആദ്യം പറഞ്ഞവയെ ചുരുക്കാവുന്ന ഹെര്‍ണിയ എന്നും വിളിക്കുന്നു.

ഹെര്‍ണിയയെ അതിന്റെ ഹെര്‍ണിയ ദ്വാരത്തില്‍കൂടി പൂര്‍വസ്ഥിതിയിലേക്ക് തള്ളുന്ന ക്രിയയ്ക്ക് 'ഹെര്‍ണിയ ചുരുക്കല്‍'എന്ന് പറയുന്നു.

ചികിത്സ

1. ഹെര്‍ണിയ ചുരുക്കിയ ശേഷം വീണ്ടും വരാത്തവിധത്തില്‍ ഉദരത്തിന് ചുറ്റും ബാന്‍ഡേജുകള്‍ വെച്ച് കെട്ടുക.
2. ഹെര്‍ണിയ ചുരുങ്ങിയ ശേഷം ബാന്‍ഡേജിന്  പകരം ഹെര്‍ണിയല്‍ ക്ലാമ്പ് മുതലായ ചില പ്രത്യേക ഉപകരണങ്ങള്‍ ധരിപ്പിക്കാം.
3. ചര്‍മം മുറിച്ച് തുറിച്ച് നില്‍ക്കുന്ന അവയ ഭാഗങ്ങള്‍ തള്ളി പൂര്‍വ്വസ്ഥിതിയാക്കുകയോ അവ മുറിച്ച് കളയുകയോ ചെയ്യുക. പിന്നീട് ഹെര്‍ണിയദ്വാരം തുന്നി അടയ്ക്കുകയും ചര്‍മത്തില്‍ ഉണ്ടായിട്ടുള്ള മുറിവ് തുന്നിച്ചേര്‍ക്കുകയും ചെയ്യുക. ഇങ്ങനെ ഹെര്‍ണിയ ദ്വാരത്തെ തുന്നിക്കൂട്ടുന്നതിന് 'ഹെര്‍ണിയോറാഫി' എന്ന് പറയുന്നു.

പഠിച്ചത് ഫാഷന്‍ ഡിസൈനിങ്ങ്; പശുക്കളെ വളര്‍ത്താനും അശ്വതി തയ്യാര്‍

കൃഷിയും പശുപരിലാനവും മോശപ്പെട്ട തൊഴിലാണെന്ന് കരുതുന്നുണ്ടോ? അശ്വതിക്ക് പറയാനുള്ളത് ഒന്ന് കേട്ടുനോക്കൂ

ഗ്രാമവീഥികളിലൂടെ ബുള്ളറ്റോടിച്ചുപോകുന്ന ഈ പാല്‍ക്കാരി നാട്ടുകാര്‍ക്ക് ഹീറോയിനാണ് . പതിനഞ്ചു പശുക്കളെയാണ് അശ്വതി എന്ന ഈ ഇരുപത്തിരണ്ടുകാരി പരിപാലിക്കുന്നത്. വേഷം മോഡേണ്‍ ആണെങ്കിലും പശുക്കളുടെ ചാണകം വാരണമോ , പാല്‍  കറക്കണമോ, അവയെ കുളിപ്പിക്കണമോ; എല്ലാത്തിനും തയ്യാറാണ് ഈ ന്യൂജന്‍ പാല്‍ക്കാരി. കൃഷിയും പശുപരിപാലനവുമൊക്കെ മോശപ്പെട്ട തൊഴിലാണെന്നു കരുതുന്നവര്‍ അശ്വതിയെ ഒന്ന് പരിചയപ്പെടൂ.

കണ്ണൂര്‍ മാതമംഗലം സ്വദേശിയായ അശ്വതി ഫാഷന്‍ ഡിസൈനിങ് പാസ്സായശേഷം വിവാഹിതയായി .സ്വന്തമായി ഒരു തൊഴിലും സ്ഥിരവരുമാനവും വേണമെന്ന ചിന്ത മനസ്സില്‍ രൂഢമൂലമായിരുന്നു. എന്നാല്‍ ഏതെങ്കിലും സ്വകാര്യസ്ഥാപനത്തില്‍  യാന്ത്രികമായ ജോലിചെയ്യാന്‍ അശ്വതി ഇഷ്ടപ്പെട്ടില്ല .അച്ഛന്‍ അനില്‍ കുമാറിന് സ്വന്തമായി പന്നിഫാമും കൃഷിയുമൊക്കെ ഉണ്ടായിരുന്നു . അങ്ങനെ അച്ഛന്റെ അനുഗ്രഹത്തോടെ അശ്വതി ഡയറിഫാം ആരംഭിച്ചു. ബാല്യത്തിലെ വളര്‍ത്തുമൃഗങ്ങളോട് പ്രതിപത്തിയുണ്ടായിരുന്നതിനാല്‍ ഡയറിസംരംഭം ഏറെ സംതൃപ്തി നല്‍കുന്നതായി മാറി .

അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ പശുപരിപാലനവുമായി ബന്ധപ്പെട്ട ഓരോ കാര്യത്തിലും ഈ യുവതി  പ്രാഗല്‍ഭ്യം നേടിക്കഴിഞ്ഞു. സ്വന്തമായി തീറ്റപ്പുല്‍ കൃഷിയും തുടങ്ങി. ദിവസവും അതിരാവിലെ തൊഴുത്തു കഴുകി ഉരുക്കളെ കുളിപ്പിക്കുന്നതോടെ അശ്വതിയുടെ ദിവസം തുടങ്ങുന്നു. തുടര്‍ന്ന് കറവയും തീറ്റനല്‍കലും . തീറ്റ നല്കാന്‍ പന്നിഫാമിലെ തൊഴിലാളികളുടെ സഹായം തേടും , ബാക്കിയെല്ലാം സ്വയം ചെയ്യുന്നു

പശുക്കളെ മേയാന്‍വിട്ടാണ് വളര്‍ത്തുന്നത്,പുറമെ തീറ്റപ്പുല്ലും കാബേജ്് ഇലപോലുള്ള പച്ചക്കറിയവശിഷ്ടവും നല്‍കുന്നുണ്ട്. കറവക്കാലത്ത് ഒരു പശുവില്‍നിന്നും ശരാശരി പതിനഞ്ചു ലിറ്റര്‍ പാല്‍ ദിവസവും കിട്ടുന്നുണ്ട് . കറന്നെടുക്കുന്ന പാല്‍ ക്യാനില്‍ നിറച്ചു ബൈക്കില്‍ കയറ്റി  സൊസൈറ്റിയിലെത്തിച്ചു വിറ്റഴിക്കുന്നതും അശ്വതിയാണ് .

'അച്ഛനും ഭര്‍ത്താവു സന്തോഷും എന്റെ സംരംഭത്തിന് എല്ലാ പ്രോത്സാഹനവും നല്‍കുന്നുണ്ട്. ബന്ധുക്കളിലേറെയും മറ്റെന്തെങ്കിലും തൊഴില്‍ ചെയ്തുകൂടേയെന്ന് ചോദിക്കാറുണ്ട്. അതേസമയം കൂട്ടുകാരൊക്കെ നല്ല പിന്തുണയാണ്. കുടുംബവരുമാനത്തില്‍ എന്റെ സംരംഭം നല്ല തോതില്‍ മുതല്‍ക്കൂട്ടാവുന്നുണ്ടെന്നത് ശരിക്കും അഭിമാനവും പകരുന്നുണ്ട് ' അശ്വതി പറഞ്ഞു.

'വിമെന്‍ ബുള്ളറ്റ് ക്ലബ്ബിലെ'' അംഗമായ അശ്വതി നീണ്ട ബുള്ളറ്റ് റൈഡുകളില്‍ മുടങ്ങാതെ പങ്കെടുക്കുന്നു. അപ്പോഴൊക്കെ ഡയറിയുടെ മേല്‍നോട്ടം അച്ഛനും ഭര്‍ത്താവുമേറ്റെടുക്കും. ബുള്ളറ്റോടിക്കുന്ന മോഡേണായ യുവതിയുടെ ഇമേജിനെ പശുപരിപാലനം ദോഷകരമായി ബാധിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് 'താനത് കാര്യമാക്കുന്നില്ല' എന്നായിരുന്നു അശ്വതിയുടെ മറുപടി,. മാത്രമല്ല പശുവളര്‍ത്തലാണ് തൊഴിലെന്നറിയുമ്പോള്‍ തികഞ്ഞ ആവേശത്തോടെയും അഭിനന്ദനത്തോടെയുമാണ് ഏറെപ്പേരും പ്രതികരിക്കുന്നത്.

നായ്ക്കളിലെ നേത്രരോഗം ശ്രദ്ധിക്കുക

നായ്ക്കള്‍ക്കുണ്ടാകുന്ന നേത്രരോഗമായ ഗ്ലോക്കോമ അവഗണിക്കരുത്. ശ്രദ്ധയോടെ ചികിത്സ നല്‍കിയില്ലെങ്കില്‍ കാഴ്ചശക്തി വരെ നഷ്ടപ്പെടുന്ന രോഗമാണിത്.

