Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കാര്‍ഷിക അറിവുകളും രീതികളും

കൂടുതല്‍ വിവരങ്ങള്‍

മഴക്കാല പച്ചക്കറിക്കൃഷി മഴമറയിലാവാം

മഴയായി. മഴക്കാല പച്ചക്കറിക്കൃഷിക്കും സമയമായി. ഒരു കുടുംബത്തിനാവശ്യമായ പച്ചക്കറി സ്വന്തം വീട്ടുവളപ്പില്‍തന്നെ കൃഷിചെയ്ത് ഉല്‍പ്പാദിപ്പിക്കാം. പുരയിടത്തിലോ ടെറസിലോ ചെറിയ മഴമറകള്‍ തീര്‍ക്കുകയാണ് ആദ്യ പ്രവൃത്തി. ഒരു ച.മീ. മഴമറ തീര്‍ക്കുന്നതിന് 720 രൂപ (എഴുന്നൂറ്റി ഇരുപത് രൂപ) ചെലവുവരും. ആവശ്യമായതും സൌകര്യപ്രദവുമായ നീളം, വീതിയില്‍ മഴ മറ തീര്‍ക്കാം. വിവിധ ഏജന്‍സികള്‍ ഈ പ്രവൃത്തി ഏറ്റെടുത്തു നടത്തുന്നുണ്ട്. കൃഷിവകുപ്പില്‍നിന്ന് ആകര്‍ഷകമായ സാമ്പത്തികസഹായവും ലഭ്യമാക്കുന്നുണ്ട്. 

മഴമറയ്ക്കകത്ത് ചെടിച്ചട്ടികളിലോ പ്ളാസ്റ്റിക് ഗ്രോബാഗുകളിലോ 1:1:1 അനുപാതത്തില്‍ ജൈവാംശമുള്ള മേല്‍മണ്ണ്, മണല്‍, ഉണക്ക് ചാണകപൊടി എന്നിവ ചേര്‍ത്ത് തയ്യാറാക്കണം. ഭിത്തിക്കുമുകളില്‍ ചെങ്കല്ലോ, ഇഷ്ടികയോ ഉപയോഗിച്ച് തടംതീര്‍ത്ത് തടത്തില്‍ പോര്‍ട്ടിങ് മിക്സ്ചര്‍ നിറയ്ക്കുകയുമാവാം. ഈ രീതിയില്‍ നല്ല നീര്‍വാര്‍ച്ച ഉറപ്പുവരുത്തണം. വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. 

നല്ലയിനം പച്ചക്കറിവിത്തുകളോ തൈകളോ വിശ്വാസയോഗ്യമായ ഏജന്‍സികളില്‍നിന്നു മാത്രം വാങ്ങിക്കുക. വെണ്ട, മുളക്, വഴുതന, ചീര തുടങ്ങിയവയും പാവല്‍, പടവലം, പീച്ചിങ്ങ, പയര്‍ തുടങ്ങിയ പന്തല്‍ ഇനങ്ങളും കൃഷിക്കായി തെരഞ്ഞെടുക്കാം. വിത്തുകളാണ് നടീലിന് ഉപയോഗിക്കുന്നതെങ്കില്‍ 8–10 മണിക്കൂര്‍  വെള്ളത്തില്‍ കുതിര്‍ത്ത് ഊറ്റിയെടുത്തശേഷം സ്യൂഡോമോണസ് ലായനിയില്‍ ഒരുമണിക്കൂര്‍ കുതിര്‍ത്ത് നടീലിന് ഉപയോഗിക്കാവുന്നതാണ്. പ്ളാസ്റ്റിക് ട്രേകളിലോ കപ്പുകളിലോ വിത്തുകള്‍ മുളപ്പിച്ച് രണ്ടില പ്രായത്തില്‍ ചട്ടി/ബാഗുകളിലേക്ക് മാറ്റിനടുകയോ, നേരിട്ട് ബാഗുകളില്‍ വിത്തുകള്‍ നടുകയോ ചെയ്യാം. ഇങ്ങിനെ നേരിട്ട് വിത്ത് നടുമ്പോള്‍ 3–4 വിത്തുകള്‍വരെ നട്ട് രണ്ടില പ്രായത്തില്‍ പച്ചക്കറിയിനം അനുസരിച്ച് ഒന്നോ, രണ്ടോ തൈകള്‍ നിലനിര്‍ത്തി മറ്റുള്ളവ പറിച്ചുമാറ്റണം. തൈകളാണ് നടുന്നതെങ്കില്‍ മുളക്, വെണ്ട, തക്കാളി, വഴുതന തുടങ്ങിയവയുടെ തൈ ഒന്നുവീതവും, പയര്‍ പടവലം, പാവല്‍, പീച്ചിങ്ങ തുടങ്ങിയവയുടെ തൈകള്‍ രണ്ടുവീതവും നടീലിനായി ഉപയോഗിക്കാം. 

നടുന്നതിനുമുമ്പ് ചട്ടി/ബാഗ് ഒന്നിന് 50 ഗ്രാം വേപ്പിന്‍പിണ്ണാക്കും, 100 ഗ്രാം ട്രൈക്കോഡര്‍മ ചേര്‍ത്ത് പരിപോഷിപ്പിക്കപ്പെട്ട ഉണക്ക് ചാണകപ്പൊടിയും ചേര്‍ത്തുകൊടുക്കുന്നത് നല്ലതാണ്. ഇങ്ങിനെ തയ്യാര്‍ചെയ്ത കൂടകളില്‍ തൈകള്‍ നടാം. ഒന്നിടവിട്ട ദിവസങ്ങളില്‍ കാലാവസ്ഥയ്ക്കനുസരിച്ച് ചെറിയതോതില്‍ നന കൊടുക്കണം. നനയ്ക്കുമ്പോള്‍ കൂടകളിലുള്ള ജൈവാംശം ഒഴുകി നശിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. താഴെപറയുന്ന ജൈവളങ്ങളിലൊന്ന് ഏഴ്–എട്ട് ദിവസത്തെ ഇടവേളകളില്‍ ചേര്‍ത്തുകൊടുക്കണം. 

പച്ചച്ചാണകം, ബയോഗ്യാസ് സ്ളറി, കപ്പലണ്ടിപ്പിണ്ണാക്ക്, ഇവയിലൊന്ന് 200 ഗ്രാം രണ്ടുലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത ലായനി തടത്തില്‍ ഒഴിച്ചുകൊടുക്കാം. മണ്ണിര കമ്പോസ്റ്റ് നാലു കി.ഗ്രാം ഒരു സെന്റിന് എന്ന ക്രമത്തില്‍ അഥവാ 25 ഗ്രാം കൂടയൊന്നിന് എന്ന ക്രമത്തില്‍ ചേര്‍ത്തുകൊടുക്കാം. ഗോമൂത്രം എട്ടിരട്ടി വെള്ളം ചേര്‍ത്തു നേര്‍പ്പിച്ചത് തടത്തില്‍ ഒഴിച്ചുകൊടുക്കാം. അസോസ്പൈറില്ലം, അസറ്റോബാക്ടര്‍, മൈക്കോറൈസ മുതലായ ജീവാണുവളങ്ങളും ജൈവവളത്തോടൊപ്പം ചേര്‍ത്തുകൊടുക്കണം. ഇവ അന്തരീക്ഷത്തില്‍നിന്ന് നൈട്രജനെ ആഗീരണംചെയ്ത് സസ്യവളര്‍ച്ചയ്ക്കാവശ്യമായ ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കും.

പന്തല്‍ ഇനങ്ങള്‍ക്ക് പന്തലുകള്‍ തയ്യാറാക്കിക്കൊടുക്കണം. മറ്റുള്ളവയ്ക്ക് വളര്‍ച്ചയ്ക്കനുസരിച്ച് താങ്ങുകാല്‍ ആവശ്യമെങ്കില്‍ നാട്ടിക്കൊടുക്കണം. രണ്ടാഴ്ച ഇടവിട്ട് സ്യൂഡോമോണസ് ലായനി തളിച്ചുകൊടുക്കുന്നത് രോഗങ്ങള്‍ തടയുന്നതിന് ഉപകരിക്കും. പൊതുവേ ഈ രീതിയില്‍ കീടാക്രമണം കുറവാണ്. വെള്ളീച്ചകളുടെ ആക്രമണം മുളകിലും, തക്കാളിയിലും, വഴുതനയിലും കണ്ടെന്നു വരാം. മഞ്ഞക്കെണികളും മറ്റ് ജൈവകീട നിയന്ത്രണമാര്‍ഗങ്ങളും സ്വീകരിക്കാം. മഴമറയ്ക്കകത്ത് പ്രത്യേകിച്ച് ടെറസിനുമുകളില്‍ രാസവളങ്ങളും രാസകീടനാശിനികളും പ്രയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് കെട്ടിടത്തിനുതന്നെ ദോഷംവരുത്തും.

കരനെല്‍കൃഷിക്ക് സാധ്യത ഏറെ

വീണാറാണി ആര്‍

കരനെല്‍കൃഷിയുടെ സാധ്യതകളെക്കുറിച്ച് കേരളം ഗൌരവമായി ചിന്തിക്കുന്ന സമയമാണിത്. വേനല്‍മഴയുടെ തുടക്കമാണ് കരനെല്‍കൃഷിയുടെയും ആരംഭം. വിഷുവിന് വിളക്കുതെളിച്ച് പുനംകൃഷിക്ക് വിത്തിറക്കിയിരുന്നത് നമ്മുടെ ശ്രേഷ്ഠപാരമ്പര്യം. നെല്ലും തുവരയും മത്തനും കുമ്പളവുമെല്ലാം പുനംകൃഷിയില്‍ യഥേഷ്ടം വിളഞ്ഞു. പൊന്നു വിളയുന്ന മണ്ണില്‍ പുനംകൃഷി ഒരു നിറവായിരുന്നു. കാലം മാറി പുനംകൃഷിയൊരുക്കിയ കുന്നുകള്‍ റബ്ബറിന് ഒഴിഞ്ഞുകൊടുത്തു.മാറിയ സാഹചര്യത്തിലും കരനെല്‍കൃഷിക്ക് നമ്മുടെ നാട്ടില്‍  അനന്തസാധ്യതയുണ്ട്.

തെങ്ങിന്‍തോട്ടങ്ങളും മൂന്നുവര്‍ഷംവരെ പ്രായമായ റബര്‍ തോട്ടങ്ങളും തരിശുസ്ഥലങ്ങളും എന്തിനേറെ ചെങ്കല്‍പ്പാറകള്‍വരെ കരനെല്‍കൃഷിക്ക് പ്രയോജനപ്പെടുത്താം. നെല്ലിന്റെ നാരായവേരുകള്‍ക്ക് വെള്ളത്തെ പിടിച്ചുനിര്‍ത്താനുളള കഴിവുണ്ട്. നെല്ല് ഇടവിളയായപ്പോള്‍ റബറിന്റെ വളര്‍ച്ച വേഗത്തിലായതിന്റെയും തെങ്ങിന്റെ ഉല്‍പ്പാദനം കൂടിയതിന്റെയും പിന്നിലെ രഹസ്യം മറ്റൊന്നല്ല. ഒരുവര്‍ഷംകൊണ്ടുതന്നെ ഒന്നരവര്‍ഷത്തെ വളര്‍ച്ച ലഭിക്കുന്നതുകൊണ്ടാകണം കരനെല്‍കൃഷിചെയ്യാന്‍ മുന്നോട്ടു വരുന്ന റബര്‍കര്‍ഷകരുടെ എണ്ണം കൂടിവരുന്നു.

കളകളാണ് നെല്‍കൃഷിയിലെ പ്രധാന തലവേദന. അനുകൂല സാഹചര്യം ഒത്തുവരുമ്പോള്‍ കളകള്‍ കൂട്ടത്തോടെ മുളച്ചുവരും. ചിലപ്പോഴെങ്കിലും കരനെല്ലിന്റെ വളര്‍ച്ചയെത്തന്നെ പ്രതികൂലമായി ബാധിച്ചെന്നുവരാം. നല്ലൊരു മുന്നൊരുക്കമുണ്ടെങ്കില്‍ കരനെല്ലിനെ വരുതിയിലാക്കാം. ഇതിനായി ഫെബ്രവരി–മാര്‍ച്ചില്‍ സ്ഥലം നന്നായി കിളച്ചിളക്കണം. ഒരു നന നല്‍കി പയര്‍വിത്തു വിതയ്ക്കുന്നത് കരനെല്‍കൃഷിക്കുള്ള ശുഭാരംഭമാവും. വന്‍പയര്‍വിത്താണ് ഉത്തമം. പൂക്കുന്നതിനു മുമ്പ് വന്‍പയര്‍ മണ്ണില്‍ ഉഴുതുചേര്‍ക്കണം. ഇങ്ങനെ ജൈവസമ്പുഷ്ടവും നല്ല ഇളക്കവുമുള്ള മണ്ണ് വേനല്‍മഴയില്‍ നനഞ്ഞാല്‍ കരനെല്‍കൃഷി തുടങ്ങാം. ഉമിച്ചാരവും ചാണകവുമാണ് കരനെല്ലിന് നല്‍കേണ്ട അടിവളം. വിത്തും ഉണങ്ങിപ്പൊടിഞ്ഞ ചാണകവെള്ളവും പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത് നുരിയിടുന്നതാണ് പുനംകൃഷിയില്‍ നടീല്‍രീതി.

പൊടിവിതയും കരനെല്‍കൃഷിക്കിണങ്ങും. സാധാരണഗതിയില്‍ കീടരോഗബാധകളൊന്നും കാണാറില്ലെങ്കിലും ചെടിയെ കരുതിയിരിക്കണം. മത്തി സ്പ്രേയും വേപ്പണ്ണ സ്പ്രേയുമാണ് ചാഴിയെ തുരത്താന്‍ ഉത്തമം. വൈശാഖും സ്വര്‍ണപ്രഭയും ആതിരയുമാണ് സാധാരണഗതിയില്‍ കരനെല്‍കൃഷിക്കു യോജിച്ച വിത്തിനങ്ങള്‍. എന്നാല്‍ ലാഭകരമായ കരനെല്ലാണ് ലക്ഷ്യമെങ്കില്‍ ഞവരയെ കൂട്ടുപിടിക്കാം. കുറഞ്ഞ വിളദൈര്‍ഘ്യവും  കൂടിയ വിലയും ഞവരയുടെ ആകര്‍ഷണീയത കൂട്ടുന്ന ഘടകങ്ങളാണ്. ഏറ്റവും കുറഞ്ഞ വിളദൈര്‍ഘ്യമുള്ള നെല്ലിനമായ ഞവരയ്ക്ക് സംസ്കൃതത്തില്‍ ഷാഷ്ഠികമെന്നാണ് പേര്. 60 ദിവസത്തെ കാലാവധിയെന്ന് ചുരുക്കം. മഴ പൂര്‍ണമായും പ്രയോജനപ്പെടുത്തി വളരാന്‍ നമ്മുടെ ഭൌമസൂചികയില്‍ ഇടംനേടിയ ഞവരയ്ക്ക് കഴിയും. നല്ല ഉയരത്തില്‍ വളരുന്നുവെന്നതും ഭാഗികമായി തണല്‍ ഇഷ്ടപ്പെടുന്നുവെന്നതും ഞവരയുടെ മാത്രം പ്രത്യേകത. കരനെല്‍കൃഷിയുടെ ഭാഗമായി തെങ്ങിന്‍തോപ്പില്‍ ഞവര കൃഷിചെയ്യാം. കരനെല്ലായി ചെയ്യുന്ന ഞവരയ്ക്ക് ഗുണം കൂടും.

വീട്ടുപറമ്പുകളിലേക്ക് യോജിച്ച വൃക്ഷത്തൈകള്‍

മലപ്പട്ടം പ്രഭാകരന്‍

കാലവര്‍ഷം ആരംഭിച്ചതോടെ നാടെങ്ങും വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്ന തിരക്കിലാണ്. ഓരോ വര്‍ഷവും ജനകീയ ഇടപെടല്‍ നടത്തി വൃക്ഷത്തൈകള്‍ നടാറുണ്ടെങ്കിലും അവയുടെ വേനല്‍ക്കാല സംരക്ഷണത്തിന് ഗൌരവമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്നതും വസ്തുതയാണ്. ഒന്നുരണ്ട് വര്‍ഷമെങ്കിലും ചിട്ടയായ തുടര്‍പരിചരണം ആവശ്യമുണ്ട്. സ്ഥലസൌകര്യമുണ്ടെങ്കില്‍ വീട്ടുപറമ്പുകളിലും വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കാം. അലങ്കാര പൂമരങ്ങളും, ഫലവൃക്ഷങ്ങളും, ആയാല്‍ എന്നെന്നും നമുക്ക് പ്രയോജനപ്പെടുത്താനാവും. വീട്ടുപരിസരത്താവുമ്പോള്‍ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ ഇനി പറയുന്നു.

1. കാതലില്ലാത്ത മരങ്ങളാവരുത്. കാറ്റിലും മറ്റും പൊട്ടി അപകടമുണ്ടാക്കും. 
2. വടവൃക്ഷമായി പടര്‍ന്നുപന്തലിച്ച് നില്‍ക്കുന്നതാവരുത്. കാരണം വീട്ടുപരിസരത്തെ വിലപ്പെട്ട സ്ഥലം അപഹരിക്കപ്പെടും.
3. വേരുകള്‍ നീണ്ടുവളര്‍ന്നുവരുന്ന ഇനങ്ങളാവരുത്. ക്രമേണ മുറ്റത്തും വീടിന്റെ തറയുടെ അടിഭാഗത്തും ഇരച്ചുകയറി ദോഷംചെയ്യും. 
വീട്ടുപറമ്പില്‍ വളര്‍ത്താവുന്ന ഏതാനും ചില വൃക്ഷങ്ങളെ പരിചയപ്പെടാം.

കൂവളം: ഔഷധമരമാണ്. ഇല അരച്ച് വെള്ളത്തില്‍ കലര്‍ത്തി കാലത്ത് കഴിച്ചാല്‍ പ്രമേഹരോഗം തടയാനാവും. വേരും തൊലിയും എല്ലാം ഔഷധമാണ്. 15 മീറ്റര്‍വരെ ഉയരത്തില്‍ വളരും. വിത്തില്‍നിന്നും വേരില്‍നിന്നും മുളച്ചുവരുന്ന തൈകള്‍ ഉപയോഗിക്കാം. 45 സെ.മീ. ചതുരശ്ര വിസ്തൃതിയിലും ആഴത്തിലും കുഴിയെടുത്ത് അതില്‍ ജൈവവളവും മണ്ണും കുഴച്ചുനിറച്ച് തൈകള്‍ നടാം.

