Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കാര്‍ഷിക അറിവുകളും വിവരങ്ങളും

കൂടുതല്‍ വിവരങ്ങള്‍

മുന്തിരി തക്കാളി വീട്ടില്‍ കൃഷിചെയ്യാം

കറന്റ് ടുമാറ്റോ, സ്നാക് ടുമാറ്റോ, സ്പൂണ്‍ ടുമാറ്റോ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന മുന്തിരി തക്കാളി ധാരാളം പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിവിളയാണ്.സൊളാനിയേസി കുടുംബത്തില്‍പ്പെടുന്ന മുന്തിരി തക്കാളിയുടെ ശാസ്ത്രനാമം സൊളാനം പിസിനെല്ലിഫോളിയം എന്നാണ്. പച്ചക്കറിവിളയായും അലങ്കാരച്ചെടിയായും ഈ വിള വളര്‍ത്താം. മഞ്ഞയും ചുവപ്പും നിറംകലര്‍ന്ന അനേകം ഇനങ്ങള്‍ വിദേശരാജ്യങ്ങളില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നു. ഇതിന്‍റെ പഴത്തിന് മുന്തിപ്പഴത്തോളം വലുപ്പവും മൂന്നുഗ്രാംവരെ തൂക്കവുമുണ്ടാകും. ഗവേഷണാവശ്യങ്ങള്‍ക്കായി ഈ വിളയെ ഉപയോഗപ്പെടുത്തുന്നു. ജീവകം എ സി മുതലായ അനേക പോഷകങ്ങളടങ്ങിയ ഈ പഴം സലാഡിനും കറിയാവശ്യത്തിനും, അച്ചാറിനുമൊക്കെ ഉപയോഗിക്കുന്നു. പഴങ്ങള്‍ ഉണക്കിയെടുത്ത് പല വിഭവങ്ങളില്‍ ചേര്‍ക്കുന്നതിനും ഉപയോഗിക്കുന്നു. ഇതില്‍ ആന്റി ഓക്സിഡന്റിന്‍റെ അളവ് കൂടുതലായതിനാല്‍ ക്യാന്‍സര്‍കോശങ്ങളെ നശിപ്പിക്കുന്നു.

തണുപ്പുകാലാവസ്ഥയാണ് അനുയോജ്യം. കൃഷിരീതികള്‍ സാധാരണ തക്കാളിയുടേതുതന്നെ. തൈകള്‍ തയ്യാറാക്കി കൃഷിയിടങ്ങളിലേക്കോ, ഗ്രോബാഗുകളിലേക്കോ മാറ്റിനടാം. ആഴ്ചയിലൊരിക്കല്‍ ജൈവവളങ്ങളോ ജൈവവളക്കൂട്ടുകളോ നല്‍കണം. വേനലില്‍ നന നല്‍കണം. പടരാന്‍ തുടങ്ങുമ്പോള്‍ കയര്‍ കെട്ടിയോ ഫ്രെയിം സ്ഥാപിച്ചോ നിര്‍ത്തണം. നന്നായി പരിപാലിച്ചാല്‍ കുറേനാള്‍ വിളവുതരും. ഗ്രോബാഗുകളില്‍ വീട്ടുമുറ്റത്തും ടെറസിലും ചെടി വളര്‍ത്താം. രോഗങ്ങളും കീടങ്ങളും ഈ വിളയ്ക്ക് പൊതുവേ കുറവാണ്.

വെസ്റ്റ് ഇന്ത്യന്‍ ചെറി വളര്‍ത്താം

വീട്ടുവളപ്പില്‍ കൃഷി ചെയ്യാന്‍ പറ്റിയ ഫലവര്‍ഗ്ഗ വിളയാണ് വെസ്റ്റ് ഇന്ത്യന്‍ ചെറി. ബാബഡോസ് ചെറി എന്നും ഇവ അറിയപ്പെടുന്നു. വിറ്റാമിന്‍ സിയുടെ കലവറയാണ് വെസ്റ്റ് ഇന്ത്യന്‍ ചെറി. ഉയരം കുറഞ്ഞ കുറ്റിച്ചെടിയായാണ് വെസ്റ്റ് ഇന്ത്യന്‍ ചെറി വളരുന്നത്.

ഉഷ്ണമേഖലാ പ്രദേശത്താണ് ഈ ചെടി നന്നായി വളരുന്നത്. ചെറിയുടെ വിത്തുകള്‍ മുളപ്പിച്ചാണ് പുതിയ ചെടികള്‍ ഉണ്ടാക്കുന്നത്. വരമ്പുകളില്‍ വിത്ത് മുളപ്പിച്ച ശേഷം രണ്ട് മുതല്‍ മൂന്ന് മാസം വരെ പ്രായമാകുമ്പോള്‍ പറിച്ച് നടാവുന്നതാണ്.

വേരു പിടിക്കുന്നത് കുറവാണെങ്കിലും തണ്ടും ഇലയും ചേര്‍ത്ത് മുറിച്ചെടുത്ത കഷണങ്ങള്‍ നട്ടും തൈകള്‍ ഉണ്ടാക്കാം. ചീപ്പ് ബഡിംങ്, ഷീല്‍ഡ് ബഡിംങ്, സൈഡ് ഗ്രാഫ്റ്റിംഗ്, വിനീര്‍ ഗ്രാഫിറ്റിംഗ് എന്നിവ വഴിയും തൈകള്‍ നിര്‍മ്മിക്കാം.

നല്ല നീര്‍വീഴ്ചയുള്ള മണ്ണാണ് ഈ കൃഷി ചെയ്യാന്‍ ഉത്തമം. 1x1x1 മീറ്റര്‍ വലിപ്പത്തില്‍ ഉണ്ടാക്കിയ കുഴിയില്‍ ആറ് മീറ്റര്‍ അകലത്തില്‍ തൈകള്‍ നടാം. കുഴികളില്‍ മേല്‍മണ്ണിനൊപ്പം 10 കിലോഗ്രാം ചാണകവും കൂട്ടികലര്‍ത്തിയ മിശ്രിതം നിറയ്ക്കണം.