മനുഷ്യരെപ്പോലെ മൃഗങ്ങളിലും കാണുന്ന നേത്രരോഗമാണ് ഗ്ലോക്കോമ. കണ്ണിനുള്ളില്‍ വെള്ളത്തിന്റെ സാന്ദ്രതയോടുകൂടിയ അക്യുസ് ഹ്യുമറിന്റെ അളവ് ക്രമാതീതമായി ഉയര്‍ന്ന് സമ്മര്‍ദം കൂടുന്ന അവസ്ഥയാണ് ഗ്ലോക്കോമ. സാധാരണ കണ്ണിലെ മര്‍ദം 15-25 എം.എം മെര്‍ക്കുറി ആണ്. അക്യൂസ് ഹൂമറിന്റെ അളവിലുള്ള ഏറ്റക്കുറച്ചിലുകളാണ് കണ്ണിലെ മര്‍ദം നിയന്ത്രിക്കുന്നത്.

കണ്ണിനുള്ളില്‍ ഉത്പാദിപ്പിക്കുന്ന അക്യൂസ് ഹൂമര്‍ നിരന്തരമായ ഒരു അരിക്കല്‍ പ്രക്രിയയിലൂടെ കണ്ണിനു പുറത്തേക്ക് വലിച്ചെടുത്ത് രക്തത്തില്‍ച്ചേരുന്നു.

രോഗലക്ഷണം

കണ്ണിനുള്ളിലെ സാധാരണ സമ്മര്‍ദം കൂടുന്നതുമൂലം കണ്ണ് വീര്‍ത്ത് വരുന്ന അവസ്ഥയായ ബുഫ്ത്താല്‍മിയ ആണ് ഗ്ലോക്കോമയുടെ ആദ്യ ലക്ഷണം. കണ്ണിലെ രക്തക്കുഴലുകള്‍ ചുവന്ന് തടിച്ച് കാണപ്പെടുന്നതാണ് ആദ്യ ലക്ഷണം.  കണ്ണിനു ചെറിയ നീലനിറം,വികസിച്ച കൃഷ്ണമണി, കൂടുതല്‍ കണ്ണുനീര്‍ എന്നിവ മറ്റു ലക്ഷണങ്ങളാണ്.

അസഹ്യമായ വേദനയാല്‍ നായ്ക്കള്‍ സ്ഥിരമായി കണ്ണില്‍ മാന്തുകയോ കണ്ണുകള്‍ കട്ടിയുള്ള പ്രതലത്തില്‍ ഉരയ്ക്കുവാനോ ശ്രമിക്കും. ആദ്യം പ്രകടമാക്കുന്ന ഈ ലക്ഷണങ്ങള്‍ അവഗണിക്കുന്തോറും നേത്രപടലത്തിനെ സാരമായി ബാധിച്ച് കാഴ്ചശക്തി പൂര്‍ണമായും നശിക്കാന്‍ സാദ്ധ്യതയുണ്ട്.

രോഗനിര്‍ണയം

മേല്‍പ്പറഞ്ഞ ലക്ഷണങ്ങളില്‍ നിന്നു തന്നെ ഗ്ലോക്കോമ രോഗനിര്‍ണയം പ്രത്യക്ഷത്തില്‍ നടത്താന്‍ സാധിക്കുമെങ്കിലും കണ്ണിനുള്ളിലെ സമ്മര്‍ദം നിര്‍ണയിക്കുന്ന ടെസ്റ്റായ ടോണോമെട്രിയിലൂടെ മാത്രമേ രോഗം സ്ഥിരീകരിക്കാനാവുകയുള്ളു. അതിനായി ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നൂതനമായ ടോണോ മീറ്റര്‍ എന്ന ഉപകരണം കൃത്യമായ രോഗ നിര്‍ണയത്തിന് സഹായിക്കുന്നു. ഈ പരിശേധന ഇന്ന് വെറ്ററിനറി സര്‍വകലാശാല ആശുപത്രികളില്‍ ലഭ്യമാണ്. കൃത്യമായ മര്‍ദ നിര്‍ണയത്തിനും നേത്ര പരിശോധനയ്ക്കും ശേഷം മാത്രമേ ചികിത്സ നിര്‍ദേശിക്കാന്‍ സാധിക്കൂ

ചികിത്സ

കണ്ണിനുള്ളിലെ മര്‍ദം കുറയ്ക്കുക എന്നതാണ് ശരിയായ ചികിത്സാ വിധി. ആദ്യം തന്നെ മരുന്നുകള്‍ ഉപയോഗിച്ച് മര്‍ദം നിയന്ത്രിക്കാന്‍ ശ്രമിക്കാവുന്നതാണ്. വിദഗ്ദ്ധനായ ഒരു ഡോക്ടറുടെ സഹായത്തോടെ കൃത്യമായ രോഗനിര്‍ണയം നടത്തി ശരിയായ മരുന്നുകള്‍ കൃത്യമായ അളവില്‍ നല്‍കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ദീര്‍ഘകാലം മരുന്നുകള്‍ നല്‍കേണ്ടി വരുമെന്നതാണ് ഇതിന്റെ ഒരു ന്യൂനത.

ഇവ പരാജയപ്പെടുന്നെങ്കില്‍ സര്‍ജറിയിലൂടെ കണ്ണിനുള്ളില്‍ കെട്ടിക്കിടക്കുന്ന ദ്രാവകത്തെ പുറത്തേയ്ക്ക് പ്രവഹിപ്പിക്കുകയോ അല്ലെങ്കില്‍ ഇവയുടെ ഉപയോഗം കുറച്ച് കണ്ണിലെ മര്‍ദം കുറയ്ക്കുകയോ ചെയ്യാവുന്നതാണ്. രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ തന്നെ നായയെ ഒരു വിദഗ്ധ ഡോക്ടറെ കാണിക്കുകയും ,ശരിയായ രോഗ നിര്‍ണയം നടത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

(കടപ്പാട് : ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

മണ്ണുത്തി വെറ്ററിനറി കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍
ഫോണ്‍: 94467 923 3394467 923 33 )

വീടിനു മുകളില്‍ സ്ത്രീകള്‍ക്കായി മത്സ്യക്കൃഷി

നൂറ് മുതല്‍ നൂറ്റിയന്‍പതു വരെ ചതുരശ്ര അടി സ്ഥലത്ത് മത്സ്യക്കൃഷി നടത്തിയാല്‍ ആഴ്ചയില്‍ നാല് കിലോ മത്സ്യം ഉത്പാദിപ്പിക്കാന്‍ കഴിയും

കൊച്ചി: വീടിന്റെ ടെറസുകളില്‍ ശുദ്ധമായ പച്ചക്കറി കൃഷി ചെയ്‌തെടുക്കുന്നതു പോലെ ഇനി മത്സ്യവും കൃഷിചെയ്യാം. സംസ്ഥാന വനിതാ വികസന ബോര്‍ഡാണ് സ്ത്രീകള്‍ക്കായി മത്സ്യകൃഷിക്ക് പുതിയ പദ്ധതി ഒരുക്കുന്നത്. ഇതുവഴി വീടിനു മുകളില്‍ ചെറിയ സ്ഥലത്ത് മത്സ്യങ്ങള്‍ കൃഷി ചെയ്ത് നേട്ടം കൊയ്യാന്‍ സ്ത്രീകള്‍ക്കാകും.

നൂറു മുതല്‍ നൂറ്റിയന്‍പതു വരെ ചതുരശ്ര അടി സ്ഥലമാണ് പദ്ധതിക്ക് ആവശ്യം. ഹൈ ഡെന്‍സിറ്റി പ്ലാസ്റ്റിക് ടാങ്കുകള്‍ കൊണ്ടുള്ള, മൂവായിരം ലിറ്റര്‍ അക്വാപോണിക്‌സ്‌ സിസ്റ്റമാണ് ഇതിനായി ഉപയോഗിക്കുന്നത്. ആഴ്ചയില്‍ നാലു കിലോ മത്സ്യം ഉത്പാദിപ്പിക്കാന്‍ സാധിക്കും. 52,000 രൂപയാണ് ടാങ്കിനും മത്സ്യക്കുഞ്ഞുങ്ങള്‍ക്കുമായി ചെലവാകുക.

ദീര്‍ഘകാലം കേടാകാതെ നില്‍ക്കുന്ന ഹൈ ഡെന്‍സിറ്റി പ്ലാസ്റ്റിക് ടാങ്കുകള്‍ ഉപയോഗിക്കുന്നതിനാലാണ് ഇത്രയും ചെലവ് വരുന്നതെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു.

ജില്ലാ വനിതാ വികസന ബോര്‍ഡില്‍ അപേക്ഷ നല്‍കിയാല്‍ ബോര്‍ഡിന്റെ ഉത്തരവാദിത്വത്തില്‍ ടാങ്ക് ടെറസില്‍ ഘടിപ്പിച്ച് പ്രവര്‍ത്തനക്ഷമമാക്കി നല്‍കും. 300 മത്സ്യക്കുഞ്ഞുങ്ങളെയും ആദ്യഘട്ടമെന്ന നിലയില്‍ അപ്പോള്‍ത്തന്നെ നല്‍കും. ഇവ പരിചരിക്കുന്നതിനു വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ക്കു വേണ്ടി ബോര്‍ഡിന്റെ തന്നെ നേതൃത്വത്തില്‍ ക്ലാസുകളൊരുക്കുന്നുണ്ട്.

മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് എന്തെങ്കിലും രീതിയിലുള്ള അണുബാധകളോ മറ്റോ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് പ്രതിരോധ മരുന്നുകളും ബോര്‍ഡ് നല്‍കും. ഒരു കിലോ മത്സ്യത്തിനുള്ള തീറ്റയ്ക്കും മരുന്നുകള്‍ക്കുമായി മുപ്പതു മുതല്‍ നാല്‍പ്പതു വരെ രൂപയാണ് ആഴ്ചയില്‍ ചെലവ്.

ടാങ്കിനും മത്സ്യക്കുഞ്ഞുങ്ങള്‍ക്കുമായി ഇത്രയധികം രൂപ ചെലവു വരുന്നത് മന്ത്രി മേഴ്‌സിക്കുട്ടി അമ്മയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. തുകയില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് സബ്‌സിഡി അനുവദിച്ചാല്‍ സാധാരണക്കാരായ ഒരുപാട് വനിതകള്‍ക്ക് സ്വയം പണം കണ്ടെത്താനുള്ള മാര്‍ഗമായി പദ്ധതി മാറുമെന്നും മേയര്‍ പറഞ്ഞു

കവലോട് നവരമ്യക്കളത്തില്‍ മത്സ്യക്കൃഷിയുടെ സമൃദ്ധി

മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് തീറ്റയായി തവിടും ചാണകവും പിണ്ണാക്കുമാണ് നല്‍കിയത്. ഒരു കിലോമുതല്‍ മൂന്നുകിലോ വരെ തൂക്കംവരുന്ന മത്സ്യങ്ങളാണ് വിളവെടുപ്പില്‍ ലഭിച്ചത്.

ചിറ്റില്ലഞ്ചേരി: മഴയുടെ കുറവില്‍നിന്ന് നെല്‍ക്കൃഷിയെ രക്ഷിച്ചെടുക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവിലാണ് ജലസേചനത്തിനായി ഉപയോഗിക്കുന്ന കുളത്തില്‍ മത്സ്യക്കൃഷി നടത്താന്‍ തീരുമാനിച്ചത്.

സാധാരണ രണ്ടാംവിളയ്ക്ക് പോത്തുണ്ടി കനാല്‍വെള്ളം ഉപയോഗിച്ച് നടീല്‍ നടത്തുമെങ്കിലും അവസാനസമയത്ത് ഈ കുളത്തിലെ വെള്ളമാണ് ഉപയോഗിക്കുക. എന്നാല്‍ ഇത്തവണ വിളയിറക്കാന്‍പോലും പോത്തുണ്ടി കനാല്‍വെള്ളം ലഭിക്കാതായതോടെയാണ് മേലാര്‍കോട് കവലോട് നവരമ്യക്കളത്തില്‍ വേലായുധന്‍ കുളത്തില്‍ മത്സ്യക്കൃഷി തുടങ്ങിയത്.

വീടിനോടുചേര്‍ന്നുള്ള 70 സെന്റ് കുളത്തിലാണ് മത്സ്യക്കൃഷിയൊരുക്കിയത്. ഇതിനായി ഫിഷറീസ് വകുപ്പിന്റെ മത്സ്യസമൃദ്ധി പദ്ധതിപ്രകാരം മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങി കുളത്തിലിട്ടു. കടഌ മൃഗാല, സൈപ്രസ്, ഓവു തുടങ്ങിയ മത്സ്യക്കുഞ്ഞുങ്ങളെയാണ് ഇതിനായി തിരഞ്ഞെടുത്തത്. ശരിയായ പരിചരണം നല്‍കി. തീറ്റയായി തവിടും ചാണകവും പിണ്ണാക്കുമാണ് നല്‍കിയത്. 10 മാസത്തെ പരിചരണത്തിനൊടുവില്‍ കുളത്തില്‍ മത്സ്യം സമൃദ്ധമായി. ഒരുകിലോ മുതല്‍ മൂന്നുകിലോ വരെ തൂക്കംവരുന്ന മത്സ്യങ്ങളെയാണ് വിളവെടുപ്പില്‍ ലഭിച്ചത്. വളര്‍ച്ചയെത്താത്ത മീന്‍ കുഞ്ഞുങ്ങളെ തിരിച്ച് കുളത്തില്‍ത്തന്നെ വിട്ടു. പ്രദേശത്ത് വേലകളുടെ തിരക്കില്‍ വേലായുധന് മത്സ്യക്കൃഷി വിളവെടുപ്പിന്റെ തിരക്കായിരുന്നു.

വിളവെടുപ്പുത്സവം മേലാര്‍കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം. മായന്‍ നിര്‍വഹിച്ചു

അര്‍ക്ക പ്രൈഡും അര്‍ക്ക ഐവറിയും: റോസിലെ പുതുതാരങ്ങള്‍

ഇന്ത്യന്‍ ഹോര്‍ട്ടികള്‍ച്ചറല്‍ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ മൂന്ന് പുതിയ റോസിനങ്ങളെ പരിചയപ്പെടുത്തുകയാണ് ഇവിടെ

ബെംഗളൂരുവിലെ 'ഇന്ത്യന്‍ ഹോര്‍ട്ടികള്‍ച്ചറല്‍ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട്'' മനോഹരമായ മൂന്ന് പുതിയ റോസിനങ്ങള്‍ പുറത്തിറക്കി. കട്ട് ഫ്‌ളവര്‍ വ്യവസായത്തിനുയോജിച്ച റോസിനമാണ് 'അര്‍ക്ക പ്രൈഡ്'. ഇത് സംരക്ഷിത കൃഷിയില്‍ മെച്ചമായ പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് തെളിഞ്ഞിട്ടുള്ളത്. ഒരു ചതുരശ്ര മീറ്റര്‍ സ്ഥലത്തുനിന്ന് 120 പൂക്കള്‍വരെ വിളവെടുക്കാം. മഞ്ഞയും ചുവപ്പും ചേര്‍ന്ന പാടലവര്‍ണമാണ് പൂക്കള്‍ക്ക്.

'അര്‍ക്ക ഐവറി' പേരു സൂചിപ്പിക്കുന്നതുപോലെ ഐവറി നിറത്തിലുള്ള പൂക്കള്‍ തരുന്ന ഇനമാണ്. കട്ട് ഫ്‌ളവറായി ഉപയോഗിക്കാവുന്ന ഈയിനം. ചതുരശ്ര മീറ്ററില്‍നിന്ന് 110 പൂക്കളോളം വിളവ് തരുന്നു. സുഗന്ധ റോസിനമായ  'അര്‍ക്ക സുകന്യ'യാണ്‌ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ മറ്റൊന്ന്.

0.22 ശതമാനം സുഗന്ധസത്ത് അടങ്ങിയ പൂക്കളാണ് ഇതില്‍ വിരിയുക. സുഗന്ധസത്ത് വേര്‍തിരിക്കാനും സുഗന്ധചികിത്സയ്ക്കും ഇതുപയോഗിക്കാം. രോഗകീട പ്രതിരോധശേഷിയില്‍ മെച്ചമാണ് ഈ മൂന്നിനങ്ങളും.

(IIHR ഫോണ്‍: 080 28466420080 28466420 ).

വളര്‍ത്താം അലങ്കാരപ്പനകള്‍

അലങ്കാരപ്പനകളെ ആക്രമിക്കുന്ന കീടങ്ങളെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും തൈകളുടെ പരിചരണത്തെക്കുറിച്ചുമാണ്‌ ഇവിടെ വിവരിക്കുന്നത്‌

ലോകത്തേറ്റവുമധികം ജനുസുകളുള്ള സസ്യവിഭാഗമാണ് അരക്കേഷ്യ വിഭാഗം. അതില്‍പ്പെട്ട വിശേഷസസ്യമാണ് നമ്മുടെ തെങ്ങ്. എന്നാല്‍, തെങ്ങിനെക്കൂടാതെ ഒട്ടേറെയിനം പനവര്‍ഗങ്ങളും ലോകത്താകമാനമുണ്ട്.