നെല്ലി: ഒരു വീട്ടില്‍ ഒരു നെല്ലിമരം അത്യാവശ്യമാണ്. നെല്ലിക്ക പോഷക–ഔഷധ ഗുണങ്ങളില്‍ മുമ്പനാണ്. അധികം ഉയരത്തില്‍ വളരാറില്ല. വരള്‍ച്ചയും ശൈത്യവും എല്ലാം താങ്ങാനാവും. ബലമുള്ള കാതലാണ്. 45 സെ.മീ. സമചതുരവും ആഴവുമുള്ള കുഴിയെടുത്ത് ജൈവവളവും ചേര്‍ത്ത് നിറച്ച് തൈകള്‍ നടാം.

വാളന്‍പുളി: വീട്ടുപരിസരത്ത് ഒരു പുളിമരം (വാളന്‍പുളി) ആവശ്യമാണ്. പുളിങ്ങ നിത്യാവശ്യവസ്തുവാണെന്നതാണ് പ്രധാനം. വിത്തുപാകി മുളപ്പിച്ച തൈകള്‍ നടാം. രണ്ടുമൂന്നുവര്‍ഷം വേനല്‍ക്കാല സംരക്ഷണം നല്‍കണം.

കടപ്ളാവ്: ദീര്‍ഘകാല പഴവര്‍ഗവിളയാണ്. ബലക്കുറവുണ്ടെന്നതിനാല്‍ വീട്ടില്‍നിന്ന് അല്‍പ്പം മാറ്റി നടുന്നത് അഭികാമ്യം. ജൈവവളം നല്ലതുപോലെ വേണം. 10–13 മീറ്റര്‍ ഉയരത്തില്‍ വളരും. വേരില്‍നിന്നാണ് തൈകള്‍ ഉണ്ടാവുക. ഒരുവര്‍ഷം രണ്ടു തവണ പുഷ്പിച്ച് കായ്കള്‍ ഉണ്ടാകും.

പ്ളാവ്, മാവ്: ഇവ രണ്ടും വീട്ടുവളപ്പില്‍ അനുയോജ്യമാണ്. വീട്ടുപരിസരത്തുനിന്നഎ അല്‍പ്പം മാറ്റി നടുക. പഴവര്‍ഗവിളയായും തണല്‍മരമായും എല്ലാം പ്രയോജനപ്പെടും. വിത്തുപാകി മുളപ്പിച്ച തൈകളാണ് ഉപയോഗിക്കുക. ഒട്ടുമാവുകളും ഒട്ടുപ്ളാവുകളും നിലവിലുണ്ട്. ഇവ കൂടുതല്‍ ഉയരത്തില്‍ വളരില്ല. നാടന്‍ പ്ളാവും സംരക്ഷിക്കപ്പെടണം.

ഇലഞ്ഞി: നിത്യഹരിത ഇടത്തരം മരമാണ്. പൂക്കള്‍ സുഗന്ധം പരത്തും. തടി ബലമുള്ളതും ഭംഗിയുള്ളതുമാണ്. വരള്‍ച്ചയെയും മഴയെയുമെല്ലാം ചെറുക്കും. വിത്തു മുളപ്പിച്ച തൈകള്‍ ഉപയോഗിക്കാം.

അശോകം: പൂമരമാണ്. അലങ്കാരമായും ഔഷധമായുമെല്ലാം ഉപയോഗിക്കാം. അധികം ഉയരത്തില്‍ വളരില്ല. വിത്തിലൂടെയാണ് പ്രജനനം. വീട്ടുപരിസരത്ത് ഈ മരം ഐശ്വര്യമാണ്. അലങ്കാരമാണ്.

കണിക്കൊന്ന: നല്ല പൂമരമാണ്. അലങ്കാരവൃക്ഷമായി നടാം. അധികം ഉയരത്തില്‍ വളരില്ല. വിത്തുവഴിയാണ് തൈകള്‍ ഉല്‍പ്പാദിപ്പിക്കുക. വരള്‍ച്ചയും മഴയും ചെറുത്ത് വളരും. തണല്‍ തരും.

രക്തചന്ദനം: ഔഷധമരമാണ്. കാതല്‍ ചുവന്ന നിറമാണ്. ബലമുള്ളതാണ്. 18–20 മീറ്റര്‍വരെ ഉയരത്തില്‍ വളരും. വീട്ടുപറമ്പിന്റെ ഓരംചേര്‍ന്നു നടാം. 
വേപ്പ്: ഔഷധമരമാണ്. ഇലയും കായും ഔഷധമാണ്. വേപ്പെണ്ണയും കായും ജൈവകീടനാശിനിയായും പിണ്ണാക്ക് കീടനാശക സ്വഭാവമുള്ള ജൈവവളമായും ഉപയോഗിക്കാം.

കുടമ്പുളി: വാളന്‍പുളിയെന്നപോലെ കുടമ്പുളിയും വീട്ടുപരിസരത്ത് ആവശ്യമാണ്. ഭക്ഷ്യവസ്തുവായും ഔഷധമായും കായ ഉപയോഗിക്കാം. നിത്യഹരിതകം തരുന്ന വൃക്ഷമാണ്. തടിക്ക് ബലമുണ്ട്. കഠിനമായ ചൂട് താങ്ങാന്‍കഴിവില്ല.

തേക്ക്, വീട്ടി: ബലമുള്ളതും തടിക്ക് വിലപിടിപ്പുള്ളതുമായ തേക്കും വീട്ടിയും വീട്ടുവളപ്പില്‍ സ്ഥല–സാഹചര്യ ഘടകങ്ങള്‍ നോക്കി വച്ചുപിടിപ്പിക്കാം. തൈകള്‍ വനംവകുപ്പുവഴി ലഭ്യമാക്കാനാകും.

പൊതുനിര്‍ദേശം: വീട്ടുവളപ്പില്‍ വൃക്ഷത്തൈകള്‍ നടുമ്പോള്‍ 45–60 സെ.മീറ്റര്‍വരെ സമചതുരവും ആഴവുമുള്ള കുഴിയെടുത്ത് അതില്‍ കമ്പോസ്റ്റോ–കാലിവളമോ സമം മേല്‍മണ്ണുമായി കുഴച്ച് നിറച്ച് തൈകള്‍ നടാം. ചുവട്ടില്‍ വെള്ളം കെട്ടിക്കിടക്കരുത്. കാറ്റില്‍ ഉലയാതിരിക്കാന്‍ കമ്പുനാട്ടി കെട്ടണം. വേനലില്‍ നനയ്ക്കണം.

കരക്കൃഷിക്ക് ഇതാ നെല്ലിനങ്ങള്‍

ഡോ. പി സിന്ധുമോള്‍

പുതുമഴ കിട്ടിത്തുടങ്ങിയതോടെ നമ്മുടെ പറമ്പുകളിലും മറ്റു കരപ്രദേശങ്ങളിലും മോടന്‍കൃഷി അഥവാ കരനെല്‍കൃഷി ആരംഭിക്കുകയായി. ഒന്നാം വിളയില്‍, അതായത് വിരിപ്പുകാലത്ത്, കരപ്രദേശത്ത് നടത്തിവരുന്ന കരനെല്‍കൃഷി പൊതുവേ മഴയെ മാത്രം ആശ്രയിച്ചാണ് ചെയ്തുവരുന്നത്. അതിനാല്‍ മൂപ്പുകുറഞ്ഞവയും വരള്‍ച്ച, കളകള്‍ എന്നിവയ്ക്കെതിരെ സാമാന്യം പ്രതിരോധശേഷി ഉള്ളവയുമായ ഇനങ്ങളാണ് മോടന്‍ കൃഷിക്കായി തെരഞ്ഞെടുക്കേണ്ടത്.

പട്ടാമ്പി പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍നിന്ന് കരക്കൃഷിക്കായി ശുപാര്‍ശചെയ്ത നെല്ലിനങ്ങളുടെ സവിശേഷതകള്‍ താഴെ ചേര്‍ക്കുന്നു.

കട്ടമോടന്‍ (പിടിബി 28): പണ്ടുകാലത്ത് കേരളത്തില്‍ കരക്കൃഷിക്ക് ഏറ്റവുമധികം ഉപയോഗിച്ചിരുന്ന ഇനമായ കട്ടമോടന്‍ എന്ന നാടന്‍ ഇനത്തിന്റെ നിര്‍ധാരണത്തിലൂടെ 1950ല്‍ പുറത്തിറക്കിയ ഈ ഇനത്തിന് 120 ദിവസം മൂപ്പുണ്ട്. നീളമുള്ള കതിര്‍ക്കുലകളും മൂപ്പെത്തുമ്പോള്‍ സ്വര്‍ണനിറം കൈവരുന്ന നീണ്ടതും വണ്ണംകൂടിയതുമായ മണികളും ചുവന്ന അരിയുമാണ് ഈ ഇനത്തിന്റേത്. ശരാശരി വിളവ് ഹെക്ടറിന് 2.7 ടണ്‍. 
കറുത്ത മോടന്‍ (പിടിബി 29): 1950ല്‍ പുറത്തിറക്കിയ കറുത്ത മോടന്‍ ഇനത്തിന്റെ മൂപ്പ് 110 ദിവസമാണ്. ഈ ഇനത്തിന്റെ സവിശേഷത വിളവെടുക്കാന്‍ പാകമാകുമ്പോള്‍ കറുപ്പുനിറം കൈവരുന്ന നെന്മണികളാണ്. ചുവന്ന അരി. ശരാശരി വിളവ് ഹെക്ടറിന് 2.5 ടണ്‍. 
ചുവന്ന മോടന്‍ (പിടിബി 30): 1951ല്‍ പുറത്തിറക്കിയ ഈ ഇനത്തിന്റെ മൂപ്പ് 105 ദിവസമാണ്. മൂപ്പെത്തുമ്പോള്‍ കറുപ്പുകലര്‍ന്ന ചുവന്ന നിറം കൈവരുന്ന ഈ ഇനത്തിന്റെ അരിക്കും ചുവന്ന നിറമാണ്. ശരാശരി വിളവ് ഹെക്ടറിന് 2.4 ടണ്‍. 
സ്വര്‍ണമോടന്‍ (പിടിബി 42): 1977ല്‍ പുറത്തിറക്കിയ ഈ ഇനത്തിന്റെ മൂപ്പ് 110 ദിവസമാണ്. നീളമേറിയ കതിരുകളും വെളുത്ത അരിയുമുള്ള ഈ ഇനത്തിന്റെ ശരാശരി വിളവ് ഹെക്ടറി നാലു ടണ്ണാണ്. 
സ്വര്‍ണപ്രഭ (പിടിബി 43): 1985ല്‍ പുറത്തിറക്കിയ സ്വര്‍ണപ്രഭ പൊടിവിതയ്ക്കും നടീലിനും കരക്കൃഷിക്കും അനുയോജ്യമാണ്. മൂപ്പ് 100–110 ദിവസം. പൊതുവേ താഴ്ന്ന തോതിലുള്ള സൂര്യപ്രകാശത്തിലും ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത നിലനിര്‍ത്തുന്നുവെന്ന സവിശേഷത ഉള്ളതിനാല്‍ തണലുള്ള കൃഷിയിടങ്ങളിലേക്കും അനുയോജ്യമാണ് ഈ ഇനം. ഇടത്തരം ഉയരമുള്ള ഇതില്‍ നിന്ന് കൂടുതല്‍ വൈക്കോലും ലഭിക്കും. സ്വര്‍ണപ്രഭയുടെ ചെടികള്‍ മൂപ്പെത്തുമ്പോള്‍ ചാഞ്ഞുവീഴില്ല. വൈക്കോല്‍നിറത്തിലുള്ളതും നീണ്ട, വണ്ണംകൂടിയതുമായ നെന്മണികളും. വെളുത്ത അരി. ശരാശരി വിളവ് ഹെക്ടറിന് നാല് ടണ്‍.
ഐശ്വര്യ (പിടിബി 52): 1993ല്‍ പുറത്തിറക്കിയ ഐശ്വര്യ കരക്കൃഷിക്കും വയല്‍ക്കൃഷിക്കും അനുയോജ്യമാണ്. മൂപ്പ് 120–125 ദിവസം. ഇടത്തരം ഉയരമുള്ള ഈ ഇനത്തിന്റെ ചെടികള്‍ ചാഞ്ഞുവീഴില്ല. വൈക്കോല്‍നിറത്തിലുള്ള നെന്മണികളും നീണ്ട, ചുവന്നുരുണ്ട അരിയും. പോളരോഗം, ബ്ളാസ്റ്റ്, ഗാളീച്ച എന്നിവയ്ക്കെതിരെ പ്രതിരോധശേഷിയുണ്ട്. ക്ഷാരഗുണമുള്ളതോ ഉപ്പുരസമുള്ളതോ ആയ മണ്ണിലേക്കും മലമ്പ്രദേശങ്ങള്‍ക്കും യോജിച്ചതല്ല. ശരാശരി വിളവ് ഹെക്ടറിന് 5.5 ടണ്‍. 6–6.5 ടണ്ണോളം വൈക്കോലും ലഭിക്കും. 
ഹര്‍ഷ (പിടിബി 55): 2000ല്‍ പുറത്തിറക്കിയ ഹര്‍ഷ പൊടിവിതയ്ക്കും കരക്കൃഷിക്കും അനുയോജ്യമായ ഇനമാണ്. മൂപ്പ് 105–110 ദിവസം. ഇടത്തരം ഉയരമുള്ളതും ചാഞ്ഞുവീഴാത്തതുമായ നെല്‍ച്ചെടികള്‍. ബ്ളാസ്റ്റ് രോഗം, വരള്‍ച്ച എന്നിവക്കെതിരെ പ്രതിരോധശേഷിയുണ്ട്. വൈക്കോല്‍നിറത്തിലുള്ള നെന്മണികളും നീണ്ട, ചുവന്നുരുണ്ട അരിയും. ശരാശരി വിളവ് ഹെക്ടറിന് 4.5–5 ടണ്‍. 
വൈശാഖ് (പിടിബി 60): 2010ല്‍ പുറത്തിറക്കിയ വൈശാഖ് കരക്കൃഷിക്ക് പ്രത്യേകമായി ശുപാര്‍ശചെയ്യപ്പെടുന്നു. ഈ ഇനം സ്വര്‍ണപ്രഭ (പിടിബി 43) എന്ന ഇനത്തിന്റെ നിര്‍ധാരണത്തിലൂടെ വികസിപ്പിച്ചെടുത്തതാണ്. നെല്‍ച്ചെടികളുടെ ശരാശരി ഉയരം 118 സെ.മീ. 115–120 ദിവസം മൂപ്പോടുകൂടിയ വൈശാഖ് പൊടിവിതയ്ക്കും അനുയോജ്യമാണ്. വരള്‍ച്ചയെ ഒരുപരിധിവരെ ചെറുക്കും. ചുവന്നുരുണ്ട അരി. ശരാശരി വിളവ് ഹെക്ടറിന് 3.9 ടണ്‍.

(പട്ടാമ്പി  പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ സസ്യപ്രജനന–ജനിതക ശാസ്ത്രവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)

വിത്തുകളും തൈകളും തെരഞ്ഞെടുക്കുമ്പോള്‍

മലപ്പട്ടം പ്രഭാകരൻ

കാലവര്‍ഷം ആരംഭിക്കുന്നതോടെ പുതുതായി കൃഷിയിറക്കുന്നതിനുവേണ്ടി വിത്തുകള്‍ക്കും തൈകള്‍ക്കുമായി അന്വേഷിക്കുന്ന തിരക്കിലാണ് കര്‍ഷകര്‍. സര്‍ക്കാര്‍ ഫാം, അംഗീകൃത നേഴ്സറികള്‍ എന്നിവിടങ്ങളില്‍നിന്നാണ് പലരും വാങ്ങുക. എന്നാല്‍ ഇത് പരിമിതമായതിനാല്‍ സ്വകാര്യ നേഴ്സറികളില്‍നിന്നും വാങ്ങാറുണ്ട്. ഇങ്ങിനെ വാങ്ങുന്ന നടീല്‍വസ്തുക്കള്‍ ഗുണനിലവാരം പുലര്‍ത്തുന്നതാണോ എന്ന് ഉറപ്പുവരുത്തണം. വിത്തുകളിലെ പോരായ്മ വിളവിനെ ബാധിക്കാറുണ്ട്'വിത്തുഗുണം പത്തുഗുണം' വിത്തില്‍ പിഴച്ചില്‍ എല്ലാം പിഴച്ചു തുടങ്ങിയ ചൊല്ലുകള്‍ ശ്രദ്ധിക്കുക. പ്രധാനപ്പെട്ട ചില വിളകളുടെ വിത്ത്/തൈകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നു. 

തെങ്ങ്
നേഴ്സറികളില്‍ നേരിട്ടുചെന്ന് ഗുണം ഉറപ്പുവരുത്തണം. 9–12 മാസംവരെ പ്രായമുള്ള തൈകളാണ് വാങ്ങേണ്ടത്. ഇവയ്ക്ക് 6–8  ഓലവരെ വേണം. ഒമ്പതു മാസമായ തൈകള്‍ക്ക് നാല് ഓലയെങ്കിലും ഉണ്ടാവണം. കണ്ണാടിഭാഗത്തിന് (മുളച്ചുവരുന്ന ഭാഗത്തിന്) 10–12 സെ. മീ. കനം വേണം. ഓലക്കാലുകള്‍ വിരിഞ്ഞതായാല്‍ ഏറ്റവും നന്ന്. നേഴ്സറിയില്‍ നോക്കി നേരത്തെ മുളച്ചവ എടുക്കണം. രോഗ–കീട ബാധ ഉണ്ടാവരുത്. തേങ്ങയുടെ സൈഡ് ഭാഗത്ത് മുളയ്ക്കാതെ നേരെ മുകള്‍ഭാഗത്ത് മുളച്ചുവളര്‍ന്നവ എടുക്കുക. 

കുരുമുളക്
വള്ളി മുറിച്ചുനട്ടും, കൂടതൈകളില്‍ മുളച്ചുവളര്‍ന്നതും ഉപയോഗിക്കാം. മുറിച്ചുനടന്നവ കൊടിയുടെ ചുവട്ടില്‍നിന്നു മുളച്ചുവളര്‍ന്ന് നിലത്തു പടരാതെ ഒരു കുറ്റിയില്‍ ചുറ്റി വളച്ചുവച്ചവയാകണം. ഇത്തരം വള്ളിത്തലകള്‍ 1/2 മീറ്റര്‍ നീളത്തില്‍ മുറിച്ചു നടാം. കൂടതൈകള്‍ വാങ്ങുമ്പോള്‍ ഗുണമേന്മയുള്ള മാതൃവള്ളിയാണോ എന്നും, ഉദ്ദേശിച്ച ഇനംതന്നെയാണോ എന്നും ഉറപ്പാക്കുക. കൂടുതല്‍ നാള്‍ വളര്‍ന്ന് നിലത്തുപടര്‍ന്നതോ, കൂട തുളച്ച് വേരുകള്‍ വെളിയില്‍ മണ്ണില്‍ പിടിച്ചവയോ ആകരുത്. രോഗകീടബാധ തീരെ ഉണ്ടാവരുത്. ഒരു കൂടയില്‍ 2–3 ചുവടുകള്‍ മാത്രമുള്ളത് വാങ്ങുക.