തൈകള്‍ നട്ടതിന് ശേഷം ഉണങ്ങിയ ഇലകള്‍ കൊണ്ട് പുതയിടല്‍ നടത്താം. ഇത് ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും. ജൂലായ് മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളാണ് തൈകള്‍ നടാന്‍ അനുയോജ്യം.

ഒരു വര്‍ഷം പ്രായമാകുന്നതു വരെ നാലു ദിവസത്തില്‍ ഒരിക്കല്‍ തൈകള്‍ക്ക് നനച്ചു കൊടുക്കണം. ഒരു വര്‍ഷത്തിന് ശേഷം 10 ദിവസത്തെ ഇടവേളകളില്‍ നനച്ച് കൊടുക്കുന്നതാണ് നല്ലത്. പൂര്‍ണ്ണ വളര്‍ച്ചയെത്തി കായ്ക്കുന്ന ചെടികള്‍ക്ക് ഒരു വര്‍ഷം 100x160x260 ഗ്രാം എന്ന തോതില്‍ എന്‍.പി.കെ. വളങ്ങള്‍ നല്‍കണം.

ഇവ രണ്ടും തുല്യ ഗഡുക്കളായി വേണം നല്‍കാന്‍. ജൂണ്‍, ജൂലായ് മാസങ്ങളില്‍ ആദ്യത്തേതും ജനുവരി മാസത്തില്‍ രണ്ടാമത്തേതും മണ്ണില്‍ നനവുള്ള സമയത്ത് നല്‍കണം. വര്‍ഷത്തില്‍ ഒരിക്കല്‍ പ്രൂണിങ് നടത്തുന്നതും നല്ലതാണ്.

പ്രൂണിങ്ങിലൂടെ ഉണങ്ങിയ ശാഖകളും, രോഗം ബാധിച്ച ശാഖകളും വെട്ടിമാറ്റണം. വിത്ത് മുളപ്പിച്ച തൈകളാണ് നടുന്നതെങ്കില്‍ രണ്ടാം വര്‍ഷവും കായ്ക്കും. എന്നാല്‍ പതിവെച്ചുണ്ടാക്കുന്ന തൈകള്‍ ആറാം മാസം മുതല്‍ കായ്ക്കും. ആഗസ്ത് മാസം മുതല്‍ കായ്കള്‍ വിളവെടുക്കാം.

പിങ്ക് നിറത്തിലെ പൂക്കളുള്ള ഇനങ്ങളാണ് സാധാരണയായി കൃഷി ചെയ്യുന്നത്. അതേസമയം, വെള്ള പൂക്കളുള്ള ഇനവും കൃഷി ചെയ്യാറുണ്ട്. ഓറഞ്ച്, ചുവപ്പ് നിറത്തിലായി കഴിഞ്ഞാല്‍ കായ്കള്‍ പാകമായി എന്നു മനസിലാക്കാം. വെള്ള നിറത്തിലുള്ള കായ്കള്‍ പാകമാകുമ്പോള്‍ ഓറഞ്ച് നിറമായിരിക്കും.

പിങ്ക് നിറമുള്ള പൂക്കളുടെ കായ്കള്‍ക്ക് താരതമ്യേന വലുപ്പം കൂടുതലായിരിക്കും. ഇവയ്ക്ക് ഉദ്ദേശം 6 ഗ്രാം വരെ ഭാരമുണ്ടായിരിക്കും. എന്നാല്‍ വെള്ള നിറമുള്ള പൂക്കളുള്ളവയുടെ കായ്കള്‍ക്ക് തൂക്കം കുറവായിരിക്കും, ഇവയ്ക്ക് ഉദ്ദേശം 1 ഗ്രാം ഭാരം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

ചീരയില്‍ നട്ടെടുക്കാം ആരോഗ്യം

കേരളത്തില്‍ എവിടെയും എപ്പോഴും കൃഷി ചെയ്യാവുന്ന ഇലക്കറിയാണ് ചീര. എന്നാല്‍ മഴക്കാലത്ത് ചുവന്ന ചീര കൃഷി നടത്തുന്നത് ഉഴിവാക്കണം.

ചുവപ്പ് ചീരയുടെ പ്രധാനയിനങ്ങളാണ് കണ്ണാം ലോക്കല്‍,അരുണ്‍, കൃഷ്ണശ്രി എന്നിവ. പച്ച ചീരയുടെ പ്രധാനയിനങ്ങള്‍ സി ഒ 1, സി ഒ 2, സി ഒ 3, മോഹിനി,രേണുശ്രി എന്നിവയാണ്.ഒരു ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നതിനായി ഒന്നരക്കിലോ മുതല്‍ രണ്ട് കിലോ വിത്ത് വേണ്ടിവരും.

കൃഷി ചെയ്യുന്നതിന് മുമ്പ് നന്നായി നിലം ഉഴുത് മറിക്കണം. ശേഷം 30 മുതല്‍ 35 സെന്റിമീറ്റര്‍ വീതിയില്‍ ആഴം കുറഞ്ഞ ചാലുകള്‍ ഒരടി അകലത്തില്‍ എടുക്കുക.ഈ ചാലുകളില്‍ 30 ദിവസം പ്രായമായ തൈകള്‍ 20 സെന്റിമീറ്റര്‍ അകലത്തില്‍ നടാം.

ഹെക്ടറിന് 50 ടണ്‍ ചാണകവും എന്‍ പി കെ വളങ്ങള്‍ 50:50:50 എന്ന അനുപാതത്തില്‍ അടിവളം നല്‍കണം. മേല്‍വളമായി 50 കിലോഗ്രാം നൈട്രജന്‍ തവണകളായി നല്‍കാം. ഓരോ വിളവെടുപ്പിന് ശേഷവും ഒരു ശതമാനം യൂറിയ ലായനി തളിക്കുന്നത് ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തും.

കീടനാശിനിയുടെ ഉപയോഗം കഴിവതും ഒഴിവാക്കണം. കൂടുകെട്ടിപ്പുഴുവിന്റെ കടുത്ത ആക്രമണമുണ്ടെങ്കില്‍ മാലത്തിയോണ്‍ കുറഞ്ഞ വീര്യത്തില്‍ തളിക്കാം.