നമ്മുടെ നാട്ടില്‍ പണ്ട് ധാരാളം പനകള്‍ ഉണ്ടായിരുന്നു. ഫാന്‍പാം വര്‍ഗത്തില്‍പ്പെട്ട കൊടപ്പന, ഈറന്‍പന, കരിമ്പന എന്നിവയായിരുന്നു ഇവയില്‍ ചിലത്. കാണാനഴകുള്ളതാണെങ്കിലും വലിയ ഉയരത്തില്‍ പോകുന്നതും കൂറേയേറെ സഥലം കവര്‍ന്നെടുക്കുന്നതുമായിരുന്നു അവ. പണ്ട് പുരകെട്ടിമേയാന്‍ കൊടപ്പനയുടെ വലിയ വിശറിപോലുള്ള ഓലകളായിരുന്നു നാം ഉപയോഗിച്ചിരുന്നത്. ഓലപ്പുരകളുടെ കാലം അസ്തമിച്ചതോടെ കൊടപ്പനയും രംഗം വിട്ടു. കൊടപ്പനകള്‍ ഒന്നാന്തരം ഭക്ഷ്യവിഭവവുമായിരുന്നു പണ്ട്. പനങ്കഞ്ഞി വെരകിയതും മീന്‍കറിയും നാട്ടിന്‍പുറത്തെ വിശിഷ്ട ഭക്ഷണയിനമായിരുന്നു. കുലയ്ക്കാത്ത മൂപ്പെത്തിയ പനമുറിച്ച് അതിന്റെയുള്ളിലെ പൊടിയെടുത്തായിരുന്നു മധുരം ചേര്‍ത്തും അല്ലാതെയും വെരകിയിരുന്നത്. കരിമ്പനയുടെ നാടാണ് പാലക്കാട്. ഒ.വി. വിജയന്റെ കഥകളിലും നോവലുകളിലും ഒരു പ്രധാന ബിംബം തന്നെയാണ് കരിമ്പനകള്‍. കരിമ്പനയുടെ ഇളനീര്‍ ഒരു വിശിഷ്ട ഭക്ഷണയിനമാണ്. പനംപാത്തിയുടെ ആവശ്യത്തിനും ആനയുടെ ഭക്ഷണമായും പ്രശസ്തിയാര്‍ജിച്ചതാണ് ഈറന്‍ പനകള്‍.

കവുങ്ങും തെങ്ങുമെല്ലാം പനവര്‍ഗത്തില്‍പ്പെട്ടതാണെങ്കിലും നമ്മുടെ നാട്ടില്‍ ഇപ്പോള്‍ കണ്ടുവരുന്ന ഒരു പ്രവണത പൂന്തോട്ടങ്ങളെ ഭംഗിയാക്കാന്‍വേണ്ടിയുള്ള അലങ്കാരപ്പന വളര്‍ത്തലാണ്. ചൈനീസ്, സയാമീസ് ,തായ് , മലേഷ്യന്‍ തുടങ്ങി നൂറില്‍പ്പരം ഇനങ്ങള്‍ നമ്മള്‍ പൂന്തോട്ടങ്ങളില്‍ വളര്‍ത്തിവരുന്നുണ്ട്. വളരെപ്പെട്ടെന്ന് വളരുമെന്നതിനാലും നമ്മുടെ ഉഷ്ണമേഖലാ കാലാവസ്ഥയ്ക്ക് അനുയോജ്യമായതിനാലും പല വീടുകളിലും ചട്ടിയിലും നിലത്തും ഇപ്പോള്‍ അലങ്കാരപ്പനകളുടെ വലിയനിര തന്നെ കണ്ടുവരുന്നു.

അലങ്കാരപ്പനയിനങ്ങില്‍ ഒട്ടേറെയിനങ്ങളുണ്ട്

വിശറിപ്പന (ഫാന്‍പാം) ആണ് ഇതില്‍ പ്രമുഖം. നമ്മുടെ കൊടപ്പന ഇതിന്റെ ഏറ്റവും വലിയ ജനുസാണ്. ഇതില്‍ത്തന്നെ 150 ഇനങ്ങള്‍ സാധാരണ കണ്ടുവരുന്നു ലിക്കോള അക്ക്വായില്‍സ് എന്നാണ് ശാസ്ത്രനാമം. വലിയവിശറി പോലുള്ള ഇലകളാണ് ഇതിന്റെ പ്രത്യേകത തടിച്ച കാണ്ഡത്തില്‍ അടുത്തടുത്ത് ഇലകളുണ്ടാകുന്ന ഇനമാണിത്. വലിയ ഇനങ്ങള്‍ ഒരു പ്രാവശ്യമേ കുലയ്ക്കൂ. അതോടെ നശിച്ചുപോകുന്നു. പനയുടെ അറ്റത്ത് കുറേയധികം ഇലകള്‍ വളര്‍ന്നു നില്‍ക്കും.

രാജകീയ പന

അടുത്തതായി ക്യുബന്‍ റോയല്‍ പാം, ഫ്‌ളോറിഡ റോയല്‍ പാം എന്നിങ്ങനെ വിവക്ഷിക്കപ്പെടുന്ന രാജകീയപനയാണ്. റോയസ്റ്റോണെ റീജ്യ എന്നാണിതിന്റെ ശാസ്ത്രനാമം. അടിഭാഗത്ത് ഒട്ടേറെ വേരുകള്‍ തിങ്ങിനില്‍ക്കുന്നതും അല്ലാത്തതുമായ രണ്ടിനങ്ങളാണ് ഇതില്‍ കണ്ടുവരുന്നത്. നമ്മുടെ നാട്ടിലും പാതയോരങ്ങളിലും വലിയ പാര്‍ക്കുകളിലും തലയെടുപ്പോടെ വിടര്‍ന്നുനില്‍ക്കുന്നയിനമാണിത്. ഇതിന്റെ തടിക്ക് അടിമുതല്‍ മുകള്‍ വരെ ഒരേ വണ്ണമാണ്. 20 മീറ്റര്‍വരെ ഉയരത്തില്‍ വളരും. തെങ്ങിനെപ്പോലെ തലഭാഗത്ത് എല്ലാവശങ്ങളിലേക്കും നിറയെ ഓലകള്‍ വളര്‍ന്നുനില്‍ക്കും. തടിയുടെ മുക്കാല്‍ ഭാഗം ചാരനിറവും നിറയെ വളയങ്ങളുള്ളതുമായിരിക്കും. തലയോടടുത്തഭാഗം നല്ലഭംഗിയുള്ള പച്ചനിറമായിരിക്കും.

ചുവപ്പന്‍ പന

രണ്ടുവര്‍ഷംകൊണ്ട് ഒരു കൂട്ടമായിത്തീരുന്ന പനയിനമാണ് റെഡ്പാം. പത്തുമീറ്ററോളം വളരുന്ന ഇവ ചട്ടികളില്‍ വീടുകളില്‍ വളര്‍ത്താവുന്നയിനമാണ്. അതുകൊണ്ടുതന്നെ പൂന്തോട്ടത്തിന്റെ മികച്ചഅലങ്കാരവുമാണ് ഈയിനം പനകള്‍. ഇതിന്റെ കാണ്ഡത്തിനും ഓലയുടെ മടലിനും മനോഹരമായ ചുവപ്പുനിറമാണ്. റെഡ് സീലിങ് വാക്‌സ് പാം എന്നാണിതിന്റെ മുഴുവന്‍ പേര്. നല്ല ചുവപ്പു നിറമുള്ള മടലില്‍ നീളമുള്ള നല്ല പച്ചനിറമുള്ള ഓലക്കണ്ണികള്‍ അടുക്കിവെച്ചിരിക്കും.

വെണ്ടപ്പന

കണ്ടാല്‍ വെണ്ടയുടെ ആകൃതിയില്‍ വിരിഞ്ഞുനില്‍ക്കുന്ന നിറയെ ഇലകളോടുകൂടിയ ഇനമാണിത്. ഉയരം 46 അടി മാത്രമേ ഉണ്ടാകൂ. നാലുവര്‍ഷം കൊണ്ട് ഇതിനുചുറ്റും നിറയെ തൈകളുണ്ടാകുന്നു. പിന്നെ ഒരു കൂട്ടമായി മാറുന്ന ഇതിന്റെ കാണ്ഡത്തിന് വണ്ണം കുറവാണ്. തായ്, മലയ, മിനിയേച്ചര്‍ എന്നീയിനങ്ങളാണ് കേരളത്തില്‍ കൂടുതലും വളരുന്നത്.

കുപ്പിപ്പന (ബോട്ടില്‍ പാം)

കവുങ്ങിന്റെ ഓലയോട് വളരെയധികം സാമ്യമുള്ള ഇലകളോടുകൂടിയ വലിയ കുപ്പിയെന്നുതോന്നുന്നയിനം പനയാണിത്. അഞ്ചാറുവര്‍ഷം വളര്‍ച്ചയെത്തിയാല്‍ കാണ്ഡത്തിന് ചാരനിറവും കുപ്പിക്കഴുത്തിന് നല്ല പച്ചനിറവുമുണ്ടായിരിക്കും. വര്‍ഷങ്ങളുടെ വളര്‍ച്ചയോടെ മാത്രമേ യഥാര്‍ഥത്തില്‍ കുപ്പിയുടെ ആകൃതിയില്‍ ഇവ മാറൂ.

മഞ്ഞപ്പന (യെല്ലോ പാം)

പാരമ്പര്യമായി നമ്മുടെ ഉദ്യാനങ്ങളില്‍ വളര്‍ത്തിവരുന്ന ഒരിനം അലങ്കാരപ്പനയാണ് യെല്ലോ പാം. പനയുടെ പാളയും ഇലയുടെ തണ്ടും നല്ല മഞ്ഞനിറമായിരിക്കും. കാണ്ഡത്തിന് മഞ്ഞകലര്‍ന്ന പച്ചനിറമായിരിക്കും ചട്ടിയില്‍ വളര്‍ത്താവുന്ന ഈ ഇനം രണ്ടുവര്‍ഷം കൊണ്ട് നിറയെ കൂട്ടമാവും.