കശുമാവ്
15–25 വര്‍ഷം പ്രായമുള്ള മാവില്‍നിന്നു ശേഖരിച്ചതാവണം വിത്ത്. ഇത്തരം തോട്ടണ്ടിക്ക് 5–8 ഗ്രാം തൂക്കം വേണം. മാര്‍ച്ച്–ഏപ്രിലില്‍ ശേഖരിച്ച തോട്ടണ്ടിയാവണം. 
ഗ്രാഫ്റ്റ് തൈകളാണെങ്കില്‍ ഉദ്ദേശിക്കുന്ന ഇനമാണോ എന്നു നോക്കുക. ഗ്രാഫ്റ്റ്ചെയ്ത ഭാഗങ്ങളില്‍ പോറലോ യോജിപ്പില്ലായ്മയോ ഉണ്ടോ എന്നും ശ്രദ്ധിക്കുക. ഗ്രാഫ്റ്റ് ചെയ്ത് 5–6 മാസം കഴിഞ്ഞേ വാങ്ങാവൂ. ഒട്ടിച്ചതില്‍നിന്നു താഴെ ഭാഗത്തായി മുള വന്നവ വാങ്ങരുത്. 

വാഴ
മൂന്നോ നാലോ മാസം പ്രായമുള്ള ഇടത്തരം സൂചിക്കന്നുകള്‍ വാങ്ങണം. ഇവയുടെ മാണത്തിന് 700 ഗ്രാം–1 കി.ഗ്രാം തൂക്കവും മാണഭാഗത്തിന് 35–45 സെ. മീറ്റര്‍ ചുറ്റളവും വേണം. ഉയരംകുറഞ്ഞ്, വീതികൂടിയ ഇലകളുള്ള കന്നുകള്‍ എടുക്കരുത്. പൂവന്‍, മൈസൂര്‍ പൂവന്‍ തുടങ്ങിയവ ചുവടെയുള്ള ഭാഗത്ത് ക്ഷതമേല്‍ക്കാതെ അടര്‍ത്തിയെടുത്തതാവണം. കീടരോഗബാധ ഉള്ളതാവരുത്. ഇലകള്‍ രണ്ടടി ശേഷിച്ച് മുറിച്ചുനീക്കിയശേഷം നടാം. 

മരച്ചീനി
വിളവെടുത്തശേഷം തണലിലും കുത്തനെയും സൂക്ഷിച്ചതാവണം. കീടബാധ ഇല്ലെന്ന് ഉറപ്പുവരുത്തണം. വിത്തു കമ്പിന്റെ തലപ്പുഭാഗത്തുനിന്ന് 30 സെ. മീറ്ററും കടഭാഗത്തുനിന്ന് 10 സെ. മീറ്ററും ഒഴിവാക്കി അവശേഷിക്കുന്ന കമ്പ് 15–20 സെ. മീ. നീളമുള്ള കഷണങ്ങളായി മുറിച്ചതാവണം. 

പച്ചക്കറി
പരമാവധി സര്‍ക്കാര്‍ സ്ഥാപനം, അംഗീകൃത നേഴ്സറികള്‍ എന്നിവിടങ്ങളില്‍നിന്നു വാങ്ങുക. പഴയതും രോഗമോ കീടമോ ഉള്ളതുമാവരുത്. ചെറിയ കപ്പിലോ പ്രോ ട്രേകളിലോ നട്ടുവളര്‍ത്തിയ തൈകളും വാങ്ങാം. ഇത്തരം തൈകള്‍ക്ക് നല്ല കരുത്തും നേരെ എഴുന്നുനില്‍ക്കുന്നതുമാവണം. വിത്തുകളുടെ കാര്യത്തില്‍ അങ്കുരണശേഷി ഉണ്ടെന്ന് ഉറപ്പാക്കണം.

മാവ്–പ്ളാവ് ഗ്രാഫ്റ്റ് തൈകള്‍ ഒട്ടിച്ച തൈകള്‍ വാങ്ങുമ്പോള്‍ ഉദ്ദേശിച്ച ഇനംതന്നെയാണോ എന്ന് ഉറപ്പാക്കുക. ഒട്ടിച്ച ഭാഗം സൂക്ഷ്മമായി നോക്കി ക്ഷതമോ, ഒട്ടിച്ചേരാത്ത അവസ്ഥയോ ഉണ്ടോ എന്ന് പരിശോധിക്കണം. കൂടകളില്‍നിന്ന് ഇളകിയതോ വാടിയതോ കീടരോഗം ഉള്ളതോ ആകരുത്.

പൈപ്പ് കമ്പോസ്റ്റ് തയ്യാറാക്കാം

രമേശൻ പേരൂൽ

ഗാര്‍ഹിക മാലിന്യസംസ്കരണത്തില്‍ വളരെ ലളിതമായൊരു പ്രായോഗിക രീതിയാണ് പൈപ്പ് കമ്പോസ്റ്റ് നിര്‍മാണം. മിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 90 ശതമാനം സബ്സിഡിയില്‍ പൈപ്പ് കമ്പോസ്റ്റ് വിതരണംചെയ്തുവരികയാണ്. വീട്ടുമാലിന്യം ഉറവിടത്തില്‍ത്തന്നെ സംസ്കരിക്കുന്നതിലൂടെ വീടിന്റെയും പരിസരത്തിന്റെയും ശുചിത്വം ഉറപ്പാക്കുന്നതോടൊപ്പം പുരയിടകൃഷിക്കായി ആദായകരവും ജൈവസംപുഷ്ടിദായകവുമായ ഉത്തമ ജൈവവളവും ലഭിക്കുന്നു. 

ആവശ്യമായ വസ്തുക്കള്‍ 
1.3 മീറ്റര്‍ നീളവും എട്ട് ഇഞ്ച് വ്യാസവുമുള്ള പിവിസി പൈപ്പുകള്‍ രണ്ടെണ്ണം. പൈപ്പ് 6, 12 എന്നീ വ്യാസങ്ങളിലുള്ളതുമാവാം.പൈപ്പുകള്‍ക്ക് ആവശ്യമായ അടപ്പുകള്‍ രണ്ടെണ്ണം ഒരുവശത്തേക്കായി മാത്രം മതി.

സ്ഥാപിക്കുന്നവിധം 
അടുക്കളഭാഗത്ത് സ്ഥാപിക്കുന്നതാണ് ഉചിതം. പിവിസി പൈപ്പ് 30 സെ. മീറ്റര്‍ താഴ്ചയില്‍ മണ്ണില്‍ കുത്തനെ ഉറപ്പിച്ചുനിര്‍ത്തുക. മണ്ണില്‍ താഴ്ത്തുന്ന ഭാഗത്ത് പൈപ്പില്‍ 20 സെ.മി ഉയരത്തിലായി മൂന്നോ നാലോ തുളകളിടുന്നത് നല്ലതാണ്. പൈപ്പിന്റെപ മുകള്‍ഭാഗം അടപ്പ് ഉപയോഗിച്ച് അടയ്ക്കാം .ഉറച്ച പ്രതല മാണെങ്കില്‍ മണ്ണുനിറച്ച 35 സെ.മി ഉയരമുള്ള ബക്കറ്റിലും പൈപ്പ് താഴ്ത്തിവയ്ക്കാം.

മാലിന്യസംസ്കരണ രീതി
ആദ്യമായി പൈപ്പിന്റെ ഏറ്റവും അടിത്തട്ടില്‍ മണ്ണിലേക്കായി പച്ചച്ചാണക ലായനി ഒഴിക്കണം. ലായനിക്കായി ഒരുലിറ്റര്‍ വെള്ളത്തില്‍ 300 ഗ്രാം പച്ചച്ചാണകം കലക്കാം. കൂടെ 200 ഗ്രാം വെല്ല വും ചേര്‍ത്താല്‍ നന്ന്. ശേഷം അഴുകുന്ന പാഴ്വസ്തുക്കള്‍, അതായത് പാകംചെയ്തതും അല്ലാത്തതുമായ ഭക്ഷണവസ്തുക്കള്‍, പച്ചക്കറി അവശിഷ്ടങ്ങള്‍, പൂവ്, ഇലകള്‍, വേഗത്തില്‍ അഴുകുന്ന അടുക്കളമാലിന്യങ്ങള്‍ മുതലായവ ജലാംശം കളഞ്ഞ് ദിവസേന പൈപ്പിനകത്തേക്ക് ഇടുക. വലിയ അവശിഷ്ടങ്ങള്‍ നുറുക്കിയിടുന്നത് അഴുകല്‍ വേഗത്തിലാക്കും. നേരിയ ഈര്‍പ്പം പൈപ്പിനകത്ത് വേണം. അതേസമയത്ത് കുഴമ്പുപരുവത്തിലാതെ നോക്കണം. ആഴ്ചതോറും ചാണകം/ശര്‍ക്കര/പുളിച്ച തൈര്/നന്നായി പുളിപ്പിച്ച മോര്/വെപ്പിന്‍പിണ്ണാക്ക് എന്നിവ ഏതെങ്കിലും പൈപ്പിനകത്ത് തളിച്ചുകൊടുക്കണം. അവശിഷ്ടങ്ങള്‍ക്കുള്ളില്‍ വായുസഞ്ചാരത്തിനായി ഇടയ്ക്കിടെ ഇളക്കിക്കൊടുക്കാം. അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുമ്പോള്‍ ആഴ്ചയില്‍ ചെറിയ ചുള്ളിക്കമ്പുകാളോ അല്‍പ്പം പുല്ലോ ഇട്ടുകൊടുക്കാം. ഇടയ്ക്കിടെ അടപ്പ് പാതി തുറന്നുവയ്ക്കുകയുമാവാം. ഒരുമാസത്തോടെ പൈപ്പ് നിറയും.മേല്‍പ്പറഞ്ഞതുപോലെ അടുത്ത പൈപ്പും ഇതുപോലെ സ്ഥാപിക്കുകയും അവശിഷ്ടങ്ങള്‍ ഇടുകയും ചെയ്യുക. രണ്ടുമാസം ആകുമ്പോഴേക്കും ആദ്യ പൈപ്പില്‍ മാലിന്യം വിഘടിച്ച് വളം രൂപപ്പെ ട്ടിട്ടുണ്ടാകും.

കമ്പോസ്റ്റ് സംസ്കരണത്തില്‍ ശ്രദ്ധിക്കേണ്ടവ 
പൈപ്പ് കമ്പോസ്റ്റിലെ ദുര്‍ഗന്ധം ഒഴിവാക്കുന്നതിനായി വിവിധതരം ബാക്ടീരിയ ലായനികള്‍/ ഇ, എം ലായനികള്‍ ലഭ്യമാണ്. ഇടയ്ക്കിടെ ഇവ നേര്‍പ്പിച്ച് നേരിയ അളവില്‍ ഒഴിച്ചുകൊടുക്കാന്‍ മറക്കരുതവീട്ടുവളപ്പിലെ എല്ലാതരം കൃഷിക്കും ചെടികളുടെ ഏതു പ്രായത്തിലും പൈപ്പ് കമ്പോസ്റ്റ് ഉപയോഗിക്കാവുന്നതാണ്. കാര്‍ബണിന്റെയും നൈട്രജന്റെയും അഭാവത്തില്‍ വിഘടനം നടക്കാതെ വരുമ്പോഴാണ് അവശിഷ്ടങ്ങള്‍ മഞ്ഞസ്ളരി രൂപത്തില്‍ ചിലപ്പോള്‍ കാണുന്നത്. സംസ്കരണം എളുപ്പത്തിലാക്കാന്‍ അവശിഷ്ടങ്ങള്‍ക്കകത്ത് വായുഅറകള്‍ ഉണ്ടാകണം. ഓക്സിജനും  ത്വരിതസംസ്കരണത്തിന് അഭികാമ്യം. ഇതിനായി കമ്പ് ഉപയോഗിച്ച് ഇളക്കിക്കൊടുക്കാം. അടപ്പ് ഇടയ്ക്കിടെ തുറന്നുകൊടുക്കുകയുമാവാം.

പ്ളാസ്റ്റിക്, ഖരമാലിന്യം എന്നിവ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. പച്ചക്കറി അവശിഷ്ടങ്ങളാണ് ഉത്തമം. പച്ചച്ചാണക ലായനി രണ്ട് അടപ്പുവീതം ദിവസവും ഒഴിച്ചുകൊടുക്കുകയാണെങ്കില്‍ സൂഷ്മാണുക്കള്‍ പെരുകി വിഘടനം വേഗത്തിലാക്കും. കഞ്ഞിവെള്ളം പൈപ്പില്‍ ഒഴിക്കുന്നത് ഒഴിവാക്കണം. കഞ്ഞിവെള്ളം ഒരുദിവസം വച്ച് പുളിപ്പിച്ചശേഷം നേര്‍പ്പിച്ച് ഹ്രസ്വകാലവിളകള്‍ക്ക്, പ്രത്യേകിച്ച് പച്ചക്കറി ചെടികളുടെ ഇലകളില്‍ തളിച്ചും ചുവട്ടില്‍ ഒഴിച്ചും കൊടുക്കാം. രോഗകീടങ്ങളെ ചെറിയതോതില്‍ ചെറുക്കാനും പ്രതിരോധശേഷിക്കും പ്രയോജപ്പെടും.

ഗാര്‍ഹിക ശുചിത്വം, പരിസരശുചിത്വം എന്നിവയോടൊപ്പം ഉറവിട മാലിന്യസംസ്കരണത്തിലൂടെ ജൈവവളവും ലഭിക്കുന്നു. ഇതിലൂടെ നേരാംവണ്ണം കൈകാര്യംചെയ്യുന്നതിലൂടെ ഗാര്‍ഹികാവശിഷ്ടങ്ങള്‍ സമ്പത്താണെന്നുള്ള തിരിച്ചറിവും ഉണ്ടാകുമ്പോള്‍ തീര്‍ച്ചയായും മാലിന്യ നിര്‍മാര്‍ജന നമ്മുടെ കാഴ്ച്ചപ്പാടായി മാറും.

(പെരിങ്ങോം വയക്കര കൃഷിഭവനില്‍ കൃഷി അസിസ്റ്റന്റാണ് ലേഖകന്‍)

ഗ്രാമപ്രിയ കോഴികള്‍ നമ്മുടെ സ്വന്തം

ഗ്രാമങ്ങളിലായാലും നഗരങ്ങളിലായാലും വളര്‍ത്താന്‍പറ്റുന്ന  ഇനമാണ് ഗ്രാമപ്രിയ. മുട്ട ഉല്‍പ്പാദനത്തില്‍ വളരെ മുന്നിട്ടുനില്‍ക്കുന്ന ഇവ വര്‍ഷത്തില്‍ 200 മുട്ടവരെ നല്‍കും. മുട്ടയുടെ നിറം തവിട്ടു നിറം. തൂക്കം 55 മുതല്‍ 60 ഗ്രാം വരെ. ഹൈദരാബാദിലെ പൌള്‍ട്രിവിഭാഗം ഡയറക്ടറേറ്റ് വികസിപ്പിച്ചെടുത്തതാണ്.  

കൂടുകളുടെ വിസ്തൃതി:
ഓരോ കോഴിക്കും രണ്ടര ചതുരശ്ര അടി സ്ഥലം അനുവദിക്കണം. 
സ്ഥലം കുറഞ്ഞാല്‍ ഇവ പരസ്പരം കൊത്തി ചാകുകയും ഉല്‍പ്പാദനം കുറയുകയും ചെയ്യും. 
വെള്ളം ധാരാളം നല്‍കണം.  ധാതുലവണ മിശ്രിതങ്ങളും ജീവകങ്ങളും ഭക്ഷണത്തില്‍ കലര്‍ത്തിക്കൊടുക്കണം. 
കൂടുകളില്‍ ശുദ്ധവായു ലഭിക്കാന്‍ കമ്പിവലകളിലെ അഴുക്കുകള്‍ തുടച്ചുമാറ്റണം. 
ഡീപ് ലിറ്ററില്‍ വളര്‍ത്തുവയ്ക്ക് (മുറികള്‍ക്കുള്ളില്‍) 24 മണിക്കൂറും വെള്ളം നല്‍കണം. 
തീറ്റയില്‍ 18 ശതമാനം മാംസം ഉണ്ടാകണം. 
നാരിന്റെ അംശം എട്ടുശതമാനം. കൂടുതല്‍ പാടില്ല. 
കൂട്ടില്‍ പച്ചപ്പുല്ലുകള്‍, ചീര എന്നിവ മുകളില്‍ കെട്ടിവച്ച് നല്‍കാം. കൊത്താതിരിക്കാനും, മുട്ട സ്വയം പൊട്ടിക്കാതിരിക്കാനും വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്.

കേജ് രീതിയിലും വളര്‍ത്താം:
നല്ല ഉറപ്പുള്ള കമ്പിവലകള്‍ ഉപയോഗിക്കണം. കമ്പികളുടെ ഘനം 9–10 ഗേജ് ആകാം. കൂടിന്റെ വശങ്ങളിലും മുകളിലും ഉപയോഗിക്കുന്ന വലക്കണ്ണികള്‍ രണ്ട്–മൂന്ന് ഇഞ്ച് വലുപ്പം ആകണം. കൂടുകളുടെ ഉയരം 15 ഇഞ്ച്. നീളം മുന്‍ഭാഗത്ത് 18 ഇഞ്ചും പിന്നില്‍ 15 ഇഞ്ചും ആകണം. മുട്ടകള്‍ കൂടിന്റെ  മുന്‍ഭാഗത്തേക്ക് ഉരുണ്ടുവരാന്‍ വേണ്ടിയാണിത്. ഉരുണ്ടുവരുന്ന മുട്ടകള്‍ ശേഖരിക്കാന്‍ വേണ്ടി കൂട്ടില്‍നിന്ന് മുന്നിലേക്ക് കൂടിന്റെ അടിഭാഗത്ത് കമ്പിവല 15 സെന്റീമീറ്റര്‍ പുറത്തേക്കു വളച്ചുവയ്ക്കണം.

ഒരു കൂടിനുള്ളില്‍ മൂന്ന് കോഴികളെവരെ പാര്‍പ്പിക്കാം. ജീവകങ്ങളുടെയും ധാതുലവണ മിശ്രിതങ്ങളുടെയും കുറവും പാര്‍പ്പിട സ്ഥലത്തിന്റെ അളവ് കുറയുമ്പോഴും മറ്റു പരിസ്ഥിതി പ്രശ്നങ്ങള്‍ ഉള്ളപ്പോഴും കോഴികള്‍ തമ്മില്‍ കൊത്തി ചാകുകയും ഇവയുടെ മുട്ട കൊത്തിനശിപ്പിക്കുന്നതും കാണാം. ഇതു തടയാന്‍ വേണ്ട മുന്‍കരുതല്‍ എടുക്കണം.