പൂന്തോട്ടത്തിൽ റോസകള്‍ നിറയ്ക്കാം

ഭൂമിയിൽ മനുഷ്യവാസം ആരംഭിക്കുന്നതിനു മുൻപുതന്നെ റോസുകൾ ഉണ്ടായിരുന്നെന്ന് കോർണൽ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. റോസ് മുറിക്കുള്ളിൽ നടാനും മുറ്റത്ത് പൂന്തോട്ടത്തിൽ നടാനും അനുയോജ്യമാണ്. വിപണിയിൽ ചുവപ്പ്, ഓറഞ്ച്, പിങ്ക് റോസുകളാണ് കൂടുതൽ വിറ്റുപോകുന്നത്.റോസുകൾ പലവിധമുണ്ട്. കടുപ്പമുള്ള തണ്ടും ധാരാളം ഇലകളും ശിഖരങ്ങളുമുള്ള ഒരിനമാണ് ഹൈബ്രിഡ് പെർപെച്വൽ. പൂക്കൾ ചെറുതാണെങ്കിലും തുടർച്ചയായി പൂക്കുന്ന ഒരിനമാണ്.നമ്മൾ നാട്ടിൻപുറത്തൊക്കെ ധാരാളമായി കാണുന്ന റോസാപ്പൂ ഹൈബ്രിഡ് ടീ ഇനമാണ്. ഒരുപാട് നാൾ പൂക്കൾ കേടുകൂടാതെ ഇരിക്കും. ഒരേ വലിപ്പത്തിലുള്ള പൂക്കളായിരിക്കും. ഇതിന്‍റെ പൂന്തണ്ടിൽ സാധാരണ ഒരു പൂ മാത്രമേ വിരിയാറുള്ളൂ. ഫ്ളവർവേസിൽ വച്ച് മുറി അലങ്കരിക്കാനും പൂച്ചെണ്ടും ഹാരങ്ങളും ഉണ്ടാക്കുവാനും ഈ പൂക്കൾ ഉപയോഗിക്കുന്നു.

ഹൈബ്രിഡ് ടീയെക്കാൾ ചെറിയ പൂക്കളാണ് ഫ്ളോറിബന്ത. ഇതിന്‍റെ ഒരു ശിഖരത്തിൽ അഞ്ചോ ആറോ പൂക്കളുള്ള കുലകളുണ്ടാകും. ഓരോ തണ്ടിലുമുണ്ടാകുന്ന മൊട്ടുകൾ ഒരേ സമയത്തു പൂക്കുകയും ചെയ്യും. കുലയായി പൂക്കൾ വിരിയുന്ന പോളിയാന്ത റോസ നല്ല പ്രചാരമുള്ള ഇനമാണ്. മിനിയേച്ചർ റോസയുടെ പൂക്കളും ഇലകളും വളരെ ചെറുതാണ്. ഇതിനെ മിനി റോസ് എന്നും വിളിക്കുന്നു. ഇതു തോട്ടത്തിന്‍റെ അരികുകളിലും പൂത്തടങ്ങളിലും തൂക്കു ചട്ടികളിലും വളർത്താൻ പറ്റിയ റോസ് ആണ്.വള്ളിച്ചെടികൾ പോലെ പടർന്നു വളരുന്ന ചെടിയാണ് ക്ലൈംബിംഗ് റോസ്. വിദേശ വിപണിയിൽ പ്രിയമുള്ളതും കയറ്റുമതി പ്രാധാന്യമുള്ളതുമായ മറ്റു ചില ഇനങ്ങളാണ് ഗോൾഡൻ ടൈംസ്, മേർസിഡസ്, ബെലിൻഡ, റെഡ് സക്സസ്, സോണിയ, മിലാൻഡ, മോൺട്രിയൽ മുതലായവ.
നടീൽ രീതി

കമ്പുനട്ടും പതിവച്ചും ബഡ്ഡ് ചെയ്തും ഗ്രാഫ്റ്റ് ചെയ്തും റോസ് തൈകൾ ഉണ്ടാക്കാം. മികച്ചയിനം റോസുകളെല്ലാം ബഡ് ചെയ്തു ഉണ്ടാക്കാവുന്നവയാണ്. ഹൈബ്രിഡ് ടീ, ഫ്ളോറി ബന്ത എന്നീ വിഭാഗത്തിൽപ്പെട്ട ഇനങ്ങളാണ് ബഡ്ഡുചെയ്ത തൈകൾ. പോളിയാന്ത, മിനിയേച്ചേഴ്സ്, ക്ലൈംബേഴ്സ് എന്നിവയുടെ കമ്പ് മുറിച്ചുനട്ടും പതിവച്ചും തൈകൾ ഉണ്ടാക്കാം. നല്ല നീർവാഴ്ചയുള്ളതും ജൈവാംശം ഉള്ളതുമായ മണ്ണുവേണം. ധാരാളം സൂര്യപ്രകാശം ചെടിയിൽ നേരിട്ടു പതിക്കണം. കഠിനമായ വേനലും മഴയും ഒഴിച്ച് എപ്പോൾ വേണമെങ്കിലും റോസ് നടാം. മണ്ണ് നല്ലവണ്ണം കിളച്ച് കല്ലും കളകളും നീക്കം ചെയ്ത് നല്ലവണ്ണം നിരപ്പാക്കിയിടണം. നടുന്നതിനു മുമ്പ് വെയിൽ കൊള്ളിക്കുന്നതു നല്ലതാണ്. ഒരടി നീളം, വീതി, താഴ്ച എന്ന ക്രമത്തിലുള്ള കുഴികൾ എടുത്ത് അതിൽ നടുമ്പോൾ 5 കിലോഗ്രാം ഉണക്ക ചാണകം പൊടിച്ചിടേണ്ടതാണ്. ചെടികൾ നടുമ്പോൾ തമ്മിൽ അകലം ഉണ്ടായിരിക്കണം. തൈ നടുമ്പോള്‍ ബഡ് ചെയ്ത ഭാഗം മണ്ണിനു മുകളിലായിരിക്കാൻ ശ്രദ്ധിക്കണം. ചട്ടിയിലും റോസ് കൃഷി ചെയ്യാം. ചട്ടിയിൽ തൈ നടുമ്പോൾ 30 സെന്റീമീറ്റർ വലിപ്പമുള്ള ചട്ടികൾ ഉപയോഗിക്കണം. അധികം പടർന്നു വളരാത്ത ഇനങ്ങൾക്ക് അൽപം വലിപ്പം കുറഞ്ഞ ചട്ടികളായാലും മതി. ചട്ടിയുടെ അടിയിലുള്ള ദ്വാരങ്ങൾ ഓടിൻ കഷണമുപയോഗിച്ച് മൂടണം. ചട്ടി നിറയ്ക്കാൻ ഉണങ്ങി പൊടിഞ്ഞ കരിയിലയോ ചാണകപൊടിയോ കമ്പോസ്റ്റോ ആറ്റുമണ്ണും ചെമ്മണ്ണുമായി കലർത്തി ഉപയോഗിക്കാം.കുഴികളിൽ നട്ട ചെടികൾക്കു ഓരോ വർഷവും 5 മുതൽ 10 വരെ കിലോഗ്രാം ജൈവവളം ഇടണം. പച്ചിലയോ ചാണകമോ കോഴിവളമോ പിണ്ണാക്കുകളോ ഇടാം. ചട്ടിയിൽ വളർത്തുന്ന ചെടികളുടെ ചുവട്ടിലെ മണ്ണിൽ ജൈവാംശം പൂർണ്ണമായി നഷ്ടമാകുമ്പോഴോ വേരു വളർന്നു ചട്ടിയിൽ നിറയുമ്പോഴോ മണ്ണു മാറ്റണം. വേരുകൾ കോതുകയും വേണം. വർഷത്തിലൊരിക്കൽ കൊമ്പു കോതണം. ഇതു ചെടികൾ നന്നായി പുഷ്പിക്കാൻ സഹായിക്കുന്നു. ഉണങ്ങിയ കമ്പുകളും അതോടൊപ്പം നീക്കം ചെയ്യണം. വേനൽക്കാലത്തു ചെടികൾ ദിവസവും നനയ്ക്കേണ്ടതാണ്