ട്രയാംഗുലര്‍ പാം, ഷാംപെയ്ന്‍ പാം, ബിസ്മാര്‍ക്ക്പാം, സൈയാഗ്രസ് പാം എന്നിങ്ങനെ ഒട്ടേറെ അലങ്കാരപ്പനകള്‍ നമ്മുടെ ഉദ്യാനങ്ങളില്‍ വളരുന്നുണ്ട്. അവയുടെ നടീലും പരിപാലനവും പരിചയപ്പെടാം.

തൈകളും പരിചരണവും

ചില പനകള്‍ക്ക് തൈകളുണ്ടാവുന്നത്് അമ്മ സസ്യത്തിന്റെ വശങ്ങളില്‍ നിന്ന് കിളിര്‍ത്തുവന്നാണ.് റെഡ്, യെല്ലോ, ഫാന്‍, വെണ്ടക്ക എന്നീ പനകള്‍ക്കാണ് ഈ രീതിയിലാണ് തൈകള്‍ ഉണ്ടാകാറ്. എന്നാല്‍ ബോട്ടില്‍, റോയല്‍, ജയന്റ് ലിക്കോള, ഷാംപെയ്ന്‍ എന്നീയിനങ്ങളുടെ വിത്തുകള്‍ മുളപ്പിച്ചാണ് തൈകളെയുണ്ടാക്കുക.

മൂപ്പെത്തിയ കായകള്‍ ശേഖരിച്ച് മണലും ചാണകപ്പൊടിയും കലര്‍ത്തിയ മിശ്രിതത്തില്‍ വിത്ത്‌നടാം. വിത്ത് ശേഖരിച്ച ഉടനെ നടുന്നതാണ് മുളയ്ക്കല്‍ ശേഷി കൂട്ടാനുള്ളവഴി. അല്ലെങ്കില്‍ മുളയ്ക്കാന്‍ സാധ്യത കുറവാണ്. ഇവ മുളച്ചുവരാന്‍ ഒന്നു മുതല്‍ മൂന്നുമാസം വരെയെടുക്കാം തൈകള്‍ക്ക് മൂന്നോ നാലോ ഇലകള്‍ വന്നതിനുശേഷമാണ് ചട്ടിയിലേക്കോ കുഴിയിലേക്കോമാറ്റി നടേണ്ടത്. 

തൈകള്‍ കുഴിയിലാണ് നടുന്നതെങ്കില്‍ കുഴിയുടെ ആഴവും വലിപ്പവും തരവും പ്രദേശങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെടുത്തണം. വെള്ളംനില്‍ക്കാത്ത തരം മണ്ണില്‍ രണ്ടടി നീളത്തിലും ഒരടി വീതിയിലുമുള്ള കുഴികളെടുക്കാം. നടുന്നതിന് 15 ദിവസമെങ്കിലും മുമ്പ് കുഴിയില്‍ പകുതിവരെയെങ്കിലും മേല്‍മണ്ണ്‌നിറയ്ക്കാം. അതില്‍ കുറച്ച് ഉപ്പും കുമ്മായവും വിതറി നനച്ചിടാം. ചാണകപ്പൊടിയും ചേര്‍ക്കാവുന്നതാണ്. കുഴികളില്‍ ഒരു ചകിരിപ്പൊളി മലര്‍ത്തിവെക്കുക്കുന്നത് ഈര്‍പ്പം നിലനില്‍ക്കാനും പെട്ടെന്ന് വേരോട്ടം നടക്കാനും ഉപകരിക്കും. ചിതല്‍ശല്യം ഒഴിവാക്കാന്‍ ഇങ്ങനെ മലര്‍ത്തിയടുക്കുന്ന ചകിരിപ്പൊളിക്കുമേല്‍ ചിതല്‍പ്പൊടിയോ കാര്‍ബറില്‍ പൊടിയോ അല്പം വിതറാം, അല്ലെങ്കില്‍ വേപ്പിന്‍പിണ്ണാക്ക് അല്പം വിതറിയാലും മതി.

പൂന്തോട്ടങ്ങളില്‍ നടുമ്പോള്‍ കുഴിയുടെ അകലം കൃത്യമായിരിക്കണം. അതിന്റെ അകലം ക്രമീകരിച്ച് തലകള്‍ കോര്‍ത്തുപോകാത്ത തരത്തിലും ഭംഗി നിലനിര്‍ത്തുന്ന തരത്തിലും അകലം ക്രമീകരിക്കാം. മഴക്കാലത്ത് വെള്ളം കെട്ടിനില്‍ക്കാതെ നോക്കണം. ചട്ടിയില്‍ വളര്‍ത്തുന്ന പനകളുടെ വളര്‍ച്ച നമുക്ക് നിയന്ത്രിക്കാവുന്നതാണ്. വെള്ളവും വളവും നല്‍കുന്നത് കുറച്ചാണ് ഇത് സാധ്യമാക്കുന്നത്. വീടിനകത്താണ് വെക്കുന്നതെങ്കില്‍ 15 ദിവസം കൂടുമ്പോള്‍ ഒരിക്കല്‍ ഒരുദിവസം മുഴുവന്‍ വെയില്‍ കൊള്ളിക്കുന്നത് ഇലകള്‍ക്ക് നല്ല നിറം ലഭിക്കാന്‍ ഉപകരിക്കും. ഉണങ്ങിയ ഇലകളും തണ്ടുകളും കൃത്യസമയത്ത് മാറ്റണം. ചട്ടിയില്‍ പന വളര്‍ന്നു നിറഞ്ഞാല്‍ ചട്ടിയില്‍ നിന്നൊഴിവാക്കി വേരുകളും അധികമുള്ള തൈകളും മാറ്റി മിശ്രിതം വേറെ നിറച്ച് വീണ്ടും നട്ട് നനയ്ക്കാവുന്നതാണ്.

കീടങ്ങളും രോഗങ്ങളും

പനകള്‍ക്ക് സാധാരണയായി കീടങ്ങളും രോഗങ്ങളും വരുന്നത് കുറവാണ്. സാധാരണ അരക്കേഷ്യ കുടുംബത്തില്‍പ്പെട്ട തെങ്ങ്, കവുങ്ങ് എന്നിവയ്ക്ക് വരുന്ന രോഗങ്ങള്‍ ആണ് വരാറ്. ചെമ്പന്‍ചെല്ലി, കൊമ്പന്‍ചെല്ലി, കുമിള്‍ രോഗങ്ങള്‍ എന്നിവയ്ക്ക് തൈകള്‍ പറിച്ചു നടുന്നതുമുതല്‍ അതിന് ഏഴെട്ടുവര്‍ഷം പ്രായമെത്തുന്നതുവരെ ഓലക്കവിളുകളില്‍ ജൈവകീടനാശിനികള്‍ തളിച്ചും വേപ്പിന്‍ പിണ്ണാക്കോ മരോട്ടിപ്പിണ്ണാക്കോ 300 ഗ്രാം അതേഅളവില്‍  പൂഴി(മണല്‍)യുമായിചേര്‍ത്ത് വര്‍ഷത്തില്‍ മൂന്നോ നാലോ തവണ ഇളം കൂമ്പിനു ചുറ്റും വിരിഞ്ഞുവരുന്ന നാല് ഓലക്കൂമ്പില്‍ വരെ നിറച്ചുവെക്കാം. പാറ്റഗുളിക ഇതുപോലെ വെച്ച് പൂഴികൊണ്ട് മൂടുന്നതും ഇവയെ തുരത്താന്‍ ഫലപ്രദമാണ്.

പനയിലുണ്ടാകുന്ന ദ്വാരങ്ങളില്‍ നിന്ന് സ്രവങ്ങള്‍ ഒലിച്ച് പുളിച്ചുകിടക്കുന്നത് ചെമ്പന്‍ചെല്ലിയെ ആകര്‍ഷിച്ച് മുട്ടയിട്ട് പെരുകാനിടയാക്കും. ഇനി ചെമ്പന്‍ചെല്ലിയുടെ ആക്രമണം തുടങ്ങിക്കഴിഞ്ഞിട്ടാണ് കാണുന്നതെങ്കില്‍ ചുവട്ടില്‍ വരുന്ന  ദ്വാരങ്ങള്‍ സിമന്റോ  മണ്ണോ, പ്ലാസ്റ്റര്‍ ഓഫ് പാരീസോ തേച്ച്   അടച്ചതിനുശേഷം മാങ്കോസെബ് എ കുമിള്‍നാശിനി ഒരുലിറ്റര്‍വെള്ളത്തില്‍ ചേര്‍ത്ത് (ഒരുതൈയ്ക്ക് 34 ഗ്രാം) മുകളിലെ ദ്വാരത്തില്‍ ഒഴിക്കാം. കാര്‍ബറില്‍ (20 ഗ്രാം ഒരുലിറ്റര്‍വെള്ളത്തില്‍), എമിഡാക്ലോപ്രിഡ് (രണ്ടു മില്ലി ഒരുലിറ്റര്‍വെള്ളത്തില്‍), സൈ്പനോസാഡ്( 5 മില്ലിം ഒരുലിറ്റര്‍വെള്ളത്തില്‍) എന്നിങ്ങനെയും ദ്വാരത്തില്‍ ഒഴിച്ചുകൊടുക്കാം.