മണ്‍സൂണിനു തൊട്ടുമുമ്പേ എന്തെല്ലാം ഒരുക്കങ്ങള്‍

മലപ്പട്ടം പ്രഭാകരൻ

മണ്‍സൂണ്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങളുടെ ഇടവേള മാത്രം. കര്‍ഷകന് ഏറ്റവും തിരക്കേറിയ നാളുകളാണിത്. ഒട്ടേറെ മുന്നൊരുക്കങ്ങള്‍ ഈ സമയം നടത്തണം. മണ്ണൊരുക്കങ്ങള്‍, ജലനിര്‍ഗമന ചാലുകളുടെ അറ്റകുറ്റപ്പണി, വിത്ത്, വളം ഉള്‍പ്പെടെയുള്ള ഉല്‍പ്പാദനോപാധികളുടെ ലഭ്യത ഉറപ്പാക്കല്‍, യന്ത്രസാമഗ്രികള്‍, തൊഴിലാളികള്‍ എന്നിവയുടെയെല്ലാം സജീവ സാന്നിധ്യം ഉറപ്പാക്കല്‍, നടീല്‍വസ്തുക്കള്‍ സജ്ജമാക്കല്‍ ഇങ്ങിനെ ഇനിയും നീട്ടാവുന്ന കുറേ കാര്യങ്ങളുണ്ട് നിര്‍വഹിക്കാന്‍. കാലവര്‍ഷാരംഭത്തിനു തൊട്ടുമുന്നെ നിര്‍വഹിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളെക്കുറിച്ച് ചുരുക്കിപ്പറയാം.

നെല്ല്
ഒന്നാം വിളയ്ക്കുള്ള ഞാറ്റടി ഒരുക്കണം. വിത്ത് സ്ഥലത്തിന്റെ പ്രത്യേകത അനുസരിച്ച് നിശ്ചയിക്കാം. വെള്ളത്തിന്റെ ലഭ്യത താമസിച്ചാണെങ്കില്‍ അവിടെ പൊടിവിതയോ, നുരിവിതയോ ആക്കാം. അല്ലാത്തിടത്ത് പറിച്ചുനടുന്നതാണ് നല്ലത്. ഒരേക്കറില്‍ നടാന്‍ 10 സെന്റ് സ്ഥലത്ത് ഞാറ്റടി വേണം. മൂപ്പുകുറഞ്ഞ ഇനമെങ്കില്‍ 18–20 ദിവസത്തിനകവും മധ്യകാല മൂപ്പുള്ളത് 25 ദിവസത്തിനകവും പറിച്ചുനടാന്‍തക്കവിധം ഞാറ്റടി ഒരുക്കണം.

ഒരേക്കറില്‍ നടാന്‍ 34 കി.ഗ്രാം വിത്ത് മതി. ഞാറ്റടി നന്നാവണം. ഞാറില്‍ പിഴച്ചാല്‍ ചോറില്‍ പിഴയ്ക്കും. പ്രധാന കൃഷിയിടം ഉഴുത് കട്ടയുടച്ച് നിര്‍ബന്ധമായും കുമ്മായം ചേര്‍ത്തുവയ്ക്കണം. അടിസ്ഥാനപരമായി കുമ്മായം ഒരുസെന്റിന് രണ്ട് കി.ഗ്രാം വേണം. ജൈവവളം (കാലിവളം, കമ്പോസ്റ്റ് എന്നിവ ഏക്കറില്‍ 2000 കി.ഗ്രാം അവസാന ഉഴവോടെ ചേര്‍ത്തുവയ്ക്കണം. ഇടമഴ ലഭിച്ചാല്‍ പാടങ്ങളില്‍ വന്‍പയര്‍വിത്ത് വിതയ്ക്കുക. നെല്ല് പറിച്ചുനടാനാവുമ്പോഴേക്കും ഇത് പച്ചില വളമായി ഉഴുതുചേര്‍ക്കാം. 

തെങ്ങ്
പുതിയ തെങ്ങിന്‍തൈകള്‍ വയ്ക്കുന്നവയ്ക്ക് കുഴിയെടുക്കാം. ചെങ്കല്‍പ്രദേശത്ത് 1.2 മീ. സമചതുരവും ആഴമുള്ള കുഴിയും സാധാരണ മണ്ണില്‍ ഒരു മീറ്ററും മണല്‍മണ്ണില്‍ 75 സെ. മീ. കുഴിഅകലം. വരികള്‍ തമ്മിലും കുഴിതമ്മിലും 7.6 മീറ്റര്‍ അകലമാവണം. കൂമ്പുചീയല്‍ സാധ്യതയുള്ളതിനാല്‍ മഴയ്ക്കുമുമ്പേ ബോഡോമിശ്രിതം നാമ്പിലും ഇലയിലും തളിക്കണം. 
പുതുമഴയോടെ ജൈവ–രാസ വളം ചേര്‍ക്കാനുള്ള ഒരുക്കം നടത്തണം. അതിനുമുമ്പെ തെങ്ങിന് രണ്ടു കി.ഗ്രാം കുമ്മായം ചേര്‍ക്കുക. നേഴ്സറികളില്‍ വിത്തുതേങ്ങ പാകാനും ഈ സമയം നല്ലത്. 

കുരുമുളക്
കൊട്ടതൈകള്‍ വളര്‍ത്താം. ചുവടുകള്‍ വൃത്തിയാക്കി ജൈവവളം ചേര്‍ക്കാന്‍ പാകത്തില്‍ തയ്യാറാക്കുക. മഴയോടെ ചേര്‍ക്കുക. കുമ്മായം 1.5 കിഗ്രാം ഇടമഴസമയത്ത് ചേര്‍ക്കുക. ഇടമഴ കിട്ടിയാല്‍ കാലവര്‍ഷത്തിന് നാലഞ്ചുനാള്‍ മുമ്പെ കുമിള്‍രോഗത്തിനെതിരെ ബോഡോ മിശ്രിതം തളിക്കണം. താങ്ങുകാലുകള്‍ പിടിപ്പിക്കാനും ഈ സമയം നല്ലതാണ്. കിഴങ്ങുവര്‍ഗങ്ങള്‍
മിക്ക കിഴങ്ങുവര്‍ഗങ്ങളും മഴയ്ക്കുമുമ്പുള്ള ഇടമഴയോടെ കൃഷിയിറക്കാം. ചേന മുന്‍കൂട്ടി നട്ട് കിളിര്‍ത്തതാണെങ്കില്‍ ജൈവ–രാസ വളം ചെയ്യാം. 

ഇഞ്ചി–മഞ്ഞള്‍
കാലവര്‍ഷാരംഭത്തില്‍തന്നെ വിളവിറക്കണം. ഇടമഴ കിട്ടിയാല്‍ നിലം ഒരുക്കണം. കുമ്മായം സെന്റിന് 1.5 കി.ഗ്രാം, ജൈവവളം സെ. 50–100 കി.ഗ്രാംവരെ ചേര്‍ത്ത് മണ്ണ് തയ്യാറാക്കാം. വിത്ത് സൂക്ഷിച്ചിടത്തുനിന്നു തെരഞ്ഞെടുത്ത് രോഗപ്രതിരോധത്തിന് ജൈവ കുമിള്‍നാശിനിയില്‍ മുക്കി തണലില്‍ ഉണക്കാം. പുതുമഴയോടെയോ നല്ല ഇടമഴ ഉണ്ടെങ്കിലും മഴയ്ക്കുമുമ്പെ നടാം. 

പച്ചക്കറികള്‍
മഴക്കാല പച്ചക്കറിക്ക് ഒരുങ്ങിനില്‍ക്കണം. ഇടമഴയുടെ ഈര്‍പ്പം നോക്കി നിലം ഒരുക്കി കുമ്മായവും ജൈവവളവും ചേര്‍ത്തുവയ്ക്കുക. വിത്തൊരുക്കുക. തൈകള്‍ ഗ്രോബാഗില്‍ തയ്യാറാക്കാന്‍ പറ്റിയ സമയമാണ്. പേപ്പര്‍ കപ്പുകളോ ട്രേകളോ മതി. ഇതില്‍ മണ്ണിരവളമോ, ചകിരിവളമോ മറ്റ് പോട്ടിങ് മിശ്രിതമോ നിറച്ച് വെണ്ട, വഴുതിന, പാവല്‍, പടവലം, മത്തന്‍, കുമ്പളം, മുളക്, തക്കാളി തുടങ്ങിയവയുടെയെല്ലാം വിത്ത് നട്ട് തൈ വളര്‍ത്തുക. കാലവര്‍ഷം ലഭിച്ചാല്‍ നടാം. 

മറ്റ് വിളകള്‍
റബര്‍ പുതുകൃഷിക്കും പഴയ തോട്ടങ്ങളില്‍ മരുന്നുതളി, വളപ്രയോഗം നടത്താനുള്ള എല്ലാ ഒരുക്കങ്ങളും നടത്താം. കശുമാവ് തൈകള്‍ കൂടകളില്‍ പാകി വളര്‍ത്താം. കുഴികള്‍ ഒരുക്കിനിര്‍ത്താം. വാഴയുള്‍പ്പെടെയുള്ള പഴവര്‍ഗ വിളകള്‍ക്കുള്ള വിത്തുതൈകള്‍ ഒരുക്കല്‍, നിലം ഒരുക്കല്‍ എന്നിവയെല്ലാം ജാഗ്രതയോടെ ഇപ്പോള്‍ തയ്യാറാവുക. ഓരോ പറമ്പിലും വരമ്പുതീര്‍ത്ത് മണ്ണ് സംരക്ഷണ പ്രവര്‍ത്തനം നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ഒന്നാംവിള നെല്‍കൃഷി: മണ്ണും വിത്തും ഞാറ്റടിയും തയ്യാറാക്കാം

 

മണ്ണൊരുക്കുമ്പോള്‍
നിലം നാലഞ്ചുതവണയെങ്കിലും ഉഴുത് കട്ട ഉടച്ച് പരുവപ്പെടുത്തണം. ആദ്യത്തെ രണ്ട് ഉഴവിനുശേഷം സെന്റിന് 25–30 കി.ഗ്രാം കുമ്മായം ചേര്‍ത്തുകൊടുക്കുക. അവസാന ഉഴവുസമയത്ത് 10 സെന്റില്‍ 200 കി.ഗ്രാം എന്ന തോതില്‍ ഉണങ്ങിപ്പൊടിഞ്ഞ കാലിവളമോ കമ്പോസ്റ്റോ ചേര്‍ത്തുകൊടുക്കണം. 
കരപ്പാടങ്ങളില്‍ പൊടി വിതയോ, നുരിയിട്ടുള്ള കൃഷിയോ സ്വീകരിക്കാം. വെള്ളം കിട്ടാന്‍ കാലതാമസമായാല്‍ പറിച്ചുനടാന്‍ കുറെക്കൂടി സമയമെടുക്കും. നേരത്തെ പറഞ്ഞതുപോലെ ഉഴുതുമറിച്ച് കുമ്മായവും ജൈവവളവും ചേര്‍ത്ത് നിലം ഒരുക്കുക.

ഞാറ്റടി ഉണ്ടാക്കുന്നതോടൊപ്പംതന്നെ ജലനിര്‍ഗമന ചാലുകള്‍, തോടുകള്‍, വരമ്പുകള്‍ എല്ലാം വൃത്തിയും നീരൊഴുക്കു സുഗമമാക്കാനും, ആവശ്യമായവിധം മണ്ണെടുത്തും വരമ്പൊരുക്കിയും തയ്യാറാക്കുകയും വേണം. 
ഞാറ്റടി ഇല്ലാത്ത കണ്ടങ്ങളില്‍ ഇടമഴ ലഭിച്ചാല്‍ ഏതെങ്കിലും പയര്‍ ഇനങ്ങളുടെ വിത്തുവിതച്ച് പയര്‍ച്ചെടി വളര്‍ത്തുന്നത് അത്യാവശ്യമാണ്. പച്ചില വളമായി ഇവ നടീല്‍സമയത്ത് മണ്ണില്‍ ഉഴുതുചേര്‍ത്ത് പ്രയോജനപ്പെടുത്താം. പയറിന്റെ വേരില്‍ പാക്യജനകദായക സൂക്ഷ്മാണുക്കളുമുണ്ടല്ലോ. നൈട്രജന്‍മൂലകം നെല്ലിന് ലഭിക്കുകയും ചെയ്യും. 

വിത്ത്
മൂപ്പുകൂടിയതും, കുറഞ്ഞതും, ഇടത്തരം മൂപ്പുള്ളതുമായ ധാരാളം നെല്‍വിത്തിനങ്ങള്‍ ലഭ്യമാണ്. മണ്ണിന്റെയും ജലലഭ്യതയുടെയും നിറം, രുചി എന്നിവയുടെയുമെല്ലാം സാഹചര്യവും താല്‍പര്യവും അനുസരിച്ച് ഏതു വിത്തും തെരഞ്ഞെടുക്കാം. വിത്തേതായാലും അതിന് താഴെപറയുന്ന ഗുണമുണ്ടാവണം. 
1. മൂപ്പെത്തിയതും പതിരില്ലാത്തതുമാവണം
2. രോഗകീടബാധ ഇല്ലാത്തതാവണം
3. ഈര്‍പ്പം കൂടിയതാവരുത്. കൂടിയാല്‍ മുളശേഷി കുറയും
4. പഴകിയതും മുളശേഷി കുറഞ്ഞതുമാവരുത് 
5. കലര്‍പ്പില്ലാത്ത വിത്താവണം. ഒരേ കനവും ആകൃതിയും വേണം ഒരേ കനമുള്ളതായി തെരഞ്ഞെടുക്കാന്‍ ഇനി പറയുംപ്രകാരം ചെയ്യുക. 10 ലിറ്റര്‍ ശുദ്ധജലത്തില്‍ ഒരുകി.ഗ്രാം ഉപ്പുകലര്‍ത്തിയ ലായനി ഉണ്ടാക്കുക. ഇതില്‍ വിത്തിടുക. വെള്ളത്തില്‍ താഴ്ന്നുകിടക്കുന്നവ എടുത്ത് ശുദ്ധവെള്ളത്തില്‍ കഴുകി ഉപ്പുകളഞ്ഞ് വെയിലത്തിട്ട് ഉണക്കിയെടുക്കുക. 
വിത്തിലൂടെ പകരുന്ന കുമിള്‍രോഗം തടയാന്‍ 'കാപ്റ്റാന്‍' എന്ന പൊടി 80 ഗ്രാം 50 കി.ഗ്രാം വിത്തില്‍ പുരട്ടി വിതയ്ക്കുക. 
ഞാറ്റടി
ഞാറ്റടിയിടം കിളച്ച് പരുവമാക്കി ജൈവവളം ചേര്‍ത്ത് ചെറിയ തറയാക്കി രൂപപ്പെടുത്തുക. 1.5 മീറ്റര്‍ വീതിയും 15 സെ.മീ. ഉയരവും ആവശ്യമായ നീളത്തിലും തറ തയ്യാറാക്കുക. ഇതില്‍ അല്‍പ്പം ചാരം (വെണ്ണീര്‍) വിതറുന്നത് നല്ലതാണ്. വിത്ത് അകറ്റി പാകണം. സെന്റില്‍ 3.5 കി.ഗ്രാം വിത്ത് എന്നതാണ് കണക്ക്. ഒരേക്കറില്‍ പറിച്ചുനടാന്‍ 10 സെന്റില്‍ ഞാറ്റടി മതി. വിത്ത് വിതച്ചശേഷം മുകളില്‍ പൊടിമണ്ണു വിതറി മൂടണം.

വരുന്നൂ മിത്രനിമവിരകള്‍

 

കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തില്‍നിന്ന് വാഴകര്‍ഷകര്‍ക്കായൊരു സന്തോഷവാര്‍ത്ത. വാഴയിലെ പിണ്ടിപ്പുഴുവിനെയും, മാണപ്പുഴുവിനെയും പൂര്‍ണമായും നശിപ്പിക്കാവുന്ന മിത്രനിമ വിരകളെ കണ്ടുപിടിച്ചിരിക്കുന്നു. മിത്രനിമ കള്‍ചറുകള്‍ (കഡാവര്‍) വില്‍പ്പനയ്ക്കും തയ്യാറായിരിക്കുന്നു!

നിമവിരകള്‍ ശത്രുവും മിത്രവും ഉണ്ട്. കൃഷിയില്‍ ശത്രുനിമകള്‍ ഏറെയുണ്ട്. നിമവിരകള്‍ മനുഷ്യര്‍ക്കും, മൃഗങ്ങള്‍ക്കും രോഗങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇവയുടെ ഗണത്തില്‍ ഉപകാരികളായ നിമകളുണ്ടെന്ന് സ്റ്റെയിനര്‍ എന്ന ശാസ്ത്രജ്ഞന്‍ 1929ല്‍ കണ്ടെത്തി. പില്‍ക്കാലത്ത് അത്തരം നിമകളെ ഈ ശാസ്ത്രജ്ഞന്റെ പേരിട്ടാണ് വിളിച്ചുപോരുന്നത്. സ്റ്റെയിനര്‍ നെമാറ്റിഡേ, ഹെറ്ററോറാബ്ഡൈറ്റിഡേ എന്നീ രണ്ടു നിമകുടുംബങ്ങളാണ് ഉപകാരികള്‍. ഇവയ്ക്ക് 250ല്‍പ്പരം ഷഡ്പദങ്ങളെ (കീടങ്ങളെ) നശിപ്പിക്കാനുള്ള ശേഷിയുണ്ട്.

അമേരിക്കയിലെ ഗോള്‍ഫ് കളിക്കളത്തിലെ പുല്ലുകളിലെ പ്രധാന പ്രശ്നമായിരുന്നു വേരുതീനിപ്പുഴുക്കള്‍. പുല്‍മൈതാനത്തെ അക്ഷരാര്‍ഥത്തില്‍ മിത്രനിമ പ്രയോഗംകൊണ്ട് രക്ഷപ്പെടുത്തി എടുത്തതോടെയാണ് വാസ്തവത്തില്‍ മിത്രനിമ വിരകളെ ശാസ്ത്രം ഗൌരവമായി ശ്രദ്ധിച്ചുതുടങ്ങിയത്. അതിനെത്തുടര്‍ന്ന് അമേരിക്കയില്‍ കൊതുകുനിവാരണത്തിന് കൂത്താടികളെ കൊന്നൊടുക്കുന്നതിനും, തടിതുരപ്പന്‍ പുഴുക്കളെ നിയന്ത്രിക്കുന്നതിനും വ്യാപകമായി മിത്രനിമകളെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.