താമരപൂക്കും തടാകങ്ങള്‍

ചരിത്രപരമായി വളരെയധികം പ്രാധാന്യമുള്ള ഒരു പുഷ്പമാണ് താമര.താമരയാണ് ഇന്ത്യയുടെയും ഈജിപ്തിന്റെയും ദേശീയ പുഷ്പം.ഇന്ത്യയില്‍ തന്നെയാണ് താമരയുടെ ജന്മം എന്നാണ് അനുമാനം.

വലിയ ഔഷധപ്രാധാന്യമുള്ള താമരയുടെ പൂവും വേരും ചര്‍മ്മരോഗങ്ങള്‍ക്കും ഔഷധ ചേരുവകള്‍ ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു. മലിനജലത്തെ ശുദ്ധികരിക്കുവാന്‍ കഴിമുള്ള ചെടിയാണ് താമര. അജൈവ മാലില്യങ്ങളെയും രാസമാലിന്യങ്ങളെയും ക്ലോറിനേയും വലിച്ചെടുത്ത് നശിപ്പിക്കുവാന്‍ താമരയ്ക്ക് കഴിയും.

ചെറിയ കുളങ്ങളിലും പൊയ്കളിലും പൊങ്ങിനിന്ന് വളരുന്ന ചെടിയായ താമരയുടെ വേരും കിഴങ്ങും മണ്ണിനടിയിലാണ്. ഇളം പിങ്ക് നിറത്തിലുള്ള താമരയാണ് സാധാരണ കാണാറുള്ളത്. എന്നാല്‍ കാലവസ്ഥയ്ക്ക് അനുസരിച്ച് നിറത്തില്‍ മാറ്റം കണ്ടുവരാറുണ്ട്.

താമരയുടെ വിത്തും ചെളിയില്‍ വളരുന്ന തണ്ടുമുപയോഗിച്ച് കൃഷി തുടങ്ങാം.വിത്ത് പരുപരുത്ത പ്രതലത്തില്‍ ഉരച്ച് തോടിന്റെ കനം കുറച്ച് വെള്ളത്തില്‍ പാകിയാല്‍ ഒന്നരമാസത്തിനുള്ളില്‍ മുളയ്ക്കും. മുന്ന് മുളകളെങ്കിലുമുള്ള വിത്ത് വേണം നടുവാന്‍.

ഒഴുക്കുകുറഞ്ഞ ജലാശയമോ,പൂന്തോട്ടത്തിലെ കുളമോ,സിമിന്റ് ടാങ്കോ താമര വളര്‍ത്തുവാന്‍ ഉപയോഗിക്കാം. താമര വളര്‍ത്തുവാന്‍ സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമായിരിക്കണം.

വിത്ത് നടുന്നതിന് മുമ്പ് കുളത്തിന്റെ അടിത്തട്ടില്‍ ചെളി,ചുവന്ന മണ്ണ്,കമ്പോസ്റ്റ് എന്നിവയുടെ മിശ്രിതത്തില്‍ കുറച്ച് വേപ്പിന്‍ പിണ്ണാക്കും ചേര്‍ത്ത് 50 സെന്റിമീറ്റര്‍ കനത്തില്‍ നിറയ്ക്കുക. ഈ മിശ്രിതത്തില്‍ വിത്ത് നടാം.നന്നായി വളര്‍ന്ന് കഴിയുമ്പോള്‍ ആവശ്യത്തിന് വെള്ളം നിറയ്ക്കാം.