അങ്ങനെ മനോഹരമായ പനയിനങ്ങളെ ചട്ടിയിലും നിലത്തും വളര്‍ത്തി പൂന്തോട്ടങ്ങളെ മനോഹരമാക്കാം.

മുറ്റത്തെ മുല്ലയ്ക്ക് പണമുണ്ട്

കുറ്റിമുല്ല കൃഷി ചെയ്ത് വരുമാനം നേടുന്ന വീട്ടമ്മയെ പരിചയപ്പെടുത്തുകയാണ് ഇവിടെ

മണം മാത്രമല്ല, പണവും ഉണ്ടാക്കിത്തരാന്‍ കഴിയുന്ന പുഷ്പമാണ് മുല്ല. പുഷ്പവിപണിയില്‍ ഏറ്റവുമധികം വില ലഭിക്കുന്ന ഇനവും മുല്ലപ്പൂതന്നെ. ഒരുദിവസം ഒരുമണിക്കൂര്‍ മുല്ലകൃഷിക്ക് മാറ്റിവയ്ക്കുന്ന എറണാകുളം കരുമാലൂര്‍ സ്വദേശിനി സിന്ധു അജിത്തിന്റെ ദിവസവരുമാനം ആയിരത്തിലധികം രൂപയാണ്.

സമീപവാസികളില്‍നിന്നാണ് സിന്ധു കുറ്റിമുല്ലകൃഷിയെക്കുറിച്ച് അറിയുന്നത്. ഇപ്പോള്‍ വീടിനുചുറ്റിലും ടെറസിലുമായി ചെടിച്ചട്ടികളില്‍ 250ലധികം കുറ്റിമുല്ലത്തൈകള്‍ കൃഷിചെയ്യുന്നു. തൃശ്ശൂര്‍ മണ്ണുത്തിയിലെ കാര്‍ഷികസര്‍വകലാശാലയില്‍നിന്ന് 10 രൂപ നിരക്കില്‍ കുറ്റിമുല്ലത്തൈകള്‍ വാങ്ങി ചുവന്ന മണ്ണും മണലും ചാണകവും ചേര്‍ത്ത് ചട്ടികളില്‍ നിറച്ചശേഷം തൈകള്‍ നട്ടു.

തൈനട്ട് നാലുമാസം  കഴിഞ്ഞപ്പോള്‍ മൊട്ടിട്ടുതുടങ്ങി. രാവിലെ ഒരുനേരം വെള്ളമൊഴിക്കും. ഇടയ്ക്കിടയ്ക്ക് കളകള്‍ പറിച്ചുമാറ്റണം. ചെടിക്കുചുറ്റുമുള്ള മണ്ണ് ആഴ്ചയിലൊരിക്കലെങ്കിലും ഇളക്കിക്കൊടുക്കണം. നല്ല  വെയില്‍കിട്ടുന്ന സ്ഥലത്ത് കൃഷി ചെയ്താല്‍ കൂടുതല്‍ നന്നായി മൊട്ടിടുമെന്നാണ് സിന്ധു പറയുന്നത്.

കൂടുതല്‍ പൂക്കള്‍ കിട്ടുന്നതിന് ചെടിയുടെ ചുവട്ടില്‍നിന്ന് ഒരടി ഉയരത്തില്‍ എല്ലാ ശാഖകളും മുറിച്ചുനീക്കണം. കൂടുതല്‍ മൊട്ടിടാനാണ് ഇങ്ങനെ ചെയ്യുന്നത്. രണ്ടാഴ്ചയ്ക്കിടയ്ക്ക് ചാണകപ്പൊടി, സ്റ്റെറാമില്‍ എന്നീ വളങ്ങള്‍ ഇടാറുണ്ട്. കുറ്റിമുല്ലകൃഷിയില്‍ പേടിക്കേണ്ടത് മൊട്ടിനെ കാര്‍ന്നുതിന്നുന്ന പ്രാണികളെയാണ്. ഇവയെ നശിപ്പിക്കാന്‍ കാന്താരി മുളക് അരച്ച് ഒരാഴ്ച വെള്ളത്തിലിട്ടശേഷം ചെടികളില്‍ തളിക്കണം.

രാവിലെ ഏഴുമണിക്കുമുമ്പ്  മൊട്ടുകള്‍ നുള്ളി സമീപത്തെ പറവൂര്‍താലൂക്കിലെ പുഷ്പകൃഷി വികസനസമിതിയില്‍ എത്തിക്കും. മിക്കദിവസവും ഒരു കിലോവരെ പൂമൊട്ട് ലഭിക്കും. ചില സമയങ്ങളില്‍ കിലോയ്ക്ക് ആയിരം രൂപവരെ  കിട്ടാറുണ്ട്. സമീപത്തെ കല്യാണവീടുകളിലും അമ്പലത്തിലും ഇടയ്ക്ക് സിന്ധുതന്നെ പൂമാല കെട്ടിക്കൊടുക്കും. മുറ്റത്തും ടെറസിലും നിറയെ മൊട്ടിട്ട കുറ്റിമുല്ലച്ചെടികളും ചുറ്റും മണവും നിറയുമ്പോള്‍ കുറ്റിമുല്ലകൃഷി ഈ വീട്ടമ്മയ്ക്ക് ചെറിയ അധ്വാനത്തിലൂടെ ലഭിക്കുന്ന വലിയ ലാഭമായിത്തീര്‍ന്നിരിക്കുന്നു.

ഇഞ്ചിത്തൈകള്‍ ഇനി പ്രോട്രേയിലും

കേരളത്തിലെ ഇഞ്ചിക്കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമാണ് നല്ല ഇഞ്ചിവിത്തിന്റെ ലഭ്യതക്കുറവ്. ഇതിന് പരിഹാരമായി മികച്ച ഇഞ്ചിത്തൈകള്‍ പ്രോട്രേയില്‍ വളര്‍ത്തി നേരിട്ട് തവാരണകളില്‍ കൃഷിചെയ്യുകയാണ് കോട്ടയത്തെ ബാബു ചെറിയാന്‍ എന്ന കര്‍ഷകന്‍.

ഇദ്ദേഹത്തിന്റെ തോട്ടത്തിലെ ഉത്പാദനക്ഷമതയേറിയ ഇന്‍ഡൊനീഷ്യന്‍ 'റെഡ് ജിഞ്ചര്‍' തൈകള്‍ പ്രോട്രേ രീതിയില്‍ വളര്‍ത്താന്‍ കൂടുതല്‍ അനുയോജ്യമാണ്. അഞ്ചുഗ്രാമോളമുള്ള ചെറുകഷ്ണങ്ങളായി മുറിച്ച ഇഞ്ചി ചാണകപ്പൊടിയും മണ്ണും ചേര്‍ത്ത് തയ്യാറാക്കിയ പ്രോട്രേകളില്‍ നട്ട് ചെറുതായി നനച്ചാല്‍ പെട്ടെന്നുതന്നെ മുളച്ച് വളരും.നാലിലപ്പരുവമായ തൈകള്‍ തവാരണകളില്‍ നേരിട്ട് നടാം. 'റെഡ് ജിഞ്ചര്‍' തൈകള്‍ മികച്ച വിളവുനല്‍കും.

ഒട്ടേറെ കര്‍ഷകര്‍ നടീല്‍ വസ്തുക്കള്‍ അന്വേഷിക്കുന്നതിനാല്‍ പ്രോട്രേതൈകളില്‍നിന്ന് ടിഷ്യുകള്‍ച്ചര്‍ തൈകളും ബാബു ചെറിയാന്‍ തയ്യാറാക്കിവരുന്നുണ്ട്. ഫോണ്‍: 94470954529447095452 .

മഞ്ഞു കൊണ്ടൊരു നന

ഓര്‍ക്കിഡ് ഇനത്തില്‍പ്പെട്ട ചെടികള്‍ വളരുന്നതിന് വെള്ളത്തോടൊപ്പം ഈര്‍പ്പമുള്ള അന്തരീക്ഷവും ആവശ്യമാണ്.

പേര് സൂചിപ്പിക്കുന്നതുപോലെ വെള്ളം മഞ്ഞുതുള്ളികള്‍ പോലെ കൃഷിയിടത്തില്‍ വീഴ്ത്തുന്നതാണ് മിസ്റ്റ് തുള്ളിനന. മറ്റ് തുള്ളിനന രീതികള്‍ ചെടിയുടെ ചുവട്ടില്‍ മാത്രം വെള്ളമെത്തിക്കുമ്പോള്‍ ഇത്തരം ജലസേജനം ചെടിയുടെ മുഴുവന്‍ ഭാഗങ്ങളിലും ജലമെത്തിക്കുന്നു. ഇത് മൂലം ചെടിക്ക് തണുപ്പം ഈര്‍പ്പവും ലഭിക്കുന്നു. ഓര്‍ക്കിഡ്  ഇനത്തില്‍പ്പെട്ട ചെടികള്‍ വളരുന്നതിന് വെള്ളത്തോടൊപ്പം ഈര്‍പ്പമുള്ള അന്തരീക്ഷവും ആവശ്യമാണ്.