വിവിധ രാജ്യങ്ങളില്‍ സ്ട്രോബറി, സിട്രസ്, പൂച്ചെടികള്‍ എന്നിവയിലെ തണ്ടുതുരപ്പനെതിരെയും, പോളിഹൌസ് കൃഷിയിലെ റാഡിഷ്, ടര്‍ണിപ്പ്, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവയിലെ വേരുപുഴുക്കളളെയും, തണ്ടുപുഴുക്കളെയും ഫലപ്രദമായി മിത്രനിമകളെ ഉപയോഗപ്പെടുത്തി നിയന്ത്രിച്ചുവരുന്നു.

കേരളത്തില്‍ ഇവയുടെ ഗവേഷണം, കേരള കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ ഡോ. ഗവാസ് രാഗേഷ് ആണ് നടത്തിയത്. അദ്ദേഹം കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ പഠന ഗവേഷണത്തില്‍ വാഴയുടെ പ്രധാന ശത്രുകീടങ്ങളായ മാണപ്പുഴുവിനെയും, പിണ്ടിപ്പുഴുവിനെയും മിത്രനിമ വിരകളെ ഉപയോഗിച്ച് പൂര്‍ണമായും കൊന്നൊടുക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിരിക്കുന്നു. ഇത്തരം മിത്രനിമകളുടെ (ഇപിഎന്‍) കഡാവറുകള്‍ (കള്‍ചറുകള്‍) കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തില്‍നിന്ന് കര്‍ഷകര്‍ക്ക് ഇപ്പോള്‍ ലഭ്യമാണ്.

മിത്രനിമകള്‍ നേരിട്ടല്ല ശത്രുക്കളെ കൊല്ലുന്നത്. മിത്രനിമകളുടെ ശരീരത്തിനുള്ളില്‍ വസിക്കുന്ന ചില ബാക്ടീരിയകളാണ് വാസ്തവത്തില്‍ കീടങ്ങളെ കൊല്ലുന്നത്. മിത്രനിമകളുടെ ശരീരത്തിനുള്ളില്‍ സഹജീവനം നടത്തുന്ന രണ്ടിനം ബാക്ടീരിയകളുണ്ട്. സ്റ്റെയിനര്‍ നിമികളുടെ ഉള്ളില്‍ വസിക്കുന്ന സീനോറാബ്ഡസും, ഹെറ്ററോറാബ്റൈറ്റിസില്‍ വസിക്കുന്ന ഫോട്ടോറാബ്ഡസും ആണ് ഈ ബാക്ടീരിയകള്‍.

മിത്രനിമ (ഇപിഎന്‍) സന്നിവേശിപ്പിച്ച മെഴുകുപുഴുക്കളെയാണ് കര്‍ഷകര്‍ക്കു നല്‍കുന്നത്. ഈ ചീത്തപ്പുഴുക്കളെ 'കഡാവര്‍' എന്നു വിളിക്കുന്നു. ഈ കഡാവര്‍ അങ്ങിനെത്തന്നെ മണ്ണിലിട്ടോ, ചെടികളില്‍ ഇട്ടോ, വെള്ളത്തില്‍ കലക്കിയോ ഉപയോഗിക്കാം. വേണ്ടത്ര ഈര്‍പ്പമുണ്ടെങ്കില്‍ മാത്രമേ ഇപിഎന്‍ സഞ്ചരിക്കുകയുള്ളു. ചത്ത പുഴുക്കളുടെ ഉള്ളില്‍നിന്നു പുറത്തുവരുന്ന നിമറ്റോഡുകള്‍ ശത്രുകീടങ്ങളുടെ പുഴുക്കളെ തേടിപ്പിടിച്ച് അവയുടെ ശരീരത്തിനുള്ളില്‍ കടക്കുന്നു. തുടര്‍ന്ന് നിമയുടെ ശരീരത്തിനുള്ളില്‍ സഹജീവനം നടത്തുന്ന ബാക്ടീരിയകള്‍ പുറത്തുവരികയും, ശത്രുകീട പുഴുക്കളുടെ ആന്തരികാവയവങ്ങളെ ദ്രവിപ്പിക്കുകയും അവ 24 മണിക്കൂറിനുള്ളില്‍ ചാവുകയും ചെയ്യും. ചത്ത പുഴുക്കളുടെ ബാക്ടീരിയമൂലം രൂപീകരിച്ച ഭാഗങ്ങള്‍ നിമവിരകള്‍ ആഹരിക്കുകയും ചെയ്യുന്നു.

വാഴയ്ക്കു മാത്രമല്ല മിത്രനിമകള്‍ ഉപകാരികളാവുന്നത്. നമ്മുടെ വിവിധ വിളകള്‍ക്ക് ഇപിഎന്‍ (മിത്രനിമയുടെ ചുരുക്കപ്പേര്)} ഉപയോഗിക്കാം. കശുമാവിലെ തടതുരപ്പന്‍ പുഴുവിനെതിരെ പുഴുവിരിക്കുന്ന ദ്വാരത്തില്‍ ചവച്ചുതുപ്പിയ അവശിഷ്ടവും, പശയും ഒലിക്കുന്നതിനു മുകളിലുള്ള തൊലി ഉളികൊണ്ടു ചെത്തി ഇളക്കിയെടുത്തശേഷം രണ്ടു കഡാവറുകള്‍ (ചത്ത മെഴുകുപുഴുക്കള്‍) ദ്വാരത്തിലിട്ട് അല്‍പ്പം വെള്ളമൊഴിക്കുക. തെങ്ങിലെയും, കവുങ്ങിലെയും വേരുതീനിപ്പുഴുക്കളെ നിയന്ത്രിക്കാന്‍ ഒരു കഡാവര്‍ പൊട്ടിച്ച് അഞ്ചു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് മണ്ണില്‍ ഒഴിച്ചുകൊടുക്കാം.

തെങ്ങിന്റെ ചെമ്പന്‍ചെല്ലിക്കെതിരെ ചെല്ലി തുരന്ന ദ്വാരത്തില്‍ കഡാവര്‍ നിക്ഷേപിച്ച് അല്‍പ്പം വെള്ളമൊഴിക്കുക. 10–15 വര്‍ഷം വരെ പ്രായമുള്ളവയ്ക്ക് 10 കഡാവറും, 15 വര്‍ഷത്തിനു മുകളില്‍ പ്രായമുള്ളവയില്‍ 30 എണ്ണവും ഇട്ടുകൊടുക്കണം. കരിമ്പിന്റെ വേരുപുഴുക്കള്‍ക്കെതിരെ കഡാവര്‍ ഒന്നു രണ്ടെണ്ണം/ഒരു കരിമ്പിന്‍ ചുവടിന് എന്ന കണക്കില്‍ എടുത്ത് 100 മില്ലി വെള്ളത്തില്‍ പൊടിച്ചുകലക്കി ചുവട്ടില്‍ ഒഴിച്ചുകൊടുത്താല്‍ മതി.

വാഴയിലെ തടതുരപ്പന്‍ പുഴുക്കള്‍ക്കെതിരെ അഞ്ചുമാസംമുതല്‍ എട്ടാംമാസംവരെ മാസത്തില്‍ ഒരുതവണവീതം വാഴക്കവിളുകളില്‍ നിക്ഷേപിച്ച് അല്‍പ്പം വെള്ളമൊഴിച്ചുകൊടുക്കുക. നിലവില്‍ പിണ്ടിപ്പുഴു ബാധയുണ്ടെങ്കില്‍ ആക്രമിച്ച ദ്വാരംവഴി കഡാവര്‍ പൊട്ടിച്ച് വെള്ളത്തില്‍ കലക്കി അത് സിറിഞ്ച്വഴി വാഴയിലേക്ക് കുത്തിവയ്ക്കാം.

വാഴയുടെ മാണപ്പുഴുവിനെതിരെ നടുമ്പോള്‍ കുഴിയില്‍ നാല് കഡാവറുകള്‍ നിക്ഷേപിച്ച് നട്ടശേഷം രണ്ടാം മാസത്തിലും അഞ്ചാം മാസത്തിലും നാലെണ്ണംവീതം മണ്ണില്‍ ഇട്ടുകൊടുക്കുക. മണ്ണില്‍ ഈര്‍പ്പം വേണ്ടത്രയുണ്ടാവണം. കൂടാതെ വാഴത്തട ഒരടി നീളത്തില്‍ മുറിച്ച് നടുവേ പിളര്‍ത്തി അതിനുള്ളില്‍ നാലഞ്ചു കഡാവറുകളെ നിക്ഷേപിച്ച് അല്‍പ്പം വിടവുവച്ച് പിളര്‍പ്പുകള്‍ കൂട്ടിക്കെട്ടി വാഴത്തോട്ടത്തില്‍ 40 വാഴയ്ക്ക് ഒരു കെണി എന്ന രീതിയില്‍ വച്ചുകൊടുക്കുക. മുറിച്ച വാഴയുടെ മണത്താല്‍ ആകര്‍ഷിക്കപ്പെട്ട ചെല്ലികള്‍ അതിനുള്ളിലേക്ക് എത്തുകയും കഡാവറുമായി മുട്ടുകയും മിത്രനിമകള്‍ ചെല്ലിയെ കൊല്ലുകയും ചെയ്യും.

ഏലത്തിന്റെ വേരുതീനി പുഴുക്കള്‍ക്കെതിരെ ഒന്നോ രണ്ടോ കഡാവര്‍ ഓരോ ചെടിച്ചുവട്ടിലും ഇട്ടുകൊടുക്കുകയോ, വെള്ളത്തില്‍ കലക്കി ഒഴിച്ചുകൊടുക്കുകയോ ചെയ്താല്‍ മതി.

ഇപ്പോള്‍തന്നെ കര്‍ഷകര്‍ വ്യാപകമായി ജൈവകൃഷിയില്‍ സ്യൂഡോമൊണസും, ട്രൈക്കോഡര്‍മയും ബ്യുവേറിയയും ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം മിത്രബാക്ടീരികള്‍ക്കും, മിത്രകുമിളുകള്‍ക്കും ഇടയിലേക്ക് ഒരു സൂക്ഷ്മജീവികൂടി കടന്നുവരികയാണ്– മിത്ര നിമകള്‍. സുരക്ഷിത ജൈവകൃഷി സമ്പ്രദായത്തിലേക്ക് ചുവടുവയ്ക്കുന്ന ഈ ഘട്ടത്തില്‍, രാസ–കീട–രോഗ നാശിനികള്‍ക്ക് ബദല്‍ എന്ന നിലയില്‍ ഉയര്‍ന്നുവരുന്ന ഇത്തരം പുതിയ കണ്ടെത്തലുകള്‍ ഉപകാരപ്രദമാകും.

(പാലക്കാട് വടകരപ്പതി കൃഷിഭവനില്‍ കൃഷി ഓഫീസറാണ് ലേഖകന്‍)

നൂറുമേനി വിളവിന് നെല്ലില്‍ സമ്പൂര്‍ണ വളപ്രയോഗം

ദീര്‍ഘകാലങ്ങളായി  നടത്തിക്കൊണ്ടിരിക്കുന്ന വിവേചനരഹിതമായ രാസവളപ്രയോഗം മണ്ണിന്റെ ജൈവാംശം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് ഗവേഷണഫലങ്ങള്‍ തെളിയിക്കുന്നു. കേരളത്തിലെ കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളില്‍ രണ്ടുവര്‍ഷം നീണ്ടുനിന്ന ഗവേഷണത്തിന്റെ ഫലം പുറത്തുവന്നപ്പോള്‍ കൊല്ലം ജില്ലയിലെ 85 ശതമാനം മണ്ണുസാമ്പിളിലും (പരിശോധിച്ച) അമ്ളത കൂടുതലാണെന്ന് കണ്ടെത്തി. ലഭ്യമായ ഫോസ്ഫറസിന്റെ അളവ് 63 ശതമാനം സാമ്പിളിലും കൂടുതലാണ്. 40 ശതമാനം സാമ്പിളില്‍ പൊട്ടാസ്യം ലഭ്യത കുറവാണെന്നു കണ്ടെത്തി. സൂക്ഷ്മമൂലകങ്ങളായ ബോറോണ്‍, കോപ്പര്‍, സിങ്ക് തുടങ്ങിയ മൂലകങ്ങളും യഥാക്രമം 46%,  43%, 26%  സാമ്പിളുകളിലും കുറവാണ്. കാത്സ്യം, മഗ്നീഷ്യം, സള്‍ഫര്‍ തുടങ്ങിയ ദ്വതീയ മൂലകങ്ങളും കുറവാണെന്നു കണ്ടെത്തി (75%, 98%, 51% ക്രമത്തില്‍).

വിസ്തൃതി കുറഞ്ഞുകൊണ്ടിരിക്കുന്ന നെല്‍കൃഷിമേഖല ഇന്ന് അഭിമുഖീകരിക്കുന്ന വലിയ പ്രശ്നങ്ങളിലൊന്നാണ് അശാസ്ത്രീയമായ വളപ്രയോഗം, പ്രത്യേകിച്ച് ജൈവാംശം കുറഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ പല മൂലകങ്ങളുടെയും (ദ്വിതീയ, സൂക്ഷ്മ മൂലകങ്ങളുടെ) അപര്യാപ്തതയുള്ള മണ്ണിന്റെ പോഷകാവസ്ഥ അറിയാതെയുള്ള വളപ്രയോഗം. പലപ്പോഴും കര്‍ഷകന് സാമ്പത്തികനഷ്ടവും വിളവുനഷ്ടവും ഉണ്ടാക്കുന്നതിനു പുറമെ മണ്ണിനെ മലിനീകൃതമാക്കുകയും ചെയ്യുന്നു.

കേരളത്തിലെ മണ്ണുകളില്‍ കാണപ്പെടുന്ന ദ്വിതീയ സൂക്ഷ്മ മൂലകങ്ങളുടെ കമ്മി നികത്തി കൂടുതല്‍ വിളവിനായി കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ “സമ്പൂര്‍ണ കെഎയു മള്‍ട്ടിമിക്സ്”എന്ന പോഷകമിശ്രിതം കൊല്ലം ജില്ലയിലെ മണ്ണിലും വളരെ ഫലപ്രദമാണെന്ന് കൊല്ലം കൃഷിവിജ്ഞാനകേന്ദ്രം നടത്തിയ പരീക്ഷണത്തില്‍ തെളിയിക്കപ്പെട്ടു. സിങ്ക് (7%), ബോറോണ്‍ (4.5%), കോപ്പര്‍ (0.5%), ഇരുമ്പ് (0.2%),  മാംഗനീസ് (0.2%), മോളിബ്ഡിനം (0.02%), മഗ്നീഷ്യം (2%) സള്‍ഫര്‍ (6.5%), പൊട്ടാസ്യം (15%), നൈട്രജന്‍ തുടങ്ങിയ മൂലകങ്ങള്‍ അടങ്ങിയിട്ടുള്ള സമ്പൂര്‍ണ കെഎയു മള്‍ട്ടിമിക്സ്” പോഷകമിശ്രിതം കൊല്ലം ജില്ലയിലെ കുളക്കട പഞ്ചായത്തില്‍ 250 സെന്റ് നെല്‍പ്പാടത്ത് നെല്ലില്‍ പരീക്ഷിക്കുകയുണ്ടായി. കാത്സ്യം അടങ്ങിയിട്ടില്ലാത്ത ഈ പോഷകമിശ്രിതം  ശുപാര്‍ശചെയ്തിരിക്കുന്ന വളപ്രയോഗത്തോടൊപ്പം  (കുമ്മായം (600 കി.ഗ്രാം) + ജൈവവളം (അഞ്ചു ടണ്‍/ ഹെ.) + ശുപാര്‍ശ ചെയ്തിരിക്കുന്ന രാസവളം) പത്രപോഷണത്തിലൂടെ നല്‍കിയപ്പോള്‍ വന്‍ വിളവാണ് ലഭിച്ചത്. ഈ മിശ്രിതം മൂന്നുതവണയാണ് തളിച്ചത്.

ഉപയോഗരീതി:
1. അഞ്ച് ഗ്രാം സമ്പൂര്‍ണ കെഎയു മള്‍ട്ടിമിക്സ്”ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ഞാറ് പറിക്കുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പ് ചെടികളില്‍ തളിച്ചുകൊടുക്കുക.

2. 10 ഗ്രാം “സമ്പൂര്‍ണ കെഎയു മള്‍ട്ടിമിക്സ്”ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി നട്ട് 30, 50 ദിവസം പ്രായമാവുമ്പോള്‍ ചെടികളില്‍ തളിച്ചുകൊടുക്കുക.
പ്രസ്തുത സാങ്കേതികവിദ്യ ഉപയോഗിച്ചപ്പോള്‍ നെല്‍ച്ചെടികളുടെ വളര്‍ച്ചയും കരുത്തും വിളവും ഗണ്യമായി വര്‍ധിച്ചു. വിളവില്‍ (5.5 ടണ്‍/ഹെ) 36.87 % വര്‍ധന രേഖപ്പെടുത്തി. വളരെ കുറഞ്ഞ അളവില്‍ ഉപയോഗിക്കുന്നതിനാലും ഇലകളിലൂടെ ചെടികള്‍ക്ക് ലഭ്യമാക്കുന്നതിനാലും നെല്ലിന്റെ സംയോജിത വളപ്രയോഗത്തില്‍ ഈ പോഷകമിശ്രിതംകൂടി ഉള്‍പ്പെടുത്തിയാല്‍  നെല്‍കൃഷിയില്‍നിന്ന് പ്രകൃതി സൌഹാര്‍ദരീതിയില്‍ത്തന്നെ നൂറുമേനി കൊയ്യാം എന്നു തെളിയിക്കുകയാണ് കൊല്ലം കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ  ഈ മുന്‍നിര പ്രദര്‍ശനം.

തയ്യാറാക്കിയത്: ഡോ.പൂര്‍ണിമ യാദവ്,  മനുസി ആര്‍, ഡോ.തുളസിവി.

* കൃഷിവിജ്ഞാനകേന്ദ്രം, കൊല്ലം (*റീജണല്‍അഗ്രികള്‍ചറല്‍ റിസര്‍ച്ച് സ്റ്റേഷന്‍, പട്ടാമ്പി) കേരളകാര്‍ഷിക സര്‍വകലാശാല

പച്ചക്കറി വിത്തുശേഖരണവും സൂക്ഷിപ്പും ശാസ്ത്രീയമാക്കാം

വേല്‍ക്കാല പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് ഏതാണ്ട് പൂര്‍ത്തീകരിച്ചുവരികയാണ്. അടുത്തതവണത്തേക്കുള്ള ഗുണമേന്മയുള്ള വിത്തുകള്‍ ശേഖരിച്ചുവയ്ക്കണം. എല്ലാ സമയത്തും വിത്തുകള്‍ക്കായി സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികളെ ആശ്രയിക്കുക എന്ന രീതിയിലും മാറ്റംവേണം. പച്ചക്കറിയില്‍ എന്നപോലെ വിത്തുല്‍പ്പാദനത്തിലും ഓരോ കര്‍ഷകനും സ്വയംപര്യാപ്തതയിലെത്തുക എന്നതാവണം നമ്മുടെ ലക്ഷ്യം.