താമരയുടെ വളര്‍ച്ചക്കായി വര്‍ഷത്തിലൊരിക്കല്‍ ചാണകം വളമായി നല്‍കാം.മത്സ്യങ്ങളെ വളര്‍ത്തുന്നുവെങ്കില്‍ യൂറിയയോ 17:17:17 വളമോ പ്രയോഗിക്കാം.ചെറിയപാത്രങ്ങളിലും ഇത്തരത്തില്‍ താമര കൃഷി ചെയ്യാവുന്നതാണ്. താമരയെ പ്രധാനമായും ആക്രമിക്കുന്നത് ഒച്ചുകളാണ് ഇവയെ നശിപ്പിക്കുവാന്‍ ഉപ്പുവെള്ളമോ നേര്‍പ്പിച്ച തുരിശ്ശ് ലായനിയോ ഉപയോഗിക്കാവുന്നതാണ്.

വേനല്‍ക്കാലത്താണ് താമരയില്‍ ധാരാളം പൂക്കള്‍ ഉണ്ടാകുന്നത്. പൂക്കള്‍ വിരിയുവാന്‍ ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവും സൂര്യപ്രകാശവും ആവശ്യമാണ്. മൂന്ന് ദിവസം വരെ കേടുകൂടാതെയിരിക്കുന്ന പൂക്കള്‍ രാവിലെ എട്ട് മണിക്ക് മുമ്പ് വിരിയും.പുജാദികര്‍മ്മങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനാല്‍ ചിലസമയങ്ങളില്‍ പ്രദേശിക വിപണിയില്‍ നല്ല വില ലഭിക്കും താമരയ്ക്ക്.

നാടനേക്കാള്‍ ആദായം തരുന്ന ടര്‍ക്കി കോഴി

ഇറച്ചിക്കായി വളര്‍ത്തുന്ന ഒരിനം കോഴിയാണ് ടര്‍ക്കി. കൊടുക്കുന്ന ആഹാരം ഇറച്ചിയാക്കി മാറ്റുവാനുള്ള കഴിവ് സാധാരണ കോഴിയേക്കാള്‍ കൂടുതലാണ് ടര്‍ക്കി കോഴികള്‍ക്ക്. ഏഴു മാസമാവുമ്പോള്‍ തന്നെ ഇവ മുട്ടയിട്ടു തുടങ്ങും. വര്‍ഷത്തില്‍ ഏകദേശം 100 മുട്ടകള്‍ വരെ ടര്‍ക്കി കോഴികള്‍ തരും.

മറ്റു മുട്ടകളേക്കാള്‍ സ്വദിഷ്ടവും കൂടുതല്‍ പോഷകങ്ങള്‍ അടങ്ങിയതുമാണ് ടര്‍ക്കി കോഴികളുടെ മുട്ടകള്‍. അടവെച്ചാല്‍ മുട്ട വിരിയുവാന്‍ 28 ദിവസം വേണ്ടിവരും. മൂന്നു മാസമാകുമ്പോള്‍ നാലു കിലോഗ്രാം ഭാരവും അഞ്ചുമാസം കഴിയുമ്പോള്‍ എട്ടു മുതല്‍ ഒന്‍പത് കിലോഗ്രാം ഭാരവും ടര്‍ക്കി കോഴിക്കുണ്ടാകും.

ടര്‍ക്കി കോഴികളിലെ പ്രധാന ജനുസ്സുകളാണ് ബ്രോണ്‍സ്, വൈറ്റ് ഹോളണ്ട്, ബോര്‍ബണ്‍ റെഡ്, ബ്‌ളാക്ക്, സ്‌ളേറ്റ്, നരാങ്ങ് ആണ്‍സെറ്റ്, ബെല്‍സ്വില്‍ സ്മാള്‍വൈറ്റ് എന്നിവ.

ബ്രോഡ് ബ്രെസ്റ്റ്ഡ് ബ്രോണ്‍സ്

അടിസ്ഥാനപരമായി തൂവലുകള്‍ക്ക് കറുത്ത നിറമാണ് ഈ വിഭാഗത്തില്‍പ്പെട്ടവയ്ക്ക്. 23 മുതല്‍ 26 ആഴ്ചയാകുമ്പോള്‍ ഇവയെ മാംസത്തിനായി ഉപയോഗിച്ചു തുടങ്ങാം. ഈ സമയത്ത് എട്ടു മുതല്‍ 10 കിലോഗ്രാം വരെ തൂക്കമുണ്ടാകും ഇവയ്ക്ക്.

ബ്രോഡ് ബ്രെസ്റ്റഡ് ലാര്‍ജ് വൈറ്റ്

വെളുപ്പു നിറമുള്ള ടര്‍ക്കികളാണിത്. ഇവയ്ക്ക് കറുത്തവയേക്കള്‍ സൂര്യതാപം ഏല്‍ക്കുവാന്‍ കഴിവുണ്ട്. പിടകള്‍ക്ക് 20 ആഴ്ച പ്രായവും പൂവന്‍മാര്‍ക്ക് 30 ആഴ്ച പ്രായവുമാകുമ്പോള്‍ വില്‍ക്കാം.

ബെല്‍സ്വില്‍ സ്മാള്‍വൈറ്റ്

കാഴ്ചയില്‍ ബിബിഎല്‍, ഡബ്‌ളിയു വര്‍ഗ്ഗവുമായി സാമ്യമുണ്ടെങ്കിലും അവയേക്കാള്‍ ചെറുതാണിവ. മെച്ചപ്പെട്ട പരിചരണം ലഭിച്ചാല്‍ 16 ആഴ്ച പ്രായമാകുമ്പോള്‍ വിപണിയിലെത്തിക്കാം.

ടര്‍ക്കി കോഴി വളര്‍ത്തലില്‍ നിങ്ങള്‍ തുടക്കക്കാരാണെങ്കില്‍ 250 ല്‍ താഴെ എണ്ണത്തില്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്നതാണ് നല്ലത്. ആരംഭത്തില്‍ ഒരു കുഞ്ഞിന് .09 ച.മീ എന്ന നിരക്കില്‍ കൂട്ടിനകത്ത് സ്ഥലം അനുവദിക്കണം. 16ാം ആഴ്ചയില്‍ കമ്പോളത്തില്‍ ഇറക്കുന്നവയ്ക്ക് ഒരെണ്ണത്തിന് 0.19 എന്ന നിരക്കില്‍ സ്ഥലം നല്‍കിത്തുടങ്ങാം.