ഇത്തരത്തിലുള്ള നനയിലൂടെ ചെടികള്‍ക്ക് വെള്ളം കിട്ടുമ്പോഴാണ് ഏറ്റവും ഫലപ്രദമയി ജലാഗികരണം നടക്കുന്നത്. ഡ്രിപ്പ്‌നനയും തുള്ളിനനയും തമ്മില്‍ ധാരാളം വ്യത്യാസങ്ങളുണ്ട്. പ്രധാന വ്യത്യാസം എമിറ്ററുകളുടെതാണ്‌ . വെള്ളം വീഴുന്ന രീതിയിലും വെള്ളം ചെടിക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുന്നതിലുമാണ് വ്യത്യാസമുള്ളത്.

എന്നാല്‍ വെള്ളമെത്തിക്കുന്ന കുഴലുകളും യന്ത്രഭാഗങ്ങളുമെല്ലാം ഡ്രിപ്പിന്റേതുതന്നെയാണ്. ഡ്രിപ്പില്‍ കുഴലുകളെല്ലാം തറനിരപ്പില്‍ തന്നെ നിലനില്‍ക്കുമ്പോള്‍ മിസ്റ്റില്‍ ശാഖാകുഴലുകള്‍ ചെടിക്കു മുകളിലൂടെ വലിക്കുകയാണ് ചെയ്യുന്നത്.

താങ്ങുമരത്തിന്റെ ശാഖകള്‍ക്കിടയിലൂടെയും കുഴല്‍ വലിക്കാവുന്നതാണ്. ഇവയുടെ ഒരറ്റം ഉപകുഴലുകളുമായി ഉറപ്പിച്ചിരിക്കുന്നു. മറ്റേയറ്റം വെള്ളത്തിന്റെ വഴിയടച്ചുകൊണ്ട് മടക്കി പ്രത്യേകയിനം ക്ലിപ്പിട്ട് വെച്ചിരിക്കുകയാണ്. അതായത് പ്രധാനകുഴലില്‍നിന്ന് ഉപകുഴലിലൂടെ വരുന്ന വെള്ളം ശാഖാകുഴലുകളില്‍ പ്രവേശിച്ച് ചെടികളില്‍ എത്തുന്നു.

ചെടിയുടെ ഓരോ നിരയ്ക്കും  മുകളിലൂടെയോ ചുവട്ടിലൂടെയോ ഒരെണ്ണം എന്ന തോതില്‍ ശാഖാകുഴലുകള്‍ കടന്നു പോകുന്നു. കുഴലുകളില്‍ എമിറ്ററുകളിടുമ്പോള്‍ നനയ്ക്കാനുള്ള സൗകര്യമുണ്ടാകുന്നു. കുഴല്‍ വലിക്കുന്നത് മുകളിലൂടെയാണെങ്കില്‍ എമിറ്ററുകള്‍ താഴേക്ക് തൂക്കിയിടണം. തറനിരപ്പിലാണ് കുഴല്‍ വലിച്ചിരിക്കുന്നതെങ്കില്‍ എമിറ്ററുകള്‍ മുകളിലേക്ക് ഉറപ്പിച്ച് നിര്‍ത്തണം. ഇവയൊഴിച്ചാല്‍ ഡ്രിപ്പും മിസ്റ്റും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളൊന്നുമില്ല.

മിസ്റ്റ് നനയില്‍ വെള്ളം മഞ്ഞിന്റെ രീതിയില്‍ വരണമെങ്കില്‍ നല്ല ശക്തിയില്‍ വെള്ളം കുഴലില്‍ക്കൂടിയെത്തണം. ഉയരത്തില്‍ നിന്നും ജലം കുഴലിലേക്ക് ഒഴുക്കിയാല്‍ ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്. കുറഞ്ഞത് 20 മീറ്റര്‍ മുകളില്‍ നിന്നെങ്കിലും വെള്ളമെത്തിക്കണം. അല്ലെങ്കില്‍ വെള്ളം പമ്പ് ചെയ്തു കൊടുത്താലും മതിയാകും.

എമിറ്ററുകളിലെ സുഷിരത്തിന്റെ വ്യാസമനുസരിച്ചാണ് ഇവയില്‍ നിന്ന് പുറന്തള്ളുന്ന വെള്ളത്തിന്റെ അളവു നിശ്ചയിക്കുന്നത്. മേല്‍ത്തരം എമിറ്ററുകള്‍ ഒരു മണിക്കൂറില്‍ 10 ലിറ്റര്‍ വെള്ളം മാത്രമേ ചെലവാക്കുകയുള്ളു. എന്നാല്‍ വ്യാസംകൂടിയ എമിറ്ററുകള്‍ക്ക് 35 മുതല്‍ 40 ലിറ്റര്‍ വരെ വെള്ളം വേണ്ടിവരും. വെള്ളം കൂടുതല്‍ ചെലവാക്കുന്ന എമിറ്ററുകള്‍ക്ക് വില കുറവാണ്.

മഴയുടെ മറയിലും കൃഷിയാവാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. മഴക്കാലത്ത് കേരളത്തില്‍ പച്ചക്കറിക്കൃഷി കുറവാണ്. ഇതിന് പ്രതിവിധിയാണ് മഴമറ. തുടക്കത്തില്‍ തന്നെ ഒരുകാര്യം മനസ്സിലാക്കുക വാണിജ്യാടിസ്ഥാനത്തിനുള്ള കൃഷിക്ക് മഴമറ അനുയോജ്യമല്ല.

പേര് സൂചിപ്പിക്കുന്നതു പോലേതന്നെ ചെടികള്‍ക്കുള്ള കൂടയാണ് മഴമറ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. മഴക്കാലത്ത് കേരളത്തില്‍ പച്ചക്കറിക്കൃഷി കുറവാണ്. ഇതിന് പ്രതിവിധിയാണ് മഴമറ. തുടക്കത്തില്‍ തന്നെ ഒരുകാര്യം മനസ്സിലാക്കുക വാണിജ്യാടിസ്ഥാനത്തിനുള്ള കൃഷിക്ക് മഴമറ അനിയോജ്യമല്ല. ചെറിയതോതിലും വീട്ടാവശ്യത്തിനുള്ള പച്ചക്കറി ഉണ്ടാക്കാനുമാണ് ഈ കൃഷിരീതി കൂടുതല്‍ ഗുണം ചെയ്യുക. മഴവെള്ളം ഉള്ളിലേക്ക് കടക്കാത്ത രീതിയില്‍ പോളി ഷീറ്റുകള്‍ മേഞ്ഞ മേല്‍ക്കൂരയ്ക്കു താഴെ നടത്തുന്ന കൃഷിയാണ് മഴമറകൃഷി.

മഴമൂലമുള്ള പ്രതികൂല കാലാവസ്ഥയില്‍ നിന്ന് പച്ചക്കറികളെ സംരക്ഷിക്കുവാന്‍ ഇത് സഹായിക്കും. ഒരു സ്ട്രക്ചറും അതിനു മേല്‍ മേഞ്ഞിരിക്കുന്ന രീതിയിലുള്ള മേല്‍ക്കൂടുമാണ് മഴമറയുടെ പ്രധാന ഭാഗങ്ങള്‍. ഗ്രീന്‍ ഹൗസുകളുമായി ഇവയ്ക്ക് നിര്‍മാണത്തില്‍ സാമ്യങ്ങളുണ്ട്. മഴമറയുടെ ചട്ടക്കുടിനായി മുള, കവുങ്ങ്, ഇരുമ്പ് പൈപ്പ് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിക്കാവുന്നതാണ്. പരമാവധി സൂര്യപ്രകാശം കടത്തിവിടുന്ന സുതാര്യമായ 200 മൈക്രോണ്‍ കനമുള്ള യുവി സ്‌റ്റെബിലൈസ്ഡ് പോളിത്തീന്‍ ഷീറ്റുകളാണ് ഉപയോഗിക്കേണ്ടത്. മേല്‍ക്കൂര അര്‍ധവൃത്താകൃതിയിലോ ചെരിവുള്ള പന്തലാകൃതിയിലോ നിര്‍മിക്കാവുന്നതാണ്.