എങ്ങിനെയാണ് ഗുണമേന്മയുള്ള വിത്തുണ്ടാക്കുക എന്നതിനെക്കുറിച്ച് ലഘുവായ വിവരം തരാം. 
ജനിതകശുദ്ധി ഉറപ്പാക്കുക
അതിന്റെ മാതൃഗുണം നിലനിര്‍ത്തുന്ന ജനിതകശുദ്ധിയുള്ളതാവണം. ഒരേരീതിയില്‍ വളര്‍ന്ന് ഒരേ ആകൃതിയിലും, നിറത്തിലും, വലുപ്പത്തിലും എല്ലാം സാമ്യമുള്ള മികച്ചവയെ പൊതുവെ ജനിതകശുദ്ധിയുള്ള വിത്തെന്നു പറയാം. ഇത്തരം ചെടികളില്‍നിന്നു മാത്രമേ വിത്തെടുക്കാവൂ. 

സുരക്ഷിത അകലം പ്രധാനം
പച്ചക്കറിയില്‍ പലതും പരമ്പരാഗതവും ചിലത് സ്വയംപരാഗവുമുള്ളതാണ്. പാവല്‍, പടവലം, മത്തന്‍, കുമ്പളം തുടങ്ങിയവയില്‍ പരപരാഗമാണ് നടക്കുക. ഇത് അടുത്തടുത്ത് നട്ടാല്‍ കലര്‍പ്പുള്ള വിത്താണ് ഉണ്ടാവുക. നിറത്തില്‍ പച്ചയും വെളുത്തതുമായ പാവക്ക, മത്തന്‍ എന്നിവ, വളര്‍ച്ചയില്‍ പടവലംപോലുള്ള നീണ്ടതും കുറിയതുമെല്ലാമുള്ളവയുണ്ട്. ഇവയും അടുത്തടുത്ത് കൃഷിചെയ്താല്‍ കലര്‍പ്പുകൂടിയ വിത്താവും ഉണ്ടാകുക. അതുകൊണ്ട് ഇത്തരം ഇനങ്ങള്‍ പ്രത്യേകം പ്രത്യേകം നട്ട ഇടങ്ങളിലെ വിത്താവണം എടുക്കേണ്ടത്. സ്വയം പരാഗിത ഇനങ്ങളായ പയര്‍, അമരപ്പയര്‍, ചതുരപ്പയര്‍, തക്കാളി എന്നിവപോലും പ്രത്യേകം അകറ്റി നട്ടതില്‍നിന്ന് വിത്തെടുക്കുന്നതാണ് ഗുണപ്രദമാവുക. വീട്ടുപരിസരത്ത് പച്ചക്കറിയില്‍ കലര്‍പ്പില്ലാതെ വിത്ത് തെരഞ്ഞെടുക്കാന്‍ ഇനിപറയുംപ്രകാരം ചെയ്യാം. ഞെട്ടിലെ വിടര്‍ന്ന പൂക്കളും ഇളംകായ്കളും പറിച്ചുമാറ്റുക. വിടരുന്ന ഏതാനും പൂമൊട്ടുകളെ കടലാസ് കൂടകൊണ്ട് മറയ്ക്കുക. അഞ്ചാറുദിവസത്തിനുശേഷം കവര്‍ തുറക്കുമ്പോള്‍ പൂവിതള്‍ കൊഴിഞ്ഞിട്ടുണ്ടാവും. ഇവ പ്രത്യേകം ടേഗ് ചെയ്ത് അടയാളപ്പെടുത്തുക. ഇത് വിത്തായി തെരഞ്ഞെടുക്കുക. ബാക്കിവരുന്നവ സാധാരണപോലെ വളരട്ടെ. വിത്തിനായി ഉപയോഗിക്കാതിരിക്കുക. 
രോഗകീടബാധ ഇല്ലാത്തവയാവണം 
വിത്തുചെടികള്‍ക്ക് രോഗ–കീട ബാധ ഉണ്ടാവരുത്. ഇവ സസൂക്ഷ്മം നിരീക്ഷിച്ചശേഷമേ വിത്തെടുക്കാവൂ. വൈറസ്രോഗം ബാധിച്ച ഇടങ്ങളില്‍ ആരോഗ്യമുള്ള ചെടികളുണ്ടെങ്കില്‍തന്നെ വിത്തെടുക്കരുത്. വെണ്ടയിലെ മൊസൈക്ക്, തക്കാളിയിലെയും മുളകിലെയും കുമിള്‍രോഗംമൂലമുള വാട്ടം തുടങ്ങിയവ പ്രത്യേകം ശ്രദ്ധിക്കുക. 
വിത്തുശേഖരണം
ചെടികള്‍ സാമാന്യം നല്ല വളര്‍ച്ചയെത്തിയശേഷം മാത്രം മൂപ്പെത്തിയ കായ്കള്‍ നിലനിര്‍ത്തി അവയാണ് വിത്തായി ശേഖരിക്കേണ്ടത്. പാവല്‍, പടവലം, പഴുത്തശേഷം വിത്ത് കഴുകി പുറംപഴുപ്പ് കളഞ്ഞ് വിത്ത് ഉണക്കണം. പീച്ചില്‍, ചുരക്ക, പയര്‍, വെണ്ട, മുളക് എന്നിവ ചെടിയില്‍നിന്ന് കായ ഉണങ്ങിയശേഷമേ വിത്തായി ഉപയോഗിക്കാവൂ. കുമ്പളം, മത്തന്‍, വെള്ളരി ഇവ മൂത്തുപഴുത്ത് മാംസളഭാഗം നീക്കിയശേഷം അത് 12 മണിക്കൂര്‍ ബക്കറ്റില്‍ പുളിക്കാനായി വയ്ക്കുക – തക്കാളി, വഴുതിന എന്നിവയും വെള്ളത്തില്‍ ഇടുക. അടിയില്‍ അടിഞ്ഞ വിത്തു മാത്രം എടുക്കുക. ഒന്നോ രണ്ടോ മണിക്കൂര്‍ വെയിലത്തുണക്കിയശേഷം പിന്നീട് തണലില്‍ ഉണക്കാനിടുക. വെണ്ട, മുളക്, പീച്ചില്‍ വിത്ത് വേര്‍പെടുത്താതെ ഉണക്കിസൂക്ഷിക്കാം. 
വിത്തുണക്കല്‍
ഉണക്കുമ്പോള്‍ കൂടുതല്‍ ജലാംശമുണ്ടായാല്‍ രോഗബാധകൂടും. കൂടുതല്‍ ഉണങ്ങിയാല്‍ മുളശേഷി കുറയും. അതുകൊണ്ട് 5–8% വരെ ജലാംശം നിലനില്‍ക്കത്തക്കവിധം തണലില്‍ ഉണക്കിസൂക്ഷിക്കുക. 
വിത്തു സൂക്ഷിക്കല്‍ 
വായു കടക്കാത്ത പ്ളാസ്റ്റിക് കവര്‍, അലൂമിനിയം ഫോയില്‍ കവര്‍ എന്നിവയില്‍ സൂക്ഷിക്കാം. വെണ്ണീര്‍ പുരട്ടി സൂക്ഷിക്കുന്നത് മുളശേഷി കൂട്ടും. പാവല്‍, പടവലം, മത്തന്‍, കുമ്പളം, വെള്ളരി എന്നിവ പച്ചച്ചാണകത്തിന്റെ ഉരുളയാക്കി അതില്‍ സൂക്ഷിക്കുന്നത് ഫലപ്രദവും സുരക്ഷിതവുമാണ്. മണലും ചാരവും കലര്‍ത്തിയ വിത്ത് മണ്‍കലത്തില്‍ ദീര്‍ഘനാള്‍ സൂക്ഷിക്കാം. പയര്‍ വിത്തില്‍ അല്‍പ്പം വെളിച്ചെണ്ണ പുരട്ടി വെയിലത്തുണക്കി തുണിസഞ്ചിയില്‍ കെട്ടി സൂക്ഷിക്കുക. കീടങ്ങളെ അകറ്റാന്‍ വിത്തുസംഭരണിയില്‍ വറ്റല്‍മുളകുപൊടി, വെളുത്തുള്ളി അല്ലി, കടലാവണക്കിന്റെ കുരു പൊടിച്ചത്, കശുവണ്ടിത്തോട്, വയമ്പിന്റെ കീഴങ്ങ് എന്നിവ ചേര്‍ത്തും വിത്തു സൂക്ഷിക്കാം.

പഴക്കൂടയിലെ പൈനാപ്പിള്‍

ഇന്ത്യയുടെ പഴക്കൂട എന്നറിയപ്പെടുന്ന നമ്മുടെ കേരളത്തിന്റെ മണ്ണില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയതും മാധുര്യമേറിയതുമായ പഴവര്‍ഗങ്ങള്‍ വിളയുന്നുണ്ട്. അതില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് കൈതച്ചക്ക/പുറുത്തിച്ചക്ക എന്നു നാട്ടുഭാഷയില്‍ പറയുന്ന പൈനാപ്പിള്‍.

ദക്ഷിണ ബ്രസീലിന്റെ സന്തതിയായ പൈനാപ്പിള്‍ വിരുന്നുകാരനായി വന്ന് വീട്ടുകാരനായി മാറിയ വളരെ ശ്രദ്ധേയമായ ഒരു പഴവര്‍ഗവിളയാണ്. 
മൌറേഷ്യസ്, ക്യൂ, ക്വീണ്‍, എം ഡി – 2 സങ്കരയിനമായ അമൃത തുടങ്ങിയവ പൈനാപ്പിളിന്റെ വിവിധയിനങ്ങളാണ്. പഴം അതേപടി ഉപയോഗിക്കാന്‍തക്ക മാധുര്യമുള്ള മൌറേഷ്യസ്, ക്യൂ എന്നീ ഇനങ്ങളാണ് കൂടുതലായി കൃഷിക്ക് ഉപയോഗിക്കുന്നത്. ലോകവിപണിക്കും കയറ്റുമതിക്കും മറ്റുള്ളയിനങ്ങള്‍ ഉപയോഗിക്കുന്നതിലും പ്രധാനം എംഡി – 2 എന്ന ഇനമാണ്. 
നല്ല നീര്‍വാര്‍ച്ചയുള്ളതും അമ്ളാംശം അടങ്ങിയതും ജൈവവളക്കൂറുമുള്ള മണല്‍ കലര്‍ന്ന മണ്ണാണ് പൈനാപ്പിള്‍ കൃഷിക്ക് ഉത്തമം. നല്ല വിളവിന് സൂര്യപ്രകാശം നിര്‍ബന്ധമാണ്. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ സമൃദ്ധമായി വളരാന്‍ അനുയോജ്യമായ ഒരു വിളയാണിത്.

ചെടിയുടെ ചുവട്ടിലെ കന്നുകള്‍/കാനികള്‍, ചക്കയുടെ അടിയില്‍നിന്നുള്ള സ്ളിപ്പുകള്‍, ചക്കയുടെ മണ്ട ഭാഗം, ടിഷ്യുകള്‍ച്ചര്‍ തൈകളും നടാന്‍ ഉപയോഗിക്കാം. കന്നുകള്‍/കാനികള്‍ നേരത്തേ കായ്ഫലം തരുന്നതിനാല്‍ ഇവയാണ് സാധാരണ കൃഷിക്ക് ഉപയോഗിക്കുന്നത്. കീടരോഗബാധയേല്‍ക്കാത്ത തൈകള്‍ തെരഞ്ഞെടുത്ത് രണ്ടാഴ്ചയോളം തണലില്‍ ഇട്ട് പാകം വരുത്തിയാണ് നടാന്‍ ഉപയോഗിക്കേണ്ടത്. തനിവിളയ്ക്കാണെങ്കില്‍ രണ്ടുവരിയിലായി ഒരു സെന്റിന് 160 തൈകള്‍ നടാം. പത്ത് സെന്റീമുറ്റര്‍ താഴ്ചയില്‍ നടണം. ഇടവിളയ്ക്കാണെങ്കില്‍ 80–90 തൈകള്‍ നടാം. നിലമൊരുക്കുമ്പോള്‍ സെന്റിന് നൂറുകിലോ ചാണകമോ കമ്പോസ്റ്റോ ചേര്‍ക്കാം.

കേരളത്തില്‍ പന്ത്രണ്ടായിരം ഹെക്ടര്‍ സ്ഥലത്തുമാത്രമേ പൈനാപ്പിള്‍ കൃഷിയുള്ളു. ഇതിന്റെ അറുപതു ശതമാനവും എറണാകുളം ജില്ലയിലെ വാഴക്കുളം എന്ന പ്രദേശത്തുമാണ് കൃഷിയുള്ളത്. ഇന്ത്യയില്‍ തന്നെ ഏറ്റവും മധുരതരമായ പൈനാപ്പിള്‍ വിളയുന്ന വാഴക്കുളത്തിന് 'പൈനാപ്പിള്‍സിറ്റി'  എന്ന പേരുമുണ്ട്. ഇതിന്റെ മഹത്വവും മേന്മയും കണ്ടറിഞ്ഞ് പൈനാപ്പിളിന് ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ (ഏക) പദവി ലഭിച്ചത് പ്രത്യേകം എടുത്തുപറയേണ്ടതാണ്.

പൈനാപ്പിള്‍ ഉല്‍പ്പാദനക്ഷമതയുടെ കാര്യത്തില്‍ കേരളം വളരെ പിന്നിലാണ്. ഹെക്ടറിന് ഒമ്പതു ടണ്‍വരെ വിളവു മാത്രമേ ലഭിക്കുന്നുള്ളു. 
സാധ്യതകള്‍ ഏറെയുണ്ടെങ്കിലും പൈനാപ്പിള്‍ കൃഷിയോട് വളരെ വിമുഖതയാണ് കര്‍ഷകര്‍ കാണിക്കുന്നത്. റബറിനും, തെങ്ങിനും ഇടവിളയായുള്ള പൈനാപ്പിള്‍ കൃഷിയെമാത്രം ആശ്രയിക്കുന്നു.

ഊഷ്മളമായ സ്വാദും സുഗന്ധവും ഇണങ്ങിയ പഴമാണ് പൈനാപ്പിള്‍. പഴമായും സ്വാദേറിയതുമായ ഉല്‍പ്പന്നങ്ങളായും ഉപയോഗിക്കാം. നമ്മുടെ ശരീരത്തിന് ആവശ്യം വേണ്ടുന്ന പോഷകങ്ങളുടെ കലവറയാണ് പൈനാപ്പിള്‍. കാത്സ്യം, പൊട്ടാസ്യം, ജീവകം സി, നാരുകള്‍ എന്നിവയടങ്ങിയ പൈനാപ്പിളില്‍ പ്രൊമലൈന്‍ എന്ന എന്‍സൈം ദഹനപ്രക്രിയ ഉത്തേജിപ്പിക്കാന്‍ പര്യാപ്തമാണ്. പാകമായ പൈനാപ്പിള്‍നീര് ശരീരത്തിന് പോഷകഗുണമേകുന്ന നല്ലൊരു ശീതളപാനീയമാണ്. ശരീരപോഷണത്തിനും, രോഗപ്രതിരോധശേഷിക്കും ആരോഗ്യം നിലനിര്‍ത്താനും ഇതിലെ ധാതുലവണങ്ങളും ജീവകങ്ങളും സഹായിക്കുന്നു.
(കൃഷി വകുപ്പ് റിട്ടയഡ് ഉദ്യോഗസ്ഥയാണ് ലേഖിക)

ചിപ്പിക്കൂണ്‍ കൃഷിചെയ്യാന്‍

 

ചിപ്പിക്കൂണ്‍ കൃഷിചെയ്യുന്ന രീതി പറഞ്ഞുതരാമോ? 
വിവിധ കാര്‍ഷികാവശിഷ്ടങ്ങള്‍ ചിപ്പിക്കൂണ്‍ കൃഷിക്കുള്ള മധ്യമമായി ഉപയോഗിക്കാമെങ്കിലും ഏറ്റവും നല്ല മാധ്യമമായി കണ്ടത് നല്ല ഉണങ്ങിയ കട്ടിയുള്ള മഞ്ഞ വൈക്കോലാണ്. ഇത് ചെറുകഷണങ്ങളാക്കിയും അല്ലാതെയും ഉപയോഗിക്കാം. ചെറുകഷണങ്ങളാക്കിയാല്‍ കവറില്‍ വാരിനിറയ്ക്കാന്‍ സൌകര്യമാണ്. വൈക്കോല്‍ അണുവിമുക്തമാക്കിയാണ് കൃഷിക്ക് ഉപയോഗിക്കേണ്ടത്. വൈക്കോല്‍ ഏതാണ്ട് എട്ടുമണിക്കൂറോളം ശുദ്ധജലത്തില്‍ കുതിര്‍ത്തശേഷം അരമണിക്കൂര്‍ തിളപ്പിച്ചെടുത്തോ ആവി കയറ്റിയോ അണുവിമുക്തമാക്കാം. അതിനുശേഷം വെള്ളം നന്നായി വാര്‍ത്തുകളഞ്ഞശേഷം വൈക്കോലില്‍ ഈര്‍പ്പം നിലനിര്‍ത്തി തണുത്തശേഷം കവറില്‍ നിറയ്ക്കാം. ഇതിനുപകരം രാസപ്രക്രിയയിലൂടെയും വൈക്കോല്‍ അണുവിമുക്തമാക്കാം. അതിനുശേഷം വെള്ളം നന്നായി വാര്‍ത്തുകളഞ്ഞശേഷം വൈക്കോലില്‍ ഈര്‍പ്പം നിലനിര്‍ത്തി തണുത്തശേഷം കവറില്‍ നിറയ്ക്കാം. ഇതിനുപകരം രാസപ്രക്രിയയിലൂടെയും വൈക്കോല്‍ അണുവിമുക്തമാക്കാം. ഇത് എളുപ്പമായതിനാല്‍ കൂണ്‍കര്‍ഷകര്‍ മിക്കവരും ഇനി പറയുന്ന രീതിയാണ് അനുവര്‍ത്തിക്കുന്നത്. 10 ലിറ്റര്‍ വെള്ളത്തില്‍ അഞ്ചുമില്ലി ഫോര്‍മാലിനും 750 മില്ലിഗ്രാം ബാവിസ്റ്റിനും നല്ലവണ്ണം ചേര്‍ത്തിളക്കി 24 മണിക്കൂര്‍ മൂടിയുള്ള പ്ളാസ്റ്റിക് ബക്കറ്റില്‍ വൈക്കോല്‍ താഴ്ത്തി അടച്ചുവെച്ച് അണുനശീകരണം നടത്താം. മൂടിയില്ലാത്ത പാത്രമാണെങ്കില്‍ പ്ളാസ്റ്റിക് ഷീറ്റ്കൊണ്ട് വായുകടക്കാത്തവിധം നല്ലവണ്ണം കെട്ടിയടച്ചാല്‍ മതി.