ടര്‍ക്കി കുഞ്ഞുങ്ങളെ താമസിപ്പിക്കുന്ന കൂടിന്റെ തറ ഉണങ്ങിയതായിരിക്കണം. കൂട്ടില്‍ ആവശ്യത്തിന് വെളിച്ചവും നല്ല വായുസഞ്ചാരവും ഉറപ്പുവരുത്തണം. തറ നല്ലതുപോലെ ഉണങ്ങിയതിനുശേഷം അഞ്ച് സെന്റിമീറ്റര്‍ ഘനത്തില്‍ ചിന്തേരുപൊടി, ഉമി, പതിര്, വെട്ടി നുറുക്കിയ വൈക്കോല്‍, നിലക്കടലത്തോട് എന്നിവ വിതറണം. ആദ്യത്തെ അഞ്ച് ദിവസം ഇതിനു മുകളില്‍ കടലാസ് വിരിക്കണം.

കുഞ്ഞുങ്ങള്‍ക്ക് തൂവലുകള്‍ വളരുന്നതുവരെ കൃത്രിമമായി ചൂട് നല്‍കണം. ആറ് ആഴ്ച പ്രായമാകുമ്പോള്‍ കുഞ്ഞുങ്ങളെ കൊക്കു മുറിക്കല്‍ പ്രക്രിയക്ക് വിധേയമാക്കണം. തമ്മില്‍ കൊത്തുകൂടാതിരിക്കാനും നഷ്ടപ്പെടുന്ന തീറ്റയുടെ അളവ് കുറയ്ക്കാനും ഇത് സഹായിക്കും. സാധാരണയായി മേല്‍കൊക്കിന്റെ നാലില്‍ മൂന്ന് ഭാഗമാണ് മുറിക്കുന്നത്.

ടര്‍ക്കി കോഴികളുടെ പരിപാലനം രണ്ട് വിധത്തില്‍ നടത്താവുന്നതാണ് ഡിപ്പ് ലിറ്റര്‍ രീതിയും തുറസായ സ്ഥലത്ത് വിട്ടു വളര്‍ത്തുന്ന രീതിയും. വ്യാവസായിക അടിസ്ഥാനത്തില്‍ വളര്‍ത്തുന്ന ടര്‍ക്കികളെ ഡിപ്പ് ലിറ്റര്‍ രീതിയിലാണ് വളര്‍ത്തുന്നത്. തീറ്റ, വെള്ളം എന്നിവ റൂസ്റ്റുകളിലൂടെ കൊടുക്കുന്നത് കൂട്ടിനുള്ളില്‍ ഇവയുടെ തിങ്ങിക്കൂടല്‍ ഒഴിവാക്കാന്‍ സഹായിക്കും. രണ്ടു മുതല്‍ മൂന്നിഞ്ച് വ്യാസമുള്ള തടികളാണ് ഇതിനായി ഉപയോഗിക്കുന്നത്.

എട്ട് ആഴ്ച കഴിഞ്ഞാല്‍ ഇവയെ പച്ചപ്പുല്ലുള്ള സ്ഥലത്ത് വിട്ട് വളര്‍ത്താവുന്നതാണ്. ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ എടുത്തു മാറ്റുവാന്‍ കഴിയുന്ന താല്‍ക്കാലിക കൂടുകള്‍ ഒരുക്കാം. 100 ടര്‍ക്കി കോഴികള്‍ക്ക് അരയേക്കര്‍ പുരയിടം എന്ന നിലയിലാണ് സ്ഥലം നല്‍കേണ്ടത്.

എട്ട് ആഴ്ച പ്രായമായിക്കഴിഞ്ഞാല്‍ പിന്നെ വളര്‍ച്ചയ്ക്കുള്ള തീറ്റ കൊടുത്തു തുടങ്ങാം. ഇത്തരം തീറ്റയില്‍ 20 ശതമാനം മാംസ്യം, 1.1 ശതമാനം കാല്‍സ്യം, 0.7 ഫോസ്ഫറസ് എന്നിവയുണ്ടായിരിക്കണം. വളരുന്ന ടര്‍ക്കികള്‍ക്ക് ധാരാളം സൂര്യപ്രകാശം ആവശ്യമുണ്ട്.

പ്രധാനമായും ടര്‍ക്കി കോഴികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ അസ്പര്‍ജില്ലോസിസ്, ഫൗള്‍ കോളറ, ഫൗള്‍ ടൈഫോസിഡ്, കോഴി വസൂരി, ക്രോണിക് റെസ്പിറേറ്ററി ഡിസീസ്, രക്താതിസാരം, ബ്‌ളാക്ക് ഹെഡ്, ക്ഷയം എന്നിവയാണ്.

നമുക്കും നട്ടു വളര്‍ത്താം കോളിഫ്ലവർ

കോളിഫ്ലവർ നമുക്ക് വീട്ടിൽ തന്നെ നട്ടു വളർത്താം. ഒരു ശീതകാല വിളവായതുകൊണ്ടു തന്നെ തണുപ്പ് കിട്ടുന്ന സ്ഥലത്ത് വേണം നടാൻ. വിത്തുകളും തണ്ടുകളും ഉപയോഗിച്ച് കോളിഫ്ലവർ കൃഷി ചെയ്യാവുന്നതാണ്.നന്നായി വളർന്നു നിൽക്കുന്ന കോളിഫ്ലവറിന്‍റെതണ്ടുകൾ മുറിച്ചെടുക്കുക. അവ ഒരു ഗ്രോ ബാഗിൽ നട്ട് പിടിപ്പിക്കണം. നന്നായി വളവും വെള്ളവും ചേർത്ത് കൊടുത്താൽ വളരെ പെട്ടെന്ന് തന്നെ വിളവ് കിട്ടും