സൂക്ഷ്മ കൃഷി രീതിയില്‍ ഉപയോഗിക്കുന്ന തുള്ളിനനയും ജലസേചനത്തോടൊപ്പമുള്ള വളപ്രയോഗവും ഇതില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

നിര്‍മ്മാണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. സൂര്യപ്രകാശം പരമാവധി ലഭിക്കുന്ന തുറസ്സായ സ്ഥലം വേണം തിരഞ്ഞെടുക്കുവാന്‍
2. തെക്കു വടക്ക് ദിശയാണ് മഴമറ നിര്‍മിക്കാന്‍ നല്ലത്.
3. ജലസേചന, ജലനിര്‍ഗമന സൗകര്യങ്ങള്‍ ഉറപ്പാക്കണം. 
4. മഴവെള്ളം എളുപ്പം ഒഴുകിപ്പോകാന്‍ ചെരിവുള്ള പന്തലാകൃതിയാണ് അനുയോജ്യം
5. ചട്ടക്കൂടിലെ കൂര്‍ത്ത ഭാഗങ്ങള്‍ ഷീറ്റില്‍ തട്ടി ഷീറ്റ് മുറിയാന്‍ ഇടയാകുമെന്നതിനാല്‍ അവ ഒഴിവാക്കേണ്ടതാണ്. 
6. മുളക്കാലുകള്‍ കേടുവരാതിരിക്കാന്‍ മണ്ണിനടിയില്‍ പോകുന്ന ഭാഗത്ത് കരിഓയില്‍ പുരട്ടുകയോ അല്ലെങ്കില്‍ ഉപ്പിടുകയോ ചെയ്യാവുന്നതാണ്. 
7. കന്നുകാലികളുടെയോ മറ്റ് ജീവികളുടെയോ ശല്യം ഒഴിവാക്കാന്‍ മഴമറയ്ക്ക് ചുറ്റും മറയുണ്ടാക്കുന്നത് നല്ലതാണ്. 
8. മഴമറയ്ക്കുള്ളില്‍ പൂര്‍ണ വായുസഞ്ചാരം ഉറപ്പാക്കേണ്ടതാണ്. 
9. ജലസേജനത്തിനും വളപ്രയോഗത്തിനുമുള്ള സംവിധാനങ്ങള്‍ ആവശ്യമെങ്കില്‍ ഉറപ്പാക്കെണ്ടതാണ്.

മഴമറയുടെ ഗുണങ്ങള്‍

1. ഉയര്‍ന്ന ഉല്‍പാദനം 
2. മഴയില്‍ നിന്നുംസംരക്ഷണം
3. പ്രതികൂല കാലവസ്ഥയിലും കൃഷിയോഗ്യമാക്കാം
4. വര്‍ഷം മുഴുവന്‍ ഉല്‍പാദനം ഉറപ്പാക്കാം
5. ഓഫ് സീസണിലും കൃഷി സാധ്യമാകുന്നു
6. വിപണന സാധ്യത മെച്ചപ്പെട്ടതാണ്
7. കൃഷി ചെലവ് കുറവാണ്
8. ജൈവകൃഷിക്കുള്ള സാധ്യത കൂടുതലാണ്

ഓരോ വീട്ടിലും ഒരു ചെറിയ മഴമറയുണ്ടെങ്കില്‍ ആ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികള്‍ ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാവുന്നതാണ്. കാപ്‌സിക്കം, മുളക്, വഴുതന, ചീര, വെള്ളരി, പടവലം, പാവല്‍, പയര്‍, കാബേജ്, കോളിഫ്‌ളവര്‍, ബീറ്റ്‌റൂട്ട്, ബീന്‍സ്, തക്കാളി എന്നിവയെല്ലാം കൃഷി ചെയ്യാം

കരനെല്‍ക്കൃഷി ചെയ്യാം

ഇപ്പോള്‍ വേനല്‍മഴ ലഭിക്കുന്നതിനാല്‍ കരനെല്‍ക്കൃഷിക്ക് നിലമൊരുക്കല്‍ ആരംഭിക്കാം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ സ്ഥലങ്ങളാണ് അനുയോജ്യം. എന്നാല്‍, 25 വര്‍ഷത്തിനുമുകളില്‍ പ്രായമുള്ള തെങ്ങിന്‍തോപ്പിലും റബ്ബര്‍തൈകള്‍ നട്ടിരിക്കുന്ന പുരയിടങ്ങളിലും കരനെല്‍ക്കൃഷി ചെയ്യാം. മേയ്-ജൂണ്‍ മുതല്‍ സെപ്റ്റംബര്‍-ഒക്ടോബര്‍ വരെയാണ് കൃഷിക്കാലം. കറുത്ത മോടന്‍, ചുവന്ന മോടന്‍, കൊച്ചു വിത്ത്, സ്വര്‍ണപ്രഭ, അന്നപൂര്‍ണ, മട്ടത്രിവേണി,  രോഹിണി, ഐശ്വര്യ, വൈശാഖ്, പ്രത്യാശ്, രേവതി, ഉമ, മകം, അരുണ, ജ്യോതി തുടങ്ങിയ ഇനങ്ങള്‍ ഉപയോഗിക്കാം.

കൃഷിയിടം നന്നായി ഉഴുത് കട്ടകളുടച്ച് നിരപ്പാക്കണം. മണ്ണിലെ പുളി ക്രമീകരിക്കുന്നതിന് സെന്റ് ഒന്നിന് ഒരു കിലോഗ്രാം വീതം കുമ്മായം നിലമൊരുക്കുമ്പോള്‍ ചേര്‍ക്കണം. കരനെല്‍ക്കൃഷിയിലെ പ്രധാനപ്രശ്‌നം കള ശല്യമാണ്. കൃഷിയിടം ഒരുക്കുമ്പോള്‍തന്നെ കളകള്‍ വേരുള്‍പ്പെടെ പരമാവധി നീക്കംചെയ്യാന്‍ ശ്രദ്ധിക്കണം. ജൈവവളം 20 കിലോഗ്രാം ഒരു സെന്റിന് എന്നതോതില്‍ നല്‍കണം. 15 സെ.മീ. അകലത്തില്‍ ചെറിയ ചാലുകള്‍ എടുത്ത് അതില്‍ 10 സെ.മീ. അകലത്തില്‍ ഓരോ പിടി മണ്ണിരക്കമ്പോസ്റ്റിട്ട് 2-3 വിത്തുവീതം ഇട്ട് നിലം നിരപ്പാക്കണം. മുളപ്പിക്കാത്ത വിത്താണ് നടാന്‍ എടുക്കേണ്ടത്. ഇതിനുപകരം വിത്ത് തുല്യമായി വീഴത്തക്ക വിധം പാകി അവ മൂടുന്ന തരത്തില്‍ പൊടിമണ്ണ് വിതറുകയുംചെയ്യാം. ഒരു സെന്റിലേക്ക് 300 മുതല്‍ 400 ഗ്രാം വരെ വിത്ത് ആവശ്യമായി വരും. മഴയില്ലെങ്കില്‍ ഇടയ്ക്ക് നനച്ചുകൊടുക്കണം. നാടന്‍ ഇനങ്ങള്‍ക്ക് അടിവളമായി ഒരു സെന്റിന് 120 ഗ്രാം യൂറിയ, 400 ഗ്രാം മസ്സുറിഫോസ്, 100 ഗ്രാം പൊട്ടാഷ് എന്നിവ അവസാന ഉഴവോടെ മണ്ണില്‍ ചേര്‍ക്കാം. മൂന്നാഴ്ചയ്ക്കുശേഷം 120 ഗ്രാം യൂറിയയും 50 ദിവസത്തിനു ശേഷം 120 ഗ്രാം യൂറിയ, 100 ഗ്രാം പൊട്ടാഷ് എന്നിവയും നല്‍കാം. ഇടത്തരം മൂപ്പുള്ള അത്യുത്പാദനശേഷിയുള്ള ഇനങ്ങള്‍ക്ക് 260 ഗ്രാം യൂറിയ, 900 ഗ്രാം മസ്സുറിഫോസ്, 150 ഗ്രാം പൊട്ടാഷ് എന്നിവ അടിവളമായി ചേര്‍ക്കണം. ഒരു മാസം കഴിഞ്ഞ് 260 ഗ്രാം യൂറിയയും രണ്ടുമാസം കഴിഞ്ഞ് 260 ഗ്രാം യൂറിയ, 150 ഗ്രാം പൊട്ടാഷ് എന്നിവയും നല്‍കണം.

സസ്യസംരക്ഷണത്തിന് വേപ്പധിഷ്ഠിത കീടനാശിനികളും ജൈവകുമിള്‍നാശിനികളും ഉപയോഗിക്കാം. തണ്ടുതുരപ്പന്‍, ഇലചുരുട്ടി എന്നിവയെ നിയന്ത്രിക്കാന്‍ ട്രൈക്കോ കാര്‍ഡുകള്‍ സഹായിക്കും. നട്ട് ഒരാഴ്ചയ്ക്കകവും 20 ദിവസത്തിനുശേഷവും കാര്‍ഡുകള്‍ നെല്ലോലകളില്‍ നിക്ഷേപിക്കേണ്ടതാണ്. കരനെല്‍ക്കൃഷിക്ക് ഒരു ഹെക്ടറിന് 13,600 രൂപ നിരക്കില്‍ കൃഷിവകുപ്പില്‍നിന്ന്  ആനുകൂല്യം ലഭിക്കും

കടപ്പാട്- മാതൃഭൂമി .കോം

 

3.15384615385
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top