ഒന്നരമുതല്‍ രണ്ടടിവരെ നീളവും ഒരടി വീതിയുമുള്ള പോളിത്തീന്‍ കവറുകളാണ് ചിപ്പിക്കൂണ്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഉപയോഗിക്കേണ്ടത്. കവറിനുള്ളില്‍ നിറയ്ക്കുന വയ്ക്കോലില്‍നിന്നും വെള്ളം ഇറ്റിറ്റുവീഴാന്‍ പാടില്ല. എന്നാല്‍ വയ്ക്കോലിനു നനവുണ്ടാകുകയും വേണം. ഇപ്രകാരം തയ്യാറാക്കിയ വൈക്കോല്‍ എട്ടു സെ. മീറ്റര്‍ കനത്തിലുള്ള അട്ടികളായി കവറില്‍ നിറയ്ക്കാം. ആദ്യത്തെ അട്ടിനിറച്ചശേഷം ഒരുപിടി കൂണ്‍വിത്ത് വശങ്ങളില്‍ വിതറുക. അടുത്ത അട്ടി നിറച്ചശേഷം മുകളില്‍വച്ച് വീണ്ടും വിത്തിടാം. അങ്ങിനെ അഞ്ചോ ആറോ അട്ടികളായി വിത്തിട്ട് കവര്‍ മുകളില്‍ കെട്ടണം. ഇത് നല്ല ഈര്‍പ്പവും വായുസഞ്ചാരവുമുള്ള മുറിയിലോ ഷെഡ്ഡിലോ വയ്ക്കണം. രണ്ടുദിവസം കഴിഞ്ഞുനോക്കുമ്പോള്‍ വിത്തിട്ട ഭാഗത്തുനിന്ന് വെളുത്ത ഫംഗസ് നൂല്‍പോലെ വളര്‍ന്ന് വൈക്കോലില്‍ പറ്റിപിടിച്ചതു കാണാം. രണ്ടാഴ്ചയാകുമ്പോഴേക്കും വൈക്കോല്‍ മുഴുവന്‍ കൂണ്‍തന്തുക്കള്‍ പടര്‍ന്നുപിടിച്ച് വെള്ളനിറമായി കാണാം. അപ്പോള്‍ കൂണ്‍കവറുകള്‍ കീറിമാറ്റുകയോ അവിടവിടെ ചെറുതായി കീറിവിടുകയോ ചെയ്യാം. രണ്ടുമൂന്ന് ആഴ്ചയാകുമ്പോഴേക്കും കൂണ്‍മുകുളങ്ങള്‍ അവിടവിടെ കണ്ടുതുടങ്ങും. തുടര്‍ന്ന് ഈ മുകുളങ്ങള്‍ മൂന്നുദിവസംകൊണ്ട് വികസിച്ച് വിളവെടുപ്പിനു പാകമാകുകയും ചെയ്യും. അവ ഒന്നൊന്നായി ശ്രദ്ധാപൂര്‍വം അടിയില്‍വച്ച് മുറിച്ചെടുക്കണം.

തിരുത വളര്‍ത്താന്‍ കാരണങ്ങളേറെ

ഓരുജലത്തില്‍ വളര്‍ത്താന്‍ ഏറെ അനുയോജ്യമായ മത്സ്യമാണ് തിരുത ത്വരിതഗതിയിലുള്ള വളര്‍ച്ച, മറ്റു മത്സ്യങ്ങളുമായി സമരസപ്പെട്ടുപോകാനുള്ള കഴിവ്, ഉയര്‍ന്ന കമ്പോളവില എന്നിവയാണ് വളര്‍ത്തുമീനെന്ന നിലയില്‍ തിരുതയുടെ പ്രശസ്തിക്കു കാരണം. ഓരുജല മത്സ്യമാണെങ്കിലും തിരുത ശുദ്ധജലത്തിലും നന്നായി വളരും. ലവണാംശത്തില്‍ പൊടുന്നനെ ഉണ്ടാവുന്ന മാറ്റങ്ങള്‍ അതീജിവിക്കാനും തിരുതയ്ക്ക് സാധിക്കും.

തിരുത സര്‍വാഹാരിയാണ്. ജന്തുപ്ളവകങ്ങള്‍, സസ്യാവശിഷ്ടങ്ങള്‍ എന്നിവയാണ് പ്രധാന ഭക്ഷണം. വളര്‍ത്തുകുളങ്ങളില്‍ കൃത്രിമാഹാരം സ്വീകരിക്കും. 
ശുദ്ധജലത്തില്‍ തിരുതയെ ഒറ്റയ്ക്കോ കാര്‍പ്പുമത്സ്യങ്ങള്‍ക്കൊപ്പമോ വളര്‍ത്താം. ഓരുജലത്തില്‍ ചെമ്മീനുകളോടൊപ്പം വളര്‍ത്താന്‍ തിരുത അനുയോജ്യമാണ്. തിലാപ്പിയ, പൂമീന്‍, കണമ്പ്, കരിമീന്‍ എന്നിവയോടൊപ്പവും തിരുത വളര്‍ത്താം.

കുളങ്ങളിലെ തിരുതക്കൃഷി കാര്‍പ്പുമത്സ്യക്കൃഷിക്ക് സമാനമാണ്്. കുളം പൂര്‍ണമായി വറ്റിച്ചുണക്കുക, മണ്ണിന്റെ അമ്ള–ക്ഷാര ഗുണം പരിശോധിച്ച് കുമ്മായപ്രയോഗം നടത്തുക എന്നിവയാണ് ആദ്യഘട്ടം. ചാണകം, കോഴിക്കാട്ടം എന്നീ ജൈവവളങ്ങളും യൂറിയ, ഫോസ്ഫേറ്റ് തുടങ്ങിയ രാസവളങ്ങളും ഉപയോഗിക്കാം. ആവശ്യത്തിന് പ്ളവക ഉല്‍പ്പാദനം ഉറപ്പാക്കിയശേഷം വിത്ത് നിക്ഷേപിക്കാം. വിത്തിന്റെ പൊരുത്തപ്പെടുത്തല്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

ത്വരിതവളര്‍ച്ചയ്ക്ക് കൃത്രിമ തീറ്റ നല്‍കണം. ഫാക്ടറി നിര്‍മിത തീറ്റകളോ കടലപ്പിണ്ണാക്ക്, തവിട് എന്നിവയുടെ മിശ്രതങ്ങളോ തീറ്റയായി നല്‍കാം. രാവിലെയും വൈകിട്ടും നിശ്ചിത സമയത്ത് തീറ്റ നല്‍കുന്നതാണ് ഉചിതം. 10 മുതല്‍ 12 മാസത്തിനകം വിളവെടുക്കാം. പ്രസ്തുത കാലയളവില്‍ തിരുത മുക്കാല്‍മുതല്‍ ഒരു കി.ഗ്രാംവരെ തൂക്കം കൈവരിക്കും. കുളം വറ്റിച്ചോ വീശുവല, ഡ്രാഗ്നെറ്റ് എന്നിവ ഉപയോഗിച്ചോ വിളവെടുപ്പു നടത്താം.

(ഫിര്‍മ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ലേഖകന്‍)

അമരയും ചതുരപ്പയറും ജൈവരീതിയില്‍

 

മഞ്ഞുകാലത്തിനു മുമ്പുതന്നെ അമരയും ചതുരപ്പയറും പന്തലില്‍ കയറുന്നവിധത്തില്‍ ഇവയുടെ കൃഷി ആരംഭിക്കുന്ന സമയം ക്രമീകരിക്കണം. പകല്‍ കുറവും രാത്രി കൂടുതലുമുള്ള മഞ്ഞുകാലങ്ങളിലാണ് ഇവ നന്നായി പൂവണിഞ്ഞ് കായ്കള്‍ നല്‍കുക. ആഗസ്തോടെ വിത്തു നടത്തക്കവിധം ഇതിനുള്ള സ്ഥലം പാകപ്പെടുത്തണം.

രണ്ടടി വ്യാസവും ഒന്നരയടി താഴ്ചയുമുള്ള തടങ്ങളാണ് നല്ലത്. കൂടുതല്‍ സ്ഥലത്ത് ഇവ കൃഷിചെയ്യുകയാണെങ്കില്‍ കുഴികള്‍ തമ്മില്‍ ചതുരപ്പയറിനാണെങ്കില്‍ രണ്ടു മീറ്ററും അമരക്കാണെങ്കില്‍ രണ്ടര–മൂന്നു മീറ്റര്‍ അകലവും നല്‍കാം. വെള്ളം കെട്ടിനില്‍ക്കുന്ന  സ്ഥലമാണെങ്കില്‍ കൂനകള്‍ നിര്‍മിച്ച് ചെറിയ തടങ്ങളില്‍ വിത്ത് നടാം. കുഴികളില്‍ പച്ചിലയും ചാണകവുമിട്ട് മണ്ണിട്ടുമൂടി കുറച്ചുദിവസം പച്ചിലകള്‍ ചീയാന്‍ അനുവദിക്കുക. പച്ചില അഴുകാനുള്ള സമയമില്ലെങ്കില്‍ കുഴിയൊന്നിന് അഞ്ചുമുതല്‍ 10 കി.ഗ്രാംവരെ പഴകിയ ചാണകവും മേല്‍മണ്ണും ചേര്‍ത്ത് കുഴി മൂടുക. തുടര്‍ന്ന് ഓരോ തടത്തിലും അഞ്ച്, ആറ് വിത്തുകളിടാം. വിത്തുകള്‍ മുളച്ച് നാല്, അഞ്ച് ഇല പ്രായമാകുമ്പോള്‍ തടങ്ങളിലെ നല്ല ആരോഗ്യമുള്ള മൂന്നു തൈകള്‍ മാത്രം നിര്‍ത്തി ബാക്കിയുള്ളവ നശിപ്പിക്കാം. ചെടികള്‍ പടരാന്‍ തുടങ്ങുമ്പോള്‍ ഏതാണ്ട് ആറടി ഉയരത്തില്‍ പന്തലിട്ട് കൊടുക്കണം. ചെടികള്‍ക്ക് വരള്‍ച്ച അനുഭവപ്പെടാത്ത വിധം മഴയില്ലാത്ത ദിവസങ്ങളില്‍ നനയ്ക്കണം. മഴക്കാലത്ത് ചെടികള്‍ക്കുചുറ്റും വെള്ളം കെട്ടിനില്‍ക്കാത്തവിധം ചെടികള്‍ക്കുചുറ്റും തിണ്ട് പിടിപ്പിച്ച് ഉറപ്പിച്ച് ഇളക്കമുള്ള മണ്ണുകൊണ്ട് തടങ്ങള്‍ ഉയര്‍ത്തണം. മഴ മാറുന്നതോടെ മുടങ്ങാതെ നനയ്ക്കണം.

സമ്പൂര്‍ണ ജൈവകൃഷിയായിത്തന്നെ ഇവയെ വളര്‍ത്തിയെടുക്കാം. ഓരോ വീട്ടിലും ലഭ്യമായ ജൈവവളങ്ങള്‍ എന്തായാലും ഇതിനായി ഉപയോഗപ്പെടുത്താം. പച്ചച്ചാണക ലായനി മാസത്തിലൊരിക്കലെങ്കിലും നല്‍കാന്‍ സാധിച്ചാല്‍ വളര്‍ച്ച നല്ല ആരോഗ്യകരമാകും. ഒരുകിലോ ചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചേര്‍ത്ത് ലായനിയാക്കാം. ബയോഗ്യാസ് സ്ളെറിയും ഇതേ രൂപത്തില്‍ത്തന്നെയാണ് പ്രയോഗിക്കേണ്ടത്. ഗോമൂത്രം നല്‍കുന്നുവെങ്കില്‍ എട്ടിരട്ടി വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ച് നല്‍കണം. വെര്‍മിവാഷ് ഉപയോഗിക്കുമ്പോള്‍ ഇതേപോലെ എട്ടിരട്ടി വെള്ളത്തില്‍ നേര്‍പ്പിക്കണം. കടലപ്പിണ്ണാക്ക് ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തും. ഒരുകിലോ പിണ്ണാക്ക് 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചേര്‍ത്ത് പുളിപ്പിച്ചശേഷം ചേര്‍ത്താല്‍ ചെടികള്‍ക്ക് പോഷകങ്ങള്‍ പെട്ടെന്നു ലഭ്യമാകും. ചികിരിച്ചോര്‍ കമ്പോസ്റ്റും മണ്ണിര കമ്പോസ്റ്റും അമരയ്ക്കും ചതുരപ്പയറിനും ഉത്തമ വളങ്ങളാണ്.

മഞ്ഞുകാലമാകുന്നതോടെ ചെടികള്‍ പുഷ്പിച്ചുതുടങ്ങും. അമരയും ചതുരപ്പയറും പൊതുവെ രോഗകീടവിമുക്തമാണ്. ഇലകളില്‍ ഏതെങ്കിലും രോഗലക്ഷണങ്ങള്‍ കാണുന്നുവെങ്കില്‍ അവ അപ്പപ്പോള്‍ പറിച്ചെടുത്ത് നശിപ്പിക്കുന്നത് രോഗപ്പകര്‍ച്ച ഒഴിവാക്കാനാവും. അമരയില്‍ ചില കാലങ്ങളില്‍ ഇലപ്പേനുകളുടെ ശല്യം കാണാറുണ്ട്. ഇവ തണ്ടുകളിലും കായ്കളിലും കൂട്ടംകൂട്ടമായി പറ്റിപ്പിടിച്ചിരിക്കുന്നതു കാണാം. വിപണിയില്‍ കിട്ടുന്ന വേപ്പ് അധിഷ്ഠിത ജൈവ കീടനാശിനികള്‍ ഉപയോഗിച്ച് ഫലപ്രദമായി നിയന്ത്രിക്കാം. ഇവ നമുക്ക് സ്വന്തമായി തയ്യാറാക്കുകയും ചെയ്യാം. 10 ഗ്രാം ബാര്‍സോപ്പ് ചീകി അല്‍പ്പം ചൂടുവെള്ളത്തില്‍ ലയിപ്പിച്ച് വെള്ളം ചേര്‍ത്ത് ഒരുലിറ്ററാക്കുക. ഇതില്‍ 30 മി. ലിറ്റര്‍ വേപ്പെണ്ണ ചേര്‍ത്ത് നന്നായി ഇളക്കിയശേഷം തളിക്കുക

മാര്‍ക്കറ്റ് പച്ചക്കറി ഉപയോഗിക്കും മുമ്പെ വിഷാംശം കുറയ്ക്കാന്‍

ജൈവപച്ചക്കറി ഉല്‍പാദനത്തില്‍ വര്‍ധനവുണ്ടാകുന്നുണ്ടെങ്കിലും ഇപ്പോഴും വലിയൊരു ഭാഗം മാര്‍ക്കറ്റിനെ ആശ്രയിച്ചാണ് വാങ്ങി ഉപയോഗിക്കുന്നത്. സമ്പൂര്‍ണ്ണ ജൈവ പച്ചക്കറി കൃഷിയാണ് രോഗപ്രതിരോധത്തിന് ഏറ്റവും നല്ല മാര്‍ഗം എന്ന തിരിച്ചറിവ് കേരളത്തിനുണ്ടായിട്ടുണ്ട്. എന്നാലും ഇതിനുള്ള പരിശ്രമങ്ങള്‍ നടക്കുന്നതേയുള്ളൂ. അന്യസംസ്ഥാനങ്ങളില്‍നിന്നു വരുന്ന പച്ചക്കറികളിലെല്ലാം നല്ല ശതമാനം വിഷലിപ്തമാണെന്നതാണ് നമ്മെ അലട്ടുന്ന പ്രശ്നം. ഇത്തരം പച്ചക്കറികളിലെ വിഷാംശം, ഉപയോഗിക്കുംമുമ്പേ നല്ലൊരു അളവോളം കുറക്കാന്‍ ചില നടപടിക്രമങ്ങളിലൂടെ സാധിക്കും.

ഇലക്കറികളായ ചീര, മല്ലിയില, കറിവേപ്പില എന്നിവയിലാണ് കൂടുതല്‍ വിഷം കാണുന്നത്. ഇവ ടാപ്പ് വെള്ളത്തില്‍ പലതവണ കഴുകുക. ഓരോ ഇലയും വേര്‍തിരിച്ച് സൂക്ഷ്മതയോടെ കഴുകുക. ഇത് വാളന്‍പുളിവെള്ളത്തില്‍ 15 മിനുട്ടുസമയം മുക്കിവെക്കുക– കുരുകളഞ്ഞ വാളന്‍പുളി 60 ഗ്രാം (ചെറുനാരങ്ങ വലിപ്പം) 3 ലിറ്റര്‍വെള്ളത്തില്‍ കലര്‍ത്തി അരിച്ചെടുത്തശേഷം ഇലമുക്കിവെക്കുക. പിന്നീട് ഈര്‍പ്പം തുടച്ചുകളഞ്ഞ്, ഇഴ അകലമുള്ള തുണിയിലോ പ്ളാസ്റ്റിക് പാത്രത്തിലോ വെച്ച് അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുകയോ, അപ്പോള്‍ തന്നെ ഉപയോഗിക്കുകയോ ചെയ്യാം.

മത്തന്‍, ഇളവന്‍, വെള്ളരി, പാവയ്ക്ക, പടവലം, കോവല്‍, പീച്ചില്‍ എന്നിവയെ കൈകാര്യം ചെയ്യേണ്ട വിധം ഇനിപറയുന്നു. 
പാവയ്ക്കയില്‍ മുള്ള് എഴുന്നുനില്‍ക്കുന്നതിനാല്‍ ഇവക്കിടയില്‍ കീടനാശിനി പറ്റിപ്പിടിച്ചിരിക്കും. ഇത് കളയാന്‍ തുണി അലക്കുമ്പോള്‍ ഉപയോഗിക്കുന്ന മൃദുവായ ബ്രഷുകൊണ്ട് ക്ഷതംപറ്റാതെ ഉരസി ടാപ്പ് വെള്ളത്തില്‍ കഴുകുക (ടാപ്പില്‍ കഴുകാന്‍ പറയുന്നതിന്റെ ഉദ്ദേശം വിഷം ഒഴുകിപുറത്തേക്ക് പോകാനാണ്). പിന്നീട് 40 മി. ലിറ്റര്‍ വിനാഗിരി 2 ലിറ്റര്‍ ശുദ്ധവെള്ളത്തില്‍ കലര്‍ത്തിയ ലായനിയില്‍ 15 മിനുട്ട് മുക്കിവെക്കുക. തുടര്‍ന്ന് ശുദ്ധവെള്ളത്തില്‍ കഴുകി വെള്ളം വാര്‍ന്നുപോകുംവിധം ദ്വാരമുള്ള പ്ളാസ്റ്റിക്ക് പാത്രത്തില്‍ ഒരു രാത്രിവെച്ചശേഷം ഇഴയകന്ന തുണിയില്‍ പൊതിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കുക.