നടേണ്ട രീതി
തണ്ടുകൾ ശ്രദ്ധിച്ച് വേണം മുറിച്ചെടുക്കാൻ. കഴിയുന്നതും നല്ല ശക്തിയോടെ വളരുന്ന തണ്ടുകൾ തന്നെ തിരഞ്ഞെടുക്കണം. വളവും ചാണകപ്പൊടിയും നിറച്ച ഗ്രോബാഗിൽ നടുന്നതാണ് കൂടുതൽ നല്ലത്. അല്ലെങ്കിൽ വൃത്തിയുള്ള തറയിൽ മണ്ണ് കുഴിച്ച്, വളവും ചാണകപ്പൊടിയും നിറച്ച് നട്ടാലും മതി.തണ്ടുകൾ നടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. ഗ്രോ ബാഗിലേക്കു മാറ്റി നട്ട് കുറച്ച് ദിവസങ്ങൾ തണലത്തു വെച്ച ശേഷം മാത്രമേ സൂര്യ പ്രകാശം ലഭിക്കുന്ന ഇടത്തിൽ വയ്ക്കാവൂ. വേരുകൾ ഉണ്ടായി ചെടി വളരാൻ തുടങ്ങുമ്പോൾ ജൈവ വളങ്ങൾ കൊടുക്കാം. ദിവസവും നനച്ചു കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തറയിൽ നടുമ്പോൾ കോഴിയൊന്നും ചെടിയെ നശിപ്പിക്കാത്ത വിധത്തിൽ വേണം പരിചരിക്കേണ്ടത്. അധികമായി സൂര്യപ്രകാശം കൊള്ളിക്കരുത്. ഇലയിൽ പുഴുക്കുത്ത് ഉണ്ടായി തുടങ്ങിയാൽ അപ്പോൾ തന്നെ ആ ഇല മുറിച്ചു കളയണം. കൂടുതലുണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. ചുവട്ടിൽ വേപ്പിൻ പിണ്ണാക്ക് പൊടിച്ചത് രണ്ടാഴ്ച കൂടുമ്പോൾ വിതറുന്നതും കീടങ്ങളെ അകറ്റും. അതുപോലെ, ഗോമൂത്രം, കാന്താരി മുളക് ലായനി നേർപ്പിച്ചു സ്പ്രേ ചെയ്യുന്നതും ഗുണപ്രദമാണ്. കീടങ്ങളൊന്നും അടുത്തേക്ക് പോലും വരില്ല. രണ്ട് നേരം തണുത്ത വെള്ളം കോളിഫ്ലവറിന്‍റെ ചുവട്ടിലൊഴിച്ചാൽ വേഗം പൂവിടും.

തടയാം വെണ്ടയിലെ ഇലമഞ്ഞളിപ്പ്

നാലില വിരിയുമ്പോഴേക്കും വെണ്ടയില്‍ ഇലകള്‍ മഞ്ഞളിച്ച് ഞരമ്പുകള്‍ തെളിഞ്ഞു വരുന്നുണ്ടെങ്കില്‍ കരുതിയിരിക്കുക. വൈറസ് രോഗമായ മൊസൈക് അഥവാ ഇല മഞ്ഞളിപ്പാണ് പ്രശ്‌നക്കാരന്‍.  പുതുതായി വരുന്ന ഇലകള്‍ കുറുകിവരുന്നതും പൂക്കളുടെ എണ്ണം കുറയുന്നതും കായ്കള്‍ വലിപ്പം കുറഞ്ഞ് കട്ടിയുള്ളതാകുന്നതുമെല്ലാം വെണ്ട കൃഷിയുടെ നാശത്തിലേക്ക് വഴിതെളിക്കുന്നു.

വെണ്ട നടുമ്പോള്‍ത്തന്നെ മൊസൈക്കിനെ തുരത്താനുള്ള വിദ്യയുംകൂടി കാണണം. രോഗം ബാധിച്ച ചെടിയില്‍ നിന്ന് വിത്ത് ശേഖരിക്കാതിരിക്കുന്നതും രോഗം ബാധിച്ച ചെടികള്‍ പിഴുത് തീയിട്ട് നശിപ്പിക്കുന്നതും തുടര്‍ച്ചയായി ഒരു സ്ഥലത്തോ ബാഗിലോ വെണ്ട കൃഷിചെയ്യാതിരിക്കുന്നതുമെല്ലാം മൊസൈക്കിനുള്ള പ്രതിരോധ വലയങ്ങളാകും. ബൊഗൈന്‍വില്ല (കടലാസ്പൂ), കമ്യൂണിസ്റ്റ്പച്ച, ചെത്തിക്കൊടുവേലി, വെളുത്തുള്ളി എന്നിവ അരച്ച് വെള്ളത്തില്‍ കലക്കി ആഴ്ചയിലൊരിക്കല്‍ തളിക്കുന്നത് മൊസൈക് പരത്തുന്ന വെള്ളീച്ചകളെ ആട്ടിയോടിക്കും.

വെര്‍ട്ടിസിലിയം 20ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി പത്തുദിവസത്തിലൊരിക്കല്‍ തളിക്കുന്നത് വെള്ളീച്ച നിയന്ത്രണത്തിനുള്ള മറ്റൊരു മാര്‍ഗം. വേപ്പെണ്ണ ബാര്‍സോപ്പ് മിശ്രിതവും ഫലപ്രദം തന്നെ. മൊസൈക്കിന് കാരണക്കാരാകുന്ന വൈറസ്സിന് നിയന്ത്രണ മാര്‍ഗമില്ലാത്തതുകൊണ്ട് പ്രതിരോധത്തിലൂന്നിയുള്ള നടപടികളാണുത്തമം. മൊസൈക് കാണുന്ന സ്ഥലങ്ങളില്‍ ‘സല്‍കീര്‍ത്തി’ ഇനം ഒഴിവാക്കാം. പകരം ഹൈബ്രിഡ് ഇനങ്ങളും അര്‍ക്ക അനാമികയും അര്‍ക്ക അഭയയും കൃഷി ചെയ്യാം.

വഴുതനയില്‍ പുഴുശല്യം: പ്രതിവിധി എന്താണ്?

ഗ്രോബാഗുകളില്‍ വലിയ പ്രതീക്ഷയോടെ നട്ടുവളര്‍ത്തിയ വഴുതനയില്‍ കായകളുണ്ടായി. പക്ഷേ,  കായ പിളര്‍ന്നുനോക്കിയപ്പോള്‍ എല്ലാത്തിലും പുഴുശല്യം. ഇതിന് വിഷമരുന്നല്ലാതെ ഏത് കീടനാശിനി പ്രയോഗിക്കാം?

തണ്ടും കായും തുരക്കുന്ന പുഴുവിന്റെ ഉപദ്രവമാണിത്. വീട്ടുകൃഷിയായതിനാല്‍ ജൈവനിയന്ത്രണമേ ഇവിടെ ശുപാര്‍ശചെയ്യാന്‍ കഴിയൂ. പുഴുശല്യം കാണുന്ന കായകള്‍ പുതുനാമ്പുകളോടെ മുറിച്ചെടുത്ത് പുഴുവടക്കം നശിപ്പിക്കണം. മീനെണ്ണ സോപ്പോ മീനെണ്ണ എമള്‍ഷനോ വെള്ളത്തില്‍ കലക്കി തളിക്കാം.

പുഴുക്കുത്തേറ്റ ഇളംതണ്ടും കായ്കളും മുറിച്ചുനീക്കി വേപ്പിന്‍കുരുസത്ത് അഞ്ചുശതമാനം വീര്യത്തില്‍ ലായനിയാക്കി തളിക്കുക. വേപ്പിന്‍കുരു 50 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ പൊടിച്ച് ഒരു തുണിയില്‍ കിഴികെട്ടി 12 മണിക്കൂര്‍ മുക്കിവെക്കുക. തുടര്‍ന്ന് കിഴി പലപ്രാവശ്യം മുക്കിപ്പിഴിയുക. ഈ മരുന്നുലായനി തളിച്ചാല്‍ പുഴുബാധ നിയന്ത്രിക്കാം.

കറിവേപ്പില എളുപ്പത്തില്‍ വളര്‍ത്താം

എല്ലാവീട്ടിലും അവശ്യം വേണ്ട ചെടിയാണ് കറിവേപ്പില. പെട്ടെന്ന് അടുക്കളയിൽ ഉണ്ടാകുന്ന ആവശ്യങ്ങൾക്ക് വെറുതേ പുറത്ത് പോയി കറിവേപ്പില വാങ്ങാനൊന്നും നിൽക്കേണ്ട. വലിയ മരമാകുന്നതും ചെറിയ ചെടിയായി വളരുന്നതുമൊക്കെയായി പല തരത്തിലുള്ള ചെടികളുണ്ട്. വലുതും ചെറുതുമായ ഇലകൾ തരുന്ന ഇനങ്ങളും നാട്ടിലുണ്ട്. നാടൻ കറിവേപ്പിലകൾക്ക് പുറമേ, അന്യസംസ്ഥാനങ്ങളിൽ നിന്ന് ചില ഉയരംകുറഞ്ഞ ഇനങ്ങൾ വലിയതോതിൽ കൃഷിയിറക്കി വരുന്നുണ്ട്.സുവാസിനി ഏറെ പ്രചാരമുള്ള കറിവേപ്പില. കൂടാതെ നല്ല മണമുള്ളതുമാണ് ഈ ഇനം. കറിവേപ്പില നല്ല മരുന്നാണ്. ഇതിന്‍റെ ഇലയും വേരും തൊലിയുമെല്ലാം ഔഷധമാണ്. ഇലക്കറിയാക്കിയും വേപ്പിലക്കട്ടിയാക്കിയും വേപ്പിലച്ചമ്മന്തിയാക്കിയും ഒക്കെ നല്ലതാണ്.

വലിയ ബുദ്ധിമുട്ടില്ലാതെ തന്നെ കറിവേപ്പില കൃഷി നടത്താം. 30 മുതൽ 45 സെന്റീമീറ്റർ നീളം, വീതി, ആഴമുള്ള കുഴിയുണ്ടാക്കി മണ്ണും കാലിവളവും മണ്ണിരക്കമ്പോസ്റ്റും ചേർത്തിളക്കി തൈകൾ നടണം. കുഴിയിൽ ആവശ്യത്തിന് നീർവാർച്ച കിട്ടാൻ മണലും ചേർക്കാം. വൈകിട്ട് തൈനടുന്നതാണ് നല്ലത്. ഉണങ്ങിയ ചാണകം, ആട്ടിൻകാഷ്ടം, വേപ്പിൻപിണ്ണാക്ക്, മണ്ണിരവളം ഇവയൊക്കെ മണ്ണിൽ വളക്കൂറായി ചേർക്കാം. കൂടുതലായി കറിവേപ്പു തൈ വെക്കുന്ന അവസരത്തിൽ തൈകൾ തമ്മിൽ ഒന്നരമീറ്റർ മുതൽ രണ്ടുമീറ്റർവരെ അകലം നൽകാം. ഒരു ചെടിക്ക് വർഷത്തിൽ 10 കി.ഗ്രാം കാലിവളം, 130 ഗ്രാം യൂറിയ, 400 ഗ്രാം മസൂറിഫോസ് 70 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചുവട്ടിൽ ചേർക്കണം. വേനലിൽ നന്നായി നനയ്ക്കണം. ഒരു മീറ്റർ പൊക്കമായാൽ ചിലർ മുകളറ്റം വെട്ടി നിർത്താറുണ്ട്. ഇതുവഴി നിറയെ ഉപശാഖകൾ വളരും.ഒന്നരവർഷം പ്രായമുള്ള മരത്തിൽനിന്ന് ഇല നുള്ളാം. ശരാശരി നാല് വർഷം പ്രായമായ ചെടിയിൽനിന്ന് 100 കിലോഗ്രാംവരെ ഇലകിട്ടും. ചെടിച്ചുവട്ടിൽ വേനലിൽ പുതയിട്ട് നന്നായി നനച്ചാൽ നല്ലവണ്ണം ഇല കിളിർക്കും. നീർവാർച്ചയുള്ള എല്ലാ മണ്ണിലും കറിവേപ്പ് നടാം. വിത്ത് പാകി, കിളിർപ്പിച്ചും വേരിൽനിന്ന് അടർത്തിയ തൈ നട്ടും കറിവേപ്പ് വളർത്താം.

കടപ്പാട് : malayalam.tipofindia.com

3.04166666667
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top