മറ്റിനങ്ങള്‍ (വെള്ളരി, മത്തന്‍, ഇളവന്‍, പടവലം, പീച്ചില്‍) നേരത്തെ പറഞ്ഞപോലെ ബ്രഷ് ഉപയോഗിച്ച് മൃദുവായി ഉരസികൊണ്ട് ടാപ്പ് വെള്ളത്തില്‍ കഴുകുക. വിനാഗിരി ലായനിയില്‍ (40 മി. ലി. 2 ലിറ്റര്‍ വെള്ളത്തില്‍) 15 മിനുട്ട് മുക്കുക. പിന്നീട് കഴുകി വെള്ളം വാര്‍ന്നുപോകുന്ന കുട്ടയില്‍ കുത്തനെ വെക്കുക. ഒരു രാത്രിവെച്ചശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാം. 
തക്കാളി, പച്ചമുളക്,

കാപ്സിക്കം, വഴുതിന:
പച്ചമുളകിലും, കാപ്സിക്കത്തിലും കൂടുതല്‍ അളവില്‍ കീടനാശിനി കാണാറുണ്ട്. ഇവ ഓരോന്നും പ്രത്യേകം എടുത്ത് ടാപ്പ് വെള്ളത്തില്‍ കൈകൊണ്ട് ഉരസികഴുകുക. അതിനുശേഷം 40 ഗ്രാം വാളംപുളി 1 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനിയില്‍ 15 മിനുട്ട് മുക്കിവെച്ചശേഷം വെള്ളം വാര്‍ന്നുപോകുന്ന ദ്വാരമുള്ള കണ്ടയിനറില്‍ ഒരു രാത്രിവെച്ചശേഷം മുളക് ഞെട്ട് കളഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. 
കാബേജ്, ക്വാളിഫ്ളവര്‍:
കാബേജിന്റെ രണ്ടുമൂന്നുപുറം ഇലകള്‍ മാറ്റികളയുക. നേരിയ ബ്രഷ് ഉപയോഗിച്ച് ടാപ്പ് വെള്ളത്തില്‍ കഴുകുക. ഈര്‍പ്പം മാറിയശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാം. 
ക്വാളിഫ്ളവര്‍– പൂവിന്റെ ഓരോ ഇതളും അടര്‍ത്തിയെടുത്ത് 40 മി.ലി. വിനാഗിരി 2 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനിയില്‍ 15 മിനുട്ട് മുക്കിവെക്കുക. ഇതു പല ആവര്‍ത്തി ശുദ്ധവെള്ളത്തില്‍ കഴുകി ഉപയോഗിക്കാം. മുറിച്ചവ 24 മണിക്കൂറില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. 
കാരറ്റ്,  ബീറ്റ്റൂട്ട്:
പൊതുവെ വിഷാംശം കുറവാണ്. എങ്കിലും പുറംതൊലി ചുരണ്ടിമാറ്റി ശുദ്ധവെള്ളത്തില്‍ പല ആവര്‍ത്തി കഴുകി സുഷിരമുള്ള പാത്രത്തില്‍ ഒരു രാത്രിവെച്ചശേഷം തുണി സഞ്ചിയിലോ, പാത്രത്തിലോ സൂക്ഷിക്കാം.
വിവരങ്ങള്‍ക്ക് അവലംബം: ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

പച്ചക്കറിക്ക് വെള്ളം നനയ്ക്കുമ്പോള്‍

 

വേനല്‍ക്കാല പച്ചക്കറിക്കൃഷി പൂര്‍ണമായും ജലസേചനംവഴിയാണ് നിര്‍വഹിക്കുന്നത്. ചൂട് കൂടുകയും വെള്ളക്ഷാമം ഏറുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ പച്ചക്കറിയില്‍ ജലസേചനം ചെയ്യുന്നതില്‍ ചില ശാസ്ത്രീയസമീപനങ്ങള്‍ സ്വീകരിക്കണം. പൊതുവെ പറഞ്ഞാല്‍ പച്ചക്കറിക്ക് ജലസേചനം ചെയ്യുമ്പോള്‍ പലരും ഇത്തരം സമീപനങ്ങള്‍ സ്വീകരിക്കുന്നതു കാണാറില്ല. അത് അനാവശ്യമായ ജലനഷ്ടവും മണ്ണിലെ പോഷകനഷ്ടവും ചിലപ്പോള്‍ ഉല്‍പ്പാദനത്തിനുതന്നെ വിപരീത ഫലവും ഉണ്ടാക്കാറുണ്ട്. അതുകൊണ്ട് വെള്ളം നനയ്ക്കുമ്പോള്‍ ഇനിപ്പറയുന്ന ചില കാര്യങ്ങളില്‍ ശ്രദ്ധിക്കുക.

മണ്ണില്‍ ജൈവവളസാന്നിധ്യം നല്ലതുപോലെ ഉണ്ടാവണം. ചെടികളുടെ പോഷണത്തിനെന്നതുപോലെതന്നെ ജലസംഗ്രഹണത്തിനും ഇതാവശ്യമാണ്. ഒരു സ്പോഞ്ചുപോലെ നനയ്ക്കുന്ന വെള്ളത്തെ ജൈവവളം സ്വാംശീകരിച്ചുവച്ച് സാവകാശം ചെടികള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയും. കൂടാതെ ഇത് മണ്ണിനെ അയവുള്ളതാക്കുകയും കീഴോട്ടുള്ള വേരുപടലങ്ങളില്‍ വെള്ളം എളുപ്പം ലഭിക്കുന്നതിനും സഹായിക്കും.

നേഴ്സറികളിലും പച്ചക്കറികള്‍ പറിച്ചുനട്ട് ഏതാനും ദിവസങ്ങളിലും അല്‍പ്പമാത്രയളവില്‍ മാത്രമെ വെള്ളം ആവശ്യമുള്ളു. പമ്പുകൊണ്ടോ, കുടമുപയോഗിച്ചോ നനയ്ക്കുമ്പോള്‍ ധാരാളം വെള്ളം ആവശ്യമായി വരും. പകരം പൂപ്പാളി ഉപയോഗിച്ച് നനച്ചുകൊടുക്കുക.

പച്ചക്കറിയുടെ വളര്‍ച്ചയുടെ ആദ്യഘട്ടത്തിലെലാം മണ്ണില്‍ ഈര്‍പ്പം നിലനില്‍ക്കത്തക്കവിധത്തില്‍ ആവശ്യമായ അളവിലേ വെള്ളം നനയ്ക്കേണ്ടതുള്ളു. 
എന്നാല്‍, കൂടുതല്‍ പടര്‍ന്ന് പന്തലിലും നിലത്തും വ്യാപിക്കുമ്പോഴും പൂത്ത് കായകള്‍ ഉണ്ടാവുന്ന സമയത്തും കൂടുതല്‍ വെള്ളം കൊടുക്കണം. ധാരാളം വെള്ളം കൃഷിയിടത്തിലൂടെ ഒഴിച്ച് ഒഴുക്കിവിടുന്ന രീതി പലരും സ്വീകരിക്കാറുണ്ട്. ഇത് മേല്‍മണ്ണിലെ പോഷകഘടകങ്ങള്‍ ഒലിച്ച് നഷ്ടപ്പെടാനും താഴോട്ടിറങ്ങി ചെടിക്ക് പ്രയോജനപ്പെടാനുള്ള സാധ്യതയും ഇല്ലാതാക്കും. പ്രത്യേകിച്ചും പച്ചക്കറിയില്‍ ഉപരിതല സ്പര്‍ശിയായ വേരുകളാണുള്ളതെന്നതും ശ്രദ്ധിക്കുക.

കൂടുതല്‍ കൃഷിചെയ്യുന്ന ഇടങ്ങളില്‍ തുള്ളി നനരീതി (ഡ്രിപ് ഇറിഗേഷന്‍ മെത്തേഡ്) സ്വീകരിച്ചാല്‍ ചെലവിലും വെള്ളത്തിന്റെ അളവിലും കുറവുണ്ടാക്കാനാകും. 
വെള്ളം നനയ്ക്കുമ്പോള്‍ ഇലപ്പടര്‍പ്പുകള്‍ക്ക് മുകളിലൂടെ പതിച്ച് നനയ്ക്കുന്ന ഒരുരീതി കാണാറുണ്ട്. ഇത് രോഗങ്ങളെ പകര്‍ത്താന്‍ ഇടയാക്കും. ചീരയിലെ വെള്ളപ്പൊട്ട്രോഗം, വെള്ളരി വര്‍ഗത്തിലെ പൂര്‍ണ പൂപ്പ്രോഗം എന്നിവ ഇത്തരത്തിലാണ് കൂടുതല്‍ പകരുന്നത്. പരമാവധി മണ്ണില്‍ ഒഴുക്കിനനയ്ക്കാന്‍ ശ്രമിക്കുക.

പച്ചക്കറിക്ക് വെള്ളം നനയ്ക്കുന്ന സമയവും പ്രാധാന്യമര്‍ഹിക്കുന്നു. വേനല്‍ച്ചൂടില്‍ വെള്ളം പെട്ടെന്നുതന്നെ ബാഷ്പീകരിക്കുമെന്നതിനാല്‍ വൈകുന്നേരങ്ങളില്‍ മാത്രം ജലസേചനം ചെയ്യുക. 
വെള്ളരി, മത്തന്‍, കുമ്പളം തുടങ്ങിയവ വിളവെടുക്കുന്നതിനും ഏതാനും ദിവസം മുമ്പേ നന നിര്‍ത്തുന്നത് നല്ലതാണ്. അല്ലാത്തപക്ഷം വിളയാനുള്ള കാലദൈര്‍ഘ്യം കൂടാനും ജലാംശം അധികമാകുമ്പോള്‍ എളുപ്പം കേടുവരാനും സാധ്യത ഉണ്ടാകും.

നിലത്തു പടര്‍ന്നുവളരുന്ന ഇനങ്ങളും വഴുതന, വെണ്ട, തക്കാളി തുടങ്ങിയവയും കൃഷിചെയ്യുമ്പോള്‍ പടുരന്നതിനുമുമ്പേ നിലത്ത് കരിയിലയോ മറ്റോ ഇട്ട് പുതകൊടുക്കുന്നത് വെള്ളത്തിന്റെ ബാഷ്പീകരണനഷ്ടം ഒഴിവാക്കാന്‍ സഹായിക്കും. കൂടാതെ കായകള്‍ മണ്ണില്‍ നേരിട്ടു പതിഞ്ഞുകിടക്കുമ്പോഴുള്ള രോഗ–കീട ബാധ ഒരു പരിധിവരെ ഇല്ലാതാക്കാനും സഹായിക്കും. 
വെള്ളം നനയ്ക്കുമ്പോള്‍ ചിലയിനങ്ങളുടെ വേരുപടലം കൂടുതല്‍ വിസ്തൃതിയില്‍ വ്യാപിച്ചിരിക്കും. ചെടിയുടെ ചുവട്ടില്‍മാത്രം (കുഴിയില്‍ മാത്രം) ഒഴിക്കുന്നതിനെക്കാള്‍ ഫലപ്രദം വേരുപടലഭാഗങ്ങളില്‍ സ്ഥിരമായി ഈര്‍പ്പം ലഭ്യമാക്കുന്നതരത്തില്‍ നനച്ചുകൊടുക്കുന്നതാണ്.

ജൈവകൃഷി വിപുലീകരണത്തിന്ജൈവകൃഷി ഏറെ പ്രചാരം നേടുകയാണല്ലോ.  എങ്കിലും ഒട്ടേറെ കാര്യങ്ങള്‍ മനസ്സിലാക്കുകയും എല്ലാ വിളകളിലേക്കും പടിപടിയായി കടന്നെത്തുകയും ചെയ്യേണ്ടതുണ്ട്. വിജ്ഞാനവ്യാപാനരംഗവും പ്രായോഗികപ്രവര്‍ത്തനത്തിനുള്ള നിരവധി സംവിധാനങ്ങളും ഈ രംഗത്ത് ബഹുദൂരം വളര്‍ന്നുവ്യാപിക്കേണ്ടതുണ്ട്.

ജൈവകൃഷിക്കും ലഭ്യമാകുന്ന ഉല്‍പ്പന്നങ്ങള്‍ക്കും സര്‍ക്കാര്‍തല അംഗീകാരം ലഭിക്കണമെങ്കില്‍ സാക്ഷ്യപത്രം നേടണം. ഇങ്ങനെ സാക്ഷ്യപത്രം സമ്പാദിക്കണമെങ്കില്‍ ചില നടപടികള്‍ സ്വീകരിക്കാറുണ്ട്. ജൈവകൃഷിയിലും വ്യാജന്മാര്‍ കടന്നുവരുന്നത് ഇന്നത്തെ പ്രത്യേകസാഹചര്യത്തില്‍ സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ യഥാര്‍ഥ ജൈവകൃഷിയും ഉല്‍പ്പന്നങ്ങളും ഉറപ്പുവരുത്താന്‍ വ്യക്തികളും ഗ്രൂപ്പുകളും ജൈവസര്‍ട്ടിഫിക്കേഷനുള്ള നടപടികള്‍ സ്വീകരിക്കുന്നത് നല്ലതാണ്.

ഇന്ത്യയില്‍ കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ കീഴില്‍ നാഷണല്‍ പ്രോജക്ട് ഓണ്‍ ഓര്‍ഗാനിക് പ്രൊഡക്ഷന്‍ (എന്‍പിഒപി) നിലവില്‍വന്നതോടെയാണ് ഇത്തരം സംരംഭത്തിന് തുടക്കമായത്. കേന്ദ്ര വാണിജ്യവ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ അക്രഡിറ്റേഷന്‍ ബോഡി (എന്‍എബി)യാണ് ജൈവ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഉള്ള ഏജന്റസികളെ നിശ്ചയിക്കുന്നത്. ഇന്ത്യയില്‍ നിലവില്‍ 12 ഏജന്‍സികളാണുള്ളത്. കേരളത്തില്‍ ആലുവ ആസ്ഥാനമായുള്ള ഇന്റൊസര്‍ട്ടും തിരുവല്ല ആസ്ഥാനമായുള്ള ലാക്കോണ്‍ ക്വാളിറ്റിയുമാണ്. കൂടാതെ കര്‍ഷകഗ്രൂപ്പുകള്‍ക്ക് സാക്ഷ്യപത്രം ലഭ്യമാക്കാന്‍ സഹായിക്കുന്നതിന് തൊടുപുഴയില്‍ 'കാഡ്സും' പ്രവര്‍ത്തിക്കുന്നു.

താല്‍പ്പര്യമുള്ളവര്‍ ഇത്തരം ഏജന്‍സികള്‍ക്ക് അവര്‍ നല്‍കുന്ന നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. നിശ്ചിത അപേക്ഷാഫീസും അടയ്ക്കണം. തുടര്‍ന്ന് കര്‍ഷകര്‍ക്കുവേണ്ട പരിശീലനങ്ങളും മാര്‍ഗനിര്‍ദേശ ക്ളാസുകളും സംഘടിപ്പിച്ച് അതനുസരിച്ച് കൃഷിരീതി സ്വീകരിക്കാന്‍ തയ്യാറാകണം– പൊതുതത്വങ്ങള്‍ ചുരുക്കി ഇനിപ്പറയുന്നു:

ജൈവകൃഷിക്ക് ഉപയോഗിക്കുന്ന വിത്തും നടീല്‍വസ്തുക്കളും ജൈവമാണെന്നു സാക്ഷ്യപ്പെടുത്തിയവയാവണം. ഉത്തമമായി ബോധ്യപ്പെടുന്നപക്ഷം കര്‍ഷകരില്‍നിന്നും ജൈവപരമായ വിത്ത് കൈമാറാം (ഇവ പരിശോധനാവിധേയമാക്കും).

ജൈവകൃഷിചെയ്യുന്ന ഇടത്തില്‍ സാധാരണകൃഷിയിടത്തില്‍നിന്ന് ഒഴുകിവരുന്ന മലിനജലം, വിഷാംശം, രാസവസ്തുക്കളുടെ കലരല്‍ എന്നിവ തടയാന്‍ സംവിധാനംവേണം.

ജൈവകൃഷിചെയ്യുന്ന ഇനങ്ങള്‍ തൊട്ടടുത്ത് രാസവസ്തുക്കള്‍ ഉപയോഗിച്ച് കൃഷിചെയ്യുന്ന ഇടമാവരുത്. നിശ്ചിത അകലം പാലിക്കണം. 
രാസകൃഷിയില്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ അതേപടി ജൈവകൃഷിയില്‍ ഉപയോഗിക്കരുത്. വൃത്തിയാക്കിവേണം ഉപയോഗിക്കാന്‍.

തുടര്‍പരിചരണങ്ങളെല്ലാം പരിശീലനങ്ങളില്‍നിന്നു ലഭ്യമാകുന്ന മുറയ്ക്കാകണം. ഇവയെല്ലാം അതതു ദിവസം ഏജന്‍സി തരുന്ന ഓര്‍ഗാനിക് ഫാര്‍മേഴ്സ് ഡയറിയല്‍ രേഖപ്പെടുത്തുകയും പരിശോധനാവിധേയമാക്കുകയും ചെയ്യും.

ഉല്‍പ്പന്നങ്ങള്‍ അജൈവ ഉല്‍പ്പന്നങ്ങളുാമയി കൂട്ടിക്കലര്‍ത്തി സൂക്ഷിക്കാന്‍ പാടില്ല. മുന്‍കൂട്ടിത്തന്നെ ഏതാണ്ട് ഇത്ര ഉല്‍പ്പാദനം കിട്ടുമെന്ന കണക്ക് കൊടുക്കേണ്ടതുണ്ട്.

ആദ്യം സൂചിപ്പിച്ചതുപോലെ നിങ്ങള്‍ അപേക്ഷ സമര്‍പ്പിച്ച ഏജന്‍സിയാണ് എല്ലാവിധ നിര്‍ദേശങ്ങളും പരിശോധനയും നടത്തുക. കര്‍ഷകര്‍ ഇതനുസരിച്ച് പ്രവര്‍ത്തിക്കണം.

ഇങ്ങനെ ചെയ്താല്‍ മൂന്നു ഘട്ടങ്ങളായിട്ടാണ് സാക്ഷ്യപത്രം നല്‍കുക. ഒന്നാംവര്‍ഷം കണ്‍വര്‍ഷന്‍, രണ്ടാംവര്‍ഷം ട്രാന്‍സാക്ഷന്‍, മൂന്നാംവര്‍ഷം സര്‍ട്ടിഫിക്കേഷന്‍. തുടര്‍ന്ന് നിശ്ചിത ഫീസടച്ച് വര്‍ഷംതോറും പുതുക്കണം. കൃഷിക്കല്ല, കൃഷിയിടത്തിനാണ് സാക്ഷ്യപത്രം. അതായത്, ആ കൃഷിയിടത്തില്‍ കൃഷിചെയ്യുന്ന എല്ലാ വിളകളും ജൈവമായിരിക്കും.

3.02040816327
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top